പുസ്തകം : ഉന്മത്തതയുടെ ക്രാഷ് ലാന്‍ഡിംഗുകള്‍
രചയിതാവ് : രാജേഷ് ചിത്തിര
പ്രസാധകര്‍ : സൈകതം ബുക്സ്
അവലോകനം : ഡോ: ആര്‍. സുരേഷ്
പനയോലത്താളിലെഴുതുമ്പോള് പരിമിതങ്ങളായ മാധ്യസ്ഥങ്ങളേ ഉണ്ടായിരുന്നിരിക്കാനിടയുളളൂ. മറ്റൊരാളുടെ തെരഞ്ഞെടുപ്പിന് കൂടുതല്‍ വിധേയമാകുന്ന പ്രിന്റു്മീഡിയാവ്യാപനഘട്ടവും കഴിഞ്ഞ് മാധ്യസ്ഥങ്ങളേയില്ലാത്ത ഇന്റര്‍നെറ്റ് ലോകത്തിലേക്ക് സാഹിത്യം ഒരുങ്ങിവരുന്നു. ബ്ലോഗുകളിലൂടെയും ഫെയ്സ് ബുക്കിലൂടെയുമെല്ലാം സര്‍ഗ്ഗരചനകളുടെ സംക്രമണം സമകാലത്ത് കാണ്മാനാകുന്നുണ്ട്. ബ്ലോഗില്‍നിന്നും അച്ചടിമഷിയിലേക്ക് എന്ന തരത്തില്‍ കഥകളുടെയും കവിതകളുടെയും സമാഹരണം പലയിടങ്ങളിലും നടക്കുന്നു. രാജേഷ് ചിത്തിരയുടെ ബ്ലോഗിന്റെ പേര് 'സൂക്ഷ്മദര്‍ശിനി' എന്നാണ്. ഇവിടെ പോസ്റ്റുചെയ്ത കവിതകളില്‍നിന്നും അതീവപ്രസക്തമെന്നു തോന്നിയതെല്ലാം സംയോജിപ്പിച്ച് തയ്യാറാക്കിയ പുസ്തകമാണ് 'ഇക്കോസിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍.' മുപ്പത്തിനാലോളം കവിതകള്‍ പാരായണസംവാദങ്ങള്‍ക്ക് തയ്യാറായിട്ടുണ്ട്. രാജേഷ് ചിത്തിരയുടെ കാവ്യവ്യവഹാരമണ്ഡലം മുന്നോട്ടുവയ്ക്കുന്ന സൗന്ദര്യപരവും സാംസ്ക്കാരികവുമായ ചില പാഠങ്ങള്‍ അഴിച്ചെടുക്കാനാകുമോ എന്ന അന്വേഷണമാണിവിടെയുളളത്. പിടിതരാതെ പോവുന്ന പ്രാവുകളെ ആഞ്ഞാഞ്ഞുതൊടാനായുളള ഒരു വിമര്‍ശകാവേഗം -അത്രമാത്രമാണ് ഉദ്ദേശ്യം.
ഇടിമിന്നലിനിടയിലൂടെ നടക്കുമ്പോള്‍ മരണത്തിന്റെ കരണത്തടിക്കാനുളള അതീവപ്രഭാമയമായ ഒരു മനസ്സുണ്ടാകും.ഒപ്പം പ്രകാശത്തെ ആവോളം ആസ്വദിക്കുന്ന സര്‍ഗ്ഗബലവുമുണ്ടാകും. ഇവയ്ക്കെല്ലാമിടയിലെവിടെയോ ആണ് കവിതയുടെ കനല്‍ക്കാറ്റ് ചിതറിവരിക. രാജേഷിന്റെ എഴുത്തിടങ്ങളിലെല്ലാം ഇലകള്‍ വന്നുനിറയുന്നു. ഭൂമിയിലെ മുഴുവന്‍ ഇലകളെയും തന്റെ സര്‍ഗ്ഗധ്യാനത്തിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി മുറി ഭൂമിയും എഴുത്തുകാരന്‍ പാരിസ്ഥിതികകാവല്‍ക്കാരനുമാകുന്ന കാഴ്ചതന്നെയാണ് ഈ കാവ്യലോകത്ത് സുപ്രധാനം. അഗാധമായ സ്വത്വപ്രതിസന്ധീബോധമെന്നവണ്ണം പാരിസ്ഥിതികവിഷാദങ്ങളെ പരിവര്‍ത്തിപ്പിച്ചെടുക്കുന്ന ഒരു രാസവിദ്യ ഈ കാവ്യലോകത്തിന് സ്വന്തമായുണ്ട്. ഓര്‍മ്മയുടെ രൂപത്തില്‍ ജീവിക്കാനും വ്യാകുലപ്പെടാനും തുനിയുന്ന കവിത പലപ്പോഴും കൃത്യചതുരതകള്‍ നഷ്ടപ്പെട്ട പ്രണയോന്മാദഭൂഭാഗദൃശ്യത്തിലേക്കും സഞ്ചരിച്ചു പോകുന്നു. പ്രവാസത്തിന്റെ ധാതുബലം എല്ലാത്തിനും കൂട്ടുനില്‍ക്കുന്നുണ്ട്. ഒരിടത്തുണ്ടായ നഷ്ടം മറ്റൊരിടത്തുണ്ടാകുന്ന ഉന്മാദവുമായി ഒരു പിരിയന്‍ഗോവണിയിലകപ്പെടുമ്പോഴാണ് രാജേഷിന്റെ കവിതകള്‍ അനങ്ങിത്തുടങ്ങുക. കടംകഥയുടെ അതിലളിതമാതൃക