Showing posts with label മൈന ഉമൈബാന്‍. Show all posts
Showing posts with label മൈന ഉമൈബാന്‍. Show all posts

Tuesday, October 21, 2014

ഹരിത ഭുപടം

പുസ്തകം : ഹരിത ഭുപടം - കെ എസ് മണിലാലും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാം പിറവിയും
രചയിതാവ് : ജോസഫ് ആന്റണി
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
അവലോകനം : മൈന ഉമൈബാന്‍




ത്താംക്ലാസ്സിലെ ചരിത്രപാഠപുസ്തകത്തില്‍ നിന്നായിരുന്നു ഹോര്‍ത്തൂസ് മലബാറിക്കസിനെക്കുറിച്ച് ആദ്യമായി കേട്ടത്. കേരളത്തിലെ സസ്യങ്ങളെക്കുറിച്ചൊരു പുസ്തകം-ഡച്ചുകാരുടെ സംഭാവന എന്നതിലപ്പുറം പോയില്ല അറിവ്. ഒരുകാലത്ത് ഇന്ത്യ ഭരിച്ചിരുന്ന അധീശശക്തികളെക്കുറിച്ചും അവരുടെ ഭരണപരിഷ്‌ക്കരങ്ങളും പ്രഭുക്കന്മാരുടെ സംഭാവനകളും എത്ര പഠിച്ചാലും തിരിഞ്ഞും മറിഞ്ഞും പോകുന്നത് പതിവായിരുന്നതുകൊണ്ട് ചരിത്ര പാഠപുസ്തകത്തോടു തന്നെ വലിയ താത്പര്യം തോന്നിയില്ലെന്നാതാണ് നേര്. എങ്കിലും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രധാന സംഭാവനകളിലൊന്നായി ഒരു പുസ്തകം കടന്നു വരണമെങ്കില്‍ അത് അത്ര നിസ്സാരമല്ല എന്നു മാത്രം തോന്നിയിരുന്നു.

പിന്നീടെപ്പോഴോ പി എസ് സി പരീക്ഷയ്ക്ക് ഹോര്‍ത്തൂസ് മലബാറിക്കസ് ആരുടെ സംഭാവനയാണ് എന്ന ചോദ്യം കണ്ടു. പി എസ് സി ഗൈഡുകളില്‍ ചോദ്യം ആവര്‍ത്തിച്ചു കണ്ടു. അതിലപ്പുറം പുസ്തകത്തെക്കുറിച്ച് ഒരറിവുമില്ലായിരുന്നു. ഏതു ഭാഷയിലാണ് രചിക്കപ്പെട്ടതെന്നോ ഏതെങ്കിലും ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ടോ എന്നോ പുസ്തകം കിട്ടാനുണ്ടോ എന്നുപോലും അറിയില്ലായിരുന്നു.

പിന്നീടെപ്പോഴോ കേരള സര്‍വ്വകലാശാല പുസ്തകം പ്രസിദ്ധീകരിച്ചതായി കണ്ടു. സസ്യങ്ങളെക്കുറിച്ച് ഒന്നുരണ്ടു ലേഖനങ്ങള്‍ എഴുതിയപ്പോള്‍ സുഹൃത്തു പറഞ്ഞു 'നീ എന്തായാലും കണ്ടിരിക്കേണ്ട ഒരാള്‍ കോഴിക്കോടു തന്നെയുണ്ട്. അത് കെ എം മണിലാല്‍ സാറാണ്. അദ്ദേഹമാണ് ഹോര്‍ത്തൂസ് മലബാറിക്കസ് ഇംഗ്ലീഷിലേക്ക് മാറ്റിയത്. പിന്നീട് മലയാളത്തിലേക്കും..' അന്നു മുതല്‍ മണിലാല്‍ സാര്‍ മുന്നിലുണ്ട്. പക്ഷേ, അദ്ദേഹത്തെ കാണാന്‍ പോകുവാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടും മാറിനിന്നു. ഒരു ശാസ്ത്രജ്ഞനെ കാണാന്‍, മഹാപ്രതിഭകളുടെ മുന്നില്‍ നില്ക്കാന്‍ എനിക്കെപ്പോഴും സങ്കോചമുണ്ട്. രണ്ടു തരത്തിലാണ് മാറി നില്പ്പ്. ചില അത്ഭുതങ്ങളെ കാണുമ്പോള്‍ ഒരക്ഷരം മിണ്ടാനാവാതെ കുഴങ്ങിപ്പോകുന്ന പ്രകൃതമായിരുന്നു ഒന്ന്. മറ്റൊന്ന് കുഞ്ഞു കുഞ്ഞു അറിവുകള്‍ പലതും എന്നിലേക്ക് വന്നു ചേര്‍ന്നത് പ്രകൃതിയില്‍ നിന്നായിരുന്നു. അക്കാദമിക്ക് ആയി പഠിച്ചിട്ടല്ല. സ്‌കൂള്‍ പാഠവും പ്രകൃതിപാഠവും രണ്ടായതുകൊണ്ട് ചിലരെങ്കിലും സ്‌കൂള്‍ പാഠത്തിന്റെ മഹത്വത്തെപ്പറ്റി പറഞ്ഞ് പരോക്ഷമായി ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും മാറി നടക്കുവാന്‍ ശ്രമിച്ചു.

പക്ഷേ, പതുക്കെ പതുക്കെ ഹോര്‍ത്തൂസ് മലബാറിക്കസ് എന്റെ ചിന്തകളിലേക്ക് കടന്നുവരാന്‍ തുടങ്ങി. 742 അധ്യായങ്ങളിലായി 679 സസ്യങ്ങളെക്കുറിച്ച് ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ടെന്ന അറിവ് അമ്പരപ്പിക്കുന്നതായിരുന്നു. ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ചില പുസ്തകങ്ങള്‍ കൈയ്യിലുണ്ട്. ചില ചികിത്സാഗ്രന്ഥങ്ങളില്‍ പറയുന്ന ഔഷധങ്ങള്‍ എത്രയെന്ന് കണക്കെടുത്തിട്ടില്ല. എങ്കിലും അതിത്ര വരുമോ എന്ന് സംശയമുണ്ട്. ഏറി വന്നാല്‍ മുന്നൂറിനും നാന്നൂറിനും ഇടയില്‍. അതില്‍ തന്നെ പര്യായങ്ങളാണ് പലതും. മിക്ക ചികിത്സാപുസ്തകവും പദ്യരൂപത്തില്‍ രചിച്ചിരിക്കുന്നതുകൊണ്ട് താളത്തിനു ചേരും വിധം രൂപപ്പെടുത്തിയ പര്യായപദങ്ങള്‍... ഗുരുവും പിതാമഹനുമായിരുന്ന മുറുക്കുന്നത്ത പറഞ്ഞുതന്ന, കാണിച്ചു തന്ന ഔഷധങ്ങളില്‍ പലതും ഏതെങ്കിലുമൊരു പുസ്തകത്തില്‍ കണ്ടുപിടിക്കാനായിട്ടില്ല. സസ്യശാസ്ത്രജ്ഞര്‍ക്കോ മറ്റു നാട്ടുചികിത്സ വിദഗ്ധര്‍ക്കോ അവയെക്കുറിച്ച് അറിവില്ലായിരുന്നിരിക്കും എന്നാശ്വസിക്കുകയോ അല്ലെങ്കില്‍ അവയും പാഴ്‌ചെടികളുടെ കൂട്ടത്തില്‍ പെട്ടുപോയിരിക്കുമെന്നുമാണ് കരുതിയത്. ഒരു പക്ഷേ, രഹസ്യച്ചെടികള്‍ ഹോര്‍ത്തൂസിലില്ലെന്ന് ആരുകണ്ടു? ആകാംഷ മാത്രമാണിപ്പോഴും.

