Thursday, June 23, 2011

ഉറവിടങ്ങൾ

പുസ്തകം : ഉറവിടങ്ങൾ
രചയിതാവ് : ജയമോഹന്‍

പ്രസാധനം :മാതൃഭൂമി ബുക്സ്

അവലോകനം :
കുമാരന്‍
ഴുതുമ്പോൾ സംഭവങ്ങൾ കെട്ടുകഥകളേക്കാൾ വിസ്മയകരങ്ങളായി തീരുന്നതിന്റെ ഉദാഹരണമാണ് ജയമോഹന്റെ ‘ഉറവിടങ്ങൾ’ എന്ന ഓർമ്മപുസ്തകം. ഓരോ വർഷവും മലയാളത്തിലൊരു പ്രസിദ്ധീകരണത്തിൽ ഈ തമിഴ് എഴുത്തുകാരൻ പ്രത്യക്ഷപ്പെടാറുണ്ട്. ആ വർഷാന്ത വരവുകളുടെ സമാഹാരമാണ് ഈ പുസ്തകം. കേവലമായ ആത്മകഥയ്ക്കുമപ്പുറം ഫിക്ഷന്റെ അപ്രാപ്യതയെ അഭിസംബോധന ചെയ്യുന്ന മലയാളത്തിലെ നോൺ‌ഫിക്ഷൻ കൃതിയെന്ന് അഭിമാനിക്കാവുന്നത്. ജീവിതത്തിലെ അതിസങ്കീർണ്ണമായ ഇടങ്ങളെയെല്ലാം അനായാസമായി കോറിയിടുകയാണ് ഇവിടെ.

സംഭവിക്കാനിടയുണ്ടെന്ന വിശ്വാസ്യതയാണ് കഥയെങ്കിൽ, അവിശ്വസനീയമായ ജീവിതാനുഭവങ്ങളെ കഥയ്ക്കും അപ്രാപ്യമായ ഒരു തലത്തിലേ രേഖപ്പെടുത്താനാവുകയുള്ളൂ. ദൈവം നിർഭയമെഴുതിയ ഒരു കഥയാണ് ജയമോഹന്റെ ജീവിതകഥ. ഇതിലെകഥാപാത്രങ്ങളോ അനുഭവങ്ങളോ വിശ്വായയോഗ്യമാണെന്നു പോലും തോന്നില്ല. അച്ഛനുമമ്മയും ആത്മഹത്യ ചെയ്ത, വിഛിത്രമായ ജീവിത സാഹചര്യങ്ങളിൽ വളർന്ന, അതി വിചിത്രമായൊരു കാലം പാരമ്പര്യമായി ലഭിച്ച ജയമോഹൻ പറയുന്നത്, തന്റെ ജീവിതം ഒരു നോവലായാരെങ്കിലും എഴുതിയതായിരുന്നെങ്കിൽ മൂന്നു പുറത്തിലുമധികം താനത് വായിക്കുമായിരുന്നില്ല എന്നാണ്.

എല്ലാ അനുഭവങ്ങളിൽ നിന്നും ആത്മഹത്യയിലേക്കുള്ള കാരണം കണ്ടെത്തിയ അമ്മ, തന്നിൽ എഴുത്തു ലോകത്തിലേക്കുള്ള കൌതുകം വളർത്തിയ സഹൃദയായ വായനക്കാരിയായും, ക്രൂരനായ ഭർത്താവിനെ നിശ്ശബ്ദം സഹിക്കുന്ന ഭാര്യയായും, സ്നേഹനിധിയായ പൂതത്തിന് കുഞ്ഞിനെ വിട്ടു കൊടുക്കുന്ന അമ്മയായും, നമുക്കു മുന്നിൽ രൂപാന്തരപ്പെടുന്നു.

“പെറ്റമ്മയ്ക്ക് സ്നേഹം ഏതായാലും ഉണ്ടാവും. എന്നാ ആയിരം കൊല്ലം കുട്ടിയെ തേടി വന്നു കൊണ്ടിരിക്കുന്ന ഭൂതത്തിന്റെ സ്നേഹമല്ലിയോടാ വലുത്? അതു കൊണ്ടാണ് ഞാൻ കുട്ടിയെ ഭൂതത്തിനു തന്നെ കൊടുത്തു കളയാമെന്നു കരുതിയത്.”

ഉള്ളിൽ വാത്സല്യം പതയുമ്പോഴും കോപത്തിന്റെ ഭാഷയിൽ മാത്രം സംസാരിക്കാനറിയുന്ന അച്ഛനാണ് ഈ പൂതം. ബുദ്ധിമതിയും അതിസുന്ദരിയുമായ ഭാര്യയെ അകത്തളങ്ങളിലെ മൂലയിലേക്ക് തള്ളിയകറ്റി, ഒടുവിലൊരു നാൾ അവളില്ലാതായപ്പോൾ ആകെ തളർന്ന് ഓച്ചിറ കടപ്പുറത്ത് വിഷം കഴിച്ചു മരിച്ച പ്രമാണിയായ അച്ഛൻ. കോളേജ് വിദ്യാഭ്യാസം തുടങ്ങും മുൻപ് അച്ഛൻ മൂന്നു കാര്യങ്ങളാണ് മകനോടാവശ്യപ്പെട്ടത്. ഒന്ന്, ‘കുടിക്കരുത്’ അത് നിനക്ക് ശരിയാകില്ല. കുടിച്ചു തുടങ്ങിയാൽ പിന്നെ വഴിയിലേ കിടക്കൂ. രണ്ട്, ‘ഒറ്റ സ്ത്രീ മതി’. ഈ കാമംന്ന് പറയുന്നത് വലിയ കാര്യമൊന്നും അല്ല. നീയൊക്കെ ഇളകിയാൽ നിന്നെ പെണ്ണുങ്ങൾ ഭ്രാന്തനാക്കും. മൂന്ന്, ‘നിന്നെക്കൊണ്ട് കച്ചവടവും കാര്യങ്ങളും പറ്റില്ല.’ ഏതിടപാടും നിന്റെ മൂത്തവനോട് ഒരു വാക്കു ചോദിച്ചിട്ടേ ചെയ്യാൻ പാറ്റുള്ളൂ. എന്റെ കാലശേഷവും അവനുണ്ടാകും നിനക്ക്. ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. ആവർത്തിക്കാത്ത വാക്കുകളുടെ അനന്തമായ ശക്തി ഇതിൽ കാണാനാകുന്നു. രോഗശയയയിലായ മകനെ കഠിനമായ പഥ്യങ്ങളിലൂടെ രാപകലില്ലാതെ ശുശ്രൂഷിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്ന, ദരിദ്രരായ രോഗികൾക്ക് ഭക്ഷണവും പണവും കൊടുത്ത് തിരികെ അവരിൽ നിന്ന് മകന് അനുഗ്രഹം വാങ്ങിയെടുക്കുന്ന പാവം ക്രൂരൻ. വലിയൊരു തുകൽ സഞ്ചിയിൽ നിറയെ കേസുകെട്ടുകളും ആധാരങ്ങളും കുറിപ്പടികളുമായി തക്കല, കുഴിത്തറ, പള്ളിയടി, പാറശ്ശല കീഴ്‌കോടതികളിലും നാഗർകോവിൽ വലിയ കോടതിയിലും കയറിയിറങ്ങുന്ന, തമിഴിൽ മാത്രം തെറി പറയുന്ന, ആർക്കു മുന്നിലും കുനിയാത്ത, അമ്മച്ചി… ഇങ്ങനെ എത്ര പേരാണ് തലയെടുപ്പോടെ ഓർമ്മകളിൽ തെളിഞ്ഞു നിൽക്കുന്നത്.!

ഒരു പെൺ‌കുഞ്ഞുണ്ടായപ്പോൾ, ‘‘വിളർത്തു കിടക്കുന്ന അരുൺ‌മൊഴിയോട് ഞാൻ പറഞ്ഞു : പെൺ‌കുട്ടിയാ… പെണ്ണ്‌..”

“അതിനെന്താ ഈ ?” എന്ന് അരുൺ‌മൊഴി ചോദിച്ചു. “ഒന്നുമില്ല, ഇനി ഒരു പാടു ദിവസം ഇവൾ എന്റെ ഒപ്പമുണ്ടാവും. ഇവളെങ്ങനെയാണ് രൂപപ്പെടുന്നത് എന്ന് എനിക്കു നോക്കാൻ കഴിയും. എന്റെ ഉള്ളംകൈയ്യിൽ ഒരു മരം പൊട്ടിവളരുന്നത് പോലെ. ഇത് എന്താണെന്ന് ഇനിയെങ്കിലും മനസ്സിലാക്കാമല്ലോ.” മകൾ, അമ്മ, സ്ത്രീ- തന്നെ വിസ്മയിപ്പിച്ച പെണ്ണിന്റെ ഭാവഭേദങ്ങളെ അറിയാനുള്ള കൌതുകം ഇതിലുമപ്പുറം എങ്ങനെ പറയാനാകും?

നിഴൽ മൂടി തണുത്തു കിടക്കുന്ന തടാകം പോലെ, ഇരുണ്ട വീടുകളുടെ അകം. ആരെങ്കിലും വന്നാൽ ഇരുട്ടിന്റെ അടിയിൽ നിന്ന് പൊന്തിവരുന്ന നടുവയസ്സു കഴിഞ്ഞ സ്ത്രീകൾ. അകത്ത് കടന്നാൽ മാത്രം കാണാവുന്ന ചേച്ചിമാർ. തടാകത്തിന്റെ ചേറിലും വേരുകളുടെ ഇടയിലും നീന്തി പരുങ്ങി നിൽക്കുന്ന വെള്ളിമീനുകൾ മാതിരി. പുറം ലോകത്തിന്റെ വെളിച്ചത്തിൽ ശ്വാസം മുട്ടുന്ന, വെളിച്ചത്തിൽ കണ്ണഞ്ചുന്ന അവർ, പെട്ടെന്ന് ആരെങ്കിലും വന്നാൽ, വിരൽ കൊണ്ടു തൊട്ട കുളത്തിലെ പരൽമീനുകൾ പോലെ ഒറ്റക്ഷണത്തിൽ ആഴങ്ങളിലേക്ക് മറയുന്നവർ. ഇരുട്ടിൽ മാത്രം ഊറ്റം കൂടുന്നവർ. ഒരു രൂപയ്ക്കു പോലും സുഖം വാഗ്ദാനം ചെയ്ത ത്ധാൻസിയിലെ പത്തു വയസ്സുകാരി മുതൽ കള്ളിയങ്കാട്ട് നീലിയെപ്പോലെ രാവേറുമ്പോൾ ചുവറു വച്ചെത്തുന്ന അകത്തമ്മമാർ വരെ എത്രയോ പെൺ‌ ജന്മങ്ങൾ. ‘നാഞ്ചിനാട്ടിലെ യക്ഷികൾ’ പോലൊന്ന് മലയാളത്തിൽ എഴുതിയതിന് നാം തീർച്ചയായും ജയമോഹനനോട് കടപ്പെട്ടിരിക്കുന്നു.

വടശ്ശേരി കനകം മൂലം ചന്തയിലെ വള്ളിയമ്മയെക്കുറിച്ച് പറയുന്നുണ്ട് ജയമോഹൻ. കരുണയുള്ളവൾ, കാൽക്കാശു കൊടുത്താലും കനിഞ്ഞ് കെട്ടിയവളേക്കാൾ സ്നേഹിക്കുന്നവൾ. കാശില്ല, കാമം ഉണ്ടെന്നു ഒരാൾ വന്നാൽ മടക്കി അയക്കാറില്ല. ‘മനുഷ്യന് രണ്ടു വിശപ്പാണ്. അന്തമിട്ട പുണ്യം അവൾക്കും ഉണ്ടായിരുന്നു’ എന്ന് വലിയ കോനാർ പറയും. അവളുടെ അഴകുകണ്ട് വലിയ തമ്പുരാക്കൾ കൊട്ടാരം കെട്ടിത്തരാമെന്ന് പറഞ്ഞെങ്കിലും വടശ്ശേരി വിട്ട് അവളെങ്ങും പോയില്ല. അണഞ്ചപ്പെരുമാൾ നീരുകെട്ടി ചാവാൻ കിടന്നപ്പോഴും ജ്വരവേഗത്തിൽ വള്ളി! വള്ളി! എന്നു പറഞ്ഞു കൊണ്ടിരുന്നു. പന്ത്രണ്ടു ദിവസം ശ്വാസം വലിച്ചിട്ടും മരണം എത്തിയില്ല. പതിനാലു കഴിഞ്ഞാൽ സ്വർഗം കിട്ടില്ല. വൈദ്യർ വള്ളിയമ്മയെ വരുത്തി. വള്ളിയമ്മ പിള്ളയുടെ തലയെടുത്തു സ്വന്തം മുലകളിൽ അമർത്തിയപ്പോൾ ചിരിച്ചു കൊണ്ട് മൂത്തപിള്ള മരിച്ചു. താംബൂലം മാത്രം പ്രതിഫലം വാങ്ങി വള്ളിയമ്മ മടങ്ങി. അവൾ മരിച്ചപ്പോൾ കാക്കും പെരുമാൾ അവൾക്കൊരു ചെറുകോവിൽ പണിതു. ഇന്നത് വലിയൊരു ക്ഷേത്രമാണ്. കൊച്ചുകുട്ടികൾക്ക് രോഗശമനത്തിനായി അവിടെ നെയ്‌വിളക്കു കഴിച്ചപ്പോൾ ഉടൻ രോഗശമനം. “ശ്രീബുദ്ധ കഥയിലെ വസുമിത്രയെപ്പോലുണ്ട് ജയമോഹന്റെ വള്ളിയമ്മ. വസുമിത്ര എന്ന ബുദ്ധവേശ്യയെ പ്രാപിച്ചവരൊക്കെ പ്രബുദ്ധരായി എന്നു കഥ.” – അവതാരികയിൽ കൽ‌പ്പറ്റ നാരായണൻ പറയുന്നു.

അസംതൃപ്തരായ ഓരോ സ്ത്രീയിലും യക്ഷിയെ കണ്ടെത്തുന്നുമുണ്ട് ജയമോഹൻ. ക്രൂരനും ദുർബലനുമായ പുരുഷന്റെ കാമവും ഭയവും കുറ്റബോധവും സൃഷ്ടിക്കുന്ന യക്ഷി സങ്കൽ‌പ്പങ്ങൾ. വഴിയാത്രക്കാരന്റെ മുന്നിലേക്കിറങ്ങി വന്ന് നിലാവിന്റെ മായികയിൽ പലമടങ്ങായ ലാവണ്യവുമായി. ഒന്നു കൂടി കനത്ത മാറിടത്തോടെ ‘വെറ്റിലയിൽ തേയ്ക്കാനൽ‌പ്പം ചുണ്ണാമ്പ് തരുമോ?’ എന്ന് അവൾ ചോദിക്കുന്നു. ഇതിലും ഭംഗിയിൽ, തീവ്രമായി എങ്ങനെയാണ് ഒരു സ്ത്രീ രതിപ്രാർഥന നടത്തുക? ചുട്ടുപൊള്ളുന്ന കാമത്താൽ നിസ്സീമമായ സൌന്ദര്യം കൈവഴിയുന്ന വിജനത അവനെ മാളികയെന്ന് തോന്നിപ്പിച്ച പനമുകളിലെത്തിക്കുന്നു. എല്ലും തോലുമാവും വരെ അനുഭവിച്ച് വലിച്ചെറിയുന്നു. കഥകളിലൂടെയും ജീവിതത്തിലൂടെയും ആവർത്തിക്കപ്പെടുന്ന യക്ഷിക്കഥകൾ! ‘ഒന്ന് നീങ്ങിയിരിക്കൂ ചേട്ടാ..’ എന്ന് കുട്ടിയേയുമെടുത്ത് നിൽക്കുന്ന ഈ മെലിഞ്ഞ കുട്ടി പോലും യക്ഷിയാവാം എന്ന് ജയമോഹൻ. കാമമുള്ള പുരുഷന്റെ കണ്ണിൽ നിന്ന് ഒളിക്കാനാവാത്ത യക്ഷി. പല തലമുറകളായി അനുഭവിച്ച അസംതൃപ്തിക്കും അപമാനത്തിനും ഒരു ദിവസം ഒരുവളിലൂടെ അവൾ പകരംവീട്ടുക തന്നെ ചെയ്യുന്നു. അസാധാരണമായൊരു അഴകുണ്ട് ജയമോഹന്റെ ഗദ്യത്തിന്.

സംസ്കാര ചരിത്രവും നരവംശശാസ്ത്രവും വായിച്ച് ആളുകൾ തെറ്റുകുറ്റങ്ങളുള്ളവരല്ല, സവിശേഷതകളുള്ളവർ എന്ന് തിരിച്ചറിയുന്നു ജയമോഹൻ. നിത്യകാമുകിയായ അരുൺ‌മൊഴിക്കും മക്കളായ ചൈതന്യയ്ക്കും അജിത്തിനുമൊപ്പം, ഞൊടിയിട കൊണ്ടു പോലും നിത്യരാകുന്ന കഥാപാത്രങ്ങൾക്കൊപ്പം ഓരോ വാക്കിലും ജീവിതത്തിന്റെ ആശ്ചര്യം കാട്ടിത്തരുന്നു ഈ എഴുത്ത്.

നാട്ടുഭാഷയിൽ നിന്ന് അകന്നു പോകുന്ന മലയാളിയെക്കുറിച്ച് പരിതപിക്കുന്നുമുണ്ട് ജയമോഹൻ. സ്വന്തം സംസ്കാരത്തിന്റെ അടിത്തട്ടിനെ ഇത്രയേറെ വെറുക്കുന്ന ഒരു ജനത ഇന്ത്യയിൽ വേറെയില്ല. മലയാളി നാട്ടുഭാഷയെ ഭയപ്പെടുന്നു, ഒളിച്ചു വെക്കുന്നു. അത് ഹീനമാണെന്നും സംസ്കാരമില്ലാത്തതാണെന്നും കരുതുന്നു. എവിടെയുംവള്ളുവനാടൻ ഭാഷയാണ്. വള്ളുവനാടൻ എന്നതും ഒരു പൊതു പ്രയോഗം മാത്രമാണ്. സത്യത്തിൽ അത് വള്ളുവനാടൻ നമ്പൂതിരി ഭാഷ. നമ്പൂരിത്തം കിട്ടാൻ വേണ്ടി ആഢ്യനായൻ‌മാർ മെനക്കെട്ട് സംസാരിക്കുന്നത്. പല നടിമാരും അഭിമുഖങ്ങളിൽ സ്വന്തം നാട്ടുഭാഷ പ്രയോഗിച്ചു പോകാറുണ്ട്. ഒരു നായികയും തിരുവനന്തപുരം ഭാഷയോ കണ്ണൂർ ഭാഷയോ സംസാരിക്കാറില്ല. നടുക്കുനിന്ന് അരിച്ചു കളയുന്ന ആ ‘ഫിൽറ്റർ’ ഏതാണ്?

