Showing posts with label ഇന്ദ്രസേന. Show all posts
Showing posts with label ഇന്ദ്രസേന. Show all posts

Sunday, June 9, 2013

വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും


പുസ്തകം : വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും
രചയിതാവ് : ജയ്‌നി
പ്രസാധകര്‍ : പായല്‍ ബുക്സ്
അവലോകനം : ഇന്ദ്രസേന


യ്‌നിയുടെ കവിതകള്‍.. അവ ഒരു ഗ്രാമീണ യുവതിയുടെ ജീവിതത്തിലെ ജാലക കാഴ്‌ചകള്‍ ആണ്‌. അവള്‍ ഒരിക്കലും മറ്റൊന്നാവാന്‍ ശ്രമിക്കുന്നുമില്ല.

കൂര നനഞ്ഞൊലിക്കുന്നതാണെങ്കിലും, അച്ഛന്‍ മദ്യപന്‍ ആണെങ്കിലും, അവളുടെ ഹൃദയം കോണ്‍ക്രീറ്റു കെട്ടിടത്തില്‍ തനിയെ ആവുകയാണ്‌. അച്ഛന്റെ പരിപ്പുവടയിലുള്ള സ്‌നേഹം പിന്നെയും പിന്നെയും അവള്‍ തേടുകയാണ്‌. (എന്റെ ഉറക്കം)

പ്രണയത്തിനു ജയ്‌നി നല്‍കുന്ന പരിഭാഷ ഒരു സ്‌ത്രീ എന്ന നിലയില്‍ എന്നെ നടുക്കി കളഞ്ഞു. 'എന്റെ പ്രണയം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നേ ചുരണ്ടി മാറ്റിയ ഭ്രൂണമാണ്‌' എന്നു വായിക്കുമ്പോള്‍ നടുക്കം ഉണ്ടാക്കുന്ന ഒരു പ്രണയ ദുരന്തം പറയുന്നതിനോട്‌ കവിക്കുള്ള ആത്മാര്‍ത്ഥത അതില്‍ വ്യക്തമാണ്‌. കപട സദാചാര ബോധമോ യാതൊന്നും തന്നെ സത്യം കാണുന്നതില്‍ നിന്നും അവളെ വിലക്കുന്നുമില്ല. (പ്രണയം)

- പ്രണയം ഇപ്പോള്‍ നാട്ടില്‍ നിലവിലുള്ള പ്രണയരീതിയാണ്‌. കരളേ എന്ന്‌ ചാറ്റിങ്ങില്‍..ബിച്ച്‌ എന്ന്‌ ചീറ്റിങ്ങില്‍ വിളിച്ചു പിരിഞ്ഞു പോകുന്ന ബന്ധങ്ങള്‍. മുറിക്കുള്ളിലേക്ക്‌ ഒതുങ്ങുന്ന ആകാശം..( പ്രണയം)

പ്രണയ സ്‌മാരകശിലകള്‍ എന്ന കവിതയില്‍ എത്തുമ്പോഴേക്കും അവള്‍ക്കു പ്രണയം വേറെ എന്തോ കൂടി ആണ്‌. കുറെ കൂടി തീവ്രമായി അവള്‍ പ്രണയത്തെ അറിയുന്നു. അവളെ എരിക്കുന്ന തീയാണ്‌ പ്രണയം അപ്പോള്‍. തീയില്‍ എരിഞ്ഞു അസ്ഥിപഞ്ചരമായി മാറിയവള്‍. (പ്രണയ സ്‌മാരക ശിലകള്‍)

