Sunday, September 30, 2012

ഫ്രാന്‍സിസ് ഇട്ടിക്കോര

പുസ്തകം : ഫ്രാന്‍സിസ് ഇട്ടിക്കോര
രചയിതാവ് : ടി.ഡി. രാമകൃഷ്ണന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : മുരളി മേനോന്‍



ന്റെ സുഹൃത്തും, കൊച്ചിയിലെ മെട്രൊ ഫിലിം സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറിയുമായ ശ്രീ കെ.ആര്‍. ജോണ്‍സണ്‍ ആണ് ‘ഫ്രാന്‍സിസ് ഇട്ടിക്കോര‘ എന്നു പേരുള്ള പുസ്തകം എനിക്ക് വായിക്കാന്‍ തന്നത്. അദ്ദേഹത്തിന് ഗ്രന്ഥകര്‍ത്താവ് ശ്രീ ടി.ഡി.രാമകൃഷ്ണന്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തി നല്‍കിയ കോപ്പിയായിരുന്നു അത്. ആ പുസ്തകത്തിന്റെ പേരു തന്നെയായിരുന്നു ഒരു തൃശൂക്കാരനെന്ന നിലയില്‍, പ്രത്യേകിച്ച് ഇരിങ്ങാലക്കുടക്കാരനെന്ന നിലയില്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. വായനയുടെ പല ഘട്ടങ്ങളിലും ഇതിലെ കഥാപാത്രങ്ങള്‍ എന്റെ നാട്ടുകാരായി മാറുന്ന കാഴ്ചയും ഞാന്‍ കണ്ടു. ‘ഫ്രാന്‍സിസ് ഇട്ടിക്കോര‘ എന്ന പുസ്തകം മുരളി വായിക്കണം എന്ന് ജോണ്‍സണ്‍ പറഞ്ഞപ്പോള്‍ പൊടുന്നനെ എന്റെ മനസ്സിലേക്കോടിയെത്തിയത് ‘അമൃതംഗമയ’ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം വിനീതിന്റെ കഥാപാത്രത്തെ റാഗിംങ് നടത്തുമ്പോള്‍ പറയുന്ന ഡയലോഗ് ആണ്. അതിങ്ങനെ “ഇട്ടിവര്‍ഗ്ഗീസ് എന്ന പേരില്‍ ഒരു ഡോക്ടര്‍ ഉണ്ടാവില്ല, അല്ലെങ്കില്‍ ആ പേരില്‍ ഒരു ഡോക്ടര്‍ ഉണ്ടാവാനേ പാടില്ല”. അതുപോലെ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന പേരില്‍ ഒരു നോവലോ, ഹേയ് അതെങ്ങനെ ശരിയാവും.......!

സാധാരണ ഒരു നോവല്‍ വളരെ വേഗം വായിച്ചു തീര്‍ക്കുന്ന ഒരു ശീലമാണ് എനിക്കുള്ളത്. അങ്ങനെ തീരുമാനിച്ചുതന്നെയാണ് ജോണ്‍സന്റെ കയ്യില്‍ നിന്ന് പുസ്തകം വാങ്ങിയതും. പക്ഷെ വായിച്ച് തുടങ്ങി ഏതാനും അദ്ധ്യായങ്ങള്‍ പിന്നിട്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ഉടലെടുത്തു. ‘ഫ്രാന്‍സിസ് ഇട്ടിക്കോര‘ ഒരു നോവലാണെന്ന് ആരാണ് പറഞ്ഞത്. ഞാന്‍ പുസ്തകത്തിന്റെ ആമുഖത്തിനു മുമ്പിലുള്ള പേജ് വീണ്ടും മറിച്ചുനോക്കി. ഡി.സി. ബുക്സ് ലേബല്‍ ചാര്‍ത്തിയിരിക്കുന്നത് നോവല്‍ എന്നാണ്. ഞാന്‍ വീണ്ടും വായന തുടര്‍ന്നു, അപ്പോള്‍ എനിക്കു തോന്നി ഇത് ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന ഒരു ഇന്റര്‍നാഷണല്‍ കുരുമുളകു കച്ചവടക്കാരന്റെ ആത്മകഥയാണെന്ന്, വായന കുറച്ചുകൂടി മുന്നോട്ടുപോയപ്പോള്‍ തോന്നി ഇത് ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ മാത്രമല്ല, ഇട്ടിക്കോരയുടെ വംശപരമ്പരയുടേയും, ആ പരമ്പരയിലെ കണ്ണികളെ കണ്ടെത്താന്‍ തുനിയുന്ന ഓരോ കഥാപാത്രങ്ങളുടേയും ആത്മകഥയാണെന്ന്. കഥാപാത്രങ്ങള്‍ സ്വന്തം കഥ പറയുന്ന രീതിയിലാണ് ഗ്രന്ഥകര്‍ത്താവ് ആഖ്യാനം നടത്തിയിരിക്കുന്നത്.

വായനയുടെ മറ്റൊരു ഘട്ടത്തില്‍ ഇതൊരു യാത്രാവിവരണമാണെന്ന് തോന്നി. പിന്നീട് ഇതൊരു ചരിത്രപുസ്തകമായാണ് അനുഭവപ്പെട്ടത്. പുസ്തകത്തിന്റെ പകുതിയോളം വായന പിന്നിട്ടപ്പോള്‍ ഒരു കുറ്റാന്വേഷണ നോവലിന്റെ ആകാംഷയും, ഭീതിയും, ബീഭത്സതയും ഒക്കെ അനുഭവപ്പെടാന്‍ തുടങ്ങി. ജെയിംസ് ബോണ്ട് സിനിമകള്‍ കണ്ടിരിക്കുമ്പോള്‍ പൊടുന്നനെ സംഭവിക്കുന്ന സെക്സ് പലപ്പോഴും വായനക്കിടയില്‍ മിന്നിത്തെളിഞ്ഞ് കടന്നുപോയി. അതിനിടയില്‍ ഗണിതശാസ്ത്രത്തിന്റെ മാസ്മരികതിയില്‍ കുടുങ്ങി വിസ്മയിച്ചു നിന്നു. ഒടുവില്‍ പുസ്തകം പൂര്‍ണ്ണമായും വായിച്ച് അടച്ചുവെച്ചപ്പോള്‍ സ്വപ്നത്തില്‍ പലപ്പോഴും നമ്മള്‍ ഒരു കെണിയില്‍ പെട്ട് മരണത്തെ മുഖാമുഖം കണ്ട് ചിലപ്പോള്‍ മരണം തന്നെ സംഭവിക്കുമെന്ന് വരുമ്പോള്‍ ഞെട്ടി ഉണരുന്നതുപോലെയുള്ള ഒരനുഭവവും ഉണ്ടായി. അങ്ങനെ നോക്കുമ്പോള്‍ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ എന്ന ഈ പുസ്തകം ഏത് കാറ്റഗറിയില്‍ പെടുത്തണം, നോവല്‍? ആത്മകഥ? ചരിത്രം? യാത്രാവിവരണം? ക്രൈം ത്രില്ലര്‍? ഹൊറര്‍ ഫിക്ഷന്‍? എന്റെ ഉത്തരം ഈ പുസ്തകം ഇതെല്ലാമാണെന്നാണ്.

ഇതിനു മുമ്പ് മലയാളത്തില്‍ നോവലിന്റെ ഇതിവൃത്തം കൊണ്ട് എന്നെ അതിശയിപ്പിച്ചീട്ടുള്ളത് ശ്രീ ആനന്ദ് ആണ്. (ഉദാഹരണത്തിന് മരുഭൂമികള്‍ ഉണ്ടാകുന്നതെങ്ങിനെ, ഗോവര്‍ദ്ധനന്റെ യാത്രകള്‍) മറ്റൊരാള്‍ (വിശ്വസാഹിത്യത്തില്‍) പൌലോ കൊയ്‌ലോ (ദ ആല്‍ക്കെമിസ്റ്റ്). ഇതിനര്‍ത്ഥം മലയാളത്തിലും, വിശ്വസാഹിത്യത്തിലും ഇതിവൃത്തത്തില്‍ പുതുമകള്‍ കൊണ്ടുവരുന്നവര്‍ വേറെയില്ല എന്നല്ല, മറിച്ച് പെട്ടെന്ന് എന്റെ മനസ്സിലേക്കോടിയെത്തിയ രണ്ടുപേര്‍ ഇവരാണെന്നുമാത്രം. ആ ലിസ്റ്റിലേക്കിതാ ടി.ഡി. രാമകൃഷ്ണനും. ഇതിന്റെ പഠനം എഴുതിയിരിക്കുന്നത് പ്രശസ്തനായ ആഷാ മേനോനാണ്. മിക്ക പുസ്തകങ്ങളുടേയും ആരംഭത്തില്‍ തന്നെ കൊടുക്കുന്ന പഠനം വായിച്ചു കഴിയുമ്പോള്‍ തോന്നാറുള്ളത് പണ്ട് അമ്മമാര്‍ കുട്ടികളെ മുലയൂട്ടുന്നത് തടയാന്‍ മുലഞെട്ടില്‍ ചെന്നിനായകം അരച്ചുപുരട്ടുന്നത് പോലെയാണ്. അതുകൊണ്ട് പഠനം എന്ന ചെന്നിനായകം നുണഞ്ഞ് നുണഞ്ഞ് വായില്‍ തന്നെ വെച്ച് ഒരു തുള്ളിപോലും ഇറക്കാതെ തുപ്പിക്കളഞ്ഞ്, പിന്നീട് നോവലാകുന്ന മുലപ്പാലിന്റെ മധുരം നുണയാറാണ് പതിവ്. ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ പ്രത്യേകിച്ച് ആഷാമേനോന്‍ എന്ന മഹാമേരുവിന്റെ ഭാഷാ പ്രയോഗത്തെ ഭയന്ന് ഞാന്‍ ഫ്രാന്‍സിസ് ഇട്ടിക്കോര വായിച്ച് തീര്‍ന്നതിനുശേഷമാണ് പഠനം വായിച്ചത്... ഇതുവരെയുള്ള എന്റെ അനുഭവങ്ങള്‍ക്ക് കടകവിരുദ്ധമായി, ആഷാ മേനോന്റെ പഠനം പാലില്‍ പഞ്ചസാരയെന്നോണം അലിഞ്ഞ് ഗ്രന്ഥത്തിന്റെ മേന്മ കൂട്ടിയിരിക്കുന്നു.

പുസ്തകത്തിലെ ചില വാക്യങ്ങളെങ്കിലും ഇവിടെ പകര്‍ത്തിയെഴുതാന്‍ കൊതി തോന്നുന്നുണ്ടെങ്കിലും, ഈ പുസ്തക പരിചയം എഴുതാന്‍ ഞാന്‍ ഗ്രന്ഥകര്‍ത്താവിന്റേയോ, പ്രസാധകന്റേയോ അനുമതി വാങ്ങാത്തതിനാല്‍ കോപ്പിറൈറ്റ് നിയമ കുരുക്കുകളിലേക്ക് ചെന്ന് വീഴാന്‍ ആഗ്രഹിക്കാത്തതിനാല്‍ ആ സാഹസത്തിനു മുതിരുന്നില്ല. വായനാശീലരായ എന്റെ ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് ഇങ്ങനെയൊരു വ്യത്യസ്തമായ പുസ്തകം ഉണ്ടെന്ന് അറിയിക്കാന്‍ എന്റേതായ ഒരു ശ്രമം മാത്രമാണീ പുസ്തക പരിചയത്തിനു പുറകില്‍. ഗ്രന്ഥകര്‍ത്താവിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! (പേജ് 308
വില: 150 രൂപ)

Tuesday, September 25, 2012

സ്നോ

പുസ്തകം : സ്നോ
രചയിതാവ് : ഒര്‍ഹാന്‍ പാമുക്

പ്രസാധകര്‍ :

അവലോകനം : ലാസര്‍ ഡിസല്‍‌വ




സ്നോ' തന്റെ ആദ്യത്തെയും അവസാനത്തെയും രാഷ്ട്രീയ നോവല്‍ ആണെന്ന് ഒര്‍ഹാന്‍ പാമുക്‌ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സ്നോയെ നല്ലൊരു രാഷ്ട്രീയ നോവല്‍ ആക്കുന്നത് പക്ഷെ, അതിലെ മനുഷ്യാനുഭവങ്ങളുടെ സങ്കീര്‍ണമാനങ്ങള്‍ തന്നെയാണ്. മഞ്ഞുപുതഞ്ഞ മലമുകളില്‍ സ്ഥിതിചെയ്യുന്ന 'കാര്‍സ്' എന്ന വടക്ക് കിഴക്കന്‍ തുര്‍ക്കിയിലെ ചെറുപട്ടണത്തില്‍ നടക്കുന്നത് പ്രാദേശികമായ ഒരു പട്ടാളഅട്ടിമറി മാത്രമല്ല, സ്നേഹത്തിന്റെ അട്ടിമറി കൂടിയാണ്. ഒരു അനിവാര്യത പോലെ, മഞ്ഞുവീണ് കാര്‍സിലേക്കുള്ള ഗതാഗതങ്ങള്‍ മുഴുവന്‍ നിര്‍ത്തിവയ്ക്കപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്പ് 'കാ' എന്ന കവി അവിടെ എത്തുന്നു. ഭൂതകാലത്തിന്റെ അനുഭവതീവ്രതകള്‍ നിര്‍മ്മലനാക്കി, ഒരു തീര്‍ഥാടനത്തിന്റെ മനസ്സുമായി അയാള്‍ എത്തുന്നത്, ആത്മഹത്യ ചെയ്യുന്ന ഇസ്ലാമിസ്റ്റ് അനുഭാവികളായ പെണ്‍കുട്ടികളെ കുറിച്ച് ഫീച്ചര്‍ ചെയ്യാന്‍ എന്ന ആവരണത്തിനുള്ളില്‍, തന്റെ മുന്‍കാല പ്രണയഭാജനമായ ഇപെക്കിനെ കാണാന്‍ ആണ്. തുര്‍ക്കിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് ഇപെക്കെന്നു കാ പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യം ഇല്ല. നോവലിന്റെ ഒടുവില്‍ ഒര്‍ഹാന്‍ തന്നെ ഒരു കഥാപാത്രമായി ഇപെക്കിനെ കാണാന്‍ എത്തുമ്പോള്‍, അവരുടെ സൌന്ദര്യത്തില്‍ മുഗ്ധനായി പോകുന്നുണ്ട്.

മഞ്ഞു പെയ്തുപെയ്ത് മലമുകള്‍ മൂടുമ്പോള്‍, മരവിപ്പിന്റെ ആവരണം നിഗൂഡമായ എന്തിന്റെയോ ഓര്‍മ്മപ്പെടുത്തല്‍ പോലെ കാര്‍സിനെ പൊതിഞ്ഞുനില്‍ക്കുന്ന നേരത്താണ് കാ അവിടെ എത്തുന്നത്. കഥയുടെ ആദ്യാവസാനം മഞ്ഞു പെയ്യുന്നു. പക്ഷെ ഉള്ളിലെ കത്തുന്ന നെരിപ്പോട് പതുക്കെ പതുക്കെ പ്രത്യക്ഷമാകുന്നു. നാല് തലത്തിലാണ് കാര്സിന്റെ രാഷ്ട്രീയം - സര്‍ക്കാരും, പട്ടാളവും രഹസ്യപോലിസും ഒക്കെ മുഖ്യപങ്ക് വഹിക്കുന്ന സര്‍ക്കാര്‍ മെഷിനറിയും ഒന്ന്. ഇതിന്റെ വിപരീതത്തില്‍ വിന്യസിക്കപെട്ട ഇസ്ലാമിക ഫണ്ടമെന്‍റലിസ്റ്റുകള് രണ്ട്. പഴയ കൊമ്മ്യൂണിസ്റ്റുകാര്‍ - അതിന്റെ പേരില്‍ നാടുകടത്തപ്പെട്ട് യൂറോപ്പിന്റെ തെരുവുകളില്‍ അലഞ്ഞ് ദര്‍ശനങ്ങള്‍ എല്ലാം ഉപേക്ഷിച്ച് തിരിച്ചെത്തിയ കായെപ്പോലുള്ള ലിബറലുകള്‍ മൂന്ന്. ഏത് രാഷ്ട്രീയ അട്ടിമറിയും ടെലിവിഷന് മുന്നിലും നാടകശാലയിലും ഇരുന്നു മഞ്ഞുമൂടിയ മനസ്സുമായി കണ്ടുതീര്‍ക്കുന്ന ബഹുഭൂരിപക്ഷം അവസാനത്തേത്. ഇത് കാര്‍സിനെയും തുര്‍ക്കിയെയും മാത്രം ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ ബിംബവത്കരണം അല്ല, എല്ലാ വികസ്വരരാഷ്ട്രങ്ങളുടെയും ആണ്.

