Showing posts with label രാജേഷ് ചിത്തിര. Show all posts
Showing posts with label രാജേഷ് ചിത്തിര. Show all posts

Thursday, January 2, 2014

ജീവിതത്തിന്റെ ബാന്‍‌ഡ്‌വിഡ്‌തില്‍ ഒരു കാക്ക

പുസ്തകം : ജീവിതത്തിന്റെ ബാന്‍‌ഡ്‌വിഡ്‌തില്‍ ഒരു കാക്ക
രചയിതാവ് : മനോരാജ്
പ്രസാധകര്‍ : സൈകതം ബുക്സ്
അവലോകനം : രാജേഷ് ചിത്തിര
തൊട്ട് ആശുദ്ധമാകപ്പെടലുകളില്‍ നിന്ന്  മുഖ്യധാരാ അച്ചടിമാധ്യമങ്ങള്‍ അകറ്റി നിര്‍ത്തിയിരുന്ന ഒരു കൂട്ടം എഴുത്തൂകാരുടെ വിരലുകളെയും മനസുകളെയും ചേര്‍ത്ത് നിര്‍ത്തുന്ന കണ്ണിയായിരുന്നു ബ്ലോഗ്‌ എന്ന മാധ്യമം അതിന്റെ വസന്തം എന്ന് ഇപ്പോള്‍ സംശയിക്കെണ്ടിയിരുന്ന ഒരു കാലത്ത്. അതെ കാലത്ത് കഥയുടെ വ്യത്യസ്ത വഴികളുമായി ബ്ലോഗ്‌ വായനക്കാരുടെ മനസ്സില്‍ നിറഞ്ഞു നിന്ന കഥയെഴുതുകാരില്‍ ചിലരായിരുന്നു, സുരേഷ് ബാബു, ബിജു കുമാര്‍ ആലംകൊട്, മനോരാജ് , ശിവകാമി എച്ച്മുകുട്ടി, റോസിലി ജോയ് തുടങ്ങിവര്‍. ഇവരില്‍ പലരുടെയും കഥകള്‍ സമാഹാരങ്ങളായി അനുവാചകന് മുന്നിലെത്തുകയും പലതും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.ഇത്തരം പുസ്തകങ്ങളില്‍ ഈയ്യടുത്ത് പുറത്തിറങ്ങിയ കഥാസമാഹാരമാണ് മനോരാജിന്റെ “ജീവിതത്തിന്റെ ബാന്‍ഡ് വിഡ്ത്തില്‍ ഒരു കാക്ക.”പതിനഞ്ചു കഥകളുടെ കൂട്ടായ്മയായ ഈ പുസ്തകത്തിലെ മനോരാജിന്റെ പല കഥകളുടെ പേരുകളും വളരെ ആകര്‍ഷകങ്ങളാണ്. പ്രത്യേകിച്ചും ഹോളോ ബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം,ഒരു എക്സ്റേ മെഷിന്റെ ആത്മഗതം,ആ ഞരമ്പ് രോഗികളുടെ വാര്‍ഡ്‌ ,പ്രസവിക്കാന്‍ താത്പര്യമുള്ള യുവതികളുടെ ശ്രദ്ധയ്ക്ക് തുടങ്ങിയവ.സാമൂഹിക പ്രതിബദ്ധത, തുടങ്ങി ആഭാവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് ബ്ലോഗിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും തങ്ങളുടെ എഴുത്തിന്റെ ലോകത്ത് വ്യാപരിക്കുന്ന ഈ തലമുറ എഴുത്തുകാര്‍ക്കിടയില്‍. എഴുത്തിന്റെ ഭൂമിക നൂറ്റാണ്ടുകളായി ചുറ്റിത്തിരിഞ്ഞിരുന്ന ഇട്ടാവട്ടലോകത്തില്‍ നിന്നും അതിവിശാലമാക്കപ്പെടുകയും അനുഭവങ്ങള്‍ തങ്ങളുടെതില്‍ നിന്നും കേട്ടുകേള്‍വി മാത്രമായിരുന്ന വര്‍ണ്ണവര്‍ഗ സമൂഹങ്ങളുടെത് കൂടിയാക്കപ്പെടുകയും ചെയ്യുന്നുണ്ട് പുതിയ തലമുറ എഴുത്തില്‍. മനോരാജിന്റെ എഴുത്ത് ലോകം തനിക്കു ചുറ്റുമുള്ളവരുടെ അനുഭവഭൂമികകള്‍ ആണ്. അത് മനുഷ്യന്റെ നന്മകളുടെ ആഘോഷവും മനുഷ്യത്വമില്ലായ്മയോടുള്ള തള്ളിപ്പറയലുമാണ്.


