Thursday, July 26, 2012

റിയാലിറ്റി ഷോ

പുസ്തകം : റിയാലിറ്റി ഷോ
രചയിതാവ് : രവിവര്‍മ്മ തമ്പുരാന്‍

പ്രസാധകര്‍ : എസ്.പി.സി.എസ്

അവലോകനം : ഡോ: ആര്‍.ഭദ്രന്‍ഥകള്‍ എന്നും നമ്മുടെ ഇടയിലേക്ക് വന്നിട്ടുള്ളത് ശരിയായ ജ്ഞാനരൂപങ്ങളായിട്ടാണ്. ഈ വെളിച്ചത്തിലൂടെയാണ് രവിവര്‍മയുടെ പതിനെട്ടു കഥകളുടെ ആഴവായനയിലൂടെയും, അനുഭവവായനയിലൂടെയും ഞാന്‍ കടന്നുപോയത്. അതായത് അദ്ദേഹത്തിന്‍റെ ആദ്യസമാഹാരമായ 'തുരങ്കത്തിനുള്ളിലെ ജീവിത' ത്തിലെ പത്തുകഥകളിലൂടെയും 'റിയാലിറ്റി ഷോ' എന്ന പുതിയ സമാഹാരത്തിലെ എട്ടുകഥകളിലൂടെയും. ഈ കഥകളിലെല്ലാം എന്നെ ഏറ്റവും ആകര്‍ഷിച്ച ഘടകം വൈവിധ്യപൂര്‍വമായ അദ്ദേഹത്തിന്‍റെ രൂപനിര്‍മാണവും ആഖ്യാനരാശിയുമാണ്.

ചിന്തയുടെ ചാരുതയും വൈകാരികകാന്തിയും കഥയിലൂടെ സംവേദനം ചെയ്യുന്നതിന് കഥയെ കലാപരമായി ആസൂത്രണം ചെയ്യുന്നതിനുള്ള കഴിവ് വൈകാരികതയുടെ തത്ത്വജ്ഞനായ രവിവര്‍മയുടെ മിക്ക കഥകളിലും കാണാന്‍ കഴിയും. മനുഷ്യജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രശ്നങ്ങളോടുള്ള - ഉപരിപ്ലവമല്ല, ആഴമേറിയ - ഒടുങ്ങാത്ത പ്രതിബദ്ധതയാണ് രവിവര്‍മയെയും കഥാസാഹിത്യസഞ്ചാരത്തിന് പ്രേരിപ്പിച്ചത് എന്ന് അദ്ദേഹത്തിന്‍റെ കഥകള്‍ സ്വയം നമ്മോടു പറയുന്നുണ്ട്. ഒരു ജേര്‍ണലിസ്റ്റിന്‍റെ കഥയിലുള്ള ഇടപെടലിന് ദ്വിമാനശക്തിയുണ്ട്. മാധ്യമങ്ങളുടെ വൈവിധ്യം ഒരേ സമയം വെല്ലുവിളിയും സാധ്യതയുമാണ്‌. ഈ വെല്ലുവിളികളെയും സാധ്യതകളെയും ഉപയോഗപ്പെടുത്തുവാന്‍ - രൂപശില്പത്തിലും ഭാവശില്പത്തിലും - രവിവര്‍മയ്ക്ക് ഒക്കും എന്ന് അദ്ദേഹത്തിന്‍റെ കഥകളും നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

മാധ്യമങ്ങളുടെ രാഷ്ട്രീയം, ചതിക്കുഴികള്‍, ആടിനെ പട്ടിയാക്കാനുള്ള മാധ്യമവിരുതുകള്‍ എന്നിവയെക്കുറിച്ചെല്ലാം ധാരാളം ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന്‍റെ 'റിയാലിറ്റി ഷോ' എന്ന കഥ പുറത്തു വരുന്നത്. ഇരയായി തീരുന്ന പെണ്ണുടല്‍ എന്ന ഭീതിദമായ കാഴ്ചയാണ് കഥയില്‍ പ്രധാനമായും വരുന്നത്. അതുകൊണ്ട് മാധ്യമസംസ്കാരത്തിന്‍റെ പാഠങ്ങളും ഫെമിനിസത്തിന്‍റെ പാഠങ്ങളും ഒരുമിച്ചു ചേര്‍ത്ത് വായിക്കേണ്ട കഥയാണിത്. മാധ്യമങ്ങളും മുതലാളിത്തവും പോലീസ് മേധാവികളും ചേര്‍ന്ന് മനുഷ്യജീവിതത്തിന്‍റെ ശാദ്വലതകളെ എങ്ങനെ പിച്ചിച്ചീന്തുന്നു എന്ന് ഈ കഥ സമൂഹചേതനയെ നന്നായി പഠിപ്പിക്കുന്നു. അത് കൊണ്ടാണ് ഈ കഥ ഒരേ സമയം കലയും സാമൂഹ്യപാഠവുമായിത്തീരുന്നത്. ക്രാഫ്റ്റും പ്രമേയവും തമ്മില്‍ ജന്മാന്തരബന്ധത്തിലെന്ന പോലെ യോജിച്ചു വരുന്നത് കഥ പഴുതുകളേതുമില്ലാതെ നമുക്ക് അനുഭവപ്പെടുത്തിത്തരുന്നു.

'ബോബ് ചെയ്ത മുടിയും ഒട്ടകഎല്ലിന്‍റെ ഞാത്ത്കമ്മലും' എന്ന കഥയുടെ ആദ്യം നാം സാക്ഷ്യം വഹിക്കുന്ന രഘുനാഥന്‍റെ സൌമ്യയോടുള്ള അതിക്രൂരമായുള്ള പീഡനം മാനസികതലത്തില്‍ ഗ്രാമീണതയും നാഗരികതയും തമ്മിലുള്ള ഭയാനകമായ,തീ പാറുന്ന സംഘര്‍ഷമായി അനുഭവിപ്പിക്കുന്നു. പവിത്രമായ സ്ത്രീസ്വത്വത്തിനു മേല്‍ (ഗ്രാമീണത) പുരുഷസ്വത്വം (നാഗരികത) നടത്തുന്ന അതിക്രമം കേവലമായ ഒരു കഥയ്ക്ക്‌ അപ്പുറം ഫെമിനിസത്തിന്‍റെ വ്യാഖ്യാനപ്പഴുതുകളാണ് കഥയെ ഏറെ സംഗതമാക്കുന്നത് എന്ന് തോന്നുന്നു.

ജന്മിത്തകാലയളവില്‍ ദളിതര്‍ക്ക് അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളും പീഡനങ്ങളും അതുപോലെ സ്വാതന്ത്ര്യാനന്തരം പുറത്തുവന്ന, ആദിവാസികള്‍ക്ക് നേരേ നടന്ന അതിക്രമങ്ങളുമെല്ലാം സാഹിത്യകലാകാരന്മാരാണ് ലോക മനസാക്ഷിയുടെ മുന്നില്‍ തുറന്നിട്ടു കൊടുത്തത്. പെണ്ണിന്‍റെ ഉടല്‍ ഇരയാകുന്ന സാഹചര്യവും, ബീഭത്സമായ ആദിവാസി ചൂഷണവും ഒരുമിച്ചു വന്ന് മൊത്തത്തില്‍ ശക്തമായ ഒരു രാഷ്ട്രീയ ഉത്പന്നമാക്കിത്തീര്‍ക്കുന്നു. ജീവിതത്തിന്‍റെ ചലനങ്ങളെ നാടകീയമായും കഥാത്മകമായും പിടിച്ചെടുക്കുവാന്‍ കഴിവുള്ള എഴുത്തുശക്തിയും ആഖ്യാനഭാഷയും വര്‍മ്മയില്‍ സ്വന്തമായിക്കൊണ്ടിരിക്കുന്നു. മാത്രവുമല്ല പുതിയ സങ്കേതങ്ങള്‍ കൊണ്ടുകൂടി അതു പിടിച്ചെടുക്കുവാന്‍ കെല്‍പ്പുനേടിക്കൊണ്ടിരിക്കുന്നു. 'ഊരുഭംഗ'ത്തില്‍ ഇതിന്‍റെ തെളിവുകള്‍ ജീവിക്കുന്നുണ്ട്.

വിമര്‍ശനത്തിന്‍റെ ചാട്ടുളി പ്രയോഗമാവുകയാണ് 'പോടാ പുല്ലേ'. ആദ്യന്തം ഇതൊരു ധൈഷണികകഥയാണ്. ഗ്രന്ഥ കര്‍ത്താവിന്‍റെ വലിയൊരു പടത്തിനും അയാളുടെ വിശദമായ ജീവചരിത്രക്കുറിപ്പിനും താഴെ ലേ-ഔട്ട്‌ ചെയ്ത ആള്‍ നീക്കിവെച്ചിരുന്ന വൈറ്റ് സ്പേസില്‍ ചുവന്ന സ്കെച്ചു കൊണ്ട് വലിയ അക്ഷരത്തില്‍ പോടാ പുല്ലേ എന്ന് എഴുതി വെച്ച് ശിഥിലമായിപ്പോകാന്‍ സാധ്യതയുള്ള മനുഷ്യമഹാരക്ഷയായ എഴുത്തിനെയും എഴുത്തുകാരനെയും ഉന്നതമായ ഒരു ധൈഷണിക കഥകൊണ്ട് ഭാവന ചെയ്യുകയാണ് ഇവിടെ കഥാകൃത്ത്‌. നവ മുതലാളിത്തത്തിന്‍റെ തീക്ഷ്ണമായ കടന്നു കയറ്റം നമ്മുടെ ജീവിതത്തെ എങ്ങനെയെല്ലാം തകര്‍ത്ത് തരിപ്പണമാക്കുന്നുവെന്ന് ഈ കഥ നമ്മെക്കൊണ്ട് കഠിനമായി ചിന്തിപ്പിക്കുന്നു.

രവിവര്‍മ്മയുടെ കഥാലോകം ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഇദ്ദേഹത്തിന്‍റെ ഇത് വരെ വായിച്ച കഥകളില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുകയാണ് 'ഇരട്ട' എന്ന കഥ. ആഖ്യാനവും പ്രമേയവും കഥാപാത്രങ്ങളും ദര്‍ശനത്തിന്‍റെ ചാരുതകളുമെല്ലാം വേറിട്ടു വേറിട്ട്‌ സഞ്ചരിക്കുന്നു. കഥ മഹത്തായ ഒരു പ്ലാനിങ്ങിന്‍റെ വിജയമാണെന്ന് ഈ കഥയും ഓരോ വായനക്കാരനെയും വിളിച്ചുണര്‍ത്തുന്നത് പോലെ. ഒരു മനശാസ്ത്രസത്യം കഥയായി വിരിയിക്കാന്‍ ഒരു കഥാകൃത്തിന് ഇതിനപ്പുറം ഇനിയെന്താണ് അനുഷ്ഠിക്കാനുള്ളത് ? ദാമ്പത്യത്തിലെ ചില പ്രശ്നങ്ങളെ സൈക്കോളജിയുടെ യുക്തി ഉപയോഗിച്ച് കഥ കൊണ്ട് അഴിച്ചെടുത്ത്‌ കാണിക്കുന്ന കരവിരുതിന് നമോവാകം.

രവിവര്‍മ്മയുടെ ഉള്ളില്‍ ഒരു വലിയ കാവ്യകാരന്‍ ഉണ്ടെന്ന് നമ്മെ ഒന്നു എക്സ്പീരിയന്‍സ് ചെയ്യിക്കുന്ന കഥയാണ് 'മഴയുടെ കല്യാണം'. വിക്ടര്‍ ജോര്‍ജ്ജിന് കേരളം നല്‍കുന്ന സര്‍ഗാത്മകമായ സ്മാരകമായി ഈ കഥ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ഈ കഥയുടെ ആവിഷ്ക്കാരം വലിയൊരു ആഖ്യനാനുഭവമായി നമ്മെ ലഹരിപിടിപ്പിക്കുന്നുണ്ട്. കടലിലെയും കാട്ടിലേയും മഴയനുഭവങ്ങള്‍ - അതു പകര്‍ത്താനുള്ള ചിത്രകാരന്‍റെ ഉദ്വിഗ്നതകള്‍ - എല്ലാം കഥാകാരന്‍റെയും കാവ്യകാരന്‍റെയും ഏറ്റുമുട്ടല്‍ കൊണ്ടാണ് എഴുത്തനുഭവമായി കഥ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

സമകാലീനമായ ജീവിതം,ആഖ്യാനം,ഘടന - ഇതെല്ലാം കഥയ്ക്ക്‌ ഒത്തുവരുമ്പോഴാണ് ഒരു കഥ സമകാലീനമാകുന്നത്. ചിരന്തനമായ പ്രമേയങ്ങളെ ആഖ്യാനവിപ്ലവത്തിന് വിധേയമാക്കുമ്പോഴും ഇത് സാധ്യമാകും. അപ്പോഴാണ്‌ ഏതു കഥാകൃത്തും സമകാലീനമായി കഥാചരിത്രത്തില്‍ തിളങ്ങുകയും സാഹിത്യചരിത്രത്തിന്‍റെ ഭാവികാലത്തില്‍ സുരക്ഷിതരാകുന്നതും. രവിവര്‍മ്മയ്ക്ക് ഇതിന്‍റെ സാധ്യതകള്‍ ഉണ്ടെന്ന് സമാഹാരത്തിലെ കഥകള്‍ തെളിയിക്കുന്നു. ഉത്തരാധുനികകാലം അപകടകരമാംവണ്ണം ഒരു പാട് ചതിക്കുഴികളെ ഉള്ളില്‍ പേറുന്നുണ്ട്. ചരിത്രത്തിലെ ചൂഷണത്തിന്‍റെ ഏതു ഭൂതകാലത്തേക്കാളും ഭയാനകവുമാണ്‌ അത്. ഇത് കഥ കൊണ്ട് തൊട്ടറിയുന്നിടത്താണ് ഈ കഥാകൃത്തിന്‍റെ കഥകള്‍ക്ക് സൂക്ഷ്മരാഷ്ട്രീയത്തിന്‍റെ സ്പന്ദനങ്ങള്‍ അനുഭവപ്പെടുത്താന്‍ കഴിയുന്നത്‌. റിയാലിറ്റി ഷോ, പോടാ പുല്ലേ, മഹത്വം അത്യുന്നതങ്ങളില്‍, ഊരുഭംഗം, ബോബ് ചെയ്ത മുടിയും ഒട്ടകഎല്ലിന്‍റെ ഞാത്തുകമ്മലും, വീടുമാറ്റം തുടങ്ങിയ കഥകളിലെല്ലാം ഏറിയോ/കുറഞ്ഞോ, ശക്തമായോ/ദുര്‍ബലമായോ ഉത്തരാധുനിക സ്വഭാവങ്ങളുമെല്ലാം പ്രകടമാകുന്നുണ്ട്.

