Sunday, March 30, 2014

കക്കട്ടിൽ യാത്രയിലാണ്


പുസ്തകം : കക്കട്ടിൽ യാത്രയിലാണ്
രചയിതാവ് : അക്‌ബര്‍ കക്കട്ടില്‍

പ്രസാധകര്‍ : ഡി.സി ബുക്സ്

അവലോകനം : നിരക്ഷരന്‍


ല്ല മുഖപരിചയം”
“ഞാൻ കണ്ണൂരിലാണ് “
“കണ്ണൂരിൽ എവിടെയാണ് ? “
“പിണറായിയിൽ”
“പേര് ?”
“വിജയൻ”
“പിണറായി വിജയേട്ടനാണോ ?”
“അതെ.... നിങ്ങൾ?”
“വടകരയിലാണ് “
“വടകരയിൽ എവിടെ ?”
“കക്കട്ടിൽ”
“പേര് ”
“അൿബർ”
“അൿബർ കക്കട്ടിലാണോ?”
“അതെ”

പിണറായി വിജയനും, അൿബർ കക്കട്ടിലും ഒരു തീവണ്ടിയാത്രയ്ക്കിടയിൽ ആദ്യമായി നേരിൽ കണ്ടുമുട്ടുന്ന രംഗമാണിത്. ഇന്നത്തേതുപോലെ എഴുത്തുകാരുടേയും രാഷ്ട്രീയക്കാരുടേയുമെല്ലാം രൂപങ്ങൾ നാഴികയ്ക്ക് നാലുവട്ടം ചാനലുകളിലും പത്രമാദ്ധ്യമങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെടാത്ത കാലഘട്ടത്തിലെ ഒരു പരിചയപ്പെടൽ. ഇത്തരം പല പ്രമുഖന്മാരുമാരേയും ലേഖകൻ പരിചയപ്പെടുന്നത് യാത്രകൾക്കിടയിലാണ്. കുട്ടി അഹമ്മദ് കുട്ടി(എം.എൽ.എ) യെ കണ്ടിട്ടുള്ളത് തീവണ്ടിയിൽ വെച്ച് മാത്രമാണത്രേ!

ഡീ.സി. ബുക്ക്സ് ഇക്കഴിഞ്ഞ ജൂണിൽ പുറത്തിറക്കിയ ‘കക്കട്ടിൽ യാത്രയിലാണ് ‘ എന്ന പുസ്തകത്തിലെ 20 അദ്ധ്യായങ്ങളിലും, പുസ്തകത്തിന്റെ പേരിൽ നിന്ന് മനസ്സിലാക്കാവുന്നതുപോലെ, അൿബർ കക്കട്ടിൽ വിവരിക്കുന്നത് യാത്രയ്ക്കിടയിലെ സംഭവങ്ങളും പരിചയപ്പെടലുകളും അനുഭവങ്ങളും തന്നെയാണ്.
യാത്രയാണ് വിഷയം എന്നതുകൊണ്ടായിരിക്കാം പുസ്തകം കൈയ്യിൽക്കിട്ടിയ പാടേ വായിച്ച് തീർത്തു. സാഹിത്യലോകത്തെന്ന പോലെ മറ്റ് പ്രമുഖ മേഖലകളിലും അദ്ദേഹത്തിനുള്ള സുഹൃത്‌വലയം കൂടെ പുസ്തകം കാണിച്ചുതരുന്നുണ്ട്.

രാഷ്ട്രീയക്കാർക്കിടയിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഉയർന്ന വായനക്കാരൻ കൂടെയായ സി.എച്ച്.ഹരിദാസ് എന്ന കോൺഗ്രസ്സുകാരനെയാണ് ‘അങ്ങനെ നാം പുറപ്പെടുകയാണ് ‘ എന്ന ആദ്യ അദ്ധ്യായത്തിലൂടെ കക്കട്ടിൽ പരിചയപ്പെടുത്തുന്നത്. ഹരിദാസിന്റെ ആകസ്മിക മരണവും ഒരു യാത്രയായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നു. അപൂർവ്വ ജനുസ്സെന്ന് കക്കട്ടിൽ പറയുന്ന ഹരിദാസ് ഇന്നുണ്ടായിരുന്നെങ്കിൽ, കേരള രാഷ്ട്രീയത്തിൽ ഏത് സ്ഥാനത്തായിരിക്കുമെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. വായനയും വിവരവുമൊക്കെ ഉണ്ടായിരുന്ന ആളായതുകൊണ്ട് ഉന്നതനിലയിൽ എത്തുന്നതിന് പകരം, കുതികാൽ വെട്ട് രാഷ്ട്രീയത്തിന്റെ ഇരയായി എവിടെയെങ്കിലും ഒതുങ്ങിക്കൂടിക്കാണാനാണ് സാദ്ധ്യതയെന്നാണ് തോന്നിയത്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന ചൊല്ല് കക്കട്ടിലിന്റെ കാര്യത്തിലും സത്യമാണെന്ന് ഹരിദാസ് കക്കട്ടിലിനെ ബോദ്ധ്യപ്പെടുത്തുന്നു. സ്വന്തം വീടിനു മുന്നിലുള്ള പൊന്മേനി അമ്പലത്തേക്കുറിച്ച് അറിയാത്ത കക്കട്ടിൽ റഷ്യയിൽ പോകാൻ താൽ‌പ്പര്യം കാണിക്കുമ്പോളാണത്. ‘സ്വന്തം നാട് മാത്രമല്ല വീടകവും പറമ്പും പോലും നേരാംവണ്ണം കാണാത്തവരാണ് നമ്മൾ. വീട്ടിൽ മാറാല പിടിച്ചിരിക്കുന്നു, ഫ്ലഷ് പ്രവർത്തിക്കുന്നില്ല. പറമ്പിൽ തേങ്ങകളും ഓലയുമൊക്കെ വീണുകിടക്കുന്നു എന്നതൊക്കെ ആരെങ്കിലും അതിഥികൾ വന്ന് ചൂണ്ടിക്കാണിക്കുമ്പോളായിരിക്കും നാം ശ്രദ്ധിക്കുക.‘ എന്നുവെച്ച് നമ്മൾ ദേശം വിട്ട് മറുദേശങ്ങളിലേക്കുള്ള യാത്രകൾ മുടക്കരുതെന്നും കക്കട്ടിൽ പറയുന്നു. ഇതൊക്കെ പ്രകൃതി നിയമമായിട്ട് കൂട്ടിയാൽ മതിയെന്ന് പറയുന്ന ഗ്രന്ഥകാരനോട് ഒരു വരികൂടെ ഞാൻ ചേർക്കുന്നു. വീടിനു ചുറ്റുമുള്ള കാഴ്ച്ചകൾ നമുക്ക് വയസ്സാംകാലത്ത് കാണാമല്ലോ? ചോരത്തിളപ്പുള്ള ചെറുപ്പകാലത്ത് ദൂരെയുള്ള യാത്രകൾ തന്നെ തിരഞ്ഞെടുക്കുക.

