Monday, April 30, 2012

ഒറ്റമുറിയുള്ള വീട്‌

പുസ്തകം : ഒറ്റമുറിയുള്ള വീട്‌
രചയിതാവ് : രാധാകൃഷ്‌ണന്‍ എടച്ചേരി
പ്രസാധകര്‍ : അടയാളം പബ്ലിക്കേഷന്‍സ്‌, തൃശൂര്‍

അവലോകനം : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
'എന്തെങ്കിലുമാട്ടെ,
മുറിയിന്ന്‌ തൂത്തുവാരണം'

-ഒറ്റമുറിയുള്ള വീട്‌ എന്ന പുസ്‌തകത്തിലേക്ക്‌ ഇങ്ങനെയൊരു വാതില്‍ തുറന്നിടുകയാണ്‌ രാധാകൃഷ്‌ണന്‍ എടച്ചേരി. മുപ്പത്തിയേഴ്‌ കവിതകളുടെ സമാഹാരത്തിലെ രചനകളെല്ലാം ധ്വനിയുടേയും മൗനത്തിന്റേയും ഭാഷയിലെഴുതിയവയാണ്‌. ഇവ സാമൂഹികജീവിതത്തിന്റെ മറപറ്റി തിടംവയ്‌ക്കുന്ന കാവ്യവിവാദവ്യവസായത്തോട്‌ ഒട്ടിനില്‍ക്കുന്നില്ല. അതിനാല്‍ ജനാധിപത്യപരമായ ഉല്‍ക്കണ്‌ഠകളേ ഈ പുസ്‌തകത്തിലുള്ളൂ. 'മൂന്നാമത്തെ/ കാല്‍ വെക്കാന്‍/ ശിരസ്സ്‌, പക്ഷേ / എന്റേതല്ലല്ലോ- (അധിനിവേശം എന്ന കവിത) -എന്ന ആശങ്കയും ഈ എഴുത്തുകാരനുണ്ട്‌.
വര്‍ത്തമാനകാലത്തിന്റെ സങ്കീര്‍ണ്ണതയും ഉല്‍ക്കണ്‌ഠയും അടയാളപ്പെടുത്തുന്ന കവിതകള്‍. വഴിതെറ്റുന്ന യാത്രകളും ഒടുക്കം ലോകത്തിലേക്ക്‌ പടിയിറങ്ങുന്ന വിലാപയാത്രകളും ഇഴചേര്‍ത്തെഴുതിയ ഈ കവിതകളില്‍ പ്രണയത്തിന്റെ രക്തധമനികളും വിരഹത്തിന്റെ കനല്‍പ്പാടുമുണ്ട്‌. വേട്ടക്കാരന്റെ നിതാന്ത ജാഗ്രതയോടൊപ്പം ഇരയുടെ പിടച്ചിലും സൂക്ഷ്‌മമായി അനുഭവപ്പെടുത്തുന്നു. വായിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ഖനിജങ്ങളെ വെളിപ്പെടുത്തുന്നു.
അന്വേഷണത്തിന്മേലുള്ള ഊന്നല്‍, കവിതയുടെ ജൈവസ്വഭാവത്തിലുള്ള വിശ്വാസം, പൊള്ളയായ മൂല്യബോധത്തോടുള്ള നിരാസം എന്നിവ ആധുനിക കവിതയില്‍ പുതുകാലത്തിന്റെ
ഉപ സംസ്‌ക്കാരമെന്ന നിലയില്‍ വരുന്നുണ്ട്‌. ഇതിന്റെ മൂല്യങ്ങളും ഇതു മുന്നോട്ടുവെച്ച കാവ്യസങ്കല്‍പ്പങ്ങളും രാധാകൃഷ്‌ണന്‍ എടച്ചേരിയുടെ കവിതകളില്‍ പരുക്കനും ഒപ്പം സൂക്ഷ്‌മവുമായ സ്വരവിന്യാസത്തിന്‌ വഴങ്ങുന്നുണ്ട്‌. ബാഹ്യമായ ഒരു താളവും ഗൗനിക്കാതെയാണ്‌ രാധാകൃഷ്‌ണന്റെ കവിത പിറക്കുന്നത്‌. പക്ഷേ, ശീലുകള്‍ താളക്രമത്തിന്റെ ചാലുകളില്‍ വന്നു വീഴുന്നു. നാട്ടിന്‍പുറത്തുകാരന്റെ ഗ്രാമ്യതയുണ്ട്‌.

കവിത സംസ്‌ക്കാരത്തിന്റെ തനതായ ഉറവകളിലേക്ക്‌ പോവുകയാണെന്ന ആശയം രാധാകൃഷ്‌ണന്റെ കവിതകളുടെ അന്തരീക്ഷത്തിലുണ്ട്‌. ഉള്ളിലെ ഭാവങ്ങളെ ബാഹ്യവല്‍ക്കരിക്കുന്ന ഒരു രസബോധം സാമൂഹ്യ ശുദ്ധീകരണക്രിയയായാണ്‌ ഈ കവി കണ്ടെടുക്കുന്നത്‌. അതുകൊണ്ടുതന്നെ ഗദ്യത്തിന്റെ കാവ്യപരമായ വിനിയോഗം സൂക്ഷ്‌മതയോടെ ഉദാസീനതയെ ധിക്കരിക്കുന്ന കവിയുടെ മാനുഷികത ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നിമിഷങ്ങളും ഈ പുസ്‌തകത്തില്‍ കാണാം.'ഇടപ്പള്ളിക്ക്‌ / വണ്ടികേറാന്‍/ എന്തെളുപ്പം/ ഒരു കയര്‍വട്ടത്തില്‍/ അകലമേയുള്ളൂ'-(അകലം).

സ്വന്തം കാഴ്‌ചയുടെ നിഴലായിത്തീരാന്‍ നടത്തുന്ന എഴുത്തുകാരന്റെ സാന്നിധ്യവും രാധാകൃഷ്‌ണന്റെ രചനകളിലുണ്ട്‌. 'ഏതുരാത്രിയിലാവും/ അച്ഛനും/ അമ്മയും/ മുറ്റത്തെ/ കിണറിന്‍/ ആഴമളക്കാന്‍/ ഞങ്ങളേയും/ കൊണ്ടുപോകുക'-(പേടി). ഇങ്ങനെ എരിയുന്ന മനസ്സില്‍ ഫണം വിടര്‍ത്തിയാടുന്ന ആത്മരോഷങ്ങളെ, പൊള്ളുന്ന വാക്കുകളാക്കി താന്‍ ജീവിക്കുന്ന കാലത്തില്‍, എല്ലാം ഒരു പൊട്ടിത്തെറി കാത്തുനില്‍ക്കുന്നു എന്ന തിരിച്ചറിവുണ്ട്‌.

'സഹിക്കില്ല/ മൂലയില്‍ തനിച്ചിരുന്ന്‌/ ദഹിക്കുമ്പോള്‍/ ചൂലെന്ന/ തെറിവിളി'(ചൂല്‌)- നിഷേധാത്മകത വാക്കിന്റെ തുടരെത്തുടരെയുള്ള ആവര്‍ത്തനവുമായിട്ടാണ്‌. ഒപ്പം കരയാനും നടക്കാനും ആരുമില്ല. ഓര്‍ത്തീടുവാനും മറക്കാനുമില്ലാതിരിക്കുന്ന ഇരുണ്ട ലോകത്തിന്റെ വിത്തുകളും പൊള്ളയായ മധുരത്തിന്റെ ചെടിപ്പുകളും അദൃശ്യമായ മരണത്തിന്റെ വേട്ടയാടലും രാധാകൃഷ്‌ണന്‍ എടച്ചേരിയുടെ കവിതകളില്‍ തെളിഞ്ഞോ, മെലിഞ്ഞോ ഒഴുകുന്നു.'ആഴങ്ങളില്‍/ ഞാനും/ നീയും/ ഉടലുകളില്ലാതെ/ ഒറ്റമരമായി/കത്തും' (ശിരോവസ്‌ത്രം). വേരിലേക്കും ഊരിലേക്കും തിരിച്ചുവരാനുള്ള യാത്രക്കാരന്റെ വെമ്പല്‍. ഇത്തരം തിരിച്ചുവരവുകളുടെ പ്രമേയം രാധാകൃഷ്‌ണന്റെ കവിതകളില്‍ കടന്നുവരുന്നുണ്ട്‌. അനുഭവത്തിന്റെ നേര്‍സ്‌പര്‍ശവും ദേശത്തനിമയുടെ മുദ്രകളും ഉള്ളതാണ്‌ ഈ കവിതകള്‍.
സിവിക്‌ ചന്ദ്രന്‍ ആമുഖക്കുറിപ്പില്‍ എഴുതുന്നു:'ഈ കവിതകള്‍ കവിതകളാകുന്നത്‌ കവിതയുടെ മുഹൂര്‍ത്തങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതു കൊണ്ടുമാത്രമല്ല, നര്‍മ്മവും നിര്‍മമതയും മിക്കവാറും കവിതയിലൊളിപ്പിക്കുന്നതു കൊണ്ടുകൂടിയാണ്. നമ്മിലോരോരുത്തരിലുമുള്ള ആ കള്ളനെ, ചെറ്റയെ അഭിമുഖീകരിക്കാതെ നമുക്കിനിമുതല്‍ കവിതയെഴുതാനാവില്ല. അതികാല്‌പനികതയുടെ ചുഴികളിലേക്ക്‌ നമുക്ക്‌ നമ്മെ തന്നെ എറിഞ്ഞുകൊടുക്കാനും വയ്യ. 'മുമ്പെങ്ങും/ കണ്ടിട്ടില്ല/ കണ്ണടച്ച്‌/ ശാന്തമായുള്ള/ ഈ കിടപ്പ്‌/ പക്ഷേ/ കൈത്താങ്ങില്ലാതെ/ എങ്ങനെ പോകും....(പോക്കിരി).. പുതിയ കാലത്തെയും ലോകത്തെയും ഈ കവിതകള്‍ അഭിമുഖീകരിക്കുകതന്നെ ചെയ്യുന്നു'. പുതുകവിതയുടെ വേറിട്ടുനില്‍പ്പ്‌ ഈ കൃതിയില്‍ പതിഞ്ഞുനില്‍പ്പുണ്ട്‌.

Friday, April 27, 2012

എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്റെ രാജശില്പി

പുസ്തകം : എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്റെ രാജശില്പി
രചയിതാവ് : പ്രൊഫ . കെ .കെ . ശിവരാമന്‍

പ്രസാധകര്‍ : ബി. ബുക്സ് , പി. കെ. മെമ്മോറിയൽ ഗ്രന്ഥശാല

അവലോകനം : ചെറായി രാമദാസ്

ട്ടെല്ലുള്ള മലയാള സാഹിത്യ വിമര്‍ശം അന്യംനിന്നുപോയിട്ടില്ല എന്ന് ഒരു വയോധികന്റെ പേന കേരളത്തെ ബോധ്യപ്പെടുത്തുന്നു..... സ്തുതിപാഠകര്‍ പൊലിപ്പിച്ചെടുത്തതാണ് എഴുത്തച്ഛന്റെ കവന പാടവവും കാവ്യ ധാര്‍മികതയും.തനിമയുള്ള മലയാള നിരൂപകർ ആരും എഴുത്തച്ഛനെ പുകഴ്ത്തിയിട്ടില്ല. ഇന്‍ഡ്യയിലെ മറ്റു പ്രദേശങ്ങളിൽ ഭക്തിപ്രസ്ഥാന കാലത്ത് ഉദിച്ചുയര്‍ന്ന കവികളുമായി താരതമ്യം പോലും അര്‍ഹിക്കുന്നില്ല എഴുത്തച്ഛ നാമധാരി. ജനവിരുദ്ധ ഉദ്ബോധനങ്ങള്‍ സുരക്ഷിതമായി പ്രചരിപ്പിക്കാന്‍ ശൂദ്ര വേഷം കെട്ടിയ ബ്രാഹ്മണനാകാം ആ ആള്‍ . എഴുത്തച്ഛനെക്കാള്‍ മുന്‍പേ കണ്ണശ്ശന്മാര്‍ ഇതിഹാസ കാവ്യങ്ങള്‍ മലയാളത്തിലാക്കിയെന്നതു മറച്ചുവയ്ക്കപ്പെടുകയാണ് . മലയാളത്തിനു ക്ലാസിക്കല്‍ ഭാഷാ പദവി തേടി ഓടുന്നവര്‍ തന്നെ , നാലഞ്ചു നൂറ്റാണ്ടു മുന്‍പു മാത്രം ജീവിച്ചിരുന്നതായി പറയപ്പെടുന്ന എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായും കൊണ്ടാടുന്നു ! വാല്മീകി രാമായണത്തിന്റെ വ്യാജ എഡിഷനായ ' അധ്യാത്മ രാമായണ'മാണ്, സ്വന്തം 'സംഭാവന'കളും ചേര്‍ത്ത് , എഴുത്തച്ഛന്‍ കിളിയെക്കൊണ്ടു പാടിച്ചത്‌ . വ്യാസഭാരതത്തിലെ നന്മകള്‍ വികലമാക്കിയാണ് ആ കിളിയെ പഠിപ്പിച്ചത് . മാത്രമല്ല , വൃത്തികെട്ട സംബന്ധ വ്യവസ്ഥ ശൂദ്രര്‍ക്കു മോക്ഷദായകമാണെന്ന് വ്യാസന്റെ കെയറോഫില്‍ നിരീക്ഷിക്കയും ചെയ്തു . അങ്ങനെ നികൃഷ്ടമായി മാറിയ ആ ജീവിത രീതിയ്ക്കെതിരെയാണ് ചന്തുമേനോന്റെ 'ഇന്ദുലേഖ' രംഗത്ത് വന്നത് . എഴുത്തച്ഛന്‍ പ്രചരിപ്പിച്ച വർണാശ്രമധര്‍മ സിദ്ധാന്തങ്ങളെ കടപിഴുതെറിയാന്‍ വന്ന വിപ്ലവകാരിയാണ് കുഞ്ചന്‍ നമ്പ്യാര്‍ . പ്രാണന്‍ ത്യജിച്ചും ശൂദ്രന്‍ ഭൂസുരന്റെ ദുഃഖം തീര്‍ക്കണമെന്നും എഴുതിവച്ചു എഴുത്തച്ഛൻ . ഹിന്ദു മതത്തെ ജീവിക്കാന്‍ കൊള്ളരുതാത്തതാക്കി മതംമാറ്റങ്ങള്‍ക്കു കളമൊരുക്കിയവരില്‍ പ്രധാനി എഴുത്തച്ഛനാണ്. ഇതിഹാസ പരിഭാഷയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്ത മറിമായങ്ങളിലൂടെയും ദുർബോധനങ്ങളിലൂടെയും ജനങ്ങളുടെ നൈസര്‍ഗിക വാസനകളെയും മൂല്യബോധത്തെയും താറുമാറാക്കിയതിനാലാണ് പോർടുഗീസുകാര്‍ക്ക് ഇവിടെ അഴിഞ്ഞാടി ആധിപത്യം ഉറപ്പിക്കാന്‍ വേണ്ട സാഹചര്യം ഉണ്ടായത് . ഗീതയിലുള്ളതിലേറെ പ്രതിലോമപരവും ചൂഷണപരവുമായ തത്ത്വോപദേശങ്ങളാണ് എഴുത്തച്ഛന്റേത്. രസാവിഷ്കാരം , ഔചിത്യം , വര്‍ണന തുടങ്ങിയവയിലും മേന്മയോന്നുമില്ല എഴുത്തച്ഛന്‍ കൃതികള്‍ക്ക് . അവയെക്കാള്‍ പഴയ കൃതികളില്‍ പോലും ഏറെ ലളിത കോമളമായ ഭാഷ കാണാം .... ഇങ്ങനെ പഴുതറ്റ വിമര്‍ശത്തിന്റെ കൂരമ്പുകള്‍ എമ്പാടും പായുന്നു പ്രൊഫ . ശിവരാമന്റെ പേനയില്‍ നിന്ന്‌ . അതിന്റെ പൂര്‍ണ രൂപം കാണാന്‍ പുസ്തകം വായിക്കതന്നെ വേണം . ഗ്രന്ഥകാരനും പ്രസാധകനും (കാവാലം ബാലചന്ദ്രന്‍ ) ഒരേ മനസ്സാകുന്ന അദ്ഭുത കാഴ്ചയുമുണ്ട് ഇവിടെ . ( വില : 125 രൂപ )

Tuesday, April 24, 2012

ഉദകപ്പോള

പുസ്തകം : ഉദകപ്പോള
രചയിതാവ് : പി.പദ്മരാജന്‍

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : ലാസര്‍ ഡിസല്‍‌വ

വിദൂരദേശങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും പട്ടണത്തില്‍ എത്തുന്നവര്‍ കാഴ്ചകള്‍ കണ്ട് മടങ്ങുന്നു. എന്നാല്‍ നിരത്തുകളും കെട്ടിടങ്ങളും വാഹനങ്ങളും ഒക്കെ അടങ്ങുന്ന തിരക്കുപിടിച്ച പട്ടണത്തിന്റെ പുറംകാഴ്ചകളല്ല അതിന്റെ അന്തസത്ത. ഒരുപാട് തലങ്ങളില്‍ അധിവസിക്കുന്ന പട്ടണവാസികളുടെ ജീവിതമാണത്. അത്തരത്തില്‍ ഒരു ചെറുപട്ടണത്തിന്റെ താഴേ തലങ്ങളില്‍ ജീവിക്കുന്ന കുറേ മനുഷ്യരുടെ വൈചിത്ര്യങ്ങളിലൂടെയാണ് ഈ നോവല്‍ നടക്കുക.

