Tuesday, February 24, 2015

പുറം മറുപുറം


പുസ്തകം : പുറം മറുപുറം
രചയിതാവ് : എന്‍.എസ്‌.മാധവന്‍

പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌

അവലോകനം : ബിജു.സി.പി

തിവു വഴികള്‍ വിട്ട്‌ പുതുപാതകളിലൂടെയുള്ള സമുദ്രയാനങ്ങള്‍ വഴി, പുതിയ പുതിയ ഭൂഖണ്ഡങ്ങളിലേക്ക്‌ വായനക്കാരെ കൊണ്ടുചെന്നെത്തിക്കുന്നവയാണ്‌ എന്‍.എസ്‌.മാധവന്റെ സാഹിത്യ നിരൂപണലേഖനങ്ങള്‍.

മലയാളത്തില്‍ ഏറ്റവുമധികം കൊണ്ടാടപ്പെട്ടിട്ടുള്ള എഴുത്തുകാരിലൊരാളാണ്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍. എന്നാല്‍, ബഷീറിന്റെ ജീവിതകഥയെ വാസ്‌തവങ്ങളോടും ചരിത്രവസ്‌തുതകളോടും ചേര്‍ത്തു വെച്ചു വിലയിരുത്താനുള്ള ഒരൊറ്റ ശ്രമമേ പൊതുശ്രദ്ധയില്‍ വന്നിട്ടുള്ളൂ. അത്‌ എന്‍.എസ്‌.മാധവന്റെ ബഷീര്‍ വായനയാണ്‌. എഴുത്തുകാരന്റെ ജീവിതം വലിയൊരു കല്‌പിത കഥയായി മാറുന്നതിനെക്കുറിച്ചുള്ള ഈ നിരീക്ഷണങ്ങള്‍ പക്ഷേ, വളരെ വലിയ ഒച്ചപ്പാടുകളാണുണ്ടാക്കിയത്‌. ബഷീറിനെ മഹാനായ എഴുത്തുകാരനാക്കുന്നത്‌ അട്ടിമറികള്‍ അദ്ദേഹത്തിനു സഹജമായിരുന്നതു കൊണ്ടാണ്‌ എന്ന്‌ തെളിവുകള്‍ സഹിതം വിവരിക്കുന്നുണ്ടെങ്കിലും എന്‍.എസ്‌.മാധവന്റെ എഴുത്ത്‌ ബഷീറിനെ തകര്‍ക്കാനുള്ള ശ്രമമായാണ്‌ ഒരു വിഭാഗം പേര്‍ കണ്ടത്‌. അടുത്തകാലത്ത്‌ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഈ ബഷീര്‍ വായന ഉള്‍പ്പെടെയുള്ള പ്രൗഢലേഖനങ്ങളുടെ സമാഹാരമാണ്‌ എന്‍.എസ്‌.മാധവന്റെ പുറം മറുപുറം. (പേജ്‌ 136, വില 100 രൂപ)

മലയാളിയുടെ സാഹിത്യാസ്വാദനശീലങ്ങളില്‍ത്തന്നെ കാതലായ മാറ്റങ്ങളുണ്ടാക്കിയ രചനകളിലൊന്നാണ്‌ ഖസാക്കിലെ സമ്പദ്‌ വ്യവസ്ഥ എന്ന പ്രബന്ധം. സാഹിത്യാസ്വാദനത്തെ സാമ്പത്തിക രാഷ്ട്രീയ തലങ്ങളിലേക്കു കൈപിടിച്ചുയര്‍ത്തിയ മികച്ച ലേഖനം. സാഹിത്യരചനകള്‍ വലിയ രാഷ്ട്രീയ സാംസ്‌കാരിക രേഖകള്‍ കൂടിയാണെന്ന്‌ തിരിച്ചറിവ്‌ ഇന്നു നമുക്കുണ്ട്‌. എന്നാല്‍ ഏതെങ്കിലുമൊരു സാഹിത്യ രചനയെ പരമ്പരാഗത വായനാനുഭവങ്ങള്‍ക്കപ്പുറത്തേക്കു വളര്‍ത്തിയെടുക്കാന്‍ കെല്‌പുള്ള നിരൂപണ ശ്രമങ്ങളൊന്നും ഉണ്ടാകാറില്ല. സാഹിത്യത്തെ വലിയ സാംസ്‌കാരിക തലത്തിലേക്കുയര്‍ത്തുന്ന കണ്ടെടുപ്പുകള്‍ നടത്തുന്നു എന്നതാണ്‌ എന്‍.എസ്‌.മാധവന്റെ സാഹിത്യനിരൂപണ ലേഖനങ്ങളുടെ സമാഹാരമായ പുറം മറുപുറത്തിന്റെ പ്രാധാന്യം. ഒ.വി.വിജയന്റെ തിരഞ്ഞെടുത്ത കൃതികളുടെ ഇംഗ്ലീഷ്‌ വിവര്‍ത്തനത്തെക്കുറിച്ചാണ്‌ 'വിജയന്‍ ഖസാക്ക്‌ പൊളിച്ചെഴുതിയപ്പോള്‍' എന്ന വിശദപഠനം. ഒ.വി.വിജയന്റെ മരണശേഷം എന്‍.എസ്‌.മാധവന്‍ എഴുതിയ കത്തില്‍ പറയുന്നു- നിങ്ങളെ അനുകരിക്കാത്തവരോ നിങ്ങളുടെ എഴുത്തില്‍ നിന്ന്‌ ഊര്‍ജം സ്വീകരിക്കാത്തവരോ ആയിട്ട്‌ ഖസാക്കനന്തര തലമുറയില്‍ ആരും തന്നെ കാണുകയില്ല. ഒ.വി.വിജയന്റെ പ്രസക്തിയും പ്രധാന്യവും ഏറ്റവും സൂക്ഷ്‌മമായി വരച്ചിടുന്നതാണ്‌ ആ കുറിപ്പ്‌.

