Tuesday, January 27, 2015

ക്രിയാത്മക കഥാപാത്രങ്ങള്‍

പുസ്തകം : ക്രിയാത്മക കഥാപാത്രങ്ങള്‍
രചയിതാവ്
: സി.ഗണേഷ്
പ്രസാധകര്‍
: സാഹിത്യ പുസ്തക പ്രസാധനം, കോഴിക്കോട്
അവലോകനം
: ദേവദാസ്.കെ

ഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ മലയാളത്തില്‍ ചെറുകഥക്ക് ഭാഷാപരവും ഭാവുകത്വപരവുമായ പരിവര്‍ത്തനങ്ങളുണ്ടാക്കാന്‍ ശേഷിയുള്ള ഏതാനും കഥാകൃത്തുക്കളൂടെ അരങ്ങേറ്റത്തിന്റെ കാലമായിരുന്നു. സാഹിത്യത്തില്‍ വ്യവസ്ഥാപിതമായിക്കൊണ്ടിരിക്കുന്ന ഓരോന്നില്‍ നിന്നും അത് ആഖ്യാനഭാഷയോ ശൈലിയോ രൂപഘടനയോ എന്തായിരുന്നാലും അതില്‍ നിന്നെല്ലാം വിട്ടുമാറാനുള്ള ബോധപൂര്‍‌വ്വമായ പരിശ്രമങ്ങളാണ് പുതിയ ഭാവുകത്വങ്ങളെ സൃഷ്ടിക്കുന്നത്. ആധുനീകതയുടെ വൈയക്തികതാ നിലപാടുകളില്‍ നിന്ന് സാമൂഹികതാബോധത്തിലേക്കുള്ള പരിവര്‍ത്തനം കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിന്റെ ഭാവുകത്വസവിശേഷതയായിരുന്നു. വ്യക്തിവാദനിലപാടുകളിലേക്കാണ്ടു പോകാതെ തന്നെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വ്യക്തിമനസ്സിന്റെ അനുഭവങ്ങളെ കണ്ടറിയുന്നതിനൊപ്പം സമൂഹത്തെ അകന്നുനിന്നു കണ്ടും അടുത്തുചെന്നറിഞ്ഞും ആവിഷ്കരിക്കാനുള്ള സര്‍ഗ്ഗശേഷി തെളിയിക്കുന്ന ഒരു പിടി കഥകള്‍ പുതിയ തലമുറയിലെ കഥാകാരന്മാര്‍ മലയാളത്തിന് നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയനായ കഥാകൃത്താണ് സി.ഗണേഷ്. രണ്ടായിരത്തിനു ശേഷം വിവിധ ആനുകാലികങ്ങളില്‍ അച്ചടിച്ചു വന്ന കഥകളാണ് ക്രിയാത്മക കഥാപാത്രങ്ങള്‍ എന്ന പേരില്‍ സാഹിത്യ പുസ്തകപ്രസാധനം കോഴിക്കോട് ഇപ്പോള്‍ പുന:പ്രസിദ്ധീകരിച്ചിരിക്കുന്നത്. (വില62 രൂപ)

ഇത്തരമൊരു കൃതി അഞ്ചുവര്‍ഷത്തിനിപ്പുറം പുന:പ്രസിദ്ധീകരിക്കുന്നതിന്റെ യുക്തിയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. കാഴ്ചപ്പാടുകളും ലോകബോധവും മാധ്യമബോധവും ഭാഷയും എല്ലാമെല്ലാം അതിവേഗത്തില്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഓരോ എഴുത്തുകാരനും തന്റെ ഒരു കൃതി പുന:പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് നിശ്ചയമായും രണ്ടുവട്ടം ആലോചിക്കും. സമകാലത്തെയും ചരിത്രത്തെയും സൂക്ഷ്മമായി അറിയുന്ന ഒരു എഴുത്തുകാരന് മാത്രമാണ് തന്റെ സൃഷ്ടികള്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്നതിനെക്കുറിച്ച് ശരിയായ ധാരണയുണ്ടാവുക. കാലഹരണപ്പെടാതിരിക്കുക എന്ന ആഗ്രഹത്തിനേക്കാള്‍ പ്രധാനമാണ് താന്‍ കാലഹരണപ്പെട്ടിട്ടില്ല എന്ന തിരിച്ചറിവ്. ഗണേഷിന്റെ തിരിച്ചറിവ് ഏറെക്കുറെ സത്യമാണ് എന്ന് സമാഹാരം വീണ്ടും വായിക്കുമ്പോള്‍ മനസ്സിലാകുന്നുണ്ട്.

കഥയുടെ രൂപഘടനയിലും ആഖ്യാന സങ്കേതത്തിലും ധൈര്യപൂര്‍വ്വം പരീക്ഷണത്തിനു തയ്യാറാകുന്ന ഒരു ക്രിയാത്മക സര്‍ഗ്ഗബോധം കഥാകൃത്തിനുണ്ട് എന്നതിനു തെളിവാണ് സമാഹാരത്തിലെ മിക്ക കഥകളും. കഥാപാത്രവും ക്രിയാത്മകതയും ചേര്‍ന്നുണ്ടാകുന്ന സവിശേഷമായ അര്‍ഥം പോലും എഴുത്തും വായനയും തമ്മിലുള്ളതും കഥയും ജീവിതവും തമ്മിലുള്ളതും ആയ വൈരുധ്യങ്ങളെ വലിയൊരളവില്‍ പരിഹരിക്കുന്ന പുതിയ സൂചകക്രമങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

