Showing posts with label വിനീത് നായര്‍. Show all posts
Showing posts with label വിനീത് നായര്‍. Show all posts

Saturday, August 18, 2012

യശോദ

പുസ്തകം : യശോദ
രചയിതാവ് : കെ.പി.ശൈലജ
അവലോകനം : വിനീത് നായര്‍



കേട്ടുമറന്ന കൃഷ്ണകഥകളുടെ ഒരു കാവ്യപ്പകര്‍ച്ചയാണിത്. ഒരമ്മയുടെ, സഹോദരന്റെ, പിതാവിന്റെ എന്തിന് ജീവിതത്തിന്റെയും കുടുംബത്തിന്റെയും സമസ്തമേഖലകളെയും താണ്ടി കഥപറയാന്‍ ശ്രമിക്കുന്ന കവയിത്രിക്ക് എവിടെയും പിഴയ്ക്കാതെ കടന്നുപോകാനാവുന്നത് പണ്ട് പറഞ്ഞുകേട്ട് ഉള്ളിലൊളിപ്പിച്ചുവച്ച കൃഷ്ണപ്രേമത്തിന്റെ ശക്തികൊണ്ട് മാത്രമാണ്. ആയിരത്താണ്ടുകളുടെ പഴക്കമുള്ള സമൂഹത്തിലെ അധീശശക്തികളിലൊന്നായ മാതൃദേവതാവിശ്വാസത്തെ ഇവിടെ പലയിടങ്ങളിലും രഹസ്യമായി കവയിത്രി ഉപയോഗിക്കുന്നു. അതിലേക്ക് പരിലാളനവും കൊഞ്ചലും വഴക്കുമെല്ലാം ചേര്‍ത്ത് അമ്മയുടെ ഒരു കൊളാഷ് ആണിവിടെ കവയിത്രി ചിത്രീകരിക്കുന്നത്. സംവിധാനതന്ത്രങ്ങളുടെ മിടുക്കറിയാവുന്ന എഴുത്തുകാരി ബോധമനസ്സിന്റെ സഹകരണത്തിലൂടെ യശോദയെന്ന അമ്മയെ ബാഹ്യസംയോജകത്തിലേക്ക് ആവാഹിച്ച് പരിഭാഷപ്പെടുത്തുകയാണ് ചെയ്യുന്നത്.

കവിതകള്‍ ഒഴുകുകയാണ്... മൗനത്തിന്റെ അഗാധതലങ്ങളില്‍ നിന്ന് അനുഭൂതിയുടെ ഉള്‍പ്പുളകങ്ങളിലേക്കാണ് ഈ കവിതകളുടെ ഒഴുക്ക്. ബാഹ്യമായ സൗന്ദര്യത്തേക്കാള്‍ ആന്തരികമായ സൗന്ദര്യത്തിനാണിവിടെ പ്രസക്തി. അതുകൊണ്ട് തന്നെ കവിതയുടെ സുന്ദര്യശാസ്ത്രത്തെ മറ്റൊരു കവിതകൊണ്ട് നുള്ളിനോവിക്കാനുള്ള കവയിത്രിയുടെ ഒരു ശ്രമമായി വേണം നമുക്കിതിനെ കരുതാന്‍.

കവിതയുടെ സമസ്തമേഖലകളിലേയും നിയതമായ അതിരുകളില്‍ നിന്നകന്ന് ഈ കലങ്ങിയ കാലത്തിന്റെ പൊരുത്തക്കേടുകളോട് കലഹിക്കാനോ അവയോട് വിലപേശി തന്റെ നിലപാട് ഉറക്കെപറയാനോ കവയിത്രി ഇവിടെ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. കൃഷ്ണകഥകള്‍ മാത്രം പറയുന്ന അറുപത്തൊമ്പത് കവിതകളുടെ ഈ സമാഹാരം വായനക്കാരന് മുന്നില്‍ അവതരിക്കുന്നത് ജീവത്തായ ഒരു ദൃശ്യമാധ്യമത്തെപ്പോലും വെല്ലുവിളിക്കാനുള്ള കരുത്താര്‍ജ്ജിച്ചുകൊണ്ടാണ്.

ആഖ്യാനസ്വഭാവമുള്ള കവിതകള്‍ എന്ന നിലയിലാണ് ഞാന്‍ ഈ കവിതകളെ നോക്കിക്കാണുന്നത്. കാഴ്ചകളുടെ 'ഭാഷാചമത്കാര'ത്തിന്റെ സാധ്യതകളെ പലയിടത്തും ഉപയോഗിച്ചുകൊണ്ടാണ് കവയിത്രി കഥ പറഞ്ഞുപോകുന്നത്. യശോദയുടെ മനോവ്യാപാരങ്ങളെപ്പറ്റിയുള്ള മാറിയ കാഴ്ചപ്പാടുകള്‍, രാധയുടെ ചിന്തകളും ആകുലതകളും, കവയിത്രിയിലൂടെ ഉടലെടുക്കുന്ന ദര്‍ശനധാരകള്‍ എന്നിവ പല കൃഷ്ണകഥകളെയും പുനര്‍ചിന്തനത്തിന് വിധേയമാക്കാനാവശ്യപ്പെടുന്നുണ്ട ്. മുന്‍ കാലങ്ങളില്‍ ഇത്തരത്തിലുള്ള കാവ്യധാരകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നത് ഒരു പുരുഷ്കേന്ദ്രീകൃത ഭാഷാവ്യവസ്ഥകളില്‍ നിന്നുകൊണ്ടാണ്. എന്നാല്‍ അതില്‍ നിന്ന് മാറി ഒരു സ്ത്രീ ഇവിടെ കാവ്യസൃഷ്ടി നടത്തുന്നത് ഭാഷയുടെ സിംഫണിയില്‍ ഇതള്‍ വിടര്‍ത്തുന്ന അനുഭവതലത്തിലൂടെയാണ്.


കൃഷ്ണന്റെ ജീവിതത്തിലെ മാറിമറഞ്ഞുവരുന്ന സൗന്ദര്യമുഹൂര്‍ത്തങ്ങളുമായുള്ള കവയിത്രിയുടെ നിര്‍മ്മലമായ ലയം വായനക്കാരനും അനുഭവിക്കുന്നു. യുക്ത്യാധിഷ്ഠിതമായ കാവ്യരചനയ്ക്കുള്ളില്‍ ചാലുകള്‍ കീറിക്കൊണ്ട് വികാരനദിയെ പരന്നൊഴുകാന്‍ എഴുത്തുകാരി അനുവദിക്കുന്നതായി കാണാം. ആ ശ്രമം അവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെങ്കില്‍ ഉണങ്ങി വരണ്ട് ഊഷരവും, കേവലദൃഷ്ടിക്ക് ഗോചരവുമായ താളാത്മകമല്ലാത്ത ഒരു കാവ്യരീതിയായി ഇത് മാറുമായിരുന്നു.


ഇവിടെ കവയിത്രിയുടെ ഭാഷ ഭാവനയും അഭിലാഷവുമായി രൂപാന്തരം പ്രാപിക്കുകയാണ്. അത് ദൃഢത വിട്ടുണരുന്ന ഒരു പ്രവാഹമായിത്തീരുന്നു. ഒരു സംഗീതികയില്‍ നിന്ന് തെന്നിമാറി സഞ്ചരിക്കുന്ന സ്വരങ്ങളാകുന്നു. അതിന്റെ അനുസ്യൂതിയായി വായനക്കാരന്‍ മാറുന്നു. ഈ വ്യവസ്ഥയിലൂടെ എഴുത്തുകാരി വായനക്കാരന് സ്ഥിരസൗന്ദര്യങ്ങള്‍ക്കതീതമായ വായനയുടെ പുതിയ വാതായനങ്ങള്‍ തുറന്നു തരുന്നു. അതിലൂടെ നാം കാണുന്ന കൃഷ്ണനും യശോദയ്ക്കും രാധയ്ക്കുമെല്ലാം നമ്മളെവിടെയൊക്കെയോ കണ്ടുമറന്ന ചില മുഖങ്ങളുടെ ഭാവങ്ങളുണ്ട്...ചില സാമ്യതകളുണ്ട്...

Wednesday, June 6, 2012

ഹൈമവതഭൂവില്‍

പുസ്തകം : ഹൈമവതഭൂവില്‍
രചയിതാവ് : എം.പി.വീരേന്ദ്രകുമാര്‍

പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌

അവലോകനം : വിനീത് നായര്‍


Since we cannot change reality, let us change the eyes which see reality'-Nikos Kazantzakis

ഞ്ചാരസാഹിത്യത്തിന് വിവിധമുഖങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ഒരിക്കലും മലയാളത്തിന് കഴിഞ്ഞിട്ടില്ല. ആ സാഹിത്യശാഖ എക്കാലത്തും ഒരേ പാതയിലൂടെ തന്നെയായിരുന്നു കേരളത്തില്‍ സഞ്ചരിച്ചിരുന്നത്. പൊറ്റെക്കാട് എവിടെ തുടങ്ങി എവിടെ അവസാനിപ്പിച്ചുവോ അതില്‍ നിന്ന് ഏറെയൊന്നും മുന്നേറി വരാന്‍ അതിന് സാധിച്ചിട്ടില്ല. ഈ രംഗത്ത് നൂതനത്വത്തിന് വേണ്ടിയുള്ള നിരന്തരമായ അന്വേഷണങ്ങളോ, പരീക്ഷണങ്ങളോ നടക്കാതിരുന്നതും ഈ ശാഖയെ ഒരു നിര്‍ജ്ജീവമേഖലയാക്കി മാറ്റി. ഈ ഒരു സന്ദര്‍ഭത്തിലാണ് എം.പി.വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവില്‍' എന്ന ഗ്രന്ഥം ആഖ്യാനത്തിലെ വേറിട്ട സമീപനം കൊണ്ടും, ചരിത്രത്തിലെ ഇടപെടലുകള്‍ കൊണ്ടും ശ്രദ്ധേയമാവുന്നത്. അന്വേഷണാത്മകത, ആത്മീയത, ചരിത്രകഥനം എന്നിവയുടെ പശ്ചാത്തലത്തില്‍ ഒരു ഹിമാലയന്‍ സഞ്ചാരാനുഭവവിവരണം നല്‍കുന്ന ഈ ഗ്രന്ഥം ഭാവിയില്‍ ഒരു കാലസൂചകമായി മാറിയേക്കാം. കാഴ്ചപ്പാടുകളില്‍ ഉടലെടുക്കുന്ന വിദൂരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഇതിനെതിരെ ഉയര്‍ന്നുവരുമെങ്കില്‍ കൂടി ഇത്തരത്തിലുള്ള ഒരു സാധ്യത പോലും ഈ പുസ്തകത്തിന് തള്ളിക്കളയാനാവില്ല. കാലിഡോസ്‌കോപ്പിലെ കാഴ്ചകള്‍ നല്‍കുന്ന ദൃശ്യാനുഭവത്തെപ്പോലെ പല തലങ്ങളിലുള്ള പലവര്‍ണ്ണങ്ങളുടെ കാഴ്ചകളാണ് ഗ്രന്ഥകാരന്‍ നമുക്ക് ഇതിലൂടെ സാധ്യമാക്കിത്തരുന്നത്.

