Sunday, February 26, 2012

ഞാന്‍ പ്രവാസിയുടെ മകന്‍

പുസ്തകം : ഞാന്‍ പ്രവാസിയുടെ മകന്‍
രചയിതാവ് : സൈനുദ്ധീന്‍ ഖുറൈഷി

പ്രസാധകര്‍ : സമയം പബ്ലിക്കേഷന്‍സ് , കണ്ണൂര്‍

അവലോകനം : കുഞ്ഞൂസ്


'ഞാന്‍ പ്രവാസിയുടെ മകന്‍ ' എന്ന കഥ ഒരുപക്ഷേ, ഓണ്‍ലൈനില്‍ സജീവമായിട്ടുള്ള ഒട്ടുമിക്കവര്‍ക്കും പരിചിതമാകും. എഴുത്തുകാരന്‍ ആരെന്നറിയാതെ ഈമെയിലിലൂടെ ഒരു പാട് ചുറ്റിക്കറങ്ങിയിട്ടുള്ള ഈ കഥ നമ്മില്‍ പലരുടെയും കണ്ണുകളെ നനയിച്ചിട്ടും ഉണ്ടാകും. തുടര്‍ന്ന്, കലാകൌമുദിയില്‍ പേര് വെക്കാതെ പ്രസിദ്ധപ്പെടുത്തി വന്നപ്പോഴാണ്, ഇതിന്റെ കഥാകാരന്‍ നമ്മില്‍ ഒരാളായ സൈനുദ്ധീന്‍ ഖുറൈഷി ആണെന്ന് പലരും അറിയുന്നത് തന്നെ. അദ്ദേഹത്തിന്റെ പതിനഞ്ചോളം കഥകളുടെ ഒരു സമാഹാരമാണ് 'ഞാന്‍ പ്രവാസിയുടെ മകന്‍' എന്ന ഈ കൊച്ചു പുസ്തകം. ഗള്‍ഫ്‌ ജീവിതത്തിന് അനന്തമായ വൈവിധ്യങ്ങളുണ്ട് , വിശ്വസിക്കാനാവാത്ത ഏടുകളുണ്ട് , അമ്പരപ്പിക്കുന്ന സാധ്യതകളും വിചിത്രങ്ങളായ അന്ത്യങ്ങളുമുണ്ട്. ഇവയൊക്കെ നിറങ്ങളുടെ അധിക കലര്‍പ്പില്ലാതെ പറയാന്‍ സൈനുദ്ധീന് സാധിക്കുന്നു എന്ന്‌ ഇതിന്റെ അവതാരികയിലൂടെ ബെന്യാമിന്‍ നമ്മോടു പറയുന്നു. (വില : Rs. 75/-)

വ്യത്യസ്തമായ ആശയങ്ങളും ആഖ്യാന ശൈലികളും കൊണ്ട്, തികച്ചും വ്യത്യസ്തമാണ് ഓരോ കഥയും... അമ്മ, വീട്, പ്രകൃതി, പ്രണയം എല്ലാം ചേര്‍ത്തു പിടിച്ച കഥകള്‍ , വായനക്കാരന്റെ ഹൃദയത്തോട് സംവദിക്കുന്നു... 'മലയിറങ്ങുന്ന ജിന്നുകള്‍' എന്ന ആദ്യ കഥ, വിശ്വാസങ്ങളെ , പ്രത്യേകിച്ചും മന്ത്രിച്ചൂതലും ജപിച്ചു കെട്ടലും തുടങ്ങിയവയെ പരിഹാസപൂര്‍വ്വം ചോദ്യം ചെയ്യുന്ന കഥാകാരന്‍, 'പിരമിഡുകള്‍ ഉണ്ടാകുന്നത്' എന്ന കഥയിലൂടെ നെഞ്ചിലേക്ക് കോരിയൊഴിക്കുന്ന തീയില്‍ ഉള്ളം വെന്തു നീറുന്നു.

