Showing posts with label സൂക്തങ്ങള്‍. Show all posts
Showing posts with label സൂക്തങ്ങള്‍. Show all posts

Saturday, April 19, 2014

എന്റെ ജ്ഞാനമുകുളങ്ങൾ

പുസ്തകം : എന്റെ ജ്ഞാനമുകുളങ്ങൾ
രചയിതാവ് : എം.കെ.ഹരികുമാര്‍

പ്രസാധകര്‍ : ഗ്രീന്‍ ബുക്സ്, തൃശൂര്‍
അവലോകനം : സ്വാമി സുധി




രുണ ജീവനിൽ കുടികൊള്ളുന്ന സഹജമായ സംവേദനമാണ്‌. അത്‌ മൃഗങ്ങളിൽ പ്രകൃതിദത്തവും ബുദ്ധനിൽ അവബോധനിഷ്ഠവുമാണ്‌. കാരുണ്യം പരിശീലിപ്പിച്ചെടുക്കാവുന്ന ഒന്നല്ല. അത്‌ സ്വസത്തയെ സംബന്ധിച്ച അവബോധത്തിൽനിന്ന്‌ നാമ്പെടുക്കുന്നതാണ്‌. മഹാനിർവ്വാണത്തിലേക്കു വഴുതിവീഴുന്നതിനു തൊട്ടുമുമ്പ്‌ ശ്രീബുദ്ധന്റെ ഇരുവശങ്ങളിലുമായി വന്നു നിന്ന ശിഷ്യന്മാരിൽ ഒരു ഭാഗത്തുള്ളവർ ചോദിച്ചു: "അവസാനമായി ഞങ്ങൾക്കൊരു ഉപദേശം തരണം, ഗുരോ." മായാത്ത മന്ദസ്മിതത്തോടെതന്നെ ബുദ്ധൻ പറഞ്ഞു: "ആത്മദീപോ ഭവ."
സ്വയം ജ്വലിക്കുന്ന ഒരു ദീപമായിരിക്കുക. മറുവശത്തുനിന്ന ശിഷ്യന്മാരും അപ്പോൾ ചോദിച്ചു: "അവസാനമായി ഞങ്ങൾക്കും ഒരുപദേശം തരിക."

"കരുണചിത്ത ഭവ"കാരുണ്യമുള്ളവരായിരിക്കുക. ബുദ്ധദർശനത്തിന്റെ അകവും പുറവുമാണ്‌ രണ്ടു വാക്യശകലങ്ങൾ. അകത്തു സ്വയം ജ്വലിക്കുന്നവനു മാത്രമാണ്‌ പുറത്ത്‌ കാരുണ്യവാനായിരിക്കുവാൻ ആവുകയുള്ളു.

നാഗരികത വികാസത്തിന്റെ പടവുകൾ താണ്ടി മുന്നേറുമ്പോൾ മനുഷ്യനിലെ ദീപം ഒളിമങ്ങി പ്രകാശിക്കുന്നു. അപ്പോഴാണ്‌ യാന്ത്രികമായ കർമ്മങ്ങളും മരവിച്ച പ്രതികരണങ്ങളും അക്രമോത്സുകമായ പെരുമാറ്റങ്ങളും അവനിൽ സംഭവിക്കുന്നത്‌. ആധുനികജീവതം യന്ത്രസമാനം ഉൽപ്പന്നങ്ങളെ സൃഷ്ടിക്കാനുള്ള തന്ത്രപ്പാടിൽ പരിസ്ഥിതിയേയും ആവാസവ്യവസ്ഥയേയും നിഷ്ഠൂരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌

ഹരികുമാറിന്റെ ഉൾക്കാഴ്ചയുടെ സ്വയംപൂർണ്ണമായ വാക്യശകലങ്ങൾ വായിച്ചുപോകുമ്പോൾ ജീവകാരുണ്യം നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ ബീഭത്സമായ മുഖം നമ്മിൽ അലോസരം സൃഷ്ടിക്കുന്നു.

"മണ്ണിൽനിന്നും മണ്ണിരയിലേക്കുള്ള ദൂരം ഒരു ജീവിതമാണ്‌." മണ്ണൊരു ഭൗമസത്തയാണ്‌. മണ്ണിര ഒരുജീവസത്തയും. മൺതരികളിൽ മറഞ്ഞിരിക്കുന്ന ബോധമണികൾ  പ്രാർത്ഥനാനിരതമായപ്പോൾ അതൊരു മണ്ണിരയായി മാറുകയായിരുന്നു. മണ്ണിന്‌ എന്നും മണ്ണായിരിക്കാനാവില്ല. അത്‌ ലൈബിനിസിന്റെ മൊണാഡുകളാണ്‌. അതിന്‌ മണ്ണിരയിലൂടെ ഒരു ബുദ്ധനിലേക്കു സംക്രമിക്കാനുള്ള പരിണാമവാഞ്ഛയുണ്ട്‌. മണ്ണിൽ മണ്ണിരയുടെ ഗർഭം ഒരു സാധ്യതയായി നിക്ഷിപ്തമായിരിക്കുകയാണ്‌.

മണ്ണിരയുടെ അകത്തും പുറത്തും മണ്ണാണ്‌. മണ്ണിന്റെ ഭൗതികതയും മണ്ണിരയുടെ ജൈവികതയും അണുവിൽനിന്ന്‌ ജീവകോശത്തിലേക്കുള്ള ദൂരമാണ്‌. ഭൂതശാസ്ത്രവും ജീവശാസ്ത്രവും എവിടെയാണ്‌ സന്ധിക്കുന്നത്‌? മണ്ണിരയിൽ സന്ധിസ്ഥാനംനമുക്ക്‌ കണ്ടെത്താനാകും.

ഒരിക്കൽ ശിഷ്യന്മാരുടെകൂടെ നടന്നുപോകുമ്പോൾ ശ്രീബുദ്ധൻ വഴിവക്കിൽ കിടന്നിരുന്ന ഒരു കല്ലിനെ ചുംബിക്കുവാനിടയായി. അപ്പോൾ ഒരു ശിഷ്യൻ ചോദിച്ചു: "ഇപ്പോൾ അങ്ങും കല്ലിനെ പൂജിച്ചു തുടങ്ങിയോ?" ശ്രീബുദ്ധൻ പറഞ്ഞു: "ഞാൻ കല്ലിനെ പൂജിക്കുകയായിരുന്നില്ല. കല്ലിൽ ഒരു  ഭാവിബുദ്ധന്റെ മുഖം ഞാൻ കണ്ടു. മുഖത്താണ്‌ ഞാൻ ചുംബിച്ചതു. ഒരോ കല്ലും കാലാന്തരത്തിൽ ഒരു ബുദ്ധനായിത്തീരുമെന്നറിയുമ്പോൾ ജൈവികം, ജഡം എന്നുള്ള ഭേദങ്ങൾതന്നെ എത്ര അർത്ഥരഹിതമായവയാണ്‌. ഹരികുമാർ സൂക്ഷ്മാർത്ഥങ്ങളെ നിവേശിപ്പിച്ചുകൊണ്ട്‌ എഴുതപ്പെട്ടിട്ടുള്ള ഈ വാക്യങ്ങളെല്ലാം സ്വയം വാചാലങ്ങളാണ്‌. ചിലപ്പോൾ അവ നമ്മുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നുമുണ്ട്‌.

"അപ്രതിരോധ്യമായ മൗനം ഞാൻ കണ്ടത്‌ അറവുശാലകളിലേക്കു കൊണ്ടുപോകാനായി ഒരിടത്തു കെട്ടിയ പശുക്കളിലാണ്‌." മനുഷ്യൻ ആടുമാടുകളുടെ മാംസം കടിച്ചു ചവച്ചിറക്കുമ്പോൾ അവയുടെ വിലാപങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ അന്തർമണ്ഡലങ്ങളിൽ വ്യാപിച്ച്‌ തോരാത്ത ഒരസ്വാസ്ഥ്യം പകരുന്നുണ്ട്‌. പോത്തിന്റെ പൊരിച്ച തുടയിൽ കടിച്ചുകൊണ്ടുള്ള മനുഷ്യന്റെ ദിവ്യഭാഷണത്തെ ഗ്രന്ഥകാരൻ ഉപഹാസപൂർവ്വം വിലയിരുത്തുന്നു. ജൈവവ്യവസ്ഥയുമായുള്ള നാഭീനാളബന്ധം നമ്മിൽ വിച്ഛേദിക്കപ്പെടുമ്പോൾ പ്രകൃതിയുടെ നാദധ്വനികൾ നമ്മിൽ നിലയ്ക്കുന്നു. കുയിലുകളുടെ കൂജനം കേട്ടുണരുന്ന നിഷ്കളങ്കമായ മനസ്സ്‌ മനുഷ്യനിൽ സുപ്തികൊള്ളുകയാണ്‌. രാവിലെ എണീക്കുമ്പോൾ ഒരു കിളിയുടെ ശബ്ദമെങ്കിലും കേട്ടെന്നു ഉറപ്പുവരുത്തുക. ഗ്രന്ഥകാരൻ നൽകുന്ന ഒരു സാന്ത്വനചികിത്സയാണിത്‌. തെറാപ്പി ഉള്ളത്തിൽ കൃത്രിമമായി സൃഷ്ടിച്ച താളബോധങ്ങളെ നിഷ്കാസനം ചെയ്യുകയും ഗെയ്മൂർച്ചി പറഞ്ഞതുപോലെ മണ്ഡലങ്ങളുടെ സംഗീതം ജീവബോധത്തിൽ ഉണർത്തുകയും ചെയ്യുന്നു.