മഴയെക്കുറിച്ച്‌ എഴുതുമ്പോള്‍ ജയ്‌നിക്ക്‌ നൂറു നാവാണ്‌. ചെമ്പക പൂവിതളില്‍ അവനിറ്റിച്ച പ്രണയ തുള്ളികള്‍ പോലെ മഴ അവള്‍ക്കു ഹര്‍ഷോന്മാദം നല്‍കുന്നു, അവളെ ഭയപെടുത്തുന്നു, ലാളിക്കുന്നു, നോവിക്കുന്നു, ചേര്‍ത്തു പിടിക്കുന്നു, പുണരുന്നു.
'എങ്കിലും.. എങ്കിലുമെന്‍ ഹൃദയം നിറഞ്ഞു നീ പെയ്യുക
ഊഷരതയിലേക്കലിഞ്ഞു ചേര്‍ന്നുര്‍വരത പകരുക
വീണ്ടുമൊരു പ്രണയമായെന്നില്‍ പകരുക'
എന്ന്‌ തന്നെ തന്നെ മഴയ്‌ക്ക്‌ സമര്‍പ്പിക്കുന്ന ലോലമായ പ്രണയ ഭാവം
(മഴക്കേതു ഭാവം)

മഴയുടെ പ്രചണ്‌ഡതാളം, സംഹാര ഭാവം, അട്ടഹാസം എല്ലാം നിറഞ്ഞു നില്‌ക്കുന്നു മറ്റൊരു മഴ കവിതയില്‍(മഴ പെയ്യുകയാണ്‌).

എന്നിലെ കവി ഹൃദയത്തെ വല്ലാതെ ആകര്‍ഷിച്ചത്‌ കറുപ്പും വെളുപ്പും എന്ന കവിതയാണ്‌. അവന്‍ സ്‌നേഹത്തോടെ സമ്മാനിച്ച അവന്റെ പുഞ്ചിരി പോലെ മനോഹരമായ പേന. ഹൃദയത്തില്‍ ഹിമകണം പോലെ സൂക്ഷിച്ചു വച്ച പേന തുറന്നപ്പോള്‍ അവളുടെ പാപക്കറ പോലെ കറുത്ത മഷിയാണ്‌ പുറത്തേക്കു വന്നത്‌. പ്രണയത്തിന്റെ കറുത്ത വഴികളില്‍ സഞ്ചരിച്ചപ്പോള്‍ എപ്പോഴോ എങ്ങനെയോ പൊന്‍നിറം പോയ പേന. അതിമനോഹരമായ ഒരു ബിംബം തന്നെ (കറുപ്പും വെളുപ്പും).

ഭാരതീയ സ്‌ത്രീയുടെ ഒരു ശരിയായ പരിപ്രേക്ഷ്യം ആണ്‌ ജയ്‌നിയുടെ `സുമംഗലി' എന്ന കവിത. ആകാശത്തു പറക്കുന്ന ഒരു പട്ടമാണ്‌ സ്‌ത്രീ..എന്നാല്‍ അവളുടെ കാലുകളിലെ ചരടുകള്‍ ഭര്‍ത്താവിന്റെ കയ്യില്‍ ആണ്‌ താനും. (സുമംഗലി).

അവന്റെ വിശപ്പ്‌ തീരാന്‍ അവള്‍ തന്റെ മുല അവനു ചുരത്തി കൊടുക്കുന്നു, സ്വയം അപ്പോഴും വിശന്നു കൊണ്ട്‌. മാതൃത്വം അല്ല..യഥാര്‍ഥമായ പ്രണയം..എന്നാല്‍ അവനോ അവളുടെ മാറില്‍ മയങ്ങുകയാണ്‌, അവള്‍ക്കു അപ്പോഴും വിശപ്പാണ്‌ താനും. അസംതൃപ്‌തയായ സ്‌ത്രീയുടെ ഒരു മിന്നലൊളി നമുക്കിതില്‍ കാണാം. തീര്‍ത്തും അസാധാരണമായ ഒരു കവിത തന്നെ.(വിശപ്പ്‌).

