Showing posts with label ചരിത്രം. Show all posts
Showing posts with label ചരിത്രം. Show all posts

Wednesday, October 2, 2013

സ്വാതന്ത്ര്യവീഥിയിലെ കെടാവിളക്കുകള്‍

പുസ്തകം:സ്വാതന്ത്ര്യവീഥിയിലെ കെടാവിളക്കുകള്‍
രചയിതാവ് :ഡോ : ടി.എസ്.ജോയി
പ്രസാധകര്‍ : പീപ്പിള്‍സ് ഡെവലപ്പ്മെന്റ് സെന്റര്‍ , കോഴിക്കോട്
അവലോകനം : കുഞ്ഞൂസ്


ഐതിഹാസികവും ലോകചരിത്രത്തില്‍ സമാനതകളില്ലാത്തതും അത്യപൂര്‍വ്വവുമായ പോരാട്ടങ്ങള്‍ കൊണ്ട് ഉജ്ജ്വലവുമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ധീരനായകരെക്കുറിച്ചും അവരുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളെക്കുറിച്ചും സംക്ഷിപ്തമായി പ്രതിപാദിക്കുന്നതാണ് പുസ്തകം. മഹാരഥന്മാരുടെ ധീരോദാത്തമായ സ്മരണയിലൂടെ, ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ അനേകായിരം ധീരദേശാഭിമാനികള്‍ക്കുള്ള ശ്രദ്ധാഞ്ജലി കൂടിയാണിത്. 'കേരള ടൈംസ്‌ ' ദിനപത്രത്തില്‍ ഒരു വര്‍ഷം നീണ്ടുനിന്ന ലേഖന പരമ്പരയുടെ പുസ്തകരൂപമാണ് 'സ്വതന്ത്ര വീഥിയിലെ കെടാവിളക്കുകള്‍ ' എന്ന കൃതി . പരമ്പരക്ക് സ്വതന്ത്ര സുവര്‍ണ ജൂബിലി അവാര്‍ഡ്‌ , നെഹ്‌റു സ്മൃതി അവാര്‍ഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തോട് പടപൊരുതാന്‍ ഭാരത ജനതയ്ക്ക് ആയുധമായുണ്ടായിരുന്നത് അവരുടെ ആത്മധൈര്യവും ജീവനെ വിലമതിക്കാത്ത പോരാട്ട വീര്യവുമായിരുന്നു. 1857 മെയ്‌ 10 ന്‌ മീററ്റിലാരംഭിച്ച ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രഥമ ദിനം തുടങ്ങി 1947 ആഗസ്റ്റ്‌ 14 അര്‍ദ്ധരാത്രി വരെയുള്ള ഐതിഹാസികമായ പോരാട്ടത്തിലുടനീളം വീര്യം ചോര്‍ന്നു പോകാതെ നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതും അത്ഭുതം തന്നെ.അഹിംസയുടെ തേരിലേറി എന്തിനേയും സഹിച്ചും ത്യജിച്ചും രാജ്യത്തിന്റെ മുഖ്യധാര, ഗാന്ധിജിയുടെ നേതൃത്വത്തില്‍ മുന്നേറിയപ്പോള്‍ യുവത്വത്തിന്റെ ഊര്‍ജ്ജസ്വലമായ മുന്നേറ്റത്തില്‍ അതിവിപ്ളവത്തിന്റെയും സായുധ പോരാട്ടത്തിന്റെയും പാതയില്‍ മുന്നേറിയ യുവനിരയുടെ ശക്തി കണ്ടു ബ്രിട്ടന്‍ ഞെട്ടിവിറച്ചു. രണ്ടു ധാരകളും സമന്വയിച്ചപ്പോള്‍ ഭാരതം ലോക ചരിത്രത്തില്‍ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു.

ആത്മാഭിമാനത്തിന്റെ തിലകക്കുറിയായ ലോകമാന്യ ബാലഗംഗാധര തിലക്, ഇന്നും മുഴങ്ങുന്ന ഗര്‍ജ്ജനമായ ലാലാ ലജ്പത് റായ്, സ്വാതന്ത്ര്യ ദാഹത്തിന്റെ ജ്വലിതസാക്ഷ്യമായ ഗോപാല കൃഷ്ണ ഗോഖലെ , താളം പിഴയ്ക്കാത്ത ത്യാഗ ഗാഥയുടെ ദേശ്ബന്ധു സി.ആര്‍ . ദാസ് , ആത്മധീരതയുടെ മാണിക്യമായ പണ്ഡിറ്റ്‌. മോത്തിലാല്‍ നെഹ്‌റു, ദേശീയതയുടെ നീതിബോധം ഉണര്‍ത്തിയ സുരേന്ദ്ര നാഥ് ബാനര്‍ജി , ഇംഗ്ലീഷ് മനസ്സിലെ ഭാരതീയതയായ ഡോ:ആനി ബസന്റ്, ക്രാന്തദര്‍ശിയായ കര്‍മധീരന്‍ എന്നറിയപ്പെടുന്ന മഹാദേവ് ഗോവിന്ദ റാണാ ദേ , അഭിമാനസാഗരത്തിന്റെ ആദ്യ നായകന്‍ ദാദാ ബായ് നവറോജി, ഹിന്ദു-മുസ്ലിം മൈത്രിയുടെ ധീരനായ പ്രവാചകന്‍ ബദരുദ്ദീന്‍ തയാഭ്ജി, ധീരതയുടെ ആള്‍രൂപമായി സര്‍ ഫിറോസ്‌ ഷാ മേഹ്ത്ത, മഹേതിഹാസത്തിന്റെ പ്രാരംഭകന്‍ ഡബ്ല്യു .സി.ബാനര്‍ജി, നിര്‍ഭയനായിരുന്ന നേതാവ് സര്‍ സി.ശങ്കരന്‍ നായര്‍ , മൈത്രിയുടെ പ്രചാരകന്‍ മൌലാന മുഹമ്മദ്‌ അലി, ദേശീയതയുടെ വാനമ്പാടിയായ സരോജിനി നായിഡു, വിപ്ളവ ഗാഥയുടെ ജപ കീര്‍ത്തനം - ശ്രീ അരബിന്ദോ ഘോഷ്, തുറന്ന മനസ്സുള്ള പണ്ഡിതന്‍ വിത്തല്‍ ഭായ് പട്ടേല്‍ , അനശ്വരാവേശത്തിന്റെ ഗീതാകാരന്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി , മതസൌഹാര്‍ദ്ദത്തിന്റെ മന്ത്രധ്വനികളുയര്‍ത്തി മൌലാന അബ്ദുല്‍ കലാം ആസാദ് , വിദ്യാഗംഗാതന്‍ പുണ്യപ്രവാഹമായി പണ്ഡിറ്റ്‌ മദന്‍മോഹന്‍ മാളവ്യ തുടങ്ങിയ ആദര്‍ശധീരരായ കര്‍മയോഗികളുടെ ജീവിതത്തിലൂടെയുള്ള ഒരു തീര്‍ഥയാത്രയായി ഓരോ അദ്ധ്യായങ്ങളും....

രാജ്യസ്നേഹികള്‍ 'രാജന്‍ ബാബു' എന്ന്‌ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന ഡോ. രാജേന്ദ്ര പ്രസാദ്‌ , ദേശീയതയുടെ വിപ്ളവഭാഷ്യമായ വിപിന്‍ ചന്ദ്രപാല്‍ , ദാര്‍ശനിക പ്രതിഭയുടെ പ്രഭാപൂരമായി വിളങ്ങിയ വി.എസ് , ശ്രീനിവാസ ശാസ്ത്രി , മഹേതിഹാസത്തിന്റെ പിതാമഹന്‍ . . ഹ്യൂം , സാമൂഹ്യസേവനത്തിനു പുതിയ മാനം നല്‍കിയ സിസ്റ്റര്‍ . നിവേദിത , കര്‍മയോഗത്തിന്റെ നിസ്വാര്‍ത്ഥഭാഷ്യമായ സര്‍ . ദിന്‍ഷാവാച്ചാ, വര്‍ഗീയതക്കെതിരെ പോരാടിയ വൈദ്യന്‍ ഹക്കിം അജ്മല്‍ ഖാന്‍ , ദേശപ്രിയനായ ബംഗാളി ബാബു സെന്‍ ഗുപ്ത , ഭിന്നതയുടെ കൊടുമുടികളില്‍ മദ്ധ്യസ്ഥതയുടെ മഞ്ഞുകണമായി തേജ് ബഹാദൂര്‍ സപ്രു , സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഏടുകളില്‍ ജനലക്ഷങ്ങള്‍ 'രാജാജി' എന്ന്‌ ആദരപൂര്‍വ്വം വിളിച്ചിരുന്ന സി. രാജഗോപാലാചാരി , ധീരനായ പത്രപ്രവര്‍ത്തകന്‍ ജി. സുബ്രമണ്യ അയ്യര്‍ , സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ , അതിര്‍ത്തി ഗാന്ധിയായ ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ ,കൊടുംകാറ്റിന്റെ മാറ്റൊലിയെന്ന് വിശേഷിപ്പിക്കുന്ന നേതാജി സുഭാഷ്‌ ചന്ദ്ര ബോസ്.... അങ്ങിനെ ഇന്ത്യയുടെ മുക്തിക്കായി പോരാടിയ ധീരയോധാക്കളുടെ ജീവിതം വളരെ ലളിതമായി വിവരിച്ചിരിക്കുന്നു പുസ്തകത്തില്‍ ...

ഗാന്ധിജിയും നെഹ്രുവും ഇന്നത്തെ തലമുറയ്ക്ക് കൂടുതല്‍ സുപരിചിതരായതിനാല്‍ അവരെ ഒരു ലേഖനത്തില്‍ ഒതുക്കാന്‍ കഴിയാത്തത് കൊണ്ടുമാണ് പരമ്പരയില്‍ ഉള്‍ക്കൊള്ളിക്കാത്തതെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. എന്നാല്‍ , ഇവരുടെ സജീവ സാന്നിദ്ധ്യം മിക്ക ലേഖനങ്ങളിലും നമുക്ക് കാണാവുന്നതാണ്.

സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കുന്ന നാം മഹാശയരായ സ്വാതന്ത്ര്യ സമരനായകരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്നും ഏറെ ദൂരെയാണ് എന്നത് വാസ്തവം തന്നെ. പുസ്തകത്തിന്‌ പ്രൌഡമായൊരു അവതാരിക എഴുതിയ ജസ്റ്റീസ് . വി. ആര്‍ . കൃഷ്ണയ്യരും നമ്മെ ഓര്‍മപ്പെടുത്തുന്നതും അത് തന്നെയാണ്. മഹാശയരായിരുന്ന അന്നത്തെ തലമുറയുടെ സമര്‍പ്പണ മനോഭാവവും ത്യാഗബുദ്ധിയും ആദര്‍ശശുദ്ധിയും കറയറ്റ രാജ്യ സ്നേഹവും പുതുതലമുറയ്ക്ക് കാണിച്ചു കൊടുക്കുകയെന്ന ലക്ഷ്യവും പുസ്തകം നിറവേറ്റട്ടെ.

