Tuesday, April 30, 2013

എന്റെ ജ്ഞാനമുകുളങ്ങൾ


പുസ്തകം : എന്റെ ജ്ഞാനമുകുളങ്ങൾ
രചയിതാവ് : എം.കെ.ഹരികുമാർ
പ്രസാധകര്‍ : ഗ്രീൻബുക്സ് , തൃശൂര്‍
അവലോകനം : കല്ലേലി രാഘവൻപിള്ള


ലയുഗങ്ങളിലൂടെ കടന്നുപോയ മനുഷ്യവംശത്തെക്കുറിച്ച്‌ ചിന്തിക്കാത്ത കവികളും വിജ്ഞാനികളും നമ്മുടെ ഇടയിൽ വിരളമാണ്‌. കവികളെ അൽപനേരത്തേയ്ക്കൊന്നു മാറ്റിനിർത്താം. വിജ്ഞാനികളിൽ
സാമൂഹ്യശാസ്ത്രജ്ഞന്മാരും നരവംശശാസ്ത്രപണ്ഡിതന്മാരും ഉൾപ്പെടുന്നു. സാമൂഹ്യശാസ്ത്രമെന്ന വിജ്ഞാനശാഖയിൽ തത്ത്വചിന്തകന്മാരെയും ചേർത്തുകാണാറുണ്ട്‌. കവികൾ, ഉള്ളതു മാത്രമല്ല, ഇല്ലാത്തതുമൊക്കെകാണാറുള്ളതുകൊണ്ടാണ്‌ അവരെ തെല്ലുനേരം മാറ്റിനിർത്താമെന്നു പറഞ്ഞത്‌.

രണ്ടുചിത്രങ്ങൾ

വിജ്ഞാനികൾക്ക്‌ പ്രത്യേകിച്ചും ശാസ്ത്രജ്ഞന്മാർക്ക്‌, മനുഷ്യനൊരു മൃഗമാണ്‌. ബുദ്ധിയുള്ളമൃഗം, ചിന്തിക്കാൻ കഴിവുള്ള മൃഗം, ഓർമ്മിച്ചുവയ്ക്കാനും ലജ്ജിച്ചുനിൽക്കാനും കഴിവുള്ള ജന്തു എന്നൊക്കെ അവനെക്കുറിച്ച്‌ ക്രിസ്തുവിനുമുമ്പേ പറഞ്ഞുവച്ച പണ്ഡിതന്മാരുണ്ട്‌. മനുഷ്യന്റെ മനോവ്യാപാരത്തെപ്പറ്റി അവന്റെ ബാഹ്യാന്തരചേഷ്ടകളെപ്പറ്റി, അവന്റെ ശരീരഭാഷയെകുറിച്ച്‌ എത്രയെത്ര പഠനങ്ങളും കൃതികളും ഉണ്ടായിക്കഴിഞ്ഞു. സാറാ ആസ്റ്റിൻ പിൽക്കാലത്ത്‌ എഴുതി, ഒരു വാക്കുകൊണ്ടോ ചിന്തയാലോ നോക്കുക്കൊണ്ടോ കവിളിൽ തുടിക്കുന്ന ആ ചെമപ്പ്‌ എത്ര വിസ്മയകര്യമായ ഒന്നാണ്‌. മുഖത്തിനു മാത്രമേ, മനുഷ്യമുഖത്തിനു മാത്രമേ ലജ്ജിക്കാൻ കഴിവുള്ളു. സ്വർഗ്ഗമെന്നത്‌ മുഖമാണ്‌." ഒരർത്ഥത്തിൽ മനുഷ്യനെന്ന സൃഷ്ടിവൈചിത്ര്യത്തെ സാറാ ആസ്റ്റിൻ ഇവിടെ കണ്ടെത്തുന്നു. മനുഷ്യപുരോഗതിയുടെ ഭാഗമാണ്‌ ഈ കണ്ടെത്തൽ.


മനുഷ്യപുരോഗതിയെക്കുറിക്കുന്ന ഒരു പ്രമാണികഗ്രന്ഥമാണ്‌ ഗോർഡൻ ചൈൽഡിന്റെ 'മനുഷ്യൻ സ്വയം നിർമ്മിക്കുന്നത്‌' എന്നത്‌. ഡാർവിൻ ചൂണ്ടിക്കാട്ടിയ ജന്തുപരിണാമത്തിന്റെ ഫലമെന്നോണം പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച്‌ നഗ്നവാനരൻ നേടിയ ബുദ്ധിവികാസത്തിൽ അവൻ ഈ ഭൂമിയുടെ ശ്രദ്ധാകേന്ദ്രമാവുന്നതും അവനിലും അവന്റെ സാഹചര്യങ്ങളിലും വന്ന പരിവർത്തനങ്ങളും ഒക്കെയാണ്‌ ആ പ്രാഖ്യാതകൃതിയിലെ പ്രമേയം. ഗോർഡൻ ചൈൽഡ്‌ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌.

പുരോഗതിയെന്നത്‌ ഒരു വസ്തുതയായി കഴിഞ്ഞ നൂറ്റാണ്ടിൽ അംഗീകരിക്കപ്പെട്ടിരുന്നു. കച്ചവടം വികസിക്കുകയും വ്യവസായത്തിന്റെ ഉൽപാദനക്ഷമത വർദ്ധിക്കുകയും സമ്പത്ത്‌ കുന്നുകൂടുകയും ചെയ്തുകൊണ്ടിരുന്നു ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ മനുഷ്യന്‌ പ്രകൃതിയുടെ മേലുള്ള നിയന്ത്രണത്തിൽ അതിരറ്റമുന്നേറ്റവും തന്നിമിത്തം കൂടുതൽ ഉൽപാദനത്തിനുള്ള അപരിമിതമായ സാധ്യതകളും വാഗ്ദത്തം ചെയ്തിരുന്നു. വർദ്ധിച്ചുവരുന്ന ഐശ്വര്യവും ആഴംകൂടിവരുന്ന വിജ്ഞാനവും പാശ്ചാത്യലോകത്തിൽ ഉടനീളം അഭൂതപൂർവ്വമായ ശുഭാപ്തിവിശ്വാസം ജനിപ്പിച്ചു. ഇന്ന്‌ ആ ശുഭാപ്തിവിശ്വാസത്തിന്‌ ഒരു കടുത്ത ആഘാതം തട്ടിയിട്ടുണ്ട്‌."

ചൈൽഡ്‌ തന്റെ ഗ്രന്ഥം അവസാനിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌. മനുഷ്യന്റെ പെരുമാറ്റത്തെ ചില അതിർത്തികൾക്കുള്ളിൽ വലയം ചെയ്തു നിർത്തിക്കൊണ്ട്‌ പാരമ്പര്യം മനുഷ്യനെ നിർമ്മിക്കുന്നു. എന്നാൽ മനുഷ്യൻ പാരമ്പര്യങ്ങളെ നിർമ്മിക്കുന്നുവേന്നതും അതുപോലെത്തന്നെ സത്യമാണ്‌. കൂടുതൽ അഗാധമായ ഉൾക്കാഴ്ചയോടെ നമുക്കാവർത്തിക്കാം. മനുഷ്യൻ സ്വയം നിർമ്മിക്കുന്നു
(തർജ്ജമ മുൻമുഖ്യമന്ത്രി , സി.അച്യുതമേനോൻ).


ഇത്രയും പറഞ്ഞതെന്തിനെന്നോ? മനുഷ്യന്റെ ഉയർച്ചയുടെ കഥയോർക്കാൻ. മനുഷ്യന്റെ ആരോഹണം എന്ന കൃതിയിലൂടെ ജെ.ബ്രോണോവ്സ്കി അക്കഥ ചടുലമായാവിഷ്കരിക്കുന്നു. ഇനി അൽപനേരം കവിയുടെ അടുത്തേക്കുവരാം. മനുഷ്യന്റെ വളർച്ചയുടെ കഥയിൽ കവികൾക്കും പറയാനുണ്ട്‌ ഇത്തിരിക്കാര്യം. എന്തൊരു സുന്ദരമായ സൃഷ്ടിയാണ്‌ മനുഷ്യൻ. മഹാകവി ഷേക്സ്പിയറിന്റെ ആ വാക്കുകൾ വിശ്വോത്തരമാണ്‌. 'ബുദ്ധി എത്ര കുലീനം' കഴിവ്‌ എത്ര അപാരം! രൂപഭാവങ്ങൾ എത്ര ശ്രദ്ധാർഹം, പ്രശംസാർഹം! കർമ്മത്തിൽ മാലാഖയെപ്പോലെ വിവേചനത്തിൽ ദൈവതുല്യം" പുകഴ്ത്തലുകളുടെ മഴവെള്ളം തന്നെ എതിർഭാഗത്തുനിൽക്കാനും സർഗ്ഗാത്മകരമായ എഴുത്തുകാരുണ്ട്‌.

നൊബേൽ സമ്മാനം നേടിയ റൊമെയ്ൻ റോളണ്ട്‌ മനുഷ്യന്റെ സ്തുതിപാഠകനാകുവാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. "മാനവൻ അവൻ പറയുമ്പോലെ പ്രകൃതിയുടെ അധീശനേയല്ല. മറിച്ച്‌ അവൻ പ്രകൃതിയെ നിർദ്ദയം നശിപ്പിക്കുന്ന മർദ്ദകനാണ്‌. മാത്രമല്ല, അവനേക്കാൾ മുമ്പേവന്ന ജീവികളുടെ വൈവിധ്യമാർന്ന സമൂഹങ്ങളിൽ നിന്ന്‌ അവന്‌ ഏറെ പഠിക്കാനുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു." ഇപ്പറഞ്ഞവരെ ഒക്കെയും കാൾ നിശിതവും കരുണയറ്റതുമായ വിമർശനം മനുഷ്യനുനേരെ ചൊരിഞ്ഞത്‌ ചങ്ങമ്പുഴയെന്ന കവിയാണ്‌. ആ വാക്കുകൾ അതേപടി ഉദ്ധരിക്കുവാൻ എനിക്കുതോന്നുന്നു.