ചങ്ങമ്പുഴയെ അറിയുക എന്ന കഥ കാല്പനീക വസന്തകാലത്തിന്റെ പ്രണയാനുഭവങ്ങള്‍ക്കു നേരെ സമകാല യുവത്വത്തിന്റെ പ്രണയസങ്കല്പങ്ങളിലൂടെയുള്ള ഒരു ഒളിഞ്ഞുനോട്ടമാണ്. കവിതക്ലാസിന്റെ ബോറടിയില്‍ നിന്ന് കമിതാക്കളുടെ രക്ഷപ്പെടല്‍ പാര്‍ക്കിലേക്കോ, ലൈബ്രറിയിലേക്കോ , സിനിമാതീയറ്ററിലേക്കോ എവിടേക്കായാലും കവിതയിലൂടെ പങ്കുവെയ്ക്കപ്പെട്ട ചങ്ങമ്പുഴക്കാലത്തിന്റെ ഗൃഹാതുരത്വത്തിലേക്കുള്ളതാണെന്ന ബോധം കഥ പങ്കുവെക്കുന്നുണ്ട്. ഓരോ കാലത്തെയും മനുഷ്യബന്ധങ്ങള്‍ അതാതുകാലത്തിന്റെ ചിഹ്നങ്ങളായാണ് ആഖ്യാനങ്ങളില്‍ കടന്നുവരിക. സ്ത്രീപുരുഷ ബന്ധങ്ങള്‍ ചരിത്രനിരപേക്ഷമല്ല എന്നല്ല ചങ്ങമ്പുഴയിലേക്കു തിരിയുന്ന കഥ പറഞ്ഞുവെക്കുന്നത്. ആന്തരികതലത്തില്‍ ചങ്ങമ്പുഴക്കാലത്തോട് വൈരുധ്യാത്മകമായ ഒരു ബന്ധം സ്ഥാപിച്ചുകൊണ്ടാണ് കഥ സമകാലത്തിന്റെ ആഖ്യാനമാകുന്നത്. അതേസമയം അക്ഷരങ്ങള്‍ക്ക് പുറത്തെ ജീവിതമായി കവിതയെ അറിയുന്ന പുതിയ തലമുറയുടെ സാന്നിധ്യം കഥാകൃത്ത് ഇവിടെ കാണുന്നുണ്ട്. സമകാലീകമായ അനുഭവങ്ങളെ സ്വാംശീകരിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്നതിലല്ല അത് യുവമനസ്സുകളുടെ വിചാരമാതൃകകളിലൂടെയും ഭാഷാശൈലികളിലൂടെയും തികച്ചും തന്റെ കാലത്തിന്റെതായ ഒരാഖ്യാന സങ്കേതമാക്കി വികസിപ്പിക്കുന്നിടത്താണ് കഥാകൃത്ത് വിജയിച്ചത്.

കൂടിക്കുഴഞ്ഞ അനുഭവങ്ങളുടെ ക്രമം തെറ്റിയ ആഖ്യാനത്തിന്റെ അഴിഞ്ഞ ഘടന സമാഹാരത്തിലെ പല കഥകള്‍ക്കുമുണ്ട്. ബസ് ഒര്‍ ക്രിയാത്മക്ക കഥാപാത്രം എന്ന കഥ അത്തരമൊന്നാണ്. ബസ് ഒരു ക്രിയാത്മക കഥാപാത്രം എന്ന വാക്യം ബസ് അപകടത്തില്‍ പെടുന്നതിന് തൊട്ടുമുന്‍പ് അതില്‍നിന്നിറങ്ങിപ്പോയ അജ്ഞാതന്റെ നാവില്‍ നിന്നാണ് സുധാകരന്‍ എന്ന പോക്കടടിക്കാരന്‍ കേട്ടത്. അനുഭവത്തിനും അതെക്കുറിച്ചുള്ള ആശയവിനിമയത്തിനുമിടയില്‍ ഭാഷയെന്ന മാധ്യമത്തിന്റെ അഭാവം ഊമയായ സുധാകരന്റെ സന്ദിഗ്ധതയായി മാറുന്നു. അയാളുടെയെന്നതുപോലെ ബസിനുള്ളിലെ ഭിന്നസ്വഭാവികളായ മനുഷ്യരുടെ ജീവിതത്തിനു മേലുള്ള ഇടപെടലാകുന്നു ബസ് എന്ന കഥാപാത്രത്തിന്റെ പ്രവചിക്കപ്പെട്ട ക്രിയാത്മകത.

ക്രിയാതന്ത്രങ്ങള്‍ എന്ന കഥയില്‍ ചരിത്രത്തെയും സമകാലജീവിതത്തെയും ഉപഹാസഭാഷയില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നുണ്ട്. അധിനിവേശത്തില്‍ നിന്നുള്ള വിമോചനം എന്ന രാഷ്ട്രീയ അനുഭവത്തെ സ്വാതന്ത്ര്യ സമരത്തിന്റെയും ദേശീയപ്രസ്ഥാനങ്ങളുടെയും വിമോചനസമരങ്ങളുടേയും ഫലം എന്ന നിലയില്‍ നിന്നു വേര്‍പെടുത്തി, ആഭിചാരത്തിന്റെയും മന്ത്രവാദത്തിന്റെയും ചിലവില്‍ ആധികാരികമാക്കുന്നതില്‍ ഒരു മൌലികമായ ഹാസ്യമുണ്ട്. ചരിത്രനിര്‍മ്മാണത്തിനു പിന്നിലുള്ള അധികാര രാഷ്ട്രീയത്തിന്റെ ഇടപെടലുകള്‍ക്ക് നേരെയുള്ള മുനയുള്ള പരിഹാസമായിത്തീരുകയും ചെയ്യുന്നുണ്ട് കഥ. അതോടൊപ്പംതന്നെ, മൂല്യബോധവും ചരിത്രബോധവും തമ്മില്‍ വേര്‍തിരിഞ്ഞു നില്‍ക്കുന്ന സമകാല ലോകത്തിന്റെ വൈരുധ്യങ്ങളെയും കഥ പ്രതിനിധാനം ചെയ്യുന്നു. മൂല്യബോധത്തില്‍ തനിപ്രാകൃതനും കാലബോധത്തില്‍ സമകാലീകനുമായ മനുഷ്യന്റെ ചരിത്രബോധത്തെ പരിഹസിക്കാനുള്ള ഏറ്റവും മുനയുള്ള മാധ്യമം ഭാഷതന്നെയാണ് എന്ന് കഥാകൃത്ത് തിരിച്ചറിയുന്നുണ്ട്.

സാതന്ത്ര്യ സമരക്കരനായിരുന്നെങ്കിലും മുത്തച്ഛന്‍ ഇംഗ്ലീഷുകാരെ നേരിട്ടത് സമരം കൊണ്ടല്ല. മൂന്നാം മുറകള്‍ മുത്തച്ഛന്റെ കൈവശം അനവധി ഉണ്ടായിരുന്നു. അഥര്‍വ്വമന്ത്രങ്ങള്‍ ഉരുവിട്ടും അടിമക്കാവിന് പുറത്തുള്ള അരളിക്ക് ചുവട്ടിലെ വിഗ്രഹത്തിന്‍ മുളകു പുരട്ടിയും ഞാവള്‍ മഷി തേച്ചും കോഴിരക്തം കുടിപ്പിച്ചുമാണ് വളരെ ബുദ്ധിമുട്ടി മുത്തച്ഛന്‍ നമുക്ക് സ്വാതന്ത്ര്യം മേടിച്ചുതന്നത്.

മനുഷ്യന് നേരെ തിരിഞ്ഞ് മറഞ്ഞിരിക്കുന്ന ഒരു ക്യാമറ ജീവിതത്തിനു മേല്‍ ഇടപെടുന്ന ഒരു രാഷ്ട്രീയമാണ്. സമകാലത്തിന്റെ മൂന്നാം കണ്ണ് മുന്‍പറഞ്ഞ അധികാര രാഷ്ടീയത്തിന്റെ സൂക്ഷദൃഷ്ടിയായി സമന്വയിക്കുമ്പോള്‍ കഥ ദേശീയതയുടെ അന്യാപദേശമായി വികസിക്കാന്‍ ശേഷിയുള്ളതായിത്തീരുന്നു.

