Saturday, February 11, 2012

മുംബെജാലകം

പുസ്തകം : മുംബെജാലകം
രചയിതാവ് : ജ്യോതിര്‍മയി ശങ്കരന്‍

പ്രസാധകര്‍ : കണിക്കൊന്ന പബ്ലിക്കേഷന്‍സ്

അവലോക
നം : സന്തോഷ് പല്ലശ്ശന


വേഗതയാണ്‌ ഈ നഗരത്തിന്‍റെ മുഖമുദ്ര. ഒന്നിനും പിടികൊടുക്കാതെ പ്രചണ്ഡമായ ഒരു ദ്രുത താളം നഗരജീവിതത്തിന്‍റെ അടിയൊഴുക്കാണ്‌. മുബൈ നഗരത്തിന്‍റെ ചെറുതും വലുതുമായ ഒരു പാടു ഗലികളിലൂടെ അലഞ്ഞു നടന്ന്‌ ഞാന്‍ ഈ നഗരത്തെ അടുത്തറിയാന്‍ ശ്രമിച്ചിട്ടുണ്ട്‌. എനിക്കു തോന്നുന്നത്‌ നഗരജീവിതത്തിന്‌ 'വേരുകള്‍' ഇല്ലെന്നാണ്‌. അസ്ഥിവാരങ്ങള്‍ ഇല്ലാത്ത; കമ്പിയും തകരപ്പാട്ടയും കൊണ്ട്‌ കുത്തി മറച്ച "ചോപ്പടകള്‍" നഗരത്തിന്‍റെ അസ്ഥിരമായ ജീവതാവസ്ഥകളെ ദ്യോതിപ്പിക്കുന്നു. എങ്കിലും എല്ലാവര്‍ക്കും അഭയംകൊടുക്കുന്ന ഇവള്‍ എന്നെ എന്നും വസ്മയിപ്പിക്കുന്നു. അതിജീവനത്തിന്‍റെ പുതിയ സങ്കേതങ്ങളെ സ്വയം വികസിപ്പച്ചുകൊണ്ട്‌ എല്ലാ മനുഷ്യരേയും തന്നിലേക്ക്‌ അടുപ്പിക്കുന്നു.

ഒരു നഗര ജീവി എന്നതിന്‍റെ അര്‍ത്ഥം നഗരത്തില്‍ ജീവിക്കുന്നവന്‍ എന്നല്ല മറിച്ച്‌ നഗരത്തെ സ്വന്തം ഹൃദയത്തിലേക്ക്‌ ഏറ്റുവാങ്ങുന്നവന്‍ എന്നാണ്‌. മുംബൈ മഹാ നഗരത്തെ സ്വന്തം ഹൃദയത്തിലേക്ക്‌ ഏറ്റുവാങ്ങിയ ഒരു എഴുത്തുകാരിയുടെ സൌമ്യമായ ചെറിയ ചില കലാപങ്ങളാണ്‌ ഈ പുസ്തകത്തിലെ ലേഖനങ്ങള്‍. ഏറെ കാല്‍പനികമായ കേരളീയ ജീവതത്തിന്‍റെ മധുരാലസ്യങ്ങളോ, പ്രവാസിയുടെ ഓര്‍മ്മപ്പെയ്ത്തുകളോ അല്ല ഇതിലെ ലേഖനങ്ങള്‍. ഗൃഹാതുരമായ സ്ഥിരം പരിദേവനങ്ങള്‍ ഈ പുസ്തകത്തില്‍ കാണാനാവില്ല. തിരക്കു പിടിച്ച നഗര ജീവിതത്തെ ഒരു ദൂരക്കാഴ്ചയോടെ നോക്കികാണാനുള്ള ശ്രമമാണ്‌ ജ്യോതിര്‍മയി ഇവിടെ നടത്തുന്നത്‌. ഒട്ടും വച്ചുകെട്ടുകളില്ലാതെ വളരെ ലളിതമായ ഭാഷയിലൂടെ മുംബൈ നഗരത്തിലെ വഴിയോരക്കാഴ്ച്ചകളേയും നഗരാനുഭവങ്ങളേയും ഈ പുസ്തകത്തിലൂടെ പുനസൃഷ്ടിക്കുകയാണ്‌ ഈ എഴുത്തുകാരി. മുംബൈ നഗരത്തിലേക്ക്‌ തുറക്കുന്ന ഒരു ചെറിയ ജനല്‍ക്കാഴ്ച്ചയായി മാത്രം ഈ കുറിപ്പുകളെ കണ്ടുകൂടാ. കാഴ്ചകളെ കുത്തിനോവിപ്പിക്കുന്ന നഗരത്തിന്‍റെ പിന്നാമ്പുറങ്ങളെ എഴുത്തുകാരി വളരെ സൌമ്യമായി നമ്മുക്കഭിമുഖമാക്കി തിരിച്ചു വയ്ക്കുന്നു. തിരക്കുപിടിച്ച നിരത്തുകളും, ഉത്സവങ്ങളും, നഗരത്തിന്‍റെ രുചിഭേദങ്ങളും, പുറംപൂച്ചുകളും, പൊങ്ങച്ചങ്ങളുമൊക്കെ ജ്യോതിര്‍മ്മയിയുടെ കുറിപ്പുകള്‍ക്ക്‌ വിഷയീഭവിക്കുന്നു.

