Sunday, February 27, 2011

രണ്ടാം യാമത്തിന്റെ കഥ.

പുസ്തകം : രണ്ടാം യാമത്തിന്റെ കഥ
രചയിതാവ് : സല്‍മ
പ്രസാധനം : ഡി.സി ബുക്ക്സ്
അവലോകനം : മൈന ഉമൈബാന്‍


ക്കാലത്ത്‌ അവളുടെ ഗ്രാമത്തിലെ സ്‌ത്രീകള്‍ക്ക്‌ സിനിമ നിഷിദ്ധമായിരുന്നു. അവളും കൂട്ടുകാരികളും വിലക്കിനെ വകവെക്കാതെ സിനിമക്കുപോയി. തീയറ്ററില്‍ അവരല്ലാതെ സ്‌ത്രീകളായി ആരുമില്ലായിരുന്നു. എല്ലാപുരുഷന്മാരുടേയും കണ്ണുകള്‍ അവര്‍ക്കുമേലെ വീണു. തിരയില്‍ കണ്ടത്‌ A പടമായിരുന്നു. വീട്ടിലെത്തിയ് അവള്‍ക്ക്‌ തല്ലുകിട്ടിയതിനോടൊപ്പം സ്‌കൂള്‍ പഠനവും അവസാനിച്ചു. 'നീയൊരു പെണ്ണാണ് ‘‌ എന്ന് ‌ അമ്മ ഓര്‍മിപ്പിച്ചു. അങ്ങനെ ഒന്‍പതാംക്ലാസ്സില്‍ പഠനം നിര്‍ത്തി അവള്‍ ഏകാന്തതയുടെ തടവുകാരിയായി. വീടിനു പുറത്തേക്കിറങ്ങാന്‍ പോലും അവള്‍ക്കു സാധിക്കുമായിരുന്നില്ല. അവള്‍ വായിക്കാന്‍ തുടങ്ങി..പിന്നെ പിന്നെ കവിതകള്‍ എഴുതാൻ‍...

അവള്‍ക്ക് പതിനെട്ടുവയസ്സുള്ളപ്പോള്‍ വീട്ടുകാര്‍ ബന്ധുവിനെകൊണ്ട്‌ വിവാഹമുറപ്പിച്ചു. അവള്‍ എതിര്‍ത്തു. പട്ടിണികിടന്നു. അവളുടെ അമ്മക്ക്‌ നെഞ്ചുവേദന വന്നു. ഡോക്ടറും വീട്ടുകാരും അവള്‍ക്കെതിരെ തിരിഞ്ഞു. അമ്മ മരിച്ചാല്‍ അവളുടെ സ്വാര്‍ത്ഥതയായിരിക്കും കാരണമെന്ന്‌. അമ്മയുടെ നെഞ്ചുവേദന വിവാഹത്തിനു സമ്മതിക്കുന്നതിനുവേണ്ടിയുള്ള അടവുമാത്രമായിരുന്നെന്ന്‌ വിവാഹശേഷമാണ്‌ അവള്‍ക്ക്‌ മനസ്സിലായിത്‌.

പക്ഷേ, അവള്‍ക്ക്‌ എഴുതാതിരിക്കാനായില്ല. ശ്വാസം പോലെയായിരുന്നു അവള്‍ക്ക്‌ എഴുത്ത്‌. പകല്‍ അവള്‍ എല്ലാവരുടേയും റുക്കിയ രാജാത്തിയായിരുന്നു. രാത്രിയില്‍ അവള്‍ സല്‍മയും. ഭര്‍ത്താവറിയാതെ അവള്‍ നട്ടപ്പാതിരയക്ക്‌ കുളിമുറിയിലിരുന്ന്‌ കവിതയെഴുതി. തമിഴിലെ അറിയപ്പെടുന്ന കവയത്രിയായി. പക്ഷേ, വീട്ടുകാരാരുമറിഞ്ഞില്ല സല്‍മയെ. അവര്‍ക്ക്‌ രാജാത്തിയെ മാത്രമേ അറിയുമായിരുന്നുള്ളു.

പക്ഷേ, അടുത്തു വന്ന പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പില്‍ വനിതാസംവരണമായിരുന്നു. പൊതുപ്രവര്‍ത്തകനായ ഭര്‍ത്താവ്‌ ബന്ധുക്കളില്‍ പലരേയും മത്സരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ആരും തയ്യാറായില്ല. എന്നാല്‍ അവള്‍ തയ്യാറായി. അവള്‍ വിജയിച്ചു. അതോടെ റുക്കിയ മാലിക്‌ രാജാത്തി 'സല്‍മ'യാണെന്ന്‌ ലോകമറിഞ്ഞു. അവരിന്ന്‌ തമിഴ്‌നാട്‌ സാമൂഹ്യക്ഷേമബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ ആണ്‌.

സല്‍മയുടെ ആദ്യ നോവലാണ്‌ രണ്ടാം യാമത്തിന്റെ കഥ.

അതില്‍ പുരുഷന്മാര്‍ക്കൊന്നും വലിയ സ്ഥാനമില്ല. രണ്ടാം യാമമെന്നാല്‍ നട്ടപ്പാതിര. ആ നട്ടപ്പാതിരകളാണ്‌ സ്‌‌ത്രീകളുടെ ലോകം. നാലതിരുകള്‍ തീര്‍ത്ത അറക്കപ്പുറം അവര്‍ക്കു ലോകമില്ല. എന്നാല്‍ മതത്തിന്റെയും ആണ്‍കോയ്‌മയ്‌ക്കുമിടയില്‍ അവര്‍ക്കുമൊരു ലോകമുണ്ടെന്നു കാണിച്ചു തരുന്നു ഈ നോവൽ‍.

സ്‌നേഹം, ദയ, പ്രണയം, കാമം, ദുഖം, അസൂയ, കുശുമ്പ്‌, പരദൂഷണം അങ്ങനെ എല്ലാം ചേര്‍ന്നതാണ്‌ ഈ കഥ. നിസ്സഹായരാണവര്‍. രണ്ടാംയാമത്തിനപ്പുറത്തേക്കു കടക്കാന്‍ അവര്‍ക്കാകുന്നില്ല. സമൂഹം കല്‌പിച്ചു നല്‌കിയ അതിരുകള്‍ക്കപ്പുറം കടക്കാന്‍ ശ്രമിച്ചവര്‍ക്കൊക്കെ ദുഖം മാത്രമായിരുന്നു വിധി. അവര്‍ വായനക്കാരെയും തീരാദുഖത്തിലെത്തിക്കുന്നു.

ഭര്‍ത്താവു മരിച്ചാല്‍, മൊഴിചൊല്ലിയാല്‍ പിന്നെ സ്‌തീകളുടെ ജീവിതം നിറപകിട്ടില്ലാത്തതാണ്‌. പലപല നിറങ്ങളില്‍ പട്ടുപുടവകള്‍ അണിയാൻ‍, മുല്ലപ്പൂവ് ചൂടി സുന്ദരികളായിരിക്കാന്‍ അവര്‍ മോഹിക്കുന്നു. പക്ഷേ, മുതിര്‍ന്നവര്‍ അനുവദിക്കില്ല. സ്‌ത്രീകളാണ്‌ മതത്തിന്റേയും സമൂഹത്തിന്റേയും മാനം കാക്കേണ്ടത്‌. മാനക്കേടുണ്ടാക്കുന്ന ഒന്നും അവര്‍ ചെയ്‌തുകൂടാ. മതാചാരം ഒരു വഴിക്കും നാട്ടാചാരം മറ്റൊരു വഴിക്കും സ്‌ത്രീയെ വേട്ടയാടുന്നതിന്റെ ദയനീയ ദൃശ്യങ്ങൾ‍....

അതിസുന്ദരിയായ ഫിര്‍ദൗസിന്റെ കഥതന്നെ എത്ര മനോഹരം. അവളുടെ പ്രണയവും ലോകത്ത്‌ ജീവിച്ചിരിക്കാനുള്ള ആശയും കവിതതന്നെ. ഒരോ വരിയിലും കവിത തുളുമ്പി നില്‌ക്കുന്നു. സ്‌ത്രീയുടെ ഉടലിനെപ്പറ്റി, ആവശ്യങ്ങളെപ്പറ്റി ഇതുപോലൊന്ന്‌ വായിച്ചോര്‍മയില്ല.

സ്‌ത്രീയുടെ ലോകത്തുകൂടി ഇത്ര സൂക്ഷ്‌മമായി ഭംഗിയായി ഇറങ്ങിച്ചെല്ലാന്‍ സല്‍മക്കുമാത്രമേ സാധിച്ചിട്ടുള്ളു എന്ന്‌ എടുത്തു പറയേണ്ടതാണ്‌. കണ്ണാടിയില്‍ നോക്കി നില്‍ക്കുന്ന വഹീദ മുഖത്ത്‌ മുഖക്കുരു കണ്ട്‌ ഉള്ളില്‍ സന്തോഷിക്കുന്നതു മുതല്‍ ചെറുപ്പക്കാരികളുടെ അശ്ലീലം പറച്ചിലും കാസറ്റു കാണലും വരെ എത്ര തന്മയത്തത്തോടെ എഴുതിയിരിക്കുന്നു.

മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത ആറ്റൂര്‍ എഴുതുന്നു. 'പെണ്‍മയുടെ ലോകമാണിതിൽ‍. പലതരത്തിലുള്ള പെണ്ണുങ്ങൾ‍. കൗശലക്കാരികളും തന്റേടികളും പാവങ്ങളും ചെറ്റകളും ഒക്കെയാണ്‌ മുതിര്‍ന്നവര്‍. കലഹിപ്പവരും ദുഖിപ്പവരും നിഷേധികളും ആയാണ്‌ ഇളംതലമുറയെ കാണുന്നത്‌. മൂടിവെയ്‌ക്കല്‍ കലയും സൗന്ദര്യവും സന്മാര്‍ഗ്ഗവുമായിരുന്ന സമുദായത്തില്‍ വെളിപ്പെടുത്തലിന്റെ സ്വാതന്ത്യവും ആരോഗ്യവും കാട്ടുന്നതാണ്‌ ഈ ചെറുപ്പക്കാരികളുടെ ഭാഷ. ലൈംഗികമായി ആക്രമിക്കപ്പെടുകയും തോല്‌പ്പിക്കപ്പെടുകയും ചെയ്യപ്പെടുന്നത്‌ അവരുടെ നിത്യസംഭാഷണവിഷയമാണ്‌. പെണ്ണിന്റെ വചനസ്വാതന്ത്ര്യം അവര്‍ ആഘോഷിക്കുന്നു.'

'ഇസ്ലാമിക പാരമ്പര്യത്തിലെ ചില മതനിയമങ്ങളും ഇന്ത്യന്‍സാഹചര്യത്തില്‍ അവയിലെ ചില വകുപ്പുകള്‍ക്കു വന്നുചേര്‍ന്ന ആണനുകൂലവ്യാഖ്യാനങ്ങളും അമ്മട്ടിലുള്ള ചില നാട്ടുനടപ്പുകളും ഓരോരോ പ്രായത്തില്‍ എങ്ങനെയെല്ലാം ഉമ്മമാര്‍്‌ക്ക് കൈവിലങ്ങും കാല്‍ച്ചങ്ങലയും ആയിത്തീരുന്നു എന്ന്‌ ഈ കഥയില്‍ എവിടെ നോക്കിയാലും കാണാം. എന്റെ മനസ്സില്‍ ബാക്കിനില്‌ക്കുന്ന ഒരു സംഭാഷണശകലം: ഊരില്‍ ആരാണ്‌ സന്മാര്‍ഗ്ഗി? നോക്ക്‌. ആണ്‌ അങ്ങനെയൊക്കെ ഇരിക്കും. പെണ്ണ്‌ അങ്ങനെയായാലേ തപ്പുള്ളു'-(അവതാരികയില്‍ കാരശ്ശേരി )

കഥാപാത്രങ്ങള്‍ വികാരാധീനരായി ഒരു ചോദ്യവും ചോദിക്കുന്നില്ല. എന്നാല്‍ ഓരോ സന്ദര്‍ഭത്തിലും അതു വ്യക്തമായി കാണാം. വിവാഹത്തിന്റെ പൊരുത്തത്തെപ്പറ്റി നബീസ ചിന്തിക്കുന്നത്‌ നോക്കുക. "പഴയകാലത്തു പൊരുത്തം നോക്കാതെ പെണ്ണുങ്ങളെ കല്ല്യാണം കഴിപ്പിച്ചു ജീവിതം തുലപ്പിച്ചു. എന്നാല്‍ ഇക്കാലത്തും അങ്ങനെതന്നെ നടക്കുന്നു. പണവും ബന്ധവും മാത്രം നോക്കിയാല്‍ മതി. വേറെ വയസ്സോ കാഴ്‌ചയോ ആരു നോക്കുന്നു? പെണ്ണിന്റെ വിധി...."