കാമുകിയുടെ പ്രണയാതുരതയോടെ അവള്‍ പറയുന്നു മറ്റൊരു കവിതയില്‍
തകര്‍ത്ത്‌ പെയ്യുന്ന പേമാരിയില്‍
നിനക്കായ്‌ ഞാന്‍ ഓലക്കുടയാവാം,
എന്‍ കാര്‍കൂന്തലിന്നിരുട്ടില്‍
നിന്നെ ഞാനൊളിപ്പിച്ചു വയ്‌ക്കാം,
മഴയില്‍ അലിഞ്ഞും കാറ്റില്‍ പറന്നും
ഒരു കഥയായ്‌ മായുവോളം
പ്രിയ സ്‌നേഹിതാ
നമുക്കൊന്നായ്‌ നടക്കാം
(വീണ്ടുമൊരു മണ്ണാംകട്ടയും കരിയിലയും )
വളരെ ഹൃദയഹാരിയായ മറ്റൊരു കവിതയെന്നേ ഇതിനെ പറഞ്ഞു കൂടൂ.

അങ്ങിനെ നമ്മുടെ ചിന്തകളോട്‌ കലഹിച്ചും, പരിഭവിച്ചും, പ്രണയത്തില്‍ മുങ്ങി പൊങ്ങിയും, പ്രകൃതിയില്‍, മഴയില്‍, പുഴയില്‍, ഇരുട്ടില്‍, കടലില്‍ തന്നെ തന്നെ പകുത്തു നല്‍കിയും ജയ്‌നി കവിതകള്‍...

ഇത്‌ വായിച്ചു നോക്കുക എന്നല്ലാതെ നിങ്ങള്‍ക്ക്‌ മറ്റൊരു മാര്‍ഗവും ഇല്ല തന്നെ. വായിച്ചാലോ, പിന്നെയും കാലങ്ങളോളം ഇവള്‍ നമ്മെ പിന്‍തുടരുകയും ചെയ്യും

'ഗ്രാമീണതയുടെ ജാലക കാഴ്‌ചകള്‍' എന്ന പേരില്‍ പുസ്തകത്തിന് എഴുതിയ അവതാരികയില്‍ നിന്നും.

Saturday, March 31, 2012

ശിലാപത്മം

പുസ്തകം : ശിലാപത്മം
രചയിതാവ്: പ്രതിഭാ റായ് / വിവര്‍ത്തനം : പി. മാധവന്‍പിള്ള

പ്രസാധകര്‍ : ‍കറന്റ് ബുക്സ്, തൃശൂര്‍

അവലോകനം : ഇന്ദ്രസേന



റീസയെന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വിടരുന്ന ഓര്‍മ്മകള്‍ കൊണാർക്കിലെ സൂര്യ ക്ഷേത്രവും
അതിലെ നമ്മുടെ ദേശീയ പതാകയിലെ ചക്രവും ആണ്. ആ ക്ഷേത്ര സമുച്ചയവും അതിന്റെ നിര്‍മാണവും.. അതിനോട് ഇഴ ചേര്‍ന്നുള്ള അതി മനോഹരമായ ഒരു നോവല്‍ ആണിത്.

ചാള്‍സ് എന്ന വിദേശ സഞ്ചാരി തന്റെ ഗവേഷണത്തിനായി കൊണാര്‍ക്കില്‍ എത്തുന്നു. ക്ഷേത്ര പരിചയം, ഒപ്പം അവിടെ അയാള്‍ പരിചയപ്പെടുന്ന വിവിധ കഥാ പാത്രങ്ങള്‍ എത്രയോ അഗണ്യര്‍ രതി ചിത്രങ്ങളുടെ വില്പ്പ്പനക്കാരന്‍ ആയ ധര്‍മന്‍, നൂറ്റാണ്ടുകള്‍ ആയി ജീവിക്കുന്നു എന്ന് നമുക്ക് തോന്നുന്ന കുശി അമ്മൂമ്മ. ഭര്‍തൃ വീട്ടില്‍ അവര്‍ ചെന്ന് കയറുമ്പോള്‍ എട്ടു വയസ്സ്. അപ്പോള്‍ ഭര്‍ത്താവിനു പ്രായം ഇരുപത്തി ഒന്‍പതു. അയാള്‍ പുറത്തു പോയതാണ്.ബാലിക വധുവിനെ കാണുന്നില്ല. മരിച്ചു പോകുകയാണ്. ഒരു താളിയോല ഗ്രന്ഥം മാത്രമാണ് വധുവിനു കിട്ടുന്നത്. കന്യകയായ അവള്‍ വിധവയായി ജീവിക്കുന്നു. മണ്ണില്‍ ദേവ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വിറ്റു. ഒരു കുടിലില്‍, ആരോടും പരിഭവമില്ലാതെ.

