Wednesday, January 29, 2014

റിട്ടേണ്‍ ഫ്ലൈറ്റ് പുസ്തകം : റിട്ടേണ്‍ ഫ്ലൈറ്റ്
രചയിതാവ് : റീനി മമ്പലം
പ്രസാധകര്‍ : ലിപി പബ്ലിക്കേഷന്‍സ്
അവലോകനം : എ.വി.അനില്‍കുമാര്‍


ചരിത്രസംഭവങ്ങൾക്ക് ഏക കാരണം തിരക്കുന്ന പഴയപതിവ് ഇപ്പോഴും പൂർണ്ണമായി നാടുനീങ്ങിയിട്ടില്ല. ജീവിത സങ്കീണ്ണതകൾ വായിച്ചെടുക്കുമ്പോഴും ഈയൊരു പരിമിതികാണാം. മനുഷ്യന്റെ ഭിന്നാവസ്ഥകൾക്ക് ഇനിയും നിർധാരണം ചെയ്തുകഴിഞ്ഞിട്ടില്ലാത്ത ആഴമുണ്ട്. റീനി മമ്പലം എഴുതിയ പന്ത്രണ്ട് കഥകളുടെ സമാഹാരമായ ‘റിട്ടേൺ ഫ്ളൈറ്റ്’ വായിച്ചപ്പോഴുണ്ടായ ആദ്യ വിചാരമാണിത്. അമേരിക്കൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ടവയാണ്‌ ആ കഥകൾ.

പ്രവാസ ജീവിതം അനുഭവക്കുറിപ്പുകളായും കഥകളും കവിതകളുമായും നമുക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ഡോ. പോൾ തോമസ്, മുക്കാടൻ, നിർമ്മല, ബെന്യാമിൻ, ബാബു ഭരദ്വാജ്, ഡോക്ടർ ഓമന ഗംഗാധരൻ തുടങ്ങിയവർ പകർന്നുനൽകിയ ജീവിതത്തിന്റെ മറ്റൊരു തലമാണ്‌ റീനി പൂർത്തിയാക്കിയിട്ടുള്ളത്. പ്രവാസത്തിന്റെ സാമ്പത്തിക ഉപലബ്ധികളിൽ മാത്രം അടങ്ങിയിരിക്കുകയും അതിന്റെ വൈകാരികതകൾ അവഗണിക്കുകയും ചെയ്യുന്ന പ്രവണതകൾക്കിടയിലാണ്‌ ഈ കഥാകാരി ചില ഓർമ്മപ്പെടുത്തലുകൾ നടത്തുന്നത്.

പ്രവാസത്തിന്റെ സന്ദിഗ്ദതകൾക്കും സങ്കീർണതകൾക്കും ഒരു സ്ത്രീപക്ഷ വ്യാഖ്യാനം കൂടിയാവുന്നുണ്ട് റീനിയുടെ രചനകൾ. ഓർമ്മകളുടെ ഭൂപടം, എഴുത്തിന്റെ വഴികൾ, സെപ്തംബർ 14, ഔട്ട് സോഴ്സ്ഡ്, മലമുകളിലെ മാതാവ്, പുഴ പോലെ, ശിശിരം,ഗൃഹലക്ഷ്മി, ഇന്നലെകളുടെ മരണം, അമ്മക്കിളികൾ, കറുത്ത കുപ്പായക്കാരൻ, റിട്ടേൺ ഫ്ളൈറ്റ് എന്നിങ്ങനെ പന്ത്രണ്ട് കഥകളിലും വല്ലാത്ത നിലയിലുള്ള പിടച്ചിലുകളുണ്ട്. ശിഹാബുദ്ദിൻ പൊയ്ത്തുംകടവ് ആമുഖ്ത്തിൽ ശരിയാം വണ്ണം നിരീക്ഷിച്ചതുപോലെ, പറിച്ചുനടപ്പെടുന്ന സംസ്കാരത്തിന്റെ വേദന മുറുകെപ്പിടിക്കാൻ ശ്രമിക്കുന്ന നല്ലതും തിയ്യതുമായ പൈതൃകങ്ങൾ, രഹസ്യമായി കൊണ്ടുനടക്കുന്ന പുരുഷകേന്ദ്രികൃത സങ്കല്പനങ്ങൾ, ഇവയ്ക്കിടയിൽ ഞെരുങ്ങുന്ന സ്ത്രീയാലോചനകളുടെ പ്രശ്നപരിസരങ്ങൾ-റീനി എഴുതുമ്പോൾ ഇവയൊക്കെ കഥാപാത്രങ്ങളായും വേഷപ്പകർച്ചയാടുന്നുണ്ട്. സ്ത്രീയെഴുതുമ്പോൾ അത് അമേരിക്കയിലായാലും ഇന്ത്യയിലായാലും തീർച്ചയായും ജനാലകൾ തുറക്കാനായുക തന്നെയാണ്‌. കേരളീയ സമൂഹത്തിൽ പ്രത്യേകിച്ചും (ജനാലകൾ തുറക്കുന്ന സ്ത്രി) സ്ത്രീയും പുരുഷനും ജനാലകൾ തുറക്കുമ്പോഴുള്ള വ്യത്യസ്തതകൾ അനുഭവവേദ്യമാക്കുന്നിടത്താണ്‌ റീനിയുടെ കഥകൾ ഉജ്വലങ്ങളാകുന്നത്‌. തുറന്നിട്ട ജാലകങ്ങളിലൂടെ ജീവിതത്തിന്റെ വർണ്ണശബളിമകൾക്കൊപ്പം പാരുഷ്യങ്ങളും കാണുന്നുണ്ട്. പനിപിടിച്ച കുഞ്ഞിനെ നെഞ്ചോട് ചേർത്തുവെച്ചപ്പോൾ അതിന്റെ അസ്വസ്ഥത പ്രവിന്റെ കുറുകലായി തിരിച്ചറിഞ്ഞ ഗീതാഹിരണ്യന്റെ വാക്കുകൾ ഓർക്കുക.