സായംസന്ധ്യയ്ക്ക്‌ നാട്ടിൻപുറങ്ങളുടെ വിജനതകളിൽ എവിടെയെങ്കിലും ആകാശത്തേക്കു നോക്കിയിരിക്കുമ്പോൾ കിളികൾ ചേക്കേറാനായി പറന്നുപോകുന്ന കാഴ്ച നമ്മിൽ വീണ്ടും വീണ്ടും സ്വത്വത്തിലേക്ക്‌ തിരിച്ചുപോകാനുള്ള പ്രേരണയായി പരിണമിക്കാറുണ്ട്‌. എവിടെയാണെന്റെ ഗൃഹം? എവിടെയാണെന്റെ അന്തിമവിശ്രമം? എവിടെയാണെന്റെ സമാധാനം? കൂടിതേടി പോകുന്ന കിളികൾ പ്രതീകങ്ങളായി നമ്മുടെ ഉള്ളിനെ തട്ടിയുണർത്തുന്നു. സൗന്ദര്യശാസ്ത്രത്തിന്റെ മിഴിവാർന്ന ഒരു ചിത്രമാണ്‌ ഗ്രന്ഥകാരൻ വചനത്തിലൂടെ കോറിയിടുന്നത്‌.

മരണം മനുഷ്യന്‌ എന്നും ഒരു പ്രഹേളികയാണ്‌. മരിക്കുവോളം മരണത്തെക്കുറിച്ചു ചിന്തിക്കാതെ ജീവിക്കാൻ കഴിയുന്നത്‌ ഒരപൂർവ്വതയാണ്‌. മരണം പ്രകൃതിയിലെ മറ്റു പ്രതിഭാസങ്ങൾപോലെ വളരെ സഹജമായ ഒരു പ്രക്രിയയാണ്‌. ഈയാംപാറ്റകൾ അഗ്നിനാമ്പുകളിൽ വീണ്‌ സ്വയം ജ്വലിക്കുന്നത്‌ തന്നിലേക്കൊരീണമായി മരണത്തിന്റെ സംവേദനത്തെ ആവാഹിക്കുന്നത്‌ ഹൃദ്യമായ ഒരു വിലയിരുത്തലാണ്‌.

ഹരികുമാർ എഴുതിയ 'എന്റെ ജ്ഞാനമുകുളങ്ങൾ' അനുവാചകനിൽ അഗാധമായ അനുഭവങ്ങളെ
ചുരത്തിതന്നുകൊണ്ടിരിക്കും. ഒറ്റവായനകൊണ്ട്‌ പുറംചട്ടകളിൽനിന്ന്‌ അകംചട്ടകളിലേക്ക്‌ പ്രവേശിക്കാൻ കഴിഞ്ഞെന്നു വരില്ല. ഓരോ വാക്യവും വായിച്ച്‌ അൽപനേരം കണ്ണടച്ചിരുന്ന്‌ ധ്യാനിക്കണം. പ്രകൃതി അതിന്റെ താളബദ്ധമായ ചുവടുവെപ്പുകളോടെ അപ്പോൾ നമ്മിലേക്ക്‌ അരിച്ചിറങ്ങി വരുന്നതു കാണാം. മണ്ണിര, അട്ട, ഉറുമ്പ്‌, തവള, കോഴി, പശു എന്നീ ജീവികളുടെ
മൗനമുദ്രിതമായ ഭാവപ്പകർച്ചകൾ, നമ്മുടെ സാംസ്കാരികമണ്ഡലത്തിലേക്ക്‌ സന്നിവേശിപ്പിച്ച ക്രൗര്യത്തിന്റെയും വൈരത്തിന്റേയും ചരിത്രപശ്ചാത്തലം നമ്മെ ഓർമ്മപ്പെടുത്തുന്നു.

നാരായണഗുരു ഒരു പീഡ എറുമ്പിനും വരുത്തരുത്‌ എന്ന്‌ പറഞ്ഞു. ഉറുമ്പ്‌ ജീവജാലങ്ങളുടെ ഒരു പ്രതിനിധിയാണ്‌. ഹീനമായ വലിയ കൊല്ലിനും കൊലയ്ക്കും പിന്നിൽ ഒരു ഉറുമ്പിനെക്കൊന്ന ശീലത്തിന്റെ പശ്ചാത്തലം ഉണ്ടായിരിക്കണം. ചെറിയ കുഞ്ഞുങ്ങൾ തുമ്പിയെ പിടിച്ച്‌ വാലിൽ കല്ലുകെട്ടി പറപ്പിക്കുമ്പോൾ അച്ഛനമ്മമാർ കുഞ്ഞുങ്ങൾക്ക്‌ തുമ്പിയുടെ ജീവരഹസ്യം പറഞ്ഞുകൊടുക്കാറില്ല. കുഞ്ഞിലിരുന്നു സ്പന്ദിക്കുന്ന ജീവൻതന്നെയാണ്‌ തുമ്പിയിലും
സ്പന്ദിക്കുന്നത്‌.

പ്രസിദ്ധ കൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക്കിന്റെ വിഖ്യാതമായ ഒരു ചിത്രമാണ്‌ സ്പ്രിങ്ങ്‌, സമ്മർ, ഫാൾ, വിന്റർ ആന്റ്‌ സമ്മർ. പ്രസ്തുത ചിത്രത്തിൽ നാലുവയസ്സു പ്രായമുള്ള ഒരു ബാലശിഷ്യനും വൃദ്ധനായ ഗുരുവും ഒരു കൊച്ചുവിഹാരത്തിൽ ശിക്ഷണമധുരമായ ജീവിതത്തെ കൊണ്ടുപോകുന്നതാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. അവൻ ഒരു ദിവസം തവളയേയും മീനിനേയും
പാമ്പിനേയും കല്ലുകെട്ടി വിടുന്നതുകണ്ട ഗുരു അവനെയൊരു പാഠം പഠിപ്പിക്കുവാൻവേണ്ടി അന്നു രാത്രി അവൻ ഉറങ്ങുമ്പോൾ അവന്റെ മുതുകിൽ ഭാരമുള്ള ഒരു കല്ലുകെട്ടി വയ്ക്കുന്നു. രാവിലെ എണീറ്റപ്പോൾ മുതുകിലെ താങ്ങാനാവാത്ത ഭാരവുമായി അവൻ ഗുരുവിന്റെ അടുത്തുചെന്നു പറഞ്ഞു: "ഗുരോ, ഈ കല്ലൊന്നഴിച്ചു തരൂ." അപ്പോൾ ഗുരു ചോദിച്ചു:"നീ തവളയെ കല്ലുകെട്ടി വിട്ടില്ലേ? നീ മീനിനെ കല്ലുകെട്ടി വിട്ടില്ലേ? നീ പാമ്പിനെ കല്ലുകെട്ടി വിട്ടില്ലേ?" അവൻ എല്ലാറ്റിനും നിഷേധിക്കാതെ ഉത്തരം മൂളി. അപ്പോൾ ഗുരു പറഞ്ഞു:"കാട്ടിൽപോയി അവയുടെ കല്ലുകൾ അഴിച്ച്‌ തിരിച്ചുവന്നാൽ ഞാൻ നിന്റെ മുതുകിലെ കല്ലഴിച്ചുതരാം." പോകുന്നതിനുമുമ്പ്‌ ഒരുവാക്യംകൂടി ഗുരു പറഞ്ഞു "അവയിലേതെങ്കിലും ഒരു ജീവി ചാവുകയാണെങ്കിൽ അതിന്റെ പാപം നിന്റെ ഹൃദയത്തിൽ താങ്ങാനാവാത്ത ഒരു കല്ലായി കിടക്കും." കുഞ്ഞ്‌ കാട്ടിൽപോയി നോക്കിയപ്പോൾ മീൻ ചത്തുപോയി. തവള പതുക്കെ ഏന്തി വലിഞ്ഞു നീങ്ങുന്നുണ്ട്‌. തവളയുടെ കെട്ടഴിച്ചുവിട്ടു. മീനിനെ സംസ്ക്കരിച്ചു. പാമ്പിന്റെ അടുത്തുപോയി നോക്കിയപ്പോൾ രക്തം ഛർദ്ദിച്ചു മരിച്ചുകിടക്കുന്ന ദൃശ്യം കുഞ്ഞിന്റെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു. അവൻ വിങ്ങിവിങ്ങി കരയാൻ തുടങ്ങി. ജീവന്റെ വേദന അവന്റെ വേദനയായി മാറി. ജ്ഞാനിയായ ഒരു ഗുരുവിനുമാത്രമേ വേറൊരാളിലേക്കു അനുകമ്പയെ പകർന്നുകൊടുക്കാൻ കഴിയുകയുള്ളു.

