Showing posts with label കുഴൂര്‍ വിത്സന്‍. Show all posts
Showing posts with label കുഴൂര്‍ വിത്സന്‍. Show all posts

Wednesday, February 29, 2012

ദൈ­വം ഒഴി­ച്ചി­ട്ട­ ഇടം

പുസ്തകം : ദൈ­വം ഒഴി­ച്ചി­ട്ട­ ഇടം
രചയിതാവ് : രാമചന്ദ്രന്‍ വെട്ടിക്കാട്

പ്രസാധകര്‍ : സൈ­ക­തം ബു­ക്സ്

അവലോകനം : കുഴൂര്‍ വിത്സന്‍




­നി­ന്റെ കവി­ത­കള്‍
­വീ­ണ്ടും ശ്വ­സി­ക്കു­ന്ന­തി­ന്
­തൊ­ട്ട് മുന്‍­പ്
അ­രി തി­ള­ച്ച് തൂ­വു­ന്ന­തി­ന്റെ മണം കൊ­ണ്ടു­.
­സ്വ­ന്ത­മാ­യി ഉണ്ടാ­ക്കി­യ
അ­രി­കൊ­ണ്ട് മാ­ത്രം­
എ­ന്നും രാ­വി­ലെ കഞ്ഞി­
­കു­ടി­ച്ചി­രു­ന്ന അപ്പന്‍
­വ­ന്ന് ചോ­ദി­ച്ചു­
­നീ­യും രാ­മ­ച­ന്ദ്ര­നും­
­ത­മ്മി­ലെ­ന്ത്
അ­വന്‍ എവി­ട­ത്തു­കാ­ര­നാ­ണ്
­ക­ള്ള് കു­ടി­ക്കു­മോ­
­പ­ണി­യെ­ടു­ക്കു­മോ­
­കു­ടു­മ്മം നോ­ക്കു­മോ­
അ­രി തൂ­വിയ മണ­ത്തി­ന്റെ കൂ­ടെ­
അ­മ്മ­യും വന്നു­
അ­മ്മ­യും ചോ­ദി­ച്ചു­
ആ ചെ­ക്ക­നേ­താ­ണ്
­നി­ന്റെ കൂ­ടെ­യാ­ണോ പണി­യെ­ടു­ക്കു­ന്ന­ത്
­മ­ല­യാ­ളി­യാ­ണോ (ക്രി­സ്ത്യാ­നി അല്ല­ല്ലേ­യെ­ന്ന് അമ്മ­യു­ടെ ഭാ­ഷ)
അ­വ­നെ­ന്തെ­ങ്കി­ലും­
­തി­ന്നാന്‍ കൊ­ടു­ക്കേ­ണ്ടി വരു­മോ­
അ­മ്മി­ണി­യും വന്നു­
അ­വള്‍ മാ­ത്രം ചി­രി­ക്കു­ന്ന­ത് കണ്ടു­.
­നി­ന്റെ കവി­ത­കള്‍
­വീ­ണ്ടും ശ്വ­സി­ക്കു­മ്പോള്‍
അ­വള്‍ മാ­ത്രം കര­യു­ന്ന­ത് കേ­ട്ടു­.
­നി­ന്റെ കവി­ത­കള്‍
­വീ­ണ്ടും ശ്വ­സി­ക്കു­ന്ന­തി­ന് മുന്‍­പ്
­ഞാന്‍ എന്നോ­ട് തന്നെ­
­ചോ­ദി­ക്കു­ക­യാ­ണ്
­നീ ആരാ­ണ്
എ­വി­ട­ത്തു­കാ­ര­നാ­ണ്
എ­ങ്ങ­ന­ത്തെ­യാ­ളാ­ണ്
­നീ­യെ­ന്റെ ആരാ­ണ്
ഇ­തെ­ഴു­തു­മ്പൊള്‍ നീ­യെ­ത്ര അക­ലെ­യാ­ണ്. എങ്കി­ലും എന്റെ­യും നി­ന്റെ­യും കവി­ത­കള്‍ ശ്വ­സി­ക്കു­ന്ന­ത് ഒരേ വാ­യു­വാ­ണ് എന്നെ­നി­ക്ക് തോ­ന്നു­ന്നു­.
അ­ന്ത­രീ­ക്ഷം കൊ­ണ്ട്, പ്രാ­ണ­വാ­യു കൊ­ണ്ട് കൂ­ട­പ്പി­റ­പ്പു­ക­ളായ നമ്മു­ടെ കവി­ത­കള്‍­ക്ക് സ്നേ­ഹം കൊ­ണ്ട് മാ­ത്രം ഈ കു­റി­പ്പ്. നമ്മു­ടെ തൃ­ശ്ശൂ­ര് ഭാ­ഷ­യില്‍
ഒ­രു എടാ പോ­ടാ വി­ളി­.
------------------------------
ഒ­രു വെ­ള്ളി­യാ­ഴ്ച്ച
­നാ­ട് വി­ട്ട് ഗള്‍­ഫി­ലെ­ത്തി­യ­വ­രു­ടെ ഞാ­യ­റാ­ഴ്ച­യാ­ണ് വെ­ള്ളി­യാ­ഴ്ച. അനൂ­പ് ചന്ദ്ര­ന്റെ കവി­ത­യില്‍ ഉള്ള പോ­ലെ നന­ച്ചി­ട്ട കി­നാ­ക്കള്‍ അല­ക്കി വെ­ളു­പ്പി­ക്കാ­നു­ള്ള ഒരു വെ­ള്ളി­യാ­ഴ്ച. വെ­ന്തു­വോ ജീ­വി­ത­മെ­ന്ന് രു­ചി­ച്ച് നോ­ക്കു­വാ­നൊ­രു വെ­ള്ളി­യാ­ഴ്ച.
അ­വ­ധി­യി­ല്ലാ­ത്ത വാര്‍­ത്ത­ക­ളില്‍ നി­റ­ഞ്ഞ് ദു­ബാ­യ് മീ­ഡിയ സി­റ്റി­യി­ലെ ഏഷ്യാ­നെ­റ്റ് ഓഫീ­സില്‍ ഒരു വാര്‍­ത്താ വാ­യ­ന­ക്കാ­രന്‍ ഇരി­ക്കു­ക­യാ­ണ്. നട­ക്കു­ക­യാ­ണ്. ഇട­ക്കി­ടെ സി­ഗ­ര­റ്റ് വലി­ക്കു­ക­യാ­ണ്. വാര്‍­ത്ത­ക­ളില്‍ നി­ന്ന് രക്ഷ­പ്പെ­ടു­ത്ത­ണേ­യെ­ന്ന് ആരോ­ടോ പി­ന്നെ­യും പി­ന്നെ­യും പറ­യു­ക­യാ­ണ്. ഒരു കാര്‍ നി­റ­യെ കവി­ത­യു­മാ­യി നീ­യ­ന്ന് താ­ഴെ വന്നു. ഖത്ത­റില്‍ നി­ന്ന് ദു­ബാ­യ് വരെ­യു­ള്ള വേ­ഗ­ത­യില്‍ കവി­ത, കു­പ്പി­യില്‍ കവി­ത. കൂ­ടെ­യു­ള്ള കടി­ക്കാ­ടി­ലും ശശി­യി­ലും നജൂ­സി­ലും കവി­ത. വലി­ക്കു­ന്ന സി­ഗ­ര­റ്റി­ലും കവി­ത. തൃ­ശ്ശൂര്‍ സാ­ഹി­ത്യ അക്കാ­ദ­മി­യു­ടെ വഴി­യി­ലെ­വി­ടെ­യോ മറ­ന്നു­വെ­ച്ച പ്രി­യ­പ്പെ­ട്ട­വ­രെ കാ­ണാ­നെ­ന്ന പോ­ലെ ഞാ­നോ­ടി­വ­ന്നു. എടാ­യെ­ന്ന് ഞാന്‍ വി­ളി­ച്ചു. പോ­ടാ­യെ­ന്ന് ഇട­ക്കി­ടെ നീ പറ­ഞ്ഞു­.
­നീ പകു­ത്ത സി­ഗ­ര­റ്റി­നി­ട­ക്ക് നഷ്ട­പ്പെ­ട്ട­പ്പോള്‍ എപ്പ­ഴോ ഞാന്‍ എന്നോ­ട് തന്നെ ചോ­ദി­ച്ചി­രു­ന്നു. ഈ രാ­മ­ച­ന്ദ്രന്‍ ആരാ­ണ്, എവി­ട­ത്തു­കാ­ര­നാ­ണ്, എങ്ങ­ന­ത്തെ­യാ­ളാ­ണ്.
­രാ­മ­ച­ന്ദ്രാ ഏത് സ്കൂ­ളില്‍
ഏ­ത് ബഞ്ചി­ലാ­ണ്
­ന­മ്മ­ളൊ­രു­മി­ച്ച് പഠി­ച്ച­ത്.
എ­പ്പോ­ഴാ­ണ് നീ­
­ജീ­വി­ത­ത്തി­ലേ­ക്ക് മരി­ച്ച­ത്
എ­പ്പോ­ഴാ­ണ് നീ­
­ക­വി­ത­യി­ലേ­ക്ക് ജനി­ച്ച­ത്.
അ­തേ­ടാ, ഏതോ സ്ക്കൂ­ളില്‍ ഏതോ ഒരു ബഞ്ചില്‍ ഒരു­മി­ച്ചി­രു­ന്ന­തി­ന്റെ ചൂ­ട്, കു­റേ നേ­രം ഒരു­മി­ച്ചി­രി­ക്കു­മ്പോള്‍ ഉണ്ടാ­കു­ന്ന ബഞ്ചി­ന്റെ ചൂ­ട്,
എ­ന്തോ ഒരു ചൂ­ടി­ന്റെ ഇഷ്ടം ചൂ­ടി­ന്റെ ധൈ­ര്യം നമു­ക്കി­ട­യില്‍.
­വാര്‍­ത്ത­ക­ളി­ലേ­ക്ക് ഒറ്റ­യ്ക്കാ­ക്കി ഒരു കാര്‍ കവി­ത­യു­മാ­യി നീ­യ­ന്ന് ഓടി­ച്ച് പോ­യ­പ്പോള്‍ വല്ലാ­താ­യി. സ്കൂ­ളി­ന്റെ പടി മു­തല്‍ തല്ല് പി­ടി­ച്ചും തമ്മില്‍ കെ­ട്ടി­പ്പി­ടി­ച്ചും വീ­ട്ട് പടി­ക്ക­ലെ­ത്തു­മ്പോള്‍ ഒരു രാ­ത്രി­യി­ലേ­ക്ക് വി­രി­യു­ന്ന­തി­ന്റെ എന്തോ സങ്ക­ടം പോ­ലെ ഒന്ന് -
'ഉ­റ­ക്കം വി­ട്ടു­ണ­രു­ന്ന­ത്' എന്ന നി­ന്റെ ഈ ­ക­വി­ത വാ­യി­ക്കു­മ്പോള്‍ ഇപ്പോള്‍ അത്ഭു­തം തോ­ന്നു­ന്നു­.
“­ശ്രീ­ധ­രേ­ട്ട­ന്റെ ഇട­വ­ഴി­യും­
­പാ­റേം തോ­ടും കട­ന്നാ­ണ്
ഉ­റ­ക്ക­ത്തി­ലെ­ന്നും­
­സ്വ­പ്ന­ത്തി­ലേ­ക്കി­റ­ങ്ങു­ന്ന­ത്.
­കാ­യ്ച്ചു­നില്‍­ക്കു­ന്ന മദി­രാ­ശി­മ­ര­വും­
­ക­ട­ന്ന് സ്കൂ­ളി­ലെ­ത്തു­മ്പോ­ഴേ­ക്കും­
­സെ­ക്ക­ന്റ് ബെ­ല്ല­ടി­ച്ചി­രി­ക്കും­.
­പിന്‍­ബെ­ഞ്ചില്‍
­സു­രേ­ന്ദ്ര­നും ജോ­സും­
­നേ­ര­ത്തേ­യു­ണ്ടാ­കും­,
­ഹോം വര്‍­ക്ക് ചെ­യ്യാ­തെ­.
­മാ­രാ­ര് മാ­ഷെ­ത്തു­മ്പോ­ഴേ­ക്കും­
എ­ന്റെ പു­സ്ത­കം പകര്‍­ത്താന്‍."
­ഹോം വര്‍­ക്കു­കള്‍ ചെ­യ്യാ­ത്ത ഒരു മു­തിര്‍­ന്ന­യാള്‍ ഹോം വര്‍­ക്കു­കള്‍­ക്കി­ട­യി­ലും കവിത കാ­ണു­ന്ന നി­ന്നെ ഒന്ന് പകര്‍­ത്തു­ക­യാ­ണ്. നി­ന്റെ സ്നേ­ഹ­ത്തി­ന്റെ ഒരു ടെ­സ്റ്റ് പേ­പ്പ­റില്‍ എങ്കി­ലും വി­ജ­യി­ക്കു­വാന്‍.
********************
­ക­വി­ത­യി­ലെ­
­ര­ണ്ടാം നി­ര­ക്കാ­രന്‍;
­ജീ­വി­ത­ത്തി­ലെ­
­സെ­ക്ക­ന്റ് ഷോ­ക­ളും­
