Showing posts with label ജ്യോതിബായ് പരിയാടത്ത്. Show all posts
Showing posts with label ജ്യോതിബായ് പരിയാടത്ത്. Show all posts

Sunday, April 21, 2013

പി ഭാസ്കരന്റെ കാവ്യമുദ്രകള്‍


പുസ്തകം : പി ഭാസ്കരന്റെ കാവ്യമുദ്രകള്‍
രചയിതാവ് : ശ്രീകുമാരന്‍തമ്പി
പ്രസാധകര്‍ : ഗ്രീന്‍ ബുക്സ്
അവലോകനം : ജ്യോതിബായ് പരിയാടത്ത്
 

വിതയുടേയും സംഗീതത്തിന്റെയും ലോകത്ത്‌ തന്റേതായ ഒരിടം നേടിയെടുത്ത കവി പി ഭാസ്കരനെക്കുറിച്ച്‌, അദ്ദേഹത്തെ തന്റെ ഗുരുവായി അംഗീകരിച്ചാദരിക്കുന കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍തമ്പി രചിച്ച പുസ്തകം പി ഭാസ്കരന്റെ കാവ്യമുദ്രകള്‍ ലളിതമായ ആഖ്യാനശൈലികൊണ്ടും സമഗ്രത കൊണ്ടും ശ്രദ്ധേയമാണ്‌. ശ്രീകുമാരന്‍ തമ്പിയ്ക്കും ഭാസ്കരന്‍ മാഷിനും തങ്ങള്‍ വിഹരിച്ച മേഖലകളില്‍ ഒട്ടേറെ സമാനതകള്‍ ഉള്ളതായി കാണാം. കാവ്യരംഗത്തും ഗാനരചനാരംഗത്തും ഒരു പോലെ മൌലികത കാത്തുസൂക്ഷിക്കാന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞിട്ടുണ്ട് എന്നത് അവയില്‍ എടുത്തു പറയേണ്ട ഒന്നാണ് . ഭാസ്കരന്‍ മാഷെപ്പോലെ മനുഷ്യമനസ്സുകളേയും ബന്ധങ്ങളേയും അപഗ്രഥിച്ചെഴുതിയ അനേകം കവികളില്ല .ശ്രീകുമാരന്‍തമ്പിയും വഴിയിലൂടെ തന്നെയാണ്‌ തന്റെ ഗാനസപര്യ തുടര്‍ന്നത്‌. പി ഭാസ്കരന്റെ കാവ്യജീവിതത്തിലൂടെയും ചലചിത്രജീവിതത്തിലൂടെയും ശ്രീകുമാരന്‍ തമ്പി നടത്തു തീര്‍ഥാടനമാണ്‌ പുസ്തകംഎന്ന് പ്രസാധകരായ ഗ്രീന്‍ബുക്സ്‌ പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പില്‍ പറയുന്നു. ദീര്‍ഘമായ മുഖവുര പോലുള്ള ആടോപങ്ങളൊന്നുമില്ലാതെ പ്രതിപാദ്യവിഷയത്തിലേയ്ക്ക്‌ നേരിട്ട് എത്തു രീതിയിലാണു തമ്പിയുടെ എഴുത്തു തുടങ്ങുന്നത്‌ എന്നത്‌ എടുത്തു പറയേണ്ട ഒന്നായി തോന്നുന്നു. മനുഷ്യസ്നേഹത്തിന്റെ പാട്ടുകാരന്‍ എന്ന ഒന്നാം അദ്ധ്യായത്തില്‍ തുടങ്ങി കവിയും ക്യാമറയും എന്ന പതിനാലാം അധ്യായം വരെ ഒറ്റയിരിപ്പില്‍ വായിച്ചുപോകാവുന്നത്രയും ലളിതവും തുടര്‍ച്ചയുള്ളതുമായ എഴുത്തുരീതിയാണ്‌ തമ്പിയുടേത്‌.