വഹീദയ്‌ക്കു ആലോചിച്ച പയ്യന്‌ ചീത്തനടത്തമുണ്ടെന്ന്‌ റൈമ ഭര്‍ത്താവിനോട്‌ പറയുമ്പോള്‍ അയാള്‍ പറയുന്ന മറുപടിയുണ്ട്‌. " ആണാണെങ്കില്‍ അങ്ങിനെയിങ്ങനെയൊക്കെയുണ്ടാവും. ഇതൊക്കെ ഇത്ര വലുതായി കാണുന്നത്‌ ശരിയല്ല. ഊരുലകത്തില്‍ ആരാണ്‌ ഉത്തമനായിരിക്കുന്നത്‌ എന്ന്‌ പറയ്‌. അങ്ങനെ ഒരുത്തനെക്കൊണ്ടു മകളെ കെട്ടിക്കണമെന്നുവെച്ചാല്‍ ഈ ജന്മത്തില്‍ നടക്കില്ല. അതോര്‍മ്മ വെച്ചോ. ആണ്‌ കെട്ട്‌ പോകുന്നത്‌ അത്ര കാര്യമല്ല..."

അപ്പോള്‍ റൈമ വിചാരിക്കുന്നു. ആണുങ്ങളാരും യോഗ്യരല്ല. എന്നാലും അറിഞ്ഞുകൊണ്ട്‌ ഒരു തെറ്റ്‌ ചെയ്യുന്നതെന്തിനാ? അവള്‍ക്ക്‌ തലവേദന വന്നു. അങ്ങനെ മനസ്സുകുഴങ്ങിയിട്ട്‌ എന്തുകാര്യം. അല്ലാഹുവിനെ ഭാരമേല്‌പ്പിച്ച്‌ സ്വന്തം ജോലിനോക്കുക തന്നെ നല്ലത്‌.

റാബിയ എന്ന കൊച്ചുപെണ്‍കുട്ടിയുടെ മനസ്സിലൂടെയാണ്‌ കഥതുടങ്ങുന്നത്‌.
അവള്‍ക്ക്‌ ഒരു മണ്‍ഹുണ്ടികയുണ്ട്‌. അതിലെ സമ്പാദ്യം കൊണ്ട്‌ അവള്‍ക്ക്‌ തങ്കക്കമ്മല്‍ വാങ്ങാമെന്നാണ്‌ അമ്മ പറയുന്നത്‌. എന്നാല്‍ അവള്‍ക്കതില്‍ താത്‌പര്യമില്ല. 'ആര്‍ക്കുവേണം പണ്ടം?' അവള്‍ ചോദിച്ചത്‌ 'എനിക്ക്‌ തീവണ്ടി കയറാന്‍ കൊതിയുണ്ട്‌. കൊണ്ടുപോകാമോ?' എന്നാണ്‌. 'അല്ലെങ്കില്‍ സൈക്കിള്‍ വാങ്ങി താ' എന്ന്‌. പെണ്‍കുട്ടികള്‍ക്ക്‌ സൈക്കിള്‍ വേണ്ടെന്ന്‌‌ അമ്മ. വണ്ടിയില്‍ ഉമ്മയും കയറിയിട്ടില്ല. പിന്നെങ്ങനെ?

അവള്‍ കൂട്ടുകാരനോടൊപ്പം മലകാണാന്‍ പോയതിന്‌ അമ്മയുടെ ശകാരം." മലകയറുമ്പോള്‍ വയസ്സറിയിച്ചാല്‍ എന്താവും? പിശാചു ബാധിച്ചിരിക്കും" എന്ന്‌. അവള്‍ കൂടുതല്‍ മധുരം കഴിച്ചാലും അമ്മ വിലക്കും. പെട്ടെന്ന്‌ വയസ്സറിയിക്കും എന്ന്‌. അവള്‍ ഹദീസ്‌ വായിച്ച്‌ സംശയാലുവാകുകയാണ്‌. സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ ആണുങ്ങള്‍ക്ക്‌ ഹൂറികള്‍ ഉണ്ടാവുംപോലെ പെണ്ണുങ്ങള്‍ക്ക്‌ ഹൂറി ആണുങ്ങള്‍ ഉണ്ടാവില്ലേ എന്ന്‌. അവളുടെ അത്തയ്‌ക്ക്‌ വെപ്പാട്ടിയുണ്ട്‌. അതിന്‌ എല്ലാവരുടേയും അംഗീകാരവുമുണ്ട്‌. ചിലര്‍ക്ക്‌ വേറെയും ഭാര്യമാരുണ്ട്‌. പക്ഷേ അവളുടെ സഹപാഠിയുടെ അമ്മയ്‌ക്ക്‌ രണ്ടു ഭര്‍ത്താക്കന്മാരുണ്ട്‌. അപ്പോള്‍ അവള്‍ സന്ദേഹിയാവുന്നു. പെണ്ണിന്‌ കൂടുതല്‍ ഭര്‍ത്താക്കന്മാരുണ്ടാവുന്നത്‌ തപ്പല്ലേ?

പുരുഷന്‌ ബഹുഭാര്യത്വവും വെപ്പാട്ടിയും (വെപ്പാട്ടി അന്യജാതിക്കാരിയാണ്‌)ഒക്കെയാവാം. അതിനൊക്കെ അംഗീകാരവുമുണ്ട്‌. എന്നാല്‍ അതേ സമൂഹത്തില്‍ ഒരു മുസ്ലീംസ്‌ത്രീ അന്യമതക്കാരന്റെ കൂടെപ്പോയതിന്‌ പള്ളി വിലക്കേര്‍പ്പെടുത്തുകയാണ്‌ അവളുടെ കുടുംബത്തെ. നാട്ടാചാരവും മതനിഷ്‌ഠയും കാത്തുസൂക്ഷിക്കേണ്ടത്‌ പാവപ്പെട്ടവരും പെണ്ണുങ്ങളുമാണ്‌ !

ഇതിന്റെ മൊഴിമാറ്റത്തില്‍ എനിക്ക്‌ പോരായ്‌മകളുണ്ട്‌. മുസ്ലീം ആചാരങ്ങളിലും വിശേഷാവസരങ്ങളിലും ഉള്ള പരിചയമില്ലായ്‌മ. ഇതില്‍ പലയിടത്തും അറബികലര്‍ന്ന തമിഴ്‌മൊഴി....ആറ്റൂര്‍ മൊഴിമാറ്റത്തെപ്പറ്റി ഇങ്ങനെ എഴുതുന്നു. മൊഴിമാറ്റത്തില്‍ ചില തമിഴ്‌ വാക്കുകള്‍ അങ്ങനെതന്നെ ഉപയോഗിച്ചത്‌ മനോഹരമായിട്ടുണ്ട്‌‌. എന്നാല്‍ മൂലകൃതിയില്‍ നിന്ന്‌ മാറ്റം വരുത്തിയപ്പോള്‍ വിളിപ്പേരുകളിലും ചില വാക്കുകളിലും അര്‍ത്ഥവ്യത്യാസം വന്നുവോ എന്ന്‌ ഈയുള്ളവള്‍ക്ക്‌ സന്ദേഹം. തെക്കന്‍തമിഴ്‌നാടാണ്‌ കഥാപരിസരം. റാവുത്തര്‍ മുസ്ലീങ്ങളും. അവര്‍ ഉമ്മ-ബാപ്പ എന്ന്‌ വിളിക്കാറില്ല. അമ്മയും അത്തയുമാണ്‌. പലയിടങ്ങളിലും തിരിഞ്ഞും മറിഞ്ഞും ഉമ്മ-ബാപ്പ വരുന്നുണ്ട്‌. ഭര്‍ത്താവ്‌ മച്ചാനാണ്‌. ജ്യേഷ്‌ഠത്തിയുടെ ഭര്‍ത്താവിനെയും മച്ചാന്‍ എന്നാണ്‌ വിളിക്കാറ്‌. വിവര്‍ത്തനത്തില്‍ അളിയനായി പോയിട്ടുണ്ട്‌. കേരളത്തിലെ റാവുത്തര്‍മാരും ഇങ്ങനെതന്നെയാണ്‌ വിളിക്കാറ്‌. നാത്തൂന്‍ മദനിയാണ്‌. ഇളയച്ഛന്‍ ചെച്ചയാണ്‌. കേരളത്തിലെ റാവുത്തര്‍മാരും വീട്ടില്‍ തമിഴ്‌ സംസാരിക്കുന്നവരാണ്‌ അധികവും. ബന്ധുക്കളോട്‌ തമിഴും അയല്‍ക്കാരോട്‌ മലയാളവും ഒരോയൊപ്പം സംസാരിക്കുന്നവർ‍. അവരുടെ മലയാളത്തില്‍ നാടന്‍ പ്രയോഗങ്ങള്‍ കുറവാണ്‌. ഏതാണ്ട്‌ മാനകഭാഷതന്നെ ഉപയോഗിക്കുന്നു. പക്ഷേ, വിവര്‍ത്തനത്തില്‍ മലബാര്‍ മുസ്ലീം സംസാരിക്കുന്നഭാഷ പ്രയോഗങ്ങള്‍ കടന്നുവന്നിട്ടുണ്ട്‌. വരിൻ‍, ഇരിക്കിൻ‍, പറയിൻ‍, ഇങ്ങനെ പോകുന്നു. അറബി വാക്കുകളും തെറ്റായി വന്നിട്ടുണ്ട്‌‌.

നോവലിന്റെ പ്രധാനപോരായ്‌മയായി തോന്നിയത്‌ വിമോചനസ്വരമുയര്‍ത്താന്‍ കെല്‍പുള്ളവരുണ്ടായിട്ടും എല്ലാവരും രണ്ടാംയാമത്തിനപ്പുറം പോയില്ല എന്നതാണ്‌. ഇതൊക്കെതന്നെയാണ്‌ സ്‌ത്രീയുടെ ജീവിതം . ഇതിനപ്പുറം കടക്കാന്‍ കഴിയില്ല എന്ന മട്ടില്‍ അവസാനിച്ചു. എന്നാല്‍ നോവലിസ്‌റ്റിന്റെ യഥാര്‍ത്ഥജീവിതത്തില്‍ ഈ വിമോചനം വരുന്നുണ്ടുതാനും.

Tuesday, February 22, 2011

അമ്മമലയാളം

പുസ്തകം : അമ്മമലയാളം
രചയിതാവ് :
കുരീപ്പുഴ ശ്രീകുമാർ
പ്രസാധനം :
മൈത്രി ബുക്ക്സ്
അവലോകനം : പ്രവീണ്‍ വട്ടപ്പറമ്പത്ത്


ജീവിതയാഥാർത്ഥ്യങ്ങളെ അതിന്റെ തനതായ തീക്ഷ്ണതയോടെ അവതരിപ്പിക്കുന്നതിൽ‌ വിജയിച്ചിട്ടുള്ള ചുരുക്കം ചില സമകാലിക കവികളിൽ ഒരാളാണ് കുരീപ്പുഴ ശ്രീകുമാർ‌. ഇളംകാറ്റിന്റെ കുളിർമയോ, കളകളമൊഴുകുന്ന അരുവിയുടെ ഇമ്പമാർന്ന നാദമോ‌ കുരീപ്പുഴയുടെ കവിതകളിൽ‌ നിന്ന് നമുക്ക് കണ്ടെത്താനായെന്ന് വരില്ല. അതിൽ‌ അടിമത്തത്തിനെതിരേയുള്ള അട്ടഹാസങ്ങളുണ്ട്, ദുഷിച്ച സാമൂഹികവ്യവസ്ഥകളോടുള്ള പ്രതിഷേധമുണ്ട്, കാട്ടാറിന്റെ വന്യതയുണ്ട്, തീക്ഷ്ണതയേറിയ അനുഭവങ്ങളുടെ ഓർമ്മപ്പെടുത്തലുകളുണ്ട്..