ഇന്നേവരെ ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന മഹാഗ്രന്ഥം കണ്ണുകൊണ്ടുകാണാന്‍ പോലുമുള്ള അവസരമുണ്ടായിട്ടില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു യാത്രയില്‍ കയറിയ പുസ്തകമേളയില്‍ വെച്ച് ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന് വലിയ അക്ഷരത്തില്‍ എഴുതിയ ഒരു പുസ്തകം കണ്ടത്. ട്രെയിന്‍യാത്രയിലും മറ്റും കൊണ്ടുവരാറുള്ള പത്തുരൂപയുടെ 101 ഒറ്റമൂലികള്‍ എന്നൊക്കെയുള്ള പുസ്തകങ്ങളേക്കാള്‍ അല്പംകൂടി വലിപ്പമേയുണ്ടായിരുന്നുള്ളു പുസ്തകത്തിന്. സൂക്ഷിച്ചു നോക്കിയപ്പോള്‍ സംഗ്രഹമാണ്. 50 രൂപയ്ക്കു കിട്ടിയ സംഗ്രഹമാണ് ഹോര്‍ത്തൂസിനെ കാണാനുള്ള നിരാശഭരിതമായ ഏകാശ്രയം.

തുടര്‍ന്നാണ് ഡോ. കെ എസ് മണിലാലുമായുള്ള അഭിമുഖവും ചില കത്തുകളും പ്രതികരണങ്ങളുമൊക്കെ കാണാനിടവന്നത്. ഇതിനിടെ അധികം വൈകാതെ ഹരിതഭൂപടം എന്ന പുസ്തകം കൈകളിലെത്തി. സ്വാഭാവികമായും ഒരു സസ്യശാസ്ത്രജ്ഞനെക്കുറിച്ച് എഴുതിയത് എന്നു കേള്‍ക്കുമ്പോള്‍ ഒരു അരസികന്‍ ജീവചരിത്രമാകുമോ ഇത് എന്ന് സംശയമുണ്ടായിരുന്നു. പക്ഷേ, എന്റെ അധ്യാപകനായ ജോസഫ് ആന്റണിയാണ് പുസ്തകമെഴുതിയത് എന്നു പറയുന്നതിനേക്കാള്‍ ഗുരു എഴുതിയ പുസ്തകം എന്നു പറയാന്‍ ഇഷ്ടപ്പെടുന്നു. കുറിഞ്ഞിഓണ്‍ലൈന്‍ എന്ന ബ്ലോഗിലെ രചനകളും അച്ചടിച്ച ചില ശാസ്ത്രലേഖനങ്ങളും വായിച്ചിരുന്നപ്പോഴൊക്കെ പുസ്തകത്തിന്റെ സാധ്യത അതില്‍ കണ്ടിട്ടുണ്ട്. പക്ഷേ, ഒരു പുസ്തകമെഴുതിയപ്പോള്‍ അതിലൊന്നും ഒരിക്കലും പറയാതെ പോയ ഒരു വിഷയത്തെക്കുറിച്ചായിരുന്നുവെന്നത് അമ്പരപ്പിക്കുന്നതായിരുന്നു.

'ഹരിതഭൂപട'ത്തിന്റെ പുറംചട്ടയില്‍ നിന്നു തുടങ്ങുന്നു എന്റെ വായന. പഠനം എന്ന പേരില്‍ വന്നൊരു പുസ്തകം ഇത്രവേഗത്തില്‍വായിച്ചിട്ടുണ്ടോ എന്നു സംശയമാണ്. അതിനേക്കാളേറെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്ത പുസ്തകങ്ങളുടെ കൂട്ടത്തിലാണ് ഇത് പെടുന്നത്. അടുത്തകാലത്ത് ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങളാണ് നിലത്തുവെയ്ക്കാതെ വായിച്ചു തീര്‍ത്ത പുസ്തകം. പുസ്തകം പക്ഷേ, ഒരു നോവലായിരുന്നു. ഇരുത്തി വായിപ്പിക്കാവുന്ന ഒരുപാട് ഘടകങ്ങള്‍ അതില്‍ ചേര്‍ന്നിരിക്കന്നു എന്നു പറയാം. പക്ഷേ, ഒരു പഠനപുസത്കം ആര്‍ത്തിയോടെ വായിക്കുക അസാധ്യമായിരുക്കും. പക്ഷേ, ഇവിടെയത് സംഭവിച്ചു എന്നു പറയാതെ വയ്യ. അത്രയേറെ ഉദ്വേഗജനകമായിരുന്നു അത്.

ഇട്ടിഅച്ചുതന്റെ കുര്യാലയില്‍ തുടങ്ങി, ഡച്ചു ചരിത്രവും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയിലേക്ക് സൈനികനായി കടന്നു വന്ന് പിന്നീട് കൊച്ചു ഗവര്‍ണറായി വളര്‍ന്ന ഹെന്‍ട്രിക് ആന്‍ഡ്രയാന്‍ വാന്‍ റീഡിന്റെ ജീവിതവും പിന്നീട് ഹോര്‍ത്തൂസ് മലബാറിക്കസിന്റെ രചനയും അതില്‍ നേരിട്ട പ്രതിസന്ധികളും വാന്റീഡിന് അനുഭവിക്കേണ്ടി വന്ന മാനസീക സംഘര്‍ഷവും എല്ലാം ഒരു ഫിക്ഷനെ അനുസ്മരിപ്പിക്കും വിധം കോര്‍ത്തിണക്കിയിരിക്കുന്നു.

മലബാറാണ് ലോകത്തെ ഏറ്റവും ഫലഭുയിഷ്ഠമായ പ്രദേശമെന്നു , സ്ഥാപിക്കാന്‍ , ഇവിടെ കുരുമുളകുപോലുളള സുഗന്ധദ്രവ്യങ്ങള്‍ മാത്രമല്ല ഉള്ളതെന്ന് സ്വന്തം കമ്പനിയെ ബോധ്യപ്പെടുത്താന്‍, രാഷ്ട്രീയ പ്രതിയോഗികള്‍ക്കുള്ള മറുപടിയൊരുക്കുകയായിരുന്നു ഹോര്‍ത്തൂസിലൂടെ വാന്‍ റീഡ്. മാത്രമല്ല വന്‍ റീഡ് വെറുമൊരു സൈനികന്‍ മാത്രമല്ല മികച്ച പ്രകൃതി നിരീക്ഷകനായിരുന്നു എന്നതിന് തെളിവാണ് പുസ്തകം. മറ്റൊന്ന് കമ്പനിക്കു കീഴിലെ സൈനികര്‍ക്ക് അസുഖമോ പരിക്കുകളോ പറ്റിയാല്‍ മരുന്ന് ആംസ്റ്റര്‍ഡാമില്‍ നിന്ന് വരണമായിരുന്നു. അതില്‍ പലതും കേരളത്തില്‍ നിന്ന് അറബികള്‍ ശേഖരിച്ച ഔഷധങ്ങളായിരുന്നു. അറബിക്കച്ചവടക്കാര്‍ മുഖേനയെത്തിയ മലബാര്‍ തീരത്തെ മരുന്നുകള്‍ക്ക് ഭീമമായ വിലയുമായിരുന്നു. ഇതില്‍ നിന്നൊരു മോചനം കൂടിയായിരുന്നു ഹോര്‍ത്തൂസ് മലബാറിക്കൂസ്. ഒന്നുകൂടി പറഞ്ഞാല്‍, കമ്പനിയുടെ പ്രഥമ ദൗത്യം സസ്യശാസ്ത്രപഠനമോ പര്യവേക്ഷണമോ അല്ല, മറിച്ച് കച്ചവടമാണ്. ലാഭത്തിലാണ് കണ്ണ്..