ഹിമാലയസാനുക്കളിലെ യാത്രകളും, അനുഭവങ്ങളും കാവ്യാത്മകമായ രീതിയില്‍ അവതരിപ്പിക്കുക വഴി ഗ്രന്ഥകാരന് ഈ മേഖലയില്‍ ഒരു പുതുചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആത്മീയമായൊരു വികാരവേഗത്തില്‍ അനുഭൂതിപ്രകാശനം നടത്തുകയാണ് ഈ ഗ്രന്ഥത്തിലൂടെ രചയിതാവ് നടത്തിയിരിക്കുന്നത്. യാത്രയില്‍ താന്‍ കണ്ടെത്തിയ ചരിത്രപരമായ സത്യങ്ങളെ തീക്ഷ്ണമായ ചിന്തയാലും, ജീവത്തായ വീക്ഷണത്താലും ശുദ്ധീകരിച്ച് നിശ്ചയദാര്‍ഢ്യത്തോടും ലക്ഷ്യത്തോടും കൂടി പ്രതിഫലിപ്പിക്കുകയാണിവിടെ. അത് വായനക്കാരനിലേക്ക് പകരുമ്പോള്‍ മാര്‍ഗ്ഗദര്‍ശമായ ഒരു പുതിയ മുഖമുള്ള സഞ്ചാരസാഹിത്യശാഖയാണ് സൃഷ്ടിക്കപ്പെടുന്നത്. ഓരോ പുസ്തകത്തിനും അതിലൂടെ ഓരോ ലക്ഷ്യം നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് വായനക്കാരനെ രസിപ്പിക്കുന്നതിനേക്കാളപ്പുറം ചിന്തോദ്ദീപനമായീറ്റുണ്ടെങ്കില്‍ അതായിരിക്കും ആ എഴുത്തുകാരന് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷം. ഇവിടെ ഹിമാലയത്തിലെ സഞ്ചാരാനുഭവങ്ങളിലൂടെ വായനക്കാരനെ ഒരു ആത്മീയതലത്തിലേക്ക് കൊണ്ടുപോകാന്‍ ഗ്രന്ഥകാരന് സാധിക്കുന്നുണ്ട്. ആ ആത്മീയതലം ഒരാവേശമായി വായനക്കാരന്റെ ഉള്ളില്‍ മുഴക്കങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് നേരത്തെ പറഞ്ഞതുപോലെ തീക്ഷ്ണമായ ചിന്തയാലും, ജീവത്തായ വീക്ഷണത്താലും കൂടി എഴുതപ്പെട്ടതുകൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതുകൊണ്ടെല്ലാം തന്നെ പ്രകടമായ ഒരു കാഴ്ചയിയിലൂടെ മറഞ്ഞുകിടക്കുന്ന പല കാഴ്ചകളും നമുക്ക് കാട്ടിത്തരാന്‍ എഴുത്തുകാരന് സാധിക്കുന്നു.

ഹൈമവതഭൂവിലിനെ ജര്‍മ്മന്‍ തത്വചിന്തകനായ കൈസര്‍ ലാന്റെ 'ദി ട്രാവല്‍ ഡയറി ഓഫ് എ ഫിലോസഫര്‍' എന്ന പുസ്തകത്തോട് ചേര്‍ത്ത് വച്ച് സുകുമാര്‍ അഴീക്കോട് മുന്‍പ് എഴുതിയിരുന്നു. എന്നാല്‍ അതിനേക്കാളേറെ ഈ പുസ്തകം അടുത്ത് നില്‍ക്കുന്നത് ബ്രിട്ടീഷ് തത്വചിന്തകനായ പോള്‍ ബ്രണ്ടന്റെ 'എ ഹെര്‍മിറ്റ് ഇന്‍ ദി ഹിമാലയ' എന്ന പുസ്തകത്തോടാണ്. 1930കളില്‍ എഴുതപ്പെട്ട ഈ പുസ്തകം ആന്തരികമായ മൗനം ആത്മാവിന് നല്‍കുന്ന പുത്തനുണര്‍വ്വിനെ കുറിച്ചും മറ്റും പറയുന്നു. അതില്‍ പ്രകൃതിരമണീയതയ്ക്കും കാലാവസ്ഥയ്ക്കും യാതൊരു പങ്കുമില്ലെന്നും അവിടെ നിലനില്‍ക്കുന്ന അന്തരീക്ഷമാണ് അതിനെ മാറ്റിമറയ്ക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. ഇന്ത്യന്‍ യോഗിമാരെ നിരന്തരം വീക്ഷിക്കുകയും അവരുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്ത് പൗരാണിക ഇന്ത്യയുടെ വഴികള്‍ താണ്ടാന്‍ ശ്രമിച്ച ഒരു യോഗി കൂടിയാണ് പോള്‍ ബ്രണ്ടന്‍ എന്നത് അദ്ദേഹത്തെ ഈ പുസ്തകവുമായി കൂടുതല്‍ അടുപ്പിക്കുന്നുണ്ട്.

ഒരു രാജ്യത്തിന്റെ ചരിത്രപരമായ സത്യങ്ങളുമായി ഒരു കൃതി അഭേദ്യമാംവണ്ണം ബന്ധിതമായിരിക്കുന്നു. ആ ബന്ധത്തിലൂടെയാണ് ഈ ഗ്രന്ഥത്തിന്റെ സഞ്ചാരം. അതിലൂടെയാണ് ഇതിന്റെ അന്വേഷണം. ജിവിക്കുന്നവനേ ജിവിതം എന്തെന്നറിയൂ എന്ന് പറഞ്ഞ പോലെ, അറിയാനുള്ള ത്വരയുള്ളവനേ അന്വേഷണത്തിന് മുതിരൂ. ജിവിക്കാന്‍ വേണ്ടി നിരന്തരം പൊരുതിയവന്റെ, ചതിക്കപ്പെട്ടവന്റെ, അതിജീവിച്ചവന്റെ, സഹിച്ചവന്റെ കഥകളാണ് ഭാരതത്തിന്റെ ചരിത്രം. ഒന്ന് മറ്റൊന്നിന് മേല്‍ അന്തിമമായ വിജയം കൈവരിക്കുന്നതുവരെ അത് തുടര്‍ന്നുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ അതെവിടെയും അവസാനിക്കുന്നില്ല. ഇന്നലെ നടന്ന പലതും നാളെയുടെ ചരിത്രസത്യങ്ങളായി അവശേഷിക്കും. അതെന്നും അങ്ങനെയാണ്, ഒരു പ്രതിഭാസം. ഭാരതത്തിന്റെ കഥ ഇങ്ങിനെയെല്ലാമാണ്. നമ്മെ അത്ഭുതത്തിലും, ആനന്ദത്തിലും അതിലുപരി ആകാംക്ഷയിലുമെത്തിക്കുന്ന ചരിത്രകഥ. അത്തരത്തിലുള്ള കഥകളിലൂടെ വളര്‍ന്നുവന്ന/അന്വേഷിച്ചുവന്ന ഈ പുസ്തകത്തിന് ഈ നാടിന്റെ ചരിത്രത്തിന്റെ പ്രതീകമല്ലാതെ മറ്റെന്താണ് ആവാന്‍ കഴിയുക.

താന്‍ അനുഭവിച്ചറിഞ്ഞ യാത്രയുടെ സങ്കീര്‍ണ്ണഭാവങ്ങളെ നിര്‍മമതയോട് കൂടി ആവിഷ്‌കരിക്കുകയും ആ ഉത്പന്നം സാധാരണക്കാരായ ആളുകള്‍ക്ക് ലാഘവത്തോടെ വായിച്ചുതീര്‍ക്കാന്‍ സാധിക്കുകയും ചെയ്യുന്നു എന്നുള്ളത് നിസാരമായ ഒരു കാര്യമല്ല. ഇന്ദ്രിയങ്ങളുടെ നിഗൂഢതലങ്ങളെ മലര്‍ക്കെ തുറന്നു കാട്ടാന്‍ തത്വശാസ്ത്രങ്ങളെ പലപ്പോഴും കൂട്ടുപിടിക്കുകയും ചെയ്യുന്നുണ്ട് ഈ കൃതി. അതുവഴി വാക്കുകളുടെയും ചരിത്രസത്യങ്ങളുടെയും സൗന്ദര്യാത്മകത കൊണ്ട് കാലങ്ങളോളമായി തപം ചെയ്തുകൊണ്ടിരുന്ന പല കാഴ്ചകളുടെയും മൗനമുടയ്ക്കാന്‍ ഗ്രന്ഥകാരന് കഴിയുന്നു.

തപോവനസ്വാമികളുടെ കൈലാസയാത്ര, ഹിമഗിരി വിഹാരം എന്നീ ഗ്രന്ഥങ്ങളാണ് മുന്‍പ് മലയാളി പരിചയിച്ചിട്ടുള്ള ഹിമാലയയാത്രാവിവരണങ്ങള്‍. ഇവയെല്ലാം യാത്രാവിവരണം എന്നതിനുമപ്പുറം അദ്ധ്യാത്മികമായ തലങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ്. ഏതൊരു സാധനകളുടെ അഭ്യാസം വഴിയാണോ അദ്ധ്യാത്മമാര്‍ഗ്ഗം സരളമായി, സുഗമസഞ്ചാരയോഗ്യമായിത്തീരുന്നത്, ആ സാധനകളാണ് കൈലാസയാത്രയെ വിവരിക്കുക എന്ന് അദ്ദേഹം പറയുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വരൂപചിന്തനത്തിലും, ഭക്തിക്രിയകളിലും ഊന്നിക്കൊണ്ട് സ്വാമികള്‍ ഈ പുസ്തകം രചിച്ചതിനെയോ അതിന്റെ ഉദ്ദേശശുദ്ധിയെയോ ചോദ്യം ചെയ്യുവാന്‍ കഴിയില്ല. 1928 ലാണ് അദ്ദേഹത്തിന്റെ കൈലാസയാത്ര എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതുകഴിഞ്ഞാണ് ഹിമഗിരി വിഹാരം ഇറങ്ങുന്നത്. ഇവയ്ക്ക് രണ്ടിനുമിടയില്‍ വരുന്ന കാലയളവിന്റെ മാറ്റങ്ങള്‍ ഭൂപ്രകൃതി, ജനജീവിതം, കാലാവസ്ഥ ഇവയിലെല്ലാമുണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഈ രണ്ട് കൃതികളിലൂടെയും നമുക്ക് മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും. ഇതിനും അറുപത് വര്‍ഷത്തിന് ശേഷമാണ് ഹൈമവതഭൂവില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ കാലാവസ്ഥയിലും ഭൗമപ്രകൃതിയിലും ഇന്ത്യയ്ക്ക് ഈ കാലയളവിനിടയില്‍ സംഭവിച്ച മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് ഇതിലൂടെ കണ്ടെത്താനാവും.

