Friday, September 30, 2011

നെയ്‌ത്തിരികള്‍

പുസ്തകം : നെയ്ത്തിരികള്‍
രചയിതാവ് : ലീല.എം.ചന്ദ്രന്‍
പ്രസാധകര്‍ : സിയെല്ലസ് ബുക്സ്

അവലോകനം : ടി.എന്‍.പ്രകാശ്



മികച്ച ഗായകന്റെ ശാരീരത്തില്‍ രാഗത്തോടൊപ്പം അയാളുടെ വ്യക്തിത്വവും സഞ്ചരിക്കും. ആലാപനത്തിന്റെ സവിശേഷത എന്നു പറയുന്നത് ഇതാണ്. അല്ലെങ്കില്‍ നൂറു ഗായകര്‍ നീലാംബരി ആലപിക്കുമ്പോള്‍ അതെല്ലാം ഒരു നീലാംബരിയായി തോന്നിപ്പോകും. ലീല.എം.ചന്ദ്രന്റെ കഥകള്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയ വികാരമാണിത്. പെണ്ണിനെക്കുറിച്ചാണ് ലീല ആവര്‍ത്തിച്ചു പറയുന്നത്. ഓരോ പറച്ചിലിലും തന്റേതായ വൈവിധ്യം വരുത്തുവാന്‍ കഥാകാരി ശ്രമിക്കുകയും ചെയ്യുന്നു. 'നെയ്ത്തിരികളി'ലെ കഥകള്‍ക്ക് കൊടുക്കാവുന്ന പ്രശംസാപത്രത്തിലെ ആശയവും ഇതാണ്. 'തനതായ ശൈലി' എന്നൊന്നും പറഞ്ഞ് ഇതിനെ ലഘൂകരിക്കുന്നില്ല.

നന്മയിലേക്ക് തുറക്കുന്ന വാതിലിന്റെ മുന്നില്‍ കാത്തിരിക്കുന്ന ഒട്ടനവധി പെണ്‍കഥാപാത്രങ്ങളെ ലീല കോറിയിടുന്നു. 'മടക്കയാത്ര'യിലെ അശ്വതിമാരാണ് ഏറിയും കുറഞ്ഞും മറ്റെല്ലാ കഥാപാത്രങ്ങളും. എല്ലാം നേരെയാകുമെന്ന പ്രതീക്ഷയില്‍ ജീവിതം കൈവിടാത്തവര്‍. ചിലരെങ്കിലും പിടിവള്ളീകള്‍ ലഭിക്കാതെ ആത്മഹത്യയില്‍ അഭയം തേടുന്നവര്‍. അവസാന നിമിഷത്തിലെങ്കിലും പ്രണയശീഷ്ടത്തിന്റെ പ്രതികാരങ്ങള്‍ ബാക്കിവയ്ക്കാതെ മുന്‍ കാമുകന്റെ മകനെ മാറോടാണച്ച് അവരുടെ ജീവിതത്തിലേക്ക് കടന്നുകയറുന്ന അഞ്ജനമാരെപ്പോലുള്ളവര്‍. ശാന്തിമന്ത്രം പോലുള്ള കഥ, ജീവിതമേ ഹാ എത്ര കഷ്ടം എന്നല്ല പറയുന്നത്, എന്തുമാത്രം ആശാഭരതമാണീ ജീവിതം എന്നാണ്. ഒരുവേള, അതുതന്നെയാണല്ലോ ലീലയുടെ മൊത്തം കഥകളുടെ അടിയൊഴുക്ക്. ഈ എഴുത്തുകാരിയുടെ ജീവിതദര്‍ശനവും അതല്ലാതെ മറ്റൊന്നാകില്ല.

പക്ഷെ, കഥകള്‍ നാടും നഗരവും താണ്ടി പുതിയ പ്രദേശങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണെന്ന് നാം അറിഞ്ഞേ പറ്റു. ഒരു പറ്റം പെണ്‍കുട്ടികള്‍ ശക്തമായി എഴുതി കഥാപ്രപഞ്ചത്തിലെ കുടികിടപ്പ് അവകാശം എന്നെന്നേക്കുമായി സ്ഥാപിച്ചെടുത്തുകഴിഞ്ഞു! അതിനൊപ്പം യാത്ര ചെയ്യാന്‍ ലീല ശ്രമിക്കുന്നില്ല എന്നത് ഒരു പരിമിതിയായി കാണുമ്പോള്‍ തന്നെ സംസ്കാരലോപത്തിന്റെതായോന്നും തന്നെ തന്റെ അകൌണ്ടില്‍ വരവു വയ്ക്കാന്‍ ഈ കഥാകാരി മെനക്കെടുന്നില്ല എന്നത് വല്ലാത്തൊരാശ്വാസം പകരുന്നു. കഥാരംഗത്തേക്ക് കടന്നുവരുന്ന പെണ്‍കുട്ടികള്‍ കാട്ടിക്കൂട്ടുന്ന ജുഗുപ്സ നിറഞ്ഞ കോപ്രായങ്ങളൊന്നും ലീലയ്ക്ക് വഴങ്ങാത്തതാണ്. അതെല്ലാം പെട്ടന്ന് പൊട്ടിത്തീരുന്ന വെടിക്കെട്ടുകളാണെന്ന് അവര്‍ നേരത്തെ മനസ്സിലാക്കി കഴിഞ്ഞെന്ന് തോന്നുന്നു. ചിലരൊക്കെ നല്ല കുട്ടികളായി തിരിച്ചെത്തിക്കഴിഞ്ഞു. എന്നാല്‍ ലീലക്ക് തിരിച്ചുപോക്കും മടങ്ങിവരവുമൊന്നും ആവശ്യമില്ല. നേരത്തെ പ്രസിദ്ധീകരിച്ച ലൌലി ഡാഫോഡിത്സ് (നോവല്‍), ദശാസന്ധി (നാടകം) എന്നീ കൃതികളിലും ഈ അനുപമമായ കുലീനത്വം ലീല കാത്തുസൂക്ഷിച്ചതാണ്. മനസ്സിലുള്ള അഴുക്കാര്‍ന്ന ചിന്തകള്‍ പകര്‍ത്തിവെക്കുന്നതല്ല സാഹിത്യം. വിശുദ്ധീകരിക്കപ്പെട്ട വിസ്മയങ്ങളായിരിക്കണമത്. അതില്‍ ലൈംഗീകത പോലും കേവലാര്‍ത്ഥത്തില്‍ നിന്നുയര്‍ന്ന് ആത്മബന്ധത്തിന്റെ പവിത്രമായ ഇടം തേടണം. ഇത് കഴിയാതെ പോകുന്ന എഴുത്തുകാരാണ് വാക്കുകളെ ചുവന്ന തെരുവിലേക്ക് എറിയുന്നത്. മറുകരയിലാണ് ലീലയുടെ വാസം. വാക്കുകളുടെ വസന്തമാണ് അവരുടെ ലക്ഷ്യം.

കഥകള്‍ ഓരോന്നായി എടുത്ത് പരാമര്‍ശിക്കുന്നില്ല. ഏതൊരെഴുത്തുകാരിക്കും താന്‍ രൂപപ്പെടുത്തിയെടുക്കുന്ന കഥയുടെ പൊതുസ്വഭാവത്തില്‍ നിന്നും മാറി സഞ്ചരിക്കാന്‍ കഴിയില്ല. ലീല.എം.ചന്ദ്രന്‍ ഒട്ടും മാറി സഞ്ചരിക്കുന്നില്ലതാനും. അതുകൊണ്ടാണ് 'ഒമ്പതു മക്കളെ പെറ്റ അമ്മ' എന്ന കഥയുടെ പ്രമേയ സ്വീകരണത്തില്‍ വ്യത്യസ്തത പുലര്‍ത്തുമ്പോഴുംനിര്‍‌വഹണത്തില്‍ താന്‍ പാലിച്ചുപോരുന്ന പൊതുസ്വഭാവം തന്നെ കാത്തുസൂക്ഷിക്കുന്നത്. കഥകളുടെ പരിമിതിയായി ഇതിനെ കണക്കാക്കാം. ആകാശവാണി കണ്ണൂര്‍ നിലയത്തിന്റെ ശ്രീതിലകം പരിപാടിയിലൂടെയാണ് നെയ്ത്തിരികളിലെ പതിനെട്ട് കഥകളും പ്രക്ഷേപണം ചെയ്യപ്പെട്ടത് എന്ന് വരുമ്പോള്‍ ആ പരിമിതി മറികടക്കാന്‍ തെല്ല് പ്രയാസമുണ്ട് എന്ന് കൂടെ കൂട്ടിചേര്‍ക്കട്ടെ. ബ്രാന്‍‌ഡ് ചെയ്യപ്പെട്ട ഒരു പരിപാടിയുടെ അതിര്‍ത്തിക്കകത്ത് നില്‍ക്കുമ്പോള്‍ അതിനതിന്റേതായ ഒരു ഐ.എ.എസ്.മുദ്ര വീഴും.

