Sunday, September 27, 2015

ചുവടുകൾ


പുസ്തകം : ചുവടുകൾ
രചയിതാവ് : കെ.എ.ബീന
പ്രസാധകർ : കറന്റ് ബുക്ക്സ്
അവലോകനം : നിരക്ഷരൻ
777


വ്യക്തിപരമായ ചില കാര്യങ്ങൾ അല്ലെങ്കിൽ എന്തോ കുടുംബവിശേഷങ്ങളാണ് ഗ്രന്ഥകാരി പറഞ്ഞുവരുന്നതെന്ന് ‘നനഞ്ഞ കണ്ണുകൾ, നീളുന്ന പാതകൾ‘ എന്ന ആദ്യ അദ്ധ്യായം വായിക്കുമ്പോൾ തോന്നും. അച്ഛൻ അർബുദരോഗത്തിന്റെ പിടിയിലാകുന്നതിനെപ്പറ്റിയാണ്, ലോകം മുഴുവൻ സഞ്ചരിച്ചിട്ടുള്ള ഒരച്ഛന്റെ സഞ്ചാരിയായ മകൾ, ബീനച്ചേച്ചി എന്ന് ഞാൻ വിളിക്കുന്ന കെ.എ.ബീന, ആ അദ്ധ്യായത്തിൽ പറയുന്നത്.

 കാശിയും അലഹാബാദിലെ തൃവേണി സംഗമവും സാരാനാഥും കൽക്കത്തയും ഗയയും പുരിയുമൊക്കെ ചുറ്റിയടിക്കുന്ന IRCTC യുടെ ‘വില്ലേജ് ഓൺ വീൽ‌സ്‘ എന്ന യാത്രാപദ്ധതി പ്രകാരമുള്ള യാത്ര എറണാകുളത്തെത്തുമ്പോഴാണ് അച്ഛന്റെ രോഗമുയർത്തുന്ന പ്രതിസന്ധി യാത്രയ്ക്ക് തടസ്സമാകുമോ എന്ന അവസ്ഥപോലും ഉണ്ടാകുന്നത്. അച്ഛൻ പക്ഷെ, യാത്രമുടക്കരുതെന്ന് ശഠിക്കുന്നു. ‘ നീ മടങ്ങി വന്നാലാണ് എനിക്ക് കൂടുതൽ ദുഖഃമുണ്ടാകുക‘ എന്ന് മകളെ അറിയിക്കുന്നു. ഒരു സഞ്ചാരിക്കേ മനസ്സിലാകൂ യാത്ര ഇടയ്ക്ക് അവസാനിപ്പിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടും നൈരാശ്യവുമെല്ലാം. വേണമെങ്കിൽ ഒരു തീർത്ഥയാത്ര എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലങ്ങളിലേക്കാണല്ലോ യാത്ര ! അച്ഛനുവേണ്ടിയുള്ള പ്രാർത്ഥയോടൊപ്പം യാത്ര തുടരുന്നു. കൂടെയുള്ളത് ആൻസി എന്ന കൂട്ടുകാരി മാത്രമാണ്. തീവണ്ടിയിലുള്ള ബാക്കി 500 പേരും അപരിചിതർ.

 പ്രീഡിഗ്രി ക്ലാസ്സിൽ വെച്ച് ഇംഗ്ലീഷ് ഭാഷ കാര്യമായി വഴങ്ങാത്ത ആൻസിയും ബീനയും ചങ്ങാത്തം കൂടുന്ന കഥകളുമായി രണ്ടാമത്തെ ചാപ്റ്റർ വരുമ്പോഴും യാത്രാവിവരണമാണ് പറയുന്നതെന്ന് തോന്നൽ കാര്യമായിട്ടൊന്നും ഉണ്ടാകുന്നില്ല. പിന്നീട്, വായക്കാർപോലും തിരിച്ചറിയുന്നതിന് മുൻപേ, അനായാസമായിട്ടാണ് യാത്രയുടെ ഉൾത്തട്ടിലേക്ക് എഴുത്തുകാരി അവരെ കൊണ്ടുപോകുന്നത്.

 പോകുന്നതെല്ലാം ഹൈന്ദവ ആരാധനാ കേന്ദ്രങ്ങളിലേക്കാണ്. ആൻസി എന്ന കൃസ്ത്യാനി കൂട്ടുകാരിക്ക് ബേജാറുണ്ടാകാൻ അത് ധാരാളം മതി. അവസാനം പേര് അനിത എന്നാക്കി ‘മതപരിപവർത്തന‘ത്തിന്റെ വക്കുവരെ എത്തുന്നുണ്ടെങ്കിലും അപ്പോഴേക്കും ഒരു കാര്യം വെളിവാകുന്നു. ട്രെയിലിനുള്ള നല്ലൊരു വിഭാഗം ആൾക്കാർ ക്രൈസ്തവരാണ്. അല്ലെങ്കിലും പക്ഷിമൃഗാദികൾക്കും സഞ്ചാരികൾക്കും എന്തോന്ന് ജാതിമത വ്യവസ്ഥകൾ ?!

തീവണ്ടിയിലുള്ളവർ പെട്ടെന്ന് തന്നെ അടുക്കുന്നു. അതും ഒരു വീടാണ്. അതൊരു സമൂഹം കൂടെയാണ്. ഒരു സ്ത്രീയെ സൌകര്യപൂർവ്വം ഒറ്റയ്ക്ക് കിട്ടിയാൽ ചോദിക്കാനും പറയാനും ചെയ്യാനുമൊക്കെ സാധിക്കുന്ന വഷളത്തരങ്ങൾ കൈമുതലായുള്ള ആൾക്കാരും കൂട്ടത്തിലുണ്ട്. 

