Saturday, March 31, 2012

ശിലാപത്മം

പുസ്തകം : ശിലാപത്മം
രചയിതാവ്: പ്രതിഭാ റായ് / വിവര്‍ത്തനം : പി. മാധവന്‍പിള്ള

പ്രസാധകര്‍ : ‍കറന്റ് ബുക്സ്, തൃശൂര്‍

അവലോകനം : ഇന്ദ്രസേനറീസയെന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വിടരുന്ന ഓര്‍മ്മകള്‍ കൊണാർക്കിലെ സൂര്യ ക്ഷേത്രവും
അതിലെ നമ്മുടെ ദേശീയ പതാകയിലെ ചക്രവും ആണ്. ആ ക്ഷേത്ര സമുച്ചയവും അതിന്റെ നിര്‍മാണവും.. അതിനോട് ഇഴ ചേര്‍ന്നുള്ള അതി മനോഹരമായ ഒരു നോവല്‍ ആണിത്.

ചാള്‍സ് എന്ന വിദേശ സഞ്ചാരി തന്റെ ഗവേഷണത്തിനായി കൊണാര്‍ക്കില്‍ എത്തുന്നു. ക്ഷേത്ര പരിചയം, ഒപ്പം അവിടെ അയാള്‍ പരിചയപ്പെടുന്ന വിവിധ കഥാ പാത്രങ്ങള്‍ എത്രയോ അഗണ്യര്‍ രതി ചിത്രങ്ങളുടെ വില്പ്പ്പനക്കാരന്‍ ആയ ധര്‍മന്‍, നൂറ്റാണ്ടുകള്‍ ആയി ജീവിക്കുന്നു എന്ന് നമുക്ക് തോന്നുന്ന കുശി അമ്മൂമ്മ. ഭര്‍തൃ വീട്ടില്‍ അവര്‍ ചെന്ന് കയറുമ്പോള്‍ എട്ടു വയസ്സ്. അപ്പോള്‍ ഭര്‍ത്താവിനു പ്രായം ഇരുപത്തി ഒന്‍പതു. അയാള്‍ പുറത്തു പോയതാണ്.ബാലിക വധുവിനെ കാണുന്നില്ല. മരിച്ചു പോകുകയാണ്. ഒരു താളിയോല ഗ്രന്ഥം മാത്രമാണ് വധുവിനു കിട്ടുന്നത്. കന്യകയായ അവള്‍ വിധവയായി ജീവിക്കുന്നു. മണ്ണില്‍ ദേവ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വിറ്റു. ഒരു കുടിലില്‍, ആരോടും പരിഭവമില്ലാതെ.

വിഷ്ണു എന്ന വൃദ്ധ സന്യാസി. ക്ഷേത്ര നിര്‍മാണ കഥകളുടെ ഒരു കലവറയാണ് അദ്ദേഹം. പൂ വില്‍ക്കുന്ന ചിത്ര. പൂക്കള്‍ വിറ്റു കിട്ടുന്ന പണം അച്ഛനെ ഏല്‍പ്പിക്കുകയാണ് അവള്‍. പതിനാല് വയസില്‍ അവളുടെ വിവാഹം ആണ്. പ്രാചി അവള്‍ ഒരു ഗവേഷണ വിദ്യാര്‍ഥിനി ആണ്. മറ്റൊരു കല്‍പ്രതിമ എന്ന പോലെ തൊട്ടു നോക്കാന്‍ കയ്യ് നീട്ടിയപ്പോള്‍ പുറകോട്ടു പോയ ഒരു ശിലാ വിഗ്രഹം പോലെ സുന്ദരി. ചാള്‍സിന്റെ കൂട്ടുകാരി ആവുന്നു. പ്രണയം എന്നാല്‍ കാമം,സംഭോഗം എന്ന ലഖു സമ വാക്യം മാത്രം അറിയുന്ന ചാള്‍സിനു അവളെ ,ഭാരതത്തെ ,ഭാരത സ്ത്രീയെ , മനസിലാക്കാന്‍ ആവുന്നില്ല. ഒരിക്കലും കാണാത്ത ഭര്‍ത്താവിനായുള്ള കുശി അമ്മൂമ്മയുടെ വ്യര്‍ത്ഥ ജീവിതം അയാള്‍ക്ക്‌ മനസിലാവുന്നില്ല. ചാള്‍സിനു അവളോടുള്ള പ്രണയം. അത് സ്വീകരിക്കാന്‍ ആവാത്ത പ്രാചിയുടെ നിസ്സഹായത.

എന്നാല്‍ നോവലിനെ മനോഹരമാക്കുന്നത് നരസിംഹ മഹാരാജാവിന്റെ കാലത്ത് പണി കഴിപ്പിച്ച ഈ ക്ഷേത്രം തന്നെയാണ്. രാജ്യം എങ്ങുമുള്ള ശില്‍പ്പികള്‍ വൃത നിഷ്ടയോടെ ഈ ജോലിയില്‍ മുഴുകുകയാണ്. പൂര്‍ണ ബ്രഹ്മചര്യം. വിധിയാം വണ്ണം ഭക്തി നിര്‍ഭരമായ ജീവിതം. അതാണ്‌ ശില്പ്പികളുടെത്. അതില്‍ കമല്‍ എന്ന ശില്‍പ്പിയുടേയും അയാളയുടെ ഭാര്യ ആയ ചന്ദ്ര ഭാഗയുടെയും മനോഹര പ്രണയ കഥയുടെ ഇതള്‍ വിരിയുന്നതും ഈ നോവലില്‍ നമുക്ക് കാണാം.

വധു തന്റെ വീട്ടില്‍ എത്തുന്നതിനു കുറച്ചു മുന്‍പ് കമലിന് ശില്‍പ്പ നിര്‍മാണത്തിനായി കൊണാര്‍ക്കിലേക്ക് പോരേണ്ടി വന്നു. ഇനി പന്ത്രണ്ട് കൊല്ലം കഴിയാതെ നാട്ടില്‍ എത്തില്ല ഭര്‍തൃഗൃഹം ഒരു ചൂള പോലെ അവളെ നീറ്റുകയാണ്. വേഷം മാറി നടക്കുന്ന രാജാവ് ആദ്യത്തെ അപകടത്തില്‍ നിന്നും അവളെ രക്ഷിക്കുന്നു. വിധി പിന്നെയും അവളെയും രാജാവിനെയും കൂടി മുട്ടിക്കുന്നു. വീണ്ടും രണ്ടു പ്രാവശ്യം അവര്‍ പരസ്പരം കണ്ട് മുട്ടുന്നു. നിയോഗം. വിധി. അതിന്റെ കയ്യിലെ കളിപ്പാവകള്‍ തന്നെ മനുഷ്യന്‍ !! ഒരിക്കലും കാണാത്ത ഭര്‍ത്താവിനെ പൂര്‍ണ പ്രണയത്തോടെ കാത്തിരിക്കുന്ന ചന്ദ്ര ഭാഗ. അവള്‍ക്കായി കാലം എന്താവും കാത്തു വച്ചിരിക്കുക. ആ തീക്ഷ്ണ ത്യാഗത്തിന്റെ കഥയും ഇതില്‍ ഉള്‍ചേര്‍ന്ന് കിടക്കുന്നു.

ശില്പങ്ങള്‍ക്ക് മോഡല്‍ ആയി നില്‍ക്കാന്‍ പ്രധാന ശില്‍പ്പി സുദത്തന്റെ മകള്‍ തയ്യാറായി വരികയാണ്‌. അതിസുന്ദരിയായ അവളാണ് ഇപ്പോഴത്തെ കൊണാര്‍ക്കിലെ പല പ്രശസ്ത ശിൽപ്പങ്ങളുടെയും മോഡല്‍ എന്നതാണ് വാസ്തവം. അച്ഛന്‍ അറിയതെ എന്നും അവള്‍ കമലിന് മുന്നില്‍ ഏകാഗ്രതയോടെ ഇരുന്നു കൊടുക്കുന്നു. അദ്ദേഹം ഇതറിയുമ്പോള്‍ പരിഭ്രമിക്കുന്നു. ജഗന്നാഥനില്‍ അല്ല ശിൽപ്പിയില്‍ ആണ് അവള്‍ ഭ്രമിച്ചിരിക്കുന്നത് എന്ന മിഥ്യാ ധാരണ. വിവാഹം നിശ്ചയിച്ച പെണ്ണ് അന്യ പുരുഷന് മുന്നില്‍ മോഡല്‍ ആയി ഇരുന്നത് ബി സി എണ്ണൂറാം നൂറ്റാണ്ടില്‍ മാത്രമല്ല, ഇരുപതാം നൂറ്റാണ്ടിലും ഭാരതത്തില്‍ വലിയ പാതകം തന്നെയാണല്ലോ. അവള്‍ക്കു അച്ഛന്‍ നല്‍കുന്ന ശിക്ഷ നിസംശയം അവള്‍ ഏറ്റു വാങ്ങുന്നു. ശില്‍പ്പിയുടെ കാല്‍ ചുവട്ടിലെ അല്‍പ്പം മണ്ണ് മാത്രം എടുത്തു അവള്‍ രാജ്യം വിടുകയാണ്.

നോവലിനേക്കാള്‍ അതിലെ കഥാ പത്രങ്ങള്‍ നമ്മെ വേട്ട ആടുന്ന കഥ കൂടിയാണ് ഇത് എനിക്കെത്ര മാത്രം ഈ നോവലിന്റെ ചാരുത നിങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നറിയില്ല. എന്നാല്‍ മാധവന്‍പിള്ള സാറിന്റെ വിവര്‍ത്തനം മഹോത്തരം എന്നെ പറഞ്ഞു കൂടൂ. യയാതി, ശിവജി വിവര്‍ത്തനങ്ങള്‍ എല്ലാം കെങ്കേമം തന്നെ ആയിരുന്നുവല്ലോ. വിവര്‍ത്തനത്തിന്റെ ഭംഗി ആണ് ഈ നോവലിനെ നമ്മിലേക്ക്‌ അടുപ്പിക്കുന്ന ഒരു പ്രധാന ഘടകം തന്നെ. ഒറിയ ഭാഷ, അതിന്റെ സംസ്കാരം ഒന്നും തന്നെ നമുക്ക് അത്ര പരിചിതിമല്ല. അതിനു ഈ വായന അവസരം നല്‍കി കൊണാര്‍ക്കും അമ്പലവും എല്ലാം നമ്മള്‍ തൊട്ടറിഞ്ഞു. വായിച്ചു തന്നെ അറിയേണ്ടുന്ന ഒരു നോവല്‍ ആണ് ശിലാപത്മം. (വില : 140രൂപ)

Wednesday, March 28, 2012

ദി ആല്‍ക്കെമിസ്റ്റ്

പുസ്തകം : ദി ആല്‍ക്കെമിസ്റ്റ്
രചയിതാവ് : പൌലോ കൊയ്‌ലോ / വിവര്‍ത്തനം : രമാ മേനോന്‍

പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ഷുക്കൂര്‍

ലോകത്തേറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരന്‍ ‍ആര് എന്ന ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരമാണ് ബ്രസീലിയന്‍ എഴുത്തുകാരനായ പൌലോ കൊയലോ. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന എഴുത്തുകാരന്റെ പുസ്തകം എന്ന ഗിന്നസ്‌ റെക്കോര്‍ഡ്‌ ഇദ്ദേഹത്തിന്‍റെ 'ദി ആല്‍കെമിസ്റ്റ്' എന്ന നോവലിന് സ്വന്തമാണ്. 70 ലോകഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ട ഈ പുസ്തകം എഴുപത്തൊന്നാമാതായി മാള്‍ട്ടീസ് ഭാഷയിലേക്കും തര്‍ജമ നടന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ മൂലകൃതി പോര്‍ച്ചുഗീസ്‌ ഭാഷയിലാണ്. രമാ മേനോന്‍ മൊഴിമാറ്റം നടത്തി മലയാളത്തില്‍ ഇത് ഡി സി ബുക്സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‌

സ്വപ്നത്തില്‍ ദര്‍ശിച്ച നിധി തേടിപ്പോകുന്ന സാന്റിയാഗോ എന്ന ഇടയയുവാവിന്റെ കഥയാണ് ഇതിവൃത്തം. പ്രപഞ്ച രഹസ്യങ്ങളുടെ നിഗൂഢതകള്‍ ദാര്‍ശനികതയുടെ പിന്‍ബലം ചാര്‍ത്തി മനസ്സിനെ പിടിച്ചുലക്കുന്ന രീതിയില്‍ അവതരിപ്പിട്ടുള്ളതാണ് പുസ്തകത്തിന്‌ ഇത്രയേറെ ജനപ്രീതി നേടിക്കൊടുത്തത്‌. സ്പെയ്നില്‍ നിന്നും ആഫ്രിക്കയിലേക്ക് കടന്ന് ഈജിപ്ത് വരെ യാത്ര ചെയ്യുന്ന സാന്റിയാഗോ നിരവധി തീക്ഷ്ണവും സ്തോഭജനകവുമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. വിവിധ സംസ്കാരങ്ങളും ഭാഷക്കുപരിയായി മനുഷ്യന്‍റെ സംവേദനക്ഷമതയുമെല്ലാം ഒരു പ്രത്യേക വികാരത്തോടെ കൊയലോ വരച്ചു കാണിക്കുന്നുണ്ട്.

നോവലിന്‍റെ മര്‍മം എന്ന് പറയാവുന്ന വാക്കുകളാണ് സലേമിലെ രാജാവാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു വൃദ്ധന്‍ സാന്റിയാഗോക്ക് നല്‍കുന്ന ഉപദേശം.

"കുട്ടിക്കാലത്ത് നാം ഉള്ളിന്റെയുള്ളില്‍ മോഹിക്കുന്നതെന്താണോ അതാണ്‌ നമ്മുടെ ജീവിത ലക്‌ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് നമ്മുടെ ജീവിതം. എന്തെങ്കിലുമൊന്നു തീവ്രമായി മനസ്സില്‍ തട്ടി മോഹിക്കുകയാണെങ്കില്‍ അത് നടക്കാതെ വരില്ല. കാരണം സ്വന്തം വിധിയാണ് മനസ്സില്‍ ആ മോഹത്തിന്റെ വിത്തുകള്‍ പാകുന്നത്. പ്രപഞ്ചം മുഴുവന്‍ ആ ഒരു കാര്യസാധ്യത്തിനായി സഹായത്തിനെത്തും. എന്നാല്‍ ജീവിത യാത്രയുടെ ഏതോ ഒരു വഴിത്തിരിവില്‍ മനുഷ്യന് അവനവന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. പിന്നെയൊക്കെ വിധിയുടെ കൈപ്പിടിയില്‍. "

അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളിലൂടെ നിയന്ത്രണം നഷ്ടപ്പെടാതെ വിധിക്ക് കീഴടങ്ങാതെ തന്‍റെ ജീവിത ലക്ഷ്യ പ്രാപ്തിയിലേക്കെത്തിച്ചേരുന്ന സാന്റിയാഗോയുടെ കൂടെയുള്ള യാത്ര ഓരോ വായനക്കാരന്റെ മനസ്സിനെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നതില്‍ സംശയമില്ല.

മരുഭൂമിയുടെ സവിശേഷ സ്വഭാവങ്ങളും അതിലെ വിചിത്രമായ നിയമങ്ങളെയും കാല്‍പ്പനികതയുടെ കോണിലൂടെ നോക്കിക്കാണുന്ന ഹൃദ്യമായ അവതരണഭംഗിയും ദി ആല്‍ക്കെമിസ്റ്റിന്റെ പ്രത്യേകതയാണ്.