കാര്‍സിന്റെ രാഷ്ട്രീയത്തിന് സമാനമായി ചിലന്തിവലപോലെ പടരുന്നു അവിടുത്തെ മനുഷ്യബന്ധങ്ങളും. വളരെ ലളിതമായ കൌമാരവാഞ്ചകളെ തിരിച്ചുപിടിക്കാനെത്തുന്ന കായെ കാത്തിരിക്കുന്നത് ബന്ധങ്ങളുടെ വിചിത്രമായ കുടുക്കുകളാണ്. ഇപെക്ക് വിവാഹമോചിതയാണെങ്കിലും, കായുടെ പഴയകാല കൂട്ടുകാരന്‍ കൂടിയായ ആദ്യഭര്‍ത്താവ് വീണ്ടും അവരെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു എന്ന് ഇപെക്ക് തന്നെയാണ് കായോട് പറയുന്നത്. ആര്‍ദ്രമായ വിമുഖതകളോടെയും എന്നാല്‍ തീക്ഷ്ണതയുടെ ഉയരങ്ങളില്‍ നിര്‍ലജ്ജവും ആയി തന്നെയാണ് ഇപെക്ക് കായെ സ്നേഹിക്കുന്നത്. അപ്പോഴും, അനുജത്തിക്ക് വേണ്ടി ഉപേക്ഷിച്ച തീവ്രവാദി നേതാവായ ബ്ലൂവിനോടുള്ള സ്നേഹത്തില്‍ നിന്നും വിടുതലിന് വേണ്ടിയാണോ താന്‍ കായെ സ്നേഹിക്കുന്നത് എന്ന സന്ദേഹം അവളിലുണ്ട്. കായുടെ സ്നേഹം എത്ര നിര്‍മലമായിരുന്നെന്നാലും അത് ബ്ലൂവിന്റെ സ്നേഹത്തോളം തീക്ഷ്ണമായിരുന്നില്ല എന്ന് പിന്നീട് ഇപെക് ഒര്‍ഹാനോട് മനസ്സ്തുറക്കുന്നുണ്ട്. അല്ലെങ്കില്‍, സ്നേഹം ആവശ്യപ്പെടുന്ന ചില വെല്ലുവിളികളെ, സമരങ്ങളെ ബ്ലൂവിനോളം സാഹസികമായി ഏറ്റെടുക്കാന്‍ കായ്ക്ക് ആയില്ലല്ലോ എന്ന്. തന്റെ ഭ്രാന്തമായ പ്രണയകാലത്തിന്റെ ഉറവിടം കരസ്ഥമാക്കാന്‍ വരുന്ന കായെ തന്നെയാണ് ബ്ലൂ ഒളിത്താവളങ്ങളില്‍ ബഹുമാനത്തോടെ സ്വീകരിക്കുന്നതും "ശുദ്ധനായ മനുഷ്യന്‍" എന്ന് വിശേഷിപ്പിക്കുന്നതും.

ഇതില്‍ അവസാനിക്കുന്നില്ല മഞ്ഞുമലയിലെ കത്തുന്ന സ്നേഹത്തിന്റെ തീ. സഹോദരിയില്‍ നിന്നും ബ്ലൂവിനെ തട്ടിപറിച്ചത്, കാദിഫിനെ സംബന്ധിച്ചിടത്തോളം സ്നേഹത്തിന്റെ അട്ടിമറിയാണ്. വലിയ ആശയപ്രതിബദ്ധതയുടെ പേരിലൊന്നും അല്ല അവള്‍ തലയില്‍ തട്ടം ധരിക്കാന്‍ തുടങ്ങിയതെങ്കിലും, നാടകം കാണാന്‍ വന്നിരിക്കുന്ന ഒരു ജനകൂട്ടത്തിനു മുന്നില്‍ അതുപേക്ഷിക്കാന്‍ തയ്യാറാവുന്നത്, കഠിനവേദനയോടെയാണെങ്കില്‍ കൂടി, ആശയത്തിനുപരിയായി നില്‍ക്കുന്നത് സ്നേഹം തന്നെ എന്ന തിരിച്ചറിവില്‍ നിന്നാവും. ഇസ്ലാമിക് വിദ്യാര്‍ഥികള്‍ ആയ നെസിപ്പും ഫാസിലും തങ്ങളുടെ ഐഡിയോളജിക്കല്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടയ്ക്കും കാദിഫിനോടുള്ള തടഞ്ഞുനിര്‍ത്താനാവാത്ത പ്രണയം ഉള്ളില്‍ പേറുന്നവര്‍ ആണ്. മഞ്ഞുപെയ്ത്തിന്റെ, രാഷ്ട്രീയ അട്ടിമറിയുടെ ഒക്കെ നടുവിലും എല്ലാ കഥാപാത്രങ്ങളും സ്നേഹത്തിന്റെ തീയുമായി നടക്കുന്നവരാകുന്നു - അതാണ്‌ കഥയുടെ ഗംഭീര്യത്തെ അനുഭവിപ്പിക്കുന്നതും.

"മനസ്സില്‍ നിര്‍മ്മലനായ" കായുടെ സ്നേഹത്തിന്റെ കൈവഴികള്‍ ഇതുമാത്രമല്ല. പ്രാപഞ്ചികമായ ഒരു സ്നേഹവീക്ഷണം ഉണ്ടാക്കിയതാണ് അയാളുടെ ശുദ്ധത. സങ്കീര്‍ണതകളുടെ അഭാവത്തില്‍ സംഭവിക്കുന്ന ഗ്രാമ്യമായ ഒരു ശുദ്ധതയെ കുറിച്ചല്ല ഇത്. കൊമ്മ്യൂണിസ്റ്റ് ആക്ടിവിസത്തിന്റെ പേരില്‍ നാട്കടത്തപെട്ടവനാണ് കാ. ആശയങ്ങളും സ്വപനങ്ങളും അതിന്റെ പ്രയോക്താക്കളും ഫ്രാങ്ക് ഫെര്‍ട്ടിന്റെ അഭയാര്‍ത്ഥിതെരുവുകളില്‍ പലവഴിക്ക് ചിതറിതെറിച്ച്‌ അസ്തമിക്കുന്നത് കണ്ടവനാണ് കാ. പിന്നെ കാര്‍സില്‍ എത്തുന്നതുവരെ കവിത വറ്റിപോകാന്‍ മാത്രം ജീവിതത്തിന്റെ മുറിവുകള്‍ പേറിയവന്‍. അയാളുടെ നിര്‍മ്മലത , കൂട്ടത്തില്‍ നിന്നും ഒരുപാട് മുന്നേ പറന്ന കിളിയുടെ നിര്‍മ്മമതയാണ്. ഇപെക്കും ബ്ലൂവും തമ്മിലുള്ള സ്നേഹത്തിന്റെ കഥ രഹസ്യപോലിസ് മേധാവി അറിയിക്കുമ്പോള്‍ കൊച്ചുകുട്ടിയെപോലെ കരഞ്ഞുകൊണ്ട്‌ ആ വൈകാരിക സമസ്യയെ അയാള്‍ക്ക് മറികടക്കാന്‍ സാധിക്കുന്നത്‌ അതുകൊണ്ടാണ്. മറ്റൊന്നും കൊണ്ടാവില്ല നെസ്സിപ് എന്ന വിദ്യാര്‍ഥിയെ ആഴത്തില്‍ സ്നേഹിക്കാന്‍ അയാള്‍ക്കാവുന്നതും. പട്ടാളഅട്ടിമറിയുടെ ഇരകളിലൊന്നായി നെസ്സിപ് മരിച്ചുകഴിഞ്ഞ് അവന്റെ കൂട്ടുകാരന്‍ അയാളെ കാണാന്‍ വരുമ്പോള്‍ അത് നെസ്സിപ് തന്നെയെന്ന ഭ്രാമാത്മകതയില്‍ എത്താന്‍ മാത്രം ആഴമുണ്ട് ആ സ്നേഹത്തിന്. അയാളെ പിന്തുടരാന്‍ നിയോഗിക്കപ്പെട്ട രഹസ്യ പോലീസിന്റെ കിങ്കരന്‍ കായുടെ സ്നേഹത്തോടൊപ്പം ചേര്‍ന്ന് അയാളുമായി സംസാരിച്ചു നടക്കുന്നു. കായുടെ ഉപാധിരഹിതമായ സ്നേഹത്തിന്റെ ഒഴുക്ക് എഴുത്തുകാരന്റെ ആത്മപ്രകാശനം കൂടിയാണ്.

ഉത്തരാധുനികനായ എഴുത്തുകാരനാണ്‌ പാമുക്‌ എന്ന് എം. മുകുന്ദന്‍ പറയുന്നുണ്ട് (മലയാള മനോരമ പത്രം). ക്ലാസിക്ക് ആഴങ്ങളുള്ള സ്നോ എന്ന നോവലിനെ മുന്‍നിര്‍ത്തി അത്തരം വര്‍ഗീകരണം സാധ്യമാണോ എന്ന് സംശയമാണ്. ഒരു പ്രസ്താവം പോലെ പറയുക നന്നല്ലെങ്കിലും, മറ്റൊരുതരത്തില്‍ ഇത് സാധ്യമാക്കുന്ന ചില ആശയപ്രകാശനങ്ങള്‍ നോവല്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ‍കാ എന്ന കവിയുടെ, അയാളുടെ കൊലപാതകം അന്വേഷിച്ചെത്തുന്ന ഒര്‍ഹാന്‍ എന്ന നോവലിസ്റ്റിന്റെ, പുതിയ മനുഷ്യന്റെ തന്നെ, ദര്‍ശനം ഇല്ലായ്മയാണ് ഇത് സാധ്യമാക്കുന്നത്. കാര്‍സില്‍ രൂക്ഷമായ രാഷ്ട്രീയഅട്ടിമറി നടന്നതിനുശേഷം കായോട് "താങ്കളുടെ വിശ്വാസം എന്താണ്?" എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്. നിശ്ശബ്ദനായിരിക്കുന്ന കായ്ക്ക് വേണ്ടി മറുപടി പറയുന്നത് അപ്പോഴേക്കും അയാളെ ഏറെക്കൂറെ മനസ്സിലാക്കിക്കഴിഞ്ഞ ഇപെക്ക് ആണ്; "കാ ഒന്നിലും വിശ്വസിക്കുന്നില്ല". ഇത് നോവലിന്റെ പൊതുസ്വഭാവം കൂടിയാണ്.

ഒരു വലിയ കഥയില്‍ മുഴുവന്‍ താന്‍ ഒപ്പം കൊണ്ടുനടന്ന നായകനെപ്പോലും കഥാകാരന്‍ അവസാനം കയ്യൊഴിയുകയാണ്. കാ ഫ്രാങ്ക് ഫെര്‍ട്ടിലെ ഒരു നിരത്തില്‍വച്ച് വെടിവച്ച് കൊല്ലപ്പെടുന്നു എന്ന് കഥയുടെ നടുവിലെത്തുമ്പോള്‍ നമ്മള്‍ വായിക്കുന്നു. അത് എന്തിന് എന്ന ചോദ്യമാണ് ബാക്കിഭാഗം വിശദീകരിക്കേണ്ടത്. കൊലപാതകത്തിന്റെ കാരണം തിരക്കിയെത്തുന്ന ഒര്‍ഹാനും അതിനുള്ള ഉത്തരവുമായല്ല മടങ്ങുന്നത്, സ്നേഹത്തിന്റെ, മനുഷ്യബന്ധത്തിന്റെ വിചിത്രപരിണാമങ്ങളുടെ മറ്റുചില മാറാപ്പുകളുമായാണ്. കാ പരാജിതനായി, ഏറെക്കൂറെ അവഹേളിതനായി ആണ് കാര്‍സില്‍ നിന്നും മടങ്ങുന്നത്. അയാള്‍ ബ്ലൂവിനെ ഒറ്റിക്കൊടുത്തിരിക്കുമോ? കാര്‍സ് മുഴുവന്‍ അങ്ങിനെ വിശ്വസിക്കുന്നു. ഒരുപക്ഷെ ഇപെക്കിനെ സ്വന്തമാക്കാന്‍ അയാള്‍ അത് ചെയ്തിരിക്കുമോ എന്ന് ഒര്‍ഹാന്‍ പോലും സംശയിക്കുന്നുണ്ട്. ഇപെക്കും ഇതേ ചോദ്യം ചോദിക്കുന്നു; "കായ്ക്ക് ആ കുറ്റബോധം ഉണ്ടായിരുന്നില്ലെങ്കില്‍ എന്തുകൊണ്ട് ഒരുതവണ പോലും എന്നെ കാണാന്‍ വന്നില്ല?" ബ്ലൂവിനോടുള്ള തീവ്രമായ സ്നേഹത്തില്‍ നിന്നും ഒളിച്ചോടാന്‍ വേണ്ടി മാത്രമാണോ ഇപെക് കായെ സ്നേഹിച്ചത്? ബ്ലൂവിന്റെ മരണത്തിനു പകരംവീട്ടാന്‍ തീവ്രവാദികള്‍ തന്നെയാവുമോ അയാളെ കൊന്നത്? ഉദ്വോഗത്തോടെ വായിച്ചവസാനിപ്പിക്കുന്ന നോവലിന്റെ ഒടുവില്‍ വായനക്കാരന് ഒരു ഉത്തരവും കിട്ടുന്നില്ല. ഏതിലെങ്കിലും ഒന്നില്‍ വിശ്വസിച്ച് സ്വസ്ഥനാവാനുള്ള പഴുതുകള്‍ എഴുത്തുകാരന്‍ കാണിച്ചു തരുന്നുമില്ല. കഥ പറഞ്ഞുകഴിഞ്ഞു; ഇനി ഈ പീഡഭൂമിയില്‍ നിന്നും നിന്റെ അനുഭവങ്ങളും എടുത്ത് ഒറ്റയ്ക്ക് പോവുക എന്നാണത്.

തന്റെ കുറിപ്പില്‍ സ്നോയെകുറിച്ച് മുകുന്ദന്‍ ഇങ്ങിനെ എഴുതുന്നു "തുര്‍ക്കിയില്‍ തലയില്‍ തട്ടം ധരിക്കുന്നത് വിലക്കുകയുണ്ടായി. അതിന്റെപേരില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ തുടരെ ആത്മഹത്യ ചെയ്യുന്നു. അതിനെ കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്യാനാണ് കാ തുര്‍ക്കിയിലെത്തുന്നത്. എന്നാല്‍ അവിടെവച്ച് തന്റെ വിദ്യാര്‍ഥി ജീവിതകാലത്തെ പ്രണയിനിയായ ഇപെക്കിനെ കാ കണ്ടുമുട്ടുന്നു. റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം തന്റെ പ്രണയിനിയെ പ്രാപിക്കാന്‍ ശ്രമിച്ചും തീവ്രവാദി സംഘടനകളുമായി അപകടമാംവിധം ഇടപെട്ടും കവിതകള്‍ എഴുതിയും അയാള്‍ സമയം പോക്കുന്നു". ഇത്രയും അബദ്ധജടിലവും നിസ്സാരവത്കരിക്കുകയും ചെയ്ത ഒരു ചുരുക്കെഴുത്ത്, ഇന്റെര്‍നെറ്റിലെ സിനോപ്സിസും എക്സ്ട്രാക്ട്സും നോക്കി നിരൂപണം ചെയ്യുമ്പോള്‍ ഉള്ള പരിമിതിയെന്ന് എഴുതിതള്ളാന്‍ ആവാത്തത്, മുകുന്ദനെപ്പോലുള്ള ഉത്തരവാദപ്പെട്ട ഒരു എഴുത്തുകാരന്‍ അത് പറയുമ്പോള്‍, നൊബേല്‍ സമ്മാന ജേതാവിനോട് മാത്രമല്ല മലയാള വായനക്കാരോട് മുഴുവനുമുള്ള അവഹേളനം ആകുന്നതുകൊണ്ടാണ്. ഇസ്താംബൂളില്‍ നിന്നും കാര്സിലേക്ക് മഞ്ഞുവീഴുന്ന മലമ്പാതയിലൂടെ കാ നടത്തുന്ന സ്വപ്നസദൃശ്യമായ യാത്രയുടെ ചിത്രീകരണത്തോടെ ആണ് നോവല്‍ ആരംഭിക്കുന്നത്. എന്ത് ഇസ്താംബൂള്‍, എന്ത് അങ്കാര, എന്ത് കാര്‍സ്..., എല്ലാം തുര്‍ക്കി തന്നെ എന്നാണെങ്കില്‍ എനിക്ക് വാദങ്ങളില്ല. വിദ്യാര്‍ഥിനികള്‍ ക്രമാതീതമായി ആത്മഹത്യയിലേക്ക് തിരിയുന്നത് കാര്‍സ് എന്ന പട്ടണത്തിലാണ്. കാ വന്നെത്തുന്നതും തന്റെ പഴയ സഹപാഠിയെ കണ്ടുമുട്ടുന്നതും കാര്‍സിലാണ്. പാമുക്‌ തന്റെ നോവലിലൂടെ അനശ്വരമാക്കിയ കാര്‍സ് എന്ന ചരിത്രപട്ടണത്തെ എഴുതിതള്ളുന്നത് വേദനാജനകമാംവിധം ക്രൂരമാണ്.

