Wednesday, February 8, 2012

രാമായണക്കാഴ്ചകള്‍

പുസ്തകം : രാമായണക്കാഴ്ചകള്‍
രചയിതാവ്
: ഷാജി നായരമ്പലം

പ്രസാധകര്‍
: സിയെല്ലസ് ബുക്സ്

അവലോകനം
: ഡോ: ഗീത സുരാജ്


രാമായണക്കാഴ്ചകള്‍ക്ക് എഴുതിയ അവതാരികയില്‍ നിന്നും


രാമായണത്തിന്റെ ചില കാണാപ്പുറങ്ങളാണു്‌ ശ്രീ ഷാജി നായരമ്പലത്തിന്റെ രാമായണക്കാഴ്ചകള്‍ . എത്ര തലമുറകള്‍ മറിച്ചുനോക്കിയാലും തീരാത്ത കാണാക്കാഴ്ചകള്‍ ഇനിയും രാമായണത്തില്‍ ഉണ്ടെന്നു്‌ ഷാജിയുടെ ഈ കാവ്യ സമാഹാരം നമുക്ക് കാണിച്ചു തരുന്നു. എത്ര പൂരിപ്പിച്ചാലും പൂര്‍ണ്ണമാകാത്ത ശൂന്യതകള്‍ , എത്ര വാചാലതകള്‍ക്കും നികത്താനാകാത്ത മൌനഹ്രദങ്ങള്‍ , എങ്ങനെയൊക്കെ ഉത്തരം പറഞ്ഞാലും പിന്നെയും സംശയങ്ങള്‍ ബാക്കി നില്‍ക്കുന്ന ചോദ്യങ്ങള്‍. രാമായണക്കാഴ്ചകള്‍ ചോരപൊടിയുമാറു് ഉള്ളകങ്ങളില്‍ കോറിയിടുന്ന വാക് ചിത്രങ്ങള്‍ ഇവയൊക്കെയാണു് . നൈതികതയും, ധാര്‍മ്മികതയുമൊക്കെ നാം കണ്ടവ തന്നെ ആയിരുന്നുവോ എന്നു് നമ്മില്‍ സന്ദേഹ മുണര്‍ത്തുന്നവയാണു് ഷാജി കാണിച്ചുതരുന്ന ‘രാമായണക്കഴ്ച്ചകള്‍ ‘.

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ‘വൈജയന്തി’ക്കു ശേഷം ഷാജിയുടെ രണ്ടാമത്തെ കാവ്യ സമാഹാരമാണിത് . “തൂലികയെക്കാളേറെ വിരലുകള്‍ കൊണ്ടെഴുതിയത്” എന്നു് ഷാജി മുഖമൊഴിയായിക്കുറിച്ച ‘വൈജയന്തി‘യെ പരിചയപ്പെടാനായത് അല്പം വൈകിയാണ്. ബ്ലോഗും ഓര്‍ക്കുട്ടും അപരിചിതമായതുകൊണ്ടാകാം , ഈ ശിഷ്യന്റെ കവിതകളെ അറിയാന്‍ വൈകിപ്പോയത്. എന്തായാലും ‘രാമായാണക്കാഴ്ചകള്‍ക്ക് ‘ അവതാരിക കുറിക്കാന്‍ എന്നെ ഏല്‍പ്പിച്ചപ്പോള്‍, ഏറെ സന്തോഷം തോന്നി.

ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഏടുകളായിരുന്നു ‘വൈജയന്തി‘യിലെ കവിത കളെങ്കില്‍ ‘രാമായണക്കാഴ്ചകള്‍’ വളരെ വ്യത്യസ്തമായ ഇതിഹാസ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടവയാണു്. പക്ഷെ ഇതിഹാസത്തിലും തുളുമ്പിക്കിടക്കുന്നത് ചോരയും, കണ്ണീരും പുരണ്ട ജീവിതം തന്നെ എന്ന് ഓരോ കവിതയും ഉറക്കെ വിളിച്ചു പറയുന്നു. വാല്മീക മന്ത്രങ്ങളില്‍ കവിത തേടിയലയുമ്പോഴും കേള്‍ക്കാനാകുന്നത് ഒന്നു തന്നെ.

