Friday, December 27, 2013

കഥകള്‍

പുസ്തകം : കഥകള്‍
രചയിതാവ് : സിത്താര.എസ്.
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ഉഷാകുമാരി.ജി.


ശരീരത്തെക്കുറിച്ചുള്ള പെണ്ണെഴുത്ത് മലയാളത്തില്‍ പുരുഷാധിപത്യസങ്കല്‍പ്പങ്ങളെ എതിര്‍നിലയില്‍ നിര്‍ത്തിക്കൊണ്ടാണ് പൊതുവെ കടന്നുവരാറ്. പ്രതിരോധം എന്ന ഒരു ആവശ്യാത്മകബോധം അവ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം കഥകളില്‍ ആവിഷ്‌കാരത്തേക്കാള്‍ പ്രബലമായ ഘടകം പ്രതിരോധമായിരുന്നു. ചെറുത്തുനില്‍പ്പിന്റെ അടയാളമായിക്കൊണേ്ട ശരീരം എഴുതാനാവൂ എന്നൊരവസ്ഥ ഇതിനകം സ്ത്രീരചനകളില്‍ പ്രബലമായിട്ടുണ്ട്. ഇവയില്‍നിന്നു വ്യത്യസ്തമായി പുരുഷാധിപത്യപരമായ ആഗ്രഹവസ്തുവായി സ്ത്രീയെ രൂപപ്പെടുത്തുന്ന എഴുത്തുകളും ഇല്ലെന്നല്ല.  എന്നാല്‍, പൊതുവെ പെണ്‍കഥകളിലെ ശരീരം ഒരു പടയോട്ടഭൂമിയാണ്.
ഇരയ്ക്ക് ആവിഷ്‌കാരങ്ങളില്ല, വിധേയത്വം മാത്രം. ഈയവസ്ഥയെ മറികടക്കുന്ന കഥകള്‍ മാധവിക്കുട്ടിയും ഗ്രേസിയുമൊക്കെ എഴുതിയിട്ടുണ്ട്. പെണ്ണെഴുത്തിന്റെ പരികല്‍പ്പനകള്‍ മേല്‍ക്കൈ നേടിയ കാലത്ത് അവ പിന്തിരിപ്പന്‍ കഥകളായി വായിക്കപ്പെട്ടിരുന്നു. എന്നാല്‍, മാറിയ കാഴ്ചപ്പാടില്‍ ഈ കഥകള്‍ക്കു വേറൊരു മാനം കൈവരുന്നുണ്ട്. പുതിയ തലമുറയുടെ ഘട്ടത്തിലേക്കു വരുമ്പോള്‍ ഇങ്ങനെയൊരു ചരിത്രബന്ധം നമുക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കും. കെ.ആര്‍. മീരയും സിതാരയും ഇന്ദുവും രേഖയുമുള്‍പ്പെടുന്ന പുതിയ കഥാകാരികള്‍ കഥാചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്.
സിതാരയുടെ കഥകള്‍ എന്ന ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥകളിലൊന്നായ'അഗ്നി' സ്ത്രീശരീരത്തിന്റെ ഇര എന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട നിലയെ അട്ടിമറിക്കുന്നുണ്ട്. 'ഓഫിസിനടുത്ത് ഫോണ്‍ബൂത്ത് നടത്തുന്ന സഞ്ജീവ്, ബസ്സില്‍വച്ച് ശല്യം ചെയ്തതിന് ഒരിക്കല്‍ താന്‍ കരണത്തടിച്ച രവി, മീശമുളയ്ക്കാത്ത മറ്റൊരുവന്‍ എന്നിങ്ങനെ മൂന്നു പേരാല്‍ ആളൊഴിഞ്ഞ ഇടവഴിയില്‍ വച്ച് ബലാല്‍സംഗം ചെയ്യപ്പെടുകയാണ് പ്രിയ. തീര്‍ച്ചയായും ബലാല്‍സംഗത്തിന് വിധേയയായ ഒരു സ്ത്രീയുടെ സംഭീതിയും തകര്‍ച്ചയും കടുത്ത രോഷവും അപമാനവുമൊക്കെ അവളനുഭവിക്കുന്നുണ്ട്. ആസക്തിയേക്കാളുപരി കീഴടക്കലും ആധിപത്യം സ്ഥാപിക്കലും അപമാനിക്കലുമാണ് ബലാല്‍സംഗത്തിന്റെ യുക്തിയെന്ന് ''ആണിയിളകിയ മരസാമാനംപോലെ' കിടന്നുകൊണ്ട് അവള്‍ ചിന്തിക്കുന്നു. ആ ആലോചനയില്‍ അവള്‍ സ്വയം കുറ്റപ്പെടുത്തുന്നുമുണ്ട്, തന്റെ അപമാനബോധം ശിഥിലീകരിച്ചതില്‍. 'ഈ ശൈഥില്യം മൂര്‍ത്തമാകുന്നത് മറ്റൊരു സന്ദര്‍ഭത്തിലാണ്. തന്നെ ഭീഷണിപ്പെടുത്താനായി കാത്തുനിന്ന ബലാല്‍സംഗികളെ പിറ്റേന്ന് അവള്‍ നേരിടുന്നു. സഞ്ജീവിനോട് ''നീ ഒട്ടും പോരായിരുന്നെ'ന്നു പറയുമ്പോള്‍ അയാള്‍ തകര്‍ന്നുപോവുകയാണ്. പുരുഷാധിപത്യം ആവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന ഇരയുടെ ദൈന്യതയ്ക്കു പകരം സ്വന്തം ശരീരാനുഭവം, ലൈംഗികാനന്ദം- അതു കൃത്രിമമായി നടിക്കുന്നതാണെങ്കില്‍ കൂടി- പ്രകടിപ്പിക്കുന്ന സ്ത്രീയായാണ് പ്രിയ നില്‍ക്കുന്നത്.  ബലാല്‍സംഗം ചെയ്യപ്പെട്ട  സ്ത്രീ സ്വന്തം ലൈംഗികാനുഭവത്തെക്കുറിച്ച് ഇരയുടെ അപമാനബോധത്തില്‍നിന്ന് വിട്ട് ഒരു വിധികര്‍ത്താവിന്റെ നിലയില്‍ സംസാരിക്കുന്നത് തീര്‍ച്ചയായും ഒരു വിച്ഛേദമാണ്.
പ്രണയവൈറസ് എന്ന കഥയില്‍ നാം കാണുന്നത് ലൈംഗികതയുടെ അപരിചിതമായ വേറിട്ടൊരു ലോകമാണ്. അവിടെ ലൈംഗികഅധിനിവേശത്തിന്റെ ഇരയായ ഹരി, ഒരു ആണ്‍വേശ്യയാണ്. ശരീരവില്‍പ്പനക്കാരനായ ഹരിയുടെ നനഞ്ഞു നഗ്നമായ പുരുഷശരീരം ഇസബെല്ലിന് ഒരു ആഗ്രഹവസ്തുവാണ്. അവളുമായി ബന്ധപ്പെട്ടതിനാല്‍ ഹരിക്കു ലഭിക്കുന്ന എയ്ഡ്‌സ് തന്നെ ഇഷ്ടപ്പെടുന്ന മറ്റൊരു പെണ്‍കുട്ടിക്കു ഹരി കൈമാറുന്നതോടെയാണ് കഥ         തീരുന്നത്. ഇവിടെ ലൈംഗികതയുടെ ആധികാരികതയും കര്‍തൃത്വവും സ്ത്രീയിലാണ്. നാം പരിചയിച്ചുപോന്ന സ്ത്രീപദവികളെ, ഇരയുടെ നില്‍പ്പിടങ്ങളെ, മറിച്ചിടുകയാണിവിടെ. പ്രജനനസ്വഭാവമുള്ള മാതൃശരീരങ്ങള്‍ക്കു പകരം ഇവിടെ ആസക്തി നിറഞ്ഞ ഒരുവളാണ് സ്ത്രീ.  ആണ്‍/പെണ്‍ എന്നതിലെ സ്ഥിരമായ അധികാരവിന്യാസത്തിന്റെ എതിര്‍നിലകൊണ്ട് മറ്റൊരു ദിശ തന്നെ പ്രണയവൈറസ് കണെ്ടത്തുന്നു. ഇരുപക്ഷത്തുനിന്നുമുള്ള അധികാരവും പ്രശ്‌നവല്‍കൃതമാകുന്ന ഒരിടമാണത്.  അതുകൊണ്ടുതന്നെ സ്ത്രീപക്ഷവീക്ഷണം കൊണ്ടു സാധൂകരിക്കാന്‍ കഴിയുന്നതല്ല ഈ കഥ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.  മെഹബൂബായിലും ലിംഗപദവികളില്‍ ഉറച്ചുപോയ ഇര/വേട്ടക്കാരന്‍ നിലകളെ തിരിച്ചിടുന്നുണ്ട്. സ്ത്രീപക്ഷത്തെതന്നെ സൂക്ഷ്മമായി സംവാദാത്മകമാക്കാന്‍ പ്രാപ്തിയുള്ള കഥകളാണിവ.
സിതാരയുടെ പല കഥകളിലും സ്ത്രീയുടെ ഇരനിലയെ പ്രശ്‌നവല്‍ക്കരിക്കുക മാത്രമല്ല, സ്ത്രീസംവര്‍ഗത്തെതന്നെ പലതരം സ്വത്വനിലകളായി വിന്യസിക്കുന്ന രീതി കാണാം. സ്ത്രീയെ ഒരൊറ്റ സംവര്‍ഗമായി കാണുന്നതിനുപകരം അവരെ വ്യത്യസ്ത കര്‍തൃത്വങ്ങളായി
തിരിച്ചറിയേണ്ടതുണെ്ടന്ന് ഈ കഥകള്‍ പറയുന്നു.  സ്ത്രീകള്‍ ഏകശിലാത്മകമായ സത്തയല്ല,  മുസ്‌ലിം, ദലിത്, ക്രിസ്ത്യന്‍, ബ്രാഹ്മണ, വേശ്യ, കന്യാസ്ത്രി, ഹിജഡ  എന്നുവേണ്ട ഒന്നിനൊന്നു വ്യത്യസ്തമായ ജാതി, വര്‍ഗ, ലിംഗ സ്വത്വങ്ങളാണിവിടെ. നമുക്കു പരിചിതമായ സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെ യുക്തികള്‍ കൊണ്ട് ഇവരുടെ അനുഭവത്തെ അളന്നുകുറിക്കാനാവില്ല.
  ചതിയില്‍ രണ്ടു ഗേകളുടെ ലൈംഗികസ്പര്‍ധയാണ് കഥാവസ്തു.  ഇവിടെ ആധുനികതയുടെ യുക്തി അയഞ്ഞുകൊണ്ട്  കടന്നുവരുന്ന പ്രാന്തവല്‍കൃതമായ ശരീരങ്ങളെ ഇരയുടെ കളത്തിലോ നമ്മുടെ സാമാന്യവല്‍ക്കരിക്കപ്പെട്ട സ്ത്രീപക്ഷരാഷ്ട്രീയത്തിലോ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞെന്നുവരില്ല. സ്വത്വം സ്ഥിരമല്ലെന്നും അതു സാമൂഹിക-രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായി നിര്‍മിക്കപ്പെട്ടതാണെന്നും പരിണാമിയാണെന്നുമുള്ള രാഷ്ട്രീയബോധ്യം ഈ കഥകള്‍ സാധൂകരിക്കുന്നു. സ്വയം നിര്‍ണയസ്വഭാവമുള്ള ശരീരമെഴുത്ത് സ്വത്വത്തെസംബന്ധിച്ച മുന്‍വിധികളോടു കലഹിക്കുന്ന കാഴ്ച  സിതാരയുടെ'കറുത്ത കുപ്പായക്കാരി' പോലെയുള്ള മറ്റു കഥകളിലും കാണാം.  ഇത്തരം നിരവധി കഥകള്‍ ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ശരീരമെഴുത്തിന്റെ ഈ ബഹുലതയാണ് സിതാരയുടെ ഈ സമാഹാരത്തെ ശ്രദ്ധേയമാക്കുന്നത്.

