Thursday, May 26, 2011

പെണ്ണകങ്ങള്‍

പുസ്തകം : പെണ്ണകങ്ങള്‍
രചയിതാവ് : സേതു

പ്രസാധനം : ഡി.സി ബുക്ക്സ്

അവലോകനം : ഉഷാകുമാരി.ജി.



മൂന്നുദശകം മുമ്പു നമ്മുടെ സംവേദനശീലങ്ങളെ ഞെട്ടിച്ചുകൊണ്ടും പുതുക്കിക്കൊണ്ടും പുറത്തുവന്ന പാണ്ഡവപുരത്തിന്റെ ശില്‍പ്പി സേതുവിന്റെ ഏറ്റവും പുതിയ നോവലാണ് പെണ്ണകങ്ങൾ. പേരു സൂചിപ്പിക്കുന്നതുപോലെ പെണ്ണനുഭവങ്ങളുടെ നേര്‍സാക്ഷ്യമായാണ് ഈ നോവലിന്റെ ആഖ്യാനം നിലകൊള്ളുന്നത്. സേതുവിന്റെ തന്നെ ആറു കഥാപാത്രങ്ങളെ കൂടുതല്‍ തെളിച്ചത്തോടെ, അനുഭവ സൂക്ഷ്മതയോടെ കാണാനുള്ള ശ്രമം. 390 പേജുകളുള്ള നോവലിനെ ദേവി, കമലാക്ഷിയമ്മ, കാതറിന്‍, പ്രിയംവദ, മോഹന, കാദംബരി എന്നിങ്ങനെ ആറു ഖണ്ഡങ്ങളാക്കി തിരിച്ചിരിക്കുന്നു. യഥാക്രമം പാണ്ഡവപുരം, നിയോഗം, കൈമുദ്രകൾ, അടയാളങ്ങൾ, കിളിമൊഴികള്‍ക്കപ്പുറം, ആറാമത്തെ പെണ്‍കുട്ടി എന്നീ നോവലുകളിലെ നായികമാരാണിവർ. പി.കെ. രാജശേഖരന്റേതാണ് അവതാരിക. സ്ത്രീയനുഭവങ്ങളുടെ വൈവിധ്യവും തുടര്‍ച്ചയും ഒരു സമസ്യയായി തന്റെ ബോധമണ്ഡലത്തെ ആവേശിച്ചതിന്റെ ഫലമാണീ നോവലെന്നു സേതു ഏറ്റുപറയുന്നു.

പെണ്ണകങ്ങളില്‍ ആവര്‍ത്തിച്ചു നിലകൊള്ളുന്ന പ്രമേയം തേടലാണ്. തേടലും കാത്തിരിപ്പും ഒരുപോലെ സംഭവിക്കുന്നു. ദേവിയും മോഹനയും പ്രിയംവദയും കാതറിനും കാദംബരിയുമെല്ലാം തേടിത്തേടി അലയുന്നവരാണ്. ദേവി ജാരനെയും കാത്ത് റെയില്‍വേ സ്റ്റേഷനില്‍ ചെന്നിരിക്കുന്നതില്‍ തുടങ്ങി വീണ്ടും അവിടെത്തന്നെ അയാളെ കാത്തിരിക്കുന്നതില്‍ അവസാനിക്കുന്നു. ഇതിനിടയിലാണ് കഥയിലെ ആഖ്യാനഭാഗം കിടക്കുന്നത്. ഒരര്‍ത്ഥത്തില്‍ ആഖ്യാനത്തിനകത്തെ സംഭവങ്ങള്‍ അപ്രസക്തമാണെന്ന മട്ടില്‍ തന്നെയാണത്. ഇവിടെ ജാരന്‍ സ്‌ത്രൈണലൈംഗികതയുടെ ഇരിപ്പിടമാണ്. അതേസമയം, നിരാസവുമാണ്. ഇവയ്ക്കിടയിലൂടെ ദേവി നടത്തുന്ന ലൈംഗികമായ സ്വത്വസ്ഥാപനമാണീ തേടലും കാത്തിരിപ്പും. ആ അർത്ഥത്തില്‍ പരമ്പരാഗതമായ കാല്‍പ്പനികാനുഭവത്തില്‍ നിന്നു വിടുതി നേടിയ വിധ്വംസകത ഈ തേടലിനുണ്ട്.

കാതറിനും കാദംബരിയും മോഹനയും ഈ അലച്ചിലില്‍ സ്വയം അപ്രത്യക്ഷരാവുന്നവരാണ്. അവരുടെ അസ്തിത്വം തന്നെ പൊഴിച്ചുകളഞ്ഞുകൊണ്ട് അതൊരു ഭ്രമാത്മകമായ തോന്നല്‍ മാത്രമായിരുന്നുവെന്നവണ്ണം അവരെല്ലാം കടന്നുകളയുന്നു. അത് ഒളിച്ചോട്ടമല്ല. മറിച്ച് തങ്ങളെത്തന്നെ പൂര്‍ത്തീകരിക്കാനും തങ്ങളുടെ അസ്തിത്വത്തെ സ്ഥിരീകരിക്കാനുമുള്ള വെമ്പല്‍ തന്നെയാണ്. അവിടെ കാപട്യമില്ല. തങ്ങള്‍ക്കു യഥാര്‍ഥത്തില്‍ വേണ്ടതെന്തെന്നു തിരിച്ചറിഞ്ഞവരാണവർ. വ്യക്തിത്വത്തേക്കാള്‍ ഉയര്‍ന്ന ഒരു കര്‍ത്തതൃത്വതലം- തങ്ങളുടെമേല്‍ തങ്ങള്‍ക്കു തന്നെയുള്ള ഓട്ടോണമി- തിരിച്ചറിഞ്ഞവരാണവർ. അവര്‍ ആര്‍ക്കും കീഴടങ്ങുന്നില്ല. ആരെയും കീഴടക്കുന്നുമില്ല.

ലൈംഗികതയുടെ വിവിധ വ്യവഹാരങ്ങള്‍ സമ്മേളിക്കുന്ന ഇടം കൂടിയാണീ നോവൽ. ഏറ്റവും ഉയര്‍ന്ന സാമ്പത്തികാവസ്ഥയിലും തൊഴിലിടത്തിലുമായിരിക്കുമ്പോഴും സ്ത്രീയെ ചൂഴ്ന്നുനില്‍ക്കുന്ന പരമ്പരാഗതമായ ചോദ്യംചെയ്യലുകൾ, സന്ദിഗ്ധതയൊക്കെ ഇതിലെ ഓരോ സ്ത്രീയും അനുഭവിക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ കുതറല്‍ തീവ്രമാവുന്നു. നോവല്‍ ആന്തരികമായി പിരിമുറുക്കം നിറഞ്ഞതാവുന്നു. ലൈംഗികമായ സന്നിഗ്ദ്ധാവസ്ഥ ഏറ്റവുമധികം അനുഭവിക്കുന്ന കഥാപാത്രം പ്രിയംവദയാണ്. മാനേജ്‌മെന്റ് വിദഗ്ദ്ധയും മധ്യവയസ്‌കയും ലാപ്‌ടോപ്പും ഇന്റര്‍നെറ്റും ബിസിനസ്സ് സെമിനാറുകളുമൊക്കെയായി ആധുനിക ജീവിതം നയിക്കുന്ന അവരില്‍ നാം കണ്ടുപഴകിയ ഒരു കാല്‍പ്പനിക സ്ത്രീയുടെ ഛായ കാണാം. ഒരുപക്ഷേ മഞ്ഞിലെ വിമലയോടു സാദൃശ്യം പുലര്‍ത്തുന്ന ഒന്ന്. കൗമാരക്കാരിയായ മകളോടുള്ള സമീപനം വിമലയ്ക്കു തന്റെ വിദ്യാര്‍ത്ഥി രശ്മി വാജ്‌പേയോടുള്ളതുമായി ചേര്‍ത്തുവയ്ക്കാം. ശാരീരികമായ സദാചാര വിശുദ്ധിയുമായി ബന്ധപ്പെട്ട ഒരു ഈഗോ ഇരുവരുടെയും ജീവിതത്തെ ആന്തരികമായി ഞെരുക്കുന്നു. പ്രിയംവദയ്ക്ക് റോയ് ചൗധരി എന്ന പ്രഫസറുമായുള്ള അടുപ്പവും അതേത്തുടര്‍ന്നു മകളുമായുണ്ടായ അകല്‍ച്ചയുമൊക്കെ ഈ ആദര്‍ശാത്മക സദാചാരബോധവുമായുള്ള ചാര്‍ച്ചയില്‍ നിന്നുണ്ടാവുന്നതാണ്.

അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ സൂക്ഷ്മതലങ്ങളുടെ സഞ്ചാരം കൂടിയാണീ നോവൽ. മോഹനയിലും കാദംബരിയിലുമൊക്കെ സ്ത്രീകള്‍ പരസ്പരം പങ്കുവയ്ക്കുന്ന ഇടങ്ങള്‍ കാണാം. അവരുടെ ഇടപഴകലിലെ സ്വാസ്ഥ്യവും സംഘര്‍ഷങ്ങളും നോവലിനു സ്‌ത്രൈണതയുടെ പുതിയൊരു മാനം കൈവരുത്തുന്നുണ്ട്. സേതുവിന്റെ എഴുത്തില്‍ അതൊരു സാദ്ധ്യതയെന്നവണ്ണം ഉരുത്തിരിഞ്ഞുവരുന്നത് ഈ കൃതിയില്‍ തിരിച്ചറിയാം.