പതിനേഴാം നൂറ്റാണ്ടിലെ കേരളചരിത്രവും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ചരിത്രവുമറിയുന്നതിനൊപ്പമാണ് ഉദ്വേഗജനകമായ കെ എസ് മണിലാലിന്റെ ജീവിതവും ഹോര്‍ത്തൂസ് മലബാറിക്കസിന്റെ രണ്ടാം പിറവിയും കടന്നു വരുന്നത്. ഹോര്‍ത്തൂസ് മലബാറിക്കസിന്റെ അഴിയാക്കുരുക്കുകള്‍ അഴിച്ചെടുക്കാന്‍ ഒരു സസ്യശാസ്ത്രജ്ഞന്റെ യൗവ്വനവും വാര്‍ദ്ധക്യവും വേണ്ടി വന്നു എന്നോ അരനൂറ്റാണ്ടു വേണ്ടി വന്നു എന്നോ ഒരു മനുഷ്യായുസ്സു തന്നെ വേണ്ടി വന്നു എന്നോ പറയേണ്ടി വരും. മലയാളത്തില്‍ നിന്നു ഇട്ടി അച്യുതന്‍ വഴി കടന്നുപോയ മലയാളനാട്ടിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള വിശദമായ പുസ്തകം 325 വര്‍ഷങ്ങള്‍ക്കുശേഷമാണ് മലയാളത്തിലേക്ക് മടങ്ങി വരുന്നത്. മലയാളത്തില്‍ നിന്നും പോര്‍ച്ചുഗീസിലേക്കും പിന്നീട് ഡച്ചിലേക്കും പകര്‍ത്തപ്പെട്ട പുസ്തകം 12 വാള്യങ്ങളായി പ്രസിദ്ധീകരിച്ചത് ലാറ്റിനിലായിരുന്നു. ലാറ്റിനില്‍ നിന്ന് ഗ്രന്ഥം വിവര്‍ത്തനം ചെയ്യുന്നതിനോ, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നതിനോ വിജയിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. അതുകൊണ്ടു തന്നെ ചില ഭാഗങ്ങള്‍ ലോകത്തെവിടെയൊക്കെയോ വിവര്‍ത്തനം ചെയ്യപ്പെട്ടു എന്നല്ലാതെ പൂര്‍ണ്ണമായ കുരുക്കഴിക്കാന്‍ മലയാളത്തില്‍ തന്നെ ഒരാള്‍ ജനിക്കേണ്ടി വന്നു.

ലാറ്റിനില്‍ നിന്ന് പുസ്തകം സമഗ്രമായി മനസ്സിലാക്കാന്‍ ചില സാമാന്യയോഗ്യതകള്‍ ആവശ്യമായിരുന്നു.
1. ലാറ്റിന്‍ഭാഷയില്‍ സാമാന്യ പരിജ്ഞാനം
2. സസ്യശാസ്ത്രത്തില്‍ വൈദഗ്ദ്യം
3. കേരളത്തിലെ സസ്യജാതികളെക്കുറിച്ച് ആഴത്തിലുളള അറിവ്
4. മലായാളാ ഭാഷാ പരിജ്ഞാനം
5. പതിറ്റാണ്ടുകളോളം ഒരേ ലക്ഷ്യത്തിനായി ജീവിതം സമര്‍പ്പിക്കാനുളള സന്നദ്ധത.

ചെറുപ്പത്തില്‍ മണിലാലിനോട് അമ്മ പറഞ്ഞിരുന്നു എഴുതുന്നെങ്കില്‍ ഹോര്‍ത്തൂസ് പോലുള്ള പുസ്തകം വേണം എഴുതാന്‍ എന്ന്. അമ്മയ്ക്ക് പുസ്തകത്തെക്കുറിച്ച് അത്ര പിടിയൊന്നുമില്ല. പക്ഷേ, അതൊരു വലിയ സംഗതിയാണെന്നറിയാം.... വീട്ടിലെ ലൈബ്രറിയില്‍ അച്ഛന്റെ പേപ്പര്‍ ക്ലിപ്പുങ്ങുകളില്‍ ഹോര്‍ത്തൂസ് മലബാറിക്കസിനെക്കുറിച്ചു കണ്ടു. അച്ഛന്റെ ലൈബ്രറിയും അമ്മയുടെ വാക്കുകളുമാവണം പിന്നീട് ഹോര്‍ത്തൂസ് എന്ന ഒഴിയാബാധയ്ക്കു രൂപം നല്‍കിയതെന്ന് അദ്ദേഹമോര്‍ക്കുന്നു.

ഇന്റര്‍മീഡിയറ്റു കഴിഞ്ഞ് അദ്ദേഹം മഹാരാജാസില്‍ ബി എസ്സിക്കു ചേര്‍ന്നു. സുവോളജിക്കാണ് താല്‍പര്യം തോന്നിയതെങ്കിലും സുവോളജിക്കും ബോട്ടണിക്കും അപേക്ഷ അയച്ചിട്ട് ആദ്യം വന്നത് ബോട്ടണിക്കുള്ള കാര്‍ഡായിരുന്നു. അതുകൊണ്ട് ബോട്ടണിയിലേക്ക് വഴി മാറിപോവുകയായിരുന്നു. ശരിക്കു പറഞ്ഞാല്‍ സസ്യശാസ്ത്രത്തിലേക്കുള്ള ആദ്യ ചുവടവെയ്പ്.. അല്ലെങ്കില്‍ ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ലക്ഷ്യത്തിലേക്കുള്ള ഒട്ടേറെ വഴിത്തിരുവുകളില്‍ ആദ്യത്തേത്...

പൂവന്‍പെട എന്ന അധ്യായം വായിച്ചിട്ട് ഞാന്‍ അമ്പരന്നുപോയി. മതിലിനുമുകളിലും പറ്റിപ്പിടിച്ചു വളരുന്ന പൂവന്‍പെട എന്ന പേരിലറിയപ്പെടുന്ന മോസ് വര്‍ഗ്ഗത്തില്‍പ്പെട്ട സസ്യത്തിന് എന്തെങ്കിലും ഔഷധഗുണമുണ്ടെന്ന് അറിയില്ലായിരുന്നു. കുട്ടിക്കാലത്ത്, ഇതിന്റെ നാരുപോലെ നീണ്ട് അറ്റം വളഞ്ഞ പൂവെടുത്ത് പരസ്പരം കോര്‍ത്ത് വലിച്ചു നോക്കും. അതൊരുതരം കളിയാണ്..കോര്‍ത്തു വലിക്കുമ്പോള്‍ ഒന്നിന്റെ തല അടര്‍ന്നു വീഴും. ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് അടര്‍ന്നു പോകാത്ത അറ്റത്തെ നോക്കിയാണ്. മോസിനെക്കുറിച്ചൊരു പ്രബന്ധത്തില്‍ പൂവന്‍പെടയുടെ ഹോര്‍ത്തൂസിലെ റഫറന്‍സ് കൊടുക്കാനാണ് മണിലാല്‍ ശ്രമിക്കുന്നത്. അപ്പോഴാണ് ഒരക്ഷരം മനസ്സിലാക്കാനാകാത്ത ലാറ്റിന്‍ ഭാഷയിലാണ് ഹോര്‍ത്തൂസ് രചിച്ചിരിക്കുന്നത് എന്നറിയുന്നത്.


പിന്നീട് പതിറ്റാണ്ടുകളുടെ പ്രയത്‌നത്തില്‍... ഹോര്‍ത്തൂസിലെ മുഴുവന്‍ സസ്യങ്ങളേയും കണ്ടെത്താനും അവയെ വര്‍ഗ്ഗീകരിക്കാനുമായി. ഒപ്പം ലാറ്റിന്‍ ഭാഷയില്‍ സാമാന്യ ജ്ഞാനം നേടി മൊഴിമാറ്റവും. ഇതോടൊപ്പം സഹായത്തിനുണ്ടായിരുന്ന സുകുമാര്‍ അഴീക്കോട് അടക്കമുള്ള സുഹൃത്തുക്കളേയും ശിഷ്യരേയും കാണാം. പിന്നീട് കേരള സര്‍വ്വകലാശാല പ്രസിദ്ധികരിക്കാന്‍ സന്നദ്ധ പ്രകടിപ്പിച്ചതും അതു പിന്നീട് എന്തായി തീര്‍ന്നുവെന്നുമുള്ളതിന്റെ ചരിത്രവും. പുസ്തകം രചിക്കാന്‍ തയ്യാറായ വാന്‍ റീഡിന് മൂന്നുനൂറ്റാണ്ടു മുമ്പുണ്ടായ പ്രതിസന്ധികള്‍ക്ക് സമാനമായ കാര്യങ്ങള്‍ തന്നെയാണ് ഡോ. കെ എസ് മണിലാലും നേരിട്ടത്. കാലം മാറുന്നു, ദേശം മാറുന്നു, ചുറ്റുമുള്ളവര്‍ മാറുന്നു എന്നു മാത്രം.