‘രാത്രിവണ്ടിയിലെ യാത്രക്കാരി’ എന്ന അദ്ധ്യായത്തിൽ പരാമർശിക്കുന്ന, തീവണ്ടിയിൽ വെച്ച് പരിചയപ്പെടുന്ന പെൺകുട്ടി കക്കട്ടിലിന് ഇന്നും ഒരു സമസ്യയാണ്. എഴുത്തുകാരെയൊക്കെ ഫോട്ടോകൾ വഴി തിരിച്ചറിയാൻ സാദ്ധ്യതയില്ലായിരുന്ന ഒരു കാലത്ത് പരിചയപ്പെടുന്ന ഈ പെൺകുട്ടി അൿബറിനെ തിരിച്ചറിയുന്നു. അദ്ദേഹത്തിന്റെ കഥകളെപ്പറ്റിയുള്ള അഭിപ്രായം തുറന്ന് പറയുന്നു. സ്വയം പരിചയപ്പെടുത്തുമ്പോൾ അവൾ പറയുന്ന നിർദ്ദോഷകരമായ ഒരു കള്ളം പിടിക്കാൻ എഴുത്തുകാരന് പറ്റുന്നില്ല. നല്ല വായനാശീലമുള്ള അവളാരാണെന്ന്, പിന്നിടുള്ള തന്റെ രചനകളിലൂടെ അറിയാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളൊക്കെയും പാഴാകുമ്പോൾ നിരാശനാകുന്നത് വായനക്കാരൻ കൂടെയാണ്.

‘തൊട്ടടുത്ത സീറ്റിലെ അപരിചിതൻ‘ എന്ന അദ്ധ്യായത്തിൽ വിവരിക്കുന്നത് പരിചയക്കാരനായ ഒരു ചെറുപ്പക്കാരനുണ്ടായ അനുഭവമാണ്. തീവണ്ടിയിൽ നിന്ന് ഉടലെടുക്കുന്ന ആൺ-പെൺ ബന്ധത്തിന്റെ ആ കഥ ഒറ്റവായനയിൽ അവിശ്വസനീയമായിത്തോന്നാം. ശാരീരികമായ ഒരു ആവശ്യം മാത്രമായി ലൈംഗിക ബന്ധത്തെ കണക്കാക്കി, പ്രാവർത്തികമാക്കി, കുറ്റബോധമേതുമില്ലാതെ പൊടിയും തട്ടി പോകുന്നത് ചെറുപ്പക്കാരനല്ല; മറിച്ച് പെൺകുട്ടിയാണ്. ഇതിനെ ആസ്പദമാക്കിയാണ് അദ്ദേഹം ‘പടിഞ്ഞാറോട്ടുള്ള തീവണ്ടി‘ എന്ന കഥ കലാകൌമുദിയിൽ എഴുതിയത്. വണ്ടി മുമ്പത്തേക്കാൾ വേഗത്തിൽ പടിഞ്ഞാറോട്ട് ഓടിക്കൊണ്ടിരിക്കുകയാണെന്ന്, തീവണ്ടിയിൽ നേരിട്ട് കണ്ടിട്ടുള്ള രംഗങ്ങളിലൂടെ അദ്ദേഹം അടിവരയിടുമ്പോൾ, മറിച്ച് പറയാൻ വായനക്കാരനുമാകില്ല.

കൈക്കൂലി കൊടുക്കില്ല എന്ന് തീരുമാനിച്ചിട്ടുള്ള ലേഖകന് ഒരു തീവണ്ടിയാത്രയിൽ ഒരിക്കലെങ്കിലും അതിന് വഴങ്ങേണ്ടി വന്നപ്പോൾ, മറുവശത്ത് കൈക്കൂലി വാങ്ങിയ ടി.ടി.ഇ. യ്ക്കും കൈക്കൂലി വാങ്ങിക്കുന്നത് ആദ്യത്തെ അനുഭവമായി മാറുന്നത് രസകരമായ വായനയ്ക്കിട നൽകുന്നു.

യാത്രകൾക്കിടയിൽ പരിചയപ്പെടുന്ന പ്രമുഖരെ എന്നപോലെ വല്ലാതെ അടുപ്പത്തിലാകുന്ന ലത്തീഫിനെപ്പോലുള്ള നന്മയുള്ള സാധാരണക്കാരേയും ലേഖകൻ പരിചയപ്പെടുത്തുന്നുണ്ട് പുസ്തകത്തിൽ. അന്നത്തേക്ക് മാത്രമുള്ള സൌഹൃദം, കുറേക്കാലം കൊണ്ടുനടന്ന് പിന്നെ കൊഴിഞ്ഞുപോകുന്ന സൌഹൃദങ്ങൾ, ചിരകാല സൌഹൃദങ്ങൾ എന്നിങ്ങനെ പല വിഭാഗത്തിലുള്ള സൌഹൃദങ്ങൾ, ഏതൊരാൾക്കും യാത്രകൾക്കിടയിൽ ഉരുത്തിരിയാനിടയുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു.