ജന്മജന്മാന്തരപുണ്യപൂവല്ലിതൻ
പൊന്മലരാണത്രേ മർത്ത്യജന്മം
ഇഷ്ടിയാർന്നീശ്വരൻ തൻപ്രതിരൂപമായ്‌
സൃഷ്ടിച്ചതാണുപോൽ മാനുഷനെ
നേരാണതെങ്കിലോ നൂനമാദ്ദൈവത്തിൻ
പേരുകേട്ടാൽമതി പേടിയാവാൻ" അവിടെക്കൊണ്ട്‌
അവസാനിക്കുന്നില്ല, മനുഷ്യവിരോധം തുടർന്ന്‌ വായിക്കൂ
ജീവജാലങ്ങളിലൊക്കെയൽപാൽപമായ്‌
താവിയിട്ടുള്ളാത്തമോമയാംശം
ഒന്നിച്ചുകൂട്ടിക്കലർത്തിക്കരുപ്പിടി
ച്ചൊന്നാദ്യമീശ്വരൻ വാർത്തുനോക്കി
ഒന്നില്ലതാന്നുചെകുത്താന,വനില
ന്നൊട്ടിപ്പിടിച്ചില്ലസൂയമാത്രം
എന്നല്ലിളമ്പതമാകമായാലുള്ളിനു
വന്നീലവേണ്ടത്രകാഠിന്യവും
അക്കുറവൊക്കെപ്പരിഹസിച്ചന്ത്യത്തി-
ലിക്കാണും മർത്ത്യനെ തീർത്തു ദൈവം
ചെന്നായ, ചീങ്കണ്ണി പോത്ത്ചിറ്റ്പുലി
പന്നി, പാമ്പെന്തൊക്കെയുണ്ടവനിൽ
സ്രഷ്ടാവുപോലുംഭയംമൂലമാവിടാം
വിട്ടുകൊടുത്തവനുവിശ്വം"
(മനുഷ്യൻ, ചങ്ങമ്പുഴ, ഡി.സി.ബുക്സ്‌ )

പുതിയൊരു പുളകം

അങ്ങനെ കവികളും തത്ത്വചിന്തകന്മാരും മറ്റുപണ്ഡിതന്മാരും വരച്ചുകാട്ടുന്ന മനുഷ്യന്റെചിത്രം സങ്കീർണ്ണമായ ഒന്നാണ്‌. നൈതികമൂല്യങ്ങളുടെ തകർച്ചയാണ്‌ എവിടെയും കാണുന്ന കാഴ്ച. "മാരകമായ തോതിൽ അതിവികാസം പ്രാപിച്ച മസ്തിഷ്കത്തോടുകൂടിയ ഒരു മൃഗമാണ്‌ മനുഷ്യനെന്ന അവസ്ഥയിൽ നാം എത്തിക്കഴിഞ്ഞു." മനഃശാസ്ത്രജ്ഞനായ കാൾ ജി.യുങ്ങി ന്റെ വാക്കുകൾ ഞെട്ടിപ്പിക്കുന്നവയായിരുന്നു. 1913ൽജീവശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ചാൾസ്‌ റിഷേ ‍മനുഷ്യനെക്കുറിച്ച്‌ നടത്തിയ വിലയിരുത്തൽ വിഡ്ഡിയായ മനുഷ്യൻ എന്നാണ്‌.

ഇങ്ങനെയെല്ലാമുള്ള ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട്‌ എം.കെ.ഹരികുമാറിന്റെ പുതിയ കൃതിയിലേക്ക്‌ ഞാൻ കടന്നു.മനുഷ്യൻ തന്നെയാണ്‌ ഹരികുമാറിന്റെയും പ്രമേയം. വർദ്ധിച്ചുവരുന്ന
ഐശ്വര്യവും ആഴം കൂടിവരുന്ന വിജ്ഞാനവും ആധുനികമനുഷ്യനിൽ ഹോമോസാപ്പിയൻസിൽ, വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ കാവ്യാത്മകമായ മേലങ്കിചാർത്തി ആവിഷ്കരിക്കുകയാണ്‌ ഹരികുമാർ, 'എന്റെ ജ്ഞാനമുകുളങ്ങളിൽ'. മണ്ണും മണ്ണിരയും പോത്തും പശുവും പക്ഷികളും ചീവീടുകളും അട്ടകളും ശലഭങ്ങളും മീനുകളും മാനുകളും എല്ലാം ഉൾപ്പെടുന്ന പ്രകൃതിയുടെ ഒരു സൂക്ഷ്മലോകം ജ്ഞാനമുകളങ്ങളിൽ അതിന്റെ തുടിപ്പുകൾ സൃഷ്ടിക്കുന്നു. വേണമെങ്കിൽ ഈ ആവിഷ്കരണ സമ്പ്രദായത്തെ 'അഫൊറിസം' (aphorism) എന്നു വിളിക്കാം.അഫൊറിസം കടകുമണികൾപോലെയാണ്‌ അതിന്റെ രൂപഭാവങ്ങളിൽ;


സൂത്രവാക്യങ്ങളുടെ ഒരു ചിമിഴ്‌ എന്നു പറയാം. മുകുളങ്ങളിൽ നിന്നു തന്നെ മാതൃകയ്ക്ക്‌ കുറെ ചിമിഴുകളോ ചീളുകളോ എടുത്തുകാട്ടാം. 1. മണ്ണ്‌ മണ്ണിരയുടെ അവയവമാണ്‌. 2. നിശ്ശബ്ദതകൾ ഉറുമ്പുകളുടെ അറിവുകളാണ്‌ 3.മനുഷ്യൻ ചിരിക്കുമ്പോൾ പ്രാണികൾ കരയുന്നു 4. എങ്ങനെ മനുഷ്യനിൽ നിന്നകലാം എന്നതാണ്‌ പാമ്പുകളുടെ സദാചാരം. 5. വെള്ളം ഒരു മതമാണ്‌. എത്രവേണമെങ്കിലും ഉദ്ധരിക്കാം. ഓരോ കുറിപ്പും വായനക്കാരന്റെ ബോധമണ്ഡലത്തിൽ ചിന്തയുടെ തരംഗങ്ങൾ സൃഷ്ടിക്കുന്നു. ഹരികുമാറിന്റെ ദർശനത്തോട്‌ നിങ്ങൾ യോജിക്കുന്നുഎന്നുവരാം, മറിച്ചും ആകാം. എങ്കിലും അവമിന്നുന്ന പൊൻതരികളാണെന്നു നിങ്ങൾക്കു ബോദ്ധ്യമാവും. ജ്ഞാനമുകുളങ്ങൾ ഓരോചീളും എടുത്തു വായിച്ചു പോകവേ ഓർമ്മയിൽ വന്നത്‌ രവീന്ദ്രനാഥടാഗോ‍ൂറിന്റെ അലഞ്ഞുതിരിയുന്ന പറവകളും ഖലീൽ ജിബ്രാന്റെ മണ്ണുംപതകളുമാണ്‌. മലയാളിക്കും ഇതാ മറ്റൊരു
സൂത്രവാക്യസമാഹാരം ലഭ്യമായിരിക്കുന്നു. നാളെ അവയിൽ പലതും പഴഞ്ചൊല്ലുകൾപോലെ ചിരഞ്ജീവികളായി നിലനിൽക്കുമെന്നാണ്‌ എന്റെ വിശ്വാസം.

മലയാള സാഹിത്യവേദിയിലെ വെറുമൊരു നവാഗതനല്ല, ഹരികുമാർ. അദ്ദേഹത്തിന്റെ മറ്റു രണ്ടു പ്രൗഢകൃതികളും, വീണപൂവ്‌ കാവ്യങ്ങൾക്കുമുമ്പേ, ആത്മായനങ്ങളുടെ ഖസാക്ക്‌, മലയാളിക്ക്‌ ഉണർവ്വ്വ്‌ നൽകിയവയാണ്‌. കൈരളിയുടെ പുതിയ പുളകമായ 'ജ്ഞാനമുകുളങ്ങളിലേക്ക്‌' എല്ലാ വായനക്കാരെയും ഞാൻ ക്ഷണിക്കട്ടെ, ആദരപൂർവ്വം, ആഹ്ലാദത്തോടെയും.

