Showing posts with label റാണിപ്രിയ. Show all posts
Showing posts with label റാണിപ്രിയ. Show all posts

Saturday, April 5, 2014

സാധനാലഹരി

പുസ്തകം : സാധനാലഹരി
രചയിതാവ് : മാടമ്പ് കുഞ്ഞുകുട്ടന്‍
പ്രസാധകര്‍ :
ഡിസി ബുക്സ്
അവലോകനം : റാണിപ്രിയ



മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന ആ നക്ഷത്രം മലയാളസാഹിത്യ ചരിത്ര വനത്തിലെ ഒറ്റയാനായി ഇന്നും തുടരുന്നു. ഇത്തിരിപ്പോന്ന എന്റെ വായനാലോകത്തെയും മദിച്ചു ഈ ഒറ്റയാന്‍. നോവലിസ്റ്റ്, തിരക്കഥാകൃത്ത്,നടന്‍ എന്നീ നിലയില്‍ പ്രശസ്തന്‍. കൂടാതെ ആനക്കമ്പം മൂത്ത് ആനപ്പണിയും ചെയ്തിട്ടുണ്ട്. കൈരളി ടി.വി യില്‍ ‘ഇ ഫോര്‍ എലിഫന്റ്’ എന്ന സീരിയലിലൂടെ മലയാളത്തിന് പരിചിതന്‍ ആണ്. അദ്ദേഹത്തിന്റെ പ്രധാന രചനകള്‍ ആണ് അശ്വത്ഥാമാവ്, ഭ്രഷ്ട്, മരാരാശ്രീ, അവിഘ്നമസ്തു, എന്തരോ മഹാനു ഭാവലു, മഹാപ്രസ്ഥാനം, ഓംശാന്തിഓം, അമൃതസ്യപുത്ര:, സാധനാലഹരി, ചക്കരക്കുട്ടിപ്പാറു, സാവിത്രി ദേ-ഒരു വിലാപം. ഇതില്‍ മഹാപ്രസ്ഥാനത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുക ഉണ്ടായി.

സിനിമാതിരക്കഥയും അഭിനയവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. അശ്വത്ഥാമാവ് സിനിമയായപ്പോള്‍ തിരക്കഥയും നായക വേഷവും അദ്ദേഹം തന്നെ ചെയ്തു. ദേശാടനം എന്ന ഒരൊറ്റ സിനിമ തന്നെ കേരള ജനതയുടെ ഹൃദയം കീഴടക്കിയിരുന്നു എന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല. ദേശീയ അംഗീകാരം നേടിയ പരിണാമം മറ്റൊരു ഉദാഹരണം. ഏഷ്യയിലെ ഏറ്റവും നല്ല തിരക്കഥക്കുള്ള പുരസ്കാരം നേടിയ ‘കരുണം’ മാടമ്പിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍ തൂവലായി. ശാന്തം, ഗൌരീശങ്കരം, സഫലം എന്നിങ്ങനെ നീളുന്നു..



മാടമ്പിന്റെ ‘സാധനാലഹരി’ യാണു ഞാന്‍ ആദ്യം വായിക്കുന്നത്. അതും മാടമ്പിനോട് ഏറ്റവും അടുപ്പമുള്ള എന്റെ സുഹൃത്ത് വഴി. ശരിക്കും അത് ഒരു ലഹരി തന്നെ. ആത്മീയ ലഹരി. പിന്നെ സാവിത്രി ദേ-ഒരു വിലാപം -തന്റെ ഭാര്യയുടെ അകാലമരണം അദ്ദേഹത്തില്‍ ഏല്‍പ്പിച്ച ദുഖം-മ ലയാളത്തിന്റെ വിലാപ നോവല്‍. 'ചക്കരക്കുട്ടിപ്പാറു’-ഇതില്‍ അസാധാരണമായ ഒരു പ്രണയാനുഭവം പറയുന്നു മാടമ്പ്. അദ്ദേഹത്തിന്റെ ഓരോ കഥയും വായിക്കാന്‍ ഞാന്‍ കൊതിക്കുന്നു.
എന്റെ ആദ്യാനുഭവമായ ‘സാധനാലഹരി’ എന്ന പുസ്തകം ഞാനിവിടെ പരിചയപ്പെടുത്തട്ടെ.

ഇത് ഒരു കൗളസാധകന്റെ കഥ.-സാധനാലഹരി-ദീക്ഷാഗുരുവിന്റെ അനുഗ്രഹത്താല്‍ കൗളം പഠിക്കാന്‍ ശ്രമിക്കുകയും സാധന ചെയ്യാന്‍ മോഹിക്കുകയും ചെയ്തതിന്റെ സാരമാണ് ഈ കഥ. ശങ്കരാചാര്യരുടെ സൌന്ദര്യലഹരിയുടെ ഒരേട്. ആ മന്ത്രകാവ്യത്തിന്റെആദ്യത്തെ നാല്‍പ്പത്തൊന്ന് ശ്ലോകമാണ് ഈ ലഹരി. പ്രസിദ്ധമായ കഥാസരിത് സാഗരത്തിലെ വിദ്യാസാഗര ചരിത്രം ചട്ടക്കൂടായി സ്വീകരിച്ചു. കൗളസാധകന്മാരുടെ വേദമാണ് സൌന്ദര്യലഹരി.