ഓരോ നഗരവാസിയും ഓരോ തുരുത്തുകളാണ്‌. അവന്‍റെ ന്യൂക്ളിയര്‍ സ്വഭാവം ഒരുപാടു പുതിയ ഭീഷണികളെ ക്ഷണിച്ചു വരുത്തുന്നുണ്ട്‌. സ്വന്തം അയല്‍ പക്കത്ത്‌ താമസിക്കുന്നത്‌ ആരാണെന്നുപോലും അറിയാന്‍ അവന്‍ ശ്രമിക്കുന്നില്ല. എന്‍റെ വീട്‌, എന്‍റെ കുടുംബം എന്നിങ്ങനെ അവന്‍ അവനിലേക്കു തന്നെ ഒതുങ്ങി പോവുകയാണ്‌. നഗരത്തിലെ ഓരോ വീടും ഓരോ ദ്വീപുകളാണ്‌. വീട്‌ വിട്ട്‌ പുറത്തിറങ്ങിയാല്‍ ഇവര്‍ ഈ നഗരത്തിന്‍റെ ആള്‍ക്കുട്ടത്തില്‍ ലയിക്കുന്നു. ആള്‍ക്കുട്ടമെന്നാല്‍ കുറെ ആളുകളുടെ കൂട്ടം മാത്രമാണ്‌. എവിടെ നിന്നെങ്കിലും ചെറിയ ഒരു അപശബ്ദം മതി ആള്‍ക്കൂട്ടം തകര്‍ക്കപ്പെടാന്‍; അതു ചിതറിയോടുവാന്‍. ഭയമാണ്‌ അതിന്‍റെ പൊതുസ്വഭാവം. ആള്‍ക്കുട്ടത്തിന്‌ ഒരു സമൂഹമൊ ഗോത്രമൊ ആവാന്‍ കഴിയില്ല. നഗരജീവിതത്തിലെ ന്യൂക്ളിയര്‍ ഘടന പുതിയ ഭീഷണികളെ ക്ഷണിച്ചുവരുത്തുന്ന ഒന്നാണ്‌. കാരണം നഗരം വെറുമൊരാള്‍ക്കൂട്ടമാണ്‌ (ദെലെറ്റ് തിസ്). ശത്രുവിന്‌ ഒരപരിചിതന്‍റെ വേഷത്തില്‍ കടന്ന്‌ വന്ന്‌ സമര്‍ത്ഥമായി നഗരത്തെ കീഴ്പ്പെടുത്താന്‍ യാതൊരു വിഷമവുമില്ല. മുംബൈയി അടുത്ത കാലത്തു നടന്ന ഭീകരാക്രമണങ്ങള്‍ ഇതിനു തെളിവാണ്‌. നഗരങ്ങള്‍ എല്ലാകാലത്തും ഇങ്ങനെയൊക്കെയായിരുന്നിരിക്കാം പക്ഷെ ഇന്ന്‌ നാം ഇതുവരെ പരിചയിച്ചിട്ടില്ലാത്ത പുതിയ ഭീതികള്‍ നമ്മെ വേട്ടയാടാന്‍ ആരംഭിച്ചിരിക്കുന്നു. ജ്യോതിര്‍മയി എന്ന ഈ എവുത്തുകാരി ഇവിടെ സ്വന്തം തുരുത്തുകളില്‍ സ്വയം അടയിരിക്കാതെ എഴുത്തിന്‍റെ എറ്റവും ഉത്തരാധൂനിക സങ്കേതമായ ബ്ളോഗ്ഗെഴുത്തിലൂടെ സ്വയം പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. മഞ്ഞവെളിച്ചം ഒഴുകി നടക്കുന്ന മുംബൈയുടെ ഉറക്കം നഷ്ടപ്പെട്ട തെരുവകളും ശകടവേഗങ്ങളില്‍ കുതറിവീഴാതെ വീട്ടില്‍ നിന്ന്‌ തൊഴിലിടത്തേക്കും തിരിച്ചും ഷട്ടിലടിക്കപ്പെടുന്ന നഗരജീവിതത്തെ ഒരു ചരിത്ര ദൌത്യം പോലെ ജ്യോതിര്‍മയി വരച്ചിടുന്നു. കാലത്തിണ്റ്റ ഈ പ്രത്യേക ദശാ സന്ധിയില്‍ ജ്യോതിര്‍മയി എന്ന ഈ എഴുത്തുകാരിയെ വായിക്കാന്‍ കഴിഞ്ഞത്‌ ഒരു ഭാഗ്യമായി ഞാന്‍ കാണുന്നു.

3 comments:

  1. ഡല്‍ഹി നഗരത്തിന്റെ കാഴ്ചകളെ കുത്തിനോവിപ്പിക്കുന്ന പിന്നാമ്പുറങ്ങള്‍ മലയാള രചനകളില്‍ പലപ്പോഴും വന്നിട്ടുണ്ട്. എന്നാല്‍ അതിനോടു താരതമ്യം ചെയ്യുമ്പോള്‍ മുംബയ് നഗരം പാശ്ചാത്തലമായ രചനകള്‍ കുറവാണ്... - പുസ്തകം വായിക്കുവാനുള്ള പ്രേരണ തരുന്നുണ്ട് ഈ ചെറിയ കുറിപ്പ്.

    ReplyDelete
  2. ജ്യോതി ഓപ്പോളുടെ പുസ്തകത്തെ കുറിച്ച് സന്തോഷ്‌ പല്ലശന നല്ലതായി എഴുതി ,ആശംസകള്‍

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?