Showing posts with label രണ്‍ജിത് ചെമ്മാട്. Show all posts
Showing posts with label രണ്‍ജിത് ചെമ്മാട്. Show all posts

Sunday, July 22, 2012

വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും

പുസ്തകം : വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും
രചയിതാവ് : ജയ്‌നി
പ്രസാധകര്‍ : പായല്‍ ബുക്സ്
അവലോകനം : രണ്‍ജിത് ചെമ്മാട്




'ഡിജിറ്റലൈസ്‌ യുവര്‍ ഡ്രീംസ്‌ ' എന്ന ആപ്‌തവാക്യത്തിന്റെ അനുരണനങ്ങളിലൂടെ പുതിയ കാലത്തിലേയ്‌ക്ക്‌ തുഴഞ്ഞുകൊണ്ടിരിക്കുന്ന അനേകായിരം നാവികരുള്ള ഒരു കപ്പല്‍ചാലിലൂടെയാണ്‌ നാം സഞ്ചരിക്കുന്നത്‌!

ഒറ്റ വിരല്‍ വണ്ണത്തില്‍ ഒരായിരം വികാരങ്ങളെ പ്രകാശതരംഗങ്ങളാക്കി, കൃത്യമായ അനുപാതത്തിലൂടെ അതാത്‌ തുറമുഖങ്ങളിലേക്കെത്തിക്കുന്ന അതിനൂതന ഓപ്‌റ്റിക്കല്‍ ഫൈബര്‍ സംവേദനരീതിയുടെ രസതന്ത്രങ്ങള്‍ മെനയുന്ന പുതുനാവികരുടെ കടല്‍ച്ചാലുകളിലൂടെയാണ്‌ ഇന്നിന്റെയും, വരാന്‍ പോകുന്ന നാളെയുടെയും ഭാവി നാവിഗേറ്റ്‌ ചെയ്യപ്പെടുന്നത്‌.
നിയതമായ പ്രോഗ്രാമുകള്‍ ഫീഡ്‌ ചെയ്യപ്പെട്ട്‌ യാന്ത്രികമായ്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പുതുകാലത്തിന്റെ വക്താക്കള്‍ ഏത്‌ ദുര്‍ബുദ്ധിയിലാണ്‌ പ്രാക്തനാപാരമ്പര്യത്തിന്റെ കാവ്യശീലുകളെ താലോലിക്കാന്‍ മുതിരുന്നത്‌?

തികച്ചും ന്യായമായ ചോദ്യം!
ഉത്തരമില്ല!!
കാവ്യാനുരണനങ്ങള്‍ക്കും ശീലുകള്‍ക്കും ഛന്ദസ്സുകള്‍ക്കും യാതൊരു കാവ്യതീവ്രതയ്‌ക്കും അധിനിവേശിക്കാന്‍ കഴിയാത്ത ഉറപ്പുള്ള കോട്ടകൊത്തളങ്ങള്‍ക്കുള്ളില്‍ സുരക്ഷിതരാണ്‌ ഇന്നിന്റെ യൗവ്വനം. ഷോര്‍ട്ട്‌ മെസ്സേജിംഗ്‌ സര്‍വ്വീസ്‌ ബോട്ടുകളും, അരനിമിഷത്തിന്റെ ചിരിയനക്കങ്ങളൊരുക്കുന്ന ഫോര്‍വേര്‍ഡഡ്‌ ജോക്കുകളും, വിര്‍ച്ച്വല്‍ ലഹരിയിലൂടെ രതി പകരുന്ന മള്‍ട്ടിമീഡിയ സര്‍വീസുകളും, ജീവനില്ലാത്ത, മണമില്ലാത്ത, രസമുകുളങ്ങളില്ലാത്ത ചാറ്റ്‌ ദാമ്പത്യവും ചേര്‍ന്ന്‌ വിര്‍ച്ച്വല്‍ സമ്പൂര്‍ണ്ണത കൈവരിച്ച പ്രതിനിധികളില്‍ നിന്ന്‌, നിരതെറ്റിയോടുന്ന ചില അനക്കങ്ങള്‍ കാണാം.

നിയതമായ വഴികളിലൂടെ നിരനിരയായി സഞ്ചരിക്കുന്നതൊന്നും കാഴ്‌ചയില്‍ ചലനങ്ങളുണ്ടാക്കില്ല, അചേതനമായ മറ്റെന്തും ഉണ്ടാക്കുന്ന കാഴ്‌ചയുടെ, കേള്‍വിയുടെ, അരസികത മാത്രമേ മറ്റെന്തിനെയും പോലെ ഈ പിന്തുടര്‍ച്ചയും പകര്‍ന്നു തരൂ. അവിടെയാണ്‌ കൂട്ടം തെറ്റല്‍ പകര്‍ന്നു തരുന്ന വേറിട്ട അമൂര്‍ത്തസൗന്ദര്യം നമുക്ക്‌ നുകരാന്‍ കഴിയുക. കാഴ്‌ച്ചയിലും കേള്‍വിയിലും രസത്തിലും സ്വത്വത്തിലേയ്‌ക്കും വരെ പകര്‍ന്നു നല്‍കുന്ന വ്യതിചലനങ്ങള്‍ നല്‍കുന്ന ഊര്‍ജ്ജം ശീലുകള്‍ക്കും താളത്തിനും ബിംബത്തിനും ലയത്തിനും ഗ്രാഹ്യത്തിനുമപ്പുറത്തേയ്‌ക്ക്‌ കവിതയെന്ന വികാരത്തിലേയ്‌ക്ക്‌ ഉരുകിച്ചേരുന്നു.

