Tuesday, November 25, 2014

സഹിക്കുന്നവരുടെ സങ്കീര്‍ത്തനം

പുസ്തകം : സഹിക്കുന്നവരുടെ സങ്കീര്‍ത്തനം
രചയിതാവ് : ഫാ. ആന്റണി ജി. പുല്ലുവിള

പ്രസാധകര്‍ :

അവലോകനം : ലാസര്‍ ഡിസല്‍‌വ


മകാലിക സാഹിത്യത്തിന്റെ ഭൂമിക സങ്കീര്‍ണമാണ്. പ്രമേയം, ഭാഷ, രൂപം എന്നിങ്ങനെയൊക്കെയായി ഗൌരവവായന കാംക്ഷിക്കുന്ന അനുവാചകനില്‍ നിന്നും വൈകാരികവും ധൈഷണികവുമായ ചില ഉയരങ്ങള്‍ അത് ആവശ്യപ്പെടുന്നുണ്ട്. സമകാലം സംപ്രേഷണം ചെയ്യുന്ന സങ്കീര്‍ണതകള്‍ കൂടിയായി അതു വിലയിരുത്തപ്പെടുന്നുമുണ്ട്. ജീവിതവും കാലവും എന്നും അങ്ങിനെ തന്നെയായിരുന്നു എന്ന ചരിത്രപാഠം പക്ഷെ അതിനോട് മമത പ്രകടിപ്പിക്കാന്‍ സന്നദ്ധമാവുകയില്ല. എന്നാല്‍ നല്ല സാഹിത്യം ചീത്ത സാഹിത്യം എന്ന ദ്വന്ദത്തില്‍ നിന്നും എഴുത്തുകാരനും അനുവാചകനും ഒരുപാട് ദൂരത്തെത്തിയിട്ട് ഒരു നൂറ്റാണ്ടെങ്കിലും കഴിയുന്നു. അതു വ്യാവസായിക വിപ്ലവത്തോടും അതിന്റെ ഉപോല്‍പ്പന്നമായി പൊട്ടിപുറപ്പെട്ട രണ്ട് മഹായുദ്ധങ്ങളോടും ആഴത്തില്‍ ബന്ധപെട്ടുകിടക്കുന്ന സാഹിത്യാനുഭവമാണ്. യൂറോപ്പിന്റെ അസ്തിത്വത്തെ കടപുഴകിക്കളഞ്ഞ യുദ്ധാനുഭവങ്ങള്‍ രണ്ട് സംജ്ഞകളാണ് യൂറോപ്പിന് സംഭാവന ചെയ്തത്; 'ചരിത്രം മരിച്ചു', 'ദൈവം മരിച്ചു'. സെമറ്റിക്മതങ്ങള്‍, പ്രത്യേകിച്ച് ക്രിസ്തുമതം, നിസ്സഹായമായി നോക്കിനില്‍ക്കേണ്ടി വന്ന ഒരു ദശാസന്ധി കൂടിയായിരുന്നു അത്. പലരും കൊമ്മ്യൂണിസ്റ്റുകളായി ജനിച്ച് അനാര്‍ക്കിസ്റ്റുകളായി മരിച്ചു. പള്ളികള്‍ നാടകശാലകളും നര്‍ത്തകശാലകളുമായി മാറി. ചരിത്രമില്ലാത്ത യൂറോപ്പിന്റെ തെരുവുകളില് ‍ഹിപ്പികള്‍ നഗ്നരായി അലഞ്ഞുനടന്നു. സ്പാനിഷ് മിഷനറിമാര്‍ സംസ്ക്കാരവും വ്യവസായവും കൊണ്ട്ചെന്ന വിദൂരദേശമായ ലത്തീനമേരിക്കയില്‍ പോലും വാഴത്തോട്ടങ്ങള്‍ വെട്ടിനിരപ്പാക്കി ഓപ്പിയംതോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചു.