വെള്ളത്തെ സംബന്ധിച്ച നിരീക്ഷണങ്ങളിൽ ഒന്നിൽ പറയുന്നു. "വെള്ളം നിരന്തരമായ സ്വയംനിരാസമാണ്‌." എല്ലാ നിരാസങ്ങളിലും നവീകരണത്തിന്റെ ത്വരയുണ്ട്‌. വെള്ളം വെള്ളത്തെ കണ്ടെത്തുന്നു. വെള്ളം പഴമകളെ നിലനിർത്തുന്നില്ല. പുതുമകൾ വെള്ളത്തിന്റെ ആനന്ദോത്സവമാണ്‌.

വെള്ളത്തിന്റെ പ്രവാഹചാതുര്യംകണ്ടുകൊണ്ടായിരിക്കണം ഹെരാക്ലീറ്റസ്‌ പറഞ്ഞത്‌, നിങ്ങൾക്ക്‌ ഒരു നദിയിൽ രണ്ടുപ്രാവശ്യം കാലുകുത്താനാവുകയില്ല എന്ന്‌. കൈക്കുമ്പിളിൽ ജലം കോരിയെടുക്കുമ്പോൾ സാഗരത്തിന്റെ സംഗീതം അതിൽ ഞാൻ കേൾക്കുന്നു എന്ന്‌ ഒരു കവി പാടി. വെള്ളത്തിനു ദുഃഖമില്ല എന്നു പറയുമ്പോൾ വെള്ളത്തിനു ഭൂതകാലമില്ല എന്നാണ്‌ അറിയേണ്ടത്‌. വെള്ളം വർത്തമാനകാലത്തിൽ ഉപസ്ഥിതമാണ്‌. വർത്തമാനകാലത്തിൽ വെള്ളം വർത്തിക്കുമ്പോൾ അത്‌ ഏറ്റവും പവിത്രമായ നിലയെ നമുക്കു പ്രദാനം ചെയ്യുന്നു. വെള്ളം തളിച്ചു ശുദ്ധീകരിക്കുമ്പോൾ അത്‌ ജീവന്റെ മന്ത്രോച്ചാരണമാകുന്നു.

ഹരികുമാർ എഴുതിയ 151 സൂക്തങ്ങൾ നിരന്തരം നമ്മോടു സംവദിച്ചുകൊണ്ടിരിക്കുന്നവയാണ്‌. ജൈവികമായ ഒരു താളത്തിലേക്ക്‌ നമ്മുടെ സ്വത്വത്തെ പ്രതിഷ്ഠിക്കുവാനുള്ള ഒരു ഉത്തേജനം സൂത്രവാക്യങ്ങൾ സമ്മാനിക്കുന്നുണ്ട്‌. രാത്രിയിലെ മഴ വിദൂരങ്ങളിലുള്ള ഏതോ ആളുകളുടെ
സന്ദേശത്തെ കൊണ്ടുവരുന്നു. രാത്രി, മഴ, വിദൂരത ഇവയെല്ലാം ഓരോരുത്തരിലും നിരവധി അർത്ഥങ്ങളെ ധ്വനിപ്പിക്കുന്നു. തനിച്ചാകുമ്പോഴാണ്‌ രാത്രിമഴയിൽനിന്നും സന്ദേശങ്ങൾ വായിച്ചെടുക്കുവാൻ നമുക്കു കഴിയുന്നത്‌. മഴയുടെ ആരവത്തെ ധ്യാനിക്കുമ്പോൾ അതിൽനിന്നും ഖുർ-ആനും ബൈബിളും ഗീതയും ധ്വനിയും പ്രതിധ്വനിയുമായി നമ്മുടെ ബോധവിഹായസ്സിൽ പടർന്നുകയറുമ്പോൾ പ്രകൃതിതന്നെ നമുക്ക്‌ ദൈവരാജ്യത്തിന്റെ ഭൂമിക പണിതുതരുന്നു. മഴയും
കാറ്റും വെയിലും മണ്ണും മരവും വിണ്ണും എല്ലാം പുതിയ തത്ത്വങ്ങളെ നമ്മിൽ കൊണ്ടുനിറയ്ക്കുന്നു.

എം.കെ.ഹരികുമാറിന്റെ 'എന്റെ ജ്ഞാനമുകുളങ്ങൾ' കാലദേശങ്ങളെ ഉല്ലംഘിച്ചുനിൽക്കുന്ന ഒരു അവബോധത്തിലേക്കു നീളുന്ന സൂചികകൾപോലെയാണ്‌. വായനക്കാരന്റെ അകം നിറയെ ശബ്ദങ്ങളെ ജനിപ്പിച്ച്‌ സ്വയം നിശ്ശബ്ദമാകാൻ പ്രേരിപ്പിക്കുന്നവയാണ്‌ ഓരോ വചനവും. കൂടുതൽ അഗാധമായ വായന ഇതാവശ്യപ്പെടുന്നു.

Tuesday, April 30, 2013

എന്റെ ജ്ഞാനമുകുളങ്ങൾ


പുസ്തകം : എന്റെ ജ്ഞാനമുകുളങ്ങൾ
രചയിതാവ് : എം.കെ.ഹരികുമാർ
പ്രസാധകര്‍ : ഗ്രീൻബുക്സ് , തൃശൂര്‍
അവലോകനം : കല്ലേലി രാഘവൻപിള്ള






ലയുഗങ്ങളിലൂടെ കടന്നുപോയ മനുഷ്യവംശത്തെക്കുറിച്ച്‌ ചിന്തിക്കാത്ത കവികളും വിജ്ഞാനികളും നമ്മുടെ ഇടയിൽ വിരളമാണ്‌. കവികളെ അൽപനേരത്തേയ്ക്കൊന്നു മാറ്റിനിർത്താം. വിജ്ഞാനികളിൽ
സാമൂഹ്യശാസ്ത്രജ്ഞന്മാരും നരവംശശാസ്ത്രപണ്ഡിതന്മാരും ഉൾപ്പെടുന്നു. സാമൂഹ്യശാസ്ത്രമെന്ന വിജ്ഞാനശാഖയിൽ തത്ത്വചിന്തകന്മാരെയും ചേർത്തുകാണാറുണ്ട്‌. കവികൾ, ഉള്ളതു മാത്രമല്ല, ഇല്ലാത്തതുമൊക്കെകാണാറുള്ളതുകൊണ്ടാണ്‌ അവരെ തെല്ലുനേരം മാറ്റിനിർത്താമെന്നു പറഞ്ഞത്‌.

രണ്ടുചിത്രങ്ങൾ

വിജ്ഞാനികൾക്ക്‌ പ്രത്യേകിച്ചും ശാസ്ത്രജ്ഞന്മാർക്ക്‌, മനുഷ്യനൊരു മൃഗമാണ്‌. ബുദ്ധിയുള്ളമൃഗം, ചിന്തിക്കാൻ കഴിവുള്ള മൃഗം, ഓർമ്മിച്ചുവയ്ക്കാനും ലജ്ജിച്ചുനിൽക്കാനും കഴിവുള്ള ജന്തു എന്നൊക്കെ അവനെക്കുറിച്ച്‌ ക്രിസ്തുവിനുമുമ്പേ പറഞ്ഞുവച്ച പണ്ഡിതന്മാരുണ്ട്‌. മനുഷ്യന്റെ മനോവ്യാപാരത്തെപ്പറ്റി അവന്റെ ബാഹ്യാന്തരചേഷ്ടകളെപ്പറ്റി, അവന്റെ ശരീരഭാഷയെകുറിച്ച്‌ എത്രയെത്ര പഠനങ്ങളും കൃതികളും ഉണ്ടായിക്കഴിഞ്ഞു. സാറാ ആസ്റ്റിൻ പിൽക്കാലത്ത്‌ എഴുതി, ഒരു വാക്കുകൊണ്ടോ ചിന്തയാലോ നോക്കുക്കൊണ്ടോ കവിളിൽ തുടിക്കുന്ന ആ ചെമപ്പ്‌ എത്ര വിസ്മയകര്യമായ ഒന്നാണ്‌. മുഖത്തിനു മാത്രമേ, മനുഷ്യമുഖത്തിനു മാത്രമേ ലജ്ജിക്കാൻ കഴിവുള്ളു. സ്വർഗ്ഗമെന്നത്‌ മുഖമാണ്‌." ഒരർത്ഥത്തിൽ മനുഷ്യനെന്ന സൃഷ്ടിവൈചിത്ര്യത്തെ സാറാ ആസ്റ്റിൻ ഇവിടെ കണ്ടെത്തുന്നു. മനുഷ്യപുരോഗതിയുടെ ഭാഗമാണ്‌ ഈ കണ്ടെത്തൽ.


