Tuesday, December 30, 2014

മഞ്ഞവെയില്‍ മരണങ്ങള്‍


പുസ്തകം : മഞ്ഞവെയില്‍ മരണങ്ങള്‍
രചയിതാവ് : ബെന്യാമിന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : വിനോദ്കുമാര്‍ തലശ്ശേരി

ന്നലെ രാത്രി വളരെ വൈകിയാണ്‌, ബെന്യാമിന്റെ പുതിയ പുസ്തകം വായിച്ചുതീര്‍ന്നത്‌. തീര്‍ന്നപ്പോള്‍ വല്ലാതൊരു ശൂന്യത അനുഭവപ്പെട്ടു. വായന തുടങ്ങിയപ്പോള്‍ മുതല്‍ ഉദ്വേഗം നിറഞ്ഞ ആ അന്വേഷണത്തിന്റെ ഭാഗമായിരുന്നല്ലോ ഞാനും. അവസാന വ്യാഴച്ചന്തയില്‍ വെച്ച്‌ നോവലിന്റെ പ്രകാശനത്തിനുശേഷവും ബെന്യാമിന്‍ അന്വേഷണം അവസാനിപ്പിച്ച രീതിയില്‍ തൃപ്തി വരാതെ നിബു സ്വയം നോവലിന്റെ അവസാനം വരെയും ഉത്തരം കിട്ടാത്ത ചോദ്യത്തിനു പിന്നാലെ പോകാന്‍ തയ്യാറാകുന്നുണ്ട്‌. അതുപോലെയല്ലെങ്കിലും നോവലിനെ മനസ്സില്‍ നിന്ന്‌ പറിച്ചെറിയാന്‍ കഴിയാത്തതുപോലെ. രാത്രി ഏറെ നേരം ഉറക്കം വരാതെ കിടന്നു.

ചെറുപ്പത്തില്‍ വായനാശീലത്തിന്റെ തുടക്കത്തില്‍ പുസ്തകം കയ്യിലെടുത്താല്‍ തീര്‍ക്കുന്നതുവരെ ഒരു ലഹരി പോലെ അത്‌ കൂടെയുണ്ടാവുമായിരുന്നു. അതൊക്കെ മിക്കവാറും ദുര്‍ഗ്ഗപ്രസാദ്‌ ഖത്രിയുടേയും മറ്റും ഡിറ്റക്റ്റീവ്‌ നോവലുകളായിരുന്നു. വായന ശീലം മാറുന്നതിനനുസരിച്ച്‌ പുസ്തകം സമയമെടുത്ത്‌ വായിക്കാന്‍ തുടങ്ങി. വായന ഒരു ലഹരി അല്ലാതായി മാറിയപ്പോള്‍ ഒരു പുസ്തകം വായിക്കാന്‍ ദിവസങ്ങളെടുത്തു. വായന എവിടെ നിര്‍ത്തിയാലും പിന്നീട്‌ എന്ത്‌ സംഭവിക്കും എന്നൊരു ആകാംക്ഷ ഇല്ലാതായി. പക്ഷേ 'മഞ്ഞവെയില്‍ മരണങ്ങള്‍' വായനയുടെ ആ ലഹരി ആണ്‌ തിരിച്ചു കൊണ്ടുവന്നത്‌. ഗൌരവമായി വായിക്കേണ്ടുന്ന ഒരു പുസ്തകം, എന്നാല്‍ വായനയുടെ 'ത്രില്‍' അവസാനം വരെ നിലനിര്‍ത്തുന്ന പുസ്തകം.

ബെന്യാമിന്റെ പുതിയ പുസ്തകത്തെക്കുറിച്ച്‌ ബ്ളോഗില്‍ വായിച്ചപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചിരുന്നു, ആ പുസ്തകം വായിക്കണമെന്ന്‌. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അന്വേഷിക്കാന്‍ തുടങ്ങി. കോഴിക്കോട്ടെ ഡി.സി. ബുക്സിലും ഒലീവിലും ഒക്കെ അന്വേഷിച്ചിട്ടും കിട്ടിയില്ല. സ്റ്റോക്ക്‌ തീര്‍ന്നിരുന്നു. ഒടുവില്‍ ഏതൊ ഒരു ചെറിയ കടയില്‍ നിന്ന്‌ കിട്ടി. എന്നെപ്പോലെ ധാരാളം പേരുടെ വായനാശീലം മാറ്റിയ എഴുത്തുകാരനായിരിക്കുന്നു, ബെന്യാമിന്‍ എന്ന്‌ മനസ്സിലാകാന്‍ ഈ അനുഭവം തന്നെ ധാരാളം ആയിരുന്നു.