ലോകത്തില്‍ ഇന്നും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന കവിയാണ്‌ ഖലീല്‍ ജിബ്രാന്‍. മുകളില്‍ സൂചിപ്പിച്ച നിരാശാജനകമായ ലോകത്തിരുന്ന് അദ്ദേഹം ദൈവത്തെ കണ്ടെത്തിയ അസുലഭമുഹൂര്‍ത്തത്തിന്റെ അതീതകാവ്യാനുഭവമാണ് 'ദൈവം' എന്ന കവിത. ദൈവവും ചരിത്രവും മടങ്ങി വന്നു. ദൈവത്തെയും ചരിത്രത്തെയും മടക്കികൊണ്ട് വന്നതില്‍ കവിത വഹിച്ച പങ്ക് ചെറുതല്ല. ചെവിയില്‍ മധുരമര്‍മ്മരം പൊഴിക്കുന്ന ദൈവമില്ലാത്ത, കടലുപോലെ ഊഷ്മളമായി ആലിംഗനം ചെയ്യുന്ന ദൈവമില്ലാത്ത ഒരു ലോകം അസംഭവ്യമാണെന്ന് വലിയ കവികള്‍ മനസ്സിലാക്കിയിരുന്നു. പ്രപഞ്ചം പോലെ അനന്തമായ ദൈവാനുഭവത്തെ ഒരു കവിയും ഇതുവരെ നിരാകരിച്ചിട്ടില്ല. ചരിത്രവും ദൈവവും മടങ്ങിവന്ന കാലത്ത് ഒരു പുരോഹിതന്‍ തന്റെ ഭാഷാദേശത്തിന്റെ സാഹിത്യഭൂമിയില്‍ സ്വയം അടയാളപ്പെടുത്താന്‍ ചിന്താലോകത്തെയും എഴുത്തുവഴികളെയും പ്രയോജനപ്പെടുത്തുന്നത് എങ്ങിനെ എന്നതാവും 'സഹിക്കുന്നവരുടെ സങ്കീര്‍ത്തന'ത്തിന്റെ വായനാശ്രമം.

ഒരു രചനയെ അതിന്റെ സാംസ്കാരികവും ചരിത്രപരവുമായ ഇടത്തില്‍ നിന്നും വിഘടിതമായി നിര്‍ത്തി വിശകലനം നടത്തുക എപ്പോഴുമല്ലെങ്കിലും ചിലപ്പോഴെങ്കിലും ശ്രമകരമായി തീരും. സി. വി. രാമന്‍ പിള്ളയുടെ എഴുത്തിന്റെ പരിസരങ്ങളിലാണ് പിന്നീട് സരസ്വതിയമ്മയും കഥകളെഴുതിയത്. പക്ഷെ ആസ്വാദനത്തിന്റെയും വിശകലനത്തിന്റെയും ചരിത്ര/സാമൂഹിക മുന്‍ധാരണകള്‍ അടയാളപ്പെടാത്തിടത്തോളം വ്യത്യസ്തമായ ഇവരുടെ വായനയുടെ നൈരന്തര്യം തടസ്സപ്പെട്ടെക്കാം. ബിഷപ്പ് പൌലോസ് മാര്‍ പൌലോസിനെയോ നെറ്റിയാടനെയോ പോലെ തിരഞ്ഞെടുത്ത പ്രേക്ഷിതജീവിതത്തില്‍ നിന്നും വിപ്ലവാത്മകമായ വിച്ചേദനങ്ങള്‍ നടത്തികൊണ്ടല്ല ഫാ. ആന്റണി എഴുതുക. വ്യക്തിജീവിതം കൊണ്ട് തീക്ഷ്ണമായ കലാപങ്ങള്‍ ഉണ്ടാക്കുന്നതാണോ, ദിനേനയെന്നോണം ജീവിതത്തിന്റെ അടരുകളെ അന്വേഷണാത്മകമായി പുതുക്കിപ്പണിത് കൊണ്ട് ഒരു അരുവിപോലെ ഒഴുകുന്നതാണോ വിപ്ലവം എന്ന ചോദ്യം അപ്പോഴും ബാക്കിയാവുക തന്നെ ചെയ്യും.