മനുഷ്യപുരോഗതിയെക്കുറിക്കുന്ന ഒരു പ്രമാണികഗ്രന്ഥമാണ്‌ ഗോർഡൻ ചൈൽഡിന്റെ 'മനുഷ്യൻ സ്വയം നിർമ്മിക്കുന്നത്‌' എന്നത്‌. ഡാർവിൻ ചൂണ്ടിക്കാട്ടിയ ജന്തുപരിണാമത്തിന്റെ ഫലമെന്നോണം പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച്‌ നഗ്നവാനരൻ നേടിയ ബുദ്ധിവികാസത്തിൽ അവൻ ഈ ഭൂമിയുടെ ശ്രദ്ധാകേന്ദ്രമാവുന്നതും അവനിലും അവന്റെ സാഹചര്യങ്ങളിലും വന്ന പരിവർത്തനങ്ങളും ഒക്കെയാണ്‌ ആ പ്രാഖ്യാതകൃതിയിലെ പ്രമേയം. ഗോർഡൻ ചൈൽഡ്‌ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌.

പുരോഗതിയെന്നത്‌ ഒരു വസ്തുതയായി കഴിഞ്ഞ നൂറ്റാണ്ടിൽ അംഗീകരിക്കപ്പെട്ടിരുന്നു. കച്ചവടം വികസിക്കുകയും വ്യവസായത്തിന്റെ ഉൽപാദനക്ഷമത വർദ്ധിക്കുകയും സമ്പത്ത്‌ കുന്നുകൂടുകയും ചെയ്തുകൊണ്ടിരുന്നു ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ മനുഷ്യന്‌ പ്രകൃതിയുടെ മേലുള്ള നിയന്ത്രണത്തിൽ അതിരറ്റമുന്നേറ്റവും തന്നിമിത്തം കൂടുതൽ ഉൽപാദനത്തിനുള്ള അപരിമിതമായ സാധ്യതകളും വാഗ്ദത്തം ചെയ്തിരുന്നു. വർദ്ധിച്ചുവരുന്ന ഐശ്വര്യവും ആഴംകൂടിവരുന്ന വിജ്ഞാനവും പാശ്ചാത്യലോകത്തിൽ ഉടനീളം അഭൂതപൂർവ്വമായ ശുഭാപ്തിവിശ്വാസം ജനിപ്പിച്ചു. ഇന്ന്‌ ആ ശുഭാപ്തിവിശ്വാസത്തിന്‌ ഒരു കടുത്ത ആഘാതം തട്ടിയിട്ടുണ്ട്‌."

ചൈൽഡ്‌ തന്റെ ഗ്രന്ഥം അവസാനിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌. മനുഷ്യന്റെ പെരുമാറ്റത്തെ ചില അതിർത്തികൾക്കുള്ളിൽ വലയം ചെയ്തു നിർത്തിക്കൊണ്ട്‌ പാരമ്പര്യം മനുഷ്യനെ നിർമ്മിക്കുന്നു. എന്നാൽ മനുഷ്യൻ പാരമ്പര്യങ്ങളെ നിർമ്മിക്കുന്നുവേന്നതും അതുപോലെത്തന്നെ സത്യമാണ്‌. കൂടുതൽ അഗാധമായ ഉൾക്കാഴ്ചയോടെ നമുക്കാവർത്തിക്കാം. മനുഷ്യൻ സ്വയം നിർമ്മിക്കുന്നു
(തർജ്ജമ മുൻമുഖ്യമന്ത്രി , സി.അച്യുതമേനോൻ).


ഇത്രയും പറഞ്ഞതെന്തിനെന്നോ? മനുഷ്യന്റെ ഉയർച്ചയുടെ കഥയോർക്കാൻ. മനുഷ്യന്റെ ആരോഹണം എന്ന കൃതിയിലൂടെ ജെ.ബ്രോണോവ്സ്കി അക്കഥ ചടുലമായാവിഷ്കരിക്കുന്നു. ഇനി അൽപനേരം കവിയുടെ അടുത്തേക്കുവരാം. മനുഷ്യന്റെ വളർച്ചയുടെ കഥയിൽ കവികൾക്കും പറയാനുണ്ട്‌ ഇത്തിരിക്കാര്യം. എന്തൊരു സുന്ദരമായ സൃഷ്ടിയാണ്‌ മനുഷ്യൻ. മഹാകവി ഷേക്സ്പിയറിന്റെ ആ വാക്കുകൾ വിശ്വോത്തരമാണ്‌. 'ബുദ്ധി എത്ര കുലീനം' കഴിവ്‌ എത്ര അപാരം! രൂപഭാവങ്ങൾ എത്ര ശ്രദ്ധാർഹം, പ്രശംസാർഹം! കർമ്മത്തിൽ മാലാഖയെപ്പോലെ വിവേചനത്തിൽ ദൈവതുല്യം" പുകഴ്ത്തലുകളുടെ മഴവെള്ളം തന്നെ എതിർഭാഗത്തുനിൽക്കാനും സർഗ്ഗാത്മകരമായ എഴുത്തുകാരുണ്ട്‌.

നൊബേൽ സമ്മാനം നേടിയ റൊമെയ്ൻ റോളണ്ട്‌ മനുഷ്യന്റെ സ്തുതിപാഠകനാകുവാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. "മാനവൻ അവൻ പറയുമ്പോലെ പ്രകൃതിയുടെ അധീശനേയല്ല. മറിച്ച്‌ അവൻ പ്രകൃതിയെ നിർദ്ദയം നശിപ്പിക്കുന്ന മർദ്ദകനാണ്‌. മാത്രമല്ല, അവനേക്കാൾ മുമ്പേവന്ന ജീവികളുടെ വൈവിധ്യമാർന്ന സമൂഹങ്ങളിൽ നിന്ന്‌ അവന്‌ ഏറെ പഠിക്കാനുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു." ഇപ്പറഞ്ഞവരെ ഒക്കെയും കാൾ നിശിതവും കരുണയറ്റതുമായ വിമർശനം മനുഷ്യനുനേരെ ചൊരിഞ്ഞത്‌ ചങ്ങമ്പുഴയെന്ന കവിയാണ്‌. ആ വാക്കുകൾ അതേപടി ഉദ്ധരിക്കുവാൻ എനിക്കുതോന്നുന്നു.

ജന്മജന്മാന്തരപുണ്യപൂവല്ലിതൻ
പൊന്മലരാണത്രേ മർത്ത്യജന്മം
ഇഷ്ടിയാർന്നീശ്വരൻ തൻപ്രതിരൂപമായ്‌
സൃഷ്ടിച്ചതാണുപോൽ മാനുഷനെ
നേരാണതെങ്കിലോ നൂനമാദ്ദൈവത്തിൻ
പേരുകേട്ടാൽമതി പേടിയാവാൻ" അവിടെക്കൊണ്ട്‌
അവസാനിക്കുന്നില്ല, മനുഷ്യവിരോധം തുടർന്ന്‌ വായിക്കൂ
ജീവജാലങ്ങളിലൊക്കെയൽപാൽപമായ്‌
താവിയിട്ടുള്ളാത്തമോമയാംശം
ഒന്നിച്ചുകൂട്ടിക്കലർത്തിക്കരുപ്പിടി
ച്ചൊന്നാദ്യമീശ്വരൻ വാർത്തുനോക്കി
ഒന്നില്ലതാന്നുചെകുത്താന,വനില
ന്നൊട്ടിപ്പിടിച്ചില്ലസൂയമാത്രം
എന്നല്ലിളമ്പതമാകമായാലുള്ളിനു
വന്നീലവേണ്ടത്രകാഠിന്യവും
അക്കുറവൊക്കെപ്പരിഹസിച്ചന്ത്യത്തി-
ലിക്കാണും മർത്ത്യനെ തീർത്തു ദൈവം
ചെന്നായ, ചീങ്കണ്ണി പോത്ത്ചിറ്റ്പുലി
പന്നി, പാമ്പെന്തൊക്കെയുണ്ടവനിൽ
സ്രഷ്ടാവുപോലുംഭയംമൂലമാവിടാം
വിട്ടുകൊടുത്തവനുവിശ്വം"
(മനുഷ്യൻ, ചങ്ങമ്പുഴ, ഡി.സി.ബുക്സ്‌ )

പുതിയൊരു പുളകം

അങ്ങനെ കവികളും തത്ത്വചിന്തകന്മാരും മറ്റുപണ്ഡിതന്മാരും വരച്ചുകാട്ടുന്ന മനുഷ്യന്റെചിത്രം സങ്കീർണ്ണമായ ഒന്നാണ്‌. നൈതികമൂല്യങ്ങളുടെ തകർച്ചയാണ്‌ എവിടെയും കാണുന്ന കാഴ്ച. "മാരകമായ തോതിൽ അതിവികാസം പ്രാപിച്ച മസ്തിഷ്കത്തോടുകൂടിയ ഒരു മൃഗമാണ്‌ മനുഷ്യനെന്ന അവസ്ഥയിൽ നാം എത്തിക്കഴിഞ്ഞു." മനഃശാസ്ത്രജ്ഞനായ കാൾ ജി.യുങ്ങി ന്റെ വാക്കുകൾ ഞെട്ടിപ്പിക്കുന്നവയായിരുന്നു. 1913ൽജീവശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ചാൾസ്‌ റിഷേ ‍മനുഷ്യനെക്കുറിച്ച്‌ നടത്തിയ വിലയിരുത്തൽ വിഡ്ഡിയായ മനുഷ്യൻ എന്നാണ്‌.