ആഗോളവൽക്കരാണന്തര ലോകത്തിന്റെ രീതികളും നടപ്പുകളും നിർമ്മിതി ഔചിത്യങ്ങളും അവതരിപ്പിക്കുന്നതിലും റീനിയുടെ കഥകൾ നല്ല ശ്രമം നടത്തുന്നുണ്ട്. സാങ്കേതിക പദാവലികൾ ഉന്നയിച്ചുകൊണ്ടല്ല അതെന്നതും പ്രധാനമാണ്‌. പറിച്ചു നട്ടതിന്റെ വേദനകൾ പങ്കുവെക്കുന്നതോടൊപ്പം അതിന്റെ വൈവിധ്യങ്ങളും എഴുതിച്ചേർക്കുന്നുണ്ട്.

സെപ്തംബർ 14, ഔട്ട്സോഴ്സ്ഡ്. റിട്ടേൺ ഫ്ളൈറ്റ് എന്നീ കഥകൾ പുതിയ കാലത്തിന്റെ ക്രൗര്യങ്ങളെ സ്ത്രീവീക്ഷണത്തിൽ പുനർവായന നടത്തുകയാണ്‌. ‘ഓർമ്മകളുടെ ഭൂപടം’ എന്ന ആദ്യകഥയുടെ ശീർഷകം തന്നെ ഈ സമാഹാരത്തിന്റെയാകെ പൊതുപ്രകൃതവും ലോകത്തിന്റെയും രാജ്യത്തിന്റെയും വ്യക്തിയുടെയും ഒർമ്മകളുടെയും ഭൂപടം മാറ്റി വരച്ചുകൊണ്ടിരിക്കുന്നതിന്റെ സാമൂഹ്യ ഉള്ളടക്കം പറയാനാണ്‌ ഉദ്ദേശിക്കുന്നതും. ആഗോളതലത്തിൽ തന്നെ പൊട്ടിത്തെറികളുണ്ടാക്കിയ സെപ്തംബർ 11 സ്ത്രീകളെ എങ്ങനെ ബാധിച്ചുവെന്നതിന്റെ വിങ്ങലുകളാണ്‌ സെപ്തംബർ 14. എല്ലാ പെണ്ണകങ്ങളിലും ഭയം പൊട്ടിത്തെറിപ്പിച്ച സെപ്തംബർ 11ന്റെ ഒരു ഭാഷ്യം.

ഔട്ട് സോഴ്സ്ഡ്, വന്ധ്യതയെ ആരോഗ്യ പ്രശ്നത്തിനപ്പുറം  വെച്ച് പരിശോധിക്കയാണ്‌. ഭാര്യയുടെ ഗർഭപാത്രം വാടകക്ക് നൽകി ഓട്ടൊ വാങ്ങുന്ന ദിനേശൻ. വാടക ഗർഭത്തിന്‌ വിധേയയാകുന്ന ഭാര്യ നിർമ്മല. ഗർഭപാത്രം വാടകകൊള്ളുന്ന ഉഷ. അവരുടെ അമേരിക്കൻ ഭർത്താവ് എന്നിവരെല്ലാമുണ്ടെങ്കിലും നിർമ്മലയിലൂടെ കഥാകൃത്ത് പറിച്ചുനടലിന്റെയും പാരമ്പര്യത്തിന്റെയും വേദന പങ്കുവെക്കുകയാണ്‌. കഥപറയാൻ മറ്റൊരു കഥ എന്ന പരീക്ഷണത്തിന്റെ വിജയമുദ്ര കൂടിയാണിത്. ഔട്ട്സോഴ്സ്ഡ് എന്ന ശീർഷകം അതികൃത്യവും മനോഹരവുമാണ്‌.