റിയാലിറ്റി ഷോകളും കച്ചവടസിനിമകളും സീരിയലുകളും നമ്മുടെ ചാനലുകളായ ചാനലുകളെല്ലാം മോഹിപ്പിച്ചും പ്രലോഭിപ്പിച്ചും പാവങ്ങളുടെ ജീവിതത്തെ എങ്ങനെ ചതിക്കുന്നുവെന്ന് കഥ കൊണ്ട് രേഖപ്പെടുത്തി കഴിയുമ്പോള്‍ സമൂഹത്തിലെ നീറുന്ന പ്രശ്നങ്ങളോട് സന്ധിയില്ലാസമരം ഇന്നത്തെ എഴുത്തുകാരുടെ ജന്മവിധിയായിത്തീരുന്നുവെന്ന് നാം അറിയേണ്ടതാണ്. സാമൂഹ്യജീവിതവും സാംസ്ക്കാരികതുടര്‍ച്ചയും നഷ്ട്ടപ്പെട്ട ഒരു ജനതയെ ലോകമെമ്പാടും സൃഷ്ടിച്ചെടുത്തുകൊണ്ടിരിക്കുന്ന നവമുതലാളിത്തത്തിന് മര്‍ദ്ദനോപകരണങ്ങള്‍ ഒന്നും തന്നെ വേണ്ടെന്നായിട്ടുണ്ട്. മോഹിപ്പിച്ചും,വിഭ്രമി പ്പിച്ചും, പ്രലോഭിപ്പിച്ചും, വഞ്ചിച്ചും ഒരു ജനതയെ ആകമാനം തളച്ചിടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നവമാധ്യമസംസ്കാരം ചൂഷകര്‍ക്ക് തുറന്നിട്ടുകൊണ്ടിരിക്കുന്ന സാധ്യതകള്‍ അവരെപ്പോലും അത്ഭുതപ്പെടുത്തും വണ്ണം അനന്തമാണ്‌. ഇവിടെയാണ്‌ ഇന്നത്തെ ഒരു കലാകാരന്‍റെ അവസാനിക്കാത്ത പോരാട്ടം ആരംഭിക്കേണ്ടത്. ഈ അര്‍ത്ഥത്തില്‍ നിര്‍ണ്ണായകമായ രാഷ്ട്രീയധ്വനികളാണ് രവിവര്‍മ്മയുടെ കഥകളെ ഉത്തരാധുനികവും സമകാലികവും ആക്കുന്നതും, മലയാളചരിത്രത്തിന് തള്ളിക്കളയുവാന്‍ കഴിയാത്തവണ്ണം അനിഷേധ്യമാക്കുന്നതും.

Sunday, July 22, 2012

വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും

പുസ്തകം : വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും
രചയിതാവ് : ജയ്‌നി
പ്രസാധകര്‍ : പായല്‍ ബുക്സ്
അവലോകനം : രണ്‍ജിത് ചെമ്മാട്
'ഡിജിറ്റലൈസ്‌ യുവര്‍ ഡ്രീംസ്‌ ' എന്ന ആപ്‌തവാക്യത്തിന്റെ അനുരണനങ്ങളിലൂടെ പുതിയ കാലത്തിലേയ്‌ക്ക്‌ തുഴഞ്ഞുകൊണ്ടിരിക്കുന്ന അനേകായിരം നാവികരുള്ള ഒരു കപ്പല്‍ചാലിലൂടെയാണ്‌ നാം സഞ്ചരിക്കുന്നത്‌!

ഒറ്റ വിരല്‍ വണ്ണത്തില്‍ ഒരായിരം വികാരങ്ങളെ പ്രകാശതരംഗങ്ങളാക്കി, കൃത്യമായ അനുപാതത്തിലൂടെ അതാത്‌ തുറമുഖങ്ങളിലേക്കെത്തിക്കുന്ന അതിനൂതന ഓപ്‌റ്റിക്കല്‍ ഫൈബര്‍ സംവേദനരീതിയുടെ രസതന്ത്രങ്ങള്‍ മെനയുന്ന പുതുനാവികരുടെ കടല്‍ച്ചാലുകളിലൂടെയാണ്‌ ഇന്നിന്റെയും, വരാന്‍ പോകുന്ന നാളെയുടെയും ഭാവി നാവിഗേറ്റ്‌ ചെയ്യപ്പെടുന്നത്‌.
നിയതമായ പ്രോഗ്രാമുകള്‍ ഫീഡ്‌ ചെയ്യപ്പെട്ട്‌ യാന്ത്രികമായ്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പുതുകാലത്തിന്റെ വക്താക്കള്‍ ഏത്‌ ദുര്‍ബുദ്ധിയിലാണ്‌ പ്രാക്തനാപാരമ്പര്യത്തിന്റെ കാവ്യശീലുകളെ താലോലിക്കാന്‍ മുതിരുന്നത്‌?

തികച്ചും ന്യായമായ ചോദ്യം!
ഉത്തരമില്ല!!
കാവ്യാനുരണനങ്ങള്‍ക്കും ശീലുകള്‍ക്കും ഛന്ദസ്സുകള്‍ക്കും യാതൊരു കാവ്യതീവ്രതയ്‌ക്കും അധിനിവേശിക്കാന്‍ കഴിയാത്ത ഉറപ്പുള്ള കോട്ടകൊത്തളങ്ങള്‍ക്കുള്ളില്‍ സുരക്ഷിതരാണ്‌ ഇന്നിന്റെ യൗവ്വനം. ഷോര്‍ട്ട്‌ മെസ്സേജിംഗ്‌ സര്‍വ്വീസ്‌ ബോട്ടുകളും, അരനിമിഷത്തിന്റെ ചിരിയനക്കങ്ങളൊരുക്കുന്ന ഫോര്‍വേര്‍ഡഡ്‌ ജോക്കുകളും, വിര്‍ച്ച്വല്‍ ലഹരിയിലൂടെ രതി പകരുന്ന മള്‍ട്ടിമീഡിയ സര്‍വീസുകളും, ജീവനില്ലാത്ത, മണമില്ലാത്ത, രസമുകുളങ്ങളില്ലാത്ത ചാറ്റ്‌ ദാമ്പത്യവും ചേര്‍ന്ന്‌ വിര്‍ച്ച്വല്‍ സമ്പൂര്‍ണ്ണത കൈവരിച്ച പ്രതിനിധികളില്‍ നിന്ന്‌, നിരതെറ്റിയോടുന്ന ചില അനക്കങ്ങള്‍ കാണാം.

നിയതമായ വഴികളിലൂടെ നിരനിരയായി സഞ്ചരിക്കുന്നതൊന്നും കാഴ്‌ചയില്‍ ചലനങ്ങളുണ്ടാക്കില്ല, അചേതനമായ മറ്റെന്തും ഉണ്ടാക്കുന്ന കാഴ്‌ചയുടെ, കേള്‍വിയുടെ, അരസികത മാത്രമേ മറ്റെന്തിനെയും പോലെ ഈ പിന്തുടര്‍ച്ചയും പകര്‍ന്നു തരൂ. അവിടെയാണ്‌ കൂട്ടം തെറ്റല്‍ പകര്‍ന്നു തരുന്ന വേറിട്ട അമൂര്‍ത്തസൗന്ദര്യം നമുക്ക്‌ നുകരാന്‍ കഴിയുക. കാഴ്‌ച്ചയിലും കേള്‍വിയിലും രസത്തിലും സ്വത്വത്തിലേയ്‌ക്കും വരെ പകര്‍ന്നു നല്‍കുന്ന വ്യതിചലനങ്ങള്‍ നല്‍കുന്ന ഊര്‍ജ്ജം ശീലുകള്‍ക്കും താളത്തിനും ബിംബത്തിനും ലയത്തിനും ഗ്രാഹ്യത്തിനുമപ്പുറത്തേയ്‌ക്ക്‌ കവിതയെന്ന വികാരത്തിലേയ്‌ക്ക്‌ ഉരുകിച്ചേരുന്നു.

'വെയില്‍ കനക്കുമ്പോഴങ്ങനെയാണ്‌/
മിനുത്തമുഖവും കരുവാളിക്കും/
പൊഴിഞ്ഞ മഴയുടെ അവസാന തുള്ളിയും/
കുടിച്ചിട്ടും വരണ്ടു പോയ വെയില്‍/
സന്ധ്യയെ വിഴുങ്ങി/
രാവെത്തുമ്പോഴും/
തിളച്ച ചൂടിനെ ബാക്കിയാക്കി/
വെയിലൊരു വേള മാറി നില്‍ക്കും/
നാളെയുടെ പുലരിത്തുടിപ്പുകളെ/
കുടിച്ചുവറ്റിക്കാനിരുളില്‍ /
ഒളിച്ചിരുപ്പാണ്‌ വെയില്‍/'

'വെയില്‍' എന്ന കവിതയിലൂടെ ജയ്‌നി തുടങ്ങിവയ്‌ക്കുന്നതിങ്ങനെയാണ്‌. പൊഴിഞ്ഞ മഴയുടെ അവസാന തുള്ളിയും കുടിച്ചിട്ടും വരണ്ടു പോയ വെയില്‍. ചുട്ടുപഴുത്ത ഇന്ദ്രിയങ്ങളിലേയ്‌ക്ക്‌ നനവാര്‍ന്ന ഒരു സ്വപ്‌നമെങ്കിലും പകരാന്‍ കൊതിക്കുന്ന, സമ്പൂര്‍ണ്ണമായ അധിനിവേശിക്കപ്പെട്ട ഒരു ജനതയുടെ പ്രതീകമാണ്‌. ഒരു മഴത്തുള്ളിയെ സ്വപ്‌നം കണ്ട്‌, ജൈവികമായ ഒരു നീര്‍ത്തടത്തിലെ ആവാസവ്യവസ്ഥയിലേയ്‌ക്ക്‌ ലയിക്കാന്‍ കൊതിക്കുന്ന ഉര്‍വ്വരമായ യുവമനസ്സിന്റെ തേങ്ങലുകളെല്ലാം വളരെ അലസവും അരസികവുമെന്നു തോന്നിക്കുന്ന വരികളിലൂടെ അടുക്കിവെയ്‌ക്കുന്നുണ്ട്‌ കവി.
അമൂര്‍ത്തമായ കോറിയിടലുകളിലൂടെ അലസമായ നിറച്ചാര്‍ത്തുകളിലൂടെ അചേതനമെന്ന്‌ തോന്നിക്കുന്ന ബിംബങ്ങളിലൂടെ പുതിയ കാലത്തിന്റെ കാവ്യചേരുവ രൂപം കൊള്ളുന്നു.
വൃത്തവും ഈണവുമില്ലാത്ത പുതുകവിത നമ്മെ അലോസരപ്പെടുത്തുന്നത്‌, ആന്തരികമായി സംവേദിക്കുന്ന നമ്മുടെ നേരനുഭവങ്ങളിലേക്ക്‌ ലയിക്കപ്പെടുമ്പോഴാണ്‌, ഓരോ വരികളിലും തിരിച്ചും മറിച്ചും രൂപകല്‍പ്പന ചെയ്‌ത മുള്‍മുനകള്‍ കൈതയോലപോലെ നമ്മെ മുറിവേല്‍പ്പിക്കുന്നു. വാര്‍ന്നൊഴുകുന്ന രക്തനനവുകളില്‍ പതുക്കെ തണുത്ത്‌ നാം നമ്മോട്‌ തന്നെ സമരസപ്പെടുകയും വീണ്ടും കലഹിക്കുകയും ചെയ്യുന്നു. ഓരോ വായനയുടെയും രസതാളങ്ങളില്‍ ഉരുക്കഴിക്കുകയും വീണ്ടും മുറുക്കുകയും ചുറ്റിവരിയുകയുംചെയ്യുന്ന വരികളിലൂടെ ഉറയൊഴിക്കാനായ സര്‍പ്പത്തെപ്പോലെ നാം അലോസരപ്പെടുന്നു. പുതുകവിത ശീലുകളില്ലാത്ത മൂര്‍ച്ചയിലൂടെ അനുഭവഭേദ്യമാകുന്നു.
ഒറ്റമൂലികളും ചേരുവകളും സമം ചേര്‍ത്ത്‌ ആസ്വാദ്യതയുടെയും സ്വീകാര്യതയുടെയും നെയ്‌മധുരക്കൂട്ടുകളും മേമ്പൊടി ചേര്‍ത്ത്‌, വായനാ രോഗിക്കു വേണ്ടി പാകപ്പെടുത്തിയെടുക്കുന്ന രചനാ സങ്കല്‌പ്പമല്ല, ജയ്‌നിയുടെ വരികളില്‍ കാണുന്നത്‌.

