Monday, January 30, 2012

മുന്‍പേ പറക്കുന്ന പക്ഷികള്‍

പുസ്തകം : മുന്‍പേ പറക്കുന്ന പക്ഷികള്‍
രചയിതാവ് : സി. രാധാകൃഷ്ണന്‍

പ്രസാധകര്‍ : സാഹിത്യപ്രവര്‍ത്തക സഹകരണസംഘം

അവലോകനം : deepdowne


ദ്യമായി സി. രാധാകൃഷ്ണനെക്കുറിച്ച്‌ കേള്‍ക്കുന്നത്‌ ‘മുന്‍പേ പറക്കുന്ന പക്ഷി‘കള്‍ക്ക്‌ വയലാര്‍ അവാര്‍ഡ്‌ കിട്ടിയപ്പോഴാണ്‌. പക്ഷെ ഇപ്പോള്‍ മാത്രമാണ്‌ ഈ പുസ്തകം വായിക്കാന്‍ ഇടവന്നത്‌. ശാന്തിയും സമാധാനവും എക്കാലവും എങ്ങും പുലര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കൊക്കെ ഈ മനോഹര പുസ്തകം ഇഷ്ടമാകും. കഥയും ആശയങ്ങളും ശരിയായി പാകപ്പെടുത്തുന്ന കാര്യത്തില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു. പക്ഷേ കഥയ്ക്കല്ല അതിലെ ആശയങ്ങള്‍ക്കാണ്‌ വയലാര്‍ അവാര്‍ഡ്‌ കൊടുത്തിരിക്കുന്നത്‌ എന്ന് ഒരു വായനക്കാരന്‌/കാരിക്ക്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല.

കേന്ദ്ര ആശയങ്ങളില്‍ കൂടുതലും അവതരിപ്പിച്ചിരിക്കുന്നത്‌ വ്യക്തികള്‍ തമ്മിലുള്ള സംഭാഷണങ്ങളുടെ രൂപത്തിലാണ്‌. അതുകൊണ്ട്‌ തന്നെ അതെത്ര ഹൃദ്യം! സായുധവിപ്ലവത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ആശയങ്ങളുടെ ഉള്ളിലേക്കിറങ്ങിച്ചെന്ന് പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും അതുവഴി വായിക്കുന്നയാളെ ഗൗരവപൂര്‍വമായ ചിന്തകളിലേക്കു തള്ളിയിടുകയും ചെയ്യുന്നു ഈ പുസ്തകം. മനസ്സില്‍ നന്മയുള്ളവര്‍ക്ക്‌ ഈ പുസ്തകം വായിക്കാന്‍ ചെലവഴിക്കുന്ന സമയം ഒരു നഷ്ടമായി തോന്നില്ല.

Thursday, January 26, 2012

Love Experiencs@Scoundrel poet

പുസ്തകം : Love Experiencs@Scoundrel poet
രചയിതാവ് : ശൈലന്‍

പ്രസാധകര്‍ : പാപ്പിറസ് ബുക്‌സ്

അവലോകനം : മേല്‍‌പ്പത്തൂരാന്‍ന്ധര്‍വ്വലോകത്തുനിന്നും ശപിക്കപ്പെട്ട്‌ ഈലോകത്തില്‍ മനുഷ്യനായി അവതരിക്കേണ്ടിവന്ന ഒരു ഗന്ധര്‍വ്വ കുമാരന്റെ അനുഭവകഥ..!!

പ്രണയത്തില്‍ വിശുദ്ധമല്ലാത്തതൊന്നുമില്ലന്നു വിശ്വസിക്കുന്ന,മലയാളത്തിലെ തെമ്മാടിക്കവിയുടെ പ്രണയാനുഭവങ്ങള്‍. Love Experiencs@Scoundrel poet പ്രണയവും,ഉന്മാദവും,സുതാര്യമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു കവിതാ സമാഹാരമാണ് ,പ്രണയത്തിന്റെ വിശ്വാസ്യത നൂറുശതമാനം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന/ശ്രമിച്ച കാമുകന്‍ അതായിരുന്നു ശൈലന്‍,കപട സദാചാരത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചടുക്കിയ രചന.“സദാചാരികളും ഹൃദയാ‍രോഗ്യം കുറഞ്ഞവരും ഈ പുസ്തകത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക“യെന്ന് പുസ്തകത്തിന്റെ പുറം ചട്ടയില്‍ മുന്നറിയിപ്പുനല്‍കുന്നുണ്ട്,ഈ പുസ്തകം ഒരിക്കലും തനിക്ക് ഒരു നല്ല പേരുണ്ടാക്കിത്തരില്ലായെന്ന മുന്‍‌വിധിയോടെയാണ് കവി പ്രതികരിക്കുന്നത്. “ഒരു ആവറേജുമനുഷ്യന്റെ പ്രണയവും,രതിയും അതിന്റെ യാഥാസ്ഥിതിക ഗൃഹാതുരത്വത്തിന്റെ ചെപ്പുതുറക്കുമ്പോള്‍ ഇങ്ങനൊക്കെത്തന്നെയായിരിക്കും...തീര്‍ച്ച!

പ്രണയത്തിനും രതിക്കുമുള്ള അഭേദ്യമായ ബന്ധത്തെ കപടസദാചാരത്തിന്റെ പഴഞ്ചാക്കുകള്‍ മൂടി സൂക്ഷിക്കുന്ന മലായാളികള്‍ക്ക്,ഒരുപക്ഷെ ഈകവിതകള്‍ ഓക്കാനനിര്‍ഭരമായേക്കാം.പ്രണയം വിശുദ്ധവും,രതി അതിവിശുദ്ധവു മാണെന്ന ആത്മീയതത്ത്വത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ശൈലന്‍ കവിതകളില്‍ ,പ്രണയമാദ്യം ആസക്തിയിലൂടെയും പിന്നീട് അനാസക്തിയുടേയും കുമ്പസാരമായി കാണാം.

“പ്രണയവിരഹത്തിന്റെ വിരസതയും പേറി ,ശില്പചാതുരിയാര്‍ന്ന ഈ നൂറ്റാണ്ടില്‍ സൂര്യ ശിലകളേറി ജാലകങ്ങളടച്ചിട്ട് അപകര്‍ഷതാബോധത്തിന്റെ ഇരുട്ടറയില്‍ സ്വയം തടവുകാരനാകുമ്പോളും,അവന്റെ ജാലകങ്ങള്‍ക്കരികില്‍ പ്രണയത്തിന്റെ ഏഴിലമ്പാലകള്‍ പൂത്തിരുന്നു .അതില്‍നിന്നും പ്രണയത്തിന്റെ ലാസ്യഭാവങ്ങളുമായി എത്രയോ അപ്സരസ്സുകള്‍ മുടിയഴിഞ്ഞുലഞ്ഞാടി ഇറങ്ങി വന്നു .തടവറയുടെ വാതിലില്‍ മുട്ടിവിളിച്ചു .മാദകത്വവും,മെയ്‌വഴക്കങ്ങളും കാട്ടി അവനെ വശീകരിക്കാന്‍ ശ്രമിച്ചു ,അവനേയും കൂട്ടി പ്രണത്തിന്റെ വിശുദ്ധമാം അമ്പലപ്പറമ്പുകളീല്‍ സ്നേഹത്തിന്റെ തയമ്പകയും കൊട്ടി,പ്രണയത്തിന്റെ കെട്ടുകാഴ്ചകളും കണ്ട് രതിയുടെ വെടിക്കെട്ടുകളും നടത്തി ഉന്മാദമായിനടന്നു. പ്രണയത്തിന്റെ വിശുദ്ധമായ ശ്രീ കോവിലിനുമുമ്പില്‍ ,രതിബിംബങ്ങളെ പൂജിച്ചു സായൂജ്യമടഞ്ഞു നില്‍ക്കുമ്പോള്‍ “ഖജുരാഹോയിലെ ക്ഷേത്ര വിസ്മയങ്ങളെല്ലാം പണിതത് നിമിഷാര്‍ധങ്ങള്‍ കൊണ്ടാണെന്നു തോന്നിപ്പോകും.

പാലപ്പൂക്കളും,നിലാവുമുള്ളരാത്രിയില്‍ ഒരിക്കലും നേരില്‍കണ്ടിട്ടില്ലാത്തവളേയും സ്വപ്നം കണ്ടുകിടക്കുമ്പോള്‍... സ്വപ്നത്തില്‍‌ പോലും കണ്ടിട്ടില്ലാത്ത മറ്റേതോ ഉപഗ്രഹങ്ങളിലെ വെര്‍ച്വല്‍ അപ്സരസ്സിനോട് “മിസ്സ്ഡ്കോളുകളെല്ലാം സ്മോള്‍ കിസ്സുകളാണെന്നു“ പറഞ്ഞതും അവന്‍‌തന്നെ.രതിയുടെ വിദ്ധ്വംസക ബിംബങ്ങളാല്‍ കപടസദാചാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്തെറിഞ്ഞ് പ്രകൃതിയും,പ്രണയവും,രതിയും ആനുപാതീകമായി സമ്മേളിക്കുന്ന കാവ്യശകലങ്ങളാല്‍, അഭിനവ വാത്സ്യായനെപ്പോലെ നെല്ലിയാമ്പതിയിലെ കുളിര്‍ന്ന കാലാവസ്ഥയില്‍ പറമ്പിക്കുളത്തേക്കുള്ള വിജനമായ കാട്ടുപാതയില്‍ കാട്ടിപോത്തുകളുടെ ചതുപ്പുപാടങ്ങളില്‍ അവയെ കാവല്‍ നിറുത്തി ഇണചേരലിന്റെ പുതിയ പാഠങ്ങള്‍ മെനയാന്‍ മോഹിക്കുന്നവന്‍......,
ശീഘ്രസ്‌ഖലനക്കാരനെ
സഹിക്കുന്ന
സഖിയേ.....
മാപ്പ്
പ്രതീക്ഷിക്കണ്ട,സോറി,
മാപ്പു
പ്രതീക്ഷിക്കുന്നില്ല,എന്നു പറയുന്നത്,അനാസക്തിയുടേയും,ഏറ്റുപറച്ചിലിന്റേയും നിഴലായി മാറി.

പ്രണയാനുഭവങ്ങള്‍ നല്‍കിയ കൈപ്പേറിയ അനുഭവങ്ങളാല്‍ ഏഴുരാത്രികളില്‍ അടുപ്പിച്ചടുപ്പിച്ച് ഏഴുവിധത്തില്‍ ആത്മാര്‍ത്ഥമായി ആത്മഹത്യക്ക് ശ്രമിക്കവെ എട്ടാംനാള്‍ ദൈവം അവനെ വിളിച്ചുണര്‍ത്തി ചോദിച്ചു ,”നാണമില്ലേ...നായിന്റെ മോനെ....പോയി അവളെ കൊന്നുകൂടെ..!!. ദൈവം പറഞ്ഞാല്‍ പോലും അവനതിനുകഴിയില്ല. അതായിരുന്നു അവന്റെ സ്നേഹം.

”ജീവിതത്തിന്റെ ഒറ്റയടിപ്പാതയിലൂടെ സ്നേഹത്തിന്റെ ,കിട്ടാ‍ത്ത വള്ളികള്‍ തേടിനടക്കവെ തേടാത്ത വള്ളിയിലുടക്കി അനാധത്വത്തിന്റെ ഇരുളടഞ്ഞ അഗാധ ഗര്‍ത്തത്തില്‍ വീണുപോയ അവന്റെ ദീനരോധനങ്ങള്‍ പല വരികളിലും പതിധ്വനിക്കുന്നുണ്ട്,പ്രണയവും പ്രണയസമ്മാനങ്ങളും നിധിയായിസൂക്ഷിക്കുന്ന കാമുകന്‍ ,കാമുകിയൊരുവള്‍ നല്‍കിയ ഗ്യാസ്സ് സിലിണ്ടര്‍ കെട്ടിപ്പിടിച്ചുറങ്ങി അവളോടുള്ള സ്ഫോടനാത്മകമായ വിധേയത്വം പതിഫലിപ്പിക്കുന്നു.

