Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Tuesday, March 24, 2015

ഓര്‍ക്കുക കാവലിരിക്കുകയാണ്‌

പുസ്തകം : ഓര്‍ക്കുക കാവലിരിക്കുകയാണ്‌
രചയിതാവ് : ആനന്ദ്‌
പ്രസാധകര്‍ : ഹരിതം ബുക്‌സ്‌, കോഴിക്കോട്‌
അവലോകനം : ബിജു.സി.പി


ലയാളിയുടെ ചിന്താലോകത്ത്‌ അത്രയേറെ ഉയര്‍ന്ന ബൗദ്ധിക നിലവാരവും ബൗദ്ധിക സത്യസന്ധതയും പുലര്‍ത്തുന്ന മറ്റൊരാളില്ല ആനന്ദിനെപ്പോലെ. തുറന്ന ലോകത്തിന്റെ വിശാലതയിലേക്കും അധികാരത്തിന്റെ വിവിധ രൂപങ്ങള്‍ മനുഷ്യജീവിതത്തെ എങ്ങനെയൊക്കെ ഭീതിദമാം വണ്ണം ഇരയാക്കുന്നു എന്നും വിശദീകരിച്ചിട്ടുള്ള മറ്റൊരെഴുത്തുകാരനും നമുക്കില്ല. കേവലം ഒരാള്‍ക്കൂട്ടമായി കഴിഞ്ഞു കൂടുന്ന മനുഷ്യജീവികളുടെ നൊമ്പരജീവിതങ്ങള്‍ അവതരിപ്പിച്ചു കൊണ്ട്‌ ഏതാണ്ട്‌ അരനൂറ്റാണ്ടിനു മുമ്പ്‌ മലയാളസാഹിത്യലോകത്തേക്കു കടന്നു വന്ന ആനന്ദിന്‌ അവിടെ മുന്‍ഗാമികളോ അനുയായികളോ ഇല്ല. മനുഷ്യജീവി നേരിടുന്ന ജീവിതനൊമ്പരങ്ങളെക്കുറിച്ചും നീതി,ചരിത്രം,ജനാധിപത്യം, ശരിതെറ്റികള്‍ തുടങ്ങിയവയെക്കുറിച്ചുമൊക്കെയുള്ള വലിയ സമസ്യകളോടു പോരടിച്ച്‌ ആനന്ദ്‌ മലയാളത്തിലെ ഏറ്റവും വലിയ ബൗദ്ധിക സാന്നിധ്യങ്ങളിലൊന്നായി നിരന്തരം നമ്മെ നവീകരിച്ചു കൊണ്ടേയിരിക്കുന്നു. ആനന്ദിന്റെ രാഷ്ട്രീയ ലേഖനങ്ങളുടെ സമാഹാരമാണ്‌ ഓര്‍ക്കുക,കാവലിരിക്കുകയാണ്‌. 16 ലേഖനങ്ങളുടെ സമാഹാരം. മതമൗലികവാദം ആഗോളവല്‍ക്കരണത്തിന്റെ മറുപുറം എന്ന ആദ്യലേഖനത്തില്‍ വേട്ടക്കാരനും വിരുന്നുകാരനും എന്ന പുസ്‌തകത്തില്‍ എടുത്ത നിലപാടിനെക്കുറിച്ചു വിശദീകരിക്കുകയാണ്‌ ആനന്ദ്‌. പുസ്‌തകത്തിന്റെ പേരില്‍ ആനന്ദ്‌ മുസിലീം വിരുദ്ധനാണെന്ന വാദമുയര്‍ത്തിയവര്‍ക്ക്‌ കൃത്യമായ മറുപടി നല്‍കുന്നു. പ്രതികരണത്തെ ഉത്സവമാക്കുന്ന മലയാളി മനസ്സ്‌ എന്ന കുറിപ്പാകട്ടെ ആത്മാര്‍ഥതയുടെ ലേശം പോലുമില്ലാത്ത പ്രതികരണ ഉല്‍സവങ്ങളോടുള്ള അമര്‍ഷമാണ്‌ വെളിവാക്കുന്നത്‌. മാര്‍ക്‌സിസ്‌റ്റ്‌ സംവാദങ്ങളുടെ ഉന്മൂലന രാഷ്ട്രീയ നിലപാടുകളുടെ വിമര്‍ശനാത്മകമായ വിലയിരുത്തലാണ്‌ അടുത്ത പ്രബന്ധം. ജിഹാദി ഇസ്ലാമിനും മാര്‍ക്‌സിസ്റ്റ്‌ അധികാരവാദങ്ങള്‍ക്കും ചിലയിടങ്ങളിലുള്ള സാമ്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്‌ അദ്ദേഹം.