ഓര്‍മ്മയുടെ എല്ലാ സംസ്‌കാരങ്ങളും എഴുത്താണെന്ന ഫ്രോയ്ഡിന്റെ വാക്കുകളെ ഞാനിവിടെ ഓര്‍ക്കുന്നു. ഈ ഗ്രന്ഥത്തില്‍ വാക്കുകള്‍ക്ക് കൈവരുന്നത് നിരന്തരോപയോഗത്തിലൂടെ അവയാര്‍ജ്ജിക്കുന്ന സംസ്‌കാരമാണ്. ഇവിടെ വാക്കുകള്‍ വെറും വസ്തുക്കളല്ല, അക്ഷരങ്ങളടങ്ങുന്ന അനന്തസാധ്യതകളാണ്. അതില്‍ അന്തര്‍ലീനമായിരിക്കുന്നതെല്ലാം ഒരു ജനതയുടെ ശേഷിപ്പുകളാണ്. 'ചര്‍വ്വണത്തിന്റെ പ്രത്യേകത അത് ചവയ്ക്കലാണ്, തിന്നലല്ല. എങ്ങിനെ തിന്നാതെ ചവയ്ച്ചുകൊണ്ടിരിക്കാം എന്നത് പ്രാചീനമായൊരു അന്വേഷണമാണ്. അനശ്വരതയ്ക്കുള്ള അന്വേഷണം' എന്ന എം.എന്‍.വിജയന്‍ പറഞ്ഞതിനെ ഈ പുസ്തകത്തോട് ചേര്‍ത്തുവയ്ക്കാം. ഒരൊറ്റ വായനയോടെ അവസാനിപ്പിക്കാന്‍ കഴിയാത്ത വിധം ഒരു മുനയില്‍ നിന്ന് പല മുനകളുടെ അനുഭവത്തിന്റെ അപൂര്‍വ്വമേഖലകളിലേക്കാണ് ഗ്രന്ഥകാരന്‍ നമ്മെ യാത്രയാക്കുന്നത്.

ഹിമാലയം എന്ന പ്രദേശം എന്തുകൊണ്ട് ഒരുപാട് യാത്രാവിവരണങ്ങള്‍ക്ക് കാരണമായി എന്ന് ആലോചിച്ചിട്ടുണ്ടോ? ഉണ്ടാവാന്‍ തരമില്ല. അതിന്റെ വിശാലത ഒരുപക്ഷേ ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അതല്ല, പുരാണങ്ങളിലെ പ്രാമുഖ്യമാണ് ഹിമാലയത്തിന് ഈ പ്രത്യേകത നല്‍കിയത് എന്ന് മറ്റൊരു വാദം നിലനില്‍ക്കുന്നുണ്ട്. എന്തൊക്കെയായാലും തദ്ദേശീയരും വിദേശീയരുമായ ഒരുപാട് ആളുകള്‍ ഹിമാലയന്‍ യാത്രാവിവരണങ്ങളിലൂടെ ശ്രദ്ദേയരായിട്ടുണ്ട്. ഇതില്‍ എണ്‍പത് ശതമാനം ആളുകളും ആത്മീയയാത്രയായാണ് ഹിമാലയസഞ്ചാരത്തെ ചിത്രീകരിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ ചുരുക്കം ചിലര്‍ തത്വബോധാധിഷ്ഠിതമായി ഈ യാത്രയെ സമീപിക്കുകയും അതിനെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനേക്കാളേറെ ഒരുപാട് സാധ്യതകള്‍ ആ യാത്രയില്‍ മറഞ്ഞുകിടന്നിരുന്നു എന്ന് തെളിയിച്ചത് ഈ ഗ്രന്ഥമാണ്. മനുഷ്യമഹത്വം, ശാസ്ത്രഗതി, സംസ്‌കാരം, പാരിസ്ഥിതികം, സാഹിത്യാദികലകള്‍, അര്‍ത്ഥശാസ്ത്രം, രാഷ്ട്രമീമാംസ, ഭക്ഷ്യവിജ്ഞാനം, ചരിത്രം, തത്വശാസ്ത്രം, ധര്‍മ്മബോധം തുടങ്ങി മനുഷ്യജീവിതത്തോട് ബന്ധപ്പെട്ട സമസ്തമേഖലകളും ഇവിടെ ഗ്രന്ഥകാരന്റെ അന്വേഷണപരിധിയില്‍ പെടുന്നു. ഇതില്‍ ഏതു വിഷയമായാലും കിട്ടാവുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ച് അത് സംക്ഷിപ്തമായി ലളിതമായ ഭാഷയില്‍ പ്രതിപാദിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ ഒരു വസ്തുത. വിഷയം എത്ര ഗഹനമായാലും സാധാരണക്കാര്‍ക്കും മനസ്സിലാവണം എന്ന ഉദ്ദേശത്തോടെ അതിലളിതമായാണ് എല്ലാ വസ്തുതകളും ഗ്രന്ഥകാരന്‍ ഈ പുസ്തകത്തിലൂടെ വിവരിച്ച് പോവുന്നത്.

എന്നെപ്പോലെ പുതുയ തലമുറയില്‍ പെട്ട ഒരാള്‍ക്ക് അത്മീയതയും യാത്രാവിവരണങ്ങളും ഒന്നും തന്നെ ആകര്‍ഷണീയമായ ഒരു കാര്യമല്ല. എന്നാല്‍ ആത്മീയതയുടെ സിരകളില്‍ കൂടി ഒഴുകുന്ന ഭാരതീയചരിത്രത്തെ നിലനിര്‍ത്താന്‍ എഴുത്തുകാരന്‍ കാണിച്ച ഒരു രാസപ്രക്രിയ കൂടിയായി മാറുന്നുണ്ട് ഈ പുസ്തകം. പ്രതിപാദനത്തിലെ പ്രതിഭ കൊണ്ട് ന്യൂജനറേഷനില്‍ ഇന്ത്യന്‍ ചരിത്രത്തെ സ്ഥായിയായി നിലനിര്‍ത്താനും ഈ പുസ്തകത്തിലൂടെ കഴിഞ്ഞു എന്നതില്‍ ഗ്രന്ഥകാരന് അഭിമാനിക്കാം.

കഥകളും കവിതകളും വായിക്കുന്നതില്‍ നിന്ന് ഏറെ പിന്നോട്ട് പോയ ഒരു വലിയ തലമുറ ഇന്ന് വായനയ്ക്ക് പരിഗണിക്കുന്നത് സ്വന്തം അറിവ് വര്‍ദ്ധിപ്പിക്കാനുതകുന്ന/മത്സരപരീക്ഷകള്‍ക്ക് സഹായകമാവുന്ന പുസ്തകങ്ങള്‍ മാത്രമാണ് എന്നുള്ളതാണ് വസ്തുത. അതില്‍പോലും വളരെയധികം സോര്‍ട്ടിങ്ങ് അവര്‍ നടത്തുന്നുണ്ടെന്നത് അക്കാര്യത്തില്‍ അവര്‍ എത്രമാത്രം ശ്രദ്ധാലുക്കളാണ് എന്നതിന്റെ തെളിവാണ്. ഇത്തരത്തിലുള്ളവര്‍ക്ക് ഒരു റഫറന്‍ ഗ്രന്ഥമായി പോലും ഉപയോഗിക്കാന്‍ തക്ക ഉള്ളടക്കം ഹൈമവതഭൂവിലിന് ഉണ്ട് എന്നുള്ളത് അതിനെ ചരിത്രപരമായ രീതിയില്‍ സമീപിച്ചവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഒരു യാത്രാവിവരണം എന്ന ചട്ടക്കൂടിനെ ഭേദിക്കാന്‍, വേറിട്ട ഒരസ്തിത്വത്തെ പ്രതിനിധാനം ചെയ്യാന്‍ അതുവഴി ഈ പുസ്തകത്തിന് കഴിയുന്നുണ്ട്. മറഞ്ഞുകൊണ്ടിരിക്കുന്ന ഒരുകാലത്തിന്റെ അടയാളമാകാനുള്ള ഒരു ആന്തരികശക്തി കൈവരിച്ചിട്ടുള്ള ഇതിന്റെ ഉള്ളടക്കത്തിന് ഒരു എപിക് ഫിക്ഷന്റെ പശ്ചാത്തലമുള്ളതുകൊണ്ട് തന്നെ അതിന്റെ വായന അത്യന്തം രസകരമായി പോകുകയും ചെയ്യുന്നു.

കാമുകന്റെ ഭാവാവേശത്തിനെന്നപോലെ യാത്രികന്റെ കാവ്യാഭിനിവേശത്തിനും ഒരു ഉന്മാദത്തിന്റെ സ്വഭാവമുണ്ട്. സ്വപ്നം, സിരാരോഗം, ഉന്മാദം എന്നിവയിലെല്ലാം അടിച്ചമര്‍ത്തിയ കാമത്തിന്റെ വൈകൃതങ്ങള്‍ ദര്‍ശിക്കുന്ന ഫ്രോയ്ഡിന്റെ മാനസികാപഗ്രഥനശാസ്ത്രം നമുക്ക് ഇവിടെ പ്രയോഗിക്കാം. യാത്രികന്റെ സ്വപ്നങ്ങള്‍, ഉന്മാദം, അവന്റെ ആന്തരികമായ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയെല്ലാം അവനില്‍ അടിച്ചമര്‍ത്തപ്പെട്ട ചില വികാരങ്ങളെ എഴുത്തിലൂടെ പുറന്തള്ളാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. തന്റെ ബോധമണ്ഡലത്തിന് കീഴില്‍ നിന്നുകൊണ്ട് മാത്രമെ അദ്ദേഹം അതിന് ശ്രമിക്കുന്നുള്ളൂ എന്നതുകൊണ്ട് അസമ്പൂര്‍ണ്ണങ്ങളോ അധഃകൃതങ്ങളോ ആയ വികാരങ്ങള്‍ എഴുത്തിലേക്ക് പ്രവേശിക്കുന്നില്ല. അവയെല്ലാം എഴുത്തിലേക്ക് വരാതെ തന്റെ ഉപബോധമനസ്സില്‍ തന്നെ എഴുത്തുകാരന്‍ സൂക്ഷിച്ചുവയ്ക്കുന്നു.

ഈ കൃതി ഒരിക്കലും ഏകമുഖമായ ഒരു യാത്രാനുഭവമായി മാറുന്നില്ല. അത് ഭാരതീയസംസ്‌കൃതിയുടെ വൈവിദ്ധ്യപൂര്‍ണ്ണവും സങ്കീര്‍ണ്ണവുമായ വംശാവലിയുടെ ചരിത്രപാഠം കൂടിയായി മാറുകയാണ്. എഴുത്തുകാരന്റെ യാത്രാനുഭവങ്ങളിലൂടെ വായനക്കാരനെത്തിച്ചേരുന്നത് ഐതിഹാസികഭൂമിയില്‍ നിന്നും സമകാലികജീവിതപരിസരങ്ങളിലേക്കാണ്. ചരിത്രാതീതകാലത്തെ മണ്‍പുറ്റുകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു മണിമാളികയാണ് ഈ കൃതി. പുതിയ എഴുത്തുവഴികളിലൂടെയും സത്രങ്ങളിലൂടെയുമുള്ള സഞ്ചാരം ഈ പുസ്തകത്തിന് നല്‍കുന്ന പരിവേഷം ഒരു വിമതന്റേതാണ്. ആ വിമതത്വമാണ് ഈ പുസ്തകത്തിന്റെ രാഷ്ട്രീയമായി മാറുന്നത്.