മുതല്‍ പുതുഗദ്യഭാഷണത്തിന്റെ വളവുതിരിവുകള്‍ വരെ ആഖ്യാനാകമ്പടിയായുണ്ട്. ഒരു വലിയ സാംസ്ക്കാരികസങ്കടത്തെ കണ്‍മുന്നില്‍കൊണ്ടുവരാനാണ് ശ്രമം. പ്രവാസഭൂമിയിലിരുന്ന് ഒറ്റപ്പെട്ടുപോകുന്നതിന്റെ അന്തര്‍രഹസ്യങ്ങള്‍ അനുഭവങ്ങളുടെ ആഴങ്ങളില്‍ നിന്ന് കോരിയെടുക്കുന്നു. ബിംബവൈവിധ്യം നിരനിരയാക്കിനിര്‍ത്തി ഭീകരമാംവണ്ണം അപായപ്പെടുന്നു. ഈ കവിതകളെക്കുറിച്ച് പൊതുവേ പറയാന്‍തോന്നുന്നuntitled folder ഒരാമുഖവ്യസനമാണ് ഇവിടെ കുറിച്ചത്. അതിപ്രസക്തമെന്ന് തോന്നുന്നuntitled folder ചിലകവിതകളുടെ സര്‍ഗ്ഗസൂക്ഷ്മതകള്‍ നോക്കിക്കാണാനുളള ശ്രമമാണിനിയുളളത്.
കെണിവെച്ചുപിടിക്കുന്നത് കവിതയെത്തന്നെയാണ്. അതിനാലാണ് വരികളിലൂടെ വീടുനഷ്ടപ്പെട്ട അവസ്ഥയില്‍ പ്രാപ്പിടിയന്മാര്‍ക്ക് അഭിമുഖം നില്‍ക്കാനാവുന്നത്. ഉയര്‍ന്നുവന്ന ഓര്‍മ്മയുടെ തീക്ഷ്ണത പതുക്കനെ ശാന്തമാവുകയുംuntitled folder ചെയ്യും. അറിവില്ലാത്ത അപരനെ അറിയിക്കുംവിധമുളള ആഖ്യാനരീതിയില്‍പ്പെട്ട് 'ഇക്കോസിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍' എന്ന കവിത കീറിമുറിഞ്ഞുപോകുന്ന കുറുകലുകളുടെ വേദനയില്‍ ഭ്രമിച്ചുനില്‍ക്കുന്നു. വിതറപ്പെട്ട ഗോതമ്പില്‍ പ്രാവുകളുടെ കറുപ്പും വെളുപ്പുമെല്ലാം അപായപ്പെടുകയാണ്. അറിവുളള ബയോളജിമാഷിന്റെ പ്രവൃത്തിയുടെ നെറികേടിനെ ആക്രമിക്കാനെത്തുന്ന കുഞ്ഞിത്തൂവല്‍ കാവ്യാരംഭത്തില്‍ത്തന്നെ നമ്മെ നടുക്കിയിടുന്നുമുണ്ട്. മാഷിന്റെയുളളിലും മണല്‍ക്കാറ്റ് മണക്കുന്നു. മാഷിലും ഫ്ലാറ്റിലും ഓംലറ്റിലും ഒരേസമയം സംഭവിക്കുന്ന കുറുകലുകളുടെ ശവദാഹം കവിതയുടെ തന്നെ അസ്തമനമായിമാറുന്നു. പല ചിത്രങ്ങളെ നൈരന്തര്യമില്ലാതെ കാട്ടിത്തരികവഴി കേവലപ്രതിനിധാനമെന്ന കാവ്യദോഷത്തെ മറികടക്കാന്‍ ഈ കവിതയ്ക്കു കഴിയുന്നുണ്ട്. ഒപ്പം ഗള്‍ഫിലെ പ്രവാസഭൂമിയില്‍ തൊട്ടുനിന്ന് ഭൂമിയുടെ അവകാശികളോട് സൗഹൃദം സ്ഥാപിക്കാനും. 'ഉളിപ്പേച്ച് 'എന്ന കവിത മോഹനകൃഷ്ണന്‍ കാലടിയുടെ 'പാലൈസി'ലുളള കുട്ടിപ്പേച്ചിന്റെ പാരഡിക്കല്‍സ്വരഭംഗിയിലാണ് അവതരിക്കുന്നത്. പിന്നീടത് മദ്യലഹരിപ്പെരുക്കത്തില്‍ ഭാഷാചിതറലായി പരിണമിക്കുകയും ചെയ്യുന്നു. പഠിച്ച ചരിത്രവും ഭൂമിശാസ്ത്രവും അക്കാദമികമായ കളവുപറച്ചിലുകള്‍ മാത്രമാണെന്ന് അപനിര്‍മ്മിച്ചെടുക്കുന്നുണ്ടിവിടെ. സര്‍ഗാധ്വാനത്തിലൂടെ ചരിത്രത്തിലും പ്രകൃതിയിലും മനുഷ്യന്‍ നടത്തുന്ന ഇടപെടലുകളെ ഈ കവിത വെളിച്ചം കാണിക്കുന്നു. അപ്പോഴും ഓര്‍മ്മയായി മാറുന്ന പച്ചയുടെ ഉത്സവങ്ങള്‍ ആഴമേറിയ ദുഃഖമെന്നവണ്ണം കവിതയില്‍ വിന്യസിക്കപ്പെടുന്നുണ്ട്. അബോധത്തിന്റെ വിളനിലങ്ങളില്‍ മാത്രം പുഞ്ചപ്പാടം ഉണ്ടാവുകയും യാഥാര്‍ത്ഥ്യം