കഥ തുടങ്ങുന്നത് വിദ്യാസാഗര്‍ എന്ന മഹാബ്രാഹ്മണനായ സാധകനില്‍ നിന്ന്. കൗളവിധിപ്രകാരമുള്ള പ്രാര്‍ത്ഥനയും നമസ്ക്കാരവും കഴിഞ്ഞ് ചെറുനീര്‍ച്ചാലില്‍ മണല്‍ പരപ്പില്‍ ഇരുന്നു, ഇരുന്നപ്പോള്‍ കിടന്നു, കിടന്നപ്പോള്‍ ഉറങ്ങി. അസ്തമയസൂര്യന്‍ ചുവന്നുതുടുത്തു. ഗ്രാമദേവതയെ പ്രദക്ഷിണം വച്ച് തൊഴുത് തോഴിമാരോടു കൂടി ചിരിച്ചുല്ലസിച്ചു വന്ന മന്ദാകിനി മണല്‍ത്തിട്ടയില്‍ ബോധം വിട്ടുറങ്ങുന്ന പുരുഷയൌവ്വനം കാണുന്നു. ഉറങ്ങുമ്പോഴും പ്രസരിക്കുന്ന തീഷ്ണ പുരുഷഗന്ധം അവളെ തടുത്തു നിര്‍ത്തി. എന്താണെന്നറിയില്ല അന്നേവരെ അനുഭവിക്കാത്ത എന്തോ ഒരു അസ്വസ്ഥത. പോയ ജന്മങ്ങളില്‍ എവിടെയോ ഒപ്പം നടന്ന ഓര്‍മ്മ. അനാദിയായ ഈ ചാര്‍ച്ച വഴി ആത്മാവറിയുന്നു. വാക്കുകളാവാതെ അനുഭവിക്കുന്നു.

മന്ദാകിനി വൈദ്യനെയും പല്ലക്കും വിളിച്ചു വരുത്തി. വൈദ്യന്‍ കല്‍പ്പിക്കുന്നു. ഇത് മഹാനിദ്രയാകുന്നു. ആറുമാസമോ അതിലധികമോ ഉറങ്ങാതിരുന്ന ഒരാളുടെ നിദ്ര. നാഡിമിടിപ്പ് മൃദുലം, പരിക്ഷീണം എങ്കിലും കിറുകൃത്യം. മഹായോഗിയുടെ പ്രാണായാമം പോലെ. വൈദ്യന്‍ സംശയിച്ചു, ധ്യാനനിരതനായ ഏതെങ്കിലും സിദ്ധനാകുമോ?പുരുഷന്‍ ഉറങ്ങിക്കിടന്നു. പ്രകൃതിയുണര്‍ന്നു. ഏഴുപകലും ഏഴുരാത്രിയും മന്ദാകിനി ശുശ്രൂഷിച്ചു. ക്രമം തെറ്റാതെ ശ്വാസം വീക്ഷിച്ചു. ഏതോ ദിവ്യസാന്നിധ്യമായ് ഉറങ്ങുന്ന പുരുഷനെ കണ്ടറിഞ്ഞു.

മന്ദാകിനി കുസുമപുരത്തെ നഗരശ്രീ ആയി വാഴേണ്ടവള്‍. പുരുഷന്‍ ഉണര്‍ന്നപ്പോള്‍ ദേവി..ഭവതി ആരാണ്? ദേവിയാണോ നിദ്രയില്‍ നിന്നുന്നുണര്‍ത്തിയത് എന്ന് വിദ്യാസാഗര്‍ ആരായുന്നു. തന്റെ ഗുരുവിന്റെ വാക്ക് ഒരു നിമിഷം വിസ്മരിച്ച് ജലത്തെ സ്പര്‍ശിച്ചപ്പോളാണ് താന്‍ നിദ്രയിലായതെന്നും മന്ദാകിനിയാണ് തനിക്ക് ജീവരക്ഷ ചെയ്തതെന്നും വിദ്യാസാഗര്‍ അറിയിക്കുന്നു. തുടര്‍ന്ന് തന്റെ കഥ പറയുന്നു.

എന്തുകൊണ്ടാണ് താന്‍ അപ്രകാരം ഗുരുവാക്യം മറന്നത്? മന്ദാകിനിക്ക് സൌഹൃദത്തിലും കവിഞ്ഞ ബന്ധം എങ്ങിനെ ഉണ്ടായി? എന്താണ് തന്റെ ജീവരക്ഷക്ക് പകരം വേണ്ടത് എന്ന വിദ്യാസാഗറിന്റെ ചോദ്യത്തിന് ‘അവിടുന്ന് ഈയുള്ളവളെ സ്വീകരിക്കണം’ എന്ന് ആവശ്യപ്പേടുന്നു. ബ്രാഹ്മണനായ വിദ്യാസാഗര്‍ ശൂദ്രസ്ത്രീയായ മന്ദാകിനിയെ സ്വീകരിക്കണമെങ്കില്‍ ആദ്യം സ്വജാതിയില്‍ നിന്നും, പിന്നെ ക്ഷത്രിയ കുലത്തില്‍ നിന്നും തുടര്‍ന്ന് വൈശ്യകുലത്തില്‍ നിന്നും ഭാര്യമാരെ സ്വീകരിക്കണം. മഹാഗുരു അരുളുന്നു.”ഒരുറക്കത്തില്‍ അറിയപ്പെടാത്ത ഒരു നിയോഗമായി അവളെത്തി. അവള്‍ക്കായി മൂന്നുപേരും.. ചാതുര്‍വര്‍ണ്ണ്യവും ഒന്നായി ചേരണമെന്ന് നിയോഗം. കാലം വിഭജിച്ച വര്‍ണ്ണത്തെ കാലപ്രചോദിതനായ താന്‍ ഒന്നാക്കണം എന്ന് പ്രകൃതി നിയോഗം”.