വിഷ്ണു എന്ന വൃദ്ധ സന്യാസി. ക്ഷേത്ര നിര്‍മാണ കഥകളുടെ ഒരു കലവറയാണ് അദ്ദേഹം. പൂ വില്‍ക്കുന്ന ചിത്ര. പൂക്കള്‍ വിറ്റു കിട്ടുന്ന പണം അച്ഛനെ ഏല്‍പ്പിക്കുകയാണ് അവള്‍. പതിനാല് വയസില്‍ അവളുടെ വിവാഹം ആണ്. പ്രാചി അവള്‍ ഒരു ഗവേഷണ വിദ്യാര്‍ഥിനി ആണ്. മറ്റൊരു കല്‍പ്രതിമ എന്ന പോലെ തൊട്ടു നോക്കാന്‍ കയ്യ് നീട്ടിയപ്പോള്‍ പുറകോട്ടു പോയ ഒരു ശിലാ വിഗ്രഹം പോലെ സുന്ദരി. ചാള്‍സിന്റെ കൂട്ടുകാരി ആവുന്നു. പ്രണയം എന്നാല്‍ കാമം,സംഭോഗം എന്ന ലഖു സമ വാക്യം മാത്രം അറിയുന്ന ചാള്‍സിനു അവളെ ,ഭാരതത്തെ ,ഭാരത സ്ത്രീയെ , മനസിലാക്കാന്‍ ആവുന്നില്ല. ഒരിക്കലും കാണാത്ത ഭര്‍ത്താവിനായുള്ള കുശി അമ്മൂമ്മയുടെ വ്യര്‍ത്ഥ ജീവിതം അയാള്‍ക്ക്‌ മനസിലാവുന്നില്ല. ചാള്‍സിനു അവളോടുള്ള പ്രണയം. അത് സ്വീകരിക്കാന്‍ ആവാത്ത പ്രാചിയുടെ നിസ്സഹായത.

എന്നാല്‍ നോവലിനെ മനോഹരമാക്കുന്നത് നരസിംഹ മഹാരാജാവിന്റെ കാലത്ത് പണി കഴിപ്പിച്ച ഈ ക്ഷേത്രം തന്നെയാണ്. രാജ്യം എങ്ങുമുള്ള ശില്‍പ്പികള്‍ വൃത നിഷ്ടയോടെ ഈ ജോലിയില്‍ മുഴുകുകയാണ്. പൂര്‍ണ ബ്രഹ്മചര്യം. വിധിയാം വണ്ണം ഭക്തി നിര്‍ഭരമായ ജീവിതം. അതാണ്‌ ശില്പ്പികളുടെത്. അതില്‍ കമല്‍ എന്ന ശില്‍പ്പിയുടേയും അയാളയുടെ ഭാര്യ ആയ ചന്ദ്ര ഭാഗയുടെയും മനോഹര പ്രണയ കഥയുടെ ഇതള്‍ വിരിയുന്നതും ഈ നോവലില്‍ നമുക്ക് കാണാം.