കഥയുടെ വഴിയില്‍ എന്നും ഒറ്റയാനായിരുന്ന ടി.ആറിന്റെ കഥകളെക്കുറിച്ച്‌ ആഴമേറിയതും വിപുലവുമായ നിരീക്ഷണങ്ങളും ആസ്വാദനങ്ങളുമാണ്‌ മാധവന്‍ നടത്തുന്നത്‌. ജീവിതത്തിലും മരണത്തിലും മനുഷ്യന്റെ നിസ്സാരതകള്‍ അവതരിപ്പിച്ച വലിയ എഴുത്തുകാരനായിരുന്നു ടി.ആര്‍. എന്നാല്‍ മലയാള സാഹിത്യത്തിന്റെ വഴിയോരത്ത്‌ മരിച്ചു വീണ ടി.ആര്‍. ആരായിരുന്നു എന്നും എന്തായിരുന്നു എന്നും ഓര്‍മിപ്പിക്കുകയും ടി.ആറിനെ നമുക്കു കാണിച്ചു തരികയുമാണ്‌ 'ടി.ആര്‍.സാഹിത്യം ഒരു പ്രവേശിക' എന്ന ലേഖനം. സാഹിത്യമെന്നത്‌ കേവലമൊരു നേരമ്പോക്കല്ലെന്ന്‌ പിന്നെയും വ്യക്തമാക്കുന്നു ടി.ആര്‍. പാഠങ്ങള്‍. ഭാവനയുടെ സ്‌കൂള്‍ ആയ വികെഎന്നിനെക്കുറിച്ചുള്ള കുറിപ്പില്‍ എന്‍.എസ്‌.മാധവന്‍ പറയുന്നു- ചരിത്രം ഇന്നത്തെ വാര്‍ത്തയാണ്‌, അത്‌ ഇന്നലെ നടന്നതേയുള്ളൂ. വി.കെ.എന്‍. മലായള സാഹിത്യത്തിലെ ജീനിയസ്സായ ജേണലിസ്റ്റായിരുന്നു. അന്നന്നത്തെ വര്‍ത്തമാനങ്ങളെക്കുറിച്ച്‌ ചൂടോടെ എഴുതിയ വി.കെ.എന്‍. മലയാളിയുടെ വായനാലോകത്തു സൃഷ്ടിച്ച വിസ്‌മയങ്ങള്‍ എങ്ങനെയാണ്‌ നമ്മെ മുതിര്‍ന്ന മനുഷ്യരാക്കിയതെന്ന്‌ മാധവന്‍ വിവരിക്കുന്നു.

സി.വി.ശ്രീരാമന്റെ കഥകളില്‍ യാത്രിയുടെ അകവും പുറവും കണ്ടെത്തുന്ന ലേഖനം മുഖ്യമായും വാസ്‌തുഹാരയെയും ചിദംബരത്തെയും കുറിച്ചാണ്‌. സക്കറിയയുടെ കഥാലോകത്തെക്കുറിച്ചുള്ള ചെറുതെങ്കിലും സൂക്ഷ്‌മമായ അവലോകനമാണ്‌ 'സക്കറിയയുടെ കഥകള്‍' എന്ന ലേഖനം. ആനന്ദിന്റെ ഗോവര്‍ധന്റെ യാത്രകള്‍ എന്ന നോവലിനെക്കുറിച്ച്‌ എന്‍.എസ്‌.മാധവന്‍ എഴുതിയത്‌ മലയാളനോവല്‍ ആനന്ദിന്റെ ഗോവര്‍ധന്റെ യാത്രകളിലൂടെ വയസ്സറിയിച്ചു എന്നാണ്‌. മലയാളത്തിലെ ആഖ്യാനകല പ്രായപൂര്‍ത്തിയിലേക്കെത്തിയതിനു നിദര്‍ശനമായി ആ പുസ്‌തകത്തെ എടുത്തു കാണിക്കുന്നതെന്തു കൊണ്ട്‌ എന്ന വിവരണം ഒരേ സമയം മലയാള നോവലില്‍ കാലങ്ങളിലൂടെയുള്ള കടന്നുപോക്കും ഗോവര്‍ധന്റെ യാത്രകളുടെ പൊരുള്‍തിരയലുമാകുന്നു.

അസമമായ കരകളെ കൂട്ടിയിണക്കുന്ന കമാനപാലങ്ങള്‍ പോലെയാണ്‌ വൈരുധ്യങ്ങള്‍ നിറഞ്ഞ കാലഘട്ടങ്ങളെ കൂട്ടിയിണക്കുന്ന രമണനെന്ന കാവ്യം എന്ന്‌ നിരീക്ഷിക്കുന്നു രമണനെക്കുറിച്ചുള്ള ലേഖനം. മദനന്റെ വീക്ഷണകോണില്‍ കാവ്യം തന്റെയും രമണന്റെയും ചങ്ങാത്തത്തിന്റേതാണ്‌. രണ്ടു പുരഷന്മാര്‍ തമ്മിലുള്ള മാംസനിബദ്ധമോ അല്ലാത്തതോ ആയ സ്‌നേഹത്തിന്റെ കഥ എന്ന്‌ ലേഖനത്തിലേക്കൊടുവിലേക്കെത്തുമ്പോള്‍ അതുവരെയുള്ള രമണന്‍ വായനകളെയെല്ലാം അതിവര്‍ത്തിക്കുന്ന പുതിയ കാഴ്‌ചകളുടെ ലോകമാണ്‌ മാധവന്‍ തുറന്നിടുന്നത്‌.

സാഹിത്യരചനകളില്‍ കാണാതെ കിടക്കുന്ന പുതിയ ഭൂഖണ്ഡങ്ങള്‍ തേടിയുള്ള സമുദ്രയാനമാണ്‌ നിരുപണമെങ്കില്‍ വിസ്‌മയകരമായ പുതുലോകങ്ങളിലേക്കു വായനക്കാരെ കൊണ്ടു ചെന്നെത്തിക്കുന്നവയാണ്‌ എന്‍.എസ്‌.മാധവന്റെ പ്രബന്ധങ്ങള്‍.

Tuesday, February 17, 2015

മലബാര്‍: ദേശിയതയുടെ ഇട-പാടുകള്‍


പുസ്തകം : മലബാര്‍: ദേശിയതയുടെ ഇട-പാടുകള്‍
രചയിതാവ് : എം.ടി.അന്‍സാരി

പ്രസാധകര്‍ : ഡി.സി ബുക്സ്

അവലോകനം : ലാസര്‍ ഡിസല്‍‌വപൂര്‍വശിക്ഷിതവും വ്യക്ത്യാധിഷ്ടിതവും ആയ വിശ്വാസങ്ങളിലേക്കോ നിഗമനങ്ങളിലേക്കോ, ലഭ്യമായ ചരിത്രപാഠങ്ങളെ തെളിയിച്ചുകൊണ്ട്‌ പോകുന്നത് ആശാസ്യമായ വിശകലന രീതിയല്ല. ഏകാമാനതയുള്ള വര്‍ത്തമാനം ഇല്ലാത്തത് പോലെ തന്നെ ചരിത്രത്തിനും ജൈവമായ വൈവിധ്യങ്ങളുടെ ക്രമരാഹിത്യം ഉണ്ട്. ക്രമരഹിത പാഠങ്ങളുടെ ഉള്ളില്‍ നിന്ന് നടത്തുന്നു സമകാലികമായ ഏത് വിശകലനവും, എത്ര ആധുനികമായ ഉപകരണങ്ങള്‍ ഉപയോഗിച്ചായാലും, എത്തിച്ചേരുക കൂടുതല്‍ വൈവിധ്യമുള്ള വെളിപാടുകളിലേക്കാവും. മറിച്ചായാല്‍ - തീര്‍പ്പുകള്‍, സര്‍ഗാത്മകമായ ഒന്നിന്റെയും ഭൂമികയാവില്ല. എം. ടി. അന്‍സാരിയുടെ 'മലബാര്‍: ദേശിയതയുടെ ഇട-പാടുകള്‍: ചരിത്ര സാഹിത്യ പാഠങ്ങള്‍' എന്ന പുസ്തകം അത്തരം ഒരു പരാധീനത അടിമുടി പേറുന്നു.