വേറൊരു കാര്യമുണ്ട്. ലീലയുടെ ഭാഷ. വളരെ സുതാര്യമാണ്. കാല്പനീകതയുടെ സ്പര്‍ശമുള്ള പ്രസ്തുത ഭാഷക്ക് വക്രീകരണത്തിന്റെ ഞരമ്പുപിടിത്തങ്ങളോ, ഗഹനതയുടെ അലോസരങ്ങളോ ഒന്നുമില്ല. നേരെചൊവ്വെ കാര്യങ്ങള്‍ പറയുകയാണീ കഥാകാരി. അതുകൊണ്ട് ഏതൊരു സാധാരണ വായനക്കാരനും ലീലയുടെ കഥകളില്‍ അഭിരമിക്കും. 'അന്തിവിളക്ക്'എന്നൊരു കൃതി കുട്ടികള്‍ക്കായി ലീല.എം.ചന്ദ്രന്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതൊരു സൂചകമാണ്. കുട്ടികള്‍ക്കായി കൃതി ഒരുക്കുന്ന ഒരു എഴുത്തുകാരിക്ക് തെളിനീര്‍പോലെ ഭാഷ ഉപയോഗിക്കുവാന്‍ കെല്പില്ലെങ്കില്‍ ആപ്പിലായിപ്പോകും. ലീലക്ക് അതിനുള്ള കെല്പുണ്ട്. ഇവരുടെ ഭാഷ സ്ഫടിക സമാനമായ മഴത്തുള്ളിപോലെയാണ്. അത് ലീല.എം.ചന്ദ്രന്റെ ശക്തിയാണ്. കൂടുതല്‍ ഗൃഹപാഠം ചെയ്തും, അനുഭവങ്ങള്‍ സ്വാംശീകരിച്ചും പുതിയ കഥകളില്‍ നൂണിറങ്ങിയും എഴുത്തിന്റെ കരിമല കയറുവാന്‍ ലീല.എം.ചന്ദ്രന് സാധിക്കുമാറാകട്ടെ എന്നാശംസിക്കുന്നു.

(ഒരേ രാഗത്തിന്റെ ആലാപന വൈവിദ്ധ്യങ്ങള്‍ എന്ന തലക്കെട്ടോടെ നെയ്ത്തിരികള്‍ക്ക് എഴുതിയ അവതാരികയില്‍ നിന്ന്)

Monday, September 26, 2011

തത്തകളുടെ സ്കൂള്‍ -ഒന്നാം പാഠപുസ്തകം

പുസ്തകം : തത്തകളുടെ സ്കൂള്‍ -ഒന്നാം പാഠപുസ്തകം
രചയിതാവ് : ശ്രീകുമാര്‍ കരിയാട്
പ്രസാധകര്‍ : സൈകതം ബുക്സ്

അവലോകനം : വാസുദേവന്‍ കോറോം



ശ്രീകുമാര്‍ കരിയാടിന്റെ "തത്തകളുടെ സ്കൂള്‍ -ഒന്നാം പാഠപുസ്തകം" ഒരു ബദല്‍ സ്കൂളിനെ , പാഠ്യപദ്ധതിയെ കാവ്യപരിസരത്തിലൂടെ മുന്നോട്ട് വെക്കുന്നത് എങ്ങനെയാണെന്നാണ് ഇവിടെ അന്വേഷിക്കുന്നത്. മേഘപഠനങ്ങള്‍ (പെന്‍ ബുക്ക്സ് 2002) , നിലാവും പിച്ചക്കാരനും (ഫേബിയന്‍ ബുക്ക്സ് 2009) തത്തകളുടെ സ്കൂള്‍ ഒന്നാം പാഠപുസ്തകം (സൈകതം ബുക്സ്-2010) എന്നീ കവിതാ സമാഹാരങ്ങളിലൂടെ പുതുകവിതയുടെ ഒന്നാം തലമുറയെ ബലപ്പെടുത്തുന്നതില്‍ കരിയാടിന്റെ കവിതകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

മേഘപഠനങ്ങളില്‍ നിന്നും തത്തകളുടെ സ്കൂളിലേക്കെത്തുമ്പോള്‍ വൈവിധ്യങ്ങളില്‍ നിന്നും ഏകതാനതയിലേക്കുള്ള എഴുത്തുരീതിയുടെ വിന്യാസം ആണ് കാണുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു സ്പെഷ്യലൈസേഷന്‍ , കവിതയെ ഒരു വിഷയകേന്ദ്രത്തിലേക്കുതന്നെ തിരിച്ചുകൊണ്ടുവരല്‍ ആയി ഇതിനെ കണക്കാക്കാന്‍ പറ്റില്ല. കാരണം, തത്തകളുടെ സ്കൂളില്‍ കരിയാടിന്റെ കവിതകളെ സംബന്ധിച്ചിടത്തോളം സ്പെഷ്യലൈസേഷന്‍ സംഭവിക്കുന്നുണ്ടെങ്കിലും അതില്‍ പരാമര്‍ശിക്കപ്പെടുന്ന വിഷയവ്യാപ്തിയില്‍ വൈവിധ്യത്തിന്റെ ചിതറലുകളുമുണ്ട്. സൂക്ഷ്മത നിര്‍മ്മിച്ചെടുക്കുന്ന കരിയാടിന്റെ കവിതകളുടെ സൌന്ദര്യാത്മക മൂല്യം അത് ഉള്‍ക്കൊള്ളുന്ന വിഷയത്തിന്റേയും ആവിഷ്ക്കരണ തന്ത്രത്തിന്റേയും പ്രധാന സവിശേഷതയാണ്. മറ്റൊരര്‍ഥത്തില്‍ മേഘപഠനങ്ങളില്‍ത്തന്നെ കിളി ഒരു ഭാഷണ തന്ത്രമായി ഇടക്കെങ്കിലും കടന്നുവരുന്നുണ്ട്. വൃത്തവും പ്രാസവും പുതിയ രീതിയില്‍ അവതരിപ്പിക്കുന്ന കരിയാടിന്റെ കവിതകള്‍ കിളിയെക്കൊണ്ട് കഥ പറയിക്കുന്ന എഴുത്തച്ഛന്റെ ആഖ്യാന രീതിയെ പുതിയ നിലയില്‍ അവതരിപ്പിക്കുന്നുണ്ടോ എന്നും പരിശോധനാ വിഷയമാണ്. കരിയാടിന്റെ കവിതയിലെ കിളി സൂചകങ്ങള്‍ മുന്നോട്ടുവെക്കുന്ന പരികല്‍പ്പനകള്‍ എന്താണ് ? ഒരു ആശയ സമുച്ചയത്തെ തുറന്നുകാണിക്കാന്‍ കിളിയുടെ പാഠ്യപദ്ധതി രീതി തെരഞ്ഞെടുക്കാന്‍ എന്തായിരിക്കും പ്രേരണ? അത് എന്തൊക്കെ ആയിരുന്നാലും‘തത്തകളുടെ സ്കൂള്‍' നഷ്ട്ടപ്പെട്ടുപോകുന്ന ഒരു ഭൂതകാലത്തെ കൊത്തിയെടുക്കാനുള്ള ശ്രമം തന്നെയാണ്. 'മനുഷ്യനു’ പറന്നുപറന്നു ചെല്ലാന്‍ പറ്റാത്ത കാടുകളില്‍ കൂട് കൂട്ടുകയാണ് കരിയാടിന്റെ കവിതകള്‍ എന്ന് ആലങ്കാരികമായി പറയാമെന്നുതോന്നുന്നു.