അടുത്ത നിമിഷത്തില്‍ അവളുടെ ക്യാമറകള്‍ ഓണക്കുവാനായി അവളെഴുന്നേറ്റു. അപ്പോള്‍ മുന്നില്‍ തെളിഞ്ഞുകണ്ട ക്യാമറയുടെ ചുവന്ന വെളിച്ചങ്ങളിലൊന്ന് മുത്തച്ഛന്റെ ചെമന്ന ഉണ്ടക്കണ്ണാണെന്നറിഞ്ഞ് അവള്‍ ആഴത്തില്‍ നിന്ന്‍ ഒരു നിലവിളി പറിച്ചെടുത്തു രക്ഷനേടി.

മാധ്യമങ്ങളില്‍ നിന്ന്, മറഞ്ഞിരിക്കുന്ന ഒരു ക്യാമറയില്‍ നിന്നും സ്വന്തം യാഥാര്‍ത്ഥ്യത്തെ സംരക്ഷിക്കുന്നതെങ്ങനെ എന്ന സമകാലീകമായ പ്രതിസന്ധി ഭയപ്പെടുത്തുനന്‍ ചരിത്രത്തോടുള്ള ഭയം തന്നെയായി കഥയില്‍ മാറുന്നു.

എഴുതപ്പെട്ട കൃതിയിലെ അനുഭവസത്തയും ഒരു വായനക്കാരന്റെ , അതും സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരുവന്റെ ജീവിതാനുഭവങ്ങളും തമ്മിലുള്ള അകലം അപ്രത്യക്ഷമാകുന്ന ഒരനുഭവത്തിന്റെ കൌതുകമാണ് ബി.മുരളിയും സിത്താരയും എന്നെ മോഷ്ടിക്കുന്നു എന്ന കഥയിലുള്ളത്. വായനയുടെ സമകാലം എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ദൂരം ഗണ്യമായിക്കുറച്ചിരിക്കുന്നു എന്നത് യുവതലമുറയുടെ എഴുത്തിന്റെ സവിശേഷത കൂടിയാണ്.

പ്രാന്തുള്ളവരും ഇല്ലാത്തവരും എന്ന കഥയിലെ ചെല്ലപ്രാന്തിയും ഭ്രാന്തന്‍ ചാമിയും വ്യത്യസ്തതയുള്ള കഥാപാത്രങ്ങളാണ്. ഭ്രാന്തന്റെയും ഭ്രാന്തിയുടേയും ആശയവിനിമയത്തിന്റെ മാധ്യമം തന്നെ ഭ്രാന്താകുന്നു. ഒരു അഞ്ചു പൈസാ നാണയം കൊണ്ട് തനിക്കാവശ്യമുള്ള ഏതു വിനിമയവും സാധിക്കുന്ന ചാമി വിനിമയ മൂല്യങ്ങള്‍ക്കുള്ളില്‍ വികസിച്ചു വളര്‍ന്ന ലോകബോധത്തെയും സമൂഹസങ്കല്‍പ്പത്തെയും പരിഹസിക്കുന്ന കഥാപാത്രമായി മാറുന്നു. തനിക്ക് ഭ്രാന്താണ് എന്ന തിരിച്ചറിവ് ഭ്രാന്തിന്റെ ലക്ഷണമല്ല. അത് ഭ്രാന്തിനെക്കുറിച്ചുള്ള ബോധത്തിന്റെ ലക്ഷണമാണ്. ഭ്രാന്തിന്റെ പങ്കിടല്‍ ഒറ്റപ്പെട്ടവരുടെ കൂട്ടുചേരലായി മാറുന്നു. അതിന്റെ മൂര്‍ദ്ധന്യതയില്‍ ചെല്ലപ്രാന്തിയെ വകവരുത്തിക്കഴിയുമ്പോഴാണ് താന്‍ ഭ്രാന്തനാണെന്ന ബോധത്തിലേക്ക് അയാള്‍ എടുത്തെറിയപ്പെടുന്നത്. അങ്ങനെ പോലീസിന്റെ പിടിയിലാകുന്ന ചാമി കഥയുടെ പേരുസൂചിപ്പിക്കുന്നതു പോലെ തന്നെ ഭ്രാന്തിന്റെയും ഭ്രാന്തില്ലായ്മയുടെയും തിരിച്ചറിവുകളെ നിര്‍ണ്ണയിക്കുന്ന സമൂഹത്തിനു നേരെ ഉന്നയിക്കപ്പെടുന്ന ചോദ്യമാണ്.

ഇരുള്‍ മുറിച്ചു കടക്കുമ്പോള്‍ എന്ന കഥയിലെ സീതാരാമന്‍ ..എസിന്റെ അനുഭവങ്ങള്‍ മാനസികവിഭ്രാന്തിയുടേത് എന്നതില്‍ നിന്ന് സമൂഹത്തിന്റെ ഗുരുതരമായ രോഗാവസ്ഥയെക്കുറിച്ചുള്ള സൂക്ഷജ്ഞാനത്തിന്റെത് എന്ന ബോധത്തിലേക്ക് പരിണമിച്ച് രാഷ്ട്രീയമായി മാറുന്നു.

ജീന്‍സ് ചോദിച്ചു.
അല്ലാ, ആശ്രമസ്വാമിജിയുടെ വസ്ത്രം എവിടെയാണ്? കാണുന്നില്ലല്ലോ?
പീതവസ്ത്രങ്ങള്‍ ഇങ്ങണെ നാവനക്കി.
സ്വാമിജി ഒരിക്കലുപയോഗിച്ച വസ്ത്രം പിന്നീടുപയോഗിക്കാറില്ല, മുന്‍സിപ്പാലിറ്റിയുടെ ചവറ്റുകൂനയിലെറിയും.

ഇത്തരം രാഷ്ട്രീയം സമാഹാരത്തിലെ മറ്റു പല കഥകളിലുമുണ്ട്. കോണ്‍‌വെന്റ് സ്കൂളിന്റെ ബാത്‌റൂമില്‍ അബദ്ധത്തില്‍ ബന്ധിതയായിപ്പോയ ബാലികയുടെ ദുരന്തം ചിത്രീകരിക്കുന്ന തിരോധാനം എന്ന കഥയും അത്തരമൊന്നാണ്. സ്ഥാപനവല്‍ക്കരിക്കപ്പെടുകയും വ്യാവസായ വല്‍ക്കരിക്കരണത്തിലേക്ക് പരിണമിക്കുകയും ചെയ്ത ഇന്നത്തെ വിദ്യാഭ്യാസക്കച്ചവടത്തിന്റെ ഒരു മൂര്‍ത്ത ബിംബമാണ് തദോരിയോസ് കോണ്‍‌വെന്റ്. വൃത്തിയായി പണിത കെട്ടിടസമുച്ചയം, വെളുത്ത പല്ലിളിക്കുന്ന മേലൊട്ടാത്ത കുമ്മായം തേച്ച ഭിത്തികള്‍, ചട്ടികളില്‍ വളരുന്ന അലങ്കാരസസ്യങ്ങള്‍, വെള്ളം ചീറ്റുന്നതുപോലെ തൂങ്ങിയാടുന്ന ഭംഗിവള്ളികള്‍, അയ്യായിരത്തിലധികം വരുന്ന പഠിതാക്കളുടെ ഉച്ഛാസനിശ്വാസങ്ങള്‍ നിറഞ്ഞ പ്രവൃത്തിദിവസങ്ങളുടെ അസാമാന്യമായ നിശബ്ദത, പുറത്തെ ആള്‍ക്കൂട്ടത്തിന് കോട്ടയുടെ ദുരൂഹത. ശ്വാസം മുട്ടിക്കുന്ന ഇത്തരം അനുഭവങ്ങള്‍ ആവിഷ്കാരം തേടിയപ്പോഴാണ് ഗണേഷിന്റെ കഥകള്‍ സമകാലത്തിന്റെ മൂര്‍ച്ചയുള്ള വിമര്‍ശനങ്ങളായത്.