ഒരിക്കല്‍ തന്റെ ഗൂഡമായ പ്രണയത്തിന്റെ ഉറവിടം ആയിരുന്ന ഇപെക് വിവാഹമോചിതയായി കാര്‍സില്‍ കഴിയുന്നു എന്നറിയുന്നതോട് കൂടിയാണ് കാ അവിടേക്ക് യാത്രപോകാന്‍ തീരുമാനിക്കുന്നത്. ഒരുപക്ഷെ അങ്ങിനെ ഒരു വിവരം കിട്ടിയില്ലായിരുന്നുവെങ്കില്‍ അയാള്‍ ആ യാത്ര ചെയ്യുമായിരുന്നില്ല. കാര്‍സിലേക്കുള്ള യാത്രയില്‍ കായുടെ ആത്യന്തിക ലക്‌ഷ്യം ഇപെക് തന്നെയായിരുന്നു. ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളെ കുറിച്ചുള്ള ഫീച്ചര്‍ ഭൌതീകമായ ഒരു കാരണമായി അയാള്‍ കണ്ടെത്തുകയായിരുന്നു. ആയിരം പേജുള്ള ഒരു നോവലിന്റെ ആദ്യം മുതല്‍ അവസാനം വരെ നായകനും നായികയും പ്രണയിക്കുകയും, ഒരിക്കല്‍ പോലും തൊടാതിരിക്കാനുള്ള പ്ലാറ്റോണിക് ഷണ്ടത്വം പ്രകടിപ്പിക്കുകയും ചെയ്യുന്നതിന്റെ വായനാസുഖം മലയാളിയുടെ ജനിതകദുര്‍ഗുണം മാത്രമാവും. കായെ സംബന്ധിച്ചിടത്തോളം ഇപെക്കുമായുള്ള ഇണചേരലുകള് "സമയം പോക്ക"ല്ല, അതിതീക്ഷ്ണം ആയ പ്രണയത്തിന്റെ പ്രകാശനം ആണ്. അയാളുടെ ജീവിതത്തോളം തന്നെ ആഴംവരും അതിന്.

മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതയ്ക്കപ്പുറം ഒരുപാട് സോഷ്യോ - പൊളിറ്റിക്കല്‍ മാനങ്ങളുള്ള ഒരു നോവല്‍ അതീത വായനയുടെ തലങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഇവിടെ ഇപെക് ഒരു രാഷ്ട്രമാണ്. അകലെയിരുന്നു ഒരാള്‍ തീവ്രമായി അഭിലഷിക്കുന്ന തന്റെ ദേശം. വീണ്ടും വീണ്ടും കടന്നുവരുന്ന ഇപെക്കിന്റെ സൌന്ദര്യത്തെ കുറിച്ചുള്ള സൂചനകള്‍, ദേശാഭിവാഞ്ചയുടെ വെളിപ്പെടുത്തലാണ്. കായും പിന്നീട് ഒര്‍ഹാനും ഇപെക്കിനെ കാണുമ്പോള്‍ ആദ്യം ശ്രദ്ധിക്കുന്നത്, വസ്ത്രത്തിനു മുകളില്‍ അവള്‍ ഉപയോഗിക്കുന്ന ഒരു അരപ്പട്ടയാണ്. പഴയ ഫാഷനില്‍ ഉള്ളതാണത്. എന്തുകൊണ്ടാവും ഇപെക് ഇപ്പോഴും അതുപയോഗിക്കുന്നത്. സമകാലത്തും രാഷ്ട്രം ചരിത്രത്തിന്റെ ചില അവശിഷ്ടങ്ങള്‍ ഉടുത്തുകൊണ്ടിരിക്കുന്നു എന്നതിനല്ലെങ്കില്‍ ഈ സൂചനയ്ക്ക് പാഠത്തില്‍ സാംഗത്യമില്ല. കായെപ്പോലെ സ്നേഹത്തെ സ്വത്വം ആക്കിയ ഒരാള്‍ക്ക്‌ തന്റെ സാംസ്കാരികഭൂമികയില്‍ ഇണചേരലോളം ആഴത്തില്‍ അര്‍പ്പിക്കാതെ മടക്കയാത്ര അസാധ്യമാണ്. പക്ഷെ ദേശത്തെ പൂര്‍ണ്ണമായും എടുത്തുള്ള പോക്ക് സ്നേഹത്താല്‍ തന്നെ തകര്‍ക്കപ്പെടുകയും ചെയ്യുന്നു എന്ന് അവസാനം നമ്മള്‍ അറിയുന്നുണ്ട്. ഇപെക്കില്ലാതെ ജെര്‍മനിയില്‍ തിരിച്ചെത്തുന്ന കാ തന്റെ എലിപ്പത്തായം പോലുള്ള മുറിയിലിരുന്ന് അഭിരമിക്കുന്നത് അവളുടെ രൂപസാദൃശ്യമുള്ള ഒരു നടിയുടെ നീലച്ചിത്രങ്ങളിലാണ്. പ്രവാസിയുടെ ദേശാഭിനിവേശത്തിന്റെ ദയനീയതയും നിസ്സഹായതയും ഇതിനേക്കാള്‍ നന്നായി എങ്ങിനെ ധ്വനിപ്പിക്കാനാവും.

ഒരുപാട് താളുകളുള്ള ഈ പുസ്തകം രസച്ചരട് മുറിയാതെ വായിച്ചവസാനിപ്പിക്കുമ്പോള്‍, എന്നാലും മാര്‍ക്കേസിന്റെ ഒരു ചെറുകഥയോ ജിബ്രാന്റെ ഒരു കവിതയോ അനുഭവവേദ്യമാക്കിയ സാഫല്യം കിട്ടിയില്ലല്ലോ എന്ന വേദന ബാക്കിയാവുക തന്നെ ചെയ്യും.

രണ്ടിടങ്ങഴി

പുസ്തകം : രണ്ടിടങ്ങഴി
രചയിതാവ് : തകഴി ശിവശങ്കരപ്പിള്ള
പ്രസാധകര്‍ : ഡി.സി. ബുക്സ്
അവലോകനം : ഗിരീഷ് വര്‍മ്മ ബാലുശ്ശേരി



പഴയകാല എഴുത്തുകാര്‍ സമൂഹത്തില്‍ ഇടപെടുകയും അനീതിക്കെതിരെ തൂലിക ചലിപ്പിക്കുകയും ചെയ്തതിനു തെളിവ് എത്ര വേണമെങ്കിലുമുണ്ട് മലയാള സാഹിത്യത്തില്‍. അക്കാലത്തെ രചനകള്‍ പലതും പരിശോധിച്ചാല്‍ ആ കാലഘട്ടത്തിലെ ചരിത്രം കൂടിയായി അതു മാറുന്നു. ചരിത്രം എന്നത് ചില കൂലിയെഴുത്തുകാരുടെ നുണയന്‍ സാഹിത്യമായി പരിണമിക്കുമ്പോള്‍ ശക്തമായ നോവലുകള്‍ നേരിന്റെ പക്ഷത്തു നിലനിന്നുകൊണ്ട് അനീതിയെ എതിര്‍ക്കുന്നുണ്ട്. അത്തരം പുസ്തകങ്ങള്‍ എക്കാലത്തേക്കുമായി തെളിച്ചു വച്ച വിളക്കായി മാറുന്നു. പുസ്തകങ്ങള്‍ വായിക്കപ്പെടണം. വായിക്കപ്പെടാതെ ചിതലരിച്ച്‌ അലമാരകളില്‍ വിശ്രമിക്കുന്ന ഒരുപാട് കൃതികള്‍ കാലങ്ങളുടെ മിടിപ്പുകള്‍ അറിയാതെ വിസ്മൃതിയില്‍ ആണ്ട് പോവാറുണ്ട്. വായനക്കാരനിലേക്ക് എത്തപെടാതെ ഇരുളില്‍ ഒടുങ്ങിപോയവ. വിലപ്പെട്ട പുസ്തകങ്ങള്‍ക്കും ചിലപ്പോള്‍ ഈ ഗതി വരാറുണ്ട്. കൃതികള്‍ വായനാക്കാരനില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ അത് കാലങ്ങളിലൂടെ നീങ്ങികൊണ്ടെയിരിക്കും. പുസ്തകങ്ങളുടെ കര്‍ത്താവോ അതിന്റെ പകിട്ടോ , മാത്രം അല്ല വിലയായി നിര്‍ണയിക്കപ്പെടുന്നത്, ഉള്‍ക്കാമ്പ് . കാമ്പില്ലാത്ത രചനകള്‍ വായനക്കാരന്‍ നിഷ്കരുണം തള്ളിക്കളയും. അല്ലാത്തവ എന്നും തിളക്കമേറി നിലകൊള്ളും. ഏതൊരു കൃതിയിലും വായനക്കാര്‍ ഉണ്ടാവണം. ആരാണോ വായിക്കുന്നത് അവന്റെതായ പ്രശ്നങ്ങള്‍ അതു ചര്‍ച്ച ചെയ്യുകയോ അവനു വേണ്ടി വാദിക്കുകയോ ചെയ്യുന്നിടത്താണ് ആ കൃതിയുടെ വിജയം. പുതുകാലത്തെ പല രചനകളും പരിശോധിച്ചാല്‍ അത്തരം ജീവിതം കണ്ടേക്കില്ല. പുതുകാലത്ത് കൃതികള്‍ വായനക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്.
തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവലില്‍ വായനക്കാരുണ്ടോ? ഉണ്ട്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെ രേഖപ്പെടുത്തുന്നുണ്ടോ? ഉണ്ട്. . ബൃഹത്തായ ഒരു നോവല്‍ , കയര്‍ , എഴുതി ചരിത്രം സൃഷ്ടിച്ച തകഴിയില്‍ നിന്ന് ചെറിയ ഒരു നോവല്‍. ഉള്ളടക്കം ആണല്ലോ പ്രാധാനം. ജീവനും, ജീവിതവും ,രാഷ്ട്രീയവും കലരുമ്പോള്‍ രണ്ടിടങ്ങഴി തന്നെ മുന്നിട്ടുനില്‍ക്കുന്നു. സ്വജീവിതത്തില്‍ നിന്ന് പകര്‍ത്തിയ ഒരേട്‌.

ആദ്യകാലത്തെ മലയാള നോവല്‍ സാഹിത്യത്തെ രണ്ടോ മൂന്നോ വിഭാഗമായി തിരിച്ച് നിര്‍ത്താന്‍ കഴിയും. പുരാതന ചരിത്ര സംഭവങ്ങളില്‍ നിന്നും ഊറ്റം കൊണ്ടും, ചരിത്ര പുരുഷന്മാരുടെ വീരത്വം, അവരുടെ മാനസികാവസ്ഥ മുതലായവ വരച്ചു കാട്ടിയും നോവല്‍ വിഭാഗത്തിനു കനപ്പെട്ട പുസ്തകങ്ങള്‍ സമ്മാനിക്കുന്ന ഒരു വിഭാഗം. ഇതില്‍ കൂടെ പഴയകാല ജീവിത സംസ്കാരങ്ങളെപ്പറ്റിയുള്ള ഒരു പഠനം എന്ന നിലയ്ക്ക് സ്വാഗതാര്‍ഹമാണ്‌ . അതും അറിഞ്ഞിരിക്കേണ്ടത് തന്നെ. എന്നാലും കുറേക്കാലത്തേക്ക് വര്‍ത്തമാന കാലത്തെ സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളിലേക്ക് കടക്കുവാന്‍ പലരും വിമുഖത കാട്ടിയിരുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . ദേവ് , തകഴി, വര്‍ക്കി, ഉറൂബ്, ബഷീര്‍, കാരൂര്‍, തുടങ്ങിയവരുടെ കാലം വന്നപ്പോള്‍ അവര്‍ സമൂഹത്തിലെ പല കള്ളത്തരങ്ങളെയും സത്യം ചോര്‍ന്നു പോകാതെ സാഹിത്യ ഭാഷയിലൂടെ അനുവാചകര്‍ക്കു സമര്‍പ്പിച്ചു കൊണ്ടിരുന്നു. ഇവരാണ് രണ്ടാമത്തെ വിഭാഗത്തിന്റെ വക്താക്കള്‍ . മൂന്നാമതായി ,വാക്കുകളിലൂടെ വായനക്കാരെ അവരുടെ ഐഹിക ജീവിത ബോധത്തില്‍ നിന്നും മറ്റൊരു ലോകത്തേക്ക്, ഒരു സ്വപ്നാടനം പോലെ , മെല്ലെ മെല്ലെ നയിച്ച്‌ കൊണ്ട് പോവുന്നവര്‍. അവയില്‍ ജീവിത യാഥാര്‍ത്യങ്ങള്‍ ഭാവ തീവ്രതയോടെ മേളിക്കുന്നുണ്ടെങ്കിലും രണ്ടാമത്തെ വിഭാഗത്തില്‍ സമൂഹം കേന്ദ്രഘടകമാകുമ്പോള്‍ മൂന്നാമത്തെ വിഭാഗത്തില്‍ മനസ്സാവുന്നു മുഖ്യഘടകം. എം ടി വാസുദേവന്‍ നായര്‍ , മാധവിക്കുട്ടി എന്നിവരെ ഈ വിഭാഗത്തില്‍ പെടുത്താവുന്നതാണ്.

രണ്ടാമത്തെ വിഭാഗത്തെ തന്നെ പിന്നെയും രണ്ടായി ഭാഗിക്കാം . അതായത് സമൂഹത്തിലെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്നവരും, യാതന അനുഭവിക്കുന്നവരുമായ ആ ഭൂരിപക്ഷത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഒരു വ്യക്തിയുടെ ജീവിതത്തിലൂടെയും, വെറും വൈയക്തിക ദുഃഖത്തിലേക്കും മാത്രം മുഖം തിരിക്കുന്ന ഒരു വിഭാഗം. സമൂഹം എന്ന മുഖ്യധാരയില്‍ നിന്ന് അതിലെ കഥാപാത്രങ്ങള്‍ അകറ്റപ്പെടുന്നത് ശരിക്കും വ്യക്തമാവും. വൈരുധ്യങ്ങളോട് സ്വയം ഏറ്റുമുട്ടുന്ന ആ കഥാപാത്രം അതിന്റെ ലാഭം തന്റെ കുടുംബത്തിനപ്പുറം സമൂഹത്തിനു എന്ന് നിനയ്ക്കാന്‍ മിനക്കടാറില്ല. ഓടയില്‍ നിന്നിലെ പപ്പു എന്ന കഥാപാത്രം ഒരുദാഹരണമാണ്‌ .ഇതിലൂടെ കുറെയൊക്കെ വൈരുദ്ധ്യാധിഷ്ടിത സമൂഹത്തെ ദര്‍ശിക്കാന്‍ കഴിഞ്ഞേക്കും എന്നുമാത്രം.