ഇങ്ങനെയെല്ലാമുള്ള ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട്‌ എം.കെ.ഹരികുമാറിന്റെ പുതിയ കൃതിയിലേക്ക്‌ ഞാൻ കടന്നു.മനുഷ്യൻ തന്നെയാണ്‌ ഹരികുമാറിന്റെയും പ്രമേയം. വർദ്ധിച്ചുവരുന്ന
ഐശ്വര്യവും ആഴം കൂടിവരുന്ന വിജ്ഞാനവും ആധുനികമനുഷ്യനിൽ ഹോമോസാപ്പിയൻസിൽ, വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ കാവ്യാത്മകമായ മേലങ്കിചാർത്തി ആവിഷ്കരിക്കുകയാണ്‌ ഹരികുമാർ, 'എന്റെ ജ്ഞാനമുകുളങ്ങളിൽ'. മണ്ണും മണ്ണിരയും പോത്തും പശുവും പക്ഷികളും ചീവീടുകളും അട്ടകളും ശലഭങ്ങളും മീനുകളും മാനുകളും എല്ലാം ഉൾപ്പെടുന്ന പ്രകൃതിയുടെ ഒരു സൂക്ഷ്മലോകം ജ്ഞാനമുകളങ്ങളിൽ അതിന്റെ തുടിപ്പുകൾ സൃഷ്ടിക്കുന്നു. വേണമെങ്കിൽ ഈ ആവിഷ്കരണ സമ്പ്രദായത്തെ 'അഫൊറിസം' (aphorism) എന്നു വിളിക്കാം.അഫൊറിസം കടകുമണികൾപോലെയാണ്‌ അതിന്റെ രൂപഭാവങ്ങളിൽ;


സൂത്രവാക്യങ്ങളുടെ ഒരു ചിമിഴ്‌ എന്നു പറയാം. മുകുളങ്ങളിൽ നിന്നു തന്നെ മാതൃകയ്ക്ക്‌ കുറെ ചിമിഴുകളോ ചീളുകളോ എടുത്തുകാട്ടാം. 1. മണ്ണ്‌ മണ്ണിരയുടെ അവയവമാണ്‌. 2. നിശ്ശബ്ദതകൾ ഉറുമ്പുകളുടെ അറിവുകളാണ്‌ 3.മനുഷ്യൻ ചിരിക്കുമ്പോൾ പ്രാണികൾ കരയുന്നു 4. എങ്ങനെ മനുഷ്യനിൽ നിന്നകലാം എന്നതാണ്‌ പാമ്പുകളുടെ സദാചാരം. 5. വെള്ളം ഒരു മതമാണ്‌. എത്രവേണമെങ്കിലും ഉദ്ധരിക്കാം. ഓരോ കുറിപ്പും വായനക്കാരന്റെ ബോധമണ്ഡലത്തിൽ ചിന്തയുടെ തരംഗങ്ങൾ സൃഷ്ടിക്കുന്നു. ഹരികുമാറിന്റെ ദർശനത്തോട്‌ നിങ്ങൾ യോജിക്കുന്നുഎന്നുവരാം, മറിച്ചും ആകാം. എങ്കിലും അവമിന്നുന്ന പൊൻതരികളാണെന്നു നിങ്ങൾക്കു ബോദ്ധ്യമാവും. ജ്ഞാനമുകുളങ്ങൾ ഓരോചീളും എടുത്തു വായിച്ചു പോകവേ ഓർമ്മയിൽ വന്നത്‌ രവീന്ദ്രനാഥടാഗോ‍ൂറിന്റെ അലഞ്ഞുതിരിയുന്ന പറവകളും ഖലീൽ ജിബ്രാന്റെ മണ്ണുംപതകളുമാണ്‌. മലയാളിക്കും ഇതാ മറ്റൊരു
സൂത്രവാക്യസമാഹാരം ലഭ്യമായിരിക്കുന്നു. നാളെ അവയിൽ പലതും പഴഞ്ചൊല്ലുകൾപോലെ ചിരഞ്ജീവികളായി നിലനിൽക്കുമെന്നാണ്‌ എന്റെ വിശ്വാസം.

മലയാള സാഹിത്യവേദിയിലെ വെറുമൊരു നവാഗതനല്ല, ഹരികുമാർ. അദ്ദേഹത്തിന്റെ മറ്റു രണ്ടു പ്രൗഢകൃതികളും, വീണപൂവ്‌ കാവ്യങ്ങൾക്കുമുമ്പേ, ആത്മായനങ്ങളുടെ ഖസാക്ക്‌, മലയാളിക്ക്‌ ഉണർവ്വ്വ്‌ നൽകിയവയാണ്‌. കൈരളിയുടെ പുതിയ പുളകമായ 'ജ്ഞാനമുകുളങ്ങളിലേക്ക്‌' എല്ലാ വായനക്കാരെയും ഞാൻ ക്ഷണിക്കട്ടെ, ആദരപൂർവ്വം, ആഹ്ലാദത്തോടെയും.

Thursday, May 3, 2012

താവോ: ഗുരുവിന്റെ വഴി

പുസ്തകം : താവോ: ഗുരുവിന്റെ വഴി
രചയിതാവ് : ലാവോത്സു / വിവര്‍ത്തനം : അഷിത
പ്രസാധകര്‍ : സൊര്‍ബ പബ്ളിക്കേഷന്‍സ് , പാലക്കാട്
അവലോകനം : കുഞ്ഞൂസ്



ലാവോത്സു രചിച്ച വിഖ്യാതമായ 'താവോ തേ ചിങ്ങിന്റെ' മലയാളരൂപമാണിത്. ഇത് കേവലമൊരു പരിഭാഷയല്ല. ലാവോത്സുവിന്റെ ദര്‍ശന ഹൃദയം കണ്ടെത്തുന്ന തീര്‍ത്ഥയാത്രയാണ് ഈ പുസ്തകം. പ്രാചീന ചൈനയിലെ തത്ത്വചിന്തകനായ ലാവോത്സുവിന്റെ മൊഴികള്‍ വര്‍ത്തമാനകാലത്തും ഏറെ പ്രസക്തം തന്നെ. 'താവോ തേ ചിങ്' എന്ന ഈ പ്രാചീന ഗ്രന്ഥത്തിന് ഒരു പ്രത്യേകതയുണ്ട്. അതിനു എത്ര പരിഭാഷകളുണ്ടായാലും അത് പുതിയ പരിഭാഷകരെ ആകര്‍ഷിക്കുകയും തീര്‍ത്തും നവ്യമായ ഒരര്‍ത്ഥതലം അവന് വെളിപ്പെട്ടു കിട്ടുകയും ചെയ്യുന്നു.

നൈസര്‍ഗികതയുടെ പ്രവാചകനായ ലാവോത്സുവിന്റെ ജനനം ചൈനയിലായിരുന്നു, ക്രിസ്തുവിനും അറുനൂറു വര്‍ഷം മുന്‍പായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. ജനനത്തെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ചൂ രാജവംശത്തിന്റെ ഗ്രന്ഥപ്പുര സംരക്ഷിക്കുന്ന ചുമതലായിരുന്നു അദ്ദേഹത്തിന്. അവിടെ ഏകാന്തവും ധ്യാനാത്മകവുമായ ഒരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.

ഒരു പൂ വിരിയുന്നത് പോലുള്ള സാധാരണത്വമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മന്ദാനിലനില്‍ ഊയലാടിക്കളിക്കുന്ന ഒരു അപ്പൂപ്പന്‍താടി പോലെ ... നദീപ്രവാഹത്തിലേക്ക് പൊഴിഞ്ഞു വീണ ഒരു പഴുത്തില പോലെ... പ്രകൃതിയുടെ അനുസ്യൂതമായ ഒഴുക്കില്‍ അപ്രതിരോധനായി അദ്ദേഹം കിടന്നു കൊടുത്തു. അദ്ദേഹം കടലിനു മുകളിലൂടെ നടന്നില്ല. അഗ്നി വിഴുങ്ങി അത്ഭുതം കാണിച്ചില്ല. അതിനാല്‍ ലാവോത്സു ചരിത്രത്തില്‍ പ്രവാചകനോ അവതാരപുരുഷനോ ആയില്ല... പക്ഷേ, അദ്ദേഹം ശാന്തിയുടെയും സരളതയുടെയും പ്രസന്നമധുരമായ ഒരു നിദര്‍ശന മായിരുന്നു. ആ സാന്നിദ്ധ്യത്തില്‍ തെല്ലിട ഇരുന്നാല്‍ മതി, മൌനത്തിന്റെ അത്യഗാധ മായ നീലിമയില്‍ നാം നിമജ്ജിതരാകും. താവോയുടെ അതിവിശാലതയില്‍ നാം അലിഞ്ഞലിഞ്ഞില്ലാതാവും. ആ മഹത്വം, യുദ്ധങ്ങളെയും രക്ത ചൊരിച്ചിലുകളെയും മാത്രം ചരിത്രമാഹാത്മ്യമായി കാണുന്ന പണ്ഡിത മാന്യന്മാര്‍ക്ക് മനസിലായെന്നു വരില്ല. അതിനാല്‍ തന്നെ ലാവോത്സു,മഹാവ്യോമത്തിലെ തിരക്കൊഴിഞ്ഞ ഒരു നക്ഷത്രമായി ശോഭിക്കുന്നു.