'ഒറ്റ മുറിയിലെ കുടുംബങ്ങള്‍ ' ഗള്‍ഫിലെ കുടുംബജീവിതം ഹാസ്യാത്മകമായി വരച്ചു കാട്ടുന്ന കഥ, നാട്ടിലെ നല്ലൊരു വീട് അടച്ചിട്ടിട്ട് ഗള്‍ഫില്‍ ദാമ്പത്യമനുഭവിക്കാന്‍ വന്ന ഒരു ശരാശരി മലയാളിയുടെ നേര്‍ചിത്രമാകുന്നു. നാട്ടുരാജാക്കന്മാരുടെ കാലാള്‍പ്പട ചതച്ചമര്‍ത്തിയ വീഥിയുടെ മുറിവുകളില്‍ ശരീരം ദാനം ചെയ്യാന്‍ ദൈവം കല്‍പ്പിച്ച ദേവദാസികളുടെ നീറലുകളില്‍ നിന്നും ചേരിയിലേക്ക് വിസ്സര്‍ജ്ജിക്കപ്പെട്ട വസ്തുക്കള്‍ - തന്തയില്ലാത്ത മക്കള്‍ , അതേ, 'അവന്റെ കഥ ആരുടെയൊക്കെയോ കഥ'യാവുന്നത് അങ്ങിനെയാണ്...

ഒരു ആയുസ്സ് മുഴുവന്‍ പ്രാരാബ്ധങ്ങളുടെ ഭാരവും പേറി തളര്‍ന്നു വീണ കുറെ മനുഷ്യ ജീവിതങ്ങള്‍ക്ക് മേല്‍ തിരിച്ചറിവിനായി നമ്മള്‍ കുഴിച്ചിട്ട മറ്റൊരു ഭാരം - 'മീസാന്‍ കല്ല്‌!. !!....' മൂകസാക്ഷികളായ ഈ മീസാന്‍ കല്ലുകള്‍ക്ക് താഴെ ആരുമറിയാതെ പോയ എത്രയോ ജീവിതങ്ങള്‍ , മാറ്റങ്ങളുടെ ത്വരിത പ്രയാണത്തില്‍ മുങ്ങിപ്പോയ ജീവിതങ്ങള്‍ .... !

കണ്ണൂര്‍ സമയം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ സമാഹാരത്തില്‍ , 'പ്രളയം', 'ഇദ്ദ' , 'റുഹാനി', 'സുഹറ' , 'ആദര്‍ശങ്ങളില്‍ നഷ്ടപ്പെടുന്നവര്‍ ' , 'ഭീകരതയുടെ ബലിയാടുകള്‍ ' , 'അമ്മയെ ഓര്‍ക്കാന്‍ ' , 'ഒരു പെരുന്നാള്‍ വിചാരം' , സ്വപ്നത്തിലെ അമ്മമാര്‍ ' തുടങ്ങി ഇനിയുമുണ്ട് കഥകള്‍ .

അവിചാരിതമായി വീണുകിട്ടിയ അമൂല്യ സൌഹൃദത്തിന്റെ ദൂതും പേറി വന്ന കഥാസമാഹാരം നല്ലൊരു വായനാനുഭവവും സൂക്ഷിച്ച് വെക്കാനൊരു നിധിയുമായി...!

8 comments:

 1. നന്ദി ട്ടൊ....സൈനുക്കയുടെ കഥകള്‍ ഒരുപാട് വായിച്ചിട്ടുണ്ട്...ആശംസകള്‍...!

  ReplyDelete
 2. പരിജയപെടുതലിനു നന്ദി

  ReplyDelete
 3. ഞാന്‍പ്രവാസിയുടെ മകന്‍ കഥ വായിച്ചിട്ടുണ്ട്.
  പരിചയപ്പെടുത്തലിനു നന്ദി.
  ഖുറേഷിക്ക് ആശംസകള്‍

  ReplyDelete
 4. കുഞ്ഞൂസിനും ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവ്ര്ക്കും ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?