സക്കറിയയുടെ വളരെ പ്രശസ്തമായ ഒരു കഥ ഓര്‍മ്മിക്കുന്നു. അവിവാഹിതനും വൃദ്ധനുമായ ഒരു മനുഷ്യന്‍ തന്നെ കാണാന്‍ വന്ന ചെറുപ്പക്കാരിയായ സഹപ്രവര്‍ത്തകയുടെ കാമുകനൊപ്പം (പ്രതിശ്രുത വരന്‍)  സഹപ്രവത്തകയുടെ ഫ്ലാറ്റില്‍ എത്തുന്നതാണ് കഥാ പരിസരം. വൃദ്ധന്റെ വാക്കുകളിലൂടെ അയാള്‍ക്ക് സഹപ്രവത്തകയോടുള്ള സ്നേഹം ,വാത്സല്യം ഒക്കെ വെളിവാകുന്നു യാത്രക്കിടയില്‍. ചെറുപ്പക്കാരെ രണ്ടു പേരെയും അയാള്‍ അതീവ വാത്സല്യത്തോടെ തന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു എങ്കിലും അവര്‍ മറ്റ്‌ അത്യാവശ്യം പറഞ്ഞു അയാള്‍ക്കൊപ്പം പോവുന്നില്ല.അവരുടെ വാക്കുകളിലൂടെ വൃദ്ധനോട് ചെറുപ്പക്കാര്‍ക്കുള്ള അവജ്ഞ പുറത്ത് വരികയും ചെയ്യുന്നു. കാപട്യത്തിന്റെ മുഖം മൂടികള്‍ അണിഞ്ഞവരുടെ ലോകത്തെ പറ്റി സക്കറിയ 1965 ലോ മറ്റോ എഴുതിയ കഥ ഇപ്പോഴുംവര്‍ഷങ്ങള്‍ക്കു ശേഷവും പ്രസക്തമാവുന്നു.മനോരാജിന്റെ കഥകളിലും ഉണ്ട് ഇത്തരം കഥാപരിസരങ്ങള്‍. ഒരുകൂട്ടം നാട്ടുകാര്‍ക്ക് തന്റെ ജന്മദിനത്തില്‍ സദ്യ നല്‍കിയ ശേഷം അതെ ചടങ്ങിന്റെ ഫോട്ടോകള്‍ അനാഥരായ മനുഷ്യര്‍ക്ക് താന്‍ നല്‍കിയ സഹായങ്ങളുടെ തെളിവായി പ്രദര്‍ശിപ്പിച്ച ഒരാളെ ഓര്‍ക്കുന്നുണ്ട്. ഈ പുസ്തകത്തിലെ ‘ഹോളോ ബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം’ എന്ന കഥയുടെ പരിസരവും ഇത്തരത്തില്‍ ഒന്നാണ്. അനാഥയായ ഒരു വൃദ്ധയ്ക്ക് ചികിത്സ നല്‍കുന്ന ആശുപത്രി അധികൃതര്‍ ആ വൃദ്ധയെ തങ്ങളുടെ ചാരിറ്റിയുടെ തെളിവായി ചാനലുകള്‍ക്ക് മുന്നില്‍ വിളമ്പുന്നത് വളരെ ഹൃദയസ്പര്‍ശിയായി അവതരിക്കുന്നു മന്നോരാജ് ഈ കഥയില്‍.ചാനല്‍ ഷൂട്ടിംഗ് നു ശേഷം ആശുപത്രിയില്‍ നിന്ന് പുറത്ത് വിടപ്പെടുന്ന വൃദ്ധയാവട്ടെ, സ്വന്തമായി തലചായ്ക്കാന്‍ ഇടം കൂടി ഇല്ലാതെയാവുന്നു.ഹരിചന്ദനം എന്ന കഥയാവട്ടെ കാലികപ്രസക്തമാണ്. ഒരു പക്ഷെ മുന്‍വിധികള്‍ കൊണ്ട് സമ്പന്നം എന്ന് ഒറ്റനോട്ടത്തില്‍ പറഞ്ഞെക്കാവുന്ന ഈ കഥ ചില പ്രസക്തമായ ചോദ്യങ്ങള്‍ക്ക് വഴിമരുന്നിടുണ്ട് താനും.വായനാസുഖ സമൃദ്ധമെന്നു അടിവരയിടുന്നു ഈ സമാഹാരത്തിലെ ഓരോ കഥകളും.