വില്ലാളിയാണു ഞാന്‍ ജീവിത സൌന്ദര്യ വല്ലകിമീട്ടലല്ലെന്റെ ലക്ഷ്യം
എന്ന മട്ടില്‍ കവിയെന്ന നിലയില്‍ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത എപ്രകാരമെന്നു തുറന്നു പ്രഖ്യാപിക്കുന്ന ഭാസ്കരന്‍ മാഷുടെ കാവ്യവഴികളിലൂടെയുള്ള ഋജുവായ ഒരു സഞ്ചാരത്തില്‍ നിന്നാണ്‌ തുടക്കം. പ്രണയവും വിപ്ളവവും സമ്മേളിക്കുന്ന കവിതാശകലങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ കാല്‍പനികതയിലും അതേസമയം വിപ്ളവത്തിലും അഭിരമിക്കുന്ന ഭാസ്കരന്‍മാഷിന്റെ കവിസ്വത്വം അധ്യായത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. യൌവ്വനകാലത്തെ തീപ്പന്തം പക്വതയാര്‍ന്നു വാര്‍ദ്ധകത്തില്‍ ദീപനാളത്തിന്റെ സൌമ്യശോഭ കൈവരിച്ചെങ്കിലും പഴയ പന്തത്തിന്റെ യൌവ്വനതീക്ഷ്ണത തന്റെ ഉള്ളിലെന്നും ജാജ്വല്യമാണെന്ന കവിയുടെ വെളിപ്പെടുത്തല്‍ ,ഉത്തരം ലഭിക്കാത്ത ചോദ്യം,ഒരേ വെളിച്ചം എന്നീ കവിതകള്‍ സമര്‍ത്ഥമായി ഉദാഹരിച്ചുകൊണ്ട്‌ ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കുന്നു. കവിതകളിലേയും ഗാനങ്ങളിലേയും വരികള്‍ ഉദാഹരിച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള ആഴമുള്ള വിശകലനങ്ങള്‍ പുസ്തകത്തില്‍ അങ്ങോളമിങ്ങോളമുണ്ട്‌. ശ്രീകുമാരന്‍ തമ്പി കവിയ്ക്കുള്ളിലെ നിരൂപകനെയാണ്‌ ഇത്തരം വിശകലനങ്ങള്‍ അടയാളപ്പെടുത്തുന്നത്‌ . വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന ഭാസ്കരന്‍ മാഷിന്റെ ആദ്യസമാഹാരം മുതല്‍ ഓടക്കുഴല്‍ പുരസ്കാരം നേടിയ ഒറ്റക്കമ്പിയുള്ള തംബുരു വരെ പ്രതിപാദിക്കപ്പെടുന്നുണ്ടെങ്കിലും ചില നല്ല കവിതകളെല്ലാം വെറും പരാമര്‍ശങ്ങള്‍ മാത്രമായി ഒതുങ്ങിപ്പോയോ എന്ന ഒരു കുറവ്‌ തോന്നി എന്നത്‌ ഇത്തരുണത്തില്‍ പറയാതെവയ്യ .സത്യത്തിന്റെ സൂര്യന്‍ എന്ന രണ്ടാമത്തെ അധ്യായത്തില്‍ ജനനം ,വിദ്യാഭ്യാസ വിപ്ളവ കാവ്യജീവിതത്തിന്റെ ആരംഭകാലങ്ങള്‍ എന്നിവയൊക്കെയാണ്‌ ആണ്‌ പ്രതിപാദ്യം. ചെങ്കാളിയപ്പന്‍ , ജോര്‍ജ്ജ് ചടയന്‍മുറി എന്നിങ്ങനെയുള്ള സുന്ദരങ്ങളായ കാവ്യചിത്രങ്ങള്‍ കവിയുടെ വിപ്ളവജീവിതവുമായി കൂട്ടിയിണക്കി ചര്‍ച്ചചെയ്തത്‌ തികച്ചും ഉചിതമായി.

പുതിയ തലമുറയുടെ മഹാകവി എാണ്‌ എം ഗോവിന്ദന്‍ പി ഭാസ്കരന്‍ മാഷിനെ വിശേഷിപ്പിച്ചത്‌ .കവി മാത്രമല്ല നല്ലൊരു നടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം എന്നത്‌ മഹാകവി എന്ന വിശേഷണത്തിന്‌ അദ്ദേഹത്തെ സര്‍വഥാ അനുയോജ്യനാക്കിമാറ്റുതായി തമ്പി കണ്ടെത്തുന്നു. കവിയുടെ ക്രാന്തദര്‍ശിത്വത്തെപ്പറ്റി ' മ്യൂസിയം' കവിത ഉദാഹരിച്ചുകൊണ്ട്‌ ഇവിടെ തമ്പി വിശദീകരിക്കുകയും ചെയ്യുന്നുണ്ട്‌ . തുടര്‍ന്നുവരുന്ന പത്തോളം അദ്ധ്യായങ്ങളില്‍ കൂടുതലും ചര്‍ച്ച ചെയ്യുന്നത്‌ പി ഭാസ്കരന്‍ എന്ന ഗാനരചയിതാവിനെക്കുറിച്ചാണ്‌. ശ്രീകുമാരന്‍ തമ്പിയുടെ കാവ്യഭംഗി തുളുമ്പുന്ന ഗദ്യവും ഭാസ്കരന്‍ മാഷിന്റെ ഗൃഹാതുരതയുണര്‍ത്തുന്ന സിനിമാഗാനശകലങ്ങളും ഇണക്കിയൊരുക്കിയ ഭാഗങ്ങളെല്ലാം തികച്ചും സംവേദനക്ഷമവും ആസ്വദനീയവുമാണ്‌ അപൂര്‍വ്വസഹോദരര്‍കള്‍ എന്ന തമിഴ്‌ സിനിമയ്ക്കായി രചിച്ച ആദ്യഗാനത്തില്‍ത്തുടങ്ങി ചന്ദ്രിക ,നവലോകം, അമ്മ, ആശാദീപം എന്നീ ചിത്രങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്‍ നീലക്കുയിലിലെ സംവിധായകനും നടനും പ്രണയം, ഗൃഹാതുരത, നര്‍മ്മം, മാപ്പിളശീലുകള്‍, ദാമ്പത്യജീവിതത്തിന്റെ പത്തരമാറ്റ്‌ ,അപൂര്‍വ്വതയുടെ ചാരുതയും കാവ്യഭംഗിയും തുളുമ്പുന്ന പ്രശസ്തഗാനശകലങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ തമ്പി നടത്തുന്ന തീര്‍ഥയാത്രയ്ക്കൊപ്പം വായനക്കാരനും സഞ്ചരിക്കാതെ വയ്യ.
പുസ്തകത്തിലെ പന്ത്രണ്ടാം അദ്ധ്യായം 'തൂലികാചിത്രങ്ങള്‍ ' തികച്ചും പ്രാധാന്യം അര്‍ഹിക്കുന്നു. എന്‍ ബാലകൃഷ്ണപ്പിള്ള , ബാബുരാജ്‌ തുടങ്ങി പദ്മരാജനെ വരെ കവിതയിലാക്കുന്ന കാവ്യസൌകുമാര്യം തുളുമ്പുന്ന ചില സ്മൃതിചിത്രങ്ങളെക്കുറിച്ചാണ്‌ ശ്രീകുമാരന്‍ തമ്പി എഴുതുന്നത്‌. തുടര്‍ന്നു വരുന്ന അദ്ധ്യായത്തില്‍ ഒറ്റക്കമ്പിയുള്ള തംബുരു വേറിട്ട് ചര്‍ച്ച ചെയ്തത്‌ ഉചിതമായി. കവിയും ക്യാമറയും എന്ന അദ്ധ്യായത്തോടെ തീര്‍ത്ഥാടനം അവസാനിക്കുന്നുവെങ്കിലും അങ്ങേയറ്റം ഗൃഹാതുരമായ ഒരുപക്ഷേ പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം കേള്വിയിളില്ലാത്ത മുതിര്‍ന്ന തലമുറ വിസ്മൃതിയിലെറിയാന്‍ സാദ്ധ്യതയുള്ള ഒരു പിടി നല്ല ഗാനങ്ങള്‍ തികച്ചും വ്യതിരിക്തമായ, കാവ്യഗുണം തികഞ്ഞ കവിതകള്‍ ഇവയൊക്കെ ചിലര്‍ക്കു പരിചയപ്പെടാനും ചിലര്‍ക്ക്‌ ഓര്‍മ്മപുതുക്കാനും പുസ്തകം സഹായകമാവും അതുറപ്പ്‌.

