Monday, November 28, 2011

ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍

പുസ്തകം : ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍
രചയിതാവ് : പ്രൊഫ. ടി. വി. ഈച്ചരവാരിയര്‍
പ്രസാധകര്‍ : കറന്റ്‌ ബുക്സ്‌

അവലോകനം : deepdowne


നിക്കീ പുസ്തകം ഇഷ്ടമായില്ല. എന്റെ കുഴപ്പം കൊണ്ടാകാം. അല്ലെങ്കില്‍ പുസ്തകത്തിന്റെ തന്നെ കുഴപ്പം കൊണ്ടാകാം.

എന്റെ കുഴപ്പം എന്നു ഞാന്‍ വിചാരിക്കുന്നത്‌ ഇതാണ്‌: എനിക്ക്‌ ദുരൂഹമരണം, കൊലപാതകം, ആത്മഹത്യ, തട്ടിക്കൊണ്ടുപോകല്‍, കൂട്ടക്കൊല, രാഷ്ട്രീയവിവാദങ്ങള്‍, പെണ്‍വാണിഭം, ബലാല്‍സംഗം, സ്ത്രീപീഡനം, ചാവേറാക്രമണം, ഭീകരപ്രവര്‍ത്തനം, ആളെ കാണാതാകല്‍ തുടങ്ങിയ വാര്‍ത്തകളിലൊന്നും ഒരിക്കലും താല്‍പര്യം തോന്നാറില്ല. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ അറിഞ്ഞില്ലെങ്കില്‍ മോശമല്ലേ എന്ന് കരുതി പലപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചൊക്കെ മനസ്സിലാക്കാനും അറിയാനും ശ്രമിച്ചിട്ടുണ്ട്‌. പക്ഷേ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിട്ടേയുള്ളൂ. പത്രത്തിലായാലും ടിവിയിലായാലും ഇത്തരം വിഷയങ്ങള്‍ സംസാരിക്കുന്ന സുഹൃത്തുക്കളുടെ ചര്‍ച്ചയിലായാലും എനിക്ക്‌ തീരെ ശ്രദ്ധിക്കാന്‍ കഴിയാറില്ല. ശ്രദ്ധിക്കാന്‍ എത്ര കിണഞ്ഞുശ്രമിച്ചാലും മനസ്സ്‌ വേറെയെവിടെയെങ്കിലുമൊക്കെ ചുറ്റിത്തിരിയും. എങ്കിലും ഇങ്ങനെയുള്ള സംഭവങ്ങളില്‍ ക്രൂരതയും പീഡനവും അനുഭവിക്കുന്ന ഹതഭാഗ്യരെക്കുറിച്ച്‌ അറിയാന്‍ ശ്രമിക്കാതിരിക്കുകയും അവരോട്‌ സഹതപിക്കാതിരിക്കുകയും ചെയ്യുന്നതില്‍ എനിക്ക്‌ കുറ്റബോധം തോന്നാറുണ്ട്‌. ഈ പുസ്തകമാകട്ടെ, വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയ ആര്‍.ഇ.സി. വിദ്യാര്‍ത്ഥിയായ രാജന്റെ ദുരൂഹമായ ലോക്കപ്പ്‌ മരണത്തെക്കുറിച്ചാണ്‌. രാജന്റെ പിതാവായ ഈച്ചരവാരിയരാണ്‌ ഇതെഴുതിയിരിക്കുന്നത്‌. മകന്‍ അപ്രത്യക്ഷമായതിനുശേഷം നീതിക്കുവേണ്ടി അദ്ദേഹം നടത്തിയ നിയമയുദ്ധത്തെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളാണ്‌ ഇതില്‍.

ഇനി പുസ്തകത്തിന്റേതെന്ന് ഞാന്‍ കരുതുന്ന കുഴപ്പം: ഇതില്‍ മകന്‍ നഷ്ടപ്പെട്ട ദുഃഖത്തെക്കാളും ഈച്ചരവാരിയര്‍ താന്‍ നടത്തിയ നിയമപോരാട്ടങ്ങളെക്കുറിച്ചാണ്‌ എഴുതിയിരിക്കുന്നത്‌. നീതിക്കുവേണ്ടിയുള്ള പരിശ്രമത്തെക്കാളും രാജന്‍കേസ്‌ എത്ര പ്രസിദ്ധമായെന്നും നാടിനെ എങ്ങനെ അത്‌ ഇളക്കിമറിച്ചെന്നും പറയാനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌ എന്ന് വായിച്ചുവന്നപ്പോള്‍ തോന്നിപ്പോയി. ഒട്ടും പിന്മാറാതെ കേസുമായി ഏറ്റവും വലിയതില്‍ വലിയതായ കോടതികളില്‍ വരെ പോകുകയും ഏറ്റവും ഉന്നതങ്ങളിലെ ഉദ്യോഗസ്ഥരെയും അധികൃതരെയും രാഷ്ട്രീയനേതാക്കളെയും ഒക്കെ കോടതികയറ്റുകയും ഒക്കെ ചെയ്തുകൊണ്ട്‌ ഒരു ഗംഭീരകേസാണ്‌ താന്‍ കൈകാര്യം ചെയ്തത്‌ എന്ന് പറയാന്‍ ശ്രമിക്കുന്നതുപോലെ തോന്നി. കേസ്‌ എത്ര വലിയ സംസാരവിഷയമായെന്നും കോടതിയില്‍ അതിന്റെ വിചാരണ കേള്‍ക്കാന്‍ പൊതുജനം ഏതുരീതിയില്‍ തള്ളിക്കയറിയെന്നും പറയുമ്പോള്‍ അദ്ദേഹം വല്ലാതെ ആവേശം കൊള്ളുന്നുവോ എന്നൊരു സംശയം. മകനെ നഷ്ടപ്പെട്ട ദുഃഖത്തെക്കുറിച്ച്‌ പറയുന്ന ഭാഗങ്ങള്‍ ആലങ്കാരികഭാഷാപ്രയോഗമുപയോഗിച്ച്‌ കാവ്യാത്മകമാക്കാന്‍ ശ്രമിച്ചിരിക്കുന്നു. ആ ഭാഗങ്ങള്‍ ഏച്ചുകെട്ടിയപോലെ മുഴച്ചുനില്‍ക്കുന്നോ എന്നൊരു സംശയം. സ്വന്തം പുത്രന്‍ തീ തിന്ന രംഗങ്ങള്‍ കൊണ്ട്‌ കവിത ചമക്കുകയോ? മകന്റെ ചോരകൊണ്ട്‌ അതിനു ഭംഗിവരുത്തുകയോ? എനിക്കൊന്നും മന്‍സ്സിലാകുന്നില്ല. ഏതായാലും രാജനു വന്നുഭവിച്ച വിധിയോര്‍ത്ത്‌ എനിക്ക്‌ വളരെ വിഷമമുണ്ട്‌.

എന്റെ ഊഹങ്ങള്‍ അപ്പാടെ തെറ്റിപ്പോയെങ്കില്‍, ഈച്ചരവാരിയരേ, ഒരച്ഛന്റെ വേദന മനസ്സിലാക്കാന്‍ കഴിയാതെപോയ ഞാന്‍ ഇതാ കാലില്‍ വീണു മാപ്പപേക്ഷിക്കുന്നു. അതുപോലെ ഈ പുസ്തകത്തെ സ്നേഹിച്ച എല്ലാവരും ഇത്‌ സ്നേഹിക്കാന്‍ കഴിയാതെപോയ എന്നോട്‌ പൊറുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Friday, November 25, 2011

ആമേന്‍

പുസ്തകം : ആമേന്‍
രചയിതാവ് : സിസ്റ്റര്‍ ജെസ്മി
പ്രസാധകര്‍ : ഡി.സി.ബുക്ക്സ്
അവലോകനം : സുനില്‍ കൃഷ്ണന്‍മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സന്ന്യാസ ജിവിതത്തിനു ശേഷം ,സിസ്റ്റർ ജെസ്മി, സിം.എം സി (കോൺഗ്രിഗേഷൻ ഓഫ് മദർ ഓഫ് കാർമൽ)യിൽ നിന്നും വിടുതൽ ലഭിയ്ക്കുന്നതിനുള്ള അപേക്ഷ നൽകി മഠം വിട്ടുപോന്നു.2008 ആഗസ്റ്റ് 31 നു ആയിരുന്നു അത്. ദീർഘകാലം അദ്ധ്യാപിക കൂടിയായിരുന്ന അവർ അതിൽ തന്നെ 3 വർഷം തൃശ്ശൂർ വിമലാ കോളേജിൽ പ്രിൻസിപ്പലായും 3 വർഷം സെന്റ് മേരീസ് കോളേജിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. അധികാരികളിൽ നിന്നുള്ള പീഠനം സഹിയ്ക്കവയ്യാതെ ആയപ്പോൾ അവർ എടുത്ത ഈ തീരുമാനം ഉയർത്തിയ അലകൾ ഇപ്പോളും ഇല്ലാതായിട്ടില്ല. ഈ കടുത്ത തീരുമാനത്തിലേയ്ക് തന്നെ നയിച്ച സംഭവ പരമ്പരകൾ വ്യക്തമാക്കിക്കൊണ്ട് സിസ്റ്റർ ജെസ്മി എഴുതിയ ആത്മകഥ “ആമേൻ”ഫെബ്രുവരിയിൽ പുറത്തുവന്നു..അഡ്വ:കെ.ആർ ആശയുടെ സഹായത്തോടെ (പ്രധാനമായും പരിഭാഷയിൽ) രചിച്ചിട്ടുള്ള ഈ 183 പേജുകളുള്ള ഈ ആത്മകഥ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത് ഡി.സി.ബുക്സ് ആണ്.വില 100 രൂപ.2009 ഫെബ്രുവരിയിൽ ആദ്യ പതിപ്പ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ അഞ്ചു പതിപ്പുകളാണു ഒരു മാസത്തിനുള്ളിൽ വിറ്റഴിഞ്ഞത്.

ഈ ആത്മകഥയുടെ അവലോകനത്തിലേയ്ക്ക് കടക്കും മുൻപ് കഴിഞ്ഞ കാലങ്ങളിൽ, കന്യാസ്ത്രീകളുമായി ബന്ധപ്പെട്ടതും കേരളീയ സമൂഹത്തെ പിടിച്ചുലച്ചതുമായ ചില സംഭവവികാസങ്ങൾ എന്തൊക്കെയായിരുന്നുവെന്നു നോക്കാം

1:സിസ്റ്റർ അഭയയുടെ കൊലപാതകം.പതിനേഴ് വർഷം കഴിഞ്ഞിട്ടും ഇനിയും തെളിയിയ്ക്കപ്പെടാതെ കിടക്കുന്ന കേസാണ്.എങ്കിലും ഏതൊക്കെ ദുരൂഹ സാഹചര്യങ്ങളാണ് ഈ കൊലയിലേയ്ക്ക് നയിയ്ക്കപ്പെട്ടത് എന്നത് കേരളീയ സമൂഹത്തിന്റെ മുന്നിൽ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

2:അഞ്ചുമാസങ്ങൾക്കു മുൻപാണു ആലപ്പുഴയിലുള്ള 37 കാരിയായ ഒരു സിസ്റ്റർ ഉൾപ്പെട്ട ലൈംഗിക വേഴ്ചയുടെ കാഴ്ചകൾ എം.എം.എസ് വഴി ലോകമെങ്ങും പ്രചരിപ്പിച്ചത്. ഒരു ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി ജോലി നോക്കിയിരുന്ന ഈ സിസ്റ്റർ ഒരു ഡ്രൈവറുമായി പ്രണയത്തിലാവുകയും പിന്നിടു അയാളുടെ വഞ്ചനയ്ക്കിരയായി ഈ ഫിലിം ചിത്രീകരണത്തിന്റെ ഇരയായി തീരുകയുമായിരുന്നു.സഭയിൽ നിന്നും പറഞ്ഞുവിട്ട ഈ കന്യാസ്ത്രീ ഇന്നെവിടെയാണെന്നോ എങ്ങനെ ജീവിയ്ക്കുന്നുവെന്നോ ആർക്കും അറിയില്ല.

3:കഴിഞ്ഞ വർഷം ആഗസ്റ്റിലാണു, കൊല്ലം ജില്ലയിലെ സിസ്റ്റർ അനുപമാ മേരി കോൺ‌വെന്റിലെ സ്വന്തം റൂമിൽ തൂങ്ങിമരിച്ചത്. അവരുടെ മുറിയിൽ നിന്ന് കിട്ടിയ നോട്ടിൽ തന്റെ മരണത്തിനു ഉത്തരവാദി കോൺ‌വെന്റിലെ മദർ സുപ്പിരിയർ ആയ സിസ്റ്റർ അൽബീന ആണെന്ന് പറഞ്ഞിരുന്നു. സിസ്റ്റർ അനുപമയുടെ പിതാവു നൽ‌കിയ പരാതിയിൽ മദർ സുപ്പീരിയർ തന്റെ മകളെ ലൈംഗികമായി പീഠിപ്പിച്ചിരുന്നതാ‍യി പറയുന്നു.എന്നു മാത്രമല്ല ഈ വിവരം സിസ്റ്റർ അമ്മയോടും സഹോദരിയോടും പറയുകയും ചെയ്തിരുന്നുവത്രേ.പോലീസ് കേസെടുത്തെങ്കിലും അന്വേഷണം ഒച്ചിഴയുന്ന പോലെയാണ്.

4:കോട്ടയത്തെ ഒരു കോൺ‌വെന്റ് റൂമിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കാണപ്പെട്ട സിസ്റ്റർ ലിസ യുടെ മരണക്കുറിപ്പിൽ മരണകാരണമായി എഴുതപ്പെട്ടിരുന്നത് “ജീവിതത്തിൽ ഉണ്ടായ നിരാശ “ എന്നതായിരുന്നു.

മേൽ‌പ്പറഞ്ഞ വിവിധങ്ങളായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വേണം സിം.എം സി സഭയിൽ നിന്നുള്ള സിസ്റ്റർ ജെസ്മിയുടെ വിട്ടു പോരലിനേയും കാണേണ്ടത്.സഭയിൽ നിന്നു വിട്ടുപോരാൻ തീരുമാനമെടുത്തശേഷം ഡൽ‌ഹിയിൽ നിന്നു എറണാകുളത്തേയ്ക്കുള്ള തീവണ്ടി യാത്രയിൽ കഴിഞ്ഞ കാല സംഭവങ്ങൾ ഓർക്കുന്ന രീതിയിലാണു ഈ കൃതി രചിച്ചിട്ടുള്ളത്.ആരേയും വേദനിപ്പിയ്ക്കാൻ ആഗ്രഹമില്ലാത്തതുമൂലം ഈ ആത്മകഥയിൽ വ്യക്തികളുടെ യഥാർത്ഥ പേരുകൾ ഉപയോഗിച്ചിട്ടില്ല. ഇതിനെക്കുറിച്ച് സിസ്റ്റർ ജെസ്മി ഇങ്ങനെ എഴുതുന്നു:“ഇതിൽ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് നെഞ്ചിൽ കൈ വച്ചു കൊണ്ട് ഈശോയുടെ തിരുമുഖത്തു നോക്കി സധൈര്യം,സവിനയം പറയാൻ കഴിയും.അപ്രിയ സത്യങ്ങളും പരാമർ‌ശിയ്ക്കേണ്ടി വന്നിട്ടുണ്ട്.എന്നാൽ ചില സത്യങ്ങൾ പരിമിതി മൂലം വെളിപ്പെടുത്തിയിട്ടില്ല”.

എന്തുകൊണ്ട് ഇത്തരം ഒരു ആത്മകഥ രചിക്കേണ്ടി വന്നു എന്നതിനെക്കുറിച്ച് സിസ്റ്റർ ജെസ്മി ഇങ്ങനെ എഴുതുന്നു.:“തങ്ങളുടെ നേർ‌നടുവിൽ സ്ഥിതി ചെയ്യുന്ന കാരാഗൃഹതുല്യമായ അടച്ചുകെട്ടിനുള്ളിൽ എന്താണു സംഭവിയ്ക്കുന്നതെന്നറിയാനുള്ള അവകാശം സമൂഹത്തിനുണ്ട്.......അവർ( സന്യസ്തർ)തങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിന്റെ നാനാ വശങ്ങളിലേയ്ക്കും കടന്നു ചെന്നു പഠിപ്പിക്കുകയും വഴികാട്ടുകയും പ്രകോപിപ്പിയ്ക്കുകയും സാന്ത്വനിപ്പിയ്ക്കുകയും ചെയ്യുന്നു.എന്നിട്ടും അതേ ആളുകൾക്ക് അവർ നിഗൂഢരായി അവശേഷിയ്ക്കുന്നു”

ജെസ്മി തുടരുന്നു.”സാധാരണ കാര്യങ്ങളിൽ പോലും നാമിത്രമാത്രം രഹസ്യം സൃഷ്ടിയ്ക്കുന്നതെന്തിനാണ്’ എന്നതാണ് എന്റെ ആവർത്തിച്ചുള്ള ചോദ്യം......യേശുവിന്റെ ‘മാർഗ’ത്തിലാണു നാം നീങ്ങുന്നതെങ്കിൽ മറയ്ക്കാൻ യാതൊന്നുമില്ല....................സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടേണ്ടതുണ്ട്.നമ്മുടെ പ്രവർത്തനങ്ങളിൽ അനീതിയും നെറികേടും അന്യായവും ആയ ഇടപാടുകളുള്ളപ്പോൾ മാത്രമാണു രഹസ്യമാക്കി വയ്ക്കാനുള്ള പ്രവണത ഉദിയ്ക്കുന്നത്.

താൻ കൂടി അംഗമായിരുന്ന സഭയിൽ നടന്നിരുന്ന ഇത്തരം നെറികേടുകളും അന്യായവും അസന്മാർഗിക പ്രവർത്തികളും എല്ലാം ഉദാഹരണ സഹിതം സിസ്റ്റർ ജെസ്മി ഈ പുസ്തകത്തിൽ അക്കമിട്ടു നിരത്തുന്നുണ്ട്. അവയെ ഒക്കെ ചോദ്യം ചെയ്യുകയോ അല്ലെങ്കിൽ അത്തരം ഹീന പ്രവർത്തികൾക്ക് കൂട്ടു നിൽ‌ക്കുകയോ ചെയ്യാതിരിയ്ക്കുകയോ ഉണ്ടായതുകൊണ്ടാണു സഭ സിസ്റ്റർ ജെസ്മിയ്ക്കു നേരെ തിരിഞ്ഞത്. മഠത്തിലും ജോലി സ്ഥലത്തും അവരെ നിശബ്ദയാക്കുകയോ അല്ലെങ്കിൽ അവരുടെ തലയ്ക്കു മീതെ കാര്യങ്ങൾ നീക്കുകയോ ചെയ്തു.അവസാനം അവരെ നിർബന്ധിതമായി മാനസിക രോഗ ചികിത്സയ്ക്കു വിധേയയാക്കാൻ പല വട്ടം സഭ ശ്രമിച്ചതായി കാണാം. സ്വന്തം കീഴ്‌ജീവനക്കാരുടേയും കുട്ടികളുടേയും മുന്നിൽ അവർ അപഹാസ്യയാക്കപ്പെട്ടു.