കുഞ്ഞിക്ക എന്ന് ലേഖകൻ വിളിക്കുന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കൂടെ യാത്ര ചെയ്ത് ഒരിക്കൽ വെട്ടിലായതും, പിന്നീട് അദ്ദേഹവുമായുള്ള യാത്രകളിൽ സ്വയരക്ഷയ്ക്കായി മുൻ‌കരുതൽ എടുത്തതുമായ വിവരണങ്ങൾ നർമ്മത്തിൽ ചാലിച്ചതാണ്. എം.മുകുന്ദൻ, ലോഹിതദാസ്, മുരളി, മമ്മൂട്ടി, കൈതപ്രം, കുഞ്ഞുണ്ണിമാഷ്, എം.ടി, എം.പി.നാരായണപ്പിള്ള, സക്കറിയ, ഡോ:എം.കെ.പി. നായർ, ജി.കാർത്തികേയൻ, വിനയചന്ദ്രൻ, സത്യൻ അന്തിക്കാട്, എസ്.ഭാസുരചന്ദ്രൻ, പ്രൊഫ:കെ.പി.ശങ്കരൻ, ലത്തീഫ് എന്നിങ്ങനെ സുപരിചിതരും അല്ലാത്തതുമായ ഒട്ടനവധിപേർ കക്കട്ടിലിന്റെ യാത്രയ്ക്കിടയിൽ, രസകരവും തെല്ല് നോവുന്ന അനുഭവമായുമൊക്കെ വായനക്കാരിലേക്കെത്തുന്നു.

‘ക്ഷമിക്കണം ബോധപൂർവ്വമല്ല’ എന്ന ലേഖനം ഒരു ഉപദേശം കൂടെയാണ്. മന്ത്രിമാർ, ഉന്നതാധികാരികൾ, സിനിമാതാരങ്ങൾ എന്നിവരെല്ലാം പങ്കെടുക്കുന്ന ചടങ്ങിലേക്കായി ദീർഘയാത്രയൊക്കെ നടത്തി എഴുത്തുകാരൻ പോകാതിരിക്കുന്നതാണ് നല്ലതെന്നാണ് ആ ഉപദേശം. ഇപ്പറഞ്ഞവരൊക്കെ എഴുത്തുകാരന് വലിയ സ്ഥാനം നൽകുമെങ്കിലും അവരുടെ അണികളോ ആരാധകരോ അത് തരണമെന്നില്ല എന്ന അഭിപ്രായം ശരിയാകാനേ തരമുള്ളൂ. ‘കാണാം ബൈ’ എന്ന അവസാന അദ്ധ്യായത്തിൽ, യാത്രകൾക്കിടയിൽ പുകവലി കാരണം ഉണ്ടായിട്ടുള്ള ഗുലുമാലുകളെപ്പറ്റിയാണ് വിവരിക്കുന്നത്. പലപ്പോഴും, അക്ഷരസ്നേഹികൾ ചിലർ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ട അനുഭവങ്ങൾ.

മഹത്തായ ഒരു അനുഭവം ഉണ്ടാകാൻ പോകുന്നു എന്ന് വിചാരിച്ചുകൊണ്ട് ഒരു യാത്രയും നടത്താനാവില്ല. ജീവിതമെന്ന മഹായാത്രയിൽ അനുഭവങ്ങൾ അങ്ങനെ കടന്നുവരും, ഒട്ടും വിചാരിച്ചിരിക്കാതെയെന്ന് ലേഖകൻ. അതെ അത്തരം യാത്രാനുഭവങ്ങൾക്ക് തന്നെയാണ് മാധുര്യവും.


വാൽക്കഷണം:‌- യാത്രകൾക്കിടയിൽ, ഞാൻ പരിചയപ്പെടുകയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുള്ള സെലിബ്രിറ്റികളോ പ്രമുഖ വ്യക്തികളോ ആരൊക്കെയാണ് ? ആലോചിച്ച് നോക്കിയപ്പോൾ ഒരു മുഖം മാത്രമാണ് മുന്നിൽ തെളിഞ്ഞത്. അന്തരിച്ചുപോയ സിനിമാനടൻ ജോസ് പല്ലിശ്ശേരി. തീവണ്ടിയുടെ വാതിൽക്കൽ നിന്നിരുന്ന അദ്ദേഹത്തെ എനിക്ക് പെട്ടെന്ന് മനസ്സിലായി. അന്നദ്ദേഹം സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട് വരുന്നതേയുള്ളൂ. പോയി സംസാരിക്കാൻ തീരുമാനിച്ചപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്ത് വിലക്കി. “വേണ്ടടാ, ഞാനെങ്ങും കണ്ടിട്ടില്ല അങ്ങനൊരു നടനെ. പോയി മുട്ടി വെറുതെ ചമ്മാൻ നിൽക്കണ്ട.”

Friday, March 28, 2014

ചിരിക്കു പിന്നില്‍ : ഇന്നസെന്റിന്റെ ആത്മകഥ

പുസ്തകം : ചിരിക്കു പിന്നില്‍ : ഇന്നസെന്റിന്റെ ആത്മകഥ
രചയിതാവ് : ഇന്നസെന്റ് / ശ്രീകാന്ത് കോട്ടക്കല്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌
അവലോകനം : ബിജു.സി.പി


തുടങ്ങിയാല്‍ തീര്‍ക്കാതെ താഴെ വെക്കാന്‍ തോന്നാത്ത ഹൃദ്യമായ വായനാനുഭവമാണ്‌ ഇന്നസെന്റിന്റെ ആത്മകഥ