അതില്‍നിന്നൊക്കെ വഴുതിമാറി, സ്വീകാര്യതയെന്ന അത്യന്തം അപകടകാരിയായ, പുതുവിതയുടെ കീടാണുവിനെ നിഷ്‌കരുണം ചവിട്ടിയരച്ച്‌, കൂസലെന്യേ എഴുതിത്തെറിപ്പിക്കുന്ന മൂര്‍ച്ചയേറിയ വാക്കുകളുടെ കൂര്‍ത്തതും പിളര്‍ന്നതുമായ തുണ്ടുകളെ അമൂര്‍ത്തമായി അടുക്കി വച്ചുകൊണ്ടാണ്‌ ഇവിടെ കവി കവിതയെന്ന നിര്‍മ്മിതികള്‍ അടുക്കിപ്പെറുക്കി ഉറപ്പിക്കുന്നത്‌. ഒറ്റവായനയില്‍ അത്യാകര്‍ഷകമായതൊന്നും സംഭവിക്കുന്നില്ലെങ്കിലും തുടര്‍വായനയിലേയ്‌ക്ക്‌ അലസമായി ക്ഷണിക്കുകയും പിന്നീട്‌ ക്ഷണിക്കാതെ തന്നെ അബോധത്തിലൂടെ അവിടേയ്‌ക്ക്‌ ചേക്കേറാന്‍ തുനിയുകയും ചെയ്യുന്ന കാക്കക്കൂടുകള്‍ പോലെ തലങ്ങും വിലങ്ങും നീണ്ടും കൂര്‍ത്തും മുള്ളു കൊണ്ടും ചിലമ്പിയാര്‍ത്തും തലയ്‌ക്ക്‌ ചുറ്റും മൂളലോടെ പറന്നുകൊണ്ടിരിക്കുന്ന ഒരു ജൈവ ആക്രമണമായി കവിത വായനക്കാരനിലേയ്‌ക്ക്‌ ആവേശിക്കുന്നു.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഡെസ്‌ക്‌ ടോപ്പ്‌ പബ്‌ളിഷിങ്ങില്‍ വിദഗ്‌ധയായ കവി, ജോലിസംബന്ധമായ സാങ്കേതികവിവരണങ്ങളെയും ഇ-ലോകത്തിന്റെ നേര്‍ക്കാഴ്‌ചകളെയും ചൂഷണങ്ങളെയും സാദ്ധ്യതകളെയും വരെ വിവിധ ബിംബങ്ങളിലൂടെ കവിതയിലേയ്‌ക്ക്‌ സന്നിവേശിപ്പിച്ചിട്ടുണ്ട്‌. സൈബര്‍ കാലത്തിന്റെ പ്രതിനിധികളായ ഏതൊരു പുതുകവിയെയും പോലെ ഇത്തരം വിഷയം കൈകാര്യം ചെയ്യുമ്പോഴും വ്യത്യസ്‌തവും ലളിതവുമായ ഘടനാവിശേഷം ജന്മസിദ്ധമായ കൈയ്യടക്കത്തില്‍ ഭദ്രമാകുന്നുണ്ട്‌.

മഞ്ഞയാണിന്നു ഞാനെങ്കിലോ നീ നീല/
നമ്മളീ ഭൂമിയെ പച്ചയാക്കും /
നീ മുകില്‍, ഞാനതില്‍ നിന്നൊഴുകിടു/
മുര്‍വരത നല്‍കിടും കാലവര്‍ഷം /
നീ തൂലിക, ഞാനതില്‍ നിന്നിറ്റു വീഴു /
മറിവിന്റെയക്ഷരത്തുള്ളി /
ഞാനിറുങ്ങനെ പൂത്തിടും കര്‍ണ്ണികാരം /
നീയതിലുണര്‍ന്നിടും വിഷുപ്പുലരി /
നീ ഹരന്‍, ഞാന്‍ നിന്നര്‍ദ്ധമേനിയ്‌ക്കധിപ /
നിന്നിഷ്‌ടവധുവാം ഹിമശൈലപുത്രി

'മറുപാതി` എന്ന കവിതയിലൂടെ വ്യത്യസ്‌തവും അടുക്കും ചിട്ടയോടെയുമുള്ളതുമായ ബിംബങ്ങള്‍ മനോഹരമായി ഇണക്കിച്ചേര്‍ത്തിട്ടുണ്ട്‌ കവി.

മണ്ണാങ്കട്ടയയും കരിയിലയുമെല്ലാം നമ്മള്‍ കഥ കേട്ടുതുടങ്ങിയ നാള്‍ മുതലുള്ള അനാദിബിംബങ്ങളാണ്‌. എന്നാല്‍ പുതു നിര്‍മ്മിതിയുടെ രസതന്ത്രങ്ങള്‍ പുതിയ കാലത്തിന്റെ രസവേഗങ്ങളെ ആവോളം പുതുക്കി നിമിഷങ്ങള്‍ മാത്രം ആയുസ്സുള്ള പുതുബിംബങ്ങളെ പ്രതിഷ്‌ഠിക്കുമ്പോള്‍ പല സൃഷ്ടികളും അരോചകവും അപ്രാപ്യവും ആകുന്നു. ബന്ധുദേശവാസികള്‍ക്ക്‌ മാത്രം പ്രാപ്യമായ പുതിയ രസക്കൂട്ടുകളിലേയ്‌ക്ക്‌ പുതു നിര്‍മ്മിതികള്‍ കൂടു മാറുമ്പോള്‍ അപ്രാപ്യരായ മറുദേശക്കാര്‍ക്ക്‌ നിര്‍മ്മിതിയുടെയും നിര്‍മ്മാണത്തിനാവശ്യമായ ഇമേജുകളുടെയും മുന്നില്‍ വാ പൊളിച്ച്‌ നില്‍ക്കേണ്ട ദുരന്തം പുതുകവിതയുടെ പല രചനകളിലും കാണാം കഴിയും, അത്രമേല്‍ പരിചിതമല്ലാത്ത ദേശ വൈശിഷ്ട്യങ്ങളെ സമ്പര്‍ക്കമില്ലാത്ത ഭൂമികയിലേയ്‌ക്കു കൂടി പരിചയപ്പെടുത്തുക എന്നൊരു ദീര്‍ഘവീക്ഷണം അത്തരം രചനാ ശൈലികളില്‍ പ്രതിഫലിക്കുന്നു എന്നൊരു മറുവാദവുമുണ്ട്‌, എന്നാല്‍ ഇത്തരം ന്യായാന്യായങ്ങള്‍ക്കിടയിലാണ്‌ മണ്ണാങ്കട്ടയുടെയും കരിയിലയുടെയും ദഹനലാളിത്യം നമുക്ക്‌ അനുഭവഭേദ്യമാകുന്നത്‌.

തകര്‍ത്തു പെയ്യുന്ന പേമാരിയില്‍/
നിനക്കായ്‌ ഞാന്‍ ഓലക്കുടയാകാം/
എന്റെ കാര്‍കൂന്തലിന്നിരുട്ടില്‍/
നിന്നെ ഞാന്‍ ഒളിപ്പിച്ചു വെയ്‌ക്കാം/
പ്രിയ സ്‌നേഹിതാ നമുക്കൊന്നായ്‌ നടക്കാം/
കൊടുങ്കാറ്റിലെന്‍ കാലിടറുമ്പോള്‍/
എനിക്കു മുകളിലൊരു ഭാരമായമരുക/
`വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും' എന്ന കവിതയിലൂടെ അതിലളിതമായി പ്രണയതീവ്രത വരച്ചുവെച്ച്‌ ജയ്‌നി ഇത്തരം ബിംബങ്ങളെ പുനരവതരിപ്പിക്കുന്നു.
മഴയിലലിഞ്ഞും കാറ്റില്‍ പറന്നും/
ഒരു കഥയായ്‌ മായുവോളം/
പ്രിയ സ്‌നേഹിതാ നമുക്കൊന്നായ്‌ നടക്കാം

എന്ന്‌ അവസാനിക്കുമ്പോള്‍ പഴം കഥയുടെ മിത്തുകളില്‍ നിന്ന്‌ പുതുജീവിതം വരച്ചിടുകയും, ഒരു നുരയുന്ന ബിയര്‍ബോട്ടിലിന്റെ ആയുസ്സുള്ള പ്രണയത്തെ ഒരു കഥയായ്‌ മാറുന്നതുവരെയുള്ള സമയത്തിലേയ്‌ക്ക്‌ സന്നിവേശിപ്പിക്കുകയും ചെയ്യുന്നു. കഥയില്‍ നിന്നു തുടങ്ങി ക്ഷണികമായ ജീവിതത്തിന്റെ ഒറ്റ ക്യാന്‍വാസില്‍ ഒരു പോസ്റ്റ്‌ മോഡേണ്‍ ചിത്രം പോലെ മഴയും കാറ്റും പ്രളയവും സന്നിവേശിപ്പിച്ച്‌, വിസ്‌മയിപ്പിച്ച്‌, വീണ്ടും കഥയിലേയ്‌ക്ക്‌ തന്നെ ബിംബങ്ങളെ തിരികെ പറഞ്ഞയയ്‌ക്കുകയും ചെയ്യുന്ന, തികച്ചും ലളിതവും വിസ്‌മയാവഹവുമായ ഘടനാ വൈഭവം വെച്ചു പുലര്‍ത്തുന്നുണ്ട്‌ കവയത്രി ഇവിടെ.

മലയാളം കവിതാ ബ്‌ളോഗിലും ഓണ്‍ലൈന്‍ ഇടങ്ങളിലും ശ്രദ്ധേയമായ സാന്നിദ്ധ്യമായ ജയ്‌നിയുടെ പ്രണയവും വിരഹവും മഴയും കടലും സൈബര്‍ വിഷയങ്ങളും എല്ലാം വിഷയമാകുന്ന കവിതകള്‍ ഈ സമാഹാരത്തിലുണ്ട്‌. അമിത പ്രതീക്ഷയില്ലാത്ത വായനയുടെ ലളിതവും വശ്യവുമായ തലങ്ങളിലേയ്‌ക്ക്‌ കൂട്ടുകൊണ്ടുപോകുകയും കവിതയുടെ ലഹരിയിലേയ്‌ക്ക്‌ ലളിതമായി നുഴഞ്ഞിറങ്ങാന്‍ തുനിയുന്ന ഒരു സാധാരണ കാവ്യാനുയാത്രികനെ തൃപതിപ്പെടുത്തുകയും ചെയ്യുന്ന എല്ലാ ചേരുവകളും കലര്‍പ്പില്ലാതെ ഈ സമാഹാരത്തില്‍ ചേര്‍ന്നിട്ടുണ്ട്‌ എന്ന്‌ നിസ്സംശയം പറയാം...

മിന്നിമറിയുന്ന മയില്‍പ്പീലിത്തുണ്ടുകളിലല്ല/
നിന്റെ കണ്ണുകള്‍ ഞാനാദ്യം കണ്ടത്‌/
കൈക്കുടന്നയില്‍ നിറയുന്ന മഞ്ചാടിക്കുരുവിന്റെ/
വര്‍ണ്ണശബളിമയിലല്ല നിന്‍ കവിള്‍തുടിപ്പറിഞ്ഞത്‌/
പാതി ഞാനും പാതിനീയുമെന്നോതുന്ന/
കുന്നിക്കുരുമണികളിലല്ല നിന്നെയറിഞ്ഞത്‌/
തെരുവീഥികളിലേകനായ്‌ തീവെയിലേറ്റു
പൊള്ളിത്തിണര്‍ത്ത കവിള്‍ത്തടങ്ങളില്‍ നിന്നെയറിഞ്ഞു...

'അവസാനം' എന്ന കവിതയില്‍ കവി വിശേഷിപ്പിക്കുന്ന പോലെത്തന്നെയാണ്‌ നമ്മള്‍ ജയ്‌നിയുടെ കവിതകളും അറിഞ്ഞുകൊണ്ടിരിക്കുന്നത്‌.


"ജയ്‌നിയുടെ കവിതകള്‍; പ്രാക്തനാപാരമ്പര്യത്തിന്റെ ഡിജിറ്റല്‍ രൂപകങ്ങള്‍" എന്ന പേരില്‍ പുസ്തകത്തിന് എഴുതിയ അവതാരികയില്‍ നിന്നും.

Wednesday, July 18, 2012

നീഹാരയുടെ കിളിക്കൂട്

പുസ്തകം : നീഹാരയുടെ കിളിക്കൂട്
രചയിതാവ് : ഷാജഹാന്‍ നന്മണ്ട
പ്രസാധകര്‍ : ലിപി പബ്ലിക്കേഷന്‍സ്
അവലോകനം : വെട്ടത്താന്‍ഥ ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ്. ആരും ഇല്ലായ്മയില്‍ നിന്നു ഒന്നും സൃഷ്ടിക്കുന്നില്ല. കഥാകാരനും, തനിക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് തന്നെയാണ് കളിമണ്ണ് ശേഖരിക്കുന്നത്. അയാളുടെ അനുഭവങ്ങള്‍, അയാള്ക്കു ചുറ്റുമുള്ളവരുടെ അനുഭവങ്ങള്‍,അയാള്‍ പറഞ്ഞുകേട്ട ജീവിതങ്ങള്‍ എല്ലാമാണ് അയാളുടെ അസംസ്കൃത വസ്തുക്കള്‍.ചളി കുഴച്ചുമറിച്ച് അയാളൊരു പുതിയ രൂപം സൃഷ്ടിക്കുന്നു. അടിസ്ഥാനപരമായി കളിമണ്ണ് തന്നെയാണ്. പക്ഷേ ശില്പ്പിയുടെ മികവനുസരിച്ചു രൂപത്തിന്റെ അലകും പിടിയും മാറും.

