Showing posts with label ലാസര്‍ ഡിസല്‍വ. Show all posts

Tuesday, February 17, 2015
മലബാര്‍: ദേശിയതയുടെ ഇട-പാടുകള്‍
പുസ്തകം : മലബാര്‍: ദേശിയതയുടെ ഇട-പാടുകള്‍
രചയിതാവ് : എം.ടി.അന്‍സാരി
പ്രസാധകര്‍ : ഡി.സി ബുക്സ്
അവലോകനം : ലാസര്‍ ഡിസല്‍വ
പൂര്‍വശിക്ഷിതവും വ്യക്ത്യാധിഷ്ടിതവും ആയ വിശ്വാസങ്ങളിലേക്കോ നിഗമനങ്ങളിലേക്കോ, ലഭ്യമായ ചരിത്രപാഠങ്ങളെ തെളിയിച്ചുകൊണ്ട് പോകുന്നത് ആശാസ്യമായ വിശകലന രീതിയല്ല. ഏകാമാനതയുള്ള വര്‍ത്തമാനം ഇല്ലാത്തത് പോലെ തന്നെ ചരിത്രത്തിനും ജൈവമായ വൈവിധ്യങ്ങളുടെ ക്രമരാഹിത്യം ഉണ്ട്. ക്രമരഹിത പാഠങ്ങളുടെ ഉള്ളില്‍ നിന്ന് നടത്തുന്നു സമകാലികമായ ഏത് വിശകലനവും, എത്ര ആധുനികമായ ഉപകരണങ്ങള്‍ ഉപയോഗിച്ചായാലും, എത്തിച്ചേരുക കൂടുതല്‍ വൈവിധ്യമുള്ള വെളിപാടുകളിലേക്കാവും. മറിച്ചായാല്‍ - തീര്‍പ്പുകള്‍, സര്‍ഗാത്മകമായ ഒന്നിന്റെയും ഭൂമികയാവില്ല. എം. ടി. അന്‍സാരിയുടെ 'മലബാര്‍: ദേശിയതയുടെ ഇട-പാടുകള്‍: ചരിത്ര സാഹിത്യ പാഠങ്ങള്‍' എന്ന പുസ്തകം അത്തരം ഒരു പരാധീനത അടിമുടി പേറുന്നു.
ശീര്‍ഷകം പുസ്തകത്തിന്റെ ആശയത്തെ കൃത്യമായി സംപ്രേക്ഷണം ചെയ്യുന്നില്ല എന്ന പ്രാഥമികതയ്ക്കപ്പുറം, ലേഖകന്റെ തന്നെ വിശകലനരീതിയനുസരിച്ച്, ശുഭകരമല്ലാത്ത ഒരു പ്രതിനിധാനം ഉള്‍പ്പേറുകയും ചെയ്യുന്നു. മലബാറിലെ മുസ്ലീംസമൂഹം എങ്ങിനെ കൊളോണിയല്‍, ദേശീയ ചരിത്ര രചനകളില്‍ 'മതഭ്രാന്തി'നെ സ്വയമേ ഉള്‍ക്കൊള്ളുന്ന ഒരു ഏകകമായിത്തീരുന്നു എന്നാണ് പുസ്തകത്തിന്റെ അന്വേഷണം. മലബാര്‍ ദേശനിര്‍മ്മിതിയിലെ ഇടപാടുകളും ഇടപെടലുകളും മാപ്പിളലഹളകളിലും ഇസ്ലാമിന്റെ 'മതഭ്രാന്തി'ലും മാത്രം ക്രമപ്പെട്ടുനില്‍ക്കുന്ന ഒന്നല്ല. എന്നാല്‍ അതില്‍ മാത്രം ഒതുങ്ങി നിന്നുകൊണ്ടുള്ള പഠനം നടത്തുമ്പോള്‍ ഈ ശീര്‍ഷകം തെറ്റിധാരണാജനകമായി മാറുന്നു. അതിനപ്പുറം എം. ടി. അന്‍സാരി എന്ന മുസ്ലിം നാമധാരി മലബാറിനെ കുറിച്ചെഴുതുമ്പോള്‍ അത് മാപ്പിള ലഹളയെ കുറിച്ചാവണമല്ലോ എന്ന പൂര്‍വകല്‍പ്പിത ധാരണകളിലേക്ക് എത്തികൊള്ളണം അനുവാചകന്‍ എന്ന പ്രതിനിധാനത്തിന്റെ രാഷ്ട്രീയം എഴുത്തുകാരന്റെ ചൊല്പ്പടിക്കപ്പുറം സഞ്ചരിക്കുന്ന അന്തര്‍ലീനമായ ധാരകളെ പുറത്തേക്ക് എടുത്തിടും. 'ഹിഗ്വിറ്റ'യില്‍ തുടങ്ങി മുസ്ലീം കഥാപാത്രങ്ങള്‍ പതിതമായി പ്രതിനിധീകരിക്കപ്പെടുന്നു എന്ന് ലേഖകന് തോന്നുന്ന രചനകള്‍ കണ്ടത്തി അവതരിപ്പിക്കുമ്പോള്‍ സംഭവിക്കുന്നതും അതുപോലൊരു അനുവാചക സ്വാതന്ത്ര്യം മാത്രമാണ്. 'ഹിഗ്വിറ്റ'യെ ഒരു സാഹിത്യസൃഷ്ടി എന്ന അസ്തിത്വത്തില്‍ അതിന്റെ സങ്കീര്‍ണമായ പാഠത്തിലേക്ക് പ്രതിനിധാനത്തിന്റെ രാഷ്ട്രീയാന്വേഷണം നടത്തിയത് നിരൂപണത്തിന്റെ സാധ്യമായ മറ്റൊരു സര്‍ഗാത്മക വഴിയായി, അത് വേറിട്ട് പ്രസിദ്ധീകരിക്കപെട്ട കാലത്ത്, മനസ്സിലാക്കാന്‍ ആവുമായിരുന്നു. എന്നാല്‍ ഇവിടെ പൂര്‍വ്വശിക്ഷിതമായ ഒരു പൊതുഹേതുവിലേക്ക് അതിനെക്കൂടി വിളക്കിചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അര്‍ത്ഥവ്യതിയാനം സംഭവിക്കുന്നു. അത് ക്രിയാത്മകമായ ഒന്നും സംഭാവന ചെയ്യുന്നില്ല, എഴുത്തുകാരന്റെ പൂര്‍വകല്പിതമായ കാമനകളെ സംതൃപ്തിപ്പെടുത്തുന്നു എന്നതിനപ്പുറം.
'മലബാര്‍ മാന്വല്‍' തുടങ്ങി ഇങ്ങോട്ടുള്ള പല ചരിത്ര പുസ്തകങ്ങളില്‍ നിന്നും ലേഖകന്‍ ഉദ്ധരണികള്‍ ചേര്‍ത്തിട്ടുണ്ട്. "വിവരങ്ങള്‍ സംഭരിച്ചു അവയെ പെട്ടെന്ന് തന്നെ അടിസ്ഥാനവിവരങ്ങള്‍ (data ) ആക്കി ക്രമീകരിക്കുക വഴി കോളനിവത്കരണത്തിന്റെ / ആധുനികീകരണത്തിന്റെ പ്രക്രിയകള്‍ക്ക് ഉപയോഗിക്കാനുതകുന്ന ഒരു ഭൂതകാലം നിര്‍മ്മിക്കുക" എന്നത് ആശാസ്യമായ ഒരു ചരിത്രരചനാരീതിയല്ല എന്ന് ലോഗനെ പരാമര്‍ശിച്ചുകൊണ്ട് പുസ്തകത്തിന്റെ തുടക്ക ഭാഗത്ത് തന്നെ കാണുന്നുണ്ട്. ഇപ്പറഞ്ഞതിലെ അശാസ്യത തുലോം ആപേക്ഷികം മാത്രമാണ്. ഏറ്റവും കൂടുതല്‍ ഡാറ്റ ഉള്‍പ്പേറുന്ന ചരിത്രം പില്‍ക്കാല പഠനങ്ങള്‍ക്ക് ഒരു ഖനിയാണ് ('മലബാര്‍ മാന്വലി'ന്റെ നിരന്തര പുനര്‍വായനകള്‍ തന്നെ ഉദാഹരണം). ക്രമപ്പെടുത്തിയ അടിസ്ഥാനവിവരങ്ങള്‍ സുതാര്യതയുടെയും ആധികാരികതയുടെയും പ്രതിഫലനമായും വായിക്കപ്പെടാം. ഏതോ സാമൂഹിക അവസ്ഥയില്‍, പ്രത്യശാസ്ത്ര നിലപാടില്‍, ജനിതക ഗുണദോഷങ്ങളില്‍ ഒക്കെ ഊന്നിനിന്നാണ് എല്ലാ ചരിത്രരചനയും നിര്‍വഹിക്കപെടുന്നത് എന്നത് പുതിയ മനസ്സിലാക്കലൊന്നും അല്ല. എന്നാല്‍, ഈ പുസ്തകത്തില്‍ മാത്രമല്ല, ഇന്നു പൊതുവെ വിശകലനങ്ങള്‍ ഇത്തരം കാലികമായ അനിവാര്യതകളെ പാഠത്തിനുള്ളില്‍ നിന്നും നോക്കി കാണുന്നതിനു പകരം, അവരവരുടെ ആശയനിലപാടുകളുടെ പ്രകാശനഭൂമികയിലേക്ക് വക്രീകരിച്ചു ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ലോഗന്‍ കോളനിവത്കരണത്തിന് സഹായകരമാകാന്‍ തന്റെ ചരിത്രരചനയില്‍ ഡാറ്റാ സ്വരൂപിച്ചുവച്ചു എന്ന് പുസ്തകകാരന്‍ ആരോപിക്കുമ്പോള്‍, അതേ വിവരങ്ങള്‍ തന്റെ 'മതഭ്രാന്ത്' ആശയങ്ങള്‍ക്ക് ഉപോല്‍ബലമേകാന്‍ എടുത്തുപയോഗിക്കാനാവും വിധം ലഭ്യമായിരിക്കുന്നു എന്നതും മറന്നുകൂടാ. ചരിത്രരചനകളെ പില്‍ക്കാലത്ത് ചലനാത്മകമാക്കുന്നത് അത് ഉപയോഗിക്കുന്നതിന്റെ ആശയാന്തരങ്ങളാണ്.
'മതഭ്രാന്ത്' എന്ന സംവര്‍ഗം മാപ്പിള ലഹളയെ മുന്‍നിര്‍ത്തി, കൊളോണിയല്‍/ദേശിയ പാഠങ്ങളില്‍ സമൂഹത്തിന്റെ മനോഘടനയെ രൂപപ്പെടുത്തിയത് എങ്ങിനെ എന്ന അന്വേഷണമായി അവതരിപ്പിക്കുന്ന ആശയം പക്ഷെ പ്രച്ഛന്നം മാത്രമാണ്. മാപ്പിളലഹളയിലേക്കു നയിച്ചിരിക്കാവുന്ന സാമൂഹികസാഹചര്യങ്ങളില്‍ മതത്തിന് പങ്കുണ്ടായിരുന്നില്ല എന്നും ഭൂപ്രഭുക്കളുടെയും കൊളോണിയല്‍ ഭരണത്തിന്റെയും ചൂഷണത്തിനോടുള്ള പ്രതിപ്രവര്‍ത്തനം ആയിരുന്നു അതെന്നും സ്ഥാപിക്കാനുള്ള നേര്‍രേഖയിലുള്ള ശ്രമംമാത്രമേ ഭാഷാരൂപങ്ങളുടെ തിരശ്ശീല വകഞ്ഞാല്‍ കാണാനുള്ളൂ. ലോഗനെ കുറിച്ച് പുസ്തകകാരന്‍ ഇങ്ങിനെ എഴുതുന്നു: "സംവേദനക്ഷമത കുറഞ്ഞ മറ്റു വിശകലനങ്ങളില്‍ നിന്നും വത്യസ്തമായി ലോഗന്‍ മാപ്പിളമാര്‍ കലാപത്തിനൊരുങ്ങുവാന്‍ കാരണം സാമ്പത്തികവും സാംസ്കാരികവുമായ അടിച്ചമര്‍ത്തലാണെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും ചെറുകിട കര്‍ഷക-'കീഴാളനെ' മനസ്സിലാക്കുന്നതിനു ആത്യന്തികമായി അദ്ദേഹവും ഉപയോഗിക്കുന്നത് മതഭ്രാന്തിന്റെ ചട്ടകൂടാണ്". ലഹളയില്‍ പലതരത്തില്‍ ഭാഗഭാക്കായ കെ. മാധവന്‍നായരെ പുസ്തകകാരന്‍ ഒരിടത്ത് ഉദ്ധരിക്കുന്നത് ഇങ്ങിനെയാണ്: "അപ്പപ്പോള്‍ ഉണ്ടാകുന്ന ലഹളകള്‍ ഒതുക്കുവാന്‍ ചെലവാകുന്ന പണത്തിന്റെ ഒരംശം വിദ്യാഭാസവിഷയത്തില്‍ ഉപയോഗിച്ചിട്ടുണ്ടായിരുന്നുവെങ്കില്‍ ഏറനാട്ടില്‍ മാപ്പിളലഹലയെന്നത് വളരെ മുന്‍പ് തന്നെ അസ്തപ്രായമാകുമായിരുന്നു". കൊളോണിയല്‍ ഭാഷ്യമായ ഹിച്ച്കോക്കിന്റെ ഔദ്യോഗിക രേഖകളില്‍ നിന്നും എടുത്തെഴുതുന്നത് ഇങ്ങിനെ: "മൂന്ന് തവണ കാര്യങ്ങള്‍ കലങ്ങി തെളിയും എന്ന അവസ്ഥ ഉണ്ടായതാണ്. അപ്പോഴേക്കും ജില്ലയ്ക്കു പുറത്ത് നടന്ന, ജില്ലാ അധികാരികള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത കാര്യങ്ങള്‍ ആണ് ആ പ്രതീക്ഷ തകിടം മറിച്ചത് - 1921 ഫെബ്രുവരിയില്‍ നാഗ്പ്പൂര്‍ സമ്മേളനവും അതിന് ശേഷമുള്ള യാക്കൂബ് ഹസ്സന്റെ കോഴിക്കോട് സന്ദര്‍ശനവും, 1921 ഏപ്രിലില്‍ മുഹമ്മദ് അലി മദ്രാസില്‍ നടത്തിയ പ്രസംഗവും, 1921 ജൂലൈ അവസാനം കറാച്ചിയില്‍ നടന്ന ഖിലാഫത്ത് സമ്മേളനത്തിന്റെ തീരുമാനങ്ങളും. അവസാനത്തെ രണ്ടും മലയാളത്തില്‍ അച്ചടിച്ച് പ്രചരിപ്പിച്ചിരുന്നു. മറ്റു യാതൊരു സംഘാടനവും ഉണ്ടായിരുന്നില്ല. 1921 ആഗസ്തോടെ ഈ ഫലങ്ങള്‍ ഉണ്ടാവുക അനിവാര്യമായി തീര്‍ന്നിരുന്നു". എം. ബി. നമ്പൂതിരിപ്പാടിന്റെ കുറിപ്പ് ഇത്തരത്തിലാണ്: "സാമുദായിക വഴക്കുകളല്ല ഈ ലഹളയുടെ മൂലകാരണം. രാഷ്ട്രീയ മര്‍ദനത്തില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. .... ഈ ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഭാഗം മാത്രമാണ് " എന്നാല്‍ ഒരു ഘട്ടത്തില്‍ മതവികാരം ഇളക്കി വിടപ്പെട്ടതാണ് സമരം കൈവിട്ട് പോകാനുള്ള കാരണമെന്ന് അദ്ദേഹവും നിരീക്ഷിക്കുന്നു. 1921 - ലെ കലാപം വര്‍ഗ്ഗീയലഹള അല്ല എന്നു തന്നെ പറയുന്ന ഇ. എം. എസ് പക്ഷെ ഇങ്ങിനെയും എഴുതുന്നുണ്ട്; "ഉറച്ച മതവിശ്വാസികളും തീരെ വിദ്യാഭ്യാസം ഇല്ലാത്തവരും സുസഘടിതരുമായ മാപ്ല സമുദായത്തില്‍ കാഫിറുകളെ കൊല്ലുകയോ മതംമാറ്റുകയോ ചെയ്‌താല്‍ തങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി കൂടുതല്‍ സുഗമമാവും എന്ന വിശ്വാസം തലയിലുറപ്പിച്ച കുറച്ച് മതഭ്രാന്തന്മാര്‍ ഉണ്ടാകാനിടയുണ്ട്". കെ. എന്‍. പണിക്കര്‍ 'കുറച്ചുകൂടി സങ്കീര്‍ണമായ ചിത്രം' അവതരിപ്പിക്കുന്നത് ഇങ്ങിനെ: "മതത്തിന്റെ മധ്യവര്‍ത്തിത്വം ഒരു ഇരട്ടപങ്കാണ് നിര്‍വത്തിയത്. ഒരു വശത്ത് അത് കര്‍ഷകരെ അടിച്ചമര്‍ത്തലിനെതിരെ പോരാടുവാന്‍ സഹായിച്ചു. മറുവശത്താകട്ടെ, പരലോകത്തിന്റെ ആനന്ദങ്ങളിലേക്ക് അവരുടെ കാഴ്ചപ്പാടിനെ പരിമിതിപ്പെടുത്തികൊണ്ട് അവരുടെ സാദ്ധ്യതകളെ നിരാകരിച്ചു. മാപ്പിളകര്‍ഷകരെ സംബന്ധിച്ചിടത്തോളം മതം ഒരേ സമയം പ്രവര്‍ത്തനത്തിനുള്ള പ്രത്യയശാസ്ത്രവും ഒരു മയക്കുമരുന്നും ആയിരുന്നു"