കൊൽക്കത്ത റെയിൽ വേസ് സ്റ്റേഷനിൽ നാണുവേട്ടന്റെ മൊബൈൽ ബാറ്ററിയുടെ ചാർജ്ജ് തീരരുതേ എന്ന പ്രാർത്ഥനയുമായാണ് സഹയാത്രികർ നിൽക്കുന്നത്. 30 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ഓടിപ്പിടഞ്ഞ് എത്തി നാണുവേട്ടനെ കെട്ടിപ്പിടിച്ച് രണ്ടുപേരും ചേർന്ന് പൊട്ടിക്കരയുന്ന രംഗം ഈറനണിയാതെ വായിച്ചു പോകാൻ വായനക്കാർക്കാവില്ല. ഇരുപത് വർഷങ്ങൾക്ക് മുൻപ് വടകര ബസ്സ് സ്റ്റാന്റിൽ വെച്ചുണ്ടായ ഒരു സംഭവത്തിന്റെ ഹൃദയസ്പർശിയായ ഫ്ലാഷ്‌ബാക്കിലേക്കാണ് ആ അദ്ധ്യായം കടന്നു ചെല്ലുന്നത്.

 കാശി എന്ന വാരണാസിയിലേക്കെത്തുന്നതോടെ യാത്രയുടെ മുഴുവൻ ഊർജ്ജവും പകർന്നുതന്നുകൊണ്ട് പുരാണവും ചരിത്രവുമൊക്കെ നിർലോഭം കടന്നുവരികയായി. ശവശരീരങ്ങൾ ഒഴുകി നടക്കുന്ന ഗംഗയെപ്പറ്റിയുള്ള കഥകൾ കേൾക്കുന്ന ആർക്കും അൽ‌പ്പം അറപ്പും വെറുപ്പുമൊക്കെ ഉണ്ടാകും ആ ‘പുണ്യ’നദിയിൽ മുങ്ങിപ്പൊങ്ങാൻ. എന്നിരുന്നാലും, അന്തരിച്ചുപോയ പ്രായത്തിൽ ഇളയവളായ സഹോദരിക്ക് വേണ്ടി ബലിയർപ്പിക്കാൻ ഗ്രന്ഥകർത്താവ് നദിയിലിറങ്ങുന്നുണ്ട്. അനിയത്തിക്ക് മാത്രമല്ല വീട്ടിലെ മരിച്ചു പോയ എല്ലാവർക്കും, പിന്നെ പാൽ തന്ന പശുവിന്, അരി തന്ന നെൽ‌ച്ചെടികൾക്ക്, പഴം തന്ന മരങ്ങൾക്ക്, പൂക്കൾ തന്ന ചെടികൾക്ക്, വീടുണ്ടാക്കിയ ആശാരിമാർക്ക്, വഴിയിൽ തെന്നിവീണപ്പോൾ അശ്വസിപ്പിച്ച അപരിചിതന്, അങ്ങനെയങ്ങനെ നന്ദിയുടെ സ്നേഹത്തിന്റെ ഓർമ്മപ്പെരുന്നാളുകളുടെ ബലിയായിരുന്നു അതെന്ന് എഴുത്തുകാരി.

 മണികർണികയെപ്പറ്റി പറയുമ്പോൾ മരണവും ശവശരീരങ്ങളും ഒഴിവാക്കി പറയാനാവില്ല. സൈക്കിളിലും റിക്ഷയിലും ബസ്സിലും എന്തിനധികം വിമാനത്തിൽ‌പ്പോലും ശവശരീരങ്ങൾ മണികർണികയിലെത്തുന്നു. പുണ്യനദിക്കരയിൽ ദഹിച്ച് മോക്ഷം പ്രാപിക്കാൻ. അതിന് വേണ്ടിയുള്ള സർവ്വീസ് നടത്തുന്ന, ലാസ്റ്റ് റൈറ്റ്സ് മെയിൽ, ഹെവൺ എൿസ്പ്രസ്സ്, കോർപ്സ് വാഗൺ എന്നിങ്ങനെയുള്ള ബസ്സ് സർവ്വീസുകളുടെ പേരുകളും ഉചിതം തന്നെ. മഴക്കാലത്ത് ഗംഗ ക്ഷുഭിതയാകുമ്പോൾ കെട്ടിടങ്ങൾക്ക് മുകളിൽ വരെ ശവദാഹങ്ങൾ നടക്കുന്നു. ഒരുകാലത്തും ചിതയണയാത്ത കാശിയുടെ മോക്ഷസ്ഥലമായി മണികർണിക നിലകൊള്ളുന്നു.

 ഗംഗയിലേക്കിറങ്ങി നിൽക്കുന്ന ‘ദൂത് കാ കർസ്‘ (മുലപ്പാലിന്റെ കടം) ക്ഷേത്രത്തിന്റെ കഥ, മരിച്ചവരുടെ അസ്ഥിയും ഫോട്ടോയും അയച്ചുകൊടുത്താൽ അസ്ഥി വിസർജൻ നടത്തി അത് വീഡിയോ ആക്കി അയച്ചു കൊടുക്കുന്ന സർവ്വീസുകൾ, നഗ്നസന്യാസിമാർ, മനുഷ്യമാംസം തിന്നുന്ന അഘോരികൾ, ഭസ്മത്തിൽ നിന്ന് കിട്ടുന്ന അസ്ഥിക്കഷണങ്ങൾ, എന്നിങ്ങനെ മണികർണികയിലെ വിവരണങ്ങൾ പിന്നെയും നീളുന്നു.

