Monday, March 28, 2011

ആള്‍ക്കൂട്ടം

പുസ്തകം : ആള്‍ക്കൂട്ടം
രചയിതാവ് : ആനന്ദ്
പ്രസാധനം : ഡി.സി ബുക്ക്സ്
അവലോകനം : ഉഷാകുമാരി.ജി.


ചില പുസ്തകങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ അത് ഫലത്തില്‍ നമ്മെക്കുറിച്ചുതന്നെയാകുന്നു. ഒരു വീണ്ടെടുക്കല്‍..വായനയുടെ ഒരു പെണ്‍കുട്ടിക്കാലത്തുവെച്ചാണ് കട്ടിക്കണ്ണടവെച്ച ഈ കനത്ത പുസ്തകത്തെ -ആള്‍ക്കൂട്ടത്തെ- കണ്ടുമുട്ടിയത്. കൗമാരവായനയുടെ ഹ്രസ്വദൃഷ്ടിയില്‍ ഒരുപക്ഷേ അത് ഒതുങ്ങി നിന്നില്ല. അത് പിന്നീട് തോന്നി. പക്ഷേ എന്തൊരു സ്വന്തവും സ്വതന്ത്രവുമായിരുന്നു ആ വായന. സ്‌ക്കൂളില്ലാത്ത ഒരു ഒഴിവുദിന നട്ടുച്ച നേരം പോലെ ചൊല്ലുവിളിയില്ലാതെ അനാഥവും സ്വേച്ഛവും. നഗരത്തിലെ കോളേജിലേക്ക് തീവണ്ടിയില്‍ യാത്രചെയ്തു പോയിരുന്ന ആ പഴയ ആറേഴുകൊല്ലക്കാലം ഇനിയിറങ്ങാന്‍ കഴിയാത്ത ഒരു തീവണ്ടിയാപ്പീസാണ്. എങ്കിലും ഒരുപാട് തീവണ്ടിവായനകളുടെ ഓര്‍മ്മകള്‍ക്കിടയില്‍ പാതിവെന്ത 'ആള്‍ക്കൂട്ട' ത്തിന്റെ രുചിയും മണവും തെരയുന്നത് ഒരു കൗതുകം തന്നെ.

ചിന്തയോ വികാരമോ എന്ന ഉഴറല്‍ ഒരുവളിലൂടെ വളരുകതന്നെയാണ്; അവളോടൊപ്പം. അവളെ തളര്‍ത്തിയും തകര്‍ത്തും. ഒരു പക്ഷേ മറ്റൊന്നിലേക്ക് ഉയിര്‍ക്കാനാകാം. ആരുടെ ചിന്ത എന്നു ചോദിക്കാനായും മുന്‍പ് ഉണര്‍ന്ന, ഉയര്‍ന്ന പൊതുചിന്ത പൊതിഞ്ഞുതീര്‍ക്കും അവളേയും. ഭാഷയോ ഭാവമോ ആനന്ദില്‍നിന്ന് നീണ്ടു വന്നു നിവര്‍ന്നുനിന്നത് എന്ന് തിരിഞ്ഞുകിട്ടാന്‍ പിന്നേയും സമയമെടുത്തു. ആധുനികത മുഴുവന്‍ ജനലിനപ്പുറത്തെ ചെടിക്കാട്ടില്‍നിന്നെന്ന പോലെ അകത്തേക്ക്് വളര്‍ന്നു നീട്ടിവിളിച്ചു. സ്വന്തം ക്ലാസ്സും കൂട്ടുകാരും പ്രണയിയും വീടും മാതാപിതാക്കളും തിരിച്ചറിയാത്ത, പുസ്തകം മാറത്തടുക്കിപ്പിടിച്ച്, നിലത്ത്മുട്ടുന്ന പാവാടത്തുമ്പുമായി നടന്ന മുകുന്ദന്റെ രാധ ('രാധ രാധമാത്രം') ആധുനികതക്കുള്ളിലെ മുഴുവന്‍ സ്ത്രീയാണോ? തിരിച്ചറിയപ്പെടാത്തവളുടെ പര്യായം?

മുകുന്ദനിലെ കുഴമറികള്‍ പക്ഷേ കൂടുതല്‍ ഫലിച്ചത് ആനന്ദിലാണോ എന്നണിന്ന് സംശയം. അകം പുറം കാണാത്ത ചില്ലിനപ്പുറത്തും ഇപ്പുറത്തും ആനന്ദിന്റെ ആണ്‍പെണ്‍ലോകങ്ങള്‍ പെരുമാറുമ്പോള്‍ അവര്‍ പരസ്പരം അറിയാതെ ഏതോ കൃത്രിമമായ ഭാഷകൊണ്ട് ഒരിക്കലും പണിതുതീരാത്ത ഒരു ഗോപുരം പണിയുകയാണെന്നു തോന്നും. മനുഷ്യാവസ്ഥയുടെ അടിസ്ഥാനത്തെ അതു പൊതുവാക്കി കെട്ടിപ്പൊക്കിക്കൊണ്ടേയിരുന്നു. പൊതുവാക്കും തോറും , അതു ചൂടാവും തോറും പിരിഞ്ഞുപോകുന്ന പാലായി. പെണ്ണിന്റെ ഉണ്‍മയെ അത് എപ്പോഴും പിരിച്ചുകൊണ്ടിരുന്നു... അവള്‍ക്ക് ഈ പൊതുവഴിയില്‍ വഴിയിടറിക്കൊണ്ടേയിരുന്നു. രാധയും ലളിതയും മീനയുമെല്ലാമടങ്ങുന്ന പെണ്‍മയുടെ അവസ്ഥാന്തരങ്ങള്‍ ഏതൊരു അനുഭവലോകത്തെയാണ് അഭിമുഖീകരിച്ചത്? ആ ലോകത്ത് അവള്‍ക്ക് എന്തായിരുന്നു റോള്‍? കഥാപാത്രവിശകലനത്തിന്റെ ബോറന്‍ യുക്തിയിലേക്ക് വഴുതാവുന്ന ഒരു പ്രദേശമാണെങ്കിലും ഇവിടെക്കൂടി കയറിയിറങ്ങാതെ വയ്യ.

ആനന്ദുതന്നെ പറയുന്നുണ്ട് 'സത്യം എന്താണ്? സത്യം മനുഷ്യനാണ്. എല്ലാ ആശയങ്ങളേക്കുളു ആദര്‍ശങ്ങളേക്കാളും വലുത് മനുഷ്യനെന്ന വസ്തുവാണ്. മനുഷ്യര്‍ക്കിടയില്‍ മനുഷ്യനെ കാണുക . പാറയെ നിരസിക്കാതെ തന്നെ പ്രതിമയെ ആസ്വദിക്കാന്‍ കഴിയുക. മനുഷ്യന്‍ മനുഷ്യരുടെ ഒരു ഭാഗമെന്നതുപോലെ പ്രതിമ പാറയുടേയും ഒരു കഷ്ണമാണ്.' (ആള്‍ക്കൂട്ടം)

സമഗ്രതയുടെ ഈ കാഴ്ചക്കകത്ത് സ്വത്വമുദ്രയുടെ ആഖ്യാനം എളുപ്പമല്ല. അതിനായുളള പരതല്‍ ഓരോ കഥാപാത്രവും വിഫലമാണെങ്കിലും നടത്തുന്നു.

ഉള്‍ക്കൊളളലിനേക്കാള്‍ സ്വീകരിക്കലിനേക്കാള്‍ ഭ്രഷ്ടതയുടെ ആഖ്യാനഭാഷയാണ് ആള്‍ക്കുട്ടത്തിന്റേത്. പതിവ് നോവല്‍ വായനയെ അമ്പരപ്പിക്കുകയും അപരിചിതപ്പെടുത്തുകയും ചെയ്തതിന്റെ ഒരു കാരണം ഈ 'പുതിയ' മലയാളമായിരിക്കണം. ഭാഷ അവിടെ വരിതെറ്റാതെ മാനകമലയാളമായി; ദേശഭേദങ്ങളില്ലാതെ നീട്ടലും കുറുക്കലുമൊഴിഞ്ഞ് തുള്ളലും ഉലച്ചിലുമില്ലാത്ത വരമൊഴിവടിവായി. വേരുകളറ്റവരുടെ അനുഭവകഥനത്തിന് ദേശമുദ്രപതിയാത്ത ഒരു ഭാഷ രാകിയെടുത്തിരിക്കണം, ആനന്ദ്. പല കലര്‍പ്പുകളുടെ അനുഭവമേഖലയായ (ബോംബെ) നഗരത്തിന്റെ ആഖ്യാനത്തിന്, അതിന്റെ സങ്കീര്‍ണ്ണതക്ക് നമ്മുടെ പരിചിത നോവല്‍ ഭാഷയുടെ ഉടുത്തുകെട്ട് ചിലപ്പോഴൊക്കെ അധികമായി, ചിലപ്പോള്‍ പോരാതെയും. അങ്ങിനെയാണീ നോവല്‍ ആധുനികനോവലുകള്‍ക്കിടയില്‍ത്തന്നെ ഒരു ആധുനികനോവലായിത്തീര്‍ന്നത്. (വായനക്കാരുടേതിനേക്കാള്‍ എഴുത്തുകാരുടെ നോവലാണ് ആള്‍ക്കൂട്ടം) ഉന്മാദത്തിന്റെയും ഉദ്വേഗത്തിന്റെയും വന്യതയുടെയും ഭ്രമാത്മകതയുടെയും മദിപ്പിക്കുന്ന ഭാഷ ഇവിടെയില്ല. മറിച്ച് അവയെ ഒതുക്കിയടച്ച വിചാരണഭാഷയാണ് കാണുക....ആരോടെന്നില്ലാതെയുള്ള സംവാദങ്ങളും വിചാരണകളും.....എന്നാലത് കൃത്രിമമായ നിഴല്‍യൂദ്ധങ്ങളായിരുന്നില്ല... ചരിത്രമനസ്സാക്ഷിക്കുമുമ്പില്‍ നടത്തിയ അകാല്‍പനികമായ കുമ്പസാരങ്ങളായിരുന്നു.

അകത്തേക്കും പുറത്തേക്കുമുളള ചോദ്യങ്ങള്‍ കൊണ്ടുകേറി വായനക്കാരുടെ തുറക്കാത്ത കതകുകള്‍ തുറന്നു. ആ കതകുകള്‍ക്കുമുമ്പില്‍ തലക്കുമുകളില്‍ ഒരുപാടു തലകള്‍ ചുമന്ന അമ്മന്‍കുടങ്ങളായി, ഓരോ കഥാപാത്രവും. ജോസഫ്, സുനില്‍, സുന്ദര്‍, പ്രേം, രാധ, ലളിത അങ്ങനെയങ്ങനെ. അവയുടെ വെളിപാടു ഭാഷകളില്‍ ഒരേ ചോദ്യം തന്നെ.... മനുഷ്യാവസ്ഥയെക്കുറിച്ചുളള തീക്ഷ്ണമായ അടിസ്ഥാനപരമായ ചോദ്യം തന്നെയാണവ തോറ്റിയത് - സ്വാതന്ത്ര്യം. ഒരിക്കലും പഴകിത്തേയാത്ത അതൊന്നുകൊണ്ട് ആനന്ദ് നമ്മെ കുരുക്കിയിട്ടു. സ്വാതന്ത്ര്യാനന്തരകാലത്തെ സന്ദേഹങ്ങളും സന്ദിഗ്ധതകളും ഒന്നു കുടഞ്ഞുനിവര്‍ത്തി തടുത്തു കൂട്ടുകയായിരുന്നു ആനന്ദ് ആള്‍ക്കൂട്ടത്തില്‍. എന്നാലത് അവന്റേയും അവളുടേയും പൊതുസ്വാതന്ത്ര്യമായി കോര്‍ക്കിട്ടുവെച്ചുവോ എന്ന് സന്ദേഹിക്കാന്‍ ഇന്നുതോന്നുന്നു. (ചിന്തയുടെ ) മഹാവനത്തില്‍ കരിയിലകള്‍ അടിച്ചുകൂട്ടാറില്ല ആരും, അതു വീട്ടുമുറ്റത്തോ പറമ്പിലോ മതി. എന്നിരുന്നാലും രാധയുടെ, ലളിതയുടെ, മീനയുടെ ഒക്കെ പോലെയുള്ള മുഖങ്ങള്‍.. അവര്‍ ആ വെപ്പുതലകള്‍ക്കു താഴെ വേറെ ചിലതു പറയുന്നത് പോലെ....സ്വാതന്ത്ര്യത്തിലേക്കും നീതിയിലേക്കുമുളള മഹാഖ്യാനങ്ങള്‍ക്കകത്ത് അവര്‍ മുഖം മറയ്ക്കപ്പെട്ടതുപോലെയും....അധികാര / ഭരണകൂട വിമര്‍ശനങ്ങളുടേയും നീതി സ്വാതന്ത്ര്യങ്ങളേക്കുറിച്ചുളള തത്വവിചാരങ്ങളുടേയും പൊതുമണ്ഡലങ്ങള്‍ അവരെ നിഴലിലാക്കിക്കളഞ്ഞോ?

എന്നിരുന്നാലും ഒന്നിച്ച് കഫേകളില്‍ ചായകുടിക്കുകയും നടക്കാന്‍പോവുകയുമൊക്കെ ചെയ്യുന്ന ആ ആണ്‍പെണ്‍ സൗഹൃദങ്ങള്‍ ഒരു കൗതുകമായി. നഗരത്തിന്റെ സാധ്യത. എങ്കിലും അതു ബലാബലം കൊണ്ടു സമ്മര്‍ദ്ദമേറിയത്. തരളതകളുടെ വരമ്പില്‍ കാല്‍ വഴുതാതിരിക്കാനെന്നവണ്ണം അവരും (ആനന്ദും) വിചാരഭാഷയിലൂന്നി നടന്നു. ആത്മതൃഷ്ണകള്‍ ആന്തരികമായ അലച്ചിലുകളായിത്തീര്‍ന്നു. ജോസഫും സുന്ദറും സുനിലും പ്രേമുമൊക്കെ തങ്ങളുടെ ഇടങ്ങളില്‍ നിന്ന് നടന്നകന്നപ്പോഴും രാധ ബാക്കിയായി. സസ്യങ്ങളില്ലാത്തതുകൊണ്ട് ആവിഷ്‌ക്കരിക്കപ്പെടാതെ നി്ഷ്ഫലമായ ഒരു ഋതു പോലെ..