അപ്സരസ്സുകള്‍ക്കൊപ്പം അനുരാഗത്തിന്റെ മുന്തിരിപ്പാടങ്ങളില്‍ ഉല്ലസ്സിച്ചു നടക്കുമ്പോള്‍,വിരല്‍ സ്പര്‍ശത്തിന്റെ(പ്രവേശനത്തിന്റെ) രതിപദനിസകള്‍ തരംഗവീചികളായി പ്രവഹിച്ച ആ ബ്രഹ്മമുഹൂര്‍ത്തത്തില്‍.....
കാറ്റായും ചിത്രശലഭങ്ങളായും
നമ്മളെ
തുളച്ച് പറക്കുന്നത്
ഇന്നലെ കളഞ്ഞുപോയ
നിന്റെ യോനിതന്നെ!,യെന്നു പറയുമ്പോള്‍ ,“യോനി“കൊണ്ട് ഉപമിച്ചത് കുടുംബത്തേയൊ,അവളുടെ വംശഗുണത്തേയൊ ആയിരിക്കാം..!

ഏകാന്തജീവിതത്തിനിടയിലെപ്പോഴോ കണ്ടുമുട്ടിയ ഒരു ആദ്യകാല കാമുകി ,അവള്‍ എഴുത്തുകാരിയും , വായനക്കാരിയുമൊന്നു മായിരുന്നില്ലെങ്കില്‍പ്പോലും അവളുടെ വാക്കുകള്‍ എത്രഅര്‍ത്ഥവത്തായിരുന്നു...
അമ്മപോയപ്പോള്‍
മരിച്ചത് ശൈലന്‍ തന്നെയാണ്...
ഇപ്പോള്‍
ജീവിച്ചിരിക്കുന്നത്
അമ്മയാണ്....!!

ദുഃഖവെള്ളിയില്‍ പിറന്ന് ഈസ്റ്ററുകള്‍ തേടി സഞ്ചരിക്കുന്ന ഈ യാത്രീകന്‍ ,ഗന്ധര്‍വ്വകഥയിലെ നായകനേപ്പോലെ രമിച്ചുനടന്ന കാലങ്ങളേക്കുറിച്ചുള്ള ഗൃഹാതുരത്വമായ ഓര്‍മ്മകള്‍ കൊണ്ട് മെനഞ്ഞ കവിതകളില്‍ ,വിശപ്പും,ദാഹവും,പോലെ ഓരോ ആവറേജ്ജ് മനുഷ്യനും ഉണ്ടാകാറുള്ള വികാരമാണ് ,അല്ലെങ്കില്‍ പരസ്പര സ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമാണ് ലൈംഗികതയെന്ന ബോധനമാണ്. ലൈംഗികതയെന്നു കേള്‍ക്കുമ്പോള്‍ മുഖം തിരിച്ച്,മനസ്സുകൊണ്ട് അതാഗ്രഹിച്ച് ,സമൂഹത്തില്‍ ലൈംഗീക അരക്ഷിതാവസ്ഥകള്‍ സൃഷ്ടിക്കുന്ന കപടസദാചാരികല്‍ക്കിടയില്‍ ഈ കവിതകള്‍ക്ക് പ്രസക്തിയെന്തെന്ന് ചിന്തിച്ച് വ്യാകുലപ്പെടാതെ പ്രസദ്ധീകരിക്കാന്‍ തന്റേടം കാണിച്ച പാപ്പിറസ് ബുക്സിന്റെ ബാലഗോപാല്‍ ഹരിക്ക് നന്ദി.

Sunday, January 22, 2012

മഹാത്മജി മാതൃഭൂമി രേഖകള്‍

പുസ്തകം : മഹാത്മജി മാതൃഭൂമി രേഖകള്‍
രചയിതാവ് : എം.ജയരാജ്‌ (എഡിറ്റര്‍)
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌
അവലോകനം : ബിജു.സി.പി

നുഷ്യവംശത്തിനാകെ പുതിയൊരു വെളിച്ചവും വികാസവുമായിരുന്നു മഹാത്മാഗാന്ധി. മഹാത്മജിയുടെ ആശയാദര്‍ശങ്ങളില്‍ നിന്നും ആ മഹിത ജീവിതത്തില്‍ നിന്നും ഊര്‍ജമേറ്റ പ്രസിദ്ധീകരണസ്ഥാപനമാണ്‌ മാതൃഭൂമി. ജീവിച്ചിരുന്നപ്പോള്‍ മഹാത്മജിയുടെ ജിഹ്വയായിട്ടാണ്‌ മാതൃഭൂമി പ്രവര്‍ത്തിച്ചിരുന്നത്‌. മഹാത്മജിയുമായി ബന്ധപ്പെട്ട്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ ലേഖനങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും കവിതകളുടെയും മറ്റ്‌ രചനകളുടെയും വിപുലമായ സമാഹാരമാണ്‌ മഹാത്മജി മാതൃഭൂമി രേഖകള്‍ എന്ന പുസ്‌തകം. മഹാത്മാവിന്റെ കര്‍മബഹുലമായ ജീവിതത്തിന്റെ ചരിത്രമാണ്‌ ഈ പുസ്‌തകത്തെ സവിശേഷമാക്കുന്നത്‌. അതിനൊപ്പം അത്‌ ആ കാലഘട്ടത്തിലെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണ്‌. ഒരു കാലഘട്ടിന്റെ മാധ്യമ ചരിത്രവും. പഴയ ആഴ്‌ചപ്പതിപ്പില്‍ വന്ന ലേഖനങ്ങള്‍ കവിതകള്‍ അത്യപൂര്‍വങ്ങളായ ചിത്രങ്ങള്‍ എന്നിവയെല്ലാം മിഴിവോടെ ചേര്‍ത്തിരിക്കുന്നു. മഹാത്മാഗാന്ധിയെക്കുറിച്ചുള്ള അറുപതോളം ലേഖനങ്ങള്‍, @രുപതിലധികം കവിതകള്‍ അത്യപൂര്‍വമായ നൂറുകണക്കിനു ചിത്രങ്ങള്‍, ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ടു വന്ന നിരവധി വാര്‍ത്താക്കുറിപ്പുകള്‍ എന്നിവയെല്ലാമുണ്ട്‌ ഈ പുസ്‌തകത്തില്‍.

ജവഹര്‍ലാല്‍ നെഹ്രുവും രവീന്ദ്രനാഥ്‌ ടാഗൂറും ബി.കുമരപ്പയും ആചാര്യ കൃപലാനിയും പട്ടാഭി സീതാരാമയ്യയും കെ.എ.അബ്ബാസും എച്ച്‌.എസ്‌.എന്‍.പോളക്കും കൈലാസനാഥ്‌ ഖട്‌ജുവും നിര്‍മല്‍ കുമാര്‍ ബോസുമുള്‍പ്പെടെയുള്ള മഹാമനീഷികളുടെ ലേഖനങ്ങളാണ്‌ പുസ്‌തകത്തിലുള്ളത്‌. ലേഖനങ്ങളെഴുതിയിട്ടുള്ള മലയാളികളുടെ കൂട്ടത്തില്‍ പുത്തേഴത്ത്‌ രാമന്‍ മേനോനനും ചേലനാട്ട്‌ അച്യുതമേനോനും മൂര്‍ക്കോത്ത്‌ കുഞ്ഞപ്പയും സുകുമാര്‍ അഴീക്കോടും എസ്‌.ഗുപ്‌തന്‍ നായരും ജി.രാമചന്ദ്രനും പി.കുഞ്ഞിരാമന്‍ നായരുമുള്‍പ്പെടെയുള്ള പ്രതിഭാധനന്മാരാണ്‌ അധികവും. കവിതകളാകട്ടെ ഉള്ളൂര്‍,വള്ളത്തോള്‍,പി.വൈലോപ്പിള്ളി, ജി.ശങ്കരക്കുറുപ്പ്‌ തുടങ്ങിയവരുടേതാണ്‌. ഇതിനെക്കാളൊക്കെ പ്രധാനമാണ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മഹാത്മാഗാന്ധിയുടെ നിരവധി ലേഖനങ്ങള്‍.

സൈക്കിള്‍ ചവിട്ടി പോകുന്ന ഗാന്ധിജിയും ബര്‍മാത്തൊപ്പിയും വെച്ച്‌ കുട്ടിക്കുസൃതിയോടിരിക്കുന്ന ഗാന്ധിജിയും കുട്ടിക്കുടുമയിളക്കി പൊട്ടിച്ചിരിക്കുന്ന ഗാന്ധിജിയും കുഷ്‌ഠരോഗിയെ ശുശ്രൂഷിക്കുന്ന ഗാന്ധിജിയും ഉള്‍പ്പെടെ ഈ പുസ്‌തകത്തിലെ അപൂര്‍വഗാന്ധിച്ചിത്രങ്ങളുടെ പേരില്‍ മാത്രം ഇതൊരു വിശിഷ്ടഗ്രന്ഥമായിത്തീരുന്നുണ്ട്‌. ചരിത്രാത്മകതയുടെ സൗരഭ്യവും ഗാന്ധിജിയുടെ മഹത്ത്വവും മാതൃഭൂമിയുടെ പൈതൃകഗരിമയും ഒരു പുസ്‌തകത്തില്‍ ചേര്‍ന്നൊത്തു കാണണമെങ്കില്‍ ഈ വിശിഷ്ടഗ്രന്ഥത്തിലേക്കു തന്നെ വരണം. അന്‍പതിലധികം വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ മുഴുവന്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പും വിശദമായി പരിശോധിച്ച്‌ ഇത്രയധികം ലേഖനങ്ങളും ചിത്രങ്ങളും പകര്‍ത്തി ഉചിതമായ വിവരണങ്ങളും വിശദീകരണക്കുറിപ്പുകളും ചേര്‍ത്ത്‌ ഇങ്ങനെയൊരു പുസ്‌തകം തയ്യാറാക്കുന്നതു പോലൊരു സാഹസം ഇതിനു മുമ്പ്‌ മലയാളത്തില്‍ ആരെങ്കിലും ചെയ്‌തിട്ടുണ്ടെന്നു തോന്നുന്നില്ല. പിഎച്ച്‌ഡി ഗവേഷണങ്ങളില്‍ പോലും തട്ടിക്കൂട്ടു പ്രബന്ധങ്ങള്‍ മാത്രമുണ്ടാകുന്ന നമ്മുടെ നാട്ടില്‍ ഇങ്ങനെയൊരു പുസ്‌തകം അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്‌. വര്‍ഷങ്ങളുടെ തപസ്യയിലൂടെ ഈ പുസ്‌തകം തയ്യാറാക്കിയ എം.ജയരാജിന്റെ ഗവേഷണ താത്‌പര്യം തീര്‍ച്ചയായും പ്രശംസാര്‍ഹം തന്നെ. വിദ്യാലയ ഗ്രന്ഥശാലകളിലും പൊതു ഗ്രന്ഥശാലകളിലും ഗാന്ധിജിയുടെ ചരിത്രത്തില്‍ താത്‌പര്യമുള്ളവര്‍ക്കും മാധ്യമരംഗത്തുള്ളവര്‍ക്കും വിലമതിക്കാനാവാത്ത പുസ്‌തകമാണ്‌ ഈ രേഖാശേഖരം. (പേജ്‌ 272 വില 300രൂപ)

വലിയ സൈസില്‍ കട്ടിയുള്ള പുറം ചട്ടയോടെയും ഇത്തരമൊരു പുസ്‌തകത്തിനു വേണ്ട അച്ചടിമികവോടെയും ഗരിമയോടെയുമാണ്‌ പുസ്‌തകം തയ്യാറാക്കിയിട്ടുള്ളത്‌.