അതില്‍ തന്നെ രണ്ടാമത്തെ വിഭാഗത്തെപ്പറ്റി നോക്കാം. ഈ വിഭാഗത്തില്‍പ്പെടുന്ന നോവലുകളിലെ മുഖ്യകഥാപാത്രം വൈരുദ്ധ്യാധിഷ്ടിത സമൂഹം തന്നെയായിരിക്കും. അതിനെ തങ്ങള്‍ക്കു ജീവിക്കാന്‍ പാകത്തില്‍ മാറ്റി മറിക്കാന്‍ വേണ്ടി പൊരുതുന്ന കഥാപാത്രങ്ങള്‍. കലാപരമായും മാര്‍ക്സിയന്‍ ദര്‍ശനം ഉള്‍കൊണ്ട അനുഗ്രഹീത കലാകാരന്മാരുടെ അതുല്ല്യ സൃഷ്ടികളായി അവ മാറുന്നു. വിപ്ലവ പ്രസ്ഥാനങ്ങളുടെ ത്വരിതഗതിക്ക് ഊക്കു കൂട്ടുന്ന ഒരു കലാകാരന്റെ കടമ ഇതിലൂടെ നിര്‍വഹിക്കപ്പെടുന്നു. തെറ്റിധാരണകള്‍ മൂലം ഇവരില്‍ ചിലര്‍ വിരുദ്ധ പക്ഷക്കാരായി മാറിയിട്ടുണ്ടെങ്കിലും അവരിലെ ആദ്യകാലത്തെ ആ വിപ്ലവമനസ്സിനെ കാണാതെ വയ്യ. ഇത്രയും ആമുഖമായി പറഞ്ഞു കൊണ്ട് രണ്ടിടങ്ങഴിയിലൂടെ സഞ്ചരിക്കട്ടെ...

രണ്ടിടങ്ങഴി എന്ന നോവലിനെ രണ്ടാമത്തെ വിഭാഗത്തിലെ, രണ്ടാമത്തെ ഉപവിഭാഗത്തില്‍ പെടുത്താവുന്നതാണ് . മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രം ഇന്ത്യയില്‍ ശക്തിപ്രാപിച്ചുയരുന്ന കാലം . അക്കാലത്ത് ആ സന്ദേശങ്ങള്‍ കടന്നു ചെന്നിട്ടില്ലാത്ത കുട്ടനാട് ആണ് ഇതിലെ പശ്ചാത്തലം . പ്രത്യയ ശാസ്ത്രത്തിന്റെ ബാലപാഠം പോലും പഠിക്കാതെ തന്നെ തനിക്കു ചുറ്റിനും നടക്കുന്ന ചൂഷക വര്‍ഗ്ഗത്തിന്റെ വിളയാട്ടം കണ്ട് സ്വയം തിരിച്ചറിവ് നേടുകയാണ്‌ കോരന്‍ . പടിപടിയായി അവനില്‍ വര്‍ഗ്ഗ ബോധം കൈകൊള്ളുന്നതും, കര്‍ഷകരില്‍ ആകമാനം വര്‍ഗബോധം ഉണര്‍ത്തുന്നതും , പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതും എല്ലാം യഥാതഥം വിവരിച്ചിട്ടുണ്ട്. ജന്മിയായ പുഷ്പവേലില്‍ ഔസേപ്പിന്റെ ഓണപ്പണിക്കാരന്‍ ആണ് കോരന്‍ . ജന്മിയുടെ നിലത്താണെങ്കിലും, നിലം പാകപെടുത്തി, വളമിറക്കി, വിത്തിറക്കി, കൊയ്യാന്‍ പാകമാക്കി ഒടുവില്‍ കൊയ്ത്തു നേരത്ത് ഒരു കറ്റ, കള്ള് കുടിക്കാന്‍ വേണ്ടി എടുത്തപ്പോള്‍ ജന്മിയുടെ ആജ്ഞ കാരണം കോരന് അത് തിരികെ വെയ്കേണ്ടി വന്നു . അപ്പോഴാണ്‌ ആ നടുക്കുന്ന യാഥാര്‍ത്ഥ്യം കോരന് വെളിപ്പെടുന്നത്. അധ്വാനം മാത്രം തന്റെതും, ഫലം അനുഭവിക്കേണ്ടത് ജന്മിയാണെന്നും. അത് ഒരു തിരിച്ചറിവായിരുന്നു. അത് അവനെ തളര്‍ത്തിക്കളഞ്ഞു . അവിടെ നിന്നാണ് അവന്‍ ഒരു 'ധിക്കാരി' യായി മാറുന്നത്. അത് അവനില്‍ വളര്‍ന്ന് വളര്‍ന്ന്, കൂലി നെല്ലായി കൊടുക്കാതെ പൂഴ്ത്തിവെച്ച ജന്മിയോടു കൂലി നെല്ല് മതി എന്ന് കയര്‍ത്തു സംസാരിക്കുന്നിടത്തേക്കും ,രാത്രിയില്‍ അധിക വിലയ്ക്ക് കരിഞ്ചന്തയില്‍, തോണിയില്‍ കടത്തുന്ന നെല്ലിന്‍ ചാക്കുകള്‍ പിടിക്കുന്നിടത്തേക്കും , ഒടുവില്‍ തീര്‍ത്തും ഒരു പ്രക്ഷോഭകാരിയായി മാറുന്നിടത്തേക്കും വരെ അത് ചെന്നെത്തിക്കുന്നു .

ഇതില്‍ കോരന്റെ കുടുംബ പശ്ചാത്തലം വളരെ പ്രാധാന്യമുള്ളതാണ് . ഏറ്റവും വികാരവത്തായ ഒരു സംഭവമുണ്ട്. വൃത്തിയായി നടക്കുന്ന പുലയിപ്പെണ്ണിനെ വലയിട്ട്, കാവല്‍ മാടങ്ങള്‍ക്കരുകിലും, ആളൊഴിഞ്ഞ ഇടവഴികളിലും , കുറ്റിക്കാടുകളിലും ഒക്കെ ഒളിഞ്ഞിരിക്കുന്ന ജന്മിപുത്രന്മാരില്‍ നിന്ന് രക്ഷ പ്രാപിക്കാന്‍ വേണ്ടി കോരന്റെ പെണ്ണ് "ഏന് ഒന്ന് പെറണം " എന്ന് കോരനോട് പറയുന്ന രംഗമുണ്ട്. "ഏനെ ഒന്ന് പെറീച്ച് തരണേ" എന്ന് പ്രാര്‍ത്ഥിച്ച് പോവുന്നുണ്ട് ആ പാവം പെണ്ണ്. ഒന്ന് പെറ്റു കഴിഞ്ഞ പെണ്ണിനെ തമ്പ്രാക്കന്മാര് നോക്കില്ല എന്ന് അവളുടെ കൂട്ടുകാരി പറഞ്ഞു കൊടുക്കുന്നുണ്ട്. മാനം കാത്തു രക്ഷിക്കാന്‍ ഒരു കര്‍ഷക സ്ത്രീ അക്കാലത്ത് അനുഭവിക്കേണ്ടി വരുന്ന യാതനകളുടെ ആകെത്തുക ഈ ഒറ്റ സംഭവത്തിലൂടെ കാണാം.

കോരന്റെ അന്തര്‍ സംഘര്‍ഷത്തില്‍ നിന്ന് ജന്മംകൊണ്ട ചില വാചകങ്ങളെ കൂടെ ഒന്ന് പരിചയപ്പെടാം.
--നീ കേള് ,ഈ യൂണിയനില് ചേര്‍ന്നാല് അതിനുവേണ്ടി നടന്നാല്, വല്യ അപകടമൊക്കെ വരും. ചെലപ്പം ചാകും, ജേലീപ്പോകും,അതൊക്കെ തീര്‍ച്ചപ്പെടുത്തി വരികാ. തന്തേം തള്ളേം വേണ്ടപ്പെട്ടവരേം എല്ലാം പെണക്കി ഒരു പെണ്ണിനേം കൊണ്ടുപോന്നു. അത് ഒരു തെറ്റ്. കാലില് ഒരു കെട്ട് വീണപോലെ തോന്നുന്നു--
താന്‍ പുറപ്പെട്ടിരിക്കുന്ന വഴിക്ക് യാതൊരു തടസ്സവും ഉണ്ടായിപോവരുതെന്നു കോരന് നിര്‍ബന്ധമുണ്ടായിരുന്നു. സാമൂഹ്യമാറ്റങ്ങള്‍ക്ക്‌ വേണ്ടി തന്റെ അക്ഷീണവും സുധീരവുമായ പ്രയത്നത്തിന്നിടയില്‍ ഭാര്യ പോലും ഒരു തടസ്സമായി കോരന് തോന്നുന്നു. താനും അവളുമായി കൊളുത്തി നില്‍ക്കുന്ന ആ ഉറച്ച ഹൃദയബന്ധം പോലും വിപ്ലവപാതയില്‍ ഒരു തടസ്സമായി അവനു തോന്നിപോകുന്നു.
- ഏന്‍ നിന്നേ കെട്ടണ്ടായിരുന്നു-
എന്ന് പറയുന്നിടത്ത് കോരന്റെ മനോവേദന പൊട്ടിപോവുന്നുണ്ട് . മലയാള നോവല്‍ സാഹിത്യത്തില്‍ ഈ കഥാപാത്രം ഒരുജ്വല സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
ഈ നോവലിന്റെ മറ്റൊരു പ്രത്യേകത, അതിന്റെ കാലിക പ്രാധാന്യമാണ്. ഇപ്പോള്‍ കുട്ടനാടന്‍ വയലേലകള്‍ ശാന്തമാണെങ്കിലും, നമ്മുടെ ഇന്ത്യ തീര്‍ത്തും ശാന്തമായിട്ടില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഗ്രാമത്തലവന്റെയും, ജന്മികളുടെയും,ഇന്ത്യന്‍ ഭരണകൂടത്തിന്റെയും കീഴില്‍ നരകിക്കുന്ന ജനവിഭാഗങ്ങളുണ്ട് . കൂടുതല്‍ കൂലിക്കും, ഭക്ഷണത്തിനും വേണ്ടി പോലും ഇപ്പോഴും സമരം നടത്തേണ്ടുന്നവര്‍ . അവരുടെ , കര്‍ഷകരുടെ മൊത്തത്തിലും, ആവശ്യങ്ങളുടെ നീണ്ട പട്ടികകള്‍ ഇവിടുത്തെ വ്യവസ്ഥാപിത കടും നിയമത്തിന്റെ നൂലിഴകളില്‍ കുടുങ്ങി കിടക്കുകയാണ്. ഇവിടെയാണ്‌ ഈ നോവലിന്റെ വര്‍ത്തമാന മഹിമ കിടക്കുന്നത്. ഇതിന്റെ അവസാനം കോരന്റെ മകന്‍ തന്റെ കൈ ഉയര്‍ത്തി വിളിച്ചു പറയുന്നുണ്ട്.
-- കൃഷിഭൂമി കര്‍ഷകര്‍ക്ക് - എന്ന് .
അവിടെ നോവല്‍ അവസാനിക്കുന്നുണ്ടെങ്കിലും ഈ വാക്കുകളിലൂടെ നോവല്‍ അതിന്റെ തുടര്‍ച്ച വിളിച്ചറിയിക്കുന്നുണ്ട് താനും. ഇരുണ്ട കാലത്തിലേക്ക് വെളിച്ചം ചൊരിഞ്ഞു കൊണ്ട് പുനര്‍വായന ആവശ്യപ്പെട്ടു കൊണ്ട് രണ്ടിടങ്ങഴി.

Saturday, September 22, 2012

സ്‌ത്രീരോഗം: പ്രശ്‌നങ്ങളും പ്രതിവിധികളും


പുസ്തകം : സ്‌ത്രീരോഗം: പ്രശ്‌നങ്ങളും പ്രതിവിധികളും
എഡിറ്റര്‍ : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
പ്രസാധകര്‍ : ഒലിവ്‌,കോഴിക്കോട്‌
അവലോകനം : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍



സ്‌ത്രീരോഗം: പ്രശ്‌നങ്ങളും പ്രതിവിധികളും എന്ന പുസ്തകം സ്‌ത്രീകള്‍ അഭിമുഖീകരിക്കുന്ന രോഗങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും പ്രമുഖരായ ഡോക്‌ടര്‍മാര്‍ തങ്ങളുടെ പഠനത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്. രോഗങ്ങളെ തടയാനും ചികിത്സിക്കാനും ഓരോ സ്‌ത്രീയും എങ്ങനെയെല്ലാം തയ്യാറെടുക്കണമെന്ന്‌ വ്യക്തമാക്കുന്ന പുസ്‌തകം. ആരോഗ്യപൂര്‍ണ്ണവും സൗന്ദര്യപരവുമായ ജീവിതത്തിന്‌ ഈ പുസ്‌തകം സഹായകമാകുമെന്ന് കരുതുന്നു. (വില-70 രൂപ)

Wednesday, September 19, 2012

ZERO DIAL The Dangerous World Of Informers

പുസ്തകം : ZERO DIAL The Dangerous World Of Informers
രചയിതാവ് : ജ്യോതിര്‍മയീ ഡെ (Jyotirmoy Dey)

പ്രസാധകര്‍ : ജൈകോ ബുക്ക്സ്

അവലോകനം : മുല്ല





മാന്റര്‍”
“ യെസ് ബോസ്”
“ കുച്ച് ഖാസ് ഖബര്‍ ഹേം.”
“ ഓകെ. ഹോട്ടല്‍ ആഷ അറ്റ് ഘാട്ട്ക്കൂപ്പര്‍. പാഞ്ച് മിനുട്ട്..”

ചീറിപാഞ്ഞു വന്ന ബൈക്ക് ഹോട്ടല്‍ ആഷയുടെ മുന്നില്‍ പാര്‍ക്ക് ചെയ്ത് അല്പസമയം പരിസരം നിരീക്ഷിച്ച അയാള്‍ അകത്തേക്ക് കയറി. ഹോട്ടലിനകത്തേക്കും പുറത്തേക്കും പോകുന്ന ആളുകളെ
കാണുന്ന തരത്തില്‍ അയാളൊരു മൂലയിലെ കസേരയിലിരുന്നു. മധുരമില്ലാത്ത ചായ മെല്ലെ മൊത്തി അങ്ങനെയിരിക്കെ പെട്ടെന്ന് പതുക്കെ സംസാരിച്ച് രണ്ടപരിചിതര്‍ അകത്തേക്ക് കടന്നു വരുന്നത് അയാള്‍ കണ്‍കോണുകള്‍ക്കിടയിലൂടെ കണ്ടു. അവര്‍ക്ക് പിന്നാലെ ഹോട്ടലിലേക്ക് കടന്നു വന്ന മനുഷ്യന്‍ , ഒരു മാത്ര അയാളെ നോക്കി കണ്ണുചിമ്മി. കുടിച്ചിരുന്ന ചായ മുഴുവനാക്കാതെ അയാള്‍ പുറത്തിറങ്ങി ഗലിയിലെ തിരക്കിലേക്ക് ബൈക്കില്‍ കുതിച്ചു.

മുകളില്‍ വായിച്ചത് ഒരു സൂപ്പര്‍താര ചിത്രത്തിലെ കിടിലന്‍ രംഗമൊന്നുമല്ല. ഇക്കഴിഞ്ഞ ജൂണ്‍ 11 നു വേടിയേറ്റ് കൊല്ലപ്പെടുന്നത് വരെയുള്ള ജെ ഡെയുടെ (J .Dey ) ജീവിതത്തിലെ എന്നത്തേയും ഒരു ദിവസം ! ജെ ഡേ എന്ന ജ്യോതിര്‍മയീ ഡെ ( Jyotirmoy Dey ). ഇന്ത്യ കണ്ട മികച്ച ക്രൈം റിപ്പോര്‍ട്ടര്‍. കമാന്‍ഡര്‍, എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. MID DAY യുടെ ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്റര്‍. വിവരങ്ങള്‍ ചോര്‍ത്താനും പരിസരം നിരീക്ഷിച്ച് കാര്യങ്ങള്‍ ഗ്രഹിക്കുവാനുമുള്ള ജന്മവാസന അദ്ദേഹത്തെ ക്രൈം റിപ്പോര്‍ട്ടിങ്ങ് രംഗത്തെ അതികായനാക്കി. പകല്‍ സമയത്ത് തന്റെ പത്രസ്ഥാപനത്തിലിരുന്നും രാ‍ത്രി മുംബൈയിലെ ഗലികളില്‍ അലഞ്ഞു നടന്നും ജെഡെ തന്റെ കര്‍മ്മരംഗത്തെ സജീവമാക്കി.