(മുംബൈയിലെ ‘ചെണ്ട‘ മാസികയ്ക്കു വേണ്ടി എഴുതിയത്)

Thursday, March 24, 2011

ചെകുത്താന്‍ കുരിശുവരയ്‌ക്കുന്നു

പുസ്തകം : ചെകുത്താന്‍ കുരിശുവരയ്‌ക്കുന്നു
രചയിതാവ് : സിജു രാജാക്കാട്‌
പ്രസാധനം : പരിധി പബ്ലിക്കേഷന്‍സ്‌
അവലോകനം : ജയ്‌നി
കുരിശു കണ്ടാല്‍ ഭയന്നോടുന്ന ചെകുത്താന്‍ കുരിശു വരച്ചാല്‍ അവസ്ഥയെന്താകും.? കുരിശു വരക്കുന്നവരുടെയും കുരിശു വരപ്പിക്കുന്നവരുടെയും അന്തരംഗത്തില്‍ കുടികൊള്ളുന്ന ചെകുത്താനും ദൈവവും നേര്‍ക്കുനേര്‍ സംഘര്‍ഷത്തിലേര്‍പ്പെടുമ്പോള്‍ പാരമ്പര്യബിംബങ്ങള്‍ തകര്‍ന്നു വീഴുന്നു. ദൈവിക പരിവേഷത്തിന്റെ വെള്ളയടിച്ച മുഖംമൂടികള്‍ അഴിഞ്ഞു വീഴുന്നു. ഒരു മുന്‍സെമിനാരി വിദ്യാര്‍ത്ഥിയുടെ ഭാവനയും അനുഭവവും ഇടകലര്‍ന്ന്‌ മനോഹരമായ സത്യത്തിന്റെ വികൃതമായ മുഖം ദൃശ്യമാകുന്ന ഒരപൂര്‍വ്വ കൃതിയാണ്‌ `ചെകുത്താന്‍ കുരിശു വരയ്‌ക്കുന്നു' എന്ന നോവല്‍. ക്രിസ്‌തുനിഷേധകരെ നിഷേധിക്കുന്ന നോവലിസ്റ്റ്‌ കാലത്തിനു നേരെ പുറംതിരിഞ്ഞു നില്‍ക്കുന്നവരെ വിചാരണ ചെയ്യുകയും ചെയ്യുന്നു. കാലത്തോടൊപ്പം സഞ്ചരിക്കുന്ന ഈ കൃതി കാലത്തെ കീറിമുറിച്ചുകൊണ്ട്‌ കാലത്തിനു മുമ്പേ പായുമ്പോള്‍ മാജിക്‌ റിയലിസവും ക്രിട്ടിക്കല്‍ റിയലിസവും ശാസ്‌ത്രാഖ്യാനവും കാല്‍പനികതയും ഒരുമിച്ചു ചേര്‍ന്ന്‌ ഒരു പുതിയ സാഹിത്യസങ്കേതം കൂടി ഈ നോവലിലൂടെ പിറന്നു വീഴുന്നു എന്നതാണ്‌ ഇതിന്റെ ചരിത്രപരമായ പ്രത്യേകത. വിവാദങ്ങള്‍ സൃഷ്‌ടിക്കാത്ത ഈ കൃതി വായനക്കാര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതു തന്നെയാണ്‌ ഇതിന്റെ പ്രസക്തി. പലരും തുറന്നു ചര്‍ച്ച ചെയ്യാന്‍ ഭയക്കുന്ന പല യാഥാര്‍ത്ഥ്യങ്ങളും ഇതിലുണ്ട്‌. അതുകൊണ്ട്‌ ഉമിത്തീ പോലെ ഇതു അനുവാചകരുടെ ഹൃദയത്തില്‍ നീറിപ്പിടിക്കും എന്നുറപ്പാണ്‌.

പ്രണയവും വിപ്ലവവും ഇടകലര്‍ന്നു കിടക്കുന്ന വിഷയമായതുകൊണ്ടു തന്നെ പ്രണയത്തിലൂടെ വിപ്ലവത്തിന്റെ കനലുകള്‍ ഊതിക്കാച്ചുകയാണ്‌ ഗ്രന്ഥകര്‍ത്താവ്‌. ഇതിനിടെ പ്രണയവും പ്രണയസന്ദര്‍ഭങ്ങളും അസാധാരണവും അപൂര്‍വ്വവുമാണ്‌. അതേസമയം ഒരു കൗമാരക്കാരന്റെ അടിച്ചമര്‍ത്തപ്പെട്ട പ്രണയം, ലൈംഗികതയുമായി ഇടകലര്‍ന്ന്‌ അല്‍പം അതിവൈകാരികമായിതന്നെയാണ്‌ നോവലില്‍ പ്രത്യക്ഷപ്പെടുന്നത്‌. ഒരു കന്യാസ്‌ത്രീയുടെ പ്രണയവും ജീവിതവുമാണ്‌ ചെകുത്താന്‍ കുരിശുവരയ്‌ക്കുന്നു എന്ന നോവല്‍. പ്രകാശിതയെന്ന കന്യാസ്‌ത്രീയായ കഥാനായിക പ്രണയിക്കുന്നതാകട്ടെ തന്റെ സഹപാഠിയായ അനശ്വര്‍ എന്ന സെമിനാരി വിദ്യാര്‍ത്ഥിയെയും. ആത്മീയപിതാവും നിയുക്തമെത്രാനുമായ വൈദികന്‍ വില്ലന്‍ പരിവേഷമണിഞ്ഞെത്തുന്നിടത്താണ്‌ നോവലിന്റെ നാടകീയത അന്തര്‍ഭവിക്കുന്നത്‌. ഇവിടെ അധികാരരൂപങ്ങളോടുള്ള അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതിഷേധമാണ്‌ മനഃശാസ്‌ത്രപരമായി തലയുയര്‍ത്തി നില്‍ക്കുന്നതെന്നു പറയാം. ആത്മീയപിതാവു തന്നെ തന്റെ ആത്മീയമകളായ പ്രകാശിതയെ മാനഭംഗപ്പെടുത്തിയത്‌ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത അവസരോചിതമായി തലപൊക്കിയതുകൊണ്ടാണെന്നു ചിന്തിച്ചാല്‍തന്നെയും അവളെ അതിവിദഗ്‌ധമായി മരണത്തിലേക്കു തള്ളിവിടുമ്പോള്‍ ക്രിസ്‌തുവിന്റെ പ്രതിപുരുഷനെന്നു മുദ്രചാര്‍ത്തപ്പെട്ടയാളുടെയുള്ളിലെ കുടിലതയും പൈശാചികതയും മറ നീക്കി പുറത്തുവരികയാണ്‌. ക്രിസ്‌തുവിന്റെ വിമോചന സ്വപ്‌നങ്ങളില്‍ ആകൃഷ്‌ടരായി സന്യാസത്തിലേക്കു പ്രവേശിക്കുന്ന യുവാക്കള്‍ താത്വികമായി തങ്ങള്‍ ക്രിസ്‌തുവിനെ ഒറ്റുകൊടുക്കുന്നവരുടെയും ക്രൂശിച്ചവരുടെയും പ്രതിനിധികളാണെന്ന തിരിച്ചറിവിലെത്തുമ്പോള്‍ നിരാശരാകുന്നു. ആ നിരാശ ഉള്ളിലൊതുക്കി ചിലര്‍ വൈദികരാകുമ്പോള്‍, ചിലര്‍ റിബലുകളാകുന്നു. തങ്ങളുടെയുള്ളിലെ റിബലിസമാണ്‌ പ്രകാശിതയേയും അനശ്വറിനെയും പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. എത്രയൊക്കെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും പ്രണയം മനുഷ്യനില്‍ നിന്നു പറിച്ചു മാറ്റാന്‍ കഴിയാത്ത വൈകാരികാനുഭവമാണെന്നു സമര്‍ഥിക്കുകകൂടി ചെയ്യുകയാണ്‌ നോവലിസ്റ്റ്‌. സന്യാസവും പൗരോഹിത്യവും കാലത്തിനു യോജിക്കാത്തതാണെന്നും അതുപേക്ഷിക്കുക തന്നെയാണ്‌ പോംവഴിയെന്നും ഉറക്കെപ്പറയുന്നതിന്‌ ഗ്രന്ഥകര്‍ത്താവ്‌ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമൊക്കെ അനശ്വര്‍ എന്ന നായകന്റെ നാവിനെ ഉപയോഗിക്കുന്നുണ്ട്‌. `ഞാനീ കലപ്പയില്‍ നിന്നും കൈ പിന്‍വലിക്കുന്നു. ഈ കലപ്പ തലമുറകളോടു ചെയ്‌ത ക്രൂരതകള്‍ നിമിത്തം ദുഷിച്ചിരിക്കുന്നു. ഇതുകൊണ്ട്‌ എത്ര ഉഴുതുമറിച്ചാലും നിലം ഫലം തരികയില്ല' പുരുഷാധിപത്യപൗരോഹിത്യത്തെ പ്രതിക്കൂട്ടില്‍ നിറുത്തുമ്പോഴും കന്യാസ്‌ത്രീകളെ ഇരകള്‍ ആയിട്ടാണ്‌ ഗ്രന്ഥകര്‍ത്താവ്‌ അവതരിപ്പിക്കുന്നത്‌. കന്യാസ്‌ത്രീകള്‍ക്കുള്ളില്‍ കുടികൊള്ളുന്ന നന്മയും മനുഷ്യത്വവും വളരെ ഭംഗിയായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹം അങ്ങേയറ്റം വിജയിച്ചിരിക്കുന്നു എന്നു പറയാം. ക്യാമ്പസിനെയും കോളേജ്‌ ലൈബ്രറിയെയും അദ്ദേഹം ചരിത്രത്തില്‍ പൊതിഞ്ഞ്‌ അവതരിപ്പിച്ചിരിക്കുന്നത്‌ അതിമനോഹരമായി എന്നു പറയാം. ഇതിലെ കഥാപാത്രങ്ങള്‍ തത്വശാസ്‌ത്രവിദ്യാര്‍ത്ഥികള്‍ ആയതിനാല്‍ സംഭാഷണങ്ങളില്‍ ധാരാളം യാന്ത്രികത കടന്നു വന്നിട്ടുണ്ട്‌. അത്‌ ചിലയിടങ്ങളില്‍ വായനയെ അല്‍പം വിരസമാക്കി തീര്‍ക്കുന്നുണ്ട്‌ താനും.

വിമോചനപരമായി ബൈബിള്‍ കഴിഞ്ഞാല്‍ പിന്നെ വി.ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌ എന്ന കൃതിയോട്‌ രാഷ്‌ട്രീയമായി ഈ കൃതി ഒട്ടി നില്‍ക്കുന്നു എന്നു പറയാം. സ്‌ത്രീകളുടെ വിമോചനമാണ്‌ വി.ടി ലക്ഷ്യമാക്കിയതെങ്കില്‍ കന്യാസ്‌ത്രീകളുടെ വിമോചനം സിജു രാജാക്കാട്‌ ലക്ഷ്യമാക്കുന്നു. ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ നായകകഥാപാത്രത്തോടുള്ള രാഷ്‌ട്രീയവും ചരിത്രപരവുമായ മറുപടി കൂടിയാണ്‌ ഈ നോവല്‍. ഖസാക്കില്‍ രവി എന്ന വഴിപിഴച്ച നായകന്‍ സ്വയം ദുരന്തത്തില്‍ ചെന്നെത്തുമ്പോള്‍ യുവാക്കള്‍ അസ്‌തിത്വചിന്തയില്‍ നിരാശരാകുന്നു. രവി ബസു കാത്തു കിടക്കുമ്പോള്‍ ഈ നോവലിലെ നായകനായ അദ്ധ്യാപകന്‍ ബസില്‍ യാത്ര ചെയ്യുകയാണ്‌ പുതിയൊരു ജീവിതപോരാട്ടപന്ഥാവിലേക്ക്‌. അതുതന്നെയാണ്‌ ഈ കൃതിയുടെ വ്യതിരിക്തതയും. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥം അല്‍പം സാവധാനത്തിലാണെങ്കിലും സമൂഹത്തെ പരിവര്‍ത്തനപ്പെടുത്തുകയെന്ന ചരിത്രപരമായ ദൗത്യത്തിന്‌ ആക്കം കൂട്ടുന്നതില്‍ സഹായകരമാകും എന്നതില്‍ സംശയമില്ല.

Sunday, March 20, 2011

ആടുജീവിതം

പുസ്തകം : ആടുജീവിതം
രചയിതാവ് : ബെന്യാമിന്‍

പ്രസാധനം : ഗ്രീന്‍ ബുക്സ്

അവലോകനം : സുനില്‍ കൃഷ്ണന്‍

(But a man is not made for defeat. A man can be destroyed but not defeated. (Ernest Hemingway ; The Old Man and the Sea)

റോബിന്‍സണ്‍ ക്രൂസോ എഴുതിയ ഡാനിയേല്‍ ഡീഫോ സ്വയം ഒരു നാവികനായിരുന്നു. കടല്‍‍ക്കൊള്ളക്കാരുടെ ആക്രമണത്തിനു വിധേയമായിട്ടുണ്ട്.എന്നാല്‍ സാഹസികയാത്രകള്‍ അവസാനിപ്പിച്ച് മറ്റൊരു ജോലിയില്‍ തുടരുമ്പോള്‍ പത്രങ്ങളില്‍ വായിച്ച ഒരു സംഭവമാണു ആ കൃതിക്ക് പ്രേരണയായത്.

'സെല്‍ക്കിര്‍ക്ക്’ എന്നൊരു സ്കോട്ടീഷ് നാവികന്‍ സഞ്ചരിച്ച കപ്പല്‍ പസഫിക് സമുദ്രത്തിലെ ജൂവാന്‍ എന്ന വിജനമായ ദ്വീപിനു സമീപം പോകുന്ന സമയത്ത് അദ്ദേഹവും കപ്പിത്താനുമായി എന്തോ കാര്യത്തിനു ഇടയാന്‍ ഇടയായി.ആ‍ വഴക്കില്‍ സെല്‍‌കിര്‍ക്കിനെ ആ വിജന ദ്വീപില്‍ തള്ളിയിട്ട് കപ്പല്‍ പോയി.മറ്റൊരു മാര്‍ഗവുമില്ലാതെ ‘സെല്‍കിര്‍ക്ക്’ അവിടെ നാലു വര്‍ഷം ഏകാന്തവാസം നടത്തി.അവസാനം രണ്ടു ബ്രിട്ടീഷ് കപ്പലുകള്‍ അവിചാരിതമായി അയാളെ കണ്ടെത്തി രക്ഷപ്പെടുത്തി.ഈ അനുഭവ കഥ പ്രസിദ്ധിക്കരിക്കപ്പട്ടു.ഈ സംഭവവും അതുപോലെ സ്വന്തം അനുഭവങ്ങളും ചേര്‍ത്താണു റോബിന്‍സണ്‍ ക്രൂസോ രൂപം കൊണ്ടത്.നോവലിലെ കഥാപാത്രമായ റോബിന്‍‌സണ്‍ ക്രൂസോ കപ്പല്‍ തകര്‍ന്ന് ഒരു വിജന ദ്വീപില്‍ എത്തിപ്പെടുന്നു.മനുഷ്യവാസമില്ലാത്ത ആ ദ്വീപില്‍ നീണ്ട 28 വര്‍ഷമാണു ക്രൂസോ ഏകാന്ത വാസം നടത്തുന്നത്.

