Showing posts with label സിജു രാജക്കാട്. Show all posts
Showing posts with label സിജു രാജക്കാട്. Show all posts

Friday, May 30, 2014

ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്തില്‍ ഒരു കാക്ക


പുസ്തകം : ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്തില്‍ ഒരു കാക്ക
രചയിതാവ് : മനോരാജ്
പ്രസാധകര്‍ : സൈകതം ബുക്സ് , കോതമംഗലം

അവലോകനം : സിജു രാജക്കാട്
വില : 75 രൂപ




സാഹിത്യത്തിലെ കാകധര്‍മ്മം

ടുത്ത ജീവിത നൊമ്പരങ്ങളുടെ മുള്‍പ്പടര്‍പ്പില്‍ വിരിഞ്ഞ മുന്തിരിപ്പൂക്കളാണ് മനോരാജിന്റെ ‘ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്തില്‍ ഒരു കാക്ക’ എന്ന കഥാസമാഹാരത്തിലെ പതിനഞ്ച് കഥകള്‍. തിരക്കേറിയതും മലീമസവുമാ‍യ യന്ത്രവല്‍കൃത നാഗരീക ലോകത്ത് ഗ്രാമീണതയുടെ സൌന്ദര്യം പേറുന്ന കറുത്ത കാക്കയെ പ്രതിഷ്ഠിക്കുകയാണ് മനോരാജ് തന്റെ കഥകളിലൂടെ. നഗരത്തിന്റെ ചുറ്റും കാ .. കാ എന്നലറിക്കരഞ്ഞുകൊണ്ട് ഗതികിട്ടാതലയുന്ന അനാഥ രൂപമാണല്ലോ കാക്ക. എങ്കിലും അത് അവിടെ ഒരു ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നു. എല്ലാറ്റിനെയും സൂക്ഷ്മതയോടെ വീക്ഷിക്കുന്നു. മലിനമായ ഇടങ്ങളെ ശുചിയാക്കാന്‍ ശ്രമിക്കുന്നു. ഭൌതികവും ആന്തരീകവുമായ മലിനതകള്‍ സാംസ്കാരിക കേരളത്തെ ചീഞ്ഞുനാറുന്ന ചവറ്റുകൂനയാക്കുമ്പോള്‍ അതിനെ സാഹിത്യധര്‍മ്മം കൊണ്ട് ശുദ്ധീകരിക്കുക എന്ന കര്‍ത്തവ്യം നിര്‍വ്വഹിക്കുകയാണ് മനോരാജിലെ ‘കാക്കമനുഷ്യന്‍’

ആധുനിക ജീവിത ബിംബങ്ങളെപ്പോലും പിന്നിലാക്കിക്കൊണ്ട് ശരവേഗം പായുന്ന ശാസ്ത്രയുഗത്തില്‍ സ്വയം പരാജയപ്പെട്ടു പോകാതിരിക്കുവാന്‍ നന്മയും ഗ്രാമീണതയും അന്യം നിന്നു പോകാതിരിക്കാന്‍ കഠിനശ്രമം നടത്തുന്ന ഒരു സാത്വികനെയാണ് ‘ബാന്‍ഡ്‌വിഡ്തിലെ’ കഥാകാരനില്‍ കണ്ടെത്താന്‍ കഴിയുക. ചങ്കിന്‍‌കൂട് കുത്തിത്തുളച്ച് കൊണ്ട് ഉള്ളിലേക്ക് പാഞ്ഞുകയറി അവിടെ കൂടുകൂട്ടി മധുരം കിനിയുന്ന തേന്‍‌കണങ്ങള്‍ ഇറ്റിറ്റുവീഴിക്കുന്ന റേഡിയോ സംഗീതം നീറുന്ന വ്രണങ്ങളില്‍ പുരട്ടുന്ന ലേപനൌഷധം പോലെയാണ്, കാക്കയ്ക്ക് അനുഭവപ്പെടുന്നത്. അതുകൊണ്ട് മറ്റാരേക്കാളും റേഡിയോയെ സ്നേഹിക്കുന്നതും കാക്കതന്നെയാണ്. കഥയിലെ രണ്ട് വാചകങ്ങള്‍ ശ്രദ്ധിക്കുക. എപ്പോള്‍ റേഡിയോ ഓണ്‍ ചെയ്യുമ്പോഴും എവിടെ നിന്നെന്നറിയില്ല കാക്ക പറന്നുവന്ന് പേരാലില്‍ ഇരിക്കും. റേഡിയോ ഓഫ് ചെയ്താല്‍ കുറച്ചുസമയം അവിടെയിരുന്ന് ചിറകുകളില്‍ കൊക്കുരുമ്മി ഇടംവലം നോക്കി കരഞ്ഞു വിളിച്ച് പറന്നു പോകും... കൈമളും റേഡിയോയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടായിരുന്നു. സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിഞ്ഞു കഴിഞ്ഞപ്പോള്‍ ആ വീട്ടിലേക്ക് ആദ്യമായി വാങ്ങിയത് ഈ റേഡിയോ ആയിരുന്നു. ഒട്ടേറേ ഇലക്ട്രോണിക്സ് സാധനങ്ങള്‍ കാലാകാലങ്ങളായി വീട്ടിലെ ഓരോ മുറിയിലും ഇടം‌പിടിച്ചപ്പോഴും സ്വന്തം കട്ടിലിനോട് ചേര്‍ത്ത് കൈയെത്താവുന്ന അകലത്തില്‍ ഈ റേഡിയൊ കൈമള്‍ സ്ഥാപിച്ചിരുന്നു. അങ്ങനെ കൈമള്‍ ശ്രദ്ധയോടെ പരിപാലിച്ചിരുന്ന റേഡിയോയാണ് ഇപ്പോള്‍ രക്തയോട്ടം നിലച്ച് വിറങ്ങലിച്ച് ഇരിക്കുന്നത്. … നിങ്ങള്‍ക്കൊന്നും പറ്റിയില്ലെങ്കില്‍ ഞാന്‍ കൊണ്ടുപോയി ശരിയാക്കാം... ഒരു കാര്യത്തിനും സൂക്ഷ്മതയും ഉത്തരവാദിത്വവും ഇല്ലാതായിപ്പോയല്ലോ നിങ്ങള്‍ക്കൊക്കെ.. വീണ്ടും വീണ്ടും കാക്ക സാരിയുടെ കോന്തലയില്‍ ചുണ്ട് ചേര്‍ത്ത് വലിക്കാനും ഒച്ചവെക്കാനും തുടങ്ങി..” ഇവിടെ കാക്ക മനുഷ്യനെ ചില പാഠങ്ങള്‍ പഠിപ്പിക്കുന്ന ഉരു ആകുകയാണ്. മനുഷ്യന്‍, റേഡിയോ, കാക്ക തുടങ്ങിയ വിരുദ്ധ ബിംബങ്ങളെ കോര്‍ത്തിണക്കി കയ്പും മധുരവും ഇടകലര്‍ത്തി ഒരു കഷായ ചികത്സ നടത്തുകയാണ് മനോരാജ് തന്റെ കഥയില്‍.