അഴകും സൌകുമാര്യവും കൂടും.ഒരു കഥ,അത് എന്താണെന്നതിലുപരി എങ്ങനെ പറഞ്ഞൂ എന്നതിനാണ് പ്രസക്തി.ഒരു സംഭവം, അതെങ്ങിനെ കാണുന്നു എന്നതാണു കഥാകാരനെ വ്യതിരിക്തനാക്കുന്നത്.എന്തും സാധാരണരീതിയില്‍ കാണുന്നവനല്ല കഥാകാരന്‍.അവന്‍റെ ആറാമിന്ദ്രിയമാണ്,എന്തും വരികള്ക്കിടയിലൂടെ വായിക്കാനുള്ള കഴിവാണ്, അവനെ വ്യത്യസ്ഥനാക്കുന്നത്.

മലയാളത്തില്‍ കഥയുടെ സുവര്‍ണ്ണകാലം കഴിഞ്ഞുപോയോ എന്നു സംശയിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെപോക്ക്.എടുത്തുപറയാവുന്ന കഥാകാരന്മാരൊന്നും കഴിഞ്ഞ പത്തുവര്ഷമായി രംഗത്തെത്തിയിട്ടില്ല. മികച്ചത് എന്നു പറയിക്കുന്ന ഒരു കഥ അടുത്തകാലത്തൊന്നും വായിച്ചിട്ടില്ല. ഈ ദാരിദ്ര്യം കഥയുടെ കാര്യത്തില്‍ മാത്രമല്ല.നമ്മുടെ അംഗീകൃത കവികളാരും അടുത്തകാലത്ത് നല്ലൊരു കവിത എഴുതിയിട്ടില്ല. നോവല്‍ രംഗത്താണെങ്കില്‍ ,ബഞ്ചമിനെയും,രാജീവിനെയും പോലെ വാഗ്ദാനങ്ങളാണെന്ന് തോന്നിപ്പിക്കുന്ന അപൂര്വ്വം ചിലരെ മാറ്റി നിര്‍ത്തിയാല്‍, ഒരുപറ്റം, വ്യാജന്മാരും, വിഡ്ഡികളും ആണ് അരങ്ങുവാഴുന്നത്.

ഇത് മലയാളത്തിന്‍റെ മാത്രം പ്രശ്നമാണെന്ന് പറയാന്‍ വയ്യ.ഇന്ത്യന്ഭാഷകളില്‍ ഒന്നുംതന്നെ ,നമ്മെ നിര്ബ്ബന്ധമായും വായിപ്പിക്കുന്ന ഒരു പുതിയ കഥാകാരന്‍ ഉയര്ന്നു വന്നിട്ടില്ല.ക്ലിക്കുകളുടെ പിന്‍ ബലത്തോടെ അവിടെയും ഇവിടെയും പേരുകേള്പ്പി്ച്ചു വന്നവരൊക്കെ വന്ന വേഗത്തില്‍ തകര്ന്നടിയുകയും ചെയ്യുന്നു.

വായനക്കാരുടെ കുറവാണോ നല്ല എഴുത്തുകാരുടെ അഭാവത്തിന് കാരണം? ഒരു യഥാര്ത്ഥ പ്രതിഭ വായനക്കാരെ കണ്ടുകൊണ്ടല്ല എഴുതുന്നതു.അയാള്ക്കത് ഒരു തപസ്യയാണ്. ആല്മാവിഷ്കാരമാണ്. മറ്റെല്ലാം പിന്നാലേ വരുന്നതാണ്.പക്ഷേ ഒരു സാധാരണ എഴുത്തുകാരന് വായനക്കാര്‍ ഒരു പ്രശ്നം തന്നെയാണ്.എഴുതിയത് വായിക്കപ്പെടുന്നതിലൂടെ,ആദരിക്കപ്പെടുന്നതിലൂടെയാണ് അയാള്ക്ക് വേണ്ട ഊര്ജ്ജം പകര്‍ന്നു കിട്ടുന്നത്.ആ ഊര്ജ്ജം കിട്ടാതാവുന്നതോടെ അയാളുടെ എഴുത്ത് മുരടിച്ചുപോകുന്നു.

പുതിയ കാലത്തിനനുയോജ്യമായ മാധ്യമമാണ് ഇന്‍റര്‍നെറ്റ്.പുതു എഴുത്തുകാര്ക്കും വളര്ന്നു്വരുന്നവര്ക്കും എഴുതിവളരുവാന്‍ ഒരു സാഹചര്യം അതൊരുക്കുന്നുണ്ട്.പക്ഷേ വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകുന്ന ഒരു ലോകമാണതു.പരസ്പരം പുറംചൊറിഞ്ഞുകൊടുത്ത് സായൂജ്യം നേടുന്നവര്‍ ബൂലോകത്തെ നിസ്സാരവല്‍ക്കരിച്ചുകളയുന്നു.ഗൌരവമായി ഈ മാധ്യമത്തെ നേരിടുന്നതിനും പരിമിതികളുണ്ട്.എന്തായാലും ആഗ്രഹിക്കുന്നവര്‍ക്കൊക്കെ എഴുതാനും,എഴുതിവളരാനും ഇന്നിന്റെ ഈ മാധ്യമം വഴിയൊരുക്കുന്നു.

ശ്രീ ഷാജഹാന്‍ നന്മണ്ടയുടെ (നന്മണ്ടന്‍) “നിഹാരയുടെ കിളിക്കൂട്” എന്ന കഥാസമാഹാരമാണ് ഇത്രയൊക്കെ ചിന്തിക്കാന്‍ വഴിയൊരുക്കിയത്.ബ്ലോഗില്‍ അദ്ദേഹത്തിന്‍റെ കഥകള്‍ നേരത്തെ കണ്ടിരുന്നു.ഒന്നോടിച്ചുവായിച്ചു പോയതല്ലാതെ മനസ്സിരുത്തി വായിക്കാന്‍ കഴിഞ്ഞിരുന്നില്ല.കഴിഞ്ഞദിവസം “ലിപി”യില്‍ പുസ്തകം കണ്ടപ്പോള്‍ വാങ്ങി. വിസ്തരിച്ചു വായിച്ചു.

ഈ കഥാസമാഹാരം ഒരു സംഭവമാണെന്ന് പറയാനുള്ള ശ്രമമല്ല ഇത്.”നിഹാരയുടെ കിളിക്കൂട്” മലയാള ചെറുകഥാസരണിയില്‍ ഗുരുവായൂര്‍ കേശവനെപ്പോലെ തലയുയര്ത്തി നില്ക്കുന്ന ഒരു രചനയുമല്ല.പക്ഷേ വായിച്ചുതുടങ്ങിയാല്‍ മുഴുവനാക്കാന്‍ നിര്ബ്ബന്ധിക്കുന്ന എന്തോ ഒന്നു ഇതിലുണ്ട്.ഒന്നൊഴികെ എല്ലാം പ്രവാസികളുടെ നനുത്ത ദു:ഖത്തിന്റെ കഥകളായതുകൊണ്ടാണോ?കടുത്ത ദു:ഖത്തിലും പ്രതീക്ഷയുടെ ഒരു വെള്ളിനൂല്‍ ഇഴചേര്ന്നതുകൊണ്ടാണോ?അറിഞ്ഞുകൂടാ.

ഈ കഥാകാരന്‍റെ, തെളിനീരരുവി പോലെയുള്ള ഭാഷ ഹൃദയാവര്ജകമാണ്.ആദ്യം പറഞ്ഞതുപോലെ,എന്തുപറഞ്ഞു എന്നതല്ല,എങ്ങിനെ പറഞ്ഞു എന്നതാണു മുഖ്യം.ഷാജഹാന്‍ തന്‍റെ മനസ്സിലുള്ളത് നന്നായിതന്നെ പറഞ്ഞിട്ടുണ്ട്.തെളിമയോടെ കഥ പറയുന്ന രീതിയാണ് നന്മണ്ടന്റേത്. “ഒരു കടപ്പാടിന്റെ ഓര്‍മ്മയ്ക്ക്”, “മടക്കം”, “പ്രാവുകള്‍ കുറുകുന്നു” എന്നു തുടങ്ങി ഏതാണ്ടെല്ലാക്കഥകളും വായനക്കാരനോടു മുഴുവനായി സംവദിക്കുന്നതാണ്.”ആലംഖാന്റെ നഷ്ടപ്പെട്ട ചെമ്മരിയാട്” അടിച്ചമര്ത്തപ്പെട്ട വികാരങ്ങളുടെ ഇടയില്പ്പെട്ടുപോകുന്ന പാവം പ്രവാസിയുടെ കഥയാണ്. ഒരുതെറ്റും ചെയ്യാതെ മരണം ഏറ്റുവാങ്ങേണ്ടിവന്ന പ്രാരാബ്ധക്കാരന്റെ കഥ.കലാപഭൂമിയിലെ സ്ഫോടകവസ്തുക്കള്‍ നിര്വ്വീര്യമാക്കാന്‍ ചെല്ലുന്ന സചിവോത്തമ വര്മ്മയുടെ കഥപറയുന്ന “ബസ്രയിലെ ക്ഷത്രിയന്‍” മറ്റ് കഥകളില്‍ നിന്നു വേറിട്ടുനില്ക്കുന്നു.

കുറ്റങ്ങളും കുറവുകളും? തീര്ച്ചയായും ഉണ്ട്.എല്ലാം മിനിക്കഥകളാണ്.മുഴുവന്‍ പറഞ്ഞുതീര്ന്നില്ല എന്ന തോന്നലുളവാക്കിയാണ് മിക്ക കഥകളും അവസാനിക്കുന്നത്.അത് ഒരുപരിധിവരെ ബ്ലോഗുകള്‍ നല്കുന്ന ശാപമാണ്.നീട്ടിയെഴുതിയാല്‍,വായിക്കാനാളില്ലാതാവുമോ എന്ന ഭയംകൊണ്ടു പല രചനകളും വെട്ടിച്ചുരുക്കേണ്ടിവരുന്നു.നന്മണ്ടനേപ്പോലൊരു എഴുത്തുകാരന്‍ അത്തരം ഭയങ്ങളില്‍ നിന്നു മോചിതനാവേണ്ട സമയം കഴിഞ്ഞു.

Saturday, July 14, 2012

9

പുസ്തകം : 9
രചയിതാവ് : സുസ്മേഷ് ചന്ത്രോത്ത്
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : അനാഗതശ്മശ്രുകാലവും ദേശവും കുറെ മനുഷ്യമനസ്സുകളും വിശാലമായ കാന്‍ വാസ്സില് കൃത്യമായി അടയാളപ്പെടുത്തുമ്പോഴാണ് നല്ല നോവലുകള്‍ ജനിക്കാറ്. സ്വന്തം ദേശം തന്നെ ആണെങ്കില്‍, ജന്മലബ്ധമായ ആത്മാന്വേഷണങ്ങളിലൂടെ മുന്നേറുന്ന രചനാരീതിയാണെങ്കില്‍ അതിന്റെ ആസ്വാദ്യതയും ഏറും. പാരിസ്ഥിതിക വിവേകവും ഹരിതബോധവും ഉള്ള ഒരു പിടി മനുഷ്യര്‍ നമുക്ക് ഉണ്ടായിരുന്നുവെന്ന് ഇന്നത്തെ തലമുറ കണ്ടുപിടിച്ച് രേഖപ്പെടുത്തുമ്പോഴാണ് അത്തരം ജന്മങ്ങള്‍ക്ക് അര്ത്ഥങ്ങളുണ്ടാവുന്നതും.

ഹൈറേഞ്ച് എന്ന പ്രകൃതിയുടെ അനിതര സാധാരണമായ കാലാവസ്ഥയിലെ ഈ നോവല്‍ ('9') സുസ്മേഷ് ചന്ത്രോത്ത് എന്ന യുവ കലാകാരന്‍ മലയാളത്തിന് നല്കുമ്പോള്‍ ഇത്തരം ധാരാളം ദൗത്യങ്ങള്‍ നിര്‍‌വഹിക്കുന്നുമുണ്ട്. ദീപക് എന്ന യുവാവ് കേട്ടതും കണ്ടതും അനുഭവിച്ചതുമായ മുഹൂര്‍ത്തങ്ങള്‍ക്ക് കാലപരിധി അത്രയേറെയില്ലെങ്കിലും വന മര്‍മ്മനിഗൂഢമായ കാട്ടുവഴികളെ തൂര്‍ന്നെടുത്തു നാട്ടുവഴികളാക്കിയ കുറേ കുടിയേറ്റങ്ങള്‍ ഇവിടെ അനാവൃതം ചെയ്യപ്പെടുന്നു.

നോവലിന്റെ BLURB-ല്‍ പറഞ്ഞിരിക്കുന്നത് വായിക്കുമ്പോള്‍, ഒറ്റപ്പെടല്‍ അനുഭവിയ്ക്കുന്ന ധാരാളം കഥാപാത്രങ്ങള്‍ നോവലില്‍ ഉണ്ടെന്ന് തോന്നും. ഹൈറേഞ്ചിന്റെ പ്രകൃതി പശ്ചാത്തലവും കേരള ചരിത്രവും ചേര്‍ത്ത് കഥയെ യാഥാര്‍ത്ഥ്യത്തോട് അടുപ്പിക്കുവാന്‍ നോവലിസ്റ്റ് പരിശ്രമിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ മേലനങ്ങി പണിയെടുക്കുന്ന സ്വഭാവവിശേഷം ഇന്നത്തെ കൈയേറ്റ മാഫിയക്കാര്‍ക്ക് പഠിയ്ക്കാനൊരു ചരിത്രമായി ഈ നോവല് പലയിടത്തും സഹായം നീട്ടുന്നു.

