രചയിതാവ് : ഷാജി അമ്പലത്ത്
പ്രസാധകര്‍ : സൈകതം ബുക്‍സ്
അവലോകനം : വിനീത് നായര്‍
മനസ്സിലുറഞ്ഞു പോയ നാട്ടുസൗന്ദര്യത്തിന്റെ വ്യാകരണ ക്രമങ്ങളെ കവിതയിലുപയോഗിച്ച് ജീവിതത്തിന്റെ തൊലിപ്പുറത്ത് സൂചിത്തലപ്പു കൊണ്ട് കുത്തി വേദനിപ്പിക്കുകയാണ് ഷാജി അമ്പലത്തിന്റെ കവിതകള്‍. തന്റെ ജീവിതത്തിന്റെ രണ്ടാംജന്മമായി കവിതയെ ചിത്രീകരിക്കുന്ന ഷാജിക്ക്, കവിത വെറുമൊരു ആവിഷ്ക്കാരോപാധിമാത്രമല്ല. ജീവിതത്തിന്റെ വിപരീത പ്രവാഹങ്ങളില്‍ പിടഞ്ഞുനീന്താനുള്ള ഒരു ശക്തി കൂടിയാണ്.
സ്ഥിരകാഴ്ചകളുടെ വ്യത്യസ്തമായ കാവ്യാതമകരീതികള്‍ കൊണ്ട് കവി ഇവിടെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. ജീവിതത്തോടുള്ള പ്രതികരണമാണ് ഒരു കവിക്ക് അയാളുടെ കവിത എങ്കില്‍ ഷാജിക്ക് അത് പ്രതികരണം മാത്രമല്ല അയാളുടെ വിശ്വാസങ്ങളും, അവിശ്വാസങ്ങളും സന്ദേഹങ്ങളുമെല്ലാമാണ്. അനുഭവങ്ങളുടെ നാഡീപ്രവാഹത്തില്‍ നിന്നാണ് കവി ഇവിടെ വാക്കുകള്‍ തിരയുന്നത്. അതുകൊണ്ട് തന്നെ അയാള്‍ക്ക് കവിത ഒരു സാന്ത്വനം കൂടിയായി മാറുകയാണ്.
സംബന്ധങ്ങളെ അസംബന്ധങ്ങളായി ചിത്രീകരിച്ച് കവിതയ്ക്ക് വേറിട്ടൊരു സൗന്ദര്യക്രമം നല്‍കാന്‍ കവി ഇവിടെ ശ്രമിക്കുന്നുണ്ട്. പ്രണയവും, മഴയും, കവിതയുമെല്ലാം ഈ രീതിയില്‍പുതിയൊരു ശാസ്ത്രത്തില്‍ ഇവിടെ പുനര്‍നിര്‍മ്മിക്കപെടുന്നു. ഇങ്ങനെ പുതിയ രീതികളിലൂടെ ഉരുട്ടി കൊണ്ട് വരുന്ന വരികളെ, വാക്കുകളെ, ആശയങ്ങളെ പ്രമേയങ്ങളെ പൊടുന്നനെ വായനക്കാരില്‍ നിന്ന് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന,സര്‍ഗാത്മകതയുടെ തുറന്ന ഇടങ്ങളെ മുറിവേല്‍പ്പിക്കുന്ന വര്‍ത്തമാനകാല ജീവിതാവസ്ഥകളില്‍ നിന്ന് പിറന്നുവീണ നാല്‍പ്പത്തിയഞ്ച് കവിതകളുടെ ഒരു സമാഹാരമാണ് 'ചേര്‍ത്തു പിടിച്ച അകലങ്ങള്‍ ' എന്ന ഈ പുസ്തകം
'ഒരു നെല്ലിക്കയില്‍