തൃശ്ശൂരിലെ സാമാന്യം ഭേദപ്പെട്ട കുടുംബത്തിൽ ജനിച്ച സിസ്റ്റർ ജെസ്മി ( Jesus and Me എന്നതിന്റെ ചുരുക്കെഴുത്തിലൂടെയാണു ജെസ്മി ഉണ്ടാകുന്നത്) സ്വയം ഉണ്ടായ ദൈവ വിളിയിലൂടെയാണു കന്യാസ്ത്രീ ആകാൻ തീരുമാനിച്ചത്.ഏതൊരു സാധാരണ പെൺ‌കുട്ടിയേയും പോലെ ജീവിതം നയിച്ചിരുന്ന സിസ്റ്റർ ജെസ്മി ഈശോയോടൂണ്ടായ അടക്കാനാവാത്ത അഭിനിവേശം മൂലമാണു ഈ തീരുമാനമെടുത്തത്. സ്വാഭാവികമായും അവരുടെതു പോലുള്ള കുടുംബത്തിൽ നിന്നു അത്തരമൊരു തീരുമാനത്തിനെതിരെ എതിർപ്പുണ്ടാവുകയാണു ചെയ്തത്.എന്നാൽ അവസാനം പല പല പ്രതി സന്ധികൾ തരണം ചെയ്ത് 1981 ൽ നിത്യവ്രതം സ്വീകരിയ്ക്കുകയാണുണ്ടായത്. അന്നും അതിനു തൊട്ടു മുൻ‌പുള്ള വർഷങ്ങളിലും സഭയിലും കന്യാസ്ത്രീ മഠങ്ങളിലും അവർ കാണേണ്ടിയും കേൾക്കേണ്ടിയും വന്നത് അവരുടെ സങ്കല്പത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോകമായിരുന്നു.ഈ പുസ്തകത്തിൽ അവർ പറയുന്ന അത്തരം ചില കാര്യങ്ങളിലൂടെ ഒന്നു കണ്ണോടിയ്ക്കാം.

സമൂഹത്തിന്റെ വെള്ളപ്പരപ്പിലാണെങ്കിലും അതിൽ നിന്നും അല്പം ഉയർ‌ന്നു നിൽ‌ക്കുന്ന വെള്ളത്താമര പോലെയാണു കന്യാസ്ത്രീ ജീവിതം എന്ന് പുസ്തകത്തിൽ പറയുന്നു.എന്നാൽ നാം കാണും പോലെ സുന്ദരവും സുരഭിലവുമാണോ ആ ജീവിതം? നമുക്ക് സിസ്റ്ററിന്റെ വാക്കുകളിൽ കൂടി തന്നെ കാണാം.മഠത്തിലെ അന്തരീക്ഷത്തെക്കുറിച്ച് അവർ എഴുതിയ ചില വാക്കുകൾ കാണുക.

എന്നെ പഠിപ്പിച്ചിരുന്ന ടീച്ചറായിരുന്ന ഒരു സീനിയർ സിസ്റ്റർ മാസധ്യാനത്തിലെ പ്രാർത്ഥനകളിൽനിന്നും മന:പൂർവ്വം ഒഴിഞ്ഞു നിൽ‌ക്കുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടു.

അവിടെയുള്ള ഒട്ടു മിക്ക കന്യാസ്ത്രീകളും ജോഡികളായിരുന്നു.അവർ ഒരുമിച്ചു നടക്കുന്നു,ഉണ്ണുന്നു,പണിയെടുക്കുന്നു,വിനോദിയ്ക്കുന്നു,കുളിമുറി വാതിൽ വരെ അവർ ഒന്നിച്ചു തന്നെ.

ഇരു ചേരികളും ധാരാളം അനുയായികളുമായി പരസ്പരം യുദ്ധം നടത്തുന്ന രണ്ടു വ്യത്യസ്ത ഗ്രൂപ്പുകൾ അവിടെ പ്രവർത്തിച്ചിരുന്നു. ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ചേർന്നില്ലെങ്കിൽ ഒരാൾക്കും അവിടെ സമാധാനപൂർണ്ണമായി ജീവിയ്ക്കാൻ കഴിയുമായിരുന്നില്ല.

അതു പോലെ തന്നെ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിയ്ക്കാനുള്ള ഓർഡർ അനുസരിച്ച് ഒക്ടോബർ 21 ചേർന്നതിനുശേഷം, ദിവസങ്ങൾക്കുശേഷം ഒക്ടോബർ 14 നു ചേരാനുള്ള മറ്റൊരു ഓർഡർ കൊണ്ടുവന്നു കാട്ടി ,14 മുതലുള്ള എല്ലാ കള്ളികളിലും ഒപ്പിടാൻ സൂപ്രണ്ട് നിരബന്ധിച്ചതനുസരിച്ച് ( അനുസരണ വ്രതത്തിന്റെ സമയത്ത്) ചെയ്തതിനെക്കുറിച്ച് ജെസ്മി ഇങ്ങനെ എഴുതുന്നു.”അദ്ധ്യാപനമെന്ന കുലീനമായ ജോലി ഞാനാരംഭിച്ചത് കളവായ ഒപ്പുകളോടെയാണല്ലോ എന്നതാണു എന്റെ ഏറ്റവും വലിയ ദു:ഖം”

അതുപോലെ തന്നെ കോൺ‌വെന്റിലെ ധ്യാനം നയിച്ച ധ്യാനഗുരുവായ അച്ചൻ കുമ്പസാരത്തിനു ഒറ്റയ്ക്കൊറ്റയ്ക്കു ചെന്ന ഓരോ കന്യാസ്ത്രീയേയും ചുംബിച്ചു തിരിച്ചയച്ചതും അതിനെ ജെസ്മി അദ്ദേഹത്തിനോടു തന്നെ എതിർത്തതും അവസാനം അദ്ദേഹം ജെസ്മിയുടെ വാദങ്ങൾ അംഗീകരിച്ചതും ഇതിൽ വിവരിയ്ക്കുന്നു.

സിസ്റ്റർ ജെസ്മി എഴുതുന്നു:“ഏതെങ്കിലും രണ്ടു കന്യാസ്തീമാർ തമ്മിൽ അടുത്താൽ ഉടനെ ആ ബന്ധം ‘പ്രത്യേക സ്നേഹം’ ആയി വ്യാഖ്യാനിയ്ക്കപ്പെടും.....ഇതിനെ ഉടനെ നിരീക്ഷിയ്ക്കാനും അതിലെ ‘പ്രത്യേക സ്നേഹം ‘ കണ്ടു പിടിയ്ക്കുന്നതിനും സ്വയം നിയോഗിച്ചവർ ഉണ്ട്.

എന്നാൽ ഇത്തരം ബന്ധങ്ങൾ കോൺ‌വെന്റിനുള്ളിൽ അത്ര അസാധാരണമല്ല എന്നു കൂടി സിസ്റ്റർ ജെസ്മി എഴുതുന്നുണ്ട്.സിസ്റ്റർ ജെസ്മിയുടെ ഈ വെളിപ്പെടുത്തലുകൾ നമ്മുടെ മുന്നിൽ വലിയൊരു ചോദ്യചിഹ്നമാണു ഉയർത്തുന്നത്. സമൂഹത്തിലെ സാമാന്യജനങ്ങളിൽ നിന്നും ഒരു പടി ഉയർന്നു നിൽക്കുന്ന മത പുരോഹിത വിഭാഗങ്ങളുടേതായ ലോകം സാധാരണ മനുഷ്യരിൽ നിന്നും എത്ര വിഭിന്നരാണ്? നിത്യ ബ്രഹ്മചര്യവും നിത്യ കന്യകാത്വവും നിർബന്ധിതമാക്കിയിരിയ്ക്കുന്ന കത്തോലിക്ക സഭയുടെ അകത്തളങ്ങളിൽ എല്ലാം ഭദ്രമാണോ?കുട്ടികളെ പഠിപ്പിയ്ക്കുകയും സമൂഹത്തിലെ മനുഷ്യനു വേദോപദേശം നൽ‌കുകയും ചെയ്യുന്ന പുരോഹിത വർഗത്തിന്റെ ഇടയിലെ മൂല്യബോധം എത്ര ഉയർന്നതാണ്? സാധാരണ ജനതയെ കാർന്നു തിന്നുന്ന അഴിമതിയും,സ്വജന പക്ഷ പാതവും ലൈംഗിക അരാചകത്വവും എത്രത്തോളം ഈ സന്യാസസമൂഹങ്ങളിൽ വ്യാപിച്ചിരിക്കുന്നുവെന്നതിന്റെ തെളിവു കുടിയാണു ഈ അത്മകഥ. സാധാരണ ജനങ്ങളിൽ നിന്ന് ഒട്ടും തന്നെ വ്യത്യസ്തരല്ല അവർ എന്നാണു ഈ പുസ്തകം നമുക്കു കാട്ടിത്തരുന്നത്. മാനുഷികമായ എല്ലാ വികാരങ്ങൾക്കും അവർ അടിപ്പെട്ടിരിയ്ക്കുന്നു, എന്നു മാത്രമല്ല, നമ്മുടെ സമൂഹത്തിനെ കാർന്നു തിന്നുന്ന അഴിമതി ഇവരുടെ നേതൃത്വത്തിൽ പടർന്നു പിടിച്ചിരിയ്ക്കുന്ന ഒരു മാരക രോഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. അതിനെതിരെ ആരെങ്കിലും ശബ്ദിച്ചു പോയാൽ ഇനിയൊരിയ്ക്കലും ഉയരാത്ത വിധം അത്തരം നാവുകളെ അറുത്തു കളയാൻ ഏതറ്റം വരേയും പോകും എന്നതിന്റെ ജീവിയ്ക്കുന്ന തെളിവാണു സിസ്റ്റർ ജെസ്മി.

2008 ഡിസംബർ 21 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീമതി ജി.ഉഷാകുമാരിയും,ബാബുരാജ് ബി.എസും സിസ്റ്റർ ജെസ്മിയുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളും നമുക്ക് ഇതിനോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.അതിൽ അവർ ഇങ്ങനെ പരയുന്നു.”എന്റെ സ്വാതന്ത്ര്യബോധം മാനസിക രോഗമായിട്ടാണു മഠം അധികാരികൾക്ക് തോന്നിയത്. മാനസികരോഗത്തിനു മരുന്നു നൽ‌കാൻ നിർബന്ധപൂർവം ശ്രമിച്ചപ്പോളാണ് ഞാൻ പെട്ടെന്ന് മഠം ഉപേക്ഷിച്ചത്.”

അനുസരണ വ്രതം, ബ്രഹ്മചര്യ വ്രതം,ദാരിദ്ര്യവ്രതം എന്നീ മൂന്നു വ്രതങ്ങളാണു പ്രധാനമായും ഒരു കന്യാസ്ത്രീ അനുഷ്ഠിയ്ക്കേണ്ടത്.എന്നാൽ ഈ മൂന്നു വ്രതങ്ങളുടേയും നഗ്നമായ ലംഘനം എങ്ങനെ സഭയ്ക്കുള്ളിൽ നടക്കുന്നു എന്ന് “ആമേനി’ലൂടെ സിസ്റ്റർ ജെസ്മി വെളിവാക്കുന്നു. നിയമന ഉത്തരവിലെ തീയതി മാറ്റി ഇല്ലാ‍ത്ത ദിവസങ്ങളിലെ ഒപ്പിടാൻ പ്രേരിപ്പിച്ചതും, സഭയുടെ മറ്റെല്ലാ അഴിമതികൾക്കും കൂട്ടു നിൽ‌ക്കാൻ നിരബന്ധിയ്ക്കുന്നതും എല്ലാം അനുസരണവ്രതത്തിന്റെ മറവിലാണ്. പട്ടിക ജാതി -വർഗ വിഭാഗങ്ങൾക്കുള്ള സംവരണം കോളേജ് അഡ്മിഷൻ സമയത്ത് സഭ എങ്ങനെ തട്ടിയെടുക്കുന്നു എന്ന് ഈ പുസ്തകത്തിൽ ജെസ്മി വിവരിയ്ക്കുന്നു. അതുപോലെ കാപിറ്റേഷൻ ഫീ വാങ്ങുന്നതിനെ ചെറുത്തതിനു സഭയുടെ നേതൃത്വത്തിൽ നിന്നുണ്ടായ പീഡാനുഭവങ്ങളും ഈ പുസ്തകത്തിൽ ജെസ്മി വിവരിയ്ക്കുന്നു. അവർ പ്രിൻസിപ്പൽ ആയിരുന്ന സെന്റ് മേരീസ് കോളെജിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ ക്യാപിറ്റേഷൻ ഫീസ് ഈടാക്കാനുള്ള സഭാ നേതൃത്വത്തിന്റെ നിലപാടിനെ എതിർത്തു നിന്നതാണു അഴിമതിയിൽ മുങ്ങിക്കുളിച്ച സഭയുടെ തലപ്പത്തുള്ളവരെ പെട്ടെന്നു ചൊടിപ്പിച്ചത്.’പാപത്തെ വെറുത്ത് പാപിയെ സ്നേഹിയ്ക്കാൻ’പഠിപ്പിയ്ക്കുന്ന ബൈബിളിൽ വിശ്വസിയ്ക്കുന്ന സിസ്റ്റർ ജെസ്മി, നളിനി ജമീലയുടെ ആത്മകഥാ പ്രകാശനം നടത്താമെന്നേറ്റതും സഭയെ ചൊടിപ്പിച്ചു. അനുസരണവ്രതത്തിന്റെ പേരിൽ ആ ചടങ്ങിൽ നിന്ന് അവരെ വിട്ടുനിർത്താൻ സഭയ്ക്കു കഴിഞ്ഞു. അതുപോലെ തന്നെ കുട്ടികളൂടെ വിവിധങ്ങളായ സാംസ്കാരിക പരിപാടികളുടെ നേതൃത്വം ഏറ്റെടുത്തതും സിസ്റ്ററിനെ സഭയുടെ കണ്ണിലെ കരടാക്കി മാറ്റി. അവർക്കു മാനസിക രോഗമാണെന്ന് പ്രചരിപ്പിയ്ക്കാ‍ൻ സഭ തയ്യാറായി എന്നറിയുമ്പോളാണു കത്തോലിക്കാ സഭാ ചെന്നുപെട്ടിട്ടുള്ള ചെളിക്കുണ്ടിന്റെ ആഴം നാമറിയുകയുള്ളൂ.

ബ്രഹ്മചര്യവ്രതമാണു ഏറ്റവും കൂടുതൽ ലംഘിയ്ക്കപ്പെടുന്നത്.ഈ പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടതും ഈ വിഷയത്തിന്റെ പേരിലാണ്.എപ്രകാരമാണു സ്വവർഗാനുരാഗവും, പ്രണയ ബന്ധങ്ങളും സന്യാസിനി സമൂഹത്തിൽ പടരുന്നത് എന്ന് ഇതിൽ പച്ചയായി വ്യക്തമാക്കപ്പെട്ടിരിയ്ക്കുന്നു. സ്വവർഗാനുരാഗിയായ ഒരു സീനിയർ സിസ്റ്ററുടെ നിരന്തരമായ ശല്യപ്പെടുത്തലുകൾ സഹിയ്ക്കവയ്യാതെ അവസാനം മറ്റു സിസ്റ്റേർ‌സിന്റെ കൂടി ഉപദേശമനുസരിച്ച് കുറച്ചു നാളത്തേയ്ക്കു അവർക്കു വഴങ്ങി കൊടുക്കേണ്ടി വന്ന സംഭവത്തെക്കുറിച്ച് ഇങ്ങനെ വിവരിയ്ക്കുന്നു.”രാത്രികളിൽ എല്ലാവരും ഉറങ്ങുന്ന സമയത്ത് അവർ എന്റെ കട്ടിലിലേയ്ക് നുഴഞ്ഞു കയറും.എന്നിട്ട് എന്നോടു ചെയ്യുന്ന അശ്ലിലമായ കാര്യങ്ങൾ എനിയ്ക്കു തടയാൻ കഴിയുമായിരുന്നില്ല...........ഗർഭിണിയാകാതിരിയ്ക്കുന്നതിനാണ് അവർ സ്വവർഗ ലൈംഗികത ആഗ്രഹിയ്ക്കുന്നത് എന്നാണ് അവർ പറഞ്ഞത്. നേരത്തെ ഉണ്ടാ‍യിരുന്ന കൂട്ടുകാരിയായ സിസ്റ്ററെക്കുറിച്ച് അവർ പറഞ്ഞത് ഇപ്രകാരമാണ്. അത്തരം ആവശ്യങ്ങൾക്കായി ആ സിസ്റ്റർ പുരോഹിതരുടെ അടുക്കൽ പോകാറുണ്ടെന്നും അവൾ ഗർഭിണി ആകാത്തതിൽ സിസ്റ്റർ വിമി (ഈ സീനിയർ സിസ്റ്റർ) അത്ഭുതപ്പെടുന്നുണ്ടെന്നും..”
ഈ വിഷയത്തിൽ പുരുഷന്മാരായ അച്ചന്മാരിൽ നിന്നുണ്ടായ അനുഭവങ്ങളും സിസ്റ്റർ തുറന്നെഴുതിയിട്ടുണ്ട്. ധാർവാഡിലേയ്ക്കുള്ള യാത്രാമദ്ധ്യേ ബാംഗ്ലൂരിൽ താമസമേർപ്പെടുത്തിയിരുന്നിടത്തെ അച്ചൻ സിസ്റ്ററിനെ വശീകരിയ്ക്കാൻ ചെയ്ത പ്രവർത്തികളും, അവസാനം സ്വയം വിവസ്ത്രനായി അവരുടെ മുന്നിൽ സ്വയംഭോഗം ചെയ്തു കാണിച്ചതുമൊക്കെ തുറന്നെഴുതുമ്പോൾ, ആ അടിയുടെ ശക്തിയിൽ അഴിഞ്ഞു വിഴുന്നത് നൂറ്റാണ്ടുകളായി പാവപ്പെട്ട മനുഷ്യനെ ഉപദേശങ്ങളാൽ പറഞ്ഞു പറ്റിയ്ക്കുന്ന പുരോഹിത വർഗത്തിന്റെ മുഖം മൂടി തന്നെയാണ്. ഇത്തരം ബന്ധങ്ങളുടെ രക്തസാക്ഷിയാണ് ഞാൻ തുടക്കത്തിൽ പരാമർശിച്ച ആലപ്പുഴയിലെ സിസ്റ്റർ.

അതുപോലെ ദാരിദ്രവ്രതം.മാസ അലവൻസായി കിട്ടുന്ന 75 രൂപകൊണ്ട് അത്യാവശ്യത്തിനുള്ള വ്യക്തിപരമായ കാര്യങ്ങൾ നടത്താൻ പോലും പലരും വിഷമിയ്ക്കുമ്പോൾ മറ്റൊരു വിഭാഗം സഭയുടെ വസ്തുക്കൾ സ്വന്തം ഭവനങ്ങളിലേയ്ക്കു കടത്തുന്നതിൽ വ്യാപൃതരാണ്. ഒരു കൂട്ടർ എല്ലാ സുഖ സൌഭാഗ്യങ്ങളിലും ജീവിയ്ക്കുമ്പോൾ മറ്റുള്ളവർ ദാരിദ്യത്താൽ ഉഴറുന്നു. സ്വന്തമായി ഒരു ചെരിപ്പ് വാങ്ങാൻ വിഷമിച്ചിരുന്ന കഥ സിസ്റ്റർ ജെസ്മി ഹൃദയാവർജ്ജകമായി ഇതിലെഴുതുന്നു.