ഇങ്ങിനെ പ്രണയം , മനുഷ്യബന്ധങ്ങള്‍ , ജിവിതം, ചരിത്രം , മാധ്യമം, ഭ്രാന്ത്, ബോധം, വിനിമയമൂല്യം, സ്ഥാപനങ്ങള്‍, പ്രത്യയശാസ്ത്രം, എന്നിങ്ങനെ അനന്തമായി നീണ്ടുപോകുന്ന, തൊട്ടുമുമ്പത്തെ തലമുറ മറ്റൊരു വഴിക്ക് ചര്‍ച്ചചെയ്തും പുതിയ തലമുറ വ്യത്യസ്തമായ പലവഴികളില്‍ അടയാളപ്പെടുത്തിയതുമായ വിഷയങ്ങളുടെ മൌലീകമായ ഒരു സാധ്യത ഗണേഷിന്റെ കഥകളിലുണ്ട് . സമൂഹത്തിലേക്ക് ചുഴിഞ്ഞുനോക്കുന്ന ഒരു എഴുത്തുകാരനും ഇന്ന് വിഷയത്തിനു പഞ്ഞമുണ്ടാവില്ല. പ്രശ്നങ്ങളുണ്ട് എന്നു മനസ്സിലാക്കുന്ന ഒരാള്‍ക്കുമാത്രമേ അവയെ കൃത്യമായി തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. അവശേഷിക്കുന്നത് എങ്ങനെ ആവിഷ്കരിക്കണം എന്ന പ്രശ്നം മാത്രം. അത് എഴുത്തുകാരന്റെ പരീക്ഷണശാലയില്‍ രൂപപ്പെടുകയും ചെയ്യും. ഗണേഷിന്റെ പരീക്ഷണശാലയില്‍ നിന്നും വിലപ്പെട്ട ഇനിയും പ്രതീക്ഷിക്കാനുള്ള പ്രേരണ സമാഹാരം നല്‍കുന്നുണ്ട്. തീര്‍ച്ചയായും ഗണേഷിന് സ്വന്തമെന്നവകാശപ്പെടാവുന്ന ഭാഷയും ശൈലിയുമുണ്ട്. നിര്‍മ്മമതയില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന നര്‍മ്മബോധത്തിന്റെതായ ഭാഷയും അനന്യവും സംവേദനക്ഷമവുമായ ശൈലിയും, സ്വന്തം കാലത്തെ പകരിത്തിഴെതുന്നതില്‍ ഒട്ടൊക്കെ ഗണേഷിനെ പ്രാപ്തനാക്കിയുണ്ട് എന്നതാണ് എടുത്തു പറയാവുന്ന ഒരു വിജയം. ഭാഷയിലുംആഖ്യാനത്തിലുമുള്ള രൂപകാത്മക ശൈലിയുടെ ഏകതാനത പക്ഷേ ഭാവിയില്‍ ഗണേഷിന് ഏറെ ഗുണം ചെയ്യാനിടയില്ല. നോവലിന്റെ മാധ്യമബോധം കൂടി കൈവശമുള്ള ഗണേഷിന് പഴയതിനേക്കാള്‍ മികച്ച പുതിയതിലേക്കു വളരാതെ, പഴയതിന്റെ സമകാലീക സാധ്യതകളില്‍ മാത്രം ഊന്നിക്കൊണ്ടുള്ള തുടര്‍ച്ചയും എളുപ്പമാവില്ല എന്ന മുന്നറിയിപ്പുകൂടി പുന:പ്രകാശിതകൃതി നല്‍കുന്നുണ്ട്.

Tuesday, January 20, 2015

ആയുസ്സിന്റെ പുസ്തകം


പുസ്തകം : ആയുസ്സിന്റെ പുസ്തകം
രചയിതാവ് : സി.വി.ബാലകൃഷ്ണന്‍

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : ലാസര്‍ ഡിസല്‍‌വഥയില്‍ അപരിചിതമോ സുപരിചിതമോ ആയ ഒരു കാലമുണ്ട്. കഥയില്‍ അപരിചിതമോ സുപരിചിതമോ ആയ ഒരു സ്ഥലമുണ്ട്. ഏത് കാലത്തിലെയും, ഏത് സ്ഥലത്തിലെയും അനുവാചകനിലേക്ക് അത് സംക്രമിക്കുന്നു. ആ ഒഴുക്കിന്റെ തീവ്രതയെ അളന്നുകൊണ്ടാണ് ഒരു പുസ്തകത്തിന്റെ ആയുസ്സ് നിര്‍ണ്ണയിക്കുക. വടക്കന്‍ കേരളത്തിലെ കുടിയേറ്റത്തിന്റെ പത്തന്‍പത് വര്‍ഷം മുന്‍പത്തെ അവസ്ഥാന്തരങ്ങളിലൂടെയാണ് 'ആയുസ്സിന്റെ പുസ്തകം' സഞ്ചരിക്കുക. മലമുകളിലെയും താഴ്വാരങ്ങളിലെയും കുടിയേറ്റ പ്രദേശങ്ങള്‍ ഇന്നു കേരളത്തിലെ മറ്റേതൊരു ഗ്രാമത്തെയും പട്ടണത്തെയും പോലെ ആധുനികമായിക്കഴിഞ്ഞു. യൂണിലിവറിന്റെ ഒരു ഉല്‍പ്പന്നമെങ്കിലും എത്താത്ത ഒരു ഗ്രാമവും ഇന്നു കേരളത്തില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. വ്യതിരക്തമായ അസ്തിത്വമോ പ്രാദേശികമായ വ്യത്യാസങ്ങളോ പണ്ടത്തെ പോലെ പ്രകടമല്ല. ആ നിലയ്ക്ക് ഒരു കാലത്തിന്റെ, ഒരു ഇടത്തിന്റെ, ഒരു അനുഭവലോകത്തിന്റെ വൈകാരികമായ പുന:സംപ്രേഷണമാണ് ഈ നോവല്‍ ഇന്നേയ്ക്ക് ബാക്കിവയ്ക്കുക. ഗ്രാമപാതയിലൂടെ ലക് ഷ്യങ്ങളില്ലാതെ, കെട്ടുപാടുകളില്ലാതെ അലഞ്ഞുനടക്കുന്ന യോഹന്നാന്‍ ഒരു ആഗ്രഹമാണ്, എന്നോ കളഞ്ഞുപോയ ഒരു ആഗ്രഹം.