അമ്മമലയാളം, ചർവ്വാകം‌,വീണ്ടെടുക്കേണ്ടും കാലം തുടങ്ങിയ പത്തൊൻപത് കവിതകളുടെ സമാഹാരമാണ് മൈത്രി ബുക്ക്സ് പുറത്തിറക്കിയ “അമ്മമലയാളം”. (വില: 35 രൂപ) വിവിധവിഷയങ്ങളിലായി കുരീപ്പുഴയുടെ കവിതാരൂപത്തിലുള്ള പ്രതികരണങ്ങളാണു ഉള്ളടക്കം. ആശകൾ‌നശിച്ചവന്റെ നിസ്സഹായത മുതൽ‌ മാതൃഭാഷക്ക് വേണ്ടി വരുംതലമുറയോടുള്ള ശക്തമായ ആഹ്വാനംവരെ ഇവയിലടങ്ങിയിരിക്കുന്നു.

“ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയിൽ വച്ചു നമിച്ചു തിരിഞ്ഞൊരാൾ‌
ആദിത്യ നേത്രം‌ തുറന്നു ചോദിക്കുന്നു
ഏതു കടലിൽ എറിഞ്ഞു നീ ഭാഷയെ”

ജീവിതഭാഷയെ വിറ്റുതുലക്കാനിറങ്ങിയ ഒരു തലമുറയോട് കവിയുടെ ചോദ്യശരങ്ങളുടെ ഒരുകൂമ്പാരമാണ് അമ്മമലയാളമെന്ന കവിത. വീണപൂവും പ്രേമസംഗീതവും ഓമനത്തിങ്കൾക്കിടാവുമൊക്കെ സമ്മാനിച്ച ‘സ്നേഹപൂർണ്ണമലയാളത്തെ’ ചുട്ടുകൊന്ന തലമുറയോടുള്ള കവിയുടെ രോഷം പലപ്പോഴും നമ്മെയൊക്കെ ഒരു ആത്മവിശകലനത്തിന് പ്രേരിപ്പിക്കുന്നുണ്ട്. തമ്മിൽ‌ പിണങ്ങുവാൻ പിന്നെയിണങ്ങുവാൻ നമ്മെ പഠിപ്പിച്ച നന്മയാണമ്മമലയാളമെന്ന ഓർമ്മപ്പെടുത്തലിനോടൊപ്പം നമുക്ക് നഷ്ടപ്പെടുന്നതെന്തെന്ന് ഒരു വിളിച്ച്പറയലും കൂടി കവി നടത്തുന്നുണ്ട്.

പൌരോഹിത്യ ദുഷ്‌പ്രഭുത്വത്തിന്റെ അവശേഷിപ്പുകളായ അനാചാരങ്ങൾക്ക് നേരെയുള്ള പടവാളാണ“ചർ‌വ്വാകൻ” എന്ന കവിത. യുക്തിവാദിയായ കവിയുടെ തീക്ഷ്ണതയേറിയ വാക് ശരങ്ങൾ‌ തറക്കുന്നത്“മത ബോധത്തിൽ” അടിയുറച്ച് മതിലുകൾ കെട്ടിപ്പടുക്കുന്നതിൽ‌ വ്യാപൃതരായിരിക്കുന്നവർക്ക് നേരെയാണ്. ലോകായതക്കാറ്റുടുത്ത്, തീജ്ജ്വാലയായ് രസിക്കാത്ത സത്യങ്ങൾ‌ വിളിച്ച് പറയുന്നചർവ്വാകന്റെ ധർമ്മം‌ കവിയും നിർവ്വഹിക്കുകയാണ്.

“ഇല്ല ദൈവം, ദേവശാപങ്ങൾ മിഥ്യകൾ‌
ഇല്ലില്ല ജാതിമതങ്ങൾ‌,
പരേതർക്ക് ചെന്നിരിക്കാൻ‌ ഇല്ല സ്വർഗ്ഗവും നരകവും‌
ഇല്ല പരമാത്മാവുമില്ലാത്മമോക്ഷവും.."

അപ്രിയമായവ വിളിച്ചു പറയാനുള്ള ചങ്കൂറ്റത്തിന്റെ പ്രത്യക്ഷമായ ഉദാഹരണമായി കവി ഇവിടെമാറുന്നു.

ഗദ്ദറെന്ന തെലുങ്ക് വിപ്ലവകാരിക്കായുള്ള സമർപ്പണമാണു ‘ഗദ്ദറിന് ‘ എന്ന കവിതയെങ്കിൽ‌ സുഖലോലുപതയിൽ മുഴുകി ജീവിതം നയിക്കുന്നവരോട്, നിരന്തരം‌ ഇമയടക്കാതെ ജീവിതത്തോട് പടവെട്ടുന്നവരെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് “പകലുറങ്ങുന്നവർ‌“ എന്ന കവിത.

മനുഷ്യപ്രദർ‌ശനം‌,തിരിച്ചു വന്നവൾ‌, വിശുദ്ധവിലാപങ്ങൾ‌,തോക്കിന്റെ വഴി, ഇടപെടൽ‌ എന്നിവ ഈസമാഹാരത്തിലെ ശ്രദ്ധേയമായ മറ്റു കവിതകളാണ്.

Thursday, February 17, 2011

അതുല്യം

പുസ്തകം : അതുല്യം
രചയിതാവ് : മാലതി കെ ഹൊള്ള
പ്രസാധനം : മാതൃഭൂമി ബുക്സ്
അവലോകനം : റാണിപ്രിയന്താരാഷ്ട്ര വീല്‍ ചയെര്‍ അത്‌ലറ്റായ മാലതി കെ ഹൊള്ളയുടെ പ്രചോദനാത്മകമായ അനുഭവകഥയാണ്‌ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അതുല്യം. ആലപ്പുഴ ജില്ലയിലെ കുട്ടം പേരൂര്‍ സ്വദേശിയായ അനന്തകൃഷ്ണന്‍ എം ആണ്‌ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'A different Spirit ' എന്ന തലക്കെട്ടോടു കൂടി Inspired Indian Foundation എന്നാ കൂട്ടായ്മയില്‍ പുസ്തകം പ്രസിദ്ധീകരിച്ചത്. മലയാളത്തില്‍ ഇതിനെ അതുല്യമാക്കി പരിഭാഷപ്പെടുത്തിയത് കെ എം സുധീര്‍.


മാലതി കെ ഹൊള്ള, ലോകപ്രശസ്തയായ പാരാലിംപ്യന്‍.അന്താരാഷ്ട്ര വീല്‍ചെയര്‍ കായികതാരം.അത്രമാത്രമേ പുറംലോകത്തിനു അറിയൂ. അതിനപ്പുറമുള്ള മാലതിയെ തുറന്നു കാട്ടുന്നു ഈ 'അതുല്യം'. ആ ജീവിതത്തില്‍ അവരുടെ യാതനകളുടെ,പോരാട്ടങ്ങളുടെ കഥയുണ്ട്. ഇന്ത്യയിലെ മറ്റു താരങ്ങള്‍ക്കുള്ള പ്രശസ്തിയോ പ്രചാരമോ മാലതി ഹൊള്ളക്കില്ല. എങ്കിലും മാലതി കൃഷ്ണമൂര്‍ത്തി ഒരു താരമാണ്. നേട്ടങ്ങള്‍ക്കൊക്കെ രത്നതിളക്കമുള്ള ഒരു അപൂര്‍വ്വ താരം.അന്‍പത്തി രണ്ടാം വയസ്സിലും ഇന്ത്യയിലെ ഏറ്റവും വേഗതകൂടിയ വീല്‍ചെയര്‍ അത്‌ലറ്റ് ആണ് മാലതി.ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ലാത്ത റെക്കോര്‍ഡുകളുടെ ഉടമ. ഏകലവ്യ,അര്‍ജുന,പദ്മശ്രീ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍.
ദേശീയവും അന്തര്‍ദേശീയവുമായ മുന്നൂറിലേറെ മെഡലുകള്‍. അതില്‍ ഭൂരിഭാഗവും കടം വാങ്ങിയ വീല്‍ചെയറില്‍ ഇരുന്നു കൊണ്ട്!! അവരുടെ ജീവിതത്തോടുള്ള അഭിനിവേശം നമുക്കൊന്നും ചിന്തിക്കാനോ എത്തിപ്പിടിക്കാനോ സാധിക്കാത്തത്ര ഉയരത്തില്‍ ആണ് എന്നത് അതുല്യം തുറന്ന് കാട്ടുന്നു.

മുറി മുഴുവന്‍ മുഴങ്ങുന്ന പൊട്ടിച്ചിരിയില്‍ ഒളിച്ചുവക്കപ്പെടുന്ന വേദനകള്‍ ആരും അറിയാറില്ല. കാലുകളിലേക്കുള്ള ചോരയോട്ടം നിലക്കാതിരിക്കാനായി വലതുകാല്‍ കുടയുമ്പോള്‍ തുടയെല്ലിനുള്ളില്‍ ഇനിയും കൂടിചേരാത്ത എല്ലിലെ മുറിവ് നല്‍കുന്ന വേദന. വേദനയില്ലാതെ എന്ത് മാലതി?

ചെറിയൊരു ഹോട്ടല്‍ നടത്തിപ്പുകാരന്റെ മകളായി 1958 -ല്‍ ജനിച്ച മാലതിയുടെ ജീവിതത്തില്‍ ചെറിയൊരു പനിയുടെ രൂപത്തില്‍ വന്ന ദുരന്തങ്ങള്‍ ആരംഭിക്കുമ്പോള്‍ അന്ന് വയസ്സ് ഒന്നോ ഒന്നരയോ മാത്രം! പലതരം ചികിത്സകള്‍. ഇതിനിടയില്‍ പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി ഏതാണ്ട് പൂര്‍ണമായി നഷ്ടപ്പെട്ടു. പഠനവും ചികിത്സയും ഒക്കെ മദ്രാസ്സില്‍. ഒരു പരമ്പരയായ് ശരീരത്തില്‍ വെട്ടിക്കീറലുകളും തുന്നിചേര്‍ക്കലുകളും. ഇതിനിടയിലാണ് സ്പോര്‍ട്സ് ഒരു ലഹരിയായ് പടര്‍ന്നു കയറിയത്. ഒരു ഉള്‍വിളിപോലെ ജീവിതത്തില്‍ വന്ന സ്പോര്‍ട്സ്..പിന്നീട് എല്ലാമെല്ലാമായ് വേദനക്കുള്ള മരുന്നും ജീവിതം കോര്‍ത്തെടുക്കുന്നതിനുള്ള മുത്തും.. എല്ലാം സ്പോര്‍ട്സ് തന്നെ. മറ്റുള്ളവര്‍ക്കൊക്കെ ഒരു മാതൃകയും പ്രചോദനവുമൊക്കെയായി ആ ജീവിതം വളന്നു വലുതായിയെങ്കില്‍ സ്പോര്‍ട്ട്സ് അതിനൊരു കാരണമായിട്ടുണ്ട്.

