Friday, May 30, 2014

ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്തില്‍ ഒരു കാക്ക


പുസ്തകം : ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്തില്‍ ഒരു കാക്ക
രചയിതാവ് : മനോരാജ്
പ്രസാധകര്‍ : സൈകതം ബുക്സ് , കോതമംഗലം

അവലോകനം : സിജു രാജക്കാട്
വില : 75 രൂപ
സാഹിത്യത്തിലെ കാകധര്‍മ്മം

ടുത്ത ജീവിത നൊമ്പരങ്ങളുടെ മുള്‍പ്പടര്‍പ്പില്‍ വിരിഞ്ഞ മുന്തിരിപ്പൂക്കളാണ് മനോരാജിന്റെ ‘ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്തില്‍ ഒരു കാക്ക’ എന്ന കഥാസമാഹാരത്തിലെ പതിനഞ്ച് കഥകള്‍. തിരക്കേറിയതും മലീമസവുമാ‍യ യന്ത്രവല്‍കൃത നാഗരീക ലോകത്ത് ഗ്രാമീണതയുടെ സൌന്ദര്യം പേറുന്ന കറുത്ത കാക്കയെ പ്രതിഷ്ഠിക്കുകയാണ് മനോരാജ് തന്റെ കഥകളിലൂടെ. നഗരത്തിന്റെ ചുറ്റും കാ .. കാ എന്നലറിക്കരഞ്ഞുകൊണ്ട് ഗതികിട്ടാതലയുന്ന അനാഥ രൂപമാണല്ലോ കാക്ക. എങ്കിലും അത് അവിടെ ഒരു ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നു. എല്ലാറ്റിനെയും സൂക്ഷ്മതയോടെ വീക്ഷിക്കുന്നു. മലിനമായ ഇടങ്ങളെ ശുചിയാക്കാന്‍ ശ്രമിക്കുന്നു. ഭൌതികവും ആന്തരീകവുമായ മലിനതകള്‍ സാംസ്കാരിക കേരളത്തെ ചീഞ്ഞുനാറുന്ന ചവറ്റുകൂനയാക്കുമ്പോള്‍ അതിനെ സാഹിത്യധര്‍മ്മം കൊണ്ട് ശുദ്ധീകരിക്കുക എന്ന കര്‍ത്തവ്യം നിര്‍വ്വഹിക്കുകയാണ് മനോരാജിലെ ‘കാക്കമനുഷ്യന്‍’

ആധുനിക ജീവിത ബിംബങ്ങളെപ്പോലും പിന്നിലാക്കിക്കൊണ്ട് ശരവേഗം പായുന്ന ശാസ്ത്രയുഗത്തില്‍ സ്വയം പരാജയപ്പെട്ടു പോകാതിരിക്കുവാന്‍ നന്മയും ഗ്രാമീണതയും അന്യം നിന്നു പോകാതിരിക്കാന്‍ കഠിനശ്രമം നടത്തുന്ന ഒരു സാത്വികനെയാണ് ‘ബാന്‍ഡ്‌വിഡ്തിലെ’ കഥാകാരനില്‍ കണ്ടെത്താന്‍ കഴിയുക. ചങ്കിന്‍‌കൂട് കുത്തിത്തുളച്ച് കൊണ്ട് ഉള്ളിലേക്ക് പാഞ്ഞുകയറി അവിടെ കൂടുകൂട്ടി മധുരം കിനിയുന്ന തേന്‍‌കണങ്ങള്‍ ഇറ്റിറ്റുവീഴിക്കുന്ന റേഡിയോ സംഗീതം നീറുന്ന വ്രണങ്ങളില്‍ പുരട്ടുന്ന ലേപനൌഷധം പോലെയാണ്, കാക്കയ്ക്ക് അനുഭവപ്പെടുന്നത്. അതുകൊണ്ട് മറ്റാരേക്കാളും റേഡിയോയെ സ്നേഹിക്കുന്നതും കാക്കതന്നെയാണ്. കഥയിലെ രണ്ട് വാചകങ്ങള്‍ ശ്രദ്ധിക്കുക. എപ്പോള്‍ റേഡിയോ ഓണ്‍ ചെയ്യുമ്പോഴും എവിടെ നിന്നെന്നറിയില്ല കാക്ക പറന്നുവന്ന് പേരാലില്‍ ഇരിക്കും. റേഡിയോ ഓഫ് ചെയ്താല്‍ കുറച്ചുസമയം അവിടെയിരുന്ന് ചിറകുകളില്‍ കൊക്കുരുമ്മി ഇടംവലം നോക്കി കരഞ്ഞു വിളിച്ച് പറന്നു പോകും... കൈമളും റേഡിയോയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടായിരുന്നു. സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിഞ്ഞു കഴിഞ്ഞപ്പോള്‍ ആ വീട്ടിലേക്ക് ആദ്യമായി വാങ്ങിയത് ഈ റേഡിയോ ആയിരുന്നു. ഒട്ടേറേ ഇലക്ട്രോണിക്സ് സാധനങ്ങള്‍ കാലാകാലങ്ങളായി വീട്ടിലെ ഓരോ മുറിയിലും ഇടം‌പിടിച്ചപ്പോഴും സ്വന്തം കട്ടിലിനോട് ചേര്‍ത്ത് കൈയെത്താവുന്ന അകലത്തില്‍ ഈ റേഡിയൊ കൈമള്‍ സ്ഥാപിച്ചിരുന്നു. അങ്ങനെ കൈമള്‍ ശ്രദ്ധയോടെ പരിപാലിച്ചിരുന്ന റേഡിയോയാണ് ഇപ്പോള്‍ രക്തയോട്ടം നിലച്ച് വിറങ്ങലിച്ച് ഇരിക്കുന്നത്. … നിങ്ങള്‍ക്കൊന്നും പറ്റിയില്ലെങ്കില്‍ ഞാന്‍ കൊണ്ടുപോയി ശരിയാക്കാം... ഒരു കാര്യത്തിനും സൂക്ഷ്മതയും ഉത്തരവാദിത്വവും ഇല്ലാതായിപ്പോയല്ലോ നിങ്ങള്‍ക്കൊക്കെ.. വീണ്ടും വീണ്ടും കാക്ക സാരിയുടെ കോന്തലയില്‍ ചുണ്ട് ചേര്‍ത്ത് വലിക്കാനും ഒച്ചവെക്കാനും തുടങ്ങി..” ഇവിടെ കാക്ക മനുഷ്യനെ ചില പാഠങ്ങള്‍ പഠിപ്പിക്കുന്ന ഉരു ആകുകയാണ്. മനുഷ്യന്‍, റേഡിയോ, കാക്ക തുടങ്ങിയ വിരുദ്ധ ബിംബങ്ങളെ കോര്‍ത്തിണക്കി കയ്പും മധുരവും ഇടകലര്‍ത്തി ഒരു കഷായ ചികത്സ നടത്തുകയാണ് മനോരാജ് തന്റെ കഥയില്‍.

കാല്പനികതയും യാഥാര്‍ത്ഥ്യവും ഇണചേര്‍ന്നു കിടക്കുകയാണ് മനോരാജിന്റെ മിക്ക കഥകളിലും. വൈകാരിക അഭാ‍വം പല കഥകളിലും നിഴലിച്ചു കിടക്കുന്നുണ്ട്. “എല്ലാത്തിലും ഒരു തരം മരവിപ്പാണ്” എന്ന് കഥാകാരന്‍ തന്റെ ആദ്യ കഥയില്‍ തന്നെ പ്രസ്താവിക്കുന്നു (ഹോളോബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം). നാം ഒരിക്കലും ആഗ്രഹിക്കാത്തതും, ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതുമായ വൃത്തികെട്ട ചില ദൃഷ്ടാന്തങ്ങള്‍ ദുഃസ്സഹമായ ഗന്ധം പരത്തുന്ന പുഴുത്ത വ്രണം പോലെ ‘ശവംനാറിപൂവ്’ പോലെയുള്ള ചില കഥകളില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. വര്‍ത്തമാ‍നകാലത്തിന്റെ കഴുകന്‍ കച്ചവടക്കണ്ണുകള്‍ മാതൃത്വത്തെപ്പോലും മലീമസമാക്കുന്നതെങ്ങനെയെന്ന് ‘പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്’ എന്ന കഥ പറഞ്ഞു തരുന്നു. ശ്രീ കെ.പി.രാമനുണ്ണി അവതാരികയില്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ ‘ഭീകരമാം വിധം നൃശംസതകള്‍ മാത്രം നിറയുന്ന ലോകത്ത് നന്മയും സ്നേഹവും കാരുണ്യവും പേര്‍ത്തും പേര്‍ത്തും ആവിഷ്കരിച്ചുകൊണ്ട് പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് മനോരാജിന്റെ രചനാതന്ത്രം’. പക്ഷേ, സാംസ്കാരിക രംഗം അത്യാസന്ന നിലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ എഴുത്തുകാര്‍ പ്രതിരോധം മാത്രം സൃഷ്ടിച്ചാല്‍ പോരാ, പ്രത്യാക്രമണം കൂടി നടത്തണമെന്നാണ് ഈയുള്ളവന്റെ അഭിപ്രായം.

തങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന ദൈവം ഹോളോബ്രിക്സിലാണ് വാര്‍ത്തെടുക്കപ്പെട്ടിരിക്കുന്നത് എന്ന തിരിച്ചറിവു പകരുന്ന (ഹോളോബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം) കഥാകാരന്‍ പക്ഷേ നിരീശ്വരനാകാന്‍ ഇഷ്ടപ്പെടുന്നില്ല. ഈശ്വരവിശ്വാസം തന്നെയാണ് മനോരാജിന്റെ പല കഥകളിലും ചാലകശക്തിയും നൊസ്റ്റാള്‍ജിയയും (അരൂപിയുടെ തിരുവെഴുത്തുകള്‍). പക്ഷേ ‘നടപ്പാതയില്‍ വീണുടയുന്ന സ്വപ്നങ്ങള്‍’ എന്ന കഥയില്‍ ആ ദൈവത്തിന് വില നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഇരുന്നൂറ് രൂപ. അതാണ് വിഗ്രഹം വില്‍ക്കുന്ന പെണ്‍കുട്ടി ദൈവത്തിന് ഇട്ടിരിക്കുന്ന വില. അവളുടെയും കുടുംബത്തിന്റെയും ഒരു ചാണ്‍ വയറിന്റെ അഥവാ വിശപ്പിന്റെ വില.

ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അച്ചിലിട്ടപോലത്തെ യന്ത്രഭാഷണമാണ് ‘ഒരു എക്സ്‌റേ മെഷിന്റെ ആത്മഗതം’. ബാന്‍ഡ്‌വിഡ്തിലെ കാക്ക പറന്ന് പറന്ന് ഇവിടം വരെയെത്തുമ്പോള്‍ മനോരാജ് കഥകളുടെ രൂപവും ഭാവവും മാറുന്നു. അത് അനുഭൂതിയുടെ വേറിട്ട ഒരു തലം സൃഷ്ടിക്കുന്നു.

പ്രണയിച്ച യുവാവിനെ വിവാഹം കഴിക്കാനാകാത്തതിന്റെ നിരാശയില്‍ ഹൃദ്രോഗിയായ ഭര്‍ത്താവിനെ വിട്ട് ആത്മഹത്യയില്‍ ശരണം പ്രാപിക്കാനിറങ്ങി പുറപ്പെട്ട അരുന്ധതി എന്ന യുവതിക്ക് തന്റെ പൂര്‍വ്വ കാമുകന്‍ തന്നെ ചതിക്കുകയായിരുന്നു എന്ന തിരിച്ചറിവ് തീവണ്ടിയുടെ ഹുങ്കാരശബ്ദത്തില്‍ നിന്നും ലഭിക്കുന്ന കഥയാണ് അരുന്ധതിയുടെ അന്നത്തെ ദിവസം. ഭൂതകാലത്തിന്റെ വിഴുപ്പുഭാണ്ഢം വഴിയില്‍ ഉപേക്ഷിച്ചിട്ട് വേണം യുവമിഥുനങ്ങള്‍ വിവാഹത്തിലേക്ക് പ്രവേശിക്കേണ്ടത് എന്നൊരു താക്കീതും കഥാകൃത്ത് ഈ കഥയിലൂടെ നല്‍കുന്നുണ്ട്. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് കൌമാരത്തിലെ ഇക്കിളിപ്പെടുത്തുന്ന സ്വപ്നങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നു പറയാനും മനോരാജ് ഈ കഥയെ ഉപയോഗപ്പെടുത്തുന്നു. രസകരമായ സ്വഭാ‍വ സവിശേഷതകളുള്ള നാട്ടിന്‍‌പുറം കഥാപാത്രം കുഞ്ഞപ്പന്റെ കഥയാണ് ‘ഉണങ്ങാത്ത മുറിവ്.’ കഥ അവസാനിക്കുമ്പോള്‍ ഇയാള്‍ നായികയുടെ മനസ്സില്‍ ഒരു ഉണങ്ങാത്ത മുറിവായി പഴുത്തു നില്‍ക്കുകയാണ്.

ബാലന്‍ എന്ന നാടക കലാകാരന്റെ നന്മയും കലാകാരന്മാര്‍ നേരിടുന്ന വെല്ലുവിളികളും കഷ്ടപ്പാടുകളും ശത്രുക്കളുടെ ആക്രമണവും കുടുംബജീവിതവും എല്ലാം നാ‍ടകീയമായും സമ്യക്കായും ആവിഷ്കരിച്ചിരിക്കുന്ന കഥയാണ് ‘ഗാന്ധര്‍വ്വമോക്ഷം’. അന്ത്യത്തില്‍ അല്പം അപൂര്‍ണ്ണതയും ഇടയ്ക്ക് അല്പം ഇഴച്ചിലും ഉണ്ടെന്ന് തോന്നിയേക്കാമെങ്കിലും അനുഭവഗന്ധിയായ കഥയാണിത്.

കഥയേക്കാളുപരി ഒരു തിരക്കഥയുടെ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് രചിക്കപ്പെട്ടതാണ് “ശവം‌നാറിപ്പൂവ്’ എന്നും പറയാം. കഥയുടെ സത്ത് മുഴുവന്‍ ആവാഹിച്ചെടുത്ത് ആരംഭിച്ചിരിക്കുന്ന ഈ കഥയുടെ ആദ്യവാക്യത്തില്‍ തന്നെ അതിന്റെ സൌന്ദര്യാത്മകത മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതായി കാണാം. ദുര്‍മൃത്യുവിനിരയായവരുടെ ശവം മറവ് ചെയ്യുന്ന കാളിയപ്പന്റെ കഥ ചിത്രം വരയ്ക്കുന്നത് പോലെ മനോരാജ് ആലേഖനം ചെയ്തിരിക്കുന്നു. മിത്തിന്റെ അനുഭവങ്ങള്‍ തോറ്റിയെടുത്ത ‘ശവംനാറിപ്പൂവ്’ , ചീഞ്ഞഴുകിയ ശവം പോലെ നാറുന്ന വികല ബന്ധങ്ങളുടെയും, ദുര്‍മരണങ്ങളുടെയും ഒരു വിലാപയാത്ര തന്നെ കാഴ്ചവയ്ക്കുകയാണ്. ശവത്തെ ബലാത്സംഗം ചെയ്യുന്നത് പോലെയുള്ള ക്രൂരമായ പീഡനം ഭര്‍ത്താവില്‍ നിന്നും ഏറ്റുവാങ്ങി ഭാര്യ കെട്ടിത്തൂങ്ങി ചത്ത് കിടക്കുമ്പോള്‍ തന്നെ തന്റെ മകളെ കാമപൂര്‍ത്തിക്കായി ഉപയോഗിക്കുന്ന കാളിയപ്പന്‍ അറപ്പുളവാക്കുന്ന കഥാപാത്രമാണ്. എങ്കിലും ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്തില്‍ ആ കഥ ഒരു തിലകക്കുറിയായി നിലകൊള്ളുന്നു. കൊള്ളാനും തള്ളാനുമാകാത്ത കഥ. അതാണ് ശവം നാറിപ്പൂവ്.

ആശുപത്രിയിലെ രോഗികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച സ്വാനുഭവത്തിന്റെ സ്ഫടികത്തില്‍ പ്രതിഫലിപ്പിക്കുന്ന കഥയാണ് ‘ആണ്‍ഞരമ്പുരോഗികളുടെ വാര്‍ഡ്’ . ഈ കഥ നമ്മുടെ സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്നു.

ജോലി നഷ്ടമായ സര്‍ക്കസ്സ് ജീവനക്കാരായ ദമ്പതിമാര്‍ ജീവിതം പച്ചക്ക് അഭിനയിക്കേണ്ടി വരുന്ന കഥപറയുകയാണ് ‘ജീവനകല’. ടെക്നോളജിയുടെ പരമാവധി ഉപയോഗവും ദുരുപയോഗവും ഈ കഥയില്‍ കാണാം. സ്വന്തം അമ്മയുടെ സപ്തതി ആഘോഷം വാടയ്ക്ക് ആളെകൊണ്ട് ചെയ്യിച്ച് അതുമുഴുവന്‍ ഗള്‍ഫിലിരുന്ന് ടിവി സ്ക്രീനിലൂടെ ലൈവായി വീക്ഷിച്ച് നിര്‍വൃതി കൊള്ളുന്ന മകനോട് അമ്മയുടെ കണ്ണീര് ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. ‘ടെക്നോളികൊണ്ട് പകരം വെക്കാവുന്നതാണോ മക്കളുടെ സ്നേഹം?” സ്വന്തം വൈകാരിക വിക്ഷോഭം ഗ്രന്ഥകര്‍ത്താവ് കഥാപാത്രങ്ങളില്‍ ആരോപിക്കുകയാണ് ഈ കഥയില്‍.

മറ്റുള്ളവരുടെ മരണത്തില്‍ നിന്നും ഒരു ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന ഇമ്മാനുവലിന്റെ കഥ പറയുകയാണ് ‘ശവക്കുഴിയിലേക്ക് വഴിക്കണ്ണുമായി’ എന്ന കഥ. “ഇന്നു ഞാന്‍ നാളെ നീ“ എന്ന ആപ്ത വാക്യവുമായി ആരംഭിക്കുന്ന കഥയില്‍ “കര്‍ത്താവേ, ആരെങ്കിലും ഒന്ന് മരിച്ചിരുന്നെങ്കില്‍..” എന്ന് ഒരു ശവപ്പെട്ടിക്കച്ചവടക്കാരന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു പോകുന്നെങ്കില്‍ അത് അയാളുടെ ഗതികേടുകൊണ്ടാവും.

അങ്ങിനെ ജീവിതത്തിന്റെ അകവും പുറവും മറുപുറവും വരച്ചുകാണിക്കുന്ന ഈ കഥാസമാഹാരം “മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ” എന്ന അനുഭൂതിയാണ് അനുവാചകരില്‍ സൃഷ്ടിക്കുന്നത്. 15 കഥകളേക്കാളുപരി ഒരു ചരടില്‍ കോര്‍ത്തിണക്കിയ പതിനഞ്ച് അധ്യായങ്ങളുള്ള ഒരു ഉത്തരാധുനിക നോവല്‍ അനുഭവം ഈ സമാഹാരം പ്രദാനം ചെയ്യുന്നുണ്ട്. മനോരാജിന്റെ ഈ കൃതി സാഹിത്യലോകം ചര്‍ച്ച ചെയ്യും എന്ന് തീര്‍ച്ച.