ഹരിതഭൂപടത്തിന്റെ കവറില്‍ ഹോര്‍ത്തൂസിലെ ഒട്ടേറെ ചിത്രങ്ങളുണ്ട്. കൂട്ടത്തില്‍ അവയ്ക്കു മുകളില്‍ വീണുകിടക്കുന്ന വിശറിപോലൊരു പച്ചില. പച്ചിലയെ എത്രനേരം നോക്കിയിരുന്നുവെന്നറിയില്ല. കുടങ്ങലിന്റെ ഇലയോട് സാമ്യമുള്ള ഇല.. എന്നാല്‍ അതിലെ നേരിയ കറുത്ത വരകള്‍ ചിത്രകാരന്റെ ഭാവനയാവാമെന്ന് കരുതുകയായിരുന്നു. പക്ഷേ, അത് രണ്ടാം പിറവിയുടെ കഥ പറയുന്ന ഇലയാണെന്നറിഞ്ഞു. ജിന്‍കോ ബിലോബ (Ginkgo bilobo). ഇതിനൊരു ചരിത്രമുണ്ട്. ജപ്പാനിലെ ഹിരോഷിമയില്‍ 1945 ല്‍ അമേരിക്ക ബോംബിട്ടപ്പോള്‍ അവിടുള്ള സര്‍വ്വതും നശിച്ചു. സര്‍വ്വനാശത്തിന്റെ വേദിയില്‍ നിന്ന് ആദ്യം മുളച്ചു വന്നത് മരമായിരുന്നു. അതിനാല്‍, 'പ്രതീക്ഷയുടെ മര'മെന്നൊരു പേര് ജപ്പാന്‍കാര്‍ ഇതിന് നല്‍കിട്ടുണ്ട്. "ഹരിത ഭുപടം കെ എസ് മണിലാലും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാം പിറവിയും" എന്ന പുസ്തകത്തിന് ചിത്രം ഏന്തുകൊണ്ടും അര്‍ത്ഥവത്താണെന്ന് അത്ഭുതത്തോടെ അറിയുന്നു.


സസ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍, കേരളചരിത്രം പഠിക്കുന്നവര്‍, മലയാളഭാഷയുടെയും ലിപിയുടെയും പരിണാമം അറിയാനാഗ്രഹിക്കുന്നവര്‍, കേരളത്തിലെ പരമ്പരാഗത വൈദ്യവിജ്ഞാനം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍, അതുമല്ലെങ്കില്‍ അച്ചടിവിദ്യയുടെയും മുദ്രണസങ്കേതങ്ങളുടേയും വികാസപരിണാമ തേടിപ്പോകുന്നവര്‍-ഇതില്‍ ആര്‍ക്കാണ് ഹോര്‍ത്തൂസ് കൂടുതല്‍ പ്രയോജനം ചെയ്യുകയെന്നു പറയാനാകില്ല.

ഹരിതഭുപടം വായിച്ചു തീരുമ്പോള്‍ ഹോര്‍ത്തൂസ് മലബാറിക്കൂസ് സ്വന്തമായിട്ട് വേണമെന്നും അത് ഇംഗ്ലീഷിലൂടെ മലയാളിത്തിലെത്തിക്കുകയും എല്ലാസസ്യങ്ങളെയും തിരിച്ചറിഞ്ഞ് വര്‍ഗ്ഗീകരിക്കുകയും ചെയത ഡോ. കെ എസ് മണിലാലിനെ കാണണമെന്നും തോന്നുന്നത് സ്വാഭാവികം മാത്രം.

Thursday, April 3, 2014

മഞ്ഞവെയില്‍ മരണങ്ങള്‍


പുസ്തകം : മഞ്ഞവെയില്‍ മരണങ്ങള്‍
രചയിതാവ് : ബെന്യാമിന്‍

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : മൈന ഉമൈബാന്‍





റ്റയിരുപ്പിന് വായിച്ചു തീര്‍ത്ത പുസ്തകമേതെന്ന് ചോദിച്ചാല്‍ ഒറ്റ മറുപടിയേയുണ്ടാവൂ ബെന്യാമിന്റെ 'മഞ്ഞവെയില്‍ മരണങ്ങള്‍'.

നൂറുകൂട്ടം കാര്യങ്ങള്‍ക്കിടയില്‍ ഒറ്റയിരുപ്പെന്നു പറഞ്ഞാല്‍ ശരിയാവില്ല. പക്ഷേ, നേരം വെളുത്ത് ജോലിക്കു പോണോല്ലോ എന്ന സങ്കടത്തോടെയാണ് രാത്രി ഒരുമണിയോടെ പുസ്തകമടച്ചുവെച്ചത്. നേരം വെളുത്താല്‍ ബാക്കികൂടി തീര്‍ക്കണമെന്നൊക്കെയായിരുന്നു അപ്പോള്‍ ചിന്തിച്ചത്. പക്ഷേ, വീട്ടുജോലിക്കിടെ പറ്റിയില്ല. എന്നാലോ ഓഫീസിലേക്ക് പോകാന്‍ ബസ്സില്‍ കയറി ഒരു സീറ്റുകിട്ടിയപ്പോഴെ ചെയ്ത പരിപാടി മൊബൈലില്‍ Google ല്‍ Diego Garcia കണ്ടുപിടിക്കുകയായിരുന്നു. പക്ഷേ, അന്ത്രപ്പേറിനെ അവിടെ കണ്ടെത്താനായില്ല.

പുസ്തകം വായിച്ചു തീര്‍ന്നിട്ടും ഇതൊക്കെ തന്നെയാണ് ചെയ്തത്. അന്ത്രപ്പേര്‍ എന്ന് മലയാളത്തില്‍ Search ചെയ്തപ്പോള്‍ ആലപ്പുഴയിലെ ഏതൊക്കെയോ അന്ത്രപ്പേര്‍ ചരമവാര്‍ത്തകളിലേക്കാണ് പോയത്.

ആടുജീവിതവും ഈ നോവലും തമ്മില്‍ ഒരു സാമ്യവുമില്ല എന്നു തന്നെ പറയേണ്ടി വരും. എന്നാലോ ഓരോ പേജും നമ്മളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തും. ഇടയ്‌ക്കെവിടെനിന്നൊക്കെയോ ടി ഡി രാമകൃഷ്ണന്റെ ' ഫ്രാന്‍സിസ് ഇട്ടിക്കോര'യുടെ മണം വരും. അതുപക്ഷേ, അടുത്തു കാറ്റിന് പോവുകയും ചെയ്യും.

എഴുത്തുകാരനായ ബെന്യമിന്‍ തന്നെയാണ് ഇതിലെ ഒരു പ്രധാന കഥാപാത്രം. നോവലിനുള്ളിലെ മറ്റൊരു നോവല്‍. നോവലിസ്റ്റ് ആകാന്‍ മോഹിച്ച ഡീഗോ ദ്വീപു നിവാസിയായ അന്ത്രപ്പേര്‍ തന്റെ നോവല്‍ അല്ലെങ്കില്‍ ആത്മകഥയുടെ ഒരുഭാഗം ബെന്യാമിന് അയച്ചുകൊടുക്കുന്നു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കു വേണ്ടി് ബെന്യമിനും സംഘവും നടത്തുന്ന അന്വേഷണം ഒരു ഭാഗത്ത്.. സെന്തിലിന്റെ കൊലപാതകം അന്വേഷിച്ചു നടക്കുന്ന അന്ത്രപ്പേര്‍ മറ്റൊരിടത്ത്. ഒരിക്കല്‍ കിട്ടിയപോലാവില്ല മറ്റൊരിക്കല്‍ നോവല്‍ ഭാഗങ്ങള്‍ കിട്ടുന്നത്. ബ്ലോഗ്, ഓര്‍ക്കുട്ട്, ഫേസ്ബുക്ക് എല്ലാം ഇവിടുണ്ട്. ബെന്യാമിനും സുഹൃത്തുക്കളും ഉള്‍പ്പെടുന്ന വ്യാഴച്ചന്തയില്‍ ബ്ലോഗര്‍ നട്ടപ്പിരാന്തനും അംഗമാണ്.