ഭരണപരിഷ്‌കാരങ്ങളുടെയും, പടയോട്ടങ്ങളുടെയും വിരസമായ പഠനങ്ങള്‍ക്ക് പകരം രണോത്സുകരായ രജപുത്രരുടെയും, മൗര്യരുടെയും, മുഗളരുടെയും വംശാവലിയുടെ വിവരണം യാത്രാനുഭവം പോലെത്തന്നെ ഹൃദ്യമായ ഒരനുഭവമായി മാറുന്നു. ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തിന്റെ ഐതിഹാസികമാനത്തില്‍ നിന്നും തലസ്ഥാനനഗരിയായ ദില്ലിയുടെ വര്‍ത്തമാനകാലഘട്ടത്തിലെത്തുമ്പോഴേക്കും വിവിധ രാജവംശങ്ങളുടെയും, പടയോട്ടങ്ങളുടെയും, ഭരണമാറ്റങ്ങളുടെയും, അധികാരക്കൊതിയുടെയും, പ്രണയതീവ്രതയുടെയും, കഥകള്‍ നമുക്ക് വായിച്ചെടുക്കാം. അതുപോലെത്തന്നെ വ്യാസകാലത്തു നിന്നും ആധുനിക ഇന്ത്യയിലെത്തുമ്പോഴേക്കും ഒരു ജനതയുടെ/രാജ്യത്തിന്റെ നീണ്ട ചരിത്രപാഠം വായനക്കാരന് സ്വാംശീകരിച്ചെടുക്കാം.

മക്കളാല്‍ തടവിലാക്കപ്പെട്ട പിതാക്കന്മാര്‍, യമുനാതീരത്തെ ദു:ഖപുത്രികളായ രാജകുമാരിമാര്‍ തുടങ്ങി ശിഥിലവും അസ്ഥിരവുമായ മറ്റുചിലപ്പോള്‍ ദൃഢവും സുസ്ഥിരവുമായ കഥാപാത്രങ്ങളിലൂടെ എഴുത്തുകാരന്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. അത്തരം കഥാപാത്രങ്ങളെയെല്ലാം ഒരടഞ്ഞ ക്രമത്തിനുള്ളിലെ ഉള്ളടക്കമായി മാറ്റാതെ ജൈവികതയുടെയും, പാരമ്പര്യത്തിന്റെയും, നീതിനിഷേധത്തിന്റെ പ്രതിരോധത്തിന്റെയും പ്രതീകങ്ങളായി ഇണചേര്‍ത്ത് ഒരു വലിയ പ്രതലത്തില്‍ അവതരിപ്പിക്കാന്‍ ഇവിടെ ശ്രമിക്കുന്നുണ്ട്. അങ്ങനെ സന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെയും വ്യവസ്ഥാപിതമായ ഒരു നിര്‍മ്മാണരീതിയുടെ വേരരിഞ്ഞിട്ടാണ് എഴുത്തുകാരന്‍ മുന്നേറുന്നത്.

ജോര്‍ജ്ജ് അഞ്ചാമന്‍ കിരീടധാരണം നടത്തിയ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി, സ്വതന്ത്രാനന്തര ഇന്ത്യന്‍ തലസ്ഥാനമായ ദില്ലി, ഇന്ത്യയിലെ െ്രെകം സിറ്റിയായ ഗാസിയാബാദ്,... ഇങ്ങനെ വൈവിധ്യതയുടെ മുഖമുദ്രയണിഞ്ഞ ഇന്ത്യന്‍ തലസ്ഥാനനഗരിയുടെ വിവരണങ്ങളാണ് എഴുപതോളം പേജുകളിലൂടെ അതിസമര്‍ത്ഥമായി ഗ്രന്ഥകാരന്‍ നടത്തിയിരിക്കുന്നത്.


ഹരിദ്വാറിന്റെ സ്‌നാനഘട്ടത്തില്‍ നിന്ന് നിളാതടത്തിലേക്കും സാമൂതിരി രാജവംശത്തിലേക്കും എഴുത്തുകാരന്‍ നടത്തുന്ന പ്രയാണം കേരളീയ നവോത്ഥാന നായകരില്‍ പ്രമുഖനായിരുന്ന വി.ടി യുടെ കര്‍മ്മഭൂമിയില്‍ എത്തി നില്‍ക്കുന്നുണ്ട്. നാല്പത്തഞ്ചോളം പേജുകള്‍ വരുന്ന തൃത്താല എന്ന ഗ്രാമത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രപരവുമായ വിവരങ്ങള്‍ തദ്ദേശവാസികൂടിയായ എനിക്ക് ഒരുപാട് പുത്തനറിവുകളാണ് സമ്മാനിച്ചത്. സ്വന്തം നാടിനെക്കുറിച്ച് പറയുന്ന പല കാര്യങ്ങളിലും ഞാന്‍ ഒരു അജ്ഞനാണെന്ന് അറിയുന്നത് ഈ പുസ്തകത്തിന്റെ വായനയിലൂടെയാണ്. നിഗൂഢവും യോഗാത്മവുമായ പൗരാണികവിശ്വാസത്തിന്റെ ഘടനയിലാണ് ഈ നാടിന്റെ ചരിത്രമെന്നുള്ളത് അതിവ്യാഖ്യാനങ്ങളില്ലാതെ ഒരു ഭൂപടം പോലെ വരച്ചുകാണിക്കുകയാണിവിടെ.

കാവടികളിലേന്തിയ ഗംഗാജലത്തിന്റെ വിശുദ്ധകണങ്ങളില്‍ നിന്ന് വിഷമുക്തമായ നദികളുടെ സംരക്ഷണത്തിന് വേണ്ടി മുറവിളി കൂട്ടുന്ന പ്ലാച്ചിമട സമരഭൂമിയിലേക്ക് എഴുത്തുകാരന്‍ എത്തുമ്പോഴേക്കൂം ജീവജല സംരക്ഷണ സമരങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സമഗ്രവിവരം ലഭ്യമാകുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളിലും സമരങ്ങളിലും നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഗ്രന്ഥകാരന് കലുഷിതമായ ഏത് പ്രതിരോധഭൂമിയിലെത്തുമ്പോഴും ഇരകളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ലെന്ന് ഇതിലെ അവതരണശൈലി വെളിവാക്കുന്നുണ്ട്.

ഇവയ്‌ക്കെല്ലാമിടയില്‍ സംസ്‌കൃതസാഹിത്യത്തില്‍ ശ്രദ്ധേയനായ ഭര്‍തൃഹരിയുടെ ജീവിതചിത്രത്തിലൂടെയും സാഹിത്യചരിത്രത്തിലൂടെയും എഴുത്തുകാരന്‍ നമ്മെ സാമൂതിരി രാജാവിലേക്കെത്തിക്കുന്നു. തുടര്‍ന്ന് ഭര്‍തൃഹരിയുടെ സഹോദരന്‍ വരരുചിയിലേക്കും അതുവഴി കേരളഭൂമിയിലേക്കും സഞ്ചരിക്കുന്നു. പറയി പെറ്റ പന്തിരുകുലത്തിലൂടെ ജാതിചിന്തകളുടെ ഉയര്‍ച്ച താഴ്ചകളുടെ വ്യര്‍ത്ഥതയെ സൂചിപ്പിക്കുന്ന നിളാതീരഭൂമിയിലേക്കെത്തിച്ചേരുന്നു. ഈ പ്രയാണത്തിലൂടെ ഭാരതത്തിന്റെ രണ്ടറ്റങ്ങള്‍ തമ്മിലുള്ള ബന്ധം ഇവിടെ വെളിവാകുന്നുണ്ട്. അതുപോലെത്തന്നെ ഒരൊറ്റ കൃതിയിലൂടെത്തന്നെ സമാന്തരവായനകളും സൗകര്യപ്രദമായി എവിടെ നിന്നും വായിക്കാനുള്ള സാധ്യതകളും തുറന്നിട്ടുകൊണ്ട് പുസ്തകം എന്ന ആശയത്തെ എഴുത്തുകാരന്‍ ഇവിടെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്.

യമുനാനദിയുടെ അഭൗമസൗന്ദര്യത്തില്‍ നിന്ന് കൃഷ്ണകഥയിലേക്കും പുരാണേതിഹാസങ്ങളിലേക്കും ഗീതാതത്വത്തിലേക്കും കയറിയിറങ്ങി നമ്മുടെ വായന ജയദേവന്‍, മേല്പത്തൂര്‍, ചങ്ങമ്പുഴ തുടങ്ങിയ സാഹിത്യനായകരിലേക്കും ചെന്നെത്തുന്നു. ഐതിഹ്യങ്ങളും നാടോടിക്കഥകളും നിറഞ്ഞുനില്‍ക്കുന്ന ഗഡ്‌വാളിന്റെ തലസ്ഥാനമായ തെഹ്‌രി അധികാരികളുടെ ഉറക്കം കെടുത്തുന്ന പ്രക്ഷോഭ നഗരിയായതിനെപ്പറ്റിയും അതുവഴി ലോകരാജ്യങ്ങളിലെ വന്‍കിട അണക്കെട്ടുകളെപ്പറ്റിയും അവയ്‌ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെപ്പറ്റിയും വിവരിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന പാരിസ്ഥിതിക ജാഗ്രത ഈ പുസ്തകത്തിലെ മറ്റ് പല ഭാഗങ്ങളിലും പ്രകടമായി തന്നെ കാണാന്‍ കഴിയും.

ഹിമാനികളുടെ മനോഹാരിതയില്‍ നില്‍ക്കുമ്പോള്‍ തന്നെ ആഗോളതാപനത്തെക്കുറിച്ചും വരാനിരിക്കുന്ന ഹിമാനികളുടെ തകര്‍ച്ചയെക്കുറിച്ചും വളരെ അപഗ്രഥനാത്മകമായി വിവരിക്കുമ്പോള്‍ എഴുത്തുകാരന്റെ ഉള്ളില്‍ മറഞ്ഞുകിടക്കുന്ന സാമൂഹ്യജീവിയുടെ പ്രതിരോധത്തിന്റെ സ്വരമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

ഭാരതീയസംസ്‌കൃതിയില്‍ ലയിച്ച് ചേര്‍ന്ന നിരവധി മിത്തുകള്‍ ഓരോ സന്ദര്‍ഭത്തിലും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. ചിത്രകഥകളിലൂടെയും സീരിയലുകളിലൂടെയും ആംശികമായി മാത്രം പുതുതലമുറ പരിചയപ്പെടുന്ന പല കഥകളുടെയും വിശദവും വ്യക്തവുമായ വിവരണമാണ് ഈ കൃതിയില്‍ നിന്ന് ലഭിക്കുന്നത്. ഇന്ത്യയൊട്ടാകെ ഒരുകാലത്ത് അലയടിച്ചിരുന്ന ശൈവ വൈഷ്ണവ പ്രസ്ഥാനങ്ങളും അവയുമായി ബന്ധപ്പെട്ട സാഹിത്യകൃതികളും ഇവിടെ പരാമര്‍ശിക്കപ്പെടുന്നു. ബുദ്ധ ജൈന മതങ്ങളുടെ സ്ഥാപകരെപ്പറ്റി മാത്രമറിയുന്ന പുതുതലമുറയില്‍പ്പെട്ടവര്‍ക്ക് വിപുലമായ ഒരു സാഹിത്യ സാമ്രാജ്യത്തിന്റെ കൂടി ഉല്പത്തിസ്ഥാനങ്ങളാണവ എന്ന തിരിച്ചറിവുണ്ടാക്കാനും ഈ കൃതി സഹായകമാണ്. ജൈനസാഹിത്യത്തെക്കുറിച്ച് വിവരണാത്മകമായ ഒരു പഠനം തന്നെ ഇതില്‍ നിന്ന് വേര്‍തിരിച്ചെടുക്കാനാവും.