Sunday, March 25, 2012

ആടിന്റെ വിരുന്ന് / The feast of the Goat

പുസ്തകം : ആടിന്റെ വിരുന്ന് / The feast of the Goat
രചയിതാവ് : മരിയാ വര്‍ഗാസ് യോസ (വിവര്‍ത്തനം : ആശാലത)

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : മുല്ല


2010 ല്‍ സാഹിത്യത്തിനുള്ള നോബല്‍ പ്രൈസ് ലഭിച്ച മരിയാ വര്‍ഗാസ് യോസയുടെ പ്രശസ്തമായ നോവലാണു, ആടിന്റെ വിരുന്ന്. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ കേന്ദ്ര സ്ഥാനത്തൂള്ള എഴുത്തുകാരിലൊരാളാണു യോസ. 1936ല്‍ പെറുവിലെ അരാക്വിവയിലാണു യോസയുടെ ജനനം. യോസക്ക് അഞ്ചുമാസം പ്രയമുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു, പിന്നീട് അമ്മയോടൊപ്പം ബൊളീവിയയിലും പെറുവിലെ വിയൂറിയയിലും. പിന്നീട് 1946 ലാണു യോസ അഛനെ കാണുന്നത്,പിന്നെ അഛനമ്മമാരോടൊത്ത് ലിമയില്‍. പത്തൊമ്പത് വയസ്സുള്ളപ്പോള്‍ തന്നേക്കാള്‍ പതിമൂന്ന് വയസ്സിനു മുതിര്‍ന്ന ഒരു കസിനെ യോസ വിവാഹം കഴിച്ചു. പക്ഷേ അധിക നാള്‍ ആ ബന്ധം ഉണ്ടായില്ല. ആ ബന്ധത്തെ ആധാരമാക്കി യോസ ഒരു നോവലെഴുതി. Aunt Julia & The script writer.

1962 മുതലാണു യോസയുടെ എഴുത്ത് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. മാര്‍ക്കേസിന്റെ നോവലുകളിലെ മാജിക്കല്‍ റിയലിസത്തെ വിട്ട് ലോകം യോസയെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. നല്ല സുഹൃത്തുക്കളായിരുന്നു രണ്ട്പേരും.മാര്‍ക്കേസിനെ കുറിച്ച് എഴുതിയ ഒരു പ്രബന്ധത്തിനു യോസക്ക് ഡോക്ടറേറ്റ് ലഭിക്കുകയുണ്ടായിട്ടുണ്ട്. പക്ഷേ എഴുപതുകളുടെ പകുതിയായപ്പോഴേക്കും ആ സുഹൃത്ബന്ധം മുറിഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള സാഹിത്യ പ്രേമികള്‍ വളരെ കൌതുകത്തോടെയാണു ആ പിണക്കത്തിന്റെ വാര്‍ത്തകള്‍ കേട്ടിരുന്നത്. കൈയ്യാങ്കളി വരെ എത്തിയ ആ പിണക്കം തീരുന്നത് മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെ നൂറാം പതിപ്പ് ഇറങ്ങിയപ്പോഴാണു. അതിനു അവതാരിക എഴുതിയിരിക്കുന്നത് യോസയാണ്.

വളരെ മൌലികമായ ഒരു രചനാരീതിയാണു യോസയുടേത്; സ്ഥലവും കാലവും മാറിമാറി വരും എഴുത്തില്‍. വ്യത്യസ്ത കാലങ്ങളില്‍ നടന്ന സംഭവങ്ങള്‍ ,സമകാലിക സംഭവങ്ങള്‍ക്ക് ഇടയില്‍ പറയുന്ന ശൈലി. കാലത്തില്‍ നിന്നു കാലത്തിലേക്ക് ചാടുന്ന ഈ രീതി വളരെ പ്രകടമാണു ആടിന്റെ വിരുന്നില്‍. എന്നിരുന്നാലും വളരെ ലളിതമായി കാര്യങ്ങള്‍ പറയുന്നുണ്ട് യോസ, ഈ പുസ്തകത്തില്‍. കഥ വെറുതെ പറഞ്ഞു പോകുകയല്ല, അതിനപ്പുറം രാഷ്ട്രീയം,അധികാരം,സമൂഹം,സ്ത്രീ എന്നീ വിഷയങ്ങളില്‍ തന്റേതായ നിരീക്ഷണങ്ങളും കൂടെ വായനക്കാരുമായി പങ്കു വെക്കുന്നു, യോസ ആടിന്റെ വിരുന്നില്‍.

1930 മുതല്‍ 1961 ല്‍ കൊല്ലപ്പെടുന്നത് വരെ ഡൊമിനിക്കന്‍ റിപ്പ്ലബ്ലിക്ക് ഭരിച്ചിരുന്ന ജനറല്‍ ട്രൂജിലൊ മൊളീ‍നയുടെ ഏകാധിപത്യത്തിന്റെ കഥയാണു ആടിന്റെ വിരുന്ന്. ലോകത്ത് എവിടെയായാലും ഏകാധിപതികള്‍ക്ക് ഒരേ സ്വരവും ഭാവമുമെന്ന് നമ്മെ ഉണര്‍ത്തുന്നു, ഈ പുസ്തകം. അധികാരത്തിന്റെ ഇരുണ്ട ഇടനാഴികകളില്‍ അരങ്ങേറുന്ന വൃത്തികെട്ട നാടകങ്ങള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടി. അധികാരം പിടിച്ചെടുക്കാനും അത് നിലനിര്‍ത്താനും എന്തെല്ലാം പൈശാചിക കൃത്യങ്ങളാണു ഓരോ ഏകാധിപതികളും അനുവര്‍ത്തിച്ച് വരുന്നതെന്നു വായനക്കാരെ ബോധ്യപ്പെടുത്തുന്ന ഒരു ഇരുണ്ട നോവലാണു ആടിന്റെ വിരുന്ന്. അതേ സമയം അങ്കിള്‍ സാമിന്റെ ഇരട്ട മുഖവും നോവലില്‍ അനാവൃതമാകുന്നുണ്ട്. ശക്തനായ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ എന്ന നിലയില്‍ യാങ്കീ ഭരണകൂടം ട്രൂജിലോയെ പിന്തുണക്കുന്നുണ്ട് .അധികാരം പിടിച്ചെടുക്കാന്‍ അവരാണു അയാള്‍ക്ക് ആയുധങ്ങളും പണവും കൊടുക്കുന്നത്.

ക്യൂബയേയും ഫിഡലിനേയും അടിക്കാനുള്ള വടി ആയിരുന്നു അങ്കിള്‍ സാമിനു ട്രൂജിലോ. പക്ഷേ ചരിത്രം ആവര്‍ത്തിക്കുകയാണു,അവസാനം സി ഐ എ യുടെ ഏജന്റുമാരാല്‍ തന്നെയാണു അയാള്‍ കൊല്ലപ്പെടുന്നതും. വായനക്കാരെ ശരിക്കും അസ്വസ്ഥമാക്കുകയും മനോവേദനയിലാഴ്ത്തുകയും ചെയ്യുന്നു ഈ പുസ്തകം.

ഒരേ സമയം മൂന്നു വ്യത്യസ്ഥ കോണുകളിലുടെയാണു കഥ വികസിക്കുന്നത്. ട്രൂജിലോയുടെ മന്ത്രിസഭയിലെ പ്രമുഖനായിരുന്ന സെനേറ്റര്‍ അഗസ്റ്റിന്‍ കബ്രാളിന്റെ മകള്‍ യുറാനിറ്റയുടെ അനുഭവങ്ങള്‍, അവള്‍ പറയുകയാണു, തന്റെ പതിനാലാം വയസ്സില്‍ തനിക്ക് എന്തു കൊണ്ട് നാടു വിടേണ്ടി വന്നുവെന്നും, നീണ്ട മുപ്പത് കൊല്ലങ്ങള്‍ക്ക് ശേഷം താനെന്തിനു തിരിച്ച് നാട്ടിലെത്തിയെന്നും.. അതേസമയം, ജനറലിനെ കൊല്ലാന്‍ കാത്തുനില്‍ക്കുന്നവര്‍ , ,അവരോരുത്തരും എങ്ങനെ ജനറലിനെ വധിക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാകേണ്ടി വന്നു എന്നും, അവരോര്‍ത്തര്‍ക്കുമുണ്ടായ കയ് ക്കുന്ന അനുഭവങ്ങളും. അടുത്തത് സാക്ഷാല്‍ ജനറലിന്റെ അവസാന ദിവസം , അയാളുടെയും അയാളുടെ മന്ത്രിസഭയിലെ പ്രമുഖരുടെ വാചകങ്ങളിലൂടെ .ഇങ്ങനെ ഒരേ സമയം മൂന്നു കോണുകളിലൂടെയാണു ആടിന്റെ വിരുന്ന് മുന്നോട്ട് പോകുന്നത്.

നോവലിന്റെ ഒറിജിനല്‍ സ്പാനിഷിലാണു. അതു കൊണ്ട് തന്നെ സ്പാനിഷ് ഭാഷയിലെ പല നാടന്‍ പ്രയോഗങ്ങളും മലയാളീകരിച്ചപ്പോള്‍ വല്ലാതെ അശ്ലീലമായി എന്ന ഒരു കുറവ് പരിഭാഷക്കുണ്ട്. (വില:Rs250/-)

They kill the Goat---എന്നത് ഒരു സ്പാനിഷ് പഴമൊഴിയാണു. അതില്‍ നിന്നാവും യോസ തന്റെ നോവലിന്റെ തലക്കെട്ട് എടുത്തത്.

ഇനി നോവലില്‍ നിന്നും...

ട്രൂഹിയോയുടെ വധത്തിനു ശേഷം അയാളുടെ മകന്‍, രാജ്യം വിടുന്നതിനു മുന്‍പ് തന്റെ പപ്പയെ കൊന്നവരോട് പ്രതികാരം ചെയ്യുകയാണു. തീവ്രവാദികള്‍ മിക്കവരും പിടിയിലായി. അവരെ രാജ്യത്തെ കുപ്രസിദ്ധമായ എല്‍ ന്യൂവെ എന്ന തടങ്കല്‍ പാളയത്തില്‍ കൊണ്ട് വന്നു പീഡിപ്പിക്കുകയാനു അയാള്‍. ഒരാഴ്ച്ചയൊളം പട്ടിണിക്കിട്ട മിഗുവെല്‍ ഏഞ്ചലിനും ഏണസ്റ്റൊ ഡയസിനും , ജയിലര്‍ ഒരു പാത്രം ഇറച്ചിക്കറി കൊണ്ടു വന്നു കൊടുത്തു. വിശപ്പു കൊണ്ട് ആര്‍ത്തി പിടിച്ച് അത് മുഴുവന്‍ അകത്താക്കിയ അവരോട് ആ ക്രൂരനായ ജയിലര്‍ ചോദിക്കുക്കുകയാണു... തന്റെ മകനെ കൊന്നു തിന്നിട്ടും ഏണസ്റ്റോ ഡയസ്സിനു ഒന്നും തോന്നുന്നില്ലേ എന്ന്..!! അയാളെ തെറി വിളിച്ച ഏണസ്റ്റൊക്ക് മുമ്പിലേക്ക് ജയിലര്‍ ഒരു കുഞ്ഞിന്റെ അറുത്ത് മാറ്റിയ തല നീട്ടിപ്പിടിച്ചു. തന്റെ കുഞ്ഞിന്റെ തൂങ്ങിയാടുന്ന തല കണ്ട ഏണസ്റ്റോ ഹൃദയ സ്തംഭനം വന്നു മരിക്കുകയാണു. കുറച്ച് മുന്‍പ് അയാള്‍ അകത്താക്കിയത്.....

എന്തു തോന്നുന്നു സുഹൃത്തുക്കളെ...ചര്‍ദ്ദിക്കണോ...വെയിറ്റ്....പ്ലാസ്റ്റിക് കവറൊക്കെ മാപ്പുകാരും കളക്ടര്‍ സാറും കൂടി കൊണ്ട് പോയി.
ദേ കുറച്ച് ടിഷ്യൂ പേപ്പര്‍....

Thursday, March 22, 2012

മലബാറിലെ ജനങ്ങള്‍

പുസ്തകം : മലബാറിലെ ജനങ്ങള്‍
രചയിതാവ് : വില്യം ലോഗന്‍ / വിവര്‍ത്തനം : ടി. വി. കൃഷ്ണന്‍

പ്രസാധകര്‍ : മാതൃഭൂമി ബുക്സ്

അവലോകനം : ലാസര്‍ ഡിസല്‍‌വ


കേരളത്തിന്റെ ചരിത്രത്തില്‍ എന്തെങ്കിലും താല്‍പ്പര്യം ഉള്ളവര്‍ക്ക് ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാന്‍ സാധിക്കുന്ന ഒരു പുസ്തകമാണ് വില്യം ലോഗന്റെ രണ്ട് വാല്യങ്ങളുള്ള 'മലബാര്‍ മാനുവലി'ല് നിന്നും 'ജനങ്ങള്‍' എന്ന ഭാഗം മാത്രമായി പ്രത്യേകം അടര്‍ത്തിയെടുത്ത് പ്രസിദ്ധീകരിച്ച 'മലബാറിലെ ജനങ്ങള്‍' എന്ന പുസ്തകം. സൂചനയര്‍ഹിക്കുന്ന ഒരു പ്രധാനകാര്യം ലോഗന്‍ മലയാളികളോട് കാണിക്കുന്ന അനുഭാവപൂര്‍ണ്ണവും പ്രസാദാത്മകവുമായ മമതയാണ്‌. ഏതാണ്ട് ഇതേകാലത്ത് എഴുതപ്പെട്ട, കേരളത്തിന്റെ മറ്റൊരു ഭാഗത്തെ ജനങ്ങളെയും ജീവിതത്തെയും കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് എല്‍. എം. എസ്‌ മിഷനറിയായിരുന്ന സാമ്യൂല്‍ മെറ്റിറിന്റെ 'നേറ്റീവ് ലൈഫ് ഓഫ് ട്രാവന്‍കൂര്‍'. ഈ പുസ്തകം ലോഗന്റെ പുസ്തകത്തോളം പില്‍ക്കാലത്ത് പരാമര്‍ശിക്കപ്പെടാതിരിക്കാനുള്ള കാരണം, പറയുന്ന വിഷയത്തിനോട്, കേരള സമൂഹത്തോട്, പുലര്‍ത്തുന്ന ഒബ്ജെക്ടിവ് അകലമായിരിക്കാം. ചരിത്രപുസ്തകത്തെ പോലും വൈകാരികമായി സമീപിക്കുക എന്നത് നമ്മുടെ ജനിതക ദുര്‍ഗുണവും.