വധു തന്റെ വീട്ടില്‍ എത്തുന്നതിനു കുറച്ചു മുന്‍പ് കമലിന് ശില്‍പ്പ നിര്‍മാണത്തിനായി കൊണാര്‍ക്കിലേക്ക് പോരേണ്ടി വന്നു. ഇനി പന്ത്രണ്ട് കൊല്ലം കഴിയാതെ നാട്ടില്‍ എത്തില്ല ഭര്‍തൃഗൃഹം ഒരു ചൂള പോലെ അവളെ നീറ്റുകയാണ്. വേഷം മാറി നടക്കുന്ന രാജാവ് ആദ്യത്തെ അപകടത്തില്‍ നിന്നും അവളെ രക്ഷിക്കുന്നു. വിധി പിന്നെയും അവളെയും രാജാവിനെയും കൂടി മുട്ടിക്കുന്നു. വീണ്ടും രണ്ടു പ്രാവശ്യം അവര്‍ പരസ്പരം കണ്ട് മുട്ടുന്നു. നിയോഗം. വിധി. അതിന്റെ കയ്യിലെ കളിപ്പാവകള്‍ തന്നെ മനുഷ്യന്‍ !! ഒരിക്കലും കാണാത്ത ഭര്‍ത്താവിനെ പൂര്‍ണ പ്രണയത്തോടെ കാത്തിരിക്കുന്ന ചന്ദ്ര ഭാഗ. അവള്‍ക്കായി കാലം എന്താവും കാത്തു വച്ചിരിക്കുക. ആ തീക്ഷ്ണ ത്യാഗത്തിന്റെ കഥയും ഇതില്‍ ഉള്‍ചേര്‍ന്ന് കിടക്കുന്നു.

ശില്പങ്ങള്‍ക്ക് മോഡല്‍ ആയി നില്‍ക്കാന്‍ പ്രധാന ശില്‍പ്പി സുദത്തന്റെ മകള്‍ തയ്യാറായി വരികയാണ്‌. അതിസുന്ദരിയായ അവളാണ് ഇപ്പോഴത്തെ കൊണാര്‍ക്കിലെ പല പ്രശസ്ത ശിൽപ്പങ്ങളുടെയും മോഡല്‍ എന്നതാണ് വാസ്തവം. അച്ഛന്‍ അറിയതെ എന്നും അവള്‍ കമലിന് മുന്നില്‍ ഏകാഗ്രതയോടെ ഇരുന്നു കൊടുക്കുന്നു. അദ്ദേഹം ഇതറിയുമ്പോള്‍ പരിഭ്രമിക്കുന്നു. ജഗന്നാഥനില്‍ അല്ല ശിൽപ്പിയില്‍ ആണ് അവള്‍ ഭ്രമിച്ചിരിക്കുന്നത് എന്ന മിഥ്യാ ധാരണ. വിവാഹം നിശ്ചയിച്ച പെണ്ണ് അന്യ പുരുഷന് മുന്നില്‍ മോഡല്‍ ആയി ഇരുന്നത് ബി സി എണ്ണൂറാം നൂറ്റാണ്ടില്‍ മാത്രമല്ല, ഇരുപതാം നൂറ്റാണ്ടിലും ഭാരതത്തില്‍ വലിയ പാതകം തന്നെയാണല്ലോ. അവള്‍ക്കു അച്ഛന്‍ നല്‍കുന്ന ശിക്ഷ നിസംശയം അവള്‍ ഏറ്റു വാങ്ങുന്നു. ശില്‍പ്പിയുടെ കാല്‍ ചുവട്ടിലെ അല്‍പ്പം മണ്ണ് മാത്രം എടുത്തു അവള്‍ രാജ്യം വിടുകയാണ്.