Sunday, May 22, 2011

നാലാമിടം

പുസ്തകം : നാലാമിടം
രചയിതാവ് : ഒരു കൂട്ടം ബ്ലോഗേര്‍സ് (എഡിറ്റര്‍ : സച്ചിദാനന്ദന്‍)
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : എന്‍.പ്രഭാകരന്‍



ച്ചിദാനന്ദന്‍ എഡിറ്റ് ചെയ്ത ബ്ളോഗ് കവിതകളുടെ സമാഹാരമാണ് 'നാലാമിടം' (ഡി.സി.ബുക്സ് ഡിസംബര്‍-2010). മലയാളത്തിലെ ആദ്യ ബ്ളോഗ് കവിതാസമാഹാരം. ബ്ളോഗ് വലിയൊരളവോളം പ്രവാസി എഴുത്തുകാരുടെ,വിശേഷിച്ചും പ്രവാസികളായ കവികളുടെ ഇടമാണ്;അല്ലെങ്കില്‍ അവരുടെ ശബ്ദമാണ് ബ്ളോഗില്‍ ഏറ്റവും വ്യത്യസ്തമായി മുഴങ്ങിക്കേള്‍ക്കുന്നത്. കവികള്‍ സ്വയം പ്രവാസികളല്ലെങ്കില്‍ തന്നെയും സൈബര്‍സ്പെയിസില്‍ നിലകൊള്ളുകയും അച്ചടി മാധ്യമങ്ങളും ഇതിനകം അതിപരിചിതമായിക്കഴിഞ്ഞ ടെലിവിഷനും സൃഷ്ടിക്കുന്ന ഭാവുകത്വത്തെ പല തലങ്ങളില്‍ വെല്ലുവിളിക്കുകയും ചെയ്യുന്ന 'ബ്ളോഗെ'ന്ന രൂപത്തിന് ജന്മനാ തന്നെയുള്ള 'അന്യത്വം' ഭാഗികമായെങ്കിലും അവര്‍ക്കും ഒരു തരം പ്രവാസി മനോഭാവം നല്‍കുന്നുണ്ട്. വൈദേശിക ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ മലയാളിസ്വത്വം അനുഭവിക്കുന്ന വിങ്ങലുകള്‍, അത് സ്വയം നിര്‍വഹിക്കുന്ന ചോദ്യം ചെയ്യലുകള്‍, പുനരാലോചനകള്‍ ഇവയുടെയൊക്കെ ഏറ്റവും സൂക്ഷ്മമായ ആവിഷ്ക്കാരങ്ങള്‍ ബ്ളോഗ് കവിതകളിലാണ് കണ്ടിട്ടുള്ളത്. രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് മൂലധനവും സംസ്കാരവും തൊഴിലവസരങ്ങളും വ്യാപിക്കുന്നതിന്റെ ഫലമായി യാഥാര്‍ത്ഥ്യമായിത്തീരുന്ന പുത്തന്‍ ജീവിതമുഹൂര്‍ത്തങ്ങള്‍ക്കും വൈകാരികാനുഭവങ്ങള്‍ക്കും ഏറ്റവും ആധികാരികമായ ആവിഷ്ക്കാരം നല്‍കാന്‍ മലയാളത്തിന്റേതല്ലാത്ത മണ്ണില്‍ വെച്ച് രൂപം കൊള്ളുന്ന പുതിയ ആഖ്യാനഭാഷയ്ക്കും വാങ്മയചിത്രങ്ങള്‍ക്കുമുള്ള വൈഭവം അനന്യം തന്നെയാണ്. 'നാലാമിട'ത്തില്‍ കുഴൂര്‍ വിത്സന്റെ 'നീ വന്ന നാള്‍', നസീര്‍ കടിക്കാടിന്റെ 'മകള്‍', പ്രഭ സക്കറിയാസിന്റെ 'ദാനിയേല്‍ 13', ‘മീന്‍കറി കോട്ടയം സ്റ്റൈല്‍' എന്നീ കവിതകളിലാണ് ഈ ശേഷി ഏറ്റവും മികച്ച സര്‍ഗാത്മക അനുഭവങ്ങളായി തീര്‍ന്നിരിക്കുന്നത്.


മലയാളിയുടെ അനുഭവലോകത്തിന് അതിന്റെ അടിസ്ഥാനഘടനയില്‍ തന്നെ മാറ്റം വന്നിരിക്കുന്നതു പോലുള്ള പ്രതീതിയാണ് പല ബ്ളോഗ്കവിതകളും നല്‍കുന്നത്.പുതിയ ലോകാവസ്ഥയില്‍ വ്യക്തിഗത വിചാരങ്ങള്‍ പോലും സ്വന്തം നാടിന്റേതല്ലാത്ത ഒരു ഭാവസ്ഥലിയുമായി അപ്പപ്പോള്‍ കണ്ണി ചേര്‍ക്കപ്പെടുന്നുണ്ട്. അങ്ങനെയല്ലാതെ തികച്ചും കേരളീയമായ ഭാവപ്പൊലിമകളോടെ അവതരിക്കുമ്പോള്‍ അവയുടെ വാസ്തവികതയ്ക്ക് വലുതായ ശോഷണം സംഭവിക്കുന്നതായാണ് കാണുന്നത്.കാരണം അത്തരമൊരു ശുദ്ധ കേരളീയത മലയാളിയുടെ മാനസ്സികജീവതത്തില്‍ ഇന്ന് നിലവിലില്ല. ഭൂതകാലസ്മരണകളൊന്നും പൊതുബോധത്തില്‍ സജീവമായി നിലനില്‍ക്കാത്ത സാഹര്യത്തില്‍ പോയ കാലത്തെ കുറിച്ച് പല സ്രോതസ്സുകളില്‍ നിന്ന് സ്വരൂപിക്കുന്ന ധാരണകള്‍ കൊണ്ടു നിര്‍മിച്ചെടുക്കുന്ന മൂശയില്‍ വേണം മലയാളിക്ക് ഒരു സാങ്കല്പിക കേരളീയത രൂപപ്പെടുത്തിയെടുക്കാന്‍. ഈ പ്രക്രിയ തന്നെ അതിന് വലിയ തോതില്‍ ഊര്‍ജനഷ്ടം സംഭവിപ്പിക്കും.അങ്ങനെ മിക്കവാറും ജീവസ്സറ്റ് പുറംതോട് മാത്രമായിത്തീരുന്ന കേരളീയതയിലേക്ക് പുതിയകാല ജീവിതസന്ദര്‍ഭങ്ങളെ ഓജസ്സോടെ പ്രവേശിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ മുക്കുറ്റിയും മന്ദാരവും തെളിയുന്ന,അല്ലെങ്കില്‍ ഭൂതകാലാഭിരതിയില്‍ നിന്ന് പ്രവഹിക്കുന്ന കണ്ണീരില്‍ നനഞ്ഞു കുതിരുന്ന, അതുമല്ലെങ്കില്‍ തൊഴിലാളിവര്‍ഗരാഷ്ടീയത്തിന് ലാഭചിന്ത അപരിചിതമായിരുന്ന ഒരു കാലത്തിന്റെ സ്മരണയില്‍ ജ്വലിച്ചുയരുന്ന ഒരു കാവ്യാനുഭവവും പുതിയ വായനക്കാരുടെ അനുഭവസത്യങ്ങളുടെ ഭാവഘടനയുമായി ഇണങ്ങുകയില്ല.ഇവയില്‍ ഏതിന്റെയും നേരിയ ഛായകള്‍പോലും കവിതയിലെ അനുഭവത്തെ ദുര്‍ബലവും അതിലേറെ കാലഹരണപ്പെട്ടതമാക്കും. അതേ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് ബ്ളോഗ് കവികളില്‍ വലിയൊരു വിഭാഗവും. 'നാട്ടുനടപ്പുള്ള ഗൃഹാതുരതയ്ക്ക് അണച്ചുപിടിക്കാനാവാത്ത' (വീട്ടിലേക്ക്-സുനീത ടി.വി) മനോവ്യാപാരങ്ങളും നിലപാടുകളുമൊക്കെയാണ് ഈ സമാഹാരത്തിലെ ഏതാണ്ട് എല്ലാ കവിതകളിലും ഏറിയും കുറഞ്ഞും ഉള്ളത്. നാസര്‍ കൂടാളിയുടെ 'തുരുമ്പ്' എന്ന അതിലളിതമായ കവിതയില്‍ 'അയാളെ'യും 'എന്നെ'യും നിനച്ചിരിക്കാതെ വിളക്കിച്ചേര്‍ത്തിരിക്കുന്നതില്‍ പോലുമുണ്ട് ഗൃഹാതരതയ്ക്ക് പുറത്തുള്ള ആ മാറിനില്പിലെ വ്യതിരിക്തതയുടെ ശരിയായ രേഖപ്പെടുത്തല്‍.

ആഗോളീകരണത്തിന്റേതായ പുത്തന്‍ സാഹചര്യത്തില്‍ അനുഭവങ്ങള്‍ക്ക് സംഭവിക്കുന്ന രാസപരിണാമം കഥയുടെയും നോവലിന്റെയും ആഖ്യാനഭാഷയില്‍ വരുത്തിയിരിക്കുന്ന വ്യത്യാസം കവിതയുടേതില്‍ നിന്ന് വളരെയേറെ ഭിന്നമാണ്.അനുഭവങ്ങളെ അല്പം അകന്നുമാറി നിരീക്ഷിക്കുന്നതിന്റെ നിര്‍മമതയാണ് അവിടെ മുന്നിട്ട് നില്‍ക്കുന്നത്.കവിതയിലാകട്ടെ ആഖ്യാനം കൂടുതല്‍ വൈകാരിക ദൃഢതയും ബൌദ്ധിക സൂക്ഷ്മതയും സാന്ദ്രതയും കൈവരിച്ച് അനുഭവത്തോട് കൂടുതല്‍ ഒട്ടിച്ചേര്‍ന്നു നില്‍ക്കുകയാണ് ചെയ്യുന്നത്. ഈയൊരു പ്രത്യേകതയുടെ സുവ്യക്തമായ സാക്ഷ്യപ്പെടുത്തലും 'നാലാമിട'ത്തിലെ കവിതകളില്‍ കാണാം.