ഏറെ കാലത്തിനുശേഷം ഒരു നോവല്‍ വായിച്ചത്‌ അദ്ദേഹത്തിന്റെ തന്നെ 'ആടുജീവിതം' ആയിരുന്നു. എവിടെയോ വായിച്ചതോര്‍ക്കുന്നു, മലയാളിയെ വായനയിലേക്ക്‌ തിരിച്ചുകൊണ്ടുവന്ന നോവല്‍ ആയിരുന്നു, അതെന്ന്‌. അങ്ങനെ കേട്ടറിഞ്ഞാണ്‌, അത്‌ തേടിപ്പിടിച്ച്‌ വായിച്ചത്‌. മലയാളിയുടെ മൊത്തം കുത്തക ഏറ്റെടുക്കാന്‍ ആവില്ലയെങ്കിലും എന്റെ വായനയുടെ കാര്യത്തില്‍ അത്‌ തീര്‍ത്തും ശരിയായിരുന്നു. ഞാന്‍ മാത്രമല്ല ഏത്‌ പുസ്തകം കണ്ടാലും ഉറക്കം വരുന്ന എന്റെ ശ്രീമതിയും ആ നോവല്‍ വായിച്ചുതീര്‍ത്തു.

'ആടുജീവിതം' ശ്രദ്ധേയമായത്‌ അതിലെ അനുഭവത്തിന്റെ തീക്ഷ്ണത കൊണ്ടായിരുന്നു. ഗള്‍ഫ്‌ ജീവിതത്തിന്റെ നാം കാണാത്ത, നമ്മുടെ ഭാവനയില്‍ പോലും കടന്നുവരാന്‍ ഒരു സാദ്ധ്യതയില്ലാതിരുന്ന വരണ്ട ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നല്ലോ, ആ നോവല്‍. നജീബും അവന്റെ മരുഭൂമി വാസത്തിനിടയില്‍ കണ്ടുമുട്ടിയ ചില മനുഷ്യജന്‍മങ്ങളും അതില്‍ കൂടുതലായി കുറേ ആടുകളും. ഏറ്റവും വിപരീതമായ അവസ്ഥയില്‍ നിന്നുള്ള നജീബിന്റെ അതിജീവനത്തിന്റെ കഥ, അതായിരുന്നു, ആ നോവല്‍. ആ അനുഭവം പകര്‍ത്താന്‍ ഭാവനയുടെ സഹായം അല്‍പം പോലും ആവശ്യമില്ലായിരുന്നു. സാമാന്യം ഭാഷാ കൈവശമുള്ള ആരുടെ കൈയില്‍ കിട്ടിയാലും ആ നോവല്‍ പിറവി എടുക്കുമായിരുന്നു, എന്നാണ്‌ നോവല്‍ വായിച്ചപ്പോള്‍ തോന്നിയത്‌.അങ്ങനെ ഒരു നോവലെഴുതാന്‍ ആര്‍ക്കും സാധിക്കും എന്ന ഒരു കെറുവ്‌ തോന്നിയില്ലേ എന്നും സംശയം. മലയാളികള്‍ അത്ര പെട്ടെന്ന്‌ ആരേയും അംഗീകരിയ്ക്കില്ലല്ലോ. (അംഗീകാരം നേടിക്കഴിഞ്ഞാല്‍ പിന്നെ ചോദ്യം ചെയ്യപ്പെടാന്‍ ഒരിക്കലും അനുവദിക്കാത്ത വിധം തോളിലേറ്റി നടക്കുകയും ചെയ്യൂം എന്നത്‌ വേറെ കാര്യം ) പെട്ടെന്ന്‌ ഉയര്‍ന്നുവരുന്ന ഒരാളെ വിലയിരുത്താന്‍ ഒരു രണ്ടാം ശ്രമം വരെ കാത്തിരിക്കുക എന്ന്‌ എന്റെ തീവ്രവിശകലന ചാതുര്യം അന്ന്‌ എന്നോട്‌ പറഞ്ഞു.