Saturday, December 21, 2013

പള്‍­പ് ഫി­ക്ഷന്‍

പുസ്തകം : പള്‍­പ് ഫി­ക്ഷന്‍
രചയിതാവ് : ല­തീ­ഷ് മോ­ഹന്‍

പ്രസാധകര്‍ : ഫേ­ബി­യന്‍ ബു­ക്സ്, മാ­വേ­ലി­ക്ക­ര

അവലോകനം : ക്രി­സ്പിന്‍ ജോ­സ­ഫ്മ­ല­യാള കവി­ത­യില്‍ പു­ത്തന്‍ ചര­ക്കു­കള്‍ ഇറ­ങ്ങി­ത്തു­ട­ങ്ങി­യെ­ന്ന് പറ­ഞ്ഞാല്‍ മതി­യ­ല്ലോ. കവി­ത­യില്‍ ചര­ക്കു­കള്‍ ഇറ­ക്കു­ന്ന­വര്‍­ക്ക് മി­നി­മം വേ­ണ്ട തണ്ടും തടി­യു­മൊ­ക്കെ ചര­ക്കി­റ­ക്കു­ന്ന­വ­നു­ണ്ടു­താ­നും. തല­തെ­റി­ച്ച നാ­വി­ക­ന്മാര്‍ ആവി­ക്ക­പ്പ­ലു­ക­ളു­മാ­യി ആശ­യ­വി­നി­മ­യ­ത്തി­ന് ഇറ­ങ്ങു­ന്ന തു­റ­മു­ഖ­ങ്ങ­ളു­ണ്ട് ഭൂ­മി­യില്‍.

­തു­ട­യി­ടു­ക്കില്‍
ഇ­ന്നു രാ­ത്രി കപ്പ­ല­ടു­ക്കും­.
­ച­ര­ക്കു­കള്‍ പല­തും വരു­വാ­നു­ണ്ട്.
അ­തി­നു­മ­മ്പ്
അ­ന്തര്‍­വാ­ഹി­നി വെ­ച്ചൊ­രു­
­ക­ളി­യു­ണ്ട്
(­പള്‍­പ് ഫി­ക്ഷന്‍)

അ­തെ­ന്തൊ­രു കളി­യാ­യി­രി­ക്കും, അതി­ന് ഏത് തര­ത്തി­ലു­ള്ള ഗെ­യിം­‌­പ്ലാ­നാ­യി­രി­ക്കും ആവി­ഷ്ക­രി­ക്കു­ക, കളി കാ­ണാ­നാ­യി ആര്‍­ക്കെ­ങ്കി­ലും അവ­സ­ര­മു­ണ്ടാ­കു­മോ എന്നി­ങ്ങ­നെ­യു­ള്ള ചോ­ദ്യ­ങ്ങള്‍ ലതി­ഷ് മോ­ഹ­ന്റെ ­പള്‍­പ് ഫി­ക്ഷന്‍ എന്ന ­പു­സ്ത­കം­ ചു­മ്മാ­ത­ങ്ങ് ചോ­ദി­ക്കു­ന്നു. (ഒ­ന്നു­മി­ല്ലെ­ടാ കൂ­വേ, ആ പോ­കു­ന്ന കപ്പ­ലി­നെ ഒന്നു മറി­ച്ചി­ടാന്‍ നോ­ക്കു­വാ­ന്ന് പറ­ഞ്ഞു­ക­ള­യു­ന്നു­…?)

­കോ­ണി­പ്പ­ടി കയ­റി­വ­രു­ന്ന ശബ്ദ­ങ്ങ­ളൊ­ക്കെ തന്നെ തി­ര­ക്കി­യാ­ണ് വരു­ന്ന­തെ­ന്ന് വി­ചാ­രി­ക്കു­ന്ന ഒരാ­ളെ ഈ കവി­ത­ക­ളില്‍ കാ­ണാം. കോ­ണി­പ്പ­ടി­ക­യ­റി വരു­ന്ന കാ­റ്റി­നെ കത്തി­കാ­ട്ടി തട­ഞ്ഞു നിര്‍­ത്തി കാ­ശു­പി­ടു­ങ്ങു­ന്ന ഒരു ഒന്നാ­ന്ത­രം ഗു­ണ്ടാ­പ്പ­ണി­യാ­ണ് കവി­ത­യെ­ഴു­ത്ത്. (പ­റ­ഞ്ഞ­ത് അപ്പ­ടി ശരി­യാ­ണോ എന്ന­റി­യി­ല്ല. എന്താ­യാ­ലും ലതീ­ഷി­ന്റെ കവി­ത­യെ­ക്കു­റി­ച്ചാ­കു­മ്പോള്‍ അങ്ങ­നെ­യൊ­ക്കെ പറ­യാ­മെ­ന്ന് തോ­ന്നു­ന്നു­.)