ഇത്തരം കുറിപ്പുകള്‍ സംശയലേശമന്യേ വെളിവാക്കുന്നത് മാപ്പിളലഹളയില്‍ മതം മൂലകാരണം ആയിരുന്നില്ല എന്നുതന്നെയാണ്. തൊഴിലാളികള്‍ അനുഭവിച്ചിരുന്ന ചൂഷണം, സാമ്പത്തികമായ പിന്നോക്കാവസ്ഥ, വിദ്യാഭ്യാസം ഇല്ലായ്മ, ഖിലാഫത്ത് ഉള്‍പ്പെടെയുള്ള ദേശിയപ്രസ്ഥാനങ്ങള്‍ ഉളവാക്കിയ ചലനാത്മകത - സങ്കീര്‍ണമായ സാഹചര്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു ഒരു ലഹളയിലേക്കു നീങ്ങാന്‍. എന്നാല്‍ ഒടുവില്‍, ഒരു മതസമൂഹം ഏറ്റെടുത്ത ലഹളയായി അത് മാറാന്‍ ഉണ്ടായ കാരണങ്ങളില്‍ മതാത്മകത പങ്കുവഹിച്ചു എന്ന്, പുസ്തകകാരന്‍ ഉദ്ധരിക്കുന്ന ആധുനികരല്ലാത്തവരും ആധുനികരുമായ എല്ലാ ചരിത്രകാരന്മാരും കണ്ടെത്തുന്നുണ്ട്. ലഹളയില്‍ പങ്കെടുത്തവരുടെ മതാവബോധം ഇത്തരം ഒരു ഏകാമാനതയിലേക്ക് അവരെ ഒട്ടുമേ നയിച്ചിട്ടില്ലെന്നും, ഇസ്ലാമിന് നേരെയുള്ള, ഇസ്ലാം ഇതരമായ ഇടങ്ങളില്‍ മുന്‍പേതന്നെ നിലനില്‍ക്കുന്ന ഒരു മുന്‍ധാരണയുടെ പ്രതിഫലനം മാത്രമാണ് ഇത്തരം എഴുത്തുകളില്‍ കാണുന്നത് എന്നും തെളിയിക്കാന്‍ 'ഇന്ദുലേഖ'യില്‍ നിന്നും ഷിയര്‍ അലിഖാന്‍ കഥയുടെ സംപ്ക്ഷിപ്ത വിവരണം നല്‍കിയാല്‍ മതിയാവില്ല. മാപ്പിളലഹളയുടെ ചരിത്രതാളുകളിലല്ല അതിന്റെ അന്വേഷണം നടക്കേണ്ടതും. അതിന് മുന്‍പും അതിന് ഉപരിയായും അന്വേഷണം ആവശ്യപ്പെടുന്ന സങ്കീര്‍ണ്ണതലങ്ങള്‍ അതിനുണ്ട്. ഏകപക്ഷികമായ പ്രസ്താവങ്ങള്‍ക്കപ്പുറം അത്തരം അതീത വിശകലനങ്ങളൊന്നും ഇവിടെ പങ്കുവയ്ക്കുപ്പെടുന്നില്ല.
ഇരയോടുള്ള അനുഭാവം എന്ന നിലയ്ക്ക് ഇസ്ലാമിനോട് ഇന്ന് നമ്മുടെ ബൌധികലോകം അനുതാപപൂര്‍ണ്ണമായ ചായ്‌വ് കാണിക്കുന്നത് ഈ പുസ്തകവും ക്രമാതീതമായി പ്രകാശിപ്പിക്കും. സെക്യുലറായിരിക്കുക എന്ന നിലയ്ക്കുള്ള സ്യൂഡോബോധം കൂടി ഇത്തരം രചനകളില്‍ കണ്ടുവരും. ഒരു മതത്തിന് സെക്യുലര്‍ രാഷ്ട്രത്തില്‍ ലഭിക്കേണ്ട അര്‍ഹമായ പ്രാതിനിധ്യം നമ്മുടെ ദേശീയതയുടെ എല്ലാ ധാരകളും അനര്‍ഹമാക്കി തീര്‍ക്കുകയോ വികലമാക്കുകയോ ചെയ്തു എന്നാണല്ലോ ഈ പുസ്തകം ചര്‍വിതചര്‍വ്വണം ചെയ്യുക. അത്തരത്തില്‍ പാര്‍ശ്വവല്ക്കരിക്കപെട്ട ഒരു സമുദായത്തിനോടുള്ള ചായ്‌വ് സെക്യുലര്‍ തന്നെ എന്നാണത്. ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്നാണ് സെക്യുലര്‍ എന്ന അവസ്ഥ ഏറെക്കൂറെ മൂര്‍ത്തമായ രാഷ്ട്രീയതലങ്ങള്‍ അന്വേഷിക്കുന്നത്. യൂറോപ്പില്‍ അത് മതാതീതം എന്ന് തന്നെയായിരുന്നു - എല്ലാ മതങ്ങള്‍ക്കും ഒരുപോലെ എന്നായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടന ഉള്‍പ്പെടെ തെറ്റായി വ്യാഖാനിച്ചു എന്നതുകൊണ്ട്, കക്ഷിരാഷ്ട്രീയത്തിന് പുറത്ത് ധൈഷണിക അന്വേഷണങ്ങള്‍ നടത്തുന്നവരെങ്കിലും മതങ്ങള്‍ക്ക് സമാസമം പങ്കുവയ്ക്കുന്നതിനുള്ള ലൈസന്‍സല്ല സെക്ക്യുലറിസമെന്ന് ആര്‍ജവത്തോടെ മനസ്സിലാക്കാതെ പോകേണ്ടതില്ല. മതാത്മകതയില്‍ ഊന്നിനിന്നുള്ള ഏത് സാമൂഹിക അന്വേഷണവും, മതസമൂഹങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്തലുകളിലേക്കും വിഭവനഷ്ടങ്ങളിലേക്കും കൊണ്ടുപോകും. അതിനുമപ്പുറം മൌലീകവാദസരണികള്‍ക്ക് ധൈഷണികപിന്‍ബലം നല്‍കുകയും ചെയ്യും.
Tuesday, January 20, 2015
ആയുസ്സിന്റെ പുസ്തകം
പുസ്തകം : ആയുസ്സിന്റെ പുസ്തകം
രചയിതാവ് : സി.വി.ബാലകൃഷ്ണന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ലാസര്‍ ഡിസല്‍വ
കഥയില്‍ അപരിചിതമോ സുപരിചിതമോ ആയ ഒരു കാലമുണ്ട്. കഥയില്‍ അപരിചിതമോ സുപരിചിതമോ ആയ ഒരു സ്ഥലമുണ്ട്. ഏത് കാലത്തിലെയും, ഏത് സ്ഥലത്തിലെയും അനുവാചകനിലേക്ക് അത് സംക്രമിക്കുന്നു. ആ ഒഴുക്കിന്റെ തീവ്രതയെ അളന്നുകൊണ്ടാണ് ഒരു പുസ്തകത്തിന്റെ ആയുസ്സ് നിര്‍ണ്ണയിക്കുക. വടക്കന്‍ കേരളത്തിലെ കുടിയേറ്റത്തിന്റെ പത്തന്‍പത് വര്‍ഷം മുന്‍പത്തെ അവസ്ഥാന്തരങ്ങളിലൂടെയാണ് 'ആയുസ്സിന്റെ പുസ്തകം' സഞ്ചരിക്കുക. മലമുകളിലെയും താഴ്വാരങ്ങളിലെയും കുടിയേറ്റ പ്രദേശങ്ങള്‍ ഇന്നു കേരളത്തിലെ മറ്റേതൊരു ഗ്രാമത്തെയും പട്ടണത്തെയും പോലെ ആധുനികമായിക്കഴിഞ്ഞു. യൂണിലിവറിന്റെ ഒരു ഉല്‍പ്പന്നമെങ്കിലും എത്താത്ത ഒരു ഗ്രാമവും ഇന്നു കേരളത്തില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. വ്യതിരക്തമായ അസ്തിത്വമോ പ്രാദേശികമായ വ്യത്യാസങ്ങളോ പണ്ടത്തെ പോലെ പ്രകടമല്ല. ആ നിലയ്ക്ക് ഒരു കാലത്തിന്റെ, ഒരു ഇടത്തിന്റെ, ഒരു അനുഭവലോകത്തിന്റെ വൈകാരികമായ പുന:സംപ്രേഷണമാണ് ഈ നോവല്‍ ഇന്നേയ്ക്ക് ബാക്കിവയ്ക്കുക. ഗ്രാമപാതയിലൂടെ ലക് ഷ്യങ്ങളില്ലാതെ, കെട്ടുപാടുകളില്ലാതെ അലഞ്ഞുനടക്കുന്ന യോഹന്നാന്‍ ഒരു ആഗ്രഹമാണ്, എന്നോ കളഞ്ഞുപോയ ഒരു ആഗ്രഹം.
ഒരു കഥാക്യാമ്പില്‍ വച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് സി. വി. ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു - കൌമാരം കഴിയുന്നതോടെ രതി അവസാനിക്കുന്നു. പിന്നീട് ലൈംഗീകതയെ ഉള്ളൂ - എന്ന്. രതിയുടെയും ലൈംഗീകതയുടെയും വന്യമായ നിറച്ചാര്‍ത്തുകളാണ് ഈ പുസ്തകത്തിന്റെ അനുഭവലോകം. ഒരു നിമിഷത്തിന്റെ ഉണര്‍ച്ചയില്‍ തന്റെ കൊച്ചുമകളെക്കാളും പ്രായംകുറഞ്ഞ ഒരു ബാലികയോട് ബലാല്‍ക്കാരത്തിനു മുതിരുകയും അതിന്റെ പാപഭാരത്തില്‍ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന പൌലോയില്‍ ആരംഭിക്കുന്ന നോവല്‍, തന്റെ വിവാഹാഭ്യര്‍ഥന നിരസിക്കുകയും അതേസമയം നവയുവാവായ തന്റെ മകനുമായി രതിയിലെര്‍പ്പെടുകയും ചെയ്യുന്ന വിധവയായ സാറയെ കൊല്ലുന്ന തോമയില്‍ അവസാനിക്കുന്നു. പ്രണയം ഈ പരിസരങ്ങളിലെവിടെയും വിഷയമാവുന്നില്ല. ആനിയുടെയും കൊച്ചച്ചനായ മാത്യുവിന്റെയും നിശബ്ദമായ ബന്ധത്തിന്റെ ചെറിയ അടരുകളില്‍ പോലും ശരീരത്തിന്റെ സൂചനകള്‍ കടന്നുവരുന്നു. പ്രണയാതീതമായ കാമത്തിന്റെ പ്രവര്‍ത്തിപ്രദേശങ്ങളിലൂടെ എന്നത് തന്നെയാവാം എഴുത്തുകാരന്റെ സര്‍ഗ്ഗതീരുമാനവും.
രതിയും പ്രണയവും ആദിമകാലം മുതല്‍ ഉള്ളതും എന്നും പ്രശ്നവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന അനുഭവപ്രദേശമാണ്. മാറുന്നത് ആ അനുഭവത്തിന്റെ അക്സസറീസ് മാത്രമാണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ച് കാല്‍നൂറ്റാണ്ട് കഴിയുമ്പോള്‍, ഗ്രാമ്യനിറവുകളുള്ള, കാമബഹുലമായ ഇത്തരം ഇടങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഏറെക്കൂറെ അന്യംനിന്നിരിക്കുന്നു. ഗ്രാമസംബന്ധിയായ ഏകകങ്ങളുടെ നഷ്ട്ടപ്പെടലോടെ സംഭവിച്ച ഒരു അനുഭവലോകമാണത്. ഇത്തരം നഷ്ടലോകങ്ങള്‍ക്ക് സാഹിത്യത്തില്‍ ഗുണദോഷങ്ങളുടെ ചില അതീതതലങ്ങള്‍ ഉണ്ടു. "രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഒരു വെളുത്ത പ്രാവ് യോഹന്നാന്റെ മേല്‍ പറന്നിറങ്ങി. അത് അവന്റെ ഉടലിലെങ്ങും ചിറകുരുമ്മി. ആ ചിറകുകളുടെ ചൂടില്‍ അവന്‍ സ്വയം ഉടല്‍ തൊട്ടറിഞ്ഞു. അത് ഒരു ഇല പോലെ വിറയ്ക്കുന്നുണ്ടായിരുന്നു. ഉടല്‍ അതിന്റെ സങ്കീര്‍ത്തനമാലപിക്കുകയായിരുന്നു. പ്രാവ് ചിറകടിച്ചുകൊണ്ടിരുന്നു. അവന് തിടുക്കമുണ്ടായി, വെമ്പലുണ്ടായി, ഒന്നാമത്തെ ദിവസം". യോഹന്നാന്റെ ആദ്യത്തെ സ്വയംഭോഗാനുഭവത്തെ കുറിച്ചുള്ള ഈ ആലങ്കാരിക വര്‍ണ്ണന ഇന്നൊരു വികടമന്ദഹാസത്തോടെയല്ലാതെ വായിക്കാനാവില്ല. ഇത്രയും ആര്‍ഭാടം സമകാലിക ഭാവുകത്വവും ഭാഷയും ചെടിപ്പോടെയല്ലാതെ അനുവദിച്ചു തരികയുമില്ല. കാലത്തെ കവച്ചുകടക്കാനാവാത്തത് പരാധീനത തന്നെയാണ്.
