രചയിതാവ് : ഷാജി നായരമ്പലം
പ്രസാധകര്‍ : സിയെല്ലസ് ബുക്സ്
അവലോകനം : ഡോ: ഗീത സുരാജ്

രാമായണക്കാഴ്ചകള്‍ക്ക് എഴുതിയ അവതാരികയില്‍ നിന്നും
രാമായണത്തിന്റെ ചില കാണാപ്പുറങ്ങളാണു് ശ്രീ ഷാജി നായരമ്പലത്തിന്റെ രാമായണക്കാഴ്ചകള്‍ . എത്ര തലമുറകള്‍ മറിച്ചുനോക്കിയാലും തീരാത്ത കാണാക്കാഴ്ചകള്‍ ഇനിയും രാമായണത്തില്‍ ഉണ്ടെന്നു് ഷാജിയുടെ ഈ കാവ്യ സമാഹാരം നമുക്ക് കാണിച്ചു തരുന്നു. എത്ര പൂരിപ്പിച്ചാലും പൂര്‍ണ്ണമാകാത്ത ശൂന്യതകള്‍ , എത്ര വാചാലതകള്‍ക്കും നികത്താനാകാത്ത മൌനഹ്രദങ്ങള്‍ , എങ്ങനെയൊക്കെ ഉത്തരം പറഞ്ഞാലും പിന്നെയും സംശയങ്ങള്‍ ബാക്കി നില്‍ക്കുന്ന ചോദ്യങ്ങള്‍. രാമായണക്കാഴ്ചകള്‍ ചോരപൊടിയുമാറു് ഉള്ളകങ്ങളില്‍ കോറിയിടുന്ന വാക് ചിത്രങ്ങള്‍ ഇവയൊക്കെയാണു് . നൈതികതയും, ധാര്‍മ്മികതയുമൊക്കെ നാം കണ്ടവ തന്നെ ആയിരുന്നുവോ എന്നു് നമ്മില്‍ സന്ദേഹ മുണര്‍ത്തുന്നവയാണു് ഷാജി കാണിച്ചുതരുന്ന ‘രാമായണക്കഴ്ച്ചകള്‍ ‘.
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ‘വൈജയന്തി’ക്കു ശേഷം ഷാജിയുടെ രണ്ടാമത്തെ കാവ്യ സമാഹാരമാണിത് . “തൂലികയെക്കാളേറെ വിരലുകള്‍ കൊണ്ടെഴുതിയത്” എന്നു് ഷാജി മുഖമൊഴിയായിക്കുറിച്ച ‘വൈജയന്തി‘യെ പരിചയപ്പെടാനായത് അല്പം വൈകിയാണ്. ബ്ലോഗും ഓര്‍ക്കുട്ടും അപരിചിതമായതുകൊണ്ടാകാം , ഈ ശിഷ്യന്റെ കവിതകളെ അറിയാന്‍ വൈകിപ്പോയത്. എന്തായാലും ‘രാമായാണക്കാഴ്ചകള്‍ക്ക് ‘ അവതാരിക കുറിക്കാന്‍ എന്നെ ഏല്‍പ്പിച്ചപ്പോള്‍, ഏറെ സന്തോഷം തോന്നി.
ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഏടുകളായിരുന്നു ‘വൈജയന്തി‘യിലെ കവിത കളെങ്കില്‍ ‘രാമായണക്കാഴ്ചകള്‍’ വളരെ വ്യത്യസ്തമായ ഇതിഹാസ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടവയാണു്. പക്ഷെ ഇതിഹാസത്തിലും തുളുമ്പിക്കിടക്കുന്നത് ചോരയും, കണ്ണീരും പുരണ്ട ജീവിതം തന്നെ എന്ന് ഓരോ കവിതയും ഉറക്കെ വിളിച്ചു പറയുന്നു. വാല്മീക മന്ത്രങ്ങളില്‍ കവിത തേടിയലയുമ്പോഴും കേള്‍ക്കാനാകുന്നത് ഒന്നു തന്നെ.
