Monday, December 31, 2012

ബല്‍ത്താസര്‍ & ബ്ലിമുണ്ട


പുസ്തകം : ബല്‍ത്താസര്‍ & ബ്ലിമുണ്ട
രചയിതാവ് : ഷൂസെ സറമാഗോ

പ്രസാധകര്‍ :

അവലോകനം : ലാസര്‍ ഡിസല്‍‌വ



വ്യോമയാത്രയുടെ പയനിയര്‍ എന്ന് അറിയപ്പെടുന്നത് പതിനെട്ടാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗലില്‍ ജീവിച്ചിരുന്ന ബര്‍ത്തലോമിയോ ലോറെന്‍സോ എന്ന ബ്രസീലിയന്‍ പാതിരിയാണ്. ലിസ്ബണ് മുകളിലൂടെ ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരം അദ്ദേഹം ഒരു ആകാശയാനം പറത്തി എന്ന് വിശ്വസിക്കപ്പെടുന്നു. തുടര്‍ന്ന് ക്രിസ്ത്യന്‍ മതാധികാരികളുടെ ഇടപെടലിനെ തുടര്‍ന്ന് അദ്ദേഹം തന്റെ ആകാശയാനത്തെ കുറിച്ചുള്ള പ്ലാനുകള്‍ കത്തിച്ചുകളയുകയും സ്പെയിനിലേക്ക് രക്ഷപ്പെടുകയും ആയിരുന്നുവത്രേ. ഇതേ കാലത്ത് തന്നെയാണ് ഇന്നും പോര്‍ച്ചുഗലിലെ വാസ്തുവിസ്മയം ആയി നില്‍ക്കുന്ന കോണ്‍വെന്റ് ഓഫ് മഫ്രയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. ജോണ്‍ അഞ്ചാമന്‍ ആണ് അന്നത്തെ പോര്‍ച്ചുഗീസ് രാജാവ്. തനിക്കൊരു പിന്ഗാമി പിറക്കുകയാണെങ്കില്‍, അങ്ങിനെ പ്രവചിച്ച ഫ്രാന്‍സിസ്ക്കന്‍ സന്യാസസമൂഹത്തിനു ഒരു ആശ്രമം നിര്‍മ്മിച്ച്‌ നല്‍കാമെന്നു രാജാവ് വാഗ്ദാനം ചെയ്തു. അതിന്റെ പരിണിതഫലമാണ്‌ കോണ്‍വെന്റ് ഓഫ് മഫ്ര. ഒരു ചെറിയ ആശ്രമമായി പണിതുടങ്ങിയ കെട്ടിടം കാലാന്തരേണ ഒരു വന്‍കൊട്ടാരമായി പരിണമിക്കുകയായിരുന്നു. അതിലേക്ക് നയിച്ച പ്രധാന കാരണം പോര്‍ച്ചുഗല്‍ അക്കാലത്ത് ഒരു വന്‍ നാവികശക്തിയായിത്തീരുകയും സമ്പന്നമായ പല വിദേശനാടുകളും അതിന്റെ അധീനതയിലായി എന്നതും അവിടെ നിന്നുള്ള സമ്പത്ത് അനിയന്ത്രിതമായി ആ രാജ്യത്തേയ്ക്ക് ഒഴുകിയെത്താന്‍ തുടങ്ങി എന്നുള്ളതുമായിരുന്നു. ആ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിന് കാരണഭൂതയായി തീര്‍ന്ന രാജകുമാരിയെ സംഗീതം പഠിപ്പിക്കാന്‍ റോമില്‍ നിന്നും എത്തിയ വിദ്വാനായിരുന്നു ഡോമിനിക്കോ സ്കാര്‍ലെറ്റി. ഹാര്‍പ്സികോര്‍ഡു വാദനത്തില്‍ അദ്വതീയനായി അദ്ദേഹം അറിയപ്പെടുന്നു.

ബര്‍ത്തലോമിയോ ലോറെന്‍സോയും കോണ്‍വെന്റ് ഓഫ് മഫ്രയും ഡോമിനിക്കോ സ്കാര്‍ലെറ്റിയും ഒക്കെ മൂര്‍ത്തമായ ചരിത്രം. എന്നാല്‍ ചരിത്രത്തിന് വ്യവസ്ഥാബദ്ധമായ ഏകാമാനതയില്ല. അത് ആകര്‍ഷണീയമായ നിഗൂഡമൌനങ്ങളുടെ ഖനിയാണ്. ചരിത്രം സംഭവങ്ങളെ ഓര്‍മ്മിക്കുകയല്ല, ഓര്‍മ്മകള്‍ സംഭവങ്ങളെ ഭാവനാപൂര്‍വ്വം പുനരാവിഷ്ക്കരിക്കുകയാണ്. കോണ്‍വെന്റ് ഓഫ് മഫ്ര പണിതുയരാനെടുത്ത പതിമൂന്നു വര്‍ഷത്തിനിടയ്ക്ക് ആ പരിസരങ്ങളിലൂടെ എത്ര ജീവിതങ്ങള്‍ കടന്നുപോയിരിക്കും. ഒരുസമയത്ത് നിര്‍മ്മാണതൊഴിലാളികളായി മാത്രം അവിടെ നാല്പ്പതിനായിരത്തില്‍പ്പരം മനുഷ്യര്‍ പാര്‍ത്തിരുന്നുവെന്നാണ് കണക്ക്. ഷൂസെ സറമാഗോ, മുകളില്‍ സൂചിപ്പിച്ച വ്യക്തികളുടെയും സംഭവത്തിന്റെയും പിന്നാമ്പുറത്തു നിന്ന് ചരിത്രം രേഖപ്പെടുത്താതെ വിട്ടുകളഞ്ഞ രണ്ടുപേരെ, അവരുടെ വിചിത്രലോകങ്ങളോടെ, വീണ്ടെടുക്കുകയാണ് ഈ നോവലില്‍ - ബല്‍ത്താസറും ബ്ലിമുണ്ടയും. അവര്‍ യഥാര്‍ത്തത്തില്‍ ജീവിച്ചിരുന്നോ? വ്യവസ്ഥാപിതചരിത്രം അവരെ അടയാളപ്പെടുത്തിയിട്ടില്ല. പക്ഷെ, ഭാവന ചരിത്രത്തെ അമൂര്‍ത്തസുന്ദരവും സഹനീയവും ആക്കുന്നത് ഇത്തരം വൈവിധ്യപൂര്‍ണ്ണമായ ഭൂതസന്ചാരങ്ങളിലൂടെയാണ്.

മുത്തശ്ശികഥകള്‍ വിചിത്രസുന്ദരമായ ഒരു ലോകമാണ്. പുളിക്കുന്ന മുന്തിരിങ്ങയെ ഉപേക്ഷിച്ച് പോകുന്ന കുറുക്കനും, ഓട്ടപന്തയം വയ്ക്കുന്ന ആമയും മുയലും ഒക്കെ മനുഷ്യരെ പോലെ ചിന്തിക്കുക്കയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈസോപ്പ് കഥകളും പഞ്ചതന്ത്രം കഥകളും വായിച്ച ആരും അതിന്റെ യുക്തിയെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടില്ല. കഥ യുക്ത്യാതീതമാണ് എന്ന് ആദ്യമായി അവ കേള്‍ക്കുന്ന കൊച്ചുകുട്ടികള്‍ കൂടി മനസ്സിലാക്കിയിരുന്നു. കഥപറച്ചിലിന്റെ അതീതതലങ്ങള്‍ വലിയ എഴുത്തുകാര്‍ എന്നും അറിഞ്ഞിരുന്നു. മഹാഭാരതവും രാമായണവും ഒക്കെ ഇത്തരം അതീത കാവ്യാനുഭവങ്ങളാണ് പങ്കുവയ്ക്കുക. മാക്ബത്തിലെ കഥ നിയന്ത്രിക്കുന്നത്‌ 'വിച്ചസ്' ആണല്ലോ. പുതിയ കാലത്തിന്റെ ആധുനികമായ അനുഭവപ്രദേശത്ത്‌ ഭ്രമകല്പനകളുടെ ഒരു അടരിനെ കലയില്‍ മാജിക്കല്‍ റിയലിസം എന്ന് നമ്മള്‍ അഭിസംബോധന ചെയ്യാറുണ്ട്. പറഞ്ഞ് വരുന്ന കഥയെ 'ഫെയറി ടെയ്ല്‍' എന്ന് ഈ നോവലില്‍ ഒരിടത്ത് എഴുത്തുകാരന്‍ തന്നെ വിശേഷിപ്പിക്കുന്നു. യൂറോപ്പിലെ പുതിയ കഥാകൃത്തുക്കളില്‍ മാജിക്കല്‍ റിയലിസം കൃത്യമായി അലിയിച്ച് എടുത്ത ഒരു എഴുത്തുകാരന്റെ മാനിഫെസ്റ്റോ ആയി അതിനെ വായിക്കാം.

ബര്‍ത്തലോമിയോ തന്റെ ആകാശയാനം പറത്തിയത് ശാസ്ത്രീയമായ സാങ്കേതികതകള്‍ ഉപയോഗിച്ച് തന്നെയാവും. എന്നാല്‍ സറമാഗോയുടെ ബര്‍ത്തലോമിയോ തന്റെ വിമാനം പറത്താന്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനമായ അസംസ്കൃതവസ്തു, മരിക്കുന്ന നേരത്ത് മനുഷ്യശരീരത്തില്‍ നിന്നും ആത്മാവിനോടൊപ്പം പുറത്തുകടക്കുന്ന ഇരുണ്ട നിഴലുപോലുള്ള, മനുഷ്യകാമനകളെ പ്രതിനിധീകരിക്കുന്ന ഏതോ ജൈവവസ്തുവാണ്. അതിനെ മനുഷ്യനില്‍ നിന്നും അടര്‍ത്തിയെടുത്തു സചേതനമായി സൂക്ഷിക്കാനാവുന്നത് ബ്ലിമുണ്ട എന്ന പെണ്‍കുട്ടിക്കുള്ള അതീന്ദ്രിയമായ കഴിവ് കൊണ്ടാണ്. അവള്‍ക്ക് വിശന്നിരിക്കുന്ന നേരത്ത് മനുഷ്യശരീരത്തിന്റെ ഉള്‍ഭാഗങ്ങള്‍ കാണാന്‍ സാധിക്കും. യൂറോപ്പില്‍ മാജിക്കല്‍ റിയലിസത്തിന്റെ മറ്റൊരു പ്രധാന പ്രയോക്താവായി അറിയപ്പെടുന്ന സല്‍മാന്‍ റുഷ്ദിയുടെ 'മിഡ്‌നൈറ്റ് ചില്‍ദ്ര'നിലെ നായകനായ സലിം സീനായിക്ക് മറ്റുള്ളവരുടെ ചിന്തകളിലേക്ക് കടന്നു കയറാനുള്ള കഴിവ് ചിത്രീകരിച്ചതിനോടുള്ള സര്‍ഗാത്മകസാമ്യം ഇവിടെ ഓര്‍ക്കാം.

നേര്‍ക്കുനേര്‍ സാമൂഹ്യവിമര്‍ശനമാണ് സറമാഗോയില്‍ പലപ്പോഴും. വൈരുദ്ധ്യത്തിന്റെ രൂക്ഷപരിഹാസത്തിലൂടെയാണ് അദ്ദേഹമത് സാധിക്കുന്നത്. എത്ര വലിയ കുരിശായാലും അതിന് നിവര്‍ന്നുനില്‍ക്കണമെങ്കില്‍ മനുഷ്യനിര്‍മ്മിതമായ ഒരു താങ്ങ് വേണം. എന്നാല്‍ കുരിശിനെ ആരാധിക്കുന്ന മനുഷ്യനോ - കാലില്ലാത്തവന്‍ ആണെങ്കില്‍ പോലും ഒരു ആന്തരിക ഊര്‍ജ്ജം കൊണ്ട് നിവര്‍ന്നുനില്‍ക്കും. വ്യവസ്ഥാപിത മതബോധത്തിനെതിരെ ഇത്തരത്തിലുള്ള നിരന്തര പരിഹാസം നോവലിലുടനീളം വായിക്കാം-ലൈംഗീകഅരാജകത്വം നിറഞ്ഞുനില്‍ക്കുന്ന കന്യാസ്ത്രീമഠംങ്ങള്‍, ദൈവത്തിന്റെ നേര്‍പാതിയായി പ്രത്യക്ഷപ്പെട്ടു അധികാരപ്രമത്തമായി തീര്‍ന്നിരിക്കുന്ന സന്യാസസമൂഹങ്ങള്‍. പക്ഷെ ആത്യന്തികമായി വിരുദ്ധോദ്യമമായാണ് ഇത് പരിണമിക്കുന്നതെന്നു അനുഭവപ്പെടും. ക്രിസ്ത്യന്‍ എത്തിക്സിന്റെ അപചയത്തെ കുറിച്ചാണ് പ്രതിപാദ്യം. തീര്‍പ്പുകളുള്ള ദ്വന്ദങ്ങളുടെ ലളിതമായ ഉത്തരംതേടല്‍. തത്വവിചാരത്തിന്റെ സങ്കീര്‍ണമായ അടരുകളിലേക്ക് അനുവാചകനെ വലിച്ചിട്ട്, ഒരുപാട് തുടര്‍വഴികളിലേക്ക് ഉദ്യമിപ്പിക്കുന്ന ധൈഷണിക ഊര്‍ജ്ജം പങ്കുവയ്ക്കപ്പെടുന്നില്ല.