മണ്ണും പെണ്ണു മണച്ചിടും പ്രണയവും
കത്തുന്ന കാലുഷ്യവും
മണ്ണില്‍ക്കത്തിയമര്‍ന്നുപോയ കനിവിന്‍
കാലൊച്ചയും കേട്ടീടാം

എന്ന് ‘നാന്ദി‘ യില്‍ തന്നെ കവി ഈ കാവ്യ സത്യം നമ്മോട് തുറന്നു പറയുന്നുണ്ട്.

രാമായണ സന്ദര്‍ഭങ്ങള്‍ തന്നെയാണു് ഈ കാഴ്ചകള്‍ക്കു് പാശ്ചാത്തലമൊരുക്കുന്നത്. ബാല കാണ്ഡം മുതല്‍ ഇരുപത് വ്യത്യസ്ത സന്ദര്‍ഭങ്ങളിലെ രാമായണചിത്രങ്ങളാണ് ഈ കാഴ്ചകളില്‍ ഷാജി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഓരോന്നും അതിന്റെ തനിമയോടെ തന്നെ ഉയിര്‍കൊണ്ടുവരുന്ന വിധം ചിത്രീകരിക്കാന്‍ കവി കാണിച്ചിരിക്കുന്ന മിടുക്കാണു് ശ്രദ്ധേയമാകുന്നത്. അഹല്യാ മോഷം, താടകാ വധം, വിരാധവധം, അഭിഷേക വിഘ്നം, ശൂര്‍പ്പണഖാഗമനം, മരീച നിഗ്രഹം, ജടായുഗതി, സുഗ്രീവ സഖ്യം, ബാലിവധം, സമുദ്രലംഘനം, രാവാണന്റെ ഇച്ഛാഭംഗം, ഹനുമാന്‍ രാവണസഭയില്‍, സേതുബന്ധനം, മേഘനാദ വധം, രാവണന്റെ ഹോമ വിഘ്നം, ഉത്തര രാ‍മായണത്തിലെ സീതാ പരിത്യാഗം, സീതാ വിലാപം, സീതയുടെ അന്തര്‍ധാനം എന്നിവയാണു് രാമായണക്കാഴ്ചകളുടെ പ്രധാന സന്ദര്‍ഭങ്ങള്‍. രാമായണത്തിലെ മുഖ്യ മുഹൂര്‍ത്തങ്ങളെല്ലാം സ്പര്‍ശിച്ചുകൊണ്ട് ഒരു രാമായണാനുഭവം ഉണര്‍ത്താന്‍ ഈ കാഴ്ചകള്‍ക്കു കഴിയുന്നുണ്ട്. രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തിരനോട്ടം നടത്തുന്നുമുണ്ട്. പക്ഷെ, രാമായണക്കാഴ്ചകളുടെ മര്‍മ്മം ഇതൊന്നുമല്ല; ആദികവിയും എഴുത്തച്ഛനും ബോധപൂര്‍വ്വം തന്നെ ഇട്ടുവച്ച ചില മൌനങ്ങളെ തൊട്ടുണര്‍ത്താന്‍ വേണ്ടിയാണ് തനീ കാഴ്ചകള്‍ വരഞ്ഞിട്ട് മാറിനില്‍ക്കുന്നതെന്ന് കവി നമ്മോട് പറയാതെ പറയുന്നു. ചിലത് ചോദ്യങ്ങളാണ്, ചിലത് ആത്മഗതങ്ങളാണ്, വേറെ ചിലത് സന്ദേഹങ്ങളാണു്.

ഏതു വിധേനെയാ സീതയെക്കൈവിട്ടു
രാമന്‍ പടുത്തു മഹത്വം മഹീതലേ? (അഹല്യ)

ആരു ത്യജിച്ചു കരഗതം രാജ്യമ-
താരു ത്യജിച്ചു ഭരതനോ, രാമനോ? ( ഭരതന്‍)

മനസ്സാം മാരിചനോ കുതിക്കുന്നഗമ്യമായ്
പിടിച്ചങ്ങടക്കുവാനെളുതല്ല നിര്‍ണ്ണയം. (മായപ്പൊന്മാന്‍)

ഇതുപോലെ ഉദ്ധരിക്കാവുന്ന ഒരുപാടുണ്ട്. ഇവിടെയാണു കാഴ്ചകളെ ചിന്തകളാക്കാന്‍ കവിക്ക്
കഴിയുന്നത്. രാമായണത്തെ മാറിനിന്ന് മനനം ചെയ്യുന്നൊരാള്‍ക്കെ ഇതിനു കഴിയൂ.