'സഹനവും' 'സങ്കീര്‍ത്തനവും' ക്രിസ്ത്യന്‍ ടെര്‍മിനോളജികളില്‍ പ്രധാനമാണ്. ഒരുപാട് അര്‍ത്ഥസാന്ദ്രതയുള്ള പദങ്ങളും. വേദനയെ ലയിപ്പിക്കാന്‍ പരിശ്രമിക്കുന്ന മാനസികാവസ്ഥയാണ് സഹനം എന്ന് പരുക്കനായി വ്യാഖാനിക്കാം. വേദനകളെ വേദനകളായി അനുഭവിക്കാതെ ഒരു അതീന്ദ്രിയാനുഭവമായി പരാവര്‍ത്തം ചെയ്യാനുള്ള ദൈവീകത കണ്ടെത്തുക എന്നതാവും അതെന്നാണ്‌ പ്രവാചകജീവിതങ്ങള്‍ നല്‍കുന്ന പാഠം. പഴയനിയമത്തിലെ സങ്കീര്‍ത്തനങ്ങള്‍ കവിതകളാണ്. പ്രാര്‍ഥനാനിര്‍ഭരമായ കവിതകള്‍. പ്രാര്‍ഥനാപൂര്‍വ്വം വേദനകളെ സഹനീയമാക്കി മാറ്റുന്ന ഇന്ദ്രജാലത്തിലേക്കുള്ള കവിതാ വാതായനങ്ങളായാണ് ഗ്രന്ഥകാരന്‍ തന്റെ കുറിപ്പുകളെ ആഗ്രഹിച്ചിരിക്കുന്നത് എന്ന് തെളിയിക്കും വിധത്തിലാണ് രചനയുടെ അന്ത:സത്തയും ഘടനയും.

രൂപപരമായ എഴുത്തിന്റെ ചട്ടകൂടുകളെ താന്‍ വെറുക്കുന്നു എന്ന് എഡ്വാദോ ഗലിയാനോ പറയുന്നത് പുസ്തകത്തില്‍ നമുക്ക് കാണാന്‍ പറ്റും. നാലപ്പാട് നാരായണമേനോനില്‍ തുടങ്ങി ടാഗോറില്‍ അവസാനിക്കുന്ന നിയതരൂപങ്ങളില്ലാത്ത ഒരുപാട് ചെറുകുറിപ്പുകളുടെ സങ്കലനമാണ് പുസ്തകം. ഭാഷയുടെയും രൂപത്തിന്റെയും സാഹസികമായ സഞ്ചാരമല്ലത്, ഒരു ആശയത്തിന്റെ അയത്നലളിതമായ ആവിഷ്ക്കാരമാണ്. ശീര്‍ഷകം സൂചിപ്പിക്കുന്നത് പോലെ ആശയം സഹനമാണ്. "സഹനം പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമല്ല. ജീവിക്കേണ്ട ഒരു രഹസ്യമാണ്. ഏറ്റവും വേദനാജനകമായ നിമിഷങ്ങള്‍ ജീവിതത്തിലെ ഏറ്റവും അമൂല്യനിമിഷങ്ങളാകാം. ക്രിസ്ത്യന്‍മൂല്യങ്ങളുടെ ബഹിര്‍സ്ഫുരണമായി മാത്രം ഇതിനെ കാണാന്‍ വയ്യ. മാനവീകമായ വലിയ വിതാനങ്ങള്‍ ഉള്ള ഒരു പ്രശ്ന മേഖലയാണിത്. വ്യക്തിജീവിതത്തിന്റെ, കുടുംബജീവിതത്തിന്റെ, സാമൂഹികജീവിതത്തിന്റെ ഒക്കെ തലങ്ങളില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ എങ്ങിനെ എന്ന അന്വേഷണമാണ് ഗ്രന്ഥകാരനെ പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ചിരിക്കുന്നതെന്ന് വ്യക്തമായും അനുമാനിക്കാം.