Monday, May 26, 2014

മഴപെയ്തു തോരുമ്പോൾ


പുസ്തകം : മഴപെയ്തു തോരുമ്പോൾ
രചയിതാവ് : ടി.ജി.വിജയകുമാര്‍
പ്രസാധകര്‍ : ലിപി പബ്ലിക്കേഷന്‍സ്
അവലോകനം : ഡോ. പി.സരസ്വതിചിരിപ്പിയ്ക്കുവാൻ കഴിയുന്നതിലും ശ്രമകരമാണ്‌ പുഞ്ചിരിപ്പിയ്ക്കുവാൻ. ചിരിയ്ക്കുക നീർപ്പോളപ്പോലെയാണ്‌. അങ്ങോട്ട്‌ അപ്രത്യക്ഷമാകും. പുഞ്ചിരിയോ? അതങ്ങനെ വളർന്ന്‌ വളർന്ന്‌ മുഖമാകെ പടർന്ന്‌ കണ്ണിലൊളിച്ച്‌ കാണുന്നവരെ സന്തോഷത്തിന്റെ നിലാവിൽ കുളിപ്പിയ്ക്കും. മഴ പെയ്തു തീരുമ്പോൾ എന്ന ടി.ജി. വിജയകുമാറിന്റെ പുസ്തകം വായിച്ചാൽ മനസ്സിൽ മൊട്ടിടുന്നത്‌ തണുത്ത പുഞ്ചിരിയാണ്‌ മഴയുടെ കുളിർമ്മപോലെ

ഇരുപത്തേഴ്‌ ലേഖനങ്ങളുടെ സമാഹാരമാണ്‌ മഴപെയ്തു തീരുമ്പോൾ. ലേഖനമെന്നല്ല സത്യത്തിൽ ഈ സൃഷ്ടിയ്ക്ക്‌ പേരിടേണ്ടത്‌. മനസ്സും മനസ്സും സംവേദിക്കുക എന്നതാണ്‌ പറ്റിയ പേര്‌. സാധാരണ ഉപന്യാസ രചയിതാക്കൾക്ക്‌ ഒരു മേലങ്കിയുണ്ട്‌. ഗൗരവത്തിന്റെയും വിരസതയുടേയും. പ്രോസ്‌- പ്രോസൈക' ആണെന്നല്ലേ പറയാറ്‌. പക്ഷേ വിജയകുമാറിന്‌ അത്തരമൊരു ആവരണമില്ല.

പുസ്തകത്തിന്റെ പുറകിൽ അദ്ദേഹത്തിന്റെ ഒരു ചിത്രമുണ്ട്‌. വിടർന്ന ചിരി. അതുകണ്ട്‌ നമ്മളും ചിരിയ്ക്കും. വിജയകുമാറിന്റെ ലേഖനത്തിലൊളിച്ചിരിയ്ക്കുന്നതും കണ്ണുകൾ ഒന്നിറുക്കിപ്പിടിച്ചുള്ള
മുഖഭാവം തന്നെ . ഞാനെല്ലാം കണ്ടു; അറിഞ്ഞു. നിങ്ങൾകണ്ടോ എന്ന ഭാവം.

തനിക്കനുഭവപ്പെട്ടതെല്ലാം രുചിച്ച്‌ ഏകദേശം അതിന്റെ ചേരുവകളെല്ലാം മനസ്സിലാക്കി കലാഭംഗിയോടെ വിളമ്പുന്ന പാചകക്കാരനാണ്‌ വിജയകുമാർ. 'ടോട്ടൽ 4 യു സിൻഡ്രോം' തുടങ്ങുന്നതിങ്ങനെ.... 'ഭാരതം വളരുകയാണ്‌. കേരളവും' തുടർന്ന്‌ ശബരീനാഥനേയും കടന്ന്‌ ഷെയർ മാർക്കറ്റിന്റേയും മ്യൂച്ചൽ ഫണ്ടിന്റേയും ലോകത്തേയ്ക്ക്‌. ധനകാര്യ വിദഗ്ദന്റെ പ്രൗഢിയോടെ വിശദമായ സമ്പട്‌വ്യവസ്ഥാ ചിന്തകൾ. 'ടോട്ടൽ 4 യു സിൻഡ്രോമി'ന്റെ ആന്റി ബയോട്ടിക്‌ കാലാകാലങ്ങളായി കേരളത്തിലേക്കെത്തിക്കൊണ്ടിരി ക്കുന്ന വിദേശപ്പണം ക്രിയാത്മകമായ വഴിക്ക്‌ തിരിച്ചു വിടലാണെന്നാണ്‌ വിജയകുമാറിന്റെ അഭിപ്രായം. ഏതൊരു ഭരണകൂടത്തേയും നേർവഴിക്ക്‌ നയിക്കാൻ ഈ വലിയ കൊച്ചുമനുഷ്യന്‌ കഴിഞ്ഞേക്കും. സമ്പത്തും മലയാളിയും പലലേഖനങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും കാണുന്നു. മോഹനവാഗ്ദാനങ്ങളിൽ കുടുങ്ങി ചിലന്തി വലയിൽപ്പെട്ട പാറ്റയെപ്പോലെ ജീവസത്തൂറ്റി പിടഞ്ഞു വീഴുന്ന മലയാളികൾ വിജയകുമാറിന്റെ ദൃഷ്ടിപഥത്തിലുണ്ട്‌. 'അഹന്തയ്ക്കുണ്ടോ മറു മരുന്ന്‌' നഷ്ടബോധ ത്തിന്റെ നെടുവീർപ്പാണ്‌.

ഒരുകാലത്ത്‌ കേരളത്തിന്റെ ഉയിർപ്പും കിതപ്പുമായിരുന്ന ചായക്കടകൾ സാമൂഹ്യവിമർശനത്തിന്റെ കളിത്തൊട്ടിലായിരുന്നു. ഇന്നതൊന്നും ഇല്ല. വിശപ്പിന്റെ മുന്നിൽ ആദർശങ്ങൾ അടിയറവു പറയുന്ന ഇക്കാലത്ത്‌ ആഗോള വ്യാപകമായ അപകടകരമായ ഭക്ഷ്യക്ഷാമം എത്തുമെന്നുപേടിക്കുന്നു ലേഖകൻ. തരിശുഭൂമികളെ ഹരിതാഭമാക്കാൻ ആഗ്രഹിക്കുന്ന കൃഷി മാനേജ്‌മന്റ്‌ തുടങ്ങുവാൻ യൂറേക്ക എന്ന്‌ വിളിച്ചുകൂവിയ വിജയകുമാറിന്‌ അതിവേഗം ബഹുദൂരം സഞ്ചരിക്കാതെ തന്നെ കേരളീയരെ ശരിക്കും പിടി കിട്ടി. പഴയ മാവേലിപ്പാട്ടുപോലെ എല്ലാവരും ഒന്നായി ഒരു പുതിയ സോഷ്യലിസ്റ്റ്‌ സാമ്രാജ്യം സ്വപ്നം കാണാൻ ടൂറിസം പ്രമോർട്ടറായ വിജയകുമാറിന്‌ ഒട്ടും വിഷമമില്ല.

Thursday, May 22, 2014

ഒറ്റയ്ക്കു വഴി നടന്നവള്‍

പുസ്തകം : ഒറ്റയ്ക്കു വഴി നടന്നവള്‍
രചയിതാവ് : പി.കെ. കനകലത
അവലോകനം : ഉഷാകുമാരി.ജി.


ലയാള സാഹിത്യചരിത്രത്തിലെ അവിസ്മരണീയമായ ഏടാണ് കെ. സരസ്വതിയമ്മയുടെ സാഹിത്യരചനകള്‍. 1938ല്‍ സീതാഭവനം എന്ന കഥയോടെ സാഹിത്യരംഗത്തോടെ കടന്നുവ സരസ്വതിയമ്മ നൂറോളം കഥകളും ഒരു നോവലും ഒരു നാടകവും അരഡസന്‍ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. എങ്കിലും 1958ല്‍ ഉമ്മ എന്ന കഥയ്ക്കുശേഷം നീണ്ട 17 കൊല്ലങ്ങള്‍ അവര്‍ എഴുത്തില്‍ നിന്നും  വിട്ടുനിന്നു. സംഭവബഹുലമെങ്കിലും തീക്ഷ്ണമായ ജീവിതത്തിനുടമയായിരുന്ന സരസ്വതിയമ്മയുടെ രചനാലോകത്തെ ക്കുറിച്ചുളള സമഗ്രമായൊരു പഠനഗ്രന്ഥമാണ് പി.കെ. കനകലത രചിച്ച 'ഒറ്റയ്ക്കു വഴി നടന്നവള്‍'.  സരസ്വതിയമ്മയുടെ എഴുത്തിനെയും സ്വകാര്യജീവിതത്തെയും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടാണീ കൃതി രചിച്ചിരിക്കുന്നത്. കഥാകാരിയുടെ ജീവിതദര്‍ശനം എന്ത് എന്ന അന്വേഷണത്തിന്റെ ആകെത്തുകയാണ് ഈ ഗ്രന്ഥം. ജീവചരിത്രപരമായ വിമര്‍ശനപദ്ധതിയുടെ സാധ്യതകള്‍ ഈ പഠനത്തില്‍ ഗ്രന്ഥകാരി ആവതും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

ആറ് അധ്യായങ്ങളിലായാണ് ഈ പഠനം നിര്‍വ്വഹിച്ചിട്ടുളളത്. ഇവ കൂടാതെ സീതാഭവനം, ഉമ്മ , നിയമപരിധിക്കപ്പുറം, അവള്‍ എന്തു ചെയ്തു എന്നീ കഥകളും ശ്രീ ശാരദാദേവി എന്ന ലേഖനവും അനുബന്ധമായി കൊടുത്തിരിക്കുന്നു. കൂടാതെ സരസ്വതിയമ്മയുമായി വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന എഴുത്തുകാരന്‍ ടി.എന്‍. ജയചന്ദ്രന്റെ അവതാരികയും പഠനത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ ഡോ.എസ്. നാരായണന്റെ ആമുഖപഠനവും ഈ കൃതിയിലുണ്ട്. ഒന്നാമത്തെ അധ്യായം 'സരസ്വതിയമ്മയുടെ ജീവിതരേഖ' അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ചുളള വിവരണമാണ്. ഒപ്പം ജീവചരിത്രം ആസ്പദമാക്കിയുളള സാഹിത്യപഠനത്തിന്റെ സവിശേഷതകള്‍ വിവരിക്കുന്നു. സാങ്ങ്‌ബോവിന്റെ സമീപനത്തിന്റെ വിശദമായ പ്രതിപാദനത്തിലൂടെ അതിന്റെ സാധ്യതകള്‍ വിശദമാക്കുകയും ചെയ്യുന്നു. എഴുത്തുകാരന്റെ വ്യക്തിത്വത്തെ  സമഗ്രമായും സൂക്ഷ്മമായും  മനസ്സിലാക്കി ക്കഴിഞ്ഞാല്‍ അതിന്റെ പ്രകാശനമായ കൃതിയെ വിശദീകരിക്കാന്‍ കഴിയും  എതാണ് ഈ സമീപനത്തിന്റെ യുക്തി.  സാങ്ങ്‌ബോവിന്റെ സമീപനത്തില്‍ നിന്നും തികച്ചും വിരുദ്ധമായ നിലപാടുളള ടി.എസ്. എലിയട്ടിന്റെ സിദ്ധാന്തത്തെയും ഇവിടെ ചര്‍ച്ച ചെയ്യന്നുണ്ട്. തുടര്‍ന്ന് സരസ്വതിയമ്മയുടെ  ഡയറിക്കുറിപ്പുകളും  അവരുടെ സുഹൃത്തുക്കളുമായി നടത്തിയ അഭിമുഖങ്ങളും ഉപയോഗിച്ച് വ്യക്തിജീവിതത്തെ അവതരിപ്പിക്കുന്നു. എഴുത്തും വ്യക്തി ജീവിതത്തിലെ കാഴ്ചപ്പാടുകളും തമ്മിലുളള കൊളളക്കൊടുക്കകളെ ഇവിടെ കണ്ടെത്തുന്നു.

രണ്ടാം അധ്യായത്തില്‍ സമകാലികരായ എഴുത്തുകാരുമായി ബന്ധപ്പെടുത്തി സരസ്വതിയമ്മയെ വിലയിരുത്തുകയാണ് ചെയ്യുന്നത്. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ സാഹിത്യസ്വത്വവുമായുളള താരതമ്യം ഇവിടെ പ്രധാനമായി കടുവരുന്നു. സാമ്പ്രദായിക ഭാവുകത്വത്തെ മറികടന്നുകൊണ്ട് കരുത്തുറ്റ ഒരു സ്‌ത്രൈണഭാവുകത്വം സരസ്വതിയമ്മയിലൂടെ മലയാളത്തില്‍ സ്ഥാപിക്കപ്പെട്ടതെങ്ങനെയെന്നും വിശദീകരിക്കുന്നു.

പ്രമേയപരമായി കഥകളെ വര്‍ഗീകരിച്ചുകൊണ്ട് വിവാഹം-മാതൃത്വം, പ്രണയം-രതി, സൗഹൃദം, സരസ്വതിയമ്മയുടെ ജീവിതദര്‍ശനം  എിങ്ങനെ തുടര്‍ുളള അധ്യായങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ആദ്യകാല കഥകളില്‍ വിവാഹനിഷേധം കടന്നുവരുതിനെ, സ്ത്രീസ്വത്വത്തെ ഞ്ഞെരുക്കു ന്ന സാമ്പ്രദായികവിവാഹമെന്ന വ്യവസ്ഥയോടുളള പ്രതിഷേധമായി ഗ്രന്ഥകാരി നിരീക്ഷിക്കുന്നു. അതിന്റെ അനുബന്ധങ്ങളായി വരു പ്രണയവും മാതൃത്വവും അതിനിശിതമായി വിമര്‍ശിക്കപ്പെടുന്നുവെന്നും ഗ്രന്ഥകാരി പറയുന്നു. വിവാഹേതരമായ മൂല്യവ്യവസ്ഥകളിലൂടെ മഹത്തായ മനുഷ്യജീവിതദര്‍ശനം ചോലമരങ്ങള്‍, പൂജാവിഗ്രഹം, വിലക്കപ്പെ' വഴി മുതലായ കഥകളില്‍ ഉണ്ടെന്ന് വിശകലനത്തിലൂടെ കനകലത കണ്ടെത്തുന്നു. വ്യവസ്ഥാപിത സദാചാരബോധത്തെ വെല്ലുവിളിച്ചുകൊണ്ട് വിവാഹപൂര്‍വ്വബന്ധങ്ങളും ദാമ്പത്യേതര ബന്ധങ്ങളും സരസ്വതിയമ്മ ധാരാളമായി ആവിഷ്‌ക്കരിച്ചു. അത്തരം ബന്ധങ്ങളെ ആദര്‍ശവല്‍ക്കരിക്കുകവഴി സ്‌ത്രൈണ ലൈംഗികതയെത്തന്നെ അവര്‍ സ്ഥാപിച്ചെടുത്തുവെന്ന്  ഗ്രന്ഥകാരി സമര്‍ത്ഥിക്കുന്നു. അക്കാര്യത്തില്‍ മാധവിക്കുട്ടിയുടെ മുന്‍ഗാമിയാണെന്നും  ഗ്രന്ഥകാരി പറയുന്നു.

സൗഹൃദത്തെ വലിയൊരു മാനുഷികമൂല്യമായി ജീവിതത്തിലും എഴുത്തിലും തിരിച്ചറിഞ്ഞ കഥാകാരിയാണ് സരസ്വതിയമ്മയെന്ന് കനകലത കണ്ടെത്തുന്നു. ബാധ്യതകളും ഭാരങ്ങളുമില്ലാത്ത സുഹൃദ്ബന്ധങ്ങളെക്കുറിച്ചുളള തീക്ഷ്ണമായ സ്വപ്‌നങ്ങള്‍ സ്ത്രീജന്മം, പനിനീര്‍പൂവ്, പകലും രാവും തുടങ്ങിയ കഥകളിലൂടെ കണ്ടെത്തുകയും ചെയ്യുന്നു. പുരുഷസൗഹൃദത്തെ ലിംഗഭേദവിചാരമില്ലാതെ കാണാനുളള അദമ്യമായ ആഗ്രഹം പല കഥാപാത്രങ്ങളിലുമെന്ന  പോലെ സരസ്വതിയമ്മയിലും ഉണ്ടായിരുന്നു . വിവാഹത്തോടുളള തീവ്രമായ എതിര്‍പ്പിന്റെ പശ്ചാലത്തിലാണ് ഗ്രന്ഥകാരി ഈ പ്രവണതയെ വിശദീകരിക്കുന്നത്.

സങ്കീര്‍ണ്ണമായ വ്യക്തിത്വവും സ്വതന്ത്രമായ നിലപാടുകളും  സൂക്ഷ്മമായ ഭാവുകത്വവും വച്ചു പുലര്‍ത്തിയിരുന്ന സരസ്വതിയമ്മയുടെ കൃതികളിലേക്ക് പുതിയ കാലത്തുനിന്നുകൊണ്ടുളള ഒരു മടക്കയാത്ര അല്ലെങ്കില്‍ പുന:സന്ദര്‍ശനമാണ് ഈ പഠനഗ്രന്ഥം. പുരുഷവിദ്വേഷിയെന്നു മുദ്രകുത്തപ്പെട്ട  ആ പ്രതിഭയെ കാലത്തിനു യോജിച്ച മട്ടില്‍ തിരിച്ചറിയാനും വിശദീകരിക്കാനും ശ്രമിക്കുന്ന ഈ കൃതി അക്കാദമിക് സമൂഹത്തിനും പൊതുവായനക്കാര്‍ക്കും പ്രയോജനകരമാണെതില്‍ സംശയമില്ല.

Sunday, May 18, 2014

മരങ്ങള്‍ നട്ട മനുഷ്യന്‍


പുസ്തകം : മരങ്ങള്‍ നട്ട മനുഷ്യന്‍
രചയിതാവ് : ജീന്‍ ഗിയാനോ/ വിവര്‍ത്തനം : കെ.അരവിന്ദാക്ഷന്‍
അവലോകനം : ബുക്ക് മലയാളം

പ്രതീക്ഷകള്‍ നടുന്നവര്‍ക്കറിയാം സന്തോഷത്തിന്റെ കൊയ്ത്തുകാലം വരുകതന്നെ ചെയ്യുമെന്ന്. മഹാവൃക്ഷങ്ങളുടെ വിത്തുകള്‍ പാകി കടന്നുപോയവര്‍ അത് മുളയ്ക്കുന്നതും വളര്‍ന്ന് വടവൃക്ഷമായി തലമുറകള്‍ക്ക് തണലേകുന്നതും പൂക്കള്‍ വിടരുന്നതും കാറ്റ് പരാഗങ്ങള്‍ പരത്തുന്നതും തേന്‍തേടി ശലഭങ്ങള്‍ വന്നുപോകുന്നതും കായകള്‍ പഴുത്ത് കനിയാകുന്നതും കനിതേടി ശിഖരങ്ങളില്‍ പക്ഷികള്‍ കൂടുകൂട്ടുന്നതും അണ്ണാനും കുരങ്ങനും മറ്റനേകം മരങ്കേറിവികൃതികളും വന്നണയുന്നതും തിന്നുതൂറിയ കനികള്‍ വിത്തുകളാകുന്നതും മണ്ണില്‍ പുതിയ കാടിന്റെ ഇലകള്‍ വിരിയുന്നതും ഒറ്റമരം ഒരു കാടായി മാറുന്നതും ഒരു പക്ഷെ, മണ്ണില്‍ സ്വപ്‌നത്തിന്റെ ആദ്യവിത്തിട്ട മനുഷ്യന്‍ അറിഞ്ഞെന്നുവരില്ല. ഇലകളില്‍ സൂര്യന്‍ തിളയ്ക്കുന്നതും വേരുകള്‍ കിനിയുന്നതും അരുവികള്‍ മുളപൊട്ടുന്നതും പിന്നെയും വരാനിരിക്കുന്ന തലമുറകള്‍ക്കായാണ്.