യാത്രാവിവരണാഖ്യാനത്തിന്റെ രേഖീയക്രമം തെറ്റിച്ചുകൊണ്ട് യാത്രാവിവരണത്തെ പുതിയ വഴിയിലേക്ക് നയിക്കാനുള്ള ഒരു ശ്രമമാണിത്. ഗ്രന്ഥകാരന്റെ ഇച്ഛയ്ക്കനുസരിച്ച് നടക്കുന്ന എഴുത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഒരു പുസ്തകം കൂടിയാണിത്. മൗലികമായ വീക്ഷണത്തിന്റെയും, ആവിഷ്‌കാരത്തിന്റെയും കരുത്തുകാട്ടുന്ന ഈ കൃതിയെ ഹോപ്‌സ്‌കോച്ചിന്റെ വാക്കുകളില്‍ ഞാന്‍ സംഗ്രഹിക്കുന്നു. 'വായനക്കാരന്റെ സുഹൃത്താവുക, ഒരു സഹയാത്രികന്‍. വായന വായനക്കാരന്റെ സമയം ഇല്ലാതാക്കി എഴുത്തുകാരന്റേതിന് പകരം വയ്ക്കുന്നു. അങ്ങനെ വായനക്കാരന്‍ കൃതി കൈമാറുന്ന അനുഭവത്തിന്റെ പങ്കാളിയും സഹപീഢിതനുമാകുന്നു, അതേ നിമിഷത്തില്‍ അതേ രൂപത്തില്‍. ഇതു നേടിയെടുക്കാന്‍ ഒരു കലാതന്ത്രം കൊണ്ടും കഴിയില്ല. പ്രയോജനകരമായ കാര്യം ഒന്ന് മാത്രമാണ്, പരീക്ഷണത്തിന്റെ ആസന്നത'.

Sunday, February 5, 2012

ചേര്‍ത്തു പിടിച്ച അകലങ്ങള്‍

പുസ്തകം : ചേര്‍ത്തു പിടിച്ച അകലങ്ങള്‍
രചയിതാവ് : ഷാജി അമ്പലത്ത്

പ്രസാധകര്‍ : സൈകതം ബുക്‍സ്

അവലോകനം : വിനീത് നായര്‍




നസ്സിലുറഞ്ഞു പോയ നാട്ടുസൗന്ദര്യത്തിന്റെ വ്യാകരണ ക്രമങ്ങളെ കവിതയിലുപയോഗിച്ച് ജീവിതത്തിന്റെ തൊലിപ്പുറത്ത് സൂചിത്തലപ്പു കൊണ്ട് കുത്തി വേദനിപ്പിക്കുകയാണ് ഷാജി അമ്പലത്തിന്റെ കവിതകള്‍. തന്റെ ജീവിതത്തിന്റെ രണ്ടാംജന്മമായി കവിതയെ ചിത്രീകരിക്കുന്ന ഷാജിക്ക്, കവിത വെറുമൊരു ആവിഷ്ക്കാരോപാധിമാത്രമല്ല. ജീവിതത്തിന്റെ വിപരീത പ്രവാഹങ്ങളില്‍ പിടഞ്ഞുനീന്താനുള്ള ഒരു ശക്തി കൂടിയാണ്.


സ്ഥിരകാഴ്ചകളുടെ വ്യത്യസ്തമായ കാവ്യാതമകരീതികള്‍ കൊണ്ട് കവി ഇവിടെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നു. ജീവിതത്തോടുള്ള പ്രതികരണമാണ് ഒരു കവിക്ക്‌ അയാളുടെ കവിത എങ്കില്‍ ഷാജിക്ക് അത് പ്രതികരണം മാത്രമല്ല അയാളുടെ വിശ്വാസങ്ങളും, അവിശ്വാസങ്ങളും സന്ദേഹങ്ങളുമെല്ലാമാണ്. അനുഭവങ്ങളുടെ നാഡീപ്രവാഹത്തില്‍ നിന്നാണ് കവി ഇവിടെ വാക്കുകള്‍ തിരയുന്നത്. അതുകൊണ്ട് തന്നെ അയാള്‍ക്ക്‌ കവിത ഒരു സാന്ത്വനം കൂടിയായി മാറുകയാണ്.


സംബന്ധങ്ങളെ അസംബന്ധങ്ങളായി ചിത്രീകരിച്ച്‌ കവിതയ്ക്ക് വേറിട്ടൊരു സൗന്ദര്യക്രമം നല്‍കാന്‍ കവി ഇവിടെ ശ്രമിക്കുന്നുണ്ട്. പ്രണയവും, മഴയും, കവിതയുമെല്ലാം ഈ രീതിയില്‍പുതിയൊരു ശാസ്ത്രത്തില്‍ ഇവിടെ പുനര്‍നിര്‍മ്മിക്കപെടുന്നു. ഇങ്ങനെ പുതിയ രീതികളിലൂടെ ഉരുട്ടി കൊണ്ട് വരുന്ന വരികളെ, വാക്കുകളെ, ആശയങ്ങളെ പ്രമേയങ്ങളെ പൊടുന്നനെ വായനക്കാരില്‍ നിന്ന് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന,സര്‍ഗാത്മകതയുടെ തുറന്ന ഇടങ്ങളെ മുറിവേല്‍പ്പിക്കുന്ന വര്‍ത്തമാനകാല ജീവിതാവസ്ഥകളില്‍ നിന്ന് പിറന്നുവീണ നാല്‍പ്പത്തിയഞ്ച് കവിതകളുടെ ഒരു സമാഹാരമാണ് 'ചേര്‍ത്തു പിടിച്ച അകലങ്ങള്‍ ' എന്ന ഈ പുസ്തകം


'ഒരു നെല്ലിക്കയില്‍
നീയും ഞാനുമുണ്ട്
വായിലൂറുന്ന
രസ പകര്‍ച്ചയില്‍
നീ
എനിക്കേതായിരിക്കും
ഞാന്‍
നിനക്കേതായിരിക്കും'


ഓര്‍മകളുടെ വേദനിപ്പിക്കുന്ന ചിരി കൊണ്ടാണ് ഷാജി ഇവിടെ കവിതയെ നേരിടുന്നത് ഇരുട്ടില്‍ പിഴിഞ്ഞെടുത്ത അയാളുടെ ഏകാന്തതയുടെ വാക്കുകള്‍ ഒരു കാലഘട്ടത്തെയാണ്‌
പ്രതിഫലിപ്പിക്കുന്നത് .കടന്നു പോയതോ, പോയികൊണ്ടിരിക്കുന്നതോ ഇവിടെ പ്രസക്തമാവുന്നില്ല. ഓര്‍മകളേക്കാള്‍ ഓര്‍മ്മകള്‍ വേട്ടയാടുന്നവന്റെ മുറിവുകളിലെ വ്രണമായാണ് ഈ കവിതകള്‍ ഒരു പക്ഷെ വായനക്കാര്‍ക്ക് അനുഭവപ്പെടുക . " നഷ്ട്ടത്തിന്റെ ചെവിയോര്‍ക്കലുകളാണ് കവിതകളാകാന്‍ ശ്രമിക്കുന്നത് " എന്ന പി.എന്‍. ഗോപീകൃഷ്ണന്റെ വാക്കുകളെ ഞാനോര്‍ക്കുന്നു. കവിയില്‍ നിന്ന് കാണാതായ വാക്കുകളെ ,ഓര്‍മകളെ ,കഥാപാത്രങ്ങളെ ,മൗനങ്ങളെ എല്ലാം ഇപ്പോള്‍ ഷാജി കേട്ടെഴുതുകയാണ്. കണ്ട് മറന്ന നാട്ടുശീലുകള്‍,പാടികേട്ട പഴങ്കഥകള്‍,കളിച്ചു വളര്‍ന്ന മാവിന്‍ ചോടുകള്‍ ഇവയെല്ലാം കവിയെ നിരന്തരം വേട്ടയാടികൊണ്ടിരിക്കുന്നു.

ഭാഷയെ ഹൃദയമിടിപ്പുപോലെ ഗാഡമായി പ്രണയിക്കുന്നവനാവണം കവി. എഴുത്തിന്‍റെ മൂല്യം അതിന്റെ ധീരതയാണ്. ഇതെല്ലാം ഓര്‍ത്തുകൊണ്ട്‌ ഭാഷയെ പുതിക്കി പണിയാന്‍ കവി ഇവിടെ ശ്രമിക്കുന്നു. ആ ശ്രമങ്ങള്‍ തന്നെയാണ് ഈ പുസ്തകത്തിലെ കവിതകള്‍ക്കുള്ള ഇന്ധനം. മോഷ്ട്ടിക്കപ്പെടുന്നവന്റെയും, വില്‍ക്കപെടുന്നവന്റെയും ഈ കാലത്ത്, മറക്കപ്പെട്ട വ്യാകുലതകളും, ശാഠ്യങ്ങളും വെച്ച് വായനക്കാരോട് വിലപേശുകയാണ് കവി ഇവിടെ .

ഈ സമാഹാരത്തിലെ പല കവിതകളിലും ചെറുതിന്റെ ലാവണ്യം ദര്‍ശിക്കാനാവും. എങ്കില്‍ കൂടി അവക്കൊയ്ക്കെ രാകി മിനുക്കിയ വീശാംകത്തിയുടെ മൂര്‍ച്ച കൂടി അനുഭവിപ്പിക്കാന്‍ കഴിയും എന്ന വസ്തുത നമ്മെ പലവിധത്തിലുള്ള ആശയ സംഘര്‍ഷങ്ങളിലേക്കും, ആത്മനൊമ്പരങ്ങളിലേക്കും കൈ പിടിച്ചു കൊണ്ട് പോകുന്നു.


കാവ്യ ജീവിതത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ, ഷാജിയുടെ ഭാവുകത്വം പ്രകൃതിഭംഗിയുടെ സല്ലാപങ്ങളില്‍ നിന്ന് പറിച്ചു മാറ്റപ്പെട്ടതായിതോന്നാം. ജീവിതത്തിന്റെ സൂക്ഷ്മസ്ഥലികളിലേക്ക്
എത്തിനോക്കുന്നവയാണ് ഇതിലെ കവിതകള്‍ എങ്കിലും ഭൂതകാലത്തെ ചിത്രീകരിക്കുമ്പോള്‍ ഭൂപ്രകൃതിയെ മറന്നത് ഒരു കുറവുപോലെ അനുഭവപ്പെടുന്നുണ്ട് . ഒരു പക്ഷെ പ്രകൃതിയില്‍ അതീനസത്യം കാണുന്നത് വ്യര്‍ത്ഥമാണെന്ന് അറിഞ്ഞുകൊണ്ടാവാം കവി ഇങ്ങനെ ചെയ്തത്. സമൂഹത്തിന്റെ വികലവിശ്വാസങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ ഒരു ചിറ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാറ്റിന്റെ തലോടലും, കളകളാരവവും കവിയെ ഒട്ടും തന്നെ സ്വാധീനിചിട്ടില്ലായിരിക്കാം .അതുകൊണ്ട് തന്നെയാണ് തറവാട്ടുമുറ്റവും, അപ്പുമേസ്തിരിയും, കാദര്‍സാഹിബുമെല്ലാം കവിതയിലേക്ക് കടന്നുവരുമ്പോള്‍ ഓരോ സിദ്ധാന്ധങ്ങളുടെ പിന്തുണ പറ്റുന്നതും.