“ഒരു കുടം നെല്ലു തരാം പെണ്ണിനെ വിടടാ തുലുക്കാ”, “ഒരു കുടം നെല്ലു വേണ്ട പെണ്ണിനെ വിട്ടൂല്ലട തുലുക്കൻ” എന്ന് നാഞ്ചിനാട്ടിലെ കുട്ടികൾ കളിക്കുമ്പോൾ, അക്രമികൾ കടത്തിക്കൊണ്ടു പോയി പണയമാക്കിവെച്ച സ്ത്രീകളെ നെല്ലും പൊന്നും കൊടുത്ത് മടക്കിക്കൊണ്ടുവന്ന ഒരു കാലത്തിന്റെ തീരാവേദനയാണ് ഓർക്കേണ്ടതെന്ന് ജയമോഹൻ പറയുന്നു. ‘എന്റെ അമ്മയുടെ കുടുംബകഥയിൽ കളക്കൊട്ടു നിന്ന് എത്തിയ മറവർ വീടു പൊട്ടിച്ച് അകത്തുകടന്ന് അവിടെയുണ്ടായിരുന്ന അമ്മച്ചിമാരെ പുളിമരത്തിൽ കെട്ടിത്തൂക്കി വലിയ ആട്ടുകല്ല് കെട്ടിയിട്ടു. അവരിൽ നിന്ന് അറയുടെ താക്കോൽ വാങ്ങി കുത്തിപ്പൊട്ടിച്ചപ്പോൾ കല്ലു ചേർത്ത നെല്ലാണ് കണ്ടത്. കൊണ്ടു പോകാനാവില്ല. അമ്മച്ചിമാരെ അങ്ങനെ തന്നെ ഇട്ട് അവർ പോയി. നട്ടെല്ലുപൊട്ടി അവർ അലറി മരിച്ചു.‘ നാഞ്ചിനാടിന്റെ ചരിത്രങ്ങളും പുരാവൃത്തങ്ങളും നമുക്കു മുന്നിൽ ചുരുളഴിഞ്ഞു വരുന്നു.

‘‘കേരളം എന്നു ഞാനുദ്ദേശിക്കുന്നത് എന്റെ മണ്ണിന്റെ വലിയൊരു ചിത്രത്തെയാണ്. പുസ്തകങ്ങളിൽ നിന്നോ വരപ്പടങ്ങളിൽ നിന്നോ എനിക്കൊരു ചിത്രവും കിട്ടാറില്ല. ഈ മണ്ണിന്റെ എല്ലാ കോണുകളിലും ഞാൻ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്. മൂവായിരം പേഗുകളോളം ഈ മണ്ണിനെപ്പറ്റി എഴുതിക്കഴിഞ്ഞിട്ടും പറയാത്തവയാണ് കൂടുതൽ. അതെ, എഴുതാനിരിക്കുന്നതേയുള്ളു.” ഇനിയും പറയാത്ത കഥകൾക്കു കാതോർത്തു കൊണ്ട്, ഇനിയും അത്ഭുതങ്ങൾ ജയമോഹന്റെ വിരലുകൾ സൃഷ്ടിക്കുന്നതും കാത്തിരിക്കാം. പഴയ മണ്ണിന്റെ വീറിൽ നിന്നും മുളച്ചു പൊന്തുന്ന ആ കഥകൾ, രണ്ടു തലമുറയ്ക്കപ്പുറം എന്തെന്നറിയാത്ത മലയാളിക്ക് പ്രചോദനമാവട്ടെ.

Sunday, June 19, 2011

റോസാദലങ്ങള്‍

പുസ്തകം : റോസാദലങ്ങള്‍
രചയിതാവ് : എസ്‌.ജയചന്ദ്രന്‍ നായര്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌
അവലോകനം : ബിജു.
സി.പി
വൈവിധ്യ പൂര്‍ണമായ വിസ്‌മയലോകങ്ങളിലേക്കുള്ള കവാടമാണ്‌ ഓരോ പുസ്‌തകവും. പട്ടിണിയായ മനുഷ്യന്‌ പുത്തനൊരായുധമായും ജിജ്ഞാസുക്കള്‍ക്ക്‌ അറിവിന്റെയും അനുഭവങ്ങളുടെയും അക്ഷയ ഖനിയായും പുസ്‌തകങ്ങള്‍ ഒപ്പം ചേരുന്നു. അക്ഷരസ്‌നേഹികള്‍ക്ക്‌ വായന പ്രഭാതഭക്ഷണം പോലെ ഒരു നിത്യശീലമാണ്‌. അത്‌ നമുക്ക്‌ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജവും വളരാനുള്ള പോഷകവും നല്‍കും. അതില്ലെങ്കില്‍ ഊര്‍ജമില്ലാതെ ചടച്ചും വളര്‍ച്ച മുരടിച്ചും പോകും. വായനയുടെ മഹാസഞ്ചാരങ്ങള്‍ക്കിടെ താനെത്തിച്ചേര്‍ന്ന്‌ വിസ്‌മയലോകങ്ങളെക്കുറിച്ചുള്ള വിവരണങ്ങളാണ്‌ എസ്‌.ജയചന്ദ്രന്‍ നായരുടെ റോസാദലങ്ങളെന്ന പുസ്‌തകം. കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളാണ്‌ സമകാലിക മലയാളം വാരികയുടെ പത്രാധിപരായ എസ്‌.ജയചന്ദ്രന്‍ നായര്‍. വിവിധ വിഭാഗങ്ങളില്‍പ്പെട്ട 129 വിശ്വോത്തരകൃതികളെക്കുറിച്ചുള്ള വായനാനുഭവങ്ങളുടെ സമാഹാരമാണ്‌ ഈ പുസ്‌തകം. പുസ്‌തകങ്ങളെക്കുറിച്ചുള്ള നിരൂപണമോ വിലയിരുത്തലോ അല്ല, മറിച്ച്‌ ഓരോ പുസ്‌തകവും നല്‍കിയ വായനാനുഭവത്തെക്കുറിച്ച്‌ ഒരാസ്വാദകന്റെ ആഹ്ലാദക്കുറിപ്പുകളാണ്‌ ഓരോ ലേഖനവും. മഹാഗ്രന്ഥങ്ങളിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന കൈപ്പുസ്‌തകം. (പേജ്‌ 535. വില 325)

ഫിഡല്‍ കാസ്‌ട്രോയുടെ ഇതിഹാസ ജീവിതത്തെക്കുറിച്ച്‌ ഇഗ്നേഷ്യോ റമോനെ രചിച്ച മൈ ലൈഫ്‌ എ സ്‌പോക്കണ്‍ ഓട്ടോ ബയോഗ്രഫി, ആ വിശിഷ്ട ജീവിതത്തിലേക്ക്‌ നമ്മെ കൈ പിടിച്ചു കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള അനുഭവവിരണമാണ്‌ ഈ കുടന്നയിലെ ആദ്യത്തെ റോസാദലം. ഇതിലെ ലേഖനങ്ങളിലേറെയും മഹാത്മാക്കളുടെ ജീവ ചരിത്രഗ്രന്ഥങ്ങളെക്കുറിച്ചുള്ള വായനക്കുറിപ്പുകളാണ്‌. മഹാജീവിതങ്ങള്‍ നയിച്ച ആചാര്യവ്യക്തിത്വങ്ങളെക്കുറിച്ചുള്ള മഹാ ഗ്രന്ഥങ്ങള്‍. അതിനൊപ്പം തന്നെയുണ്ട്‌ വിശിഷ്ടനോവലുകളിലൂടെയുള്ള വായനായാത്രയുടെ ആസ്വാദനക്കുറിപ്പുകളും. മാവോയുടെ ജീവിതത്തെക്കുറിച്ചും സദ്ദാം ഹുസൈന്റെ ജീവിതത്തെക്കുറിച്ചും ഗാന്ധിജിയുടെ ബ്രഹ്മചര്യപരീക്ഷണങ്ങളെക്കുറിച്ചു വിവരിക്കുന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബ്രഹ്മചര്യ ഗാന്ധി ആന്‍ഡ്‌ ഹിസ്‌ വിമന്‍ അസ്സോസിയേറ്റ്‌സ്‌ എന്ന പുസ്‌തകത്തെക്കുറിച്ചുള്ള സാമാന്യം വിശദമായ ലേഖനവും വ്യത്യസ്‌ത രാഷ്ട്രീയ ധാരകളിലുള്ള മഹാജീവിതങ്ങളിലേക്ക്‌ വെളിച്ചം വീശുന്നു. ദാസ്‌ക്യാപ്പിറ്റലിന്റെ ജീവചരിത്രം മാര്‍ക്‌സിന്റെയും എന്ന ലേഖനത്തില്‍ നിന്ന്‌ കാള്‍ മാര്‍ക്‌സ്‌ എന്ന സാധാരണ മനുഷ്യനെ നമുക്കു പരിചയപ്പെടാന്‍ കഴുയുന്നു. സംഗീതജ്ഞരുടെയും ചിത്രകാരന്മാരുടെയും തത്ത്വചിന്തകരുടെയും ജീവിതവിവരണങ്ങളുടെ വായനാനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ ആ വിശിഷ്ടവ്യക്തിത്വങ്ങളെക്കുറിച്ച്‌ നല്ലൊരു വിവരണം കൂടിയാകുന്നുണ്ട്‌ അവ.

കോപ്പന്‍ ഹേഗന്‍ സ്‌കൂളിനെക്കുറിച്ചും ഇംപ്രഷണിസ്‌റ്റ്‌ ചിത്രകാരന്മാരെക്കുറിച്ചും മനുഷ്യരാശിയുടെ പുരോഗതിയുടെ ചരിത്രത്തെക്കുറിച്ചും തീവ്രവാദത്തിന്റെ നിര്‍വചനത്തെക്കുറിച്ചുമെല്ലാമുള്ള പുസ്‌തകങ്ങള്‍ വൈവിധ്യമാര്‍ന്ന അനുഭവലോകങ്ങളിലേക്കുള്ള വാതായനങ്ങളാണ്‌. പമേല മൗണ്ട്‌ബാറ്റണ്‍ ഇന്ത്യയെക്കുറിച്ചെഴുതിയ പുസ്‌തകവും നെഹ്രുവിനെക്കുറിച്ച്‌ വാള്‍ട്ട്‌ ക്രോക്കര്‍ എഴുതിയ പുസ്‌തകവും ഇന്ദിരാ ഗാന്ധിയുടെ വ്യക്തിത്വത്തിന്റെ അപരിചിതമുഖങ്ങള്‍ ദീപ്‌തമാക്കുന്ന ഉഷാഭഗത്തിന്റെ പുസ്‌തകവുമൊക്കെ അവതരിപ്പിക്കുമ്പോള്‍ വായനയുടെ നിഷ്‌കളങ്ക കൗതുകം ആസ്വദിക്കുന്ന ഒരു കുട്ടിക്കൗതുകം പുലര്‍ത്തുന്നു റോസാദലങ്ങള്‍. സംഗീതലോകത്തെ വിസ്‌മയജീവിതങ്ങള്‍ അവതരിപ്പിക്കുന്ന ആറേഴു ലേഖനങ്ങളുണ്ട്‌. ഇന്നും വിസ്‌മയിപ്പിക്കുന്ന ദുരൂഹതകള്‍ കൊണ്ട്‌ അലുക്കുകള്‍ ചാര്‍ത്തിയ അന്നപൂര്‍ണാദേവിയുടെ മഹാമൗനത്തെക്കുറിച്ച്‌ എഴുതിയിട്ടുള്ള ആന്‍ അണ്‍ഹേഡ്‌ മെലഡി എന്ന പുസ്‌തകത്തെക്കുറിച്ചും അന്നപൂര്‍ണാ ദേവിയുടെ ശിഷ്യനായ ലോകോത്തര പുല്ലാങ്കുഴല്‍ പ്രതിഭയായ ഹരിപ്രസാദ്‌ ചൗരസ്യയെക്കുറിച്ചുള്ള റൊമാന്‍സ്‌ ഓഫ്‌ ദ ബാംബൂ റീഡ്‌,ഹിന്ദുസ്ഥാനിയുടെ അഭൗമരാഗതാളങ്ങള്‍ കൊണ്ട്‌ ശ്രോതാക്കളെ ആനന്ദിപ്പിക്കുകയും ജീവിതത്തിന്റെ നൊമ്പരപ്പാടുകള്‍ക്കുമേല്‍ പേലവമായ ഒരാശ്വാസലേപനമായി സംഗീതത്തെ മാറ്റിത്തീര്‍ക്കുകയും ചെയ്‌ത ദ മ്യൂസിക്‌ റൂം തുടങ്ങിയ പുസ്‌തകങ്ങളെക്കുറിച്ചുമുള്ള ലേഖനങ്ങള്‍ സംഗീതം പോലെ മധുരതരമാണ്‌.

പുസ്‌തകത്തിലെ വലിയൊരു പങ്കു ലേഖനങ്ങളും വശിഷ്ടനോവലുകളെക്കുറിച്ചും നോവലിസ്‌റ്റുകളെക്കുറിച്ചുമുള്ളവയാണ്‌. ദസ്‌തയേവ്‌സ്‌കിയും മാര്‍കേസും യോസയും കുന്ദേരയും കാര്‍ലോസ്‌ ഫ്യുവെന്തസും ബോര്‍ഹസും മാഴ്‌സല്‍ പ്രൂസ്‌തും കവാബാത്തയും ഓര്‍ഹന്‍ പാമുക്കും മുതല്‍ ജുംപാലാഹിരിയും രാജാ അല്‍സാനിയയും അനുരാധാ റോയിയും വരെയുള്ള സാഹിത്യലോകത്തെ മഹാസംഭവങ്ങളെയും മഹാവ്യക്തികളെയും പുതുമുറക്കാരെയുമൊക്കെ ലളിതമായും ഹൃദ്യമായും അനുഭവിപ്പിക്കുന്ന ലേഖനങ്ങള്‍. റോസാദലങ്ങളില്‍ കേരളം കടന്നു വരുന്നത്‌ ഒരു പുസ്‌തകത്തിലൂടെയാണ്‌. അതും ഇസ്രായേല്‍ വഴി കേരളത്തിലേക്ക്‌. കൊച്ചിയിലെ ജൂതസമൂഹത്തിന്റെ കഥ പറയുന്ന ദ ലാസ്റ്റ്‌ ജ്യൂസ്‌ ഓഫ്‌ കേരള എന്ന എഡ്‌നാ ഫോര്‍ണാണ്ടസിന്‍െ കൃതിയിലൂടെ. ഇരുന്നൂറ്റി എണ്‍പത്താറു ലൈബ്രറികളില്‍ നിന്നായി ഇരുപതു ദശലക്ഷം ഡോളര്‍ വിലയുള്ള പുസ്‌തകങ്ങള്‍ മോഷ്ടിച്ച മഹാനായ പുസ്‌തക മോഷ്ടാവ്‌ സ്‌റ്റീഫന്‍ ബ്ലൂംബെര്‍ഗിന്റെ ചരിത്രം വിവരിക്കുന്ന എ ജെന്റ്‌ില്‍ മാഡ്‌നെസ്‌ എന്ന പുസ്‌തകത്തെക്കുറിച്ചുള്ള ലേഖനം വായിക്കുമ്പോളറിയാം അക്ഷര സ്‌്‌നേഹികള്‍ക്ക്‌ പുസ്‌തകം ഒരു വികാരമായിരിക്കുന്നത് എങ്ങിനെയെന്ന്. പുസ്‌തകങ്ങളുടെ മഹാ പ്രപഞ്ചത്തിലേക്ക്‌ വായനക്കാരെ സ്‌നേഹത്തോടെ കൂട്ടിക്കൊണ്ടു പോവുകയും ഓരോ പുസ്‌തകവും തേടിപ്പിടിച്ചു വായിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ്‌ ഇതിലെ ലേഖനങ്ങളെല്ലാം.

Thursday, June 16, 2011

ദി ബുക്ക്‌ ഓഫ് നീഗ്രോസ്

പുസ്തകം : ദി ബുക്ക്‌ ഓഫ് നീഗ്രോസ് (The Book of Negroes)
രചയിതാവ് : ലോറന്‍സ്‌ ഹില്‍
പ്രസാധകര്‍ : ഹാര്‍പ്പര്‍ കോളിന്‍സ് , കാനഡ (HarperCollins)
അവലോകനം : നിര്‍മ്മലത്തീന്‍ ഭാഷയില്‍ ‘നിഗര്‍’എന്നവാക്കിന്‌ കറുപ്പ്‌ എന്നാണര്‍ത്ഥം. ഇതില്‍ നിന്നും ഉത്ഭവിച്ച നീഗ്രോ എന്നവാക്കിനും സ്പാനിഷിലും, പോര്‍ച്ചുഗീസ് ഭാഷയിലും, പുരാതിന ഇറ്റാലിയന്‍ ഭാഷയിലും കറുപ്പ്‌ എന്നു തന്നെയാണര്‍ത്ഥം. എന്നിട്ടും ലോകത്തിന്‍റെ പലഭാഗത്തും ഇതൊരു ഭര്‍ത്സന വാക്കാണ്‌. എന്തിന്‌ നമ്മുടെ ശബ്ദതാരാവലിയിലും നിഘണ്ടുവിലും കാപ്പിരി എന്നവാക്കിന്‌ അപരിഷ്കൃതന്‍ എന്ന അര്‍ത്ഥം കൊടുത്തിട്ടുണ്ട്‌.

അര്‍ത്ഥം എന്തായാലും അതിന്‍റെ പ്രയോഗത്തിലെ അധിക്ഷേപം ലോകം മുഴുവന്‍ തിരിച്ചറിയുന്നുണ്ട്. ആഫ്രിക്കയില്‍ നിന്നും വേട്ടയാടിപ്പിടിച്ചുകൊണ്ടുപോയി അടിമകളാക്കപ്പെട്ട കറുത്ത ജനതക്ക്‌ അപമാനമുദ്രയായി വെള്ളക്കാരന്‍ കൊടുത്ത പേരായി നീഗ്രോ മാറി. രണ്ടായിരത്തി ഏഴിലെ കോമണ്‍ വെല്‍ത്ത്‌ റൈറ്റേഴ്സ്‌ സമ്മാനം നേടിയ കാപ്പിരികളുടെ പുസ്തകം (The Book of Negroes) എന്ന പുസ്തകത്തിന്റെ വഴികള്‍ ഇതൊന്നുകൂടി ഉറപ്പാക്കുന്നു. അതുകൊണ്ടാണ്‌ ദി ബുക്ക്‌ ഓഫ്‌ നീഗ്രോസ് ‌ എന്ന പേരുമാറ്റി 'സംവണ്‍ നോസ്‌ മൈ നേം' (Someone Knows My Name) എന്നപേരില്‍ ഈ പുസ്തകം ഐക്യനാടുകളിലും, യൂറോപ്പിലും, ഓസ്ട്രേലിയയിലും പുറത്തു വന്നിരിക്കുന്നത്‌.
കാനഡയില്‍ ‘ദ ബുക്ക്‌ ഓഫ്‌ നീഗ്രോസ്‘ എന്ന പേരില്‍ 2007-ല്‍ ഇറങ്ങിയ പുസ്തകം അതേപേരില്‍ ഐക്യനാടുകളില്‍ ഇറക്കുവാന്‍ പ്രസാധകര്‍ മടി കാണിച്ചു. നീഗ്രോ എന്ന വാക്ക്‌ വയനക്കാരെ പിന്തിരിപ്പിക്കുമെന്ന വാദം ആദ്യം ഗ്രന്ഥകര്‍ത്താവായ ലോറന്‍സ്‌ ഹില്ലിനെ ചൊടിപ്പിച്ചുവെങ്കിലും പുസ്തക വ്യാപാരികളുടെ ബുദ്ധിയില്‍ അദ്ദേഹം വിശ്വസിച്ചു. അങ്ങനെ 'സംവണ്‍ നോസ്‌ മൈ നേം' എന്ന പേരില്‍ ഇത്‌ ഐക്യനാടുകളിലും, ന്യൂസിലന്‍ഡിലും, ദക്ഷിണാഫ്രിക്കയിലും പുറത്തു വന്നു. അതിനുശേഷം ഈ പുസ്തകം 'കാപ്പിരികളുടെ പുസ്തകം' എന്നപേരില്‍ പുറത്തു വന്നിരുന്നുവേങ്കില്‍ തങ്ങള്‍ വാങ്ങുമായിരുന്നില്ല എന്ന്‌ ഐക്യനാടുകളിള്‍ നിന്നുമുള്ള അദ്ദേഹത്തിന്‍റെ ചില ബന്ധുക്കളുള്‍പ്പടെയുള്ള കറുത്തവര്‍ഗ്ഗക്കാര്‍ അദ്ദേഹത്തോടു നേരിട്ടു പറഞ്ഞു. നീഗ്രോ എന്നത്‌ വേദനിപ്പിക്കുകയും വെറുക്കപ്പെടുകയും ചെയ്യുന്ന ഒരു വാക്കായിരിക്കുന്നു.