നീയും ഞാനുമുണ്ട്
വായിലൂറുന്ന
രസ പകര്‍ച്ചയില്‍
നീ
എനിക്കേതായിരിക്കും
ഞാന്‍
നിനക്കേതായിരിക്കും'
ഓര്‍മകളുടെ വേദനിപ്പിക്കുന്ന ചിരി കൊണ്ടാണ് ഷാജി ഇവിടെ കവിതയെ നേരിടുന്നത് ഇരുട്ടില്‍ പിഴിഞ്ഞെടുത്ത അയാളുടെ ഏകാന്തതയുടെ വാക്കുകള്‍ ഒരു കാലഘട്ടത്തെയാണ്
പ്രതിഫലിപ്പിക്കുന്നത് .കടന്നു പോയതോ, പോയികൊണ്ടിരിക്കുന്നതോ ഇവിടെ പ്രസക്തമാവുന്നില്ല. ഓര്‍മകളേക്കാള്‍ ഓര്‍മ്മകള്‍ വേട്ടയാടുന്നവന്റെ മുറിവുകളിലെ വ്രണമായാണ് ഈ കവിതകള്‍ ഒരു പക്ഷെ വായനക്കാര്‍ക്ക് അനുഭവപ്പെടുക . " നഷ്ട്ടത്തിന്റെ ചെവിയോര്‍ക്കലുകളാണ് കവിതകളാകാന്‍ ശ്രമിക്കുന്നത് " എന്ന പി.എന്‍. ഗോപീകൃഷ്ണന്റെ വാക്കുകളെ ഞാനോര്‍ക്കുന്നു. കവിയില്‍ നിന്ന് കാണാതായ വാക്കുകളെ ,ഓര്‍മകളെ ,കഥാപാത്രങ്ങളെ ,മൗനങ്ങളെ എല്ലാം ഇപ്പോള്‍ ഷാജി കേട്ടെഴുതുകയാണ്. കണ്ട് മറന്ന നാട്ടുശീലുകള്‍,പാടികേട്ട പഴങ്കഥകള്‍,കളിച്ചു വളര്‍ന്ന മാവിന്‍ ചോടുകള്‍ ഇവയെല്ലാം കവിയെ നിരന്തരം വേട്ടയാടികൊണ്ടിരിക്കുന്നു.
ഭാഷയെ ഹൃദയമിടിപ്പുപോലെ ഗാഡമായി പ്രണയിക്കുന്നവനാവണം കവി. എഴുത്തിന്‍റെ മൂല്യം അതിന്റെ ധീരതയാണ്. ഇതെല്ലാം ഓര്‍ത്തുകൊണ്ട് ഭാഷയെ പുതിക്കി പണിയാന്‍ കവി ഇവിടെ ശ്രമിക്കുന്നു. ആ ശ്രമങ്ങള്‍ തന്നെയാണ് ഈ പുസ്തകത്തിലെ കവിതകള്‍ക്കുള്ള ഇന്ധനം. മോഷ്ട്ടിക്കപ്പെടുന്നവന്റെയും, വില്‍ക്കപെടുന്നവന്റെയും ഈ കാലത്ത്, മറക്കപ്പെട്ട വ്യാകുലതകളും, ശാഠ്യങ്ങളും വെച്ച് വായനക്കാരോട് വിലപേശുകയാണ് കവി ഇവിടെ .
ഈ സമാഹാരത്തിലെ പല കവിതകളിലും ചെറുതിന്റെ ലാവണ്യം ദര്‍ശിക്കാനാവും. എങ്കില്‍ കൂടി അവക്കൊയ്ക്കെ രാകി മിനുക്കിയ വീശാംകത്തിയുടെ മൂര്‍ച്ച കൂടി അനുഭവിപ്പിക്കാന്‍ കഴിയും എന്ന വസ്തുത നമ്മെ പലവിധത്തിലുള്ള ആശയ സംഘര്‍ഷങ്ങളിലേക്കും, ആത്മനൊമ്പരങ്ങളിലേക്കും കൈ പിടിച്ചു കൊണ്ട് പോകുന്നു.
