Wednesday, April 27, 2011

Love exxxperiences of a scoundrel poet

പുസ്തകം : Love exxxperiences of a scoundrel poet
രചയിതാവ് : ശൈലന്‍

പ്രസാധനം : പാപ്പിറസ്
അവലോകനം : സിജീഷ്

















തൊരു നിരൂപണം അല്ല സ്വയംഭോഗം ആണ്. കവിതയെ കാമിച്ചു നടക്കുന്നവന്‍റെ സ്വയംഭോഗം. എത്രവര്‍ഷമായി അവളുടെ പിന്നാലെ നടക്കുന്നു. അവള്‍ എപ്പോഴും ശൈലന്‍റെ കൂളിംഗ് ഗ്ലാസ്സിലും, കുഴൂരിന്‍റെ ഉരുട്ടലിലും, മേതിലിന്‍റെ മേത്തും ഒക്കെ ആയി പാറി കളിക്കുന്നതലാതെ കാര്യമായിട്ടൊന്നു നോക്കുന്ന പോലുമില്ല. വല്ലപ്പോഴും എകാന്തമായ് രാത്രികളില്‍ അടിവസ്ത്രം നനയ്ക്കുന്ന തുള്ളികള്‍ പോലെ രണ്ടു വരികള്‍. അതാരും കാണാതെ കഴുകി ഒന്നുമറിയാത്ത പോലെ കിടന്നുറങ്ങും. അലങ്കാരത്തിന്‍റെ ലഘുവും ഗുരുവും അടുക്കി ധരിച്ചു, വൃത്തവും വരച്ചു നില്‍ക്കുന്ന നാടന്‍ മങ്കകളെ ആശാനും, ഉള്ളൂരും, പീയും, പോലുള്ള മഹാകവികള്‍ സ്വന്തമാക്കിയപ്പോഴും ആ സുന്ദരികളെ മോഹിക്കാന്‍ അര്‍ഹതയുണ്ടോ എന്ന സംശയം ആയിരുന്നു .ചെറിയ വസ്ത്രങ്ങളില്‍ വീര്‍പ്പു മുട്ടി നില്‍ക്കുന്ന അവളെയാണ്. അടുക്കും ചിട്ടയുമില്ലാതെ അവള്‍, ആധുനിക കവിത .ആവശ്യ ഭാഗങ്ങളില്‍ മുഴപ്പും പ്രദര്‍ശിപ്പിച്ചു നില്‍ക്കുമ്പോള്‍ ആരാണ് അവളെ മോഹിക്കാത്തത്. അങ്ങനെയാണ് ശൈലന്‍റെ Love experiences of @ scoundrel poet കാണുന്നത്.

പുസ്തകം മറിച്ചാല്‍ കാണുന്നത് love ഇല് ഒളിഞ്ഞിരിക്കുന്ന fuck . അതെ, മാംസ നിബദ്ധം തന്നെയാണ് ചില രാഗങ്ങള്‍ എന്നുറക്കെ പറയാനുള്ള ചങ്കൂറ്റം. ആ പറഞ്ഞ ഒരു ഗുണം നിങ്ങളില്‍ ഉണ്ടെങ്കില്‍ മാത്രം ഈ പുസ്തകം വായിച്ചാല്‍ മതി. അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് നിങ്ങള്‍ക്കു ബാത്ത്റൂമില്‍ കയറുക വേണ്ടി വരും ശര്‍ദിക്കാന്‍ ആണെന്ന് നിങ്ങള്‍ക്കു പറയാം. പക്ഷെ അത് ഞങ്ങള്‍ വിശ്വസിക്കണം എന്നില്ലല്ലോ.

സിതാരയുടെ ആമുഖം എന്ത് കൊണ്ടും യോജിക്കുന്നു എന്ന് പറയാതെ വയ്യ. കാരണം അവള്‍ അവന്‍ തന്നെ ആവുന്നു.. അവന്‍ അവളും.. പണ്ടത്തെ സൂര്യന്മാരെ നാല്പതു എന്ന സൈസില്‍ ഒതുക്കുമ്പോഴും, രാവിലെ പുഴുങ്ങി വെച്ച നിലകടല അത്താഴം കഴിക്കുമ്പോഴും "കൊല്ലങ്ങള്‍ക്ക് ശേഷം "അവര്‍ പോയതെപ്പോഴായിരുന്നു" എന്ന് ആലോചിക്കുന്നു. പാറുവിനെ കുറിചോര്‍ക്കില്ല എന്ന് പറയുമ്പോഴും ഗൈനകോളജിസ്റ്റിനേയും നീതുവിനെയും ഓര്‍ത്തെടുക്കുന്ന മനസ്സില്‍ "വനപേച്ചി"യുടെ കളഞ്ഞു പോയ യോനി തുളച്ചു പറക്കുന്ന ശബ്ദം.

"ഭാഷകളില്ലാത്ത
ഒരു വന്‍കര
ലിപികളില്ലാത്ത
സാമ്രാജ്യം "
എങ്കിലും അവള്‍ "രജസ്വല" ആയപ്പോള്‍
" ആര്‍ക്കാണറിയാത്തത്‌
അവള്‍ക്കു ചാവാനാവില്ലെന്നത്..."

"മാളവികേ...
മാളം വികസിച്ചവളെ" എന്ന് വായിച്ചപ്പോള്‍ പിന്നാലെ സ്വാഭാവികമായും ചിരിയോടെ വായിച്ചത്
ശൈലാ....
നാണം കേട്ടവനെ എന്നായിരുന്നു...

കറസ്പോണ്ടന്‍സ് ആയി നീ ശ്രീവിദ്യ 3 യേ സ്വയംഭോഗം പഠിപ്പിച്ചപ്പോള്‍ കേരളത്തില്‍ ലൈംഗീക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമ്പോള്‍ നിന്നെ അതിന്‍റെ തലവന്‍ ആക്കാന്‍ യോഗ്യത ഉണ്ടെന്നു തോന്നി. ഖജുരാഹോയിലെ ക്ഷേത്ര വിസ്മയങ്ങള്‍ പണിതത് എഴ് മണിക്കൂര്‍ കൊണ്ടാണെന്ന് കണ്ടു പിടിച്ചത് നീയായിരുന്നു. ശൈലാ നീ മാഷാണ് മാഷ്‌.. അദ്ധ്യാപകന്‍.

മരുഭൂമികള്‍ ചുട്ടു പഴുക്കുന്നതും, മദാലസയുടെ മസാല ദോശ നുകര്‍ന്നതും,കുട്ടികള്‍ക്ക് വേണ്ടത്ര മാത്രം കൊടുത്തും.. അങ്ങനെ അങ്ങനെ..
അമ്മ പോയപ്പോള്‍ മരിച്ചത് ശൈലന്‍ തന്നെയാണ്, നേരില്‍ കണ്ടിട്ടില്ലാത്തവളെ സ്വപ്നത്തില്‍ കണ്ടപ്പോഴും, ഇതിനുള്ളിലെവിടെയോ പ്രണയം നിറഞ്ഞൊഴുകുന്ന നിസ്സഹായനായ ശൈലനെയും അടുത്തറിഞ്ഞു.