താന്‍ മലമുകളിലേക്ക് ചുമന്ന കുരിശു തന്നെയാണ് ഒടുവില്‍ ക്രിസ്തുവിനെ ചുമന്നതും. ജീവിതത്തെ മറ്റൊരു കണ്ണിലൂടെ നോക്കാന്‍, സഞ്ചാരത്തിന്റെ പതിവ് വഴികള്‍ വിട്ട് പുതിയൊരു വഴിയെക്കുറിച്ച് ആലോചിക്കാന്‍, ഫാ. ആന്റണിയുടെ ആശയം നമ്മളോട് ആവശ്യപ്പെടുന്നു. കുരിശുകളില്‍ നിന്നും രക്ഷനേടാന്‍ വേണ്ടിയാണ്, എല്ലാം പരിഹരിക്കപെട്ട ഒരു ലക് ഷ്യത്തില്‍ സന്തോഷത്തോടെ ചെന്നുനില്‍ക്കാന്‍ വേണ്ടിയാണ് നമ്മള്‍ ദൈനംദിന വ്യവഹാരങ്ങളിലൂടെ കിതച്ചുകൊണ്ട് ഓടുന്നത്. ഒരിക്കലും ഒരിടത്തും ചെന്നെത്താത്ത ഓട്ടത്തില്‍ ദിനേനയെന്നോണം വന്നുവീഴുന്ന ഭാരമുള്ള കുരിശുകള്‍ ചാരിനില്‍ക്കാനുള്ള സമ്മാനമാണെന്ന് മനസിലാക്കാനുള്ള ആര്‍ജവം സഹനത്തിലൂടെ നേടിയെടുക്കുന്നതിന്റെ ആഹ്ലാദത്തെ കുറിച്ചാണ് 'സങ്കീര്‍ത്തനം' പറയുന്നത്.

അതെളുപ്പമല്ല എന്ന് വെളിവാക്കാന്‍ ഗ്രന്ഥകാരന്‍ വ്യത്യസ്തങ്ങളായ ജീവിതമുഹൂര്‍ത്തങ്ങള്‍ ഉദാഹരിക്കുന്നുണ്ട്. 'വേദനിക്കുന്ന സ്നേഹമാണ് ത്യാഗം' എന്ന തന്റെ ദര്‍ശനം അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു. പതിവ് സ്നേഹങ്ങള്‍ നേടാന്‍ വേണ്ടിയുള്ളതാണ്. ഒരുപക്ഷെ നരവംശശാസ്ത്രപരമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള മനുഷ്യ സ്വാര്‍ത്ഥതയെ ഒഴിവാക്കികൊണ്ടുള്ള സ്നേഹാനുഭവങ്ങളിലൂടെയല്ല നമ്മള്‍ കടന്നുപോവുക. ഭാര്യ-ഭര്‍തൃ, പിതൃ-പുത്ര ബന്ധങ്ങള്‍ തുടങ്ങി എല്ലായിടത്തും നേടാന്‍വേണ്ടിയുള്ള സ്നേഹത്തിന്റെ അടിയൊഴുക്കുകളാണ് കാണുക. ഇതിനപ്പുറം ഒന്നും നേടാന്‍ ആഗ്രഹിക്കാത്ത, എല്ലാം നല്‍കാന്‍ മാത്രം മുതിരുന്ന സാത്വികമായ, ദൈവീകമായ ഒരു സ്നേഹത്തിന്റെ അസ്തിത്വത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദ്യം. "നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്ന പ്രമാണം പാലിക്കാന്‍ എന്നെ തന്നെ വെറുക്കരുത്. എന്നാല്‍ ഞാന്‍ എന്നും എന്നെ തന്നെ സ്നേഹിച്ചുകൊണ്ടിരുന്നാല്‍ സ്നേഹം ചലിക്കാതെ മലിനമാകും; മരണമാകും. സഹോദരരിലൂടെ ചാലുകീറുന്ന സ്നേഹം അമലമാകും; ജീവനാകും" ഒരുപാടിടങ്ങളില്‍ അര്‍ത്ഥപൂര്‍ണ്ണതയില്ലാതെ ഉപയോഗിച്ച് തേയ്മാനം വന്ന രണ്ട് ക്രിസ്തു വചനങ്ങളുടെ പുനരാഖ്യാനമാണ് ഫാ. ആന്റണി ലളിതമായി ഇവിടെ സാധിച്ചിരിക്കുന്നത്: "നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക", "നിനക്കുള്ളതെല്ലാം ഉപേക്ഷിച്ച് നിന്റെ കുരിശുമെടുത്ത് എന്നെ പിന്തുടരുക".