എന്നും പോരാട്ടമാണ് മാലതിയെ മുന്നോട്ട് നയിച്ചത്.വൈകല്യങ്ങളോട്,വേദനകളോട്,സാമൂഹിക അസമത്വങ്ങളോട് അങ്ങനെ എക്കാലവും യുദ്ധം തന്നെയായിരുന്നു.വികലാംഗര്‍ക്ക് അര്‍ഹപ്പെട്ട പുരസ്കാരങ്ങള്‍ക്കായി ഭരണകൂടത്തോടുപോലും അവര്‍ യുദ്ധം ചെയ്തു.ആകെ 32 സര്‍ജറി വരെ കഴിഞ്ഞു. ജീവിതത്തോട് പടപൊരുതുന്ന ഒരപൂര്‍വ്വ വ്യക്തിത്വം!! ദക്ഷിണ കൊറിയയിലും ബാഴ്സിലോണയിലും എതന്‍സിലും ബെയ്ജിങ്ങിലും(പാരാലിമ്പിക്സ്) ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇതിനിടയില്‍ ജീവിതത്തില്‍ അനുഭവിച്ച ക്ലേശങ്ങളും നേട്ടങ്ങളും അതുല്യത്തിലൂടെ മാലതി പങ്കുവെക്കുന്നുണ്ട്. സഹോദരങ്ങള്‍ മഞ്ജുനാഥ്,ജഗന്നാഥ്,ലീല. അച്ഛന്‍ കൃഷ്ണമൂര്‍ത്തി. അമ്മ പദ്മാവതി. ജീവിതത്തില്‍ കടപ്പെട്ടത്‌ അച്ഛനോട് ആണ്. ചിലപ്പോള്‍ സുഹൃത്ത്,വഴികാട്ടി അങ്ങനെ നിരവധി റോളുകള്‍ ... പഠനത്തിലെ വിഷമതകളെകുറിച്ചും പിന്നിട്ട വഴികളെ കുറിച്ചും വളരെ ഭംഗിയായി പുസ്തകത്തില്‍ പ്രദിപാതിചിരിക്കുന്നു. പഠിപ്പിച്ച അധ്യാപകരെ കുറിച്ചുള്ള ഓര്‍മ്മകളില്‍ ഗുരുത്വം നിറഞ്ഞ വാക്കുകള്‍ നമുക്ക് ദര്‍ശിക്കാം.പിന്നീടുണ്ടായ സുഹൃത്ത് ബന്ധങ്ങള്‍ ഒട്ടേറെ ശക്തങ്ങള്‍ ആയിരുന്നു. അതുല്യത്തിലെ ഓരോ പേജിലൂടെയും കടന്ന് പോകുമ്പൊള്‍ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഓരോ അനുഭവങ്ങളിലൂടെ നമുക്ക് യാത്ര ചെയ്യുന്നപോലെ തോന്നാം.

പതിനാറു കുട്ടികളുള്ള ഒരു ചാരിറ്റബിള്‍ സ്ഥാപനമാണ്‌ മാതൃ ഫൌണ്ടേഷന്‍ .ഗ്രാമാന്തരങ്ങളിലുള്ള പോളിയോ ബാധിതരാണ് ഇവരെല്ലാം.അവര്‍ക്ക് പഠിക്കാനും ജീവിക്കാനും ചികിത്സിക്കാനും ഉള്ള സൌകര്യങ്ങള്‍ ഇവിടെ ചെയ്തു കൊടുക്കുന്നു .........

ബാല്യകാലത്ത് അതിരുകളില്ലാതെ ഓടണം എന്ന ചിന്തയേ അന്ന് മാലതിക്കുണ്ടായിരുന്നുള്ളൂ.കൊടുങ്കാറ്റിന്റെ വേഗതയില്‍ ഓടണം.മോഹങ്ങളുടെ ബാല്യം കഴിഞ്ഞപ്പോളാണ് സത്യങ്ങളെ കുറേശെ ഗ്രഹിക്കാന്‍തുടങ്ങിയത്. നടക്കാന്‍ കാലു വേണമത്രേ !! പറക്കാന്‍ ചിറകുകളും!! നിരാശയുണ്ടായില്ല ...പക്ഷെ ഉള്ളിന്റെയുള്ളില്‍ എവിടെയോ ഒരു സ്വപ്നം പോലെ വീണ്ടും...

"ഓടും...എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ ഓടും.....മനസ്സിന്റെ വേഗങ്ങള്‍ക്കൊപ്പമല്ലായിരിക്കാം എങ്കിലും ഓടുക തന്നെ ചെയ്യും ...ഒരു നാള്‍ ...." ഇതായിരുന്നു മാലതിയുടെ ബാല്യകാലത്തെ വാക്കുകള്‍ . മാതൃ ഫൌണ്ടേഷന്‍ എന്ന സ്ഥാപനത്തിലുള്ള ഓരോ കുഞ്ഞുങ്ങളും ഇതേ വാക്യങ്ങള്‍ തങ്ങളുടെ ആത്മാവിനോട് പറയുന്നു. ജീവിതത്തിലെ പ്രതിസന്ധികളും പരിമിതികളും അതിജീവിക്കാന്‍ സഹായിക്കുന്ന ശക്തമായ ഒറ്റമൂലിയാണ് പ്രോത്സാഹനം . തന്റെ പിതാവും ഗുരുജനങ്ങളും സുഹൃത്തുക്കളും പകര്‍ന്നു നല്‍കിയ പ്രോത്സാഹനമാണ് മാലതി എന്ന അപൂര്‍വ്വ വ്യക്തിത്വം . അതേ പ്രോത്സാഹനങ്ങളും ആത്മവിശ്വാസവും ഒരു അണു ചോരാതെ തന്റെ കുട്ടികള്‍ക്ക് മാലതി ചൊരിയുന്നു. പരാജയഭീതിയിലും നിരാശയുടെ കരിനിഴലിലും കഴിയുന്നവര്‍ക്ക് ആവശ്യം പ്രത്യാശയുടെയും പ്രോത്സാഹനതിതിന്റെയും വാക്കുകളും സമീപനങ്ങളുമാണ് മാലതി കെ ഹൊള്ളയുടെ കഥ പറയപ്പെടെണ്ടത് തന്നെയാണ് ... ഏവരും അതിന്റെ അന്ത:സത്ത ഉള്‍ക്കൊണ്ട് വായിക്കപ്പെടെണ്ടതും ആണ് . അതുല്യത്തിലൂടെ മാലതി എന്ന അതുല്യപ്രതിഭയുടെ ജീവിതവും വീക്ഷണവും നമുക്ക് ദര്‍ശിക്കാം . കൂടാതെ പലതരത്തിലും നിരാശയില്‍ കഴിയുന്നവരെ ജീവിക്കാന്‍ പ്രചോദിപ്പിക്കുന്ന പ്രചോദനാത്മകമായ അതുല്യ ആത്മകഥ ആണ് "അതുല്യം"

Sunday, February 13, 2011

മഞ്ഞ് (SNOW)


പുസ്തകം : മഞ്ഞ് (SNOW)
രചയിതാവ് : ഓര്‍ഹന്‍ പാമുക്
പ്രസാധനം : ഡി.സി.ബുക്ക്സ്
അവലോകനം : കാട്ടിപ്പരുത്തി


കാര്‍സ് എന്ന പട്ടണത്തിലേക്കുള്ള മഞ്ഞുകാലത്തെ യാത്രയുമായാണ് മഞ്ഞിന്റെ തുടക്കം. തുടക്കം അതി മനോഹരമെന്ന് പറയാതെ വയ്യ. സൂക്ഷ്മ വിവരണങ്ങളിലായുള്ള തുടക്കം മനസ്സിലേക്ക് മഞ്ഞു പെയ്യിക്കുക തന്നെയാണ്.

തുര്‍ക്കിയിലെ രാഷ്ട്രീയ ചിത്രം നല്‍കുകയാണ് നോവലിസ്റ്റ് ചെയ്യുന്നതെന്ന് തുടക്കം ഒരിക്കലും വെളിപ്പെടുത്തുകയില്ല. ഒരു കലാകാരന്റെ കയ്യടക്കം പ്രകടമാകുന്നതവിടെയാണ്. ഒരു പത്രപ്രവര്‍ത്തകന്റെ റോളിലായി തന്റെ നീണ്ട ജര്‍മന്‍ പ്രവാസത്തിനു ശേഷം കാ എന്ന കവി കാര്‍സിലേക്ക് നീങ്ങുന്നത് ഇസ്തന്‍ബൂളിലെ സ്നേഹിതന്റെ ആവശ്യപ്രകാരമ്മാണെങ്കിലും, കായെ കൂടുതല്‍ സ്വാധീനിക്കുന്നത് പഴയ കാമുകി വിധവയായി കാര്‍സിലുണ്ടെന്ന അറിവില്‍ നിന്നാണെന്ന വെളിപ്പെടുത്തല്‍ ഒരു പ്രണയ നായകനെയാണ് നമ്മെ ഓര്‍മിപ്പിക്കുക. അതിനാല്‍ ഒരു പ്രണയഭാവം വായനക്കാരില്‍ കാ-ക്കു നല്‍കാന്‍ നാം തയ്യാറെടുത്തിരിക്കും. തലമറക്കാന്‍ അനുവദിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യപ്പെട്ട പെണ്‍കുട്ടികളെ കുറിച്ചുള്ള അന്വേഷണമെന അയാളുടെ പത്രപ്രവൃത്തനം അതിനാല്‍ തന്നെ നമുക്കൊരു പ്രച്ഛന്നവേഷമായനുഭവപ്പെടുന്നു എന്നിടത്താണു നോവലിസ്റ്റ് വിജയിക്കുന്നത്. തലമറക്കല്‍ പ്രശ്നം തുര്‍ക്കിയുടെ രാഷ്ട്രീയഭൂപടത്തില്‍ അത്താതുര്‍ക്ക് മുതല്‍ നിലനില്‍ക്കുന്ന പ്രശ്നമാണ്. ആത്മഹത്യയാകട്ടെ ഇസ്ലാം വന്‍പാപമായി കരുതുന്നതും. അപ്പോള്‍ തലമറക്കാനനുവദിക്കാത്ത പെണ്‍കുട്ടികളുടെ ആത്മഹത്യ എന്നതു തന്നെ ഒരു വിരുദ്ധസ്വഭാവമുള്ള സംഭവമാകുന്നു.

ഒരു നോവല്‍ രാഷ്ട്രീയം പ്രമേയമാക്കുക എന്നത് മറ്റെന്തിനേക്കാളും പ്രയാസകരമായ ഒന്നായിരിക്കും. ( ഏറ്റവും എളുപ്പം പ്രണയവും). കാരണം രാഷ്ട്രീയം കാല്പനികമല്ല. അതിനാല്‍ തന്നെ ഒരു രാഷ്ട്രീയ നോവലിന്റെ വിരസതയില്‍ നിന്നു മഞ്ഞിനെ മാറ്റി നിര്‍ത്തിയത് അതിന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത മിടുക്കാണ്. കഥ പറയുന്ന രീതിയിലുമുണ്ടൊരു പുതുമ. നോവലിസ്റ്റും കായും കായെ കാര്‍സിലേക്ക് പറഞ്ഞയച്ച സുഹൃത്തും വായനക്കാരനോട് സം‌വദിക്കുന്നുണ്ട്. ഇങ്ങിനെ മൂന്ന് പേരിലൂടെയാണു കഥ പറയുന്നത്.

കഥ നീങ്ങുന്നത് രണ്ട് വഴിയിലൂടെയാണു. ഒന്ന് കാ-ക്ക് ഐപെക്കിനോടുള്ള പ്രണയം. ഈ പ്രണയത്തിലൂന്നി ഐപെക്കിനെ സ്വന്തമാക്കാനുള്ള വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ അയാള്‍ക്കു കടന്നു പോകേണ്ട വഴികളില്‍ നിന്നാണു മറ്റു കഥാപാത്രങ്ങള്‍ കടന്നു വരുന്നത്. അവരെല്ലാവരുമാണു കഥയില്‍ രാഷ്ട്രീയം ചേര്‍ക്കുന്നത്. അപ്പോഴും മറു വഴിയിലൂടെ തന്റെ പ്രണയത്തിന്റെ കഥ നീക്കുകയും ചെയ്യുന്നു. അങ്ങിനെ ഒരു വിരസമാകേണ്ട വിഷയം സരസമാക്കാന്‍ പാമുക്കിനാകുന്നു.

ഒരു നോവലിന്, കഥക്ക് രണ്ട് വായനകളുണ്ട്. ഒന്ന് അതിന്റെ പുറം വായനയാണ്. മറ്റൊന്ന് അന്വേഷണമാണ്. കഥാകാരന്‍ കഥ പറയുന്നത് അയാളെ സ്പര്‍ശിച്ച ഒന്നിനെ വിശദീകരിക്കയാണു ചെയ്യുന്നത്. അത് അയാളെന്ന വ്യക്തിയുമായി ബന്ധപ്പെട്ടതാകാം. പാമുക് തന്റെ രാജ്യത്തിന്റെ കഥ പറയുകയാണ്. അതിനാല്‍ വായന എന്നെ കൊണ്ടെത്തിച്ചത് തുര്‍ക്കിയുടെ രാഷ്ട്രീയാന്വേഷണമാണ്. അതിവിടെ പകര്‍ത്താനെനിക്കു താത്പര്യമില്ലെങ്കിലും.