മുഖം നോക്കിയാല്‍ മാന്യതയുടെ മുഖം മൂടി ധരിച്ചു മൊഴിഞ്ഞു, അവള്‍ തിരിഞ്ഞു നടക്കുമ്പോള്‍ അവളുടെ നിതംബത്തെ നോക്കി വെള്ളമിറക്കുകയും, സിനിമ തിയേറ്ററില്‍ അബദ്ധത്തില്‍ കാലൊന്നു മുട്ടിയാല്‍ കലിപ്പോടെ നോക്കി ദഹിപ്പിക്കുകയും രാത്രി പിന്‍വാതില്‍ തുറന്നു കൊടുക്കുകയും ചെയ്യുന്ന മലയാളിയുടെ കപട സദാചാരത്തിന്‍റെ മുഖത്ത് നോക്കിയുള്ള ഒരു കാര്‍ക്കിച്ചു തുപ്പല്‍ അഥവാ ആട്ട് തന്നെയാണീ പുസ്തകം. ഈ പുസ്തകത്തി ന്‍റെ പ്രസാധകന്‍ പാപിറസ് ബുക്സിന്‍റെ ഹരിക്ക് ഒരു നന്ദി പറയാതെ പോകുന്നത് മോശമായിരിക്കും. നന്നായി ഹരി. ഈ ആശയവും, സാക്ഷാല്കാരവും മനോഹരമായി പൂര്‍ത്തിയാക്കിയ നിനക്ക് പ്രത്യേകം നന്ദി.

തുടക്കകാരന്‍ ആയതു കൊണ്ടാവാം. "ഞാറ്റു വേല"യില്‍ നീ പറഞ്ഞ പോലെ, നിരൂപണ സ്വയം ഭോഗത്തിന്‍റെ ഈ ശീഘ്ര സ്ഖലനം ഒഴിവാക്കാവതല്ല .
"മാപ്പ്
പ്രതീക്ഷിക്കണ്ട , സോറി.
മാപ്പ്
പ്രതീക്ഷിക്കുന്നില്ല"

Friday, April 22, 2011

സുല

പുസ്തകം : സുല
രചയിതാവ് : ടോണി മോറിസണ്‍ (വിവര്‍ത്തനം : പ്രഭ സക്കറിയാസ്)
പ്രസാധനം : ഡി.സി.ബുക്ക്‌സ്
അവലോകനം : ഖാദര്‍ പട്ടേപ്പാടം



നാന്തരങ്ങളിലെ ഗര്‍ജ്ജനസംഗീതം പോലെ ഗുഹാന്തര്‍ഭാഗങ്ങളില്‍ ഒറ്റപ്പെട്ടുപോയ കറുത്തവരുടെ ചടുലതാളങ്ങളും താളപ്പിഴകളുടെ അപഭ്രംശ സീല്‍ക്കാരങ്ങളും ആവിഷ്കരിക്കുന്ന മനോഹരമായ ഒരു നോവലാണ്‌ 'സുല'.

തൊലിയുടെ കറുപ്പും വെളുപ്പും എന്നും വല്ലാത്തൊരു സമസ്യയാണ്‌. പൂരകം അസാധ്ദ്യമെന്നു തോന്നിക്കുന്ന പ്രശ്ന സമസ്യ.. കറുത്തവണ്റ്റെ കുന്നിന്‍പുറം പോലും വെളുത്തവന്‌ 'അടിവാര'മാണ്‌ അങ്ങനെയൊരു അടിവാരത്തില്‍ ജീവിതത്തിന്‌ ചമയങ്ങളൊരുക്കാന്‍ പാടുപെടുന്ന കുറെ തെറിച്ച 'കാപ്പിരിച്ചി'കളുടെ കഥയാണ്‌ 'സുല'യുടെ ഇതിവൃത്തം. അതിലൂടെ ഞെരിഞ്ഞമരുന്ന അമേരിക്കന്‍ നീഗ്രോകളുടെ രാഷ്ട്രീയാവസ്ഥ അടയാളപ്പെടുത്താനാണ്‌ കഥാകാരി ശ്രമിക്കുന്നത്‌. അപഥസഞ്ഞ്വാരത്തിനിറങ്ങിയ ഹെന്ന, വെള്ളക്കാരെ പ്രാപിക്കുകയും രതിയെ ഒരു മഹോത്സവമായി കൊണ്ടാടുകയും ചെയ്ത ഹെന്നയുടെ മകള്‍ സുല, ഹെന്നയുടെ മാതാവും ഒന്നരക്കാലിയുമായ ഈവ എന്ന ചൊറിച്ചിത്തള്ള- ഇവരെല്ലാം ഈ ചരിത്ര ഗാഥയിലെ ഉപകരണങ്ങള്‍ മാത്രം.

ഉലയിലെ കനല്‍ക്കാടുകളിലൂടെ ഊര്‍ന്നിറങ്ങിവരുന്ന ജീവനുള്ള ഉരുക്കുപാളികളാണ്‌ നോവലിലെ ഒട്ടുമിയ്ക്ക കഥാപാത്രങ്ങളും . യുദ്ധങ്ങള്‍ക്കും ചെറുത്തുനില്‍പുകള്‍ക്കും അവര്‍ക്കീ കവചം ആവശ്യമാണ്‌. സ്വന്തം കൈവിരലിലൂടെ വഴുതി പുഴയിലാണ്ടുപോയ ചെറുക്കണ്റ്റെ തലയ്ക്കുമേലെ വെള്ളം കുമിഞ്ഞുകൂടി മൂടുന്നത്‌ കണ്ടപ്പോഴും , അമ്മ തീ സാഗരത്തില്‍ കുളിച്ച്‌ മദിച്ച്‌ പിടഞ്ഞു പിടഞ്ഞു ഉരുകിത്തീരുന്നത്‌ നിസ്സംഗതയോടെ നോക്കി നില്‍ക്കുമ്പോഴും , ബാല്യം മുതലേ ഇണപിരിയാത്ത കൂട്ടുകാരിയായി കരുതിയിരുന്ന നെല്ലിണ്റ്റെ ഭര്‍ത്താവ്‌ ജൂഡോയെ തട്ടിയെടുത്ത്‌ കാമകേളികളില്‍ മുഴുകുമ്പോഴും , പുരുഷന്‍മാരുടെ ശരീരങ്ങളില്‍ ഇരച്ചുകയറി ധമനികള്‍ ചൂടുപിടിപ്പിച്ച്‌ അവിടെ തീയാട്ടു നൃത്തമാടുമ്പോഴും ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ ഒഴുകി ഒഴുകി നീങ്ങാന്‍ സുലയ്ക്ക്‌ കഴിയുന്നതും അവളീ കവച വാഹിനിയായതുകൊണ്ടാണ്‌.

1919 മുതല്‍ 1965 വരെയുള്ള 46 വര്‍ഷക്കാലത്തെ'അടിവാര'ത്തെ സംഭവബഹുലമായ കാപ്പിരിത്തേര്‍വാഴ്ച്ചയ്ക്കു ശേഷം ഏതൊരു കാപ്പിരിക്കൂട്ടത്തിനും സംഭവിക്കുന്നതു തന്നെ ഇവിടെയും സംഭവിച്ചു. അവരുടെ വൃക്ഷ നിബിഡമായ 'കറുത്ത' ഇടം വെള്ളക്കൊട്ടാരക്കാര്‍ തട്ടിയെടുത്ത്‌ അവിടെ മെഡാലിയന്‍ സിറ്റിയുടെ കോണ്‍ക്രീറ്റ്‌ കാഴ്ച്ചകളൊരുക്കി. കറുത്ത കൂട്ടങ്ങള്‍ എവിടേക്കൊക്കെയോ തുരത്തപ്പെട്ടു. ഒരു പ്രദേശത്തിണ്റ്റെ, ആ പ്രദേശത്തെ മനുഷ്യ ഉരുക്കളുടെ രാഷ്ട്രീയ ചരിത്രം അതോടെ അവസാനിക്കുന്നു.