ഒരു കഥാക്യാമ്പില്‍ വച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് സി. വി. ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു - കൌമാരം കഴിയുന്നതോടെ രതി അവസാനിക്കുന്നു. പിന്നീട് ലൈംഗീകതയെ ഉള്ളൂ - എന്ന്. രതിയുടെയും ലൈംഗീകതയുടെയും വന്യമായ നിറച്ചാര്‍ത്തുകളാണ് ഈ പുസ്തകത്തിന്റെ അനുഭവലോകം. ഒരു നിമിഷത്തിന്റെ ഉണര്‍ച്ചയില്‍ തന്റെ കൊച്ചുമകളെക്കാളും പ്രായംകുറഞ്ഞ ഒരു ബാലികയോട് ബലാല്‍ക്കാരത്തിനു മുതിരുകയും അതിന്റെ പാപഭാരത്തില്‍ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന പൌലോയില്‍ ആരംഭിക്കുന്ന നോവല്‍, തന്റെ വിവാഹാഭ്യര്‍ഥന നിരസിക്കുകയും അതേസമയം നവയുവാവായ തന്റെ മകനുമായി രതിയിലെര്‍പ്പെടുകയും ചെയ്യുന്ന വിധവയായ സാറയെ കൊല്ലുന്ന തോമയില്‍ അവസാനിക്കുന്നു. പ്രണയം ഈ പരിസരങ്ങളിലെവിടെയും വിഷയമാവുന്നില്ല. ആനിയുടെയും കൊച്ചച്ചനായ മാത്യുവിന്റെയും നിശബ്ദമായ ബന്ധത്തിന്റെ ചെറിയ അടരുകളില്‍ പോലും ശരീരത്തിന്റെ സൂചനകള്‍ കടന്നുവരുന്നു. പ്രണയാതീതമായ കാമത്തിന്റെ പ്രവര്‍ത്തിപ്രദേശങ്ങളിലൂടെ എന്നത് തന്നെയാവാം എഴുത്തുകാരന്റെ സര്‍ഗ്ഗതീരുമാനവും.

രതിയും പ്രണയവും ആദിമകാലം മുതല്‍ ഉള്ളതും എന്നും പ്രശ്നവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന അനുഭവപ്രദേശമാണ്. മാറുന്നത് ആ അനുഭവത്തിന്റെ അക്സസറീസ് മാത്രമാണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ച് കാല്‍നൂറ്റാണ്ട് കഴിയുമ്പോള്‍, ഗ്രാമ്യനിറവുകളുള്ള, കാമബഹുലമായ ഇത്തരം ഇടങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഏറെക്കൂറെ അന്യംനിന്നിരിക്കുന്നു. ഗ്രാമസംബന്ധിയായ ഏകകങ്ങളുടെ നഷ്ട്ടപ്പെടലോടെ സംഭവിച്ച ഒരു അനുഭവലോകമാണത്. ഇത്തരം നഷ്ടലോകങ്ങള്‍ക്ക് സാഹിത്യത്തില്‍ ഗുണദോഷങ്ങളുടെ ചില അതീതതലങ്ങള്‍ ഉണ്ടു. "രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഒരു വെളുത്ത പ്രാവ് യോഹന്നാന്റെ മേല്‍ പറന്നിറങ്ങി. അത് അവന്റെ ഉടലിലെങ്ങും ചിറകുരുമ്മി. ആ ചിറകുകളുടെ ചൂടില്‍ അവന്‍ സ്വയം ഉടല്‍ തൊട്ടറിഞ്ഞു. അത് ഒരു ഇല പോലെ വിറയ്ക്കുന്നുണ്ടായിരുന്നു. ഉടല്‍ അതിന്റെ സങ്കീര്‍ത്തനമാലപിക്കുകയായിരുന്നു. പ്രാവ് ചിറകടിച്ചുകൊണ്ടിരുന്നു. അവന് തിടുക്കമുണ്ടായി, വെമ്പലുണ്ടായി, ഒന്നാമത്തെ ദിവസം". യോഹന്നാന്റെ ആദ്യത്തെ സ്വയംഭോഗാനുഭവത്തെ കുറിച്ചുള്ള ഈ ആലങ്കാരിക വര്‍ണ്ണന ഇന്നൊരു വികടമന്ദഹാസത്തോടെയല്ലാതെ വായിക്കാനാവില്ല. ഇത്രയും ആര്‍ഭാടം സമകാലിക ഭാവുകത്വവും ഭാഷയും ചെടിപ്പോടെയല്ലാതെ അനുവദിച്ചു തരികയുമില്ല. കാലത്തെ കവച്ചുകടക്കാനാവാത്തത് പരാധീനത തന്നെയാണ്.

മുന്‍കുറിപ്പില്‍ സക്കറിയ എഴുതുന്നു: "വേദപുസ്തകത്തിന്റെ ഭാഷയുടെ ചുവടുപിടിച്ചാണ് ബാലകൃഷ്ണന്‍ തന്റെ നോവല്‍ ഭാഷ മെനയുന്നത്". പിന്‍കുറിപ്പില്‍ ശാരദകുട്ടി ഇങ്ങിനെയും: "ബൈബിളിലേത് ഭാവഗീതത്തോട് അടുത്തുനില്‍ക്കുന്ന കാവ്യാത്മക ഭാഷയാണ്‌. സംഗീതാത്മകമായ ആ ഭാഷയാണ്‌ ആയുസ്സിന്റെ പുസ്തകത്തില്‍ എഴുത്തുകാരന്‍ സ്വീകരിച്ചിരിക്കുന്നത്". ആധുനിക മലയാള ഗദ്യത്തിന്റെ ശൈശവദശയില്‍ തന്നെ സ്വതന്ത്രമായി വിവര്‍ത്തനം ചെയ്യപെട്ട പുസ്തകമാണ് ബൈബിള്‍. അക്കാലത്തെ മലയാളഭാഷയുടെ ഗുണദോഷങ്ങള്‍ എല്ലാം അതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. പല ഭാഷകളിലൂടെ കടന്നു മലയാളത്തിലെത്തുമ്പോള്‍ ബൈബിളിനു ഒരു ഭാഷാ അസ്തിത്വം ഉണ്ടെന്നു നിരൂപിക്കുന്നത് പാകമായ നിരീക്ഷണമായി കരുതാനാവില്ല. ഭാഷാസ്വത്വം മൂലഗ്രന്ഥത്തിന് അവകാശപെട്ടതാണ്. ഇന്നത്തെ മലയാളത്തിന്റെ വൈവിധ്യമുള്ള ഭാഷാപ്രയോഗങ്ങളില്‍ ഒക്കെയും ബൈബിള്‍ വിവര്‍ത്തനം സാധിക്കാം എന്നിരിക്കെ ഇത്തരം വാദങ്ങള്‍ പ്രാഥമികമായി തന്നെ റദ്ദാക്കപ്പെടുന്നു.