ജനാധിപത്യ രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന ചില രാജ്യങ്ങളിലെങ്കിലും പട്ടാളത്തിന്റെ ഭരണ സ്വാധീനം തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളേക്കാള്‍ കൂടുതലാണ്. തുര്‍ക്കിയെ നമുക്ക് ഈ രാജ്യങ്ങളുടെ ഗണത്തിലുള്‍പ്പെടുത്താം. നമ്മൂടെ ജനാധിപത്യ സങ്കല്പങ്ങളിലല്ല തുര്‍ക്കി വരുന്നത്. പലപ്പോഴും ഇത് പോലെയുള്ള നോവലുകള്‍ നമുക്ക് മറ്റു പല സാമൂഹിക ചിത്രങ്ങളും നമുക്ക് നല്‍കുന്നു.

ഒരു വായനക്കും തുടരന്വേഷണത്തിനും എന്തായാലും മഞ്ഞില്‍ കുളിരുണ്ട്. നല്ല ഒരു വായനാനുഭവമാണീ നോവല്‍. എങ്കിലും തുടക്കത്തിലെ ലാളിത്യവും ഭം‌ഗിയും ഒരേപോലെ നിലനിര്‍ത്താന്‍ നോവലിനു കഴിയുന്നില്ല എന്നത് കഥയുടെ സ്വഭാവവുമാകാം.

കാര്‍സിനു തുര്‍ക്കിയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ചില പ്രത്യേകതകളുണ്ട്. ചരിത്രത്തിലെ പല പടയോട്ടങ്ങളും കടന്നു പോവുകയും നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ക്കും അധിനിവേഷങ്ങള്‍ക്കും ഈ പട്ടണം സാക്ഷിയാണ്. അതിനാല്‍ വിവിധ സംസ്കാരങ്ങളുടെ ഒരു മിശ്രണവും സാര്‍ക്കിനുണ്ട്. അത് ഒരേ സമയം പട്ടണത്തേയും ഗ്രാമത്തേയും പ്രതിനിധീകരിക്കുന്നു. വിവിധ വംശങ്ങളുടെ പ്രതിനിധികള്‍ അവിടം സജീവമാണു. കുര്‍ദുകളും യഥാസ്ഥികരും വിശ്വാസികളും നിരീശ്വരരും പരിഷ്കാരികളും പാശ്ചാത്യ തത്പരരും അവിടെ തങ്ങളുടെ റോളുകളിലുണ്ട്.

പട്ടാളം ജനാധിപത്യത്തെ അട്ടിമറിക്കുന്ന ചിത്രം പ്രവിശ്യയിലെ വിജയ സാധ്യതയുണ്ടായിരുന്ന മേയര്‍ സ്ഥാനാര്‍ത്ഥിയെ സ്ഥാനാര്‍ഥിത്വം പിന്‍‌വലിപ്പിക്കാന്‍ ചെയ്യുന്ന അട്ടിമറികളും വ്യക്തിയുടെ സ്വകാര്യതയിലേക്ക് ചൂഴ്ന്നിറങ്ങുന്ന ചാര പ്രവര്‍ത്തനവുമെല്ലാം അനാവരണം ചെയ്യുന്നു. രാഷ്ട്രം അതിന്റെ പൗരരെ സംശയിക്കുമ്പോള്‍ ജീവിതം എത്ര ദുസ്സഹമാകുന്നു എന്നതിനു ഒരു തനിപ്പകര്‍പ്പാവുകയാണ് നോവല്‍ . തുര്‍ക്കിയുടെ രാഷ്ട്രീയ ചിത്രം നേരിട്ട് പകര്‍ത്തുന്നതില്‍ പാമുക്കിന് കഴിയാതെ പോകുന്നുണ്ട്, അത് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതില്‍ കാണിക്കുന്ന ചില സ്വാര്‍ത്ഥതകളിലാണ്. ഉദാഹരണത്തിനു ബ്ലൂ എന്ന കഥാപാത്രത്തിന്റെ വ്യക്തിപരമായ കൊള്ളരുതായ്മകളിലൂന്നിയാണ് തീവൃവാദത്തെ പാമുക് പരിഹസിക്കുന്നത്. നിരാശനായ റ്റേര്‍ഗേറ്റ് ബേയി ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്നു. ഒരു പക്ഷെ, എന്തു കൊണ്ട് ഇത്ര നിരാശാജനകമായ തുര്‍‌ക്കിയില്‍ ഒരു ഭരണമാറ്റം സംഭവിക്കുന്നില്ല എന്ന് ചൂണ്ടുകയാണോ ഈ കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്. കായുടെ പ്രണയിനിയും ഇസ്ലാമിക് ഗ്രൂപ്പിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി മുഖ്താറിന്റെ മുന്‍ ഭാര്യയുമായ ഐപെക്, തലമറക്കുന്ന പെണ്‍കുട്ടികളുടെ നേതാവായ അനിയത്തി കാദിഫും ഒരേ സമയം ബ്ലൂ-വിന്റെ സ്വാധീനത്തിലായിരുന്നു. എന്നാല്‍ ബ്ലൂ വിന്റെ മനസ്സില്‍ ഹാന്‍ഡിയാണുള്ളതെന്ന സൂചന നോവല്‍ നല്‍കുന്നു. റ്റേര്‍ഗേറ്റ് ബേയി ഐപെക്കിന്റെയും കാദിഫിന്റെയും പിതാവു കൂടിയാണ്.

ഭരണകൂട ഭീകരത, അധികാര ദുര്‍‌വിനയോഗം, തൊഴിലില്ലായ്മ എല്ലാം സ്വാഭാവികമായും നോവലിലുണ്ട്. തലമറക്കാനനുവദിക്കാത്തതിനാല്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു എന്ന അന്വേഷണത്തില്‍ പോലും ഒരു പുതുമയുണ്ട്. ഒരു പുതിയ പ്രതീകാത്മകതയും. മുസ്ലിം രാജ്യം എന്നറിയപ്പെടുന്ന തുര്‍ക്കിയില്‍ തലമറക്കാന്‍ പാടില്ല എന്ന അറിവു കൂടിയാകുമ്പോള്‍ അതിന്റെ രാഷ്ട്രീയ പ്രാധാന്യം നമുക്ക് കിട്ടും. എന്റെ ഉദ്ദേശ്യം രാഷ്ട്രീയം വിശകലനം ചെയ്യുകയല്ല. നോവലിന്റെ പാശ്ചാത്തലം പറഞ്ഞു പോകുക മാത്രമാണ്.

കാ സ്വയം അവകാശപ്പെടുന്നത് ഒരു നിരീശ്വര വാദിയായാണു പക്ഷെ ഇടക്ക് സന്ദേഹവാദിയായും ചിലപ്പോഴെല്ലാം ദൈവവിശ്വാസിയായും സ്വയം സംശയിക്കുകയും ചെയ്യുന്നുണ്ട്. തീരുമാനമെടുക്കാനുള്ള അയാളുടെ നിസ്സഹയാവസ്ഥ എല്ലാവരാലും ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്. എല്ലാറ്റിലുമുള്ളവര്‍ക്ക് ആരുമുണ്ടാകില്ല എന്ന ചൊല്ലു പോലെ അവസാനം എല്ലാവരാലും സംശയിക്കപ്പെടുന്നവനായി കാ മാറുന്നു. അയാളുടെ മരണവും അതിന്റെ പരിണതിയാണ്.

നോവലിന്റെ കഥാസംഗ്രഹം പറയുക എനിക്ക് താത്പര്യമില്ല. ഒരു കഥയുടെ വായനയെ അത് ബാധിക്കുമെന്ന് ഞാന്‍ കരുതുന്നതിനാല്‍ അതിലെനിക്ക് താത്പര്യമില്ല. കഥയുടെ ആശയം കഥാകൃത്തിന്റെ താത്പര്യങ്ങളിലൂടെയാണു നീങ്ങുക. പക്ഷെ വായനാനുഭവം നല്ല ഒരു കലാകാരനു ആശയങ്ങളുമായി പൊരുത്തപെടാത്തവര്‍ക്കും പകരാനാകും. അങ്ങിനെ ഞാന്‍ മഞ്ഞിലൂടെ നീങ്ങുന്നു. നിങ്ങള്‍ക്കും ഇഷ്ടപ്പെടാതിരിക്കില്ല.

പുസ്തകം വിവര്‍ത്തനം ചെയ്തത് : ജോളി വര്‍ഗ്ഗീസ്
പുസ്തക വില : 225രൂപ

Wednesday, February 9, 2011

മരപ്പാവകള്‍

പുസ്തകം : മരപ്പാവകള്‍
രചയിതാവ് : കാരൂര്‍ നീലകണ്ട്ഠ പിള്ള
പ്രസാധനം : എൻ‍.ബി.എസ്. കോട്ടയം (1963 ല്‍ ആദ്യപ്രസിദ്ധീകരണം)
അവലോകനം : മൈത്രേയി

ഴകനും പൂവാലിയും , ഓലയും നാരായവും , എന്നെ രാജാവാക്കണം, കാരൂരിന്റെ ബാലകഥകള്‍ എന്നീ ബാലസാഹിത്യകൃതകളിലൂടെയാണ് ആദ്യം കാരൂരിനെ പരിചയപ്പെട്ടത്. അതുകൊണ്ടു തന്നെ സ്വന്തം മുത്തശ്ശനോടെന്ന പോല ഒരു പ്രത്യേക മമത മനസ്സില്‍ ഉണ്ടായിരുന്നു താനും.

മരപ്പാവകള്‍ എട്ടു കഥകള്‍ മാത്രമുള്ള ഒരു കുഞ്ഞി പുസ്തകമാണ്. ഏറ്റവും ഇഷ്ടപ്പെട്ടത് ടൈറ്റില്‍ കഥയായ മരപ്പാവകള്‍ തന്നെ. ജനസംഖ്യാ കണക്കെടുക്കാന്‍ വരുന്ന എന്യൂമറേറ്ററും നളിനി എന്ന വീട്ടുകാരിയുമായുള്ള സംഭാഷണത്തിലൂടെ ചുരുള്‍ നിവരുന്ന കഥ ലളിതം, മനോഹരം. സംഭാഷണപ്രധാനമായതുകൊണ്ട് ബോറടിപ്പിക്കുന്ന വര്‍ണ്ണനകളില്ല. ഭര്‍ത്താവ് ഉണ്ടോ എന്ന ചോദ്യത്തിന് നളിനിയുടെ ഉത്തരം ഇങ്ങനെ-
'ഉണ്ടെന്ന് തെളയാതെ എഴുതിക്കോളൂ'.
എന്യൂമറേറ്ററുടെ ചോദ്യങ്ങളുടെ അര്‍ത്ഥം മനസ്സിലാകാതെയുള്ള ഉത്തരങ്ങള്‍ ചിരിപ്പിക്കും.
'അപ്പോള്‍ വരവൊന്നുമില്ല, ആശ്രയിച്ചു കഴീന്നയാൾ‍'- എന്യൂമറേറ്റര്‍
'ഞാനോ, ആ വള്ളക്കടവിലെ കാത്ത പറഞ്ഞതായിരിക്കും, അവടെ കാര്യം എനിക്കും പറയാനുണ്ട്.'- നളിനി
'അയാള്‍ രസിച്ചൊന്നു ചിരിച്ചു'- കഥാകാരൻ‍.

മരപ്പാവകളുണ്ടാക്കി വിറ്റ് അന്നത്തിനു വഴി തേടുന്നവളാണ് നളിനി. കയ്പ്പു നിറഞ്ഞ ജീവിതാനുഭവങ്ങള്‍ പേറുന്നവൾ‍. പക്ഷേ അവള്‍ ഒരിക്കലും പ്രസാദാത്മകത്വം കൈ വെടിയുന്നില്ല, തളരുന്നുമില്ല. കുടിച്ചു കിറുങ്ങിയ ഭര്‍ത്താവ് രാത്രി പോലീസ് സ്‌റ്റേഷനില്‍ ആയപ്പോള്‍ വീട്ടില്‍ വരുന്നു എന്ന ചൊല്ലി അയച്ച ഹേഡ്ഡങ്ങത്തയുടെ ദൂതനോട്, തലയിണക്കീഴില്‍ വാക്കത്തി ഉണ്ടെന്നു മറുപടി പറയുന്ന നളിനി. എന്യൂമറേറ്ററും ചിത്രം വരയ്ക്കാനറിയുന്ന കലാകാരൻ‍. ഔദ്യോഗികമെങ്കിലും ആ കൂടികാഴ്ച്ച അവര്‍ക്കിരുവര്‍ക്കും ആഹ്ലാദദായകമായി. വളരെ ഇഷ്ടപ്പെട്ടു, നല്ല കഥ.