'വെയില്‍ കനക്കുമ്പോഴങ്ങനെയാണ്‌/
മിനുത്തമുഖവും കരുവാളിക്കും/
പൊഴിഞ്ഞ മഴയുടെ അവസാന തുള്ളിയും/
കുടിച്ചിട്ടും വരണ്ടു പോയ വെയില്‍/
സന്ധ്യയെ വിഴുങ്ങി/
രാവെത്തുമ്പോഴും/
തിളച്ച ചൂടിനെ ബാക്കിയാക്കി/
വെയിലൊരു വേള മാറി നില്‍ക്കും/
നാളെയുടെ പുലരിത്തുടിപ്പുകളെ/
കുടിച്ചുവറ്റിക്കാനിരുളില്‍ /
ഒളിച്ചിരുപ്പാണ്‌ വെയില്‍/'

'വെയില്‍' എന്ന കവിതയിലൂടെ ജയ്‌നി തുടങ്ങിവയ്‌ക്കുന്നതിങ്ങനെയാണ്‌. പൊഴിഞ്ഞ മഴയുടെ അവസാന തുള്ളിയും കുടിച്ചിട്ടും വരണ്ടു പോയ വെയില്‍. ചുട്ടുപഴുത്ത ഇന്ദ്രിയങ്ങളിലേയ്‌ക്ക്‌ നനവാര്‍ന്ന ഒരു സ്വപ്‌നമെങ്കിലും പകരാന്‍ കൊതിക്കുന്ന, സമ്പൂര്‍ണ്ണമായ അധിനിവേശിക്കപ്പെട്ട ഒരു ജനതയുടെ പ്രതീകമാണ്‌. ഒരു മഴത്തുള്ളിയെ സ്വപ്‌നം കണ്ട്‌, ജൈവികമായ ഒരു നീര്‍ത്തടത്തിലെ ആവാസവ്യവസ്ഥയിലേയ്‌ക്ക്‌ ലയിക്കാന്‍ കൊതിക്കുന്ന ഉര്‍വ്വരമായ യുവമനസ്സിന്റെ തേങ്ങലുകളെല്ലാം വളരെ അലസവും അരസികവുമെന്നു തോന്നിക്കുന്ന വരികളിലൂടെ അടുക്കിവെയ്‌ക്കുന്നുണ്ട്‌ കവി.
അമൂര്‍ത്തമായ കോറിയിടലുകളിലൂടെ അലസമായ നിറച്ചാര്‍ത്തുകളിലൂടെ അചേതനമെന്ന്‌ തോന്നിക്കുന്ന ബിംബങ്ങളിലൂടെ പുതിയ കാലത്തിന്റെ കാവ്യചേരുവ രൂപം കൊള്ളുന്നു.
വൃത്തവും ഈണവുമില്ലാത്ത പുതുകവിത നമ്മെ അലോസരപ്പെടുത്തുന്നത്‌, ആന്തരികമായി സംവേദിക്കുന്ന നമ്മുടെ നേരനുഭവങ്ങളിലേക്ക്‌ ലയിക്കപ്പെടുമ്പോഴാണ്‌, ഓരോ വരികളിലും തിരിച്ചും മറിച്ചും രൂപകല്‍പ്പന ചെയ്‌ത മുള്‍മുനകള്‍ കൈതയോലപോലെ നമ്മെ മുറിവേല്‍പ്പിക്കുന്നു. വാര്‍ന്നൊഴുകുന്ന രക്തനനവുകളില്‍ പതുക്കെ തണുത്ത്‌ നാം നമ്മോട്‌ തന്നെ സമരസപ്പെടുകയും വീണ്ടും കലഹിക്കുകയും ചെയ്യുന്നു. ഓരോ വായനയുടെയും രസതാളങ്ങളില്‍ ഉരുക്കഴിക്കുകയും വീണ്ടും മുറുക്കുകയും ചുറ്റിവരിയുകയുംചെയ്യുന്ന വരികളിലൂടെ ഉറയൊഴിക്കാനായ സര്‍പ്പത്തെപ്പോലെ നാം അലോസരപ്പെടുന്നു. പുതുകവിത ശീലുകളില്ലാത്ത മൂര്‍ച്ചയിലൂടെ അനുഭവഭേദ്യമാകുന്നു.
ഒറ്റമൂലികളും ചേരുവകളും സമം ചേര്‍ത്ത്‌ ആസ്വാദ്യതയുടെയും സ്വീകാര്യതയുടെയും നെയ്‌മധുരക്കൂട്ടുകളും മേമ്പൊടി ചേര്‍ത്ത്‌, വായനാ രോഗിക്കു വേണ്ടി പാകപ്പെടുത്തിയെടുക്കുന്ന രചനാ സങ്കല്‌പ്പമല്ല, ജയ്‌നിയുടെ വരികളില്‍ കാണുന്നത്‌.

