Showing posts with label നിരക്ഷരൻ. Show all posts
Showing posts with label നിരക്ഷരൻ. Show all posts
Sunday, September 27, 2015
ചുവടുകൾ
പുസ്തകം : ചുവടുകൾ
രചയിതാവ് : കെ.എ.ബീന
പ്രസാധകർ : കറന്റ് ബുക്ക്സ്
അവലോകനം : നിരക്ഷരൻ
വ്യക്തിപരമായ ചില കാര്യങ്ങൾ അല്ലെങ്കിൽ എന്തോ കുടുംബവിശേഷങ്ങളാണ് ഗ്രന്ഥകാരി പറഞ്ഞുവരുന്നതെന്ന് ‘നനഞ്ഞ കണ്ണുകൾ, നീളുന്ന പാതകൾ‘ എന്ന ആദ്യ അദ്ധ്യായം വായിക്കുമ്പോൾ തോന്നും. അച്ഛൻ അർബുദരോഗത്തിന്റെ പിടിയിലാകുന്നതിനെപ്പറ്റിയാണ്, ലോകം മുഴുവൻ സഞ്ചരിച്ചിട്ടുള്ള ഒരച്ഛന്റെ സഞ്ചാരിയായ മകൾ, ബീനച്ചേച്ചി എന്ന് ഞാൻ വിളിക്കുന്ന കെ.എ.ബീന, ആ അദ്ധ്യായത്തിൽ പറയുന്നത്.
കാശിയും അലഹാബാദിലെ തൃവേണി സംഗമവും സാരാനാഥും കൽക്കത്തയും ഗയയും പുരിയുമൊക്കെ ചുറ്റിയടിക്കുന്ന IRCTC യുടെ ‘വില്ലേജ് ഓൺ വീൽസ്‘ എന്ന യാത്രാപദ്ധതി പ്രകാരമുള്ള യാത്ര എറണാകുളത്തെത്തുമ്പോഴാണ് അച്ഛന്റെ രോഗമുയർത്തുന്ന പ്രതിസന്ധി യാത്രയ്ക്ക് തടസ്സമാകുമോ എന്ന അവസ്ഥപോലും ഉണ്ടാകുന്നത്. അച്ഛൻ പക്ഷെ, യാത്രമുടക്കരുതെന്ന് ശഠിക്കുന്നു. ‘ നീ മടങ്ങി വന്നാലാണ് എനിക്ക് കൂടുതൽ ദുഖഃമുണ്ടാകുക‘ എന്ന് മകളെ അറിയിക്കുന്നു. ഒരു സഞ്ചാരിക്കേ മനസ്സിലാകൂ യാത്ര ഇടയ്ക്ക് അവസാനിപ്പിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടും നൈരാശ്യവുമെല്ലാം. വേണമെങ്കിൽ ഒരു തീർത്ഥയാത്ര എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലങ്ങളിലേക്കാണല്ലോ യാത്ര ! അച്ഛനുവേണ്ടിയുള്ള പ്രാർത്ഥയോടൊപ്പം യാത്ര തുടരുന്നു. കൂടെയുള്ളത് ആൻസി എന്ന കൂട്ടുകാരി മാത്രമാണ്. തീവണ്ടിയിലുള്ള ബാക്കി 500 പേരും അപരിചിതർ.
പ്രീഡിഗ്രി ക്ലാസ്സിൽ വെച്ച് ഇംഗ്ലീഷ് ഭാഷ കാര്യമായി വഴങ്ങാത്ത ആൻസിയും ബീനയും ചങ്ങാത്തം കൂടുന്ന കഥകളുമായി രണ്ടാമത്തെ ചാപ്റ്റർ വരുമ്പോഴും യാത്രാവിവരണമാണ് പറയുന്നതെന്ന് തോന്നൽ കാര്യമായിട്ടൊന്നും ഉണ്ടാകുന്നില്ല. പിന്നീട്, വായക്കാർപോലും തിരിച്ചറിയുന്നതിന് മുൻപേ, അനായാസമായിട്ടാണ് യാത്രയുടെ ഉൾത്തട്ടിലേക്ക് എഴുത്തുകാരി അവരെ കൊണ്ടുപോകുന്നത്.
പോകുന്നതെല്ലാം ഹൈന്ദവ ആരാധനാ കേന്ദ്രങ്ങളിലേക്കാണ്. ആൻസി എന്ന കൃസ്ത്യാനി കൂട്ടുകാരിക്ക് ബേജാറുണ്ടാകാൻ അത് ധാരാളം മതി. അവസാനം പേര് അനിത എന്നാക്കി ‘മതപരിപവർത്തന‘ത്തിന്റെ വക്കുവരെ എത്തുന്നുണ്ടെങ്കിലും അപ്പോഴേക്കും ഒരു കാര്യം വെളിവാകുന്നു. ട്രെയിലിനുള്ള നല്ലൊരു വിഭാഗം ആൾക്കാർ ക്രൈസ്തവരാണ്. അല്ലെങ്കിലും പക്ഷിമൃഗാദികൾക്കും സഞ്ചാരികൾക്കും എന്തോന്ന് ജാതിമത വ്യവസ്ഥകൾ ?!
തീവണ്ടിയിലുള്ളവർ പെട്ടെന്ന് തന്നെ അടുക്കുന്നു. അതും ഒരു വീടാണ്. അതൊരു സമൂഹം കൂടെയാണ്. ഒരു സ്ത്രീയെ സൌകര്യപൂർവ്വം ഒറ്റയ്ക്ക് കിട്ടിയാൽ ചോദിക്കാനും പറയാനും ചെയ്യാനുമൊക്കെ സാധിക്കുന്ന വഷളത്തരങ്ങൾ കൈമുതലായുള്ള ആൾക്കാരും കൂട്ടത്തിലുണ്ട്.
കൊൽക്കത്ത റെയിൽ വേസ് സ്റ്റേഷനിൽ നാണുവേട്ടന്റെ മൊബൈൽ ബാറ്ററിയുടെ ചാർജ്ജ് തീരരുതേ എന്ന പ്രാർത്ഥനയുമായാണ് സഹയാത്രികർ നിൽക്കുന്നത്. 30 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ഓടിപ്പിടഞ്ഞ് എത്തി നാണുവേട്ടനെ കെട്ടിപ്പിടിച്ച് രണ്ടുപേരും ചേർന്ന് പൊട്ടിക്കരയുന്ന രംഗം ഈറനണിയാതെ വായിച്ചു പോകാൻ വായനക്കാർക്കാവില്ല. ഇരുപത് വർഷങ്ങൾക്ക് മുൻപ് വടകര ബസ്സ് സ്റ്റാന്റിൽ വെച്ചുണ്ടായ ഒരു സംഭവത്തിന്റെ ഹൃദയസ്പർശിയായ ഫ്ലാഷ്‌ബാക്കിലേക്കാണ് ആ അദ്ധ്യായം കടന്നു ചെല്ലുന്നത്.
കാശി എന്ന വാരണാസിയിലേക്കെത്തുന്നതോടെ യാത്രയുടെ മുഴുവൻ ഊർജ്ജവും പകർന്നുതന്നുകൊണ്ട് പുരാണവും ചരിത്രവുമൊക്കെ നിർലോഭം കടന്നുവരികയായി. ശവശരീരങ്ങൾ ഒഴുകി നടക്കുന്ന ഗംഗയെപ്പറ്റിയുള്ള കഥകൾ കേൾക്കുന്ന ആർക്കും അൽപ്പം അറപ്പും വെറുപ്പുമൊക്കെ ഉണ്ടാകും ആ ‘പുണ്യ’നദിയിൽ മുങ്ങിപ്പൊങ്ങാൻ. എന്നിരുന്നാലും, അന്തരിച്ചുപോയ പ്രായത്തിൽ ഇളയവളായ സഹോദരിക്ക് വേണ്ടി ബലിയർപ്പിക്കാൻ ഗ്രന്ഥകർത്താവ് നദിയിലിറങ്ങുന്നുണ്ട്. അനിയത്തിക്ക് മാത്രമല്ല വീട്ടിലെ മരിച്ചു പോയ എല്ലാവർക്കും, പിന്നെ പാൽ തന്ന പശുവിന്, അരി തന്ന നെൽച്ചെടികൾക്ക്, പഴം തന്ന മരങ്ങൾക്ക്, പൂക്കൾ തന്ന ചെടികൾക്ക്, വീടുണ്ടാക്കിയ ആശാരിമാർക്ക്, വഴിയിൽ തെന്നിവീണപ്പോൾ അശ്വസിപ്പിച്ച അപരിചിതന്, അങ്ങനെയങ്ങനെ നന്ദിയുടെ സ്നേഹത്തിന്റെ ഓർമ്മപ്പെരുന്നാളുകളുടെ ബലിയായിരുന്നു അതെന്ന് എഴുത്തുകാരി.
