Showing posts with label മേല്‍‌പ്പത്തൂരാന്‍. Show all posts
Showing posts with label മേല്‍‌പ്പത്തൂരാന്‍. Show all posts

Monday, December 9, 2013

കാ വാ രേഖ?


പുസ്തകം : കാ വാ രേഖ?
രചയിതാവ് : ഒരു കൂട്ടം ബ്ലോഗേര്‍സ്

പ്രസാധകര്‍ : കൃതി പബ്ലിക്കേഷന്‍സ്

അവലോകനം : മേല്‍‌പ്പത്തൂരാന്‍



കാ വാ രേഖ? എന്താണ് എഴുതിയിരിക്കുന്നത്? ഈ പുസ്തകമെന്റെ കൈയ്യില്‍ കിട്ടുമ്പോള്‍ ഞാന്‍ ചോദിച്ച ചോദ്യമാണിത്. ആ ചോദ്യം തന്നെയായിരുന്നു അതിനുത്തരവും! തന്റെ പണ്ഡിത സദസ്സായ നവരത്‌നങ്ങള്‍ക്കിട്ട് വിക്രമാദിത്യന്‍ പണ്ടൊരു പണികൊടുത്തു. പേരുകേട്ട നവരത്‌നങ്ങളുടെ മാനംകാക്കാന്‍ കാളിദാസന്‍ ഒരുമ്പെട്ടിറങ്ങി. വഴിയിലൊരു കൊച്ചുപെണ്‍കുട്ടിയെ കണ്ടു. അവളോടിങ്ങനെ തിരക്കി.....
''കാ ത്വം ബാലേ'' (നീയാരാണു കുട്ടീ)
''കാഞ്ചനമാലാ'' (കാഞ്ചനമാല)
''കസ്യാ പുത്രി?'' (ആരുടെ പുത്രി?)
''കനകലതായാ'' (കനകലതയുടെ)
''കിം തേ ഹസ്‌തേ?'' (എന്താണു കൈയ്യില്‍)
''താലീപത്രം'' (താളിയോല)
''കാ വാ രേഖ?'' (എന്താണ് എഴുതിയിരിക്കുന്നത്?)
''ക ഖ ഗ ഘ''
ഒട്ടേറെ വരികളിലല്ല. മറിച്ച് വരികളിലെ അര്‍ത്ഥസമ്പുഷ്ടതയിലാണ് കവിതയെന്നു തെളിയിച്ചു കാളിദാസന്‍.

ഇരുപത്തിയഞ്ച് ആധുനിക കവികള്‍ ഇവിടെ കാ വാ രേഖ? (എന്താണ് എഴുതിയിരിക്കുന്നത്?). വ്യവസ്ഥാപിത കവിതാ ശാഖയുടെ അടിമത്തത്തില്‍നിന്നും മോചിപ്പിക്കപ്പെട്ട തീക്ഷ്ണമായ കവിതകളാണ് കാവരേഖയിലുള്ളത്. പ്രസാധകരായ കൃതി പബ്ലിക്കേഷന്‍സിന്റെ ഏറ്റവും പുതിയ പുസ്തകമായ 'കാ വാ രേഖ?' എന്ന കവിതാ സമാഹാരം.