­ഗോ­ത്ര­യാ­നം എന്ന കവി­ത­യില്‍ പറ­യു­ന്ന­ത് ആണു­ങ്ങ­ളും പെ­ണ്ണു­ങ്ങ­ളും ഒരു­മി­ച്ച് കു­ളി­ക്കു­ന്ന പൊ­ട്ട­കി­ണ­റാ­യി മാ­റിയ പു­ഴ­യെ­ക്കു­റി­ച്ചാ­ണ്. ഏത് നി­മി­ഷ­വും, ഒരു മു­ന്ന­റി­യി­പ്പു­മി­ല്ലാ­തെ കട­ലാ­യി മാ­റാ­വു­ന്ന ഈ പു­ഴ­യില്‍ കു­ളി­ക്കു­ന്ന­ത് സൂ­ക്ഷി­ച്ചു വേ­ണം. ചി­ല­പ്പോള്‍ ഒരു നാ­വി­ക­നോ അല്ലെ­ങ്കില്‍ കപ്പല്‍­ത്ത­ന്നെ­യോ മു­ടി­യി­ഴ­ക­ളില്‍ കു­ടു­ങ്ങി­പ്പോ­യേ­ക്കാം. കവി­ത­യി­ലാ­കു­മ്പോള്‍ അതി­നു­ള്ള സാ­ധ്യ­ത­കള്‍ അന­ന്ത­മാ­ണ്. (ചു­മ്മാ പു­ളു­വ­ടി­ക്കു­ന്ന­ത­ല്ല, ഈ കവി­ത­ക­ളില്‍ ഒന്ന് തല­വെ­ച്ച് നോ­ക്ക്.)

ഒ­രു കൌ­മാ­ര­ക്കാ­രി­യു­ടെ­
­കൈ പി­ടി­ച്ച്
­മൂ­ന്നു വയ­സ്സു­കാ­ര­നൊ­രു­വന്‍
­ബ്ലാ­ക് ആന്‍­ഡ് വൈ­റ്റ് ഫ്രെ­യി­മില്‍
­ക­യ­റി നില്‍­പ്പു­ണ്ട്
(അ­മ്മ­യെ ഓര്‍­ക്കു­വാ­നു­ള്ള കാ­ര­ണ­ങ്ങള്‍)
­പൊ­ന്ത-

­ക­ഴി­ഞ്ഞ ജന്മ­ത്തില്‍ കഴു­ത­യി­ലാ­യി­രു­ന്ന ചെ­വി­ക­ളു­മാ­യി നില്‍­ക്കു­ന്ന ( മാ­ത്ര­മോ ആഫ്രി­ക്കന്‍ ജി­പ്സി­യു­ടെ മു­ടി­യും) കഥാ­നാ­യ­കന്‍ നമ്മോ­ട് വി­ശേ­ഷ­ങ്ങള്‍ പങ്കു­വെ­യ്ക്കു­ന്നു. മു­ല­പ്പാ­ലി­ന്റെ ഗന്ധം ചി­ത­റി­ക്കി­ട­ക്കു­ന്ന ഓര്‍­മ്മ­യു­ടെ ഫ്രെ­യി­മി­നെ എത്ര അട­ക്കി­വെ­ച്ചി­ട്ടും പു­റ­ത്തു­വ­രു­ന്ന­തി­ന്റെ ആധി­യു­ണ്ട് ഈ കവി­ത­ക­ളില്‍. വീ­ടു നഷ്ട­പ്പെ­ട്ട­വ­ന്റെ ആകു­ല­ത­ക­ളി­ലേ­ക്ക് തെ­രു­വ് ഒരു വഴി­യാ­ത്ര­ക്കാ­ര­നാ­യി കട­ന്നു­വ­രു­ന്ന­ത് അപ്പോ­ഴാ­ണ്. (തെ­രു­വി­നെ ഇത്ര അടു­ത്ത­റി­യാ­വു­ന്ന­ന്റെ ചങ്കു­റ­പ്പ് കാ­ണി­ക്കു­ന്ന കവി­യു­മാ­യി നമ്മു­ക്ക് ഒരു സെ­റ്റ് റമ്മി കളി­ച്ചാ­ലോ­?)

­ല­തീ­ഷ് മോ­ഹ­ന്റെ പള്‍­പ് ഫി­ക്ഷന്‍ എന്ന പു­സ്ത­ക­ത്തി­ലെ കവി­ത­കള്‍ വാ­യ­ന­ക്കാ­രന്‍ എന്ന തര­ത്തില്‍ ഉത്തേ­ജി­പ്പി­ക്കുക തന്നെ ചെ­യ്യും. പോ­സ്റ്റ് ചെ­യ്യാ­ത്ത കത്തു­കള്‍ -1 എന്ന കവി­ത­യില്‍ പറ­യു­ന്ന­ത് പോ­ലെ എത്ര­കാ­ല­മാ­യി അതി­പ്രാ­ചീ­ന­മാ­യി ആ സര്‍­ക്ക­സി­ന്റെ ചു­വ­ടു­ക­ളില്‍ നമ്മള്‍ ചി­ത്ര­ശ­ല­ഭ­ങ്ങ­ളാ­യി­ട്ട്.

ഇ­ന്ദ്രാ­പു­രി ബാ­റി­ന്റെ റൂ­ഫ്ടോ­പ്പില്‍
എ­ന്റെ കൈ­ത­ട്ടി മറി­ഞ്ഞ നി­ന്റെ വോ­ഡ്ക
­ന­മ്മു­ടെ രൂ­പ­ക­ങ്ങള്‍
­ബോ­റ­ടി­പ്പി­ക്കു­ന്ന വി­ധം പഴ­യ­ത്
(­ട്രോ­പ്പി­ക്കല്‍ മോ­ണോ­ലോ­ഗ്)

എ­ന്ന് പറ­യു­ന്ന­വ­നെ തി­രു­വ­ന­ന്ത­പു­ര­ത്തെ ഇന്ദ്രാ­പു­രി­യു­ടെ റൂ­ഫ്‌­ടോ­പ്പില്‍ വെ­ച്ച് തന്നെ­യാ­ണ് കാ­ണേ­ണ്ട­ത്. ബി­യര്‍ ബോ­ട്ടി­ലു­ക­ളു­മാ­യി മു­ഖാ­മു­ഖ­മി­രി­ക്ക­ണം. കൈ­യ്യില്‍ ചു­രു­ട്ടോ, ബീ­ഡി­യോ ആവാം. ­ക­പ്പല്‍ നഷ്ട­പ്പെ­ട്ട ചട­ച്ച നാ­വി­ക­നെ നമ്മു­ക്ക് തെ­രു­വി­ലെ മഴ­യി­ലേ­ക്ക് ഇറ­ക്കി­വി­ട­ണം, സ്വ­ത­ന്ത്ര­നാ­ക്ക­ണം. ബോ­റ­ടി­ക്കു­ന്ന പഴയ രൂ­പ­ക­ങ്ങള്‍ എത്ര­വേ­ഗ­മാ­ണ് നമ്മു­ടെ നാ­വില്‍ തെ­റി­യു­ടെ രൂ­പം പ്രാ­പി­ക്കു­ന്ന­ത്. ( ‌നി­ന്നെ പറ­യാ­ത്ത തെ­റി കി­ട­ന്നെ­ന്റെ നാ­വ് കു­ഴ­യ്ക്കു­ന്നു­വെ­ന്ന് ഞാന്‍ പറ­യു­ന്നി­ല്ല കൂ­വേ) തമ്പാ­നൂ­രെ പൊ­ലീ­സ് സ്റ്റേ­ഷ­നില്‍ കു­റ­ച്ചു­പേര്‍ ഒരു പണി­യു­മി­ല്ലാ­തെ ഇരു­ന്ന് ഉറ­ക്കം തൂ­ങ്ങു­ന്നു­ണ്ടാ­വും. അവ­രെ വെ­റു­തേ വി­ട്ടേ­ക്കാം, തെ­റി­യു­ടെ രൂ­പ­ക­ങ്ങ­ളു­മാ­യി നമ്മു­ക്ക് വീ­ടു പി­ടി­ക്കാം­.