മണ്ണും പെണ്ണു മണച്ചിടും പ്രണയവും
കത്തുന്ന കാലുഷ്യവും
മണ്ണില്‍ക്കത്തിയമര്‍ന്നുപോയ കനിവിന്‍
കാലൊച്ചയും കേട്ടീടാം
എന്ന് ‘നാന്ദി‘ യില്‍ തന്നെ കവി ഈ കാവ്യ സത്യം നമ്മോട് തുറന്നു പറയുന്നുണ്ട്.
രാമായണ സന്ദര്‍ഭങ്ങള്‍ തന്നെയാണു് ഈ കാഴ്ചകള്‍ക്കു് പാശ്ചാത്തലമൊരുക്കുന്നത്. ബാല കാണ്ഡം മുതല്‍ ഇരുപത് വ്യത്യസ്ത സന്ദര്‍ഭങ്ങളിലെ രാമായണചിത്രങ്ങളാണ് ഈ കാഴ്ചകളില്‍ ഷാജി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഓരോന്നും അതിന്റെ തനിമയോടെ തന്നെ ഉയിര്‍കൊണ്ടുവരുന്ന വിധം ചിത്രീകരിക്കാന്‍ കവി കാണിച്ചിരിക്കുന്ന മിടുക്കാണു് ശ്രദ്ധേയമാകുന്നത്. അഹല്യാ മോഷം, താടകാ വധം, വിരാധവധം, അഭിഷേക വിഘ്നം, ശൂര്‍പ്പണഖാഗമനം, മരീച നിഗ്രഹം, ജടായുഗതി, സുഗ്രീവ സഖ്യം, ബാലിവധം, സമുദ്രലംഘനം, രാവാണന്റെ ഇച്ഛാഭംഗം, ഹനുമാന്‍ രാവണസഭയില്‍, സേതുബന്ധനം, മേഘനാദ വധം, രാവണന്റെ ഹോമ വിഘ്നം, ഉത്തര രാമായണത്തിലെ സീതാ പരിത്യാഗം, സീതാ വിലാപം, സീതയുടെ അന്തര്‍ധാനം എന്നിവയാണു് രാമായണക്കാഴ്ചകളുടെ പ്രധാന സന്ദര്‍ഭങ്ങള്‍. രാമായണത്തിലെ മുഖ്യ മുഹൂര്‍ത്തങ്ങളെല്ലാം സ്പര്‍ശിച്ചുകൊണ്ട് ഒരു രാമായണാനുഭവം ഉണര്‍ത്താന്‍ ഈ കാഴ്ചകള്‍ക്കു കഴിയുന്നുണ്ട്. രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തിരനോട്ടം നടത്തുന്നുമുണ്ട്. പക്ഷെ, രാമായണക്കാഴ്ചകളുടെ മര്‍മ്മം ഇതൊന്നുമല്ല; ആദികവിയും എഴുത്തച്ഛനും ബോധപൂര്‍വ്വം തന്നെ ഇട്ടുവച്ച ചില മൌനങ്ങളെ തൊട്ടുണര്‍ത്താന്‍ വേണ്ടിയാണ് തനീ കാഴ്ചകള്‍ വരഞ്ഞിട്ട് മാറിനില്‍ക്കുന്നതെന്ന് കവി നമ്മോട് പറയാതെ പറയുന്നു. ചിലത് ചോദ്യങ്ങളാണ്, ചിലത് ആത്മഗതങ്ങളാണ്, വേറെ ചിലത് സന്ദേഹങ്ങളാണു്.