കൗളമാര്‍ഗമറിയുന്നവന് സൃഷ്ടിരഹസ്യം വെളിവാകുന്നു. മന്ദാകിനി - പൂര്‍വ്വജന്മത്തില്‍ വിദ്യാസാഗര്‍ പ്രത്യക്ഷനമസ്കാരം ചെയ്ത നമസ്കാരകല്ല്. നമസ്കാര ക്രിയയില്‍ എട്ടംഗവും മുട്ടെ എട്ട് പതിറ്റാണ്ട് കിടന്ന കരിങ്കല്ലിന്റെ ആത്മാവ് തുടിച്ചു. ഇതാണ് പ്രപഞ്ചസ്വഭാവം. മറ്റു മൂന്നു പേരും യഥാക്രമം പോയജന്മം പൂജാപാത്രം, ശംഖുകാല്‍, വലം‌പിരി ശംഖ് എന്നിങ്ങനെ ആയിരുന്നു എന്ന് വിദ്യാസാഗര്‍ അനുഭവിക്കുന്നു. വിദ്യാസാഗറിന്റെ കഥ അങ്ങനെ നീളുകയാണ്. ഇതിലൂടെ അവനവനെ തന്നെ അറിയാത്തവര്‍ ഒന്നും അറിയാത്തവനാണെന്നും,ഗാര്‍ഹപത്യത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും മനസ്സിലാക്കാനാണ് ദീക്ഷ എന്നും ഏറ്റവും ദുര്‍ഘടമായ ആശ്രമം ഗൃഹസ്ഥാശ്രമം ആണെന്നും മനസ്സിലാക്കിത്തരാന്‍ കഥാകൃത്ത് ശ്രമിക്കുകയാണ്.

മാടമ്പിന് എഴുത്ത് ജീവിതമാണ്, ഉപാസനയാണ്. എഴുത്തിന്റെ ആത്മീയലഹരിയിലാണ് ജീവിതം. വൈദിക പാരമ്പര്യത്തിന്റെ വഴികളിലൂടെ വളര്‍ന്നു വന്നിട്ടും പുരോഗമന ആശയങ്ങളോട് അനുഭാവം പുലര്‍ത്തിയിരുന്നു, അതോടൊപ്പം താന്ത്രികം പോലുള്ള സമ്പ്രദായങ്ങളോടുള്ള താത്പര്യവും.എല്ലാ എഴുത്തുകാരില്‍ നിന്നും വിഭിന്നമായ മാടമ്പ് വേണ്ടത്ര പരിഗണിക്കാതെ പോയോ എന്ന ചിന്ത എന്നില്‍ ഉയരുന്നു. മാടമ്പിന്റെ നോവല്‍ ഇന്നു നാല് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ‘ആര്യാവര്‍ത്തം’ എന്ന നോവലില്‍ എത്തി നില്‍ക്കുന്നു, അതിന്റെ ആദ്യ പതിപ്പ് അദ്ദേഹത്തിന്റെ ജന്മദിനമായ 2011 ജൂണ്‍ 27 നു മാടമ്പ് മനയില്‍ വച്ചു പ്രകാശനം ചെയ്യപ്പെട്ടു. ഇനിയും മാനവരാശിക്കു വേണ്ടി തൂലിക ചലിപ്പിക്കാന്‍ കഴിയട്ടെ എന്നും പ്രാര്‍ത്ഥിക്കട്ടെ......

Saturday, October 6, 2012

മഞ്ഞ്

പുസ്തകം : മഞ്ഞ്
രചയിതാവ് : എം.ടി.വാസുദേവന്‍ നായര്‍

പ്രസാധകര്‍ : കറന്റ് ബുക്സ് , തൃശൂര്‍

അവലോകനം : റാണിപ്രിയ



ളരെ മുന്നേ വായിക്കപ്പെടേണ്ട എം ടി യുടെ സുന്ദര പ്രണയകാവ്യം.മഞ്ഞ് എന്ന നോവലിന്റെ മധുരസംഗീതം എന്റെ സിരകളില്‍ ചലനം സൃഷ്ടിച്ചിരുന്നു എന്ന് പറയുന്നതാവും ശരി. അതിലെ കഥാപാത്രങ്ങളും ചിലവരികളും ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

മഞ്ഞിലുടനീളം ഒരു മൌനം,ഒരു നിശബ്ദത...അതാണ്‌ ഞാന്‍ അനുഭവിച്ചത്. നിശബ്ദതയുടെ നീക്കിയിരിപ്പ്. വാചാലമായ മൌനം.പ്രണയത്തിന്റെ ഹൃദയ ഭാഷ..