­ല­തീ­ഷി­ന്റെ കവി­ത­കള്‍ നമ്മു­ക്ക് തരു­ന്ന­ത് ഗി­റ്റാ­റില്‍ ഒളി­പ്പി­ച്ചു­ക­ട­ത്തിയ ഓപ്പി­യ­ത്തി­ന്റെ ലഹ­രി­യാ­ണ്. ഉത്ത­ര­കാ­ശി­യില്‍ പോ­കു­മ്പോള്‍ വാ­ങ്ങി­വ­ലി­ക്കു­ന്ന ചര­സ്സി­ന്റെ ഓര്‍­മ്മ­വ­രും പല­പ്പോ­ഴും ഈ കവി­ത­കള്‍ വാ­യി­ക്കു­മ്പോള്‍. പേ­രു പറ­യാ­നാ­ണെ­ങ്കില്‍ ഒരു­പാ­ട് കവി­ത­ക­ളു­ണ്ട് ഈ പു­സ്ത­ക­ത്തില്‍. ഋ, ആമ­ര­മീ­മ­രം, പള്‍­പ് ഫി­ക്ഷന്‍, ഗോ­ത്ര­യാ­നം അങ്ങ­നെ ഒരു­പി­ടി കവി­ത­കള്‍. (പേ­ജ് : 64 വില : 40)

ഈ തെ­രു­വ് എന്റേ­താ­ണ്.
ഒ­രു രാ­ജ്യ­ദ്രോ­ഹി­യും­
എ­ന്റെ മച്ചാ­ന­ല്ല.
­സ­ഹോ­ദ­രി­മാ­രെ­യും­
അ­മ്മ­മാ­രെ­യും ഞാന്‍ സം­ര­ക്ഷി­ക്കും­.
­ക­ലു­ങ്കി­ലി­രു­ന്ന് കമ­ന്റ­ടി­ക്കു­ന്നു­വ­നെ­
­കാ­ച്ചി­ക്ക­ള­യും­.
അ­ടി­വ­സ്ത്ര­മി­ടാ­തെ­
­രാ­ത്രി നി­ര­ത്തി­ലി­റ­ങ്ങു­ന്ന­വന്‍
അ­ക­ത്തു കി­ട­ക്കും­.
­മു­ഴു­വന്‍ ദൈ­വ­ങ്ങ­ളും­
­നീ­ണാള്‍ വാ­ഴേ­ണം­.
Jesus fuckin Christ
എ­ന്നു പറ­ഞ്ഞ­വന്‍
­നാ­ടു­നീ­ങ്ങും, നൂ­റു­ത­രം­

Monday, December 16, 2013

മഞ്ഞവെയില്‍ മരണങ്ങള്‍

പുസ്തകം : മഞ്ഞവെയില്‍ മരണങ്ങള്‍
രചയിതാവ് : ബെന്യാമിന്‍
പ്രസാധകര്‍
: ഡി.സി.ബുക്സ്
അവലോകനം : മനോരാജ്


ടുജീവിതത്തിലൂടെ മരുഭൂമിയിലെ പൊള്ളുന്ന ജീവിതചിത്രങ്ങള്‍ മലയാളി വായനക്കാര്‍ക്ക് സമ്മാനിച്ച ബെന്യാമിന്‍ വ്യത്യസ്തമായ മറ്റൊരു പ്രമേയപരിസരവുമായി വീണ്ടും മലയാള സാഹിത്യപ്രേമികളെ വിസ്മയിപ്പിക്കുന്നു! ‘മഞ്ഞവെയില്‍ മരണങ്ങള്‍എന്ന ബെന്യാമിന്റെ പുതിയ നോവല്‍ കഴിഞ്ഞ ദിവസം വായിച്ചു തീര്‍ത്തു. വായിച്ചു തീര്‍ത്തു എന്നതിനേക്കാള്‍ നോവലിലെ കഥാപാത്രങ്ങളായ ബെന്യാമിന്‍, അനില്‍ വെങ്കോട്, ..സലിം, നിബു, സുധി മാഷ്, ബിജു, നട്ടപ്പിരാന്തന്‍ എന്നിവരോടൊപ്പം വ്യാഴചന്തയില്‍ മനസ്സുകൊണ്ട് പങ്കെടുത്തു എന്ന് പറയുന്നതാവും ഉചിതം. അല്പം കൂടെ ദീര്‍ഘിപ്പിച്ച് പറഞ്ഞാല്‍ അവര്‍ക്ക് മുന്‍പേ നോവലിന്റെ അടുത്ത ഭാഗം എന്ത് എന്നത് കണ്ടെത്തുവാന്‍ എനിക്ക് കഴിയണം എന്ന വാശിയിലായിരുന്നു ഞാനെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.

മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന പുസ്തകം എന്താണ്? ഇത് ചരിത്രമാണോ? നോവലിസ്റ്റിന്റെ മനോഹരമായ ഭാവനയാണോ? അതോ യാതൊരു നാട്യങ്ങളുമില്ലാതെ പറഞ്ഞു തീര്‍ത്ത ഒരു സസ്പെന്‍സ് ത്രില്ലറാണോ? എന്നോട് ചോദിച്ചാല്‍ ചരിത്രത്തില്‍ ഭാവന ചേര്‍ത്തെഴുതിയ സസ്പെന്‍സ് ത്രില്ലെര്‍ എന്ന് ഞാന്‍ പറയും. നോവലിന് പോരായ്മകള്‍ ഇല്ല എന്നോ പരിപൂര്‍ണ്ണമായി നോവല്‍ ഭംഗീരമെന്നോ അല്ല ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത്. മറിച്ച് വായനക്കാരനെ നോവലിന്റെ ആഴങ്ങളിലേക്ക് നയിക്കുവാന്‍ , അതിന്റെ ഗഹനതയിലേക്ക് ഇഴുകിചേര്‍ക്കുവാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട് എന്നാണ്. ഓരോ പേജും കടന്നുപോകുന്നത് നിറയെ വിസ്മയം സൃഷ്ടിച്ചുകൊണ്ടാണ്. ഇത്രമേല്‍ ലയിച്ചിരുന്ന് ഇതിന് മുന്‍പ് ഒരു പുസ്തകം വായിച്ചു തീര്‍ത്തത് സങ്കീര്‍ത്തനം പോലെയായിരുന്നു.

മഞ്ഞവെയില്‍ മരണങ്ങളുടെ തുടക്കഭാഗത്തുള്ള പുലപ്പേടി എന്ന അദ്ധ്യായത്തില്‍ നോവലിലെ മുഖ്യകഥാപാത്രമായ അന്ത്രപ്പേര്‍ പറയുന്നതില്‍ നിന്നും തുടങ്ങട്ടെ. "ജയേന്ദ്രന്‍ പറയുമായിരുന്നു ഏതൊരു നോവലിസ്റ്റിനും ഞാന്‍ ആദ്യത്തെ അന്‍പതു പേജിന്റെ സൌജന്യം അനുവദിച്ചിട്ടുണ്ട്. അതിനപ്പുറത്തേക്ക് എന്നെ കൊണ്ടുപേകേണ്ടത് എഴുത്തുകാരന്റെ കടമയാണ്. സാഹചര്യം ഒക്കെ പോയിരിക്കുന്നു. അദ്യത്തെ അഞ്ചുപേജിനുള്ളില്‍ ശ്രദ്ധപിടിച്ചുപറ്റാനായില്ലെങ്കില്‍ പിന്നൊരു വായനക്കാരനെ നേടുക അസാദ്ധ്യം എന്നാണ്‌ എനിക്ക് തോന്നുന്നത്." കഥാപാത്രത്തെ കൊണ്ട് പറയിച്ച വാക്കുകള്‍ തന്റെ എഴുത്തിലൂടെ തെളിയിക്കുന്നു ബെന്യാമിന്‍. അത്രയേറെ ആദ്യാവസാനം വായനക്കാരനെ പിടിച്ചിരുത്തുവാന്‍ മഞ്ഞവെയില്‍ മരണങ്ങളിലൂടെ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.