ഉപാധികളില്ലാത്ത സ്നേഹത്തിന്റെ സഹനം നല്‍കുന്ന ത്യാഗാര്‍പ്പിതമായ ജീവിതത്തിന്റെ പ്രത്യാശ സ്വപ്നസമാനമാണ്. അങ്ങിനെയൊരു ജീവിതം എല്ലാ അര്‍ത്ഥത്തിലും സാധ്യമാക്കുക ഏറെക്കൂറെ അസംഭവ്യവും. എങ്കിലും യുട്ടോപ്പിയന്‍ ആശയം നല്‍കുന്ന പ്രതീക്ഷ അളവില്ലാത്തതാണ്. പ്രശ്നപൂരിതമായ ജീവിതത്തിന്റെ വഴിയില്‍ സ്വപ്നം തേടിയുള്ള, നമ്മുടെ തന്നെ ഏറ്റവും അഗാധമായ ഉള്ളറകളിലേക്ക് നിരന്തരം യാത്ര ചെയ്തുകൊണ്ടിരിക്കാനുള്ള ഊര്‍ജ്ജം അത് നല്‍കുന്നു. നിരാശ്രയര്‍ക്കും രോഗികള്‍ക്കും ഏറ്റവും കൂടുതല്‍ സമ്മാനിക്കപ്പെട്ടിട്ടുള്ളതും, ഇപ്പോഴും മധുരനാരങ്ങ പോലെ വിറ്റുപൊയ്ക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പുസ്തകമാണ് പാവ്ലോ കൊയ് ലോയുടെ "ദി ആല്‍ക്കെമിസ്റ്റ്' എന്ന നോവല്‍. പ്രതീക്ഷയോടുകൂടിയുള്ള സഞ്ചാരമാണ് ഇതിന്റെ ഇതിവൃത്തം. സ്പെയിനിലെ ഒരു മലഞ്ചരുവില്‍ ഉപേക്ഷിക്കപ്പെട്ട, ഇടിഞ്ഞുവീഴാറായ ഒരു പള്ളിമുറ്റത്ത്‌ നിന്നും ആട്ടിടയനായ ഒരു നവയുവാവ് ഈജിപ്ത്തിലെ പിരമിഡിന്റെ കീഴില്‍ നിക്ഷേപിക്കപെട്ട നിധിതേടി യാത്രയാവുന്നു. അവന്‍ തനിക്കുള്ള ആട്ടിന്‍പറ്റത്തെയും, തന്റെ പ്രണയത്തെയും ഒക്കെ ഉപേക്ഷിച്ച്, മെഡിറ്ററെനിയനും സഹാറയും കടന്ന്, ഒരുപാടനുഭവങ്ങളിലൂടെ, ഒരുപാട് നഷ്ട്ടപ്പെടലുകളിലൂടെ, ഒരുപാട് ദുരന്തവേദനകളിലൂടെ മാസങ്ങളോളം യാത്രചെയ്ത് പിരമിഡിലെത്തി നിധിക്കായി കുഴിക്കുന്നു. അപ്പോഴാണ്‌ അവന് വെളിപ്പെടുന്നത് യഥാര്‍ത്ഥ നിധി താന്‍ യാത്രയാരംഭിച്ച ഉപേക്ഷിക്കപെട്ട പള്ളിയുടെ ഉള്ളിലാണെന്ന്. നിധി അന്വേഷിച്ച് നമ്മുടെ സ്വന്തം മജ്ജകളിലേക്ക് തിരിയേണ്ട ആവശ്യകതയാണ് പുസ്തകത്തിന്റെ സന്ദേശം. അതുപോലൊരു പ്രത്യാശയുടെ ദര്‍ശനമാണ് 'സഹിക്കുന്നവരുടെ സങ്കീര്‍ത്തനവും' നല്‍കുന്നത്.