മണികർണികയെപ്പറ്റി പറയുമ്പോൾ മരണവും ശവശരീരങ്ങളും ഒഴിവാക്കി പറയാനാവില്ല. സൈക്കിളിലും റിക്ഷയിലും ബസ്സിലും എന്തിനധികം വിമാനത്തിൽപ്പോലും ശവശരീരങ്ങൾ മണികർണികയിലെത്തുന്നു. പുണ്യനദിക്കരയിൽ ദഹിച്ച് മോക്ഷം പ്രാപിക്കാൻ. അതിന് വേണ്ടിയുള്ള സർവ്വീസ് നടത്തുന്ന, ലാസ്റ്റ് റൈറ്റ്സ് മെയിൽ, ഹെവൺ എൿസ്പ്രസ്സ്, കോർപ്സ് വാഗൺ എന്നിങ്ങനെയുള്ള ബസ്സ് സർവ്വീസുകളുടെ പേരുകളും ഉചിതം തന്നെ. മഴക്കാലത്ത് ഗംഗ ക്ഷുഭിതയാകുമ്പോൾ കെട്ടിടങ്ങൾക്ക് മുകളിൽ വരെ ശവദാഹങ്ങൾ നടക്കുന്നു. ഒരുകാലത്തും ചിതയണയാത്ത കാശിയുടെ മോക്ഷസ്ഥലമായി മണികർണിക നിലകൊള്ളുന്നു.
ഗംഗയിലേക്കിറങ്ങി നിൽക്കുന്ന ‘ദൂത് കാ കർസ്‘ (മുലപ്പാലിന്റെ കടം) ക്ഷേത്രത്തിന്റെ കഥ, മരിച്ചവരുടെ അസ്ഥിയും ഫോട്ടോയും അയച്ചുകൊടുത്താൽ അസ്ഥി വിസർജൻ നടത്തി അത് വീഡിയോ ആക്കി അയച്ചു കൊടുക്കുന്ന സർവ്വീസുകൾ, നഗ്നസന്യാസിമാർ, മനുഷ്യമാംസം തിന്നുന്ന അഘോരികൾ, ഭസ്മത്തിൽ നിന്ന് കിട്ടുന്ന അസ്ഥിക്കഷണങ്ങൾ, എന്നിങ്ങനെ മണികർണികയിലെ വിവരണങ്ങൾ പിന്നെയും നീളുന്നു.
ഇന്ത്യയിലെ എല്ലാ ശിവലിംഗങ്ങളും ഒരുമിച്ച് തൊഴുകുന്നതിന്റെ പുണ്യം ലഭിക്കുമെന്ന് വിശ്വസിക്കുന്ന കാശിവിശ്വനാഥക്ഷേത്രമടക്കം ഒരുപാട് ശിവക്ഷേത്രങ്ങളുടെ ചരിത്രവും വിശ്വാസവുമൊക്കെ കടന്നുവരുന്നു ‘വെളിച്ചത്തിന്റെ നൃത്തം എന്ന അദ്ധ്യായത്തിൽ. മലയാളി പാരമ്പര്യമുള്ള തിലഭാണ്ഠേശ്വര ക്ഷേത്രത്തിലെ ശിവലിംഗം ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്നു എന്നാണത്രേ വിശ്വാസം!!
കാശിയിൽ തീർത്ഥാടനത്തിനായി എത്തുന്ന മലയാളികൾക്ക് വേണ്ടി രാജഭരണകാലത്തുണ്ടാക്കിയ കെട്ടിടങ്ങൾ നശിച്ച് നിലപൊത്താറായിക്കിടക്കുന്ന കാഴ്ച്ചകൾ ‘കാശിയിലെ കേരളം’ എന്ന അദ്ധ്യായം വിവരിക്കുന്നു. ട്രാവൻകൂർ സത്രം അത്തരത്തിൽ ഉപയോഗശൂന്യമായ ഒരു വലിയ കെട്ടിടമാണ്. നിത്യവും അന്നദാനം നടന്നിരുന്ന മഠങ്ങൾ പലതും ഇന്ന് ഉപയോഗശൂന്യമാണ്. നന്നാക്കി എടുക്കാമെന്ന് വെച്ചാലും വൈദ്യുതിയുടേയും വെള്ളത്തിന്റേയും ഭീമമായ കുടിശ്ശിക അടച്ചുതീർക്കാൻ പറ്റാത്ത കടമായി വളർന്നുനിൽക്കുന്നു. മലയാളി ഭരണകർത്താക്കളുടെ പിടിപ്പുകേടിന്റെ സാക്ഷ്യങ്ങളാണൊക്കെയും.
പ്രധാനമന്ത്രിമാരുടെ നാടായ അലഹബാദിലൂടെ കടന്ന് യാത്ര കൽക്കത്തയിലെത്തുമ്പോൾ പ്രധാന ലക്ഷ്യം ‘അമ്മവീട്’ കാണുക എന്നതാണ്. മദർ തെരേസയുടെ വീടാണ് അമ്മവീടെന്ന് ഉദ്ദേശിക്കുന്നത്. ടാക്സിക്കാരന് അതറിയില്ല. മദറിനേയും അറിയില്ല. മദർ തെരേസയെപ്പോലും അറിയാത്ത കൊൽക്കത്തക്കാരോ എന്ന് എഴുത്തുകാരിയെപ്പോലെ വായനക്കാരും അത്ഭുതം കൂറും. മദറിന്റെ സേവനങ്ങളും ചരിത്രവും എല്ലാം ഊഷ്മളമായി കടന്നുവരുന്നു അമ്മവീട് എന്ന ചാപ്റ്ററിൽ.
കാളീഘട്ടിലെത്തുമ്പോൾ ദൈവത്തിന്റെ പേരിൽ നടക്കുന്ന പിടിച്ചുപറിയുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു എഴുത്തുകാരി. ക്ഷേത്രം നടന്നുകാണാൻ സഹായിക്കാമെന്ന് പറഞ്ഞവരെ എത്ര വിലക്കിയിട്ടും രക്ഷയില്ലെന്ന് വരുകയും, ദേവീകൃപയ്ക്ക് വേണ്ടിയുള്ള സൌജന്യസേവനമാണ് എന്ന് ആണയിട്ടപ്പോൾ സമ്മതിക്കുകയും ചെയ്തതിന്റെ പേരിൽ അവസാനം 5000 രൂപ കൊടുക്കണമെന്ന അവസ്ഥയിലെത്തുന്നു. ഒച്ചപ്പാടും ബഹളവും അവസാനിക്കാൻ 800 രൂപ കൊടുക്കേണ്ടിയും വരുന്നു. ഇങ്ങനെയുള്ള സ്ഥലത്തൊക്കെ ദൈവത്തിന്റെ കണിക പോലും ഇല്ലെന്ന വിശ്വാസവുമായി വേണം പോകാൻ എന്നാർക്കും തർക്കമുണ്ടാകില്ല.