Thursday, January 19, 2012

ഡ്യൂപ്പ്

പുസ്തകം : ഡ്യൂപ്പ്
തയ്യാറാക്കിയത് : അരുൺ എഴുത്തച്ഛൻ
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : നിരക്ഷരൻ
സു
രയ്യാ ബാനുവോ, അതാര്? എന്നാരെങ്കിലും അത്ഭുതപ്പെട്ടാല്‍ തെറ്റ് പറയാനാവില്ല. കാരണം, ഇങ്ങനെയൊരു സിനിമാ നടിയെപ്പറ്റി പലരും കേള്‍ക്കുന്നത് തന്നെ ആദ്യമായിട്ടായിരിക്കും. അരുണ്‍ എഴുത്തച്ഛന്‍ തയ്യാറാക്കിയ പുസ്തകം ഡി.സി. ബുക്ക്‌സ് പുറത്തിറക്കിയതുകൊണ്ട് ഇങ്ങനൊരു നടിയുടെ പേര് ഞാനും ആദ്യമായിട്ട് കേട്ടു. തെന്നിന്ത്യയിലെ രതിനായികമാരില്‍ പലര്‍ക്കും വേണ്ടി ഡ്യൂപ്പ് അല്ലെങ്കില്‍ 'ബോഡി ഡബിള്‍' ആയി മാത്രം തിരശ്ശീലയില്‍ പ്രത്യക്ഷപ്പെട്ടതുകൊണ്ടാണ് സുരയ്യാ ബാനു അറിയപ്പെടാത്ത നടിയായിപ്പോയത്. ഒരുകാലത്ത് മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പോലും രക്ഷപ്പെടുത്താന്‍ കഴിയാതെ പോയ മലയാള സിനിമാ വ്യവസായത്തെ, താങ്ങി നിര്‍ത്തിയിരുന്ന ഷക്കീല എന്ന അ പടം നായികയുടെ രൂപസാദൃശ്യം ഉണ്ടായതുകൊണ്ട്, ഷക്കീലയുടെ സിനിമകളില്‍ ഉടുവസ്ത്രം ഉരിഞ്ഞുള്ള ബിറ്റ് ഭാഗങ്ങള്‍ 'അഭിനയിച്ചിരുന്നത് ' സുരയ്യാ ബാനുവായിരുന്നത്രേ!. കോടാമ്പക്കത്തും വടപളനിയിലുമൊക്കെ ഉപ്പയുടെ കൈ പിടിച്ച് നടന്ന് സിനിമാക്കാരെ നേരിട്ട് കാണാന്‍ 'ഭാഗ്യ'മുണ്ടായിട്ടുള്ള ഒരു പെണ്‍കുട്ടി, സിനിമയോടുള്ള അതിയായ അഭിനിവേശം കാരണം കോടാമ്പക്കത്തിന്റെ അഴുക്കുചാലിലേക്ക് കൂപ്പുകുത്തിയ കഥകളാണ് 'ഡ്യൂപ്പ് ' എന്ന ആത്മകഥയില്‍.

സിനിമാ നടിയാകാന്‍ കൊതിച്ച് തട്ടിപ്പുകള്‍ക്ക് ഇരകളാവുന്നവരുടെ ഒരുപാട് പെണ്‍കുട്ടികളുടെ കഥയാണിത്. തട്ടിപ്പെന്നു പറഞ്ഞാല്‍ പ്രധാനമായും ലൈംഗികചൂഷണം തന്നെ. ഒരു സിനിമയില്‍ തലകാണിക്കാനായി ഏതെങ്കിലും മൂന്നാംകിട സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയൊ കിടക്കപങ്കിടാന്‍ അധികമൊന്നും ആലോചിക്കാത്ത ഒരുപാട് പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് സുരയ്യാ ബാനുവും. സിനിമയ്ക്ക് വേണ്ടി മാത്രമേ കഥാനായിക അങ്ങനൊരു കാര്യം ചെയ്തിട്ടുള്ളൂ എന്നതാണ് 'ഡ്യൂപ്പി'ല്‍ അവര്‍ എടുത്തുപറയുന്നത്. വഞ്ചിക്കപ്പെട്ടു എന്നറിയുമ്പോള്‍ വ്യസനിക്കുകയും ചെയ്യുന്നുണ്ട് സുരയ്യ. ലൈംഗിക ചൂഷണം സിനിമയ്ക്ക് പുറത്തേക്ക് കടക്കുമ്പോള്‍ ഇവരില്‍ പലരും വെറും തെരുവ് വേശ്യകളുടെ നിലവാരത്തിലേക്ക് കടക്കുന്നുണ്ട്. അത്തരത്തില്‍ മുഴുവനുമായി ശരീരം വിറ്റ് ജീവിക്കാന്‍ നില്‍ക്കാതെ, കൈയ്യിലുള്ള സാമ്പത്തികശാസ്ത്ര ബിരുദത്തിന്റേയും, ഹിന്ദി പണ്ഡിറ്റ് സര്‍ട്ടിഫിക്കറ്റിന്റേയും ബലത്തില്‍, സുരയ്യ ബാനു കോടാമ്പാക്കത്തിന്റെ വൃത്തികേടുകളില്‍ നിന്ന് രക്ഷപ്പെട്ട്, കല്യാണമൊക്കെ കഴിച്ച് ഒരു അദ്ധ്യാപികയായി ജീവിതം നയിക്കുകയാണിപ്പോള്‍.

എങ്ങനെയാണ്, എവിടെയൊക്കെയാണ് മസാല സിനിമകളിലെ സീനുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. അതിനായി കോടാമ്പക്കത്തുള്ള സൗകര്യങ്ങള്‍ എന്തൊക്കെയാണ്. ഏതൊക്കെ പൊലീസുകാരുടെ വീടുകള്‍ വരെ ഇതിനായി ഉപയോഗിക്കുന്നുണ്ട്, എന്തുകൊണ്ടാണ് പല മാദകനടികളും ഒരു സിനിമയ്ക്ക് മൊത്തത്തില്‍ കൂലി വാങ്ങുന്നതിന് പകരം ഒരു ദിവസത്തേക്ക് കൂലി വാങ്ങാന്‍ തുടങ്ങിയത്, എന്നിങ്ങനെ പല കാര്യങ്ങളും 'ഡ്യൂപ്പ് ' പറയുന്നുണ്ട്. ഇതില്‍ പലതും വായനക്കാരന് അത്രയ്ക്ക് പുതിയ സിനിമാക്കഥകളാണെന്ന് തോന്നുന്നില്ല. ഒക്കെ എല്ലാവരും മുന്‍പ് ഒരിക്കലെങ്കിലും കേട്ടിട്ടുള്ള കാര്യങ്ങള്‍ തന്നെ. നളിനി ജമീലയുടെ ആത്മകഥയുടെ ചുവട് പിടിച്ചാണോ ഇങ്ങനൊരു പുസ്തകം ഇറക്കാന്‍ ഡീ.സി. തീരുമാനിച്ചതെന്ന് ആരെങ്കിലും സംശയിച്ചാല്‍, അങ്ങനെ വിസ്തരിച്ചാല്‍, കുറ്റം പറയാനാവില്ല. എന്തായാലും ആമുഖത്തില്‍ സുരയ്യാ ബാനു പറയുന്ന ചില വരികള്‍ ഒരു സന്ദേശമായി കണക്കാക്കുന്നതില്‍ തെറ്റില്ല. ആ വരികള്‍ അതേ പടി പകര്‍ത്തട്ടെ.
'സിനിമ നല്‍കുന്ന പ്രശസ്തിയും പണവും അത്ര വലുതായതിനാല്‍ തന്റെ വഴി സിനിമ എന്ന് ഓരോരുത്തരും പഠിച്ചുവയ്ക്കുന്നത് വിജയിച്ചവരുടെ കഥകള്‍ മാത്രം കേള്‍ക്കുന്നതുകൊണ്ടാണ്. പരാജയപ്പെട്ട ഒരാളും അവരുടെ കഥ സ്വയം തുറന്ന് പറയാറില്ലല്ലോ ? പരാജയപ്പെട്ടവരുടെ കഥകള്‍ കൂടെ നിങ്ങള്‍ കേള്‍ക്കണമെന്ന് എനിക്ക് തോന്നുന്നു'

മറ്റാരും കേട്ടില്ലെങ്കിലും സിനിമയുടെ ഭ്രമിപ്പിക്കുന്ന മായാപ്രപഞ്ചത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ചാടിത്തുള്ളി നില്‍ക്കുന്ന പെണ്‍കുട്ടികളെങ്കിലും കേട്ടിരിക്കേണ്ടതാണ് സുരയ്യയുടെ അനുഭവങ്ങള്‍. കഷ്ടപ്പാടുകള്‍ ഒരുപാട് തരണം ചെയ്ത് സിനിമയുടെ ഔന്നത്യത്തിലേക്കെത്തിയ ഒരു ഇന്നസെന്റോ, കഷ്ടപ്പാടുകള്‍ ഒന്നും അനുഭവിക്കാതെ തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ വെന്നിക്കൊടി പാറിച്ച ഒരു ഉര്‍വ്വശിയോ എഴുതിയാൽ തീരുന്നതല്ല സിനിമാ വ്യവസായത്തിന്റെ പിന്നാമ്പുറ കഥകള്‍. വിജയിച്ചതിനേക്കാളേറെ, സുരയ്യാ ബാനുവിനെപ്പോലെ വിജയിക്കാതെ പോയ ഒരുപാട് പേരുടെ കഥകള്‍ പറയാന്‍ കോളീവുഡ്ഡിന്നും ബോളീവുഡ്ഡിനും ഹോളീവുഡ്ഡിനും കാണും.

Monday, January 16, 2012

മുണ്ടൂര്

പുസ്തകം : മുണ്ടൂര്
രചയിതാവ് : മുണ്ടൂര്‍ സേതുമാധവന്‍

പ്രസാധകര്‍ : ഗ്രീന്‍ ബുക്സ്

അവലോകനം : ജ്യോതിബായ് പരിയാടത്ത്
എന്നില്‍ ഭയവും വിസ്മയവും ഉന്മാദവും പ്രത്യാശയും നിറയ്ക്കുന്ന എന്റെ പ്രിയപ്പെട്ട കല്ലടിക്കോടന്‍ മലയ്ക്ക്‌'

വരികള്‍ ഒരു സമര്‍പ്പണത്തിന്റേതാണ്‌. പതിനെട്ടു കഥകളുടെ സമാഹാരമായ 'മുണ്ടൂര്‍' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ മുണ്ടൂര്‍ സേതുമാധവന്‍ തന്റെ ഈ കൃതി എന്തുകൊണ്ടാണ്‍്‌ കല്ലടിക്കോടന്‍ മല എന്ന നിശ്ചലസാന്നിദ്ധ്യത്തിനു് സമര്‍പ്പിക്കുന്നത്‌ എന്ന സംശയം ഒരു സാധാരണ വായനക്കാരനുണ്ടാവുക സ്വാഭാവികം . സംശയനിവാരണം വരുത്താനായി സമാഹാരത്തിലെ കഥാപ്രകൃതിയിലൂടെ ഏറിയ യാത്രയൊന്നും നടത്തേണ്ടി വരുകില്ല. ഇളംനിലാവിറങ്ങി വരുന്ന ഒരു കുന്നിന്റെ ചിത്രം തെളിയുന്ന ആദ്യകഥയില്‍ത്തന്നെ അങ്ങേയറ്റം സചേതനമായ ഒരു ജൈവഭൂമികയിലേയ്ക്കുള്ള വഴിയില്‍ വായനക്കാരന്‍ എത്തുകയും ഇതു തന്നെയല്ലേ തുടക്കത്തില്‍ പരാമര്‍ശിക്കപ്പെട്ട കല്ലടിക്കോടന്‍മലയിലേയ്ക്കുള്ള കഥയുടെ നിലാവിറങ്ങുന്ന വായനാവഴി എന്ന തിരിച്ചറിവ്‌ അവനുണ്ടാവുകയും ചെയ്യുന്നു. സേതുമാധവനെന്ന മുണ്ടൂര്‍ക്കാരനായ കഥാകൃത്തിനാകട്ടെ തന്റെ ഹിമാലയം തന്നെയാകുന്നു കല്ലടിക്കോടന്‍ മല .

ഓര്‍മ്മകളില്‍ എന്നോ മരിച്ചെന്നു കരുതിയ ഗ്രാമത്തിലേയ്ക്ക്‌ തിരിച്ചെത്തുന്ന നിമിഷം . കാലമെന്ന കഴായ ചാടാന്‍ ഏറെയൊന്നും ശ്രമപ്പെടേണ്ടിവരുന്നില്ല ഗോപിയ്ക്ക്‌. പുകച്ചില്ലിനപ്പുറത്ത്‌ തെളിയുന്ന അനേകം മുഖങ്ങളില്‍ മറക്കാന്‍ ശ്രമിച്ചവയായിരുന്നു ഏറെ . അമ്മ, പെങ്ങന്മാര്‍, ഏട്ടന്‍ കൂട്ടുകാരി. കാലം വലിച്ചിട്ട ഇല്ലാത്തിരക്കുകളുടേയും അകര്‍മ്മണ്യതയുടെയും മുഖമൂടിയില്‍ നിസ്സഹായന്റെ ഷണ്ഡത്വം പക്ഷേ സമര്‍ത്ഥമായി മറഞ്ഞിരുന്നു. പതിവുവരവിലെ പതിവുവിശേഷം പോലെ അമ്മയുടെ മരണവും ഏട്ടന്റേയും പെങ്ങന്മാരുടെയും പരിദേവനവും മനസ്സിനെ തൊട്ടേയില്ല എന്നു ഭാവിച്ചുകൊണ്ടുള്ള മടക്കയാത്ര. മറവിയുടെ ഏതു നാട്യത്തിനും മേലേ തെളിയുന്ന, തലോടുന്ന ഒന്നായി, അമ്മ ഇപ്പോഴും കൂടെ എന്ന ഭ്രമകല്പനയോടെ അവസാനിക്കുന്ന 'പണ്ടൊരിക്കലി'ല്‍ വെളിപ്പെടുന്നത്‌ നിസ്സഹായതയുടെ മുഖാവരണത്തിനുള്ളിലെ അമര്‍ത്താന്‍ മാത്രം വിധിക്കപ്പെട്ട സ്നേഹത്തിന്റേയും കടപ്പാടിന്റേയുമൊക്കെ ചില കടലിരമ്പങ്ങളേയാണ്‌.