അനേകം കൈവഴികളിലൂടെ പടര്‍ന്നു പോകുന്ന പ്രതിപാദ്യത്തിന്റെ തിക്കിതിരക്കുകള്‍ക്കിടയ്ക്ക്, നിശ്ശബ്ദം തരളമായി തുടരുന്നതാണ് ബാല്ത്താസറിന്റെയും ബ്ലിമുണ്ടയുടെയും പ്രണയം - ഭാവങ്ങള്‍ക്കനുസരിച്ചു കൃഷ്ണമണിയുടെ നിറംമാറുന്ന ബ്ലിമുണ്ടയും യുദ്ധത്തില്‍ ഇടതുകൈ നഷ്ടപ്പെട്ട പഴയ യോദ്ധാവായ ബല്‍ത്താസറും. ലിസ്ബനിലെ ഒരു തെരുവില്‍ ജനക്കൂട്ടത്തില്‍ തനിക്കു പിറകില്‍ വന്നുപെട്ട ഒരു ചെറുപ്പക്കാരനോട് ബ്ലിമുണ്ട "എന്താണ് നിന്റെ പേര്?" എന്ന് ഏതോ അജ്ഞാതമായ ഉള്‍പ്രേരണയാല്‍ ‍തിരക്കുന്നിടത്ത് നിന്നും ആരംഭിക്കുന്ന, ആഴത്തിലെ തെളിര്‍ജലം പോലെ ഒഴുകുന്ന ഒരു വിചിത്രപ്രേമം. തന്റെ ഗാഡവും ഏറെ സമരംചെയ്തതുമായ പ്രണയം ഒരു നിമിഷാര്‍ദ്ധത്തിന്റെ ഉണര്‍ച്ചയില്‍ ഉപേക്ഷിച്ചുകളയുന്ന ഫെര്‍മീന എന്ന നായികയെ മാര്‍ക്കേസ് 'ലൌവ് ഇന്‍ ദി ടൈം ഓഫ് കോളറ' എന്ന നോവലില്‍ ചിത്രീകരിക്കുന്നുണ്ടല്ലോ. എതിര്‍ധ്രുവത്തില്‍ ആണെങ്കിലും, അതുപോലെ പ്രത്യേകിച്ച് ഉത്തരമില്ലാത്ത മനുഷ്യസ്വഭാവത്തിന്റെ പ്രഹേളികാഭൂമികയില്‍ വച്ചാണ് ബല്‍ത്താസറും ബ്ലിമുണ്ടയും കണ്ടുമുട്ടുന്നത്. മദ്ധ്യവയസ്സിനോട് അടുക്കുന്ന കാലത്ത്, ബല്‍ത്താസറിനോടുള്ള പ്രതിബദ്ധതയില്‍‍, തന്നെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു സന്യാസിയെ കൊല്ലേണ്ടി വരുന്നുണ്ട് ബ്ലിമുണ്ടയ്ക്ക്. അതിനുശേഷം ഒന്‍പത് വര്‍ഷം ബല്‍ത്താസറിനെ തിരക്കി പോര്‍ച്ചുഗലിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ അനേകവഴികള്‍ നടന്നുതീര്‍ക്കുന്നുണ്ട് അവള്‍. പലപ്പോഴും മറ്റൊരു ഭാഷ സംസാരിക്കുന്ന ജനങ്ങളെ കണ്ടുമുട്ടുമ്പോള്‍ മാത്രമാണ് താന്‍ രാജ്യത്തിന്റെ അതിര്‍ത്തി കടന്നു എന്നുപോലും അവള്‍ അറിയുന്നത്. ഒടുവില്‍ ആകാശയാനം പറത്തിയ കുറ്റത്തിനാവാം ചുട്ടുകൊല്ലപ്പെടുന്ന ബല്‍ത്താസാറില്‍ നിന്നും വേര്‍പെടുന്ന ആത്മാവിന്റെ ജൈവപ്രവാഹത്തെ തന്നിലേക്ക് ആവാഹിക്കുന്ന ബ്ലിമുണ്ടയിലാണ് നോവല്‍ അവസാനിക്കുന്നത്. രാജാധികാരപ്രമത്തതയുടെയും മതപരവും സാമൂഹികവുമായ അപചയങ്ങളുടെയും ബഹുസ്വരതകള്‍ക്കിടയ്ക്ക് ബാല്ത്താസറിന്റെയും ബ്ലിമുണ്ടയുടെയും പ്രണയം മനുഷ്യനന്മയുടെ അടിയൊഴുക്കായി, പ്രതീക്ഷയുടെ ലീനമുഖമായി, ഒറ്റപെട്ട വിഷാദകാവ്യമായി ബാക്കിയാവുന്നു.

മധുരനാരങ്ങ പോലെ ലളിതസുന്ദരമായ കഥാനൈരന്തര്യം തിരക്കിചെല്ലുന്ന ഒരാള്‍ക്ക്‌ തീര്‍ച്ചയായും ഈ പുസ്തകം വിരസമാവും. അവസാനമില്ലാത്ത വാക്യങ്ങളിലൂടെ, അവസാനമില്ലാത്ത ഖണ്ഡികകളിലൂടെ നീണ്ടു നീണ്ടു പോകുന്ന ചിന്തകളുടെയും വിവരണങ്ങളുടെയും ഒടുങ്ങാത്ത സമ്മേളനം. അതിനിടയില്‍ നിന്ന് കഥയുടെ അടിയൊഴുക്ക് അനുഭവിക്കാന്‍ ഏറെ മൂങ്ങാംകുഴിയിടേണ്ടിവരും. അനായസതയോടെ അത്രയും ശ്വാസംപിടിക്കാന്‍ സാധിക്കുക ചരിത്രത്തെ ഭാവന അലിയിക്കുന്ന സുപരിചിതമല്ലാത്ത സംശ്ലേഷണം ഉളവാക്കുന്ന ഗാഡമായ കൌതുകംകൊണ്ട് തന്നെയാവും. രുദ്രധൈഷണികതയുടെ തത്വവിചാരം ഒഴുകുന്ന പുഴയിലാണ് മുങ്ങേണ്ടത് എന്നുമാവില്ല അത്. മറ്റൊരു ഭൂമിക - വെളുത്തതും ഇരുണ്ടതുമായ ഫലിതങ്ങളുടെയും പരിഹാസവിമര്‍ശനങ്ങളുടെയും മിന്നിപൊലിയുന്ന പ്രണയതരളതയുടെയും വിഷാദമൂകതയുടെയും ഒക്കെ സമ്മിശ്രപൂരണം.

Friday, December 28, 2012

തത്സമയം


പുസ്തകം : ‍തത്സമയം
രചയിതാവ് : കല്‍പ്പറ്റ നാരായണന്‍

പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌

അവലോകനം : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍


ഴുത്തുകാരന്‍ എന്ന നിലയില്‍ സുപരിചിതനാണ്‌ കല്‍പ്പറ്റ നാരായണന്‍. എന്നാല്‍ ഈ പരിചിതത്വത്തെ ഭേദിക്കുന്ന അസാധാരണമായ പല സവിശേഷതകളും കല്‍പ്പറ്റ നാരായണന്റെ 'തത്സമയം' എന്ന പുസ്‌തകത്തിലുണ്ട്‌. സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞ കാപട്യങ്ങളെ ഈ ലേഖനങ്ങള്‍ ചോദ്യംചെയ്യുന്നു. വിട്ടുവീഴ്‌ചയില്ലാത്ത കാഴ്‌ചപ്പാടുകളുടെ നിശിതത്വവും ശിക്ഷണ തീവ്രതയും ഈ ലേഖനങ്ങളിലുണ്ട്‌. ഓര്‍മ, വിവരണം, വ്യക്തിചിത്രങ്ങള്‍ എന്നിങ്ങനെ തന്നോടുതന്നെയും സമൂഹത്തോടും ഒരാള്‍ നടത്തുന്ന ആത്മസംവാദങ്ങളുടേയും നിരീക്ഷണങ്ങളുടേയും സമാഹാരമാണ്‌ തത്സമയം. (വില : 90 രൂപ)

ഭാഷയിലും ഭാവനയിലും കല്‍പ്പറ്റ നടത്തുന്ന ഇടപെടലുകളും പ്രതികരണങ്ങളും അവ പ്രകടിപ്പിക്കുന്ന മൗലികതയും എടുത്തുപറയേണ്ടതാണ്‌. മുപ്പതു ലേഖനങ്ങളാണ്‌ പുസ്‌തകത്തിലുള്ളത്‌.എഴുത്തിനെ സംബന്ധിച്ച്‌ തികഞ്ഞ രാഷ്‌ട്രീയ നിലപാട്‌ ഈ പുസ്‌തകത്തിലെ രചനകളുടെ തെരഞ്ഞെടുപ്പിന്‌ പിന്നിലുണ്ട്‌. വിമര്‍ശനം ജീവന്റെ കലയാണ്‌. അത്‌ നിഴല്‍ച്ചിത്രമല്ല. മനസ്സ്‌ മനസ്സിനോട്‌ സംസാരിച്ചു കൊണ്ടിരിക്കണം. ആ ലക്ഷ്യം സാധൂകരിക്കുകയാണ്‌ കല്‍പ്പറ്റ നാരായണന്‍ `തത്സമയ'ത്തില്‍.

പുസ്‌തകത്തിന്റെ ആമുഖത്തില്‍ പറയുന്നു:` നിങ്ങളുടെ യുക്തിയെയല്ല, ഭാവനയെയാണ്‌ ഞാനാശ്രയിക്കുന്നത്‌. അതുകൊണ്ട്‌ കവിതയുടെയോ കഥയുടെയോ ഉടലുകള്‍ ചിലപ്പോള്‍ ഈ രചനകളുടെ ഉടലുകളാവുന്നുണ്ട്‌.'മറ്റൊരിടത്ത്‌ കല്‍പ്പറ്റ എഴുതി: `തത്സമയമേ' കേരളത്തിലിന്നുള്ളൂ. ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളൊക്കെ തത്സമയമായി ചുരുങ്ങി മലയാളിയുടെ കാലം ഒരല്‍ഷൈമേഴ്‌സ്‌ രോഗിയുടെ കാലംപോലൊന്നായി മാറുകയാണോ?'പൂര്‍ണമായും കാഴ്‌ചപ്പുറങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഒരു നാഗരികതയെക്കുറിച്ചുള്ള വ്യസനങ്ങളാണ്‌ കല്‍പ്പറ്റ നാരായണന്റെ ലേഖനങ്ങള്‍. കുറിക്കുകൊള്ളുന്ന നര്‍മ്മഭാഷയും നിശിത വിമര്‍ശനവും സൂക്ഷ്‌മ നിരീക്ഷണവും ഒത്തിണങ്ങിയ ലേഖനങ്ങളാണിവ.

'മുതിര്‍ന്നവരുടെ കലഹം മുഴുവനായി തീരലില്ല, ഏതോ ചിലത്‌ ഉണര്‍ന്നത്‌ വീണ്ടും ഉറങ്ങുന്നുണ്ട്‌. അടുത്ത സന്ദര്‍ഭത്തില്‍ കൂടുതല്‍ വീര്യത്തോടെ ഉണരാന്‍. മുതിര്‍ന്നവരുടെ കലഹം കലഹകാരണം ഇല്ലാതാകുന്നതോടെ ഇല്ലാതാകുന്നില്ല'-(കുട്ടികളെക്കണ്ട്‌ പഠിക്കാം)`കവിതയുടെ ജലവിതാനം താഴുമ്പോള്‍' എന്ന ലേഖനത്തില്‍: `സംഭാഷണഭാഷ കേവലം അറിയിക്കലിന്റേതായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന, ജലവിതാനം നന്നേ താണ ഭൂമിയിലെ കവിതകളാണ്‌ ഇന്ന്‌ ഏറെ എഴുതപ്പെടുന്നതും. കവിയെ കുറ്റപ്പെടുത്തി കൂടാ. ഭാഷ കവിതയില്‍പ്പോലും ഗദ്യമാവുന്നതില്‍ അവര്‍ മാത്രമല്ല കുറ്റക്കാര്‍. മലയാളഭാഷ മങ്ങുകയാണ്‌.'-എന്നിങ്ങനെ വിഷയത്തിലേക്ക്‌ നേരിട്ട്‌ ഇറങ്ങി നില്‍ക്കുന്ന എഴുത്തുശീലമാണ്‌ കല്‍പ്പറ്റയുടേത്‌.