 ഇന്ത്യയിലെ എല്ലാ ശിവലിംഗങ്ങളും ഒരുമിച്ച് തൊഴുകുന്നതിന്റെ പുണ്യം ലഭിക്കുമെന്ന് വിശ്വസിക്കുന്ന കാശിവിശ്വനാഥക്ഷേത്രമടക്കം ഒരുപാട് ശിവക്ഷേത്രങ്ങളുടെ ചരിത്രവും വിശ്വാസവുമൊക്കെ കടന്നുവരുന്നു ‘വെളിച്ചത്തിന്റെ നൃത്തം എന്ന അദ്ധ്യായത്തിൽ. മലയാളി പാരമ്പര്യമുള്ള തിലഭാണ്ഠേശ്വര ക്ഷേത്രത്തിലെ ശിവലിംഗം ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്നു എന്നാണത്രേ വിശ്വാസം!!

 കാശിയിൽ തീർത്ഥാടനത്തിനായി എത്തുന്ന മലയാളികൾക്ക് വേണ്ടി രാജഭരണകാലത്തുണ്ടാക്കിയ കെട്ടിടങ്ങൾ നശിച്ച് നിലപൊത്താറായിക്കിടക്കുന്ന കാഴ്ച്ചകൾ ‘കാശിയിലെ കേരളം’ എന്ന അദ്ധ്യായം വിവരിക്കുന്നു. ട്രാവൻ‌കൂർ സത്രം അത്തരത്തിൽ ഉപയോഗശൂന്യമായ ഒരു വലിയ കെട്ടിടമാണ്. നിത്യവും അന്നദാനം നടന്നിരുന്ന മഠങ്ങൾ പലതും ഇന്ന് ഉപയോഗശൂന്യമാണ്. നന്നാക്കി എടുക്കാമെന്ന് വെച്ചാലും വൈദ്യുതിയുടേയും വെള്ളത്തിന്റേയും ഭീമമായ കുടിശ്ശിക അടച്ചുതീർക്കാൻ പറ്റാത്ത കടമായി വളർന്നുനിൽക്കുന്നു. മലയാളി ഭരണകർത്താക്കളുടെ പിടിപ്പുകേടിന്റെ സാക്ഷ്യങ്ങളാണൊക്കെയും.

 പ്രധാനമന്ത്രിമാരുടെ നാടായ അലഹബാദിലൂടെ കടന്ന് യാത്ര കൽക്കത്തയിലെത്തുമ്പോൾ പ്രധാന ലക്ഷ്യം ‘അമ്മവീട്’ കാണുക എന്നതാണ്. മദർ തെരേസയുടെ വീടാണ് അമ്മവീടെന്ന് ഉദ്ദേശിക്കുന്നത്. ടാക്സിക്കാരന് അതറിയില്ല. മദറിനേയും അറിയില്ല. മദർ തെരേസയെപ്പോലും അറിയാത്ത കൊൽക്കത്തക്കാരോ എന്ന് എഴുത്തുകാരിയെപ്പോലെ വായനക്കാരും അത്ഭുതം കൂറും. മദറിന്റെ സേവനങ്ങളും ചരിത്രവും എല്ലാം ഊഷ്മളമായി കടന്നുവരുന്നു അമ്മവീട് എന്ന ചാപ്റ്ററിൽ.

 കാളീഘട്ടിലെത്തുമ്പോൾ ദൈവത്തിന്റെ പേരിൽ നടക്കുന്ന പിടിച്ചുപറിയുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു എഴുത്തുകാരി. ക്ഷേത്രം നടന്നുകാണാൻ സഹായിക്കാമെന്ന് പറഞ്ഞവരെ എത്ര വിലക്കിയിട്ടും രക്ഷയില്ലെന്ന് വരുകയും, ദേവീകൃപയ്ക്ക് വേണ്ടിയുള്ള സൌജന്യസേവനമാണ് എന്ന് ആണയിട്ടപ്പോൾ സമ്മതിക്കുകയും ചെയ്തതിന്റെ പേരിൽ അവസാനം 5000 രൂപ കൊടുക്കണമെന്ന അവസ്ഥയിലെത്തുന്നു. ഒച്ചപ്പാടും ബഹളവും അവസാനിക്കാൻ 800 രൂപ കൊടുക്കേണ്ടിയും വരുന്നു. ഇങ്ങനെയുള്ള സ്ഥലത്തൊക്കെ ദൈവത്തിന്റെ കണിക പോലും ഇല്ലെന്ന വിശ്വാസവുമായി വേണം പോകാൻ എന്നാർക്കും തർക്കമുണ്ടാകില്ല.