നാറ്റൂറ്റി എഴുപതു പേജുകളുള്ള ഈ പുസ്തകം ഒരു ചരിത്രനോവലാണ്‌. കാപ്പിരികള്‍ കാനഡയിലെത്തിയ അധികം പറയപ്പെടാത്ത ചരിത്രം. ഐക്യനാടുകളില്‍ അടിമക്കച്ചവടവും അടിമകളോടുള്ള ക്രൂരതയും വളര്‍ന്നു നിന്നിരുന്ന കാലത്ത്‌ ‘അണ്ടര്‍ ഗ്രൌണ്ട്‌ റെയില്‍ റോഡ്‌‘ എന്ന പേരിലൊരു ശ്രംഖല അതീവ രഹസ്യമായി അടിമകളെ കാനഡയിലേക്കു വരുവാനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനും അവസരമുണ്ടാക്കികൊടുത്തു. അത്‌ കാനഡ അഭിമാനത്തോടെ പറയുകയും പാഠപ്പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ചരിത്രം. എന്നാല്‍ സ്വാതന്ത്ര്യവും കൃഷിചെയ്തു ജീവിക്കുവാന്‍ സ്വന്തമായി സ്ഥലവും നല്‍കാമെന്ന വാഗ്ദാനത്തില്‍ തൂങ്ങി നോവസ്ക്കോഷ്യയിലെ ഫ്രീടൗണില്‍ 1783-ല്‍ കപ്പലിറങ്ങിയ മുവായിരത്തിലേറെ ആഫ്രിക്കന്‍ വംശജരുടെ ചരിത്രം കാനഡയില്‍ പലര്‍ക്കും അറിയില്ല. അതു ലോകത്തോടു പറയേണ്ടത്‌ സ്വന്തം ചുമതലയായി ഏറ്റെടുത്തുകൊണ്ടാണ്‌ ലോറന്‍സ്‌ ഹില്‍ ഈ പുസ്തകം എഴുതിയത്‌.

കാനഡയിലെ ടൊറന്‍റോയില്‍ ജനിച്ചു വളര്‍ന്ന ലാറി എന്നുവിളിക്കപ്പെടുന്ന ലോറന്‍സിന്‍റെ രക്തത്തിലുമുണ്ട്‌ കാപ്പിരി രക്തം. കറുപ്പും വെളുപ്പും കലര്‍ന്നതാണു ഈ എഴുത്തുകാരന്‍റെ പാരമ്പര്യം. ലാറിയുടെ അച്ഛന്‍ ആഫ്രിക്കന്‍ വംശജനായ ഡാനിയേല്‍ ഹില്ലും വെള്ളക്കാരിയായ അമ്മ ഡോണ ബെന്‍ഡറും വിവാഹപ്പിറ്റേന്ന്‌ അമേരിക്കയില്‍ നിന്നും കാനഡയിലേക്കു കുടിയേറിയവരാണ്‌. അമേരിക്കന്‍ ജനത അംഗീകരിച്ചിട്ടില്ലാത്ത മിശ്രവിവാഹ ജീവിതത്തില്‍ സമൂഹമേല്‍പ്പിക്കാവുന്ന മുള്ളുകള്‍ ഒഴിവാക്കുവാന്‍ വേണ്ടിയാണ്‌ അവര്‍ കാനഡയില്‍ സ്ഥിരതാമസമാക്കുവാന്‍ തീരുമാനിച്ചതു. 1953 ലായിരുന്നു അവരുടെ വിവാഹം. അക്കാലത്ത്‌ അമേരിക്കന്‍ ഐക്യനാടുകളിലെ വെര്‍ജീനിയപോലുള്ള സംസ്ഥാനങ്ങളില്‍ മിശ്രവിവാഹിതരെ കുറ്റവാളികളായി കരുതുകയും നിയമഭ്രഷ്ടരാക്കുകയും ചെയ്തിരുന്നു. ഉത്തരയമേരിക്കയിലെ കറുപ്പും വെളുപ്പുമല്ലാത്ത ജീവിതത്തിന്‍റെ ദുരിതത്തെപ്പറ്റി ലോറന്‍സ്‌ ഹില്‍ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്‌. ബ്ലാക്ക്ബെറി സ്വീറ്റ്‌ ജൂസ്‌ എന്നപേരിലുള്ള ഈ പുസ്തകമാണ്‌ ലാറി ആദ്യമായി പുറത്തിറക്കിയത്‌.

ലോറന്‍സ്‌ ഹില്‍
കോമണ്‍ വെല്‍ത്ത്‌ റൈറ്റേഴ്സ്‌ പ്രൈസ്‌ ഉള്‍പ്പെടെയുള്ള പല പുരസ്ക്കാരങ്ങളും നേടിക്കഴിഞ്ഞ കാപ്പിരികളുടെ പുസ്തകം എന്ന നോവല്‍ ലോറന്‍സ്‌ ഹില്ലിനെ ആഗോള പ്രശസ്തനാക്കിയിരിക്കുന്നു. ഈ നോവലിലെ പലസംഭവങ്ങളും പോലെ കാപ്പിരികളുടെ പുസ്തകം എന്ന പേരും യഥാർത്ഥത്തിലുള്ളതാണ്‌. അമേരിക്കന്‍ റവലൂഷനറി യുദ്ധത്തില്‍ അംഗസംഖ്യ കുറവായിരുന്ന ബ്രിട്ടീഷുകാരോടൊപ്പം ചേരുവാന്‍ കറുത്തവര്‍ഗ്ഗക്കാരെ അവര്‍ പ്രേരിപ്പിച്ചു. യുദ്ധംകഴിയുമ്പോള്‍ സ്വാതന്ത്ര്യവും കൃഷിചെയ്യുവാന്‍ സ്വന്തമായ ഭൂമിയും നല്‍കാമെന്ന വാഗ്ദാനത്തില്‍ ധാരാളം അടിമകള്‍ ബ്രിട്ടീഷുകാരുടെ സൈന്യത്തില്‍ ചേർന്നു. പക്ഷെ യുദ്ധത്തില്‍ തോറ്റ ബ്രിട്ടീഷുകാര്‍ക്ക്‌ അമേരിക്ക വിടേണ്ടി വന്നതോടെ ഇതൊരു പ്രാരാബ്ദ്ധമായി മാറി. കാനഡയിലെ ബ്രിട്ടിഷ്‌ കോളനിയായിരുന്ന നോവസ്ക്കോഷ്യയിലേക്ക്‌ അവരെ അയക്കാന്‍ ഉത്തരവായി. അങ്ങനെ മൂന്നു കപ്പലുകളിലായി അമേരിക്കയില്‍ നിന്നും കാനഡയിലേക്കും ഇംഗ്ലണ്ടിലേക്കും അയച്ച മൂവായിരം നീഗ്രോകളുടെ പേരുവിവരങ്ങള്‍ എഴുതിചേര്‍ത്ത പുസ്തകമാണു ബുക്ക്‌ ഓഫ്‌ നീഗ്രോസ്.

150 പേജുള്ള ഈ പുസ്തകത്തില്‍ സ്വാതന്ത്ര്യം തേടിപ്പോയ 3000 അടിമകളുടെ പേരും, വയസ്സും, ഉടമയുടെ പേരും, ജീവിത പശ്ചാത്തലവും മാത്രമല്ല, തടിച്ച പെണ്ണ്‌, കുറിയമനുഷ്യന്‍, കുരുടി, മുഖത്തു പാടുള്ളവന്‍, ഒറ്റക്കണ്ണി തുടങ്ങിയ അവഹേളനം നിറഞ്ഞ വ്യക്തി വിവരണങ്ങളുമുണ്ട്‌. കറുത്തവര്‍ഗ്ഗക്കാരുടെ അമേരിക്കയിലെ ആദ്യത്തെ ചരിത്ര പുസ്തകം എന്നുവേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ആഫ്രിക്കന്‍ വംശജര്‍ക്ക്‌ ഔദ്യോഗിക രേഖകളില്‍ സ്ഥാനം പിടിക്കാന്‍ അര്‍ഹതയില്ലാതിരുന്ന കാലത്ത്‌ എഴുതപ്പെട്ടിട്ടുള്ള പുസ്തകം എന്നനിലയില്‍ ഈ പുസ്തകം അമൂല്യമാണെന്ന്‌ ലാറി കരുതുന്നു. ഈ പുസ്തകത്തില്‍ പേരുവരിക എന്നത്‌ നിസ്സാര കാര്യമായിരുന്നില്ല. ഇത്‌ വാഗ്ദത്തഭൂമിയിലേക്കുള്ള വാതിലായിരുന്നു. ധാരാളമാളുകള്‍ ദിവസങ്ങളോളം തെളിവു സഹിതം വെള്ളക്കാരന്‍റെ കാര്‍ക്കശ്യത്തിനു മുന്നില്‍ കെട്ടികിടന്നിട്ടാണ്‌ അവരുടെ പേര്‌ ഇതില്‍ ചേർക്കപ്പെടുന്നത്‌.

കാപ്പിരികളുടെ പുസ്തകത്തിന്‍റെ മൂന്നു കൈയെഴുത്തു പ്രതികളാണുള്ളത്‌. ഒന്ന്‌ ഇംഗ്ലണ്ടിലും, ഒന്നു അമേരിക്കയിലെ വാഷിംഗ്ടണിലും മറ്റൊന്ന്‌ കാനഡയില്‍, ഹാലിഫാക്സിലെ മ്യൂസിയത്തിലുമാണ്‌. സംഭാഷണത്തിനിടയില്‍ ലാറി ഈ പുസ്തകത്തെ കൂട്ടപ്പലായനത്തിന്റെ പുസ്തകം എന്നുവിശേഷിപ്പിച്ചു. ഒന്‍റേറിയോയിലെ വാട്ടര്‍ലൂ യൂണിവേഴ്സിറ്റിയിലെ ചരിത്രാദ്ധ്യാപകനായ ജെയിംസ്‌ വാക്കര്‍ 1977-ല്‍ രചിച്ച കറുത്തവരെപ്പറ്റിയുള്ള ഒരു പുസ്തകത്തില്‍ നിന്നുമാണ്‌ ലാറി ആദ്യമായി നീഗ്രോകളുടെ പുസ്തകത്തെപ്പറ്റി അറിയുന്നത്‌. ലാറിക്ക്‌ ഇതൊരു അഭിനിവേശമായി മാറി. ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണം നടത്തി ഇതിനെപ്പറ്റി എഴുതാതെ പറ്റില്ലെന്നൊരു അവസ്ഥയിലേക്കു വന്നു.

ഇതാരേയും കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല, മറിച്ച്‌ സാധാരണക്കാരനും ഈ ചരിത്രം അറിയേണ്ടതാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌.ചാപ്പകുത്തിയ നെഞ്ചുമായി അതിനുള്ളിലെ ഒരിക്കലുംകെടാത്ത അഗ്നിയും വേവുമായി ജീവിതത്തെ വന്‍ കരകളില്‍നിന്നും വന്‍ കരകളിലേക്കു മാറ്റിപാര്‍പ്പിക്കുന്ന അമിനാറ്റയുടെ മനസ്സിലൂടെയാണു കഥ വിടരുന്നത്‌. അമിനാറ്റ ഡിയാലോ എന്നു പേരുള്ള നായികയെ പതിനൊന്നാം വയസ്സില്‍ ബായോ ഗ്രാമത്തില്‍ നിന്നും അടിമക്കച്ചവടക്കാര്‍ അപഹരിച്ചു കൊണ്ടു വന്നതാണ്‌. അമ്മയുടെ മടിയിലിരുന്ന്‌ അച്ഛനുണ്ടാക്കിയ തേന്‍ ചേര്‍ത്ത ചായ കുടിക്കുന്ന ബാല്യത്തെ ഉള്ളില്‍ താലോലിച്ച്‌ ഒരിക്കല്‍ അവിടെ മടങ്ങിച്ചെല്ലണമെന്നതാണു അമിനാറ്റയുടെ നിത്യ സ്വപ്നം. വിട്ടു പോന്ന വീടും ഗ്രാമവും അവളെ സദാ വിളിച്ചു കൊണ്ടിരുന്നു. ജന്മനാടിനെ ഒരു സ്വര്‍ഗ്ഗ ഭൂമിയായി ഉള്ളില്‍ കണ്ട അമിനാറ്റ ഒരിക്കലവിടെ മടങ്ങിച്ചെല്ലുക എന്ന സ്വപ്നത്തെ ഊതിക്കാച്ചാന്‍ പല ത്യാഗങ്ങളും സഹിക്കുന്നുണ്ട്‌. ബായോഗ്രാമത്തിലെ മുസ്ലീങ്ങളില്‍ അവളുടെ അച്ഛനു മാത്രമാണു സ്വന്തമായി ഖുറാനുള്ളതും വായന അറിയാവുന്നതും. അമിനാറ്റയുടെ കവിളെല്ലിനോടു ചേര്‍ന്ന്‌ ചന്ദ്രക്കല അടയാളമുണ്ട്‌. അവള്‍ അഭിമാനത്തോടെ സൂക്ഷിക്കുന്ന കുലപാരമ്പര്യമാണതു വിളിച്ചു പറയുന്നത്‌. എന്നാല്‍ അവളുടെ മാറില്‍ വെള്ളക്കാരന്‍ ചാപ്പകുത്തി.

ബുദ്ധിമതിയായ അവള്‍ എഴുതാനും വായിക്കാനും പെട്ടെന്നു പഠിച്ചെടുക്കുന്നു. അടിമകളില്‍ ആര്‍ക്കും തന്നെ വശമില്ലാത്ത വിദ്യ. അമേരിക്കയിലെ നീലത്തോട്ടങ്ങളില്‍ പണിയെടുത്തിരുന്ന അമിനാറ്റ വെള്ളക്കാരന്‍റെ ചതി ക്ക്‌ പലതവണ ഇരയാകുന്നുണ്ട്‌. അവളുടെ അഭിനിവേശമായ എഴുത്തും വായനയും തന്നെയാണ്‌ അവളെ മുന്നൊട്ടു കൊണ്ടുപോകുന്നത്‌. അവളുടെ മനോഹരമായ കൈപ്പട കണ്ടിട്ടാണ്‌ ബ്രിട്ടീഷ്‌ അധികാരികള്‍ കാപ്പിരികളുടെ പുസ്തകത്തില്‍ പേരുവിവരങ്ങളെഴുതുന്ന ജോലി അവളെ ഏല്‍പ്പിക്കുന്നത്‌. കൃഷിയിടങ്ങളില്‍ അങ്ങേയറ്റം അദ്ധ്വാനിച്ചു ശീലിച്ച കാപ്പിരികള്‍ സ്വന്തമായി ഭൂമി കിട്ടുന്നതു സ്വപ്നം കണ്ടാണു കാനഡായിലേക്കു വന്നത്‌. പലര്‍ക്കും ഭൂമി കിട്ടിയില്ലെന്നു മാത്രമല്ല ഇവിടെ ജീവിതം ദുരിതം പിടിച്ചതുമായിരുന്നു. കാനഡയിലെ നീണ്ട ക്രൂരമായ ശൈത്യകാലം അവർക്കു പരിചിതമായിരുന്ന കൃഷി ചെയ്തു ജീവിക്കുവാനും അനുവദിച്ചില്ല. മറ്റു ജോലികളൊന്നും അവര്‍ക്കു ശീലവുമില്ലായിരുന്നു. തന്നെയല്ല, കാനഡയില്‍ തൊഴിലില്ലായ്മ രൂക്ഷമായിരുന്ന സമയത്ത്‌ ഇവരുടെ വരവ്‌ കാനഡയിലുള്ളവരെ ചൊടിപ്പിക്കുകയും ചെയ്തു. ഫ്രീ ടൗണിലെത്തിയ കറുത്തവര്‍ അടിമകളായിരുന്നില്ലെങ്കിലും അവര്‍ക്കു കടുത്ത വിവേചനം നേരിടേണ്ടിവന്നു. നിന്ദ നിറഞ്ഞ പരിഹാസത്തിനു പുറമേ, ക്രൂരമായ ശാരീരിക പീഡനവും അവര്‍ക്കു നേരിടേണ്ടി വന്നു. ഇവിടേയും അമിനാറ്റയെ രക്ഷിച്ചതു എഴുതാനും വായിക്കാനുമുള്ള അവളുടെ കഴിവാണ്‌. ഒരു പ്രസില്‍ അവള്‍ക്കു ജോലികിട്ടുന്നു. തന്‍റെ എന്നത്തേയും സ്വപ്നമായിരുന്ന മടങ്ങിപ്പോക്കിനുള്ള സാദ്ധ്യത കണ്ടെത്തുന്നു.