ദേവതയുടെ ദിവ്യസ്പര്‍ശം ഒരു കിളിയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നതിന്റെ രേഖയാണ് 'ദേവത’ എന്ന കവിത. ‘സ്വത്വമിതിങ്ങനെ പാഴായ് / പാമ്പിന്‍പൊത്തില്‍ / തല വെച്ചപ്പോള്‍/ മൃതി ദേവത’ എന്ന് ഒരു അദൃശ്യ സാന്നിധ്യം ജീവിതത്തെ നിര്‍ണയിക്കുന്നത് കരിയാടിന്റെ കവിതകളില്‍ സുലഭമാണ് . വളരെ അതിഭൌതികമായ സമീപന രീതി കവിതയെ ഉണ്ടാക്കിയെടുക്കുന്നതില്‍ പലപ്പോഴും കരിയാട് സ്വീകരിക്കുന്നുണ്ട്. വഴി, ആകാശം സംസാരിക്കുന്നു എന്നീ കവിതകള്‍ ഉദാഹരണങ്ങള്‍ ആണ്. അതുപോലെ 'കാന്‍വാസ്’ പോലുള്ള കവിതകളില്‍ കടന്നുവരുന്ന സര്‍ റിയലിസ്റ്റ് ഭാവനകള്‍. ഭാവനയുടെ വ്യത്യസ്തമായ വിതാനങ്ങളെ കരിയാടിന്റെ കവിതകളില്‍ കൃത്യമായും വേര്‍തിരിച്ചെടുക്കാന്‍ കഴിയും. ഏത് കാഴ്ച്ചപ്പാടിലൂടെ ചിന്തിക്കുന്നു എന്നതിനപ്പുറം ഭാവനയെ പ്രത്യേക രീതിയില്‍ ഒരു ജ്ഞാന രൂപത്തിലൂടെ കടത്തിവിടുന്നു എന്നതാണ് അറിവുല്‍പ്പാദനത്തെ സംബന്ധിച്ച് കരിയാടിന്റെ കവിതകള്‍ നല്‍കുന്ന സംഭാവന. 'നിലാവും പിച്ചക്കാരനും' എത്തുമ്പോള്‍ കവിതന്നെ ഈ തിരിച്ചറിവ് സ്വയംവ്യക്തമാക്കുന്നുണ്ട്. 'മലയാളം, കണക്ക് , സെന്‍ ബുദ്ധിസം, ഒക്കള്‍ട്ട്, വൃത്തം, ചിത്രകല, ഫോക്ക് , മിനിമലിസം, തുടങ്ങിയ ഘടകങ്ങള്‍ക്കൊപ്പം കവിതക്കു മാത്രം ഉള്‍ക്കൊള്ളാനാകുന്ന ഒരു പോസിറ്റീവ് അനാര്‍ക്കിസവും കൂടിച്ചേര്‍ന്നാല്‍ ഈ കവിതകളുടെ അടിസ്ഥാന മൂലകങ്ങള്‍ തെളിയും' എന്ന് . ഇത്തരം ഘടകങ്ങള്‍ ഏതേത് തോതിലും തരത്തിലും പ്രവര്‍ത്തിച്ചു എന്നത് പഠന വിഷയമാക്കേണ്ട കാര്യമില്ല. അതിനപ്പുറം ഭാവനയുടെ സന്നിവേശത്തിന് പുതിയ തുറപ്പുകള്‍ ഉണ്ടാക്കന്‍ കഴിഞ്ഞു എന്നതാണ് കാര്യം. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ഇത്തരം മാധ്യമങ്ങളിലൂടെ ഭാവനയെ കടത്തിവിട്ട് പുതു കവിതയുടെ ഭാഷയെ ഫിറ്റ്നസ് ഉള്ളതാക്കാന്‍ കരിയാടിന്റെ കവിതകള്‍ ശ്രമിക്കുന്നു എന്നതാണ് പ്രധാനം. മലയാള ഭാഷക്ക് സയന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുടെ പ്രകാരങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഉണ്ട് എന്ന് തിരിച്ചറിയുകയും ആ നിലക്ക് പുതുകവിത അവതരിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ചിന്താ പദ്ധതിയുടെ , ഭാവനയുടെ , ഗ്ലോബല്‍ മാതൃക സ്വാംശീകരിച്ചെടുത്തുകൊണ്ടുതന്നെയാണ് പ്രാദേശികമായ വിഷയത്തേയും സംസ്കാരത്തേയും കവിതയുടെ പരിധിയിലേക്ക് കൊണ്ടുവരുന്നത് എന്നതും പ്രധാനമാണ്. 'പിന്മടങ്ങുക വയ്യ/ എനിക്കീയോട്ടത്തില്‍നി/ന്നെന്‍ കാലും പലതായി/ പ്പിരിഞ്ഞ പ്ലാങ്കൊമ്പല്ലോ ‘ എന്ന വെല്ലുവിളി തന്നെയാണ് കരിയാടിന്റെ കവിതകളുടെ മാനിഫെസ്റ്റോ.

'പരിസര കവിത' എന്ന ഒരു ആശയം എല്‍. തോമസ് കുട്ടി മുന്നോട്ടുവെച്ചത് കൂടുതല്‍ നന്നായി ഇണങ്ങുന്നത് ശ്രീകുമാര്‍ കരിയാടിന്റേതുപോലുള്ള കവിതകള്‍ക്കാണ് എന്നു പറയാം . നിലപാടുകളില്‍ വ്യത്യാസമുണ്ടാകാമെങ്കിലും ഒരു രീതിശാസ്ത്രം എന്ന നിലയില്‍ 'പരിസര കവിത’ യുടെ ആശയങ്ങള്‍ പുതു കവിതക്ക് അത്യാവശ്യമാണ്. പുതു കവിതയെ അക്കാദമിക് തലത്തില്‍ പഠിക്കുന്നതിന് സിദ്ധാന്തങ്ങളും രീതി ശാസ്ത്രങ്ങളും വളരെ പരിമിതമാണ്. അതിനുള്ള പ്രധാന കാരണം 'പോസ്റ്റ് മോഡേണിസം' എന്ന വാക്ക് ആധുനികതാവാദ സാഹിത്യത്തിനുശേഷം പഠനത്തിന് ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നതാണ്. ഇവിടെ ജീവിത സാഹചര്യങ്ങളില്‍ ഉത്തരാധുനികത വന്നുകഴിഞ്ഞെങ്കിലും, സാഹിത്യത്തില്‍ ഉത്തരാധുനികത എന്ന വാക്ക് ചേര്‍ത്തുവെക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പാശ്ചാത്യമായ സൈദ്ധാന്തിക സങ്കല്‍പ്പങ്ങളെ മറികടന്നുകൊണ്ട് ദ്രാവിഡമായ സൌന്ദര്യ ശാസ്ത്രം വെച്ച് , തിണ സങ്കല്‍പ്പങ്ങള്‍ വെച്ച് ആധുനികതാവാദ സാഹിത്യത്തെ പഠിക്കാന്‍ ശ്രമിച്ചവരും നിരവധിയാണ്. പരിസര കവിത പോലെയുള്ള സിദ്ധാന്തങ്ങള്‍ ഇവിടെത്തന്നെ രൂപപ്പെട്ടുവരികയോ, അല്ലെങ്കില്‍ പോസ്റ്റ് മൊഡേണിസത്തിന്റെ ചട്ടക്കൂട് ഉപയോഗിച്ച് പഠിക്കാന്‍ ഇവിടെ കവിത പാകമാവുകയോ ചെയ്യേണ്ടതുണ്ട്. അല്ലാത്ത തരത്തില്‍ ഇവിടെ നടക്കുന്ന പഠനങ്ങള്‍ എല്ലാം ഫെമിനിസവും ദളിത് വാദവും പരിസ്ഥിതീ വാദവും പാസ്റ്റിഷും ഒക്കെയായി ഉത്തരാധുനികതയില്‍ നിന്നുതന്നെ അടര്‍ത്തിയെടുത്ത സൈദ്ധാന്തിക രീതികള്‍ കൊണ്ട് കവിതകള്‍ അപഗ്രഥിക്കാനുള്ള ശ്രമങ്ങളായി അവശേഷിക്കുകതന്നെ ചെയ്യും. സൈബര്‍ സ്പേസിലെ മലയാള കവിതയെ സംബന്ധിച്ചുള്ള പഠനങ്ങള്‍ക്കും തിയറിയുടെ പിന്‍ബലം കിട്ടാതെ വരുന്നു . കാനോനീകരിക്കപ്പെടുന്നതിനും പഠനത്തിനും രീതി ശാസ്ത്രം വേണ്ട എന്ന് വിചാരിക്കുന്നതിനും തീര്‍ച്ചയായും ന്യായീകരണങ്ങളുമുണ്ട്. കവിതയില്‍ അനുഭൂതിയുടെ, വിസ്മയത്തിന്റെ ഒരു അംശം ഉണ്ടെന്നും വരട്ടു സിദ്ധാന്തം വെച്ച് കവിതയെ സമീപിക്കാന്‍ കഴിയില്ലെന്നും പലരും വാദിച്ചിട്ടുണ്ട് . കവിതകളെല്ലാം കണ്‍കെട്ടല്ല. ചിലപ്പോള്‍ അവയില്‍ മുഖ്യമായതെല്ലാം സമകാലിക സംസ്കാരത്തോടുള്ള പ്രതികരണങ്ങളാവാം. സാംസ്കാരിക പഠനങ്ങളുടെ വിശാ‍ലമായ മണ്ഡലത്തില്‍ വെച്ച് കവിതയെ വിലയിരുത്താനേ നിലവിലുള്ള വിചാരമാതൃക അനുവദിക്കുന്നുള്ളൂ എന്നതാണ് യാദാര്‍ത്ഥ്യം. കരിയാടിന്റെ കവിതകള്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന സാംസ്കാരിക പാഠങ്ങള്‍ പുതിയ കവിതയെ മനസ്സിലാക്കാന്‍ എത്രത്തോളം തെളിച്ചം തരുന്നുണ്ട് എന്ന അന്വേഷണത്തിനാണ് അപ്പോള്‍ പ്രാമുഖ്യം കിട്ടുക.