 ഗയയിൽ ചെന്ന് ബുദ്ധനേയും ‘കണ്ട്‘ മടങ്ങുമ്പോൾ വായ് തോരാതെ കഥകൾ പറഞ്ഞിരുന്ന ആന്റണി മാഷിന് മാത്രം മൌനം. ആഗ്രഹങ്ങൾ ഒന്നും പാടില്ലെന്ന് ബുദ്ധൻ പറഞ്ഞിട്ടുണ്ടെങ്കിലും ഒരാഗ്രഹം മാത്രം ഒഴിവാക്കാൻ പറ്റില്ലെന്ന് ആന്റണി മാഷ്. ‘ഞങ്ങൾ ഭാര്യയും ഭർത്താവും മരിക്കുന്നതിന് മുൻപ് ഞങ്ങളുടെ പൊന്നുമക്കൾ രണ്ടുപേരും മരിക്കണമെന്നതാണ് ആ ആഗ്രഹം. ഉള്ളുപൊള്ളിക്കുന്ന അദ്ദേഹത്തിന്റെ കുടുംബകഥയാണ് അതിന് പിന്നിൽ. ആ ആഗ്രഹം വേണ്ടെന്ന് വെയ്ക്കെന്ന് പറയാനും മാത്രം ഫിലോസഫിയൊന്നും ആർക്കുമറിയില്ല, എത്ര പരതിയിട്ടും.

 ആളെ നോക്കി മതം നിശ്ചയിക്കുന്ന ദൈവത്തിന്റെ ഇടനിലക്കാരായ വിഡ്ഢികൾ കാലാകാലങ്ങളിൽ, സഞ്ചാരത്തിൽ മതം കലർത്താത്ത സുമനസ്സുകൾക്ക് മുന്നിൽ കബളിപ്പിക്കപ്പെടുന്നുണ്ട്. പുരി ജഗന്നാഥ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല. പക്ഷേ, നല്ല ഒന്നാന്തരം പട്ടത്തിയെപ്പോലിരിക്കുന്ന ആൻസിയെ ആരും സംശയിക്കുന്നില്ല. പാലക്കാട്ടുകാരിയായ ഗൌരി ഭട്ടതിരിപ്പാടിനെ കണ്ടാൽ ഹിന്ദുവാണെന്ന് തോന്നാത്തതുകൊണ്ട് അവർ ക്ഷേത്രത്തിന് പുറത്ത് !! മതത്തിന്റെ അതിർവരമ്പുകൾ ഇല്ലാതാകുകയും മതിൽക്കെട്ടുകൾ തകർന്ന് വീഴുകയും ചെയ്യുന്നുണ്ട് ഈ യാത്രയിൽ. തീർത്ഥാടനമായിട്ടായാലും അല്ലെങ്കിലും എല്ലാ ദേവാലയങ്ങളിലും കയറാനാകുന്നില്ലെങ്കിൽ ഒരു സഞ്ചാരം എല്ലാത്തരത്തിലും നിഷ്‌പ്രഭമാകുന്നു. 

യാത്ര ഒരാളെ പലതരത്തിൽ മാറ്റിമറിക്കുന്നു എന്ന് ഈ പുസ്തകത്തിലൂടെ വായിച്ചുപോകാം. ട്രെയിൻ യാത്ര ദുരിതമായിരുന്ന ആൻസി, താളത്തിൽ താരാട്ടുകേട്ടെന്ന പോലെ തീവണ്ടിയിലെ ഉറക്കവുമായി പൊരുത്തപ്പെടുന്നതും മീൻ‌കറിയില്ലെങ്കിൽ ഉണ്ണാത്ത വ്യക്തി വെജിറ്റേറിയൻ ആകുന്നതിന്റെ ഗുണങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്യുന്നതൊക്കെ ഒരൊറ്റ യാത്രകൊണ്ട് സംഭവിക്കുന്നതാണ്. സ്ത്രീകൾ രണ്ടുപേർ ചേർന്ന് യാത്ര ചെയ്യുന്നതിന്റെ സുഖവും സന്തോഷവും യാത്രയ്ക്കിടയിൽ പലപ്പോഴും കാണിക്കുന്ന ധൈര്യവുമെല്ലാം എല്ലാ സഹയാത്രികർക്കും അസൂയയും പ്രചോദനവും ഉണ്ടാക്കുന്ന രീതിയിൽ മികച്ചു നിൽക്കുന്നു ‘ചുവടുകളി‘ൽ.

Monday, September 21, 2015

നടവഴിയിലെ നേരുകൾ

പുസ്തകം : നടവഴിയിലെ നേരുകൾ
രചയിതാവ് : ഷെമി

പ്രസാധകര്‍ : ഡി.സി.ബുക്സ്
 
അവലോകനം : നജീബ് മൂടാടിണ്ണീരിനിടയില്‍ അക്ഷരങ്ങളെ കാണാതെപോവുന്നുവോ?

ഒരു മാസത്തിനുള്ളില്‍ മൂന്നു പതിപ്പുകള്‍ ഇറങ്ങിയ ഷെമിയുടെ ‘നടവഴിയിലെ നേരുകള്‍’ എന്ന നോവല്‍ മലയാള പുസ്തക പ്രസാധന രംഗത്ത് തന്നെ അതിശയം സൃഷ്ടിച്ചിരിക്കുന്നു. അറുന്നൂറു പേജില്‍ അധികമുള്ള ഈ പുസ്തകം ആര്‍ത്തിയോടെ വായിച്ചു തീര്‍ത്ത വായനക്കാരിലൂടെയാണ് ഈ പുസ്തകം ഏറെ പ്രചരിക്കപ്പെട്ടത്.