മുന്‍കുറിപ്പില്‍ സക്കറിയ എഴുതുന്നു: "വേദപുസ്തകത്തിന്റെ ഭാഷയുടെ ചുവടുപിടിച്ചാണ് ബാലകൃഷ്ണന്‍ തന്റെ നോവല്‍ ഭാഷ മെനയുന്നത്". പിന്‍കുറിപ്പില്‍ ശാരദകുട്ടി ഇങ്ങിനെയും: "ബൈബിളിലേത് ഭാവഗീതത്തോട് അടുത്തുനില്‍ക്കുന്ന കാവ്യാത്മക ഭാഷയാണ്. സംഗീതാത്മകമായ ആ ഭാഷയാണ് ആയുസ്സിന്റെ പുസ്തകത്തില്‍ എഴുത്തുകാരന്‍ സ്വീകരിച്ചിരിക്കുന്നത്". ആധുനിക മലയാള ഗദ്യത്തിന്റെ ശൈശവദശയില്‍ തന്നെ സ്വതന്ത്രമായി വിവര്‍ത്തനം ചെയ്യപെട്ട പുസ്തകമാണ് ബൈബിള്‍. അക്കാലത്തെ മലയാളഭാഷയുടെ ഗുണദോഷങ്ങള്‍ എല്ലാം അതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. പല ഭാഷകളിലൂടെ കടന്നു മലയാളത്തിലെത്തുമ്പോള്‍ ബൈബിളിനു ഒരു ഭാഷാ അസ്തിത്വം ഉണ്ടെന്നു നിരൂപിക്കുന്നത് പാകമായ നിരീക്ഷണമായി കരുതാനാവില്ല. ഭാഷാസ്വത്വം മൂലഗ്രന്ഥത്തിന് അവകാശപെട്ടതാണ്. ഇന്നത്തെ മലയാളത്തിന്റെ വൈവിധ്യമുള്ള ഭാഷാപ്രയോഗങ്ങളില്‍ ഒക്കെയും ബൈബിള്‍ വിവര്‍ത്തനം സാധിക്കാം എന്നിരിക്കെ ഇത്തരം വാദങ്ങള്‍ പ്രാഥമികമായി തന്നെ റദ്ദാക്കപ്പെടുന്നു.
പ്രാഥമികമല്ലാത്ത മറ്റുചിലത് കൂടി കാണാതെ പോകയുമരുത്. നോവലിന്റെ തുടക്കഭാഗത്ത് ഇങ്ങിനെ കാണാം: "ആനി അടുത്തെത്തി അവളോട്, 'റാഹേല്‍, റാഹേല്‍ നീ കരഞ്ഞതെന്തിന്, നിന്റെ മുഖം വിളറിയിരിക്കുന്നതെന്തുകൊണ്ട്' എന്ന് ചോദിച്ചു.
എന്നാറെ അവള്‍ അത്യന്തം ഭ്രമിച്ചു നടുങ്ങി. പുറത്തേക്ക് വഴിതിരിയുന്ന വലിയ നിലവിളിയോടും കണ്ണീരോടും കൂടി അവള്‍ ഓടി പോയി.
ആനിയും യോഹന്നാനും ഭയപ്പെട്ടു നിന്നു. അനന്തരം അവര്‍ റബര്‍ മരങ്ങള്‍ക്കിടയിലൂടെ ഓടി തട്ടുകളിറങ്ങി". ബൈബിള്‍ ഭാഷയെന്നു പൊതുവെ പറഞ്ഞുപോയ 'കാവ്യാത്മക ഭാഷ'യുടെ പ്രയോഗം ഇവിടെ കാണാം. ഒരു പേജിനപ്പുറം രണ്ടാമദ്ധ്യായം അവസാനിക്കുന്നത് ഇങ്ങിനെയാണ്: "അയാള്‍ ഒന്ന് ഞരങ്ങി. അത് തോമയെ ലക്ഷ്യമാക്കിയ തെറിവാക്കായിരുന്നു. തോമാ അത് കേള്‍ക്കുകയും ചെയ്തു. അയാള്‍ക്ക് പിന്നെയും സമനിലതെറ്റിയ മട്ടായി. കാലുയര്‍ത്തി ആഞ്ഞുതൊഴിച്ചു. പൌലോ ദീനമായി മോങ്ങി. കൂട്ടില്‍ നിന്നും പന്നികളും കരഞ്ഞു.
വീണ്ടും തൊഴിക്കാനാഞ്ഞ തോമയെ യാക്കോബും ഫിലിപ്പോസും ബലം പ്രയോഗിച്ചു നീക്കി. ഇത്തവണ കുറേക്കൂടി അകലേയ്ക്ക്, വളരെ കരുതലോടെ.
'കത്തിയില്ലായിരുന്നു കയ്യില്‍, നാശം' തോമ പിറുപിറുത്തു.
'അത് നന്നായി, അല്ലേല്‍ താന്‍ ഈ പരുവത്തില്‍ കിളവനെ കൊന്ന് ജയിലില്‍ കേറിയേനെ' ഫിലിപ്പോസ് പറഞ്ഞു
തോമാ പുച്ചത്തോടെ ചിരിച്ചു:
'ജയില് കേറാന്‍ എനിക്ക് പേടിയൊന്നുമില്ല. ഒരിക്കല് കേറിയതുമാ...'" ഇവിടെ ബൈബിളിലെ 'ഭാവഗാനാത്മകത'യൊന്നും ദൃശ്യമല്ല. ഇത്തരത്തില്‍ തുടരുന്ന ഇടകലര്‍ന്ന ഭാഷാപ്രയോഗത്തിന്റെ സങ്കരസ്വഭാവം പ്രലോഭനീയം അല്ലെങ്കിലും, കലുഷമഗ്നവും അന്ത:സ്സാരപതിതവുമായ 'ഫ്രാന്‍സിസ് ഇട്ടികോര'പോലുള്ള നോവലുകള്‍ ക്രമാതീതമായി പരിലാളിക്കപ്പെടുന്ന സമകാലത്ത് 'ആയുസ്സിന്റെ പുസ്തകം' ചരിത്രസാംഗത്യമുള്ള വായനയുടെ ആശ്വാസം നല്‍കുന്നു എന്നത് ഒഴിവാക്കാനാവുന്നതല്ല.
Tuesday, November 25, 2014
സഹിക്കുന്നവരുടെ സങ്കീര്‍ത്തനം
പുസ്തകം : സഹിക്കുന്നവരുടെ സങ്കീര്‍ത്തനം
രചയിതാവ് : ഫാ. ആന്റണി ജി. പുല്ലുവിള
പ്രസാധകര്‍ :
അവലോകനം : ലാസര്‍ ഡിസല്‍വ
സമകാലിക സാഹിത്യത്തിന്റെ ഭൂമിക സങ്കീര്‍ണമാണ്. പ്രമേയം, ഭാഷ, രൂപം എന്നിങ്ങനെയൊക്കെയായി ഗൌരവവായന കാംക്ഷിക്കുന്ന അനുവാചകനില്‍ നിന്നും വൈകാരികവും ധൈഷണികവുമായ ചില ഉയരങ്ങള്‍ അത് ആവശ്യപ്പെടുന്നുണ്ട്. സമകാലം സംപ്രേഷണം ചെയ്യുന്ന സങ്കീര്‍ണതകള്‍ കൂടിയായി അതു വിലയിരുത്തപ്പെടുന്നുമുണ്ട്. ജീവിതവും കാലവും എന്നും അങ്ങിനെ തന്നെയായിരുന്നു എന്ന ചരിത്രപാഠം പക്ഷെ അതിനോട് മമത പ്രകടിപ്പിക്കാന്‍ സന്നദ്ധമാവുകയില്ല. എന്നാല്‍ നല്ല സാഹിത്യം ചീത്ത സാഹിത്യം എന്ന ദ്വന്ദത്തില്‍ നിന്നും എഴുത്തുകാരനും അനുവാചകനും ഒരുപാട് ദൂരത്തെത്തിയിട്ട് ഒരു നൂറ്റാണ്ടെങ്കിലും കഴിയുന്നു. അതു വ്യാവസായിക വിപ്ലവത്തോടും അതിന്റെ ഉപോല്‍പ്പന്നമായി പൊട്ടിപുറപ്പെട്ട രണ്ട് മഹായുദ്ധങ്ങളോടും ആഴത്തില്‍ ബന്ധപെട്ടുകിടക്കുന്ന സാഹിത്യാനുഭവമാണ്. യൂറോപ്പിന്റെ അസ്തിത്വത്തെ കടപുഴകിക്കളഞ്ഞ യുദ്ധാനുഭവങ്ങള്‍ രണ്ട് സംജ്ഞകളാണ് യൂറോപ്പിന് സംഭാവന ചെയ്തത്; 'ചരിത്രം മരിച്ചു', 'ദൈവം മരിച്ചു'. സെമറ്റിക്മതങ്ങള്‍, പ്രത്യേകിച്ച് ക്രിസ്തുമതം, നിസ്സഹായമായി നോക്കിനില്‍ക്കേണ്ടി വന്ന ഒരു ദശാസന്ധി കൂടിയായിരുന്നു അത്. പലരും കൊമ്മ്യൂണിസ്റ്റുകളായി ജനിച്ച് അനാര്‍ക്കിസ്റ്റുകളായി മരിച്ചു. പള്ളികള്‍ നാടകശാലകളും നര്‍ത്തകശാലകളുമായി മാറി. ചരിത്രമില്ലാത്ത യൂറോപ്പിന്റെ തെരുവുകളില് ഹിപ്പികള്‍ നഗ്നരായി അലഞ്ഞുനടന്നു. സ്പാനിഷ് മിഷനറിമാര്‍ സംസ്ക്കാരവും വ്യവസായവും കൊണ്ട്ചെന്ന വിദൂരദേശമായ ലത്തീനമേരിക്കയില്‍ പോലും വാഴത്തോട്ടങ്ങള്‍ വെട്ടിനിരപ്പാക്കി ഓപ്പിയംതോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചു.
ലോകത്തില്‍ ഇന്നും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന കവിയാണ് ഖലീല്‍ ജിബ്രാന്‍. മുകളില്‍ സൂചിപ്പിച്ച നിരാശാജനകമായ ലോകത്തിരുന്ന് അദ്ദേഹം ദൈവത്തെ കണ്ടെത്തിയ അസുലഭമുഹൂര്‍ത്തത്തിന്റെ അതീതകാവ്യാനുഭവമാണ് 'ദൈവം' എന്ന കവിത. ദൈവവും ചരിത്രവും മടങ്ങി വന്നു. ദൈവത്തെയും ചരിത്രത്തെയും മടക്കികൊണ്ട് വന്നതില്‍ കവിത വഹിച്ച പങ്ക് ചെറുതല്ല. ചെവിയില്‍ മധുരമര്‍മ്മരം പൊഴിക്കുന്ന ദൈവമില്ലാത്ത, കടലുപോലെ ഊഷ്മളമായി ആലിംഗനം ചെയ്യുന്ന ദൈവമില്ലാത്ത ഒരു ലോകം അസംഭവ്യമാണെന്ന് വലിയ കവികള്‍ മനസ്സിലാക്കിയിരുന്നു. പ്രപഞ്ചം പോലെ അനന്തമായ ദൈവാനുഭവത്തെ ഒരു കവിയും ഇതുവരെ നിരാകരിച്ചിട്ടില്ല. ചരിത്രവും ദൈവവും മടങ്ങിവന്ന കാലത്ത് ഒരു പുരോഹിതന്‍ തന്റെ ഭാഷാദേശത്തിന്റെ സാഹിത്യഭൂമിയില്‍ സ്വയം അടയാളപ്പെടുത്താന്‍ ചിന്താലോകത്തെയും എഴുത്തുവഴികളെയും പ്രയോജനപ്പെടുത്തുന്നത് എങ്ങിനെ എന്നതാവും 'സഹിക്കുന്നവരുടെ സങ്കീര്‍ത്തന'ത്തിന്റെ വായനാശ്രമം.
ഒരു രചനയെ അതിന്റെ സാംസ്കാരികവും ചരിത്രപരവുമായ ഇടത്തില്‍ നിന്നും വിഘടിതമായി നിര്‍ത്തി വിശകലനം നടത്തുക എപ്പോഴുമല്ലെങ്കിലും ചിലപ്പോഴെങ്കിലും ശ്രമകരമായി തീരും. സി. വി. രാമന്‍ പിള്ളയുടെ എഴുത്തിന്റെ പരിസരങ്ങളിലാണ് പിന്നീട് സരസ്വതിയമ്മയും കഥകളെഴുതിയത്. പക്ഷെ ആസ്വാദനത്തിന്റെയും വിശകലനത്തിന്റെയും ചരിത്ര/സാമൂഹിക മുന്‍ധാരണകള്‍ അടയാളപ്പെടാത്തിടത്തോളം വ്യത്യസ്തമായ ഇവരുടെ വായനയുടെ നൈരന്തര്യം തടസ്സപ്പെട്ടെക്കാം. ബിഷപ്പ് പൌലോസ് മാര്‍ പൌലോസിനെയോ നെറ്റിയാടനെയോ പോലെ തിരഞ്ഞെടുത്ത പ്രേക്ഷിതജീവിതത്തില്‍ നിന്നും വിപ്ലവാത്മകമായ വിച്ചേദനങ്ങള്‍ നടത്തികൊണ്ടല്ല ഫാ. ആന്റണി എഴുതുക. വ്യക്തിജീവിതം കൊണ്ട് തീക്ഷ്ണമായ കലാപങ്ങള്‍ ഉണ്ടാക്കുന്നതാണോ, ദിനേനയെന്നോണം ജീവിതത്തിന്റെ അടരുകളെ അന്വേഷണാത്മകമായി പുതുക്കിപ്പണിത് കൊണ്ട് ഒരു അരുവിപോലെ ഒഴുകുന്നതാണോ വിപ്ലവം എന്ന ചോദ്യം അപ്പോഴും ബാക്കിയാവുക തന്നെ ചെയ്യും.
'സഹനവും' 'സങ്കീര്‍ത്തനവും' ക്രിസ്ത്യന്‍ ടെര്‍മിനോളജികളില്‍ പ്രധാനമാണ്. ഒരുപാട് അര്‍ത്ഥസാന്ദ്രതയുള്ള പദങ്ങളും. വേദനയെ ലയിപ്പിക്കാന്‍ പരിശ്രമിക്കുന്ന മാനസികാവസ്ഥയാണ് സഹനം എന്ന് പരുക്കനായി വ്യാഖാനിക്കാം. വേദനകളെ വേദനകളായി അനുഭവിക്കാതെ ഒരു അതീന്ദ്രിയാനുഭവമായി പരാവര്‍ത്തം ചെയ്യാനുള്ള ദൈവീകത കണ്ടെത്തുക എന്നതാവും അതെന്നാണ് പ്രവാചകജീവിതങ്ങള്‍ നല്‍കുന്ന പാഠം. പഴയനിയമത്തിലെ സങ്കീര്‍ത്തനങ്ങള്‍ കവിതകളാണ്. പ്രാര്‍ഥനാനിര്‍ഭരമായ കവിതകള്‍. പ്രാര്‍ഥനാപൂര്‍വ്വം വേദനകളെ സഹനീയമാക്കി മാറ്റുന്ന ഇന്ദ്രജാലത്തിലേക്കുള്ള കവിതാ വാതായനങ്ങളായാണ് ഗ്രന്ഥകാരന്‍ തന്റെ കുറിപ്പുകളെ ആഗ്രഹിച്ചിരിക്കുന്നത് എന്ന് തെളിയിക്കും വിധത്തിലാണ് ഈ രചനയുടെ അന്ത:സത്തയും ഘടനയും.