വൃത്ത ബോധവും താള ബോധവുമുള്ള ആഖ്യാനമാണ് കവിത എന്ന അബോധം 'ജ്യോമെട്രി’ യില്‍ തന്നെ മുന്നോട്ടുവെക്കുന്നു. ‘നൃത്തത്തില്‍ വൃത്തം കണ്ട / മുന്‍ഷിമാര്‍ സന്തുഷ്ട്ടരായ് / കവിത പടയ്ക്കുവാന്‍/ മൈക്കിലാഹ്വാനം ചെയ്തു !'. 'എന്നാല്‍ ആ ഒരു സെന്‍സിബിലിറ്റിയില്‍ നിന്നും കുതറിമാറുന്നതുകൊണ്ടാണ് അതേ സമയം കുട്ടികളില്‍ ചിലര്‍' യൂക്ലിഡിന്റെ ജ്യോമെട്രിയില്‍ പ്രണയം തുടരുന്നത് . രൂപപരമായി കരിയാടിന്റെ കവിതകള്‍ വൃത്തത്തേയും പ്രാസത്തേയും ഉപാസിക്കുന്നുണ്ടെങ്കില്‍, അത് ഇല്ല എന്ന ബോധം എഴുത്തില്‍ ഉള്ളടങ്ങിക്കിടക്കുന്നുമുണ്ട്. ഇത് ശ്രീകുമാര്‍ കരിയാടിന്റെ കവിതകളെ സംബന്ധിച്ചിടത്തോളം ഒരു പൊതു സ്വഭാവമാണ്. താളം കവിതയുടെ ആന്തരിക ഘടനയിലുണ്ട് എന്ന നിരീക്ഷണത്തില്‍ നിന്നും വ്യത്യസ്തമാണിത്. കാരണം വൃത്തം പ്രകടമാണ്, പക്ഷേ വായനക്കാരെ ആകര്‍ഷിക്കുന്ന ഘടകം എന്ന നിലയില്‍ അതിന് യതൊരു പ്രസക്തിയുമില്ല എന്നാണ് ഇതു വ്യക്തമാക്കുന്നത്. ആന്തരിക ഘടനയില്‍ ലയിച്ചുചേര്‍ന്ന താളം വായനക്കാരെ പിടിച്ചിരുത്തുന്ന ഉപാധിയായി പ്രവര്‍ത്തിക്കുമ്പോള്‍ കരിയാടിന്റെ കവിതകളിലെ താളം പ്രത്യക്ഷത്തില്‍ത്തന്നെ പ്രകടമാണെങ്കിലും അതിന്റെ പ്രവര്‍ത്തന രീതി കേവലം വരികളുടെ പരസ്പരബന്ധശേഷി വിനിമയം ചെയ്യുക എന്നതു മാത്രമാണ്. ഇത് പുതു കവിതയുടെ ഒരു ഗുണമായിട്ടാണ് ഇവിടെ അവതരിപ്പിക്കുന്നത് എന്നതിന് ഒരു കാരണം വിപുലമായ തോതിലല്ലെങ്കിലും കാവ്യാനുശീലനം കവിതയെഴുതാനുള്ള ഒരു അടിസ്ഥാന യോഗ്യത തന്നെയാണ് എന്നുള്ളതാണ് . ഇങ്ങനെ പറയുന്നതില്‍ പിന്തിരിപ്പന്‍ അംസം കണ്ടെത്തുന്നവരാണ് സത്യത്തില്‍ ഭാഷയേയും സാഹിത്യത്തേയും ഉറച്ച പ്ലാറ്റ്ഫോമില്ലാത്തവസ്തുഗണമായി എണ്ണുന്നത്.

'ഇന്‍സ്പെക്ഷന്‍‘ എന്ന കവിതയില്‍ പൂച്ച നഖത്താല്‍ കയ്യൊപ്പിടുകയും, “മ്യൂറല്‍’‘ എന്ന കവിതയില്‍ 'വെറ്റില പുകലച്ചുണ്ണാമ്പുകളുടെ/ ടെക്നിക്കളറോടെ/ ദിക്കിന്‍ ചുവരുനിറഞ്ഞൂ/ കാറിയ / മ്യൂറല്‍ ച്ചിത്രങ്ങള്‍’ എന്ന് മാസ്റ്റര്‍ മുറുക്കിത്തുപ്പുകയും ചെയ്യുന്നത് വളരെ നാച്വറല്‍ ആയിട്ടാണ്. 'മുറ്റത്തുനില്‍ക്കുന്ന മൂവാണ്ടന്‍ മാവിന്റെ/ മച്ചിലെ ഗ്രന്ഥം തുറന്നൂ നീ’ എന്ന് മെറ്റമോര്‍ഫസിസിലും 'കണ്ടതൊരിടിമിന്നല്‍പ്പുളകം. കരങ്ങളില്‍/ കൊണ്ടപ്പോളവയെല്ലാം/ മുഴുത്ത ചെറിപ്പഴം’ എന്ന് ലൈനിലും പറയുന്നു. കാവ്യയുക്തിക്കപ്പുറത്തെ അനുശാസനങ്ങളല്ല, കാവ്യയുക്തി തന്നെയാണ് ഇവിടെ മനുഷ്യേതര ലോകത്തെ പ്രശ്നവല്‍ക്കരിക്കുന്നത് . കരിയാടിന്റെ കവിതകള്‍ക്ക് കാവ്യവസ്തുക്കള്‍ ആകാശത്തുനിന്നും മാത്രം കിട്ടുകയല്ല, ഭൌതിക ജീവിതത്തിന്റെ പരിസരത്തു നിന്നുതന്നെയാണ് ആശയാവലികളെ കാവ്യയുക്തിക്കനുസരിച്ച് പാകപ്പെടുത്തുന്നത് . 'പാസീവ് വോയ്സ് ' എന്ന കവിതയില്‍ എഴുത്തുകാരെല്ലവരും കൊല്ലപ്പെടുന്നതിന്റെ ഒരു കാരണം അവരുടെ കാവ്യബോധത്തെ തിരിച്ചറിയാതെ വരുന്നതുകൊണ്ടാണ് . കാവ്യാനുശീലനത്തെ സംബന്ധിച്ച വീണ്ടുവിചാരം കവിതയെഴുതുന്നവരുടെ ഇടയിലെങ്കിലും ഉറപ്പിക്കാന്‍ 'പാസീവ് വോയ്സിന്റെ നര്‍മ്മം പര്യാപ്തമാണ്.” സ്മോള്‍പോക്സ്’ ഇത്തരത്തില്‍ ചരിത്രത്തെ മനസിലാകാനുള്ള സമയം അനുവദിക്കുന്നുണ്ട്. റഫറന്‍സുകള്‍ മനസിലാക്കാതെ, ഭൂതകാലത്തെക്കുറുച്ചറിയാതെ, കവിത വായന ഇല്ലാതെ മറ്റൊന്നും നടക്കില്ല എന്ന് രാഷ്ട്രീയപരമായി പരയാന്‍ കഴിയില്ല . ചരിത്രബോധമില്ലാതെ ചെയ്യാന്‍ പറ്റിയ പണി ഭാവനവെച്ചുള്ള എഴുത്തും വായനയുമാണ് എന്ന് വിചാരിക്കുക എത്രയോ ധിക്കാരമാണ് !