ഇതുകൂടാതെ സഭയിലെ ലിംഗ-വർണ്ണ-വർഗ്ഗ വിവേചനം എപ്രകാരം നിലനിൽക്കുന്നു എന്നും അറിയുക.കന്യാസ്ത്രീകൾ ദാരിദ്ര്യവ്രതത്തിൽ കഷ്ടപ്പെടുമ്പോൾ പുരുഷന്മാരായ അച്ചന്മാരുടെ സുഖജീവിതം അധികമാരും അറിയുന്നില്ല.ഈശോയുടെ ജീവിതകാലം മുഴുവൻ എല്ലാ വേദനകളിലും കൂടെ നിന്നിരുന്നത് സ്ത്രീകളായിരുന്നുവെങ്കിൽ, ഇന്നത്തെ സഭയിൽ സ്ത്രീകൾ രണ്ടാം കിട പൌരന്മാർ തന്നെ.വൈദികർക്കു സ്വകാര്യ സ്വത്തു അനുവദനീയമാണ്.മാത്രവുമല്ല അവർ അനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം കന്യാ‍സ്ത്രീകൾ അനുഭവിയ്ക്കുന്നുമില്ല. അടച്ചു മൂടപ്പെട്ട ഒരു ജീവിതമാണവർ നയിക്കുന്നത്. പുരുഷ മേധാവിത്വം അവിടെ കൊടികുത്തി വാഴുന്നു.ഒരു സ്ത്രീ ദൈവദാസിയാകാൻ തീരുമാനിച്ചുകഴിഞ്ഞാൽ പിന്നെ അവളുടെ പരമ്പരാഗതമായ സ്വത്തുക്കളും സഭയുടേതാകുന്നു.എന്നാൽ ഏതെങ്കിലും കാരണത്താൽ അവൾക്ക് മഠത്തിൽ നിന്നു വിട്ടുപോരേണ്ടി വരുമ്പോൾ ഈ സ്വത്തുക്കളൊന്നും തിരികെ ലഭിയ്ക്കുന്നുമില്ല.അതുകൊണ്ട് തന്നെ അങ്ങനെ മടങ്ങി വരുന്നവരുടെ ജീവിതം നരക തുല്യമായി മാറുന്നു. ഇത്തരം എത്രയോ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകുന്നു.

അതുപോലെ തന്നെ മഠങ്ങളിൽ വർഗ പരമായ വ്യത്യാസങ്ങളും നിലനിൽക്കുന്നു.ഉന്നതകുലജാതരായ കന്യാസ്ത്രീകൾക്കും, പാവപ്പെട്ട വീടുകളിൽ നിന്നു വരുന്ന കന്യാസ്ത്രീകൾക്കും രണ്ടു തരം ജീവിതമാണു മഠം നൽകുന്നത്. പാവപ്പെട്ടവരും വിദ്യാഭ്യാസം കുറഞ്ഞവരുമായ കന്യാസ്ത്രീകൾ കടുത്ത വിവേചനമാണു അനുഭവിയ്ക്കുന്നത്. അവർക്കു നല്ല കസേരകളിൽ ഇരിയ്ക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല.

“ആമേൻ” നമുക്കു മുന്നിൽ തുറന്നിടുന്നത് പുരോഗമനത്തിന്റെ കുളിർകാറ്റിനെ അകത്തു കടക്കാനാവാത്ത വിധം വാതായനങ്ങൾ കൊട്ടിയടച്ച ഒരു സഭാ‍നേതൃത്വത്തെയാണ്. അതൊരു വല്ലാത്ത ലോകം തന്നെ.മനുഷ്യരിൽ നിന്നും ഒട്ടും ഉന്നതിയിലല്ലാതെ ജീവിയ്ക്കുകയും, എന്നാൽ പുറത്ത് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച സ്വന്തം നേട്ടങ്ങൾ മാത്രം ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്ന സഭയാണു നമ്മുടെ മുന്നിലുള്ളത്. ഞാൻ ആദ്യം സൂചിപ്പിച്ച കന്യാസ്ത്രീകൾ ,അവരിൽ പലരുടേയും ദുരൂഹ മരണങ്ങളും, പ്രണയ ചാപല്യങ്ങളും എന്തിലേയ്ക്കാണു വിരൽ ചൂണ്ടുന്നത്?ഈ സന്യാസി സമൂഹങ്ങളിൽ എന്തെല്ലാമോ ചീഞ്ഞു നാറുന്നു എന്ന് തന്നെയല്ലേ?സ്വന്തം സമൂഹത്തിലെ തെറ്റുകൾ തിരുത്താത്ത ഇവരെങ്ങനെ വെളിയിലുള്ള സമൂഹത്തെ നന്നാക്കും? തിരുമാനമെടുക്കാനാവാത്ത പ്രായത്തിൽ കുടുംബക്കാരുടെ നിർബന്ധങ്ങൾക്കു വഴങ്ങി മഠങ്ങളിലെത്തിച്ചേരുന്ന പെൺകുട്ടികളാണു പിൽ‌ക്കാലത്ത് വഴി തെറ്റി പോകുന്നത്.

കേരളത്തിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കന്യാസ്ത്രീകളെ മഠത്തിൽ പ്രവേശിപ്പിയ്ക്കുന്ന പ്രായം കുറഞ്ഞത് 18 ആക്കണമെന്നും, വിട്ടു പോരുന്നവർക്കു സ്വത്തുക്കൾ തിരിച്ചു നൽകാൻ വ്യവസ്ഥ ഉണ്ടാകണമെന്നും വനിതാ കമ്മീഷൻ അഭിപ്രായം പ്രകടിപ്പിച്ചത്. എന്തായിരുന്നു അപ്പോളുണ്ടായ പുകിൽ കേരളത്തിൽ?ന്യൂനപക്ഷ വിരുദ്ധർ എന്നും മാർക്സിസ്റ്റ് പ്രേതങ്ങൾ എന്നും വിളിച്ച് വനിതാ കമ്മീഷനെ ആക്ഷേപിയ്ക്കുകയല്ലേ സഭ ചെയ്തത്? പരിശുദ്ധ കാനോൻ നിയമങ്ങൾക്കു മീതെ കൈ വയ്ക്കുകയാണു സർക്കാർ എന്നു വരെ പ്രചരിപ്പിച്ചു. എന്നാൽ സിസ്റ്റർ അഭയയുടെ ദുരൂഹമരണത്തിനും, ആലപ്പുഴക്കാരി സിസ്റ്ററുടെ പ്രണയ കഥകൾക്കും, സിസ്റ്റർ അനുപമയുടെ ആത്മഹത്യയ്ക്കും ഉത്തരങ്ങൾ കണ്ടെത്താൻ മാത്രം അവർക്കു കഴിഞ്ഞില്ല. മുട്ടിനു മുട്ടിനു ഇടയ ലേഖനങ്ങൾ എഴുതി കമ്മ്യൂണിസ്റ്റുകാർക്കെതിരെ സംഘടിയ്ക്കാൻ ആഹ്വാനം ചെയ്ത് അവർ ആത്മ സംതൃപ്തി നേടി.എന്നാലും രക്ഷയുണ്ടോ? അടിച്ചമർത്താൻ ശ്രമിക്കുന്തോറും ഉയിർത്തെഴുനേൽക്കുന്ന “പീഢിപ്പിയ്ക്കപ്പെടുന്നവരുടെ പുണ്യവാളത്തി”സിസ്റ്റർ അഭയ അവരുടെ ഉറക്കം കെടുത്തി. ഇപ്പോളിതാ ഈ നെറികേടുകളുടെ ജീവിയ്ക്കുന്ന ഉദാഹരണമായി സിസ്റ്റർ ജെസ്മിയും.എത്രയോ വർഷങ്ങൾക്കു മുൻ‌പ് ഈ പൌരോഹിത്യ ധാർഷ്യത്തിനും അഴിമതികൾക്കും എതിരായി ഒറ്റയ്ക്ക് പൊരുതിയ പൊൻ‌കുന്നം വർക്കിയേപ്പോലുള്ളവർ എത്ര ക്രാന്ത ദർശികളും ധീരന്മാരും ആയിരുന്നു എന്ന് ഈ തലമുറ അറിയേണ്ടതാണ്. കത്തോലിക്കാ സഭ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങൾ സിസ്റ്റർ ജെസ്മിയുടെ പുസ്തകത്തിൽ കാണാം.കേവലം ലൈംഗിക അരാജകത്വത്തെക്കുറിച്ചു മാത്രമല്ല ഈ പുസ്തകം ആവശ്യപ്പെടുന്ന ചർച്ച.മറിച്ച് കന്യാസ്ത്രീ മഠങ്ങളിലെ നരകതുല്യമായ ജീവിതം, സ്വാതന്ത്ര്യത്തിനു നേരെയുള്ള സഭയുടെ വാതിൽ കൊട്ടിയടയ്ക്കൽ, അഴിമതി, സ്വജന പക്ഷപാതം എന്നിവയൊക്കെ സിസ്റ്റർ എടുത്തെഴുതുന്നു.

അടിമുടി മാറിയെങ്കിൽ മാത്രമേ രണ്ടായിരം വർഷം പഴക്കമുണ്ടെന്ന് പറയുന്ന കേരളീയ സഭയ്ക്കു ഇനി പിടിച്ചു നിൽക്കാനാവുകയുള്ളൂ.അതിനവർ വാതായനങ്ങൾ തുറന്നിടണം. മാറിയ ലോകത്തിന്റെ ശുദ്ധവായു ഉള്ളിൽ കടക്കാൻ അനുവദിയ്ക്കണം. പ്രസംഗിയ്ക്കുന്നതേ പ്രവർത്തിയ്ക്കൂ എന്ന അവസ്ഥ ഉണ്ടാകാണം. സിസ്റ്റർ ജെസ്മിയെപ്പോലുള്ളവരുടെ പ്രവർത്തനങ്ങൾ സാർത്ഥകമാകുന്നത് അപ്പോൾ മാത്രമാവും.അല്ലെങ്കിൽ എത്രയോ അഭയമാർ, എത്രയോ അനുപമമാർ, എത്രയോ ലിസമാർ ഈ സമൂഹത്തിനു നേരേ വീണ്ടും ചോദ്യചിഹ്നങ്ങൾ ഉയർത്തും.

സിസ്റ്റർ ജെസ്മിയ്ക്കു പറയാനുള്ളതും അതു തന്നെയാണ്.ഈ വീഡിയോ അതു കൂടുതൽ വ്യക്തമാക്കി തരികയും ചെയ്യുന്നു.

Tuesday, November 22, 2011

സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍

പുസ്തകം : സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍
രചയിതാവ് : താഹ മാടായി
പ്രസാധനം : മാതൃഭൂമി ബുക്സ്
അവലോകനം : ബുക്ക് മലയാളം (bookmalayalam)


ചരിത്രം ആലേഖനം ചെയ്യപ്പെട്ട ഉടലാണ് മനുഷ്യര്‍. ജീവിതത്തിന്റെ ഓരോ നിമിഷവും മസ്തിഷ്‌കത്തിലെ ഓര്‍മ്മകളുടെ അടരുകളില്‍ എഴുതപ്പെടുന്നു. ഒരു ചരിത്രമെഴുത്തിനും പിടിച്ചെടുക്കാനാവാത്ത സൂക്ഷ്മതയോടെ അത് കാലത്തെ രേഖപ്പെടുത്തിവച്ചിരിക്കുന്നു. ചില കാലങ്ങളില്‍ ചിലനേരങ്ങളില്‍ സ്മരണകളുടെ വാതിലുകള്‍ മെല്ലെ തുറക്കപ്പെടും. അനുഭവത്തിന്റെ ചൂരുള്ള ജീവിതസ്മരണകള്‍ കാറ്റുകൊള്ളാനിറങ്ങും. തലമുറകളോട് കഥകള്‍ പറഞ്ഞും ജീവിതം പറഞ്ഞും അത് സ്വകാര്യ നിനവുകളെ പൊതുസ്വത്താക്കിമാറ്റും. അങ്ങനെ ഒരാളുടെ സ്മൃതിഭാണ്ഡം സമൂഹത്തിന് ചരിത്രഭണ്ഡാരമാകും.

സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ സ്മരണകളുടെ പുറം സഞ്ചാരമാണ്. സിനിമയുടെ വെളിച്ചത്തില്‍ നാം കണ്ടറിഞ്ഞ, ആരാധിക്കുകയും ഭയപ്പെടുകയും സ്‌നേഹിക്കുകയും പിന്നീട് മറക്കുകയും ചെയ്ത മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിരവധി മുഖങ്ങള്‍ ഒരു വെള്ളിത്തിരയിലെന്നപോലെ വീണ്ടും കടന്നുവരുകയാണ്. അവരേറെയും ഗ്രാമീണരായിരുന്നു. നഗരത്തിനു മുമ്പ് ജനിക്കുകയും നാഗരികതയോട് കലരാനാവാതെ പുലരുകയും ചെയ്തവര്‍. അഭിനയത്തിന്റെയും ജീവിതത്തിന്റെയും അതിരുകള്‍ മായ്ച്ചുകളഞ്ഞ ശങ്കരാടി പാടവരമ്പിലെ കാരണവരായി കാര്‍ഷികനന്‍മയുടെ സ്മരണയായി നടന്നുമറയുന്നു. അഭിനയത്തിന്റെ ആര്‍ജ്ജവത്താല്‍ നമ്മെ വിസ്മയിപ്പിച്ച ഫിലോമിനയെക്കുറിച്ചാണ് പരദൂഷണം അമ്മയി എന്ന ഓര്‍മ്മക്കുറിപ്പ്. ബുദ്ധകഥയിലെ സന്യാസിയെപ്പോലെ എല്ലാ ആഗ്രഹങ്ങളും കടവില്‍ ഉപേക്ഷിച്ചുപോകുന്ന ശുദ്ധ ഗ്രാമീണനെന്ന് സത്യന്‍ അന്തിക്കാട് ഒടുവില്‍ ഉണ്ണികൃഷ്ണനെ സത്യന്‍ അന്തിക്കാട് സ്മരിക്കുന്നു.

ആലീസ് ഇന്‍ വണ്ടര്‍ ലാന്റ് എന്ന ഓര്‍മ്മക്കുറിപ്പ് ഇന്നും തന്റെ സന്തത സഹചാരിയായ ഇന്നസെന്റിനെക്കുറിച്ചുള്ള കുറിപ്പാണ്. സിംഹത്തെപ്പോലെ ഗര്‍ജ്ജിക്കാറുണ്ടെങ്കിലും ഉള്ളില്‍ ഒരുപാവം ഗ്രാമീണനാണ് തിലകനെന്ന് ഓര്‍മ്മകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു ജോക്കറുടെ ജീവിതംപോലെ അരങ്ങിലും അണിയറയിലും രണ്ട് ജീവിതം നയിച്ച പച്ചമനുഷ്യന്‍ ബഹദൂര്‍ സ്മരണകാണ് ജോക്കര്‍ എന്ന കുറിപ്പ്. തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ പപ്പുവിനെ താരവെളിച്ചത്തിനപ്പുറം ആഴത്തില്‍ മനസ്സിലാക്കിയതിന്റെ ആര്‍ദ്രതയാണ് ഇന്നലകള്‍ ഇതുവഴിയേപോയി എന്ന ഓര്‍മ്മയില്‍ തുളുമ്പിനില്‍ക്കുന്നത്. അഭിനയ കലയുപടെ കരുത്തുകൊണ്ട് കാലത്തിന് മുമ്പേ നടക്കുന്ന കെ പി എ സി ലളിതയെക്കുറിച്ചാണ് കാലത്തിന്റെ പെണ്ണനുഭവങ്ങള്‍ എന്ന കുറിപ്പില്‍ സത്യന്‍ അന്തിക്കാട് സ്മരിക്കുന്നത്. ഏതുകഥയ്ക്കും വഴങ്ങുന്ന നാടന്‍ ശരീരമാണ് നെടുമുടിയെന്ന് ഓര്‍മ്മക്കുറിപ്പില്‍ പങ്കുവയ്ക്കുകമാത്രമല്ല, തന്റെ സിനിമകളിലൂടെ തെളിയിക്കുകയും ചെയ്തിട്ടുണ്ട് സത്യന്‍ അന്തിക്കാട്. മീനയും ഭരത്‌ഗോപിയും ചിരിയിലും വഴിമാറിനടക്കുന്ന ശ്രീനിവാസനും ചട്ടമ്പിത്തരത്തില്‍ നിന്നും ഹാസ്യത്തിലേക്ക് നടന്നുകയറിയ പറവൂര്‍ ഭരതനും കോഴിക്കോടിന്റെ ഉടലും ഭാഷണവുമായ മാമുകോയയും ബോബി കൊട്ടാരക്കരയും അടൂര്‍ ഭവാനിയുമെല്ലാം ഓര്‍മ്മയുടെ തിരശീലയില്‍ വീണ്ടും വന്നുനിരക്കുന്നു.
ഇത് കേവലമായ ഓര്‍മ്മക്കുറിപ്പല്ല, മനുഷ്യപ്പറ്റിന്റെ ആര്‍ദ്രമായ അനുഭവം സമ്മാനിക്കുന്ന പാഠപുസ്തകമാണ്. സ്‌നേഹത്തില്‍ നിന്നും നന്‍മയില്‍നിന്നും മനുഷ്യത്വത്തില്‍ നിന്നും കാരുണ്യത്തില്‍ നിന്നും സഹതാപത്തില്‍ നിന്നുമെല്ലാം ഓടിയോടി നഗരമാകാന്‍ ശ്രമിക്കുന്ന എല്ലാ നാട്ടിന്‍പുറങ്ങള്‍ക്കും നാഗരികരാകാന്‍ വെമ്പുന്ന എല്ലാ ഗ്രാമീണര്‍ക്കും നഗരത്തില്‍ എന്നേക്കുമായി അകപ്പെട്ടുപോയവര്‍ക്കും ജീവിതത്തെ മുഖാമുഖം കാണാന്‍ ഒരു കണ്ണാടി. അതില്‍ ഒതുപാട് ജീവിതങ്ങള്‍ ഒരേസമയം പ്രതിബിംബിക്കുന്നുണ്ട്.
(പേജ്: 149 വില: 90 രൂപ)

Saturday, November 19, 2011

സിനിമയല്ല ജീവിതം

പുസ്തകം : സിനിമയല്ല ജീവിതം
തയ്യാറാക്കിയത് : ബി.ശ്രീരേഖ
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : നിരക്ഷരൻ


ഡി.സി.ബുക്ക്‌സ് പുറത്തിറക്കിയ 23 ലേഖനങ്ങളുള്ള 'സിനിമയല്ല ജീവിതം' എന്ന ഉര്‍വ്വശിയുടെ ഓര്‍ക്കുറിപ്പിലെ 23 ലേഖനങ്ങള്‍ തയ്യാറാക്കിയത് ബി. ശ്രീരേഖയാണ്. സിനിമയ്ക്ക് കഥ എഴുതിയിട്ടുള്ള ആളാണ് ഉര്‍വ്വശി. അപ്പോള്‍പ്പിന്നെ ഇങ്ങനൊരു ഓര്‍മ്മക്കുറിപ്പ് എന്തിന് ശ്രീരേഖയെക്കൊണ്ട് എഴുതിക്കണം? ആദ്യം ചിന്ത പോയത് അങ്ങനെയാണ്. അതിനെപ്പറ്റി അന്വേഷിച്ചപ്പോളാണ് മനസ്സിലാക്കാനായത്. 'ഉത്സവമേളം' എന്ന സിനിമയുടെ കഥ ഉര്‍വ്വശി എഴുതിയതൊന്നും അല്ല. തമിഴിലെ ഒരു സിനിമാക്കഥ മലയാളത്തിലാക്കാന്‍ ഉര്‍വ്വശി നിര്‍ദ്ദേശിച്ചു. എന്നാല്‍പ്പിന്നെ ഉര്‍വ്വശിയുടെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗപ്പെടുത്താം എന്നുകരുതി ആ സിനിമയുടെ പ്രവര്‍ത്തകര്‍ ടൈറ്റിലില്‍, കഥ ഉര്‍വ്വശി എന്നങ്ങ് അടിച്ചുകയറ്റി. പോരേ പൂരം! ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ കൂടുതലെന്തുവേണം?