Friday, April 26, 2013

ബഷീറിന്റെ കത്തുകള്‍

പുസ്തകം : ബഷീറിന്റെ കത്തുകള്‍
സമാഹരണം : കെ.എ.ബീന
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ലളിത ലെനിന്‍

സ്വകാര്യതയില്ലാത്ത ‘സ്പാം’ മെയിലുകളുടെ കാലത്ത്, ഒരു ‘കത്തെഴുതാന്‍’ ആര്‍ക്കും മനസ്സും നേരവുമില്ലാത്ത കാലത്ത്, കൊതിയൂറിക്കുന്ന മണവും രുചിയുമുള്ള ഒരുപിടി കത്തുകള്‍. ആരും ഒറ്റയിരിപ്പില്‍ത്തന്നെ വായിച്ച് മതിമറന്നുപോകുന്ന ‘ബഷീറിന്റെ കത്തുകള്‍’ ഡി.സി. ബുക്‌സാണ് പുറത്തിറക്കിയിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ എത്രയോ കത്തുകള്‍ നാം വായിച്ചിട്ടുണ്ട്. ബഷീറിന്റെ കഥാസാഹിത്യമോ കത്തുകളോ ഏറെ പ്രിയമെന്ന് ചോദിച്ചാല്‍ എല്ലാം പ്രിയതരം എന്നേ മലയാളിക്ക് പറയാനാവൂ. ആ കത്തുകളിലൂടെ ആരെയൊക്കെ നാമറിഞ്ഞു! ജീവിതത്തിന്റെ ചുഴികളും മലരികളും ഒളിപ്പിച്ചുവെച്ച എന്തെന്തു കാഴ്ചകള്‍ നാം കണ്ടു! ഊറിച്ചിരിച്ചും പൊട്ടിച്ചിരിച്ചും വായിക്കുന്നതിനിടയില്‍ പ്രപഞ്ചത്തോളം വലുതായ ആ സ്‌നേഹത്തിന്റെ അപൂര്‍വ്വ ലാവണ്യം നുകര്‍ന്ന് നാം കണ്ണുതുടച്ചില്ലേ?


ഇതാ, നാം വായിച്ചിട്ടില്ലാത്ത കുറച്ചു കത്തുകള്‍ കൂടി. ബഷീറിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ മലയാളിക്ക് കിട്ടുന്ന ഈ സ്‌നേഹസമ്മാനത്തിന് സവിശേഷതയുണ്ട്. ജേര്‍ണലിസം വിദ്യാര്‍ത്ഥിയായിരിക്കെ കെ.എ.ബീന എന്ന പെണ്‍കുട്ടി എഴുതിയ കത്തിലൂടെ പൂത്തുവിരിഞ്ഞ സൗഹൃദം നമ്മെ കൊണ്ടുപോകുന്നത് ജീവിതത്തിന്റെ ആഴങ്ങളിലേക്കും സൗരഭ്യത്തിലേക്കുമാണ്.

പുസ്തകത്തിന്റെ മുഖക്കുറിപ്പായി ബീന എഴുതിയ ‘സ്‌നേഹത്തിന്റെ മഹാവൃക്ഷം’ ബീനയെക്കൊണ്ട് എഴുതിച്ചത് ബഷീറിന്റെ ഭാഷയും സ്‌നേഹവും തന്നെയാണ് എന്ന് വായനക്കാര്‍ക്ക് തോന്നും വിധം മനോഹരമായ അവതരണംകൊണ്ട് ഹൃദ്യമായിരിക്കുന്നു.

ഓരോ കത്തും ബഷീറിന്റെ സ്വതസിദ്ധമായ ഭാഷകൊണ്ടും നര്‍മ്മം കൊണ്ടും ജീവിതാവബോധം കൊണ്ടും നമ്മെ മനുഷ്യജീവിതത്തിന്റെ ആഴങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്നു. അതോടൊപ്പംതന്നെ സൗഹൃദത്തിന്റെ അപൂര്‍വ്വാനുഭവം തന്നെയാണ് കത്തുകളെ മധുരമാക്കുന്നത് എന്നും നാം തിരിച്ചറിയുന്നു. കെ.ബാലകൃഷ്ണനെക്കുറിച്ചുള്ള ബഷീറിന്റെ സ്‌നേഹത്തില്‍ കുതിര്‍ന്ന വാക്കുകള്‍, അതോടൊപ്പം ബീനയെന്ന ജേര്‍ണലിസ്റ്റിന് കൂട്ടിവായിച്ചെടുക്കാന്‍ നല്കുന്ന ആ വ്യക്തിത്വത്തിന്റെ വിഭിന്ന വര്‍ണ്ണങ്ങള്‍, അതില്‍ കലര്‍ന്ന കറുപ്പും തിളക്കവും എല്ലാം മറ്റേതൊരു മാദ്ധ്യമത്തിലൂടെയും പകര്‍ന്നു തരാവുന്നതിനേക്കാള്‍ ശക്തമായ വ്യക്തിത്വത്തിന്റെ ദൃശ്യവല്ക്കരണമായി തീരുന്നു. സ്‌നേഹത്തിന് പരിധികളില്ലെന്നും പരിമിതികളില്ലെന്നും അത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. കാരുണ്യമില്ലാത്ത ഹൃദയബന്ധങ്ങള്‍ നശ്വരമാണ് എന്നുകൂടി തിരിച്ചറിയാന്‍ നമുക്കു കഴിയുന്നു.

ഈ പുസ്തകം കുഞ്ഞുങ്ങളെ മാത്രമല്ല, ഏതുപ്രായത്തിലുള്ളവരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്. കത്തുകള്‍ ഇനിയും നമുക്ക് വേണമെന്ന് തന്നെ പറയാന്‍ അത് നമ്മെ പ്രേരിപ്പിക്കും. വാക്കിന്റെ ഹൃദയം കത്തിലൂടെ വെളിപ്പെടുന്നതുപോലെ എവിടെയും വെളിപ്പെടുന്നില്ല എന്ന് ഈ പുതിയ കാലത്ത് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു ഈ പുസ്തകം.

Sunday, April 21, 2013

പി ഭാസ്കരന്റെ കാവ്യമുദ്രകള്‍


പുസ്തകം : പി ഭാസ്കരന്റെ കാവ്യമുദ്രകള്‍
രചയിതാവ് : ശ്രീകുമാരന്‍തമ്പി
പ്രസാധകര്‍ : ഗ്രീന്‍ ബുക്സ്
അവലോകനം : ജ്യോതിബായ് പരിയാടത്ത്
 

വിതയുടേയും സംഗീതത്തിന്റെയും ലോകത്ത്‌ തന്റേതായ ഒരിടം നേടിയെടുത്ത കവി പി ഭാസ്കരനെക്കുറിച്ച്‌, അദ്ദേഹത്തെ തന്റെ ഗുരുവായി അംഗീകരിച്ചാദരിക്കുന കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍തമ്പി രചിച്ച പുസ്തകം പി ഭാസ്കരന്റെ കാവ്യമുദ്രകള്‍ ലളിതമായ ആഖ്യാനശൈലികൊണ്ടും സമഗ്രത കൊണ്ടും ശ്രദ്ധേയമാണ്‌. ശ്രീകുമാരന്‍ തമ്പിയ്ക്കും ഭാസ്കരന്‍ മാഷിനും തങ്ങള്‍ വിഹരിച്ച മേഖലകളില്‍ ഒട്ടേറെ സമാനതകള്‍ ഉള്ളതായി കാണാം. കാവ്യരംഗത്തും ഗാനരചനാരംഗത്തും ഒരു പോലെ മൌലികത കാത്തുസൂക്ഷിക്കാന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞിട്ടുണ്ട് എന്നത് അവയില്‍ എടുത്തു പറയേണ്ട ഒന്നാണ് . ഭാസ്കരന്‍ മാഷെപ്പോലെ മനുഷ്യമനസ്സുകളേയും ബന്ധങ്ങളേയും അപഗ്രഥിച്ചെഴുതിയ അനേകം കവികളില്ല .ശ്രീകുമാരന്‍തമ്പിയും വഴിയിലൂടെ തന്നെയാണ്‌ തന്റെ ഗാനസപര്യ തുടര്‍ന്നത്‌. പി ഭാസ്കരന്റെ കാവ്യജീവിതത്തിലൂടെയും ചലചിത്രജീവിതത്തിലൂടെയും ശ്രീകുമാരന്‍ തമ്പി നടത്തു തീര്‍ഥാടനമാണ്‌ പുസ്തകംഎന്ന് പ്രസാധകരായ ഗ്രീന്‍ബുക്സ്‌ പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പില്‍ പറയുന്നു. ദീര്‍ഘമായ മുഖവുര പോലുള്ള ആടോപങ്ങളൊന്നുമില്ലാതെ പ്രതിപാദ്യവിഷയത്തിലേയ്ക്ക്‌ നേരിട്ട് എത്തു രീതിയിലാണു തമ്പിയുടെ എഴുത്തു തുടങ്ങുന്നത്‌ എന്നത്‌ എടുത്തു പറയേണ്ട ഒന്നായി തോന്നുന്നു. മനുഷ്യസ്നേഹത്തിന്റെ പാട്ടുകാരന്‍ എന്ന ഒന്നാം അദ്ധ്യായത്തില്‍ തുടങ്ങി കവിയും ക്യാമറയും എന്ന പതിനാലാം അധ്യായം വരെ ഒറ്റയിരിപ്പില്‍ വായിച്ചുപോകാവുന്നത്രയും ലളിതവും തുടര്‍ച്ചയുള്ളതുമായ എഴുത്തുരീതിയാണ്‌ തമ്പിയുടേത്‌.