ആരാണു രാമന്‍കുട്ടി? എന്താണയാള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്‌? പറയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌? മുണ്ടൂരിലെ രണ്ടാമത്തെ കഥ. രാമന്‍കുട്ടി പറഞ്ഞത്‌. രാമന്‍കുട്ടി ഒരു പ്രതീകമാണ്‌. ഏതൊരു ശരാശരി മനുഷ്യനുമുള്ളില്‍, ജീവിതത്തിലെ ഓരോ കാല്‍വെയ്പിന്നും താളമെന്നപോലെ നിരന്തരം പിറുപിറുക്കുന്ന, കലഹിക്കുന്ന, മുഖം വീര്‍പ്പിക്കുന്ന, ഉപദേശിക്കുന്ന, പിന്‍വിളിക്കുന്ന, വിമര്‍ശിക്കുന്ന ഒരു അപരനുണ്ട്. ഇവിടെ രാമന്‍കുട്ടി ആ മറ്റേയാളാകുന്നു.

ജീവിതത്തിന്റെ വരണ്ട വേനല്‍പ്പാതകള്‍ ആയാസത്തോടെ പിന്നിടുമ്പോഴും നമ്മെ മുന്നോട്ടു നടത്തുന്നത്‌ ചില പ്രത്യാശകളാണ്‌. ഏതോ തിരിവില്‍ കാത്തിരിക്കുന്ന വസന്തം, പിന്നിട്ട വഴികളില്‍ കൈവിട്ടുപോയെന്നു കരുതിയ ചില അപ്രതീക്ഷിതാഹ്ലാദങ്ങള്‍, സൌഭാഗ്യങ്ങള്‍. ബന്ധങ്ങളൊക്കേയും വെയിലില്‍ കരിഞ്ഞുവീഴുന്ന പൂക്കളെപ്പോലെയാണെന്നറിയുമ്പോഴും ഇനിയൊരു തിരിഞ്ഞുനോട്ടമില്ലെന്ന് ഉള്ളിലുറയ്ക്കുമ്പോഴും ചിലത് ഓര്‍മ്മകളില്‍ വൈരസ്യം നിറയ്ക്കുന്നവയാണെങ്കില്‍പ്പോലും ചിലതെങ്കിലും അഴിക്കാനാവാത്ത കടുംകെട്ടുകളാണെന്ന തളര്‍ത്തുന്ന തിരിച്ചറിവുകള്‍ തരുന്ന രണ്ടു് കഥകളാണ്‌ ഇടവഴിയിലെ വസന്തവും പുറപ്പാടും.

മനസ്സിനെ വന്നുതൊടുന്ന കഥാതന്തു. ആവിഷ്കാരലാളിത്യം, പുതുമ എന്നിവകൊണ്ടു് മികച്ചു നില്ക്കുന്ന കഥയാണ്‌ ഏട്ടന്‍ വന്നു. സ്നേഹനിധിയായ സഹോദരനെ കാണാനായി കാത്തിരുന്ന സഹോദരിയ്ക്കടുത്തേയ്ക്ക്‌ എത്തുന്നത്‌ ഏട്ടന്റെ ഭാര്യയാണ്‌. വളരെക്കുറച്ചു വരികളിലൂടെ വരച്ചിടുന്ന ഒരു ദുരന്തത്തിന്റെ സൂചന പരിണാമഗുപ്തിയില്‍ തെളിയുമ്പോള്‍ വായനക്കാരനിലേക്കും ഈ കഥയിലെ വിഷാദം പടരുന്നു.

ഇന്നലെയുടെ കലഹങ്ങളും കാലുഷ്യങ്ങളും, നാളെയെക്കുറിച്ചുള്ള ആകുലതകളും വിഹ്വലതകളൂം, ഇന്നിലേയ്ക്ക്‌ പ്രസന്നമായ വെളിച്ചത്തിന്റെ ഒരു കിരണം പോലും പ്രസരിക്കാനില്ലാത്തവിധം നിഴല്‍മൂടിയ ജീവിതപരിസരങ്ങള്‍. ഇതൊക്കെയാണ്‌ മുണ്ടൂരിലെ മിക്കവാറും കഥകളിലും കാണുന്നത്‌. ഈ കൂട്ടത്തില്‍ ചേരാതെ രണ്ടോ മൂന്നോ കഥകളെങ്കിലും പക്ഷേ മാറിനില്ക്കുന്നുമുണ്ട്. നാളെയ്ക്കു നീളുന്ന സ്വപ്നം ആണ്‌ ആദ്യത്തേത്‌ . സ്വത്വസന്നിഗ്ദ്ധതയാണു് വിഷയമെങ്കിലും കൈകാര്യംചെയ്ത രീതിയില്‍ പുതുമ അവകാശപ്പെടാവുന്നതാണ്‌ ഈ കഥ. മറ്റൊരു വേറിട്ട ആവിഷ്കാരമാണ്‌ മുണ്ടൂര്‍ എന്ന കഥ. സൃഷ്ടിയുടെ നോവിന്റെ പൊറുതികേടുകള്‍ - ഭാര്യയില്‍നിന്നും ആദ്യം പകരുന്നത്‌ ഭര്‍ത്താവിലേയ്ക്കുതന്നെ. നിവൃത്തികേടുകളുടെ ഘോഷയാത്രക്കിടയില്‍ അയാള്‍ക്കുനേരെ നീളുന്ന ഉദാരതയുടെ ഹസ്തങ്ങളും നന്മയുടെ സ്പര്‍ശങ്ങളും. കഥാന്ത്യത്തില്‍ വായനക്കാരനും ആശ്വാസത്തിന്റേതായ ഒരു തളര്‍ന്ന നെടുവീര്‍പ്പയക്കാനും ഒന്നു പുഞ്ചിരിക്കാനും വകുണ്ട് ഈ കഥയില്‍ .

'രക്ഷിക്കുവാന്‍ കടപ്പെട്ടവനില്‍നിന്നും ഇക്ഷിതിഗര്‍ഭത്തില്‍ രക്ഷ തേടുന്നവള്‍ എന്നു പെണ്ണിനെ പെങ്ങള്‍- എന്ന കവിതയില്‍ ആവിഷ്കരിച്ചത്‌ ഒ. എന്‍. വിയാണ്‌. ഉണ്ണിയാര്‍ച്ച കരയുന്നു എന്ന മുണ്ടൂര്‍ക്കഥയിലെ ഉണ്ണിയാര്‍ച്ചയായവള്‍ കരയുന്നത്‌ അതുപോലെ രക്ഷകനെന്നു വിശ്വസിച്ചവന്റെ വിശ്വരൂപദര്‍ശനത്തിലാണ്‌. പക്ഷേ സീതയെപ്പോലെ ഒഴിഞ്ഞുപോകാനല്ല സ്വയം രക്ഷിക്കുന്ന ഉണ്ണിയാര്‍ച്ചയാവാനാണ്‌ അവള്‍ താല്പര്യപ്പെടുന്നത്‌.

തന്റെ പട്ടിണിയെക്കുറിച്ചോര്‍ക്കാതെ പോളണ്ടിന്റെ ജയാപജയങ്ങളെക്കുറിച്ചു വ്യാകുലപ്പെടുന്ന പാതപ്പണിക്കാരന്‍ രാമാണ്ടി, നമുക്ക്‌ മുണ്ടു മുറുക്കിയുടുക്കാം എന്ന കഥയിലെ ഹരിദാസന്‍മാഷ്‌, സൂര്യ, രാഘവന്‍ കുട്ടി.. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുടെ നിര നീളുന്നു.

പൊള്ളുന്ന ജീവിതസമസ്യകളൊന്നും കൈകാര്യം ചെയ്യുന്നില്ല, വായനക്കാരന്റെ സംവേദനക്ഷമതയെ വെല്ലുവിളിക്കുന്നില്ല, എന്നാല്‍പ്പോലും പാരമ്പര്യത്തില്‍ നിന്നുള്ള ഒരു മാറിനടത്തം ഈ സമാഹാരത്തില്‍ സൂക്ഷ്മത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്‌. ഒപ്പം രചനയിലെ മുണ്ടൂര്‍വല്‍ക്കരണം ഏതാണ്ടു് എല്ലാ കഥകളിലും തന്നെ അനുഭവവേദ്യമാകുന്നുണ്ടു്. പാത്രമനസ്സുകളിലെ കലാപക്കാറ്റ്‌ വായനക്കാരനിലേയ്ക്കു വീശിയെത്തുണ്ടു്. പലപ്പോഴും വര്‍ത്തമാനം അവനവനോടുള്ളതാണെങ്കില്‍പ്പോലും ഇയാള്‍ എന്റെയുള്ളിലുമുണ്ടല്ലോ എന്ന തിരിച്ചറിവ്‌ വായനക്കാരനുണ്ടാവുന്നുണ്ടു്. മുണ്ടൂരും അതിലെ കഥകളൂം നമ്മുടെ തന്നെ കഥയോ നമുക്കുചുറ്റും സംഭവിച്ച സംഭവിച്ചുകൊണ്ടിരിക്കുന്ന കഥകളോ ഒക്കെയായി മാറുന്നുമുണ്ടു്.

Friday, January 13, 2012

രമണന്‍

പുസ്തകം : രമണന്‍
രചയിതാവ് : ചങ്ങമ്പുഴ കൃഷ്ണപിള്ള

പ്രസാധനം : ഡി.സി.ബുക്സ്

അവലോകനം : കെ.എ.ബീനന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് 'രമണന്‍' എനിക്ക് സ്വന്തമാകുന്നത്. പ്രസംഗമത്സരത്തില്‍ സമ്മാനമായി കിട്ടിയ ''ചങ്ങമ്പുഴക്കൃതികള്‍''.

''മലരണിക്കാടുകള്‍ തിങ്ങി വിങ്ങി''യും, ''കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി''യുമൊക്കെയായി അതിനും മുമ്പേ ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന കവി വായനയുടെ പൂന്തോപ്പിലെത്തിയിരുന്നു. എന്നാല്‍ 'രമണന്‍' വന്നത് മറക്കാനാവാത്ത ഒരനുഭവമായിത്തന്നെയാണ്, നീട്ടി നീട്ടി പാടിച്ചൊല്ലി കരഞ്ഞു തളര്‍ന്നുറങ്ങിയ ഒരു രാത്രി.... ആ രാത്രി ഇടപ്പള്ളി രാഘവന്‍പിള്ള സ്വപ്നത്തില്‍ വന്നു, ആട്ടിടയന്മാരുടെ വേഷം എന്താണെന്നു അറിയാത്തതുകൊണ്ട് സ്വപ്നത്തില്‍ വള്ളിനിക്കറിട്ടൊരു കൊച്ച് പയ്യനായിരുന്നു സ്വപ്നത്തിലെ രമണന്‍.... പന്ത്രണ്ട് വയസ്സുകാരി പെണ്‍കുട്ടി രമണനോട് പറഞ്ഞു.

''ചന്ദ്രിക പോയെങ്കില്‍ പോട്ടെ, ഞാനില്ലേ ഇവിടെ കൂട്ടിന്. നമുക്ക് പാടി നടക്കാം....''