Wednesday, October 24, 2012

പഴനീരാണ്ടി

പുസ്തകം : പഴനീരാണ്ടി
രചയിതാവ് : ശിവകുമാര്‍ അമ്പലപ്പുഴ

പ്രസാധകര്‍ : ഡിസി ബുക്സ്

അവലോകനം : ജ്യോതിബായ് പരിയാടത്ത്





വായനയുടെ രസാനുഭൂതി അർത്ഥത്തിനും മുൻപേ ഉള്ളിലെത്തുകയും അതുവഴി ആവർത്തിച്ചുള്ള വായനയിലേയ്ക്കും ആഴത്തിലുള്ള ആസ്വാദനത്തിലേയ്ക്കും വായനക്കാരനെ കൊണ്ടുപോവുകയും ചെയ്യുന്നുവെങ്കിൽ ആ എഴുത്തിനെ കലർപ്പില്ലാത്ത ഒന്നായി വ്യാഖ്യാനിക്കാം.

ഇത്തരത്തിൽ ഒറ്റവായനയ്ക്കു വഴങ്ങിത്തരുന്ന ഒന്നായിരിക്കെത്തന്നെ വാക്കുകളുടെ ശബ്ദാർത്ഥങ്ങൾക്കുമപ്പുറത്തുള്ള , അല്ലെങ്കിൽ ആശയപരമായി അതിലും കവിഞ്ഞ ഒരു സംവേദനാനുഭവം പകരുന്ന തരത്തിലുള്ള കവിതകളാണ്‌ ശിവകുമാർ അമ്പലപ്പുഴയുടേത്‌.
സ്ഥൂലമായ വർണ്ണനകളും ആവർത്തനങ്ങളൂം കൊണ്ട്‌ വായനക്കാരനെ ഒട്ടും ചെടിപ്പിക്കാതെ കൃത്യമായ പദസന്നിവേശങ്ങളാൽ അങ്ങേയറ്റം സൂക്ഷ്മതയോടെ മെനഞ്ഞെടുക്കുന്ന ശിവകുമാറിന്റെ കവിതകൾ മിക്കവയും സാങ്കേതികമായും ലാവണ്യപരമായും മികച്ച രൂപശിൽപ്പങ്ങൾതന്നെയാണ്‌. സമൂഹത്തോടും പ്രകൃതിയോടും സ്വന്തം ജീവിതാനുഭവങ്ങളിലൂന്നിയുള്ള സർഗ്ഗാത്മകപ്രതികരണമാണ്‌ ശിവകുമാറിന്റെ രണ്ടാമത്തെ കവിതാസമാഹാരമായ 'പഴനീരാണ്ടി'.

പുതിയ കാലത്തിനനുഗുണമാവും വിധം കവിതയിൽ പുതിയസങ്കേതങ്ങൾ ഉപയോഗപ്പെടുത്തുകയും ഒപ്പം തന്നെ പഴമയുടെ ലാവണ്യദർശനത്തേയും വാങ്മയങ്ങളെയും കൈവിട്ടുകളയാതെ സന്ദർഭാനുസാരിയായി ഇണക്കിച്ചേർക്കുകയും ചെയ്തുകൊണ്ടുള്ള കാവ്യനിർമ്മാണശൈലിയാണ്‌ ശിവകുമാർ ഈ സമാഹാരത്തിൽ അവലംബിച്ചിരിക്കുന്നത്‌. ആദ്യവായനയിൽത്തന്നെ ശ്രവണസംബന്ധിയായ ഒരു സംവേദനം പകരുന്ന രചനകൾ എന്നു വ്യാഖ്യാനിക്കാവുന്ന വായനാനുഭവമാണ്‌ പഴനീരാണ്ടിയിലെ ഭൂരിഭാഗം കവിതകളിൽ നിന്നും ലഭിക്കുന്നത്‌.