കാല്പനികതയും യാഥാര്‍ത്ഥ്യവും ഇണചേര്‍ന്നു കിടക്കുകയാണ് മനോരാജിന്റെ മിക്ക കഥകളിലും. വൈകാരിക അഭാ‍വം പല കഥകളിലും നിഴലിച്ചു കിടക്കുന്നുണ്ട്. “എല്ലാത്തിലും ഒരു തരം മരവിപ്പാണ്” എന്ന് കഥാകാരന്‍ തന്റെ ആദ്യ കഥയില്‍ തന്നെ പ്രസ്താവിക്കുന്നു (ഹോളോബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം). നാം ഒരിക്കലും ആഗ്രഹിക്കാത്തതും, ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതുമായ വൃത്തികെട്ട ചില ദൃഷ്ടാന്തങ്ങള്‍ ദുഃസ്സഹമായ ഗന്ധം പരത്തുന്ന പുഴുത്ത വ്രണം പോലെ ‘ശവംനാറിപൂവ്’ പോലെയുള്ള ചില കഥകളില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. വര്‍ത്തമാ‍നകാലത്തിന്റെ കഴുകന്‍ കച്ചവടക്കണ്ണുകള്‍ മാതൃത്വത്തെപ്പോലും മലീമസമാക്കുന്നതെങ്ങനെയെന്ന് ‘പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്’ എന്ന കഥ പറഞ്ഞു തരുന്നു. ശ്രീ കെ.പി.രാമനുണ്ണി അവതാരികയില്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ ‘ഭീകരമാം വിധം നൃശംസതകള്‍ മാത്രം നിറയുന്ന ലോകത്ത് നന്മയും സ്നേഹവും കാരുണ്യവും പേര്‍ത്തും പേര്‍ത്തും ആവിഷ്കരിച്ചുകൊണ്ട് പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് മനോരാജിന്റെ രചനാതന്ത്രം’. പക്ഷേ, സാംസ്കാരിക രംഗം അത്യാസന്ന നിലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ എഴുത്തുകാര്‍ പ്രതിരോധം മാത്രം സൃഷ്ടിച്ചാല്‍ പോരാ, പ്രത്യാക്രമണം കൂടി നടത്തണമെന്നാണ് ഈയുള്ളവന്റെ അഭിപ്രായം.

തങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന ദൈവം ഹോളോബ്രിക്സിലാണ് വാര്‍ത്തെടുക്കപ്പെട്ടിരിക്കുന്നത് എന്ന തിരിച്ചറിവു പകരുന്ന (ഹോളോബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം) കഥാകാരന്‍ പക്ഷേ നിരീശ്വരനാകാന്‍ ഇഷ്ടപ്പെടുന്നില്ല. ഈശ്വരവിശ്വാസം തന്നെയാണ് മനോരാജിന്റെ പല കഥകളിലും ചാലകശക്തിയും നൊസ്റ്റാള്‍ജിയയും (അരൂപിയുടെ തിരുവെഴുത്തുകള്‍). പക്ഷേ ‘നടപ്പാതയില്‍ വീണുടയുന്ന സ്വപ്നങ്ങള്‍’ എന്ന കഥയില്‍ ആ ദൈവത്തിന് വില നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഇരുന്നൂറ് രൂപ. അതാണ് വിഗ്രഹം വില്‍ക്കുന്ന പെണ്‍കുട്ടി ദൈവത്തിന് ഇട്ടിരിക്കുന്ന വില. അവളുടെയും കുടുംബത്തിന്റെയും ഒരു ചാണ്‍ വയറിന്റെ അഥവാ വിശപ്പിന്റെ വില.

ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അച്ചിലിട്ടപോലത്തെ യന്ത്രഭാഷണമാണ് ‘ഒരു എക്സ്‌റേ മെഷിന്റെ ആത്മഗതം’. ബാന്‍ഡ്‌വിഡ്തിലെ കാക്ക പറന്ന് പറന്ന് ഇവിടം വരെയെത്തുമ്പോള്‍ മനോരാജ് കഥകളുടെ രൂപവും ഭാവവും മാറുന്നു. അത് അനുഭൂതിയുടെ വേറിട്ട ഒരു തലം സൃഷ്ടിക്കുന്നു.

പ്രണയിച്ച യുവാവിനെ വിവാഹം കഴിക്കാനാകാത്തതിന്റെ നിരാശയില്‍ ഹൃദ്രോഗിയായ ഭര്‍ത്താവിനെ വിട്ട് ആത്മഹത്യയില്‍ ശരണം പ്രാപിക്കാനിറങ്ങി പുറപ്പെട്ട അരുന്ധതി എന്ന യുവതിക്ക് തന്റെ പൂര്‍വ്വ കാമുകന്‍ തന്നെ ചതിക്കുകയായിരുന്നു എന്ന തിരിച്ചറിവ് തീവണ്ടിയുടെ ഹുങ്കാരശബ്ദത്തില്‍ നിന്നും ലഭിക്കുന്ന കഥയാണ് അരുന്ധതിയുടെ അന്നത്തെ ദിവസം. ഭൂതകാലത്തിന്റെ വിഴുപ്പുഭാണ്ഢം വഴിയില്‍ ഉപേക്ഷിച്ചിട്ട് വേണം യുവമിഥുനങ്ങള്‍ വിവാഹത്തിലേക്ക് പ്രവേശിക്കേണ്ടത് എന്നൊരു താക്കീതും കഥാകൃത്ത് ഈ കഥയിലൂടെ നല്‍കുന്നുണ്ട്. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് കൌമാരത്തിലെ ഇക്കിളിപ്പെടുത്തുന്ന സ്വപ്നങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നു പറയാനും മനോരാജ് ഈ കഥയെ ഉപയോഗപ്പെടുത്തുന്നു. രസകരമായ സ്വഭാ‍വ സവിശേഷതകളുള്ള നാട്ടിന്‍‌പുറം കഥാപാത്രം കുഞ്ഞപ്പന്റെ കഥയാണ് ‘ഉണങ്ങാത്ത മുറിവ്.’ കഥ അവസാനിക്കുമ്പോള്‍ ഇയാള്‍ നായികയുടെ മനസ്സില്‍ ഒരു ഉണങ്ങാത്ത മുറിവായി പഴുത്തു നില്‍ക്കുകയാണ്.

ബാലന്‍ എന്ന നാടക കലാകാരന്റെ നന്മയും കലാകാരന്മാര്‍ നേരിടുന്ന വെല്ലുവിളികളും കഷ്ടപ്പാടുകളും ശത്രുക്കളുടെ ആക്രമണവും കുടുംബജീവിതവും എല്ലാം നാ‍ടകീയമായും സമ്യക്കായും ആവിഷ്കരിച്ചിരിക്കുന്ന കഥയാണ് ‘ഗാന്ധര്‍വ്വമോക്ഷം’. അന്ത്യത്തില്‍ അല്പം അപൂര്‍ണ്ണതയും ഇടയ്ക്ക് അല്പം ഇഴച്ചിലും ഉണ്ടെന്ന് തോന്നിയേക്കാമെങ്കിലും അനുഭവഗന്ധിയായ കഥയാണിത്.