കൌമാരത്തില്‍, മനുഷ്യജീവിതത്തിന്റെ നിഗൂഡതകളെ കുറിച്ച് പിടിയില്ലാതിരുന്ന കാലത്ത് വായനശാലയിലെ ഏതോ വാര്‍ഷികപതിപ്പില്‍ വായിച്ച പത്മരാജന്റെ ഒരു നീണ്ടകഥ ഇന്നും മനസ്സില്‍ നില്‍പ്പുണ്ട് ('ജലജ്വാലകള്‍' എന്നായിരുന്നു ആ കഥയുടെ പേര് എന്ന് തോന്നുന്നു - വ്യക്തമായി ഓര്‍ക്കുന്നില്ല). കായലും കടലും ചേരുന്ന അഴിമുഖത്തെ വലിയ വീട്ടില്‍ താമസിക്കുന്ന വിധവയായ അമ്മയ്ക്കും മകള്‍ക്കും നടുവിലേക്ക് എഴുത്തുകാരന്‍ എത്തുന്നതും ആ രണ്ടുപേരുടെയും ജീവിതത്തിന്റെ വിചിത്രമായ അടരുകളെ അനുവാചകരിലേക്ക് എത്തിക്കുകയും ചെയ്യുന്ന സങ്കീര്‍ണകല്പനകളുമായി ഒരു കഥ. അതിലെ ജീവിതത്തിന്റെ അപൂര്‍വ്വഭൂമികകള്‍ ആ പ്രായത്തില്‍ ഞെട്ടിച്ചു എന്ന് തന്നെ പറയണം. (ആ കഥയുടെ ലളിതവല്‍ക്കരിച്ച തിരക്കഥയില്‍ നിന്നും ഭരതന്‍ പിന്നീട് 'ഒഴിവുകാലം' എന്ന സിനിമ സാക്ഷാത്കരിക്കുകയുണ്ടായി.) മറ്റൊരു ലാന്‍ഡ്സ്കേപ്പിന്റെ അധോപരിസരങ്ങളിലെ മനുഷ്യരെ കണ്ടെത്തുകയാണ് ഉദകപ്പോളയില്‍‍ പത്മരാജന്‍.

കഥ പറയുന്ന 'ഞാന്‍' നായകനല്ല, ആ പട്ടണത്തിന്റെ തെരുവുകളില്‍ നിന്ന് ജീവിതം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഒരാള്‍ മാത്രമാണ്. അയാള്‍ പരിചയപ്പെടുന്ന മനുഷ്യര്‍, അയാളെ പങ്കെടുപ്പിക്കുന്ന കേളികളില്‍ മാത്രമേ അയാള്‍ ഇടപെടുന്നുള്ളൂ. ഒരുപാട് ജീവിതങ്ങള്‍ അയാളുടെ മുന്നിലൂടെ കടന്നു പോകുന്നു, വിചിത്രമായ നിറഭേദങ്ങളോടെ. അനുജത്തിയെ വിവാഹംകഴിച്ച്, വാര്‍ധക്യത്തില്‍ കഴുകന്മാരുമായി കഴിയുന്ന പഴയ ഐ. സി. എസ്‌ ഉദ്യോഗസ്ഥനായ കരുണാകര മേനോന്‍, ഒറ്റമുലച്ചിയായ വേശ്യയെ കൊണ്ട് തന്റെ ലിംഗത്തില്‍ മൂത്രമൊഴിപ്പിക്കുന്ന ഋഷി, പിമ്പായിരിക്കുമ്പോളും ചെയ്യുന്ന ജോലിയില്‍ ചില എത്തിക്സും നിയമാവലികളും ഉണ്ടെന്നു വിശ്വസിക്കുന്ന തങ്ങള്‍, ഗര്‍ഭചിദ്രം നടത്തി ഉപജീവനം കഴിക്കുന്ന സിദ്ധാര്‍ഥന്‍, ശരീരത്തിന്റെ ഭംഗിയൊക്കെ നഷ്ട്ടപ്പെട്ട് ആരാലും തിരക്കപ്പെടാതെ പത്തുവര്‍ഷമെങ്കിലും കിടന്നിട്ടേ മരിക്കാവൂ എന്ന് ആഗ്രഹിക്കുന്ന ക്ലാര എന്ന വേശ്യ, ഉള്ളതൊക്കെ ഓരോന്നായി വിറ്റുതുലച്ച് ഗ്രാമത്തില്‍ നിന്നും നഗരത്തില്‍ വന്നു ജീവിതം ആഘോഷിച്ചു തീര്‍ത്ത്‌ ഒടുവില്‍ ഭ്രാന്തിലേക്കെത്തുന്ന ജന്മിപുത്രനായ ജയകൃഷ്ണന്‍ - അങ്ങിനെ പോകുന്നു ആ നിര.

അത്തരത്തില്‍ ചില കഥകള്‍ പറയുക മാത്രമല്ല എഴുത്തുകാരന്‍,‍ ഏതൊരു ചെറുപട്ടണത്തിന്റെയും മിനിയേച്ചര്‍ ചില മനുഷ്യരുടെ അവസ്ഥാന്തരങ്ങളിലൂടെ നിര്‍മ്മിച്ചെടുക്കുകയാണ്. 'ആധുനികത' സംവദിക്കാന്‍ ശ്രമിച്ച കറുത്ത ജീവിതങ്ങളുടെ ആഴം ഇതിലുണ്ട്. കഥാപാത്രങ്ങളുടെ പേരുകളില്‍ തന്നെ ഇരുണ്ട ഫലിതത്തിന്റെ ഐറണി കാണാം - രതിവൈകൃതങ്ങളില്‍ അഭിരമിക്കുന്ന 'ഋഷി'യും ഗര്‍ഭചിദ്രം നടത്തി ജീവിക്കുന്ന 'സിദ്ധാര്‍ഥനും' സഹോദരനെ കല്യാണം കഴിക്കുന്ന 'ദേവി'യും പിമ്പായ 'തങ്ങളു'മൊക്കെ വിപരീതങ്ങളുടെ ജീവിതം നയിക്കുന്നവരാണ്‌. എന്നാല്‍ ഇവരയൊക്കെ നിലനിര്‍ത്തികൊണ്ട് തന്നെ ആ കറുത്തജീവിതങ്ങളെ മറികടക്കുന്ന ഒരു കാല്പനീകതലം നോവലിന്റെ രൂപഭാവങ്ങളില്‍ സന്നിവേശിക്കപ്പെടുന്നത് കൊണ്ട് കൂടിയാവും അനുവാചകനില്‍ ആ പട്ടണം ഉണ്ടായി വരുന്നത്:

"ഇത് തങ്ങളിന്റെ റോഡ്‌, സിദ്ധാര്‍ഥന്റെ റോഡ്‌. ഋഷിയെയും ചിലപ്പോഴെല്ലാം ഈ വഴിക്ക് കണ്ടുമുട്ടിയിട്ടുണ്ട്. ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ ഈ ഇടുങ്ങിയ വഴി, റോട്ടര്‍മഷികൊണ്ട് വരഞ്ഞിട്ട വൃത്തികേട്‌ തോന്നിക്കുന്ന ഒരു തെറ്റിന്റെ ഓര്‍മ്മ പോലെ, ഞങ്ങള്‍ എല്ലാം ചേര്‍ന്ന് വരഞ്ഞിട്ടിരിക്കുന്നു. റോഡിന്റെ അന്ത്യത്തില്‍, പഴയ മുനിസിപ്പല്‍ കുളത്തിന്റെ മുരത്ത അരമതിലുകള്‍. പൊളിഞ്ഞ, കല്ലുകള്‍ എഴുന്ന, മതില്‍ മാര്‍ക്കണ്ടെയനാണ്. മരണമില്ലാത്ത, ജീവനില്ലാത്ത, ശാപമില്ലാത്ത...
ഞാന്‍ ആ മതിലിലിരുന്നു."
തെന്നിയും തെറിച്ചും വീഴുന്ന ഇത്തരം കാഴ്ചകളില്‍ കൂടിയാണ് പട്ടണം വളരുന്നത്‌.

പട്ടണങ്ങളെ മൂര്‍ത്തമാക്കുന്ന സാഹിത്യസംബന്ധിയായ നാഗരികതയുടെ സ്വഭാവവിശേഷം 'ആധുനികത'യുടെ മുഖമുദ്രയാണ്. ഇന്ന് പട്ടണങ്ങളുടെ ഏകാമാനത റദ്ദായി കഴിഞ്ഞു. ഒരുപക്ഷെ ഉദകപ്പോളയിലെന്നപോലെ പട്ടണത്തെ സമീപിക്കുക ഇന്ന് ഒരു എഴുത്തുകാരനെ പ്രലോഭിപ്പിച്ചു എന്നിരിക്കില്ല. എന്നാല്‍ ചിലര്‍ക്കെങ്കിലും ഓര്‍മ്മകളായി, ചിലര്‍ക്കെങ്കിലും അജ്ഞാതവും നിഗൂഡവുമായ ഭൂതകാലത്തിന്റെ ഭാവനാത്മകമായ വീന്ടെടുപ്പായി ഈ കഥ ആവേശിക്കാതിരിക്കില്ല. മനുഷ്യാവസ്ഥയുടെ വലിയ ക്യാന്‍വാസുകളില്‍ വരയുമ്പോഴും ഏതു സാഹചര്യത്തിലും ധര്‍മ്മവിചാരങ്ങളുടെ ജീവല്‍പ്പാതയിലൂടെ സഞ്ചരിച്ചു മോക്ഷഘട്ടങ്ങളിലെത്തുന്ന 'സുന്ദരികളും സുന്ദരന്മാരും' അല്ല ഇവിടെ പ്രത്യക്ഷപ്പെടുക. ഏതൊക്കെ പുറംമോടികളിലും മോക്ഷരഹിതരായി അവസാനിക്കുന്ന വിരൂപരുടെ ഒരു കൂട്ടം. ഈ നോവല്‍ പ്രസിദ്ധികൃതമായ ശേഷം കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകൊണ്ട് വ്യതിരക്തമായ ഒരു ഭാഷാസമൂഹം എന്ന നിലയ്ക്ക്, സാമൂഹിക നിലവാരത്തില്‍, കേരളം നടത്തിയ കുതിപ്പുകളുടെ വഴിത്താരയില്‍ ഈ വിരൂപര്‍ ഒക്കെ അപ്രസക്തരായി പോയിരിക്കുന്നുവല്ലോ എന്നത് പക്ഷെ നോവല്‍ സംവദിച്ച കാലികമായ ഭാവുകത്വത്തിനും കല്പനാവിഭവങ്ങള്‍ക്കും കോട്ടംവരുത്തുന്ന ഒന്നല്ല.

പിന്‍കുറിപ്പ്: ഈ നോവലിലെ ജയകൃഷ്ണന്‍, ക്ലാര എന്നീ കഥാപാത്രങ്ങളെ സിനിമാറ്റിക്കായ ഒരു തലത്തിലേക്ക് പൊലിപ്പിച്ചെടുത്തു നിര്‍മ്മിച്ചതാണ് പത്മരാജന്റെ തന്നെ 'തൂവാനത്തുമ്പികള്‍' എന്ന പ്രശസ്തമായ സിനിമ.

Friday, April 20, 2012

ഒരു ദേശത്തിന്റെ കഥ

പുസ്തകം : ഒരു ദേശത്തിന്റെ കഥ
രചയിതാവ് : എസ്‌. കെ. പൊറ്റെക്കാട്

പ്രസാധകര്‍ : സാഹിത്യപ്രവര്‍ത്തക സഹകരണസംഘം

അവലോകനം : deepdowneന്റെ നാടായ അതിരാണപ്പാടത്തെക്കുറിച്ചുള്ള ശ്രീധരന്റെ ഓര്‍മ്മക്കുറിപ്പുകളാണ്‌ ഈ പുസ്തകം. ഒരു നോവലെന്നു പറയുന്നെങ്കിലും ഇതിനെ ഒരു നോവലായി കാണാന്‍ കഴിയുന്നില്ല. ഒരു നോവലില്‍ പൊതുവെ അതിലെ കഥാപാത്രങ്ങളെയും വിവരിച്ചിട്ടുള്ള സംഭവങ്ങളെയും മറ്റു കഥാപാത്രങ്ങളുമായും സംഭവങ്ങളുമായും ബന്ധിപ്പിച്ചുനിര്‍ത്തുന്ന ഒരു കട്ടിയുള്ള ചരട്‌ കാണാന്‍ പറ്റും. പക്ഷെ ആ ചരട്‌ ഇതിലില്ല. ഇതിലെ ഓരോ അദ്ധ്യായവും ഓരോ വ്യത്യസ്ത സംഭവമാണ്‌. അതിന്‌ മറ്റ്‌ അദ്ധ്യായങ്ങളുമായി ഒരു ബന്ധവുമില്ല. ഓരോ അദ്ധ്യായത്തിലെ കഥയും സ്വതന്ത്രമായി നില്‍ക്കുന്നു. ഒരു അദ്ധ്യായത്തിലെ മാറ്റങ്ങള്‍ മറ്റദ്ധ്യായങ്ങളെ കാര്യമായി സ്വാധീനിക്കുന്നില്ല. ഇതിലെ ചില അദ്ധ്യായങ്ങള്‍ അവിടെന്നും ഇവിടെന്നും എടുത്തുമാറ്റിയിട്ട്‌ ബാക്കിയുള്ളത്‌ കൂട്ടിവെച്ച്‌ ഒരു പൂര്‍ണ്ണ പുസ്തകമാണെന്നും പറഞ്ഞ്‌ ആര്‍ക്കെങ്കിലും വായിക്കാന്‍ കൊടുത്താല്‍ അയാള്‍ക്ക്‌ ആ മാറ്റം തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ടാണ്‌ ഇതിനെ ഒരു നോവലായി കാണാന്‍ തോന്നുന്നില്ല എന്നു പറഞ്ഞത്‌. ഒരു പ്രസിദ്ധ കൃതിയെക്കുറിച്ചും പ്രസിദ്ധ എഴുത്തുകാരനെക്കുറിച്ചും ഇങ്ങനെയൊക്കെ ചിന്തിക്കേണ്ടിവരുന്നല്ലോ എന്ന വിഷമവുമായി പുസ്തകത്തിന്റെ അവസാനപേജുകളോടടുത്തു കൊണ്ടിരിക്കുമ്പോഴാണ്‌ ആ ചിന്തയെയെല്ലാം തട്ടിമാറ്റിക്കൊണ്ട്‌ രണ്ടദ്ധ്യായങ്ങള്‍ ഓടിയടുത്തത്‌. അവസാന അദ്ധ്യായത്തിനു തൊട്ടുമുന്‍പുള്ള രണ്ടദ്ധ്യായങ്ങള്‍. എമ്മ എന്ന ജര്‍മ്മന്‍ പെണ്‍കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥ. കണ്ണുകളെ ഈറനണിയിക്കുന്ന ഏതാനും താളുകള്‍. ബാക്കിയുള്ള അദ്ധ്യായങ്ങളുടെ പോരായ്മ നികത്താന്‍ അവയെക്കാളും നൂറുമടങ്ങ്‌ ഭംഗിയുള്ള ഈ രണ്ട്‌ അദ്ധ്യായങ്ങള്‍ മാത്രം മതി. സന്തോഷമായി. ആള്‍'സ്‌ വെല്‍ ദാറ്റ്‌ എന്‍ഡ്‌സ്‌ വെല്‍!