ആര്‍ദ്രമായ വാക്കുകള്‍ കൊണ്ട് അതീവ വൈകാരികമായ രീതിയില്‍ രാമായണ സന്ദര്‍ഭങ്ങളെ ഷാജി പുനര്‍ജനിപ്പിക്കുന്നു. ഇതിഹാസകാലത്തേക്കുള്ള ദൂരം അവിടെ ഇല്ലാതാകുന്നു. സ്നേഹവും, ഭക്തിയും, കാമവും, ദുഃഖവും വീരവുമൊക്കെതന്നെ സമാനാനുഭവങ്ങളായി മാറ്റാന്‍ കവിക്കു കഴിയുന്നു എന്നിടത്താണു് കവിതയുടെ വിജയം. സീതാ ചിത്രങ്ങളാണ് ഇവയിലേറെ മിഴിവുറ്റതെന്ന് പറയാതെ വയ്യ.

രാമായണ ശീലുകള്‍ തന്നെ ഉപയോഗിക്കാന്‍ ഷാജി കഴിവതും ശ്രമിച്ചിട്ടുണ്ട്. ശ്ലോകം ശോകത്തില്‍ നിന്നാണുണ്ടാകുന്നത് എന്നാണല്ലൊ അഭിജ്ഞ മതം. ജീവിതത്തിന്റെ കണ്ണീരുപ്പ് ഈ കവിതകളിലെല്ലാം മുഖ്യ രസമായി കിനിഞ്ഞു നില്‍ക്കുന്നു. തീവ്രമായ വികാരവായ്പ്കൊണ്ട് വാക്കുകള്‍ ചിലപ്പോഴെല്ലാം ഇടറിപ്പോകുന്നത് കവി കാണാതെ പോകുന്നില്ലെ എന്നു സംശയം തോന്നാം.

എന്തായാലും , മൂന്നേകാല്‍ പതിറ്റാണ്ടോളം ഒരു അദ്ധ്യാപികയായി കഴിഞ്ഞ ജീവിതത്തിനു് കൃതാര്‍ത്ഥത പറയാന്‍ തോന്നുന്നത് ഇതുപോലുള്ള സന്ദര്‍ഭങ്ങളിലാണു്. കാലത്തില്‍ തന്റെ അടയാളം പതിക്കാന്‍ കഴിയുന്നൊരു ശിഷ്യന്‍, അതാണു് ഗുരുവിന്റെ നേട്ടം. ഇനിയും കവിതയുടെ കാല്പാടുകള്‍ കാല വീഥിയില്‍ കൂടുതല്‍ തെളിച്ചത്തോടെ പതിപ്പിക്കാന്‍ ഷാജിക്ക് കഴിയുമാറകട്ടെ എന്ന ആശംസയോടെ, പ്രാര്‍ത്ഥനയോടെ ‘ രാമായണക്കാഴ്ചകളുടെ തിരശ്ശീല ഉയര്‍ത്തട്ടെ! ഈ ‘രാമായണക്കാഴ്ചകള്‍‘ ഏവര്‍ക്കും പ്രിയതരമാകും എന്നെനിക്ക് ഉറപ്പുണ്ടു്.

4 comments:

  1. ഇതുവരെയിതൊനൊരു കമെന്റും ആര്‍ക്കും പറയാനില്ലാത്തതിനാല്‍
    ഞാന്‍ തന്നെ ഒന്നിട്ടേക്കാം! കഴിഞ്ഞ ദിവസം സാനു മാഷില്‍ നിന്നെനിക്കു കിട്ടിയ ഒരു കുറിപ്പ്....