" സ്വന്തമായി
ജീവിതമില്ലാതത്കൊണ്ടാണ്
ഞാന്‍
നിങ്ങളിലൂടെ ജീവിച്ചുതീരുന്നത്"


പരോക്ഷമായി സൂക്ഷ്മരാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നുണ്ട് ഷാജിയുടെ കവിതകള്‍. അതിന്‌ ഉദാഹരണങ്ങളാണ് "ഗുഡ് ഫ്രൈഡേ", "അപ്പനും മക്കളും" തുടങ്ങിയ കവിതകള്‍. വീടും നാടുമെല്ലാം ഇരുട്ടിലും കണ്ണീരിലും നിര്‍വചിക്കപെടുമ്പോള്‍ ഷാജിയുടെ കവിതകള്‍ തീക്ഷ്ണ വാങ്ങ്മയങ്ങളാല്‍ സമൃദ്ധമാവുകയാണ്.


ഹൃദയത്തിന്റെ താക്കോല്‍ പഴുതിലൂടെ പറന്നുപോയവളെതേടിയും, ഒളിഞ്ഞുനിന്ന പ്രണയത്തില്‍ പടവെട്ടിയും പ്രണയമെന്ന വാക്കിന്‍ കൊത്തുപണി നടത്തുന്ന കവി, വാക്കുകള്‍ കറങ്ങികൊണ്ടിരിക്കുന്നത് ഭ്രമണ നിയമത്തിലാണെന്നും അതുകൊണ്ടാണ് വാക്കുകള്‍ അഴുകിപോകാത്തതും നമ്മള്‍ ചീഞ്ഞു നാറുന്നതും എന്ന് സമര്‍ഥിക്കുന്നു. ഈ പ്രണയ കവിതകളിലെല്ലാം ആസക്തികളെക്കാളേറെ വേര്‍പാടുകളും ഉന്മാദങ്ങളുമാണ് നിറയുന്നത് .


"കവി കുടുംബത്തിന്റെ
വിശപ്പുമാറ്റാന്‍
അറിഞ്ഞുകൊണ്ടൂര്‍ന്നുവീഴുന്ന
സാരിത്തലപ്പുകൊണ്ട്
റേഷന്‍ വാങ്ങിയെടുക്കുന്ന
ഈ രാധാമണിയുടെ
മുഖമുണ്ടോ " എന്നും


" വാക്കുകളുടെ വാതിലടച്ച്‌
എന്നോട് ചേര്‍ന്ന്
കവിതക്കുള്ളില്‍
തീ കാഞ്ഞിരിക്കുമ്പോള്‍ മാത്രം
ഭയപ്പെടാറില്ലവള്‍ ആരെയും " എന്നും കവി പറയുമ്പോള്‍ ഭാഷയില്‍ ആരും കാണാതെ അമര്‍ന്നു മുഴങ്ങുന്ന ഒരു അധോലോകമുണ്ടെന്ന് നാം അറിയുന്നു. രാധാമണി, തീരം, ഉമ്മ, മഴ, ഇടവഴികള്‍ എന്നീ കവിതകളും മേല്‍ പറഞ്ഞതിനോട് ചേര്‍ത്തുവെയ്ക്കാം.


കവിത എന്നും ഷാജിയ്ക്ക് തിമിര്‍ത്തു പെയ്യുന്ന ഒരു മഴയാണ് ഇടവഴിയില്‍ ഒറ്റയ്ക്ക് കരയുമ്പോഴെല്ലാം ഓടിയെത്തി കണ്ണീര്‍ പകുത്തെടുത്ത മഴ. ഇടവഴികളില്‍ എല്ലാ മഴയെത്തും അയാള്‍ നനഞ്ഞൊലിച്ചു നടന്നു. അതിന്റെ ജലച്ചായചിത്രങ്ങളാണ് ഈ പുസ്തകത്തിലെ പല കവിതകളും. ഇവയിലെല്ലാം തന്നെ 'അവള്‍ ' എന്ന ഒരു കേന്ദ്രീയ കഥാപാത്രം കടന്നു വരുന്നുണ്ട്. ഓര്‍മകളുടെ ഭാണ്ഡക്കെട്ടുകളിലും, ചില്ലിട്ടു വച്ച ചിത്രങ്ങളിലും അവള്‍ തന്നെയാണ് കവിക്ക്‌ എല്ലാമാവുന്നത്. അവളിലൂടെ ഈ ലോകത്തെ നേടാന്‍ കവിയുടെ ഉള്ളം വെമ്പുന്നുണ്ട് .


" ഏറെ കേട്ടിട്ടും മനസ്സിലാവാതെ
മഴയുടെ വര്‍ത്തമാനം
വിവര്‍ത്തനം ചെയ്യാന്‍
ശ്രമിച്ചു ശ്രമിച്ചു
അവള്‍
പരാജയപെടുന്നുണ്ടാവുമോ "


അപഹരിക്കപെട്ട അനുഭവത്തിന്റെ പച്ചതുരുത്തുകളെയും, തരിശുനിലങ്ങളെയും തിരിച്ചു പിടിക്കുവാനും അതിലൂടെ തന്റേതായ പ്രത്യയശാസ്ത്രങ്ങളെ നിര്‍വചിക്കുവാനും കവി ശ്രമിക്കുന്നുണ്ട് . തന്റെ ദേശത്തെ പോലെ മറ്റെവിടെയോ ഇതുപോലത്തെ ഒരു ദേശമുണ്ടാവില്ലേ എന്നും അവിടെയും ഇത് പോലെ ഒരു പെണ്‍കുട്ടി മഴ കാണുന്നുണ്ടാവില്ലേ എന്നും കവി ചോദിക്കുന്നത് തന്റേതായ പ്രത്യയശാസ്ത്രങ്ങളെ മാത്രം അധികരിച്ച് കൊണ്ട് തന്നെയാണ് .


പുതുകവിതയുടെ നവശിഖരങ്ങളില്‍ വിളഞ്ഞ ഈ സമാഹാരത്തിലെ നാല്‍പ്പതിയഞ്ചു കവിതകളിലും തെളിയുന്നത് വര്‍ത്തമാനകാല ജീവിതത്തിന്റെ സങ്കീര്‍ണമായ നിഴല്‍ രൂപങ്ങളാണ്. ആ നിഴല്‍ രൂപങ്ങള്‍ വായനക്കാരന്‍റെ മനസ്സിലെത്തി മഴ നനയുകയാണ്‌. അങ്ങനെ ഉതിര്‍ന്നു വീഴുന്ന ആ മഴയ്ക്ക് ഒരു കുട വാങ്ങി കൊടുക്കുകയാണ് കവി , മഴയ്ക്ക്‌ ഒട്ടും തന്നെ വെയില് കൊള്ളാതിരിക്കാന്‍ ...!

Wednesday, September 21, 2011

നായകനും നായികയും

പുസ്തകം : നായകനും നായികയും
രചയിതാവ് : സുസ്മേഷ് ചന്ദ്രോത്ത്
പ്രസാധകര്‍ : എച്ച് & സി പബ്ലിക്കേഷന്‍സ്
അവലോകനം : വിനീത് നായര്‍




ജീവിതത്തെ നിയന്ത്രിക്കുന്ന സാമൂഹികവും മാനുഷികവുമായ ഘടകങ്ങള്‍ എത്രമേല്‍ നമ്മുടെ ആലോചനാമണ്ഡലത്തിലേക്ക് കടന്ന് വരും എന്ന് നമുക്ക് പ്രവചിക്കുവാനേ കഴിയില്ല. അപ്രാപ്യമായ അതിന്റെ കടന്നുവരവുകള്‍ ഒരു മനുഷ്യജീവിതത്തിലുണ്ടാക്കുന്ന നിമ്നോന്നതികള്‍ നിറഞ്ഞ ഉത്കണ്ഠകളും ആശങ്കകളും വിവരിക്കുകയാണ് സുസ്മേഷ് ചന്ദ്രോത്തിന്റെ പുതിയ പുസ്തകമായ ‘നായകനും നായികയും’. അവിശുദ്ധദിനരാത്രങ്ങളുടെ തുടര്‍ച്ചയ്ക്ക് ഒരു ഹസ്തദാനം എന്ന അദ്ധ്യായത്തില്‍ തുടങ്ങി കലയിലേക്ക് നിറയൊഴിക്കപ്പെട്ട ദിനം എന്ന ഏഴാം അദ്ധ്യായത്തില്‍ അവസാനിക്കുമ്പോള്‍ കഥ കടന്നുവന്ന വഴികള്‍ ഒരുപക്ഷേ വായനക്കാരനെ നോക്കി ഒന്ന് പുഞ്ചിരിച്ചെന്ന് വരാം. അപ്പോള്‍ തന്നെ വായനക്കാരന് ആ പുഞ്ചിരിക്ക് വിവിധ അര്‍ത്ഥതലങ്ങള്‍ കല്പിച്ചുകൊടുക്കുകയുമാവാം. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ജീവിതത്തിന്റെ ബാഹ്യവും ആന്തരികവുമായ പുനര്‍വിന്യാസങ്ങളെ (അത് കഥാപാത്രങ്ങളായ ഗാര്‍ഗ്ഗിയുടെയോ, ഗാഥയുടെയോ, തോമയുടെയോ ആരുടെയും ആയിക്കൊള്ളട്ടെ) ആണ് ഈ നോവലിലൂടെ കഥാകൃത്ത് ആവിഷ്കരിക്കാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് വ്യക്തം. അതിലൂടെ വായനക്കാരന് ഒരനുഭൂതി പകരാന്‍ ശ്രമിച്ചതില്‍ എവിടെയോ കഥാകൃത്ത് പരാജിതനായിട്ടുണ്ട്. ശക്തമായൊരാശയത്തെ കൈകാര്യം ചെയ്യുമ്പോള്‍ ചെയ്ത അശ്രദ്ധമായ ചില പരീക്ഷണങ്ങള്‍, അതിലൂടെയുണ്ടായ വൈചിത്ര്യങ്ങള്‍ ഇവയായിരിക്കാം ഒരുപക്ഷേ സുസ്മേഷിന് പാളിപ്പോയ ഇടങ്ങള്‍.

തോമ എന്ന് കഥാപാത്രത്തിന്റെ ഗ്രാമത്തില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. അവിടെ തോമയെ ഒരു ‘ഭീകര’ കഥാപാത്രമായിത്തന്നെ കഥാകൃത്ത് ചിത്രീകരിച്ചിരിക്കുന്നു. ആ ഗ്രാമത്തിലേക്കാണ് തോമയുടെ സുഹൃത്തുക്കളായി ഗാര്‍ഗ്ഗിയും രാമകൃഷ്ണനും കടന്നുവരുന്നത്. ഇരുവരും ആര്‍ടിസ്റ്റുകളാണ്. കുറച്ച് ചിത്രങ്ങള്‍ വരയ്ക്കാന്‍ പറ്റിയ ഒരിടം എന്ന നിലയ്ക്കാണ് അവര്‍ അവിടെ എത്തിച്ചേരുന്നത്. അവര്‍ വരുന്ന സമയത്ത് തോമ എന്ന കഥാപാത്രത്തിന്റെ ഭീകരത കാണിക്കാന്‍ കഥാകൃത്ത് സ്വീകരിച്ച ഒരു തന്ത്രം നോക്കൂ.