ഏറെ ചിരിച്ചാല്‍ കരയുമെന്ന്‌ പണ്ടുള്ളവര്‍ പറയാറുണ്ട്‌. ഏറെ കരഞ്ഞവര്‍ പിന്നെ ചിരിക്കുമോ എന്ന കാര്യത്തില്‍ പക്ഷേ അങ്ങനെയൊരു ചൊല്ല്‌ കേട്ടിട്ടില്ല. ഏറെ കരഞ്ഞെങ്കിലും കരച്ചിലിനിടയിലൂടെയും മറ്റുള്ളവര്‍ക്ക്‌ ചിരിയുടെ പൊന്‍പ്രഭ പകര്‍ന്ന്‌ മലയാളത്തിന്റെ നിറകണ്‍ചിരിയായിത്തീര്‍ന്ന ഇന്നസെന്റിന്റെ മനോഹരമായ ജീവിത കഥയാണ്‌ ചിരിക്കു പിന്നില്‍. നൊമ്പരപ്പാടുകളും വിയര്‍പ്പിന്റെമണവും വിശപ്പിന്റെ തീയും ഏറെയുള്ള പച്ചയായ ആ ജീവിതകഥ മനുഷ്യത്വത്തിന്റെ കുളിര്‍മയും മധുരവുമുള്ള ഹൃദ്യമായ ഭാഷയില്‍ അവതരിപ്പിക്കുന്നു. ഓരോ ക്ലാസ്സിലും രണ്ടും മൂന്നും കൊല്ലം ഇരുന്ന്‌ എല്ലാം തറവായി പഠിച്ചാണ്‌ മുന്നേറിയതെങ്കിലും മൂന്നുനാലു സ്‌കൂളു മാറി എട്ടാം ക്ലാസ്സിലെത്തിയപ്പോഴേക്ക്‌ അപ്പന്‍ തോല്‍വി സമ്മതിച്ചു. അതോടെ ഇന്നസെന്റിന്റെ പഠിപ്പു തീര്‍ന്നു. പിന്നെയാണ്‌ പാഠങ്ങള്‍ തുടങ്ങിയതെന്നു മാത്രം. ഓരോ ക്ലാസ്സിലുമിരുന്ന്‌ നന്നായി തോല്‍ക്കാന്‍ പഠിച്ചിട്ടുണ്ടായിരുന്നതുകൊണ്ടാവണം എല്ലാ പരീക്ഷകളെക്കാളും വലിയ ജീവിതത്തിന്റെ പരീക്ഷണങ്ങളില്‍ കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും ജയിച്ചു കയറാന്‍ ഇന്നസെന്റിനു കഴിഞ്ഞത്‌.

തുടങ്ങിയാല്‍ കൈയില്‍ നിന്നു താഴെ വെക്കാതെ വായിച്ചു തീര്‍ക്കാന്‍ നിര്‍ബന്ധിതരായിപ്പോകുന്ന പുസ്‌തകമാണ്‌ ചിരിക്കു പിന്നില്‍. മത്തുപിടിപ്പിക്കുന്ന ജീവിതഗന്ധമുള്ള ചിരികൊണ്ട്‌ മലയാളിയെ കീഴടക്കിയ ഇന്നസെന്റിന്റെ വിചിത്രമായ ജീവിത വഴികളിലൂടെ നമ്മെ കൈപിടിച്ചു കൊണ്ടുപൊയ്‌ക്കളയും പുസ്‌തകം. ഈ പുസ്‌തകത്തിലേക്ക്‌ നമ്മെ വല്ലാതെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ പലതാണ്‌. സ്റ്റാറുകള്‍ക്കിടയിലൊരു സൂപ്പര്‍ ആയ ഇന്നസെന്റിന്റേതാണ്‌ കഥ എന്നതു തന്നെ ആദ്യത്തെ ആകര്‍ഷണം. തോറ്റു തോറ്റുളള പഠിത്തവും ജീവിക്കാന്‍ വേണ്ടി കെട്ടിയാടേണ്ടി വന്ന വേഷങ്ങളുടെ വൈവിധ്യവും ഒന്നിനു പിറകെ ഒന്നായി പിന്നെയും പിന്നെയും തോറ്റു പോകുമ്പോഴും അവയ്‌ക്കു നേരേ നോക്കി ചിരിക്കാനുള്ള ശ്രമവും അനുഭവങ്ങളുടെ വൈപുല്യവുമൊക്കെയാണ്‌ മറ്റു ഘടകങ്ങള്‍. സ്വച്ഛസുന്ദരമായ ഒരു പുഴപോലെ അനായാസം ഒഴുകിപ്പോകുന്ന എഴുത്തിന്റെ സൗന്ദര്യമാണ്‌ വായന ഇത്ര സുഖകരമാക്കുന്നത്‌.

ഒരു ഗതിയും പരഗതിയുമില്ലാതെ വന്നപ്പോള്‍ ആര്‍എസ്‌പി യുടെ പ്രാദേശിക നേതാവായതും ഡല്‍ഹിയിലെ സിമന്റ്‌ കണ്‍ട്രോളറുടെ കൈക്കൂലി ഏജന്റായതും കോടമ്പാക്കത്തു ചെന്ന്‌ പട്ടിണിയും കൊതുകു കടിയും സഹിക്കാനാവാതെ മടങ്ങേണ്ടി വന്നതും വോളിബോള്‍ എന്തെന്നറിയാതെ കോച്ച്‌ ആയി വിജയങ്ങള്‍ ചൂടിയതും ദാവണ്‍ഗരെയിലെ തീപ്പെട്ടിക്കമ്പനി മുതലാളിക്ക്‌ ആരുമറിയാതെ അവിടെ നിന്ന്‌ ഒളിച്ചോടിപ്പോരേണ്ടി വന്നതുമൊക്കെയായ നൊമ്പരമാണ്ട കഥകള്‍ അനായാസം ഒരു ചിരിയുടെ തിളക്കത്തോടെ വിവരിക്കുകയാണ്‌ ഇന്നസെന്റ്‌. വിഷാദരോഗത്തിലേക്കു പോലും വഴുതിവീണു പോകുമായിരുന്ന അവസരത്തില്‍ ഹൃദയത്തില്‍ തൊട്ട സൗഹൃദം നല്‍കിയ മൈലപ്പയുടെ ആത്മഹത്യക്കു സാക്ഷിയാകേണ്ടി വന്ന ചങ്കില്‍ കുത്തുന്ന വേദനയുടെ കഥ കണ്ണു നനയിക്കുന്നതാണ്‌. തട്ടിപ്പുകളുടെ ഉസ്‌താദെന്നു കരുതിയിരുന്ന ഇന്നസെന്റു തന്നെ കൊടും തട്ടിപ്പിന്‌ ഇരയായതും ഇതാ പ്രണയത്തില്‍ വീണിരിക്കുന്നു എന്ന മധുരമനോഞ്‌ജമായ തോന്നലില്‍ നിന്ന്‌ ഇത്തിരി നേരത്തിനകം ജീവിതത്തിന്റെ പരുക്കന്‍ തലത്തിലേക്കു മൂക്കും കൂത്തി വീഴുമ്പോള്‍ തോന്നുന്ന ആത്മോപഹാസവുമൊക്കെ നമുക്കൊരു വേദനിപ്പിക്കുന്ന ചിരിയാണു തരിക.