ആഫ്രോ- അമേരിക്കന്‍ എഴുത്തുകാരിയും നൊബേല്‍ ജേതാവുമായ ടോണി മോറിസണ്‍ ആണ്‌ 'സുല'യുടെ കര്‍ത്താവ്‌. പ്രഭാ സക്കറിയാസാണ്‌ മൊഴിമാറ്റം നടത്തിയിരിക്കുന്നത്‌.

ആഖ്യാനത്തിണ്റ്റെ കാരിരുമ്പ്‌ ശക്തിയാണ്‌ നോവലിനെ സവിശേഷമാക്കുന്നത്‌. ചെറിയ ചെറിയ സങ്കേതങ്ങളിലൂടെ മഹാമേരുക്കള്‍ തീര്‍ക്കുന്ന മാസ്മരികത വായനയെ വസന്താനുഭവ മായി മാറ്റുന്നത്‌ ഈ പുസ്തകത്താളുകളിലൂടെ കടന്നുപോകുമ്പോള്‍ നമുക്കനുഭവപ്പെടും.

Wednesday, April 13, 2011

ചരക്ക്

പുസ്തകം : ചരക്ക്
രചയിതാവ് : ബിജു സി.പി.

പ്രസാധനം : ഡി.സി.ബുക്ക്‌സ്
അവലോകനം : മനോരാജ്


















ബി
ജു.സി.പി എന്ന പത്രപ്രവര്‍ത്തകന്റെ ആദ്യ കഥാസമാഹാരമാണ്‌ ചരക്ക്. (വില : 70 രൂപ) സാമ്പ്രദായികമായ കഥ പറച്ചില്‍ രീതികളുടെ ഒരു പൊളിച്ചെഴുത്താണ്‌ സമാഹാരം എന്ന് പറയുന്നതില്‍ തീരെ അതിശയോക്തിയില്ല തന്നെ. വളരെ നാളുകള്‍ക്ക് ശേഷമാണ്‌ ഒരു സമാഹാരത്തിലെ എല്ലാകഥകളും അസാമാന്യനിലവാരം പുലര്‍ത്തികാണുന്നത്. പുതുകഥയുടെ പുതിയ മുഖം എന്ന പ്രസാധകരുടെ അവകാശവാദം പൊള്ളയായ മാര്‍ക്കറ്റിങ് തന്ത്രമല്ല എന്നത് സമാഹാരത്തിലെ ഒന്‍പത് കഥകളും അടിവരയിട്ട് പറയുന്നു.

2005മുതല്‍ കഥയെഴുത്തില്‍ ശ്രദ്ധവെച്ചെങ്കിലും 5 വര്‍ഷം കൊണ്ട് ഇത്രയും കഥകളേ എഴുതാന്‍ കഴിഞ്ഞുള്ളൂ എന്ന കഥാകാരന്റെ വാക്കുകള്‍ ഒരു ചങ്കൂറ്റമായാണ്‌ ഫീല്‍ ചെയ്യുന്നത്. കാരണം അത്രക്ക് മനോഹരമാണ്‌ ചരക്കിലെ ഒന്‍പത് കഥകളും. പലപ്പോഴും നമുക്ക് ഒരു സാധാരണ പ്രമേയമായി തോന്നാമായിരുന്ന 'ഒരു ഹോംനേഴ്സിന്റെ ആത്മകഥ' എന്ന ആദ്യകഥയില്‍ തന്നെ കഥപറച്ചിലിന്റെ മറ്റൊരു വശം ബിജു വായനക്കാര്‍ക്കായി തുറന്നിടുന്നു. വലിയൊരു നോവലിനെ ചെറിയ പതിനഞ്ച് ഖണ്ഡങ്ങളിലേക്ക് വാറ്റിയെടുത്തത് പോലെ എന്ന് കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ കഥയെ പറ്റി അവതാരികയില്‍ സൂചിപ്പിച്ചത് ഒരു ശരാശരി വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ പിന്താങ്ങുന്നു. കഥയുടെ പ്രമേയത്തേക്കാള്‍ കഥ പറയാനുപയോഗിച്ച നൂതനമായ സങ്കേതമാണ്‌ ഏറെ മനോഹരമെന്ന് തോന്നുന്നു. പരീക്ഷഹാളില്‍ വിദ്യാര്‍ത്ഥിനി കുനിഞ്ഞിരുന്ന്‍ എഴുതുമ്പോള്‍ ബ്ലൌസീക്കൂടി അകത്തേക്ക് നോക്കുന്ന അദ്ധ്യാപകനെ പറ്റി ഇത്ര സരസമായി അവതരിപ്പിക്കാൻ‍, തൊഴിലിടങ്ങളിലെ സ്ത്രീപീഢനങ്ങളെ ആക്ഷേപഹാസ്യശരങ്ങളിലൂടെ ഒരു പൊട്ടി പെണ്ണിന്റെ പൊള്ളയായ ചിന്താധാരയായി ഉയര്‍ത്തിക്കാട്ടാന്‍, ഒക്കെ കഥയില്‍ വളരെ മനോഹരമായി ബിജു ശ്രമിക്കുമ്പോള്‍ കഥ എന്ന മാധ്യമത്തില്‍ നിന്നും വായനക്കാരനും സമൂഹത്തിനും വേണ്ടത് കിട്ടുന്നു എന്ന് തന്നെ കരുതാം.

രണ്ടാമത്തെ കഥയായ 'സൂസന്ന പുതിയ നിയമങ്ങളിൽ‍' എന്നതില്‍ നീതി നിഷേധിക്കപ്പെടുന്ന സ്ത്രീത്വവും അവളോട് കൂറുകാണിക്കുന്നവന്‌ ഭ്രഷ്ട് കല്പ്പിക്കുന്ന കപട സമൂഹത്തിന്റെ സ്മാര്‍ത്തവിചാരങ്ങളേയും രതിയുടെ പിന്‍ബലത്തോടെ വിളിച്ച് പറയുമ്പോള്‍ പോലും ഒരിക്കലും അതിലെ രതി അരോചകമാവാതിരിക്കുവാനും അതിരുകള്‍ ലംഘിക്കാതിരിക്കുവാനും കഥാകൃത്ത് ശ്രദ്ധിച്ചിരിക്കുന്നു.

'മന:ശാസ്ത്രജ്ഞന്‌ ഒരു കത്ത് ' എന്ന കഥയും 'ജൂനിയര്‍ മോസ്റ്റ് ', 'മറ്റൊരു കഥാകൃത്ത് കുരിശില്‍ ' എന്നീ കഥകളുമെല്ലാം മനോഹരങ്ങള്‍ തന്നെ. 'ജൂനിയര്‍ മോസ്റ്റ്' എന്ന കഥയില്‍ ഒരു പ്ലസ് ടൂ അദ്ധ്യാപികയുടെ മാനസീകവ്യാപാരങ്ങളിലേക്ക് ഒരു അദ്ധ്യയനവര്‍ഷത്തെ ജൂണ്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ട് പോകുമ്പോള്‍ തകര്‍ന്ന് വീഴുന്നത് പരമ്പരാഗതമായ എഴുത്തിന്റെ ചട്ടകൂടുകളാണ്‌. കഥാപശ്ചാത്തലത്തിലെയും അവതരണത്തിലേയും പുതുമ കൊണ്ട് അസാമാന്യമായ നിലവാരം പുലര്‍ത്തുന്നു ടൈറ്റില്‍ (കവര്‍) സ്റ്റോറിയായ 'ചരക്ക് ' എന്ന കഥ. ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ യുഗത്തിന്റെയും പുത്തന്‍ ജീവിത ചുറ്റുപാടുകള്‍ തുറന്ന് കാട്ടുന്ന , ആഖ്യാനത്തിലെ വ്യത്യസ്തതകൊണ്ട് സമ്പുഷ്ടമായ ഒരു അനുഭൂതി തന്നെ ചരക്ക്.