മനസ്സിനെ അത്രമേല്‍ മഥിച്ചു കളഞ്ഞ ഈ പുസ്തകത്തെ കുറിച്ചും വായനാനുഭവത്തെ കുറിച്ചും സഹൃദയരോട് വിളിച്ചു പറയാതിരിക്കാന്‍ വായനക്കാരന് ആവില്ല. അത് കൊണ്ട് തന്നെയാണ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയിലും അച്ചടി മാധ്യമങ്ങളിലും ‘നടവഴിയിലെ നെരുകളെ’ കുറിച്ചുള്ള ധാരാളം റിവ്യൂകള്‍ വന്നുകൊണ്ടിരിക്കുന്നത്. ദൃശ്യമാധ്യമങ്ങളില്‍ വരുന്ന എഴുത്തുകാരിയുമായുള്ള അഭിമുഖങ്ങളും പുരസ്കാരങ്ങളും അക്ഷരങ്ങളെ സ്നേഹിക്കുന്നവരെ ഏറെ സന്തോഷിപ്പിക്കുന്നു.

വിശപ്പിന്‍റെയും ദാരിദ്ര്യത്തിന്‍റെയും കനല്‍പഥങ്ങള്‍ ചവിട്ടി കടന്നുപോന്ന ഒരു പെണ്‍കുട്ടിയുടെ ദുരിത ജീവിതം വായിച്ചു വിറച്ചുപോയവരുടെ പ്രതികരണങ്ങള്‍, നാം കാണാതെ പോകുന്ന ദയനീയ ജീവിതങ്ങളുടെ ചിത്രങ്ങള്‍ അക്ഷരങ്ങളായി നമുക്ക് മുന്നില്‍ നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ അസ്വസ്ഥമായിപ്പോകുന്ന മനസ്സുകള്‍........... ഈ നടുക്കമാണ് ഈ പുസ്തകത്തെ കുറിച്ച് എഴുതിയവരും പറഞ്ഞവരും ഏറെ പങ്കുവെച്ചത്.

പക്ഷെ ദൌര്‍ഭാഗ്യവശാല്‍ ഈ പുസ്തകം പറയുന്ന ജീവിതങ്ങളെ കുറിച്ച് മാത്രം ചര്‍ച്ചചെയ്യുകയും ദുരിതജീവിതം നയിച്ച ഷെമി എന്ന പെണ്‍കുട്ടിയെ നാം ആദരപൂര്‍വ്വം കാണുകയും ചെയ്യുമ്പോള്‍ എഴുത്തുകാരിയായ ഷെമിയെ ആരും കാണാതെ പോവുകയാണോ എന്ന് സംശയിച്ചു പോകുന്നു.

 നമ്മുടെ കണ്മുന്നിലും അല്ലാതെയും ഉള്ള പട്ടിണിയുടെയും ദാരിദ്ര്യത്തിന്‍റെയും ദുരിതങ്ങളുടെയും കഥകള്‍ നാം എത്രയോ നിത്യവും വായിക്കുന്നു. എന്നിട്ടും അതൊക്കെ എന്തുകൊണ്ടാണ് ഇതുപോലെ നമ്മുടെ ഉള്ളില്‍ നിന്ന് കുടഞ്ഞു കളയാന്‍ കഴിയാതെ നീറിപ്പിടിക്കുന്നില്ല? ജീവിതം നോവലായി എഴുതിയ എഴുത്തുകാരിയുടെ മിടുക്ക് നാം കാണാതെ പോകുന്നത് അവിടെയാണ്.

 ‘ആടുജീവിത’ത്തിലൂടെ നജീബിന്‍റെ ജീവിതം പറഞ്ഞപ്പോള്‍ നാം അംഗീകരിച്ചത് ബെന്യാമിന്‍ എന്ന എഴുത്തുകാരനെയാണ്. തന്റേതായ ശൈലിയിലൂടെ നജീബിന്‍റെ ജീവിതം നോവലായി മാറ്റിപ്പണിത സാഹിത്യകാരനോടുള്ള ആദരം.

ഇവിടെ സ്വന്തം ജീവിതം വളച്ചു കെട്ടില്ലാതെ പച്ചയായി തുറന്നെഴുതിയ ഷെമിയുടെ അക്ഷരങ്ങളുടെ കൈയ്യടക്കവും സാഹിത്യഭംഗിയും വേണ്ടവിധം ആരും ശ്രദ്ധിച്ചതേയില്ല. എഴുത്തുകാരി കെ ആര്‍ മീരയെപ്പോലെ ചുരുക്കം ചിലരെ ഷെമിയിലെ സാഹിത്യകാരിയെ അംഗീകരിച്ചതായി തോന്നിയിട്ടുള്ളൂ.

ഒരു ദേശത്തിന്‍റെ കഥപോലെ വിശാലമായൊരു ഭൂമികയാണ് ഈ നോവലും വരച്ചു വെക്കുന്നത്. മലയാളത്തില്‍ ഏറ്റവും അധികം കഥാപാത്രങ്ങള്‍ ഉള്ള നോവലും ഇതുതന്നെയാണ് എന്ന് തോന്നുന്നു. വളരെ ചുരുങ്ങിയ വാക്കുകളില്‍ വരച്ചിടുന്ന കഥാപാത്രങ്ങള്‍ പോലും ഒരിക്കലും മറക്കാനാവാതെ നമ്മുടെയുള്ളില്‍ തറഞ്ഞുപോകുന്നുവെങ്കില്‍ അത് എഴുത്തുകാരിയുടെ വിജയമാണ്. എന്തിന് ജോഡിയില്ലാത്ത ഒറ്റച്ചെരിപ്പു പോലും നമ്മുടെയുള്ളില്‍ പതിഞ്ഞു പോയ ചിത്രമാകുന്നത് എഴുത്തിന്‍റെ മാന്ത്രികത തന്നെ.