കാവ്യ ജീവിതത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ, ഷാജിയുടെ ഭാവുകത്വം പ്രകൃതിഭംഗിയുടെ സല്ലാപങ്ങളില്‍ നിന്ന് പറിച്ചു മാറ്റപ്പെട്ടതായിതോന്നാം. ജീവിതത്തിന്റെ സൂക്ഷ്മസ്ഥലികളിലേക്ക്
എത്തിനോക്കുന്നവയാണ് ഇതിലെ കവിതകള്‍ എങ്കിലും ഭൂതകാലത്തെ ചിത്രീകരിക്കുമ്പോള്‍ ഭൂപ്രകൃതിയെ മറന്നത് ഒരു കുറവുപോലെ അനുഭവപ്പെടുന്നുണ്ട് . ഒരു പക്ഷെ പ്രകൃതിയില്‍ അതീനസത്യം കാണുന്നത് വ്യര്‍ത്ഥമാണെന്ന് അറിഞ്ഞുകൊണ്ടാവാം കവി ഇങ്ങനെ ചെയ്തത്. സമൂഹത്തിന്റെ വികലവിശ്വാസങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ ഒരു ചിറ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാറ്റിന്റെ തലോടലും, കളകളാരവവും കവിയെ ഒട്ടും തന്നെ സ്വാധീനിചിട്ടില്ലായിരിക്കാം .അതുകൊണ്ട് തന്നെയാണ് തറവാട്ടുമുറ്റവും, അപ്പുമേസ്തിരിയും, കാദര്‍സാഹിബുമെല്ലാം കവിതയിലേക്ക് കടന്നുവരുമ്പോള്‍ ഓരോ സിദ്ധാന്ധങ്ങളുടെ പിന്തുണ പറ്റുന്നതും.
" സ്വന്തമായി
ജീവിതമില്ലാതത്കൊണ്ടാണ്
ഞാന്‍
നിങ്ങളിലൂടെ ജീവിച്ചുതീരുന്നത്"
പരോക്ഷമായി സൂക്ഷ്മരാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നുണ്ട് ഷാജിയുടെ കവിതകള്‍. അതിന് ഉദാഹരണങ്ങളാണ് "ഗുഡ് ഫ്രൈഡേ", "അപ്പനും മക്കളും" തുടങ്ങിയ കവിതകള്‍. വീടും നാടുമെല്ലാം ഇരുട്ടിലും കണ്ണീരിലും നിര്‍വചിക്കപെടുമ്പോള്‍ ഷാജിയുടെ കവിതകള്‍ തീക്ഷ്ണ വാങ്ങ്മയങ്ങളാല്‍ സമൃദ്ധമാവുകയാണ്.
ഹൃദയത്തിന്റെ താക്കോല്‍ പഴുതിലൂടെ പറന്നുപോയവളെതേടിയും, ഒളിഞ്ഞുനിന്ന പ്രണയത്തില്‍ പടവെട്ടിയും പ്രണയമെന്ന വാക്കിന്‍ കൊത്തുപണി നടത്തുന്ന കവി, വാക്കുകള്‍ കറങ്ങികൊണ്ടിരിക്കുന്നത് ഭ്രമണ നിയമത്തിലാണെന്നും അതുകൊണ്ടാണ് വാക്കുകള്‍ അഴുകിപോകാത്തതും നമ്മള്‍ ചീഞ്ഞു നാറുന്നതും എന്ന് സമര്‍ഥിക്കുന്നു. ഈ പ്രണയ കവിതകളിലെല്ലാം ആസക്തികളെക്കാളേറെ വേര്‍പാടുകളും ഉന്മാദങ്ങളുമാണ് നിറയുന്നത് .
"കവി കുടുംബത്തിന്റെ
വിശപ്പുമാറ്റാന്‍
അറിഞ്ഞുകൊണ്ടൂര്‍ന്നുവീഴുന്ന
സാരിത്തലപ്പുകൊണ്ട്
റേഷന്‍ വാങ്ങിയെടുക്കുന്ന
ഈ രാധാമണിയുടെ
മുഖമുണ്ടോ " എന്നും
" വാക്കുകളുടെ വാതിലടച്ച്
എന്നോട് ചേര്‍ന്ന്
കവിതക്കുള്ളില്‍
തീ കാഞ്ഞിരിക്കുമ്പോള്‍ മാത്രം
ഭയപ്പെടാറില്ലവള്‍ ആരെയും " എന്നും കവി പറയുമ്പോള്‍ ഭാഷയില്‍ ആരും കാണാതെ അമര്‍ന്നു മുഴങ്ങുന്ന ഒരു അധോലോകമുണ്ടെന്ന് നാം അറിയുന്നു. രാധാമണി, തീരം, ഉമ്മ, മഴ, ഇടവഴികള്‍ എന്നീ കവിതകളും മേല്‍ പറഞ്ഞതിനോട് ചേര്‍ത്തുവെയ്ക്കാം.