പിന്നീടുള്ള ദിവസങ്ങളില്‍ കുത്തിയിരുന്ന് രമണന്‍ ഹൃദിസ്ഥമാക്കുകയായിരുന്നു.... ദൈവമേ എന്തൊരു ഒഴുക്ക്, എന്തൊരു വാക്യഭംഗി. ചന്ദ്രിക പെട്ടെന്ന് തന്നെ ശത്രുവായി, സ്വാര്‍ത്ഥ, ദുഷ്ട, നീച- ഭാവനയില്‍പോലും ദ്രംഷ്ടകള്‍ മുളച്ച് വന്നു. പിന്നീട് പല കാലത്തും പലരും ചന്ദ്രികയാണെന്ന് കേട്ടു, അവര്‍ക്കൊന്നും പക്ഷേ, സങ്കല്പത്തിലെ ചന്ദ്രികയുടെ ദുഷ്ടമുഖം അവര്‍ക്കൊന്നും കണ്ടില്ല.
സ്‌കൂളില്‍ കഥാപ്രസംഗ മത്സരത്തിന് പങ്കെടുക്കാന്‍ പേരൂര്‍ക്കട സ്കൂളിലെ സുകുമാരന്‍ കല്ലുവിള സാര്‍ രമണനെ ആ രൂപത്തില്‍ ചിട്ടപ്പെടുത്തി. നീട്ടിപ്പാടി.

''കണ്ടിട്ടില്ല ഞാനീവിധം മലര്‍-
ച്ചെണ്ടുപോലൊരു മാനസം.
എന്തൊരത്ഭുത പ്രേമസൗഭഗം
എന്തൊരാദര്‍ശ സൗരഭം''


''പറയൂ പരസ്പരം നാമറിയാ-
തൊരു രഹസ്യം പോലും മന്നിലുണ്ടോ?''


''സ്ഥിരതയില്ലി പ്രപഞ്ചത്തിലൊന്നിനും
കപടതയ്‌ക്കേ കഴിഞ്ഞിടൂ
കാഞ്ചന ജയപതാകയൊന്നിവിടെ പറത്തുവാന്‍''


''ഇക്കല്ലറ തന്‍ ചവിട്ടു പടിയിലൊ-
രല്പമിരുന്ന് കരഞ്ഞേച്ച് പോകണേ.
അസ്സൗഹൃദാശ്രുക്കള്‍ കണ്ടുകൊണ്ടെങ്കിലു-
മാശ്വസിക്കട്ടെയൊന്നിപ്രേമഗായകന്‍''


കഥാപ്രസംഗത്തിനൊടുവില്‍ ഞാന്‍ പൊട്ടിക്കരഞ്ഞു. കേട്ടുനിന്ന ടീച്ചര്‍മാരും കുട്ടികളും കരഞ്ഞു. കരച്ചില്‍ മാറ്റാന്‍ അന്നമ്മടീച്ചര്‍ മിഠായി തന്നു. (വാഴക്കുല കഥാപ്രസംഗമായി അവതരിപ്പിച്ചപ്പോഴും ഇതേ രംഗങ്ങള്‍ ആവര്‍ത്തിച്ചു.) എത്രയെത്ര വിദ്യാലയങ്ങളില്‍, എത്രയെത്ര സദസ്സുകളില്‍, ഏകാന്ത വായനാമുറികളില്‍ 'രമണന്‍' കണ്ണീര്‍ വീഴ്ത്തിച്ചിട്ടുണ്ടാകും?

75 വര്‍ഷങ്ങള്‍ - ഇന്നും രമണന്‍ മലയാളിയുടെ പുസ്തകവായനയില്‍ പുതുമയേകി നിലനില്ക്കുന്നു. മലയാളത്തിലെ ആദ്യ പാസ്റ്ററല്‍ (ഇടയകാവ്യം) കൃതി യെന്ന് വിശേഷിപ്പിക്കപ്പെട്ട 'രമണന്‍' ഓരോ വായനക്കാരനും അവന് സ്വന്തമായ വായനാനുഭവമാണ് പകര്‍ന്നു നല്കിയത്. പിന്നാലേ പിന്നാലേ എഡിഷനുകള്‍ ഇറങ്ങി മലയാളിയെ അമ്പരപ്പിച്ച 'രമണന്‍' ആസാമിലും ബംഗാളിലുമൊക്കെ പട്ടാള ബാരക്കുകളില്‍ മലയാളി യുവത്വത്തിന് വികാരതീവ്രമായ സാന്ത്വനമോ സങ്കടമോ ഒക്കെയേകി കൂടെ ചെന്നു.

എം.ടി. വാസുദേവന്‍ നായര്‍ 'രമണന്‍'പകര്‍ത്തി എഴുതിയെടുത്ത് വായിച്ചതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
''ബീച്ചിലും ബാല്‍ക്കണിയിലും ബോട്ടുജെട്ടിയിലും വണ്ടിത്താവളങ്ങളിലും, മടപ്പള്ളിയിലും മാളികമച്ചിലും കുടിലിലും വയലിലും ഫാക്ടറിയിലും പടപ്പാളയത്തിലും കുറെ നാളായിട്ട് 'രമണന്‍' ആണ് ഒന്നാം പാഠം.'' എന്നാണ് ജോസഫ് മുണ്ടശ്ശേരി രമണന്റെ അവതാരികയില്‍ പറഞ്ഞിരിക്കുന്നത്.
''ഗ്രാമീണസൗന്ദര്യപ്പുളപ്പിന്റെ പശ്ചാത്തലമൊരുക്കുക, അതില്‍ ഗ്രാമീണാനുരാഗകഥയുടെ കോരിത്തരിപ്പിക്കുന്ന രംഗങ്ങള്‍ സ്വരൂപിച്ച് യഥാസ്ഥാനം വിനിശേഷിപ്പിക്കുക, പാത്രങ്ങളെയും കര്‍മ്മഭാവങ്ങളെയും അപായകരമായ ഔചിത്യ ക്ഷതി പറ്റാത്ത വിധം ഇണക്കിക്കൊള്ളിക്കുക, യവനനാടകങ്ങളിലെ ''കോറസ്'' പോലുള്ള ഗായകസംഘങ്ങളെ കൊണ്ടിടക്കൊളുത്തിടുവിച്ച് കഥയെ സുഘടിതമാക്കുക - ഇത്രയും ഈ കാവ്യത്തിലെ നേട്ടങ്ങളാണ്''എന്നും മുണ്ടശ്ശേരി പറഞ്ഞിട്ടുണ്ട്. ബൗദ്ധികമായോ അക്കാദമിക് രീതികളിലോ 'രമണനെ' വിലയിരുത്താന്‍ ഞാനൊരിക്കലും ശ്രമിച്ചിട്ടില്ല. 'കാതോടുകാതോരം' പറയുന്നൊരു കഥയാണത്.. ആ കഥ.. മനസ്സില്‍ പതിഞ്ഞുപോയെങ്കില്‍ അതിന് കാരണം അതിന്റെ കാവ്യഭംഗിയാണ്. ഓരോ വായനയിലും രമണന് ആര്‍ജ്ജവം കൂടുന്നതേയുള്ളൂ. പദസ്വാധീനത്തിന്റെ കാര്യത്തിലും കാവ്യനിര്‍മ്മിതിയുടെ കാര്യത്തിലും 'രമണന്‍' പലപ്പോഴും നല്ലൊരു വഴികാട്ടിയാണ്.

ഒരു കൊച്ചുനാട്ടിലെ കൊച്ചൊരു ഭാഷയില്‍ ഉണ്ടായൊരു വലിയ കൃതി-


ടെന്നിസന്റെ 'ഇന്‍ മെമ്മോറിയം', മില്‍ട്ടന്റെ 'ലിസിഡസ്' സ്‌പെന്‍ഡറിന്റെ 'ഷെപ്പേര്‍ഡ്‌സ് കലണ്ടര്‍' ഇംഗ്ലീഷ് സാഹിത്യത്തിലെ 'പാസ്റ്ററല്‍ എലിജി'കള്‍ വിശ്വപ്രസിദ്ധമായി നിലനില്ക്കുമ്പോള്‍ നമ്മുടെ 'രമണന്‍' 75ന്റെ നിറവില്‍ തിളങ്ങി നില്‍ക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. ഇപ്പോഴത്തെ വായനയില്‍
''ഹാ മരിച്ചാലും, മഹശ്വരനായ്ഗ്ഗാന-
സീമയില്‍ നില്‌പോരു ഗന്ധര്‍വ്വനാണ് നീ''
എന്ന രമണന്റെ വരികള്‍ തന്നെയാണ് 'രമണന്റെ' കയ്യൊപ്പായി നില്ക്കുന്നത്.

Tuesday, January 10, 2012

മരിച്ചവരുടെ മനുഷ്യന്‍

പുസ്തകം : മരിച്ചവരുടെ മനുഷ്യന്‍
രചയിതാവ് : സി അമ്പുരാജ്

പ്രസാധകര്‍ : കൈരളി ബുക്‌സ് കണ്ണൂര്‍

അവലോകനം : എന്‍.പ്രഭാകരന്‍­മ്പുരാജ് നാട്ടനുഭവങ്ങളുടെ കഥാകാരനാണ്. താന്‍ അനുഭവിക്കുകയും നിരീക്ഷിക്കുകയും ചെയ്തു പോരുന്ന ജീവിതത്തെ അതിന്റെ നാടോടിത്തനിമ അല്പവും ചോര്‍ന്നു പോകാതെ അദ്ദേഹം അവതരിപ്പിക്കുന്നു. ആഖ്യാനത്തിന്റെ അംഗീകൃത സങ്കേതങ്ങളെയോ വാക്കുകളുടെ പദവിഭേദങ്ങളെയോ ചൊല്ലിയുളള അധീരതകളൊന്നും അമ്പുരാജിനില്ല. അനുഭവവിവരണത്തിലോ കഥാപാത്രങ്ങളുടെ പെരുമാറ്റവും സംഭാഷണങ്ങളും വിഭാവന ചെയ്യുന്നതലോ മാന്യതയുടെ അതിരുകളെ അവഗണിക്കുന്നതില്‍ ഈ കഥാകാരന് അല്പമായ ആശങ്കപോലുമില്ല. അനുഭവം തന്നെ സ്​പര്‍ശിച്ചതാണെങ്കില്‍ അത് അന്യഥാ ചെറുതോ നിസ്സാരമോ ആവട്ടെ അതിന് കഥാരൂപം നല്‍കുന്നതില്‍ അദ്ദേഹം സംശയിച്ചു നില്‍ക്കുന്നുമില്ല. ഇങ്ങനെ എല്ലാം കൊണ്ടും തന്റെ തട്ടകത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തോടും അത് നല്‍കുന്ന ലാഘവത്തോടും കൂടി പെരുമാറുന്ന കഥാകാരനാണ് അമ്പുരാജ്. ''ഇത്രയും കഥയല്ല. കഥയെന്നു നിങ്ങള്‍ വിളിച്ചോളൂ ജീവിതമെന്നു ഞാന്‍ കരുതിക്കൊളളാം'' എന്ന 'ചന്ത'യെക്കുറിച്ച് മാത്രമല്ല ഈ സമാഹാരത്തിലെ മഞ്ഞുപെയ്യുന്നത്, മുതലക്കുളം എന്നിവയൊഴിച്ചുളള എല്ലാ കഥകളെക്കുറിച്ചും അദ്ദേഹത്തിന് പറയാനാവും. മാറ്റിനിര്‍ത്തിയ രണ്ടു കഥകളിലുളളതും ജീവിതം തന്നെ. പക്ഷെ അവയ്ക്ക് ജീവിതത്തെ കവിഞ്ഞു നില്‍ക്കുന്ന കഥാത്വമുണ്ടെന്നു മാത്രം.