ഡോണാ മയൂരയുടെ 'ഋതുമാപിനി'യെന്ന കവിത മനുഷ്യന്റെ ചിന്തയുടെ അളവുകോലായി വര്‍ത്തിക്കുന്നു. മനസ്സ് ശൈത്യത്തിലെന്ന പോലെ മരവിച്ചു, നീലിച്ചുപോയ ഒരു ജീവിതത്തെയാണ് കവിത അടയാളപ്പെടുത്തുന്നത്. കാതിലേക്ക് തുളച്ചുകയറുന്ന ഓരോ വാക്കിനേയും തോണ്ടിപുറത്തിടാന്‍ ഉപയോഗിച്ചിരുന്ന ചിന്തയുടെ/കുരുട്ടുബുദ്ധിയുടെ, മുകളിലോട്ട് വളഞ്ഞു കൂര്‍ത്തകത്തികൊണ്ട് ഓരോ വാക്കിന്റേയും, നീളവും അര്‍ത്ഥവ്യാപ്തിയും അളന്ന് തിട്ടപ്പെടുത്തി കൈമിടുക്കുള്ള ശില്പിയുടെ ചാതുര്യത്തോടെ മനസ്സില്‍ ആഴത്തിലും, നീളത്തിലുമുള്ള മുറിവുകള്‍ തീര്‍ക്കുന്ന മനുഷ്യന്റെ മസ്തിഷ്‌കത്തിലെ കടങ്കഥകള്‍ക്കുത്തരം തേടി, വരികള്‍ കൊണ്ട് കൂട്ടിക്കെട്ടിയ കയര്‍ത്തുമ്പത്തെ പതാളക്കരണ്ടിപോലത്തെ ചോദ്യചിഹ്നങ്ങള്‍ എന്നാണ് തലയോട്ടി പിളര്‍ക്കുന്നതെന്നാര്‍ക്കറിയാം? വേനലിന്റെ മുറിവുകളെ, വസന്തമറക്കുന്നതേയുള്ളൂ; ഉണക്കുന്നില്ല! മാനുഷീകമൂല്യങ്ങളുടെ അളവുകോലായി ഋതുമാപിനി ആധുനീക ജീവിതങ്ങളുടെ തലക്കുമുക്കളില്‍ പാതാളക്കരണ്ടിപോലെ തൂങ്ങിയാടുന്നു.

'മൊഴി'യെന്ന കവിതയിലൂടെ ശശികുമാര്‍ പറഞ്ഞത് തന്നിലെ കാണാതെപോയ മറ്റൊരു വ്യക്തിയെക്കുറിച്ചാണ്, ജീവിത പരിണാമചക്രത്തിന്റെ ചുഴലിച്ചയിപ്പെട്ട് കാണാതെപോയ കാമുകന്‍! പ്രണയത്തിന്റെ അധിനിവേശകാലത്ത് മധുരനാരങ്ങയും, മുന്തിരിയുമായി നിശാനിയമങ്ങള്‍ ഭേദിച്ചുനടന്ന അയാളുടെ തിരോധാനത്തെപ്പറ്റി എങ്ങനെയെല്ലാം കുത്തിക്കുത്തി വിചാരണ നടത്തിയാലും ഒന്നും പറയാന്‍ കഴിയാത്ത, അയാളിലെത്ര തുരന്നു നോക്കിയാലും കാമുകന്റെ ശേഷിപ്പുകള്‍ കണ്ടെത്താന്‍ കഴിയില്ല.

'ജീവിതം പ്രവാസത്തിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍' രഞ്ജിത്ത് ചെമ്മാടന്‍ പ്രവാസജീവിതത്തിന്റെ വിഹ്വലതകള്‍ വളരെ തീക്ഷ്ണമായി അടയാളപ്പെടുത്തിയിരിക്കുന്നത് ട്രാക്കുകളനവധിയുള്ള, അതിവേഗപാതയിലെ നിത്യാഭ്യാസിയെപ്പോലെയാണ്. ഒരു ശരാശരി പ്രവാസിയുടെ ജീവിതത്തിലെ ട്രാഫിക്ക് ജാമുകള്‍ നിറഞ്ഞ ദാമ്പത്യജീവിതത്തിന്റെ സെന്‍സ്സര്‍ ചെയ്യാത്ത ചിത്രം വരച്ചു കാണിക്കുന്നതിങ്ങനെ. സിഗ്‌നല്‍ ചുവപ്പു വീണ ദാമ്പത്യത്തില്‍ അവളുടെ നെറ്റിത്തടം മുതല്‍ അടിവയറുവരെ നെടുകയും കുറുകയും ചുംബിച്ചുകൊണ്ടാണ്.