പക്ഷേ ബെന്യാമിന്‍ എന്റെ കണക്കുകൂട്ടലുകളെയൊക്കെ തെറ്റിച്ചുകളഞ്ഞു. നോവല്‍ രചനയുടെ ക്രാഫ്റ്റിന്റെ കാര്യത്തില്‍ അദ്ദേഹം ഏറെ മുന്നോട്ട്‌ പോയിരിക്കുന്നു, എന്ന്‌ കാണിക്കുന്നതാണ്‌ പുതിയ നോവല്‍. രണ്ട്‌ തലത്തില്‍ വായിക്കേണ്ടുന്ന ഒരു നോവല്‍. ഒന്ന്‌ ബെന്യാമിന്റെ നോവല്‍, മറ്റൊന്ന്‌ നോവലിലെ കഥാപാത്രമായ ക്രിസ്റ്റി അന്ത്രപ്പേറിന്റെ നോവല്‍. ഉള്‍നോവലും പുറം നോവലും രണ്ടും അന്വേഷണങ്ങളാണ്‌.

ഒരു നോവലിസ്റ്റ്‌ ആകാന്‍ ജീവിതം ഉഴിഞ്ഞ്‌ വെച്ച ക്രിസ്റ്റി തന്റെ ആദ്യ നോവലിന്റെ രചനയിലാണ്‌. അതിനിടയില്‍ തന്റെ മുന്നില്‍ വെച്ച്‌ നടക്കുന്ന ഒരു കൊലപാതകത്തിന്റെ വേരുകള്‍ തേടി പോവാന്‍ നിര്‍ബ്ബന്ധിതനാവുകയാണ്‌. സമാന്തരമായി ബെന്യാമിന്‍ തന്റെ 'നെടുമ്പാശ്ശേരി' എന്ന നോവലിന്റെ പണിപ്പുരയിലുമാണ്‌. നോവല്‍ പകുതിയില്‍ നിന്നുപോയപ്പോള്‍ തുടര്‍ന്നുപോകാന്‍ വല്ല തുമ്പും കിട്ടുമോ എന്ന ആലോചനയിലാണ്‌. അപ്പോഴാണ്‌ കുറെ മുമ്പ്‌ തനിക്ക്‌ ആരോ അയച്ചു തന്ന ഒരു കഥയുടെ ആദ്യഭാഗം വായിച്ചുതുടങ്ങുന്നതും ക്രിസ്റ്റിയുടെ കഥയില്‍ എത്തിച്ചേരുന്നതും.

ക്രിസ്റ്റി അന്ത്രപ്പേര്‍ സ്വന്തം നോവല്‍ മറന്ന്‌ മരണത്തിന്റെ പുറകെ പോവുകയാണ്‌. അന്വേഷണം മുന്നോട്ട്‌ പോകുന്നതിനനുസരിച്ച്‌ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നു. ക്രിസ്റ്റിയുടെ അന്വേഷണം അവനെ ഒരു തിരിച്ചറിവില്‍ എത്തിക്കുന്നുണ്ട്‌, താന്‍ ജനിച്ച്‌ വളര്‍ന്ന, ചെറിയ ദ്വീപായ ഡീഗൊഗാര്‍ഷ്യ കറുത്ത വന്‍കരയേക്കാള്‍ നിഗൂഡതകള്‍ നിറഞ്ഞതാണെന്ന്‌. തന്റെ നാടിനെക്കുറിച്ച്‌ മാത്രമല്ല, വീടിനെക്കുറിച്ചുപോലും അറിഞ്ഞതില്‍ കൂടുതല്‍ തനിക്കറിയാത്തതാണെന്ന്‌.

ബെന്യാമിന്‍ തന്റെ പാതിയാക്കിയ നോവല്‍ മറന്ന്‌ അയച്ചുകിട്ടിയ കഥയുടെ ബാക്കിഭാഗങ്ങള്‍ അന്വേഷിച്ചുപോകുന്നു. ക്രിസ്റ്റിയുടെ നോവലിന്റെ ബാക്കി ഭാഗം അന്വേഷിച്ചുള്ള ബെന്യാമിന്റെ യാത്രയാകട്ടെ ദ്വീപിലും വന്‍കരയിലുമായി പല തടസ്സങ്ങളും നേരിട്ട്‌ മുന്നോട്ട്‌ പോകുന്നു. അന്വേഷണം പല നിഗൂഡതകളിലെക്കും വെളിച്ചം വീശുന്നുണ്ട്‌. നമ്മുടെ നാടിന്റെ നമ്മളറിയാത്ത പല രഹസ്യങ്ങളും ചുരുളഴിയുന്നുമുണ്ട്‌.