നിസ്വാര്‍ത്ഥമായി ഇനി വരാനിരിക്കുന്ന ജീവകോടികള്‍ക്കായി മണ്ണിന്റെ കനിവിലേക്ക് വൃക്ഷങ്ങളുടെ വിത്തുകളിട്ട് കടന്നുപോയ ഒരു മനുഷ്യന്‍. എല്‍സിയാഡ് ബോഫിയര്‍. ഫ്രഞ്ച് എഴുത്തുകാരനായ ജീന്‍ ഗിയാനോയുടെ 'മരങ്ങള്‍ നട്ട മനുഷ്യന്‍' എന്ന ചെറുനോവലിലാണ് ആ മനുഷ്യനെ കണ്ടുമുട്ടുന്നത്. വന്യമായ മരുപ്രദേശങ്ങളില്‍ ഓക്കിന്റെയും ബീച്ചിന്റെയും ബേര്‍ച്ചിന്റെയും വിത്തുകള്‍ നട്ട് ഈ ഭൂമി മുഴുവന്‍ പുഷ്പിക്കുവാന്‍ ക്ഷമയോടെ നിശബ്ദനായി യത്‌നിച്ച എല്‍സിയാഡ് ബോഫിയര്‍. കുന്നുകളും കാടുകളും കടപുഴക്കുന്ന ഈ കാലത്ത്, കയറ്റിറക്കങ്ങളും പര്‍വ്വതങ്ങളും താഴ്‌വാരങ്ങളും ഇല്ലാതായി സമനിരപ്പാകുന്ന ഭൂമിയില്‍ നിന്നുകൊണ്ട്, നമുക്ക് ഓര്‍മ്മിക്കാനാവുന്ന ഏറ്റവും അഗാധമായ മനുഷ്യപ്പറ്റാണ് ബോഫിയര്‍. ഇന്നോളം വായിച്ച ഏതു പുസ്തകത്തേക്കാളും ബൃഹത്താണ് മുപ്പത് പുറത്തില്‍ താഴെമാത്രം വലുപ്പമുള്ള ഈ പുസ്തകം. പ്രപഞ്ചത്തിന്റെ ചുരുക്കെഴുത്താണ് ഈ നോവല്‍. എത്രവേണമെങ്കിലും നിവര്‍ത്തിവായിക്കാവുന്ന അറ്റമില്ലാത്ത പുസ്തകം. എല്‍സിയാഡ് ബോഫിയര്‍ എന്ന മനുഷ്യന്റെ യഥാര്‍ത്ഥ ജീവിതമാണ് തന്റെ നോവലെന്ന് ജീന്‍ ഗിയാനോ പറയുന്നുണ്ട്. അങ്ങനയൊരാള്‍ ജീവിച്ചിരുന്നു. അജ്ഞാതമായ മരുപ്രദേശങ്ങളില്‍ ഇപ്പോഴും ജീവിക്കുന്നുണ്ടാവാം.
ആല്‍പ്‌സ് പര്‍വ്വതം താഴോട്ടിറങ്ങുന്ന പ്രോവിന്‍സില്‍ ജീവജന്തുക്കള്‍ പാടേ ഉപേക്ഷിച്ച ശൂന്യസ്ഥലത്തിലൂടെ ഏതാണ്ട് നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദീര്‍ഘ യാത്ര ചെയ്യുന്ന ആഖ്യാതാവാണ് (അതൊരുപക്ഷെ, എഴുത്തുകാരന്‍ തന്നെയാവാം) കഥപറയുന്നത്. കര്‍പ്പൂരവള്ളികള്‍ പടര്‍ന്നുചുറ്റിയ പാഴ്ഭൂമിയില്‍ ആവാസ യോഗ്യമല്ലാത്തതിനാല്‍ മനുഷ്യര്‍ ഉപേക്ഷിച്ചുപോയ ഗ്രാമത്തിന്റെ അവശിഷ്ടങ്ങളില്‍ എല്‍സിയാഡ് ബോഫിയര്‍ എന്ന മനുഷ്യനെ എഴുത്തുകാരന്‍ കണ്ടെത്തുന്നു. ആരാലും കണ്ടെത്തപ്പെടാന്‍ വേണ്ടിയോ രേഖപ്പെടുത്തപ്പെടാന്‍വേണ്ടിയോ ആയിരുന്നില്ല അയാളുടെ ജീവിതം. പക്ഷെ, അയാളെ കാണാതെ പോവുക സാധ്യമായിരുന്നില്ല.

ഊഷരമായ മണ്ണിലൂടെയാണ് യാത്ര. തീറ്റസമയത്ത് പ്രകോപിപ്പിക്കപ്പെട്ട സിംഹത്തെപ്പോലെ, അസഹ്യമായ രൗദ്രതയോടെ ചീറുന്ന കാറ്റ്. ഉഷ്ണം തിളയ്ക്കുന്ന ജൂണ്‍ മാസത്തിലെ ഒരു ദിവസമായിരുന്നു അത്. അഞ്ചുമണിക്കൂര്‍ നടന്നിട്ടും ഒരുതുളളി വെള്ളംപോലും കണ്ടെത്താനായില്ല. ആ നടപ്പിന്റെ അന്ത്യത്തിലാണ് എഴുത്തുകാരന്‍ ആ ഇടയനെ കണ്ടെത്തുന്നത്. വിജനമായ ആ മരുപ്രദേശത്ത്, പൊള്ളുന്ന തറയില്‍ ഏതാണ്ട് മുപ്പതാടുകളും ഒരു നായയും അയാളും മാത്രം. യാത്രികന് അയാള്‍ നല്ല തെളിവെള്ളം പകര്‍ന്നു നല്‍കി. അയാളുടെ നിശബ്ദവും ശാന്തവുമായ സ്‌നേഹ പരിചരണങ്ങള്‍ ഏറ്റുവാങ്ങി ആ രാത്രി അയാള്‍ ഇടയന്റെ കുടിലില്‍ തങ്ങി.

രാത്രി ഭക്ഷണത്തിനുശേഷം ആട്ടിടയിന്‍ ഒരു ചെറിയ ചാക്ക് എടുത്തുകൊണ്ടുവന്നു. ഒരു കൂമ്പാരം ഓക്കു വിത്തുകള്‍ മേശമേല്‍ ചൊരിഞ്ഞു. പിന്നീട് അതില്‍ നിന്നും നല്ലവയും കെട്ടവയും തിരഞ്ഞ് മാറ്റി. യാത്രക്കാരന്‍ ആ ജോലിയില്‍ അയാളെ സഹായിക്കാന്‍ മുതിര്‍ന്നു. ഇത് എന്റെ ജോലിയാണെന്നു പറഞ്ഞ് അയാള്‍ അത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. വിത്തുകൂമ്പാരത്തില്‍ നിന്നും ഏറ്റവും മികച്ച നൂറ് വിത്തുകള്‍ തെരഞ്ഞെടുത്ത് വച്ചശേഷം അയാള്‍ ഉറങ്ങാന്‍ പോയി. പിറ്റേന്നു രാവിലെ ആല തുറന്ന് ആടുകളെ പുറത്തു വിട്ട് അയാള്‍ തള്ളവിരലിന്റെ വണ്ണവും ഒന്നരവാര നീളവുമുള്ള ഒരിരുമ്പ് ദണ്ഡുമായി പുറത്തേക്കു പോയി. ആ യാത്രയില്‍ എഴുത്തുകാരന്‍ അയാള്‍ക്കൊപ്പം കൂടുന്നു. നൂറ് വാര അകലെയുള്ള മലമുടിയിലേക്കായിരുന്നു യാത്ര. അവിടെ ഇരുമ്പു ദണ്ഡ് താഴ്ത്തി മണ്ണില്‍ ഓരോ ചെറിയ കുഴിയുണ്ടാക്കി. അതില്‍ ഓരോ ഓക്കുവിത്തിട്ട് മണ്ണിട്ടു മൂടി. ആ ഭൂമി അയാളുടേതായിരുന്നില്ല. ആരുടേതെന്ന് അയാള്‍ക്ക് അറിയുകയുമില്ല. അറിയാന്‍ താല്പര്യവുമുണ്ടായിരുന്നില്ല. ഉച്ചഭക്ഷണത്തിനുമുമ്പ് നൂറ് വിത്തുകളും അയാള്‍ നട്ടു കഴിഞ്ഞിരുന്നു. ഉച്ചക്കു ശേഷവും അയാള്‍ ആ പ്രവര്‍ത്തി തുടര്‍ന്നു. കഴിഞ്ഞ മൂന്ന് കൊല്ലമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അയാള്‍ക്ക് ഏതാണ്ട് അമ്പത്തിയഞ്ച് വയസ്സ് പ്രായമുണ്ട്. പേര് എല്‍സിയാഡ് ബോഫിയര്‍.

അടിവാരത്തെ സ്വന്തം കൃഷിയിടത്തിലായിരുന്നു താമസം. ഭാര്യയും ഒരു മകനുമേ ഉണ്ടായിരുന്നുള്ളു. ആദ്യം മകനും പിന്നീട് ഭാര്യയും നഷ്ടപ്പെട്ടു. അതോടെ ഒറ്റക്കായ ബോഫിയര്‍ തന്റെ നായയും ആടുകളുമായി ഏകാന്ത ജീവിതം തുടരുന്നു. കാര്യമായ മറ്റ് ജോലികളൊന്നും ഇല്ലാത്തതിനാല്‍ മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ പ്രതീക്ഷകളുടെ വിത്തുകള്‍ പാകുകയാണയാള്‍. സഞ്ചാരിയും ബോഫിയറും പിറ്റേന്ന് പിരിഞ്ഞു. ലോകം ഒന്നാം ലോകമഹായുദ്ധത്തിലൂടെ കടന്നുപോയി. ആഖ്യാതാവിന്റെ അഞ്ച് കൊല്ലം യുദ്ധമുഖത്തായിരുന്നു. അതിനിടയില്‍ അയാള്‍ എല്‍സിയാഡ് ബോഫിയറേയും ഓക്കുമരങ്ങളുടെ വിത്തുകളെയും മറിന്നുപോയിരുന്നു. അല്ലെങ്കില്‍ സ്റ്റാമ്പുശേഖരണം പോലെ ഒരു ഹോബിയുമായി നടക്കുന്ന ഒരാള്‍ എന്നതിലപ്പുറം മരങ്ങള്‍ നട്ട ആ മനുഷ്യനെ അയാള്‍ക്ക് ഓര്‍മ്മിക്കാനായില്ല. യുദ്ധം ഒഴിഞ്ഞ കാലം മറ്റൊരു ദീര്‍ഘയാത്രയില്‍ അതേ ആല്പസ് പര്‍വ്വതത്തിന്റെ ചരിവിലൂടെ എഴുത്തുകാരന്‍ വീണ്ടും വരുന്നു. ഒരുദശകം കടന്നുപോയിരുന്നു. ബോഫിയര്‍ ജീവിച്ചിരുപ്പുണ്ടാവുമെന്ന് അയാള്‍ക്ക് ഒരുറപ്പുമില്ല. എന്നാല്‍ ബോഫിയര്‍ ജീവിച്ചിരുപ്പുണ്ടായിരുന്നു. കൂടുതല്‍ ഉന്‍മേഷവാനായി. പത്തുകൊല്ലം മുമ്പ് അയാള്‍ നട്ട ഓക്കുമരങ്ങള്‍ വളര്‍ന്നിരിക്കുന്നു. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നുനില്‍ക്കുന്ന കാടിന്റെ ശൈശവം. ബോഫിയര്‍ തന്റെ ജീവിത രീതിയിലും ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തൈ മരങ്ങള്‍ തിന്നുന്നതുകൊണ്ട് അയാള്‍ ആടുകളുടെ എണ്ണം കുറച്ച് നാലാക്കി. പകരം നൂറ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചു. യുദ്ധം തുടങ്ങിയതും ഒടുങ്ങിയതും അയാളെ ബാധിച്ചിരുന്നില്ല. അയാല്‍ മരങ്ങള്‍ നട്ടുകൊണ്ടേയിരുന്നു. മൂന്നിടങ്ങളിലായി ബോഫിയര്‍ നട്ടുവളര്‍ത്തിയ കാടിന് പതിനൊന്ന് കിലോമീറ്റര്‍ നീളവും മൂന്നു കിലോമീറ്ററോളം വീതിയുമുണ്ടായിരുന്നു. ഒരൊറ്റയാളുടെ വിയര്‍പ്പിലും വിശ്വാസത്തിലും വിടര്‍ന്ന് കാട്. കാറ്റ് വിത്തുകളെ ചിതറിച്ചു. വേരുകള്‍ ജലം തേടി ഭൂമിയുടെ ഉദരത്തിലേക്ക് ആïുപോയി. ഉപേക്ഷിക്കപ്പെട്ട ആ ചാവുനിലങ്ങളില്‍ ജലം കിനിഞ്ഞു തുടങ്ങിയിരുന്നു.

ദശകങ്ങള്‍ക്കിപ്പുറം 1933ല്‍ ഒരു ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസര്‍ ബോഫിയറെ സന്ദര്‍ശിക്കുകയുണ്ടായി. കുടിലിന് പുറത്ത് തീ ഇടരുതെന്നും അത് ഈ സ്വാഭാവിക വനത്തെ അപകടപ്പെടുത്തുമെന്നും അയാള്‍ ബോഫിയര്‍ക്ക് കര്‍ശനമായ ഉപദേശം നല്‍കി. ഒരു കാട് സ്വയം വളര്‍ന്നുണ്ടാകുന്നത് അദ്യമായി കേള്‍ക്കുകയാണെന്നും ആ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദോഷമായി പറഞ്ഞു. അപ്പോള്‍ പന്ത്രണ്ട് കിലോമീറ്റര്‍ അകലെ ബീച്ച് മരങ്ങള്‍ നടാനുള്ള തയ്യാറെടുപ്പിലായിരുന്നു ബോഫിയര്‍. അന്നയാള്‍ക്ക് എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞിരിക്കും. പിന്നീട് സര്‍ക്കാര്‍ ഈ സ്വാഭാവിക വനം ഏറ്റെടുക്കുകയും കരിയുണ്ടാക്കുന്നത് നിരോധിക്കുകയും ചെയ്തു. ഈ നടപടികള്‍ക്കായി ഉദ്യോഗസ്ഥ സംഘം അവിടെ പരിശോധന നടത്തുമ്പോള്‍ പത്തു കിലോമീറ്റര്‍ അകലെ പുതിയ തരിശുകളില്‍ വിത്തുകള്‍ നടുകയായിരുന്നു ബോഫിയര്‍. 1939ലെ യുദ്ധകാലത്ത് ഈ സംരക്ഷിത വനങ്ങളില്‍ നിന്നും മരങ്ങള്‍ മുറിച്ചു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. യുദ്ധാവശ്യത്തിന് വിറകു കത്തിക്കുന്ന ജറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മരം മതിയാകാതെ വന്നതായിരുന്നു കാരണം. യുദ്ധങ്ങള്‍ പക്ഷെ. ബോഫിയറെ ബാധിച്ചില്ല. അധവാ യുദ്ധത്തെ അയാള്‍ അവഗണിച്ചു.

1945ലാണ് എഴുത്തുകാരന്‍ അവസാനമായി ബോഫിയറെ കാണുന്നത്. അന്നയാള്‍ക്ക് എണ്‍പത്തിയേഴ് വയസ്സുണ്ടായിരുന്നു. ദശകങ്ങള്‍ക്കപ്പുറം തീക്കാറ്റ് വീശിയിരുന്ന കുന്നിന്‍ചരുവുകള്‍ സുഗന്ധവാഹിയായ ഇളംകാറ്റില്‍ ആലസ്യമാര്‍ന്നിരുന്നു. ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങള്‍ ജീവന്‍ വച്ചിരുന്നു. മലകളില്‍നിന്ന് വെള്ളം ഒഴുകുന്നതുപോലൊരു ശബ്ദം. അത് കാട്ടിലെ കാറ്റായിരുന്നു. ജീര്‍ണ്ണതയില്‍ നിന്നും ഗ്രാമങ്ങള്‍ മോടിയിലേക്കുണര്‍ന്നിരിക്കുന്നു. മഴയും മണ്ണും പരിപാലിക്കുന്ന കാടിന്റെ പോഷണത്തില്‍ പഴയ ഉറവകള്‍ വീണ്ടും ഒഴുകാന്‍ ആരംഭിച്ചിരിന്നു. അവയിലെ വെള്ളം ചാലുകീറി കൃഷിയിടങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു. ആപ്പിള്‍ തോട്ടങ്ങളില്‍ ഉറവകള്‍ തീര്‍ത്ത കുളങ്ങളില്‍നിന്നും വെള്ളം കര്‍പ്പൂര തുളസികളുടെ പരവതാനികളിലേക്ക് കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു. തന്റെ വിയര്‍പ്പും സ്വപ്‌നങ്ങളും പ്രതീക്ഷയും പാകിമുളപ്പിച്ച ഒരു മനുഷ്യന്‍, നിരക്ഷരനും വൃദ്ധനുമായ ആ കര്‍ഷകന്‍ തരിശു ഭൂമിയില്‍ നിന്നും അപാരമായ കാടിന്റെ കാരുണ്യത്തെ വിളയിച്ചെടുത്തിരിക്കുന്നു. എല്‍സിയാഡ് ബോഫിയര്‍ 1947ല്‍ ബാണനിലെ ഒരു അനാഥ ശുശ്രൂഷാ കേന്ദ്രത്തില്‍ വെച്ച് ശാന്തമായി മരിച്ചു.

യാത്രകളില്‍ പലരൂപങ്ങളില്‍ അയാള്‍ കടന്നുവരും. മറ്റൊരിടത്തും കിട്ടാത്ത കാടിന്റെ അഗാധമായ അറിവുകള്‍ വെറുതെ പറഞ്ഞു തന്ന് മറഞ്ഞുപോകുകയും ചെയ്യുന്നു. അങ്ങ് കിഴക്കന്‍ മലകളുടെ അങ്ങേത്തലക്കല്‍ ഒരു സന്ധ്യാനേരം. ''മറയൂരിലെത്തുന്നവര്‍ ചന്ദനക്കാട് കണ്ടിരിക്കണം സാര്‍...'' ഓട്ടോറിക്ഷയിലേക്ക് വിളിച്ചുകയറ്റി ചന്ദനക്കാടിനു നടുവില്‍ ഇറക്കുമ്പോള്‍ കതിരേശന്‍ പറഞ്ഞു. കാടിന്റെ ഘനഗംഭീര മൗനത്തിലൂടെ ഞങ്ങള്‍ ഇടവഴികള്‍ പിന്നിട്ട് ഒരുപാട് നടന്നു. ഇരുള്‍ പരന്നുതുടങ്ങിയിരുന്നു.

കാട്ടുപോത്തുകള്‍ മേയാനിറങ്ങുന്ന നേരമായെന്ന് കതിരേശന്‍ ഓര്‍മ്മിപ്പിച്ചു. ''ഇവിടെ നിന്നാല്‍ അടുത്തു കാണാം സാര്‍...'' ഉള്ളൊന്നു കാളി. ഏറെ നേരം കാത്തുനിന്നിട്ടും അവ വന്നില്ല. ചന്ദനമരങ്ങള്‍ക്കിടയിലെ വീതികുറഞ്ഞ പാതയിലൂടെ മടക്കം. വളവുതിരിഞ്ഞ് കയറ്റം കയറുമ്പോള്‍ റോഡിന് വലതുവശത്ത് അടിക്കാടുകളില്‍ ഒരിളക്കം. ചകിതരായ ഒരുപറ്റം കാട്ടുപോത്തുകള്‍ മുന്നിലൂടെ നിരത്തു മുറിച്ചുകടന്നുപോയി. പത്തുവാരമാത്രം അകലെ! ഭയത്താല്‍ ഉറഞ്ഞുപോയ ഞങ്ങളെ നോക്കി കതിരേശന്‍ പഞ്ഞു. ''പോത്തുകള്‍ ആരേയും ഒന്നും ചെയ്യത്തില്ല സാര്‍... പാവങ്ങള്‍...'' കാട്ടുപോത്തുകള്‍ക്കുപോലും ഭയപ്പെടുത്താനാവാത്ത ശാന്തതയിð കതിരേശന്‍ ബോഫിയറായി പുനര്‍ജ്ജനിക്കുന്നു.