റബ്ബറാവുകയും ചെയ്തു എന്നതു തന്നെയാണ് ഉളിപ്പേച്ചുകളില്‍ പ്രധാനം. പോളീഷും വാര്‍ണീഷും വന്നപ്പോള്‍ പടിയിറങ്ങിയത് കരിവീട്ടിക്കൊപ്പം ജയഭാരതിയുമാണ്. ഒരു മദ്യപന്റെ സ്വാഭാവികവിഭ്രാന്തികളിവിടെയുണ്ട്. ആര്‍ക്കുംവേണ്ടാതായ ബാലനാശാരി പലതും പങ്കിട്ടുകഴിഞ്ഞുപോയ കാലത്തോടുളള മമതാബന്ധത്തില്‍നിന്നും ഉറവയെടുത്തതാണ്. ആലിലവയലിലും നോട്ടത്തിന്റെ മുഴക്കോലിലും കുത്ത്യാലും കുത്ത്യാലും മുറുകാത്തമുണ്ടിലുമെല്ലാം ഭാവോചിതമായ വാഗ്വിനാസത്തിന്റെ ഉളിപ്പേച്ചുകളും ദര്‍ശിക്കാവുന്നതാണ്.
ഉറപ്പിന്റെ ക്രിയാരൂപങ്ങളാല്‍ ആവൃതമായ സിംഫണിപോലെ തോന്നുന്നു 'വെയിലേ' എന്ന കവിതയുടെ ആഖ്യാനഭുപടം. വെയിലും വയലും ഇടയുന്നിടങ്ങളിലാണ് മരണസ്പര്‍ശമുണ്ടാകുന്നത്. പുതപ്പും കരുത്തും പ്രതീക്ഷയുമെല്ലാമായ ഇല മാഞ്ഞുപോവുകയും അരഞ്ഞാണനീരൊഴുക്ക് ചെളിപ്പെടുകയും ചെയ്തതിന്റെ ദുരന്തദൃശ്യങ്ങളാണ് വൃദ്ധന്റെ സമകാലം. വയറിനെ ഊട്ടാനും കണ്ണിനെ ഉണക്കാനും വെയില്‍ പ്രാപ്തമാണ്. ലക്ഷ്യം വെയ്ക്കുന്നത് ഒരു വിണ്ടുപുകയലാണ്. പച്ചയുടെ ഇക്കോളജിക്കൊപ്പം ജീവനത്തിന്റെ വൃദ്ധത്വവും വിണ്ടുപുകയുന്നു. എല്ലാം ഉറപ്പായിക്കഴിഞ്ഞുവെന്ന അനിവാര്യഖേദത്തെ കാഞ്ഞവെയിലുപോലെ കാട്ടിത്തരാന്‍ വരികളുടെ അന്ത്യങ്ങളില്‍ ക്രിയാരൂപങ്ങള്‍ പരസ്പരം മത്സരിക്കുകയാണ്. പ്രവാസിയുടെ ഏകാകിതയുമായി ഇണങ്ങിനിന്നാണ് ഈ കവി പ്രകൃതിയുടെ ദുരന്തബോധങ്ങളെ വീക്ഷിക്കുന്നതെന്ന് കാണാം. 'കുന്നിന്‍മുകളിലെ ഒറ്റമരം' എന്ന കവിത കാല്പനികമധുരങ്ങളൊളിപ്പിച്ചുവച്ച ആധുനികകാവ്യഗദ്യത്താല്‍ നെയ്തെടുത്തതാണ്. ഒറ്റമരത്തിന്റെ കാല്പനികാര്‍ജവം ഏറ്റുവാങ്ങിക്കൊണ്ട് ഭൂമിയെ ചുംബിക്കണമെന്ന ആഖ്യാതാവായ കവിയുടെ ആഗ്രഹചിന്ത സാക്ഷാത്കരിക്കപ്പെടുന്നില്ല. കണ്ണുനീരിന്റെ പ്രസവമുറി തുറന്നുവരുന്നതവിടെയാണ്. മരവും പ്രണയവുമില്ല എന്നിടത്ത് പ്രവാസീജീവിതം തീവ്രവിഷാദത്തിന് അടിമപ്പെട്ടുപോവുകയാണ്. കാറ്റുമില്ല,ഇലയുമില്ല എന്നിടത്ത് 'കാലത്തിന്റെ സ്റ്റാച്യൂപറച്ചില്‍' എന്ന കവിത സ്തംഭിച്ചുനില്‍ക്കുന്നു. ശബ്ദവും ചലനവും നഷ്ടപ്പെട്ടമരം ഒരു സ്റ്റാച്യൂവാണ്. കളരിപ്പയറ്റിന്റെ ചൊല്‍വടിവിലൂടെയാണ് കവിതയ്ക്കുളളില്‍ മരം മുറിച്ചുവീഴ്ത്തപ്പെടുന്നത്. മരക്കരച്ചിലും ആകാശം വീതം വെച്ചുപറന്നുപോകുന്ന പക്ഷിക്കൂട്ടവും നഷ്ടങ്ങളെയും ഓര്‍മ്മയെയും പലമാതിരി ചിതറിത്തെറിപ്പിച്ച് ഒരു കാല്പനികപകിടകളി നടത്തുകയാണിവിടെ. ഈ കവിത മുര്‍ത്തവും അമൂര്‍ത്തവുമായ പ്രകൃതിബിംബങ്ങളുടെ നന്ദനോദ്യാനമെന്നവണ്ണം പെരുമാറുന്നു. ഉപേക്ഷിക്കപ്പെട്ട സമസ്തത്തിന്റെയും ഉത്സവകാലങ്ങള്‍ തേടാന്‍ ഭൂതത്തെയും വര്‍ത്തമാനത്തെയും നിരന്തരം ക്ഷണിക്കുന്നു.