Wednesday, May 18, 2011

ഡ്രാക്കുള

പുസ്തകം : ഡ്രാക്കുള
രചയിതാവ് : അന്‍‌വര്‍ അബ്ദുള്ള
പ്രസാധനം : ഡി.സി.ബുക്സ്
അവലോകനം : ബെന്യാമിന്‍


ഡ്രാക്കുള എന്ന നോവലിനെക്കുറിച്ച്‌ കേള്‍ക്കാത്തവരാരും വായനക്കാരുടെ കൂട്ടത്തില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. പിന്നെന്തിന്‌ ഇപ്പോഴൊരു പുതിയ പരിചയപ്പെടുത്തല്‍ എന്ന് സംശയിക്കുന്നവരും കണ്ടേക്കാം. എന്നാല്‍ ഇപ്പോള്‍ പരിചയപ്പെടുത്തുന്ന ഈ 'ഡ്രാക്കുള' ബ്രാം സ്റ്റോക്കറുടെ ആ പഴയ ഡ്രാക്കുള അല്ല. ഡ്രാക്കുളയുടെ ഒരു പുനരെഴുത്ത്‌. പുതിയ കാലത്തിന്റെ പുതിയ ലോകത്തിന്റെ പുതിയ വിചാരങ്ങളുടെ ഒരു പുതിയ ഡ്രാക്കുള.

ഡ്രാക്കുള ഒരു നോവലും ഒരു കഥാപാത്രവും മാത്രമല്ല പിന്നയോ അതൊരു വലിയ തലമുറയുടെ ഭീതികൂടിയാണ്‌. മനുഷ്യന്റെ ഒത്തിരി ഭ്രമാത്മക സങ്കല്‌പങ്ങളില്‍ നിന്ന് രൂപംകൊണ്ടുവന്നിട്ടുള്ളതാണ്‌ ആ ഭീതി. അതുകൊണ്ടുതന്നെ ആ ഭീതിയ്ക്ക്‌ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവുകയും പുനരെഴുത്തുകള്‍ സംഭവിക്കുകയും ചെയ്‌തുകൊണ്ടേയിരിക്കും. ലോക സിനിമയില്‍ തന്നെ ഡ്രാക്കുളയ്ക്ക്‌ എത്രയെത്ര പുനരെഴുത്തുകള്‍ സംഭവിച്ചിരിക്കുന്നു. മൂര്‍നൗ സംവിധാനം ചെയ്‌ത 'നെസ്‌ഫറാതു' പിന്നെ ക്രിസ്റ്റഫര്‍ ലീയുടെ ഡ്രാക്കുള, ഫ്രാന്‍സിസ്‌ ഫോര്‍ഡ്‌ കപ്പോളയുടെ ഡ്രാക്കുള വെര്‍നര്‍ ഹെര്‍സോസിന്റെ ചിത്രം പിന്നെ എത്ര നാടകങ്ങള്‍ നോവലുകള്‍ കവിതകള്‍!! അത്തരത്തില്‍ ഡ്രാക്കുള എന്ന ഭീതിയെ പുതിയ കാലത്തിലേക്ക്‌ മാറ്റിയെഴുതുവാന്‍ നടത്തിയ വിജയകരമായ ശ്രമം എന്ന് യുവ എഴുത്തുകാരനായ അന്‍വര്‍ അബ്‌ദുള്ളയുടെ 'ഡ്രാക്കുള' എന്ന നോവലിനെ ഞാന്‍ വിശേഷിപ്പിക്കുന്നു.

നോവല്‍ ഡ്രാക്കുളയെപ്പറ്റി ആയതുകൊണ്ട്‌ കഥയൊന്നും വിസ്‌തരിക്കേണ്ടതില്ലല്ലോ. സ്വഭാവികമായും ഭീതി, രാത്രി, റെയില്‍വേ സ്റ്റേഷന്‍, രക്‌തം, കഴുത്തിലെ മുറിവ്‌ ഇവയൊക്കെ ഡ്രാക്കുള നോവലിന്റെ അനിവര്യഘടകങ്ങള്‍ ആകുന്നു. അതൊക്കെ ഇതിലുമുണ്ട്‌ അതേസമയം കാണാതാവുന്ന ഒരു സ്‌ത്രീ, പ്രണയം എന്നീ സ്ഥിരം സംഭവങ്ങള്‍ ഇതിലില്ല താനും. ഇനി നോവലിനെപ്പറ്റി ചില കാര്യങ്ങള്‍ അക്കമിട്ടു പറയാം.

1. ഒരു ഇംഗ്ലീഷ്‌ ദേശീയ ദിനപ്പത്രത്തില്‍ കണ്ട പരസ്യമനുസരിച്ച്‌ റാപ്പഗുണ്ടോം എന്ന വിചിത്ര നാമമുള്ള സ്ഥലത്ത്‌ ഇംഗ്ലീഷ്‌ അധ്യാപകന്റെ ജോലിയ്ക്കെത്തുന്ന ചെറി. കെ.ജോസഫിനുണ്ടാകുന്ന അനുഭവങ്ങളാണ്‌ ഈ ഡ്രാക്കുളയുടെ കഥാതന്തു.

2. സാധാരണ കഥപറച്ചിലില്‍ നിന്നും വ്യത്യസ്‌തമായി 'ഞാന്‍' ഈ നോവലില്‍ 'തേര്‍ഡ്‌പേര്‍സണ്‍' ആയാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. അതായത്‌ ഞാനിനെ മറ്റൊരാളായി ആണ്‌ നോവലിസ്റ്റ്‌ നോക്കിക്കാണുന്നത്‌. അത്‌ നോവലിന്‌ മനോഹരമായ ഒരു ആഖ്യാനസവിശേഷതയും പുതുമയും നല്‌കുന്നുണ്ട്‌. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക : തന്റെ നോവലിന്‌ ഉപകാരപ്പെടുമെന്നുണ്ടായിട്ടും 'ഞാനിന്‌' ഡ്രാക്കുള നോവല്‍ മുഴുവന്‍ വായിച്ചുതീര്‍ക്കന്‍ കഴിഞ്ഞില്ല/ 'ഞാനിന്റെ' ജീവിതത്തെയും പ്രകൃതത്തെയും പരുവപ്പെടുത്തുന്നതില്‍ ഡ്രാക്കുള വഹിച്ച പങ്ക്‌ ചെറുതല്ല/ ഞാനും ചെറിയും കോട്ടയത്ത്‌ എത്തി. 'അവരുടെ' സ്വന്തം നഗരമായിരുന്നു അത്‌. (സാധാരണ 'ഞങ്ങളുടെ' എന്നാണല്ലോ പറയാറ്‌)

3. സമകാലീക ഡ്രാക്കുള ഭീതിയെന്നത്‌ മതഭീകരവാദത്തിന്റെയും രാഷ്ട്രീയ മുതലെടുപ്പിന്റെയും ഭീതിയാണെന്ന് ഈ നോവല്‍ പറഞ്ഞുവയ്ക്കുന്നുണ്ട്‌. അങ്ങനെയാണ്‌ അന്‍വര്‍ അബ്ദുള്ളയുടെ ഡ്രാക്കുള ഒരു തരത്തില്‍ രാഷ്ട്രീയനോവല്‍ ആയി മാറുന്നത്‌. 'തലയും ചുമന്നു നടന്ന അര്‍ഷദ്‌ ആലമിന്റെയും' 'മേം ബ്രാഹ്മണ്‍ ഹൂം.. ലേകിന്‍ മേം മാംസ്‌ ഖാത്താ ഹൂം' എന്നു പ്രഖാപിക്കുന്ന രഘുവീര പണ്ഡിറ്റിന്റെയും ഉപകഥകളും മാത്രമല്ല പ്രധാനകഥാപാത്രമായ രാജേഷ്‌ ഭോയറിന്റെ ഗൂഢനീക്കങ്ങളും കഥയിലെ രാഷ്ട്രീയം വ്യക്‌തമാക്കുന്നുണ്ട്‌.

ആഖ്യാനത്തിലെ ഇനിയും പറയാത്ത പല നൂതനത്വംകൊണ്ടും വിഷയത്തിലെ ജനപ്രിയതകൊണ്ടും മലയാളത്തിലെ, യുവ എഴുത്തുകാരുടെ കൃതിയില്‍ ശ്രദ്ധേയമായ പുസ്‌തകമാണ്‌ അന്‍വര്‍ അബ്ദുള്ളയുടെ ഡ്രാക്കുള (വില 55

പലപ്പോഴും വായനക്കാരോട്‌ വിനീതമായി ഞാന്‍ അഭ്യര്‍ത്ഥിക്കാറുള്ള ഒരു കാര്യം, പുതിയ എഴുത്തുകാരുടെ കൃതികളിലേക്ക്‌ ഇറങ്ങിച്ചെല്ലുവാനാണ്‌. അതിലൂടെ പുതിയ ഭാവനയും പുതിയ ലോകവും പുതിയ മനസ്സും നമുക്ക്‌ പരിചയപ്പെടുവാനാകും. ഒരേ എഴുത്തുകാരനെത്തന്നെ നാം ആവര്‍ത്തിച്ചുവായിക്കുന്നതിലൂടെ ഒരേ മനസ്സിന്റെ വിവിധ ഭാവനാതലങ്ങള്‍ കാണുക മാത്രമേ നാം ചെയ്യുന്നുള്ളൂ. ഒരു വായനാഹൃദയം എപ്പോഴും തേടുന്നത്‌ പുതിയ ഒന്നിനെയാണല്ലോ. നിങ്ങളുടെ ആ യാത്രയില്‍ അന്‍വറിനെയും ഉള്‍പ്പെടുത്തുക.