Monday, February 18, 2013

ഫസ്റ്റ്‌ ഡ്രാഫ്‌റ്റ്‌- വിറ്റ്‌നെസ്‌ റ്റു ദ മേക്കിങ്‌ ഓഫ്‌ മോഡേണ്‍ ഇന്ത്യ

പുസ്തകം : ഫസ്റ്റ്‌ ഡ്രാഫ്‌റ്റ്‌- വിറ്റ്‌നെസ്‌ റ്റു മേക്കിങ്‌ ഓഫ്‌ മോഡേണ്‍ ഇന്ത്യ
രചയിതാവ് : ബി.ജി.വര്‍ഗീസ്‌
പ്രസാധകര്‍ : ട്രാന്‍ക്വിബര്‍
അവലോകനം : ബിജു.സി.പി


സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച്‌ അറിയാന്‍ സഹായിക്കുന്ന പുസ്‌തകങ്ങള്‍ ഏറെയൊന്നുമില്ല നമുക്ക്‌. അത്‌ ഒരരര്‍ഥത്തില്‍ സമകാലിക ചരിത്രമാണ്‌. മഹാഭാരതത്തിലെ വിദൂരരെപ്പോലെ ചരിത്രത്തിനു ദൃക്‌സാക്ഷി വിവരണം നല്‍കുന്നവരാണ്‌ പത്രപ്രവര്‍ത്തകര്‍. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളും പത്രപ്രവര്‍ത്തനം എന്ന പ്രൊഫഷന്‌ കുലീനതയും ഗരിമയും പകര്‍ന്ന ആചാര്യനുമാണ്‌ മലയാളിയായ ബി.ജി.വര്‍ഗീസ്‌. അദ്ദേഹത്തിന്റെ ആത്മകഥയാണ്‌ ഫസ്റ്റ്‌ ഡ്രാഫ്‌റ്റ്‌- വിറ്റ്‌നെസ്‌ റ്റു മേക്കിങ്‌ ഓഫ്‌ മോഡേണ്‍ ഇന്ത്യ എന്ന ബൃഹത്‌ ഗ്രന്ഥം. സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിന്റെ ചരിത്രം തന്നെയാണ്‌ ബി.ജി.വര്‍ഗീസിന്റെ ജീവചരിത്രം. പത്രപ്രവര്‍ത്തനം പലപ്പോഴും ഇന്‍സ്‌റ്റന്റ്‌ ചരിത്രം ആണെന്ന്‌ അദ്ദേഹം പറയുന്നു. ഒരു കോളമിസ്‌റ്റിന്റെ അല്ലെങ്കില്‍ ലേഖകന്റെ മാത്രം കണ്ണിലൂടെയുള്ള കാഴ്‌ച. കാഴ്‌ച ബി.ജി. വര്‍ഗീസിനെപ്പോലൊരാളുടേതാകുമ്പോളാണ്‌ അത്‌ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാകുന്നത്‌.

കേംബ്രിജ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദം നേടി സിവില്‍ സര്‍വീസിലേക്കു പോകണോ അധ്യാപനത്തിലേക്കു തിരിയണോ എന്ന്‌ ആലോചിച്ചിരുന്ന ബി.ജി.വര്‍ഗീസ്‌ എത്തിപ്പെട്ടത്‌ ഡല്‍ഹിയില്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ പത്രാധിപ സമിതിയിലാണ്‌. അവിടെ 17 വര്‍ഷത്തെ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനം. ചിട്ടയുള്ള പ്രവര്‍ത്തനവും ആദരണീയമായ നിലപാടുകളും ദീര്‍ഘവീക്ഷണത്തോടെയുള്ള അഭിപ്രായപ്രകടനങ്ങളുമായി ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ വ്യത്യസ്‌തനായി നിന്ന വര്‍ഗീസിന്റെ കര്‍മശേഷി രാജ്യത്തിനാവശ്യമാണെന്ന്‌ തീരുമാനിച്ചത്‌ ഇന്ദിരാഗാന്ധിയായിരുന്നു. അങ്ങനെയാണ്‌ അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിച്ചേര്‍ന്നത്‌. ആദ്യഘട്ടങ്ങളില്‍ വര്‍ഗീസിന്റെ കാഴ്‌ചപ്പാടുകള്‍ ഇന്ദിരാ ഗാന്ധിക്ക്‌ തുണയും കരുത്തുമായിരുന്നു. എന്നാല്‍ അധികാരം ഇന്ദിരാഗാന്ധിയുടെ കാഴ്‌ചപ്പാടുകളെ മാറ്റിമറിക്കുന്നതു കണ്ടറിഞ്ഞപ്പോള്‍ വര്‍ഗീസ്‌ അധികാരത്തിന്റെ അകത്തളങ്ങളില്‍ നിന്ന്‌ ബഹിഷ്‌കൃതനായി. പ്രധാനമന്ത്രിയോട്‌ വ്യക്തിസൗഹൃദത്തോടെ പെരുമാറിയിരുന്ന ബിജി വര്‍ഗീസ്‌ അടിയന്തരാവസ്ഥയുടെ ഏറ്റവും വലിയ വിമര്‍ശകനായി മാറിയത്‌ സ്വാഭാവികമായിരുന്നു. അടിയന്താരാവസ്ഥയില്‍ പത്രപ്രവര്‍ത്തനത്തിനു വിലക്കു വന്നപ്പോള്‍ മുഖപ്രസംഗത്തിനുള്ള ഇടം ശൂന്യമാക്കി ഇട്ടുകൊണ്ടാണ്‌ ബി.ജി.വര്‍ഗീസ്‌ പത്രമിറക്കിയത്‌. എഴുതിയ വാക്കുകളെക്കാള്‍ എത്രയോ കരുത്തുറ്റതായിരുന്നു മുഴങ്ങുന്ന മൗനം.

തന്റെ ജനനത്തെക്കുറിച്ചു പറയുമ്പോള്‍ പോലും പത്രപ്രവര്‍ത്തനത്തിന്റെ രീതികളെക്കുറിച്ചാണ്‌ വിവരിക്കുന്നത്‌. ലഫ്‌റ്റ്‌നന്റ്‌ കേണല്‍ വര്‍ഗീസിന്റെയും അന്നമ്മ വര്‍ഗീസിന്റെയും മകനായി 1927 ജൂണ്‍ 21ന്‌ ബി.ജി.വര്‍ഗീസ്‌ ജനിച്ചു. അന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ ഒന്നാംപേജില്‍ നിറയെ വിവിധ പരസ്യങ്ങളായിരുന്നു എന്ന വിവരം കണ്ടെടുത്ത്‌ പത്രപ്രവര്‍ത്തനത്തിലെ അന്നത്തെ രീതികളെക്കുറിച്ചു വിവരിക്കുന്നു അദ്ദേഹം. വര്‍ഗീസിന്‌ 20 വയസ്സുള്ളപ്പോളാണ്‌ ഇന്ത്യ സ്വതന്ത്രയാകുന്നത്‌. അന്ന്‌ ബ്രിട്ടനില്‍ വിദ്യാര്‍ഥിയായിരുന്നു വര്‍ഗീസ്‌. 1949ല്‍ അദ്ദേഹം തിരികെയെത്തുമ്പോള്‍ അച്ഛനമ്മമാര്‍ തിരുവല്ലയിലെ കുടുംബവീടായ മുത്തൂര്‍ വില്ലയിലേക്ക്‌ എത്തിയിരുന്നു. വര്‍ഗീസാകട്ടെ കേരളത്തിലൊന്നു വന്നിട്ട്‌ നേരേ ബോംബെയിലേക്കു പോയി. അവിടെ നിന്ന്‌ 1951ല്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ ന്യൂഡെല്‍ഹി ബ്യൂറോയില്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ്‌ ആയി ചേര്‍ന്ന വര്‍ഗീസ്‌ പിന്നീടങ്ങോട്ട്‌ ആധുനിക ഇന്ത്യയുടെ രൂപീകരണത്തിനു ദൃക്‌സാക്ഷിയായി. 1951ലെ സെന്‍സസില്‍ ഇന്ത്യയുടെ ജനസംഖ്യ അപകകരമായ തോതിലേക്കു വളരുന്നതു കണ്ട്‌ നാം രണ്ട്‌ നമുക്കു രണ്ട്‌ എന്ന മുദ്രാവാക്യവുമായി കുടുംബാസൂത്രണം നടപ്പിലായതും 1962ലെ ഇന്ത്യാ ചൈനാ യുദ്ധത്തിലേക്കു വളര്‍ന്ന സംഭവങ്ങളുടെ നാടകീയതയുമൊക്കെ വര്‍ഗീസ്‌ രസകരമായും ലളിതമായും വിവരിക്കുന്നു.

1966 മുതല്‍ രണ്ടു വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ബി.ജി.വര്‍ഗീസ്‌ ഉണ്ടായിരുന്നു. എന്നാല്‍ അവിടെ കിച്ചന്‍ കാബിനറ്റ്‌ രൂപപ്പെടുത്തി കളികള്‍ നടത്തുന്നതിനല്ല, മറിച്ച്‌ പരമാവധി ശേഷി ഉപയോഗിച്ച്‌ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാണ്‌ ബി.ജി.വര്‍ഗീസ്‌ ശ്രമിച്ചത്‌. പിന്നീടങ്ങോട്ടുള്ള രാഷ്ട്രീയമാറ്റങ്ങളിലും ദേശീയസംഭവങ്ങളിലും അദ്ദേഹം കുറേക്കൂടി അടുത്തു നിന്നു പങ്കാളിയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു വിട്ടശേഷം 1969 ജനവരി ഒന്നിന്‌ വര്‍ഗീസ്‌ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ചേര്‍ന്നു. പ്രധആനമന്ത്രി സ്‌തുതിപാഠകരുടെയും കോക്കസ്സിന്റെയും പിടിയില്‍ പെടുകയും ഇന്ത്യന്‍ രാഷ്ട്രീം അടിയന്തരാവസ്ഥയുടെ ഇരുട്ടിലേക്കു പതിക്കുകയും ചെയ്‌തു. അടിയന്തരാവസ്ഥയ്‌ക്കു ശേഷം ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി തിരുവല്ലയില്‍ മല്‍സരിച്ചു അദ്ദേഹം. ഇഎംഎസ്‌ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ബന്ധത്തില്‍ അടിയന്തരാസ്ഥയ്‌ക്കെതിരെ പടപൊരുതിയ ഇന്ത്യയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ജനതയ്‌ക്കൊപ്പമുള്ള തന്റെ നിലപാട്‌ ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ കേരളമൊന്നടങ്കം ഇന്ദിരയെയും കോണ്‍ഗ്രസിനെയും പിന്തുണയ്‌ക്കുകയായിരുന്നു. എന്നാല്‍ അന്ന്‌ തിരുവല്ലയില്‍ താന്‍ തോറ്റില്ലെന്ന്‌ അടുത്തിടെയും ബി.ജി.വര്‍ഗീസ്‌ പറഞ്ഞിരുന്നു. ഒരു നിലപാടിന്റെ പേരിലാണ്‌ അന്ന്‌ സ്ഥാനാര്‍ഥിയായത്‌. നിലപാട്‌ ശരിയായിരുന്നു എന്ന്‌ കാലം തെളിയിക്കുകയും ചെയ്‌തു.

ഇന്ത്യയില്‍ ഡവലപ്‌മെന്റ്‌ ജേണലിസത്തിനു തുടക്കം കുറിച്ചതും ഇന്ത്യന്‍ ഗ്രാമങ്ങളിലാണ്‌ വാര്‍ത്തയുടെ അക്ഷയഖനികളുള്ളത്‌ എന്നു തിരിച്ചറിയുകയും ചെയ്‌തത്‌ കേംബ്രിജില്‍ പഠിച്ച പക്കാ നാഗരികനായിരുന്നു. ഹരിയാനയിലെ റോത്തേക്കിലുള്ള ഛത്തേര ഗ്രാമത്തെക്കുറിച്ച്‌ നമ്മുടെ ഗ്രാമം ഛത്തേര എന്ന പേരില്‍ തുടങ്ങി. ഗ്രാമജീവിത ചിത്രീകരണങ്ങള്‍ ആഗോള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ചു. ഇന്ത്യന്‍ ഗ്രാമങ്ങളുടെ യഥാര്‍ഥ മുഖങ്ങളെക്കുറിച്ച്‌, ഇന്ത്യയിലെ നദീ ജലസമ്പത്തിനെക്കുറിച്ച്‌ ഇന്ത്യയില്‍ നയങ്ങള്‍ രൂപപ്പെടുന്നതിനെക്കുറിച്ച്‌ ഒക്കെ സമഗ്രജ്ഞാനമുള്ള ബി.ജി.വര്‍ഗീസ്‌ വടക്കു കിഴക്കേ ഇന്ത്യയുടെ പ്രശ്‌നങ്ങളെക്കുറിച്ചും കാര്യമായി പഠിച്ചിട്ടുണ്ട്‌. രാജകുമാരനെപ്പോലെ ജനിച്ച്‌ രാജാവിനെപ്പോലെ ജീവിക്കാന്‍ കഴിയുമായിരുന്ന വര്‍ഗീസ്‌ ഏറ്റവും സാധാരണക്കാരനായാണ്‌ ജീവിച്ചത്‌. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ മുറി എയര്‍കണ്ടീഷന്‍ ചെയ്യുന്നതിനെക്കുറിച്ചു സംസാരിച്ച മേലധികാരിയോട്‌ എനിക്കു വേണ്ടത്‌ എസിയല്ല ഒരു ടൈപ്പ്‌ റൈറ്ററാണ്‌ എന്നു പറയാനുള്ള ആര്‍ജവം വര്‍ഗീസിനുണ്ടായിരുന്നു.