കർമ്മമോ കർത്തവ്യമോ അല്ലെങ്കിൽപോലും കവിതയെ ലാളിച്ച്‌ കൂടെ നടത്തുകയും കവിതയില്ലാത്ത ലോകം കലുഷവും മനസ്സ്‌ പ്രക്ഷുബ്ധവും ആണെന്നു തിരിച്ചറിയുകയും ചെയ്യുന്ന തന്നെ സംബന്ധിച്ചിടത്തോളം സ്വന്തം ജീർണ്ണതയുടെ ചിതൽമണ്ണ്‌ നിശ്ശബ്ദം അടരുന്നതിന്റെ അനുഭൂതിപ്പകർച്ചയാണ്‌ കവിതയെഴുത്തെന്ന്‌ ശിവകുമാർ 'വാഴപ്പൂത്തുമ്പത്തെ തേൻതുള്ളി ' എന്ന മുഖക്കുറിപ്പിൽ സ്വയം പരിചയപ്പെടുത്തുന്നു.

`രാവുണ്ണി`മുതൽ `പുല്ലിംഗം` വരെ (9 ക്യാപ്സൂൾ- കവിതകൾ കൊള്ളിച്ച മൈക്രോക്കൂടടക്കം) ഇരുപത്താറു കവിതകളാണ്‌ പഴനീരാണ്ടിയിൽ ഉള്ളത്‌. സ്വാനുഭവച്ചേരുവകൾ ഏകദേശം എല്ലാ കവിതകളേയും സമ്പുഷ്ടമാക്കുന്നുവെങ്കിലും രാവുണ്ണി, അധോലോകം, പഴനീരാണ്ടി, പുനർജ്ജനി, കണ്ണുകൾ എന്നിവയുടെ ആഖ്യാനത്തിൽ ഈ അനുഭവച്ചേർച്ച കവിതയുടെ കരുത്തായി മാറുന്നത്‌ കാണാം. , പ്രവാസജീവിതത്തിന്റെ ചര്യകൾക്കു തികച്ചും യോജിക്കുന്ന ലളിതമായ ഉപമകളിലൂടെ ഉരുത്തിരിയുന്ന ,ഒരുപ്രവാസിയുടെ ജീവിതത്തിലെ ആവർത്തനവിരസതയും അയാൾ അനുഭവിക്കുന്ന ഗൃഹാതുരതയും, നഷ്ടബോധവും നാട്ടിൽ ബാക്കിവെച്ചുപോകുന്ന സൗഹൃദവും ഒക്കെ വരച്ചുകാട്ടുന്ന രാവുണ്ണി എന്ന ഒറ്റകവിതയുടെ വായനയിൽനിന്നുതന്നെ ആശയത്തിന്റെ അനുക്രമമായ വികാസപരിണാമങ്ങളുടെ ആവിഷ്കാരത്തിലും പദങ്ങളുടേ സന്നിവേശത്തിലും കവി പ്രകടിപ്പിക്കുന്ന അസാമാന്യമായ കൈയ്യടക്കം മനസ്സിലാക്കാൻ സാധിക്കും. അധികമായിപ്പറയുന്ന ഒറ്റ വാക്കുമില്ലെങ്കില്ക്കൂടിയും വിവരണാത്മകമായി അനുഭവപ്പെടുന്ന കവിതയാണിത്. പുഴയുടെ മണൽപ്പരപ്പിൽ പതിഞ്ഞുകിടന്ന കൂർമുനയുള്ള അസ്ഥിത്തുണ്ടൂകളിൽ അനാഥപിതൃത്വങ്ങളെ കാണിച്ചുതരുന്ന 'നിമജ്ജനം' എന്ന കവിതയിൽ കുത്തിമുറിവേല്പ്പിച്ചിട്ടും , വലിച്ചെറിഞ്ഞിട്ടാണെങ്കിൽപ്പോലും മോക്ഷവഴിയിലേയ്ക്ക്‌ എത്തിയ്ക്കപ്പെട്ട സഫലപിതൃത്വവും , മാതൃവാത്സല്യത്തിന്റെ കരുതലും ,പുത്രസ്നേഹത്തിന്റെ കരുത്തും തികച്ചും സ്വാഭാവികമായിത്തന്നെ വെളിപ്പെടുന്നുണ്ട്‌. ഇടമുറിയാതെ പെയ്യുന്ന മഴയുടെ ഇടമുറിഞ്ഞ നാനാർത്ഥങ്ങൾ തേടുന്ന മഴനീര്‍സംഭരണി , മകൾക്കയച്ച ഇ-മെയിൽ, അധോലോകം, കേഴളം, മുല്ലപ്പെരിയാർ, റോയൽട്ടി, പിഴ എന്നീ കവിതകളീൽ ആദ്യന്തം ഒരു കറുത്ത ചിരിയുടെ അടിയൊഴുക്കുകൾ കാണാം. ഈ ചിരി അതിന്റെ ആവിഷ്കാരസാകല്യത്തിലെത്തുന്നകവിതയാണ്‌ അധോലോകം.