ഈ അന്വേഷണം ഒരു കൂട്ടായ്മയുടെ കൂടി ഫലമാണ്‌. എല്ലാ വ്യാഴാഴ്ചയും നടക്കുന്ന 'ആഴ്ചച്ചന്ത' യില്‍ ആണ്‌ പദ്ധതികള്‍ രൂപം കൊള്ളുന്നത്‌. കൂട്ടത്തിലെ എല്ലാവരും ജീവിച്ചിരിക്കുന്ന മനുഷ്യരാണ്‌. അവരൊക്കെ അന്വേഷണത്തില്‍ പല രീതിയില്‍ സഹകരിക്കുന്നുണ്ട്‌. ആഴ്ചച്ചന്തയില്‍ പതിവുകാരായ അവരൊക്കെ നോവലിലെ കഥാപാത്രങ്ങളായി മാറുന്നു. അതുപോലെ ഇന്റര്‍നെറ്റും ഫേസ്ബുക്കും, ഓര്‍ക്കുട്ടും ഒക്കെ ഇതിലെ കഥാപാത്രങ്ങളാണ്‌.

രണ്ട്‌ അന്വേഷണങ്ങളില്‍ ഏതാണ്‌ കൂടുതല്‍ ഉദ്വേഗജനകമെന്നത്‌ പറയാനാവില്ല. രണ്ടും കൂടി ഉദ്വേഗത്തിന്റെ വാള്‍മുനയിലൂടെ നടത്തിക്കുന്നു, വായനക്കാരനെ. ഈ ഉദ്വേഗം അവസാനം വരെ നിലനില്‍ക്കുന്നു, എന്നുള്ളതാണ്‌ നോവലിന്റെ വിജയവും.. അത്യന്തം സങ്കീര്‍ണമായ സമസ്യയുടെ പൊരുള്‍ തേടി നടത്തുന്ന ഇവരുടെ കൂട്ടായുള്ള അന്വേഷണവും ചര്‍ച്ചകളും തികച്ചും സ്വാഭാവികമാണ്‌. വായനക്കാരന്‍ സ്വയം അറിയാതെ ഈ അന്വേഷണത്തിണ്റ്റെ ഭാഗമായിത്തീരുന്നു. ഈ പുതിയ രീതി മലയാളത്തില്‍ ആരും പരീക്ഷിക്കാത്തതാണെന്ന്‌ തോന്നുന്നു.

കേരളത്തില്‍ പോര്‍ച്ചുഗീസുകാരുടെ വരവ്‌, കല്‍ദായ സഭയുടെ ചരിത്രം, ഉദയംപേരൂറ്‍ എന്ന സ്ഥലത്തിന്റെ ചരിത്രം ഒക്കെ നോവലില്‍ കടന്നുവരുന്നുണ്ട്‌. അതൊക്കെ ക്രിസ്റ്റി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായും ക്രിസ്റ്റിയുടെ കഥയുടെ നേര്‌ തേടി ബെന്യാമിന്‍ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായും നോവലില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതാണ്‌. അന്യംനിന്നുപോയ ഒരു നാട്ടുരാജാവിന്റെയും ആ രാജ്യത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന അനന്തരാവകാശികളുടെ മങ്ങാത്ത പ്രതീക്ഷയുടെ കൂടിയും കഥയുണ്ട്‌ നോവലില്‍.