വില്ലാളിയാണു ഞാന്‍ ജീവിത സൌന്ദര്യ വല്ലകിമീട്ടലല്ലെന്റെ ലക്ഷ്യം
എന്ന മട്ടില്‍ കവിയെന്ന നിലയില്‍ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത എപ്രകാരമെന്നു തുറന്നു പ്രഖ്യാപിക്കുന്ന ഭാസ്കരന്‍ മാഷുടെ കാവ്യവഴികളിലൂടെയുള്ള ഋജുവായ ഒരു സഞ്ചാരത്തില്‍ നിന്നാണ്‌ തുടക്കം. പ്രണയവും വിപ്ളവവും സമ്മേളിക്കുന്ന കവിതാശകലങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ കാല്‍പനികതയിലും അതേസമയം വിപ്ളവത്തിലും അഭിരമിക്കുന്ന ഭാസ്കരന്‍മാഷിന്റെ കവിസ്വത്വം അധ്യായത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. യൌവ്വനകാലത്തെ തീപ്പന്തം പക്വതയാര്‍ന്നു വാര്‍ദ്ധകത്തില്‍ ദീപനാളത്തിന്റെ സൌമ്യശോഭ കൈവരിച്ചെങ്കിലും പഴയ പന്തത്തിന്റെ യൌവ്വനതീക്ഷ്ണത തന്റെ ഉള്ളിലെന്നും ജാജ്വല്യമാണെന്ന കവിയുടെ വെളിപ്പെടുത്തല്‍ ,ഉത്തരം ലഭിക്കാത്ത ചോദ്യം,ഒരേ വെളിച്ചം എന്നീ കവിതകള്‍ സമര്‍ത്ഥമായി ഉദാഹരിച്ചുകൊണ്ട്‌ ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കുന്നു. കവിതകളിലേയും ഗാനങ്ങളിലേയും വരികള്‍ ഉദാഹരിച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള ആഴമുള്ള വിശകലനങ്ങള്‍ പുസ്തകത്തില്‍ അങ്ങോളമിങ്ങോളമുണ്ട്‌. ശ്രീകുമാരന്‍ തമ്പി കവിയ്ക്കുള്ളിലെ നിരൂപകനെയാണ്‌ ഇത്തരം വിശകലനങ്ങള്‍ അടയാളപ്പെടുത്തുന്നത്‌ . വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന ഭാസ്കരന്‍ മാഷിന്റെ ആദ്യസമാഹാരം മുതല്‍ ഓടക്കുഴല്‍ പുരസ്കാരം നേടിയ ഒറ്റക്കമ്പിയുള്ള തംബുരു വരെ പ്രതിപാദിക്കപ്പെടുന്നുണ്ടെങ്കിലും ചില നല്ല കവിതകളെല്ലാം വെറും പരാമര്‍ശങ്ങള്‍ മാത്രമായി ഒതുങ്ങിപ്പോയോ എന്ന ഒരു കുറവ്‌ തോന്നി എന്നത്‌ ഇത്തരുണത്തില്‍ പറയാതെവയ്യ .സത്യത്തിന്റെ സൂര്യന്‍ എന്ന രണ്ടാമത്തെ അധ്യായത്തില്‍ ജനനം ,വിദ്യാഭ്യാസ വിപ്ളവ കാവ്യജീവിതത്തിന്റെ ആരംഭകാലങ്ങള്‍ എന്നിവയൊക്കെയാണ്‌ ആണ്‌ പ്രതിപാദ്യം. ചെങ്കാളിയപ്പന്‍ , ജോര്‍ജ്ജ് ചടയന്‍മുറി എന്നിങ്ങനെയുള്ള സുന്ദരങ്ങളായ കാവ്യചിത്രങ്ങള്‍ കവിയുടെ വിപ്ളവജീവിതവുമായി കൂട്ടിയിണക്കി ചര്‍ച്ചചെയ്തത്‌ തികച്ചും ഉചിതമായി.

പുതിയ തലമുറയുടെ മഹാകവി എാണ്‌ എം ഗോവിന്ദന്‍ പി ഭാസ്കരന്‍ മാഷിനെ വിശേഷിപ്പിച്ചത്‌ .കവി മാത്രമല്ല നല്ലൊരു നടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം എന്നത്‌ മഹാകവി എന്ന വിശേഷണത്തിന്‌ അദ്ദേഹത്തെ സര്‍വഥാ അനുയോജ്യനാക്കിമാറ്റുതായി തമ്പി കണ്ടെത്തുന്നു. കവിയുടെ ക്രാന്തദര്‍ശിത്വത്തെപ്പറ്റി ' മ്യൂസിയം' കവിത ഉദാഹരിച്ചുകൊണ്ട്‌ ഇവിടെ തമ്പി വിശദീകരിക്കുകയും ചെയ്യുന്നുണ്ട്‌ . തുടര്‍ന്നുവരുന്ന പത്തോളം അദ്ധ്യായങ്ങളില്‍ കൂടുതലും ചര്‍ച്ച ചെയ്യുന്നത്‌ പി ഭാസ്കരന്‍ എന്ന ഗാനരചയിതാവിനെക്കുറിച്ചാണ്‌. ശ്രീകുമാരന്‍ തമ്പിയുടെ കാവ്യഭംഗി തുളുമ്പുന്ന ഗദ്യവും ഭാസ്കരന്‍ മാഷിന്റെ ഗൃഹാതുരതയുണര്‍ത്തുന്ന സിനിമാഗാനശകലങ്ങളും ഇണക്കിയൊരുക്കിയ ഭാഗങ്ങളെല്ലാം തികച്ചും സംവേദനക്ഷമവും ആസ്വദനീയവുമാണ്‌ അപൂര്‍വ്വസഹോദരര്‍കള്‍ എന്ന തമിഴ്‌ സിനിമയ്ക്കായി രചിച്ച ആദ്യഗാനത്തില്‍ത്തുടങ്ങി ചന്ദ്രിക ,നവലോകം, അമ്മ, ആശാദീപം എന്നീ ചിത്രങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്‍ നീലക്കുയിലിലെ സംവിധായകനും നടനും പ്രണയം, ഗൃഹാതുരത, നര്‍മ്മം, മാപ്പിളശീലുകള്‍, ദാമ്പത്യജീവിതത്തിന്റെ പത്തരമാറ്റ്‌ ,അപൂര്‍വ്വതയുടെ ചാരുതയും കാവ്യഭംഗിയും തുളുമ്പുന്ന പ്രശസ്തഗാനശകലങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ തമ്പി നടത്തുന്ന തീര്‍ഥയാത്രയ്ക്കൊപ്പം വായനക്കാരനും സഞ്ചരിക്കാതെ വയ്യ.
പുസ്തകത്തിലെ പന്ത്രണ്ടാം അദ്ധ്യായം 'തൂലികാചിത്രങ്ങള്‍ ' തികച്ചും പ്രാധാന്യം അര്‍ഹിക്കുന്നു. എന്‍ ബാലകൃഷ്ണപ്പിള്ള , ബാബുരാജ്‌ തുടങ്ങി പദ്മരാജനെ വരെ കവിതയിലാക്കുന്ന കാവ്യസൌകുമാര്യം തുളുമ്പുന്ന ചില സ്മൃതിചിത്രങ്ങളെക്കുറിച്ചാണ്‌ ശ്രീകുമാരന്‍ തമ്പി എഴുതുന്നത്‌. തുടര്‍ന്നു വരുന്ന അദ്ധ്യായത്തില്‍ ഒറ്റക്കമ്പിയുള്ള തംബുരു വേറിട്ട് ചര്‍ച്ച ചെയ്തത്‌ ഉചിതമായി. കവിയും ക്യാമറയും എന്ന അദ്ധ്യായത്തോടെ തീര്‍ത്ഥാടനം അവസാനിക്കുന്നുവെങ്കിലും അങ്ങേയറ്റം ഗൃഹാതുരമായ ഒരുപക്ഷേ പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം കേള്വിയിളില്ലാത്ത മുതിര്‍ന്ന തലമുറ വിസ്മൃതിയിലെറിയാന്‍ സാദ്ധ്യതയുള്ള ഒരു പിടി നല്ല ഗാനങ്ങള്‍ തികച്ചും വ്യതിരിക്തമായ, കാവ്യഗുണം തികഞ്ഞ കവിതകള്‍ ഇവയൊക്കെ ചിലര്‍ക്കു പരിചയപ്പെടാനും ചിലര്‍ക്ക്‌ ഓര്‍മ്മപുതുക്കാനും പുസ്തകം സഹായകമാവും അതുറപ്പ്‌.

Tuesday, April 16, 2013

നാലു പെണ്ണുങ്ങള്‍

പുസ്തകം : നാലു പെണ്ണുങ്ങള്‍ (തിരക്കഥ)
രചയിതാവ് : അടൂര്‍ ഗോപാലകൃഷ്ണന്‍
പ്രസാധനം : ഡി.സി.ബുക്സ്
അവലോകനം : കെ.എ.ബീനതിരക്കഥ പുസ്തകത്തിനെഴുതിയ അവതാരിക

ലയാള സിനിമയില്‍ നിന്ന് “സ്ത്രീകള്‍” പടിയിറങ്ങിപ്പോയിക്കൊണ്ടേയിരിക്കുന്ന കാലമാണ്. യഥാര്‍ത്ഥ സ്ത്രീ എന്തെന്നറിയാത്ത കുറെ പുരുഷന്മാര്‍ സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ച് ഭാവനയില്‍ സൃഷ്ടിച്ചെടുക്കുന്ന കുറെ ആദര്‍ശവതികളും നിത്യക്കരച്ചില്‍ നായികമാരുമൊക്കെക്കൂടി സിനിമയെയും, സമൂഹത്തെയും സ്ത്രീയില്‍ നിന്ന് അകറ്റിക്കൊണ്ടേയിരിക്കുകയാണ്. ഇവിടെയാണ് തനിമയോടെ, മൂടുപടങ്ങള്‍ അഴിച്ചുവച്ച് ‘നാലുപെണ്ണുങ്ങള്‍’ എത്തുന്നത് - ഈ പെണ്ണുങ്ങളാവട്ടെ ഇവിടെയെന്നല്ല, എവിടെയും ഉള്ളവരുമാണ്.