ലോഗന്റെ ജീവിതചരിത്രത്തിലൂടെ ചെറുതായൊന്നു കണ്ണോടിച്ചാല്‍ തന്നെ അദ്ദേഹം അടിസ്ഥാനത്തില്‍ ഒരു റിബല്‍ സ്വഭാവം നിലനിര്‍ത്തിയിരുന്നു എന്നു കാണാം. ബ്രിട്ടീഷ്‌ സിവില്‍സര്‍വീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരിക്കുമ്പോള്‍ തന്നെ, ബ്രിട്ടന്റെ പ്രബലഭാഗമായ ഇംഗ്ലണ്ടില്‍ നിന്നല്ല ലോഗന്‍ എന്നതും ഓര്‍ക്കണം. ഇപ്പോഴും ഇംഗ്ലിഷ് ഭാഗത്ത് നിന്നും വംശീയമായ ലോപത്വം, ഗോപ്യമായെങ്കിലും, പ്രകടിപ്പിക്കപ്പെടുന്ന സ്കോട്ട്ലാന്‍ഡില്‍ നിന്നും ആണ് ലോഗന്‍ ബ്രിട്ടീഷ് സിവില്‍സര്‍വീസില്‍ എത്തുന്നത്. അതുകൊണ്ട് തന്നെയാവും കോളനിവത്കരിക്കപ്പെട്ട കേരളജനതയോട് ലീനമായ ഒരു ആഭിമുഖ്യം അദ്ദേഹത്തിന് വന്നുചേര്‍ന്നത്‌ എന്ന് ന്യായമായും അനുമാനിക്കാം. അതിന് ഉപോല്‍ബലം നല്കുന്നതായിരുന്നു മലബാര്‍ കളക്റ്ററായും മറ്റും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍. തനിക്കു മുന്‍പ് ഭരിച്ച ബ്രിട്ടിഷ് ഉദ്യോഗസ്ഥര്‍ പലരും മലബാറിലെ ജനങ്ങളെയും അവരുടെ ജീവിതരീതികളെയും മനസിലാക്കാന്‍ പരാജയപ്പെട്ടു എന്ന് തന്റെ മാനുവലില്‍ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. ചുരുക്കത്തില്‍ കോളനിവത്കണത്തിന്റെ നടത്തിപ്പ് സുഗമാക്കുക എന്ന സാമ്രാജ്യത്വ അജണ്ടയ്ക്ക് പിടികൊടുക്കതെയാണ് ലോഗന്‍ മലബാറില്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെയാവും ഒരു ശിക്ഷണനടപടി എന്ന നിലയ്ക്ക് സര്‍ക്കാര്‍ അദ്ദേഹത്തെ ജുഡിഷ്യല്‍ ചുമതലകളിലേക്ക്‌ മാറ്റിയതും, അതിനെത്തുടര്‍ന്ന് അദ്ദേഹം ജോലി ഉപേക്ഷിച്ച് സ്വദേശത്തെക്കു മടങ്ങിയതും.

കലക്ടര്‍ എന്ന നിലയ്ക്കും അതിന് മുന്‍പ് മറ്റനേകം ചുമതലകള്‍ വഹിച്ചുകൊണ്ടും മലബാറില്‍ ഏറെ വര്‍ഷങ്ങള്‍ താമസിച്ച ലോഗന്‍ തനിക്കു ലഭ്യമായ സ്ഥിതിവിവരകണക്കുകളില്‍ നിന്നും, ഒരുപാട് കാലത്തെ ജനസമ്പര്‍ക്ക പരിപാടികളില്‍ കൂടിയും കേരളജനതയെ കുറിച്ച് സമഗ്രമായ നിലപാടുകളാണ് മുന്‍പോട്ട് വയ്ക്കുന്നത്. ജാതി തിരിച്ച് ഓരോ സമുദായത്തിന്റെയും ജീവിതരീതികളെ സൂക്ഷ്മമായി തന്നെ നോക്കികാണുന്ന ലോഗന്‍ പക്ഷെ പൊതുവായി 'ജനം' എന്ന നിലയ്ക്ക് അഭിസംബോധന ചെയ്യുന്നത് നായര്‍ വിഭാഗത്തെ ആണെന്ന് വേണം കരുതാന്‍. ഒരു യുറോപ്യന് ആശ്ചര്യജനകമായി തോന്നാവുന്ന പല ജീവിതരീതികളും എന്നാല്‍ വത്യസ്ഥമായ മറ്റൊരു ജനസമൂഹത്തിന്റെ സ്വാഭാവികമായ അവസ്ഥ എന്ന നിലയ്ക്ക് വളരെ നിര്‍മമതയോടെയാണ് ഈ പുസ്തകം സമീപിക്കുന്നത്. എന്നാല്‍ ജാതീയതയുടെ തൂണുകള്‍ ശക്തമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ബ്രാഹ്മണ്യത്തെ വിമര്‍ശനാത്മകമായി നോക്കി കാണാന്‍ മടിക്കുന്നുമില്ല: "മറ്റു സമുദായങ്ങളുടെ ചിലവില്‍ ബ്രാഹ്മണ്യത്തെ പ്രകീര്‍ത്തിക്കുകയാണ് സ്മൃതിവചനങ്ങള്‍ ചെയ്യുന്നത്. ബ്രാഹ്മണസൃഷ്ടിയാണ് ജാതിവ്യവസ്ഥയെന്ന് അതിന്റെ ഉത്ഭവവും വളര്‍ച്ചയും നിലവിലുള്ള സ്ഥിതിയും നിസ്സംശയം വിളിച്ചോതുന്നുണ്ട്. അതായത് തങ്ങളുടെ വ്യക്തിത്വവും മേധാശക്തിയും പുലര്‍ത്തണമെങ്കില്‍ നീക്കുപോക്കില്ലാത്ത ഒരു വിഭജനരേഖ ആര്യന്മാരായ തങ്ങള്‍ക്കും നാട്ടുകാരായ കറുത്തവര്‍ക്കും ഇടയില്‍ നിലനിര്‍ത്തേണ്ടതുന്ടെന്നു നേരത്തെ വന്ന ആര്യന്‍ കോളനിസ്റ്റുകള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിച്ചു എന്നതാണ് സത്യം. ജാതിയുടെ ആവിര്‍ഭാവത്തിനുള്ള സ്വാഭാവീകമായ വിശദീകരണവും ഇത് തന്നെ". എന്നാല്‍ ഈ മനസ്സിലാക്കല്‍ സമകാലിക ബ്രാഹ്മണസമൂഹത്തോട് ഒരു ചരിത്രകാരന്‍ പുലര്‍ത്തേണ്ടുന്ന സത്യാത്മകമായ വിശകലനങ്ങള്‍ക്കും നിലപാടുകള്‍ക്കും മറയായി നില്‍ക്കുന്നില്ല.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ പ്രസിദ്ധീകൃതമായ ഈ കൃതി അക്കാലത്തെ കേരള സമൂഹത്തെ തനതായ രീതിയില്‍ വൃത്തിയും വെടിപ്പും ആചാര, ഉപചാര മര്യാദകളുമുള്ള ഒരു ആധുനിക സമൂഹമായാണ് കാണാന്‍ ശ്രമിക്കുന്നത്. മറ്റുപല കൊളോണിയല്‍ എഴുത്തുകളിലും തികച്ചും അപരിഷ്കൃതമായ ഒരു സമൂഹമായി പരിചയപ്പെടുന്നതിന് തുലോം വത്യസ്ഥമാണ്‌ ലോഗന്റെ കേരളം. നായര്‍ വിഭാഗത്തിലെ 'സംബന്ധം' എന്ന സ്ത്രീപുരുഷബന്ധം കേരളത്തിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുമ്പോള്‍ പലപ്പോഴും ഒരു പതിത അവസ്ഥയായി വ്യവഹരിച്ചു കാണാറുണ്ട്. എന്നാല്‍ ലോഗന്‍ എഴുതുന്നു: "സത്യം, സമീപകാലത്തെ സംബന്ധിച്ച് പ്രത്യേകിച്ചും, മറ്റൊന്നാണ്. സംബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും പാരമ്പര്യത്തിന്റെ താത്വികവശം മാത്രമെടുത്ത് പറഞ്ഞാല്‍, ബന്ധം നിലനിര്‍ത്താനും ഉപേക്ഷിക്കാനും സ്വാതന്ത്ര്യം ഉണ്ടെന്നത് നേരാണ്. എന്നാല്‍, വൈവാഹിക ബന്ധം, അതിന്റെ ഔപചാരികസ്വഭാവം വച്ചുകൊണ്ട് തന്നെ, ഇത്രയും പവിത്രമായി പരിഗണിക്കുകയും പാലിക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗത്തെ കാണുകയില്ല. ഭാര്യ-ഭര്‍തൃബന്ധം സ്വാഭിമാനം സംരക്ഷിക്കപെടുന്നു. അതിന്റെ ലംഘനം നിര്‍വിശങ്കം ശിക്ഷിക്കപ്പെടുന്നു. നായര്‍സ്ത്രീകള്‍ മറ്റേതു വിഭാഗത്തില്‍ പെട്ട സ്ത്രീകളെയും പോലെ സദാചാരിണികളാണ്". മലബാര്‍ പ്രദേശത്ത്‌ എണ്ണത്തില്‍ പ്രബലമായ തീയ്യവിഭാഗത്തെ കുറിച്ച് ലോഗനുള്ളത്, പൊതുവെ അധ:സ്ഥിത ജനതതിയായി ചരിത്രവിവരണങ്ങളില്‍ പരിചയിച്ചിട്ടുള്ള അഭിപ്രായമല്ല: "കാഴ്ചയില്‍ പല ഈഴവ സ്ത്രീകളും യൂറോപ്പ്യന്‍ സ്ത്രീകളോളം തന്നെ സുന്ദരിമാരാണ്. മലബാര്‍ ജില്ലയില്‍ ഒരു യൂറോപ്പ്യന്റെ കണ്ണില്‍ ഏറ്റവും മതിപ്പുണ്ടാക്കുക പുരാതന കടത്തനാട്ടെയും ഇരുവഴിനാട്ടിലേയും കോട്ടയത്തേയും സ്ത്രീ പുരുഷന്‍മാരായിരിക്കുമെന്ന് പൊതുവില്‍ പറയുന്നതില്‍ തെറ്റില്ല. ഈ പറഞ്ഞ സ്ത്രീപുരുഷന്മാരില്‍ ഗണ്യമായ വിഭാഗം തീയ്യസമുദായത്തില്‍ പെട്ടവരാണ്".

ചന്ദുമേനോന്‍ 'ഇന്ദുലേഖ' പ്രസിദ്ധീകരിക്കുന്നത് 1889 - ല്‍ ആണ്. നോവലിന്റെ ഒടുവില്‍ മാധവനും ഇന്ദുലേഖയും മദിരാശിയില്‍ പോയി സന്തുഷ്ടമായി ശിഷ്ടകാലം ജീവിച്ചു എന്നാണ് നമ്മള്‍ വായിക്കുന്നത്. അത്തരത്തില്‍ മരുമക്കത്തായ ക്രമത്തില്‍ നിന്നും മക്കത്തായത്തിലേക്ക് മാറുന്നതിന്റെ ചെറിയ ലാന്ചനകള്‍ ആ നോവല്‍ പങ്കുവയ്ക്കുന്നുണ്ട്. എങ്കിലും അത് നോവലിന്റെ പ്രധാനമായ കഥാഭൂമികയല്ല. ഇത്തരം കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ ഭ്രംശങ്ങള്‍ വ്യക്തിജീവിതത്തിന്റെ തന്നെ സങ്കീര്‍ണതകളായി സാഹിത്യത്തില്‍ കുറച്ചുകൂടി മുര്‍ത്തമാവുന്നത് പത്തെഴുപത്തഞ്ച് കൊല്ലങ്ങള്‍ക്ക് ശേഷം എം. ടിയുടെ കാലത്താണ്. എന്നാല്‍ ഈ പരിണാമത്തിന്റെ വ്യഥകള്‍ തന്റെ കാലത്ത് തന്നെ ആരംഭിച്ചത് ലോഗന്‍ വ്യക്തമായും കാണുന്നുണ്ട്: "ഒരു പുരുഷന്‍ തന്റെ ആയുഷ്ക്കാലം കൊണ്ട് ആര്‍ജ്ജിക്കുന്ന സ്വത്തുക്കള്‍, കോടതികളുടെ കണ്ണില്‍, അയാളുടെ മരണശേഷം തറവാടിലേക്ക് ചേരേണ്ടാതാണെന്ന് വരുന്നു. മറിച്ച്, അയാളുടെ സ്വന്തം മക്കള്‍ക്ക്‌ ചെല്ലേണ്ടതല്ല. നായര്‍സമുദായത്തില്‍ പുരുഷപ്രജകളെല്ലാം പട്ടാള സേവനത്തിലിറങ്ങുകയും വീടും കുടുംബവും അത്ര കാര്യമായി എടുക്കാതിരിക്കുകയും ചെയ്ത കാലത്ത്, ഇതുകൊണ്ട് വലിയ ദോഷം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഒരു നായര്‍ ഒരു സ്ത്രീയെ മാത്രമേ വിവാഹം ചെയ്യുന്നുള്ളൂ. ഭാര്യയുമൊത്ത് അയാള്‍ പ്രത്യേക വീട് വച്ച് താമസിക്കുന്നു. ഭാര്യയിലുണ്ടാവുന്ന സന്താനങ്ങള്‍ തന്റെയും സന്താനങ്ങളായി കരുതി അയാള്‍ കുടുംബജീവിതം നയിക്കുന്നു. അയാളുടെ സ്വാഭാവികബന്ധങ്ങള്‍ രൂഡമൂലമാവുന്ന സാഹചര്യമാണിത്. ഭാര്യ-ഭര്‍തൃബന്ധങ്ങളും പിതൃ-പുത്രബന്ധങ്ങളും പ്രകടഭാവംകൊള്ളുന്നു. താന്‍ സ്വന്തമായി ആര്‍ജിച്ച സ്വത്തുകള്‍ സ്വന്തം കുട്ടികള്‍ക്കും കുട്ടികളുടെ അമ്മയ്ക്കും ചേരേണ്ടാതാണെന്നും അതിന് നിയമസമ്മതി വേണമെന്നും അയാള്‍ സ്വാഭാവികമായും ആഗ്രഹിക്കുന്നു".

