Wednesday, October 14, 2015

നിരീശ്വരൻ

പുസ്തകം :നിരീശ്വരൻ   (നോവൽ)
രചയിതാവ് : വി ജെ ജെയിംസ്‌
പ്രസാധകര്‍ : ഡി സി ബുക്സ്
അവലോകനം :അൻവർ ഹുസൈൻ എച്ച് 




                                               ഓര്‍മ്മയില്‍ മുന്നുര



'ആലുമ്മൂട്ടിലെ വേലുശ്ശാരുടെ വാലിന്‍ തുമ്പിലൊ

രാലു മുളച്ചിട്ടാലിന്മേലൊരു മാവ് മുളച്ചി

ട്ടാലും മാവും ചേര്‍ന്നിട്ടങ്ങനെ ആല്‍മാവായി

പിന്നെ പിന്നെ യതാത്മാവായെ

ന്നേതോ  നുണയന്‍ ചൊല്ലി നടപ്പതു

നേരായാലും നുണയായാലും

കേട്ടവരെല്ലാം ചെവി പൊത്തിക്കോ ചേട്ടന്മാരെ '


              ബാല്യത്തില്‍ ബാലരമയില്‍ 'ഒറ്റ ശ്വാസത്തില്‍ പാടാമോ' എന്ന ശീര്‍ഷകത്തില്‍ വായിച്ച, കവിയെ ഓര്‍മ്മയില്ലാത്ത, ഈ വരികള്‍ നിരീശ്വര വായനയില്‍ മനസ്സിലുടക്കി. ആലും  മാവും സംക്രമിച്ചു ആത്മാവാകുന്ന മാസ്മരികത ഇതിലുമുണ്ടല്ലൊ? 2014 ലെ ഏറ്റവും നല്ല വായന സമ്മാനിച്ചു എന്ന് പരക്കെ പ്രശസ്തി ലഭിച്ച ഒരു ഉദാത്ത കൃതിക്ക് ആസ്വാദനം എഴുതുന്നത് ഉചിതമല്ലായിരിക്കാം. ചില വിചാരങ്ങള്‍ പങ്കു വയ്ക്കാതെ വയ്യ. ചെവി പൊത്താതെ കേള്‍ക്കുമല്ലോ?




സൃഷ്ടി


ഒന്നാം ദലം : ഗ്രന്ഥ  വിചാരം.


            ഒരു പുസ്തകത്തിന് അനേക വായനകള്‍ നടക്കുന്നുണ്ട്. വായനക്കാരന്‍ വിവിധ തലങ്ങളില്‍ എഴുത്തിനെ സമീപിക്കുന്നു. ഒരു ഗ്രന്ഥത്തിന്റെ ഔന്നത്യം തന്നെ ഇത്തരം  വായനുടെ വൈപുല്യം എത്ര മാത്രം എന്നതിനെ ആശ്രയിക്കുന്നു. മഹാ ഭാരതം ഒരേ സമയം യുദ്ധത്തിന്റെയും സമാധാനത്തിന്റെയും നേരിന്റെയും അസത്യത്തിന്റെയും നന്മയുടെയും തിന്മയുടെയും ഗ്രന്ഥമായി മാറുന്നത് അതു കൊണ്ടാണ്. ഒട്ടേറെ മാനങ്ങളില്‍ ഉള്‍കാഴ്ച്ചയോടെ എഴുതാന്‍ കഴിയുക മഹത്തുക്കള്‍ക്ക് മാത്രമാണ്. അതിനാലാണ് അത്തരം സൃഷ്ടികള്‍ കാലാദിവര്‍ത്തി ആയി നില കൊള്ളുന്നത്. ധാരാളം നോവലുകളുടെ പെരുവെള്ളപാച്ചിലാണ് ഇപ്പോൾ. പക്ഷെ ക്ലാസ്സിക്കുകൾ അധികം ഉണ്ടാവുന്നില്ല. വായിച്ചു പോകാവുന്ന കഥകൾ ഏറെ കാലം ആവർത്തിച്ചു വായിക്കപ്പെടുന്നില്ല. "ഖസാക്കി"നൊക്കെ ഇന്നും പുനർ:വായനകൾ നടക്കുമ്പോൾ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന, അവാർഡുകൾ വാരി കൂട്ടുന്ന, പല നോവലുകളും പുനർ:വായനക്കായി എടുക്കപ്പെടുന്നില്ല. ചിലവ എങ്കിലും ഉണ്ടാവുക അല്ല, ഉണ്ടാക്കുക ആണ് എന്ന് പറയേണ്ടി വരും. അവാർഡിനെ ലാക്കാക്കി, മികച്ച കൃതികളെ അനുകരിച്ചും അനുഗമിച്ചും പടച്ചുണ്ടാക്കുന്ന, എഴുത്തുകാരന്റെ ഉള്ളിൽ നിന്നും  പുറ പ്പെടാത്ത വരികൾ കാലത്തിന്റെ കുത്തൊഴുക്കിനെ അതിജീവിക്കുകയില്ല തന്നെ. വി ജെ ജെയിംസിൽ നിന്ന് ക്ലാസിക് ഉണ്ടാവുക തന്നെ ചെയ്യും എന്ന് പറയാൻ എനിക്ക് മടിയില്ല. അത് നിരീശ്വരൻ ആണോ പുറപ്പാടിന്റെ പുസ്തകം ആണോ ചോരശാസ്ത്രം ആണോ അതോ ഇനി വരാനിരിക്കുന്ന ഏതോ ഒന്നാണോ എന്നെനിക്കു നിശ്ചയം പോരാ.


രണ്ടാം ദലം : രൂപ ഭദ്രത.


             നോവലുകളുടെ രൂപത്തെ പറ്റി അനേക സിദ്ധാന്തങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. എഴുത്തുകാരന്‍ ബാഹ്യമായ രൂപം സൃഷ്ടിക്കുമ്പോള്‍ വായനക്കാര്‍ ആന്തരികമായ അനേക അര്‍ത്ഥ തലങ്ങളില്‍ രൂപങ്ങള്‍  മിനഞ്ഞെടുക്കുന്നു. ഓരോ വായനയും വായനക്കാരന് അങ്ങനെയാണ് പുതിയ ഒരു അനുഭവം ആകുന്നതു. "പ്രതി പാത്രം ഭാഷണ ഭേദം" എന്ന ഗ്രന്ഥത്തിൽ സി വി യുടെ ആഖ്യായികകളിലെ രൂപ മെനയലുകളെ പ്രൊഫ. എൻ കൃഷ്ണ പിള്ള വിശദമായി പ്രതിപാദിക്കുന്നു. "അന്ധനായ ദൈവം"  എന്ന കൃതിയിൽ പി കെ രാജശേഖരൻ മലയാള നോവലുകളെ വിശദമായി അപഗ്രധിക്കുന്നുണ്ട്. എവിടെയും, വിശാല കാൻവാസിലെഴുതുന്ന കഥാരൂപം എന്ന നിലയിൽ  നോവലിന് കയ്യടക്കം വിധിക്കുന്നു. അല്ലാതെ നോവൽ എഴുതുമ്പോ അത് കാക്ക കൊതി വലിച്ചിട്ട പോലെ കുറെ ജീവിതങ്ങളും കഥാപാത്രങ്ങളും ആകുന്നു. അനുവാചകന്റെ മനസ്സിൽ അവ ചിര:സ്ഥായി ആവുന്നില്ല. നിരീശ്വരനിൽ ഈ കയ്യടക്കം പൂർണ്ണമായി പാലിക്കപ്പെട്ടു എന്ന് പറയാനാവില്ല. എന്നാൽ ഒരു പരിധി വരെ വിജയിച്ചു എന്ന് തന്നെ പറയാം.


മൂന്നാം ദലം : പ്രമേയ തെരഞ്ഞെടുപ്പ്.


               ഈശ്വര വിശ്വാസത്തെ യോ നിരീശ്വര വാദത്തെയോ താരതമ്യപ്പെടുത്തുന്ന ഒരു പ്രമേയം അല്ല ഇതില്‍. ദൃഡ വിശ്വാസത്തിനു മൂര്‍ത്തി   രൂപം നല്‍കല്‍  ആണ് ഈശ്വര സങ്കല്‍പ്പത്തില്‍ സംഭവിക്കുന്നത്. അത് എന്ത് കൊണ്ട് നിരീശ്വരവും ആയിക്കൂടാ എന്നാണ് നോവലിസ്റ്റ് ചോദിക്കുന്നത്. നിരീശ്വര മതം തന്നെ രൂപപ്പെട്ടു കൂടായ്കയില്ല. ചിലര്‍ നിരീശ്വര വാദത്തെ കളിയാക്കുന്ന എഴുതാണിതെന്നും അതിനാല്‍  ഇത് തെറ്റായ സന്ദേശം ആണ് നല്കുന്നതെന്നും വാദിക്കുന്നു. അതിനു നോവലിസ്റ്റ് മറ്റൊരിടത്ത് മറുപടി നല്കുന്നുണ്ട്. 'ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ സത്യങ്ങളും എന്റെ മഹാ ബുദ്ധി കൊണ്ട് ഞാനിതാ കണ്ടറി ഞ്ഞിരിക്കുന്നു. മറ്റുള്ളതെല്ലാം വിഡ്ഢിത്തം എന്നന്ത് അറിവല്ല അറിവുകേടാണെന്ന് '  റോബെര്‍ട്ടോയെ കൊണ്ട് നോവലിസ്റ്റ് പറയിപ്പിക്കുന്നത് കൂട്ടി വായിക്കാവുന്നതാണ് നോവലിലെ കഥാപാത്രങ്ങള്‍ അവരവരുടെ ഫിലോസഫി ആണ് പറയുന്നത്. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങള്‍' യുവാക്കളെ കഞ്ചാവ് വലിപ്പിക്കുന്നു എന്ന് പറയുന്ന പോലെ ആണിത്. സത്യത്തില്‍ ഇതിന്റെ പ്രമേയം  അമൂര്‍ത്തമായ ഒരു തലത്തിലാണ്. ദ്വിമാനം, ത്രിമാനം എന്നൊക്കെ പറയുന്നതിനപ്പുറം അതിമാനം എന്ന ഊര്‍ജ്ജതന്ത്ര വീക്ഷണം പോലെ പറഞ്ഞു ഫലിപ്പിക്കാന്‍ പ്രയാസവുമാണത്.

സ്ഥിതി


നാലാം ദലം : പാത്ര സൃഷ്ടി.


                    ആഭാസന്മാര്‍ എന്ന ആന്റണിഭാസ്‌കരന്‍സഹീര്‍ എന്ന ത്രിമത പ്രതിനിധികളെ അവതരിപ്പിക്കുക വഴി നോവലിസ്റ്റ് മതേതര ക്ലീഷേ ആവര്‍ത്തി ക്കുന്നു എന്ന് തോന്നാം. പക്ഷെ ഇത് നമ്മുടെ വര്‍ത്ത മാന കാല വീക്ഷണമാണ്. അജിത്തേട്ടന്‍ എന്ന ബ്ലോഗ് രംഗത്തെ പ്രിയ മിത്രത്തിന്റെ വീട്ടില്‍ ഞാനും മഹേഷ് കൊട്ടാരത്തിലും ബെഞ്ചി നെല്ലിക്കാലയും കൂടി പോയ പടം കണ്ടു ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ  പ്രതിനിധികള്‍ എന്ന കമന്റു എഫ് ബി യിൽ കോറി ഇട്ടപ്പോഴാണ് ആ സത്യം ഞങ്ങൾ പോലും ശ്രദ്ധിക്കുന്നത്. ഓരോ ദിക്കിലും മലയാളിയിൽ ഈ നാടകം  അരങ്ങേറുന്നു. അതിനാൽ വേദി അനുസരിച്ച് വെടി  പൊട്ടിച്ചു എന്ന് മാത്രം!


            ഇന്ദ്രജിത്ത് അടുത്തിടെ മലയാള നോവല്‍  ദര്‍ശിച്ച മികച്ച പാത്രം തന്നെ. ഇന്ദ്രജിത്തിന്റെ മറുപാതി സുധ ഏറെ നൊമ്പരപ്പെടുത്തി നമ്മോടൊപ്പം ജീവിക്കുന്നു. മിത്തായി മാത്രം കരുതുന്ന ചിലവ യാഥാര്‍ത്ഥ്യമായി  ജീവിതത്തില്‍ എത്തിപ്പെട്ടാല്‍ സംഭവിക്കുന്നത് എന്താണെന്ന് ഭാവന ചെയ്യാനേ  പറ്റൂ.


                       'മുടി നിറച്ച ചാക്കുകെട്ടില്‍ മറ്റൊരു നിര്‍ജ്ജീവമായ കെട്ട് പോലെ  ' നോവലില്‍ അവശേഷിക്കേണ്ട  ബാര്‍ബര്‍ മണിയന് ഉദാത്തമായ ഒരു ജന്മ ഗതി നോവലിസ്റ്റ് നല്കിയിരിക്കുന്നു. എമ്പ്രാതിരിയും നോവലിസ്റ്റിന്റെ തന്നെ പ്രതിരൂപമായ റോബെര്‍ട്ടൊയും  ഒക്കെ പാത്രസൃഷ്ടിയുടെ അത്ഭുത ലോകം സൃഷ്ടിക്കുന്നു.


സ്ഥിതി


അഞ്ചാം ദലം : ഭാഷാ സംവേദനം.


                 അന്യാദൃശ്യമായ ഭാഷ കൊണ്ട് സമ്പന്നമാണ് ഈ നോവല്‍  എന്ന് പറയാതെ വയ്യ. രണ്ടാം വായനയില്‍ എടുത്തെഴുതണം  എന്ന് രേഖപ്പെടുത്തപ്പെട്ട ഭാഗങ്ങള്‍ മുഴുവന്‍ പകര്‍ത്തുക വയ്യ. ചില വരികള്‍ ധ്യാനം ചെയ്തു കടഞ്ഞെടുത്തിരിക്കുന്നു. 'നാണമെന്നിയെ മുദാ നാവിന മേല്‍  നടനം ചെയ്‌തേ ണാങ്ക കായനേ യഥാ കാനനേ ദിഗംബരന്‍ ' എന്ന് വാഗ്‌ദേവതയോട് പ്രാര്‍ത്ഥിച്ചു കവി നേടിയെടുത്ത വരമാണ് ഈ ഭാഷ. ഇങ്ങനെ എഴുതുമ്പോള്‍ നോവലിസ്റ്റും കവി ആയി മാറുന്നു.  എല്ലാ വഴികളുടെയും സംഗമ സ്ഥാനത്തെ, ആല്‍തറയെ, കവി വര്‍ണ്ണിക്കുന്നത് കാണുക..'അപ്പോള്‍ ആളും മാവും ചേര്‍ന്ന് തങ്ങള്‍ക്കു നേരെ നടന്നു വരുന്നവളെ ആകാംക്ഷയോടെ ഉറ്റുനോക്കി. ആലി നെയും മാവിനേയും പോലെ ഒന്നിപ്പ് അനുഭവിച്ചവളെ ആത്മാവ് ആത്മാവിനെ തൊട്ടറിയുന്ന പോലെ അവയ്ക്ക് തിരിച്ചറി യാനാവുന്നുണ്ടായിരുന്നു. പതിവ്രതയുടെ ചൈതന്യം പരിസരത്തില്‍ പ്രസരിക്കുന്നത് വൃക്ഷങ്ങള്‍ കണ്ടറിഞ്ഞു. മുളച്ച കാലം തൊട്ടേ കാത്ത സമാഗമത്തിനായി ഒന്നായി നിന്ന് അവ തയ്യാറെടുക്കുമ്പോള്‍ വൃക്ഷത്തിന് മീതെ നിന്ന് ആണ്‍മയില്‍ നീട്ടി വിളിച്ചു..' സുധയെ അപ്പോള്‍ ഉപഗുപ്ത സമാഗമത്തിനായി  കാത്തിരിക്കുന്ന നായികയെ ഓര്‍മ്മിപ്പിച്ചു. വാസവദത്ത സ്വഭാവ സവിശേഷതകളില്‍ സുധ ആവില്ല എന്നിട്ടും  'അന്തിമമാം മലരര്‍പ്പിച്ചടിയാന്‍ മലര്‍ കാക്കില്ലേ, ഗന്ധ വാഹകനെ, രഹസ്യ മാര്‍ക്കറിയാവൂ!' ആശാന്റെ വരികള്‍!


ആറാം ദലം : ഗന്ധമാം ഇന്ദ്രിയം.


                    ഗോപാലുകുട്ടിയാശാനിലൂടെ,, ജാനകിയിലൂടെ ഗന്ധം എന്ന വിശേഷപ്പെട്ട പഞ്ചേ ന്ദ്രിയത്തില്‍ ശക്തമാം ഒന്നിനെ അവതരിപ്പിക്കുകയാണ് ഈ നോവലില്‍. എന്റെ വായനാ പരിമിതി ആണോ എന്നറിയില്ല; ഗന്ധം ഇത്ര മാത്രം ഉപയോഗപ്പെടുത്തുന്ന ഒരു നോവല്‍  അടുത്തിടെ വായിച്ചിട്ടില്ല. റോബെര്‍ട്ടോ ജാനകിയില്‍ ഒരു ശാസ്ത്രജ്ഞയെ കാണുന്നത് വെറുതെയല്ല. ഗന്ധം ഉപയോഗിപ്പെടേണ്ട മേഖലകളുടെ ഗവേഷണം തന്നെ ഇതിൽ നിർവ്വഹിക്കപ്പെട്ടു.


ഏഴാം ദലം : ചലനം, ചലനം സര്‍വത്ര.