ഇ­താ ഞാന്‍ ഒരു വി­ശ്വ­മ­ഹാ­ക­വി­യെ അവ­ത­രി­പ്പി­ക്കു­ന്നു എന്ന മട്ടി­ലാ­ണ് മി­ക്ക അവ­താ­രി­ക­ക­ളും വരാ­റു­ള്ള­ത്. ­രാ­മ­ച­ന്ദ്രന്‍ വെ­ട്ടി­ക്കാ­ട് എന്ന യു­വ­ക­വി­യു­ടെ ആദ്യ പു­സ്ത­ക­ത്തി­ന്റെ അവ­താ­രി­കാ­കാ­ര­ന് അങ്ങ­നെ­യെ­ഴു­താന്‍ മന­സ്സി­ല്ല. വെ­ട്ടി­ക്കാ­ട് ഒരു വി­ശ്വ­മ­ഹാ­ക­വി­യോ ഒന്നാം നിര കവി­യോ അല്ല എന്ന­തു തന്നെ അതി­നു കാ­ര­ണം. മല­യാള കവി­ത­യില്‍ എന്തു കൊ­ണ്ടും രണ്ടാം നി­ര­ക്കാ­ര­നാ­ണ് രാ­മ­ച­ന്ദ്രന്‍ വെ­ട്ടി­ക്കാ­ട്. രണ്ടാം നിര ബഞ്ചില്‍ ഇരു­ന്ന് പഠി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ച് അയാള്‍ എഴു­തു­ന്ന­ത് പോ­ലെ ജീ­വി­ത­ത്തി­ലെ സെ­ക്ക­ന്റ് ഷോ­ക­ളെ­ക്കു­റി­ച്ച് അയാള്‍ പറ­യു­ന്ന­ത് പോ­ലെ കവി­ത­യി­ലും അയാള്‍ രണ്ടാം നി­ര­യി­ലാ­യി­പ്പോ­കു­ന്നു­.
­കാ­ര­ണ­ങ്ങള്‍ പല­താ­ണ്. നാ­ട്ടി­ലേ­ത് പോ­ലെ ഒരു ഒന്നാ­ന്ത­രം ജീ­വി­ത­മ­ല്ല ഗള്‍­ഫി­ലേ­ത്. കു­റേ­ക്കാ­ല­മാ­യി രാ­മ­ച­ന്ദ്രന്‍ വെ­ട്ടി­ക്കാ­ട് ഗള്‍­ഫി­ലാ­ണ്. ഇട­ക്ക് ഒന്നാ­ന്ത­രം ജീ­വി­തം കു­ടി­ക്കു­വാന്‍ ഒന്നാം തരം ജീ­വി­തം ഉറ­ങ്ങു­വാന്‍ അയാള്‍ നാ­ട്ടി­ലെ­ത്താ­റു­ണ്ട്. ഈ ഒന്നാം തര­ത്തി­നും രണ്ടാം തര­ത്തി­നും ഇട­യി­ലാ­ണ് വെ­ട്ടി­ക്കാ­ടി­ന്റെ കവി­ത­യെ­ന്ന് തോ­ന്നു­ന്നു. ഗള്‍­ഫി­ലാ­യി­രി­ക്കു­മ്പോ­ഴും എട്ടേ എട്ടു വരി­കള്‍ കൊ­ണ്ട് നാ­ട്ടില്‍ കാ­ല് കു­ത്തു­വാന്‍ ഇയാള്‍­ക്കാ­കു­ന്നു­ണ്ട്. അത് തന്നെ­യാ­ണ് ഈ കവി­ത­ക­ളും ഇച്ഛ­യും ഊര്‍­ജ്ജ­വും. ഈ എട്ടു വരി­കള്‍ ഒന്നി­രു­ത്തി വാ­യി­ക്കു­ക.
"­ലേ­ബര്‍ ക്യാ­മ്പില്‍ നി­ന്നും­
­സി-റിം­ഗ് റോ­ഡ് വഴി­
IBQ ബാ­ങ്കി­ന്റെ പര­സ്യ­ത്തി­ലെ­
­ഗോ­ത­മ്പ് പാ­ട­ത്തി­ലൂ­ടെ­
­വ­ഴി­യ­രി­കി­ലെ പച്ച­പ്പി­ലൂ­ടെ­
­പാ­ട­ത്തേ­ക്കി­റ­ങ്ങി­.
­വ­ര­മ്പ­ത്തെ പു­ല്ലി­ലെ­
­പു­ലര്‍ മഞ്ഞില്‍ കാല്‍ തണു­ത്തു­."
(­സെ­ക്ക­ന്റ് ഷോ­)
­മ­രു­ഭൂ­മി­യില്‍ നി­ന്ന് എട്ട് വരി കൊ­ണ്ട് നാ­ട്ടി­ലെ­ത്തി കാല്‍ തണു­പ്പി­ക്കാ­നു­ള്ള കവി­ത­യു­ടെ മാ­ജി­ക് ഇയാള്‍ സ്വ­ന്ത­മാ­ക്കി­യി­ട്ടു­ണ്ട്. അതി­ന് മഹാ­ക­വി­ക­ളു­ടെ അനു­ഗ്ര­ഹാ­ശി­സു­ക­ളോ അക്കാ­ദ­മി­ക­ളു­ടെ അം­ഗീ­കാ­ര­ങ്ങ­ളോ ഒന്നു­മ­ല്ല അടി­സ്ഥാ­നം. നാ­ട്ട് വഴി­ക­ളി­ലൂ­ടെ ചെ­രി­പ്പി­ടാ­തെ നട­ന്ന­തി­ന്റെ ഊര്‍­ജ്ജം, മരു­ഭൂ­മി­യില്‍ പക­ല­ന്തി­യോ­ളം പണി­യെ­ടു­ക്കു­ന്ന­തി­ന്റെ തഴ­മ്പ്, കണ്ട­വ­രൊ­ക്കെ കൂ­ട്ടു­കാ­രാ­കു­ന്ന ഇഹ­ലോ­ക­ത്തേ­യും ഇ-ലോ­ക­ത്തേ­യും മനു­ഷ്യ­പ്പ­റ്റ്. അതൊ­ക്കെ തന്നെ­യാ­ണെ­ന്ന് എനി­ക്ക് തോ­ന്നു­ന്നു. നി­ങ്ങള്‍­ക്ക് എന്ത് തോ­ന്നു­ന്നു­?
­ജീ­വി­തം സെ­ക്ക­ന്റാ­യി­പ്പോ­കു­ന്ന പ്ര­വാ­സി­യു­ടെ സാ­ധാ­രണ ജീ­വി­തം ആവി­ഷ്ക­രി­ക്കു­ന്ന 'സെ­ക്ക­ന്റ് ഷോ' എന്ന ഒറ്റ­ക്ക­വിത മാ­ത്രം മതി രാ­മ­ച­ന്ദ്രന്‍ വെ­ട്ടി­ക്കാ­ടി­നെ കവി­യെ­ന്ന് വി­ളി­ക്കു­വാന്‍. പരാ­ജ­യ­ത്തി­ന്റേ­യും അവി­ശ്വാ­സ­ത്തി­ന്റേ­യും മത­വും രാ­ഷ്ട്രീ­യ­വും രാ­മ­ച­ന്ദ്ര­ന്റെ കവി­ത­കള്‍ അവ­ത­രി­പ്പി­ക്കു­ന്നു­ണ്ട്.
"­നാ­ല് പേര്‍ ചേര്‍­ന്ന്
­മേ­യു­ന്ന അവ­ളു­ടെ­
­മാ­റില്‍ കി­ട­ന്ന്
­സ്വര്‍­ണ്ണ­ക്കു­രി­ശി­ലെ­
­യേ­ശു­വി­ന് ശ്വാ­സം മു­ട്ടി­.