ശിഖരം മുറിഞ്ഞുപോയ ഒരു ചന്ദനമരത്തിന്റെ മുറിപ്പാടില്‍ മണത്തുനോക്കി. കാറ്റ് ചന്ദനം മണത്തു. ഒരു ചെറിയ മരം ചൂണ്ടിക്കാട്ടി കതിരേശന്‍ പറഞ്ഞു. ''സാര്‍... ഒരു ചന്ദനമരം ഇത്രയുമാകാന്‍ നൂറു വര്‍ഷമെങ്കിലും വേണം. നൂറും ഇരുന്നൂറും മുന്നൂറും വര്‍ഷം പഴക്കമുള്ള മരങ്ങളാണ് ഈ കാട്ടിലുള്ളത്.'' പിന്നീട് ഒരാത്മഗതം പോലെ കതിരേശന്‍ ഇത്രയുംകൂടി പറഞ്ഞു. ''ഒരു ചന്ദനമരം മുറിച്ചുകൊണ്ടുപോകുമ്പോള്‍ നൂറ് കണക്കിന് വര്‍ഷങ്ങളാണ് സാര്‍ മുറിഞ്ഞുപോകുന്നത്...'' ചരിത്രം ആലേഖനം ചെയ്ത ഉടലാണ് വൃക്ഷങ്ങളുടേത്. വാര്‍ഷികവലയങ്ങളില്‍ സൂക്ഷ്മ ലിപികളില്‍ അത് പ്രപഞ്ചത്തിന്റെ ചരിത്രത്തെ വഹിക്കുന്നു. വരാനിരിക്കുന്ന കാലത്തെ പ്രവചിക്കുന്നു. ഒരു മരം മുറിഞ്ഞുവീഴുമ്പോള്‍ പോയ കാലത്തിന്റെ സ്മൃതികളും വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള അറിവുകളുമാണ് ഇല്ലാതാകുന്നത്.

ആ മുറിവിന്റെ നീറ്റലാണ് 'മരങ്ങള്‍ നട്ട മനുഷ്യന്‍' പിന്തുടരുന്ന വായനാനുഭവം. 1953ലാണ് ജീന്‍ ഗിയാനോ മരങ്ങള്‍ നട്ട മനുഷ്യന്‍ എഴുതുന്നത്. ഫ്രഞ്ച് ഭാഷയില്‍ പുറത്തിറങ്ങിയ നോവലിന് 1985ല്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പരിഭാഷയില്‍ നിന്നും 1998ല്‍ ആദ്യ മലയാള വിവര്‍ത്തനം പുറത്തുവന്നു. മരങ്ങള്‍ നട്ട മനുഷ്യന്‍ എന്ന ലഘു നോവലും ജീന്‍ ഗിയാനോ എന്ന എഴുത്തുകാരനേക്കുറിച്ച് നോര്‍മ. എന്‍ ഗുഡ്‌റിച്ച് എഴുതിയ പിന്‍വാക്കും ചേര്‍ത്ത് നാല്‍പത് പുറങ്ങളിലായി പ്രപഞ്ചത്തിന്റെ ഈ പാഠപുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റിയത് കെ അരവിന്ദാക്ഷനാണ്. സമാനതകളില്ലാത്തവിധം കുറ്റമറ്റതും ഹൃദ്യവുമാണ് പരിഭാഷ.

Wednesday, May 14, 2014

നിങ്ങളെന്നെ കോണ്‍‌ഗ്രസ്സാക്കി


പുസ്തകം : നിങ്ങളെന്നെ കോണ്‍‌ഗ്രസ്സാക്കി
രചയിതാവ് : എ.പി.അബ്ദുള്ളക്കുട്ടി
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്, കോഴിക്കോട്
അവലോകനം : ഡോ: മഹേഷ് മംഗലാട്ട്


ലയാളപുസ്തകപ്രസാധനചരിത്രത്തിലെ അപൂര്‍വ്വമായ ബഹുമതി കൈവരിച്ച പുസ്തകത്തെക്കുറിച്ചാണു് ഈ കുറിപ്പു്. ഒന്നാം പതിപ്പു് പുറത്തിറങ്ങി രണ്ടു ദിവസത്തിനകം രണ്ടാം പതിപ്പു് പുറത്തിറക്കേണ്ടി വന്നുവെന്നതാണു് അപൂര്‍വ്വബഹുമതി. മാതൃഭൂമി ബുക്സിന്റെ സമീപകാലചരിത്രം ഇങ്ങനെ അടിക്കടി പതിപ്പുകള്‍ പുറത്തിറക്കുന്ന വിസ്മയം കാഴ്ചവെക്കുന്നുണ്ടെങ്കിലും അതു് കേരളത്തിലോ മലയാളിസമൂഹത്തിലോ ആരും വലിയ കാര്യമായി കണക്കാക്കുന്നുണ്ടെന്നു് തോന്നുന്നില്ല. വീരേന്ദ്രകുമാറിന്റെ രാമന്റെ ദു:ഖവും ഹൈമവതഭൂവിലും പതിപ്പുകള്‍ ഏറെ പിന്നിട്ടുവെന്നാണു് പ്രസാധകര്‍ നല്കുന്ന പരസ്യത്തില്‍ കാണുന്നതു്. ഈ പുസ്തകമാവട്ടെ സപ്തംബര്‍ 14നു് ഒന്നാം പതിപ്പു്, സപ്തംബര്‍ 17നു് രണ്ടാം പതിപ്പു് എന്ന ക്രമത്തില്‍ വീരേന്ദ്രകുമാറിനെ കടത്തിവെട്ടിയിരിക്കുന്നു. മലയാളിസമൂഹം മുമ്പില്ലാത്ത താല്പര്യം പുസ്തകപാരായണത്തില്‍ കാണിക്കുന്നെങ്കില്‍ നല്ലതു തന്നെ. രാഷ്ട്രീയക്കാരുടെ പുസ്തകത്തില്‍ മാത്രം താല്പര്യം എന്ന നിലയില്‍ മലയാളികള്‍ മാറിയെന്നാണെങ്കില്‍ ആശങ്കപ്പെടേണ്ട കാര്യമാണു്. തലശ്ശേരിയിലെ പുസ്തകശാലയില്‍ സപ്തംബര്‍ 24നു് ചെല്ലുമ്പോള്‍ അവിടെ പുസ്തകത്തിന്റെ മുപ്പതിലേറെ കോപ്പികള്‍ ഉണ്ടായിരുന്നു. ഈ കുറിപ്പു് എഴുതാനിരിക്കുമ്പോള്‍ മൂന്നാം പതിപ്പിന്റെ പരസ്യം വന്നിട്ടില്ല.

കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി ലോക്‍സഭാംഗമായ സി.പി.എം പ്രവര്‍ത്തകനായ അബ്ദുള്ളക്കുട്ടിയെ ആരാണു് കോണ്‍ഗ്രസ്സാക്കിയതു് എന്നറിയാന്‍ ഈ പുസ്തകം വായിക്കേണ്ടതു തന്നെയാണു്. അബ്ദുള്ളക്കുട്ടി തന്നെ പറയുന്ന കാര്യങ്ങള്‍ വെച്ചു് നമ്മുക്കത് മനസ്സിലാക്കാം എന്നതിനാല്‍ പ്രസക്തമായ പുസ്തകമാണിതെന്ന കാര്യത്തില്‍ എതിരഭിപ്രായമില്ല. പുസ്തകം അവസാനിക്കുന്നതു് ഈ വാക്കുകളിലാണു്: "ഇനി, എനിക്കത് വയ്യ. മടുത്തു സാഖാക്കളേ. നിങ്ങളാണു് എന്നെ കോണ്‍ഗ്രസ്സാക്കിയതു്, നിങ്ങള്‍ മാത്രം". പാര്‍ട്ടി പ്രവര്‍ത്തകനാകുന്നതിന്റെ പശ്ചാത്തലം, സമരങ്ങള്‍, നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍ എന്നിങ്ങനെ പല കാര്യങ്ങളും വിവരിക്കുന്ന ഈ പുസ്തകം, പറയുമെന്നു് പ്രതീക്ഷിച്ച പലതും പറയാതെ വിട്ടിരിക്കുന്നു.

സ്കൂള്‍ പഠനകാലത്തു് അദ്ധ്യയനത്തില്‍ വലിയ താല്പര്യമുള്ള വിദ്യാര്‍ത്ഥിയായിരുന്നില്ല അബ്ദുള്ളക്കുട്ടി. അതുപോലെ രാഷ്ട്രീയത്തിലും താല്പര്യമുണ്ടായിരുന്നില്ല. മുതിര്‍ന്നവരുടെ രാഷ്ട്രീയതാല്പര്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളെ ദുരുപയോഗം ചെയ്യുന്നതായാണു് അക്കാലത്ത് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തെ ഇദ്ദേഹം കണ്ടിരുന്നത് (പുറം 20). കമ്പില്‍ സ്കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. കെ. എസ്. യു-എം. എസ്. എഫ് മുന്നണി സ്വമേധയാ പിന്തുണ നല്കി. ആ തെരഞ്ഞടുപ്പില്‍ ജയിച്ചു. പത്താം തരത്തില്‍ പഠിക്കുമ്പോള്‍ എസ്. എഫ്.ഐക്കും കെ.എസ്.യു മുന്നണിക്കുമെതിരെ സ്വതന്ത്രനായി മത്സരിച്ചു. അത്തവണ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും പതിനൊന്ന് വോട്ടുകള്‍ വീതം കിട്ടി. നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തിയപ്പോള്‍ ഭാഗ്യം തുണച്ചതു് എസ്. എഫ്. ഐ സ്ഥാനാര്‍ത്ഥിയായ ദിനേശനാണു്. ദിനേശന്‍ സ്കൂള്‍ ലീഡറുമായി. ഈ കൂട്ടുകാരനുമായുള്ള സൌഹൃദമാണു് എസ്. എഫ്.ഐയില്‍ ചേരാന്‍ പ്രേരണയായതു്.

സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമാകുന്ന സാഹചര്യവും അബ്ദുള്ളക്കുട്ടി വിവരിക്കുന്നുണ്ട്. എസ്.എസ്.എല്‍.സി ജയിച്ചപ്പോള്‍ ഐ.ടിഐയില്‍ നിന്നും ഡിപ്ലോമ നേടി ഗള്‍ഫിലേക്ക് അയക്കാനായിരുന്നു ഗള്‍ഫിലുള്ള മൂത്ത സഹോദരനും കുടുംബത്തിലെ മുതിര്‍ന്നവരും തീരുമാനിച്ചതു്. അതിനിടെ തളിപ്പറമ്പിലെ സര്‍ സയ്യിദ് കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നിരുന്നു. കോളേജിലെ ഉല്ലാസപ്രദമായ അന്തരീക്ഷത്തില്‍ നിന്നും വിടുതല്‍നേടി വീട്ടുകാരുടെ നിര്‍ബ്ബന്ധത്തെത്തുടര്‍ന്നു് ഐ. ടി. ഐയില്‍ ചേരേണ്ടി വന്നു. താല്പര്യമില്ലാത്ത അന്തരീക്ഷവും പഠനവിഷയവും കാരണം ഒരു രക്ഷോപായം എന്ന നിലയിലാണു് സംഘടനാപ്രവര്‍ത്തകനാവുന്നതു് (പുറം 33). ദിനേശന്‍ എന്ന സുഹൃത്തും ഐ.ടിഐയിലെ മനംമടുപ്പും ഇല്ലായിരുന്നുവെങ്കില്‍ അബ്ദുള്ളക്കുട്ടി കമ്യൂണിസ്റ്റാകുമായിരുന്നില്ല! അങ്ങനെയെങ്കില്‍ അദ്ദേഹത്തെ സഖാക്കള്‍ക്ക് കോണ്‍ഗ്രസ്സ് ആക്കാനും കഴിയുമായിരുന്നില്ല! നിലവാരം കുറഞ്ഞ നാടകങ്ങളിലും സിനിമകളിലും കഥാപുരോഗതി നേര്‍ത്ത ഏതെങ്കിലും സംഭവത്തിന്റെ മേല്‍ കെട്ടിപ്പൊക്കുന്നതുപോലെയാണോ കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങളെല്ലാം രൂപപ്പെടുന്നതു് എന്ന സംശയമാണു് ഈ വിവരണം വായനക്കാരനില്‍ ഉണര്‍ത്തുക.

യാദൃച്ഛികതകളുടെ കളി, ഇദ്ദേഹത്തിന്റ ജീവിതത്തിലെ നിര്‍ണ്ണായകമുഹൂര്‍ത്തങ്ങളെന്നു് വായനക്കാര്‍ കുരുതുന്നേടങ്ങളിലെല്ലാമുണ്ടു്. ഐ.ടി.ഐയിലെ പഠനകാലത്ത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ എസ്. എഫ്. ഐ നടത്തിയ അറുപതുദിവസം നീണ്ട സമരത്തില്‍ സജീവമായി പങ്കെടുത്തു. പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജരില്ലാത്തതിനാല്‍ ഐ.ടി.ഐ പഠനം രാഷ്ട്രീയവിദ്യാഭ്യാസം മാത്രമായി. തുടര്‍ന്നു് എസ്. എന്‍ കോളേജിലായിരുന്നു പഠനം. അവിടെ സംഘടനാ നേതാവായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവും കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറിയുമായി. അങ്ങനെ വിദ്യാര്‍ത്ഥിസംഘനാരംഗത്തുനിന്നും പാര്‍ട്ടിയിലെത്തി ജില്ലാ പഞ്ചായത്തു് അംഗവുമായി. ഈ കഥകളൊന്നും കാലാനുക്രമത്തില്‍ ആത്മകഥാകാരന്‍ പറയുന്നില്ല. ഇതിനിടയിലാണു് യാദൃച്ഛികതയുടെ കളികള്‍ അരങ്ങേറുന്നതു്.

നാലാമത്തെ തവണ കണ്ണൂരില്‍ മത്സരിച്ചുജയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍, തന്റെ നാട്ടില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കവാന്‍ വന്നപ്പോള്‍ അദ്ദേഹത്തെ, മുല്ലപ്പള്ളിയുടെ പേഴ്സനല്‍ സ്റ്റാഫിലൊരാള്‍ പരിചയപ്പെടുത്തിക്കൊടുത്തു. പിരിയുമ്പോള്‍ ആത്മഗതം എന്ന നിലയില്‍, ഈ വലിയ മനുഷ്യനെ തോല്പിക്കാന്‍ ഞാന്‍ തന്നെ വേണ്ടിവരുമെന്നു് തോന്നുന്നുവെന്നു് പറഞ്ഞു. അത് മുല്ലപ്പള്ളി കേള്‍ക്കുകയും ചെയ്തു! പിന്നീട് കേന്ദ്രസര്‍ക്കാരിനുള്ള കോണ്‍ഗ്രസ്സ് പിന്തുണ പിന്‍വലിച്ച ദിവസം, ദില്ലിയില്‍ എസ്. അജയകുമാര്‍ എം.പിയുടെ മുറിയില്‍ പനിപിടിച്ചു കിടക്കുകയായിരുന്നു. അപ്പോള്‍, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ആരെ നിറുത്തിയാലാണു് മുല്ലപ്പള്ളിയെ തോല്പിക്കാനാവുകയെന്നു് അവിടെയുണ്ടായിരുന്ന എസ്.എഫ്.ഐ നേതാക്കള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. പനിക്കിടക്കയില്‍ നിന്നു് താന്‍ വേണം നില്ക്കാനെന്നു് അബ്ദുള്ളക്കുട്ടി പറഞ്ഞു. അതൊരു ഫലിതമായേ എല്ലാവരും കണക്കാക്കിയുള്ളൂ. പക്ഷെ, പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയതു് അബ്ദുള്ളക്കുട്ടിയെ! സി.പി.എം സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം ഇത്രത്തോളും ലളിതമായിരിക്കാനിടയില്ല എന്നാണു് ആ പാര്‍ട്ടിയെക്കുറിച്ചു് കേരളീയര്‍ ധരിച്ചുവെച്ചിരിക്കുന്നതു്. പലതരം കണക്കുകൂട്ടലുകളും സമവാക്യങ്ങളും ചേര്‍ത്തു നടത്തുന്ന സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തെ ലളിതവത്കരിച്ചു പറഞ്ഞു കേള്‍ക്കുന്നതു് ആത്മകഥയിലായാലും വായനാസുഖമുള്ള കാര്യമല്ല.

പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വ്യക്തിപരമായ പല പ്രശ്നങ്ങളും ഇദ്ദേഹത്തിനു് അനുഭവിക്കേണ്ടിവന്നിട്ടുണ്ടു്. വിവാഹം, ഉമ്മുമ്മയുടെ മരണം, വ്യവസായം തുടങ്ങല്‍ എന്നിങ്ങനെ ചില കാര്യങ്ങള്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ടു്. ഇത്തരം സന്ദര്‍ഭങ്ങളിലൊന്നും അദ്ദേഹവും കുടുംബവും ആഗ്രഹിക്കുന്നതുപോലെ പെരുമാറാന്‍ സാധിക്കുന്നില്ല എന്നതാണു് പ്രശ്നം. അതിലേറെ പാര്‍ട്ടിക്കകത്തു് ഒട്ടേറെ എതിര്‍പ്പും നേരിടേണ്ടി വന്നിട്ടുണ്ടു്. മുല്ലപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തില്‍ അദ്ദേഹത്തെ അട്ടിമറിച്ചു് ജയം നേടിയ അബ്ദുള്ളക്കുട്ടിയോടു് പാര്‍ട്ടിയോഗത്തില്‍വെച്ചു് പ്രശാന്തന്‍ എന്ന ഒരു സഖാവു് പറഞ്ഞു: സഖാക്കളേ, അബ്ദുള്ളക്കുട്ടിയുടെ കഴിവുകൊണ്ടല്ല ജയിച്ചതു്. ഞാനുള്‍പ്പെടെയുള്ള സഖാക്കള്‍ കള്ളവോട്ട് ചെയ്തിട്ടാണു്. അതു് സഖാവു് മറക്കരുതു് (പുറം 48). പാര്‍ട്ടിക്കകത്തു് അദ്ദേഹം നേരിടേണ്ടവന്ന എതിര്‍പ്പിന്റെ തുടക്കമാണതു്. പ്രശാന്തനെ ആരോ കരുവാക്കി കളിക്കുകയാണെന്നു് സൂചിപ്പിക്കുന്നുണ്ടെങ്കിലും അതാരെന്നതു് ആത്മകഥയുടെ അവസാനപുറം വായിച്ചു് പുസ്തകം മടക്കിവെക്കുമ്പോഴും വായനക്കാരനു് അറിയാനാകില്ല. അതാരെന്നു് ഊഹിക്കുകയേ നിവൃത്തിയുള്ളൂ. ഊഹം ശരിയായിരിക്കണമെന്നും പറയാനാവില്ല.

അബ്ദുള്ളക്കുട്ടിയെപ്പോലുള്ള ഒരു യുവരാഷ്ട്രീയനോതാവു് എങ്ങനെയാണു് നേതൃനിരയിലെത്തുന്നതെന്നും എങ്ങനെയാണു് ചേരിമാറുന്നതെന്നും മനസ്സിലാക്കാന്‍ ഈ പുസ്തകം സഹായകമാണു്. എന്നാല്‍ നമ്മുടെ യുവനേതൃത്വം ഇത്രത്തോളം ആഴംകുറഞ്ഞ രാഷ്ട്രീയാവബോധവുമായാണു് പ്രവര്‍ത്തിക്കുന്നതു് എന്നറിയുന്നതു് സങ്കടകരമാണു്. പാര്‍ട്ടിക്കകത്തു് പലതരം പ്രശ്നങ്ങള്‍ അനുഭവപ്പെട്ടപ്പോള്‍ ഒരിക്കല്‍ ദില്ലിയില്‍ വെച്ച് രമേശ് ചെന്നിത്തല ഇദ്ദേഹത്തെ കണ്ടുമുട്ടുകയും കോണ്‍ഗ്രസ്സിലേക്കു് ക്ഷണിക്കുകയും ചെയ്തു. പിന്നീടൊരിക്കല്‍ കെ.സുധാകരനും ഇദ്ദേഹത്തെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്തായപ്പോള്‍ അദ്ദേഹം ആ ക്ഷണം സ്വീകരിച്ചു് കോണ്‍ഗ്രസ്സുകാരനായി.