എനിക്ക് സമാഹാരത്തില്‍ ഏറെ ഇഷ്ടപ്പെട്ടത് 'വാതപ്പരു' എന്ന കഥയാണ്‌. പുത്തന്‍ കാലത്തെ ബ്ലൂടൂത്തും, മൊബൈലും, ഇന്റെര്‍നെറ്റും, ഡിജിറ്റല്‍ ക്യാമറകളും മറ്റും എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ പച്ചയായ ആവിഷ്കാരമാണ്‌ വാതപ്പരു. ഷെറി എന്ന നായികയും അവള്‍ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന കുറെ ഉപഗ്രഹങ്ങളും അടങ്ങിയ കഥ ഇറോട്ടിക് സെക്സ് എത്രത്തോളം മലയാളിയെ കീഴടക്കി എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് പറയാം.

പുസ്തകത്തെ പറ്റി പറയുമ്പോള്‍ ദേവപ്രകാശിന്റെയും സണ്ണിജോസഫിന്റെയും സംഭാവനകളെ വിസ്മരിക്കാനാവില്ല. കഥകള്‍ക്ക് വേണ്ടി മനോഹരമായി രേഖാചിത്രങ്ങള്‍ വരച്ച ദേവപ്രകാശും അതു പോലെ തന്നെ വളരെ നൂതനമായ , വ്യത്യസ്തതയുള്ള ഒരു കവര്‍ ഡിസൈന്‍ ചെയ്ത സണ്ണിജോസഫും പ്രശംസയര്‍ഹിക്കുന്നു. പുസ്തകത്തിന്റെ മനോഹാരിതക്ക് ഇവരുടെ സംഭാവനകളെ കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ്‌ ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടി സ്മാരക പുസ്തക കവര്‍ അവാര്‍ഡ് കഴിഞ്ഞ വര്‍ഷം ദേവപ്രകാശിന്‌ ലഭിച്ചപ്പോള്‍ അതില്‍ ചരക്ക് എന്ന പുസ്തകവും ഉള്‍പ്പെട്ടിരുന്നു എന്ന വസ്തുത.

ഒരു കാര്യം ഉറപ്പിച്ച് പറയാം. കുറച്ചേ പറഞ്ഞിട്ടുള്ളൂ എങ്കിലും ഒട്ടും പതിരില്ലാതെ പറയാന്‍ ബിജുവിലെ കഥാകാരന്‌ കഴിഞ്ഞിട്ടുണ്ട്. ഓരോ കഥയുടേയൂം ആവിഷ്കാരത്തിലും ആഖ്യാനരീതിയിലും പുലര്‍ത്തുന്ന വൈവിധ്യവും നൂതനത്വവും എടുത്ത് പറയേണ്ടതാണ്‌. "വരുകാലത്ത് കഥയുടെ കണക്കെടുപ്പുകാര്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത നിലയില്‍ ബിജുവിന്റെ കഥകള്‍ മലയാളസാഹിത്യത്തിന്റെ മുന്‍‌നിരയില്‍ കസേരവലിച്ചിട്ടിരിക്കുന്നത് എനിക്ക് കാണാന്‍ കഴിയുന്നു" എന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞത് സത്യം തന്നെ എന്ന് സമാഹാരത്തിലെ ഒന്‍പത് കഥകളും അടിവരയിട്ട് പറയുന്നു. പുതു കഥയുടെ പുതിയ മുഖമായ കഥാകാരനും കഥാസമാഹാരവും തീര്‍ച്ചയായും വായന അര്‍ഹിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

Saturday, April 9, 2011

മരണം ദുർബ്ബലം

പുസ്തകം : മരണം ദുര്‍ബലം
രചയിതാവ് : കെ.സുരേന്ദ്രന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം: ഇന്ദ്രസേന



ജ്വാല ,കാട്ടുകുരങ്ങ് തുടങ്ങി വളരെ പ്രസിദ്ധമായ നോവലുകള്‍ക്ക് ശേഷം സുരേന്ദ്രന്‍ എഴുതിയതാണ് മരണം ദുര്‍ബലം. മഹാകവി കുമാരന്‍ ആശാന്റെ ജീവിതം ചുവടു പിടിച്ച് എഴുതിയത് എന്ന് പ്രചരിക്കപ്പെട്ടിരുന്നു. മായമ്മ എന്നാ ധനികയായ ഒരു ഒരു പതിനഞ്ചു കാരിയുടെ ജീവിതത്തിലേക്ക് ഏതാണ്ട് അമ്പതു വയസ്സുള്ള ഒരു ഒരു കവി കടന്നു വരികയാണ്. ഒരു കാര്‍ത്തിക നാളില്‍ മഴയത്ത് ഗെയിറ്റില്‍ വന്ന ഒരു പ്രാകൃത രൂപിക്ക് കയ്യില്‍ ഒരു പിടി അരി ഭിക്ഷയുമായി അവള്‍ ചെല്ലുകയാണ്.

അത് അയാളുടെ കയ്യില്‍ കൊടുത്തു അവള്‍ തിരിച്ചു പോരുന്നു. അത് കേരളീയ സാഹിത്യത്തിലെ അന്നത്തെ ഒരു തേജോ നക്ഷത്രമായ കവിയായിരുന്നു. വളരെ ഉയരാന്‍ സാദ്ധ്യതയുള്ള ഒരു സുന്ദരനെയാണ് അച്ഛന്‍ അവള്‍ക്ക് കണ്ടു വച്ചിട്ടുള്ളത്. ഒരിക്കല്‍ ഉന്മാദം പോലെ വന്നു സമനിലയില്‍ എത്തിയ രാധ ചേച്ചിയാണ് മായമ്മയ്ക്ക് അമ്മക്ക് പകരം. രാധയും കവിയുമായി പ്രണയത്തില്‍ ആണ് താനും. അവരുടെ വിവാഹം തീരുമാനിച്ചതും ആണ്. കൊടും കാറ്റ് പോലെയുള്ള കവിയുടെ പ്രണയം മായമ്മയുടെ അടി പതറിച്ച് കളഞ്ഞു. ഹോസ്റ്റലില്‍ നിന്നും വീട്ടില്‍ വരേണ്ടതിനു പകരം അവള്‍ കവിയുടെ പുതിയ കവിത വായിച്ചു കേള്‍ക്കാന്‍ കന്യാകുമാരിയിലേക്ക് പോവുകയാണ്. ചേതോഹരമാണ് ആദ്യ സംഗമ വർണ്ണന തന്നെ. പിന്നെ കവി സ്വന്തം കവിത വായിച്ചു കേള്‍പ്പിക്കുകയാണ്.

അവരുടെ ബന്ധം അറിഞ്ഞു രാധ ഏതാണ്ട് പൂര്‍ണ ഭ്രാന്തിയാവുകയാണ്. പിന്നെ രാധ ആത്മഹത്യ ചെയ്യുന്നു. കുറ്റ ബോധാതാല്‍ നീറുന്ന മായമ്മ കവിയെ ഉപേക്ഷിക്കുന്നു. കവി സമൂഹത്തിലെ ഒരു ഉയര്‍ന്നു വരുന്ന യുവ നേതാവായ യശോധയെ വിവാഹം ചെയ്യുന്നു. യശോധ ഗര്‍ഭിണി ആവുമ്പോള്‍ കവി മായമ്മയോട് പറയുന്നുണ്ട്. അത് തപാല്‍ പെട്ടിയില്‍ ഇട്ട കത്തുകള്‍ പോലെയാണ്. നിനക്ക് ഉള്ളവയാണെന്ന്. യശോദയോട് പിണങ്ങി കവി മായമ്മയോട് കൂടെ താമസം ആരംഭിക്കുന്നു.