വായിച്ചു തീര്‍ന്നപ്പോളെക്കും മഞ്ഞിലെ വിമലാദേവിയെ ഞാന്‍ ആവാഹിച്ചു കഴിഞ്ഞിരുന്നു.ശരിക്കും കാത്തിരിപ്പിന്റെ ആന്തരാര്‍ത്ഥം എന്താണ്? വിമലയുടെ മനസ്സിന്റെ ആഴത്തില്‍ നിന്ന് ഉയരുന്ന സ്മൃതിയുടെ ഓളങ്ങള്‍ വളരെ സൂക്ഷ്മമായി എം ടി വിവക്ഷിച്ചിരിക്കുന്നു. " വരും...വരാതിരിക്കില്ല" ഈ വാക്കുകള്‍ ആണ് നോവലില്‍ അലയടിക്കുന്ന മന്ത്രം... പ്രണയത്തിന്റെ മാധുര്യവും,വിരഹത്തിന്റെ വേദനയും ഒരുപോലെ മലയാളികള്‍ക്ക് അനുഭവവേദ്യമാക്കുന്നു മഞ്ഞ് ..........

വരാതിരിക്കില്ല വിമലയുടെ സുധീര്‍ മിശ്ര ! പ്രണയത്തിന്റെ നനുത്ത സ്പര്‍ശം അവളുടെ ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന മരണമില്ലാത്ത ഓര്‍മ്മകള്‍ ! ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പ് ! യഥാര്‍ത്ഥ സ്നേഹം തേടിയുള്ള യാത്ര ! അതാണ്‌ വിമല...

വളരെ സുന്ദരിയാണ് അവള്‍.മേല്‍ച്ചുണ്ടിനു മീതെ ഉള്ള നീല നനുത്ത രോമങ്ങള്‍ ആണ് വിമലയുടെ ആകര്‍ഷകത്വം. സുധീറിന്റെ പ്രതീക്ഷയില്‍ ഇരിക്കാറുള്ള കല്‍ മണ്ഡപത്തിലും പരുക്കന്‍ ബഞ്ചുകളിലും ഒരു കിനാവുപോലെ ഞാനും ഇരുന്നു....

ഒരു സ്ത്രീയുടെ വിലപ്പെട്ടെതെല്ലാം കവര്‍ന്ന് എവിടെക്കോ മറഞ്ഞു പോകുന്ന സുധീര്‍മിശ്രയെ അനീതി, വഞ്ചന,ചതി എന്നൊക്കെ പറയാമെങ്കിലും വിമല അങ്ങിനെ കരുതുന്നില്ല.ഒരിക്കലും മുഴുമിക്കാത്ത ചിത്രം പോലെ ലൌവേര്‍സ് ട്രാക്കിലെ ശിലാഫലകങ്ങളില്‍ തങ്ങളുടെ പേര് കൊത്തിവച്ച് ഒരു ദിനം അപ്രത്യക്ഷനാകുന്ന സുധീര്‍ മിശ്ര.എന്നിട്ട് പോലും അവള്‍ അയാളെ സ്നേഹിക്കുകകയായിരുന്നു, പ്രതീക്ഷിക്കുക ആയിരുന്നു.

തടാകത്തിലെ ജലം പോലെ കെട്ടിക്കിടക്കുന്നത് അവളുടെ മനസ്സാണ്.ഓര്‍മ്മയുടെ താളുകള്‍ മറിക്കപ്പെടുമ്പോള്‍ വിമലയുടെ ശിഥിലമായ കുടുംബ പാശ്ചാത്തലവും വരച്ചുകാട്ടുന്നു ലേഖകന്‍.

സുധീര്‍ മിശ്ര സഞ്ചാരിയും സഹൃദയനുമാനെന്നു കാണാം.ബസ്സില്‍ വച്ചുള്ള പരിചയം പ്രണയമായ് പടരുന്നു.നൈനിതാളിലെ ലൌവേര്‍സ് ട്രാക്കിലൂടെ സഞ്ചരിച്ച് കാപ്പിറ്റോളില്‍ വച്ച് ആത്മാവും ശരീരവും ഒന്നാകുന്നു."സ്ത്രീത്വത്തിന്റെ മൂടുപടം ചീന്തുന്ന..ആദ്യ വേദന,ആദ്യ പാപം,ആദ്യ നിര്‍വൃതി.."

ഒരിക്കലും കാണാത്ത തന്റെ പിതാവിനെ തേടുന്ന ബുദ്ദു എന്ന തോണിക്കാരന്‍ ഇവിടെ കാത്തിരിപ്പിന്റെ മറ്റൊരു മുഖവുമായ് എത്തുന്നു...സ്വന്തം പിതാവിന്റെ മരണത്തില്‍ ഒന്ന് പൊട്ടിക്കരയാന്‍ പോലും ആകാത്ത വിമല... സീസണില്‍ വന്നണഞ്ഞ ആ സര്‍ദാര്‍ജി ... എന്തിനായിരുന്നു അവളോട് അടുപ്പം കാട്ടിയത്? എന്തിനായിരുന്നു ആ വരവ്? എന്തിനായിരുന്നു പിതാവിന്റെ മരണത്തില്‍ ആശ്വാസം പകര്‍ന്നത്? തന്റെ സുഹൃത്തിന്റെ മരണത്തിന്റെ സൂചനയായിരുന്നോ അയാള്‍ വിമലക്ക് നല്‍കിയിരുന്നത് ? കടം വാങ്ങിയ ആ സായാഹ്നം ഓര്‍മ്മിപ്പിച്ചത് എന്തിനായിരുന്നു? ശ്വാസകോശ അര്‍ബുദത്തിനു ഇരയായ് അയാളും മരണത്തിനു കീഴടങ്ങുകയാണെന്ന സത്യം വിളിച്ചു പറയാനോ? അറിയില്ല..സിഗരറ്റിന്റെ ഗന്ധമുള്ള ശ്വാസം അവളുടെ കവിളില്‍ സ്പര്‍ശിച്ചു എന്ന്‍ സുധീര്‍ മിശ്രയുടെ ഓര്‍മകളില്‍ അവള്‍ അയവിറക്കുന്നത് ലേഖകള്‍ പറയുന്നുണ്ടല്ലോ..