പേശലമല്ലൊരു വസ്‌തുവുമുലകില്‍ പ്രേക്ഷകനില്ലെന്നാല്‍, എന്ന പഴയ തത്ത്വം തന്നെ ചൂണ്ടിക്കാട്ടി ആനന്ദ്‌ സമര്‍ഥിക്കുന്നു- മനുഷ്യന്‍ വേണം ദൈവത്തെ നടത്തിക്കുവാന്‍.ഇക്വിയാനോവിന്റെ യാത്രകള്‍ എന്ന ലേഖനം ദലിത്‌ വാദങ്ങളെയും ദലിത്‌ വിവേചനത്തെയുമൊക്കെയാണ്‌ പ്രതിപാദിക്കുന്നത്‌. എളുപ്പം വിവരിച്ചു തീര്‍ക്കാന്‍ കഴിയാത്ത സങ്കീര്‍ണ പ്രശ്‌നമാണ്‌ ദലിതതയുടേത്‌. ജാതി തീര്‍ച്ചയായും ഇരുപത്തൊന്നാം നൂറ്റാണ്ടിലും കേരളത്തില്‍ പ്രബലമായിത്തന്നെ നില്‍ക്കുകയാണ്‌. ജാതിക്കപ്പുറമുള്ള ഒട്ടേറെ ഘടകങ്ങളും ഇപ്പോള്‍ അധികാരത്തിന്റെ ദംഷ്ട്രകളുമായി മനുഷ്യരെ ഇരയാക്കുന്നുണ്ട്‌. ജാതിയുടെ പ്രശ്‌നങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ത്തന്നെയാണ്‌ പുതിയ അധികാരസാന്നിധ്യങ്ങള്‍ കടന്നു വരുന്നത്‌. ജാതി നമ്മെ വീണ്ടും ചുരുക്കുകയും അതിനു പുറത്തുള്ള സകല തുറസ്സുകളിലേക്കും കൂടി കടന്നെത്തുകയുമൊക്കെ ചെയ്യുന്ന അതസങ്കീര്‍ണമായ അവസ്ഥയാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. മറുനാടന്‍ മലയാളിയുടെ സ്വത്വപിരണാമത്തെപ്പറ്റി ആനന്ദ്‌ എഴുതുന്നു- ഓരോ മറുനാടന്‍ മലയാളിയുടെയും വേരുകള്‍ കേരളത്തില്‍ എന്ന പോലെ അവര്‍ വസിക്കുന്ന ഇടങ്ങളിലും ഓടിയിട്ടുണ്ട്‌. തങ്ങള്‍ എത്തിപ്പെട്ട സ്ഥലങ്ങളുടെ സവിശേഷതകള്‍ അവര്‍ സ്വാംശീകരിച്ചിട്ടുണ്ട്‌. വാസ്‌തവത്തില്‍ എല്ലാവര്‍ക്കും അവര്‍ ജീവിക്കുന്ന പ്രദേശങ്ങളുമായി കേരളം എന്നതു പോലെ തന്നെ ഒരു ബന്ധമുണ്ട്‌. അതിനെപ്പറ്റി അവര്‍ ബോധവാന്മാരുമാണ്‌. എന്റെ അഭിപ്രായത്തില്‍ അതിനെപ്പറ്റി അഭിമാനിക്കുന്നവരുമാണ്‌ .പഴയ ഒരു മനുഷ്യാവകാശ സമരത്തിന്റെ ഓര്‍മ എന്ന താരതമ്യേന നീണ്ട ലേഖനം ബെല്‍ജിയം കോംഗോയിലെ മനുഷ്യാവകാശ സമരങ്ങളുടെ കഥയാണ്‌. ദുര്‍ബലരും നിസ്സഹായരാവരുടെയും മേല്‍ നടത്തുന്ന അതിക്രൂരമായ ബലപ്രയോഗങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നതിന്റെ കഥ.

ആശയങ്ങളും കഥാപാത്രങ്ങളും എഴുത്തുകാരനെ അഭിമുഖീകരിക്കുമ്പോള്‍ എന്നത്‌ ആനന്ദുമായി നടത്തിയിട്ടുള്ള ഒരഭിമുഖമാണ്‌. എന്നാല്‍ അതൊരു ലേഖനം പോലെ ചേര്‍ത്തിരിക്കുന്നത്‌ പ്രസാധകരുടെ ശ്രദ്ധക്കുറവു തന്നെയാവണം. എഴുത്തും വായനയുമാണ്‌ ഔഷധവും വിഷവും എന്ന ലേഖനത്തില്‍ പ്രതിപാദിക്കപ്പെടുന്നത്‌. ജനാധിപത്യത്തിന്റെ അപചയങ്ങള്‍, നിരങ്കുശമായ നീതിയില്ലായ്‌മ, മനുഷ്യത്വമില്ലാത്ത ഇടപെടലുകള്‍, അധികാരം മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും പാവം മനുഷ്യരെ ഞെക്കി ഞെരുക്കുന്ന ഭീകരാവസ്ഥ തുടങ്ങിയവയൊക്കെ എല്ലാ കാലത്തും ആനന്ദ്‌ എന്ന വലിയ എഴുത്തുകാരനെ വേദനിപ്പിക്കുകയും വേവലാതിപ്പെടുത്തുകയും ചെയ്യാറുണ്ട്‌. ഒരര്‍ഥത്തില്‍ കേരളീയ സമൂഹത്തില്‍ നൈതികതയുടെയും മനുഷ്യത്വത്തിന്റെയും ബൗദ്ധിക സത്യസന്ധതയുടെയും വലിയൊരു കാവലാളാണ്‌ ആനന്ദ്‌. വസ്‌തുത കൂടുതല്‍ വ്യക്തമാക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ്‌ ഓര്‍ക്കുക കാവലിരിക്കുകയാണ്‌ എന്ന പുസ്‌തകം.(പേജ്‌113 വില 80രൂപ)