ഏതാണ്ട് സമാനമായ ഒറ്റപ്പെടലിന്റെ കഥയാണ് ശ്രീ ബെന്യാമിന്‍ എഴുതിയ “ആടുജീവിതം” എന്ന നോവലിലെ നജീബിനും ഉള്ളത്.“നാം അനുഭവിയ്ക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്” എന്ന് നോവലിന്റെ പുറം ചട്ടയില്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.തീര്‍ച്ചയായും ഒരു കെട്ടുകഥ പോലെ ആര്‍ക്കും തോന്നാവുന്ന ഈ കഥ ഒരു മനുഷ്യന്‍ അനുഭവിച്ചു തീര്‍ത്തതായിരുന്നു എന്നറിയുമ്പോളാണു നമ്മളില്‍ പലരും എത്രയോ ഭാഗ്യവാന്മാരാണെന്ന് തോന്നിപ്പോകുന്നത്.

ആടുജീവിതം മരുഭൂമിയില്‍ ഏകാന്തവാസം നടത്താന്‍ വിധിയ്കപ്പെട്ട ഒരാളുടെ കഥയാണ്.ഈ ഏകാന്തവാസം അയാള്‍ സ്വയം തിരഞ്ഞെടുത്തതല്ല.മറിച്ച് സാഹചര്യങ്ങള്‍ അയാളെ കൊണ്ടു ചെന്നെത്തിച്ച ജീവിതമാണ്.കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഒരു മണല്‍വാരി തൊഴിലാളി ആയി ഉമ്മയോടും ഗര്‍ഭിണിയായ ഭാര്യ(സൈനു)യോടുമൊപ്പം കഴിഞ്ഞിരുന്ന നജീബ് എന്ന മനുഷ്യന്‍ ജോലിക്കുള്ള വിസയുമായാണു ഗള്‍ഫില്‍ എത്തിച്ചേരുന്നത്.ഗള്‍ഫില്‍ പോകുന്ന ഏതൊരു മലയാളി യുവാവിനും ഉണ്ടാകുന്ന സ്വപ്നങ്ങള്‍ മാത്രമേ നജീബിനും ഉണ്ടായിരുന്നുള്ളൂ.”ഗോള്‍ഡന്‍ വാച്ച്,ഫ്രിഡ്ജ് , ടി.വി,കാര്‍,എ.സി,ടേപ്പ് റിക്കാര്‍ഡര്‍,വിസിപി,കട്ടിയില്‍ ഒരു സ്വര്‍ണ്ണമാല..രാത്രി കിടക്കുമ്പോള്‍ അതൊക്കെ വെറുതെ സൈനുവുമായി പങ്കുവച്ചു.ഒന്നും വേണ്ട ഇക്കാ.നമ്മുടെ കുഞ്ഞിനു (മകനോ? അതോ മകളോ?) ജീവിക്കാനുള്ള അല്ലറ ചില്ലറ വകയാകുമ്പോള്‍ മടങ്ങിപ്പോന്നേക്കണം.എന്റെ ഇക്കാക്കമാരെപ്പോലെ നമുക്കൊന്നും വാരിക്കൂട്ടേണ്ട.മണി മാളികയും വേണ്ട.ഒന്നിച്ചൊരു ജീവിതം,അത്രമാത്രം മതി

അങ്ങനെയാണു കരുവാറ്റക്കാരന്‍ സുഹൃത്ത് നല്‍കിയ വിസയില്‍ നജീബ് സൌദി അറേബ്യയില്‍ എത്തുന്നത്.കൂടെ ഹക്കീം എന്ന പേരുള്ള മീശമുളക്കാത്ത പയ്യനും.ഹക്കീം നജീബിന്റെ അയല്‍ നാട്ടുകാരനാണ്.അങ്ങനെ മുംബൈ വഴി, അവിടെ രണ്ടാഴ്ച താമസിച്ച് അവസാനം അവര്‍ റിയാദ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്നു.

വിമാനത്താവളത്തില്‍ സ്പോണ്‍സര്‍ കാത്തു നില്‍ക്കും എന്നായിരുന്നു അവരെ അറിയിച്ചിരുന്നത്.എന്നാല്‍ കൂടെ വിമാനമിറങ്ങിയവരെല്ലാം പല വഴിക്കായി പോയി കഴിഞ്ഞിട്ടും നജീബിനേയും ഹക്കീമിനേയും കൊണ്ടു പോകാനുള്ള ആള്‍ വന്നില്ല.ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം അവര്‍ വിഷമത്തോടെ നില്‍ക്കുമ്പോളാണു അവിടെ ഒരു അറബി ഒരു പിക്ക് അപ് വാനില്‍ വന്നിറങ്ങുന്നത്.അയാള്‍ അങ്ങോട്ടുമിങ്ങോട്ടും കുറച്ച് നടന്ന ശേഷം ഇവരുടെ അടുത്തെത്തി പാസ്‌പോര്‍ട്ടുകള്‍ പിടിച്ചു വാങ്ങി നോക്കിയശേഷം കൂടെ ചെല്ലാന്‍ പറയുന്നു.എന്തുചെയ്യണമെന്നറിയാതെ നിന്നിരുന്ന അവര്‍ തങ്ങളുടെ യജമാനന്‍ ആണ് വന്നിരിക്കുന്നത് എന്ന സന്തോഷത്താല്‍ അയാളുടെ പിക്ക് അപ് വാനില്‍ കയറിപ്പോകുന്നു.

പിക്ക് അപ് വാനിന്റെ പുറകിലിരുന്ന് ദീര്‍ഘദൂരം അവര്‍ യാത്ര ചെയ്തു.വണ്ടി നഗരാതിര്‍ത്തി വിട്ട് ഇരുള്‍നിറഞ്ഞ ഇടവഴികളിലൂടെയും പിന്നീട് ഇരുട്ടില്‍ വിജനമായ മരുപ്രദേശങ്ങളിലൂടെയും സഞ്ചരിക്കാന്‍ തുടങ്ങുമ്പോള്‍ നജീബിന്റെ മനസ്സില്‍ വേവലാതി രൂപം കൊണ്ടിരുന്നെങ്കിലും അത് പുറത്ത് കാട്ടിയില്ല. ദീര്‍ഘയാത്രയ്ക്കുശേഷം മരുഭൂമിയിലുള്ള രണ്ട് മസറ( ആട്ടിന്‍ തൊഴുത്ത്)കളിലേക്കാണു അവരെ കൊണ്ടു പോയത്.അപ്പോളേക്കും രാത്രി ആയിക്കഴിഞ്ഞിരുന്നു.ആദ്യം ഒരു സ്ഥലത്ത് ഹക്കീമിനെ ഇറക്കി.അവിടെ നിന്നു കുറക്കൂടി ദൂരെ മാറി മറ്റൊരു മസറയിലാണു നജീബ് ചെന്നെത്തുന്നത്.

ഒരിക്കലും സ്വപ്നത്തില്‍ പോലും കാണാത്ത ഒരു സ്ഥലത്താണു താന്‍ എത്തിയതെന്ന് അപ്പോള്‍ നജീബിനു മനസ്സിലാകുന്നില്ല.എന്നാല്‍ അതൊരു തുടക്കമായിരുന്നു.മൂന്നു വര്‍ഷവും നാലുമാസവും ഒന്‍പതു ദിവസവും നീണ്ടു നിന്ന ഏകാന്തവാസത്തിന്റെ തുടക്കം.നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിലെ ‘മസറ’യില്‍ നൂറുകണക്കിനു ആടുകളോടും കുറച്ച് ഒട്ടകങ്ങളോടുമൊപ്പം മൂന്നേ മൂന്നു മനുഷ്യര്‍ മാത്രം.നജീബ്, അര്‍ബാബ്( യജമാനന്‍), പിന്നെ മറ്റൊരു ഇടയനായ ഭീകരരൂപി എന്ന നജീബ് വര്‍ണ്ണിക്കുന്ന മനുഷ്യന്‍.ഒരു തുറന്ന കൂടാരത്തിലുള്ള ഒരു കട്ടിലാണു യജമാനന് ഉള്ളത്.അതിനു വെളിയില്‍ ആടുകളുടെ കൂടിനോട് ചേര്‍ന്ന് തുറസായ സ്ഥലത്തെ ഒരു ഇരുമ്പു കട്ടിലില്‍ ഭീകര രൂപിയെപ്പോലെ തോന്നുന്ന ഇടയനും, വെറും മണലില്‍ നജീബും..പൊള്ളുന്ന ചൂടിലും വെയിലിലും ഒരിറ്റു തണലുപോലുമില്ലാത്ത നീണ്ട പകലുകളും തലചായ്ചുറങ്ങാന്‍ പോലും സൌകര്യമില്ലാത്ത രാത്രികളും.

അതൊരു ജീവിതത്തിന്റെ തുടക്കമായിരുന്നു.നജീബ് ഒരു ആട്ടിടയനായി മാറ്റപ്പെടുകയായിരുന്നു.മുടിയെല്ലാം നീണ്ടു താടിയും ജടയുമായി നാറുന്ന വസ്ത്രങ്ങളുമായി ഒരിക്കല്‍ പോലും ദേഹത്ത് വെള്ളം തൊടാത്തതു പോലുള്ള രൂപവുമായി ഇരിക്കുന്ന ‘ഭീകര രൂപി’യെ കണ്ടപ്പോള്‍ തന്നെ തന്നെയും ഇത്തരമൊരു ജീവിതമാണു കാത്തിരിക്കുന്നതെന്ന് നജീബിനു തോന്നുന്നുണ്ട്.അത് സത്യമായി ഭവിയ്കുകയായിരുന്നു.

നോവലിലെ പിന്നീടുള്ള ഭാഗം മുഴുവന്‍ ഈ ജീവിതത്തിന്റെ കഥയാണ്.ഇരുമ്പു കമ്പി കൊണ്ടുള്ള വേലികളാല്‍ തിരിക്കപ്പെട്ട കൂടുകളില്‍ കഴിയുന്ന മിണ്ടാപ്രാണികളായ ആടുകളോടൊപ്പം ജീവിച്ചു തീര്‍ത്ത ദിവസങ്ങളിലെ അനുഭവങ്ങള്‍. ചെന്ന ദിവസം അര്‍ബാബ് നല്‍കിയ നീളന്‍ കുപ്പായത്തില്‍ കയറിയതാണു നജീബ്. പിന്നീട് ഒരിക്കലും അതൊന്ന് മാറുന്നു പോലുമില്ല.കുളിയില്ല, നനയില്ല, എന്തിനു പല്ലു തേപ്പുമില്ല.അതിന്റെ കാഠിന്യം എന്തെന്ന് രണ്ടാം ദിവസം തന്നെ നജീബ് മനസ്സിലാക്കുന്നുമുണ്ട്.അന്ന് രാവിലെ പ്രാഥമിക കര്‍മ്മം എവിടെയൊക്കെയോ നിര്‍വഹിച്ച ശേഷം ശൌച്യം ചെയ്യാന്‍ ആടുകള്‍ക്ക് കരുതി വച്ചിരുന്ന വാട്ടര്‍ ടാങ്കില്‍ നിന്ന് വെള്ളമെടുത്തു. പിന്നെയുണ്ടായത് ഇതാണ്. ”ചന്തിയില്‍ ആദ്യത്തെ തുള്ളി വീഴുന്നതിനു മുന്‍പ് എന്റെ പുറത്ത് ചാട്ടയുടെ ഒരടി വീണു. അപ്രതീക്ഷിതമായ ആ അടിയില്‍ എന്റെ പുറം പൊളിഞ്ഞു പോയി” ആടുകള്‍ക്ക് വെള്ളം ഉപയോഗിക്കാം. എന്നാല്‍ മനുഷ്യനു പാടില്ല എന്ന പാഠമാണു ഈ സംഭവം നജീബിനു കാട്ടിക്കൊടുത്തത്. പകലന്തിയോളം മരുഭൂമിയില്‍ ആടുകളെ മേയിക്കുക. വിശ്രമം എന്നത് രാത്രിയില്‍ വെറും മണലില്‍ കിടന്നുറങ്ങുമ്പോള്‍ മാത്രം. ഇരുമ്പു ടാങ്കില്‍ ചൂടായിക്കിടക്കുന്ന വെള്ളം കുടിക്കാം. കഴിക്കാന്‍ അര്‍ബാബ് വലിച്ചെറിയുന്ന ഉണക്കഖുബൂസ്. അതൊരു ജീവിതമായിരുന്നു. ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്നും എത്രയോ കാതങ്ങള്‍ അകലെ മനുഷ്യജീവിയെ കാണാതെ വിശാലമായ മരുഭൂമിയിലെ ഏകാന്ത തടവ്. അര്‍ബാബിന്റെ അതിക്രൂര മര്‍ദ്ദനങ്ങള്‍. ജോലിയില്‍ വരുന്ന ചെറിയ താമസം പോലും അയാളെ കോപിഷ്ഠനാക്കി. കഥയിലൊരിടത്ത് മുട്ടനാടിന്റെ ചവിട്ടേറ്റ് കൈ നീരുവന്ന് വീര്‍ത്ത് പൊക്കാന്‍ പോലുമാകാതെയിരിയ്ക്കുന്ന സന്ദര്‍ഭത്തില്‍ പോലും ആടിനെ കറക്കാന്‍ നിര്‍ബന്ധിച്ച അര്‍ബാബ് അയയ്കുന്നത് വിവരിയ്കുന്നുണ്ട്.

ഒരിറ്റു തണലിനായിട്ടാണു താനേറ്റവും ആഗ്രഹിച്ചിരുന്നത് എന്ന് നജീബ് പറയുന്നുണ്ട്.ആടിനെ മേയ്കാനുള്ള വടിയുടെ നിഴലില്‍ പോലും തണല്‍ കണ്ടെത്തിയിരുന്നു എന്ന് നജീബ് പറയുമ്പോള്‍ ആ പൊള്ളല്‍ ഓരോ വായനക്കാരനിലും തുളച്ചു കയറുന്നു.