“ഞങ്ങള് നത്തുപാറേ പോകാന്‍ വന്നതാ”
നത്തുപാറ എന്ന് കേട്ടതോടെ മുന്നില്‍ ഇരുളിന്റെ ഒരു വളര്‍ച്ച നിന്നിരുന്ന ഗ്രാമീണപുരുഷന്മാര്‍ ഒന്നിളകി. ഒരു കടന്നല്‍ കൂടിന്റെ സാമീപ്യം പോലെ അവരുടെ തലകള്‍ വിറയ്ക്കുകയും ചുണ്ടുകള്‍ ഞരക്കങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ആദ്യം ചോദ്യം ചോദിച്ചയാള്‍ വിക്കി വിക്കിത്തന്നെ രണ്ടാമത്തെയും ചോദ്യം ചോദിച്ചു.
“നത്തുപാറേല് എവിടെ?”
– - – - – - – - – -
“നത്തുപാറേല്, തോമേടെ പൊരയിടത്തില്.”
“തോമാച്ചന്‍ ഇപ്പോ ഇവിടില്ല, നാളെയോ മറ്റന്നാളോ ആയിട്ട് വരും. ഞങ്ങള് തോമാച്ചായന്റെ സിറ്റീലെ കൂട്ടുകാരാ…!”
റോഡില്‍ കിടന്നിരുന്ന രണ്ട് നായ്ക്കള്‍ എണീറ്റ് ദീനമായ ഒരു മുരള്‍ച്ചയോടെ പൊന്തപ്പടര്‍പ്പിലേക്ക് കയറിപ്പോയത് ഗാര്‍ഗ്ഗി ശ്രദ്ധിച്ചു.

ഈ വിവരണത്തിലൂടെ ആദ്യം തന്നെ കഥാകൃത്ത് തോമയെക്കുറിച്ചുള്ള ഒരു ചിത്രം തരുന്നു. എന്നാല്‍ ഇതൊന്നുമല്ലാത്ത ഒരു തോമയെയാണ് കഥാന്ത്യത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. അനാവശ്യമായ വിവരണങ്ങളിലൂടെ കടന്നുപോയ കഥാകൃത്ത് കഥയുടെ ഭീകരത കൂട്ടാന്‍ വേണ്ടിയാണോ ഈ രീതി സ്വീകരിച്ചത് എന്ന് അവസാനം ഏതൊരു വായനക്കാരനും സംശയിക്കാം.

തോമയുടെ കുടുംബചരിത്രവും പശ്ചാത്തലവും വ്യക്തമാക്കുന്ന ഒന്നാം അദ്ധ്യായത്തിന് ശേഷം രണ്ടിലേക്ക് കടക്കുമ്പോള്‍ അവിടെയും തോമ മഹാചരിതം കഥാകൃത്ത് തുടരുകയാണ്. ഒരുപക്ഷേ മുന്‍പ് കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചു വന്ന നോവല്‍ സീരിയലൈസ് ചെയ്യുമ്പോള്‍ ദൈര്‍ഘ്യം കൂട്ടാന്‍ കാണിച്ച തന്ത്രപ്പാടായിരിക്കാം ഈ രണ്ടാം അദ്ധ്യായമായ തണ്ട് അടര്‍ത്തുമ്പോള്‍ ചോര പൊടിയുന്ന പൂക്കള്‍. ഈ അദ്ധ്യായത്തിലെ ഓരോ ഏട് അടര്‍ത്തുമ്പോഴും ചോര പൊടിയുന്നത് വായനക്കാരന്റെ നെഞ്ചിലാണെന്ന് കഥാകൃത്ത് മനസിലാക്കിയാല്‍ നന്ന്. ചോര പൊടിയുന്ന ചെടിയും വഴികാട്ടിയായ ചെന്നായയുമെല്ലാമായി ഒരു എണ്‍പതുകളുടെ അവസാനത്തിലെ ഇംഗ്ലീഷ് സിനിമകളുടെ പശ്ചാത്തലമാണ് ഇവിടെ സുസ്മേഷ് കല്പിച്ച് കൂട്ടി കൊടുത്തിരിക്കുന്നത്.

സര്‍വ്വസൈന്യാധിപന്‍ ചെന്നായക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുക്കുന്ന മൂന്നാം അദ്ധ്യായത്തില്‍ സ്ഥിതി മറിച്ചൊന്നുമല്ല. എങ്കിലും കഥയുടെ ഗതിമാറ്റത്തിനു വേണ്ട ഒരു സംഭവം ഇവിടെ ഉള്‍ക്കൊള്ളിച്ചത് വായനക്കാരന് ആശ്വാസത്തിന് ഒരല്പം വക നല്‍കുന്നുണ്ട്. ഈ അദ്ധ്യായത്തില്‍ വച്ചാണ് ഗാര്‍ഗ്ഗിക്ക് ഒരു സഹോദരിയുണ്ടെന്നും, അവള്‍ ലോകമറിയുന്ന ഒരു ചിത്രകാരിയായിരുന്നു എന്നും, ഉന്മാദത്തിനടിമപ്പെട്ടവളാണെന്നും, എവിടെയോ പോയി മടങ്ങിയെത്തിയിട്ടില്ലെന്നും കഥാകൃത്ത് പറയുന്നത്. ഈ ഒരു ത്രെഡ് തന്നെയാണ് നോവലൈറ്റിന്റെ ഒരു ട്വിസ്റ്റ് എന്ന് വേണമെങ്കില്‍‍ പറയാം.

സൂര്യഗ്രഹണം എന്ന നാലാം അദ്ധ്യായത്തില്‍ നിന്നാണ് ശരിയായ കഥ ആരംഭിക്കുന്നത്. മറ്റ് രണ്ടെണ്ണവും തോമമഹാചരിതമാണല്ലോ. ഗാര്‍ഗ്ഗിയിലേക്ക് കടന്നുവന്ന ഗാഥയുടെ ഓര്‍മ്മകളില്‍ തുടങ്ങുന്ന ഈ അദ്ധ്യായം ഗോപാലന്‍ ഗുരിക്കള്‍ എന്ന കഥാപാത്രത്തിന്റെ വരവോടെ സങ്കീര്‍ണ്ണമാവുകയാണ്. ഈ ഗോപാലന്‍ ഗുരിക്കള്‍ കഥയില്‍ വരുത്തുന്ന മാറ്റങ്ങളെല്ലാം നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ കഥാകൃത്ത് കൈകാര്യം ചെയ്യുന്ന ഗോപാലന്‍ ഗുരിക്കളുടെ സാന്നിദ്ധ്യങ്ങളെ പ്രശംസിക്കാതിരിക്കാന്‍ വയ്യ. ഈ കഥയില്‍ വരുന്ന എല്ലാ കഥാപാത്രങ്ങളെയും ഒറ്റയ്ക്ക് നില്‍ക്കാന്‍ തന്നെ പ്രാപ്തിയുള്ളവരായാണ് കഥാകൃത്ത് ചിത്രീകരിച്ചിരിക്കുന്നത്. അതുപോലെ തന്നെ കഥയുടെ പ്രധാനകേന്ദ്രങ്ങളിലെല്ലാം ഇടപെടുന്ന ഒരു കഥാപാത്രമാണ് ‘ചെന്നായ’. ഈ ചെന്നായ കടന്ന് വരുന്ന മേഖലകളിലെല്ലാം എന്തിന്റെയെങ്കിലും ഒരു സൂചന നല്‍കാന്‍ കഥാകൃത്ത് ശ്രമിക്കുന്നുണ്ട്. അതിന്റെ ശക്തമായ തെളിവാണ് ഗാര്‍ഗ്ഗിയും രാമകൃഷ്ണനും തോമയുടെ വീട്ടിലെത്തുമ്പൊള്‍ കടന്നുവരുന്ന ചെന്നായ. ആ ചെന്നായ ഗാര്‍ഗ്ഗിയുടെ അടുത്തെത്തി അവളുടെ കാല്‍പ്പാദങ്ങളില്‍ മണത്തശേഷം വിദൂരതയിലേക്ക് നോക്കി ഒരു പരിചയഭാവത്തില്‍ അവിടെ നിന്ന് പോകുന്നു. അതിലൂടെ ഗാഥ അവിടെ മുന്‍പ് വന്നിരുന്നു എന്നും, അവളുടെ രക്തഗന്ധം ഗാര്‍ഗ്ഗിയിലൂടെ ആ ചെന്നായ മനസ്സിലാക്കുകയാണെന്നുമാണ് സുസ്മേഷ് ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്.

അഞ്ചാം അദ്ധ്യായമായ ഭഗവതി c/o വാറ്റുപുര മുതല്‍ സ്വയംപൂര്‍ണ്ണവും പരസ്പര ബന്ധിതവുമായ ആഖ്യാനങ്ങളുടെ രൂപീകരണവും ഒരു നാട്ടിലെ ഒരു കൂട്ടം ആളുകളുടെ ജീവിതവും കഥാകൃത്ത് വരച്ചു കാട്ടുന്നു. സങ്കീര്‍ണ്ണ രൂപങ്ങളെ ആഖ്യാനത്തിനുള്ളില്‍ പരീക്ഷിക്കുന്ന കഥാകൃത്ത് പാശ്ചാത്യരീതിയിലുള്ള കഥയെ വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഗുരിക്കളുമായി കൂട്ടു കൂടുന്ന രാമകൃഷ്ണന്‍ പതിയെ ആ നാടിനെ അറിയാനാരംഭിച്ചു. അങ്ങിനെയാണ് അവര്‍ ഗോദാവരിയുടെ വാറ്റുപുരയില്‍ എത്തുന്നത്. അവിടെ വച്ചാണ് ഗാഥയുടെ ഭര്‍ത്താവ് ചന്ദ്രജിത് സിംഗ് ആ നാട്ടില്‍ താമസിച്ചിരുന്നു എന്നും അയാള്‍ക്ക് ഗോദാവരിയുമായി പുറത്ത് പറയാന്‍ പറ്റാത്ത വിധം ഒരു ബന്ധമുണ്ടായിരുന്നു എന്നും രാമകൃഷ്ണന്‍ അറിയുന്നത്. അങ്ങിനെ അയാള്‍ ഗുരിക്കളോട് ചന്ദ്രജിത് സിംഗിനെക്കുറിച്ച് കൂടുതല്‍ ചോദിക്കുന്നു.

