Thursday, February 23, 2012

ഭൂതക്കണ്ണാടി

പുസ്തകം : ഭൂതക്കണ്ണാടി
രചയിതാവ് : കെ.എ.ബീന

പ്രസാധകര്‍ : പൂര്‍ണ്ണ ബുക്സ്

അവലോകനം : സി.എസ്.സുജാത

മ്മളുമായി ബന്ധമില്ലാത്തതൊന്നും നമ്മള്‍ ശ്രദ്ധിക്കേണ്ടവയല്ല എന്നൊരു സിദ്ധാന്തം ആഴത്തില്‍ വേരോടിയ ആസുര കാലമാണിത്. ഓരോ മനുഷ്യനും അവനിലേക്കും അത്യാവശ്യം അവന്റെ അണുകുടുംബത്തിലേക്കും ചുരുങ്ങിക്കൂടി സമൂഹത്തിന്റെ ഓളപ്പരപ്പിലൂടെ ഒരു പൊങ്ങുതടിയെന്നവണ്ണം കഴിഞ്ഞുപോകാന്‍ കൊതിക്കുന്ന കാലം. ഈ യാഥാര്‍ത്ഥ്യത്തിന്റെ ഭൂമികയിലാണ് കെ.എ.ബീന എന്ന എഴുത്തുകാരി. സൂക്ഷ്മ നിരീക്ഷണത്തിലൂടെ നമ്മുടെ സമൂഹത്തിന്റെ പുറംപൂച്ചിനും ക്രൂരതക്കും പൊള്ളത്തരത്തിനും സ്വാര്‍ത്ഥതക്കും നേരെ കലാപാക്ഷരങ്ങളുടെ അഗ്നി വര്‍ഷിക്കുന്നത്.
കേരളത്തിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകരില്‍ പ്രധാനിയായ കെ.എ.ബീന വിവിധ ആനുകാലികങ്ങളില്‍ പലപ്പോഴായി എഴുതിയ കുറിപ്പുകളാണ് ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തക എന്നതിലുപരി, നെറികേടുകള്‍ക്കു നേരെ ഉള്ളം പൊള്ളുന്നൊരു സ്ത്രീജന്മത്തെയും ഒത്തിരി സ്‌നേഹം മനസ്സില്‍ നിറച്ചുവച്ചൊരു മാതൃത്വത്തെയും ഞാന്‍ ഈ കുറിപ്പുകളിലൂടെ കടന്നുപോകുമ്പോള്‍ കാണുന്നു. സ്‌നേഹം ചുരത്തുന്ന മനസ്സിന്, കപടതകള്‍ നിറഞ്ഞ ചുറ്റുപാടുകളോടു തോന്നുന്ന രോഷവും എതിര്‍പ്പും പല കുറിപ്പുകളില്‍ നിന്നും വായിച്ചെടുക്കാം.

ഒരു മുഴുവന്‍ സമയ പൊതുപ്രവര്‍ത്തക എന്ന നിലയിലുള്ള എന്റെ ജീവിതയാത്രക്കിടയില്‍ പലപ്പോഴും എനിക്ക് അനുഭവവേദ്യമായ കാര്യങ്ങള്‍ക്ക് സമാനമായ കുറിപ്പുകള്‍ പലതുണ്ട് ഈ സമാഹാരത്തില്‍. അറിഞ്ഞതില്‍ പലതും പിന്നീട് മറവിയുടെ കുടുക്കയില്‍ ഉപേക്ഷിക്കേണ്ടിവന്നത് എന്റെ പരിമിതിയാകാം. എവിടെയാണ് കെ.എ.ബീന എന്ന മാധ്യമ പ്രവര്‍ത്തകയുടെ തുറന്നു പിടിച്ച കണ്ണും മനസ്സും പ്രസക്തമാവുന്നത്. അസൂയ അര്‍ഹിക്കുന്ന സൂക്ഷ്മ നിരീക്ഷണ പാടവമാണ് എഴുത്തുകാരി ഈ കുറിപ്പുകളിലൂടെ നമ്മളിലേക്ക് പകരുന്നത്.