Tuesday, April 17, 2012

Chinaman - The legend of Pradeep Mathew

പുസ്തകം : Chinaman - The legend of Pradeep Mathew
രചയിതാവ് : ഷേഹാൻ കരുണതിലകെ

പ്രസാധനം : Random Hose India

അവലോകനം : വി.എം.ദേവദാസ്
കോളേജു കാലത്തിനു ശേഷ ശ്രീലങ്കൻ മ്യൂസിക്ക് ബാന്റുകളിൽ ഗിറ്റാർ വായിച്ചു നടക്കുകയും, കോപ്പീ റൈറ്റർ ആയി ജോലി ചെയ്യുന്നതിനിടെ നോവലെഴുതുകയും, 'പെയിന്റർ' എന്ന ആദ്യ നോവൽ Gratiaen പുരസ്ക്കാരത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്തെങ്കിലും പിന്നീടത് പ്രസിദ്ധീകരിക്കാതിരിക്കുകയും, കോപ്പീറൈറ്ററിൽ നിന്ന് സ്വതന്ത്ര പത്രപ്രവര്‍ത്തകനായും ക്രിയേറ്റീവ് ഡയറക്ടറായും ഉയരുന്നതിനിടെ വീണ്ടും ഒരു നോവലെഴുതി Gratiaen പുരസ്ക്കാരം ലഭിക്കുകയും, അത് ഹിറ്റാക്കി മാറ്റുകയും ചെയ്യുക... ശ്രീലങ്കൻ എഴുത്തുകാരനായ ഷേഹാൻ കരുണതിലകെയുടെ ജീവിതത്തിനും , അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കും സാമ്യതകൾ ഏറെയാണ്. ഇത്തരം വ്യത്യസ്ത ജീവിത സാഹചര്യങ്ങൾ നൽകിയ അനുഭവങ്ങളാകണം ചതികൾ നിറഞ്ഞ ഒരു ക്രിക്കറ്റ് പിച്ചിൽ എത്തുന്ന കളിക്കാരന്റെ മാനസികാവസ്ഥയെ എഴുത്തിൽ മറികടക്കാൻ ഷേഹാന് കഴിയുന്നത്. Chinaman - The legend of Pradeep Mathew എന്ന നോവലും ഇത്തരത്തിൽ ആകസ്മികതകളുടേയും, അസാധ്യങ്ങളുടേയും, ആകുലതകളുടേയും, ആവേശത്തിന്റേയും ആകെത്തുകയാണ്.

ജീവിതത്തിന്റെ അവസാന ഇന്നിംഗ്സ് കളിക്കാന്‍ ആരംഭിച്ചിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ - വീജീ എന്ന പേരില്‍ അറിയപ്പെടുന്ന - W.G. Karunasena എന്ന സ്പോര്‍ട്ട്സ് ജേര്‍ണലിസ്റ്റ് ശ്രീലങ്കന്‍ ക്രിക്കറ്റിലെ -ഒരു പക്ഷേ ലോകക്രിക്കറ്റിലെ തന്നെ- ഏറ്റവും മികച്ച ബൗളറായി കരുതുന്നത് പ്രദീപ് ശിവനാഥന്‍ മാത്യു എന്ന കളിക്കാരനെയാണ്. അമാനുഷികമെന്നു കരുതാവുന്ന വിധം വഴക്കത്തോടെ ബൗള്‍ ചെയ്യുന്ന പ്രദീപന്‍ കളിക്കളത്തിനകത്തും, പുറത്തും 'ചീത്തക്കുട്ടി'യായി ചരിത്രത്തില്‍ നിന്നും മറഞ്ഞതായാണ് വീജീ മനസിലാക്കുന്നത്. 1996ല്‍ ക്രിക്കറ്റ് വേള്‍ഡ് കപ്പ് നടക്കുന്നതിനോടനുബന്ധിച്ച് ഒരു ഡോക്യുമെന്ററിയുടെ സ്ക്രിപ്റ്റ് തയ്യാറാക്കാനുള്ള അവസരം വീജിയ്ക്കും , ആത്മമിത്രമായ അരിയരത്നെയ്ക്കും ലഭിയ്ക്കുന്നു. പ്രശസ്തരായ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളുടെ ലിസ്റ്റില്‍ അവര്‍ പ്രദീപ് മാത്യുവിനേയും ഉള്‍പ്പെടുത്തുന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും, മറ്റു പലയിടത്തു നിന്നും അവര്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നു. പ്രതിബന്ധങ്ങളെ അവഗണിച്ചുകൊണ്ട് അതികമാര്‍ക്കും അറിയാതെ എങ്ങോ മറഞ്ഞിരിക്കുന്ന പ്രദീപനെ തേടിയിറങ്ങുകയാണ് വീജിയും ആത്മ സുഹൃത്തും. ക്രിക്കറ്റ് കളിക്കമ്പക്കാരായ മറ്റു സുഹൃത്തുക്കള്‍ , അവര്‍ക്കിടയിലെ ചങ്ങാത്തവും വൈരാഗ്യങ്ങളും, വീജിയുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ , മദ്യപാനം മൂലം നശിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതി, പ്രദീപനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ , അതിൽ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങള്‍ എന്നിവയിലൂടെയാണ് നോവല്‍ മുന്നോട്ടു പോകുന്നത്. ഡോക്യുമെന്ററി ഭാഗികമായി പരാജയപ്പെടുന്നതോടെ അസ്വസ്ഥനാകുന്ന വീജീ തനിക്ക് തൊട്ടടുത്ത് നില്‍ക്കുന്ന മരണത്തിന് കീഴടങ്ങും മുന്നെ പ്രദീപനെക്കുറിച്ച് ഒരു പുസ്തകമെഴുതാന്‍ തീരുമാനിക്കുന്നു. തന്റെ പ്രായത്തേയും ആരോഗ്യത്തേയും ബന്ധങ്ങളെയും മറന്നും, മറികടന്നും അതിസാഹസികമായ ചെയ്തികളിലേയ്ക്ക് അയാള്‍ എത്തിപ്പെടുന്നു. എന്നാല്‍ 'ഇനിയൊരടി നടന്നാല്‍ കിട്ടുമേ കൈക്കലെന്നു"ള്ള മട്ടില്‍ പ്രദീപ് മാത്യവും , അയാളുടെ കളി ചരിത്രവും വീജീയിൽ നിന്നും തെന്നിമാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ വീജി വര്‍ദ്ധിതാവേശത്തോടെ പ്രദീപന്റെ ജീവിതചരിത്രത്തിനു പിന്നാലലെ യാത്രയാരംഭിക്കുന്നതോടെ ആകസ്മികതകളുടെ കളിയൊരുക്കം ആരംഭിക്കുകയാണ്. തന്റെ പുസ്തകം മുക്കാലേമുഴുവനും തീരുന്നതോടെ വീജീ ആശുപത്രിക്കിടക്കിയിലാകുകയും , ജീവിതത്തിന്റെ വിക്കറ്റ് മരണത്തിന് സമ്മാനിച്ചുകൊണ്ട് കളിക്കളത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുന്നു. എന്നാല്‍ വീജിയുടെ പുസ്തകം അവിടം കൊണ്ട് തീരുന്നില്ല. ആ കൈയ്യെഴുത്തു പ്രതി പല കൈകളിലൂടെ കടന്നു ചെല്ലുക വഴി പ്രദീപന്റെ കഥയ്ക്ക് അവിചാരിതമായ പരിണാമഗുപ്തിയുണ്ടാകുന്നു.

'ചൈനാമാൻ' എന്നാൽ ക്രിക്കറ്റ് ലോകത്ത് ഇടങ്കൈയ്യൻ സ്പിൻ ബോളറുടെ യാഥാസ്ഥിതികമല്ലാത്ത കൈവഴക്കത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ ആ പേരിലുള്ള നോവല്‍ ക്രിക്കറ്റിനെക്കുറിച്ചു മാത്രമല്ല പറയുന്നത് ശ്രീലങ്കയുടെ ചരിത്രം, രാഷ്ട്രീയം, വംശീയ വിദ്വേഷങ്ങള്‍ , തീവ്രവാദ ആക്രമണങ്ങൾ , സൈനിക മുന്നേറ്റങ്ങൾ എന്നിവ ഇതിന്റെ അരികനുസാരികളാണ്. ക്രിക്കറ്റ് ലോകത്തെ നല്ലതും, ചീത്തയുമായ എല്ലാ ഇടപെടലുകളും, ഇടപാടുകളും നോവലിലും കടന്നുവരുന്നു. ജീവിച്ചിരിക്കുന്നതോ, ജീവിച്ചിരിക്കുന്നവരെന്ന് തോന്നുകയോ, മരിച്ചവരോ ആയ ക്രിക്കറ്റ് താരങ്ങൾ നോവലിൽ കഥാപാത്രങ്ങളാകുന്നു. പുസ്തകം വായന എന്നതിലുപരി ആവേശപൂർണ്ണമായ ഒരു ഇന്നിംഗ്സ് കളിക്കുന്നതിന്റെ അനുഭവമായിരിക്കും ഈ നോവൽ നൽകുന്നത്. ഫസ്റ്റ് ഇന്നിംഗ്സ് , സെക്കന്റ് ഇന്നിംഗ്സ്, ക്ലോസ് ഓഫ് പ്ലേ, ഫോളോ ഓണ്‍, ലാസ്റ്റ് ഓവര്‍ എന്നിങ്ങനെ തലക്കെട്ടുകളെ സാധൂകരിക്കും വിധമുള്ള അഞ്ചു ഭാഗങ്ങളാണ് നോവലിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റ് പുരോഗമിക്കുന്നതു പോലെ ശാന്തമായി തുടങ്ങുകയും, ഇടയ്ക്ക് കളി കത്തി കയറുകയും, മറ്റു ചിലപ്പോള്‍ കളി പിന്‍വലിയുകയും, ഇന്നിംഗ്സ് ഇഴയുകയും, ശേഷം ഊഴമാറ്റം നടക്കുകയും, ചില സ്പെല്ലുകളില്‍ അട്ടിമറികള്‍ നടക്കുകയും, അവസാന ഓവറുകളില്‍ വിജയപരാജയങ്ങള്‍ നിശ്ചയിക്കാനുള്ള അവേശകരമായ കളിയൊരുക്കങ്ങള്‍ നടക്കുകയും ചെയ്യുന്ന ഘടനയും, ആഖ്യാനവുമാണ് നോവലും ഉള്‍ക്കൊള്ളുന്നത്. ക്രിക്കറ്റു പ്രേമികള്‍ക്ക് ഒരു പറുദീസയാണ് ഈ നോവല്‍ ഒരുക്കുന്നത്, അല്ലാത്തവര്‍ക്ക് അതിന്റെ ചെടിപ്പൊഴിവാക്കാന്‍ വിധമുള്ള ഘടനാ പരീക്ഷണങ്ങളും, നുറുങ്ങു-പൊടിക്കൈ-വിദ്യകളും നോവലില്‍ ആവിഷ്ക്കരിച്ചിരിക്കുന്നു. എന്നാല്‍ ആദിമദ്ധ്യാന്തം ക്രിക്കറ്റ് ലഹരി നിറഞ്ഞൊരു നോവലാണ് ചൈനാമാൻ. ജീവിതത്തിലെ നല്ലൊരു പങ്കും ചാരായത്തില്‍ മുക്കിയ അരിയരത്നെ എന്ന കിഴവന്‍ സ്പോ‌‌ര്‍ട്സ് ജേര്‍ണലിസ്റ്റ് 1996ല്‍ ശ്രീലങ്ക ലോകകപ്പ് നേടിയപ്പോള്‍ കുടിനിര്‍ത്തിയതിനെക്കുറിച്ച് സുഹൃത്തായ വീജിയോട് പറയുന്നത് "അര്‍ജ്ജുന രണതുംഗ അന്ന് ഷെയിന്‍ വോണിനെ അടിച്ച ആ സിക്സര്‍ ഒന്നുമതി എനിക്കു ജീവിതകാലം മുഴുവന്‍ ലഹരി കിട്ടാനെ"നെന്നാണ്. ഇത്തരത്തിൽ കളിലഹരിയുടെ ആവേശവും, വൈകാരികമായ അവസ്ഥാന്തരങ്ങളും, ഫിക്ഷന്റെ കൈയ്യടക്കവും, ഘടനാപരമായ പരീക്ഷണങ്ങളും ഒരുപോലെ ചേരുന്നൊരു വായനാനുഭവമാണ് ചൈനാമെന്‍ തീര്‍ക്കുന്നത്.

Saturday, April 14, 2012

എന്മകജെ

പുസ്തകം : എന്മകജെ
രചയിതാവ് : അംബികാസുതൻ മാങ്ങാട്

പ്രസാധകര്‍ : ഡി സി ബുക്സ്
അവലോകനം : വെള്ളെഴുത്ത്
ലമുറയായി കൈമാറിക്കിട്ടിയ വിശ്വാസങ്ങൾക്കു മേൽ യാതൊരു ശങ്കയും കൂടാതെ തലചായ്ച്ചു പുലരുന്ന ജനസമൂഹം, സ്വന്തം ശിരസിൽ പതിക്കുന്ന പ്രതികൂലമായ കാലികയാഥാർത്ഥ്യങ്ങൾക്കു പോലും മിത്തിക്കലായ സ്വഭാവം നൽകും. ദുരന്തങ്ങൾക്കു നേരെ പ്രതികരിക്കാനുള്ള ശേഷി സ്വാഭാവികമായി ഇല്ലാതാവുന്ന ഇത്തരം ഇടങ്ങളിലാണ് ലാഭക്കൊതിയുടെയും ചൂഷണത്തിന്റെയും അധികാരത്തിന്റെയും അധിനിവേശങ്ങൾ ആത്മാവില്ലാത്ത ശാസ്ത്രത്തിന്റെ വിരലുകളും പിടിച്ച് കൂസലില്ലാതെ കൂത്താടാൻ വേണ്ടിയുള്ള താവളങ്ങൾ തുറക്കുന്നത്. കാസർകോട്ടെ എൻ‌ഡോസൾഫാൻ ദുരന്തം തലമുറകളിൽ അനുഭവിച്ച ജനത, അതു ദൈവശാപമായി ഏറ്റുവാങ്ങിയാണ് നിശ്ശബ്ദരായിരുന്നത്. ഇരുപതിലധികം വർഷം. കീടനാശിനിയുടെ മാരകമായ പ്രത്യാഘാതങ്ങൾ പുറത്തുവന്ന സമയത്തുപോലും നമ്മുടെ ‘സ്ഥാപനങ്ങൾ’ അവലംബിച്ച കുറ്റകരമായ അനാസ്ഥയും ഉത്തരവാദിത്വങ്ങളിൽ നിന്ന് രക്ഷപ്പടാൻ കാട്ടിയ തത്രപ്പാടുകളും ദുരന്തങ്ങളെപ്പോലും ന്യായീകരിക്കാൻ ഇറക്കിവിട്ട പച്ച നുണകളും ഓർത്തുപോകുന്നു.