നോവലിനേക്കാള്‍ അതിലെ കഥാ പത്രങ്ങള്‍ നമ്മെ വേട്ട ആടുന്ന കഥ കൂടിയാണ് ഇത് എനിക്കെത്ര മാത്രം ഈ നോവലിന്റെ ചാരുത നിങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നറിയില്ല. എന്നാല്‍ മാധവന്‍പിള്ള സാറിന്റെ വിവര്‍ത്തനം മഹോത്തരം എന്നെ പറഞ്ഞു കൂടൂ. യയാതി, ശിവജി വിവര്‍ത്തനങ്ങള്‍ എല്ലാം കെങ്കേമം തന്നെ ആയിരുന്നുവല്ലോ. വിവര്‍ത്തനത്തിന്റെ ഭംഗി ആണ് ഈ നോവലിനെ നമ്മിലേക്ക്‌ അടുപ്പിക്കുന്ന ഒരു പ്രധാന ഘടകം തന്നെ. ഒറിയ ഭാഷ, അതിന്റെ സംസ്കാരം ഒന്നും തന്നെ നമുക്ക് അത്ര പരിചിതിമല്ല. അതിനു ഈ വായന അവസരം നല്‍കി കൊണാര്‍ക്കും അമ്പലവും എല്ലാം നമ്മള്‍ തൊട്ടറിഞ്ഞു. വായിച്ചു തന്നെ അറിയേണ്ടുന്ന ഒരു നോവല്‍ ആണ് ശിലാപത്മം. (വില : 140രൂപ)

Sunday, June 5, 2011

രണ്ടാമൂഴം

പുസ്തകം : രണ്ടാമൂഴം
രചയിതാവ് : എം.ടി.വാസുദേവന്‍ നായര്‍
പ്രസാധനം :കറന്റ് ബുക്സ്
അവലോകനം : ഇന്ദ്രസേന




ഹാഭാരതത്തിലെ അത്ര തിളക്കമുള്ള കഥാപാത്രങ്ങളില്‍ ഒന്നല്ല ഭീമന്‍. പാണ്ഡവരില്‍ രണ്ടാമന്‍. ധര്‍മ ചിന്തയുമായി യുധിഷ്ഠിരന്‍, തിളങ്ങുന്ന വില്ലുമായി അര്‍ജുനന്‍, വില്ലനില്‍ വില്ലനായ സുയോധനന്‍, ചാതുരിയും മിഴിവുമായി കൃഷ്ണന്‍, പിന്നെ സൗന്ദര്യവും ശോഭയുമായി ദ്രൗപദിയും. അവര്‍ എല്ലാം അരങ്ങു അടക്കി വാഴുമ്പോള്‍ പിറകില്‍ ആക്കപ്പെട്ട ഭീമന്റെ കണ്ണീരാണ് ഈ കഥ.

മഹായാനത്തില്‍ പിറകില്‍ മരിച്ചു കൊണ്ടിരിക്കുന്ന സ്വന്തം ജനതയെയും രാജ്യത്തെയും വിട്ടു മുന്നോട്ടു നീങ്ങുന്ന പാണ്ഢവർ. അവര്‍ മുന്നോട്ട് നീങ്ങുമ്പോള്‍ ആദ്യം പാഞ്ചാലിയാണ് തളര്‍ന്നു വീഴുന്നത്. അറിയാതെ ഭീമന്‍ അവളുടെ അടുത്തേക്ക് ചെല്ലുകയാണ്. ചുരുളഴിയുന്നത് മനോഹരമായ ഒരു നിശബ്ദ പ്രണയ കഥ കൂടിയാണ്.

പാണ്ഡവരില്‍ ഭീമന് മാത്രമാണ് പഞ്ചാലിയോടു ഇത്രയേറെ പ്രണയം ഉണ്ടായിരുന്നുള്ളൂ താനും. എന്നിട്ടും മൂപ്പ് മുറ അനുസരിച്ച് അവന്റെ ഊഴം രണ്ടാമത് മാത്രം. അവളുടെ കിടപ്പറയില്‍ ചെല്ലാന്‍.. തനിയെ നൊന്തു പിടക്കുന്ന ഭീമന്റെ അദമ്യ പ്രണയത്തിന്റെ തീക്ഷ്ണ കഥ കൂടിയാണ് ഈ പുസ്തകം. മഹാ ബലവാനായ ഭീമന്റെ നമ്മള്‍ കേട്ട കഥകള്‍ പലതും തികച്ചും അതിശയോക്തി തന്നെ എന്ന് ഭീമനെ കൊണ്ട് നോവലിസ്റ്റ് നമ്മോടു പറയിക്കുന്നു. സ്തുതി പാഠകർ, പാടി പെരുപ്പിച്ച, പൊലിപ്പിച്ച കഥകള്‍ ആണവയെത്രെ! ബക വധം എല്ലാം ഇത്തരത്തില്‍ ഉള്ളതാണെന്ന് നോവലിസ്റ്റിന്റെ ഭാഷ്യം. സത്യം അതൊന്നും ആയിരുന്നില്ലെന്ന് എം.ടി. നമ്മോട് പറയുന്നു.