ഗയയിൽ ചെന്ന് ബുദ്ധനേയും ‘കണ്ട്‘ മടങ്ങുമ്പോൾ വായ് തോരാതെ കഥകൾ പറഞ്ഞിരുന്ന ആന്റണി മാഷിന് മാത്രം മൌനം. ആഗ്രഹങ്ങൾ ഒന്നും പാടില്ലെന്ന് ബുദ്ധൻ പറഞ്ഞിട്ടുണ്ടെങ്കിലും ഒരാഗ്രഹം മാത്രം ഒഴിവാക്കാൻ പറ്റില്ലെന്ന് ആന്റണി മാഷ്. ‘ഞങ്ങൾ ഭാര്യയും ഭർത്താവും മരിക്കുന്നതിന് മുൻപ് ഞങ്ങളുടെ പൊന്നുമക്കൾ രണ്ടുപേരും മരിക്കണമെന്നതാണ് ആ ആഗ്രഹം. ഉള്ളുപൊള്ളിക്കുന്ന അദ്ദേഹത്തിന്റെ കുടുംബകഥയാണ് അതിന് പിന്നിൽ. ആ ആഗ്രഹം വേണ്ടെന്ന് വെയ്ക്കെന്ന് പറയാനും മാത്രം ഫിലോസഫിയൊന്നും ആർക്കുമറിയില്ല, എത്ര പരതിയിട്ടും.
ആളെ നോക്കി മതം നിശ്ചയിക്കുന്ന ദൈവത്തിന്റെ ഇടനിലക്കാരായ വിഡ്ഢികൾ കാലാകാലങ്ങളിൽ, സഞ്ചാരത്തിൽ മതം കലർത്താത്ത സുമനസ്സുകൾക്ക് മുന്നിൽ കബളിപ്പിക്കപ്പെടുന്നുണ്ട്. പുരി ജഗന്നാഥ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല. പക്ഷേ, നല്ല ഒന്നാന്തരം പട്ടത്തിയെപ്പോലിരിക്കുന്ന ആൻസിയെ ആരും സംശയിക്കുന്നില്ല. പാലക്കാട്ടുകാരിയായ ഗൌരി ഭട്ടതിരിപ്പാടിനെ കണ്ടാൽ ഹിന്ദുവാണെന്ന് തോന്നാത്തതുകൊണ്ട് അവർ ക്ഷേത്രത്തിന് പുറത്ത് !! മതത്തിന്റെ അതിർവരമ്പുകൾ ഇല്ലാതാകുകയും മതിൽക്കെട്ടുകൾ തകർന്ന് വീഴുകയും ചെയ്യുന്നുണ്ട് ഈ യാത്രയിൽ. തീർത്ഥാടനമായിട്ടായാലും അല്ലെങ്കിലും എല്ലാ ദേവാലയങ്ങളിലും കയറാനാകുന്നില്ലെങ്കിൽ ഒരു സഞ്ചാരം എല്ലാത്തരത്തിലും നിഷ്‌പ്രഭമാകുന്നു.
യാത്ര ഒരാളെ പലതരത്തിൽ മാറ്റിമറിക്കുന്നു എന്ന് ഈ പുസ്തകത്തിലൂടെ വായിച്ചുപോകാം. ട്രെയിൻ യാത്ര ദുരിതമായിരുന്ന ആൻസി, താളത്തിൽ താരാട്ടുകേട്ടെന്ന പോലെ തീവണ്ടിയിലെ ഉറക്കവുമായി പൊരുത്തപ്പെടുന്നതും മീൻകറിയില്ലെങ്കിൽ ഉണ്ണാത്ത വ്യക്തി വെജിറ്റേറിയൻ ആകുന്നതിന്റെ ഗുണങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്യുന്നതൊക്കെ ഒരൊറ്റ യാത്രകൊണ്ട് സംഭവിക്കുന്നതാണ്. സ്ത്രീകൾ രണ്ടുപേർ ചേർന്ന് യാത്ര ചെയ്യുന്നതിന്റെ സുഖവും സന്തോഷവും യാത്രയ്ക്കിടയിൽ പലപ്പോഴും കാണിക്കുന്ന ധൈര്യവുമെല്ലാം എല്ലാ സഹയാത്രികർക്കും അസൂയയും പ്രചോദനവും ഉണ്ടാക്കുന്ന രീതിയിൽ മികച്ചു നിൽക്കുന്നു ‘ചുവടുകളി‘ൽ.
Friday, May 1, 2015
മറുപിറവി
പുസ്തകം : മറുപിറവി
രചയിതാവ് : സേതു
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : നിരക്ഷരന്‍
രചയിതാവ് : സേതു
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : നിരക്ഷരന്‍
കപ്പൽക്കമ്പനിയിലെ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച് മുംബൈയിൽ വിസരജീവിതം നയിക്കുന്ന അരവിന്ദൻ നാട്ടിലേക്കൊരു യാത്രപുറപ്പെടുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. പെരുമാൾ എന്ന മഹാരാജാസ് കോളേജ് സീനിയറും, ടൂറിസം വ്യവസായവുമായി ഈജിപ്റ്റിൽ പ്രവാസമനുഷ്ഠിക്കുന്ന ആസാദും, വ്യവസ്ഥാപിത വിദ്യാഭ്യാസത്തിൽ വിശ്വാസമില്ലാത്ത രാമഭദ്രനുമൊക്കെയായി കുറേ ദിവസങ്ങൾ നാട്ടിൽ തങ്ങി, നാടിന്റെ ചരിത്രത്തിലൂടെ പിന്നോട്ട് നടക്കുക, പ്രവാസജീവിതത്തിന്റെ മടുപ്പിൽ നിന്ന് കുറച്ച് കാലത്തേക്കെങ്കിലും രക്ഷപ്പെടുക എന്നതൊക്കെയാണ് ഉദ്ദേശങ്ങൾ. അരവിന്ദൻ എന്ന നായക കഥാപാത്രത്തിലൂടെ ഒരു നാടിന്റെ കഥ പറയുകയും ചരിത്രത്തിന്റെ ഉറുക്കഴിക്കുകയും ചെയ്യുമ്പോൾ, അത് സേതുവിന്റെ മറുപിറവി എന്ന നോവലായി മാറുന്നു.