'എന്തിനാണ്‌ എം.ടി. ഡൈ ചെയ്യുന്നത്‌'എന്ന ലേഖനം കടുത്ത വിമര്‍ശനത്തിന്‌ വിധേയമായിട്ടുണ്ട്‌. ലേഖനം ഉന്നയിക്കുന്ന പ്രശ്‌നം വിവാദമല്ല. ഗ്രന്ഥകാരന്‍ എഴുതി: `ഇതൊരു വ്യക്തിയുടെ സ്വകാര്യപ്രശ്‌നമല്ലേ എന്ന്‌ നിങ്ങളുടെ പുരികം ഞാന്‍ കാണുന്നു. കേരളത്തില്‍ ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ അതിന്റെ ഏറ്റവും പ്രമുഖനായ എഴുത്തുകാരന്‍പോലും മുടി കറുപ്പിച്ചേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ എന്നത്‌ ചെറിയൊരു സ്വകാര്യ പ്രശ്‌നമല്ല.'കവിതയിലും നോവലിലുമെന്നപോലെ മറ്റു മേഖലകളിലും കല്‍പ്പറ്റ നാരായണന്റെ സര്‍ഗ്ഗാത്മകവും ചിന്താപരവുമായ വ്യാപാരം ശക്തമായി മുദ്രണം ചെയ്‌ത `തത്സമയം' ആര്‍ജ്ജവമുള്ള ആഖ്യാനവും തെളിമയാര്‍ന്ന കാഴ്‌ചയുമാണ്‌. അതുതന്നെയാണ്‌ ഈ പുസ്‌തകത്തെ മികച്ച വായനാനുഭവമാക്കി മാറ്റുന്നത്‌.

Tuesday, December 25, 2012

സ്വാമിരാമതീര്‍ത്ഥന്‍ - വിദേശ പ്രസംഗങ്ങള്‍

പുസ്തകം : സ്വാമിരാമതീര്‍ത്ഥന്‍ - വിദേശ പ്രസംഗങ്ങള്‍
രചയിതാവ് : സ്വാമിരാമതീര്‍ത്ഥന്‍
പ്രസാധനം :
അവലോകനം : കെ.എ.ബീന


''എവിടെയും രാജാവിനെപ്പോലെ കടന്നുചെല്ലുക. എല്ലാവരും നിങ്ങളെ ബഹുമാനിക്കും. ഒരു മഹാനെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ മാന്യമായി വസ്ത്രം ധരിച്ച് പോകണം. ഈശ്വരന്റെ മുന്നില്‍ ഒരിക്കലും ഭിക്ഷാംദേഹിയാകരുത്. പ്രാര്‍ത്ഥനകള്‍ ഒരിക്കലും യാചനയോ ഭിക്ഷതെണ്ടലോ ആകരുത്. ഈശ്വരന്‍ എല്ലാത്തിനും മുകളിലാണ്. ഉന്നതരില്‍ ഉന്നതനും, സകല മോഹങ്ങള്‍ക്കും, ആവശ്യങ്ങള്‍ക്കും അതീതമായ സ്ഥാനത്ത് നില്‍ക്കുന്നവനും ആണ്. അദ്ദേഹത്തിനടുത്ത് ചെല്ലുമ്പോള്‍ അനുരൂപമായ വേഷം ധരിച്ച് വേണം ചെല്ലാന്‍. ഭിക്ഷാക്കാരന്റെ വേഷമോ കച്ചവടക്കാരന്റെ വേഷമോ അവിടെ ശരിയാവില്ല. ആര്‍ക്കും തെണ്ടികളെ ഇഷ്ടമല്ല, ഭിക്ഷക്കാരനെ ആരും എതിര്‍ക്കും. അവന്റെ സാന്നിധ്യത്തില്‍ നിന്ന് ഒഴിഞ്ഞുകളയും. ഈശ്വരനെ സമീപിക്കുമ്പോള്‍ ഈശ്വരന്റെ വസ്ത്രങ്ങള്‍ ധരിച്ച് ചെല്ലുക. എന്താണ് ഈശ്വരന്റെ വേഷം? യാചകന്റെ (ആവശ്യങ്ങളും, ദാരിദ്ര്യവും, ബുദ്ധിമുട്ടും ഉള്ളവന്റെ) ലക്ഷണം തീരെയില്ലാത്ത വസ്ത്രമാണ്. നിങ്ങള്‍ സ്വയം ആവശ്യങ്ങള്‍ക്കും, ആഗ്രഹങ്ങള്‍ക്കും, അപേക്ഷള്‍ക്കും അതീതനാണെന്ന ചിന്തയും വിശ്വാസവും മനസ്സില്‍ നിറച്ച്, ആ ലക്ഷ്യത്തോടെ, ആ വസ്ത്രമണിഞ്ഞ് വേണം ഈശ്വരനെ സമീപിക്കാന്‍. അപ്പോള്‍ ഈശ്വരന്‍ നിങ്ങളെ സ്വാഗതം ചെയ്യും. ആഗ്രഹിച്ചും മോഹിച്ചും യാചിച്ചുംകൊണ്ട് സദാ അസുഖത്തില്‍ ഇരിക്കുന്ന, ആവശ്യവും അസ്വാസ്ഥവും നിറഞ്ഞ നിലയില്‍ കഴിയുന്ന ഒരാള്‍ക്ക് സംതൃപ്തി ഉണ്ടാകുകയില്ല. ആഗ്രഹങ്ങളെ മറികടക്കുന്ന നിമിഷം ആഗ്രഹിച്ച വസ്തു നിങ്ങളെ തേടിയെത്തും. നിങ്ങള്‍ യാചകനല്ല, രാജാവാകുമ്പോള്‍ മാത്രം!''.

പത്തുപന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്തിന്റെ നോട്ട് ബുക്കിലാണ് ഈ വരികള്‍ ഞാനാദ്യം കാണുന്നത്. ദൈവത്തിനു മുന്നില്‍ യാചനാഭാവത്തില്‍ നില്‍ക്കാനാണ് അന്ന് വരെ പഠിച്ചിട്ടുള്ളത് പഠിപ്പിച്ചിട്ടുള്ളതും. ദൈവത്തിനു മുന്നില്‍ രാജാവിനെപ്പോലെ കടന്നുചെല്ലണമെന്ന്, സര്‍വ്വ ആഗ്രഹങ്ങള്‍ക്കും അതീതനായി ദൈവത്തിനെപ്പോലെ നില്‍ക്കണമെന്ന് പറയുന്ന വരികള്‍. അന്ന് രാത്രി ഉറങ്ങാതെ ഈ വരികളില്‍ പിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു. ആലോചിക്കുന്തോറും ആ വരികള്‍ അര്‍ത്ഥപുഷ്ടിയാര്‍ന്ന് മനസ്സില്‍ തെളിയാന്‍ തുടങ്ങി. ശരിയാണ്, എവിടെയും സ്വീകാര്യമാകുന്നത് നമ്മള്‍ എങ്ങനെയാണ്, ഏതു നിലയിലാണ് എന്നത് നോക്കിത്തനെയാണ്. യാചകവേഷം(അത് പുറത്തായാലും, അകത്തായാലും, വേഷത്തിലായാലും, മനസ്സിലായാലും) അനഭിമതം തന്നെ. ഈശ്വരന് മുന്നിലും നിറവോടെ, തൃപ്തിയോടെ തന്നെയാണ് കടന്നു ചെല്ലേണ്ടതെന്നോ അത്ഭുതമായിരുന്നു. പിറ്റേന്ന് സുഹൃത്തിന്റെ കയ്യില്‍ നിന്ന് ഈ വരികളുടെ പുസ്തകം തപ്പിപ്പിടിച്ച് വായിക്കാന്‍ തുടങ്ങി. ആ വായനയിലൂടെയാണ് സ്വാമി രാമതീര്‍ത്ഥനെ അറിഞ്ഞത്. വേദാന്തത്തിന്റെ വഴികളിലേക്ക് രാമതീര്‍ത്ഥനൊപ്പം നടക്കാന്‍ എത്ര എളുപ്പമാണെന്ന് പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു.

''സ്വാമിരാമതീര്‍ത്ഥന്‍-വിദേശ പ്രസംഗങ്ങള്‍'' എന്ന ആ പുസ്തകം വീണ്ടും വീണ്ടും പറഞ്ഞു തന്നു.
''നിങ്ങള്‍ ആഗ്രഹങ്ങള്‍ക്ക് മുകളില്‍ കയറുകയും അവയെ പുച്ഛിക്കുകയും ചെയ്യുന്ന നിമിഷത്തില്‍ നിങ്ങള്‍ ഈശ്വരനായിത്തീരുന്നു. ഈശ്വരന്മാര്‍ക്കേ പ്രഭാവം- മാഹാത്മ്യം ലഭിക്കുന്നുള്ളൂ. '' ഇത് ഉറപ്പിക്കാനായി സ്വാമി രാമതീര്‍ത്ഥന്‍ നിരവധി കഥകളും പറഞ്ഞിരിക്കുന്നു.

''രക്തത്തിലും മാംസത്തിലും ധനദേവതയെ(മഹാലക്ഷ്മിയെ)പ്രത്യക്ഷപ്പെടുത്താന്‍ തപസ്സ് ചെയ്തിരുന്ന ഒരു രാജമന്ത്രിയുണ്ടായിരുന്നു- പല മന്ത്രോപാസനകളും, ജപങ്ങളും, തപസ്സുകളും ചെയ്തു നോക്കി. ലക്ഷ്മി ഭഗവതിയെ തൃപ്തിപ്പെടുത്താന്‍ പരിശുദ്ധമന്ത്രങ്ങള്‍ ലക്ഷക്കണക്കിന് ഉരുവിട്ടു നോക്കി, ഭഗവതി പ്രത്യക്ഷപ്പെട്ടില്ല. മുപ്പതുലക്ഷം പ്രാവശ്യം വീണ്ടും മന്ത്രം ഉരുവിട്ടു. എന്നിട്ടും ഭഗവതി പ്രത്യക്ഷപ്പെട്ടില്ല. അയാള്‍ക്ക് അതിലൊക്കെ വിശ്വാസം നഷ്ടപ്പെട്ടു. അയാള്‍ക്ക് മടുത്തു. അയാള്‍ സര്‍വ്വും ത്യജിച്ച് സന്ന്യാസം സ്വീകരിച്ച് യതിശ്രേഷ്ഠനായിത്തീര്‍ന്നു. കൊട്ടാരം ഉപേക്ഷിച്ച ഉടന്‍, കാട്ടിനുള്ളില്‍ പ്രവേശിച്ച നിമിഷത്തില്‍ അദ്ദേഹത്തിന് മുന്നില്‍ ലക്ഷ്മി ഭഗവതി വന്നു. അയാള്‍ പറഞ്ഞു.''ദൂരെപ്പോകൂ ഭഗവതി, ഇവിടെ ഇനി എന്തിന് വരുന്നു? എനിക്കിനി നിന്നെ ആവശ്യമില്ല, ഞാനൊരു സന്യാസിയാണ്. ഒരു സന്യാസിക്ക് ആഢംബരവും സ്വത്തുക്കളും ധനവും ലൗകികഭോഗങ്ങളും എന്തിന്? ഞാന്‍ നിന്നെ ആവശ്യപ്പെട്ട് പ്രതീക്ഷിച്ച് കൊണ്ടിരുന്നപ്പോള്‍ നീ വന്നില്ല. ഇപ്പോള്‍ ഞാന്‍ നിന്നെ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ നീയെന്തിന് എന്റെ മുന്നില്‍ വരുന്നു?'' ഭഗവതി ഉത്തരം പറഞ്ഞു.'' നിങ്ങള്‍ തന്നെയാണ് തടസ്സം നിന്നത്. നിങ്ങള്‍ എന്നെ കഠിനമായി ആഗ്രഹിച്ചിരുന്ന കാലത്ത് നിങ്ങള്‍ ദൈ്വതാവസ്ഥയിലായിരുന്നു. സ്വയം നിങ്ങള്‍ ഒരു ഭിക്ഷക്കാരനായി മാറി. ഒരു ഭിക്ഷക്കാരന് പിച്ചക്കാശ് മാത്രമെ ലഭിക്കൂ. അതിലേറെ ആരും തരില്ല. നിങ്ങള്‍ ആഗ്രഹങ്ങള്‍ക്ക് മുകളില്‍ കയറുകയും അവയെ പുച്ഛിക്കുകയും ചെയ്യുന്ന നിമിഷത്തില്‍ നിങ്ങള്‍ ഈശ്വരനായിത്തീരുന്നു. ഈശ്വരന്മാര്‍ക്കേ പ്രഭാവം (മാഹാത്മ്യം)ലഭിക്കുകയുള്ളൂ.''
സ്വാമിരാമതീര്‍ത്ഥന്‍ ഒരു സര്‍വ്വകലാശാലപോലെ വിലപ്പെട്ട അറിവുകളേകി വഴികാട്ടി അന്ന്‌തൊട്ട് കൂട്ടിനെത്തി. ജീവിതത്തിന്റെ ഗൗരവത്തെ മറികടന്ന് ലീലാവിനോദമായി ക്കണ്ട് രസിക്കാന്‍ പല വഴികളിലൂടെ രാമതീര്‍ത്ഥന്‍ സഹായിക്കുന്നു.