സ്വന്തം ഭാഷയെ അപകര്‍ഷതാബോധത്തോടെ കാണുകയും ഇംഗ്ലീഷ് പഠനത്തെ എല്ലാ ജീവിതവ്യഥകള്‍ക്കുമുള്ള ഒറ്റമൂലിയായി സങ്കല്‍പ്പിക്കുകയും ചെയ്യുന്നവരാണ് മലയാളികളിലേറെയും. മനസ്സിനോട് സ്വയം സംസാരിക്കുകയും അവനവന്‍ ചിന്തിക്കുകയും ചെയ്യുന്നത് മാതൃഭാഷയിലാണെന്നിരിക്കെ, അതിനു നേരെ അസ്പൃശ്യതയുടെ പൊങ്ങച്ച വേലികള്‍ തീക്കുന്നതിന്റെ ആദ്യ ചുവടുവെയ്പാണല്ലോ മക്കളെ മുന്തിയ അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ അയക്കുന്നത്. ഒടുവില്‍ ഇംഗ്ലീഷും മലയാളവും അറിയാത്തതും പ്രതികരണശേഷിയും സാമൂഹിക ബോധവും ഇല്ലാത്തതുമായൊരു തലമുറയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക. ഇതിനെതിരെ സ്വന്തം ജീവിതം കൊണ്ട് കലാപം നടത്തിയ കെ.എ.ബീന എന്ന അമ്മയെ അഭിനന്ദിക്കാതെ വയ്യ. പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ സമൂഹത്തിലേക്കു വരുന്നവര്‍ നന്മയുടെ വറ്റാത്ത ഖനികളായിരിക്കും എന്നതിന്റെ ഒരുപാട് ദൃഷ്ടാന്തങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അതിന്റെ, വര്‍ത്തമാന കാലത്തെ വക്താവായി എഴുത്തുകാരി മാറുമ്പോള്‍ എന്റെയുള്ളില്‍ സ്‌നേഹത്തിനു പുറമെ ആദരവ് കൂടി ഉദയം കൊള്ളുന്നത് ഞാനറിയുന്നു.

ഈ സമാഹാരത്തിലെ തീര്‍ത്തും വൈയക്തികം എന്നു പറയാവുന്ന ഈ കുറിപ്പിനെ ഞാന്‍ പ്രത്യേകം പരാമര്‍ശിച്ചത് എഴുത്തുകാരിയുടെ വ്യക്തിത്വത്തെ വായനാലോകത്തിനു മുന്നില്‍ അനാവൃതമാക്കാന്‍ കൂടിയാണ്. അത്രമേല്‍ സാമൂഹിക ബോധം ഉള്ളൊരാള്‍ എഴുതിയ നിരീക്ഷണക്കുറിപ്പുകളില്‍ നിശ്ചയമായും ജീവിതത്തിന്റെ ഉപ്പ് കലര്‍ന്നിരിക്കുന്നു. അത് വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയുന്ന രചനാ രീതിയാണ് കെ.എ.ബീന സ്വീകരിച്ചിട്ടുള്ളത്.

ഉടുപ്പുലയാത്ത ‘ഹൈ, ബൈ’ സൗഹൃദങ്ങളുടെയും സ്വന്തമല്ലാത്തതൊന്നിനേയും സ്‌നേഹിക്കാന്‍ കഴിയാത്ത സ്വാര്‍ത്ഥതയുടെയും മനസ്സാക്ഷി കുത്താത്ത ആത്മവഞ്ചനയുടെയും ഈ നാളുകളില്‍ നമ്മുടെ നെഞ്ചില്‍ തിരിച്ചറിവിന്റെ തീ കോരി നിറയ്ക്കാന്‍ പര്യാപ്തമാണ് ഈ കുറിപ്പുകള്‍ ഓരോന്നും. ആ വായനാനുഭവത്തിനായി ഈ പുസ്തകം അനുവാചകസമക്ഷം സമര്‍പ്പിക്കുന്നു.

2 comments:

  1. സി എസ് സുജാതയുടെ (മുന്‍ .പാര്‍ലമെന്റ്റ്‌ അംഗം) ഈ കുറിപ്പ് പുസ്തകത്തിന് നല്ലൊരു പരിചയപ്പെടുത്തല്‍ ആയി ...പുസ്തകം വായിക്കണം ..:)

    ReplyDelete
  2. എഴുത്തുകാരിയേയും, പുസ്തകത്തെയും കുറിച്ചുള്ള കുറിപ്പ് വായിച്ചു.
    പുസ്തകം നോക്കട്ടെ.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?