അപ്രത്യക്ഷമാകുന്നതെല്ലാം ചരിത്രമാകും. അവിടേക്കുപോകാന്‍ ഓര്‍മ്മയുടെ കൂട്ടുവേണം. പഴയ പുകത്തീവണ്ടിയുടെ ഇരുളിമകളിലെവിടെയോ നിന്നാണ് കപ്പക്കഷണങ്ങള്‍ വീണ്ടെടുക്കപ്പെടുന്നത്. പത്തനംതിട്ടയുടെ മലയോരവഴക്കമാര്‍ന്ന കാര്‍ഷികജീവനപദക്കൂട്ടത്തെ പലവിധത്തില്‍ പരസ്പരം തുളച്ചുകയറ്റുന്ന ആഖ്യാനവിദ്യ 'ഓര്‍മ്മകള്‍ ചൂളംകുത്തിക്കുന്ന പുകത്തീവണ്ടികള്‍' എന്ന കവിതയില്‍ നിഴലിക്കുന്നുണ്ട്. കപ്പക്കഷണങ്ങളും കാപ്പിമണവും വട്ടയിലയും ഈറവട്ടിയും മാത്രമല്ല സമീപസ്ഥമാകുന്നത്. അദ്രൂമാനും ആയിഷയും രണ്ടിടങ്ങഴിയും കൂടി ഇവയ്ക്കൊപ്പം ഇണചേരുന്നുണ്ട്. ഒരു പഴങ്കാലകാര്‍ഷികസംസ്കൃതിയെ ചേമ്പും കാച്ചിലും പോലെ അപ്പാടെ പറിച്ചെടുക്കുകയാണിവിടെ. ആയിച്ചനിലൂടെയും കോമാടനിലൂടെയും ഗ്രാമസജീവതയുടെ കാന്താരി രുചിക്കാനുമാകുന്നു. സുറിയാനീസിമിത്തേരിയുടെ ആഗമനത്തോടെ സജീവതയുടെ കൈയിലെ റിലേ ബാറ്റണ്‍ വിജനത കൈക്കലാക്കുന്നു. ഉദയംപേരൂര്‍സൂനഹദോസ് മുതലേ ആരംഭിക്കുന്ന സാംസ്ക്കാരികമായൊരു ഷിഫ്റ്റിന്റെ ചരിത്രവര്‍ത്തമാനങ്ങളിലേക്കുളള ഒരു വാഹകമെന്നവണ്ണം ഈ കവിതയുടെ അന്ത്യഭാഗം മാറുന്നുണ്ട്. ചരിത്രരചനാഭാഷയെ സാന്ദ്രമാക്കുന്നതിന്റെ അടയാളമുദ്രകളാലാണ് 'ചരിത്രത്തിലില്ലാത്ത ചിലത് ' എന്ന കവിത കൊരുത്തിരിക്കുന്നത്. അരികുചേര്‍ക്കപ്പെട്ട ജീവിതങ്ങളും വ്യക്തിഗതജീവിതത്തിന്റെ സൂക്ഷ്മഭാവമണ്ഡലങ്ങളും എഴുതപ്പെട്ട ചരിത്രങ്ങളില്‍ ദര്‍ശിക്കാനാവുന്നില്ല എന്ന പരാതിയുടെ പടര്‍ച്ചയാണ് ഈ കവിത. വികാരങ്ങളുടെ ചരിത്രത്താല്‍ വിചാരങ്ങളുടെ അംഗീകൃതചരിത്രനിര്‍മ്മിതി ഒരു ദാക്ഷിണ്യവുമില്ലാതെ ചോദ്യം ചെയ്യപ്പെടുന്നു.