എൻ‌ഡോസൾഫാൻ ദുരന്തത്തിൽ‌പ്പെട്ടവർക്ക് ലഭിച്ച മാധ്യമശ്രദ്ധയാണ് ഇക്കാര്യത്തിൽ അധികാരസ്ഥാപനങ്ങളുടെ കണ്ണുതുറപ്പിച്ചത്. എസ്പാക്കും തണലും ശ്രീ പഡ്രെയും ലീലാകുമാരിയമ്മയും എം എ റഹ്മാനുമൊക്കെ ഇക്കാര്യത്തിൽ ചിലതൊക്കെ ചെയ്യാനായി മുന്നിട്ടിറങ്ങിയവരാണ്. എന്നാൽ പോലും ഇന്ത്യയിൽ ഇന്നും പലപേരുകളിൽ ഈ വിഷലായനിയുടെ നിർമ്മാണയൂണിറ്റുകളുണ്ടെന്ന കാര്യം ഞെട്ടലുളവാക്കുന്നതാണ്. ഉപയോഗിക്കാനാണല്ലോ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. കാസർകോട്ടു നിന്നുള്ള വാർത്തകളും ചിത്രങ്ങളും ഫിലിപ്പൈൻസ് പോലുള്ള രാജ്യങ്ങൾ എൻഡോസൾഫാൻ കീടനാശിനീപരിവാരത്തെ സംശയത്തിനു വകയില്ലാത്ത വിധം ഒഴിവാക്കിയ ചരിത്രത്തിനു ശേഷവും നില നിൽക്കുന്ന ഇന്ത്യൻ യാഥാർത്ഥ്യമാണിത്. പാപികളായ പൂർവികർക്കായി ദൈവശാപം സഹിക്കാൻ തയ്യാറെടുക്കപ്പെട്ട ജനതകൾ ഇനിയും ധാരാളം ഇന്ത്യൻ ഗ്രാമങ്ങളിലുണ്ടെന്ന് പണത്തെ പ്രത്യക്ഷദൈവമാക്കിയിട്ടുള്ളവർക്ക് അറിയാം എന്നർത്ഥം. ശാപത്തിന് വിധേയമാവുന്നവർക്ക് മോക്ഷത്തിനായി ഒരു രക്ഷകനെ കാത്തിരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലെന്ന സന്ദേശം നമ്മുടെ കാലം ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്. (അല്ലെങ്കിൽ ഭോപ്പാൽ വിഷവാതക ഇരകളുടെ വിധി ഈ വിധമാകുമോ?) ആലോചിച്ചാൽ അയുക്തികമായ വിശ്വാസങ്ങൾക്ക് പച്ചക്കുടപിടിക്കുന്നത് ഇതുപോലുള്ള നിരാലംബത്വങ്ങളാണ്. കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തത്തിന്റെ വാസ്തവങ്ങളെ അടിസ്ഥാനമാക്കി അംബികാസുതൻ മാങ്ങാട് എഴുതിയ ‘എന്മകജെ’ എന്ന നോവൽ പണക്കൊതിയുടെ സാമ്രാജ്യങ്ങൾ ഉൾനാടൻ ഗ്രാമജീവിതങ്ങളെ മാത്രമല്ല പ്രകൃതിയെയും എങ്ങനെ തകർക്കുന്നു എന്നതിന്റെ നേർക്കാഴ്ചകൾ പകർന്നു തരുന്ന പുസ്തകമാണ്. വസ്തുനിഷ്ഠമായ ആധാരങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് നോവൽ എന്ന സർഗാത്മകസ്ഥലി എത്രത്തോളം വിമർശനാത്മകമാവണം എന്ന ചോദ്യം പുസ്തകം ഉയർത്തുന്നുണ്ട്. എന്മകജെ എന്ന ഗ്രാമം നേരിട്ട വിഷലായനിയുടെ ഉഷ്ണാനുഭവങ്ങളെ കഥയുടെ ചട്ടക്കൂടിലൂടെ അവതരിപ്പിക്കുമ്പോൾ തന്നെ നോവലിന്റെ പശ്ചാത്തലം ഐതിഹ്യങ്ങളും കെട്ടുകഥകളും അയുക്തികമായ വിശ്വാസങ്ങളും നിറഞ്ഞ ഗ്രാമീണമനസ്സിന്റെ അബോധമാണ്. ജടാധാരിമലയിൽ നിന്നും കെട്ടഴിച്ചു വിട്ട ഭൂതങ്ങളാണ് എന്മകജെ എന്ന ഗ്രാമത്തിലെ ജനങ്ങളുടെ വിശ്വാസത്തിൽ, തങ്ങൾക്കുമേൽ പതിച്ചിരിക്കുന്ന അത്യാഹിതങ്ങളുടെ ഹേതു. പെരുവിരലോളം മാത്രം ഉയരമുള്ളവരും നിതാന്തമായ തപസ്സിൽ ആഴ്ന്നു കിടക്കുന്നവരുമായ ബാലഖില്യരും ശിവപാർവതിമാരും മലദൈവങ്ങളും സംസാരിക്കുന്ന ഗുഹയും സ്വർണ്ണനിറമുള്ള സർപ്പവും പുലിദൈവവും ചേർന്നു സൃഷ്ടിക്കുന്ന മിത്തിക്കൽ അന്തരീക്ഷമാണ് നോവലിനെ ആകെ പൊതിഞ്ഞു നിൽക്കുന്നത്. സമാന്തരമായി ദുരന്തം മനുഷ്യസൃഷ്ടിയാണെന്നു് തിരിച്ചറിയുന്ന സാമൂ‍ഹികബോധമുള്ള മനസ്സുകളുടെ കൂടിച്ചേരലും കോർപ്പറേറ്റ്-ബ്യൂറോക്രാറ്റിക് -രാഷ്ട്രീയ അവിശുദ്ധകൂട്ടുകെട്ടുകളെക്കുറിച്ചുള്ള നേർ സൂചനകളും നോവലിൽ ആവിഷ്കാരം നേടുന്നുണ്ടെങ്കിൽ പോലും.

എൻഡോസൾഫാൻ ദുരന്തഫലങ്ങളെക്കുറിച്ചുള്ള അന്വേഷണവും അതിനെതിരായുള്ള പ്രവർത്തനവും വസ്തുനിഷ്ഠമായി തന്നെ പിന്തുടരുന്നതിലാണ് നോവൽ വിമർശനാത്മകയുക്തിയെ സ്വാംശീകരിച്ചിരിക്കുന്നത്. നാഗരിക ജീവിതത്തിലും മനുഷ്യനിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട നീലകണ്ഠനിലും നിരവധി ചൂഷണങ്ങളുടെ വടുകെട്ടിയ ദേഹവുമായി മലകയറിയ ദേവയാനിയിലും ചില ആദിരൂപങ്ങളുണ്ട്. പ്രകൃതിയിലേയ്ക്ക് മടങ്ങാനുള്ള പ്രകടമായ സന്ദേശമാണ് നീലകണ്ഠന്റെ പാത്രസൃഷ്ടിയിലുള്ളത്. അതേ സമയം അയാൾക്ക്, കുട്ടികൾ വേണ്ടെന്നും മറ്റാളുകളോട് സഹവാസം പാടില്ലെന്നുമുള്ള ശാഠ്യവുമുണ്ട്. പ്രാകൃതികവും ഉത്പാദനപരമല്ലാത്തതുമായ കാർക്കശ്യത്തെ ദേവയാനിയുടെയും അവൾ എടുത്തുകൊണ്ടു വരുന്ന വളർച്ചയില്ലാത്ത, ദേഹം മുഴുവൻ വ്രണങ്ങളുള്ള കുഞ്ഞിന്റെയും സാമീപ്യമാണ് മാറ്റുന്നത്. ആത്മാവില്ലാത്ത ശാസ്ത്രത്തിനു പകരം ആത്മാവില്ലാത്ത പ്രാകൃതികതയല്ലെന്ന് വ്യക്തം. ഉത്പാദനപരമല്ലാതിരിക്കുക എന്നതിന്റെ പൊരുൾ ബസവ എന്ന കാളയുടെ ബിംബത്തിലൂടെയും നോവലിസ്റ്റ് വെളിവാകുന്നുണ്ട്. എന്മകജെയിലെ ജീവജാതികൾക്ക് പൊതുവേ ബാധിച്ച അത്യാഹിതങ്ങൾ ബാധിക്കാത്ത ശരീരമാണ് ഈ കാളയ്ക്ക്. അത് നിശ്ശബ്ദനായി പൊന്തകളിൽ മദിച്ച് നടന്നുപോകുന്നു. വിശ്വാസമനുസരിച്ച് അതു വിശുദ്ധമൃഗമാണ്. അതുകൊണ്ട് അതിന് ലൈംഗികത അനുവദനീയമല്ല. നിശ്ശബ്ദത ഷണ്ഡീകരിക്കപ്പെട്ട അവസ്ഥയാണ്. അതിന്റെ കാവ്യാത്മകമായ പ്രതീകമാണ് ബസവ.

എന്മകജെ എന്ന വാക്കിനർത്ഥം ‘എട്ടു സംസ്കൃതികളുടെനാട്’ എന്നാണ്. നാട്ടുവിശ്വാസമനുസരിച്ച് എട്ടുഭൂതങ്ങളാണ് ആ ഗ്രാമത്തിന്റെ കാവൽ ദേവതമാർ. ഇവർക്കുമേലെയാണ് കീടനാശിനി വിഷലിപ്തമായ പുതപ്പ് വിരിച്ചിട്ട് പുതുനാമ്പുകളെ ഒക്കെയും കരിച്ചത്. ഈ കടന്നുകയറ്റത്തെ പ്രകൃതിയിലേയ്ക്കുള്ള നിരുപാധികമായ പിൻമടക്കം കൊണ്ട് പ്രതിരോധിക്കുകയാണ് നോവൽ ചെയ്തിരിക്കുന്നത്. ശാസ്ത്രത്തിന്റെ കെടുതിയെ ആവിഷ്കരിക്കുന്ന ഒരു നോവലിൽ പ്രകൃതി, അതിന്റെ തരളതകളോടെ മറുപുറത്തു നിൽക്കും, സ്വാഭാവികമായിതന്നെ. എന്മകജെയിൽ പ്രചരിക്കുന്ന നിരവധി ഐതിഹ്യങ്ങളുടെ കൂട്ടത്തിൽ, അതിരില്ലാത്ത ദാനത്തിന്റെ ചക്രവർത്തിയായ മഹാബലിയുടെ കഥകൾക്ക് പ്രത്യേകതയുണ്ട്. എന്തും കൊടുത്തു ശീലിച്ച ഒരു ജനതയ്ക്ക് പകരമായി ലഭിക്കുന്നത് നോവുകളും ദുരിതങ്ങളുമാണെന്ന വാസ്തവത്തെ നിറച്ചാർത്തുള്ളതാക്കാൻ മഹാബലി മിത്തിന്റെ വിന്യാസത്തിനു നോവലിൽ കാര്യമായ പങ്കുണ്ട്. ദേവയാനിയും നീലകണ്ഠനും ജടാധാരി മലയിലെ സംസാരിക്കുന്ന ഗുഹയിൽ, മൃഗങ്ങളും ജന്തുക്കളും എല്ലാം അടങ്ങിയ ചരങ്ങളുടെ സംഗമസ്ഥലത്ത് അഭയം തേടുകയാണ് കഥയുടെ അവസാനം. ദൈനംദിനാവശ്യങ്ങൾക്കപ്പുറത്ത് ആർത്തികളില്ലാത്ത മൃഗജീവിതം മാത്രമേ സമാധാനം കൊണ്ടു വരികയുള്ളൂ എന്നാണ് സൂചന. ഒരു ചുവടു കൂടി മുന്നോട്ടു വച്ചാൽ സ്ത്രീയും പുരുഷനും ഈ പ്രപഞ്ചത്തിലെ അനന്തകോടി ജീവവൈവിദ്ധ്യങ്ങളിൽ ഒന്നുമാത്രമാണെന്ന്- അത്ര മാത്രമേ ആകുന്നുള്ളൂ- എന്ന് എന്ന മുഴക്കം നിറഞ്ഞ പ്രവചനം കേൾക്കാം. ബലിയുടെ കഥ അപ്പോൾ ഒരു വ്യക്തിമഹത്വത്തെപ്രകീർത്തിക്കുന്ന ഒന്നല്ല. അതു നിരന്തരപരിണാമിയായ പ്രകൃതിയാണ്. അതു സ്വയം നശിച്ചും കൊടുത്തുകൊണ്ടേയിരിക്കുകയാണ്. മഹാബലി കഴുതയായി ജനിക്കുന്നതിനെക്കുറിച്ച് ഒരു കഥയുണ്ടത്രേ അവിടങ്ങളിൽ. ഗുഹയിൽ അഭയം തേടിയ ജീവജാതികൾ കേൾക്കുന്ന ശബ്ദം കഴുതയുടെയാണ്. അതു സംസാരിക്കാൻ തുടങ്ങുമ്പോൾ സർവ ചരാചരങ്ങളും നിശ്ശബ്ദമാവുന്നു.

പുതിയൊരു ഉത്പത്തിചരിത്രത്തിൽ അവസാനിക്കുന്ന നോവൽ, 2000 വരെയുള്ള കാസർകോടൻ ഗ്രാമത്തിന്റെ ദുരന്തചരിത്രത്തെ സംക്ഷിപ്തമാക്കിയിരിക്കുന്നു.