നോവലിന്റെ പ്രമേയം വിവരിക്കുന്നത് അക്ഷന്ത്യവ്യമായ തെറ്റാണെന്ന് അറിയാം. എങ്കിലും ഒരു മുഖവുരയെന്ന നിലയില്‍ അല്പം പറയാതെ വയ്യ. തന്റെ അടുത്തിടെ പ്രസിദ്ധീകരിച്ച നോവല്‍ വായിച്ച് അതില്‍ ആകൃഷ്ടനായ ഒരു അപരിചിതനില്‍ നിന്നും അയാള്‍ക്ക് ഒരു കഥ പറയാനുണ്ടെന്നും അത് എഴുതുവാന്‍ ഏറ്റവും അനുയോജ്യന്‍ താങ്കളാണെന്നും സൂചിപ്പിച്ച് കൊണ്ട് ബെന്യാമിന്‍ എന്ന എഴുത്തുകാരന് ഒരു -മെയില്‍ ലഭിക്കുന്നു. പിന്നീട് കുറച്ച് നാളുകള്‍ക്ക് ശേഷം അയാളില്‍ നിന്നുതന്നെ മറ്റൊരു -മെയിലും അതോടൊപ്പം അയാളുടെ ജീവിതകഥയുടെ ഒരു അദ്ധ്യായവും ലഭിക്കുകയും എന്തുകൊണ്ടോ അതില്‍ പറഞ്ഞ കാര്യങ്ങളില്‍ ആകൃഷ്ടരായി ബെന്യാമിന്‍ എന്ന എഴുത്തുകാരനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന ഉദ്വേഗഭരിതമായ ഒരു അന്വേഷണ പരമ്പരയുടെ കഥയാണ് മഞ്ഞവെയില്‍ മരണങ്ങള്‍. (വില 195 രൂപ)

ഇന്ത്യന്‍ ഉപഭൂഖണ്ഢത്തില്‍ നിന്നും 1600കിലോമീറ്റര്‍ മാത്രം അകലെയായി ശ്രീലങ്ക, മാലിദ്വീപ്, സെല്‍ഷ്യസ്, സാന്‍സിബാര്‍, മൌറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുടെ അയല്‍‌രാജ്യമായി സ്ഥിതിചെയ്യുന്ന, പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയില്‍ ഫ്രഞ്ചുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് അധികാരം കൈമാറികൊടുത്ത ഡീഗോ ഗാര്‍ഷ്യ എന്ന കായലുകളുടെ രാജ്യത്താണ് കഥയുടെ ഭൂരിഭാഗവും നടക്കുന്നത്. കഥാനായകനായ ക്രിസ്റ്റി അന്ത്രപ്പേരിന്റെ സ്വദേശമാണ് അവിടം. ഡീഗോ ഗാര്‍ഷ്യ എന്ന മേല്‍സൂചിപ്പിച്ച കായല്‍ രാജ്യത്തെ ആദ്യ കുടിയേറ്റക്കാരും കായല്‍രാജാക്കന്മാരുമായിരുന്നു അന്ത്രപ്പേര്‍ കുടുംബം. ഒരു നോവലിസ്റ്റാവണം എന്ന മോഹവുമായി ജീവിക്കുന്ന ക്രിസ്റ്റിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഘര്‍ഷഭരിതവും വേദനാജനകവുമായ ചില സംഭവ വികാസങ്ങള്‍ മൂലം എഴുതുവാനായി മനസ്സില്‍ സൂക്ഷിച്ചിരുന്ന കഥയൊക്കെ മറന്നു പോകുകയും പകരം സ്വന്തം ജിവിതത്തെ കുറിച്ച് എന്തൊക്കെയോ എഴുതുവാന്‍ ഒരു ശ്രമം നടത്തുകയും അതിലെ ആദ്യ ഭാഗം ഒരു ഡിസ്പോസിബിള്‍ -മെയില്‍ വിലാസത്തില്‍ നിന്നും ബെന്യാമിന്‍ എന്ന എഴുത്തുകാരന് അയച്ചുകൊടുക്കുകയും ചെയ്യുന്നതാണ് കഥയുടെ ത്രെഡ്. തന്റെ ജീവിതകഥ ഇഷ്ടമാവുകയാണെങ്കില്‍ അത് എഴുതുവാന്‍ ഏറ്റവും അനുയോജ്യന്‍ താങ്കളാണെന്നും അതിന്റെ മറ്റു ഭാഗങ്ങള്‍ കഥയില്‍ പലയിടത്തായി പരാമര്‍ശിച്ചിട്ടുള്ള ചിലരുടെ പക്കല്‍ എത്തിച്ചിട്ടുണ്ടെന്നും താല്പര്യമുണ്ടെങ്കില്‍ അവ കണ്ടെത്തി താങ്കള്‍ക്ക് കൂട്ടിചേര്‍ക്കാമെന്നും -മെയിലില്‍ ക്രിസ്റ്റി സൂചിപ്പിക്കുന്നു. അങ്ങിനെ കൂട്ടിയോജിപ്പിക്കുന്നു എങ്കില്‍ അതിനെ ഒരു നോവലാക്കാതെ ജീവിതകഥയായി തന്നെ പ്രസിദ്ധീകരിക്കണമെന്ന അപേക്ഷയും അതോടൊപ്പം ഉണ്ടായിരുന്നു. തന്റെനെടുമ്പാശ്ശേരിഎന്ന എഴുതിക്കൊണ്ടിരുന്ന നോവല്‍ എവിടെയും എത്താതിരുന്ന സാഹചര്യത്തില്‍ അഞ്ജാത എഴുത്തുകാരന്റെ ജീവിതകഥയിലും അതില്‍ പറഞ്ഞിരിക്കുന്ന ത്രസിപ്പിക്കുന്ന ചില സംഭവങ്ങളിലും ആകൃഷ്ടനായ ബെന്യാമിന്‍ അതിന്റെ ബാക്കി ഭാഗം കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. ഒറ്റക്ക് തന്നെക്കൊണ്ടതിന് കഴിയില്ല എന്ന് മനസ്സിലാക്കിയ ബെന്യാമിന്‍ അങ്ങിനെയാണ് വിഷയം ആഗോളതാപനം മുതല്‍ അണ്ടിപ്പരിപ്പിന്റെ വിലവരെ, ഈദി അമീന്‍ മുതല്‍ ഇയ്യോബിന്റെ പുസ്തകം വരെ എന്തും ചര്‍ച്ച ചെയ്യുന്ന അനില്‍ വെങ്കോട്, ..സലിം, നിബു, സുധി മാഷ്, ബിജു, നട്ടപ്പിരാന്തന്‍ എന്നീ സുഹൃത്തുക്കള്‍ അടങ്ങിയ വ്യാഴചന്തയുടെ സമക്ഷം അവതരിപ്പിക്കുന്നത്. അങ്ങിനെ പിതാക്കന്മാരുടെ പുസ്തകം എന്ന് അവര്‍ വിശേഷിപ്പിച്ച ക്രിസ്റ്റി അന്ത്രപ്പേറിന്റെ ജീവിതകഥയുടെ മറ്റു ഭാഗങ്ങള്‍ കണ്ടെത്തുവാനും അതോടൊപ്പം തന്റെ ജിവിതകഥയില്‍ ക്രിസ്റ്റി സൂചിപ്പിച്ച രണ്ട് മരണങ്ങളുടെ (പഴയ സഹപാഠി സെന്തിലിന്റെയും കാമുകി മെല്‍വിന്റെയും) ചുരുളഴിക്കുവാനും വ്യാഴചന്തകള്‍ നടത്തുന്ന ബൌദ്ധീകവും ശാരീരികവുമായ അന്വേഷണങ്ങളാണ് മഞ്ഞവെയില്‍ മരണങ്ങളെ വ്യത്യസ്തമാക്കുന്നത്. അങ്ങിനെ ജീവിതകഥയുടെ അദ്ധ്യായങ്ങളിലൂടെ ഡീഗോ ഗാര്‍ഷ്യയിലും അത് കണ്ടെത്തുവാനുള്ള അന്വേഷണങ്ങളിലൂടെ വന്‍‌കരയിലും ആയി തികച്ചും വ്യത്യസ്തമായ ഡെസ്റ്റിനേഷനുകളില്‍ നോവലിസ്റ്റ് നടത്തുന്ന മനോഹരമായ സഞ്ചാരമാണ് മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന് പറയാം.