പ്രാഥമികമല്ലാത്ത മറ്റുചിലത് കൂടി കാണാതെ പോകയുമരുത്. നോവലിന്റെ തുടക്കഭാഗത്ത് ഇങ്ങിനെ കാണാം: "ആനി അടുത്തെത്തി അവളോട്‌, 'റാഹേല്‍, റാഹേല്‍ നീ കരഞ്ഞതെന്തിന്, നിന്റെ മുഖം വിളറിയിരിക്കുന്നതെന്തുകൊണ്ട്' എന്ന് ചോദിച്ചു.
എന്നാറെ അവള്‍ അത്യന്തം ഭ്രമിച്ചു നടുങ്ങി. പുറത്തേക്ക് വഴിതിരിയുന്ന വലിയ നിലവിളിയോടും കണ്ണീരോടും കൂടി അവള്‍ ഓടി പോയി.
ആനിയും യോഹന്നാനും ഭയപ്പെട്ടു നിന്നു. അനന്തരം അവര്‍ റബര്‍ മരങ്ങള്‍ക്കിടയിലൂടെ ഓടി തട്ടുകളിറങ്ങി". ബൈബിള്‍ ഭാഷയെന്നു പൊതുവെ പറഞ്ഞുപോയ 'കാവ്യാത്മക ഭാഷ'യുടെ പ്രയോഗം ഇവിടെ കാണാം. ഒരു പേജിനപ്പുറം രണ്ടാമദ്ധ്യായം അവസാനിക്കുന്നത് ഇങ്ങിനെയാണ്‌: "അയാള്‍ ഒന്ന് ഞരങ്ങി. അത് തോമയെ ലക്ഷ്യമാക്കിയ തെറിവാക്കായിരുന്നു. തോമാ അത് കേള്‍ക്കുകയും ചെയ്തു. അയാള്‍ക്ക്‌ പിന്നെയും സമനിലതെറ്റിയ മട്ടായി. കാലുയര്‍ത്തി ആഞ്ഞുതൊഴിച്ചു. പൌലോ ദീനമായി മോങ്ങി. കൂട്ടില്‍ നിന്നും പന്നികളും കരഞ്ഞു.
വീണ്ടും തൊഴിക്കാനാഞ്ഞ തോമയെ യാക്കോബും ഫിലിപ്പോസും ബലം പ്രയോഗിച്ചു നീക്കി. ഇത്തവണ കുറേക്കൂടി അകലേയ്ക്ക്, വളരെ കരുതലോടെ.
'കത്തിയില്ലായിരുന്നു കയ്യില്‍, നാശം' തോമ പിറുപിറുത്തു.
'അത് നന്നായി, അല്ലേല്‍ താന്‍ ഈ പരുവത്തില്‍ കിളവനെ കൊന്ന് ജയിലില്‍ കേറിയേനെ' ഫിലിപ്പോസ് പറഞ്ഞു
തോമാ പുച്ചത്തോടെ ചിരിച്ചു:
'ജയില് കേറാന്‍ എനിക്ക് പേടിയൊന്നുമില്ല. ഒരിക്കല് കേറിയതുമാ...'" ഇവിടെ ബൈബിളിലെ 'ഭാവഗാനാത്മകത'യൊന്നും ദൃശ്യമല്ല. ഇത്തരത്തില്‍ തുടരുന്ന ഇടകലര്‍ന്ന ഭാഷാപ്രയോഗത്തിന്റെ സങ്കരസ്വഭാവം പ്രലോഭനീയം അല്ലെങ്കിലും, കലുഷമഗ്നവും അന്ത:സ്സാരപതിതവുമായ 'ഫ്രാന്‍സിസ് ഇട്ടികോര'പോലുള്ള നോവലുകള്‍ ക്രമാതീതമായി പരിലാളിക്കപ്പെടുന്ന സമകാലത്ത് 'ആയുസ്സിന്റെ പുസ്തകം' ചരിത്രസാംഗത്യമുള്ള വായനയുടെ ആശ്വാസം നല്‍കുന്നു എന്നത് ഒഴിവാക്കാനാവുന്നതല്ല.

Tuesday, January 13, 2015

ജീവിതമെന്ന അത്ഭുതം

പുസ്തകം : ജീവിതമെന്ന അത്ഭുതം
രചയിതാവ് : കെ.എസ്.അനിയന്‍

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : നിരക്ഷരന്‍നുഷ്ക്കയ്ക്ക് ഇപ്പോൾ എത്ര വയസ്സായി ? “ ആശുപത്രിയിൽ വെച്ച് കണ്ടുപരിചയമുള്ള താടിക്കാരനെ, പിന്നീടൊരിക്കൽ തീവണ്ടിയിൽ വെച്ച് കണ്ടപ്പോൾ ചോദിക്കാതിരിക്കാൻ ഡോൿടർക്കായില്ല. ചികിത്സിച്ച് ഭേദമാക്കാൻ പറ്റുമെന്ന് ഉറപ്പുള്ള അർബുദമായിരുന്നു രണ്ടുവയസ്സുകാരി അനുഷ്ക്കയ്ക്ക്. പക്ഷെ ചികിത്സ നൽകാൻ ബാദ്ധ്യസ്ഥരായവർ തിടുക്കത്തിൽ ഡിസ്‌ചാർജ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു അവളെ. “ കുട്ടി രണ്ട് മാസം കൂടെ കഴിഞ്ഞപ്പോൾ മരിച്ചൂപോയി”.... താടിക്കാരന്റെ മറുപടി. കുട്ടിക്ക് പിന്നീട് ചികിത്സയൊന്നും കൊടുത്തിട്ടില്ലെന്ന് തുടർന്നുള്ള സംഭാഷണങ്ങൾ വ്യക്തമാക്കുന്നു. ചികിത്സയേക്കാൾ പ്രാധാന്യം ആശുപത്രിയിൽ കൂട്ടിന് നിൽക്കുന്ന കുട്ടിയുടെ അമ്മൂമ്മയ്ക്ക് നല്ല ഭക്ഷണം സംഘടിപ്പിക്കുക എന്നതായിരുന്നല്ലോ! കുട്ടിയുടെ മാതാപിതാക്കളാകട്ടെ, ഗൾഫിൽ എണ്ണപ്പണം വാരിക്കൂട്ടുന്നതിന്റെ തിരക്കിലും.