1873ല്‍ പടിഞ്ഞാറെ പഞ്ചാബിലെ ഗുജറന്‍വാല ജില്ലയിലെ മുരളീവാല എന്ന ഗ്രാമത്തിലാണ് രാമതീര്‍ത്ഥന്‍ ജനിച്ചത്. (ഇപ്പോള്‍ ഈ സ്ഥലം പാക്കിസ്ഥാനിലാണ്). ഗണിതശാസ്ത്രത്തില്‍ ബിരുദാനന്ദര ബിരുദമെടുത്ത രാമതീര്‍ത്ഥനെ ജയിക്കാന്‍ ലോകത്തിലന്ന് മറ്റാരുമുണ്ടായിരുന്നില്ല എന്നാണ് പറയുന്നത്: സ്വദേശത്തും വിദേശത്തും ഇത് സമര്‍ത്ഥിക്കുന്ന നിരവധി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. രസതന്ത്രം, ഊര്‍ജതന്ത്രം തുടങ്ങിയ വിഷയങ്ങളിലും അസാധാരണ പണ്ഡിതനായിരുന്നു രാമതീര്‍ത്ഥന്‍. 1896ല്‍ ലാഹോര്‍ ഫോര്‍മന്‍ ക്രിസ്ത്യന്‍ കോളേജില്‍ കണക്ക് അദ്ധ്യാപകനായി ജോലിയില്‍ ചേര്‍ന്നു. 1897ല്‍ ലാഹോറില്‍ വച്ച് വിവേകാനന്ദസ്വാമിയുടെ പ്രസംഗം കേട്ട രാമതീര്‍ത്ഥന്‍ വേദാന്തത്തിലേക്ക് തിരിഞ്ഞു. ബ്രഹ്മത്തെ അറിഞ്ഞ് ബ്രഹ്മജ്ഞാനിയായി തീര്‍ന്ന് സന്യാസം സ്വീകരിച്ച രാമതീര്‍ത്ഥന്‍, അറിഞ്ഞ സത്യത്തെ ലോകത്തെ അറിയിക്കാനായി വിദേശത്തേക്ക് പോയി. അമേരിക്കയിലും ജപ്പാനിലുമൊക്കെ വേദാന്തപ്രസംഗങ്ങള്‍ നടത്തി.
''ഞാനനുഭവിച്ച സത്യം ലോകത്തെ അറിയിക്കാന്‍ എനിക്ക് പ്രസംഗിക്കാതെ വയ്യ''. എന്നദ്ദേഹം പറഞ്ഞു. സാര്‍വജനീനമായ സിദ്ധാന്തങ്ങളാണ് സ്വാമി രാമതീര്‍ത്ഥന്റെ പ്രസംഗങ്ങളുടെ കാതല്‍. മതാതീതമായ ചിന്തകളാണ് അദ്ദേഹത്തിന്റേത്. ശാസ്ത്രീയമായ പശ്ചാത്തലവും പരിപൂര്‍ണ്ണമായ ചിന്താസ്വാതന്ത്ര്യവും നല്‍കുന്നതാണ് അദ്ദേഹത്തിന്റെ ദര്‍ശനം. സ്വാര്‍ത്ഥത തീരെ ഇല്ലാത്ത, പ്രശംസയോ, കീര്‍ത്തിയോ, സമ്പത്തോ ലക്ഷ്യമാക്കാത്ത അദ്ദേഹത്തിന്റെ വേദാന്ത ദര്‍ശനം , യുക്തിയിലും അനുഭവത്തിലും അധിഷ്ഠിതമായ ശാസ്ത്രീയ സത്യം ലോകത്തിന് വെളിവാക്കിക്കൊടുക്കുകയാണ്.

ആദ്ധ്യാത്മിക ജീവിതത്തിന് മാത്രമല്ല ലൗകിക ജീവിതത്തിനും നല്ലൊരു വഴികാട്ടിയാണ് രാമതീര്‍ത്ഥന്റെ പ്രസംഗങ്ങള്‍ എന്നത് എന്നെ ഏറെ ആകര്‍ഷിച്ചിട്ടുള്ള കാര്യാമാണ്. ആദ്ധ്യാത്മിക- ലൗകിക ജീവിതങ്ങളെ യോജിപ്പിച്ചുകൊണ്ടുള്ള രീതിയാണിത്. സത്യത്തെ കണ്ടെത്താനുള്ള തോന്നല്‍ ഉണ്ടാക്കുന്നു എന്നത് ചെറിയ കാര്യമല്ലല്ലോ.

സത്യം അറിഞ്ഞ് അനുഭവിച്ച് ആനന്ദം കൊണ്ട് നിറഞ്ഞ രാമതീര്‍ത്ഥന്‍ സകല ചരാചരങ്ങളിലും ഈശ്വരന്‍ (താന്‍തന്നെ) നിറഞ്ഞുനില്‍ക്കുന്നതായി ദര്‍ശിച്ചു. അവനവനില്‍ കുടികൊള്ളുന്ന ഈശ്വര തത്ത്വത്തെ മാറിനിന്ന് കാണാന്‍ ശ്രമിക്കുന്നത് വ്യഥാ പ്രയത്‌നമാണെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു.
സൂര്യനായി പ്രകാശിക്കുന്നത് രാമനാണ്, നക്ഷത്രങ്ങളായി തിളങ്ങുന്നത് രാമനാണ് എന്ന് ലോകം മുഴുവന്‍ നടന്ന് പ്രഖ്യാപിച്ച രാമതീര്‍ത്ഥന്‍ 33 - ആം വയസ്സില്‍ ഒരു പാമ്പ് ചട്ട ഊരുന്നത് പോലെ ദേഹമുപേക്ഷിച്ച് പോയി, എന്നാണ് ചരിത്രം. ബോധഘനമായ ബ്രഹ്മമിത്രമാണ് വസ്തുവായി നിലകൊള്ളുന്നതെന്നും അതിലുണ്ടെന്ന് തോന്നുന്ന നാഹിത്വം വെറും ഭ്രമം മാത്രമാണെന്നും രാമതീര്‍ത്ഥന്‍ പ്രഖ്യാപിച്ചു.ആദ്ധ്യാത്മികവും ലൗകികവുമായ നിരവധി വിഷയങ്ങളെക്കുറിച്ച് സ്വാമിരാമതീര്‍ത്ഥന്‍ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്.

ഇവയില്‍ ഏറ്റവും താല്പര്യമുണര്‍ത്തുന്ന ഒന്നാണ് വിവാഹത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ''ഭാര്യ ഭര്‍ത്താവിനെ അടിമപ്പെടുത്തുകയോ ഭര്‍ത്താവ് ഭാര്യയെ ആശ്രിതയാക്കുകയോ ചെയ്യേണ്ടതില്ല. സകലതിനെയും നിങ്ങളില്‍ നിന്ന് സ്വതന്ത്രമാക്കി വിടുക. നിങ്ങള്‍ അപ്പോള്‍ സ്വതന്ത്രനായി തീരും ഇതാണ് നിയമം. ആഘാതവും പ്രത്യാഘാതവും തുല്യബലവും പരസ്പരവിരുദ്ധവും ആണ്. അയാളെ നിങ്ങളുടെ അടിമയാക്കുക, അവളെ നിങ്ങളുടെ ആശ്രിതയാക്കുക- ഉടന്‍ നിങ്ങളും അടിമയായിത്തീരും''
മനുഷ്യന്റെ ആത്യന്തികമായ സ്വാതന്ത്ര്യം മറ്റേയാള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിലൂടെയേ കൈവരൂ എന്ന് സമര്‍ത്ഥിക്കുന്നതിന് രാമതീര്‍ത്ഥന്‍ പറയുന്ന ഒരു കഥയുണ്ട്.

'' ഒരു മനുഷ്യന്‍ ഒരു കയറിന്റെ അറ്റം ഒരു കാളയുടെ കഴുത്തിലും കൊമ്പുകളിലും ആയി കെട്ടി മറ്റേ അറ്റം തന്റെ കയ്യില്‍ പിടിക്കുന്നു. കാള തന്റെ അടിമയും സേവകനും ആണെന്ന് അയാള്‍ കരുതുന്നു. എന്നാല്‍ കാള അയാളുടെ അടിമയായിരിക്കുന്നിടത്തോളം അയാള്‍ കാളയുടെ അടിമയുമാണെന്ന് അറിയുന്നില്ല. കാളയെ അയാള്‍ വിടുകയില്ല എന്നത് മാത്രമാണ് അവകാശത്തിന് കാരണമെങ്കില്‍, അയാള്‍ക്ക് കാളയെ വിട്ടിട്ട് പോകാനും ആവില്ലെന്ന് പറയുന്നു. കാള അയാളെ വിടാത്തത് അയാള്‍ കാളയെ വിടാത്തത്‌കൊണ്ടാണ്. കാളയെ വിട്ടാല്‍ അയാളും കാളയും സ്വതന്ത്രമാകും'' സ്വാമിരാമതീര്‍ത്ഥന്റെ കൂടെ സഞ്ചരിക്കുമ്പോള്‍ ഇത്തരം ദര്‍ശനങ്ങളും ചിന്തകളും വഴികാട്ടികളായി എത്തുന്നു. ജീവിതപ്പെരുവഴിയിലെ കല്ലും മുള്ളും കാലിന് മെത്തയായി കരുതി മുന്നോട്ട് പോകാന്‍ അവ തുണയ്ക്കുകയും ചെയ്യും.. .

Saturday, December 22, 2012

അടിയിടറാതെ

പുസ്തകം : അടിയിടറാതെ (ആത്മകഥ)
രചയിതാവ് : കലാമണ്ഡലം കേശവന്‍

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : ബുക്ക് മലയാളം




ത്മകഥകള്‍ ചരിത്രമല്ല. എന്നാല്‍ ചരിത്രത്തിലേക്കുള്ള വികാരഭരിതമായ വഴിതുറക്കലാണത്. ചരിത്രമെഴുത്തിന്റെ വികാരരഹിതമായ വസ്തുസ്ഥിതി വിവരങ്ങളെ വികാരഭരിതമാക്കുകയാണ് ആത്മകഥകള്‍. 1930കളുടെ രണ്ടാം പകുതിയില്‍ ആരംഭിച്ച് ദശകത്തില്‍ അവസാനിക്കുന്ന ദീര്‍ഘമായൊരു കാലഘട്ടമാണ് കലാമണ്ഡലം കേശവന്റെ ആത്മകഥയായ അടിയിടറാതെയില്‍ തെളിഞ്ഞു കിട്ടുന്നത്. രാഷ്ട്രീയമായത് നവോത്ഥാനത്തിന്റെ കാലമായിരുന്നു. ദേശീയ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ കേരളീയ ജീവിതത്തിന്റെ അടിത്തട്ടോളം ആഴ്ന്നിറങ്ങിയ കാലം. കര്‍ഷക സമരങ്ങളും കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളും സജീവമായ കാലം. അങ്ങനെ സംഭവബഹുലമായ ഒരു കാലഘട്ടത്തിലാണ് കലാമണ്ഡലം കേശവന്‍ ജനിച്ചത്. എന്നാല്‍ ചരിത്ര വിശകലനത്തില്‍നിന്നും ഏറെ വ്യത്യസ്തമാണ് അടിയിടറാതെ. അക്കാദമിക ചരിത്രപണ്ഡിതന്റെയോ രാഷ്ട്രീയ വിദ്യാര്‍ത്ഥിയുടെയോ ലോകവീക്ഷണത്തില്‍ നിന്നുകൊണ്ടല്ല, ഒരു സാധാരണ മനുഷ്യന്‍ ക്ഷേത്രവും ക്ഷേത്രാചാരങ്ങളും കലകളും ഉല്‍സവങ്ങളും ജാതി വ്യവസ്തയും ഉച്ച നീചത്വങ്ങളും ഐത്താചാരവും കാര്‍ഷിക സ്മൃതിയുമെല്ലാം ഇഴപാകി നില്‍ക്കുന്ന ഗ്രാമ ജീവിതമാണ് കേശവന്റെ സ്മൃതികളില്‍ തെളിയുന്നത്. സംഭവങ്ങളേക്കാള്‍ വ്യക്തികള്‍ക്കാണ് ഇവിടെ പ്രാധാന്യം. വ്യക്തികളെക്കുറിച്ച് അവര്‍ പുലര്‍ന്നുപോരുന്ന കാലഘട്ടത്തെക്കുറിച്ച്, ചരിത്രം പറയാന്‍ വിസമ്മതിക്കുന്ന സ്മരണകളാണ് ആത്മകഥകള്‍ അനാവരണം ചെയ്യുന്നത്. 'ഞാന്‍' കക്ഷിയായും സാക്ഷിയായും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തെ ഓര്‍ത്തെടുക്കുകയാണ് കലാമണ്ഡലം കേശവന്‍.