പ്രണയത്തിന്റെ അലമാരതുറക്കുന്നിടങ്ങളിലെല്ലാം സവിശേഷമായൊരു ഉന്മാദത്തിന്റെ മണമാണനുഭവപ്പെടുക. വിരഹാതുരമാകുന്നവന്റെ / അവളുടെ മനസ്സംക്രമണങ്ങള്‍ക്ക് ഭാവവും ഈണവുമേകാന്‍ കേകാവൃത്തത്തിന് ഒരു പ്രത്യേക കഴിവുണ്ട്. കേക അയഞ്ഞുപോകുന്നിടങ്ങളില്‍ അതൊരു വിഷാദരാഗം പോലെ തോന്നിപ്പിക്കുന്നു. അലങ്കോലപ്പെട്ടതും അയഞ്ഞതുമായ കേകയുടെ മയില്‍മേനിയിലേറിയാണ് 'പ്രണയം പൂത്തൊരു കാട്ടില്‍ നമ്മള്‍' എന്ന കവിതയുടെ നില്പും വരവും. അവള്‍ മലയാള മലയോരത്തെ കോടമഞ്ഞും അവന്‍ പ്രവാസയിടങ്ങളിലെ മണല്‍ക്കാറ്റുമായി രൂപന്തരഭ്രമം നടത്തി ഉന്മാദപര്‍വം തുടങ്ങുന്നു. മഞ്ഞുമായുമ്പോള്‍ കാറ്റ് കാത്തിരിക്കുന്നിടങ്ങളിലാണ് സമയബോധത്തിന്റെ അസ്തമനം. ഘടികാരത്തിന്റെ ചലനത്തില്‍ മാത്രമാണല്ലോ ഘടികാരസൂചികളുടെ ശ്രദ്ധ. കാലത്തെക്കുറിച്ച് യാതൊരു ആശങ്കകളും അവയ്ക്കില്ല. ഘടികാരസൂചികളോട് സാമ്യപ്പെട്ടുകൊണ്ട് മലയോരത്തിന്റെയും മരുഭൂമിയുടെയും ഇണങ്ങാനുളള വെമ്പലില്‍ ഒരു പൂമരംപോലെ പ്രണയം തളിര്‍ക്കുന്നു. 'സാക്ഷാത്കാരം' എന്ന കവിതയില്‍ ലിഫ്റ്റിറങ്ങുമ്പോള്‍ നിലകള്‍ തെറ്റിപ്പോകുന്നിടത്തും പ്രണയോന്മാദം ചിറകടിക്കുന്നുണ്ട്. തണുപ്പുകാലത്തു തണുപ്പറിയാതൊഴുകുന്ന സുരതാവേഗങ്ങള്‍ക്കിടയില്‍ ഒന്നുംഒന്നും ചേര്‍ന്ന് ഒന്നായിത്തീരുന്നുണ്ട്. കാത്തിരിപ്പിനൊപ്പം കത്തിപ്പടരലിനുമുളള ചോദന പ്രണയപ്രമേയപരിസരങ്ങളില്‍ അന്തര്‍നിഹിതമാവുന്നതിന്റെ സാക്ഷ്യപത്രമാണിത്.
മനസ്സ് ഒരു വഴിയൊരുക്കും. ആ വഴിയിലൂടെ നീങ്ങവേയാണ് പ്രണയത്തിന്റെ മഹാവിസ്ഫോടനം സംഭവിക്കുക. എന്നാല്‍ വഴിയ്ക്കിടയില്‍ വീണുമരിക്കാനുതകുംവിധം ഒരു കിണറാഴത്തെ സ്ഥാപിക്കാന്‍ സമൂഹത്തിന്റെ പൊതുധാര എപ്പോഴും ഒരുമ്പെടും. വ്യക്തിപ്രണയത്തോട് അടക്കാനാവാത്ത അസഹിഷ്ണുതയാല്‍ സമരം ചെയ്യാനൊരുങ്ങുന്ന സമൂഹമനസ്സാണ് 'ആഴങ്ങളില്‍ ചില മുറിവുകള്‍' സൃഷ്ടിക്കുന്നത്. ഭഗവത്ഗീതാഖ്യാനത്തിലെ പാരമ്പര്യഈണത്തെ ഒടിച്ചുമടക്കിയെടുത്ത ഒരു സവിശേഷകാവ്യഭാഷ ഈ കവിതയ്ക്കുണ്ട്. പൗരാണികകാലം മുതലേ തുടര്‍ന്നേപോരുന്ന കിണറാഴങ്ങളുടെ അപകടപ്പെടുത്തലുകളെ ധ്വനിപ്പിക്കാനാവാം ഇത്തരമൊരു ഭാഷാഖ്യാനരീതി സ്വീകരിച്ചിട്ടുളളത്. ഭാരതത്തിന്റെ പരമ്പരാഗത ബൃഹദാഖ്യാനങ്ങളോട് കലഹം പ്രഖ്യാപിക്കുന്ന കവിതയാണ് 'പ്രണയം'. ശാന്തഗാംഭീര്യമേറുന്ന വെങ്കിടേശ്വരസൂപ്രഭാതത്തിന്റെ ഈണത്തിലും ആകൃതിയിലുമാണ് ഈ കവിതയുടെ രചനാശില്പം.' ശൂര്‍പ്പണഖേ നീയാണു സുന്ദരി' എന്നിടത്ത് സീതയേക്കാള്‍ എന്നൊരു അഭാവവുമുണ്ട്. ഇതിഹാസപാരമ്പര്യവിസ്തൃതികളെ പുനര്‍വിചാരണ ചെയ്യുന്ന ഘട്ടത്തില്‍ ഒരു ക്ലാസ്സിക്കല്‍റിഥത്തെ കൂട്ടുവിളിച്ചത് ഉചിതവും ഉത്തമവുമായി മാറി. പ്രണയം ഇവിടെ ഹൃദയഛേദമാണ്. മുറിച്ചുമാറ്റപ്പെട്ട മൂക്കിനും മുലയ്ക്കുമപ്പുറം ഹൃദയം തിളക്കമാര്‍ന്നതാകുന്നു, അല്ലെങ്കില്‍ ഉന്മാദത്തിന്റെ വക്കോളമെത്തിയവന്റെ എത്തുംപിടിയും കിട്ടായ്മയായി ഹൃദയം രൂപം മാറിക്കളിക്കുന്നു. എന്തായാലും ഇവിടെ ഛേദിക്കപ്പെട്ടത് ഹൃദയം തന്നെയാണ്.