                      ശാസ്ത്രം എഴുത്തില്‍ ചാലിച്ച് ഒരുപാട് കൃതികള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. സി രാധാകൃഷ്ണന്‍ 'ഉള്ളില്‍ ഉള്ളത്' പോലെ ചില മികച്ച നോവലുകളില്‍ ശാ സ്ത്രാംശം നന്നായി ഇഴ ചേര്‍ത്തു. ഒട്ടേറെ യുവ കഥാ കൃത്തുക്കള്‍ ജനിറ്റിക്‌സും നാനോ ടെക്‌നോളജി യും ഒക്കെ തന്റെ കഥകളില്‍ സന്നിവേശിപ്പിക്കുമ്പോഴും അപൂര്‍വ്വം ചിലതിലൊ ഴികെ  അത് മോരും മുതിരയും ആകുന്നു. ഇവിടെ സൂക്ഷ്മ ഗന്ധത്തിന്റെ വിനിമയവും അതിന്റെ ഭാവി സാധ്യതയും പല ഇടങ്ങ ളിലും നോവലിസ്റ്റ് വരച്ചു കാട്ടുന്നു. വിചാരത്തിന്റെ ഫ്രീക്വന്‍സി റെസനന്‍സ് വരും കാല സ്‌കാനിംഗ് ടെക്‌നോളജി ആകുമെങ്കില്‍ അത് പ്രവചിച്ചത് വി ജെ ജെയിംസ് ആകും. 'ബ്രഹ്മ സത്യം ജഗത്മിധ്യ എന്ന വാക്യത്തെ ഊര്‍ജ്ജ സത്യം വസ്തു മിഥ്യ എന്ന ശാസ്ത്രവാക്യം ആക്കിയാല്‍ രണ്ടും ഒന്നാകാതെ വയ്യ' എന്ന് റോബര്‍ട്ടോയിലൂടെ നോവലിസ്റ്റ് പറയുന്നു. ഇത് ഗ്രഹിച്ചാല്‍ 'നേതി നേതി' എന്ന് പറയുന്ന ബ്രഹ്മ വിദ്യയിലെത്താം. അപ്പോള്‍ ഉത്തമമായ ഒരു സന്ദേശവുമായി. ചലന നിയമം എന്ന  ദലം ഒരു പക്ഷെ ഈ നോവലിന്റെ ഏറ്റവും സൂക്ഷാംശമുള്ള ഭാഗം ആയി മാറുന്നു.
സംഹാര ശേഷം


എട്ടാം ദലം : സൗഹൃദം.


                               വി ജെ ജെയിംസ് എഴുതുമ്പോഴൊക്കെ സൗഹൃദം അതില്‍ മായാതെ മറയാതെ ഉണ്ടാകും. ഇവിടെ സൌഹൃദവും ശത്രുതയും ആഴത്തില്‍ വിശകലനം ചെയ്യുന്നു. ശത്രുത എന്ന തരം  താണ അന്ധത മണിയന്‍ തിരിച്ചറിയുന്നു.  അന്നാമ്മയുടെ അടുപ്പില്‍ പുന്നെല്ലിന്റെ ചോറ് വെന്തത് സ്‌ന്ഹത്തിന്റെ തീനാളം കൊണ്ടാണ്. അകന്നു പോകുന്ന സൌഹൃദങ്ങളെ കണ്ടു, ദേഹത്തേക്കാള്‍ മനസ്സ് നൊന്തു ഭാസ്‌കരന്‍ ഇരുന്നു പോകുന്നു മറ്റൊരിടത്ത്. മനുഷ്യ ബന്ധങ്ങളുടെ കാമ്പുള്ള വിലയിരുത്തലായി നോവല്‍  മാറുന്നു.


ഒന്‍പതാം ദലം : ലയം.


               നിരീശ്വരനിലൂടെ കടന്നു പോയ ശേഷം എന്താണ് അവശേഷിക്കുന്നത്? ഇതൊരു സിദ്ധാന്തങ്ങളുടെ താരതമ്യ കഥയാണോ? സ്‌നേഹത്തിന്റെ പരീക്ഷണ കഥകളുടെ സമാഹാരം ആണോ? മനുഷ്യന്റെ അന്ത: സംഘര്‍ഷങ്ങളുടെ കാവ്യമാണോ? സാമൂഹ്യ  യാഥാര്‍ത്ഥ്യങ്ങളുടെ വിശകലന ശ്രമം ആണോ? ശാസ്ത്ര തത്വ സംഹിതകളുടെ കഥകളിലെ സന്നിവേശമാണോ?  മിത്തും യാഥാര്‍ത്ഥ്യവും  കൂട്ടു ചേര്‍ക്കാനുള്ള ശ്രമം ആണോ? ഇതിനൊക്കെ അപ്പുറം ഏതോ അസാധാരണ തലങ്ങളില്‍ നടക്കുന്ന മനസ്സുകളുടെ വിഭ്രാന്തികളുടെ ആത്മ്മാവിഷ്‌കാരമാണോ? എന്തായാലും,  ഡോ. എസ് എസ് ശ്രീകുമാര്‍ പഠനത്തില്‍ എഴുതിയപോലെ മലയാള നോവലിന്റെ വളര്‍ച്ചയെ നിസ്സംശയമായും ഈ രചന അടയാളപ്പെടുത്തുന്നുണ്ട്. വായനക്കാരാ, താങ്കളും ഇത് തല കുലുക്കി സമ്മതിക്കും.


'ഓം നിരീശ്വരായ നമ:'


 

Wednesday, October 7, 2015

പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍

പുസ്തകം : പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍
രചയിതാവ് : വി.എം.ഗിരിജ
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
അവലോകനം : ഉഷാകുമാരി.ജി.





ലതരം നേരങ്ങളും ഇടങ്ങളും പല മട്ടില്‍ ഇടപഴകുന്നു, ഗിരിജയുടെ കവിതയില്‍. അവയ്ക്കിടയില്‍ നാം ഒരുവളെ കാണുന്നു. പലവളായി. അവള്‍ ഇരയല്ല, വിധേയയുമല്ല. അതുകൊണ്ടവള്‍ സാവിത്രി രാജീവന്റെയും അനിതാ തമ്പിയുടെയും മറ്റും കവിതകളിലുള്ളതുപോലെ വീടുവിട്ടു പുറത്തേക്കു കടക്കുമ്പോഴും ഒരു പൊതുസ്ഥലത്തേക്കോ നാലും കൂടിയ പൊതുവഴിയിലേക്കോ അല്ല കടന്നു ചെല്ലുന്നത്. വീടിന്റെ പിന്‍വാതിലിലൂടെയിറങ്ങി, നടന്നും തിരഞ്ഞും രൂപപ്പെടുന്ന വഴിത്താരയിലൂടെ ഏതോ കാട്ടുപൊന്തകളിലേക്കും ഒഴുക്കും പരക്കലും തണുപ്പും തളം കെട്ടലും ചേര്‍ന്ന ജലപ്രകൃതിയിലേക്കുമാണവള്‍ ദുര്‍ഗയെ(പഥേര്‍ പാഞ്ചാലി)പ്പോലെ  എത്തുന്നത്.  പേരറിയാത്ത കാട്ടുപൂക്കളുടെ ഗന്ധം അവിടെ നിറയുന്നു.

പലമ
കാടും ജലവും ഇരുട്ട്, നിലാവ്, വെയില്‍ തണുപ്പ്, സന്ധ്യ, പ്രഭാതം എന്നീ നേരഭേദങ്ങളും ഗിരിജയുടെ കവിതയില്‍ കടന്നുവരുന്നത് പ്രാന്തവല്‍കൃതമായ ഒരു അപരത്വപദവിയിലല്ല. പതിവുമട്ടില്‍ കാല്പനികമെന്നും പറയാന്‍ കഴിയില്ല. പലതായി പകരുന്ന, സ്‌ത്രൈണതയുടെ മൂര്‍ത്തിഭേദങ്ങള്‍ അവിടെ തെളിയുന്നു. പ്രകൃതിയും സ്ത്രീയും പരസ്പരം പകര്‍ന്നു നില്ക്കുന്നു.

മന്ത്രവാദിനി എന്ന കവിത നോക്കൂ.

“രസമില്ലിങ്ങനെ.... നീ തളിര്‍ക്ക്”
തളിര്‍ പൊതിയുന്നൂ നിന്നെ
“ഒഴുകണം…. പരന്നോളമിളകാതെ വേണ്ട”
അപ്പോളൊഴുകുന്നു
“വിത്തായ് മണ്ണിലുറങ്ങ്”
ഉറങ്ങുന്നു വിരല്‍ കുടിച്ചൊരു കൂഞ്ഞെന്നപോലെ ശാന്തം ശാന്തം
                                                 
“മുലപ്പാലു നിറഞ്ഞു വിങ്ങുന്നു.
നീ വന്നു കുടിക്ക്” എന്ന് നിന്നെ
ഇളംപൈതലാക്കുമ്പോള്‍ നീ
ഒരു കയ്യാല്‍ പിടിച്ചും
 ചുണ്ടാല്‍ നുണഞ്ഞും പുഞ്ചിരിച്ചും….

പെണ്‍സ്വത്വത്തിന്റെ ഈ പലമ സ്ത്രീയായിരിക്കുക എന്നതില്‍ പ്രതീക്ഷിക്കപ്പെടുന്ന രാഷ്ട്രീയാധികാരികതയെ പരിഗണിക്കുന്നതേയില്ല. ബോധപൂര്‍വ്വതയേക്കാള്‍ പ്രബുദ്ധതയേക്കാള്‍ ജൈവികതയാണ് ഗിരിജയുടെ കവിതകളിലെ സ്ത്രീയവസ്ഥയുടെ ആധാരം. പുരുഷനോടും പുഴയോടും രാത്രിയോടും ആകാശത്തോടുമൊക്കെയുള്ള കാമനകള്‍ സ്വതന്ത്രമായി ആവിഷ്‌ക്കരിക്കപ്പെടുന്ന ജൈവികതയാണത്. 

ശരീരം
 ശരീരം ഗിരിജയില്‍ തികച്ചും മൂര്‍ത്തശരീരം തന്നെയാണ്. മുന്‍ സ്ത്രീകവികളിലെപ്പോലെ പ്രതീകാത്മകമല്ല. രതിയും മണവും മൃതിയും വയസ്സാവലും ഒക്കെ സഹജമാണതിന്. അതുകൊണ്ട്
പ്രായമേറുമ്പോള്‍ “എന്റെ ചുളിക്കയ്യ് തപ്പിനോക്കീട്ടെന്റെ ഭംഗി, യഭംഗിയായി തോന്നീ” (പേടി) എന്നും “നരയ്ക്കല്ലേ  നരയ്ക്കല്ലേ ; മുടിയിഴകളോട് താണുകേണു പറയുന്നൂ കാറ്റ്….” (തളിരിലകളായിരുന്ന തവിട്ടിലകള്‍)എന്നും നേരിട്ടെഴുതുന്നു.
പുരുഷനോടുള്ള പ്രാപഞ്ചികമായ രതിവാഞ്ഛകളെ കവിതയില്‍ സമര്‍ത്ഥിച്ചെടുക്കുകയാണ് 'ജീവജലം' എന്ന മുന്‍സമാഹാരത്തിലെ 'അവന്‍' പോലുള്ള പല കവിതകളും ചെയ്തത്. ഈ കൃതിയില്‍ അതിന്റെ തെളിഞ്ഞ തുടര്‍ച്ച കാണാം.

കൂട്ടുകാരിയിടം
ആണ്‍/പെണ്‍ ദ്വന്ദ്വത്തിന്റെ ഘടന ശക്തമായി പ്രതിഫലിപ്പിക്കുന്ന സമകാലിക സ്ത്രീ കവിതകളില്‍ നിന്നും ഈ കവിതകള്‍ക്കുള്ള വ്യത്യാസം ഇതുമാത്രമല്ല. പെണ്ണും പെണ്ണും തമ്മില്‍ പങ്കുവെക്കുന്ന സഖീത്വം, ഇവിടെ പുതിയൊരു അടയാളമിടുന്നു. 'യോഗേശ്വരി' , 'ഒറ്റക്കായ ഒരു കളിക്കൂട്ടുകാരിയോട്'. 'പഴയ ഒരു കൂട്ടുകാരി നബീസ' എന്നിിങ്ങനെ ഒരു പാടുകവിതകള്‍ ഉദാഹരണം. . സ്ത്രീ ഇവിടെ ഒരു ഗണമാണ്. വിജയലക്ഷ്മിയും സുഗതകുമാരിയും പങ്കിടുന്ന കാല്പനിക ഏകാകിനിയായ ഞാന്‍ അല്ല ഇവിടെ സ്ത്രീത്വം. ആത്മകേന്ദ്രിതത്വം ആരോപിക്കാവുന്ന സന്ദര്‍ഭങ്ങളിലും ആത്മരതിയോ ആത്മാനുതാപമോ പ്രവണമല്ല എന്നതും ശ്രദ്ധേയം. സ്ത്രീ ഒരു സ്ഥിരമായ ഏകാത്മക സത്തയുമല്ല അഴിച്ചുവെക്കാനും പുനര്‍ജ്ജനിക്കാനും കഴിയുന്ന പലരൂപങ്ങള്‍ അവര്‍ സ്വപ്‌നം കാണുന്നു. പലതായി മാറി പലതിലേക്കു സംക്രമിച്ചു ഭൂമി മുഴുവന്‍ പടര്‍ന്നു പ്രപഞ്ചമായി പരക്കാനുള്ള സ്വത്വാഭിവാഞ്ഛകളാണത്. അതുകൊണ്ടുതന്നെ പ്രത്യക്ഷാര്‍ത്ഥത്തിലൂടെ ഒരു രാഷ്ട്രീയ കൂട്ടായ്മയായി(Political Collective) ഈ പെണ്ണിടത്തെ കാണേണ്ടതില്ല. അത്തരം കൂട്ടായ്മകള്‍ ഇവിടെ പരോക്ഷമായി നിര്‍ണയിക്കപ്പെടുകയും ചെയ്യുന്നു.

വാര്‍പ്പുവിമോചനങ്ങള്‍ക്കെതിരെ
ഉറച്ച ലോകങ്ങളോടുള്ള അന്യത്വം കൊണ്ടും അകലം കൊണ്ടും വരഞ്ഞെടുത്ത സവിശേഷമായ ലിംഗഭാവുകത്വമാണീ കവിതകളുടെ കാതല്‍. സ്ഥിരമൂല്യങ്ങള്‍ക്കകത്ത് അവ അര്‍ത്ഥം തിരയുന്നില്ല. നടപ്പു വിമോചന ശീലങ്ങളുടെ ഉറച്ച അടയാളങ്ങള്‍ നാമതില്‍ തിരഞ്ഞാല്‍ വഴിതെറ്റും.

''പേടിയാവുന്നൂ കൂട്ടുകാരാ
യുക്തി/ചരിത്രം/ രാഷ്ട്രീയം
ലോകം/മനുഷ്യന്‍/സ്ത്യം
എന്നിങ്ങനെ ഉറച്ചു നീ പടുക്കുന്നു
ലോകത്തിന്റെ താക്കോലുകള്‍'' (പലയിടങ്ങള്‍)

ഇപ്രകാരം സത്താവാദപരമായ സ്ത്രീ നോട്ടങ്ങളെ പ്രശ്‌നവ ല്‍ക്കരിക്കാന്‍ കഴിയുന്ന ഒരിടം ഗിരിജ തന്റെ അനുഭൂതിഭാവനകള്‍ക്കുള്ളില്‍ കണ്ടെത്തുന്നു എന്നത് സ്ത്രീവാദത്തെസംബന്ധിച്ചും കാവ്യചരിത്രത്തെ സംബന്ധിച്ചും പ്രസക്തമാണ്.

അതുകൊണ്ടുതന്നെ പ്രതിബന്ധസ്ത്രീവാദത്തിന്റെ ലളിതഭാവുകത്വമെന്നു തോന്നുന്ന ഈ  'തലക്കെട്ട് പെണ്ണുങ്ങള്‍ കാണാത്ത പാതിരാ നേരങ്ങള്‍' നമ്മെ ഗുണപരമായി വഞ്ചിക്കും. പകരം പഴയ ഒഴിവിടങ്ങളില്‍ വീഴുന്ന , ഈ അരണ്ടവെളിച്ചത്തില്‍ ചില പുതിയ ഇടങ്ങള്‍  നമ്മില്‍ത്തന്നെ തുറക്കും.

Sunday, September 27, 2015

ചുവടുകൾ


പുസ്തകം : ചുവടുകൾ
രചയിതാവ് : കെ.എ.ബീന
പ്രസാധകർ : കറന്റ് ബുക്ക്സ്
അവലോകനം : നിരക്ഷരൻ
777


വ്യക്തിപരമായ ചില കാര്യങ്ങൾ അല്ലെങ്കിൽ എന്തോ കുടുംബവിശേഷങ്ങളാണ് ഗ്രന്ഥകാരി പറഞ്ഞുവരുന്നതെന്ന് ‘നനഞ്ഞ കണ്ണുകൾ, നീളുന്ന പാതകൾ‘ എന്ന ആദ്യ അദ്ധ്യായം വായിക്കുമ്പോൾ തോന്നും. അച്ഛൻ അർബുദരോഗത്തിന്റെ പിടിയിലാകുന്നതിനെപ്പറ്റിയാണ്, ലോകം മുഴുവൻ സഞ്ചരിച്ചിട്ടുള്ള ഒരച്ഛന്റെ സഞ്ചാരിയായ മകൾ, ബീനച്ചേച്ചി എന്ന് ഞാൻ വിളിക്കുന്ന കെ.എ.ബീന, ആ അദ്ധ്യായത്തിൽ പറയുന്നത്.

 കാശിയും അലഹാബാദിലെ തൃവേണി സംഗമവും സാരാനാഥും കൽക്കത്തയും ഗയയും പുരിയുമൊക്കെ ചുറ്റിയടിക്കുന്ന IRCTC യുടെ ‘വില്ലേജ് ഓൺ വീൽ‌സ്‘ എന്ന യാത്രാപദ്ധതി പ്രകാരമുള്ള യാത്ര എറണാകുളത്തെത്തുമ്പോഴാണ് അച്ഛന്റെ രോഗമുയർത്തുന്ന പ്രതിസന്ധി യാത്രയ്ക്ക് തടസ്സമാകുമോ എന്ന അവസ്ഥപോലും ഉണ്ടാകുന്നത്. അച്ഛൻ പക്ഷെ, യാത്രമുടക്കരുതെന്ന് ശഠിക്കുന്നു. ‘ നീ മടങ്ങി വന്നാലാണ് എനിക്ക് കൂടുതൽ ദുഖഃമുണ്ടാകുക‘ എന്ന് മകളെ അറിയിക്കുന്നു. ഒരു സഞ്ചാരിക്കേ മനസ്സിലാകൂ യാത്ര ഇടയ്ക്ക് അവസാനിപ്പിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടും നൈരാശ്യവുമെല്ലാം. വേണമെങ്കിൽ ഒരു തീർത്ഥയാത്ര എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലങ്ങളിലേക്കാണല്ലോ യാത്ര ! അച്ഛനുവേണ്ടിയുള്ള പ്രാർത്ഥയോടൊപ്പം യാത്ര തുടരുന്നു. കൂടെയുള്ളത് ആൻസി എന്ന കൂട്ടുകാരി മാത്രമാണ്. തീവണ്ടിയിലുള്ള ബാക്കി 500 പേരും അപരിചിതർ.