എഴുത്തിന്റെ വഴികൾ’ മനുഷ്യബന്ധത്തിലെ അനിർവചനീയമായ കയറ്റിറക്കങ്ങൾ അതിമനോഹരമായി അനുഭവവേദ്യമാക്കുന്നുണ്ട്. ഭർത്താവിനും മക്കൾക്കും പുറമെ മൂന്നാമതൊരു വ്യക്തിയെ തേടിയലയുകയാണ്‌ നായിക. സത്യം ഇഴപിരിച്ചെടുക്കുന്ന ഏകാന്ത പാതയാണത്. ആദ്യം വിക്ടോറിയ. അവർ നൽകിയ ചെടിച്ചട്ടിയിലെ ചെടി. പിന്നീട് അജ്ഞാതനായ കാമുകൻ. ഇത്തരമൊരു തിരഞ്ഞെടുപ്പിന്റെ ഇടം പരമ്പരാഗത സമൂഹം സ്ത്രീകൾക്ക് നല്കുന്നേയില്ല. അഗാധമായ കുഴൽകിണർപോലെയാണ്‌ ഇതിൽ ‘അവളുടെ’ റഫ്രിജറേറ്റർ. എത്രയെത്ര ഉദ്യമിച്ചാലും അടിത്തട്ടു കാണാനാവാത്തതുപോലെ.

സ്ത്രീയെ മിക്കപ്പോഴും മൃദുവായും മറ്റുചിലപ്പോൾ പുരുഷന്റെ നിർവചനങ്ങൾക്കപ്പുറം കഠിനമായും നിർവചിക്കുകയും വ്യാഖ്യാനിക്കുകയും അടയാളപ്പെടുത്തുകയുമാണ്‌ റീനി മമ്പലം. കേരളത്തിൽ നിന്ന് എഴുതുന്ന കഥാകാരികളെക്കാൾ കൊതിപ്പിക്കുന്ന ചില രൂപീകരണങ്ങൾകൊണ്ടും ഈ സമാഹാരം ശ്രദ്ധേയമാണ്‌. തീരത്തിന്റെ ഒരു കഷ്ണവുമായി മറഞ്ഞ തിര (ഓർമ്മകളുടെ ഭൂപടം) ചീനഭരണിയിലെന്നപോൽ മൂടിക്കെട്ടിയിരിക്കുന്ന നല്ല വാക്കുകൾ (എഴുത്തിന്റെ വഴികൾ) അവർക്ക് കൂട്ടിരുന്ന കാഫറ്റീരിയയിലെ തണുത്ത കാപ്പിക്കപ്പുകൾ, (സെപ്തംബർ 14) ചന്ദ്രക്കലപോലെ നീണ്ടുമെലിഞ്ഞ ചിരി (ഔട്ട്സോഴ്സ്ഡ്) കൂട്ടിയിട്ടും കിഴിച്ചിട്ടും പൂജ്യത്തിലവസാനിച്ച ബന്ധം, ( ഇന്നലെകളുടെ മരണം) തുടങ്ങിയവ ഉദാഹരണങ്ങൾ. “.....കാറ്റടിച്ച് തീപ്പൊരിയിൽ വീണ്‌ ആളിക്കത്തുന്ന കരിയിലകൾ പോലെയാണ്‌ സുഹൃദ് ബന്ധങ്ങൾ , കാറ്റ് എപ്പോൾ ഏതുദിശയിൽ വീശുമെന്ന് അറിയില്ല. ആളിക്കത്തി ഊർജ്ജംതീർന്ന് ചാരമായിത്തീർന്നാലും തൂവലിന്റെ മൃദുലതയോടെ മഞ്ഞിന്റെ കുളിർമയോടെ നെഞ്ചിലേറ്റി ജീവിതകാലം മുഴുവൻ കൊണ്ടു നടക്കാനാവണം. മരിക്കുമ്പോൾ നമ്മോടൊപ്പം ചാരമായി, ഭൂമിയുടെ അഴുക്കായി മണ്ണിലലിയണം. ......(എഴുത്തിന്റെ വഴികൾ) എന്ന സന്ദേശം ഒരു ഋജുപ്രസ്താവമാണെന്ന് പുറമേക്ക് തോന്നാമെങ്കിലും അതിലൊരു ജീവിതവീക്ഷണം അടക്കം ചെയ്തിട്ടുണ്ട്.