അങ്ങനെ പതിയെ പതിയെ ആ ജീവിതത്തോട് നജീബ് സമരസപ്പെടുകയാണ്.നാടിന്റെ ഓര്‍മ്മകള്‍ അയാളില്‍ കടന്നു വരാതെയായി.“ഏത് യാതനയും നമുക്ക് സഹിയ്കാം,പങ്കുവയ്കാന്‍ ഒരാള്‍ നമുക്കൊപ്പമുണ്ടെങ്കില്‍...” എന്ന് നജീബ് പറയുമ്പോള്‍ ഒറ്റപ്പെടലിന്റെ വേദന നാമറിയുന്നു.ആവശ്യത്തിനു വാക്കുകളെ പുറത്തു വിടുക എന്നതാണു മനസ്സിന്റെ ഏറ്റവും വലിയ സ്വസ്ഥത...എന്നാല്‍ നജീബിനു അതിനുള്ള യാതൊരു അവസരവുമില്ല ആ മരുഭൂമിയില്‍.

അങ്ങനെ മനുഷ്യര്‍ക്ക് പകരം ആടുകള്‍ അയാളുടെ കൂട്ടുകാരായി.ഓരോ ആടിനും നജീബ് നാട്ടിലെ ഓരോ മനുഷ്യരുടെ പേരിട്ട് വിളിച്ചു.അവരോട് സല്ലപിച്ചു, തൊട്ടു തലോടി,അവരോടൊപ്പം കിടന്നു, എന്തിനു അവരില്‍ ഒരാളായി മാറി...മറ്റൊരു ആടുജീവിതം.സ്വന്തം ശരീരം പോലും ഒരിക്കല്‍ അവരുമായി പങ്കു വച്ചതായി നജീബ് പറയുന്നു.ഒരു ആട്ടിടനാവുകയായിരുന്നു ചെറുപ്പത്തില്‍ തന്റെ ആഗ്രഹമെന്ന് നജീബ് പറയുന്നുണ്ട്.എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആട്ടിടയനായപ്പൊള്‍ അത് തന്റെ സ്വപ്നങ്ങളിലെ ജീവിതത്തില്‍ നിന്ന് എത്രയോ അകലെ ആയിരുന്നുവെന്ന് അവനറിയുന്നു.

ജീവിതത്തിലെ സ്വപ്നങ്ങളേയും യാഥാര്‍ഥ്യങ്ങളേയും ഒരു തരം ആക്ഷേപ ഹാസ്യാത്മകതയൊടെ സമീപിക്കാന്‍ നജീബിനു സാധിക്കുന്നുണ്ട്.മരുഭൂമിയില്‍ ആരോരുമില്ലാതെ ഏകാന്ത വാസം നടത്തുമ്പോളും അയാളുടെ ചിന്തകളില്‍ ഒരു ഹാസ്യ രസം , സ്വന്തം ജീവിതത്തോടു തന്നെ ഒരു പരിഹാസം എന്നിവ നിഴലിച്ചു നില്‍ക്കുന്നു.എന്താണു താന്‍ ഗള്‍ഫുകാരനെന്ന് നിലയില്‍ സ്വപ്നം കണ്ടിരുന്നത്, ഇന്നിപ്പോള്‍ എവിടെയെത്തി എന്ന് പലപ്പോളും നജീബ് ചിന്തിക്കുന്നുണ്ട്.

എന്നിട്ടും എന്തുകൊണ്ട് നജീബ് രക്ഷപെടുന്നില്ല എന്ന് നമ്മള്‍ ആലോചിച്ചേക്കാം.സത്യത്തില്‍ ആദ്യദിവസം എയര്‍‌പോര്‍ട്ടില്‍ നിന്നു വരുന്ന വഴി തന്നെ ഏതോ അപകടത്തിലേക്കാണു പോകുന്നതെന്ന് നജീബിനു തോന്നുന്നുണ്ട്.എങ്കിലും മറ്റൊന്നും മുന്നില്‍ കാണാനില്ലാത്തവനു എവിടേയ്ക് രക്ഷപെടാന്‍ എന്നൊരു ചിന്തയാണു നജീബിനെ നയിയ്കുന്നത്.മരുഭൂമിയിലും രക്ഷപെടാനുള്ള ചിന്ത ഇടയ്കെങ്കിലും നജീബില്‍ വരുന്നുണ്ട്.പക്ഷേ പരിപൂര്‍ണ്ണമായും ഉറപ്പോടെ അവിടെ നിന്ന് രക്ഷപെടാന്‍ പറ്റുമെന്ന് അയാള്‍ കരുതുന്നില്ല.അവിടെ നിന്ന് ഓടിപ്പോയ ‘ഭീകര രൂപിയ്കു” ഉണ്ടായ അനുഭവം സത്യത്തില്‍ നജീബിനെ കൂടുതല്‍ ദുര്‍ബലനാക്കി മാറ്റുന്നതായിട്ടാണു നോവലിസ്റ്റ് വിവരിയ്കുന്നത്.അര്‍ബാബിന്റെ ദയയ്ക് വേണ്ടി അവന്‍ കേഴുന്നതായി കാണാം.വല്ലാത്ത ഒരു അരക്ഷിത ബോധം അവനെ പിടികൂടുന്നു.

നജീബിനു മരുഭൂമിയില്‍ നിന്നു രക്ഷപെടാനായി കിട്ടിയ ഏക അവസരമെന്നത് അവിടുത്തെ മഴക്കാലത്താണ്.മഴ കണ്ട് പേടിച്ച് ഒരു മൂലയില്‍ ചുരുണ്ടു കൂടിയിരുന്ന അര്‍ബാബിനെ അയാളുടെ തോക്കു വച്ചു തന്നെ വെടിവച്ചു കൊല്ലാന്‍ നജീബിനു അവസരം കിട്ടിയതായിരുന്നു.എന്നാല്‍ ആനിമിഷം സഹായത്തിനായി അര്‍ബാബ് “നജീബ് , നജീബ്” എന്ന് പേരു ചൊല്ലി വിളിച്ചപ്പോള്‍ മനസ്സലിഞ്ഞ് ആ കൃത്യം വേണ്ടെന്ന് വച്ചതാണ്.സ്വന്തം ദൈന്യതകള്‍ക്കിടയിലും മനുഷ്യത്വം വിട്ടുമാറാത്തവനാണു നോവലിലെ നായകന്‍.

അങ്ങനെ മൂന്നര വര്‍ഷം നീണ്ടു നിന്ന ജീവിതത്തിനിടയില്‍ നജീബ് തന്നോടൊപ്പം നാട്ടില്‍ നിന്ന് കൂടെ വന്ന ഹക്കീം ഉള്ള മസറ കണ്ടുപിടിയ്കുന്നു.അവര്‍ തമ്മില്‍ ഇടക്ക് കാണുകയും അര്‍ബാബുമാര്‍ കാണാതെ ആശയവിനിമയം നടത്തുകയും ചെയ്യുന്നു.അങ്ങനെയിരിയ്കെ ഹക്കിമിന്റെ മസറയില്‍ പുതിയതായി വന്ന സോമാലിയക്കാരന്‍ ‘ഇബ്രാഹിം ഖാദിരി’ എന്ന ആളാണു അവസരം ഒത്തു വന്നപ്പോള്‍ മരുഭൂമി താണ്ടാന്‍ അവരെ സഹായിക്കുന്നത്.

വളരെ ലളിതമായ ഭാഷയില്‍ നജീബ് സ്വന്തം കഥപറയുന്ന രീതിയിലാണ് നോവല്‍ രചിച്ചിരിയ്കുന്നത്.നജീബിനെപ്പോലെ ഒരാള്‍ കഥപറയുന്നതിനു ഇതില്‍ കൂടുതല്‍ ഭാഷയുടെ ആവശ്യമില്ല.ഏതു പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാനും ജീവിയ്കാനുമുള്ള മനുഷ്യന്റെ അഭിവാഞ്ചയെ അതിന്റെ പാരമ്യതയില്‍ ഈ നോവലില്‍ നമുക്ക് കാണാം.മരുഭൂമിയിലെ ആടുകളിലും ഒട്ടകങ്ങളിലും മഴയില്‍ പൊട്ടി മുളച്ച ചെറിയ ചെടികളിലും പറവകളിലും എല്ലാം അയാള്‍ അതിജീവനം കണ്ടെത്തുന്നു.”നജീബേ, മരുഭൂമിയുടെ ദത്തു പുത്രാ...ഞങ്ങളെപ്പോലെ നീയും നിന്റെ ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോട് മല്ലിടുക,തീക്കാറ്റും വെയില്‍ നാളവും നിന്നെ കറ്റന്നു പോകും.നീ അവയ്കു മുന്നില്‍ കീഴടങ്ങരുത്.അത് നിന്റെ ജീവനെ ചോദിക്കും, വിട്ടുകൊടുക്കരുത്“........ എന്ന് തലേ ദിവസത്തെ മഴ്യില്‍ കൊരുത്ത പുല്‍ നാമ്പുകള്‍ നജീബിനോട് പറയുന്നു.

ഇത്തരം അതിജീവനത്തിന്റെ കഥകള്‍ പലതും പുസ്തകങ്ങളും ലോക സാഹിത്യത്തിലെ ക്ലാസിക്കുകളാണ്.ആത്യന്തികമായി മനുഷ്യന്റെ ഇച്ഛാശക്തിയാണു ഇത്തരം കഥകളിലെല്ലാം വിജയിയ്കുന്നത്.റോബിന്‍ സണ്‍ ക്രൂസോ ആയാലും സാന്റിയാഗോ ആയാലും അതു തന്നെ സംഭവിക്കുന്നു.

എന്നാല്‍ നോവലിലെ നജീബ് ഈശ്വരവിശ്വാസിയാണു.അല്ലാഹുവില്‍ എല്ലാം സമര്‍പ്പിച്ചാണു അയാള്‍ ജീവിയ്ക്കുന്നത് .ആ വിശ്വാസമാണു മരുഭൂമിയിലെ ഏകാന്തവാസത്തേയും ചൂടിനേയും തണുപ്പിനേയുമൊക്കെ നേരിടാന്‍ അയാളെ പ്രേരിപ്പിക്കുന്നത്.അത് താന്‍ നജീബില്‍ വരുത്തിയ വ്യത്യാസമാണെന്ന് കഥാകാരന്‍ തന്നെ പറയുന്നുണ്ട് (മാതൃഭൂമി ആഴ്ചപ്പതിപ്പ്,മെയ് 30,2010).അതില്‍ ബെന്യാമിന്‍ ഇപ്രകാരം പറയുന്നു,

"ഞാന്‍ ആ‍ദ്യമായി നജീബിനെ കണ്ടുമുട്ടുന്ന നിമിഷം അയാള്‍ തന്റെ സുഹൃത്തുക്കളുമായി കമ്യൂണിസം ചര്‍ച്ച ചെയ്യുകയായിരുന്നു എന്ന് ഞാനിപ്പോഴും ഓര്‍ക്കുന്നു.ആ സാഹചര്യത്തെ മനസ്സിലിട്ടുകൊണ്ട് ഒരു തികഞ്ഞ യുക്തിവാദിയായും ഈശ്വര വിരുദ്ധനായും എനിക്ക് നജീബിനെ ചിത്രീകരിയ്കാമായിരുന്നു.എങ്കില്‍ പലരും ആഗ്രഹിയ്കുന്നതുപോലെ മനുഷ്യന്റെ ഇച്ഛാശക്തികൊണ്ടുമാത്രം മരുഭൂമിയെ താണ്ടിപ്പോരുന്ന ഒരു നജീബിനെയാകുമായിരുന്നു നാം നോവലില്‍ കണ്ടുമുട്ടുക.പക്ഷേ നോവലില്‍ ബെന്യാമിന്‍ കലരാതെ സാധ്യമല്ല.ഇല്ലെങ്കില്‍ ഇത് മറ്റൊരാളുടെ ജീവചരിത്രമെഴുത്തായി പോകുമായിരുന്നു."

“കിഴവനും കടലും” എന്നതിലെ നായകനെ കൊണ്ട് ഹെമിംഗ്‌വേ പറയിക്കുന്ന വാചകമുണ്ട് “നിങ്ങള്‍ക്കെന്നെ നശിപ്പിക്കാനാവും, എന്നാല്‍ എന്നെ തോല്‍പ്പിക്കാനാവില്ല”.....ഇതു തന്നെയാണ് ആടുജീവിതത്തിലെ നജീബും പറയാതെ പറയുന്നത്...മരുഭൂമിയിലെ ജീവിതകാലം മുഴുവന്‍ കൊടിയ മര്‍ദ്ദനങ്ങളുടേയും അപമാനിയ്ക്കപ്പെടലിന്റേയും നാളുകളാണ് നജീബിന്.അപമാനിക്കപ്പെടലിന്റെ പാരമ്യം അയാള്‍ അനുഭവിച്ചു. പക്ഷേ അതിനൊന്നിനും അയാളെ തോല്‍പ്പിക്കാനായില്ല.ആ നിശ്ചയ ദാര്‍ഡ്യം ആണു മരുഭൂമി താണ്ടാന്‍ നജീബിനെ സഹായിക്കുന്നതും,....ഇത് മനുഷ്യന്റെ വിജയത്തിന്റെ കഥയാണ്.അതിനെ അമിതമായി ദൈവത്തിന്റെ മേല്‍ ചുമത്തിയതില്‍ മാത്രമേ എനിക്ക് ബെന്യാമിനോട് വിയോജിപ്പുള്ളൂ.

ഒരിക്കല്‍ പോലും യഥാര്‍ത്ഥ മരുഭൂമിയില്‍ ജീവിയ്കേണ്ടി വരാത്ത നോവലിസ്റ്റ് മരുഭൂമിയുടെ ചിത്രമെഴുതുന്നതില്‍ വിജയിച്ചിരിയ്കുന്നു എന്ന് തന്നെ പറയാം.നജീബും, ഹക്കീമും, ഇബ്രാഹിം ഖാദിരിയും കൂടി മരുഭൂമിയില്‍ കൂടി നടത്തിയ പാലായനം പത്തു ദിവത്തോളം നീണ്ടു നിന്നതാണ്.അതിന്റെ വിവരണം അതീവ ഹൃദ്യമായും തീവ്രമായും തന്നെ നോവലിസ്റ്റ് നിര്‍വഹിച്ചിരിയ്കുന്നു.ഫിക്ഷന്‍ നല്‍കുന്ന ചില സ്വാതന്ത്ര്യങ്ങള്‍ക്കപ്പുറം ഒന്നും ബെന്യാമിന്‍ എടുത്തിട്ടില്ല.ഓരോ വായനക്കാരനുമാണ് നജീബിനോടൊപ്പം മരുഭൂമി താണ്ടുന്നത്.ഹക്കിമിന്റെ അവസാന നിമിഷങ്ങള്‍ എത്രകാലം കഴിഞ്ഞാലും നമ്മെ വേട്ടയാടിക്കൊണ്ടുതന്നെയിരിയ്കും.വേദനാജനകമായ ഈ സംഭവങ്ങളെയെല്ലാം നിശ്ചയദാര്‍ഡ്യത്തോടെ നജീബ് നേരിടുന്നു, മുന്നോട്ട് പോകുന്നു.