ഒറ്റപ്പെടല്‍ മറ്റൊരു മാനസികാവസ്ഥയായി മാറുന്ന രീതിയാണെവിടെയും കൂട്ടായ്മയുടെ വിജയം കുടിയേറ്റ കാലത്തുണ്ടായിരുന്നെന്നും അതിന് മൂലകാരണം സ്വന്തം നാട്ടിലെ സ്വന്തം ആളുകളുടെയിടയിലെ ഒറ്റപ്പെടലാണെന്നും സാമാന്യമായി പറയാം.

അടിക്കാട് വരെ നനയാത്ത മഴപോലെ ജീവതം നിരര്ത്ഥകമാവുമെന്ന് നോവലിസ്റ്റ് ഒരിടത്ത് പറയുന്നുണ്ട്. അടിക്കാട് കത്തുന്നത് അണയ്ക്കാനാവാതെ നിസ്സഹമയമായി നില്ക്കുന്ന അനേക ജീവതത്തെയും കാണാനാവുന്നുണ്ട് ഇവിടെ.

പുരോഗതിയും വികസനവും നാടിന്റെയും നാട്ടാരുടെയും മുഖവും ഛായയും മാറ്റുന്ന കാലഘട്ടം വ്യക്തമായി രേഖപ്പെടുത്താന്‍ നോവലിസ്റ്റ് ശ്രമിക്കുന്നു. പോലീസുകാരുടെ നിക്കര്‍, കൂര്‍ത്ത തൊപ്പി, യൂണിഫോം പാന്റും ക്യാപ്പും ആകുന്നതും ഇടുക്കി ആര്‍ച്ച് ഡാം തറക്കല്ലിടലും ഒക്കെ ഓര്‍ക്കുക.

ദീപക് എന്ന ചെറുപ്പക്കാരന് തോന്നുന്ന എതിര്‍ലിംഗ മണം മുതല്‍ അബ് നോര്‍മല്‍ മനസ്സിന്റെ ഉടമയായ അഥവാ അരാജക മനസ്സിന്റെ ഉടമയായ ചെറുപ്പക്കാരനിലേക്കുള്ള വളര്‍ച്ചയില്‍ തോന്നുന്ന ഫെറ്റിഷ് മാനസികാവസ്ഥ വരെ വിശദമായി വിവരിക്കുമ്പോള്‍ പുതുതലമുറയിലെ കഥാകാരന്മാര്‍ ആഗ്രഹിക്കുന്ന എരിവും പുളിയും ചില അധ്യായങ്ങള്‍ക്ക് കൈവരികയും അത് സര്‍ക്കുലേഷന് കൂട്ടാന്‍ ഉപകരിയ്ക്കുകയും ചെയ്യുന്നുണ്ട്. (Page 78-79)

പെണ്മൂത്രഗന്ധം ആര്‍ത്തിയോടെ വലിച്ചെടുക്കുന്ന ദീപക് –

ഭാഷയുടെ വിരുതില്‍ മനോഹരമായ വരികളെ കാണാതെ പോകരുത് -

''ഉമ്മുസല്മയുടെ ഉദിച്ചു വരുന്ന മൂലഭാഗത്ത് കവിളമര്‍ത്തി ദീപക് പൊന്തക്കാടുകളില്‍ കിടന്നു. ആകാശവെളിച്ചത്തെ പൊന്തയ്ക്കുള്ളിലേക്ക് ആവാഹിച്ച് സ്തന്യമാക്കി അവന്റെ ചുണ്ടുകളെ അവള്‍ തൃപ്തിപ്പെടുത്തി.” (Page 82)

ഈ നോവലില് ശ്രദ്ധേയമായ ഒരു അധ്യായം - “ആകാശവും ഭൂമിയും ഭരിക്കുന്ന വൃക്ഷങ്ങള്‍” ആണ് - ''കെ.എസ്.ഇ.ബി. ഇന്സ്പെക്ഷന്‍ ബംഗ്ലാവിന്റെ മുറ്റത്തെ ബദാം കാടുകളില്നിന്ന് ഏതൊക്കെയോ രഹസ്യപ്പൂവുകളുടെ ഉന്മാദമുയര്‍ത്തുന്ന ഗന്ധം രാവും പകലും ഉയര്‍ന്നു. പൂവുകളുടെ മണം മാത്രമല്ല, ഇലകളുടെ മണം, മരങ്ങളുടെ മണം, കാറ്റുപൊട്ടിച്ചെടുക്കുന്ന കൊമ്പുകളുടെ മണം. ഒപ്പം ക്വാര്‍ട്ടേഴ്സ് മുറികളില്‍ പകല്നേരങ്ങളില്‍ ഗത്യന്തരമില്ലാതെ തനിച്ചു വീഴ്ത്തപ്പെടുന്ന തരുണബീജങ്ങളുടെ ഗന്ധം.” (Page 115)

വര്‍ഷങ്ങളായി സ്കൂളിലെ രാഷ്ട്രീയം നിയന്ത്രിക്കുന്ന KSU യും SFI യും ആണ് എന്ന വാക്യം ചരിത്രത്തിന്റെ ഭാഗം ആകുന്നതായി ഈ കാലത്ത് ആ വരി വായിക്കുമ്പോള്‍ തോന്നും. അന്നത്തെ സ്കൂളന്തരീക്ഷം അതീവ രസകരമായി വര്‍ണ്ണിക്കപ്പെടുന്നത് പുതിയ തലമുറയിലെ കുട്ടികള്‍ക്ക് അപ്രാപ്യമായിക്കഴിഞ്ഞതും കൂടിയാണ് എന്നോര്‍ക്കുമ്പോള്‍ ആ ചാപ്റ്റര്‍ കൂടുതല്‍ സുന്ദരമാകുന്നു-

ആമാണ്ടിയുടെ മുഖത്ത് ഈ ലോകത്തിന്റേയും പാതാളത്തിന്റേയും മുഴുവന് ഏകാന്തതയും കാണാന് പറ്റും - മുന്നിലെ മഹാശൂന്യതയെ ധ്യാനിച്ച് ഒരു തരം മുടന്തന് നൃത്തച്ചുവടുള്ള നടത്തം - (Page 141)

തൂവാനത്തെ ആദ്യത്തെ പെണ്‍ഭ്രാന്തിയെ മഹാലക്ഷ്മി വരെ വിട്ടുകളയുന്നില്ല നോവലിസ്റ്റ് - സൂക്ഷ്മതയോടെ കാന്‍വാസ് നിറക്കുന്നു നോവലിസ്റ്റ് എന്നര്‍ത്ഥം.

ദീപക്ക് ഉമ്മുസല്‍മ്മമാരുടെ ബാല്യത്തിന്റെ ശബ്ദരേഖയായി ഒന്നേ രണ്ടേ മൂന്നേ നാലേ......... ആലിഫ്, ബാഹ്, താഗ്, സാഹ് -ശ്രദ്ധിക്കുക വരികളിങ്ങനെ..

“ഇപ്പോള്‍ ആഴ്ചയിലൊരിക്കല്‍ മാത്രം അടുത്തുകാണാന്‍ കിട്ടുന്ന ഉമ്മുസല്മയെക്കുറിച്ച് ദീപക് ഓര്‍ത്തു നിന്നു. കൈകാലുകള്‍ ഉരുണ്ട് അവളിപ്പോള്‍ പതിവിലും സുന്ദരിയായിട്ടുണ്ട്. കുളികഴിഞ്ഞ് തല മറയ്ക്കാതെ വരുമ്പോള്‍ കറുത്തു നനഞ്ഞ മുടി തന്നില്‍ അടിമുടിയൊരു ചലനമുണ്ടാക്കും. ദീപക് തനിക്കുവേണ്ടി ഒന്നു പുഞ്ചിരിച്ചു. ഓത്തുപള്ളിക്കൂടം വിട്ടുകഴിഞ്ഞ് വയല്‍വരമ്പിലൂടെ പണ്ടവള്‍ വരുമ്പോള്‍ കൂട്ടിക്കൊണ്ടുവരാന്‍ പാതിവഴിയില്‍ ദീപക് കാത്തുനില്ക്കാറുണ്ടായിരുന്നു. അവളുടെ തലയിലെ മഞ്ഞ തട്ടത്തില്‍ വയലിലെ കാറ്റുരസുമ്പോള്‍ സ്ലേറ്റും പുസ്തകവുമടക്കിപ്പിടിച്ച ഇടംകൈ അവള്‍ തലയ്ക്കുമേലെ വയ്ക്കും. എന്നിട്ട് ചൊല്ലിക്കൊണ്ടോടും:

ആലിഫ്, ബാഹ്, താഹ്, സാഹ്.........
ദീപക് അവളുടെ പിന്നാലെ എണ്ണിക്കൊണ്ടോടും.
ഒന്നേ, രണ്ടേ, മൂന്നേ, നാലേ...........
അവരുടെ ബാല്യത്തിന്റെ ശബ്ദരേഖയായിരുന്നു അത്.” (Page 148)

ഇന്ന് കാണാനാവാത്ത മതനിരപേക്ഷ ബാല്യകാല സഖത്വം ഈ “എണ്ണിക്കൊണ്ട് ഓടലോടെ” കൃത്യമായി സുസ്മേഷ് വരച്ചു കാണിക്കുന്നു. ഇവയൊക്കെ ഒരു കൃതാര്‍ത്ഥനായ എഴുത്തുകാരന്റെ ദര്‍ശന പുണ്യം വിളിച്ചുപറയുന്നവ തന്നെ. ഈ ഒറ്റപ്പെടലിലും സാമൂഹ്യ ജീവിതത്തിന്റെ കയ്പേറി കഴിയുമ്പോഴും ആത്മഹത്യ ചെയ്യാനാവാത്ത ഒത്തിരി മനുഷ്യരുണ്ട് ഇതില്‍ -

ആത്മഹത്യയ്ക്ക് കലശലായി ആഗ്രഹിക്കുന്ന സരോജയെ കള്ളന്‍ വെളുത്ത അന്ത്രു ആശ്വസിപ്പിക്കുന്നത് ശ്രദ്ധിക്കുക.

''ആത്മഹത്യയെന്നാല്‍ ഉച്ചയ്ക്ക് മനുഷ്യമ്മാര്‍ ഒറങ്ങാന്‍ തീരുമാനിക്കുന്നതാണ്. മനുഷ്യമ്മാരെ മുഴുവന്‍ കണ്‍കുളിര്‍ക്കെ കാണാന്‍ പറ്റണ പകല്‍‌വെട്ടത്തിലെന്തിനാണ് നമ്മള്‍ ഒറങ്ങണമെന്ന് വിചാരിക്കുന്നത്. വല്ല പ്രാന്തുമൊണ്ടോ? ”

വെളുത്ത അന്ത്രുവിന്റേതോ നായാട്ടുകാരന്‍ ഇച്ചിരയുടേതോ ആരുടെതെന്നറിയാതെഉള്ളില്‍ വളരുന്ന കുഞ്ഞ് സരോജക്കു തന്നെ അഴിച്ചെടുക്കാനാവാത്ത ആശയക്കുഴപ്പമായും നിസ്സഹായതയായും വളരുന്നത് വായനക്കാരില്‍ ഉദ്യോഗം, വളര്‍ത്തുന്നുണ്ട്. പക്ഷേ ദൈവവും പിശാചും തന്റെ വയറ്റിലൂറുന്നതില്‍ മത്സരിക്കുന്നതിന്റെ ക്ലൈമാക്സ് ഗര്‍ഭം കലക്കി ചാവാന്‍ സരോജ തന്നെ തീരുമാനിച്ചതാവുമ്പോള്‍ മനുഷ്യ നിസ്സഹായതയുടെ മൂര്‍ധന്യാവസ്ഥ തിരിച്ചറിയപ്പെടുന്നു.

എനിക്കേറ്റവും ഇഷ്ടപ്പെട്ടത് സുപ്രിയയുടെ ഗര്‍ഭഛിദ്ര ശേഷമുള്ള ദീപക്കിനോടൊത്ത ദിവസത്തിന്റെ വിവരണം ആണ്.

ആ വരികള്‍ ശ്രദ്ധിച്ചു വായിച്ചാലും -

“സുപ്രിയ യാത്രപറഞ്ഞ് നീങ്ങി. വഴിയരികില്‍ നിന്നുകൊണ്ട് കേട്ടറിഞ്ഞ അറിവുകളുടെ തളര്‍ച്ചയില്‍ ദീപക് ഒന്നുമാത്രം പ്രാര്ത്ഥിച്ചു:

''ഇതോടുകൂടി എല്ലാ കാലത്തേക്കുമായി സുപ്രിയയുടെ വയറിനെ തരിശാക്കിയിടരുതേ. അതെനിക്ക് വേണ്ടതാണ്.''