ചരിത്രത്തോടും സത്യത്തോടും ഏറെ ചേര്‍ന്നു നില്‍ക്കുന്ന ഈ കൃതി ലോറന്‍സ്‌ ഹില്‍ എന്ന എഴുത്തുകാരന്‌ വിശ്വസാഹിത്യലോകത്ത്‌ ഒരു സ്ഥാനം നേടിക്കൊടുത്തതില്‍ അത്ഭുതപ്പെടാനില്ല. സിയേറലിയോണ എന്ന കപ്പലില്‍ ആഫ്രിക്കയിലേക്കു മടങ്ങിപ്പോകുവാന്‍ കറുത്തവർഗ്ഗക്കാര്‍ക്ക്‌ അവസരം കിട്ടി. അങ്ങനെ കുറേപ്പേര്‍‍ മടങ്ങിപ്പോയതുവായിച്ച ലാറിയുടെ സങ്കല്‍പലോകത്തില്‍ ചെറിയ കുട്ടിയായി കപ്പലില്‍ വന്നിറങ്ങിയ ഒരു പെണ്‍കുട്ടി സ്ത്രീയായി മടങ്ങിപ്പോവുന്ന കഥ ഉരുത്തിരിഞ്ഞു. വെള്ളക്കാരില്‍ നിന്നും അടിമകള്‍ക്കു നേരിടേണ്ടി വന്ന ക്രൂരതകളുടെ ചിത്രം ഈ നോവല്‍ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്‌. വായന കഴിഞ്ഞാലും പിന്തുടരുന്നത്ര ശക്തമായി. കോമണ്‍ വെല്‍ത്ത്‌ റൈറ്റേഴ്സ്‌ സമ്മാന ജേതാവിനു ബ്രിട്ടീഷ്‌ രാജ്ഞി നല്‍കിയ സ്വീകരണത്തിനു ശേഷം ലാറി രാജ്ഞിയെ നേരില്‍ കണ്ടു. ബെക്കിംഗ് ഹാം കൊട്ടാരത്തിന്റെ രണ്ടാം നിലയിലെ കൂടിക്കാഴ്ചയില്‍ വെച്ച്‌ രാജ്ഞി ഇദ്ദേഹത്തോട്‌ വളരെ ആകാംഷയോടെ നീഗ്രോകളുടെ പുസ്തകത്തെപ്പറ്റി ചോദിച്ചതു ലാറി അഭിമാനത്തോടെ ഓര്‍ക്കുന്നു. കൊട്ടാരത്തില്‍ നിന്നും ഏതാനും വാര അകലെയുള്ള മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ബ്രിട്ടീഷ്‌ ചരിത്രത്തിന്റെ ഭാഗമായ നീഗ്രോകളുടെ പുസ്തകത്തെപ്പറ്റി രാജ്ഞിയോടു വിവരിക്കാന്‍ കഴിഞ്ഞത്‌ കുസൃതി കലര്‍ന്ന സന്തോഷമായി ലാറി പങ്കുവെച്ചു. കാനഡയിലെ ഗോത്രവര്‍ഗക്കാരെ വെള്ളക്കാരോടൊപ്പം ജീവിക്കുവാന്‍ തയ്യാറെടുപ്പിക്കുന്നതിനുവേണ്ടി 1928-ല്‍ ഗോത്രവര്‍ഗത്തിലെ കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം റസിഡന്‍ഷ്യല്‍ സ്ക്കൂളുകളില്‍ പാര്‍പ്പിച്ചു പഠിപ്പിച്ചു. ശാരീരികവും, മാനസീകവുമായ പീഡനങ്ങള്‍ക്കു പുറമെ പലപ്പോഴും ലൈംഗിക പീഡനത്തിലും ഇതെത്തി ചേര്‍ന്നു. ഈ അടുത്ത കാലത്താണു കാനഡ സര്‍ക്കാര്‍ അതിനു മാപ്പു പറഞ്ഞത്. ചൈനക്കാര്‍ കൂട്ടമായി കാനഡയിലേക്കു വരുന്നതു തടയുന്നതിനായി അവർക്കേര്‍പ്പെടുത്തിയിരുന്ന എടുത്താല്‍ പൊങ്ങാത്ത തലക്കരവും തെറ്റായിപ്പോയെന്നു സര്‍ക്കാര്‍ തുറന്നു സമ്മതിക്കുമ്പോഴും നീഗ്രോകളോടു കാണിച്ച ക്രൂരതയും വഞ്ചനയും ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.

കാനഡയെന്നല്ല ലോകം തന്നെ അറിയാത്ത ചരിത്രമാണത്‌. ഐക്യനാടുകളിലെ അടിമകള്‍ക്ക്‌ കാനഡ സ്വര്‍ഗ്ഗമായിരുന്നതായിട്ടൂള്ള കഥയേ ചരിത്രം പറയുന്നുള്ളൂ. അതിര്‍ത്തി കടന്നെത്തിയവര്‍ക്ക്‌ ഉടമകളെ ഭയക്കാതെ സ്വതന്ത്രരായി ജീവിക്കാന്‍ സാധിച്ചു. എന്നാല്‍ സ്വാതന്ത്ര്യം കിട്ടുമെന്ന മോഹത്തില്‍ ഇവിടെയെത്തി ഏറെ അപമാനവും ദുരിതവും അനുഭവിക്കേണ്ടിവന്ന വലിയൊരു പങ്കു കറുത്തവരെപ്പറ്റി കാനഡയുടെ ചരിത്രം പഠിപ്പിക്കുന്നില്ല. ഒരു പിടി ചരിത്രവിദ്യാർത്ഥികള്‍ക്കോ ഗവേഷകര്‍ക്കോ മാത്രമറിയാവുന്ന ചരിത്രമാണിത്. ഇത്‌ ലോകം മുഴുവന്‍ അറിയേണ്ടതാണന്ന്‌ തിരിച്ചറിഞ്ഞ് ആ ചുമതല ലാറി സ്വയമേറ്റെടുത്തു. ജെയിംസ്‌ വാക്കര്‍ രചിച്ച പുസ്തകം ലാറി വീട്ടില്‍ നിന്നും 'കടത്താന്‍' ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ ഡാനിയേല്‍ ഹില്‍ അതിന്റെയുള്ളില്‍ തന്റെ പേരെഴുതിവെച്ചു. പക്ഷെ ഇന്നേവരെ താന്‍ ആ പുസ്തകം തിരിച്ചേല്‍പ്പിച്ചിട്ടില്ലെന്ന്‌ ലാറി ഒരു ചിരിയോടെ പറയുന്നു. ഫ്രെഞ്ചും സ്പാനിഷും സംസാരിക്കുന്ന ലാറി വര്‍ഷങ്ങളോളം പത്രപ്രവർത്തകനായി ജോലി ചെയ്തിട്ടുണ്ട്‌. ഗവേഷണവും എഴുത്തും, തിരുത്തെഴുത്തലുമായി 5 വർഷമെടുത്തു ഈ പുസ്തകം പുറത്തുവരുവാനായി. അമിനാറ്റയെപ്പോലുള്ള അടിമകളുടെ തുടക്കത്തില്‍ നിന്നും ഒബാമയുടെ വിജയത്തിലെത്തി നില്‍ക്കുന്ന അമേരിക്കയുടെ ഭാവിയെപ്പറ്റി ലാറിക്കു ശുഭപ്രതീക്ഷയുണ്ട്‌. അമേരിക്കയിലെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രശ്നങ്ങളും ഒബാമക്കെന്നല്ല ആര്‍ക്കും തന്നെ ഒറ്റ രാത്രികൊണ്ടു തീര്‍ക്കാവുന്നവയല്ലെങ്കിലും ഒബാമയുടെ ഭരണം അന്താരാഷ്ട്രബന്ധങ്ങളില്‍ അമേരിക്കയെ തുണക്കുമെന്ന്‌ ഈ എഴുത്തുകാരന്‍ ഉറച്ചു വിശ്വസിക്കുന്നു.

Saturday, June 11, 2011

Songs of Blood And Sword

പുസ്തകം : Songs of Blood And Sword
രചന : ഫാത്തിമ ബുട്ടോ
പ്രസാധകര്‍ : പെന്‍‌ഗ്വിന്‍
അവലോകനം : മൊഹമ്മദ് സുഹൈബ്
എം.ടി വാസുദേവന്‍ നായര്‍ക്ക് 'ഒരു വടക്കന്‍ വീരഗാഥ' എഴുതാന്‍ തോന്നുന്നതുവരെ നമ്മള്‍ മലയാളികള്‍ക്ക് ചന്തു ചതിയനായിരുന്നു. സാമ്പ്രദായിക ചരിത്ര രേഖകളുടെയും വടക്കന്‍ പാട്ടുകളുടെയും മുന്‍വിധിയാര്‍ന്ന നിലപാടുകളെ തകര്‍ത്ത് ചന്തുവിന്റെ ജീവിതത്തിന് എം.ടി പുതുഭാഷ്യം ചമച്ചതോടെ കഥമാറി. മലയാളി ബോധത്തിലെ ഏറ്റവും വലിയ വില്ലന്‍ അങ്ങനെ നായകനായി, ചതിയനൊടുവില്‍ കാഴ്ചക്കാരന്റെ മനമുരുക്കുന്ന ദുരന്ത കഥാപാത്രമായി. ഫാത്തിമ ഭൂട്ടോ സ്വന്തം പിതാവിന്റെ രേഖപ്പെടുത്തപ്പെട്ട ജീവ ചരിത്രം മാറ്റിയെഴുതുമ്പോഴും ഒരു എം.ടി സ്പര്‍ശം അതില്‍ കാണാം. ഭൂട്ടോ പരിവാരത്തിന്റെ ഏകപക്ഷീയ ചരിത്രത്തില്‍ നിന്ന് വ്യത്യസ്തമായി മുര്‍തസാ ഭൂട്ടോ അവിടെ നായകനായി മാറുന്നു. ഇരുണ്ട ഭൂതകാലത്തിന്റെ ശപ്ത ചിത്രത്തില്‍ നിന്ന് വര്‍ണാഭമായ ഒരു ഭാവി മരണശേഷം മകള്‍ അച്ഛനായൊരുക്കുന്നു. വിധി എന്നും ദയാരഹിതമായി മാത്രം ഇടപെട്ട മുര്‍തസയുടെ ജീവിതത്തെ ഒരു മകളുടെ വീക്ഷണകോണിലൂടെ കാണാനാണ് 'സോംഗ്സ് ഓഫ് ബ്ലഡ് ആന്റ് സ്വോര്‍ഡ്' എന്ന പുസ്തകത്തിലൂടെ ഫാത്തിമ ശ്രമിക്കുന്നത്. അവിടെ നമ്മള്‍ ഇതുവരെ കേള്‍ക്കാത്ത കഥകള്‍ കേള്‍ക്കുന്നു. ലോകമറിഞ്ഞ മുര്‍തസയുടെ രാഷ്ട്രീയ മുഖത്തിന് പിന്നിലെ പച്ച മനുഷ്യനെ കാണുന്നു. ബേനസീര്‍ ഭൂട്ടോയുടെ 'ശല്യക്കാരനായ അനിയന്‍' യഥാര്‍ഥത്തില്‍ നായകനായിരുന്നുവെന്ന് മകള്‍ പറയുന്നു.

ഇഴഞ്ഞു നടക്കുന്ന പ്രായത്തില്‍ മാതാവുപേക്ഷിച്ച് പോയ മകളെ സുഹൃത്തിനെ പോലെ സ്നേഹിച്ച് വളര്‍ത്തിയ പിതാവ്, മരണമുഖത്ത് വെച്ച് പിതാവ് നല്‍കിയ ആജ്ഞകള്‍ നിറവേറ്റാന്‍ ജീവിതവും ഭാവിയും പണയം വെച്ച് പോരാടിയ മകന്‍, രാജ്യ ഭ്രഷ്ടനായി ലോകമെങ്ങും അഭയം തേടിയലയുന്ന കാലത്ത് കൈത്താങ്ങായിരുന്ന കുഞ്ഞനുജന്റെ അപമൃത്യുവില്‍ തകര്‍ന്ന ജ്യേഷ്ഠന്‍, പിച്ചവെച്ച നാളുകളില്‍ കൈപിടിച്ച സഹോദരിയുടെ രാഷ്ട്രീയ ഭാവിക്ക് തടസമാകാതിരിക്കാന്‍ കറാച്ചിയുടെ തെരുവില്‍ കിടന്ന് വെടിയുണ്ടയേറ്റ് ജീവന്‍ ത്യജിച്ച അനുജന്‍.... ഫാത്തിമ തന്റെ പിതാവിനെ വായിക്കുന്നത് ഇങ്ങനെയൊക്കെയാണ്. ഇത് ഫാത്തിമക്ക് മാത്രം പറയാന്‍ കഴിയുന്ന കഥയെന്ന് ഈ കാലത്തിന്റെ ഏറ്റവും പ്രമുഖ ചരിത്രകാരന്‍മാരിലൊരാളായ വില്യം ഡാര്‍ലിംപിള്‍ സാക്ഷ്യം നില്‍ക്കുന്നു.

ചോരക്കളികളുടെ കഥയാണ് ഭൂട്ടോ കുടുംബത്തിന്റെ പുരാവൃത്തം. ദക്ഷിണേഷ്യയിലെ പ്രബല രാഷ്ട്രീയ കുടുംബങ്ങളിലൊന്നായ അവിടെ സ്വച്ഛന്ദ മൃത്യു സ്വപ്നം മാത്രം. 1970 മുതലുള്ള ഓരോ ദശാബ്ദത്തിലും ഓരോ ഭൂട്ടോ കുടുംബാംഗം കൊല്ലപ്പെടുന്നു. ആദ്യം പോയത് കുലപതി തന്നെ. സിയ ഉള്‍ ഹഖിന്റെ കൊലക്കയറില്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ജീവനൊടുങ്ങുമ്പോള്‍ മകന്‍ മുര്‍തസക്ക് മീശ മുളക്കുന്നതേയുള്ളു. പിന്നെ 1985ല്‍ ഫ്രാന്‍സിലെ നീസ് നഗരത്തില്‍ നിഗൂഡമായ സാഹചര്യങ്ങളില്‍ സുള്‍ഫിക്കറിന്റെ ഇളയമകന്‍ ഷാനവാസ് വിഷബാധയേറ്റ് മരിക്കുന്നു. മുര്‍തസയുടെ മരണം 1997ല്‍. ഒടുവില്‍ 2007 ല്‍ ബേനസീറും. ഫാത്തിമയുടെ പുസ്തകം തുടങ്ങുന്നത് ഇതിനൊക്കെ മുമ്പില്‍ നിന്നാണ്. ഭൂപ്രഭുക്കന്‍മാരായ സുല്‍ഫിക്കറിന്റെ പിതാമഹന്‍മാരുടെ കാലം മുതല്‍ കഥ തുടങ്ങുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെയും പിന്നെ പാകിസ്ഥാനിലെയും രാഷ്ട്രീയത്തില്‍ ഭൂട്ടോ കുലം നടത്തിയ ഇടപെടലുകള്‍ വിവരിച്ചുപോകുന്ന ഫാത്തിമ സുല്‍ഫിക്കറിന്റെ കാലമെത്തുമ്പോള്‍ ചെറിയ ചെറിയ വസ്തുതകളില്‍ കൂടുതല്‍ ശ്രദ്ധാലുവാകുന്നു. സുല്‍ഫിക്കറിന്റെ ഭാര്യ ബീഗം നുസ്റത്തിന്റെ പ്രസവങ്ങളുടെ വിശദാംശങ്ങള്‍ തന്നെ ശ്രദ്ധേയം. ആദ്യ പ്രസവത്തില്‍ നുസ്റത്ത് ജന്മം നല്‍കിയത് പെണ്‍കുഞ്ഞിനായിരുന്നു. പിന്നീട് പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി തീര്‍ന്ന ബേനസീറിനെ ജനന സമയത്ത് കുടുംബത്തിന് വേണ്ടായിരുന്നു. സുല്‍ഫിക്കറിന്റെ മാതാപിതാക്കള്‍ മകന്റെ കടിഞ്ഞൂല്‍ സന്താനത്തെ കാണാന്‍ വന്നില്ല. ആണ്‍ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്കാണ് പാക് സമൂഹത്തില്‍ പരിഗണനയുള്ളത്. പാകിസ്ഥാനിലെ ഏറ്റവും പുരോഗമന ചിന്താഗതിക്കാരുടെ കുടുംബത്തിലും അതിനൊന്നും മാറ്റമില്ല. പിന്നീട് നുസ്റത്ത്, മിര്‍ മുര്‍തസയെ പ്രസവിച്ചപ്പോള്‍ കഥ മാറി. പലഹാരങ്ങളും സമ്മാനങ്ങളുമായി സുല്‍ഫിക്കറിന്റെ മാതാവ് ഓടിയെത്തി. ഈയൊരു വൈരുധ്യത്തിന്റെ നിഴല്‍ ജീവിതാന്ത്യം വരെയും മുര്‍തസ ബേനസീര്‍ ബന്ധത്തിന് മേല്‍ ഇരുള്‍ പരത്തിയിരുന്നു. സഹോദര ബന്ധം സൂക്ഷിച്ചിരുന്നെങ്കിലും ഇരുവരുടെയും പരസ്പരമുള്ള ഇടപെടലുകള്‍ അത്ര അനായാസമായിരുന്നില്ല. പിതാവിന്റെ മരണ ശേഷം അത് മൂര്‍ഛിച്ചു.

പ്രതാപ കാലത്തെ പിതാവിനെ കണ്ടാണ് മുര്‍തസ വളരുന്നത്. രാഷ്ട്രത്തലവനായ സുല്‍ഫിക്കറിന്റെ വിലാസം മുര്‍തസയെ എല്ലായിടത്തും താരമാക്കി. പിന്നീട് അധികാരത്തിന്റെയും ജീവിതത്തിന്റെയും നിയന്ത്രണം വഴുതുമ്പോള്‍ സുല്‍ഫിക്കറിന്റെ ചിന്തകള്‍ പാറിയ വഴികള്‍ പിന്നീട് മുര്‍തസക്ക് ഹൃദിസ്ഥമായി. വിദേശ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥിയായിരുന്ന മകന് തന്റെ ജീവിത വീക്ഷണങ്ങളും ചിന്തകളും കത്തുകള്‍ വഴി സുല്‍ഫിക്കര്‍ കൈമാറിയിരുന്നു. ജയിലില്‍ കിടന്ന് സുല്‍ഫിക്കള്‍ എഴുതിയ കത്തുകളായി മുര്‍തസയുടെ പില്‍ക്കല ജീവിതത്തിന്റെ പ്രമാണം.