അ­തു കണ്ട് അതി­ലൊ­രു­വ­ന്റെ­
­കൈ­യി­ലെ പച്ച കു­ത്തി­യ
­ചെ­ഗു­വേര ചി­ത്ര­ത്തി­ന്
­ചി­രി പൊ­ട്ടി­."
(ഇ­തി­നാ­യി­രു­ന്നോ­)
ഓര്‍­മ്മ കവി­ത­യു­ടെ നില നില്‍­പ്പ് കൂ­ടി­യാ­ണ്. കാ­ല­ത്തി­ന്റേ­യും. അഴു­ക്കാ­കു­ന്ന­തി­ന് മുന്‍­പ് കേ­ര­ളം വി­ട്ട­തി­നാ­ലാ­വ­ണം വെ­ട്ടി­ക്കാ­ടി­ന്റെ കവി­ത­യി­ലെ മത­മി­ല്ലാ­ത്ത സാ­ഹോ­ദ­ര്യം വാ­യി­ക്കാന്‍ നല്ല കൌ­തു­ക­മാ­ണ്.
"­വ­ട­ക്കു­പു­റ­ത്തെ അമ്മി­ക്ക­ല്ലി­ള­ക്കി­
­വ­യ­ലി­നെ മു­റി­ച്ച്
­ജോ­സേ­ട്ട­ന്റെ വാ­റ്റ് പു­ര­യും­
­ത­കര്‍­ത്തി­ട്ട് നി­ല­ക്കാ­ത്ത ഓട്ടം­.
ഒ­റ്റ വേ­ലി­ച്ചാ­ട്ട­ത്തി­ന്
­പോ­യി­രു­ന്ന
­കു­ട്ടേ­ട്ട­ന്റെ വീ­ട്ടി­ലേ­ക്ക്
­കി­ലോ­മീ­റ്റ­റു­കള്‍, മേല്‍­പ്പാ­ലം­.“
(­സ­മാ­ന്ത­രം­)
­രാ­മ­ച­ന്ദ്ര­ന്റെ കവി­ത­യില്‍ ഇപ്പോ­ഴും ഒരു കേ­ര­ള­മു­ണ്ട്. മതം, ജാ­തി, പണം, ആണ്, പെ­ണ്ണ്, അധി­കാ­രം നാ­നാ­വി­ധ­ത്തില്‍ (നൂ­റാ­വി­ധ­ത്തി­ലോ) ഛി­ന്ന­ഭി­ന്ന­മാ­യി­പ്പോ­കു­ന്ന ഒരു കേ­ര­ള­മ­ല്ല അത്. ഓര്‍­മ്മ­യി­ലെ ഒരു കേ­ര­ളം. അത് പു­നര്‍­നിര്‍­മ്മി­ക്കുക എളു­പ്പ­മ­ല്ല. അങ്ങ­നെ­യൊ­രു സ്വ­പ്ന­വ­ഴി കൂ­ടി ഈ കവി­ത­കള്‍ വാ­യ­ന­ക്കാ­ര­ന് നല്‍­കു­ന്നു­ണ്ട്.
ആ­ത്മ­സം­ഘര്‍­ഷം കവി­ത­ക­ളു­ടേ­യും കവി­ക­ളു­ടേ­യും അടി­സ്ഥാ­ന­മാ­ണ്. വെ­ട്ടി­ക്കാ­ടി­ന്റെ ഒരു നി­രീ­ക്ഷ­ണം നോ­ക്കു­ക.
"­വേ­ട്ട­ക്കാ­രന്‍
­വേ­ട്ട­ക്ക് വരാ­താ­യ­പ്പോള്‍
ഇ­ര­കള്‍­ക്ക് മു­ഷി­ഞ്ഞു­.
­പി­ന്നെ­യ­വര്‍
­പ­ര­സ്പ­രം വേ­ട്ട­യാ­ടി­."
(­വേ­ട്ട­ക്കാ­ര­നും ഇര­ക­ളും­)
­മ­ണ്ണില്‍ വേ­രു­റ­പ്പി­ച്ച­വ­നെ­ങ്കി­ലും മരു­ഭൂ­മി­യില്‍ ഒട്ടേ­റെ യു ടേ­ണു­കള്‍ തി­രി­ഞ്ഞു­വെ­ങ്കി­ലും വെ­ട്ടി­ക്കാ­ട് എന്ന കവി­യു­ടെ കവിത സ്വ­ന്തം ഇടം കണ്ടെ­ത്തി­യ­ത് സൈ­ബര്‍ ലോ­ക­ത്താ­ണ്. സൈ­ബര്‍ ബിം­ബ­ങ്ങ­ളി­ലൂ­ടെ തന്നെ കവി­ത­യാ­വി­ഷ്ക്ക­രി­ക്കാന്‍ ഇവ­നാ­വു­ന്നു­ണ്ട്.
“­സീ­ലിം­ഗില്‍ തൂ­ങ്ങു­ന്ന
ഈ ഒറ്റ­ക്ക­യ­റി­ലൂ­ടെ­
ഇന്‍­വി­സി­ബിള്‍ ആയ­ത്
­ജീ­വി­ത­ത്തി­ന്റെ പാ­സ്സ് വേ­ഡ്
­മ­റ­ന്ന് പോ­യ­ത് കൊ­ണ്ടാ­ണ്.”
(­പാ­സ്സ് വേര്‍­ഡ്)
­ബ­ന്ധ­ങ്ങ­ളു­ടെ കാ­ല­ത്തില്‍ ഈ കവി­യു­ടെ ജന്മ­പ­ര­മ്പ­ര­യില്‍ ആരോ കഠി­ന­മാ­യി കൂ­ടോ­ത്രം ചെ­യ്തി­ട്ടു­ണ്ടെ­ന്ന് പറ­യാ­തെ വയ്യ. അച്ഛ­നും കവി­യും മക­ളും പരി­സ­ര­മാ­യി അവ­ത­രി­ക്കു­ന്ന വരി­കള്‍ നോ­ക്കു­ക:
“അ­ച്ഛ­ന്റെ അച്ഛ­നെ­വി­ടെ­യെ­ന്ന്
ഇ­ള­യ­മ­കള്‍ ചോ­ദി­ക്കെ­
­മ­രി­ച്ച് പോ­യെ­ന്ന മറു­പ­ടി­ക്ക്
എ­നി­ക്ക് കാ­ണാ­നാ­യി­ല്ല­ല്ലോ-
­യെ­ന്ന­വ­ളു­ടെ സങ്ക­ടം­.
­നി­ന്നെ­ക്കാ­ണി­ക്കാ­നൊ­രു­
­ഫോ­ട്ടോ പോ­ലും കരു­തി­യി­ല്ലെ­ന്ന
­കു­റ്റ­ബോ­ധം കണ്ണ് നി­റ­ക്കും­.”
(അ­ച്ഛന്‍)
­ജ­നി­ച്ച നാ­ടി­നും, ജീ­വി­ത­ത്തോ­ട് പോ­ര­ടി­ക്കു­ന്ന നാ­ടി­നും, ആഗോ­ള­മാ­യി പടര്‍­ന്ന് കി­ട­ക്കു­ന്ന സൈ­ബര്‍ നാ­ടി­നും ഇട­യില്‍ ഇതാ ഒരു കവി തന്നെ അട­യാ­ള­പ്പെ­ടു­ത്തു­ക­യാ­ണ്. അതി­ലൂ­ടെ ഒരു മനു­ഷ്യ­നെ അട­യാ­ള­പ്പെ­ടു­ത്തു­ക­യാ­ണ്. ഈ കവി­ത­ക­ളില്‍ വാ­യ­ന­ക്കാ­രാ നീ നി­ന്നെ­യും കണ്ടെ­ടു­ത്തു കൊ­ള്ളു­ക.
**********************
­ക­വിത കു­ടി­ച്ച് കവിത വലി­ച്ച് കവിത പാ­ടി കവിത കണ്ട് ഒരു ദി­വ­സം ഞങ്ങള്‍ നാ­ലു­പേര്‍. കവി­ത­യു­ടെ ഒരു പകല്‍­ക്കി­നാ­വന്‍, കവി­ത­യു­ടെ ഒരു എര­ക­പ്പു­ല്ല്, കവി­ത­ക­ളു­ടെ ഒരു വെ­ട്ടി­ക്കാ­ട്, കവി­ത­യു­ടെ ഈ കു­രി­ശു­മ­രം, ഞങ്ങള്‍ നാ­ല് പേര്‍ എത്ര കി­ട­ന്നി­ട്ടും ഉറ­ങ്ങി­യി­ല്ല. എത്ര തളര്‍­ന്നി­ട്ടും ഉറ­ങ്ങി­യി­ല്ല. എത്ര കു­ടി­ച്ചി­ട്ടും ദാ­ഹം തീര്‍­ന്നി­ല്ല. കവിത കലര്‍­ന്ന ആ പാ­തി­രാ­ത്രി­യില്‍ വി­ല്ല­യില്‍ നി­ന്നൊ­ഴി­പ്പി­ച്ച ഒരു ധന­വാ­ന്റെ കാ­റി­ന്റെ കാ­റ്റ­ഴി­ക്കു­വാന്‍ ഞാന്‍ പാ­ട്പെ­ട്ടു. നീ­യ­ന്ന് ധൈ­ര്യ­ത്തോ­ടെ കൂ­ട്ടു­കൂ­ടി. വയ­നാ­ടന്‍ മല­നി­ര­ക­ളില്‍ ഒരു വര്‍­ഗ്ഗീ­സി­നേ­യും സു­ധാ­ക­ര­നേ­യും പോ­ലെ വി­പ്ല­വ­ത്തി­ന്റെ രണ്ട് ഫോ­ട്ടോ­സ്റ്റാ­റ്റു­കള്‍. അന്ന് രാ­ത്രി പോ­ലീ­സി­നെ പേ­ടി­ച്ച് മി­ണ്ടാ­തെ നാ­ല് പേ­രും ഒരു വി­ല്ല­യി­ലെ മു­റി­യില്‍ കെ­ട്ടി­പ്പി­ടി­ച്ച് കി­ട­ന്നു. പി­ന്നീ­ടെ­പ്പോ­ഴോ നമ്മ­ളു­റ­ങ്ങി­പ്പോ­യി. ഏറെ നാ­ളു­കള്‍­ക്ക് ശേ­ഷം നീ­യൊ­രു കവിത തന്നു­.
(­നി­ന­ക്ക് ഞാ­നി­ല്ലേ­യെ­ന്ന്)
ഇ­ന്ന് ആ കവിത ഒരി­ക്കല്‍ കൂ­ടി വാ­യി­ക്കു­മ്പോള്‍ രാ­മ­ച­ന്ദ്രാ, ഞാന്‍ നി­ന്നോ­ട് തന്നെ ചോ­ദി­ക്കു­ക­യാ­ണ്
­നീ ആരാ­ണ്
­നീ എവി­ട­ത്ത് കാ­ര­നാ­ണ്
എ­ങ്ങ­ന­ത്തെ­യാ­ളാ­ണ്
­നീ എന്റെ ആരാ­ണ്.