ചിലപ്പോൾ പുഷ്പിതാഗ്ര
ചിലപ്പോൾ ഇന്ദ്രവജ്രയുടെ കാഠിന്യം
നിത്യയാതനയുടേ അനുഷ്ഠിപ്പ്‌
എന്റെയാണെന്റെയാണീ കടുനൊമ്പരം

എന്നു തന്റെ അന്തർലോകനൊമ്പരങ്ങളെ തന്നിൽത്തന്നെ പടരാനനുവദിക്കുകയും ജീവിതചര്യയുടെ ഭാഗമായ പ്രതിവിധിയില്ലാത ആത്മപീഡനാനുഭവതിന്റെ പരിസമാപ്തി തിരിച്ചറിയുകയും ചെയ്യുന്നതോടൊപ്പം തന്നെ സമകാലീന സാഹിത്യാന്തരീക്ഷത്തിന്റെ അധോലോക മാലിന്യപ്പടർച്ചകളുടെ മൂക്കുചുളിപ്പിക്കുന്ന ചീഞ്ഞഗന്ധം വായനക്കാരനെ അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട്‌ ഈ കവിത . ഇരട്ടത്തലച്ചി, വെട്ടുംതോറും ,സാങ്ങ്ഗായി എന്നീ കവിതകൾ പെണ്ണിനേയും പ്രകൃതിയേയും ചേർത്തുവായിക്കാവുന്നവയാണ്‌. മുത്ത്ശ്ശിച്ചൊല്ലിലെ ജീവിതസ്പന്ദങ്ങളെ വർത്തമാനകാലത്തിന്റെ പെൺപരിസ്ഥിതിയുമായി സമന്വയിപ്പിക്കുന്ന കവിതയാണ്‌ ഇരട്ടത്തലച്ചി. പ്രണയാനുഭവങ്ങളുടെ വ്യത്യസ്തമായ വിനിമയങ്ങളാണ്‌ കണ്ണുകൾ,പുനർജ്ജനി, പ്രണയത്തോറ്റം, പേരില്ലാക്കവിത,തേറ്റ എന്നീ കവിതകൾ. ഉറങ്ങുവാനാണെന്നാല്പ്പോലും കാമുകിയുടേ കണ്ണുകൾ ഒരിക്കലും അടയാതിരിയക്കട്ടെ എന്നു ചിന്തിക്കുന്ന കാമുകനും(കണ്ണുകൾ), ,നുണകൾ കൊണ്ടു തീർത്ത കാട്ടിൽ നേരിന്റെ തീപ്പൊരിപടർന്ന്‌ പ്രണയം വെണ്ണീറായിട്ടും പ്രതികാരത്തിന്റെ തേറ്റമുന രാകി കാത്തിരിക്കുന്ന കാമുകിയും (തേറ്റ)തീവ്രപ്രണയത്തിന്റെ രണ്ടു വിരുദ്ധമുഖങ്ങളാണ്‌ കാണിച്ചുതരുന്നത്‌. തികച്ചും ഗ്രാമീണമായ പദശൈലീപ്രയോഗങ്ങൾ കൊണ്ടു പ്രണയത്തിന്റെ ഒരു ആവഹനക്കളം തീർക്കുന്ന പ്രണയത്തോറ്റം വ്യതസ്തമായ വായനാനുഭവം നൽകുന്ന കവിതയാണ്‌ ‌. പുനർജ്ജനി എന്നകവിത ആശയപരമായും ഘടനാപരമായും തികച്ചും വേറിട്ടുനിൽക്കുന്ന ഒന്നാണ്‌. ന്യൂസ്‌ റിപ്പോർട്ടിംഗിന്റെ ശൈലിയിൽ എഴുതപ്പെട്ട പുനർജനിയിലെ അന്ത:സ്പന്ദിതതാളമായി വർത്തിക്കുന്നത്‌ അതിലെ പ്രകടമായ വൈരുദ്ധ്യാത്മകതയാണ്‌ പ്രണയവും നിരാസവും, ശാപവും മോക്ഷവും , നാമജപവും പുലയാട്ടും പുനർജ്ജനിനൂഴലും തിരികെയുള്ളയാത്രയും ,അവസാനത്തെ ചൊറിച്ചുമല്ലലിന്റെ സൂചനയിൽ വരെ ഈ വൈരുദ്ധ്യം പ്രകടമാണ്‌.

സൂര്യശുദ്ധി രാകിയ
കൽച്ചീള്‍ മുനകളിൽ
രക്തബലിയാകണോ
ഉപേക്ഷിച്ച വിഴുപ്പുചുറ്റി
തുടക്കത്തിലേയ്ക്കു മടങ്ങണോ..

എന്ന മട്ടിൽ സന്ദേഹിയായ ഒരു മനസ്സിന്റെ വിരുദ്ധാത്മകദ്വന്ദഭാവം ഈകവിതയിലുടനീളം പ്രതിഫലിക്കുന്നു.

ആവിഷ്കാരഭംഗിയും സംവേദനക്ഷമതയും ഒത്തിണങ്ങിയ കവിതയാണ്‌ പഴനീരാണ്ടി

കാലമടർന്നമുള്ളിലവിൽ
നാളേയ്ക്കുനീണ്ട നടുക്കൊമ്പിൽ
എനിക്കു തൊട്ടിൽ ഞാൻ തന്നെ
എനിക്കു ചിറകും ഞാൻ തന്നെ
എന്ന്‌ കവിയുടേ സ്വത്വത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പ്രഖ്യാപനമാണ്‌ ഈ കവിത .