വിഷുക്കണി

സാധുവായ കുഞ്ഞങ്കരനെ ജനം പൊട്ടന്‍ കളിപ്പിക്കുന്നതും അവസാനം ഉള്ളഴിഞ്ഞ് ശിവഭക്തിയില്‍ ലയിച്ചു നിന്ന അയാള്‍ക്ക് ഭഗവാനെ കാണാനാകും വിധം ശ്രീകോവില്‍ തകര്‍ന്നു വീഴുന്നതും ആണ് ഇതിവൃത്തം. നന്നായി പറഞ്ഞിരിക്കുന്നു. കുഞ്ഞങ്കരന്റെ പൊട്ടത്തരത്തിനു മീതെ നില്‍ക്കുന്നു വിശ്വാസത്തിന്റെ ശക്തി.

പദവിയും പട്ടിണിയും

പേരു സൂചിപ്പിക്കുമ്പോലെ പട്ടിണിയിലും കൈവെടിയാത്ത, ആചാരാനുഷ്ഠാനങ്ങളാണ് കഥയിൽ‍.
'നമ്മള്‍ തമ്മില്‍ പിണങ്ങുമ്പോള്‍ നമ്മളഞ്ചവര്‍ നൂറ്റു പേര്‍. നമ്മളോടു പിണങ്ങുമ്പോള്‍ നമ്മള്‍ നൂറ്റഞ്ചുപേര്‍കളാം' (ധര്‍മ്മപുത്രര്‍ ഉവാച:) ശ്രീഭഗവതിയെ പുറത്തെഴുന്നള്ളിക്കട്ടെ എന്ന ചടങ്ങു പ്രകാരമുള്ള (പൊള്ളയായ) ഉപചാര ചോദ്യത്തിനോട് 'എന്നോടെന്തിനാ ചോദിക്കുന്നെ' എന്ന് ഇളമുറക്കാരന്റെ നാണക്കേട് ശുണ്ഠിയായി പുറത്തു വരുന്നു.

ചുടലതെങ്ങ്

ഒരു ചുടല തെങ്ങുണര്‍ത്തുന്ന ഊഷ്മളമായ ഓര്‍മ്മ പങ്കു വയ്ക്കുന്ന കഥ. പുറമേയ്ക്ക് എല്ലാവരേയും വെറുപ്പിച്ച, ശക്തയായ അമ്മൂമ്മയുടെ ലോലഭാവങ്ങള്‍ അറിയാനിടയായ ഗോപാലനാണ് കഥ ഓര്‍ക്കുന്നത്.

ഒരു നാട്ടുപ്രമാണി

കരിനാക്കുകാരനെന്ന് പേരുകേട്ട ഇതില കാരണവര്‍ അവസാനം അവനവനെ തന്നെ ഭയക്കാന്‍ തുടങ്ങിയ കഥയാണിത്. എല്ലാ നാട്ടിന്‍പുറങ്ങളിലും ഉണ്ടായിരുന്നു ഇത്തരം കഥകള്‍ ഒരു കാലത്ത്. ഇതിന്റെ മോഡേണ്‍ വേര്‍ഷന്‍സ് ഇപ്പോഴുമുണ്ട്.

പാരമ്പര്യം

ധര്‍മ്മിഷ്ഠനും ദയാവാനുമായ അച്ഛന്റെ വിപരീതസ്വഭാവിയായ മകന്‍ പ്രേമിച്ചു വിവാഹം കഴിച്ചു. പക്ഷേ വിവാഹത്തോടെ പ്രേമം വിട്ടകന്നുവെന്നു തോന്നുന്നു. കുടിയും വഴക്കും നിത്യസംഭവമായി . വീട്ടില്‍ ചെന്നിട്ട് തിരിച്ചയയ്ക്കാം എന്ന് അയല്‍വാസിയോട് യാത്രാച്ചെലവ് കടം വാങ്ങി വീട്ടമ്മയും കുഞ്ഞുങ്ങളും സ്വന്തം വീട്ടിലേക്കു പോകുന്നു. കഥാകാരന്റെ ഉപദേശശ്രമത്തിനു കിട്ടിയ മറുപടി 'എന്റെ അച്ഛന്റെ കൂട്ടത്തില്‍ സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ സര്‍ക്കിളിന്‍സ്‌പെക്ടറും എഎസ്‌പിയും ഡിഎസ്‌പി യുമൊക്കെയായി. അച്ഛന്‍ ഹെഡ്ഡായിട്ടു ചേര്‍ന്നു, ഹെഡ്ഡായിട്ടു പെന്‍ഷനും പറ്റി. അതാണ് ദയയുള്ളവരുടെ കഥ. കൊള്ളുകേല അയാളെന്നേ പറയൂ. അപ്പോള്‍ ഞാനും അച്ഛനെപ്പോലായില്ലെന്നു നിങ്ങള്‍ക്കു പരാതിയാണോ'

പണ്ടത്തെ ഒരു കഥ, ഇന്നത്തേയും

രാജാവു കൊല്ലാന്‍ വിധിച്ച ഒരു കള്ളനെ-സുദേവൻ‍- നല്ലവനാക്കി വിവാഹവും കഴിച്ചു മീന. കാലം ചെല്ലവേ, സുദേവന്‍ മാറാന്‍ തുടങ്ങി, 'എനിക്കു മോഷ്ടിക്കാതിരിക്കാന്‍ വയ്യ, ഇതെന്റെ ജന്മവാസനയാണ് 'അവസാനം പരാജയപ്പെട്ട മീന ആത്മഹത്യ ചെയ്യുന്നു. ശരിയാണത്. പലപ്പോഴും ബോദ്ധ്യപ്പെട്ടിട്ടുള്ള ഒരു കാര്യമുണ്ട്, ബേസിക് ക്യാരക്ടര്‍ ആര്‍ക്കും മാറ്റാനാവില്ല. ജീവിതം പഠിപ്പിച്ച സത്യം കാരൂരും ഇവിടെ ശരി വയ്ക്കുന്നു. അല്ലെങ്കില്‍ കാരൂര്‍ പറഞ്ഞത് ശരിയെന്ന് ജീവിതാനുഭവങ്ങള്‍ മനസ്സിലാക്കിത്തന്നു.

ശേഷിച്ച കടം

വൈഭവക്കാരിയായ നാരായണിയമ്മയുടെ മകന്‍ വിവാഹം സ്വന്തമായി തീരുമാനിച്ചപ്പോള്‍ ഇഷ്ടക്കേടോടെയെങ്കിലും അതിനു സമ്മതം മൂളി അവർ‍. ആ കുട്ടിയുടെ വീട്ടുകാര്‍ സാമൂഹ്യമായി പിന്നാക്കമായിരുന്നെങ്കിലും മകന്റെ ഇഷ്ടം നടത്തി. പിന്നീട് അറിഞ്ഞുവരുന്നു, വര്‍ഷങ്ങള്‍ക്കു മുമ്പ് അവരെ സഹായിച്ച വീട്ടിലെ പെണ്‍കുട്ടിയാണ് വധുവെന്ന്. അപ്പോള്‍ നിറഞ്ഞ മനസ്സോടെ അവര്‍ പറയുന്നു' നാണുക്കുട്ടന്റെ നാക്കേല്‍ ആദ്യം പറ്റിയ ഉപ്പ് ഈ വീട്ടിലേതാണെന്നുള്ളതു മറക്കരുത്. കേട്ടോടാ മകനേ!' അതാണ് തറവാടിത്തം!

48 വര്‍ഷം മുമ്പ് ആദ്യം പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരം ഇപ്പോഴും ആസ്വാദ്യകരം, അന്നത്തെ കേരളാന്തരീക്ഷം നിറഞ്ഞു നില്‍ക്കുന്നു. ജീവിതവും. ഒട്ടും ബോറടിക്കാതെ വായിച്ചു നീങ്ങാം.

സുമംഗലയെപ്പോലെ ബാലസാഹിത്യത്തിനു വലിയ സംഭാവനകള്‍ നല്‍കിയ ആളാണ് കാരൂർ‍. മലയാളം വായിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് തീര്‍ച്ചയായും വാങ്ങി കൊടുക്കണം.

Monday, February 7, 2011

പണയവസ്‌തുക്കള്‍

പുസ്തകം : പണയവസ്‌തുക്കള്‍
രചയിതാവ് : എലിക്കുളം ജയകുമാര്‍
പ്രസാധനം : ബുക്ക്‌ മീഡിയ
അവലോകനം : ജയ്‌നി


ലിക്കുളം ജയകുമാറിന്റെ ആദ്യകഥാസമാഹാരമാണ്‌ പണയവസ്‌തുക്കൾ‍.(വില 40 രൂപ) കോട്ടയം സൈന്ദവം കലാസമിതിയുടെ സൈന്ദവം കഥാ അവാര്‍ഡ്‌ നേടിയ ഈ പുസ്‌തകത്തിന്‌ജയ്‌സണ്‍ ജോസ്‌ അവതാരിക എഴുതിയിരിക്കുന്നു. ‘കണക്കുകള്‍ദേവനാരായണനുമായുള്ള ബന്ധവുംഓര്‍ത്തെടുക്കുകയാണ്‌ കഥാനായകൻ‍. ആത്മഹത്യയെ സാമാന്യവത്‌കരിക്കുന്ന ജനസമൂഹം ഒരുനിമിഷ നേരമെങ്കിലും നമ്മുടെ ശ്രദ്ധയെ പിടിച്ചു നിര്‍ത്തുന്നു. മദ്യത്തില്‍ മുങ്ങിപ്പോയ ജീവിതം, അങ്ങനെതകര്‍ന്നുപോയ, തകര്‍ത്തു കളഞ്ഞ ദേവനാരായണൻ‍. പിന്നൊരു വിഷുത്തലേന്ന്‌ കടം വാങ്ങിയകാശുകൊണ്ടു വാങ്ങിയ പുതുവസ്‌ത്രങ്ങളുമായി വീട്ടില്‍ കയറിച്ചെല്ലുന്നതും അറംപറ്റിയ വാക്കുകളുമെല്ലാം ഒരു തുള്ളി കണ്ണീര്‍ നമ്മുടെ കണ്‍കോണുകളില്‍ നിറക്കുന്നു.

‘അനന്തന്റെ പ്രബോധനങ്ങൾ‍‘ നമ്മെ കുറച്ചുകൂടി വിശാലമായി ചിന്തിപ്പിക്കുക തന്നെ ചെയ്യുന്നു.വാര്‍ത്താബുള്ളറ്റിൻ‍, ന്യൂസ്‌ മാന്‍ തുടങ്ങിയ അപരനാമങ്ങളുമായി ജീവിക്കുന്ന അനന്തരാമന്റെ ഉപദേശങ്ങളെയും അല്‍പം അത്ഭുതത്തോടെയേ നമുക്കു കാണാന്‍ പറ്റൂ. ജനകീയപങ്കാളിത്തത്തോടെവീടു പണി ഭംഗിയായി പൂര്‍ത്തിയാവുകയും വീടു പണിയാനായി ലോണെടുത്ത കാശ്‌ അധികമൊന്നുംനഷ്‌ടപ്പെടാതെ പെട്ടിയില്‍ ഭദ്രമായി അവശേഷിക്കുകയും ചെയ്യുമ്പോള്‍ അനന്തരാമനില്‍ഉയിര്‍കൊള്ളുന്ന ഒരു സംശയത്തിലാണ്‌ കഥയുടെ കാമ്പ്‌ ഒളിഞ്ഞിരിക്കുന്നതെന്നു കാണാം. ആ സംശയം നമ്മെ ജനാധിപത്യ രാഷ്‌ട്രത്തിലെ രാഷ്‌ട്രീയക്കളികളുടെ ഉള്ളറകളിലേക്ക്‌ നോക്കാൻ പ്രേരിപ്പിക്കുക തന്നെ ചെയ്യും.