തനി നാടന്‍ ഇരിങ്ങാലക്കുടക്കാരനായിരുന്ന അപ്പന്‍ തെക്കേത്തല വറീതാണ്‌ ജീവിതത്തിന്റെ വലിയ പാഠങ്ങള്‍ ഇന്നസെന്റിന്‌ പഠിപ്പിച്ചു കൊടുത്തത്‌. പിന്നീട്‌ വീട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ നിരാസങ്ങളും പുതിയ വാതിലുകള്‍ തുറന്നുകൊടുക്കുകയായിരുന്നു. തോല്‍ക്കാന്‍ മനസ്സില്ലാത്തവര്‍ക്ക്‌ ഓരോ പരാജയവും പുതിയൊരു വിജയത്തിലേക്കുള്ള ചൂണ്ടുപലകയാണല്ലോ. കോടമ്പാക്കത്തെ ഇക്കയും തീവണ്ടിയിലെ വേശ്യയും ദാവണ്‍ഗരെയിലെ മൈലപ്പയുമൊക്കെ സ്‌നേഹത്തിന്റെ പാഠങ്ങളാണ്‌ പഠിപ്പിച്ചതെങ്കില്‍ പ്രസന്നനും ജോയിക്കുട്ടിയെന്ന സാബുവും കവി പി.കുഞ്ഞിരാമന്‍ നായരുമൊക്കെ വിസ്‌മയങ്ങളുടെ പാഠമാണ്‌ നല്‍കിയത്‌. പലപ്പോഴും ആത്മകഥകളില്‍ കാണുന്ന ആത്മപ്രശംസയോ കണ്ടില്ലേ എന്റെ മഹിമകള്‍ എന്ന കപടവിനയവുമൊന്നുമില്ലാതെ ഇന്നസെന്റ്‌ തികച്ചും ഇന്നസെന്റായി ഒരു വിചിത്രമനുഷ്യന്റെ കഥയായി പറഞ്ഞു വെക്കുകയാണ്‌. വിചിത്ര സുന്ദരമായ ആ അനുഭവങ്ങള്‍ ഇത്രയും ഹൃദ്യമായ ഒരു വായനാനുഭവമായി മാറിയതിനു പിന്നില്‍ ഇത്‌ എഴുതിത്തയ്യാറാക്കിയ ശ്രീകാന്ത്‌ കോട്ടയ്‌ക്കലിന്റെ രചനാ വൈഭവം വഹിച്ച പങ്ക്‌ വളരെ വലുതാണ്‌.

Wednesday, March 26, 2014

2009 ലെ ചില വായനാനുഭവങ്ങള്‍

2009 പ്രസിദ്ധീകരിച്ച ചില നല്ല പുസ്തകങ്ങൾ പരിചയപ്പെടുത്താം എന്ന് മുൻപോസ്റ്റിൽ പറഞ്ഞിരുന്നത്‌ കൊണ്ട്‌ ഞാൻ വായിച്ച ചില മികവുറ്റ രചനകളെ വെറുതെ ഒന്ന് പരാമർശിക്കാൻ അവസരം വിനിയോഗിക്കട്ടെ. ഇതിന്റെ അർത്ഥം ഞാൻ താഴെ പരിചയപ്പെടുന്ന പുസ്തകങ്ങൾ മാത്രമാണു നല്ലത്‌ എന്നല്ല. തിർച്ചയായും വേറെയും നല്ല പുസ്തകങ്ങൾ ഉണ്ടാകുമെന്നും മറിച്ച്‌ പരാമർശവിധേയമായ പുസ്തകങ്ങൾ നിലവാരം പുലർത്തിയവ ആണെന്നും മാത്രം.

"വാൻ ഗോഗിന്റെ ചെവി" എന്ന ആദ്യ സമാഹരത്തിലൂടെ തന്നെ തന്റെ വരവ്‌ അറിയിച്ച ഒരു എഴുത്തുകാരനാനു വി.എച്ച്‌. നിഷാദ്‌. അദ്ദേഹത്തിന്റേതായി 2 പുസ്തകങ്ങൾ 2009 വായനക്കരനെ തേടി എത്തി. 2009 ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചയവിൽ ആദ്യം വായനക്കായി അവതരിപ്പിക്കുന്നത്‌ അവ തന്നെയാവാം. രണ്ട്‌ പുസ്തകങ്ങളും രണ്ടു വ്യത്യസ്ത രീതികളിൽ പരാമർശവിധേയമായവ തന്നെ. ആദ്യമെത്തിയത്‌ മാതൃഭൂമി ബുക്സ്‌ പ്രസിദ്ധീകരിച്ച "മിസ്സ്ഡ്‌ കാൾ" എന്ന ചെറുചെറുകഥകളുടെ സമാഹാരമാണു. നമുക്കറിയാം, സാഹിത്യത്തിന്റെ ഏതൊരു രുപവുമായി താരതമ്യം ചെയ്താലും മിനിക്കഥകൾ എഴുതുക എന്നത്‌ അൽപം ബുദ്ധിമുട്ടേറിയ കാര്യമാണു. ചുരുങ്ങിയ വാക്കുകളിൽ വായനക്കാരനിലേക്ക്‌ ഉള്ളിലുള്ള ആശയങ്ങൾ മുഴുവൻ സംവേദിക്കുക എന്നത്‌ അസാധാരണമായുള്ള ഒരു കഴിവ്‌ തന്നെ... പുസ്തകത്തിന്റെ അവതാരികയിൽ പ്രശസ്ത കഥാകൃത്ത്‌ സുഭാഷ്‌ ചന്ദ്രൻ പറയുന്ന പോലെ, മിസ്സ്ഡ്‌ കാൾ എന്ന സമാഹാരത്തിലെ ഓരോ കഥയും മിന്നൽ കഥകൾ തന്നെയാണെന്നുള്ളതാണു. മലയാളത്തിലെ പുതു തലമുറയിലെ ഒരു പറ്റം എഴുത്തുകാരുടെ ഒരു കൂട്ടായ്മയും നമുക്ക്‌ ഈസമാഹാരത്തിൽ ദർശിക്കാം. മിസ്സ്ഡ്‌ കാളിനു വേണ്ടി ചിത്രങ്ങൾ രൂപപ്പെടുത്തിയത്‌ സാഹിത്യലോകത്തിലെ പുതുതലമുറയാണു. മിസ്സ്ഡ്‌ കാളിൽ നിന്നും 2009 ലെ തന്റെ രണ്ടാമത്തെ സമാഹാരമായ ഡി.സി. ബുക്സ്‌ പുറത്തിറക്കിയ "ഷോക്കിൽ" എത്തുമ്പോൾ നിഷാദ്‌ എന്ന എഴുത്തുകാരനു രൂപപരിണാമം സംഭവിക്കുന്നത്‌ കാണാൻ കഴിയും.അതിലെ 3 കഥകൾ തികച്ചും പരാമർശവിധേയം തന്നെ. "ഇതാ, ഇവിടേയൊരു കുപ്പായം, നൃത്തക്കാരിയുടെ മകൾ, ഷോക്ക്‌" എന്നിവയാണു ഏറ്റവും ഹൃദ്യമായ വായനാനുഭവം തന്ന 3 രചനകൾ. കഥരചനയിൽ നൂതനമായ ഒരു ശൈലി അദ്ദേഹം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും, ശ്രമം ഒരു പരിധിവരെ വായനക്കാരനിലേക്ക്‌ എത്തിക്കാൻ നിഷാദിനു കഴിഞ്ഞു എന്നുള്ളതും ശ്ലാഘനീയമായ വസ്തുതയാണു. കഥകൾ, അത്‌ എഴുതപ്പെട്ട കാലഘട്ടത്തിലെ സാമൂഹികമായ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നുഎന്നുള്ളതു കൊണ്ട്‌ തന്നെ സാമൂഹിക ജീവി എന്ന നിലയിൽ എഴുത്തുകാരൻ തന്റെ കടമയിൽ നിന്നും അകന്നിട്ടില്ല എന്നും നമുക്ക്‌ വിവക്ഷിക്കാം.