ലാവോത്സുവിന്റെതായി ഒരു കൃതി മാത്രമേ നമുക്ക് കിട്ടിയിട്ടുള്ളൂ... ഒന്നാമതായി സത്യമായ താവോ വാക്കുകളില്‍ മൊഴിയാനാവില്ല. എന്നിട്ടും അദ്ദേഹം ആ സാഹസം കാണിച്ചു. ലാവോത്സുവിനു പ്രായമായപ്പോള്‍ അദ്ദേഹം ഹിമാലയത്തിലേക്ക് യാത്ര തിരിച്ചു . അതിര്‍ത്തിയില്‍ കാവല്‍ നിന്നിരുന്ന ദ്വാരപാലകന് ലാവോത്സുവിനെ അറിയാമായിരുന്നു. ലാവോത്സു ചൈന വിട്ടുപോവുകയാണെന്ന് അറിഞ്ഞപ്പോള്‍ ആ ദ്വാരപാലകന്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണു താണുകേണു പറഞ്ഞു : അങ്ങ് മഹാനായ ഋഷിയാണ് , ഞങ്ങള്‍ ഈ ലോകത്തില്‍ യാതനയുടെ പ്രാരാബ്ധ ങ്ങളുമായി ജീവിക്കുന്നു. അങ്ങയുടെ ആനന്ദത്തിന്റെ കാരണമായ ആ ദര്‍ശനം ഇനി വരുന്ന തലമുറയ്ക്ക് വേണ്ടിയെങ്കിലും ഒന്നെഴുതിത്തരണം. ലാവോത്സുവിന്റെ ഉള്ളലിഞ്ഞു. അന്നു രാത്രി അതിര്‍ത്തിയില്‍ ദ്വാരപാലകന്റെ കൂടെ താമസിച്ചു. ഒറ്റ രാത്രി കൊണ്ട് 'താവോ തേ ചിങ് ' എന്ന വിഖ്യാതഗ്രന്ഥം എഴുതിത്തീര്‍ത്തു. അദ്ദേഹം യാത്ര തുടര്‍ന്നു. ഹിമാലയത്തിലെ പര്‍വ്വതസാനുക്കളില്‍ എവിടെയോ അദ്ദേഹം സമാധി പൂകിയിരിക്കാം.

വാക്കുകളില്‍ ആവിഷ്ക്കരിക്കപ്പെടുന്നില്ലെങ്കില്‍
അതു ശരിയായ താവോ അല്ല.
ഒരു പേര് ചൊല്ലി വിളിക്കാമെങ്കില്‍
അത്‌, അതിന്റെ സത്യമായ പേരല്ല.
ഈ ലോകത്തിലെ സമസ്തവും
ശൂന്യതയില്‍ നിന്നും ആവിര്‍ഭവിച്ചതത്രേ.
ശൂന്യത....
പേരിടാനാവാത്ത ആ ശൂന്യത....
ആദിജനനി...
സമഷ്ടിക്കും മാതാവായി ആ ശൂന്യാകാശം നിലകൊള്ളുന്നു.
താവോയുടെ ശൂന്യതയെ പിന്തുടര്‍ന്നാല്‍
നിങ്ങള്‍ക്കും താവോയില്‍ അലിയാം.
ഒരിക്കലും തൃഷ്ണകളാല്‍ ബന്ധിതനാകാതെ
താവോയുടെ ആഴവും അതിശയവും കണ്ടറിയുക.
എല്ലാ രഹസ്യങ്ങള്‍ക്കും നിഗൂഢതകള്‍ക്കും
ആദിമാതാവായിരിക്കുന്ന അവളത്രേ
അത്ഭുതസാരങ്ങളിലേക്കുള്ള പടിവാതില്‍ .

താവോ ഒരിക്കലും സ്വാര്‍ത്ഥതയോ അഹങ്കാരമോ പ്രദര്‍ശിപ്പിക്കുന്നില്ല.താവോ തന്റെ പ്രവര്‍ത്തികളില്‍ ഉദാരനും അന്തസ്സുറ്റവനുമത്രേ. തന്റെ നേട്ടങ്ങളെപ്പറ്റി താവോ ഒന്നും ഉരിയാടുന്നില്ല. ഒരിക്കലും ഒന്നിനെയും തന്റെ നേട്ടമായി കാണുന്നുമില്ല. എന്തെങ്കിലും ഒന്നിനായി പ്രയത്നിക്കേണ്ടതില്ലാത്തതിനാല്‍ ഒഴുക്കിന് ഒരിക്കലും തടസ്സം വരാറില്ല.
അലങ്കരിക്കപ്പെടാത്ത വിശുദ്ധമായ സത്യം
ഒരാള്‍ക്കും ഇഷ്ടമാകുന്നില്ല
വാഗ്വിലാസങ്ങളൊന്നും അതിനടുത്തെത്തുന്നില്ല
സത്യമായ വാക്കുകള്‍
ഒരിക്കലും നിങ്ങളെ വശംവദനാക്കാന്‍ ഉപയോഗിക്കപ്പെടുകയില്ല
സത്യമായി അറിയുന്നവന്‍
അറിയുന്നത് പുസ്തകങ്ങളില്‍ നിന്നല്ല...
ജീവിതം ആരെയും ബോദ്ധ്യപ്പെടുത്താനോ പ്രദര്‍ശിപ്പിച്ചു കാണിക്കാനോ ഉള്ളതല്ല. അത് വളരെ സ്വഭാവീകമായി ജീവിക്കാനുള്ളതാണ്. അതിലൂടെ ഊറി വരുന്ന ആനന്ദം താവോയുടെ അമൃതാനുഭവമാണ്. ഈ അമൃതാനുഭവത്തിനപ്പുറം ഒന്നും തിരയേണ്ടതായിട്ടില്ല. ആനന്ദം പുറത്ത് തിരയുന്നവര്‍ക്കാണ് അംഗീകാരവും പുരസ്ക്കാരവും ആവശ്യമായി വരുന്നത്. താവോയില്‍ ജീവിക്കുന്നവന്‍ അതിനെ അശേഷം ഗൌനിക്കാറില്ല.

എണ്‍പത്തിയൊന്ന് സൂക്തങ്ങളിലൂടെ ഹൃദ്യവും ആയാസരഹിതവുമായ വിവര്‍ത്തനത്തിലൂടെ ചിരപുരാതനമായ ചൈനയുടെ ദിവ്യസന്ദേശം നമുക്ക് പകര്‍ന്നു തന്നതിന് അഷിതക്ക് നന്ദിയോടെ... (വില : 50 രൂപ)

Monday, September 5, 2011

എന്റെ മാനിഫെസ്റ്റോ

പുസ്തകം : എന്റെ മാനിഫെസ്റ്റോ
രചയിതാവ് : എം.കെ.ഹരികുമാര്‍

പ്രസാധകര്‍ : ഗ്രീന്‍ ബുക്സ് , തൃശൂര്‍

അവലോകനം : സുകുമാര്‍ അഴീക്കോട്



രു പുതിയ സാഹിത്യദാർശനികൻ രംഗത്ത്‌ എത്തിയിരിക്കുന്നു എന്നു നമ്മെ അറിയിക്കുന്ന ദുർലഭഗൗരവമായ ഒരു കൃതിയാണ്‌ ശ്രീ.എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' (വില : 85രൂപ). ചെറിയ പുസ്തകമാണ്‌. ഇതിലടങ്ങിയ കാഴ്ചകളെക്കുറിച്ച്‌ പ്രാമാണികമായി എഴുതാൻ കഴിവുള്ള മൂന്നു പേരുടെ അഭിപ്രായങ്ങൾ ആദ്യത്തെ നാൽപതോളം പുറങ്ങളിൽ കാണാം. ബാക്കി എൺപതോളം പുറങ്ങളിലാണ്‌ മാനിഫെസ്റ്റോ കൊടുത്തിരിക്കുന്നത്‌. പുസ്തകമേ ചെറുതായിട്ടുള്ളൂ. ഗ്രന്ഥകാരന്റെ ലക്ഷ്യവും ചിന്തയും ഒന്നും ചെറുതല്ല ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട്‌ കുറച്ച്‌ മാസം കഴിഞ്ഞെങ്കിലും ആ കാലയളവിനുള്ളിൽ മറ്റു സാഹിത്യകൃതികൾക്ക്‌ ലഭിച്ചുകാണാറുള്ള പഠനമോ വിമർശനമോ ഇതിന്‌ കിട്ടിയില്ല എന്നാണ്‌ എന്റെ അറിവ്‌. സാധാരണ പുസ്തക അഭിപ്രായക്കാർ ഇത്‌ മാറ്റി വെക്കുന്നുവെങ്കിൽ അത്‌ മനസിലാക്കാവുന്നതേയുള്ളു.