ഏതു വിധേനെയാ സീതയെക്കൈവിട്ടു
രാമന്‍ പടുത്തു മഹത്വം മഹീതലേ? (അഹല്യ)
ആരു ത്യജിച്ചു കരഗതം രാജ്യമ-
താരു ത്യജിച്ചു ഭരതനോ, രാമനോ? ( ഭരതന്‍)
മനസ്സാം മാരിചനോ കുതിക്കുന്നഗമ്യമായ്
പിടിച്ചങ്ങടക്കുവാനെളുതല്ല നിര്‍ണ്ണയം. (മായപ്പൊന്മാന്‍)
ഇതുപോലെ ഉദ്ധരിക്കാവുന്ന ഒരുപാടുണ്ട്. ഇവിടെയാണു കാഴ്ചകളെ ചിന്തകളാക്കാന്‍ കവിക്ക്
കഴിയുന്നത്. രാമായണത്തെ മാറിനിന്ന് മനനം ചെയ്യുന്നൊരാള്‍ക്കെ ഇതിനു കഴിയൂ.
ആര്‍ദ്രമായ വാക്കുകള്‍ കൊണ്ട് അതീവ വൈകാരികമായ രീതിയില്‍ രാമായണ സന്ദര്‍ഭങ്ങളെ ഷാജി പുനര്‍ജനിപ്പിക്കുന്നു. ഇതിഹാസകാലത്തേക്കുള്ള ദൂരം അവിടെ ഇല്ലാതാകുന്നു. സ്നേഹവും, ഭക്തിയും, കാമവും, ദുഃഖവും വീരവുമൊക്കെതന്നെ സമാനാനുഭവങ്ങളായി മാറ്റാന്‍ കവിക്കു കഴിയുന്നു എന്നിടത്താണു് കവിതയുടെ വിജയം. സീതാ ചിത്രങ്ങളാണ് ഇവയിലേറെ മിഴിവുറ്റതെന്ന് പറയാതെ വയ്യ.
രാമായണ ശീലുകള്‍ തന്നെ ഉപയോഗിക്കാന്‍ ഷാജി കഴിവതും ശ്രമിച്ചിട്ടുണ്ട്. ശ്ലോകം ശോകത്തില്‍ നിന്നാണുണ്ടാകുന്നത് എന്നാണല്ലൊ അഭിജ്ഞ മതം. ജീവിതത്തിന്റെ കണ്ണീരുപ്പ് ഈ കവിതകളിലെല്ലാം മുഖ്യ രസമായി കിനിഞ്ഞു നില്‍ക്കുന്നു. തീവ്രമായ വികാരവായ്പ്കൊണ്ട് വാക്കുകള്‍ ചിലപ്പോഴെല്ലാം ഇടറിപ്പോകുന്നത് കവി കാണാതെ പോകുന്നില്ലെ എന്നു സംശയം തോന്നാം.
എന്തായാലും , മൂന്നേകാല്‍ പതിറ്റാണ്ടോളം ഒരു അദ്ധ്യാപികയായി കഴിഞ്ഞ ജീവിതത്തിനു് കൃതാര്‍ത്ഥത പറയാന്‍ തോന്നുന്നത് ഇതുപോലുള്ള സന്ദര്‍ഭങ്ങളിലാണു്. കാലത്തില്‍ തന്റെ അടയാളം പതിക്കാന്‍ കഴിയുന്നൊരു ശിഷ്യന്‍, അതാണു് ഗുരുവിന്റെ നേട്ടം. ഇനിയും കവിതയുടെ കാല്പാടുകള്‍ കാല വീഥിയില്‍ കൂടുതല്‍ തെളിച്ചത്തോടെ പതിപ്പിക്കാന്‍ ഷാജിക്ക് കഴിയുമാറകട്ടെ എന്ന ആശംസയോടെ, പ്രാര്‍ത്ഥനയോടെ ‘ രാമായണക്കാഴ്ചകളുടെ തിരശ്ശീല ഉയര്‍ത്തട്ടെ! ഈ ‘രാമായണക്കാഴ്ചകള്‍‘ ഏവര്‍ക്കും പ്രിയതരമാകും എന്നെനിക്ക് ഉറപ്പുണ്ടു്.