തകഴി ശിവശങ്കരപ്പിള്ളയുടെ കഥകളില്‍ നിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ചമച്ചെടുത്ത ‘നാലുപെണ്ണുങ്ങള്‍’ നാളിതുവരെയുള്ള കാഴ്ചാനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത് ആ അതികായന്മാരുടെ പ്രതിഭാസ്പര്‍ശത്തിലൂടെ, സ്ത്രീയെ യഥാര്‍ത്ഥമായി അറിയുന്നു എന്നതുകൊണ്ട് കൂടിയാണ്. തകഴിയുടെ കഥകളിലെ പെണ്ണുങ്ങളുടെ ജീവിതാവസ്ഥകളെ ഓജസ്സോടെയും ആര്‍ജ്ജവത്തോടെയും അവതരിപ്പിച്ചതിന് മലയാള സിനിമ അടൂര്‍ ഗോപാലകൃഷ്ണനോട് കടപ്പെട്ടിരിക്കുന്നു.

ഒരു ഭൂതക്കണ്ണാടിക്ക് കീഴിലെത്തുന്നതുപോലെ അതിസൂക്ഷ്മമായി സ്ത്രീയുടെ മാനസികവ്യാപാരങ്ങളെ, സാമൂഹിക ചുറ്റുപാടുകള്‍ അവള്‍ക്കൂണ്ടാക്കുന്ന പരിമിതികളെ ഈ സിനിമ നമുക്ക് കാട്ടിത്തരുന്നു. നാല്പതോ അന്‍പതോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുട്ടനാട്ടിലെ കന്യകയ്ക്കും വേശ്യയ്ക്കും വീട്ടമ്മയ്ക്കുമൊക്കെ ഉണ്ടായ അനുഭവങ്ങളും മാനസികസംഘര്‍ഷങ്ങളും സാമൂഹികസമ്മര്‍ദ്ദങ്ങളും എല്ലാക്കാലത്തും എല്ലായിടത്തും സ്ത്രീക്ക് ഉണ്ടായിക്കൊണ്ടേയിരിക്കുന്നു എന്ന സത്യം ഈ സിനിമ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

‘കാമമാം കുരങ്ങിന്‍മാറില്‍ വീണടിഞ്ഞ നിര്‍മ്മാല്യ’മെന്ന് വയലാറിന്റെ വരികളിലൂടെ തകഴിയുടെ ഒരു നായിക സ്വയം വിശേഷിപ്പിച്ചിട്ടുണ്ട് (ചുക്ക്). ‘നാലു പെണ്ണുങ്ങളി’ലെ ഓരോ കഥയിലും അദൃശ്യമായ ഒരു സാന്നിദ്ധ്യമായി ലൈംഗികത നിറഞ്ഞുനില്‍ക്കുന്നു.

“ഒരു നിയമലംഘനത്തിന്റെ കഥ” എന്ന ഒന്നാം കഥ ചിന്തയിലേക്ക് പായിക്കുന്ന മിന്നല്‍പ്പിണരുകള്‍ ഏല്പിക്കുന്ന ആഘാതം കനത്തതാണ്. സ്‌നേഹിക്കുന്നവര്‍ക്ക് ഒരുമിച്ച് ജീവിക്കണമെങ്കില്‍ തെളിവുകള്‍ വേണമെന്നാവശ്യപ്പെടുന്ന സമൂഹം. ഒരു വേശ്യ (പത്മപ്രിയയുടെ കുഞ്ഞുപെണ്ണ്) യായിരിക്കുമ്പോള്‍ താല്പര്യത്തോടെ ഉപയോഗിച്ചിരുന്ന പുരുഷസമൂഹം, സ്‌നേഹത്തിന്റെ ബന്ധത്തെ അംഗീകരിക്കാതെ തടവിലിടുന്ന കഥയാണിത്.

കുഞ്ഞുപെണ്ണ് വേശ്യയായിരിക്കുമ്പോള്‍ അവളുടെ സ്വരത്തില്‍ തെളിഞ്ഞുനില്‍ക്കുന്ന കാര്‍ക്കശ്യം, സ്‌നേഹത്തിലകപ്പെടുമ്പോള്‍ തരളവും മൃദുവുമായി മാറുന്നത് എത്ര സൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്‌നേഹത്തിനടിപ്പെട്ട സ്ത്രീക്ക് സമര്‍പ്പണത്തിന്റെ ഭാവമാണ്. വളരെ തുച്ഛമായ കൂലിക്ക് കഠിനമായ കല്ലുപണി ചെയ്യാന്‍പോലും കുഞ്ഞുപെണ്ണ് തയ്യാറാവുന്നത് അവളിലെ പ്രണയത്തിന്റെ, സ്‌നേഹത്തിന്റെ ശക്തികൊണ്ടാണ്. എന്നാല്‍ ഒരിക്കലും ഇതൊന്നുമറിയാനുള്ള പാകത സമൂഹത്തിനില്ല, അവിടെ നിയമവും, തെളിവുകളുമൊക്കെയാണ് പ്രധാനം. മനുഷ്യബന്ധങ്ങളെ രജിസ്റ്റര്‍പുസ്തകത്തിലെ വിരലടയാളങ്ങളാക്കുന്ന നിയമവ്യവസ്ഥയ്ക്ക് മുന്നില്‍ ആരോരുമില്ലാത്ത, ഊരുംപേരുമില്ലാത്ത കുഞ്ഞുപെണ്ണിന്റെയും പാപ്പുട്ടിയുടെയും സ്‌നേഹമെങ്ങനെയാണ് വിജയിക്കുക?

‘ഞങ്ങള്‍ അവരാതിക്കുകയായിരുന്നില്ല, ഏമാനെ, ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമാ’ എന്ന് നിഷ്‌ക്കളങ്കതയോടെ കോടതിയോട് ആവര്‍ത്തിച്ചുപറയുന്ന കുഞ്ഞുപെണ്ണിന് അവള്‍ സ്വപ്നം കണ്ട കുടുംബജീവിതമാണ് നിഷേധിക്കപ്പെടുന്നത്. വേശ്യയായി ജീവിക്കാന്‍ അവള്‍ക്ക് ആരുടെയും തെളിവും അനുവാദവും ആവശ്യമില്ലായിരുന്നു. എന്നാല്‍ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ജീവിതം കെട്ടിപ്പടുക്കാന്‍ തീരുമാനിക്കുമ്പോള്‍ വിവാഹത്തിന് തെളിവ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെടുന്നത് കാഴ്ചക്കാരുടെ ഉള്ളില്‍ പരിഹാസച്ചിരിയോടൊപ്പം നൊമ്പരവുമുണര്‍ത്തുന്നു.

സ്‌നേഹത്തിന്റെ സൗന്ദര്യം നഷ്ടമാക്കുന്ന, സമൂഹത്തിന്റെ നിയമാവലികള്‍ സൃഷ്ടിക്കുന്ന പാരതന്ത്ര്യത്തിനൊപ്പം ദാരിദ്ര്യത്തിന്റെ, അധ:സ്ഥിതജീവിതത്തിന്റെ നിസ്സഹായത ഒരു കൊളുത്തിവലിയായി മനസ്സിനെ നീറ്റുന്ന അനുഭവമായി അടൂര്‍ ഈ കഥയെ പരുവപ്പെടുത്തിയിരിക്കുന്നു.

ഭോഗതൃഷ്ണയ്ക്ക് പകരം മൃഷ്ടാന്നഭക്ഷണത്തില്‍ സായൂജ്യം കണ്ടെത്തുന്ന നവവരന്‍ - ‘കന്യക’ എന്ന ചിത്രമൊരു കനലായി മനസ്സില്‍ ബാക്കിയാക്കുന്നത് ഒരുപാട് ‘കുമാരി’മാരുടെ കഥയാണിതെന്ന തിരിച്ചറിവാണ്. കുമാരിക്ക് ഒരു കുറവുമില്ല, സൗന്ദര്യത്തിനൊപ്പം അദ്ധ്വാനിച്ച് കുടുംബം പോറ്റാനുള്ള പ്രാപ്തിയുമുള്ളവളാണ് അവള്‍. സ്വന്തമായി ഉണ്ടാക്കിയ അഞ്ഞൂറുരുപ തന്നെ സ്ത്രീധനമായി അവള്‍ കല്യാണം കഴിക്കാന്‍ വന്ന നാരായണന് നല്‍കിയിട്ടുമുണ്ട്. പക്ഷെ, ജീവിതത്തെ അപ്പാടെ അവള്‍ക്ക് മുന്നില്‍ കൊട്ടിയടയ്ക്കുകയാണ് നാരായണന്‍. വിവാഹിതയായിട്ടും കന്യകയായി ഭര്‍ത്താവിനൊപ്പം കഴിയേണ്ടിവന്ന അവള്‍ക്ക് ഒടുവില്‍ ‘വഴിപിഴച്ചവള്‍’ എന്ന അപവാദവും ഏറ്റുവാങ്ങേണ്ടിവരുന്നു. എന്നും എവിടെയും സമൂഹം സ്ത്രീയുടെ മേല്‍ കടന്നുകയറ്റത്തിന് ഉപയോഗിച്ചിരുന്ന പഴുത് ഇതുതന്നെയാണല്ലോ. ഒടുവില്‍ പാഴായിപ്പോയ തന്റെ വിവാഹജീവിതത്തെ അതുവരെ നിശ്ശബ്ദയായിരുന്ന കുമാരി ഒറ്റ വാചകത്തില്‍ ഒതുക്കുകയാണ്.