 പ്രീഡിഗ്രി ക്ലാസ്സിൽ വെച്ച് ഇംഗ്ലീഷ് ഭാഷ കാര്യമായി വഴങ്ങാത്ത ആൻസിയും ബീനയും ചങ്ങാത്തം കൂടുന്ന കഥകളുമായി രണ്ടാമത്തെ ചാപ്റ്റർ വരുമ്പോഴും യാത്രാവിവരണമാണ് പറയുന്നതെന്ന് തോന്നൽ കാര്യമായിട്ടൊന്നും ഉണ്ടാകുന്നില്ല. പിന്നീട്, വായക്കാർപോലും തിരിച്ചറിയുന്നതിന് മുൻപേ, അനായാസമായിട്ടാണ് യാത്രയുടെ ഉൾത്തട്ടിലേക്ക് എഴുത്തുകാരി അവരെ കൊണ്ടുപോകുന്നത്.

 പോകുന്നതെല്ലാം ഹൈന്ദവ ആരാധനാ കേന്ദ്രങ്ങളിലേക്കാണ്. ആൻസി എന്ന കൃസ്ത്യാനി കൂട്ടുകാരിക്ക് ബേജാറുണ്ടാകാൻ അത് ധാരാളം മതി. അവസാനം പേര് അനിത എന്നാക്കി ‘മതപരിപവർത്തന‘ത്തിന്റെ വക്കുവരെ എത്തുന്നുണ്ടെങ്കിലും അപ്പോഴേക്കും ഒരു കാര്യം വെളിവാകുന്നു. ട്രെയിലിനുള്ള നല്ലൊരു വിഭാഗം ആൾക്കാർ ക്രൈസ്തവരാണ്. അല്ലെങ്കിലും പക്ഷിമൃഗാദികൾക്കും സഞ്ചാരികൾക്കും എന്തോന്ന് ജാതിമത വ്യവസ്ഥകൾ ?!

തീവണ്ടിയിലുള്ളവർ പെട്ടെന്ന് തന്നെ അടുക്കുന്നു. അതും ഒരു വീടാണ്. അതൊരു സമൂഹം കൂടെയാണ്. ഒരു സ്ത്രീയെ സൌകര്യപൂർവ്വം ഒറ്റയ്ക്ക് കിട്ടിയാൽ ചോദിക്കാനും പറയാനും ചെയ്യാനുമൊക്കെ സാധിക്കുന്ന വഷളത്തരങ്ങൾ കൈമുതലായുള്ള ആൾക്കാരും കൂട്ടത്തിലുണ്ട്. 

കൊൽക്കത്ത റെയിൽ വേസ് സ്റ്റേഷനിൽ നാണുവേട്ടന്റെ മൊബൈൽ ബാറ്ററിയുടെ ചാർജ്ജ് തീരരുതേ എന്ന പ്രാർത്ഥനയുമായാണ് സഹയാത്രികർ നിൽക്കുന്നത്. 30 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ഓടിപ്പിടഞ്ഞ് എത്തി നാണുവേട്ടനെ കെട്ടിപ്പിടിച്ച് രണ്ടുപേരും ചേർന്ന് പൊട്ടിക്കരയുന്ന രംഗം ഈറനണിയാതെ വായിച്ചു പോകാൻ വായനക്കാർക്കാവില്ല. ഇരുപത് വർഷങ്ങൾക്ക് മുൻപ് വടകര ബസ്സ് സ്റ്റാന്റിൽ വെച്ചുണ്ടായ ഒരു സംഭവത്തിന്റെ ഹൃദയസ്പർശിയായ ഫ്ലാഷ്‌ബാക്കിലേക്കാണ് ആ അദ്ധ്യായം കടന്നു ചെല്ലുന്നത്.

 കാശി എന്ന വാരണാസിയിലേക്കെത്തുന്നതോടെ യാത്രയുടെ മുഴുവൻ ഊർജ്ജവും പകർന്നുതന്നുകൊണ്ട് പുരാണവും ചരിത്രവുമൊക്കെ നിർലോഭം കടന്നുവരികയായി. ശവശരീരങ്ങൾ ഒഴുകി നടക്കുന്ന ഗംഗയെപ്പറ്റിയുള്ള കഥകൾ കേൾക്കുന്ന ആർക്കും അൽ‌പ്പം അറപ്പും വെറുപ്പുമൊക്കെ ഉണ്ടാകും ആ ‘പുണ്യ’നദിയിൽ മുങ്ങിപ്പൊങ്ങാൻ. എന്നിരുന്നാലും, അന്തരിച്ചുപോയ പ്രായത്തിൽ ഇളയവളായ സഹോദരിക്ക് വേണ്ടി ബലിയർപ്പിക്കാൻ ഗ്രന്ഥകർത്താവ് നദിയിലിറങ്ങുന്നുണ്ട്. അനിയത്തിക്ക് മാത്രമല്ല വീട്ടിലെ മരിച്ചു പോയ എല്ലാവർക്കും, പിന്നെ പാൽ തന്ന പശുവിന്, അരി തന്ന നെൽ‌ച്ചെടികൾക്ക്, പഴം തന്ന മരങ്ങൾക്ക്, പൂക്കൾ തന്ന ചെടികൾക്ക്, വീടുണ്ടാക്കിയ ആശാരിമാർക്ക്, വഴിയിൽ തെന്നിവീണപ്പോൾ അശ്വസിപ്പിച്ച അപരിചിതന്, അങ്ങനെയങ്ങനെ നന്ദിയുടെ സ്നേഹത്തിന്റെ ഓർമ്മപ്പെരുന്നാളുകളുടെ ബലിയായിരുന്നു അതെന്ന് എഴുത്തുകാരി.

 മണികർണികയെപ്പറ്റി പറയുമ്പോൾ മരണവും ശവശരീരങ്ങളും ഒഴിവാക്കി പറയാനാവില്ല. സൈക്കിളിലും റിക്ഷയിലും ബസ്സിലും എന്തിനധികം വിമാനത്തിൽ‌പ്പോലും ശവശരീരങ്ങൾ മണികർണികയിലെത്തുന്നു. പുണ്യനദിക്കരയിൽ ദഹിച്ച് മോക്ഷം പ്രാപിക്കാൻ. അതിന് വേണ്ടിയുള്ള സർവ്വീസ് നടത്തുന്ന, ലാസ്റ്റ് റൈറ്റ്സ് മെയിൽ, ഹെവൺ എൿസ്പ്രസ്സ്, കോർപ്സ് വാഗൺ എന്നിങ്ങനെയുള്ള ബസ്സ് സർവ്വീസുകളുടെ പേരുകളും ഉചിതം തന്നെ. മഴക്കാലത്ത് ഗംഗ ക്ഷുഭിതയാകുമ്പോൾ കെട്ടിടങ്ങൾക്ക് മുകളിൽ വരെ ശവദാഹങ്ങൾ നടക്കുന്നു. ഒരുകാലത്തും ചിതയണയാത്ത കാശിയുടെ മോക്ഷസ്ഥലമായി മണികർണിക നിലകൊള്ളുന്നു.

 ഗംഗയിലേക്കിറങ്ങി നിൽക്കുന്ന ‘ദൂത് കാ കർസ്‘ (മുലപ്പാലിന്റെ കടം) ക്ഷേത്രത്തിന്റെ കഥ, മരിച്ചവരുടെ അസ്ഥിയും ഫോട്ടോയും അയച്ചുകൊടുത്താൽ അസ്ഥി വിസർജൻ നടത്തി അത് വീഡിയോ ആക്കി അയച്ചു കൊടുക്കുന്ന സർവ്വീസുകൾ, നഗ്നസന്യാസിമാർ, മനുഷ്യമാംസം തിന്നുന്ന അഘോരികൾ, ഭസ്മത്തിൽ നിന്ന് കിട്ടുന്ന അസ്ഥിക്കഷണങ്ങൾ, എന്നിങ്ങനെ മണികർണികയിലെ വിവരണങ്ങൾ പിന്നെയും നീളുന്നു.

 ഇന്ത്യയിലെ എല്ലാ ശിവലിംഗങ്ങളും ഒരുമിച്ച് തൊഴുകുന്നതിന്റെ പുണ്യം ലഭിക്കുമെന്ന് വിശ്വസിക്കുന്ന കാശിവിശ്വനാഥക്ഷേത്രമടക്കം ഒരുപാട് ശിവക്ഷേത്രങ്ങളുടെ ചരിത്രവും വിശ്വാസവുമൊക്കെ കടന്നുവരുന്നു ‘വെളിച്ചത്തിന്റെ നൃത്തം എന്ന അദ്ധ്യായത്തിൽ. മലയാളി പാരമ്പര്യമുള്ള തിലഭാണ്ഠേശ്വര ക്ഷേത്രത്തിലെ ശിവലിംഗം ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്നു എന്നാണത്രേ വിശ്വാസം!!

 കാശിയിൽ തീർത്ഥാടനത്തിനായി എത്തുന്ന മലയാളികൾക്ക് വേണ്ടി രാജഭരണകാലത്തുണ്ടാക്കിയ കെട്ടിടങ്ങൾ നശിച്ച് നിലപൊത്താറായിക്കിടക്കുന്ന കാഴ്ച്ചകൾ ‘കാശിയിലെ കേരളം’ എന്ന അദ്ധ്യായം വിവരിക്കുന്നു. ട്രാവൻ‌കൂർ സത്രം അത്തരത്തിൽ ഉപയോഗശൂന്യമായ ഒരു വലിയ കെട്ടിടമാണ്. നിത്യവും അന്നദാനം നടന്നിരുന്ന മഠങ്ങൾ പലതും ഇന്ന് ഉപയോഗശൂന്യമാണ്. നന്നാക്കി എടുക്കാമെന്ന് വെച്ചാലും വൈദ്യുതിയുടേയും വെള്ളത്തിന്റേയും ഭീമമായ കുടിശ്ശിക അടച്ചുതീർക്കാൻ പറ്റാത്ത കടമായി വളർന്നുനിൽക്കുന്നു. മലയാളി ഭരണകർത്താക്കളുടെ പിടിപ്പുകേടിന്റെ സാക്ഷ്യങ്ങളാണൊക്കെയും.

 പ്രധാനമന്ത്രിമാരുടെ നാടായ അലഹബാദിലൂടെ കടന്ന് യാത്ര കൽക്കത്തയിലെത്തുമ്പോൾ പ്രധാന ലക്ഷ്യം ‘അമ്മവീട്’ കാണുക എന്നതാണ്. മദർ തെരേസയുടെ വീടാണ് അമ്മവീടെന്ന് ഉദ്ദേശിക്കുന്നത്. ടാക്സിക്കാരന് അതറിയില്ല. മദറിനേയും അറിയില്ല. മദർ തെരേസയെപ്പോലും അറിയാത്ത കൊൽക്കത്തക്കാരോ എന്ന് എഴുത്തുകാരിയെപ്പോലെ വായനക്കാരും അത്ഭുതം കൂറും. മദറിന്റെ സേവനങ്ങളും ചരിത്രവും എല്ലാം ഊഷ്മളമായി കടന്നുവരുന്നു അമ്മവീട് എന്ന ചാപ്റ്ററിൽ.

 കാളീഘട്ടിലെത്തുമ്പോൾ ദൈവത്തിന്റെ പേരിൽ നടക്കുന്ന പിടിച്ചുപറിയുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു എഴുത്തുകാരി. ക്ഷേത്രം നടന്നുകാണാൻ സഹായിക്കാമെന്ന് പറഞ്ഞവരെ എത്ര വിലക്കിയിട്ടും രക്ഷയില്ലെന്ന് വരുകയും, ദേവീകൃപയ്ക്ക് വേണ്ടിയുള്ള സൌജന്യസേവനമാണ് എന്ന് ആണയിട്ടപ്പോൾ സമ്മതിക്കുകയും ചെയ്തതിന്റെ പേരിൽ അവസാനം 5000 രൂപ കൊടുക്കണമെന്ന അവസ്ഥയിലെത്തുന്നു. ഒച്ചപ്പാടും ബഹളവും അവസാനിക്കാൻ 800 രൂപ കൊടുക്കേണ്ടിയും വരുന്നു. ഇങ്ങനെയുള്ള സ്ഥലത്തൊക്കെ ദൈവത്തിന്റെ കണിക പോലും ഇല്ലെന്ന വിശ്വാസവുമായി വേണം പോകാൻ എന്നാർക്കും തർക്കമുണ്ടാകില്ല.

 ഗയയിൽ ചെന്ന് ബുദ്ധനേയും ‘കണ്ട്‘ മടങ്ങുമ്പോൾ വായ് തോരാതെ കഥകൾ പറഞ്ഞിരുന്ന ആന്റണി മാഷിന് മാത്രം മൌനം. ആഗ്രഹങ്ങൾ ഒന്നും പാടില്ലെന്ന് ബുദ്ധൻ പറഞ്ഞിട്ടുണ്ടെങ്കിലും ഒരാഗ്രഹം മാത്രം ഒഴിവാക്കാൻ പറ്റില്ലെന്ന് ആന്റണി മാഷ്. ‘ഞങ്ങൾ ഭാര്യയും ഭർത്താവും മരിക്കുന്നതിന് മുൻപ് ഞങ്ങളുടെ പൊന്നുമക്കൾ രണ്ടുപേരും മരിക്കണമെന്നതാണ് ആ ആഗ്രഹം. ഉള്ളുപൊള്ളിക്കുന്ന അദ്ദേഹത്തിന്റെ കുടുംബകഥയാണ് അതിന് പിന്നിൽ. ആ ആഗ്രഹം വേണ്ടെന്ന് വെയ്ക്കെന്ന് പറയാനും മാത്രം ഫിലോസഫിയൊന്നും ആർക്കുമറിയില്ല, എത്ര പരതിയിട്ടും.

 ആളെ നോക്കി മതം നിശ്ചയിക്കുന്ന ദൈവത്തിന്റെ ഇടനിലക്കാരായ വിഡ്ഢികൾ കാലാകാലങ്ങളിൽ, സഞ്ചാരത്തിൽ മതം കലർത്താത്ത സുമനസ്സുകൾക്ക് മുന്നിൽ കബളിപ്പിക്കപ്പെടുന്നുണ്ട്. പുരി ജഗന്നാഥ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല. പക്ഷേ, നല്ല ഒന്നാന്തരം പട്ടത്തിയെപ്പോലിരിക്കുന്ന ആൻസിയെ ആരും സംശയിക്കുന്നില്ല. പാലക്കാട്ടുകാരിയായ ഗൌരി ഭട്ടതിരിപ്പാടിനെ കണ്ടാൽ ഹിന്ദുവാണെന്ന് തോന്നാത്തതുകൊണ്ട് അവർ ക്ഷേത്രത്തിന് പുറത്ത് !! മതത്തിന്റെ അതിർവരമ്പുകൾ ഇല്ലാതാകുകയും മതിൽക്കെട്ടുകൾ തകർന്ന് വീഴുകയും ചെയ്യുന്നുണ്ട് ഈ യാത്രയിൽ. തീർത്ഥാടനമായിട്ടായാലും അല്ലെങ്കിലും എല്ലാ ദേവാലയങ്ങളിലും കയറാനാകുന്നില്ലെങ്കിൽ ഒരു സഞ്ചാരം എല്ലാത്തരത്തിലും നിഷ്‌പ്രഭമാകുന്നു. 

യാത്ര ഒരാളെ പലതരത്തിൽ മാറ്റിമറിക്കുന്നു എന്ന് ഈ പുസ്തകത്തിലൂടെ വായിച്ചുപോകാം. ട്രെയിൻ യാത്ര ദുരിതമായിരുന്ന ആൻസി, താളത്തിൽ താരാട്ടുകേട്ടെന്ന പോലെ തീവണ്ടിയിലെ ഉറക്കവുമായി പൊരുത്തപ്പെടുന്നതും മീൻ‌കറിയില്ലെങ്കിൽ ഉണ്ണാത്ത വ്യക്തി വെജിറ്റേറിയൻ ആകുന്നതിന്റെ ഗുണങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്യുന്നതൊക്കെ ഒരൊറ്റ യാത്രകൊണ്ട് സംഭവിക്കുന്നതാണ്. സ്ത്രീകൾ രണ്ടുപേർ ചേർന്ന് യാത്ര ചെയ്യുന്നതിന്റെ സുഖവും സന്തോഷവും യാത്രയ്ക്കിടയിൽ പലപ്പോഴും കാണിക്കുന്ന ധൈര്യവുമെല്ലാം എല്ലാ സഹയാത്രികർക്കും അസൂയയും പ്രചോദനവും ഉണ്ടാക്കുന്ന രീതിയിൽ മികച്ചു നിൽക്കുന്നു ‘ചുവടുകളി‘ൽ.

Monday, September 21, 2015

നടവഴിയിലെ നേരുകൾ

പുസ്തകം : നടവഴിയിലെ നേരുകൾ
രചയിതാവ് : ഷെമി

പ്രസാധകര്‍ : ഡി.സി.ബുക്സ്
 
അവലോകനം : നജീബ് മൂടാടി



ണ്ണീരിനിടയില്‍ അക്ഷരങ്ങളെ കാണാതെപോവുന്നുവോ?

ഒരു മാസത്തിനുള്ളില്‍ മൂന്നു പതിപ്പുകള്‍ ഇറങ്ങിയ ഷെമിയുടെ ‘നടവഴിയിലെ നേരുകള്‍’ എന്ന നോവല്‍ മലയാള പുസ്തക പ്രസാധന രംഗത്ത് തന്നെ അതിശയം സൃഷ്ടിച്ചിരിക്കുന്നു. അറുന്നൂറു പേജില്‍ അധികമുള്ള ഈ പുസ്തകം ആര്‍ത്തിയോടെ വായിച്ചു തീര്‍ത്ത വായനക്കാരിലൂടെയാണ് ഈ പുസ്തകം ഏറെ പ്രചരിക്കപ്പെട്ടത്.

മനസ്സിനെ അത്രമേല്‍ മഥിച്ചു കളഞ്ഞ ഈ പുസ്തകത്തെ കുറിച്ചും വായനാനുഭവത്തെ കുറിച്ചും സഹൃദയരോട് വിളിച്ചു പറയാതിരിക്കാന്‍ വായനക്കാരന് ആവില്ല. അത് കൊണ്ട് തന്നെയാണ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയിലും അച്ചടി മാധ്യമങ്ങളിലും ‘നടവഴിയിലെ നെരുകളെ’ കുറിച്ചുള്ള ധാരാളം റിവ്യൂകള്‍ വന്നുകൊണ്ടിരിക്കുന്നത്. ദൃശ്യമാധ്യമങ്ങളില്‍ വരുന്ന എഴുത്തുകാരിയുമായുള്ള അഭിമുഖങ്ങളും പുരസ്കാരങ്ങളും അക്ഷരങ്ങളെ സ്നേഹിക്കുന്നവരെ ഏറെ സന്തോഷിപ്പിക്കുന്നു.