വര്‍ഗീസിനെപ്പോലുള്ള വലിയ മനുഷ്യര്‍ വ്യക്തി ജീവിതത്തില്‍ പുലര്‍ത്തിയ ആര്‍ജവമാണ്‌ ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്‌ അന്തസ്സും ആഭിജാത്യവും പകര്‍ന്നത്‌. അതേ ആഭിജാത്യവും കുലീനതയും ലാളിത്യവുമാണ്‌ ആത്മകഥയിലുമുള്ളത്‌. ആരെക്കുറിച്ചെങ്കിലുമുള്ള പകയോ വിദ്വേഷമോ പ്രസരിപ്പിക്കുന്നില്ല ഫസ്റ്റ്‌ ഡ്രാഫ്‌റ്റ്‌ എന്ന പുസ്‌തകം. സ്‌കൂള്‍ കുട്ടികള്‍ക്കു കൂടി വായിച്ചു മനസ്സിലാക്കാവുന്നത്ര ലളിതവും തുടര്‍ന്നു വായിക്കാന്‍ പ്രേരിപ്പിക്കും വിധം സുന്ദരവുമാണ്‌ ഭാഷ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രവും രാഷ്ട്രീയ വിശദാംശങ്ങളും അറിയാനാഗ്രഹിക്കുന്നവര്‍ക്ക്‌ വലിയൊരനുഗ്രഹമാണ്‌ പുസ്‌തകം.(പേജ്‌ :573,വില :695)

Thursday, March 22, 2012

മലബാറിലെ ജനങ്ങള്‍

പുസ്തകം : മലബാറിലെ ജനങ്ങള്‍
രചയിതാവ് : വില്യം ലോഗന്‍ / വിവര്‍ത്തനം : ടി. വി. കൃഷ്ണന്‍

പ്രസാധകര്‍ : മാതൃഭൂമി ബുക്സ്

അവലോകനം : ലാസര്‍ ഡിസല്‍‌വ






കേരളത്തിന്റെ ചരിത്രത്തില്‍ എന്തെങ്കിലും താല്‍പ്പര്യം ഉള്ളവര്‍ക്ക് ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാന്‍ സാധിക്കുന്ന ഒരു പുസ്തകമാണ് വില്യം ലോഗന്റെ രണ്ട് വാല്യങ്ങളുള്ള 'മലബാര്‍ മാനുവലി'ല് നിന്നും 'ജനങ്ങള്‍' എന്ന ഭാഗം മാത്രമായി പ്രത്യേകം അടര്‍ത്തിയെടുത്ത് പ്രസിദ്ധീകരിച്ച 'മലബാറിലെ ജനങ്ങള്‍' എന്ന പുസ്തകം. സൂചനയര്‍ഹിക്കുന്ന ഒരു പ്രധാനകാര്യം ലോഗന്‍ മലയാളികളോട് കാണിക്കുന്ന അനുഭാവപൂര്‍ണ്ണവും പ്രസാദാത്മകവുമായ മമതയാണ്‌. ഏതാണ്ട് ഇതേകാലത്ത് എഴുതപ്പെട്ട, കേരളത്തിന്റെ മറ്റൊരു ഭാഗത്തെ ജനങ്ങളെയും ജീവിതത്തെയും കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് എല്‍. എം. എസ്‌ മിഷനറിയായിരുന്ന സാമ്യൂല്‍ മെറ്റിറിന്റെ 'നേറ്റീവ് ലൈഫ് ഓഫ് ട്രാവന്‍കൂര്‍'. ഈ പുസ്തകം ലോഗന്റെ പുസ്തകത്തോളം പില്‍ക്കാലത്ത് പരാമര്‍ശിക്കപ്പെടാതിരിക്കാനുള്ള കാരണം, പറയുന്ന വിഷയത്തിനോട്, കേരള സമൂഹത്തോട്, പുലര്‍ത്തുന്ന ഒബ്ജെക്ടിവ് അകലമായിരിക്കാം. ചരിത്രപുസ്തകത്തെ പോലും വൈകാരികമായി സമീപിക്കുക എന്നത് നമ്മുടെ ജനിതക ദുര്‍ഗുണവും.

ലോഗന്റെ ജീവിതചരിത്രത്തിലൂടെ ചെറുതായൊന്നു കണ്ണോടിച്ചാല്‍ തന്നെ അദ്ദേഹം അടിസ്ഥാനത്തില്‍ ഒരു റിബല്‍ സ്വഭാവം നിലനിര്‍ത്തിയിരുന്നു എന്നു കാണാം. ബ്രിട്ടീഷ്‌ സിവില്‍സര്‍വീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരിക്കുമ്പോള്‍ തന്നെ, ബ്രിട്ടന്റെ പ്രബലഭാഗമായ ഇംഗ്ലണ്ടില്‍ നിന്നല്ല ലോഗന്‍ എന്നതും ഓര്‍ക്കണം. ഇപ്പോഴും ഇംഗ്ലിഷ് ഭാഗത്ത് നിന്നും വംശീയമായ ലോപത്വം, ഗോപ്യമായെങ്കിലും, പ്രകടിപ്പിക്കപ്പെടുന്ന സ്കോട്ട്ലാന്‍ഡില്‍ നിന്നും ആണ് ലോഗന്‍ ബ്രിട്ടീഷ് സിവില്‍സര്‍വീസില്‍ എത്തുന്നത്. അതുകൊണ്ട് തന്നെയാവും കോളനിവത്കരിക്കപ്പെട്ട കേരളജനതയോട് ലീനമായ ഒരു ആഭിമുഖ്യം അദ്ദേഹത്തിന് വന്നുചേര്‍ന്നത്‌ എന്ന് ന്യായമായും അനുമാനിക്കാം. അതിന് ഉപോല്‍ബലം നല്കുന്നതായിരുന്നു മലബാര്‍ കളക്റ്ററായും മറ്റും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍. തനിക്കു മുന്‍പ് ഭരിച്ച ബ്രിട്ടിഷ് ഉദ്യോഗസ്ഥര്‍ പലരും മലബാറിലെ ജനങ്ങളെയും അവരുടെ ജീവിതരീതികളെയും മനസിലാക്കാന്‍ പരാജയപ്പെട്ടു എന്ന് തന്റെ മാനുവലില്‍ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. ചുരുക്കത്തില്‍ കോളനിവത്കണത്തിന്റെ നടത്തിപ്പ് സുഗമാക്കുക എന്ന സാമ്രാജ്യത്വ അജണ്ടയ്ക്ക് പിടികൊടുക്കതെയാണ് ലോഗന്‍ മലബാറില്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെയാവും ഒരു ശിക്ഷണനടപടി എന്ന നിലയ്ക്ക് സര്‍ക്കാര്‍ അദ്ദേഹത്തെ ജുഡിഷ്യല്‍ ചുമതലകളിലേക്ക്‌ മാറ്റിയതും, അതിനെത്തുടര്‍ന്ന് അദ്ദേഹം ജോലി ഉപേക്ഷിച്ച് സ്വദേശത്തെക്കു മടങ്ങിയതും.

കലക്ടര്‍ എന്ന നിലയ്ക്കും അതിന് മുന്‍പ് മറ്റനേകം ചുമതലകള്‍ വഹിച്ചുകൊണ്ടും മലബാറില്‍ ഏറെ വര്‍ഷങ്ങള്‍ താമസിച്ച ലോഗന്‍ തനിക്കു ലഭ്യമായ സ്ഥിതിവിവരകണക്കുകളില്‍ നിന്നും, ഒരുപാട് കാലത്തെ ജനസമ്പര്‍ക്ക പരിപാടികളില്‍ കൂടിയും കേരളജനതയെ കുറിച്ച് സമഗ്രമായ നിലപാടുകളാണ് മുന്‍പോട്ട് വയ്ക്കുന്നത്. ജാതി തിരിച്ച് ഓരോ സമുദായത്തിന്റെയും ജീവിതരീതികളെ സൂക്ഷ്മമായി തന്നെ നോക്കികാണുന്ന ലോഗന്‍ പക്ഷെ പൊതുവായി 'ജനം' എന്ന നിലയ്ക്ക് അഭിസംബോധന ചെയ്യുന്നത് നായര്‍ വിഭാഗത്തെ ആണെന്ന് വേണം കരുതാന്‍. ഒരു യുറോപ്യന് ആശ്ചര്യജനകമായി തോന്നാവുന്ന പല ജീവിതരീതികളും എന്നാല്‍ വത്യസ്ഥമായ മറ്റൊരു ജനസമൂഹത്തിന്റെ സ്വാഭാവികമായ അവസ്ഥ എന്ന നിലയ്ക്ക് വളരെ നിര്‍മമതയോടെയാണ് ഈ പുസ്തകം സമീപിക്കുന്നത്. എന്നാല്‍ ജാതീയതയുടെ തൂണുകള്‍ ശക്തമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ബ്രാഹ്മണ്യത്തെ വിമര്‍ശനാത്മകമായി നോക്കി കാണാന്‍ മടിക്കുന്നുമില്ല: "മറ്റു സമുദായങ്ങളുടെ ചിലവില്‍ ബ്രാഹ്മണ്യത്തെ പ്രകീര്‍ത്തിക്കുകയാണ് സ്മൃതിവചനങ്ങള്‍ ചെയ്യുന്നത്. ബ്രാഹ്മണസൃഷ്ടിയാണ് ജാതിവ്യവസ്ഥയെന്ന് അതിന്റെ ഉത്ഭവവും വളര്‍ച്ചയും നിലവിലുള്ള സ്ഥിതിയും നിസ്സംശയം വിളിച്ചോതുന്നുണ്ട്. അതായത് തങ്ങളുടെ വ്യക്തിത്വവും മേധാശക്തിയും പുലര്‍ത്തണമെങ്കില്‍ നീക്കുപോക്കില്ലാത്ത ഒരു വിഭജനരേഖ ആര്യന്മാരായ തങ്ങള്‍ക്കും നാട്ടുകാരായ കറുത്തവര്‍ക്കും ഇടയില്‍ നിലനിര്‍ത്തേണ്ടതുന്ടെന്നു നേരത്തെ വന്ന ആര്യന്‍ കോളനിസ്റ്റുകള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിച്ചു എന്നതാണ് സത്യം. ജാതിയുടെ ആവിര്‍ഭാവത്തിനുള്ള സ്വാഭാവീകമായ വിശദീകരണവും ഇത് തന്നെ". എന്നാല്‍ ഈ മനസ്സിലാക്കല്‍ സമകാലിക ബ്രാഹ്മണസമൂഹത്തോട് ഒരു ചരിത്രകാരന്‍ പുലര്‍ത്തേണ്ടുന്ന സത്യാത്മകമായ വിശകലനങ്ങള്‍ക്കും നിലപാടുകള്‍ക്കും മറയായി നില്‍ക്കുന്നില്ല.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ പ്രസിദ്ധീകൃതമായ ഈ കൃതി അക്കാലത്തെ കേരള സമൂഹത്തെ തനതായ രീതിയില്‍ വൃത്തിയും വെടിപ്പും ആചാര, ഉപചാര മര്യാദകളുമുള്ള ഒരു ആധുനിക സമൂഹമായാണ് കാണാന്‍ ശ്രമിക്കുന്നത്. മറ്റുപല കൊളോണിയല്‍ എഴുത്തുകളിലും തികച്ചും അപരിഷ്കൃതമായ ഒരു സമൂഹമായി പരിചയപ്പെടുന്നതിന് തുലോം വത്യസ്ഥമാണ്‌ ലോഗന്റെ കേരളം. നായര്‍ വിഭാഗത്തിലെ 'സംബന്ധം' എന്ന സ്ത്രീപുരുഷബന്ധം കേരളത്തിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുമ്പോള്‍ പലപ്പോഴും ഒരു പതിത അവസ്ഥയായി വ്യവഹരിച്ചു കാണാറുണ്ട്. എന്നാല്‍ ലോഗന്‍ എഴുതുന്നു: "സത്യം, സമീപകാലത്തെ സംബന്ധിച്ച് പ്രത്യേകിച്ചും, മറ്റൊന്നാണ്. സംബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും പാരമ്പര്യത്തിന്റെ താത്വികവശം മാത്രമെടുത്ത് പറഞ്ഞാല്‍, ബന്ധം നിലനിര്‍ത്താനും ഉപേക്ഷിക്കാനും സ്വാതന്ത്ര്യം ഉണ്ടെന്നത് നേരാണ്. എന്നാല്‍, വൈവാഹിക ബന്ധം, അതിന്റെ ഔപചാരികസ്വഭാവം വച്ചുകൊണ്ട് തന്നെ, ഇത്രയും പവിത്രമായി പരിഗണിക്കുകയും പാലിക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗത്തെ കാണുകയില്ല. ഭാര്യ-ഭര്‍തൃബന്ധം സ്വാഭിമാനം സംരക്ഷിക്കപെടുന്നു. അതിന്റെ ലംഘനം നിര്‍വിശങ്കം ശിക്ഷിക്കപ്പെടുന്നു. നായര്‍സ്ത്രീകള്‍ മറ്റേതു വിഭാഗത്തില്‍ പെട്ട സ്ത്രീകളെയും പോലെ സദാചാരിണികളാണ്". മലബാര്‍ പ്രദേശത്ത്‌ എണ്ണത്തില്‍ പ്രബലമായ തീയ്യവിഭാഗത്തെ കുറിച്ച് ലോഗനുള്ളത്, പൊതുവെ അധ:സ്ഥിത ജനതതിയായി ചരിത്രവിവരണങ്ങളില്‍ പരിചയിച്ചിട്ടുള്ള അഭിപ്രായമല്ല: "കാഴ്ചയില്‍ പല ഈഴവ സ്ത്രീകളും യൂറോപ്പ്യന്‍ സ്ത്രീകളോളം തന്നെ സുന്ദരിമാരാണ്. മലബാര്‍ ജില്ലയില്‍ ഒരു യൂറോപ്പ്യന്റെ കണ്ണില്‍ ഏറ്റവും മതിപ്പുണ്ടാക്കുക പുരാതന കടത്തനാട്ടെയും ഇരുവഴിനാട്ടിലേയും കോട്ടയത്തേയും സ്ത്രീ പുരുഷന്‍മാരായിരിക്കുമെന്ന് പൊതുവില്‍ പറയുന്നതില്‍ തെറ്റില്ല. ഈ പറഞ്ഞ സ്ത്രീപുരുഷന്മാരില്‍ ഗണ്യമായ വിഭാഗം തീയ്യസമുദായത്തില്‍ പെട്ടവരാണ്".