കാട്ടില്‍ അലയുമ്പോള്‍ ഭീമന്റെ തോളില്‍ കയറിയാണ് പാണ്ഡവര്‍ മുഴുവന്‍ ദൂരങ്ങള്‍ താണ്ടിയത്. രാക്ഷസിയായ ഭാര്യയുടെ ഉദാത്തവും നിസ്സഹായവും ആയ തന്നോടുള്ള ആരാധനയും സ്നേഹവും.. അത് വേണ്ടത്ര തിരിച്ചു നല്‍കിയോ..? താമര പൂവിന്റെ സുഗന്ധമുള്ള മറ്റൊരു സുന്ദരിയോടുള്ള കാമ വൈവശ്യത്താല്‍ അവളെ താന്‍ വേണ്ടത്ര സ്നേഹിച്ചുവോ..? ആരെങ്കിലും ഈ മഹാ ബലവാനെ മനസിലാക്കിയിരുന്നോ? ഭീമന്റെ മനസ്സിലൂടെയുള്ള നല്ല ഒരു പരകായപ്രവേശം തന്നെ ഈ നോവൽ.

രണ്ടാമൂഴമെന്ന ഈ പുസ്തകത്തിന്റെ കഥ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും എന്നാണ് കരുതിയതെങ്കില്‍ തെറ്റി. ഇത് രണ്ടാമൂഴത്തിലേക്കുള്ള ഒരു ചൂണ്ടു പലക മാത്രം. ഈ പുസ്തകത്തിന്റെ ഭംഗി, സൗകുമാര്യം, ഇവയെല്ലാം അറിയാന്‍ ഇത് വായിക്കുക തന്നെ വേണം. ചില പുസ്തകങ്ങള്‍ വായിച്ചില്ലെങ്കില്‍ നമുക്ക് മലയാളി എന്ന് പറയാന്‍ യോഗ്യത ഇല്ല!! എം ടി യുടെ ഈ പുസ്തകം ആത്തരത്തില്‍ ഒന്നാണ്. മഹാഭാരതത്തിന്‌ എം.ടി.വാസുദേവന്‍ നായര്‍ ചമച്ച ഈ പുത്തന്‍ ഭാഷ്യം ഓരോ മലയാളിയും വായിക്കേണ്ടത് തന്നെ.

Saturday, April 9, 2011

മരണം ദുർബ്ബലം

പുസ്തകം : മരണം ദുര്‍ബലം
രചയിതാവ് : കെ.സുരേന്ദ്രന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം: ഇന്ദ്രസേന



ജ്വാല ,കാട്ടുകുരങ്ങ് തുടങ്ങി വളരെ പ്രസിദ്ധമായ നോവലുകള്‍ക്ക് ശേഷം സുരേന്ദ്രന്‍ എഴുതിയതാണ് മരണം ദുര്‍ബലം. മഹാകവി കുമാരന്‍ ആശാന്റെ ജീവിതം ചുവടു പിടിച്ച് എഴുതിയത് എന്ന് പ്രചരിക്കപ്പെട്ടിരുന്നു. മായമ്മ എന്നാ ധനികയായ ഒരു ഒരു പതിനഞ്ചു കാരിയുടെ ജീവിതത്തിലേക്ക് ഏതാണ്ട് അമ്പതു വയസ്സുള്ള ഒരു ഒരു കവി കടന്നു വരികയാണ്. ഒരു കാര്‍ത്തിക നാളില്‍ മഴയത്ത് ഗെയിറ്റില്‍ വന്ന ഒരു പ്രാകൃത രൂപിക്ക് കയ്യില്‍ ഒരു പിടി അരി ഭിക്ഷയുമായി അവള്‍ ചെല്ലുകയാണ്.