Tuesday, November 18, 2014

ജിവിതപ്പാതയില്‍


പുസ്തകം : ‍ജിവിതപ്പാതയില്‍
രചയിതാവ്: എല്‍സി ജോണ്‍

പ്രസാധകര്‍ : ‍കൈരളി ബുക്‌സ്‌, കണ്ണുര്‍

അവലോകനം : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ല്ലാവിഭാഗങ്ങളിലുംപെട്ട സ്‌ത്രീകളുടെ താല്‍പര്യങ്ങളും പ്രശ്‌നങ്ങളും എങ്ങനെ ഏകോപിപ്പിക്കാം എന്ന ചിന്തായായിരുന്നു `മയൂരി'യിലെ ജീവിതപ്പാതയില്‍ എന്ന എല്‍സി ജോണിന്റെ പംക്തിയുടെ പ്രചോദനം. വിവിധ ജാതി -മത വിഭാഗങ്ങളില്‍പ്പെട്ടവരും ദേശപരമായും സാംസ്‌കാരികമായും വ്യത്യസ്‌ത ജീവിതം നയിക്കുന്നവരുമായ സ്‌ത്രീകളുടെ ജീവിതാനുഭവങ്ങളെ എങ്ങനെ ഒരു കുടക്കീഴില്‍ കൊണ്ടുവരാം എന്ന ചോദ്യം `ജീവിതപ്പാതയില്‍' അടിസ്ഥാനധാരയായിരുന്നു. ജീവിതപ്പാതയില്‍ പതിമൂന്ന്‌ സ്‌ത്രീകളെയാണ്‌ എല്‍സി ജോണ്‍ പരിചയപ്പെടുത്തുന്നത്‌. അയ്യക്കുട്ടി, വിമല, കുറുമ്പ, മേരി, അമ്മിണിയേട്ടത്തി, ഷീജ,പാറുക്കുട്ടി, രാധിക മുതല്‍ അമ്മിണി വരെ. ഇവരില്‍ ഓരോരുത്തരുടെയും ജീവിതം അടുത്തറിയുമ്പോള്‍ നമ്മുടെ മനസ്സ്‌ പൊള്ളും. കണ്ണുകള്‍ കലങ്ങും. ജീവിതത്തിന്റെ അതിരുകളില്‍ ഉള്ള സാധാരണക്കാരായ സ്‌ത്രീകള്‍.അതികഠിനമായ യാതനകളോടും പ്രതികൂല സാഹചര്യങ്ങളോടും പോരാടി ജീവിതായോധനത്തില്‍ ഇവര്‍ പുറംതിരിഞ്ഞ്‌ ഓടിയില്ല. മാരകമായ മുറിവുകളും ദുരിതങ്ങളും ഏറ്റുവാങ്ങി നിര്‍ഭയരായി മുന്നേറി. ഇങ്ങനെയുള്ള പെണ്‍കരുത്താണ്‌ ജീവിതപ്പാതയില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. അവതാരികയില്‍ എം.ടി.വാസുദേവന്‍ നായര്‍ എഴുതി:' അറിയപ്പെടാത്ത,പക്ഷേ നമ്മുടെ കാലവും സമൂഹവും അറിയേണ്ടതും ശ്രദ്ധാപൂര്‍വ്വം വായിക്കേണ്ടതുമായ ചില ജീവിതരേഖകള്‍'.ജീവിതത്തിന്റെ കത്തുന്ന ഏടുകള്‍ തന്നെയാണ്‌ ഈ പുസ്‌തകം പകരുന്നത്‌. (വില-85രൂപ)