അതില്‍നിന്നൊക്കെ വഴുതിമാറി, സ്വീകാര്യതയെന്ന അത്യന്തം അപകടകാരിയായ, പുതുവിതയുടെ കീടാണുവിനെ നിഷ്‌കരുണം ചവിട്ടിയരച്ച്‌, കൂസലെന്യേ എഴുതിത്തെറിപ്പിക്കുന്ന മൂര്‍ച്ചയേറിയ വാക്കുകളുടെ കൂര്‍ത്തതും പിളര്‍ന്നതുമായ തുണ്ടുകളെ അമൂര്‍ത്തമായി അടുക്കി വച്ചുകൊണ്ടാണ്‌ ഇവിടെ കവി കവിതയെന്ന നിര്‍മ്മിതികള്‍ അടുക്കിപ്പെറുക്കി ഉറപ്പിക്കുന്നത്‌. ഒറ്റവായനയില്‍ അത്യാകര്‍ഷകമായതൊന്നും സംഭവിക്കുന്നില്ലെങ്കിലും തുടര്‍വായനയിലേയ്‌ക്ക്‌ അലസമായി ക്ഷണിക്കുകയും പിന്നീട്‌ ക്ഷണിക്കാതെ തന്നെ അബോധത്തിലൂടെ അവിടേയ്‌ക്ക്‌ ചേക്കേറാന്‍ തുനിയുകയും ചെയ്യുന്ന കാക്കക്കൂടുകള്‍ പോലെ തലങ്ങും വിലങ്ങും നീണ്ടും കൂര്‍ത്തും മുള്ളു കൊണ്ടും ചിലമ്പിയാര്‍ത്തും തലയ്‌ക്ക്‌ ചുറ്റും മൂളലോടെ പറന്നുകൊണ്ടിരിക്കുന്ന ഒരു ജൈവ ആക്രമണമായി കവിത വായനക്കാരനിലേയ്‌ക്ക്‌ ആവേശിക്കുന്നു.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഡെസ്‌ക്‌ ടോപ്പ്‌ പബ്‌ളിഷിങ്ങില്‍ വിദഗ്‌ധയായ കവി, ജോലിസംബന്ധമായ സാങ്കേതികവിവരണങ്ങളെയും ഇ-ലോകത്തിന്റെ നേര്‍ക്കാഴ്‌ചകളെയും ചൂഷണങ്ങളെയും സാദ്ധ്യതകളെയും വരെ വിവിധ ബിംബങ്ങളിലൂടെ കവിതയിലേയ്‌ക്ക്‌ സന്നിവേശിപ്പിച്ചിട്ടുണ്ട്‌. സൈബര്‍ കാലത്തിന്റെ പ്രതിനിധികളായ ഏതൊരു പുതുകവിയെയും പോലെ ഇത്തരം വിഷയം കൈകാര്യം ചെയ്യുമ്പോഴും വ്യത്യസ്‌തവും ലളിതവുമായ ഘടനാവിശേഷം ജന്മസിദ്ധമായ കൈയ്യടക്കത്തില്‍ ഭദ്രമാകുന്നുണ്ട്‌.

മഞ്ഞയാണിന്നു ഞാനെങ്കിലോ നീ നീല/
നമ്മളീ ഭൂമിയെ പച്ചയാക്കും /
നീ മുകില്‍, ഞാനതില്‍ നിന്നൊഴുകിടു/
മുര്‍വരത നല്‍കിടും കാലവര്‍ഷം /
നീ തൂലിക, ഞാനതില്‍ നിന്നിറ്റു വീഴു /
മറിവിന്റെയക്ഷരത്തുള്ളി /
ഞാനിറുങ്ങനെ പൂത്തിടും കര്‍ണ്ണികാരം /
നീയതിലുണര്‍ന്നിടും വിഷുപ്പുലരി /
നീ ഹരന്‍, ഞാന്‍ നിന്നര്‍ദ്ധമേനിയ്‌ക്കധിപ /
നിന്നിഷ്‌ടവധുവാം ഹിമശൈലപുത്രി

'മറുപാതി` എന്ന കവിതയിലൂടെ വ്യത്യസ്‌തവും അടുക്കും ചിട്ടയോടെയുമുള്ളതുമായ ബിംബങ്ങള്‍ മനോഹരമായി ഇണക്കിച്ചേര്‍ത്തിട്ടുണ്ട്‌ കവി.

മണ്ണാങ്കട്ടയയും കരിയിലയുമെല്ലാം നമ്മള്‍ കഥ കേട്ടുതുടങ്ങിയ നാള്‍ മുതലുള്ള അനാദിബിംബങ്ങളാണ്‌. എന്നാല്‍ പുതു നിര്‍മ്മിതിയുടെ രസതന്ത്രങ്ങള്‍ പുതിയ കാലത്തിന്റെ രസവേഗങ്ങളെ ആവോളം പുതുക്കി നിമിഷങ്ങള്‍ മാത്രം ആയുസ്സുള്ള പുതുബിംബങ്ങളെ പ്രതിഷ്‌ഠിക്കുമ്പോള്‍ പല സൃഷ്ടികളും അരോചകവും അപ്രാപ്യവും ആകുന്നു. ബന്ധുദേശവാസികള്‍ക്ക്‌ മാത്രം പ്രാപ്യമായ പുതിയ രസക്കൂട്ടുകളിലേയ്‌ക്ക്‌ പുതു നിര്‍മ്മിതികള്‍ കൂടു മാറുമ്പോള്‍ അപ്രാപ്യരായ മറുദേശക്കാര്‍ക്ക്‌ നിര്‍മ്മിതിയുടെയും നിര്‍മ്മാണത്തിനാവശ്യമായ ഇമേജുകളുടെയും മുന്നില്‍ വാ പൊളിച്ച്‌ നില്‍ക്കേണ്ട ദുരന്തം പുതുകവിതയുടെ പല രചനകളിലും കാണാം കഴിയും, അത്രമേല്‍ പരിചിതമല്ലാത്ത ദേശ വൈശിഷ്ട്യങ്ങളെ സമ്പര്‍ക്കമില്ലാത്ത ഭൂമികയിലേയ്‌ക്കു കൂടി പരിചയപ്പെടുത്തുക എന്നൊരു ദീര്‍ഘവീക്ഷണം അത്തരം രചനാ ശൈലികളില്‍ പ്രതിഫലിക്കുന്നു എന്നൊരു മറുവാദവുമുണ്ട്‌, എന്നാല്‍ ഇത്തരം ന്യായാന്യായങ്ങള്‍ക്കിടയിലാണ്‌ മണ്ണാങ്കട്ടയുടെയും കരിയിലയുടെയും ദഹനലാളിത്യം നമുക്ക്‌ അനുഭവഭേദ്യമാകുന്നത്‌.