ഭാഷോല്‍പ്പത്തിയെ കുറിച്ച് സമഗ്രവും സങ്കീര്‍ണവും ആയ ഒരുപാട് പഠനങ്ങള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയ്ക്ക് നടന്നിട്ടുണ്ട്. ഭാഷയുടെ പിതാവായി എഴുത്തച്ഛനെ കൃത്യമായി ബിംബവത്കരിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക്‌ തുഞ്ചന്‍പറമ്പില്‍ സമുചിതമായ സാംസ്കാരികസ്ഥാപനം ഉയര്‍ന്നു കഴിഞ്ഞു. എഴുത്തച്ഛന്റെ ജീവിതത്തെ ആസ്പദമാക്കി ബ്രഹൃത്തായ ഒരു നോവല്‍ ഈയടുത്ത് പ്രസിദ്ധീകൃതമാവുകയും ചെയ്തു (തീക്കടല്‍ കടഞ്ഞ് തിരുമധുരം - സി. രാധാകൃഷ്ണന്‍). ഭാഷയെ കുറിച്ച് സംസാരിക്കുന്നിടത്ത് ലോഗന്‍ എഴുത്തച്ഛനെ കുറിച്ച് എഴുതുന്നു: "പതിനേഴാം നൂറ്റാണ്ടില്‍ ശൂദ്ര (നായര്‍) ജാതിയില്‍പ്പെട്ട തുഞ്ചത്തെഴുത്തച്ചന്‍ എന്നൊരാള്‍ തമിള്‍ അക്ഷരമാലയെ ആധാരമാക്കിയുള്ള ഗ്രന്ഥലിപികളുടെ ചുവടുപിടിച്ച് ഗ്രാമ്യമലയാളത്തിനു തനതായ രൂപകല്‍പ്പന നല്‍കുകയും (സംസ്കൃത പദങ്ങളുടെ സ്വതന്ത്രമായ പ്രയോഗം) ആധുനിക മലയാളത്തില്‍ പ്രധാന സംസ്കൃതകൃതികളുടെ സ്വതന്ത്രവിവര്‍ത്തനത്തിനു ഒരുങ്ങുകയും ചെയ്തപ്പോള്‍, അതൊരു വിപ്ലവമായിരുന്നു". ആറ്റികുറുക്കിയെടുത്താല്‍ പില്‍ക്കാലത്ത് ഒരുപാട് പള്‍പ്പ് നഷ്ട്ടപെടുത്തി എഴുത്തച്ഛനെ കുറിച്ചു എഴുതിയുണ്ടാക്കിയതൊക്കെയും വസ്തുതാപരമായി ഇപ്പറഞ്ഞതില്‍നിന്ന് ഒരു ഔന്‍സു പോലും കൂടുതല്‍ വരില്ല. കേരളത്തിലെ ശിക്ഷാരീതികളെ കുറിച്ചും മറ്റും പരാമര്‍ശിക്കുന്നതിനിടയ്ക്ക് ഇങ്ങിനെ ഒന്ന് കാണാം: "ജീവനോടെ കഴുവില്‍ കയറ്റുന്നതും അപൂര്‍വമായിരുന്നില്ല. 1795 ജൂണില്‍ ബ്രിട്ടീഷ് വിരുദ്ധ ലഹളകളുടെ തലവനായിരുന്ന പഴശ്ശി (പൈച്ചി) യുടെ ഉത്തരവിന്‍ പ്രകാരം, കോട്ടയം താലൂക്കില്‍ പെട്ട വെങ്ങോട് ഒരു നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കുറ്റമാരോപിച്ചു, നാമമാത്രമായ വിചാരണ നടത്തി രണ്ട് മാപ്പിളമാരെ ഈ വിധത്തില്‍ കഴുവേറ്റുകയുണ്ടായി". സര്‍ദാര്‍ പണിക്കരും എം. ടി യുമൊക്കെ 'സിംഹ'മാക്കി മാറ്റിയ പഴശ്ശി അത്രയ്ക്ക് നീതിബിധമുള്ള ഒരു ദേശാഭിമാനിയായിരുന്നു എന്നു കരുതാന്‍ നിര്‍വാഹം ഇല്ല. ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ മറ്റെന്തെഴുതും എന്ന വിരുദ്ധചിന്തയ്ക്ക് കാര്യമായ പ്രസക്തിയില്ല. മറ്റു ചരിത്ര വിവരണങ്ങളിലെല്ലാം ഒരു ഇന്‍സൈഡര്‍‍ എന്ന നിലയ്ക്ക് കേരളത്തോട് നീതിപുലര്‍ത്തിയ എഴുത്തുകാര്‍ ഒരിടത്ത് മാത്രം അങ്ങിനെ അല്ലാതാവേണ്ടതില്ല. മാത്രവുമല്ല ചില ഭരണ/ജീവിത രീതികള്‍ സമഗ്രമായി പ്രതിപാദിക്കുന്നതിനിടയ്ക്കു തുച്ഛമായ ഒരു ഉദാഹരണമായി മാത്രമാണ് പഴശ്ശിയെ പരാമര്‍ശ്ശിക്കുന്നതും. ഇന്നത്തെ കേരളത്തില്‍ പഴശ്ശിയെ പോലുള്ള ബിംബങ്ങള്‍ ക്രമാതീതമായി മഹത്വവത്ക്കരിക്കപ്പെടുമ്പോള്‍‍‍, നമ്മള്‍ അതിലേക്ക് കൂടുതല്‍ ശ്രദ്ധാലുക്കളാകുന്നു എന്നു മാത്രം. ചരിത്ര രചനയുടെ അമച്വറിസത്തില്‍ പോലും ഈ പുസ്തകം വിശ്വസനീയമായി നില്‍ക്കുന്നു എന്നതാണ് ഇതിന്റെ ആത്യന്തികമായ ഗുണഫലം.

Monday, March 19, 2012

പാപ്പിയോൺ

പുസ്തകം : പാപ്പിയോൺ
രചയിതാവ് : ഹെന്റി ഷാരിയർ / ഡോ.എസ്.വേലായുധൻ (വിവര്‍ത്തനം)

പ്രസാധകര്‍ : പാപ്പിയോൺ ബുക്സ്

അവലോകനം : പ്രദീഷ്പാപ്പിയോൺ എന്റെ കൈയ്യിൽ കിട്ടി , ഒരു ദിവസം കൊണ്ട് അതു വായിച്ചു തീർത്തപ്പോഴേക്കും എന്റെ മനസ്സിനു തീ പിടിച്ചു . വെടിമരുന്നു നിറച്ചിരുന്നു ആ അത്മകഥയുടെ താളുകളിൽ...

അത് ജയിൽ ജീവിതത്തെപ്പറ്റിയായിരുന്നു.....ശ്രീനിവാസൻ പറഞ്ഞതുപോലെ....“ഞാൻ ജയിലിന്റെ മുന്നിൽ നിൽക്കുകയാണ്...ഒരു കറുത്ത ഭീകരജീവിയെപ്പോലെ ജയിലും എന്റെ മുന്നിൽ നിൽക്കുകയാണ് “

ജയിൽ അനുഭവങ്ങൾ പ്രമേയമാക്കി അനേകം നോവലുകൾ/സിനിമകൾ ഉണ്ട്. മലയാളത്തിൽ ഞാൻ വായിച്ചത് ബഷീറിനെയാണ്. എന്നാൽ അദ്ദേഹത്തിന്റെ സ്വന്തം ശൈലിയിൽ ഫലിതം കലർത്തി കഥ പറഞ്ഞപ്പോൾ ജയിലിൽ പൂങ്കാവനം ഉണ്ടാക്കിയ, പ്രണയിച്ച, ജയിൽ ചാടുവാൻ ഘോര ഘോരമായ് ഇടിയും മിന്നലുമുള്ള രാത്രിക്കു വേണ്ടി കാത്തിരുന്ന ഒരു രാഷ്ട്രീയ തടവുകാരന്റെ ജീവിതം നമുക്കു മുന്നിലെത്തി....മറ്റൊന്ന് The Shawshank Redemption ആണ് പിന്നിട് ചലച്ചിത്രമാക്കപ്പെട്ട ഈ നോവലും ഒരു ജയിൽ ചാട്ടത്തിന്റെ കഥയാണ് അതിലുമുണ്ട്. ഘോര ഘോരമായ ഇടിയും മിന്നലുമുള്ള രാത്രിയും ഒരു ജയിൽചാട്ടവും.

ഫ്രെഞ്ച് ഭാഷയിൽ പാപ്പിയോൺ(PAPILLON) എന്നാൽ ചിത്രശലഭം എന്നാണ് അർത്ഥം.1968ൽ രചിക്കപ്പെട്ട പിന്നീട് ജനപ്രീതിയിലേക്ക് കുതിച്ചുയർന്ന ഈ ഗ്രന്ഥം ഫിനോമിനെ പാപ്പിയോൺ (പാപ്പിയോൺ എന്ന പ്രതിഭാസം) എന്നറിയപ്പെട്ടു.

പാപ്പിയോൺ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥയാണ്. അത്, സ്വതന്ത്ര മനുഷ്യനായി ജീവിക്കണമെന്ന ഒരു വ്യക്തിയുടെ തീവ്രാഭിലാഷങ്ങളുടെ ചോരയിൽ ചാലിച്ച വിവരണമാണ്. വെറുതെ അങ്ങനെ ക്ലീഷെ വാചകങ്ങൾ പറയുന്നതല്ല. ഹെന്റി ഷാരിയർ (Henri Charriere) എന്ന ഒരു ജീവപര്യന്തക്കാരന്റെ ആത്മകഥയാണ് പാപ്പിയോൺ.നിരപരാധി എന്നവകാശപ്പെട്ടിരുന്ന പാപ്പിയോണിന്റെ വാദങ്ങൾ തള്ളിക്കൊണ്ട് കോടതി അയാളെ ജീവപര്യന്തം (മരണം വരെ)
തടവിന് ശിക്ഷിച്ച് ഫ്രെഞ്ച് ഗയാനയിലേക്ക് അയച്ചു. ഷാരിയർ ഇരുണ്ട ജയിൽമുറികളിലിരുന്ന് ഓരോ നിമിഷവും ചിന്തിച്ചിരുന്നത് ഒരൊറ്റകാര്യം മാത്രമായിരുന്നു. എനിക്ക് ഈ നരകത്തിൽ നിന്ന്, ഈ ചെകുത്താന്മാരിൽ നിന്ന് രക്ഷപെടണം. 13 വട്ടം അയാൾ ജയിൽചാടി.പലപ്പോഴും പിടിക്കപ്പെട്ടു.. പിടിക്കപ്പെടുമ്പോഴും ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങുമ്പോഴും അയാൾ ചിന്തിച്ചിരുന്നത് അടുത്ത രക്ഷപെടൽ പ്ലാനിനെക്കുറിച്ചായിരുന്നു.. ധീരമായ അത്യന്തം ത്യാഗപൂർണ്ണമായ രക്ഷാശ്രമങ്ങൾക്കൊടുവിൽ പാപ്പിയോൺ ചെറു ചങ്ങാടങ്ങളിൽ സമുദ്രം താണ്ടി.. വിവരിക്കാൻ സാധ്യമല്ലാത്ത നരകയാത്രക്കൊടുവിൽ വെനിസ്വേലയിലെത്തി പുതിയ ഒരു ജീവിതം ആരംഭിച്ചു.
1968-ൽ പ്രസിദ്ധീകരിക്കപ്പെട്ട “പാപ്പിയോൺ” ഒരു ആത്മകഥ എന്നതിനെക്കാൾ ഒരു autobiographical novel ആണ്.

കുറ്റവാളികളുടെ വേദപുസ്തകം എന്ന കുപ്രശസ്തി ഇതിനെ വേട്ടയാടുന്നുണ്ട്..ഈ പുസ്തകം വായനക്കാരിൽ നിറക്കുന്നത് ഏതു സാഹചര്യത്തിലും അതിജീവിക്കാനുള്ള പ്രചോദനത്തിന്റെ വെടിമരുന്നാണ്. അത്യന്തം വിഷലിപ്തമായ ഒരു സമൂഹത്തിലേക്ക് ഒട്ടേറെ ചോദ്യങ്ങൾകൊണ്ട് ആഞ്ഞു കുത്തുകയാണ് ഷാരിയാർ. ഇത് മൃദുല വികാരങ്ങളെ തലോടുന്ന ഒരു പൈങ്കിളി നോവൽ അല്ല. മറിച്ച് നിങ്ങളുടെ സദാചാരത്തിന്റെ കരണക്കുറ്റിയിൽ നൽകുന്ന പഠേ!!!!! എന്ന ഒന്നാന്തരം അടിയാണിത്. ദുഷിച്ച നിയമ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന ഒരു വിപ്ലവ കഥകൂടിയാണ് ഇത്.


എം.പി പോൾ ബാല്യകാലസഖിയെപ്പറ്റിപ്പറഞ്ഞത് ഇങ്ങനെ “ഇത് ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരു ഏടാണ്... വക്കിൽ ചോര പൊടിഞ്ഞിരിക്കുന്നു“ ആ അർത്ഥത്തിൽ പാപ്പിയോൺ രക്തം നിറഞ്ഞൊഴുകുന്നതാണ്. അതിലെ ഭാഷയും ശൈലികളും വിവരണങ്ങളും ഒരു മാന്യനു(?) ഇഷ്ടപ്പെട്ടെന്നു വരില്ല.

പാപ്പിയോണിനെപ്പറ്റി കൂടുതൽ വിവരണങ്ങളില്ല അല്പം ചിലവ ഞാൻ കോട്ട് ചെയ്യുന്നു...

“അധോലോകത്തിൽ‌പ്പെട്ട ഒരു പോലീസ് ചാരനായ കൂട്ടിക്കൊടുപ്പുകാ‍രനെ കൊന്നു എന്നതായിരുന്നു എന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം, കിട്ടിയത് ജീവിതാവസാനം വരെ കഠിന തടവ്”

“എനിക്കെന്റെ ചാർജർ കിട്ടി. ഭംഗിയായി പോളീഷ് ചെയ്ത അലുമിനിയം ട്യൂബ്. മദ്ധ്യഭാഗത്ത് തുറക്കാം. 5600 ഫ്രാങ്ക് ഉണ്ടായിരുന്നു, പുതിയ നോട്ടുകളായി. ആ കുഴലിനെ ഞാൻ ചുംബിച്ചു എന്നിട്ട് ഗുദത്തിൽ തിരുകിക്കയറ്റി വച്ചു. അത് നേരെ കടന്ന് വൻകുടലിലെത്തി. അതായിരുന്നു എന്റെ സേഫ് ഡെപ്പോസിറ്റ്. അവർ എന്നെ വിവസ്ത്രനാക്കിയാലും, പരിശോധിച്ചാലും കണ്ടെത്താൻ കഴിയില്ല അതെന്റെ ഭാഗമായി. ജീവിതവും സ്വാതന്ത്ര്യവും ഇതായിരുന്നു-എന്റെ പ്രതികാരത്തിനെ മാർഗ്ഗം”

“രണ്ട് വർഷം ഏകാന്ത തടവ്-നരഭോജി എന്ന് ഇരട്ടപ്പേരുള്ള സാങ്ങ്- ജോസഫ് ഇരുട്ടറയിൽ

ഒരു വർഷത്തിന് 365 ദിവസം, 2 വർഷത്തിന് 730 ദിവസം. 1 ദിവസത്തിന് 24 മണിക്കൂർ. 730 ദിവസത്തിന് ആകെ എത്ര മണിക്കൂർ? എനിക്കു തെറ്റിയിട്ടില്ലെങ്കിൽ 17523 മണിക്കൂർ, പ്രിയപ്പെട്ട പാപ്പിലോൺ 17523 മണിക്കൂർ നീ ഈ കൂട്ടിൽ കഴിയണം .കാട്ടുമ്രുഗങ്ങൾക്കായി ഉണ്ടാക്കിയതാണ് ഈ കൂട്. അപ്പോ‍ൽ എത്ര മിനിറ്റുകൾ? പോയി തുലയട്ടെ ഒറ്റക്ക് ഈ മണിക്കൂറുകളും മിനിറ്റുകളും സെക്കന്റുകളും എന്തെങ്കിലും കൊണ്ടു നിറക്കണം,ഒറ്റക്ക് തനിയേ...”

“1941 ആണ് വർഷം ഞാൻ ജയിലിലായിട്ട് 11 വർഷമായി. എനിക്ക് വയസ്സ് 35.എത്ര ചാടിപ്പോക്കുകൾ ആകെ എത്ര എണ്ണം....”

“എന്നിലാരോപിക്കുന്ന കുറ്റം ഞാൻ ചെയ്തിട്ടില്ല. എന്നാലും ഒരു പ്രോസിക്യൂട്ടറും 12 ജൂറിമാരും ചേർന്ന് എന്നെ ആയുഷ്കാല കഠിന തടവിന് വിധിച്ചു.ശിക്ഷിക്കണം-കൊലപാതകികളേയും മോഷ്ടാക്കളേയും -പക്ഷേ ശിക്ഷകർ ഇങ്ങനെ നരകത്തേക്കാൾ താണ നിലയിലേക്കു പോകേണ്ടതുണ്ടോ?
എന്നെപ്പോലെ ഭൂതകാലമുള്ള ഒരാൾക്ക് നല്ല്ലൊരു മനുഷ്യനാകാൻ കഴിയുമെന്ന് ബഹുഭൂരിപക്ഷം ഫ്രെഞ്ചുകാരും സമ്മതിച്ചെന്നു വരില്ല .അവർക്കും വെനിസ്വേലക്കർക്കും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്, ഒരുവനും എന്നെന്നേക്കുമായി നശിക്കുന്നില്ല...”

പാപ്പിയോൺ ഒരു കൊടും കുറ്റവാളിയുടെ ആത്മകഥ എന്നു പറഞ്ഞ് നമുക്ക് എഴുതിത്തള്ളാനാവില്ല. കാരണം ജയിലിനകത്തെ സാഹചര്യങ്ങൾ അയാളെ കൂടുതൽ കുറ്റങ്ങൾ ചെയ്യിക്കുന്നു എന്നതു തന്നെ. പിന്നെ ഏത് കൊടും കുറ്റവാളിയും മനുഷ്യനാക്കി മാറ്റാവുന്നവനാണെന്നതും ചിന്തിക്കേണ്ട വിഷയം ആണ്.