Tuesday, November 11, 2014

ജനിതകഭക്ഷണം ആശങ്കകളും പ്രതീക്ഷകളും

പുസ്തകം : ജനികഭക്ഷണം ആശങ്കകളും പ്രതീക്ഷകളും
രചയിതാവ് : എന്‍.എസ്‌. അരുണ്‍കുമാര്‍

പ്രസാധകര്‍ : ഡിസി ബുക്‌സ്‌

അവലോകനം : ബിജു.സി.പി


ബിടി വഴുതനയെക്കുറിച്ചും ബിടി പരുത്തിയെക്കുറിച്ചും മൊണ്‍സാന്റോയെക്കുറിച്ചും അന്തക വിത്തുകളെ ക്കുറിച്ചുമൊക്കെയുള്ള വര്‍ത്തമാനങ്ങള്‍ നിത്യവും നമ്മെത്തേടിയെത്തുന്നുണ്ട്‌. എന്നാല്‍, എന്താണീ ബിടി? അതു കൊണ്ടെന്താണ്‌ കുഴപ്പം? എന്തിനാണ്‌ അവ കൃഷി ചെയ്യണം എന്നു പറയുന്നത്‌?.. ജനിതക ഭക്ഷണത്തെക്കുറിച്ചും മറ്റു ജനിതക വിളകളെക്കുറിച്ചും ജനിതക ശാസ്‌ത്രത്തെക്കുറിച്ചും ഈ മേഖലയില്‍ നടന്നിട്ടുള്ള പോരാട്ടങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ഒട്ടൊക്കെ വസ്‌തുതാപരമായ വിവരങ്ങള്‍ നല്‍കുന്ന മികച്ച പുസ്‌തകമാണ്‌ ജനിതക ഭക്ഷണം ആശങ്കകളും പ്രതീക്ഷകളും. (പേജ്‌ 138, വില 80 രൂപ). മലയാളത്തിലെ മികച്ച സയന്‍സ്‌ ജേണലിസ്റ്റുകളിലൊരാളായ എന്‍.എസ്‌.അരുണ്‍കുമാറാണ്‌ രചയിതാവ്‌.

ജനിതക മാറ്റത്തെക്കുറിച്ചുള്ള ശാസ്‌ത്രീയ വിവരങ്ങള്‍, ജനിതകശാസ്‌ത്രത്തിന്റെ ചരിത്രം തുടങ്ങിയ കാര്യങ്ങളാണ്‌ ആദ്യ അധ്യായത്തില്‍ വിവരിക്കുന്നത്‌. ജനിതകവിളകളുടെ കാര്‍ഷിക നേട്ടങ്ങളെക്കുറിച്ചുള്ള അധ്യായത്തിന്റെ തുടക്കത്തില്‍ തന്നെ പറയുന്നു. കളകളില്‍ നിന്നു രക്ഷ നേടാനാവുമെന്നതും മികച്ച വിള ലഭിക്കുമെന്നതുമാണ്‌. ബാസിലസ്‌ തുറന്‍ജിയോസിസ്‌ എന്ന ബാക്ടീരിയത്തില്‍ നിന്നുളള ഡിഎന്‍എ സസ്യങ്ങളില്‍ തുന്നിച്ചേര്‍ത്താണ്‌ ബിടി വിളകള്‍ ഉണ്ടാക്കുന്നത്‌. ഇങ്ങനെ ഡിഎന്‍എ കൂട്ടിച്ചേര്‍ക്കല്‍ നടത്തുന്നതു കൊണ്ട്‌ ഉണ്ടാകാവുന്ന ആരോഗ്യ പരവും ജനിതകവുമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഭയമാണ്‌ ബിടി വിളകള്‍ക്കെതിരായ എതിര്‍പ്പുകളുടെ മുഖ്യ കാരണം.