നീന ശബരീഷ് ഹൈടെക്ക് പച്ചയിലൂടെ പുത്തന്‍ തലമുറയുടെ വികലമായ ദാമ്പത്യബന്ധത്തിന്റെ ഭയാനകരൂപം വരച്ചുകാട്ടുന്നുണ്ട്, കുറച്ചു വരികള്‍കൊണ്ട് ഒരുപാട് കഥപറയുന്ന കവിത. ഒരു കുടക്കീഴില്‍ അണയാന്‍ ആഗ്രഹിച്ച് പ്രണയത്തിന്റെ പെരുമഴയും നനഞ്ഞു നില്‍ക്കുന്ന ഡ്രീമന്റെ കാമുകനില്‍ നിന്നും ജയ്‌നിയുടെ ഇ-പ്രണയത്തിലെത്തുമ്പോള്‍ പ്രണയവും, ചാറ്റിംഗും അതിനുശേഷമുള്ള ചീറ്റിംഗും കാണാം. ആദ്യം എന്റെ കരളേയെന്നു വിളിച്ചു പ്രണയിച്ചുതുടങ്ങുന്ന വെര്‍ച്വല്‍ പ്രണയം ബ്ലഡി ബിച്ച് എന്ന അഭിസംബോധനയോടെ അവസാനിക്കുമ്പോള്‍ പ്രണയവിരഹിയായ കാമുകി ലാപ്‌ടോപ്പെങ്കിലും നഷ്ടപ്പെടാതെ കിട്ടിയല്ലോയെന്ന് സ്വയം ആശ്വസിക്കാന്‍ ശ്രമിക്കുന്നു.

വേട്ടക്കാരനിലൂടെ മനുഷ്യനു നിശ്ചയിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്ന മരണത്തേക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് യൂസഫ്പാ കൊച്ചന്നൂര്‍. കാറ്റും മഴയും വെയിലും രാവും കാടും തീയും സമുദ്രവുമൊക്കെ തുളച്ച് മരണം ഒരു വേട്ടക്കാരനെപ്പോലെ വരുന്ന് ജീവനും തൂക്കിക്കൊണ്ടുപോകുന്ന രംഗം മനുഷ്യനെ തെല്ലൊന്ന് ചിന്തിപ്പിക്കുകതന്നെ ചെയ്യുന്നു. ഒത്തുതീപ്പിലൂടെ, വാര്‍ദ്ധക്യത്തില്‍ ഗതകാലസ്മരണകള്‍ ഒരുമ്മിച്ചോര്‍ത്തെടുക്കുന്ന ദമ്പതികളെയാണ് കാണാന്‍കഴിയുക. അവര്‍ കാമുകീ കാമുകന്മാരായിരിന്നിരിക്കാം പണ്ട്! പരസ്പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റേയും സാന്ത്വനത്തിന്റേയും മൂര്‍ത്തീഭാവങ്ങളായ രണ്ട് കമിതാക്കളെ കണാന്‍ കഴിഞ്ഞത് എ. സതീദേവിയുടെ ഈ കവിതയില്‍ മാത്രം, ഒരുപക്ഷേ കവിയത്രി പഴയ തലമുറക്കാരിയായതുകൊണ്ടൊ എന്തോ?

ശാസ്ത്രത്തോടൊരു സംശയം ചോദിക്കുന്ന അരുണ്‍ കുമാറിനോടെനിക്കും ഒരു സംശയം ചോദിക്കാനുണ്ട്. അക്ഷരം തന്ന വൃദ്ധനെ അച്ഛനായി കാണുവാന്‍ അഭ്യസിപ്പിച്ച ശാസ്ത്രമേ... ഈ വൃദ്ധസദനങ്ങളെന്തിന്? ഈ ചോദ്യം ശാസ്ത്രത്തോടായിരുന്നില്ല ചോദിക്കേണ്ടത്, ശാസ്ത്രം പഠിപ്പിച്ച നല്ല മൂല്യങ്ങളെ മറന്നുപോയ മനുഷ്യനോടും അവന്റെ മാനുഷികമൂല്യങ്ങളോടുമായിരുന്നില്ലെ? അന്യപത്‌നിയെ എന്നുമമ്മയായ് കാണുവാന്‍ ചൊന്ന ശാസ്ത്രമേ/അന്യപത്‌നിക്കു തന്‍ കുഞ്ഞിനെ നല്‍കുന്നീലോകം, എന്തിനിങ്ങനെ? ഇവിടെ മുകളില്‍ ചോദിച്ചത്രയും തീവ്രതയില്ലെങ്കിലും, പരിഭവം ശാസ്ത്രത്തോടുതന്നെ. അന്യനില്‍ വാഴുന്നതീശ്വരന്‍/എന്നുഘോഷിച്ച ശാസ്ത്രമേ/തമ്മിലന്യന്റെ കണ്ഠത്തെ/ഖണ്ഢിച്ചിടൂന്നതും പൂജയോ? എന്നെ വളരെ ആകര്‍ഷിച്ച കവിതകളില്‍ ഒന്ന്. ഒരുപാട് ആകര്‍ഷിച്ചതുകൊണ്ടാവാം സ്വാഭാവികമായും ഈ സംശയങ്ങള്‍. അറിവുകള്‍ വിറ്റു വിശപ്പടക്കി, അറിവുപകര്‍ന്നുതന്ന പുസ്തകങ്ങള്‍ മാത്രം ബാക്കിയായ്... അതും വില്‍ക്കാന്‍ തയാറായിനില്‍ക്കുന്നു പക്ഷേ.. അതില്‍ സൂക്ഷിച്ചിരുന്ന മാനംകാണാത്ത മയില്‍പ്പീലികള്‍ മാത്രം നല്‍കാന്‍ വിസ്സമ്മതിക്കുന്ന കവയത്രി മയില്‍പ്പീലികളിലൂടെ ഗൃഹാതുരമായ ഒരു ബാല്യത്തിനെ ഓര്‍മ്മിപ്പിക്കുന്നു, കുറേ ജീവിതസ്പന്ദനങ്ങളേയും.