Tuesday, December 23, 2014

അന്ത്യപ്രഭാഷണം / THE LAST LECTURE

പുസ്തകം : അന്ത്യപ്രഭാഷണം / THE LAST LECTURE
രചയിതാവ് : റാന്‍ഡി പോഷ് / വിവര്‍ത്തനം: എസ്. ഹരീഷ്
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : അബ്ദുള്ള മുക്കണ്ണി


ലയാളിയുടെ വായന ശീലങ്ങളില്‍ ഇന്ന് സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍ക് വലിയ സ്ഥാനമുണ്ട്. അക്കൂട്ടത്തില്‍ ലോക നിലവാരം പുലര്‍ത്തുന്ന ഒരു കൃതിയാണ് റാന്‍ഡി പോഷ് എഴുതിയ അന്ത്യപ്രഭാഷണം. (പേജ് 212 വില : 125 രൂപ) കാര്‍ണഗിമെലന്‍ യൂണിവേര്‍സിറ്റിയില്‍ പ്രൊഫസര്‍ റാന്‍ഡി പോഷ് ചെയ്ത അന്ത്യ പ്രഭാഷണം നിരവധി ശ്രോദ്ധാക്കളെ സ്വാധീനിക്കുകയുണ്ടായി. പത്ത് ലക്ഷത്തിലേറെ ആളുകള്‍ ഇന്റര്‍നെറ്റിലൂടെ കണ്ട അദ്ദേഹത്തിന്റെ പ്രഭാഷണം പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയപ്പോള്‍ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. കൂടുതല്‍ കര്‍മോന്മുഖരാകാനും ജീവിതവിജയം കൈവരിക്കാനും ആഗ്രഹിക്കുന്ന ഏതൊരാള്‍കും പുസ്തകം വളരെ പ്രയോജനപ്രദമാകുമെന്ന് ഞാന്‍ കരുതുന്നു. കാര്‍ണഗിമെലന്‍ യൂണിവേര്‍സിറ്റിയില്‍ പ്രഗല്‍ഭരായ പല അധ്യാപകരും പ്രഭാഷണങ്ങള്‍ നടത്താറുണ്ട്‌. എന്നാല്‍ ‍അവിടുത്തെതന്നെ ആധ്യാപകനായിരുന്ന പ്രൊഫസര്‍ റാന്‍ഡി പോഷ് അന്ത്യപ്രഭാഷണം നടത്തുമ്പോള്‍ അദ്ദേഹത്തിനു തന്നെ അറിയാമായിരുന്നു അത് തന്റെ അന്ത്യപ്രഭാഷണമാണെന്ന്. അപ്പോള്‍ പാന്‍ക്രിയാട്ടിക് കാന്‍സര്‍ ബാധിതനായ റാന്‍ഡിക്കു വൈദ്യ ശാസ്ത്രം എതാനും മാസത്തെ ജീവിതമേ വിധിച്ചിട്ടുണ്ടായിരുന്നുള്ളൂ. പക്ഷെ അദ്ദേഹത്തിന്റെ പ്രഭാഷണം മരണത്തെ കുറിച്ചായിരുന്നില്ല, ജീവിതത്തിലെ പ്രധിസന്ധികളെ തരണംചെയ്യാനും സ്വപ്നങ്ങളെ സക്ഷാത്കരിക്കുവാനും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പ്രചോദനം നല്കുന്നതിനുമായിരുന്നു അന്ത്യപ്രഭാഷണം. തന്റെ ജീവിതഭിലാഷങ്ങളെ പ്രാവര്‍ത്തികമാക്കി അഭിമാനത്തോടെ മരണത്തെ കാത്തിരിക്കുന്ന റാന്‍ഡിയുടെ ചിത്രം നമ്മുടെ ജീവിത മൂല്യങ്ങളെയും ലക്ഷ്യങ്ങളെയും അവകൈവരിക്കുവാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെയും പുനരവലോകനം ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുമെന്ന് തീര്‍ച്ച.