പരാമർശവിധേയമായ മറ്റൊരു പുസ്തകം ഗ്രാൻഡ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച ശ്രീ ഡെന്നീസ്‌ ജോസഫിന്റെ "പത്താം നിലയിലെ തിവണ്ടി" എന്ന തിരക്കഥയും, തിരക്കഥക്ക്‌ അവലംബമായ, അതേ പേരിലുള്ള കഥയും അടങ്ങിയ പുസ്തകമാണു. മനോഹരമായ ഒരു ചെറുകഥ , അതിലും എത്രത്തോളം മനോഹരമായി ഒരു തിരക്കഥയാക്കാം എന്നതിന്റെ ഉദാഹരണം കുടിയാണു കൃതി. ആമുഖത്തിൽ പറയുന്ന പോലെ ഒരു ചലച്ചിത്ര വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം അമൂല്യമായ ഒരു റഫറൻസ്‌ ഗ്രന്ഥം തന്നെയാണു ഇത്‌. പ്രിന്റിങ്ങിലുള്ള ചില്ലറ പോരായ്മകൾ ക്ഷമിക്കുകയാണെങ്കിൽ മനോഹരമാക്കാൻ പ്രസാദകർക്ക്‌ സാധിച്ചിട്ടുണ്ട്‌ എന്ന് പറയാം. (ഒപ്പം ഒന്നുകൂടി പറഞ്ഞോട്ടെ, തിരക്കഥ വായിച്ചപ്പോൾ മുതൽ സിനിമ കാണാൻ കൊതിയായി. നിർഭാഗ്യകരമെന്ന് പറയട്ടെ, പുസ്തകത്തോളം പോലും ചലച്ചിത്രം ജനങ്ങളിലേക്കെത്തിക്കാൻ അതിന്റെ വിതരണക്കാർക്ക്‌ കഴിഞ്ഞില്ലല്ലോ എന്ന നിരാശയുണ്ട്‌)

2009 ആദ്യപതിപ്പായി ഇറങ്ങിയതല്ലെങ്കിലും , 2009 ലെ വായനയിൽ കണ്ട മറ്റൊരു അപൂർവ്വ അനുഭവമായിരുന്നു മാതൃഭൂമി ബുക്സ്‌ പ്രസിദ്ധീകരിച്ച കെ.ബി.ശ്രീദേവിയുടെ "ബോധിസത്വർ". കപിലവസ്തു എന്ന രാജ്യത്തിലെ യുവരാജാവിൽ നിന്നും ശ്രീബുദ്ധൻ എന്ന യോഗിയിലേക്കുള്ള വളർച്ചയും, അതിനിടയിൽ നമ്മൾ അറിയാതെ പോയ കുറെ നല്ല കഥാപാത്രങ്ങളുമെല്ലാമായി നോവൽ സംഭവബഹുലം തന്നെ. ഹെർമൻ ഹെസ്സെയിലൂടെ നമ്മൾ വായിച്ചിട്ടുള്ള സിദ്ധാർത്ഥനിൽ നിന്നും ഒത്തിരി മാറ്റങ്ങൾ നമുക്ക്‌ ശ്രീദേവിടീച്ചറുടെ കാഴ്ചപാടിൽ കാണാൻ കഴിയും.