മക്കള്‍ രണ്ടു പേരും മായമ്മയുടെ മക്കള്‍ പോലെ തന്നെ വളരുന്നു. ഒരു അപകടത്തില്‍ കവി മരിക്കുമ്പോള്‍ അതും യശോദ കവിയെ വണ്ടിയില്‍ നിന്നും തള്ളിയിട്ടതാണ് എന്നും കേള്‍ക്കുന്നുണ്ട്. മായമ്മ വീണ്ടും തനിയെ ആകുന്നു. മായമ്മയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് ഈ പുസ്തകം. കെ.സുരേന്ദ്രന്റെ ചേതോഹരമായ ഒരു രചന.

Wednesday, April 6, 2011

മലയാളപ്പച്ച

പുസ്തകം: മലയാളപ്പച്ച
രചയിതാവ് : പി. സുരേന്ദ്രൻ
പ്രസാധകര്‍ : കൈരളി ബുക്സ് - (70 രൂപ)
അവലോകനം : ലതി (ലതിക സുഭാഷ്)



“സ്ഫടികം കൊണ്ട് ഉണ്ടാക്കിയ വിരലുകൾ പോലെ പുല്ലിലെ വേരുകളിൽ ജലം തൂങ്ങി നിൽക്കും. പുല്ലിലെ ഐസ് എന്നാണു പറയുക. പെരുമഴക്കിടയിൽ വെയിൽ തെറിക്കുമ്പോൾ അത് വൈഢൂര്യം പോലെ തിളങ്ങും. വേലികളിലെ ഈ വൈഢൂര്യത്തിളക്കങ്ങൾ മഴക്കാലത്തിന്റെ മാത്രം ചന്തമായിരുന്നു. ഹിമം പോലെ തണുപ്പാണ് പുല്ലിലെ ജല വിരലുകൾക്ക്. ഞങ്ങളത് പറിച്ചെടുത്ത് കൺപോളകളിൽ വയ്ക്കും. ചർമ്മത്തിന്റെ ചൂടുകൊണ്ട് അതുരുകി കവിളിലൂടെ ഒലിക്കും.”

(മലയാളപ്പച്ച - പി. സുരേന്ദ്രൻ)
*******************

'ഒരു ലേഖനം മുഴുവൻ ഞാറപ്പഴങ്ങളെക്കുറിച്ചും തെച്ചിപ്പഴങ്ങളെക്കുറിച്ചുമാണ്. വേറൊന്ന് പൂച്ചകളെക്കുറിച്ചും കിളികളെക്കുറിച്ചുമാണ്. ഇനിയൊന്ന് ചക്കകളെക്കുറിച്ച്. മറ്റൊന്ന് മാമ്പഴങ്ങളെക്കുറിച്ച്. അപ്പോഴേക്കും മഴയെക്കുറിച്ച്, കുളങ്ങളെക്കുറിച്ച്... ഓണം , വിഷു, ഉത്സവങ്ങൾ. ലേഖനങ്ങളെന്നാണോ കഥകളെന്നാണോ പറയേണ്ടതെന്നറിയില്ല. ഓർമ്മകളാണോ സ്വപ്നങ്ങളാണോ എന്ന് തിരിച്ചറിയാനാവുന്നില്ല. ഓരോ വാക്കിലും ഒരു പഴയ കുട്ടി. ഒരു കളിപ്പാട്ടത്തിന്റെ ഇതളുകൾ വിടർത്തിയടർത്തുന്നപോലെ ആഹ്ലാദങ്ങളുടേയും വേദനകളുടെയും രഹസ്യച്ചെപ്പുകൾ തുറന്നടച്ച് രസിക്കുന്നു’

(മോഹനകൃഷ്ണൻ കാലടി മലയാളപ്പച്ചയ്ക്ക് എഴുതിയ അവതാരികയിൽ നിന്ന്)
***********************

ടക്കോട്ടു പോകുന്തോറും നന്മ ഏറിയേറി വരുമെന്ന വർത്തമാനം പണ്ടേ കേട്ടിട്ടുള്ളതാണ്. അതൊട്ടൊക്കെ ശരിയാണെന്നും തോന്നിയിരുന്നു. പക്ഷേ ഏറനാടൻ ബാല്യവും മധ്യതിരുവിതാംകൂർ ബാല്യവും തമ്മിൽ ഇത്രയേറെ സാദൃശ്യമുള്ളതായി തോന്നിയത് സുരേന്ദ്രൻ മാഷിന്റെ (പി.സുരേന്ദ്രൻ) ‘മലയാളപ്പച്ച’ എന്ന പുസ്തകം ഒറ്റയിരിപ്പിനു വായിച്ചപ്പോഴാണ്.(2007 നവംബറിൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ഞാൻ വായിക്കാൻ വൈകി.)

നാലു പതിറ്റാണ്ടിനപ്പുറത്തെ ബാല്യമാണിതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. അത് മാഷിന്റെ ബാല്യം മാത്രമല്ലെന്നു തോന്നിപ്പോയി. എന്റെ പ്രിയച്ചേച്ചിയുടേയും, കുഞ്ഞാങ്ങളയുടേയും ഞങ്ങളോടൊപ്പം വളർന്ന് നാല്പതും അൻപതും വയസ്സു കടന്നു പോയ പരശതം കോട്ടയത്തുകാരുടേയും ബാല്യ കൗമാരങ്ങളെക്കുറിച്ചാണ് മാഷ് എഴുതിയത്.

‘സഞ്ചാരിയുടെ ദേശങ്ങൾ’ എന്ന എന്ന ആദ്യ അദ്ധ്യായം വായിച്ചപ്പോൾ ഞാനും എന്റെ ഗ്രാമത്തിൽ ചുറ്റിക്കറങ്ങുകയായിരുന്നു. സുരേ, എന്നും സുരേട്ടാ എന്നും കുഞ്ഞാ എന്നുമൊക്കെ ഗ്രന്ഥകാരനെ വേണ്ടപ്പെട്ടവർ വിളിക്കുന്നതിനെക്കുറിച്ചു വായിച്ചപ്പോൾ ഞാനെന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും ലതിയായി. എന്നെ സ്നേഹപൂർവ്വം ലതി എന്നു വിളിച്ച് ഹൃദയം കവരുന്ന എന്റെ ഗ്രാമീണരുടെ നന്മ ഞാന്‍ വീണ്ടും തൊട്ടറിഞ്ഞ നിമിഷങ്ങളിൽ കണ്ണുകൾ എപ്പോഴൊക്കെയോ കവിഞ്ഞൊഴുകി. എന്നിലെ ആറുവയസ്സുകാരി തെക്കേലെ മൂവാണ്ടന്മാവിന്റെ കൊമ്പിൽ കയറിയിരുന്ന്, എന്റെ അമ്മ പ്രസവിക്കാത്ത, സുരേന്ദ്രന്‍ മാഷിനെ, അറിയാതെ എന്റെകുഞ്ഞേട്ടാ.....എന്ന് ഉച്ചത്തിൽ വിളിച്ചു പോയി. എഴുത്തുകാർ ദേശത്തിന്റെ തടവുകാർ തന്നെ.