പാപ്പിലോൺ നീതിപീഠത്തിനും ജയിൽ സംവിധാനങ്ങൾക്കും പുനരാലോചനക്കുള്ള ഒരു വേദി കൂടി ഒരുക്കുന്നു എന്നതാണ് ഇതിന്റെ സമകാലീന പ്രസക്തി.

Friday, March 16, 2012

എക്സൈല്‍

പുസ്തകം : എക്സൈല്‍
രചയിതാവ് : ചാരു നിവേദിത

പ്രസാധകര്‍ : കിഴക്ക് പതിപ്പഗം

അവലോകനം : ജയേഷ്.എസ്


നാട്യങ്ങളിലാത്ത കഥാപാത്രങ്ങളാണ് ചാരു നിവേദിതയുടെ എഴുത്തില് പ്രത്യക്ഷപ്പെടുക. നമുക്ക് ചുറ്റും കാണുന്ന വെറും വെറും മനുഷ്യര്‍. അവര്‍ ദാര്‍ശനിക ഭാരത്താല്‍ കനത്ത ശിരസ്സുകളുമായല്ല ജിവിക്കുന്നത്, നെറികെട്ട ലോകത്തിന്റെ, ആര്‍ത്തിയുടെയും, ചതിയുടേയും, അന്ധതയേയും പൈശാചികതയുടേയും നേര്‍ക്ക് ഒന്നും ചെയ്യാനാകാതെ ചൂഴ്നിലയിലാണ് അവരുടെ ജീവിതം. സീറോ ഡിഗ്രിയില്‍ ഇത്തരം കുറേ കഥാപാത്രങ്ങളെ നമ്മള്‍ കണ്ടുകഴിഞ്ഞതാണ് (പക്ഷേ, ഒരു പോര്‍ണോ നോവല്‍ എന്നറിയപ്പെടാനായിരുന്നു ആ നോവലിന്റെ വിധി. അതൊരു lipogrammatic നോവല്‍ ആയിരുന്നെന്ന് ആധികമാര്‍ക്കും അറിയില്ല)

ഇപ്പോള്‍ ചാരു നിവേദിത തന്റെ പുതിയ നോവലായ എക്സൈലില്‍ Autofiction ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലും ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. ആദ്യം പറഞ്ഞത് പോലെ ജിവിതം കൊണ്ട് മാത്രം ചുഴ്നിലയില്‍ പെട്ടുപോയ, ആത്മഹത്യ ചെയ്യാന്‍ ധൈര്യമില്ലാത്ത കുറേ കഥാപാത്രങ്ങള്‍. അഞ്ജലി എന്ന ഒറ്റ കഥാപാത്രത്തിലൂടെ നാം മഹത്തെന്ന് വിചാരിക്കുന്ന നമ്മുടെ സംസ്ക്കാരത്തിന്റെ പൊള്ളത്തരങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട് ചാരു. ജീവിതത്തിന്റെ ഓരോ അണുവിലും ഘട്ടത്തിലും നാം എത്രത്തോളം വഞ്ചിക്കപ്പെടുന്നെന്ന് സമകാലീന സംഭവങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായിത്തന്നെ നോവലില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഒപ്പം, മൂന്ന് പതിറ്റാണ്ടുകള്‍ താണ്ടിയ തന്റെ സാഹിത്യജിവിതത്തില്‍ ഇന്നോളം കേട്ടിട്ടുള്ള ഭര്‍സനങ്ങള്‍ (അത് മാത്രമേയുള്ളൂയെന്ന് തോന്നുന്നു) മറുപടിയും കൊടുക്കുന്നുണ്ട്.
ഇത്രയും പറഞ്ഞ് നിര്‍ത്തേണ്ടതല്ല എക്സൈല്‍ . വായിക്കുന്തോറും മനസ്സില്‍ സംശയങ്ങളുടെ കനം കൂടും. (വില: 250 രൂപ)

Tuesday, March 13, 2012

ന്യായത്തി

പുസ്തകം : ന്യായത്തി
രചയിതാവ് : ഏ.വി. സന്തോഷ്‌കുമാര്‍

പ്രസാധകര്‍ : കൈരളി ബുക്‌സ് , കണ്ണൂര്‍

അവലോകനം : അമര്‍നാഥ് കെ. ചന്തേര


nyaayathiന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈ നീട്ടിയാല്‍ തന്നെയും നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. (സൂറത്ത് 5:28- വിശുദ്ധഖുറാന്‍)

തന്നെ ഞെരിച്ചുകൊല്ലാതെ വെറുതെവിട്ട വിരലുകളെ അരിച്ചുതീര്‍ക്കാന്‍ കാത്തിരിക്കുന്ന ഉറുമ്പുകളെപ്പോലെ നിഷ്‌കളങ്കരെ ഉപദ്രവിക്കുന്ന സമൂഹമനസ്സാക്ഷിയുടെ പ്രത്യക്ഷപ്രതീകമാണ് ഏ.വി. സന്തോഷ്‌കുമാറിന്റെ ‘ന്യായത്തി’എന്ന കവിതാസമാഹാരത്തിലെ വിരലുകള്‍ എന്ന കവിത. നരാധമന്‍മാരുടെ കൈകളാല്‍ തെരുവില്‍ ഉറുമ്പരിച്ചു കിടക്കേണ്ടിവന്ന സ്ത്രീശരീരത്തെ അനാവരണം ചെയ്താണ് കവി തന്റെ ക്ഷോഭം പ്രകടിപ്പിക്കുന്നത്.

ന്യായാത്തി കാല്‍വെള്ളയില്‍ കടിച്ച ഉറുമ്പിനെ കൊല്ലാന്‍ കുനിഞ്ഞ ഗര്‍ഭിണിയുടെ വീര്‍ത്ത ഉദരം തുടയിലമര്‍ന്നപ്പോള്‍ വയറിനകത്തുകിടന്ന് അമ്മയോട് നിസ്സാരനായ ഉറുമ്പിന്റെ ജന്മംപോലും വിലപ്പെട്ടതാണെന്ന് ഓര്‍മിപ്പിക്കുന്ന ഗര്‍ഭസ്ഥശിശുവിന്റെ ‘എന്നെ അമര്‍ത്താതമ്മേ’ എന്ന കരുതല്‍ പുതിയകാലത്തിന്റെ വിഹ്വലതകളുടെ ഓര്‍മപ്പെടുത്തലാണ്.

ലോകത്തിലെ സകലതിനെക്കുറിച്ചും അഭിപ്രായം ഉണ്ടായിരിക്കുകയും എല്ലാ അഭിപ്രായത്തിന്റെയും അളവുകോല്‍, തീര്‍ത്തും പരിമിതമായ തന്റെ അനുഭവലോകമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമകാലിക മലയാളിയുടെ പ്രതിരൂപങ്ങളെയാണ് ‘ന്യായത്തി’യിലെ കവിതകള്‍ വരച്ചിടുന്നത്. തന്റെ ഭാര്യ, പോത്തിന്‍ചാണകം വൃത്തിഹീനമായതിന്റെ പേരിലും, അനുജത്തി പോത്തിന്‍ കരച്ചില്‍ അരോചകമായതിന്റെ പേരിലും പോത്തിറച്ചി കഴിക്കാതിരിക്കുകയും എന്നാല്‍ ആട്ടിറച്ചി കഴിക്കുന്നതിന് മറ്റു ന്യായങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന സ്ത്രീസ്വാതന്ത്ര്യത്തിന്റെ പുതിയ സംവരണകാലഘട്ടത്തില്‍ വ്യക്തിഗതവും ആപേക്ഷികവുമായ സ്വാതന്ത്ര്യത്തിന്റെ അപകടം പറഞ്ഞുവെക്കുന്നു കവി – എന്നാല്‍ വരട്ടു ന്യായത്തിന്റെ ബാലിശതക്കപ്പുറം പോത്തിനും ആടിനും സ്ത്രീ കല്പിച്ചുകൊടുക്കുന്ന ന്യായാന്യായങ്ങളിലെ സന്നിഗ്ധതയൊന്നും പുരുഷന് ബാധകമല്ലെന്നും അറവുശാലയിലെ അരണ്ട വെളിച്ചത്തിന്റെ നേരിയമറ മാത്രം മതി അവന് എന്നും കവി പറഞ്ഞു വെക്കുമ്പോള്‍ ആരും തലകുലുക്കി സമ്മതിക്കുകയേ ഉള്ളൂ.

പെണ്ണും പണവും പദവിയും ദുരുപയോഗപ്പെടുത്തി പിടിക്കപ്പെട്ടപ്പോള്‍, വേട്ടക്കാരുടെയും ഇരകളുടെയും കൊടിയുടെ നിറം നോക്കി ‘ന്യായം പറയുന്ന’ ചാനല്‍ക്കാഴ്ചകള്‍ നിറയുന്ന എക്‌സ്‌ക്യൂസീവ് ചാനില്‍ഷോ നടക്കുന്ന നാട്ടില്‍ എല്ലാവരും ‘ന്യായത്തി’കളും ‘ന്യായസ്ഥന്മാ’രും ആകുന്ന കാലമിങ്ങെത്തി എന്നാണ് മുന്നറിയിപ്പ്.

നഷ്ടപ്രണയത്തിന്റെ നോവും നീറ്റലും മനസ്സില്‍ അണയാതെ എരിയുന്ന കാമുകഹൃദയങ്ങളെ, തന്റെ നഷ്ടപ്പെട്ട വാഗ്ദത്തഭൂമിയിലേക്ക് വര്‍ണക്കാഴ്ചകളോടെ ആനയിച്ചുകൊണ്ടുപോകുന്ന ഓര്‍മ്മയുടെ പെരുക്കമാണ് ‘ഒറ്റ’ എന്ന കവിത.

അന്ന് ഞാന്‍
തന്നത്
സ്വീകരിച്ചിരുന്നുവെന്ന്
ഞാന്‍
അറിഞ്ഞിരുന്നെങ്കില്‍
ഇന്ന്
തിരിച്ചുപോരുമ്പോള്‍
നമ്മള്‍
ഒറ്റയ്ക്ക്
ആവില്ലായിരുന്നു

എന്ന് ആശയഭംഗിയോടെ കവി പറഞ്ഞുവെക്കുമ്പോഴും ഗൃഹാതുരമായ ഓര്‍മ്മകളാല്‍ അനുവാചകന്‍ വിസ്മയിപ്പിക്കപ്പെടുമ്പോഴും ഒന്നുറക്കെ പാടിയാല്‍ കിട്ടാത്ത അനുഭൂതി വായനക്കാരില്‍ നിറയുന്നു എന്ന വസ്തുത നാം കാണാതെ പോകരുത്.

താന്‍ നില്‍ക്കുന്ന ഇടത്തിലെ അനുഭവലോകമാണ് കവിയ്ക്ക് തന്റെ ലോകത്തോടു പറയാനുള്ള വിഷയത്തിന്റെ ഉറവ എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ”മോശം വരൂല” എന്ന കവിത.

”ഇന്നലെ ബ്രോക്കറ് കുമാരന്‍
വന്ന് നമ്മുടെ ഉസ്‌കൂള്
വില്‍ക്കാന്‍ പോകുന്നൂന്ന്
പറഞ്ഞപ്പോ മുതല്‍ ഒരിത്.”

തനിക്ക് ഉപ്പും ചോറും നല്‍കുന്ന സ്‌കൂള്‍ എന്ന തന്റെ പ്രിയപ്പെട്ട ഇടം വില്പനയ്ക്കു വെക്കാനുള്ള
”ഒരു സാധന”മാണെന്ന് തിരിച്ചറിയുന്ന കവിക്കുണ്ടാകുന്ന നൊമ്പരവും അമ്പരപ്പും പ്രതിഷേധവും ഈ ഒരു കവിതയില്‍ കാണാന്‍ കഴിയും.

ചാനലുകാരും രാഷ്ട്രീയക്കാരും ചര്‍വ്വിതചര്‍വ്വണം നടത്തി അര്‍ത്ഥം തേഞ്ഞുപോയ ഒരു വാക്കാണ്’മാഫിയ’-സൈറ്റുള്ള സ്ഥലം കണ്ണുവെക്കുന്ന പുത്തന്‍പണക്കാര്‍ നാട്ടില്‍ പെരുകുമ്പോള്‍ പഴയ ‘വിപ്ലവകാരികള്‍’ പുതിയ കോണ്‍ട്രാക്ടര്‍മാരും കച്ചവടക്കാരുമായി മാറിയിരിക്കുന്ന കാലത്ത് ”ഒരു നിശ്ചയമില്ലയൊന്നിനും” എന്ന കുമാരനാശാന്റെ വരിയുടെ സാംഗത്യം എല്ലാകാലത്തും അനുഭവവേദ്യമാകുന്നു.

പക്ഷേ, തന്റെ നാട്ടുപള്ളിക്കൂടത്തില്‍ താന്‍ ചെലവഴിച്ച ബാല്യകാലത്തില്‍ നിറയുന്ന പൊട്ടിയസ്ലേറ്റും പൊളിഞ്ഞ ബെഞ്ചും അമേരിക്കന്‍ ഗോതമ്പില്‍ ഡാല്‍ഡ ഒഴിച്ച ഉപ്പുമാവും ചിതലരിച്ച ബ്ലാക്ക്‌ബോര്‍ഡും കവിയെ നൊമ്പരപ്പെടുത്തുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

ഓരോ നാട്ടുമനുഷ്യന്റെയും ഓര്‍മകളില്‍ നിറയുന്ന ഗൃഹാതുരതയുടെ നേര്‍ത്ത നൊമ്പരം തന്നെയാണ് ഇത്. ഇവിടെ കവി വെറും സാധാരണക്കാരനായ നാട്ടുമ്പുറത്തുകാരനായി മാറുന്നു.

നാട്ടിലെ പ്രശ്‌നങ്ങളില്‍, പ്രസ്താവനക്കടിയില്‍ ഒപ്പുചാര്‍ത്തിയെങ്കിലും പ്രതിഷേധിച്ചിരുന്ന ‘ക്ഷോഭിക്കുന്ന സാംസ്‌കാരിക നായകന്മാരെ ഉപ്പുതൊട്ടു കൂട്ടാന്‍ പോലും കിട്ടാത്ത പുതിയ കാലത്തില്‍ സുഖലോലുപരായ സ്വജീവിതം ”അടിച്ചുപൊളിക്കുന്ന” സാംസ്‌കാരികനായകന്മാര്‍ സഹജീവികളുടെ ദുരിതജീവിതത്തെ ഓര്‍ത്ത് വാക്കാല്‍ പരിതപിക്കുന്നത് അനുതാപമാകാത്തിടത്തോളം വ്യായാമം വൃഥാവിലാകും എന്നതുമാണ് സത്യം.