കാ വാ രേഖയെന്ന പേരിനെ അര്‍ത്ഥമുള്ളതാക്കിയ കവിതയാണ് ഉമേഷ് പീലിക്കോടിന്റെ കവല. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ വീക്ഷണമാണ് കവല നടത്തുന്നത്. പ്രതിമകളിലൂടെ പ്രതികരണശേഷി നഷ്ടപ്പെട്ടുനില്‍ക്കുന്ന നിസ്സഹായരായ ജനതയെ കാണാന്‍ കഴിയുമെങ്കില്‍, കൊടിമരങ്ങളിലൂടെ കേരള രാഷ്ട്രീയത്തിലെ ചാഞ്ചാട്ടങ്ങളും, ജനതയുടെ രാഷ്ട്രീയ കാഴ്ചപ്പാടും കാണാന്‍ കഴിയും. തട്ടുകടയാകട്ടെ മലയാളിയുടെ സാമൂഹിക ചര്‍ച്ചാവേദിയും. ഷൈന്‍ കുമാറിന്റെ പുറപ്പാട്, പേറ്റുനോവിന്റെ കടം ബാക്കിയാക്കി യാത്രയാകാന്‍ പോകുന്ന ഒരുവളുടെ വിഹ്വലതകളാണെങ്കിലും, യാത്രയെങ്ങോട്ടെന്നുമാത്രം നിശ്ചയമില്ല. മരണത്തിലേക്കോ, അതോ ഒരു ഒളിച്ചോട്ടത്തിലേക്കോ? വ്യക്തമായിട്ടില്ല. ടോറന്റോ ചുഴിയില്‍പ്പെട്ടലയുന്ന സ്‌നേഹം പരന്നൊഴുകാന്‍ വെമ്പല്‍കൊള്ളുന്നുണ്ട്. സ്‌നേഹത്തിന്റെ വെള്ളച്ചാട്ടം ആര്‍ത്തലച്ചൊഴുകുവാന്‍ മോഹിക്കുന്നുണ്ട്, പക്ഷേ തണുപ്പുകാലത്തെ നയാഗ്രപോലെ ഉറഞ്ഞുകിടക്കുകയാണ് സമ്മറിലെത്തുമെന്നു പ്രതീക്ഷിക്കുന്ന ചൂടുള്ള സാന്ത്വനത്തിനായി, സ്‌നേഹത്തിന്റെ നയാഗ്രാ വെള്ളച്ചാട്ടം മനസ്സില്‍ സൂക്ഷിക്കുന്നത്, ഉറുമ്പരിക്കുന്ന മഞ്ഞിന്റെ ഫോസ്സിലില്‍ എന്നകവിതയിലൂടെ ഗീത രാജനാണ്.