ചിന്ത വികസിക്കുന്നത്‌ അതിന്റെ പൂർവ്വദശകളെ അനന്തരദശകൾ നിരസിക്കുന്നതിലൂടെയാണ്‌ എന്ന ആശയത്തിലാണ്‌ ഹരികുമാറിന്റെ ചിന്തകൾ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌. പ്രപഞ്ചത്തിന്റെ ചലനാത്മകത കാരണം ചിന്തയിലും സാഹിത്യത്തിലുമുള്ള പൂർവ്വനിരാസം സ്വാഭാവികവും അനിവാര്യവുമാണ്‌. നിരാസം എന്ന്‌ പറഞ്ഞതുകൊണ്ട്‌ ഹരികുമാർ ഏതോ ഒരു നവനിഷേധത്തിന്റെ വക്താവാണെന്ന്‌ ധരിക്കരുത്‌. പ്രപഞ്ചഘടന നിരാസത്തെ നിർമ്മാണത്തിൽ എത്തിക്കുന്നു. യാഥാർത്ഥ്യത്തെ അന്വേഷിച്ചുകൊണ്ടുള്ള ഈ നിരന്തര പ്രയാണത്തിന്റെ ഏകാത്മകതയെ അദ്ദേഹം നവാദ്വൈതം എന്ന്‌ വിളിച്ചിരിക്കുന്നു.

തത്വചിന്തയിൽ സംജ്ഞകളെ തീരെ വർജ്ജിക്കുക എളുപ്പമല്ല. വേദാന്തത്തിൽ തന്നെ ജഡം, മായ തുടങ്ങിയ സംജ്ഞാവലിയിൽ കുടുങ്ങി അദ്വൈതത്തിന്റെ മുഖം കണ്ടെത്താൻ പല ആചാര്യമാർക്കും സാധിക്കാതെ പോയ കാര്യം മറക്കരുത്‌. അദ്വൈതചിന്തയെ ആരും ഒരു കുറ്റിയിലും കെട്ടിനിർത്തിയിട്ടില്ല. ആചാര്യശങ്കരൻ, സത്യസാക്ഷാൽകാരം അനുഭവത്തിൽ അവസാനിക്കുമ്പോഴേ യാഥാർത്ഥ്യമാകുകയുള്ളുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്‌. ഇഹലോകജീവിതത്തിൽ അത്‌ സാധിക്കുകയില്ലെന്ന്‌ ഭാഷ്യങ്ങളിൽ കാണാം. സംജ്ഞകളിൽ കുരുങ്ങി സർവ്വതും ഇല്ലാത്തതാണെന്നുവരെ പറഞ്ഞു നടക്കുന്ന അദ്വൈതവേദാന്തികൾ നാട്ടിൽ നിറഞ്ഞു.

ഈ വിപത്ത്‌ അറിയാത്ത ആളല്ല ശ്രീ ഹരികുമാർ. ഇന്ത്യയുടെ ആത്മീയത ബ്രാഹ്മണ പൗരോഹത്യമല്ലെന്നും ഓരോരുത്തരും പരമസത്യം അന്വേഷിക്കുന്ന രീതിയാണ്‌ അതെന്നും അദ്ദേഹം എഴുതുന്നത്‌ ശ്രദ്ധിക്കുക. നമ്മുടെ ബോധത്തിൽ ഈ ആത്മീയധാതു സമ്പത്ത്‌ ഉണ്ടെന്നുളള ഗ്രന്ഥകാരന്റെ നിരീക്ഷണം, നാനാവിധ സിദ്ധാന്തികളുടെ കലാപ ഭൂമിയായ നമ്മുടെ ആധുനിക സാഹിത്യകാരന്മാരുടെ മനസ്സിൽ ഉടനെത്തേണ്ട വലിയൊരു നിഗമനമാണ്‌.

ഇന്ത്യയെ സത്യപൂർണ്ണതയിൽ കാണാൻ ശങ്കരഭാഷ്യങ്ങളോ ഭഗവത്‌ ഗീതയോ അല്ല പഠിക്കേണ്ടത്‌ ; ഉപനിഷത്തുകളിലെ ആർഷചിന്തകളാണ്‌. ഹരികുമാർ മിക്കവാറും സ്വന്തം മനനവിചാരങ്ങളിലൂടെ എത്തിച്ചേർന്ന സത്യത്തിന്റെ, ഉപനിഷത്തിന്റെ നിമിഷമാണിത്‌. സുപ്രസിദ്ധമായ 'നേതിവാദം ഏത്‌ ചിന്തയെയും 'ഇതല്ല' എന്ന നിരാസത്തിലൂടെ മറ്റൊന്നാവാൻ നമ്മെ പ്രചോദിപ്പിക്കുന്നു. സത്യമെന്താണെങ്കിലും സത്യത്തിന്റെ സത്യം എന്ന മട്ടിൽ കൂടുതൽ അന്വേഷണത്തിലൂടെ പ്രാപിക്കേണ്ടതാണെന്ന്‌ ഉപദേശിച്ചതു ഞാനിവിടെ അനുസ്മരിച്ചുകൊളളട്ടെ.

ആധുനികരായ എഴുത്തുകാർ മനനമില്ലാത്ത മനസ്സുകളുടെ ആവിഷ്ക്കാരോപാധിയായി വാക്കിനെ പ്രകോപിപ്പിക്കുമ്പോൾ ഭാഷ മൃതപ്രായമാകുന്നു എന്ന കാഴ്ചയും ശ്രദ്ധേയമാണ്‌. എഴുത്ത്‌ ഇന്ന്‌ മറ്റൊന്നിലൂടെ മാറ്റൊലിയായി മന്ദീഭവിച്ചിരിക്കുന്നു. അവിടെ നിന്ന്‌ പ്രത്യാനയിക്കപ്പെടണമെങ്കിൽ നിരാസത്തിലൂടെയുള്ള നിർമ്മിതിയുടെ മാർഗ്ഗം സാഹിത്യകാരന്മാർ അനുസരിക്കണം എന്ന്‌ ഗ്രന്ഥകാരൻ വ്യക്തമാക്കിയിരിക്കുന്നു. പഴയ സാഹിത്യകാരന്മാർ സാഹിത്യത്തിന്റെ ജീവൻ ഭാവരമണീയമാണെന്ന്‌ പറഞ്ഞ ഉടനെ, ആ രമണീയത ഓരോ നിമിഷത്തിലും പുതുമ ഉൾക്കൊള്ളുന്നതാണ്‌ എന്ന്‌ വിശദീകരിച്ചിട്ടുണ്ട്‌. അതിനാൽ ഹരികുമാറിന്റെ ചിന്താഗതി വേണ്ടതുപോലെ പ്രചാരം നേടുകയാണെങ്കിൽ, കേരളത്തിലെങ്കിലും വലിയ എതിർപ്പുകളില്ലാതെ സ്വീകരിക്കപ്പെടുമെന്നാണ്‌ എന്റെ പ്രതീക്ഷ.

സാഹിത്യവിമർശകൻ എന്ന നിലയ്ക്ക്‌ കൈകൊള്ളാവുന്ന ഏറ്റവും അവികലമായ ഒരു ചിന്താഗതിയിൽ പരസഹായമെന്യേ എത്തിച്ചേർന്ന ഹരികുമാറിനെ എഴുത്തുകാരെങ്കിലും അഭിനന്ദിക്കേണ്ടതാണ്‌. വിമർശനമെന്നത്‌ നിരാസ സിദ്ധാന്തങ്ങളുടെ സമവായനയാണ്‌. വിവേകപൂർവ്വമായി സത്യത്തെ തള്ളുകയും പ്രാപ്യമായി നിലനിർത്തുകയും അങ്ങനെ ചിന്താപുരോഗതിയുടെ ഡയലക്റ്റിക്സ്​ പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ഒരു മാനസികപ്രക്രിയയാണ്‌ അത്‌. ഗീതയിലെ സിദ്ധാന്തങ്ങളേക്കാൾ ഞാൻ വിലമതിക്കുന്നത്, ഒടുവിൽ പാർത്ഥനോട്‌ കൃഷ്ണൻ, ഞാൻ പറഞ്ഞതെല്ലാം കേട്ടിട്ട്‌ വിമർശിച്ച്‌ മനസ്സിലാക്കിയതിനുശേഷം ഇതുപോലെ ചെയ്യുക എന്ന്‌ ഉപദേശിക്കുന്ന ഭാഗമാണ്‌.

ഗീതയിലെ ഒരു അനുശാസനവും ആശയരഹസ്യത്തിൽ ഇരിക്കില്ല. ഈ ദർശനത്തിൽ നിരാസം എന്നുമുണ്ട്‌. ഇന്നത്തെ സാഹിത്യപ്രവർത്തകർക്ക്‌ ഈ കാഴ്ചപ്പാട്‌ സ്വന്തം ശൈലിയിൽ ചൂണ്ടികാണിച്ചുകൊടുത്ത ഹരികുമാർ വലിയൊരു സേവനമാണ്‌ ആശയരംഗത്ത്‌ ചെയ്തിരിക്കുന്നത്‌.
നാം ദൈവമാകയാൽ പ്രാർത്ഥന അനാവശ്യമാണെന്നാണ്‌ അദ്വൈതികളുടെ അഭിപ്രായം. താൻ നിരീശ്വരനാണെന്ന്‌ ശങ്കരൻ പറഞ്ഞു. . ഈ ബോധപ്രാപ്തി മനുഷ്യരെ അഹങ്കാരികളാക്കില്ല. കാരണം എഴുത്തച്ഛൻ പാടിയതുപോലെ, അഖിലം ഞാനാണെന്ന ഭാവത്തിൽ എത്തുന്നവന്‌ ഞാനെന്ന ഭാവം ഉണ്ടാവില്ല.