രൂപപരമായ എഴുത്തിന്റെ ചട്ടകൂടുകളെ താന്‍ വെറുക്കുന്നു എന്ന് എഡ്വാദോ ഗലിയാനോ പറയുന്നത് ഈ പുസ്തകത്തില്‍ നമുക്ക് കാണാന്‍ പറ്റും. നാലപ്പാട് നാരായണമേനോനില്‍ തുടങ്ങി ടാഗോറില്‍ അവസാനിക്കുന്ന നിയതരൂപങ്ങളില്ലാത്ത ഒരുപാട് ചെറുകുറിപ്പുകളുടെ സങ്കലനമാണ് ഈ പുസ്തകം. ഭാഷയുടെയും രൂപത്തിന്റെയും സാഹസികമായ സഞ്ചാരമല്ലത്, ഒരു ആശയത്തിന്റെ അയത്നലളിതമായ ആവിഷ്ക്കാരമാണ്. ശീര്‍ഷകം സൂചിപ്പിക്കുന്നത് പോലെ ഈ ആശയം സഹനമാണ്. "സഹനം പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമല്ല. ജീവിക്കേണ്ട ഒരു രഹസ്യമാണ്. ഏറ്റവും വേദനാജനകമായ നിമിഷങ്ങള്‍ ജീവിതത്തിലെ ഏറ്റവും അമൂല്യനിമിഷങ്ങളാകാം. ക്രിസ്ത്യന്‍മൂല്യങ്ങളുടെ ബഹിര്‍സ്ഫുരണമായി മാത്രം ഇതിനെ കാണാന്‍ വയ്യ. മാനവീകമായ വലിയ വിതാനങ്ങള്‍ ഉള്ള ഒരു പ്രശ്ന മേഖലയാണിത്. വ്യക്തിജീവിതത്തിന്റെ, കുടുംബജീവിതത്തിന്റെ, സാമൂഹികജീവിതത്തിന്റെ ഒക്കെ തലങ്ങളില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ എങ്ങിനെ എന്ന അന്വേഷണമാണ് ഗ്രന്ഥകാരനെ ഈ പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ചിരിക്കുന്നതെന്ന് വ്യക്തമായും അനുമാനിക്കാം.
താന്‍ മലമുകളിലേക്ക് ചുമന്ന കുരിശു തന്നെയാണ് ഒടുവില്‍ ക്രിസ്തുവിനെ ചുമന്നതും. ജീവിതത്തെ മറ്റൊരു കണ്ണിലൂടെ നോക്കാന്‍, സഞ്ചാരത്തിന്റെ പതിവ് വഴികള്‍ വിട്ട് പുതിയൊരു വഴിയെക്കുറിച്ച് ആലോചിക്കാന്‍, ഫാ. ആന്റണിയുടെ ഈ ആശയം നമ്മളോട് ആവശ്യപ്പെടുന്നു. കുരിശുകളില്‍ നിന്നും രക്ഷനേടാന്‍ വേണ്ടിയാണ്, എല്ലാം പരിഹരിക്കപെട്ട ഒരു ലക് ഷ്യത്തില്‍ സന്തോഷത്തോടെ ചെന്നുനില്‍ക്കാന്‍ വേണ്ടിയാണ് നമ്മള്‍ ദൈനംദിന വ്യവഹാരങ്ങളിലൂടെ കിതച്ചുകൊണ്ട് ഓടുന്നത്. ഒരിക്കലും ഒരിടത്തും ചെന്നെത്താത്ത ഈ ഓട്ടത്തില്‍ ദിനേനയെന്നോണം വന്നുവീഴുന്ന ഭാരമുള്ള കുരിശുകള്‍ ചാരിനില്‍ക്കാനുള്ള സമ്മാനമാണെന്ന് മനസിലാക്കാനുള്ള ആര്‍ജവം സഹനത്തിലൂടെ നേടിയെടുക്കുന്നതിന്റെ ആഹ്ലാദത്തെ കുറിച്ചാണ് ഈ 'സങ്കീര്‍ത്തനം' പറയുന്നത്.
അതെളുപ്പമല്ല എന്ന് വെളിവാക്കാന്‍ ഗ്രന്ഥകാരന്‍ വ്യത്യസ്തങ്ങളായ ജീവിതമുഹൂര്‍ത്തങ്ങള്‍ ഉദാഹരിക്കുന്നുണ്ട്. 'വേദനിക്കുന്ന സ്നേഹമാണ് ത്യാഗം' എന്ന തന്റെ ദര്‍ശനം അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു. പതിവ് സ്നേഹങ്ങള്‍ നേടാന്‍ വേണ്ടിയുള്ളതാണ്. ഒരുപക്ഷെ നരവംശശാസ്ത്രപരമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള മനുഷ്യ സ്വാര്‍ത്ഥതയെ ഒഴിവാക്കികൊണ്ടുള്ള സ്നേഹാനുഭവങ്ങളിലൂടെയല്ല നമ്മള്‍ കടന്നുപോവുക. ഭാര്യ-ഭര്‍തൃ, പിതൃ-പുത്ര ബന്ധങ്ങള്‍ തുടങ്ങി എല്ലായിടത്തും നേടാന്‍വേണ്ടിയുള്ള സ്നേഹത്തിന്റെ അടിയൊഴുക്കുകളാണ് കാണുക. ഇതിനപ്പുറം ഒന്നും നേടാന്‍ ആഗ്രഹിക്കാത്ത, എല്ലാം നല്‍കാന്‍ മാത്രം മുതിരുന്ന സാത്വികമായ, ദൈവീകമായ ഒരു സ്നേഹത്തിന്റെ അസ്തിത്വത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദ്യം. "നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്ന പ്രമാണം പാലിക്കാന്‍ എന്നെ തന്നെ വെറുക്കരുത്. എന്നാല്‍ ഞാന്‍ എന്നും എന്നെ തന്നെ സ്നേഹിച്ചുകൊണ്ടിരുന്നാല്‍ സ്നേഹം ചലിക്കാതെ മലിനമാകും; മരണമാകും. സഹോദരരിലൂടെ ചാലുകീറുന്ന സ്നേഹം അമലമാകും; ജീവനാകും" ഒരുപാടിടങ്ങളില്‍ അര്‍ത്ഥപൂര്‍ണ്ണതയില്ലാതെ ഉപയോഗിച്ച് തേയ്മാനം വന്ന രണ്ട് ക്രിസ്തു വചനങ്ങളുടെ പുനരാഖ്യാനമാണ് ഫാ. ആന്റണി ലളിതമായി ഇവിടെ സാധിച്ചിരിക്കുന്നത്: "നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക", "നിനക്കുള്ളതെല്ലാം ഉപേക്ഷിച്ച് നിന്റെ കുരിശുമെടുത്ത് എന്നെ പിന്തുടരുക".
ഉപാധികളില്ലാത്ത സ്നേഹത്തിന്റെ സഹനം നല്‍കുന്ന ത്യാഗാര്‍പ്പിതമായ ജീവിതത്തിന്റെ പ്രത്യാശ സ്വപ്നസമാനമാണ്. അങ്ങിനെയൊരു ജീവിതം എല്ലാ അര്‍ത്ഥത്തിലും സാധ്യമാക്കുക ഏറെക്കൂറെ അസംഭവ്യവും. എങ്കിലും ആ യുട്ടോപ്പിയന്‍ ആശയം നല്‍കുന്ന പ്രതീക്ഷ അളവില്ലാത്തതാണ്. പ്രശ്നപൂരിതമായ ജീവിതത്തിന്റെ വഴിയില്‍ ആ സ്വപ്നം തേടിയുള്ള, നമ്മുടെ തന്നെ ഏറ്റവും അഗാധമായ ഉള്ളറകളിലേക്ക് നിരന്തരം യാത്ര ചെയ്തുകൊണ്ടിരിക്കാനുള്ള ഊര്‍ജ്ജം അത് നല്‍കുന്നു. നിരാശ്രയര്‍ക്കും രോഗികള്‍ക്കും ഏറ്റവും കൂടുതല്‍ സമ്മാനിക്കപ്പെട്ടിട്ടുള്ളതും, ഇപ്പോഴും മധുരനാരങ്ങ പോലെ വിറ്റുപൊയ്ക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പുസ്തകമാണ് പാവ്ലോ കൊയ് ലോയുടെ "ദി ആല്‍ക്കെമിസ്റ്റ്' എന്ന നോവല്‍. പ്രതീക്ഷയോടുകൂടിയുള്ള സഞ്ചാരമാണ് ഇതിന്റെ ഇതിവൃത്തം. സ്പെയിനിലെ ഒരു മലഞ്ചരുവില്‍ ഉപേക്ഷിക്കപ്പെട്ട, ഇടിഞ്ഞുവീഴാറായ ഒരു പള്ളിമുറ്റത്ത് നിന്നും ആട്ടിടയനായ ഒരു നവയുവാവ് ഈജിപ്ത്തിലെ പിരമിഡിന്റെ കീഴില്‍ നിക്ഷേപിക്കപെട്ട നിധിതേടി യാത്രയാവുന്നു. അവന്‍ തനിക്കുള്ള ആട്ടിന്‍പറ്റത്തെയും, തന്റെ പ്രണയത്തെയും ഒക്കെ ഉപേക്ഷിച്ച്, മെഡിറ്ററെനിയനും സഹാറയും കടന്ന്, ഒരുപാടനുഭവങ്ങളിലൂടെ, ഒരുപാട് നഷ്ട്ടപ്പെടലുകളിലൂടെ, ഒരുപാട് ദുരന്തവേദനകളിലൂടെ മാസങ്ങളോളം യാത്രചെയ്ത് പിരമിഡിലെത്തി നിധിക്കായി കുഴിക്കുന്നു. അപ്പോഴാണ് അവന് വെളിപ്പെടുന്നത് യഥാര്‍ത്ഥ നിധി താന്‍ യാത്രയാരംഭിച്ച ആ ഉപേക്ഷിക്കപെട്ട പള്ളിയുടെ ഉള്ളിലാണെന്ന്. നിധി അന്വേഷിച്ച് നമ്മുടെ സ്വന്തം മജ്ജകളിലേക്ക് തിരിയേണ്ട ആവശ്യകതയാണ് ഈ പുസ്തകത്തിന്റെ സന്ദേശം. അതുപോലൊരു പ്രത്യാശയുടെ ദര്‍ശനമാണ് 'സഹിക്കുന്നവരുടെ സങ്കീര്‍ത്തനവും' നല്‍കുന്നത്.

Wednesday, October 8, 2014
ദി ഡാവിഞ്ചി കോഡ്
പുസ്തകം : ദി ഡാവിഞ്ചി കോഡ്
രചയിതാവ് : ഡാന്‍ ബ്രൌണ്‍
പ്രസാധകര്‍ :
അവലോകനം : ലാസര്‍ ഡിസല്‍വ

കൃഷ്ണന്‍ നായരുടെ ഭാഷ ഉപയോഗിച്ച് പറഞ്ഞാല്‍ 'ഡാ വിഞ്ചി കോഡു' എന്ന നോവല്‍ ഒരു 'ട്രാഷ്' ആണ്. ഒരു മൂന്നാംകിട ത്രില്ലര്‍. നല്ല പ്രായത്തില്‍ സിഡ്നി ഷെല്‍ഡനെയും ജെഫ്രി ആര്‍ച്ചറേയും ഹാരോള്‍ഡ് റോബിന്‍സിനെയും ഒക്കെ വായിച്ചിട്ടില്ലാത്തത് കൊണ്ടാവും സക്കറിയക്ക് പോലും ആ പുസ്തകത്തെ കുറിച്ച് പേജുകള്‍ എഴുതേണ്ടി വന്നത്. ക്രിസ്തുമതത്തെ അതിന്റെ അന്ത:സത്തയില്‍ പോറ ലേല്പ്പിക്കാന്‍ പര്യാപ്തമായ ഗഹനത ഈ പുസ്തകത്തിനില്ല.
ക്രിസ്തുമതത്തിനുള്ളില്‍ തന്നെ വകഭേദങ്ങളോടെ നിലനില്‍ക്കുന്ന എത്രയോ ചെറു വിശ്വാസകൂട്ടായ്മകളുണ്ട് എന്ന സമകാലിക വസ്തുത, കാക്കത്തൊള്ളായിരം ക്രിസ്ത്യന്‍ സഭകളുടെ ആവാസകേന്ദ്രമായ കേരളത്തിലെ ജനങ്ങള്‍ക്ക് പറഞ്ഞ് മനസ്സിലാക്കിത്തരേണ്ട കാര്യമില്ല. അതിലൊരു കൂട്ടര്‍ തങ്ങള്‍ ക്രിസ്തുവിന്റെ വംശപരമ്പരയില്‍ പെട്ടവരാണ് എന്ന് വിശ്വസിക്കുന്നു. കേരളത്തിലെ ഒരു കൂട്ടം ക്രിസ്ത്യാനികള്‍, ചരിത്രപരമായി, പറയത്തക്ക അടിസ്ഥാനം ഒന്നുമില്ലെങ്കിലും, തങ്ങള്‍ വിശുദ്ധ തോമസ് നേരിട്ട് മാമോദീസ മുക്കിയ ബ്രാഹ്മണരുടെ വംശപരമ്പരയാണെന്ന് അവകാശപ്പെടുന്നത് പോലെ ഒരു ഭോഷ്ക്കായി അതിനെ കാണാനുള്ള വിശാലത ക്രിസ്തുസഭയ്ക്കും സമൂഹത്തിനും ഇനിയും ഉണ്ടായിട്ടില്ല എന്നത് സഹതാപം അര്‍ഹിക്കുന്നു. യേശുക്രിസ്തുവിന്റെ വചനം "എന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ" എന്നല്ല, "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ" എന്നാണ്. ബഹുസ്വരതയെ ഉള്‍കൊള്ളുന്ന അതിന്റെ മാനവീകതയെ മറന്നുപോകരുത് ഒരു ക്രിസ്ത്യാനിയും. നാലഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സൃഷ്ടിക്കപ്പെട്ട, ലോകം ഇന്നുവരെ കണ്ട ഏറ്റവും നല്ല ചില ക്ലാസിക്കുകളുടെ രചയിതാവ് എന്ന് പറയപ്പെടുന്ന ഷേക്സ്പിയറുടെ അസ്തിത്വം പോലും നമുക്കിന്നും കൃത്യമായി നിര്‍ണയിക്കാനാവാതിരിക്കെ രണ്ടായിരം കൊല്ലങ്ങള്‍ക്ക് മുന്‍പ് നടന്നു എന്ന് ഒരു മൂന്നാംകിട നോവല്‍ അവകാശപ്പെടുന്ന സംഭവം, വിശ്വാസികള്‍ ചരിത്രമായി തെറ്റിദ്ധരിചേക്കും എന്ന് സഭ ഭയപ്പെടുന്നുവെങ്കില്‍, അതെന്തു വിശ്വാസമാണ്...? ഇത്ര ശിഥിലമായ ഒരു വിശ്വാസസംഹിതയാണോ അവര്‍ തങ്ങളുടെ അല്‍മായ സമൂഹത്തിനു നല്‍കിയിരിക്കുന്നത്...?
ഒരു പുരോഹിതന്‍ കൊലപാതകങ്ങള്‍ നടത്തുന്നതും നഗ്നനായി ആരാധന നടത്തുന്നതുമാണ് പ്രകോപനപരമായ രംഗങ്ങളെന്നു വായിക്കാന്‍ ഇടയായി. ഇത് രണ്ടും ഒരു നോവലില്‍ ചിത്രീകരിക്കാന്‍ പാടില്ല എന്ന് വന്നാല്‍ എഴുത്തുകാര്‍ കുഴഞ്ഞത് തന്നെ. ഒരു സന്യാസി ബലാല്‍സംഗം ചെയ്യുന്നത് ചിത്രീകരിച്ചാല്‍ സന്യാസികളും, ഒരു ഡോക്ടര്‍ നിയമരഹിതമായി ഗര്‍ഭചിദ്രം നടത്തുന്നത് ചിത്രീകരിച്ചാല്‍ ഡോക്ടര്‍മാരും തൂപ്പുകാരന്‍ ഓടയിലേക്ക് മൂത്രമൊഴിക്കുന്നത് ചിത്രീകരിച്ചാല്‍ തൂപ്പുകാരും ഒക്കെ പ്രതിഷേധത്തിനും നിയമനടപടിക്കും മുതിര്‍ന്നാല്‍ കഥയെഴുത്തുകാരൊക്കെ കടപൂട്ടി വീട്ടിലിരിക്കുകയെ നിവൃത്തിയുള്ളൂ.