മൂന്ന് കാര്യങ്ങളിലേക്കാണ് പ്രധാനമായും ഈ സമാഹാരം നമ്മുടെ സവിശേഷശ്രദ്ധ ക്ഷണിക്കുന്നത്. സാധാരണ ജീവിതത്തിലെ അനേകം അനുഭവമേഖലകള്‍ക്കും ജീവിത മുഹൂര്‍ത്തങ്ങള്‍ക്കും സാഹത്യത്തിലേക്ക് അറച്ചറച്ചു മാത്രം കടന്നുവരാനാവുന്ന ഒരു ഭാവുകത്വപരിസരമാണ് മലയാളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. ആദ്യം പുരോഗമനസാഹിത്യവും പിന്നീട് ആധുനികസാഹിത്യവും വ്യത്യസ്തലക്ഷ്യങ്ങളോടെ, വ്യത്യസ്തരീതിയില്‍ ഈ അവസ്ഥയെ എതിരിട്ടിരുന്നു. എങ്കിലും വായനക്കാരിലും എഴുത്തുകാരിലും വളരെയേറെപ്പേരിലും ആ അറച്ചില്‍ വലിയ മാറ്റമൊന്നും കൂടാതെ ഇപ്പോഴും നിലനില്‍ക്കുന്നു. അതുകൊണ്ടാണ് അമ്പുരാജ് എഴുതിയ തേന്‍ചക്ക്‌ളി, അന്നം, വെളുത്ത രാത്രി, എന്നിവയുടെ ഗണത്തില്‍പ്പെടുന്ന കഥകള്‍ ഇപ്പോഴും ഇവിടെ അധികമൊന്നും ഉണ്ടാവാത്തത്. 'മരിച്ചവരുടെ മനുഷ്യനി'ലെ കഥകളിലൂടെ കടന്നുപോകുമ്പോള്‍ ഈയൊരു വസ്തുത നാം പ്രേത്യകമായി ഓര്‍മ്മിക്കുക തന്നെ ചെയ്യും. അനുഭവസ്വീകരണത്തിലും ആവിഷ്‌ക്കാരവടിവിലും ഭാഷയിലുമെല്ലാം തികച്ചും വ്യത്യസ്തമായ സ്വത്വം സൂക്ഷിച്ചുകൊണ്ടാണ് അത്യൂത്തരകേരളത്തിലെ ജീവിതം ഇപ്പോഴും നിലനില്‍ക്കുന്നത്. കഥാത്മകം എന്നു വിശേഷിപ്പിക്കാവുന്ന ചില സവിശേഷഗുണങ്ങള്‍ ആ ജീവിതത്തിനുണ്ട്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മറ്റു നാട്ടു വഴക്കങ്ങളിലുമൊക്കെയായുളള അതിന്റെ പടര്‍പ്പുകളിലേറെയും ഇനിയും എഴുത്തിന്റെ കണ്‍വെട്ടത്തിലേക്ക് വന്നിട്ടില്ല. അതുകൊണ്ടു തന്നെ വ്യക്തികളുടെ ആന്തരിക ജീവിതത്തില്‍ നിന്നു മാത്രമല്ല പൊതു ജീവിത പരിസരങ്ങളില്‍ നിന്നും അനായാസമായി കഥാവസ്തു കണ്ടെത്തുന്ന കാര്യത്തില്‍ ഈ പ്രദേശത്തുളള എഴുത്തുകാര്‍ക്ക് കേരളത്തില്‍ ഇതരഭാഗങ്ങളിലുളളവരേക്കാള്‍ ആത്മവിശ്വാസമനുഭവപ്പെടേണ്ടതാണ്. അക്കാര്യം ഇവിടുത്തെ ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാരെ ഓര്‍മ്മിപ്പിക്കാനും ഈ സമാഹാരം സഹായിച്ചേക്കും.

മൂന്നാമത്തെ കാര്യം 'മരിച്ചവരുടെ മനുഷ്യനി'ല്‍ ചേര്‍ത്തിരിക്കുന്ന 'മഞ്ഞുപെയ്യുന്നത്' എന്ന കഥയിലൂടെ വെളിപ്പെടുത്തുന്നതാണ്. ഭൂഖണ്ഡാന്തരങ്ങളില്‍ ദാമ്പത്യബന്ധങ്ങളും വ്യാപാരസ്ഥാപനങ്ങളും നിലനിര്‍ത്തുന്ന, ജന്മംകൊണ്ട് വിയറ്റ്‌നാംകാരനായ ഹുങ്ങ് എന്ന മനുഷ്യനാണ് കഥയിലെ നായകന്‍. അള്‍ഷിമേഴ്‌സും സോംമ്‌നാംബുലിസവുമൊക്കെ ബാധിച്ചു തുടങ്ങി ഹുങ്ങ് അമേരിക്കയില്‍ ബീജബാങ്കും റഷ്യയില്‍ ഫ്‌ളാറ്റ് ബിസിനസ്സും ചൈനയില്‍ കാര്‍ഫാക്ടറിയും ആഫ്രിക്കയില്‍ തുകല്‍വ്യാപാരവുമൊക്കെ ഉളളയാളാണ്. ''മറവി ബാധിച്ചവന് ആഗോളമനുഷ്യനായി ഇനിയും തുടരുവാന്‍ കഴിയുകയില്ല. ഓര്‍മ്മകള്‍ ഇല്ലാതായവന് ഒരു ദേശം പോലും വേണ്ടിവരില്ല. ഒരു വീട്ടിലേക്കൊതുങ്ങും അവന്റെ ലോകം. ചിലപ്പോള്‍ അതിലും ചുരുങ്ങി ഒരു കിടക്കയോളം.'' എന്നുളള അയാളുടെ പ്രസ്താവവുമെല്ലാം ഇനിയും പൂര്‍ണ്ണമായ വ്യക്തത വന്നുകഴിഞ്ഞിട്ടില്ലാത്ത അനേകം പുതിയ ആശങ്കകളുടെയും ഭീതികളുടെയും പരിസരങ്ങളിലേക്കാണ് വായനക്കാരെ കൊണ്ടുപോകുന്നത്. വടക്കന്‍കേരളത്തിന്റെ മണ്ണില്‍ നിന്ന് കഥാകാരന്‍ നടത്തുന്ന ഈ വഴി വിട്ട യാത്ര മലയാളിയുടെ കഥ മേലില്‍ മലയാളക്കരയ്ക്ക് പുറത്തേക്ക് വേരുകള്‍ പടര്‍ത്തിയാവും വളരുക എന്നോ ഒരു വേള ഒരുപടികൂടി കടന്ന് അങ്ങനെ മാത്രമേ ഇനി അതിന് വളരാനാവൂ എന്നോ എന്ന സൂചന നല്‍കുന്ന ഒന്നാണ്. ഈ സൂചനയില്‍ ആഹ്ലദിക്കുകയോ ദു:ഖിക്കുകയോ ചെയ്യുന്നതില്‍ കാര്യമില്ല. നമ്മുടെ ജീവിതം അതിന്റെ ഭൗതീകമായ നിലനില്‍പ്പിനു തന്നെ അരികെയും അകലെയുമുളള അന്യദേശങ്ങളെ വന്‍തോതില്‍ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നുവെന്നും നമ്മുടെ മനോലോകവും ദേശം എന്ന തട്ടകത്തില്‍ ഒതുങ്ങാതാവുന്നു എന്നും ഉളള യാഥാര്‍ത്ഥ്യത്തില്‍ നിന്ന് രൂപം കൊണ്ടതാണ് അത് എന്ന വസ്തുത അംഗീകരിക്കുകയാണ് പ്രധാനം.
(മരിച്ചവരുടെ മനുഷ്യന് എഴുതിയ അവതാരികയില്‍ നിന്ന്)

Saturday, January 7, 2012

സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി

പുസ്തകം : സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി
രചയിതാവ് : ശ്രീജിത് അരിയല്ലൂര്‍

പ്രസാധകര്‍ :
മിസ്റ്റ് ബുക്ക്സ്
അവലോകനം : പ്രവീണ്‍ വട്ടപ്പറമ്പത്ത്

കാളിദാസനെ കൈരളിയിൽ എഴുന്നള്ളിച്ചിരുത്തിയ എ.ആറും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും ജിയും കേരളവർമ്മ വലിയകോയിത്തമ്പുരാനുമൊക്കെ ഈയിടെ വായനയിൽ സൃഷ്ടിച്ച വിസ്മയത്തെക്കുറിച്ചുള്ള ഒരു കാടുകയറിയ ചർച്ചകൾക്കൊടുവിൽ ആണു പ്രിയസുഹൃത്ത് “സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി” കയ്യിലേക്ക് വച്ചു തന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കവിതകളോടെനിക്കുള്ള അപരിചിതത്വം നന്നായറിയാവുന്നവനായിട്ടും ഇത് വായിക്കാൻ പറഞ്ഞ് തന്നത് അൽപ്പം അതിശയിക്കാതെയിരുന്നുമില്ല. ഈ അപരിചിതത്വം പുതിയകവിതകളോടുള്ള അവജ്ഞയിൽ നിന്നോ അജ്ഞതയിൽ നിന്നോ ഉളവായതല്ല, അഭിസാരികയുടെ ആത്മരോഷത്തെക്കുറിച്ചു പ്രസംഗിച്ച്, കയ്യിലെ ഡയറിയിൽ സ്ഥലം പിടിച്ച ‘പുതിയവളുടെ‘ മാർക്കറ്റ് വാല്യൂ കൂട്ടിയും കുറച്ചും ലാഭനഷ്ടത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവന്റെ ഇരട്ടത്താപ്പാണു പുതിയ വായനയിൽ മുഴച്ച് നിന്നിരുന്നത്. അങ്ങനെയൊരു ധാരണമനസ്സിലെപ്പൊഴോ വേരൂന്നിയതുകൊണ്ടാവണം ‘പൊട്ടാമദ്യക്കുപ്പികളെക്കുറിച്ച്’ പാടിയ കവി പൊട്ടിച്ചകുപ്പിയുടെ ലഹരിയെക്കുറിച്ച് അഭിമാനത്തോടെ പ്രസംഗിക്കുന്നത് കേട്ടപ്പോൾ ‘കോൾമയിരു’ കൊള്ളാതിരുന്നതും.

പൂർണ്ണമായും അകന്നുനിന്നിരുന്നു എന്നല്ല, വിജയലക്ഷ്മിക്കും ചുള്ളിക്കാടിനും വിനയൻ മാഷിനും ശേഷം എപ്പൊഴൊക്കെയോ തീക്കുനിയും കുരീപ്പുഴയും കലേഷും ശൈലനുമൊക്കെ വായനയിൽ കടന്നുവന്നിരുന്നുതാനും. നിരഞ്ജന്റെ ചിലവുകുറഞ്ഞകവിതകളിൽ കണ്ട വിപ്ലവം വഴിയേപോയവന്റെ ആർപ്പ് വിളിയല്ല എന്ന തിരിച്ചറിവ് സമ്മാനിക്കുവാൻ ‘ശ്രീജിത്ത് അരിയല്ലൂരിന്റെ’ സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി എന്ന കവിതാസമാഹാരത്തിനു കഴിഞ്ഞു.. അരാഷ്ട്രീയവാദത്തോടുള്ള രോഷവും തേഞ്ഞ് തീർന്ന (തേഞ്ഞു എന്ന് കവി പറയുന്നു, എനിക്കഭിപ്രായമില്ല. :) ) ബിംബങ്ങളോടുള്ള അവജ്ഞയും തുടങ്ങി വലത് ലാവണ്യബോധംപേറുന്ന മാധ്യമങ്ങളോടുള്ള അമർഷവും നിറഞ്ഞു നിന്ന ആമുഖം സൃഷ്ടിച്ച മുൻവിധി (വെല്ലുവിളികളുടെ രതിമൂർച്ഛയിൽ കവിതയെ പാതിയിലുപേക്ഷിക്കുന്ന കവികൾ എന്നെ ഭയപ്പെടുത്താറുണ്ട്) അസ്ഥാനത്തായിരുന്നു എന്ന് കവിതകൾ വായിച്ചുതുടങ്ങിയപ്പോൾ മനസ്സിലായി.

ജീവിതത്തിന്റെ മുറിവേൽപ്പിക്കുന്ന മുനകളിൽ നിന്ന് കവിതയുണ്ടാക്കുന്നതിൽ ശ്രീജിത് പ്രകടിപ്പിച്ചിരിക്കുന്ന നൈപുണ്യം പ്രശംസാർഹമാണു. മൂർച്ചയേറിയ പരിഹാസവും വ്യാകുലതയും നർമ്മവും അഭിപ്രായപ്രകടനങ്ങളും നിറഞ്ഞ ‘ഒന്നൊന്നരക്കവിതകളുടെ‘ ഈ സമാഹാരം അരാഷ്ട്രീയമായ കാലഘട്ടത്തെ മാത്രമല്ല, ഒഴുക്കിനൊത്ത് നിർവികാരനായി ഒഴുകാനാഗ്രഹിക്കുന്ന വായനക്കാരന്റെ നരബാധിച്ച മനസ്സിന്റെയും കൂടി കൂമ്പിനിട്ടിടിക്കുന്നുണ്ട്.