ഒരു സ്വതന്ത്രചിന്താശാലി സാഹിത്യലോകത്തിൽ പ്രത്യക്ഷപ്പെടുന്നത്‌ വല്ലപ്പോഴും ആയിരിക്കും. ഇക്കാലത്ത്‌ ആംഗലവിദ്യാഭ്യാസം അഭ്യസ്തവിദ്യരുടെ ധിഷണാമണ്ഡലത്തെ ഓരോ ചെറു കോളനിയായി രൂപപ്പെടുത്തിവിട്ടിരിക്കുകയാണ്. ആന്തരമായ ഈ പരോക്ഷ പാരതന്ത്ര്യത്തിന്റെ യുഗത്തിൽ ടാഗോർ 'ഗീതാജ്ഞലി' യിൽ പാടിയതുപോലെ ജ്ഞാനസ്വതന്ത്രമായ മനസ്സോടും ശിരസ്സോടും കൂടിയ ഒരു യുവലേഖനെ കണ്ടുമുട്ടാൻ ഇടയായതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്‌.

ശ്രീ ഹരികുമാർ മലയാളസാഹിത്യത്തിൽ പ്രവേശിച്ച ആ കാലത്തു തന്നെ ഒരു ചിന്താപ്രതിഭയുടെ അങ്കുരങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽ ഞാൻ കണ്ട്‌ അഭിനന്ദിച്ചിരുന്നു. ആത്മായനങ്ങളുടെ ഖസാക്ക്‌, മനുഷ്യാബരാന്തങ്ങൾ എന്നീ ഗ്രന്ഥങ്ങളുടെ ശീർഷകങ്ങൾ ചില വായനക്കാരെ അൽപം അകറ്റുന്നതിന്‌ ഇടയാക്കിയിരുന്നെങ്കിലും അവയ്ക്കെല്ലാമപ്പുറത്ത്‌ നിന്ന്‌ ഒരു പുതിയ ചക്രവാളത്തിലേയ്ക്ക്‌ നോട്ടം എത്തിക്കുന്ന ഉത്സുകനായ ഒരു യുവാവിനെ ഞാൻ കണ്ടിരുന്നു. എന്റെ ആ ദൂരക്കാഴ്ച ഇന്ന്‌ ഫലം അണിഞ്ഞുകാണുമ്പോൾ ഞാൻ ചരിതാർത്ഥനായിരിക്കുന്നു.

ഈ ഗ്രന്ഥത്തിലെ വ്യത്യസ്തമായ ഒരു ഭാഗം 'വാക്യങ്ങൾ' എന്ന സാരസൂക്തങ്ങളാണ്‌. മിക്ക വാക്യങ്ങളും സുഭാഷിതങ്ങൾ എന്ന വർഗ്ഗത്തിൽപ്പെടുത്തത്തക്കവണ്ണം ചിന്തയുടെ പ്രകാശവും ബുദ്ധിയുടെ സൂക്ഷ്മതയും പ്രകടിപ്പിക്കുന്നവയാണ്‌. എങ്കിലും ഏകവാക്യങ്ങൾ അർത്ഥപൂർണ്ണിമയിലെത്താൻ പ്രയാസമാണ്‌. വാക്യത്തിന്റെ അർത്ഥം പൂർണ്ണമായി തീരുന്നത്‌, അന്യവാക്യങ്ങളുടെ സാഹചര്യം, സൃഷ്ടിക്കുന്ന പശ്ചാതലത്തിലാണ്‌. തത്ത്വമസി എന്നത്‌ ഒറ്റ മഹാവാക്യമാണെന്ന പ്രസിദ്ധിയുണ്ടായിട്ടും ശ്വേതകേതുവിന്റെ കഥയിൽ ആ വാക്യം വരുമ്പോഴാണ്‌ അതിന്റെ അർത്ഥം തെളിഞ്ഞുവരിക.

നവാദ്വൈതത്തിന്റെ സുന്ദരമായ ഒരു ദൃഷ്ടാന്തമായിട്ടുണ്ട്‌ 'ജലാത്മകത'. വെള്ളം എന്നും ഒരു ഒഴുക്കായിരിക്കുന്നതുപോലെ ചിന്ത എന്നും ഒരു നിത്യധാരയാണ്‌ എന്ന്‌ ചുരുക്കം. വെള്ളത്തെപ്പറ്റിയുള്ള പരമസത്യം അത്‌ സ്വയം നിരപ്പ്‌ കണ്ടെത്തുന്നു (water finds its level}എന്നതാണല്ലോ. വെള്ളം ഒഴുകുന്നത്‌ അതിന്റെ നിരപ്പ്​ കണ്ടെത്താനാണ്‌. നവചിന്തകൾക്ക്‌ നൂതനത്വം കൽപിക്കുന്നതിൽ യുക്തിഭംഗമുണ്ട്‌. നവചിന്താപ്രവണത നൂതനമാണെങ്കിൽ നവത്വം എന്തിനാണ്‌ ? നിരന്തരമായി നടക്കുന്നത്‌ ? പരിവർത്തനം നിരന്തരമാണെന്ന്‌ പറയുമ്പോൾ ആ പരിവർത്തനനിയമത്തിന്‌ എവിടെവച്ചെങ്കിലും ഒരു മാറ്റം ഉണ്ടാകണമല്ലോ.പരിവർത്തനം പരിവർത്തനവിധേയമാകുമ്പോൾ കേവലത -അഥവാ - വെള്ളത്തിന്റെ നിരപ്പ്‌ അനുഭവപ്പെടുന്നു. ആ അനുഭവം മനുഷ്യന്‌ പ്രാപ്യമല്ലായിരിക്കാം. പക്ഷേ മാറ്റത്തിന്റെ പരമമായ പ്രേരണ ഇതാണ്‌. ശ്രീ ഹരികുമാർ ഈ വശം കണ്ടിട്ടുണ്ട്‌ എന്ന്‌ സമ്മതിക്കുന്നു. പക്ഷേ ചിന്താപരമായ നിശ്ചേഷ്ടത ഒരു ദേശീയ സംസ്ക്കാരമാക്കി ഉയർത്തിയവരുടെ മുമ്പിൽ അനസ്യൂതമായ നിരാസവാദം അതിന്റെ ഫലം ഉളവാക്കാതിരിക്കില്ല.

ലോകത്തിലെ മഹാന്മാരുടെ ചിന്തകങ്ങളെല്ലാം ചേർന്ന്‌ ഒരു മഹാചിന്തയെ അവതരിപ്പിക്കുന്നു എന്ന ഒരു ഏകവാക്യം ഞാൻ കുറിക്കട്ടെ. ഈ ഗ്രന്ഥനിരൂപണത്തിൽ ഞാൻ പറയാൻ ഉദ്ദേശിച്ച ആശയം ഇതാണ്‌ : - ആചാര്യന്മാർ അദ്വൈതം എന്ന ഈ പുസ്തകത്തിൽ നവാദ്വൈതം എന്ന്‌ പറഞ്ഞിട്ടുണ്ടെങ്കിലും, അവയുടെ വ്യത്യാസം കൂടുതലും വായനാഭേദത്തിന്റേതാണ്‌. നമുക്ക്‌ ചിന്തകളുടെ സമവായന ആണ്‌ ആവശ്യം ; വ്യത്യസ്തതയല്ല. വ്യത്യസ്തത, വേദത്തിൽ പ്രസ്താവിച്ചതുപോലെ വാക്കുകളുടെ വ്യത്യാസമാണ്‌ - സത്യം ഒന്ന്‌, വിദ്വാന്മാർ പലതരത്തിൽ പറയുന്നു എന്ന പ്രശസ്ത സൂക്തം ശ്രദ്ധിക്കുക. തന്റെ വ്യത്യസ്ത വചനത്തിലൂടെ സത്യത്തിന്റെ ഏകത്വം കണ്ടെത്താനുള്ള ശ്രീ ഹരികുമാറിന്റെ അസാധാരണമായ അന്വേഷണസാഹസമായ ഈ ഗ്രന്ഥം അർത്ഥവത്തായ വിമർശനങ്ങൾക്കൊണ്ട്‌ ആദരിക്കപ്പെടട്ടെ എന്ന്‌ ആശംസിച്ചുകൊള്ളുന്നു. ഈ ഗ്രന്ഥം ഒരാശയനിവേദനമാണ്‌. ഇതിന്‌ മാനിഫെസ്റ്റോ എന്ന പൊതു പ്രസ്താവന സ്വഭാവമുള്ള പേര്‌ എത്രത്തോളം ഇണങ്ങും ?.