മനുഷ്യരെയെന്നപോലെ ചുറ്റുപാടുകളെയും എത്ര സൂക്ഷ്മമായാണ് ഈ നോവലില്‍ വിവരിച്ചിരിക്കുന്നത്. വാടകവീടും റെയിലോരവും ചായക്കടയും ഒക്കെ ഒരു സിനിമയില്‍ എന്ന പോലെ നമുക്ക് കാണാനാവുന്ന എഴുത്തിന്‍റെ മിടുക്ക്.

 ‘കാലവിധി കൂരിരുട്ടിന് ചൂട്ടു പിടിച്ചപോലെ’, ‘ഹൃദയത്തില്‍ പച്ചകുത്തിയ പോലെ’, ‘അക്ഷരമാണിക്യങ്ങളെ കുഞ്ഞു കൈകളാല്‍ പട്ടുടുപ്പിക്കാമായിരുന്നു’, എന്റോര്‍മ്മയില്‍ വലിയ ഓര്‍മ്മയായി’, ‘കണക്കല്ലാത്ത കണക്ക്’, ‘അനിഷ്ടം ശബ്ദിച്ചു’ ‘ജനസങ്കുലം’, ........ഇങ്ങനെ മനോഹരവും പുതുമയുള്ളതുമായ പ്രയോഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ നോവല്‍.

 ‘പുറ്റുവന്ന മുനിയേപ്പോലെ’, ‘യാ....മൊയ്യത്തീ’, ‘ബാ ....സൂറേന്നുപ്പാ’, ‘എണേ’, ‘കുലുമാലാക്ക്ന്ന്’, ‘ഒന്നേസീറാക്കി’, ‘മാത്’, ‘ഔദാറ് .... കണ്ണൂര്‍ ഭാഷാശൈലിയുടെ മനോഹാരിതയും പ്രാദേശികമായ പ്രയോഗങ്ങളും സംഭാഷണങ്ങളെ എത്ര ഹൃദ്യമാക്കുന്നു.

ഇതൊരു കണ്ണീര്‍പുസ്തകമാണെന്ന മുന്‍വിധിയോടെ വായിക്കുന്നവരെ അതിശയപ്പെടുതുന്ന ആഖ്യാന ശൈലിയാണ് ഈ നോവലിന്‍റെ പ്രത്യേകത ബഷീറിനെ പലപ്പോഴും ഓര്‍ത്തുപോകുന്ന രസകരമായ രീതിയിലുള്ള കഥ പറച്ചില്‍. ‘കുറ്റിപ്പെന്‍സില്‍ വിക്ഷേപണത്തിന് ഒരുങ്ങി നില്‍ക്കുന്ന റോക്കറ്റ് പോലെ .’ എന്നും അത്യാഹിതത്തിലായ രോഗി ആംബുലന്‍സ് സ്വയം ഓടിച്ചു വന്നപോലെ’ എന്നൊക്കെ വായിക്കുമ്പോള്‍ അറിയാതെ പൊട്ടിച്ചിരിച്ചു പോകുന്ന നര്‍മ്മഭാവന.

 ‘ഉമ്മ കണ്ണീര്‍ സഹായമില്ലാതെ കരഞ്ഞു’ ഈ ചെറിയൊരു വാചകം ബഷീറിന്‍റെ ‘വെളിച്ചത്തിന് എന്ത് വെളിച്ചം’ എന്ന പ്രയോഗം പോലെ എത്ര സൂക്ഷ്മവും വിശാലവുമാണ്‌.

എന്തുകൊണ്ടോ അച്ചടി മാധ്യമങ്ങള്‍ പോലും ‘നടവഴിയുടെ നേരുകള്‍’ ഒരു സാഹിത്യകൃതി എന്ന നിലയില്‍ വായിക്കാന്‍ മെനക്കെടാത്തത് ദൌര്‍ഭാഗ്യകരമാണ്.

ദുരിതജീവിതത്തില്‍ നിന്നുള്ള സാന്ത്വനമായി അക്ഷരങ്ങളെ സ്നേഹിച്ച പെണ്‍കുട്ടിയുടെ വായനയും അനുഭവങ്ങളും നല്‍കിയ പ്രതിഭയെ സാഹിത്യപ്രേമികളെങ്കിലും തിരിച്ചറിയണം. വെറുമൊരു കണ്ണീര്‍കഥയായി വായിക്കപ്പെടേണ്ടതല്ല ‘നടവഴിയുടെ നേരുകള്‍’.