ശീര്‍ഷകം പുസ്തകത്തിന്റെ ആശയത്തെ കൃത്യമായി സംപ്രേക്ഷണം ചെയ്യുന്നില്ല എന്ന പ്രാഥമികതയ്ക്കപ്പുറം, ലേഖകന്റെ തന്നെ വിശകലനരീതിയനുസരിച്ച്, ശുഭകരമല്ലാത്ത ഒരു പ്രതിനിധാനം ഉള്‍പ്പേറുകയും ചെയ്യുന്നു. മലബാറിലെ മുസ്ലീംസമൂഹം എങ്ങിനെ കൊളോണിയല്‍, ദേശീയ ചരിത്ര രചനകളില്‍ 'മതഭ്രാന്തി'നെ സ്വയമേ ഉള്‍ക്കൊള്ളുന്ന ഒരു ഏകകമായിത്തീരുന്നു എന്നാണ് പുസ്തകത്തിന്റെ അന്വേഷണം. മലബാര്‍ ദേശനിര്‍മ്മിതിയിലെ ഇടപാടുകളും ഇടപെടലുകളും മാപ്പിളലഹളകളിലും ഇസ്ലാമിന്റെ 'മതഭ്രാന്തി'ലും മാത്രം ക്രമപ്പെട്ടുനില്‍ക്കുന്ന ഒന്നല്ല. എന്നാല്‍ അതില്‍ മാത്രം ഒതുങ്ങി നിന്നുകൊണ്ടുള്ള പഠനം നടത്തുമ്പോള്‍ ഈ ശീര്‍ഷകം തെറ്റിധാരണാജനകമായി മാറുന്നു. അതിനപ്പുറം എം. ടി. അന്‍സാരി എന്ന മുസ്ലിം നാമധാരി മലബാറിനെ കുറിച്ചെഴുതുമ്പോള്‍ അത് മാപ്പിള ലഹളയെ കുറിച്ചാവണമല്ലോ എന്ന പൂര്‍വകല്‍പ്പിത ധാരണകളിലേക്ക് എത്തികൊള്ളണം അനുവാചകന്‍ എന്ന പ്രതിനിധാനത്തിന്റെ രാഷ്ട്രീയം എഴുത്തുകാരന്റെ ചൊല്പ്പടിക്കപ്പുറം സഞ്ചരിക്കുന്ന അന്തര്‍ലീനമായ ധാരകളെ പുറത്തേക്ക് എടുത്തിടും. 'ഹിഗ്വിറ്റ'യില്‍ തുടങ്ങി മുസ്ലീം കഥാപാത്രങ്ങള്‍ പതിതമായി പ്രതിനിധീകരിക്കപ്പെടുന്നു എന്ന് ലേഖകന് തോന്നുന്ന രചനകള്‍ കണ്ടത്തി അവതരിപ്പിക്കുമ്പോള്‍ സംഭവിക്കുന്നതും അതുപോലൊരു അനുവാചക സ്വാതന്ത്ര്യം മാത്രമാണ്. 'ഹിഗ്വിറ്റ'യെ ഒരു സാഹിത്യസൃഷ്ടി എന്ന അസ്തിത്വത്തില്‍ അതിന്റെ സങ്കീര്‍ണമായ പാഠത്തിലേക്ക് പ്രതിനിധാനത്തിന്റെ രാഷ്ട്രീയാന്വേഷണം നടത്തിയത് നിരൂപണത്തിന്റെ സാധ്യമായ മറ്റൊരു സര്‍ഗാത്മക വഴിയായി, അത് വേറിട്ട്‌ പ്രസിദ്ധീകരിക്കപെട്ട കാലത്ത്, മനസ്സിലാക്കാന്‍ ആവുമായിരുന്നു. എന്നാല്‍ ഇവിടെ പൂര്‍വ്വശിക്ഷിതമായ ഒരു പൊതുഹേതുവിലേക്ക് അതിനെക്കൂടി വിളക്കിചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അര്‍ത്ഥവ്യതിയാനം സംഭവിക്കുന്നു. അത് ക്രിയാത്മകമായ ഒന്നും സംഭാവന ചെയ്യുന്നില്ല, എഴുത്തുകാരന്റെ പൂര്‍വകല്പിതമായ കാമനകളെ സംതൃപ്തിപ്പെടുത്തുന്നു എന്നതിനപ്പുറം.