പണ്ട് നാടുവിടുമ്പോൾ
ബസിലെഴുതിയിരുന്നു
‘ശ്രീ കാടാമ്പുഴ ഭഗവതി ഈ വാഹനത്തിന്റെ ഐശ്വര്യം ‘എന്ന് ..
ഇന്ന് തിരിച്ച് വരുമ്പോൾ
ബസിലെഴുതിയിരിക്കുന്നു
‘ശ്രീ മാതാ അമൃതാനന്ദമയി ഈ വാഹനത്തിന്റെ ഐശ്വര്യം’ എന്ന്
കാടാമ്പുഴ ഭഗവതി ഏത് സ്റ്റോപ്പിലാണു ഇറങ്ങിപ്പോയത്.

മുകളിലുദ്ധരിച്ച യാത്ര എന്ന കവിതനോക്കുക, അന്ധമായ, പ്രകടനോത്സുകമായ ഭക്തിയിൽ മുഴുകി യൊഴുകുന്ന ജനത്തിന്റെ ഗതിമാറിയുള്ള പോക്കിനെ സരസമായി പരിഹസിക്കുന്ന ശ്രീജിത്ത്, കറുപ്പ് എന്ന കവിതയിൽ സ്നേഹത്തെ കെട്ടിപ്പൂട്ടി കോപ്രായം കാണിക്കുന്നരീതികളെ കളിയാക്കുകയും ചെയ്യുന്നു.

അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദം തങ്ങളുടെ ശബ്ദമാക്കി മാറ്റുന്നതിൽ പുതിയകവികൾ കാണിക്കുന്ന ആത്മാർത്ഥത അഭിനന്ദനീയം തന്നെയാണു. ശ്രീജിത്തും ആ ധർമ്മത്തിൽ നിന്നകലുന്നില്ല എന്നത് ആശാവഹം തന്നെ.

തീനാമ്പകറ്റിയൊരൂർജ്ജപ്രവാഹമായ്
ലോകായതക്കാറ്റുടുത്തിറങ്ങിക്കൊണ്ട്
രക്തസാക്ഷിക്കില്ല മൃത്യുവെന്നെന്നിലെ
ദു:ഖിതനോട് പറഞ്ഞു ചർവ്വാകൻ
എന്നെഴുതിയ കുരീപ്പുഴയും

ആദിവാസി തൻ ചോരയാടിയമണ്ണ്
കറുപ്പാണു ഞാൻ
വിഷപ്പല്ല്-
കരുതിയിരുന്നോളൂ
എന്നെഴുതി വെല്ലുവിളിച്ച വിജയലക്ഷ്മിയും നിർത്തിയിടത്ത് നിന്ന് ശ്രീജിത്ത് ആണി എന്ന കവിതയിലൂടെ വിളിച്ച് പറയുന്നതിങ്ങനെയാണു…

കറുത്തവൻ
എപ്പോഴും അടിച്ചമർത്തപ്പെടുന്നവൻ
നിങ്ങളുടെ ഉറപ്പുകൾക്കിടയിൽ
എന്നും
തുരുമ്പിച്ച് തീരുന്ന അറിയപ്പെടാത്ത ദലിതൻ…


മിഠായിയും ടൌവ്വലും പായലും മിസ്ഡ്കാളും ബ്ലേഡും എന്നുവേണ്ട സകലതിലും കവിത കണ്ടെത്തി അതിൽ ആവശ്യത്തിനു നർമ്മവും സൌകുമാര്യവും കലർത്തിയുള്ള കുട്ടിക്കവിതകൾ വായിച്ചു കഴിഞ്ഞപ്പോൾ അതിശയം തോന്നി, അതിലുപരി ബഹുമാനവും, അസ്പൃശ്യമെന്ന് കരുതി മാറ്റിവക്കാനൊന്നുമില്ലാതെ എന്തിലും കവിതകണ്ടെത്താനിവർ കാണിക്കുന്ന ആർജ്ജവത്തിനു മുന്നിൽ എഴുന്നേറ്റ് നിന്നുകൊണ്ട് തന്നെ കയ്യടിക്കട്ടെ…സൈക്കിൾ ചവിട്ടുന്ന പെൺകുട്ടിയിലെ കവിതകൾക്ക് മാറ്റുകൂട്ടിക്കൊണ്ടുള്ള അതിമനോഹരമായ അർത്ഥവത്തായ ഇല്ലസ്ട്രേഷനുകളുടെ കാര്യം കൂട്ടത്തിൽ പറയാതെ വയ്യ. സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി വില്പനക്കുള്ളവ ചിട്ടയായി അടുക്കിവച്ച സൂപ്പർമാർക്കറ്റിന്റെയല്ല, മറിച്ച് ജീവിതം തിളച്ചുമറിയുന്ന അടുക്കും ചിട്ടയുമില്ലാത്ത ഒരു മുഷിഞ്ഞ തെരുവിന്റെ പ്രതീതിയാണുളവാക്കിയത്. പ്രണയവും സ്വാർത്ഥതയും പ്രതികരണവും ജല്പനങ്ങളും എല്ലാമതിലുണ്ട്…

അധികം വലിച്ചു നീട്ടാതെ ആറ്റിക്കുറുക്കിയ ഒന്നോരണ്ടോ വാചകത്തിൽ കാര്യം പറയുന്ന ശ്രീജിത്ത് വാചകങ്ങളുടെ ഭംഗിക്കായി കവിതയിൽ ഒത്തുതീർപ്പ് നടത്തിയിട്ടില്ല എന്നതാണു ശ്രദ്ധേയമായ ഒരു കാര്യം.

“വേനലിൽ നീ ഉപേക്ഷിക്കുമെന്നറിയാമായിരുന്നിട്ടും
മഞ്ഞുകാലത്ത് ഞാൻ നിന്നെ ഇറുകെപുണർന്നു “ എന്ന് പുതപ്പെന്ന കവിതയിൽ കവി കുറിക്കുമ്പോൾ വായനക്കാരനു മുന്നിൽ പരിമിതികളില്ലാത്ത ആസ്വാദനതലമാണു സൃഷ്ടിക്കപ്പെടുന്നത്

ചാറ്റൽമഴയിൽ കിഴക്കേ ഉമ്മറത്തിരുന്നു മുറ്റത്തിന്റെ അതിരിൽ നാഗപ്രതിഷ്ഠയ്ക്ക് കവാടമെന്നവണ്ണം തലവിരിച്ച് നിൽക്കുന്ന പാരിജാതത്തിന്റെ പൂക്കൾ കൊഴിഞ്ഞ് വീഴുന്നതും നോക്കിക്കിടക്കുമ്പോൾ , അമ്മ കൊണ്ട് വന്നു തരുന്ന കട്ടൻചായയാണു ആ സന്ധ്യാനേരങ്ങളെ എനിക്കേറെ പ്രിയപ്പെട്ടതാക്കാറുള്ളത്. അങ്ങനെയൊരു കട്ടൻചായ കുടിച്ച ഒരു സുഖം ‘സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി’ യിൽ നിന്നു ലഭിച്ചു. അമ്മയുടെ കട്ടൻ പോലെ തന്നെ ഈ കട്ടൻ ചായക്ക് ഗുണവും മണവും കടുപ്പവുമുണ്ട്….

ഒരാളെയെങ്കിലും
സ്നേഹിച്ചുകളയണമെന്നതിനാൽ
ഞാനെപ്പൊഴും
നിന്നെമാത്രം
സ്നേഹിച്ചുകളയുന്നു

Tuesday, January 3, 2012

കാ വാ രേഖ?

പുസ്തകം : കാ വാ രേഖ?
രചയിതാവ് : ഒരു കൂട്ടം കവികള്‍

പ്രസാധകര്‍ : കൃതി പബ്ലിക്കേഷന്‍സ്

അവലോകനം : കുഴൂര്‍ വിത്സന്‍


­കൃഷിയോടും കവിതയോടും കൂടുതൽ സ്നേഹം തോന്നാനുള്ള കാരണങ്ങളിൽ ഒന്ന് ഇവ രണ്ടും കൂടിചേർന്നിരുന്നു എന്നുള്ളതാണ്‌. വായിച്ച കവിതകളേക്കാളേറെ അടുപ്പം തോന്നിയ നാടൻ ശീലുകളുടെ ഉറവിടം അന്വേഷിച്ചപ്പോൾ അത്‌ ഒരു കാലത്തെ പാടങ്ങളിലും പണിക്കളങ്ങളിലുമെത്തി. പണിഭാരം അറിയാതിരിക്കാൻ വേലക്കാർ പാടിയിരുന്ന പാട്ടുകൾ. അതിന്റെ ആഴവും വ്യാപ്തിയും ഇപ്പോഴും അതിശയപ്പെടുത്തുന്നു. "മത്സമുള്ള നീറ്റില്‌ കുളിക്കാമോ ജപിക്കാമോ ജപിച്ചവെള്ളമിറക്കാമോ" "മുണ്ടകപ്പാടത്തെ നാടൻ കുഞ്ഞേ, മുണ്ടകൻ കൊയ്യുമ്പോൾ ഏടിതക്കും.... എന്റെ വിധിപോലെ ഞാൻ കഴിയും" "ഇനിയേത്‌ മരം തേറ്റും തത്ത" തുടങ്ങിയ വരികൾ ഓർമയിൽ നിന്നും കുറിക്കുന്നു.

വയറു നിറയെ ഊണും, അതിലേറെ ഉറക്കവും കഴിഞ്ഞ്‌ വെടിവെട്ടത്തിന്റെ ഇടവേളകളിൽ നാടുവാണ വൃത്തവും ഛന്ദസും അർത്ഥവും (ധനം എന്ന് കൂടി അർത്ഥം) നിറഞ്ഞ പദ്യങ്ങളേക്കാൾ മണ്ണും കല്ലും നെല്ലും കലർന്ന അർത്ഥമില്ലാത്ത കവിതകളോട്‌ വല്ലാത്ത അടുപ്പം തോന്നിയിട്ടുണ്ട്‌ അന്ന് തന്നെ.

ഒരു കാരണം ആ കവിതകൾ വിതക്കുന്ന, കൊയ്യുന്ന, മണ്ണിനെ ഗർഭവതിയാക്കുന്നു. മനുഷ്യന്റെ വയറും നിറക്കുന്നു. മനസ്സും. ആ കവിതകൾ തൊഴിലിനോടൊപ്പം ചേർന്ന് പാടുന്നു. വിയർക്കുന്നു. കരയുന്നു. നെടുവീർപ്പിടുന്നു. ആ കവിതകൾ ജീവിതത്തെ ജീവിതമാക്കുന്നു.

എനിക്ക്‌ മുന്നിലിരിക്കുന്ന പരിചയമില്ലാത്തവരുടേയും പരിചയമുള്ളവരുടെയും ഈ കവിതകളെ ,ഈ ബ്ലോഗുകവിതകളെ, ഈ കാവാരേഖയെ തൊഴിലിടങ്ങളിലെ കവിതകളായി വായിക്കുകയാണ്‌.