ജനിതക വിളകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തികച്ചും ശാസ്‌ത്രീയ വസ്‌തുതകളാണെന്നും ശാസ്‌ത്രജ്ഞരാണ്‌ അതിനെക്കുറിച്ച്‌ അഭിപ്രായം പറയേണ്ടത്‌ എന്നുമുള്ള വാദം ശക്തമാണ്‌. എന്നാല്‍, ആര്‌ എന്താവശ്യത്തിനാണോ പരീക്ഷണം നടത്തുന്നത്‌, അവരുടെ ലക്ഷ്യത്തിനിണങ്ങും വിധമുള്ള ഫലമാണ്‌ മിക്കപ്പോഴും കിട്ടുക. ബിടി വിളകള്‍ക്കു വേണ്ടി വാദിക്കുന്ന മൊണ്‍സാന്റോ, ബയെര്‍, അഡ്വന്റ, കര്‍ഗില്‍, ഡ്യുപോണ്ട്‌ തുടങ്ങിയ പല കമ്പനികളും പൊതുസമൂഹത്തെ വഞ്ചിക്കുകയും ലാഭത്തിനു വേണ്ടി മനുഷ്യത്വ രഹിതമായ നിലപാടുകളെടുക്കുകയും ചെയ്‌തിട്ടുള്ള ചരിത്രങ്ങള്‍ പുസ്‌തകത്തില്‍ അവിടവിടെയായി പറയുന്നുണ്ട്‌. ആദ്യമായി വിപണിയിലെത്തിയ ജനിതക ഭക്ഷ്യ ഇനമായ ഫ്‌ളേവര്‍ സെവര്‍ എന്ന ബിടി തക്കാളിയുടെ ദുരവസ്ഥ പുസ്‌തകത്തില്‍ വിവരിക്കുന്നു. മഹാരാഷ്ട്രയിലെ ചിലയിടങ്ങളില്‍ ബിടി പരുത്തി കൃഷി ചെയ്‌തപ്പോള്‍ കര്‍ഷകര്‍ കടക്കെണിയിലായി ആത്മഹത്യയിലേക്കു പതിച്ചത്‌ വിളനാശം കൊണ്ടായിരുന്നില്ല, കമ്പനികളുടെ കൊള്ളയടികള്‍ക്ക്‌ ഇരയാകേണ്ടി വന്നതു കൊണ്ടായിരുന്നു.

അന്തകവിത്തുകള്‍ എന്താണെന്നും എന്തിനാണെന്നും പുസ്‌തകത്തില്‍ ലളിതമായി വിവരിക്കുന്നുണ്ട്‌. ജനിതക ഗവേഷണത്തിലൂടെ ഭക്ഷണം തന്നെ മരുന്നായി മാറുന്ന പുതിയ കാലമാണ്‌ വരാനിരിക്കുന്നത്‌ എന്ന്‌ പുസ്‌തകം സമര്‍ഥിക്കുന്നു. വിശദമായ സാങ്കേതിക പദാവലി, ഈ രംഗത്തെ ഗവേഷണ സ്ഥാപനങ്ങളെക്കുറിച്ചും കമ്പനികളെക്കുറിച്ചുമുള്ള വിവരങ്ങള്‍, ചുരുക്കെഴുത്തുകളുടെ വിപുലനം, ഗ്രന്ഥസൂചി, പദസൂചി എന്നിങ്ങെ മികച്ച ഒരു അക്കാദമിക ഗ്രന്ഥത്തിനാവശ്യമായ അനുബന്ധ വിവരങ്ങളും പുസ്‌തകത്തിലുണ്ട്‌. മലയാളത്തില്‍ പതിവില്ലാത്തതാണ്‌ ഈ ശാസ്‌ത്രീയ രീതികള്‍. ജനിതക ഭക്ഷണത്തെക്കുറിച്ചും കൃഷിരൂതികളെക്കുറിച്ചുമൊക്കെയുള്ള അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാനും ഈ രംഗത്തെ സംഭവവികാസങ്ങളെക്കുറിച്ച്‌ മികച്ച ധാരണയുണ്ടാക്കാനും സഹായിക്കുന്നതാണ്‌ പുസ്‌തകം. ജനിതകവിളകളെക്കുറിച്ചുള്ള ഭീതിയും സംശയങ്ങളും ഇല്ലാതാക്കി അതിനു വേണ്ടി നില്‍ക്കുകയാണ്‌ പുസ്‌തകം എന്ന്‌ ആമുഖക്കുറിപ്പില്‍ നിന്നു വ്യക്തമാണെങ്കിലും അതിനെതിരായ ശക്തമായ വാദമുഖങ്ങളും പുസ്‌തകത്തില്‍ വേണ്ടത്രയുണ്ട്‌.