കവിത എന്നും ഷാജിയ്ക്ക് തിമിര്‍ത്തു പെയ്യുന്ന ഒരു മഴയാണ് ഇടവഴിയില്‍ ഒറ്റയ്ക്ക് കരയുമ്പോഴെല്ലാം ഓടിയെത്തി കണ്ണീര്‍ പകുത്തെടുത്ത മഴ. ഇടവഴികളില്‍ എല്ലാ മഴയെത്തും അയാള്‍ നനഞ്ഞൊലിച്ചു നടന്നു. അതിന്റെ ജലച്ചായചിത്രങ്ങളാണ് ഈ പുസ്തകത്തിലെ പല കവിതകളും. ഇവയിലെല്ലാം തന്നെ 'അവള്‍ ' എന്ന ഒരു കേന്ദ്രീയ കഥാപാത്രം കടന്നു വരുന്നുണ്ട്. ഓര്‍മകളുടെ ഭാണ്ഡക്കെട്ടുകളിലും, ചില്ലിട്ടു വച്ച ചിത്രങ്ങളിലും അവള്‍ തന്നെയാണ് കവിക്ക് എല്ലാമാവുന്നത്. അവളിലൂടെ ഈ ലോകത്തെ നേടാന്‍ കവിയുടെ ഉള്ളം വെമ്പുന്നുണ്ട് .
" ഏറെ കേട്ടിട്ടും മനസ്സിലാവാതെ
മഴയുടെ വര്‍ത്തമാനം
വിവര്‍ത്തനം ചെയ്യാന്‍
ശ്രമിച്ചു ശ്രമിച്ചു
അവള്‍
പരാജയപെടുന്നുണ്ടാവുമോ "
അപഹരിക്കപെട്ട അനുഭവത്തിന്റെ പച്ചതുരുത്തുകളെയും, തരിശുനിലങ്ങളെയും തിരിച്ചു പിടിക്കുവാനും അതിലൂടെ തന്റേതായ പ്രത്യയശാസ്ത്രങ്ങളെ നിര്‍വചിക്കുവാനും കവി ശ്രമിക്കുന്നുണ്ട് . തന്റെ ദേശത്തെ പോലെ മറ്റെവിടെയോ ഇതുപോലത്തെ ഒരു ദേശമുണ്ടാവില്ലേ എന്നും അവിടെയും ഇത് പോലെ ഒരു പെണ്‍കുട്ടി മഴ കാണുന്നുണ്ടാവില്ലേ എന്നും കവി ചോദിക്കുന്നത് തന്റേതായ പ്രത്യയശാസ്ത്രങ്ങളെ മാത്രം അധികരിച്ച് കൊണ്ട് തന്നെയാണ് .
പുതുകവിതയുടെ നവശിഖരങ്ങളില്‍ വിളഞ്ഞ ഈ സമാഹാരത്തിലെ നാല്‍പ്പതിയഞ്ചു കവിതകളിലും തെളിയുന്നത് വര്‍ത്തമാനകാല ജീവിതത്തിന്റെ സങ്കീര്‍ണമായ നിഴല്‍ രൂപങ്ങളാണ്. ആ നിഴല്‍ രൂപങ്ങള്‍ വായനക്കാരന്‍റെ മനസ്സിലെത്തി മഴ നനയുകയാണ്. അങ്ങനെ ഉതിര്‍ന്നു വീഴുന്ന ആ മഴയ്ക്ക് ഒരു കുട വാങ്ങി കൊടുക്കുകയാണ് കവി , മഴയ്ക്ക് ഒട്ടും തന്നെ വെയില് കൊള്ളാതിരിക്കാന്‍ ...!
thaanks ee parichayappedutthalinu...
ReplyDeleteനന്നായി പരിചയപ്പെടുത്തി. ആശംസകൾ.
ReplyDeleteവായിക്കാന്‍ പ്രേരിപ്പിക്കുന്ന അവലോകനം ...
ReplyDelete