കവിതയുടെ അകത്തുതന്നെ നിര്‍മ്മിക്കപ്പെടുന്നതാണ് ഓരോ കാവ്യയുക്തിയും. ഭൌതിക ലോകത്തില്‍ ഇതിന്റെ കാരണങ്ങള്‍ അപ്രസക്തമാണ് .എന്നാല്‍ കാവ്യത്തെ അപ്പാടെ ഈ യുക്തിക്ക് അടിമപ്പെടുത്തുന്നതും ശരിയാണെന്ന് പറയാനാവില്ല. ടെററിസ്റ്റും, പേറ്റന്റും, ഉട്ടോപ്യയും പോര്‍ണോഗ്രഫിയുമെല്ലാം ഈ വഴിക്കാണ് നീങ്ങുന്നത് . ‘പാഠപുസ്തകത്തിലെ കാടുള്ള കവിതയില്‍ ‘ഒളിച്ചിരിക്കുന്ന ടെററിസത്തിന്റെ സ്ഫോടക വസ്തുക്കളും ,കുട്ടികളുടെ മുഖച്ഛായയില്‍ നിരക്കുന്ന സ്ഫടികക്കുപ്പിക്കുള്ളില്‍ നില്‍ക്കുന്ന നിഷ്ക്കള ദ്രവവും ,പൂച്ചപ്പഴത്തെ കുടത്തില്‍ കെട്ടി വാറ്റിയ മദ്യം കുടിക്കുന്നതും ഈച്ചപ്പെണ്‍ കുട്ടികള്‍ ശര്‍ക്കരയില്‍ തീര്‍ത്ത “പലാരം‘ കഴിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. സര്‍ റിയലിസത്തെ വളരെ ധനാത്മകമായി പുതിയ കാലത്ത് ഉപയോഗിക്കുകയാണ് . ഭവനയെ ഒരു തരത്തില്‍ അതിലംഘിക്കുന്നതോടൊപ്പം ചുരുക്കിക്കെട്ടുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നത് .കരിയാടിന്റെ കവിതകളിലെ കാവ്യ യുക്തി സ്വയം തീര്‍ക്കുന്ന പ്രതിരോധം കാവ്യത്തെ അപ്പാടെ ഈ യുക്തിക്ക് അടിമപ്പെടുത്തുന്ന രീതിയില്‍ വികാസം പ്രാപിക്കുക കൂടിയാണ് ഈ കവിതകളില്‍. എന്നാല്‍ കാര്‍ട്ടൂണ്‍ കവിതകളിലേക്കോ, ബാല സാഹിത്യത്തിലേക്കൊ വഴുതിമാറാനുള്ള ‘തത്തകളുടെ സ്കൂള്‍ -ഒന്നാം പാഠപുസ്തകത്തിന്റെ സാധ്യതയെ അതില്‍ നിന്നു മാറ്റി നിര്‍ത്തുന്നതും ഈ പ്രതിരോധവലയമാണ് എന്നു പറയേണ്ടി വരും. സാംസ്കാരികമായി നിര്‍മ്മിക്കപ്പെട്ട , സമകാലീന സംസ്കാരത്തെ ആഴത്തില്‍ സ്വാംശീകരിക്കുന്ന പാഠങ്ങളിലാണ് ഇവയുടെ നില്‍പ്പ് .

'ഇന്‍സ്റ്റലേഷന്‍’ ദീര്‍ഘമായ ഒരു പരീക്ഷണാഖ്യാനമാണ് . 'വാക്കുകളെ, വസ്തുക്കളെ, കാകളി മട്ടില്‍ പ്രതിഷ്ഠിച്ച്, നീട്ടി നീട്ടി ലോകാവസാനം വരെ നീട്ടിക്കൊണ്ടുപോകാവുന്ന് രൌബൃഹദാഖ്യാനമാണിത് ' എന്ന് ആമുഖത്തില്‍ കവി സൂചിപ്പിക്കുന്നുണ്ട്. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന പദകോശങ്ങള്‍ ഒരര്‍ത്ഥത്തില്‍ മലയാളത്തിലെ വംശനാശഭീഷണി നേരിടുന്ന പദങ്ങളുടെ ശേഖരണവും സംരക്ഷണവും കൂടിയാണ് . നഷ്ട്ടപ്പെട്ടുപോകുന്ന വാക്കുകളുടെ ക്രമീകരണവും ക്രോഡീകരണവും അത്യന്തം രാഷ്ട്രീയ പരമായ പ്രവൃത്തിയാണ്. ഭാഷയുടെ അര്‍ഥവാഹക ശേഷിയും ഫിറ്റ്നസും ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത രേഖപ്പെടുത്തുകയാണിവിടെ.

എല്ലാ വിഷയങ്ങളുടെയും ബോധന മാധ്യമമായി മലയാളത്തെ സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ മലയാള സര്‍വകലാശാലപോലെയുള്ള ആശയങ്ങളിലൂടെ സമകാലിക സാഹചര്യത്തില്‍ പലരും മുന്നോട്ട് വെച്ചിട്ടുണ്ട്. കരിയാടിന്റെ കവിതകള്‍ ഒരേ സമയം പഠന മേഖലകള്‍ തമ്മിലുള്ള അതിരുകളെ മായ്ച്ചുകളയുകയും അതോടൊപ്പം മലയാള കവിതയുടെ വിഷയ പരിധിയിലേക്ക് നിരവധി മേഖലകളെ ആകര്‍ഷിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. ഇത് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം പോസിറ്റീവ് ആയ ലക്ഷണമാണ്. സൈബര്‍ സ്പേസിനെ അറിവുല്‍പ്പാദനത്തിന്റേയും വ്യാഖ്യാനത്തിന്റേയും ഉപാധിയായി കവിതയുടെ പരിസരത്തേക്കടുപ്പിക്കാനും കരിയാടിന്റെ കവിതകളില്‍ ശ്രമങ്ങളുണ്ട് . 'തത്തകളുടെ സ്കൂള്‍’ ഒരു ബദല്‍ പാഠ്യ പദ്ധതിയെ മുന്നോട്ട് വെക്കുന്നത് ഇത്തരത്തിലാണെന്നത് വളരെ പ്രാധാന്യമുള്ള സംഗതിയാണ് .

Wednesday, September 21, 2011

നായകനും നായികയും

പുസ്തകം : നായകനും നായികയും
രചയിതാവ് : സുസ്മേഷ് ചന്ദ്രോത്ത്
പ്രസാധകര്‍ : എച്ച് & സി പബ്ലിക്കേഷന്‍സ്
അവലോകനം : വിനീത് നായര്‍




ജീവിതത്തെ നിയന്ത്രിക്കുന്ന സാമൂഹികവും മാനുഷികവുമായ ഘടകങ്ങള്‍ എത്രമേല്‍ നമ്മുടെ ആലോചനാമണ്ഡലത്തിലേക്ക് കടന്ന് വരും എന്ന് നമുക്ക് പ്രവചിക്കുവാനേ കഴിയില്ല. അപ്രാപ്യമായ അതിന്റെ കടന്നുവരവുകള്‍ ഒരു മനുഷ്യജീവിതത്തിലുണ്ടാക്കുന്ന നിമ്നോന്നതികള്‍ നിറഞ്ഞ ഉത്കണ്ഠകളും ആശങ്കകളും വിവരിക്കുകയാണ് സുസ്മേഷ് ചന്ദ്രോത്തിന്റെ പുതിയ പുസ്തകമായ ‘നായകനും നായികയും’. അവിശുദ്ധദിനരാത്രങ്ങളുടെ തുടര്‍ച്ചയ്ക്ക് ഒരു ഹസ്തദാനം എന്ന അദ്ധ്യായത്തില്‍ തുടങ്ങി കലയിലേക്ക് നിറയൊഴിക്കപ്പെട്ട ദിനം എന്ന ഏഴാം അദ്ധ്യായത്തില്‍ അവസാനിക്കുമ്പോള്‍ കഥ കടന്നുവന്ന വഴികള്‍ ഒരുപക്ഷേ വായനക്കാരനെ നോക്കി ഒന്ന് പുഞ്ചിരിച്ചെന്ന് വരാം. അപ്പോള്‍ തന്നെ വായനക്കാരന് ആ പുഞ്ചിരിക്ക് വിവിധ അര്‍ത്ഥതലങ്ങള്‍ കല്പിച്ചുകൊടുക്കുകയുമാവാം. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ജീവിതത്തിന്റെ ബാഹ്യവും ആന്തരികവുമായ പുനര്‍വിന്യാസങ്ങളെ (അത് കഥാപാത്രങ്ങളായ ഗാര്‍ഗ്ഗിയുടെയോ, ഗാഥയുടെയോ, തോമയുടെയോ ആരുടെയും ആയിക്കൊള്ളട്ടെ) ആണ് ഈ നോവലിലൂടെ കഥാകൃത്ത് ആവിഷ്കരിക്കാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് വ്യക്തം. അതിലൂടെ വായനക്കാരന് ഒരനുഭൂതി പകരാന്‍ ശ്രമിച്ചതില്‍ എവിടെയോ കഥാകൃത്ത് പരാജിതനായിട്ടുണ്ട്. ശക്തമായൊരാശയത്തെ കൈകാര്യം ചെയ്യുമ്പോള്‍ ചെയ്ത അശ്രദ്ധമായ ചില പരീക്ഷണങ്ങള്‍, അതിലൂടെയുണ്ടായ വൈചിത്ര്യങ്ങള്‍ ഇവയായിരിക്കാം ഒരുപക്ഷേ സുസ്മേഷിന് പാളിപ്പോയ ഇടങ്ങള്‍.