ദിലീപ് നായര്‍ എന്ന യുവകവിക്ക് പുരാണങ്ങളും പഴങ്കഥകളും തീരെപിടിക്കുന്നില്ല. പണ്ടു പണ്ടുകളില്‍നിന്നും കടമെടുത്ത് അപരിചിതങ്ങളായ അര്‍ത്ഥങ്ങളില്‍നിന്നും വിചിത്രമായ പേരും തൂക്കി മുടിവെട്ടാതെ, താടിവടിക്കാതെ നടന്ന തെറ്റുകളുടെ കഥയില്‍ ചോദ്യങ്ങളില്ലായിരുന്നു. ജയിക്കുന്നവന്റെ ശരികള്‍ തോല്‍ക്കുന്നവന്റെ സിംഹാസനങ്ങള്‍ കൈക്കലാക്കി. കാട് വാണ ജ്യേഷ്ഠനും കുരിശില്‍ തറഞ്ഞ ദൈവവും പണ്ടു പണ്ടുകളില്‍ നിന്നും കഥകള്‍ കടമെടുത്ത് സുഖമായി ജീവിച്ചുവെന്നാണ് കവിയുടെ നിഗമനം. കവിതയിലെ വിപ്ലവം. ഇതുവെറും വായാടി വിപ്ലവമോ അതൊ പുരോഗമന ചിന്താഗതിയോ എന്ന് അനുവാചകന് തോന്നല്‍ ഉളവാക്കുന്നു. പറയാനുള്ളത് മിതമായ ഭാഷയില്‍ പറഞ്ഞു ഫലിപ്പിച്ചിരിക്കുന്ന മറ്റൊരു കവിത. വൈരുദ്ധ്യം എന്ന കവിതയിലൂടെ കവി മനസ്സില്‍ കാണുന്ന ബിംബമെന്താണെന്ന് അനുവാചകനെ കുഴക്കുന്നു.

ജെയിംസ് സണ്ണി പാറ്റൂരിന്റെ രാജകുമാരനു കൊട്ടാരം തീര്‍ത്തവരും എസ്.കലേഷിന്റെ പണ്ടൊരു പെണ്‍കുട്ടിയും നിലവാരം പുലര്‍ത്തുന്നു. ഉസ്മാന്‍ പള്ളിക്കരയിലിന്റെ യാത്രാപുകിലുകള്‍ രചനയില്‍ വ്യത്യസ്ത പുലര്‍ത്തി. ആധുനിക കവിതകളില്‍ ഇംഗ്ലീഷും മറ്റു ഭാഷാശകലങ്ങളും തിരുകിക്കയറ്റി ജാഡകാണിക്കുന്ന കവികള്‍ക്ക് മാതൃകയായി ശുദ്ധ മലയാളത്തില്‍ വാക്കുകള്‍ തിരഞ്ഞു പിടിച്ചെഴുത്താന്‍ ശ്രമിച്ചിരിക്കുന്നു കവി. മലയാള ബ്ലോഗിംഗ് രംഗത്തുനിന്നും ഒരുപിടി നല്ല കവികളെ വെളിച്ചത്തുകൊണ്ടുവരാന്‍ കൃതി പബ്ലിക്കേഷനും അതിന്റെ സംഘാടകര്‍ക്കും കഴിഞ്ഞതില്‍ വളരെയേറെ സന്തോഷിക്കുന്നു. ഈ പുസ്തകം, ഇതില്‍ എഴുതിയ എല്ലാ എഴുത്തുകാര്‍ക്കും പ്രചോദനമാകും എന്നകാര്യത്തില്‍ സംശയമില്ല. ഡോണാമയൂരയെ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുക.

Thursday, January 26, 2012

Love Experiencs@Scoundrel poet

പുസ്തകം : Love Experiencs@Scoundrel poet
രചയിതാവ് : ശൈലന്‍

പ്രസാധകര്‍ : പാപ്പിറസ് ബുക്‌സ്

അവലോകനം : മേല്‍‌പ്പത്തൂരാന്‍







ന്ധര്‍വ്വലോകത്തുനിന്നും ശപിക്കപ്പെട്ട്‌ ഈലോകത്തില്‍ മനുഷ്യനായി അവതരിക്കേണ്ടിവന്ന ഒരു ഗന്ധര്‍വ്വ കുമാരന്റെ അനുഭവകഥ..!!