ഇതുപോലെ തന്നെയാണു 2008 ആദ്യപതിപ്പായി ഇറങ്ങുകയും, 2009 കൂടുതൽ ചർച്ച ചെയ്യപെടുകയും ചെയ്ത സാറാ ജോസെഫിന്റെ "ഊരുകാവൽ" എന്ന കറന്റ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച നോവലും. രാമായണത്തിലെ ഒട്ടനവധി കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച്‌ പല രചനകൾ പല ഭാഷകളിൽ ആയി ഉണ്ടായിട്ടുണ്ടെങ്കിലും, അംഗദൻ എന്നവാനരകഥാപാത്രത്തിന്റെ മാനസീക വ്യാപാരങ്ങളിലൂടെ ഉള്ള ഒരു യാത്ര ഇത്‌ആദ്യമാണെന്ന് തോന്നുന്നു. വെറും ഒരു കാഴ്ചക്കാരനായി പലവട്ടം പല പുസ്തകങ്ങളിലും, രാമായണത്തിന്റെ വിവിധരൂപമാറ്റങ്ങളിലും പരാമർശവിധേയനായ അംഗദനെ വേറിട്ടൊരു ആംഗിളിലൂടെ ചിത്രീകരിക്കുക വഴി മികച്ചൊരു വായനാനുഭവം മലയാളി വായനക്കാരനു സാറ ജോസഫിനു നൽകാൻ കഴിഞ്ഞു എന്നറ്റാണു ഏറ്റവും പ്രധാനമായ ഒരു വസ്തുത.

കുറിപ്പുകൾ അല്ലെങ്കിൽ അനുഭവങ്ങൾ എന്ന വിഭാഗത്തിൽ പെട്ടെന്ന് ഓർമയിൽ നിൽക്കുന്ന ഒന്നാണു സന്തോഷ്‌ എച്ചിക്കാനത്തിന്റെ "മാംഗല്യം തന്തു നാൻ ദേന" എന്ന പുസ്തകം(പ്രസാദനം - കൈരളി ബുക്സ്‌). ഒരു പരിധിവരെ അദ്ദേഹത്തിന്റെ തന്നെ അനുഭവങ്ങൾ എന്ന് പറയാം. അതിൽ പലതും ഒരു കഥയുടെ തലത്തിലേക്ക്‌ എത്തപ്പെടുന്നുണ്ടെന്ന വസ്തുത തള്ളികളയാൻ കഴിയില്ല എങ്കിലും... പക്ഷെ, മികവുറ്റതും കുറ്റമറ്റതുമാക്കാനുള്ള നല്ല ഒരു ശ്രമം എഴുത്തുകാരനിൽ നിന്നും ഉണ്ടായെന്നുള്ളതു കൊണ്ട്‌, പ്രത്യേകിച്ച്‌ നോവലുകളും കഥാസമാഹാരങ്ങളും അരങ്ങുവാഴുന്ന കാലഘട്ടത്തിൽ തന്റെ ചില അനുഭവകുറിപ്പുകളിലൂടെ വായനക്കാരനെ പിടിച്ചിരുത്തുക എന്നത്‌ തികച്ചും ഒരു വെല്ലുവിളിയാണെന്നതും, വെല്ലുവിളി സധൈര്യം എഴുത്തുകാരൻ ഏറ്റെടുക്കുകയും ഒരു പരിധിവരെ അതിൽ വിജയിക്കുകയും ചെയ്തു എന്നുള്ളതും കൊണ്ട്‌ പരാമർശിക്കാതിരിക്കുന്നത്‌ ശരിയല്ല.

കവിത വിഭഗത്തിൽ ഒത്തിരി വായനയൊന്നും 2009 ഞാൻ നടത്തിയിട്ടില്ലാത്തതിനാൽ നല്ല പുസ്തകം എന്ന രീതിയിൽ തിരഞ്ഞെടുക്കാൻ സാധിക്കില്ല.. എങ്കിലും വായിച്ച ഒരു പുസ്തകത്തെ കുറിച്ച്‌ നേരത്തെ ഒരു പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചിരുന്നു. ജ്യോതിഭായി പരിയാടത്തിന്റെ "പേശാമടന്ത" എന്ന ആദ്യ കവിതാസമാഹാരം. പുസ്തകത്തെ കുറിച്ചുള്ള എന്റെ പോസ്റ്റിലേക്ക്‌ ഇതുവഴി പോകാം.....

2009 മലയാളത്തിൽ ഏറ്റവും അധികം പ്രസിദ്ധീകരിച്ചതും , വിറ്റഴിഞ്ഞതും വിവർത്തന സാഹിത്യം ആണു. ഒരു പക്ഷെ, മലയാളി എഴുത്തുകാരുടെ അലസതയോ, അല്ലെങ്കിൽ പ്രസാദക വൃന്ദത്തിന്റെ കൈകടത്തലുകളോ, അതുമല്ലെങ്കിൽ വായനക്കാരുടെ വിവർത്തനസാഹിത്യത്തോടുള്ള അമിത പ്രതിപത്തിയോ ആകാം.. മലയാളി എന്നും ട്രെന്റുകൾക്ക്‌ പിന്നാലെ പായാൻ ഇഷ്ടപെടുന്നവരാണല്ലോ? എന്തായാലും , വിവർത്തനം എന്ന വിഭാഗത്തിൽ ഏറ്റവും അധികം പുസ്തകങ്ങൾ ഇറങ്ങിയത്‌ പ്രസിദ്ധ ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെതായ്യിരുന്നു എന്നാണു എന്റെ ഓർമ. നിർഭാഗ്യകരമാവാം, കഴിഞ്ഞ വർഷമിറങ്ങിയ അദ്ദേഹത്തിന്റെ ഒരു പുസ്തകം പോലും വായിക്കാൻ കഴിഞ്ഞില്ല.. നേരത്തെ, ആൽക്കെമിസ്റ്റ്‌ വായിക്കാൻ തുടങ്ങിയിട്ട്‌ എതുകൊണ്ടോ ഇതുവരെ പലകാരണങ്ങളാൽ മുഴുമിപ്പിക്കാൻ പറ്റാത്തതാവാം ഒരു പക്ഷെ, കാരണം. എന്തായാലും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിപണി കീഴടക്കി എന്ന് തന്നെ പറയാം.. വിവർത്തനശാഖയിൽ , മറ്റു ഭാരതീയ ഭാഷകളിലെ എഴുത്തുകാരിൽനിറാഞ്ഞുനിന്നത്‌ ശശി തരൂർ തന്നെ.. ഒരു പക്ഷെ, വിവാദങ്ങളാവാം അദ്ദേഹത്തെ മുൻ നിരയിൽ എത്തിച്ചത്‌. എന്നിരുന്നാലും അദ്ദേഹത്തിന്റെ "കലാപം", ഒത്തിരി വിറ്റഴിയപ്പെട്ടു എന്നതിനേക്കാളും നിലവാരം പുലർത്തിയ ഒരു പുസ്തകം തന്നെ. "ബാഗ്ദാദിലെ പുസ്തകത്തെരുവുകൾ" എന്ന പുസ്തകവും വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചു. പക്ഷെ, ഇതിനേക്കാളൊക്കെ വിവർത്തന വിഭാഗത്തിൽ ആകർഷിച്ചത്‌ മറ്റൊരു ചെറിയ പുസ്തകമായിരുന്നു. സ്റ്റെഫാൻ സ്വൈഗ്‌ എന്ന ജർമ്മൻ സാഹിത്യകാരൻ എഴുതി സുൾഫി എന്ന വ്യക്തി മലയാളത്തിലേക്ക്‌ മൊഴിമാറ്റം ചെയ്ത്‌ ഡി.സി.ബുക്സ്‌ പ്രസിദ്ധീകരിച്ച "അജ്ഞാത കാമുകിയുടെ അവസാനത്തെ കത്ത്‌". വിയോജിപ്പുകൾ ഉണ്ടാകാം.. പക്ഷെ, എന്തുകൊണ്ടോ, വളരെ സാധാരണമായ ഒരു പ്രമേയം അതീവ ഹൃദ്യവും അതിനേക്കാളുപരി ലാളിത്യവും തീവ്രവുമായി വായനക്കാരനിലേക്കെത്തിക്കാൻ ഒരു പരിധിവരെ വിവർത്തകനെങ്കിലും കഴിഞ്ഞിട്ടുണ്ട്‌ എന്നത്‌ പ്രസ്ഥാവിക്കാതെ തരമില്ല...