പ്രൊഫ. റാന്‍ഡി പോഷ്(1960-210)

1960 -ല് ജനിച്ചു പ്രശസ്തമായ്‌ കാര്‍ണഗിമെലന്‍ യൂനിവേര്‍സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സിലും ഹ്യൂമന്‍മന്‍- കമ്പ്യൂട്ടര്‍ സയന്‍സിലും ഇന്റ്രാകഷന്‍ ആന്റ് ഡിസൈനിങ്ങിലും അധ്യാപകനായി സേവനം അനുഷ്ടിച്ചു. ഗൂഗിള്‍, അഡോബ്, വാള്‍ട്ട് ഡിസ്നി ഇമാജീയറിംഗ്,എലെക്ട്രോണിക്സ് ആര്‍ട്സ്
എന്നീ പ്രമുഖ കമ്പനികളുമായും സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലീസ് സോഫ്ട് വെയറിന്റെ ഉപജ്ഞാതാവ്. രണ്ടായിരത്തി ആറില്‍ പാന്‍ക്രിയാട്ടിക് കാന്‍സര്‍ ബാധിതനായി, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിച്ചേക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ അദ്ദേഹം കാര്‍ണഗിമെലന്‍ യൂനിവേര്‍സിറ്റിയില്‍ നടത്തിയ "ലാസ്റ്റ്ലക്ചര്‍"എന്ന പ്രഭാഷണം ലോകജനശ്രദ്ധപിടിച്ചു പറ്റി. ലോകമെമ്പാടും നിരവധി പേരെ സ്വാധീനിച്ച പ്രഭാഷണത്തിനു ശേഷം ജൂലൈ 25 - 2008 ല്‍ റാന്‍ഡിപോഷ് മരണത്തിനു കീഴടങ്ങി. ലോകത്തെ സ്വാധീനിച്ച ആറ് വ്യക്തികളില്‍ ഒരാളായി ടൈം മാഗസിന്‍ 2008 ല്‍ അദേഹത്തെ തിരഞ്ഞെടുക്കുകയുണ്ടായി. ജെഫ്രി സസ്ലോ എന്ന വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ കോളമിസ്‌റ്റായ അമേരിക്കന്‍ ജേര്‍ണലിസ്റ്റ്. പ്രൊഫ: റാന്‍ഡിപോഷി ന്‍റെ "ലാസ്റ്റ്ലക്ചര്‍"എന്ന പ്രഭാഷണ വേളയില്‍ സന്നിഹിത നായിരുന്നു. "ലാസ്റ്റ്ലക്ചര്‍"പുസ്തക രൂപത്തിലാക്കിയത് ജെഫ്രിയാണ്.

വിവര്‍ത്തനം: എസ്. ഹരീഷ്
ഒരു മുഷിവും തോന്നാതെ സുഖമമായി ഒറ്റയിരിപ്പിനു വായിച്ചു പോകാന്‍ തക്കവിധം ഇതിന്റെ വിവര്‍ത്തനം നിര്‍വഹിച്ചതില്‍ എസ്. ഹരീഷ് അഭിനന്ദനം അര്‍ഹിക്കുന്നു. കോട്ടയം ജില്ലയിലെ നീണ്ടൂര്‍ സ്വദേശിയായ ഇദ്ദേഹം കേരളാ സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്ടോവ്മെന്റ്റ് ലഭിച്ച 'രാസവിദ്യയുടെ ചരിത്രം' എന്ന കഥാ സമാഹാരത്തിന്റെ രചയിതാവ് കൂടിയാണ്.

Tuesday, November 25, 2014

സഹിക്കുന്നവരുടെ സങ്കീര്‍ത്തനം

പുസ്തകം : സഹിക്കുന്നവരുടെ സങ്കീര്‍ത്തനം
രചയിതാവ് : ഫാ. ആന്റണി ജി. പുല്ലുവിള

പ്രസാധകര്‍ :