Tuesday, January 3, 2012

കാ വാ രേഖ?

പുസ്തകം : കാ വാ രേഖ?
രചയിതാവ് : ഒരു കൂട്ടം കവികള്‍

പ്രസാധകര്‍ : കൃതി പബ്ലിക്കേഷന്‍സ്

അവലോകനം : കുഴൂര്‍ വിത്സന്‍


­കൃഷിയോടും കവിതയോടും കൂടുതൽ സ്നേഹം തോന്നാനുള്ള കാരണങ്ങളിൽ ഒന്ന് ഇവ രണ്ടും കൂടിചേർന്നിരുന്നു എന്നുള്ളതാണ്‌. വായിച്ച കവിതകളേക്കാളേറെ അടുപ്പം തോന്നിയ നാടൻ ശീലുകളുടെ ഉറവിടം അന്വേഷിച്ചപ്പോൾ അത്‌ ഒരു കാലത്തെ പാടങ്ങളിലും പണിക്കളങ്ങളിലുമെത്തി. പണിഭാരം അറിയാതിരിക്കാൻ വേലക്കാർ പാടിയിരുന്ന പാട്ടുകൾ. അതിന്റെ ആഴവും വ്യാപ്തിയും ഇപ്പോഴും അതിശയപ്പെടുത്തുന്നു. "മത്സമുള്ള നീറ്റില്‌ കുളിക്കാമോ ജപിക്കാമോ ജപിച്ചവെള്ളമിറക്കാമോ" "മുണ്ടകപ്പാടത്തെ നാടൻ കുഞ്ഞേ, മുണ്ടകൻ കൊയ്യുമ്പോൾ ഏടിതക്കും.... എന്റെ വിധിപോലെ ഞാൻ കഴിയും" "ഇനിയേത്‌ മരം തേറ്റും തത്ത" തുടങ്ങിയ വരികൾ ഓർമയിൽ നിന്നും കുറിക്കുന്നു.

വയറു നിറയെ ഊണും, അതിലേറെ ഉറക്കവും കഴിഞ്ഞ്‌ വെടിവെട്ടത്തിന്റെ ഇടവേളകളിൽ നാടുവാണ വൃത്തവും ഛന്ദസും അർത്ഥവും (ധനം എന്ന് കൂടി അർത്ഥം) നിറഞ്ഞ പദ്യങ്ങളേക്കാൾ മണ്ണും കല്ലും നെല്ലും കലർന്ന അർത്ഥമില്ലാത്ത കവിതകളോട്‌ വല്ലാത്ത അടുപ്പം തോന്നിയിട്ടുണ്ട്‌ അന്ന് തന്നെ.

ഒരു കാരണം ആ കവിതകൾ വിതക്കുന്ന, കൊയ്യുന്ന, മണ്ണിനെ ഗർഭവതിയാക്കുന്നു. മനുഷ്യന്റെ വയറും നിറക്കുന്നു. മനസ്സും. ആ കവിതകൾ തൊഴിലിനോടൊപ്പം ചേർന്ന് പാടുന്നു. വിയർക്കുന്നു. കരയുന്നു. നെടുവീർപ്പിടുന്നു. ആ കവിതകൾ ജീവിതത്തെ ജീവിതമാക്കുന്നു.

എനിക്ക്‌ മുന്നിലിരിക്കുന്ന പരിചയമില്ലാത്തവരുടേയും പരിചയമുള്ളവരുടെയും ഈ കവിതകളെ ,ഈ ബ്ലോഗുകവിതകളെ, ഈ കാവാരേഖയെ തൊഴിലിടങ്ങളിലെ കവിതകളായി വായിക്കുകയാണ്‌.

ആശ്രയിക്കാൻ ആളില്ലാത്ത ഒരു പെണ്ണ്‌ തയ്ക്കുമ്പോൾ മൂളുന്ന പാട്ടുപോലെ, ബീഡിതെറുക്കുമ്പോൾ ഒരാൾ ഉള്ളിലുള്ള മനോവിചാരങ്ങൾ പിറുപിറുക്കുന്നതുപോലെ, വെള്ളം കോരുമ്പൊഴും, ചാക്കുചുമക്കുമ്പോഴും, വലിവണ്ടി വലിക്കുമ്പോഴും ഒരാൾ അൽപം ഉറക്കെ സ്വപ്നം കാണുന്നതു പോലെ, ക്യൂവിൽ നിൽക്കുമ്പോൾ ഒരു പെൺകുട്ടി എന്തോ ഓർത്ത്‌ ചിരിക്കും പോലെ നാടുവിട്ട്‌ നാടണയാൻ പലയിടങ്ങളിൽ ചിതറിയവർ പണിത്തിരക്കുകൾക്കിടയിൽ കണ്ട ചെറിയ വലിയ സ്വപ്നങ്ങൾ, ഭാവനകൾ, ജീവിതങ്ങൾ ആ നൈർമ്മല്യവും നിഷ്കളങ്കതയും ആത്മാർത്ഥതയും സ്വാഭാവികതയും ഈ കവിതകളിൽ ഉള്ളതിനാൽ ആ കൂട്ടത്തിൽ പെട്ട ഒരാളാകയാൽ