തോമ എന്ന് കഥാപാത്രത്തിന്റെ ഗ്രാമത്തില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. അവിടെ തോമയെ ഒരു ‘ഭീകര’ കഥാപാത്രമായിത്തന്നെ കഥാകൃത്ത് ചിത്രീകരിച്ചിരിക്കുന്നു. ആ ഗ്രാമത്തിലേക്കാണ് തോമയുടെ സുഹൃത്തുക്കളായി ഗാര്‍ഗ്ഗിയും രാമകൃഷ്ണനും കടന്നുവരുന്നത്. ഇരുവരും ആര്‍ടിസ്റ്റുകളാണ്. കുറച്ച് ചിത്രങ്ങള്‍ വരയ്ക്കാന്‍ പറ്റിയ ഒരിടം എന്ന നിലയ്ക്കാണ് അവര്‍ അവിടെ എത്തിച്ചേരുന്നത്. അവര്‍ വരുന്ന സമയത്ത് തോമ എന്ന കഥാപാത്രത്തിന്റെ ഭീകരത കാണിക്കാന്‍ കഥാകൃത്ത് സ്വീകരിച്ച ഒരു തന്ത്രം നോക്കൂ.

“ഞങ്ങള് നത്തുപാറേ പോകാന്‍ വന്നതാ”
നത്തുപാറ എന്ന് കേട്ടതോടെ മുന്നില്‍ ഇരുളിന്റെ ഒരു വളര്‍ച്ച നിന്നിരുന്ന ഗ്രാമീണപുരുഷന്മാര്‍ ഒന്നിളകി. ഒരു കടന്നല്‍ കൂടിന്റെ സാമീപ്യം പോലെ അവരുടെ തലകള്‍ വിറയ്ക്കുകയും ചുണ്ടുകള്‍ ഞരക്കങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ആദ്യം ചോദ്യം ചോദിച്ചയാള്‍ വിക്കി വിക്കിത്തന്നെ രണ്ടാമത്തെയും ചോദ്യം ചോദിച്ചു.
“നത്തുപാറേല് എവിടെ?”
– - – - – - – - – -
“നത്തുപാറേല്, തോമേടെ പൊരയിടത്തില്.”
“തോമാച്ചന്‍ ഇപ്പോ ഇവിടില്ല, നാളെയോ മറ്റന്നാളോ ആയിട്ട് വരും. ഞങ്ങള് തോമാച്ചായന്റെ സിറ്റീലെ കൂട്ടുകാരാ…!”
റോഡില്‍ കിടന്നിരുന്ന രണ്ട് നായ്ക്കള്‍ എണീറ്റ് ദീനമായ ഒരു മുരള്‍ച്ചയോടെ പൊന്തപ്പടര്‍പ്പിലേക്ക് കയറിപ്പോയത് ഗാര്‍ഗ്ഗി ശ്രദ്ധിച്ചു.

ഈ വിവരണത്തിലൂടെ ആദ്യം തന്നെ കഥാകൃത്ത് തോമയെക്കുറിച്ചുള്ള ഒരു ചിത്രം തരുന്നു. എന്നാല്‍ ഇതൊന്നുമല്ലാത്ത ഒരു തോമയെയാണ് കഥാന്ത്യത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. അനാവശ്യമായ വിവരണങ്ങളിലൂടെ കടന്നുപോയ കഥാകൃത്ത് കഥയുടെ ഭീകരത കൂട്ടാന്‍ വേണ്ടിയാണോ ഈ രീതി സ്വീകരിച്ചത് എന്ന് അവസാനം ഏതൊരു വായനക്കാരനും സംശയിക്കാം.

തോമയുടെ കുടുംബചരിത്രവും പശ്ചാത്തലവും വ്യക്തമാക്കുന്ന ഒന്നാം അദ്ധ്യായത്തിന് ശേഷം രണ്ടിലേക്ക് കടക്കുമ്പോള്‍ അവിടെയും തോമ മഹാചരിതം കഥാകൃത്ത് തുടരുകയാണ്. ഒരുപക്ഷേ മുന്‍പ് കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചു വന്ന നോവല്‍ സീരിയലൈസ് ചെയ്യുമ്പോള്‍ ദൈര്‍ഘ്യം കൂട്ടാന്‍ കാണിച്ച തന്ത്രപ്പാടായിരിക്കാം ഈ രണ്ടാം അദ്ധ്യായമായ തണ്ട് അടര്‍ത്തുമ്പോള്‍ ചോര പൊടിയുന്ന പൂക്കള്‍. ഈ അദ്ധ്യായത്തിലെ ഓരോ ഏട് അടര്‍ത്തുമ്പോഴും ചോര പൊടിയുന്നത് വായനക്കാരന്റെ നെഞ്ചിലാണെന്ന് കഥാകൃത്ത് മനസിലാക്കിയാല്‍ നന്ന്. ചോര പൊടിയുന്ന ചെടിയും വഴികാട്ടിയായ ചെന്നായയുമെല്ലാമായി ഒരു എണ്‍പതുകളുടെ അവസാനത്തിലെ ഇംഗ്ലീഷ് സിനിമകളുടെ പശ്ചാത്തലമാണ് ഇവിടെ സുസ്മേഷ് കല്പിച്ച് കൂട്ടി കൊടുത്തിരിക്കുന്നത്.

സര്‍വ്വസൈന്യാധിപന്‍ ചെന്നായക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുക്കുന്ന മൂന്നാം അദ്ധ്യായത്തില്‍ സ്ഥിതി മറിച്ചൊന്നുമല്ല. എങ്കിലും കഥയുടെ ഗതിമാറ്റത്തിനു വേണ്ട ഒരു സംഭവം ഇവിടെ ഉള്‍ക്കൊള്ളിച്ചത് വായനക്കാരന് ആശ്വാസത്തിന് ഒരല്പം വക നല്‍കുന്നുണ്ട്. ഈ അദ്ധ്യായത്തില്‍ വച്ചാണ് ഗാര്‍ഗ്ഗിക്ക് ഒരു സഹോദരിയുണ്ടെന്നും, അവള്‍ ലോകമറിയുന്ന ഒരു ചിത്രകാരിയായിരുന്നു എന്നും, ഉന്മാദത്തിനടിമപ്പെട്ടവളാണെന്നും, എവിടെയോ പോയി മടങ്ങിയെത്തിയിട്ടില്ലെന്നും കഥാകൃത്ത് പറയുന്നത്. ഈ ഒരു ത്രെഡ് തന്നെയാണ് നോവലൈറ്റിന്റെ ഒരു ട്വിസ്റ്റ് എന്ന് വേണമെങ്കില്‍‍ പറയാം.