അവലോകനം : ലാസര്‍ ഡിസല്‍‌വ


മകാലിക സാഹിത്യത്തിന്റെ ഭൂമിക സങ്കീര്‍ണമാണ്. പ്രമേയം, ഭാഷ, രൂപം എന്നിങ്ങനെയൊക്കെയായി ഗൌരവവായന കാംക്ഷിക്കുന്ന അനുവാചകനില്‍ നിന്നും വൈകാരികവും ധൈഷണികവുമായ ചില ഉയരങ്ങള്‍ അത് ആവശ്യപ്പെടുന്നുണ്ട്. സമകാലം സംപ്രേഷണം ചെയ്യുന്ന സങ്കീര്‍ണതകള്‍ കൂടിയായി അതു വിലയിരുത്തപ്പെടുന്നുമുണ്ട്. ജീവിതവും കാലവും എന്നും അങ്ങിനെ തന്നെയായിരുന്നു എന്ന ചരിത്രപാഠം പക്ഷെ അതിനോട് മമത പ്രകടിപ്പിക്കാന്‍ സന്നദ്ധമാവുകയില്ല. എന്നാല്‍ നല്ല സാഹിത്യം ചീത്ത സാഹിത്യം എന്ന ദ്വന്ദത്തില്‍ നിന്നും എഴുത്തുകാരനും അനുവാചകനും ഒരുപാട് ദൂരത്തെത്തിയിട്ട് ഒരു നൂറ്റാണ്ടെങ്കിലും കഴിയുന്നു. അതു വ്യാവസായിക വിപ്ലവത്തോടും അതിന്റെ ഉപോല്‍പ്പന്നമായി പൊട്ടിപുറപ്പെട്ട രണ്ട് മഹായുദ്ധങ്ങളോടും ആഴത്തില്‍ ബന്ധപെട്ടുകിടക്കുന്ന സാഹിത്യാനുഭവമാണ്. യൂറോപ്പിന്റെ അസ്തിത്വത്തെ കടപുഴകിക്കളഞ്ഞ യുദ്ധാനുഭവങ്ങള്‍ രണ്ട് സംജ്ഞകളാണ് യൂറോപ്പിന് സംഭാവന ചെയ്തത്; 'ചരിത്രം മരിച്ചു', 'ദൈവം മരിച്ചു'. സെമറ്റിക്മതങ്ങള്‍, പ്രത്യേകിച്ച് ക്രിസ്തുമതം, നിസ്സഹായമായി നോക്കിനില്‍ക്കേണ്ടി വന്ന ഒരു ദശാസന്ധി കൂടിയായിരുന്നു അത്. പലരും കൊമ്മ്യൂണിസ്റ്റുകളായി ജനിച്ച് അനാര്‍ക്കിസ്റ്റുകളായി മരിച്ചു. പള്ളികള്‍ നാടകശാലകളും നര്‍ത്തകശാലകളുമായി മാറി. ചരിത്രമില്ലാത്ത യൂറോപ്പിന്റെ തെരുവുകളില് ‍ഹിപ്പികള്‍ നഗ്നരായി അലഞ്ഞുനടന്നു. സ്പാനിഷ് മിഷനറിമാര്‍ സംസ്ക്കാരവും വ്യവസായവും കൊണ്ട്ചെന്ന വിദൂരദേശമായ ലത്തീനമേരിക്കയില്‍ പോലും വാഴത്തോട്ടങ്ങള്‍ വെട്ടിനിരപ്പാക്കി ഓപ്പിയംതോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചു.

ലോകത്തില്‍ ഇന്നും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന കവിയാണ്‌ ഖലീല്‍ ജിബ്രാന്‍. മുകളില്‍ സൂചിപ്പിച്ച നിരാശാജനകമായ ലോകത്തിരുന്ന് അദ്ദേഹം ദൈവത്തെ കണ്ടെത്തിയ അസുലഭമുഹൂര്‍ത്തത്തിന്റെ അതീതകാവ്യാനുഭവമാണ് 'ദൈവം' എന്ന കവിത. ദൈവവും ചരിത്രവും മടങ്ങി വന്നു. ദൈവത്തെയും ചരിത്രത്തെയും മടക്കികൊണ്ട് വന്നതില്‍ കവിത വഹിച്ച പങ്ക് ചെറുതല്ല. ചെവിയില്‍ മധുരമര്‍മ്മരം പൊഴിക്കുന്ന ദൈവമില്ലാത്ത, കടലുപോലെ ഊഷ്മളമായി ആലിംഗനം ചെയ്യുന്ന ദൈവമില്ലാത്ത ഒരു ലോകം അസംഭവ്യമാണെന്ന് വലിയ കവികള്‍ മനസ്സിലാക്കിയിരുന്നു. പ്രപഞ്ചം പോലെ അനന്തമായ ദൈവാനുഭവത്തെ ഒരു കവിയും ഇതുവരെ നിരാകരിച്ചിട്ടില്ല. ചരിത്രവും ദൈവവും മടങ്ങിവന്ന കാലത്ത് ഒരു പുരോഹിതന്‍ തന്റെ ഭാഷാദേശത്തിന്റെ സാഹിത്യഭൂമിയില്‍ സ്വയം അടയാളപ്പെടുത്താന്‍ ചിന്താലോകത്തെയും എഴുത്തുവഴികളെയും പ്രയോജനപ്പെടുത്തുന്നത് എങ്ങിനെ എന്നതാവും 'സഹിക്കുന്നവരുടെ സങ്കീര്‍ത്തന'ത്തിന്റെ വായനാശ്രമം.