    എം കെ സാനു. 4 - 2- 2012

    പ്രിയപ്പെട്ട ഷാജിയ്ക്ക്,

    സ്നേഹപൂര്‍ വ്വം അയച്ച പുസ്തകങ്ങള്‍ രണ്ടും ഇപ്പോള്‍ കിട്ടി. ഏതാനും കവിതകള്‍ ഓടിച്ചു വായിച്ചു നോക്കി.'പതിരെഴാ വാക്കുകള്‍ ഇഴകളാക്കിതീര്‍ത്തു്‌, കാലം ചമച്ച വെണ്‍പട്ടമായ് 'കവിതയെ ഉയരങ്ങളിലേക്ക് ഉയര്‍ത്തുക എന്ന കാവ്യാദര്‍ശമാണു്‌ ഷാജി കൈക്കൊണ്ടിട്ടുള്ളതെന്നു കാണുന്നതില്‍ സന്തോഷിക്കുന്നു. അതിനനുസരണമായാണു്‌ ഷാജിയുടെ കവിതകള്‍ രൂപം പ്രാപിച്ചിട്ടുള്ളത്. 'രാമായണക്കാഴ്ചകള്‍' ഷാജിയുടെ മൗലികവീക്ഷണത്തിനും സര്‍ഗ്ഗാത്മകതയ്ക്കും തെളിവാണു്‌. താടകയും ഊര്‍മ്മിളയും എന്നെ ഏറെ സ്പര്‍ശിച്ചു. (മറ്റുള്ളവ വായിച്ചിട്ടില്ല).രാമയണാനുഭവത്തിന്റെ വ്യത്യസ്തമായ ഒരു തലമാണു്‌ ഷാജി സൃഷ്ടിച്ചിരിക്കുന്നത്. എന്റെ അഭിനന്ദനം സ്വീകരിക്കുക. നിരന്തരമായ വായനയുടെയും ധ്യാനത്തിന്റെയും പിന്‍ബലത്തോടുകൂടി കാവ്യ രചന തുടര്‍ന്നാല്‍ ഷാജിയ്ക്ക് വിലപ്പെട്ട സംഭാവനകളാല്‍ മലയാള കവിതയെ സമ്പന്നമാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല.
    ചില കവിതകള്‍ വായിച്ച ചൂടോടെയാണു്‌ ഇതെഴുതുന്നത്. ഈ കടമ പിന്നെയാകാമെന്നു വച്ചാല്‍ മറവിയിലാണ്ടു പോയെന്നു വരും. തല്‍ക്കാലം രണ്ടുമൂന്നു കാര്‍ഡുകളേ കൈയിലുള്ളു. തിരക്കുകള്‍ വീര്‍പ്പുമുട്ടിക്കുന്നതു മൂലം നീട്ടി എഴുതാന്‍ കഴിയുന്നുമില്ല. ഷാജിയ്ക്ക് സുഖമെന്നു വിശ്വസിക്കുന്നു.ശുഭപ്രതീക്ഷയോടെ രചനാവീഥിയില്‍ യാത്ര തുടരണം. വിജയിക്കും.

    സ്നേഹപൂര്‍ വ്വം

    എം കെ സാനു

    ReplyDelete
  2. ഇനി എന്റെ വക ഓഫറുകൂടി...

    സമകാലീന മലയാള കവിതയ്ക്കു നഷ്ടപ്പെട്ടുപോയ താളം സ്വന്തം വരികളിലൂടെ വീണ്ടെടുത്ത് ആശ്വസിക്കുവാനുള്ള ശ്രമായാണു ഞാന്‍ വരികള്‍ തീര്‍ത്തത്. സാധാരണക്കാരന്‍ ഇന്നത്തെ കവിതകണ്ട് മടുത്ത് കവിത വായന തന്നെ നിര്‍ത്തി. അവരെ കവിത വായിക്കുവാന്‍ പ്രേരിപ്പിക്കുക എന്നൊരുദ്ദേശവും മനസ്സിലുണ്ട്. അതു വിജയിക്കുന്നുണ്ട് എന്നു തന്നെയാണു ഇതുവരെയുള്ള എന്റെ അനുഭവം. അതുകൊണ്ട് എന്റെ വകയായി പ്രസിദ്ധീകരിച്ച രണ്ടു കാവ്യ സമാഹാരങ്ങളും ഉത്ത അനുവാചകരുടെ കയ്യിലെത്തിക്കണമെന്ന ഉദ്ദേശത്തോടെ ഞാനൊരു ഒഫര്‍ നല്‍കുന്നു! വിലാസം അയച്ചു തരുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും ബുക് പോസ്റ്റായി പുസ്കങ്ങള്‍ മുന്‍ കൂര്‍ അയച്ചു കൊടുക്കും.
    രണ്ടു പുസ്തകങ്ങളിലെയും ഏതെങ്കിലും ഒരു കവിത നിങ്ങളെ ബോറടിപ്പിച്ചുവെങ്കില്‍ പുസ്തകം തിരിച്ചയക്കാം.പുസ്തകം തൃപ്തികരമെങ്കില്‍ മാത്രം അതിന്റെ വില നല്‍കുക.വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.
    വൈജയന്തി ( താളബദ്ധമായ കവിതകള്‍)
    അവതാരിക :കവി എന്‍ കെ ദേശം
    വില : 60 രൂപ
    പേജ് :88
    രമായണക്കാഴ്ച്ചകള്‍ ( 21 കവിതകള്‍)
    അവതാരിക : ഡോ ഗീതാ സുരാജ്
    വില : 50
    പേജ് :64
    ഇമെയില്‍:shajitknblm@gmail.com
    blOg: shajitknblm.blogspot.com