ഒരേസമയത്ത് പോലീസുകാരുമായും ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥരുമായും അതുപോലെ അധോലോകക്കാരുടേയും സൂഹൃത്തായിരുന്നു അദ്ദേഹം. അധോലോകക്കാരുടെ സ്ഥിരം താവളങ്ങളായ ഹോട്ടലുകളിലും ഗല്ലികളിലും ക്ഷമയോടെ ആരുടെ കണ്ണിലും പെടാതെ ചുറ്റിക്കറങ്ങി കാര്യങ്ങള്‍ നിരീക്ഷിച്ചറിയാനുള്ള ജെഡെ യുടെ കഴിവ് അപാരമായിരുന്നു. താനറിഞ്ഞ വിവരങ്ങള്‍ ശരിയാണോന്നറിയാന്‍ അധോലോകത്തെ ചാരന്മാരെ വിളിച്ച് ഉറപ്പ് വരുത്തുക ,അതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇവരുമായി (informers) വളരെ അടുത്ത സൌഹൃദമുണ്ടായിരുന്നു അദ്ദേഹത്തിനു. ദാവൂദിന്റേയും ഛോട്ടാരാജന്റേയും ആളുകളുമായും ജെഡെ ബന്ധം പുലര്‍ത്തിയിരുന്നുവത്രെ. ഈയിടെ അധോലോകത്തെ ഓയില്‍ മാഫിയ പറ്റിയും അതിനു പിന്നിലെ നിഗൂഡതകളിലേക്കും വെളിച്ചം വീശാനുതകുന്ന ഒരു പുസ്തകത്തിന്റെ രചനയിലായിരുന്നു അദ്ദേഹം. അതാണൊ അദ്ദേഹത്തിന്റെ കൊലക്ക് നിദാനം എന്നത് ഇപ്പോഴും അജ്ഞാതം.


തന്റെ രീതികളിലും ഭാവങ്ങളിലും വല്ലാത്ത നിഗൂഡത കാത്തുസൂക്ഷിച്ചിരുന്നു ജെഡെ. മൊബൈല്‍ ഫോണില്‍ ആരുടെ പേരും സേവ് ചെയ്യാറില്ല,.എല്ലാം കോഡുകള്‍. ചാരന്മാരെ സ്വന്തം ഫോണില്‍ നിന്നും വിളിക്കില്ല,പുറത്തെ പബ്ലിക് ബൂത്തില്‍ നിന്നേ സംസാരിക്കൂ.ചിലപ്പോള്‍ പെണ്‍ശബ്ദത്തിലാകും സംസാരം. കാണാമെന്ന് പറഞ്ഞുറപ്പിച്ച സ്ഥലം അവസാന നിമിഷം മാറ്റിപ്പറയും. അക്രമണമുണ്ടായാല്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ പാകത്തില്‍ ബൈക്കെപ്പോഴും റോഡിലേക്ക് തിരിച്ചേ വെക്കൂ.. ഇത്രയധികം മുന്‍ കരുതല്‍ എടുത്തിട്ടും ഇക്കഴിഞ്ഞ ജൂണ്‍ 11 നു മലയാളിയായ ഷാര്‍പ്പ് ഷൂട്ടര്‍ സതീഷ് കാലിയയും സംഘവും അദ്ദേഹത്തെ വെടിവച്ചു കൊന്നു. .32 റിവോള്‍വറില്‍ നിന്നും ചീറിപ്പാഞ്ഞ അഞ്ചു വെടിയുണ്ടകളായിരുന്നു ശരീരം തുളച്ച് അപ്പുറം കടന്നത്. ആര്‍ക്ക് വേണ്ടിയാണു അവരിത് ചെയ്തതെന്ന് ഇന്നും അറിയില്ല. കേസ് നടക്കുന്നേയുള്ളു. ഛോട്ടാരാജന്‍ തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറയുന്നു. തന്നെ കൊലപാതകത്തിനു പ്രേരിപ്പിച്ചത് ജെഡയുടെ സഹപ്രവര്‍ത്തകയായ ജിഗ്ന വോറയാണെന്നാണു രാജന്‍ അവകാശപ്പെടുന്നത്. അതെന്തായാലും ജെഡെയെ കൊലയാളികള്‍ക്ക് കാണിച്ചു കൊടുത്തതും അദ്ദെഹത്തിന്റെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മൊബൈലില്‍ പകര്‍ത്തി കൊലയാളികള്‍ക്ക് കൈമാറിയതും ജിഗ്നയാണു. അധോലോകത്തിന്റെ ഇടനിലക്കാരിയാണു ഇവരെന്നാണു സൂചനകള്‍. സമൂഹത്തിലെ ഉന്നത്നമാരുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ അവര്‍ ആശ്രയിച്ചിരുന്നത് അധോലോകത്തെ വിവര സ്രോതാസ്സുകളെയായിരുന്നു,
(സീറൊ ഡയലുകള്‍) .ഇങ്ങനെയുള്ള ഒരു വിവരസ്രോതസ്സായിരുന്ന ഫരീദ് താനാശയെ; (ഛോട്ടാ രാജന്റെ ബന്ധുവും വലം കൈയുമായിരുന്നു അയാള്‍,) ചൊല്ലിയുള്ള തര്‍ക്കമാണു ജെഡെക്കെതിരെ നീങ്ങാന്‍ ജിഗ്നയെ പ്രേരിപ്പിച്ചതെന്നാണു വര്‍ത്തമാനം,സത്യം കോടതി തെളിയിക്കട്ടെ.

ഇതയും പറഞ്ഞത് എഴുത്തുകാരനെ പറ്റി ഒരുള്‍ക്കാഴ്ച്ച ഉണ്ടാകാനാണു. ജെഡെ യുടെ പുതിയ പുസ്തകത്തെ പറ്റി പറയുമ്പോള്‍ എഴുത്തുകാരനെ പറ്റി അറിയണം. എന്നാലേ ആ എഴുത്തിന്റെ ശൈലി, സത്യം എന്നിവ നമുക്കനുഭവഭേദ്യമാകൂ. വെറുതെ വായിച്ചു പോകാവുന്ന ഒരു പുസ്തകമല്ല ഇത്. പലപ്പോഴും വിക്കിയെ ആശ്രയിക്കേണ്ടി വന്നു. പുസ്തകത്തില്‍ പറഞ്ഞ ആളുകള്‍ ,അവരുടെ മുന്‍ കാലജീവിതം ഒക്കെ അറിയാന്‍. അങ്ങനെ നോക്കുമ്പോള്‍ സാധാരണ ഒരു നോവലോ കഥയോ വായിക്കുന്ന ലാഘവത്തോടെ വായിക്കാന്‍ ആവില്ല ഇത്. അതൊരു പക്ഷെ അദ്ദേഹത്തിന്റെ എഴുത്തിന്റെ രീതി കൊണ്ട് കൂടിയാകാം. ഒരു തരം റിപ്പോര്‍ട്ടിങ്ങ് ശൈലി. നമുക്ക് പരിചയമില്ലാത്ത , അറിയാത്ത ഒരു ലോകമാണു ജെ ഡെ നമുക്ക് മുന്‍പില്‍ തുറന്നിടുന്നത്.

“സീറോ ഡയല്‍ ,ദ് ഡേഞ്ചറസ് വേള്‍ഡ് ഓഫ് ഇന്‍ഫോര്‍മേര്‍സ്” . ( ZERO DIAL The Dangerous World Of Informers) പേരു സൂചിപ്പിക്കുന്നത് പോലെ നാമാരും അധികം കേള്‍ക്കാത്തതും കാണാത്തതുമായ അധോലോക ചാരന്മാരുടെ അഥവാ വിവര സ്രോതസ്സുകളുടെ ജീവിതം. (മലയാളം വിവര്‍ത്തനം ഇറങ്ങീട്ടില്ല. വില Rs 125/-)

ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയാണു ഇവരുടെ സഞ്ചാരം. സീറോ ഡയല്‍ എന്നാണു ഇക്കൂട്ടര്‍ പോലീസ് വൃത്തങ്ങളില്‍ അറിയപ്പെടുക. ജീവിക്കാന്‍ വേണ്ടിയാണു ഇവരീ വേഷം കെട്ടുന്നത്. മിക്കവരുടേയും മുന്‍ കാല ചരിത്രം പരിശോധിച്ചാല്‍ അടിപിടി, ആള്‍മാറാട്ടം കൊലപാ‍തക ശ്രമം എന്നിവയൊക്കെ കാണും. അധോലോകക്കാരുമായി നല്ല അടുപ്പം കാണും ഇവര്‍ക്ക്. ഈ അടുപ്പത്തില്‍ നിന്നും തങ്ങള്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ പോലീസുകാര്‍ക്ക് ചോര്‍ത്തിക്കൊടുത്ത് കാശ് കൈപറ്റുക.ചിലപ്പോള്‍ ഡബിള്‍ ഗെയിമും കളിക്കും ഇവര്‍.അതായത് പോലീസിന്റെ വിവരങ്ങള്‍ അധോലോകക്കാ‍ര്‍ക്ക് ചോര്‍ത്തിക്കൊടുക്കുക. അത് പോലെ സമൂഹത്തിലെ ഉന്നതന്മാരെ നിരീക്ഷിച്ച് അവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തി പണം പിടുങ്ങുക. ഇന്റലിജന്‍സ് ബ്യൂറൊയിലെ ഉദ്യോഗസ്ഥര്‍ ഇവരെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. . മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഏറുമ്പോള്‍ ഒരു വമ്പന്‍ കേസ് കിട്ടാനും മുഖം രക്ഷിക്കാനും മിക്കവരും ആശ്രയിക്കുക ചാരന്മാരേയാണ്. ഇങ്ങനെ ഭീകരവാദികളേയും ഗുണ്ടകളുടേയുമൊക്കെ ചോര്‍ത്തിക്കിട്ടിയ നീക്കങ്ങള്‍ നിരീക്ഷിച്ച് ഒരു ഏറ്റുമുട്ടല്‍ നാടകത്തിലൂടെ അവരെ കൊന്നുകളയുക. ഇങ്ങനെയുള്ള encounter specialist കള്‍ ഒരുപാടുണ്ട് ഐബിയില്‍.

ക്ഷമ. അതാണു ഒരു ഇന്‍ഫോര്‍മറുടെ ഏറ്റവും വലിയ കൈമുതല്‍. ചിലപ്പോള്‍ ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്ചകള്‍ ഇരയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരിക്കേണ്ടി വരും. ഇതിനിടയില്‍ പിടിക്കപ്പെട്ടാല്‍ കഥ തീര്‍ന്നത് തന്നെ. ഇവിടെ അഹമ്മദും റഹീമും സദത്തീനുമെല്ലാം സീറോ ഡയലുകളാണു. വിവരങ്ങള്‍ വിറ്റ് ജീവിതം കരുപിടിപ്പിക്കുന്നവര്‍. ജീവിതത്തിനും മരണത്തിനുമിടയിലെ അവരുടെ ഞാണിന്മേല്‍ കളി നന്നായി വരച്ചുവെച്ചിട്ടുണ്ട് ജെഡെ. രാജ്യത്തെ ഐ ബി ഓഫീസര്‍മാരുമായ് ചേര്‍ന്ന് ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് ആയ റിയാസ് ബട്ക്കലിനെ തേടിയുള്ള അവരുടെ അന്വേഷണത്തിന്റെ വിവരങ്ങള്‍ ഉദ്വേഗജനകമായ് വിവരിക്കുന്നുണ്ട് പുസ്തകത്തില്‍. ഒരോ തവണയും അയാള്‍ രക്ഷപ്പെടുകയാണു. അയാളിപ്പോള്‍ പാകിസ്ഥാനിലാണെന്നാണു ഭാഷ്യം. അത് ശരിയല്ലെന്നും പാകിസ്ഥാനില്‍ ചെന്ന് താനയാളെ വെടിവെച്ചു കൊന്നുമെന്നുമാണു ഛോട്ടാരാജന്‍ അവകാശപ്പെടുന്നത്. സത്യം ആര്‍ക്കറിയാം...

ജെഡെയെന്ന അപൂര്‍വ്വ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണീ പുസ്തകം. ഒരു അപസര്‍പ്പക കഥ പോലെ ജീവിതം നെയ്ത വ്യക്തി. മരണത്തില്‍ പോലും ആ ദുരൂഹത വിടാതെ പിന്തുടരുന്നു അദ്ദേഹത്തെ... കേസിനു തുമ്പുണ്ടാകുമെന്നും അദ്ദേഹത്തിന്റെ ഘാതകര്‍ക്ക് പരമാവധി ശിക്ഷ കിട്ടുമെന്നും നമുക്ക് പ്രത്യാശിക്കാം.എങ്കിലേ ഘാട്ട്കൂപ്പറിലെ വസതിയില്‍ കണ്ണീര്‍ പെരുമഴയില്‍ വിറങ്ങലിച്ചിരിക്കുന്ന ഒരമ്മയുടേയും പെങ്ങളുടേയും അദ്ദേഹത്തിന്റെ ഭാര്യ ശുഭയുടേയും മനസ്സിനു ഇത്തിരിയെങ്കിലും ശാന്തി ലഭിക്കൂ...

Sunday, September 16, 2012

നാം മുന്നോട്ട്

പുസ്തകം : നാം മുന്നോട്ട്
രചയിതാവ് : കെ.പി.കേശവമേനോന്‍

പ്രസാധനം : മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി
അവലോകനം : കെ.എ.ബീന





ചുവന്ന ഹാര്‍ഡ്‌ബോഡ്‌ പുറം ചട്ടയുള്ള ആ പുസ്തകം എനിക്ക് കിട്ടിയത് 35 വര്‍ഷങ്ങള്‍ക്കപ്പുറത്തായിരുന്നു. അതിന്റെ ആദ്യപേജില്‍ സുഗതകുമാരിയുടെ ഒപ്പുണ്ട്. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടത്തിയ പ്രസംഗമത്സരത്തിന് സമ്മാനമായിട്ട് കിട്ടിയ പുസ്തകത്തിന്റെ പേര് 'നാം മുന്നോട്ട്'. എഴുതിയത് കെ.പി.കേശവമേനോന്‍ വില ആറു രൂപ. പ്രകാശകന്മാര്‍ മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി, ലിമിറ്റഡ്, കോഴിക്കോട്. ആ പുസ്തകം വേദിയില്‍ വെച്ച് സമ്മാനിച്ചതും സുഗതകുമാരിയായിരുന്നു. പുസ്തകം തുറന്നു വായിച്ചു - ''മനസ്സ് നന്നായാലേ നടപ്പ് നന്നാവൂ'' അന്ന് ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുകയാണ്.... അത്ഭുതത്തോടെയാണ് ആ പുസ്തകം വായിച്ചു തീര്‍ത്തത്.. കഥകള്‍, ഉദാഹരണങ്ങള്‍, ജീവിത തത്വങ്ങള്‍ - എല്ലാം മുഴുവന്‍ മനസ്സിലായില്ലെങ്കിലും എന്തോ ഒരാശ്വാസം, ഒരുറപ്പ്, ആവശ്യമുള്ളപ്പോള്‍ ചായാന്‍ ബലമുള്ള ഒരു തോള്‍ കിട്ടിയ സമാധാനം. അന്ന് മുതല്‍ ആ ചുവന്ന പുറം ചട്ടയുള്ള പുസ്തകം എന്റെ ഒപ്പം എവിടെയും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ കാലങ്ങളിലത്രയും ജീവിതക്കൊടുങ്കാറ്റില്‍ ആടിയുലയും എന്ന് തോന്നുമ്പോള്‍ ഓടിച്ചെന്ന് എടുത്തിട്ടുള്ള പുസ്തകവും ഇത് തന്നെ ...

ഏതു യാത്ര അതെവിടേക്കുമാകട്ടെ (ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴുള്ള റഷ്യന്‍ യാത്രയിലും, പിന്നീട് നടത്തിയിട്ടുള്ള ഒരുപാട് യാത്രകളിലുമൊക്കെ) എന്റെ ബാഗില്‍ മറക്കാതെ ''നാം മുന്നോട്ട്'' ഉണ്ടായിരുന്നു. ഇക്കാലമത്രയും നിരന്തരം കൈകാര്യം ചെയ്തിട്ടും വലിയ കേടുപാടൊന്നും കൂടാതെ അതിപ്പോഴും എനിക്ക് തുണയായിരിക്കുന്നു. എന്നതാണ് സത്യം.