ഒരു രചനയെ അതിന്റെ സാംസ്കാരികവും ചരിത്രപരവുമായ ഇടത്തില്‍ നിന്നും വിഘടിതമായി നിര്‍ത്തി വിശകലനം നടത്തുക എപ്പോഴുമല്ലെങ്കിലും ചിലപ്പോഴെങ്കിലും ശ്രമകരമായി തീരും. സി. വി. രാമന്‍ പിള്ളയുടെ എഴുത്തിന്റെ പരിസരങ്ങളിലാണ് പിന്നീട് സരസ്വതിയമ്മയും കഥകളെഴുതിയത്. പക്ഷെ ആസ്വാദനത്തിന്റെയും വിശകലനത്തിന്റെയും ചരിത്ര/സാമൂഹിക മുന്‍ധാരണകള്‍ അടയാളപ്പെടാത്തിടത്തോളം വ്യത്യസ്തമായ ഇവരുടെ വായനയുടെ നൈരന്തര്യം തടസ്സപ്പെട്ടെക്കാം. ബിഷപ്പ് പൌലോസ് മാര്‍ പൌലോസിനെയോ നെറ്റിയാടനെയോ പോലെ തിരഞ്ഞെടുത്ത പ്രേക്ഷിതജീവിതത്തില്‍ നിന്നും വിപ്ലവാത്മകമായ വിച്ചേദനങ്ങള്‍ നടത്തികൊണ്ടല്ല ഫാ. ആന്റണി എഴുതുക. വ്യക്തിജീവിതം കൊണ്ട് തീക്ഷ്ണമായ കലാപങ്ങള്‍ ഉണ്ടാക്കുന്നതാണോ, ദിനേനയെന്നോണം ജീവിതത്തിന്റെ അടരുകളെ അന്വേഷണാത്മകമായി പുതുക്കിപ്പണിത് കൊണ്ട് ഒരു അരുവിപോലെ ഒഴുകുന്നതാണോ വിപ്ലവം എന്ന ചോദ്യം അപ്പോഴും ബാക്കിയാവുക തന്നെ ചെയ്യും.

'സഹനവും' 'സങ്കീര്‍ത്തനവും' ക്രിസ്ത്യന്‍ ടെര്‍മിനോളജികളില്‍ പ്രധാനമാണ്. ഒരുപാട് അര്‍ത്ഥസാന്ദ്രതയുള്ള പദങ്ങളും. വേദനയെ ലയിപ്പിക്കാന്‍ പരിശ്രമിക്കുന്ന മാനസികാവസ്ഥയാണ് സഹനം എന്ന് പരുക്കനായി വ്യാഖാനിക്കാം. വേദനകളെ വേദനകളായി അനുഭവിക്കാതെ ഒരു അതീന്ദ്രിയാനുഭവമായി പരാവര്‍ത്തം ചെയ്യാനുള്ള ദൈവീകത കണ്ടെത്തുക എന്നതാവും അതെന്നാണ്‌ പ്രവാചകജീവിതങ്ങള്‍ നല്‍കുന്ന പാഠം. പഴയനിയമത്തിലെ സങ്കീര്‍ത്തനങ്ങള്‍ കവിതകളാണ്. പ്രാര്‍ഥനാനിര്‍ഭരമായ കവിതകള്‍. പ്രാര്‍ഥനാപൂര്‍വ്വം വേദനകളെ സഹനീയമാക്കി മാറ്റുന്ന ഇന്ദ്രജാലത്തിലേക്കുള്ള കവിതാ വാതായനങ്ങളായാണ് ഗ്രന്ഥകാരന്‍ തന്റെ കുറിപ്പുകളെ ആഗ്രഹിച്ചിരിക്കുന്നത് എന്ന് തെളിയിക്കും വിധത്തിലാണ് രചനയുടെ അന്ത:സത്തയും ഘടനയും.