കഥയേക്കാളുപരി ഒരു തിരക്കഥയുടെ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് രചിക്കപ്പെട്ടതാണ് “ശവം‌നാറിപ്പൂവ്’ എന്നും പറയാം. കഥയുടെ സത്ത് മുഴുവന്‍ ആവാഹിച്ചെടുത്ത് ആരംഭിച്ചിരിക്കുന്ന ഈ കഥയുടെ ആദ്യവാക്യത്തില്‍ തന്നെ അതിന്റെ സൌന്ദര്യാത്മകത മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതായി കാണാം. ദുര്‍മൃത്യുവിനിരയായവരുടെ ശവം മറവ് ചെയ്യുന്ന കാളിയപ്പന്റെ കഥ ചിത്രം വരയ്ക്കുന്നത് പോലെ മനോരാജ് ആലേഖനം ചെയ്തിരിക്കുന്നു. മിത്തിന്റെ അനുഭവങ്ങള്‍ തോറ്റിയെടുത്ത ‘ശവംനാറിപ്പൂവ്’ , ചീഞ്ഞഴുകിയ ശവം പോലെ നാറുന്ന വികല ബന്ധങ്ങളുടെയും, ദുര്‍മരണങ്ങളുടെയും ഒരു വിലാപയാത്ര തന്നെ കാഴ്ചവയ്ക്കുകയാണ്. ശവത്തെ ബലാത്സംഗം ചെയ്യുന്നത് പോലെയുള്ള ക്രൂരമായ പീഡനം ഭര്‍ത്താവില്‍ നിന്നും ഏറ്റുവാങ്ങി ഭാര്യ കെട്ടിത്തൂങ്ങി ചത്ത് കിടക്കുമ്പോള്‍ തന്നെ തന്റെ മകളെ കാമപൂര്‍ത്തിക്കായി ഉപയോഗിക്കുന്ന കാളിയപ്പന്‍ അറപ്പുളവാക്കുന്ന കഥാപാത്രമാണ്. എങ്കിലും ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്തില്‍ ആ കഥ ഒരു തിലകക്കുറിയായി നിലകൊള്ളുന്നു. കൊള്ളാനും തള്ളാനുമാകാത്ത കഥ. അതാണ് ശവം നാറിപ്പൂവ്.

ആശുപത്രിയിലെ രോഗികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച സ്വാനുഭവത്തിന്റെ സ്ഫടികത്തില്‍ പ്രതിഫലിപ്പിക്കുന്ന കഥയാണ് ‘ആണ്‍ഞരമ്പുരോഗികളുടെ വാര്‍ഡ്’ . ഈ കഥ നമ്മുടെ സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്നു.

ജോലി നഷ്ടമായ സര്‍ക്കസ്സ് ജീവനക്കാരായ ദമ്പതിമാര്‍ ജീവിതം പച്ചക്ക് അഭിനയിക്കേണ്ടി വരുന്ന കഥപറയുകയാണ് ‘ജീവനകല’. ടെക്നോളജിയുടെ പരമാവധി ഉപയോഗവും ദുരുപയോഗവും ഈ കഥയില്‍ കാണാം. സ്വന്തം അമ്മയുടെ സപ്തതി ആഘോഷം വാടയ്ക്ക് ആളെകൊണ്ട് ചെയ്യിച്ച് അതുമുഴുവന്‍ ഗള്‍ഫിലിരുന്ന് ടിവി സ്ക്രീനിലൂടെ ലൈവായി വീക്ഷിച്ച് നിര്‍വൃതി കൊള്ളുന്ന മകനോട് അമ്മയുടെ കണ്ണീര് ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. ‘ടെക്നോളികൊണ്ട് പകരം വെക്കാവുന്നതാണോ മക്കളുടെ സ്നേഹം?” സ്വന്തം വൈകാരിക വിക്ഷോഭം ഗ്രന്ഥകര്‍ത്താവ് കഥാപാത്രങ്ങളില്‍ ആരോപിക്കുകയാണ് ഈ കഥയില്‍.

മറ്റുള്ളവരുടെ മരണത്തില്‍ നിന്നും ഒരു ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന ഇമ്മാനുവലിന്റെ കഥ പറയുകയാണ് ‘ശവക്കുഴിയിലേക്ക് വഴിക്കണ്ണുമായി’ എന്ന കഥ. “ഇന്നു ഞാന്‍ നാളെ നീ“ എന്ന ആപ്ത വാക്യവുമായി ആരംഭിക്കുന്ന കഥയില്‍ “കര്‍ത്താവേ, ആരെങ്കിലും ഒന്ന് മരിച്ചിരുന്നെങ്കില്‍..” എന്ന് ഒരു ശവപ്പെട്ടിക്കച്ചവടക്കാരന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു പോകുന്നെങ്കില്‍ അത് അയാളുടെ ഗതികേടുകൊണ്ടാവും.