Thursday, January 2, 2014

ജീവിതത്തിന്റെ ബാന്‍‌ഡ്‌വിഡ്‌തില്‍ ഒരു കാക്ക

പുസ്തകം : ജീവിതത്തിന്റെ ബാന്‍‌ഡ്‌വിഡ്‌തില്‍ ഒരു കാക്ക
രചയിതാവ് : മനോരാജ്
പ്രസാധകര്‍ : സൈകതം ബുക്സ്
അവലോകനം : രാജേഷ് ചിത്തിര
തൊട്ട് ആശുദ്ധമാകപ്പെടലുകളില്‍ നിന്ന്  മുഖ്യധാരാ അച്ചടിമാധ്യമങ്ങള്‍ അകറ്റി നിര്‍ത്തിയിരുന്ന ഒരു കൂട്ടം എഴുത്തൂകാരുടെ വിരലുകളെയും മനസുകളെയും ചേര്‍ത്ത് നിര്‍ത്തുന്ന കണ്ണിയായിരുന്നു ബ്ലോഗ്‌ എന്ന മാധ്യമം അതിന്റെ വസന്തം എന്ന് ഇപ്പോള്‍ സംശയിക്കെണ്ടിയിരുന്ന ഒരു കാലത്ത്. അതെ കാലത്ത് കഥയുടെ വ്യത്യസ്ത വഴികളുമായി ബ്ലോഗ്‌ വായനക്കാരുടെ മനസ്സില്‍ നിറഞ്ഞു നിന്ന കഥയെഴുതുകാരില്‍ ചിലരായിരുന്നു, സുരേഷ് ബാബു, ബിജു കുമാര്‍ ആലംകൊട്, മനോരാജ് , ശിവകാമി എച്ച്മുകുട്ടി, റോസിലി ജോയ് തുടങ്ങിവര്‍. ഇവരില്‍ പലരുടെയും കഥകള്‍ സമാഹാരങ്ങളായി അനുവാചകന് മുന്നിലെത്തുകയും പലതും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.ഇത്തരം പുസ്തകങ്ങളില്‍ ഈയ്യടുത്ത് പുറത്തിറങ്ങിയ കഥാസമാഹാരമാണ് മനോരാജിന്റെ “ജീവിതത്തിന്റെ ബാന്‍ഡ് വിഡ്ത്തില്‍ ഒരു കാക്ക.”പതിനഞ്ചു കഥകളുടെ കൂട്ടായ്മയായ ഈ പുസ്തകത്തിലെ മനോരാജിന്റെ പല കഥകളുടെ പേരുകളും വളരെ ആകര്‍ഷകങ്ങളാണ്. പ്രത്യേകിച്ചും ഹോളോ ബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം,ഒരു എക്സ്റേ മെഷിന്റെ ആത്മഗതം,ആ ഞരമ്പ് രോഗികളുടെ വാര്‍ഡ്‌ ,പ്രസവിക്കാന്‍ താത്പര്യമുള്ള യുവതികളുടെ ശ്രദ്ധയ്ക്ക് തുടങ്ങിയവ.സാമൂഹിക പ്രതിബദ്ധത, തുടങ്ങി ആഭാവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് ബ്ലോഗിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും തങ്ങളുടെ എഴുത്തിന്റെ ലോകത്ത് വ്യാപരിക്കുന്ന ഈ തലമുറ എഴുത്തുകാര്‍ക്കിടയില്‍. എഴുത്തിന്റെ ഭൂമിക നൂറ്റാണ്ടുകളായി ചുറ്റിത്തിരിഞ്ഞിരുന്ന ഇട്ടാവട്ടലോകത്തില്‍ നിന്നും അതിവിശാലമാക്കപ്പെടുകയും അനുഭവങ്ങള്‍ തങ്ങളുടെതില്‍ നിന്നും കേട്ടുകേള്‍വി മാത്രമായിരുന്ന വര്‍ണ്ണവര്‍ഗ സമൂഹങ്ങളുടെത് കൂടിയാക്കപ്പെടുകയും ചെയ്യുന്നുണ്ട് പുതിയ തലമുറ എഴുത്തില്‍. മനോരാജിന്റെ എഴുത്ത് ലോകം തനിക്കു ചുറ്റുമുള്ളവരുടെ അനുഭവഭൂമികകള്‍ ആണ്. അത് മനുഷ്യന്റെ നന്മകളുടെ ആഘോഷവും മനുഷ്യത്വമില്ലായ്മയോടുള്ള തള്ളിപ്പറയലുമാണ്.