രൂപപരമായ എഴുത്തിന്റെ ചട്ടകൂടുകളെ താന്‍ വെറുക്കുന്നു എന്ന് എഡ്വാദോ ഗലിയാനോ പറയുന്നത് പുസ്തകത്തില്‍ നമുക്ക് കാണാന്‍ പറ്റും. നാലപ്പാട് നാരായണമേനോനില്‍ തുടങ്ങി ടാഗോറില്‍ അവസാനിക്കുന്ന നിയതരൂപങ്ങളില്ലാത്ത ഒരുപാട് ചെറുകുറിപ്പുകളുടെ സങ്കലനമാണ് പുസ്തകം. ഭാഷയുടെയും രൂപത്തിന്റെയും സാഹസികമായ സഞ്ചാരമല്ലത്, ഒരു ആശയത്തിന്റെ അയത്നലളിതമായ ആവിഷ്ക്കാരമാണ്. ശീര്‍ഷകം സൂചിപ്പിക്കുന്നത് പോലെ ആശയം സഹനമാണ്. "സഹനം പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമല്ല. ജീവിക്കേണ്ട ഒരു രഹസ്യമാണ്. ഏറ്റവും വേദനാജനകമായ നിമിഷങ്ങള്‍ ജീവിതത്തിലെ ഏറ്റവും അമൂല്യനിമിഷങ്ങളാകാം. ക്രിസ്ത്യന്‍മൂല്യങ്ങളുടെ ബഹിര്‍സ്ഫുരണമായി മാത്രം ഇതിനെ കാണാന്‍ വയ്യ. മാനവീകമായ വലിയ വിതാനങ്ങള്‍ ഉള്ള ഒരു പ്രശ്ന മേഖലയാണിത്. വ്യക്തിജീവിതത്തിന്റെ, കുടുംബജീവിതത്തിന്റെ, സാമൂഹികജീവിതത്തിന്റെ ഒക്കെ തലങ്ങളില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ എങ്ങിനെ എന്ന അന്വേഷണമാണ് ഗ്രന്ഥകാരനെ പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ചിരിക്കുന്നതെന്ന് വ്യക്തമായും അനുമാനിക്കാം.

താന്‍ മലമുകളിലേക്ക് ചുമന്ന കുരിശു തന്നെയാണ് ഒടുവില്‍ ക്രിസ്തുവിനെ ചുമന്നതും. ജീവിതത്തെ മറ്റൊരു കണ്ണിലൂടെ നോക്കാന്‍, സഞ്ചാരത്തിന്റെ പതിവ് വഴികള്‍ വിട്ട് പുതിയൊരു വഴിയെക്കുറിച്ച് ആലോചിക്കാന്‍, ഫാ. ആന്റണിയുടെ ആശയം നമ്മളോട് ആവശ്യപ്പെടുന്നു. കുരിശുകളില്‍ നിന്നും രക്ഷനേടാന്‍ വേണ്ടിയാണ്, എല്ലാം പരിഹരിക്കപെട്ട ഒരു ലക് ഷ്യത്തില്‍ സന്തോഷത്തോടെ ചെന്നുനില്‍ക്കാന്‍ വേണ്ടിയാണ് നമ്മള്‍ ദൈനംദിന വ്യവഹാരങ്ങളിലൂടെ കിതച്ചുകൊണ്ട് ഓടുന്നത്. ഒരിക്കലും ഒരിടത്തും ചെന്നെത്താത്ത ഓട്ടത്തില്‍ ദിനേനയെന്നോണം വന്നുവീഴുന്ന ഭാരമുള്ള കുരിശുകള്‍ ചാരിനില്‍ക്കാനുള്ള സമ്മാനമാണെന്ന് മനസിലാക്കാനുള്ള ആര്‍ജവം സഹനത്തിലൂടെ നേടിയെടുക്കുന്നതിന്റെ ആഹ്ലാദത്തെ കുറിച്ചാണ് 'സങ്കീര്‍ത്തനം' പറയുന്നത്.

അതെളുപ്പമല്ല എന്ന് വെളിവാക്കാന്‍ ഗ്രന്ഥകാരന്‍ വ്യത്യസ്തങ്ങളായ ജീവിതമുഹൂര്‍ത്തങ്ങള്‍ ഉദാഹരിക്കുന്നുണ്ട്. 'വേദനിക്കുന്ന സ്നേഹമാണ് ത്യാഗം' എന്ന തന്റെ ദര്‍ശനം അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു. പതിവ് സ്നേഹങ്ങള്‍ നേടാന്‍ വേണ്ടിയുള്ളതാണ്. ഒരുപക്ഷെ നരവംശശാസ്ത്രപരമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള മനുഷ്യ സ്വാര്‍ത്ഥതയെ ഒഴിവാക്കികൊണ്ടുള്ള സ്നേഹാനുഭവങ്ങളിലൂടെയല്ല നമ്മള്‍ കടന്നുപോവുക. ഭാര്യ-ഭര്‍തൃ, പിതൃ-പുത്ര ബന്ധങ്ങള്‍ തുടങ്ങി എല്ലായിടത്തും നേടാന്‍വേണ്ടിയുള്ള സ്നേഹത്തിന്റെ അടിയൊഴുക്കുകളാണ് കാണുക. ഇതിനപ്പുറം ഒന്നും നേടാന്‍ ആഗ്രഹിക്കാത്ത, എല്ലാം നല്‍കാന്‍ മാത്രം മുതിരുന്ന സാത്വികമായ, ദൈവീകമായ ഒരു സ്നേഹത്തിന്റെ അസ്തിത്വത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദ്യം. "നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്ന പ്രമാണം പാലിക്കാന്‍ എന്നെ തന്നെ വെറുക്കരുത്. എന്നാല്‍ ഞാന്‍ എന്നും എന്നെ തന്നെ സ്നേഹിച്ചുകൊണ്ടിരുന്നാല്‍ സ്നേഹം ചലിക്കാതെ മലിനമാകും; മരണമാകും. സഹോദരരിലൂടെ ചാലുകീറുന്ന സ്നേഹം അമലമാകും; ജീവനാകും" ഒരുപാടിടങ്ങളില്‍ അര്‍ത്ഥപൂര്‍ണ്ണതയില്ലാതെ ഉപയോഗിച്ച് തേയ്മാനം വന്ന രണ്ട് ക്രിസ്തു വചനങ്ങളുടെ പുനരാഖ്യാനമാണ് ഫാ. ആന്റണി ലളിതമായി ഇവിടെ സാധിച്ചിരിക്കുന്നത്: "നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക", "നിനക്കുള്ളതെല്ലാം ഉപേക്ഷിച്ച് നിന്റെ കുരിശുമെടുത്ത് എന്നെ പിന്തുടരുക".