അനുഭവങ്ങൾ മനസ്സിന്റെ ബോധാബോധതലങ്ങളിൽ സൃഷ്ടിക്കുന്ന അനുരണനങ്ങൾ എപ്പോഴും സമാനമാവണമെന്നില്ല. സ്വാനുഭവങ്ങളെ കാവ്യഭാഷയിലേയ്ക്ക്‌ വിവർത്തനം ചെയ്യുമ്പോൾ സൃഷ്ടാവിന്റെ ഭൗതികസ്വത്വം മിക്കപ്പോഴും സൃഷ്ടിയിൽ പ്രകടമാവാനുള്ള സാധ്യത ഏറെയുണ്ട്‌ എന്നത്‌ എല്ലാക്കാലത്തും എല്ലാദേശത്തും എല്ലാ ഭാഷയിലേയും എഴുത്തുകാർ നേരിടുന്ന വെല്ലുവിളിയാണ്‌. ഈ വെല്ലുവിളിയെ മറികടക്കാനുള്ള കാര്യമായ ശ്രമം ഒന്നും 'പഴനീരാണ്ടി' യുടെ കവിയിൽനിന്നും ഉണ്ടായതായി കാണുന്നില്ല. മറിച്ച്‌ കവിയെസംബന്ധിച്ച്‌ പഥ്യമെന്നുറപ്പുള്ള സുരക്ഷിതമായ ഒളിയിടത്തേക്കാൾ വായനയ്ക്കു ഹിതകരമായി വെളിപ്പെടുന്നതിന്റെ സത്യസന്ധവും അരക്ഷിതവുമായ തുറസ്സിടങ്ങളിൽ വിഹരിക്കാനിഷ്ടപ്പെടുന്നയാളാണു താൻ എന്നു പഴനീരാണ്ടിയിലെ കവിതകളിലൂടേ ശിവകുമാർ പറഞ്ഞുവെയ്ക്കുന്നുണ്ട്‌. കവിയുടെ സത്യസന്ധതയായി അതിനെ വ്യാഖ്യാനിക്കുന്നു . കവിതയുടേയും.

Monday, January 16, 2012

മുണ്ടൂര്

പുസ്തകം : മുണ്ടൂര്
രചയിതാവ് : മുണ്ടൂര്‍ സേതുമാധവന്‍

പ്രസാധകര്‍ : ഗ്രീന്‍ ബുക്സ്

അവലോകനം : ജ്യോതിബായ് പരിയാടത്ത്




എന്നില്‍ ഭയവും വിസ്മയവും ഉന്മാദവും പ്രത്യാശയും നിറയ്ക്കുന്ന എന്റെ പ്രിയപ്പെട്ട കല്ലടിക്കോടന്‍ മലയ്ക്ക്‌'

വരികള്‍ ഒരു സമര്‍പ്പണത്തിന്റേതാണ്‌. പതിനെട്ടു കഥകളുടെ സമാഹാരമായ 'മുണ്ടൂര്‍' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ മുണ്ടൂര്‍ സേതുമാധവന്‍ തന്റെ ഈ കൃതി എന്തുകൊണ്ടാണ്‍്‌ കല്ലടിക്കോടന്‍ മല എന്ന നിശ്ചലസാന്നിദ്ധ്യത്തിനു് സമര്‍പ്പിക്കുന്നത്‌ എന്ന സംശയം ഒരു സാധാരണ വായനക്കാരനുണ്ടാവുക സ്വാഭാവികം . സംശയനിവാരണം വരുത്താനായി സമാഹാരത്തിലെ കഥാപ്രകൃതിയിലൂടെ ഏറിയ യാത്രയൊന്നും നടത്തേണ്ടി വരുകില്ല. ഇളംനിലാവിറങ്ങി വരുന്ന ഒരു കുന്നിന്റെ ചിത്രം തെളിയുന്ന ആദ്യകഥയില്‍ത്തന്നെ അങ്ങേയറ്റം സചേതനമായ ഒരു ജൈവഭൂമികയിലേയ്ക്കുള്ള വഴിയില്‍ വായനക്കാരന്‍ എത്തുകയും ഇതു തന്നെയല്ലേ തുടക്കത്തില്‍ പരാമര്‍ശിക്കപ്പെട്ട കല്ലടിക്കോടന്‍മലയിലേയ്ക്കുള്ള കഥയുടെ നിലാവിറങ്ങുന്ന വായനാവഴി എന്ന തിരിച്ചറിവ്‌ അവനുണ്ടാവുകയും ചെയ്യുന്നു. സേതുമാധവനെന്ന മുണ്ടൂര്‍ക്കാരനായ കഥാകൃത്തിനാകട്ടെ തന്റെ ഹിമാലയം തന്നെയാകുന്നു കല്ലടിക്കോടന്‍ മല .