സുഹൃത്തുക്കളെ, ഇതൊന്നും വായനയുടെ പുർണ്ണതയിൽ ഉള്ള നിഗമനങ്ങളല്ല എന്നും എന്റെ തുച്ഛമായ്‌ വായനക്കിടയിൽ എനിക്ക്‌ തോന്നിയത്‌ മാത്രമാണെന്നും കരുതുക...

ഇതെന്തൊക്കെത്തന്നെയായാലും ഇന്നും മലയാളികളുടെ ബെസ്റ്റ്‌ സെല്ലർ പട്ടികയിൽ സങ്കീർത്തനം പോലെയും, ഖസാക്കിന്റെ ഇതിഹാസവും, മയ്യഴിപുഴയുടെ തീരങ്ങളിലും, രണ്ടാമൂഴവും, എന്റെ കഥയും ഒക്കെ തന്നെ എന്ന് പറയുമ്പോൾ പുതിയ എഴുത്തുകാർ ഇനിയും ഒത്തിരി മുന്നേറാൻ ഉണ്ടെന്ന സത്യം നമുക്ക്‌ വിസ്മരിക്കാൻ കഴിയില്ല... അല്ലെങ്കിൽ , പഴയ എഴുത്തുകാർ പോലും അൽപം ഉദാസീനരാകുന്നില്ലേ എന്നൊരു തോന്നൽ... (ബെസ്റ്റ്‌സെല്ലറുടെ കൂട്ടത്തിൽ നളിനി ജമീലയും, സിസ്റ്റർ ജെസ്മിയും ഉണ്ടെന്നുള്ള സത്യം ഞാൻ മറക്കാൻ ശ്രമിക്കുകയാണു.. അല്ലെങ്കിൽ നാളെ ഒരു പക്ഷെ, നമുക്ക്‌ ബെസ്റ്റ്‌ സെല്ലറുകളുടെ കൂട്ടത്തിൽ സിസ്റ്റർ സ്റ്റെഫിയെയും, റജീനയെയും, തടിയന്റവിട നസീറിനെയും മറ്റും കാണേണ്ടി വരും...)

പഴയകാലത്തെ നാട്ടിൻപുറങ്ങളിൽ വൈകുന്നേരങ്ങളിലെ കൂട്ടായ്മകളിൽ നിറഞ്ഞുനിന്ന സാഹിത്യചർച്ചകൾ ഇന്ന് നമ്മുടെ ഫാസ്റ്റ്‌ മോഡേൺ -ട്രെന്റ്‌ സെറ്റർ തലമുറക്ക്‌ അന്യം വന്നുകഴിഞ്ഞു.. നാളത്തെ തലമുറ, എം.ടിയെയും, മുകുന്ദനെയും, .വി.വിജയനെയുമെല്ലാം അറിയാത്ത ഒരു അവസ്ഥയിലേക്ക്‌ കാലം മലയാളിയെ കൈപിടിച്ച്‌ നടത്തുകയാണു.. ഇഷ്ടമില്ലാതിരുന്നിട്ടും നമുക്ക്‌ നഷ്ടപ്പെട്ടുപോകുന്ന വായനയുടെ നല്ല നാളുകൾ!!!. തിരക്കു പിടിച്ച ജീവിതപാച്ചിലിൽ, പിൻ തിരിഞ്ഞുനോക്കുമ്പോൾ മധുരമുള്ള ഓർമകൾ ലഭിക്കാനെങ്കിലും നല്ല വായനയിലേക്ക്‌ നമുക്ക്‌ തിരികെ വരാം.. പുതുവർഷത്തിലെങ്കിലും അതിനു നമുക്ക്‌ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ.. 2009 രംഗബോധമില്ലാത്ത കോമാളി നമ്മിൽ നിന്നും തട്ടിപറിച്ചെടുത്ത മലയാളത്തിന്റെ സ്വന്തം വാനമ്പാടിയുടെ ഒ‍ാർമകൾക്ക്‌ മുൻപിൽ ശിരസ്സ്‌ നമിച്ച്‌ കൊണ്ട്‌.. നീർമാതളം ഇനി പൂക്കില്ലല്ലോ എന്ന ദുഃഖം മറക്കാൻ ശ്രമിച്ച്‌ കൊണ്ട്‌.. പുത്തൻ പ്രതീക്ഷയുടെ, നവകാഹളം ഉയരട്ടെ. പുതുതലമുറ ഇവിടെ തേജസ്സ്‌ വിതറട്ടെ എന്നും ആശംസിച്ചുകൊണ്ട്‌.