വിമല ഇന്നും കാത്തിരിക്കുന്നു...ആ വയലെറ്റ് നിറമുള്ള അക്ഷരത്തിന്റെ ഉടമസ്ഥനെ ... നീല കണ്ണുള്ള ആ കാമുകനെ....കാത്തിരിപ്പ് അവസാനിക്കുന്നില്ല..അടുത്ത സീസണില്‍ വരുമെന്ന പ്രതീക്ഷയോടെ ബുദ്ദു, ഗോരാസഹിബിനു വേണ്ടി .... വിമല, സുധീര്‍ മിശ്രക്ക് വേണ്ടി...

"കഥകള്‍ ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ കവിതയാണ്" അതെ...മഞ്ഞ് മികച്ച ഭാവഗാനം തന്നെ... "ആരും വന്നില്ല " എന്നറിഞ്ഞിട്ടും , ബോട്ട് നീങ്ങിയപ്പോള്‍ ജലപ്പരപ്പിലേക്ക് നോക്കി നിന്ന് കൊണ്ട് വിമല നിശബ്ദമായ് പറയുന്നത് നമുക്ക് കേള്‍ക്കാം .... "വരാതിരിക്കില്ല...."

നൈനിത്താള്‍ കാത്തിരിക്കുന്നു...പുതിയ സഞ്ചാരികള്‍ക്കായി..

Tuesday, July 26, 2011

സാവിത്രീ ദേ -ഒരു വിലാപം

പുസ്തകം : സാവിത്രീ ദേ -ഒരു വിലാപം
രചയിതാവ് : മാടമ്പ് കുഞ്ഞിക്കുട്ടന്‍
പ്രസാധനം : ഗ്രീന്‍ ബുക്സ്
അവലോകനം : റാണിപ്രിയ



മാടമ്പ് കുഞ്ഞുകുട്ടന്‍ എന്നറിയപ്പെടുന്ന മാടമ്പ് ശങ്കരന്‍ നമ്പൂതിരി തൃശ്ശൂര്‍ ജില്ലയില്‍ കിനാലൂരിലെ മാടമ്പ് മനയില്‍ ജനിച്ചു. നോവലിസ്റ്റ്,കഥാകൃത്ത്,തിരക്കഥാകൃത്ത് എന്ന നിലയില്‍ പ്രശസ്തന്‍.2000ല്‍ ഏറ്റവും മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലചിത്ര അവാര്‍ഡ് മാടമ്പിനു ലഭിച്ചു.ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥക്കായിരുന്നു അത്. ഭ്രഷ്ട്, അവിഘ്നമതു, അശ്വത്ഥാമാവ്, സാധനാലഹരി, അമൃതസ്യപുത്ര: തുടങ്ങിയ കൃതികള്‍.

കാവ്യസുന്ദരമായ ശൈലിയില്‍ വിടര്‍ന്ന മലയാളത്തിന്റെ വിലാപ നോവല്‍ എന്ന് സാവിത്രീ ദേ വിലാപത്തെ വിശേഷിപ്പിക്കാം. സ്വന്തം ഭാര്യയുടെ രോഗവും മരണവും ഏല്‍പ്പിച്ച ആഘാതത്തില്‍

നിന്നും രൂപാന്തരപ്പെട്ടതാണീ നോവല്‍. പ്രിയപ്പെട്ടവരുടെ മരണത്തിലൂടെ ഉണര്‍ന്ന ഓര്‍മ്മക്കുറിപ്പിനും ഉപരി ആ ഓര്‍മ്മകള്‍ക്ക് ഒരു ആത്മീയപരിവേഷത്തോടെ അവതരിപ്പിക്കുന്നു നോവലിസ്റ്റ്. ഭാര്യ-ഭര്‍ത്തൃ ബന്ധത്തിന്റെ തലത്തില്‍ നിന്നും മാറി അനിര്‍വ്വചനീയമായ ഒരു ബന്ധവിശേഷം പരേതയും ആഖ്യാതാവും തമ്മില്‍ ഉണ്ടാകുന്നു.