നോവലിന്റെ അവസാനം അന്ത്രപ്പേറിനെന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് നോവലിന്റെതല്ലാത്ത ഭാഗങ്ങള്‍ എന്ന് തോന്നിപ്പിക്കും വിധം വായനക്കാരെക്കൊണ്ട് തന്നെ ഉത്തരം കണ്ടെത്തിക്കുന്നു നോവലിസ്റ്റ്. അതുതന്നെ ഓരോരുത്തര്‍ക്കും അവരവരുടേതായ വ്യത്യസ്തമായ ഉത്തരങ്ങള്‍. വായനക്കാരന്റെ ചിന്താധാരകളോട് സത്യസന്ധത പുലര്‍ത്തിയെന്ന് ഓരോ വായനക്കാരനും തോന്നിയേക്കാവുന്ന ഉത്തരങ്ങള്‍. നോവല്‍ വായിച്ച ചിലരുമായി ഇതേ കുറിച്ച് സംസാരിച്ചപ്പോള്‍ അവരെല്ലാവരും അവര്‍ക്ക് കിട്ടിയ ഉത്തരങ്ങളില്‍ തൃപ്തരായിരുന്നു എന്നത് നോവലിസ്റ്റിന്റെ വിജയമായി കണക്കാക്കാമെന്ന് തോന്നുന്നു.

നോവലിന്റെ രചനക്കായി പുതിയ കാലത്തിന്റെ സങ്കേതങ്ങളായ ഓര്‍കൂട്ട്, ഫെയ്‌സ്ബുക്ക്, സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ എന്നിവയെല്ലാം നന്നായി ഉപയോഗിച്ചിരിക്കുന്നു. ചരിത്രത്തെ മിത്തുകളുമായി അല്ലെങ്കില്‍ ഭാവനകളുമായി സന്നിവേശം ചെയ്തിരിക്കുന്നു നോവലിസ്റ്റ്. ചിലയവസരങ്ങളില്‍ വിക്കീപീഡിയ കണ്ടന്റുകള്‍ എന്ന് തോന്നുന്ന വിധം ചില ചരിത്ര വിവരണങ്ങള്‍... അങ്ങിനെ നോക്കുമ്പോള്‍ ചില ഭാഗങ്ങളിലെങ്കിലും ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ ഛായ നോവല്‍ രചനയില്‍ വന്നിട്ടുണ്ടോ എന്ന് സംശയം തോന്നാം. അതുപോലെ തന്നെ പുസ്തകത്തിനുള്ളിലെ പുസ്തകത്തിലൂടെ നടത്തുന്ന കഥ പറച്ചില്‍ ടി.കെ. അനില്‍കുമാറിന്റെ അല്‍ കാഫിറൂന്‍ : സം‌വാദങ്ങളുടെ പുസ്തകം എന്ന പുസ്തകത്തെയും ഓര്‍മ്മിപ്പിക്കുന്നു. പക്ഷെ ഇത്തരം കൊച്ചു കൊച്ചു സാമ്യങ്ങളൊന്നും തന്നെ വ്യത്യസ്തതയില്ലാതെ പ്രമേയപരിസരങ്ങള്‍ നിരത്തി മടുപ്പിക്കുന്ന കുറെ വായനാനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇക്കാലത്ത്, വേറിട്ട ഒരു പ്രമേയപരിസരത്തിന്റെ തിരഞ്ഞെടുപ്പിനാലും ആദ്യ പേജുമുതല്‍ മുന്നൂറ്റി നാല്പത്തി ഒന്‍പതാമത്തെ പേജുവരെ നിലനില്‍ക്കുന്ന മനോഹരമായ പ്രമേയപരിചരണത്താലും സമ്പുഷ്ടമാക്കിയ നോവല്‍ വായനയെ വേണ്ടെന്നുവെക്കുവാന്‍ കഴിയുകയില്ല.

നോവലില്‍ എനിക്കേറെ ഇഷ്ടമായതെന്തെന്ന് ചോദിച്ചാല്‍ ജീവിതകഥയുടെ അടുത്ത അദ്ധ്യായങ്ങള്‍ തേടിയുള്ള വ്യാഴചന്തകളുടെ അന്വേഷണമാണെന്ന് പറയും. വ്യാഴചന്തയിലെ അന്തേവാസിയാവാന്‍ നോവല്‍‌വായനയിലെ ഓരോ നിമിഷവും വല്ലാത്ത ത്വരയായിരുന്നു. ഒരു വേള മഞ്ഞവെയില്‍ മരണങ്ങളിലെ കഥാഗതിയെക്കാളും എന്നെ ഉത്തേജിതനാക്കിയത് പിതാക്കന്മാരുടെ പുസ്തകത്തിന്റെ അടുത്ത ‍അദ്ധ്യായം ആരുടെ പക്കല്‍ എന്ന് കണ്ടെത്തുവാനാണ്. അത് നിബുവിനും അച്ചായനും ബിജുവിനും അനിലിലും സുധിമാഷിനും നട്ടപ്പിരാന്തനും മുന്‍പേ കണ്ടെത്തുവാന്‍ ഞാന്‍ എന്റേതായ ശ്രമം നടത്തികൊണ്ടേയിരുന്നു. ഒരിടത്തും എന്നെ വിജയിപ്പിക്കാന്‍ അനുവദിക്കാതെ തന്നെ ബെന്യാമിന്‍ ഭം‌ഗിയായി സസ്പെന്‍സ് അവസാനം വരെ നിലനിര്‍ത്തി.

നോവലിസ്റ്റിന്റെ കാരക്റ്ററൈസേഷന്‍ പവറിനെ അംഗീകരിക്കാതെ വയ്യ. കഥാപാത്രങ്ങള്‍ക്ക് (പ്രത്യേകിച്ച് ജീവിച്ചിരിക്കുന്ന വ്യാഴചന്തകള്‍ക്ക്) അവരുടെ മേഖലയില്‍ വ്യക്തമായ ലേബല്‍ നല്‍കിയിരിക്കുന്നു. അല്ലെങ്കില്‍ റഹിം എന്ന അന്ത്രപ്പേറിന്റെ സുഹൃത്തിലേക്ക് വ്യാഴചന്തകള്‍ക്ക് കടന്നുചെല്ലുവാനുള്ള ഒരു പാതയും അന്‍പിന്റെ ഇമെയില്‍ വിലാസവും ബ്ലോഗ് എന്ന ആശയവും നട്ടപ്പിരാന്തന്‍ അല്ലാതെ മറ്റാരു പറഞ്ഞാലും അതവിടെ മുഴച്ചു നില്‍കും എന്ന് തോന്നി. (ഒരു പക്ഷെ നട്ടപ്പിരാന്തനെ അറിയുന്ന ഒരാളെന്ന നിലയിലാവും എനിക്ക് അത്ര കൃത്യമായി അത് ഫീല്‍ ചെയ്യുന്നത്) പക്ഷെ പാത്രസൃഷ്ടിയുടെ തുടക്കത്തില്‍ തന്നെ ഓരോരുത്തര്‍ക്കും വായനക്കാരുടെ മനസ്സില്‍ ഒരു സ്ഥാനം ഉണ്ടാക്കി കൊടുക്കുവാന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. പലയിടത്തും നട്ടപ്പിരാന്തനെ അല്ലാതെ മറ്റാരെയും അറിയില്ലെങ്കിലും അത് കണ്ടേത്തണ്ടത് ഇന്നയാളെന്ന തോന്നല്‍ വായനക്കാരനെന്നെ നിലയില്‍ എനിക്കുണ്ടായിരുന്നു. അന്ത്രപ്പേര്‍ കുടുംബാംഗങ്ങളിലൂടെ, മെല്‍‌വിനിലൂടെ, അന്‍പിലൂടെ, അനിതയിലൂടെ, ജസീന്തയിലൂടെ, സെന്തിലിലൂടെ ഡീഗോ ഗാര്‍ഷ്യയിലേക്കും ചേരര്‍ പെരുംതെരുവിലേക്കും ഉതിയന്‍ ചേരല്‍ തമിഴ് കഴകത്തിലേക്കും മെല്‍ജോ, ജിജോ, ശ്രീകുമാര്‍, മെറിന്‍ എന്നിവരിലൂടെ വല്യേടത്ത് വീട്, വില്യാര്‍‌വട്ടം, തൈക്കാട്ടമ്മ, മറിയം സേവ എന്നിവയിലേക്കും വായനക്കാരനെ എത്തിച്ചതില്‍ നോവലിസ്റ്റ് അഭിനന്ദനമര്‍ഹിക്കുന്നു. എന്തിനേറെ, നോവലിനൊടുവിലെ ഓരോ പാരഗ്രാഫുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന അരവിന്ദ് , ഷണ്‍‌മുഖം, ലീന എന്നീ കഥാപാത്രങ്ങള്‍ക്ക് വരെ നോവലില്‍ വ്യക്തമായ പ്രാധാന്യം ഉണ്ടാക്കുവാന്‍ കഴിയും വിധം കഥയെ വിന്യസിക്കുക വഴി ഒരു ആടുജീവിതത്തിന്റെ പേരില്‍ മാത്രം കാലത്തിന്റെ കണക്കെടുപ്പില്‍ അറിയപ്പെടേണ്ടയാളല്ല താന്‍ എന്ന് ബെന്യാമിന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Wednesday, December 11, 2013