സി.പി.ഐ(എം) എന്ന പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകേണ്ടിവന്ന പല നേതാക്കളുണ്ടു്. അവരില്‍ രണ്ട് വലിയ മാതൃകകള്‍ ഇപ്പോഴും നമ്മുടെ മുന്നിലുണ്ടു്. എം.വി.രാഘവനും കെ.ആര്‍.ഗൌരിയമ്മയും. ഇവര്‍ ഇടതുപക്ഷമുന്നണിയുടെ എതിര്‍മുന്നണിയിലാണെങ്കിലും സ്വന്തം പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയത്തില്‍ നില്ക്കുന്നവരാണു്. ആലപ്പുഴയില്‍ ടി. ജെ. ആഞ്ജലോസ് എന്ന യുനേതാവു്, ഇങ്ങനെ ഒരു ഘട്ടത്തില്‍, സി.പി.ഐ എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നു. അബ്ദുള്ളക്കുട്ടിയാവട്ടെ പുതിയ ഒരു രാഷ്ട്രീയലൈന്‍ തന്റെ പ്രവര്‍ത്തനത്തിലൂടെ തുറന്നുതന്നിരിക്കുന്നു.

ചെറുപ്പത്തില്‍ ഇന്ദിരാഗാന്ധിയുടെ ആരാധകനായിരുന്നു താനെന്നു് അബ്ദുള്ളക്കുട്ടി പറയുന്നുണ്ടു് (പുറം 23). നേരത്തെ കോണ്‍ഗ്രസ്സുകാരനാകേണ്ടതായിരുന്നു താനെന്നും ഒടുവില്‍ താന്‍ അതായെന്നും വ്യക്തമായി ഇദ്ദേഹത്തിനു് പറയാനാകുന്നില്ല. മറിച്ചു് പാര്‍ട്ടിസഖാക്കളെല്ലാം ചേര്‍ന്നു് തന്നെ കോണ്‍ഗ്രസ്സാക്കി എന്നു് പരാതി പറയുകയാണു്. വ്യക്തമായ കാഴ്ചപ്പാടോടെ ഈ ആത്മകഥ മാറ്റിയെഴുതുകയാണെങ്കില്‍ ഒടുവില്‍ ഞാന്‍ കോണ്‍ഗ്രസ്സുകാരനായി എന്ന ശീര്‍ഷകം നല്കാനാവും എന്നാണു് തോന്നുന്നതു്.

സപ്തംബര്‍ അവസാനിച്ചു, ഒക്ടോബറിന്റെ ആദ്യനാളുകളായി. പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പരസ്യവുമായി മാതൃഭൂമി പത്രം ഇനിയും എത്തിയിട്ടില്ല. രണ്ടു് ദിവസത്തിനപ്പുറം ആരുടെ രാഷ്ട്രീയജിജ്ഞാസയെയും ഉണര്‍ത്താന്‍ ഈ പുസ്തകത്തിനു് കഴിയുന്നില്ലെന്നാണോ ഇതു് സൂചിപ്പിക്കുന്നതു്? മലയാളപുസ്തകങ്ങള്‍ ആയിരം കോപ്പികളാണു് സാധാരണ അച്ചടിക്കാറുള്ളതു്. രണ്ടാം പതിപ്പിനപ്പുറം, രണ്ടായിരം കോപ്പികള്‍ക്കപ്പുറം, കടക്കാന്‍ ഈ പുസ്തകത്തിനു് സാധിക്കുന്നില്ലെങ്കില്‍ എന്താവാം കാരണം? ഉള്ളടക്കമോ പ്രതിപാദനരീതിയോ? പുസ്തകം മാറ്റിയെഴുതുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണു്.

Saturday, May 10, 2014

കാവ്യതീർത്ഥം

പുസ്തകം : കാവ്യതീർത്ഥം
രചയിതാവ് : എം.ആർ.രാജേശ്വരി
അവലോകനം : നിലയ്ക്കലേത്ത്‌ രവീന്ദ്രൻനായർ


പ്രവാസി മലയാള കവയിത്രി എം.ആർ.രാജേശ്വരിയുടെ കാവ്യപ്രപഞ്ചത്തിലേക്ക്‌ ഒന്നു കണ്ണോടിച്ചാൽ ലാളിത്യത്തിന്റെ സമൃദ്ധിയിൽ സാന്ദ്രമായിത്തീരുന്ന അനുഭവാവിഷ്ക്കാരമാണ്‌ മിക്കതിലും. വിചാരത്തിന്റെയും വികാരത്തിന്റെയും വേലിയേറ്റങ്ങളില്ലാതെ സൃഷ്ടിച്ചിട്ടുള്ള ഈ കാവ്യപ്രപഞ്ചത്തിൽ ഭാവനയുടെ ഉജ്വലപ്രകാശം ദർശിക്കാം. കവിത കവിയുടെ മാനസിക ജീവിതത്തിന്റെ സന്തതിയാണ്‌.

ഈ കവയിത്രി മനസ്സുകൊണ്ട്‌ നിസ്വവർഗ്ഗത്തിന്റെകൂടെ ജീവിക്കുന്നു. അവരുടെ നെടുവീർപ്പുകൾ വാക്കുകൾ പകർത്തുമ്പോൾ കവിതയിൽ നിവർത്തിക്കുന്ന വ്യക്തി താൻതന്നെയായി മാറുന്നു

എം.ആർ.രാജേശ്വരിയുടെ നാലാമത്തെ ഗ്രന്ഥമാണ്‌ കാവ്യതീർത്ഥം. അപ്പോൾ മറ്റു മൂന്നു ഗ്രന്ഥങ്ങളേയും സ്പർശിച്ചില്ലെങ്കിൽ ഈ വിശകലനം പൂർണ്ണമാവുകയില്ല. ആദ്യ കവിതാസമാഹാരം സ്നേഹലത പ്രസിദ്ധീകരിച്ചതു 2004-ൽ ആണ്‌. ആത്മഗതങ്ങളാണ്‌ ഇതിലെ കവിതകളിലധികവും. സ്നേഹത്തെയും ജാതിയെയും വാർദ്ധക്യത്തെയുമൊക്കെക്കുറിച്ചുള്ള ഇതിലെ കവിതകൾ വായിക്കുമ്പോൾ ആ വരികളിലെ തുടിപ്പ്‌ നമ്മുടെ ഹൃദയസ്പന്ദനമായി മാറുന്നു. സൗന്ദര്യവും സുഗന്ധവും മറ്റുള്ളവർക്കു നൽകി മുള്ളുകൾ ആത്മാവിൽ അമർത്താനുള്ള അഭിവാഞ്ഛ കവിയിത്രിയുടെ വരികളിൽ തുടിക്കുന്നു. ഗൃഹാതുരതയുണർത്തുന്ന കവിതകളും ഇതിലുണ്ട്‌. ആത്മാവിന്റെ മധുരനിവേദ്യമാണ്‌ എം.ആർ.രാജേശ്വരിക്ക്‌കവിതയെന്ന്‌ ഈ ഒറ്റഗ്രന്ഥംകൊണ്ട്‌ മലയാള കവിതാസ്വാദകർ മനസ്സിലാക്കി.

രണ്ടാമത്തെ ഗ്രന്ഥം ദേശാടനക്കിളികൾ പ്രസിദ്ധീകരിച്ചതും 2004-ൽ തന്നെയാണ്‌. ആറുമാസത്തിനു ശേഷം. രവീന്ദ്രനാഥ ടാഗോറിന്റെ കൃതിയുടെ മലയാള വിവർത്തനം. മലയാള സാഹിത്യാസ്വാദകർ രണ്ടു കൈയും നീട്ടി ഈ ഗ്രന്ഥം സ്വീകരിച്ചു എന്നതാണ്‌ പെൻ ബുക്സിന്റെ വിൽപനക്കണക്കുകൾ കാണിക്കുന്നത്‌.

മൂന്നാമത്തെ ഗ്രന്ഥമാണ്‌ സീതാ വിചാരസരിത. 2006-ൽ ആണ്‌ ഇതു പ്രസിദ്ധീകരിച്ചത്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ ഹിന്ദി വിവർത്തനമാണ്‌ സീതാവിചാരസരിത. ഈ ഗ്രന്ഥത്തിന്‌ പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ്‌ കേരളത്തിൽ ലഭിച്ചത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പതിനാറു ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ സാഹിത്യചക്രവാളത്തിലും പ്രാധാന്യത്തോടെ ഈ ഗ്രന്ഥത്തിന്റെ വാർത്ത കൊടുക്കുകയുണ്ടായി. തൃശ്ശൂരിൽ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന വിജ്ഞാനവീഥി മാസികയിൽ ഡോ.കെ.ജി.പ്രഭാകരൻ സീതാവിചാരസരിതയുടെ നിരൂപണം എഴുതുകയുണ്ടായി. മൂലകൃതിയോട്‌ ഒത്തുപോകാൻ എം.ആർ.രാജേശ്വരി ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടെന്നും കുമാരനാശാന്റെ സ്ത്രീസങ്കൽപത്തെ പരിചയപ്പെടുത്തുന്നതിലൂടെ 1920കളിൽ മലയാളകവിതയും കേരളസമൂഹവും കൈവരിച്ച നേട്ടങ്ങളെക്കുറിച്ച്‌ ഹിന്ദിവായനക്കാരിൽ അവബോധം ഉളവാക്കാൻ ഈ പരിഭാഷ സഹായകമാകുമെന്നും എം.ആർ.രാജേശ്വരിയുടെ ഈ ഉദ്യമം പ്രശംസനീയമാണെന്നും ഡോ.കെ.ജി.പ്രഭാകരൻ തന്റെ നിരൂപണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌. സൂര്യ ടി.വിയിലെ അക്ഷരം പരിപാടിയിൽ കവി കുരീപ്പുഴ ശ്രീകുമാർ പ്രവാസി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ ഭിലായിലെ എം.ആർ.രാജേശ്വരിയെയും അവർ വിവർത്തനം ചെയ്ത സീതാവിചാരസരിത എന്ന ഗ്രന്ഥത്തെയും പരിചയപ്പെടുത്തുകയുണ്ടായി. കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത'യുടെ ആശയം ചോർന്നുപോകാതെ വിവർത്തനം നിർവഹിച്ചതിന്‌ കുരീപ്പുഴ ശ്രീകുമാർ എം.ആർ.രാജേശ്വരിയെ അനുമോദിക്കുകയുണ്ടായി. അങ്ങനെ ചിന്താവിഷ്ടയായ സീത പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത പല പണ്ഡിതരാലും ശ്ലാഘിക്കപ്പെട്ടതുകൊണ്ട്‌ സീതാവിചാരസരിത ചിന്താവിഷ്ടയായ സീതയുമായി
താദാത്മ്യം പ്രാപിക്കുന്നു എന്ന്‌ തെളിഞ്ഞിരിക്കുന്നു. രാഷ്ട്രീയ ഹിന്ദി സാഹിത്യസമ്മേളന്റെ 2010-ലെ വിവർത്തനസാഹിത്യത്തിനുള്ള അവാർഡ്‌ സീതാവിചാരസരിതയ്ക്ക്‌ മന്ത്രി. എം.വിജയകുമാർ സമ്മാനിക്കുകയുണ്ടായി.

നാലാമത്തെ ഗ്രന്ഥമാണ്‌ കാവ്യതീർത്ഥമെന്ന കവിതാസമാഹാരം. ഇതു പ്രസിദ്ധീകരിച്ചതു ഡിസംബർ 2006ലാണ്‌. എം.ആർ.രാജേശ്വരിയുടെ മറ്റുകവിതകളെപ്പോലെ കാവ്യതീർത്ഥം എന്ന സമാഹാരത്തിലെ കവിതകളും നമ്മുടെ സൗന്ദര്യബോധത്തെ ഉണർത്തുകയും നമ്മെ തിരിച്ചറിവിന്റെ വെളിച്ചത്തിലേക്ക്‌ കൈപിടിച്ചു നടത്തുകയും ചെയ്യുന്നു. സാഹിത്യത്തിന്റെ സൗന്ദര്യം സമ്പൂർണ്ണമായും കാവ്യതീർത്ഥത്തിൽ ആസ്വദിക്കാം.
സംഗീതമപി സാഹിത്യം
സരസ്വത്യാ സ്തദ്വയം
ഏകമാപാത മധുരം
അന്യതാലോചനാമൃതം
അങ്ങനെ ആപാതമധുരങ്ങളും ആലോചനാമൃതങ്ങളുമായ ധാരാളം കവിതകളെക്കൊണ്ട്‌ സമ്പൂർണ്ണമാണ്‌ കാവ്യതീർത്ഥം. ശ്രവണമാത്രയിൽതന്നെ ആസ്വാദ്യമായത്‌ അഥവാ ഈണമിട്ടു പാടിപ്പോകാവുന്നത്‌. ഭാവാർത്ഥങ്ങൾ കുറവായിരിക്കും അതിൽ എന്നാൽ ശ്രവണസുന്ദരങ്ങളാണ്‌. ശൃംഗാരരസത്തിന്റെ വിവിധഭാവങ്ങൾ വ്യംഗ്യത്മകമായി പ്രകൃതിയുടെ വിവിധമുഖങ്ങളിലൂടെ വർണ്ണിക്കുന്നതാണ്‌ രാഗിണി, തളിരിലക്കുമ്പിളിൽ, മഴവില്ലും കാത്ത്‌, മധുമാലിനി,
അടുത്താരുമില്ലാത്തപ്പോൾ, ആകാശമുറത്തെ...അധരത്തിൽ...എന്നീ കവിതകൾ ആപാതമധുരങ്ങളാണ്‌. അഥവാ ഗാനങ്ങളാണ്‌. ലളിതഗാനങ്ങളായും ക്ലാസിക്കലുകളായും പാടി ആസ്വദിക്കാവുന്നവയാണ്‌. ബാക്കിയുള്ള കവിതകൾ ആലോചനാമൃതങ്ങളാണ്‌. ഇവയിലെല്ലാം ശ്രേഷ്ഠമാണ്‌ ചൈതന്യചക്രം. ഉദാത്തവും ഗംഭീരവുമായ വിഷയം നതോന്നത വൃത്തത്തിൽ ഏതു മലയാളിക്കും ആസ്വദിക്കാവുന്ന രീതിയിൽ എഴുതിയ ചൈതന്യചക്രം ഹൈന്ദവവിശ്വാസങ്ങളിലൂന്നി ആദ്ധ്യാത്മികതയുടെ ആത്മാവിലെത്തുന്നതാണ്‌. ജാതിമത ഭേദമില്ലാതെ സകലപ്രാണികൾക്കും ശിരസു മുതൽ പദതലംവരെ ചലിക്കുന്ന അശോകചക്രമാണത്രേ ചൈതന്യചക്രം. ഉദാത്തമായ തപസ്സിൽക്കൂടി മാത്രം അനുഭവൈകവേദ്യമായ ജ്ഞാനവും തരംഗാതീതമായ തലത്തിലെത്തിയ ആത്മസാക്ഷാത്ക്കാരവും കേവലം ബുദ്ധികൊണ്ടുമാത്രം മനസ്സിലാക്കാൻ സാധിക്കാത്തതുമായ ഈ ഈശ്വരജ്ഞാനത്തെയാണ്‌ ചൈതന്യചക്രത്തിൽ വിവരിച്ചിരിക്കുന്നത്‌.

ഉപഹാരം എന്ന ചെറിയ തുള്ളൽക്കവിതയിൽ എഴുതിയിരിക്കുന്നത്‌ കൂർത്ത നർമ്മമാണ്‌. അച്ഛന്‌ കളിത്തോക്കാണ്‌ അച്ഛന്റെയച്ഛൻ വാങ്ങിക്കൊടുത്തതെങ്കിൽ മകൻ ഇന്ന്‌ കുട്ടിമിസെയിലും കളിബോംബും ആവശ്യപ്പെടുന്നു. കാലഗതിയുടെ തീവ്രത അതിന്റെ എല്ലാ ദുഃഖങ്ങളോടും കൂടി
ഉപഹാരം എന്ന ചെറിയ കവിതയിൽ പറഞ്ഞ്‌ നമ്മെ ഭയപ്പെടുത്തുന്നു.ഒരു ചെറിയ പൂവിനും ഈ ഭൂമിയിൽ അതിന്റേതായ സ്ഥാനവും സൗന്ദര്യവും ഉണ്ട്‌. കൊടുങ്കാറ്റിലല്ല മന്ദമാരുതനിലാണ്‌ ഈശ്വരൻ തന്റെ മാഹാത്മ്യത്തെ വെളിവാക്കുന്നതെന്ന്‌ സുമനം എന്ന കവിതയിലെ ചെറിയ സന്ദർഭത്തിൽ വിവരിക്കുന്നു.

ക്യാൻസർ രോഗിയുടെ അന്ത്യം എന്ന കവിതയിൽ പറയുന്നത്‌ ദാർശനികതയാണ്‌.
ഏതു ദുഃഖവുമാർക്കുമെപ്പോഴും
വാതിലിലെന്നറിഞ്ഞീല-
ഇലയില്ലാത്ത ചില്ലയിൽ ഇരുന്നു കേഴുന്ന ചെല്ലക്കിളിയുടെ ചിത്രം ക്യാൻസർ രോഗിയുടെ അന്ത്യത്തിൽ കാണാം.
ആ ചെല്ലക്കിളി കേഴുന്നതോ
അല്ലലല്ലാമൊഴിഞ്ഞെല്ലാർക്കും
നല്ലതുമാത്രം തോന്നട്ടേ-
വലിയൊരുകാര്യമാണ്‌ കവയിത്രി ചെറിയവാക്കുകളിൽ ഒതുക്കിയിരിക്കുന്നത്‌. അതാണ്‌ ഈ കവിതയുടെ അന്തസത്ത.

അമ്പലത്തിലെ വലിയ ഓട്ടുരുളിയിൽ ചില്ലറയിട്ട്‌ തൻകാര്യം സാധിക്കണമെന്ന്‌ പ്രാർത്ഥിച്ച്‌ വെളിയിലിറങ്ങയപ്പോഴാണ്‌ കുഞ്ഞുങ്ങൾക്കാഹാരം കൊടുക്കാൻ ചട്ടി നീട്ടി നിവർത്തുന്ന പിച്ചക്കാരിയെ കാണുന്നതും കൈയ്യിൽ ചില്ലറയില്ലെന്നു പറയുന്നതും. അവർ പറഞ്ഞ മറുപടിയിലെ പുലഭ്യം അതിലും ശക്തമായ ഭക്തിഗാനം മൂലം കേൾക്കാൻ കഴിഞ്ഞില്ലത്രേ! സമൂഹത്തിലെ ദുഷിപ്പുകളെ തുറന്നുകാട്ടുന്ന തൂലിക നമുക്കു ഈ കൊച്ചുകവിതയിൽ ദർശിക്കാം.