തകര്‍ത്തു പെയ്യുന്ന പേമാരിയില്‍/
നിനക്കായ്‌ ഞാന്‍ ഓലക്കുടയാകാം/
എന്റെ കാര്‍കൂന്തലിന്നിരുട്ടില്‍/
നിന്നെ ഞാന്‍ ഒളിപ്പിച്ചു വെയ്‌ക്കാം/
പ്രിയ സ്‌നേഹിതാ നമുക്കൊന്നായ്‌ നടക്കാം/
കൊടുങ്കാറ്റിലെന്‍ കാലിടറുമ്പോള്‍/
എനിക്കു മുകളിലൊരു ഭാരമായമരുക/
`വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും' എന്ന കവിതയിലൂടെ അതിലളിതമായി പ്രണയതീവ്രത വരച്ചുവെച്ച്‌ ജയ്‌നി ഇത്തരം ബിംബങ്ങളെ പുനരവതരിപ്പിക്കുന്നു.
മഴയിലലിഞ്ഞും കാറ്റില്‍ പറന്നും/
ഒരു കഥയായ്‌ മായുവോളം/
പ്രിയ സ്‌നേഹിതാ നമുക്കൊന്നായ്‌ നടക്കാം

എന്ന്‌ അവസാനിക്കുമ്പോള്‍ പഴം കഥയുടെ മിത്തുകളില്‍ നിന്ന്‌ പുതുജീവിതം വരച്ചിടുകയും, ഒരു നുരയുന്ന ബിയര്‍ബോട്ടിലിന്റെ ആയുസ്സുള്ള പ്രണയത്തെ ഒരു കഥയായ്‌ മാറുന്നതുവരെയുള്ള സമയത്തിലേയ്‌ക്ക്‌ സന്നിവേശിപ്പിക്കുകയും ചെയ്യുന്നു. കഥയില്‍ നിന്നു തുടങ്ങി ക്ഷണികമായ ജീവിതത്തിന്റെ ഒറ്റ ക്യാന്‍വാസില്‍ ഒരു പോസ്റ്റ്‌ മോഡേണ്‍ ചിത്രം പോലെ മഴയും കാറ്റും പ്രളയവും സന്നിവേശിപ്പിച്ച്‌, വിസ്‌മയിപ്പിച്ച്‌, വീണ്ടും കഥയിലേയ്‌ക്ക്‌ തന്നെ ബിംബങ്ങളെ തിരികെ പറഞ്ഞയയ്‌ക്കുകയും ചെയ്യുന്ന, തികച്ചും ലളിതവും വിസ്‌മയാവഹവുമായ ഘടനാ വൈഭവം വെച്ചു പുലര്‍ത്തുന്നുണ്ട്‌ കവയത്രി ഇവിടെ.

മലയാളം കവിതാ ബ്‌ളോഗിലും ഓണ്‍ലൈന്‍ ഇടങ്ങളിലും ശ്രദ്ധേയമായ സാന്നിദ്ധ്യമായ ജയ്‌നിയുടെ പ്രണയവും വിരഹവും മഴയും കടലും സൈബര്‍ വിഷയങ്ങളും എല്ലാം വിഷയമാകുന്ന കവിതകള്‍ ഈ സമാഹാരത്തിലുണ്ട്‌. അമിത പ്രതീക്ഷയില്ലാത്ത വായനയുടെ ലളിതവും വശ്യവുമായ തലങ്ങളിലേയ്‌ക്ക്‌ കൂട്ടുകൊണ്ടുപോകുകയും കവിതയുടെ ലഹരിയിലേയ്‌ക്ക്‌ ലളിതമായി നുഴഞ്ഞിറങ്ങാന്‍ തുനിയുന്ന ഒരു സാധാരണ കാവ്യാനുയാത്രികനെ തൃപതിപ്പെടുത്തുകയും ചെയ്യുന്ന എല്ലാ ചേരുവകളും കലര്‍പ്പില്ലാതെ ഈ സമാഹാരത്തില്‍ ചേര്‍ന്നിട്ടുണ്ട്‌ എന്ന്‌ നിസ്സംശയം പറയാം...

മിന്നിമറിയുന്ന മയില്‍പ്പീലിത്തുണ്ടുകളിലല്ല/
നിന്റെ കണ്ണുകള്‍ ഞാനാദ്യം കണ്ടത്‌/
കൈക്കുടന്നയില്‍ നിറയുന്ന മഞ്ചാടിക്കുരുവിന്റെ/
വര്‍ണ്ണശബളിമയിലല്ല നിന്‍ കവിള്‍തുടിപ്പറിഞ്ഞത്‌/
പാതി ഞാനും പാതിനീയുമെന്നോതുന്ന/
കുന്നിക്കുരുമണികളിലല്ല നിന്നെയറിഞ്ഞത്‌/
തെരുവീഥികളിലേകനായ്‌ തീവെയിലേറ്റു
പൊള്ളിത്തിണര്‍ത്ത കവിള്‍ത്തടങ്ങളില്‍ നിന്നെയറിഞ്ഞു...

'അവസാനം' എന്ന കവിതയില്‍ കവി വിശേഷിപ്പിക്കുന്ന പോലെത്തന്നെയാണ്‌ നമ്മള്‍ ജയ്‌നിയുടെ കവിതകളും അറിഞ്ഞുകൊണ്ടിരിക്കുന്നത്‌.


"ജയ്‌നിയുടെ കവിതകള്‍; പ്രാക്തനാപാരമ്പര്യത്തിന്റെ ഡിജിറ്റല്‍ രൂപകങ്ങള്‍" എന്ന പേരില്‍ പുസ്തകത്തിന് എഴുതിയ അവതാരികയില്‍ നിന്നും.

Thursday, May 12, 2011

കാ വാ രേഖ?