ചിത്രത്തെരുവുകള്‍

പുസ്തകം : ചിത്രത്തെരുവുകള്‍
രചയിതാവ് : എം.ടി.വാസുദേവന്‍ നായര്‍

പ്രസാധകര്‍ : കറന്റ് ബുക്സ്

അവലോകനം : നിരക്ഷരന്‍


ഒരു വടക്കന്‍ വീരഗാഥ, വൈശാലി എന്നിങ്ങനെ നാലഞ്ച് തിരക്കഥകള്‍ രചിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍ എം.ടി.ക്ക് സിനിമയുമായി കാര്യമായി എന്ത് ബന്ധമാണുള്ളത്? ' ചോദ്യം ഒരു സുഹൃത്തിന്റേതാണ്, സന്ദര്‍ഭം ഓര്‍മ്മയില്ല. എം.ടി.വാസുദേവന്‍ നായര്‍ ആരാണെന്ന് ചോദിച്ചിട്ടുള്ള ചില മലയാളി സഹപ്രവര്‍ത്തകരും എനിക്കുണ്ടായിരുന്നതുകൊണ്ട് വലുതായിട്ടൊന്നും ഞെട്ടിയില്ല. ഞാനപ്പോള്‍ത്തന്നെ തിരക്കഥകളുടെ വലിയൊരു ലിസ്റ്റ് ചൊരിഞ്ഞിട്ടു. പ്രസിഡന്റിന്റെ സുവര്‍ണ്ണകമലം നേടിയ നിര്‍മ്മാല്യം എന്ന സിനിമ എം.ടിയുടെ തിരക്കഥ ആണെന്നും അത് സംവിധാനം ചെയ്തിരിക്കുന്നത് സാക്ഷാല്‍ എം.ടി. തന്നെ ആണെന്നും സുഹൃത്തിനറിയില്ല. എം.ടിയുടെ കുറേക്കൂടെ പുതിയൊരു സിനിമയായ കടവിനെപ്പറ്റി അദ്ദേഹം കേട്ടിട്ടുപോലുമില്ല. എന്തിനധികം, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഓപ്പോള്‍, പരിണയം, എന്നിങ്ങനെ ഗംഭീരമായ ഒരുപിടി എം.ടി. തിരക്കഥകളെപ്പറ്റി തികച്ചും അജ്ഞനാണ് അദ്ദേഹം.

എം.ടി.ക്ക് സിനിമയുമായുള്ള ബന്ധത്തെപ്പറ്റി അറിയാത്തവര്‍ കറന്റ് ബുക്‌സിന്റെ ചിത്രത്തെരുവുകള്‍ (190 രൂപ) സംഘടിപ്പിച്ച് വായിച്ചാല്‍ മതിയാകും. ദക്ഷിണേന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായിരുന്ന മദ്രാസടക്കം ദേശീയവും അന്തര്‍ദേശീയവുമായി എം.ടി. കടന്നുപോയിട്ടുള്ള സിനിമാത്തെരുവുകള്‍, അദ്ദേഹം ഇടപഴകിയിട്ടുള്ള പ്രഗത്ഭരായ സിനിമാക്കാര്‍, അത്രയ്ക്കങ്ങ് പ്രഗത്ഭരല്ലെങ്കിലും സിനിമയുമായി ചുറ്റിപ്പറ്റി പരിചയമുള്ള സഹൃദയര്‍, അങ്ങനെ ഒരുപാട് വഴിത്താരകളും വ്യക്തികളും 14 അദ്ധ്യായങ്ങളുള്ള ചിത്രത്തെരുവില്‍ കടന്നുവരുന്നു. പ്രേംനസീര്‍ എന്ന നടന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെപ്പറ്റിയും പരസഹായ മനസ്ഥിതിയെപ്പറ്റിയുമൊക്കെ മുന്‍പും കേട്ടിട്ടുള്ളതാണ്. എന്നിരുന്നാലും, ഇടതുകൈ അറിയാതെ വലതുകൈ കൊണ്ട് അദ്ദേഹം നടത്തുന്ന സഹായങ്ങളെപ്പറ്റി എം.ടി. തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ നിത്യഹരിതനായകനോടുള്ള ആദരവിനും ആരാധനയ്ക്കും മാറ്റുകൂടുന്നു.

MTശങ്കരാടിയുടേയും അടൂര്‍ ഭാസിയുടേയും രസികന്‍ സ്വഭാവവിശേഷങ്ങള്‍, കൃഷ്ണാഭായ് തെരുവിലെ വാസു അണ്ണന്‍, സത്യന്‍, ശോഭനാ പരമേശ്വരന്‍, രാഘവന്‍ മാസ്റ്റര്‍, എം.ബി.എസ്, എസ്.കെ.പൊറ്റക്കാട്, ബാലന്‍ കെ.നായര്‍, അനിയന്‍, ശാരദ, ഐ.വി.ശശി, മണിയന്‍, വേണു എന്നിങ്ങനെ പ്രശസ്തരും അപ്രശസ്തരുമായ സിനിമാക്കാരെ ഏറ്റക്കുറച്ചിലില്ലാതെ എഴുത്തുകാരന്‍ സ്മരിക്കുന്നു. സിനിമയില്‍ക്കയറി രക്ഷപ്പെടാനായി കോടാമ്പാക്കത്തെ ലോഡ്ജുകളില്‍ ചേക്കേറിയ കലാകാരന്മാരെപ്പറ്റിയും, കുറഞ്ഞ സൌകര്യങ്ങളില്‍ സൌഹാര്‍ദ്ദപരമായി കഴിഞ്ഞ് കൂടിയ സിനിമാക്കാരെപ്പറ്റിയുമൊക്കെ എത്രയോ വായിച്ചിരിക്കുന്നു. എന്നിരുന്നാലും, അത്തരം സിനിമാക്കഥകള്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്റെ വരികളിലൂടെ വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ.

'ഇരക്കേണ്ടിവരുന്ന വെളിച്ചപ്പാട്' എന്ന അദ്ധ്യായം 'നിര്‍മ്മാല്യ'ത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ചുള്ളതാണ്. അതില്‍ സഹകരിച്ചവര്‍ പലരും മണ്‍മറഞ്ഞുകഴിഞ്ഞിരിക്കുന്നു. എം.ടി. കൂടെ അതിന്റെ അണിയറക്കഥകള്‍ എഴുതാതിരുന്നെങ്കില്‍, മഹത്തായ ഒരു സിനിമയുടെ പിന്നില്‍, താമസ സൌകര്യമടക്കമുള്ള സുഖസൌകര്യങ്ങളുമൊക്കെ ത്യജിച്ച് സഹകരിച്ച നായികാ നായകന്മാരുടേയും സാങ്കേതിക വിദഗ്ദ്ധരുടേയും മറ്റ് കലാകാരന്മാരുടേയും അര്‍പ്പണമനോഭാവം, മലയാള സിനിമാ ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയേനെ. കനത്ത പ്രതിഫലവും പറ്റി സ്വന്തം വേഷങ്ങള്‍ കാട്ടിക്കൂട്ടി സെറ്റ് വിടുന്ന ഇന്നത്തെ സിനിമാക്കാര്‍ അവശ്യം വായിച്ചിരിക്കേണ്ട അത്തരം മറ്റൊരു അദ്ധ്യായമാണ് 'സ്‌നേഹത്തിന്റെ കടവുകള്‍'. നിര്‍മ്മാല്യത്തിന്റെ അന്ത്യരംഗങ്ങള്‍ എങ്ങനെ ഷൂട്ട് ചെയ്തു? പി.ജെ. ആന്റണി ക്ഷേത്രത്തിന്റെ നാലുകെട്ടിനകത്ത് കയറിയോ? ദേവിയുടെ മുഖത്ത് അദ്ദേഹം ശരിക്കും കാറിത്തുപ്പിയോ? എന്നൊക്കെയുള്ള സംശയങ്ങളുടെ ഉത്തരങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട് 'ഇരക്കേണ്ടി വരുന്ന വെളിച്ചപ്പാടി'ല്‍.