    ReplyDelete
  3. മികച്ച ഒരു വായനാനുഭവം തന്നെയായിരുന്നു രാമായണകാഴ്ചകള്‍ എനിക്ക് നല്‍കിയത്. സാനുമാഷില്‍ നിന്നും ഒരു കത്ത് ലഭിച്ചത് തന്നെ വലിയ അംഗീകാരമാണല്ലോ..

    അന്യ സംയോഗം നടത്തുന്ന പത്നിയെ
    വന്യമായ് ശിക്ഷിച്ചു മാമുനി ഗൌതമന്‍
    “ധര്‍മ്മ പത്നീ വ്രതം നീ തുലച്ചു, കല്യ
    കല്ലായി കാലം കഴിക്കുക, മേലിലാ-
    ക്കല്ലിനും ജീവന്‍ തുടിപ്പിക്കുവാന്‍ പോന്ന,-
    തുല്യനാം രാമനാല്‍ മോക്ഷം ലഭിച്ചീടും
    അന്നവന്‍ നിന്‍ പാപമൊക്കെയൊടുക്കുവാന്‍
    തന്‍ പാദപംസുക്കള്‍ നിന്നില്‍ ചൊരിഞ്ഞിടും.“

    കല്ലുകള്‍ നീ വന്നുടച്ചു അഹല്യതന്‍
    മെയ്യും വിശുദ്ധമായ്, കാലം കനക്കവെ
    ഏതു വിശുദ്ധി ഉടച്ചു? ഹാ! സീതതന്‍
    പാതിവ്രത്യത്തീയെരിച്ചതും നീയെടോ,

    ഇവിടെ കവിയുടെ ചിന്തകള്‍ ശരിയല്ലേ എന്ന് ഒരു നിമിഷം ചിന്തിച്ചു പോകുന്നു. ഒരു കല്ലിന് പോലും - അതും അറിയാതെയാണെങ്കില്‍ പോലും അന്യസംയോഗം നടത്തിയ ഒരു മാമുനി പത്നിക്ക്- ജീവന്‍ തിരികെ നല്‍കാന്‍ കഴിഞ്ഞ രാമന് എന്തുകൊണ്ട് സ്വന്തം ഭാര്യയുടെ വിശുദ്ധി കണ്ടെത്തുവാന്‍ കഴിഞ്ഞില്ല...? കവിയുടെ ചിന്തകള്‍ വളരെ തീവ്രമാണെന്ന് വെളിവാക്കുന്നത് തന്നെ ഈ വരികള്‍. രാമായണത്തിന്റെ ഉള്ളുകള്ളികളിലൂടെ ഷാജി നായരമ്പലം ഉള്ളറിഞ്ഞ് യാത്ര ചെയ്തിട്ടുണ്ട് എന്ന് പുസ്തകവായനയില്‍ എനിക്ക് തോന്നി.

    പാരായണം ചെയ്ക രാമായണം മഹാ-
    നാചാര്യനേയും സ്മരിക്കണം സന്ദതം

    ഈ കവിതാ സമാഹാരം വായന കഴിഞ്ഞപ്പോള്‍ അദ്ധ്യാത്മരാമായണം പദ്യരൂപത്തില്‍ മനസ്സിരുത്തി ഒന്ന് വായിക്കണമെന്ന് തോന്നിപ്പിച്ചു. അതിന് ഷാജി നായരമ്പലത്തിന് നന്ദി.

    ReplyDelete
  4. പരിചപ്പെടിത്തിയതിന് ഒരു പാട നന്ദി
    ആശംസകള്‍
    കവിക്കും ആശംസകള്‍

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?