Thursday, May 12, 2011

കാ വാ രേഖ?

പുസ്തകം : കാ വാ രേഖ?
രചയിതാവ് : ഒരു കൂട്ടം ബ്ലോഗേര്‍സ്

പ്രസാധനം : കൃതി പബ്ലിക്കേഷന്‍സ്
അവലോകനം : രണ്‍ജിത് ചെമ്മാട്




"ലയെന്നുകേട്ടാലിന്നു / കലിയിളകും എങ്കിലും, / കവിതയ്ക്കൊരു പ്രണയം / കരുതിയിട്ടുണ്ട് ഞാനും / കണ്ടാൽകൊടുക്കണം"

കൃതി പബ്ളിക്കേഷന്റെ 'കാവാരേഖ?' എന്ന കവിതാസമാഹാരത്തിലെ എൻ.എം.സുജീഷിന്റെ, 'കലാസ്നേഹി'യിലെ കലയും കവിതയും രൂപവ്യതിയാനങ്ങളിലൂടെ എന്റെ മുന്നിൽ കിടക്കുന്നു....
'കല' യെയും 'കവിത'യെയും സ്നേഹിച്ചിരുന്ന ആദികാലത്തിന്റെ ചൊരുക്കുകളെക്കുറിച്ചുള്ള പതമ്പറച്ചിനിടയിൽ, വെറ്റിലച്ചോപ്പിന്റെ നീരിലൂടെ മുത്തശ്ശി പഴമ്പാട്ടുകൾ പാടാറുണ്ട്... ഞാറ്റുപെണ്ണുങ്ങളെ തോല്പ്പിക്കുന്ന കൊയ്ത്തുപാട്ടുകൾ പാടാറുണ്ട്...... കൊയ്ത്തു പാടം താണ്ടി പുള്ളോംകുടവും ചുമന്ന് കോലായിലിരുന്നു ദാഹമകറ്റി താളത്തിൽ പാടുന്ന പുള്ളോം പാട്ടിന്റെ മൺകലമുഴക്കത്തിനൊപ്പം ചുണ്ടിളക്കാറുണ്ടായിരുന്നു ഒരു ആദിമവർഗ്ഗം!!!! ഇന്ന്, ഈ കാലത്തും, ഞാൻ കവിതയെ സ്നേഹിച്ചു....!

പ്രീഡിഗ്രി കഴിഞ്ഞപ്പോൾ അവൾ ഡിഗ്രിയ്ക്ക് മറ്റൊരു കോളേജിൽ ചേർന്നു... ഞാനും, എനിക്കു വേറെ സെറ്റപ്പ്... അവൾക്ക് വേറെയും... കലയെ സ്നേഹിച്ച സുജീഷിന്റെ സുഹൃത്ത് ഒരു നാൾ അവളെ സ്നേഹക്കൂടുതൽ കൊണ്ടാകണം.. പീഡിപ്പിച്ചു കൊന്നുവത്രേ...

"കാലനെടുത്തത്രേ കലയെ/
കൊലക്കയറവനെയും/"

സ്നേഹിക്കാനും ആവർത്തിച്ച് ഭോഗിക്കാനും ശ്വാസം മുട്ടിച്ച് സ്നേഹക്കൂടുതൽ കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലാനും... ഒടുവിൽ കൊലക്കയറിലേയ്ക്ക് നടക്കാനും.. നമ്മുടെ യുവത പ്രാപ്തമായി...
പണം കിട്ടുന്ന ഒരു പാടു ജോലികൾ ചെയ്യാൻ കഴിയുന്നു, പുതിയ കാലത്തിലെ യാന്ത്രിക യൗവനങ്ങൾക്ക്... അതിർത്തി വഴി നുഴഞ്ഞുകയറാം... മനുഷ്യക്കടത്തിന്റെ ഇടനിലക്കാരനായി കോടികൾ സമ്പാദിക്കാം... നാലാളു കൂടുന്നിടത്ത് ബോംബ് പൊട്ടിച്ച് വിദേശ പണം പറ്റാം....
ആയിരം രൂപ കൊടുത്ത് രണ്ടായിരം രൂപയുടെ കള്ള നോട്ട് വാങ്ങി ചിലവാക്കാം.. മണലു വാരി ലോഡ് ചെയ്യാം... മണ്ണിടിയ്ക്കാം... നികത്താം... റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്യാം... എന്തിനു സ്വന്തമായി സ്മാർട്ട് സിറ്റി വരെ തുടങ്ങാം.... ഓരോ രാത്രിയിലും ജോലികഴിഞ്ഞാൽ കലയുടെയും കവിതയുടെയും കൂടെക്കിടന്ന് രാവിലെ സംതിങ്ങ് കൊടുത്ത് പറഞ്ഞു വിടാം... ഇടത്താവളങ്ങളിൽ വച്ച് ഭാവനയെ ആവാഹിക്കാം.... ഇതൊന്നുമല്ലെങ്കിൽ മറ്റു പല വഴികളുമുണ്ട്... സ്വന്തമായി മൊബൈൽ ഫോണിലൂടെ നീലച്ചിത്രങ്ങൾ നിർമ്മിക്കാം... വീഡിയോ ക്ളിപ്പിംഗുകൾ അപ്‌ലോഡ് ചെയ്യാം.. വിതരണം ചെയ്യാം....
വില പേശാം....

പണവും ആസ്വാദനവും ലഹരിയും കിട്ടുന്ന പുതുയുഗത്തിന്റെ ലഹരിപർവ്വങ്ങൾക്കിടയിൽ ഇപ്പോഴും ഒരു വിഭാഗം അക്ഷരങ്ങളിലൂടെയും വായനയിലൂടെയും സൗഹൃദത്തിലൂടെയും കൂട്ടായ്മയിലൂടെയും ദൈവദൂതന്മാരാകുന്നു... അവർ സ്വന്തമായി കൂട്ടായ്മകളുണ്ടാക്കുന്നു.. ഒത്തു ചേരുന്നു..

നേരിൽ ചേരാൻ കഴിയാത്തവർ സൈബർ കവലകൾ നിർമ്മിക്കുന്നു, അവിടെ ചർച്ചകൾ വരുന്നു സ്നേഹം വളരുന്നു...... തിരുത്തലുകൾ വരുന്നു…. ആത്മബന്ധം വളരുന്നു...

പുതിയകാലത്തിന്റെ ഭോഗാസക്തമായ നാൽക്കവലകളെ, എസ് കലേഷ് തന്റെ 'പണ്ടോരു പെണ്ണുകുട്ടി' എന്ന് കവിതയിലൂടെ വരച്ചു വെയ്ക്കുന്നുണ്ട്... അതിപ്രകാരമാണ്‌...

"പണ്ടൊരു പെണ്ണുകുട്ടി
സ്കൂൾ നാട്കത്തിൽ കെട്ടിയ
നാടോടി നർത്തകിയുടെ വേഷം അഴിച്ചു വെയ്ക്കാതെ
വീട്ടില്യ്ക്കോടി.....

കവലകളാ പെണ്ണുകുട്ടിയെ
ഒരു കൈകൊണ്ട് ചൂണ്ടി
മറു കൈകൊണ്ട് വാ പൊത്തി ചിരിച്ചു
വളവുകൾക്കപ്പുറത്തേയ്ക്കാ പെണ്ണുകുട്ടിക്കും മുന്നേ
ചെറു ചിലങ്കകൾ മണികിലുക്കി,ക്കിലുങ്ങി നടന്നു
കുഞ്ഞുകാലുകൾ നൃത്തച്ചുവടു വെച്ചു
കൈകൾ പിഞ്ചുമുദ്രയായി..."

നാടോടി വേഷക്കാരിയായ പിഞ്ചു പതലിനെ ഭോഗിച്ചു തള്ളുന്ന അത്തരം കവലകളെയല്ല മറിച്ച്, മാതൃഭാഷയുടെ അമൃതു രുചിയറിഞ്ഞ് അതിജീവനത്തിന്റെ സമരമുഖത്തു നിന്നുള്ള ഇടവേളകളിൽ അക്ഷരങ്ങളിലൂടെ രമിച്ച് വായനയിലൂടെയും എഴുത്തിലൂടെയും നിർവ്റ്‌തി പൂകുന്ന അപൂർവ്വം ചിലരെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. സൃഷ്ടിയുടെ തീക്ഷ്ണസുഖവും വായനയുടെ രസലഹരിയും അവർ അനുഭവിച്ചറിയുന്നു... ഒരേ സമയം കരിങ്കാലത്തിന്റെ തീക്ഷണ ലാവയിലൂടെ കൈകാലുകളൊട്ടി കുതറാനാകാതെ ഒഴുകുകയും... വിമുക്തമാകുന്ന ഇടവേളകളിൽ അക്ഷരങ്ങളിലേക്ക് ചിതറുകയും ചെയ്യുന്നു...

അത്തരമൊരു സാഹസത്തിന്റെ അക്ഷര, പുസ്തക രൂപമാണ്‌ 'കൃതി' ഒരുക്കിയ "കാവാരേഖ?" എന്ന കവിതാ സമാഹാരം...