ഒരു പക്ഷേ ഘടനയിലും അവതരണത്തിലുമെല്ലാം അല്പം കൂടീ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒന്നാന്തരം ഒരു ക്ലാസിക് തന്നെ ആകുമായിരുന്നു ഈ കൃതി.എങ്കിലും ഈ അടുത്ത കാലത്ത് വായിച്ച മലയാളം പുസ്തകങ്ങളില്‍ ഇതു പോലെ മനസ്സില്‍ തങ്ങി നിന്ന മറ്റൊന്നില്ലെന്ന് ഞാന്‍ നിസംശയം പറയും.ഹൃദയകോണിലെവിടെയോ ഒരിറ്റു കണ്ണീര്‍ പൊഴിക്കാതെ ഈ പുസ്തകം വായിച്ചു തീര്‍ക്കാന്‍ മനുഷ്യത്വവും സഹൃദയത്വവും ബാക്കി നില്‍ക്കുന്ന ഒരാള്‍ക്കും സാധിയ്ക്കില്ലെന്ന് എനിയ്ക്ക് ഉറപ്പുണ്ട്.കാരണം ശ്രീ എന്‍ ശശിധരന്‍ ഈ കൃതിയെ പറ്റി പറഞ്ഞ പോലെ “ആടുജീവിതം ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല,ചോര വാര്‍ക്കുന്ന ജീവിതം തന്നെയാണ്.”

അതു തന്നെയാണു ഈ നോവലിന്റെ വിജയവും.ഓരോ വാക്കിലും ജീവിതം തുടിച്ചു നില്‍ക്കുന്ന ഈ പുസ്തകം സമ്മാനിച്ചതിന് ബെന്യാമിന് നന്ദി !

Sunday, March 13, 2011

ദേവദാസി തെരുവുകളിലൂടെ

പുസ്തകം : ദേവദാസി തെരുവുകളിലൂടെ.
രചയിതാവ് : പി.സുരേന്ദ്രൻ
പ്രസാധനം : ഗ്രീൻ ബുക്ക്സ്
അവലോകനം : നിരക്ഷരൻ
ദേവദാസികൾ എന്നാൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിരുന്ന കുറേ സ്ത്രീകൾ എന്നതിലപ്പുറം, കാര്യമായ വിവരമൊന്നും എനിക്കില്ലാതെ പോയത് നിരക്ഷരൻ ആയതുകൊണ്ടും വായനയുടെ കുറവുകൊണ്ടും തന്നെ. 2010 ഡിസംബറിൽ എറണാകുളത്തുവെച്ച് നടന്ന രാജ്യാന്തര പുസ്തകമേളയിൽ, ഗ്രീൻ ബുക്സിന്റെ സ്റ്റാളിൽ നിന്നാണ് പി.സുരേന്ദ്രന്റെദേവദാസി തെരുവുകളിലൂടെഒരു കോപ്പി സ്വന്തമാക്കിയത്. യാത്രാവിവരണം എന്ന ലേബലുള്ള പുസ്തകമായതുകൊണ്ടാകണം 108 പേജ് ഒറ്റയടിക്ക് വായിച്ച് തീർക്കുകയും ചെയ്തു.

അന്ധവിശ്വാസത്തിന്റേയും വിദ്യാഭ്യാസമില്ലായ്മയുടേയും കൂടെ പുരുഷവർഗ്ഗത്തിന്റെ ചൂഷണമനോഭാവം കൂടെ ചേർന്നപ്പോൾ പിറവികൊണ്ട ദേവദാസി കുലത്തിന്റേയും, കുഞ്ഞുന്നാളിലേ തന്നെ അന്യർക്കായി സ്വശരീരം വിട്ടുകൊടുത്ത് ജീവഛവങ്ങളായി കാലം തള്ളിനീക്കേണ്ടിവന്ന അമ്മപെങ്ങന്മാരുടേയും നേർക്കാഴ്ച്ചയാണ് ഗ്രന്ഥം.

പരശുരാമന്റെ മാതാവും ജമദഗ്നി മഹർഷിയുടെ പത്നിയുമാണ് രേണുക. പാതിവ്രത്യത്തിന് പേരുകേട്ടവൾ. പാതിവ്രത്യം കളങ്കപ്പെട്ടെന്ന് മനസ്സിലാക്കിയ മഹർഷി, പരശുരാമനോട് സ്വന്തം അമ്മയെ നിഗ്രഹിക്കാൻ പറയുന്ന പുരാണമുണ്ടല്ലോ? അതുമായി ബന്ധപ്പെട്ടുകിടക്കുന്നു ദേവദാസി കുലത്തിന്റെ ആരംഭവും വിശ്വാസങ്ങളും. തന്റെ ആജ്ഞ ശിരസ്സാവഹിച്ച മകനിൽ സം‌പ്രീതനായ മഹർഷി, പരശുരാമന് ഒരു വരം നൽകുന്നു. മരിച്ചുപോയ മാതാവിനെ പുനരുജ്ജീവിപ്പിക്കണമെന്നായിരുന്നു പരശുരാമൻ ആവശ്യപ്പെട്ട വരം. മഹർഷി ധർമ്മസങ്കടത്തിലാവുന്നു. കളങ്കപ്പെട്ട ഭാര്യയുടെ മുഖത്തെങ്ങനെ നോക്കും. ആശ്രമപരിസരത്തുണ്ടായിരുന്ന ഒരു ദളിത് സ്ത്രീയുടെ തലയറുത്ത് രേണുകാ ദേവിയുടെ ഉടലുമായി ചേർത്ത് ( കഥയുടെ മറ്റ് രൂപഭേദങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.) പ്രശ്നം പരിഹരിക്കപ്പെടുന്നു. ദളിത് (മാതംഗ) സ്ത്രീയുടെ തലയുമായി രേണുക ജീവിക്കുന്നു. സ്വന്തം സമുദായത്തിന്റെ മുഖം മുനിപത്നിയിൽ കണ്ട് ആനന്ദിച്ച മാതംഗർ, രേണുകാ ദേവി ചെയ്ത അതേ കുറ്റം ചെയ്യാൻ വേണ്ടി പെൺ‌മക്കളെ സജ്ജരാക്കിക്കൊണ്ട്, യെല്ലമ്മ എന്ന ദേവീസങ്കല്‍പ്പവും ആരാധനയും ആരംഭിക്കുന്നിടത്ത് ദേവദാസി സമ്പ്രദായത്തിന് തുടക്കം കുറിക്കപ്പെടുന്നു.

രേണുകാദേവി പാതിവ്രത്യത്തിന്റെ പര്യായമായിരുന്നു. ആശ്രമത്തിനടുത്തുള്ള നദിയിൽ നിന്ന് വെള്ളമെടുത്തുകൊണ്ടുവരുവാൻ അവർക്ക് പാത്രങ്ങൾ ആവശ്യമില്ലായിരുന്നു. പാതിവ്രത്യത്തിന്റെ ശക്തിമൂലം, ആവശ്യത്തിനുള്ള ജലം ഉരുട്ടി കൈയ്യിലെടുത്ത് കൊണ്ടുപോരാനും നദിയിൽ കഴുകിയെടുക്കുന്ന വസ്ത്രങ്ങൾ അഴയൊന്നും ഇല്ലാതെ അന്തരീക്ഷത്തിൽ നിർത്തി ഉണക്കാനും അവർക്കാകുമായിരുന്നു. ഒരിക്കൽ നദിയിലെ കണ്ണാടിപോലെ നിശ്ചലമായ ജലത്തിൽ ഒരു ഗന്ധർവ്വർ അപ്സരസ്സുമായി രമിക്കുന്നതിന്റെ പ്രതിബിംബം രേണുകാദേവി കാണുകയും ഗന്ധർവ്വന്റെ നേർക്ക് അവരുടെ മനസ്സൊന്ന് പതറുകയും ചെയ്തതാണ് പാതിവ്രത്യം ഭംഗപ്പെടാൻ കാരണം. അക്കാരണത്താൽ അന്ന് ജലം ഉരുട്ടിയെടുക്കാനോ വസ്ത്രങ്ങൾ അന്തരീക്ഷത്തിൽ നിർത്തി ഉണക്കുവാനോ അവർക്കാവുന്നില്ല. ഇതാണ് പുരാണം.

പുരാണത്തിന്റെ ചുവടുപിടിച്ച് വിവരമില്ലാത്ത മനുഷ്യർ ചെയ്തതെന്താണ് ? വേശ്യാവൃത്തിക്കായി ഒരു കുലം തന്നെ സൃഷ്ടിച്ചെടുത്തു. അച്ഛനാരെന്ന് അറിഞ്ഞിട്ടും അത് പുറത്ത് പറയാൻ അർഹതയില്ലാത്ത ഒരുപാട് കുഞ്ഞുങ്ങളേയും രോഗബാധിതരായ അവരുടെ അമ്മമാരേയും സമൂഹത്തിന് സമ്മാനിച്ചു. നിയമം മൂലം ദേവദാസി സമ്പ്രദായം നിർത്തലാക്കപ്പെട്ടിട്ടും ഇന്നും, മേല്‍പ്പറഞ്ഞ അന്ധവിശ്വാസങ്ങളിൽ നിന്ന് പുറത്തുകടക്കാനാവാതെ യെല്ലമ്മ (എല്ലാവരുടേയും അമ്മ) എന്ന ദേവതയുടെ പേരിൽ രഹസ്യമായി ഡെക്കാനിലെ പല ഗ്രാമങ്ങളിലും നടക്കുന്ന ദേവദാസി സമർപ്പണത്തിന്റേയും മറ്റ് അനാചാരങ്ങളുടേയുമൊക്കെ പാതകളിലൂടെ ലേഖകൻ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു, നടുക്കുന്ന വിവരങ്ങൾ പങ്കുവെക്കുന്നു.

ഹിന്ദുപുരാണത്തിന്റെ ചുവടുപിടിച്ച് ഉണ്ടായി വന്ന കുലവും സമ്പ്രദായവുമൊക്കെയാണ് ഇതെങ്കിലും ലൈംഗികതയുടെ കാര്യം വരുമ്പോൾ ജാതിമത ഭേദമൊന്നും ഇല്ലാതെ ദേവദാസികൾ സൃഷ്ടിക്കപ്പെട്ടിരുന്നെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അനിസ്ലാമിക രീതിയാണെങ്കിലും, ബീജാപ്പൂരിലെ ഒരു മസ്‌ജിദിനെ കേന്ദ്രീകരിച്ച് അപൂർവ്വമായാണെങ്കിലും ദേവദാസി സമ്പ്രദായം നിലനിന്നിരുന്നെന്ന് പുസ്തകം പറയുന്നു. പക്ഷെ, പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന മട്ടിൽ സമ്പ്രദായം മായ്ച്ചുകളയുന്നതിൽ മുസ്ലീം സമൂഹം വിജയിച്ചിരിക്കുമ്പോൾ, ഹിന്ദു സമൂഹം അന്ധവിശ്വാസങ്ങളുടെ നിലയില്ലാക്കയത്തിൽ ഇപ്പോഴും കൈകാലിട്ടടിച്ചുകൊണ്ടിരിക്കുന്നു.

പെൺകുട്ടികൾക്ക് തലമുടിയിൽ ജഢ പിടിക്കാൻ തുടങ്ങിയാൽ അവളെ ദേവദാസികളുടെ കുലദേവതയായ യെല്ലമ്മ ദേവി ആഗ്രഹിക്കുന്നു എന്നതാണ് അന്ധവിശ്വാസം. അത്യാവശ്യത്തിന് പോലും ശുദ്ധജലം ലഭ്യമല്ലാത്ത, പട്ടിണിയും പരിവട്ടങ്ങളുമൊക്കെ നിത്യക്കാഴ്ച്ചയായ വൃത്തിഹീനമായ ഗ്രാമങ്ങളിൽ, ഒരു പെൺകുട്ടിയുടെ നീളമുള്ള മുടി ജഢ പിടിക്കാനാണോ ബുദ്ധിമുട്ട് ! ഇതൊന്നുമല്ലെങ്കിലും കുടുംബത്തിലെ മൂത്ത പെൺകുട്ടി യെല്ലമ്മ ദാസിയാക്കപ്പെടുന്നു. ചെറുപ്പത്തിലേ തന്നെ ഒരു പെൺകുട്ടിയെ ദേവദാസിയായി സമർപ്പിക്കുന്ന ചടങ്ങ് നടക്കുന്നു. അവൾക്ക് പ്രായപൂർത്തിയായാൽ ആദ്യമായി അവളെ പ്രാപിക്കാനുള്ള അവകാശം ക്ഷേത്രപുരോഹിതനുള്ളതാണ്. കർണ്ണാടകത്തിലടക്കമുള്ള ഗ്രാമങ്ങളിൽ പൂജാരികൾ ഗ്രാമമുഖ്യന്മാരുടേയോ ജന്മിമായുടേയോ ശിങ്കിടികളായതുകൊണ്ട്, മിക്കവാറും പെൺകുട്ടികൾ പൂജാരിമാർ മുഖേന ജന്മിമാരായ ഗൗണ്ടർമാർക്കും മറ്റും കാഴ്ച്ചവെക്കപ്പെടുന്നു. വെപ്പാട്ടിയായും ഗ്രാമവേശ്യയായും നീറിത്തീരാനായി നിസ്സഹായയായ ഒരു പെൺകുട്ടി ബലികഴിക്കപ്പെടുന്ന ഒരു കാഴ്ച്ചയാണത്.

ആദ്യകാലത്ത് ദേവദാസികൾ എന്നാൽ സമൂഹത്തിൽഅന്തസ്സുള്ളഒരു വിഭാഗമായിരുന്നു. അവർ കലാനിപുണരായിരുന്നു. ക്ഷേത്രത്തിലേക്ക് സമർപ്പിക്കപ്പെട്ട് താലിക്കല്യാണ ചടങ്ങ് നടന്നാൽ ഉടനെ തന്നെ നട്ടുവൻ അവളെ കലയുടെ പാഠങ്ങൾ പഠിപ്പിച്ച് തുടങ്ങും. രതിയുടെ പാഠങ്ങൾ പഠിപ്പിക്കാൻ പ്രായം ചെന്ന ജോഗിതി എന്ന ദേവദാസിമാരും ഉണ്ടായിരിക്കും. സംഗീതം നൃത്തം (ഭരതനാട്യം തമിഴ്‌നാട്ടിലെ ദേവദാസികളുടെ നൃത്തമായിരുന്നു.) എന്നതൊക്കെ കൂടാതെ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യാനുമൊക്കെ അറിയുന്നവരായിരുന്നു ദേവദാസികൾ. സമൂഹത്തിലെ ഉന്നതർ വരെ ദേവദാസി വീടുകളിൽ അഭിമാനത്തോടെ ചെല്ലുകയും പ്രാപിക്കുകയും ചെയ്തിരുന്ന ഒരുകാലമുണ്ടായിരുന്നു. രാജാ രവിവർമ്മയ്ക്ക് മോഡലായിരുന്ന, ലാൽ‌വാഡിയിലെ ബഡാബായി എന്ന അഞ്ജനീബായിയേയും പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്. ഗായികയും നർത്തകിയുമായ ധനാഢ്യയായ ഒരു ദേവദാസി ആയിരുന്നവർ. തന്നെ വിഷയാസക്തിയില്ലാത്ത കണ്ണുകളോടെ നോക്കിയ ഒരേയൊരു വ്യക്തി രവിവർമ്മ ആയിരുന്നെന്ന് അവർ പറയുന്നുണ്ട്.