പ്രണയത്തില്‍ വിശുദ്ധമല്ലാത്തതൊന്നുമില്ലന്നു വിശ്വസിക്കുന്ന,മലയാളത്തിലെ തെമ്മാടിക്കവിയുടെ പ്രണയാനുഭവങ്ങള്‍. Love Experiencs@Scoundrel poet പ്രണയവും,ഉന്മാദവും,സുതാര്യമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു കവിതാ സമാഹാരമാണ് ,പ്രണയത്തിന്റെ വിശ്വാസ്യത നൂറുശതമാനം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന/ശ്രമിച്ച കാമുകന്‍ അതായിരുന്നു ശൈലന്‍,കപട സദാചാരത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചടുക്കിയ രചന.“സദാചാരികളും ഹൃദയാ‍രോഗ്യം കുറഞ്ഞവരും ഈ പുസ്തകത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക“യെന്ന് പുസ്തകത്തിന്റെ പുറം ചട്ടയില്‍ മുന്നറിയിപ്പുനല്‍കുന്നുണ്ട്,ഈ പുസ്തകം ഒരിക്കലും തനിക്ക് ഒരു നല്ല പേരുണ്ടാക്കിത്തരില്ലായെന്ന മുന്‍‌വിധിയോടെയാണ് കവി പ്രതികരിക്കുന്നത്. “ഒരു ആവറേജുമനുഷ്യന്റെ പ്രണയവും,രതിയും അതിന്റെ യാഥാസ്ഥിതിക ഗൃഹാതുരത്വത്തിന്റെ ചെപ്പുതുറക്കുമ്പോള്‍ ഇങ്ങനൊക്കെത്തന്നെയായിരിക്കും...തീര്‍ച്ച!

പ്രണയത്തിനും രതിക്കുമുള്ള അഭേദ്യമായ ബന്ധത്തെ കപടസദാചാരത്തിന്റെ പഴഞ്ചാക്കുകള്‍ മൂടി സൂക്ഷിക്കുന്ന മലായാളികള്‍ക്ക്,ഒരുപക്ഷെ ഈകവിതകള്‍ ഓക്കാനനിര്‍ഭരമായേക്കാം.പ്രണയം വിശുദ്ധവും,രതി അതിവിശുദ്ധവു മാണെന്ന ആത്മീയതത്ത്വത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ശൈലന്‍ കവിതകളില്‍ ,പ്രണയമാദ്യം ആസക്തിയിലൂടെയും പിന്നീട് അനാസക്തിയുടേയും കുമ്പസാരമായി കാണാം.

“പ്രണയവിരഹത്തിന്റെ വിരസതയും പേറി ,ശില്പചാതുരിയാര്‍ന്ന ഈ നൂറ്റാണ്ടില്‍ സൂര്യ ശിലകളേറി ജാലകങ്ങളടച്ചിട്ട് അപകര്‍ഷതാബോധത്തിന്റെ ഇരുട്ടറയില്‍ സ്വയം തടവുകാരനാകുമ്പോളും,അവന്റെ ജാലകങ്ങള്‍ക്കരികില്‍ പ്രണയത്തിന്റെ ഏഴിലമ്പാലകള്‍ പൂത്തിരുന്നു .അതില്‍നിന്നും പ്രണയത്തിന്റെ ലാസ്യഭാവങ്ങളുമായി എത്രയോ അപ്സരസ്സുകള്‍ മുടിയഴിഞ്ഞുലഞ്ഞാടി ഇറങ്ങി വന്നു .തടവറയുടെ വാതിലില്‍ മുട്ടിവിളിച്ചു .മാദകത്വവും,മെയ്‌വഴക്കങ്ങളും കാട്ടി അവനെ വശീകരിക്കാന്‍ ശ്രമിച്ചു ,അവനേയും കൂട്ടി പ്രണത്തിന്റെ വിശുദ്ധമാം അമ്പലപ്പറമ്പുകളീല്‍ സ്നേഹത്തിന്റെ തയമ്പകയും കൊട്ടി,പ്രണയത്തിന്റെ കെട്ടുകാഴ്ചകളും കണ്ട് രതിയുടെ വെടിക്കെട്ടുകളും നടത്തി ഉന്മാദമായിനടന്നു. പ്രണയത്തിന്റെ വിശുദ്ധമായ ശ്രീ കോവിലിനുമുമ്പില്‍ ,രതിബിംബങ്ങളെ പൂജിച്ചു സായൂജ്യമടഞ്ഞു നില്‍ക്കുമ്പോള്‍ “ഖജുരാഹോയിലെ ക്ഷേത്ര വിസ്മയങ്ങളെല്ലാം പണിതത് നിമിഷാര്‍ധങ്ങള്‍ കൊണ്ടാണെന്നു തോന്നിപ്പോകും.