പുസ്തകം : കാ വാ രേഖ?
രചയിതാവ് : ഒരു കൂട്ടം ബ്ലോഗേര്‍സ്

പ്രസാധനം : കൃതി പബ്ലിക്കേഷന്‍സ്
അവലോകനം : രണ്‍ജിത് ചെമ്മാട്




"ലയെന്നുകേട്ടാലിന്നു / കലിയിളകും എങ്കിലും, / കവിതയ്ക്കൊരു പ്രണയം / കരുതിയിട്ടുണ്ട് ഞാനും / കണ്ടാൽകൊടുക്കണം"

കൃതി പബ്ളിക്കേഷന്റെ 'കാവാരേഖ?' എന്ന കവിതാസമാഹാരത്തിലെ എൻ.എം.സുജീഷിന്റെ, 'കലാസ്നേഹി'യിലെ കലയും കവിതയും രൂപവ്യതിയാനങ്ങളിലൂടെ എന്റെ മുന്നിൽ കിടക്കുന്നു....
'കല' യെയും 'കവിത'യെയും സ്നേഹിച്ചിരുന്ന ആദികാലത്തിന്റെ ചൊരുക്കുകളെക്കുറിച്ചുള്ള പതമ്പറച്ചിനിടയിൽ, വെറ്റിലച്ചോപ്പിന്റെ നീരിലൂടെ മുത്തശ്ശി പഴമ്പാട്ടുകൾ പാടാറുണ്ട്... ഞാറ്റുപെണ്ണുങ്ങളെ തോല്പ്പിക്കുന്ന കൊയ്ത്തുപാട്ടുകൾ പാടാറുണ്ട്...... കൊയ്ത്തു പാടം താണ്ടി പുള്ളോംകുടവും ചുമന്ന് കോലായിലിരുന്നു ദാഹമകറ്റി താളത്തിൽ പാടുന്ന പുള്ളോം പാട്ടിന്റെ മൺകലമുഴക്കത്തിനൊപ്പം ചുണ്ടിളക്കാറുണ്ടായിരുന്നു ഒരു ആദിമവർഗ്ഗം!!!! ഇന്ന്, ഈ കാലത്തും, ഞാൻ കവിതയെ സ്നേഹിച്ചു....!

പ്രീഡിഗ്രി കഴിഞ്ഞപ്പോൾ അവൾ ഡിഗ്രിയ്ക്ക് മറ്റൊരു കോളേജിൽ ചേർന്നു... ഞാനും, എനിക്കു വേറെ സെറ്റപ്പ്... അവൾക്ക് വേറെയും... കലയെ സ്നേഹിച്ച സുജീഷിന്റെ സുഹൃത്ത് ഒരു നാൾ അവളെ സ്നേഹക്കൂടുതൽ കൊണ്ടാകണം.. പീഡിപ്പിച്ചു കൊന്നുവത്രേ...

"കാലനെടുത്തത്രേ കലയെ/
കൊലക്കയറവനെയും/"

സ്നേഹിക്കാനും ആവർത്തിച്ച് ഭോഗിക്കാനും ശ്വാസം മുട്ടിച്ച് സ്നേഹക്കൂടുതൽ കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലാനും... ഒടുവിൽ കൊലക്കയറിലേയ്ക്ക് നടക്കാനും.. നമ്മുടെ യുവത പ്രാപ്തമായി...
പണം കിട്ടുന്ന ഒരു പാടു ജോലികൾ ചെയ്യാൻ കഴിയുന്നു, പുതിയ കാലത്തിലെ യാന്ത്രിക യൗവനങ്ങൾക്ക്... അതിർത്തി വഴി നുഴഞ്ഞുകയറാം... മനുഷ്യക്കടത്തിന്റെ ഇടനിലക്കാരനായി കോടികൾ സമ്പാദിക്കാം... നാലാളു കൂടുന്നിടത്ത് ബോംബ് പൊട്ടിച്ച് വിദേശ പണം പറ്റാം....
ആയിരം രൂപ കൊടുത്ത് രണ്ടായിരം രൂപയുടെ കള്ള നോട്ട് വാങ്ങി ചിലവാക്കാം.. മണലു വാരി ലോഡ് ചെയ്യാം... മണ്ണിടിയ്ക്കാം... നികത്താം... റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്യാം... എന്തിനു സ്വന്തമായി സ്മാർട്ട് സിറ്റി വരെ തുടങ്ങാം.... ഓരോ രാത്രിയിലും ജോലികഴിഞ്ഞാൽ കലയുടെയും കവിതയുടെയും കൂടെക്കിടന്ന് രാവിലെ സംതിങ്ങ് കൊടുത്ത് പറഞ്ഞു വിടാം... ഇടത്താവളങ്ങളിൽ വച്ച് ഭാവനയെ ആവാഹിക്കാം.... ഇതൊന്നുമല്ലെങ്കിൽ മറ്റു പല വഴികളുമുണ്ട്... സ്വന്തമായി മൊബൈൽ ഫോണിലൂടെ നീലച്ചിത്രങ്ങൾ നിർമ്മിക്കാം... വീഡിയോ ക്ളിപ്പിംഗുകൾ അപ്‌ലോഡ് ചെയ്യാം.. വിതരണം ചെയ്യാം....
വില പേശാം....

പണവും ആസ്വാദനവും ലഹരിയും കിട്ടുന്ന പുതുയുഗത്തിന്റെ ലഹരിപർവ്വങ്ങൾക്കിടയിൽ ഇപ്പോഴും ഒരു വിഭാഗം അക്ഷരങ്ങളിലൂടെയും വായനയിലൂടെയും സൗഹൃദത്തിലൂടെയും കൂട്ടായ്മയിലൂടെയും ദൈവദൂതന്മാരാകുന്നു... അവർ സ്വന്തമായി കൂട്ടായ്മകളുണ്ടാക്കുന്നു.. ഒത്തു ചേരുന്നു..

നേരിൽ ചേരാൻ കഴിയാത്തവർ സൈബർ കവലകൾ നിർമ്മിക്കുന്നു, അവിടെ ചർച്ചകൾ വരുന്നു സ്നേഹം വളരുന്നു...... തിരുത്തലുകൾ വരുന്നു…. ആത്മബന്ധം വളരുന്നു...