Tuesday, April 10, 2012

സില്‍വിയാപ്ലാത്തിന്റെ മാസ്റ്റര്‍ പീസ്

പുസ്തകം : സില്‍വിയാപ്ലാത്തിന്റെ മാസ്റ്റര്‍ പീസ്
രചയിതാവ് : ശ്രീബാല കെ മേനോന്‍

പ്രസാധകര്‍ : മാതൃഭൂമിബുക്‌സ്

അവലോകനം : ബുക്ക് മലയാളംഥക്കായി ഒരുക്കിവച്ചിരിക്കുന്ന കെണിയാണ് ജീവിതം. അനുഭവങ്ങള്‍ അതില്‍വന്നുവീഴും. കരഞ്ഞും ചീറിയും പിടഞ്ഞും ചത്തും ചിരിച്ചും ചിരിപ്പിച്ചും കാലങ്ങള്‍കൊണ്ട്കെട്ടുപോയേക്കാവുന്ന നിമിഷങ്ങളെ കഥയിലേക്ക് കൗതുക പൂര്‍വ്വം തുറന്നുവിടുകയാണ് എഴുത്ത്. ജീവിതത്തെയും എഴുത്തിനേയും കൗശലത്തോടെ നേരിടുന്ന ഈ വഴിവിട്ട സഞ്ചാരം 'ജീവിതം കഥക്കുവേണ്ടിയോ ജീവിതം ജീവിതത്തിനുവേണ്ടിയോ' എന്ന മട്ടിലുള്ള ഒരു സൈദ്ധാന്തിക സംവാദത്തിന് സാധ്യത നല്‍കുന്നുമുണ്ട്. 'മീന്‍ പിടിച്ചുവീണ്ടും ആറ്റിðവിട ആശൈ' എന്നതരം കാല്പനികഭാവുകത്വത്തെയല്ല, മറിച്ച് കെണിവച്ചുപിടിച്ചതിനെ തുറന്നുവിടുന്നതിന്റെ ഉല്ലാസവും സംതൃപ്തിയും സ്വയം പരിഹാസവും കലരുന്നതാണ് ശ്രീബാല കെ മേനോന്റെ സില്‍വിയാപ്ലാത്തിന്റെ മാസ്റ്റര്‍പീസ് എന്ന കഥാസമാഹാരം. കാല്‍പനികതയേയും കല്‍പനകളെത്തന്നെയും നഗ്നമാക്കുന്ന നര്‍മ്മയുക്തിയാണ് കഥകളുടെ കാതല്‍. ഓരോ അനുഭം/ ദര്‍ശനം മുന്നോട്ടുവച്ചുകൊണ്ടാണ് കഥകളോരോന്നും ആരംഭിക്കുന്നത്.
ഹിതവും അവിഹിതവുമെന്ന് ജീവലോകത്തെ രണ്ടായി വിഭജിക്കുക. ദാമ്പത്യവും പ്രണയവുമെന്ന് അതിന് മറ്റൊരനുബന്ധവും സാധ്യമാണ്. പ്രണയം ഒരര്‍ത്ഥത്തില്‍ അവിഹിതലോകമാണ്. സമൂഹത്തിന്റെ വിലക്കുകളെയും സദാചാര വഴക്കങ്ങളെയും അതിലംഘിക്കുന്ന പ്രണയത്തിന്റെ സര്‍വ്വതന്ത്ര സ്വതന്ത്രവലോകത്ത് ഈ ജന്‍മത്തിലായാലും വരും ജന്‍മങ്ങളിലായാലും നേരിടേണ്ടിവരു പരമപ്രധാനമായി പ്രശ്‌നമാണ് പുട്ടും കടലയും, എന്ന കഥ വിശകലനംചെയ്യുന്നത്.

പ്രണയികള്‍ക്ക് ഇനി വരാനിരിക്കുന്ന ഏതോ ജന്‍മത്തിലാണ് പുട്ടും കടലയും നേരിടേണ്ടിവരുന്നതെങ്കതില്‍ ഈ ജീവകാലത്തിന്റെ കടയ്ക്കല്‍ വെട്ടുകയാണ് ഗുല്‍മോഹറിനു കീഴെ എന്ന കഥ. എടുപ്പിലും നടപ്പിലും പേച്ചിലും സായിപ്പാകുമ്പോഴും തുളസിക്കതിരും ശാലീനതയും ഗ്രാമവിശുദ്ധിയും അമ്പലക്കുളവും സര്‍വ്വോപരി ഒരു കന്യകയെത്തന്നെ വേളിയും തരമാക്കാന്‍ ഇങ്ങിപ്പുറപ്പെടുന്ന അഴകൊഴമ്പന്‍ ആണത്തമാണ് ഈ കഥയില്‍ അപഹസിക്കപ്പെടുന്നത്.
സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസ് കഥക്കെണിയിലേക്ക് പെണ്ണെഴുത്തും ആണെഴുത്തും പുറം ജീവിതവും ഒരേപോലെ കടന്നുവരുന്നു. എഴുതിത്തുടങ്ങാത്ത ഒരു കഥ, പാതിയില്‍ യാത്രപറഞ്ഞുപോയ ചില ജീവിതക്കാഴ്ചകള്‍ അവയെ പൂരിപ്പിക്കാനാവാതെ തിക്കുമുട്ടുന്ന ഭാവന. ഇതിനിടയില്‍ കഥയിലെ കഥാകാരി സ്വപ്നം കണ്ടതുപോലെ ഒരു സാഹിത്യകാരനുമായി ആദര്‍ശ വിവാഹം. ഇപ്പോള്‍ 'എഴുത്തുനിര്‍ത്തിയ കഥാകാരികള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി ക്ഷീണിച്ചു തിരിച്ചെത്തുന്ന ഭര്‍ത്താവിന് കുളിക്കാന്‍ വെള്ളം ചൂടാക്കിവയ്ക്കണം. ഇതിനെല്ലാമിടയിð മാസ്റ്റര്‍പീസെഴുതാന്‍ എവിടെയാണ് സമയം.? അഥവാ ഇനി എഴുതിയില്ലെന്നുകരുതി അത് മാസ്റ്റര്‍ പീസ് അല്ലാതാകുമോ? പ്രശ്‌നം സങ്കീര്‍ണ്ണമാണ്. സ്ത്രീകളുടെ സര്‍ഗ്ഗാത്മകതയെ സംബന്ധിക്കുന്ന, ആവിഷ്‌കാരത്തേയും ജീവിത സ്വാതന്ത്ര്യത്തേയും സംബന്ധിക്കുന്ന കനപ്പെട്ട കാര്യങ്ങളാണ് നര്‍മ്മത്തിന്റെ രൂക്ഷ ഭാഷയിð ഇവിടെ വിചാരണയ്‌ക്കെടുക്കുന്നത്.

ആണ്‍ വിനിമയങ്ങളുടെ അതിരുകള്‍ക്കകത്ത് കടന്ന് കെണിവെച്ചുപിടിച്ച കഥയാണ് അഞ്ഞൂറാന്‍. കര്‍മ്മ ബന്ധങ്ങളുടെ കെട്ടും ചരടും പൊട്ടിക്കുന്നó ജീവിതത്തിന്റെ അനായാസത ഈ കഥയിലുണ്ട്. ജീവിതത്തെ ആയാസരഹിതമാക്കുന്നതാകട്ടെ അസ്ഥിത്വ/ആത്മീയ വ്യഥകളൊന്നുമല്ല. ഭാഷയെ കുറുക്കിയെടുക്കുന്ന കാവ്യ ഭാവുകത്വത്തെയാണ് അഞ്ഞൂറാന്‍ റദ്ദ് ചെയ്യുന്നത്. ശാപമോക്ഷം, ദാമ്പത്യം, പെണ്‍ഫ്രണ്ട്‌സ് മായ്ച്ചാലും മായാത്ത പാടുകള്‍, ബോംബേ ഡ്രീംസ്, ടോമി അഥവാ ഞാന്‍ മായ ലോസ്റ്റ് അറ്റ് ഹോട്ട്‌മെയില്‍ ഡോഡ്‌കോം തുടങ്ങിയ കഥകളിലെല്ലാം പൊതുവായുള്ളത് ഭാഷയുടെ ലഘുത്വമാണ്. ജീവിത്തെ കാണുന്ന രീതികളള്‍ക്കാണ് ഇവിടെ മാറ്റം വരുന്നത്. നര്‍മ്മത്തിന്റെ കണ്ണുകളിലൂടെ പുറത്തേക്കും അകത്തേക്കും നോക്കാന്‍ കഴിയുന്ന സുതാര്യതയാണ് ശ്രീബാല കെ മേനോന്റെ കഥകളെ വ്യത്യസ്തമാക്കുന്നത്. ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ചുഴിഞ്ഞുപോകല്‍ മാത്രമല്ല, പരപ്പിലേക്ക് സ്വയം വിസ്തൃതമാകുന്ന കാഴ്ചയുടെ ബഹുലതകൂടിയാണ് ഈ കഥകള്‍.
(വില: 70 രൂപ)

Friday, April 6, 2012

ഐസ് ക്യൂബുകള്‍

പുസ്തകം : ഐസ് ക്യൂബുകള്‍
രചയിതാവ് : ഡോണ മയൂര

പ്രസാധകര്‍ : ഇന്‍സൈറ്റ് പബ്ലിക്ക , കോഴിക്കോട്

അവലോകനം : ഡോ.മനോജ് കു
റൂര്‍

നിഴലുകള്‍ വളര്‍ന്നു മായുന്ന ഈ ഡാഫോഡില്‍ പാടങ്ങളിലെവിടെയോ ചോളനിറമുള്ള ഒരു പെണ്‍കുട്ടി ഒളിഞ്ഞിരിക്കുന്നു എന്ന തലക്കെട്ടോടെ പുസ്തകത്തിനെഴുതിയ അവതാരിക

ഡോണ മയൂര എന്നു കേള്‍ക്കുമ്പോള്‍ ഡോണ മരീനയെക്കൂടി ഓര്‍ക്കുന്നു. കൊളംബസ് പുതുലോകം കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് പതിനാറാം നൂറ്റാണ്ടില്‍ മെക്സിക്കോയിലെത്തിയ ഹെര്‍ണന്‍ കോര്‍ട്ടസ് എന്ന അധിനിവേശകന്‍ അവളുടെ നാവുവിലയ്ക്കെടുത്തു. തെക്കന്‍ മെക്സിക്കോയില്‍ തദ്ദേശീയരായ മാതാപിതാക്കള്‍ക്കു ജനിച്ച് പല പ്രാദേശികഭാഷകളിലും നിഷ്ണാതമായ ഡോണയെ കോര്‍ട്ടസ് തന്റെ പ്രണയിനിയാക്കി.അവള്‍ സ്വന്തം നാട്ടുകാര്‍ക്കും സ്പാനിഷ് കൊളോണിയല്‍അധികാരികള്‍ക്കുമിടയില്‍ സംവേദനം സാധ്യമാക്കുന്ന ഇടനിലക്കാരിയായി വര്‍ത്തിച്ചു. സ്പാനിഷ് ചക്രവര്‍ത്തിക്ക് കോര്‍ട്ടസ് അയച്ച കത്തില്‍ അവളെ പേരെടുത്തു പരാമര്‍ശിക്കുന്നില്ല. പകരം അയാള്‍ എഴുതുന്നു: ‘ എന്റെ നാവാണ് ഇവള്‍’

സ്പാനിഷ് അധിനിവേശകര്‍ക്ക് ഡോണ മരീന അത്ര പ്രധാനിയല്ല. പക്ഷേ തുടര്‍ന്നുള്ള അഞ്ഞൂറുവര്‍ഷത്തെ അധിനിവേശത്തിന്റെ ചരിത്രത്തില്‍ ലാറ്റിന്‍ അമേരിക്കയ്ക്ക് അവര്‍ അവഗണിക്കപ്പെട്ട മാതാവാണ്. വംശങ്ങളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും ബഹുമുഖമായ കലര്‍പ്പുകളാണല്ലൊ പിന്നീട് ആ ദേശസമുച്ചയത്തില്‍ സംഭവിക്കുന്നത്. അതുകൊണ്ട് തദ്ദേശീയവും വിദേശീയവുമായ കലര്‍പ്പുകളുടെ ഒരു കാവ്യപദ്ധതിതന്നെ അവിടെ രൂപപ്പെടുന്നുണ്ട്. തദ്ദേശീയരും വിദേശീയരും ഓരോ തരത്തില്‍ അപരമെന്നും അന്യമെന്നും കരുതി അവഗണിച്ചിരുന്ന കലര്‍പ്പിന്റെ സൌന്ദര്യശാസ്ത്രം ഇന്ന് പൂര്‍വാധികം പ്രാധാന്യത്തോടെ തിരിച്ചറിയപ്പെടുന്നുമുണ്ട്. പതിനാറാം നൂറ്റാണ്ടിലെ പെറുവിയന്‍ ചരിത്രകാരന്‍ ഗാര്‍സിലാസോ ഡി ലാ വേഗ മുതല്‍ ലാറ്റിന്‍ അമേരിക്കയുടെതന്നെ ആധുനികകവികളില്‍ പ്രധാനിയായ സെസാര്‍ വയേഹോ വരെ ഉള്‍പ്പടുന്ന സങ്കരവംശക്കാരുടെ സംഘര്‍ഷങ്ങള്‍ ലാറ്റിന്‍ അമേരിക്കന്‍ നാടുകളുടെ സാംസ്കാരികസാഹചര്യത്തില്‍ വളരെ പ്രധാനമാണ്.

ഒരു തരത്തില്‍ ഇത് ഒരു ദേശത്തിന്റെയോ ദേശസമുച്ചയത്തിന്റെയോ മാത്രം പ്രശ്നമല്ല. സമകാലികമായ ജീവിതസാഹചര്യങ്ങള്‍ ലോകത്തെവിടെയായാലും കലര്‍പ്പുകളെ അനിവാര്യമാക്കുന്നു. ഡോണ മയൂര ഈ പുതിയ കാലത്തിന്റെ കലര്‍പ്പുകളെ ഏറ്റു വാങ്ങുന്ന എഴുത്തുകാരിയാണ്. കേരളത്തിലും അമേരിക്കയിലെ ഷിക്കാഗോയിലുമായി ജീവിക്കുന്നു. എവിടെനിന്ന് ഇടപെടുന്നു എന്നത് കുറെയൊക്കെ അപ്രസക്തമാക്കുന്ന തരത്തില്‍ സൈബര്‍ ലോകത്തും വ്യാപരിക്കുന്നു. ഡോണ മയൂര എന്ന പേരില്‍ത്തന്നെ ഈ ലോകങ്ങളുടെ പ്രാതിനിധ്യത്തെ ഉള്‍ക്കൊള്ളുന്ന കൌതുകകരമായ കലര്‍പ്പുണ്ട്. മയൂരയുടെ ബ്ളോഗ് ഋതുഭേദങ്ങള്‍ അതാകട്ടെ കാലം തെറ്റിയവയാണ്. എഴുത്തുകാരിയാവട്ടെ കളരിക്കു പുറത്തുമാണ് ! ജീവിതത്തെയും എഴുത്തിനെയും അസ്വതന്ത്രമാക്കുന്ന ഇടങ്ങളോട് ഇടഞ്ഞുതന്നെ നില്ക്കാന്‍ കൊതിക്കുന്ന, ചങ്കൂറ്റവും കളിമട്ടും ഇടകലര്‍ന്ന മട്ടിലുള്ള ചില ഭാവക്കലര്‍പ്പുകള്‍ ഡോണയുടെ എഴുത്തില്‍ കാണാം. എന്നാല്‍ അവ കളിക്കു വേണ്ടിയുള്ള കളിപറയലല്ല. മിക്കപ്പോഴും സങ്കടങ്ങളുടെയും ദുരന്ത ങ്ങളുടെയും ആഴങ്ങളിലേക്കും പ്രണയത്തിന്റെ ആകാശങ്ങളിലേക്കുമൊക്കെ പിടിവിട്ടു പറക്കുന്നതും ഈ പറക്കലുകള്‍ ചിലപ്പോള്‍ ക്രമംതെറ്റി വിപരീത ദിശ കളിലേക്കാ കുന്നതും ഡോണയുടെ കവിതകളുടെ സ്വഭാവമാണ്. പറഞ്ഞുവന്നത് കലര്‍പ്പു കളെക്കുറിച്ചാണല്ലോ. സംശയിക്കേണ്ടതില്ല. ദേശങ്ങളുടെയും ഭാഷകളുടെയും വ്യാപരിക്കുന്ന ഇടങ്ങളുടെയും വൈകാരികസംഘര്‍ഷങ്ങളുടെയും നോട്ടങ്ങളു ടെയും പേരുകളുടെയുമൊക്കെ സങ്കരങ്ങളുടെ സമകാലികമായ പ്രതീകമാണ് ഡോണ മയൂര.

എന്താണ് ഈ തലതിരിഞ്ഞ കാഴ്ചകളുടെയും കലര്‍പ്പുകളുടെയും സൌന്ദര്യശാസ്ത്രം? എന്താണ് അതിന്റെ സാംസ്കാരികരാഷ്ട്രീയം? ക്രമങ്ങളും പൊരുത്തങ്ങളും ചേര്‍ന്നു നിര്‍മ്മിക്കുന്ന ലയാത്മകതയാണ് സൌന്ദര്യത്തിന്റെ അടിസ്ഥാനമെന്നത് പ്രബലമായ കലാസങ്കല്പമാണ്. പക്ഷേ അനുഭവങ്ങളുടെ സങ്കീര്‍ണതകളാണ് കലയെ നിര്‍ണയിക്കുന്നതെങ്കില്‍ നേര്‍ക്കാഴ്ചകള്‍ക്കൊപ്പം തലതിരിഞ്ഞ കാഴ്ചകളില്‍നിന്നും അതിന് ഒഴിഞ്ഞുമാറാനാവില്ല. ഡോണയുടെ കവിതകളില്‍ ആഖ്യാതാവ് സ്വയം നിര്‍വചിക്കുന്ന ചില വരികളുണ്ട്.