കാലത്തിന്റെ കുത്തൊഴുക്കിൽ മണ്ണടിഞ്ഞുപോയ, മുചരി, മുചരിപ്പട്ടണം, മുസരീസ്, എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെട്ടിരുന്ന ഒരു പുരാതന തുറമുഖത്തിന്റെ ചരിത്രം, സാങ്കൽപ്പിക കഥാപാത്രങ്ങൾക്കൊപ്പം ജീവിച്ചിരുന്ന കഥാപാത്രങ്ങളേയും ഉൾപ്പെടുത്തി അതീവ ഭംഗിയോടെ സന്നിവേശിപ്പിച്ചിരിക്കുന്നു മറുപിറവിയിൽ. മുസരീസ് തുറമുഖത്തിന്റെ പ്രാന്തപ്രദേശങ്ങളിലൊക്കെ കഥാകാരനടക്കം നമ്മൾ എല്ലാവരും കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള പല പ്രമുഖരും നോവലിലെ കഥാപാത്രങ്ങളാണ്. സഹോദരൻ അയ്യപ്പനേയും, മഹാരാജാസ് കോളേജ് പ്രിൻസിപ്പാളായിരുന്ന ഭരതൻ മാഷിനേയും ഐസക്കിനേയും ശിവൻപിള്ളയേയും പോലുള്ള ചിലരെ മാത്രമേ വായനക്കാരനായ എനിക്ക് കേട്ടറിവുള്ളൂ. നോവലിസ്റ്റ് പക്ഷെ മുചരിയുടെ മക്കളെ ആരേയും വിട്ടുപോയിട്ടില്ല. സ്ക്കൂളിൽ അദ്ദേഹത്തിനൊപ്പം പഠിച്ചവരും നാട്ടിൽ അദ്ദേഹത്തിന്റെ ശ്രദ്ധിയാകർഷിച്ചിട്ടുള്ള അപ്രശസ്തരായവരും, പ്രശസ്തരെപ്പോലെ തന്നെ അവിടവിടെയായി കഥയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
പാലിയം കൊട്ടാരത്തിന്റെ ചരിത്രവും പാലിയം സമരവുമൊക്കെ എന്താണെന്ന് ഊഹം പോലും ഇല്ലാത്തവർക്ക് മറുപിറവി ഒരു റഫറൻസ് ഗ്രന്ഥമായിത്തന്നെ പ്രയോജനപ്പെടും. മന്ത്രിയായിരുന്ന പാലിയത്തച്ചന്റെ, രാജാവിനേക്കാൾ കാര്യശേഷിയുള്ള പ്രവർത്തനങ്ങളും വേലുത്തമ്പി ദളവയുമായി ചേർന്നുള്ള നീക്കങ്ങളുമൊക്കെ ബഹുഭൂരിപക്ഷം വായനക്കാരും ഇതുവരെ കേൾക്കാത്ത ചരിത്രമായിരിക്കും. നമുക്കെല്ലാം കുറച്ചെങ്കിലും അറിയുന്ന, കൊച്ചിരാജാവും ഡച്ചുകാരും പറങ്കികളും ബ്രിട്ടീഷുകാരും സാമൂതിരിയുമൊക്കെ അടങ്ങുന്ന അത്രയേറെ പഴക്കമില്ലാത്ത കാലഘട്ടത്തിൽ നിന്നൊക്കെ ഒരുപാട് പിന്നോക്കം പോയി, കുരുമുളകിനായി യവനരും ഈജിപ്ഷ്യന്മാരും കേരളത്തിലെത്തിയിരുന്ന ഇരുളടഞ്ഞ ഒരു കാലത്തിന്റെ കഥയിലേക്ക് കൂടെയാണ് നോവൽ വെളിച്ചം വീശുന്നത്. ഇസ്രായേലിൽ നിന്ന് പാലായനം ചെയ്ത് കുടിയേറ്റക്കാരായി മുചരിയിൽ എത്തിയ യഹൂദന്മാർ, അവരുടെ അതിജീവനത്തിന്റെ കഥ, പൊന്നുവിളയുന്ന കേരളത്തിൽ നിന്ന് ഇസ്രായേൽ എന്ന തരിശുഭൂമിയിലേക്കുള്ള തിരിച്ചുപോക്കിന്റെ കഥ, ചിതറിപ്പോയവർ തലമുറകൾക്ക് ശേഷം സ്വന്തം മണ്ണിൽ തിരികെച്ചെന്നപ്പോൾ നേരിടേണ്ടി വന്ന ജീവിത യാഥാർത്ഥ്യങ്ങൾ, എന്നിങ്ങനെ മുചരിയുമായി ബന്ധപ്പെട്ടത് ചരിത്രമായാലും ഐതിഹ്യമായാലും ഒന്നും തന്നെ ലേഖകൻ ഒഴിവാക്കിയിട്ടില്ല. പാലിയത്തച്ചന്റെ വല്ലാർപാടം പള്ളിയുമായുള്ള മതമൈത്രി ബന്ധത്തിനൊപ്പം വല്ലാർപാടത്തെ അടിമ കിടത്തൽ ചടങ്ങിന്റെ ഐതിഹ്യവും നോവലിൽ സ്മരിക്കപ്പെടുന്നുണ്ട്.
കൊടുങ്ങല്ലൂർ കോവിലകത്തെ അന്തർജ്ജനങ്ങളുടെ ജീവിതത്തിലേക്ക് പോലും കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്ന് കയറുന്നത്, ഒളിച്ചും പാത്തും വായിച്ചിരുന്ന പാർട്ടി പുസ്തകങ്ങളിൽ നിന്ന് ആവേശഭരിതരായി തമ്പുരാട്ടിമാരിൽ ചിലർ സമരമുഖങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്, എന്നിങ്ങനെ അക്കാലത്തെ വിപ്ലവകരമായ എല്ലാ സംഭവങ്ങളും കഥയുടെ ഭാഗമാണ്. ജലീലിനെപ്പോലുള്ള സഖാക്കളുടെ നിസ്സീമമായ പ്രവർത്തനങ്ങൾ, ടി.സി.എൻ. മേനോൻ (തെക്കേച്ചാലിൽ നാരായൺകുട്ടി മേനോൻ) എന്ന പ്രഗത്ഭ പാർലിമെന്റേറിയന്റെ അതിലേറേ പ്രാഗത്ഭ്യമുള്ള അഭിഭാഷണവൃത്തിയുടെ കഥകൾ, എന്നതൊക്കെ ചരിത്രം താൽപ്പര്യമില്ലാത്തവർക്ക് പോലും അതീവ താൽപ്പര്യത്തോടെ വായിച്ച് പോകാനാവും.
സ്പൈസ് റൂട്ടിലൂടെ കൊല്ലാകൊല്ലം സ്ഥിരമായി മുചരിത്തുറമുഖത്ത് എത്തിയിരുന്ന യവനരിൽ പ്രമുഖനായ ആഡ്രിയന് കിടക്ക വിരിച്ചിരുന്ന വടക്കോത്ത് തങ്കയും മകൾ പൊന്നുവും കാലചക്രം തിരിയുമ്പോൾ കഥാവശേഷരാകുന്നുണ്ടെങ്കിലും, പൊന്നുവിന്റെ മകൾ കുങ്കമ്മയെ ആധുനിക തുറമുഖമായ കൊച്ചഴി എന്ന കൊച്ചിയിലെ പ്രമുഖ വ്യവസായിയാക്കി മാറ്റുന്നുണ്ട് കഥാകാരൻ. മാണിക്കൻ, കിച്ചൻ എന്നീ ശക്തരായ കഥാപാത്രങ്ങളിലൂടെ മുചരിയുടെ കാർഷിക ഭൂപടത്തിലേക്കും, ആർക്കും വേണ്ടാത്ത കാട്ടുവള്ളിയിൽ പടർന്നിരുന്ന കുരുമുളക്, മുചരിയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച സംഭവങ്ങളിലേക്കുമൊക്കെ കഥ കടന്നുചെല്ലുന്നു. ഇത്രയൊക്കെ പറഞ്ഞുപോകുന്ന ഒരു ഗ്രന്ഥത്തിൽ ചേന്ദമംഗലം കൈത്തറിയുടെ ചരിത്രവും വിശദമായി പ്രതിപാദിക്കുന്നുണ്ടെന്ന് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ ?
ലേഖകനെപ്പോലെ തന്നെ, വായനക്കാരനായ ഞാനും ഒരു മുചരിക്കാരനാണ്. മണ്ണിൽപ്പുതഞ്ഞ് കിടക്കുന്ന മുചരിക്കഥകൾ വെളിയിൽ വരുന്നമ്പോഴൊക്കെ സാകൂതം വീക്ഷിക്കുന്ന ഒരാളെന്ന നിലയ്ക്ക്, വലിയൊരു അദ്ധ്വാനമാണ് മറുപിറവി എനിക്കൊഴിവാക്കിത്തന്നത്. ചിതറിക്കിടക്കുന്ന ചരിത്രമെല്ലാം ഒരിടത്തുനിന്ന് തന്നെ വായിക്കാം എന്ന സൌകര്യമാണത്. മുസരീസിന്റെ ചരിത്രം കിളച്ചെടുക്കാനായി സംഘകാല കൃതികൾ അടക്കം ലഭ്യമായ എല്ലാ ചരിത്രരേഖകളിലേക്കും, വ്യക്തികളിലേക്കും കൂന്താലിയുമായി ശ്രീ. സേതു ചെന്നുകയറിയിട്ടുണ്ട്.