വകയിലുള്ള ആങ്ങളമാരുടേയും ചേച്ചിമാരുടേയും കല്യാണം കഴിയുമ്പോൾ അവരുടെ കൈപിടിച്ച് വിരുന്നു പോയി, ഒരുപാടു പലഹാരങ്ങൾ തിന്നിരുന്ന അനിയത്തിക്കുട്ടിയായി ഞാൻ. ഒന്നു മുതൽ ഏഴു വരെ പഠിച്ച വെട്ടിമുകൾ സെന്റ് പോൾസും, അങ്ങോട്ടു പോകുമ്പോഴത്തെ അനുഭവങ്ങളുമൊക്കെ ഒന്നൊന്നായി ഓടിയെത്തി. ഇടവപ്പാതിയിലും കർക്കിടകത്തിലുമൊക്കെ നാട്ടുവഴികൾ ചെറിയ ഒഴുക്കുള്ള പുഴകളാകുമ്പോൾ അതിൽ പടക്കം പൊട്ടിക്കുന്ന രീതി. ഹായ് ഏറനാടായാലും കുട്ടനാടായാലും ഇടനാടായാലും മലനാടായാലും പിള്ളേരെല്ലാം ഒന്നായിരുന്നു അല്ലേ!!

മഴക്കാഴ്ചകളുടെ കാലം, മാമ്പഴക്കാലം, പ്ലാവുകൾ കനിയുന്ന കാലം.. അങ്ങനെ എന്തെല്ലാം കാലങ്ങൾ! ഇടിച്ചക്കത്തോരനും ചക്കത്തോരനും ചക്കപ്പുഴുക്കും ചക്ക അവിയലും കൂഞ്ഞിലു തോരനും എരിശ്ശേരിയും ചക്കക്കുരൂം മാങ്ങേം ചക്ക ഉപ്പേരിം ചക്കക്കുരു മെഴുക്കുപുരട്ടീം തോരനും പച്ചച്ചക്കച്ചുളയും പുളിഞ്ചുളയും ചക്കപ്പഴവും ചക്ക വരട്ടിയതും ചക്കപ്പായസ്സവും ഇടനയിലയിലും വാഴയിലയിലും വട്ടയിലയിലുമൊക്കെ മാറിമാറി ഉണ്ടാക്കുന്ന കുമ്പിളപ്പവുമൊക്കെ അടുക്കളകളെ അടക്കിഭരിച്ചിരുന്ന കാലം. കഴിഞ്ഞ നാലു പതിറ്റാണ്ടായി തിന്നു കൊതിതീരാത്ത പച്ചച്ചക്കച്ചുളയുടെ കാര്യമോർത്തപ്പോൾ എന്റെ വായിൽ വെള്ളമൂറിയോ? കുട്ടിയായിരിക്കുമ്പോൾ അമ്മ പേടിച്ചിരുന്നു, ഇങ്ങനെ പച്ചച്ചക്ക തിന്നാൽ വയറുവേദന ഉണ്ടാകുമോ എനിക്കെന്ന്! പക്ഷേ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ഇന്നും എനിയ്ക്കു പഴുത്ത ചക്കയെക്കാൾ ഇഷ്ടമാണ് പച്ചച്ചക്കച്ചുളയോട്.

എപ്പോഴെങ്കിലും എന്നെ കൂടുതൽ ആകർഷിച്ച ഒരേയൊരു ഭക്ഷണ സാധനമിന്നും അതു തന്നെയാവും. സ്ക്കൂളിലെ വെള്ളിയാഴ്ചകളുടെ ഉച്ചയൂണുകൾ, പിന്നെയുള്ള വിശ്രമനേരത്തെ സാറും കുട്ടീം കളി, പള്ളിപ്പറമ്പിലെല്ലാം കാട്ടുചെടികളും പൂക്കളും പഴങ്ങളും പരതിയുള്ള നടത്തം എല്ലാം കഴിഞ്ഞ്, അല്പം കുറ്റബോധത്തോടെ ബെല്ലടിച്ചു കഴിഞ്ഞ്, ക്ലാസ്സിലേയ്ക്കുള്ള ഓട്ടം. അമ്മോ!! ആ അണപ്പ് ഇന്നും മാറീട്ടില്ല.

കുറ്റങ്ങളെല്ലാം അയ്യപ്പസ്വാമിയോടും ഏറ്റുമാനൂരപ്പനോടും ഗുരുവായൂരപ്പനോടും പറയാൻ സന്ധ്യാവേളകളിൽ ഒരുപാടു സമയം ലഭിച്ചിരുന്നു, അന്ന്. ഈശ്വരഭജനം എന്ന പ്രാർത്ഥന ഹൃദിസ്ഥമാക്കിയത് വഴിത്തിരിവായി. ഏക ദൈവത്തോടുള്ള പ്രാർത്ഥനയിലേയ്ക്ക് തിരിഞ്ഞത് അപ്പോഴാകാം.

സർവ രക്ഷകാ ദേവാ നമസ്തുതേ
സർവ രക്ഷകാ ദേവാ നമസ്തുതേ
സർവ രക്ഷകാ ദേവാ നമസ്തുതേ
സർവ രക്ഷകാ ദൈവമേ പാഹിമാം ....എന്നു തുടങ്ങുന്ന പ്രാർത്ഥന.

ജീവിതത്തിനു വേണ്ട സസ്യാദികൾ
ഊർവിയിൽ കാലാകാലം വിളയുവാൻ
സർവ്വ കാരുണ്യമേകുമാറാകണം
സർവനായകാ ദൈവമേ പാഹിമാം

തന്നിലേറിടും സ്നേഹാമൃതം പോലെ
അന്യരുംഞാനുമൊന്നുപോലെന്നുമേ
സ്നേഹമുള്ളവരായ് വസിച്ചീടണം
പ്രേമരൂപാ ജഗദീശപാഹിമാം

എന്റെതെന്നുമഹമെന്നുമുള്ള
ദുശ്ചിന്തവിട്ടീട്ട് ലോകം തറവാടായ്
സന്തതം നിരൂപിപ്പാനനുഗ്രഹം
നൽകിടേണമേ ദൈവമേ പാഹിമാം.

ഇന്നും ഒരു നേരമെങ്കിലും ഞാൻ ഉരുവിടുന്ന സാമാന്യം ദൈർഘ്യമുള്ള ഈ പ്രാർത്ഥനയാണ് പുതിയ ഏതറിവിനെക്കാളും ശക്തമായി എന്നെ നയിക്കുന്നത്.

ഈശ്വരാ!! മലയാളപ്പച്ച വായിച്ചതിനെക്കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോൾ മലവെള്ളപ്പാച്ചിലായി വന്ന ഓർമ്മകൾ എന്റെ എഴുത്തിനെ വഴിതെറ്റിച്ചിരിക്കുന്നു. ഓരോ വായനക്കാരനേയും പിടിച്ചു വലിച്ച് ബാല്യ കൗമാരങ്ങളിലേയ്ക്ക് കൊണ്ടുപോകുന്ന അതിശക്തമായ ജീവിതാവിഷ്ക്കാരം.

ഇനി ഞാൻ തുടരുന്നില്ല. ഒന്നു പറയാം. ഞാനും എന്റെ പ്രായക്കാരായ പലരും എഴുതാതെ പോയ ഓർമ്മക്കുറിപ്പുകളാണേ ഇത്. ഒരുപാടൊരുപാടു കൂട്ടിച്ചേർക്കാനുണ്ടെനിക്ക്. അല്ലെങ്കിൽ വേണ്ട. സുരേന്ദ്രൻ മാഷിന് ഇങ്ങനെ എഴുതാൻ തോന്നിയല്ലോ. എല്ലാവർക്കും ഇതു പറ്റില്ല. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് വേണ്ടപോലെ ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. അത്തരം കഴിവുകളാൽ അനുഗൃഹീതനായ ഈ എഴുത്തുകാരന്റെ ‘മലയാളപ്പച്ച’ ഇനിയും ഒരുപാട് വായനക്കാരുടെ മനസ്സു കുളിർക്കാനിടയാക്കട്ടെ.