കവിതാരഞ്ജിനി എന്ന പേര് 'തുടരും ഉറവ് ' എന്ന തമിഴ് സിനിമയിലൂടെ എങ്ങനെ ഉര്‍വ്വശി ആയി മാറിയെന്ന് വിവരിക്കുന്ന 'ആ സന്ധ്യയില്‍ ഞാന്‍ ഉര്‍വ്വശിയെ സ്‌നേഹിച്ചു തുടങ്ങി' എന്ന ലേഖനത്തോടെ പുസ്തകത്താളുകള്‍ ആരംഭിക്കുന്നു. മുന്താണെ മുടിച്ച് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഉര്‍വ്വശിക്ക് 13 വയസ്സ് മാത്രമായിരുന്ന് വായിച്ചപ്പോള്‍ വിശ്വസിക്കാനായില്ല. ഉണ്ണിമേരിയെപ്പറ്റി പറയുന്ന ലേഖനത്തില്‍ ഉണ്ണിമേരിയെ ചേച്ചീ എന്ന് വിളിക്കണ്ട, പകരം 'ഉണ്ണി' എന്ന് വിളിച്ചാല്‍ മതി എന്ന് ഉണ്ണിമേരി പറയുന്നുണ്ട്. ഉണ്ണിമേരിയുടെ അമ്മൂമ്മയെ, അമ്മൂമ്മ എന്ന് വിളിക്കണ്ട, 'അമ്മൂ' എന്ന് വിളിച്ചാല്‍ മതിയെന്ന് അമ്മൂമ്മയും പറയുന്നുണ്ട്. പ്രായമാകുന്നതില്‍ എത്രയൊക്കെ വിഹ്വലപ്പെട്ടിട്ടും തങ്ങള്‍ക്കൊപ്പം നായകനായി അഭിനയിച്ച അതേ നായകന്റെ അമ്മയായി പല നടികള്‍ക്കും അഭിനയിക്കേണ്ടി വരുന്നത് വല്ലാത്തൊരു വിധിവിളയാട്ടം തന്നെ!. തങ്കമണീ എന്ന് കഥാപാത്രത്തിന്റെ പേരില്‍ സംബോധന ചെയ്ത് ലോഹിതദാസ് ഉര്‍വ്വശിക്ക് അയക്കുന്ന കത്ത് കൗതുകം ജനിപ്പിക്കുന്നതാണ്. ഒരു പക്ഷെ ഒരു എഴുത്തുകാരന്റെ ചിന്താധാരയില്‍ മാത്രം ഉദിക്കുന്ന ഒരു കാര്യമാകാം ആ കത്ത്. ഭരതം എന്ന സിനിമയില്‍ ജേഷ്ഠന്‍ മരിച്ചത് വെളിയില്‍ അറിയിക്കാതെ ദുഃഖം ഉള്ളിലൊതുക്കി അനുജത്തിയുടെ കല്യാണം നടത്തുന്ന മോഹന്‍ലാലിന്റെ കഥാപാത്രം അനുഭവിക്കുന്ന ആത്മസംഘര്‍ഷം, സ്വന്തം അനുജന്റെ മരണസമയത്ത് ഉര്‍വ്വശിയും അനുഭവിക്കുന്നുണ്ട്. സ്വയം അഭിനയിച്ച് ഫലിപ്പിച്ച് കൈയ്യടി വാങ്ങുന്ന പല സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്ന പച്ചമനുഷ്യര്‍ തന്നെയാണ് അഭിനേതാക്കളുമെന്ന് സംശയം വേണ്ട.

'നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍' എന്ന ലേഖനത്തില്‍.... മുരളി, മോണിഷ, പത്മരാജന്‍, രഘുവരന്‍ എന്നിവര്‍ മരിച്ചപ്പോള്‍ പത്രക്കാരും, സിനിമാക്കാരുടെ പളപളപ്പന്‍ ജീവിതത്തിനപ്പുറത്തേക്ക് മറ്റൊന്നും അറിയാന്‍ ആഗ്രഹമില്ലാത്ത പൊതുജനങ്ങളും, നേരവും കാണവുമൊന്നും നോക്കാതെ പത്രക്കാരും, നടത്തുന്ന നെറികെട്ട പ്രകടനങ്ങള്‍ക്ക് എതിരെ ഉര്‍വ്വശി രോഷം കൊള്ളുന്നുണ്ട്. സില്‍ക്ക് സ്മിതയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്ന 'കരയുന്ന സ്മിത' എന്ന ലേഖനത്തില്‍, സ്മിതയുടെ ചേതനയറ്റ ശരീരത്തെ, കഴുത്തുവരെ പൊതിഞ്ഞ് കിടക്കുന്ന തുണി അല്‍പ്പം കൂടെ താഴ്‌ത്തിക്കിട്ടി, മരിച്ചുപോയ മാദകനടിയുടെ മാദകാവസ്ഥയില്‍ത്തന്നെയുള്ള ഒരു ഫോട്ടോയ്ക്ക് വേണ്ടി ശ്രമിക്കുന്ന പത്രക്കാരെക്കുറിച്ച് ആര്‍ക്കും തോന്നാവുന്ന അവജ്ഞയും ദേഷ്യവും തന്നെയാണ് ഉര്‍വ്വശിക്കും തോന്നുന്നത്. സിനിമാ ഷൂട്ടിങ്ങിന്റെ ഷോട്ടുകള്‍ക്കുള്ള ഇടവേളകളില്‍ വലിയൊരു പുതപ്പുകൊണ്ട് ശരീരം മറച്ചിരിക്കുന്ന ആളാണ് സ്മിത എന്നത് പത്രക്കാര്‍ക്ക് അറിയാത്ത കാര്യമൊന്നും അല്ലന്നുറപ്പാണ്.

'എവിടെയോ ഒരു രാജലക്ഷ്മി' 'കരയുന്ന ആറുവയസ്സുകാരന്‍' എന്നിങ്ങനെ പല ലേഖനങ്ങളിലും മനസ്സിനെ ആര്‍ദ്രമാക്കാന്‍ പോന്ന തന്തുക്കള്‍ ഉണ്ടെങ്കിലും എഴുത്തില്‍ തീക്ഷ്ണത കുറവായതിനാലായിരിക്കണം അതൊന്നും അധികനേരം ഉള്ളിലുടക്കി നില്‍ക്കുന്നില്ല. പല ലേഖനങ്ങളും എവിടെയോ തുടങ്ങി ലക്ഷ്യമൊന്നും ഇല്ലാതെ മറ്റെവിടെയോ അവസാനിച്ചതുപോലുള്ള വായനാനുഭവം നല്‍കി. 'ഒരു മകന്റെ നൊമ്പരം' എന്ന ലേഖനം സത്യത്തില്‍ ഉര്‍വ്വശിയല്ല, സത്യന്‍ അന്തിക്കാടാണ് എഴുതേണ്ടിയിരുന്നത്. വനിതയിലോ മറ്റോ ഖണ്ഡശ വന്നിരുന്ന ലേഖനങ്ങള്‍ ആണിതൊക്കെ എന്നുള്ളതുകൊണ്ടാകാം വനിതയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് എം.മധു ചന്ദ്രന്, ഉര്‍വ്വശി നന്ദി പറയുന്നത്. ഒരു വാരികയില്‍ ഖണ്ഡശ പ്രസിദ്ധീകരിക്കുമ്പോള്‍ മറ്റ് ലേഖനങ്ങള്‍ക്കിടയില്‍ ചിലപ്പോള്‍ ഈ ഒരു കോളത്തിന്റെ അപാകതകള്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയെന്ന് വരാം. പക്ഷെ അതെല്ലാം ചേര്‍ത്ത് പുസ്തകമാകുമ്പോള്‍, വായനയുടെ തലം മാറുന്നുണ്ട്. അതുകൊണ്ടുതന്നെ അപാകതകള്‍ മുഴച്ച് നില്‍ക്കുകയും ചെയ്യുന്നു.

Wednesday, November 16, 2011

വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം

പുസ്തകം : വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം
രചയിതാവ് : പി.ഗോവിന്ദപിള്ള
പ്രസാധകര്‍ : കേരളഭാഷാ ഇന്‍സ്റ്റിട്യൂട്ട്
അവലോകനം : മനോജ് പട്ടേട്ട്നാഗരികതയുടെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളില്‍ വില്‍ ഡൂറന്റിന്റെ സ്റ്റോറി ഓഫ് സിവിലൈസേഷന് സമാനതകളില്ല. പ്രതിനിമിഷം നമ്മെ അത്ഭുതപ്പെടുത്തുന്ന ആ പതിനൊന്ന് വാല്യങ്ങള്‍ക്കൊപ്പം മനസ്സിലേക്കെത്തുന്ന മറ്റൊരു ഗ്രന്ഥമാണ് ഇന്ത്യയുടെ ചരിത്രം പറയുന്ന ഏഴു വാല്യങ്ങളുള്ള, ശ്രീരാമകൃഷ്ണ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചര്‍ പുറത്തിറക്കിയ ദ കള്‍ച്ചറല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന ഗ്രന്ഥാവലി. ഒന്നാമത്തേത് വില്‍ ഡ്യൂറെന്റിന്റെ ശ്രമത്തിന്റെ ഫലമാണെങ്കില്‍, ഡോ: രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ആര്‍ സി മജുംദാറും സുനീത് കുമാര്‍ മുഖര്‍ജിയുമടങ്ങുന്ന ഒരു സംഘം ചരിത്രകാരന്മാരുടെ സംയുക്ത ശ്രമാണ് രണ്ടാമത്തേത്. മലയാളത്തിലാകട്ടെ ഇത്തരം ആധികാരികമായ ചരിത്രഗ്രന്ഥങ്ങള്‍ പൊതുവേ വിരളമാണെന്ന് പറയാം. ആ മേഖലയിലേക്ക് വന്നുചേര്‍ന്ന വിലമതിക്കാനാവാത്ത ഒരു ഗ്രന്ഥമാണ് പി. ഗോവിന്ദപ്പിള്ളയുടെ ശ്രമഫലമായി ഉണ്ടായിട്ടുള്ള വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക പഠനം എന്ന ഉജ്ജ്വലഗ്രന്ഥം. ചരിത്ര ഗ്രന്ഥം എന്നു പറഞ്ഞുവെങ്കിലും മറ്റു രണ്ടുകൃതികളേയും പോലെ മാനവചരിത്രത്തിന്റെ ക്രമാനുക്രമമായ ഒരു അവതരണരീതിയല്ല ഈ ഗ്രന്ഥം അനുവര്‍ത്തിക്കുന്നത്. ശാസ്ത്രം, മനുഷ്യന്റെ ദൈനംദിനജീവിതത്തെ മാറ്റിമാറിക്കാനിടയായ അത്യജ്വലങ്ങളായ കണ്ടുപിടുത്തങ്ങളുടെ വേലിയേറ്റമുണ്ടായ പതിനാറും പതിനേഴും നൂറ്റാണ്ടുകളെ അടിസ്ഥാനപ്പെടുത്തി സയന്റിഫിക് റവലൂഷന്റെ അഥവാ വൈജ്ഞാനിക വിപ്ളവത്തിന്റെ കഥ പറയുവാനാണ് ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് ആ നൂറ്റാണ്ടുകളുടെ മാത്രം ചരിത്രവുമാകുന്നില്ല. മുന്കാലങ്ങളേയും പിന്‍കാലങ്ങളേയും സമഞ്ജസമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് സമഗ്രമായ ഒരു പ്രതിപാദനരീതി അവലംബിക്കുകയാല്‍ ആധുനികലോകത്തിന്റെ ചരിത്രം കൂടിയായി മാറുകയാണ്.

ഈ പുസ്തകം എഴുതാനുണ്ടായ കാരണത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ ഇങ്ങനെ പറയുന്നു. "ശാസ്ത്രത്തിന്റെ വികാസവും ശാസ്ത്രജ്ഞന്മാരുടെ ജീവിതവും ജനങ്ങള്‍ ശാസ്ത്രജ്ഞന്മാരോടും അവരുടെ കണ്ടുപിടുത്തങ്ങളോടും എങ്ങനെ പ്രതികരിച്ചു എന്നതും കലയും സാഹിത്യവും ദര്‍ശനവും മതവും രാഷ്ട്രീയവും എങ്ങനെ ശാസ്ത്രസംഭവങ്ങളുമായി കെട്ടുപിണഞ്ഞ് ആദാനപ്രദാനങ്ങള്‍ നടത്തി വികസിക്കുന്നവെന്നും വിവരിക്കുന്ന ചരിത്രങ്ങള്‍ വിരളമാണ്. ചാള്സ് സിംഗറിനേയും ജെ.ഡി ബര്‍ണലിനേയും പോലെ ചുരുക്കം ചില ശാസ്ത്രജ്ഞന്മാര്‍ സാംസ്കാരിക അന്തരിക്ഷം എങ്ങനെ ശാസ്ത്രത്തെ ബാധിക്കുന്നുവെന്ന് സ്പര്‍ശിച്ച് പോകുന്നുണ്ടെങ്കിലും, അവ വളരെ പരിമിതമായ തോതില്‍ മാത്രമാണെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. ഈ പരിമിതി പരിഹരിക്കാന്‍ കഴിയും വിധം സഹസ്രാബ്ദങ്ങള്‍ നീണ്ട സാംസ്കാരികചരിത്രത്തിലെ ഒരുജ്ജ്വല അധ്യായത്തിന്റെ ചരിത്രം രചിക്കുവാനാണ് ഇവിടെ മുതിര്‍ന്നിട്ടുള്ളത്." ഗ്രന്ഥകാരന്റെ അവകാശവാദം തുലോം ലളിതമാണെങ്കിലും അതിലും എത്രയോ മഹത്തായ ഒരു കൃത്യമാണ് അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നത് എന്നോര്‍ത്ത് ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുന്നവര്‍ അത്ഭുതം കൊള്ളുകതന്നെ ചെയ്യും.

വൈജ്ഞാനികവിപ്ലവം ഒരു സാംസ്കാരികചരിത്രം എന്നാ പേരിനെത്തന്നെ കൃത്യമായി നിര്‍വചിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. വിജ്ഞാനം, വിപ്ലവം, ചരിത്രം, സംസ്കാരം എന്നീ നാല് പദങ്ങളുടെ അയത്നലളിതമായ പ്രയോഗങ്ങളാല്‍ സമ്പന്നമാണല്ലോ നമ്മുടെ സമകാലിസാംസ്കാരികചിന്താധാര. എന്നാല്‍ ഓരോ പദങ്ങളിലും നിഹിതമായിരിക്കുന്ന അര്‍ത്ഥതലങ്ങളെന്ത് എന്ന് അന്വേഷിക്കുമ്പോള്‍ നമുക്ക് മാനവചരിത്രത്തിന്റെ ആദ്യകാലസംഭവവികാസങ്ങളിലേക്ക് ചെന്നേത്തേണ്ടിവരും എന്നതാണ് വസ്തുത. ഈ വസ്തുതയെ പരിപോഷിപ്പിച്ചുകൊണ്ടാണ് പ്രാരംഭം എന്ന ഒന്നാം ഭാഗത്തിലെ ആറ് അദ്ധ്യായങ്ങല്‍ ഇതള്‍ വിരിയുന്നത്. ഗ്രന്ഥനാമത്തിലടങ്ങിയിരിക്കുന്ന നാലുപദങ്ങളേയും സൈദ്ധാന്തികമായി സംയോജിപ്പിച്ചുകൊണ്ട് അവ ഏതൊക്കെ തലത്തിലാണ് ഈ പുസ്തകത്തിന്റെ രചനക്ക് സഹായകമായി നിലകൊള്ളുന്നത് എന്ന് വിശദീകരിക്കുന്നു. ചരിത്രവും സംസ്കാരവും, സത്യം ശിവം സുന്ദരം, പ്രകൃതി ശാസ്ത്രവും ധര്‍മശാസ്ത്രവും, ശാസ്ത്രം കപടശാസ്ത്രം ശാസ്ത്രവിരോധം, ജ്ഞാനം വിജ്ഞാനം ശാസ്ത്രം, വിജ്ഞാനവികാസവും പ്രതിഭാവിലാസവും എന്നീ ആറ് അദ്ധ്യായങ്ങളിലൂടെ ഇതപര്യന്തമുള്ള ഒട്ടുമിക്ക ചിന്താപദ്ധതികളേയും പരിചയപ്പെടുത്തുകയും അവയൊക്കെ പുരോഗമനോന്മുഖമായ സമൂഹസൃഷ്ടിക്ക് എങ്ങനെയൊക്കെ പ്രചോദനമായി ഭവിച്ചു എന്ന് വിലയിരുത്തുകയും ചെയ്യുന്നു.