ചരിത്രം എഴുതാൻ ബുദ്ധിമുട്ടാണ്, നോവലാകുമ്പോൾ അൽപ്പം സ്വാതന്ത്ര്യമൊക്കെ എടുക്കാമല്ലോ എന്ന് രാമഭദ്രൻ എന്ന കഥാപാത്രം തന്നെ പറയുന്നുണ്ട്. എനിക്കതിനോട് യോജിക്കാനാവുന്നില്ല. ചരിത്രമാണെങ്കിൽ തലക്കെട്ടും ഇടക്കെട്ടുമൊക്കെയിട്ട് അദ്ധ്യായം തിരിച്ച് തിരിച്ച് പറഞ്ഞങ്ങ് പോയാൽ മതി. പക്ഷെ, ചരിത്രം ചികഞ്ഞെടുത്ത് 372 പേജുകളായി നീളുന്ന നോവലിലെ കഥാപാത്രങ്ങൾക്കിടയിൽ കാലയളവുകൾ തെറ്റാതെ അതിനെ സന്നിവേശിപ്പിക്കുക എന്നത് ഒരു ഭഗീരഥപ്രയത്നം തന്നെയാണ്. അതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.
ഗോതുരുത്തിലെ മണ്ണിൽ വീണ തട്ടുങ്കൽ സാറ എന്ന ജ്യൂതപ്പെണ്ണിന്റെ ചോരയെപ്പറ്റിയുള്ള പൊട്ടും പൊടിയുമൊക്കെ പലവട്ടം കേട്ടിട്ടുണ്ടെങ്കിലും, അതേപ്പറ്റി വിശദമായിട്ട് മനസ്സിലാക്കാൻ എനിക്കിതുവരെ സാധിച്ചിട്ടില്ല. അങ്ങനെയുള്ള ഒരുപാടൊരുപാട് സംഭവങ്ങൾ വള്ളിപുള്ളി വിടാതെ നോവലിൽ പിറവി കൊണ്ടിരിക്കുന്നു. നോവലിസ്റ്റിനോട് ഞാനടക്കമുള്ള എല്ലാ മുസരീസുകാരും, ചരിത്രത്തെ സ്നേഹിക്കുന്ന ഓരോ മലയാളിയും കടപ്പെട്ടിരിക്കുന്നു. ഓരോ പ്രദേശത്തും ഒന്നിടവിട്ടുള്ള തലമുറയിലെങ്കിലും ഒരു ചരിത്രകാരൻ ജനിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. മറുപിറവിയുടെ കഥാകാരൻ എന്നതിനേക്കാൾ ഉപരി, ചേന്ദമംഗലത്തിന്റേയും വടക്കൻ പറവൂരിന്റേയും ഗോതുരുത്തിന്റേയും കോട്ടപ്പുറത്തിന്റേയും കൊടുങ്ങല്ലൂരിന്റേയും പാലിയത്തിന്റേയുമൊക്കെ കഥകളും ചരിത്രവുമൊക്കെ രേഖപ്പെടുത്താൻ, ഈ തലമുറയിൽ പിറവിയെടുത്ത ചരിത്രകാരന്റെ സ്ഥാനമാണ് സേതുവിന് മുസരീസുകാർ കൊടുക്കേണ്ടത്. മറുപിറവിക്ക് ഒരു ചരിത്രനോവൽ എന്ന സ്ഥാനവും.
Tuesday, January 13, 2015
ജീവിതമെന്ന അത്ഭുതം
പുസ്തകം : ജീവിതമെന്ന അത്ഭുതം
രചയിതാവ് : കെ.എസ്.അനിയന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : നിരക്ഷരന്‍
രചയിതാവ് : കെ.എസ്.അനിയന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : നിരക്ഷരന്‍
“അനുഷ്ക്കയ്ക്ക് ഇപ്പോൾ എത്ര വയസ്സായി ? “ ആശുപത്രിയിൽ വെച്ച് കണ്ടുപരിചയമുള്ള താടിക്കാരനെ, പിന്നീടൊരിക്കൽ തീവണ്ടിയിൽ വെച്ച് കണ്ടപ്പോൾ ചോദിക്കാതിരിക്കാൻ ഡോൿടർക്കായില്ല. ചികിത്സിച്ച് ഭേദമാക്കാൻ പറ്റുമെന്ന് ഉറപ്പുള്ള അർബുദമായിരുന്നു രണ്ടുവയസ്സുകാരി അനുഷ്ക്കയ്ക്ക്. പക്ഷെ ചികിത്സ നൽകാൻ ബാദ്ധ്യസ്ഥരായവർ തിടുക്കത്തിൽ ഡിസ്‌ചാർജ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു അവളെ. “ ആ കുട്ടി രണ്ട് മാസം കൂടെ കഴിഞ്ഞപ്പോൾ മരിച്ചൂപോയി”.... താടിക്കാരന്റെ മറുപടി. കുട്ടിക്ക് പിന്നീട് ചികിത്സയൊന്നും കൊടുത്തിട്ടില്ലെന്ന് തുടർന്നുള്ള സംഭാഷണങ്ങൾ വ്യക്തമാക്കുന്നു. ചികിത്സയേക്കാൾ പ്രാധാന്യം ആശുപത്രിയിൽ കൂട്ടിന് നിൽക്കുന്ന കുട്ടിയുടെ അമ്മൂമ്മയ്ക്ക് നല്ല ഭക്ഷണം സംഘടിപ്പിക്കുക എന്നതായിരുന്നല്ലോ! കുട്ടിയുടെ മാതാപിതാക്കളാകട്ടെ, ഗൾഫിൽ എണ്ണപ്പണം വാരിക്കൂട്ടുന്നതിന്റെ തിരക്കിലും.
‘നീ മാത്രമല്ല, എനിക്ക് വേറെയും മക്കളുണ്ട്. നിന്റെ ചികിത്സയ്ക്ക് മാത്രം പണം ചിലവഴിച്ചുകൊണ്ടിരുന്നാൽ പറ്റില്ലല്ലോ‘ എന്നുപറഞ്ഞ് സ്വന്തം മകനെ വിധിയ്ക്ക് വിട്ടുകൊടുക്കുന്ന അമ്മ. അവിടന്ന് അയാളെ രക്ഷിച്ചെടുക്കുന്നത് ഓട്ടോറിക്ഷക്കാരായ സുഹൃത്തുക്കൾ! വിവാഹം കഴിഞ്ഞിട്ട് ഏഴ് ദിവസം; അതിൽത്തന്നെ ഒരുമിച്ച് കഴിഞ്ഞത് രണ്ട് ദിവസം മാത്രം. അപ്പോഴേക്കും ഭാര്യയെ അർബുദം പിടികൂടുന്നു. ഒഴിവാക്കി പോകാനാണ് എല്ലാവരും ആ ചെറുപ്പക്കാരനെ ഉപദേശിച്ചത്. പക്ഷെ ഗൾഫിൽ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് അയാൾ ഭാര്യയെ രക്ഷിച്ചെടുക്കുന്നു. അമ്മയുടെ ചികിത്സയേക്കാൾ വലുത് കോളേജിൽ പോകാൻ ബൈക്ക് ഇല്ലെന്നുള്ള മകന്റെ വ്യഥ. ക്യാൻസർ ബാധിച്ച് ചികിത്സയിൽക്കഴിയുന്ന മകന്, മയക്കുമരുന്നും സിഗരറ്റുമൊക്കെ ആശുപത്രിക്കിടക്കയിൽ എത്തിച്ചുകൊടുക്കുന്നത് ഡോൿടർ കൂടെയായ അമ്മ! എന്നിങ്ങനെ ഇതുവരെയുള്ള ജീവിതത്തിൽ നാം കേൾക്കാത്തതും കാണാത്തതുമായ ഒരുപാട് മുഖങ്ങൾ കടന്നുവരുന്നുണ്ട് ഡോ:വി.പി.ഗംഗാധരന്റെ ‘ജീവിതമെന്ന അത്ഭുതം’എന്ന അനുഭവക്കുറിപ്പുകളിലൂടെ. ഡി.സി.ബുക്സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിലെ അനുഭവകഥകളെല്ലാം മലയാളം വാരികയിൽ ഖണ്ഡശ: പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതാണ്. ക്യാൻസർ ചികിത്സാരംഗത്തെ അനുഭവങ്ങളും, ആതുരസേവനത്തിന്റെ ലോകത്ത് ഡോ:വി.പി.ഗംഗാധരൻ കണ്ടിട്ടുള്ള രോഗികളും അവരുടെ ബന്ധുക്കളുമൊക്കെ 31 അദ്ധ്യായങ്ങളിലൂടെ നമുക്ക് മുന്നിലെത്തുന്നു. അനുഭവകഥകൾ, വായനക്കാർക്കായി വരികളാക്കി മാറ്റിയിരിക്കുന്നത് കഥാകൃത്തായ കെ.എസ്.അനിയനാണ്. മുക്കിയും മൂളിയും പറഞ്ഞാൽപ്പോലും ഉള്ള് പിടയ്ക്കാൻ പോന്ന തീക്ഷ്ണമായ അനുഭവങ്ങളൊക്കെയും, അനിയന്റെ ആഖ്യാനത്തിന്റെ മാന്ത്രികസ്പർശം കൂടെയാകുമ്പോൾ നോവിന്റെ പര്യായങ്ങളായി മാറുന്നു.