ഈ വിലാപം ആത്മീയമായ അന്തര്‍ദര്‍ശനങ്ങളുടെ കവിഞ്ഞൊഴുക്കാണ്.അതുകൊണ്ട് തന്നെ വായനക്കാരുടെ ഉള്ളകത്തെ ഈ നോവല്‍ ഈറനണിയിക്കുന്നു.ഭാര്യയെ ദേവിയായി സങ്കല്‍പ്പിച്ചിരിക്കുന്നു നോവലിസ്റ്റ്. ദേവിയുടെ ആത്മാവിനോട് സംവദിക്കുന്നതായും അവരുടെ സാമീപ്യം അറിയുന്നതും വളരെ വളരെ മനസ്സിനെ സ്പര്‍ശിക്കുന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ദേവി ഒരു കാക്കയുടെ രൂപത്തില്‍ വരുന്നു ഈ കഥയിലുടനീളം ആ കഥാപാത്രത്തെ നമുക്ക് ദര്‍ശിക്കാം. കാണുന്നത് മുഴുവനും ദേവീസ്വരൂപമായ് മാറുന്നു. പഞ്ചഭൂതങ്ങളില്‍ ഒന്നു ചേര്‍ന്ന ദേവീചൈതന്യം ശ്രേയസ്സിനായി വഴി കാട്ടുന്നു.

ദേവീ! ദു:ഖവും സന്തോഷവും വേദനയും സുഖവും അനുഭവം കഴിയുമ്പോള്‍ ഒന്നാകുന്നു. ഒന്നുമല്ലാതാകുന്നു. ഓര്‍ത്തു കരയാം. ഓര്‍ത്തു രസിക്കാം. വേദനയില്ലായിരുന്നു എന്നോര്‍ത്തോര്‍ത്ത് സന്തോഷിക്കാം.സുഖമായിരുന്നു എന്നോര്‍ത്ത് വേദനിക്കാം.സുഖദു:ഖങ്ങള്‍ ഒന്നാകുന്നു എന്ന് നോവലിലെ വാക്കുകള്‍. മരണം വേദനയല്ല. മൃതി അമൃതാണ്. അതി മധുരമാണ്. പറഞ്ഞറിയിക്കാനാവാത്ത സുഖം. മരണവേദന എന്നൊന്നില്ല. ഭോഗതൃപ്തി വരാത്ത ശരീര കാമനകളുടെ കളിയാണിത്.ഈ ശരീരം അന്യമാണെന്ന് ആദ്യം അറിയുമ്പോളുള്ള അമ്പരപ്പ്. ഇക്കണ്ടതൊക്കെ അസത്യമാണെന്നനുഭവിക്കുന്ന അത്ഭുതം. പിന്നെ നിത്യാനന്ദം.ആത്മാവിനോടുള്ള ഇത്തരത്തിലെ ആത്മഭാഷണവും നോവലില്‍ നമുക്ക് ദര്‍ശിക്കാം.

സമസ്തവും കാലചക്ര വിഭ്രമത്തില്‍ അമര്‍ന്നുപോകുമെന്ന് അറിയാം.എങ്കിലും മരണമാണ് മനുഷ്യനെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും. മരണം വേര്‍പാടല്ലെന്നും നിരന്തരമായൊരു സാന്നിദ്ധ്യത്തിന്റെ പരിമിതാതീതമായ തലത്തിലേക്കുള്ള വികാസമാണെന്നും നോവലിന്റെ അന്തര്‍ധാര വെളിവാക്കുന്നു.കവിതയുടെ സൌന്ദര്യമാണ് മനുഷ്യ മനസ്സിനെ ഈറനണിയിച്ച ഈ നോവലിന്റെ മികവ്.

Thursday, February 17, 2011

അതുല്യം

പുസ്തകം : അതുല്യം
രചയിതാവ് : മാലതി കെ ഹൊള്ള
പ്രസാധനം : മാതൃഭൂമി ബുക്സ്
അവലോകനം : റാണിപ്രിയ



ന്താരാഷ്ട്ര വീല്‍ ചയെര്‍ അത്‌ലറ്റായ മാലതി കെ ഹൊള്ളയുടെ പ്രചോദനാത്മകമായ അനുഭവകഥയാണ്‌ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അതുല്യം. ആലപ്പുഴ ജില്ലയിലെ കുട്ടം പേരൂര്‍ സ്വദേശിയായ അനന്തകൃഷ്ണന്‍ എം ആണ്‌ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'A different Spirit ' എന്ന തലക്കെട്ടോടു കൂടി Inspired Indian Foundation എന്നാ കൂട്ടായ്മയില്‍ പുസ്തകം പ്രസിദ്ധീകരിച്ചത്. മലയാളത്തില്‍ ഇതിനെ അതുല്യമാക്കി പരിഭാഷപ്പെടുത്തിയത് കെ എം സുധീര്‍.