ഉന്മാദത്തിന്റെ ഉയരത്തിലേക്ക് സര്‍ഗാത്മകത കല്ലുരുട്ടിക്കയറ്റുന്നു എന്ന ആറാം അദ്ധ്യായം കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. എഴുത്ത് ഒരര്‍ത്ഥത്തില്‍ കാരാഗൃഹവാസമാണ്. അത് ഭേദിച്ച് പുറത്ത് വരാന്‍ എഴുത്തുകാരന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ആ കാരാഗൃഹവാസത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നാണ് അയാള്‍ ഭാവനയുടെ വന്‍കരകള്‍ താണ്ടുന്നത്. ഇവിടെ ഈ ആറാം അദ്ധ്യായവും വരാന്‍ പോകുന്ന ഏഴാം അദ്ധ്യായവും ഞാന്‍ മുകളില്‍ പറഞ്ഞ പരാമര്‍ശങ്ങളോട് ബന്ധപ്പെട്ട് കിടക്കുന്നതാണ്. ആറാമദ്ധ്യായത്തില്‍ വച്ചാണ് ചന്ദ്രജിത് സിംഗ് ഉന്മാദത്തിന് വശംവദനാണെന്ന് വായനക്കാരന്‍ അറിയുന്നത്. ഗാഥയും ഇതേ ഒരവസ്ഥയിലാണെന്ന് മൂന്നാം അദ്ധ്യായത്തില്‍ പറയുന്നുമുണ്ട്. മൂന്നാം അദ്ധ്യായമാണ് കഥയ്ക്ക് ഗതിമാറ്റം നല്‍കുന്നതെന്ന് ഞാന്‍ മുന്‍പേ പറഞ്ഞല്ലോ. ഇവിടെ വച്ച് ഗോദാവരിയും ഗുരിക്കളും മന്‍സ്സിലാക്കുന്ന ചന്ദ്രജിതിന്റെ ഉന്മാദാവസ്ഥ കഥയുടെ സങ്കീര്‍ണ്ണതയിലേക്ക് വീണ്ടും വിരല്‍ ചൂണ്ടുകയാണ്. ആ ബോധതീവ്രതയായിരിക്കണം ഈ എഴുത്തിനെ ഉത്തരാധുനിക നോവലിന്റെ പ്രമേയത്തിലേക്ക് വഴിമാറ്റി വിട്ടത്. കഥകള്‍, അതികഥകളായി മാറുക എന്നതാണല്ലോ ഉത്തരാധുനിക നോവല്‍ എന്നത്. ഏതാണ്ട് ഇതേ ഒരവസ്ഥ തന്നെയാണ് ഇവിടെയും സംഭവിച്ചിട്ടുള്ളത്. ആ നാട്ടിലെ താമസം മതിയാക്കി ഡെല്‍ഹിയിലേക്ക് പോകുന്ന ചന്ദ്രജിത് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്നു. എന്നാല്‍ ഗുരിക്കളോ, ഗോദാവരിയോ അയാളുമായി സമ്പര്‍ക്കത്തില്‍ വരുന്നില്ല. അവിടെ വച്ചാണ് കഥാകൃത്ത് ആദ്യം വിവരിച്ച് നിര്‍ത്തിയ തോമയുടെ വരവ്.

ഗുരിക്കളില്‍ നിന്ന് കഥകളെല്ലാമറിയുന്ന രാമകൃഷ്ണന്‍ സ്തബ്ധനാകുന്നു. ചന്ദ്രജിത്തിന്റെ ഉന്മാദപ്രകടനങ്ങള്‍ക്ക് വശംവദയാകേണ്ടി വന്ന ഗാഥ സഹിച്ച് സഹിച്ച് മടുത്തപ്പോള്‍ നടത്തേണ്ടി വന്ന ഒരാത്മഹത്യ, അല്ലെങ്കില്‍ ചെറുത്ത് നിന്നപ്പോള്‍ സംഭവിച്ച കൊലപാതകം എന്നീ രണ്ട് വശങ്ങളിലേക്കും അയാള്‍ ചിന്തിച്ച് തുടങ്ങുന്നു. ചിത്രരചനയില്‍ ഏര്‍പ്പെട്ട ഗാര്‍ഗ്ഗിയില്‍ നിന്ന് എല്ലാ വിവരങ്ങളും ഒളിപ്പിച്ച് വച്ച് കൂടുതലറിയാന്‍ തോമയുടെ വരവിന് വേണ്ടി അയാള്‍ കാത്തിരിക്കുന്നു.

വായനക്കാരന്റെ ആകാംക്ഷ നിറഞ്ഞ വായന കലയിലേക്ക് നിറയൊഴിക്കപ്പെട്ട ദിനം എന്ന അവസാന അദ്ധ്യായത്തിലേക്ക് കടക്കുന്നത് തോമയുടെ വരവോട് കൂടയാണ്. ക്രുദ്ധനായി കയറി വരുന്ന തോമ ഗാര്‍ഗ്ഗിയേയും രാമകൃഷ്ണനേയും അവിടെയെല്ലാം തിരയുന്നു. അവസാനം അയാള്‍ ചന്ദ്രജിത് സിംഗ് മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍ അവരെത്തേടി എത്തുന്നു. കൂടെ അയാളുടെ ചെന്നായയും, ഒരു തോക്കുമുണ്ട്. അതിനകത്ത് നിന്ന് ഒരു ശബ്ദം കേട്ടതായി തോമയ്ക്ക് തോന്നുന്നു. ഉറച്ചൊരു തെറിക്ക് ശേഷം തോമ രാമകൃഷ്ണനെ വിളിക്കുന്നു. താന്‍ കേട്ടത് ഗാര്‍ഗ്ഗിയുടെ ഞരക്കമാണെന്നും രാമകൃഷ്ണന്‍ അവിടെ വച്ച് ഗാര്‍ഗ്ഗിയെ കൊന്നുകൊണ്ടിരിക്കുകയുമാണെന്നാണ് അയാള്‍ കരുതിയത്. “ഈ രാജ്യത്ത് പടം വരയ്ക്കുന്ന പന്നികളെന്നും തോമായ്ക്ക് സമാധാനം തരുകേല അല്ലേ? ഇറങ്ങി വാടാ എമ്പോക്കി” എന്ന് ഉറക്കെ ചോദിച്ച് അയാള്‍ തോക്കെടുത്ത് അയാള്‍ അകത്തേക്ക് കയറാന്‍ ഭാവിക്കുന്നു. എന്നാല്‍ പെട്ടെന്ന് പുറത്തേക്ക് വന്നത് ചന്ദ്രജിത് സിംഗ് ആയിരുന്നു. അവിടെ വച്ച് എല്ലാ സത്യങ്ങളുടെയും ചുരുളഴിയുകയാണ്. ചന്ദ്രജിത് സിംഗ് എവിടെയായിരുന്നു എന്നും ഗാഥയ്ക്ക് എന്ത് സംഭവിച്ചു എന്നുമെല്ലാം തോമ അറീയുന്നു. തോമ എന്ന കഥാപാത്രം ഒന്നുമല്ല എന്ന് കഥാകൃത്ത് ഒരൊറ്റ നിമിഷം കൊണ്ട് വായനക്കാരനോട് വിളിച്ചു പറയുന്നു. എല്ലാ സത്യങ്ങളുമറിഞ്ഞ ശേഷം തോമ നിശബ്ദം മല കയറുന്നു. തിരികെ വീട്ടിലെത്തുമ്പോള്‍ തിണ്ണയില്‍ രാമകൃഷ്ണന്‍ ഇരിക്കുന്നുണ്ട്. അവിടെ വച്ച് രാമകൃഷ്ണന്‍ ഗാര്‍ഗ്ഗിക്ക് സ്ട്രോക്കായതായും അവളുടെ ഒരുവശം തളര്‍ന്നു പോയതായും വികാരാധീനനായി തോമായെ കെട്ടിപ്പിടിച്ച് വിതുമ്പിക്കൊണ്ട് പറയുന്നു. തോമ അയാളെ ദേഹത്തില്‍ നിന്നടര്‍ത്തി ഒരാശ്വാസത്തോടെ ചന്ദ്രജിത് സിംഗിന്റെ വീടിരിക്കുന്ന ദിക്കിലേക്ക് നോക്കി. ഇതിനിടെ രാമകൃഷ്ണന്‍ പറയുന്നു. “ഞാന്‍ ഗാര്‍ഗ്ഗിയുടെ അടുത്തേക്ക് പോകുകയാണ്. സഞ്ചിയും സാധനങ്ങളും എടുക്കാന്‍ വന്നതാ. പിന്നെ തോമാച്ചേട്ടനോട് പറയാനുള്ള വഴിയുണ്ടാക്കാനും. എന്തായാലും ഇവിടെ വന്നതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു രഹസ്യകഥ മനസ്സിലാക്കാന്‍ പറ്റി. അത്ര നിസ്സാരവും അപ്രധാനവുമല്ലാത്ത കഥ.” ഇത് പറഞ്ഞു കഴിഞ്ഞ സമയം താഴ്വാരത്തില്‍ ചന്ദ്രജിത് സിംഗിന്റെ വീടിന്റെ ഭാഗത്ത് നിന്ന് ഒരു വെടിശബ്ദം ഉയരുന്നു. “ആ കഥ പൂര്‍ത്തിയായി രാമകൃഷ്ണാ, ഇനി നിനക്ക് നിന്റെ പെങ്കൊച്ചിന്റെ അടുത്തേക്ക് മനസ്സമാധാനത്തോടെ പോകാം” എന്ന് തോമ പറയുന്നതോടെ‍ കഥയ്ക്ക് പര്യവസാനമാകുന്നു.

ഇവിടെയാണ് ഞാന്‍ മേല്‍പ്പറഞ്ഞ കാര്യവുമായി ഈ അദ്ധ്യായത്തെ ബന്ധിപ്പിക്കേണ്ടത്. എഴുത്ത് എന്ന കാരാഗൃഹത്തില്‍ നിന്ന് ഈ അദ്ധ്യായത്തിലൂടെ കഥാകൃത്ത് രക്ഷപ്പെടുകയാണ്. അല്ലെങ്കില്‍ അയാള്‍ കാരാഗൃഹം ഭേദിക്കുകയാണ്. എഴുത്തിനെ കാരാഗൃഹമായി കാണുമ്പോള്‍ അതിനെ ഒരിക്കലും ഭേദിക്കരുത്. എഴുത്ത് എഴുത്തുകാരനെയാണ് മോചിപ്പിക്കേണ്ടത്. ഈ കഥയുടെ അവസാനമായപ്പോഴേക്കും കഥാകൃത്തിന് ഇത് എങ്ങിനെയെങ്കിലും ഒന്ന് അവസാനിപ്പിച്ചാല്‍ മതി എന്ന് തോന്നിയിട്ടുണ്ട്. അക്കാര്യം ഏഴാം അദ്ധ്യായത്തില്‍ മാത്രം സ്പഷ്ടമാണ്. കഥയെപ്പറ്റിയുള്ള വായനക്കാരന്റെ പല ധാരണകളെയും ഇവിടെ കഥാകൃത്ത് നിര്‍ദാക്ഷിണ്യം അട്ടിമറിക്കുകയാണ് ചെയ്തത്. അനാവശ്യസ്ഥലങ്ങളില്‍ കഥയെ വലിച്ചു നീട്ടി, അവശ്യഘട്ടത്തില്‍ അതിനെ മുറിച്ചൊതുക്കി വായനക്കാരന്റെ മാനസികനിലയെ പരിശോധിക്കുക എന്നൊരു കാര്യം കൂടി പ്രസ്തുത കൃതി കൊണ്ട് കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. ഭ്രമാത്മതകളും, സ്വപ്നങ്ങളും എല്ലാം കൂട്ടിച്ചേര്‍ത്ത് സൃഷ്ടിച്ച ഈ രചന ഭാവനയുടെ ചുംബിതങ്ങളില്‍ മാത്രം വിഹരിക്കുകയാണ്. നോവലിനീ ഭാവനയുടെ ആപത്കരമായ എഴുത്തുവഴികളിലേക്ക് വിക്ഷേപിച്ച കഥാകൃത്ത് അതിന്റെ വരും വരായ്കയെ പറ്റി ആലോചിച്ചിരിക്കുമോ ആവോ? എന്തായാലും ഉത്തരാധുനിക നോവലിന്റെ മെറ്റാഫിക്ഷന്‍ വഴി ഒരു വായനാസുഖം ലഭിക്കുന്നുണ്ട് എങ്കിലും ആഴത്തിലുള്ള വായനയില്‍ ഈ പുസ്തകം ഒരു പരാജയമാണെന്ന് പറയാതെ വയ്യ.