ഇതായിരുന്നു ഇപ്പോള്‍ തന്നോടൊപ്പം പാര്‍ക്കുന്ന സുപ്രിയയുടെ കഥ. 'സ്വപ്നകുടീര'ത്തിലെ കിടപ്പുമുറിയില്‍ ഏകനായി കിടക്കുമ്പോള്‍ ദീപക് ഓര്‍ത്തു. ആ സുപ്രിയയെയാണ് താന്‍ ജീവിതത്തിലേക്ക് ഉപാധികളില്ലാതെ വീണ്ടെടുത്തത്. അവള്‍ അതിനോട് ഇപ്പോഴും പൊരുത്തപ്പെട്ടിട്ടില്ല. അതിനാല്‍ കൂടെക്കിടക്കുമ്പോഴും സ്നേഹിക്കുമ്പോഴും അവള്‍ എവിടേക്കോ കുതറിമാറുന്നുണ്ട് ”. ( Page 208 )

പ്രത്യക്ഷത്തില്‍ യുക്തിഭംഗം തോന്നുന്ന ഒരു സംഭാഷണം ഈ നോവലിന്റെ തുടക്കത്തില്‍ ഉണ്ട് - ''ദീപക് നാട്ടിലേക്ക് തിരിക്കുമ്പോല്‍ തമിഴത്തിയായ സുപ്രിയ ചോദിക്കുന്നു -

'' സെരി, റൊമ്പ, ലേറ്റാ കുംന്നാ ഉന്‍ ഫോണ് നമ്പര്‍ കൊട്. ഉനക്ക്അങ്കെ നിറയെ പ്രച്നങ്ങള്‍ ഇരിക്ക് ദ് നാലെ നീ എന്നെ കൂടി മറന്നിടുവേ.........''

വിവാഹം കഴിയാതെ കൂടെക്കഴിയുന്ന പെണ്ണിന് ദീപക്കിന്റെ നമ്പര്‍ അറിയില്ല എന്നത് അവിശ്വസനീയമായിരിക്കുന്നു. ഇത് നോവലിസ്റ്റിന് പറ്റിയ ഒരു ചെറിയ അശ്രദ്ധ എന്നു കരുതി തള്ളിക്കളയാം - മൊബൈല്‍ ഫോണില്‍ ഒരാളുടെ ഫോണ്‍ നമ്പര്‍ സൂക്ഷിക്കാന്‍ ഒരു പെണ്ണിന് അത്ര പ്രയാസമുള്ള കാര്യമല്ലല്ലോ -

നോവല്‍ വായിക്കുമ്പോള്‍ പേജ് നമ്പര്‍ നോക്കിയാല്‍ വായനക്കാര്‍ ഞെട്ടും എല്ലാപേജിലും മുകള്‍ഭാഗത്ത് ''ഒന്പത്'' എന്നെഴുതിയതു കണ്ട്.

മലയാള നോവല്‍ ചരിത്രത്തില് പേജ് നമ്പറും നോവലിന്റെ പേരും ഡിജിറ്റുകള്‍ ആയ ആദ്യ സംഭവം. പക്ഷേ ഈ പേരിടീല്‍ ഒരു പ്രത്യേകതയ്ക്ക് വേണ്ടി മാത്രമാണ്. ഒറ്റയ്ക്ക് നില്ക്കുന്ന ഏറ്റവും വലിയ അക്കം ''ഒന്‍പത്'' ആയതിനാലാണ് ഈ നോവലിന്റെ പേര് അതിന് വന്നതെന്ന ന്യായം വെറും ബാലീശമായ ഒന്നു മാത്രം. ഒന്നു മുതല് പൂജ്യം വരെ എന്ന സിനിമയുടെ ടൈറ്റില് ടെലിഫോണുമായി ബന്ധപ്പെട്ടതാണല്ലോ - അതിന്റെ ക്രമം തെറ്റിയ അക്കമത്രയും ടെലിഫോണ്‍ നമ്പര്‍ പാഡിനെ ഓര്‍മ്മിയ്ക്കും പോലെ.

ഈ നോവല് പേര്‍ ''ഒന്പത്'' നോവലിസ്റ്റ് ഉദ്ദേശിക്കും പോലെ ടൈറ്റില്‍ എഫക്ടീവ് ആയില്ല- ഒരു കൗതുകത്തിനപ്പുറം.

ഒറ്റയ്ക്കു നില്ക്കുന്ന സംഖ്യകളില്‍ അവസാനത്തെ അക്കം തന്നെ താനാണെന്ന് ദീപക്കിന് തോന്നുന്ന ഗണിതയുക്തിയും ദുര്‍ബലം ആണ്. അടൂരിന്റെ 'അനന്തരം' എന്ന ചലച്ചിത്രത്തിലെ അവസാന രംഗം മനസ്സിലേക്ക് ഓടി വരുന്ന ഒരു ചിത്രത്തോടെ നോവല്‍ അവസാനിക്കുന്നത്- കല്പടവ് കയറുന്നതും ഇറങ്ങുന്നതും സിനിമയില്‍ ഒരു പെണ്‍കുട്ടി യഥാക്രമം ഒറ്റസംഖ്യകള്‍ മാത്രം എണ്ണിയും വീണ്ടും ഇരട്ടസംഖ്യകള്‍ മാത്രം എണ്ണിയും ആണ്. അത്തരം 'അനന്തര' സാധ്യതകള്‍ ഇല്ലാതെ തന്നെ പ്രത്യാശയുടെ ഋതു ദീപക്കിന്റെ കൂട്ടിനെത്തുന്നുണ്ടല്ലോ -

ഒന്‍പത് ഒറ്റപ്പെടലിന്റെ കഥയാണ്. ദീപക് അത്ര യുക്തിഭദ്രമല്ലാത്ത ഒരു ഗണിത വിചാരത്തിന്റെ കൂട്ട് പിടിച്ച് താനാണ് അവസാനത്തെ ഒറ്റയ്ക്ക് നില്ക്കുന്ന സംഖ്യ എന്ന് വെറുതേ വിചാരിക്കുകയാണ്. അയാള്‍ ഒറ്റപ്പെടുന്നത് വായനക്കാര്‍ക്ക് വലിയ അനുഭവം ആകുന്നുമില്ല. ഋതു എന്ന വളര്‍ത്തുമകള്‍ കൂട്ടിനെത്തുന്ന സ്വപ്നചിന്ത അയാളില്‍ ആശ്വാസം വയ്ക്കുന്നുണ്ട് ദീപക്കിന്.

ഒരു നോവലിന്റെ ടൈറ്റില്‍ ഇത്ര ദുര്‍ബലമായ ഒരു ഗണിത കൗതുകത്തിന്റെ പുറത്തായിരുന്നു എന്ന തിരിച്ചറിവ് ഈ നോവലിന്റെ പോരായ്മ തന്നെയാണ്.

ഒറ്റപ്പെടുന്ന അവസാന കണ്ണി എന്ന സങ്കല്പത്തിലും എത്രയോ നല്ല ഒരു ലോജിക് എനിയ്ക്ക് തോന്നുന്നത് മറ്റൊന്നാണ്..

വായിച്ചു നീങ്ങുമ്പോള്‍ മനസ്സില്‍ അവശേഷിക്കുന്ന ഹൈറേഞ്ച് കഥക്കൂട്ടുകള്‍ നിറഞ്ഞ ''ഒന്‍പതി''ന്റെ പര്യായപദം 'നവം' എന്ന് വായിയ്ക്കുവാന് പ്രേരിപ്പിക്കുന്നു. ഈ 'ഒന്‍പത്'ന് ഞാനൊരു നിര്‍വചനം നല്കാന്‍ ധൈര്യപ്പെടുകയാണ് ''നവം'' - ഒരു പുതുമഉദ്ദേശിക്കുന്ന, പുതു ഉദ്ദേശ്യമായി ആഗ്രഹിക്കപ്പെടുന്ന ഈ നോവല് 'ഒന്‍പത്' 'നവം' എന്ന പദത്തിന് പര്യായമായി നില്ക്കും എന്ന് തീര്‍ച്ച.

അടിക്കാട് വരെ നനയാന്‍ കാരണമാകുന്ന മഴപോലെ ഒരനുഭവം വായനാസമൂഹത്തിന് നല്കാന് നോവലിനാവുന്നുണ്ട്.

Tuesday, July 10, 2012

മരുഭൂമിയുടെ ആത്മകഥ

പുസ്തകം : മരുഭൂമിയുടെ ആത്മകഥ
രചയിതാവ് : വി.മുസാഫിര്‍ അഹമ്മദ്
പ്രസാധകര്‍ : കറന്റ് ബുക്സ്, തൃശൂര്‍
അവലോകനം : ചെറുവാടിമുഹമ്മദ്‌ അസദിന്റെ "റോഡ്‌ റ്റു മക്ക " എന്ന പുസ്തകമാവണം മരുഭൂമിയെ കുറിച്ച് ഏറ്റവും മനോഹരമായി പറഞ്ഞിട്ടുണ്ടാവുക. ഇന്നും ലോകത്തിന്റെ പ്രിയപ്പെട്ട വായനയില്‍ ആ പുസ്തകമുണ്ട്. പക്ഷെ മരുഭൂമിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന് അതിന്റെ ഹൃദയ മിടിപ്പിന്റെ താളവും ഭാവവും തുറന്നു കാണിക്കുന്ന ഒരു കൃതിയെ സന്തോഷപൂര്‍വ്വം പരിചയപ്പെടുത്തട്ടെ..

ശ്രീ . മുസഫര്‍ അഹമ്മദിന്റെ " മരുഭൂമിയുടെ ആത്മകഥ " എന്ന യാത്രാ വിവരണ ഗ്രന്ഥം വായനയില്‍ ലഹരിയായി പടര്‍ന്ന രണ്ട് ദിവസങ്ങള്‍ ആയിരുന്നു കഴിഞ്ഞു പോയത്. അതായത് മരുഭൂമി ഒരേ സമയം വിസ്മയവും വിഭ്രമവും ആകുന്ന അവസ്ഥകളെ വായനയില്‍ പിന്തുടര്‍ന്ന അനുഭവം. പേരിനെ അന്വര്‍ത്ഥമാക്കും വിധം മരുഭൂമിയുടെ ആത്മകഥ എഴുതുക തന്നെയാണ് ഇവിടെ മുസഫര്‍ ചെയ്തിരിക്കുന്നത്. സൗദി അറേബ്യയിലെ വിശാലമായ മരുക്കാടുകളില്‍ അലഞ്ഞ്, ആ മണല്‍ക്കാറ്റില്‍ പൊടിപിടിച്ചു പോയ ചരിത്ര സത്യങ്ങളെ ഊതി വെളുപ്പിച്ച് അക്ഷരങ്ങളാക്കി ഹൃദ്യമായ ഒരു വായന ഒരുക്കിയതില്‍ മുസഫര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

ലൈല മജ്നു എന്ന അനശ്വരമായ അറബ് - പേര്‍ഷ്യന്‍ പ്രണയ കാവ്യത്തെ കുറിച്ച് നമ്മള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ കഥയുടെ പിന്നാമ്പുറത്തേക്ക് ഒരന്വേഷണം നടത്തിയിട്ടുണ്ടോ. ഇല്ലായിരിക്കാം. ലൈല അഫ് ലാജ് എന്ന മരുഭൂമിയില്‍ സംഭവിച്ച ഒരു യഥാര്‍ത്ഥ കഥയാണത്. ലൈല രാജകുമാരി ആയിരുന്നെന്നും ഗ്രാമമുഖ്യന്റെ മകള്‍ ആയിരുന്നു എന്നുമൊക്കെ നാട്ടുക്കാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. അതുപോലെ മജ്നു പേര്‍ഷ്യനോ മിസ്‌രിയോ ആയിരുന്നു എന്നുമൊക്കെ സംസാരമുണ്ട്. പക്ഷെ അവരുടെ പ്രണയം സത്യമായിരുന്നു. ലൈലയെ നഷ്ടപ്പെട്ട ഖയസ് മരുഭൂമിയിലൂടെ അലഞ്ഞു ഭ്രാന്തനായി എന്നാണ് പറയപ്പെടുന്നത്‌. ആ അര്‍ത്ഥത്തിലാവണം
ഭ്രാന്തന്‍ എന്ന അറബി പദമായ മജ്നൂന്‍ എന്ന പേര് വന്നതും പിന്നെ മജ്നു ആയി തീര്‍ന്നതും. മുസഫര്‍ പറയുന്ന പോലെ , കഥാപാത്രങ്ങളെ നിര്‍മ്മിച്ച , എഴുതിയ ദേശങ്ങളുണ്ട്. എന്നാല്‍ ഒരു കഥാപാത്രത്തിന്റെ പേരില്‍ നില നില്‍ക്കുന്ന ഏക നാട് ലൈല അഫ് ലാജ് മാത്രമായിരിക്കും. വറ്റി വരണ്ടുപ്പോയ ഒരു പുഴയുണ്ട് ഇവിടെ. ലൈല കുളിക്കാന്‍ വന്നിരുന്നു എന്ന് പറയുന്ന ലൈലാക്കുളം എന്ന വിളിപ്പേരുള്ള പുഴ. ഇരുപതു വര്‍ഷം മുമ്പ് വരെ ഈ പുഴ ഒഴുകിയിരുന്നു. മലയാളികള്‍ അടക്കമുളവര്‍ ഇവിടെ കുളിക്കാന്‍ വന്നിരുന്നു എന്നും പറയുന്നു. ലൈലയുടെയും മജ്നുവിന്‍റെയും ദുരന്തമായ പ്രണയത്തിന്റെ ഓര്‍മ്മകളില്‍ കരഞ്ഞ് കരഞ്ഞ് കണ്ണുനീര്‍ വറ്റിയായിരിക്കുമോ ഈ പുഴയും വരണ്ടുണങ്ങിയത്...? തിരിച്ച് വരുന്ന വഴിയില്‍ താഴ്വരയില്‍ കുറെ കബറുകള്‍ കാണുന്നു. "അതിലൊന്നില്‍ ലൈല ഉറങ്ങുന്നുണ്ടാവുമോ " എന്ന് മുസഫര്‍ ചോദിക്കുമ്പോള്‍ മനസ്സ് പിടയുന്നു. ശരിക്കും ഈ ചോദ്യം മുതല്‍ വായിച്ചു തുടങ്ങണം ലൈല മജുനു എന്ന പ്രണയ കാവ്യം എന്ന് തോന്നുന്നു.