Thursday, August 30, 2012

ടു നോ എ വുമന്‍ (To know a woman)

പുസ്തകം : ടു നോ എ വുമന്‍ (To know a woman)
രചയിതാവ് : അമോസ് ഓസ്
പ്രസാധകര്‍ : ഹാര്‍‌വെസ്റ്റ് ബുക്‌സ്

അവലോകനം : രാജേഷ് ചിത്തിര





ഇസ്രായേലി നോവലിസ്റ്റ്‌ അമോസ് ഓസിന്റെ ടു നോ എ വുമന്‍ (ഒരു പെണ്ണിനെ അറിയാന്‍ ) ആണ് ഈയടുത്ത് വായിച്ച ഒരു പുസ്തകം .ആദ്യമായാണ് ഈ നോവലിസ്റ്റിന്റെ ഒരു നോവല്‍ വായിക്കുന്നത്. ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ കുറ്റാന്വേഷകനായ യോല്‍ റാവിദ് തന്റെ ഭാര്യയുടെ ആകസ്മിക മരണത്തില്‍ -അതു വൈദ്യുതാഘാതം മൂലം സംഭവിക്കുന്നതാണ് ,വളരെ ദൂരുഹമായി മരണസമയത്ത് യോലിന്റെ ഭാര്യ അയല്‍ക്കാരനെ ചുറ്റിപ്പിണഞ്ഞ രീതിയിലാണ് കാണപ്പെടുന്നത്- തന്നെ ഏല്‍പ്പിച്ച ദൌത്യം ഇടക്ക് വച്ചു അവസാനിപ്പിച്ചു മടങ്ങുകയാണ് .രഹസ്യാന്വേഷണത്തില്‍ വിദഗ്ദനായ യോലിനു സ്വന്തം ഭാര്യയെ സംബദ്ധിച്ച് വളരെ സംശയങ്ങള്‍ ഉണ്ടെങ്കിലും ഒന്നും കണ്ടെത്താനാവുന്നില്ല .മരണത്തെ തുടര്‍ന്നു ജോലിയുപേക്ഷിച്ചു പതിനെട്ടു മാസത്തോളും ഏകാന്തവാസത്തിലാവുന്ന യോലിന്റെ ജീവിതത്തില്‍ വളരെ വ്യത്യസ്ത സ്വഭാവക്കാരായ അമ്മയും അമ്മായി അമ്മയും മകളും വളരെ വിചിത്രമായ അനുഭവങ്ങളാണ് പങ്കു വെയ്ക്കുന്നത്.ഇതിനിടയില്‍ യോല്‍ പങ്കിടുന്ന യാത്രികസൌഹൃദങ്ങളും വളരെ വ്യത്യസ്തമായ അയലക്കറി ആന്‍മേരിയോടുള്ള പ്രണയവും അവരുടെ ലൈംഗികാനുഭവങ്ങളും വളരെ മനോഹരവും വ്യത്യസ്തവുമായി പറഞ്ഞിരിക്കുന്നു. വളരെ വിശാലമായ ഒരു കഥാപരിസരം പ്രതീക്ഷിക്കാവുന്ന ഒരു ചാരന്റെ കഥ വളരെ ചെറിയ ഒരു ചുറ്റുപാടില്‍ എന്നാല്‍ സമകാലിന ഇസ്രായേലിന്റെ മനസു കൂടി ചേര്‍ത്ത് മനോഹരമായി പറയാന്‍ അമോസ് ഓസിനു കഴിഞ്ഞു .ചില ചിന്താധാരകളും ഓര്‍മ്മപ്പെടുത്തലുകളും വായനക്കാരനില്‍ അവശേഷിപ്പിക്കാന്‍ കൃത ഹസ്തനായ നോവലിസ്ടിനു കഴിഞ്ഞിട്ടുണ്ട് .ഒരു നല്ല വായനക്ക് പറ്റുന്ന പുസ്തകം

Monday, November 7, 2011

സാന്‍ഡ്‌ വിച്ച്


പുസ്തകം : സാന്‍ഡ്‌ വിച്ച്
രചയിതാവ് : സിന്ധു മനോഹരന്‍
പ്രസാധനം : മാതൃഭൂമി ബുക്സ്
അവലോകനം : രാജേഷ് ചിത്തിര