ഷെമിക്ക് ലഭിക്കുന്ന അംഗീകാരങ്ങളും ആദരവുകളും ഒരിക്കലും അവരുടെ കടന്നുപോന്ന ജീവിതത്തോടുള്ള അനുതാപം കൊണ്ടാവരുത്. മലയാള സാഹുത്യലോകത്ത് തന്‍റെതായ ഒരു ഇടം കണ്ടെത്തിയ ഒരു എഴുത്തുകാരി എന്ന നിലയില്‍ വിലയിരുത്തപ്പെടുമ്പോഴേ അക്ഷരങ്ങളുടെ ലോകത്ത് അവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കൂ. താല്‍ക്കാലികമായ ഈ ബഹളങ്ങള്‍പ്പുറം അതാണ്‌ നിലനില്‍ക്കുക. അച്ചടി മാധ്യമ രംഗത്തുള്ളവര്‍ എങ്കിലും ഈ പുസ്തകത്തെ കുറിച്ച് എഴുതുമ്പോള്‍ സാഹിത്യകൃതി എന്ന നിലയിലും വിലയിരുത്താന്‍ ശ്രദ്ധിക്കുക.

ഭൂമിയുടെ മകൾ


പുസ്തകം : ഭൂമിയുടെ മകൾ
രചയിതാവ് : സുധീശ് രാഘവൻ
പ്രസാധകർ : ചിന്ത പബ്ലിഷേർസ്
അവലോകനം : സൂനജ അജിത്


സുധീശ് രാഘവൻ എന്ന എഴുത്തുകാരനെ വർഷങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ കുടുംബസമേതം എന്റെ വീട്ടിൽ വെച്ചാണ് കാണുന്നത്. ചേട്ടന്റെ അടുത്ത സുഹൃത്തായ അദ്ദേഹത്തിൻറെ രണ്ടാമത്തെ നോവൽ "ഭൂമിയുടെ മകൾ" അഭിപ്രായം പറയണമെന്ന അഭ്യർത്ഥനയോടെ കൊടുത്തുവിട്ടത്‌ സന്തോഷപൂർവ്വം കൈപ്പറ്റിയ ദിവസം തന്നെ വായിക്കാൻ എടുത്തിരുന്നു.

 ആദ്യത്തെ രണ്ടുമൂന്നു അദ്ധ്യായങ്ങൾ പെട്ടെന്ന് കടന്നുപോയി.. ഭംഗിയുള്ള ഭാഷയും നല്ല ആഖ്യാനവും പിടിച്ചിരുത്തുകതന്നെ ചെയ്തു. പിന്നീട് കഥയിൽ പെട്ടെന്ന് മനസിനെ അലോസരപ്പെടുത്തുന്ന കുറെ സംഭവങ്ങൾ. നമ്മൾ എന്നും വാർത്തകളിൽ അറിയുന്ന കുറെ അനിഷ്ടങ്ങൾ. നിരന്തരം പീഡിപ്പിക്കപ്പെടുന്ന സ്ത്രീജന്മങ്ങളുടെ ഗതികേടുകൾ മാത്രമായി വന്നപ്പോൾ എന്തുകൊണ്ടോ കുറച്ചു ദിവസത്തേക്ക് പുസ്തകം കയ്യിലെടുത്തില്ല. അത് കഴിഞ്ഞപ്പോൾ തിരക്കായി, ഓണം, അതിഥികൾ, യാത്ര അങ്ങനെ.

അപ്പോൾ പിന്നെ യാത്ര പുറപ്പെടുമ്പോൾ മറക്കാതെ ഹാൻഡ്‌ ബാഗിൽതന്നെ 'ഭൂമിയുടെ മകളെ' കയറ്റിവെച്ചു. വീണ്ടും വായിച്ചുതുടങ്ങിയപ്പോഴാണ് ഞാൻ അതിലേക്ക് കുറേക്കൂടി ഇറങ്ങിയതെന്ന് തോന്നുന്നു. അല്ലെങ്കിൽ, വ്യത്യസ്തരായ കഥാപാത്രങ്ങളുടെ മനസുകളിലൂടെയും അനുഭവങ്ങളിലൂടെയും ആഴത്തിൽ നടന്നത് അപ്പോഴാണ്‌ എന്നുപറയാം. അങ്ങനെ സഞ്ചരിക്കുംതോറും ശ്രദ്ധേയമാവുന്നത്‌ ഇതിലെ ബന്ധങ്ങളാണ്. തുടക്കത്തിൽ, ഭാര്യ മരിച്ച ദിവസം തന്നെ ഹൃദയം സ്തംഭിച്ചുപോവുന്ന ഭർത്താവിനെ കാണുമ്പോൾ ഒരുറച്ച കണ്‍വെൻഷനലായ സ്നേഹബന്ധത്തിന്റെ കഥയാവും പറഞ്ഞുവരുന്നത് എന്ന് തോന്നും. പക്ഷെ മുന്നോട്ടു പോവുംതോറും ഉപാധികളില്ലാത്ത ചിലപ്പോഴൊക്കെ പേരിട്ടുവിളിക്കാനാവാത്ത, എന്നാൽ ഉറച്ചതുമായ സ്നേഹബന്ധങ്ങൾ സ്ത്രീയും പുരുഷനും തമ്മിലും സ്ത്രീകൾ തമ്മിലും കാണാൻ സാധിക്കും. കഥയുടെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ നോവലിനുള്ളിൽ മറ്റൊരു നോവൽ തുറന്നുകൊണ്ട് അത്ഭുതപ്പെടുത്തുന്നു എഴുത്തുകാരൻ.