എന്നാലിവിടെ അതുപോലുമല്ല പ്രശ്നം. കൊലപാതകം നടത്തുന്നവന്‍ പുരോഹിതവസ്ത്രം ധരിച്ചവന്‍ എന്നതിനപ്പുറം പുരോഹിതനായി അവരോധിക്കപെട്ടവനാണെന്ന് നോവലില്‍ എവിടെയും സൂചനകള്‍ ഇല്ല. എന്നാല്‍ ചെറുപ്പം മുതല്‍ തെരുവില്‍ വളര്‍ന്ന്, കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രൂരകൃത്യങ്ങള്‍ നടത്തി ജയിലിലടയക്കപെട്ട ഒരു മനോരോഗിയാണെന്ന് വ്യക്തമായി നോവലിസ്റ്റു പറയുന്നുമുണ്ട്. അയാളുടെ വിശ്വാസം ഒരു സൈക്കോപാത്തിന്റെ അടിമത്തമാണ്. മറ്റൊരു ക്രൈം ചെയ്യുന്നതിനപ്പുറം വേറൊന്നുമല്ല അയാള്‍ക്കത്. അതുകൊണ്ട് തന്നെയാണ് ഒരു പ്രാര്‍ത്ഥനയുടെ അനുധാവനതയോടെയും സൂക്ഷ്മതയോടെയും അയാള്‍ക്ക് കൊലപാതകങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നത്. ഓരോ കൊലപാതകത്തിന് ശേഷവും തന്റെ മുറിക്കുള്ളില്‍ എത്തികഴിഞ്ഞാണ് അയാള്‍ നഗ്നനായി ആരാധനയില്‍ ഏര്‍പ്പെടുന്നത്. ആ നഗ്നതയെ മറ്റു പലതിനുമോടൊപ്പം ഭ്രാന്തിന്റെ ബഹിര്‍സ്ഫുരണമായി കാണാവുന്നതാണ്. എന്നാല്‍ പ്രാര്‍ഥനയില്‍ നഗ്നത നിഷിദ്ധമാണ് എന്ന് അര്‍ത്ഥമാക്കരുത്. വിശുദ്ധ ഫ്രാന്‍സീസ് അസീസി മുറിക്കുള്ളില്‍ അടച്ചിരുന്നല്ല, നിരത്തിലൂടെ നഗ്നനായി നടന്നുകൊണ്ടാണ് തന്റെ ദിവ്യത്വം പ്രഘോഷിച്ചത്.
ലളിതമായ, സ്നേഹാതിഷ്ടിതമായ ഒരു അത്യാത്മികതയുടെ സന്ദേശവാഹകരാവുക എന്നതിനപ്പുറം മറ്റൊന്നും തന്റെ ശിഷ്യഗണങ്ങളില്‍ നിന്നും യേശുക്രിസ്തു ആഗ്രഹിക്കുന്നുണ്ടാവില്ല. മരണത്തില്‍ നിന്നും ഉയരത്തെണീറ്റു എന്ന് വിശ്വസിക്കപ്പെടുന്ന ദിവ്യദേഹത്തെ രക്ഷിക്കാന്‍ നശ്വരരായ നമ്മള്‍ ബുദ്ധി മുട്ടേണ്ടതുണ്ടോ? ഉത്തരം യേശുക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ടല്ലോ: "നിങ്ങള്‍ എന്തിന് എന്നെ ഓര്‍ത്ത് വിലപിക്കുന്നു, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത് കരയുവിന്‍"
Wednesday, April 9, 2014
മീന്‍കാരന്‍
പുസ്തകം : മീന്‍കാരന്‍
രചയിതാവ് : എസ്.ജോസഫ്
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ലാസര്‍ ഡിസല്‍വ

പ്രപഞ്ചത്തിനൊരു താളമുന്ടെന്നാണ് ശാസ്ത്രവും പറയുന്നത്. എങ്കില്‍ ജീവന് മുന്‍പേ കവിതയും ഉണ്ടായിരുന്നിരിക്കാം. പക്ഷെ നമ്മുടെ ചില കവികളെ വായിക്കുമ്പോള്‍ അത്രയ്ക്ക് വയ്യ തന്നെ. അതൊരുപക്ഷേ ഭാഷയുടെ പരിമിതിയാവാം. നമ്മുടെ ഭാഷയുടെ എന്നാണ് ഉദ്ദേശിച്ചത് - കാരണം ഒരുപാട് വിവര്‍ത്തനങ്ങളിലൂടെ കടന്നു നമ്മുടെ കയ്യിലെത്തുമ്പോള്‍ പോലും ജിബ്രാന്‍ പ്രകൃതിയെ അനുഭവവേദ്യമാക്കുന്നുണ്ട്. യൂറോപ്യന്‍ ആധുനികതയുടെ പ്രഭവത്തില്‍, യുദ്ധവിഹ്വലതയില്‍, ദൈവവും ചരിത്രവും മരിച്ചുപോയി എന്ന് ആഘോഷിക്കുന്ന കാലത്ത് കവിയുടെ ഏകാന്തതകള്‍ ഇതെല്ലാം മലകളാണ് കയറിപ്പോയത്:
എന്റെ ചുണ്ടുകളില്‍ ശബ്ദത്തിന്റെ ആദ്യവിറയലനുഭവപ്പെട്ട പുരാതനമായ ഒരു കാലത്ത്, വിശുദ്ധമായ ആ മല കയറിപ്പോയി ഞാന്‍ ദൈവത്തോട് പറഞ്ഞു: "ഗുരോ, ഞാന്‍ നിന്റെ അടിമയാണ്. നിന്റെ നിഗൂഡമായ നിയമാവലികള്‍ അനുസരിച്ച് ഞാന്‍ നടന്നുകൊള്ളാം". പക്ഷെ ദൈവം മറുപടിയൊന്നും പറയാതെ ഒരു ഗംഭീരകൊടുങ്കാറ്റായി കടന്നുപോയി.
ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും ആ വിശുദ്ധമല കയറി ദൈവത്തോട് സംസാരിച്ചു: "സ്രഷ്ടാവേ, ഞാന്‍ നിന്റെ സൃഷ്ടിയാണ്. കളിമണ്ണില്‍ നിന്നും നീയെന്നെ വാര്‍ത്തെടുത്തിരിക്കുന്നു. അതുകൊണ്ട് തന്നെ എനിക്കുള്ളതെല്ലാം നിനക്ക് ഞാന്‍ നല്‍കുന്നു". കാറ്റിന്റെ വേഗമുള്ള ആയിരം ചിറകുകളടിച്ചു മറുപടിയൊന്നും പറയാതെ ദൈവം കടന്നുപോയി.
ഇനിയുമൊരു ആയിരംവര്‍ഷം കഴിഞ്ഞ് പരിശുദ്ധമായ ആ മലമുകളില്‍ ഞാന്‍ വീണ്ടും എത്തി: "എന്റെ ലക് ഷ്യവും നിറജീവനുമായ ദൈവമേ, ഞാന്‍ നിന്റെ ഇന്നലെയും നീയെന്റെ നാളെയുമാണ്. ഞാന്‍ ഭൂമിയുടെ ആഴത്തില്‍ നില്‍ക്കുന്ന നിന്റെ വേരും, നീ ആകാശത്തു വിടര്‍ന്നുനില്‍ക്കുന്ന എന്റെ പൂക്കളുമാണ്. സൂര്യമുഖത്തേക്ക് നമുക്കൊന്നിച്ച് പറന്നുയരാം". അപ്പോള്‍ ദൈവം എന്നിലേക്ക് ചാഞ്ഞു. എന്റെ ചെവിയില്‍ മധുരമായ വാക്കുകളുടെ മര്‍മ്മരം. തന്നിലേക്ക് ഒഴുകിവീഴുന്ന ഒരു അരുവിയെ കടല്‍ ആലിംഗനം ചെയ്യുന്നത് പോലെ ദൈവം എന്നെ ആലിംഗനം ചെയ്തു.
പിന്നെ മലയിറങ്ങിയപ്പോള്‍ താഴ്വാരങ്ങളിലും സമതലങ്ങളിലും ഞാന്‍ ദൈവത്തെ കണ്ടു!
ആധുനികനായ മലയാളിയുടെ കവിഭാവനകള്‍ ചെറുതായിപ്പോയത് നമ്മുടെ ഭാഷാദേശവും ഒരു നേര്‍ത്ത വരപോലെ ചെറുതായിപ്പോയത് കൊണ്ടാവുമോ? ഇതിനെക്കാള്‍ നേര്‍ത്ത ഭൂപ്രദേശമാണല്ലോ ചിലി എന്ന് ഓര്‍മ്മവരുന്നു. മലയാളിയുടെ ആധുനിക കവിതാനുഭവത്തെ മുഴുവന്‍ ഒരു പരുന്തിനെപ്പോലെ കൊത്തി പറന്നുപോയത് ഒരു ചിലിക്കാരന്‍ ആയിരുന്നുവല്ലോ...:
നീ ചോദിക്കും: ലൈലാക്ക് പൂക്കളെല്ലാം എവിടെപോയെന്ന്
പോപ്പിപൂക്കളെ കൊണ്ട് ഇതളുകള്‍ തീര്‍ത്ത
മെറ്റാഫിസിക്സ് എവിടെയെന്ന്
ആ വാക്കുകളില്‍ മഴ ആവര്‍ത്തിച്ചു പുരട്ടിനിറയ്ക്കുന്ന
ദ്വാരങ്ങളും
പക്ഷികളും എവിടെയെന്ന്.
അവന്റെ കവിത
സ്വപ്നങ്ങളെയും ഇലചാര്‍ത്തുകളെയും പറ്റി
പറയാത്തതെന്തെന്നും നീ ചോദിക്കും
അതില്‍
അവന്റെ ജന്മദേശത്തെ ഗംഭീരങ്ങളായ ജ്വാലാ മുഖികള്‍
മിണ്ടാതായതെന്തെന്നും.
വന്നു കാണൂ തെരുവിലെ ചോര
വന്നു കാണൂ
തെരുവിലെ ചോര
പ്രമേയം രാഷ്ട്രീയമായിരിക്കുമ്പോളും, വായന കഴിഞ്ഞ് പോകുന്നവനോടൊപ്പം ഒരു പ്രകൃതിയും എണീറ്റ് നടക്കുന്നു. അത് കവിതയുടെ ആദിമധര്‍മ്മമാണ്. ജീവിതത്തെ പ്രകൃതിയാക്കുന്ന മെറ്റമോര്‍ഫോസിസ്. കവിക്കും കാവ്യാസ്വാദകനും മരണത്തിലും കൊഴിച്ചിടാനാവാത്ത പച്ചനിറമുള്ള പരിണാമം.
കവിയുടെ മരണം കഴിഞ്ഞ് അടുത്തൊരു നാളില്‍ സുഹൃത്ത് ഫ്രാന്‍സിസ്കോ ലെവാസ്കോ കവിയുടെ ആളൊഴിഞ്ഞ വീടിനടുത്തുകൂടെ പോകാനിടയായി. ആ വീടിനു ചുറ്റും കുറെ ആളുകള്‍ കൂടിനിന്നിരുന്നു. കവി കൂട്കൂട്ടിയിരുന്ന മാളികമുറിയെ ചൂണ്ടി അവര്‍ അയാളോട് പറഞ്ഞു: "ഡോക്ട്ടര്‍, ആ മുറിയില്‍ ആരോ ഉണ്ടു" ലെവാസ്കോയ്ക്കും അതു ശരിയായി തോന്നി. അവരെല്ലാവരും കൂടി അകത്തുകയറി മുറി തുറന്നുനോക്കി. പ്രതാപിയായൊരു പരുന്ത് മൂര്‍ച്ചയുള്ള നഖങ്ങള്‍നീട്ടി അക്രമിക്കാനെന്ന പോലെ അവിടെ നില്‍ക്കുന്നു. അടച്ചുപൂട്ടിയ വീട്ടില്‍ അതെങ്ങിനെ കയറികൂടി? ലെവാസ്കോയ്ക്ക് പെട്ടെന്നൊരു കാര്യം ഓര്‍മ്മവന്നു - ഇനിയൊരു ജീവിതം കൂടി കിട്ടുകയാണെങ്കില്‍ താനൊരു പരുന്തായി വരും എന്ന് കവി തന്നെ ഒരിക്കല്‍ പറഞ്ഞത്.
ലെവാസ്കോ ഉടനെ മെറ്റില്‍ഡായ്ക്ക് ഫോണ്‍ ചെയ്തു.
"അതു പാവലോ തന്നെ" കവിയുടെ ഭാര്യക്ക് സംശയമേ ഇല്ലായിരുന്നു...
മരണാനന്തരം പ്രകൃതിയിലെ സചേദനങ്ങളിലേക്ക് കവിത കുടിയേറുന്നു. കവി പരുന്തായി പുനര്‍ജനിച്ചതാവില്ല തന്നെ, കവിതയുടെ ഊര്‍ജ്ജം പരുന്തിനേയും അനുവാചകന്റെ ഭ്രമാത്മകമായ മനസ്സിനേയും സംയോജിപ്പിക്കുകയായിരുന്നിരിക്കണം.
മറ്റൊരാള്‍ കഥ എഴുതി തുടങ്ങുക ഇങ്ങിനെയാണ്:
കടല്‍തീരത്തു കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളാണ് അതു ആദ്യം കണ്ടത്. തിരകളിലൂടെ മുങ്ങിയും പൊങ്ങിയും ഏതോ ഒരു വസ്തു ഒഴുകിവരുന്നു. ശത്രുരാജ്യത്തിന്റെ പടക്കപ്പലാകാം. ആദ്യം അങ്ങിനെയാണവര്‍ കരുതിയത്. പക്ഷെ കൊടിമരങ്ങളോ പാമരങ്ങളോ കാണാനില്ല. അതൊരു തിമിംഗലം ആകാം എന്നായി അവരുടെ ചിന്ത. ഒടുവില്‍ അതുവന്ന് കരയ്ക്കടിഞ്ഞു. അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കടല്‍പായലിന്റെ കൂട്ടങ്ങളും നീരാളികയ്കളും മത്സ്യ അവശിഷ്ടങ്ങളും തകര്‍ന്ന കപ്പലുകളില്‍ നിന്നുള്ള ചില വസ്തുക്കളുമെല്ലാം നീക്കംചെയ്തപ്പോളാണ് അതു മുങ്ങിമരിച്ച ഒരാളുടെ ശവശരീരമാണെന്ന് അവര്‍ തിരിച്ചറിഞ്ഞത്.
മൃതശരീരത്തോടൊപ്പം ഒരു കടലും ഇവിടെ കരയ്ക്കടിയുന്നു. മൃതശരീരം ഒഴുകിവന്ന ഓളങ്ങളിലൂടെ അനുവാചകന്‍ തിരിച്ചുനടക്കുന്നുണ്ട്. അവന്റെ അഗാധമായ സ്വപ്നങ്ങളില്‍ പോലും ഈ കടല്‍പ്രകൃതി ഹോണ്ട് ചെയ്യും.