ഉപാധികളില്ലാത്ത സ്നേഹത്തിന്റെ സഹനം നല്‍കുന്ന ത്യാഗാര്‍പ്പിതമായ ജീവിതത്തിന്റെ പ്രത്യാശ സ്വപ്നസമാനമാണ്. അങ്ങിനെയൊരു ജീവിതം എല്ലാ അര്‍ത്ഥത്തിലും സാധ്യമാക്കുക ഏറെക്കൂറെ അസംഭവ്യവും. എങ്കിലും യുട്ടോപ്പിയന്‍ ആശയം നല്‍കുന്ന പ്രതീക്ഷ അളവില്ലാത്തതാണ്. പ്രശ്നപൂരിതമായ ജീവിതത്തിന്റെ വഴിയില്‍ സ്വപ്നം തേടിയുള്ള, നമ്മുടെ തന്നെ ഏറ്റവും അഗാധമായ ഉള്ളറകളിലേക്ക് നിരന്തരം യാത്ര ചെയ്തുകൊണ്ടിരിക്കാനുള്ള ഊര്‍ജ്ജം അത് നല്‍കുന്നു. നിരാശ്രയര്‍ക്കും രോഗികള്‍ക്കും ഏറ്റവും കൂടുതല്‍ സമ്മാനിക്കപ്പെട്ടിട്ടുള്ളതും, ഇപ്പോഴും മധുരനാരങ്ങ പോലെ വിറ്റുപൊയ്ക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പുസ്തകമാണ് പാവ്ലോ കൊയ് ലോയുടെ "ദി ആല്‍ക്കെമിസ്റ്റ്' എന്ന നോവല്‍. പ്രതീക്ഷയോടുകൂടിയുള്ള സഞ്ചാരമാണ് ഇതിന്റെ ഇതിവൃത്തം. സ്പെയിനിലെ ഒരു മലഞ്ചരുവില്‍ ഉപേക്ഷിക്കപ്പെട്ട, ഇടിഞ്ഞുവീഴാറായ ഒരു പള്ളിമുറ്റത്ത്‌ നിന്നും ആട്ടിടയനായ ഒരു നവയുവാവ് ഈജിപ്ത്തിലെ പിരമിഡിന്റെ കീഴില്‍ നിക്ഷേപിക്കപെട്ട നിധിതേടി യാത്രയാവുന്നു. അവന്‍ തനിക്കുള്ള ആട്ടിന്‍പറ്റത്തെയും, തന്റെ പ്രണയത്തെയും ഒക്കെ ഉപേക്ഷിച്ച്, മെഡിറ്ററെനിയനും സഹാറയും കടന്ന്, ഒരുപാടനുഭവങ്ങളിലൂടെ, ഒരുപാട് നഷ്ട്ടപ്പെടലുകളിലൂടെ, ഒരുപാട് ദുരന്തവേദനകളിലൂടെ മാസങ്ങളോളം യാത്രചെയ്ത് പിരമിഡിലെത്തി നിധിക്കായി കുഴിക്കുന്നു. അപ്പോഴാണ്‌ അവന് വെളിപ്പെടുന്നത് യഥാര്‍ത്ഥ നിധി താന്‍ യാത്രയാരംഭിച്ച ഉപേക്ഷിക്കപെട്ട പള്ളിയുടെ ഉള്ളിലാണെന്ന്. നിധി അന്വേഷിച്ച് നമ്മുടെ സ്വന്തം മജ്ജകളിലേക്ക് തിരിയേണ്ട ആവശ്യകതയാണ് പുസ്തകത്തിന്റെ സന്ദേശം. അതുപോലൊരു പ്രത്യാശയുടെ ദര്‍ശനമാണ് 'സഹിക്കുന്നവരുടെ സങ്കീര്‍ത്തനവും' നല്‍കുന്നത്.