സ്ത്രീകൾക്കു നീതി ലഭിക്കാത്തതിൽ പ്രതിഷേധിക്കുന്ന കവിതകളാണ്‌ 'കാലം മറയ്ക്കട്ടെ നാണം , ഉണരടി പെണ്ണേ' മദ്യക്കുപ്പിയുടച്ച്‌ ദുഷിച്ച സമൂഹത്തിന്റെ കുംഭകുത്തിക്കീറൽ ആഹ്വാനം ചെയ്യുന്നു. ഇത്രയും കാലം കരഞ്ഞുതീർത്ത കണ്ണുനീരെല്ലാം പന്തങ്ങളിൽ എണ്ണയായി ശക്തി പകർന്ന്‌ ഉണർന്നെഴുന്നേൽക്കുവാനുള്ള ആഹ്വാനമാണ്‌ സ്ത്രീകളോട്‌ ചെയ്യുന്നത്‌.

ഒരു സമകാലിക പ്രശ്നത്തെ താർക്കിക ബുദ്ധിയോടെ വീക്ഷിക്കുന്ന 'സന്നിധാനം സ്ത്രീകൾക്കും ' എന്ന കവിത ഈശ്വരവിശ്വാസികളേയും ചിന്തിപ്പിക്കും. ഈ കവിതകളിൽ ഫെമിനിസത്തിന്റെ വ്യക്താവാകുന്നു കവയിത്രി.

തന്റെ തുടിയിലെ ഉയിരായിരുന്ന ഭാര്യമരിച്ചപ്പോൾ ഇനി പാടുകയില്ലായെന്ന്‌ കണ്ണീരൊഴുക്കുന്ന പാട്ടുകാരനെ കാട്ടിത്തരുന്ന പാണാത്തി ഹൃദയസ്പർശിയാണ്‌. നമ്മളിൽ തന്നെ ഉള്ളവരുടെ കവിതയാണ്‌ 'ശ്രേയ'. പൊങ്ങച്ചങ്ങളുടെ ഭാണ്ഡക്കെട്ടുംപേറി അശാന്തി നാം തന്നെ നമ്മുടെ മനസ്സിൽ കുത്തിനിറയ്ക്കുകയാണെന്ന്‌ ഈ കവിത നമ്മെ ഓർമ്മിപ്പിക്കുന്നു.

വളരെച്ചുരുക്കി ശ്രീകൃഷ്ണാവതാരം പ്രതിപാദിച്ചിരിക്കുന്നു ഗീതയിൽ. വെറുതെ വായിച്ചാൽപ്പോരാ അത്‌ ജീവിതത്തിൽ പകർത്തുകകൂടി ചെയ്യണമെന്ന ധ്വനിയാണ്‌ ഈ കവിതയ്ക്ക്‌ കൂടുതൽ സൗന്ദര്യം നൽകുന്നത്‌. സംസ്കൃത ശബ്ദങ്ങൾ കോർത്തിണക്കിയ ഒരു പ്രഭാത വർണ്ണനയായ 'കിഴക്കമ്പലം' വായനാസുഖം നൽകുന്നു. ലളിതമായ പദങ്ങൾ കോർത്തിണക്കി വധൂവരന്മാർക്ക്‌ മംഗളമേകുകയാണ്‌ വിവാഹമംഗളാശംസയിൽ.കുറുങ്കവിതകളിലെ കവിതകളെല്ലാം പലപല ആശയങ്ങളെക്കൊണ്ട്‌ സമ്പുഷ്ടമാണ്‌. വർത്തമാനകാലത്തെയും ജീവിതത്തെയും ഉചിതപ്രതീകത്താൽ നിർവ്വചിക്കുകയാണ്‌ ബോൺസായിയിൽ. ഭയം ജനിപ്പിക്കുന്ന ദുരനുഭവങ്ങളെ ബോൺസായി നമ്മുടെ മനസ്സിലേക്കു കടത്തിവിടുന്നു. ബോൺസായി ഒരു പ്രതീകമാണ്‌ അതു മനുഷ്യനോ മരമോ ആകാം.

മാനത്തു മുട്ടേണ്ട മാമരം വാമനം ജ്ഞാനത്തിൻ തായ്‌വേരറുക്കുന്ന വിജ്ഞാനം സാംസ്ക്കാരികമായി തായ്‌വേരറുക്കപ്പെട്ട ഒരു ജനതയുടെ വിഭ്രാന്ത ദർശനങ്ങളിലേക്ക്‌ കവിത നമ്മെ നയിക്കുന്നു. ചട്ടി നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന, നമ്മെ വളരാൻ അനുവദിക്കാത്ത പരിതസ്ഥിതിയായി കാണുമ്പോൾ ബോൺസായി ഒന്നിലേറെ മാനങ്ങളുള്ള പ്രതീകമായി മാറുന്നു.

ബാഹ്യസംഭവമോ വ്യക്തിയോ പരിസ്ഥിതിയോ അല്ല നമ്മുടെ ദുഃഖത്തിനു കാരണമെന്നും മനുഷ്യമനസ്സിലുണ്ടാകുന്ന വികാരവിക്ഷോഭങ്ങളാണ്‌ ദുഃഖഹേതുവേന്നുമുള്ള പരമമായ സത്യം വിളിച്ചോതുന്നു അന്തസത്യത്തിലൂടെ. വിചാരങ്ങൾ ദോഷമുക്തമായാൽ വാണിയും പ്രവൃത്തിയും ദോഷമുക്തമാകുമെന്നും തദ്വാരാ ഭാവി ഭാസുരമാകുമെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. ആദ്ധ്യാത്മിക ദാർശനികതയാണ്‌ ഈ കവിതയുടെ കാതൽ.

എഴുതിത്തഴമ്പിച്ചതും ഭാവനാസമ്പുഷ്ടവുമായ തൂലികയിൽ നിന്നുമാത്രമേ ആശപോലുള്ള കവിതകൾ ഉരുത്തിരിയുകയുള്ളൂ. ഏത്‌ ഇരുട്ടിലും ആശയുടെ പൊൻകിരണമാണ്‌.

അതിമലിനചലപിലകളനവരതമെങ്കിലും

ശ്രുതിവിമലപ്രണവമൊന്നുയരുമെന്നോ മൊത്തത്തിലുള്ള വീക്ഷണത്തിലും ഇതുതന്നെയാണ്‌ പലകുറി മനസ്സിൽ തെളിയുന്നത്‌.

സ്വന്തം ദുര്യോഗത്തിൽ പരിതപിക്കുന്ന, കാക്കാലന്റെ കൂട്ടിലകപ്പെട്ട ഒരു കിളിയെപ്പോലെയാണ്‌ ഭാരത്തെ കാക്കാലന്റെ പൈങ്കിളിയിൽ അവതരിപ്പിക്കുന്നത്‌. രാഷ്ട്രീയക്കാരുടെ ലക്ഷ്യമില്ലാത്ത പ്രയാണത്തിലേക്ക്‌ വിരൽചൂണ്ടുന്നു. അധികാരത്തിനുവേണ്ടി ആദർശങ്ങൾ ബലിയർപ്പിക്കപ്പെടുന്നതിലൂടെ അസ്വാതന്ത്ര്യത്തിലേക്കാണ്‌ നാം നീങ്ങുന്നതെന്ന ധ്വനി ഇതിൽ
വ്യഞ്ജിപ്പിച്ചിക്കുന്നു.

ഗൃഹാതുരസ്മരണകളുണർത്തുന്ന കവിതയാണ്‌ 'വീണ്ടും ജനിച്ചോട്ടെ'. മഹാകവി പി.യുടെ കവിതകളെ ഓർമ്മിപ്പിക്കുന്നു ഈ കവിത.

ഈ സമാഹാരത്തിലെ കവിതകളിലുള്ള കുറ്റങ്ങളിലേക്കു കണ്ണോടിച്ചാൽ കളിപ്പാട്ടം, സുമനം എന്നീ കവിതകൾക്ക്‌ ഒരു ചിന്തേരിടീൽ ആവശ്യമാണെന്നു തോന്നി.

രണ്ടു കവിതകൾ വിവർത്തനമായതുകൊണ്ട്‌ ഒരു വിലയിരുത്തൽ ആവശ്യമില്ല. മൂലപദ്യവുമായി വിവർത്തനം താദാത്മ്യം പ്രാപിച്ചിട്ടുണ്ട്‌.

ഭാവനാസമ്പുഷ്ടതയാണ്‌ ഈ കവയിത്രിയെന്ന ഈ സമാഹാരത്തിലെ കവിതകൾ വിളിച്ചോതുന്നു. സരളമായ പദാവലികൾ തൊടുത്ത്‌ കാവ്യാസ്വാദനത്തിന്‌ പുതിയ ഒരു മാനം തീർക്കുന്നുണ്ട്‌ ഈ സമാഹാരത്തിൽ. കുരീപ്പുഴ ശ്രീകുമാർ സൂര്യാ ടിവിയിൽ പറഞ്ഞതുപോലെ പ്രവാസി മലയാള സാഹിത്യകാരന്മാരുടെ കൂട്ടത്തിൽ ഒരു പ്രത്യേക കസേര ശ്രീമതി. എം.ആർ രാജേശ്വരിക്കുണ്ടെന്ന്‌ ഈ കവിതകൾ വായിക്കുന്ന ഏതൊരാൾക്കും നിസ്സംശയം പറയാം.

Wednesday, May 7, 2014

താമ്രപര്‍ണ്ണി

പുസ്തകം : താമ്രപര്‍ണ്ണി
രചയിതാവ് : ശൈലന്‍
പ്രസാധകര്‍ : പാപ്പിറസ് ബുക്സ്
അവലോകനം : പ്രദീപ് @ കേരള സമോവര്‍പ്രതിഭാഷാ കലാപങ്ങളായി പലപ്പോഴും പുലഭ്യങ്ങളെയാണ് വിലയിരുത്താറുള്ളത്. വാസ്തവത്തില്‍ നിര്‍ണ്ണിത പരിസരത്തോടുള്ള സാകല്യത്തിനപ്പുറം അവ ആശയാദേശത്തില്‍ നവീകരണങ്ങളൊന്നും നടപ്പാക്കുന്നില്ല.അര്‍ത്ഥങ്ങളുടെ അവ്യവസ്ഥയും പാഠത്തിലെ അവിശ്വാസവും സംജാതമാകുന്നിടത്താണ് പ്രതിനിധാനത്തിനു പുറത്തുള്ള സരസലീലയായി സംവേദനം പരിണമിക്കുന്നത്. ശ്രോതാവിന്റെ സചേതന സാന്നിധ്യം നിരന്തരം ആവശ്യപ്പെടുന്ന ഒരു പ്രക്രിയാണിത്. വിറ്റ് ജെന്‍സ്റ്റണ്‍ ഭാഷയെ ഒരു ടൂള്‍ബോക്സിനോട് താരതമ്യപ്പെടുത്തുന്നുണ്ട്. ശൈലന്റെ ‘താമ്രപര്‍ണ്ണി’ എന്ന കവിതാസമാഹാരത്തിലേക്കുള്ള മികച്ച പ്രവേശികയായി ഈ കല്പനയെ പരിഗണിക്കാവുന്നതാണ്.


ആലേഖനം, വ്യാഖ്യാനം എന്നീ ബാധ്യതകളുടെ ബന്ധനം ഇച്ഛിക്കാത്ത ബിംബങ്ങളുടേയും ഉദീരണങ്ങളുടേയും സ്വതന്ത്രസംയോഗത്തിലൂടെ മാത്രം സാധ്യമാകുന്ന വിചിത്രമായ ഒരു വിമോചനത്തിന്റെ ഗൂഢപ്രസ്താവനകളായാണ് ശൈലനില്‍ കവിത ഉറവെടുക്കുന്നത്. ഒരേ സമയം ആത്മനിഷ്ഠവും അനുവാചകബദ്ധവുമാണത്. പശ്ചാത്തലബദ്ധമായ പുതുവായനയെ സൃഷ്ടിക്കുന്ന പ്രതിപ്രവര്‍ത്തനോന്മുഖമായ സംരചനകളാണവ. കര്‍മ്മത്തിന്റെ രേഖീയഗതി വിഗണിക്കാനുള്ള അതിന്റെ ത്വരയാന്‍ ഉപകരണപേടകമായി ഭാഷയെ തിരിച്ചറിയുകയും വിഭിന്നഭാവമണ്ഡലങ്ങളില്‍ അതിലെ സാമഗ്രികളുടെ വ്യത്യസ്തമായ ഉപയോഗത്തെക്കുറിച്ചുള്ള അവബോധം ഉളവാക്കുന്ന ആശ്ചര്യതന്ത്രങ്ങളെ നവീനചത്വരങ്ങളിലേയ്ക്ക് ആനയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യേണ്ടത്. ചുറ്റിക അടിച്ചു കയറ്റാനും അടിച്ചുപൊളിക്കാനും ഉപയോഗിക്കാറുണ്ടല്ലോ.

ശീര്‍ഷകത്തില്‍ നിന്നു തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. ‘താമ്രപര്‍ണ്ണ’ത്തെ അഴിച്ചടുക്കിയാല്‍ ചെമ്പോലയെന്നു വരും. രാജശാസനകള്‍ നമ്മിലെത്തപ്പെട്ടത് ചെമ്പോലകളിലൂടെ ആയിരുന്നല്ലോ. തിട്ടൂരങ്ങളെ ചോ‍ദ്യം ചെയ്യപ്പെടാനാകാത്തവയെന്ന് സാസ്ക്കാരിക ഭാഷണം നിര്‍വ്വചിക്കുന്നു. ഇവിടെ ചെമ്പോലകള്‍ക്കുള്ളില്‍ നാം വായിക്കുന്ന വരികള്‍ ശിലാകോണഘടനയ്ക്ക് വിരുദ്ധവും കവിയുടെ നാമം പോ‍ലും അതിപാഠധാരണ സൃഷ്ടിക്കുന്നതും-ഉക്തിവൈചിത്ര്യത്തെ തലതിരിച്ചു നോക്കുമ്പോഴോ അനുശാസനങ്ങളോടുള്ള തീവ്രനിഷേധമാണ് കാവ്യസഹചാരം ലക്ഷ്യമിടുന്നത് എന്ന് അറിയാനാകും. ഈ അറിവ് അനുവാചകന് ചില ഹനനജനനങ്ങള്‍ക്കായി ഇതൊക്കെയാണെന്നും ഇതൊക്കെയല്ലെന്നും വചസ്സിനെ പചനം ചെയ്യാന്‍ സന്നദ്ധനാക്കുന്നു.

വ്യതിരിക്തത സാധ്യമല്ലാത്ത വചനങ്ങള്‍ ഇതിലെ ഓരോ കവിതയിലും ദൃശ്യമാണെങ്കിലും അവയുടെ ആഘാതസമ്പുഷ്ടതയിലേക്ക് ഇറങ്ങിചെല്ലാന്‍ കവി മുതിരുന്നില്ല.പകരം നിഷേധവാക്യങ്ങളിലൂടെ അഭിഗമിച്ച് ഭാവനയുടെ അനുസന്ധാനങ്ങളെ ഒരു ചവണ കൊണ്ടെന്നപോ‍ലെ വലിച്ചൂരിയിടുകയാണ് കവി. ‘കാറ്റുകള്‍ വീശണമെന്നാണല്ലോ വയ്പ്’, ട്രോളിംഗ് നിരോധന സുവിശേഷം’, ‘ഓര്‍ണിത്തോളജി പുസ്തകം’, ‘വജ്രകാലം’, ഇത്യാദി സുഘടിത ഋജുതകളെ കൈവാള്‍ അറുത്തുമുറിക്കുമ്പോള്‍ ആചരണത്തിനു പുറത്ത് പരതന്ത്രപ്രാപ്തമല്ലാത്ത നിരാലംബതയിലാണ് അവ ചേര്‍ത്തു വച്ചിരിക്കുന്നതെന്നു വരുന്നു. ഇവയുടെ മൌലികതയെ ‘മൌലിഗദ’ കൊണ്ട് ഛിന്നഭിന്നമാക്കുന്ന സുന്ദരമാത്രകളുടെ സ്പന്ദനമാണ് അദ്ദേഹത്തിന് കവിത.

വികലസംയോഗത്തിലൂടെ പ്രതിഭാഷ വിരിയെച്ചെടുക്കുന്നത് വിഭവങ്ങളെയല്ല അഭാവങ്ങളെയാണെന്നത് ഘടനയോടുള്ള അവിശ്വാസം രേഖപ്പെടുത്തലാവാം. ‘കറന്നുവച്ച വംശശുദ്ധി’,’ഹൃദയക്കരിക്കട്ട’ , ‘കാവ്യപുസ്തകത്തില്‍ അട്ടിപ്പേറിട്ട കവിപ്രജാപതി’, ‘വാരിയെല്ലിന്റെ ജപ്തിക്കാറ്റ്‘ എന്നിങ്ങനെ അനുസരണയില്ലാത്ത ഉദ്ഗാവനങ്ങള്‍ കവിതയിലുണ്ടെങ്കില്‍ അത് സ്ഥാപീകൃതമായ നമ്മുടെ ജീര്‍ണ്ണതയെ ആകുലപ്പെടുത്തുന്നതാകാനേ ഇടയുള്ളു. കളിനിയമങ്ങള്‍ ലംഘിക്കുമ്പോള്‍ അത് കണ്ടെത്തപ്പെടുമ്പോള്‍ ഒക്കെയാണ് കളിക്കാരനില്ലാത്തപ്പോഴത്തെ ബാലിശത തിരിച്ചറിയുന്നത്. ഭവ്യം അനിശ്ചിതത്വമൊന്നു മാത്രവും.ചിഹ്നങ്ങളെ ഗൂഢഭാഷയിലേക്ക് വലിച്ചിഴക്കുന്നുവെന്ന പ്രതലധാരണ വ്യാജമാണ്. സ്വാംശീകരണ ക്ലിഷ്ടതയെന്ന നുണയുടെ നീചോളത്തിനിടയില്‍ അനായാസപരായണം പ്രാപ്തമാക്കുന്ന മസിപണ്യതയാണത്. കുട്ടിക്കവിതകളേക്കാള്‍ പ്രസാദഭരിതമാണ് താമ്രപര്‍ണ്ണി. ദുസ്തരയെന്നതിനെ മുദ്രകുത്തിയാല്‍ മറ്റൊരു ശാസനമാകും അതും. ആ ചെമ്പോലയും ഈ കവിതകളില്‍ നേരിന്റെ നേര്‍മറയാകുമെന്നതിനാല്‍ നിര്‍വ്വചനങ്ങളുടെ ജളതയ്ക്ക് പാ‍രായണങ്ങളെ വിട്ടുകൊടുക്കുകയുമരുത്.

പഴകിയുറച്ച് പ്രശ്നഭാഷ്യങ്ങളേയും മറിച്ചു ചൊല്ലലിലെ (അ)സഭ്യത്തെയും വരേണ്യഭാഷയുടെ - ആംഗലമായാലും സംസ്കൃതമായാലും നമ്പൂരിവായ്മൊഴിയായാലും- ആശാസ്യതയും ശൈലന്‍ തല്ലിചേര്‍ക്കുന്നെണ്ടെങ്കില്‍ അത് ആശയശാസ്ത്രങ്ങളുടെയോ അനുഭവപ്രമാണങ്ങളുടേയോ ജര്‍ജ്ജരസുവിശേഷങ്ങളുടെ അപ്രമാദിത്വം ഉദ്ഘോഷിക്കനല്ല., ജുഗുപ്സയുടെ കൊടിലുകൊണ്ട് ചിലപ്പോഴൊക്കെ ചിരിയുടെ പിരിയിളക്കികൊണ്ട് പുഴക്കിയെടുക്കനാണ്.ഈ കാര്‍ണിവലില്‍ പ്രവാചകനായും ,പ്രജാപതിയായും, കോമാളിയായും ഒക്കെ തന്നെത്തന്നെ നിവേശനം ചെയ്യാനുള്ള കവിയുടെ ഉദ്യമം പൂര്‍ണ്ണപരാജയമാണ്.ഇതേ പരാജയം തന്നെ സൃഷ്ടാവിന്റെ മേലുള്ളാ സൃഷ്ടിയുടെ അനുഭാചകഭാവത്തിന്റെ അധിനിവേശമായിക്കൊണ്ട് കവിതയുടെ വിജയമാകുന്നത് അസാധാരണമായ ഒരു കാഴ്ചയാണ്. ലാവണ്യചരിത്രത്തില്‍ ഒരു പരിഛേദനത്തിന്റെ സംസൂചനയായി താമ്രപര്‍ണ്ണി ആധാനം അര്‍ഹിക്കുന്നെങ്കില്‍ അത് ഉദ്ഗ്രഥനത്തിന്റെ സഹനത്തിന്റെ നവനത്തിന്റെ ഒക്കെ മാനകങ്ങളുടേയും മാപിനികളുടേയും അധൃഷ്യത എത്രത്തോളം ക്ഷണികമാണെന്ന അനുസ്മരിപ്പിക്കുന്നതുകൊണ്ടുതന്നെയാണെന്നതില്‍ സന്ദേഹം ആവശ്യമില്ല.