‘വീട്‌ ‘എന്ന കഥയിലൂടെ അസ്വാരസ്യങ്ങള്‍ നിറഞ്ഞതെങ്കിലും ഒരു കൂരയില്‍ ജീവിക്കുന്നസാമ്പത്തികഭദ്രതയില്ലാത്ത ഒരു ദാമ്പത്യമാണ്‌ കാണിച്ചു തരുന്നതെങ്കില്‍ `തിരിച്ചുവരവി'ലൂടെവീണ്ടെടുക്കുന്ന ജീവിതം വരയ്‌ക്കാന്‍ എലിക്കുളം ജയകുമാറിന്‌ എളുപ്പം കഴിഞ്ഞു. `ഗ്രാമത്തിന്റെ പെണ്ണ് ‌'എന്ന കഥയിലൂടെ ഹരീന്ദ്രന്‍ എന്ന നാട്ടുമ്പുറത്തുകാരന്‌ നഗരത്തിലെ ഓഫീസില്‍ കിട്ടിയ കവിതപോലുള്ള കവിത എന്ന പെണ്‍കുട്ടിയിലൂടെ ജീവിതത്തിന്റെ മാറ്റങ്ങള്‍ ഒരു സിനിമാസ്‌ക്രീനിലെന്നപോലെ തെളിഞ്ഞു വരുന്നു.

‘സംഗമതീരമെന്ന‘ കഥയിലൂടെ മരണത്തിന്റെ അനിവാര്യത മാത്രമല്ല ഒരര്‍ത്ഥത്തില്‍ ജീവിതത്തിനുതന്നെയും കൊടുക്കുന്ന വ്യാഖ്യാനങ്ങളാണ്‌ നമുക്കു കിട്ടുന്നത്‌. ‘കാരണവരുടെ പുതിയ അറിവുകൾ‍‘ എന്നകഥയിലൂടെ കാര്‍ഷിക സംസ്‌കാരം മാത്രമല്ല ജന്മി - കുടിയാന്‍ ജീവിതരീതി നമുക്കു മുമ്പില്‍ തെളിച്ചിട്ടവയല്‍വരമ്പു പോലെ നീണ്ടു കിടക്കുന്നു. ആ കഥയിലൂടെ അക്കാലത്തിന്റെ അധികാരവാഴ്‌ചയുടെഗര്‍വ്വും ജീവിതാവകാശം പോലും പണയം വയ്‌ക്കേണ്ടി വരുന്ന അടിയാന്റെ ദയനീയതയും തെളിമവറ്റാത്ത കാഴ്‌ചകളാണ്‌. മണ്ണിനെ സ്‌നേഹിക്കാതിരുന്നതുകൊണ്ടും നോമ്പു നോല്‍ക്കാഞ്ഞിട്ടുമാണ്‌ വിളവു കുറഞ്ഞതെന്ന കാരണവരുടെ ന്യായത്തിന്‌ വിതയ്‌ക്കുന്നവന്‍ മാത്രമല്ല, വിത്തെടുത്തു നല്‍കിയവനും സത്യമുള്ളവനായിരുന്നോ എന്ന കഥാനായകന്റെ ചോദ്യം ആഴമേറിയ വെള്ളപ്പരപ്പിലേക്കു വീണ കല്ലു പോലെ ആണ്ടു പോകുമ്പോൾ‍, കാരണവരുടെ മാത്രമല്ല നമ്മുടെയുംമനസ്‌ ഓളം വെട്ടി കലമ്പും. വള്ളിപ്പടര്‍പ്പുകള്‍ ഇന്നും വളരുന്നു, അമ്മിണിക്കുട്ടിയുടെ ആശങ്കകൾ‍, പണയവസ്‌തുക്കള്‍ എന്നീ കഥകളാണ്‌ തുടര്‍ന്നുള്ളത്‌.

പണയവസ്‌തുക്കള്‍ ആധുനികകാലത്തിന്റെ പ്രതീകമാണ്‌. പഠിക്കാനെടുക്കുന്ന പുസ്‌തകങ്ങളില്‍തെളിയുന്നത്‌ ബാങ്കും അവര്‍ക്ക്‌ കൊടുക്കേണ്ട പലിശയുമാണെന്ന്‌ പറയുന്ന മിലന്‍ എന്ന വിദ്യാര്‍ത്ഥിയെ കാണിച്ചു തരുമ്പോള്‍ പണയവസ്‌തുവായി മാറിയ മകന്റെ മനസിലെ കനൽ കെടുത്താനാവാതെ ഡോക്‌ടറും അമ്മയ്‌ക്കുമൊപ്പം നമ്മളും അന്തിച്ചു നില്‍ക്കും. ലോണെടുത്ത്‌ വിദ്യാഭ്യാസത്തിന്‌ അയക്കുന്ന കുട്ടികളോട്‌ നമ്മുടെ ഉള്ളിലും അറിയാതൊരു വേദന നിറയും.

10 കഥകളടങ്ങുന്ന പിഴയ്‌ക്കുന്നു‘ എന്ന ആദ്യകഥയില്‍ പേരു സൂചിപ്പിക്കുന്നതു പോലെതന്നെ പിഴച്ചു പോയ കണക്കുകളുമായി ജീവിക്കുന്ന, അല്ല ജീവിച്ച ദേവനാരായണന്‍എന്നയാളെ കാണിച്ചു തരുന്നു. പിഴച്ച കണക്കുകള്‍ക്ക്‌ ജീവന്‍ കൊടുത്തു തിരുത്താൻ ശ്രമിച്ച ദേവനാരായണൻ‍. ദേവനാരായണന്റെ ആത്മഹത്യയും പിന്നെ തന്റെ ഓര്‍മ്മയിലൂടെ പണയവസ്‌തുക്കള്‍ എന്ന കഥാസമാഹാരം മനുഷ്യജീവിതത്തിന്റെ ചില തലങ്ങളെ തൊട്ടുപൊള്ളിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുമ്പോള്‍ ചിലവ വേദനയോടെ ഒരു തുള്ളികണ്ണീര്‍ പൊഴിഞ്ഞു വീഴുന്ന ഗദ്‌ഗദങ്ങള്‍ക്ക്‌ വഴി മാറുന്നു. കഥകളിലൂടെ അനായാസം സഞ്ചരിക്കാൻ‍, അല്ലെങ്കില്‍ വായനക്കാരനെ കഥകളിലൂടെ വഴി നടത്താന്‍ കഴിയുന്നിടത്ത്‌ എലിക്കുളം ജയകുമാര്‍എന്ന കഥാകാരന്‍ വിജയിക്കുന്നു.

Tuesday, February 1, 2011

ഈറ്റ് പ്രേ ആന്‍ഡ് ലൗവ്‌

പുസ്തകം : ഈറ്റ് പ്രേ ആന്‍ഡ് ലൗവ്‌
രചയിതാവ് : എലിസബത്ത് ഗില്‍ബര്‍ട്ട്
പ്രസാധനം : പെന്‍‌ഗ്വിന്‍
അവലോകനം : ആത്മ


മുക്കെന്തിലും ആഗ്രഹങ്ങളുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ സാധിച്ചു തരും എന്നു കരുതി ഇരിക്കുന്നതില്‍ പരം വിഡ്ഢിത്തം ഈ ലോ കത്തില്‍ മറ്റൊന്നില്ല എന്നതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.

ഈ സത്യം എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണെങ്കിലും ആരും അത് സമ്മതിക്കാന്‍ കൂട്ടാക്കില്ല. വെറുതെ പ്രതീക്ഷിക്കും. നമ്മെ ആരെങ്കിലും അറിയണം, അംഗീകരിക്കണം, സ്നേഹിക്കണം, ഒന്നുമല്ലെങ്കില്‍ വെറുക്കുകയെങ്കിലും വേണം. ഇല്ലെങ്കില്‍ ചിലര്‍ കരയും ചിലര്‍ പരാതി പറയും (ആത്മയെപ്പോലെ..) ചിലര്‍ ശ്വാസം മുട്ടി മരിച്ചെന്നുമിരിക്കും!!

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആയ സ്ഥിതിക്ക്, ആത്മ വായിച്ച ഒരു പുസ്തകത്തിനെ പറ്റി രണ്ട് വാക്ക് പറയാന്‍ ശ്രമിക്കാം. നമുക്കൊക്കെ പറയാനല്ലെ വിധിച്ചിട്ടുള്ളൂ പ്രാവര്‍ത്തികമാക്കാനാവില്ലല്ലൊ,

എലിസബത്ത് ഗില്‍ബര്‍ട്ടിന്റെ 'ഈറ്റ് പ്രേ ആന്‍ഡ് ലൌവ്' (Eat Pray and Love by Elizabeth Gilbert) എന്ന പുസ്തകത്തിനെ പറ്റി യാണ്‌ പറയാന്‍ ശ്രമിക്കുന്നത്..

ഇതിലെ നായിക ലിസ്, (എഴുത്തുകാരി തന്നെയാണ് നായികയും.. ഒരു അനുഭവകഥയാണ്) സ്നേഹം കിട്ടാതെ വലയുന്ന സ്ത്രീയൊന്നുമായിരുന്നില്ലട്ടൊ, കിട്ടിയ സ്നേഹം ശരിയാകുന്നില്ല എന്നൊരു തോന്നല്‍.. അത്രന്നെ! (ഇതൊക്കെ ഈ ലോകത്ത് നടക്കുന്ന കാര്യമാണേ! ഹും!) ഈ ഇംഗ്ലീഷുകാരിക്ക് ഭര്‍ത്താവിനോടൊപ്പം സ്വസ്ഥമായി ഒരു കുടുംബജീവിതം, ലവ് മാര്യേജ്, നല്ല ബംഗ്ലാവ്, നല്ല ജോലി ഒക്കെയുണ്ടായിരുന്നിട്ടും ആത്മാവില്‍ എന്തോ ഒരതൃപ്തി. അങ്ങിനെ എല്ലാം വലിച്ചെറിഞ്ഞ്, കരഞ്ഞ്, തപിച്ച്, ലോകലോകാന്തരം ഈ വലിച്ചെറിഞ്ഞുകളഞ്ഞ സ്നേഹത്തിനായി തന്നെ നടക്കുകയാണ് ‍!

സ്നേഹത്തിനുവേണ്ടി മാത്രമായിരുന്നോ അവര്‍ (ലിസ്) അലഞ്ഞത് എന്നത് ചിന്തനീയമാണ്!
ആത്മാവിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു അവര്‍ നടന്നിരുന്നത് എന്ന് വേണം നിനയ്ക്കാൻ.

ആദ്യം ലിസ്‍ ഇറ്റലിയില്‍ പോയി കുറെ നാള്‍ തിന്നും കുടിച്ചും ഒക്കെ ശരീര‍ത്തിനെ റിലാക്സ് ചെയ്യിക്കുന്നു. അപ്പോഴും ഭര്‍ത്താവുമായുള്ള വേര്‍പിരിയലിന്റെ വേദനയും കോപതാപങ്ങളും ഒക്കെ അവരെ ഇടയ്ക്കിടെ വേട്ടയാടപ്പെടുന്നുണ്ട്.

അതു കഴിഞ്ഞ് അവര്‍ ഇന്ത്യയില്‍ പോയി കഠിനമായ മെഡിറ്റേഷനിലൂടെയും ആത്മീയചര്യകളിലൂടെയും ഒക്കെ മനസ്സിനെയും നിയന്ത്രണത്തിലാക്കുന്നു. (ഒരു ഇംഗ് ളീഷുകാരി പറഞ്ഞുതന്നിട്ടുതന്നെ വേണേ നാം ഭാരതീയര്‍ അതിന്റെ ഗുണങ്ങള്‍ അറിയേണ്ടത് ! അനുഭവിക്കൂ.)

കഥയുടെ ബാക്കി..