അര്‍ദ്ധരാത്രികളില്‍ തകര്‍ന്ന മനസ്സോടെ ഉറക്കത്തെ വിളിച്ചു വരുത്താന്‍ ശ്രമിച്ച് പരാജയപ്പെടുമ്പോള്‍ യാന്ത്രികമെന്നോണം ചെന്നെടുക്കുന്നത് മറ്റൊരു പുസ്തകത്തെയുമല്ല, പഴയ അഞ്ചാം ക്ലാസ്സുകാരിയുടെ അതേ ആര്‍ജ്ജവത്തോടെ പുസ്തകം തുറന്ന് ആദ്യം കാണുന്ന പേജിലെ വരികള്‍ വായിച്ച് നഷ്ടമായ ജീവിതോര്‍ജ്ജം വീണ്ടെടുക്കുന്നു. അത് ചിലപ്പോള്‍ ''ശോഭനമായ ഭാവി മുന്നില്‍ കണ്ടു കൊണ്ട് അത് യാഥാര്‍ത്ഥ്യമാക്കുവാനുള്ള പ്രയത്‌നത്തില്‍ നിമഗ്നരാകുവാനാണ് ശീലിക്കേണ്ടത്'' എന്നോ
''നമ്മുടെ പ്രവൃത്തി നമ്മുടെ ചിന്തയുടെ ഫലമാണ്. അതുകൊണ്ടാണ് പ്രവൃത്തി നന്നാകണമെങ്കില്‍ ചിന്ത ശുദ്ധമായിരിക്കണമെന്ന് പറയുന്നത്.'' എന്നോ ''ഭീരുത്വം മനസ്സിനെ പിടികൂടാന്‍ അനുവദിക്കരുത്'' എന്നോ ''സ്‌നേഹിതന്മാര്‍ മോട്ടോര്‍ കാറിന്റെ ടയറ് പോലെയാണ്, അധികം ഉപയോഗിക്കുമ്പോള്‍ തേഞ്ഞുപോകും'' എന്നോ ഒക്കെയായിരുന്നു.

ഇന്നോര്‍ക്കുമ്പോള്‍ ജീവിതത്തോടു തന്നെ നന്ദി തോന്നുന്നു. ആ ചെറിയ പ്രായത്തില്‍ ആ പുസ്തകത്തെ എനിക്കെത്തിച്ചു തന്നതിന്. അതിനെ സ്‌നേഹിക്കാന്‍ എന്നെ പ്രാപ്തയാക്കിയതിന്. അതിനു ശേഷം എത്രയെത്രയോ പുസ്തകങ്ങള്‍ വായിച്ചിരിക്കുന്നു . പക്ഷെ പൗരസ്ത്യപാശ്ചാത്യ ആദ്ധ്യാത്മികതയുടെ ആഴങ്ങള്‍ തേടാന്‍, ജീവിതമെന്തെന്ന് അന്വേഷിക്കാനുള്ള നിരന്തരമായ പ്രേരണയ്ക്ക് നിദാനമായത് നാം മുന്നോട്ട് തന്നെയാണ്.

കെ.പി.കേശവമേനോന്‍ ''ജീവിതം ഒരു പൂമെത്തയല്ല, അത് ഒരു സാഹസികയാത്രയാണ്, ഒരു സമര രംഗവുമാണ്. ലോകത്തില്‍ ഞാന്‍ മാത്രമല്ല ദുരിതങ്ങള്‍ അനുഭവിക്കുന്നത്. എന്നിലേറെ കഷ്ടപ്പെടുന്നവര്‍ എത്രയെങ്കിലുമുണ്ട് എന്ന ചിന്ത കുഴപ്പങ്ങളെ മനക്കരുത്തോടെ നേരിടാനുള്ള ശക്തി'' തരുമെന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞു....

സദാചാരം, വിദ്യാഭ്യാസം, തൊഴില്‍, പൊതുജീവിതം, രാഷ്ട്രീയം, കുടുംബപരം, ആദ്ധ്യാത്മികം, പലവക - ഇങ്ങനെയാണ് വിഷയങ്ങള്‍ കൊടുത്തിരിക്കുന്നത്.

ജീവിതത്തിന്റെ എല്ലാ മോഖലകളിലും സമചിത്തതയോടെ, ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ഈ വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ വളരെയേറെ സഹായകമാണ്....
ഇന്ന് ലോകമെങ്ങും പോസിറ്റീവ് തിങ്കിംഗിന്റെയും ലൈഫ്‌സ്‌കില്‍ മാനേജ്‌മെന്റിന്റെയും പുസ്തകങ്ങളുടെയും കോഴ്‌സുകളുടെയും മറ്റും യുഗമാണ്. കെ.പി.കേശവമേനോന്‍ മലയാളികള്‍ക്ക് എത്ര സുന്ദരമായി ഇത്തരം കാര്യങ്ങള്‍ തന്നു എന്നോര്‍ക്കുമ്പോള്‍ - വ്യക്തിത്വ വികസനത്തിനും, മന:ശ്ശാന്തിക്കും അവശ്യം വേണ്ടതൊക്കെ ഈ പുസ്തകത്തിലുണ്ട്.

''ജീവിതത്തില്‍ പൂര്‍ണത പ്രതീക്ഷിക്കേണ്ട. അതിന് ശ്രമിക്കുന്നതില്‍ തെറ്റില്ല. പക്ഷെ അത് കൈവന്നില്ലെങ്കില്‍ ഒട്ടും ഇച്ഛാഭംഗം വേണ്ട. അപൂര്‍ണത ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. ഇതോര്‍ത്താല്‍ അനാവശ്യമായ മനോവേദന ഇല്ലാതാക്കാം''

''നിങ്ങളെ നന്നാക്കാനും, നിങ്ങള്‍ക്ക് മനസ്സമാധാനം ഉണ്ടാക്കാനും നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. മറ്റാര്‍ക്കും അത് സാദ്ധ്യമല്ല.''

''ചിലര്‍ക്ക് ഒരു സ്വഭാവമുണ്ട്, ഒരു പ്രവര്‍ത്തിയെ പറ്റി വിചാരിക്കുമ്പോള്‍ അതിനുള്ള പ്രതിബന്ധങ്ങള്‍ മാത്രം മുന്നില്‍ കാണുന്ന പതിവ് - അക്കൂട്ടര്‍ക്ക് വിജയമെങ്ങനെ ഉണ്ടാവും?''

''നമ്മോട് തന്നെ പരിതാപം തോന്നുന്ന മന:സ്ഥിതി ഉണ്ടല്ലോ അതാണ് എല്ലാത്തിലും വെച്ച് വലിയ ആപത്ത്. അത് ഒരിക്കലും നിങ്ങളെ പിടികൂടുവാന്‍ അനുവദിക്കരുത്. അത് ഉന്മേഷം കെടുക്കും. ആത്മവിശ്വാസം നശിപ്പിക്കും. നിഷ്‌ക്രിയരാക്കും.''

''ശാന്തിയും സമാധാനവും മറ്റുള്ളവരുടെ പ്രവൃത്തികളെയോ സാഹചര്യങ്ങളെയോ അനുസരിച്ചല്ല ഇരിക്കുന്നത്. അവനവന്റെ നിലപാടുകളെ ആശ്രയിച്ചാണ്''

ജീവിതവഴിയില്‍ ഇങ്ങനെ എത്ര എത്ര കാര്യങ്ങളാണ് എന്റെ ചുവന്ന പുസ്തകം എനിക്ക് പറഞ്ഞുതന്നിട്ടുള്ളത്. എന്റെ ബുക്ക് ഷെല്‍ഫിലെ ഒരുപാട് പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് മറ്റാര്‍ക്കും ഇതേവരെ ഞാന്‍ കൈമാറിയിട്ടില്ലാത്ത ഒരേയൊരു പുസ്തകവും എന്റെ 'നാം മുന്നോട്ട്' തന്നെയാണ്. അത് കയ്യിലെടുക്കുമ്പോള്‍ ഒരു പത്തുവയസ്സുകാരിയായി ഞാന്‍ മാറുന്നു. കടന്നുപോന്ന ജീവിതത്തിന്റെ അനുഗ്രഹം മുഴുവന്‍ മനസ്സിലെത്തുന്നു. മനസ്സ് പറഞ്ഞറിയിക്കാന്‍ അറിയാത്ത ഒരാനന്ദത്തില്‍ പെടുന്നു. അതുകൊണ്ട് തന്നെ ഞാനിവിടെ നിന്ന് കടന്നുപോകുമ്പോള്‍ എന്റെ മകന് സന്തോഷപൂര്‍വ്വം കൊടുക്കാന്‍ എനിക്ക് തോന്നുന്ന ഒരേയൊരു സമ്മാനവും എന്റെ ഈ പുസ്തകം തന്നെ...

Thursday, September 13, 2012

വെള്ളരിപ്പാടം

പുസ്തകം : വെള്ളരിപ്പാടം
രചയിതാവ് : പി.വി.ഷാജികുമാർ

പ്രസാധനം : ഡി.സി.ബുക്ക്സ്
അവലോകനം : മനോരാജ്


















13
എന്നത് പൊതുവെ അശുഭ സംഖ്യയായി എല്ലാവരും ചൂണ്ടിക്കാട്ടുമെങ്കിലും പി.വി.ഷാജികുമാര്‍ എന്ന പുതു എഴുത്തുകാരന്റെ 'വെള്ളരിപ്പാടം' എന്ന സമാഹാരത്തിലെ 13 കഥകള്‍ നമ്മെ ചിന്തിപ്പിക്കുന്നവ തന്നെയാണ്‌. ഗ്രാമീണ നന്മകളെ കേന്ദ്രീകരിക്കുന്ന കഥകള്‍ , ആധുനികതയുടെ നാട്യങ്ങളില്ലാതെ, ലാളിത്യമാര്‍ന്ന ഭാഷയില്‍ രചിക്കപ്പെട്ട ഈ കഥകള്‍ നാഗരീക ജിവിതത്തിന്റെ കാപട്യങ്ങളെ തുറന്ന് കാട്ടുന്നവയെന്ന പ്രസാദകരായ ഡി.സി.ബുക്സിന്റെ അവകാശവാദം കഴമ്പില്ലാത്തതല്ല എന്ന് തെളിയിക്കാന്‍ കഥകളിലൂടെ എഴുത്തുകാരന്‌ കഴിഞ്ഞിട്ടുണ്ട്. കഥകള്‍ക്ക് ശേഷം ഉ.സാ.ഘ എന്ന അനുബന്ധത്തില്‍ വിജു. വി.വി. പറഞ്ഞപോലെ ഇന്ന് കഥകളില്‍ അന്യമായി കൊണ്ടിരിക്കുന്ന ഭൂമിശാസ്ത്രപരമായ, കഥാപാത്രങ്ങള്‍ ജീവിക്കുന്ന പ്രദേശങ്ങളുടെ വ്യക്തമായ ചിത്രങ്ങള്‍ ഇതില്‍ ഷാജികുമാര്‍ നല്‍കുന്നുണ്ട്.

'മരണത്തെ കുറിച്ച് ഒരു ഐതീഹ്യം' എന്ന കഥയിലെ വീടിനടുത്തുള്ള റെയില്‍ വേ ട്രാക്കില്‍ ആത്മഹത്യ ചെയ്യാന്‍ വരുന്നവരെ അവസാന അത്താഴം കൊടുത്ത് സല്‍ക്കരിക്കുകയും അവരെ ആത്മഹത്യയിലേക്ക് നിറഞ്ഞ വയറുമായി തള്ളിവിട്ട് ഗൂഢസ്മിതം തൂകുകയും പിറ്റേന്ന് ചിതറി തെറിച്ച അവരുടെ മൃതശരീരങ്ങള്‍ നോക്കി ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍ തടയുമായിരുന്നല്ലോ ഇവരെ എന്ന അലമുറയിടുകയും ചെയ്യുന്ന നായകന്‍ ഇന്നത്തെ പൊള്ളയായ മനുഷ്യന്റെ മുഖം നമുക്ക് വരച്ച് തരുന്നു. ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ വന്നവന്‍ അത് ചെയ്യാതെ മനസ്സിലുള്ള വിഷമങ്ങള്‍ മുഴുവന്‍ പറഞ്ഞ് തീര്‍ന്ന സംതൃപ്തിയില്‍ തിരിച്ച് പോകുമ്പോള്‍ അനിവാര്യമായ ആത്മഹത്യക്ക് കീഴടങ്ങുന്ന നായകന്‍ നല്‍കുന്ന സന്ദേശം ചെറുതല്ല തന്നെ. 'ഐ.പി.സി 144' എന്ന കഥയില്‍ ഗബ്രെ സലാസി എന്ന എതോപ്യന്‍ ദീര്‍ഘ ദൂര ഓട്ടക്കാരനെ തന്റെ ജിവിതത്തിലെ അഭിശപ്ത നിമിഷങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമായി കാണുന്ന നായകന്‍ മുരളി, ജീവിതത്തെ ഒരോട്ട മത്സരമാക്കി തീര്‍ക്കുന്നു. സമയ പരിമിതിയാല്‍ തളക്കപ്പെട്ട ജീവിതത്തിന്റെ പച്ചപ്പുകള്‍ ഈ കഥകളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ്‌.

ഈ സമാഹാരത്തിലെ ഏറ്റവും വ്യത്യസ്തവും എനിക്കേറെ ഹൃദ്യമായി തോന്നിയതുമായ കഥയാണ്‌ 'ജീവിതത്തിന്‌ ഒരാമുഖം'. കാസര്‍ഗോഡ് പുത്തിഗൈ സ്വദേശിയും വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ശ്രീ മലയപ്പുരയില്‍ ഗിരീശനില്‍ നിന്നും ഒരു ദിവസത്തേക്ക് മന:സാക്ഷി ഇറങ്ങി മാറി നിന്നപ്പോള്‍ നമ്മള്‍ വായിച്ചറിയുന്നത് നാം സ്ഥിരമായി കാണുന്ന, അറിയുന്ന കുറേ സത്യങ്ങള്‍ . ഒരു ദിവസമെങ്കിലും മന:സാക്ഷി നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്ന അതീവ ഹൃദ്യമായ രചന!!

'രൂപങ്ങള്‍ , 'വെള്ളരിപ്പാടം' എന്നീ കഥകള്‍ ഇന്നത്തെ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തെയും അതിലെ ചൂഷണത്തേയും തുറന്ന് കാട്ടുമ്പോള്‍ വ്യത്യസ്തതകൊണ്ട് ഈ കഥകള്‍ കഥാകാരന്‌ ഒരു കൈയടി കൊടുക്കാന്‍ വായനക്കാരനെ നിര്‍ബദ്ധിക്കുന്നു. അതുപോലെ മനോഹരമായ മറ്റൊരു രചനയാണ്‌ 'നിലാവിന്റെ നിഴൽ‍'. ഫ്ലാറ്റ് സംസ്കാരം തകര്‍ത്തെറിയുന്ന നമ്മുടെ പുഴകളെയും പരിസ്ഥിതിയെയും കുറിച്ച് ഒന്ന് ചിന്തിക്കാന്‍ ഈ കഥ പ്രേരിപ്പിക്കും. ഈ വര്‍ഷത്തെ മാധവിക്കുട്ടി പുരസ്കാരം ലഭിച്ച ഈ പുസ്തകം ഒരു ബ്ലോഗര്‍ കൂടിയായ ഷാജികുമാര്‍ എന്ന എഴുത്തുകാരന്റെ വ്യത്യസ്തമായ കഥനരീതി നമുക്ക് കാട്ടിത്തരുന്നു.

വായനയുടെ വസന്തകാലം വീണ്ടും വരുമെന്ന പ്രത്യാശയോടെ, ഒരിക്കലും മരിക്കാത്ത വായനക്കായി.