**********
ഒരു വഴിയടഞ്ഞാൻ ആയിരം വഴികൾ തുറക്കുമെന്ന് പഠിപ്പിച്ചത്‌ അപ്പനാണ്‌. അങ്ങിനെ തുറന്ന വഴികളാണ്‌ ലോകത്തിന്റെ ഗതിവിഗതികൾ മാറ്റിയിട്ടുള്ളതും. ജീവിതത്തിലും ചരിത്രത്തിലും കവിതയിലും. അച്ചടിയുടെ പൊതുവഴിയിൽ നിന്നും അയ്യപ്പപ്പണിക്കരെയും കടമനിട്ടയെയും വിഷ്ണുപ്രസാദിനെയും ശൈലനെയുമൊക്കെ തിരിച്ചയച്ചത്‌ മലയാളത്തിന്റെ കാലചരിത്രത്തിൽ വരും. കവിതയുള്ളവർ തിരിച്ചുപോയോ? ഇല്ല. ഒരു കാലത്ത്‌ ചുമരെഴുത്തുകൾ, കൈയെഴുത്ത്‌ മാഗസിനുകൾ, ലിറ്റിൽ മാഗസിനുകൾ, അവനവൻ പ്രകാശനത്തിന്റെ, പ്രസാധനത്തിന്റെ കുഞ്ഞാകാശം. സ്വാതന്ത്ര്യത്തിന്റെ വലിയ മൈതാനം. അതുകൊണ്ട്‌ പുറത്താക്കപ്പെടുന്നവരുടെ, ഒറ്റപ്പെടുന്നവരുടെ പുതിയ കാലത്തെ ചുമരെഴുത്താകുന്നു, ലിറ്റിൽ മാഗസിനാവുന്നു ബ്ലോഗുകൾ. അതിന്റെ പ്രതിരോധം സ്വാതന്ത്ര്യ്ം, അത്‌ മുഴുവൻ ഉപയോഗപ്പെടുത്തി ഇടവഴികളിലൂടെ പടർന്ന് ഗ്രാമങ്ങൾ , നഗരങ്ങൾ, മനുഷ്യഹൃദയങ്ങൾ തിരിച്ചുപിടിക്കേണ്ട സമയമായിരിക്കുന്നു. മലയാളത്തിൽ ബ്ലോഗിന്റെ ഒളിഞ്ഞും ഇപ്പോൾ തെളിഞ്ഞുമുള്ള പോരാട്ടങ്ങൾക്ക്‌ തുടക്കം കുറിച്ചവരിൽ പ്രധാനി ഇപ്പോൽ വയനാട്ടിൽ നിന്നുള്ള വിഷ്ണുപ്രസാദാണ്‌. സ്കൂൾ മാഷായി ഒരു ഗ്രാമത്തിൽ പ്രകാശം പരത്തി പൊലിഞ്ഞുപോകേണ്ട ആ നക്ഷത്രം ഉള്ളീലെ ആത്മാർത്ഥതയുടെ, കവിതകളുടെ ബലംകൊണ്ട്‌ മാത്രം സൈബറിൽ മലയാള കവിതയെ പടർത്തിയത്‌ കുറച്ചുപേർക്കൊന്നുമല്ല ആവേശം പടർത്തിയത്‌ . തനിക്കുമുണ്ട്‌ ഈ ഊഴിപ്പരപ്പിനോട്‌ പറഞ്ഞുപോകുവാൻ എന്ന് ഇടപ്പള്ളീ രാഘവൻ പിള്ളയുടെ വരികൾ ലോകമാനം പടർന്നുകിടക്കുന്ന കാവ്യവായനക്കാരിലേക്ക്‌ പടർത്താൻ വിഷ്ണുമാഷിനും അദ്ദേഹത്തെ പിൻതുണച്ചവർക്കുമായി..

മലയാളത്തിൽ ഇപ്പോൾ ബ്ലോഗെഴുത്തിന്‌ ഒരു വിലാസമുണ്ട്‌. കാ വാ രേഖ എന്ന ഈ പുസ്തകം തന്നെ അതിനുള്ള തെളിവാണ്‌. എല്ലാവർക്കും വിശ്വകവികളാവാൻ പറ്റില്ല. എങ്കിലും എല്ലാവരുടേയും ഉള്ളിലെ കവിക്ക്‌ ചില മുറിഞ്ഞ വാക്കുകളെങ്കിലും ലോകത്തോട്‌ പറയാനുണ്ട്‌. ഒരു പഞ്ചായത്തിൽ ആയിരത്തിലധികം കവികളുണ്ടെന്ന് പരിഹസിക്കുന്ന, ക്ഷോഭത്തിന്റെയും പരിഹാസത്തിന്റെയും അംഗീകൃത കവികൾക്ക്‌ അതുകാണാനാവില്ല. ഒരു വാക്കെഴുതി മറുവാക്ക്‌ കിട്ടിയതിനാൽ മരിക്കാതെ, ഓരോ ദിവസവും ജീവിതത്തെ സ്നേഹിക്കുന്ന ആയിരക്കണക്കിന്‌ പേർ. അതിൽ വീട്ടമ്മമാരുണ്ട്‌, കമ്പ്യൂട്ടർ ജോലിക്കാരുണ്ട്‌, ഗൾഫിലെ വീട്ടുവേലക്കാരുണ്ട്‌, മാർക്കെറ്റിംഗ്‌ എക്സിക്കുട്ടീവുകളുണ്ട്‌. കവിതകളുടെ ഒരു ചെറിയ കര കാണിച്ചു കൊടുത്തു എന്നതാണ്‌ പുതിയ കാലത്ത്‌ ബ്ലോഗുകളുടെ പ്രസക്തി. അതും കവിത ആത്മാർത്ത ഹൃദയം പോലെ അനാഥമാകുന്ന ഇക്കാലത്ത്‌ അതുകൊണ്ട്‌ തന്നെ ഇക്കൂട്ടത്തിൽ പെടുന്ന, ഈ കവിതകളെഴുതിയവരുടെ കൂട്ടത്തിൽ പെടുന്ന ഒരാളാകയാൽ അത്യഥികം ആത്മാർത്ഥതയോടെ, സ്നേഹത്തോടെ, കവിതയോടെയാണ്‌ ഈ സമഹാരത്തെ വായിച്ചതും.