'മലബാര്‍ മാന്വല്‍' തുടങ്ങി ഇങ്ങോട്ടുള്ള പല ചരിത്ര പുസ്തകങ്ങളില്‍ നിന്നും ലേഖകന്‍ ഉദ്ധരണികള്‍ ചേര്‍ത്തിട്ടുണ്ട്. "വിവരങ്ങള്‍ സംഭരിച്ചു അവയെ പെട്ടെന്ന് തന്നെ അടിസ്ഥാനവിവരങ്ങള്‍ (data ) ആക്കി ക്രമീകരിക്കുക വഴി കോളനിവത്കരണത്തിന്റെ / ആധുനികീകരണത്തിന്റെ പ്രക്രിയകള്‍ക്ക് ഉപയോഗിക്കാനുതകുന്ന ഒരു ഭൂതകാലം നിര്‍മ്മിക്കുക" എന്നത് ആശാസ്യമായ ഒരു ചരിത്രരചനാരീതിയല്ല എന്ന് ലോഗനെ പരാമര്‍ശിച്ചുകൊണ്ട് പുസ്തകത്തിന്റെ തുടക്ക ഭാഗത്ത് തന്നെ കാണുന്നുണ്ട്. ഇപ്പറഞ്ഞതിലെ അശാസ്യത തുലോം ആപേക്ഷികം മാത്രമാണ്. ഏറ്റവും കൂടുതല്‍ ഡാറ്റ ഉള്‍പ്പേറുന്ന ചരിത്രം പില്‍ക്കാല പഠനങ്ങള്‍ക്ക് ഒരു ഖനിയാണ് ('മലബാര്‍ മാന്വലി'ന്റെ നിരന്തര പുനര്‍വായനകള്‍ തന്നെ ഉദാഹരണം). ക്രമപ്പെടുത്തിയ അടിസ്ഥാനവിവരങ്ങള്‍ സുതാര്യതയുടെയും ആധികാരികതയുടെയും പ്രതിഫലനമായും വായിക്കപ്പെടാം. ഏതോ സാമൂഹിക അവസ്ഥയില്‍, പ്രത്യശാസ്ത്ര നിലപാടില്‍, ജനിതക ഗുണദോഷങ്ങളില്‍ ഒക്കെ ഊന്നിനിന്നാണ് എല്ലാ ചരിത്രരചനയും നിര്‍വഹിക്കപെടുന്നത് എന്നത് പുതിയ മനസ്സിലാക്കലൊന്നും അല്ല. എന്നാല്‍, ഈ പുസ്തകത്തില്‍ മാത്രമല്ല, ഇന്നു പൊതുവെ വിശകലനങ്ങള്‍ ഇത്തരം കാലികമായ അനിവാര്യതകളെ പാഠത്തിനുള്ളില്‍ നിന്നും നോക്കി കാണുന്നതിനു പകരം, അവരവരുടെ ആശയനിലപാടുകളുടെ പ്രകാശനഭൂമികയിലേക്ക് വക്രീകരിച്ചു ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ലോഗന്‍ കോളനിവത്കരണത്തിന് സഹായകരമാകാന്‍ തന്റെ ചരിത്രരചനയില്‍ ഡാറ്റാ സ്വരൂപിച്ചുവച്ചു എന്ന് പുസ്തകകാരന്‍ ആരോപിക്കുമ്പോള്‍, അതേ വിവരങ്ങള്‍ തന്റെ 'മതഭ്രാന്ത്' ആശയങ്ങള്‍ക്ക് ഉപോല്‍ബലമേകാന്‍ എടുത്തുപയോഗിക്കാനാവും വിധം ലഭ്യമായിരിക്കുന്നു എന്നതും മറന്നുകൂടാ. ചരിത്രരചനകളെ പില്‍ക്കാലത്ത് ചലനാത്മകമാക്കുന്നത് അത് ഉപയോഗിക്കുന്നതിന്റെ ആശയാന്തരങ്ങളാണ്.

'മതഭ്രാന്ത്‌' എന്ന സംവര്‍ഗം മാപ്പിള ലഹളയെ മുന്‍നിര്‍ത്തി, കൊളോണിയല്‍/ദേശിയ പാഠങ്ങളില്‍ സമൂഹത്തിന്റെ മനോഘടനയെ രൂപപ്പെടുത്തിയത് എങ്ങിനെ എന്ന അന്വേഷണമായി അവതരിപ്പിക്കുന്ന ആശയം പക്ഷെ പ്രച്ഛന്നം മാത്രമാണ്. മാപ്പിളലഹളയിലേക്കു നയിച്ചിരിക്കാവുന്ന സാമൂഹികസാഹചര്യങ്ങളില്‍ മതത്തിന് പങ്കുണ്ടായിരുന്നില്ല എന്നും ഭൂപ്രഭുക്കളുടെയും കൊളോണിയല്‍ ഭരണത്തിന്റെയും ചൂഷണത്തിനോടുള്ള പ്രതിപ്രവര്‍ത്തനം ആയിരുന്നു അതെന്നും സ്ഥാപിക്കാനുള്ള നേര്‍രേഖയിലുള്ള ശ്രമംമാത്രമേ ഭാഷാരൂപങ്ങളുടെ തിരശ്ശീല വകഞ്ഞാല്‍ കാണാനുള്ളൂ. ലോഗനെ കുറിച്ച് പുസ്തകകാരന്‍ ഇങ്ങിനെ എഴുതുന്നു: "സംവേദനക്ഷമത കുറഞ്ഞ മറ്റു വിശകലനങ്ങളില്‍ നിന്നും വത്യസ്തമായി ലോഗന്‍ മാപ്പിളമാര്‍ കലാപത്തിനൊരുങ്ങുവാന്‍ കാരണം സാമ്പത്തികവും സാംസ്കാരികവുമായ അടിച്ചമര്‍ത്തലാണെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും ചെറുകിട കര്‍ഷക-'കീഴാളനെ' മനസ്സിലാക്കുന്നതിനു ആത്യന്തികമായി അദ്ദേഹവും ഉപയോഗിക്കുന്നത് മതഭ്രാന്തിന്റെ ചട്ടകൂടാണ്". ലഹളയില്‍ പലതരത്തില്‍ ഭാഗഭാക്കായ കെ. മാധവന്‍നായരെ പുസ്തകകാരന്‍ ഒരിടത്ത് ഉദ്ധരിക്കുന്നത് ഇങ്ങിനെയാണ്‌: "അപ്പപ്പോള്‍ ഉണ്ടാകുന്ന ലഹളകള്‍ ഒതുക്കുവാന്‍ ചെലവാകുന്ന പണത്തിന്റെ ഒരംശം വിദ്യാഭാസവിഷയത്തില്‍ ഉപയോഗിച്ചിട്ടുണ്ടായിരുന്നുവെങ്കില്‍ ഏറനാട്ടില്‍ മാപ്പിളലഹലയെന്നത് വളരെ മുന്‍പ് തന്നെ അസ്തപ്രായമാകുമായിരുന്നു". കൊളോണിയല്‍ ഭാഷ്യമായ ഹിച്ച്കോക്കിന്റെ ഔദ്യോഗിക രേഖകളില്‍ നിന്നും എടുത്തെഴുതുന്നത് ഇങ്ങിനെ: "മൂന്ന് തവണ കാര്യങ്ങള്‍ കലങ്ങി തെളിയും എന്ന അവസ്ഥ ഉണ്ടായതാണ്. അപ്പോഴേക്കും ജില്ലയ്ക്കു പുറത്ത് നടന്ന, ജില്ലാ അധികാരികള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത കാര്യങ്ങള്‍ ആണ് ആ പ്രതീക്ഷ തകിടം മറിച്ചത് - 1921 ഫെബ്രുവരിയില്‍ നാഗ്പ്പൂര്‍ സമ്മേളനവും അതിന് ശേഷമുള്ള യാക്കൂബ് ഹസ്സന്റെ കോഴിക്കോട് സന്ദര്‍ശനവും, 1921 ഏപ്രിലില്‍ മുഹമ്മദ്‌ അലി മദ്രാസില്‍ നടത്തിയ പ്രസംഗവും, 1921 ജൂലൈ അവസാനം കറാച്ചിയില്‍ നടന്ന ഖിലാഫത്ത് സമ്മേളനത്തിന്റെ തീരുമാനങ്ങളും. അവസാനത്തെ രണ്ടും മലയാളത്തില്‍ അച്ചടിച്ച്‌ പ്രചരിപ്പിച്ചിരുന്നു. മറ്റു യാതൊരു സംഘാടനവും ഉണ്ടായിരുന്നില്ല. 1921 ആഗസ്തോടെ ഈ ഫലങ്ങള്‍ ഉണ്ടാവുക അനിവാര്യമായി തീര്‍ന്നിരുന്നു". എം. ബി. നമ്പൂതിരിപ്പാടിന്റെ കുറിപ്പ് ഇത്തരത്തിലാണ്: "സാമുദായിക വഴക്കുകളല്ല ഈ ലഹളയുടെ മൂലകാരണം. രാഷ്ട്രീയ മര്‍ദനത്തില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. .... ഈ ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഭാഗം മാത്രമാണ് " എന്നാല്‍ ഒരു ഘട്ടത്തില്‍ മതവികാരം ഇളക്കി വിടപ്പെട്ടതാണ് സമരം കൈവിട്ട് പോകാനുള്ള കാരണമെന്ന് അദ്ദേഹവും നിരീക്ഷിക്കുന്നു. 1921 - ലെ കലാപം വര്‍ഗ്ഗീയലഹള അല്ല എന്നു തന്നെ പറയുന്ന ഇ. എം. എസ്‌ പക്ഷെ ഇങ്ങിനെയും എഴുതുന്നുണ്ട്; "ഉറച്ച മതവിശ്വാസികളും തീരെ വിദ്യാഭ്യാസം ഇല്ലാത്തവരും സുസഘടിതരുമായ മാപ്ല സമുദായത്തില്‍ കാഫിറുകളെ കൊല്ലുകയോ മതംമാറ്റുകയോ ചെയ്‌താല്‍ തങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി കൂടുതല്‍ സുഗമമാവും എന്ന വിശ്വാസം തലയിലുറപ്പിച്ച കുറച്ച് മതഭ്രാന്തന്മാര്‍ ഉണ്ടാകാനിടയുണ്ട്". കെ. എന്‍. പണിക്കര്‍ 'കുറച്ചുകൂടി സങ്കീര്‍ണമായ ചിത്രം' അവതരിപ്പിക്കുന്നത്‌ ഇങ്ങിനെ: "മതത്തിന്റെ മധ്യവര്‍ത്തിത്വം ഒരു ഇരട്ടപങ്കാണ് നിര്‍വത്തിയത്. ഒരു വശത്ത്‌ അത് കര്‍ഷകരെ അടിച്ചമര്‍ത്തലിനെതിരെ പോരാടുവാന്‍ സഹായിച്ചു. മറുവശത്താകട്ടെ, പരലോകത്തിന്റെ ആനന്ദങ്ങളിലേക്ക് അവരുടെ കാഴ്ചപ്പാടിനെ പരിമിതിപ്പെടുത്തികൊണ്ട് അവരുടെ സാദ്ധ്യതകളെ നിരാകരിച്ചു. മാപ്പിളകര്‍ഷകരെ സംബന്ധിച്ചിടത്തോളം മതം ഒരേ സമയം പ്രവര്‍ത്തനത്തിനുള്ള പ്രത്യയശാസ്ത്രവും ഒരു മയക്കുമരുന്നും ആയിരുന്നു"