2007 ലെ മാതൃഭുമി ബുക്സ് നടത്തിയ നവാഗതരുടെ നോവല്‍ രചനാ മത്സരത്തില്‍ പ്രസിദ്ധീകരണാർഹമായതാണ് ഈ കൃതി. വേണ്ടത്ര നിരൂപക ശ്രദ്ധ കിട്ടാതെ പോയി അല്ലെങ്കില്‍ ഒരു പക്ഷെ കാലം തെറ്റി വന്ന എന്നു കരുതേണ്ട (ഓ.വി വിജയന്‍റെ ഖസാക്ക് ഉദാഹരണം) ഈ നോവലിന്റെ മുഖവുരയില്‍ ശ്രി.ഓ.കെ ജോണി പറയും പോലെ ഗതാനുഗത്വത്തില്‍ നിന്ന് സ്വയം മോചിപ്പിക്കപ്പെട്ട ഒരെഴുത്തുകാരിയുടെ സ്വാതന്ത്ര്യബോധത്തിന്റെ അടയാളമായി വായിക്കപ്പെടെണ്ടത് തന്നെയാണ് കാവ്യഭംഗിയുള്ള ഈ നോവല്‍.

നാലു ചുമരുകളുടെ ചുറ്റളവില്‍ അവധിക്കാലം കളിച്ചു തീര്‍ക്കുന്ന പ്രവാസി കുഞ്ഞുങ്ങളുടെ ഒന്നും ഓര്‍മിക്കാന്‍ ബാക്കിയില്ലാത്ത ഒഴിവുകാലത്തില്‍ നിന്ന് തുടുങ്ങുന്ന നോവല്‍ ഒരു ശരാശരി പ്രവാസിയുടെ പ്രത്യേകിച്ചൊന്നും രേഖപ്പെടുത്താനില്ലാത്ത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാവുന്നു.ജോലിയന്ന്വേഷനതിനിടയില്‍ വീട്ടമ്മ ചുറ്റുപാടും കാണുന്ന കാഴ്ചകള്‍ക്ക് ഒരു ആഗോള മാനം കൈവരുന്നത് ചൂഷണം ചെയ്യപ്പെടുന്ന ഫിലിപ്പിനോ പെണ്‍കുട്ടികളുടെ നിസ്സഹായതവസ്ഥയും പ്രസവിക്കാന്‍ മാത്രം വിധിക്കപ്പെട്ട പാക്കിസ്ഥാനി വീട്ടമ്മയുടെ ഗര്‍ഭാലസ്യത്താല്‍ ചുരുണ്ട, ഉണങ്ങാന്‍ കിടക്കുന്ന കന്തൂറയുടെ കാഴ്ചകളുമാണ്.

പുറമേ നിന്ന് നോക്കുമ്പോള്‍ എല്ലാം ഭദ്രമെന്ന് തോന്നുന്ന ഒരു പ്രവാസി കുടുംബത്തില്‍ അനുഭവിക്കുന്ന വേദനകളെ ഒരു വീട്ടമ്മയുടെ കണ്ണിലൂടെ നോക്കി ക്കനുന്നുണ്ട് നോവലിസ്റ്റ്. സ്വന്തം താല്പര്യങ്ങള്‍ അയല്പക്കകാരുടെ ഇഷ്ടങ്ങള്‍ക്ക് മുന്നില്‍ അണകെട്ടി നിര്‍ത്തേണ്ട നിസ്സഹായത അവസ്ഥയുണ്ട്, എന്തിനെയും ചിലാകുന്ന പണത്തിന്റെ കണ്ണിന്റെ കണ്ണിലൂടെ കാണുന്ന ഭര്‍ത്താവിന്റെ ശാസനകളുണ്ട്. ഇവയ്ക്കിടയില്‍ ടോമില്‍ നിന്ന് രക്ഷപെടാനുള്ള ജെറിയുടെ മാനസികാവസ്ഥ കൈവരുന്നുണ്ട്‌ നായികയായ വീട്ടമ്മക്ക്‌. സ്വത്വം വെടിഞ്ഞുള്ള കൂട്ടായ്മകളില്‍ ഒറ്റപെട്ടു പോകുന്ന സൌഹൃദമെന്ന് വിശ്വസിക്കുന്ന ബന്ധങ്ങളുടെ കാണാപ്പുറങ്ങളില്‍ വഞ്ചിക്കപ്പെടുന്ന മനസ്സ് ചുരുങ്ങിയ വാക്കുകളില്‍ വളരെ ഫലവത്തായി വരച്ചു കാട്ടുന്നുണ്ട്. ഗ്ലോബലില്‍ വില്ലേജില്‍ മറ്റാരും കാണാത്ത ഗ്ലോബല്‍ വേദനകള്‍ കാണുന്ന നായികയുടെ സുഹൃത്ത്‌ നായികയുടെ മറുപുറമാണ്. ജീവിതത്തിന്റെ വിജയത്തിനായി സാഹചര്യങ്ങളുമായി എതളവു വരെയും അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറുള്ള മാനസികാവസ്ഥയുള്ള സുഹൃത്ത്‌ സിനിയുമായുള്ള ബന്ധം വളരെ വ്യത്യസ്തമായി എഴുതി ചേര്‍ത്തിരിക്കുന്നു. കല്‍ക്കണ്ടത്തിന്റേയും മുന്തിരിയുടേയും ചൂടുള്ള ശരീരങ്ങളുടെ ഇഴുകി ചേരലുകക്കള്‍പ്പുറം പരസ്പരം മനസിലാക്കുന്ന വൈരുധ്യങ്ങളാവുന്നുണ്ട് ഇവര്‍ രണ്ടു പേരും.