സക്കറിയയുടെ വളരെ പ്രശസ്തമായ ഒരു കഥ ഓര്‍മ്മിക്കുന്നു. അവിവാഹിതനും വൃദ്ധനുമായ ഒരു മനുഷ്യന്‍ തന്നെ കാണാന്‍ വന്ന ചെറുപ്പക്കാരിയായ സഹപ്രവര്‍ത്തകയുടെ കാമുകനൊപ്പം (പ്രതിശ്രുത വരന്‍)  സഹപ്രവത്തകയുടെ ഫ്ലാറ്റില്‍ എത്തുന്നതാണ് കഥാ പരിസരം. വൃദ്ധന്റെ വാക്കുകളിലൂടെ അയാള്‍ക്ക് സഹപ്രവത്തകയോടുള്ള സ്നേഹം ,വാത്സല്യം ഒക്കെ വെളിവാകുന്നു യാത്രക്കിടയില്‍. ചെറുപ്പക്കാരെ രണ്ടു പേരെയും അയാള്‍ അതീവ വാത്സല്യത്തോടെ തന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു എങ്കിലും അവര്‍ മറ്റ്‌ അത്യാവശ്യം പറഞ്ഞു അയാള്‍ക്കൊപ്പം പോവുന്നില്ല.അവരുടെ വാക്കുകളിലൂടെ വൃദ്ധനോട് ചെറുപ്പക്കാര്‍ക്കുള്ള അവജ്ഞ പുറത്ത് വരികയും ചെയ്യുന്നു. കാപട്യത്തിന്റെ മുഖം മൂടികള്‍ അണിഞ്ഞവരുടെ ലോകത്തെ പറ്റി സക്കറിയ 1965 ലോ മറ്റോ എഴുതിയ കഥ ഇപ്പോഴുംവര്‍ഷങ്ങള്‍ക്കു ശേഷവും പ്രസക്തമാവുന്നു.മനോരാജിന്റെ കഥകളിലും ഉണ്ട് ഇത്തരം കഥാപരിസരങ്ങള്‍. ഒരുകൂട്ടം നാട്ടുകാര്‍ക്ക് തന്റെ ജന്മദിനത്തില്‍ സദ്യ നല്‍കിയ ശേഷം അതെ ചടങ്ങിന്റെ ഫോട്ടോകള്‍ അനാഥരായ മനുഷ്യര്‍ക്ക് താന്‍ നല്‍കിയ സഹായങ്ങളുടെ തെളിവായി പ്രദര്‍ശിപ്പിച്ച ഒരാളെ ഓര്‍ക്കുന്നുണ്ട്. ഈ പുസ്തകത്തിലെ ‘ഹോളോ ബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം’ എന്ന കഥയുടെ പരിസരവും ഇത്തരത്തില്‍ ഒന്നാണ്. അനാഥയായ ഒരു വൃദ്ധയ്ക്ക് ചികിത്സ നല്‍കുന്ന ആശുപത്രി അധികൃതര്‍ ആ വൃദ്ധയെ തങ്ങളുടെ ചാരിറ്റിയുടെ തെളിവായി ചാനലുകള്‍ക്ക് മുന്നില്‍ വിളമ്പുന്നത് വളരെ ഹൃദയസ്പര്‍ശിയായി അവതരിക്കുന്നു മന്നോരാജ് ഈ കഥയില്‍.ചാനല്‍ ഷൂട്ടിംഗ് നു ശേഷം ആശുപത്രിയില്‍ നിന്ന് പുറത്ത് വിടപ്പെടുന്ന വൃദ്ധയാവട്ടെ, സ്വന്തമായി തലചായ്ക്കാന്‍ ഇടം കൂടി ഇല്ലാതെയാവുന്നു.ഹരിചന്ദനം എന്ന കഥയാവട്ടെ കാലികപ്രസക്തമാണ്. ഒരു പക്ഷെ മുന്‍വിധികള്‍ കൊണ്ട് സമ്പന്നം എന്ന് ഒറ്റനോട്ടത്തില്‍ പറഞ്ഞെക്കാവുന്ന ഈ കഥ ചില പ്രസക്തമായ ചോദ്യങ്ങള്‍ക്ക് വഴിമരുന്നിടുണ്ട് താനും.വായനാസുഖ സമൃദ്ധമെന്നു അടിവരയിടുന്നു ഈ സമാഹാരത്തിലെ ഓരോ കഥകളും.