രണ്ടാം ഭാഗമാകട്ടെ യൂറോകേന്ദ്രിതമായ ഒരു വ്യവസ്ഥിതിയിലേക്ക് നാം നയിക്കപ്പെട്ടതെങ്ങനെ എന്ന് ചിന്തിക്കുന്നു. യൂറോവാദത്തിന്റെ രാഷ്ട്രീയം എന്ന ഒന്നാം അദ്ധ്യായത്തില്‍ രാഷ്ട്രീയവും സൈനികവുമായ അധികാരാവകാശങ്ങള്‍ എല്ലാംതന്നെ ഭൂഖണ്ഡങ്ങളില്‍ നിന്നും യൂറോപ്യന്‍ ശക്തികള്‍ക്ക് നഷ്ടപ്പെട്ടുവെങ്കിലും, സാംസ്കാരികമായി മേല്‍ക്കോയ്മയിലൂടെ സാമ്പത്തികാധിപത്യം സുഗമമായി നിലനിര്‍ത്തിക്കൊണ്ടു രാഷ്ട്രീയാധിപത്യത്തിലേക്ക് ചെന്നെത്തുന്ന ഇടപെല്‍ രീതിയെ വ്യക്തമാക്കുന്നു. കോളനിവത്കരിക്കപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളുടെ സംഭാവനകളെ വിലകുറച്ചുകാണുകയും അവഗണിക്കുകയും ചെയ്യുന്ന ഒരു രീതിയായിരുന്നു അവലംബിക്കപ്പെട്ടത്. യൂറോകേന്ദ്രവാദത്തിന്റെ പൊള്ളത്തരത്തെ വെളിവാക്കുന്ന ഒരു കഥ ഇവിടെ നമുക്ക് ഗ്രന്ഥകാരന്‍ ഇങ്ങനെ വിവരിക്കുന്നു. പൌലോസ് മാര്‍ ഗ്രിഗറിയോസ്, ജോണ്‍ പോള്‍ രണ്ടാമനുമായി നടത്തിയ ഒരു അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളാണ് ഇവ. കഴിഞ്ഞ 500 വര്‍ഷമായി സുവിശേഷവേലകള്‍ അത്യുത്സാഹപൂര്‍വം നടത്തപ്പെടുന്ന ഇന്ത്യയില്‍ എന്തുകൊണ്ടാണ് ക്രിസ്തുമതം ഒന്നാമതായി വളരാത്തത് എന്നായിരുന്നു ആ അഭിമുഖത്തിലെ ഒരു ചോദ്യം. അതിന് മാര്‍പാപ്പ പറഞ്ഞ ഉത്തരമാകട്ടെ, കൃസ്തീയവേദശാസ്ത്രത്തിലെ ആശയങ്ങള്‍ അതിഗഹനമാണെന്നും അത് ഏഷ്യക്കാര്‍ക്കും മറ്റുമൊന്നും മനസ്സിലാകില്ല എന്നായിരുന്നു. അടുത്ത ചോദ്യമാകട്ടെ പൌരസ്ത്യഫിലോസഫിയെക്കുറിച്ച് അങ്ങെന്തെങ്കിലും വായിച്ചിട്ടുണ്ടോ എന്നായിരുന്നു. ഇല്ല എന്ന ഒറ്റവാക്കിലവസാനിച്ചു മാര്‍പാപ്പയുടെ ഉത്തരം. സൂചന, മതകാര്യങ്ങളിലെന്നതുപോലെത്തന്നെ മറ്റേതൊരു വിഷയത്തിലും ചോദ്യം ചെയ്യാനാകാത്ത പ്രതിഭയാണ് തങ്ങളെന്ന ധാരണ യൂറോകേന്ദ്രിതവാദമുയര്‍ത്തുന്നവരുടെ പൊതുസ്വഭാവമാണെന്നാണ്. ഇതര മതത്തേയും വംശത്തേയും പരിസ്ഥിതിയേയും സംസ്കാരത്തേയും കുറിച്ചെല്ലാം തന്നെ ഇത്തരം നിഷേധാത്മകനിലപാടുകളാണ് അവര്‍ സ്വീരിക്കുന്നതെന്നും ഇത് എത്രകണ്ട് അബദ്ധജടിലമാണെന്നും ഈ അദ്ധ്യായം വിവരിക്കുന്നു.

യൂറോകേന്ദ്രവാദത്തിന്റെ വക്താക്കള്‍ ഉന്നയിക്കുന്ന ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ മേല്‍ക്കോയ്മകളെക്കുറിച്ച് യൂറോവാദം - ചരിത്രവും ഭൂമിശാസ്ത്രവും എന്ന രണ്ടാം അദ്ധ്യായത്തില്‍ വിവരിക്കുന്നു.എല്ലാത്തരം മഹനീയ ആദര്‍ശങ്ങളും യൂറോപ്പില്‍ ഉത്ഭവിച്ച് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു എന്നാണ് അവര്‍ വാദിക്കുന്നത്.അങ്ങനെ ഭൂഗോളത്തെ അവര്‍ രണ്ടായി ഭാഗിക്കുന്നു - ഹൃദയമേഖലയും പ്രാന്തപ്രദേശവും. യൂറോപ്പ് ഒന്നാമത്തേതും, പ്രാന്തപ്രദേശങ്ങളായി ഇതര ഭൂഖണ്ഡങ്ങളും നിര്‍ണയിക്കപ്പെട്ടു. ഇങ്ങനെ നിര്‍ണയിക്കപ്പെടാന്‍ അവര്‍ സ്വീകരിച്ച വാദമുഖങ്ങള്‍ പ്രധാനമായും അഞ്ചെണ്ണമായിരുന്നു. 1. സ്വയം നിര്‍മിതവും സ്വഭാവികവുമായ പുരോഗമനാത്മക സംസ്കാരം. 2. യൂറോപ്പിലെ പരിണാമം, ആത്യന്തികമായി ആത്മീയമായ ഏതോ ശക്തിയില്‍ നിന്നും രൂപം പ്രാപിച്ചതാണെന്ന സങ്കല്പം. 3. ഇതരനാടുകളിലെ പരിണാമം യൂറോപ്പുമായുള്ള സമ്പര്‍ക്കത്താല്‍ ഉണ്ടായതാണ്. 4.നാഗരികതയുടെ വികസത്തിനുപകരിക്കുന്ന ആശയങ്ങളുടെയൊക്കെ മൂലരൂപം യൂറോപ്പിന്റെയാണ്. 5.ഇതരനാടുകളില്‍ നിന്നും യൂറോപ്പിലേക്കൊഴുകുന്ന സമ്പത്ത്, ഈ നാഗരികത എന്ന പുരസ്കാരത്തിനുള്ള പ്രതിഫലമാണ്. ഈ വാദങ്ങളെ ഓറിയന്റലിസ്റ്റുകള്‍ ഉന്നയിക്കുന്ന ആശയധാരകളെ പിന്‍പറ്റി അതിസമര്‍ത്ഥമായി ഗ്രന്ഥകാരന്‍ ഖണ്ഡിക്കുന്നുണ്ടെങ്കിലും യൂറോ കേന്ദ്രിതവാദത്തിന് പകരം പൌരസ്ത്യമേല്ക്കോയ്മാവാദം സ്ഥാപിച്ചെടുക്കുന്നതിലെ അപാകതകളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

നവോത്ഥാനം എന്ന് പേരിട്ടിട്ടുള്ള മൂന്നാംഭാഗത്ത്, നവോത്ഥാനം - കുലീനഘട്ടം, നരകവാതിലുകള്‍ തുറന്നുപ്പോള്‍, നവോത്ഥാനം - ജനകീയഘട്ടം, മാക്കിയവല്ലി - ഇറ്റാലിയന്‍ ചാണക്യന്‍, അവസാനത്തെ ദ്വീപദ്വന്ദം - മൂറും ഇറാസ്മസും എന്നീ അദ്ധ്യായങ്ങളുണ്ട്. ഇരുണ്ടയുഗത്തേയും ആധുനികയുഗത്തേയും വേര്‍തിരിക്കുന്ന രണ്ടോ മൂന്നോ നൂറ്റാണ്ടുകളെ നവോത്ഥാനകാലം എന്ന് വിളിക്കുന്നു. നവോത്ഥാനകാലത്തെക്കുറിച്ച് ഫ്രെഡറിക് ഏംഗല്സ് ഇപ്രകാരം പറയുന്നു "മാനവരാശി അതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മഹത്തായ പുരോഗമനപരമായ വിപ്ലവമായിരുന്നു അത്. അതികായന്മാരെ , ചിന്താശക്തിയിലും വികാരപരതയിലും സ്വഭാവബലത്തിലും സാര്‍വ്വത്രികതയിലും പാണ്ഡിത്യത്തിലും അതികായന്മാരായിട്ടുള്ളവരെ - ആവശ്യമായി വരികയും സൃഷ്ടിക്കുകയും ചെയ്ത ഒരു കാലമായിരുന്നു അത്. ബൂര്‍ഷാസിയുടെ ആധുനികവാഴ്ചക്ക് അടിത്തറയിട്ടവരെ ബൂര്‍ഷ്വാപരിമിതികള്‍ തൊട്ടുതീണ്ടിയിരുന്നില്ല.നേരെ മറിച്ച് കാലത്തിന്റെ സാഹസികസ്വഭാവം അവരെ വിവിധതോതുകളില്‍ ആവേശം കൊള്ളിക്കുകയാണ് ചെയ്തത്.വിപുലമായി സഞ്ചരിക്കുകയും നാലഞ്ചുഭാഷകള്‍ സംസാരിക്കുകയും പലരംഗങ്ങളിലും ശോഭിക്കുകയും ചെയ്യത്തവരായിട്ട് ആരും തന്നെ അന്ന് ജീവിച്ചിരുന്ന പ്രമുഖന്മാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്ന് പറയാം." പൊതുവേ ജ്ഞാനികളുടെ ലോകമായി നവോത്ഥാനകാലഘട്ടം മാറുകയും അത് ജീവിതത്തിന്റെ സമസ്കമണ്ഡലങ്ങളിലും പുതിയൊരു ഉണര്‍വ്വ് സ്ഥാപിച്ചെടുക്കുയും ചെയ്തു. കണ്‍മുന്നില്‍ കാണുന്നതിന് പകരം അപ്പുറത്തുള്ളതിനെ മാത്രം വിശ്വസിക്കാന്‍ പഠിപ്പിച്ച ഒരു യുഗത്തില്‍ നിന്നും സ്വജീവിതത്തിന്റെ പരിതോവസ്ഥകളെക്കൂടി കണക്കിലെടുത്തുകൊണ്ട് പ്രതികരിക്കേണ്ടതിനെ ഈ യുഗം എങ്ങനെ ഊട്ടിവളര്‍ത്തി എന്ന് ഈ അദ്ധ്യായത്തില്‍ വിശദീകരിക്കുന്നു.

നരകവാതിലുകള്‍ തുറന്നപ്പോള്‍ എന്ന രണ്ടാംഅദ്ധ്യായത്തില്‍ ഏകദേശം എഴുന്നൂറ്റമ്പതുലക്ഷത്തോളം ജനങ്ങളെ കൊന്നൊടുക്കിയ മഹാരോഗമായ പ്ലേഗിന്റെ വ്യാപനത്തിനുശേഷം സമൂഹത്തിലുണ്ടായ മാറ്റങ്ങളെ നിരീക്ഷിക്കുന്നു. പള്ളിക്കും പട്ടക്കാരനും പ്രാര്‍ത്ഥനക്കുമൊന്നും തടയാന്‍ കഴിയാത്ത മഹാദുരന്തം മനുഷ്യരാശിയെ കൂട്ടത്തോടെ കൊന്നൊടുക്കുമ്പോള്‍ ഒന്നും ചെയ്യാനാവാതെ അന്ധാളിച്ചുപോയ മതത്തില്‍ നിന്നും ജനം വിടുതല്‍ തേടാന്‍ തുടങ്ങിയ കാലം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. നവോത്ഥാനം ജനകീയഘട്ടം എന്ന മൂന്നാം അദ്ധ്യായത്തില്‍ ഗുട്ടന്‍ബര്‍ഗിന്റെ അച്ചടിവിദ്യയും, ജനകീയനവോത്ഥാനത്തിന്റെ പ്രോത്ഘാടകനായി കണക്കാക്കപ്പെടുന്ന ദാവിഞ്ചിയുടെ ചിത്രകലയും, മൈക്കലാഞ്ജലോ , ചെല്ലിനി റാഫേല്‍ മുതലായ മഹാരഥന്മാരുടെ ഇടപെടലുകളും എങ്ങനെ വിപ്ലവകരമായ ഒരു സാമുഹികക്രമത്തിലേക്ക് മനുഷ്യരാശിയെ കൈപിടിച്ചുയര്‍ത്തി എന്ന് നോക്കിക്കാണുന്നു. ഈ ഇടപെടലുകളുടെ ഫലമായി വൈജ്ഞാനികവിപ്ലവത്തിന്റെ 'തിരപ്പുറപ്പാടിന്' വേദി ചമക്കപ്പെട്ടു.

മാക്യവെല്ലി ഇറ്റാലിയന്‍ ചാണക്യന്‍ എന്ന അദ്ധ്യായത്തില്‍ ഇറ്റലിയുടെ നവോത്ഥാനരംഗത്ത് ആ പ്രതിഭ പ്രസരിപ്പിച്ച ചിന്താദ്യുതി എങ്ങനെയൊക്കെ രാഷ്ട്രീയ - സാമൂഹിക രംഗങ്ങളില്‍ പ്രതിഫലിച്ചു എന്ന് വിശദീകരിക്കുന്നു. പ്രതിലോമകരമായ നിരവധി ചിന്തകള്‍ മാക്യവെല്ലിയുടേതായിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തെ മതാധിഷ്ടിതമായ പരിപ്രേക്ഷ്യത്തില്‍ നിന്നും മോചിപ്പിച്ച് ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കും പ്രായോഗിക ബുദ്ധിയിലേക്കും തിരിച്ചുവിടാനുള്ള ശ്രമത്തെ കാണാതിരുന്നുകൂട. മാക്യവെല്ലിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഗ്രന്ഥമായ ദ പ്രിന്സിനെക്കുറിച്ചു വിശദമായി ചര്ച്ച ചെയ്യാനാണ് ഈ അദ്ധ്യായം ഉപയോഗിച്ചിരിക്കുന്നത്. അവസാനത്തെ അദ്ധ്യായത്തില്‍ തോമസ് മൂറിനെക്കുറിച്ചും അദ്ദേഹത്തിന്റെ സൃഷ്ടിയായ ഉട്ടോപ്യയെക്കുറിച്ചും, ഇറാസ്മസിന്റെ ജീവിതത്തേയും, വിഡ്ഢിത്തത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് എന്ന പുസ്തകത്തേയും കുറിച്ച് ചര്‍ച്ച ചെയ്യുന്നു.

നാലാംഭാഗത്തില്‍ എട്ട് അദ്ധ്യായങ്ങളിലൂടെ മതനവീകരണപ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയെടുത്ത ഉദാത്തമായ ജീവിതസങ്കല്പനങ്ങളുടെ പ്രായോഗിഗപദ്ധതികള്‍ എങ്ങനെ നവോത്ഥാനപ്രക്രീയക്ക് ആക്കം കൂട്ടിയെന്ന് ചിന്തിക്കുന്നു. കരിങ്കോട്ടയിലെ സ്ഫോടനം, വേരുകള്‍ തായ്‌വേരുകള്‍ , എരിഞ്ഞടങ്ങിയ സാവറനോള : ജ്വലനം നിലക്കാത്ത ജോണ്‍ ഹുസ്, മതപരിഷ്കരണം ലൂഥര്‍ കാല്‍വിന്‍ സ്വിംഗ്ലി , നട്ടുച്ചക്ക് കൂരിരുട്ട് , പ്രോട്ടസ്റ്റന്റ് നവീകരണവും റോമന്‍ പ്രതികരണവും, മതയുദ്ധയുഗം ഇരുളും വെളിച്ചവും, മതനവീകരണം ഒരു നീക്കിബാക്കി പത്രം എന്നീ അദ്ധ്യായങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ ഗ്രന്ഥത്തിലെ തന്നെ ഏറ്റവും ഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് മതനവീകരണം എന്ന പേരിലുള്ള നാലാംഭാഗത്താണ്. മതത്തിന്റെ ഭ്രാന്തമായ പക്ഷപാതത്തില്‍ നിന്ന് സാമൂഹികനീതിയിലധിഷ്ടിതമായ ഒരവസ്ഥാവിശേഷം സൃഷ്ടിച്ചെടുക്കാന്‍ പ്രയത്നിച്ച പ്രതിഭാശാലികളെക്കുറിച്ച് ദീര്‍ഘമേറിയ ഈ ഭാഗത്ത് ക്രമാനുക്രമമായി വിവരിക്കുന്നു. കോപ്പര്‍നിക്കന്‍ യുഗം എന്ന അഞ്ചാംഭാഗത്തിലെ ഒന്നാം അദ്ധ്യായത്തില്‍ വൈജ്ഞാനികവിപ്ലവം എന്ത് ? എപ്പോള്‍ എന്നാണ് ചര്‍ച്ച ചെയ്യുന്നത്. ശാസ്ത്രകാരനായ ജോണ്‍ഗ്രിബിന്റെ നിഗമനം അനുസരിച്ച് വൈജ്ഞാനികവിപ്ലവം ആരംഭിക്കുന്ന 1543 ന് മുമ്പേ തന്നെ അതുവരെ വിവിധ ശാസ്ത്രമേഖലകളില്‍ അദ്വിതീയനായിരുന്ന ഗ്രീക്ക് ദാര്‍ശനികന്‍ അരിസ്റ്റോട്ടിലിന്റെ കാഴ്തപ്പാടുകളെ തകിടം മറിച്ചുകൊണ്ട് കോപ്പര്‍നിക്കസിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. അരിസ്റ്റോട്ടിലിയന്‍ ചിന്തകളെ തലങ്ങും വിലങ്ങും ഉല്ലംഘിക്കുന്ന ചിന്താധാരകളുടെ ഒരു പ്രവാഹമായിരുന്നു പിന്നീടുണ്ടായത്. പ്രകൃതിസത്യങ്ങളെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ അനാവരണം ചെയ്യുക എന്ന ആധുനികശാസ്ത്രാന്വേഷണരീതി അവലംബിക്കപ്പെട്ടു. ജോണ്‍ ഗ്രിബ്ബിനെ ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ ഇക്കാര്യങ്ങളെ ഇങ്ങനെ വെളിവാക്കുന്നു. "പ്രഥമശാസ്ത്രജ്ഞന്‍ എന്ന് ബിരുദം ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്ന ആള്‍ ഗലീലിയോ ഗലീലി ആണ്. ആധുനികശാസ്ത്രാന്വേഷണരീതി തന്റെ പ്രവര്‍ത്തനത്തില്‍ പ്രോയോഗിക്കുകമാത്രമല്ല തന്റെ പ്രയോഗത്തിന്റെ രൂപഭാവങ്ങള്‍ പൂര്‍ണമായും ഗ്രഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഈ ശാസ്ത്രാന്വേഷണരീതികളുടെ അടിസ്ഥാനനിയമങ്ങള്‍ ആവിഷ്കരിച്ച് തുടര്‍ന്ന് വരുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഈ അടിസ്ഥാനതത്വങ്ങളെ ആശ്രയിച്ചുകൊണ്ട് ഗലീലിയോ നടത്തിയ വൈജ്ഞാനികപ്രവര്‍ത്തനം അതീവപ്രാധാന്യം അര്‍ഹിക്കുന്നുണ്ട് ".

കോപ്പര്‍നിക്കന്‍ പ്രോത്ഘാടനം എന്ന അദ്ധ്യായം മുതല്‍ കാമ്പനെല്ല : പുതുയുഗത്തിന്റെ മണിമുഴക്കം എന്ന അദ്ധ്യായം വരെ ശാസ്ത്രചരിത്രത്തിലെ അനിര്‍വചനീയമായ ഗതിവിഗതികളെ നോക്കിക്കാണുകയും ചലനം സൃഷ്ടിച്ച വിജ്ഞാനികളേയും അവരുടെ സംഭാവനകളേയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. വെസേലിയൂസ്, ടൈക്കോ ബ്രാഹെ കെപ്ലര്‍, കാമ്പനെല്ല , ബ്രുണോ, മഗല്ലന്‍, മാര്‍ക്കോപോളോ, പാരസെല്സസ്, ഗാലെന്‍ തുടങ്ങിയ മഹാരഥന്മാരുടെ നവോന്മേഷദായകമായ ചിന്താപദ്ധതികളേയും ആവിഷ്കരണങ്ങളേയും വിശദമായിത്തന്നെ പരിഗണിക്കുന്നു. ഫെര്‍ണലിന്റെ ചിന്ത ആ തലമുറ എത്രമാത്രം സ്വാതന്ത്ര്യകാംക്ഷികളായിരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട് . "നമ്മുടെ കാരണവന്മാരും അവരുടെ കാരണവന്മാരും അവര്ക്ക് മുമ്പുണ്ടായിരുന്ന മാര്‍ഗങ്ങള്‍ പിന്തുടരുകതന്നെയാണ് ചെയ്തിരുന്നതെങ്കില്‍ എന്താകുമായിരുന്നു ഫലം? അല്ല, നേരെ മറിച്ച് പുതിയമാര്‍ഗങ്ങളും പദ്ധതികളും സ്വീകരിക്കുകയാണ് ദാര്‍ശനികര്‍ക്ക് ഉചിതം. സ്വന്തം അഭിപ്രായത്തെ പ്രകടിപ്പിക്കുവാന്‍ കഴിയാത്തവരെ വിലക്കുവാന്‍ പിന്തിരിപ്പന്മാരുടെ ശബ്ദത്തേയോ പ്രാചീനസംസ്കാരത്തിന്റെ ഭാരത്തേയോ അധികാരത്തിന്റെ ശക്തിയേയോ അനുവദിക്കരുത്. എന്നാല്‍ മാത്രമേ ഓരോ യുഗവും അതിന്റേതായ പുത്തന്‍ ഗ്രന്ഥകാരന്മാരേയും പുതിയ കലാവിദ്യകളേയും പുറത്തുകൊണ്ടുവരികയുള്ളു." എത്രമാത്രം ശക്തമായ സ്വാതന്ത്ര്യാഭിവാഞ്ജയാണ് നവോത്ഥാനനായകര്‍ പോറ്റിപ്പുലര്‍ത്തിപ്പോന്നതെന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു.