ചികിത്സിച്ച് ഭേദമാക്കിയ രോഗികളെപ്പറ്റിയുള്ള കഥകൾ മാത്രമല്ല 212 പേജുള്ള പുസ്തകത്തിലുള്ളത്. കൈവിട്ട് പോയവരെപ്പറ്റിയുള്ള വേദനകളും മറ്റ് അനുഭവങ്ങളുമൊക്കെ ഡോൿടർ പങ്കുവെക്കുന്നുണ്ട്. ഓരോ കഥകളും വായിച്ച് തീരുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞെന്ന് വരും. ഏതെങ്കിലും ഒരു കഥയ്ക്ക് ശേഷം പോലും അങ്ങനെയൊരു വികാരം വായനക്കാരനുണ്ടായില്ലെങ്കിൽ അയാൾക്ക് സാരമായെന്തോ കുഴപ്പമുണ്ട് ; നല്ലൊരു ചികിത്സയ്ക്ക് സമയമായിരിക്കുന്നു. രോഗവും രോഗിയുമൊന്നും ഇല്ലാത്ത ഒരൊറ്റ അദ്ധ്യായം മാത്രമേ പുസ്തകത്തിലുള്ളൂ. ‘ആദ്യകാറിന്റെ കന്നിയാത്ര’ എന്ന ആ ലേഖനത്തിനാസ്പദമായ സംഭവദിവസം ഡോൿടർക്കുണ്ടായ മനോവ്യഥ ചെറുതൊന്നുമായിരിക്കില്ല. എന്നിരുന്നാലും ഇന്നത് ആലോചിക്കുമ്പോൾ ഡോൿടർക്കും വായിക്കുന്നവർക്കും ചിരിപൊട്ടിയെന്ന് വരും.
പലതരം അർബുദങ്ങൾ, രക്ഷപ്പെടാനുള്ള സാദ്ധ്യതകൾ ചുരുക്കമായിരുന്നിട്ടും അതിൽനിന്നൊക്കെ പിടിച്ചുകയറിയവർ, എല്ലാ മാസവും പ്രിയപ്പെട്ടവൾ വേർപിരിഞ്ഞുപോയ ആശുപത്രിയിലെത്തി അവളുടെ ആത്മാവിനോട് സംസാരിക്കുന്ന ഭർത്താവ്, ഒരു മകളെ അർബുദരോഗത്തിൽ നിന്നും ഡോ:ഗംഗാധരൻ രക്ഷിച്ചെടുക്കുമ്പോൾ അതേ ആശുപത്രിയിലെ മറ്റൊരു മുറിയിൽ ആ മകളുടെ അമ്മയെ കാമവെറി തീർക്കാൻ ഉപയോഗിച്ച് നിത്യശയ്യയിലേക്ക് തള്ളിവിടുന്ന മറ്റൊരു ഡോൿടർ, അങ്ങനെയങ്ങനെ ഇന്നുവരെ കഥകളിലോ സിനിമകളിലോ പോലും വായിക്കാത്തതും കാണാത്തതുമായ മുഖങ്ങളുടെ നീണ്ടനിരയാണ് ഗ്രന്ഥത്തിൽ.
കൃത്യസമയത്ത് കണ്ടുപിടിക്കാനായാൽ ഒരുവിധപ്പെട്ട അർബുദരോഗമൊക്കെ പരിചരിച്ച് ഭേദമാക്കാൻ പറ്റുമെന്ന ആത്മവിശ്വാസം ഡോൿടർക്കുണ്ട്. പക്ഷെ, സമൂഹത്തെ ബാധിച്ചിരിക്കുന്ന തെറ്റിദ്ധാരണയെന്ന അർബുദത്തെ ചികിത്സിച്ച് തുരത്താൻ തനിക്കാവില്ല എന്നാണ് വ്യസനത്തോടെ അദ്ദേഹം പറയുന്നത്. പകരുന്ന രോഗമാണ് ക്യാൻസറെന്ന് കരുതുന്ന ജനങ്ങൾ, ചികിത്സയിലൂടെ രോഗവിമുക്തനായ ഒരാൾക്ക് റോഡിൽ ഇറങ്ങി നടക്കാനാവാത്ത വിധം ‘ക്യാൻസർ രോഗി’ എന്ന് പരിഹസിക്കുന്നവർ, രോഗം ബാധിച്ച പെൺകുട്ടിയെ മുറിയിൽ പൂട്ടിയിടുകയും മൂന്ന് നേരം ആഹാരം കൊടുക്കാൻ മാത്രമായി കതക് തുറക്കുകയും ചെയ്യുന്ന അമ്മ. ഇത്തരത്തിലുള്ളവരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന സമൂഹത്തിന് എന്തുതരം ചികിത്സയാണ് നൽകേണ്ടത് ? തനിക്കാവുന്നവിധം ബോധവൽക്കരണപ്രവർത്തനങ്ങൾ ഡോൿടർ നടത്തുന്നുണ്ട്. കീമോത്തെറാപ്പിയും സർജറിയുമൊക്കെ നടത്തി അർബുദ കോശങ്ങളേയും രോഗാണുക്കളേയും രോഗിയുടെ ശരീരത്തിൽ നിന്ന് അകറ്റിക്കഴിഞ്ഞാൽപ്പിന്നെ ഇടവിട്ടുള്ള ചില പരിശോധനകൾ മാത്രമേ ആവശ്യമുള്ളൂ. അതുകൂടെ കഴിഞ്ഞാൽ ഈ രോഗത്തിന്റേതായ യാതൊരുവിധ മരുന്നുകളും ചികിത്സകളും കൂടാതെ മുന്നോട്ട് പോകാൻ ഒരാൾക്കാകും. നേരെ മറിച്ചാണ് ഒരു ഹൃദ്‌രോഗിയുടേയോ വൃക്കരോഗിയുടേയോ അവസ്ഥ. എന്നിട്ടും ക്യാൻസറിനെ മാത്രം എന്തുകൊണ്ട് സമൂഹം ഒരു തീരാവ്യാധിയായും തീണ്ടാവ്യാധിയുമായി കാണുന്നു ?!
ആതുരസേവനരംഗത്ത് ചികിത്സയായും സ്വാന്തനമായും സ്നേഹമായും സൌഹൃദമായുമൊക്കെ ഡോ:വി.പി.ഗംഗാധരൻ ചൊരിയുന്ന കനിവിന്റെ ഉറവ് ഈ ഗ്രന്ഥത്തിൽ കാണാമെങ്കിലും കൈയ്യയച്ച് അദ്ദേഹം ചെയ്യുന്ന സാമ്പത്തിക സഹായങ്ങൾ മനഃപൂർവ്വം പരാമർശിക്കപ്പെടാതെ പോകുകയാണ്. ഇടം കൈ ചെയ്യുന്നത് വലംകൈ അറിയരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ഡോൿടറെ നേരിട്ടറിയുന്നവർക്കൊക്കെ ബോദ്ധ്യമുണ്ടാകും. സ്വന്തം കൈയൊപ്പിട്ട സത്യവാങ്ങ്മൂലം നൽകാത്തതുകൊണ്ട് പത്മ പുരസ്ക്കാരങ്ങൾ അടക്കമൂള്ള ബഹുമതികളൊന്നും ഇതുവരെ അദ്ദേഹത്തിന്റെ പേരിൽ രേഖപ്പെടുത്തിയിട്ടില്ല. അംഗീകാരങ്ങളും ആദരവുകളുമൊക്കെ കരിങ്കല്ലിലെന്നപോലെ കൊത്തിയിട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ രോഗികളുടേയും അവരുടെ ബന്ധുക്കളുടേയുമൊക്കെ ഹൃദയത്തിലാണ്. അതിന്റെ തിളക്കം എല്ലാക്കാലം നിലനിൽക്കുകയും ചെയ്യും.