കാലം കടന്നുപോയതോടെ ദേവദാസികൾക്ക് കലയുമായുള്ള ബന്ധമൊക്കെ വിച്ഛേദിക്കപ്പെടുന്നു. ദേവദാസിയായി സമർപ്പിക്കപ്പെടുന്ന പെൺകുട്ടികൾ ഗോവയിലേയും മറ്റ് നഗരങ്ങളിലേയും വേശ്യാഗൃഹങ്ങളിലേക്ക് കയറ്റി അയക്കപ്പെടാൻ തുടങ്ങുന്നു. ലേഖകന്റെ സഞ്ചാരം കർണ്ണാടക, ഹൈദരാബാദ്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെയെല്ലാം ദേവദാസിത്തെരുവുകളിലൂടെയും വേശ്യാത്തെരുവുകളിലൂടെയും മുന്നോട്ട് നീങ്ങുമ്പോൾ വേദനിക്കുന്ന ദൃശ്യങ്ങളാണ് നമുക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. ബ്‌ളാക്ക് & വൈറ്റ് ചിത്രങ്ങൾ എട്ടെണ്ണം പുസ്തകത്തിന്റെ നടുക്കുണ്ടെങ്കിൽ, പുസ്തകത്തിലെ വരികളിലുള്ളതൊക്കെയും ചവിട്ടിത്താഴ്ത്തപ്പെടുന്ന ഒരു സമൂഹത്തിന്റെ നിറം മങ്ങിയ ചിത്രങ്ങളാണ്.

കേരളത്തിലെ ദേവദാസി സമ്പ്രദായത്തെപ്പറ്റിയും അത് നിലനിന്നിരുന്ന കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല, തെക്കൻ തിരുവിതാംകൂർ എന്നീ സ്ഥലങ്ങളെപ്പറ്റിയും, 1931 മഹാറാണി ലക്ഷ്മീഭായി നിയമം മൂലം ദേവദാസി സമ്പ്രദായം നിരോധിച്ചപ്പോൾ നട്ടുവന്മാരും ആട്ടക്കാരികളും അവിടന്ന് പാലായനം ചെയ്ത് തൃശൂരിലെ കടവല്ലൂർ ക്ഷേത്രപരിസരത്ത് കുടിയേറിയതായുമൊക്കെ പരാമർശിക്കുന്നുണ്ട് പുസ്തകത്തിൽ.

തേവിടിശ്ശി എന്ന പദം ഉരുത്തിരിഞ്ഞ് വന്നതെങ്ങനെ? ഹിജഡകളിൽ ചിലരുടെയെങ്കിലും തുടക്കം എവിടെ നിന്ന് ? ഗ്രാമങ്ങളിലെ സാമൂഹികമായ പിന്നോക്കാവസ്ഥയെ ചൂഷണം ചെയ്ത് ജീവിക്കുന്ന നേതാക്കന്മാർ. ദേവദാസി സമ്പ്രദായത്തിന്റെ വേരുകൾ അറുത്തുമാറ്റാതെ നിലനിർത്തുകയും അതേസമയം പുറം ലോകവുമായി അവരുടെ ബന്ധം നിയന്ത്രിക്കുകയും അവരെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയപ്പാർട്ടികളുടെയും മറ്റ് ചില സംഘടനകളുടേയും പൊള്ളത്തരങ്ങൾ. ദേവദാസി കുലത്തിൽ നിന്ന് രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടായിട്ടും യെല്ലമ്മയുടെ കോപം ഉണ്ടായാലോ എന്ന് ഭയന്ന്, വൃത്തിഹീനമായ പാതയിലൂടെ നടക്കേണ്ടി വരുകയും, അടുത്ത തലമുറയേയും അതേ വഴിക്കുതന്നെ തെളിച്ച് വിടുകയും ചെയ്യുന്ന അരപ്പട്ടിണിക്കാരായ സ്ത്രീജന്മങ്ങൾ. അന്ധവിശ്വാസങ്ങളുടെ കെട്ടുപൊട്ടിച്ച് പുറത്തുചാടി മക്കളെയെങ്കിലും രക്ഷിച്ചെടുക്കാൻ ധൈര്യം കാണിച്ച ചുരുക്കം ചില ദേവദാസികൾ. കനം കുറഞ്ഞ കീശയുമായി കിട്ടുന്ന സൗകര്യത്തിൽ ഉണ്ടും ഉറങ്ങിയും പ്രശസ്ത ഫോട്ടോഗ്രാഫർ കണ്ണൻ സൂരജിനൊപ്പം ലേഖകൻ നടത്തുന്ന അസൂയപ്പെടുത്തുന്ന യാത്രയിലൂടെ, നൊമ്പരമുളവാക്കുന്ന കാഴ്ച്ചകൾക്കൊപ്പം, വേശ്യകൾ അല്ലെങ്കിൽ സ്യൂളകൾ എന്ന് നാമൊക്കെ പുച്ഛിച്ച് തള്ളുന്ന ഒരു സമൂഹത്തിന്റെ ജീവിതവും ചരിത്രവുമൊക്കെയാണ് വിവരിക്കപ്പെടുന്നത്. ഇന്ത്യയെ കാണണമെങ്കിൽ, മനസ്സിലാക്കണമെങ്കിൽ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം എന്ന മഹത്‌വചനം യാത്രയിൽ പാലിക്കപ്പെടുന്നുണ്ട്. എത്രത്തോളം തിളങ്ങുന്നുണ്ട് ഇന്ത്യയെന്ന് പി.സുരേന്ദ്രൻ എടുത്തുകാണിക്കുകയാണ് സഞ്ചാരകൃതിയിലൂടെ.
ഒരു യാത്രയ്ക്കിടയിൽ ലേഖകനെ കണ്ടുമുട്ടിയപ്പോൾ - ചിത്രം:- സജി മാർക്കോസ്
അദ്ദേഹം പോയ വഴികളിൽ ചിലതിലൂടെയെങ്കിലും ഞാനും സഞ്ചരിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം കണ്ട കാഴ്ച്ചകളൊന്നും ഞാൻ കണ്ടിട്ടില്ല. പല പ്രാവശ്യം ഗോവയിൽ പോയിട്ടുണ്ടെങ്കിലും, പുസ്തകം വായിക്കുന്നതുവരെ, ഗോവൻ സർക്കാർ തേച്ചുമാച്ച് കളയാൻ ശ്രമിക്കുന്ന വേശ്യാത്തെരുവുകളുള്ള ബൈന ബീച്ചിനെപ്പറ്റി എനിക്കൊന്നുമറിയില്ല. കർണ്ണാടകത്തിലെ പലയിടങ്ങളിലേയും കാര്യത്തിൽ എന്റെ അവസ്ഥ അതുതന്നെ. പോയ സ്ഥലങ്ങളിൽത്തന്നെ ഒന്നോ രണ്ടോ ആവർത്തി എനിക്കിനിയും പോകാനുണ്ടെന്ന് പുസ്തകം ബോദ്ധ്യപ്പെടുത്തിത്തന്നു.

മറ്റ് പലരേയും പോലെ താനും ദേവദാസികളെ ചൂഷണം ചെയ്യുകയല്ലേ എന്ന് പുസ്തകത്തിൽ ഒരിടത്ത് ലേഖകൻ ആശങ്കപ്പെടുന്നുണ്ട്. അവരുടെ കഥ പഠിച്ച് മനസ്സിലാക്കി അത് പുസ്തകമാക്കി ഇറക്കുമ്പോൾ അങ്ങനൊരും ചൂഷണം നടന്നിട്ടുണ്ടെങ്കിൽ അതിന് പ്രായശ്ചിത്തമായി പുസ്തകത്തിലൂടെ കിട്ടുന്ന വരുമാനം, ദേവദാസികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന കർണ്ണാടകത്തിലെ കുട്‌ലികിയിലെ സ്‌നേഹ (SNEHA - Society for Needful Education & Health Awareness) എന്ന സംഘടനയ്ക്കായി നീക്കിവെക്കുന്നുണ്ട് അദ്ദേഹം.

പുസ്തകം ഒരുപാട് വായിക്കപ്പെടണം. അതാത് സംസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും മാത്രം ഒതുങ്ങുനിൽക്കുന്ന ഇത്തരം സമൂഹങ്ങളേയും സംഭവങ്ങളേയും പറ്റി ഭൂലോകർ അറിയണം. ഇതിനൊക്കെ എതിരായി ചലനങ്ങൾ സൃഷ്ടിക്കപ്പെടണം. അന്ധവിശ്വാസത്തിന്റെ പടുകുഴിയിൽ വീണുകിടക്കുന്ന ഇത്തരം സമൂഹങ്ങളെ, വിദ്യാഭ്യാസവും ധൈര്യവും അർത്ഥവുമൊക്കെ കൊടുത്ത് കൈപിടിച്ചുയർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Wednesday, March 9, 2011

ഒരു സങ്കീര്‍ത്തനം പോലെ

പുസ്തകം : ഒരു സങ്കീര്‍ത്തനം പോലെ
രചയിതാവ് : പെരുമ്പടവം ശ്രീധരന്‍
പ്രസാധനം : സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ്
അവലോകനം : ശ്രീപാര്‍വതിത് ഒരു നോവല്‍ നിരൂപണം അല്ല എന്ന് ആദ്യമേ പറയട്ടെ. എന്‍റെ ഒരു ആദ്യ വായനയില്‍ ഞാന്‍ അനുഭവിച്ച തികച്ചും വ്യക്തി പരമായ അനുഭവങ്ങള്‍ മാത്രമാണിത്. 'ഒരു സങ്കീര്‍ത്തനം പോലെ' വായിച്ചിട്ട് കുറേയായിരിക്കുന്നു, അതിനു മുന്‍പ് വരെ പെരുമ്പടവം ശ്രീധരന്‍ എന്ന എഴുത്തുകാരന്‍ എന്റെ ചുരുങ്ങിയ വായനാ ലോകത്ത് എത്തിനോക്കിയിരുന്നില്ല. അന്നയും ദസ്തേവ്സ്കിയും എനിക്കു തുറന്നുതന്നത് ആലീസ് പണ്ടെന്നോ തുറന്നിട്ടിരുന്ന അദ്ഭുതങ്ങളുടേയോ സന്തോഷത്തിന്‍റേയോ ഒക്കെ ലോകമായിരുന്നു.

പ്രണയത്തിന്‍റെ വല്ലാത്തൊരു മാസ്മരികത ഞാന്‍ ദസ്തേ
വ്സ്കിയില്‍ നിന്നറിഞ്ഞു. പലപ്പോഴും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അന്നയുടെ മുഖമായിരുന്നു എനിക്ക് ആ വായനയ്ക്കു ശേഷം. ദസ്തേവ്സ്കി എന്റെ ഓര്‍മ്മകളെ എരിയിക്കുന്നതായും ഹൃദയത്തെ വല്ലാതെ തുടിപ്പിക്കുന്നതായും ഞാന്‍ മനസ്സിലാക്കി. അതേ ദസ്തേവ്സ്കിയോട് എനിക്ക് പ്രണയം തോന്നി തുടങ്ങിയിരുന്നു.

വായന തുടങ്ങി ഒറ്റയിരുപ്പിലാണ്, ഞാന്‍ സങ്കീര്‍ത്തനം വായി
ച്ചു തീര്‍ത്തത്. കുറ്റവും ശിക്ഷയുമെഴുതിയ ആ ചൂതാട്ടക്കാരനു ജീവിതം ഞാണിന്‍മേല്‍ കളിയായിരുന്നു. അന്ന ആ ജീവിതത്തിലേയ്ക്ക് കടന്നു വന്നത് തികച്ചും യാദൃച്ഛികമായി.

തീര്‍ത്തും സ്വകാര്യമായ വേദനയാണ്, എഴുത്ത്. പക്ഷെ ഒരു പൂവിനെ നിര്‍ബന്ധിപ്പിച്ച് വിടര്‍ത്തുന്ന പോലെയാണ്, ഒരു കരാറുകാരനു വേണ്ടിയുള്ള എഴുത്ത്. വാക്കുകളുടെ ആധിക്യം മനസ്തോഭമുണ്ടാക്കും. അത്തരം സാഹചര്യമാണ്, അന്നയുടെ കടന്നുവരവൊരുക്കിയത്. ആ നോവല്‍ വായിച്ചുതീരുന്നതുവരെ അന്നയ്ക്ക് എന്റെ മുഖമായിരുന്നു. ഇടയ്ക്കിടെ ദസ്തേവ്സ്കിയെ ആവേശിക്കുന്ന അപസ്മാരത്തില്‍ അദ്ദേഹം തളര്‍ന്നു പോകുമ്പോള്‍ ഒന്നാശ്വസിപ്പിക്കാന്‍ ആഗ്രഹിച്ചു. പക്ഷെ ആ വാക്കുകളില്‍ തട്ടി ഹൃദയം മുറിയുകയാണുണ്ടായത്.