Sunday, April 3, 2011

ഹോളി ആക്ടര്‍

പുസ്തകം: ഹോളി ആക്‌ടര്‍(ഓര്‍മ്മപ്പുസ്‌തകം)
രചയിതാവ് : ഭാനുപ്രകാശ് (എഡിറ്റര്‍)
പ്രസാധകര്‍ : ഒലിവ് - പാപ്പിയോണ്‍ , കോഴിക്കോട്
അവലോകനം : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍


















ഭിനയത്തെക്കുറിച്ച്‌ കിഴക്കിനും പടിഞ്ഞാറിനും പിണങ്ങിപ്പിരിയുന്ന സങ്കല്‌പങ്ങളാണുള്ളത്‌. കിഴക്കു തന്നെയും പരസ്‌പര വിരുദ്ധമായ ചില നിലപാടുകളും തുടരുന്നു. അതിനാല്‍ ഒരു നടനെയോ, നടിയെയോ വിലയിരുത്തുമ്പോള്‍ വ്യത്യസ്‌ത സമീപനങ്ങള്‍ സ്വാഭാവികം. ഏതെങ്കിലും ഒരു നടനെ ഇന്ത്യയില്‍ `സമ്പൂര്‍ണ്ണ നടന്‍'എന്ന്‌ വിശേഷിപ്പിച്ചതായി കണ്ടില്ല. പോളിഷ്‌ സംവിധായകന്‍ ഗ്രോട്ടോവിസ്‌കിയുടെ `ഹോളി ആക്‌ടര്‍' പ്രയോഗം നല്‍കി നടന്‍ മുരളിയെ ആദരിക്കുന്ന പുസ്‌തകമാണ്‌ ഭാനുപ്രകാശ്‌ എഡിറ്റ്‌ ചെയ്‌ത `ഹോളി ആക്‌ടര്‍'.

മുരളി എന്ന നടനും എഴുത്തുകാരനും രാഷ്‌ട്രീയക്കാരനും വിലയിരുത്തുന്നതോടൊപ്പം അദ്ദേഹത്തെ ഗൃഹനാഥന്‍ എന്ന സ്ഥാനത്തുനിര്‍ത്തിയും ഈ സമഗ്ര പഠന/നിരീക്ഷണ കൃതി അടയാളപ്പെടുത്തുന്നു. മുരളിയെ കണ്ടു നേടിയ അിറവും മുരളിയെപ്പറ്റി അലഞ്ഞുനേടിയ അറിവും ഹോളി ആക്‌ടറില്‍ മേളിക്കുന്നു.പ്രതിച്ഛായ, രംഗഭൂമി, വെള്ളിത്തിര, എഴുത്ത്‌, അനുഭവം, സംഭാഷണം, ആത്മകഥനം, ചലച്ചിത്രരേഖ എന്നിങ്ങനെ എട്ടു ഭാഗങ്ങളായിട്ടാണ്‌ ലേഖനങ്ങള്‍ ഈ പുസ്‌തകത്തില്‍ ചിട്ടപ്പെടുത്തിയത്‌. 704 പേജുകളില്‍ 111 എഴുത്തുകാരുടെ നിരീക്ഷണങ്ങളും കാഴ്‌ചപ്പാടുകളും ഹോളി ആക്‌ടറിലുണ്ട്‌.

ഒരു നടനെക്കുറിച്ചുള്ള സമഗ്രചിത്രം എന്ന നിലയില്‍ മികവുറ്റ കൃതിയാണിത്‌.അവതാരികയില്‍ എം. ടി. വാസുദേവന്‍ നായര്‍ എഴുതി:`സംവിധായകന്‍ തനിക്കനുവദിച്ചിട്ടുള്ളത്രയും സമയം വേദിയില്‍ ക്ലേശിക്കുകയും സന്തോഷിക്കുകയും കിതയ്‌ക്കുകയും ചെയ്‌തശേഷം അനന്തമായ നിശ്ശബ്‌ദതയിലേക്ക്‌ സ്വയം അലിഞ്ഞു ചേരുന്ന ഒരു പാവം നിഴല്‍നാടകക്കാരനാണ്‌ ജീവിതം. ഒരു നടനാകട്ടെ ജീവിതമെന്ന വലിയ ക്യാന്‍വാസില്‍ തനിക്കു ചുറ്റും അഭിനയിച്ചുകൊണ്ടിക്കുന്നവരായും അഭിനയിച്ചു കഴിഞ്ഞവരായും അഭിനയിക്കാന്‍ പോകുന്നവരായും കേവലം ഭാവനാസൃഷ്‌ടികളായും തന്റെ കൊച്ചു ക്യാന്‍വാസില്‍ പകര്‍ന്നാടാന്‍ നിയോഗിക്കപ്പെട്ടവനും. അതുകൊണ്ടുതന്നെ വ്യക്തമായ ജീവിതവീക്ഷണവും ജീവിതനിരീക്ഷണവും ഒരു നടന്‌ അനിവാര്യമായിത്തീരുന്നു. ഇവയുടെ രൂപീകരണത്തിനും സ്വാംശീകരണത്തിനുമാകട്ടെ നാനാതരത്തിലുള്ള ജീവിതാനുഭവങ്ങളും സാമൂഹ്യാവബോധവും ആവശ്യമാണ്‌. അങ്ങനെ സ്വന്തം ജീവിതം തന്നെ ദക്ഷിണയായി നല്‍കി നേടിയെടുക്കുന്ന വീക്ഷണങ്ങളും നിരീക്ഷണങ്ങളും ജന്മസിദ്ധമായ പ്രതിഭയുമായി മേളിക്കുമ്പോഴാണ്‌ ഒരു നടന്‍ പിറവിയെടുക്കുന്നത്‌. അത്തരം നടനായിരുന്നു മുരളി'.- എം. ടി. ഓര്‍മ്മപ്പെടുത്തുന്നതുപോലെ മുരളിയുടെ അഭിനയകല സമഗ്രജ്‌ഢാനത്തിന്റെ ശരീരബാഷയായിരുന്നു. അതുതന്നെയാണ്‌ അദ്ദേഹത്തെ മലയാളചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്‌. മുരളിയുടെ ശരീരഭാഷയിലേക്കും ഭാവാഭിനയത്തിലേക്കുമുള്ള വാതായനമാണ്‌ ഭാനുപ്രകാശ്‌ തയാറാക്കിയ `ഹോളി ആക്‌ടര്‍'.