അത് അയാളുടെ കയ്യില്‍ കൊടുത്തു അവള്‍ തിരിച്ചു പോരുന്നു. അത് കേരളീയ സാഹിത്യത്തിലെ അന്നത്തെ ഒരു തേജോ നക്ഷത്രമായ കവിയായിരുന്നു. വളരെ ഉയരാന്‍ സാദ്ധ്യതയുള്ള ഒരു സുന്ദരനെയാണ് അച്ഛന്‍ അവള്‍ക്ക് കണ്ടു വച്ചിട്ടുള്ളത്. ഒരിക്കല്‍ ഉന്മാദം പോലെ വന്നു സമനിലയില്‍ എത്തിയ രാധ ചേച്ചിയാണ് മായമ്മയ്ക്ക് അമ്മക്ക് പകരം. രാധയും കവിയുമായി പ്രണയത്തില്‍ ആണ് താനും. അവരുടെ വിവാഹം തീരുമാനിച്ചതും ആണ്. കൊടും കാറ്റ് പോലെയുള്ള കവിയുടെ പ്രണയം മായമ്മയുടെ അടി പതറിച്ച് കളഞ്ഞു. ഹോസ്റ്റലില്‍ നിന്നും വീട്ടില്‍ വരേണ്ടതിനു പകരം അവള്‍ കവിയുടെ പുതിയ കവിത വായിച്ചു കേള്‍ക്കാന്‍ കന്യാകുമാരിയിലേക്ക് പോവുകയാണ്. ചേതോഹരമാണ് ആദ്യ സംഗമ വർണ്ണന തന്നെ. പിന്നെ കവി സ്വന്തം കവിത വായിച്ചു കേള്‍പ്പിക്കുകയാണ്.

അവരുടെ ബന്ധം അറിഞ്ഞു രാധ ഏതാണ്ട് പൂര്‍ണ ഭ്രാന്തിയാവുകയാണ്. പിന്നെ രാധ ആത്മഹത്യ ചെയ്യുന്നു. കുറ്റ ബോധാതാല്‍ നീറുന്ന മായമ്മ കവിയെ ഉപേക്ഷിക്കുന്നു. കവി സമൂഹത്തിലെ ഒരു ഉയര്‍ന്നു വരുന്ന യുവ നേതാവായ യശോധയെ വിവാഹം ചെയ്യുന്നു. യശോധ ഗര്‍ഭിണി ആവുമ്പോള്‍ കവി മായമ്മയോട് പറയുന്നുണ്ട്. അത് തപാല്‍ പെട്ടിയില്‍ ഇട്ട കത്തുകള്‍ പോലെയാണ്. നിനക്ക് ഉള്ളവയാണെന്ന്. യശോദയോട് പിണങ്ങി കവി മായമ്മയോട് കൂടെ താമസം ആരംഭിക്കുന്നു.

മക്കള്‍ രണ്ടു പേരും മായമ്മയുടെ മക്കള്‍ പോലെ തന്നെ വളരുന്നു. ഒരു അപകടത്തില്‍ കവി മരിക്കുമ്പോള്‍ അതും യശോദ കവിയെ വണ്ടിയില്‍ നിന്നും തള്ളിയിട്ടതാണ് എന്നും കേള്‍ക്കുന്നുണ്ട്. മായമ്മ വീണ്ടും തനിയെ ആകുന്നു. മായമ്മയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് ഈ പുസ്തകം. കെ.സുരേന്ദ്രന്റെ ചേതോഹരമായ ഒരു രചന.