മധ്യവര്‍ഗം രാംലീല മൈതാനത്ത് ദേശീയപതാക വീശി അഴിമതിക്കെതിരെ പുതിയ പോരാട്ടത്തിന്റെ പോര്‍മുഖം തുറക്കുമ്പോള്‍ അറുപത് വര്‍ഷത്തിനിടയില്‍ നമ്മുടെ രാഷ്ട്രീയനേതൃത്വം എങ്ങനെ ഇത്രമാത്രം കെട്ടുപോയി എന്നു നമ്മെ ഓര്‍മപ്പെടുത്തുകയാണ്. എല്ലാവരും പരാജയപ്പെട്ടു പോകുന്നിടത്ത് നന്‍മയുടെ ഒരു നേര്‍ത്ത ഓര്‍മ്മപ്പെടുത്തലാണ് ഓരോ കവിതയും. കവിയും കലാകാരനും നിര്‍വ്വഹിക്കുന്ന കടമ എല്ലാക്കാലത്തും ഇതുന്നെയാണ്. ഏ.വി.സന്തോഷ്‌കുമാര്‍ കാലത്തെ ഓര്‍മ്മപ്പെടുത്തുന്നതും ഇതുന്നെയാണ്.
(പുസ്തക വില : വില: 45/-)

Saturday, March 10, 2012

നികിതയുടെ ബാല്യം / Nikita's Childhood

പുസ്തകം : നികിതയുടെ ബാല്യം / Nikita's Childhood
രചയിതാവ് : അലെക്സേയ് നികോളെവിച്ച് ടോള്‍സ്റ്റോയി / വിവര്‍ത്തനം : ഗോപാലകൃഷ്ണന്‍
പ്രസാധകര്‍ : പ്രഭാത്‌ ബുക്ക് ഹൗസ്

അവലോകനം : സന്ദീപ്.എ.കെല്ലാ ഡിസംബര്‍ മാസത്തിലും വായിക്കാന്‍ കൊതിക്കുന്ന ഒരു പുസ്തകമാണ് ഏ. ടോള്‍സ്റ്റോയിയുടെ "നികിതയുടെ ബാല്യം" എന്ന റഷ്യന്‍ ബാലസാഹിത്യം. നന്നേ ചെറുപ്പത്തില്‍ തുടങ്ങി ഞാനീ പുസ്തകം ആവര്‍ത്തിച്ചു വായിക്കുന്നു. ഒറ്റപ്പെടുന്ന ബാല്യങ്ങളുടെ നൊമ്പരങ്ങളും, ബന്ധനങ്ങളില്‍ നിന്നും സ്വതന്ത്രരാവുമ്പോളുണ്ടാവുന്ന ഉത്സാഹവുമെല്ലാം എനിക്ക് ശരിക്കും മനസ്സിലാവുമെന്നതിനാലാവും ഈ കഥ എന്നെ എന്നും ആകര്‍ഷിക്കുന്നത്. ഇതിലെ കേന്ദ്രകഥാപാത്രമായ നികിത എന്ന ബാലന്റെ പ്രായത്തിലാവണം ഞാന്‍ ആദ്യമിതു വായിക്കുന്നത്. ആ പ്രായത്തില്‍ ഞാനനുഭവിച്ചിരുന്ന ഏകാന്തതയും, ഞാന്‍ കൊതിച്ചിരുന്ന സൗഹൃദങ്ങളും ഏതാനും കഥാപാത്രങ്ങളിലൂടെ എന്നിലേക്കെത്തുകയായിരുന്നു. മഞ്ഞുമൂടിയ റഷ്യന്‍ ഭൂപ്രകൃതിയും അവിടത്തെ ജീവിതരീതികളും ഞാന്‍ ഭാവനയില്‍ കണ്ടു. എനിക്ക് ചുറ്റുമുള്ളവരെ ആ കഥാപാത്രങ്ങളുമായി സാദൃശ്യപ്പെടുത്തി. അങ്ങനെ നികിതയ്ക്കും എനിക്കുമിടയിലെ കാതങ്ങളുടെ ദൂരം നേര്‍ത്തു നേര്‍ത്തില്ലാതാവുകയായിരുന്നു. ഇപ്പോഴുമിതു വായിക്കുമ്പോള്‍ ഞാനൊരു പത്തുവയസ്സുകാരന്റെ കുസൃതിയും നനുത്ത സ്വപ്നങ്ങളും അറിയുന്നു. ഈ ഡിസംബറിലും എന്നിലേക്കൊതുങ്ങി നികിതയുടെ ലോകത്തിലേക്ക് അവന്റെ കൈപ്പിടിച്ചു ഞാന്‍ ഇറങ്ങുന്നു. അവനോടൊപ്പം ഞാനീ ക്രിസ്തുമസ്സ് രാവുകള്‍ ആഘോഷിക്കുന്നു.

അലെക്സേയ് നികോളെവിച്ച് ടോള്‍സ്റ്റോയി / Aleksei Nikolaevich Tolstoi (1883 - 1945 ) തന്റെ ബാല്യകാലസ്മൃതികളിലെ റഷ്യന്‍ ഗ്രാമജീവിതം ഇഴചേര്‍ത്തു എഴുതിയ മനോഹരമായ കഥയാണ്‌ നികിതയുടെ ബാല്യം / Nikita's Childhood (1922). അത്യഗാധമായ ആദരവോടെ സ്വന്തം മകനായ നികിത അലെക്സേവിച്ച് ടോള്‍സ്റ്റോയിയ്ക്ക്‌ സമര്‍പ്പിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ , ആദ്യമെന്റെ മനസ്സുടക്കുന്നത് ഇതിലെ കഥാപാത്രങ്ങളുടെ പേരുകളും കഥ നടക്കുന്ന സ്ഥലത്തെ നാമങ്ങളിലേ വൈചിത്രത്തിലുമാണ്. കഥാകാരന്റെ ബാല്യം ചിലവഴിച്ചിരുന്നത്, സമാറയ്ക്കടുത്തുള്ള സൊസ്റ്റോവ്ക്ക എന്ന സ്ഥലത്തെ ഫാം ഹൗസിലായിരുന്നു. അദ്ദേഹത്തിന്‍റെ അമ്മയുടെ പേരായ ലെക്സാന്‍ദ്ര ലെയോന്തെവ്ന, ഗുരുനാഥനായ ആര്‍ക്കാദിയ് ഇവാനൊവിച്ച്, ആട്ടിടയനായ മിഷ്ക്ക കൊരഷോനൊക്കുമെല്ലാം കഥാകാരന്റെ ജീവിതത്തില്‍ നിന്നും കഥയിലേക്ക്‌ പറിച്ചു നടപ്പെട്ട കഥാപാത്രങ്ങളാണ്. പാറിപ്പറന്ന തലമുടിയും പതിഞ്ഞ മൂക്കും വലിയ വായും മന്ത്രവാദം ചെയ്ത മുഷ്ടിയുമുള്ള നികിതയുടെ ചങ്ങാതി സ്തോപ്ക്ക കര്‍നൌഷ്ക്കിന്‍, അതുപോലെ സ്യോംക, ല്യോന്‍ക, കൊച്ച് അര്‍ത്തമോഷ്ക്ക, നിള്‍ , കരിഞ്ചെവിയന്‍ വാന്‍ക, പെത്രൂഷ തുടങ്ങിയ ജീവിക്കുന്ന കഥാപാത്രങ്ങള്‍ കഥാകാരനിലൂടെ നമ്മോട് നേരിട്ട് സംവദിക്കുകയാണ്.

ഒരു "തെളിഞ്ഞ പ്രഭാത"ത്തില്‍ തുടങ്ങുന്ന നികിത എന്ന പത്തുവയസ്സുകാരന്റെ സാധാരണ ജീവിതത്തിലെ അസാധാരണകാര്യങ്ങളെ ഹൃദ്യമായി വിവരിക്കുകയാണ് ടോള്‍സ്റ്റോയി. വീട്ടില്‍ , അവന്റെ അമ്മയില്‍ നിന്നും ഗുരുനാഥനില്‍ നിന്നും അവനു നേരിടേണ്ടി വരുന്ന കാര്‍ക്കശ്യങ്ങളും പുറത്തിറങ്ങിയാല്‍ അവനനുഭവിക്കുന്ന സ്വതന്ത്രത്തിന്റെ അത്ഭുതലോകവും കഥാകാരന്‍ കൊച്ചു കൊച്ചദ്ധ്യായങ്ങളിലൂടെ നമുക്ക് കാണിച്ചു തരികയാണ്. വിരസമായ ഒരു സായാഹ്നത്തിന്റെ അവസാനത്തില്‍ അവരുടെ വീട്ടില്‍ ക്രിസ്തുമസ് ആഘോഷിക്കാനെത്തുന്ന വിരുന്നുകാരില്‍ നിന്നും കഥ മറ്റൊരു മാനം കൈവരിക്കുന്നത് കാണാം. കുറച്ചകലെ സമാറയില്‍ പാര്‍ത്തിരുന്ന, നികിതയുടെ അമ്മയുടെ സുഹൃത്തായ ആന്ന അപ്പൊള്ളോസൊവ്ന ബാബ്കിനയും അവരുടെ മക്കളായ വിക്തൊരും ലീലയുമായിരുന്നു ആ വിശിഷ്ടാതിഥിതികള്‍ . ഏകദേശം നികിതയുടെ സമപ്രായക്കാരായ അവര്‍ രണ്ടു പേരുമായും വേഗത്തിലവന്‍ ചങ്ങാത്തത്തിലാവുന്നു. ആദ്യം അല്‍പ്പം അകലം കാട്ടി നിന്ന ലീലയും പിന്നീടുള്ള ദിവസങ്ങളില്‍ അവന്റെ ഉറ്റതോഴിയായി മാറുന്നു. അങ്ങനെ എല്ലാവരും ചേര്‍ന്നു ആ അവധിക്കാലം ആഘോഷിക്കുകയാണ്. കേക്കും വൈനും ഉണ്ടാക്കുന്നു, ക്രിസ്തുമസ് മരം തയ്യാറാക്കുന്നു. കൊച്ചു കൊച്ചു സമ്മാനപ്പൊതികള്‍ ആ മരത്തില്‍ തൂക്കിയിടുന്നു. അവര്‍ ക്രിസ്തുമസ്സിനായി ഒരുങ്ങുന്നു.

ക്രിസ്തുമസ്സ് രാത്രിയില്‍ ഗ്രാമത്തിലെ കുട്ടികള്‍ അവരുടെ വീട്ടില്‍ വരികയും ആഘോഷങ്ങളില്‍ പങ്കുചേരുകയും ചെയ്യുന്നു. അലങ്കരിച്ച ക്രിസ്തുമസ് മരത്തിനു ചുറ്റും അവര്‍ കൈക്കോര്‍ത്തു പിടിച്ചു നൃത്തം ചെയ്യുന്നു. ഗ്രാമത്തിലെ കുട്ടികള്‍ ഉറക്കെ പാടി...

ഞാന്‍ സ്വര്‍ണ്ണമൊളിച്ചു,
സ്വര്‍ണ്ണമൊളിച്ചു,
വെള്ളിയൊളിച്ചു,
വെള്ളി, വെള്ളി.....

മറ്റുള്ളവരതു ഏറ്റുപാടി ചുവടുവെച്ചു. രാവൊഴിയും വരെയവരുടെയാഘോഷങ്ങള്‍ നീളുന്നു.

നികിതയും ലീലയും അടുക്കുന്നതും, അവരുടെതു മാത്രമായ കൊച്ചു കൊച്ചു വിശേഷങ്ങളുമൊക്കെ ആസ്വാദ്യകരമാം വിധം അവതരിപ്പിക്കുന്നുണ്ട് ഈ ഭാഗങ്ങളില്‍ . ക്രിസ്തുമസ്സ് അവധിയ്ക്കു ശേഷം അവരുടെ മടക്കം നികിതയെ വീണ്ടും ഏകാകിയാക്കുന്നു. നികിതയുടെ അച്ഛനായ വസീലിയ് നിക്കീത്യെവിച്ച് നാട്ടില്‍ അപ്രതീക്ഷിതമായി തിരിച്ചെത്തുന്നതും അദ്ദേഹത്തിനു യാത്രാമദ്ധ്യേ നേരിടേണ്ടി വന്ന അപകടത്തെക്കുറിച്ചുള്ള വിവരണവും തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ കാണാം. ഈസ്റ്റര്‍ കാലമെത്തുകയും ഈസ്റ്റര്‍ തലേന്നുള്ള പാട്ടുപെരുന്നാളിനു പങ്കെടുക്കാന്‍ അകലെയുള്ള ദേവാലയത്തിലേക്കു നികിതയും കുടുംബവും പോകുന്നു. വസീലിയ് നിക്കീത്യെവിച്ചിന്റെ ഒരു പഴയ സ്നേഹിതനായ പ്യോത്തര്‍ പെത്രോവിച്ച് ദെവ്യാത്തോവിന്റെ വീട്ടില്‍ താമസിക്കുന്നു. അവിടെ വെച്ചു ആന്ന എന്ന പെണ്‍കുട്ടിയ്ക്ക് നികിതയോടു ഒരു പ്രത്യേക അടുപ്പം തോന്നുന്നു. ലീലയോടു നികിതയ്ക്കു തോന്നിയ അതേ വികാരങ്ങളാണ് ആന്നയ്ക്കും തന്നോടെന്ന് നികിതയ്ക്കു മനസ്സിലാകുന്നു. ആ അസാധാരണമായ വാക്കുകളും അര്‍ത്ഥവത്തായ നോട്ടങ്ങളും പുഞ്ചിരികളും ലീലയൊഴിച്ചു മറ്റാരുമായും കൈമാറാന്‍ അവനു സാധ്യമായിരുന്നില്ല. അഥവാ അങ്ങനെ ചെയ്യുന്നത് നിര്‍ലജ്ജമായ വഞ്ചനയാകുമെന്നും അവന്‍ വിശ്വസിച്ചു.

മെയ്‌ 11. നികിതയുടെ പത്താം ജന്മദിനാഘോഷങ്ങള്‍ നികിത കുടുംബത്തോടൊപ്പം ഗംഭീരമായി നടത്തുന്നു. "കൊടിയുയര്‍ത്തല്‍ " എന്ന അദ്ധ്യായത്തില്‍ അത് മനോഹരമായി വിവരിക്കുന്നുണ്ട്. ഒരു ദിവസം നികിതയ്ക്കു മുറ്റത്തു നിന്നും ഒരു *1ഷെള്‍ത്തൂഹിനെ കിട്ടുന്നു. അതിനു കൂടുണ്ടാക്കുകയും തീറ്റ കൊടുക്കുകയും ചെയ്തു നികിത സമയം പോക്കുന്നു. ഷെള്‍ത്തൂഹില്‍ നികിതയോടും വീടുമായും വേഗത്തിലിണങ്ങുന്നു. ആഗസ്റ്റ് മാസത്തില്‍ അതുവഴി വന്നെത്തിയ കാട്ടുമൈനകള്‍ അതിനെ അവരുടെ കൂട്ടത്തിലേക്ക് വശീകരിച്ചെടുക്കുകയും, അങ്ങനെയതു തോട്ടത്തിലെ ഇലപോഴിഞ്ഞു തുടങ്ങിയ ശരല്‍ക്കാലപ്രഭാതത്തില്‍ മറ്റു പക്ഷികളോടൊപ്പം കടല്‍ കടന്നു ആഫ്രിക്കയിലേക്കു പറന്നു പോകുന്നു. നികിത വീണ്ടും ഏകാന്തതയിലേക്കു മടങ്ങുന്നു.

നികിത കുതിര സവാരി പഠിക്കുന്നതും അവനെ തേടി ലീലയുടെ കത്ത് വരുന്നതുമൊക്കെ പിന്നീടുള്ള അദ്ധ്യായങ്ങളിലെ വിശേഷങ്ങളാണ്. അവസാനഅദ്ധ്യായത്തില്‍ നികിതയും കുടുംബവും സമാറയിലേക്ക്, അവന്റെ അച്ഛന്റെ വ്യാപാരസ്ഥലത്തേക്കു ഗ്രാമജീവിതം ഉപേക്ഷിച്ചു യാത്രയാകുകയാണ്. അവിടെയവനെ വരവേല്‍ക്കുന്നത് ലീലയും കുടുംബവുമായിരുന്നു. അവരുടെ പുനഃസമാഗമത്തിന്റെ സന്തോഷത്തിലും നികിത നാട്ടിന്‍പുറത്തെ സ്വച്ഛജീവിതത്തെ ഓര്‍ക്കുന്നുണ്ട്. കൂട്ടിലെ ഷെള്‍ത്തൂഹിനെ പോലെ അവനും നഗരജീവിതത്തിലൊരു തടവുകാരനായിപ്പോയോയെന്നും സന്ദേഹപ്പെടുന്നുണ്ട്.