വലിയ നഗരംകാണലിന് മലയാളി ഇപ്പോഴും പരിപാകമായിട്ടില്ല. പൊടുന്നനെ നടന്ന നവോത്ഥാനക്കുതിച്ചുചാട്ടത്തിന്റെ ആഘാതമാവാം ഇതിനുകാരണം. നഗരത്തെ യാന്ത്രികതയായി മാത്രം മനസ്സിലാക്കുന്ന ഒരു ഗ്രാമാവബോധശീലം രാജേഷിന്റെ കവിതകളിലും ദര്‍ശിക്കാവുന്നതാണ്. എല്ലാ വീടുകളും എല്ലാ ചുവരുകളും എല്ലാ വാതിലുകളും ഒരുപോലെയാകുന്ന സെമിറ്റിക്ഭൂഭാഗപരതയെ ഒരു സ്വപ്നമരം കൊണ്ട് ആക്രമിക്കാന്‍ തയ്യാറാകുന്നു 'തുറുമുഖം' എന്ന കവിതയില്‍. 'നേരം പോയ് നേരംപോയ് പൂക്കൈത മറപറ്റി എന്ന നാടന്‍ചൊല്‍ത്താളഛായയും പരുഷഗദ്യവും ഇടകലര്‍ത്തിയ സമ്മിശ്രരചനാശില്പമാണ് 'തുറുമുഖ'ത്തിന്റേത്. ഇലപോകുകയും പുകപടരുകയും ചെയ്യുന്ന പാരിസ്ഥിതികാഘാതത്തിനു നേരെ ഈ ഫ്ലാറ്റുവിരുദ്ധകവിത അമ്പുകളെയ്യാന്‍ തയ്യാറാവുന്നു. ഗള്‍ഫ് ജീവിതത്തിന്റെ മറുപുറത്ത് ഗ്രാമീണമായ കുട്ടിക്കാലത്തെ ഓര്‍മ്മയാക്കി പ്രതിഷ്ഠിക്കുന്ന 'ഓര്‍മ്മക്കിണര്‍ 'എന്ന കവിതയും യന്ത്രസംസ്ക്കാരത്തോട് വിമുഖതകാട്ടുന്നു. മുന്‍ കവിതയിലെ വീടുകള്‍ക്കുപകരം നിറച്ചേര്‍ച്ചയുളള പൂക്കള്‍ ഇവിടെ കടന്നുവരുന്നു. ഇത്തരം യാന്ത്രികഭീതികളില്‍ നിന്നും അഭയം തിരഞ്ഞ് ചെന്നെത്തുന്നത് സ്വാഭാവികമായും ജന്മനാടിന്റെ മിത്തുകളിലേക്കും ചരിത്രത്തിലേക്കുമാകും. നാടന്‍ചൊല്‍ത്താളഛായയില്‍ത്തന്നെ രചിക്കപ്പെട്ട 'മലങ്കോട്ടയം 'എന്ന കവിത ഇതിനുളള പുറപ്പാടാണ്. മുത്തശ്ശിക്കഥാപരിവേഷത്തോടെ ചരിത്രത്തിലൂടെ നടക്കുന്നതിനിടയില്‍ മല പെട്ടെന്ന് തീവണ്ടിയായി മാറുന്നു. വണ്ടികേറിപ്പോകുന്നത് പലയിടങ്ങളിലേക്കാകുന്നു. മലതന്നെ വണ്ടികേറുമോ എന്ന ക ഗൃഹാതുരാശങ്കയിലാണ് ഈ കവിത അവസാനിക്കുന്നത്.
അന്യവല്‍ക്കരണം എന്നത് സ്ഥാപനകേന്ദ്രിതസമൂഹത്തിന്റെ സവിശേഷതയാണ്. ഇത്തരം ഘട്ടങ്ങളില്‍ വ്യക്തിയനുഭവിക്കുന്ന സ്വത്വപ്രതിസന്ധി ആധുനികതയുടെ കാലം മുതലേ മലയാളത്തില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ "ഇസ്മെയില്‍,#050 6156878” എന്ന കവിത മേല്‍ച്ചൊന്ന പ്രമേയത്തിന് പുതിയ ചില അണിയലങ്ങള്‍ കൂടി തുന്നിച്ചേര്‍ക്കുന്നുണ്ട്. ശീര്‍ഷകത്തിലെ ഡിജിറ്റലൈസേഷനും കാവ്യാരംഭത്തിലെ കളരിപ്പയറ്റുഭാഷയും ചാടിക്കടന്ന് കാവ്യാന്ത്യഭാഗം തനിപ്രാദേശികമായ ഒരു വാമൊഴീവഴക്കത്തിന്റെ കരുത്തില്‍ അന്യവല്‍കൃതാവസ്ഥയോട് കലാപം ചെയ്യുന്നുവെന്നതാണത്. 'സിലിമ' കണ്ടിട്ടില്ലാത്ത, സിനിമകൊണ്ടുനടക്കുന്ന ഇസ്മെയിലിന് ഇ മെയിലിന്റെ പാരഡിക്കല്‍സാമ്യതലവും മലബാര്‍ഭാഷയുടെ ചങ്ങായിത്തവും ഒപ്പത്തിനൊപ്പമുണ്ടാവുന്നു. സ്വത്വത്തെ പൂരിപ്പിക്കാനുളള ഘടകങ്ങള്‍ തേടുന്ന തീര്‍ത്ഥാടനവഴികള്‍ 'പൊന്റൂര്‍ തീര്‍ത്ഥാടനം' എന്ന കവിതയില്‍ കാണാം. കഥ പറച്ചിലിന്റെ ഭാഷ കാവ്യഭാഷയാക്കിമാറ്റിയിരിക്കുന്നു. കല്ലുവിതയ്ക്കുമ്പോള്‍ പൂക്കളവും കൈമോശം വന്ന കിനാവും തിരിച്ചെത്തുന്നു. ഇങ്ങനെ നഷ്ടങ്ങളെല്ലാം മടങ്ങിവരുന്ന ഫാന്റസിയുടെ തിരയിളക്കമാണ് ഈ തീര്‍ത്ഥാടനത്തിന്റെ ആത്യന്തികരഹസ്യമായി മാറുന്നത്.