നീ മാത്രമല്ല, എനിക്ക് വേറെയും മക്കളുണ്ട്. നിന്റെ ചികിത്സയ്ക്ക് മാത്രം പണം ചിലവഴിച്ചുകൊണ്ടിരുന്നാൽ പറ്റില്ലല്ലോഎന്നുപറഞ്ഞ് സ്വന്തം മകനെ വിധിയ്ക്ക് വിട്ടുകൊടുക്കുന്ന അമ്മ. അവിടന്ന് അയാളെ രക്ഷിച്ചെടുക്കുന്നത് ഓട്ടോറിക്ഷക്കാരായ സുഹൃത്തുക്കൾ! വിവാഹം കഴിഞ്ഞിട്ട് ഏഴ് ദിവസം; അതിൽത്തന്നെ ഒരുമിച്ച് കഴിഞ്ഞത് രണ്ട് ദിവസം മാത്രം. അപ്പോഴേക്കും ഭാര്യയെ അർബുദം പിടികൂടുന്നു. ഒഴിവാക്കി പോകാനാണ് എല്ലാവരും ചെറുപ്പക്കാരനെ ഉപദേശിച്ചത്. പക്ഷെ ഗൾഫിൽ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് അയാൾ ഭാര്യയെ രക്ഷിച്ചെടുക്കുന്നു. അമ്മയുടെ ചികിത്സയേക്കാൾ വലുത് കോളേജിൽ പോകാൻ ബൈക്ക് ഇല്ലെന്നുള്ള മകന്റെ വ്യഥ. ക്യാൻസർ ബാധിച്ച് ചികിത്സയിൽക്കഴിയുന്ന മകന്, മയക്കുമരുന്നും സിഗരറ്റുമൊക്കെ ആശുപത്രിക്കിടക്കയിൽ എത്തിച്ചുകൊടുക്കുന്നത് ഡോൿടർ കൂടെയായ അമ്മ! എന്നിങ്ങനെ ഇതുവരെയുള്ള ജീവിതത്തിൽ നാം കേൾക്കാത്തതും കാണാത്തതുമായ ഒരുപാട് മുഖങ്ങൾ കടന്നുവരുന്നുണ്ട് ഡോ:വി.പി.ഗംഗാധരന്റെജീവിതമെന്ന അത്ഭുതംഎന്ന അനുഭവക്കുറിപ്പുകളിലൂടെ. ഡി.സി.ബുക്സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിലെ അനുഭവകഥകളെല്ലാം മലയാളം വാരികയിൽ ഖണ്ഡശ: പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതാണ്. ക്യാൻസർ ചികിത്സാരംഗത്തെ അനുഭവങ്ങളും, ആതുരസേവനത്തിന്റെ ലോകത്ത് ഡോ:വി.പി.ഗംഗാധരൻ കണ്ടിട്ടുള്ള രോഗികളും അവരുടെ ബന്ധുക്കളുമൊക്കെ 31 അദ്ധ്യായങ്ങളിലൂടെ നമുക്ക് മുന്നിലെത്തുന്നു. അനുഭവകഥകൾ, വായനക്കാർക്കായി വരികളാക്കി മാറ്റിയിരിക്കുന്നത് കഥാകൃത്തായ കെ.എസ്.അനിയനാണ്. മുക്കിയും മൂളിയും പറഞ്ഞാൽ‌പ്പോലും ഉള്ള് പിടയ്ക്കാൻ പോന്ന തീക്ഷ്ണമായ അനുഭവങ്ങളൊക്കെയും, അനിയന്റെ ആഖ്യാനത്തിന്റെ മാന്ത്രികസ്പർശം കൂടെയാകുമ്പോൾ നോവിന്റെ പര്യായങ്ങളായി മാറുന്നു.

ചികിത്സിച്ച് ഭേദമാക്കിയ രോഗികളെപ്പറ്റിയുള്ള കഥകൾ മാത്രമല്ല 212 പേജുള്ള പുസ്തകത്തിലുള്ളത്. കൈവിട്ട് പോയവരെപ്പറ്റിയുള്ള വേദനകളും മറ്റ് അനുഭവങ്ങളുമൊക്കെ ഡോൿടർ പങ്കുവെക്കുന്നുണ്ട്. ഓരോ കഥകളും വായിച്ച് തീരുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞെന്ന് വരും. ഏതെങ്കിലും ഒരു കഥയ്ക്ക് ശേഷം പോലും അങ്ങനെയൊരു വികാരം വായനക്കാരനുണ്ടായില്ലെങ്കിൽ അയാൾക്ക് സാരമായെന്തോ കുഴപ്പമുണ്ട് ; നല്ലൊരു ചികിത്സയ്ക്ക് സമയമായിരിക്കുന്നു. രോഗവും രോഗിയുമൊന്നും ഇല്ലാത്ത ഒരൊറ്റ അദ്ധ്യായം മാത്രമേ പുസ്തകത്തിലുള്ളൂ. ‘ആദ്യകാറിന്റെ കന്നിയാത്രഎന്ന ലേഖനത്തിനാസ്പദമായ സംഭവദിവസം ഡോൿടർക്കുണ്ടായ മനോവ്യഥ ചെറുതൊന്നുമായിരിക്കില്ല. എന്നിരുന്നാലും ഇന്നത് ആലോചിക്കുമ്പോൾ ഡോൿടർക്കും വായിക്കുന്നവർക്കും ചിരിപൊട്ടിയെന്ന് വരും.

പലതരം അർബുദങ്ങൾ, രക്ഷപ്പെടാനുള്ള സാദ്ധ്യതകൾ ചുരുക്കമായിരുന്നിട്ടും അതിൽനിന്നൊക്കെ പിടിച്ചുകയറിയവർ, എല്ലാ മാസവും പ്രിയപ്പെട്ടവൾ വേർപിരിഞ്ഞുപോയ ആശുപത്രിയിലെത്തി അവളുടെ ആത്മാവിനോട് സംസാരിക്കുന്ന ഭർത്താവ്, ഒരു മകളെ അർബുദരോഗത്തിൽ നിന്നും ഡോ:ഗംഗാധരൻ രക്ഷിച്ചെടുക്കുമ്പോൾ അതേ ആശുപത്രിയിലെ മറ്റൊരു മുറിയിൽ മകളുടെ അമ്മയെ കാമവെറി തീർക്കാൻ ഉപയോഗിച്ച് നിത്യശയ്യയിലേക്ക് തള്ളിവിടുന്ന മറ്റൊരു ഡോൿടർ, അങ്ങനെയങ്ങനെ ഇന്നുവരെ കഥകളിലോ സിനിമകളിലോ പോലും വായിക്കാത്തതും കാണാത്തതുമായ മുഖങ്ങളുടെ നീണ്ടനിരയാണ് ഗ്രന്ഥത്തിൽ.