സ്വന്തം കുഴി സുല്‍ഫിക്കര്‍ സ്വയം കുഴിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഉദ്ധരിച്ച് ഫാത്തിമ സമര്‍ഥിക്കുന്നു. ബംഗാളി പ്രക്ഷോഭത്തെ ഉരുക്കുമുഷ്ടി കൊണ്ട് നേരിട്ട് 'ബുച്ചര്‍ ഓഫ് ബംഗാള്‍' എന്ന് വിളിപ്പേര്‍ സമ്പാദിച്ച ജനറല്‍ ടിക്കാ ഖാന്‍ പാകിസ്ഥാന്‍ സൈന്യത്തലവന്‍ പദവിയില്‍ നിന്ന് 1976 ല്‍ വിരമിച്ചപ്പോള്‍ പകരക്കാരനെ കണ്ടെത്താന്‍ സുല്‍ഫിക്കറിന് ബുദ്ധിമുട്ടുണ്ടായില്ല. എന്നും തന്റെ വിശ്വസ്തനായിരുന്ന സിയാ ഉല്‍ ഹഖിനെ സീനിയറായ അഞ്ച് ജനറല്‍മാര്‍ക്ക് മുകളിലൂടെ സുല്‍ഫിക്കര്‍ സൈന്യത്തലവനാക്കി. പാക് സൈന്യത്തിന്റെ പ്രവര്‍ത്തന രീതികള്‍ നന്നായറിയാമായിരുന്ന സുല്‍ഫിക്കര്‍, ദുര്‍ബലനും വിധേയനുമെന്ന് വിലയിരുത്തിയ സിയ ഒരിക്കലും തന്റെ കസേരക്ക് ഭീഷണിയാകുമെന്ന് കരുതിയില്ല. വിനീത വിധേയനായി അഭിനയിച്ചിരുന്ന സിയയെ സുല്‍ഫിക്കര്‍ അന്ധമായി വിശ്വസിച്ചിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇതു സംബന്ധിച്ച് ഭൂട്ടോ കുടുംബത്തില്‍ പില്‍ക്കാലത്ത് നിരന്തരം ആവര്‍ത്തിക്കപ്പെട്ടിരുന്ന ഒരു കഥ ഫാത്തിമ ഓര്‍ക്കുന്നു: ഒരിക്കല്‍ സൈനിക ജനറല്‍മാരുടെ നിര്‍ണായക യോഗം സുല്‍ഫിക്കര്‍ വിളിച്ചു. പ്രധാനമന്ത്രിയുടെ ശാസന ഭയന്നാണ് ഏവരുമെത്തിയത്. പതിവുപോലെ നിശ്ചിത സമയത്തിനും ഏറെ മുമ്പേ സിയ എത്തി. വികാരങ്ങളെ തണുപ്പിക്കാന്‍ പുകവലിയില്‍ ആശ്രയം കണ്ടെത്തിയിരുന്ന സിയ ആരുമില്ലാതിരുന്നപ്പോള്‍ ഒരു സിഗരറ്റിന് തീ കൊടുത്തു. സിഗരറ്റ് പകുതിയാകുന്നതിന് മുമ്പ് പ്രധാനമന്ത്രിയെത്തി. ചകിതനായ സിയ കത്തിച്ച സിഗരറ്റ് പെട്ടന്ന് പാന്റ്സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ തുണി കത്തി പുക പുറത്തുവരാന്‍ തുടങ്ങി. ഇങ്ങനെ സുല്‍ഫിക്കറിനെ ഭയന്നിരുന്ന സിയ ആണ് തിരിച്ചറിയാനാകാത്ത വണ്ണം പരിവര്‍ത്തനപ്പെടുന്നത്. സൈനിക മേധാവിയെന്ന പദവി സിയയെ വേറൊരു മനുഷ്യനാക്കി. അധികം കഴിയുന്നതിന് മുമ്പ് തലതൊട്ടപ്പനെ തന്നെ ലക്ഷ്യം വെക്കാന്‍ തുടങ്ങി. സിയയുടെ ലക്ഷ്യം സുല്‍ഫിക്കര്‍ തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നു.

1977 ജൂലൈ നാലിന് സിയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ചീഫ് മാര്‍ഷല്‍ ലാ അഡ്മിനിസ്ട്രേറ്ററായി സ്വയം അവരോധിതനായി. പ്രധാനമന്ത്രി സുല്‍ഫിക്കര്‍ 'സുരക്ഷാ' തടങ്കലിലായി. ഇടക്ക് മോചിപ്പിക്കും, വീണ്ടും തടവിലാക്കും. എലിയും പൂച്ചയും കളി തുടര്‍ന്നു കൊണ്ടിരുന്നു. ഈ കാലത്തെപ്പോഴോ സിയ പറഞ്ഞു: 'ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ സുല്‍ഫിക്കർ. രണ്ടു മനുഷ്യര്‍, ഒരു ശവക്കച്ച'. അത് അച്ചട്ടായി. ഒരാള്‍ മാത്രം ശേഷിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വിമാനത്തോടൊപ്പം ചാരമാകാന്‍.

കുരുക്കുകളൊക്കെ മുറുക്കി അവസാനമായി സുല്‍ഫിക്കറിനെ സിയ തടവിലാക്കി. പല കേസുകള്‍ ചാര്‍ത്തപ്പെട്ടു. ജീവനോടെ സുല്‍ഫിക്കറിനെ പുറത്തുവിടാന്‍ സിയക്ക് ഉദ്ദേശമില്ലെന്ന് രാജ്യം തിരിച്ചറിഞ്ഞു. പക്ഷേ, പിതാവിനെ അങ്ങനെ വിധിക്ക് വിട്ടുകൊടുക്കാന്‍ മുര്‍തസ തയാറായിരുന്നില്ല. നേരത്തെ തന്നെ സ്വന്തം രാജ്യം മുര്‍തസക്ക് അന്യമായിരുന്നു. സിയയുടെ കാഴ്ചകളില്‍ നിന്ന് മകനെ മറച്ചുപിടിക്കാന്‍ പാകിസ്ഥാനില്‍ വരുന്നതില്‍ നിന്ന് മുര്‍തസയെ സുല്‍ഫിക്കര്‍ തടഞ്ഞിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ വിദ്യാര്‍ഥിയായിരുന്ന മുര്‍തസ എല്ലാമുപേക്ഷിച്ച് പിതാവിന് വേണ്ടി രാഷ്ട്രീയ പോരാട്ടത്തിനിറങ്ങി. രാജ്യ തലസ്ഥാനങ്ങളില്‍ നിന്ന് തലസ്ഥാനങ്ങളിലേക്ക്. സിയക്ക് മേല്‍ സമ്മര്‍ദം ചെലുതി പിതാവിനെ മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ എല്ലാം വിഫലമായി.
1979 ഏപ്രില്‍ നാലിന്റെ പുലരി. ലണ്ടനിലെ മുര്‍തസയുടെ വീട്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം മുര്‍തസ ഉറങ്ങുകയാണ്. നിശബ്ദതയെ ഭേദിച്ച് കൊണ്ട് ടെലഫോണ്‍ ബെല്‍ മുഴങ്ങുന്നു. മുര്‍തസയുടെ കാമുകി ഡെല്ലാ റൂഫഗാലിസ് ഫോണെടുത്തു. 'ബി.ബി.സിയില്‍ നിന്നാണ്. പുലര്‍ച്ചെ രണ്ടുമണിക്ക് സുല്‍ഫിക്കറിനെ വധിച്ച വിവരം അറിഞ്ഞിരുന്നോ'. ഇല്ലെന്ന് ഡെല്ല. പ്രതികരണത്തിനായി ഭൂട്ടോ കുടുംബത്തിന്റെ ഔദ്യോഗിക വക്താവായ മുര്‍താസയെ വേണം ബി.ബി.സിക്ക്. വിറയാര്‍ന്ന കൈകളോടെ ഡെല്ല മുര്‍തസയെ തട്ടിയുണര്‍ത്തി. 'മിർ, ഫോണ്‍ നിനക്കാണ്. ബി.ബി.സിയില്‍ നിന്ന്'.

കട്ടിലില്‍ എണീറ്റിരുന്ന് ഫോണെടുത്ത മുര്‍തസക്ക് അഭിമുഖമായി ഡെല്ല ഇരുന്നു. നിമിഷങ്ങള്‍ കഴിഞ്ഞില്ല. മുര്‍തസയുടെ കൈകളും മുഖവും വിറക്കാന്‍ തുടങ്ങി. പല്ലുകള്‍ കൂട്ടിയിടിച്ചു. മരണാസന്നനായ ഒരു പക്ഷിയെ പോലെ മുര്‍തസ വിറ കൊള്ളുകയാണ്. 'അവരൊരു നായകനെ കൊന്നു. ഇതിനവര്‍ വില കൊടുക്കേണ്ടി വരും'. ഫോണ്‍ ക്രാഡിലിലേക്കെറിഞ്ഞ് മുര്‍തസ ആക്രോശിച്ചു. നിയന്ത്രണം വിട്ട മുര്‍തസയെ ഡെല്ല ആശ്വാസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. എണീറ്റ് ബാത്ത്റൂമിലേക്ക് പോയി കുളിച്ച് മടങ്ങി വന്ന മുര്‍തസ അലമാരയില്‍ നിന്ന് വെളുത്ത സല്‍വാര്‍ കമീസ് എടുത്തിട്ടു. വിലാപത്തിന്റെ നിറമാണ് പാകിസ്ഥാനില്‍ വെള്ള. ഈ ദിനത്തിനായി പാകിസ്ഥാനില്‍ നിന്ന് വരുത്തി വെച്ചിരുന്നതായിരുന്നു ആ കമീസ്. സമനില വീണ്ടെടുത്ത് അനുജന്‍ ഷാനവാസിന്റെ മുറിയിലേക്ക് മുര്‍തസ നടന്നു. ഷാനവാസിനെ ഉണര്‍ത്തി തങ്ങള്‍ അനാഥരായ വാര്‍ത്ത അറിയിച്ചു. അപ്പോഴേക്കും അനുഭാവികളെയും മാധ്യമ പ്രവര്‍ത്തകരെയും കൊണ്ട് വീട് നിറഞ്ഞു.

സുല്‍ഫിക്കറിനെ തൂക്കിലേറ്റിയ വാര്‍ത്ത പുറത്തുവിടും മുമ്പ് തന്നെ സൈന്യം അദ്ദേഹത്തെ ഖബറടക്കിയിരുന്നു. സുല്‍ഫിക്കറിന്റെ ശരീരം ഒരു നോക്ക് കാണാനുള്ള അവസരം പോലും കുടുംബത്തിന് നിഷേധിക്കപ്പെട്ടു. തൂക്കിലേറ്റിയാണ് കൊന്നതെന്ന ഔദ്യോഗിക ഭാഷ്യം ശരിവെക്കുന്ന ഒരു തെളിവും കുടുംബത്തിന് ലഭിച്ചില്ല. ജയിലില്‍ വെച്ച് പീഡിപ്പിച്ച് കൊന്നതാണെന്ന് ഭൂട്ടോ കുടുംബം ഇപ്പോഴും വിശ്വസിക്കുന്നു.

ജയിലിലില്‍ നിന്ന് സുല്‍ഫിക്കര്‍ മുര്‍തസക്കയച്ച കത്തുകളെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഫാത്തിമയുടെ പുസ്തകം പുറത്തിറങ്ങിയതോടെ വീണ്ടും ചര്‍ച്ചാ വിഷയമായി. അവസാനമായി സുല്‍ഫിക്കര്‍ മകനയച്ചതെന്ന് പറയുന്ന സന്ദേശത്തെ കുറിച്ച് കുടുംബത്തില്‍ നിന്ന് തന്നെ സംശയങ്ങളുന്നയിക്കപ്പെട്ടു. ആ വിവാദ സന്ദേശത്തെകുറിച്ച് ഫാത്തിമ എഴുതുന്നു: ജയിലില്‍ കിടക്കുന്ന സുല്‍ഫിക്കറിന്റെ ആരോഗ്യനില വഷളായെന്ന വാര്‍ത്തയുമായി ലണ്ടനിലുള്ള മുര്‍തസയെ കാണാണ്‍ ഒരു ദൂതനെത്തി. ശരീരം നന്നെ ശോഷിച്ച് അവശനായ സുല്‍ഫിക്കറിന്റെ പല്ലുകള്‍ പൊടിഞ്ഞുപോകുകയാണ്. ജയില്‍ ഭക്ഷണത്തില്‍ കണ്ണാടിത്തുണ്ടുകള്‍ കിട്ടുമായിരുന്നുവത്രെ. സുല്‍ഫിക്കറിന്റെ ഒരു കത്തും ദൂതന്‍ മുര്‍തസക്ക് കൈമാറി. സുല്‍ഫിക്കര്‍ എഴുതിയ അവസാന കത്ത്. അഫ്ഗാനിസ്ഥാനിലേക്ക് മാറാന്‍ മുര്‍തസയോടും ഷാനവാസിനോടും സുല്‍ഫിക്കറിന്റെ നിര്‍ദേശമാണ് കത്തിലുള്ളത്. 'പാകിസ്ഥാന് പരമാവധി അടുത്തെത്തുക. എന്റെ മരണത്തിന് പ്രതികാരം ചെയ്തില്ലെങ്കില്‍ നിങ്ങള്‍ രണ്ടുപേരും എന്റെ മക്കളല്ല'. പിതാവിന്റെ ഈ അന്ത്യശാസനം പിന്നീട് പലതവണ മുര്‍തസ വായിക്കുന്നത് കണ്ടതായി കത്തു കിട്ടുമ്പോഴും ശേഷം വര്‍ഷങ്ങളോളവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന കാമുകി ഡെല്ലാ റൂഫഗാലിസ് ഓര്‍ക്കുന്നു.

മുര്‍തസയുടെ ജീവിതത്തിലെ ഇരുണ്ടതും നിഗൂഡവുമായ അധ്യായങ്ങള്‍ക്ക് വഴി തുറന്നത് ആ കത്താണെന്ന് ഫാത്തിമ പറയുന്നു. കാബൂളില്‍ നിന്ന് പാകിസ്ഥാനിലെ സൈനിക ഭരണകൂടത്തിനെതിരെ സായുധ പോരാട്ടത്തിന് മുര്‍തസ ഒരുങ്ങിയത് പിതാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണത്രെ. പിന്നീട് ജനാധിപത്യ രാഷ്ട്രീയത്തിന്റെ പാത സ്വീകരിച്ചെങ്കിലും ആ കറ മാഞ്ഞില്ല. മുര്‍തസയുടെ ആ ഇമേജ് വര്‍ധിപ്പിക്കാന്‍ സിയ സര്‍ക്കാരും പിന്നീട് സഹോദരി ബേനസീറും ആവതു ശ്രമിച്ചു. അതിന് വേണ്ട 'കണ്ടെത്തലു'കള്‍ സമയാസമയങ്ങളിലുണ്ടായി.
പിതാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുര്‍തസ ആയുധത്തിന്റെ വഴി തെരഞ്ഞെടുത്തതെന്ന് ഫാത്തിമ സമര്‍ഥിക്കുമ്പോള്‍ ആ വാദത്തെ ഖണ്ഡിച്ച് കുടുംബാംഗങ്ങള്‍ തന്നെ രംഗത്ത് വരുന്നു. ഫാത്തിമയുടെ പുസ്തകം ഇറങ്ങിയ ഉടന്‍ തന്നെ സുല്‍ഫിക്കറിന്റെ നാലുമക്കളില്‍ ജീവിച്ചിരിക്കുന്ന ഒരേഒരാളായ സനം ഭുട്ടോ ഇതിനെ എതിര്‍ത്തു. മക്കളുടെ ഭാവിയിലും പഠനത്തിലും അതീവ ശ്രദ്ധാലുവായിരുന്ന സുല്‍ഫിക്കര്‍ അങ്ങനെയൊരു കത്തെഴുതിയിരുന്നില്ലെന്ന് സനം പറയുന്നു. അറിഞ്ഞുകൊണ്ട് മക്കളെ കൊലക്ക് കൊടുക്കാന്‍ സുല്‍ഫിക്കര്‍ തയാറാകുമായിരുന്നില്ല. പിതാവിനെ സ്തുതി കൊണ്ട് മൂടുന്നതിനിടയില്‍ ഫാത്തിമ അന്ധയായി പോയെന്നാണ് സനത്തിന്റെ പക്ഷം.

1985. ഭൂട്ടോ പരിവാരം ലോകത്തിന്റെ പലഭാഗങ്ങളിലായി രാഷ്ട്രീയ വനവാസത്തില്‍ കഴിയുന്നു. മുര്‍തസയും കുഞ്ഞുമകള്‍ ഫാത്തിമയും ദമാസ്കസില്‍. അനിയന്‍ ഷാനവാസും കുടുംബവും ഫ്രാന്‍സിലെ നീസില്‍. സുല്‍ഫിക്കറിന്റെ വിധവ നുസ്റത്ത് ജനീവയില്‍. ബേനസീറും സനവും ലണ്ടനിൽ. അവരെല്ലാം ഒരു ദിവസം ഷാനവാസ് താമസിക്കുന്ന നീസില്‍ ഒത്തുകൂടാന്‍ തീരുമാനിക്കുന്നു. ഏറെക്കാലത്തിന് ശേഷം കുഞ്ഞനുജനെ കാണുന്നതിലുള്ള ആവേശത്തിലായിരുന്നു മുര്‍തസ. ജൂലൈ 17 ന് വൈകുന്നേരം പോര്‍ട്ട് ലാഗലേറയിലെ കടപ്പുറത്ത് അവര്‍ ഒത്തുചേര്‍ന്നു. ഷാനവാസിന്റെ അപാര്‍ട്മെന്റിലായിരുന്നു മുര്‍തസയുടെ താല്‍ക്കാലിക വാസം. ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോള്‍ എന്തോ പറഞ്ഞ് ഷാനവാസും ഭാര്യ റെഹാനയും പിണങ്ങി. തര്‍ക്കമായി. വാഗ്വാദം മൂത്തപ്പോള്‍ മുര്‍തസ ഇടപെട്ടു. 'തന്റെ പണി നോക്കെന്ന്' മുഖത്തടിച്ച പോലെ റെഹാന പറഞ്ഞു. എല്ലാവരും സ്തബ്ധരായി. പിന്നെ വഴക്ക് റെഹാനയും മുര്‍തസയും തമ്മിലായി. ഭാര്യയെ തടയാന്‍ ഷാനവാസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തന്റെ വീട്ടില്‍ നിന്നിറങ്ങിപ്പോകാന്‍ റെഹാന മുര്‍തസയോട് ആക്രോശിച്ചു. ഒരു കൊടുങ്കാറ്റുപോലെ മുര്‍തസ അവിടെ നിന്നിറങ്ങിപ്പോയി. സഹോദരന്‍ പോകുന്നത് കണ്ട് നിസഹായനായി നില്‍ക്കാനേ ഷാനവാസിന് കഴിഞ്ഞുള്ളു.

മാതാവ് നുസ്റത്തിന്റെ അപാര്‍ട്മെന്റിലേക്ക് താമസം മാറിയ മുര്‍തസ അവിടെ നിന്ന് രാത്രി വൈകി നഗരത്തിലെ ഒരു കാസിനോയിലേക്ക് പോയി. പുലരും വരെ കാസിനോയില്‍ കഴിച്ച മുര്‍തസ രാവിലെ ഫ്ലാറ്റിലെത്തി ഉറങ്ങാന്‍ കിടന്നു. ഉച്ചക്ക് രണ്ടരക്ക് കോളിംഗ് ബെല്‍ കേട്ടാണ് ഉണര്‍ന്നത്. ആകെ തകര്‍ന്ന നിലയില്‍ റെഹാനയാണ്. മുഖം കൊടുക്കാന്‍ മുര്‍തസ തയാറായില്ല. പരിഭ്രാന്തയായി എന്തൊക്കെ പുലമ്പുന്ന റെഹാനയെ കണ്ടപ്പോള്‍ സംഭവം പന്തിയല്ലെന്ന് മുര്‍തസക്ക് മനസിലായി. റെഹാനയെയും കാറില്‍ കയറ്റി ഷാനവാസിന്റെ അപാര്‍ട്മെന്റിലേക്ക് പാഞ്ഞു. ഷാനവാസിന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഗ്രഹിച്ച മുര്‍തസ അവനെങ്ങനെയുണ്ടെന്ന് ചോദിച്ചു. ശരീരം മുഴുവന്‍ നീല നിറമാണെന്ന് റെഹാന. പരിഭ്രാന്തനായ മുര്‍തസ 'അവന് ജീവനുണ്ടോ, അതോ മരിച്ചോ' എന്ന് ദേഷ്യപ്പെട്ടു. ഷാനവാസിന്റെ അവസ്ഥ കണ്ട റെഹാന അങ്ങോട്ട് നോക്കാന്‍ പോലും ധൈര്യപ്പെട്ടിരുന്നില്ലത്രെ. മുര്‍തസ അപാര്‍ട്മെന്റിലേക്ക് കടക്കുമ്പോള്‍ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഷാനവാസിന്റെ ശരീരം. കണ്ടപ്പോള്‍ തന്നെ അവന്‍ മരിച്ചു കഴിഞ്ഞുവെന്ന് മനസിലായെന്ന് മുര്‍തസ പിന്നെ ഓര്‍ത്തു. നെഞ്ചിലും മുഖത്തുമെല്ലാം നീല പാടുകള്‍. പൊലീസെത്തി. എല്ലാവരെയുെം ചോദ്യം ചെയ്തു. അനിയന്‍ ആത്മഹത്യ ചെയ്യില്ലെന്ന് മുര്‍തസ ഉറപ്പിച്ചു പറഞ്ഞു. കഥകള്‍ പ്രചരിക്കാന്‍ തുടങ്ങി. സിയ ഉള്‍ ഹഖിന്റെ ചാരപ്പട ഷാനവാസിനെ കൊന്നുവെന്നതായിരുന്നു പ്രധാനം.