ചന്ദുമേനോന്‍ 'ഇന്ദുലേഖ' പ്രസിദ്ധീകരിക്കുന്നത് 1889 - ല്‍ ആണ്. നോവലിന്റെ ഒടുവില്‍ മാധവനും ഇന്ദുലേഖയും മദിരാശിയില്‍ പോയി സന്തുഷ്ടമായി ശിഷ്ടകാലം ജീവിച്ചു എന്നാണ് നമ്മള്‍ വായിക്കുന്നത്. അത്തരത്തില്‍ മരുമക്കത്തായ ക്രമത്തില്‍ നിന്നും മക്കത്തായത്തിലേക്ക് മാറുന്നതിന്റെ ചെറിയ ലാന്ചനകള്‍ ആ നോവല്‍ പങ്കുവയ്ക്കുന്നുണ്ട്. എങ്കിലും അത് നോവലിന്റെ പ്രധാനമായ കഥാഭൂമികയല്ല. ഇത്തരം കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ ഭ്രംശങ്ങള്‍ വ്യക്തിജീവിതത്തിന്റെ തന്നെ സങ്കീര്‍ണതകളായി സാഹിത്യത്തില്‍ കുറച്ചുകൂടി മുര്‍ത്തമാവുന്നത് പത്തെഴുപത്തഞ്ച് കൊല്ലങ്ങള്‍ക്ക് ശേഷം എം. ടിയുടെ കാലത്താണ്. എന്നാല്‍ ഈ പരിണാമത്തിന്റെ വ്യഥകള്‍ തന്റെ കാലത്ത് തന്നെ ആരംഭിച്ചത് ലോഗന്‍ വ്യക്തമായും കാണുന്നുണ്ട്: "ഒരു പുരുഷന്‍ തന്റെ ആയുഷ്ക്കാലം കൊണ്ട് ആര്‍ജ്ജിക്കുന്ന സ്വത്തുക്കള്‍, കോടതികളുടെ കണ്ണില്‍, അയാളുടെ മരണശേഷം തറവാടിലേക്ക് ചേരേണ്ടാതാണെന്ന് വരുന്നു. മറിച്ച്, അയാളുടെ സ്വന്തം മക്കള്‍ക്ക്‌ ചെല്ലേണ്ടതല്ല. നായര്‍സമുദായത്തില്‍ പുരുഷപ്രജകളെല്ലാം പട്ടാള സേവനത്തിലിറങ്ങുകയും വീടും കുടുംബവും അത്ര കാര്യമായി എടുക്കാതിരിക്കുകയും ചെയ്ത കാലത്ത്, ഇതുകൊണ്ട് വലിയ ദോഷം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഒരു നായര്‍ ഒരു സ്ത്രീയെ മാത്രമേ വിവാഹം ചെയ്യുന്നുള്ളൂ. ഭാര്യയുമൊത്ത് അയാള്‍ പ്രത്യേക വീട് വച്ച് താമസിക്കുന്നു. ഭാര്യയിലുണ്ടാവുന്ന സന്താനങ്ങള്‍ തന്റെയും സന്താനങ്ങളായി കരുതി അയാള്‍ കുടുംബജീവിതം നയിക്കുന്നു. അയാളുടെ സ്വാഭാവികബന്ധങ്ങള്‍ രൂഡമൂലമാവുന്ന സാഹചര്യമാണിത്. ഭാര്യ-ഭര്‍തൃബന്ധങ്ങളും പിതൃ-പുത്രബന്ധങ്ങളും പ്രകടഭാവംകൊള്ളുന്നു. താന്‍ സ്വന്തമായി ആര്‍ജിച്ച സ്വത്തുകള്‍ സ്വന്തം കുട്ടികള്‍ക്കും കുട്ടികളുടെ അമ്മയ്ക്കും ചേരേണ്ടാതാണെന്നും അതിന് നിയമസമ്മതി വേണമെന്നും അയാള്‍ സ്വാഭാവികമായും ആഗ്രഹിക്കുന്നു".

ഭാഷോല്‍പ്പത്തിയെ കുറിച്ച് സമഗ്രവും സങ്കീര്‍ണവും ആയ ഒരുപാട് പഠനങ്ങള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയ്ക്ക് നടന്നിട്ടുണ്ട്. ഭാഷയുടെ പിതാവായി എഴുത്തച്ഛനെ കൃത്യമായി ബിംബവത്കരിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക്‌ തുഞ്ചന്‍പറമ്പില്‍ സമുചിതമായ സാംസ്കാരികസ്ഥാപനം ഉയര്‍ന്നു കഴിഞ്ഞു. എഴുത്തച്ഛന്റെ ജീവിതത്തെ ആസ്പദമാക്കി ബ്രഹൃത്തായ ഒരു നോവല്‍ ഈയടുത്ത് പ്രസിദ്ധീകൃതമാവുകയും ചെയ്തു (തീക്കടല്‍ കടഞ്ഞ് തിരുമധുരം - സി. രാധാകൃഷ്ണന്‍). ഭാഷയെ കുറിച്ച് സംസാരിക്കുന്നിടത്ത് ലോഗന്‍ എഴുത്തച്ഛനെ കുറിച്ച് എഴുതുന്നു: "പതിനേഴാം നൂറ്റാണ്ടില്‍ ശൂദ്ര (നായര്‍) ജാതിയില്‍പ്പെട്ട തുഞ്ചത്തെഴുത്തച്ചന്‍ എന്നൊരാള്‍ തമിള്‍ അക്ഷരമാലയെ ആധാരമാക്കിയുള്ള ഗ്രന്ഥലിപികളുടെ ചുവടുപിടിച്ച് ഗ്രാമ്യമലയാളത്തിനു തനതായ രൂപകല്‍പ്പന നല്‍കുകയും (സംസ്കൃത പദങ്ങളുടെ സ്വതന്ത്രമായ പ്രയോഗം) ആധുനിക മലയാളത്തില്‍ പ്രധാന സംസ്കൃതകൃതികളുടെ സ്വതന്ത്രവിവര്‍ത്തനത്തിനു ഒരുങ്ങുകയും ചെയ്തപ്പോള്‍, അതൊരു വിപ്ലവമായിരുന്നു". ആറ്റികുറുക്കിയെടുത്താല്‍ പില്‍ക്കാലത്ത് ഒരുപാട് പള്‍പ്പ് നഷ്ട്ടപെടുത്തി എഴുത്തച്ഛനെ കുറിച്ചു എഴുതിയുണ്ടാക്കിയതൊക്കെയും വസ്തുതാപരമായി ഇപ്പറഞ്ഞതില്‍നിന്ന് ഒരു ഔന്‍സു പോലും കൂടുതല്‍ വരില്ല. കേരളത്തിലെ ശിക്ഷാരീതികളെ കുറിച്ചും മറ്റും പരാമര്‍ശിക്കുന്നതിനിടയ്ക്ക് ഇങ്ങിനെ ഒന്ന് കാണാം: "ജീവനോടെ കഴുവില്‍ കയറ്റുന്നതും അപൂര്‍വമായിരുന്നില്ല. 1795 ജൂണില്‍ ബ്രിട്ടീഷ് വിരുദ്ധ ലഹളകളുടെ തലവനായിരുന്ന പഴശ്ശി (പൈച്ചി) യുടെ ഉത്തരവിന്‍ പ്രകാരം, കോട്ടയം താലൂക്കില്‍ പെട്ട വെങ്ങോട് ഒരു നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കുറ്റമാരോപിച്ചു, നാമമാത്രമായ വിചാരണ നടത്തി രണ്ട് മാപ്പിളമാരെ ഈ വിധത്തില്‍ കഴുവേറ്റുകയുണ്ടായി". സര്‍ദാര്‍ പണിക്കരും എം. ടി യുമൊക്കെ 'സിംഹ'മാക്കി മാറ്റിയ പഴശ്ശി അത്രയ്ക്ക് നീതിബിധമുള്ള ഒരു ദേശാഭിമാനിയായിരുന്നു എന്നു കരുതാന്‍ നിര്‍വാഹം ഇല്ല. ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ മറ്റെന്തെഴുതും എന്ന വിരുദ്ധചിന്തയ്ക്ക് കാര്യമായ പ്രസക്തിയില്ല. മറ്റു ചരിത്ര വിവരണങ്ങളിലെല്ലാം ഒരു ഇന്‍സൈഡര്‍‍ എന്ന നിലയ്ക്ക് കേരളത്തോട് നീതിപുലര്‍ത്തിയ എഴുത്തുകാര്‍ ഒരിടത്ത് മാത്രം അങ്ങിനെ അല്ലാതാവേണ്ടതില്ല. മാത്രവുമല്ല ചില ഭരണ/ജീവിത രീതികള്‍ സമഗ്രമായി പ്രതിപാദിക്കുന്നതിനിടയ്ക്കു തുച്ഛമായ ഒരു ഉദാഹരണമായി മാത്രമാണ് പഴശ്ശിയെ പരാമര്‍ശ്ശിക്കുന്നതും. ഇന്നത്തെ കേരളത്തില്‍ പഴശ്ശിയെ പോലുള്ള ബിംബങ്ങള്‍ ക്രമാതീതമായി മഹത്വവത്ക്കരിക്കപ്പെടുമ്പോള്‍‍‍, നമ്മള്‍ അതിലേക്ക് കൂടുതല്‍ ശ്രദ്ധാലുക്കളാകുന്നു എന്നു മാത്രം. ചരിത്ര രചനയുടെ അമച്വറിസത്തില്‍ പോലും ഈ പുസ്തകം വിശ്വസനീയമായി നില്‍ക്കുന്നു എന്നതാണ് ഇതിന്റെ ആത്യന്തികമായ ഗുണഫലം.