അങ്ങിനെ ജീവിതത്തിന്റെ അകവും പുറവും മറുപുറവും വരച്ചുകാണിക്കുന്ന ഈ കഥാസമാഹാരം “മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ” എന്ന അനുഭൂതിയാണ് അനുവാചകരില്‍ സൃഷ്ടിക്കുന്നത്. 15 കഥകളേക്കാളുപരി ഒരു ചരടില്‍ കോര്‍ത്തിണക്കിയ പതിനഞ്ച് അധ്യായങ്ങളുള്ള ഒരു ഉത്തരാധുനിക നോവല്‍ അനുഭവം ഈ സമാഹാരം പ്രദാനം ചെയ്യുന്നുണ്ട്. മനോരാജിന്റെ ഈ കൃതി സാഹിത്യലോകം ചര്‍ച്ച ചെയ്യും എന്ന് തീര്‍ച്ച.

Sunday, March 4, 2012

കാ വാ രേഖ?

പുസ്തകം : കാ വാ രേഖ?
രചയിതാവ് : ഒരു കൂട്ടം കവികള്‍

പ്രസാധകര്‍ : കൃതി പബ്ലിക്കേഷന്‍സ്

അവലോകനം : സിജു രാജക്കാട്




ചിന്തകള്‍ക്കു വൈറസു ബാധിക്കുമ്പോള്‍ പ്രതികരിക്കാതെ വയ്യ. വൈറസുകള്‍ ചിന്തയില്‍ നിന്നും നാഡികളിലേക്കരിച്ചിറങ്ങി മനുഷ്യനിലെ മനുഷ്യനെ ഒരു യന്ത്രമാക്കുന്നതിനു മുമ്പേ ഞങ്ങളില്‍ ഒരു മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ട്‌ എന്നു പ്രഖ്യാപിക്കുകയാണ്‌ യന്ത്രലോകത്തോട്‌ സംവദിക്കുന്ന ബ്ലോഗെഴുത്തുകാര്‍. കവിത എഴുതുമ്പോള്‍ എന്തെങ്കിലും എഴുതിയാല്‍ പോര, എങ്ങനെയെങ്കിലും എഴുതിയാലും പോര. പേമാരി പോലെ വാക്കുകള്‍ കോരിച്ചൊരിഞ്ഞിട്ടും കാര്യമില്ല. നല്ല മിനുക്കമുള്ള കണ്ണാടി പോലെ അത്‌ എല്ലാം വരച്ചു കാട്ടണം. ഓരോ വടുക്കളും തെളിഞ്ഞു കാണണം. കവിത ബിംബാത്മകമാവണം. ഒരു വാക്ക്‌ ഒരായിരം അര്‍ത്ഥങ്ങള്‍ ധ്വനിപ്പിക്കണം. വൈകാരികതയേക്കാള്‍ കവിതയുടെ സാങ്കേതിക മികവുകൊണ്ടും പരപ്പിനേക്കാള്‍ കൂടുതല്‍ ആഴം കൊണ്ടും ആകര്‍ഷണീയതയേക്കാള്‍ കൂടുതല്‍ ആര്‍ദ്രത കൊണ്ടും ശ്രദ്ധേയമാകുന്ന കവിതകളാണ്‌ `കാ വാ രേഖ' എന്ന കവിതാസമാഹാരത്തിനെ സമകാലീനകവിതകളില്‍ വച്ചേറ്റവും മനോഹരമാക്കി തീര്‍ത്തിരിക്കുന്നതെന്ന് പറയാം. ബ്ലോഗെഴുത്തിലൂടെ ശ്രദ്ധേയരായ ഇരുപത്തിയഞ്ചു യുവകവികളുടെ കവിതകളാണിതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. കേള്‍ക്കുമ്പോള്‍ ദുരൂഹവും അര്‍ത്ഥശൂന്യമെന്നു തോന്നുന്നതുമായ ഒരു പേരാണ്‌ ഈ ഗ്രന്ഥത്തിനു നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ഉള്ളിലേക്കു കടന്നു ചെല്ലുമ്പോള്‍ അത്‌ നമ്മെ ഒരു വിസ്‌മയ ലോകത്തിലേക്കാനയിക്കുന്നു. ഏകാന്തതയുടെ വിരസമായ തുരുത്തില്‍ അതു നമ്മെ തളച്ചിടുന്നു. കഠിനമായ അസ്‌തിത്വദുഃഖത്തിന്റെ മരവിച്ച മജ്ജയിലേക്കരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന ഒരു നോവ്‌ ഈ കവിതകള്‍ നമുക്കു സമ്മാനിക്കുന്നു. കാളിദാസന്‍ എഴുതിയ ഒരു കവിതയിലെ എട്ടു വരികളിലെ ഏഴാമത്തെ വരിയാണ്‌ `കാ വാ രേഖ'. അപാരമായ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന്‌ പ്രസാധകര്‍ അവകാശപ്പെടുന്നു എങ്കിലും അതിന്റെ അര്‍ത്ഥം സാങ്കേതികമായറിയാത്ത സാധാരണക്കാര്‍ക്ക്‌ ദുര്‍ഗ്രഹമായിത്തന്നെ തുടരുന്നു. അതുകൊണ്ട്‌ സാധാരണക്കാരെ ഉദ്ദേശിച്ചല്ല ഈ കവിത എഴുതിയത്‌ എന്ന്‌ അനുമാനിക്കാം.