ഓര്‍മ്മകളില്‍ എന്നോ മരിച്ചെന്നു കരുതിയ ഗ്രാമത്തിലേയ്ക്ക്‌ തിരിച്ചെത്തുന്ന നിമിഷം . കാലമെന്ന കഴായ ചാടാന്‍ ഏറെയൊന്നും ശ്രമപ്പെടേണ്ടിവരുന്നില്ല ഗോപിയ്ക്ക്‌. പുകച്ചില്ലിനപ്പുറത്ത്‌ തെളിയുന്ന അനേകം മുഖങ്ങളില്‍ മറക്കാന്‍ ശ്രമിച്ചവയായിരുന്നു ഏറെ . അമ്മ, പെങ്ങന്മാര്‍, ഏട്ടന്‍ കൂട്ടുകാരി. കാലം വലിച്ചിട്ട ഇല്ലാത്തിരക്കുകളുടേയും അകര്‍മ്മണ്യതയുടെയും മുഖമൂടിയില്‍ നിസ്സഹായന്റെ ഷണ്ഡത്വം പക്ഷേ സമര്‍ത്ഥമായി മറഞ്ഞിരുന്നു. പതിവുവരവിലെ പതിവുവിശേഷം പോലെ അമ്മയുടെ മരണവും ഏട്ടന്റേയും പെങ്ങന്മാരുടെയും പരിദേവനവും മനസ്സിനെ തൊട്ടേയില്ല എന്നു ഭാവിച്ചുകൊണ്ടുള്ള മടക്കയാത്ര. മറവിയുടെ ഏതു നാട്യത്തിനും മേലേ തെളിയുന്ന, തലോടുന്ന ഒന്നായി, അമ്മ ഇപ്പോഴും കൂടെ എന്ന ഭ്രമകല്പനയോടെ അവസാനിക്കുന്ന 'പണ്ടൊരിക്കലി'ല്‍ വെളിപ്പെടുന്നത്‌ നിസ്സഹായതയുടെ മുഖാവരണത്തിനുള്ളിലെ അമര്‍ത്താന്‍ മാത്രം വിധിക്കപ്പെട്ട സ്നേഹത്തിന്റേയും കടപ്പാടിന്റേയുമൊക്കെ ചില കടലിരമ്പങ്ങളേയാണ്‌.

ആരാണു രാമന്‍കുട്ടി? എന്താണയാള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്‌? പറയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌? മുണ്ടൂരിലെ രണ്ടാമത്തെ കഥ. രാമന്‍കുട്ടി പറഞ്ഞത്‌. രാമന്‍കുട്ടി ഒരു പ്രതീകമാണ്‌. ഏതൊരു ശരാശരി മനുഷ്യനുമുള്ളില്‍, ജീവിതത്തിലെ ഓരോ കാല്‍വെയ്പിന്നും താളമെന്നപോലെ നിരന്തരം പിറുപിറുക്കുന്ന, കലഹിക്കുന്ന, മുഖം വീര്‍പ്പിക്കുന്ന, ഉപദേശിക്കുന്ന, പിന്‍വിളിക്കുന്ന, വിമര്‍ശിക്കുന്ന ഒരു അപരനുണ്ട്. ഇവിടെ രാമന്‍കുട്ടി ആ മറ്റേയാളാകുന്നു.

ജീവിതത്തിന്റെ വരണ്ട വേനല്‍പ്പാതകള്‍ ആയാസത്തോടെ പിന്നിടുമ്പോഴും നമ്മെ മുന്നോട്ടു നടത്തുന്നത്‌ ചില പ്രത്യാശകളാണ്‌. ഏതോ തിരിവില്‍ കാത്തിരിക്കുന്ന വസന്തം, പിന്നിട്ട വഴികളില്‍ കൈവിട്ടുപോയെന്നു കരുതിയ ചില അപ്രതീക്ഷിതാഹ്ലാദങ്ങള്‍, സൌഭാഗ്യങ്ങള്‍. ബന്ധങ്ങളൊക്കേയും വെയിലില്‍ കരിഞ്ഞുവീഴുന്ന പൂക്കളെപ്പോലെയാണെന്നറിയുമ്പോഴും ഇനിയൊരു തിരിഞ്ഞുനോട്ടമില്ലെന്ന് ഉള്ളിലുറയ്ക്കുമ്പോഴും ചിലത് ഓര്‍മ്മകളില്‍ വൈരസ്യം നിറയ്ക്കുന്നവയാണെങ്കില്‍പ്പോലും ചിലതെങ്കിലും അഴിക്കാനാവാത്ത കടുംകെട്ടുകളാണെന്ന തളര്‍ത്തുന്ന തിരിച്ചറിവുകള്‍ തരുന്ന രണ്ടു് കഥകളാണ്‌ ഇടവഴിയിലെ വസന്തവും പുറപ്പാടും.

മനസ്സിനെ വന്നുതൊടുന്ന കഥാതന്തു. ആവിഷ്കാരലാളിത്യം, പുതുമ എന്നിവകൊണ്ടു് മികച്ചു നില്ക്കുന്ന കഥയാണ്‌ ഏട്ടന്‍ വന്നു. സ്നേഹനിധിയായ സഹോദരനെ കാണാനായി കാത്തിരുന്ന സഹോദരിയ്ക്കടുത്തേയ്ക്ക്‌ എത്തുന്നത്‌ ഏട്ടന്റെ ഭാര്യയാണ്‌. വളരെക്കുറച്ചു വരികളിലൂടെ വരച്ചിടുന്ന ഒരു ദുരന്തത്തിന്റെ സൂചന പരിണാമഗുപ്തിയില്‍ തെളിയുമ്പോള്‍ വായനക്കാരനിലേക്കും ഈ കഥയിലെ വിഷാദം പടരുന്നു.