പാലപ്പൂക്കളും,നിലാവുമുള്ളരാത്രിയില്‍ ഒരിക്കലും നേരില്‍കണ്ടിട്ടില്ലാത്തവളേയും സ്വപ്നം കണ്ടുകിടക്കുമ്പോള്‍... സ്വപ്നത്തില്‍‌ പോലും കണ്ടിട്ടില്ലാത്ത മറ്റേതോ ഉപഗ്രഹങ്ങളിലെ വെര്‍ച്വല്‍ അപ്സരസ്സിനോട് “മിസ്സ്ഡ്കോളുകളെല്ലാം സ്മോള്‍ കിസ്സുകളാണെന്നു“ പറഞ്ഞതും അവന്‍‌തന്നെ.രതിയുടെ വിദ്ധ്വംസക ബിംബങ്ങളാല്‍ കപടസദാചാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്തെറിഞ്ഞ് പ്രകൃതിയും,പ്രണയവും,രതിയും ആനുപാതീകമായി സമ്മേളിക്കുന്ന കാവ്യശകലങ്ങളാല്‍, അഭിനവ വാത്സ്യായനെപ്പോലെ നെല്ലിയാമ്പതിയിലെ കുളിര്‍ന്ന കാലാവസ്ഥയില്‍ പറമ്പിക്കുളത്തേക്കുള്ള വിജനമായ കാട്ടുപാതയില്‍ കാട്ടിപോത്തുകളുടെ ചതുപ്പുപാടങ്ങളില്‍ അവയെ കാവല്‍ നിറുത്തി ഇണചേരലിന്റെ പുതിയ പാഠങ്ങള്‍ മെനയാന്‍ മോഹിക്കുന്നവന്‍......,
ശീഘ്രസ്‌ഖലനക്കാരനെ
സഹിക്കുന്ന
സഖിയേ.....
മാപ്പ്
പ്രതീക്ഷിക്കണ്ട,സോറി,
മാപ്പു
പ്രതീക്ഷിക്കുന്നില്ല,എന്നു പറയുന്നത്,അനാസക്തിയുടേയും,ഏറ്റുപറച്ചിലിന്റേയും നിഴലായി മാറി.

പ്രണയാനുഭവങ്ങള്‍ നല്‍കിയ കൈപ്പേറിയ അനുഭവങ്ങളാല്‍ ഏഴുരാത്രികളില്‍ അടുപ്പിച്ചടുപ്പിച്ച് ഏഴുവിധത്തില്‍ ആത്മാര്‍ത്ഥമായി ആത്മഹത്യക്ക് ശ്രമിക്കവെ എട്ടാംനാള്‍ ദൈവം അവനെ വിളിച്ചുണര്‍ത്തി ചോദിച്ചു ,”നാണമില്ലേ...നായിന്റെ മോനെ....പോയി അവളെ കൊന്നുകൂടെ..!!. ദൈവം പറഞ്ഞാല്‍ പോലും അവനതിനുകഴിയില്ല. അതായിരുന്നു അവന്റെ സ്നേഹം.