വിദഗ്‌ധര്‍ അടങ്ങിയ ഒരു പാനല്‍ അതിസൂക്ഷ്‌മവിശകലനത്തിലൂടെ തെരഞ്ഞെടുത്ത 25 കവിതകള്‍ തീര്‍ച്ചയായും എല്ലാ അര്‍ത്ഥത്തിലും മികവു പുലര്‍ത്തുന്നുണ്ട്‌. കവിതയെക്കുറിച്ചുള്ള ഈ കാഴ്‌ചപ്പാട്‌ പകര്‍ന്നു നല്‍കികൊണ്ടാണ്‌ ഡോണ മയൂരയുടെ `ഋതുമാപിനി'യിലൂടെ കാ വാ രേഖയുടെ അത്ഭുത ലോകത്തിലേക്കുള്ള ഇ-ജാലകം തുറക്കുന്നത്‌.

`ഓരോ വാക്കിന്റെയും
നീളവും അര്‍ത്ഥവ്യാപ്‌തിയും മനസിലളന്ന്‌
കൈമിടുക്കുള്ളൊരു
ശില്‍പിയുടെ ചാതുര്യത്തോടെ
ഇരുതുടകളിലും നീളത്തിലും
ആഴത്തിലുമുള്ള മുറിവുകള്‍ തീര്‍ക്കുന്നു.

ഇതു തന്നെയാണ്‌ കാവാരേഖയുടെ തുടര്‍ന്നുള്ള പേജുകളിലും കാണുന്നത്‌. മുറിവുകള്‍ പക്ഷേ വ്രണങ്ങളാകുന്നില്ല. അവയില്‍ പുഴു അരിക്കുന്നില്ല. അതൊരു നീറ്റലായി വൈറസു പോലെ നമ്മിലേക്കും പടരുന്നു.

`വേനലിന്റെ മുറിവുകളെ
വസന്തം മറയ്‌ക്കുന്നതേയുള്ളൂ
ഉണക്കുന്നില്ല'

പ്രണയസാന്ദ്രമാണിതിലേറെയും കവിതകള്‍. അവ നിര്‍മ്മിക്കപ്പെടുന്ന, അപമാനിക്കപ്പെടുന്ന, നിറം മങ്ങിപ്പോയ കാലത്തിനൊത്തു കോലം മാറുന്ന പ്രണയം, മുറിവുകളുടെ ആഴത്തെ കൂടുതല്‍ വ്യാപ്‌തിയുള്ളതാക്കിത്തീര്‍ക്കുന്നതേയുള്ളൂ. ഹൃദയത്തില്‍ നിന്നും ഇറങ്ങി തൊലിപ്പുറത്തും വസ്‌ത്രത്തിന്റെ ശബളിമയിലും ഒളിച്ചിരിക്കുന്ന പ്രണയം. ജീവനുള്ള പ്രകൃതിയുടെ പൂന്തോപ്പില്‍ നിന്നുമിറങ്ങി ചന്തയിലെ മണമില്ലാത്ത കടലാസു പൂവുകള്‍ക്കിടയില്‍ അത്‌ ഒളിച്ചിരിക്കുന്നു. പ്രണയത്തിന്റെ അധിനിവേശകാലത്ത്‌ നിശാനിയമം മുറിച്ച്‌ മധുരനാരങ്ങകളും മുന്തിരിയും മാറത്തടുക്കി വച്ച്‌ വരികയാണ്‌ ശശികുമാര്‍ ടി.കെ (മൊഴി). ലാപ്‌ടോപ്പിന്റെ ചത്ത സിരകളിലൂടെ പരതി നടക്കുന്ന `ഹൈടെകും' പ്രാക്‌ടിക്കലും റൊമാന്റിക്കിനെ നിര്‍വചിക്കുകയാണ്‌ നീന ശബരീഷിന്റെ കവിതയില്‍. കമ്പ്യൂട്ടര്‍ വസന്തകാലത്തിലെ ചാറ്റിംഗ്‌ പുഷ്‌പങ്ങളെ ചീറ്റിംഗ്‌ വൈറസുകള്‍ കാര്‍ന്നു നശിപ്പിക്കുന്ന കാപട്യപ്രണയത്തോടുള്ള കടുത്ത പ്രതിഷേധവുമായാണ്‌ ജയ്‌നി (ഇ-പ്രണയം) രംഗപ്രവേശം ചെയ്യുന്നത്‌. ഇ-സംസ്‌കാരം മനുഷ്യസംസ്‌കാരത്തെ മാറ്റി പ്രതിഷ്‌ഠിക്കുമ്പോള്‍ ഉണ്ടാകുന്ന സാംസ്‌കാരിക പ്രശ്‌നങ്ങള്‍ കവയിത്രി ഇവിടെ വിഷയമാക്കുന്നു. ദേശാടനക്കിളിയുടെ സ്ഥാനത്ത്‌ ഇന്റര്‍നെറ്റ്‌ വലക്കണ്ണികള്‍ കടന്നു വരുന്നു. ചാറ്റിംഗും ചീറ്റിംഗും പ്രണയവും നിരാശയുമെല്ലാം ഒരു വിരല്‍ത്തുമ്പില്‍ ഈ വിരല്‍ത്തുമ്പിലാണ്‌ ലോകം. അറിവുകളും പുസ്‌തകങ്ങളും വിറ്റ്‌ വിശപ്പടക്കേണ്ടി വരുമ്പോഴും പ്രണയത്തിന്റെ വര്‍ണചിത്രമായ മയില്‍പ്പീലി താന്‍ വില്‍ക്കുകയില്ലെന്നു വീണ സിജീഷ്‌ ആണയിടുന്നു. വീണയുടെ ആ ആഗ്രഹമെങ്കിലും ഹൃദയസ്‌പന്ദനങ്ങളെ പോലും കച്ചവടം ചെയ്യുന്ന ഈ കാലഘട്ടങ്ങളില്‍ നിറവേറട്ടെയെന്നു ഞാന്‍ ആശംസിക്കുന്നു.

ജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ പ്രകടമാക്കുന്ന ചില കവിതകളും ഈ ഗ്രന്ഥത്തിലുണ്ട്‌. തെറ്റും ശരിയും മലക്കം മറിയുകയാണ്‌ ഇ-ലോകത്തില്‍. ട്രാക്കുകളനവധിയുള്ള അതിവേഗപാതകളിലെ നിത്യാഭ്യാസത്തിലൂടെ പ്രവാസത്തിലേക്കു തര്‍ജ്ജമ ചെയ്യപ്പെടുന്ന ജീവിതത്തെ അടയാളപ്പെടുത്തുകയാണ്‌ രണ്‍ജിത്ത്‌ ചെമ്മാട്‌. ആരോ വലിച്ചെറിഞ്ഞ ഭൂതത്തിന്റെ അവശിഷ്‌ടങ്ങളില്‍ ഭാവിയും വര്‍ത്തമാനവും വേവിച്ചെടുക്കുന്നവരെ പെറുക്കിക്കൂട്ടുകയാണ്‌ പ്രസന്ന ആര്യന്‍. (ചാരിറ്റി). കൈയ്യിലുള്ള വാക്കുകളെല്ലാം തട്ടിക്കുടഞ്ഞിട്ട്‌ നാല്‌ കാലുള്ള തലകളുടെ നാക്കിനു താഴെ അപരിചിതങ്ങളായ അര്‍ത്ഥങ്ങളെ നിര്‍മ്മിക്കുന്ന യന്ത്രങ്ങളുടെ വിചിത്ര ലോകം അവതരിപ്പിക്കുന്ന ദിലീപ്‌ നായര്‍, സദാചാരമാപിനിയിലെ സൂചകങ്ങളുടെ കടപറിയ്‌ക്കുന്ന കൊടുങ്കാറ്റു വീശുമ്പോള്‍ കണ്ണും കാതും കൊട്ടിയടയ്‌ക്കണമെന്നാഗ്രഹിക്കുന്ന ചാന്ദ്‌നി ഗാനന്‍. ബൈബിളിലെ സങ്കീര്‍ത്തനങ്ങളെ അപനിര്‍മ്മിക്കുന്നതില്‍ ഒരു ക്ലാസിക്‌ ടച്ച്‌ പുലര്‍ത്തുന്ന മുംസി, നാവിലൂടെ സകല ജീര്‍ണബീംബങ്ങളെയും തുറന്നു കാണിക്കുന്ന ഖാദര്‍ പട്ടേപ്പാടം തുടങ്ങിയവരെല്ലാം കവിതയിലെന്ന പോലെ ജീവിതത്തിലും പുതിയ അര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നവരാണ്‌. ദുഷിച്ചു നാറുന്ന സാംസ്‌കാരിക ലോകത്തെ തൂത്തു വൃത്തിയാക്കാന്‍ ഈ കവിതകള്‍ കൂടുതല്‍ ജനകീയമാവട്ടെ എന്നാശംസിക്കുന്നു.