‘ഇല്ലച്ഛാ, എന്റെ കല്യാണം നടന്നിട്ടില്ല, പിന്നെന്തിനാണ് അത് ഒഴിയുന്നത്?’ ഇത്ര കാര്യമാത്രപ്രസക്തമായ കുറിക്കുകൊള്ളുന്ന സംഭാഷണം അടൂര്‍ച്ചിത്രങ്ങളുടെ പ്രത്യേകതയാണല്ലോ. ഇത് ഒരു കുമാരിയുടെ മാത്രം ചോദ്യമല്ലെന്നും, നമ്മുടെ നാട്ടിലെ വിവാഹബന്ധങ്ങളുടെ ഉള്ളിലും പുറത്തും കഴിയുന്ന ഒരായിരം സ്ത്രീകളുടെ ചോദ്യമാണെന്നും നാം തിരിച്ചറിയുന്നു. പുരുഷാധിപത്യമുള്ള ഒരു സമൂഹത്തില്‍ അവന്റെ വൈകാരിക തൃഷ്ണകളെ ഭക്ഷണത്തിലും, സിനിമകാണലിലും കച്ചവടത്തിരക്കിലുമൊക്കെയായി അവന് മാറ്റിപ്പായിക്കാം. പക്ഷെ, ആശാഭിലാഷങ്ങളുടെ കൊടുമുടികളില്‍ ഒറ്റയ്ക്കലയുന്ന പെണ്ണ്, വീട്ടിന്റെ അകത്തളങ്ങളില്‍ ജീവിതം തളച്ചിട്ട പെണ്ണ്, അവളെങ്ങനെയാണ് സ്വന്തം ശരീരം ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ളോട് പ്രതികരിക്കുക?

‘കന്യക’യില്‍ അവഗണിക്കപ്പെടുന്ന, അപമാനിക്കപ്പെടുന്ന സ്ത്രീ ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും നോവുകള്‍ മുഴുവന്‍ വെളിവാക്കുന്ന ഒരു രംഗമുണ്ട്. തൊട്ടടുത്ത് കിടക്കുന്ന നാരായണന്റെ ശരീരത്തിലേക്ക് നീളുന്ന കുമാരിയുടെ കൈ, നിസ്സംഗതയോടെ നാരായണന്‍ എടുത്തു മാറ്റുമ്പോള്‍ കുമാരിയില്‍ നിന്നുയരുന്ന നെടുവീര്‍പ്പുകള്‍. ഒരു സ്ത്രീയുടെ മനസ്സിനുള്ളില്‍ നിന്നുകൊണ്ട് സംവിധായകന്‍ പകര്‍ത്തിക്കാട്ടുന്ന ഒരു രംഗമാണത്. കുഞ്ഞുപെണ്ണിന്റെയും കുമാരിയുടെയും ധര്‍മ്മസങ്കടങ്ങളല്ല, ‘ചിന്നുവമ്മ’യ്ക്ക്. സ്ത്രീയുടെ മനസ്സിന്റെ ആഗ്രഹതീവ്രതയെ, വിവാഹിതയുടെ സദാചാര സംഹിതയ്ക്ക് നിരക്കാത്തതിനാല്‍ ഉള്ളില്‍ അടക്കി ഒതുക്കി നിര്‍ത്തി ജീവിച്ചവളാണ് ചിന്നുവമ്മ.

കുഞ്ഞുങ്ങളില്ലാത്ത ദു:ഖമാണവരുടെ ജീവിതത്തിന്റെ ആകെത്തുക. ചികിത്സകള്‍ക്കും പൂജകള്‍ക്കും അമ്പലദര്‍ശനങ്ങള്‍ക്കുമൊക്കെയിടയില്‍ ജീവിതത്തെ ഒരുവിധം മുന്നോട്ടുതന്നെ തള്ളിനീക്കുമ്പോഴാണ് പ്രലോഭനങ്ങളുമായി പണ്ട് ഒപ്പം പഠിച്ചിരുന്ന നാറാപിള്ള എത്തുന്നത്. ഒരിക്കല്‍ ഒന്നു പതറിപ്പോയെങ്കിലും ചിന്നുവമ്മ പെട്ടെന്നുതന്നെ സ്വയം നിയന്ത്രണമേറ്റെടുത്ത് പ്രലോഭനത്തെ അതിജീവിക്കുന്നു. ഒടുവില്‍ വാര്‍ദ്ധക്യകാലത്ത് സഫലീകരിക്കാത്ത മാതൃത്വമോഹവുമായി കഴിയുമ്പോഴും ചിന്നുവമ്മ ആശ്വസിക്കുന്നു.

‘ഒരു പക്ഷേല് ഈ വയസ്സ് കാലത്ത് എന്നെ നോക്കാന്‍ ആരെങ്കിലുമുണ്ടായേനെ. എന്നാലും അന്നത് ചെയ്യാത്തത് നന്നായി. നെറീം മൊറേമെങ്കിലും മിച്ചമുണ്ടല്ലോ.’

സമൂഹനിയമങ്ങളും സദാചാരസങ്കല്പങ്ങളും വ്യക്തിയുടെ മോഹങ്ങള്‍ക്കും തൃഷ്ണകള്‍ക്കും മേല്‍ വിജയം കൈവരിക്കുന്നത് അതിവിദഗ്ധമായി അടൂര്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.

‘നിത്യകന്യക’യിലെ കാമാക്ഷിയിലൂടെ സമൂഹത്തില്‍ ഒറ്റയ്ക്ക് കഴിയേണ്ടിവരുന്ന ഓരോ സ്ത്രീയും നേരിടുന്ന അവസ്ഥാവിശേഷമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. വിധവയാകാം, വിവാഹമോചിതയാകാം, അവിവാഹിതയാകാം, നമ്മുടെ സമൂഹത്തില്‍ സ്ത്രീ ഒറ്റയ്ക്ക് കഴിയുമ്പോള്‍ അവള്‍ ഒരു പബ്ലിക് പ്രോപ്പര്‍ട്ടിയാണ് എന്ന്, ചിലരെങ്കിലും കരുതുന്നു. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകള്‍ ലൈംഗികദാഹത്താല്‍ ആര്‍ത്തരാണ് എന്നും അത് ശമിപ്പിച്ചുകൊടുക്കേണ്ട കടമ തങ്ങള്‍ക്കുണ്ട് എന്നും കരുതി പെരുമാറുന്ന പുരുഷന്മാര്‍ ധാരാളമാണ്. ഏകയായ സ്ത്രീ സ്വന്തം സഹോദരിയാണെങ്കില്‍പ്പോലും സ്വന്തം ദാമ്പത്യത്തിന് ഭീഷണി ഉയര്‍ത്തുമ്പോള്‍ നിഷ്‌ക്കരുണം അതിനെ നേരിടുന്ന അനുജത്തിയെ അടൂര്‍ അവതരിപ്പിക്കുന്നുണ്ട്. വിവാഹമെന്ന കണക്കുപുസ്തകത്തില്‍ സ്വന്തം പേര് എഴുതിച്ചേര്‍ക്കാന്‍ കാമാക്ഷിക്ക് കഴിയാതെ പോയതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. പക്ഷെ, അതവളുടെ ജീവിതത്തെ അവസാനിക്കാത്ത തേങ്ങലായി മാറ്റിയെന്നതാണ് സത്യം. സ്ത്രീത്വത്തിന്റെ ആശകള്‍, അഭിലാഷങ്ങള്‍, വിങ്ങലുകള്‍, വിഹ്വലതകള്‍ ഇവയെല്ലാം അടക്കിപ്പിടിച്ച, ഉയര്‍ന്നുകേള്‍ക്കാത്ത കരച്ചിലായി അവളെ ഇട്ടു പിടയിയ്ക്കുന്നുണ്ട്. അവളിലെ സ്ത്രീത്വത്തിന്റെ നിരവധി ഭാവങ്ങളാണ് സാര്‍ത്ഥകമാകാതെബാക്കി നില്‍ക്കുന്നത്. അതില്‍ അംഗീകരിക്കപ്പെടാനുള്ള ആഗ്രഹമുണ്ട്, ലൈംഗികചോദനകളുണ്ട്, മാതൃത്വഭാവങ്ങളുണ്ട്. വിവാഹം കഴിക്കാനാവാത്തതിനാല്‍ അവളുടെ ജീവിതത്തില്‍ നിന്നു നഷ്ടമായ നിറങ്ങള്‍, (അനിയത്തിയുടെ നിറമുള്ള സാരികളിലൂടെ കാമാക്ഷിയുടെ വിരലുകള്‍ കടന്നുപോകുമ്പോള്‍ അവളുടെ ജീവിതത്തിലെ നഷ്ടപ്പെട്ട നിറങ്ങള്‍ നാം ഓര്‍ക്കുന്നുമുണ്ട്.) വെളിപ്പെടുത്തുന്നത് ഒരുപാടൊരുപാട് കാര്യങ്ങളാണ്. ഒടുവില്‍ ഒരു പുരുഷനില്ലാതെ ഒറ്റയ്ക്ക് ജീവിക്കാന്‍ സ്ത്രീയ്ക്ക് കഴിയുമെന്ന്, കഴിയണമെന്ന് കാമാക്ഷി തീരുമാനിക്കുമ്പോള്‍ ജീവിതത്തിന്റെ നിറങ്ങള്‍ അവളിലേക്ക് മടങ്ങി വരുന്നതായി അനുഭവപ്പെടുന്നു. പ്രലോഭനങ്ങളില്‍പ്പെടാതെ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ തീരുമാനിച്ച് രാത്രി തന്നെത്തേടിയെത്തുന്ന പുരുഷനോട് ‘കടന്നുപോകാന്‍’ ആവശ്യപ്പെടുമ്പോള്‍ കാമാക്ഷിയുടെ ശബ്ദത്തില്‍നിന്ന് അതുവരെയുണ്ടായിരുന്ന കരുത്തില്ലായ്മ നഷ്ടമാവുന്നു. സ്വന്തം ശരീരത്തോടും മനസ്സിനോടും പൊരുതുന്നതിനോടൊപ്പം സമൂഹത്തിന്റെ കടന്നുകയറ്റങ്ങള്‍ക്ക് എതിരെയും ഒറ്റയ്ക്കുള്ള സ്ത്രീക്ക് പടവെട്ടേണ്ടിവരുന്നു. വ്യക്തിയും സമൂഹവും തമ്മിലുള്ള അദൃശ്യമായ ഏറ്റുമുട്ടല്‍ തീവ്രതയോടെ എന്നാല്‍ അതിസൂക്ഷ്മമായി അടൂര്‍ ഈ ചിത്രത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു.