*2ജിംനേഷ്യത്തിലെ *3ഒന്നാം തരത്തില്‍ നിന്നും നികിത രണ്ടാം തരത്തിലേക്ക് ജയിക്കുന്നതും, നഗരത്തിലെ പുതിയ ജിംനേഷ്യത്തില്‍ അഡ്മിഷന്‍ ലഭിക്കുന്നതും പറഞ്ഞു കൊണ്ട് മുപ്പത്തിയഞ്ചു അദ്ധ്യാങ്ങള്‍ കടന്ന് കഥ അവസാനിക്കുകയാണ്.

ഈ കഥയില്‍ എനിക്കേറ്റവും ഇഷ്ടമുള്ളതും, എല്ലാ ക്രിസ്തുമസ്‌ കാലത്ത് ഗൃഹാതുരതയോടെ ഓര്‍ക്കാനാഗ്രഹിക്കുന്നതുമായ ഭാഗമാണ് ആ ക്രിസ്തുമസ് രാവിനെ കുറിച്ചുള്ള അഞ്ചു അദ്ധ്യായങ്ങള്‍ . നോവലിലുടനീളം റഷ്യന്‍ ഭൂപ്രകൃതിയുടെ വര്‍ണ്ണനകള്‍ ഉള്‍ച്ചേര്‍ക്കാന്‍ കഥാകാരനു കഴിഞ്ഞിട്ടുണ്ട് . ഈ പുസ്തകത്തിന്റെ ആദ്യപേര് "തികച്ചും അസാധാരണകാര്യങ്ങളെക്കുറിച്ചുള്ള ഒരു കഥ" എന്നായിരുന്നു. ബാലനായ നികിതയുടെ ചെറിയ വിശേഷങ്ങള്‍ പോലും അസാമാന്യ മനോഹാരിതയോടെ കഥാകാരന്‍ പറഞ്ഞു വെയ്ക്കുന്നുണ്ട്. "കുഞ്ഞുകാര്യങ്ങളുടെ ഓടേതമ്പുരാ"നെന്നു നികിതയെ വിശേഷിപ്പിക്കാനും എനിക്കിടയ്ക്കു തോന്നാറുണ്ട്. അത്രമേല്‍ ആ കഥാപാത്രം എന്നോടു ചേര്‍ന്നു നില്‍ക്കുന്നതായി ഞാനറിയുന്നു. അപ്പര്‍ പ്രൈമറി മുതല്‍ വയോവൃദ്ധര്‍ക്കു വരെ നികിതയുടെ ബാല്യം ഒരുപോലെ ആസ്വദിക്കാനാകുമെന്നാണെന്റെ അഭിപ്രായം. എല്ലാ ഡിസംബര്‍ നാളുകളിലും എന്റെ വായനാ ഓര്‍മ്മയില്‍ തെളിയുന്നത് നികിതയാണ്... നികിതയിലൂടെ വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഞാനെന്ന പത്തുവയസ്സുള്ള ബാലനെയാണ്.

ഈ കൃതിയെ കുറിച്ച് പറയുമ്പോള്‍ ഇത് വിവര്‍ത്തനം ചെയ്ത ശ്രീ. ഗോപാലകൃഷ്ണനെ കുറിച്ച് പറയാതെ പോകുന്നത് ശരിയല്ല. മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ ബൃഹദ്‌രചനകള്‍ , മാക്സിം ഗോര്‍ക്കിയുടെ 'അമ്മ', ലിയോ ടോള്‍സ്റ്റോയിയുടെ 'ഉയിര്‍ത്തെഴുന്നേല്പ്', ദസ്തയോവ്‌സ്‌കിയുടെ 'വെളുത്തരാത്രികള്‍ ' ഗോര്‍ക്കിയുടെ പല നാടകങ്ങളും, ആത്മകഥയും അടങ്ങുന്ന എണ്‍പതോളം രചനകള്‍ ഗോപാലകൃഷ്ണന്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ആലുവ സ്വദേശിയായ അദ്ദേഹവും പത്നി ഓമനയും റഷ്യന്‍ സാഹിത്യം മലയാളത്തിലേക്കു പകര്‍ത്തിയെഴുതാന്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം "മോസ്കോ ഗോപാലകൃഷ്ണന്‍ " എന്നൊരു വിളിപ്പേര് കൂടി അദ്ദേഹത്തിനും സ്വന്തമായിരുന്നു. മോസ്കോയിലെ Progress Publishers ആയിരുന്നു ഈ പുസ്തകത്തിന്റെ പ്രസാധകര്‍ . മലയാളത്തില്‍ ഇതിന്റെ വിതരണം പ്രഭാത്‌ ബുക്ക് ഹൗസിനായിരുന്നു. നിലവില്‍ ഇതിന്റെ കോപ്പി ലഭ്യമല്ലെന്നാണ് തിരുവന്തപുരത്തെ പ്രഭാത് ബുക്ക്‌ ഹൗസില്‍ നിന്നും കിട്ടിയ വിവരം.

==============================================
സൂചനകള്‍ :

*1ഷെള്‍ത്തൂഹില്‍ - ചാരനിറം മാറാത്തൊരു മൈനക്കുഞ്ഞ്
*2ജിംനേഷ്യം - റഷ്യയിലെ സ്കൂള്‍
*3ഒന്നാം തരം - നമ്മുടെ നാട്ടിലെ അഞ്ചാം ക്ലാസിനോട് തുല്യമത്രേ.

Wednesday, March 7, 2012

നോത്രദാമിലെ കൂനന്‍

പുസ്തകം : നോത്രദാമിലെ കൂനന്‍
രചയിതാവ് : വിക്ടര്‍ ഹ്യൂഗോ / വിവര്‍ത്തനം : കെ.പി ബാലചന്ദ്രന്‍

പ്രസാധകര്‍ : ഗ്രീന്‍ ബുക്സ്

അവലോകനം : അന്വേഷകന്‍സ്കൂളില്‍ പഠിക്കുന്ന കാലത്താണ് പാവങ്ങള്‍ വായിക്കുന്നത്. നീലൂരെ പഴയ ആ ലൈബ്രറി കെട്ടിടത്തില്‍ താടി നീണ്ട ലൈബ്രെരിയന്റെ അടുത്തുനിന്നും ചുവന്ന പുറം ചട്ടയുള്ള ആ പുസ്തകം എടുത്തത്‌ ഇപ്പോളും ഓര്‍ക്കുന്നുണ്ട്. ജീന്‍ വാന്‍ ജീന്റെ കഥയൊക്കെ പലയിടത്തും നിന്ന് കേട്ടതാണ് പുസ്തകം എടുക്കാന്‍ തോന്നാന്‍ കാരണം. റേഡിയോ നാടകങ്ങളില്‍ നിന്നുമൊക്കെ പള്ളിയിലെ മെഴുകുതിരിക്കാലുകള്‍ മോഷ്ടിച്ച മുന്‍ തടവുകാരന്റെ കഥ കേട്ടിരുന്നു. പക്ഷെ വായന അത്രയ്ക്ക് സുഖമല്ലായിരുന്നു. 1924 ല്‍ നാലപ്പാട്ട് നാരായണ മേനോന്‍ നടത്തിയ വിവര്‍ത്തനം എഴുപതു വര്‍ഷത്തിനു ശേഷം ഒരു സ്കൂള്‍ വിദ്യാര്‍ഥിയായ ഞാന്‍ വായിക്കുമ്പോള്‍ എങ്ങനെയിരിക്കുമെന്ന് പറയേണ്ടല്ലോ. എന്തായാലും അത് വായിച്ചു തീര്‍ത്തിരുന്നു. ഴാംഗ് വാല്‍ ഴാംഗ് എന്ന മനുഷ്യനെ ചുറ്റിപ്പറ്റിയുള്ള കഥ ഇന്നും മനസ്സില്‍ നിന്നും പോയിട്ടില്ല. മനുഷന്റെ കഷ്ടതതകളും ദുരിതങ്ങളും എത്ര മനോഹരമായാണ് അതില്‍ വരച്ചു കാണിച്ചത്. എം മുകുന്ദന്റെ അഭിപ്രായത്തില്‍ നോവലുകളുടെ അമ്മയാണ് "പാവങ്ങള്‍ "

അന്നേ കേട്ടിരുന്നു വിക്ടര്‍ ഹ്യൂഗോയുടെ മറ്റൊരു പ്രശസ്ത രചനയായ നോത്രദാമിലെ കൂനനെക്കുറിച്ച്.. പക്ഷെ അക്കാലത്തൊന്നും അത് വായിക്കാന്‍ അവസരം കിട്ടിയില്ല..

കുറച്ചു നാള്‍ മുന്‍പാണ് ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച വിവര്‍ത്തനം കിട്ടിയത്. കെ.പി ബാലചന്ദ്രന്റെ വിവര്‍ത്തനം ആകര്‍ഷണീയമായി. സത്യത്തില്‍ ആശ്ചര്യമാണ് തോന്നിയത്. 1831 ലാണ് ഹ്യൂഗോ ഈ നോവല്‍ എഴുതിയത്. കാലങ്ങള്‍ക്ക് ശേഷവും അതിന്റെ ഇതിവൃത്തത്തിന്റെ പ്രാധാന്യം അസ്തമിച്ചിട്ടില്ല. കൂനനും ചെകിടനുമായ വിരൂപിക്ക് ജിപ്സിപ്പെൺകുട്ടിയില്‍ തോന്നുന്ന സ്നേഹമാണ് പ്രമേയമെങ്കിലും അതിനിടയിലൂടെ കടന്നു വരുന്ന ജീവതത്തിന്റെ യാഥാര്‍ത്ഥ്യ ചിത്രീകരിച്ചിരിക്കുന്നത് കാല, ദേശങ്ങള്‍ക്കതീതമായാണ്. അത് തന്നെയാണ് ഈ പുസ്തകം വായിക്കുമ്പോള്‍ നമ്മളെ എണീല്‍ക്കാന്‍ പ്രേരിപ്പിക്കാത്തതും.

ചെവി കേള്‍ക്കാത്ത നീതി പീഠം കൂനനില്‍ കുറ്റം ചാർത്തുന്നതാണ് കഥയിലെ ഒരു പ്രധാന ഭാഗം. സമൂഹത്തിന്റെ അവഗണന മനുഷ്യനോടു തന്നെ വെറുപ്പ്‌ തോന്നുന്ന രീതിയില്‍ കൂനനെ മാറ്റുന്നത് എവിടെയും സംഭവിക്കാവുന്ന കാര്യമാണ്.

സ്നേഹം എങ്ങനെയാണ് ഇതിലും മനോഹരമായി ചിത്രീകരിക്കാന്‍ കഴിയുക ? ജിപ്സി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ വേണ്ടി ആ കൂനന്‍ നടത്തുന്ന പരാക്രമങ്ങള്‍ നെഞ്ചുരുക്കും. കഥ പറയുന്നതിനൊപ്പം തന്നെ മതങ്ങളുടെ കൺകെട്ട് വിദ്യകള്‍ എല്ലാ കാലത്തും ഉണ്ടെന്നും ഈ നോവല്‍ ഓർമ്മിപ്പിക്കുന്നുണ്ട്‌.

ചെറിയ കാര്യങ്ങളെപ്പോലും അത്ഭുത കൃത്യങ്ങളായി ചിത്രീകരിക്കുന്നതും അത് നടന്ന സ്ഥലങ്ങളില്‍ ആരാധാനാലയങ്ങള്‍ ഉയരുന്നതും പരിഹാസ രൂപേണ ഹ്യൂഗോ പറയുന്നുണ്ട്. അത് വായിച്ചപ്പോള്‍ ഞാനോര്‍ത്തു പോയി. ഹ്യൂഗോ നമ്മുടെ കാലത്തെയും നാടിനെയും മുന്‍കൂട്ടി കണ്ടിരുന്നോ?

കഥയുടെ അവസാനം കണ്ണ് നനയിപ്പിക്കുന്നതാണ്. എല്ലാ കരുതലുകളെയും ഭേദിച്ച് ജിപ്സിപ്പെൺകുട്ടി തൂക്കിലിടപ്പെട്ടു. നാളുകള്‍ക്ക് ശേഷം അവളുടെ കല്ലറ പരിശോധിച്ചപ്പോള്‍ ആ അസ്ഥികൂടത്തിനെ പുണര്‍ന്നു കിടക്കുന്ന കൂനന്റെ അസ്ഥിപഞ്ജരം കണ്ടെടുത്തു. അവര്‍ അസ്ഥിപഞ്ജരത്തെ ആലിംഗനത്തില്‍ നിന്നും വേര്‍പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അത് തകര്‍ന്നു പൊടിഞ്ഞു പോയി.

അത് വായിച്ച എന്റെ ചങ്കും പൊടിഞ്ഞു പോയി.

Sunday, March 4, 2012

കാ വാ രേഖ?

പുസ്തകം : കാ വാ രേഖ?
രചയിതാവ് : ഒരു കൂട്ടം കവികള്‍

പ്രസാധകര്‍ : കൃതി പബ്ലിക്കേഷന്‍സ്

അവലോകനം : സിജു രാജക്കാട്
ചിന്തകള്‍ക്കു വൈറസു ബാധിക്കുമ്പോള്‍ പ്രതികരിക്കാതെ വയ്യ. വൈറസുകള്‍ ചിന്തയില്‍ നിന്നും നാഡികളിലേക്കരിച്ചിറങ്ങി മനുഷ്യനിലെ മനുഷ്യനെ ഒരു യന്ത്രമാക്കുന്നതിനു മുമ്പേ ഞങ്ങളില്‍ ഒരു മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ട്‌ എന്നു പ്രഖ്യാപിക്കുകയാണ്‌ യന്ത്രലോകത്തോട്‌ സംവദിക്കുന്ന ബ്ലോഗെഴുത്തുകാര്‍. കവിത എഴുതുമ്പോള്‍ എന്തെങ്കിലും എഴുതിയാല്‍ പോര, എങ്ങനെയെങ്കിലും എഴുതിയാലും പോര. പേമാരി പോലെ വാക്കുകള്‍ കോരിച്ചൊരിഞ്ഞിട്ടും കാര്യമില്ല. നല്ല മിനുക്കമുള്ള കണ്ണാടി പോലെ അത്‌ എല്ലാം വരച്ചു കാട്ടണം. ഓരോ വടുക്കളും തെളിഞ്ഞു കാണണം. കവിത ബിംബാത്മകമാവണം. ഒരു വാക്ക്‌ ഒരായിരം അര്‍ത്ഥങ്ങള്‍ ധ്വനിപ്പിക്കണം. വൈകാരികതയേക്കാള്‍ കവിതയുടെ സാങ്കേതിക മികവുകൊണ്ടും പരപ്പിനേക്കാള്‍ കൂടുതല്‍ ആഴം കൊണ്ടും ആകര്‍ഷണീയതയേക്കാള്‍ കൂടുതല്‍ ആര്‍ദ്രത കൊണ്ടും ശ്രദ്ധേയമാകുന്ന കവിതകളാണ്‌ `കാ വാ രേഖ' എന്ന കവിതാസമാഹാരത്തിനെ സമകാലീനകവിതകളില്‍ വച്ചേറ്റവും മനോഹരമാക്കി തീര്‍ത്തിരിക്കുന്നതെന്ന് പറയാം. ബ്ലോഗെഴുത്തിലൂടെ ശ്രദ്ധേയരായ ഇരുപത്തിയഞ്ചു യുവകവികളുടെ കവിതകളാണിതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. കേള്‍ക്കുമ്പോള്‍ ദുരൂഹവും അര്‍ത്ഥശൂന്യമെന്നു തോന്നുന്നതുമായ ഒരു പേരാണ്‌ ഈ ഗ്രന്ഥത്തിനു നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ഉള്ളിലേക്കു കടന്നു ചെല്ലുമ്പോള്‍ അത്‌ നമ്മെ ഒരു വിസ്‌മയ ലോകത്തിലേക്കാനയിക്കുന്നു. ഏകാന്തതയുടെ വിരസമായ തുരുത്തില്‍ അതു നമ്മെ തളച്ചിടുന്നു. കഠിനമായ അസ്‌തിത്വദുഃഖത്തിന്റെ മരവിച്ച മജ്ജയിലേക്കരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന ഒരു നോവ്‌ ഈ കവിതകള്‍ നമുക്കു സമ്മാനിക്കുന്നു. കാളിദാസന്‍ എഴുതിയ ഒരു കവിതയിലെ എട്ടു വരികളിലെ ഏഴാമത്തെ വരിയാണ്‌ `കാ വാ രേഖ'. അപാരമായ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന്‌ പ്രസാധകര്‍ അവകാശപ്പെടുന്നു എങ്കിലും അതിന്റെ അര്‍ത്ഥം സാങ്കേതികമായറിയാത്ത സാധാരണക്കാര്‍ക്ക്‌ ദുര്‍ഗ്രഹമായിത്തന്നെ തുടരുന്നു. അതുകൊണ്ട്‌ സാധാരണക്കാരെ ഉദ്ദേശിച്ചല്ല ഈ കവിത എഴുതിയത്‌ എന്ന്‌ അനുമാനിക്കാം.