ഓൺലൈൻ എഴുത്തിലൂടെ ലോകത്തിന്റെ വിവിധകോണുകളിലിരുന്നു അക്ഷരകേരളത്തിന്റെ ഗ്ളോബൽ പ്രതിനിധികളായി മാറുന്ന സൈബർ ലോകത്തിന്റെ എഴുത്തുകാരെ ഒരുമിപ്പിച്ച്, അവരുടെ അപ്രകാശിതമായ കവിതകൾ സമാഹരിച്ച്, അതിൽ നിന്ന് തെരഞ്ഞെടുത്ത ഇരുപത്തഞ്ച് കവിതകളാണ്‌ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....


ചാനലുകളും സീരിയലുകളും റിയാലിറ്റി ഷോകളും എസ്.എം.എസ്സ് വോട്ടിംഗുകളും ഷെഡ്യൂൾ ചെയ്ത പുതിയ കാലത്തിന്റെ വീട്ടമ്മമാരുടെ സമയപ്പട്ടികയിൽ, എഴുത്തിനും വായനയ്ക്കും ഇടം മാറ്റിവയ്ക്കുന്ന ചെറുതെങ്കിലും ബൃഹത്തായ ഒരു വിഭാഗത്തെയും, മുൻപ് സൂചിപ്പിച്ച കലിപ്പാർന്ന യൗവനത്തിന്റെ കടുംകാഴ്ചകളിൽ നിന്ന് അക്ഷരങ്ങളുടെ അതി വർണ്ണമില്ലാത്ത ലോകത്തിലേക്ക് കുടിയേറുന്ന യുവതയെയും നമുക്കീ സമാഹാരത്തിൽ വായിക്കാൻ കഴിയുന്നു

"ബി പ്രാക്റ്റിക്കൽ എന്ന അവന്റേയും
ബി റൊമാന്റിക് എന്ന എന്റേയും
അലർച്ചകളിലലിയാറേയുള്ളൂ
ഞങളുടെ സായാഹ്നങ്ങൾ"

നീന ശബരീഷിന്റെ ‘ഹൈടെക് പച്ചപ്പിലെ സായാഹ്ന ചിത്രങൾ‘ എന്ന കവിതയിലെ മേൽ വരികളെപ്പോലെ വൈരുദ്ധ്യാത്മകമായ സൌഹൃദ/പ്രണയ/ദാമ്പത്യത്തിലെ വേറിട്ടു നിൽക്കുന്ന ഒറ്റപ്പെട്ട ദ്വീപുകളണ്‌ ഇന്നിന്റെ പ്രതിനിധികൾ... സാമ്പത്തികമോ, സ്ഥാപിതമോ, അനിവാര്യമോ ആയ അധിനിവേശമാണ്‌ വിവാഹം, ബന്ധം, പ്രണയം, സൗഹൃദം എന്നൊക്കെ വന്യമായി നിർവ്വചിക്കുന്ന യുവത്വത്തിന്റെ കാലമാണിത്....

ഒറ്റമുറിയിലടയ്ക്കപ്പെട്ട വീട്ടമ്മമാരുടെ വന്യമായ ഏകാന്തതയിൽ ജാലകം തുറന്ന് കാല്പ്പനികമായ കാഴചകളിലേയ്ക്ക് പലപ്പോഴും അവർ കുന്നിൻ ചെരുവുകളിലേയ്ക്ക് സ്വയം മേയാൻ വിടുന്നു...

"മുന്നിലെ ജാലകത്തിലൂടെ എനിക്ക്
ദൂരെ മഞ്ഞു പെയ്യുന്ന മലനിരകൾ കാണാം
കാറ്റിൽ കൊമ്പു കോർക്കുന്ന കാറ്റാടികൾ കാണാം
പുൽത്തകിടിയിലൂടെ തുള്ളിയോടുന്ന
വരയാടുകളെ കാണാം..
പൂക്കാലത്തെ നീലക്കുറിഞ്ഞികൾ കാണാം...

അവനോ?

അക്കങ്ങൾ വെള്ളക്കടലാസ്സിൽ വെട്ടിയും
കുത്തിയും ഇരിപ്പുണ്ടാവും
അല്ലെങ്കിൽ ലാപ്ടോപ്പിന്റെ
ചത്ത സിരകളിലുടെന്തോ പരതി നടപ്പുണ്ടാവും
അവന്‌ കാഴ്ചകൾ നിരയൊത്ത
ആകാശ ഗോപുരങ്ങലാണ്‌...
ഭൂമിയുടെ ശിരസ്സിൽ നഖം താഴ്ത്തി
ആകാശത്തിന്റെ നെഞ്ചിലേയ്ക്ക്
തുളഞ്ഞു കയറുന്ന കണ്ണാടി മാളികകൾ"


ഈ വരികളിലെ ചിന്തകളിലൂടെ കടന്നു പോകാത്ത എത്ര സ്ത്രീകനവുകൾ ഉണ്ടാകും അടുക്കി വച്ച ഓരോ ആകാശഗോപുര വീടുകളിലും...? കൂട്ടുകുടുംബങ്ങളിൽ നിന്നു കൂടുമാറി ഒറ്റമുറികളിലേയ്ക്ക് ചേക്കേറപ്പെട്ട ഒറ്റപ്പെട്ട, മുറിവേറ്റ പെൺപക്ഷികളുടെ ചിന്തകളാണ്‌ നീന ശബരീഷ് വരച്ചു വെയ്ക്കുന്നത്.....

"ജീവിതത്തിന്റെ അതിശൈത്യമേഖലയിൽനിന്നും
കാറ്റു വീശിക്കയറുമ്പോളെല്ലാം തടുത്ത്
നിർത്തണമെന്നുണ്ട്"

എന്ന് 'ചാന്ദ്നി ഗാനൻ' എന്ന കവിയിത്രി "കുടഞ്ഞെറിയുന്തോറും ചുറ്റിപ്പിടിയ്ക്കുന്ന വിരൽത്തണുപ്പുകൾ"
എന്ന കവിതയിലൂടെ പറഞ്ഞു വെയ്ക്കുന്നു...

"കണ്ണും കാതും കൊട്ടിയടയ്ക്കണമെന്നുണ്ട്
തൊലിയിലെ സൂചിപ്പഴുതുകൾ വരെ
പൂട്ടിവയ്ക്കണമെന്നുണ്ട്"

എന്ന വിലാപചിന്തയിലൂടെ കവിത അവസാനിക്കുമ്പോൾ അതിനകത്തെ ഉപ്പുനീർക്കയങ്ങളിൽ നിന്ന് ശാപക്കലമ്പലുകൾ ചുഴിയിട്ട് പൊങ്ങിപ്പറക്കുന്നുണ്ട്.....

'മൈ ഡ്രീംസ്' എന്ന കവി പ്രവാസത്തിന്റെ തപ്തഭൂമിയിലിരുന്ന് നാടും വീടും പ്രാണപ്രിയയും ചേർന്ന് പെയ്യുന്ന മഴ വിടാതെ നനഞ്ഞു കുതിർന്നുകൊണ്ടിരിക്കുന്നു...

"വിടപറഞ്ഞു പിരിയുന്ന
നിൻ കണ്ണേറോ വാക്കോ
വെടിയുണ്ടപോൽ
തൊലിയുരിഞ്ഞെൻ
നെഞ്ചിൻ കൂടിനകത്തേയ്ക്ക്
വഴുതി വീണമരുന്നതും കാത്ത്
ഞാനിങ്ങനെ മഴ നനയുന്നു"

എന്നു കവി പറയുന്നു..., ഒരു നൂല്പ്പട്ടത്തിൻ ചോലയിൽ മറഞ്ഞിരിക്കണമെന്നും ഒരു രക്തബന്ധത്തിൻ ചൂടും ചൂരും നുകരണമെന്നും ആശിച്ച് വരും നാളെയുടെ നല്ല നിമിഷം വരെ ഓർമ്മകളുടെ മഴ നനയാൻ വിധിക്കപ്പെട്ട പ്രവാസത്തിന്റെ വ്യഥകളുണ്ടീ വരികളിൽ

സാമ്പ്രദായികവും ആധുനികോത്തരവും അമൂർത്തവും ആയ വ്യത്യസ്ഥമായ നിർമ്മാണഘടനകളിലൂടെ, വരികളുടെയും ഘടനകളുടെയും വ്യവസ്ഥാപിതമായ പിന്തുടർച്ചകളിലേയ്ക്ക് ഉൾവലിഞ്ഞ് സ്വയം നഷ്ടപ്പെടുത്താതെ, സ്വന്തം ശൈലി രൂപീകരിച്ച് വെല്ലുവിളികളോടെ എഴുതുന്നവരാണ്‌ ‘കാവാരേഖ?‘യിലെ എഴുത്തുകാരധികവും.. സ്വീകാര്യത എന്ന അഴകൊഴമ്പൻ ആകുലതകളില്ലാതെ തങ്ങളുടേതായ രീതിയിൽ കാവ്യമലയാളത്തിന്റെ ഘടനാ നിർമ്മിതികളുടെ പുത്തൻ രൂപാവിഷ്കാരങ്ങളുമായി.. ഒരു ഡസ്റ്റ് ബിന്നിനെയും പേടിക്കാതെ ഇവരെഴുതിക്കൊണ്ടിരിക്കുന്നു...

കാൽ നൂറ്റാണ്ടിനിപ്പുറം വന്ന മലയാള കവിതയുടെ അസൂയാവഹമായ വളർച്ചയുടെ വ്യത്യസ്ഥമായ ശില്പ്പികളാകുന്ന ഇവർ വരും നാളെയുടെ കാവ്യലോകത്തിന്‌ പുത്തൻ പകർച്ചകൾ നൽകും എന്ന് ഈ വരികളിലൂടെ കണ്ണോടിക്കുമ്പോൾ നമുക്ക് നിസ്സംശയ്ം അഭിമാനിക്കാം....