ഇത്തരം കുറിപ്പുകള്‍ സംശയലേശമന്യേ വെളിവാക്കുന്നത് മാപ്പിളലഹളയില്‍ മതം മൂലകാരണം ആയിരുന്നില്ല എന്നുതന്നെയാണ്. തൊഴിലാളികള്‍ അനുഭവിച്ചിരുന്ന ചൂഷണം, സാമ്പത്തികമായ പിന്നോക്കാവസ്ഥ, വിദ്യാഭ്യാസം ഇല്ലായ്മ, ഖിലാഫത്ത് ഉള്‍പ്പെടെയുള്ള ദേശിയപ്രസ്ഥാനങ്ങള്‍ ഉളവാക്കിയ ചലനാത്മകത - സങ്കീര്‍ണമായ സാഹചര്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു ഒരു ലഹളയിലേക്കു നീങ്ങാന്‍. എന്നാല്‍ ഒടുവില്‍, ഒരു മതസമൂഹം ഏറ്റെടുത്ത ലഹളയായി അത് മാറാന്‍ ഉണ്ടായ കാരണങ്ങളില്‍ മതാത്മകത പങ്കുവഹിച്ചു എന്ന്, പുസ്തകകാരന്‍ ഉദ്ധരിക്കുന്ന ആധുനികരല്ലാത്തവരും ആധുനികരുമായ എല്ലാ ചരിത്രകാരന്മാരും കണ്ടെത്തുന്നുണ്ട്. ലഹളയില്‍ പങ്കെടുത്തവരുടെ മതാവബോധം ഇത്തരം ഒരു ഏകാമാനതയിലേക്ക് അവരെ ഒട്ടുമേ നയിച്ചിട്ടില്ലെന്നും, ഇസ്ലാമിന് നേരെയുള്ള, ഇസ്ലാം ഇതരമായ ഇടങ്ങളില്‍ മുന്‍പേതന്നെ നിലനില്‍ക്കുന്ന ഒരു മുന്‍ധാരണയുടെ പ്രതിഫലനം മാത്രമാണ് ഇത്തരം എഴുത്തുകളില്‍ കാണുന്നത് എന്നും തെളിയിക്കാന്‍ 'ഇന്ദുലേഖ'യില്‍ നിന്നും ഷിയര്‍ അലിഖാന്‍ കഥയുടെ സംപ്ക്ഷിപ്ത വിവരണം നല്‍കിയാല്‍ മതിയാവില്ല. മാപ്പിളലഹളയുടെ ചരിത്രതാളുകളിലല്ല അതിന്റെ അന്വേഷണം നടക്കേണ്ടതും. അതിന് മുന്‍പും അതിന് ഉപരിയായും അന്വേഷണം ആവശ്യപ്പെടുന്ന സങ്കീര്‍ണ്ണതലങ്ങള്‍ അതിനുണ്ട്. ഏകപക്ഷികമായ പ്രസ്താവങ്ങള്‍ക്കപ്പുറം അത്തരം അതീത വിശകലനങ്ങളൊന്നും ഇവിടെ പങ്കുവയ്ക്കുപ്പെടുന്നില്ല.