മദ്യപിച്ചു കൂടി ഇരിക്കുന്ന നേരമാണെങ്കില്‍ പിന്നെ ജീവന്‍ എരിഞ്ഞടങ്ങുന്ന പ്രതീതി. ദസ്തേവ്സ്കിയെ ഒരു നല്ല മനുഷ്യനായി കാണാനൊന്നും ഒരിക്കലും ഞാനാഗ്രഹിച്ചിട്ടില്ല. ഇപ്പോള്‍ അദ്ദേഹം എന്താണോ അങ്ങനെ തന്നെയാണ് അദ്ദേഹത്തെ സ്നേഹിക്കാന്‍ ഞാനാഗ്രഹിച്ചത്. തന്റെ തന്നെ നോവലിലെ കഥാപാത്രങ്ങളുമായി അദ്ദേഹത്തിന്‍റെ ചെറിയ അടുപ്പം പോലും എന്നില്‍ അസൂയയുണ്ടാക്കി. ഇത്രമാത്രം ഞാന്‍ ജീവിച്ച ഒരു കൃതിയുണ്ടായിട്ടില്ല. വായനയ്ക്കു ശേഷവും ഇത്ര ഓര്‍മ്മയിലേക്ക് തിങ്ങിക്കൂടി കയറിവന്ന കഥാപാത്രങ്ങളും അപൂര്‍വ്വം. സങ്കീര്‍ത്തനം പോലെക്ക് ശേഷം പെരുമ്പടവം എഴുതിയ കൃതികള്‍ എവിടെ കിട്ടിയാലും ഞാന്‍ ആര്‍ത്തിയോടെ വായിക്കുമായിരുന്നു. അത്രയേറെ ആ കൃതിയും ഭാഷയും എന്നില്‍ സ്വാധീനിച്ചത്.

ദുഖകരമെന്ന് പറയട്ടെ, പിന്നീട് അദ്ദേഹത്തിന്‍റേതായി വായിച്ച ഒറ്റ കൃതിയ്ക്കും സങ്കീര്‍ത്തനത്തില്‍ ലഭിച്ച ആ ഊര്‍ജ്ജമുണ്ടായിരുന്നില്ല . ഒരു വാക്കു പോലും മനസ്സിനെ വീര്‍ത്തു പൊട്ടാന്‍ പാകത്തിനാക്കാനുള്ളതായിരുന്നില്ല.

ഒരു ജന്‍മത്തില്‍ ഒരു കലാകാരനു ഒരു മാസ്റ്റര്‍പീസ് മാത്രമേ കഴിയൂ എന്ന് മനസ്സിലാക്കുന്നു. പക്ഷെ, നോവലിന്റെ കാര്യത്തിലില്ലെങ്കിലും ചെറുകഥകളുടെ കാര്യത്തില്‍ പെരുമ്പടവം ആ ഹൃദയത്തിലെ ദൈവത്തിന്‍റെ കയ്യൊപ്പ് മായ്ക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സങ്കീര്‍ത്തനം പോലെ വായനയ്ക്കു ശേഷമുണ്ടായ രസകരമായ ഒരു കാര്യം ഞാന്‍ എന്റെ പേര് അന്ന എന്ന് പരിഷ്കരിച്ചതാണ്. അങ്ങനെ ആരെങ്കിലും വിളിച്ചു കേള്‍ക്കാന്‍ ഞാനാഗ്രഹിച്ചു. എന്റെ സൗഹൃദങ്ങള്‍ പ്രണയങ്ങളായി മാറാത്തതെന്തെന്നോര്‍ത്ത് വ്യസനിച്ചു. പക്ഷെ ദസ്തേവ്സ്കിക്കു പകരമം ദസ്തേവ്സ്കി മാത്രം എന്ന സത്യത്തില്‍ ഞാന്‍ എന്റെ സ്വപ്നങ്ങള്‍ ഒളിപ്പിച്ചു വച്ചു.

ഏറെക്കാലം അന്നയുടെ ഹൃദയവുമായി ഞാന്‍ നടന്നു. തികച്ചും സ്വപ്നജീവിയായ എനിക്ക് അതു സാദ്ധ്യവുമായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങളെത്ര കടന്നു പോയി. വികാരങ്ങള്‍ വിചാരങ്ങളായപ്പോഴും അന്നയുടെ ഹൃദയം ഇന്നും എന്റെ നെഞ്ചിലിരുന്ന് തുടിക്കുന്നുണ്ട്. ഭ്രാന്തമായ വികാരങ്ങളില്‍ പെട്ട് നശിച്ചു പോകുമായിരുന്ന ദസ്തേവ്സ്കിയുടെ ഹൃദയവും ഇന്ന് എന്നോടൊപ്പമുണ്ട്. അല്ലെങ്കിലും അന്നയും ദസ്തേവ്സ്കിയുമാണല്ലോ ചേരേണ്ടതും.

"ഒരു സങ്കീര്‍ത്തനം പോലെ" വീണ്ടും ഒരിക്കല്‍ കൂടി വായിക്കാനുള്ള ധൈര്യം എനിക്കുണ്ടായിട്ടില്ല. മനസ്സിലെ വിഗ്രഹങ്ങള്‍ തച്ചുടയ്ക്കാന്‍ മോഹമില്ലാത്തതുകൊണ്ട് മാത്രമാണ് വായിക്കാത്തത്. കടന്നുപോയ വര്‍ഷങ്ങള്‍ എന്നിലെ വികാരങ്ങളെ മാറ്റിയേക്കുമോ എന്ന് ഭയം. എന്തിനിനിയും ഒരു പുനര്‍വായന? അന്നയും ദസ്തേവ്സ്കിയും എന്റെ ഒപ്പമുണ്ടല്ലോ, പ്രണയത്തിനു പുതിയ ഭാവങ്ങള്‍ നല്‍കിക്കൊണ്ട്. അതുമതി, വായന പൂര്‍ണ്ണമാകാൻ‍.

Thursday, March 3, 2011

എന്‍‌മകജെ

പുസ്തകം : എന്‍‌മകജെ
രചയിതാവ് : അംബികാ സുതൻ മാങ്ങാട്
പ്രസാധനം : ഡി.സി ബുക്സ്
അവലോകനം : ഉമ്മുഅമ്മാര്‍
ൻഡോസൾഫാന്റെ ഇരകൾക്ക് ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളം വിട്ട് ഇങ്ങ് ഗൾഫ് നാടുകളിലും ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾ, പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന ഭാവത്തിലാണ് നമ്മുടെ നാട്ടിലെ ഭരണ സാരഥികൾ. അങ്ങിനെയിരിക്കെ അതുമായി ബന്ധപ്പെട്ട ഒരു നോവൽ എന്റെ കയ്യിലും കിട്ടി ഡോ:അംബികാ സുതൻ മാങ്ങാടിന്റെ എന്മകജെ . പേര് കണ്ടപ്പോള്‍ ഞാനും ആദ്യമൊന്നു അത്ഭുതപ്പെട്ടു ഒരു നോവലിന് ഇങ്ങനെയൊരു പേര്! പുസ്തകവുമായി അടുത്തപ്പോള്‍ കാര്യം പിടികിട്ടി അത് കാസര്ഗോട്ടുള്ള ഒരു സ്ഥല നാമം ആണെന്ന്.

നോവല്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ കുറച്ചു കാര്യങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെക്കട്ടെ. ഒരു പുസ്തകത്തെ നിരൂപണം ചെയ്യാനുള്ള അറിവൊന്നും ഈയുള്ളവള്‍ക്കില്ല.എന്നിരുന്നാലും... എന്റെ അറിവിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടൊരു..പരിചയപ്പെടുത്തൽ.

അതിനു മുമ്പ് അംബിക സുതനെ നമുക്ക് ഒന്ന് പരിചയപ്പെടാം. കാസർകോട് ജില്ലയിലെ ബാര ഗ്രാമത്തില്‍ ജനനം.റാങ്കുകളോടെ എം. ,എം.എഫിൽ ബിരുദങ്ങൾ നേടി കഥയിലെ കലാ സങ്കൽ‌പ്പം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി.ധാരാളം അവാർഡുകൽ കരസ്ഥമാക്കി. കൊമേർഷ്യൽ ബ്രേയ്ക്കിനു കേരള സർക്കാറിന്റെ മികച്ച കഥയ്ക്കുള്ള ടെലിവിഷൻ അവാർഡ്.എട്ട് ചെറുകഥാ സമാഹാരങ്ങൾ, മൂന്ന് നിരൂപണ ഗ്രന്ഥങ്ങൾ. കാഞ്ഞങ്ങാട് നെഹ്രു കോളേജിലെ അധ്യാപകൻ.... അങ്ങിനെ പോകുന്നു കഥാകാരന്റെ പ്രത്യേകതൾ...

ഇനി നമുക്ക് നോവലിലേക്ക് കടന്നാലോ ...മനുഷ്യന്റെ അന്ധമായ ഇടപെടല്‍ മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ നേര്‍കാഴ്ച .. എന്മകജെ കുന്നുകളുടെ ഗ്രാമം..മുള്ളുവേലികളില്ലാത്ത ... ചുറ്റുമതിലുകൾ വീർപ്പുമുട്ടിക്കാത്ത ,എപ്പോഴും പുഷ്പ്പിക്കുന്ന വേലികൾ മാത്രമുള്ള കൊച്ചു ഗ്രാമം... എല്ലാ വീട്ടിലും വ്യത്യസ്ഥ മതങ്ങളുടെ ചിഹ്നങ്ങൾ കരിപിടിച്ച് തൂങ്ങിയാടുന്നു... ഗ്രാമത്തിലെ ദുരന്തം അനുഭവിക്കുന്ന എൻഡോസൾഫാൻ ഇരകളുടെ കരളലിയിപ്പിക്കുന്ന യാഥാർഥ സത്യം നമുക്കീ നോവലിലൂടെ മനസിലാക്കാം .

നോവല്‍ തുടങ്ങുന്നത് കഥാപാത്രങ്ങള്‍ക്ക്‌ മനുഷ്യനിലെ രണ്ടു വര്‍ഗ്ഗത്തിന്റെ നാമം നല്‍കി കൊണ്ടാണ് പുരുഷനും സ്ത്രീയും ..സ്ത്രീയുടെ മാറില്‍ പഴന്തുണിയില്‍ ചുരുണ്ടുറങ്ങുന്ന ഒരു കുഞ്ഞ്‌. പുരുഷന്‍ ഒരു കത്തിയുമായി അവളെ ഭീഷണിപ്പെടുത്തുന്നു. എന്തു ഭൂകമ്പമുണ്ടായാലും അതിനെ ഉപേക്ഷിക്കില്ലെന്ന വാശിയില്‍ അവള്‍ . കുഞ്ഞിനെ വീടിനുള്ളിൽ കയറ്റാൻ അയാൾ സമ്മതിക്കുന്നില്ല.അവൻ വല്ലാതെ ക്ഷോഭിച്ചപ്പോൾ അവൾ തന്റെ ഉള്ളില്‍ ഒതുക്കിയിരുന്ന ദേഷ്യം ഒന്നാകെ വാക്കുകളിലൂടെ പുറത്തു കാട്ടി ചീറി കൊണ്ട് പറഞ്ഞു എങ്കില്‍ എന്നെയങ്ങു കൊല്ല്..ഇങ്ങനെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണ് . അവിടം മുതല്‍ കഥയുടെ ആരംഭം ആണെന്ന് പറയാം ...
പരസ്പരം കലഹിച്ച് പുരുഷന്‍ വീട് വിട്ട്‌ തൊട്ടടുത്തുള്ള കാട്ടിലെ ഒരു ഗുഹയിലേക്ക് പോകുന്നു.. സ്ത്രീ അകത്തു കയറി വാതിലടച്ചു. അവള്‍ കണ്ണാടിക്കു മുന്നില്‍ കണ്ട തന്റെ രൂപത്തില്‍ സൂക്ഷിച്ചു നോക്കി പ്രായം ആയതിന്റെ ലക്ഷണങ്ങള്‍, തലയില്‍ വെള്ളി മുടികള്‍ ,കഴുത്തില്‍ ഞൊറികളായി മാംസ പേശികൾ, അറിയാതെ അവൾ തന്റെ കുപ്പായം ഊരിയപ്പോൾ കണ്ണാടി ഉത്കണ്ഠയോടെ അവളോട് സംസാരിക്കുന്നു. നീ ജന്മനാ ഒറ്റ മുലച്ചിആയിരുന്നോ...? അപ്പോ അവൾ പറഞ്ഞു അല്ല എനിക്കു വളരെ ഭംഗിയുള്ള മാറിടം ഉണ്ടായിരുന്നു..ഒരു ദുഷ്ടന്‍ കടിച്ചു പറിച്ചതാണ്.അങ്ങിനെ ജീവിതത്തിൽ കഴിഞ്ഞു പോയ കാര്യങ്ങൾ പ്രപഞ്ചത്തിലെ രണ്ട് വസ്തുക്കളായ (കണ്ണാടിയോടും ഗുഹയോടും )സ്ത്രീ കണ്ണാടിയോടും പുരുഷൻ ഗുഹയോടും പറയാൻ തുടങ്ങി.. താൻ ഒരു വേശ്യയാണോ? തന്റെ പുരുഷൻ തന്നെ അങ്ങിനെ വിളിക്കുന്നതു കേട്ടല്ലോ? കണ്ണാടിയുടെ ചോദ്യത്തിനു കുറച്ച് അമാന്തിച്ചാണെങ്കിലും ഉത്തരം പറയാൻ തന്നെ സ്ത്രീ തീരുമാനിക്കുന്നു .മനുഷ്യരേക്കാള്‍ ക്ഷമയോടും സ്നേഹത്തോടും കൂടി കണ്ണാടി ഇതെല്ലാം കേൾക്കുമെന്നു തീരുമാനിച്ച് തന്നെ അവള്‍ തന്റെ കഥകൾ ഒന്നൊന്നായി പറയാൻ തുടങ്ങി. ഞാൻ ഒരു വേശ്യ ആയിരുന്നു ഇപ്പോ അങ്ങിനെയാണോ എന്നെനിക്കറിയില്ല .. താൻ ജനിച്ചത് ഒരു പാവപ്പെട്ട കുടിലിലാണ്. എന്റെ ഓർമ്മയിൽ അച്ചൻ കിടപ്പിലായിട്ടേ ഞാൻ കണ്ടിട്ടുള്ളൂ.. അമ്മ കൂലി പണിക്കു പോകും എനിക്കു താഴെ രണ്ടനുജത്തിമാർ .. കോളേജിൽ പോകുന്ന കാലത്ത് മരമില്ലിൽ ജോലിയുള്ള ഒരാളുമായി പ്രണയത്തിലായി ..വിവാഹത്തിനു അമ്മ എതിർത്തെങ്കിലും അച്ചന്റെ വാദങ്ങൾക്കു മുന്നിൽ അമ്മയും മുട്ടു മടക്കി. വിവാഹം കഴിഞ്ഞ് ഹണിമൂണിനായി പുറപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞു മുറിയിൽ വിശ്രമിക്കുമ്പോൾ കയ്യിലെ പണമെല്ലാം തീർന്നസമയത്ത് സ്വന്തം ഭർത്താവു തന്നെ മറ്റുള്ളവര്‍ക്ക് കാഴച വെച്ചു. ധാരാളം പണം കയ്യിലണഞ്ഞപ്പോൾ എന്നെ ഉപേക്ഷിച്ച് അയാൾ എങ്ങോ പോയി മറഞ്ഞു. ഇത്രയും കേട്ടപ്പോൾ കണ്ണാടിയുടെ അടുത്ത ചോദ്യം നിന്റെ പേരെന്താണ്? തന്റെ പേരു പോലും ഉപേക്ഷിച്ചവാളണ് ഞാൻ .. ചുറ്റും നോക്കിയ ശേഷം തന്റെ പേരു അവൾ പതുക്കെ പറഞ്ഞു ദേവയാനി.. പിന്നെ നീയെങ്ങിനെ കാട്ടിലെത്തി അയാളോടൊപ്പം അതുമൊരു പ്രണയമായിരുന്നോ ....കണ്ണാടിയുടെ ചോദ്യം കേട്ട് അവൾ തന്റെ ബാക്കി കഥ കൂടി വിവരിക്കാൻ തുടങ്ങി തന്നെ വഞ്ചിച്ചു കടന്ന ഭർത്താവ് നാലുനാൾ കാത്തിട്ടും തിരിച്ചു വന്നില്ല പിന്നെ അറിയാൻ കഴിഞ്ഞു അയാൾ വേറെ വിവാഹം കഴിച്ചെന്ന് വീട്ടിലേക്ക് തിരിച്ച് പോകാൻ എനിക്കു മനസ്സ് വന്നില്ല ഭർത്താവ് ശീലിപ്പിച്ച ജോലി അഭിമാനത്തോടെ ചെയ്യാൻ തുടങ്ങി..ഒരിക്കൽ ഇരുപത്തിഅഞ്ചു വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന നാല് പയ്യന്മാർ എന്നെ നേരത്തെ ഫോൺ വിളിച്ച് പറഞ്ഞതനുസരിച്ച് വന്നു എന്നെ കൂട്ടിക്കൊണ്ടുപോയി അവർ ഒരു പൊന്തക്കാട്ടിൽ വെച്ച് ചെകുത്താന്മാരെ പോലെ എന്റെ ശരീരത്തിൽ ഒന്നിച്ച് ചാടിവീണു .നിലവിളി ആരും കേൾക്കാതിരിക്കാൻ വായ മൂടിക്കെട്ടി..ചെന്നായിക്കളെ പോലെ എന്റെ ശരീരം അവർ കടിച്ചു കീറി ചത്തെന്നു തോന്നിയത് കൊണ്ടാകണം അടുത്തുള്ള കാട്ടിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.