സൂര്യഗ്രഹണം എന്ന നാലാം അദ്ധ്യായത്തില്‍ നിന്നാണ് ശരിയായ കഥ ആരംഭിക്കുന്നത്. മറ്റ് രണ്ടെണ്ണവും തോമമഹാചരിതമാണല്ലോ. ഗാര്‍ഗ്ഗിയിലേക്ക് കടന്നുവന്ന ഗാഥയുടെ ഓര്‍മ്മകളില്‍ തുടങ്ങുന്ന ഈ അദ്ധ്യായം ഗോപാലന്‍ ഗുരിക്കള്‍ എന്ന കഥാപാത്രത്തിന്റെ വരവോടെ സങ്കീര്‍ണ്ണമാവുകയാണ്. ഈ ഗോപാലന്‍ ഗുരിക്കള്‍ കഥയില്‍ വരുത്തുന്ന മാറ്റങ്ങളെല്ലാം നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ കഥാകൃത്ത് കൈകാര്യം ചെയ്യുന്ന ഗോപാലന്‍ ഗുരിക്കളുടെ സാന്നിദ്ധ്യങ്ങളെ പ്രശംസിക്കാതിരിക്കാന്‍ വയ്യ. ഈ കഥയില്‍ വരുന്ന എല്ലാ കഥാപാത്രങ്ങളെയും ഒറ്റയ്ക്ക് നില്‍ക്കാന്‍ തന്നെ പ്രാപ്തിയുള്ളവരായാണ് കഥാകൃത്ത് ചിത്രീകരിച്ചിരിക്കുന്നത്. അതുപോലെ തന്നെ കഥയുടെ പ്രധാനകേന്ദ്രങ്ങളിലെല്ലാം ഇടപെടുന്ന ഒരു കഥാപാത്രമാണ് ‘ചെന്നായ’. ഈ ചെന്നായ കടന്ന് വരുന്ന മേഖലകളിലെല്ലാം എന്തിന്റെയെങ്കിലും ഒരു സൂചന നല്‍കാന്‍ കഥാകൃത്ത് ശ്രമിക്കുന്നുണ്ട്. അതിന്റെ ശക്തമായ തെളിവാണ് ഗാര്‍ഗ്ഗിയും രാമകൃഷ്ണനും തോമയുടെ വീട്ടിലെത്തുമ്പൊള്‍ കടന്നുവരുന്ന ചെന്നായ. ആ ചെന്നായ ഗാര്‍ഗ്ഗിയുടെ അടുത്തെത്തി അവളുടെ കാല്‍പ്പാദങ്ങളില്‍ മണത്തശേഷം വിദൂരതയിലേക്ക് നോക്കി ഒരു പരിചയഭാവത്തില്‍ അവിടെ നിന്ന് പോകുന്നു. അതിലൂടെ ഗാഥ അവിടെ മുന്‍പ് വന്നിരുന്നു എന്നും, അവളുടെ രക്തഗന്ധം ഗാര്‍ഗ്ഗിയിലൂടെ ആ ചെന്നായ മനസ്സിലാക്കുകയാണെന്നുമാണ് സുസ്മേഷ് ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്.

അഞ്ചാം അദ്ധ്യായമായ ഭഗവതി c/o വാറ്റുപുര മുതല്‍ സ്വയംപൂര്‍ണ്ണവും പരസ്പര ബന്ധിതവുമായ ആഖ്യാനങ്ങളുടെ രൂപീകരണവും ഒരു നാട്ടിലെ ഒരു കൂട്ടം ആളുകളുടെ ജീവിതവും കഥാകൃത്ത് വരച്ചു കാട്ടുന്നു. സങ്കീര്‍ണ്ണ രൂപങ്ങളെ ആഖ്യാനത്തിനുള്ളില്‍ പരീക്ഷിക്കുന്ന കഥാകൃത്ത് പാശ്ചാത്യരീതിയിലുള്ള കഥയെ വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഗുരിക്കളുമായി കൂട്ടു കൂടുന്ന രാമകൃഷ്ണന്‍ പതിയെ ആ നാടിനെ അറിയാനാരംഭിച്ചു. അങ്ങിനെയാണ് അവര്‍ ഗോദാവരിയുടെ വാറ്റുപുരയില്‍ എത്തുന്നത്. അവിടെ വച്ചാണ് ഗാഥയുടെ ഭര്‍ത്താവ് ചന്ദ്രജിത് സിംഗ് ആ നാട്ടില്‍ താമസിച്ചിരുന്നു എന്നും അയാള്‍ക്ക് ഗോദാവരിയുമായി പുറത്ത് പറയാന്‍ പറ്റാത്ത വിധം ഒരു ബന്ധമുണ്ടായിരുന്നു എന്നും രാമകൃഷ്ണന്‍ അറിയുന്നത്. അങ്ങിനെ അയാള്‍ ഗുരിക്കളോട് ചന്ദ്രജിത് സിംഗിനെക്കുറിച്ച് കൂടുതല്‍ ചോദിക്കുന്നു.

ഉന്മാദത്തിന്റെ ഉയരത്തിലേക്ക് സര്‍ഗാത്മകത കല്ലുരുട്ടിക്കയറ്റുന്നു എന്ന ആറാം അദ്ധ്യായം കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. എഴുത്ത് ഒരര്‍ത്ഥത്തില്‍ കാരാഗൃഹവാസമാണ്. അത് ഭേദിച്ച് പുറത്ത് വരാന്‍ എഴുത്തുകാരന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ആ കാരാഗൃഹവാസത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നാണ് അയാള്‍ ഭാവനയുടെ വന്‍കരകള്‍ താണ്ടുന്നത്. ഇവിടെ ഈ ആറാം അദ്ധ്യായവും വരാന്‍ പോകുന്ന ഏഴാം അദ്ധ്യായവും ഞാന്‍ മുകളില്‍ പറഞ്ഞ പരാമര്‍ശങ്ങളോട് ബന്ധപ്പെട്ട് കിടക്കുന്നതാണ്. ആറാമദ്ധ്യായത്തില്‍ വച്ചാണ് ചന്ദ്രജിത് സിംഗ് ഉന്മാദത്തിന് വശംവദനാണെന്ന് വായനക്കാരന്‍ അറിയുന്നത്. ഗാഥയും ഇതേ ഒരവസ്ഥയിലാണെന്ന് മൂന്നാം അദ്ധ്യായത്തില്‍ പറയുന്നുമുണ്ട്. മൂന്നാം അദ്ധ്യായമാണ് കഥയ്ക്ക് ഗതിമാറ്റം നല്‍കുന്നതെന്ന് ഞാന്‍ മുന്‍പേ പറഞ്ഞല്ലോ. ഇവിടെ വച്ച് ഗോദാവരിയും ഗുരിക്കളും മന്‍സ്സിലാക്കുന്ന ചന്ദ്രജിതിന്റെ ഉന്മാദാവസ്ഥ കഥയുടെ സങ്കീര്‍ണ്ണതയിലേക്ക് വീണ്ടും വിരല്‍ ചൂണ്ടുകയാണ്. ആ ബോധതീവ്രതയായിരിക്കണം ഈ എഴുത്തിനെ ഉത്തരാധുനിക നോവലിന്റെ പ്രമേയത്തിലേക്ക് വഴിമാറ്റി വിട്ടത്. കഥകള്‍, അതികഥകളായി മാറുക എന്നതാണല്ലോ ഉത്തരാധുനിക നോവല്‍ എന്നത്. ഏതാണ്ട് ഇതേ ഒരവസ്ഥ തന്നെയാണ് ഇവിടെയും സംഭവിച്ചിട്ടുള്ളത്. ആ നാട്ടിലെ താമസം മതിയാക്കി ഡെല്‍ഹിയിലേക്ക് പോകുന്ന ചന്ദ്രജിത് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്നു. എന്നാല്‍ ഗുരിക്കളോ, ഗോദാവരിയോ അയാളുമായി സമ്പര്‍ക്കത്തില്‍ വരുന്നില്ല. അവിടെ വച്ചാണ് കഥാകൃത്ത് ആദ്യം വിവരിച്ച് നിര്‍ത്തിയ തോമയുടെ വരവ്.

ഗുരിക്കളില്‍ നിന്ന് കഥകളെല്ലാമറിയുന്ന രാമകൃഷ്ണന്‍ സ്തബ്ധനാകുന്നു. ചന്ദ്രജിത്തിന്റെ ഉന്മാദപ്രകടനങ്ങള്‍ക്ക് വശംവദയാകേണ്ടി വന്ന ഗാഥ സഹിച്ച് സഹിച്ച് മടുത്തപ്പോള്‍ നടത്തേണ്ടി വന്ന ഒരാത്മഹത്യ, അല്ലെങ്കില്‍ ചെറുത്ത് നിന്നപ്പോള്‍ സംഭവിച്ച കൊലപാതകം എന്നീ രണ്ട് വശങ്ങളിലേക്കും അയാള്‍ ചിന്തിച്ച് തുടങ്ങുന്നു. ചിത്രരചനയില്‍ ഏര്‍പ്പെട്ട ഗാര്‍ഗ്ഗിയില്‍ നിന്ന് എല്ലാ വിവരങ്ങളും ഒളിപ്പിച്ച് വച്ച് കൂടുതലറിയാന്‍ തോമയുടെ വരവിന് വേണ്ടി അയാള്‍ കാത്തിരിക്കുന്നു.