മരുഭൂമിയുടെ പരപ്പിലൂടെ ഞാനും നടന്നിട്ടുണ്ട്. നബിയുടെ കാലത്തെ യുദ്ധങ്ങളും, ഉമര്‍ മുഖ്താറിന്റെ പോരാട്ടങ്ങളും, ആല്‍ക്കെമടിസും തുടങ്ങി ചെറുപ്പത്തില്‍ വല്ല്യുമ്മ പറഞ്ഞു തന്ന കഥകള്‍ വരെ ഇവിടിരുന്നു ഓര്‍ത്തെടുത്തിട്ടും ഉണ്ട്. പക്ഷെ മരുഭൂമിയിലെ ഒരു രാത്രി എന്ന സ്വപ്നം ഇതുവരെ സാധ്യമായിട്ടില്ല. " നിലാവ് കോരിക്കുടിച്ച കള്ളിമുള്‍ച്ചെടികള്‍ " എന്ന അദ്ധ്യായം അതുകൊണ്ട് തന്നെ അസൂയയും ആവേശവും ഉണ്ടാക്കുന്നു. ഈ അധ്യായത്തിന്റെ സൗന്ദര്യത്തിലേക്ക് ഞാന്‍ മുസഫറിന്റെ വരികള്‍ തന്നെ പരിചയപ്പെടുത്താം.

"പൂര്‍ണ നിലാവില്‍ എന്നിലേക്ക്‌ വരൂ എന്ന് മാദകമായി മരുഭൂമി ക്ഷണിച്ച ഒരു രാത്രി ഇന്നും കോരിത്തരിപ്പിക്കുന്നു. മരുഭൂമിയിലെ കള്ളിമുള്‍ച്ചെടികളില്‍ നിലാവ് അതിന്‍റെ പ്രണയം കോരിച്ചൊരിരിഞ്ഞ രാത്രി. ഒട്ടക ഇണകള്‍ പരസ്പരം ഉമ്മവെച്ച് സ്നേഹം പകരുന്നത് കണ്ട രാത്രി ".
നിലാവ് ഒഴുകി നടക്കുന്ന മരുഭൂമിയില്‍ മണലുകള്‍ കടല്‍ത്തിരകള്‍ പോലെ ഇളകുന്നത് , നിലാവിന്റെ ചുംബനം ഏറ്റുവാങ്ങുന്ന കള്ളിച്ചെടികള്‍ , മരുഭൂമിയിലെ സൂര്യാസ്തമയം എല്ലാം ഈ അധ്യായത്തെ രസകരമാക്കുന്നു.


അറ്റമില്ലാതെ പരന്ന് കിടക്കുന്ന മണല്‍ക്കാടുകള്‍. ഇടയ്ക്ക് എവിടെയോ കാണുന്ന മരീചിക, ഇതിനപ്പുറം എങ്ങിനെ നമ്മള്‍ മരുഭൂമിയെ കാണുന്നു എന്നൊരു ചോദ്യം സ്വയം ചോദിച്ചിട്ടുണ്ടോ..? ഉണ്ടെങ്കില്‍ അതിനുള്ള ഉത്തരങ്ങളാണ് മിക്ക അധ്യായങ്ങളും. മരുഭൂമിയിലെ ജല സാന്നിധ്യത്തെ കുറിച്ച് വിശദമായി പറയുന്നുണ്ട് ഇവിടെ. വറ്റി വരണ്ടു പോയ നദികളും ജലാശയങ്ങളും അതിനേക്കാള്‍ ഭംഗിയായി ഇപ്പോഴും വറ്റാത്ത നീരുറവകള്‍ ഉള്ള സ്ഥലങ്ങളും. ഷൈബുല്‍ ലുഹ അത്തരം ഒരു സ്ഥലമാണ്. മഴ ഒട്ടും കിട്ടാത്ത ഇവിടെ തുളുമ്പാന്‍ വെമ്പി നല്‍ക്കുന്ന കുളങ്ങള്‍ നല്ലൊരു കാഴ്ച ആവണം. അതുപോലെ അല്‍ഹസ മരുഭൂമി. ചുട്ടുപൊള്ളുന്ന മണല്‍ കാടുകളല്ല പകരം നടക്കുമ്പോള്‍ വെള്ളം കാലിനെ നനക്കുമോ എന്ന് തോന്നിക്കുന്ന മരുഭൂമിയാണ്. ജല സാന്നിധ്യം ജീവന്റെ തുടിപ്പുകള്‍ക്ക് എങ്ങിനെ ആത്മാവ് പകരുന്നു എന്ന് പറയുന്ന ഒന്നിലധികം അദ്ധ്യായങ്ങള്‍ ഇതിലുണ്ട്.

ക്രൂരന്‍മാരായ തൊഴിലുടമകലാണ് അറബികള്‍ എന്നൊരു ധാരണ അറിഞ്ഞോ അറിയാതെയോ വരുത്തി തീര്‍ത്തിട്ടുണ്ട്. അങ്ങിനെ ഇല്ല എന്നും പറയാന്‍ പറ്റില്ല. "മരണത്തിന്റെ പൊള്ളല്‍ "എന്ന അദ്ധ്യായം അങ്ങിനെ ശ്രദ്ധേയമാണ്. കൂടെ നൊമ്പരവും. അല്‍ നഫൂദ് മരുഭൂമിയുടെ അടുത്ത് നഫ്ത എന്ന ഗ്രാമത്തില്‍ ആണ് ഈ സംഭവം നടക്കുന്നത്. പെരുമ്പാമ്പ്‌ വിഴുങ്ങിയ തന്റെ നേപ്പാളി തൊഴിലാളിയുടെ മൃദദേഹം , അവനു ജീവന്‍ ഉണ്ടാകും എന്ന പ്രതീക്ഷയില്‍ പാമ്പിന്റെ വയറ് കീറി പുറത്തെടുക്കുന്നതും നോക്കി നില്‍ക്കുന്ന തോട്ടമുടമ. അവസാനം ജീവന്‍ ഇല്ല എന്ന് കേള്‍ക്കുമ്പോള്‍ പൊട്ടിക്കരയുന്ന അയാളുടെ നിലവിളിയില്‍ കുറെ അര്‍ത്ഥങ്ങളുണ്ട്. കൂടെ ദുരന്തം ഏറ്റുവാങ്ങിയ ആ നേപ്പാളി യുവാവ് നമ്മുടെ നൊമ്പരവും ആകും.

മരുഭൂമിയിലെ സമയങ്ങള്‍ പ്രവചനാതീതമാണ്. തെളിഞ്ഞു നിന്ന സൂര്യന്‍ പ്രതീക്ഷിക്കാതെ അസ്തമിച്ചേക്കാം . തെളിഞ്ഞ അന്തരീക്ഷത്തെ മൂടി പുതച്ചു ഭീകരമായ ഒരു പൊടിക്കാറ്റ് വീശിയടിച്ചേക്കാം. മുസൈഖിറ മരുഭൂമിയിലേക്കുള്ള യാത്രയില്‍ ഭീകരമായ പൊടിക്കാറ്റില്‍ പെട്ട് മരണത്തെ മുഖാമുഖം കണ്ട അനുഭവം പറയുന്നു " മണല്‍ക്കെണിയിലെ മിടിപ്പ് " എന്ന അദ്ധ്യായം. മരുഭൂയില്‍ വഴി തെറ്റി മറിച്ച് വീണവരുടെ കഥ കൂടി പറയുമ്പോള്‍ മണല്‍ കാടിന്റെ മറ്റൊരു മുഖം നമ്മളറിയുന്നു.

ഓരോ അദ്ധ്യായവും അതിലെ ഓരോ വരികളും വായനയുടെ ഉത്സവമാകുന്ന ഒരു പുസ്തകത്തെ എന്റെ പരിമിതികള്‍ വെച്ച് അവലോകനം ചെയ്യുക പ്രയാസമാണ്. പതിനഞ്ചു അധ്യാങ്ങളിലായി പരന്നു കിടക്കുന്ന മരുഭൂമിയുടെ ആത്മകഥ. അബഹയിലെ തേന്‍ മണക്കുന്ന , വഴികളിലൂടെ, സൗദി അറേബ്യ അതിര്‍ത്തി പങ്കിടുന്ന ഹക്കല്‍ എന്ന ദേശത്തിലൂടെ, ഇസ്ലാമിക ചരിത്രത്തിലെ യുദ്ധങ്ങള്‍ നടന്ന പ്രദേശങ്ങളില്‍, മക്കയില്‍, മദീനയില്‍, കടലിലും കരയിലും തുടങ്ങി ചരിത്രവും മിത്തും ഇഴപിരിയുന്ന ദേശങ്ങളിലൂടെ നടത്തിയ ആവേശകരമായ യാത്രാ അനുഭവങ്ങളെ അക്ഷരങ്ങളിലൂടെ അനുഭവമാക്കി മാറ്റുന്നതില്‍ മുസഫര്‍ എന്ന എഴുത്തുക്കാരന്‍ പരിപൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു.

മരുഭൂമിയില്‍ മരുപ്പച്ച കാണുന്ന സഞ്ചാരിയുടെ സന്തോഷം പോലെയാണ് ഈ പുസ്തകം നമ്മുടെ വായനയെ സ്വാദീനിക്കുക. എവിടെയോ നഷ്ട്ടപ്പെട്ടുപ്പോയ എന്‍റെ വായനയെ മരുഭൂമിയുടെ ആത്മകഥ തിരികെ കൊണ്ട് വന്നു. ആ ആവേശത്തില്‍ മറ്റൊരു പുസ്തകം വായനക്കെടുക്കുമ്പോള്‍ അത് മുസഫര്‍ അഹമ്മദിന്റെ തന്നെ "മയിലുകള്‍ സവാരിക്കിറങ്ങുന്ന ചെരിവിലൂടെ "ആയതു കേവലം യാദൃക്ശ്ചികമല്ല എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.

Saturday, July 7, 2012

അനുഭവം യാത്ര ഓര്‍മ

പുസ്തകം : അനുഭവം യാത്ര ഓര്‍മ
രചയിതാവ് : അക്‌ബര്‍ കക്കട്ടില്‍
പ്രസാധകര്‍ : ഒലിവ്‌ പബ്ലിക്കേഷന്‍സ്‌ കോഴിക്കോട്‌.
അവലോകനം : ബിജു.സി.പി

ഡിറ്റര്‍മാര്‍ അവതരിപ്പിക്കുന്ന പുസ്‌തകങ്ങള്‍ മലയാളത്തില്‍ ഒട്ടേറെയുണ്ടെങ്കിലും കുറേ ലേഖനങ്ങളോ കഥകളോ പെറുക്കിക്കൂട്ടുക എന്നതിനപ്പുറം കാര്യമായൊന്നും നടക്കാറില്ല. ആ സ്ഥാനത്താണ്‌ അനുഭവം ഓര്‍മ, യാത്ര എന്ന പേരില്‍ ഒരു പുസ്‌തക പരമ്പരയെന്ന പോലെ പുസ്തകങ്ങള്‍ വന്നിരിക്കുന്നത്‌. കേവലം വായനാവിഭവം മാത്രമല്ല ഇവ. പുറം ചട്ട മുതല്‍ പിന്‍പുറം വരെ മനോഹരമായി ചിട്ടപ്പെടുത്തിയ കലാശില്‌പങ്ങളാണ്‌. ഇതിലെ രചനകള്‍ ജാഗ്രതയോടെ തിരഞ്ഞെടുക്കുകയും ശരിയായ ക്രമത്തില്‍ തന്നെ വിന്യസിക്കുകയും ചെയ്‌തിരിക്കുന്നതിനാല്‍ ഹൃദ്യമായ ഒരു വായനാനുഭവമാകുന്നുണ്ട്‌. ബുക്ക്‌ എഡിറ്റിങ്ങിനു മാതൃകയായി കാണിക്കാവുന്ന രണ്ടു പുസ്‌തകങ്ങള്‍.