ആശ്രയിക്കാൻ ആളില്ലാത്ത ഒരു പെണ്ണ്‌ തയ്ക്കുമ്പോൾ മൂളുന്ന പാട്ടുപോലെ, ബീഡിതെറുക്കുമ്പോൾ ഒരാൾ ഉള്ളിലുള്ള മനോവിചാരങ്ങൾ പിറുപിറുക്കുന്നതുപോലെ, വെള്ളം കോരുമ്പൊഴും, ചാക്കുചുമക്കുമ്പോഴും, വലിവണ്ടി വലിക്കുമ്പോഴും ഒരാൾ അൽപം ഉറക്കെ സ്വപ്നം കാണുന്നതു പോലെ, ക്യൂവിൽ നിൽക്കുമ്പോൾ ഒരു പെൺകുട്ടി എന്തോ ഓർത്ത്‌ ചിരിക്കും പോലെ നാടുവിട്ട്‌ നാടണയാൻ പലയിടങ്ങളിൽ ചിതറിയവർ പണിത്തിരക്കുകൾക്കിടയിൽ കണ്ട ചെറിയ വലിയ സ്വപ്നങ്ങൾ, ഭാവനകൾ, ജീവിതങ്ങൾ ആ നൈർമ്മല്യവും നിഷ്കളങ്കതയും ആത്മാർത്ഥതയും സ്വാഭാവികതയും ഈ കവിതകളിൽ ഉള്ളതിനാൽ ആ കൂട്ടത്തിൽ പെട്ട ഒരാളാകയാൽ

**********
ഒരു വഴിയടഞ്ഞാൻ ആയിരം വഴികൾ തുറക്കുമെന്ന് പഠിപ്പിച്ചത്‌ അപ്പനാണ്‌. അങ്ങിനെ തുറന്ന വഴികളാണ്‌ ലോകത്തിന്റെ ഗതിവിഗതികൾ മാറ്റിയിട്ടുള്ളതും. ജീവിതത്തിലും ചരിത്രത്തിലും കവിതയിലും. അച്ചടിയുടെ പൊതുവഴിയിൽ നിന്നും അയ്യപ്പപ്പണിക്കരെയും കടമനിട്ടയെയും വിഷ്ണുപ്രസാദിനെയും ശൈലനെയുമൊക്കെ തിരിച്ചയച്ചത്‌ മലയാളത്തിന്റെ കാലചരിത്രത്തിൽ വരും. കവിതയുള്ളവർ തിരിച്ചുപോയോ? ഇല്ല. ഒരു കാലത്ത്‌ ചുമരെഴുത്തുകൾ, കൈയെഴുത്ത്‌ മാഗസിനുകൾ, ലിറ്റിൽ മാഗസിനുകൾ, അവനവൻ പ്രകാശനത്തിന്റെ, പ്രസാധനത്തിന്റെ കുഞ്ഞാകാശം. സ്വാതന്ത്ര്യത്തിന്റെ വലിയ മൈതാനം. അതുകൊണ്ട്‌ പുറത്താക്കപ്പെടുന്നവരുടെ, ഒറ്റപ്പെടുന്നവരുടെ പുതിയ കാലത്തെ ചുമരെഴുത്താകുന്നു, ലിറ്റിൽ മാഗസിനാവുന്നു ബ്ലോഗുകൾ. അതിന്റെ പ്രതിരോധം സ്വാതന്ത്ര്യ്ം, അത്‌ മുഴുവൻ ഉപയോഗപ്പെടുത്തി ഇടവഴികളിലൂടെ പടർന്ന് ഗ്രാമങ്ങൾ , നഗരങ്ങൾ, മനുഷ്യഹൃദയങ്ങൾ തിരിച്ചുപിടിക്കേണ്ട സമയമായിരിക്കുന്നു. മലയാളത്തിൽ ബ്ലോഗിന്റെ ഒളിഞ്ഞും ഇപ്പോൾ തെളിഞ്ഞുമുള്ള പോരാട്ടങ്ങൾക്ക്‌ തുടക്കം കുറിച്ചവരിൽ പ്രധാനി ഇപ്പോൽ വയനാട്ടിൽ നിന്നുള്ള വിഷ്ണുപ്രസാദാണ്‌. സ്കൂൾ മാഷായി ഒരു ഗ്രാമത്തിൽ പ്രകാശം പരത്തി പൊലിഞ്ഞുപോകേണ്ട ആ നക്ഷത്രം ഉള്ളീലെ ആത്മാർത്ഥതയുടെ, കവിതകളുടെ ബലംകൊണ്ട്‌ മാത്രം സൈബറിൽ മലയാള കവിതയെ പടർത്തിയത്‌ കുറച്ചുപേർക്കൊന്നുമല്ല ആവേശം പടർത്തിയത്‌ . തനിക്കുമുണ്ട്‌ ഈ ഊഴിപ്പരപ്പിനോട്‌ പറഞ്ഞുപോകുവാൻ എന്ന് ഇടപ്പള്ളീ രാഘവൻ പിള്ളയുടെ വരികൾ ലോകമാനം പടർന്നുകിടക്കുന്ന കാവ്യവായനക്കാരിലേക്ക്‌ പടർത്താൻ വിഷ്ണുമാഷിനും അദ്ദേഹത്തെ പിൻതുണച്ചവർക്കുമായി..

മലയാളത്തിൽ ഇപ്പോൾ ബ്ലോഗെഴുത്തിന്‌ ഒരു വിലാസമുണ്ട്‌. കാ വാ രേഖ എന്ന ഈ പുസ്തകം തന്നെ അതിനുള്ള തെളിവാണ്‌. എല്ലാവർക്കും വിശ്വകവികളാവാൻ പറ്റില്ല. എങ്കിലും എല്ലാവരുടേയും ഉള്ളിലെ കവിക്ക്‌ ചില മുറിഞ്ഞ വാക്കുകളെങ്കിലും ലോകത്തോട്‌ പറയാനുണ്ട്‌. ഒരു പഞ്ചായത്തിൽ ആയിരത്തിലധികം കവികളുണ്ടെന്ന് പരിഹസിക്കുന്ന, ക്ഷോഭത്തിന്റെയും പരിഹാസത്തിന്റെയും അംഗീകൃത കവികൾക്ക്‌ അതുകാണാനാവില്ല. ഒരു വാക്കെഴുതി മറുവാക്ക്‌ കിട്ടിയതിനാൽ മരിക്കാതെ, ഓരോ ദിവസവും ജീവിതത്തെ സ്നേഹിക്കുന്ന ആയിരക്കണക്കിന്‌ പേർ. അതിൽ വീട്ടമ്മമാരുണ്ട്‌, കമ്പ്യൂട്ടർ ജോലിക്കാരുണ്ട്‌, ഗൾഫിലെ വീട്ടുവേലക്കാരുണ്ട്‌, മാർക്കെറ്റിംഗ്‌ എക്സിക്കുട്ടീവുകളുണ്ട്‌. കവിതകളുടെ ഒരു ചെറിയ കര കാണിച്ചു കൊടുത്തു എന്നതാണ്‌ പുതിയ കാലത്ത്‌ ബ്ലോഗുകളുടെ പ്രസക്തി. അതും കവിത ആത്മാർത്ത ഹൃദയം പോലെ അനാഥമാകുന്ന ഇക്കാലത്ത്‌ അതുകൊണ്ട്‌ തന്നെ ഇക്കൂട്ടത്തിൽ പെടുന്ന, ഈ കവിതകളെഴുതിയവരുടെ കൂട്ടത്തിൽ പെടുന്ന ഒരാളാകയാൽ അത്യഥികം ആത്മാർത്ഥതയോടെ, സ്നേഹത്തോടെ, കവിതയോടെയാണ്‌ ഈ സമഹാരത്തെ വായിച്ചതും.

കാവാരേഖയിൽ സതീദേവി എന്ന സ്ത്രീയുടെ ഒരു കവിതയുണ്ട്‌.

"നീ വേദനിക്കരുത്‌
നമുക്കൊരുമിച്ച്‌
കെട്ടിപ്പിടിച്ചിരിക്കാം"
എന്നാണ്‌ തുടക്കം. എത്ര നിർമ്മലം. ഒരു വളച്ചുകെട്ടുമില്ല! ആവർത്തിച്ചുനോക്കിയാൽ ഒന്നുമില്ല! എന്നാൽ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ അക്ഷരം പോലെ, sms പോലെ, ഫോൺ കാൾ പോലെ, ചിരിപോലെ അത്‌ നമ്മെ ആകർഷിക്കുന്നുണ്ട്‌. ആ നൈർമ്മല്യം തന്നെയാണ്‌ ഇനിയും അടയാളപ്പെട്ടിട്ടില്ലാത്ത, അരഞ്ഞാണം പോലുമിട്ടിട്ടില്ലാത്ത ഈ കവിതകളുടെ അടിസ്ഥാനം എന്ന് തോന്നുന്നു. ഇതെല്ലാം വളരട്ടെ. നന്മയോടെ, സ്നേഹത്തോടെ, ആത്മാർത്ഥതയോടെ, ജാഗ്രതയോടെ.

ബ്ലോഗുകൾ കൊണ്ട്‌ മാത്രം മലയാളത്തിന്റെ പുതിയ കാലത്ത്‌ അടയാളപ്പെട്ട ചിലരെങ്കിലും ഈ സമാഹാരത്തിലുണ്ട്‌. എസ്‌.കലേഷ്‌, രൺജിത്‌ ചെമ്മാട്‌, ഡോണമയൂര, ചാന്ദിനി ഗാനൻ, എൻ.എം.സുജീഷ്‌ തുടങ്ങിയവർ. ഈ സമാഹാരത്തിലേക്ക്‌ നൽകിയ കവിതകളിൽ ആ ഉത്തരവാദിത്വം അവർ കാണിച്ചില്ല എന്ന് സങ്കടത്തോടെ പറയട്ടെ.

എന്തായാലും ഒരു പെണ്ണുകുട്ടിയെ വായനക്കാരന്റെ മനസ്സിൽ കോറിയിടാൻ കലേഷിനായി. അവൾ വലുതാവുകയോ മരിച്ചുപോവുകയോ ചെയ്യാം. ശക്തിയുള്ള ഒരു ദേവിയെ മലയാളകവിതയിൽ പ്രതിഷ്ഠിക്കാൻ കലേഷ്‌ എന്ന കവിക്ക്‌ കഴിയട്ടെ എന്നാശംസിക്കുന്നു.

ആത്മസംഘർഷം കൊണ്ടും ശിൽപം കൊണ്ടും കാവാരേഖയിലെ ഏറ്റവും ശക്തമായ കവിത രഞ്ഞിത്‌ ചെമ്മാടിന്റേത്‌ തന്നെ. പുതിയ കാലത്തിന്റെ സംഘർഷത്തിനിടയിലും കവിത വായിക്കുവാൻ ഈ ഐ.ടി ചെറുപ്പക്കാരനാവുന്നു എന്നുള്ളത്‌ ആഹ്ലാദം നൽകുന്നു. ഡോണമയൂരയും ചാന്ദിനി ഗാനനും പ്രതീക്ഷകൾ ബാക്കി വെക്കുന്നു. എൻ.എം.സുജിഷ്‌ ഒരു പുതിയ വഴിയും.

ബ്ലോഗിൽ നിന്നും ഇനിയും അനേകം കവിതകൾ വരും. കവിതാപുസ്തകങ്ങൾ വരും. 70 കൾ പോലെ, ആധുനീകത പോലെ തീർച്ചയായും ഈ കലവും മലയാളത്തിൽ അടയാളപ്പെടുത്തും. അതിന്റെ തുടക്കമായിരുന്നു സച്ചിദാന്ദൻ എഡിറ്റ്‌ ചെയ്ത്‌ പുറത്തിറക്കിയ ഡി.സിയുടെ 'നാലാമിടം'. അതിന്റേതായ വലിയ സംവിധാനങ്ങളിൽ അത്‌ വലിയ സംഭവമായി കാണാൻ കഴിയില്ല. എന്നാൽ മറിച്ച്‌, അവിടെയാണ്‌ കാവാരേഖയെ വ്യത്യസ്തമാക്കുന്നത്‌. പരിമിതി, ദാരിദ്ര്യം, സ്വാധീനക്കുറവ്‌ അതൊക്കെയാണ്‌ കാവാ രേഖയുടെ തുന്നിക്കൂട്ടുകാരുടെ കൈമുതൽ... ചോരുന്ന വീട്ടിലെ അടുപ്പിൽ ഒരു കട്ടൻ ചായ അനത്തി മനസ്സിനെയും ശരീരത്തെയും ചൂടാക്കി മനുഷ്യനെ കുറിച്ചുള്ള ഒരു വലിയ സ്വപ്നം പൂർത്തിയാക്കാനുള്ള ഒരു ജീവിതശ്രമം അല്ലെങ്കിൽ പതിനായിരക്കണക്കിന്‌ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ജീവിതത്തിൽ നിന്ന് ഒരു ദിവസത്തിന്റെ ഒരു മണിക്കൂറിൽ നിന്ന് കുറച്ച്‌ നിമിഷങ്ങൾ കവിതക്കായി ചീന്തിയെടുക്കാൻ ഒരു ശ്രമം.... മാലോകർ സദ്യയുണ്ട്‌ ഏമ്പക്കം വിട്ട്‌ ആലസ്യത്തിലേക്ക്‌ പോകുമ്പോൾ ഉണർവ്വിലേക്ക്‌ തിരികെവരാൻ ഇവരൊരുക്കിയ കവിതയുടെ ഈ ഒരു കപ്പ്‌ കട്ടൻ ചായക്ക്‌... അതിലുള്ള ആത്മാർത്ഥത ചേർന്ന കടുപ്പത്തിനും മധുരത്തിനും നന്ദി.