വായനക്കാരന്റെ ആകാംക്ഷ നിറഞ്ഞ വായന കലയിലേക്ക് നിറയൊഴിക്കപ്പെട്ട ദിനം എന്ന അവസാന അദ്ധ്യായത്തിലേക്ക് കടക്കുന്നത് തോമയുടെ വരവോട് കൂടയാണ്. ക്രുദ്ധനായി കയറി വരുന്ന തോമ ഗാര്‍ഗ്ഗിയേയും രാമകൃഷ്ണനേയും അവിടെയെല്ലാം തിരയുന്നു. അവസാനം അയാള്‍ ചന്ദ്രജിത് സിംഗ് മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍ അവരെത്തേടി എത്തുന്നു. കൂടെ അയാളുടെ ചെന്നായയും, ഒരു തോക്കുമുണ്ട്. അതിനകത്ത് നിന്ന് ഒരു ശബ്ദം കേട്ടതായി തോമയ്ക്ക് തോന്നുന്നു. ഉറച്ചൊരു തെറിക്ക് ശേഷം തോമ രാമകൃഷ്ണനെ വിളിക്കുന്നു. താന്‍ കേട്ടത് ഗാര്‍ഗ്ഗിയുടെ ഞരക്കമാണെന്നും രാമകൃഷ്ണന്‍ അവിടെ വച്ച് ഗാര്‍ഗ്ഗിയെ കൊന്നുകൊണ്ടിരിക്കുകയുമാണെന്നാണ് അയാള്‍ കരുതിയത്. “ഈ രാജ്യത്ത് പടം വരയ്ക്കുന്ന പന്നികളെന്നും തോമായ്ക്ക് സമാധാനം തരുകേല അല്ലേ? ഇറങ്ങി വാടാ എമ്പോക്കി” എന്ന് ഉറക്കെ ചോദിച്ച് അയാള്‍ തോക്കെടുത്ത് അയാള്‍ അകത്തേക്ക് കയറാന്‍ ഭാവിക്കുന്നു. എന്നാല്‍ പെട്ടെന്ന് പുറത്തേക്ക് വന്നത് ചന്ദ്രജിത് സിംഗ് ആയിരുന്നു. അവിടെ വച്ച് എല്ലാ സത്യങ്ങളുടെയും ചുരുളഴിയുകയാണ്. ചന്ദ്രജിത് സിംഗ് എവിടെയായിരുന്നു എന്നും ഗാഥയ്ക്ക് എന്ത് സംഭവിച്ചു എന്നുമെല്ലാം തോമ അറീയുന്നു. തോമ എന്ന കഥാപാത്രം ഒന്നുമല്ല എന്ന് കഥാകൃത്ത് ഒരൊറ്റ നിമിഷം കൊണ്ട് വായനക്കാരനോട് വിളിച്ചു പറയുന്നു. എല്ലാ സത്യങ്ങളുമറിഞ്ഞ ശേഷം തോമ നിശബ്ദം മല കയറുന്നു. തിരികെ വീട്ടിലെത്തുമ്പോള്‍ തിണ്ണയില്‍ രാമകൃഷ്ണന്‍ ഇരിക്കുന്നുണ്ട്. അവിടെ വച്ച് രാമകൃഷ്ണന്‍ ഗാര്‍ഗ്ഗിക്ക് സ്ട്രോക്കായതായും അവളുടെ ഒരുവശം തളര്‍ന്നു പോയതായും വികാരാധീനനായി തോമായെ കെട്ടിപ്പിടിച്ച് വിതുമ്പിക്കൊണ്ട് പറയുന്നു. തോമ അയാളെ ദേഹത്തില്‍ നിന്നടര്‍ത്തി ഒരാശ്വാസത്തോടെ ചന്ദ്രജിത് സിംഗിന്റെ വീടിരിക്കുന്ന ദിക്കിലേക്ക് നോക്കി. ഇതിനിടെ രാമകൃഷ്ണന്‍ പറയുന്നു. “ഞാന്‍ ഗാര്‍ഗ്ഗിയുടെ അടുത്തേക്ക് പോകുകയാണ്. സഞ്ചിയും സാധനങ്ങളും എടുക്കാന്‍ വന്നതാ. പിന്നെ തോമാച്ചേട്ടനോട് പറയാനുള്ള വഴിയുണ്ടാക്കാനും. എന്തായാലും ഇവിടെ വന്നതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു രഹസ്യകഥ മനസ്സിലാക്കാന്‍ പറ്റി. അത്ര നിസ്സാരവും അപ്രധാനവുമല്ലാത്ത കഥ.” ഇത് പറഞ്ഞു കഴിഞ്ഞ സമയം താഴ്വാരത്തില്‍ ചന്ദ്രജിത് സിംഗിന്റെ വീടിന്റെ ഭാഗത്ത് നിന്ന് ഒരു വെടിശബ്ദം ഉയരുന്നു. “ആ കഥ പൂര്‍ത്തിയായി രാമകൃഷ്ണാ, ഇനി നിനക്ക് നിന്റെ പെങ്കൊച്ചിന്റെ അടുത്തേക്ക് മനസ്സമാധാനത്തോടെ പോകാം” എന്ന് തോമ പറയുന്നതോടെ‍ കഥയ്ക്ക് പര്യവസാനമാകുന്നു.

ഇവിടെയാണ് ഞാന്‍ മേല്‍പ്പറഞ്ഞ കാര്യവുമായി ഈ അദ്ധ്യായത്തെ ബന്ധിപ്പിക്കേണ്ടത്. എഴുത്ത് എന്ന കാരാഗൃഹത്തില്‍ നിന്ന് ഈ അദ്ധ്യായത്തിലൂടെ കഥാകൃത്ത് രക്ഷപ്പെടുകയാണ്. അല്ലെങ്കില്‍ അയാള്‍ കാരാഗൃഹം ഭേദിക്കുകയാണ്. എഴുത്തിനെ കാരാഗൃഹമായി കാണുമ്പോള്‍ അതിനെ ഒരിക്കലും ഭേദിക്കരുത്. എഴുത്ത് എഴുത്തുകാരനെയാണ് മോചിപ്പിക്കേണ്ടത്. ഈ കഥയുടെ അവസാനമായപ്പോഴേക്കും കഥാകൃത്തിന് ഇത് എങ്ങിനെയെങ്കിലും ഒന്ന് അവസാനിപ്പിച്ചാല്‍ മതി എന്ന് തോന്നിയിട്ടുണ്ട്. അക്കാര്യം ഏഴാം അദ്ധ്യായത്തില്‍ മാത്രം സ്പഷ്ടമാണ്. കഥയെപ്പറ്റിയുള്ള വായനക്കാരന്റെ പല ധാരണകളെയും ഇവിടെ കഥാകൃത്ത് നിര്‍ദാക്ഷിണ്യം അട്ടിമറിക്കുകയാണ് ചെയ്തത്. അനാവശ്യസ്ഥലങ്ങളില്‍ കഥയെ വലിച്ചു നീട്ടി, അവശ്യഘട്ടത്തില്‍ അതിനെ മുറിച്ചൊതുക്കി വായനക്കാരന്റെ മാനസികനിലയെ പരിശോധിക്കുക എന്നൊരു കാര്യം കൂടി പ്രസ്തുത കൃതി കൊണ്ട് കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. ഭ്രമാത്മതകളും, സ്വപ്നങ്ങളും എല്ലാം കൂട്ടിച്ചേര്‍ത്ത് സൃഷ്ടിച്ച ഈ രചന ഭാവനയുടെ ചുംബിതങ്ങളില്‍ മാത്രം വിഹരിക്കുകയാണ്. നോവലിനീ ഭാവനയുടെ ആപത്കരമായ എഴുത്തുവഴികളിലേക്ക് വിക്ഷേപിച്ച കഥാകൃത്ത് അതിന്റെ വരും വരായ്കയെ പറ്റി ആലോചിച്ചിരിക്കുമോ ആവോ? എന്തായാലും ഉത്തരാധുനിക നോവലിന്റെ മെറ്റാഫിക്ഷന്‍ വഴി ഒരു വായനാസുഖം ലഭിക്കുന്നുണ്ട് എങ്കിലും ആഴത്തിലുള്ള വായനയില്‍ ഈ പുസ്തകം ഒരു പരാജയമാണെന്ന് പറയാതെ വയ്യ.