ഇരയോടുള്ള അനുഭാവം എന്ന നിലയ്ക്ക് ഇസ്ലാമിനോട് ഇന്ന് നമ്മുടെ ബൌധികലോകം അനുതാപപൂര്‍ണ്ണമായ ചായ്‌വ് കാണിക്കുന്നത് ഈ പുസ്തകവും ക്രമാതീതമായി പ്രകാശിപ്പിക്കും. സെക്യുലറായിരിക്കുക എന്ന നിലയ്ക്കുള്ള സ്യൂഡോബോധം കൂടി ഇത്തരം രചനകളില്‍ കണ്ടുവരും. ഒരു മതത്തിന് സെക്യുലര്‍ രാഷ്ട്രത്തില്‍ ലഭിക്കേണ്ട അര്‍ഹമായ പ്രാതിനിധ്യം നമ്മുടെ ദേശീയതയുടെ എല്ലാ ധാരകളും അനര്‍ഹമാക്കി തീര്‍ക്കുകയോ വികലമാക്കുകയോ ചെയ്തു എന്നാണല്ലോ ഈ പുസ്തകം ചര്‍വിതചര്‍വ്വണം ചെയ്യുക. അത്തരത്തില്‍ പാര്‍ശ്വവല്ക്കരിക്കപെട്ട ഒരു സമുദായത്തിനോടുള്ള ചായ്‌വ് സെക്യുലര്‍ തന്നെ എന്നാണത്. ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്നാണ്‌ സെക്യുലര്‍ എന്ന അവസ്ഥ ഏറെക്കൂറെ മൂര്‍ത്തമായ രാഷ്ട്രീയതലങ്ങള്‍ അന്വേഷിക്കുന്നത്. യൂറോപ്പില്‍ അത് മതാതീതം എന്ന് തന്നെയായിരുന്നു - എല്ലാ മതങ്ങള്‍ക്കും ഒരുപോലെ എന്നായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടന ഉള്‍പ്പെടെ തെറ്റായി വ്യാഖാനിച്ചു എന്നതുകൊണ്ട്, കക്ഷിരാഷ്ട്രീയത്തിന് പുറത്ത് ധൈഷണിക അന്വേഷണങ്ങള്‍ നടത്തുന്നവരെങ്കിലും മതങ്ങള്‍ക്ക് സമാസമം പങ്കുവയ്ക്കുന്നതിനുള്ള ലൈസന്‍സല്ല സെക്ക്യുലറിസമെന്ന് ആര്‍ജവത്തോടെ മനസ്സിലാക്കാതെ പോകേണ്ടതില്ല. മതാത്മകതയില്‍ ഊന്നിനിന്നുള്ള ഏത് സാമൂഹിക അന്വേഷണവും, മതസമൂഹങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്തലുകളിലേക്കും വിഭവനഷ്ടങ്ങളിലേക്കും കൊണ്ടുപോകും. അതിനുമപ്പുറം മൌലീകവാദസരണികള്‍ക്ക് ധൈഷണികപിന്‍ബലം നല്‍കുകയും ചെയ്യും.

Tuesday, February 10, 2015

പൂമുള്ളി ആറാം തമ്പുരാന്‍


പുസ്തകം : പൂമുള്ളി ആറാം തമ്പുരാന്‍
എഡിറ്റര്‍: വി കെ ശ്രീരാമന്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്, കോഴിക്കോട്.
അവലോകനം : ബുക്ക് മലയാളംര്‍മ്മകള്‍ക്ക് ചില ദൗത്യങ്ങളുണ്ട്. അത് കാലത്തെ മുന്നോട്ടുനയിക്കുന്നതിനാവശ്യമായ ഊര്‍ജ്ജം സംഭരിച്ചുവയ്ക്കലാണ്. ഓര്‍മ്മകള്‍ അവസാനിക്കുമ്പോള്‍ കാലം നിശ്ചലമാകും. ചാരുകസേരയില്‍ ചലനമറ്റ്, കാഴ്ചയുടെ വെളിച്ചമണഞ്ഞ് മരണത്തിനും ജീവിതത്തിനും വേണ്ടാതെ ശൂന്യമായി കിടക്കുന്ന വര്‍ത്തമാനകാലം നമുക്ക് സങ്കല്‍പ്പിക്കാനാവില്ല. സമൂഹത്തിന്റെ ഞരമ്പിലൂടെ ഓര്‍മ്മകളുടെ പ്രവാഹമുണ്ടാകുമ്പോഴാണ് കാലം സചേതനമാകുന്നത്. ഭാവിയിലേക്ക് ആഞ്ഞുനില്‍ക്കുന്ന വര്‍ത്തമാനകാലത്തിന്റെ ജൈവചേതനയെ നിര്‍ണ്ണയിക്കുന്നതും നിലനിര്‍ത്തുന്നതും ഓര്‍മ്മകളാണ്. ഒരുവ്യക്തി ജീവിച്ചു കടന്നുപോയ കാലത്തെക്കുറിച്ച്, അയാള്‍ ഇവിടെ അവശേഷിപ്പിച്ചുപോയ അനുഭവങ്ങളെക്കുറിച്ച് ഒരുപാടുപേര്‍ ഓര്‍മ്മിക്കുകയാണിവിടെ. അറിവിന്റെ തമ്പുരാന്‍ എന്ന പേരില്‍ പ്രസിദ്ധനായ പൂമുള്ളി മനയ്ക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ ജീവിതവഴികളിലൂടെ അനവധി വ്യക്തികള്‍ നടത്തുന്ന സ്മൃതിസഞ്ചാരമാണ് പൂമുള്ളി ആറാം തമ്പുരാന്‍ എന്ന ഗ്രന്ഥം. വി കെ ശ്രീരാമന്‍ സമാഹരിച്ചവതരിപ്പിക്കുന്ന ഓര്‍മ്മപ്പുസ്തകം. പൂമുള്ളി മനയ്ക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, 1921 മെയ് മൂന്നിന് ജനിച്ചു. 1996 നവംബര്‍ എട്ടിന് അന്തരിച്ചു. ഇത്രയും ചുരുക്കി എഴുതാമായിരുന്ന ഒരു ജീവിതത്തിന് ഇത്രയേറെ വ്യാപ്തി കൈവരുന്നത് ഓര്‍മ്മകള്‍ സമൂഹത്തിന്റെ തുടര്‍ച്ചയ്ക്ക് അനിവാര്യമായതുകൊണ്ടുകൂടിയാണ്.