ശ്രദ്ധയ്ക്കും കേള്‍വിക്കുമപ്പുറം കാഴ്ചയുടെ മഴവില്‍വിതാനങ്ങളിലേക്ക് കവിതയെ കൈപിടിച്ചുനടത്താന്‍ 'കൈത്തോട് ' എന്ന കവിതയ്ക്ക് സാധ്യമായിരിക്കുന്നു. കണ്ടുകൊണ്ടുകൂടി അനുഭവിക്കാനും ആസ്വദിക്കാനും പാകമാണീ കവിത. ഏതാനും ചില മലയാളക്രിയാപദങ്ങള്‍ക്കിടയിലൂടെ ഇളകിത്തെന്നിവരുന്ന കവിതയുടെ കൈത്തോട് പലതും അവശേഷിപ്പിച്ചിട്ട് അഗ്നിമയമാവുന്നത് കണ്ടുനില്‍ക്കുന്നതില്‍ ഒരു സങ്കീര്‍ണ്ണരസമുണ്ട്. ഒഴുകുന്ന വാക്കുകളിലെ അക്ഷരവിന്യാസം അവ പ്രസരിപ്പിക്കുന്ന ഭാവന്തരങ്ങളില്‍ചെന്ന് തൊടുംപോലെയാണ് വിതറിയിട്ടിരിക്കുന്നത്. മഞ്ചാടിമണികളുടെ ഒരു മഹോത്സവം. നാട്ടുജലകണികയും മഞ്ചാടിനിറവും ഒരമിച്ചുനിന്ന് ബാല്യത്തിന്റെ വഴിക്കണ്ണു തേടിപ്പോവുമ്പോഴുളള കാല്പനികസുഖദങ്ങള്‍ കെടുത്തുംവിധം തീയുടെ കത്തുന്ന അരങ്ങേറ്റം. ജലത്തിന് മീതേ തീ ഉയരുന്നത് പഞ്ചഭൂതദുരന്തങ്ങളുടെ നേര്‍ച്ചിത്രം കാട്ടിത്തരുന്നുണ്ട്. എന്നാല്‍ ഉളളിലെ ജലത്തെ കത്തിപ്പടര്‍ത്തുകവഴി ഉന്മാദവിസ്തൃതികളില്‍ അഭയമാരായുന്ന വളരെ പോസിറ്റീവായ ഒരു സ്വത്വപ്രശ്നത്തിലേക്കും ഈ കവിത ക്ഷണിച്ചിരുത്തുന്നുണ്ട്. രാജേഷിന്റെ കവിത അച്ചടിയുടെയും കാഴ്ചയുടെയും കൈത്തോടുകടന്ന് നവസൗന്ദര്യപരതകളുടെ കടലാഴങ്ങളിലേക്ക് കൂടുമാറിപ്പോവുന്നു.
ഇലയും ദേശവും ഇടകലരുമ്പോള്‍ ഹാസ്യത്തിന്റെ മിന്നലാട്ടം പൊതുവെ ദരിദ്രമാവാനാണ് സാധ്യത. രാജേഷിന്റെ കവിതകളില്‍ ചിരി കാര്യമായി പടര്‍ന്നുപിടിക്കാതിരിക്കുന്നത് ഇതിനാലാവാം. വര്‍ത്തമാനകാലത്തിന്റെ ഐറണിയാല്‍ സുതാര്യമാവുന്ന 'പരിണാമത്തിന്റെ ചില പുനരന്വേഷണങ്ങള്‍' എന്ന കവിത അപവാദങ്ങളിലൊന്നാണ്. സ്വന്തമായി എന്തെങ്കിലും പ്രയോജനം കിട്ടിയാല്‍ മാത്രമേ എന്തും ചെയ്യാവൂ എന്ന മലയാളിയുടെ കരിയറിസ്റ്റ്പ്രായോഗികതാവാദത്തോട് കണക്കുതീര്‍ക്കുന്നുണ്ട് ഈ കവിത. നാട്ടുമ്പുറത്തെ സാധാരണമനുഷ്യരുടെ പ്രതികരണങ്ങളുടെതായ ആഖ്യാനരീതിയും ഉചിതമായിരിക്കുന്നു. എപ്പോഴും കുറുക്കുവഴിയും എളുപ്പവഴിയും അന്വേഷിക്കുന്നവരാണ് മലയാളികള്‍. എല്ലാം ക്യാപ്സൂള്‍പരുവത്തില്‍ കിട്ടിയാല്‍ ആഴമേറിയ ജീവിതത്തെ മാറ്റിനിര്‍ത്താമല്ലോ. 'ഉറക്കം' എന്ന ചെറുകവിത ഇത്തരം ചില ചിന്താലോകങ്ങളെ ആക്ഷേപഹാസ്യരൂപേണ വലിച്ചുപുറത്തിടുന്നു. എല്ലാ ക്രിയോന്മുഖതകളില്‍ നിന്നും ഒളിഞ്ഞുമാറിത്താമസിക്കാനുളള മുറിയായി ഉറക്കത്തെ പ്രതിഷ്ടിക്കുമ്പോള്‍ കവിത വിപരീതാര്‍ത്ഥപ്രധാനമാകുന്നുമുണ്ട്. ഇടത്തരം മലയാളികളുടെ അസ്വാഭാവികചെയ് വനകളോട് രൂക്ഷമായ പരിഹാസഭാവത്തില്‍ പ്രതികരിക്കാന്‍ രാജേഷിന്റെ കവിതകള്‍ക്കുളളിലെ ചിരികള്‍ക്കാവുന്നുണ്ട്.