പ്രണയത്തിന്റെ നോവും വ്യവസ്ഥാപിത കുടുംബബന്ധങ്ങളുടെ താളപ്പിഴകളുമെല്ലാം വളരെ ശക്തവും എന്നാല്‍ കാവ്യാത്മകവുമായി പറഞ്ഞു പോകുമ്പോള്‍ നുണ പറഞ്ഞാല്‍ കല്ലായിപ്പോകുമെന്നു വിശ്വസിച്ചിരുന്ന ഒരു നാടന്‍ പെണ്‍കുട്ടിയുടെ വളരെ ഒതുങ്ങിയ ചിന്തകളില്‍ നിന്ന് ചോരയൊലിപ്പിക്കുന്ന വിലകൂടിയ ചോക്ലേറ്റു പോലെയുള്ള നഗരത്തിലെ കാണാക്കാഴ്ചകളിലേക്ക് വിപണനത്തിന്റെ ആഗോള ഗ്രാമങ്ങളിലെ പുത്തന്‍ വിലപേശലുകളില്‍, സ്വന്തം ആദര്‍ശങ്ങള്‍ക്കു മുന്‍പില്‍ ഉപേക്ഷിക്കേണ്ടി വരുന്ന വീടിന്റെയും പ്രണയത്തിന്റെയും സൌഹൃദങ്ങളുടെയും കഥകള്‍ വളരെ അനായാസമായി വായനക്കാരന്റെ മുന്നില്‍ നോവായി വന്നു നിറയുന്നുണ്ട്.

ഒന്നിനും ക്ഷമയില്ലാത്ത ഒരു ലോകത്ത്, സാന്‍ഡ്‌ വിച്ച് പോലെ എല്ലാം ആദ്യവും അവസാനവും ഒറ്റയടിക്ക് വിഴുങ്ങേണ്ട അവസ്ഥയില്‍ നോവലിസ്റ്റ് തന്റെ ഭാഷാ തിരയുകയാണ്. ശരീരത്തിന്റെ, നഗ്നതയുടെ, മരുഭൂമിയുടെ ഭാഷ, ഒപ്പം നാല്പത്തിയഞ്ച് പേരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്ണിന്റെ കഥയെഴുതാനുള്ള ഭാഷ. കാമുവും പാമുവും മുകുന്ദനും ഡല്‍ഹിയുമെല്ലാം ഈ തിരച്ചിലിന്റെ ഭാഗമാണ്.ഭര്‍ത്താവിന്റെ അടിവസ്ത്രം തിരുമ്മലിനും, ബലാല്‍ത്സംഗം ചെയ്യപെടുന്ന രാത്രികള്‍ക്കും കാമുകന്റെ തിരസ്കര ണത്തിനും, മൂടുപടമിട്ട സൌഹൃദങ്ങളുടെ പീഡനശ്രമങ്ങള്‍ക്കും ഇടയില്‍ ആ ഭാഷ സ്വയം തിരിച്ചറിയുന്നുണ്ട്. എന്റെ ഭാഷ മരുഭുമിയുടെ ഭാഷയാണ്‌, കള്ളിച്ചെടിയുടെ ഉള്ളിലെ ജലമാണ്. കരയിപ്പിക്കാനും ചിരിപ്പിക്കാനും കഴിവുള്ള അലിവുള്ള മേഘങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പുകളാണ്.