സ്ത്രീ കണ്ണാടിയോട് സംസാരിക്കുമ്പോളും ഗുഹ പുരുഷനോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. ആരാണെന്ന ചോദ്യത്തിനു എനിക്ക് പേരില്ല എന്ന ഉത്തരത്തിൽ ശഠിച്ച് നിന്നപ്പോൾ ഗുഹയിലേക്ക് കയറി വന്ന ഒരു പെരുമ്പാമ്പ് അയാളെ വരിഞ്ഞു മുറുക്കി ഉപദ്രവിക്കാൻ തുനിഞ്ഞപ്പോൾ ഗുഹ പാമ്പിനോട് പറഞ്ഞു. എന്നിൽ അഭയം തേടി വന്നവനെ ഉപദ്രവിക്കാൻ നിനക്കവകാശമില്ല. അതു കേട്ട് പെരുമ്പാമ്പ് ഇഴഞ്ഞിഴഞ്ഞ് ഗുഹക്കകത്ത് നിന്നു പുറത്തിറങ്ങി. തന്റെ ദുശ്യാഠ്യങ്ങളും അഹംഭാവവുമാണ് പുറത്തേക്ക് പോയത്. ഇനി പറയൂ നീ ആരാണെന്ന് ഗുഹ ചോദ്യം ആവർത്തിച്ചപ്പോൾ പുരുഷൻ മറുപടി പറഞ്ഞു എന്റെ പേര് നീലകണ്ഡൻ എന്റെ നാട്ടിൽ നാടുവിട്ടിറങ്ങിയവനാണ് ഞാൻ...ജീവിതത്തിന്റെ പല ഘട്ടങ്ങൾ കണ്ട് മടുത്തവനാണു ഞാൻ .. പത്രത്തിന്റെ എഡിറ്ററായി ജോലി നോക്കിയ ഒരു കാലമുണ്ടായിരുന്നു എനിക്ക്..അവിടെ വെച്ച് പലരേയും മനസ്സിലാക്കാൻ കഴിഞ്ഞു...പലരുടേയും ചെയ്തികൾ എന്നെ നൊമ്പരപ്പെടുത്തി... എന്റെ മുന്നിൽ കണ്ട പാവപ്പെട്ടവരുടെയും കുഷ്ഠരോഗികളുടേയും..തെരുവിൽ കഴിയുന്നവരുടേയും അവസ്ഥ കണ്ട് ഞാൻ ജനലുകളില്ലാത്ത വാതിലുകളില്ലാത്ത ഒരു വീടു നിർമ്മിച്ച് അതിലേക്ക് അശരണരണായ രോഗികളെ താമസിപ്പിച്ച് അവരെ പരിചരിച്ചു വരുമ്പോളാണു.. ദേവയാനിയും എന്റെടുത്ത് എത്തിപ്പെടുന്നത്... ഇങ്ങനെ നോവലിലെ പ്രധാനപ്പെട്ട രണ്ട് കഥാ പാത്രങ്ങളേയും കഥാകാരൻ നമുക്ക് പരിചയപ്പെടുത്തി തരുന്നു...

പിന്നീടങ്ങോട്ട് അവരുടെ കൈകളിലേക്ക് വന്നു ചേര്‍ന്ന കുട്ടിയിൽ നിന്നും ദുരിതങ്ങളുടെ ജീവിത കഥ തുടരുന്നു..ചില മൌനങ്ങളുടെ ഉത്തരങ്ങളെ.. മാനുഷിക പരിഗണനയുടെ ഓരങ്ങളെ നമുക്കീ നോവലിൽ ദർശിക്കാന്‍ കഴിയുന്നുണ്ട് ...എന്മകജെയുടെ 2000 -നു മുൻപുള്ള ചരിത്രവും സംസ്ക്കാരവും നമുക്കിതിൽ കാണാം..കോപത്തിന്റെയും ശാപത്തിന്റേയും കണക്കുകൾ കാണാം.. അന്ധവിശ്വാസത്തിൽ തന്നെ അവർ അവർക്കു വന്നു പെട്ട ദുരിതത്തേയും അവർ വിലയിരുത്തുന്നു...ഇതിലെ ഒരു പ്രായം ചെന്ന കഥാപാത്രമാണു... പാഞ്ചി മൂപ്പൻ കോടങ്കിരി കുന്നിലെ വൈദ്യൻ.. ഇവിടെ കോടങ്കിരി കുന്നിനെ വർണ്ണിക്കുന്ന ഏടുകൾ നമുക്ക് കാണാം..

നാട്ടിലെ തന്നെ തൂങ്ങി മരിച്ച ഒരു കുടുംബത്തിലെ കുട്ടിയെ ദേവയാനി കൂടെ കൂട്ടുകയും.. കുട്ടിയുടെ രൂപത്തിന്റെ വർണ്ണന കരളലിയിക്കും വിധം നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നു.. അതു പോലെ ഗ്രാ‍മത്തിൽ ജീവിക്കുന്ന മറ്റുള്ള ആളുകളുടേയും അവസ്ഥ അതി ദയനീയമായിരുന്നു ...കുഞ്ഞിന്റെ ദേഹത്താകെ വൃണങ്ങൾ..മുടി ആകെ നരച്ചിരിക്കുന്നു...വായിലൊഴിക്കുന്ന വെള്ളം കവിളിലൂടെ പുത്തേക്കൊഴുകുന്നു..പാഞ്ചി മൂപ്പൻ കുട്ടിയെ പരിശോധിക്കാൻ വന്നപ്പോൽ നാട്ടിലെ മറ്റു കുട്ടികളെ പറ്റി വിശദീകരിക്കുന്നു....ഭാ‍ഗ്യ ലക്ഷ്മി 14 വയസ്സുള്ള ഐശ്വര്യമുള്ള പെൺകുട്ടി പക്ഷെ അവളുടെ നാക്ക് പുറത്തേക്ക് നീണ്ടു കിടക്കുന്നു.. അവൾക്ക് വായ് പൂട്ടാൻ കഴിയില്ല..ഉറങ്ങുമ്പോളും അവളുടെ നാക്ക് പുറത്തായിരിക്കും... അതിനു കട്ടിയുള്ള ഭക്ഷണമൊന്നും കൊടുക്കാൻ പറ്റില്ല ചോറ് അരച്ച് കൊഴമ്പു രൂപത്തിൽ കൊടുക്കുന്നു മൂപ്പന്റെ വർണ്ണനിയിൽ നിന്ന് നീലകണ്ഡനും ദേവയാനിക്കും അവരിലേക്ക് ഇറങ്ങി ചെന്ന് എല്ലാം നേരിൽ കാണാൻ അവർ തീരുമാനിക്കുന്നു. അവിടെയെത്തിയപ്പോൾ കണ്ട കരളലിയിപ്പിക്കുന്ന കാഴ്ചകൾ വർണ്ണനക്കതീതമായി ചിത്രീകരിക്കുന്നു. ഒരു പെൺകുട്ടിയെ പായയിൽ കിടത്തിരിക്കുന്നു..വിചിത്രമായ ഉടൽ,ശരീരത്തേക്കാൾ വലിയ തല,വളരെ ചെറിയ കൈകാലുകൾ,.. 10 വയസ്സു വരെ ഓടി ചാടി നടന്ന അൻവറിനു നടക്കുമ്പോൾ കാലുകള്‍ പാളി പോകുന്നു..കണ്ണിലെ കൃഷ്ണമണി നീങ്ങി പോകാനും തുടങ്ങിയിരിക്കുന്നു. അങ്ങിനെ ജന്മം കൊണ്ട് ഒത്തിരി വിരൂപരായവരേയും മറ്റും പരിചയപ്പെടുത്തുന്നു

ഇതെല്ലാം ജഡാധരി ദൈവത്തിന്റെ ക്രൂരതയാണെന്ന് വിശ്വസിക്കുന്ന ഗ്രാമീണരുടെ ദയനീയത കണ്ട് നിൽക്കാനാവാതെ നീലകണ്ഠന്‍ പ്രതികരിക്കുന്ന മനുഷ്യനായി തീരുന്നു അതുവഴി നാട്ടിലെ ഭീകരമായ അവസ്ഥക്കുള്ള കാരണം അന്വേഷിച്ചിറങ്ങുകയും അങ്ങിനെ എന്മകജെയിലെ ഒരേ ഒരു ഡോക്ടറായ അരുൺകുമാറിനെയും നാട്ടിലെ പൊതുപ്രവർത്തകരായ സുബ്ബനായിക്കിനേയും ശ്രീരാമ, പ്രകാശ് എന്നിവരേയും പരിസ്ഥിതിപ്രവർത്തകനായ ജയരാജിനേയുമൊക്കെ പരിചയപ്പെടുകയും ഇതിന്റെ കാരണം പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ കശുമാവിൻ തോപ്പുകളെ നശിപ്പിക്കാനെത്തുന്ന തേയിലക്കൊതുകുകളെ കൊന്നൊടുക്കുന്നതിനായി ഹെലികോപ്ടർ വഴി സ്പ്രേ ചെയ്യുന്ന അതീവ ഗുരുതരമായ വിഷ പദാര്‍ത്ഥമായ എൻഡോസൾഫാനാണ്.ഇത്തരം ദുരിതപൂർണ്ണമായ അവസ്ഥയ്ക്ക് കാരണമെന്ന് അവർ മനസ്സിലാക്കുകയും ..അതിനെതിരായി എസ്പാക്ക് എന്നപേരിൽഎൻഡോസൾഫാൻ സ്പ്രേപ്രൊട്ടസ്റ്റ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുന്നു.


എൻഡേസൾഫാനെതിരായ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത് കൊണ്ട് ജനങ്ങളുടെ കയ്യടി വാങ്ങിക്കുകയും .പിന്നിൽ കൂടി അവരെ കബളിപ്പിച്ച് രഹസ്യമായി എന്‍ഡോസള്‍ഫാന്റെ പേരില്‍ കോടികൾ കൈക്കലാക്കുകയും ചെയ്യുന്ന നേതാക്കളുടേയും അവരുടെ ആജ്ഞയനുസരിച്ച് പാവങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്ന ശിങ്കിടികൾ അടക്കമുള്ളവരുടെ നെറികെട്ട രാഷ്ട്രീയത്തെ നോവലില്‍ അതി മനോഹരമായി വരച്ച് കാണിക്കുന്നു. നേതാവിന്റെയും മറ്റും പണത്തിനും പ്രതാപത്തിനും അധികാരത്തിനും മുന്‍പില്‍ പതറാതെ പിടിച്ചു നില്‍ക്കുന്ന നീലകണ്ഠനേയും ദേവയാനിയെയും മരത്തിൽ നഗ്നയായി തലകീഴായി കെട്ടിത്തൂക്കിയിട്ട് ക്രൂരമായി പീഡിപ്പിക്കുന്ന നേതാവും കൂട്ടരും കള്ളിന്റെയും കഞ്ചാവിന്റെയും ലോകത്ത് ആനന്ദം കണ്ടെത്തുമ്പോൾ.. അവിടെ ആരേയും ഉപദ്രവിക്കാത്ത സർപ്പം നേതാവിന്റെ ശരീരത്തിൽ ചുറ്റിപ്പുണർന്നു അവരെ വകവരുത്തുകയും അവരുടെ ചെയ്തികൾക്ക് അറുതി വരുത്തുകയും ചെയ്യുന്നു.മനുഷ്യർ നിസഹായനാവുകയും പ്രകൃതി അറുതി കണ്ടെത്തുകയും ഒടുവില്‍... ലോകത്തിന്റെ കപടതയില്‍ മനസ്സ് മടുത്ത് നീലകണ്ഠനും ദേവയാനിയും അരയില്‍ ചുറ്റിയ മനുഷ്യന്‍ എന്ന നാമത്തെ പോലും ദൂരേക്ക് വലിച്ചെറിഞ്ഞ് പ്രകൃതിയുടെ മക്കളായി ഗുഹാവാസികളാവുന്നിടത്ത് നോവല്‍ അവസാനിക്കുമ്പോൾ എന്തോ അവസാനിപ്പിക്കുന്നതിൽ കഥാകാരനു ഒരു അപാകതയുണ്ടെന്ന തോന്നൽ എന്റെ മനസ്സിന്റെ ഉൾത്തടത്തിൽ എവിടെയോ ഉയർന്നു വന്നു.... ഇന്നും അവിടുത്തെ ദുരിതം കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്നത് കൊണ്ടാകാം ... ഈയുള്ളവൾക്ക് അങ്ങിനെ തോന്നിയത്...