വിശപ്പിന്‍റെയും ദാരിദ്ര്യത്തിന്‍റെയും കനല്‍പഥങ്ങള്‍ ചവിട്ടി കടന്നുപോന്ന ഒരു പെണ്‍കുട്ടിയുടെ ദുരിത ജീവിതം വായിച്ചു വിറച്ചുപോയവരുടെ പ്രതികരണങ്ങള്‍, നാം കാണാതെ പോകുന്ന ദയനീയ ജീവിതങ്ങളുടെ ചിത്രങ്ങള്‍ അക്ഷരങ്ങളായി നമുക്ക് മുന്നില്‍ നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ അസ്വസ്ഥമായിപ്പോകുന്ന മനസ്സുകള്‍........... ഈ നടുക്കമാണ് ഈ പുസ്തകത്തെ കുറിച്ച് എഴുതിയവരും പറഞ്ഞവരും ഏറെ പങ്കുവെച്ചത്.

പക്ഷെ ദൌര്‍ഭാഗ്യവശാല്‍ ഈ പുസ്തകം പറയുന്ന ജീവിതങ്ങളെ കുറിച്ച് മാത്രം ചര്‍ച്ചചെയ്യുകയും ദുരിതജീവിതം നയിച്ച ഷെമി എന്ന പെണ്‍കുട്ടിയെ നാം ആദരപൂര്‍വ്വം കാണുകയും ചെയ്യുമ്പോള്‍ എഴുത്തുകാരിയായ ഷെമിയെ ആരും കാണാതെ പോവുകയാണോ എന്ന് സംശയിച്ചു പോകുന്നു.

 നമ്മുടെ കണ്മുന്നിലും അല്ലാതെയും ഉള്ള പട്ടിണിയുടെയും ദാരിദ്ര്യത്തിന്‍റെയും ദുരിതങ്ങളുടെയും കഥകള്‍ നാം എത്രയോ നിത്യവും വായിക്കുന്നു. എന്നിട്ടും അതൊക്കെ എന്തുകൊണ്ടാണ് ഇതുപോലെ നമ്മുടെ ഉള്ളില്‍ നിന്ന് കുടഞ്ഞു കളയാന്‍ കഴിയാതെ നീറിപ്പിടിക്കുന്നില്ല? ജീവിതം നോവലായി എഴുതിയ എഴുത്തുകാരിയുടെ മിടുക്ക് നാം കാണാതെ പോകുന്നത് അവിടെയാണ്.

 ‘ആടുജീവിത’ത്തിലൂടെ നജീബിന്‍റെ ജീവിതം പറഞ്ഞപ്പോള്‍ നാം അംഗീകരിച്ചത് ബെന്യാമിന്‍ എന്ന എഴുത്തുകാരനെയാണ്. തന്റേതായ ശൈലിയിലൂടെ നജീബിന്‍റെ ജീവിതം നോവലായി മാറ്റിപ്പണിത സാഹിത്യകാരനോടുള്ള ആദരം.

ഇവിടെ സ്വന്തം ജീവിതം വളച്ചു കെട്ടില്ലാതെ പച്ചയായി തുറന്നെഴുതിയ ഷെമിയുടെ അക്ഷരങ്ങളുടെ കൈയ്യടക്കവും സാഹിത്യഭംഗിയും വേണ്ടവിധം ആരും ശ്രദ്ധിച്ചതേയില്ല. എഴുത്തുകാരി കെ ആര്‍ മീരയെപ്പോലെ ചുരുക്കം ചിലരെ ഷെമിയിലെ സാഹിത്യകാരിയെ അംഗീകരിച്ചതായി തോന്നിയിട്ടുള്ളൂ.

ഒരു ദേശത്തിന്‍റെ കഥപോലെ വിശാലമായൊരു ഭൂമികയാണ് ഈ നോവലും വരച്ചു വെക്കുന്നത്. മലയാളത്തില്‍ ഏറ്റവും അധികം കഥാപാത്രങ്ങള്‍ ഉള്ള നോവലും ഇതുതന്നെയാണ് എന്ന് തോന്നുന്നു. വളരെ ചുരുങ്ങിയ വാക്കുകളില്‍ വരച്ചിടുന്ന കഥാപാത്രങ്ങള്‍ പോലും ഒരിക്കലും മറക്കാനാവാതെ നമ്മുടെയുള്ളില്‍ തറഞ്ഞുപോകുന്നുവെങ്കില്‍ അത് എഴുത്തുകാരിയുടെ വിജയമാണ്. എന്തിന് ജോഡിയില്ലാത്ത ഒറ്റച്ചെരിപ്പു പോലും നമ്മുടെയുള്ളില്‍ പതിഞ്ഞു പോയ ചിത്രമാകുന്നത് എഴുത്തിന്‍റെ മാന്ത്രികത തന്നെ.

മനുഷ്യരെയെന്നപോലെ ചുറ്റുപാടുകളെയും എത്ര സൂക്ഷ്മമായാണ് ഈ നോവലില്‍ വിവരിച്ചിരിക്കുന്നത്. വാടകവീടും റെയിലോരവും ചായക്കടയും ഒക്കെ ഒരു സിനിമയില്‍ എന്ന പോലെ നമുക്ക് കാണാനാവുന്ന എഴുത്തിന്‍റെ മിടുക്ക്.

 ‘കാലവിധി കൂരിരുട്ടിന് ചൂട്ടു പിടിച്ചപോലെ’, ‘ഹൃദയത്തില്‍ പച്ചകുത്തിയ പോലെ’, ‘അക്ഷരമാണിക്യങ്ങളെ കുഞ്ഞു കൈകളാല്‍ പട്ടുടുപ്പിക്കാമായിരുന്നു’, എന്റോര്‍മ്മയില്‍ വലിയ ഓര്‍മ്മയായി’, ‘കണക്കല്ലാത്ത കണക്ക്’, ‘അനിഷ്ടം ശബ്ദിച്ചു’ ‘ജനസങ്കുലം’, ........ഇങ്ങനെ മനോഹരവും പുതുമയുള്ളതുമായ പ്രയോഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ നോവല്‍.

 ‘പുറ്റുവന്ന മുനിയേപ്പോലെ’, ‘യാ....മൊയ്യത്തീ’, ‘ബാ ....സൂറേന്നുപ്പാ’, ‘എണേ’, ‘കുലുമാലാക്ക്ന്ന്’, ‘ഒന്നേസീറാക്കി’, ‘മാത്’, ‘ഔദാറ് .... കണ്ണൂര്‍ ഭാഷാശൈലിയുടെ മനോഹാരിതയും പ്രാദേശികമായ പ്രയോഗങ്ങളും സംഭാഷണങ്ങളെ എത്ര ഹൃദ്യമാക്കുന്നു.

ഇതൊരു കണ്ണീര്‍പുസ്തകമാണെന്ന മുന്‍വിധിയോടെ വായിക്കുന്നവരെ അതിശയപ്പെടുതുന്ന ആഖ്യാന ശൈലിയാണ് ഈ നോവലിന്‍റെ പ്രത്യേകത ബഷീറിനെ പലപ്പോഴും ഓര്‍ത്തുപോകുന്ന രസകരമായ രീതിയിലുള്ള കഥ പറച്ചില്‍. ‘കുറ്റിപ്പെന്‍സില്‍ വിക്ഷേപണത്തിന് ഒരുങ്ങി നില്‍ക്കുന്ന റോക്കറ്റ് പോലെ .’ എന്നും അത്യാഹിതത്തിലായ രോഗി ആംബുലന്‍സ് സ്വയം ഓടിച്ചു വന്നപോലെ’ എന്നൊക്കെ വായിക്കുമ്പോള്‍ അറിയാതെ പൊട്ടിച്ചിരിച്ചു പോകുന്ന നര്‍മ്മഭാവന.

 ‘ഉമ്മ കണ്ണീര്‍ സഹായമില്ലാതെ കരഞ്ഞു’ ഈ ചെറിയൊരു വാചകം ബഷീറിന്‍റെ ‘വെളിച്ചത്തിന് എന്ത് വെളിച്ചം’ എന്ന പ്രയോഗം പോലെ എത്ര സൂക്ഷ്മവും വിശാലവുമാണ്‌.

എന്തുകൊണ്ടോ അച്ചടി മാധ്യമങ്ങള്‍ പോലും ‘നടവഴിയുടെ നേരുകള്‍’ ഒരു സാഹിത്യകൃതി എന്ന നിലയില്‍ വായിക്കാന്‍ മെനക്കെടാത്തത് ദൌര്‍ഭാഗ്യകരമാണ്.

ദുരിതജീവിതത്തില്‍ നിന്നുള്ള സാന്ത്വനമായി അക്ഷരങ്ങളെ സ്നേഹിച്ച പെണ്‍കുട്ടിയുടെ വായനയും അനുഭവങ്ങളും നല്‍കിയ പ്രതിഭയെ സാഹിത്യപ്രേമികളെങ്കിലും തിരിച്ചറിയണം. വെറുമൊരു കണ്ണീര്‍കഥയായി വായിക്കപ്പെടേണ്ടതല്ല ‘നടവഴിയുടെ നേരുകള്‍’.

ഷെമിക്ക് ലഭിക്കുന്ന അംഗീകാരങ്ങളും ആദരവുകളും ഒരിക്കലും അവരുടെ കടന്നുപോന്ന ജീവിതത്തോടുള്ള അനുതാപം കൊണ്ടാവരുത്. മലയാള സാഹുത്യലോകത്ത് തന്‍റെതായ ഒരു ഇടം കണ്ടെത്തിയ ഒരു എഴുത്തുകാരി എന്ന നിലയില്‍ വിലയിരുത്തപ്പെടുമ്പോഴേ അക്ഷരങ്ങളുടെ ലോകത്ത് അവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കൂ. താല്‍ക്കാലികമായ ഈ ബഹളങ്ങള്‍പ്പുറം അതാണ്‌ നിലനില്‍ക്കുക. അച്ചടി മാധ്യമ രംഗത്തുള്ളവര്‍ എങ്കിലും ഈ പുസ്തകത്തെ കുറിച്ച് എഴുതുമ്പോള്‍ സാഹിത്യകൃതി എന്ന നിലയിലും വിലയിരുത്താന്‍ ശ്രദ്ധിക്കുക.

ഭൂമിയുടെ മകൾ


പുസ്തകം : ഭൂമിയുടെ മകൾ
രചയിതാവ് : സുധീശ് രാഘവൻ
പ്രസാധകർ : ചിന്ത പബ്ലിഷേർസ്
അവലോകനം : സൂനജ അജിത്


സുധീശ് രാഘവൻ എന്ന എഴുത്തുകാരനെ വർഷങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ കുടുംബസമേതം എന്റെ വീട്ടിൽ വെച്ചാണ് കാണുന്നത്. ചേട്ടന്റെ അടുത്ത സുഹൃത്തായ അദ്ദേഹത്തിൻറെ രണ്ടാമത്തെ നോവൽ "ഭൂമിയുടെ മകൾ" അഭിപ്രായം പറയണമെന്ന അഭ്യർത്ഥനയോടെ കൊടുത്തുവിട്ടത്‌ സന്തോഷപൂർവ്വം കൈപ്പറ്റിയ ദിവസം തന്നെ വായിക്കാൻ എടുത്തിരുന്നു.

 ആദ്യത്തെ രണ്ടുമൂന്നു അദ്ധ്യായങ്ങൾ പെട്ടെന്ന് കടന്നുപോയി.. ഭംഗിയുള്ള ഭാഷയും നല്ല ആഖ്യാനവും പിടിച്ചിരുത്തുകതന്നെ ചെയ്തു. പിന്നീട് കഥയിൽ പെട്ടെന്ന് മനസിനെ അലോസരപ്പെടുത്തുന്ന കുറെ സംഭവങ്ങൾ. നമ്മൾ എന്നും വാർത്തകളിൽ അറിയുന്ന കുറെ അനിഷ്ടങ്ങൾ. നിരന്തരം പീഡിപ്പിക്കപ്പെടുന്ന സ്ത്രീജന്മങ്ങളുടെ ഗതികേടുകൾ മാത്രമായി വന്നപ്പോൾ എന്തുകൊണ്ടോ കുറച്ചു ദിവസത്തേക്ക് പുസ്തകം കയ്യിലെടുത്തില്ല. അത് കഴിഞ്ഞപ്പോൾ തിരക്കായി, ഓണം, അതിഥികൾ, യാത്ര അങ്ങനെ.

അപ്പോൾ പിന്നെ യാത്ര പുറപ്പെടുമ്പോൾ മറക്കാതെ ഹാൻഡ്‌ ബാഗിൽതന്നെ 'ഭൂമിയുടെ മകളെ' കയറ്റിവെച്ചു. വീണ്ടും വായിച്ചുതുടങ്ങിയപ്പോഴാണ് ഞാൻ അതിലേക്ക് കുറേക്കൂടി ഇറങ്ങിയതെന്ന് തോന്നുന്നു. അല്ലെങ്കിൽ, വ്യത്യസ്തരായ കഥാപാത്രങ്ങളുടെ മനസുകളിലൂടെയും അനുഭവങ്ങളിലൂടെയും ആഴത്തിൽ നടന്നത് അപ്പോഴാണ്‌ എന്നുപറയാം. അങ്ങനെ സഞ്ചരിക്കുംതോറും ശ്രദ്ധേയമാവുന്നത്‌ ഇതിലെ ബന്ധങ്ങളാണ്. തുടക്കത്തിൽ, ഭാര്യ മരിച്ച ദിവസം തന്നെ ഹൃദയം സ്തംഭിച്ചുപോവുന്ന ഭർത്താവിനെ കാണുമ്പോൾ ഒരുറച്ച കണ്‍വെൻഷനലായ സ്നേഹബന്ധത്തിന്റെ കഥയാവും പറഞ്ഞുവരുന്നത് എന്ന് തോന്നും. പക്ഷെ മുന്നോട്ടു പോവുംതോറും ഉപാധികളില്ലാത്ത ചിലപ്പോഴൊക്കെ പേരിട്ടുവിളിക്കാനാവാത്ത, എന്നാൽ ഉറച്ചതുമായ സ്നേഹബന്ധങ്ങൾ സ്ത്രീയും പുരുഷനും തമ്മിലും സ്ത്രീകൾ തമ്മിലും കാണാൻ സാധിക്കും. കഥയുടെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ നോവലിനുള്ളിൽ മറ്റൊരു നോവൽ തുറന്നുകൊണ്ട് അത്ഭുതപ്പെടുത്തുന്നു എഴുത്തുകാരൻ.

ഭ്രാന്തിയായ ജയന്തിയുടെ ജല്പനങ്ങൾ എന്ന മുൻ‌കൂർ ജാമ്യം ബോധപൂർവം എടുത്തതാണെന്ന് വായിച്ചുവരുമ്പോൾ തോന്നിപ്പോവും. കാരണം ഇതിഹാസമായ രാമായണകഥ തന്നെയാണ് മാറ്റിയെഴുതപ്പെട്ടിരിക്കുന്നത്. പരിത്യക്തയായ ഭൂമീപുത്രിയെ കാട്ടുവാസിയായ രത്തൻ എന്ന ചെറുപ്പക്കാരൻ രക്ഷിക്കുന്നതും അവരുടെ സംരക്ഷണയിൽ അവൾ പ്രസവിക്കുന്നതും അവരുടെയുള്ളിൽ ഒരു പുതിയ ബന്ധം ഉണ്ടാവുകയും ചെയ്യുന്നതായി പറയുമ്പോൾ അവിടെ ചില പുരികങ്ങളെങ്കിലും ഉയരാതിരിക്കില്ല. മര്യാദാ പുരുഷോത്തമൻ അവിടെ രൂക്ഷവിമർശനത്തിന് വിധേയനാവുന്നുണ്ട്.

ഭർത്താവിനെ മാത്രം വിശ്വസിച്ച് കൊട്ടാരത്തിലും കാട്ടിലും ഒരുപോലെ അനുഗമിച്ച പത്നിയുടെ വിഷമാവസ്ഥയിൽ കൂട്ടാവുന്നതിനു പകരം അധികാരമോഹം കൊണ്ട് അവളെ ഉപേക്ഷിച്ചു കളയുകയാണ് രാമൻ ചെയ്യുന്നതെന്ന് ജയന്തി പറയുന്നു. രാമനടങ്ങുന്ന അധീശവർഗം കാട്ടാളനായ രത്തനെ ചെയ്യാത്ത കുറ്റം ചുമത്തി ശിക്ഷിക്കാനോരുങ്ങുമ്പോൾ സീത അവനു സ്നേഹത്തിന്റെ ഭാഷ പഠിപ്പിക്കുന്നു. അധികാരലോകത്ത് അവൾ അറിഞ്ഞതെല്ലാം പകരുന്നു. ജീവരാശിക്കുള്ള സന്ദേശമായി അങ്ങനെ രത്തൻ സ്നേഹത്തിന്റെ ഇതിഹാസം രചിക്കുന്നു. അഹിംസയുടെ ഗാനം! ഭൂമിയുടെ മക്കളുടെ ജീവരാഗം! ഭ്രാന്തി സ്വപ്നം കാണുന്നു, "രാമായണം ഇങ്ങനെയായിരുന്നെങ്കിൽ അവിടെ നീതിയുടെ തുല്യതയും കരുണയും ഉണ്ടാവുമായിരുന്നു. ഒരു ജനതയുടെ സംസ്കൃതി മാറിമറിയുമായിരുന്നു " എന്ന്! പ്രകൃതിയെയാണ്‌ സ്നേഹിക്കേണ്ടത്.

ലോകത്ത് സകലചരാചരങ്ങളും ഒടുവിൽ പ്രകൃതിയോടു ചേരേണ്ടതുതന്നെയാണ് എന്നൊരു സന്ദേശം കൂടി വായിക്കാൻ കഴിയുന്നു ഇതിൽ. ഇതൊരു സ്ത്രീപക്ഷരചന ആണെന്ന് കൂടി നിസ്സംശയം പറയാം. ആണിന് വെട്ടിപ്പിടിക്കാനും സ്വന്തമാക്കി വെക്കാനുമുള്ളതാണ് മണ്ണും പെണ്ണും എന്ന വ്യവസ്ഥിതി യുഗങ്ങൾ താണ്ടിയും അങ്ങനെ തന്നെ തുടരുന്നു എന്നതിനുള്ള ദൃഷ്ടാന്തങ്ങൾ ഒന്നൊന്നായി നിരത്തുന്നുണ്ട്‌ ഇതിൽ. പലതരത്തിൽ മാനഭംഗപ്പെട്ട് യാതനകൾ അനുഭവിക്കേണ്ടി വന്നു നിസ്സഹായരായി നില്ക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടെങ്കിലും ഇടക്കെങ്കിലും നന്മയുടെ അംശം പേറുന്ന ചിലരെ പരിചയപ്പെടുത്തി ഒരു പ്രത്യാശയും തരുന്നുണ്ട് കഥാകാരൻ. മേഴ്സി ലോറയും ഷംസുമൊക്കെ അങ്ങനെ ചിലരാണ്.