ദൃശ്യബിംബങ്ങളാണിയാള്‍ക്ക് പ്രിയമെന്ന് തോന്നുന്നു. ചിത്രകാരന്റെ കൃതഹസ്തതയായല്ല കാരിക്കേച്ചറിസ്റ്റിന്റെ ചടുലതയാണത് ബഹിര്‍സ്ഫുരിക്കുന്നതെന്ന് മാത്രം. ഉദ്ദിഷ്ടതലത്തിന് ഉദ്വിഗ്നതയ്ക്കു വേണ്ടി ഇതരഘടകങ്ങളെ ലഘൂകരിക്കുകയോ അവഗണിക്കുകയോ ആണല്ലോ കാരിക്കേച്ചറില്‍ കണാവുന്നത്. ഈ വിധത്തില്‍ ‘താജ് മഹല്‍’ ‘ഉപജീവനം’ ‘ആത്മകഥ’ എന്നീ രചനകളുരുപ്പെടുത്തുന്ന പ്രതിപ്രണതയ്ക്ക് ശുഭ്രസലിലങ്ങളില്‍ പ്രാണപ്രജിനമേല്‍ക്കാനായെന്നുവരില്ല ചെളിവെള്ളംതന്നെ വേണം. ഇതൊരു ശാഠ്യമാണ്. കാഴ്ചയെ ദര്‍ശനവും ചിരേണ ശാസനവുമാക്കുന്ന മഹാചിത്തത കയ്യൊഴിയുമ്പോഴും ‘ആത്മരക്ഷാര്‍ത്ഥം’ ‘സമ്മതിദാനം’ മുതലായ കൃതികളില്‍ ഒരു തന്ത്രമായി ഇത് പ്രത്യക്ഷപ്പെടുന്നു. എന്നെ വിശ്വസിക്കുക എന്റെ വചനത്തെയരുതെന്നാണ് നെറികേടുകളുടെ നിലപാടുതറയില്‍ നിന്നുകൊണ്ട് ചാവേറിനെ ഭയക്കാതെ കവി പറയുന്നത്. അതനുസരിക്കാന്‍ നാം ബാദ്ധ്യസ്ഥരുമല്ല.

അംഗീകാരങ്ങളിലൂടെ മാത്രം വിരചിതമാകുന്ന ഭ്രമാത്മകപ്രപഞ്ചത്തിന്റെ കോറിയിടലാണ് ‘കാളിദാസസ്യ’. അപര്യാപ്തമായൊരു ആലേഖനത്തിന്റെ ധ്വനി ശ്ലഥചിത്രങ്ങളിലൂടെ വ്യഞ്ജിപ്പിച്ച് ചില കാല്പനിക ക്യാമറാസ്ടെയ്റ്റ് കട്ടുകള്‍ അതിന്റെ പ്രഹസനഭാവത്തിലൂടെ ഏതൊന്നിന്റെയും സ്നിഗ്ധതയും ആണിയടിപ്പിച്ചുറപ്പിച്ചതാണെന്നും പരിചരണത്തിനും അതേ തഴുകല്‍ മതിയെന്നും കണ്ടെത്തുന്നതാണ് ഇവിടെ വിവക്ഷ. ആത്മഹാസത്തിന്റെ സ്വന്തം ക്ലീഷേ’യിലും തത്തുല്യമായൊരു തന്തുവുണ്ട്. ഉദിതിയുടെ ഉപരിതലത്തില്‍ നീന്തുന്ന ഒരു സമൂഹം കവിയില്‍ ആരോപിക്കുന്നത് സ്വന്തം കുറ്റപത്രമാണെന്നും ഗോപ്യമായി ഓര്‍മ്മിപ്പിക്കുകയാണിവിടെ ചെയ്യുന്നത്. വിഭലിതമായ വീക്ഷണങ്ങളുള്ള വാക്കുകള്‍ കവിക്ക് മിക്കപ്പോഴും അക്ഷരങ്ങളായാണ് അര്‍ത്ഥങ്ങളായല്ല അനുഭവപ്പെടാറുള്ളതെന്നെ തോന്നുന്നു. അയാള്‍ക്കാവശ്യം ശൈലികളുടേയും സാരൂപ്യങ്ങളുടേയും സവിശേതകളാണ്. നമ്മെപ്പോലെ ദൃഢതകളും അപരിമേയതകളും ഭീഷണികളും അദ്ദേഹത്തെ വശംവദനാക്കുന്നില്ല. കവിതയെ കൂട്ടിനിര്‍ത്തുന്നത് വരികളുടെ അടുപ്പംകൊണ്ടുമല്ല.ഫ്രോയ്ഡിനേയും യുങ്ങിനേയും അവരുടെ സംഭാവനകളേയും തനിക്കവശ്യമില്ലെന്ന നിഷ്കപടമായ, നിഷ്കളങ്കമായ അഹന്തയില്‍ നിന്നേ ‘ഫ്രോഡേ വിഴുങ്ങൂ’ എന്ന് പറയാന്‍ കഴിയൂ.

തിരസ്ക്കരണങ്ങളുടെ പ്രയോഭജഗീതമായ ‘മൈ-ഥിലി’ ‘സ്വാസ്ഥ്യം തേടുന്നതിന്റെ സദാചാരികളെ പ്രീണിപ്പിച്ച്’ സെറീന വില്യംസ് ഒരു സോദ്ദേശമുക്തകം’ അവരെത്തെന്നെ പുലയാട്ടുന്നതിന്റെയും, ബൈബിളിനെ മഞ്ഞപ്പുസ്തകത്തിന്റെ അവതാരികയാക്കുന്നതിന്റെയുമൊക്കെ കരണീയത കണ്ടെത്താന്‍ ഉപപാദ്യങ്ങള്‍ മറ്റേതുണ്ട്. കൂട്ടത്തില്‍ ‘കവിതയെന്ന് പാലം’ പോലും വിളക്കിച്ചേര്‍ത്തതാവുന്നു- ലേഔട്ടിലൂടെ.

ആകസ്മികതകളുടെ രംഗപ്രവേശം സര്‍വ്വസാധാരണമാണെന്ന നിസ്സംഗത ‘പൊന്നോണ’ത്തിന്റെ ലഹരിപ്പുരകളിലെ കടന്നുകയറ്റമാകുന്നുണ്ട്. ‘മൃതദേഹത്തിന്റെ ക്ലീഷേ’യില്‍ ആത്മാവിഷ്ക്കാരം അസാധ്യമാകുന്ന പ്രതിബദ്ധതാ ബാധ്യതയെന്ന അധിനിവേഷത്തില്‍ നിന്നുളവാകുന്ന സംത്രാസത്തെയും തുണയാക്കാം.ശരി/തെറ്റ് ദ്വന്ദ്വത്തില്‍ സര്‍വ്വതിനേയും മെരുക്കാന്‍ വെതുമ്പുന്ന ഋജുഗതിയെ ഇങ്ങനെയൊക്കെയും നിഷേധിക്കാനാകുമെന്നതിന് കവിത മാപ്പുസാക്ഷി ആകുന്നു.തലക്കെട്ടിനെ ഒരു സ്പാനര്‍ പോലെ ഉപയോഗിച്ച് ആതുരമനസ്സുകളുടെ തരളപേശികളെ ഉറപ്പിച്ചുനിര്‍ത്തുന്ന ആതുരതയുടെ വിപണനമൂല്യമുള്ള കട്ടകളെ ‘ഗുണാത്മകന്‍’ എന്ന തലക്കെട്ടിന്റെ സ്പാനര്‍കൊണ്ട് അഴിച്ചിടുമ്പോള്‍ അനുകന്യദന്തത്തിന്റെ പ്രാഗ്മറ്റിക് യഥാര്‍ത്ഥ്യമാണ് ഇളകി വെളിപ്പെടുന്നത്.

നിന്റെ നാവിലിരിക്കുന്നത് ഉപ്പാണെന്ന് ഞാന്‍ നിനക്ക് പറഞ്ഞുതരാം എന്ന് പറഞ്ഞു കൊണ്ടാണ് സാമൂഹ്യഭാഷകള്‍ നമ്മുടെ രക്ഷകര്‍ത്തൃത്വം ഏറ്റെടുക്കുന്നത് . ഇത്തരം ‘കറന്നു വച്ച വംശശുദ്ധിക്ക്’ അധമബോധം നമ്മെ തീറെഴുതിക്കൊടുക്കുമ്പോള്‍ അനുദിനാവധാനതകള്‍ പോലും അപരന്റെ ദാനമാകാറുണ്ട്.അതവകാശമാണെന്ന് മധുരം പൊതിഞ്ഞ കുഴിയില്‍ക്കൂടി ‘ഏരിയല്‍ ഷാരോണ്‍’ നാല് വാചകങ്ങളില്‍ തുറന്നുകാട്ടുന്നത് ഈ ഞെട്ടലിനെയാണ്.വരികള്‍ക്കുപുറത്ത് വേരുപിടിച്ചു കിടക്കുന്നതാണ് കവിത. ആസ്വാദകരുമായി കരാറിലേര്‍പ്പെടാനല്ല ‘അക്വറീജിയ’ യ്ക്കും താത്പര്യം. രൂപകങ്ങളുടെ ശവക്കച്ചയ്ക്കു മേലാണ് ത്രികോണവിപ്ലവം ഉന്നം വയ്ക്കുന്നത്. ഒരു വിദ്യുത്പ്രകമ്പന ചികിത്സ(ECT) കണക്ക് സമ്മതിദാനം വമിപ്പിക്കുന്ന നുരയും പതയും ഭര്‍ത്സനത്തിന്റേതല്ല. വ്യാഖാനപ്പെടാത്ത നേരിന് (?) ഭ്രാന്ത് കല്പിക്കുന്ന മുന്‍വിധിയുടേതാണ്. കുറുക്കന്‍ കടിച്ചാണ് പട്ടി പേപ്പട്ടിയാകുന്നതെന്ന നാട്ടുപേടികൂടി ‘നീര്‍ക്കുറുക്കന്‍’ വായിക്കാനുപയോഗിച്ചാല്‍ അതുമൊരു നല്ല ഉപകരണമാണ്.

ഈ സമാഹാരത്തിലെ ഏറ്റവും വര്‍ണ്ണാഭമായ കവിത ‘ഞാഞ്ഞൂല്‍കാലത്തെ ഗ്രഹണം’ ആയിരുന്നേക്കാം. അന്യൂനമായ നിര്‍മമതയുടെ ദോരകങ്ങള്‍ കൊണ്ട് മെനഞ്ഞെടുത്ത വാങ്മയകല്പനയാണിത്. അന്തഃസാരതയെ ലജ്ജാര്‍ഹിതമായി അനാവരണ ചെയ്യുന്ന ഛിദ്രത ആകര്‍ഷകമായി ആവിഷ്ക്കരിക്കപ്പെടികയാണിതിലൂടെ. അരാജകമെന്ന മുസലി നടാം അല്ലെങ്കില്‍ ഒട്ടനവധി സാംഗത്യങ്ങളെ വിചാരണ ചെയ്യാതെ വയ്യ. ശാസനാപര്‍വ്വങ്ങളുടെ ഒട്ടേറെ ചുരുളുകള്‍ എരിഞ്ഞമരുന്ന കാവ്യവിചാരണ കുഞ്ഞുവാചകങ്ങളുടെ ഈ ആയുധപ്പെട്ടിയില്‍ ഒരു കള്ളത്താക്കോലുമുണ്ടെന്നത് മൂന്നാമൊതിരിക്കല്‍ക്കൂടി കവിതയെ തള്ളിപ്പറയാതിരിക്കാന്‍ ന്യൂനപക്ഷത്തിന് പ്രേരണയാകുന്നുണ്ട്. താമ്രപര്‍ണ്ണിസ്നാനം വിമലീകരണത്തിനുതകുന്നുമുണ്ട് മറ്റൊരു ശാസനം.

Sunday, May 4, 2014

ഫ്രാന്‍സിസ് ഇട്ടിക്കോര

പുസ്തകം : ഫ്രാന്‍സിസ് ഇട്ടിക്കോര
രചയിതാവ് : ടി.ഡി.രാമകൃഷ്ണന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ഗീതാഞ്ജലി കൃഷ്ണന്‍


ഫ്രാന്‍സിസ് ഇട്ടിക്കോരഎന്ന് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ 27,100 ലിങ്കുകള്‍ തെളിഞ്ഞു. കൂടുതലും ഫെയ്സ് ബുക്കിലും ട്വിറ്ററിലുമാണ്. “കൊച്ചിയിലെ ഒരു നക്ഷത്ര വേശ്യാലയം.. “ എന്നാണ് തുടക്കം. പ്രതികരിച്ച വായനക്കാരായി അനേകം പേരുണ്ട്. ഡോ.ആര്‍.വീ.ജീ മേനോനും ശ്രീ. കെ.എന്‍ ഷാജിയും ഉള്‍പ്പെടും. എല്ലാവരും പുസ്തകത്തെ പ്രകീര്‍ത്തിക്കുന്നു. ഗണിതം, ചിത്രകല, മൈക്കേല്‍ ആഞ്ജലോവിന്റെ പിയത്ത, അന്താരാഷ്ട്ര സമൂഹം, ഇറാക്കില്‍ അമേരിക്ക നടത്തിയ അധിനിവേശം, സദ്ദാം ഹുസൈന്‍ , തുപാക്ക് അമറു എല്ലാറ്റിനേയും ഒരൊറ്റ ക്യാന്‍‌വാസിനുള്ളില്‍ കൊണ്ടുവന്നില്ലേ? മലയാളഭാഷയില്‍ ഇത്തരമൊരു പ്രദര്‍ശന നോവല്‍ അപൂര്‍വ്വം! കാര്‍ണിവെല്‍ എന്നുവിളിക്കുന്ന രചനാ സങ്കേതമാണ് ഉപയോഗിച്ചിരിക്കുന്നത്. അവതാരിക എഴുതിയിരിക്കുന്നത് ആഷാമേനോനാണ്. അടുത്തകാലത്ത് ഏറ്റവുമധികം വായിക്കപ്പെട്ട മലയാള പുസ്തകങ്ങളിലൊന്നാണത്രെ ഇത്.

ഫ്രാന്‍സിസ് ഇട്ടിക്കോരഎന്ന ശ്രീ. റ്റി.ഡി. രാമകൃഷ്ണന്‍ എഴുതിയ നോവലിന് (ഡി.സി. ബുക്സ്, 2009) വിയോജനക്കുറിപ്പെഴുതുമ്പോള്‍ ഇതുമൂലം അതിന് വായനക്കാര്‍ ഇനിയും കൂടിപ്പോവുമോ എന്ന ആശങ്ക എന്നെ ബാധിച്ചു. അറപ്പോടെയാണ് വായനക്ക് ശേഷം പുസ്തകം പൊതിഞ്ഞ് സഞ്ചിയിലിട്ടത്. ഫ്രാന്‍സിസ് ഇട്ടിക്കോര ഒരു മനോഹര പുസ്തകമാണെന്നും അതു വായിക്കണമെന്നും പറഞ്ഞത് വായനാശീലമുള്ള ഒരു സഹപ്രവര്‍ത്തകനാണ്. എനിക്കു മുന്‍പേ വായിച്ച മറ്റു പലരും ഇതിനെ പുകഴ്ത്തി. ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ മഞ്ഞപ്പുസ്തകങ്ങളോ നീലച്ചിത്രങ്ങളോ അനുഭവിച്ചിട്ടില്ല. ഇത് അത്തരത്തിലുള്ള ആദ്യാനുഭവമായിരുന്നു. മഞ്ഞയിലും നീലയിലും പൊതിഞ്ഞ ഗണിതവും രാഷ്ട്രീയവും. വായനക്കാരായ മനുഷ്യരെല്ലാം ഇതിനെ വാഴ്ത്തുന്നത് ഇതിന്റെ ആവേശം നിറഞ്ഞ പുരുഷാധിപത്യ പ്രവണത കൊണ്ടാണെന്നു പിന്നീടാണ് മനസ്സിലായത്. ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള എന്ന പുസ്തകം വായിക്കാത്തവര്‍ ചുരുങ്ങും. ഭീതിദമെങ്കിലും ആഖ്യാനരീതികൊണ്ട് മനസ്സിനെ പിടിച്ചിരുത്തുന്ന അനുഭവം. പകല്‍ ശവപ്പെട്ടിയിലുറങ്ങുകയും രാത്രി ഉണര്‍ന്ന് ഇരകളുടെ രക്തം പാനം ചെയ്ത് അമരത്വം നേടുകയും ചെയ്യുന്ന ഡ്രാക്കുള പ്രഭുവിന്റെ കഥ. റുമേനിയായിലെ കാര്‍പ്പേതിയന്‍ മലനിരകളിലെ ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരവും അവിടെ കണക്കെഴുത്തുകാരനായി ചെല്ലുന്ന ജൊനാതന്‍ ഹാര്‍പ്പര്‍ എന്ന മനുഷ്യന്റെ അനുഭവങ്ങളും ഉയര്‍ന്ന നെഞ്ചിടിപ്പോടെയാണ് വായിച്ചിരുന്നത്. ഡ്രാക്കുളയില്‍ ഉള്ള എന്തോ ഒന്ന് ഫ്രാന്‍സിസ് ഇട്ടിക്കോരയിലും രുചിച്ചു. രക്തപാനം, മനുഷ്യമാംസ ഭോജനം എന്നിവ. നിലവറക്കകത്ത് ശവപ്പെട്ടിയില്‍ ഉറക്കവും , കൃസ്തുമസ് രാത്രിയില്‍ ഉണര്‍ന്ന് കന്യകയായ യുവതികളെ ഭോഗിക്കുകയും ചിലന്തിയായി രൂപം പ്രാപിക്കയും ചെയ്യുക. കന്യകയായ ഇരയുടെ കഴുത്തിനു പിന്നില്‍ കടിച്ച് ചോര കുടിച്ചുണ്ടാക്കുന്ന മുറിപ്പാടും ഡ്രാക്കുള പ്രഭുവില്‍നിന്നും ഇട്ടിക്കോരയും കടം കൊണ്ടിട്ടുണ്ട്. ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരത്തിലുള്ളതുപോലെ തൃശ്ശൂരിനടുത്തുള്ള കുന്ദംകുളത്തും പരിസരത്തുമുള്ള രഹസ്യ ഭൂഗര്‍ഭപാതകളും നിലവറകളും ഫ്രാന്‍സിസ് ഇട്ടിക്കോരയിലുമുണ്ട്. പക്ഷേ ഒരു കുറവുണ്ട്. എഴുത്തുകാരന്റെ സര്‍ഗ്ഗശേഷിയുടെ അഭാവം. ഹൃദയത്തോട് സംവേദിക്കുന്ന ഭാഷയുടെ അഭാവം. പാത്രസൃഷ്ടിയിലും കൈയ്യടക്കത്തിലും കാട്ടേണ്ട ജാലവിദ്യയുടെ അഭാവം. ഇതെല്ലാം നോവലിനെ കോവര്‍കഴുതയെപ്പോലെ ഒരു സങ്കര സന്തതിയാക്കുന്നു. അഥവാ കമ്പ്യൂട്ടര്‍ പോലെ ജീവനില്ലാത്ത ഒരു സൃഷ്ടി.