കൃത്യസമയത്ത് കണ്ടുപിടിക്കാനായാൽ ഒരുവിധപ്പെട്ട അർബുദരോഗമൊക്കെ പരിചരിച്ച് ഭേദമാക്കാൻ പറ്റുമെന്ന ആത്മവിശ്വാസം ഡോൿടർക്കുണ്ട്. പക്ഷെ, സമൂഹത്തെ ബാധിച്ചിരിക്കുന്ന തെറ്റിദ്ധാരണയെന്ന അർബുദത്തെ ചികിത്സിച്ച് തുരത്താൻ തനിക്കാവില്ല എന്നാണ് വ്യസനത്തോടെ അദ്ദേഹം പറയുന്നത്. പകരുന്ന രോഗമാണ് ക്യാൻസറെന്ന് കരുതുന്ന ജനങ്ങൾ, ചികിത്സയിലൂടെ രോഗവിമുക്തനായ ഒരാൾക്ക് റോഡിൽ ഇറങ്ങി നടക്കാനാവാത്ത വിധംക്യാൻസർ രോഗിഎന്ന് പരിഹസിക്കുന്നവർ, രോഗം ബാധിച്ച പെൺകുട്ടിയെ മുറിയിൽ പൂട്ടിയിടുകയും മൂന്ന് നേരം ആഹാരം കൊടുക്കാൻ മാത്രമായി കതക് തുറക്കുകയും ചെയ്യുന്ന അമ്മ. ഇത്തരത്തിലുള്ളവരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന സമൂഹത്തിന് എന്തുതരം ചികിത്സയാണ് നൽകേണ്ടത് ? തനിക്കാവുന്നവിധം ബോധവൽക്കരണപ്രവർത്തനങ്ങൾ ഡോൿടർ നടത്തുന്നുണ്ട്. കീമോത്തെറാപ്പിയും സർജറിയുമൊക്കെ നടത്തി അർബുദ കോശങ്ങളേയും രോഗാണുക്കളേയും രോഗിയുടെ ശരീരത്തിൽ നിന്ന് അകറ്റിക്കഴിഞ്ഞാൽ‌പ്പിന്നെ ഇടവിട്ടുള്ള ചില പരിശോധനകൾ മാത്രമേ ആവശ്യമുള്ളൂ. അതുകൂടെ കഴിഞ്ഞാൽ രോഗത്തിന്റേതായ യാതൊരുവിധ മരുന്നുകളും ചികിത്സകളും കൂടാതെ മുന്നോട്ട് പോകാൻ ഒരാൾക്കാകും. നേരെ മറിച്ചാണ് ഒരു ഹൃദ്‌രോഗിയുടേയോ വൃക്കരോഗിയുടേയോ അവസ്ഥ. എന്നിട്ടും ക്യാൻസറിനെ മാത്രം എന്തുകൊണ്ട് സമൂഹം ഒരു തീരാവ്യാധിയായും തീണ്ടാവ്യാധിയുമായി കാണുന്നു ?!

ആതുരസേവനരംഗത്ത് ചികിത്സയായും സ്വാന്തനമായും സ്നേഹമായും സൌഹൃദമായുമൊക്കെ ഡോ:വി.പി.ഗംഗാധരൻ ചൊരിയുന്ന കനിവിന്റെ ഉറവ് ഗ്രന്ഥത്തിൽ കാണാമെങ്കിലും കൈയ്യയച്ച് അദ്ദേഹം ചെയ്യുന്ന സാമ്പത്തിക സഹായങ്ങൾ മനഃപൂർവ്വം പരാമർശിക്കപ്പെടാതെ പോകുകയാണ്. ഇടം കൈ ചെയ്യുന്നത് വലംകൈ അറിയരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ഡോൿടറെ നേരിട്ടറിയുന്നവർക്കൊക്കെ ബോദ്ധ്യമുണ്ടാകും. സ്വന്തം കൈയൊപ്പിട്ട സത്യവാങ്ങ്മൂലം നൽകാത്തതുകൊണ്ട് പത്മ പുരസ്ക്കാരങ്ങൾ അടക്കമൂള്ള ബഹുമതികളൊന്നും ഇതുവരെ അദ്ദേഹത്തിന്റെ പേരിൽ രേഖപ്പെടുത്തിയിട്ടില്ല. അംഗീകാരങ്ങളും ആദരവുകളുമൊക്കെ കരിങ്കല്ലിലെന്നപോലെ കൊത്തിയിട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ രോഗികളുടേയും അവരുടെ ബന്ധുക്കളുടേയുമൊക്കെ ഹൃദയത്തിലാണ്. അതിന്റെ തിളക്കം എല്ലാക്കാലം നിലനിൽക്കുകയും ചെയ്യും.

പൂജാമുറിയിലാണ് ഒരു ടീച്ചർ പുസ്തകം സൂക്ഷിച്ചിരിക്കുന്നത്. ഇതിലെ ഒരു പേജെങ്കിലും വായിക്കാതെ ഒരു ദിവസം പോലും ഉറങ്ങാറില്ലെന്നാണ് അവർ പറയുന്നത്. കേരളത്തിലോ വെളിയിലോ, ഏതെങ്കിലുമൊരു കുടുംബത്തിന്റെ പൂജാമുറിയിൽ, ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ഡോ:ഗംഗാധരന്റെ ഒരു ഫോട്ടോ കാണാനിടയായാൽ അതിനെയാരും നിസ്സാരമായിട്ട് കാണുകയോ പുച്ഛിച്ച് തള്ളുകയോ ചെയ്യരുത്. കാരണം, മറ്റനേകം അർബുദ രോഗികളെപ്പോലെ, വീട്ടുകാർക്ക് അദ്ദേഹം കൺകണ്ട ദൈവം തന്നെയാണ്.

വാൽക്കഷണം:- ജി.വി.ശ്രീകുമാർ ഡിസൈൻ ചെയ്ത പുസ്തകത്തിന്റെ മുഖചിത്രത്തിൽ ഡോൿടറുടെ ചിത്രത്തിന്റെ പുറകിലായി കാണുന്ന ചുവന്ന ട്രാഫിക് ലൈറ്റിന്റെ അർത്ഥമെന്താണ് ? പുസ്തകം വായിച്ചുതീർക്കുന്ന ഒരാൾക്ക് അതിന്റെ അർത്ഥം മനസ്സിലാക്കാൻ കൂടുതൽ ആലോചിക്കേണ്ടി വരില്ല. സ്റ്റോപ്പ്....... അർബുദ രോഗാണുക്കൾക്ക് ഇതിനപ്പുറത്തേക്ക് പ്രവേശനമില്ല. ഇവിടെ ഡോ:ഗംഗാധരൻ തന്റെ രോഗികൾക്ക് താങ്ങും തണലും തുണയും സ്വാന്തനവുമൊക്കെയായി നിങ്ങളുടെ വഴിമുടക്കി നിൽക്കുന്നു.‘