Sunday, January 22, 2012

മഹാത്മജി മാതൃഭൂമി രേഖകള്‍

പുസ്തകം : മഹാത്മജി മാതൃഭൂമി രേഖകള്‍
രചയിതാവ് : എം.ജയരാജ്‌ (എഡിറ്റര്‍)
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌
അവലോകനം : ബിജു.സി.പി





നുഷ്യവംശത്തിനാകെ പുതിയൊരു വെളിച്ചവും വികാസവുമായിരുന്നു മഹാത്മാഗാന്ധി. മഹാത്മജിയുടെ ആശയാദര്‍ശങ്ങളില്‍ നിന്നും ആ മഹിത ജീവിതത്തില്‍ നിന്നും ഊര്‍ജമേറ്റ പ്രസിദ്ധീകരണസ്ഥാപനമാണ്‌ മാതൃഭൂമി. ജീവിച്ചിരുന്നപ്പോള്‍ മഹാത്മജിയുടെ ജിഹ്വയായിട്ടാണ്‌ മാതൃഭൂമി പ്രവര്‍ത്തിച്ചിരുന്നത്‌. മഹാത്മജിയുമായി ബന്ധപ്പെട്ട്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ ലേഖനങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും കവിതകളുടെയും മറ്റ്‌ രചനകളുടെയും വിപുലമായ സമാഹാരമാണ്‌ മഹാത്മജി മാതൃഭൂമി രേഖകള്‍ എന്ന പുസ്‌തകം. മഹാത്മാവിന്റെ കര്‍മബഹുലമായ ജീവിതത്തിന്റെ ചരിത്രമാണ്‌ ഈ പുസ്‌തകത്തെ സവിശേഷമാക്കുന്നത്‌. അതിനൊപ്പം അത്‌ ആ കാലഘട്ടത്തിലെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണ്‌. ഒരു കാലഘട്ടിന്റെ മാധ്യമ ചരിത്രവും. പഴയ ആഴ്‌ചപ്പതിപ്പില്‍ വന്ന ലേഖനങ്ങള്‍ കവിതകള്‍ അത്യപൂര്‍വങ്ങളായ ചിത്രങ്ങള്‍ എന്നിവയെല്ലാം മിഴിവോടെ ചേര്‍ത്തിരിക്കുന്നു. മഹാത്മാഗാന്ധിയെക്കുറിച്ചുള്ള അറുപതോളം ലേഖനങ്ങള്‍, @രുപതിലധികം കവിതകള്‍ അത്യപൂര്‍വമായ നൂറുകണക്കിനു ചിത്രങ്ങള്‍, ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ടു വന്ന നിരവധി വാര്‍ത്താക്കുറിപ്പുകള്‍ എന്നിവയെല്ലാമുണ്ട്‌ ഈ പുസ്‌തകത്തില്‍.

ജവഹര്‍ലാല്‍ നെഹ്രുവും രവീന്ദ്രനാഥ്‌ ടാഗൂറും ബി.കുമരപ്പയും ആചാര്യ കൃപലാനിയും പട്ടാഭി സീതാരാമയ്യയും കെ.എ.അബ്ബാസും എച്ച്‌.എസ്‌.എന്‍.പോളക്കും കൈലാസനാഥ്‌ ഖട്‌ജുവും നിര്‍മല്‍ കുമാര്‍ ബോസുമുള്‍പ്പെടെയുള്ള മഹാമനീഷികളുടെ ലേഖനങ്ങളാണ്‌ പുസ്‌തകത്തിലുള്ളത്‌. ലേഖനങ്ങളെഴുതിയിട്ടുള്ള മലയാളികളുടെ കൂട്ടത്തില്‍ പുത്തേഴത്ത്‌ രാമന്‍ മേനോനനും ചേലനാട്ട്‌ അച്യുതമേനോനും മൂര്‍ക്കോത്ത്‌ കുഞ്ഞപ്പയും സുകുമാര്‍ അഴീക്കോടും എസ്‌.ഗുപ്‌തന്‍ നായരും ജി.രാമചന്ദ്രനും പി.കുഞ്ഞിരാമന്‍ നായരുമുള്‍പ്പെടെയുള്ള പ്രതിഭാധനന്മാരാണ്‌ അധികവും. കവിതകളാകട്ടെ ഉള്ളൂര്‍,വള്ളത്തോള്‍,പി.വൈലോപ്പിള്ളി, ജി.ശങ്കരക്കുറുപ്പ്‌ തുടങ്ങിയവരുടേതാണ്‌. ഇതിനെക്കാളൊക്കെ പ്രധാനമാണ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മഹാത്മാഗാന്ധിയുടെ നിരവധി ലേഖനങ്ങള്‍.

സൈക്കിള്‍ ചവിട്ടി പോകുന്ന ഗാന്ധിജിയും ബര്‍മാത്തൊപ്പിയും വെച്ച്‌ കുട്ടിക്കുസൃതിയോടിരിക്കുന്ന ഗാന്ധിജിയും കുട്ടിക്കുടുമയിളക്കി പൊട്ടിച്ചിരിക്കുന്ന ഗാന്ധിജിയും കുഷ്‌ഠരോഗിയെ ശുശ്രൂഷിക്കുന്ന ഗാന്ധിജിയും ഉള്‍പ്പെടെ ഈ പുസ്‌തകത്തിലെ അപൂര്‍വഗാന്ധിച്ചിത്രങ്ങളുടെ പേരില്‍ മാത്രം ഇതൊരു വിശിഷ്ടഗ്രന്ഥമായിത്തീരുന്നുണ്ട്‌. ചരിത്രാത്മകതയുടെ സൗരഭ്യവും ഗാന്ധിജിയുടെ മഹത്ത്വവും മാതൃഭൂമിയുടെ പൈതൃകഗരിമയും ഒരു പുസ്‌തകത്തില്‍ ചേര്‍ന്നൊത്തു കാണണമെങ്കില്‍ ഈ വിശിഷ്ടഗ്രന്ഥത്തിലേക്കു തന്നെ വരണം. അന്‍പതിലധികം വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ മുഴുവന്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പും വിശദമായി പരിശോധിച്ച്‌ ഇത്രയധികം ലേഖനങ്ങളും ചിത്രങ്ങളും പകര്‍ത്തി ഉചിതമായ വിവരണങ്ങളും വിശദീകരണക്കുറിപ്പുകളും ചേര്‍ത്ത്‌ ഇങ്ങനെയൊരു പുസ്‌തകം തയ്യാറാക്കുന്നതു പോലൊരു സാഹസം ഇതിനു മുമ്പ്‌ മലയാളത്തില്‍ ആരെങ്കിലും ചെയ്‌തിട്ടുണ്ടെന്നു തോന്നുന്നില്ല. പിഎച്ച്‌ഡി ഗവേഷണങ്ങളില്‍ പോലും തട്ടിക്കൂട്ടു പ്രബന്ധങ്ങള്‍ മാത്രമുണ്ടാകുന്ന നമ്മുടെ നാട്ടില്‍ ഇങ്ങനെയൊരു പുസ്‌തകം അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്‌. വര്‍ഷങ്ങളുടെ തപസ്യയിലൂടെ ഈ പുസ്‌തകം തയ്യാറാക്കിയ എം.ജയരാജിന്റെ ഗവേഷണ താത്‌പര്യം തീര്‍ച്ചയായും പ്രശംസാര്‍ഹം തന്നെ. വിദ്യാലയ ഗ്രന്ഥശാലകളിലും പൊതു ഗ്രന്ഥശാലകളിലും ഗാന്ധിജിയുടെ ചരിത്രത്തില്‍ താത്‌പര്യമുള്ളവര്‍ക്കും മാധ്യമരംഗത്തുള്ളവര്‍ക്കും വിലമതിക്കാനാവാത്ത പുസ്‌തകമാണ്‌ ഈ രേഖാശേഖരം. (പേജ്‌ 272 വില 300രൂപ)

വലിയ സൈസില്‍ കട്ടിയുള്ള പുറം ചട്ടയോടെയും ഇത്തരമൊരു പുസ്‌തകത്തിനു വേണ്ട അച്ചടിമികവോടെയും ഗരിമയോടെയുമാണ്‌ പുസ്‌തകം തയ്യാറാക്കിയിട്ടുള്ളത്‌.

Wednesday, November 16, 2011

വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം

പുസ്തകം : വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം
രചയിതാവ് : പി.ഗോവിന്ദപിള്ള
പ്രസാധകര്‍ : കേരളഭാഷാ ഇന്‍സ്റ്റിട്യൂട്ട്
അവലോകനം : മനോജ് പട്ടേട്ട്



നാഗരികതയുടെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളില്‍ വില്‍ ഡൂറന്റിന്റെ സ്റ്റോറി ഓഫ് സിവിലൈസേഷന് സമാനതകളില്ല. പ്രതിനിമിഷം നമ്മെ അത്ഭുതപ്പെടുത്തുന്ന ആ പതിനൊന്ന് വാല്യങ്ങള്‍ക്കൊപ്പം മനസ്സിലേക്കെത്തുന്ന മറ്റൊരു ഗ്രന്ഥമാണ് ഇന്ത്യയുടെ ചരിത്രം പറയുന്ന ഏഴു വാല്യങ്ങളുള്ള, ശ്രീരാമകൃഷ്ണ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചര്‍ പുറത്തിറക്കിയ ദ കള്‍ച്ചറല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന ഗ്രന്ഥാവലി. ഒന്നാമത്തേത് വില്‍ ഡ്യൂറെന്റിന്റെ ശ്രമത്തിന്റെ ഫലമാണെങ്കില്‍, ഡോ: രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ആര്‍ സി മജുംദാറും സുനീത് കുമാര്‍ മുഖര്‍ജിയുമടങ്ങുന്ന ഒരു സംഘം ചരിത്രകാരന്മാരുടെ സംയുക്ത ശ്രമാണ് രണ്ടാമത്തേത്. മലയാളത്തിലാകട്ടെ ഇത്തരം ആധികാരികമായ ചരിത്രഗ്രന്ഥങ്ങള്‍ പൊതുവേ വിരളമാണെന്ന് പറയാം. ആ മേഖലയിലേക്ക് വന്നുചേര്‍ന്ന വിലമതിക്കാനാവാത്ത ഒരു ഗ്രന്ഥമാണ് പി. ഗോവിന്ദപ്പിള്ളയുടെ ശ്രമഫലമായി ഉണ്ടായിട്ടുള്ള വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക പഠനം എന്ന ഉജ്ജ്വലഗ്രന്ഥം. ചരിത്ര ഗ്രന്ഥം എന്നു പറഞ്ഞുവെങ്കിലും മറ്റു രണ്ടുകൃതികളേയും പോലെ മാനവചരിത്രത്തിന്റെ ക്രമാനുക്രമമായ ഒരു അവതരണരീതിയല്ല ഈ ഗ്രന്ഥം അനുവര്‍ത്തിക്കുന്നത്. ശാസ്ത്രം, മനുഷ്യന്റെ ദൈനംദിനജീവിതത്തെ മാറ്റിമാറിക്കാനിടയായ അത്യജ്വലങ്ങളായ കണ്ടുപിടുത്തങ്ങളുടെ വേലിയേറ്റമുണ്ടായ പതിനാറും പതിനേഴും നൂറ്റാണ്ടുകളെ അടിസ്ഥാനപ്പെടുത്തി സയന്റിഫിക് റവലൂഷന്റെ അഥവാ വൈജ്ഞാനിക വിപ്ളവത്തിന്റെ കഥ പറയുവാനാണ് ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് ആ നൂറ്റാണ്ടുകളുടെ മാത്രം ചരിത്രവുമാകുന്നില്ല. മുന്കാലങ്ങളേയും പിന്‍കാലങ്ങളേയും സമഞ്ജസമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് സമഗ്രമായ ഒരു പ്രതിപാദനരീതി അവലംബിക്കുകയാല്‍ ആധുനികലോകത്തിന്റെ ചരിത്രം കൂടിയായി മാറുകയാണ്.