അവതാരികയിൽ ശ്രീ ബന്യാമിൻ പറഞ്ഞതുപോലെ "സുഖമുള്ള കാര്യങ്ങൾ കാണാനും കേൾക്കാനും വായിക്കാനും ഇഷ്ടപ്പെടുന്ന ഈ കാലത്ത് അത്ര സുഖമില്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ട് നമ്മുടെ ബോധത്തിനുമേൽ ഒരു ചെറിയ പോറൽ വീഴ്ത്താനുള്ള വിജയകരമായ ശ്രമം" തന്നെയായിരുന്നു അതെന്നു ബോധ്യമായി. നല്ലൊരു വായനാനുഭവം സമ്മാനിച്ച സുധീശേട്ടന് നന്ദി.. സന്തോഷം. ഇന്ന് ഈ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ബഹറിനിൽ വെച്ച് നടക്കുന്നു. ഹൃദയം നിറഞ്ഞ ആശംസകൾ! ചിന്ത പബ്ലിഷേഴ്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. വില : 120 രൂപ

Friday, May 1, 2015

മറുപിറവി

പുസ്തകം : മറുപിറവി
രചയിതാവ് : സേതു

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : നിരക്ഷരന്‍


പ്പൽക്കമ്പനിയിലെ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച് മുംബൈയിൽ വിസരജീവിതം നയിക്കുന്ന അരവിന്ദൻ നാട്ടിലേക്കൊരു യാത്രപുറപ്പെടുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. പെരുമാൾ എന്ന മഹാരാജാസ് കോളേജ് സീനിയറും, ടൂറിസം വ്യവസായവുമായി ഈജിപ്റ്റിൽ പ്രവാസമനുഷ്ഠിക്കുന്ന ആസാദും, വ്യവസ്ഥാപിത വിദ്യാഭ്യാസത്തിൽ വിശ്വാസമില്ലാത്ത രാമഭദ്രനുമൊക്കെയായി കുറേ ദിവസങ്ങൾ നാട്ടിൽ തങ്ങി, നാടിന്റെ ചരിത്രത്തിലൂടെ പിന്നോട്ട് നടക്കുക, പ്രവാസജീവിതത്തിന്റെ മടുപ്പിൽ നിന്ന് കുറച്ച് കാലത്തേക്കെങ്കിലും രക്ഷപ്പെടുക എന്നതൊക്കെയാണ് ഉദ്ദേശങ്ങൾ. അരവിന്ദൻ എന്ന നായക കഥാപാത്രത്തിലൂടെ ഒരു നാടിന്റെ കഥ പറയുകയും ചരിത്രത്തിന്റെ ഉറുക്കഴിക്കുകയും ചെയ്യുമ്പോൾ, അത് സേതുവിന്റെ മറുപിറവി എന്ന നോവലായി മാറുന്നു.

കാലത്തിന്റെ കുത്തൊഴുക്കിൽ മണ്ണടിഞ്ഞുപോയ, മുചരി, മുചരിപ്പട്ടണം, മുസരീസ്, എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെട്ടിരുന്ന ഒരു പുരാതന തുറമുഖത്തിന്റെ ചരിത്രം, സാങ്കൽ‌പ്പിക കഥാപാത്രങ്ങൾക്കൊപ്പം ജീവിച്ചിരുന്ന കഥാപാത്രങ്ങളേയും ഉൾപ്പെടുത്തി അതീവ ഭംഗിയോടെ സന്നിവേശിപ്പിച്ചിരിക്കുന്നു മറുപിറവിയിൽ. മുസരീസ് തുറമുഖത്തിന്റെ പ്രാന്തപ്രദേശങ്ങളിലൊക്കെ കഥാകാരനടക്കം നമ്മൾ എല്ലാവരും കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള പല പ്രമുഖരും നോവലിലെ കഥാപാത്രങ്ങളാണ്. സഹോദരൻ അയ്യപ്പനേയും, മഹാരാജാസ് കോളേജ് പ്രിൻസിപ്പാളായിരുന്ന ഭരതൻ മാഷിനേയും ഐസക്കിനേയും ശിവൻപിള്ളയേയും പോലുള്ള ചിലരെ മാത്രമേ വായനക്കാരനായ എനിക്ക് കേട്ടറിവുള്ളൂ. നോവലിസ്റ്റ് പക്ഷെ മുചരിയുടെ മക്കളെ ആരേയും വിട്ടുപോയിട്ടില്ല. സ്ക്കൂളിൽ അദ്ദേഹത്തിനൊപ്പം പഠിച്ചവരും നാട്ടിൽ അദ്ദേഹത്തിന്റെ ശ്രദ്ധിയാകർഷിച്ചിട്ടുള്ള അപ്രശസ്തരായവരും, പ്രശസ്തരെപ്പോലെ തന്നെ അവിടവിടെയായി കഥയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

പാലിയം കൊട്ടാരത്തിന്റെ ചരിത്രവും പാലിയം സമരവുമൊക്കെ എന്താണെന്ന് ഊഹം പോലും ഇല്ലാത്തവർക്ക് മറുപിറവി ഒരു റഫറൻസ് ഗ്രന്ഥമായിത്തന്നെ പ്രയോജനപ്പെടും. മന്ത്രിയായിരുന്ന പാലിയത്തച്ചന്റെ, രാജാവിനേക്കാൾ കാര്യശേഷിയുള്ള പ്രവർത്തനങ്ങളും വേലുത്തമ്പി ദളവയുമായി ചേർന്നുള്ള നീക്കങ്ങളുമൊക്കെ ബഹുഭൂരിപക്ഷം വായനക്കാരും ഇതുവരെ കേൾക്കാത്ത ചരിത്രമായിരിക്കും. നമുക്കെല്ലാം കുറച്ചെങ്കിലും അറിയുന്ന, കൊച്ചിരാജാവും ഡച്ചുകാരും പറങ്കികളും ബ്രിട്ടീഷുകാരും സാമൂതിരിയുമൊക്കെ അടങ്ങുന്ന അത്രയേറെ പഴക്കമില്ലാത്ത കാലഘട്ടത്തിൽ നിന്നൊക്കെ ഒരുപാട് പിന്നോക്കം പോയി, കുരുമുളകിനായി യവനരും ഈജിപ്ഷ്യന്മാരും കേരളത്തിലെത്തിയിരുന്ന ഇരുളടഞ്ഞ ഒരു കാലത്തിന്റെ കഥയിലേക്ക് കൂടെയാണ് നോവൽ വെളിച്ചം വീശുന്നത്. ഇസ്രായേലിൽ നിന്ന് പാലായനം ചെയ്ത് കുടിയേറ്റക്കാരായി മുചരിയിൽ എത്തിയ യഹൂദന്മാർ, അവരുടെ അതിജീവനത്തിന്റെ കഥ, പൊന്നുവിളയുന്ന കേരളത്തിൽ നിന്ന് ഇസ്രായേൽ എന്ന തരിശുഭൂമിയിലേക്കുള്ള തിരിച്ചുപോക്കിന്റെ കഥ, ചിതറിപ്പോയവർ തലമുറകൾക്ക് ശേഷം സ്വന്തം മണ്ണിൽ തിരികെച്ചെന്നപ്പോൾ നേരിടേണ്ടി വന്ന ജീവിത യാഥാർത്ഥ്യങ്ങൾ, എന്നിങ്ങനെ മുചരിയുമായി ബന്ധപ്പെട്ടത് ചരിത്രമായാലും ഐതിഹ്യമായാലും ഒന്നും തന്നെ ലേഖകൻ ഒഴിവാക്കിയിട്ടില്ല. പാലിയത്തച്ചന്റെ വല്ലാർപാടം പള്ളിയുമായുള്ള മതമൈത്രി ബന്ധത്തിനൊപ്പം വല്ലാർപാടത്തെ അടിമ കിടത്തൽ ചടങ്ങിന്റെ ഐതിഹ്യവും നോവലിൽ സ്മരിക്കപ്പെടുന്നുണ്ട്.

കൊടുങ്ങല്ലൂർ കോവിലകത്തെ അന്തർജ്ജനങ്ങളുടെ ജീവിതത്തിലേക്ക് പോലും കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്ന് കയറുന്നത്, ഒളിച്ചും പാത്തും വായിച്ചിരുന്ന പാർട്ടി പുസ്തകങ്ങളിൽ നിന്ന് ആവേശഭരിതരായി തമ്പുരാട്ടിമാരിൽ ചിലർ സമരമുഖങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്, എന്നിങ്ങനെ അക്കാലത്തെ വിപ്ലവകരമായ എല്ലാ സംഭവങ്ങളും കഥയുടെ ഭാഗമാണ്. ജലീലിനെപ്പോലുള്ള സഖാക്കളുടെ നിസ്സീമമായ പ്രവർത്തനങ്ങൾ, ടി.സി.എൻ. മേനോൻ (തെക്കേച്ചാലിൽ നാരായൺകുട്ടി മേനോൻ) എന്ന പ്രഗത്ഭ പാർലിമെന്റേറിയന്റെ അതിലേറേ പ്രാഗത്ഭ്യമുള്ള അഭിഭാഷണവൃത്തിയുടെ കഥകൾ, എന്നതൊക്കെ ചരിത്രം താൽ‌പ്പര്യമില്ലാത്തവർക്ക് പോലും അതീവ താൽ‌പ്പര്യത്തോടെ വായിച്ച് പോകാനാവും.

സ്പൈസ് റൂട്ടിലൂടെ കൊല്ലാകൊല്ലം സ്ഥിരമായി മുചരിത്തുറമുഖത്ത് എത്തിയിരുന്ന യവനരിൽ പ്രമുഖനായ ആഡ്രിയന് കിടക്ക വിരിച്ചിരുന്ന വടക്കോത്ത് തങ്കയും മകൾ പൊന്നുവും കാലചക്രം തിരിയുമ്പോൾ കഥാവശേഷരാകുന്നുണ്ടെങ്കിലും, പൊന്നുവിന്റെ മകൾ കുങ്കമ്മയെ ആധുനിക തുറമുഖമായ കൊച്ചഴി എന്ന കൊച്ചിയിലെ പ്രമുഖ വ്യവസായിയാക്കി മാറ്റുന്നുണ്ട് കഥാകാരൻ. മാണിക്കൻ, കിച്ചൻ എന്നീ ശക്തരായ കഥാപാത്രങ്ങളിലൂടെ മുചരിയുടെ കാർഷിക ഭൂപടത്തിലേക്കും, ആർക്കും വേണ്ടാത്ത കാട്ടുവള്ളിയിൽ പടർന്നിരുന്ന കുരുമുളക്, മുചരിയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച സംഭവങ്ങളിലേക്കുമൊക്കെ കഥ കടന്നുചെല്ലുന്നു. ഇത്രയൊക്കെ പറഞ്ഞുപോകുന്ന ഒരു ഗ്രന്ഥത്തിൽ ചേന്ദമംഗലം കൈത്തറിയുടെ ചരിത്രവും വിശദമായി പ്രതിപാദിക്കുന്നുണ്ടെന്ന് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ ?

ലേഖകനെപ്പോലെ തന്നെ, വായനക്കാരനായ ഞാനും ഒരു മുചരിക്കാരനാണ്. മണ്ണിൽ‌പ്പുതഞ്ഞ് കിടക്കുന്ന മുചരിക്കഥകൾ വെളിയിൽ വരുന്നമ്പോഴൊക്കെ സാകൂതം വീക്ഷിക്കുന്ന ഒരാളെന്ന നിലയ്ക്ക്, വലിയൊരു അദ്ധ്വാനമാണ് മറുപിറവി എനിക്കൊഴിവാക്കിത്തന്നത്. ചിതറിക്കിടക്കുന്ന ചരിത്രമെല്ലാം ഒരിടത്തുനിന്ന് തന്നെ വായിക്കാം എന്ന സൌകര്യമാണത്. മുസരീസിന്റെ ചരിത്രം കിളച്ചെടുക്കാനായി സംഘകാല കൃതികൾ അടക്കം ലഭ്യമായ എല്ലാ ചരിത്രരേഖകളിലേക്കും, വ്യക്തികളിലേക്കും കൂന്താലിയുമായി ശ്രീ. സേതു ചെന്നുകയറിയിട്ടുണ്ട്.

ചരിത്രം എഴുതാൻ ബുദ്ധിമുട്ടാണ്, നോവലാകുമ്പോൾ അൽ‌പ്പം സ്വാതന്ത്ര്യമൊക്കെ എടുക്കാമല്ലോ എന്ന് രാമഭദ്രൻ എന്ന കഥാപാത്രം തന്നെ പറയുന്നുണ്ട്. എനിക്കതിനോട് യോജിക്കാനാവുന്നില്ല. ചരിത്രമാണെങ്കിൽ തലക്കെട്ടും ഇടക്കെട്ടുമൊക്കെയിട്ട് അദ്ധ്യായം തിരിച്ച് തിരിച്ച് പറഞ്ഞങ്ങ് പോയാൽ മതി. പക്ഷെ, ചരിത്രം ചികഞ്ഞെടുത്ത് 372 പേജുകളായി നീളുന്ന നോവലിലെ കഥാപാത്രങ്ങൾക്കിടയിൽ കാലയളവുകൾ തെറ്റാതെ അതിനെ സന്നിവേശിപ്പിക്കുക എന്നത് ഒരു ഭഗീരഥപ്രയത്നം തന്നെയാണ്. അതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.

ഗോതുരുത്തിലെ മണ്ണിൽ വീണ തട്ടുങ്കൽ സാറ എന്ന ജ്യൂതപ്പെണ്ണിന്റെ ചോരയെപ്പറ്റിയുള്ള പൊട്ടും പൊടിയുമൊക്കെ പലവട്ടം കേട്ടിട്ടുണ്ടെങ്കിലും, അതേപ്പറ്റി വിശദമായിട്ട് മനസ്സിലാക്കാൻ എനിക്കിതുവരെ സാധിച്ചിട്ടില്ല. അങ്ങനെയുള്ള ഒരുപാടൊരുപാട് സംഭവങ്ങൾ വള്ളിപുള്ളി വിടാതെ നോവലിൽ പിറവി കൊണ്ടിരിക്കുന്നു. നോവലിസ്റ്റിനോട് ഞാനടക്കമുള്ള എല്ലാ മുസരീസുകാരും, ചരിത്രത്തെ സ്നേഹിക്കുന്ന ഓരോ മലയാളിയും കടപ്പെട്ടിരിക്കുന്നു. ഓരോ പ്രദേശത്തും ഒന്നിടവിട്ടുള്ള തലമുറയിലെങ്കിലും ഒരു ചരിത്രകാരൻ ജനിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. മറുപിറവിയുടെ കഥാകാരൻ എന്നതിനേക്കാൾ ഉപരി, ചേന്ദമംഗലത്തിന്റേയും വടക്കൻ പറവൂരിന്റേയും ഗോതുരുത്തിന്റേയും കോട്ടപ്പുറത്തിന്റേയും കൊടുങ്ങല്ലൂരിന്റേയും പാലിയത്തിന്റേയുമൊക്കെ കഥകളും ചരിത്രവുമൊക്കെ രേഖപ്പെടുത്താൻ, ഈ തലമുറയിൽ പിറവിയെടുത്ത ചരിത്രകാരന്റെ സ്ഥാനമാണ് സേതുവിന് മുസരീസുകാർ കൊടുക്കേണ്ടത്. മറുപിറവിക്ക് ഒരു ചരിത്രനോവൽ എന്ന സ്ഥാനവും.

Wednesday, April 1, 2015

ഫെയ്സ്ബുക്ക്

പുസ്തകം : ഫെയ്സ്ബുക്ക്
രചയിതാവ് : മധുപാല്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
അവലോകനം : വിഷ്ണു ഹരിദാസ്



"ഫേസ്ബുക്ക്" എന്ന നോവല്‍

ക്കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് ചലച്ചിത്രതാരവും, സംവിധായകനും, കഥാകൃത്തുമായ മധുപാല്‍ രചിച്ച "ഫേസ്ബുക്ക്" എന്ന നോവല്‍ പുറത്തിറങ്ങിയത്. മാതൃഭൂമി ബുക്സ്‌ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവതരണത്തിലെ വ്യത്യസ്തത കൊണ്ടും, തലക്കെട്ടിലെ ആകര്‍ഷണം കൊണ്ടുമാണ് ഈ നോവല്‍ വാങ്ങാന്‍ തീരുമാനിച്ചത്. അങ്ങനെ തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടന്ന മാതൃഭൂമി ബുക്സ്‌ഫെസ്റ്റില്‍ പ്രസ്തുത "ഫേസ്ബുക്ക്" വാങ്ങാനുള്ള അവസരം ഉണ്ടായി. വായിച്ചു കഴിഞ്ഞപ്പോള്‍ അതെക്കുറിച്ച് എന്തെങ്കിലും പറയണമല്ലോ.


അതിരിക്കട്ടെ, എന്താണ് ഇത്ര പ്രത്യേകത?

നേരത്തെ പറഞ്ഞതുപോലെ, അവതരണത്തിലെ വ്യത്യസ്തത കൊണ്ടാണ് നോവല്‍ ശ്രദ്ധേയമാകുന്നത്. യഥാര്‍ത്ഥ ഫേസ്ബുക്കില്‍ കണ്ടുമുട്ടുന്ന, എന്നാല്‍ പരസ്പരം നേരിട്ട് കണ്ടിട്ടില്ലാത്ത ഒരുകൂട്ടം ആളുകളുടെ വാള്‍ പോസ്റ്റുകളും, അതിനെ തുടര്‍ന്ന് വരുന്ന കമന്റുകളും, തുടര്‍ പോസ്റ്റുകളും, പ്രൈവറ്റ് മെസ്സജുകളും ഒക്കെയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
അതായത്, ഒരു ഫേസ്ബുക്ക് ടൈംലൈന്‍ പോലെ ആണ് രചന. ഇതില്‍ പോസ്റ്റുകളും കമന്റുകളും ഇടുന്നവര്‍ ഒന്നും പരസ്പരം അറിയാവുന്നവര്‍ അല്ല എന്നുള്ളതാണ് കൌതുകം. എവിടെനിന്നോ വരുന്ന കുറേപേര്‍ ഒരു കേന്ദ്ര കഥാപാത്രത്തിന്റെ വാളില്‍ പോസ്ടുന്നു, കമന്റുന്നു, അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നു... അങ്ങനെ അങ്ങനെ...!