മാലതി കെ ഹൊള്ള, ലോകപ്രശസ്തയായ പാരാലിംപ്യന്‍.അന്താരാഷ്ട്ര വീല്‍ചെയര്‍ കായികതാരം.അത്രമാത്രമേ പുറംലോകത്തിനു അറിയൂ. അതിനപ്പുറമുള്ള മാലതിയെ തുറന്നു കാട്ടുന്നു ഈ 'അതുല്യം'. ആ ജീവിതത്തില്‍ അവരുടെ യാതനകളുടെ,പോരാട്ടങ്ങളുടെ കഥയുണ്ട്. ഇന്ത്യയിലെ മറ്റു താരങ്ങള്‍ക്കുള്ള പ്രശസ്തിയോ പ്രചാരമോ മാലതി ഹൊള്ളക്കില്ല. എങ്കിലും മാലതി കൃഷ്ണമൂര്‍ത്തി ഒരു താരമാണ്. നേട്ടങ്ങള്‍ക്കൊക്കെ രത്നതിളക്കമുള്ള ഒരു അപൂര്‍വ്വ താരം.അന്‍പത്തി രണ്ടാം വയസ്സിലും ഇന്ത്യയിലെ ഏറ്റവും വേഗതകൂടിയ വീല്‍ചെയര്‍ അത്‌ലറ്റ് ആണ് മാലതി.ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ലാത്ത റെക്കോര്‍ഡുകളുടെ ഉടമ. ഏകലവ്യ,അര്‍ജുന,പദ്മശ്രീ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍.
ദേശീയവും അന്തര്‍ദേശീയവുമായ മുന്നൂറിലേറെ മെഡലുകള്‍. അതില്‍ ഭൂരിഭാഗവും കടം വാങ്ങിയ വീല്‍ചെയറില്‍ ഇരുന്നു കൊണ്ട്!! അവരുടെ ജീവിതത്തോടുള്ള അഭിനിവേശം നമുക്കൊന്നും ചിന്തിക്കാനോ എത്തിപ്പിടിക്കാനോ സാധിക്കാത്തത്ര ഉയരത്തില്‍ ആണ് എന്നത് അതുല്യം തുറന്ന് കാട്ടുന്നു.

മുറി മുഴുവന്‍ മുഴങ്ങുന്ന പൊട്ടിച്ചിരിയില്‍ ഒളിച്ചുവക്കപ്പെടുന്ന വേദനകള്‍ ആരും അറിയാറില്ല. കാലുകളിലേക്കുള്ള ചോരയോട്ടം നിലക്കാതിരിക്കാനായി വലതുകാല്‍ കുടയുമ്പോള്‍ തുടയെല്ലിനുള്ളില്‍ ഇനിയും കൂടിചേരാത്ത എല്ലിലെ മുറിവ് നല്‍കുന്ന വേദന. വേദനയില്ലാതെ എന്ത് മാലതി?

ചെറിയൊരു ഹോട്ടല്‍ നടത്തിപ്പുകാരന്റെ മകളായി 1958 -ല്‍ ജനിച്ച മാലതിയുടെ ജീവിതത്തില്‍ ചെറിയൊരു പനിയുടെ രൂപത്തില്‍ വന്ന ദുരന്തങ്ങള്‍ ആരംഭിക്കുമ്പോള്‍ അന്ന് വയസ്സ് ഒന്നോ ഒന്നരയോ മാത്രം! പലതരം ചികിത്സകള്‍. ഇതിനിടയില്‍ പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി ഏതാണ്ട് പൂര്‍ണമായി നഷ്ടപ്പെട്ടു. പഠനവും ചികിത്സയും ഒക്കെ മദ്രാസ്സില്‍. ഒരു പരമ്പരയായ് ശരീരത്തില്‍ വെട്ടിക്കീറലുകളും തുന്നിചേര്‍ക്കലുകളും. ഇതിനിടയിലാണ് സ്പോര്‍ട്സ് ഒരു ലഹരിയായ് പടര്‍ന്നു കയറിയത്. ഒരു ഉള്‍വിളിപോലെ ജീവിതത്തില്‍ വന്ന സ്പോര്‍ട്സ്..പിന്നീട് എല്ലാമെല്ലാമായ് വേദനക്കുള്ള മരുന്നും ജീവിതം കോര്‍ത്തെടുക്കുന്നതിനുള്ള മുത്തും.. എല്ലാം സ്പോര്‍ട്സ് തന്നെ. മറ്റുള്ളവര്‍ക്കൊക്കെ ഒരു മാതൃകയും പ്രചോദനവുമൊക്കെയായി ആ ജീവിതം വളന്നു വലുതായിയെങ്കില്‍ സ്പോര്‍ട്ട്സ് അതിനൊരു കാരണമായിട്ടുണ്ട്.

എന്നും പോരാട്ടമാണ് മാലതിയെ മുന്നോട്ട് നയിച്ചത്.വൈകല്യങ്ങളോട്,വേദനകളോട്,സാമൂഹിക അസമത്വങ്ങളോട് അങ്ങനെ എക്കാലവും യുദ്ധം തന്നെയായിരുന്നു.വികലാംഗര്‍ക്ക് അര്‍ഹപ്പെട്ട പുരസ്കാരങ്ങള്‍ക്കായി ഭരണകൂടത്തോടുപോലും അവര്‍ യുദ്ധം ചെയ്തു.ആകെ 32 സര്‍ജറി വരെ കഴിഞ്ഞു. ജീവിതത്തോട് പടപൊരുതുന്ന ഒരപൂര്‍വ്വ വ്യക്തിത്വം!! ദക്ഷിണ കൊറിയയിലും ബാഴ്സിലോണയിലും എതന്‍സിലും ബെയ്ജിങ്ങിലും(പാരാലിമ്പിക്സ്) ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇതിനിടയില്‍ ജീവിതത്തില്‍ അനുഭവിച്ച ക്ലേശങ്ങളും നേട്ടങ്ങളും അതുല്യത്തിലൂടെ മാലതി പങ്കുവെക്കുന്നുണ്ട്. സഹോദരങ്ങള്‍ മഞ്ജുനാഥ്,ജഗന്നാഥ്,ലീല. അച്ഛന്‍ കൃഷ്ണമൂര്‍ത്തി. അമ്മ പദ്മാവതി. ജീവിതത്തില്‍ കടപ്പെട്ടത്‌ അച്ഛനോട് ആണ്. ചിലപ്പോള്‍ സുഹൃത്ത്,വഴികാട്ടി അങ്ങനെ നിരവധി റോളുകള്‍ ... പഠനത്തിലെ വിഷമതകളെകുറിച്ചും പിന്നിട്ട വഴികളെ കുറിച്ചും വളരെ ഭംഗിയായി പുസ്തകത്തില്‍ പ്രദിപാതിചിരിക്കുന്നു. പഠിപ്പിച്ച അധ്യാപകരെ കുറിച്ചുള്ള ഓര്‍മ്മകളില്‍ ഗുരുത്വം നിറഞ്ഞ വാക്കുകള്‍ നമുക്ക് ദര്‍ശിക്കാം.പിന്നീടുണ്ടായ സുഹൃത്ത് ബന്ധങ്ങള്‍ ഒട്ടേറെ ശക്തങ്ങള്‍ ആയിരുന്നു. അതുല്യത്തിലെ ഓരോ പേജിലൂടെയും കടന്ന് പോകുമ്പൊള്‍ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഓരോ അനുഭവങ്ങളിലൂടെ നമുക്ക് യാത്ര ചെയ്യുന്നപോലെ തോന്നാം.