അസാധാരണമായ ഒരുതരം ചരിത്ര രചനയാണ് ഈ ഗ്രന്ഥം. ഭൂതകാലത്തെക്കുറിച്ച് വസ്തുതാപരമായ വിശകലനത്തിനാണ് ചരിത്രം ശ്രമിക്കുന്നതെങ്കിð ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. മറ്റൊരര്‍ത്ഥത്തില്‍ ചരിത്രത്തെ പ്രശ്‌നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ് സ്മരണകള്‍ കടന്നുപോകുന്നത്. ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥാപിത ചരിത്രത്തിന് പകരം നില്‍ക്ക്ന്നത് അങ്ങനെയാണ്. തൊള്ളായിരത്തി ഇരുപതുകളുടെ ആദ്യ പാദത്തില്‍ ആരംഭിച്ച് തൊണ്ണൂറുകളുടെ മധ്യത്തില്‍ അവസാനിക്കുന്ന ജീവിതകാലത്തിനിടയ്ക്ക് ഒരു മനുഷ്യന്‍ കടന്നുപോയ അതിബൃഹത്തായ അറിവിന്റെ, അനുഭവങ്ങളുടെ അടരുകളിലേക്കാണ് ഓരോ ഓരോ കുറിപ്പുകളും കടന്നുചെല്ലുത്. ഒരാള്‍ക്ക് ബഹുമാന്യനായ ഭര്‍ത്താവായിരിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ആദരണീയനായ പിതാവായിരുന്നു. ചിലര്‍ക്ക് ഗുരുവും, ചിലര്‍ക്ക് സഹപ്രവര്‍ത്തകനും, ചിലപ്പോള്‍ ചങ്ങാതിയും, വൈദ്യനും ദാര്‍ശനികനും; അങ്ങനെ ജീവിതാശ്രമങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ച അപൂര്‍വ്വ വ്യക്തികളില്‍ ഒരാളായിരുന്നു പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാട്. പ്രാഥമിക വിദ്യാഭ്യാസം നേടിയതിനുശേഷം ഗുരുകുല സമ്പ്രദായത്തില്‍ സംസ്‌കൃതസാഹിത്യം, വേദം, തര്‍ക്കം, മീമാംസ, സാംഖ്യം, ആയുര്‍വ്വേദം, വേദാന്ത ശാസ്ത്രം എന്നിവയില്‍ð അഗാധമായ അറിവുനേടിയ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന് വൈജ്ഞാനിക വിഷയങ്ങള്‍ക്ക് പുറത്ത് നായാട്ട്, കാളപൂട്ട്, മൃഗപരിപാലനം, കൃഷി, ആയോധന കലകള്‍, കായികാഭ്യാസങ്ങള്‍ എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്നു. ഒരൊറ്റ ജീവിതംകൊണ്ട് ഒരാള്‍ക്ക് ചെന്നെത്താവുന്നó അനന്തമായ ജീവിതാവസ്ഥകളാണ് ആറാം തമ്പുരാന്റെ ജീവിതം കാട്ടിത്തരുന്നത്. പരിധികളും പരിമിതികളുമില്ലാത്ത ജീവിതം.

പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ സംഭവബഹുലമായ ജീവിതത്തെ പലകോണില്‍ നിന്നുകൊണ്ട് എഴുതാനുള്ള ശ്രമങ്ങളാണ് ഈ പുസ്തകം. കേവലമായ ഓര്‍മ്മക്കുറിപ്പുകള്‍ മുതല്‍ വ്യാഖ്യാനങ്ങളിലേക്കും വിശകലനങ്ങളിലേക്കും നീങ്ങുന്ന ആഴത്തിലുള്ള പഠനങ്ങള്‍വരെ ഉള്‍ക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം. (പേജ്: 416 വില: 300)

ചരിത്ര രചനയ്ക്ക് വഴങ്ങാത്ത അനുഭവങ്ങളുടെ അടരുകളിലേയ്ക്കാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍ പ്രവേശിക്കുന്നത്. ഓര്‍മ്മകള്‍ ചരിത്രമല്ല. എന്നാല്‍ ചരിത്രത്തിലേക്കുള്ള വികാരഭരിതമായ വഴിതുറക്കലാണത്. ചരിത്രമെഴുത്തിന്റെ വികാരരഹിതമായ വസ്തുസ്ഥിതി വിവരങ്ങളെ വികാരഭരിതമാക്കുകയാണ് ഓര്‍മ്മകള്‍. ഒരു വ്യക്തി സമൂഹത്തില്‍ അവശേഷിപ്പിച്ചുപോയ അനുഭവങ്ങളുടെ ഭൂഖണ്ഡങ്ങളിലേക്ക് അനവധി വ്യക്തികള്‍ നടത്തുന്ന യാത്രകളിലൂടെ അനന്തമായ ജീവിതമാണ് നമുക്ക് വെളിപ്പെട്ടു കിട്ടുന്നത്. ജനിച്ചു- മരിച്ചു എന്നതിനു പുറത്താണ് 'ജീവിച്ചു' എന്നതിന്റെ സ്ഥാനം. ജനനത്തിന്റെ അവസാനം മാത്രമാണ് മരണം. ജീവിതത്തിന്റെ അവസാനമല്ല. ജീവിതത്തിന് അവസാനമില്ല. അന്തമില്ലാത്ത തുടര്‍ച്ചയാണത്. വ്യക്തിയുടെ സ്മരണകള്‍ അതുകൊണ്ടുതന്നെ അത്രമേല്‍ വികാരഭരിതവും ചരിത്രപരവുമാണ്. പഴമയെ വര്‍ത്തമാനപ്പെടുത്തുന്നതിലൂടെയാണ് ഓര്‍മ്മകള്‍ എല്ലാകാലത്തേക്കുമായി അതിന്റെ നിര്‍വഹണം സാധ്യമാക്കുന്നത്.

Tuesday, February 3, 2015

നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി

പുസ്തകം : നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി
രചയിതാവ് : .പി. അബ്ദുള്ളക്കുട്ടി
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
അവലോകനം : അബ്ദുള്ള മുക്കണ്ണി