നോവലിലെ പ്രധാന സ്ത്രീകഥാപാത്രങ്ങള്‍ - രേഖയും രശ്മിയും ബിന്ദുവും - കൊച്ചിയില്‍ ഒരു നക്ഷത്രവേശ്യാലയം രഹസ്യമായി നടത്തുന്നവരും അതിനായി വന്‍ തോക്കുകളെ കൂട്ടുപിടിക്കുന്നവരുമാണ്. സെക്സ് ടൂറിസമാണ് അവരുടെ ലക്ഷ്യം. നായകനായ സേവ്യര്‍ ഇട്ടീക്കോര, അയാളുടെ പൂര്‍വ്വപിതാമഹനായ ഫ്രാന്‍സിസ് ഇട്ടിക്കോര എന്നിവര്‍ സ്ത്രീകളെ ശരീരം എന്ന നിലക്കല്ലാതെ കാണാത്തവരും. ചരിത്ര നായകനായ ഫ്രാന്‍സിസ് ഇട്ടിക്കോരക്ക് ലോകം മുഴുവനുമായി പല സ്ത്രീകളില്‍ 79 മക്കളുണ്ടായിരുന്നു. കുരുമുളക് കച്ചവടത്തിനായി ലോകസഞ്ചാരം നടത്തുന്ന അയാളുടെ കഥ സേവ്യര്‍ ഇട്ടീക്കോരക്കുവേണ്ടി മൂന്നുസ്ത്രീകളും ചേര്‍ന്ന് ഗവേഷണം നടത്തി പുറത്തെടുക്കുന്നതാണ് നോവലിന്റെ ഉള്ളടക്കം. മെയിലിലും ബ്ലോഗിലും ചാറ്റിലും ഒക്കെക്കൂടിയാണ് കഥ വികസിക്കുന്നത്. അമേരിക്കന്‍ പൌരനായ സേവ്യര്‍ ഇട്ടീക്കോര ഇറാക്കിലെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികനും, നരമാംസഭോജിയുമാണ്. ധാരാളം പണം ഗവേഷണത്തിനായി ഇയാള്‍ മൂന്നു സ്ത്രീകള്‍ക്ക് നല്‍കുന്നുമുണ്ട്. നരമാംസഭോജനത്തെപ്പറ്റി കാര്യമായി വിവരിച്ചിട്ടുണ്ടിതില്‍. പുസ്തകത്തില്‍ പുരുഷ കഥാ‍പാത്രങ്ങളെക്കാള്‍ സ്ത്രീ കഥാപാത്രങ്ങള്‍ ആണു കൂടുതല്‍. സൌന്ദര്യവും മാദകത്വവുമില്ലാത്ത ഒരു സ്ത്രീക്കും നോവലില്‍ ഇട്ടിക്കോരയുടെ കപ്പലില്‍ എന്നപോലെ തന്നെ പ്രവേശനമില്ല (ശ്രീമതി പ്രിയ ദിലീപ് , മലയാളനാട്). വേശ്യയല്ലാത്ത, പുരുഷന് ശരീരം എന്ന നിലയിലല്ലാതെ പ്രത്യക്ഷപ്പെടുന്ന ഒരൊറ്റ സ്ത്രീയുമില്ലെന്നത് ആശ്ചര്യജനകം. പുരുഷാഭിലാഷ പൂര്‍ണനത്തിനുള്ള വസ്തുക്കള്‍ മാത്രമാണ് നോവലിസ്റ്റിന്റെ കണ്ണില്‍ സ്ത്രീകളെല്ലാം എന്നതാണ് സവിശേഷത. സ്ത്രീപുരുഷബന്ധങ്ങളെ ആത്മബന്ധങ്ങളിലേക്ക് നയിക്കാന്‍ സ്ത്രീകള്‍ മുന്‍‌കൈയെടുക്കാറുണ്ടല്ലോ, പക്ഷെ പ്രണയത്തിനും മനസ്സിനും ഇവിടെ പ്രസക്തിയില്ല‍. മാത്രമല്ല, അഴകളവുകള്‍ തികയാത്ത ഒരൊറ്റ സ്ത്രീയും നോവലിലില്ല. ഗണിത ശാസ്ത്രജ്ഞയായ മൊറിഗാമി പോലും വാര്‍പ്പുമാതൃകയിലാണ്. സിനിമ പോലെതന്നെ സാഹിത്യവും ഐറ്റം നംബര്‍ മസാല ചേര്‍ത്ത, മാദകനൃത്തം നടത്താനുള്ള അരങ്ങായി മാറുന്ന കാഴ്ച്ചയാണിത്. പണവും അധികാരവും കച്ചവടവും കൈക്കലാക്കി വച്ചുകൊണ്ട് മുതലാളിത്ത മനസ്സുകള്‍ നടത്തുന്ന ചൂഷണത്തിന്റെ ഒരു വകഭേദം. ഇതിനെ പുരുഷകേന്ദ്രീകൃതമായ ചരിത്രത്തിന് കോറിയിടുന്ന സ്ത്രീ പക്ഷ വായനയെന്ന് വിശേഷിപ്പിക്കപ്പെട്ടത് ( ശ്രീകുമാര്‍, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ) എന്തുകൊണ്ടാണാവോ!

മാധവിക്കുട്ടിയുടെഎന്റെ കഥ,‘ നളിനീ ജമീലയുടെ ആത്മകഥ എന്നിവ പുറത്തിറങ്ങിയപ്പോള്‍ ഇളകിമറിഞ്ഞ കേരളസമൂഹം ഇപ്പോള്‍ പറയുന്നു, ഇത് ഒരു വെറും നോവല്‍ മാത്രമാണ്. ഗഹനമായ അന്താരാഷ്ട്ര വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ നോവലിസ്റ്റ് നൂതന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നു എന്നു മാത്രം. കത്തോലിക്കാസഭയുടെ അധീശത്വം തച്ചുടക്കാന്‍ കസാന്‍‌ദസാക്കീസിന്റെ അന്ത്യപ്രലോഭനത്തിനും ദാന്‍ ബ്രൌണിന്റെ ഡാവിഞ്ചി കോഡിനും തുല്യമായ ഒരു ശ്രമം മാത്രം! “എന്റെ കഥയില്‍ഒരിടത്തുപോലും സ്ത്രീ വിരുദ്ധമായ വിവരണങ്ങളും വര്‍ണനകളും ഇല്ല. സ്നേഹമാഗ്രഹിക്കുന്ന ഒരു സ്ത്രീ മനസ്സിന്റെ നിരാശകള്‍ മാത്രമേയുള്ളൂ. അനുഭവങ്ങളുടെ പങ്കുവയ്ക്കലേയുള്ളൂ. സ്ത്രീയെഴുതുമ്പോള്‍ സദാചാര വിരുദ്ധമാവുന്നത്, പുരുഷന്‍ എഴുതുമ്പോള്‍ മനോഹരമാവുന്നതിലെ മലയാളിയുടെ ഇരട്ടത്തപ്പു നയം വെളിവാകുന്നു എന്നു മാത്രം പറയാം. കാഴ്ച്ചയില്‍ അത്യധികം അഭിരമിക്കുന്നവരാണ് മനുഷ്യരിലെ ആണ്‍പ്രജകള്‍. ( രോഗങ്ങളും സര്‍ഗ്ഗാത്മകതയും - ഡോ. കെ. രാജശേഖരന്‍ നായര്‍ ). കമ്പോളസംസ്കാരം സോപ്പും ചീപ്പും വാഷ്ബേസിനും കാറും വരെ വിറ്റഴിക്കുന്നത് ആണ്‍ കാഴ്ച്ചയുടെ, മനശാസ്ത്രത്തിന്റെ, പിന്‍പറ്റിയാണ്. പണവും അധികാരവും അവര്‍ കൈക്കലാക്കിവച്ചിരിക്കുന്നതു കൊണ്ടാണ്, ആണ്‍പ്രജകളുടെ താല്‍പ്പര്യത്തിനനുസരിച്ച് സിനിമയും മാധ്യമങ്ങളും പരസ്യങ്ങളും രൂപം പ്രാപിക്കുന്നത്. ഇതേ കാഴ്ച്ചക്കുള്ള കെട്ടുകാഴ്ച്ചകളായിട്ടാണ് നോവലിലെ മൂന്നു നായികമാരും ഫെമിനിസ്റ്റായ ഫെമിയും ഹൈപെഷ്യായെന്ന ചരിത്ര കഥാപാത്രവും മൊറിഗാമിയെന്ന ഗണിത വിദഗ്ധയും വരെ വേഷമിടുന്നത്. നോവലിലെ സ്ത്രീ വേഷവര്‍ണനകള്‍ ഒരു ഫാഷന്‍ ഷോയുടെ കമന്ററിയെ അനുസ്മരിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ സൌന്ദര്യാനുപാതം - സ്ത്രീ ശരീരത്തിന്റേതു മാത്രം- ഒരു ദിവ്യാനുപാതത്തിലാണെന്നും ഹൈപേഷ്യയുടേത് അത്തരത്തിലൊന്നാണെന്നും പറഞ്ഞിരിക്കുന്നത് കാഴ്ച്ചയുടെ ആസക്തികൊണ്ടാണ്.

ശരീരത്തിന്റെ നിരര്‍ഥകതയെപ്പറ്റി കെ. ആര്‍ മീരയെഴുതിയസോളോ ഗോയാഎന്ന കഥ ഇവിടെ പരാമര്‍ശിക്കട്ടെ. ആല്‍ബയിലെ പ്രഭ്വിയും സ്പാനിഷ് ചിത്രകാരനായ ഫ്രാന്‍സിസ് ഗോയയുമായുള്ള അനുരാഗത്തിന്റെ കഥയാണത്. ഗോയയുടെ അനവധി ചിത്രങ്ങളുടെ മോഡല്‍ ആയിരുന്നു അതിസുന്ദരിയായിരുന്ന പ്രഭ്വി. ചരിത്രവും ചിത്രകലയും കഥയില്‍ ഇഴപിരിച്ച് ചേര്‍ക്കുന്നതിന്റെ, ഭാഷയുടെ അനന്ത സാധ്യതകളുടെ ദൃഷ്ടാ‍ന്തം.പ്രഭ്വിയുടെ മരണശേഷം കുറച്ചുനാള്‍ കഴിഞ്ഞാണ് ശരീരം ബഹുമതികളോടെ സംസ്ക്കരിക്കുന്നതിനായി പുറത്തെടുക്കുന്നത്. അതുകാണാന്‍ ആല്‍ബയിലെ ജനം തടിച്ചുകൂടി. സുന്ദരിമാരില്‍ സുന്ദരിയായിരുന്നവളുടെ ചര്‍മ്മം ഉണങ്ങി ചുക്കി ചുളിഞ്ഞിരുന്നു. തലമുടി വേര്‍പെട്ടിരുന്നു. ...ജീവിതം അത്രേയുള്ളൂ. എന്തൊക്കെപ്പറഞ്ഞാലും കഥപറച്ചിലിന്റെ ഒന്നാമത്തെ പണിയായുധം ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള നിപുണതയാണ്. തനിക്ക് വിദ്യാഭ്യാസം കുറവാണെന്നും അതുകൊണ്ട് പരിമിതമായ വാക്കുകളേ സ്വന്തമായിള്ളുവെന്നും മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. പരിമിതമായ വാക്കുകളാണ്നെയ്പ്പയസവും’, ‘പക്ഷിയുടെ മണവുംസൃഷ്ടിച്ചത്!

നോവലിലെ സ്ത്രീകളെല്ലാം സ്വതന്ത്രകളാണെന്നും വിവാഹം എന്ന കുടുക്കിനുള്ളില്‍ കുടുങ്ങിയവരല്ലെന്നും കാണാം. പ്രസവിച്ച് കുഞ്ഞുവളര്‍ത്തി കുടുംബം നോക്കി അതിന്റെ സുഖദു:ഖങ്ങളനുഭവിക്കുന്ന സ്ത്രീകള്‍ ഇതിലില്ല. പക്ഷേ, അടിമകളെപ്പോലെ ഞരമ്പുരോഗികളോ മാനസികവൈകല്യമുള്ളവരോ ആയ ഉപഭോക്താക്കളുടെ ഭോഗാസക്തിക്കും ഉപദ്രവത്തിനും നിന്നുകൊടുക്കുന്ന, അവര്‍ നല്‍കുന്ന പണത്തിന്റേയും സമ്മാനങ്ങളുടെയും പൊലിമയില്‍ അടിയുടെ വേദന മറക്കുന്ന നോവലിലെ പ്രധാന സ്ത്രീകഥാപാത്രങ്ങള്‍ - രേഖയും രശ്മിയും ബിന്ദുവും - ഏതു സ്വാതന്ത്ര്യത്തെയാണ് പ്രതിനിധീകരിക്കുന്നത്? കീഴാളരിലും അധ:പതിച്ചാണ് അവരുടെ നില. ഉപഭോക്താക്കളെ സന്തോഷിപ്പിച്ച് പണം നേടുക മാ‍ത്രമാണ് കര്‍ത്തവ്യം. അവസാനം പതിനെട്ടാം കൂറ്റുകാരുടെ കയ്യില്‍പ്പെട്ട് ബിന്ദു മരിക്കുമ്പോള്‍ വായനക്കാര്‍ക്ക് ഒന്നും തോന്നുന്നില്ല. ഹിംസയിലും രതിവൈകൃതങ്ങളിലും നമ്മുടെ സമൂഹം അഭിരമിക്കുന്നത് വരച്ചുകാട്ടാനാണ് നോവലിസ്റ്റിന്റെ ശ്രമമെങ്കിലും അത് ആഖ്യാനത്തിലെ പാളിച്ചകൊണ്ട് വിഫലമായി. മറ്റെ അറ്റത്തുള്ള സ്ത്രീ ദുരിതങ്ങളെ മറന്നുപോയതുകൊണ്ട് അസ്ഥാനത്തുമായി.

ഫ്രാന്‍സിസ് ഇട്ടിക്കോരയില്‍ കമ്പ്യൂട്ടറും മെയിലും ഗൂഗിളും വെബ്സൈറ്റുകളും, സാങ്കേതികവിദ്യയുമെല്ലാമുണ്ട്. പക്ഷെ കാമം എന്നല്ലാതെ മറ്റൊരു വികാരവും , വിഷയാസക്തി നിറഞ്ഞ മണിപ്രവാള കവിതകളിലെപ്പോലെ - പ്രതിപാദ്യമാകുന്നില്ല. താരുണ്യ സമൃദ്ധിയും രതികേളികളുമാണ് മുഖ്യ വിഷയം. ഇടക്ക് ഗണിതവും ചരിത്രവും സദ്ദാം ഹുസൈനും അബുഗരീബുമൊക്കെ ചേര്‍ത്തിട്ടുണ്ടെന്നു മാത്രം. നോവലിന് ഹൃദയവും മുഖവും ജീവനുമില്ല. കമ്പ്യൂട്ടര്‍ തലക്കുപിടിച്ച ഒരു യന്ത്രമനുഷ്യന്‍ . “യന്തിരന്‍എന്ന രജനീകാന്ത് സിനിമയിലെ റോബോട്ടിനു പോലും അവസാനം മനുഷ്യ വികാരങ്ങള്‍ കൈവരുന്നുണ്ട്. ഭൂമുഖത്തെ ഏറ്റവും വികലമായ സൃഷ്ടിയാണ് മനുഷ്യനെന്നതും ഹിംസയും ലൈംഗികതയുമാണ് അവന്റെ പ്രധാന തൊഴില്‍ എന്നതിനും തര്‍ക്കമില്ല. മനുഷ്യന്‍ ചെകുത്താന്റെ ജാരസന്തതിയാണെന്ന് ദസ്തയേവ്സ്കി പറഞ്ഞിട്ടുള്ളത് ഓര്‍ക്കുക. പുസ്തകം ഖണ്ഡ: പ്രസിദ്ധീകരിച്ചതിന് വന്‍ സ്വീകരണമായിരുന്നത്രേ. “കേരളം ഞരമ്പുരോഗികളുടെ സ്വന്തം നാടാണല്ലോ”. (ശ്രീമതി കെ.. ബീനയോട് കടപ്പാട്). അവതാരികയില്‍ ആഷാമേനോന്‍ .വി. വിജയന്റെ ധര്‍മ്മപുരാണത്തിനോടാണ് ഇതിനെ ഉപമിക്കുന്നത്. പക്ഷേ, വിജയന്‍ അനശ്വരനായത്ഖസാക്കിന്റെ ഇതിഹാസവും, ഗുരുസാഗരവും, കടല്‍തീരത്തുംഎഴുതിയതു കൊണ്ടാണ്. അല്ലാതെ ധര്‍മ്മപുരാണം എഴുതിയതു കൊണ്ടല്ല.

ജീവിതത്തിന്റെ നന്മയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കയും അതിന്റെ ജൈവപരമായ ധര്‍മ്മം നിര്‍വഹിക്കാന്‍ സഹായിക്കയുമാണ് ഉത്തമ സാഹിത്യത്തിന്റെ അഭിരുചി. ഇത് ചരിത്രമല്ല. കേട്ടുകേഴ്വികളും കെട്ടുകഥകളും നുണകളും ചേര്‍ത്ത് ഒരു കഥ പൊലിപ്പിച്ചെടുക്കാനുള്ള ശ്രമം മാത്രം. “ നോവലിസ്റ്റ് പറയുന്നു. പൊലിമ മാത്രമേ കാണാനുള്ളൂ. പൂക്കുറ്റി (കൊരവപ്പൂ എന്നു വിളിക്കുന്ന കരിമരുന്നു പ്രയോഗം) കത്തിത്തീരുമ്പോലെ ഒരു കാഴ്ച്ച മാത്രം. പലതരം പ്രദര്‍ശന സ്റ്റാളുകള്‍ നിരത്തിവച്ചിരിക്കുന്ന ഒരു മേള, കാര്‍ണിവെല്‍. ‘തിന്നും കുടിച്ചും ഇണചേര്‍ന്നും ജീവിതത്തെ ഒരു കാര്‍ണിവെല്‍ പോലെ ആഘോഷിക്കുകഎന്നാണ് നായകനായകോരപ്പാപ്പന്റേയുംതത്വശാസ്ത്രം. ഇഗ്ലീഷിലും മലയാളത്തിലുമുള്ള ആഖ്യാനം. ഇപ്പോ മലയാള സിനിമകള്‍ക്ക് ഇംഗ്ലീഷ് പേരിടുന്ന പ്രവണത പോലെ. സെക്സിലും കെട്ടുകാഴ്ച്ചകളിലും പൊതിഞ്ഞ് ചരിത്രവും ഗണിതവും സംഗീതവും ചിത്രകലയും മുന്നിലേക്കുവച്ചാല്‍ അത് ഉത്തമ സാഹിത്യമാകുന്നതെങ്ങനെ? മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയാവുന്നതെങ്ങനെ?

ഒരു പുസ്തകം ഋണ ഊര്‍ജ്ജം പരത്തുന്നതെങ്ങനെ എന്നതിന്റെ തെളിവാണ് ഫ്രാന്‍സിസ് ഇട്ടിക്കോര. അതുകൊണ്ടുതന്നെ കേരളത്തിലെ വായനാശീലമുള്ള വനിതകള്‍ പുസ്തകത്തെ നിഷേധിക്കേണ്ടതും ആവശ്യമായി വരുന്നു. ജനിതകമാറ്റം വരുത്തിയ നോവലാണ് ഫ്രാന്‍സിസ് ഇട്ടിക്കോര. ഇതു ഭക്ഷിച്ചാല്‍ വായനാസമൂഹത്തിന് ക്യാന്‍സര്‍ പിടിപെടുമെന്നതിന് സംശയം വേണ്ട.