ആഹാ, എന്താണ് നോവല്‍ പറയുന്നത്?

"നവീന്‍ ലോപ്പസ്" എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഒരു വാള്‍പോസ്റ്റില്‍ ആണ് നോവല്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് വരുന്ന ആളുകള്‍ ഇടുന്ന കമന്റുകള്‍ പിന്നാലെ. അതിനിടെ നവീന്‍ ലോപ്പസിന് മെസ്സേജ് അയക്കുന്ന അപരിചിതരായ രണ്ടു പുതിയ കഥാപാത്രങ്ങള്‍ - അനസൂയ വേണുഗോപാലും വീണ സുകുമാരനും എത്തുന്നു. അവര്‍ അവരുടെ അനുഭവങ്ങളും കഥകളും നവീനുമായി നവീന്റെ ഫേസ്ബുക്ക് വാളില്‍ പങ്കുവെക്കുന്നു. അതിനെ തുടര്‍ന്ന് എത്തുന്ന കഥാപാത്രങ്ങളായ അനിത, ഷൌക്കത്ത്, നീലാംബരി തുടങ്ങിയവര്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളും  ടാഗ് ചെയ്യുന്ന വീഡിയോയും മെസ്സേജും ഒക്കെയായി നോവല്‍ പുരോഗമിക്കുകയാണ്.

ചുരുക്കി പറഞ്ഞാല്‍, "ബ്രൌസര്‍ വിന്‍ഡോയുടെ ഉള്ളിലെ ലോകത്തില്‍ നിന്നും മെനഞ്ഞെടുത്ത ഒരു നോവല്‍ " എന്ന് പറയാം.

അതുകൊണ്ടുതന്നെ, വായിക്കുമ്പോള്‍ ഒരിടത്തും "മധുപാല്‍ " എന്ന നോവലിസ്റിനെ നമുക്ക് കാണാന്‍ കഴിയില്ല. മറിച്ചു നവീന്‍ ലോപ്പസ് അടക്കമുള്ള ഒരുകൂട്ടം നോവലിസ്റ്റുകളെ ആണ് കാണാന്‍ കഴിയുക. അത് വ്യത്യസ്തമായൊരു ആശയം തന്നെ! കൊള്ളാം, എനിക്ക് ഇഷ്ടായി!


കൊള്ളാല്ലോ! എന്തൊക്കെയുണ്ട് ഉള്ളില്‍ ?


നവീന്‍ ലോപ്പസിന്‍റെ ഫേസ്ബുക്ക് വാളില്‍ കണ്ടുമുട്ടുന്ന, അതില്‍ പോസ്റ്റുന്ന ഒരുപാട് പേര്‍ ഉണ്ടെന്നു പറഞ്ഞല്ലോ, അതുകൊണ്ടുതന്നെ, കൃത്യമായി നീങ്ങുന്ന ഒരു മൂലകഥ ഈ നോവലില്‍ ഇല്ല. എന്നാല്‍ ഒരു കഥയ്ക്ക് പകരമായി അനേകം കഥകള്‍ ആണുള്ളത്. ഓരോരുത്തരും ഇടുന്ന പോസ്റ്റും അവരുടെ, അല്ലെങ്കില്‍ അവര്‍ പറയാന്‍ ആഗ്രഹിക്കുന്ന ഒരു കഥയാണ്. ഓരോ പോസ്റ്റും ഓരോ നോവല്‍ എന്നപോലെ!

ഉള്ളടക്കത്തില്‍ പലയിടത്തും ധാരാളം ഫിലോസഫി കടന്നുവരുന്നുണ്ട്. അത് അമിതമായോ എന്ന് അറിയില്ല, പക്ഷെ എല്ലാത്തിലും ഓരോ പാഠങ്ങള്‍ ഉണ്ടാകും.

ഉള്ളടക്കത്തെ ഒന്ന് ലിസ്റ്റ് ചെയ്‌താല്‍ ഇങ്ങനെ:

     -  പോസ്റ്റ്‌ ചെയ്യുന്ന വ്യക്തികള്‍ പറയുന്ന അവരുടെ കഥകള്‍
     -  ധാരാളം സാരോപദേശ കഥകളും തത്വചിന്തകളും
     -  പല സംഗതികളുടെയും ശാസ്ത്രീയമായ വിശദീകരണം (ഉദാ : പ്രണയം, വ്യക്തിത്വം)
     -  പ്രണയം, ലൈംഗിക എന്നിവയെക്കുറിച്ച് ധാരാളം അഭിപ്രായങ്ങള്‍
     -  കുറച്ചധികം "ന്യൂ ജനറേഷന്‍ സ്റ്റഫ്"

ഇതില്‍ വായിച്ചിട്ടും മനസ്സില്‍ തങ്ങി നിന്നത് നീലാംബരി കൃഷ്ണന്‍ ടാഗ് ചെയ്ത കഥ ആണ്, അത് വല്ലാതെ ഹൃദയസ്പര്‍ശിയായ ഒന്നായിരുന്നു. (എന്താണെന്ന് നിങ്ങള്‍ തന്നെ വായിച്ചാല്‍ മതി, ഞാന്‍ പറഞ്ഞുതരൂല!)

സമീപകാലത്തെ പല സംഭവങ്ങളും വളരെ വ്യക്തമായി നോവലില്‍ കടന്നുവരുന്നുണ്ട്. സ്വന്തം അമ്മയുടെ വ്യാജപ്രൊഫൈല്‍ സൃഷ്ടിച്ച മകനും, കൊല്ലപ്പെട്ട വ്യവസായിയും ഉള്പ്പെടെ പലരും.

അങ്ങനെ ഒരുകൂട്ടം പോസ്റ്റുകള്‍ സൃഷ്ടിക്കുന്ന നവീന്‍ ലോപ്പസിന്‍റെ ഫേസ്ബുക്ക് ടൈംലൈനിലൂടെ നോവല്‍ വായിക്കാം.


ഓ! അപ്പൊ ആകെ മൊത്തം ടോട്ടല്‍ എന്താണ് അഭിപ്രായം?


ആകെ പറഞ്ഞാല്‍, വ്യത്യസ്തമായ ഒരു വായനാനുഭവം തരുന്ന, ധാരാളം കഥകളിലൂടെ കടന്നുപോകുന്ന, ധാരാളം പാഠങ്ങള്‍ നല്‍കുന്ന ഒരു നോവല്‍ ആണ് "ഫേസ്ബുക്ക്". സൂക്ഷിച്ചുവെക്കാന്‍ പറ്റിയ ഒരു പുസ്തകം.


(പുസ്തകത്തിന്റെ അവസാനം അനില്‍കുമാര്‍ തിരുവോത്ത് നടത്തിയ ഒരു പഠനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോവലിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും ശരിക്കുള്ള നോവലിസ്റ്റ് ആരാണെന്നുള്ള കണ്ഫ്യൂഷനും ഒക്കെ അദ്ദേഹവും പറയുന്നുണ്ട്. മധുപാലിന്‍റെ സ്ഥിരം ശൈലിയില്‍ നിന്നും വേറിട്ട രചന ആണ് "ഫേസ്ബുക്ക്" എന്ന് അദ്ദേഹം വിലയിരുത്തുന്നു. വ്യത്യസ്തതയുടെ ഉദാഹരണമായി ബെന്യാമിന്‍ , സുഭാഷ്ചന്ദ്രന്‍ തുടങ്ങിയവരെക്കുറിച്ച് പറയുന്നു. അതുപോലെതന്നെ, മധുപാലിന്‍റെ സ്ഥിരം "ബൈബിള്‍ " ശൈലി വിട്ടു മൊത്തത്തില്‍ പുതിയൊരു ശൈലിയില്‍ ആണ് "ഫേസ്ബുക്ക്" എഴുതപ്പെട്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.)


പ്രസ്തുത നോവല്‍ എഴുതാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും കഥയുടെ ത്രെഡ്, കഥാപാത്രങ്ങള്‍ തുടങ്ങിയവ എങ്ങനെയാണ് രൂപപ്പെട്ടത് എന്നും മധുപാല്‍ തന്നെ നേരിട്ട് പറയുന്ന ഒരു ഇന്റര്‍വ്യൂ "ദേശാഭിമാനി" പ്രസിദ്ധീകരിച്ചിരുന്നു. അത് ഇവിടെ വായിക്കാം - http://www.deshabhimani.com/newscontent.php?id=199672

എല്ലാപേര്‍ക്കും മനോഹരമായ ഒരു വായനാനുഭവം ആശംസിക്കുന്നു

Tuesday, March 31, 2015

കാണുന്ന നേരത്ത്‌


പുസ്തകം : കാണുന്ന നേരത്ത്‌
രചയിതാവ്: സുഭാഷ്‌ചന്ദ്രന്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌
അവലോകനം : ബുക്ക് മലയാളം



ര്‍മ്മക്കുറിപ്പുകള്‍ ചരിത്രമല്ല; ചരിത്രനിരപേക്ഷവുമല്ല. ചരിത്രമെഴുത്തിന്റെ വികാരരഹിതമായ വസ്‌തുസ്ഥിതി വിവരങ്ങളെ വികാരഭരിതമാക്കുകയാണ്‌ ഓര്‍മ്മക്കുറിപ്പുകള്‍. അത്‌ വ്യക്തിയെക്കുറിച്ച്‌ അയാള്‍ പുലര്‍ന്നുപോരുന്ന കാലഘട്ടത്തെക്കുറിച്ച്‌ രേഖപ്പെടുത്തുകയാണ്‌. 'ഞാന്‍' കക്ഷിയായും സാക്ഷിയായും ഉണ്ടായിരുന്ന ഒരു കാലഘട്ടം ഓര്‍ത്തെടുക്കുകയാണ്‌.

ഭൂതകാലത്തെക്കുറിച്ച്‌ വസ്‌തുതാപരമായ വിശകലനത്തിനാണ്‌ ചരിത്രം ശ്രമിക്കുന്നതെങ്കില്‍ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ചരിത്രത്തെ പ്രശ്‌നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ്‌ സ്‌മരണകള്‍ കടന്നുപോകുന്നത്‌. ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥാപിത ചരിത്രത്തിന്‌ പകരം നില്‍ക്കുന്നു. ചരിത്ര രചനയ്‌ക്ക്‌ വഴങ്ങാത്ത ഓര്‍മ്മകളുടെ അടരുകളിലേയ്‌ക്കാണ്‌ ഓര്‍മ്മക്കുറിപ്പുകള്‍ പ്രവേശിക്കുന്നത്‌. കഴിഞ്ഞുപോയ സംഭവങ്ങളുടെയോ, ചരിത്ര ഘട്ടത്തിന്റെയോ, വ്യക്തിയുടെയോ ത്യാഗനിര്‍ഭരവും പീഡിതവുമായ ഓര്‍മ്മകളെ അത്‌ സാമൂഹിക ഉപരിതലത്തിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്നു. ഭൂതകാലത്തെ ചരിത്രപരമായി ആവിഷ്‌കരിക്കുകയല്ല മറിച്ച്‌ ഓര്‍മ്മയുടെ ഒരു മുഹുര്‍ത്തത്തില്‍ മിന്നിത്തെളിയുന്ന ഒരനുഭവത്തെ പിടിച്ചെടുക്കുകയാണ്‌. വ്യക്തിയുടെ സ്‌മരണകള്‍ അതുകൊണ്ടുതന്നെ അത്രമേല്‍ രാഷ്‌ട്രീയ ഭരിതമാകുന്നു. പഴമയെ വര്‍ത്തമാനപ്പെടുത്തുന്നതിലൂടെയാണ്‌ ഓര്‍മ്മകള്‍ എല്ലാകാലത്തേക്കുമായി അതിന്റെ രാഷ്‌ട്രീയ നിര്‍വഹണം സാധ്യമാക്കുന്നത്‌.

ഈ നിര്‍വഹണ ഘട്ടത്തിലൂടെ എല്ലാ ഓര്‍മ്മകള്‍ക്കും സഞ്ചരിക്കാനാകുന്നുണ്ടോ? ഉത്തരം എന്തു തന്നെയായാലും ഈ ചോദ്യത്തെ മുന്‍ നിര്‍ത്തിയാണ്‌ കഥാകാരനായ സുഭാഷ്‌ ചന്ദ്രന്റെ `കാണുന്ന നേരത്ത്‌' എന്ന ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കുന്നത്‌. കേവലമായ അര്‍ത്ഥത്തില്‍ ഭൂതകാല വഴികളെ വര്‍ത്തമാനപ്പെടുത്തുന്നു എന്ന ധര്‍മ്മം ഈ രചനയും നിര്‍വ്വഹിക്കുന്നുണ്ട്‌. അതിലപ്പുറം? ഒന്നുമില്ല. ഓര്‍മ്മകളുടെ ആഴത്തേക്കാള്‍ അതുന്നയിച്ചേക്കാവുന്ന പ്രശ്‌നഭരിതമായ സാമൂഹ്യ സ്‌മരണകളേക്കാള്‍; പ്രശസ്‌തിയുടെ നടുവില്‍ നില്‍ക്കുന്ന എല്ലാവരുടേയുംപോലെ സുഭാഷ്‌ചന്ദ്രന്റെ കുറപ്പുകളെയും ഭരിക്കുന്നത്‌ വിപണിയാണ്‌. വിപണി ഒരുമോശം സ്ഥലം എന്ന അര്‍ത്ഥത്തിലല്ല, ഇവിടെ പ്രയോഗിക്കുന്നത്‌. മികച്ചത്‌ തെരഞ്ഞെടുക്കാന്‍ വായനക്കാര്‍ക്ക്‌ (ഉപഭോക്താക്കള്‍ക്ക്‌) അവസരം നല്‍കുന്ന സ്ഥലം എന്നുതന്നെയാണ്‌ പരിഗണന. പക്ഷെ, പായ്‌ക്കറ്റുകള്‍ ചിലപ്പോള്‍ നമ്മളെ ചതിക്കും. പ്രശസ്‌തിയുടെ മികച്ച കവറിനുള്ളില്‍ അടക്കം ചെയ്‌ത ഓര്‍മ്മകള്‍ക്ക്‌ പാകമാകാത്ത മാങ്ങ കാര്‍ബൈഡ്‌ വെച്ച്‌ പഴുപ്പിക്കുമ്പോഴുണ്ടാകുന്ന അരുചിയായിരുന്നു. ഞെക്കിപ്പഴുപ്പിച്ച ഓര്‍മ്മകള്‍ക്ക്‌ ചരിത്രത്തോട്‌ പറയാനുള്ളത്‌ എന്താവാം? ആവോ?!

'രാവണന്‍' എന്ന കുറിപ്പ്‌ നിര്‍ദ്ദോഷമായ ഒരോര്‍മ്മപ്പെടലാണ്‌. എങ്കിലും ഏതുപ്രായത്തിലായാലും രാവണവേഷം കെട്ടി ഉറഞ്ഞാടുന്ന ആണും അപഹരിക്കപ്പെടുന്ന സീതയും ആണ്‍പെണ്‍ ജീവിതാന്തരങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്‌. രാവണനിലെ ആണിന്‌ പിന്നീടുള്ള നിരവധി വേഷപ്പകര്‍ച്ചകളിലൂടെ വിപുലമായി കിട്ടുന്ന അരങ്ങ്‌ സീതയ്‌ക്ക്‌ നഷ്‌ടപ്പെടുന്നുണ്ട്‌. കടുങ്ങല്ലൂരിലെ അതേ നിരത്തില്‍ തന്നെയാണ്‌ രാവണന്‍ സീതയെ പിന്നീടും കണ്ടുമുട്ടുന്നത്‌ എന്നതിന്റെ യാദൃഛികത അദൃശ്യമായൊരു ലക്ഷ്‌മണ രേഖയുടെ സാന്നിധ്യം കൂടിയാണ്‌ എന്നൊക്കെ നിരൂപണത്തിനായി മെനക്കെട്ട്‌ വായിച്ചെടുക്കാം.

കോഴിക്കോടിന്റെ ഓര്‍മ്മകളിലൂടെയാണ്‌ ഒരു ദേശത്തില്‍ എത്തിയ കഥ നീങ്ങുന്നത്‌. ഒരുപക്ഷെ, ഏതു ദേശത്തില്‍ കുടിയേറിയവര്‍ക്കും ആ ദേശത്തെക്കുറിച്ച്‌ ഓര്‍മ്മിക്കാനാവുക ഇങ്ങനെ തന്നെയാവും. അഭയം തന്ന മണ്ണ്‌, മറ്റെന്തിനേക്കാളും പ്രിയമേറിയതാകുന്നു. മണ്ണ്‌ ഇല്ലാതാവുകയും മണ്ണില്‍ നിന്ന്‌ ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ നിസ്സഹായത ചൂഴുന്ന ഭൂമിയിലാണ്‌ നാം സ്വന്തമെന്ന ഇടത്തെക്കുറിച്ച്‌ സ്‌മൃതിപ്പെടുന്നത്‌ എന്ന സാമൂഹ്യവൈരുദ്ധ്യത്തെക്കൂടി ഉള്‍പ്പെടുത്തുമ്പോഴാണ്‌ ഓര്‍മ്മകള്‍ മണ്ണിലും അതോടൊപ്പെം ചരിത്രത്തിലും തൊടുന്നത്‌. ഒരു മധ്യവര്‍ഗ്ഗക്കാരന്റെ ഗൃഹാതുരത്വത്തിനപ്പുറം പോകാനാവാതെ വരുമ്പോള്‍ സ്‌മരണകള്‍ വായനക്കാര്‍ക്ക്‌ ഭാരമാകും എന്നുമാത്രം.

നിങ്ങള്‍ക്ക്‌ ഒരേസമയം ഭര്‍ത്താവും കാമുകനുമായി തുടരുക സാധ്യമല്ലെന്ന്‌ ഓഷോ പറയുന്നുണ്ട്‌. ദാമ്പത്യം ജീവിതത്തിന്റെ മറ്റൊരു ഘട്ടമാണ്‌. ഒരുപക്ഷെ, പ്രണയത്തെക്കുറിച്ച്‌ വികാരവായ്‌പോടെ ഓര്‍മ്മിച്ചെടുക്കുകന്ന ഘട്ടം. കുടുബത്തിന്റെ ഭദ്രതയ്‌ക്കായി, ശിഷ്‌ട ജീവിതത്തിന്റെ സിംഫണി തെറ്റാതിരിക്കാന്‍ ഗൃഹാതുരമായൊരു കാലത്തെ മനസ്സില്‍ പേറിനടക്കുകയാണ്‌ ഓരോ ആണും പെണ്ണും. ഓര്‍മ്മകള്‍ ഇല്ലാതായാല്‍ ഓര്‍മ്മകള്‍ നമ്മെ പ്രലോഭിപ്പിക്കാതായാല്‍ തെറ്റിവീണേക്കാവുന്ന ജീവിത്തെക്കുറിച്ച്‌, ദാമ്പത്യത്തെക്കുറിച്ച്‌ പറയാതെ പറയേണ്ടിവരുന്നു. അങ്ങനെയൊരു പറച്ചിലാണ്‌ വീട്ടിലേക്കുള്ള വഴി എന്ന കുറിപ്പ്‌.