പ്രതിച്ഛായ എന്ന ഭാഗത്ത്‌ സുകുമാര്‍ അഴീക്കോട്‌, കെ. പി. അപ്പന്‍, എം. എന്‍. വിജയന്‍, കെ. ജി. ശങ്കരപ്പിള്ള, ചുള്ളിക്കാട്‌, പിണറായി വിജയന്‍, വീരേന്ദ്രകുമാര്‍, സമദാനി, റസൂല്‍പൂക്കുട്ടി തുടങ്ങി ശ്രീകാന്ത്‌ കോട്ടക്കല്‍വരെ മുരളിയുടെ ധിഷണാവിലാസം വിശകലനം ചെയ്യുന്നു. രംഗഭൂമിയില്‍ നാടകക്കാരനായ മുരളിയെ എഴുതുകയാണ്‌ അയ്യപ്പപ്പണിക്കര്‍, കാവാലം, വ.യലാ വാസുദേവന്‍പിള്ള, നരേന്ദ്രപ്രസാദ്‌, കെ.സി.നാരായണന്‍ മുതലായവര്‍. അടൂര്‍, കെ.ജി.ജോര്‍ജ്ജ്‌,ടി.വി. ചന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍, പി.ടി.കുഞ്ഞുമുഹമ്മദ്‌, സത്യന്‍ അന്തിക്കാട്‌, സിബി, കമല്‍, പ്രിയനന്ദനന്‍, ലോഹിതദാസ്‌, ഭരത്‌ ഗോപി, മമ്മൂട്ടി, മോഹന്‍ലാല്‍, തിലകന്‍, തുടങ്ങിയവര്‍ വെള്ളിത്തിരയിലെ മുരളിയെ തിരിച്ചറിയുന്നു. മുരളി എന്ന എഴുത്തുകാരനെപ്പറ്റിയാണ്‌ സച്ചിദാനന്ദന്‍, പി. ഗോവിന്ദപിള്ള, അക്‌ബര്‍ കക്കട്ടില്‍, പ്രേംചന്ദ്‌, ബാബുജോണ്‍ എന്നിവര്‍ പറയുന്നത്‌. അനുഭവത്തില്‍ ടി. പത്മനാഭന്‍, കാക്കനാടന്‍, എം. മുകുന്ദന്‍,കൈതപ്രം, എ. അയ്യപ്പന്‍, പന്ന്യന്‍ രവീന്ദ്രന്‍, ജെ. ആര്‍. പ്രസാദ്‌, വി. കെ. ജോസഫ്‌ തുടങ്ങിയവരുടെ നിരീക്ഷണങ്ങളുണ്ട്‌. ശൈലജ മുരളി `അയാള്‍' എന്ന ശീര്‍ഷകത്തില്‍ എഴുതി:`നീണ്ട ഷെഡ്യൂള്‍ ഉള്ള ഏതോ ഷൂട്ടിങ്ങിലാണ്‌ അയാള്‍.ഏറെ വൈകാതെ മടങ്ങിവരും എന്നു മാത്രമേ ആ വിയോഗത്തെക്കുറിച്ച്‌ എനിക്കിപ്പോഴും വിചാരിക്കാന്‍ കഴിയുന്നുള്ളൂ. അയാള്‍ (മുരളിയെ ഞാന്‍ വിളിച്ചിരുന്നത്‌ അങ്ങനെയാണ്‌. സഹോദരങ്ങള്‍ അയാളെ സ്‌നേഹത്തോടെ അങ്ങനെയാണ്‌ വിളിക്കുന്നത്‌ കേട്ടാണ്‌ ഞാനും വിളിച്ചിരുന്നത്‌) അവശേഷിപ്പിച്ച ശൂന്യതയിലേക്ക്‌ പലപ്പോഴും ആ മുഖം കുടുംബനാഥന്റെ സൗമ്യതയുമായി കടന്നുവരാറുണ്ട്‌'.

മുരളിയുടെ ജീവിതത്തിലെ ഓരോ അധ്യായവും ഇങ്ങനെ നിവര്‍ത്തിയിടുകയാണ്‌ ഈ ഗ്രന്ഥത്തില്‍. ലേഖനങ്ങള്‍ ക്രമീകരിക്കുന്നതില്‍ ഭാനുപ്രകാശ്‌ പ്രകടിപ്പിച്ച സൂക്ഷ്‌മതയും കഠിനശ്രമവും ഹോളി ആക്‌ടറിന്റെ ഓരോ പേജിലും പ്രതിഫലിക്കുന്നു.ഒരു നടന്റെ ഉള്ളിലും പുറത്തുമായി നില്‍ക്കുന്ന വിശാല ലോകങ്ങളെ കൂട്ടിയിണക്കുന്ന ശ്രമകരമായ ജോലിയാണ്‌ ഭാനുപ്രകാശിന്റെ എഡിറ്റിംഗ്‌. ലേഖന സമാഹരണവും ഒരു കലയാണെന്ന്‌ ഹോളി ആക്‌ടര്‍ സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും മലയാളത്തിലിറങ്ങുന്ന ഓര്‍മ്മപ്പുസ്‌തകങ്ങള്‍ കേവലം കൗതുകത്തിനോ, വിപണനത്തിനോ ഊന്നല്‍ നല്‍കി എഡിറ്റര്‍മാര്‍ പിന്‍വാങ്ങുമ്പോള്‍ `ഹോളി ആക്‌ടറി'ന്റെ സര്‍ഗാത്മകരചനയുടെ ഔന്നിത്യത്തിലെത്തുന്നു സമാഹരണ കര്‍മ്മം. ലേഖനങ്ങളും ഫോട്ടോകളും അപൂര്‍വ്വ കണ്ടെത്തലുകളും ശേഖരിത്താല്‍ മാത്രംപോരാ. അത്‌ സൗന്ദര്യബോധത്തോടെ പ്രസിദ്ധീകരിക്കുമ്പോഴാണ്‌ എഡിറ്ററുടെ ജോലി ഫലവത്താകുന്നത്‌.

ഹോളി ആക്‌ടര്‍ പോലുള്ള ഒരു പുസ്‌തകത്തിന്റെ പ്രസാധന ചുമതല ഏറ്റെടുത്ത ഒലിവ്‌ പബ്ലിക്കേഷന്‍സിന്റെ ദൗത്യം പ്രശംസനീയമാണ്‌. നല്ല കൃതിക്കും എഴുത്തുകാരനും ആത്മാര്‍ത്ഥതയുള്ള പ്രസാധകരും അനിവാര്യമാണ്‌. സാംസ്‌കാരിക ദാത്യമാണത്‌. `ഹോളി ആക്‌ടറി'ല്‍ ഒലിവ്‌ വ്യക്തമാക്കിയതും മറ്റൊന്നല്ല.മുരളി എന്ന നടന്റെ, വ്യക്തിയുടെ കര്‍മ്മമേഖലകളിലൂടെയും സൗഹൃദങ്ങളിലൂടെയും സഞ്ചരിച്ചതിന്റെ സാക്ഷ്യപത്രമാണിത്‌. യൗവ്വനം കവിതകളിലൂം നാടകങ്ങളിലും ഉഴുതുമറിച്ച ഒരു മനുഷ്യന്റെ നിശ്ശബ്‌ദവും ശബ്‌ദമുഖരിതവുമായ അന്തരീക്ഷം ഈ പുസ്‌തകത്തിലുണ്ട്‌. അതിന്റെ നേരിയ ശബ്‌ദമോ, ഇടവേളകളിലെ മൗനമോ വിട്ടുപോകാതെ കരുതിവെക്കാന്‍ ഭാനുപ്രകാശിന്‌ സാധിച്ചിട്ടുണ്ട്‌. മുരളിയുടെ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങളിലെ നിരവദി ഫോട്ടോകളും കമനീയ അച്ചടിയും ഹോളി ആക്‌ടറിന്റെ മേന്മ വര്‍ദ്ധിപ്പിക്കുന്നു. എഴുത്തുകാരന്റെയും പ്രസാധകന്റെയും മൂല്യബോധം ഉള്‍ക്കൊള്ളുന്ന മലയാളത്തിലെ അപൂര്‍വ്വ ഗ്രന്ഥമാണ്‌ ഹോളി ആക്‌ടര്‍.

മുരളിയുടെ ജീവിതമുദ്രകളുടെ ദീപ്‌തി. മുരളിയിലേക്കെന്നപോലെ മലയാളസിനിമയിലേക്കും നാടകത്തിലേക്കും തുറന്നിട്ട ജാലകം. പുതിയ തലമുറ മുരളിയെ ഹോശി ആക്‌ടറിലൂടെ സൂക്ഷ്‌മതയോടെ കാണാതിരിക്കില്ല. ( വില-450 രൂപ)