"ഒന്നിനും പ്രതികരിക്കാതെ നിൽക്കുന്നത്
ഉളിയും കരിങ്കല്ലും തമ്മിലുള്ള അനശ്വരപ്രണയത്തിന്റെ
സന്തതികൾ മാത്രമല്ല;
പത്തു മാസം ചുവന്നു നൊന്തു പെറ്റവയും
പക്ഷികൾ ചേക്കേറാത്ത പ്രതിമകൾ ആകാറുണ്ട്
പല അവസരത്തിലും"


നിഷ്ക്രിയ യൗവനത്തിന്റെ പ്രതികരണശേഷിയില്ലാത്ത ആലസ്യത്തെ പ്രതിമ എന്ന കവിതയിലൂടെ ഉമേഷ് പിലിക്കോട് വരച്ചു കാട്ടുന്നു.

ഇരുപത്തോഞ്ചോളം കവികളുടെ വ്യത്യസ്ഥമായ രചനാ/ഘടനാ വൈവിദ്ധ്യത്തിന്റെ അൽഭുതസഞ്ചയമാണ്‌ ‘കാവാരേഖ?‘ എന്നു പറയുന്നതിൽ അതിശയോക്തിയില്ല, പ്രതീക്ഷിച്ചു വായിച്ച ചില പ്രിയ കവികളുടെ കവിതകൾ നിരാശപ്പെടുത്തിയത് അമിതപ്രതീക്ഷകൾ വെച്ചു പുലർത്തിയതുകൊണ്ടാവാം….

ഗവർണ്മെന്റ് സർവ്വീസിൽ നിന്നും പിരിഞ്ഞതിനു ശേഷം വിശ്രമജീവിതം ബ്ലോഗിലൂടെയും കവിതയിലൂടെയും വായനയിലൂടെയും ദീപ്തമാക്കുന്നവർ മുതൽ ഇങ്ങേയറ്റം എട്ടാം ക്ളാസ്സ് വിദ്ധ്യാർത്ഥിനിയായ 'നീസ വെള്ളൂർ' വരെ "പ്രേതം" എന്ന കവിതയിലൂടെ, കാവാരേഖയിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിദ്ധ്യമാണ്‌!

ഓരോ വായനയിലൂടെയും നമ്മൾ പുതിയ ജാലകം തുറന്ന് വരയാടുകൾ മേയുന്ന പുൽത്തകിടികളും, മണ്ണിൽ നഖമമർത്തി നിവർന്നു നിൽക്കുന്ന അംബരചുംബികാളുടെ അൽഭുതഘടകളും കണ്ട് സംതൃപ്തമാകുന്നു...

“വേനലിന്റെ മുറിവുകളെ
വസന്തം മറയ്ക്കുന്നതേയുള്ളൂ
ഉണക്കുന്നില്ല“

ഡോണമയൂരയുടെ 'ഋതുമാപിനികളി'ലെ വരികളിൽ പറഞ്ഞപോലെ നമുക്കീ ഉണങ്ങാത്ത കവിതയുടെ മുറിവുകളിൽ ദാഹാർത്ഥരായ വേനലുകളായി തന്നെ മുറിഞ്ഞുകൊണ്ടിരിക്കാം… വസന്തം കൊണ്ടുണക്കാതെ… യാഥാർത്ഥ്യത്തിന്റെ വേനൽ മുറിവുകൾ കവിതകളായി പിളർന്നു കൊണ്ടേയിരിക്കട്ടെ….

കാവാരേഖയിലെ കവികൾ
ഡോണ മയൂര ,ശശികുമാര്‍ .ടി.കെ ,എസ്.കലേഷ്, പ്രസന്ന ആര്യന്‍ (പ്രയാണ്‍), മുകില്‍, ദിലീപ് നായര്‍ (മത്താപ്പ്) , ഗീത രാജന്‍ , ഹന്‍ലല്ലത്ത് ,നീന ശബരീഷ് ,ചാന്ദ്നി ഗാനന്‍ (ചന്ദ്രകാന്തം) ,മൈ ഡ്രീംസ് , ഉമേഷ് പിലീക്കോട് , മുംസി , ജയ്നി , നീസ വെള്ളൂര്‍, എന്‍.എം.സുജീഷ് ,രാജീവ് .ആര്‍ (മിഴിയോരം) , വീണ സിജീഷ് , ഷൈന്‍ കുമാര്‍ (ഷൈന്‍ കൃഷ്ണ) , ഉസ്മാന്‍ പള്ളിക്കരയില്‍ , അരുണ്‍ ശങ്കര്‍ (അരുണ്‍ ഇലക്ട്ര) , ഖാദര്‍ പട്ടേപ്പാടം, ജയിംസ് സണ്ണി പാറ്റൂര്‍, യൂസഫ്പ, രണ്‍ജിത് ചെമ്മാട്

Sunday, May 8, 2011

ഇറങ്ങിനടപ്പ്

പുസ്തകം : ഇറങ്ങിനടപ്പ്
രചയിതാവ് : റ്റിസി മറിയം തോമസ്.

പ്രസാധനം : ഡി.സി.ബുക്ക്‌സ്
അവലോകനം : മണിഷാരത്ത്



സ്ത്രീ സഞ്ചാരങ്ങളെ തൊട്ടശുദ്ധമാക്കിയ പകല്‍ മാന്യരായ സാമൂഹ്യവിരുദ്ധരുടെ വൃത്തികേടുകള്‍ക്കുമുന്‍പില്‍ പകച്ചും കരഞ്ഞും ടെന്‍ഷനടിച്ചും നിമിഷംതോറും അപമാനിതരാവുന്ന എല്ലാപെണ്ണുങ്ങളുടേയും ഏകാന്തതക്ക്‌ കൂട്ടായി സമര്‍പ്പിച്ച റ്റിസി മറിയം തോമസ്സിന്റെ 138 പേജും 70 രൂപ വിലയുമുള്ള പുസ്തകമാണ്‌"ഇറങ്ങിനടപ്പ്‌".ബാംഗ്ലൂര്‍ ക്രൈസ്റ്റ്‌ കോളേജിലെ മന:ശ്ശാസ്ത്ര വിഭാഗം അധ്യാപികയാണ്‌ ലേഖിക.