പൂജാമുറിയിലാണ് ഒരു ടീച്ചർ ഈ പുസ്തകം സൂക്ഷിച്ചിരിക്കുന്നത്. ഇതിലെ ഒരു പേജെങ്കിലും വായിക്കാതെ ഒരു ദിവസം പോലും ഉറങ്ങാറില്ലെന്നാണ് അവർ പറയുന്നത്. കേരളത്തിലോ വെളിയിലോ, ഏതെങ്കിലുമൊരു കുടുംബത്തിന്റെ പൂജാമുറിയിൽ, ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ഡോ:ഗംഗാധരന്റെ ഒരു ഫോട്ടോ കാണാനിടയായാൽ അതിനെയാരും നിസ്സാരമായിട്ട് കാണുകയോ പുച്ഛിച്ച് തള്ളുകയോ ചെയ്യരുത്. കാരണം, മറ്റനേകം അർബുദ രോഗികളെപ്പോലെ, ആ വീട്ടുകാർക്ക് അദ്ദേഹം കൺകണ്ട ദൈവം തന്നെയാണ്.
വാൽക്കഷണം:- ജി.വി.ശ്രീകുമാർ ഡിസൈൻ ചെയ്ത പുസ്തകത്തിന്റെ മുഖചിത്രത്തിൽ ഡോൿടറുടെ ചിത്രത്തിന്റെ പുറകിലായി കാണുന്ന ചുവന്ന ട്രാഫിക് ലൈറ്റിന്റെ അർത്ഥമെന്താണ് ? പുസ്തകം വായിച്ചുതീർക്കുന്ന ഒരാൾക്ക് അതിന്റെ അർത്ഥം മനസ്സിലാക്കാൻ കൂടുതൽ ആലോചിക്കേണ്ടി വരില്ല. ‘സ്റ്റോപ്പ്....... അർബുദ രോഗാണുക്കൾക്ക് ഇതിനപ്പുറത്തേക്ക് പ്രവേശനമില്ല. ഇവിടെ ഡോ:ഗംഗാധരൻ തന്റെ രോഗികൾക്ക് താങ്ങും തണലും തുണയും സ്വാന്തനവുമൊക്കെയായി നിങ്ങളുടെ വഴിമുടക്കി നിൽക്കുന്നു.‘
Tuesday, December 2, 2014
മുസരീസ് ഗ്രാമത്തിലെ ഇടവഴികൾ
പുസ്തകം : മുസരിസ് ഗ്രാമത്തിലെ ഇടവഴികള്‍
രചയിതാവ് : ജോസ് മഴുവഞ്ചേരി
പ്രസാധകര്‍ : കേസരി ബുക്സ്
അവലോകനം : നിരക്ഷരന്‍
ഗുരുവും അയൽവാസിയും പങ്കുകാരനുമായ ഏണസ്റ്റ് സാറിന്റെ വീട്ടിൽ ചെന്നപ്പോൾ മേശപ്പുറത്ത് ‘മുസരീസ് ഗ്രാമത്തിലെ ഇടവഴികൾ’ (കേസരി ബുക്സ്) കിടക്കുന്നു. ലേഖകന്റെ കൈയ്യൊപ്പ് പതിഞ്ഞ കോപ്പി. ഞാനത് കടന്ന് പിടിച്ചു, കടമായി വാങ്ങിക്കൊണ്ടുപോയി രാത്രിക്ക് രാത്രി തന്നെ വായിച്ചുതീർത്ത് തിരിച്ച് കൊടുക്കുകയും ചെയ്തു.
മുസരീസ് സംബന്ധിയായ എന്തുകണ്ടാലും ചാടി വീഴാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. സ്വന്തം നാട്ടിൽ നിന്ന് ക്രിസ്തുവിന് മുന്നേയുള്ള ശേഷിപ്പുകൾ കിളച്ചെടുക്കാൻ തുടങ്ങുമ്പോൾ, പറങ്കികൾക്കും ലന്തക്കാർക്കും ഇംഗ്ലീഷുകാർക്കുമൊക്കെ മുന്നേ, സങ്കൽപ്പിക്കാൻ പോലുമാകാത്ത ഒരു കാലഘട്ടത്ത് യവനരും റോമാക്കാരുമൊക്കെ ഞങ്ങളുടെ ഇടവഴികളിലൊക്കെ വിലസി നടന്നിരുന്നെന്ന് തെളിവുകൾ നിരത്തപ്പെടുമ്പോൾ, ആ സംസ്ക്കാരത്തിന്റെയൊക്കെ ഭാഗമായിരുന്നല്ലോ എന്റെ പൂർവ്വികർ എന്ന ചിന്ത ആനന്ദദായകമാകുമ്പോൾ, മണ്ണടിഞ്ഞുപോയ മുസരീസിന്റെ പൊട്ടും പൊടിയും പെറുക്കാതിരിക്കാൻ എനിക്കുമാവുന്നില്ല.
പുസ്തകം പക്ഷെ, പേര് സൂചിപ്പിക്കുന്നത് പോലെ മുസരീസിന്റെ ചരിത്രത്തിൽ ഊന്നിയുള്ളതല്ല. മുസരീസുകാരനായ ജോസ് മഴുവഞ്ചേരി എന്ന അദ്ധ്യാപകന്റെ അനുഭവക്കുറിപ്പുകളാണ് ഗ്രന്ഥത്തിൽ. ജോസ് മഴുവഞ്ചേരി എന്ന പേര് എനിക്കത്ര പരിചയമില്ല. പുറം ചട്ടയിലുള്ള, എന്നെപ്പോലെ അൽപ്പസ്വൽപ്പം നരകയറിയ മുടിയുള്ള ലേഖകന്റെ ഫോട്ടോയും വലിയ പരിചയമില്ല. ഉൾപ്പേജിൽ വിശദവിവരങ്ങൾ വായിച്ചതോടെ, പറഞ്ഞറിയിക്കാനാവാത്ത ആനന്ദത്തോടെ ലേഖകനെ ഞാൻ തിരിച്ചറിഞ്ഞു. പറവൂർ ലക്ഷ്മി കോളേജിലെ പ്രിൻസിപ്പാളും, എന്റെ അദ്ധ്യാപകനുമായ ജോസ് സാർ.
ട്യൂഷൻ ക്ലാസ്സുകളിൽ അദ്ദേഹത്തിന്റെ അദ്ധ്യാപന രീതിയുടെ ഊഷ്മളത ഒരുപാട് അനുഭവിച്ചിട്ടുണ്ട്. പാഠ്യവിഷയങ്ങളിൽ മാത്രം ഊന്നി നിൽക്കാതെ, വളരെ രസകരമായ കഥകളും ആനുകാലിക വിഷയങ്ങളിലുള്ള ചില പരാമർശങ്ങളുമൊക്കെയായി അതീവ താൽപ്പര്യം ജനിപ്പിച്ചിട്ടുള്ള ക്ല്ലാസ്സുകളായിരുന്നു അത്. അദ്ദേഹത്തിന്റെ മാത്രമല്ല സഹ അദ്ധ്യാപകരായ എൻ.എം. പീയേർസൺ സാറിന്റേയും ഡേവീസ് സാറിന്റേയുമൊക്കെ ക്ലാസ്സുകൾക്ക് ഇതേ പ്രത്യേകതകൾ ഉണ്ടായിരുന്നു. ചിട്ടയായുള്ള പഠിപ്പിക്കലും ഇടയ്ക്കിടയ്ക്കുള്ള പരീക്ഷകളുമൊക്കെ, പഠിക്കാതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് ഏത് മടിയനേയും കൊണ്ടെത്തിച്ചിരുന്നു എന്നതാണ് സത്യം. ലക്ഷ്മി കോളേജ് എന്ന പാരലൽ കോളേജ് വളരെ നല്ല നിലയിലേക്ക് ഉയർന്നതും ഇന്നും അതേ നിലയ്ക്ക് വർത്തിച്ച് പോകുന്നതും അനുകരണീയരായ ഈ അദ്ധ്യാപകരുടെ അദ്ധ്യയനരീതികൊണ്ടുതന്നെയെന്ന് ഞാൻ വിശ്വസിക്കുന്നു.