പുതിയകാലത്തിന്റെ ഭോഗാസക്തമായ നാൽക്കവലകളെ, എസ് കലേഷ് തന്റെ 'പണ്ടോരു പെണ്ണുകുട്ടി' എന്ന് കവിതയിലൂടെ വരച്ചു വെയ്ക്കുന്നുണ്ട്... അതിപ്രകാരമാണ്‌...

"പണ്ടൊരു പെണ്ണുകുട്ടി
സ്കൂൾ നാട്കത്തിൽ കെട്ടിയ
നാടോടി നർത്തകിയുടെ വേഷം അഴിച്ചു വെയ്ക്കാതെ
വീട്ടില്യ്ക്കോടി.....

കവലകളാ പെണ്ണുകുട്ടിയെ
ഒരു കൈകൊണ്ട് ചൂണ്ടി
മറു കൈകൊണ്ട് വാ പൊത്തി ചിരിച്ചു
വളവുകൾക്കപ്പുറത്തേയ്ക്കാ പെണ്ണുകുട്ടിക്കും മുന്നേ
ചെറു ചിലങ്കകൾ മണികിലുക്കി,ക്കിലുങ്ങി നടന്നു
കുഞ്ഞുകാലുകൾ നൃത്തച്ചുവടു വെച്ചു
കൈകൾ പിഞ്ചുമുദ്രയായി..."

നാടോടി വേഷക്കാരിയായ പിഞ്ചു പതലിനെ ഭോഗിച്ചു തള്ളുന്ന അത്തരം കവലകളെയല്ല മറിച്ച്, മാതൃഭാഷയുടെ അമൃതു രുചിയറിഞ്ഞ് അതിജീവനത്തിന്റെ സമരമുഖത്തു നിന്നുള്ള ഇടവേളകളിൽ അക്ഷരങ്ങളിലൂടെ രമിച്ച് വായനയിലൂടെയും എഴുത്തിലൂടെയും നിർവ്റ്‌തി പൂകുന്ന അപൂർവ്വം ചിലരെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. സൃഷ്ടിയുടെ തീക്ഷ്ണസുഖവും വായനയുടെ രസലഹരിയും അവർ അനുഭവിച്ചറിയുന്നു... ഒരേ സമയം കരിങ്കാലത്തിന്റെ തീക്ഷണ ലാവയിലൂടെ കൈകാലുകളൊട്ടി കുതറാനാകാതെ ഒഴുകുകയും... വിമുക്തമാകുന്ന ഇടവേളകളിൽ അക്ഷരങ്ങളിലേക്ക് ചിതറുകയും ചെയ്യുന്നു...

അത്തരമൊരു സാഹസത്തിന്റെ അക്ഷര, പുസ്തക രൂപമാണ്‌ 'കൃതി' ഒരുക്കിയ "കാവാരേഖ?" എന്ന കവിതാ സമാഹാരം...

ഓൺലൈൻ എഴുത്തിലൂടെ ലോകത്തിന്റെ വിവിധകോണുകളിലിരുന്നു അക്ഷരകേരളത്തിന്റെ ഗ്ളോബൽ പ്രതിനിധികളായി മാറുന്ന സൈബർ ലോകത്തിന്റെ എഴുത്തുകാരെ ഒരുമിപ്പിച്ച്, അവരുടെ അപ്രകാശിതമായ കവിതകൾ സമാഹരിച്ച്, അതിൽ നിന്ന് തെരഞ്ഞെടുത്ത ഇരുപത്തഞ്ച് കവിതകളാണ്‌ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....


ചാനലുകളും സീരിയലുകളും റിയാലിറ്റി ഷോകളും എസ്.എം.എസ്സ് വോട്ടിംഗുകളും ഷെഡ്യൂൾ ചെയ്ത പുതിയ കാലത്തിന്റെ വീട്ടമ്മമാരുടെ സമയപ്പട്ടികയിൽ, എഴുത്തിനും വായനയ്ക്കും ഇടം മാറ്റിവയ്ക്കുന്ന ചെറുതെങ്കിലും ബൃഹത്തായ ഒരു വിഭാഗത്തെയും, മുൻപ് സൂചിപ്പിച്ച കലിപ്പാർന്ന യൗവനത്തിന്റെ കടുംകാഴ്ചകളിൽ നിന്ന് അക്ഷരങ്ങളുടെ അതി വർണ്ണമില്ലാത്ത ലോകത്തിലേക്ക് കുടിയേറുന്ന യുവതയെയും നമുക്കീ സമാഹാരത്തിൽ വായിക്കാൻ കഴിയുന്നു

"ബി പ്രാക്റ്റിക്കൽ എന്ന അവന്റേയും
ബി റൊമാന്റിക് എന്ന എന്റേയും
അലർച്ചകളിലലിയാറേയുള്ളൂ
ഞങളുടെ സായാഹ്നങ്ങൾ"

നീന ശബരീഷിന്റെ ‘ഹൈടെക് പച്ചപ്പിലെ സായാഹ്ന ചിത്രങൾ‘ എന്ന കവിതയിലെ മേൽ വരികളെപ്പോലെ വൈരുദ്ധ്യാത്മകമായ സൌഹൃദ/പ്രണയ/ദാമ്പത്യത്തിലെ വേറിട്ടു നിൽക്കുന്ന ഒറ്റപ്പെട്ട ദ്വീപുകളണ്‌ ഇന്നിന്റെ പ്രതിനിധികൾ... സാമ്പത്തികമോ, സ്ഥാപിതമോ, അനിവാര്യമോ ആയ അധിനിവേശമാണ്‌ വിവാഹം, ബന്ധം, പ്രണയം, സൗഹൃദം എന്നൊക്കെ വന്യമായി നിർവ്വചിക്കുന്ന യുവത്വത്തിന്റെ കാലമാണിത്....