ഗലീലിയന്‍ കുതിച്ചുചാട്ടം എന്ന ആറാമത്തെ ഭാഗത്ത്, ഗലീലിയോ വൈജ്ഞാനിക ചക്രവാളത്തിലെ വെള്ളിനക്ഷത്രം, യെപ്പൂര്‍ സി മൂവ്, ശാസ്ത്രത്തിന്റെ രീതിവിജ്ഞാനീയം : ബേക്കണും ദെക്കാര്‍ത്തും, സാമൂഹ്യവിപ്ലവം 1 ഡച്ച് സമരം, സാമൂഹ്യവിപ്ലവം 2 ഇംഗ്ലണ്ട്, സംവേദനം വിനിമയം കൂട്ടായ്മ, വൈജ്ഞാനികവികാസത്തിന്റെ സര്‍ഗ്ഗപ്രതിഭ : ഫ്രാങ്കോ സ്പാനിഷ് സര്‍ഗധാര, ആംഗലസാമ്രാജ്യം : സാഹിത്യവും രാഷ്ട്രീയവും എന്നീ അദ്ധ്യായങ്ങളാണ് ഉള്ളത്. 1564 ല്‍ ജനിച്ച ഗലീലിയോയുടെ ജീവിതകഥയില്‍ നിന്നാരംഭിച്ച്, ആംഗലസാമ്രാജ്യത്തിന്റെ സാഹിത്യസംഭാവനകളിലേക്ക് വരെ എത്തിനില്ക്കുന്ന ഈ ഭാഗം വൈജ്ഞാനികചരിത്രത്തിലെ അത്ഭുതകരമായ ഒരു കാലഘട്ടത്തെയാണ് അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്. രണ്ടദ്ധ്യായങ്ങളുടെ സഹായത്തോടെ ഗലീലിയോയുടെ കാലാനുക്രമമായ ഒരു ജീവിതരേഖ അവതരിപ്പിച്ചതിനുശേഷം ശാസ്ത്രത്തിന്റെ രീതീവിജ്ഞാനീയം : ബേക്കണും ദെക്കാര്‍ത്തും എന്ന ലേഖനത്തിലേക്ക് കടക്കുന്നു. ഫ്രാന്സിസ് ബേക്കണെ പ്രഥമശാസ്ത്രദാര്‍ശനികനായി അവതരിപ്പിച്ചുകൊണ്ട് പി.ജി ഇങ്ങനെ എഴുതുന്നു :- നിരീക്ഷണപരീക്ഷണങ്ങളിലൂടെയല്ലാതെ പരമ്പരാഗതവിശ്വാസങ്ങളേയും പൂര്‍വസൂരികളുടെ വചനങ്ങളേയും ആസ്പദമാക്കി സത്യം കണ്ടെത്താനാവില്ലെന്ന് ഫ്രാന്സിസ് ബേക്കണ്‍ വിശ്വസിച്ചിരുന്നു. ( റോജര്‍ ബേക്കണ്‍ ഈ ചിന്തയുടെ ഒരു സഹയാത്രികനായിരുന്നു. ) ഫ്രാന്സിസ് ബേക്കണ്‍ന്റെ ദി അറ്റ്‌ലാന്‍റ്റിസ്സ് എന്ന കൃതി എങ്ങനെയല്ലാം മുന്കാല സാമൂഹ്യവ്യവസ്ഥിതിയിലെ വൈകല്യങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നു എന്ന് വിശദമാക്കുന്നു.

615 പേജുകളിലൂടെ വിശദമായി വിവരിക്കപ്പെട്ട ശാസ്ത്രചരിത്രത്തിന്റെ അവസനാത്തേതും ഏഴാമത്തേതുമായ ഭാഗമാണ് വൈജ്ഞാനികവിജയവൈജയന്തി. സര്‍ ഐസക് ന്യൂട്ടന്റെ സംഭാവനകളെക്കുറിച്ചും അദ്ദേഹത്തിന് മുന്കാലത്ത് വഴിയൊരുക്കിയവരെക്കുറിച്ചും ഈ ഭാഗം ചര്‍ച്ച ചെയ്യുന്നു. ഒന്നാമത്തെ അദ്ധ്യായത്തിന്റെ പേര് തന്നെ ന്യൂട്ടന് വഴിയൊരുക്കിയവര്‍ എന്നാണ്. ശാസ്ത്രം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ലെന്നും ദീര്‍ഘവും അതികഠിനവുമായ ഒരു കാലഘട്ടത്തിന്റെ ഗംഭീരമായ ചരിത്രമാണ് അതിനുള്ളതെന്നും വ്യക്തമാക്കുന്ന ഈ അദ്ധ്യായം കൃസ്ത്യന്‍ ഹ്യൂജന്സിനേയും റോബര്‍ട്ട് ഹുക്കിനേയും പിയറി ഗാസന്റിയേയും എഡ്മണ്ട് ഹാലിയേയുമൊക്കെത്തന്നെ വെളിച്ചത്തിലേക്ക് കൊണ്ടുവന്ന് അവരുടെ സംഭാവനകളെ സമഗ്രമായിത്തന്നെ ചര്‍ച്ചക്കുവെക്കുന്നുണ്ട്. മുമ്പേതന്നെ ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞ കാര്‍ട്ടീഷ്യന്‍ ദ്വൈതവാദത്തെ (അതായത് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് രണ്ടുതരം വസ്തുക്കളെക്കൊണ്ടാണെന്നുള്ള സങ്കല്പനത്തെ [ഒന്ന് ജീവവസ്തു, മറ്റേത് അജീവവസ്തു ] ) ഇതരശാസ്ത്രജ്ഞര്‍ എങ്ങനെയൊക്കെ നിരാകരിച്ചുവെന്ന് വീണ്ടും ഇവിടെ ചര്ച്ചചെയ്യുന്നു.

കാലത്തിന് മുമ്പേ നടന്ന ആശയങ്ങളുടെ യുഗത്തെ അനിതരസാധാരണമായ പാടവത്തോടുകൂടി ആവിഷ്കരിച്ചു എന്നതാണ് ഈ കൃതിയെ പരായണയുക്തമാക്കുന്നത്. യുക്തിഭദ്രമായ ഒരു പ്രായോഗികഭാഷയാണ് ഗ്രന്ഥകാരന്‍ അവലംബിക്കുന്നതെങ്കിലും ഒരിക്കല്‍ പോലും അത് ദുര്‍ഗ്രഹമാകുന്നില്ല. ചിന്തയുടെ തെളിമയാര്‍ന്ന വ്യാപ്തി ഓരോ ഖണ്ഡികയിലും പ്രതിഫലിക്കുന്നുണ്ട്. പി.ജി, പക്ഷേ അവതാരികയില്‍ പറഞ്ഞപോലെതന്നെ ഓരോ അദ്ധ്യായവും സ്വതന്ത്രമായി വായിക്കാന്‍ കഴിയുന്ന തരത്തിലാണ് പുസ്തകത്തിന്റെ സംവിധാനക്രമമെന്നതുകൊണ്ട് ചുരുക്കം ചില സ്ഥലങ്ങളില്‍ ആശയങ്ങളുടെ ആവര്‍ത്തനം കണ്ടേക്കാം. പക്ഷേ തുടര്‍ച്ചയായ ഒരു വായനാക്രമം അനുവര്‍ത്തിക്കേണ്ടതില്ലാത്ത തരത്തിലായതുകൊണ്ട് ആശയങ്ങളുടെ ആവര്‍ത്തനം നമ്മുടെ വായനയെ തടസ്സപ്പെടുത്തുന്നില്ല. ഓരോ അദ്ധ്യായവും സ്വതന്ത്രങ്ങളാണ് എന്നതുതന്നെയാണ് ഈ ഗ്രന്ഥത്തിന്റെ നേട്ടം, ഒരു പക്ഷേ കോട്ടവും. എന്തായാലും മലയാളത്തിന് അത്യമൂല്യമായ ഒരു മുതല്‍ക്കൂട്ടാണ് ഈ ഗ്രന്ഥമെന്ന് നിസ്സംശയം പറയാം. കേരള ഭാഷാഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ വില 320 രൂപയാണ്.

Sunday, November 13, 2011

സുരക്ഷയുടെ പാഠങ്ങള്‍

പുസ്തകം : സുരക്ഷയുടെ പാഠങ്ങള്‍
രചയിതാവ് : മുരളി തുമ്മാരുകുടി
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌

അവലോകനം : ബിജു.സി.പി


റിപ്പാത്രം അടുപ്പത്തു വെച്ചിട്ട്‌ കറിവേപ്പില എടുക്കാന്‍ ടെറസിനു മുകളില്‍ കയറിയ വീട്ടമ്മ അവിടെ നിന്നു തെന്നിവീണ്‌ ജനലിന്റെ ഷെഡ്ഡില്‍ തലയിടിച്ച്‌ മരിച്ചു. വാട്ടര്‍ ടാങ്ക്‌ വൃത്തിയാക്കിയിട്ട്‌ പൈപ്പില്‍ പിടിച്ച്‌ താഴേക്കിറങ്ങിയ വീട്ടമ്മ പൈപ്പ്‌ ഒടിഞ്ഞ്‌ വീണ്‌ മരിച്ചു.. കല്യാണനിശ്ചയത്തിനു പോകാന്‍ ഷര്‍ട്ട്‌ ഇസ്‌തിരിയിട്ടുകൊണ്ടിരുന്ന പ്രതിശ്രുതവരന്‍ ഷോക്കേറ്റു മരിച്ചു... ഇങ്ങനെ വലിയ അപകടങ്ങളും മരണങ്ങളും പലപ്പോഴും വീട്ടില്‍ത്തന്നെ പതിയിരിക്കുന്നുണ്ടാവും. മിക്കപ്പോഴും അശ്രദ്ധയും അലക്ഷ്യമനോഭാവവുമാണ്‌ അപകടങ്ങളിലേക്കു വഴി തുറക്കുന്നത്‌. മുറ്റത്തെ തെങ്ങില്‍ ഉണങ്ങിയ തേങ്ങയോ ഓലമടലുകളോ ഉണ്ടെങ്കില്‍ അവ വെട്ടിയിറക്കുന്നതു വരെ ആരും തെങ്ങിന്‍ ചുവട്ടിലേക്കു പോകാതിരിക്കുക തന്നെ വേണം. കാരണം ജീവനെക്കാള്‍ വിലയുള്ളതൊന്നുമില്ല നമുക്ക്‌. ജീവന്‍ രക്ഷിക്കാനുള്ള ഏറ്റവും നല്ല വഴി ശരിയായ സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കുക എന്നതു തന്നെയാണ്‌. എന്നാല്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ കാര്യമായ ശ്രദ്ധപുലര്‍ത്തുന്നവര്‍ അത്രയധികമൊന്നുമില്ല.

ഓരോ സമയത്തും സന്ദര്‍ഭത്തിലും പുലര്‍ത്തേണ്ട സുരക്ഷാ പാഠങ്ങളെന്തൊക്കെ എന്നു പോലും നമുക്ക്‌ അറിയില്ല. സുരക്ഷയുടെ ശാസ്‌ത്രീയ വഴികളും സാങ്കേതിക ജ്ഞാനവും വിവരിക്കുന്ന മികച്ച പുസ്‌തകമാണ്‌ മുരളി തുമ്മാരുകുടി രചിച്ച സുരക്ഷയുടെ പാഠങ്ങള്‍. തികച്ചും അനൗപചാരികമായും അനായാസമായും ഒരു കഥ പറയുന്ന കൗതുകത്തോടെയും നര്‍മമധുരമായുമാണ്‌ തുമ്മാരുകുടി കാര്യങ്ങള്‍ വിശദീകരിക്കുന്നത്‌. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യു.എന്‍.ഇ.പി. ദുരന്തനിവാരണവിഭാഗം തലവനാണ്‌ ഡോ.മുരളി തുമ്മാരുകുടി. കാണ്‍പൂര്‍ ഐഐടിയില്‍ നിന്ന്‌ സുരക്ഷാശാസ്‌ത്രത്തില്‍ ഡോക്ടറേറ്റ്‌ നേടിയ തുമ്മാരുകുടി നാല്‌പതിലധികം രാജ്യങ്ങളില്‍ ദുരന്തപുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവപരിചയവുമുള്ളയാളാണ്‌. പെരുമ്പാവൂരിനടുത്ത്‌ വെങ്ങോലയിലെ സ്വന്തം നാട്ടിടവഴികളില്‍ നിന്ന്‌ സ്വിറ്റസര്‍ലന്‍ഡിലേക്കും ശ്രീലങ്കയിലേക്കും അമേരിക്കയിലേക്കുമൊക്കെ അനായാസം സഞ്ചരിക്കുകയും അനുഭവങ്ങള്‍ പങ്കു വെക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ വിശ്രുതമായൊരു കൃതിയിലെ രസകരമായൊരു കഥ പറഞ്ഞുകൊണ്ടാവും സുരക്ഷാകാര്യങ്ങളില്‍ നാം പാലിക്കേണ്ട ജാഗ്രതയെക്കുറിച്ച്‌ ഓര്‍മിപ്പിക്കുന്നത്‌. അതേ സമയം ലഭ്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ ശാസ്‌ത്രീയ വിവരണത്തിന്റെ രീതിശാസ്‌ത്രമാണ്‌ അടിസ്ഥാനപരമായി സ്വീകരിക്കുന്നത്‌.

വീട്ടിലെ സുരക്ഷാകാര്യങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതാണ്‌ ആദ്യ ലേഖനം. റോഡുകളിലും ഡ്രൈവിങ്ങിലും പാലിക്കേണ്ട സുരക്ഷാകാര്യങ്ങള്‍, വെള്ളത്തിലിറങ്ങുമ്പോള്‍ വേണ്ട ജാഗ്രതകള്‍, തീവണ്ടിയില്‍ സുരക്ഷിതമായി യാത്രചെയ്യാന്‍ എന്തൊക്കെ സുരക്ഷാകാര്യങ്ങള്‍ ശ്രദ്ധിക്കണം,തൊഴില്‍ സ്ഥലങ്ങളിലെ സുരക്ഷാകാര്യങ്ങള്‍ എങ്ങനെയൊക്കെ ആയിരിക്കണം, തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ്‌ വിശദമായി വിവരിക്കുന്നത്‌. സ്വന്തം സുരക്ഷ ഉറപ്പാക്കുക എന്ന പ്രാഥമിക കാര്യം നന്നായി ചെയ്യാന്‍ കഴിയുന്നവര്‍ക്കേ മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ എന്ന വസ്‌തുത ഇടയ്‌ക്കിടെ ഓര്‍മിപ്പിക്കുന്നുണ്ട്‌ ഗ്രന്ഥകാരന്‍. ഒരു പുതിയ രക്ഷാസംസ്‌കാരത്തിലേക്ക്‌ നമുക്ക്‌ എത്തേണ്ടതുണ്ട്‌. അതിനു വേണ്ടത്‌ നഴ്‌സറിക്ലാസ്സു മുതലുള്ള കുട്ടികള്‍ക്ക്‌ സുരക്ഷയുടെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയും പഠിപ്പിക്കുകയും വേണമെന്ന്‌ നമ്മെ ബോധ്യപ്പെടുത്തുന്നു.

ആറ്റിലേക്ക്‌ അച്യുതാ ചാടല്ലേ ചാടല്ലേ എന്ന്‌ ആരൊക്ക പിന്‍വിളി വിളിച്ചാലും അതൊന്നും മൈന്‍ഡ്‌ ചെയ്യാതെ വരുന്നതു വരട്ടെ എന്ന മട്ടില്‍ പോകുന്നതാണ്‌ നമ്മുടെ രീതി. ഏതോ ദിവ്യശക്തി വന്ന്‌ കാത്തുകൊള്ളും എന്നായിരിക്കാം വിശ്വാസം. പക്ഷേ, മരണത്തിന്റെയോ വലിയ ദുരിതങ്ങളുടെയോ വഴിയിലായിരിക്കും ചെന്നു പെടുക എന്നു മാത്രം. സുരക്ഷ നമുക്ക്‌ ഒരു ശീലമേയല്ല. സുരക്ഷിതത്വം ഒരു ജീവിതരീതിയാക്കി മാറ്റണമെന്നു നിര്‍ദേശിക്കുന്ന പുസ്‌തകം അതിലേക്കുള്ള വഴികളും വിവരിക്കുന്നു. ഇക്കാര്യങ്ങളൊക്കെ നമുക്ക്‌ അറിയാവുന്നതാണല്ലോ എന്ന്‌ ചിലപ്പോള്‍ തോന്നിയേക്കാം. അറിയാവുന്ന കാര്യങ്ങളൊന്നും പക്ഷേ, പ്രയോഗിക്കാറില്ല എന്നതാണ്‌ നമ്മുടെ ദുരന്തം. അതുകൊണ്ടു തന്നെ സുരക്ഷയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും സുരക്ഷാവഴികളിലേക്കുള്ള കൈചൂണ്ടിയുമാണ്‌ ഈ പുസ്‌തകം. ഓരോ അധ്യായത്തിനുമൊടുവില്‍ പ്രധാനപ്പെട്ട സുരക്ഷാപാഠങ്ങള്‍ പ്രത്യേകമായി സംഗ്രഹിച്ചു നല്‍കിയിട്ടുണ്ട്‌. സുരക്ഷാവിജ്ഞാനത്തില്‍ അധിക വായനയക്കു വേണ്ട വിഭവങ്ങള്‍ എവിടെ ലഭിക്കുമെന്ന വിവരങ്ങളും നല്‍കുന്നു. തികച്ചും സാങ്കേതിക വിജ്ഞാനത്തിന്റെ സ്വഭാവമുള്ള കാര്യങ്ങള്‍ രസകരമായ വായനാനുഭവമായി അവതരിപ്പിക്കുന്നു എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ സവിശേഷത.