ഓര്‍മ്മകള്‍, പ്രതികരണങ്ങള്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകളില്‍ ഉടനീളം `ഞാന്‍' കക്ഷിയായും സാക്ഷിയായും കടന്നുവരുന്നുണ്ട്‌. മരുഭൂമിയിലെ ഉറവ, നാള്‍തോറും വളരാതെ, രണ്ടാമത്തെ അച്ഛന്‍, മണലാരണ്യത്തിലെ അതിഥി, കാലത്തിന്റെ ബലിക്കല്ലില്‍, ദുഃഖഭരിതമായ ഒരു സംഘഗാനം, സൗന്ദര്യ ലഹരി, അവനും ഞാനും എന്നിങ്ങനെ ഓര്‍മ്മകള്‍ പലകാലത്തെ, പലദേശത്തെ പുനരാനയിക്കുന്നു. ഒരാളുടെ സ്‌മരണകളിലൂടെ മറ്റനവധിപേര്‍ കടന്നുപോകുന്ന യാത്രയാണ്‌ വായന. പലജീവികള്‍ ഒരേ കടലില്‍, അത്‌ മോശമല്ലേ, മോശേ?, നക്ഷത്രങ്ങള്‍ തിളയ്‌ക്കുന്ന ശബ്‌ദം, ജഹനാര; ക്ഷണഭംഗുര, എഴുത്തുകാരുടെ എഴുത്തുകാരന്‍, പുണ്യപാപങ്ങളുടെ പുസ്‌തകം, പടയ്‌ക്കു മുമ്പേ എന്നിങ്ങനെ പ്രതികരണങ്ങളിലൂടെ വ്യക്തി സ്‌മരണകള്‍ സമകാലികമാകുന്നു (വില: 70 രൂപ)

Tuesday, March 24, 2015

ഓര്‍ക്കുക കാവലിരിക്കുകയാണ്‌

പുസ്തകം : ഓര്‍ക്കുക കാവലിരിക്കുകയാണ്‌
രചയിതാവ് : ആനന്ദ്‌
പ്രസാധകര്‍ : ഹരിതം ബുക്‌സ്‌, കോഴിക്കോട്‌
അവലോകനം : ബിജു.സി.പി


ലയാളിയുടെ ചിന്താലോകത്ത്‌ അത്രയേറെ ഉയര്‍ന്ന ബൗദ്ധിക നിലവാരവും ബൗദ്ധിക സത്യസന്ധതയും പുലര്‍ത്തുന്ന മറ്റൊരാളില്ല ആനന്ദിനെപ്പോലെ. തുറന്ന ലോകത്തിന്റെ വിശാലതയിലേക്കും അധികാരത്തിന്റെ വിവിധ രൂപങ്ങള്‍ മനുഷ്യജീവിതത്തെ എങ്ങനെയൊക്കെ ഭീതിദമാം വണ്ണം ഇരയാക്കുന്നു എന്നും വിശദീകരിച്ചിട്ടുള്ള മറ്റൊരെഴുത്തുകാരനും നമുക്കില്ല. കേവലം ഒരാള്‍ക്കൂട്ടമായി കഴിഞ്ഞു കൂടുന്ന മനുഷ്യജീവികളുടെ നൊമ്പരജീവിതങ്ങള്‍ അവതരിപ്പിച്ചു കൊണ്ട്‌ ഏതാണ്ട്‌ അരനൂറ്റാണ്ടിനു മുമ്പ്‌ മലയാളസാഹിത്യലോകത്തേക്കു കടന്നു വന്ന ആനന്ദിന്‌ അവിടെ മുന്‍ഗാമികളോ അനുയായികളോ ഇല്ല. മനുഷ്യജീവി നേരിടുന്ന ജീവിതനൊമ്പരങ്ങളെക്കുറിച്ചും നീതി,ചരിത്രം,ജനാധിപത്യം, ശരിതെറ്റികള്‍ തുടങ്ങിയവയെക്കുറിച്ചുമൊക്കെയുള്ള വലിയ സമസ്യകളോടു പോരടിച്ച്‌ ആനന്ദ്‌ മലയാളത്തിലെ ഏറ്റവും വലിയ ബൗദ്ധിക സാന്നിധ്യങ്ങളിലൊന്നായി നിരന്തരം നമ്മെ നവീകരിച്ചു കൊണ്ടേയിരിക്കുന്നു. ആനന്ദിന്റെ രാഷ്ട്രീയ ലേഖനങ്ങളുടെ സമാഹാരമാണ്‌ ഓര്‍ക്കുക,കാവലിരിക്കുകയാണ്‌. 16 ലേഖനങ്ങളുടെ സമാഹാരം. മതമൗലികവാദം ആഗോളവല്‍ക്കരണത്തിന്റെ മറുപുറം എന്ന ആദ്യലേഖനത്തില്‍ വേട്ടക്കാരനും വിരുന്നുകാരനും എന്ന പുസ്‌തകത്തില്‍ എടുത്ത നിലപാടിനെക്കുറിച്ചു വിശദീകരിക്കുകയാണ്‌ ആനന്ദ്‌. പുസ്‌തകത്തിന്റെ പേരില്‍ ആനന്ദ്‌ മുസിലീം വിരുദ്ധനാണെന്ന വാദമുയര്‍ത്തിയവര്‍ക്ക്‌ കൃത്യമായ മറുപടി നല്‍കുന്നു. പ്രതികരണത്തെ ഉത്സവമാക്കുന്ന മലയാളി മനസ്സ്‌ എന്ന കുറിപ്പാകട്ടെ ആത്മാര്‍ഥതയുടെ ലേശം പോലുമില്ലാത്ത പ്രതികരണ ഉല്‍സവങ്ങളോടുള്ള അമര്‍ഷമാണ്‌ വെളിവാക്കുന്നത്‌. മാര്‍ക്‌സിസ്‌റ്റ്‌ സംവാദങ്ങളുടെ ഉന്മൂലന രാഷ്ട്രീയ നിലപാടുകളുടെ വിമര്‍ശനാത്മകമായ വിലയിരുത്തലാണ്‌ അടുത്ത പ്രബന്ധം. ജിഹാദി ഇസ്ലാമിനും മാര്‍ക്‌സിസ്റ്റ്‌ അധികാരവാദങ്ങള്‍ക്കും ചിലയിടങ്ങളിലുള്ള സാമ്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്‌ അദ്ദേഹം.

പേശലമല്ലൊരു വസ്‌തുവുമുലകില്‍ പ്രേക്ഷകനില്ലെന്നാല്‍, എന്ന പഴയ തത്ത്വം തന്നെ ചൂണ്ടിക്കാട്ടി ആനന്ദ്‌ സമര്‍ഥിക്കുന്നു- മനുഷ്യന്‍ വേണം ദൈവത്തെ നടത്തിക്കുവാന്‍.ഇക്വിയാനോവിന്റെ യാത്രകള്‍ എന്ന ലേഖനം ദലിത്‌ വാദങ്ങളെയും ദലിത്‌ വിവേചനത്തെയുമൊക്കെയാണ്‌ പ്രതിപാദിക്കുന്നത്‌. എളുപ്പം വിവരിച്ചു തീര്‍ക്കാന്‍ കഴിയാത്ത സങ്കീര്‍ണ പ്രശ്‌നമാണ്‌ ദലിതതയുടേത്‌. ജാതി തീര്‍ച്ചയായും ഇരുപത്തൊന്നാം നൂറ്റാണ്ടിലും കേരളത്തില്‍ പ്രബലമായിത്തന്നെ നില്‍ക്കുകയാണ്‌. ജാതിക്കപ്പുറമുള്ള ഒട്ടേറെ ഘടകങ്ങളും ഇപ്പോള്‍ അധികാരത്തിന്റെ ദംഷ്ട്രകളുമായി മനുഷ്യരെ ഇരയാക്കുന്നുണ്ട്‌. ജാതിയുടെ പ്രശ്‌നങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ത്തന്നെയാണ്‌ പുതിയ അധികാരസാന്നിധ്യങ്ങള്‍ കടന്നു വരുന്നത്‌. ജാതി നമ്മെ വീണ്ടും ചുരുക്കുകയും അതിനു പുറത്തുള്ള സകല തുറസ്സുകളിലേക്കും കൂടി കടന്നെത്തുകയുമൊക്കെ ചെയ്യുന്ന അതസങ്കീര്‍ണമായ അവസ്ഥയാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. മറുനാടന്‍ മലയാളിയുടെ സ്വത്വപിരണാമത്തെപ്പറ്റി ആനന്ദ്‌ എഴുതുന്നു- ഓരോ മറുനാടന്‍ മലയാളിയുടെയും വേരുകള്‍ കേരളത്തില്‍ എന്ന പോലെ അവര്‍ വസിക്കുന്ന ഇടങ്ങളിലും ഓടിയിട്ടുണ്ട്‌. തങ്ങള്‍ എത്തിപ്പെട്ട സ്ഥലങ്ങളുടെ സവിശേഷതകള്‍ അവര്‍ സ്വാംശീകരിച്ചിട്ടുണ്ട്‌. വാസ്‌തവത്തില്‍ എല്ലാവര്‍ക്കും അവര്‍ ജീവിക്കുന്ന പ്രദേശങ്ങളുമായി കേരളം എന്നതു പോലെ തന്നെ ഒരു ബന്ധമുണ്ട്‌. അതിനെപ്പറ്റി അവര്‍ ബോധവാന്മാരുമാണ്‌. എന്റെ അഭിപ്രായത്തില്‍ അതിനെപ്പറ്റി അഭിമാനിക്കുന്നവരുമാണ്‌ .പഴയ ഒരു മനുഷ്യാവകാശ സമരത്തിന്റെ ഓര്‍മ എന്ന താരതമ്യേന നീണ്ട ലേഖനം ബെല്‍ജിയം കോംഗോയിലെ മനുഷ്യാവകാശ സമരങ്ങളുടെ കഥയാണ്‌. ദുര്‍ബലരും നിസ്സഹായരാവരുടെയും മേല്‍ നടത്തുന്ന അതിക്രൂരമായ ബലപ്രയോഗങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നതിന്റെ കഥ.

ആശയങ്ങളും കഥാപാത്രങ്ങളും എഴുത്തുകാരനെ അഭിമുഖീകരിക്കുമ്പോള്‍ എന്നത്‌ ആനന്ദുമായി നടത്തിയിട്ടുള്ള ഒരഭിമുഖമാണ്‌. എന്നാല്‍ അതൊരു ലേഖനം പോലെ ചേര്‍ത്തിരിക്കുന്നത്‌ പ്രസാധകരുടെ ശ്രദ്ധക്കുറവു തന്നെയാവണം. എഴുത്തും വായനയുമാണ്‌ ഔഷധവും വിഷവും എന്ന ലേഖനത്തില്‍ പ്രതിപാദിക്കപ്പെടുന്നത്‌. ജനാധിപത്യത്തിന്റെ അപചയങ്ങള്‍, നിരങ്കുശമായ നീതിയില്ലായ്‌മ, മനുഷ്യത്വമില്ലാത്ത ഇടപെടലുകള്‍, അധികാരം മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും പാവം മനുഷ്യരെ ഞെക്കി ഞെരുക്കുന്ന ഭീകരാവസ്ഥ തുടങ്ങിയവയൊക്കെ എല്ലാ കാലത്തും ആനന്ദ്‌ എന്ന വലിയ എഴുത്തുകാരനെ വേദനിപ്പിക്കുകയും വേവലാതിപ്പെടുത്തുകയും ചെയ്യാറുണ്ട്‌. ഒരര്‍ഥത്തില്‍ കേരളീയ സമൂഹത്തില്‍ നൈതികതയുടെയും മനുഷ്യത്വത്തിന്റെയും ബൗദ്ധിക സത്യസന്ധതയുടെയും വലിയൊരു കാവലാളാണ്‌ ആനന്ദ്‌. വസ്‌തുത കൂടുതല്‍ വ്യക്തമാക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ്‌ ഓര്‍ക്കുക കാവലിരിക്കുകയാണ്‌ എന്ന പുസ്‌തകം.(പേജ്‌113 വില 80രൂപ)

Tuesday, March 17, 2015

ഡോക്‌ടര്‍ ദൈവമല്ല


പുസ്തകം : ഡോക്‌ടര്‍ ദൈവമല്ല
രചയിതാവ്: ഖദീജാ മുംതാസ്‌
പ്രസാധകര്‍ : ഡി സി ബുക്‌സ്‌, കോട്ടയം
അവലോകനം : ബുക്ക് മലയാളം



രോഗ്യം എന്നാല്‍ എന്താണ്‌? നല്ല ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം, സുചിത്വമുള്ള അന്തരീക്ഷം... എന്നിങ്ങനെയാണ്‌ ചെറിയ ക്ലാസില്‍ പഠിച്ചത്‌. മുതിര്‍ന്നപ്പോള്‍ ഈ നിര്‍വചനം നല്ല ആശുപത്രി, മികച്ച ഡോക്‌ടര്‍മാര്‍, വിലക്കൂടിയ മരുന്നുകള്‍, പേരറിയാത്ത ടെസ്റ്റുകള്‍ എന്നതിലേക്ക്‌ വഴിമാറി. ഓരോതരം രോഗങ്ങളുടെ ഭയാനകമായ വാര്‍ത്തകളിലൂടെയും അവ നമ്മുടെ ശരീരത്തിന്റെ പടിവാതിലിലും മുട്ടിവിളിച്ചേക്കുമെന്ന ചകിതമായ ദിനരാത്രങ്ങളിലൂടെയുമാണ്‌ ഓരോ ഋതുവും വന്നുപോകുന്നത്‌. കേരളത്തിലിന്ന്‌ ഏറ്റവും ലാഭകരമായ വ്യവസായം ആശുപത്രി വ്യവസായമാണ്‌. സ്വദേശി വിദേശി രോഗികള്‍ക്കായി നടപ്പിലാക്കപ്പെടുന്ന `ഹെല്‍ത്ത്‌ ടൂറിസം' ആരോഗ്യമേഖലയുടെ വാണിജ്യ വ്യവസായ സാധ്യതകളെയാണ്‌ വെളിപ്പെടുത്തുന്നത്‌. എല്ലാവരും രോഗികളായ/രോഗത്തെ ഭയപ്പെടുന്ന ഒരു സാമൂഹ്യാവസ്ഥ സൃഷ്‌ടിക്കുന്നിലൂടെ മാത്രമെ ആശുപത്രി വ്യവസായം നഷ്‌ടമില്ലാതെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. ആഗോര്യ സേവനവും ആരോഗ്യവിദ്യാഭ്യാസ മേഖലയും അപകടകരമാംവിധം വാണിജ്യവല്‍ക്കരിക്കപ്പെട്ട വര്‍ത്തമാന കേരള സാമൂഹ്യാന്തരീക്ഷത്തില്‍ മറ്റൊരുപാട്‌ ചോദ്യങ്ങള്‍പക്കൊപ്പം ഉന്നയിക്കപ്പെടുന്നഒരാശങ്കണ്ട്‌; ഇവിടെ ആരാണ്‌ ഡോക്‌ടര്‍? ദൈവമോ ആരാച്ചാരോ?