യാത്രയില്‍ വെളിവാക്കപ്പെടുന്ന മലയാളി പൗരുഷത്തിന്റെ മുഖം മൂടി പിച്ചിക്കീറി 26 യാത്രാസ്മരണകള്‍ ഉള്‍ക്കൊള്ളുന്നതും വായനക്കാരുടെ അഭിപ്രായങ്ങള്‍ ഉല്‍ക്കൊള്ളുന്ന 2 അനുബന്ധങ്ങളും ചേര്‍ന്ന ഈ പുസ്തകം ബസ്സിനുള്ളിലെ അക്രമികള്‍ക്കും അതുകണ്ടുനില്‍ക്കുന്ന മാന്യരായനോക്കുകുത്തികള്‍ക്കും ഓരോകോപ്പി കൊടുക്കേണ്ടതാണന്ന് ലേഖിക. കേരളത്തിലെ ബസ്സ്‌ യാത്രയില്‍ തനിക്ക്‌ അനുഭവപ്പെട്ട അനുഭവങ്ങളാണ്‌ ആരേയും ദഹിപ്പിക്കുന്ന കനല്‍ക്കട്ടകളായ അക്ഷരങ്ങളിലൂടെ വിവരിക്കുന്നത്‌.സത്യത്തില്‍ ഒരു വട്ടം വായിച്ചുതീര്‍ന്നപ്പോള്‍ ഞാന്‍ സ്തംഭിച്ചുപോയി.ഒരു പക്ഷേ പുരുഷവര്‍ഗത്തിന്റെ പ്രതിനിധി എന്നനിലയില്‍ അഭിപ്രായം എഴുതുന്നതിനുപോലും ഭയം തോന്നി. 2003-04 കാലഘട്ടത്തില്‍ വര്‍ത്തമാനം ദിനപ്പത്രത്തിലും പിന്നീട്‌ പച്ചക്കുതിരയിലും പ്രസിദ്ധീകരിച്ചവയും ചേര്‍ത്താണ്‌ പുസ്തകരൂപത്തിലാക്കിയിരിക്കുന്നത്‌. ബസ്സില്‍ കയറിയിറങ്ങുന്ന ഏതൊരു സ്ത്രീയും ആണ്‍ശല്യത്തിന്‌ ഇരയാകുന്നുവെന്ന് റ്റിസ്സി മറിയം പറയുന്നു.ഇത്‌ ഒറ്റപ്പെട്ടസംഭവമല്ലന്നും ഒരു വലിയ കൂട്ടം ജനത എതിര്‍ലിംഗത്തിലെ വലിയ സംഘം ജനതയെ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും കണ്ടെത്തുന്നു. സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടഞ്ഞുകൊണ്ടുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനം വീടുകളില്‍നിന്നുതന്നെ ആരംഭിക്കുന്നു.സന്ധ്യക്കുമുന്‍പേ വരണം ,അനിയനെകൂട്ടിക്കോ എന്നുള്ള നിര്‍ദേശങ്ങള്‍ ബോധപൂര്‍വ്വം സുരക്ഷിതമല്ലെന്നെചിന്ത പെണ്‍കുട്ടികളില്‍ വളര്‍ത്തുന്നു. പൊതുസ്ഥലത്ത്‌ പുരുഷന്‌ കളിക്കാം, ചിരിക്കാം, കൂട്ടുകൂടാം, ചീട്ടുകളിക്കാം, മൂത്രമൊഴിക്കാം, വീട്ടിലെ വസ്ത്രത്തില്‍ പുറത്തുപോകാം,അര്‍ദ്ധനഗ്നനായി നടക്കാം, കള്ളുഷാപ്പുകളില്‍ കയറി കള്ളുകുടിക്കാം എന്നിങ്ങനെ സ്വാതന്ത്ര്യത്തിന്റെ വിശാലതയുള്ളപ്പോള്‍ സ്ത്രീയ്ക്ക്‌ ഇതൊന്നുമില്ല.അവള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി കൂലിയില്ലാത്ത പണികള്‍ ചെയ്യണം.സ്ത്രീക്കെതിരെയുള്ള എല്ലാ പീഢനങ്ങളും സ്ത്രീ തന്റെ അടിമായണെന്നു സ്ഥാപിക്കാനുള്ളതും അധീശത്വം ഊട്ടിയുറപ്പിക്കാനുള്ളതുമാണ്‌.ചുരുക്കത്തില്‍ പുരുഷവര്‍ഗ്ഗത്തിന്റെ സംഘടിതശ്രമത്തിന്റെ ഭാഗമാണ്‌ ബസ്സിലെ പീഢനങ്ങള്‍ എന്ന് ലേഖിക സ്ഥാപിക്കുന്നു. ഹോസ്റ്റലിലെ ആള്‍സഞ്ചാരം കുറഞ്ഞ വഴിയിലെ യാത്രയില്‍ പാന്റിന്റെ സിപ്പ്‌ ഊരി പ്രദര്‍ശിപ്പിച്ചതും,ഉപയോഗിച്ച സോക്സിന്റെ മണമുള്ള വായയുള്ള 50 കാരന്റെ പ്രവൃത്തിയും ബാങ്കുദ്യോഗസ്ഥന്റെ പെരുമാറ്റവും, മാരാമണ്‍ കണ്‍ വെന്‍ഷനിലേക്കുള്ള യാത്രയിലെ അനുഭവങ്ങളും ഒട്ടും അതിശയോക്തിപരമായിരിക്കില്ല. മറിച്ച്‌ സത്യം തന്നെയായിരിക്കും. ബസ്സുയാത്രയില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ അത്‌ ഒരു സ്ഥിരം ശീലമാക്കിയവരാണെന്നാണ്‌ ഞാന്‍ കരുതുന്നത്‌.ഏതുവിഭാഗത്തിലുമുള്ളവര്‍ ഈ കൂട്ടത്തിലുണ്ട്‌.തിരക്കിനിടയില്‍ ആരും കാണാതെ കാര്യം നടത്താനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌.പിടിക്കപ്പെട്ടാല്‍ ആ നിമിഷം ഇവര്‍ മുങ്ങും.സ്ത്രീകളുടെ ഇറങ്ങിനടപ്പിനുള്ള സ്വാതന്ത്ര്യവുമായി ഇത്‌ എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു.?ഇത്‌ പുരുഷവര്‍ഗ്ഗത്തിന്റെ സംഘടിത ശ്രമത്തിന്റെ ഭാഗമാണോ? സ്ത്രീകളുടെ നടപ്പുസ്വാതന്ത്ര്യം ഒരു കാലത്ത്‌ പല വിഭാഗങ്ങളുടേയും നടപ്പുസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ഭാഗമായിരുന്നു.കേരളത്തില്‍ യാത്രാബസ്സുകള്‍ സുലഭമായിട്ട്‌ 50 വര്‍ഷത്തെ ചരിത്രം പോലുമില്ല.സ്ത്രീകള്‍ സുലഭമായി യാത്രചെയ്യാനാരംഭിച്ചതുതന്നെ ഏറെകാലങ്ങളായോ?

മാറുമറയ്കാനുള്ള സ്വാതന്ത്ര്യത്തിനും, വിധവാവിവാഹത്തിനും, പൊതുവഴിനടക്കാനും, ക്ഷേത്രപ്രവേശനത്തിനും നടന്ന സമരങ്ങള്‍ സ്ത്രീസ്വതന്ത്ര്യത്തിനുള്ള സമരങ്ങള്‍ തന്നെയായിരുന്നു. അതും പുരുഷന്മാരാല്‍ നയിക്കപ്പെട്ട്‌. പുലാപ്പേടി, മണ്ണാപ്പേടി എന്ന ദുരാചാരങ്ങളും നടന്ന നാടായിരുന്നു കേരളം. ഈ ദുരവസ്ഥയില്‍ നിന്നും സ്ത്രീകള്‍ എത്രത്തോളം സ്വാതന്ത്ര്യം നേടിയിരിക്കുന്നു.നാലുകെട്ടിലെ അന്തര്‍ജ്ജനങ്ങള്‍ക്ക്‌ ഇറങ്ങിനടപ്പ്‌ എന്ന സങ്കല്‍പ്പം തന്നെ ഒരുകാലത്ത്‌ അവരുടെ അവകാശങ്ങളുടെ ഭാഗം പോലുമായിരുന്നില്ല. വി.ടി,എം.ആർ.ബി,ഈ.എം.എസ്സ്‌ തുടങ്ങിയ പുരുഷപ്രതിനിധികളായിരുന്നു സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതുപോലും. ട്രാഫിക്‌ നിയന്ത്രിക്കുന്ന പോലീസുകാരിയും, റിക്ഷയോടിക്കുന്ന സ്ത്രീയും പമ്പില്‍ പെട്രൊളടിക്കുന്ന സ്ത്രീയും വാഹനമോടിക്കുന്ന സ്ത്രീയുമിന്ന് പുതുമയുള്ള കാഴ്ചയല്ല.

ബസ്സുയാത്രയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ സത്യം തന്നെയാണ്‌. ബോംബെപോലുള്ള നഗരത്തില്‍ അര്‍ദ്ധരാത്രിക്കുപോലും ജോലികഴിഞ്ഞ്‌ ട്രെയിനില്‍ വരുന്ന എത്രയോ സ്ത്രീകളുണ്ട്‌. സ്ത്രീ വളരെ സുരക്ഷിതയാണിവിടെ. കേരളത്തിലേതുപോലുള്ള ഒരു സംഭവമുണ്ടായാല്‍ അവന്‌ ജീവനുംകൊണ്ട്‌ പോരാന്‍ പറ്റില്ല. എന്താണ്‌ ഈ വ്യത്യാസങ്ങള്‍ക്കുകാരണം? ഒരു പഠനം നടന്നിട്ടുണ്ടോ? ലേഖിക പറയുന്ന കാറല്‍ ഗിന്റ്‌, ഹെന്‍ലി എന്നീ മന:ശ്ശാസ്ത്രന്മാരുടെ പഠനം കേരളത്തിന്റെ സാഹചര്യത്തിലോ സാമൂഹവ്യവസ്ഥിതിയുമായി ഇണങ്ങുന്നതാണോ?അത്‌ അപ്പാടെ പകര്‍ത്തി കേരളത്തിലെ പുരുഷവര്‍ഗ്ഗത്തെ വിശകലനം ചെയ്താല്‍ എത്രത്തോളം ശരിയാകും? സ്വിറ്റ്‌ സര്‍ലന്റില്‍ നിന്നും വന്ന ഒരു റ്റീച്ചര്‍ കേരളത്തിലെ ബസ്സുകളിലെ തിരക്കുകണ്ട്‌ ഞെട്ടിപ്പോയതായി എന്റെ ഒരു സഹപ്രവര്‍ത്തകന്‍ പറയുകയുണ്ടായി.ലോകത്ത്‌ ഒരിടത്തും പലചരക്കുപോലെ ആളെ കൊണ്ടുപോകുന്ന ശകടങ്ങളുണ്ടോ? പോക്കറ്റടിയും സ്ത്രീകളെ ശല്യപ്പെടുത്തുന്നതും ഈ തിരക്കുള്ള ബസ്സുകളിലാണ്‌. തിരക്കുകുറഞ്ഞവാഹനങ്ങള്‍ സ്ത്രീകളുടെ യാത്രക്ക്‌ സുരക്ഷിതമാണ്‌. എത്ര പരിഷ്കൃതമെന്നുപറഞ്ഞാലും ഈ നാട്ടില്‍ കൊലപാതകവും ബലാല്‍സംഗവും കള്ളവാറ്റും കള്ളനോട്ടടിയും തട്ടിപ്പും വെട്ടിപ്പും നടക്കുന്നില്ലേ?അതും പുരുഷന്മാരുടെ തന്നെ കുത്തകയാണ്‌ കേരളത്തിലെ പുരുഷവര്‍ഗ്ഗം മുഴുവനും ദിവസവും യാത്രചെയ്യുന്നവരാണന്ന് സങ്കല്‍പ്പിക്കാനാകില്ല. ബസ്സുകളിലെ യാത്രക്കാരില്‍ നല്ലോരു ശതമാനവും സ്ഥിരം യാത്രക്കാരാണ്‌. അവരില്‍ തന്നെ വിരലില്‍ എണ്ണാവുന്നവരേ ശല്യക്കാരുള്ളു.വര്‍ഷത്തില്‍ ഒരു യാത്രപോലും ചെയ്യാതെ വീട്ടിലിരിക്കുന്ന എത്രയോ പുരുഷന്മാരുണ്ട്‌.ഹൈറേഞ്ചിലെ പല പ്രദേശങ്ങളിലും ഇപ്പൊഴും ബസ്സ്‌ എത്തിയിട്ടുപോലുമില്ല. പുരുഷവര്‍ഗ്ഗത്തിന്റെ കണക്കില്‍ ഇവര്‍കൂടി വരുമോ ആവോ? ഇന്ന് ബസ്സുകളില്‍ സ്ത്രീയും പുരുഷനും ഒരേ സീറ്റില്‍ യാത്രചെയ്യുന്നുണ്ട്‌. സഹയാത്രക്കാരനെപറ്റി പരാതികള്‍ കുറവാണുതാനും.കോളേജുകളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇന്ന് വളരെ സൗഹാര്‍ദ്ദത്തിലും നല്ല ചങ്ങാതിമാരുമാണ്‌. ഒരു പെണ്‍കുട്ടിക്കെതിരെ പുറത്തുനിന്നുള്ള ഏതു ആക്രമണവും ഇവര്‍ ഒറ്റക്കെട്ടായി നേരിടും.പെണ്‍കുട്ടികള്‍ക്ക്‌ ഇവര്‍ സുഹൃത്തും സഹോദരനും സംരക്ഷകനുമാണ്‌. 70 കളിലേയോ 80 കളിലേയോ ക്യാമ്പസ്സില്‍ ഇതു സങ്കല്‍പ്പിക്കാനാകുമോ?