പാലക്കാട് ജില്ലയിലെ പെരിങ്ങോട് നീട്ടിയകത്ത് വീട്ടില്‍ ജാനകി അമ്മയുടെയും കുറുങ്കാട്ട് മനയ്ക്കല്‍ വാമനന്‍ നമ്പൂതിരിയുടെയും മകനായി കലാമണ്ഡലം കേവന്‍ ജനിച്ചു. കേശവന്റെ ബാല്യകാലത്ത്, കേവലം മുപ്പത്തിയാഞ്ചാം വയസ്സില്‍ പിതാവ് മരിച്ചു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കലാഭ്യാസനം ആരംഭിച്ചു. ചെണ്ടയില്‍. ഗുരു അമ്മാവന്‍ നീട്ടിയകത്ത് ഗോവിന്ദന്‍ നായര്‍. ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ച മേളവാദ്യക്കാരന്‍. തായമ്പകയിലും പാണ്ടി പഞ്ചാരി മേളങ്ങളിലും മാത്രമല്ല, ഉല്‍സവങ്ങളോടനുബന്ധിച്ചുള്ള എല്ലാ അനുഷ്ട്ാന വാദ്യമേളങ്ങളിലും നിഷ്ണാതനായിരുന്നു നീട്ടിയകത്ത് ഗോവിന്ദന്‍. അയാള്‍ ജന്‍മനാ ബധിരനും മൂകനുമായിരുന്നു. അയാല്‍ കൊട്ടക്കയറി ഗിരിശൃംഗങ്ങളൊന്നും അയാളുടെ കാതുകള്‍ അറിഞ്ഞില്ല. അകക്കാതില്‍ കണക്കു തെറ്റാതെ ഗോവിന്ദന്‍ കാലത്തെ വിസ്മയിപ്പിച്ചു. മാധ്യമങ്ങളും യാത്രാ സൗകര്യങ്ങളുമൊന്നും ഇല്ലാതിരുന്ന കാലത്തായതുകൊണ്ട് ഗോവിന്ദനെ ചരിത്രം എവിടെവച്ചും കണ്ടുമുട്ടിയില്ല. നീട്ടിയകത്ത് ഗോവിന്ദന്റെ ജീവിതം അടയാളപ്പെടുത്തുന്നു എന്ന നിലയ്ക്കാണ് ആത്മകഥ അതിന്റെ ചരിത്രപരമായ ദൗത്യം നിറവേറ്റുന്നത്. ബധിരനായ ബിഥോവന്റെ സംഗാത മധുരം ലോകമറിഞ്ഞപ്പോള്‍. ബധിരനും മൂകനുമായ ഗോവിന്ദന്റെ വാദ്യവിസ്മയം വിസ്മൃതിയിലാണ്ടുപോകുന്നു. ഒരു പക്ഷെ, ലോകം ആദരിക്കേണ്ട മഹാവ്യക്തികളില്‍ ഒരാളായിരുന്നു ഗോവിന്ദനെന്ന് ആത്മകഥ പറഞ്ഞുതരുന്നു. ജാതി ഉച്ച നീചത്വങ്ങള്‍ സമൂഹത്തെ അടിമുടി ഗ്രസിച്ചുനിന്നിരുന്ന കാലത്ത് ജാതിഭേദം േോക്കാതെ തന്റെ കളരിയില്‍ എല്ലാവര്‍ക്കും പ്രവേശനം കൊടുത്ത ആളായിരുന്നു ഗോവിന്ദന്‍. ചെണ്ടയില്‍ നിന്നും ജാതിയെ കൊട്ടിപ്പുറത്താക്കിയ മനുഷ്യന്‍. തമസ്‌കരിക്കപ്പെട്ട ഇത്തരം ഒരുപാട് വ്യക്തികളെ ഓര്‍മ്മയുടെ വെളിച്ചത്തിലേക്ക് പിടിച്ചുകൊണ്ടുവരുന്നുണ്ട് ആത്മകഥ. അതാണ് ഇതിന്റെ പ്രസക്തിയും.

ഭൂതകാലത്തെക്കുറിച്ച് വസ്തുതാപരമായ വിശകലനത്തിനാണ് ചരിത്രം ശ്രമിക്കുന്നതെങ്കില്‍ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ചരിത്രത്തെ പ്രശ്‌നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ് സ്മരണകള്‍ കടന്നുപോകുന്നത്. ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥാപിത ചരിത്രത്തിന് പകരം നില്‍ക്കുന്നത് അങ്ങനെയാണ്. ചരിത്ര രചനയ്ക്ക് വഴങ്ങാത്ത ഓര്‍മ്മകളുടെ അടരുകളിലേയ്ക്കാണ് ആത്മകഥകള്‍ പ്രവേശിക്കുന്നത്. കഴിഞ്ഞുപോയ സംഭവങ്ങളുടെയോ, ചരിത്ര ഘട്ടത്തിന്റെയോ, വ്യക്തിയുടെയോ ത്യാഗനിര്‍ഭരവും പീഡിതവുമായ ഓര്‍മ്മകളെ അത് സാമൂഹിക ഉപരിതലത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. ഭൂതകാലത്തെ ചരിത്രപരമായി ആവിഷ്‌കരിക്കുകയല്ല മറിച്ച് ഓര്‍മ്മയുടെ ഒരു മുഹുര്‍ത്തത്തില്‍ മിന്നിത്തെളിയുന്ന ഒരനുഭവത്തെ പിടിച്ചെടുക്കുകയാണ്. വ്യക്തിയുടെ സ്മരണകള്‍ അതുകൊണ്ടുതന്നെ അത്രമേല്‍ വികാരഭരിതവും ചരിത്രപരവുമാണ്. പഴമയെ വര്‍ത്തമാനപ്പെടുത്തുന്നതിലൂടെയാണ് ഓര്‍മ്മകള്‍ എല്ലാകാലത്തേക്കുമായി അതിന്റെ നിര്‍വഹണം സാധ്യമാക്കുന്നത്.

കലാമണ്ഡലത്തില്‍ കഥകളിക്കൊട്ടും വേഷവും പഠിച്ചിറങ്ങിയ ഒരു നാട്ടുമ്പുറത്തുകാരന്‍, കഥകളി അധ്യാപകനായി ഫാക്ട് സ്‌കൂളില്‍ പ്രവര്‍ത്തിച്ച് വിരമിച്ചു. ഏറെ കഥകളി വേ്ഷങ്ങള്‍ ചെയ്തു. നാടകത്തിലും സിനിമയിലും അഭിനയിച്ചു. 2009ല്‍ അന്തരിച്ചു. ഇത്രയും ചുരുക്കി എഴുതാമായിരുന്ന ഒരു ജീവിതത്തിന് ഇത്രയേറെ വ്യാപ്തി കൈവരുന്നത് ഓര്‍മ്മകള്‍ സമൂഹത്തിന്റെ തുടര്‍ച്ചയ്ക്ക് അനിവാര്യമായതുകൊണ്ടുകൂടിയാണ്.

Wednesday, December 19, 2012

കാടും ഫോട്ടോഗ്രാഫറും

പുസ്തകം : കാടും ഫോട്ടോഗ്രാഫറും
രചയിതാവ്
: എന്‍.എ.നസീര്‍
പ്രസാധകര്‍
: കേരള സാഹിത്യ അക്കാദമി
അവലോകനം : നിരക്ഷരന്‍



ന്തിനും തയ്യാറായി നിൽക്കുന്ന ഒരു കാട്ടാനയുടെ തൊട്ടുമുന്നിൽ ചെന്നുനിന്ന് പടമെടുക്കുന്ന ഒരു ഫോട്ടോഗ്രാഫറുടെ ചിത്രം ഞങ്ങൾ കുറച്ച് സുഹൃത്തുക്കളെ സംശയാലുക്കളാക്കി. ഫോട്ടോ ഷോപ്പ് എന്ന സോഫ്റ്റ് വെയറിൽ എന്തും ചെയ്തെടുക്കുന്ന കാലമല്ലേ ? ആനയ്ക്ക് മുന്നിൽ ചെന്നുനിന്ന് പടമെടുക്കാനുള്ള സന്ദർഭം ഉണ്ടായാൽത്തന്നെ അത് ഫോട്ടോ എടുക്കാൻ മറ്റൊരാൾ ക്യാമറയുമായി അയാൾക്ക് പിന്നിൽ വേണം. അപ്പോൾപ്പിന്നെ അത് വ്യാജഫോട്ടോ ആകാനുള്ള സാദ്ധ്യതയല്ലേ കൂടുതൽ ?

സംശയം ജനിപ്പിച്ച ചിത്രം - (കടപ്പാട് :- നാലാമിടം)
പക്ഷെ, ചിത്രത്തിൽ കാണുന്നത് പ്രസിദ്ധ വന്യജീവി ഫോട്ടോഗ്രാഫറായ എൻ.എ.നസീറാണ്. നസീറിനെപ്പറ്റി കേട്ടറിവും വായിച്ചറിവുമുള്ളത് വന്യമൃഗങ്ങൾ അദ്ദേഹത്തിന്റെ മുന്നിൽ ചെന്നുനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യും എന്നൊക്കെയാണ്. അതുകൊണ്ട് തന്നെ പടം വ്യാജമാണെന്ന് തീർത്ത് പറയാനും വയ്യ.

സാഹിത്യ അക്കാഡമി പുറത്തിറക്കിയ നസീറിന്റെ ‘കാടും ഫോട്ടോഗ്രാഫറും’ എന്ന പുസ്തകത്തിൽ ഈ വിഷയത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമെന്ന് തോന്നിയതുകൊണ്ട് പെട്ടെന്ന് തന്നെ പുസ്തകം സംഘടിപ്പിച്ച് വായിച്ചു. 136 ഗ്ലോസി കടലാസ്സുകളിൽ അച്ചടിച്ചിറക്കിയ 400 രൂപ വിലയുള്ള പുസ്തകത്തിലെ 20 അദ്ധ്യായങ്ങളിൽ അവസാനത്തേത് ആനകളുടെ ഗതികേടിനെപ്പറ്റിയുള്ള വിലാപമാണ്. ‘ആനകളുടെ നൊമ്പരം‘ എന്ന ആ അദ്ധ്യായത്തിൽ തുടക്കത്തിൽ പറഞ്ഞ ചിത്രത്തിന്റെ സാഹചര്യം കൃത്യമായി വിവരിക്കുന്നുണ്ട്. ശ്വാസമടക്കിപ്പിടിച്ചിരുന്ന് വായിക്കാം.

‘കരടിയുടെ കൂടെ’ എന്ന അദ്ധ്യായത്തിൽ കരടിക്ക് മുന്നിൽ കുനിഞ്ഞിരിന്ന് പടമെടുക്കുന്ന നസീറിന്റെ ചിത്രത്തിനൊപ്പം അതിന്റെ സന്ദർഭവും വിശദമാക്കുന്നുണ്ട്. ‘കിങ്ങ് കോമ്പ്ര‘ എന്ന അദ്ധ്യായത്തിലാകട്ടെ, ഷോപ്പിങ്ങ് മാളിനകത്ത് വെച്ച് കണ്ടാൽ‌പ്പോലും പൊതുജനം ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്ന ഉരഗമായ, രാജവെമ്പാലയെ പിന്തുടർന്ന് കാട്ടിനകത്തേക്ക് കയറി അതിന്റെ കൂടെ മൂന്ന് മണിക്കൂറിലധികം സമയം ചിലവഴിച്ചതിനെപ്പറ്റിയുള്ള വിവരണമാണ്.

കാടെന്നാൽ നസീറിന് നാടിനേക്കാൾ പരിചിതമായ ഇടമാണ്. കാൽനൂറ്റാണ്ടായി കാട്ടിലൂടെ അലയുകയാണ് ഈ പ്രകൃതിസ്നേഹി. വന്യജീവി ഫോട്ടോഗ്രാഫറായതൊക്കെ അൽ‌പ്പം കൂടെ കഴിഞ്ഞാണ്. നാളിതുവരെ നമ്മളാരും കേൾക്കാത്ത കാട്ടുവഴികളെപ്പറ്റിയും ഇടങ്ങളെപ്പറ്റിയുമൊക്കെ പുസ്തകത്തിൽ പറയുന്നുണ്ട്. ആഴ്ച്ചകളോളം കാട്ടിനകത്ത് തന്നെ കഴിച്ചുകൂട്ടി വന്യമൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളിൽ പതുങ്ങിയിരുന്ന് അവറ്റകളുടെ ജീവിതരീതികൾ പഠിക്കുക, ഉള്ള് നിറയെ കാണുക, പിന്നെ അവറ്റകൾ പോസ് ചെയ്ത് കൊടുക്കുന്ന പടങ്ങൾ മതിയാവോളം എടുക്കുക, അങ്ങനെ പോകുന്നു നസീറിന്റെ വനവാസം. കാട്ടിൽ നിന്ന് കിട്ടുന്നത് കാടിനുതന്നെ മടക്കിക്കൊടുക്കണമെന്ന് വെറുതെ പറയുക മാത്രമല്ല അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. കാടിനകത്ത് എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത്, എങ്ങനെ പെരുമാറണം എന്നതൊക്കെ ലളിതവായും നിർബന്ധമായും മനസ്സിലാക്കാൻ പുസ്തകം സഹായിക്കുന്നു. നിറമുള്ള കുപ്പായങ്ങളിട്ട് അത്തറും പൂശി കാട്ടിലേക്കിറങ്ങുന്നവർ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണിത്.

ഇന്ന് ഏതെങ്കിലും ഒരു പുതുമയുള്ള വന്യജീവിയുടെ പടവുമായേ മടങ്ങിവരൂ എന്നൊരു ഉൾവിളി കാടിനകത്തേക്ക് കയറുമ്പോൾത്തന്നെ നസീറിന് ഉണ്ടാകുന്നുണ്ട്. അത് അതങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യുന്നു. തവളവായൻ പക്ഷി, മഴമുഴക്കി വേഴാമ്പൽ, തീക്കാക്ക, പുള്ളിപ്പുലി, കലമാൻ, കടുവ, ആന, കുറിക്കണ്ണൻ പുള്ള്, മൂങ്ങ, ചാമ്പൽ മലയണ്ണാൻ, മൂക്കൻ അണ്ണാൻ, സിംഹവാലൻ കുരങ്ങ്, പുള്ളിമാൻ, കാട്ടുനായ(ചെന്നായ), കാട്ടുപോത്ത്, വെള്ളക്കാട്ടുപോത്ത്, നീലഗിരി മാർട്ടെൻ എന്നിങ്ങനെ നസീറിന്റെ ക്യാമറയ്ക്ക് പോസുചെയ്യാത്ത വന്യജീവികൾ വിരളം. വെറുതെ പടമെടുത്ത് കൊണ്ടുവരുക മാത്രമല്ല നസീർ ചെയ്യുന്നത്. ഓരോ വന്യജീവികളുടേയും കൂടെ മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾ തന്നെ ചിലവഴിച്ച് അതിന്റെയൊക്കെ ആവാസവ്യവസ്ഥിതിയെപ്പറ്റി ആഴത്തിൽ മനസ്സിലാക്കിയാണ് അദ്ദേഹം കാടിറങ്ങുന്നത്. നസീറിന്റെ കാര്യത്തിലാകുമ്പോൾ കാടിറങ്ങുന്നു, കാട്ടിലേക്ക് കയറുന്നു എന്ന പ്രയോഗമൊക്കെ അൽ‌പ്പം വ്യത്യാസപ്പെടുത്തി, വീടിറങ്ങുന്നു, വീട്ടിലേക്ക് കയറുന്നു എന്നൊക്കെ പറയണമെന്ന പക്ഷക്കാരനാണ് ഞാൻ. കാട് അദ്ദേഹത്തിന് വീട് തന്നെ. ഗൾഫ് രാജ്യങ്ങളിൽ ആയോധനകലകൾ പഠിപ്പിച്ച് കുറച്ച് നാൾ കഴിഞ്ഞതിനുശേഷം കേരളത്തിലേക്ക് മടങ്ങി വന്നാൽ, നസീർ തന്റെ ബാഗുമെടുത്ത് ‘വീട്ടി’ലേക്ക് കയറുകയായി. പലപ്പോഴും വിമാനത്താവളത്തിൽ നിന്ന് നേരെ പോകുന്നത് ‘വീട്ടി’ലേക്കായിരിക്കും.

പുസ്തകത്തിന് അനുബന്ധം എഴുതിയിരിക്കുന്നത് ഗിരീഷ് ജനാർദ്ദനനാണ്. ചെറായിക്കാരനായ റിട്ടയേർഡ് അദ്ധ്യാപകൻ പി.ജെ.സെബാസ്റ്റ്യൻ മാഷ് നസീറിനെപ്പറ്റി പറയുന്ന മൂന്ന് വാചകങ്ങളുണ്ട് ആ അനുബന്ധക്കുറിപ്പിൽ. “നേച്ചർ എൻ‌തൂസിയാസം അയാളുടെ ജീനിലുള്ളതാണ്. ഒരു ശക്തിക്കും അയാളെ അതിൽ നിന്ന് പിന്തിരിപ്പിക്കാനാവില്ല. തന്റെ വനസഞ്ചാരങ്ങൾക്ക് വിഘാതം നിൽക്കുന്നത് സ്വന്തം ഉമ്മയാണെങ്കിൽ അയാൾ അവരേയും ഉപേക്ഷിച്ചുകളയും”

അപ്പറഞ്ഞത് വളരെ ശരിയാണെന്ന് പുസ്തകത്തിലൂടെ കടന്ന് പോകുമ്പോൾ വായനക്കാർക്കും ബോദ്ധ്യപ്പെടും. അല്ലെങ്കിൽ‌പ്പിന്നെ ദിവസങ്ങളോളം ഒരാളെങ്ങനെയാണ് ഒരു മരത്തിൽ കയറി താൻ കാണാൻ ആഗ്രഹിക്കുന്ന പക്ഷികളേയോ മൃഗങ്ങളേയോ കാത്ത് അനങ്ങാതെ ഇരിക്കുക ?! കൂടെക്കൊണ്ടുവന്ന മറ്റ് ഭക്ഷണമൊക്കെ തീർന്നിട്ടും, കൈയ്യിൽ അവശേഷിക്കുന്ന ബിസ്സ്‌ക്കറ്റുകൾ കാട്ടുചോലയിൽ മുക്കി കുതിർത്ത് തിന്ന് ആഴ്ച്ചകളോളം ഒരാളെങ്ങനെയാണ് വനത്തിനകത്ത് ഒറ്റയ്ക്ക് കഴിച്ചുകൂട്ടുക ?! നസീർ കാടിന്റെ ഭാഗമായി മാറുമ്പോൾ, അതേ കാടിന്റെ ഭാഗമായ മറ്റ് ജീവികൾ നിർഭയം നസീറിന്റെ മുന്നിൽ ഇറങ്ങി വരുന്നതാണ് അദ്ദേഹത്തിന്റെ വന്യജീവി ഫോട്ടോഗ്രാഫിയുടെ രഹസ്യമെന്നാണ് എനിക്ക് മനസ്സിലാക്കാനായത്. മഴവേഴാമ്പൽ തൊട്ടടുത്ത് വന്നിരുന്ന് ചിറകുകളും തൂവലുകളും ചീകിയൊതുക്കുന്നതും, കരടി അത്തിപ്പഴം കഴിച്ചശേഷം മരത്തിൽ നിന്നിറങ്ങി ചെന്ന് പടത്തിനു പോസുചെയ്യുന്നതും, ഉദരഭാഗത്തെ ചുവപ്പ് നിറം ആർക്കും കാണിച്ചുകൊടുക്കാത്ത തീക്കാക്ക, നസീറിനോട് ഒരു കാമുകനോടെന്ന പോലെ പെരുമാറുന്നതുമൊക്കെ ഇത്തരത്തിൽ സംഭവിക്കുന്നതാണ്.

കാരാട്ടേയും തായ്ച്ചിയും അടക്കമുള്ള പല ആയോധന കലകളിലുമുള്ള പ്രാവീണ്യം വനജീവിതത്തിൽ അദ്ദേഹത്തിന് പ്രയോജനപ്പെടുന്നുണ്ട്. ശരീരത്തിന്റെ ഓരോ ചലനങ്ങളും അളന്നുകുറിച്ചുള്ളതായതുകൊണ്ട്, തങ്ങളെ അപായപ്പെടുത്താൻ ഒരാൾ വന്നിരിക്കുന്നു എന്ന തോന്നൽ വന്യജീവികൾക്ക് ഇല്ലാതാകുന്നു. പേടിയില്ലാതെ കറങ്ങിനടക്കാൻ തുടങ്ങുന്ന അവറ്റകളെ, മനസ്സ് നിറച്ച് കണ്ട് ക്യാമറ നിറച്ച് പടവുമെടുത്ത് മടങ്ങാൻ നസീറിനാകുന്നു.

കാടിന്റെ നിയമങ്ങൾ തെറ്റിക്കാതെ, കാടിനെ സ്നേഹിച്ച്, പഠിച്ച്, മനസ്സിലാക്കി എങ്ങനെ കാട്ടിലൂടെ നീങ്ങണമെന്ന് ഓരോ അദ്ധ്യായത്തിലും നസീർ പഠിപ്പിക്കുന്നു. അതിനായി വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ, വന്യജീവികളുടെ ശാസ്ത്രീയനാമങ്ങൾ, അവയുടെ മനോഹരമായ ചിത്രങ്ങൾ എന്നതൊക്കെ പുസ്തകത്തെ സമ്പന്നമാക്കുന്നു. വഴിമുടക്കി നിൽക്കുന്ന ഒരു മരത്തിന്റേയോ ചെടിയുടേയോ ഇലകൾ പോലും ആരും പറിക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. കൂടെയുള്ളവരോട് ചില നമ്പറുകൾ ഇറക്കിയിട്ടാണെങ്കിലും നസീർ അക്കാര്യം സാധിച്ചെടുക്കുകയും ചെയ്യുന്നു.

ഇതൊക്കെയാണെങ്കിലും പുസ്തകത്തോട് ചില വിയോജിപ്പുകൾ ഉണ്ടെന്ന് പറയാതെ വയ്യ. നല്ല ഒഴുക്കുള്ള കാട്ടരുവിയിൽ ഇറങ്ങിക്കിടക്കുന്നതുപോലുള്ള വായനാസുഖം എല്ലാ അദ്ധ്യായങ്ങളും തരുന്നില്ല. ചിലതെല്ലാം ഒന്നുകൂടെ അടുക്കും ചിട്ടയും ആക്കാമായിരുന്നു. ഒരു ആൽബം പോലെ സൂക്ഷിക്കാനാവുന്ന വന്യമൃഗങ്ങളുടെ പടങ്ങളിൽ പലതും, സന്നിവേശിപ്പിച്ചിരിക്കുന്നത് മറ്റാരും എടുത്തുകൊണ്ടുപോയി കോപ്പിറൈറ്റ് ലംഘനം നടത്തരുത് എന്ന ലക്ഷ്യത്തോടെ ആണോ എന്നൊരു സംശയം. അവസാനമായി പുസ്തകത്തിന്റെ പേരിന്റെ കാര്യത്തിലാണ് ഭിന്നാഭിപ്രായം. നസീർ വെറുമൊരു വന്യജീവി ഫോട്ടോഗ്രാഫർ അല്ലെന്ന് രണ്ട് അദ്ധ്യായങ്ങൾ വായിക്കുന്നതോടെ ആർക്കും മനസ്സിലാകും. ഒന്നാന്തരം ഒരു പ്രകൃതിസ്നേഹിയും വനസംരക്ഷകനും കൂടെയാണ് അദ്ദേഹം. പിന്നെന്തിന് ഫോട്ടോഗ്രാഫർ എന്ന തലക്കെട്ടിൽ മാത്രം നസീറിനെ ഒതുക്കി ?

അയൽ‌വാസിയായ നസീറിന്റെ പുസ്തകം വായിച്ചതുകൊണ്ട് വ്യക്തിപരമായി എനിക്കുണ്ടായിരിക്കുന്ന ഒരു ഗുണം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. ആനയോ പുലിയോ കടുവയോ ഇറങ്ങാൻ സാദ്ധ്യതയുള്ള ചില കാടുകളിലൂടെ ഈയുള്ളവനും ചിലപ്പോഴൊക്കെ കടന്നുപോയിട്ടുണ്ട്. വന്യജീവികളൊന്നും മുന്നിൽ വന്ന് ചാടി കുഴപ്പമുണ്ടാക്കരുതേ എന്ന പ്രാർത്ഥനയായിരിക്കും അപ്പോഴെല്ലാം. ‘കാടും ഫോട്ടോഗ്രാഫറും‘ വായിച്ച് കഴിഞ്ഞതോടെ ആ പ്രാർത്ഥനയ്ക്ക് ഉള്ളിലിടമില്ലാതായിരിക്കുന്നു. വന്യജീവികളെയൊക്കെ കണ്ണ് നിറച്ച് കാണാനാകണേ എന്ന പ്രാർത്ഥനയാകും ഇനിയങ്ങോട്ട്.

Saturday, December 15, 2012

തേരൊലികൾ

പുസ്തകം : തേരൊലികൾ
രചയിതാവ് : എസ് ജയചന്ദ്രൻ നായർ

പ്രസാധകര്‍ : ഒലീവ് പബ്ലിക്കേഷൻസ്

അവലോകനം : വെള്ളെഴുത്ത്




ജീവിതത്തെ കൂടുതൽ ജീവിതയോഗ്യമാക്കാൻ വേണ്ടിയുള്ള മനുഷ്യസ്നേഹികളുടെ ആത്മാർത്ഥമായ ആലോചനകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നുമാണ് വിവിധതരങ്ങളായ പ്രത്യയശാസ്ത്രസംഹിതകളുടെ പിറവിയെങ്കിലും അവയുടെ പ്രവൃത്തിമാർഗങ്ങൾ പിഴച്ചു ഭീതിദമായി തീർന്നതിനെക്കുറിച്ചുള്ള നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. ആശയപംക്തികൾ രൂപപ്പെട്ട സാഹചര്യവും അവയുടെ പ്രയോഗയുക്തിയും തമ്മിൽ സ്ഥലകാലബദ്ധമായി ഇടഞ്ഞതിന്റെ ഫലം മാത്രമല്ല, ഈ പിഴച്ചപോക്കിനു കാരണം. വ്യക്തിമനോഭാവങ്ങൾ ജനസമൂഹത്തിനെതിരായതിന്റെ ദുരന്തഫലം കൂടിയാണിത്. ഉയരങ്ങളിൽ എത്താൻ വേണ്ടി കൈയിലെടുത്ത കറകളഞ്ഞ സിദ്ധാന്തങ്ങൾക്കു മേൽ പണിഞ്ഞ് പണിഞ്ഞ് അധികാരബദ്ധത പോലെയുള്ള മേൽക്കോയ്മാ മനോഭാവങ്ങൾ തല്ലിക്കൊഴിച്ചത് അവയുടെ ഉദ്ഭവം അടിസ്ഥാനമാക്കിയ മനുഷ്യസ്നേഹത്തിന്റെ ആന്തരസത്തയെയാണെന്നതാണ് ഇതിലെ ഏറ്റവും ദുരന്തം പിടിച്ച ഫലിതം. അങ്ങനെ, എന്തിനു വേണ്ടിയുണ്ടായോ അതിനെതിരായി തീർന്നു അവ പ്രായോഗിക തലത്തിൽ.

പുതിയ വ്യവസ്ഥിതിയിലൂടെ പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നതിനു പകരം അധികാരത്തിന്റെ സുഖാലസ്യം നുകർന്ന് ഭരണാധികാരികൾ, മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങൾ പിഴപ്പിച്ചതിന്റെ ചോരയുറയുന്ന ദുരനുഭവങ്ങൾ വർണ്ണിക്കുന്ന കുറച്ചു പുസ്തകങ്ങളുടെ വായനാനുഭവം പങ്കു വയ്ക്കുന്ന കൃതിയാണ് എസ് ജയചന്ദ്രൻ നായർ എഴുതിയ തേരൊലികൾ. ‘അനീതിയുടെ ഇരുണ്ടകാലങ്ങളിൽ സൌഹാർദ്ദങ്ങളുടെ നിലമൊരുക്കാൻ വേണ്ടി കാണിക്കേണ്ടി വന്ന പരുഷതകളോട് നാം ഇത്രയേറെ അസഹിഷ്ണുത കാണിക്കേണ്ടതുണ്ടോ’ എന്ന ബ്രഹ്തിയൻ ചോദ്യത്തിന്റെ വിശദമായ മറുപടിയായി തീരുന്നുണ്ട് മറ്റൊരർത്ഥത്തിൽ ഈ പുസ്തകം. യഥാർത്ഥത്തിൽ ചരിത്രപരമായ കുറ്റകൃത്യങ്ങൾക്ക് ധാർമ്മികമായ വിധിതീർപ്പുകളും വിശദീകരണങ്ങളും വേണം എന്ന് ‘ദ റെഡ് ഫ്ലാഗി’ന്റെ ഉപസംഹാരത്തിൽ ഡേവിഡ് പ്രീസ്റ്റ് ലാൻഡ് പറഞ്ഞതു തന്നെയാണ് കാര്യം. സൈദ്ധാന്തികമായ ഉട്ടോപ്യൻ ആശയങ്ങൾ വിനാശകരമായി പോകാതെ കാക്കാൻ ചരിത്രപരമായ പുനരന്വേഷണങ്ങളും ജാഗ്രതകളും എത്രമാത്രം ആവശ്യമാണെന്നതിന് വർത്തമാനകാല സംഭവങ്ങളും സാക്ഷ്യം പറയുന്നുണ്ടല്ലോ. ബർദയേവു മുതൽ സോത്ഷെനിറ്റ്സൺ വരെയുള്ള ബുദ്ധിജീവികൾക്ക് സ്വരാജ്യം വിട്ടു വിദേശത്ത് പാർക്കേണ്ടി വന്നതിന്റെ സാഹചര്യം വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ഒരു കൃതിയാണ് ‘ദ ഫിലോസഫി സ്റ്റീമർ’. 220 ബുദ്ധിജീവികളെ നാടുകടത്താൻ വേണ്ടി തയാറാക്കിയ പ്ലാനിനെ അടിസ്ഥാനമാക്കി ലെസ്ലി ചേംബർലൈൻ എഴുതിയതാണ് ഇത്. ജീവിതാവസാനം വരെയും സ്വന്തം രാജ്യത്തിലേയ്ക്ക് മടങ്ങിപോകാനാവുമെന്ന ആശ അവരാരും തന്നെ വെടിഞ്ഞിരുന്നില്ലത്രേ. സുദീർഘമായ തടങ്കലിനും മാനസികപീഡനങ്ങൾക്കും ഒരു മനുഷ്യന്റെ സ്വാതന്ത്ര്യസങ്കല്പത്തെ തല്ലിക്കൊഴിക്കാനാവില്ലെന്ന് ഷാവോ സിയാങിന്റെ ‘ദി പ്രിസണർ ഓഫ് ദ സ്റ്റേറ്റ് എന്ന കൃതിയും ഉറക്കെ വിളിച്ചു പറയുന്നു. ചൈനയിലെ മുൻ പ്രധാനമന്ത്രിയും ആക്ടിംഗ് സെക്രട്ടറി ജനറലും ആയിരുന്നു ഷാവോ. ഏതാണ്ട് രണ്ടു കൊല്ലം കൊണ്ട് ഷാവോ രഹസ്യമായി രേഖപ്പെടുത്തിയ കുറിപ്പുകൾ പുറത്തു കടത്തിയാണ് കൂട്ടുകാർ പ്രസിദ്ധീകരിക്കുന്നത്. ടിയാനെന്മെൻ വിദ്യാർത്ഥിപ്രക്ഷോഭം നടക്കുമ്പോൾ കൂടിയാലോചനകൾക്കുള്ള ക്വാതിലുകൾ അടയ്ക്കുന്നതിനെ അദ്ദേഹം അനുകൂലിച്ചില്ല. മാർഷ്യൽ നിയമം പ്രഖ്യാപിക്കുന്നതു സംബന്ധിച്ച ഉത്തരവിൽ ഒപ്പുവയ്ക്കാനും കൂട്ടാക്കിയില്ല. അതോടെ തീർന്നു ഷാവോയുടെ രാഷ്ട്രീയഭാവി. പിന്നെ പതിനാറുവർഷം നീണ്ട തടവ്.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അദ്ധ്യാപകനായ ബെർട്രാൻഡ് പ്രാറ്റിനാഡിന്റെ ‘സ്റ്റാലിൻസ് നെമസിസ്..’ എന്ന പുസ്തകത്തിൽ ലിയോൺ ട്രോട്സ്കിയുടെ അന്ത്യനാളുകളുടെ വിശദമായ വിവരണമുണ്ട്. ട്രോട്സ്കിയുടെ മരണത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കലും വിട്ടുപോകാത്ത പേടിസ്വപ്നങ്ങൾ അവശേഷിപ്പിക്കുന്ന തരത്തിൽ രചിച്ചിരിക്കുന്ന മേൽ‌പ്പറഞ്ഞ പുസ്തകം കൂട്ടത്തിൽ വേറിട്ടു നിൽക്കുന്നു എന്ന് ലേഖകൻ എഴുതുന്നു. സാർവലൌകിമായ യുവത്വത്തിന്റെയും നിർഭയത്വത്തിന്റെയും എക്കാലത്തെയും പ്രതിബിംബമായുയർന്ന വിപ്ലവകാരി ചെ ഗുവേരയുടെ വ്യക്തിത്വത്തിലെ വ്യത്യസ്തമായ ഭാവത്തെ തുറന്നു കാണിക്കുന്ന കൃതിയാണ് റെജിസ് ദെബ്രെയുടെ ആത്മകഥ - പ്രൈസ്‌ഡ് ബി ഔർ ലോർഡ്‌സ്. ചെയോടൊപ്പം ബൊളിവിയയിൽ പോയ വ്യക്തിയായിരുന്നു ദെബ്രെ. ചെക്കോസ്ലോവാക്യയുടെ പ്രസിഡന്റായിരുന്ന വക്ലാവ് ഹാവേലിന്റെ ആത്മകഥാഖ്യാനം ‘ടു ദ കാസിൽ ആന്റ് ബാക്ക് ’ സുഖാനുഭവങ്ങളോട് മുഖം തിരിക്കാത്ത ഭരണാധികാരിയുടെ തുറന്നു പറച്ചിലിനൊപ്പം സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ദാഹങ്ങൾ രാഷ്ട്രീയമായ ഉന്നതാവസ്ഥയിലുള്ള ഒരാളിൽ പോലും വിട്ടൊഴിയാത്ത ഒന്നായി നിലനിൽക്കുന്നതിന്റെ അദ്ഭുതത്തെ പങ്കു വയ്ച്ചേക്കും. ലെനിന്റെ പതിനാറു വർഷത്തെ പ്രവാസജീവിതത്തെപ്പറ്റി ഹെലൻ റാപ്പാപോർട്ട് എഴുതിയ ‘കോൺസ്പിറേറ്ററെ’ കുറിച്ചുള്ള ലേഖനമാണ് ഈ പുസ്തകത്തിൽ ഏറ്റവും ദീർഘമായ ലേഖനം. വിപ്ലവത്തിന്റെ മുന്നൊരുക്കങ്ങളെപ്പറ്റിയുള്ള ഏകാന്തമായ അന്വേഷണം കൂടിയാവുന്നു ഹെലന്റെ രചന. കാലഘട്ടത്തിന്റെ ചിന്താധാരയെ സ്വാധീനിക്കുകയും വിശ്വാസത്തിനനുസരിച്ച് യുദ്ധങ്ങളിൽ മുഴുകയും മുറിവേൽക്കുകയും ചെയ്ത് ഒടുവിൽ ആത്മഹത്യയിൽ അഭയം പ്രാപിച്ച ആർതർ കെയ്‌സ്ലെറുടെ ജീവിതകഥ പ്രതിപാദിക്കുന്ന, മൈക്കൽ സ്കാമെലിന്റെ ‘കെയ്‌സ്ലർ’, ‘നട്ടുച്ചയ്ക്കിരുട്ടെന്ന’ നോവലാൽ നമുക്കു പരിചിതനായ അതേ കെയ്‌സ്ലർ തന്നെ. വ്യവസ്ഥയെ ഉന്മാദം കൊണ്ട് നേരിട്ട ഡാനീൽ ഹാംസിന്റെ ടുഡേ ഐ റോട്ട് നതിംഗ്, റെസാക് ഹുക്നോവിച്ചിന്റെ ബോസ്നിയൻ കോൺസന്റ്‌റേഷൻ ക്യാമ്പുകളിലെ അനുഭത്തെപ്പറ്റിയുള്ള ദ‘ടെൻ‌ത് സർക്കിൾ ഓഫ് ഹെൽ’, യൂഗോസ്ലാവിയയിലെ വംശഹത്യയെ അപലപിക്കുന്ന, സ്ലാവേങ്ക ഡ്രാക്കുലിക്കിന്റെ ‘ദേ വുഡ് നെവെർ ഹർട്ട് എ ഫ്ലൈ’, ആത്മാഭിമാനം പരിരക്ഷിക്കാൻ ഒരു വിട്ടു വീഴ്ചയ്ക്കും തയാറാവാതെ നിന്ന ഓസീപ് മാൻഡൽ സ്റ്റാമിന്റെ ‘ക്രിട്ടിക്കൽ പ്രോസ് ആന്റ് ലെറ്റേഴ്സ്‘ , ഭരണാധികാരികളുടെ രഹസ്യലോകത്തിലേയ്ക്ക് അസാധാരണമായ ധീരതയോടെ കടന്നു ചെല്ലുന്ന, റിച്ചാർഡ് മഗ് ഗ്രഗറുടെ ‘ദ പാർട്ടി’ തുടങ്ങിയവയാണ് ‘തേരൊലികളി’ൽ ആലോചനയ്ക്കു വിഷയമാകുന്ന മറ്റു പുസ്തകങ്ങൾ. അധികാരത്തിലിരുന്നവർ ഒരു ഘട്ടത്തിൽ ആത്മപരിശോധനയ്ക്ക് വിധേയമാവുന്നതും നമുക്കിവിടെ കാണാം. മാൻഡൽ സ്റ്റാമും ഡാനീൽ ഹാംസും തടങ്കൽ പാളയങ്ങളിൽ പട്ടിണികൊണ്ടാണ് മരിച്ചതെങ്കിൽ മറുവശത്ത് ഷാവോയും ദെബ്രെയും ഹാവേലും അധികാരത്തിന്റെ രക്തസാക്ഷികളാണ്. സ്വാതന്ത്ര്യാഭിലാഷവും നിർഭയത്വവും ആത്മാഭിമാനവും ഏതു നിഷ്ഠുരതയെയും സഹിക്കാൻ മനുഷ്യാത്മാവിനെ പ്രാപ്തനാക്കുന്നതാണ് ഈ നിര പുസ്തകങ്ങൾ നൽകുന്ന ആശ്വാസക്കാഴ്ച.

ആരാധനാലയം ശൂന്യമാണെന്ന് അറിയുന്ന ഗായകസംഘാംഗത്തോട് ചേർത്തു വച്ച്, തന്റെ പുസ്തകത്തിലൊരിടത്ത് വക്ലാവ് ഹാവെൽ സ്വയം ഉപമിക്കുന്നുണ്ട്. ആൾക്കൂട്ടത്തിലല്ല, ഏകാന്തതയിലാണ് ഒച്ചകൾ, സംഗീതമായിരുന്നില്ലെന്ന തിരിച്ചറിവിന് ആക്കം കൂട്ടുന്നതെന്ന് ഈ പുസ്തകത്തിൽ പരാമർശവിധേയമാവുന്ന ആഖ്യാനങ്ങൾ തെളിവുനൽകുന്നുണ്ട്. ഈ രചനകളുടെയെല്ലാം മറുപുറത്ത് - എല്ലാമല്ലെങ്കിലും ഭൂരിഭാഗവും - ഇവയുടെ എഴുത്തുകാർ പാശ്ചാത്യമായ ഒരു തരം പ്രത്യയശാസ്ത്രഭയത്തിന്റെ സന്തതികളോ ചാർച്ചക്കാരോ അല്ലേ എന്ന വിചാരണയ്ക്കു കൂടി ‘തേരൊലികൾ’ അവസരമൊരുക്കുന്നുണ്ട്. അതു വിശദമായ മറ്റൊരു ചർച്ചയാണ്. എങ്കിൽ പോലും ചോരമണക്കുന്ന അനുഭവകഥനങ്ങളുടെ സത്യസന്ധതയെ സംശയിക്കാൻ അത് കാരണമാവേണ്ടതില്ല. അധികാരത്തിന്റെ തേർവാഴ്ചകൾക്കിടയിൽ കുടുങ്ങിയും തകർന്നും ഹതാശരായ ഒരുകൂട്ടം ജീവിതമാണ് മുന്നിൽ. ഇരകളുടെ മാത്രം ആഖ്യാനമല്ല ഇവിടെ ആലോചനാവിഷയം എന്നത് വൈകാരികമായ ഏകതാനതയിൽ നിന്ന് പുസ്തകത്തെ മാറ്റി നിർത്തുന്ന ഘടകമാവുന്നു. ഒരിക്കൽ തേരിലിരുന്നവരും എപ്പോഴും പൽച്ചക്രങ്ങളിൽ ഞെരിഞ്ഞവരും ഒറ്റപ്പന്തിയിലാവുന്നത്, മനുഷ്യനാണ് പ്രധാനം എന്ന നിർണ്ണായകമായ ബോധ്യത്തിന്റെ തട്ടകത്തിലാണ്. പ്രത്യക്ഷ അനീതികളും അസമത്വങ്ങളും വാലിൽ കെട്ടി ആകാശത്തേയ്ക്കു പറത്തുന്ന ആകർഷകമായ ഉട്ടോപ്യൻ രാഷ്ട്രീയവിശ്വാസങ്ങളുടെ പ്രതിപക്ഷത്തു നിൽക്കാൻ ആകെ വേണ്ട മൂലധനം, മനുഷ്യത്വത്തിലുള്ള വിശ്വാസവും അതിരുകളില്ലാത്ത മനുഷ്യസ്നേഹവുമാണ്. കേവലവികാരത്തിന്റെ കോലം തുള്ളലുകളിൽ നിന്ന് അക്ഷരങ്ങളെ രക്ഷിച്ചെടുക്കുന്നതാവട്ടെ, ചരിത്രബോധവും സുദീർഘമായ നാൾവഴികളെ കൈവശമാക്കിയ വായനസംസ്കാരവും. ഇതെല്ലാം കൂടിയാണ് ‘തേരൊലികളെ’ പ്രസക്തമാക്കുന്നത്.

കൂടെ ഒരു കാര്യം ചൂണ്ടിക്കാണിക്കാതെ വയ്യ. വേണ്ടത്ര എഡിറ്റിംഗും പ്രൂഫ് തിരുത്തലുമില്ലാതെ ഇതിൽ കടന്നു കൂടിയിരിക്കുന്ന പിശകുകളെപ്പറ്റിയാണ് അത്. പരാമൃഷ്ടമായ പുസ്തകങ്ങളുടെ പേരു തെറ്റിച്ചും (ദേ വുഡ് നെവെർ ഹർട്ട് എ ഫ്ലൈ എന്ന പുസ്തകത്തിന്റെ പേര്, ദ നെവെർ ഹാർട്ട് എ ഫ്ലൈ എന്ന്. പേ.118) വാക്യങ്ങളുടെ ഘടനയും വ്യാകരണവും തെറ്റിച്ചും (‘ചതുശ്ശക്തി സമ്മേളനത്തിൽ പങ്കെടുത്ത അമേരിക്കൻ പ്രസിഡന്റ് വിത്സൺ ഇൻ ഡോ ചൈനയ്ക്ക് സ്വയം ഭരണാ‍വകാശം നൽകുന്നതും അനുഭാവത്തോടെ പരിഗണിക്കണമെന്ന അപേക്ഷയുമായി എത്തിയ 29 കാരനായ ഹോചിമിനിലൂടെയും ഏഷ്യയുടെ... സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.’ പേ. 20, ‘... ജനനത്തിനു വഴി തെളിക്കുകയും അവർ മനുഷ്യ ചരിത്രത്തിൽ ഒരിക്കലും ഉണങ്ങാത്ത.. മുറിവുണ്ടാക്കിയതെങ്ങനെയെന്നും..” പേ.22, ‘ഒളിച്ചോട്ടത്തിൽ നിന്നും അംഗമാകുന്നത് ഉപകരിക്കുമെന്നും..’ പേ. 155, ‘ലേഡി മാക്ബത്തിനെ കമ്പോടു കമ്പ് വിമർശിച്ച പ്രാവ്ദ എന്ന് വിശേഷിപ്പിച്ചു.‘ പേജ് 105, ‘ശ്രവണപുടങ്ങളിൽ ഒച്ചയില്ലാത്ത ഒച്ച നിറയുന്നു.’ പേ.61, ‘.. മകൻ പശ്ചാത്തപിക്കുകയും അയാളുടെ മൃതദേഹം പുറത്തെടുത്തിരുന്നത്.’ പേ.12) വാക്കുകളും പേരുകളും തെറ്റായി ചേർത്തും ( ഓൾഗ യ്ക്ക് ഒഗ, നാദിയയ്ക്ക് നാട്യ, മരണം വരെ എന്ന അർത്ഥത്തിൽ ആമരണം എന്നതിനു പകരം ‘ആ മരണം’, ‘അദ്ധ്യാപകനശൈലി, ഒന്നാമന്റെ ക്ഷാത്രപാത്രം, തൊഴിലാളിക‘ലെ’, ഒരു കൃതിയ്ക്ക് ‘കൃതികളെ’) എന്നിങ്ങനെ അച്ചടിപ്പിശാചുകളുടെയും തിരുത്തപ്പെടേണ്ട, ഭാഷാപരമായ തെറ്റുകളുടെയും ഘോഷയാത്രതന്നെയുണ്ട് പുസ്തകത്തിൽ, അങ്ങോളമിങ്ങോളം.

Friday, December 14, 2012

നരകവാതില്‍ക്കലെ രക്ഷകന്‍

പുസ്തകം : നരകവാതില്‍ക്കലെ രക്ഷകന്‍
രചയിതാവ് : ഹസ്സന്‍ നാസിര്‍
പ്രസാധകര്‍ : ഒലിവ് ബുക്സ്
അവലോകനം :


അനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. പക്ഷെ കൂടുതലും അനുഭവങ്ങളും മനോഹരമായ ഓര്‍മ്മകളായി മനസ്സില്‍ കുടികൊള്ളുകയോ മറവിയിലാണ്ടുപോകുകയോ ചെയ്യും. പക്ഷെ അനുഭവങ്ങളെ, വലുതും ചെറുതുമായവയെ, നിസ്സാരവും ഗംഭീരവുമായവയെ, ഏറ്റവും creative ആയ രൂപത്തില്‍ ഉപയോഗപ്പെടുത്തുന്ന ഒരാളാണ്‌ ഹസ്സന്‍ നാസിര്‍. ഒരു അനുഭവത്തെയും പാഴായിപ്പോകാനനുവദിക്കാന്‍ ഇഷ്ടമില്ലാത്ത ഒരു മനസ്സിന്റെ പ്രതിഫലനമാണ്‌ അദ്ദേഹത്തിന്റെ രചനകള്‍. അദ്ദേഹത്തിന്റെ Tragedy of the Mannequins ആണ്‌ ഇതിനുമുന്‍പ് വായിച്ച പുസ്തകം. രണ്ട് നോവലുകളും മേല്‍‌പ്പറഞ്ഞ കാര്യം ശക്തമായി സൂചിപ്പിക്കുന്നു.

വായിച്ചുതുടങ്ങിയാല്‍പ്പിന്നെ ഇടക്ക് പുസ്തകം അരികിലേക്ക് മാറ്റിവെച്ച് മറ്റെന്തെങ്കിലും കാര്യത്തിനായി പോകാന്‍ വായനക്കാരനെ മനസ്സനുവദിക്കാത്ത രീതിയിലാണ്‌ അദ്ദേഹത്തിന്റെ രചനാരീതിയും കഥാഘടനയുടെ രൂപപ്പെടുത്തലും. ഇതും രണ്ടുപുസ്തകങ്ങളിലും കണ്ട മറ്റൊരു വസ്തുതയാണ്‌. ഇത് അദ്ദേഹത്തിന്റെ ഒരു കഴിവാണെന്ന് പറയുന്നതിലും നല്ലത് അദ്ദേഹത്തിന്റെ ഉള്ളില്‍ത്തന്നെ അലിഞ്ഞുചേര്‍‌ന്നിട്ടുള്ള ഏതോ ഒരു ഗുണമാണെന്ന് പറയുന്നതാണ്‌‍. അങ്ങനെയല്ലാതെ എഴുതാന്‍ ശ്രമിച്ചാല്‍ പോലും അങ്ങനെയേ അദ്ദേഹമെഴുതിയാല്‍ വരൂ എന്നാണ്‌ തോന്നുന്നത്.

നരകവാതില്‍‌ക്കലെ രക്ഷകന്‍ എന്ന പുസ്തകത്തെക്കുറിച്ച്, നബീസത്താത്തയെയും കുഞ്ഞിമൂസയെയും കുറിച്ച്, ഹസ്സന്‍ നാസിര്‍ എന്ന എഴുത്തുകാരനെക്കുറിച്ച്, ഞാന്‍ അധികം പറയുന്നില്ല. മറ്റു പ്രമുഖര്‍ നേരത്തേ പറഞ്ഞുകഴിഞ്ഞു. അതിന്റെ ചില കഷണങ്ങള്‍ ഇവിടെയെടുത്തിടാം:

"താന്‍ ആവിഷ്കരിക്കുന്ന ലോകത്തിന്റെ ഊഷരതയും പരുക്കത്തവും നോവലിസ്റ്റ് തന്റെ ഭാഷയിലേക്കും ആവാഹിച്ചിരിക്കുന്നു. കാല്‍‌പനികതയും, മൃദുലതയും സ്വപ്നങ്ങളും ആഖ്യാനഭാഷയില്‍നിന്ന് പിഴിഞ്ഞുകളയപ്പെട്ടിരിക്കുന്നു. പകരം ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും മനുഷ്യദുരന്തങ്ങളുടേയും കയ്പ്പും പുളിയും നിറക്കപ്പെട്ടിരിക്കുന്നു. നോവലിന്റെ ഭാഷ വീര്യം കുറയ്ക്കാത്ത ആസിഡിന്റെ തീവ്രതയോടെ വായനക്കാരന്റെ മാംസവും അസ്ഥിയും തുളച്ച് മജ്ജവരെ ചെന്നെത്തുകയും പൊള്ളിക്കുകയും ചെയ്യുന്നു."
- പ്രസാദ് കൊടിഞ്ഞി
(വെട്ടം മാസിക, മെയ് )

"ഏതാണ്‌ 'നരകവാതില്‍ക്കലെ രക്ഷകന്‍' എന്നല്ലേ? ബോംബെയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മറ്റൊരു നോവല്‍ എന്നു പറഞ്ഞാല്‍ മാത്രം മതിയാവില്ല. ബോംബെയേക്കുറിച്ച് ഇതുവരെ വന്നിട്ടുള്ള നോവലുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്‌ ഇത്.
ബോംബെയില്‍ അവിടെ കുടിയേറിപ്പാര്‍ക്കുന്ന ഭൂരിഭാഗം പേരും പാതനിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നവരേപ്പോലെ സുരക്ഷിതമായ ജീവിതം തിരഞ്ഞെടുക്കുന്നവരാണ്‌. ചുവന്ന തെരുവുകളും അധോലോകവുമൊക്കെ അവിടെയുണ്ടെന്നറിഞ്ഞുകൊണ്ടുതന്നെ അതില്‍ നിന്നെല്ലാം അകലം പാലിക്കുന്ന നമുക്ക് ബോംബെയുടെ മുഖത്തിന്റെ പല വശങ്ങളും കാണാനാവുന്നില്ല.അവിടെ കുറച്ചുകാലം ജീവിച്ചു എന്നതുകൊണ്ടുമാത്രം ആര്‍ക്കും നോവലെഴുതാനാവുകയുമില്ല. ഹസ്സന്‍ നാസിര്‍ വ്യത്യസ്തനാവുന്നത് ഇവിടെയാണ്‌. ജോലി തേടിയെത്തുന്ന ഒരു സാധാരണക്കാരന്‍ കാണുന്ന ബോംബെയല്ല ഹസ്സന്‍ നാസിര്‍ കാണുന്ന ബോംബെ. അയാള്‍ എത്തിനോക്കാന്‍ പേടിക്കുന്ന ഇരുണ്ട ഇടങ്ങളിലൂടെ അദ്ദേഹം നടത്തുന്ന യാത്രയ്ക്ക് ആധികാരികതയുണ്ട്."
- അഷ്ടമൂര്‍ത്തി


" 'നെന്നെ ഞാന്‍ മറക്കാനോ കുഞ്ഞിമൂസേ.'
വായനക്കാരനും മറക്കുകയില്ലല്ലോ, കുഞ്ഞിമൂസയെയും നബീസയെയും അവരുടെ ലോകത്തിലെ ഭൂതവര്‍ത്തമാനഭാവികാലവിചാരങ്ങളെയും. സുഹറയെ മലയാളം മറക്കുമോ? പാത്തുമ്മയുടെ ആടിനെ മറക്കുമോ? ശബ്ദങ്ങള്‍ നിലക്കുമോ? നാസര്‍ ഗൗരവത്തിലാണ്‌. എങ്കിലും ശൈലിയെ ബഷീര്‍ അനുഗ്രഹിക്കാതിരിക്കയില്ല."
- ഡി. ബാബുപോള്‍
(മാധ്യമം ദിനപ്പത്രം,)

ബഷീറിനെയോ, ഉറൂബിനെയോ ഓര്‍മ്മിപ്പിക്കുന്ന ഭാഷയുടെ വഴക്കവും സ്വാഭാവികതയും, ചടുലതയും. ഒരുപക്ഷേ അതുതന്നെയാണ്‌ നോവലുയര്‍ത്തുന്ന ഭീഷണിയും."
- ഡോ. ഖദീജാ മും‌താസ്
(മാതൃഭൂമി ആഴ്ചപ്പതിപ്പ്,)