ഇന്നലെയുടെ കലഹങ്ങളും കാലുഷ്യങ്ങളും, നാളെയെക്കുറിച്ചുള്ള ആകുലതകളും വിഹ്വലതകളൂം, ഇന്നിലേയ്ക്ക്‌ പ്രസന്നമായ വെളിച്ചത്തിന്റെ ഒരു കിരണം പോലും പ്രസരിക്കാനില്ലാത്തവിധം നിഴല്‍മൂടിയ ജീവിതപരിസരങ്ങള്‍. ഇതൊക്കെയാണ്‌ മുണ്ടൂരിലെ മിക്കവാറും കഥകളിലും കാണുന്നത്‌. ഈ കൂട്ടത്തില്‍ ചേരാതെ രണ്ടോ മൂന്നോ കഥകളെങ്കിലും പക്ഷേ മാറിനില്ക്കുന്നുമുണ്ട്. നാളെയ്ക്കു നീളുന്ന സ്വപ്നം ആണ്‌ ആദ്യത്തേത്‌ . സ്വത്വസന്നിഗ്ദ്ധതയാണു് വിഷയമെങ്കിലും കൈകാര്യംചെയ്ത രീതിയില്‍ പുതുമ അവകാശപ്പെടാവുന്നതാണ്‌ ഈ കഥ. മറ്റൊരു വേറിട്ട ആവിഷ്കാരമാണ്‌ മുണ്ടൂര്‍ എന്ന കഥ. സൃഷ്ടിയുടെ നോവിന്റെ പൊറുതികേടുകള്‍ - ഭാര്യയില്‍നിന്നും ആദ്യം പകരുന്നത്‌ ഭര്‍ത്താവിലേയ്ക്കുതന്നെ. നിവൃത്തികേടുകളുടെ ഘോഷയാത്രക്കിടയില്‍ അയാള്‍ക്കുനേരെ നീളുന്ന ഉദാരതയുടെ ഹസ്തങ്ങളും നന്മയുടെ സ്പര്‍ശങ്ങളും. കഥാന്ത്യത്തില്‍ വായനക്കാരനും ആശ്വാസത്തിന്റേതായ ഒരു തളര്‍ന്ന നെടുവീര്‍പ്പയക്കാനും ഒന്നു പുഞ്ചിരിക്കാനും വകുണ്ട് ഈ കഥയില്‍ .

'രക്ഷിക്കുവാന്‍ കടപ്പെട്ടവനില്‍നിന്നും ഇക്ഷിതിഗര്‍ഭത്തില്‍ രക്ഷ തേടുന്നവള്‍ എന്നു പെണ്ണിനെ പെങ്ങള്‍- എന്ന കവിതയില്‍ ആവിഷ്കരിച്ചത്‌ ഒ. എന്‍. വിയാണ്‌. ഉണ്ണിയാര്‍ച്ച കരയുന്നു എന്ന മുണ്ടൂര്‍ക്കഥയിലെ ഉണ്ണിയാര്‍ച്ചയായവള്‍ കരയുന്നത്‌ അതുപോലെ രക്ഷകനെന്നു വിശ്വസിച്ചവന്റെ വിശ്വരൂപദര്‍ശനത്തിലാണ്‌. പക്ഷേ സീതയെപ്പോലെ ഒഴിഞ്ഞുപോകാനല്ല സ്വയം രക്ഷിക്കുന്ന ഉണ്ണിയാര്‍ച്ചയാവാനാണ്‌ അവള്‍ താല്പര്യപ്പെടുന്നത്‌.

തന്റെ പട്ടിണിയെക്കുറിച്ചോര്‍ക്കാതെ പോളണ്ടിന്റെ ജയാപജയങ്ങളെക്കുറിച്ചു വ്യാകുലപ്പെടുന്ന പാതപ്പണിക്കാരന്‍ രാമാണ്ടി, നമുക്ക്‌ മുണ്ടു മുറുക്കിയുടുക്കാം എന്ന കഥയിലെ ഹരിദാസന്‍മാഷ്‌, സൂര്യ, രാഘവന്‍ കുട്ടി.. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുടെ നിര നീളുന്നു.

പൊള്ളുന്ന ജീവിതസമസ്യകളൊന്നും കൈകാര്യം ചെയ്യുന്നില്ല, വായനക്കാരന്റെ സംവേദനക്ഷമതയെ വെല്ലുവിളിക്കുന്നില്ല, എന്നാല്‍പ്പോലും പാരമ്പര്യത്തില്‍ നിന്നുള്ള ഒരു മാറിനടത്തം ഈ സമാഹാരത്തില്‍ സൂക്ഷ്മത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്‌. ഒപ്പം രചനയിലെ മുണ്ടൂര്‍വല്‍ക്കരണം ഏതാണ്ടു് എല്ലാ കഥകളിലും തന്നെ അനുഭവവേദ്യമാകുന്നുണ്ടു്. പാത്രമനസ്സുകളിലെ കലാപക്കാറ്റ്‌ വായനക്കാരനിലേയ്ക്കു വീശിയെത്തുണ്ടു്. പലപ്പോഴും വര്‍ത്തമാനം അവനവനോടുള്ളതാണെങ്കില്‍പ്പോലും ഇയാള്‍ എന്റെയുള്ളിലുമുണ്ടല്ലോ എന്ന തിരിച്ചറിവ്‌ വായനക്കാരനുണ്ടാവുന്നുണ്ടു്. മുണ്ടൂരും അതിലെ കഥകളൂം നമ്മുടെ തന്നെ കഥയോ നമുക്കുചുറ്റും സംഭവിച്ച സംഭവിച്ചുകൊണ്ടിരിക്കുന്ന കഥകളോ ഒക്കെയായി മാറുന്നുമുണ്ടു്.