'ഇറങ്ങിനടപ്പ്‌" നിശ്ചയമായും ആണ്‍പെണ്‍ വ്യത്യാസമില്ലതെ എല്ലാവരും വായിക്കട്ടെ.പ്രത്യേകിച്ചും സ്ത്രീകള്‍ ചര്‍ച്ചചെയ്യട്ടെ.മന:ശ്ശാസ്ത്രജ്ഞന്‍ മന;ശ്ശാസ്ത്ര പ്രശ്നമെന്നനിലയിലോ സാമൂഹ്യപ്രവര്‍ത്തകന്‍ സാമൂഹ്യപ്രശ്നമെന്നനിലയിലോ ജീവശാസ്ത്രകാരന്‍ ജൈവീകപ്രശ്നമെന്നനിലയിലോ പഠിക്കുകയോ നിരീക്ഷിക്കുകയോ പരിഹാരം നിര്‍ദ്ദേശിക്കുകയോ ആകട്ടെ. പരസ്യമായി ഷാപ്പില്‍ കയറികള്ളുകുടിക്കാനും പൊതുനിരത്തില്‍ മൂത്രമൊഴിക്കാനുള്ള സ്വാതന്ത്ര്യങ്ങള്‍ക്കും മുന്‍പ്‌ ലഭിക്കേണ്ടതായ സ്വാതന്ത്ര്യങ്ങളോന്നും ഇനിയില്ലേ?

Tuesday, May 3, 2011

ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌

പുസ്തകം : ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്
രചയിതാവ് : റഹ്‌മാന്‍ കിടങ്ങയം

പ്രസാധകര്‍ : കൈരളി ബുക്‌സ്‌, കണ്ണൂര്‍

അവലോകനം : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

















ഥയിലെ ഗ്രാമവൃക്ഷംനാട്ടെഴുത്തിന്റെ പച്ചപ്പിലേക്ക്‌ മലയാളകഥ വീണ്ടും തിരിച്ചെത്തുകയാണ്‌ റഹ്‌മാന്‍ കിടങ്ങയത്തിന്റെ കഥകളിലൂടെ. എല്ലാം നഗരവല്‍ക്കരിക്കപ്പെടുന്ന കാലത്തില്‍ നാട്ടുപഴമയും പച്ചിലക്കാടുകളും ഇടവഴികളും കൗതുകങ്ങളും നമ്മുടെ ഓര്‍മ്മയിലേക്ക്‌ ചേര്‍ത്തുപിടിക്കുന്ന പത്തുകഥകളുടെ സമാഹാരമാണ്‌ `ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌' എന്ന പുസ്‌തകം. `നെല്ലിക്കുന്നിന്റെ മുകളില്‍ വെയില്‍ തിളച്ചുകൊണ്ടിരിക്കുകയാണ്‌...' എന്നിങ്ങനെ അകംപുറം ചൂടിന്റെ തിളച്ചുമറിയലിലൂടെയാണ്‌ റഹ്‌മാന്റെ കഥകള്‍ വായനക്കാരന്റെ മനസ്സിലേക്ക്‌ പ്രവേശിക്കുന്നത്‌. കഥയുടെ ഈ തിളച്ചുമറിയലില്‍ ഗ്രാമീണസത്യങ്ങളുടെ അടയാളമുണ്ട്‌. കുന്നായ്‌മകളും കുന്നിമണികളുമുണ്ട്‌. താളഭംഗം വന്ന ജീവിതമുണ്ട്‌. ചിതലരിച്ച പ്രണയങ്ങളും ചോരത്തിളപ്പിന്റെ ആവേശവും ഉല്‍ക്കണ്‌ഠയും ഇഴചേര്‍ന്നിട്ടുണ്ട്‌. പുതിയ കാലത്തിന്റെ നിസ്സംഗതയോടും സങ്കുചിതത്തോടുമുള്ള പ്രതിഷേധവും പ്രതിബോധവും ഈ കഥകളുടെ അടിയൊഴുക്കുകളാകുന്നുണ്ട്‌.

നഗരവിരുദ്ധതയുടെ പൊരുതിനില്‍പ്പും പതിഞ്ഞുനില്‍പ്പുണ്ട്‌. ചോദ്യചിഹ്നത്തിന്റെ വളവും ഒടിവുമായി നമ്മുടെ വായനയെ നേര്‍ക്കുന്ന കഥകളാണിത്‌. സര്‍പ്പജന്മം, ഒടി, ചുണഡങ്ങ്‌,മാഗിയാന്റി,അഘോരം,ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌, കാലന്‍പക്ഷിയുടെ രാത്രി, ചെത്ത്‌, വവ്വാലുകള്‍, വിസ്‌മയച്ചിറകുകള്‍ എന്നീ കഥകള്‍ തലമുറകളായിപാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സത്യങ്ങളെ മുഖാമുഖം നിര്‍ത്തുന്നു.മനുഷ്യനെയും അവന്റെ ചുറ്റുപാടും ആഴത്തിലറിയാന്‍ കഴിയുക അനുപമമായ വരദാനമാണ്‌. ഇത്‌ റഹ്‌മാന്‍ കിടങ്ങയത്തിന്റെ രചനകളില്‍ സജീവസാന്നിദ്ധ്യമാണ്‌. പ്രതികരണശേഷി ഉറഞ്ഞുപോകാത്ത എഴുത്തുകാരന്റെ ആകുലതകളും ഉത്‌ക്കണ്‌ഠകളും നിറയുന്ന പുസ്‌തകമാണ്‌ `ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌'. ്‌നഗരവല്‍ക്കരണവും വിപണിവല്‍ക്കരണവും സ്‌നേഹധമനികളുടെ മുറിവുകളും അനുഭവിച്ചു തീര്‍ക്കുന്ന ജനതയുടെ നടുവില്‍ പിടയുന്ന മനുഷ്യമനസ്സുകളാണ്‌ ഗ്രാമവഴികളില്‍ റഹ്‌മാന്‍ കണ്ടെടുക്കുന്നത്‌.

`ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌'എന്ന കഥ നല്‍കുന്ന പാഠാവലിയും മറ്റൊന്നല്ല. ഏത്‌ ഇരുട്ടിലും വെളിച്ചത്തിന്റെ സാന്നിദ്ധ്യം അന്വേഷിച്ചറിയുന്ന എഴുത്തുകാരനെ ഈ കഥാപുസ്‌തകത്തില്‍ കാണാം.ഭാഷാതലത്തിലും ആവിഷ്‌ക്കാരത്തിലും റഹ്‌മാന്‍ കിടങ്ങയം പരമ്പരാഗത ശൈലിയോട്‌ പൊരുതി മുന്നേറുന്നു. ഭാഷാ നാഗരികതയുടെ ഉരഗസഞ്ചാരം അനുഭവിപ്പിക്കുന്ന രചനാ സങ്കേതമാണ്‌ കഥാകാരന്‍ സ്വീകരിച്ചത്‌. സാധാജീവിതങ്ങളെ അവയുടെ കരുത്തോടെ കുറിച്ചുവെച്ചു. ഐതിഹ്യങ്ങളിലേക്ക്‌ വേരുകളാഴ്‌ത്തി ജലവും ലവണവും വലിച്ചെടുക്കുന്ന ആല്‍മരംപോലെ ഭാവാധുനികതയുടെ ഇലകള്‍ വിടര്‍ത്തി അനുഭവസഞ്ചയങ്ങളോടെ ഉയര്‍ന്നുനില്‍ക്കുന്നു. അവതാരികയില്‍ കെ.പി. രാമനുണ്ണി എഴുതി: `പുതിയ സാഹിത്യത്തിന്റെതായി പറയാവുന്ന പൊതുസ്വഭാവം അത്‌ പാരര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ ആഖ്യാനത്തിലേക്ക്‌ കൊണ്ടുവരുന്നു എന്നതാണ്‌. എന്നാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരോടൊപ്പം മുഖ്യധാരാ ട്രെന്റുകള്‍്‌ക്കിടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സത്യങ്ങളേയും സധൈര്യം വീണ്ടെടുക്കുന്നു എന്നതാണ്‌ റഹ്‌മാന്‍ കിടങ്ങയത്തിന്റെ കഥകളെ നിസ്‌തുലമാക്കുന്നത്‌.' നാട്ടുവഴക്കത്തിന്റെ ഇടപെടലുകള്‍ കൊണ്ട്‌ നമ്മുടെ മഹിത സംസ്‌ക്കാരത്തെ വീണ്ടെടുക്കാനുള്ള എഴുത്തുകാരന്റെ ഉത്തരവാദിത്വം ഈ കഥാപുസ്‌തകം നിര്‍വ്വഹിക്കുന്നുണ്ട്‌. (വില - 75 രൂപ)