അനുഭവം, ഓര്‍മ, യാത്ര എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്‌ ഓരോ പുസ്‌തകത്തിലും. അനുഭവക്കുറിപ്പുകളുടെ വിഭാഗത്തിലുള്ള രചനകളോരോന്നും ജീവിതത്തിന്റെ ചൂരും ഇളം ചൂടും നല്‍കുന്നവയാണ്‌. അക്‌ബര്‍ കക്കട്ടിലിന്റെ പുസ്‌തകത്തിലെ ആദ്യ ഭാഗങ്ങള്‍ ഇങ്ങനെ- ഇതു കഥയല്ല. ഉപ്പ ആദ്യം ഒരു കല്യാണം കഴിച്ചിരുന്നു. കന്നി പ്രസവത്തില്‍ ആ അമ്മയും കുഞ്ഞും മരിച്ചു പോവുകയാണുണ്ടായത്‌. ഉമ്മയെയും ആദ്യമൊരാള്‍ കല്യാണം കഴിച്ചിട്ടുണ്ട്‌... സ്വന്തം മാതാപിതാക്കളെക്കുറിച്ച്‌ ഇതിനെക്കാള്‍ ലളിതസുഭഗമായും എഴുതാന്‍ ഏതെഴുത്തുകാരനാണ്‌ കഴിയുക. വായന രസകരമാ ഒരനുഭവമാക്കുന്ന എഴുത്തുകാരനാണ്‌ അക്‌ബര്‍ കക്കട്ടില്‍. അദ്ദേഹമെഴുതുന്നത്‌ എന്തു തന്നെയായാലും നാം അറിയാതെ വായിച്ചിരുന്നു പോകും. അത്ര ലളിതവും രസകരവുമാണ്‌ അദ്ദേഹത്തിന്റെ ശൈലി. പൊതുവേ എഴുത്തുകാരുടെ അനുഭവക്കുറിപ്പുകളില്‍ ആത്മപ്രശംസ മാത്രം കടന്നുവരുമ്പോള്‍ അക്‌ബര്‍ കക്കട്ടിലിന്റെയും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയുമൊക്കെ രചനകളില്‍ ആത്മപരിഹാസത്തിന്റെ നര്‍മവും ആത്മാര്‍ഥതയുടെ സുഗന്ധവുമാണ്‌ ഉണ്ടാവുക. ആറ്‌ അനുഭവക്കുറിപ്പുകളും പന്ത്രണ്ട്‌ ഓര്‍മക്കുറിപ്പുകളും അഞ്ച്‌ യാത്രാ ക്കുറിപ്പുകളുമാണ്‌ അക്‌ബര്‍ കക്കട്ടിലിന്റെ പുസ്‌തകത്തിലുള്ളത്‌. കക്കട്ടിലിന്റെ യാത്രക്കുറിപ്പുകളും വായനക്കാരെ സഞ്ചാരദേശങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നവ തന്നെ.

Tuesday, July 3, 2012

കുടക് കുറിപ്പുകള്‍

പുസ്തകം : കുടക് കുറിപ്പുകള്‍
രചയിതാവ് : എന്‍.പ്രഭാകരന്‍
പ്രസാധകര്‍ : കൈരളി ബുക്സ്
അവലോകനം : അരുണ്‍ ഭാസ്കരന്‍

തീയൂര്‍ രേഖകള്‍ എന്ന നോവല്‍ എഴുതിയ എന്‍.പ്രഭാകരന്റെ ഒരു യാത്രാവിവരണഗ്രന്ഥമാണ് കുടക് കുറിപ്പുകള്‍. 1985 മുതലുള്ള പത്തിരുപത് കൊല്ലക്കാലം അദ്ദേഹം കുടകിലേയ്ക്ക് നടത്തിയ യാത്രകളാണ് ഈ പുസ്തകത്തിന്റെ ആധാരം. കുടകരുടെ ദൈവസങ്കല്‍പങ്ങളും രാഷ്ട്രീയവും സാംസ്കാരികവുമായ പ്രത്യേകതകളും ഒക്കെ കൗതുകത്തോടെ നോക്കിക്കാണുന്ന ഒരു വടക്കന്‍ മലബാറുകാരന്റെ കണ്ണുകള്‍ ഈ പുസ്തകത്തിലുടനീളം നമുക്ക് കാണാം. ഗൗരവമേറിയ ഒരുപാട് കാഴ്ചകള്‍ അദ്ദേഹം കാണുന്നുവെന്നതിനാല്‍ കുറിപ്പുകള്‍ക്കും ഗൗരവമേറെയാണ്. അലസമായ ഒരുവായനയ്ക്കുപരി ആഴത്തിലുള്ള പല വായനകളാണ് ആ കുറിപ്പുകള്‍ നമ്മളോട് ആവശ്യപ്പെടുന്നത്. എനിക്കതിന് സാധിച്ചോ എന്നുറപ്പില്ലെങ്കിലും:)

ഈ കുറിപ്പുകളുടെ ഒരു പ്രധാനപോരായ്മ അവ ഏത് കാലത്തെഴുതിയതാണെന്ന് വായനക്കാരനെ അറിയിക്കുന്നില്ല എന്നതാണ്. 1985 മുതല്‍ നടത്തിയ യാത്രകളെക്കുറിച്ച് 2008 ല്‍ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ഒരു പുസ്തകം 2012 ല്‍ ഞാന്‍ വായിക്കുമ്പോള്‍ എഴുത്തുകാരന്‍ കണ്ട ആ നാട് ഇന്ന് നിലനില്കുന്നുണ്ടെന്ന് ഒരിക്കലും കരുതാനാവില്ല. കുടകിന്റെ സ്ഥിതിയും മറിച്ചാവാന്‍ തരമില്ലെന്ന പൊതുനിയമം സത്യമാണെങ്കില്‍ ഒരിക്കല്‍ ഉണ്ടായിരുന്ന കുടകിനെ പറ്റിയുള്ള എന്‍.പ്രഭാകരന്റെ ഓര്‍മകളാണ് ഈ പുസ്തകമെന്ന് പറയേണ്ടി വരും.

പില്‍കാലത്ത് കതിവന്നൂര്‍ വീരന്‍ എന്ന തെയ്യമായി മാറിയ മാങ്ങാട്ടുകാരനായ മന്ദപ്പന്‍ അച്ചനോട് തെറ്റിപ്പിരിഞ്ഞ് കുടകിലേയ്ക്ക് പോയ വഴിയിലൂടെ 1985 മുതലിങ്ങോട്ട് എഴുത്തുകാരന്‍ നടക്കാന്‍ തുടങ്ങുന്നതോടെയാണ് പുസ്തകം ആരംഭിക്കുന്നത്. മനുഷ്യനായി മലകയറിയ മന്ദപ്പന്‍ ദൈവമായാണ് മലയിറങ്ങുന്നത്. എഴുത്തുകാരനും സമാനമായ ഒരനുഭവം കുടക് നല്‍കിയിരിക്കണം. കുടകിലേയ്ക്ക് പറങ്കിയണ്ടി കള്ളക്കടത്ത് നടത്തുന്നവരേയും വൈകുന്നേരങ്ങളില്‍ ഉറവെടുക്കുന്ന മൂലവെട്ടി എന്ന നാടന്‍ ചാരായത്തിനായി ആലസ്യത്തോടെ കാത്തുകിടക്കുന്ന കാഞ്ഞിരക്കൊല്ലി പോലുള്ള ഗ്രാമങ്ങളേയും പിന്നിട്ട്, ക്ഷയിക്കാത്ത കുടക് കാടുകളുടെ ആഴത്തിലൂടെ ഒരു ഒറ്റമരം നോക്കിയുള്ള യാത്രയാണത്. അങ്ങകലെ നിന്നേ കാണാം ആ മരം. ആ മരമെത്തിയാല്‍ കുടകിലെത്തി എന്നര്‍ഥം !

പന്ത്രണ്ട്‌ അധ്യായങ്ങളാണ് ഈ പുസ്തകത്തിനുള്ളത്

ദൈവത്തിന്റെ വഴിയില്‍ എന്ന ഒന്നാമധ്യായവും ഒരു മരം: ഒറ്റമരം എന്ന രണ്ടാമധ്യായവും കുടകിലേയ്ക്കുള്ള വഴിക്കാഴ്ചകളാണ്.ഒരു മുന്നറിയിപ്പും കുറേ വസ്തുതകളും എന്ന മൂന്നാമധ്യായം മുതല്‍ നാം കടകിനെ അനുഭവിക്കാന്‍ തുടങ്ങുന്നു. കുടകിലെ പ്രകൃതിയുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും ഭംഗിയെപ്പറ്റി കാലങ്ങളായി നാം അറിഞ്ഞ സത്യങ്ങള്‍ പിന്നെയും നമ്മോട് പറയുന്ന എഴുത്തുകാരന്‍ അതു മാത്രമല്ല സത്യമെന്നുകൂടി നമുക്ക് ചൂണ്ടീക്കാണിച്ചുതരുന്നു.

കദനത്തിന്റെ ഊരില്‍ എന്ന നാലാമിടം കതിവന്നൂര്‍ വീരനായ മന്ദപ്പന്റെ ഓര്‍മകളാലാണ് നിറയുന്നത്. അരിവാളും കുരിശും എന്ന പേരുള്ള തൊട്ടടുത്ത ഭാഗത്താവട്ടെ കേരളത്തില്‍ നിന്ന് പോയി കുടകില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഗോണിക്കൊപ്പയിലെ സഖാക്കള്‍ നിറയുന്നു.

ഗോണിക്കൊപ്പയിലെ തന്നെ ആത്മീയ എന്ന സ്ഥാപനത്തിലെ തുളസീദേവിയെയും അരവിന്ദ ആര്യയെയും കുടകിന്റെ തനത് സാംസ്കാരികത കാക്കുന്നതിനായി അവര്‍ നടത്തുന്ന ശ്രമങ്ങളെയും പറ്റിയാണ് ആറാംഭാഗം. പഴയകാലത്ത് നെല്ലു നിറച്ച പത്തായങ്ങള്‍ക്ക് കാവല്‍ നിന്നിരുന്ന പത്തായമുത്തശ്ശിമാരുടെ മരപ്രതിമകള്‍ മുതല്‍ ആധുനികകാലത്ത് നിര്‍മിച്ചെടുത്ത പാരമ്പര്യ കലാരൂപങ്ങളെ വിമര്‍ശിച്ചതിനാല്‍ ആത്മീയ നേരിടുന്ന പ്രശ്നങ്ങള്‍ വരെ ഇതില്‍ നമുക്ക് വായിക്കാം

കുശാലപ്പ എന്ന നെല്‍കൃഷിക്കാരനെക്കുറിച്ചുള്ള ഏഴാം ഖണ്ഡം കുടകിലെ നെല്‍കൃഷിയെപ്പറ്റിയും പുന്നെല്ലും പൊലിപ്പാട്ടും പത്തായം നിറവും അടക്കം നെല്ല് നമുക്ക് തന്ന ഉത്സവങ്ങളെപ്പറ്റിയും കുടകരുടെ ആതിഥ്യമര്യാദയെപ്പറ്റിയും പറയുന്നു. ഒപ്പം നെല്ല് മെല്ലെമെല്ലെ കളമൊഴിയുന്ന കാഴ്ചയും നാം കാണുന്നു. എരുമാട് എന്നു പേരിട്ട എട്ടാം ഭാഗം കുടകിലെ മതബന്ധങ്ങളെപ്പറ്റി നമ്മോട് പറയുന്നു.

കാരണവനാര്‍ ദൈവങ്ങളായി കൂട്ടുകുടുംബങ്ങളുടെ ആരാധ്യനായി കഴിഞ്ഞിരുന്ന, മഞ്ഞുരുകും പോലെ മാഞ്ഞുപോവുന്ന കാഴ്ചകളും കേരളത്തില്‍ നിന്നെത്തി കുടകില്‍ നിലയുറപ്പിച്ച ദൈവങ്ങളും ദ്രാവിഡരെന്ന് അഭിമാനിക്കുമ്പോഴും മെല്ലെമെല്ലെ ബ്രാഹ്മണവാഴ്ചകള്‍ക്ക് കീഴ്പ്പെടുന്ന കുടകന്റെ മത-സാംസ്കാരികബോധവുമെല്ലാം ദൈവങ്ങളുടെ ദേശാടനം എന്ന ഭാഗത്ത് വിവരിക്കപ്പെടുന്നു. ഇതിന്റെ തുടര്‍ച്ചയില്‍ ഹെബ്ബാലെയിലെ കാട്ടിലുള്ള ക്ഷേത്രത്തില്‍ നടക്കുന്ന ലിംഗോത്സവത്തിന്റെ അമ്പരപ്പിക്കുന്ന രംഗങ്ങളാനുള്ളത്.

അവസാനത്തെ രണ്ടു ഭാഗങ്ങളില്‍ സൗന്ദര്യങ്ങള്‍ക്കും കഥകള്‍ക്കുമപ്പുറം കുടകന്റെ യഥാര്‍ഥ ജീവിതത്തെപ്പറ്റിയും ദേശത്തിന്റെ സ്വകാര്യമായ സംസ്കാരങ്ങള്‍ ലോകത്തിന്റെ പൊതുവായ സംസ്കാരത്താല്‍ തിരസ്കരിക്കപ്പെടുമ്പോള്‍ നാട് കടക്കാനൊരുമ്പെടുന്ന കുടകരെപ്പറ്റിയും കാട്ടിത്തരുന്നു. ഈ പുസ്തകത്തിലെ ഏറ്റവും മനോഹരമായ രംഗവും അവസാന അധ്യായങ്ങളിലൊന്നിലാണ്. നിയമവിരുദ്ധമായ പാക്കറ്റ് ചാരായവും മുളമ്പാത്തിയില്‍ കൂടി ഒഴുകിയെത്തുന്ന വെള്ളവും തേടി നിശബ്ദമായി മെഴുകുതിരിയുടെ വെളിച്ചത്തില്‍ എത്തുന്ന ജനങ്ങള്‍ ഒരു പൗരാണികാചാരമെന്ന പോലെ തെളിയുന്ന കാഴ്ച. സത്യം പക്ഷേ എത്രയോ അകലെയാണെങ്കിലും. മലയാളികള്‍ തൊഴിലന്വേഷിച്ച് കുടകില്‍ ചെന്ന ആ പഴയകാലത്തും കഥകള്‍ക്കപ്പുറം ഇത്തരം കയ്പ് നിറഞ്ഞ നേരുകളുണ്ടായിരുന്നു എന്നും എന്‍ പ്രഭാകരന്റെ ഈ പുസ്തകം നമ്മോട് പറയും. ഇങ്ങനെ ....


നാട്ടില് ചായ മന്താളത്തില്
കൊടകില് പോയപ്പൊ ആട
ചായ വക്കുപൊട്ടിയ മന്താളത്തില്