ഒരിക്കലും ഒരിടത്തും പൂര്‍ണ്ണമായി പിടിതരാതെപോകുന്ന പ്രാവുകളെപ്പോലെയാണ് കവിതയെന്ന വ്യവഹാരരൂപം. മറ്റ് സാഹിത്യശാഖകളേക്കാള്‍ സൂക്ഷ്മവും ഭിന്നാര്‍ത്ഥദ്യോതകവുമാണത്. പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ കൊളുത്തിവെച്ച് സമ്പന്നമാക്കേണ്ടവയാണ് അപഗ്രഥനങ്ങളുടെ ലോകം. ഇനിയുമേറെ, ഇതിലുമേറെ എത്രയോ കാഴ്ചസ്ഥാനങ്ങളില്‍ നിന്നുകൊണ്ട് തുറന്നെടുക്കാവുന്ന പാഠങ്ങളുണ്ട്. വായനയും അതോടൊപ്പം സ്വയവും പരസ്പരവുമുളള സംവാദങ്ങളും ഇതിന് ഉപോല്‍ബലകമാവട്ടെയെന്ന് ആഗ്രഹിക്കുന്നു. ബ്ലോഗ് സ്വതന്ത്രവര്‍ത്തമാനത്തിനുളള മേഖലകളിലൊന്നാണ്. 'സൂക്ഷ്മദര്‍ശിനി' എന്ന തന്റെ ബ്ലോഗില്‍ ഒരു പ്രതികരണസന്ദര്‍ഭത്തില്‍ രാജേഷ് ചിത്തിര കുറിച്ചതിങ്ങനെ. "ബോധപൂര്‍വമല്ലാതെ സൃഷ്ടിക്കപ്പെട്ട ദുരൂഹത എഴുത്തിന്റെ ന്യൂനതയായിത്തന്നെ കാണുന്നു. ഒരു പരിധിവരെ ആ ഇമേജറികളുടെ സങ്കലനത്തിനുവന്ന അപൂര്‍ണ്ണതയും എഴുത്തിന്റെ ന്യൂനതതന്നെ.” സ്വന്തം കവിതകളെ സ്വയം നിരീക്ഷിക്കാനും വിമര്‍ശിക്കാനും കഴിയുമ്പോഴാണ് കൂടുതല്‍ കരുത്താര്‍ന്ന കാവ്യനിര്‍മ്മിതികളിലേക്ക് ഒരു കവിക്ക് പ്രവേശിക്കാനാവുക. ഈയൊരു തിരിച്ചറിവാല്‍ അനുഗ്രഹീതനായ രാജേഷ് ചിത്തിരയുടെ ധാതുബലമുളള ഈ കാവ്യലോകം അവതരിപ്പിക്കുവാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ കവിതകള്‍ എത്താദൂരങ്ങളിലേക്ക് പരമാവധി പറന്നുപോവട്ടെ, ചിറകണിഞ്ഞ വാക്കുകള്‍ക്കുളളിലേറി ലോകവും കാലവും പുതുതായിമാറട്ടെ .
പിടിതരാതെ പോകുന്ന പ്രാവുകള്‍ എന്ന പേരില്‍ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന അവതാരികയുടെ പൂര്‍ണ്ണ രൂപം.
ഉന്മത്തതയുടെ ക്രാഷ് ലാന്‍ഡിംഗുകള്‍ ഇതുവരെ വായിച്ചിട്ടില്ല. പക്ഷേ രാജേഷിന്റെ രചനകള്‍ വായിച്ചിട്ടുണ്ട്....
ReplyDeleteആഴത്തില്‍ പഠിച്ച് എഴുതിയ നിലവാരമുള്ള നല്ല അവലോകനം.
ശ്രീ.രാജേഷ് ചിത്തിരയുടെ രചനകള്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല.
ReplyDeleteഡോ.ആര്‍..,.സുരേഷിന്‍റെ എല്ലാ തലങ്ങളും സ്പര്‍ശിച്ചുകൊണ്ടുള്ള പ്രൌഢഗംഭീരമായ അവലോകനം.പുസ്തകം വാങ്ങി വായിക്കാന്‍
പ്രേരിപ്പിക്കുന്നു. അഭിനന്ദനങ്ങള്‍.