”ജീവിതത്തിന്റെ ഒറ്റയടിപ്പാതയിലൂടെ സ്നേഹത്തിന്റെ ,കിട്ടാ‍ത്ത വള്ളികള്‍ തേടിനടക്കവെ തേടാത്ത വള്ളിയിലുടക്കി അനാധത്വത്തിന്റെ ഇരുളടഞ്ഞ അഗാധ ഗര്‍ത്തത്തില്‍ വീണുപോയ അവന്റെ ദീനരോധനങ്ങള്‍ പല വരികളിലും പതിധ്വനിക്കുന്നുണ്ട്,പ്രണയവും പ്രണയസമ്മാനങ്ങളും നിധിയായിസൂക്ഷിക്കുന്ന കാമുകന്‍ ,കാമുകിയൊരുവള്‍ നല്‍കിയ ഗ്യാസ്സ് സിലിണ്ടര്‍ കെട്ടിപ്പിടിച്ചുറങ്ങി അവളോടുള്ള സ്ഫോടനാത്മകമായ വിധേയത്വം പതിഫലിപ്പിക്കുന്നു.

അപ്സരസ്സുകള്‍ക്കൊപ്പം അനുരാഗത്തിന്റെ മുന്തിരിപ്പാടങ്ങളില്‍ ഉല്ലസ്സിച്ചു നടക്കുമ്പോള്‍,വിരല്‍ സ്പര്‍ശത്തിന്റെ(പ്രവേശനത്തിന്റെ) രതിപദനിസകള്‍ തരംഗവീചികളായി പ്രവഹിച്ച ആ ബ്രഹ്മമുഹൂര്‍ത്തത്തില്‍.....
കാറ്റായും ചിത്രശലഭങ്ങളായും
നമ്മളെ
തുളച്ച് പറക്കുന്നത്
ഇന്നലെ കളഞ്ഞുപോയ
നിന്റെ യോനിതന്നെ!,യെന്നു പറയുമ്പോള്‍ ,“യോനി“കൊണ്ട് ഉപമിച്ചത് കുടുംബത്തേയൊ,അവളുടെ വംശഗുണത്തേയൊ ആയിരിക്കാം..!

ഏകാന്തജീവിതത്തിനിടയിലെപ്പോഴോ കണ്ടുമുട്ടിയ ഒരു ആദ്യകാല കാമുകി ,അവള്‍ എഴുത്തുകാരിയും , വായനക്കാരിയുമൊന്നു മായിരുന്നില്ലെങ്കില്‍പ്പോലും അവളുടെ വാക്കുകള്‍ എത്രഅര്‍ത്ഥവത്തായിരുന്നു...
അമ്മപോയപ്പോള്‍
മരിച്ചത് ശൈലന്‍ തന്നെയാണ്...
ഇപ്പോള്‍
ജീവിച്ചിരിക്കുന്നത്
അമ്മയാണ്....!!

ദുഃഖവെള്ളിയില്‍ പിറന്ന് ഈസ്റ്ററുകള്‍ തേടി സഞ്ചരിക്കുന്ന ഈ യാത്രീകന്‍ ,ഗന്ധര്‍വ്വകഥയിലെ നായകനേപ്പോലെ രമിച്ചുനടന്ന കാലങ്ങളേക്കുറിച്ചുള്ള ഗൃഹാതുരത്വമായ ഓര്‍മ്മകള്‍ കൊണ്ട് മെനഞ്ഞ കവിതകളില്‍ ,വിശപ്പും,ദാഹവും,പോലെ ഓരോ ആവറേജ്ജ് മനുഷ്യനും ഉണ്ടാകാറുള്ള വികാരമാണ് ,അല്ലെങ്കില്‍ പരസ്പര സ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമാണ് ലൈംഗികതയെന്ന ബോധനമാണ്. ലൈംഗികതയെന്നു കേള്‍ക്കുമ്പോള്‍ മുഖം തിരിച്ച്,മനസ്സുകൊണ്ട് അതാഗ്രഹിച്ച് ,സമൂഹത്തില്‍ ലൈംഗീക അരക്ഷിതാവസ്ഥകള്‍ സൃഷ്ടിക്കുന്ന കപടസദാചാരികല്‍ക്കിടയില്‍ ഈ കവിതകള്‍ക്ക് പ്രസക്തിയെന്തെന്ന് ചിന്തിച്ച് വ്യാകുലപ്പെടാതെ പ്രസദ്ധീകരിക്കാന്‍ തന്റേടം കാണിച്ച പാപ്പിറസ് ബുക്സിന്റെ ബാലഗോപാല്‍ ഹരിക്ക് നന്ദി.