പൂർവാഹ്നം, മദ്ധ്യാഹ്നം, സായാഹ്നം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി 30 അനുഭവസാക്ഷ്യങ്ങളാണ് പുസ്തകത്തിലുള്ളത്. പീയേർസൺ സാർ എഴുതിയിരിക്കുന്ന അവതാരിക എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കുറിപ്പിന്റെ അവസാനഭാഗത്തെ ചില വരികൾ തന്നെ എടുത്തു പറയട്ടെ. ‘കഥകൾക്ക് ഒരു കൌതുകം കരുതിവെച്ച് അവസാന ഖണ്ഡിക കാത്തുനിൽക്കുകയാണ്. ആത്മാവ് തുടിക്കുന്നത് അവസാനത്തെ പാരഗ്രാഫിലാണ്.’
മനസ്സിൽപ്പതിഞ്ഞുപോയ ഉള്ളുലക്കാൻ പോന്ന ചില സംഭവങ്ങൾ, ഉപ്പുമാവിന് ശേഷം വിതരണം ചെയ്യുന്ന പാല് കുടിക്കാനുള്ള ശ്രമം നാറ്റക്കേസാകുന്നത്, ആ സംഭവത്തിന്റെ ചില ബാക്കിപത്രങ്ങൾ ഈയടുത്ത കാലത്ത് വെളിപ്പെടുത്തപ്പെടുന്നത്, പെസഹാ എന്ന വാക്കിന്റെ അർത്ഥം കടന്നുപോകേണ്ടവൻ എന്നാണെന്നുള്ളത്, ഒരു മാർക്ക് കിട്ടിയ ആൾക്ക് ഒരടി; ഒൻപത് മാർക്കുകാരന് ഒൻപത് അടി; പത്ത് മാർക്കും പൂജ്യം മാർക്കും കിട്ടിയവർക്ക് അടിയില്ല എന്ന രീതിയിലുള്ള ഫ്രാൻസീസ് സാറിന്റെ വ്യത്യസ്തമായ ശിക്ഷണരീതി. ഇത്തരത്തിലുള്ള അനുഭവങ്ങൾ ചുരുളഴിയുന്ന പത്ത് അനുഭവങ്ങളാണ് പൂർവ്വാഹ്നത്തിലുള്ളത്. ‘പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ‘, ‘അണ്ണാ ഹസാരേ മാപ്പ് ‘ ‘മൈലാഞ്ചികൾ അരിക് പിടിപ്പിച്ച വഴി‘ എന്നിങ്ങനെ പല അദ്ധ്യായങ്ങളും വായിക്കുമ്പോൾ, ജോസ് സാറിന്റെ ക്ലാസ്സിൽ ഇരുന്നിരുന്ന ആ പഴയ ടീനേജുകാരൻ എന്റെയുള്ളിൽ തലപൊക്കി.
താൻ രചിച്ച ഭക്തിഗാനം നിനച്ചിരിക്കാതെ കെ.എസ്.ചിത്രയുടെ ശബ്ദത്തിൽ ചെട്ടിക്കാട് പള്ളിയിൽ നിന്ന് കേൾക്കാനിടയായും, അത് രചിച്ചതാരാണെന്ന് ഗായകസംഘത്തോട് അന്വേഷിക്കുന്നതുമായ സംഭവമാണ് ‘ആദ്യരാത്രിയിലെ ഉടമ്പടി എന്ന കുറിപ്പ് ‘. ഇതടക്കമുള്ള പല ലേഖനങ്ങളും തികഞ്ഞ ഒരു വിശ്വാസിയായ ലേഖകന്റെ കൈയ്യൊപ്പ് പതിഞ്ഞവയാണ്.
പാർട്ടികൾക്കും പ്രസ്ഥാനങ്ങൾക്കുമൊക്കെ തെറ്റ് പറ്റുമ്പോൾ, നിലപാടുകൾ പിഴക്കുമ്പോൾ, തിരുത്താൻ ശ്രമിച്ചതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വന്ന പിയേർസൺ സാറിന്റെ കഥയാണ് ‘സ്പന്ദനം നിലച്ച നാഴികമണി‘. പാർട്ടിയെ തെറ്റുകളിൽ നിന്ന് നേർവഴിക്ക് കൊണ്ടുവരാൻ വേണ്ടിയുള്ള ശ്രമങ്ങളും വിമർശനങ്ങളും അദ്ദേഹത്തിന്റെ മകന്റെ തട്ടിക്കൊണ്ടുപോകലിലാണ് കലാശിക്കുന്നത്. ആ പ്രശ്നത്തിന് പിന്നാലെയുള്ള പാച്ചിലിനിടയിൽ പെരുമ്പാവൂർ പുല്ലുവഴിയിലെ അന്തോണീസ് പുണ്യാളന്റെ രൂപക്കൂടിന് മുന്നിൽ ഒരു പ്രാർത്ഥനയ്ക്കായി വാഹനം നിർത്താൻ ജോസ് സാർ ആവശ്യപ്പെടുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിച്ചശേഷമുള്ള മടക്കയാത്രയിൽ നല്ല ഉറക്കത്തിലായിരുന്ന ലേഖകനെ പുല്ലുവഴി എത്തിയെന്ന് പറഞ്ഞ് വിളിച്ചുണർത്തുന്നത് പിയേർസൺ സാറാണ്. സ്വന്തം പ്രത്യയശാസ്ത്രങ്ങൾക്കും കാഴ്ച്ചപ്പാടുകൾക്കും ഒപ്പമോ അതിനേക്കാൾ വലുതായിത്തന്നെയോ സഹജീവികളുടെ വിശ്വാസങ്ങൾക്കും വില കൽപ്പിക്കുന്ന, എൻ.എം.പിയേർസൺ എന്ന വ്യക്തിപ്രഭാവത്തെയാണ് ആ അദ്ധ്യായം കാണിച്ചുതരുന്നത്.
സൂചന പോലുമില്ലാതെ നേരിട്ട് വായിച്ചിറങ്ങിച്ചെല്ലേണ്ടത് വായനക്കാരന്റെ അവകാശമായതുകൊണ്ട്, എടുത്തുപറഞ്ഞ കഥകളേക്കാൾ മേന്മയുള്ളത് പലതും ബോധപൂർവ്വം സ്മരിക്കാതെ പോകുന്നു. ജോസ് മഴുവഞ്ചേരി എന്ന ജോസ് സാറിനെ നേരിട്ടറിയുന്നതുകൊണ്ടായിരിക്കണം നല്ലൊരു വായനാനുഭവമാണ് ‘മുസരീസ് ഗ്രാമത്തിലെ ഇടവഴികൾ’ എനിക്ക് സമ്മാനിച്ചത്. സാറിനെ നേരിട്ടറിയാത്തവർക്കും പുസ്തകം നല്ലൊരു വായന സമ്മാനിച്ചിരിക്കാതെ തരമില്ല. അല്ലെങ്കിൽപ്പിന്നെ 2011 നവംബറിൽ ആദ്യ പതിപ്പിറക്കിയ ശേഷം 2012 ഫെബ്രുവരി ആയപ്പോഴേക്കും നാല് എഡിഷൻ കൂടെ വിറ്റുപോകാൻ സാദ്ധ്യതയില്ലല്ലോ ?

Subscribe to:
Posts (Atom)