തല തെറിച്ചതാ
ഉടല്‍ ബാക്കിയുണ്ട്
ഉടലോടെ സ്വര്‍ഗത്തില്‍
പോകേണ്ടതല്ലയോ? (കുമ്പസാരം)
കുമ്പസാരം എന്ന തലക്കെട്ടും തലതെറിച്ചത് എന്ന സ്വയംനിര്‍ണയവും ഉടല്‍ മാത്രം ബാക്കിയാകുന്നതിന്റെ വൈപരീത്യവും സ്വര്‍ഗത്തിലെത്തല്‍ എന്ന മതാത്മതമായ ജീവിതസാക്ഷാത്ക്കാരവും ചേര്‍ന്ന് വിപരീതധ്വനികളുടെ ഒരു മിശ്രണമാകുന്നുണ്ട് ഈ നാലുവരിക്കവിത. ചിലപ്പോള്‍ ജീവിതത്തിന്റെ ദാരുണതകള്‍വരെ തലതിരിഞ്ഞ ചിരികളുടെ മറുവശത്തു കാണാനായെന്നു വരാം. കീമോയെ തോല്പിക്കാന്‍ തല വടിച്ചിറക്കാന്‍ തീരുമാനിച്ചെന്നു പറയുന്ന വിദേശിസുഹൃത്തിനോട് ആറ്റംബോംബിട്ടിടത്തുവരെ പുല്ലു കിളിര്‍ക്കുന്നു എന്ന് ആശ്വസിപ്പിച്ചു ചിരിക്കുന്നതില്‍ അതുണ്ട് (കേരളമെന്ന് പറയുമ്പോള്‍ കോവളം എന്നു തിരിച്ചുപറയുന്നവള്‍ക്ക്). സുന്ദരമായ കാഴ്ചകളും അനുഭവങ്ങളും പോലും ഇത്തരം തലതിരിഞ്ഞതാവുന്നതിനും കവിതയില്‍ ഉദാഹരണങ്ങളുണ്ട്. മുറ്റത്തുകിടക്കുന്ന ഇറ്റുജലത്തില്‍ ആഴങ്ങളിലെ ആകാശത്തിന്റെ കാഴ്ചയില്‍ രസിക്കുന്നതിന് ഈ തലതിരിഞ്ഞ കാഴ്ചയുടെ ഭംഗികൂടിയുണ്ട്.
വേരാഴംകൊണ്ട് തായ്മരങ്ങള്‍
ശാസിച്ചു തിരിച്ചു പിടിച്ചു വലിക്കിലും
ആഴങ്ങളിലെ ഈ ആകാശത്ത്
മഴയ്ക്കൊപ്പം വൃക്ഷത്തലപ്പുകള്‍ (ആഴങ്ങളിലെ ആകാശം)
ഇത്തരത്തില്‍ പുതുമയുള്ള ദൃശ്യഭംഗികള്‍ ഡോണയുടെ കവിതകളില്‍ സുലഭമാണ്.
പിളര്‍ന്നുപോയൊരു
റുമാന്‍ പഴത്തിന്റെ അല്ലികള്‍
ബി ഫ്ളാറ്റ് പോലെ
നിരന്നിരിക്കുന്നു.
സംഗീതം ദൃശ്യമായി രേഖപ്പെടുത്തുന്ന നൊട്ടേഷന്‍ ഷീറ്റില്‍ ബി ഫ്ലാറ്റ് സ്വരസംയുക്തത്തിനും റുമാന്‍ പഴത്തിനും കാഴ്ചയിലുള്ള സാദൃശ്യമാണ് ഇവിടത്തെ സാധാരണധര്‍മ്മം. ബീഥോവന്റെ സംഗീതത്തെയും പ്രണയാനുഭവത്തെയുമൊക്കെ ചേര്‍ത്തുവച്ചുകൊണ്ട് കാഴ്ചകളിലൂടെ ഒരു കാല്പനിക സംഗീതമൊരുക്കുകയാണ് ഈ കവിത. പറയാതെയുള്ളിലൊളിപ്പിച്ച പ്രണയം ഘനീഭവിച്ച മഞ്ഞായ് പൊഴിയുന്നതും അല്പാല്പമായി ആകാശമിടിഞ്ഞു വീഴുന്നെന്നതു കാണെക്കാണെ പ്രണയി മൊഴിയുന്നതു മെക്കെച്ചേര്‍ന്ന് ഭാഷയിലൂടെ കനപ്പെടുന്ന ഒരു സംഗീതാനുഭവമാകുന്നുണ്ട്. ബി ഫ്ളാറ്റ് എന്ന കവിത.

പക്ഷെ പ്രണയം എന്നത് പലപ്പോഴും ലളിതവും വിശുദ്ധവുമായ ഒരു കാല്പനികാനുഭവമാകണമെന്നില്ല. ഒരു വശത്ത് മനസ്സുകൊണ്ടുള്ള ഇഴയടുപ്പവും മറുവശത്ത് കാഴ്ചപ്പാടുകളുടെയും തിരിച്ചറിവുകളുടെയും പൊരുത്തക്കേടുകളും ചേര്‍ന്ന് ഇക്കാലത്തെ പ്രണയത്തിന്റെ സംഘര്‍ഷങ്ങള്‍ ഡോണയുടെ കവിതയില്‍ പുതിയ കണ്ണീര്‍പ്പാടങ്ങളാകുന്നു. അമൂര്‍ത്തമായ അനുഭവങ്ങളില്‍പ്പോലും അത്തരം വ്യത്യസ്തതകളുണ്ട്. പാതി ചാരിയ ജനല്‍പ്പാളികള്‍ക്കപ്പുറം ഇരുവരിലൊരാളവച്ച മുല്ലത്തൈകളില്‍ മൊട്ടിട്ട സ്വപ്നങ്ങള്‍ സ്വന്തം സ്വപ്നങ്ങളെ പൂവണിയിക്കാന്‍ അവര്‍ അറുത്തെടുക്കുന്നു. അവ കോര്‍ത്തെടുക്കാന്‍ അവന്‍ നിലാവിന്റെ വെള്ളിനൂലും അവള്‍ മഴുനൂലുമാണ് തേടിപ്പോകുന്നത് (കോര്‍ത്തെടുക്കാന്‍ വൈകിയവ). അവളില്‍ ഭ്രാന്തുപൂക്കുമ്പോള്‍ ചെമ്പരത്തിയോ നിയോ എന്നു മറ്റെയാള്‍ അതിനെ നിസ്സാരമാക്കുന്നു (പൂക്കാലം) അതുകൊണ്ടുതന്നെ ഒരേ കടലിലെത്തുമ്പോള്‍ പ്പോലും മിഴിയും മഴയും പുഴയും കരയും സമാന്തരങ്ങളായിത്തന്നെ സഞ്ചരിക്കേണ്ടിവരുന്നു. (ഒരേ കടല്‍)

ഉപരിപ്ളവമെന്നു തിരിച്ചറിയപ്പെടുന്ന സാമൂഹികരാഷ്ട്രീയത്തിന്റെ നിസ്സാരതകളെ എഴുതുന്ന ഉന്മീലനം, എന്റെ രാഷ്ട്രീയം തുടങ്ങിയ കവിതകള്‍ ഈ സമാഹാരത്തിലുണ്ടെങ്കിലും വൈയക്തികജീവിതത്തിന്റെ രാഷ്ട്രീയമാണ് ഡോണയുടെ മിക്ക കവിതകള്‍ക്കുള്ളത്. പ്രണയാനുഭവത്തിന്റെ വിവിധമാനങ്ങള്‍ ഇത്രയേറെ വൈവിധ്യത്തോടെ ആവിഷ്കരിച്ചിട്ടുള്ള കവികള്‍ കുറവാണ് എന്നുതന്നെ പറയാം. സ്നേഹമെന്നു തലക്കെട്ടുള്ള പല കവിതകളുണ്ട്. കൈക്കുടന്നയില്‍ കോരിയെടുത്ത ജലമായിരുന്നു സ്നേഹം എന്ന ധാരണയില്‍നിന്ന് ഒലിച്ചു തീര്‍ന്നിട്ടും അവശേഷിച്ച നനവു മാത്രമാണതെന്ന് ഒരു കവിതയില്‍ തിരിച്ചറിവിലേക്കെത്തുന്നു. മറ്റൊന്നില്‍ കൊടിയ വിഷം പുരട്ടി രാകിയ ചാട്ടുളിയാണ് സ്നേഹം.

സമകാലിക ജീവിതത്തില്‍ പ്രണയം ഒരു അതിജീവനതന്ത്രം കൂടിയാണ്. മിഷേല്‍ ദിസെര്‍ത്തുവിന്റെ പ്രാക്ടീസ് ഓഫ് എവെരിഡേ ലൈഫ് എന്ന കൃതിയില്‍ വിവരിക്കുന്ന തരത്തില്‍ ദൈനംദിനജീവിതത്തിലെ നൂറായിരം സങ്കീര്‍ണതകളില്‍നിന്നും അധികാര പ്രയോഗങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ വ്യക്തി കണ്ടെത്തുന്ന രക്ഷാമാര്‍ഗമാണത്. നീന്തലറിയാത്തവര്‍ മുങ്ങിമരിക്കാതിരിക്കാന്‍ വൃഥാ കുടിച്ചുവറ്റിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന പ്രളയമാണ് പ്രണയം (പ്രളയം) എന്ന നിര്‍വചനത്തില്‍ അതു കാണാം. ദുരന്തമെന്നു തീര്‍ച്ചയുള്ളപ്പോള്‍ത്തന്നെ അത് ഒരു അനിവാര്യതകൂടിയാകുന്നു. ചില്ലകളില്ലെ ചില്ലകളല്ലെ എന്ന കവിതയില്‍ അതിന്റെ വശ്യതയും വേദനയുമുണ്ട്. ഒരു മരമായി ചെറുകാറ്റില്‍പ്പോലും ഉലയില്ലെന്നുറച്ച് വേരുകളാഴത്തിലേക്കാഴ്ത്തിയിറക്കി നിന്നാല്‍പ്പോലും ചില്ലകള്‍ അത് അനുസരിക്കുന്നില്ല. പ്രണയിയോടു പറയാനുള്ള വാക്കുകളെല്ലാം നിഴലുകാളാവുകയും ആ നിഴലുകള്‍ താന്‍ പോലുമറിയാതെ ആയിരം വിരലുകള്‍ നീട്ടി സര്‍വാംഗം ചുംബിക്കുകയും ചെയ്യുമ്പോഴേക്കും തായ്ത്തടിയില്‍ ചാരി നിഴലില്‍ അല്പനേരം വിശ്രമിച്ച് പ്രണയി കടന്നുപോകുന്നു. പ്രണയം അരക്ഷിതമായിത്തന്നെ തുടരുന്നു.

പ്രണയത്തിന്റെ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ഉത്കണ്ഠ ഡോണയുടെ കവിത അനുഭവിക്കുന്നതും നേരിടുന്നതും പലതരത്തിലാണ്.
തമ്മില്‍ പിരിയുന്നത്
എങ്ങനെയായിരിക്കണം
എന്നതിനെപറ്റിയായിരുന്നു
കണ്ടുമുട്ടിയപ്പോഴേ ഞാന്‍
ചിന്തിച്ചിരുന്നത്
അത്രമേല്‍ നിന്നെ ഇഷ്ടമായതുകൊണ്ട് (ഐസ് ക്യൂബുകള്‍)
പ്രണയികള്‍ ഒരു പാര്‍ക്ക് ബഞ്ചില്‍ കാലം കൊണ്ടുവച്ച രണ്ട് ഐസ് ക്യൂബുകളാകുന്നു. അരിച്ചുകയറുന്ന തണുപ്പിനെ തുളച്ചുകയറാനാവാതെ നട്ടുച്ചയുടെ വെയില്‍ അവര്‍ക്കുമേല്‍ കുടപിടിക്കുന്നു. മടിച്ചു മടിച്ചു തണുപ്പിറങ്ങുമ്പോള്‍ വേര്‍പിരിയാനാവാതെ ബഞ്ചില്‍ നിന്നു മൊലിച്ചിറങ്ങി അവര്‍ ഒഴുകിയൊഴുകിപ്പോകുന്നു. അവര്‍ക്കുമേല്‍ ഇരുളും വെളിച്ചവും ഒരു പിയാനോ ആകുന്നു. കാലം അതില്‍ അവരുടെ പ്രണയസങ്കീര്‍ത്തനം വായിക്കുന്നു. മുകളില്‍ തിളച്ചുമറിയുന്ന കടലും താഴെ ചിറകുകളില്‍ തീപിടിച്ച മേഘഗര്‍ജ്ജനത്തിന്റെ അലകളുമാണ് ആ സംഗീതത്തില്‍ മറ്റുള്ളവര്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. ഇവിടെയും ഇന്ദ്രീയാനുഭവങ്ങളുടെയും സ്ഥലകാലങ്ങളുടെയും കീഴ്മേല്‍മറിച്ചിലുകളും കലര്‍പ്പുകളും ശ്രദ്ധിക്കുക. പ്രണയാനുഭവത്തിന്റെ സൌന്ദര്യവും സങ്കീര്‍ണതയും സംഘര്‍ഷവും സൂക്ഷ്മമായി ആവിഷ്ക്കരിക്കുന്നതാണ് ഈ കവിത.

പ്രണയം എപ്പോഴും പ്രണയാന്ത്യത്തെതന്നെ പ്രതീക്ഷിക്കുന്നു. ഒരു അനസ്തറ്റിസ്റിനെ പ്രണയിക്കണമെന്നാണ് കിീാിശമ എന്ന കവിതയിലെ തിരിച്ചറിവ്. കാരണമുണ്ട്. ഒന്നാമത് ഇതുപോലെ ഉറക്കം നഷ്ടപ്പെടാത്ത പ്രണയം മറ്റൊരിടത്തുകിട്ടില്ല. പ്രണയാന്ത്യത്തിലാകട്ടെ ഇനി ഞാനിറങ്ങട്ടെ എന്ന പതിവുവാക്കുകള്‍ക്കു പകരം ഇനി ഞാനുറക്കട്ടെ എന്നു കേള്‍ക്കുകയോ ഇനിയൊന്നുറക്കുക എന്നു പറയുകയോ ചെയ്യാമല്ലോ! വിചിത്രമായ ഇത്തരം തമാശകള്‍ക്കു പിന്നില്‍ പ്രണയാനുഭവം അതിന്റെ ദുരന്തതീവ്രതയോടെ ഒളിഞ്ഞിരിക്കുന്നുണ്ട്.