സുല്‍ഫിക്കറിന്റെ മൂത്ത മകനെന്ന നിലയില്‍ മുര്‍തസയാണ് സിയയുടെ പ്രധാന എതിരാളിയെങ്കിലും സായുധ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ഷാനവാസായിരുന്നു. സഹോദരന്‍മാരില്‍ ഏറ്റവും അപകടകാരി ഷാനവാസ് ആണെന്ന് ഒരു പൊതുധാരണ അന്ന് പ്രബലമായിരുന്നു. പക്ഷേ, എങ്ങനെയാണ് സിയയുടെ ചാരന്‍മാര്‍ ഷാനവാസിനെ കൊന്നതെന്ന് മാത്രം ആര്‍ക്കും വിശദീകരിക്കാനായില്ല.

റെഹാനയെയും ചിലര്‍ പ്രത്യേകിച്ച് ഷാനവാസിന്റെ കുടുംബം സംശയിച്ചു. പൊലീസും ഇതേ ദിശയില്‍ അന്വേഷണം നടത്തിയെങ്കിലും ഒരിടത്തുമെത്തിയില്ല. പുലര്‍ച്ചെയാണ് ഷാനവാസിന്റെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്മാര്‍ട്ടത്തില്‍ തെളിഞ്ഞു. സംഭവം പുറത്തറിയുന്നതും പൊലീസിനെ അറിയിക്കുന്നതും ഒമ്പതു മണിക്കൂറിന് ശേഷമായിരുന്നു. ഈ സമയം മുഴുവന്‍ റെഹാന ഷാനവാസിന്റെ ശരീരത്തിനൊപ്പമുണ്ടായിരുന്നു. റെഹാന അറിയാതെ ഷാനവാസിന് ഒന്നും സംഭവിക്കില്ല. സംശയത്തിന്റെ മുന റെഹാനക്ക് നേരെ തിരിയാന്‍ ഇതൊക്കെ കാരണങ്ങളായി. പലതവണ റെഹാനയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മാസങ്ങളോളം ജയില്‍ വാസമനുഷ്ഠിച്ചു. പക്ഷേ റെഹാനയുടെ പങ്ക് തെളിയിക്കാന്‍ ഫ്രഞ്ച് പൊലീസിനായില്ല. വിട്ടയക്കപ്പെട്ട ഉടന്‍ റെഹാന അമേരിക്കക്ക് പറന്നു.

സഹോദരന്റെ മരണം മുര്‍തസയെ തളര്‍ത്തി. അനുജനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന ചിന്ത വേട്ടയാടാന്‍ തുടങ്ങി. ആ രാത്രി ഷാനവാസിന്റെ ഫ്ലാറ്റില്‍ താനുണ്ടായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് മരണം വരെയും മുര്‍തസ വിശ്വസിച്ചിരുന്നു. മുര്‍തസ മെലിഞ്ഞു. ആ തമാശകളും പൊട്ടിച്ചിരികളും മാഞ്ഞു. പിന്നീടൊരിക്കലും മുര്‍തസ പഴയ ആളായില്ല.

ഷാനവാസിന്റെ കേസ് വാദിക്കാന്‍ മുര്‍തസ നിയോഗിച്ച ജാക്വിസ് വെര്‍ഗാസ് എന്ന അഭിഭാഷകനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഫാത്തിമ കണ്ടു. ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങളാണ് ആ കൂടിക്കാഴ്ച ഫാത്തിമക്ക് സമ്മാനിച്ചത്. 'ഷായുടെ കൊലപാതകത്തെ ഒരു വലിയ കേസാക്കണമെന്ന് എന്നിക്കുണ്ടായിരുന്നു. പക്ഷേ, ബേനസീര്‍ എതിര്‍ത്തു. സി.ഐ.എയെയും പാകിസ്ഥാനി ഇന്റലിജന്‍സ് സര്‍വീസിനെയും പിണക്കാന്‍ ബേനസീര്‍ ഒരുക്കമായിരുന്നില്ല. ഈ രണ്ടു ഏജന്‍സികളും ഷാനവാസിന്റെ മരണത്തിന് പിന്നിലുണ്ടെന്ന് മുര്‍തസ ഉറച്ചു വിശ്വസിച്ചിരുന്നു.': വെര്‍ഗാസ് പറഞ്ഞു. എന്തുകൊണ്ട് ബേനസീര്‍ അത്തരമൊരു നിലപാടെടുത്തു എന്ന ചോദ്യത്തിന് അര്‍ഥഗര്‍ഭമായ പുഞ്ചിരിയായിരുന്നു വെര്‍ഗാസിന്റെ മറുപടി. അക്കാലത്ത് ബേനസീര്‍ രണ്ടു ചാര ഏജന്‍സികളുമായും നല്ല ബന്ധത്തിലായിരുന്നു. അവരുടെ പിന്തുണയായിരുന്നു ബേനസീറിന്റെ ശക്തി. തന്റെ അവസാന തെരഞ്ഞെടുപ്പ് കാമ്പയിനിന് സുരക്ഷയൊരുക്കാന്‍ അമേരിക്കന്‍ കൂലിപ്പട്ടാളമായ ബ്ലാക്ക്വാട്ടറിനെ ബേനസീര്‍ സമീപിച്ചുവെന്ന വാര്‍ത്ത കേള്‍ക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടാകാന്‍ ഇടയില്ല. ഷാനവാസിന്റെ കേസ് പുരോഗമിക്കുന്നത് തടഞ്ഞത് ബേനസീറാണ്. ആ കേസ് പുറത്തു വരാതിരുന്നാല്‍ ബേനസീറിന് എന്തെങ്കിലും ലാഭമുണ്ടായിരുന്നോ എന്ന ഫാത്തിമയുടെ ചോദ്യത്തിന് 'അങ്ങനെയൊരു സാധ്യത താന്‍ തള്ളിക്കളയുന്നില്ല' എന്നാണ് വെര്‍ഗാസ് മറുപടി പറഞ്ഞത്.

സിയയുടെ ഭീഷണ വാഴ്ചയില്‍ രാജ്യത്ത് പ്രവേശിക്കാനാകാതെ മുര്‍തസ പ്രവാസിയായി ഉലകം ചുറ്റുമ്പോള്‍ സുല്‍ഫിക്കറിന്റെ പാകിസ്ഥാനിലുള്ള ഏക അനന്തരാവകാശി എന്ന നിലയില്‍ ബേനസീര്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു; പാകിസ്ഥാനി രാഷ്ട്രീയത്തിലും സുല്‍ഫിക്കറിന്റെ മരണത്തോടെ നേതൃരഹിതമായ പി.പി.പിയിലും. പുരുഷ കേന്ദ്രീകൃതമായ പാക് സാമൂഹികാന്തരീക്ഷത്തില്‍ ആണ്‍ സന്താനമാണ് പിതാവിന്റെ പാരമ്പര്യത്തിന് നേരവകാശി. വിവാഹിതയാകുന്നതോടെ സ്ത്രീ വേറെ കുടുംബത്തിലെ ആളാകുകയാണ്. പക്ഷേ, സര്‍ദാരിയെ വിവാഹം ചെയ്ത ശേഷവും ഭൂട്ടോയെന്ന നാമം നിലനിര്‍ത്തിയ ബേനസീര്‍ മുര്‍തസയെ തന്ത്രപരമായി ഒഴിവാക്കി, പാര്‍ടിയുടെ കടിഞ്ഞാല്‍ കൈക്കലാക്കി. സര്‍ദാരിയുടെ കുതന്ത്രങ്ങള്‍ ബേനസീറിനെ തുണച്ചു. സിയയുടെ മിലിറ്ററി ഗവണ്‍മെന്റുമായി സഹകരിക്കാനുള്ള ബേനസീറിന്റെ തീരുമാനം മുര്‍തസയെ ചൊടിപ്പിച്ചു. ഇരുവരും തെറ്റി. ബേനസീറിന്റെ അവസരവാദ നയങ്ങളുടെ വിമര്‍ശകനായി മുര്‍തസ മാറി. ബേനസീറിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു അങ്ങനെ സ്വന്തം കൂടപ്പിറപ്പായി.

വിമാനാപകടത്തില്‍ സിയ മരിച്ചശേഷം 1988 ഡിസംബറില്‍ 35 ാം വയസില്‍ ബേനസീര്‍ പാകിസ്ഥാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശത്രുതയിലായിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ സഹോദരിയുടെ നില ദമാസ്കസിലിരുന്ന് മുര്‍തസ സസൂക്ഷ്മം നിരീക്ഷിച്ചു. പി.പി.പിക്ക് ലഭിച്ച സീറ്റുകളില്‍ അതൃപ്തനായ മുര്‍തസ തെരഞ്ഞെടുപ്പ് സൈന്യം അട്ടിമറിച്ചുവെന്നും ഫലം തള്ളി പ്രതിപക്ഷത്തിരിക്കണമെന്നും സഹോദരിയെ ഉപദേശിച്ചു. മാതാവ് നുസ്റത്തും അതു തന്നെ പറഞ്ഞു. അധികാരത്തിന്റെ ഗന്ധം ശ്വസിച്ച ബേനസീര്‍ ആരെയും അനുസരിച്ചില്ല. സൈന്യത്തിന്റെ എല്ലാ നിബന്ധനകള്‍ക്കും വഴങ്ങി പ്രധാനമന്ത്രി പദം സ്വീകരിച്ചു. സിയയുടെ മന്ത്രിസഭയിലിരുന്ന് പി.പി.പിയെ വേട്ടയാടിയവരായിരുന്നു ബേനസീറിന്റെ മന്ത്രിസഭയിലും ശക്തര്‍. ബേനസീര്‍ വന്ന വഴി മറന്നു.

സിയയുടെ മരണത്തോടെ അപകടമൊഴിഞ്ഞെന്ന് വിശ്വസിച്ച മുര്‍തസ പാകിസ്ഥാനിലേക്ക് മടങ്ങാന്‍ ശ്രമം തുടങ്ങി. ഭരണകൂടം തന്റെ മേല്‍ ചാര്‍ത്തിയ കേസുകളൊക്കെ നേരിടാനൊരുങ്ങി തന്നെയാണ് മുര്‍തസ അതിന് ശ്രമിച്ചത്. സുല്‍ഫിക്കറിന്റെ ജീവിച്ചിരിക്കുന്ന ഏക ആണ്‍തരി പാകിസ്ഥാനിലെത്തുന്നത് തന്റെ അടിത്തറയിളക്കുമെന്ന് ഭയന്ന ബേനസീര്‍ മുര്‍തസയെ നിരുല്‍സാഹപ്പെടുത്തി. പലതവണ മുര്‍തസ ആവശ്യപ്പെട്ടിട്ടും ബേനസീര്‍ വഴങ്ങിയില്ല. വര്‍ഷങ്ങള്‍ കടന്നുപോയി. ഇതിനിടെ ബേനസീറിന് അധികാരം നഷ്ടമായി. വീണ്ടും തെരഞ്ഞെടുപ്പ് വന്നു.

ഒടുവില്‍ 1993 ല്‍ നാട്ടിലേക്ക് മടങ്ങാന്‍ മുര്‍തസ ഏകപക്ഷീയമായി തീരുമാനിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന ആഗ്രഹവും സഹോദരിയെ അറിയിച്ചു. തനിക്കും സഹപ്രവര്‍ത്തകര്‍ക്കുമായി ഒമ്പതു സീറ്റ് ചോദിച്ചു. സൂചി കുത്താനിടം നല്‍കില്ലെന്ന് ബേനസീര്‍. മുര്‍തസ ചോദിച്ച സീറ്റുകളൊക്കെ സര്‍ദാരിയുടെ ശിങ്കിടികള്‍ക്ക് കൊടുത്തു. തനിക്കായി മുര്‍തസ ചോദിച്ച ലാര്‍കാന മുനവര്‍ അബ്ബാസിയെന്നൊരാള്‍ക്ക് കൊടുത്തു. ഗാന്ധി കുടുംബത്തിന് അമേഥി എന്താണോ അതാണ് ഭൂട്ടോമാര്‍ക്ക് ലാര്‍കാന. സുല്‍ഫിക്കറിന്റെ തട്ടകം. സുല്‍ഫിക്കറും പിന്നെ മുര്‍തസയും വാസമുറപ്പിച്ച പ്രദേശം. ഭൂട്ടോ കുടുംബത്തിന് വൈകാരിക ബന്ധമുള്ള സ്ഥലമാണ് ലാര്‍കാന. മുര്‍തസക്ക് നിഷേധിച്ചിട്ട് ലാര്‍കാന കൊടുത്ത മുനവ്വര്‍ അബ്ബാസിയാകട്ടെ ഭൂട്ടോ കുടുംബത്തിന്റെ ശത്രുവും. സുല്‍ഫിക്കറിനെ തൂക്കിലേറ്റിയ സിയ അധികാരമേറ്റ ശേഷം ആദ്യമായി ലാര്‍കാനയിലെത്തിയപ്പോള്‍ ഹാരമണിയിച്ച് സ്വീകരിച്ചയാളാണ് മുനവ്വര്‍. അതുപോലും ബേനസീര്‍ മറന്നു. മുര്‍തസക്ക് വേണ്ടി സംസാരിച്ച നുസ്റത്തിനെ സ്വന്തം മാതാവാണെന്നത് പോലും നോക്കാതെ ബേനസീര്‍ പി.പി.പിയുടെ ഓണററി ചെയര്‍പേഴ്സന്‍ പദവിയില്‍ നിന്ന് പുറത്താക്കി. ലാര്‍കാനയില്‍ സ്വതന്ത്രനായി നില്‍ക്കാന്‍ മുര്‍തസ തീരുമാനിച്ചു. ദമാസ്കസിലിരുന്ന് മല്‍സരിച്ച മുര്‍തസക്ക് വേണ്ടി ഭാര്യ പാക്കിസ്ഥാനിലെത്തി നോമിനേഷന്‍ ഫയല്‍ ചെയ്തു. കുടുംബത്തില്‍ അനുകൂലിക്കുന്നവരും അനുയായികളും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു. സുല്‍ഫിക്കറിന്റെ മകന്റെ അദൃശ്യ സാന്നിധ്യത്തിന് ലാര്‍കാനയില്‍ പ്രതികരണമുണ്ടായി. ബേനസീറിനും ലാര്‍കാന അഭിമാന പ്രശ്നമായിരുന്നു. പക്ഷേ വാശിയേറിയ മല്‍സരത്തിനൊടുവില്‍ ഒരിക്കല്‍ പോലും മണ്ഡലം കാണാത്ത മുര്‍തസ വിജയിച്ചു.

ദമാസ്കസില്‍ മുര്‍തസയുടെ മടക്കത്തിനുള്ള ഒരുക്കം തുടങ്ങി. ഇതുവരെ തന്ന സൗകര്യങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ച് സിറിയന്‍ പ്രസിഡന്റ് ഹഫീസ് അല്‍ അസാദിനോട് യാത്ര പറഞ്ഞു. മുര്‍തസയുടെ മടക്കം എളുപ്പമായിരിക്കില്ലെന്ന് മുന്‍കൂട്ടി കണ്ട അസാദ് തന്റെ പ്രസിഡന്‍ഷ്യല്‍ വിമാനം യാത്രക്കായി നല്‍കി. സിറിയയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള വഴിയില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നും വിമാനത്തിന് ക്ലിയറന്‍സ് കിട്ടി, പാക്കിസ്ഥാനിലൊഴികെ. അസാദിന്റെ പ്രതീക്ഷ തെറ്റിച്ച് വിമാനം ലാന്റ് ചെയ്യാനുള്ള അനുമതി ബേനസീര്‍ നിഷേധിച്ചു. മറ്റൊരു രാഷ്ട്രത്തലവന്റെ വിമാനത്തിന് അനുമതി നിഷേധിച്ചാലുണ്ടാകാവുന്ന നയതന്ത്ര പ്രതിസന്ധി ഒഴിവാക്കാന്‍ വിമാനം ഒടുവില്‍ ദുബൈയിലിറക്കി. അവിടെ നിന്ന് എത്യോപ്യന്‍ എയര്‍വെയ്സിന്റെ വിമാനത്തില്‍ മുര്‍തസ കറാച്ചിക്ക്.

കറാച്ചി വിമാനത്താവളത്തില്‍ മുര്‍തസയുടെ അനുയായികളുടെ പ്രളയം. ആള്‍ക്കൂട്ടത്തിന്റെ ആവേശം പലപ്പോഴും നിയന്ത്രണം വിട്ടു. വീരോചിതമായി ആയിരക്കണക്കിന് അനുയായികളുടെ മധ്യത്തില്‍ മുര്‍തസ പാക് മണ്ണില്‍ ഇറങ്ങുന്നത് ബേനസീറിന് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യം. അതിനാല്‍ മുര്‍തസയുടെ പാതയില്‍ തടസങ്ങള്‍ സൃഷ്ടിക്കാനായി പിന്നെ ശ്രമം. വിമാനം ലാന്റ് ചെയ്യേണ്ട ടെര്‍മിനല്‍ പല തവണ മാറ്റി. ഇടക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ ലാത്തിചാര്‍ജ്, കണ്ണീര്‍ വാതക പ്രയോഗം. പകല്‍ മുഴുവന്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കക്കും ഒടുവില്‍ രാത്രി വൈകി മാത്രമാണ് മുര്‍തസക്ക് പാക് മണ്ണിലിറങ്ങാനായത്. കാത്തു നിന്ന ആള്‍ക്കൂട്ടത്തിന്റെ കാഴ്ചയില്‍ നിന്ന് മറച്ച് പിന്‍വാതിലിലൂടെ പൊലീസ് മുര്‍തസയെ കടത്തിക്കൊണ്ടുപോയി, ലാന്‍ധി ജയിലിലേക്ക്. സഹോദരനോട് കാണിച്ച ഈ കണ്ണില്‍ചോരയില്ലായ്മക്ക് കാലം ബേനസീറിനോട് കണക്കു തീര്‍ത്തു. രണ്ടു പതിറ്റാണ്ടിന് ശേഷം മുശര്‍റഫിന്റെ ഉരുക്കു മുഷ്ടിക്ക് കീഴില്‍ പാകിസ്ഥാനിലേക്ക് മടങ്ങാന്‍ ശ്രമിച്ച ബേനസീറിന് നേരിടേണ്ടി വന്ന യാതനകള്‍ ഓര്‍ക്കുക.