ഈ പുസ്തകം എഴുതാനുണ്ടായ കാരണത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ ഇങ്ങനെ പറയുന്നു. "ശാസ്ത്രത്തിന്റെ വികാസവും ശാസ്ത്രജ്ഞന്മാരുടെ ജീവിതവും ജനങ്ങള്‍ ശാസ്ത്രജ്ഞന്മാരോടും അവരുടെ കണ്ടുപിടുത്തങ്ങളോടും എങ്ങനെ പ്രതികരിച്ചു എന്നതും കലയും സാഹിത്യവും ദര്‍ശനവും മതവും രാഷ്ട്രീയവും എങ്ങനെ ശാസ്ത്രസംഭവങ്ങളുമായി കെട്ടുപിണഞ്ഞ് ആദാനപ്രദാനങ്ങള്‍ നടത്തി വികസിക്കുന്നവെന്നും വിവരിക്കുന്ന ചരിത്രങ്ങള്‍ വിരളമാണ്. ചാള്സ് സിംഗറിനേയും ജെ.ഡി ബര്‍ണലിനേയും പോലെ ചുരുക്കം ചില ശാസ്ത്രജ്ഞന്മാര്‍ സാംസ്കാരിക അന്തരിക്ഷം എങ്ങനെ ശാസ്ത്രത്തെ ബാധിക്കുന്നുവെന്ന് സ്പര്‍ശിച്ച് പോകുന്നുണ്ടെങ്കിലും, അവ വളരെ പരിമിതമായ തോതില്‍ മാത്രമാണെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. ഈ പരിമിതി പരിഹരിക്കാന്‍ കഴിയും വിധം സഹസ്രാബ്ദങ്ങള്‍ നീണ്ട സാംസ്കാരികചരിത്രത്തിലെ ഒരുജ്ജ്വല അധ്യായത്തിന്റെ ചരിത്രം രചിക്കുവാനാണ് ഇവിടെ മുതിര്‍ന്നിട്ടുള്ളത്." ഗ്രന്ഥകാരന്റെ അവകാശവാദം തുലോം ലളിതമാണെങ്കിലും അതിലും എത്രയോ മഹത്തായ ഒരു കൃത്യമാണ് അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നത് എന്നോര്‍ത്ത് ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുന്നവര്‍ അത്ഭുതം കൊള്ളുകതന്നെ ചെയ്യും.

വൈജ്ഞാനികവിപ്ലവം ഒരു സാംസ്കാരികചരിത്രം എന്നാ പേരിനെത്തന്നെ കൃത്യമായി നിര്‍വചിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. വിജ്ഞാനം, വിപ്ലവം, ചരിത്രം, സംസ്കാരം എന്നീ നാല് പദങ്ങളുടെ അയത്നലളിതമായ പ്രയോഗങ്ങളാല്‍ സമ്പന്നമാണല്ലോ നമ്മുടെ സമകാലിസാംസ്കാരികചിന്താധാര. എന്നാല്‍ ഓരോ പദങ്ങളിലും നിഹിതമായിരിക്കുന്ന അര്‍ത്ഥതലങ്ങളെന്ത് എന്ന് അന്വേഷിക്കുമ്പോള്‍ നമുക്ക് മാനവചരിത്രത്തിന്റെ ആദ്യകാലസംഭവവികാസങ്ങളിലേക്ക് ചെന്നേത്തേണ്ടിവരും എന്നതാണ് വസ്തുത. ഈ വസ്തുതയെ പരിപോഷിപ്പിച്ചുകൊണ്ടാണ് പ്രാരംഭം എന്ന ഒന്നാം ഭാഗത്തിലെ ആറ് അദ്ധ്യായങ്ങല്‍ ഇതള്‍ വിരിയുന്നത്. ഗ്രന്ഥനാമത്തിലടങ്ങിയിരിക്കുന്ന നാലുപദങ്ങളേയും സൈദ്ധാന്തികമായി സംയോജിപ്പിച്ചുകൊണ്ട് അവ ഏതൊക്കെ തലത്തിലാണ് ഈ പുസ്തകത്തിന്റെ രചനക്ക് സഹായകമായി നിലകൊള്ളുന്നത് എന്ന് വിശദീകരിക്കുന്നു. ചരിത്രവും സംസ്കാരവും, സത്യം ശിവം സുന്ദരം, പ്രകൃതി ശാസ്ത്രവും ധര്‍മശാസ്ത്രവും, ശാസ്ത്രം കപടശാസ്ത്രം ശാസ്ത്രവിരോധം, ജ്ഞാനം വിജ്ഞാനം ശാസ്ത്രം, വിജ്ഞാനവികാസവും പ്രതിഭാവിലാസവും എന്നീ ആറ് അദ്ധ്യായങ്ങളിലൂടെ ഇതപര്യന്തമുള്ള ഒട്ടുമിക്ക ചിന്താപദ്ധതികളേയും പരിചയപ്പെടുത്തുകയും അവയൊക്കെ പുരോഗമനോന്മുഖമായ സമൂഹസൃഷ്ടിക്ക് എങ്ങനെയൊക്കെ പ്രചോദനമായി ഭവിച്ചു എന്ന് വിലയിരുത്തുകയും ചെയ്യുന്നു.

രണ്ടാം ഭാഗമാകട്ടെ യൂറോകേന്ദ്രിതമായ ഒരു വ്യവസ്ഥിതിയിലേക്ക് നാം നയിക്കപ്പെട്ടതെങ്ങനെ എന്ന് ചിന്തിക്കുന്നു. യൂറോവാദത്തിന്റെ രാഷ്ട്രീയം എന്ന ഒന്നാം അദ്ധ്യായത്തില്‍ രാഷ്ട്രീയവും സൈനികവുമായ അധികാരാവകാശങ്ങള്‍ എല്ലാംതന്നെ ഭൂഖണ്ഡങ്ങളില്‍ നിന്നും യൂറോപ്യന്‍ ശക്തികള്‍ക്ക് നഷ്ടപ്പെട്ടുവെങ്കിലും, സാംസ്കാരികമായി മേല്‍ക്കോയ്മയിലൂടെ സാമ്പത്തികാധിപത്യം സുഗമമായി നിലനിര്‍ത്തിക്കൊണ്ടു രാഷ്ട്രീയാധിപത്യത്തിലേക്ക് ചെന്നെത്തുന്ന ഇടപെല്‍ രീതിയെ വ്യക്തമാക്കുന്നു. കോളനിവത്കരിക്കപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളുടെ സംഭാവനകളെ വിലകുറച്ചുകാണുകയും അവഗണിക്കുകയും ചെയ്യുന്ന ഒരു രീതിയായിരുന്നു അവലംബിക്കപ്പെട്ടത്. യൂറോകേന്ദ്രവാദത്തിന്റെ പൊള്ളത്തരത്തെ വെളിവാക്കുന്ന ഒരു കഥ ഇവിടെ നമുക്ക് ഗ്രന്ഥകാരന്‍ ഇങ്ങനെ വിവരിക്കുന്നു. പൌലോസ് മാര്‍ ഗ്രിഗറിയോസ്, ജോണ്‍ പോള്‍ രണ്ടാമനുമായി നടത്തിയ ഒരു അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളാണ് ഇവ. കഴിഞ്ഞ 500 വര്‍ഷമായി സുവിശേഷവേലകള്‍ അത്യുത്സാഹപൂര്‍വം നടത്തപ്പെടുന്ന ഇന്ത്യയില്‍ എന്തുകൊണ്ടാണ് ക്രിസ്തുമതം ഒന്നാമതായി വളരാത്തത് എന്നായിരുന്നു ആ അഭിമുഖത്തിലെ ഒരു ചോദ്യം. അതിന് മാര്‍പാപ്പ പറഞ്ഞ ഉത്തരമാകട്ടെ, കൃസ്തീയവേദശാസ്ത്രത്തിലെ ആശയങ്ങള്‍ അതിഗഹനമാണെന്നും അത് ഏഷ്യക്കാര്‍ക്കും മറ്റുമൊന്നും മനസ്സിലാകില്ല എന്നായിരുന്നു. അടുത്ത ചോദ്യമാകട്ടെ പൌരസ്ത്യഫിലോസഫിയെക്കുറിച്ച് അങ്ങെന്തെങ്കിലും വായിച്ചിട്ടുണ്ടോ എന്നായിരുന്നു. ഇല്ല എന്ന ഒറ്റവാക്കിലവസാനിച്ചു മാര്‍പാപ്പയുടെ ഉത്തരം. സൂചന, മതകാര്യങ്ങളിലെന്നതുപോലെത്തന്നെ മറ്റേതൊരു വിഷയത്തിലും ചോദ്യം ചെയ്യാനാകാത്ത പ്രതിഭയാണ് തങ്ങളെന്ന ധാരണ യൂറോകേന്ദ്രിതവാദമുയര്‍ത്തുന്നവരുടെ പൊതുസ്വഭാവമാണെന്നാണ്. ഇതര മതത്തേയും വംശത്തേയും പരിസ്ഥിതിയേയും സംസ്കാരത്തേയും കുറിച്ചെല്ലാം തന്നെ ഇത്തരം നിഷേധാത്മകനിലപാടുകളാണ് അവര്‍ സ്വീരിക്കുന്നതെന്നും ഇത് എത്രകണ്ട് അബദ്ധജടിലമാണെന്നും ഈ അദ്ധ്യായം വിവരിക്കുന്നു.

യൂറോകേന്ദ്രവാദത്തിന്റെ വക്താക്കള്‍ ഉന്നയിക്കുന്ന ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ മേല്‍ക്കോയ്മകളെക്കുറിച്ച് യൂറോവാദം - ചരിത്രവും ഭൂമിശാസ്ത്രവും എന്ന രണ്ടാം അദ്ധ്യായത്തില്‍ വിവരിക്കുന്നു.എല്ലാത്തരം മഹനീയ ആദര്‍ശങ്ങളും യൂറോപ്പില്‍ ഉത്ഭവിച്ച് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു എന്നാണ് അവര്‍ വാദിക്കുന്നത്.അങ്ങനെ ഭൂഗോളത്തെ അവര്‍ രണ്ടായി ഭാഗിക്കുന്നു - ഹൃദയമേഖലയും പ്രാന്തപ്രദേശവും. യൂറോപ്പ് ഒന്നാമത്തേതും, പ്രാന്തപ്രദേശങ്ങളായി ഇതര ഭൂഖണ്ഡങ്ങളും നിര്‍ണയിക്കപ്പെട്ടു. ഇങ്ങനെ നിര്‍ണയിക്കപ്പെടാന്‍ അവര്‍ സ്വീകരിച്ച വാദമുഖങ്ങള്‍ പ്രധാനമായും അഞ്ചെണ്ണമായിരുന്നു. 1. സ്വയം നിര്‍മിതവും സ്വഭാവികവുമായ പുരോഗമനാത്മക സംസ്കാരം. 2. യൂറോപ്പിലെ പരിണാമം, ആത്യന്തികമായി ആത്മീയമായ ഏതോ ശക്തിയില്‍ നിന്നും രൂപം പ്രാപിച്ചതാണെന്ന സങ്കല്പം. 3. ഇതരനാടുകളിലെ പരിണാമം യൂറോപ്പുമായുള്ള സമ്പര്‍ക്കത്താല്‍ ഉണ്ടായതാണ്. 4.നാഗരികതയുടെ വികസത്തിനുപകരിക്കുന്ന ആശയങ്ങളുടെയൊക്കെ മൂലരൂപം യൂറോപ്പിന്റെയാണ്. 5.ഇതരനാടുകളില്‍ നിന്നും യൂറോപ്പിലേക്കൊഴുകുന്ന സമ്പത്ത്, ഈ നാഗരികത എന്ന പുരസ്കാരത്തിനുള്ള പ്രതിഫലമാണ്. ഈ വാദങ്ങളെ ഓറിയന്റലിസ്റ്റുകള്‍ ഉന്നയിക്കുന്ന ആശയധാരകളെ പിന്‍പറ്റി അതിസമര്‍ത്ഥമായി ഗ്രന്ഥകാരന്‍ ഖണ്ഡിക്കുന്നുണ്ടെങ്കിലും യൂറോ കേന്ദ്രിതവാദത്തിന് പകരം പൌരസ്ത്യമേല്ക്കോയ്മാവാദം സ്ഥാപിച്ചെടുക്കുന്നതിലെ അപാകതകളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