തിരിച്ചുവന്നാല്‍, നമ്മുടെ ഭാഷ 'ആധുനികത' അനുഭവിക്കുന്ന നേരത്ത്, അതിനെ കവച്ചുകടന്നതൊക്കെയും ആത്മനിഷ്ഠമായ നിറകണ്‍ചിരിയോടെ നിളാതീരത്ത് ഓര്‍മ്മ നിക്ഷേപിച്ചവകളാണ്, എഴുതപ്പെട്ടത് ലോകത്തിന്റെ ഏത് കോണിലിരുന്നു ആയാലും. 'സ്മാരകശില'കളുടെ അവതാരികയില്‍ എന്‍. ശശിധരന്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഈ തോന്നലുകളെ തോല്‍പ്പിച്ചുകളയുക ആനന്ദ് മാത്രമാണ്. മലയാളത്തിന്റെ അനുഭവങ്ങളില്‍ നിന്നും ആത്മഹത്യാപരമായ അകലം സൂക്ഷിച്ചുകൊണ്ട് ആ ഭാഷയില്‍ തന്നെ എഴുതിയ ഭാവനാധിഷണയുടെ ഉയരം, ഒരു പച്ചപ്പിന്റെ മരണം കൂടി ഉള്‍പ്പേറൂന്നുണ്ട് എന്നത് ബോധത്തിന്റെ പിന്നാമ്പുറത്ത് ബാക്കിയാവുകയും ചെയ്യും.
എസ്. ജോസഫിന്റെ 'മീന്‍കാരന്‍' എന്ന കവിതാ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍, ജിബ്രാനെയും നെരൂദയേയും മാര്‍ക്കേസിനെയുമൊക്കെ ഓര്‍മ്മവരുക അവര്‍ക്ക് ഈ ഭാഷാകവിയുമായി അസാമാന്യമായ കാവ്യബന്ധം ഉണ്ടെന്നു കണ്ടെത്താനായതുകൊണ്ടല്ല, കവിതയുടെ ആത്മനിഷ്ഠമായ പ്രകൃതിരൂപങ്ങളിലേക്കുള്ള അനിവാര്യമായ പിന്‍വാങ്ങല്‍ ഒരു ചാക്രികപ്രക്രിയ പോലെ എല്ലാ ഭാഷാഭാവുകത്വം അനുഭവിച്ചു തന്നെയാവണം എന്ന് സന്തോഷം മനസ്സിലേക്ക് വരുന്നതുകൊണ്ടാണ്.
...... പച്ചമുളക്, വഴുതന, പോത
ഇവയുടെ ഇടങ്ങള്‍ കടന്നു
കുട്ടികാടുകളിലൂടെ ഞങ്ങള്‍ പോയി
അവിടൊരു പൊട്ട കിണറുണ്ട്
ഒരു കല്ലെടുത്തിട്ടു.
കാട്ടുമുയലുകള്‍ ഓടി പോകുന്നത്
ചിലപ്പോള്‍ കാണാം.
.........................
.........................
ആടുകള്‍ പുല്ലു തിന്നുന്നു, തുള്ളി ചാടുന്നു
കല്ലുകള്‍ക്കിടയിലൊരു മഞ്ചട്ടിപാമ്പിനെ കണ്ട്
ഞാന്‍ പേടിച്ചു പോയി.
കവിത ഓര്‍മ്മകളിലൂടെ തിരിച്ചുനടക്കുകയാണ്. അത് സ്ഥലവും കാലവും വീണ്ടെടുക്കുന്നു.
കവിതയെന്ത് എന്ന വലിയ ചോദ്യത്തിന്റെ സമഗ്രമറുപടികളൊന്നും കവിതയുടെ ബാധ്യതയല്ല. എന്നാല്‍ മലയാള കവിത ഇന്ന് നേരിടുന്ന സന്ദേഹങ്ങളുടെ ചില ഉത്തരങ്ങളെങ്കിലും ഈ കവിത കാണിച്ചുതരുന്നുണ്ട് - ഒന്ന്, പേടിയില്ലാത്ത ഭാഷ. കവി കീഴാള ഭാഷയേയും ഭാവുകത്വത്തേയും സ്വത്വവല്‍ക്കരിക്കുന്ന ഒരു കുറിപ്പ് പിന്നീട് കാണുകയുണ്ടായി. കവിയുടെ ദര്‍ശനങ്ങളെ കവിത എങ്ങിനെ പറ്റിക്കുന്നു എന്നാണത്. പച്ചമുളകും വഴുതനയും പോതയും കുറ്റികാടുകളും പൊട്ടകിണറും കാട്ടുമുയലുകളും ആടും മഞ്ചട്ടിപാമ്പുമൊന്നും കവിതയ്ക്ക് പുറത്തുള്ള ഒരു ദര്‍ശനത്തെയും അംഗീകരിക്കില്ല.
കടല്‍ക്കരയിലെനിക്കൊരു
കാമുകിയുണ്ടായിരുന്നല്ലോ
....................................
....................................
വള്ളത്തില്‍ മഴപെയ്ത
വെള്ളം കിടന്നിരുന്നല്ലോ
അവളുമാകാശവും ഞാനും
അതിലുണ്ടായിരുന്നല്ലോ
മുക്കുവത്തിയുടെ കീഴാളസ്വത്വം അല്ല എന്തായാലും പ്രണയത്തിന്റെ കാല്പനീകത. എല്ലാ തിരക്കുകള്‍ക്കും ആക്രോശങ്ങള്‍ക്കും ശേഷം മനോഹരമായ വരികളിലൂടെ കവിത സുതാര്യമായ ഒരു പാരമ്പര്യത്തിന്റെ ഊര്‍ജ്ജത്തിലേക്ക് തിരിച്ചുപോകുമ്പോള്‍, കാല്പനീകതയെ ആര്‍ക്കു തെറ്റ് പറയാനാവും.
പ്രാകൃതമായ വാക്കുകളുടെ സമുച്ചയത്തിലൂടെയാണ് കവി ഭാഷയെ ഒഴുക്കിവിടുന്നത്. 'ഒഴുക്ക്' എന്ന രൂപകം ഈ കവിതകള്‍ക്ക് അത്ര കണ്ട് ചേര്‍ന്ന് കൊള്ളണമെന്നില്ല. പ്രകൃതിയുടെ തെറ്റിതെറിച്ച കാഴ്ചകളുടെ ചിന്നതയാണ് ഏറ്റവും ജൈവമായ ഒഴുക്കെന്നാവുമത്. ജീവിതം ഭാഷയെ ആവേശിക്കുന്നുണ്ട്, എന്നോ ജീവിച്ച പ്രകൃതിസംബുഷ്ടതകളെ അന്വേഷിക്കുന്നു എന്നാവുമ്പോള്‍;
താഴ്വര ചെറുകുളം കുട്ടികള്‍
പട്ടിയെ കുളിപ്പിച്ച് നില്‍ക്കുന്നു.
കുളത്തില്‍ മിടിക്കുന്ന മീനുകള്‍.
മീനിന്റെ മഷിതൊട്ട കണ്ണിലോ
പട്ടിയും കുട്ടികളും സൂര്യനും
പറന്നുപോകുമൊരു പക്ഷിയും
നാഗരികതയുടെ ദൂരങ്ങളിലിരുന്നു പാരിസ്ഥിതിക അശാന്തികള്‍ പങ്കുവയ്ക്കുന്നില്ല ഈ കവിതകള്‍. നഗരവും ഗ്രാമവും ഏറെക്കൂറെ ഒന്നാവുന്നതിന്റെ അബോധസൂചകങ്ങള്‍ വീണുകിടക്കുന്നുമുണ്ട്.
നിങ്ങളുടെ വീടിന്റെ വടക്കേ പുറത്ത് ഒരു പാമ്പുണ്ട്,
അയല് വക്കത്തെ പെണ്‍കുട്ടി പറഞ്ഞു.
പിന്നെ വെയില്കൂടി
വീട്ടിലേക്കു കുറേ വിറകു കീറിക്കൊടുത്തു.
പോസ്റ്റോഫീസില്‍ പോയി
വൈകിട്ട് ടൌണില്‍ പോയി
ഇടിപ്പടം കണ്ടു.
ഏറ്റവും സ്വകാര്യമായ വിശാലതയില്‍ ഇരുന്ന്, ദേശത്തു നിന്നും അനുവാചകാനുഭവങ്ങളില്‍ നിന്നും ഏറിയകൂറും നഷ്ട്ടപ്പെട്ടു പോയി എന്ന് ഭയപ്പെടാവുന്ന ഒരു കാലത്തെയും സ്ഥലത്തെയും കവി വീണ്ടെടുക്കുന്നു. കാടെവിടെ മക്കളെ, നദിയെവിടെ മക്കളെ എന്ന നിലവിളികളൊക്കെ മറികടന്നുപോന്നിട്ട് ഒരുപാട്കാലമായല്ലോ എന്ന് തന്നെയാവും സൂചന. വീടിന്റെ, പറമ്പിന്റെ ചുറ്റുവട്ടങ്ങള്‍ക്ക് അപ്പുറത്തുള്ള ബിംബങ്ങളിലെക്കൊന്നും കവിത പോകുന്നുമില്ല. "പാമ്പാകില്‍ ഭൂമിതന്‍ മാറില്‍ തലയുയര്‍ത്തിപ്പിടിച്ചിഴയാം", ഭൂമിയോട് ചേര്‍ന്ന് ഇഴയുന്ന കവിതകള്‍ - കവി സ്വയം അത് ആദ്യമേ മനസ്സിലാക്കിയിരിക്കുന്നു.
'അമ്മയും കുഞ്ഞും' എന്നൊരു കവിതയുണ്ട്. പ്രകൃതിയില്‍ നിന്നും നേരിട്ട് എടുക്കാത്തതായി ഒരു വാക്ക് പോലുമില്ല ഇതില്‍:
കുലച്ചവാഴകള്‍ക്കിടയില്‍
നിറയെ കയ്ച്ച പേരമരം
....................................
....................................
പറന്നു വന്നൊരു കാക്ക
കാപ്പികമ്പിലിരിക്കുന്നു
വേര്‍ഡ്സ്വേര്‍തിയന്‍ പ്രകൃതിവര്‍ണ്ണന തുടിക്കുന്ന ആദ്യ ഖണ്ഡികയുടെ നേര്പകര്‍പ്പല്ല ഇത്. ലളിതമല്ലാത്ത ജീവിതചരണത്തിന്റെ പല്ലവിയും അനുപല്ലവിയും ആണ് ഇവിടെ പ്രകൃതി.
ഞങ്ങള്‍ കുട്ടികളാണ് കണ്ടത്
അരയടിപോലും പൊക്കമില്ലാത്ത വെള്ളത്തില്‍
കമിഴ്ന്നടിച്ചു കിടക്കുന്ന മീന്‍കാരന്റെ മെയ്യ്.
പാത്രം, ത്രാസും കട്ടിയും.
മരണം ദാരുണമായി അങ്ങിനെയും, ചിലപ്പോള്‍ ഇങ്ങിനെയും:
ഞാന്‍ പറഞ്ഞു
അമ്മേ, ഞങ്ങളും പിരിഞ്ഞു പോകും,
പിന്നീട് മരിക്കും.
ഇനി ഇതുപോലൊരു വീട്ടില്‍ നാം
ഒരുമിക്കയില്ലല്ലോ
നാം പിന്നീട് എവിടെ വച്ചെങ്കിലും കണ്ടു മുട്ടുമോ?
ശരിയാണ് വാക്കുകളുടെ തെളിമയോളം ലളിതമാവുന്നില്ലല്ലോ വേര്‍പാടും മരണവും എന്ന് കവിതയുടെ ആഴം.
അവള്‍ വന്നു, അവളുടെ
കല്യാണം വിളിച്ചിട്ട് പോയി
....................................
....................................
കച്ചിതുമ്പ് തലമുടിയില്‍
ഉണക്കിയ പാവം പെണ്ണുങ്ങള്‍
മടങ്ങുന്നു.
പറമ്പില്‍ കച്ചിയുണക്കിയ
വെയിലും പിന്നെ മടങ്ങുന്നു
കല്യാണത്തിനു പോണില്ല.
ഹോമര്‍ എവിടെയും ഹെലന്റെ സൌന്ദര്യം വര്‍ണ്ണിക്കുന്നില്ല. എന്നിട്ടും ഒടുവില്‍ ഹെലന്‍ ലോകത്തിലെ ഏറ്റവും മനോഹരിയായ സ്ത്രീയായി ബാക്കിയാവുന്നു. പ്രണയത്തിന്റെ നഷ്ട്ടം കവിത പറയുന്നില്ല. എങ്കിലും പിന്‍വാങ്ങുന്ന വെയിലില്‍ അതുണ്ടെന്ന് നമ്മള്‍ അറിയുന്നു. തൂങ്ങിചത്ത രമണന്‍ നടന്ന വഴിയിലൂടെ ഏറെനടന്ന് എത്തപെട്ട നിര്‍മമതയുടെ ആത്മീയത. ഇങ്ങിനെ പറയാന്‍ പഠിച്ചതും എളുപ്പത്തിലാവില്ല, കവി ആ വഴികളുടെ ചതുപ്പിലൂടെ എത്ര അലഞ്ഞിരിക്കണം. വിഹ്വലതകളില്ലാതെ കവിത നേര്‍ക്കുനേര്‍ പ്രണയത്തെ പറയുന്നുണ്ട്;
കടല്ക്കരയിലെനിക്കൊരു
കാമുകി ഉണ്ടായിരുന്നല്ലോ
അവളുമായി മണല്‍പ്പുറത്ത്
വളവോളം നടന്നല്ലോ
വള്ളത്തിലിരുന്നല്ലോ
അവിടെയൊരു കച്ചിതുറു
ചൂടുകാലമാകയാല്‍
അടിയിലിരിക്കുന്ന കോഴികള്‍.
അവയെ പറത്തിവിട്ടി-
ട്ടവിടെ കയറി ഞങ്ങള്‍
ഇരിക്കുമായിരുന്നല്ലോ
പ്രണയത്തെയും മരണത്തെയും മറ്റു പലതിനെയും പിന്നെ ജീവിതത്തെ തന്നെയും പേറുന്ന പ്രകൃതിയുടെ മാറിലൂടെ തലയുയര്‍ത്തിപ്പിടിച്ച് ഒരു പച്ചപാമ്പിനെ പോലെ ഇഴയാനല്ലെങ്കില്‍ കവിത എന്തിന്...!
പിന്‍കുറിപ്പ്: നെരുദ കവിതയുടെ വിവര്‍ത്തനവും കുറിപ്പും - ഒ. കെ സുദേഷ്.