ഡീഗോ ഗാര്‍ഷ്യയുടെ ചരിത്രവും വര്‍ത്തമാനവും, അന്ത്രപ്പേര്‍ കുടുംബത്തിന്റേയും സെന്തിലിന്റെ മരണത്തിന്റേയും എല്ലാംകൂടി ഉപ്പും മുളകും പുളിയും മധുരവുമെല്ലാം പാകത്തിന്... ഇതൊക്കെ സത്യമോ ഭാവനാസൃഷ്ടിയോ എന്നൊക്കെ തോന്നിപ്പോകും. എല്ലാം നേരുമാത്രമാണ് എന്ന് നൂറുവട്ടം തോന്നിപ്പോകും. എന്തുമാകട്ടെ, കഥ പറയുന്നതില്‍ അര്‍ത്ഥമില്ല. അത് വായിച്ചുതന്നെ അനുഭവിക്കണം.


വാക്കുകള്‍ ചിലനേരത്ത് അമ്പരപ്പിക്കുന്നു. കല്ലറയ്ക്കരുകില്‍ പോയ ഒരാളുടെ ചിന്തകള്‍ നോക്കു.(കല്ലറയ്ക്കുള്ളിലുള്ളവളുടെ പേര് ഇവിടെ അവള്‍ എന്നാക്കുന്നു) ഇളക്കിയ മണ്ണില്‍ ചെറുചെടികള്‍ നാമ്പു നീട്ടിയിരിക്കുന്നു. സിമന്റ് സ്ലാബില്‍ പായലിന്റെ കണികകള്‍ പച്ചപിടിച്ചു തുടങ്ങിയിരിക്കുന്നു. ലോകം കാണാനുള്ള ആര്‍ത്തിയില്‍ അവള്‍ കല്ലറയ്ക്കു പുറത്തേക്ക് എത്തിനോക്കുകയാണെന്നാണ് എനിക്ക് തോന്നിയത്. കുഞ്ഞിച്ചെടികളേ, നിങ്ങളാണോ അവളുടെ കണ്ണുകള്‍. നിങ്ങളാണോ അവള്‍ക്ക് ഭൂമിയിലെ വാര്‍ത്തകള്‍ പറഞ്ഞു കൊടുക്കുന്നത്. ഞാന്‍ ആ ചെടികളോട് ചോദിച്ചു. അവ അതെ എന്ന് തലയാട്ടി. ഞാന്‍ വന്ന കാര്യം അവളോടു പറയാമോ...? പറയാം പറയാം എന്നവ ഇലകള്‍ വിടര്‍ത്തി. ... മെഴുതിരികള്‍ തെളിച്ച് അവയ്ക്ക് സ്‌നേഹത്തിന്റെ വെളിച്ചം കൊടുത്തു. തിരിച്ചുപോരുമ്പോള്‍ ഇനിയും വരണേ വരണേ എന്ന് അവ എന്നോട് കരഞ്ഞു. ഞാനും.


പ്രിയപ്പെട്ട ബെന്യമിന്‍,

മോഹന്‍ദാസ് പുറമേരിയുടെ ആര്‍ക്കിപിലാഗോയ്ക്ക് അവാര്‍ഡുകിട്ടുമ്പോള്‍ അന്ത്രപ്പേറിന് അസൂയയും ദേഷ്യവും ഭ്രാന്തുവരെ വരുന്നുണ്ട്. മോഹനെ അപ്പോള്‍ കൈയ്യില്‍ കിട്ടിയാല്‍ കായലില്‍ മുക്കികൊല്ലുമായിരുന്നു. അത്രയ്ക്കും വൈരാഗ്യമാണ് തോന്നിയത്. ഫോണെടുത്ത് മോഹനെ വിളിച്ചത് പത്തു തെറി പറയാനായിരുന്നു. പക്ഷേ, പറഞ്ഞതത്രയും പൊള്ളയായ അഭിനന്ദന വാക്കുകളാണ്! സ്വയം ലജ്ജ തോന്നുന്ന അഭിനന്ദന വാക്കുകള്‍! അങ്ങനെയുള്ള അഭിനന്ദനവാക്കുകളല്ല. ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍.. മഞ്ഞവെയില്‍ മരണങ്ങള്‍ ആരെങ്കിലും പറഞ്ഞിട്ട് വായിക്കേണ്ടി വരാഞ്ഞത് ഭാഗ്യമായി കരുതുന്നു. അതിലേറെ സന്തോഷവും... അപ്പോള്‍ 'നെടുമ്പാശ്ശേരി' എവിടെ എന്നൊരു ചോദ്യം ബാക്കി കിടക്കുന്നുണ്ട്. ഇത്തിരി അസൂയ തോന്നിയത് 'വ്യാഴച്ചന്ത'യില്‍ അംഗമാകാനായില്ലല്ലോ എന്നതില്‍ മാത്രം.

Monday, October 14, 2013

I Am Nujood Age 10 Divorced

പുസ്തകം : I Am Nujood Age 10 Divorced
രചയിതാവ് : നുജൂദ് അലി / തയ്യാറാക്കിയത് : ഡെല്‍ഫിന്‍ മിനോയി
പ്രസാധകര്‍ :
അവലോകനം : മൈന ഉമൈബാന്‍



പൂങ്കുടിമനയില്‍ വെച്ച് നടന്ന മാനസീകാരോഗ്യ സെമിനാറില്‍ പങ്കെടുത്തിറങ്ങുമ്പോഴാണ് ഒരു പറ്റം വിദ്യാര്‍ത്ഥിനികള്‍ അവരുടെ സംശയങ്ങളും ജിജ്ഞാസകളുമായി മുന്നിലെത്തിയത്. അതിലൊരാള്‍ മാത്രം ഒറ്റയ്ക്കു സംസാരിക്കണമെന്നാശ്യപ്പെട്ടപ്പോള്‍ ശരിക്കും അമ്പരന്നുപോയി. എന്തായിരിക്കും കുട്ടിക്കു ചോദിക്കാനുള്ളത് എന്നോര്‍ത്തുകൊണ്ട് കുറച്ചു മാറി നിന്നു.

പത്താംക്ലാസ്സുകാരിയായ അവള്‍ക്ക് വീട്ടില്‍ കല്ല്യാണമാലോചിക്കുന്നു. സ്‌കൂളിലെ ടീച്ചര്‍മാരും സഹപാഠികളും കുറച്ചുകൂടി കഴിഞ്ഞിട്ടു പോരെ എന്നു ചോദിക്കുന്നു. ഇന്ത്യയില്‍ വിവാഹപ്രായം 18 ആണ്. നിനക്ക് 15 അല്ലേ, ആയിട്ടുള്ളു... എന്ന ചോദ്യത്തിന് പഠിച്ചിട്ടെന്തു ഗുണം എന്നാണ് അവള്‍ തിരിച്ചു ചോദിച്ചത്. അവളുടെ ഉമ്മയും ചെറിയ ക്ലാസ്സുവരെയെ പഠിച്ചിട്ടുള്ളു. പഠിച്ചാല്‍ തന്നെ കുടുംബത്തിലെ ആണുങ്ങള്‍ ജോലിക്ക് വിടില്ല.അവളത് പറയുമ്പോള്‍ വിവാഹത്തെ സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് തിളങ്ങുന്ന കണ്ണുകള്‍ പറഞ്ഞു. പഠിക്കുന്നത് ജോലികിട്ടാന്‍ മാത്രമല്ല.. ലോകത്തെ അറിയാനും നിന്റെ മക്കള്‍ക്കു തന്നെ നല്ല ദിശാബോധം നല്കാനുമാണെന്നൊക്കെ പറഞ്ഞു നോക്കി. പക്ഷേ, ചെറുപ്രായത്തില്‍ വിവാഹം കഴിച്ചാല്‍ എന്താണ് കുഴപ്പം എന്ന മട്ടില്‍ തന്നെ അവള്‍ നിന്നു. അവളുടെ മനസ്സില്‍ വിവാഹം മാത്രമേയുള്ളു എന്ന് വ്യക്തമായി കഴിഞ്ഞിരുന്നു.

മലപ്പുറത്തെ അധ്യാപകരായ സുഹൃത്തുക്കള്‍ ഹൈസ്‌കൂള്‍ ക്ലാസ്സിലെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. ആരോഗ്യവകുപ്പില്‍ ജോലിനോക്കുന്ന അവിവാഹിതനായ 33 കാരന്‍ സുഹൃത്ത് പറയാറുണ്ട് അവന്റെ സഹപാഠികളില്‍ പലരും പേരക്കുട്ടികളുമായാണ് ആശുപത്രിയില്‍ വരുന്നതെന്ന്.