Thursday, November 10, 2011

ഗുല്‍മോഹര്‍

പുസ്തകം : ഗുല്‍മോഹര്‍
രചയിതാവ്
: ദീദി ദാമോദരന്‍
പ്രസാധകര്‍
: ഡി.സി.ബുക്ക്സ്
അവലോകനം
: കുഞ്ഞിക്കണ്ണന്‍ വാണിമേല്‍


തിരക്കഥയ്‌ക്ക്‌ നിരവധി നിര്‍വ്വചനങ്ങളുണ്ട്‌. കാഴ്‌ചപ്പാടിന്റെയും സമീപനത്തിന്റെയും അടിസ്ഥാനത്തില്‍ വൈവിധ്യവും. തിരശ്ശീലയ്‌ക്ക്‌ അനുയോജ്യമായി കഥയെ രൂപപ്പെടുത്തലാണ്‌ തിരക്കഥയെന്ന്‌ സാമാന്യമായി വിശേഷിപ്പിക്കാം. തിരക്കഥാസാഹിത്യത്തെ സംബന്ധിച്ചും വ്യത്യസ്‌ത വിലയിരുത്തലുകള്‍ സ്വാഭാവികം. ഇത്തരം കാര്യങ്ങള്‍ മാനദണ്‌ഡമാക്കി തിരക്കഥകളെ വിലയിരുത്തുന്ന പ്രവണത മലയാളത്തില്‍ അടുത്തിടെയാണ്‌ സജീവമായത്‌. എണ്‍പത്‌ വയസ്സ്‌ പിന്നിട്ട മലയാളസിനിമയിലെ തിരക്കഥകളുടെ പുസ്‌തകരൂപത്തിലേക്കുള്ള പരകായപ്രവേശത്തിന്‌ ആക്കംകൂടിയത്‌ സിനിമ പാഠപുസ്‌തകങ്ങളില്‍ ഇടംനേടിയതോടുകൂടിയാണ്‌. മുമ്പ്‌ മലയാളത്തില്‍ തിരക്കഥാപുസ്‌തകങ്ങളുണ്ടായത്‌ എം.ടി.യുടെയും പത്മരാജന്റെയുമാണ്‌. അവയോടുചേര്‍ന്നു നിന്നത്‌ സത്യജിത്‌ റായിയുടെ ഏതാനും തിരക്കഥകളുടെ വിവര്‍ത്തനങ്ങളും വിജയകൃഷ്‌ണന്‍ വിവര്‍ത്തനം ചെയ്‌ത വിശ്വോത്തര സിനിമകളുടെ തിരക്കഥകളും നിസ്സാര്‍ അഹ്‌മദ്‌ എഡിറ്റുചെയ്‌ത മലയാളത്തിലെ പരീക്ഷണചിത്രങ്ങളുടെ തിരഭാഷകളുമാണ്‌. ഇത്‌ തിരക്കഥാ പുസ്‌തകങ്ങളുടെ വസന്തകാലമാണ്‌. എല്ലാവിഭാഗം സിനിമകളുടെയും തിരക്കഥകള്‍ ചിത്രങ്ങളുടെ പ്രദര്‍ശനത്തോടനുബന്ധിച്ചോ, പ്രദര്‍ശനത്തിനു മുമ്പുതന്നെയോ പുസ്‌തകരൂപത്തില്‍ പുറത്തിറങ്ങുന്നു. തിരക്കഥകള്‍ ഏതാനും എഴുത്തുകാരുടെ ക്രെഡിറ്റില്‍ നിന്നും ജനകീയദശയിലേക്ക്‌ പ്രവേശിച്ചതും അടുത്തകാലത്താണ്‌. ഈ മാറ്റങ്ങളൊക്കെ മലയാളസിനിമയുടെ നേട്ടമോ, കോട്ടമോ എന്ന്‌ മലയാളിയുടെ കാഴ്‌ചയും വായനയും വിലയിരുത്തപ്പെടേണ്ടിയിരുക്കുന്നു. തിരക്കഥയുടെ പുസ്‌തകരൂപത്തിലേക്കുള്ള കുടിയേറ്റത്തെപ്പറ്റി ഇവിടെ സൂചിപ്പിച്ചത്‌ ഡി. സി. ബുക്‌സ്‌ പ്രസിദ്ധീകരിച്ച ദീദി ദാമോദരന്റെ `ഗുല്‍മോഹര്‍' എന്ന പുസ്‌തകം വായനയ്‌ക്കു മുന്നിലുള്ളതു കൊണ്ടാണ്‌.

``എഴുതപ്പെടുന്ന വാക്കുകള്‍, സാഹിത്യത്തില്‍ അന്തിമമാണ്‌. പിന്നീടുള്ള അതിന്റെ വളര്‍ച്ചയും വികാസവുമെല്ലാം വായനക്കാരന്റെ മനസ്സിലാണ്‌. തിരക്കഥയില്‍ അങ്ങനെയല്ല. ഫിലിമിലേക്കു പകര്‍ത്തിയതിനുശേഷംപോലും അതില്‍ വെട്ടിത്തിരുത്തലുകള്‍ ഉണ്ടാവുക അതിസാധാരണമാണ്‌. എഴുതുന്ന വരികള്‍ പലപ്പോഴും ലൊക്കേഷനുകളില്‍ ആവശ്യമില്ലാതെ വരുന്നു. എഡിറ്റിംഗ്‌ ടേബിളില്‍ അവയില്‍ പലതും അര്‍ത്ഥശൂന്യമായി മാറുന്നു''- ( പത്മരാജന്‍- പത്മരാജന്റെ തിരക്കഥകളുടെ മുഖക്കുറിപ്പ്‌) എന്നിങ്ങനെ തിരക്കഥാകൃത്തിന്റെ നിയോഗത്തെപ്പറ്റിയാണ്‌ പത്മരാജന്‍ പറഞ്ഞുവച്ചത്‌. ഒരര്‍ത്ഥത്തില്‍ തിരക്കഥയും സാഹിത്യവും തമ്മിലുള്ള താരതമ്യപ്പെടുത്തലുമാണിത്‌. മലയാളത്തില്‍ ഒട്ടേറെ സാഹിത്യകൃതികള്‍ക്കും തിരക്കഥകള്‍ക്കും പത്മരാജന്‍ സൂചിപ്പിച്ച വിഷമവൃത്തത്തില്‍ നിന്നും കരകയറാനും സാധിച്ചിട്ടില്ലെന്ന്‌ സിനിമകളില്‍ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഈ പശ്ചാത്തലത്തില്‍ വേണം ദീദി ദാമോദരന്റെ `ഗുല്‍മോഹറി'നെ സമീപിക്കേണ്ടത്‌. ദീദിയുടെ വാക്കുകള്‍ക്ക്‌ അതിന്റെ സാഹിതീയമൂല്യത്തിന്‌ വലിയ കോട്ടം സംഭവിക്കാതെ തിരശ്ശീലയിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന്‌ ജയരാജിന്റെ ആവിഷ്‌കാരം വ്യക്തമാക്കിയിട്ടുണ്ട്‌. തിരശ്ശീലയുടെ ക്രമാനുബന്ധം തിരിച്ചറിഞ്ഞ്‌ തിരക്കഥ ഒരുക്കുമ്പോള്‍ രചയിതാവിന്‌ നേടിയെടുക്കാന്‍ സാധിക്കുന്ന വിജയം ദീദി കൈവരിച്ചതും മറ്റൊന്നല്ല.

ഒരു കൂട്ടം ചെറുപ്പക്കാര്‍ അനീതിക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ്‌ ഗുല്‍മോഹറില്‍ ദീദി ദാമോദരന്‍ പറയുന്നത്‌. അവരില്‍ കൂട്ടംതെറ്റിമേയുന്നവരുണ്ട്‌. എങ്കിലും അവരുടെ ലക്ഷ്യം ഒന്നാണ്‌. അരുണും ഹരികൃഷ്‌ണനും അന്‍വറും ഗായത്രിയും ഇന്ദുചൂഡനും റഷീദും എല്ലാം പ്രക്ഷുബ്‌ധതയുടെ വേനലിലൂടെയാണ്‌ നടക്കുന്നത്‌. വിപ്ലവം സ്വപ്‌നം കാണുന്ന കുറെ മനസ്സുകളുടെ ഘോഷയാത്ര. കഥയും കഥാഗതിയും തീക്ഷ്‌ണതയോടെ പറയുന്നതില്‍ തിരക്കഥാകൃത്ത്‌ കൈയൊതുക്കം നേടിയിട്ടുണ്ട്‌. ഫ്‌ളാഷ്‌ ബാക്കില്‍ കഥയുടെ ചുരുള്‍നിവരുമ്പോള്‍ കേരളത്തിലെ നക്‌സല്‍ കലാപങ്ങളുടെ മണവും നിറവും ചിത്രത്തിനും ദൃശ്യഭാഷക്കും വന്നുചേരുന്നു. തിളക്കുന്ന യൗവ്വനങ്ങളുടെ വിപ്ലവും പ്രണയവും ഇഴചേര്‍ന്നു നില്‍ക്കുന്ന കഥ. പ്രേക്ഷകന്റെ മനസ്സില്‍ കനലുകോരിയിടുന്ന സംഭാഷണങ്ങള്‍. ഹൃദയത്തില്‍ സ്‌പര്‍ശിക്കുന്ന പ്രണയമൊഴികള്‍. എല്ലാം കൂട്ടുചേരുമ്പോഴും എഴുത്തിന്റെ കാര്‍ക്കശ്യം ചോര്‍ന്നുപോകുന്നില്ല എന്നതാണ്‌ ദീദി ഒരുക്കിയ തിരക്കഥയുടെ മികവ്‌. ഇന്ദുചൂഡനോട്‌ ഗായത്രി ഒരിക്കല്‍ പറഞ്ഞു: ?മറുപടി എന്തായാലും എന്റെ പ്രേമം അവസാനിക്കുകയില്ല. ഋതുഭേദങ്ങള്‍ വകവയ്‌ക്കാതെ ഞാനീ ഗുല്‍മോഹര്‍ ചുവട്ടില്‍ കാത്തിരിക്കും. കൊടും വേനല്‍ച്ചൂടില്‍ വിയര്‍ക്കുമ്പോഴും മഴ നനയുമ്പോഴും ഓര്‍ക്കുക ഇവിടെ ഈ മരച്ചുവട്ടില്‍ ഒരാള്‍ കാത്തിരിപ്പുണ്ടെന്ന്‌.'' കഥയുടെ ആരോഹണാവരോഹണത്തില്‍ ഇന്ദുചൂഡന്‍ തലയില്‍ മണ്ണെണ്ണ ഒഴിച്ച്‌ പ്രഖ്യാപിക്കുന്നു: ?ഇതൊരു തോറ്റ ജനതയാണ്‌. ഇവരെ ഇനിയും തോല്‍പിക്കാന്‍ ആവില്ല നിങ്ങള്‍ക്ക്‌.'

മലയാളത്തിലെ നിരവധി സിനിമകളില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചേക്കും. പക്ഷേ, അവയില്‍ നിന്നും ഗുല്‍മോഹറും അതിന്റെ തിരഭാഷയും വേറിട്ടുനില്‍ക്കുന്നത്‌ ആഖ്യാനത്തില്‍ പുലര്‍ത്തുന്ന സൂക്ഷ്‌മതയാണ്‌. ഒരേ തൂവല്‍പക്ഷികളുടെ കഥ തിരക്കഥയാക്കി മാറ്റുന്നിടത്ത്‌ മാധ്യമത്തിന്റെ കരുത്തം പരിമിതിയും ദീതി മനസ്സിലാക്കിയിട്ടുണ്ട്‌. വാക്കുകള്‍ ദൃശ്യങ്ങളായി പുനര്‍ജ്ജനിക്കുമ്പോള്‍ വന്നുചേരാനിടയുള്ള വിള്ളലുകള്‍ പരമാവധി അതിവര്‍ത്തിക്കുന്ന തിരക്കഥകളിലൊന്നാണ്‌ ദീദിയുടെ ഗുല്‍മോഹര്‍.സിനിമയുടെ അരങ്ങിലെന്നപോലെ അണിയറയിലും സ്‌ത്രീ സാന്നിദ്ധ്യം ശക്തമാകുന്നതിന്റെ അടയാളമാണ്‌ ദീദി ഒരുക്കിയ തിരക്കഥ. സീന്‍25-ല്‍ ഇന്ദുചൂഡന്‍ പറയുന്നു: ?അതിതുവരെ മനസ്സിലായിട്ടില്ലേ ഗായത്രിക്ക്‌. ഞങ്ങള്‍ ആണുങ്ങള്‍ എന്ത്‌ വിപ്ലവം പ്രസംഗിക്കുമ്പോഴും ഞങ്ങളുടെ ചൊല്‍പ്പടിക്ക്‌ നില്‍ക്കുന്ന ഒരു പെണ്ണിനെ ഞങ്ങള്‍ വീടിനുള്ളില്‍ ആഗ്രഹിക്കും. പുരോഗമനവാദത്തിന്റെ അസ്‌കിതയില്ലാത്ത ഒരടുക്കളക്കാരിയെ.'' സ്‌ത്രീശാക്തീകരണത്തിന്റെ കാലത്തുപോലും മലയാളസിനിമയിലെ സ്‌ത്രീകഥാപാത്രങ്ങള്‍ സംസാരിക്കുന്നതും അവര്‍ക്ക്‌ സമൂഹത്തില്‍ ലഭിക്കുന്ന ഇടങ്ങളും ഓര്‍മ്മപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങള്‍ ഗുല്‍മോഹര്‍ വരച്ചിടുന്നു. ചിത്രത്തിലൊരിടത്ത്‌ ഇന്ദുചൂഡന്‍ സന്ദേഹിക്കുന്നതുപോലെ ?ആര്‍ക്കാണ്‌ തെറ്റുപറ്റിയതെന്ന്‌ ആര്‍ക്കറിയാം.? പരമ്പരാഗത തിരക്കഥാ രചനകള്‍ പിന്തുടരുന്ന സാമാന്യബോധത്തിന്‌ ആഴത്തില്‍ മുറിവേല്‍പിക്കുന്ന സമീപകാല മലയാള തിരക്കഥകളില്‍ ഏറെ ശ്രദ്ധേയമാണ്‌ ഗുല്‍മോഹര്‍. കഥയും കഥാപാത്രങ്ങളും അവരുടെ പ്രശ്‌നങ്ങളും പഠിച്ചറിഞ്ഞ്‌ ദൃശ്യാഖ്യാനത്തിന്‌ പാകമാകുന്ന ശൈലിയില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. കാഴ്‌ചയിലും വായനയിലും സുതാര്യമാണ്‌ ഗുല്‍മോഹര്‍. തിരഭാഷയുടെ സൗന്ദര്യവും കരുത്തും ഒത്തിണങ്ങിയ ഈ പുസ്‌തകം തിരക്കഥാ രചനയിലും സ്‌ത്രീ മുന്നേറ്റത്തിന്റെ നാളുകളിലേക്ക്‌ ചേര്‍ത്തുവായിക്കാന്‍ ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രയോജനപ്പെടും. (വില- 90 രൂപ)


Monday, November 7, 2011

സാന്‍ഡ്‌ വിച്ച്


പുസ്തകം : സാന്‍ഡ്‌ വിച്ച്
രചയിതാവ് : സിന്ധു മനോഹരന്‍
പ്രസാധനം : മാതൃഭൂമി ബുക്സ്
അവലോകനം : രാജേഷ് ചിത്തിര


2007 ലെ മാതൃഭുമി ബുക്സ് നടത്തിയ നവാഗതരുടെ നോവല്‍ രചനാ മത്സരത്തില്‍ പ്രസിദ്ധീകരണാർഹമായതാണ് ഈ കൃതി. വേണ്ടത്ര നിരൂപക ശ്രദ്ധ കിട്ടാതെ പോയി അല്ലെങ്കില്‍ ഒരു പക്ഷെ കാലം തെറ്റി വന്ന എന്നു കരുതേണ്ട (ഓ.വി വിജയന്‍റെ ഖസാക്ക് ഉദാഹരണം) ഈ നോവലിന്റെ മുഖവുരയില്‍ ശ്രി.ഓ.കെ ജോണി പറയും പോലെ ഗതാനുഗത്വത്തില്‍ നിന്ന് സ്വയം മോചിപ്പിക്കപ്പെട്ട ഒരെഴുത്തുകാരിയുടെ സ്വാതന്ത്ര്യബോധത്തിന്റെ അടയാളമായി വായിക്കപ്പെടെണ്ടത് തന്നെയാണ് കാവ്യഭംഗിയുള്ള ഈ നോവല്‍.

നാലു ചുമരുകളുടെ ചുറ്റളവില്‍ അവധിക്കാലം കളിച്ചു തീര്‍ക്കുന്ന പ്രവാസി കുഞ്ഞുങ്ങളുടെ ഒന്നും ഓര്‍മിക്കാന്‍ ബാക്കിയില്ലാത്ത ഒഴിവുകാലത്തില്‍ നിന്ന് തുടുങ്ങുന്ന നോവല്‍ ഒരു ശരാശരി പ്രവാസിയുടെ പ്രത്യേകിച്ചൊന്നും രേഖപ്പെടുത്താനില്ലാത്ത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാവുന്നു.ജോലിയന്ന്വേഷനതിനിടയില്‍ വീട്ടമ്മ ചുറ്റുപാടും കാണുന്ന കാഴ്ചകള്‍ക്ക് ഒരു ആഗോള മാനം കൈവരുന്നത് ചൂഷണം ചെയ്യപ്പെടുന്ന ഫിലിപ്പിനോ പെണ്‍കുട്ടികളുടെ നിസ്സഹായതവസ്ഥയും പ്രസവിക്കാന്‍ മാത്രം വിധിക്കപ്പെട്ട പാക്കിസ്ഥാനി വീട്ടമ്മയുടെ ഗര്‍ഭാലസ്യത്താല്‍ ചുരുണ്ട, ഉണങ്ങാന്‍ കിടക്കുന്ന കന്തൂറയുടെ കാഴ്ചകളുമാണ്.

പുറമേ നിന്ന് നോക്കുമ്പോള്‍ എല്ലാം ഭദ്രമെന്ന് തോന്നുന്ന ഒരു പ്രവാസി കുടുംബത്തില്‍ അനുഭവിക്കുന്ന വേദനകളെ ഒരു വീട്ടമ്മയുടെ കണ്ണിലൂടെ നോക്കി ക്കനുന്നുണ്ട് നോവലിസ്റ്റ്. സ്വന്തം താല്പര്യങ്ങള്‍ അയല്പക്കകാരുടെ ഇഷ്ടങ്ങള്‍ക്ക് മുന്നില്‍ അണകെട്ടി നിര്‍ത്തേണ്ട നിസ്സഹായത അവസ്ഥയുണ്ട്, എന്തിനെയും ചിലാകുന്ന പണത്തിന്റെ കണ്ണിന്റെ കണ്ണിലൂടെ കാണുന്ന ഭര്‍ത്താവിന്റെ ശാസനകളുണ്ട്. ഇവയ്ക്കിടയില്‍ ടോമില്‍ നിന്ന് രക്ഷപെടാനുള്ള ജെറിയുടെ മാനസികാവസ്ഥ കൈവരുന്നുണ്ട്‌ നായികയായ വീട്ടമ്മക്ക്‌. സ്വത്വം വെടിഞ്ഞുള്ള കൂട്ടായ്മകളില്‍ ഒറ്റപെട്ടു പോകുന്ന സൌഹൃദമെന്ന് വിശ്വസിക്കുന്ന ബന്ധങ്ങളുടെ കാണാപ്പുറങ്ങളില്‍ വഞ്ചിക്കപ്പെടുന്ന മനസ്സ് ചുരുങ്ങിയ വാക്കുകളില്‍ വളരെ ഫലവത്തായി വരച്ചു കാട്ടുന്നുണ്ട്. ഗ്ലോബലില്‍ വില്ലേജില്‍ മറ്റാരും കാണാത്ത ഗ്ലോബല്‍ വേദനകള്‍ കാണുന്ന നായികയുടെ സുഹൃത്ത്‌ നായികയുടെ മറുപുറമാണ്. ജീവിതത്തിന്റെ വിജയത്തിനായി സാഹചര്യങ്ങളുമായി എതളവു വരെയും അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറുള്ള മാനസികാവസ്ഥയുള്ള സുഹൃത്ത്‌ സിനിയുമായുള്ള ബന്ധം വളരെ വ്യത്യസ്തമായി എഴുതി ചേര്‍ത്തിരിക്കുന്നു. കല്‍ക്കണ്ടത്തിന്റേയും മുന്തിരിയുടേയും ചൂടുള്ള ശരീരങ്ങളുടെ ഇഴുകി ചേരലുകക്കള്‍പ്പുറം പരസ്പരം മനസിലാക്കുന്ന വൈരുധ്യങ്ങളാവുന്നുണ്ട് ഇവര്‍ രണ്ടു പേരും.