Monday, September 10, 2012

കള്ളന്റെ പുസ്തകങ്ങൾ

പുസ്തകം : തസ്‌ക്കരൻ - മണിയൻപിള്ളയുടെ ആത്മകഥ / കള്ളൻ ബാക്കി എഴുതുമ്പോൾ
തയ്യാറാക്കിയത് : മണിയന്‍പിള്ള / ജി.ആര്‍.ഇന്ദുഗോപന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : നിരക്ഷരന്‍




ജി
.ആർ.ഇന്ദുഗോപൻ തയ്യാറാക്കിയ ‘തസ്‌ക്കരൻ - മണിയൻപിള്ളയുടെ ആത്മകഥ‘ കുറേ നാളുകൾക്ക് മുന്നേ വായിക്കാനായിട്ടുണ്ട്. അന്നതിനെപ്പറ്റി ഒരു കുറിപ്പെഴുതി ഇടണമെന്ന ആഗ്രഹം നടക്കാതെ പോയി. അപ്പോളതാ വരുന്നു ‘കള്ളൻ ബാക്കി എഴുതുമ്പോൾ‘ എന്ന പേരിൽ മണിയൻപിള്ളയുടെ ബാക്കി കഥ. ആദ്യപുസ്തകത്തിന് 503 പേജും രണ്ടാമത്തെ പുസ്തകത്തിന് 96 പേജുമാണുള്ളത്. ഇനിയൊരു ഭാഗം ഉണ്ടാകില്ലെന്ന് ഇന്ദുഗോപൻ ഉറപ്പ് തരുന്നു. *കള്ളന്റെ കഥയുടെ ഉറവ വറ്റിയതുകൊണ്ടല്ല അത്. എന്തൊക്കെ പറയണമെന്ന് കള്ളന് കൃത്യമായ ധാരണ ഉള്ളതുകൊണ്ടാണ്. കള്ളന്റെ മനസ്സ് മോഷ്ടിക്കാൻ ഒരുത്തനുമാകില്ലെന്ന് ഇന്ദുഗോപൻ തറപ്പിച്ച് പറയുന്നു. “എടുത്തുകൊണ്ട് പോയ്ക്കോ ” എന്നുപറഞ്ഞ് വെളിയിൽ വെക്കുന്നത് മാത്രമേ കഥയാക്കാൻ പറ്റൂ. ഡി.സി. ബുക്സ് ആണ് രണ്ടുപുസ്തകങ്ങളും പുറത്തിറക്കിയിരിക്കുന്നത്. ആദ്യപുസ്തകത്തിൽ, മോഷണം തൊഴിലാക്കി കൊണ്ടുനടക്കുകയും, അൽ‌പ്പം വൈകിയാണെങ്കിലും പല കേസുകളിലും പിടിക്കപ്പെടുകയും ചെയ്യുന്ന മണിയൻപിള്ള എന്ന കള്ളന്റെ ജീവിതാനുഭവങ്ങളാണ്. ഒരു തുറന്ന് പറച്ചിൽ തന്നെയാണത്. തുറന്ന് പറച്ചിൽ എന്ന് പറയുമ്പോൾ, സ്വന്തം തോന്ന്യാസങ്ങളും പൊലീസ്, കോടതി എന്നീ തലങ്ങളിലെ തോന്ന്യാസങ്ങളുമെല്ലാം അതിന് പാത്രീഭവിക്കുന്നു. പിടിക്കപ്പെടുന്ന കേസുകൾ പലതും കോടതിയിലെത്തുമ്പോൾ കേസ് വാദിക്കുന്നത് മണിയൻപിള്ള തന്നെയാണ്. വർഷങ്ങളുടെ പരിചയസമ്പത്തുകൊണ്ട് നിയമവശങ്ങളൊക്കെ കഥാനായകൻ സ്വായത്തമാക്കിയിട്ടുണ്ട്. പലപ്പോഴും കേസുമായി കോടതിയിലെത്തുന്ന പൊലീസുകാർ കോടതിയിൽ നിന്ന് വിയർക്കുന്ന തരത്തിലായിരിക്കും കള്ളന്റെ കേസ് വിസ്താരം. അതുകൊണ്ടുതന്നെ കോടതിയിലേക്ക് പോകുന്ന പൊലീസുകാർ “ ഡാ മണിയാ കോടതിയിലിട്ട് മാനം കെടുത്തരുതേ “ എന്ന രീതിയിൽ അഭ്യർത്ഥിക്കുന്നതുമൊക്കെ പതിവാണ്.

കള്ളനെ പിടിച്ചാൽ സത്യം തെളിയിക്കാൻ പൊലീസിന്റെ മൂന്നാം മുറകൾ, ജീവിതകാലം മുഴുവൻ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ, പൊലീസിന്റെ പിടിപ്പുകേടുകൾ, ത്രസിപ്പിച്ച ചില മോഷണങ്ങൾ, സത്യസന്ധമായി സമ്പാദിച്ച പണം പൊള്ളുമെന്ന സത്യം, എരണം കെട്ടപണം എന്താണ്, വീടുണ്ടാക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മോഷണം കുറേയൊക്കെ തടയാനാവും എന്നതൊക്കെ രസകരമായി പ്രതിപാദിക്കുന്നുണ്ട് ഗ്രന്ഥത്തിൽ. നല്ല പോലീസുകാരെ പേരെടുത്ത് തന്നെ പറയുമ്പോൾ കാക്കിക്കുള്ളിലെ ക്രൂരന്മാരെ പേര് മാറ്റിയാണ് പറഞ്ഞിരിക്കുന്നത്. താൻ കാരണം അതിലൊരു പൊലീസുകാരന്റെ അനന്തര തലമുറയിലൊരാൾക്ക് പോലും ഒരു വ്യസനം ഉണ്ടാകരുതെന്ന് കള്ളന് നിർബന്ധമുള്ളതുകൊണ്ടാണിത്. കോടതിയുടെ കാര്യത്തിലും ഇത്തരത്തിലുള്ള പരാമർശങ്ങൾ പുസ്തകത്തിലുണ്ട്.

കഥയുടെ അവസാനത്തോടടുക്കുന്ന ഭാഗത്ത്, വായനക്കാർ കള്ളനെ കാണുന്നത് കർണ്ണാടകത്തിൽ പേരുകേട്ട ഒരു വ്യവസായി ആയിട്ടാണ്. കൈ നിറയെ പണം, ആവശ്യത്തിലധികം ജോലിക്കാർ, സുഖ സൌകര്യങ്ങൾ എന്നുവേണ്ട, ഇലൿഷന് മത്സരിക്കാനായി പ്രമുഖ പാർട്ടിക്കാർ, സലിം ബാഷ എന്ന പുതിയ പേരിൽ ഇസ്ലാം മതം സ്വീകരിച്ച് മാന്യനായി ജീവിക്കുന്ന മണിയൻ പിള്ളയെ സമീപിക്കുന്നതുവരെ കാര്യങ്ങൾ ചെന്നെത്തുന്നു. അപ്പോളാണ് വിധി കേരളാ പൊലീസിന്റെ രൂപത്തിൽ അവിടെയെത്തുന്നത്. തെളിയിക്കപ്പെടാത്ത ചില കേസുകളിൽ കള്ളൻ വീണ്ടും അകത്താകുന്നു. എല്ലാ സ്വത്തുക്കളും കണ്ടുകെട്ടപ്പെടുന്നു. ശിക്ഷ കഴിഞ്ഞിറങ്ങിയശേഷം വർഷങ്ങളോളം നല്ല നടപ്പുമായി ഒരു പൊലീസ് സ്റ്റേഷനിലെ ജോലിക്കാരനായി നിന്നിട്ട് പോലും അവസാനം ചില സങ്കേതികതകളുടെ പേരിൽ കർണ്ണാടകത്തിലെ സ്വത്ത് മുഴുവൻ അയാൾക്ക് നഷ്ടപ്പെടുന്നു.

പ്രമുഖ കള്ളന്മാരുടെ മോഷണരീതികൾ, മോഷണത്തിനിടയിൽ അവർ കാട്ടിക്കൂട്ടുന്ന വിക്രിയകൾ, (കയറിച്ചെല്ലുന്ന വീടുകളിലെ സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെടുന്ന തലത്തിലേക്ക് വരെ അത് നീളുന്നു.) നായ്ക്കളെ വളർത്തുന്ന വീടുകളിലെ മോഷണങ്ങൾ, അവറ്റകളെ വരുതിയിലാക്കുന്ന രീതികൾ എന്നിങ്ങനെ പിടിച്ചിരുത്തി വായിപ്പിക്കാൻ പോന്ന രംഗങ്ങൾ നിറഞ്ഞ ഒരു പുസ്തകമാണ് തസ്‌ക്കരൻ. പുസ്തകത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് പക്ഷെ എല്ലാവരും വായിച്ചിരിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. കള്ളന്റെ മനഃശ്ശാത്രം ഇതിൽ വരച്ചിട്ടിട്ടുണ്ട്. കള്ളന്റെ പ്രവൃത്തിമേഖലയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങളും വ്യക്തികളും നമുക്കന്യമായ ലോകമാണ്. നാം ജീവിക്കുന്ന സമൂഹത്തിന്റെ നാം കാണാത്തതും കേൾക്കാത്തതുമായ ഒരു പരിഛേദമുണ്ടിതിൽ. അത് അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതുതന്നെയാണ്. നല്ലവനായ ഒരാൾക്ക് ഈ പുസ്തകം ഉപകാരപ്പെടുന്നത്, എങ്ങനെ സ്വന്തം വീട്ടിൽ കളവ് നടക്കാനുള്ള സാദ്ധ്യതകൾ ഒഴിവാക്കാം എന്ന നിലയ്ക്കാണ്. അതേ സമയം ദുഷ്ടബുദ്ധിയായ ഒരാൾക്ക് ഒരു മോഷ്ടാവാകാൻ പോന്ന എല്ലാ വിദ്യകളും ഇതിൽ പറയുന്നുമുണ്ട്. പുസ്തകം എന്തായാലും മാർക്കറ്റിൽ ലഭ്യമാണ്. ഒരു ചെറുകിട കള്ളനോ അല്ലെങ്കിൽ ഇതുവരെ കള്ളനാകാത്ത ഒരു മോശം വ്യക്തിയോ പുസ്തകത്തിനകത്തുള്ള വിദ്യകൾ നമുക്കെതിരെ പ്രയോഗിക്കില്ലെന്ന് എന്താണുറപ്പ് ? അതുകൊണ്ടാണ് ഇതെല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാകുന്നത്.

ഒരാൾ ജീതകാലം മുഴുവൻ കള്ളനായി കഴിയണമെന്നില്ലല്ലോ ? കള്ളനും കൊലപാതകിക്കും വരെ മാനസാന്തരം ഉണ്ടാകാം. കരിക്കൻ വില്ല കൊലക്കേസിലെ പ്രധാന പ്രതി ശിക്ഷ കഴിഞ്ഞിറങ്ങിയതിനുശേഷം ജീവകാരുണ്യപ്രവർത്തനങ്ങളുമായി ഇന്നെങ്ങിനെയാണ് നല്ല ജീവിതം നയിക്കുന്നതെന്ന് നമുക്കെല്ലാമറിയാം. മണിയൻ പിള്ള ജയിലിൽ വെച്ച് കണ്ടുമുട്ടുന്ന അത്തരം പല പ്രമുഖ കുറ്റവാളികളും, കള്ളന്മാരും പുസ്തകത്തിൽ വന്നുപോകുന്നുണ്ട്. പക്ഷെ മണിയൻപിള്ളയുടെ കാര്യത്തിൽ മാത്രം ഒരു മാനസാന്തരം കൊണ്ട് ജീവിതം രക്ഷിച്ചെടുക്കാൻ പറ്റുന്നില്ല. പൊലീസുകാർ അതിനയാളെ സമ്മതിക്കുന്നില്ല. ആ കഥയാണ് ‘കള്ളൻ ബാക്കി എഴുതുമ്പോൾ‘ എന്ന രണ്ടാം ഭാഗത്തിൽ.

15 കൊല്ലത്തിനുശേഷം ചെയ്യാത്ത കുറ്റത്തിന് കേസ് ചാർജ്ജ് ചെയ്ത് ഐ.പി.സി. 401 -)ം വകുപ്പും ചുമത്തി അയാളെ വീണ്ടും ജയിലിൽ അടക്കുന്നു പൊലീസുകാർ. പുഷ്ക്കരകാലത്ത് മൂന്നാം മുറയൊക്കെ പുല്ലുപോലെ നേരിട്ടിരുന്ന കള്ളൻ, മാനസാന്തരപ്പെട്ടതിനുശേഷം പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ ഭയചകിതനാകുന്നു. തുറുങ്കിനകത്തെ ഓരോ ദിവസവും ഓരോ യുഗമായി അയാൾക്കനുഭവപ്പെടുന്നു. കള്ളന്റെ നോട്ടപ്രകാരം ‘രാശിയുള്ള‘ ഒരു വീട് കണ്ടാൽ അയാൾക്കിന്ന് ഭയമാണ്. അത്തരത്തിൽ നോക്കാനയാൾക്കാവുന്നില്ല. ആദ്യകാലത്ത് അനുഭവിച്ച മൂന്നാം മുറകൾ, കാര്യമായി തടിയനങ്ങി ജോലിയൊന്നും ചെയ്യാനാകാത്ത പാകത്തിലാക്കിയിരിക്കുന്നു മണിയൻപിള്ളയെ. സീരിയലുകളിലും സിനിമകളിലും എൿട്രാ ആർട്ടിസ്റ്റ് ആയി ജോലി ചെയ്താണ് ജീവിതം മുന്നോട്ട് നീക്കുന്നത്. ആദ്യപുസ്തകത്തിന്റെ റോയൽറ്റിയായി കിട്ടിയ പണവും കുറേയൊക്കെ സഹായിക്കുന്നുണ്ട്. റോയൽറ്റി തുകയുടെ മൂന്നിൽ രണ്ട് ഭാഗം കള്ളനും, മൂന്നിൽ ഒരുഭാഗം കള്ളന് കഞ്ഞിവെച്ചവനും ആണെന്ന് ശ്രീ.ഇന്ദുഗോപൻ ആദ്യപുസ്തകത്തിന്റെ ആമുഖത്തിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മദ്യപാനമാണ് മണിയൻ‌പിള്ളയ്ക്ക് പലപ്പോഴും സ്വയം പാരയാകുന്നത്. കളവ് ഉപേക്ഷിച്ചതുപോലെ മദ്യപാനവും ഉപേക്ഷിക്കാനായെങ്കിൽ രണ്ടാമത്തെ പുസ്തകം എഴുതാനുള്ള സാദ്ധ്യത തന്നെ വിളരമാകുമായിരുന്നെന്ന് തോന്നി. കൂട്ടത്തിൽ പൊലീസിലെ ഉന്നതരായ ഉദ്യോഗസ്ഥരുടെ ആരുടെയോ ശുഷ്ക്കാന്തിയും കൂടെ ആയപ്പോൾ അറുപതാം വയസ്സിലും മണിയൻപിള്ള ഒരു ‘കള്ളനായി‘ തുടരേണ്ടി വരുന്നതിനെപ്പറ്റിയാണ് ‘കള്ളൻ ബാക്കി എഴുതുമ്പോൾ‘ എന്ന രണ്ടാം ഭാഗത്തിൽ. ആത്മകഥ എഴുതിയത് മണിയൻ‌പിള്ളയ്ക്ക് പ്രശ്നമാകുന്നുണ്ട്. ‘നിനക്കിപ്പോഴും മോഷണമൊക്കെ ഉണ്ടോടേയ് ‘ എന്ന് ചോദിക്കുന്നതിന് പകരം ‘നിനക്കിപ്പോഴും പുസ്തകമെഴുത്തൊക്കെ ഉണ്ടോടേയ് ‘ എന്ന് ചോദിച്ചാണ് പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് എന്നതുതന്നെ കള്ളന്റെ ആത്മകഥ പല മാന്യദേഹങ്ങൾക്കും ഇരിക്കപ്പൊറുതി ഇല്ലാതാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു. “എന്നോടീച്ചതി വേണ്ടായിരുന്നു സാറന്മാറേ“ എന്ന് നെഞ്ചത്തടിച്ച് നിലവിളിച്ചപ്പോൾ, “എന്തുചെയ്യാം മണിയൻപിള്ളേ മുകളീന്നുള്ള ഉത്തരവല്ലേ ?” എന്നാണ് മറുപടി. ആരാണ് മുകളിൽ നിന്ന് ആ ഉത്തരവിറക്കിയത് ? കള്ളന്റെ കഥയിൽ അങ്ങനെ പല മാന്യന്മാരേയും പേരെടുത്ത് പറയാതെ പരാമർശിച്ചിട്ടുണ്ടല്ലോ ? ഒരു മന്ത്രിക്ക് പെണ്ണ് കൂട്ടി കൊടുത്ത കഥയും, 76-77 കാലഘട്ടത്തിൽ മറ്റൊരു മന്ത്രിക്ക് വേണ്ടി ഒരാളുടെ വീട്ടിൽ കയറി പാസ്പ്പോർട്ട് മോഷ്ടിച്ചു കൊടുത്ത കഥയുമൊക്കെ അച്ചടിച്ച് വരുമ്പോൾ മുഖം‌മൂടി അണിഞ്ഞ പെരുങ്കള്ളന്മാർ വിറളിപിടിക്കുന്നത് സ്വാഭാവികം മാത്രം. ഒരിക്കലെങ്കിലും മോഷണം നടത്തിയിട്ടുള്ള ഒരുത്തന്നെ പിന്നീടവൻ എത്ര നല്ലവനായാൽ‌പ്പോലും, വീണ്ടും കള്ളന്റെ കുപ്പായമിടീക്കാൻ പ്രസ്തുത മാന്യന്മാർക്ക് ഒരു തുള്ളിപോലും വിയർപ്പ് പൊടിക്കേണ്ടി വരുന്നില്ല. രാഷ്ട്രീയക്കാരെ നമ്പരുതെന്ന് കള്ളൻ* പറയുമ്പോൾ, കള്ളനെ നമ്പിയാലും കുള്ളനെ നമ്പിയാലും, രാഷ്ട്രീയക്കാരെ നമ്പരുതെന്ന് പുസ്തകം വായിച്ചിട്ട് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാവില്ല.