കുട്ടികള്‍ കുട്ടികളെ പ്രസവിക്കുന്ന കാലം...

കുട്ടിത്തം വിട്ടുമാറാത്ത ഇവര്‍ വിവാഹമെന്ന ആഘോഷത്തെയാണ് സ്വപ്‌നം കാണുന്നത്. അതിനപ്പുറമുള്ള ജീവിതത്തിന്റെ പരുക്കന്‍ വശം തിരിച്ചറിയുന്നേയില്ല. അല്ലെങ്കില്‍ അതിനുള്ള പ്രായമാകുന്നില്ല. 13 നും 17 നും ഇടയില്‍ വിവാഹം കഴിഞ്ഞ എത്രയോ പെണ്‍കുട്ടികളെ അറിയാം. അവരുടെ പ്രയാസങ്ങള്‍ നേരിട്ടു കണ്ടിട്ടുണ്ട്.

കുറച്ചു ദിവസം മുമ്പ് വന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി കൂടി ഇവിടെ കൂട്ടി വായിക്കാമെന്നു തോന്നുന്നു. ലൈംഗികപ്രായപൂര്‍ത്തിയായെങ്കില്‍ മുസ്ലീം പെണ്‍കുട്ടിക്ക് 15വയസ്സില്‍ വിവാഹം കഴിക്കാമെന്നാണ് ഹൈക്കോടതി ഒരു ഉത്തരവിലൂടെ പറയുന്നത്. അത് നീതികരിക്കാനാവുമോ?
ഇന്ത്യയിലെ പൗരനുള്ള പ്രായപൂര്‍ത്തി നിയമം തന്നെയാണ് ഇക്കാര്യത്തിലും ഉണ്ടാകേണ്ടതെന്നും അതിന് ഇസ്ലാമികനിയമത്തെ കൂട്ടുപിടിക്കാന്‍ പാടില്ല എന്നും ആഗ്രഹിക്കുന്നു.

അടുത്തിടെ ഒരു വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ ബന്ധു തൊട്ടടുത്തിരുന്ന പതിനഞ്ചുകാരി പെണ്‍കുട്ടിയെ തൊട്ടു പറഞ്ഞു ഇവളുടെ വിവാഹമുറപ്പിച്ചുവെന്ന്. കേട്ടപ്പോള്‍ എനിക്കൊട്ടും സന്തോഷം തോന്നിയില്ല. പൊന്നും പണവും ഒന്നും വേണ്ടെന്ന്, പറ്റുന്നത് തന്നാല്‍ മതിയെന്നു പറഞ്ഞപ്പോള്‍ വീട്ടുകാരുറപ്പിച്ചത്രേ.. രണ്ടോ മൂന്നോ കൊല്ലം കാത്തിരുന്നാല്‍ ഇതേപോലൊരു ബന്ധം കിട്ടുമോ? എത്ര പൊന്നും പണവും നല്‍കേണ്ടി വരും?

പെണ്‍കുട്ടിയുടെ മുഖത്തേക്ക് നോക്കിയിരിന്നപ്പോള്‍ അവള്‍ക്കും നൂജൂദിനും ഒരേ ഛായ.

നുജൂദ് ലോകത്തെ ഏറ്റവും പ്രായകുറഞ്ഞ വിവാഹമോചിതയാണ്. 10 വയസ്സ്. യെമനി പെണ്‍കുട്ടിയെ 10 വയസ്സിലാണ് അവളുടെ അബ്ബ മൂന്നിരട്ടിപ്രായമുള്ളരൊള്‍ക്ക് നിക്കാഹ് ചെയ്തു കൊടുത്തത്. അവളാണെങ്കിലോ അന്ന് രണ്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. കടല്‍ കണ്ടിട്ടില്ലെങ്കിലും അവള്‍ സ്വയം കടലാമയാണെന്ന് സങ്കല്പിച്ചു. അവളുടെ കൂട്ടുകാരി മലക് ഒരു കടല്‍കക്കകൊണ്ടുവന്ന് അവളുടെ ചെവിയിലേക്ക് ചേര്‍ത്തുവെച്ച് കടലിരമ്പം കേള്‍പ്പിച്ചുകൊടുത്തു. ഒരു പൂമ്പാറ്റയെപ്പോലെ പാറി നടക്കാന്‍ അവളാഗ്രഹിച്ചു. അവള്‍ക്ക് ഒളിച്ചു കളിക്കാനും ചോക്ലേറ്റു തിന്നാനും നിറങ്ങള്‍ ചാലിച്ച് ചിത്രം വരയ്ക്കാനും ഇഷ്ടമായിരുന്നു.

നുജൂദിന്റെ ഉമ്മ 16 പ്രസവിച്ചു. നാലുപേര്‍ മരിച്ചുപോയി. അബ്ബയ്ക്ക് വലിയൊരു കുടുംബത്തെപ്പോറ്റാനുള്ള കഴിവുണ്ടായിരുന്നില്ല. കുട്ടികള്‍ പിച്ചതെണ്ടി നടന്നു. ഒന്നുരണ്ടുവട്ടം നുജൂദും. അബ്ബ ഖാട്ടും ചവച്ച് തെരുവില്‍ രസമായിരുന്നൊരു ദിവസം ഒരാള്‍ വന്നു ചോദിച്ചു' നമ്മുടെ രണ്ടു കുടുംബങ്ങളും തമ്മില്‍ ബന്ധപ്പെടണമെന്നാണെന്റെ ആഗ്രഹം' അബ്ബ നിമിഷം സമ്മതം മൂളി. പതിമൂന്നുവയസ്സില്‍ ബലാത്സംഗത്തിലൂടെ മാനം നിലനിര്‍ത്താന്‍ വിവാഹം കഴിക്കേണ്ടി വന്ന നൂജൂദിന്റെ ചേച്ചി മോന അബ്ബയോട് കയര്‍ത്തു. അവള്‍ തീരെ ചെറുപ്പമാണെന്നു പറഞ്ഞ്... പ്രവാചകന്‍ ഐഷയെ വിവാഹം ചെയ്യുമ്പോള്‍ അവള്‍ക്ക് വയസ്സ് ഒമ്പതേ ആയിരുന്നുവുള്ളു എന്നാണ് അബ്ബ ന്യായം പറഞ്ഞത്. വിവാഹമെന്നാല്‍ നുജൂദ് ആഘോഷമാണെന്നു മാത്രമേ അറിഞ്ഞുള്ളു. കൈ നിറയെ മൈലാഞ്ചി... സനാനയിലെ തെരുവിലൂടെ പോകുമ്പോള്‍ ചില്ലിട്ട കടകളില്‍ കണ്ട വെളുത്ത വിവാഹവസ്ത്രം... പക്ഷേ, അതുപോലുമവള്‍ക്ക് കിട്ടിയില്ല. ഭര്‍തൃസഹോദരന്റെ ഭാര്യയുടെ വിയര്‍പ്പു നാറുന്ന കുപ്പായമായിരുന്നു അവള്‍ക്കു കിട്ടിയത് . അത് അവളേയും കവിഞ്ഞു കിടന്നു. ഉമ്മയ്ക്ക് ഒരക്ഷരം പോലും എതിര്‍ത്തു പറയാനുള്ളു അവകാശമില്ലായിരുന്നു. വിധിപോലെ വരട്ടെ എന്ന വിധേയത്വമായിരുന്നു അവരുടെ മുഖത്ത്. എന്നിട്ടും അവര്‍ നുജൂദിന്റെ പ്രായത്തെക്കുറിച്ച് ഓര്‍മപ്പെടുത്തി. ഋതുമതിയായ ശേഷം മാത്രമേ അവന്‍ അവളേ തൊടൂ എന്ന് വാക്ക് തന്നിട്ടുണ്ടെന്ന് അബ്ബ ഉമ്മയോട് പറഞ്ഞു.