തല‍ ക്ളിയര്‍ ആയ ലിസ്സിനു പ്രകൃതിയെപ്പറ്റിയും മനുഷ്യനെപ്പറ്റിയും ഒക്കെ പല സത്യങ്ങളും അറിയാം ഇപ്പോൾ. ലൌകീകവും ആത്മീയവും തുല്യ അളവില്‍ ഉള്‍ക്കൊണ്ട് ജീവിക്കാനും ആകും!!
[ഇത്, വായിച്ചെന്നോ, പറഞ്ഞെന്നോ, എഴുതിയെന്നോ കരുതി ലഭ്യമാകുന്ന ഒരു അനുഭവമല്ല, നാം മെഡിറ്റേഷന്‍ ചെയ്താലേ ലഭ്യമാകൂ. ഒന്നു രണ്ട് ഉദാഹരണം പറയാം. ആദ്യം ലിസ്സ് മെഡിറ്റേഷന്‍ ചെയ്യാന്‍ വളരെ വിഷമിച്ച് പരാജയപ്പെടുന്നു. അനങ്ങാതെ ഒരിടത്ത് ഒരു മണിക്കൂറിലധികം നേരം ഇരിക്കാന്‍ എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് സാധ്യമാകുന്നില്ല. ഒടുവില്‍ ഒരു നിമിഷം അവര്‍ മനസ്സിനെ പിടിച്ചിരുത്തുന്നതില്‍ വിജയിക്കുന്നു. അപ്പോള്‍ അവര്‍ക്ക് ശ്രദ്ധകേന്ദ്രീകരിക്കാനായി ഒരു രൂപം കിട്ടുന്നില്ല. ഒടുവില്‍ ലിസ്സിനു താന്‍‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന തന്റെ ചേച്ചിയുടെ കുട്ടിയുടെ രൂപത്തില്‍ മനസ്സിനെ കോണ്‍സണ്ട്രേറ്റ് ചെയ്യാനാകുന്നു. കോണ്‍സന്റ്രേഷന്‍ കിട്ടിക്കഴിഞ്ഞപ്പോള്‍ ഒരു മണിക്കൂര്‍ ഒരു നിമിഷം പോലെ കടന്നുപോയി അവര്‍ക്ക്. നമുക്കും അതുപോലെ മനസ്സിനെ കേന്ദ്രീകരിക്കാന്‍ ഒരു രൂപം വേണം. ചുരുക്കത്തില്‍ ഈ ലോകത്തിലെ എന്തിനെയെങ്കിലും ഒന്നിനെ നിസ്വാര്‍ത്ഥമായി സ്നേഹിക്കാന്‍ കഴിയണം. അങ്ങിനെയാകുമ്പോള്‍ കഠിനമായി തോന്നുന്നതൊക്കെ എളുപ്പമായി തീരും!

രണ്ടാമത്, ‘തുരിയ മെഡിറ്റേഷന്‍’ ചെയ്യാനും അവര്‍ ഇതുപോലെ വിഷമിക്കുന്നു. (ഉണര്‍ന്നിരിക്കുന്നതോ ഉറങ്ങുന്നതോ സ്വപ്നം കാണുന്നതോ അല്ലാത്ത മനസ്സിന്റെ നാലാമത്തെ ഒരു അവസ്ഥ! ഈ അവസ്ഥ അപൂര്‍വ്വം ചിലപ്പോഴൊക്കെ നാം അനുഭവിച്ചിട്ടുണ്ട്. ഒരു കാരണവും ഇല്ലാതെ തന്നെ ഒരു പ്രത്യേക ശാന്തി, സന്തോഷം ഒക്കെ നമ്മില്‍ നിറയുന്നു. പുറം ലോകത്തിലെ പ്രശ്നങ്ങളൊന്നും നമ്മെ ബാധിക്കാത്ത ഒരു അവസ്ഥ. അത് വളരെ കുറച്ചുനേരമേ നമുക്ക് തോന്നൂ. ഈ അവസ്ഥ വളരെ നേരം അനുഭവിക്കണമെങ്കില്‍ കഷ്ടപ്പെട്ട് ദിവസവും മനസ്സിനെ കുറെ നേരം ധ്യാനത്തിലൂടെ പാകപ്പെടുത്തിയെടുക്കണം.) ലിസ്സ് വെളിയിൽ‍, ഒരു ബഞ്ചിലിരുന്ന് മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോൾ‍, കുറച്ചു കൊതുകുകള്‍ അവരെ നിരന്തരം ശല്യപ്പെടുത്തുന്നു. ആദ്യം അവര്‍ പിന്മാറിയെങ്കിലും ഒടുവില്‍ ഉറച്ച മനസ്സോടെ, കൊതുകുകടികളൊക്കെ സഹിച്ച്, മനസ്സിനെ മെഡിറ്റേഷനില്‍ കേന്ദ്രീകരിക്കാനായപ്പോള്‍‍ കൊതുകുകടിയെപ്പറ്റിയേ അറിയുന്നില്ല. ഇത്, ഇത് താന്‍ നമുക്ക് വേണ്ടത് !

അവര്‍ പറയുന്നത്, ‘കൊതുകിനെ ആട്ടിപ്പായിച്ചുകളയണം, അല്ലങ്കില്‍ അടങ്ങിയിരിക്കാന്‍ ആവില്ല’, എന്ന ഒരു ചിന്തയാണ് ആദ്യം അവരെ റെസ്റ്റ്ലസ്സ് ആക്കിയത്. എന്നാൽ‍, ‘കൊതുകു കടിച്ചാലും താന്‍ തന്റെ ആത്മസംയമനം കൈവിടില്ല’ എന്ന രീതിയില്‍ ഇരുന്നപ്പോള്‍ ആത്മസംയമനം കിട്ടിയത്രേ! ഇതുപോലെ, മറ്റുള്ളവര്‍ ചെയ്യുന്നതിനൊക്കെ പ്രതികരിക്കാന്‍ ചെല്ലുമ്പോഴാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്. പ്രതികരിക്കാതിരിക്കുമ്പോള്‍ പലതും താനേ അടങ്ങും. നമ്മുടെ മനസ്സിനെ അതിനു സ്വാധീനിക്കാനാവില്ല എന്നറിയുമ്പോള്‍ പ്രശ്നങ്ങള്‍ താനേ വിട്ടൊഴിഞ്ഞ് പോകും. മനസ്സ് മാത്രം പഴയതുപോലെ ശാന്തമായി ശേഷിക്കും. പ്രശ്നങ്ങളൊന്നും നമ്മെ ബാധിക്കാത്ത ഈ അവസ്ഥയാണ് തുരിയാവസ്ഥ.]

അങ്ങിനെ, ഒടുവില്‍ ലിസ് എന്ന നമ്മുടെ എഴുത്തുകാരി‍ ഇന്റോനേഷ്യയിൽ‍, ബാലിദ്വീപിൽ‍, എത്തുന്നു. ലൌകീകവും ആത്മീയവും തുല്യമായി മിക്സ് ചെയ്ത് ജീവിക്കാനാകുമെന്ന് തെളിയിക്കാനായി. അവര്‍ക്ക് അത് സ്വര്‍ഗ്ഗതുല്യമായ ഒരു രാജ്യമായി തോന്നുകയും, സ്വതന്ത്രമായ മനസ്സും ശരീരവുമായി അവര്‍ പുതിയ ഒരു കാമുകനെ കണ്ടെത്തുകയും, അവര്‍ ഈ ഭൂമിയിലെ ഏറ്റവും വലിയ ഒരു ലൈഗീകമായ ചേര്‍ച്ചയില്‍ എത്തിച്ചേരുകയും ചെയ്യുന്നു.

ലൈഗീക സ്വാതന്ത്ര്യം/സംതൃപ്തി, അതായിരുന്നോ ഈ പുസ്തകത്തിലെ പ്രതിപാദന വിഷയം?! അല്ല. കാരണം, ഇംഗ്ലീഷുകാര്‍ക്കൊക്കെ അത് ഇഷ്ടം പോലെ ഉണ്ടായിരുന്നല്ലോ? പിന്നെ?! കുറച്ചുകൂടി പെര്‍ഫക്റ്റ് ആയുള്ള ഒരു മേറ്റിനെ കണ്ടെത്തി ജീവിക്കുന്നു. ഒപ്പം തന്റെ വ്യക്തിത്വം നിലനിര്‍ത്താനും ആകുന്നു. അല്ലെങ്കിൽ‍, കണ്ടെത്തിയ കാമുകനില്‍ തന്റെ വ്യക്തിത്വം അടിയറവയ്ക്കാതെ താന്‍ ഇപ്പോഴും ഒരു separate individual ആണ് എന്ന രീതിയില്‍ ജീവിക്കാനാകുന്നു. (ആദ്യ ഡൈവോര്‍സ് അവര്‍ക്ക് വളരെ കഠിനവും മറികടക്കാനാവാതെയായതും കൊണ്ടല്ലേ അവര്‍ ഇറങ്ങി തിരിച്ചത്, ഇനി അതുണ്ടാകില്ല. ആ കഠിനത! എന്നു സമാധാനിക്കാം..)

‘ഏന്‍ഷ്യന്റ് പ്രോമിസി’ല്‍ ഒരു ഏഷ്യന്‍ സ്ത്രീ വലിയ കഠിനമായ ത്യാഗത്തിലൂടെയും ഒടുവില്‍ നേടുന്നതും ഈ സ്വാതന്ത്യം, ഈ സുഖം ഒക്കെ തന്നെയാണ് !

എനിക്ക് വിചിത്രമായി തോന്നിയതെന്തെന്നാൽ.

ഏഷ്യയിലെ ഒരു സ്ത്രീ കഠിനത്യാഗങ്ങള്‍ ചെയ്ത് ഏഷ്യന്‍ ചങ്ങല പൊട്ടിച്ച്, വിദേശത്തുചെന്ന്
സുഖം കണ്ടെത്തുമ്പോൾ‍, വിദേശത്തുള്ള സ്ത്രീ അവിടുത്തെ സ്വാതന്ത്യത്തിന്റെ വിശാലത ത്വജിച്ച്, ഏഷ്യയില്‍ വന്ന് അവിടത്തെ ചങ്ങലയ്ക്കുള്ളില്‍ തന്നെ ഇട്ട്, പാകപ്പെടുത്തി, ഒടുവില്‍ അവരും തഥൈവ! ഒടുവില്‍ രണ്ട് സ്തീകളും ഒരു പുരുഷനില്‍ നിന്ന് അനുഭവിക്കാനാകുന്ന സുഖം അതിന്റെ പരമോന്നതിയില്‍ അനുഭവിച്ച് ലക്ഷ്യം സാഷാത്കരിക്കുന്നു.

ഈ സ്ത്രീകളൊക്കെ സ്വാതന്ത്യം സ്വാതന്ത്യം എന്ന് ഉല്‍ക്കോഷിക്കുന്നത് ഇതിനു മാത്രമോ?!
അതോ എല്ലാ നല്ല സ്വാതന്ത്യങ്ങളും ഒടുവില്‍ ചെന്നെത്തുന്നത് മനുഷ്യന്റെ ബേസിക്ക് ആഗ്രഹങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ പറ്റുന്നിടത്തോ?!

ഒരു എഴുത്തുകാരി എന്ന നിലയില്‍ അവര്‍ വളരെ അഭിനന്ദനം അര്‍ഹിക്കുന്നു. ഇന്ത്യന്‍ അനുഭവങ്ങളും ബാലി അനുഭവങ്ങളും ഒക്കെ നാം നേരില്‍ കാണുമ്പോലെയും അനുഭവിക്കുമ്പോലെയും ഒക്കെ തോന്നിപ്പിക്കുന്ന രീതിയിലെ എഴുത്ത് ! (ബാലി അനുഭവത്തിന്റെ അവസാനം ഒരു സിഡ്നി ഷെല്‍ഡന്‍ സ്റ്റൈല്‍ തോന്നിയെങ്കിലും.) ഒരു ഇംഗ്ലീഷ്‌കാരിക്കോ ഇന്ത്യാക്കാരിക്കോ അനുഭവിക്കാന്‍ കഴിയാത്തത്ര സ്വാതന്ത്രത്തോടെ അവര്‍ക്ക് ജീവിതത്തെ നോക്കിക്കാണാനും, അനുഭവിക്കാനും സാധിച്ചു എന്നു പറയുമ്പോള്‍ വ്യക്തിപരമായി അതും അവരുടെ ഒരു നേട്ടമായി കണക്കാക്കാം.

ഈ ബുക്ക് ഇതേ പേരില്‍ തന്നെ സിനിമയാക്കിയിട്ടുണ്ട്. അതില്‍ ജൂലിയ റോബര്‍ട്ട് ആണ് ലിസ്സിനെ അവതരിപ്പിച്ചിരിക്കുന്നത്. ഏഷ്യയിലെ മെഡിറ്റേഷന്‍ ഗുഹകളും ബാലിയിലെ മനോഹര ദൃശ്യങ്ങളും ഒക്കെ ആസ്വദിക്കാൻവേണ്ടിയെങ്കിലും ആ സിനിമയും ഒന്നു കാണണമെന്നുണ്ട്.