കേരളപൊതുസമൂഹം ഒരുമിച്ച്‌ പങ്കിടുന്ന ഈ ആശങ്കയുടെ ഇടയിലാണ്‌ ഖദീജാ മുംതാസിന്റെ ഡോക്‌ടര്‍ ദൈവമല്ല' എന്ന അനുഭവക്കുറിപ്പുകള്‍ വായിക്കുന്നത്‌. രോഗീ ഡോക്‌ടര്‍ ബന്ധത്തിന്റെ ജൈവികതയെ തൊട്ടുനില്‍ക്കുന്ന മനുഷ്യപ്പറ്റിന്റെ അഗാധസ്‌പര്‍ശമാണ്‌ ഇതിലെ ഓരോ കുറിപ്പും. ഒരു പക്ഷെ, വരുംകാലം അത്ഭുതത്തോടെ വായിക്കാവുന്ന കൃതി. കാരണം വൈദ്യശാസ്‌ത്രത്തെ മനുഷ്യകുലത്തിന്റെ ദൈന്യതമാറ്റാനുള്ള ഉപകരണമായി കണ്ട്‌ ആതുരസേവനം നടത്തുന്ന സാമഹ്യപ്രതിബദ്ധതയുള്ള ഭിഷഗ്വര സമൂഹത്തിന്റെ അവസാനിക്കുന്ന കണ്ണികളിലാണ്‌ കദീജാ മുംതാസിന്റെ തലമുറയും പെട്ടുപോവുക. രോഗി `പേഷ്യന്റ്‌' എന്നതില്‍ നിന്നും `ക്ലൈന്റ്‌' ആയി മാറുന്ന കാലത്തിലൂടെയാണ്‌ ആരോഗ്യമേഖല കടന്നുപോകുന്നത്‌. സര്‍ക്കാര്‍ പൊതുമേഖലാ ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യമേഖലയില്‍ വഹിച്ചിരുന്ന പങ്ക്‌ ചരിത്രത്തിലേക്ക്‌ പിന്‍വാങ്ങുകയാണ്‌. ആ ചരിത്രസ്‌മരണകളുടെ അലമാരകളിലാണ്‌ ഡോക്‌ടര്‍ രോഗീ ബന്ധത്തിന്റെ അസാധാരണ അനുഭവസാക്ഷ്യമായ ഖദീജാ മുംതാസിന്റെ ഡോക്‌ടര്‍ ദൈവമല്ല എന്ന ഗ്രന്ഥം നമ്മെ പിന്തുടരുന്നത്‌. രോഗികള്‍ അധഃകതരും ഡോക്‌ടര്‍മാര്‍ വരേണ്യരുമായിത്തീര്‍ന്ന വര്‍ത്തമാന കാലത്തില്‍ നിന്നും ഈ അനുഭവക്കുറിപ്പുകളിലേക്ക്‌ ഒരുപാട്‌ ദൂരമുണ്ട്‌. മനുഷ്യത്വത്തിന്റെ കാതരമായ ദൂരം.
കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‌ നേതൃത്വം വഹിച്ചിരുന്നത്‌ സര്‍ക്കാര്‍ തന്നെയായരുന്നു. നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍നിന്നും പഠിച്ചിറങ്ങിയ ഡോക്‌ടര്‍മാരുടെ സേവനങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നതാണ്‌ നമ്മുടെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍. ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്‌ ഖദീജാ മുംതാസ്‌ പങ്കുവയ്‌ക്കുന്ന അനുഭവങ്ങളില്‍ തുടിച്ചുനില്‍ക്കുന്നത്‌. വ്യത്യസ്‌ത മത വര്‍ഗ്ഗ വംശങ്ങളില്‍നിന്നും രോഗം എന്ന ഒറ്റബിന്ദുവില്‍ സംഗമിക്കുന്ന മനുഷ്യാവസ്ഥയുടെ വൈവിധ്യവും ദൈന്യതയും ആര്‍ദ്രമായ ഭാഷയില്‍ പങ്കുവയ്‌ക്കുകയാണ്‌ ഈ കൃതി. ചെറിയ ചെറിയ കുറിപ്പുകളിലൂടെ ഹൃദയത്തില്‍ തൊടുന്ന ഓരോ അനുഭവങ്ങളും നമ്മെ കൂടുതല്‍ മനുഷ്യത്വമുള്ളവരാക്കിത്തീര്‍ക്കുന്നു. ദൈവമായിരിക്കലല്ല, മറിച്ച്‌ ഹൃദയാലുവായ മനുഷ്യരായിരിക്കുകയാണ്‌ ഏറെ ശ്രമകരമെന്ന്‌ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌ ഈ അനുഭവക്കുറിപ്പുകള്‍. (പേജ്‌: 100 വില: 60 രൂപ)

ഓര്‍മ്മകള്‍ പലപ്പോഴും വ്യക്തിപരമാണ്‌. സ്വകാര്യമായ നൊമ്പരങ്ങളും സന്തോഷങ്ങളും അത്‌ പകര്‍ത്തിവയ്‌ക്കുന്നു. എന്നാല്‍ ഒരു ഡോക്‌ടറുടെ ഓര്‍മ്മകള്‍ ഒരിക്കലും വ്യക്തിപരമാവുന്നില്ല, അതിലേറെ ആത്‌ സാമൂഹ്യപരമാണ്‌. `സാമ്പത്തികമായും ശാരീരിക അവശതകളാലും നിരാലംബരും നിസ്സഹായരുമായ ഒരുകൂട്ടം രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പച്ചയായ ജീവിതകഥകളാണ്‌ അവരുടെ സ്വന്തം വാക്കുകളില്‍ ഇവിടെ പ്രകാശിതമാകുന്നത്‌. രോഗം ഏതെങ്കിലും ശാരീരികാവയവത്തെ ബാധിക്കുന്ന മെഡിക്കല്‍ പ്രശ്‌നം മാത്രമല്ല, വ്യക്തിബന്ധങ്ങളിലും കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കുന്ന ധാര്‍മ്മികപ്രശ്‌നം കൂടിയാണെന്ന്‌ തിരിച്ചറിഞ്ഞ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ഡോക്‌ടറുടെ ആത്മസംഘര്‍ഷങ്ങള്‍ തുടിച്ചുനില്‍ക്കുന്ന ചെറുകുറിപ്പുകളാണ്‌ പുസ്‌തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌.' എന്ന്‌ ഒരു ഡോക്‌ടര്‍ കൂടിയായ ബി ഇക്‌ബാല്‍ അവതാരികയില്‍ രേഖപ്പെടുത്തുന്നുണ്ട്‌.

സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ വരുന്നതിന്‌ മുമ്പുതന്നെ പ്രത്യേകിച്ച്‌ എന്‍ട്രന്‍സ്‌ പരീക്ഷ എന്നൊരു സമ്പ്രദായം വന്നതോടുകൂടി മക്കളെ ഡോക്‌ടര്‍മാരാക്കുന്നതിന്‌ കേരളത്തിലെ സമ്പന്ന വിഭാഗങ്ങള്‍ക്ക്‌ താല്‌പര്യം വരുകയും ചെയ്‌തതോടുകൂടി മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഒരു വരേണ്യവല്‍ക്കരണം സംഭവിച്ചു തുടങ്ങുന്നു. നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വന്‍കിട എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ സെന്ററുകള്‍ വരുകയും ആവിടെ പഠിച്ചിറങ്ങിയ ആളുകള്‍ പ്രവേശനം നേടി മെഡിക്കല്‍ കോളെജുകളില്‍ എത്തുകയും ചെയ്‌തു. ആ മാറ്റങ്ങള്‍ വന്നതോടുതന്നെ സാമൂഹ്യ പ്രതിബദ്ധതയില്‍ കുറവും മൂല്യങ്ങളുടെ തകര്‍ച്ചയുമൊക്കെ ആരംഭിച്ചു കഴിഞ്ഞു. സ്വാശ്രയ മെഡിക്കല്‍ കോളെജുകല്‍ വന്നതോടെ സാമൂഹ്യ നീതി മാത്രമല്ല അപകടപ്പെടുന്നത്‌. എം ബി ബി എസ്‌ കുട്ടികളെ സാധാരണ ഒരു ജനറല്‍ ആശുപത്രിയിലാണ്‌ പരിശീലിപ്പിക്കേണ്ടത്‌. അത്തരമൊരു ജനറല്‍ ആശുപത്രി സംവിധാനമോ അവിടെയെത്തുന്ന രോഗികളോ സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ പോകുന്നില്ല. രോഗികള്‍ ഇല്ലാതെയാണ്‌ അവിടെ പഠനം നടക്കുന്നത്‌. മനുഷ്യശരീരത്തില്‍ സ്‌പര്‍ശിക്കാനും വേണ്ടവിധത്തില്‍ രോഗനിര്‍ണ്ണയം നടത്താനും പരിശീലനം കിട്ടാത്ത ഒരുവിഭാഗമാളുകള്‍ ഡോക്‌ടര്‍മാരായി പുറത്തുവരാന്‍ പോവുകയാണ്‌. ഓര്‍മ്മകളുടെ പ്രദേശം തരിശായിപ്പോയ ഒരു ഭിഷഗ്വരസമൂഹത്തിനുമുന്നിലാണ്‌ ഒരു പക്ഷെ, `ഡോക്‌ടര്‍ ദൈവമല്ല' എന്ന ഈ ഗ്രന്ഥം ഒരു വിശുദ്ധഗ്രന്ഥമായിത്തീരുന്നത്‌.

Tuesday, March 10, 2015

മഴവില്ല്

പുസ്തകം : മഴവില്ല്
രചയിതാവ്
: അമ്മിണി ടീച്ചര്‍

പ്രസാധകര്‍
: പായല്‍ ബുക്സ്, കണ്ണൂര്‍
അവലോകനം : മനോരാജ്


പുല്ലിലും പൂവിലും ചൈതന്യമേകുന്ന വിശ്വൈകശില്പിയെ കൈതൊഴുതുകൊണ്ട് , നല്ല വചസ്സുകള്‍ ഓതുവാനെന്‍ നാവില്‍ നിന്‍ വിളയാട്ടം നടത്തണമേ എന്ന് ഹൃദയതൂലിക കൊണ്ട് കോറിയിട്ട 'ഈശ്വരപ്രാര്‍ത്ഥന'യിലൂടെയാണ് അമ്മിണി ടീച്ചര്‍ മഴവില്ല് എന്ന തന്റെ 65 ബാലസാഹിത്യ കവിതകള്‍ അടങ്ങിയ 64 പേജുള്ള പുസ്തകത്തിലേക്ക് വായനക്കാരനെ ആനയിക്കുന്നത്.

മഴവില്ല് എന്ന സമാഹാരത്തിലെ ആദ്യത്തേയും അവസാനത്തേയും കവിതകളിലൂടെ കടന്നുപോയപ്പോള്‍ - അതെഴുതിയത് ഒരു അദ്ധ്യാപികയാണെന്നത് കൂടെ കണക്കിലെടുക്കുമ്പോള്‍ - പെട്ടന്ന് മനസ്സില്‍ ഒരു വിദ്യാലയാങ്കണം കടന്നുവന്നു. രാവിലെ അസംബ്ലിക്കയി അച്ചടക്കത്തോടെ അണിനിരക്കുന്ന വിദ്യാര്‍ത്ഥികള്‍.. അവിടെ ഉയര്‍ന്നു കേള്‍ക്കുന്ന ഈശ്വരപ്രാര്‍ത്ഥന!! വൈകീട്ട് അവസാനബെല്ലിന് മുന്‍പായി രാഷ്ട്രവന്ദനമെന്ന നിലയില്‍ മുഴങ്ങികേള്‍ക്കുന്ന ജനഗണമന; സമാനമായ രീതിയില്‍ മഴവില്ലിലെ അവസാന കവിതയും ഒരു രാഷ്ട്രവന്ദനമാണ്. 'പതാകഗാനം' എന്ന പേരില്‍ "ഉയരുക ഭാരത വര്‍ണ്ണ പതാകേ" എന്ന് തുടങ്ങി " വിരിമാറില്‍ ചേരു പതാകേ" എന്ന് ടീച്ചര്‍ അവസാനിപ്പിക്കുമ്പോള്‍ ഠിം.ടിം.ഠിം.ഡിം..ഡിം എന്ന മണിയൊച്ചയും കലപിലകൂട്ടി ക്ലാസ്സ്മുറികളില്‍ നിന്നും പുസ്തകക്കെട്ടുമായി വീട്ടിലേക്ക് കുതിക്കുന്ന കുട്ടികളെയും അവരെ വാത്സല്യത്തോടെ നോക്കി നില്‍ക്കുന്ന ഒരു ടീച്ചറുടെ ചിത്രവും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. തന്റെ പ്രൊഫഷനോടുള്ള അടങ്ങാത്ത സ്നേഹമാവാം ഒരു പക്ഷെ, മന:പൂര്‍‌വ്വമല്ലെങ്കില്‍ പോലും സമാഹാരത്തിന്റെ ആദ്യാവസാനത്തില്‍ ഒരു സ്കൂള്‍ ദിനം ഓര്‍മ്മപ്പെടുത്തും വിധം അണിയിച്ചൊരുക്കുവാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞത് എന്ന് തോന്നി.

കൈയടക്കം കൊണ്ട് മനോഹരമായ കുറച്ച് നല്ല കവിതകള്‍ മഴവില്ലില്‍ കാണാന്‍ കഴിഞ്ഞു. വെറും ചൊല്ലുശീലുകളില്‍ നിന്നും വേറിട്ട് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന വരികളും സമാഹാരത്തില്‍ ഉണ്ട് എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു.

'മടി'യെന്ന കവിത നോക്കൂ.

കാറ്റിനു വീശാന്‍ മടി
കാറിന് പെയ്യാന്‍ മടി
കാടിനു പൂക്കാന്‍ മടി
കുയിലിന് കൂകാന്‍ മടി
........................
........................
കാലം പിഴച്ചു കലി
കാലം മുടിച്ചു കുലം
കാവില്‍ ഭഗവതിയ്ക്കും
ശ്രീകോവില്‍ പൂകാന്‍ മടി .... എന്ന് അവസാനിപ്പിക്കുമ്പോള്‍
, അതില്‍ ഇന്നത്തെ കലികാലാവസ്ഥയിലുള്ള കവിയത്രിയുടെ മനം‌മടുപ്പും അസ്വസ്ഥതയും നമുക്ക് ദര്‍ശിക്കാം.

അതുപോലെ തന്നെ 'ബന്ധനം' എന്ന കവിത

അങ്ങേതൊടിയിലെ ചക്കരമാവിലെ
വണ്ണാത്തിക്കിളി ചോദിച്ചു
കൂട്ടില്‍ കിടക്കുന്ന തത്തമ്മേയെന്നുടെ
കൂടെ കളിയ്ക്കുവാന്‍ പോരുന്നോ
-
.................................
................................
പാരായ പാരൊക്കെ പാറിപ്പറന്നീടാന്‍
മോഹമെനിക്കുണ്ട് പൈങ്കിളിയേ
പാരിലെ മര്‍ത്ത്യന്റെ ക്രൂരതയെന്നെയീ
പഞ്ചരമൊന്നില്‍ബന്ധിച്ചിരിപ്പൂ

ഏതൊരു കൊച്ചുകുട്ടിയുടെയും ഉള്ളില്‍ പാരതന്ത്ര്യത്തിന്റെ ദൈന്യത വ്യക്തമായി വരച്ചിടുവാന്‍ വരികളിലൂടെ ടീച്ചറിലെ കവയത്രിക്ക് കഴിയുന്നുണ്ട്.

'ജീവിയേത്?' എന്ന കവിതയിലൂടെ കാലുകളുടെ എണ്ണക്രമത്തില്‍ കുറേ ജീവികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ തന്നെ വലിയൊരു സത്യത്തിലേക്ക് കുഞ്ഞുങ്ങളുടെ - നമ്മുടെയും - മനസ്സിനെ പിടിച്ചടുപ്പിക്കുന്നതില്‍ ടീച്ചര്‍ വിജയിച്ചിട്ടുണ്ട്.

ഒറ്റക്കാലുള്ളൊരു ജീവിയേത്
ഒറ്റക്കാലുള്ളൊരു ജീവിയില്ല
രണ്ടു കാലുള്ളൊരു ജീവിയേത്
?
രണ്ടു കാലുള്ളൊരു ജീവികോഴി
..................................
..................................
എന്ന രീതിയില്‍ കുറേ ജീവികളെ പരിചയപ്പെടുത്തിയതിന് ശേഷം
കാലുകളെത്രയുണ്ടെന്നാകിലും
കാലനെ വെല്ലുവാനാരു പോരും
!
എന്ന ഒറ്റ ആശ്ചര്യചിഹ്നത്തിലൂടെ നമ്മെ തീക്ഷ്ണമായ ചിന്തകളിലേക്ക് കൈപിടിച്ച് നടത്തുന്നുണ്ട് ടീച്ചര്‍.

ചൊല്ലാന്‍ ഇമ്പമുള്ള കുറച്ച് കുട്ടികവിതകളും സമാഹാരത്തെ സമ്പന്നമാക്കുന്നുണ്ട്.

"കണ്ടു പഠിക്കേണം
കേട്ടു പഠിക്കേണം
ചൊല്ലി പഠിക്കേണം
കൂട്ടുകാരേ
കണ്ടതും കേട്ടതും
ചൊല്ലിനടന്നെന്നാല്‍
തല്ലേറെ കൊള്ളുമേ
കൂട്ടുകാരേ"
... എന്ന് 'കണ്ടതും കേട്ടതും' എന്ന കവിതയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ഒരു ടീച്ചറുടെ വാത്സല്യത്തോടെ പറയുമ്പോള്‍ ഇമ്പത്തോടെ ചൊല്ലാന്‍ നല്ല സന്ദേശമുള്ള ഒരു കവിത കുട്ടികള്‍ക്ക് ലഭിക്കുന്നു.

തക്കിട വണ്ടി
തരികിട വണ്ടി
ടാറിട്ട റോഡിലൂ
-
ടോടുന്ന വണ്ടീ
പായുന്ന വണ്ടീ
ചീറുന്ന വണ്ടീ
കുഴിയുള്ള റോഡില്
മറിയല്ലേ വണ്ടീ
- എന്ന് ചൊല്ലുമ്പോള്‍ കിട്ടുന്ന താളം ഒരു നിമിഷം കുട്ടിക്കാലത്തേക്കുള്ള മടക്കയാത്രയായി .

ആനചന്തം, പാവ, ഉച്ച, മറിയല്ലേ വണ്ടീ, കുട്ടനും കിട്ടുവും, കുടുക്ക, കുഞ്ഞേ വാ വാ, വന്നാട്ടെ നിന്നാട്ടെ, വട്ടം, വിത്തിലുണ്ടൊരു തയ്യ്, മഴവില്ല്, വാലുപിടിച്ചാല്‍, ഉത്സവമേളം, മഴമേളം തുടങ്ങിയ കവിതകള്‍ താളബോധം കൊണ്ട് പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്നവയാണ്.

ഒന്നെന്നു ചൊല്ലണം
ഒന്നിച്ചു നില്കണം
ഒന്നിനെക്കാളും വലുതൊന്നില്ല
ഒന്നിനുമേലെയും
ഒന്നിനുതാഴെയും
ഒന്നുകള്‍ ചേര്‍ത്താലുമൊന്നുതന്നെ എന്ന വരികള്‍ വായിച്ചപ്പോള്‍ ഒരു നിമിഷം മനസ്സില്‍ കുഞ്ഞുണ്ണി മാഷിനെ ഓര്‍ത്തുപോയി. 'ഒരു നല്ല കവിത' എന്ന പേരില്‍ "ഒരു നല്ല കവിതയാണെന്റെ കുഞ്ഞുണ്ണിമാഷ് / ഒരു വലിയ കവിതായാണെന്റെ കുഞ്ഞുണ്ണിമാഷ്" എന്ന് കുഞ്ഞുണ്ണിമാഷിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ കവിയത്രി വിനയാന്വിതയാവുന്നത് കൂടെ കാണുമ്പോള്‍ , കുട്ടികളുടെ മനസ്സ് കീഴടക്കിയ കുറിയ മനുഷ്യന് ഒരു കാണിക്ക കൂടെയായപ്പോള്‍, മഴവില്ലിന്റെ മനോഹാരിത കൂടിയത് പോലെ!!

6 സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച ഒരാള്‍ എന്തേ വേണ്ടത്ര പരിഗണിക്കപ്പെട്ട് കണ്ടില്ല? എന്ന് അവതാരികയില്‍ കവി എസ്.രമേശന്‍ വ്യാകുലപ്പെട്ടതില്‍ ശരികേടില്ലെന്ന് കേരള സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ പായല്‍ ബുക്സ് അണിയിച്ചൊരുക്കിയ സമാഹാരത്തിന്റെ (വില : 40 രൂപ) വായനക്കൊടുവില്‍ വായനക്കാരനിലും തോന്നലുളവാക്കുന്നുണ്ട്.

2011ലെ മികച്ച അദ്ധ്യാപികക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരത്തിന് അര്‍ഹയായ ശ്രീമതി അമ്മിണി ടീച്ചര്‍ക്ക് ഇനിയും അക്ഷരങ്ങളുടെ വിളനിലത്തില്‍ നിന്നും കവിതയുടെ വിത്തുകള്‍ മുളപ്പിക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.