ജനനത്തിനും മരണത്തിനുമിടയ്‌ക്ക്‌ ജീവിതത്തിന്റെ ഇടം തിരയുന്ന അസ്‌തിത്വവാദപരമായ ചില കവിതകളും ഈ സമാഹാരത്തിലുണ്ട്‌. ടോറണ്ടോ ചുഴിയില്‍ പെട്ടു കുഴഞ്ഞു മറിയുന്നതാണ്‌ ഗീത ഹിരണ്യന്റെ സ്‌നേഹത്തിന്റെ വെള്ളച്ചാട്ടം. അച്ഛന്‍ ചെടിയും, അമ്മച്ചെടിയും കാലമാകാതെ ഉണങ്ങുമ്പോള്‍ ഉണ്ടാകുന്ന കടലാസുചെടികളുടെ ബിംബത്തിലൂടെ വിവാഹമോചനം അനാഥമാക്കുന്ന കുഞ്ഞുങ്ങളുടെ നൊമ്പരങ്ങള്‍ ആവിഷ്‌കരിക്കുന്ന ഹന്‍ലലത്ത്‌ നമ്മെ സ്വത്വദുഃഖത്തിന്റെ കണ്ണീരു കുടിപ്പിക്കുന്നു. അക്ഷരം തന്ന വൃദ്ധനെ അച്ഛനായി കാണാന്‍ പറഞ്ഞ ശാസ്‌ത്രത്തോട്‌ വൃദ്ധസദനങ്ങളെന്തിന്‌ എന്നു ചോദിക്കുന്ന അരുണ്‍ശങ്കര്‍ നമ്മുടെ മാറി വരുന്ന സാംസ്‌കാരത്തിനു നേരെ ഒരു തുറിച്ചു നോട്ടം നോക്കുന്നു. മൃത്യുവിനെ യാഥാര്‍ത്ഥ്യബോധമുള്ള `പ്രേത'ത്തിന്റെ അലങ്കാരത്തില്‍ പൊതിഞ്ഞ്‌ പോളീഷ്‌ ചെയ്‌ത്‌ അവതരിപ്പിച്ച്‌ അന്ധവിശ്വാസികളെ വെല്ലുവിളിക്കുന്ന നീസ വെള്ളൂര്‍ പ്രായത്തിനു യോജിക്കാത്ത പണിയാണ്‌ ഏറ്റെടുത്തിരിക്കുന്നത്‌. നന്മകള്‍ നിറഞ്ഞ ജീവിതങ്ങളുടെ ചില പ്രതീകങ്ങള്‍ എന്‍.എ സുജീഷിന്റെ കലയെ സ്‌നേഹിച്ച കൂട്ടുകാരന്‍, എസ്‌ കലേഷിന്റെ പെണ്ണുകുട്ടി, ജീവിത സായാഹ്നകവലയിലെ തട്ടുകടയില്‍ ചായ കുടിക്കാന്‍ ചെല്ലുന്ന ഉമേഷ്‌ തുടങ്ങിയവര്‍ വേദനിക്കുന്നതെങ്കിലും നാം ഇഷ്‌ടപ്പെടുന്ന ഒരു ജീവിതത്തിന്റെ ഓര്‍മ്മയും പ്രതീക്ഷയും നിലനിര്‍ത്തുന്നു.

എങ്കിലും ഒരു ചിരിയുടെ വേദന താങ്ങാന്‍ ഒരു മിഴിനീരു തണുപ്പു മാത്രമുള്ള രാജീവും തിരിയെ വരാതിരിക്കാനുള്ള യാത്രയ്‌ക്കൊരുങ്ങുന്ന ഷൈന്‍കുമാറും, വണ്ടിയാപ്പീസിന്റെ വരാന്തയില്‍ അസ്‌തപ്രജ്ഞനായി നില്‍ക്കുന്ന ഉസ്‌നും കണ്ണു പൊത്തുന്ന ചെകുത്താനിലൂടെയും താടിക്കു കൈ കൊടുത്തിരിക്കുന്ന ദൈവത്തിലൂടെയും ലോകത്തെ പരിഹസിക്കുന്ന ജയിംസ്‌ സണ്ണിയും ഒരു ചോദ്യം അവശേഷിപ്പിക്കുന്നു. ഇനിയെന്ത്‌? എ സതീദേവിയെപ്പോലെ നാം ഒരു ഒത്തുതീര്‍പ്പിനു ശ്രമിക്കണോ അതോ യൂസഫ്‌ പാ പറയുന്നതു പോലെ ഒരു വേട്ടക്കാരനെ പോലെ ജീവന്റെ കോര്‍മ്പകള്‍ തൂക്കിപ്പിടിച്ച്‌ മരണത്തിലേക്കു പിന്‍വാങ്ങണോ? കാ വാ രേഖ? എന്നാല്‍ വിധി വൈപരീത്യങ്ങളെ ചെറുത്തു തോല്‍പിക്കാനുള്ള തന്റേടം ഈ കവികള്‍ ആരും പ്രകടിപ്പിക്കുന്നില്ല എന്നതു നിരാശാജനകം തന്നെയാണ്‌. നട്ടെല്ലു നഷ്‌ടമായോ നമ്മുടെ യുവതലമുറയ്‌ക്ക്‌? ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു, വൈറസുകളെ ആട്ടിയോടിക്കാനുള്ള പുതിയൊരു സോഫ്‌റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കാന്‍. അതുമായി പുതിയൊരു കവിതയുലകത്തില്‍ പോരിനു നില്‍ക്കാന്‍. ആശംസകള്‍..