പക്ഷേ, ആദ്യരാത്രിയിലെ ക്രൂരമായ ബലാത്സംഗം... രക്ഷിക്കണേ എന്നു പറഞ്ഞു കരഞ്ഞിട്ട് ആരും വന്നില്ല. എപ്പോഴോ ബോധം പോയിരുന്നു. അമ്മായിയമ്മയും ഭര്‍തൃസഹോദര ഭാര്യയും കൂടി നഗ്‌നയായിക്കിടന്നിരുന്ന അവളെ തട്ടിവിളിച്ചുണര്‍ത്തി. മെത്തയില്‍ ഇത്തിരി രക്തം. അവര്‍ 'അഭിനന്ദനങ്ങള്‍' എന്നു പറഞ്ഞ് അവളെ ഒരു ചാക്കുകെട്ടന്നോണം പൊക്കിയെടുത്തുകൊണ്ടുപോയി കുളിമുറിയിലിരുത്തി തണുത്തവെള്ളം കോരിയൊഴിച്ചു. അപ്പോഴും അവര്‍ പറഞ്ഞുകൊണ്ടിരുന്നു... 'അഭിനന്ദനങ്ങള്‍'...!

സമപ്രായക്കാരായ കുട്ടികളോടൊത്ത് കളിക്കുവാന്‍ അവള്‍ ആഗ്രഹിച്ചു. അമ്മായിയമ്മയും ഭര്‍ത്താവും അവളെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു. എങ്ങനെയും രക്ഷപെട്ടാല്‍ മതിയെന്നായിരുന്നു അവള്‍ക്ക്... രണ്ടുദിവസത്തേക്ക് വീട്ടിലേക്ക് പോകാന്‍ അനുവാദം കിട്ടിയപ്പോള്‍ അവള്‍ ആഹ്ലാദിച്ചു. അബ്ബയോടവള്‍ മടങ്ങിപ്പോകില്ല എന്നു പറഞ്ഞിട്ട് ഒരു കുലുക്കവുമുണ്ടായില്ല. ഉമ്മ ഇതാണ് ജീവിതമെന്ന് അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല എന്നു തോന്നിയ അവള്‍ അവസാനത്തെ രക്ഷയ്‌ക്കെത്തിയത് അബ്ബയുടെ രണ്ടാംഭാര്യയായിരുന്ന ദൗലയുടെ അടുത്തായിരുന്നു. അവര്‍ക്ക് അഞ്ചുമക്കളുണ്ടായിരുന്നു. അവരെയും കുഞ്ഞുങ്ങളെയും അയാള്‍ പൂര്‍ണ്ണമായും അവഗണിച്ചിരുന്നു. അവര്‍ പിച്ചതെണ്ടിയായിരുന്നു ജീവിച്ചിരുന്നത്. അവരാണ് കോടതിയില്‍ പോയി ജഡ്ജിയോട് വിവാഹമോചനം ആവശ്യപ്പെടാന്‍ അവള്‍ക്ക ധൈര്യം പകര്‍ന്നത്.

പിറ്റേന്നവള്‍ അതു തന്നെ ചെയ്തു. തനിച്ച് യാത്രചെയ്ത് എങ്ങനെയൊക്കെയോ ജഡ്ജിയുടെ മുമ്പിലെത്തി... ഷാദ എന്ന നല്ല വക്കീലിനെ അവള്‍ക്കു കിട്ടി. വിവഹമോചനം അത്ര എളുപ്പമായിരുന്നില്ല. എന്നിട്ടും അവള്‍ വിവാഹമോചിതയായി. അതോടെ ലോക ശ്രദ്ധനേടി. ഒരുപാടുപേര്‍ സഹായഹസ്തവുമായി വന്നു. അവളും അനിയത്തിയും തുടര്‍ന്നും സ്‌കൂളില്‍ ചേര്‍ന്നു. അവള്‍ക്ക് ഷാദയെപ്പോലെ വക്കീലാകണമെന്നാണാഗ്രഹം.

വിവാഹമോചനം നേടി പുറത്തിറങ്ങുമ്പോള്‍ ഷാദയോട് അവള്‍ പറഞ്ഞത് എനിക്കു കുറച്ചു കളിപ്പാട്ടങ്ങള്‍ വേണമെന്നും കുറച്ച് മിഠായിയും കേക്കും തിന്നണമെന്നുമാണ്. നുജൂദിന്റെ കേസോടെ വേറെയും പെണ്‍കുട്ടികള്‍ കോടതിയെ സമീപിച്ചു. യെമനില്‍ വിവാഹപ്രായം 17 വയസ്സ് എന്ന നിയമമുണ്ടായി. യെമനിലെ നാട്ടിന്‍ പുറങ്ങളില്‍ ഒരു പഴഞ്ചൊല്ലുണ്ട്.' സുഖകരമായ ദാമ്പത്യം ഉറപ്പു വരുത്താന്‍ ഒന്‍പതുവയസ്സായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുക'

നുജൂദിന്റെ കഥ നമ്മള്‍ വായിക്കും. അത് പങ്കുവെയ്ക്കും. എന്തൊരു കഷ്ടം എന്ന് മൂക്കത്ത് വിരല്‍വെയ്ക്കും. കുറച്ചു കഴിയുമ്പോള്‍ മറക്കുകയും ചെയ്യും.

എന്നാല്‍ നമുക്കു മുന്നില്‍ എത്രയെത്ര നുജൂദുമാരാണ്. അവളേക്കാള്‍ അല്പം കൂടു പ്രായക്കൂടുതലുണ്ടാവാം. ദാരിദ്ര്യവും നാട്ടാചാരങ്ങളുമാണ് നുജൂദുമാരെ സൃഷ്ടിക്കുന്നത്. നമ്മുടെ നാട്ടില്‍ തന്നെ ഒരു കണക്കെടുത്താല്‍ ശരാശരി ജീവിതനിലാവാരത്തിനു മുകളിലുള്ളവരില്‍ ശൈശവവിവാഹം ഇല്ലെന്നു കാണാം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്ക്കുന്നവരില്‍...

ഈയവസ്ഥ മലപ്പുറം ജില്ലയില്‍ മുസ്ലീങ്ങള്‍ക്കിടയിലാണെങ്കില്‍ മറ്റു പലയിടത്തും ആദിവാസി ഗോത്രങ്ങളിലും മറ്റു മതങ്ങളിലുമുണ്ട്. ഞാന്‍ ജനിച്ചു വളര്‍ന്ന ഇടുക്കിജില്ലയിലെ ഗ്രാമത്തില്‍ 90% വും ദരിദ്രരായിരുന്നു. പക്ഷേ, മുസ്ലീങ്ങള്‍ക്കിടയില്‍ 20 വയസ്സിനു മുകളിലായിരുന്നു പെണ്‍കുട്ടികളുടെ വിവാഹപ്രായം. അപൂര്‍വ്വമായിട്ടായിരുന്നു പതിനെട്ടു വയസ്സില്‍ തന്നെ നടന്നിരുന്നത്. ഇതു കാണിക്കുന്നത് ഒരേ മതത്തിന്റെ നാട്ടാചാരങ്ങള്‍, പൊതുബോധം ഒരുപോലെയല്ലെന്നു തന്നെയാണ്. അതുകൊണ്ടു തന്നെ ബഹുഭാര്യത്വം തീരെയില്ലായിരുന്നു. വിവാഹമോചനങ്ങളും കുറവ്. മാത്രമല്ല അവിടെ സ്ത്രീക്ക് താരതമ്യേന തീരുമാനമെടുക്കാനുള്ള പ്രാപ്തിയും സ്വാതന്ത്ര്യവുമുണ്ടായിരുന്നു. അത് വിദ്യാഭ്യാസത്തിലൂടെയും പൊതുബോധത്തിലൂടെയും പ്രായപൂര്‍ത്തിയായുള്ള വിവാഹത്തിലൂടെയും അവള്‍ നേടിയെടുത്തതാണ്.