. പി. അബ്ദുളളകുട്ടി എം. എല്‍. .യുടെ നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി എന്ന പുസ്തകത്തെ ചെറുതായി ഒന്ന് പരിചയപ്പെടുത്തട്ടെ. ഒരു രാഷ്ട്രീയക്കാരന്‍റെ സത്യസന്ധമായ (?) ആത്മകഥ:
ആദ്യമേ തന്നെ ഇത്തരം ഒരു പുസ്തകത്തെ പരിചയപ്പെടുത്തുന്നത് ഇതിന്റെ സാഹിത്യ മൂല്യം കൊണ്ടാണെന്ന് ആരും തെറ്റിധരിക്കരുത്. എന്നാല്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞശേഷം അദ്ദേഹം രചിച്ച ആത്മകഥ എന്ന നിലക്ക്‌ ഒരുവയനക്കാരന്റെ ആകാംക്ഷയാണ് എന്നെ ഇത്
വായിക്കാന്‍ പ്രേരിപ്പിച്ചത്. മാത്രമല്ല, പുസ്തകം പ്രസിദ്ധീകരിച്ചത് രണ്ടയിരത്തി പത്ത് സെപ്തംബര്‍ പതിനാലിനായിരുന്നു. എന്റെ കയ്യിലുള്ള കോപ്പി സെപ്തംബര്‍ ഇരുപത്തിഅഞ്ചിനു ഇറങ്ങിയ മൂന്നാംപതിപ്പാണ്‌!! പത്ത് ദിവസംകൊണ്ട് മൂന്ന്‌പതിപ്പുകള്‍ പുറത്തിറങ്ങി!!! ഇനി എത്രപതിപ്പുകള്‍ വരാനിരിക്കുന്നുവെന്ന് ഇപ്പോള്‍ ആര്‍ക്കു പ്രവചിക്കാന്‍ കഴിയും....? വില്പനയില്‍ ഒരുപക്ഷെ അടുത്തകാലത്ത് ചരിത്രം സൃഷ്ടിച്ചതും ഏറ്റവും അധികം പതിപ്പുകള്‍ ഇറങ്ങിയതും സിസ്ടര്‍ ജെസ്മിയുടെ "ആമേന്‍ " എന്ന (ആത്മകഥയും ) നളിനി ജെമീലയുടെ ഞാന്‍ - ലൈംഗീക തൊഴിലാളി നളിനി ജെമീലയുടെ ആത്മകഥയും ആണെന്ന് തോന്നുന്നു. എന്നാല്‍ ഇതിനു ഒരപവാദമായി ഇന്നും സ്മരണകളുടെ (ഒര്‍മാക്കുറിപ്പുകള്‍) കൂട്ടത്തില്‍ ഒരുപാടു പതിപ്പുകള്‍ ഇറങ്ങിയതും വായനക്കാര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ പറ്റിയതുമായ ഒരു കൃതി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്മരണയാണ്. ഒരു കൃതി മാത്രം മതി അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍. (കവി അയ്യപ്പന്റെ ശവസംസ്കാരം നീട്ടിവെച്ചപ്പോള്‍ ചുള്ളിക്കാട് പറഞ്ഞിരുന്നു എനിക്ക് ഒരു തരത്തിലുള്ള മരണാന്തര ബഹുമതികളോ ചടങ്ങുകളോ ഒന്നും വേണ്ട എന്റെ കവിതകളിലൂടെ എന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രം മതി എന്ന് ) കൂടുതല്‍ പതിപ്പുകള്‍ ഇറങ്ങിയ കൃതികള്‍ നല്ലതാണെന്ന് പറയാന്‍ കഴിയുമോ?

കൃതിയുടെ (നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി) പുറംചട്ടയില്‍ എം.വി.ദേവന്‍ ഇങ്ങിനെ കുറിക്കുന്നു.

"കാള്‍മാക്സിന്റെ തത്ത്വങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ക്ക് കഴിയാതെപോയി. പാശ്ചാത്തലത്തിലാണ് അബ്ദുള്ളക്കുട്ടി രചിച്ച നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി ശ്രദ്ധേയമാകുന്നത്.

ജീവിതകഥായനം എന്ന് വിശേഷിപ്പിക്കാവുന്ന പുസ്തകം സത്യസന്ധമായ ദു:ഖഗാഥയാണ് "
പുറം ചട്ടയില്‍ പ്രസാധകാരായ മാതൃഭൂമി എഴുതിയത് ഇങ്ങിനെ "അട്ടിമറിവിജയംകൊണ്ട് കണ്ണൂരിന്റെ രാഷ്ട്രീയഭൂപടത്തെ മാറ്റിവരച്ച്‌ ബാലറ് റ്പെട്ടിയിലൂടെ അത്ഭുതക്കുട്ടിയായി മാറിയ . പി. അബ്ദുല്ലകുട്ടി, താന്‍ പിന്നിട്ടുവന്ന രാഷ്ട്രീയദൂരമത്രയും നേരുകൊണ്ട് അളന്നു നോക്കുകയാണ്. കേരളരാഷ്ട്രീയത്തിലെ കപടമുഖങ്ങളെ കുറിച്ചും ഹൃദയത്തോടൊപ്പം താന്‍ ഏറെക്കാലം ചേര്‍ത്തുപിടിച്ച പ്രത്യയശാസ്ത്രത്തിന്റെ അപചയങ്ങളെക്കുറിച്ചുമെല്ലാം അബ്ദുളളക്കുട്ടി തുറന്നെഴുതുന്നു.

കേരളാ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റു സൃഷ്ടിച്ച . പി. അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ ആത്മകഥ"


മുഖവുരക്ക് ശേഷം അബ്ദുളളക്കുട്ടി ഇങ്ങിനെ കുറിക്കുന്നു.

"കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപത്തേഴാമത് സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി ക്രൂഷ് ചേവ് പ്രസംഗിക്കുകയായിരുന്നു . "സ്റ്റാലിന്‍ ഒരു ശരിയായ കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല. അധികാരം
ദുരുപയോകം ചെയ്ത ഏകാധിപതിയായിരുന്നു അദ്ദേഹം...' അതുകേട്ട്‌ സദസ്സില്‍ നിന്നാരോ ചോദിച്ചു: 'സ്റ്റാലിന്‍ ജീവിച്ചിരുന്ന കാലത്ത് ഇക്കാര്യം താങ്കള്‍ എന്തുകൊണ്ട് പറഞ്ഞില്ല?' ഉടനെ കോപിഷ്ഠനായി ക്രൂഷ് ചേവ് അലറി : "അതു പറഞ്ഞയാള്‍ എഴുന്നേല്‍ക്കുക." ആരും അനങ്ങിയില്ല. ക്രൂഷ് ചേവ് തന്റെ ആവശ്യം മൂന്നുതവണ ആവര്‍ത്തിച്ചു. എന്നിട്ടും ആരും അനങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ശാന്തനായി അദ്ദേഹം പറഞ്ഞു : "സഖാവേ ഇതേ അവസ്ഥതന്നെയായിരുന്നു അന്ന് എന്റെതും"

പുസ്തകത്തെ കുറിച്ച എഴുതിയതുകൊണ്ട് ഒരു മഹത്തായ കൃതി വായനക്കരെ പരിചയപ്പെടുത്തുകയാണെന്ന് പുസ്തകവിചാരത്തിന്റെ വായനക്കാര്‍ തെറ്റിദ്ധരിക്കരുത്. ഒരുവായനക്കാരനെന്ന നിലയില്‍ നമുക്ക് ഇതും വായിക്കാം എന്ന് മാത്രം. (പേജ് :120 വില :75 രൂപ)