കാവാരേഖയിൽ സതീദേവി എന്ന സ്ത്രീയുടെ ഒരു കവിതയുണ്ട്‌.

"നീ വേദനിക്കരുത്‌
നമുക്കൊരുമിച്ച്‌
കെട്ടിപ്പിടിച്ചിരിക്കാം"
എന്നാണ്‌ തുടക്കം. എത്ര നിർമ്മലം. ഒരു വളച്ചുകെട്ടുമില്ല! ആവർത്തിച്ചുനോക്കിയാൽ ഒന്നുമില്ല! എന്നാൽ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ അക്ഷരം പോലെ, sms പോലെ, ഫോൺ കാൾ പോലെ, ചിരിപോലെ അത്‌ നമ്മെ ആകർഷിക്കുന്നുണ്ട്‌. ആ നൈർമ്മല്യം തന്നെയാണ്‌ ഇനിയും അടയാളപ്പെട്ടിട്ടില്ലാത്ത, അരഞ്ഞാണം പോലുമിട്ടിട്ടില്ലാത്ത ഈ കവിതകളുടെ അടിസ്ഥാനം എന്ന് തോന്നുന്നു. ഇതെല്ലാം വളരട്ടെ. നന്മയോടെ, സ്നേഹത്തോടെ, ആത്മാർത്ഥതയോടെ, ജാഗ്രതയോടെ.

ബ്ലോഗുകൾ കൊണ്ട്‌ മാത്രം മലയാളത്തിന്റെ പുതിയ കാലത്ത്‌ അടയാളപ്പെട്ട ചിലരെങ്കിലും ഈ സമാഹാരത്തിലുണ്ട്‌. എസ്‌.കലേഷ്‌, രൺജിത്‌ ചെമ്മാട്‌, ഡോണമയൂര, ചാന്ദിനി ഗാനൻ, എൻ.എം.സുജീഷ്‌ തുടങ്ങിയവർ. ഈ സമാഹാരത്തിലേക്ക്‌ നൽകിയ കവിതകളിൽ ആ ഉത്തരവാദിത്വം അവർ കാണിച്ചില്ല എന്ന് സങ്കടത്തോടെ പറയട്ടെ.

എന്തായാലും ഒരു പെണ്ണുകുട്ടിയെ വായനക്കാരന്റെ മനസ്സിൽ കോറിയിടാൻ കലേഷിനായി. അവൾ വലുതാവുകയോ മരിച്ചുപോവുകയോ ചെയ്യാം. ശക്തിയുള്ള ഒരു ദേവിയെ മലയാളകവിതയിൽ പ്രതിഷ്ഠിക്കാൻ കലേഷ്‌ എന്ന കവിക്ക്‌ കഴിയട്ടെ എന്നാശംസിക്കുന്നു.

ആത്മസംഘർഷം കൊണ്ടും ശിൽപം കൊണ്ടും കാവാരേഖയിലെ ഏറ്റവും ശക്തമായ കവിത രഞ്ഞിത്‌ ചെമ്മാടിന്റേത്‌ തന്നെ. പുതിയ കാലത്തിന്റെ സംഘർഷത്തിനിടയിലും കവിത വായിക്കുവാൻ ഈ ഐ.ടി ചെറുപ്പക്കാരനാവുന്നു എന്നുള്ളത്‌ ആഹ്ലാദം നൽകുന്നു. ഡോണമയൂരയും ചാന്ദിനി ഗാനനും പ്രതീക്ഷകൾ ബാക്കി വെക്കുന്നു. എൻ.എം.സുജിഷ്‌ ഒരു പുതിയ വഴിയും.

ബ്ലോഗിൽ നിന്നും ഇനിയും അനേകം കവിതകൾ വരും. കവിതാപുസ്തകങ്ങൾ വരും. 70 കൾ പോലെ, ആധുനീകത പോലെ തീർച്ചയായും ഈ കലവും മലയാളത്തിൽ അടയാളപ്പെടുത്തും. അതിന്റെ തുടക്കമായിരുന്നു സച്ചിദാന്ദൻ എഡിറ്റ്‌ ചെയ്ത്‌ പുറത്തിറക്കിയ ഡി.സിയുടെ 'നാലാമിടം'. അതിന്റേതായ വലിയ സംവിധാനങ്ങളിൽ അത്‌ വലിയ സംഭവമായി കാണാൻ കഴിയില്ല. എന്നാൽ മറിച്ച്‌, അവിടെയാണ്‌ കാവാരേഖയെ വ്യത്യസ്തമാക്കുന്നത്‌. പരിമിതി, ദാരിദ്ര്യം, സ്വാധീനക്കുറവ്‌ അതൊക്കെയാണ്‌ കാവാ രേഖയുടെ തുന്നിക്കൂട്ടുകാരുടെ കൈമുതൽ... ചോരുന്ന വീട്ടിലെ അടുപ്പിൽ ഒരു കട്ടൻ ചായ അനത്തി മനസ്സിനെയും ശരീരത്തെയും ചൂടാക്കി മനുഷ്യനെ കുറിച്ചുള്ള ഒരു വലിയ സ്വപ്നം പൂർത്തിയാക്കാനുള്ള ഒരു ജീവിതശ്രമം അല്ലെങ്കിൽ പതിനായിരക്കണക്കിന്‌ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ജീവിതത്തിൽ നിന്ന് ഒരു ദിവസത്തിന്റെ ഒരു മണിക്കൂറിൽ നിന്ന് കുറച്ച്‌ നിമിഷങ്ങൾ കവിതക്കായി ചീന്തിയെടുക്കാൻ ഒരു ശ്രമം.... മാലോകർ സദ്യയുണ്ട്‌ ഏമ്പക്കം വിട്ട്‌ ആലസ്യത്തിലേക്ക്‌ പോകുമ്പോൾ ഉണർവ്വിലേക്ക്‌ തിരികെവരാൻ ഇവരൊരുക്കിയ കവിതയുടെ ഈ ഒരു കപ്പ്‌ കട്ടൻ ചായക്ക്‌... അതിലുള്ള ആത്മാർത്ഥത ചേർന്ന കടുപ്പത്തിനും മധുരത്തിനും നന്ദി.