ഒറ്റമുറിയിലടയ്ക്കപ്പെട്ട വീട്ടമ്മമാരുടെ വന്യമായ ഏകാന്തതയിൽ ജാലകം തുറന്ന് കാല്പ്പനികമായ കാഴചകളിലേയ്ക്ക് പലപ്പോഴും അവർ കുന്നിൻ ചെരുവുകളിലേയ്ക്ക് സ്വയം മേയാൻ വിടുന്നു...

"മുന്നിലെ ജാലകത്തിലൂടെ എനിക്ക്
ദൂരെ മഞ്ഞു പെയ്യുന്ന മലനിരകൾ കാണാം
കാറ്റിൽ കൊമ്പു കോർക്കുന്ന കാറ്റാടികൾ കാണാം
പുൽത്തകിടിയിലൂടെ തുള്ളിയോടുന്ന
വരയാടുകളെ കാണാം..
പൂക്കാലത്തെ നീലക്കുറിഞ്ഞികൾ കാണാം...

അവനോ?

അക്കങ്ങൾ വെള്ളക്കടലാസ്സിൽ വെട്ടിയും
കുത്തിയും ഇരിപ്പുണ്ടാവും
അല്ലെങ്കിൽ ലാപ്ടോപ്പിന്റെ
ചത്ത സിരകളിലുടെന്തോ പരതി നടപ്പുണ്ടാവും
അവന്‌ കാഴ്ചകൾ നിരയൊത്ത
ആകാശ ഗോപുരങ്ങലാണ്‌...
ഭൂമിയുടെ ശിരസ്സിൽ നഖം താഴ്ത്തി
ആകാശത്തിന്റെ നെഞ്ചിലേയ്ക്ക്
തുളഞ്ഞു കയറുന്ന കണ്ണാടി മാളികകൾ"


ഈ വരികളിലെ ചിന്തകളിലൂടെ കടന്നു പോകാത്ത എത്ര സ്ത്രീകനവുകൾ ഉണ്ടാകും അടുക്കി വച്ച ഓരോ ആകാശഗോപുര വീടുകളിലും...? കൂട്ടുകുടുംബങ്ങളിൽ നിന്നു കൂടുമാറി ഒറ്റമുറികളിലേയ്ക്ക് ചേക്കേറപ്പെട്ട ഒറ്റപ്പെട്ട, മുറിവേറ്റ പെൺപക്ഷികളുടെ ചിന്തകളാണ്‌ നീന ശബരീഷ് വരച്ചു വെയ്ക്കുന്നത്.....

"ജീവിതത്തിന്റെ അതിശൈത്യമേഖലയിൽനിന്നും
കാറ്റു വീശിക്കയറുമ്പോളെല്ലാം തടുത്ത്
നിർത്തണമെന്നുണ്ട്"

എന്ന് 'ചാന്ദ്നി ഗാനൻ' എന്ന കവിയിത്രി "കുടഞ്ഞെറിയുന്തോറും ചുറ്റിപ്പിടിയ്ക്കുന്ന വിരൽത്തണുപ്പുകൾ"
എന്ന കവിതയിലൂടെ പറഞ്ഞു വെയ്ക്കുന്നു...

"കണ്ണും കാതും കൊട്ടിയടയ്ക്കണമെന്നുണ്ട്
തൊലിയിലെ സൂചിപ്പഴുതുകൾ വരെ
പൂട്ടിവയ്ക്കണമെന്നുണ്ട്"

എന്ന വിലാപചിന്തയിലൂടെ കവിത അവസാനിക്കുമ്പോൾ അതിനകത്തെ ഉപ്പുനീർക്കയങ്ങളിൽ നിന്ന് ശാപക്കലമ്പലുകൾ ചുഴിയിട്ട് പൊങ്ങിപ്പറക്കുന്നുണ്ട്.....

'മൈ ഡ്രീംസ്' എന്ന കവി പ്രവാസത്തിന്റെ തപ്തഭൂമിയിലിരുന്ന് നാടും വീടും പ്രാണപ്രിയയും ചേർന്ന് പെയ്യുന്ന മഴ വിടാതെ നനഞ്ഞു കുതിർന്നുകൊണ്ടിരിക്കുന്നു...

"വിടപറഞ്ഞു പിരിയുന്ന
നിൻ കണ്ണേറോ വാക്കോ
വെടിയുണ്ടപോൽ
തൊലിയുരിഞ്ഞെൻ
നെഞ്ചിൻ കൂടിനകത്തേയ്ക്ക്
വഴുതി വീണമരുന്നതും കാത്ത്
ഞാനിങ്ങനെ മഴ നനയുന്നു"

എന്നു കവി പറയുന്നു..., ഒരു നൂല്പ്പട്ടത്തിൻ ചോലയിൽ മറഞ്ഞിരിക്കണമെന്നും ഒരു രക്തബന്ധത്തിൻ ചൂടും ചൂരും നുകരണമെന്നും ആശിച്ച് വരും നാളെയുടെ നല്ല നിമിഷം വരെ ഓർമ്മകളുടെ മഴ നനയാൻ വിധിക്കപ്പെട്ട പ്രവാസത്തിന്റെ വ്യഥകളുണ്ടീ വരികളിൽ

സാമ്പ്രദായികവും ആധുനികോത്തരവും അമൂർത്തവും ആയ വ്യത്യസ്ഥമായ നിർമ്മാണഘടനകളിലൂടെ, വരികളുടെയും ഘടനകളുടെയും വ്യവസ്ഥാപിതമായ പിന്തുടർച്ചകളിലേയ്ക്ക് ഉൾവലിഞ്ഞ് സ്വയം നഷ്ടപ്പെടുത്താതെ, സ്വന്തം ശൈലി രൂപീകരിച്ച് വെല്ലുവിളികളോടെ എഴുതുന്നവരാണ്‌ ‘കാവാരേഖ?‘യിലെ എഴുത്തുകാരധികവും.. സ്വീകാര്യത എന്ന അഴകൊഴമ്പൻ ആകുലതകളില്ലാതെ തങ്ങളുടേതായ രീതിയിൽ കാവ്യമലയാളത്തിന്റെ ഘടനാ നിർമ്മിതികളുടെ പുത്തൻ രൂപാവിഷ്കാരങ്ങളുമായി.. ഒരു ഡസ്റ്റ് ബിന്നിനെയും പേടിക്കാതെ ഇവരെഴുതിക്കൊണ്ടിരിക്കുന്നു...