അരക്ഷിതമായ പ്രണയത്തിന്റെയോ ദാമ്പത്യത്തിന്റെയോ ആത്യന്തികദുരന്തമാണ് ഒടു(രു)ക്കം എന്ന കവിതയിലുള്ളത്. ഇരുവരുമൊന്നിച്ച് തലവച്ച് മുഖംചേര്‍ത്തുറങ്ങിയിരുന്ന തലയണകൊണ്ട് അവിശ്വാസിയായ പങ്കാളി അവളെ കൊലപ്പെടുത്തുന്നു. ശവമെടുപ്പിനുമുമ്പേ അവളെ കാണാന്‍വരുന്ന കാമുകനെ വെട്ടി നുറുക്കാന്‍ അവന്‍ കാത്തിരിക്കുന്നു. പക്ഷേ അവളെ കണ്ടിട്ടുപോയത് അവളുടെ കാമുകിമാരാണ് ! പ്രതികാരത്തിന്റെ മൂര്‍ച്ചയും നിന്ദ കലര്‍ന്ന പരിഹാസവും ചേര്‍ ന്ന കവിതയില്‍ പെണ്‍മനസ്സിന്റെ നിഗൂഢമായ സഞ്ചാരങ്ങളുടെ സൂചനകളുണ്ട്. താന്‍ റൊമാന്റിക് അല്ല എന്ന് ഫ്രിഡ്ജിലെ യെല്ലോസ്റിക്കിയില്‍ കുറിച്ച നേര്‍ പ്പാതിയോട് പറയാതെ പറയുന്നത് താന്‍ ഒരു ഫോറന്‍സിക് പതോളജിസ്റ് ആണെ ന്നാണ്. മനസ്സ് പെട്ടെന്ന് അന്നു പോസ്റ്മോര്‍ട്ടം ടേബിളിലുണ്ടായിരുന്ന കറുത്ത സൌന്ദര്യത്തെ ഓര്‍ത്തെടുക്കുകയും തന്റെ ജീവിതവുമായി എവിടെയൊക്കെയോ സമീകരിക്കുകയും ചെയ്യുന്നു. A kiss, On your lip എന്ന് യെല്ലോ സ്റിക്കിയില്‍ മറുപടി കുറിക്കുന്നതില്‍ തീക്ഷ്ണമായ പ്രതികരണത്തിന്റെ ഐറണി കാണാം (yellow sticky). മുങ്ങുന്നക്ഷണം മുങ്ങിക്കപ്പലായി മാറുന്ന വൈഭവമാണു ജീവിതം എന്ന് മുങ്ങിക്കപ്പല്‍ എന്ന കവിതയിലും കാണാം. ഇത്തരം ഭാവനാത്മകമോ അദൃശ്യ മോ ആയ അതിജീവനതന്ത്രങ്ങളുടെ തുടര്‍ച്ചയാണ് പലപ്പോഴും ഡോണയുടെ കവിതകളിലെ പ്രണയം. ഉമ്മ കിട്ടുന്നതിനു വേണ്ടി കാരണങ്ങള്‍ കണ്ടെത്തി പിണ ക്കം നടിക്കുന്നത് പ്രണയത്തിന്റെ ലളിതമായ ഒരു ജീവനതന്ത്രം. പേര്‍ത്തുപേര്‍ത്തു കെട്ടിയുമ്മ നല്‍കിയതുകൊണ്ട് പ്രണയിയാല്‍ കൊല്ലപ്പെട്ട്, പ്രണയിയുടെ ചുണ്ടത്തു മരിച്ചിരിക്കുന്ന തന്നെ ഈ മരണത്തിലെങ്കിലും അടര്‍ത്തി മാറ്റരു തെന്നഅപേക്ഷയായി ഈ അതിജീവനതന്ത്രങ്ങള്‍ ചിലപ്പോള്‍ പരാജയപ്പെടു ന്നുമുണ്ട് (കെട്ടിയുമ്മ). പങ്കാളിത്തത്തിലെ പൊരുത്തക്കേടുകളും അതിന്റെ ദുരന്തവുമാണ് നിണമെഴുതുന്നത് എന്ന കവിതയിലും തീക്ഷ്ണമായി ആവിഷ് ക്കരിക്കപ്പെടുന്നത്. ഓരോ രാത്രിയുമിതള്‍ കൊഴിയുമ്പോള്‍ പങ്കാളിയുടെ കള്ള ങ്ങള്‍ അവളെ ജയിക്കുന്നു. താഴ്വാരത്തിലേക്കെന്നതു പറഞ്ഞതു കള്ളമെന്ന റിഞ്ഞിട്ടും കുന്നിന്‍മുകളിലെ കുരുതിക്കല്ലിലേക്ക് അവള്‍ കൂടെപ്പോകുന്നു. അവള്‍ക്ക് ഒന്നേയുള്ളു പറയാന്‍.
എന്റെ കുരുതിക്കു ശേഷവും
കള്ളംകൊണ്ടു നീ
ചുവന്നകളമെഴുതണം
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം
ഇല്ലെങ്കില്‍ കളത്തിനു പിന്നില്‍
പിടയുന്ന ഉടല്‍, അറുത്തു മാറ്റപ്പെട്ട
ശിരസ്സിനോട് പിടഞ്ഞുചേരുന്നത്
നിനക്കു കാണുവാനായെന്നു വരില്ല. (നിണമെഴുതിയത്)

ഈ ജന്മത്തില്‍ പൊറുത്തതുപോലെ അടുത്ത ജന്മത്തിലായെന്നു വരില്ല ഒരുജീവിതത്തിന്റെതന്നെ ദുരന്തതീവ്രത ആവിഷ്കരിക്കുന്ന ഈ കവിത ജീവിതം കൊണ്ടെഴുതിയതാണെന്നു തോന്നും അത്തരം കവിതകള്‍ അനുഭവിക്കുകയെ ന്നല്ലാതെ നുണഞ്ഞു രസിക്കാനായില്ലെന്നുവരും. അപ്പോഴും മോചനമില്ലാത്ത കുരുക്കാണു പ്രണയം. മുങ്ങിച്ചാകാനായി എടുത്തുചാടുമ്പോള്‍ അതിനെ കുട്ടിക്കളിയായെടുത്ത് അവന്‍ എണ്ണും. അവള്‍ ഉയിരോടെ പൊങ്ങും. (തൊണ്ണൂ റ്റൊമ്പോതേയ്....). ഇത്തരം അനുഭവങ്ങളുടെ സങ്കീര്‍ണ്ണതകളും അസംബ ന്ധങ്ങളും മൂലമാവണം കടന്നലിനെയും വണ്ടിനെയും പിടിച്ചു തീപ്പട്ടിയിലിട്ടു ചെറുപ്പത്തില്‍ കേട്ട തീപ്പട്ടിപ്പാട്ടുപോലെയായിരുന്നു ഇന്ന് വീട് (തീപ്പട്ടിപ്പാട്ട്) എന്ന് പാര്‍പ്പിടത്തെത്തന്നെ വിര്‍വചക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത് ഈ കവിതയിലെ മാത്രം വീടല്ല. പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും സങ്കീര്‍ണ്ണമായ ചുഴികളില്‍ പ്പെട്ട ഏതു വീടും ആകാം അത്.

അവിടെ അക്വേറിയത്തിലെ സ്വര്‍ണമത്സ്യങ്ങള്‍ക്കു വിശക്കുന്നുണ്ട്. നുറുക്കുമ്പോള്‍ തെറിച്ച സ്വപ്നശകലങ്ങളും കവിള്‍ ചുട്ടുപൊള്ളിച്ച് ചാലുകീറിയ ഉപ്പുനീരുമാണ് അവയ്ക്കു കൊടുക്കാനുള്ളത്. കൊത്തിവിഴുങ്ങി എല്ലാമുള്ളി ലാക്കി ഇനി നിന്നെയിങ്ങു വിട്ടുതരൂ എന്ന് അവ (അക്വേറിയം). സ്നേഹവും കരുണയും പ്രകടിപ്പിക്കുന്ന ഇടങ്ങളിലെല്ലാം കടുത്ത വില കൊടുക്കേണ്ടിവരുന്നത് അനുഭവങ്ങളുടെ തുടര്‍ച്ചയാണ്. ചുരുള്‍നിവര്‍ത്തി കുടഞ്ഞുവിരിച്ചു നരച്ചിടം ചായം തൊട്ടുമിനുക്കിയും ചുരുട്ടിവച്ചും പുതുക്കിഎടുക്കാന്‍ നോക്കുന്ന ഒരേയൊരു ഓര്‍മ്മയെ നനക്കുന്ന മഴയില്‍ (പെയ്തുതോരാത്ത മഴ) സുന്ദരമായ കാഴ്ചയല്ല, വീണ്ടും വീണ്ടും ഭൂതകാലത്തിലേക്ക് എടുത്തെറിയപ്പെടുന്നതിന്റെ അസ്വസ്ഥതയാണ് നിര്‍ത്താതെ പെയ്യുന്നത്. വീട്ടുപരിസരത്തിന്റെ മറ്റൊരു അനുഭവം നോക്കുക. ചോളനിറമുള്ള ഒരു പെണ്‍കുട്ടി അപ്രത്യക്ഷയായ തരിശായ വയലേല ഇന്ന് ഡാഫോഡില്‍ പാടമാണ്. അവിടെ നിഴലുകള്‍ വളര്‍ന്ന് പാടത്തുനിന്നിറങ്ങി പ്പോകുമ്പോള്‍ ഡാഫോഡില്‍ വേരുകള്‍ കൂടെ പോകും പക്ഷേ അവ ചെന്നണയുന്ന കൂട് ഏതാണെന്നു മാത്രമറിയില്ല (ഡാഫോഡില്‍). അഭയസ്ഥാനങ്ങളെല്ലാം അസംബന്ധങ്ങളായി തീരുന്നത് ദൈനംദിന ജീവിതത്തിലെ കാഴ്ചകളിലെല്ലാം പലതരത്തില്‍ അനുഭവിക്കാനാകുന്നു. അളന്നുവെട്ടിത്തയ്ച്ചതിന്റെ അളവുകള്‍ തെറ്റിക്കുമ്പോള്‍ പിരുത്തടിക്കുകയും പിരുതെടുക്കുകയും ചെയ്യുന്ന തയ്യല്‍ക്കാരിയില്‍ ഒരു കവിത ദൈവത്തെ കണ്ടുമുട്ടുന്നത് (തയ്യല്‍ക്കാരി) അതുകൊണ്ടാവാം.

ചില കവിതകളില്‍ സ്വയം നിര്‍വചിക്കുമ്പോള്‍ കവിതയിലെ ആഖ്യതാവിനുപിന്നിലുള്ള ‘ഞാന്‍’ മറനീക്കിതന്നെ പുറത്തുവരുന്നു.
ഞാന്‍ ജീവിതത്തിന്റെ ആലയില്‍
പെട്ടുപോയൊരു ഇരുമ്പുദണ്ഡ്
ഓരോ തവണയും പ്രഹരമേല്‍ക്കുമ്പോള്‍
മുന കൂര്‍ക്കുകയോ മൂര്‍ച്ചയേറുകയോ
ചെയ്യുന്നൊരു ഇരുമ്പുദണ്ഡ്.
അടുക്കരുത്
വേദനിപ്പിക്കും; മുറുവേല്പിച്ച്. (ഞാന്‍)
മറ്റൊരു കവിതയില്‍ അഭാവങ്ങള്‍ ചേര്‍ന്നുണ്ടായതാണ് ‘ഞാന്‍’. വേലിപ്പടര്‍പ്പുകളിടഴകെട്ടി മരക്കൊമ്പില്‍ ഊഞ്ഞാലാടാനാകാത്തതും കെട്ടിടസമുച്ചയത്തിലൊന്നില്‍ നിന്നും നയാഗ്രയാകാത്തും കൈത്തണ്ടയിലെ സീബ്രാവരകള്‍ മുറിച്ചുകടക്കാനാവാത്തതും ഞാന്‍ ആണ് (ഞാനെന്നത്).

ജീവിതം തന്നെ ദുരന്തമെന്നു തിരിച്ചറിയുന്ന നിരവധികവിതകളുണ്ട് ഈ സമാഹാരത്തില്‍. ഒരിക്കല്‍ മുളച്ചുപൊന്തുകയും കരയുകയും ചിരിക്കുകയും കലപില കൂട്ടുകയും ചെയ്ത് അപ്രത്യക്ഷമായവയുടെ വിത്തുകള്‍ തങ്ങളെ ഇനി മുളച്ചുപൊന്താനിടയാക്കരുതേ എന്നു പ്രാര്‍ത്ഥിക്കുന്നത് ഡോണയുടെ കവിത കേള്‍ക്കുന്നു. (ഒളിവിലെ പ്രാര്‍ത്ഥന). ഒരിടത്ത് ഉണരല്ലെ എന്നും മറ്റൊരിടത്ത് ഉണരണേ എന്നുമുള്ള പ്രാര്‍ത്ഥനകൊണ്ടുമാവും അവള്‍ രാവിലെ ഉണര്‍ന്നെഴുന്നേല്ക്കുന്നത് (ഇങ്ങനെയൊക്കെയല്ലേ ഒരാള്). അടര്‍ന്ന് വീഴുമ്പോള്‍ പറക്കല്‍ താഴെക്കാണെങ്കിലും ചിറകുമുളയ്ക്കുന്ന പഴുത്തുപോയ പച്ചയെയും നീരുവലിഞ്ഞ മഞ്ഞയെയും സംബോധനചെയ്യുന്നത് ആത്മകര്‍മ്മത്തിന്റെ സത്തയെ സ്വയം നിര്‍വ്വജിക്കുന്നതുകൊണ്ടാണെന്നുതന്നെ തോന്നും (ഇലച്ചിറകുകള്‍).

കവിയെന്ന വിളിപ്പേരുതന്നെ ഏറുകൊണ്ടു കാലുവെന്ത പട്ടിയെന്നാകുന്നതും ചങ്ങലയില്‍ കുരുങ്ങാന്‍ കൊതിക്കുമ്പോള്‍ പോലും തെരുവില്‍ത്തന്നെ കഴിയാന്‍ വിധിക്കപ്പെടുന്നതും വിപരീത ഹാസ്യത്തിന്റെ മേമ്പൊടിയോടെ പരീക്ഷ എന്ന കവിത അവതരിപ്പിക്കുന്നുണ്ട്. അക്ഷരങ്ങളില്‍ മേയുന്ന പശുവാണ് മറ്റൊരുകവിതയിലെ (പശു) കവി. അയവെച്ചുമ്പോള്‍ കയറുപൊട്ടിച്ചോ കുറ്റിപറിച്ചോ ഓടിക്കാത്തതിനെ കഥയെന്നോ കവിതയെന്നോ വിളിക്കാനാവാത്തതിന്റെ സങ്കടവുമുണ്ട്. ഒരു ദിവസമെങ്കിലും കയറുപൊട്ടിച്ച് ഓടിയില്ലെങ്കില്‍ സ്വാതന്ത്യ്രത്തെക്കുറിച്ച് തനിക്ക് ഒരു സ്വപ്നവുമില്ലല്ലൊ എന്നു കരുതുമെന്ന ശങ്കയില്‍ കയറുപൊട്ടിച്ചോടുന്ന വിഷ്ണുപ്രസാദിന്റെ കവിതയിലെ പശുവിനോട് ഈ പശുവും ചേര്‍ന്നു നില്‍ക്കുന്നു. എഴുത്തിനെ സ്വാതന്ത്യ്രവുമായി ചേര്‍ത്തു വയ്ക്കുന്ന ഴാങ് പോള്‍ സാര്‍ത്ര് മുതല്‍ക്കുള്ളവരുടെ ദാര്‍ശനികമായ പിന്തുണയും ഈ പശുവിനുണ്ട്. പക്ഷെ എഴുത്ത് ഒരിക്കലും ആത്യന്തികമായ സ്വാതന്ത്യ്രാഘോഷമാകുന്നില്ല. എഴുതാനാവാത്തതിനും എഴുതിത്തെളിയാത്തതിനുമൊക്കെ പഴിച്ചുകൊണ്ട് ഒരു കല്ല് സ്ളേറ്റ് എറിഞ്ഞുടച്ചാലും മറ്റൊരു കല്ല് സ്ളേറ്റിനെ ആശ്രയിക്കുകയല്ലാതെ മറ്റുവഴിയില്ലെന്ന ആവിഷ്ക്കാരത്തിന്റെ ദുരന്തം മറ്റുപല പുതുകവികളെയും പോലെ ഡോണയും എഴുതുന്നുണ്ട്. ആവിഷ്ക്കാരം ഈ കാലത്തെ കവിതയുടെ സജീവമായ പ്രശ്നവും പ്രമേയവുമാണ്. എഴുതുന്ന കല്ലുപെന്‍സിലാവുകയാണോ എഴുതപ്പെടുന്ന കല്ല് സ്ളേറ്റാവുകയാണോ നല്ലതെന്ന് ഡോണ ഒരു പുതിയ സംശയം ഉയര്‍ത്തുന്നുമുണ്ട് (വലുതാവുമ്പോള്‍ ആരാവണം?).