പ്രണയത്തിന്റെ നോവും വ്യവസ്ഥാപിത കുടുംബബന്ധങ്ങളുടെ താളപ്പിഴകളുമെല്ലാം വളരെ ശക്തവും എന്നാല്‍ കാവ്യാത്മകവുമായി പറഞ്ഞു പോകുമ്പോള്‍ നുണ പറഞ്ഞാല്‍ കല്ലായിപ്പോകുമെന്നു വിശ്വസിച്ചിരുന്ന ഒരു നാടന്‍ പെണ്‍കുട്ടിയുടെ വളരെ ഒതുങ്ങിയ ചിന്തകളില്‍ നിന്ന് ചോരയൊലിപ്പിക്കുന്ന വിലകൂടിയ ചോക്ലേറ്റു പോലെയുള്ള നഗരത്തിലെ കാണാക്കാഴ്ചകളിലേക്ക് വിപണനത്തിന്റെ ആഗോള ഗ്രാമങ്ങളിലെ പുത്തന്‍ വിലപേശലുകളില്‍, സ്വന്തം ആദര്‍ശങ്ങള്‍ക്കു മുന്‍പില്‍ ഉപേക്ഷിക്കേണ്ടി വരുന്ന വീടിന്റെയും പ്രണയത്തിന്റെയും സൌഹൃദങ്ങളുടെയും കഥകള്‍ വളരെ അനായാസമായി വായനക്കാരന്റെ മുന്നില്‍ നോവായി വന്നു നിറയുന്നുണ്ട്.

ഒന്നിനും ക്ഷമയില്ലാത്ത ഒരു ലോകത്ത്, സാന്‍ഡ്‌ വിച്ച് പോലെ എല്ലാം ആദ്യവും അവസാനവും ഒറ്റയടിക്ക് വിഴുങ്ങേണ്ട അവസ്ഥയില്‍ നോവലിസ്റ്റ് തന്റെ ഭാഷാ തിരയുകയാണ്. ശരീരത്തിന്റെ, നഗ്നതയുടെ, മരുഭൂമിയുടെ ഭാഷ, ഒപ്പം നാല്പത്തിയഞ്ച് പേരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്ണിന്റെ കഥയെഴുതാനുള്ള ഭാഷ. കാമുവും പാമുവും മുകുന്ദനും ഡല്‍ഹിയുമെല്ലാം ഈ തിരച്ചിലിന്റെ ഭാഗമാണ്.ഭര്‍ത്താവിന്റെ അടിവസ്ത്രം തിരുമ്മലിനും, ബലാല്‍ത്സംഗം ചെയ്യപെടുന്ന രാത്രികള്‍ക്കും കാമുകന്റെ തിരസ്കര ണത്തിനും, മൂടുപടമിട്ട സൌഹൃദങ്ങളുടെ പീഡനശ്രമങ്ങള്‍ക്കും ഇടയില്‍ ആ ഭാഷ സ്വയം തിരിച്ചറിയുന്നുണ്ട്. എന്റെ ഭാഷ മരുഭുമിയുടെ ഭാഷയാണ്‌, കള്ളിച്ചെടിയുടെ ഉള്ളിലെ ജലമാണ്. കരയിപ്പിക്കാനും ചിരിപ്പിക്കാനും കഴിവുള്ള അലിവുള്ള മേഘങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പുകളാണ്.

ശക്തമായ സ്ത്രീപക്ഷ ദര്‍ശങ്ങളാല്‍ വേറിട്ട ഒരു വായനാ അനുഭവമാണ് അന്‍പതോളം പേജുകളിലായി അമ്പതു വ്യത്യസ്ത കവിതകളായി വായിച്ചെടുക്കാവുന്ന ഈ നോവല്‍ . (വില :നാല്പതു രൂപ്)
===========================================================================
അധ്യായം : 7
ക്ലോക്കിലേക്ക് വെറുതേ കുറേ നേരം
നോക്കിയിരുന്നു.
സൂചി ഓരോ അക്കത്തില്‍നിന്നും
അടര്‍ന്നു വീഴുകയാണ്.
മൊബൈല്‍ഫോണ്‍ നിശ്ചലമാണ്.
റിങ്ങ്ടോണുകള്‍ മാറ്റി മാറ്റി കളിച്ചു.
ഇല്ല, ആരും വിളിക്കാനില്ല.
ഈ ആഗോളഗ്രാമത്തില്‍
എല്ലാവരുടേയും കൈയില്‍ ഫോണുണ്ട്.
എന്നാല്‍ എന്നെ
വിളിക്കാന്‍മാത്രം ആരുമില്ല.
പിന്നെയൊന്നേ ചെയ്യാനുണ്ടായിരുന്നുള്ളു.
പതിവു വാദ്യോപകരണത്തില്‍
വിരലുചേര്‍ത്തു
അതില്‍നിന്ന് പലതരത്തിലുള്ള
സംഗീതം ഉയര്‍ന്നു.
അതില്‍ ലയിച്ചങ്ങനെ കിടക്കുമ്പോള്‍ ഓര്‍ത്തു.
വെറുതെയല്ല അയാള്‍ പറഞ്ഞത്
ഞാന്‍ എനിക്കിഷ്ടമുള്ളതുപോലെ
ജീവിക്കുമെന്ന്.
ഇഷ്ടമുള്ളതുപോലെ ജീവിക്കാന്‍
ഒരു സുഖമുണ്ട്.
അയാള്‍ അയാള്‍ക്കിഷ്ടമുള്ളതുപോലെ
ജീവിക്കട്ടെ.
ഞാന്‍ എനിക്കിഷ്ടമുള്ളതുപോലെ ജീവിക്കും.
ഈ ലോകം മുഴുവനും
ഇഷ്ടമുള്ളതുപോലെ ജീവിക്കുന്നവരെക്കൊണ്ടു
നിറയട്ടെ.
രതിമൂര്‍ച്ഛയില്‍
അറിയാതെ ഞരങ്ങിപ്പോയി.
=====================================
അധ്യായം : നാല്‍പത്‌
എന്റെ ഭാഷ എന്താണ് ഒരിക്കല്‍ മരുഭൂമി കാറ്റിനോട് ചോദിച്ചു.
കാറ്റ് മണലില്‍ വെറുതെ ചിത്രങ്ങള്‍ വരച്ചതല്ലാതെ
മറുപടിയൊന്നും പറഞ്ഞില്ല.
സൂര്യനോടും
മഴയോടും
മഞ്ഞിനോടും
മരുഭൂമി ഇതേ ചോദ്യം ആവര്‍ത്തിച്ചു
നിറമില്ലാത്ത മണലിലൂടെ ഉഴറിനടക്കുന്ന
ഒട്ടകങ്ങളോടും
മൂക്കും മുലയും
ചെത്തിയ
ശൂര്‍പ്പണഖമാരെപ്പോലെയുള്ള
ഈന്തപ്പനകളോടും ചോദിച്ചു.
ഒടുവില്‍ കള്ളിച്ചെടിയാണ്
അത് പറഞ്ഞത്.
നിന്റെ ഭാഷ എന്റെ ഉള്ളിലെ ജലമാണ്.
കരയിപ്പിക്കാനും ചിരിപ്പിക്കാനും
കഴിവുള്ള
അലിവുള്ള
മേഘങ്ങള്‍ക്ക് വേണ്ടിയുള്ള
കാത്തിരിപ്പുകളാണ്

Friday, November 4, 2011

മാലിനി തീയറ്റേഴ്‌സ്

പുസ്തകം : മാലിനി തീയറ്റേഴ്‌സ്
രചയിതാവ് : രേഖ കെ.
പ്രസാധനം : ഡി.സി.ബുക്സ്
അവലോകനം : മനോരാജ്


ലയാള സാഹിത്യത്തില്‍ എഴുത്തുകാരികള്‍ക്ക് തുറന്നെഴുതാനുള്ള അവസരം അല്ലെങ്കില്‍ സാഹചര്യം ഇല്ല എന്ന മുറവിളികള്‍ക്കിടയിലാണ്‌ ഒരു കൂട്ടം എഴുത്തുകാരികള്‍ മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് കടന്ന് വന്നത്. ഇന്ദുമേനോന്‍ , കെ.ആര്‍ .മീര, സിത്താര.എസ്, പ്രിയ.എ.എസ്, രേഖ.കെ, സി.എസ്.ചന്ദ്രിക, തനൂജ എസ്. ഭട്ടതിരി, എം.പി.പവിത്ര, ഹിത ഈശ്വരമംഗലം, ധന്യരാജ് .. പട്ടിക നീണ്ടു പോകുന്നു. ഈ എഴുത്തുകാരികളിലെ നിറസാന്നിധ്യമായ രേഖ.കെയുടെ ജുറാസിക് പാര്‍ക്ക്, ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി) എന്നീ സമാഹാരങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകൃതമായ ഏറ്റവും പുതിയ 7 കഥകളുടെ സമാഹാരമാണ്‌ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച 'മാലിനി തീയറ്റേഴ്സ്'. (വില 40 രൂപ)

പച്ചയായ ജീവിതങ്ങളുടെ നേര്‍ചിത്രങ്ങള്‍ വരച്ചു കാട്ടുന്നു ഇവയിലെ മിക്ക കഥകളും. സമാഹാരത്തിലെ എല്ലാ കഥകളും അസാമാന്യ നിലവാരം പുലര്‍ത്തുന്നു എന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നില്ല. പക്ഷെ, ആദ്യ കഥയായ'നാല്‍ക്കാലി'യില്‍ തുടങ്ങുന്ന ഒരു വ്യത്യസ്ഥത അവസാന കഥയായ 'മഞ്ഞുകുട്ടികള്‍' വരെ നിലനിര്‍ത്താന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമായ വസ്തുത തന്നെ. ഒറ്റ ഇരുപ്പില്‍ വായിച്ച് തീര്‍ക്കാവുന്ന, എന്നാല്‍ നമുക്ക് ചിന്തിക്കാന്‍ ഏറെ നല്‍ക്കുന്ന ഒരു ചെറിയ പുസ്തകം, കെട്ടിലും മട്ടിലും വായനക്കാരെ ആകര്‍ഷിക്കുന്ന രീതിയിലാക്കാന്‍ പ്രസാധകർക്കും കഴിഞ്ഞിട്ടുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യം.

രംഗപടം, പാലാഴിമഥനം, മഞ്ഞുകുട്ടികള്‍ , അച്ഛന്‍ പ്രതി എന്നീ കഥകള്‍ ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. രംഗപടത്തിലെ സീന ബിജിത്ത് എന്ന സീരിയല്‍ നടിയും, പാലാഴിമഥനത്തിലെ ബിന്ദുവും, അച്ഛന്‍ പ്രതിയിലെ അമ്മയും, മഞ്ഞുകുട്ടികളിലെ ഇത്തീബിയും സാഹചര്യങ്ങളാല്‍ മാനസികമായും ശാരീരികമായും പീഢിപ്പിക്കപ്പെടുന്നവരാകുമ്പോഴും ഇവരെയൊന്നും സ്ത്രീപക്ഷ രചനകളല്ലാത്ത വിധം നമ്മിലേക്ക് കഥാകാരി സന്നിവേശിപ്പിച്ചിരിക്കുന്നു. 'ശ്രീ വേഗം വണ്ടി വിടണം , ഐസ്ക്രീം ഉരുകി തുടങ്ങി' എന്ന്‍ കഥയുടെ അവസാന വരിയില്‍ എഴുതുമ്പോള്‍ അതില്‍ നായികയുടെ മനസ്സിന്റെ കുളിര്‍മ്മ നമ്മില്‍ വല്ലാതെ ഫീല്‍ ചെയ്യിക്കാന്‍ കഥാകാരിക്കാവുന്നു (രംഗപടം : പേജ് 28). അതേ പോലെ തന്റെ നേരെ ഉയര്‍ന്ന പുരുഷന്റെ കാമവെറിയ പരിഹസിച്ച് വിശന്നൊട്ടിയ വയറില്‍ നിന്നുയര്‍ന്ന ഒച്ചയില്‍ 'എനിക്ക് അഞ്ഞൂറ് രൂപ വേണം' എന്ന് പറയുന്ന ബിന്ദുവില്‍ ദാരിദ്ര്യത്തിന്റെ ദയനീയ മുഖവും ചൂഷകരോടുള്ള അവഞ്ജയും എഴുത്തുകാരി തുറന്ന് കാട്ടുന്നു (പാലാഴിമഥനം : പേജ് 37). ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി)യില്‍ തുടങ്ങിയ ഒഴുക്ക് നഷ്ടപ്പെടാത്ത കഥനരീതി മാലിനി തീയറ്റേഴ്സില്‍ എത്തുമ്പോഴും നിലനിര്‍ത്താന്‍ രേഖക്ക് കഴിഞ്ഞു എന്നത്പ്രശംസനീയം. സന്ദേശങ്ങള്‍ നിറഞ്ഞ 7 കഥകള്‍ ഈ സമാഹാരത്തെ വായിക്കാന്‍ ഒരു പരിധിവരെ നമ്മെ പ്രേരിപ്പിക്കുന്നു.

Tuesday, November 1, 2011

ട്വെന്റി 20 കാക്കരുപൂക്കരു

പുസ്തകം : ട്വെന്റി 20 കാക്കരുപൂക്കരു
രചയിതാവ് : ആര്‍. രാധാകൃഷ്ണന്‍

പ്രസാധകര്‍ : പരിധി പബ്ലിക്കേഷന്‍സ്

അവലോക
നം : ടി.ഡി രാമകൃഷ്ണന്‍
Small is beautiful എന്ന ഷൂമാക്കര്‍ പറഞ്ഞത് സാഹിത്യത്തെക്കൂടി കണക്കിലെടുത്തിട്ടല്ലേ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നാറ് ഈസോപ്പ് കഥകളിവും ഹൈക്കു കവിതകളിലും മുക്തകങ്ങളിലുമൊക്കെ എഴുത്തുകാരന്‍ താന്‍ പറയാനുദ്ദേശിക്കുന്ന കാര്യം വളരെക്കുറച്ച് വാക്കുകളില്‍ തേച്ച് മിനുക്കി അവതരിപ്പിക്കുന്ന ഒരു മഹത്തായ പാരമ്പര്യം സാഹിത്യത്തിലുണ്ട്. മലയാളത്തില്‍ 'ഇന്ന്' പോലെയുള്ള കൊച്ച് മാസികകളിലൂടെ പുറത്ത് വരുന്ന മികച്ച രചനകളില്‍ ആ പാരമ്പര്യത്തിന്റെ തുടര്‍ച്ച നമുക്ക് കാണാം. മലയാളത്തിലെ കൊച്ചു കഥകളുടെ തമ്പുരാന്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പി കെ പാറക്കടവിനെപ്പോലെ സാഹിത്യത്തെ ഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ ഊതിക്കാച്ചിയെടുത്ത ഭാഷയിലവതരിപ്പിക്കുന്ന ആശയങ്ങളുടെ സുവര്‍ണ്ണശോഭ നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. എന്നാല്‍ ഇതിന് സമാന്തരമായി പൈങ്കിളി വാരികകളിലെ ഫലിത ബിന്ദുക്കളില്‍ തുടങ്ങി വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തിന്റെ കാലമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തരംതാണ SMS ഫലിതങ്ങളിലെത്തി നില്‍ക്കുന്ന നിരുത്തരവാദിത്തപരമായ അപചയവും 'ചെറിയ' എഴുത്തിന് സംഭവിക്കുന്നു-്. ഇത്തരമൊരു സാഹചര്യത്തിലാണ് ആര്‍. രാധാകൃഷ്ണന്റെ ട്വെന്റി 20 കാക്കരുപൂക്കരു എന്ന ഈ കൊച്ചുകഥകളുടെ സമാഹാരം മലയാളി വായനക്കാരുടെ മുമ്പിലെത്തുന്നത്.

ചുറ്റുമുള്ള ലോകത്തെ കണ്ണും കാതും തുറന്ന് വെച്ച് സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിഹാസത്തിലൊളിപ്പിച്ചനേര്‍ത്ത ചിരിയോടെ അതില്‍ നിന്ന് തനിക്ക് വേണ്ട കഥകള്‍ കൊത്തിയെടുക്കുകയും ചെയ്യുന്ന സമര്‍ത്ഥനായൊരു ശില്‍പിയാണ് ആര്‍ രാധാകൃഷ്ണന്‍. 20 മൈക്രോ സ്റോറീസും 20 സൂക്ഷ്മ കഥകളും ചേര്‍ന്ന ഈ സമാഹാരത്തിലെ ഓരോ രചനയും നല്ല കയ്യടക്കത്തോടെ ഭാഷ അനായാസമായി ഉപയോഗിക്കാനുള്ള രാധാകൃഷ്ണന്റെ കഴിവിന്റെ മികച്ച ഉദാഹരണങ്ങളാണ്. ഈ കഥകളിലെ ഓരോ വാക്കിന്റെ പ്രയോഗത്തിലും, എന്തിന് കുത്തിലും കോമയിലും വരെ എഴുത്തുകാരന്റെ കൃത്യതയും സൂക്ഷ്മതയും വായനക്കാരനെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. എന്നാല്‍ 'കൊച്ചുകഥ'കളുടെ രചനയില്‍ പാറക്കടവിന്റെ ശൈലിയില്‍ നിന്ന് മാറി സ്വന്തമായൊരു വഴി കണ്ടെത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുവെന്നതാണ് രാധകൃഷ്ണന്റെ കഥളെ ശ്രദ്ധേയമാക്കുന്നത്.

കഥാകാരന്‍ വളരെ സമര്‍ത്ഥമായി ദാര്‍ശനികതയില്‍ പൊതിഞ്ഞ പരിഹാസം ഒളിപ്പിച്ചുവെച്ചിട്ടുള്ള ഈ 'കൊച്ചുകഥ'ളിലെ കഥയെപ്പറ്റി എന്തെങ്കിലും പറയുന്നത് അനുചിതമാണെന്നാണ് എനിക്ക് തോന്നുന്നത്. അത് ചിലപ്പോള്‍ വായനയി ലെ ആഹ്ളാദത്തേയും സാധ്യതകളേയും ബാധിച്ചേക്കാം. എങ്കിലും ഈ സമാഹാരത്തില്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ട രണ്ട് കഥകള്‍ 'ആലുവാപ്പാല'വും 'സിദ്ധാന്ത'വുമൊണെന്ന് പറയാതെ വയ്യ. ആര്‍ രാധാകൃഷ്ണന്റെ 'ട്വെന്റി 20 കാക്കരുപൂക്കരു ' എന്ന കൊച്ചുകഥകളുടെ സമാഹാരത്തിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു...