Showing posts with label ചെറായി രാമദാസ്. Show all posts
Showing posts with label ചെറായി രാമദാസ്. Show all posts

Friday, April 27, 2012

എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്റെ രാജശില്പി

പുസ്തകം : എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്റെ രാജശില്പി
രചയിതാവ് : പ്രൊഫ . കെ .കെ . ശിവരാമന്‍

പ്രസാധകര്‍ : ബി. ബുക്സ് , പി. കെ. മെമ്മോറിയൽ ഗ്രന്ഥശാല

അവലോകനം : ചെറായി രാമദാസ്





ട്ടെല്ലുള്ള മലയാള സാഹിത്യ വിമര്‍ശം അന്യംനിന്നുപോയിട്ടില്ല എന്ന് ഒരു വയോധികന്റെ പേന കേരളത്തെ ബോധ്യപ്പെടുത്തുന്നു..... സ്തുതിപാഠകര്‍ പൊലിപ്പിച്ചെടുത്തതാണ് എഴുത്തച്ഛന്റെ കവന പാടവവും കാവ്യ ധാര്‍മികതയും.തനിമയുള്ള മലയാള നിരൂപകർ ആരും എഴുത്തച്ഛനെ പുകഴ്ത്തിയിട്ടില്ല. ഇന്‍ഡ്യയിലെ മറ്റു പ്രദേശങ്ങളിൽ ഭക്തിപ്രസ്ഥാന കാലത്ത് ഉദിച്ചുയര്‍ന്ന കവികളുമായി താരതമ്യം പോലും അര്‍ഹിക്കുന്നില്ല എഴുത്തച്ഛ നാമധാരി. ജനവിരുദ്ധ ഉദ്ബോധനങ്ങള്‍ സുരക്ഷിതമായി പ്രചരിപ്പിക്കാന്‍ ശൂദ്ര വേഷം കെട്ടിയ ബ്രാഹ്മണനാകാം ആ ആള്‍ . എഴുത്തച്ഛനെക്കാള്‍ മുന്‍പേ കണ്ണശ്ശന്മാര്‍ ഇതിഹാസ കാവ്യങ്ങള്‍ മലയാളത്തിലാക്കിയെന്നതു മറച്ചുവയ്ക്കപ്പെടുകയാണ് . മലയാളത്തിനു ക്ലാസിക്കല്‍ ഭാഷാ പദവി തേടി ഓടുന്നവര്‍ തന്നെ , നാലഞ്ചു നൂറ്റാണ്ടു മുന്‍പു മാത്രം ജീവിച്ചിരുന്നതായി പറയപ്പെടുന്ന എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായും കൊണ്ടാടുന്നു ! വാല്മീകി രാമായണത്തിന്റെ വ്യാജ എഡിഷനായ ' അധ്യാത്മ രാമായണ'മാണ്, സ്വന്തം 'സംഭാവന'കളും ചേര്‍ത്ത് , എഴുത്തച്ഛന്‍ കിളിയെക്കൊണ്ടു പാടിച്ചത്‌ . വ്യാസഭാരതത്തിലെ നന്മകള്‍ വികലമാക്കിയാണ് ആ കിളിയെ പഠിപ്പിച്ചത് . മാത്രമല്ല , വൃത്തികെട്ട സംബന്ധ വ്യവസ്ഥ ശൂദ്രര്‍ക്കു മോക്ഷദായകമാണെന്ന് വ്യാസന്റെ കെയറോഫില്‍ നിരീക്ഷിക്കയും ചെയ്തു . അങ്ങനെ നികൃഷ്ടമായി മാറിയ ആ ജീവിത രീതിയ്ക്കെതിരെയാണ് ചന്തുമേനോന്റെ 'ഇന്ദുലേഖ' രംഗത്ത് വന്നത് . എഴുത്തച്ഛന്‍ പ്രചരിപ്പിച്ച വർണാശ്രമധര്‍മ സിദ്ധാന്തങ്ങളെ കടപിഴുതെറിയാന്‍ വന്ന വിപ്ലവകാരിയാണ് കുഞ്ചന്‍ നമ്പ്യാര്‍ . പ്രാണന്‍ ത്യജിച്ചും ശൂദ്രന്‍ ഭൂസുരന്റെ ദുഃഖം തീര്‍ക്കണമെന്നും എഴുതിവച്ചു എഴുത്തച്ഛൻ . ഹിന്ദു മതത്തെ ജീവിക്കാന്‍ കൊള്ളരുതാത്തതാക്കി മതംമാറ്റങ്ങള്‍ക്കു കളമൊരുക്കിയവരില്‍ പ്രധാനി എഴുത്തച്ഛനാണ്. ഇതിഹാസ പരിഭാഷയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്ത മറിമായങ്ങളിലൂടെയും ദുർബോധനങ്ങളിലൂടെയും ജനങ്ങളുടെ നൈസര്‍ഗിക വാസനകളെയും മൂല്യബോധത്തെയും താറുമാറാക്കിയതിനാലാണ് പോർടുഗീസുകാര്‍ക്ക് ഇവിടെ അഴിഞ്ഞാടി ആധിപത്യം ഉറപ്പിക്കാന്‍ വേണ്ട സാഹചര്യം ഉണ്ടായത് . ഗീതയിലുള്ളതിലേറെ പ്രതിലോമപരവും ചൂഷണപരവുമായ തത്ത്വോപദേശങ്ങളാണ് എഴുത്തച്ഛന്റേത്. രസാവിഷ്കാരം , ഔചിത്യം , വര്‍ണന തുടങ്ങിയവയിലും മേന്മയോന്നുമില്ല എഴുത്തച്ഛന്‍ കൃതികള്‍ക്ക് . അവയെക്കാള്‍ പഴയ കൃതികളില്‍ പോലും ഏറെ ലളിത കോമളമായ ഭാഷ കാണാം .... ഇങ്ങനെ പഴുതറ്റ വിമര്‍ശത്തിന്റെ കൂരമ്പുകള്‍ എമ്പാടും പായുന്നു പ്രൊഫ . ശിവരാമന്റെ പേനയില്‍ നിന്ന്‌ . അതിന്റെ പൂര്‍ണ രൂപം കാണാന്‍ പുസ്തകം വായിക്കതന്നെ വേണം . ഗ്രന്ഥകാരനും പ്രസാധകനും (കാവാലം ബാലചന്ദ്രന്‍ ) ഒരേ മനസ്സാകുന്ന അദ്ഭുത കാഴ്ചയുമുണ്ട് ഇവിടെ . ( വില : 125 രൂപ )