നവോത്ഥാനം എന്ന് പേരിട്ടിട്ടുള്ള മൂന്നാംഭാഗത്ത്, നവോത്ഥാനം - കുലീനഘട്ടം, നരകവാതിലുകള്‍ തുറന്നുപ്പോള്‍, നവോത്ഥാനം - ജനകീയഘട്ടം, മാക്കിയവല്ലി - ഇറ്റാലിയന്‍ ചാണക്യന്‍, അവസാനത്തെ ദ്വീപദ്വന്ദം - മൂറും ഇറാസ്മസും എന്നീ അദ്ധ്യായങ്ങളുണ്ട്. ഇരുണ്ടയുഗത്തേയും ആധുനികയുഗത്തേയും വേര്‍തിരിക്കുന്ന രണ്ടോ മൂന്നോ നൂറ്റാണ്ടുകളെ നവോത്ഥാനകാലം എന്ന് വിളിക്കുന്നു. നവോത്ഥാനകാലത്തെക്കുറിച്ച് ഫ്രെഡറിക് ഏംഗല്സ് ഇപ്രകാരം പറയുന്നു "മാനവരാശി അതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മഹത്തായ പുരോഗമനപരമായ വിപ്ലവമായിരുന്നു അത്. അതികായന്മാരെ , ചിന്താശക്തിയിലും വികാരപരതയിലും സ്വഭാവബലത്തിലും സാര്‍വ്വത്രികതയിലും പാണ്ഡിത്യത്തിലും അതികായന്മാരായിട്ടുള്ളവരെ - ആവശ്യമായി വരികയും സൃഷ്ടിക്കുകയും ചെയ്ത ഒരു കാലമായിരുന്നു അത്. ബൂര്‍ഷാസിയുടെ ആധുനികവാഴ്ചക്ക് അടിത്തറയിട്ടവരെ ബൂര്‍ഷ്വാപരിമിതികള്‍ തൊട്ടുതീണ്ടിയിരുന്നില്ല.നേരെ മറിച്ച് കാലത്തിന്റെ സാഹസികസ്വഭാവം അവരെ വിവിധതോതുകളില്‍ ആവേശം കൊള്ളിക്കുകയാണ് ചെയ്തത്.വിപുലമായി സഞ്ചരിക്കുകയും നാലഞ്ചുഭാഷകള്‍ സംസാരിക്കുകയും പലരംഗങ്ങളിലും ശോഭിക്കുകയും ചെയ്യത്തവരായിട്ട് ആരും തന്നെ അന്ന് ജീവിച്ചിരുന്ന പ്രമുഖന്മാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്ന് പറയാം." പൊതുവേ ജ്ഞാനികളുടെ ലോകമായി നവോത്ഥാനകാലഘട്ടം മാറുകയും അത് ജീവിതത്തിന്റെ സമസ്കമണ്ഡലങ്ങളിലും പുതിയൊരു ഉണര്‍വ്വ് സ്ഥാപിച്ചെടുക്കുയും ചെയ്തു. കണ്‍മുന്നില്‍ കാണുന്നതിന് പകരം അപ്പുറത്തുള്ളതിനെ മാത്രം വിശ്വസിക്കാന്‍ പഠിപ്പിച്ച ഒരു യുഗത്തില്‍ നിന്നും സ്വജീവിതത്തിന്റെ പരിതോവസ്ഥകളെക്കൂടി കണക്കിലെടുത്തുകൊണ്ട് പ്രതികരിക്കേണ്ടതിനെ ഈ യുഗം എങ്ങനെ ഊട്ടിവളര്‍ത്തി എന്ന് ഈ അദ്ധ്യായത്തില്‍ വിശദീകരിക്കുന്നു.

നരകവാതിലുകള്‍ തുറന്നപ്പോള്‍ എന്ന രണ്ടാംഅദ്ധ്യായത്തില്‍ ഏകദേശം എഴുന്നൂറ്റമ്പതുലക്ഷത്തോളം ജനങ്ങളെ കൊന്നൊടുക്കിയ മഹാരോഗമായ പ്ലേഗിന്റെ വ്യാപനത്തിനുശേഷം സമൂഹത്തിലുണ്ടായ മാറ്റങ്ങളെ നിരീക്ഷിക്കുന്നു. പള്ളിക്കും പട്ടക്കാരനും പ്രാര്‍ത്ഥനക്കുമൊന്നും തടയാന്‍ കഴിയാത്ത മഹാദുരന്തം മനുഷ്യരാശിയെ കൂട്ടത്തോടെ കൊന്നൊടുക്കുമ്പോള്‍ ഒന്നും ചെയ്യാനാവാതെ അന്ധാളിച്ചുപോയ മതത്തില്‍ നിന്നും ജനം വിടുതല്‍ തേടാന്‍ തുടങ്ങിയ കാലം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. നവോത്ഥാനം ജനകീയഘട്ടം എന്ന മൂന്നാം അദ്ധ്യായത്തില്‍ ഗുട്ടന്‍ബര്‍ഗിന്റെ അച്ചടിവിദ്യയും, ജനകീയനവോത്ഥാനത്തിന്റെ പ്രോത്ഘാടകനായി കണക്കാക്കപ്പെടുന്ന ദാവിഞ്ചിയുടെ ചിത്രകലയും, മൈക്കലാഞ്ജലോ , ചെല്ലിനി റാഫേല്‍ മുതലായ മഹാരഥന്മാരുടെ ഇടപെടലുകളും എങ്ങനെ വിപ്ലവകരമായ ഒരു സാമുഹികക്രമത്തിലേക്ക് മനുഷ്യരാശിയെ കൈപിടിച്ചുയര്‍ത്തി എന്ന് നോക്കിക്കാണുന്നു. ഈ ഇടപെടലുകളുടെ ഫലമായി വൈജ്ഞാനികവിപ്ലവത്തിന്റെ 'തിരപ്പുറപ്പാടിന്' വേദി ചമക്കപ്പെട്ടു.

മാക്യവെല്ലി ഇറ്റാലിയന്‍ ചാണക്യന്‍ എന്ന അദ്ധ്യായത്തില്‍ ഇറ്റലിയുടെ നവോത്ഥാനരംഗത്ത് ആ പ്രതിഭ പ്രസരിപ്പിച്ച ചിന്താദ്യുതി എങ്ങനെയൊക്കെ രാഷ്ട്രീയ - സാമൂഹിക രംഗങ്ങളില്‍ പ്രതിഫലിച്ചു എന്ന് വിശദീകരിക്കുന്നു. പ്രതിലോമകരമായ നിരവധി ചിന്തകള്‍ മാക്യവെല്ലിയുടേതായിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തെ മതാധിഷ്ടിതമായ പരിപ്രേക്ഷ്യത്തില്‍ നിന്നും മോചിപ്പിച്ച് ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കും പ്രായോഗിക ബുദ്ധിയിലേക്കും തിരിച്ചുവിടാനുള്ള ശ്രമത്തെ കാണാതിരുന്നുകൂട. മാക്യവെല്ലിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഗ്രന്ഥമായ ദ പ്രിന്സിനെക്കുറിച്ചു വിശദമായി ചര്ച്ച ചെയ്യാനാണ് ഈ അദ്ധ്യായം ഉപയോഗിച്ചിരിക്കുന്നത്. അവസാനത്തെ അദ്ധ്യായത്തില്‍ തോമസ് മൂറിനെക്കുറിച്ചും അദ്ദേഹത്തിന്റെ സൃഷ്ടിയായ ഉട്ടോപ്യയെക്കുറിച്ചും, ഇറാസ്മസിന്റെ ജീവിതത്തേയും, വിഡ്ഢിത്തത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് എന്ന പുസ്തകത്തേയും കുറിച്ച് ചര്‍ച്ച ചെയ്യുന്നു.

നാലാംഭാഗത്തില്‍ എട്ട് അദ്ധ്യായങ്ങളിലൂടെ മതനവീകരണപ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയെടുത്ത ഉദാത്തമായ ജീവിതസങ്കല്പനങ്ങളുടെ പ്രായോഗിഗപദ്ധതികള്‍ എങ്ങനെ നവോത്ഥാനപ്രക്രീയക്ക് ആക്കം കൂട്ടിയെന്ന് ചിന്തിക്കുന്നു. കരിങ്കോട്ടയിലെ സ്ഫോടനം, വേരുകള്‍ തായ്‌വേരുകള്‍ , എരിഞ്ഞടങ്ങിയ സാവറനോള : ജ്വലനം നിലക്കാത്ത ജോണ്‍ ഹുസ്, മതപരിഷ്കരണം ലൂഥര്‍ കാല്‍വിന്‍ സ്വിംഗ്ലി , നട്ടുച്ചക്ക് കൂരിരുട്ട് , പ്രോട്ടസ്റ്റന്റ് നവീകരണവും റോമന്‍ പ്രതികരണവും, മതയുദ്ധയുഗം ഇരുളും വെളിച്ചവും, മതനവീകരണം ഒരു നീക്കിബാക്കി പത്രം എന്നീ അദ്ധ്യായങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ ഗ്രന്ഥത്തിലെ തന്നെ ഏറ്റവും ഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് മതനവീകരണം എന്ന പേരിലുള്ള നാലാംഭാഗത്താണ്. മതത്തിന്റെ ഭ്രാന്തമായ പക്ഷപാതത്തില്‍ നിന്ന് സാമൂഹികനീതിയിലധിഷ്ടിതമായ ഒരവസ്ഥാവിശേഷം സൃഷ്ടിച്ചെടുക്കാന്‍ പ്രയത്നിച്ച പ്രതിഭാശാലികളെക്കുറിച്ച് ദീര്‍ഘമേറിയ ഈ ഭാഗത്ത് ക്രമാനുക്രമമായി വിവരിക്കുന്നു. കോപ്പര്‍നിക്കന്‍ യുഗം എന്ന അഞ്ചാംഭാഗത്തിലെ ഒന്നാം അദ്ധ്യായത്തില്‍ വൈജ്ഞാനികവിപ്ലവം എന്ത് ? എപ്പോള്‍ എന്നാണ് ചര്‍ച്ച ചെയ്യുന്നത്. ശാസ്ത്രകാരനായ ജോണ്‍ഗ്രിബിന്റെ നിഗമനം അനുസരിച്ച് വൈജ്ഞാനികവിപ്ലവം ആരംഭിക്കുന്ന 1543 ന് മുമ്പേ തന്നെ അതുവരെ വിവിധ ശാസ്ത്രമേഖലകളില്‍ അദ്വിതീയനായിരുന്ന ഗ്രീക്ക് ദാര്‍ശനികന്‍ അരിസ്റ്റോട്ടിലിന്റെ കാഴ്തപ്പാടുകളെ തകിടം മറിച്ചുകൊണ്ട് കോപ്പര്‍നിക്കസിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. അരിസ്റ്റോട്ടിലിയന്‍ ചിന്തകളെ തലങ്ങും വിലങ്ങും ഉല്ലംഘിക്കുന്ന ചിന്താധാരകളുടെ ഒരു പ്രവാഹമായിരുന്നു പിന്നീടുണ്ടായത്. പ്രകൃതിസത്യങ്ങളെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ അനാവരണം ചെയ്യുക എന്ന ആധുനികശാസ്ത്രാന്വേഷണരീതി അവലംബിക്കപ്പെട്ടു. ജോണ്‍ ഗ്രിബ്ബിനെ ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ ഇക്കാര്യങ്ങളെ ഇങ്ങനെ വെളിവാക്കുന്നു. "പ്രഥമശാസ്ത്രജ്ഞന്‍ എന്ന് ബിരുദം ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്ന ആള്‍ ഗലീലിയോ ഗലീലി ആണ്. ആധുനികശാസ്ത്രാന്വേഷണരീതി തന്റെ പ്രവര്‍ത്തനത്തില്‍ പ്രോയോഗിക്കുകമാത്രമല്ല തന്റെ പ്രയോഗത്തിന്റെ രൂപഭാവങ്ങള്‍ പൂര്‍ണമായും ഗ്രഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഈ ശാസ്ത്രാന്വേഷണരീതികളുടെ അടിസ്ഥാനനിയമങ്ങള്‍ ആവിഷ്കരിച്ച് തുടര്‍ന്ന് വരുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഈ അടിസ്ഥാനതത്വങ്ങളെ ആശ്രയിച്ചുകൊണ്ട് ഗലീലിയോ നടത്തിയ വൈജ്ഞാനികപ്രവര്‍ത്തനം അതീവപ്രാധാന്യം അര്‍ഹിക്കുന്നുണ്ട് ".