അടൂരിന്റെ, തകഴിയുടെ ഈ സ്ത്രീകഥാപാത്രങ്ങള്‍ വിജയികളോ പരാജിതരോ? വ്യക്തി എന്ന നിലയില്‍ അവരോരോരുത്തരും സമൂഹ നിയമങ്ങളിലൂടെ പരാജയം ഏറ്റുവാങ്ങുന്നവരാണ്. സമൂഹനിയമങ്ങള്‍ അനുസരിക്കുക മാത്രമാണ് പോംവഴിയെന്നറിയുമ്പോള്‍ വ്യക്തി പരാജയപ്പെടാന്‍ തയ്യാറാകുന്നതാണ് സാധാരണ ജീവിതം. സ്ത്രീയുടെ ഉള്ളിനെ തിരിച്ചറിയാന്‍ കഴിയാത്ത ഒരു വ്യവസ്ഥിതിക്കുള്ളില്‍, അതിനോട് പൊരുത്തപ്പെട്ട് ജീവിക്കേണ്ടിവരുമ്പോള്‍ സ്ത്രീ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍. ഒരു സ്ത്രീയെന്ന നിലയില്‍ ഈ സിനിമ എന്റെ ഉള്ളിലുണ്ടാക്കുന്ന അനുരണനങ്ങളില്‍ അവകൂടിയുണ്ട്. അല്ലെങ്കില്‍ത്തന്നെ എല്ലാത്തരത്തിലും മികവ് പുലര്‍ത്തുന്ന ഈ ചിത്രത്തെ എനിക്ക് പൂര്‍ണ്ണമായും അനുഭവവേദ്യമാക്കുന്നത് ഇതിലെ സ്ത്രീകള്‍ പറയാതെ പറയുന്ന ഒരുപാട് സ്വകാര്യങ്ങളാണ്. ഏതു കലാസൃഷ്ടിയെയും മഹത്തരമാക്കുന്നത് അതിനുള്ളില്‍ ഉറഞ്ഞുകൂടിയിട്ടുള്ള മൗനങ്ങളാണ്. പൊരുത്തപ്പെടലുകളില്‍ക്കൂടി ‘നാലുപെണ്ണുങ്ങളി’ലെ പെണ്ണുങ്ങള്‍ മൗനത്തിലൂടെ എന്നിലേക്ക് സന്നിവേശിപ്പിക്കുന്നത്, പാരതന്ത്ര്യത്തിന്റെ പെരുമ്പറഘോഷങ്ങളല്ല. സ്ത്രീലൈംഗികതയും സ്ത്രീസ്വത്വവും സാഹിത്യത്തിലും സിനിമയിലും വിഷയമാകുന്ന ഇക്കാലത്ത്, അതെല്ലാം വായിച്ചും കണ്ടും കേട്ടും കഴിഞ്ഞുപോകുന്ന നമുക്ക് ‘നാലുപെണ്ണുങ്ങള്‍’ കാണിച്ചുതരുന്ന സ്ത്രീയുടെ അനുഭവലോകം വെറും വ്യത്യസ്തമെന്ന് പറഞ്ഞാല്‍ മാത്രം പോരാ. രണ്ടു പ്രതിഭകളുടെ കൂടിച്ചേരല്‍ അതിശയമല്ലാതെ മറ്റെന്താണ് തരിക?

Friday, April 12, 2013

ഭൂമിയോളം ജീവിതം

പുസ്തകം : ഭൂമിയോളം ജീവിതം
രചയിതാവ് : അര്‍ഷാദ്‌ ബത്തേരി
പ്രസാധകര്‍ : ഡി സി ബുക്‌സ്‌
അവലോകനം : ബുക്ക് മലയാളംഹുസ്വരമായ സാമൂഹ്യ ജീവിതത്തിന്റെ ശബ്‌ദ സഹസ്രങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടാണ്‌ സമകാലിക എഴുത്ത്‌ സാധ്യമാകുന്നത്‌. ഭൂമിയുടെ (കാലത്തിന്റെയും) അതിരുകളില്‍ അമര്‍ന്നുപോയ ജീവിതക്കാഴ്‌ചകളെയാണ്‌ അത്‌ പിന്തുടര്‍ന്നത്‌. പ്രാന്തവല്‍ക്കരിക്കപ്പെട്ട എല്ലാ സമസ്യകള്‍ എഴുത്തിനെ ഉഴുതുമറിക്കുന്നു. സാമൂഹ്യ-രാഷ്‌ട്രീയ സാമ്പത്തിക ബലതന്ത്രങ്ങള്‍ക്കുള്ളില്‍ വ്യക്തികള്‍ അനുഭവിക്കുന്ന ദുരന്തങ്ങളും പ്രത്യാഘാതങ്ങളുമാണ്‌ സാഹിത്യകൃതികള്‍ ആവിഷ്‌കരിക്കുന്നത്‌. വര്‍ത്തമാന സമൂഹത്തിന്റെ ദൈനംദിന ജീവിതങ്ങളെയാണ്‌ കഥകള്‍ ഏറെയും പകര്‍ത്തിയത്‌. ജാതി, മത, ലിംഗ ബന്ധങ്ങളില്‍ അധിഷ്‌ടിതമായ നിത്യജീവിതത്തിലെ വ്യവഹാരബന്ധങ്ങളെ അത്‌ നിരന്തരം പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അര്‍ഷാദ്‌ ബത്തേരിയുടെ `ഭൂമിയോളം ജീവിതം' വര്‍ത്തമാന ജീവിതം നേര്‍രേഖയില്‍ വായിക്കാനാവാത്തവിധം സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളുടെ ബഹുലതയാണ്‌ സൃഷ്‌ടിക്കപ്പെടുന്നത്‌.

ആസ്വാദനം എന്ന കേവലതയെ മറികടന്നുകൊണ്ടും ലാവണ്യാന്വേഷണത്തിന്റെ നിരൂപക ഭാവനകളോട്‌ കലഹിച്ചുകൊണ്ടും കഥകള്‍ വായനയെ ബഹുസ്വരവും സംഭവബഹുലവുമാക്കുന്നു. അര്‍ത്ഥത്തില്‍ ദേശത്തിന്റെ സൂക്ഷ്‌മകോശങ്ങളിലേക്ക്‌ ആഞ്ഞിറങ്ങുന്ന നിശിതമായ ചരിത്ര/രാഷ്‌ട്രീയ പാഠമാണ്‌ കഥകളുടെ അന്തര്‍ധാര. ദേശ-രാഷ്‌ട്രത്തിന്റെ സൂക്ഷ്‌മ കോശമായി വ്യക്തികളെ സങ്കല്‍പ്പിക്കുകയാണെങ്കില്‍; ചരിത്രത്തിന്റെ ബ്രിഹദാഖ്യാനങ്ങളെ പ്രതിരോധത്തിലാക്കിക്കൊണ്ടാണ്‌ വ്യക്തിയുടെ അനുഭവങ്ങള്‍ക്ക്‌ പ്രാധാന്യമുള്ള ഒരു ലോകം കഥകളില്‍ സൃഷ്‌ടിക്കപ്പെടുന്നത്‌. സാമൂഹ്യ സദാചാര വഴക്കങ്ങളെ ആഴത്തില്‍ ഹിംസിക്കുകയാണ്‌ ഗാന്ധി ജംങ്‌ഷനിലെ രാത്രികള്‍, മഴക്കാലത്തെ പൂച്ച ചുഴലി എന്നീ കഥകള്‍. തികച്ചും ഭിന്നമായ രണ്ട്‌ രണ്ടു ജീവിത സന്ദര്‍ഭങ്ങളാണ്‌ കഥയില്‍ ദൃശ്യപ്പെടുന്നത്‌. രണ്ടുതരം ജീവിതാവസ്ഥകളുടെ കാഴ്‌ചകളാണത്‌. ഭയാനകമായ ഒരു രാത്രിയുടെ കഥയാണ്‌ ഗാന്ധി ജങ്‌ഷനിലെ രാത്രികള്‍. നഗര ജീവിതത്തിന്റെ ശീലങ്ങളിലേക്ക്‌ മെല്ലെ വഴുതിത്തുടങ്ങുന്ന വയനാടന്‍ `ഗ്രാമനഗര'മാണ്‌ കഥയുടെ ഭൂമിശാസ്‌ത്രം. തെരുവില്‍ ജീവിക്കുന്ന ശാന്ത അവളെ തെരുവിന്‌ ആവശ്യമില്ലാതായപ്പോള്‍ മകനെ കൂട്ടിക്കൊടുത്ത്‌ ഉപജീവനം കഴിക്കുന്നു. ഭയാനകമായ ഒരു രാത്രിയില്‍ നിരവധി പുരുഷന്‍മാരുടെ കയറ്റിറക്കങ്ങളില്‍ ഞെരിഞ്ഞുനിലവിളിക്കുന്ന കുട്ടി, ഭയാനകമായ ഒരനുഭവമാണ്‌. ലൈംഗികതയുടെ ആനന്ദരഹിതവും ദയാരഹിതവുമായ ഉഭോഗത്തിനുള്ളില്‍ വിശപ്പ്‌, ജീവിതം തുടങ്ങിയ സമസ്യകള്‍ ഉത്തരമില്ലാതെ കിടക്കുന്നു. ആര്‍ക്ക്‌ ആരെ രക്ഷിക്കനാവും എന്നത്‌ അതിലും അപ്പുറം പ്രാധാന്യമുള്ള ചോദ്യമാണ്‌. അല്ലെങ്കില്‍ രക്ഷിക്കുന്നവരുടെതും രക്ഷിക്കപ്പെടുന്നവരുടേതുപമായ ലോകത്തിന്റെ അന്തരം അതിസങ്കീര്‍ണ്ണമായ രാഷ്‌ട്രീയ സ്ഥലമാണ്‌. കുത്തേറ്റ്‌ പിടയുന്ന രവിസങ്കറും പ്രതിരോധത്തിന്‌ കുപ്പിയേന്തി നില്‍ക്കുന്ന ശാന്തയും ഇരുട്ടില്‍ പാറിവീഴുന്ന ``ഞങ്ങളോട്‌ കളിച്ചാല്‍ കൊല്ലുമെടാ'' എന്ന കുട്ടിയുടെ ശബ്‌ദവും സൃഷ്‌ടിക്കുന്നത്‌ ഒരുപാട്‌ ശബ്‌ദങ്ങളുള്ള ഒരു രാത്രിയെ നിര്‍മ്മിക്കുന്നു. അതില്‍ ആരുടെ ശബ്‌ദമാവും തിരിച്ചറിയപ്പെടുക എന്നതു തന്നെയാണ്‌ കഥയുടെ വെളിപാടും ഉല്‍കണ്‌ഠയും.