ശക്തമായ സ്ത്രീപക്ഷ ദര്‍ശങ്ങളാല്‍ വേറിട്ട ഒരു വായനാ അനുഭവമാണ് അന്‍പതോളം പേജുകളിലായി അമ്പതു വ്യത്യസ്ത കവിതകളായി വായിച്ചെടുക്കാവുന്ന ഈ നോവല്‍ . (വില :നാല്പതു രൂപ്)
===========================================================================
അധ്യായം : 7
ക്ലോക്കിലേക്ക് വെറുതേ കുറേ നേരം
നോക്കിയിരുന്നു.
സൂചി ഓരോ അക്കത്തില്‍നിന്നും
അടര്‍ന്നു വീഴുകയാണ്.
മൊബൈല്‍ഫോണ്‍ നിശ്ചലമാണ്.
റിങ്ങ്ടോണുകള്‍ മാറ്റി മാറ്റി കളിച്ചു.
ഇല്ല, ആരും വിളിക്കാനില്ല.
ഈ ആഗോളഗ്രാമത്തില്‍
എല്ലാവരുടേയും കൈയില്‍ ഫോണുണ്ട്.
എന്നാല്‍ എന്നെ
വിളിക്കാന്‍മാത്രം ആരുമില്ല.
പിന്നെയൊന്നേ ചെയ്യാനുണ്ടായിരുന്നുള്ളു.
പതിവു വാദ്യോപകരണത്തില്‍
വിരലുചേര്‍ത്തു
അതില്‍നിന്ന് പലതരത്തിലുള്ള
സംഗീതം ഉയര്‍ന്നു.
അതില്‍ ലയിച്ചങ്ങനെ കിടക്കുമ്പോള്‍ ഓര്‍ത്തു.
വെറുതെയല്ല അയാള്‍ പറഞ്ഞത്
ഞാന്‍ എനിക്കിഷ്ടമുള്ളതുപോലെ
ജീവിക്കുമെന്ന്.
ഇഷ്ടമുള്ളതുപോലെ ജീവിക്കാന്‍
ഒരു സുഖമുണ്ട്.
അയാള്‍ അയാള്‍ക്കിഷ്ടമുള്ളതുപോലെ
ജീവിക്കട്ടെ.
ഞാന്‍ എനിക്കിഷ്ടമുള്ളതുപോലെ ജീവിക്കും.
ഈ ലോകം മുഴുവനും
ഇഷ്ടമുള്ളതുപോലെ ജീവിക്കുന്നവരെക്കൊണ്ടു
നിറയട്ടെ.
രതിമൂര്‍ച്ഛയില്‍
അറിയാതെ ഞരങ്ങിപ്പോയി.
=====================================
അധ്യായം : നാല്‍പത്‌
എന്റെ ഭാഷ എന്താണ് ഒരിക്കല്‍ മരുഭൂമി കാറ്റിനോട് ചോദിച്ചു.
കാറ്റ് മണലില്‍ വെറുതെ ചിത്രങ്ങള്‍ വരച്ചതല്ലാതെ
മറുപടിയൊന്നും പറഞ്ഞില്ല.
സൂര്യനോടും
മഴയോടും
മഞ്ഞിനോടും
മരുഭൂമി ഇതേ ചോദ്യം ആവര്‍ത്തിച്ചു
നിറമില്ലാത്ത മണലിലൂടെ ഉഴറിനടക്കുന്ന
ഒട്ടകങ്ങളോടും
മൂക്കും മുലയും
ചെത്തിയ
ശൂര്‍പ്പണഖമാരെപ്പോലെയുള്ള
ഈന്തപ്പനകളോടും ചോദിച്ചു.
ഒടുവില്‍ കള്ളിച്ചെടിയാണ്
അത് പറഞ്ഞത്.
നിന്റെ ഭാഷ എന്റെ ഉള്ളിലെ ജലമാണ്.
കരയിപ്പിക്കാനും ചിരിപ്പിക്കാനും
കഴിവുള്ള
അലിവുള്ള
മേഘങ്ങള്‍ക്ക് വേണ്ടിയുള്ള
കാത്തിരിപ്പുകളാണ്