സിയയുടെത് മുതലുള്ള സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ ചാര്‍ത്തിയ അസംഖ്യം കേസുകളുമായി ബന്ധപ്പെട്ടാണ് മുര്‍തസ ജയിലിലടക്കപ്പെട്ടത്. എട്ടുമാസം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ '94 ജൂണില്‍ കോടതി ജാമ്യം അനുവദിച്ചു. ഈ കാലമെല്ലാം സഹോദരന്റെ കാരാഗൃഹവാസം പരമാവധി ദുഷ്കരമാക്കാനും മോചനം നീട്ടിക്കൊണ്ടുപോകാനും ബേനസീര്‍ ശ്രമിച്ചു. കോടതിയുടെ മോചന ഉത്തരവ് വന്നിട്ടും കൂടുതല്‍ കേസുകള്‍ ചാര്‍ത്താന്‍ സര്‍ക്കാര്‍ നോക്കി. അവസാനം നുസ്റത്തിന് ഇടപെടേണ്ടിവന്നു, മകളില്‍ നിന്ന് മകനെ രക്ഷിക്കാന്‍.

അങ്ങനെ 17 വര്‍ഷം മുമ്പ് ഒരു 23 കാരനായി ഇറങ്ങിപ്പോയ '70 ക്ലിഫ്റ്റണ്‍' എന്ന കറാച്ചിയിലെ സുല്‍ഫിക്കറിന്റെ വീട്ടിലേക്ക് മധ്യവയസ്കനായി മുര്‍തസ മടങ്ങിവന്നു. അസ്തമയ സൂര്യന്റെ കിരണങ്ങള്‍ വീണ ഇടനാഴിയിലൂടെ ഓര്‍മകളില്‍ സ്വയം നഷ്ടപ്പെട്ട് ഏകനായി നടന്നു. അവിടന്ന് അവസാനമായി ഇറങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പിതാവിന്റെയും സഹോദരന്റെയും ഓര്‍മകളില്‍ മുര്‍തസ വികാരാധീനനായി. വീടിന് മുന്നിലെ പുതിയ കണ്ണാടി വാതിലിന് മുന്നില്‍ ഒരു നിമിഷം നിന്നു. ബേനസീര്‍ അവിടെ താമസിച്ചിരുന്നപ്പോള്‍ അവരുടെ സുരക്ഷക്കായി സ്ഥാപിച്ചതാണത്. അടുത്ത ദിവസം ആ കണ്ണാടി വാതില്‍ 70 ക്ലിഫ്റ്റണില്‍ നിന്ന് നീക്കപ്പെട്ടു.

പാകിസ്ഥാനില്‍ മുര്‍തസയുടെ സാന്നിധ്യം ബേനസീറിനും സര്‍ദാരിക്കും അസൌകര്യമായി. പ്രതിപക്ഷത്തേക്കാളും വലിയ പ്രതിപക്ഷമായി മുര്‍തസ വളര്‍ന്നു. സുല്‍ഫിക്കറിന്റെ നേരവകാശിയായ മകനൊപ്പം പഴയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരിച്ചെത്തി. ബേനസീസിന്റെയും സര്‍ദാരിയുടെയും ദുര്‍ഭരണത്തില്‍ മടുത്ത് പിന്‍വാങ്ങിയവര്‍ മുര്‍തസയോട് കൂടി.

കാല്‍ക്കീഴിലെ മണ്ണൊലിക്കുന്നത് തിരിച്ചറിഞ്ഞ ബേനസീര്‍ പരിഭ്രാന്തയായി. മുര്‍തസയുടെ സഹപ്രവര്‍ത്തകരെ പൊലീസ് വേട്ടയാടാന്‍ തുടങ്ങി. പാകിസ്ഥാനിലെ ഏറ്റവും ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന പട്ടണമായി കറാച്ചി മാറിയ കാലമായിരുന്നു അത്. അധോലോക സംഘങ്ങള്‍ തമ്മിലും അവരും പൊലീസുമായുള്ള ഏറ്റുമുട്ടലുകള്‍ തുടര്‍ക്കഥയായി. ഓരോ മാസവും മരണ സംഖ്യ ആയിരങ്ങളിലെത്തി. എന്നും കറാച്ചി പുലരുന്നത് പാതയോരങ്ങളിലെ അജ്ഞാത മൃതദേഹങ്ങള്‍ കണി കണ്ടായിരുന്നു. 'മരണത്തിന്റെ നഗരം' എന്ന് വിദേശ മാധ്യമങ്ങള്‍ കറാച്ചിയെ വിശേഷിപ്പിച്ചു. അധോലോകത്തിനെതിരെ പൊലീസ് 'ഓപറേഷന്‍ ക്ലീന്‍അപ്' എന്ന പേരില്‍ നടപടി ആരംഭിച്ചു. 'ഏറ്റുമുട്ടല്‍ കൊല'കള്‍ പതിവായി. പൊലീസിന്റെ ഭീകര വാഴ്ചയില്‍ കറാച്ചിപട്ടണം വിറകൊണ്ടു. ഒരിക്കല്‍ പാകിസ്ഥാനിലെ ഏറ്റവും സജീവ നഗരമായിരുന്ന കറാച്ചി സന്ധ്യ മയങ്ങിയാല്‍ വിജനമാകാന്‍ തുടങ്ങി. ഭയം കറാച്ചിയെ ഗ്രസിക്കാന്‍ തുടങ്ങി. അധോലോകത്തിനെതിരെ ആരംഭിച്ച ഓപറേഷന്‍ ക്രമേണ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ ഭരണകൂടത്തിനുള്ള മറയായി. ഭരണകൂടത്തിന്റെ കൂലിപ്പട്ടാളമായി പൊലീസ് മാറി. മുര്‍തസയുടെ അനുയായികള്‍ അപ്രത്യക്ഷരാകാന്‍ തുടങ്ങി. വാറണ്ടില്ലാതെ അറസ്റ്റിലായ പലരും പിന്നെ പുറത്തു വന്നില്ല. മുര്‍തസ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി. അതൊക്കെ പിന്നീട് സ്റ്റേഷന്‍ ആക്രമണങ്ങളായി ചിത്രീകരിക്കപ്പെട്ടു. മുര്‍തസയുടെ പ്രതിഷേധത്തെ 'സായുധ കലാപ'മായി സര്‍ക്കാര്‍ പുറംലോകത്തെ അറിയിച്ചു.

1996 സെപ്തംബര്‍ 20 വൈകുന്നേരം 7.30. പാര്‍ട്ടിയോഗം കഴിഞ്ഞ് 70, ക്ലിഫ്റ്റണിലേക്ക് മടങ്ങിയ മുര്‍തസയെയും സംഘത്തെയും പൊലീസ് സംഘം വീടിനടുത്ത് വെച്ച് തടഞ്ഞു. വിവരം തിരക്കാന്‍ കാറില്‍ നിന്ന് മുര്‍തസ പുറത്തിറങ്ങിയ ഉടന്‍ നാലുപാടു നിന്നും വെടിമഴ പെയ്യാന്‍ തുടങ്ങി. മുര്‍തസയെ കാത്തിരുന്ന ഭാര്യയും മക്കളും ശബ്ദം കേട്ട് പരിഭ്രാന്തരായി. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഫാത്തിമ കരച്ചിലായി. ഫോണെടുത്ത് രാജ്യം ഭരിക്കുന്ന അമ്മായിയെ വിളിച്ചു. അറ്റന്‍ഡ് ചെയ്ത സര്‍ദാരി നടുക്കുന്ന ആ വാര്‍ത്ത അറിയിച്ചു.: 'നിന്റെ പിതാവിന് വെടിയേറ്റത് അറിഞ്ഞില്ലേ'.

വെടിവെപ്പില്‍ മുര്‍തസക്ക് മാരകമായി പരിക്കേറ്റു. രക്തത്തില്‍ കുളിച്ച് കിടന്ന മുര്‍തസയെ പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. പൊലീസുകാര്‍ക്കൊപ്പം നടന്നാണ് മുര്‍തസ വണ്ടിയില്‍ കയറിയത്. ജീവന്‍ നഷ്ടപ്പെടാന്‍ മാത്രമുള്ള അപകടാവസ്ഥ അപ്പോഴില്ലായിരുന്നുവെന്ന് ഇതില്‍ നിന്ന് മനസിലാക്കാം. പൊലീസ് വാഹനത്തില്‍ രണ്ടു മൂന്നു പൊലീസുകാരും മുര്‍തസക്കൊപ്പം കയറി. വാഹനം നീങ്ങി കുറെ കഴിഞ്ഞപ്പോള്‍ ഒരു നിമിഷം നിന്നു. ഒരു വെടി പൊട്ടുന്ന ശബ്ദം കേട്ടു. വീണ്ടും വാഹനം നീങ്ങി. ആ ഒറ്റ ബുള്ളറ്റാണ് ജീവിതത്തിലേക്ക് മടങ്ങാനുള്ള മുര്‍തസയുടെ അവസാന സാധ്യതയെയും ഇല്ലാതാക്കിയത്. ഉടനെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് വാഹനം നഗരത്തില്‍ ചുറ്റി. ഒടുവില്‍ അത്യാഹിത വിഭാഗത്തിനുള്ള സൌകര്യങ്ങളൊന്നുമില്ലാത്ത ഒരു ക്ലിനിക്കില്‍ മുര്‍തസയെ എത്തിച്ചു. ഒരിക്കലും മുര്‍തസ രക്ഷപ്പെടില്ലെന്ന് അവര്‍ക്ക് ഉറപ്പാക്കണമായിരുന്നു. ആശുപത്രിയിലെത്തി അധികം കഴിയുന്നതിന് മുമ്പ് മുര്‍തസ മരിച്ചു. മുര്‍തസക്കെതിരായ നടപടിക്ക് നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കൊക്കെ സ്ഥാനക്കയറ്റവും ബഹുമതികളും ലഭിച്ചു. സ്വന്തം പിഴവുകളാണ് മുര്‍തസയുടെ ജീവനെടുത്തതെന്ന് ബേനസീര്‍ പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞു. അംഗരക്ഷകരുടെ വെടിയേറ്റാണ് മുര്‍തസ മരിച്ചതെന്നും അവര്‍ അവകാശപ്പെട്ടു. മുര്‍തസയുടെ മരണത്തില്‍ ആരോപണ വിധേയനായിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ദാരിയെ ഒരു പാക്കിസ്ഥാനി കോടതി കുറ്റവിമുക്തനാക്കി.

Wednesday, June 8, 2011

റൂമിയുടെ 100 കവിതകള്‍

പുസ്തകം : റൂമിയുടെ 100 കവിതകള്‍
രചയിതാവ് : റൂമി (മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി) / വിവ:കെ.ജയകുമാര്‍‌
പ്രസാധനം : ഡി.സി.ബുക്സ് (വില: 90 രൂപ)
അവലോകനം : വല്ല്യമ്മായി


തൈരില്‍ വെണ്ണയെന്ന പോലെ നമ്മിലൊളിഞ്ഞിരിക്കുന്ന ദൈവികമായ ആത്മാവ് കണ്ടെത്താനുള്ള ആഹ്വാനമാണ് റൂമി കവിതകൾ.

മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും മറിച്ച് മുളപൊട്ടി അന്തരീക്ഷത്തിലേക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന വിത്തിനുള്ളിലെ ചെടി പോലെ നശ്വരമായ ശരീരത്തില്‍ നിന്നും ആത്മാവിന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണെന്നുള്ള സത്യം വെളിവാക്കുന്ന വരികൾ.

പക്ഷെ നല്ല രീതിയില്‍ പരിപാലിക്കപ്പെടാത്ത വിത്തില്‍ നിന്നും നല്ല ചെടി ഉണ്ടാകാത്ത പോലെ ശരിയായ രീതിയില്‍ കടയാത്ത തൈരില്‍ നിന്നും മുഴുവന്‍ വെണ്ണയും ലഭിക്കാത്ത പോലെ ലൗകിക ജീവിതത്തിന്റെ ശരിയായ പാകപ്പെടുത്തലിലൂടെ മാത്രമേ ആത്മാവിന് ദൈവത്തിന്റെ മഹാസ്നേഹത്താല്‍ വിളയാടാന്‍ കഴിയൂ.

" മാനത്തു നിന്നടരുന്ന മഴ മുഴുവന്‍ കടലില്‍ പതിച്ചെന്നിരിക്കാം,അതിലൊരു കണിക പോലും മുത്തായി മാറുകയില്ല,പ്രണയമില്ലെങ്കിൽ “

റൂമി കവിതകളിലുടനീളം പ്രണയം സാര്‍‌വ്വലൗകികവും കാലാതീതവുമായ ദൈവസ്നേഹത്തേയാണ് സൂചിപ്പിക്കുന്നത്.

ലോക ജീവിതത്തിലൂടെ സത്യാന്വേഷണത്തിന് ആത്മാവിനെ പാകപ്പെടുത്തേണ്ടത് എങ്ങനെയെന്നും റൂമി തന്റെ കവിതകളിലൂടെ വിവരിക്കുന്നുണ്ട്.

" ജല‍ം നിറഞ്ഞിരുന്നിട്ടും ചുണ്ടു വരളുന്ന ഭരണിയാകാതിരിക്കുവിന്‍ " നമ്മുടെ ആത്മാവില്‍ വസിക്കുന്ന ദൈവത്തെ കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.

“ ഞാനെന്നും എന്റേതെന്നും എപ്പോഴുമുരിയാടുന്നവര്‍ ഞാനെന്തെന്നോ എന്റേതെന്നോ അറിയുന്നില്ല.“ ആ തിരിച്ചറിവാണ് ഈ അന്വേഷണത്തില്‍ ഏറ്റവും മുഖ്യം.

സന്തോഷവും സങ്കടവും മറ്റ് വിചാരങ്ങളും മനുഷ്യാവസ്ഥയിലെ താത്ക്കാലിക അതിഥികള്‍ മാത്രമാണെന്ന് പറയുന്നതിലൂടെ ജീവിതാവസ്ഥയിലെ നൈമിഷികത വരച്ചുകാട്ടിയിരിക്കുന്നു. അധമ വികാരങ്ങളുടെ പൊടിപടലത്താല്‍ മൂടപ്പെട്ടിരിക്കുന്നത് കൊണ്ടാണ് മനസ്സെന്ന കണ്ണാടിയില്‍ ദൈവത്തിന്റെ പ്രതിഫലനം തെളിഞ്ഞുകാണാത്തത്.

സ്വന്തം പ്രതിബിംബം കണ്ട് കിണറ്റിലേക്കെടുത്ത് ചാടിയ സിംഹത്തെ കുറിച്ചുള്ള പഴങ്കഥയിലൂടെ പുറത്തേക്ക് നോക്കുന്നതിനു മുമ്പ് സ്വന്തം ഉള്ളിലേക്ക് നോക്കി അവിടം ശുദ്ധമാകേണ്ടതിന്റെ ആവശ്യകത നമുക്ക് മനസ്സിലാക്കി തരുന്നു.

ഇങ്ങനെ" ബുദ്ധിമാന്മാര്‍ക്ക് ഈ പ്രപഞ്ചത്തില്‍ അനേകം ദൃഷ്ടാന്തങ്ങള്‍ കാണാന്‍ കഴിയും" എന്ന ദിവ്യവചനങ്ങളെ അന്വര്‍ത്ഥമാക്കും വിധം പ്രപഞ്ചത്തിലെ ഒരോ കണികകളിലും ഒളിഞ്ഞിരിക്കുന്ന നമ്മെ തന്നെ കാണിച്ചു തരികയാണ് കവി. ഒരു പാട് തിരശീലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന സത്യം പോലെ ഓരോ വായനയിലും വ്യത്യസ്ത മുഖങ്ങളാണ് വെളിവാക്കപ്പെടുന്നതും.

" ദൈവ പ്രണയത്തിന്റെ തീവ്രതയും സൗന്ദര്യവും വിളംബരം ചെയ്യുന്ന റൂമിയുടെ വരികൾ,വിദ്വേഷത്തിന്റേയും ഹിംസയുടേയും ഭീകരതയുടേയും കറുത്ത പുകച്ചുരുളുകളുയരുന്ന ലോകത്തിന് പ്രിയങ്കരമായതില്‍ അതിശയമില്ല. ഇരുട്ട് മൂടുമ്പോള്‍ വെളിച്ചവും ദാഹിക്കുമ്പോള്‍ ജലവും കൊതിച്ച് പോവുകയെന്നത് സ്വാഭാവികം" കെ.ജയകുമാര്‍ ആമുഖത്തില്‍ പറയുന്ന ഈ വരികള്‍ പതിമൂന്നാം നൂറ്റാണ്ടിലെഴുതപ്പെട്ട ഈ കവിതകളുടെ കാലിക പ്രസക്തി വിളിച്ചോതുന്നു.

ദൈവാനുഭൂതിയുടെ ചാരുത തേടുന്ന ഏതൊരാത്മാവിനും ഈ കവിതകള്‍ നല്ലൊരു വിരുന്നാവുമെന്നതില്‍ സംശയമില്ല.

Sunday, June 5, 2011

രണ്ടാമൂഴം

പുസ്തകം : രണ്ടാമൂഴം
രചയിതാവ് : എം.ടി.വാസുദേവന്‍ നായര്‍
പ്രസാധനം :കറന്റ് ബുക്സ്
അവലോകനം : ഇന്ദ്രസേന
ഹാഭാരതത്തിലെ അത്ര തിളക്കമുള്ള കഥാപാത്രങ്ങളില്‍ ഒന്നല്ല ഭീമന്‍. പാണ്ഡവരില്‍ രണ്ടാമന്‍. ധര്‍മ ചിന്തയുമായി യുധിഷ്ഠിരന്‍, തിളങ്ങുന്ന വില്ലുമായി അര്‍ജുനന്‍, വില്ലനില്‍ വില്ലനായ സുയോധനന്‍, ചാതുരിയും മിഴിവുമായി കൃഷ്ണന്‍, പിന്നെ സൗന്ദര്യവും ശോഭയുമായി ദ്രൗപദിയും. അവര്‍ എല്ലാം അരങ്ങു അടക്കി വാഴുമ്പോള്‍ പിറകില്‍ ആക്കപ്പെട്ട ഭീമന്റെ കണ്ണീരാണ് ഈ കഥ.

മഹായാനത്തില്‍ പിറകില്‍ മരിച്ചു കൊണ്ടിരിക്കുന്ന സ്വന്തം ജനതയെയും രാജ്യത്തെയും വിട്ടു മുന്നോട്ടു നീങ്ങുന്ന പാണ്ഢവർ. അവര്‍ മുന്നോട്ട് നീങ്ങുമ്പോള്‍ ആദ്യം പാഞ്ചാലിയാണ് തളര്‍ന്നു വീഴുന്നത്. അറിയാതെ ഭീമന്‍ അവളുടെ അടുത്തേക്ക് ചെല്ലുകയാണ്. ചുരുളഴിയുന്നത് മനോഹരമായ ഒരു നിശബ്ദ പ്രണയ കഥ കൂടിയാണ്.