മഴക്കാലത്തെ പൂച്ച ചുഴലിയും ഒരു നോട്ടത്തിന്റെ, അഥവാ കാഴ്‌ചയുടെ തുടരനുഭവങ്ങളാണ്‌. ``പിന്നീടൊരിക്കലും അച്ഛന്‍ അമ്മയെ വരിഞ്ഞുമുറുക്കുന്നതും ചുംബിക്കുന്നതും ഞാന്‍ കണ്ടിട്ടില്ല.'' എന്ന കാഴ്‌ചയുടെ വ്യഥ. ആനന്ദഭരിതമായ ജീവിതത്തെക്കുറിച്ചുള്ള മധ്യവര്‍ഗ്ഗ ബോധത്തിന്റെ ഉല്‍കണ്‌ഠകൂടിയാണ്‌. അനന്തകാലം തുടര്‍ന്നുപോകുന്ന ദാമ്പത്യമെന്ന സ്ഥാപനത്തില്‍ കേവലം ജോലിക്കാര്‍ മാത്രമായി പരിണമിക്കുന്ന അച്ഛനും അമ്മയും എന്ന ഗണത്തിലേക്കുള്ള മകന്റെ യാത്രയുടെ ആദ്യരാത്രിയിലാണ്‌ കഥ ആരംഭിക്കുന്നത്‌. ഗാന്ധി ജങ്‌ഷനില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ രതി ആനന്ദാനുഭവമാണ്‌ പ്രണയമാണ്‌, അതൊരു ജീവിത പ്രശ്‌നമായി വളരുന്നത്‌ ഭൗതിക തലത്തിലല്ല, ഏറെക്കുറെ ദാര്‍ശനികമായൊരിടത്തിലാണ്‌ ജീവിതം പ്രശനവല്‍ക്കരിക്കപ്പെടുന്നത്‌. `ആര്‍ക്ക്‌ ആരെയാണ്‌ ആദ്യം മടുത്തിട്ടുണ്ടാവുക.' എന്ന ചോദ്യവും `പൂച്ചയെ മുമ്പ്‌ കൊണ്ടുക്കളഞ്ഞതുപോലെ എന്നെയും ഉപേക്ഷിക്കുമോ?' എന്ന നവവധുവിന്റെ ചോദ്യവും ചൂഴ്‌ന്നു നില്‍ക്കുന്നത്‌ വിശപ്പ്‌, അതിജീവനം എന്നീ പ്രശ്‌നങ്ങളില്ലല്ല, മറിച്ച്‌ ജീവിതം എന്ന സങ്കീര്‍ണ്ണതയിലാണ്‌. മഴക്കാലത്ത്‌ ആകെ നനഞ്ഞ്‌ എല്ലാവരും ചാക്കുമായി നില്‍ക്കുമ്പോള്‍ `ആര്‌ ആരെ ചാക്കിനുള്ളിലാക്കും' എന്ന ചോദ്യം ബാക്കിയാകുന്നു.

ലൈംഗികതയും അതില്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ന്നുകിടക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ രാഷ്‌ട്രീയവുമാണ്‌ വിധവയുടെ പ്രസവം എന്ന കഥയും ഉന്നയിക്കുന്നത്‌. പ്രണയ കാമങ്ങള്‍ വ്യക്തിപരമായ സ്വാതന്ത്ര്യവും ആഘോഷവുമാണ്‌. സമൂഹത്തിന്റെ നിയന്ത്രണത്തെ തകര്‍ത്ത്‌ വ്യക്തികള്‍ സ്വയം മോചിപ്പിക്കപ്പെടുന്ന സന്ദര്‍ഭമാണത്‌. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ രൂക്ഷമായ നോട്ടങ്ങളും സദാചാര നിയന്ത്രണങ്ങളും അതിനെ എപ്പോഴും വരുതിയിലാക്കിക്കൊണ്ടിരിക്കും. കാമം ന്ന ജൈവവാനുഭവത്തെ പശുവും എലിസബത്തും ഒരേവിധം ഏറ്റുവാങ്ങുന്നു. എലിസബത്ത്‌ മാത്രം സമൂഹത്തില്‍ മോശപ്പെട്ടവളായിത്തീരുന്നു. ഇവിടെ രണ്ട്‌ സ്‌ത്രീത്വങ്ങള്‍ അവരുടെ ഗര്‍ഭം പരസ്‌പരം വെച്ചുമാറിക്കൊണ്ട്‌ സദാചാര നോട്ടങ്ങളെ ശിഥിലമാക്കുന്നു. ഒരു സര്‍റിയലിസ്റ്റ്‌ രൂപകമായി മാറുന്ന കഥാന്ത്യം നിരാലംബമായ കുട്ടികളുടെ കരച്ചിലില്‍ തടഞ്ഞു നില്‍ക്കുന്നു. അവര്‍ ഏതു സദാചാരത്തിന്റെ ശിക്ഷണത്തിലാണ്‌ പുലരുക എന്ന ആശങ്ക.

മരണവും ജീവിതവും തമ്മിലുള്ള തര്‍ക്കമാണ്‌ ഒറ്റക്കാലുള്ള ഗോപുരം എന്ന കഥ. അപരദേശത്തില്‍ അകപ്പെട്ടുപോകുന്ന വ്യക്തിയുടെ നിലവിളിയും പ്രതിരോധവുമാണ്‌ മൂന്നാം ലോകത്തെ നിലവിളി എന്ന കഥയില്‍ ചര്‍ച്ച ചെയ്യുന്നത്‌. വിദ്യാഭ്യാസം മുതല്‍ ഹോട്ടല്‍ വരെയും ഇറച്ചിക്കച്ചവടം മുതല്‍ ആശുപത്രിവരെയും വ്യാപിക്കുന്ന വ്യാപാര സൃംഘലയില്‍ അകപ്പെട്ടുപോകുന്ന വ്യക്തിയുടെ നിസായതയും ശരീരം ഉല്‍പ്പന്നമായി മാറുന്നതും സ്വന്തം ഉടലിന്റെ കാമനകള്‍ക്കുമേല്‍ നിയന്ത്രണം നഷ്‌ടമാകുന്നതുമാണ്‌ ഏഴാം നിലയിലെ തണുത്തമുറി ആഖ്യാനം ചെയ്യുന്നത്‌. ഭൂമിയോളം പഴക്കമേറിയ ഉന്‍മാദത്തിന്റെ അടരുകളിലേക്കാണ്‌ ഭൂമിയെ വിഴുങ്ങുന്ന നാലുകള്‍ എത്തിച്ചേരുന്നത്‌. ഏറഅറവും പുതിയ കത്രിക, കടലിനുമീതെ ഒരു ക്രിസ്‌തു, ഛായാഗ്രഹണം, കളി, വഴിമാറി നടക്കുക അത്രമാത്രം തുടങ്ങി പന്ത്രണ്ട്‌ കഥകളാണ്‌ സമാഹാരത്തിലുള്ളത്‌. ഒരു കേന്ദ്രത്തിനു ചുറ്റും കങ്ങിക്കൊണ്ടിരിക്കുന്ന ലോക ക്രമത്തിനുപകരം പലകേന്ദ്രങ്ങളുടെ സാന്നിധ്യം മുഖ്യധാരയിലേക്ക്‌ കടന്നുവരുന്നതിന്റെ ആഖ്യാന സാധ്യതകളാണ്‌ അര്‍ഷാദിന്റെ കഥകള്‍ അന്വേഷിക്കുന്നത്‌. അപകേന്ദ്രിതമായ ലോകത്തെ പ്രകാശിപ്പിക്കുകയും പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുകയാണ്‌ സമാഹാരത്തിലെ ഓരോ കഥയും. (പേജ്‌:99 വില: 60 രൂപ)