ദേശീയവും അന്തര്‍ദേശീയവുമായ നിരവധി സിനികള്‍ കാണാന്‍ വഴിയൊരുങ്ങിയ അനുഭവങ്ങള്‍, ജൂറി അംഗം അടക്കം കൈയ്യാളിയിട്ടുള്ള വിവിധ പദവികള്‍, അതില്‍നിന്നൊക്കെ കിട്ടിയിട്ടുള്ള പരിചയസമ്പന്നത, സൌഹൃദവലയങ്ങള്‍, നേട്ടങ്ങള്‍, പണം നോക്കാതെ സിനിമയ്ക്കായി ചെയ്തിട്ടുള്ള ത്യാഗങ്ങള്‍, എന്നിങ്ങനെ എം.ടി.യുടെ അധികം അറിയപ്പെടാത്ത ഒരുപാട് സിനിമാ മുഖങ്ങളാണ് ചിത്രത്തെരുവില്‍ ഉടനീളം കാണാനാകുന്നത്. 'ചെറിയ വേഷങ്ങളിലെ വലിയ മനുഷ്യന്‍' എന്ന അദ്ധ്യായത്തിലെ ചന്ദ്രേട്ടന്റേയും കുടുംബത്തിന്റേയും സൌഹൃദങ്ങള്‍ ആരും കൊതിക്കുന്നതാണ്. ഫിലിംസ് ഡിവിഷനില്‍ ചെറിയ ഉദ്യോഗസ്ഥനായി തുടങ്ങി, എന്‍. എഫ്. ഡി. സിയുടെ റീജിയണല്‍ മാനേജര്‍ വരെ എത്തിയ ചന്ദ്രേട്ടനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ അവസാനിക്കുന്നത് വ്യസനിപ്പിച്ചുകൊണ്ടാണ്. 'ചെറിയ റോളായിരുന്നു, തരക്കേടില്ലാതെ ചെയ്തു അല്ലേ?' എന്ന് എം.ടിയുടെ കരം കവര്‍ന്നുകൊണ്ട് ചോദിക്കുമ്പോള്‍ ചന്ദ്രേട്ടന്‍ മരണക്കിടക്കയിലാണ്. 'നീണ്ട നടപ്പാതയില്‍ തണലും കുളിരും സ്‌നേഹവും വിരിച്ചുതന്ന ഒരു ചോലമരം കൂടി അങ്ങനെ നഷ്ടപ്പെട്ടു. എനിക്ക് മാത്രമല്ല, പലര്‍ക്കും.' എന്ന് ചന്ദ്രേട്ടന്റെ മരണത്തെപ്പറ്റിയുള്ള വരികള്‍ ചന്ദ്രേട്ടന്റെ സൌഹൃദത്തിന്റെ ആഴവും പരപ്പുമാണ് എടുത്തുകാണിക്കുന്നത്.

ഇടതുപക്ഷത്തിന്റെ ജനശക്തി ഫിലിംസിനെപ്പറ്റി കേള്‍ക്കാത്തവര്‍ക്ക് അതേപ്പറ്റി വായിക്കാം. ദേവലോകം എന്ന സിനിമയിലൂടെ എം.ടി. കൊണ്ടുവന്ന 'ജൂനിയര്‍ വക്കീലി'നെപ്പറ്റിയും അദ്ദേഹത്തിന്റെ ആദ്യകാലത്തെ ചില സിനിമാക്കഥകളും വായിക്കാം. നിഷ എന്ന് വിളിച്ച് മകളോടെന്നപോലെ സ്‌നേഹം കാണിച്ചിരുന്ന മോനിഷയെപ്പറ്റി ഒരു ചെറു നൊമ്പരത്തോടെ വായിക്കാം. എഴുതാനിരിക്കുന്ന ഹോട്ടല്‍ മുറിയില്‍ കൊണ്ടുവന്നിട്ട മേശയ്ക്കും കസേരയ്ക്കും 50 രൂപ വാടക കൊടുക്കേണ്ടി വന്ന കഥ വായിക്കാം. അടൂര്‍ ഭാസി കൊടുത്ത കഞ്ചാവ് ബീഡി വലിച്ച് എടങ്ങേറായ എം.ടിയെപ്പറ്റി വായിക്കാം. സിനിമാക്കഥ എഴുതിക്കാനായി അമേരിക്കയ്ക്ക് കൊണ്ടുപോയപ്പോള്‍, അവിടെ പഠിക്കുന്ന സ്വന്തം മകളെ കാണാനുള്ള സൌകര്യം പോലും ഉണ്ടാക്കിക്കൊടുക്കാതെ വിഷമിപ്പിച്ച കാശുകാരായ കുറേ അമേരിക്കന്‍ മലയാളികളുടെ സമീപനത്തെപ്പറ്റി വായിക്കാം. സിനിമയെന്ന മഴവില്ലിന്റെ കീഴെയുള്ള നിധി തേടി വന്ന് പരാജയപ്പെടുകയും വിജയിക്കുകയും ചെയ്ത മനുഷ്യരുടെ കഥകള്‍ വായിക്കാം.

മലയാള സാഹിത്യത്തിന് എത്രമാത്രം സംഭാവനകള്‍ നല്‍കിയിട്ടുണ്ടോ അതിനടുക്കെത്തന്നെ സംഭാവനകള്‍ സിനിമയ്ക്കും നല്‍കിയിട്ടുള്ള എം.ടി.യെ ആണ് ചിത്രത്തെരുവുകളില്‍ കാണാനാകുന്നത്. തെരുവിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍, ആദ്യ അദ്ധ്യായം മുതല്‍ അവസാനം വരെ, തട്ടും തടവും ഒന്നുമില്ലാതെ അനായാസമായ വായന സമ്മാനിച്ച, വിലപ്പെട്ട അനുഭവങ്ങള്‍ പങ്കുവെച്ച, എണ്ണമറ്റ സംഭാവനകള്‍ സിനിമയ്ക്ക് നല്‍കിയ അനുഗൃഹീതനായ ആ ബഹുമുഖപ്രതിഭയ്ക്ക് സാദര പ്രണാമം.

വാല്‍ക്കഷണം: വായിച്ച് വായിച്ച് അവസാനമെത്തിയപ്പോള്‍ എനിക്കേറെ പരിചയമുള്ള ഒരു മുഖം ചിത്രത്തെരുവില്‍ എം.ടി.ക്കൊപ്പം നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരുപാട് അഭിമാനിക്കാനായി. എം.ടി. കൃതികളെല്ലാം മനോരമയ്ക്ക് വേണ്ടി സീഡിയിലാക്കാന്‍ അഞ്ച് വര്‍ഷത്തോളം വിയര്‍പ്പൊഴുക്കിയ, എഴുത്തും വരയും സിനിമയുമൊക്കെ എന്നും ആവേശമായി കൊണ്ടുനടന്നിട്ടുള്ള, എം.ടി.യുടെ സകലമാന സാഹിത്യസൃഷ്ടികളിലൂടെയും കടന്നുപോകാനായ, അതില്‍ പലതിന്റേയും കൈയ്യെഴുത്ത് കോപ്പികള്‍ കാണാനും കൈവശം വെക്കാനും ഭാഗ്യമുണ്ടായ എന്റെയൊരു സഹപാഠി അനൂപ് ആർ. ആയിരുന്നു അത്.