അതിനിടയ്ക്ക് തസ്‌ക്കരൻ എന്ന ആത്മകഥ കേരള സർവ്വകലാശാലയുടെ മലയാളം ബിരുദ കോഴ്‌സിന്റെ അധികവായനയ്ക്ക് ശുപാർശ ചെയ്യപ്പെടുന്നു. വിഷയം നിയമസഭ വരെ എത്തുന്നു. ഇതിനേക്കാൽ നല്ല ആത്മകഥകളില്ലേ പഠിപ്പിക്കാൻ എന്ന് എതിർപ്പുകളും വരുന്നു. എന്തായാലും അവിടെ വരെ കാര്യങ്ങൾ എത്തിയതിൽ മണിയൻപിള്ളയ്ക്കും ഇന്ദുഗോപനും അഭിമാനിക്കാം. തന്റെ പുസ്തകത്തെ അംഗീകരിക്കാൻ ഒരു ശ്രമമെങ്കിലും നടത്തിയ സർക്കാരിനോട് ഒരു അഭ്യർത്ഥനയുണ്ട് കള്ളന്റെ വക. “ശിഷ്ടകാലം എന്നെ എങ്ങനെയെങ്കിലും ജീവിച്ച് പോകാൻ അനുവദിച്ചാൽ മതി. കാരണമില്ലാതെ എന്നെ വേട്ടയായി പിടിക്കാതിരുന്നാൽ മതി ”

പുസ്തകത്തിന്റെ തുടക്കത്തിലുള്ള ‘അവരുടെ രാവുകൾ‘ എന്ന ലേഖനത്തിലൂടെ ശ്രീ.അഷ്ടമൂർത്തി ചോദിക്കുന്ന ചോദ്യം അതേപടി പകർത്തി എഴുതണമെന്ന് തോന്നുന്നു.

“അല്ലെങ്കിൽ ആരാണ് കള്ളൻ ? ആരാണ് കള്ളനല്ലാത്തത് ? മനസ്സുകൊണ്ടെങ്കിലും കറപുരളാത്തവർ ആരുണ്ട് ? ഒരൊളിഞ്ഞ് നോട്ടം പോലും നടത്താത്ത എത്രപേരുണ്ട് നമുക്കിടയിൽ ? പൊരിഞ്ഞ അടികിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ നമ്മളിൽ അധികം പേരും ഇന്ന് മാന്യന്മാരായി ജീവിക്കുന്നത് ? “

----------------------------------------------------------------------------------------
*കള്ളൻ എന്ന് ലേഖനത്തിൽ പലയിടത്തും പരാമർശിച്ചിരിക്കുന്നത് മണിയൻപിള്ളളെ മോശക്കാരനാക്കി കാണിക്കാനല്ല. രണ്ട് പുസ്തകങ്ങളിലും പലയിടത്തും സന്ദർഭാനുസരണം ഉപയോഗിച്ചിരിക്കുന്ന ആ പദം അതേ സ്വാതന്ത്ര്യത്തോടെ ഉപയോഗിച്ചിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

Thursday, September 6, 2012

രവീന്ദ്രസംഗീതം കേള്‍ക്കാത്ത രാഗങ്ങള്‍

പുസ്തകം : രവീന്ദ്രസംഗീതം കേള്‍ക്കാത്ത രാഗങ്ങള്‍
രചയിതാവ്: ശോഭന രവീന്ദ്രന്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌
അവലോകനം : ബിജു.സി.പി




സംഗീതസംവിധായകന്‍ രവീന്ദ്രനെക്കുറിച്ച്‌ ഭാര്യ ശോഭ രചിച്ച ഓര്‍മകളുടെ പുസ്‌തകം. മണ്ടത്തരങ്ങളുടെ ചിരിയും ജീവിതത്തിന്റെ നൊമ്പരവും തീവ്രസ്‌നേഹത്തിന്റെ പിടച്ചിലും നിറഞ്ഞ പച്ചയായ ജീവിതത്തിന്റെ ഹൃദ്യമായ വിവരണം (പേജ്‌ 176, വില 100 രൂപ)

തയ്‌ക്കാനറിയാമായിരുന്നു രവിയേട്ടന്‌. ഒരു തയ്യല്‍ മെഷീനമുണ്ടായിരുന്നു. ചെറിയ ചെറിയ ഐറ്റങ്ങളൊക്കെ തയ്‌ക്കും. ജനല്‍ കര്‍ട്ടന്‍ തയ്‌ക്കുന്നതുമായിരുന്നു മേജര്‍ പണി. ഒറ്റ കുഴപ്പമേയുള്ളൂ. അഞ്ചു മീറ്റര്‍ തുണി വേണ്ടുന്നിടത്ത്‌ 10 മീറ്റര്‍ വാങ്ങേണ്ടിവരും. അളവു നോക്കി, ലെവലു നോക്കി വെട്ടിക്കളയാന്‍ വേണ്ടിയാണ്‌... (ഫോണില്‍) എന്തെങ്കിലും ചെറിയ കര കര ശബ്ദം കേട്ടാല്‍ മതി. മക്കളേ ആ സ്‌ക്രൂ ഡ്രൈവറിങ്ങ്‌ എടുത്തു വാ. എന്നു വിളിച്ചു പറയും. അതു കേള്‍ക്കുമ്പൊഴേ ഞങ്ങള്‍ പറയും ഒരെണ്ണം കൂടി തട്ടിന്‍ പുറത്തു കയറാന്‍ പോകുന്നു.

ആരാണ്‌ ഈ രവിയേട്ടന്‍ എന്നല്ലേ.. രവീന്ദ്രന്‍ തന്നെ. മലയാളത്തിന്റെ ഏറ്റവും മികച്ച സംഗീതസംവിധായകരിലൊരാളായ സാക്ഷാല്‍ രവീന്ദ്രന്‍! മലയാളത്തിന്റെ പ്രീയപ്പെട്ട സംഗീത സംവിധായകന്‍ എന്ന പച്ച മനുഷ്യനെ തികച്ചും പച്ചയായി നമുക്കു കാണിച്ചു തരുന്നത്‌ മറ്റാരുമല്ല, അദ്ദേഹത്തിന്റെ ഭാര്യ ശോഭാ രവീന്ദ്രന്‍ തന്നെയാണ്‌. പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ്‌, പലവിധ ദുരിതങ്ങളുടെ നടുവില്‍ നിന്ന്‌ പ്രണയത്തിന്റെ ഒരു ചുഴലിക്കാറ്റായി വന്ന്‌ ശോഭയെ സ്വന്തം ജീവിതത്തിലേക്കു കൂട്ടുകായിരുന്നു കുളത്തൂപ്പുഴ രവി. ദുരിതങ്ങളുടെ നടുവില്‍ നിന്ന്‌ ഇല്ലായ്‌മകളുടെ നടുവിലൂടെ മലയാള സംഗീതലോകത്തെ ചക്രവര്‍ത്തി പദത്തിലേക്കാണ്‌ രവീന്ദ്രന്‍ നടന്നു കയറിയത്‌. അപ്പൊഴൊക്കെയും രവീന്ദ്രന്‍ കുളത്തൂപ്പുഴക്കാരനായ തനി നാടന്‍ മനുഷ്യനായിരുന്നു. കലയില്‍ പെര്‍ഫക്‌്‌ഷനിസ്റ്റായിരുന്ന രവീന്ദ്രന്‍ ജീവിതത്തില്‍ കണക്കുകൂട്ടലുകളോ കരുതിവെപ്പുകളോ നാട്യങ്ങളോ ഒന്നുമില്ലാത്ത വെറും സാധാരണക്കാരനായിരുന്നു. ഒത്തിരി സ്‌നേഹവും ചില ദുശ്ശാഠ്യങ്ങളും കുറുമ്പുകളും പിണക്കവും ചില നേരങ്ങളില്‍ നിലവിട്ടു പോയ മണ്ടത്തരങ്ങളുമുള്ള തനി നാടന്‍. ദുരിത കാലങ്ങളിലൊന്നും ദൈവങ്ങളെ തേടി പരക്കം പായാതിരുന്ന രവീന്ദ്രന്‍ പിന്നീട്‌ ആള്‍ദൈവങ്ങളുടെയും ജ്യോതിഷക്കാരുടെയുമൊക്കെ വലയിലായിപ്പോകുന്നതും മക്കളോടു പിണങ്ങിയാല്‍ വാശി പിടിച്ച്‌ അവരോടു തല്ലു കൂടുന്നതും ഒരിക്കല്‍ മദ്യസല്‍ക്കാരം കഴിഞ്ഞ്‌ നാലു കാലില്‍ വന്നു കയറിയതും ഒക്കെ സ്‌നേഹഭരിതമായ നര്‍മത്തോടെയാണ്‌ വിവരിക്കുന്നത്‌. 31 വര്‍ഷത്തെ മദ്രാസ്‌ ജീവിതത്തിനിടെ 31 തവണയിലധികം വാടക വീടു മാറിയിട്ടുണ്ട്‌ രവീന്ദ്രനും കുടുംബവും. വാടകവീടുകള്‍ മാറുന്നതിനെക്കുറിച്ച്‌ ശോഭ എഴുതുന്നു- വീടു മാറാനും രണ്ടു ലോറി സാധനങ്ങള്‍ ഒരു വീട്ടില്‍ നിന്നു പായ്‌ക്കു ചെയ്‌ത്‌ മറ്റൊരു വീട്ടിലെത്തിക്കാനുമൊന്നും ഒരു വിഷമവും പറയാറില്ല. ..ഒരു പൂച്ചട്ടി എവിടെ വെക്കണമെന്നതു പോലും രവിയേട്ടന്റെ തീരുമാനമായിരിക്കും. ഒരു വീട്ടില്‍ വന്നാല്‍ അവിടെ നിന്നു മാറുന്നതു വരെ അറേഞ്ചുമെന്റുകള്‍ മാറിക്കൊണ്ടേയിരിക്കും. വാങ്ങലും വില്‍ക്കലും രവിയേട്ടന്റെ ഒരു തമാശയാണ്‌. എല്ലാവരും വാങ്ങുന്നത്‌ ഉപയോഗിക്കാന്‍ വേണ്ടിയാണെങ്കില്‍ രവിയേട്ടന്‍ വാങ്ങുന്നത്‌ വില്‍ക്കാന്‍ വേണ്ടിയാവും. എന്തു വാങ്ങുമ്പൊഴും പറയും .. ഇതു നമുക്ക്‌ പിന്നെ വില്‍ക്കാം. നഷ്ടക്കച്ചവടം നടത്തുന്നതില്‍ അതി വിഗദ്ധനുമാണ്‌.

രവീന്ദ്രന്‍ എന്ന സംഗീതജ്ഞനെ വിലയിരുത്തുകയോ മരിച്ചു പോയ ഭര്‍ത്താവിനെക്കുറിച്ച്‌ സ്‌തുതികളെഴുതുകയോ അല്ല ഈ പുസ്‌തകത്തില്‍ ചെയ്‌തിട്ടുള്ളത്‌. പുതിയ ഗാനങ്ങള്‍ കമ്പോസു ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരണം ഇങ്ങനെ- വീട്ടില്‍ കമ്പോസിങ്‌ നടക്കുന്ന ദിവസങ്ങളില്‍ രാവിലെ തന്നെ അസിസ്‌റ്റന്റും തബല പ്ലെയറും എത്തും. അവര്‍ കമ്പോസിങ്ങിനു വേണ്ടി രവിയേട്ടന്റെ മുറിയില്‍ കാത്തിരിക്കും. രവിയേട്ടന്‍ രാവിലെ തന്നെ എന്തെങ്കിലും മരാമത്തു പണിയിലേര്‍പ്പെട്ടിരിക്കും. അവര്‍ കാത്തിരിക്കുന്നുവെന്നു കരുതി പണി നിര്‍ത്തി വെക്കുകയൊന്നുമില്ല. ഇട.്‌ക്ക വിളിച്ചു പറയും പ്രദീപേ( തബലിസ്റ്റ്‌) താളത്തില്‍ വായിച്ചോളൂ. ഏറെ നേരം കഴിഞ്ഞാലും ഏട്ടനെ കാണാഞ്ഞ്‌ തബലിസ്റ്റ്‌ വായന നിര്‍ത്തും. ഉടനേ വിളിച്ചു പറയും, നിര്‍ത്തണ്ട വായിച്ചോളൂ. പാവം പ്രദീപ്‌ വായന തുടരും. പണിയൊക്കെ പൂര്‍ത്തിയാക്കി ..കമ്പോസിങ്‌ റൂമില്‍ ചെല്ലും. ചിലപ്പോള്‍ ഇതു വൈകുന്നേരമോ രാത്രിയോ ആകാം. ഹര്‍മോണിയം മുന്നില്‍ വെച്ച്‌ വിരലുകള്‍ ചലിപ്പിക്കുന്നതിനൊപ്പം ചുണ്ടില്‍ അതി മനോഹരമായ ഒരു ഈണവുമുണ്ടാകും. അഞ്ചു നിമിഷത്തിനുള്ളില്‍ പാട്ട്‌ റെഡി. ...അഞ്ചു നിമിഷം വേണ്ട ഒരു ഈണമുണ്ടാക്കാന്‍. പക്ഷേ, അതിന്‌ അന്‍പതു നിമിഷം പാഴാക്കിക്കളയും എന്നു ചിലര്‍ പറയാറുണ്ട്‌.

രവീന്ദ്രന്‍ എന്ന മഹാനായ സംഗീതജ്ഞനെക്കുറിച്ച്‌ അറിയാത്തവര്‍ക്കും ഈ പുസ്‌തകം രസകരമായി വായിക്കാം. മണ്ടത്തരങ്ങളെക്കുറിച്ചും പെരുമാറ്റത്തിലെ ചില പ്രത്യേകതകളെക്കുറിച്ചുമൊക്കെ വായിച്ച്‌ നിറയെ ചിരിക്കാം. അടുത്ത നിമിഷത്തില്‍ പക്ഷേ, പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളുടെ ചൂടേറ്റ്‌ അറിയാതെ കണ്ണു നിറഞ്ഞു പോകും. തീവ്രപ്രണയത്തിന്റെ ഹൃദയസ്‌തോഭം അനുഭവിക്കാം. നമ്മളെത്തന്നെ, നമ്മുടെ തന്നെ ജീവിതത്തെ പുതിയൊരു പക്വതയോടെ നോക്കിക്കാണാന്‍ സഹായിക്കുന്ന ആത്മബലം നേടാം.

ഭര്‍ത്താവിനെക്കുറിച്ച്‌ ഭാര്യ എഴുതിയ മികച്ച പുസ്‌തകങ്ങളുടെ ഒരു നിരതന്നെയുണ്ട്‌ മലയാളത്തില്‍. ബി കല്യാണിയമ്മയുടെ വ്യാഴവട്ട സ്‌മരണകള്‍, റോസി തോമസിന്റെ ഇവന്‍ എന്റെ പ്രിയ സി.ജെ., രാധാലക്ഷ്‌മിയുടെ പദ്‌മരാജന്‍ എന്റെഗന്ധര്‍വന്‍ തുടങ്ങിയവ. അക്കൂട്ടത്തിലേക്ക്‌ ഒരു മികച്ച പുസ്‌തകം കൂടി കൈവന്നിരിക്കുന്നു ഇപ്പോള്‍.