രണ്ടാം ക്ലാസ്സിലായിരുന്നപ്പോള്‍, സഹപാഠികള്‍ക്കെല്ലാവര്‍ക്കും സിന്ധുവിനെ പേടിയായിരുന്നു. അരുകിലിരിക്കുന്നവരെ അവള്‍ എപ്പോഴും നുള്ളിപ്പറിച്ചുക്കൊണ്ടിരുന്നു. അതുകൊണ്ട് സഹപാഠികള്‍ അവള്‍ക്കൊപ്പമിരിക്കാന്‍ പേടിച്ചു. തിരിച്ചൊന്നു കൊടുത്താല്‍ നുള്ളിയും കടിച്ചുമവള്‍ കൊന്നുകളഞ്ഞേക്കും...അവള്‍ക്ക് ഞങ്ങളേക്കാള്‍ വലിപ്പമുണ്ടായിരുന്നോ എന്നോര്‍മയില്ല. ഇല്ലെന്നാണ് തോന്നല്‍. ഒരുപക്ഷേ, ഒന്നോ രണ്ടോ വയസ്സു കൂടുതലുണ്ടായിരുന്നിരിക്കാം. അവള്‍ ചെറുപ്പം മുതല്‍ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. ഋതുമതിയായ ഉടനെ അവള്‍ അമ്മയായി. സ്‌കൂള്‍ പഠനം നിലച്ചു.

ഞങ്ങള്‍ കൊച്ചുപാവാടയും ബ്ലൗസുമൊക്കെയിട്ട് സ്‌കൂളിലും പറമ്പുകളിലും പുഴയോരത്തും തുള്ളിച്ചാടി നടക്കുമ്പോള്‍ അവള്‍ നീളന്‍ബ്ലൗസും ലുങ്കിയുമടുത്ത് തോളത്തൊരു തോര്‍ത്തുമിട്ട് കൈയ്യിലൊരു അരിവാളുമായി പണിക്കു പോകുന്നത് കാണാമായിരുന്നു. മുതിര്‍ന്നവരുടെ വേഷം അവള്‍ ധരിച്ചപ്പോള്‍ പ്രച്ഛന്നവേഷമത്സരത്തിനു നില്ക്കുന്നപോലെയേ തോന്നിയുള്ളു.

ഏഴാം ക്ലാസിലെ കൂട്ടുകാരിയായിരുന്നവളുടെ വിവാഹം പെട്ടെന്നാണ് നടന്നത്. അവള്‍ക്കും ഒരുവര്‍ഷത്തിനകം ഒരു കുഞ്ഞുണ്ടായി. കളിച്ചു നടക്കേണ്ട പ്രായത്തില്‍ കുടുംബപ്രാരാബ്ധത്തില്‍ മുങ്ങിപ്പോയി അവള്‍. പിന്നെയുമുണ്ടായിരുന്നു അതുപോലെ ചിലര്‍. അതിലൊരാള്‍ക്ക് 15 വയസ്സായിരുന്നു. ഭര്‍ത്താവിന് മുപ്പത്തിയെട്ടും. അവളെ കൊച്ചുകുഞ്ഞിനെ എന്നപോലെ അയാള്‍ നോക്കിക്കോളുമെന്ന് ആരോ പറഞ്ഞത് ഓര്‍ക്കുന്നു. അവളുടെ വീട്ടില്‍ മൂന്നു പെണ്‍കുട്ടികളായിരുന്നു. ആദ്യത്തെ ആളെ ഒഴിവായിക്കിട്ടിയാല്‍ അത്രയും ഭാരം കുറഞ്ഞു.

നൂജൂദിന്റെ അബ്ബയും അതാണ് പറഞ്ഞത്.. 'ഇതു നടക്കുകയാണെങ്കില്‍ ഒരു വായ കുറഞ്ഞു കിട്ടും. അത്ര തന്നെ' എന്ന്. ഒരു ഭാരം ഒഴിവാക്കാന്‍ കൈയ്യില്‍ കിട്ടുന്ന ആദ്യ അവസരം പലരും ഉപയോഗപ്പെടുത്തുന്നു. യെമനിപ്പെണ്‍കുട്ടിയുടെ അനുഭവം വായിക്കുമ്പോള്‍ അവിടെ സ്ത്രീകളുടെ സാക്ഷരത 30% മാത്രമാണ്. എന്നാല്‍ സമ്പൂര്‍ണ്ണ സാക്ഷരരെന്ന് അവകാശപ്പെടുന്ന നമുക്കിടയിലോ?
അക്ഷരം പഠിച്ച് ബിരുദം നേടിയിട്ട് കാര്യമില്ല. മാനസിക വളര്‍ച്ചകൂടി ഉണ്ടാകേണ്ടിയിരിക്കുന്നു.

നമ്മുടെ നാട്ടില്‍ വിവാഹത്തിന് സ്ത്രീക്കും പുരുഷനും നിയമപരമായി പ്രായം പറഞ്ഞുവെച്ചിട്ടുണ്ട്. എന്നിട്ടും നമ്മുടെ കണ്‍മുമ്പില്‍ പതിനെട്ടു തികയാത്ത പെണ്‍കുട്ടികളുടെ വിവാഹം നടക്കുമ്പോള്‍ കണ്ണടച്ചു കളയും. നമ്മളായിട്ട് ഒരു കുട്ടിയുടെ ഭാവി തകര്‍ക്കണ്ട എന്നും മറ്റൊരു ഭാവിയുണ്ടാക്കികൊടുക്കാന്‍ നമുക്കാവില്ല എന്നും. അല്ലെങ്കില്‍ അവനവന്‍ അവനവനിലേക്കൊതുങ്ങുമ്പോള്‍ ചുറ്റുപാടിലേക്ക് നോക്കുന്നതെന്തിനെന്ന തോന്നല്‍... സ്ത്രീധനംപോലുള്ള നാട്ടാചാരങ്ങളുടെ പിടിയിലമര്‍ന്നു പോകുന്നു നമ്മുടെ കുഞ്ഞുകുട്ടികളുടെ കളിയും ചിരിയും ഭാവിയും.

ശരിയായ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്ന പൊതുബോധത്തിലൂടെ മാത്രമേ സത്രീ സ്വാതന്ത്ര്യത്തിലേക്കും അതുവഴി സമത്വത്തിലേക്കും എത്താനാവൂ.

നുജൂദിന് പത്തുവയസ്സേയുണ്ടായിരുന്നുളളു. എന്നിട്ടും രക്ഷപെടണമെന്നു തോന്നി അവള്‍ ധൈര്യപൂര്‍വ്വം കോടതിയിലേക്ക് കയറിച്ചെന്നു. 2008 ല്‍ ന്യൂയോര്‍ക്കിലെ ഗ്ലാമര്‍ മാസിക വര്‍ഷത്തെ വനിതയായി അവളെ തെരഞ്ഞെടുത്തു. അവള്‍ ബഹുമതി പങ്കുവെയ്ക്കുന്നത് അതിപ്രശസ്തകളായ ചിലരോടൊപ്പമാണ്. സിനിമാനടി നിക്കോള്‍ കിഡ്മാന്‍, സെനറ്റര്‍ ഹില്ലാരി ക്ലിന്റണ്‍, കോണ്ടലീസ്സാ റൈസ് എന്നിവരോടൊത്ത്. ഇന്നലെവരെ ഒരു ദീരാചാരത്തിന് ഇരയായി ആരോരുമറിയാതെ കഴിഞ്ഞവള്‍. ഇന്ന് പെട്ടെന്ന് ധീരവനിതയുടെ പദവിയേലേക്കുയര്‍ന്നു. അവള്‍ക്ക് ഒരേയൊരു മോഹമേയുള്ളു. ഒരു സാധാരണ പെണ്‍കുട്ടിയായി തിരിച്ചുവരിക.

I Am Nujood Age 10 Divorced (ഞാന്‍ നുജൂദ്, വയസ്സ് 10 വിവാഹമോചിത) എന്ന പുസ്തകം ഡെല്‍ഫിന്‍ മിനോയി അവളില്‍ നിന്ന് കേട്ടെഴുതിയതാണ്. തുടക്കത്തില്‍ 16 ഭാഷകളില്‍ പ്രസിദ്ധീകരിച്ചു. പുസ്തകത്തില്‍ നിന്നു കിട്ടുന്ന വരുമാനം അവളുടേയും അനിയത്തിയുടേയും പഠിത്ത ചിലവിനാണ് ഉപയോഗിക്കുന്നത്. പിന്നെ, വാടക, ഭക്ഷണം, വസ്ത്രം തുടങ്ങിയ കാര്യങ്ങള്‍ക്കും... നമ്മുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ എത്രപേര്‍ക്ക് നുജൂദിന്റെ ധൈര്യമുണ്ടാവും എന്നാലോചിച്ചു പോകുന്നു.