കാൽ നൂറ്റാണ്ടിനിപ്പുറം വന്ന മലയാള കവിതയുടെ അസൂയാവഹമായ വളർച്ചയുടെ വ്യത്യസ്ഥമായ ശില്പ്പികളാകുന്ന ഇവർ വരും നാളെയുടെ കാവ്യലോകത്തിന്‌ പുത്തൻ പകർച്ചകൾ നൽകും എന്ന് ഈ വരികളിലൂടെ കണ്ണോടിക്കുമ്പോൾ നമുക്ക് നിസ്സംശയ്ം അഭിമാനിക്കാം....


"ഒന്നിനും പ്രതികരിക്കാതെ നിൽക്കുന്നത്
ഉളിയും കരിങ്കല്ലും തമ്മിലുള്ള അനശ്വരപ്രണയത്തിന്റെ
സന്തതികൾ മാത്രമല്ല;
പത്തു മാസം ചുവന്നു നൊന്തു പെറ്റവയും
പക്ഷികൾ ചേക്കേറാത്ത പ്രതിമകൾ ആകാറുണ്ട്
പല അവസരത്തിലും"


നിഷ്ക്രിയ യൗവനത്തിന്റെ പ്രതികരണശേഷിയില്ലാത്ത ആലസ്യത്തെ പ്രതിമ എന്ന കവിതയിലൂടെ ഉമേഷ് പിലിക്കോട് വരച്ചു കാട്ടുന്നു.

ഇരുപത്തോഞ്ചോളം കവികളുടെ വ്യത്യസ്ഥമായ രചനാ/ഘടനാ വൈവിദ്ധ്യത്തിന്റെ അൽഭുതസഞ്ചയമാണ്‌ ‘കാവാരേഖ?‘ എന്നു പറയുന്നതിൽ അതിശയോക്തിയില്ല, പ്രതീക്ഷിച്ചു വായിച്ച ചില പ്രിയ കവികളുടെ കവിതകൾ നിരാശപ്പെടുത്തിയത് അമിതപ്രതീക്ഷകൾ വെച്ചു പുലർത്തിയതുകൊണ്ടാവാം….

ഗവർണ്മെന്റ് സർവ്വീസിൽ നിന്നും പിരിഞ്ഞതിനു ശേഷം വിശ്രമജീവിതം ബ്ലോഗിലൂടെയും കവിതയിലൂടെയും വായനയിലൂടെയും ദീപ്തമാക്കുന്നവർ മുതൽ ഇങ്ങേയറ്റം എട്ടാം ക്ളാസ്സ് വിദ്ധ്യാർത്ഥിനിയായ 'നീസ വെള്ളൂർ' വരെ "പ്രേതം" എന്ന കവിതയിലൂടെ, കാവാരേഖയിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിദ്ധ്യമാണ്‌!

ഓരോ വായനയിലൂടെയും നമ്മൾ പുതിയ ജാലകം തുറന്ന് വരയാടുകൾ മേയുന്ന പുൽത്തകിടികളും, മണ്ണിൽ നഖമമർത്തി നിവർന്നു നിൽക്കുന്ന അംബരചുംബികാളുടെ അൽഭുതഘടകളും കണ്ട് സംതൃപ്തമാകുന്നു...

“വേനലിന്റെ മുറിവുകളെ
വസന്തം മറയ്ക്കുന്നതേയുള്ളൂ
ഉണക്കുന്നില്ല“

ഡോണമയൂരയുടെ 'ഋതുമാപിനികളി'ലെ വരികളിൽ പറഞ്ഞപോലെ നമുക്കീ ഉണങ്ങാത്ത കവിതയുടെ മുറിവുകളിൽ ദാഹാർത്ഥരായ വേനലുകളായി തന്നെ മുറിഞ്ഞുകൊണ്ടിരിക്കാം… വസന്തം കൊണ്ടുണക്കാതെ… യാഥാർത്ഥ്യത്തിന്റെ വേനൽ മുറിവുകൾ കവിതകളായി പിളർന്നു കൊണ്ടേയിരിക്കട്ടെ….

കാവാരേഖയിലെ കവികൾ
ഡോണ മയൂര ,ശശികുമാര്‍ .ടി.കെ ,എസ്.കലേഷ്, പ്രസന്ന ആര്യന്‍ (പ്രയാണ്‍), മുകില്‍, ദിലീപ് നായര്‍ (മത്താപ്പ്) , ഗീത രാജന്‍ , ഹന്‍ലല്ലത്ത് ,നീന ശബരീഷ് ,ചാന്ദ്നി ഗാനന്‍ (ചന്ദ്രകാന്തം) ,മൈ ഡ്രീംസ് , ഉമേഷ് പിലീക്കോട് , മുംസി , ജയ്നി , നീസ വെള്ളൂര്‍, എന്‍.എം.സുജീഷ് ,രാജീവ് .ആര്‍ (മിഴിയോരം) , വീണ സിജീഷ് , ഷൈന്‍ കുമാര്‍ (ഷൈന്‍ കൃഷ്ണ) , ഉസ്മാന്‍ പള്ളിക്കരയില്‍ , അരുണ്‍ ശങ്കര്‍ (അരുണ്‍ ഇലക്ട്ര) , ഖാദര്‍ പട്ടേപ്പാടം, ജയിംസ് സണ്ണി പാറ്റൂര്‍, യൂസഫ്പ, രണ്‍ജിത് ചെമ്മാട്