പതിനാറു കുട്ടികളുള്ള ഒരു ചാരിറ്റബിള്‍ സ്ഥാപനമാണ്‌ മാതൃ ഫൌണ്ടേഷന്‍ .ഗ്രാമാന്തരങ്ങളിലുള്ള പോളിയോ ബാധിതരാണ് ഇവരെല്ലാം.അവര്‍ക്ക് പഠിക്കാനും ജീവിക്കാനും ചികിത്സിക്കാനും ഉള്ള സൌകര്യങ്ങള്‍ ഇവിടെ ചെയ്തു കൊടുക്കുന്നു .........

ബാല്യകാലത്ത് അതിരുകളില്ലാതെ ഓടണം എന്ന ചിന്തയേ അന്ന് മാലതിക്കുണ്ടായിരുന്നുള്ളൂ.കൊടുങ്കാറ്റിന്റെ വേഗതയില്‍ ഓടണം.മോഹങ്ങളുടെ ബാല്യം കഴിഞ്ഞപ്പോളാണ് സത്യങ്ങളെ കുറേശെ ഗ്രഹിക്കാന്‍തുടങ്ങിയത്. നടക്കാന്‍ കാലു വേണമത്രേ !! പറക്കാന്‍ ചിറകുകളും!! നിരാശയുണ്ടായില്ല ...പക്ഷെ ഉള്ളിന്റെയുള്ളില്‍ എവിടെയോ ഒരു സ്വപ്നം പോലെ വീണ്ടും...

"ഓടും...എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ ഓടും.....മനസ്സിന്റെ വേഗങ്ങള്‍ക്കൊപ്പമല്ലായിരിക്കാം എങ്കിലും ഓടുക തന്നെ ചെയ്യും ...ഒരു നാള്‍ ...." ഇതായിരുന്നു മാലതിയുടെ ബാല്യകാലത്തെ വാക്കുകള്‍ . മാതൃ ഫൌണ്ടേഷന്‍ എന്ന സ്ഥാപനത്തിലുള്ള ഓരോ കുഞ്ഞുങ്ങളും ഇതേ വാക്യങ്ങള്‍ തങ്ങളുടെ ആത്മാവിനോട് പറയുന്നു. ജീവിതത്തിലെ പ്രതിസന്ധികളും പരിമിതികളും അതിജീവിക്കാന്‍ സഹായിക്കുന്ന ശക്തമായ ഒറ്റമൂലിയാണ് പ്രോത്സാഹനം . തന്റെ പിതാവും ഗുരുജനങ്ങളും സുഹൃത്തുക്കളും പകര്‍ന്നു നല്‍കിയ പ്രോത്സാഹനമാണ് മാലതി എന്ന അപൂര്‍വ്വ വ്യക്തിത്വം . അതേ പ്രോത്സാഹനങ്ങളും ആത്മവിശ്വാസവും ഒരു അണു ചോരാതെ തന്റെ കുട്ടികള്‍ക്ക് മാലതി ചൊരിയുന്നു. പരാജയഭീതിയിലും നിരാശയുടെ കരിനിഴലിലും കഴിയുന്നവര്‍ക്ക് ആവശ്യം പ്രത്യാശയുടെയും പ്രോത്സാഹനതിതിന്റെയും വാക്കുകളും സമീപനങ്ങളുമാണ് മാലതി കെ ഹൊള്ളയുടെ കഥ പറയപ്പെടെണ്ടത് തന്നെയാണ് ... ഏവരും അതിന്റെ അന്ത:സത്ത ഉള്‍ക്കൊണ്ട് വായിക്കപ്പെടെണ്ടതും ആണ് . അതുല്യത്തിലൂടെ മാലതി എന്ന അതുല്യപ്രതിഭയുടെ ജീവിതവും വീക്ഷണവും നമുക്ക് ദര്‍ശിക്കാം . കൂടാതെ പലതരത്തിലും നിരാശയില്‍ കഴിയുന്നവരെ ജീവിക്കാന്‍ പ്രചോദിപ്പിക്കുന്ന പ്രചോദനാത്മകമായ അതുല്യ ആത്മകഥ ആണ് "അതുല്യം"