വിദഗ്‌ധര്‍ അടങ്ങിയ ഒരു പാനല്‍ അതിസൂക്ഷ്‌മവിശകലനത്തിലൂടെ തെരഞ്ഞെടുത്ത 25 കവിതകള്‍ തീര്‍ച്ചയായും എല്ലാ അര്‍ത്ഥത്തിലും മികവു പുലര്‍ത്തുന്നുണ്ട്‌. കവിതയെക്കുറിച്ചുള്ള ഈ കാഴ്‌ചപ്പാട്‌ പകര്‍ന്നു നല്‍കികൊണ്ടാണ്‌ ഡോണ മയൂരയുടെ `ഋതുമാപിനി'യിലൂടെ കാ വാ രേഖയുടെ അത്ഭുത ലോകത്തിലേക്കുള്ള ഇ-ജാലകം തുറക്കുന്നത്‌.

`ഓരോ വാക്കിന്റെയും
നീളവും അര്‍ത്ഥവ്യാപ്‌തിയും മനസിലളന്ന്‌
കൈമിടുക്കുള്ളൊരു
ശില്‍പിയുടെ ചാതുര്യത്തോടെ
ഇരുതുടകളിലും നീളത്തിലും
ആഴത്തിലുമുള്ള മുറിവുകള്‍ തീര്‍ക്കുന്നു.

ഇതു തന്നെയാണ്‌ കാവാരേഖയുടെ തുടര്‍ന്നുള്ള പേജുകളിലും കാണുന്നത്‌. മുറിവുകള്‍ പക്ഷേ വ്രണങ്ങളാകുന്നില്ല. അവയില്‍ പുഴു അരിക്കുന്നില്ല. അതൊരു നീറ്റലായി വൈറസു പോലെ നമ്മിലേക്കും പടരുന്നു.

`വേനലിന്റെ മുറിവുകളെ
വസന്തം മറയ്‌ക്കുന്നതേയുള്ളൂ
ഉണക്കുന്നില്ല'

പ്രണയസാന്ദ്രമാണിതിലേറെയും കവിതകള്‍. അവ നിര്‍മ്മിക്കപ്പെടുന്ന, അപമാനിക്കപ്പെടുന്ന, നിറം മങ്ങിപ്പോയ കാലത്തിനൊത്തു കോലം മാറുന്ന പ്രണയം, മുറിവുകളുടെ ആഴത്തെ കൂടുതല്‍ വ്യാപ്‌തിയുള്ളതാക്കിത്തീര്‍ക്കുന്നതേയുള്ളൂ. ഹൃദയത്തില്‍ നിന്നും ഇറങ്ങി തൊലിപ്പുറത്തും വസ്‌ത്രത്തിന്റെ ശബളിമയിലും ഒളിച്ചിരിക്കുന്ന പ്രണയം. ജീവനുള്ള പ്രകൃതിയുടെ പൂന്തോപ്പില്‍ നിന്നുമിറങ്ങി ചന്തയിലെ മണമില്ലാത്ത കടലാസു പൂവുകള്‍ക്കിടയില്‍ അത്‌ ഒളിച്ചിരിക്കുന്നു. പ്രണയത്തിന്റെ അധിനിവേശകാലത്ത്‌ നിശാനിയമം മുറിച്ച്‌ മധുരനാരങ്ങകളും മുന്തിരിയും മാറത്തടുക്കി വച്ച്‌ വരികയാണ്‌ ശശികുമാര്‍ ടി.കെ (മൊഴി). ലാപ്‌ടോപ്പിന്റെ ചത്ത സിരകളിലൂടെ പരതി നടക്കുന്ന `ഹൈടെകും' പ്രാക്‌ടിക്കലും റൊമാന്റിക്കിനെ നിര്‍വചിക്കുകയാണ്‌ നീന ശബരീഷിന്റെ കവിതയില്‍. കമ്പ്യൂട്ടര്‍ വസന്തകാലത്തിലെ ചാറ്റിംഗ്‌ പുഷ്‌പങ്ങളെ ചീറ്റിംഗ്‌ വൈറസുകള്‍ കാര്‍ന്നു നശിപ്പിക്കുന്ന കാപട്യപ്രണയത്തോടുള്ള കടുത്ത പ്രതിഷേധവുമായാണ്‌ ജയ്‌നി (ഇ-പ്രണയം) രംഗപ്രവേശം ചെയ്യുന്നത്‌. ഇ-സംസ്‌കാരം മനുഷ്യസംസ്‌കാരത്തെ മാറ്റി പ്രതിഷ്‌ഠിക്കുമ്പോള്‍ ഉണ്ടാകുന്ന സാംസ്‌കാരിക പ്രശ്‌നങ്ങള്‍ കവയിത്രി ഇവിടെ വിഷയമാക്കുന്നു. ദേശാടനക്കിളിയുടെ സ്ഥാനത്ത്‌ ഇന്റര്‍നെറ്റ്‌ വലക്കണ്ണികള്‍ കടന്നു വരുന്നു. ചാറ്റിംഗും ചീറ്റിംഗും പ്രണയവും നിരാശയുമെല്ലാം ഒരു വിരല്‍ത്തുമ്പില്‍ ഈ വിരല്‍ത്തുമ്പിലാണ്‌ ലോകം. അറിവുകളും പുസ്‌തകങ്ങളും വിറ്റ്‌ വിശപ്പടക്കേണ്ടി വരുമ്പോഴും പ്രണയത്തിന്റെ വര്‍ണചിത്രമായ മയില്‍പ്പീലി താന്‍ വില്‍ക്കുകയില്ലെന്നു വീണ സിജീഷ്‌ ആണയിടുന്നു. വീണയുടെ ആ ആഗ്രഹമെങ്കിലും ഹൃദയസ്‌പന്ദനങ്ങളെ പോലും കച്ചവടം ചെയ്യുന്ന ഈ കാലഘട്ടങ്ങളില്‍ നിറവേറട്ടെയെന്നു ഞാന്‍ ആശംസിക്കുന്നു.

ജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ പ്രകടമാക്കുന്ന ചില കവിതകളും ഈ ഗ്രന്ഥത്തിലുണ്ട്‌. തെറ്റും ശരിയും മലക്കം മറിയുകയാണ്‌ ഇ-ലോകത്തില്‍. ട്രാക്കുകളനവധിയുള്ള അതിവേഗപാതകളിലെ നിത്യാഭ്യാസത്തിലൂടെ പ്രവാസത്തിലേക്കു തര്‍ജ്ജമ ചെയ്യപ്പെടുന്ന ജീവിതത്തെ അടയാളപ്പെടുത്തുകയാണ്‌ രണ്‍ജിത്ത്‌ ചെമ്മാട്‌. ആരോ വലിച്ചെറിഞ്ഞ ഭൂതത്തിന്റെ അവശിഷ്‌ടങ്ങളില്‍ ഭാവിയും വര്‍ത്തമാനവും വേവിച്ചെടുക്കുന്നവരെ പെറുക്കിക്കൂട്ടുകയാണ്‌ പ്രസന്ന ആര്യന്‍. (ചാരിറ്റി). കൈയ്യിലുള്ള വാക്കുകളെല്ലാം തട്ടിക്കുടഞ്ഞിട്ട്‌ നാല്‌ കാലുള്ള തലകളുടെ നാക്കിനു താഴെ അപരിചിതങ്ങളായ അര്‍ത്ഥങ്ങളെ നിര്‍മ്മിക്കുന്ന യന്ത്രങ്ങളുടെ വിചിത്ര ലോകം അവതരിപ്പിക്കുന്ന ദിലീപ്‌ നായര്‍, സദാചാരമാപിനിയിലെ സൂചകങ്ങളുടെ കടപറിയ്‌ക്കുന്ന കൊടുങ്കാറ്റു വീശുമ്പോള്‍ കണ്ണും കാതും കൊട്ടിയടയ്‌ക്കണമെന്നാഗ്രഹിക്കുന്ന ചാന്ദ്‌നി ഗാനന്‍. ബൈബിളിലെ സങ്കീര്‍ത്തനങ്ങളെ അപനിര്‍മ്മിക്കുന്നതില്‍ ഒരു ക്ലാസിക്‌ ടച്ച്‌ പുലര്‍ത്തുന്ന മുംസി, നാവിലൂടെ സകല ജീര്‍ണബീംബങ്ങളെയും തുറന്നു കാണിക്കുന്ന ഖാദര്‍ പട്ടേപ്പാടം തുടങ്ങിയവരെല്ലാം കവിതയിലെന്ന പോലെ ജീവിതത്തിലും പുതിയ അര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നവരാണ്‌. ദുഷിച്ചു നാറുന്ന സാംസ്‌കാരിക ലോകത്തെ തൂത്തു വൃത്തിയാക്കാന്‍ ഈ കവിതകള്‍ കൂടുതല്‍ ജനകീയമാവട്ടെ എന്നാശംസിക്കുന്നു.

ജനനത്തിനും മരണത്തിനുമിടയ്‌ക്ക്‌ ജീവിതത്തിന്റെ ഇടം തിരയുന്ന അസ്‌തിത്വവാദപരമായ ചില കവിതകളും ഈ സമാഹാരത്തിലുണ്ട്‌. ടോറണ്ടോ ചുഴിയില്‍ പെട്ടു കുഴഞ്ഞു മറിയുന്നതാണ്‌ ഗീത ഹിരണ്യന്റെ സ്‌നേഹത്തിന്റെ വെള്ളച്ചാട്ടം. അച്ഛന്‍ ചെടിയും, അമ്മച്ചെടിയും കാലമാകാതെ ഉണങ്ങുമ്പോള്‍ ഉണ്ടാകുന്ന കടലാസുചെടികളുടെ ബിംബത്തിലൂടെ വിവാഹമോചനം അനാഥമാക്കുന്ന കുഞ്ഞുങ്ങളുടെ നൊമ്പരങ്ങള്‍ ആവിഷ്‌കരിക്കുന്ന ഹന്‍ലലത്ത്‌ നമ്മെ സ്വത്വദുഃഖത്തിന്റെ കണ്ണീരു കുടിപ്പിക്കുന്നു. അക്ഷരം തന്ന വൃദ്ധനെ അച്ഛനായി കാണാന്‍ പറഞ്ഞ ശാസ്‌ത്രത്തോട്‌ വൃദ്ധസദനങ്ങളെന്തിന്‌ എന്നു ചോദിക്കുന്ന അരുണ്‍ശങ്കര്‍ നമ്മുടെ മാറി വരുന്ന സാംസ്‌കാരത്തിനു നേരെ ഒരു തുറിച്ചു നോട്ടം നോക്കുന്നു. മൃത്യുവിനെ യാഥാര്‍ത്ഥ്യബോധമുള്ള `പ്രേത'ത്തിന്റെ അലങ്കാരത്തില്‍ പൊതിഞ്ഞ്‌ പോളീഷ്‌ ചെയ്‌ത്‌ അവതരിപ്പിച്ച്‌ അന്ധവിശ്വാസികളെ വെല്ലുവിളിക്കുന്ന നീസ വെള്ളൂര്‍ പ്രായത്തിനു യോജിക്കാത്ത പണിയാണ്‌ ഏറ്റെടുത്തിരിക്കുന്നത്‌. നന്മകള്‍ നിറഞ്ഞ ജീവിതങ്ങളുടെ ചില പ്രതീകങ്ങള്‍ എന്‍.എ സുജീഷിന്റെ കലയെ സ്‌നേഹിച്ച കൂട്ടുകാരന്‍, എസ്‌ കലേഷിന്റെ പെണ്ണുകുട്ടി, ജീവിത സായാഹ്നകവലയിലെ തട്ടുകടയില്‍ ചായ കുടിക്കാന്‍ ചെല്ലുന്ന ഉമേഷ്‌ തുടങ്ങിയവര്‍ വേദനിക്കുന്നതെങ്കിലും നാം ഇഷ്‌ടപ്പെടുന്ന ഒരു ജീവിതത്തിന്റെ ഓര്‍മ്മയും പ്രതീക്ഷയും നിലനിര്‍ത്തുന്നു.

എങ്കിലും ഒരു ചിരിയുടെ വേദന താങ്ങാന്‍ ഒരു മിഴിനീരു തണുപ്പു മാത്രമുള്ള രാജീവും തിരിയെ വരാതിരിക്കാനുള്ള യാത്രയ്‌ക്കൊരുങ്ങുന്ന ഷൈന്‍കുമാറും, വണ്ടിയാപ്പീസിന്റെ വരാന്തയില്‍ അസ്‌തപ്രജ്ഞനായി നില്‍ക്കുന്ന ഉസ്‌നും കണ്ണു പൊത്തുന്ന ചെകുത്താനിലൂടെയും താടിക്കു കൈ കൊടുത്തിരിക്കുന്ന ദൈവത്തിലൂടെയും ലോകത്തെ പരിഹസിക്കുന്ന ജയിംസ്‌ സണ്ണിയും ഒരു ചോദ്യം അവശേഷിപ്പിക്കുന്നു. ഇനിയെന്ത്‌? എ സതീദേവിയെപ്പോലെ നാം ഒരു ഒത്തുതീര്‍പ്പിനു ശ്രമിക്കണോ അതോ യൂസഫ്‌ പാ പറയുന്നതു പോലെ ഒരു വേട്ടക്കാരനെ പോലെ ജീവന്റെ കോര്‍മ്പകള്‍ തൂക്കിപ്പിടിച്ച്‌ മരണത്തിലേക്കു പിന്‍വാങ്ങണോ? കാ വാ രേഖ? എന്നാല്‍ വിധി വൈപരീത്യങ്ങളെ ചെറുത്തു തോല്‍പിക്കാനുള്ള തന്റേടം ഈ കവികള്‍ ആരും പ്രകടിപ്പിക്കുന്നില്ല എന്നതു നിരാശാജനകം തന്നെയാണ്‌. നട്ടെല്ലു നഷ്‌ടമായോ നമ്മുടെ യുവതലമുറയ്‌ക്ക്‌? ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു, വൈറസുകളെ ആട്ടിയോടിക്കാനുള്ള പുതിയൊരു സോഫ്‌റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കാന്‍. അതുമായി പുതിയൊരു കവിതയുലകത്തില്‍ പോരിനു നില്‍ക്കാന്‍. ആശംസകള്‍..