Wednesday, September 25, 2013
ദുരവസ്ഥ
പുസ്തകം : ദുരവസ്ഥ
രചയിതാവ് : കുമാരനാശാന്‍
പ്രസാധകര്‍ :
അവലോകനം : ലാസര്‍ ഡിസല്‍വ
സമയവാഹനത്തില്‍ കയറിപ്പോയി കാലത്തെ പകര്‍ത്താനാവില്ല എന്നതാണ് ചരിത്രത്തിന്റെ പരിമിതി. ലഭ്യമായ വാസ്തവീകതകളെ സമകാലത്തിന്റെ മൂല്യ, ഭാവുക പ്രദേശങ്ങളില്‍ വച്ച് വിന്യസിക്കുക എന്നതാവും ചരിത്രനിര്‍മ്മിതിയുടെ പരമവിധി. സര്‍ഗാത്മകതയുടെ ഭ്രാന്തന്‍ ഇടങ്ങളിലൂടെ ചരിത്രത്തിലേക്ക് ഭ്രമാത്മകമായ യാത്രകള്‍ ഉണ്ടായിട്ടില്ല എന്നല്ല. പക്ഷെ അവയൊക്കെ കലയുടെ ഭൂമികയാണ്, ചരിത്രത്തിന്റെ അല്ല. ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ട ഒരു പുസ്തകം ചരിത്രത്തിന്റെ കണ്ണാടിയിലൂടെ നോക്കാന്‍ ശ്രമിക്കുക എന്നതിന്റെ ഒഴിവാക്കാനാവാത്ത ഭ്രംശം, മൂല്യവിചാരങ്ങള്‍ ഇന്നത്തെ ഭാവുകത്വത്തിന് അനുസാരിയായി മാത്രമേ സാധ്യമാവൂ എന്നതാവും. ലോകമഹായുദ്ധങ്ങളെയും വ്യാവസായികവിപ്ലവത്തെയും തുടര്‍ന്ന് വന്ന വന്‍കുതിപ്പുകളെ ഏതാനും പതിറ്റാണ്ടുകള്‍ കൊണ്ട് ആവാഹിച്ചെടുത്ത മലയാള സാഹചര്യത്തില്‍, ഒരു ശതാബ്ദത്തിന്റെ ദൂരം, 'ദുരവസ്ഥ' എഴുതപ്പെട്ട കാലം, മധ്യകാലത്തെക്കാളും പുരാതനമായി നില്‍ക്കുന്നു എന്നറിഞ്ഞുകൊണ്ട് തന്നെയാവും അത്തരം ഒരു ഉദ്യമത്തിന് തുനിയാനുമാവുക.
തന്നില്‍ സാധാരണയുള്ള ഇതിവൃത്തസ്വീകരണത്തിന്റെ മറ്റേ അതിരിലൂടെയാണ് ദുരവസ്ഥയില്‍ ആശാന്‍ സഞ്ചരിക്കുന്നത്. ഇത് മറ്റാരേക്കാളും നന്നായി അറിഞ്ഞത് കവി തന്നെ: "..... ദുരവസ്ഥ എന്റെ മറ്റു കൃതികളെ അപേക്ഷിച്ച് വിലക്ഷണ രീതിയില്‍ ഉള്ള ഒരു കാവ്യമാണ് ... ... സാഹിത്യ സംബന്ധമായ വലിയ ഉല്‍ക്കര്‍ഷമൊന്നും ഇല്ലെങ്കിലും, ഇത് അര്‍ഹിക്കുന്ന സ്ഥാനത്തില്‍ സഹൃദയലോകം ഇതിനേയും സന്തോഷപൂര്‍വ്വം സ്വീകരിക്കുമെന്നുള്ള പ്രതീക്ഷയോടുകൂടി പുറത്തയച്ചുകൊള്ളുന്നു." കവിതയുടെ ചരിത്രപശ്ചാത്തലം മാപ്പിളലഹളയാണെന്ന് കൃത്യമായി ആമുഖം പറയുന്നു. ലഹളയുടെ വിമാനുഷികതയോടുള്ള പ്രതികരണമാണ് ഉദ്ദേശിച്ചതെങ്കില്‍ മൂലകഥയായ ചാത്തന്‍ - സാവിത്രി സംയോഗത്തിന്റെ ഇതിവൃത്തസ്വംശീകരണത്തില്‍ സാംഗത്യകേടുണ്ട് തന്നെ. സാവിത്രിയെ നിരാലംബയാക്കുന്നു ലഹള എന്നതിനപ്പുറം അവളുടെയും ചാത്തന്റെയും പ്രണയം ആ ചരിത്രവാസ്തവീകതയോടുള്ള കാവ്യരോഷം ആകുന്നില്ല. ആശയങ്ങളെ കൈവിട്ട് കവിത പോവുക പക്ഷെ കവിയുടെ കൈത്തെറ്റും ആവില്ല.
ശീര്‍ഷകം തന്നെ ഒരുതരത്തില്‍ അലോസരം ഉണ്ടാക്കുന്നതാണ്. കഥാസമാപ്തിയുടെ ശുഭസൂചകം അത് ഉള്‍ക്കൊള്ളുന്നില്ല. അങ്ങിനെയൊക്കെ ആണെങ്കിലും പുലയയുവാവിനോടൊപ്പം ജീവിക്കേണ്ടിവരുക ഒരു അന്തര്‍ജ്ജനത്തിന് ദുരവസ്ഥ തന്നെ എന്നാവുമല്ലോ വിവക്ഷ. അന്നും ഇന്നും സാമൂഹ്യാവസ്ഥ അങ്ങിനെയൊക്കെ തന്നെയാണെങ്കിലും, അത് പാഠത്തിന് നിരക്കുന്നില്ല. സാവിത്രിയുടെ അക്കാല സ്ഥിതിവിശേഷത്തെ സൂചിപ്പിക്കാനോ, മാപ്പിളലഹള ആ പ്രദേശത്ത് ഉണ്ടാക്കിയ വ്യവസ്ഥാരാഹിത്യത്തെ മുന്നോക്കം കൊണ്ടുവരാനോ ഒന്നുമല്ല ദുരവസ്ഥ എന്ന് പക്ഷെ കവിത തന്നെ അവസാനം എത്തുന്നുണ്ട്. അത് ആശാന്റെ സാമൂഹിക വിക്ഷോഭങ്ങളുടെ ബഹിര്‍സ്ഫുരണം ആയാണ് വെളിപ്പെടുക:
"മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍
മാറ്റൊലികൊണ്ടീ മൊഴിതന്നെ സര്‍വ്വദാ
കാറ്റിരംബുന്നിന്നു കേരളത്തില്‍
നാലുപാടും നിന്നു തന്നെ ചൊല്ലുന്നു
കാലവും, നിങ്ങളിന്നൂന്നി നില്‍ക്കും
കാലിന്നടിയിലുമസ്വസ്ഥതയുടെ
കോലാഹലങ്ങള്‍ മുഴങ്ങിടുന്നു.
ജോലിത്തിരക്കുകള്‍ മൂലവും സേവക-
ജാലങ്ങള്‍ തന്‍ സ്തുതി ഘോഷം കൊണ്ടും
ആലോചിയാ ഭാവാന്മാരോന്നു, മീവക-
യാലാപം തന്നെ ചെവിയിലെത്താ.
ഇ'ദുരവസ്ഥ'യിലുള്ളില്‍ വികാരങ്ങ-
ളുദ്വല്ലഭാവമിയന്നുയരും
മദ്വചനങ്ങള്‍ക്ക് മാര്‍ദവമില്ലെങ്കി-
ലുദേശ്യശുദ്ധിയാല്‍ മാപ്പ്നല്‍കിന്‍"
ജാതീയമായ നീച്ചത്വത്തിന് എതിരായ ആചരണങ്ങളുടെ തുടര്‍ച്ചയില്‍, സംഭോഗശൃംഗാരപ്രദമായ ഒരു കഥയില്‍ പാഠവിഭിന്നമായ ശീര്‍ഷകം വന്നുചേര്‍ന്നതില്‍ അനൌചിത്യം കണ്ടെത്തുക കടന്നകൈ ആയിപ്പോയേക്കും എന്ന തിരുത്തലും ആവാം.
എന്നാല്‍ അത്ര നിഷ്കളങ്കതയോടെ ഈ കവിതയില്‍ കടന്നുവരുന്ന ജാതീയമായ വിഹ്വലതകളുമായി സമപ്പെട്ടു കവച്ചുപോകാന്‍ വയ്യ. കേരളചരിത്രത്തിന്റെ സഞ്ചാരവഴികളില്‍ ജാതീയമായ അസമത്വത്തിന്റെ അടിസ്ഥാനമായി വര്‍ത്തിച്ച ബ്രാഹ്മണ്യം വളരെ സമ്മോഹനമായാണ് കടന്നുവരുന്നത്.
"ഞാനോ വലിയൊരു നമ്പൂരിയാഡിയന്റെ
മാദനയായ പെണ്‍കുട്ടിയല്ലോ
എന്തറിവൂ നീ മനയ്ക്കലെ പ്രൌഡിയു-
മന്തസ്സും ഞാനതു ചൊല്ലിയാലും
ഉച്ചമാമില്ലത്തെ വെണ്മാടമൊന്നിന്റെ
മച്ചിനകത്തെ മണിയറയില്‍
ഇച്ഛാനുകൂലസുഖം പൂണ്ടു മേവിനേ-
നച്ഛനുമമ്മയ്ക്കും പ്രാണനായി ഞാന്‍
എന്തുചെയ്തിടാനുമേറെപരിജന-
മോടിവന്നു വണങ്ങി നില്‍ക്കും
... ... ...
പിച്ചിവിടര്‍ന്നു പുതിയ പരിമളം
മച്ചിന്മേലെന്‍ കിളിവാതിലൂടെ
പിച്ചയായുള്ളില്‍ ചിരിക്കുമിളംകാറ്റില്‍
സ്വച്ഛന്ദമേറിപ്പരന്നിടുന്നു.
തൂമഞ്ഞ്ജു ചന്ദ്രികയെന്റെ മന്ച്ചത്തിലെ-
പ്പൂമെത്തമേല്‍ വെന്‍ വിരിപ്പിന്‍മീതെ
ശ്രീമെത്തു മന്യവെന്‍പട്ടു ഗവാക്ഷത്തിന്‍-
സീമയിലൂടെ വിരിച്ചിരുന്നു.
നായികയോട് എഴുത്തുകാരന് തോന്നുന്ന സ്നേഹവാഞ്ചയുടെ അബോധപ്രവര്‍ത്തനമായി ഇതിനെ കുറച്ചുകാണാന്‍ വയ്യ. നായികയെ സമ്പൂര്‍ണതയോടെ അവതരിപ്പിക്കുക എന്ന കാവ്യധര്‍മ്മത്തിനുള്ളില്‍ നിന്നായാല്‍പോലും സംശയങ്ങള്‍ ബാക്കിയാവുക തന്നെ ചെയ്യും. ജാതീയതയ്ക്കെതിരെ അനേകം വരികള്‍ ശക്തമായി ആശാന്‍ വരഞ്ഞിടുന്നെങ്കിലും, വാളുകള്‍ ആര്‍ക്കുനേരെ എന്നത്, ഇരുട്ടത്തെ കാലാള്‍യുദ്ധം പോലെ നിഷ്ഫലമായി ചിതറുന്നു. അവര്‍ണസമുദായത്തിന്റെ വ്യവസ്ഥാപിത ഉദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും സവര്‍ണതയുടെ ആഴമുള്ള ധാരകള്‍ ആശാനില്‍ ലീനമായിരുന്നു എന്നാവും കവിതകള്‍ തെളിവ് തരുക. ഒരുപക്ഷെ, അതുതന്നെയാവും ഉജ്ജ്വല കാവ്യാനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ അക്കാലത്ത് ആശാനെ പര്യാപ്തമാക്കിയതും.
മാപ്പിളലഹളയുടെ ചരിത്രാന്വേഷണങ്ങള്‍ പലവഴിക്കാണ്. അവയൊന്നും പിന്തുടരാതിരുന്നാലും, ആശാനെ പോലുള്ള ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ സസൂക്ഷ്മം ശ്രദ്ധിക്കേണ്ടിയിരുന്നു എന്ന് തോന്നാവുന്ന ചില കാലികസങ്കീര്‍ണതകളുടെ അഭാവം കവിതയുടെ സൌന്ദര്യത്തിനു ലോപത്വം ഒന്നും സൃഷ്ടിക്കുന്നില്ലെങ്കിലും, ആഴം കുറയ്ക്കുന്നുണ്ട്. ഒരു ബ്രാഹ്മണ കുടുംബത്തെ, പൊതുവെ ബ്രാഹ്മണ്യത്തെ മുഴുവനും, നന്മയുടെ വശത്തും 'ക്രൂര അഹമ്മദീയര്‍' എന്ന ഒരു സമൂഹത്തെ തിന്മയുടെ വശത്തും നിര്‍ത്തി വ്യവഹരിക്കുമ്പോള്‍ വാസ്തവങ്ങളുടെ ഒരു വലിയ നിര നിരാകരിക്കപ്പെടുക മാത്രമല്ല, പലയിടത്തും അധസ്ഥിത അവസ്ഥ തന്നെ സവര്‍ണമൂല്യങ്ങളുടെ കാഴ്ചയിലൂടെ അവഹേളനത്തോളം എത്തുന്നുണ്ട്.
"തമ്പുരാന്മാരും തിരുമുല്‍പ്പാടുമാരും
വമ്പേറും ആഡിയന്‍മാര് മറ്റുള്ളോരും
കുമ്പിടും വന്ദ്യനങ്ങീപ്പീറജോനകര്‍-
മുമ്പില്‍ തലതാഴ്ത്തി നില്‍പ്പായല്ലോ!
എന്നല്ലിവരില്‍ പലരും മനയ്ക്കലെ-
കുന്നുവാരത്തെ കൃഷിക്കരല്ലോ
പേര്‍ത്തും ചിലരിവര്‍ നമ്മുടെ വസ്തുക്കള്‍
ചാര്‍ത്തിവാങ്ങിക്കഴിവോരല്ലോ.
എന്നല്ലീ മൂസ്സായും കാസീമും കൂട്ടരും
സ്വന്തം പടിക്കലെ ഭൃത്യരല്ലോ"
നവകന്യകയായ ഒരു ബ്രാഹ്മണയുവതിയുടെ അന്തരംഗം, തന്റെ കുടുംബത്തിനു സംഭവിച്ച ദുരവസ്ഥയില്‍ ഇത്തരം ഒരു വീക്ഷണത്തിലേക്ക് ചെന്നതില്‍ തെറ്റുപറയാന്‍ ഇല്ല. കവിതയുടെ നിഷ്കളങ്കസത്തയില്‍ അതു ശരിയാവും. എന്നാല്‍ ഒരു സൃഷ്ടിക്കും അതിന്റെ സ്വത്വത്തില്‍ പൂര്‍ണമായും ഒറ്റയ്ക്ക് നില്‍ക്കാനാവില്ല. അത് സൃഷ്ടാവിന്റെ മാറിവരുന്ന ആശയജീവിതത്തിന്റെ മാനിഫെസ്റ്റോ ആയിക്കൂടി വായിക്കാനുള്ള അധികാരം വായനക്കാരനുണ്ട്.
സാമൂഹ്യമായ അസമത്വങ്ങളുടെ പ്രത്യക്ഷമായ രോഷാകുലതകള്‍ക്കിടയില്‍ മുങ്ങാംകുഴിയിട്ടു കിടക്കുന്ന മറ്റൊരു രാഷ്ട്രീയാവബോധത്തെ കൂടി ആഴത്തില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടിയേക്കും. ഖിലാഫത്ത് പ്രസ്ഥാനം ദിശാബദ്ധം ആയിരുന്നില്ല എന്നാണെങ്കിലും കോളനിവത്കരണത്തിന് എതിരായ ദേശീയതയോട് ആഭിമുഖ്യം സൂചിപ്പിക്കുന്ന ഒന്നും കവിതയില്‍ അടയാളപ്പെടുന്നില്ല. മറിച്ചുള്ള ചില സൂചനകള്‍ ഉണ്ടുതാനും.