കോപ്പര്‍നിക്കന്‍ പ്രോത്ഘാടനം എന്ന അദ്ധ്യായം മുതല്‍ കാമ്പനെല്ല : പുതുയുഗത്തിന്റെ മണിമുഴക്കം എന്ന അദ്ധ്യായം വരെ ശാസ്ത്രചരിത്രത്തിലെ അനിര്‍വചനീയമായ ഗതിവിഗതികളെ നോക്കിക്കാണുകയും ചലനം സൃഷ്ടിച്ച വിജ്ഞാനികളേയും അവരുടെ സംഭാവനകളേയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. വെസേലിയൂസ്, ടൈക്കോ ബ്രാഹെ കെപ്ലര്‍, കാമ്പനെല്ല , ബ്രുണോ, മഗല്ലന്‍, മാര്‍ക്കോപോളോ, പാരസെല്സസ്, ഗാലെന്‍ തുടങ്ങിയ മഹാരഥന്മാരുടെ നവോന്മേഷദായകമായ ചിന്താപദ്ധതികളേയും ആവിഷ്കരണങ്ങളേയും വിശദമായിത്തന്നെ പരിഗണിക്കുന്നു. ഫെര്‍ണലിന്റെ ചിന്ത ആ തലമുറ എത്രമാത്രം സ്വാതന്ത്ര്യകാംക്ഷികളായിരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട് . "നമ്മുടെ കാരണവന്മാരും അവരുടെ കാരണവന്മാരും അവര്ക്ക് മുമ്പുണ്ടായിരുന്ന മാര്‍ഗങ്ങള്‍ പിന്തുടരുകതന്നെയാണ് ചെയ്തിരുന്നതെങ്കില്‍ എന്താകുമായിരുന്നു ഫലം? അല്ല, നേരെ മറിച്ച് പുതിയമാര്‍ഗങ്ങളും പദ്ധതികളും സ്വീകരിക്കുകയാണ് ദാര്‍ശനികര്‍ക്ക് ഉചിതം. സ്വന്തം അഭിപ്രായത്തെ പ്രകടിപ്പിക്കുവാന്‍ കഴിയാത്തവരെ വിലക്കുവാന്‍ പിന്തിരിപ്പന്മാരുടെ ശബ്ദത്തേയോ പ്രാചീനസംസ്കാരത്തിന്റെ ഭാരത്തേയോ അധികാരത്തിന്റെ ശക്തിയേയോ അനുവദിക്കരുത്. എന്നാല്‍ മാത്രമേ ഓരോ യുഗവും അതിന്റേതായ പുത്തന്‍ ഗ്രന്ഥകാരന്മാരേയും പുതിയ കലാവിദ്യകളേയും പുറത്തുകൊണ്ടുവരികയുള്ളു." എത്രമാത്രം ശക്തമായ സ്വാതന്ത്ര്യാഭിവാഞ്ജയാണ് നവോത്ഥാനനായകര്‍ പോറ്റിപ്പുലര്‍ത്തിപ്പോന്നതെന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു.

ഗലീലിയന്‍ കുതിച്ചുചാട്ടം എന്ന ആറാമത്തെ ഭാഗത്ത്, ഗലീലിയോ വൈജ്ഞാനിക ചക്രവാളത്തിലെ വെള്ളിനക്ഷത്രം, യെപ്പൂര്‍ സി മൂവ്, ശാസ്ത്രത്തിന്റെ രീതിവിജ്ഞാനീയം : ബേക്കണും ദെക്കാര്‍ത്തും, സാമൂഹ്യവിപ്ലവം 1 ഡച്ച് സമരം, സാമൂഹ്യവിപ്ലവം 2 ഇംഗ്ലണ്ട്, സംവേദനം വിനിമയം കൂട്ടായ്മ, വൈജ്ഞാനികവികാസത്തിന്റെ സര്‍ഗ്ഗപ്രതിഭ : ഫ്രാങ്കോ സ്പാനിഷ് സര്‍ഗധാര, ആംഗലസാമ്രാജ്യം : സാഹിത്യവും രാഷ്ട്രീയവും എന്നീ അദ്ധ്യായങ്ങളാണ് ഉള്ളത്. 1564 ല്‍ ജനിച്ച ഗലീലിയോയുടെ ജീവിതകഥയില്‍ നിന്നാരംഭിച്ച്, ആംഗലസാമ്രാജ്യത്തിന്റെ സാഹിത്യസംഭാവനകളിലേക്ക് വരെ എത്തിനില്ക്കുന്ന ഈ ഭാഗം വൈജ്ഞാനികചരിത്രത്തിലെ അത്ഭുതകരമായ ഒരു കാലഘട്ടത്തെയാണ് അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്. രണ്ടദ്ധ്യായങ്ങളുടെ സഹായത്തോടെ ഗലീലിയോയുടെ കാലാനുക്രമമായ ഒരു ജീവിതരേഖ അവതരിപ്പിച്ചതിനുശേഷം ശാസ്ത്രത്തിന്റെ രീതീവിജ്ഞാനീയം : ബേക്കണും ദെക്കാര്‍ത്തും എന്ന ലേഖനത്തിലേക്ക് കടക്കുന്നു. ഫ്രാന്സിസ് ബേക്കണെ പ്രഥമശാസ്ത്രദാര്‍ശനികനായി അവതരിപ്പിച്ചുകൊണ്ട് പി.ജി ഇങ്ങനെ എഴുതുന്നു :- നിരീക്ഷണപരീക്ഷണങ്ങളിലൂടെയല്ലാതെ പരമ്പരാഗതവിശ്വാസങ്ങളേയും പൂര്‍വസൂരികളുടെ വചനങ്ങളേയും ആസ്പദമാക്കി സത്യം കണ്ടെത്താനാവില്ലെന്ന് ഫ്രാന്സിസ് ബേക്കണ്‍ വിശ്വസിച്ചിരുന്നു. ( റോജര്‍ ബേക്കണ്‍ ഈ ചിന്തയുടെ ഒരു സഹയാത്രികനായിരുന്നു. ) ഫ്രാന്സിസ് ബേക്കണ്‍ന്റെ ദി അറ്റ്‌ലാന്‍റ്റിസ്സ് എന്ന കൃതി എങ്ങനെയല്ലാം മുന്കാല സാമൂഹ്യവ്യവസ്ഥിതിയിലെ വൈകല്യങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നു എന്ന് വിശദമാക്കുന്നു.

615 പേജുകളിലൂടെ വിശദമായി വിവരിക്കപ്പെട്ട ശാസ്ത്രചരിത്രത്തിന്റെ അവസനാത്തേതും ഏഴാമത്തേതുമായ ഭാഗമാണ് വൈജ്ഞാനികവിജയവൈജയന്തി. സര്‍ ഐസക് ന്യൂട്ടന്റെ സംഭാവനകളെക്കുറിച്ചും അദ്ദേഹത്തിന് മുന്കാലത്ത് വഴിയൊരുക്കിയവരെക്കുറിച്ചും ഈ ഭാഗം ചര്‍ച്ച ചെയ്യുന്നു. ഒന്നാമത്തെ അദ്ധ്യായത്തിന്റെ പേര് തന്നെ ന്യൂട്ടന് വഴിയൊരുക്കിയവര്‍ എന്നാണ്. ശാസ്ത്രം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ലെന്നും ദീര്‍ഘവും അതികഠിനവുമായ ഒരു കാലഘട്ടത്തിന്റെ ഗംഭീരമായ ചരിത്രമാണ് അതിനുള്ളതെന്നും വ്യക്തമാക്കുന്ന ഈ അദ്ധ്യായം കൃസ്ത്യന്‍ ഹ്യൂജന്സിനേയും റോബര്‍ട്ട് ഹുക്കിനേയും പിയറി ഗാസന്റിയേയും എഡ്മണ്ട് ഹാലിയേയുമൊക്കെത്തന്നെ വെളിച്ചത്തിലേക്ക് കൊണ്ടുവന്ന് അവരുടെ സംഭാവനകളെ സമഗ്രമായിത്തന്നെ ചര്‍ച്ചക്കുവെക്കുന്നുണ്ട്. മുമ്പേതന്നെ ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞ കാര്‍ട്ടീഷ്യന്‍ ദ്വൈതവാദത്തെ (അതായത് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് രണ്ടുതരം വസ്തുക്കളെക്കൊണ്ടാണെന്നുള്ള സങ്കല്പനത്തെ [ഒന്ന് ജീവവസ്തു, മറ്റേത് അജീവവസ്തു ] ) ഇതരശാസ്ത്രജ്ഞര്‍ എങ്ങനെയൊക്കെ നിരാകരിച്ചുവെന്ന് വീണ്ടും ഇവിടെ ചര്ച്ചചെയ്യുന്നു.

കാലത്തിന് മുമ്പേ നടന്ന ആശയങ്ങളുടെ യുഗത്തെ അനിതരസാധാരണമായ പാടവത്തോടുകൂടി ആവിഷ്കരിച്ചു എന്നതാണ് ഈ കൃതിയെ പരായണയുക്തമാക്കുന്നത്. യുക്തിഭദ്രമായ ഒരു പ്രായോഗികഭാഷയാണ് ഗ്രന്ഥകാരന്‍ അവലംബിക്കുന്നതെങ്കിലും ഒരിക്കല്‍ പോലും അത് ദുര്‍ഗ്രഹമാകുന്നില്ല. ചിന്തയുടെ തെളിമയാര്‍ന്ന വ്യാപ്തി ഓരോ ഖണ്ഡികയിലും പ്രതിഫലിക്കുന്നുണ്ട്. പി.ജി, പക്ഷേ അവതാരികയില്‍ പറഞ്ഞപോലെതന്നെ ഓരോ അദ്ധ്യായവും സ്വതന്ത്രമായി വായിക്കാന്‍ കഴിയുന്ന തരത്തിലാണ് പുസ്തകത്തിന്റെ സംവിധാനക്രമമെന്നതുകൊണ്ട് ചുരുക്കം ചില സ്ഥലങ്ങളില്‍ ആശയങ്ങളുടെ ആവര്‍ത്തനം കണ്ടേക്കാം. പക്ഷേ തുടര്‍ച്ചയായ ഒരു വായനാക്രമം അനുവര്‍ത്തിക്കേണ്ടതില്ലാത്ത തരത്തിലായതുകൊണ്ട് ആശയങ്ങളുടെ ആവര്‍ത്തനം നമ്മുടെ വായനയെ തടസ്സപ്പെടുത്തുന്നില്ല. ഓരോ അദ്ധ്യായവും സ്വതന്ത്രങ്ങളാണ് എന്നതുതന്നെയാണ് ഈ ഗ്രന്ഥത്തിന്റെ നേട്ടം, ഒരു പക്ഷേ കോട്ടവും. എന്തായാലും മലയാളത്തിന് അത്യമൂല്യമായ ഒരു മുതല്‍ക്കൂട്ടാണ് ഈ ഗ്രന്ഥമെന്ന് നിസ്സംശയം പറയാം. കേരള ഭാഷാഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ വില 320 രൂപയാണ്.