ശിശിരമാണ് ഡോണയുടെ കവിതകളിലെ ഋതു. ശിശിരത്തിന്റെ ദംശമേറ്റു നീലിച്ചുപോയ ഒരാള്‍ ഒരു ഋതു മാപിനി എന്നപോലെ ആകാലത്തിന്റെ അനുഭവങ്ങളെ കവിതകളില്‍ അളന്നെടുക്കുന്നു. മേലേമാനത്തെ വേനലില്‍ മൂത്തുപൊട്ടിയ പരുത്തിക്കായ്കള്‍ നനുനനുത്ത ഉള്ളുകാട്ടി പറക്കുന്നു (ശിശിരത്തിലൊരു വേനല്‍കാഴ്ച) എന്നത് പോലെ കാഴ്ചയുടെ വൈവിദ്യങ്ങളായി ഒതുങ്ങുന്നില്ല. കവിതയിലെ ശിശിരം. യാതനയും പ്രണയവും സമീകരിക്കുന്ന കാലമായി അത് കവിതകളുടെ പശ്ചത്തലമാകുന്നു. പുറത്ത് മഞ്ഞുവീഴുമ്പോള്‍ തന്നെപോലെ നനഞ്ഞ തുവര്‍ത്തും തുണികളും കൊണ്ട് മുറികള്‍ക്കകം സുരക്ഷിതമായടിച്ചിരുന്ന സില്‍വിയ പ്ളാത്തിനെ ഡോണയുടെ കവിത ഇഷ്ടപ്പെടുന്നത് യാദൃച്ഛികമല്ല (ഫ്രഷ് ഔട്ട് ഓഫ് ദ ഓവന്‍).

പുതുകാലത്ത് കവിതകളെഴുതുന്ന ഏറെപ്പേരുണ്ടെന്ന അലസമായ ആക്ഷേപം പലരും ഉന്നയിക്കാറുണ്ട്. ഇന്നത്തെ കവിതകളെല്ലാം ചേര്‍ത്തുവച്ചാല്‍ ഒറ്റക്കവിതപോലെ തോന്നും എന്നുവരെ അവര്‍ അലഭാവം കൊള്ളുന്നു. എന്നാല്‍ ഇക്കാലത്തിന്റെ ജീവിതമെന്തെന്നും അതിന്റെ എണ്ണിയാലൊടുങ്ങാത്ത സങ്കീര്‍ണ്ണതകളെന്തെന്നും തിരിച്ചറിയുന്ന ഒരാള്‍ക്ക് ഡോണ മയൂരയുടെ കവിതകളെ അവഗണിക്കാനാവില്ല. ഭാഷയെ നിരന്തരം പുതുക്കി എടുക്കാനുള്ള ശ്രമങ്ങളിലൂടെ, തിരിഞ്ഞും മറിഞ്ഞുമുള്ള സ്വരഭേദങ്ങളിലൂടെ, പുതുമയുള്ള ദൃശ്യങ്ങളുടെ കണ്ടെടുക്കലിലൂടെ ഈ കവിതകള്‍ ഇക്കാലത്തെ ജീവിതത്തെ ആവിഷ്ക്കരിക്കുന്നു. ദേശങ്ങളും അനുഭവങ്ങളും ഋതുക്കളും മുതല്‍ ആവിഷ്കൃതമാധ്യമങ്ങളുടെ വരെ കലര്‍പ്പുകളിലൂടെ അത് കവിതയുടെ പുതിയൊരു സംവേദനം സാധ്യമാക്കുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ച് ഉത്കണ്ഠപ്പെടാത്ത വായനക്കാരെയും ഈ കവിതകള്‍ സംബോധനചെയ്യുന്നുണ്ട്. ഇലകൊഴിയുന്നൊരു മഞ്ഞുകാലവും അരിച്ചുകയറുന്ന തണുപ്പിനെ തുളച്ചിറങ്ങാനാകാതെ പ്രണയികള്‍ക്കുമേല്‍ കുടപിടിക്കുന്ന വെയിലും ഐസ് ക്യൂബുകള്‍പോലെ ഉരുകിയൊലിക്കുന്ന ചില മനുഷ്യരും ഇരുളും വെളിച്ചവും ചേര്‍ന്ന ഒരു പിയാനോയും അതില്‍ കേള്‍ക്കുന്ന പ്രണയസങ്കീര്‍ത്തനവും ഒപ്പം പ്രണയാനുഭവത്തിന്റെ സങ്കീര്‍ണാനുഭവങ്ങളും ഈ കവിതകള്‍ക്കു ശേഷവും അവരോടപ്പവും നടക്കും.
(വില : 60രൂപ)

Tuesday, April 3, 2012

മനുഷ്യന് ഒരു ആമുഖം

പുസ്തകം : മനുഷ്യന് ഒരു ആമുഖം
രചയിതാവ് : സുഭാഷ്‌ ചന്ദ്രന്‍

പ്രസാധകര്‍ : ഡി.സി. ബുക്സ്

അവലോകനം : അബ്ദുള്ള മുക്കണ്ണി
"ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ടു ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധി ക്കുവേണ്ടിമാത്രം ചെലവിട്ടു ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്ന് പറയുന്നതെങ്കില്‍,പ്രിയപ്പെട്ടവളേ ,മനുഷ്യനായി പിറന്നതില്‍ എനിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല" "പൂര്‍ണവളര്‍ച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍" മലയാള നോവല്‍ ചരിത്രത്തില്‍ ഒരു സംഭവമാകാന്‍ പോകുന്ന സുഭാഷ്‌ ചന്ദ്രന്റെ "മനുഷ്യന് ഒരു ആമുഖം" എന്ന നോവലിന്‍റെ തുടക്കം ഇങ്ങിനെയാണ്‌! ,ഈ നോവലിലൂടെ മലയാള സഹിത്യത്തിന്‍റെ പുതിയൊരു മുഖം തുറന്നിട്ട്‌കൊണ്ട് മലയാള വായനക്കാര്‍ക് ഒരു നവ്യാനുഭവം സൃഷ്ടിച്ചിരിക്കുകയാണ് സുഭാഷ് ചന്ദ്രന്‍. ഭാഷയിലും നോവല്‍ ‍ഘടനയിലും ഇത്ര ശക്തമായ പരീക്ഷണങ്ങള്‍ നടത്തിയ മറ്റൊരു നോവല്‍ മലയാള സാഹിത്യത്തില്‍ ഇറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്!! ഇതിനു ഒരപവാദം ടി ഡി. രാമകൃഷ്ണന്‍റെ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ മാത്രമായിരിക്കും,നോവലിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ ആമുഖമായി ജനനവും മരണവും കലാപര മായി സമുന്വയി പ്പിച്ചുകൊണ്ട് ഇരട്ട പുറംചട്ട(കവര്‍ )കൊണ്ട് പുസ്തകത്തിനു അത്യപൂര്‍വമായ പുതുമ സൃഷ്ടിച്ച സൈനുല്‍ ആബിദീന്‍ പ്രശംസ അര്‍ഹിക്കുന്നു! പുസ്തകത്തിന്‍റെ ആദ്യ പുറം ചട്ട കണ്ടു മുഖം ചുളിച്ചു പോകുന്ന വായനക്കാരന്‍ അടുത്ത കവര്‍ തുറക്കുന്നതോടെ അനുഭവിക്കുന്ന ഞെട്ടല്‍ കുറച്ചൊന്നുമല്ല! നോവലിന്‍റെ കവര്‍ പേജില്‍ നിന്നു തുടങ്ങുന്നവിസ്മയമയ കരമായ ആ ഞെട്ടല്‍ വായനയുടെ അന്ത്യം വരെ നിലനിര്‍ത്താന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്!അതാണ് ഈ നോവലിന്‍റെ വിജയം ! തീര്‍ച്ചയായും ഈ കൃതി മറ്റൊരു ഇതിഹാസമാണ്!!എറേ ചര്‍ച്ചചെയ്യപ്പെടാന്‍ സാധ്യതയുള്ള ഈ നോവലിന് മലയാള സാഹിത്യ വിമര്‍ശകരുടെസമഗ്രമായ പഠനങ്ങള്‍ തന്നെ വേണ്ടിവരും!മാറ്റൊരു മലയാള നോവലിലും മുന്‍പെങ്ങും കണ്ടു പരിചയമില്ലാത്ത കവിതയൂറുന്ന ഇതിലെ ഭാഷ പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു രണ്ടു നൂറ്റാണ്ടുകളുടെ കഥ, ഇരുപതാം നൂറ്റാണ്ടില്‍ നിന്നു തുടങ്ങി ഇരുപത്തൊന്നാം നൂറ്റാണ്ടില്‍കൃത്യമായി പറഞ്ഞാല്‍ രണ്ടായിരത്തി ഇരുപത്താറു സെപ്തംബറില്‍ മാസത്തിലെ ഒരുനനഞ്ഞ വൈകുന്നേര മായിരുന്നു, മുഖ്യ കഥാ പത്രമായ ജിതേന്ദ്ര ന്‌ .അന്ന് അമ്പത്തിനാലാം വയസ്സ്!.( കഥയെ കുറിച്ച് ഇവിടെ ഒന്നും പരാമര്‍ശിക്കുന്നില്ല കാരണം മുന്‍ വിധിയില്ലാതെ ഈ പുസ്തകം വായനക്കാരുടെ കൈകളിലെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു ) പറവെച്ചു പണമളന്നിരുന്ന അയ്യാട്ടുമ്പിള്ളി വീട്ടിലെ നാറാപിള്ളയില്‍ തുടങ്ങുന്നു ഒരുനൂറ്റാണ്ടി ന്‍റെ കഥ ഒപ്പം കേരളത്തിന്‍റെ സാമൂഹ്യ പരിവര്‍ത്തനങ്ങളും പെരിയാറി ന്‍റെ കരയിലെ തച്ചനക്കര എന്ന ഒരു ഗ്രാമത്തി ന്റെയും അയ്യാട്ടുമ്പിള്ളി എന്ന തറവാട്ടിന്‍റെയും ഒപ്പം അവിടത്തെ പച്ച മനുഷ്യരുടേയും കഥ അതിന്‍റെ തനിമയോടെ നമുക്കിതില്‍ വായിക്കാം!!ജിതന്‍ കാമുകിയായ ആന്‍ മേരിക്കയച്ച കത്തുകളിലൂടെ പുനര്‍ ജനിക്കുന്ന മുന്നൂറ്റിഎഴുപത്തിരണ്ട് പേജുള്ള ഈ കൃതി മലയാള നാടിന്‍റെ സാംസ്കാരിക ചരിത്രമാണ്‌!ഒരു ജനതയുടെ നേര്‍ ചിത്രമാണ്‌! ഇതിന്റെ പുറം കവറില്‍ എഴുതിയത് ഞാന്‍ കുറിക്കുകയാണ്!!അര്‍ത്ഥരഹിതമായ കാമനകള്‍ക്ക് വേണ്ടി ജീവിതമെന്ന വ്യര്‍ത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങള്‍ക്ക് ഒരാമുഖം! മുന്നൂറ്റി നാല്പത്തിയാറാം പേജിലെ ഒരു വാക്ക് കൂടി ചേര്‍കട്ടെ."പറമ്പില്‍ മണ്ണ് പുതച്ചു കിടന്ന ഒരു കരിഞ്ഞ പൂത്തിരി ഗോവിന്ദന്‍മാഷ്‌ കുനിഞ്ഞെടുത്തു.പോയ രാത്രിയുടെ ഇരുട്ടില്‍ പ്രകശം വിതറിയ അതിലെ മണ്ണൂതി ക്കൊണ്ട് അദ്ദേഹം അത് ജിതിന്‍റെ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു "എപ്പൊഴും ഓര്‍മവേണം ഇത്രയേ ഉള്ളൂ ജീവിതം " കത്തിയമര്‍ന്ന പൂത്തിരിയുടെ കബന്ധവും പേറി കുറേ നേരം ജിതന്‍ പറമ്പില്‍ ഒറ്റയ്ക്ക് നിന്നു. മറ്റൊരു പേജില്‍ സുഭാഷ്‌ ഇങ്ങിനെ കുറിക്കുന്നു

"ദൈവം ആ ചോദ്യം ഉന്നയിക്കുന്ന അതി ഭയങ്കരമായ നിമിഷത്തെ കുറിച്ചോര്‍ത്ത് ഞാന്‍ എന്നും നടുങ്ങിയിരുന്നു. "ഒരു തെളിവ് കാണിച്ചു തരൂ" അദ്ദേഹം നിര്‍ ദയനായി ചോദിക്കും:
"ഭൂമിയില്‍ ധൂര്‍ത്തടിച്ച ലക്ഷക്കണക്കിന് മണി ക്കൂറുകള്‍കിടയില്‍ ,സ്വന്തം ശരീരത്തിന്‍റെ യുംമനസിന്‍റെയും സുഖങ്ങള്‍ക്കായല്ലാതെ,വരും തലമുറകള്‍ക്കായി നീ കൊളുത്തി വെച്ച ഏതെങ്കിലുമൊരു വെളിച്ചത്തിനുള്ള ഒരു തെളിവ് " അതെ ഈ നോവല്‍ മലയാളത്തിലെ മറ്റൊരു ഇതിഹാസമാണ്. സുഭാഷ്‌ ചന്ദ്രന്‍റെ സുവര്‍ണ തൂലികക്ക് മുന്നില്‍ എന്‍റെ ആദരാഞ്ജലികള്‍!! (ക്ഷമിക്കണം ജീവിച്ചിരിക്കുന്ന സുഭാഷ് ചന്ദ്രന് ആദരാഞ്ജലികള്‍ അര്‍പിക്കുകയോ? ഈ വാക്കിനെ കുറിച്ച് നോവലിസ്റ്റു തന്നെ നമ്മോടു പറയുന്നുന്നത് ഇങ്ങിനെ വായിക്കാം! ആദരാഞ്ജലി എന്ന വാക്കിന് ആദരവോടെയുള്ള കൈകൂപ്പല്‍ എന്നാണ് അര്‍ത്ഥം. നമുക്കത് ജീവിച്ചിരിക്കുന്ന ഒരാള്കും അര്‍പിക്കാവുന്നതെയുള്ളൂ!! രസമിതാണ്:മലയാളികള്‍ക്കിടയില്‍ ആ വാക്കിനു മരണാനന്തരത്തിന്‍റെ മണം പുരണ്ടിരിക്കുന്നു, ആദരാഞ്ജലി എന്ന വാക്കിനപ്പുറം എല്ലാ എപ്പോഴും ഒരുജഡം കിടക്കുന്നത് നാം കാണുന്നു.മരിച്ചവനെ മാത്രമേ മലയാളി കൈകൂപ്പൂ എന്നായിരികുന്നൂ!

തല്പം, പറുദീസാ നഷ്ടം ,ഘടികാരങ്ങള്‍ നിലക്കുന്ന സമയം തുടങ്ങിയ ചെറു കഥകളി ലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച സുഭാഷ്‌ തന്‍റെ ആദ്യ നോവലിലൂടെ മലയാള സാഹിത്യത്തിന്‍റെ ഉന്നതങ്ങള്‍ കീഴടക്കിയിരിക്കുന്നു. (വില 195രൂപ)