"വെള്ളക്കാരെ ചുട്ടൊടുക്കുവിന്‍ ജന്മിമാ-
രില്ലമിടിച്ചു കുളംകുഴിപ്പിന്‍"
എന്ന ലഹളക്കാരുടെ മുദ്രാവാക്യത്തിന് കവിതയില്‍ വിപ്ലവാത്മകമായ ഒരു മുന്നേറ്റത്തിന്റെ ധ്വനിയല്ല ഉള്ളത്. ദുഷ്ടമായ ഒരു നീചകൃത്യത്തിന്റെ ആഹ്വാനമായാണത് അവതരിപ്പിക്കപ്പെടുന്നത്. കവിതയുടെ ചുരുങ്ങിയ പ്രമേയലോകത്തില്‍ ഇതിനു സാംഗത്യകേടൊന്നും ഇല്ല. കാലത്തിന്റെ നീളിച്ചയില്‍ ചരിത്രം ഉത്തരം അന്വേഷിക്കുമ്പോള്‍ മനുഷ്യാവസ്ഥയുടെ സത്യാത്മകവും വിശാലവും ആയ ആകാശത്തിലേക്ക് കടന്നുനില്‍ക്കാനാവാതെ പോയ ഒരു ചിന്താശകലം എന്ന പഴികേട്ടുകൂടെന്നില്ല എന്ന് മാത്രം. കോളനിവത്കരണത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ പത്തൊന്‍പതാംനൂറ്റാണ്ടിന്റെ അവസാനവും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യവും ഉള്‍ക്കൊള്ളുന്ന അമ്പതു കൊല്ലക്കാലത്തെ കേരളത്തിലെ സാഹിത്യ പുരോഗമാനക്കാരില്‍ എന്ത് ഏശലുണ്ടാക്കി എന്ന് സി. വി മുതല്‍ കേസരി നായനാര്‍ വഴി ഇങ്ങോട്ട് തിളങ്ങിയ സര്‍ഗസാഹിത്യകാരന്മാര്‍ ആരുംതന്നെ വ്യക്തമാക്കാത്തിടത്തോളം ആശാനും ജാമ്യം കിട്ടുന്നുണ്ട്. ആശാനെ സംബന്ധിച്ചിടത്തോളം ജാതീയതയെ ഇല്ലാതാക്കാന്‍ കോളനിവത്കരണം പരിശ്രമിച്ചു എന്നതും ഈ ഉദാസീനതക്ക് കാരണമായിരുന്നിരിക്കാം.
പ്രമേയസ്വീകരണം എഴുത്തുകാരന്റെ മാത്രം വിവേചനാവകാശമാണ്. വായനക്കാരന്‍ അതില്‍ കൈകടത്തുക എന്നാല്‍ വിമര്‍ശനഫാസിസം ആയിപ്പോവും. എങ്കിലും ദേശീയപ്രസ്ഥാനങ്ങള്‍ ചലനാത്മകമായിരുന്ന ഒരു കാലത്ത് അതുല്യസര്‍ഗാത്മകത ഉണ്ടായിരുന്ന ആശാന്റെ വലിയ കാവ്യങ്ങളെല്ലാം വിപ്രലംഭശൃംഗാരത്തിന്റെയും സംഭോഗശൃംഗാരത്തിന്റെയും ശ്രാവസ്തിയിലും ഉത്തരമധുരാപുരിയിലുമൊക്കെ അലഞ്ഞതെന്തേ എന്നത് അദ്ഭുതമായിരിക്കും. മറ്റൊരു നോട്ടത്തില്‍, ആശാന്‍ സ്വയം വിശ്വസിച്ചിരുന്നത് പോലെ, സമകാലിക സംഭവങ്ങളുടെ പതിത്വങ്ങളിലേക്ക് ഇറങ്ങിവരാന്‍ മാത്രം ഉദാത്തനഷ്ടം സംഭവിച്ച ഒന്നല്ല കവിത എന്നുമാവാം. ദുരവസ്ഥയുടെ ആമുഖവും കവിതയിലെ വരികള്‍ തന്നെയും ഈ വിശ്വാസം പങ്കുവയ്ക്കുന്നുണ്ട്.
ആശാന്റെ പ്രണയലോകത്തെ അധികാരി സ്ത്രീയാണ്. നായകന്‍ ഉപലംഭകഥാപാത്രം മാത്രം. പ്രധാന നായികമാരില്‍ സംഭോഗശൃംഗാരത്തിന്റെ സാക്ഷാത്കാരത്തില്‍ എത്തപ്പെടുന്നത് സാവിത്രി മാത്രമാണ്. വിപ്രലംഭപ്രണയത്തിന്റെ വൈദേഹോഷ്ണത്തില്‍ നീറുന്നവര്‍ ആണ് നളിനിയും ലീലയും മാതംഗിയും വാസവദത്തയും ഒക്കെ. പ്രണയസമാഗമത്തിന്റെ ശൃംഗാരഗിരിശ്രിംഗത്തില്‍ അവരാരും എത്തുന്നില്ല. മരണത്തിന്റെയും അദ്ധ്യാത്മികതയുടെയും ഒക്കെ പ്ലേറ്റോണിക്കായ അപാരതകള്‍ മാംസനിബദ്ധമായ ഇടങ്ങള്‍ക്കു മാത്രം എത്തിചേരാനാവുന്ന പ്രണയത്തിന്റെ ചില ആത്യന്തികതീര്‍പ്പുകളുടെ അനന്യതക്ക് പകരമാവില്ല. ആ നിലയ്ക്ക് ആശാന്റെ നായികമാരില്‍ പ്രണയം സമ്പൂര്‍ണമായി അനുഭവിക്കുന്നത് സാവിത്രി മാത്രമാണ്. എന്നാല്‍ ഏറെച്ചുഴിഞ്ഞാല്‍ പ്രണയത്തിന്റെ അടിസ്ഥാനഭാവങ്ങളില്‍ അവള്‍ കവിയുടെ മൂല്യബോധത്താല്‍ ആസകലം വന്ചിക്കപ്പെടുന്നത് അനുഭവപ്പെടും.
പുലയകുടിലില്‍ വന്നു ചേര്‍ന്നതിന്റെ ദയനീയതകള്‍ സാവിത്രി തന്റെ കൂട്ടുകാരായ കിളികളോട് പങ്കുവയ്ക്കുന്നുണ്ട്. അവള്‍ ആദ്യമായി ആലോചിക്കുന്നത് ആത്മഹത്യയെ കുറിച്ചാണ്. അതിനുള്ള ധൈര്യം സംഭരിക്കാനാവാതെ പോയതില്‍ അവള്‍ ദുഖിക്കുന്നു. തന്റെ സൌഭാഗ്യങ്ങളിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹം അവള്‍ മറച്ചുവയ്ക്കുന്നില്ല:
"ജീവിച്ചിരിപ്പതുമിങ്ങിനെയെത്രനാള്
പാവം കുലം വിട്ട കന്യക ഞാന്‍?
പോവാന്‍ തരമില്ലയന്തനരിന്നെന്നെ-
ബ്ഭാവിക്കില്ലില്ലത്തെ പെണ്കിടാവായി
വൈദീകപ്രീതി വരുത്തുവാന്‍ പണമില്ല
വേണ്ടവിരില്ലതു നല്‍കുവാനും"
ഇത്തരം ഭൌതീകകാരണങ്ങള്‍ക്ക് ഉപരിയായി സാവിത്രിയുടെ മൂല്യബോധം തന്നെ സ്യൂഡോ ധാര്‍മ്മികതകളിലും സദാചാരങ്ങളിലും ആഴ്ന്നുള്ളതാണ്:
"പക്ഷേയതെല്ലാം ലഭിച്ചാലുമിക്കറ
പ്രായശ്ചിത്തം കഴുകാത്തതാവാം
... ...
സ്വച്ഛമാം പാലിലൊട്ടെച്ചില്‍ വീണാലുമ-
തെച്ചിലില്‍ വീണാലും തജ്യമല്ലോ.
പിന്നെ ഞാന്‍ ചാടിപോന്നീ പുലചാളയില്‍
വന്നീവിധത്തില്‍ വസിക്കയായി
തിങ്കളും നാലഞ്ചു പോയി പരിഹാര-
ശങ്കയെന്തിന്നു ഞാന്‍-ഭ്രഷ്ടയായി!"
പുലക്കുടിലില്‍ എതാനും ദിവസം താമസിച്ചു എന്നത് പാല്‍ എച്ചിലില്‍ വീണതുപോലെ നികൃഷ്ടമായ ഒരു ലോപത്വമായി അവതരിപ്പിക്കപെടുന്നു. "തിങ്കളും നാലഞ്ചു പോയി" എന്നതിലെ ദിനസൂചനയും പ്രകടമായ ഒരു അര്‍ത്ഥം ധ്വനിപ്പിക്കുന്നുണ്ട്. കുലകന്യകകള്‍ അനുരൂപരായ പുരുഷന്മാര്‍ക്കായി നോമ്പെടുക്കുന്ന ദിവസമാണല്ലോ അത്.
മറ്റു പല വഴികളും സാവിത്രി ആലോചിക്കാതിരിക്കുന്നില്ല:
"നാട്ടും പുറത്തോ നഗരത്തിലോ വല്ല
വീട്ടിലും പോയി വിടുവേലചെയ് വാന്‍
നാട്ടമുണ്ടായില്ലയുള്ളില്‍ ലഹളയാം
കാട്ടുതീമൂലം കഴിഞ്ഞതുമില്ല.
ഇന്നെന്നെ നായന്മാര്‍ തീയര്‍ തുടങ്ങിയ
ഹിന്ദുക്കള്‍ ചെന്നാലും മാനിക്കില്ല.
ഉന്നതരാമവര്‍ക്കീ പുലച്ചാളയില്‍-
നിന്ന് ചെല്ലും ഞാന്‍ പുലയി തന്നെ"
എന്തായാലും ഇനി ഗുണാനുസാരിയായ ഒരു പുരുഷന്‍ സാധ്യമാവില്ല എന്ന ഉറപ്പിനുശേഷമാണ് സാവിത്രിയുടെ മോഹം ചാത്തനിലേക്കു തിരിയുന്നത്.
കാവ്യത്തിന്റെ ആദ്യഭാഗത്തുള്ള ഇത്തരം വിരുദ്ധകാഴ്ചകള്‍ കണ്ടില്ലെന്നു നടിച്ചാല്‍, ചാത്തന്‍ സാവിത്രിക്കായി കുളത്തില്‍ നിന്നും അറുത്തെടുത്ത താമരപ്പൂവുമായി എത്തുന്ന ഇടംമുതല്‍ അതിസമ്മോഹനമായ പ്രണയത്തിന്റെ സ്വാഭാവികമായ ഔന്നത്യങ്ങളിലേക്ക് കവിത യാത്രപോകുന്നുണ്ട്. അനന്തരം, അലോസരമുണ്ടാക്കുന്ന ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍നിന്നും വിടുതല്‍നേടി, തന്റെ അവസാന അഭയലോകത്ത് സാവിത്രി സന്തോഷത്തോടെ ശിഷ്ടകാലം ജീവിച്ചിരിക്കുമോ? സാവിത്രി ആഗ്രഹിക്കുന്നതുപോലെ ദുര്‍മേദസ്സ് ഒഴിവാക്കിയുള്ള സവര്‍ണതയുടെ, അല്ലെങ്കില്‍ വര്‍ണരാഹിത്യതിന്റെ, ഉയരങ്ങളില്‍ എത്തിയിരിക്കുമോ അവരുടെ പില്‍ക്കാലം? ശുഭസൂചകം അല്ലാത്ത വര്‍ണപരമായ വലിയൊരു വിവേചനം ആശാന്റെ അബോധം ഇവിടെയും സൃഷ്ടിക്കുന്നുണ്ട്:
"ചെറ്റു കറുത്ത മേയ്യേറെകറുക്കുവാന്‍
മുറ്റും വെയിലില്‍ പണിയെടുക്കാം"
പുലയന്‍ അന്തര്‍ജ്ജനത്തെ വേട്ടാല്‍ അവളും കറുത്തുതന്നെയാവണം എന്ന വ്യവസ്ഥാപിതമായ ഒരു വര്‍ണബോധത്തിന്റെ പ്രകാശനം. ഇത് ആശാനെന്നല്ല, നൂറു കൊല്ലങ്ങള്‍ക്ക് ശേഷം ഇന്നും നമ്മുടെ കാവ്യ ഭാവുകത്വത്തിന് കുടഞ്ഞു കളയാനായിട്ടില്ല. ഒരുപക്ഷെ നമ്മുടെ ഭാഷാവികാസത്തിന്റെ ജനിതകകണികകളില്‍ തന്നെ ഇത്തരം ഇഴകള്‍ ലീനമായിരിക്കുന്നതും ആവാം.
ചാത്തനെ പഠിപ്പിച്ച് സംസ്ക്കാരചിത്തയാക്കാന്‍ അവള്‍ ആഗ്രഹിക്കുന്നുണ്ട്. ചാത്തനോ അവള്‍ പറയുന്നതൊക്കെ ഗ്രഹിക്കാന്‍ ബുദ്ധിസാമര്‍ദ്ധ്യം ഉള്ളവനും. തന്നില്‍ ചാത്തന് ജനിക്കുന്ന കുട്ടികള്‍ വളര്‍ന്ന് ജാതിരഹിതമായ ഒരു ലോകത്ത് ഗതിപ്രാപിക്കും എന്ന് സാവിത്രി സ്വപ്നം കാണുന്നുണ്ട്. സ്വാതന്ത്ര്യത്തിന് തൊട്ട് മുന്‍പും പിന്‍പും നേരിയ ചലനങ്ങള്‍ ആ ദിശയിലേക്കു ഉണ്ടായെങ്കിലും അതൊന്നും വേരുപിടിച്ചില്ല എന്ന് നമുക്കറിയാം. നാരായാണഗുരു കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ കണ്ണാടി കൂടുകള്‍ക്കുള്ളില്‍ പ്രതിഷ്ടിക്കപ്പെട്ടു. നക്സലിസം പോലുള്ള തീവ്രആശയപ്രചാരകരുടെ പില്‍ക്കാല ജീവിതപ്രകാശനങ്ങള്‍ ആ പ്രയോഗങ്ങള്‍ എത്ര ഉപരിപ്ലവം ആയിരുന്നിരിക്കാം എന്ന സൂചന തരുന്നുണ്ട്. കൊമ്മ്യൂണിസം ചെയ്തത് ഇന്ത്യക്ക് ആദ്യ ദളിത പ്രസിഡന്റിനെയും ദളിത ചീഫ്ജെസ്റ്റിസിനെയും ഒക്കെ സംഭാവന ചെയ്യാനുള്ള സാമൂഹ്യസാഹചര്യം കേരളത്തില്‍ ഉണ്ടാക്കി എന്നുള്ളതാണ്. പ്രസിഡന്റിനെ പോലും ദളിതനായി തന്നെ നിര്‍ത്താനുള്ള മാന്യതയുടെ ഒരു വിശാല ഇടം നമ്മള്‍ ഉണ്ടാക്കിയെടുത്തു. അതിനപ്പുറം വര്‍ണബോധത്തിന്റെ വേരുകളിലൊന്നും നമുക്ക് തൊടാനായിട്ടില്ല. വളരെ പ്രായോഗികതയോടെ പ്രണയിക്കാന്‍ സാവിത്രിയുടെ കാലംമുതല്‍ നമ്മള്‍ പഠിച്ചത്കൊണ്ട് കൂടിയാണ് ഇത്തരം മൂല്യങ്ങള്‍ ഒഴുകിപോകാത്തത്. സാവിത്രിയുടെ മക്കളെയോ അവരുടെ മക്കളെയോ സംവരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വില്ലേജോഫീസില്‍ ഇന്നും കാണുന്നുവെങ്കില്‍ തോറ്റുപോയത് സാവിത്രിയല്ല, ഇങ്ങിനെയൊക്കെ മാത്രം സാവിത്രിമാരെ സൃഷ്ടിക്കാന്‍ പ്രതിഭ വ്യയംചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന, സാഹിത്യ, സാമൂഹ്യ ഇടങ്ങളിലെ പ്രതിലോമമായ അനുഭവതീര്‍പ്പുകളാണ്.

Subscribe to:
Posts (Atom)