ഭ്രാന്തിയായ ജയന്തിയുടെ ജല്പനങ്ങൾ എന്ന മുൻ‌കൂർ ജാമ്യം ബോധപൂർവം എടുത്തതാണെന്ന് വായിച്ചുവരുമ്പോൾ തോന്നിപ്പോവും. കാരണം ഇതിഹാസമായ രാമായണകഥ തന്നെയാണ് മാറ്റിയെഴുതപ്പെട്ടിരിക്കുന്നത്. പരിത്യക്തയായ ഭൂമീപുത്രിയെ കാട്ടുവാസിയായ രത്തൻ എന്ന ചെറുപ്പക്കാരൻ രക്ഷിക്കുന്നതും അവരുടെ സംരക്ഷണയിൽ അവൾ പ്രസവിക്കുന്നതും അവരുടെയുള്ളിൽ ഒരു പുതിയ ബന്ധം ഉണ്ടാവുകയും ചെയ്യുന്നതായി പറയുമ്പോൾ അവിടെ ചില പുരികങ്ങളെങ്കിലും ഉയരാതിരിക്കില്ല. മര്യാദാ പുരുഷോത്തമൻ അവിടെ രൂക്ഷവിമർശനത്തിന് വിധേയനാവുന്നുണ്ട്.

ഭർത്താവിനെ മാത്രം വിശ്വസിച്ച് കൊട്ടാരത്തിലും കാട്ടിലും ഒരുപോലെ അനുഗമിച്ച പത്നിയുടെ വിഷമാവസ്ഥയിൽ കൂട്ടാവുന്നതിനു പകരം അധികാരമോഹം കൊണ്ട് അവളെ ഉപേക്ഷിച്ചു കളയുകയാണ് രാമൻ ചെയ്യുന്നതെന്ന് ജയന്തി പറയുന്നു. രാമനടങ്ങുന്ന അധീശവർഗം കാട്ടാളനായ രത്തനെ ചെയ്യാത്ത കുറ്റം ചുമത്തി ശിക്ഷിക്കാനോരുങ്ങുമ്പോൾ സീത അവനു സ്നേഹത്തിന്റെ ഭാഷ പഠിപ്പിക്കുന്നു. അധികാരലോകത്ത് അവൾ അറിഞ്ഞതെല്ലാം പകരുന്നു. ജീവരാശിക്കുള്ള സന്ദേശമായി അങ്ങനെ രത്തൻ സ്നേഹത്തിന്റെ ഇതിഹാസം രചിക്കുന്നു. അഹിംസയുടെ ഗാനം! ഭൂമിയുടെ മക്കളുടെ ജീവരാഗം! ഭ്രാന്തി സ്വപ്നം കാണുന്നു, "രാമായണം ഇങ്ങനെയായിരുന്നെങ്കിൽ അവിടെ നീതിയുടെ തുല്യതയും കരുണയും ഉണ്ടാവുമായിരുന്നു. ഒരു ജനതയുടെ സംസ്കൃതി മാറിമറിയുമായിരുന്നു " എന്ന്! പ്രകൃതിയെയാണ്‌ സ്നേഹിക്കേണ്ടത്.

ലോകത്ത് സകലചരാചരങ്ങളും ഒടുവിൽ പ്രകൃതിയോടു ചേരേണ്ടതുതന്നെയാണ് എന്നൊരു സന്ദേശം കൂടി വായിക്കാൻ കഴിയുന്നു ഇതിൽ. ഇതൊരു സ്ത്രീപക്ഷരചന ആണെന്ന് കൂടി നിസ്സംശയം പറയാം. ആണിന് വെട്ടിപ്പിടിക്കാനും സ്വന്തമാക്കി വെക്കാനുമുള്ളതാണ് മണ്ണും പെണ്ണും എന്ന വ്യവസ്ഥിതി യുഗങ്ങൾ താണ്ടിയും അങ്ങനെ തന്നെ തുടരുന്നു എന്നതിനുള്ള ദൃഷ്ടാന്തങ്ങൾ ഒന്നൊന്നായി നിരത്തുന്നുണ്ട്‌ ഇതിൽ. പലതരത്തിൽ മാനഭംഗപ്പെട്ട് യാതനകൾ അനുഭവിക്കേണ്ടി വന്നു നിസ്സഹായരായി നില്ക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടെങ്കിലും ഇടക്കെങ്കിലും നന്മയുടെ അംശം പേറുന്ന ചിലരെ പരിചയപ്പെടുത്തി ഒരു പ്രത്യാശയും തരുന്നുണ്ട് കഥാകാരൻ. മേഴ്സി ലോറയും ഷംസുമൊക്കെ അങ്ങനെ ചിലരാണ്.

അവതാരികയിൽ ശ്രീ ബന്യാമിൻ പറഞ്ഞതുപോലെ "സുഖമുള്ള കാര്യങ്ങൾ കാണാനും കേൾക്കാനും വായിക്കാനും ഇഷ്ടപ്പെടുന്ന ഈ കാലത്ത് അത്ര സുഖമില്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ട് നമ്മുടെ ബോധത്തിനുമേൽ ഒരു ചെറിയ പോറൽ വീഴ്ത്താനുള്ള വിജയകരമായ ശ്രമം" തന്നെയായിരുന്നു അതെന്നു ബോധ്യമായി. നല്ലൊരു വായനാനുഭവം സമ്മാനിച്ച സുധീശേട്ടന് നന്ദി.. സന്തോഷം. ഇന്ന് ഈ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ബഹറിനിൽ വെച്ച് നടക്കുന്നു. ഹൃദയം നിറഞ്ഞ ആശംസകൾ! ചിന്ത പബ്ലിഷേഴ്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. വില : 120 രൂപ