പാണ്ഡവരില്‍ ഭീമന് മാത്രമാണ് പഞ്ചാലിയോടു ഇത്രയേറെ പ്രണയം ഉണ്ടായിരുന്നുള്ളൂ താനും. എന്നിട്ടും മൂപ്പ് മുറ അനുസരിച്ച് അവന്റെ ഊഴം രണ്ടാമത് മാത്രം. അവളുടെ കിടപ്പറയില്‍ ചെല്ലാന്‍.. തനിയെ നൊന്തു പിടക്കുന്ന ഭീമന്റെ അദമ്യ പ്രണയത്തിന്റെ തീക്ഷ്ണ കഥ കൂടിയാണ് ഈ പുസ്തകം. മഹാ ബലവാനായ ഭീമന്റെ നമ്മള്‍ കേട്ട കഥകള്‍ പലതും തികച്ചും അതിശയോക്തി തന്നെ എന്ന് ഭീമനെ കൊണ്ട് നോവലിസ്റ്റ് നമ്മോടു പറയിക്കുന്നു. സ്തുതി പാഠകർ, പാടി പെരുപ്പിച്ച, പൊലിപ്പിച്ച കഥകള്‍ ആണവയെത്രെ! ബക വധം എല്ലാം ഇത്തരത്തില്‍ ഉള്ളതാണെന്ന് നോവലിസ്റ്റിന്റെ ഭാഷ്യം. സത്യം അതൊന്നും ആയിരുന്നില്ലെന്ന് എം.ടി. നമ്മോട് പറയുന്നു.

കാട്ടില്‍ അലയുമ്പോള്‍ ഭീമന്റെ തോളില്‍ കയറിയാണ് പാണ്ഡവര്‍ മുഴുവന്‍ ദൂരങ്ങള്‍ താണ്ടിയത്. രാക്ഷസിയായ ഭാര്യയുടെ ഉദാത്തവും നിസ്സഹായവും ആയ തന്നോടുള്ള ആരാധനയും സ്നേഹവും.. അത് വേണ്ടത്ര തിരിച്ചു നല്‍കിയോ..? താമര പൂവിന്റെ സുഗന്ധമുള്ള മറ്റൊരു സുന്ദരിയോടുള്ള കാമ വൈവശ്യത്താല്‍ അവളെ താന്‍ വേണ്ടത്ര സ്നേഹിച്ചുവോ..? ആരെങ്കിലും ഈ മഹാ ബലവാനെ മനസിലാക്കിയിരുന്നോ? ഭീമന്റെ മനസ്സിലൂടെയുള്ള നല്ല ഒരു പരകായപ്രവേശം തന്നെ ഈ നോവൽ.

രണ്ടാമൂഴമെന്ന ഈ പുസ്തകത്തിന്റെ കഥ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും എന്നാണ് കരുതിയതെങ്കില്‍ തെറ്റി. ഇത് രണ്ടാമൂഴത്തിലേക്കുള്ള ഒരു ചൂണ്ടു പലക മാത്രം. ഈ പുസ്തകത്തിന്റെ ഭംഗി, സൗകുമാര്യം, ഇവയെല്ലാം അറിയാന്‍ ഇത് വായിക്കുക തന്നെ വേണം. ചില പുസ്തകങ്ങള്‍ വായിച്ചില്ലെങ്കില്‍ നമുക്ക് മലയാളി എന്ന് പറയാന്‍ യോഗ്യത ഇല്ല!! എം ടി യുടെ ഈ പുസ്തകം ആത്തരത്തില്‍ ഒന്നാണ്. മഹാഭാരതത്തിന്‌ എം.ടി.വാസുദേവന്‍ നായര്‍ ചമച്ച ഈ പുത്തന്‍ ഭാഷ്യം ഓരോ മലയാളിയും വായിക്കേണ്ടത് തന്നെ.

Wednesday, June 1, 2011

റിട്ടേണ്‍ ഫ്ളൈറ്റ്

പുസ്തകം : റിട്ടേണ്‍ ഫ്ളൈറ്റ്
രചയിതാവ് : റീനി മമ്പലം
പ്രസാധനം : ലിപി പബ്ലിക്കേഷന്‍സ്
അവലോകനം : ജയിന്‍ മുണ്ടക്കല്‍മേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട പന്ത്രണ്ട് കഥകളുടെ സമാഹാരം ആണ് ശ്രീമതി. റീനി മമ്പലത്തിന്റെ ‘റിട്ടേണ്‍ ഫ്ളൈറ്റ്. ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് തന്റെ അവതാരികയില്‍ ‘ജനാലകള്‍ തുറക്കുന്ന സ്ത്രീയുടെ’ കഥാകാരി ആയി അമേരിക്കന്‍ മലയാളിയും, പ്രവാസി എഴുത്തുകാരിയുമായ റീനി മമ്പലത്തെ അവതരിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ‘സ്വയം നാട് കടത്തിക്കൊണ്ടിരിക്കുന്ന ഒരു ജനത’ ആണ് പ്രവാസി മലയാളികൾ. ‘പറിച്ചു നടലിന്റെ വേദനയാണ് അല്ലെങ്കില്‍ ആശ്വാസമാണ് പ്രവാസജീവിതം’. അടിച്ചേല്‍പ്പിക്കുന്ന അന്യവല്‍ക്കരണവും, ദ്വന്ദ്വങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും, വന്ധ്യതയും, പാരമ്പര്യവും, പറിച്ചു നടലും ഇവിടെ കാണാം. വ്യക്തിത്വം ആര്‍ജ്ജിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളെയും, ഭര്‍ത്താവിനും, മക്കള്‍ക്കുമുപരി മൂന്നാമതൊരാളെ പ്രതീക്ഷിക്കുന്ന സ്ത്രീകളെയും ഇതില്‍ കാണാം, ആത്മാവിന്‍റെ വേറിട്ടൊരു വഴി – എഴുത്തിന്‍റെ വഴി – ആത്മീകത തന്നെ ആണോ? ‘വേദനിക്കുന്ന മനസ്സ് ഈശ്വരനിലേക്കുള്ള ചൂണ്ടു പലകയാണ്. എഴുത്ത് ആത്മാവിന്‍റെ രോദനമാണ്’. എന്നീ വരികളിലൂടെ എഴുത്തുകാരി തന്റെ ആത്മീകത വെളിവാക്കുന്നു. ‘വൈകി കണ്ടു മുട്ടുന്ന പ്രണയിനികൾ’, ‘വിനിമയം ചെയ്യപ്പെടാനാവാതെ നില്‍ക്കുന്ന ഒന്ന് – അവിശ്രമാവസ്ഥ’. ‘അനുവദിക്കപ്പെടാത്ത ഒരു ‘സ്പേസ്’, ‘പുരുഷ കേന്ദ്രീകൃത സങ്കല്പങ്ങൾ’ തുടങ്ങിയ വരികളിലൂടെ എഴുത്തുകാരി ജനാലകള്‍ തുറക്കാന്‍ ആയുകയാണ് എന്ന് അവതാരികാകാരന്‍ വ്യകതമാക്കുന്നു.

കോട്ടയം സി. എം. എസ്. കോളേജ് ക്യാമ്പസ് ആണ് ‘ഓര്‍മ്മകളുടെ ഭൂപട’ത്തിലെ മൂല കഥാരംഗം. പ്രവാസി മലയാളികളായ സുമിയും, സുമിയുടെ സഹപാഠിയും തമ്മിലുള്ള സംഭാഷണമാണ് ഇതിലെ ഇതിവൃത്തം. നീണ്ട ഇടവേളക്കുശേഷം സഹപാഠിയുടെ അപ്രതീക്ഷിത ഫോണ്‍കാള്‍ വരുന്നു. സുമി സയന്‍സ് ക്ലാസ്സിലും സഹപാഠി ക്യാമ്പസിന്‍റെ മതിലിലും ചാരി നിന്ന് സംസാരിക്കുന്നതുപോലെ പഴയകാല സംഭവങ്ങള്‍ അവര്‍ അയവിറക്കുന്നു. ജൂനിയര്‍ ക്ലാസ്സില്‍ പഠിച്ചിരുന്നതും പിന്നീട് പ്രണയ വിവാഹം കഴിച്ചവളുമായ ‘ജയ’ എന്ന പെണ്‍കുട്ടി ലുക്കീമിയ എന്ന മാരകരോഗത്താല്‍ മരണമടഞ്ഞ സംഭവത്തെക്കുറിച്ചും ഈ കഥയിലെ പ്രധാന കഥാപാത്രം ആയ മരിച്ചു പോയ ജോര്‍ജിനെക്കുറിച്ചും അവര്‍ സംസാരിക്കുന്നു. ‘പ്രണയമായിരുന്നില്ലല്ലോ?’ ‘രണ്ടാം നിഴലിന് എന്നും ഒരേ നീളം’ ഈ വാക്കുകളിലൂടെ ജോര്‍ജിന്റെ സ്നേഹത്തെക്കാളും, ആരാധനയെക്കാളും താന്‍ ആഗ്രഹിച്ചിരുന്നത് പ്രണയമായിരുന്നു എന്ന് സുമിയുടെ അബോധ മനസ്സ് വെട്ടിത്തുറന്നു പറയുന്നു. നിഴലിന്റെ നീളം കുറഞ്ഞു ഒന്നായിത്തീരുവാന്‍ അവള്‍ കൊതിച്ചിരുന്നു എങ്കിലും വിശുദ്ധ പ്രേമത്തില്‍ വിശ്വസിച്ചിരുന്ന ജോര്‍ജ്ജ് അതിനു മുതിരാതിരുന്നത് സുമിക്ക് അയാളോടുള്ള വെറുപ്പായി, ദേഷ്യമായി ഇവിടെ കഥാകാരി അവതരിപ്പിക്കുന്നു............ആത്മാവ് എന്നൊന്നുണ്ടോ? അവയ്ക്ക് വികാരങ്ങള്‍ ഉണ്ടോ? എന്നീ വാക്കുകളിലൂടെ ‘വേദനിക്കുന്ന മനസ്സ് ഈശ്വരനിലേക്കുള്ള ചൂണ്ടു പലകയാണ്. എഴുത്ത് ആത്മാവിന്‍റെ രോദനമാണ് എന്ന ആമുഖ കര്‍ത്താവിന്റെ അഭിപ്രായം സാധൂകരിക്കുന്നു. ചിതറിപ്പോയ മാപ്പില്‍ കഷണങ്ങള്‍ ഒട്ടിച്ചു വച്ച് ഓര്‍മ്മകള്‍ പുതുക്കുന്നു. കഥാകാരിയുടെ ഓര്‍മ്മകളുടെ ഭൂപടം വായനക്കാര്‍ക്ക് മുന്‍പില്‍ തുറന്നു വച്ചിരിക്കുന്നു.

എഴുത്തിന്റെ വഴികൾ, സെപ്റ്റംബര്‍ 14, ഔട്ട് സോഴ്സ്ഡ് എന്നിവയാണ് ഈ സമാഹാരത്തിലെ പ്രമുഖ കഥകൾ. ‘എഴുത്തിന്റെ വഴികള്‍ എപ്പോഴാണ് തുറക്കുന്നതെന്നറിയില്ല, എവിടെയെത്തിക്കുമെന്നുമറിയില്ല’ എന്ന വാക്കുകളിലൂടെ മനസ്സിന്റെ ഭാരം കുറച്ചു കൊണ്ട് കടലാസില്‍ പടരുന്നതാണ് യഥാര്‍ത്ഥ എഴുത്ത് എന്ന് കഥാകാരി വെളിപ്പെടുത്തുന്നു. ശരികളുടെ കൂമ്പാരത്തിന്‌ വെളിയില്‍ അമര്‍ന്നിരുന്ന അരുതാത്തൊരു ഇഷ്ടത്തെ പുറത്തെടുത്ത് അപരാധബോധത്തിലൊഴുക്കിക്കളയാതെ അവള്‍ എഴുതുന്നു. എന്നാല്‍ മകന് നേരിട്ട വാഹനാപകടം ചെറിയ ലോകത്തിലെ വലിയ മതിലുകള്‍ കണ്ടെത്താനും അതിനുള്ളില്‍ കടക്കാതെ പുതിയ ബന്ധത്തെ ഹോമകുണ്ഡത്തിലെറിഞ്ഞു കളയാനും അവളെ പ്രേരിപ്പിക്കുന്നു. എന്നാല്‍ അരുതാത്ത ഇഷ്ടം ജീവിത സഹജമായ ശിഷയര്‍ഹിക്കാത്ത അപരാധമാണ് എന്നും, സ്നേഹം മനുഷ്യ സഹജമാണ് എന്നും അത് ജീവവായു പോലെ ഒഴിവാക്കാനാവാത്തവിധം നമ്മിലലിഞ്ഞു ചേര്‍ന്നിരിക്കുന്നതാണെന്നും ദീപ കണ്ടെത്തുന്നു. പ്രസിദ്ധമായ 9/11 സംഭവത്തിലെ ഒരു രക്തസ്സാക്ഷിയാണ് തന്‍റെ മകന്‍ എന്ന കണ്ടെത്തല്‍ ജാന്‍ എന്നാ കഥാനായിക തന്‍റെ തെറ്റുകള്‍ക്കുള്ള ശിക്ഷയായി കണ്ടെത്തുന്നു. ഗര്‍ഭ പാത്രം വാടകയ്ക്ക് കൊടുത്ത ഒരു സ്ത്രീയുടെ വികാരവിചാരങ്ങളാണ് ‘ഔട്ട്‌ സോഴ്സ്ഡ്’ എന്ന കഥയില്‍ വിവരിച്ചിരിക്കുന്നത്.

മലമുകളിലെ മാതാവ്, പുഴപോലെ, ശിശിരം, ഗൃഹലക്ഷ്മി, ഇന്നലെകളുടെ മരണം, അമ്മക്കിളികൾ, കറുത്ത കുപ്പായക്കാരന്‍, റിട്ടേണ്‍ ഫ്ളൈറ്റ് എന്നിവയാണ് ഈ സമാഹാരത്തിലെ മറ്റു കഥകൾ. ദുഃഖശമനത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ കത്തിക്കുന്ന മെഴുകുതിരികളുടെ ചൂടേറ്റ് കാലുകള്‍ ചുവന്നിരിക്കുന്ന യേശുവിന്‍റെ മാതാവ്; ‘പ്രണയം പോലൊരു വികാരത്താൽ’ ആത്മഹത്യ ചെയ്ത ഒരു മകനുള്ള അമ്മയോട് “നീ പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സര്‍വ്വശക്തിയെ അറിയൂ. എല്ലാം നേരിടാനുള്ള ശക്തി അപ്പോള്‍ ആര്‍ജ്ജിക്കും” എന്ന മറുപടി കഥാകാരിയുടെ ഈശ്വര സങ്കല്പം വെളിവാക്കുന്നു. 'സാന്റ്‌വിച്ച് ജനറേഷ'നില്‍ പെട്ട നായിക; അമ്മയുടെയും മക്കളുടെയും ഇടയില്‍ എന്ത് ചെയ്യണമെന്നറിയാതെ; തിരിഞ്ഞു ഒഴുകാന്‍ അറിയാത്ത പുഴപോലെ കുഞ്ഞുങ്ങളെ ഒരു തീരത്തെത്തിക്കുവാനായി ഒഴുകുന്നു. “അങ്കിൾ, വയസ്സായി നേഴ്സിംഗ് ഹോമില്‍ പോവുമ്പോള്‍ ഞാന്‍ കാണാന്‍ വരാം” എന്ന സഹോദരിയുടെ മകളുടെ വാക്കുകള്‍ നായകനെ ശിശിരകാലത്തെ ഓര്‍മ്മിക്കുവാന്‍ പ്രേരിപ്പിക്കുന്നു. അതിയായ ആഗ്രഹമുണ്ടായിരുന്നിട്ടും ഒരു സുഹൃത്ബന്ധം ഗൃഹലക്ഷ്മി നിഷേധിക്കുന്നു അപരിചിതനുമായി ‘മാളി’ല്‍ വച്ച് സംസാരിച്ചതില്‍ ലക്ഷ്മിക്ക് കുറ്റബോധം തോന്നുന്നു. ‘ഇന്നലെകളുടെ മരണ’ത്തിലെ സുനിതയും ആന്റണിയും കപട സദാചാരങ്ങളുടെ ബലിയാടുകള്‍ തന്നെയാണ്. അമ്മക്കിളികള്‍ക്ക് അമേരിക്കയില്‍ ആണെങ്കിലും കേരളത്തില്‍ ആണെങ്കിലും ഒരേ വികാരങ്ങളാണെന്നു കഥാകാരി അവകാശപ്പെടുന്നു. ‘സ്നേഹിച്ചവരെല്ലാം എന്നെ വേദനിപ്പിച്ചിട്ടെയുള്ളൂ’ അതിനാല്‍ വേദനയില്‍ നിന്ന് മുക്തി പ്രാപിക്കുവാന്‍ കറുത്ത കുപ്പായക്കരനെ (മരണത്തെ) തട്ടിയുണര്‍ത്തുന്ന നായികയില്‍ നിന്ന് അവന്‍ കുതറിയോടുന്നു. തുരുത്തിയിലെ കണ്ണുനീര്‍ ഒഴിക്കിത്തീര്‍ക്കാതെ കറുത്തകുപ്പായക്കാരനും രക്ഷിക്കാനാവില്ല എന്ന സത്യം ഇവിടെ വെളിവാക്കുന്നു. അമേരിക്ക എന്ന സ്വപ്ന ഭൂമിയില്‍ വന്നിട്ട് യാതനകള്‍ മാത്രം സഹിച്ചിട്ടു ശവപ്പെട്ടിയില്‍ കിടന്നുള്ള തിരിച്ചു പോക്ക് ആരുടെയും കണ്ണ് നനയിക്കുന്ന കഥയാണ്‌. വേണ്ടത്ര ആലോചനകള്‍ നടത്താതെ അമേരിക്കന്‍ മലയാളികളെക്കൊണ്ട് സ്വന്ത മക്കളെ വിവാഹം കഴിപ്പിക്കാന്‍ ഓടി നടക്കുന്ന കേരളക്കരയിലെ മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് ഈ കഥ.

ലിപി പബ്ലിക്കേഷന്‍സ്‌ പ്രസിദ്ധീകരിച്ചിരിക്കുന്ന റീനി മമ്പലത്തിന്റെ ‘റിട്ടേണ്‍ ഫ്ലൈറ്റ്’ പ്രവാസി മലയാളികള്‍ പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികളായ സ്ത്രീജനങ്ങള്‍ അനുഭവിക്കുന്ന മാനസിക ദുഃഖങ്ങളിലേയ്ക്ക് പ്രകാശം പരത്തുന്നു. മലയാളികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണ് റീനി മമ്പലത്തിന്റെ ‘റിട്ടേണ്‍ ഫ്ലൈറ്റ്’.