രാത്രി ഏറെ വൈകി ഉറങ്ങിയ ശേഷം ബെന്യാമിനോടൊപ്പം ആഴ്ചച്ചന്തയില്‍ ആയിരുന്നു, ഞാനും. ക്രിസ്റ്റിയുടെ അന്വേഷണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ എത്തിനില്‍ക്കുന്ന നാല്‍ക്കവലയില്‍ ഏത്‌ പാത തിരഞ്ഞെടുക്കണമെന്ന ആലോചനയില്‍. മുന്നോട്ടുള്ള യാത്രയില്‍ ഏത്‌ ഗ്രൂപ്‌, ഓര്‍ക്കുട്ടോ, ഫേസ്ബുക്കോ, അതല്ല ക്രിസ്റ്റിയുടെ ജീവിയത്തിലെ നിരവധി ബന്ധങ്ങളില്‍ ഏതെങ്കിലുമോ, ആര്‌ ഒരു സഹായമായെത്തും എന്നറിയാതെ. ഇപ്പോള്‍ അത്‌ എന്റെയും കൂടെ ഒരാവശ്യമാണല്ലോ. കാലത്ത്‌ ഉണര്‍ന്നപ്പോഴാണ്‌ ഓര്‍ത്തത്‌ ക്രിസ്റ്റിയുടെ അന്വേഷണവും ബെന്യാമിന്റെ അന്വേഷണവും അവസാനിച്ചു കഴിഞ്ഞ വിവരം. സത്യം കണ്ടെത്തിയതിന്റെ ആശ്വാസം ഇല്ല എന്നാല്‍ അന്വേഷണത്തിന്റെ 'ത്രില്‍' നഷ്ടപ്പെട്ടതിന്റെ സങ്കടം ഉള്ളില്‍ നിറയുന്നുണ്ട്‌ താനും.

Tuesday, December 23, 2014

അന്ത്യപ്രഭാഷണം / THE LAST LECTURE

പുസ്തകം : അന്ത്യപ്രഭാഷണം / THE LAST LECTURE
രചയിതാവ് : റാന്‍ഡി പോഷ് / വിവര്‍ത്തനം: എസ്. ഹരീഷ്
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : അബ്ദുള്ള മുക്കണ്ണി


ലയാളിയുടെ വായന ശീലങ്ങളില്‍ ഇന്ന് സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍ക് വലിയ സ്ഥാനമുണ്ട്. അക്കൂട്ടത്തില്‍ ലോക നിലവാരം പുലര്‍ത്തുന്ന ഒരു കൃതിയാണ് റാന്‍ഡി പോഷ് എഴുതിയ അന്ത്യപ്രഭാഷണം. (പേജ് 212 വില : 125 രൂപ) കാര്‍ണഗിമെലന്‍ യൂണിവേര്‍സിറ്റിയില്‍ പ്രൊഫസര്‍ റാന്‍ഡി പോഷ് ചെയ്ത അന്ത്യ പ്രഭാഷണം നിരവധി ശ്രോദ്ധാക്കളെ സ്വാധീനിക്കുകയുണ്ടായി. പത്ത് ലക്ഷത്തിലേറെ ആളുകള്‍ ഇന്റര്‍നെറ്റിലൂടെ കണ്ട അദ്ദേഹത്തിന്റെ പ്രഭാഷണം പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയപ്പോള്‍ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. കൂടുതല്‍ കര്‍മോന്മുഖരാകാനും ജീവിതവിജയം കൈവരിക്കാനും ആഗ്രഹിക്കുന്ന ഏതൊരാള്‍കും പുസ്തകം വളരെ പ്രയോജനപ്രദമാകുമെന്ന് ഞാന്‍ കരുതുന്നു. കാര്‍ണഗിമെലന്‍ യൂണിവേര്‍സിറ്റിയില്‍ പ്രഗല്‍ഭരായ പല അധ്യാപകരും പ്രഭാഷണങ്ങള്‍ നടത്താറുണ്ട്‌. എന്നാല്‍ ‍അവിടുത്തെതന്നെ ആധ്യാപകനായിരുന്ന പ്രൊഫസര്‍ റാന്‍ഡി പോഷ് അന്ത്യപ്രഭാഷണം നടത്തുമ്പോള്‍ അദ്ദേഹത്തിനു തന്നെ അറിയാമായിരുന്നു അത് തന്റെ അന്ത്യപ്രഭാഷണമാണെന്ന്. അപ്പോള്‍ പാന്‍ക്രിയാട്ടിക് കാന്‍സര്‍ ബാധിതനായ റാന്‍ഡിക്കു വൈദ്യ ശാസ്ത്രം എതാനും മാസത്തെ ജീവിതമേ വിധിച്ചിട്ടുണ്ടായിരുന്നുള്ളൂ. പക്ഷെ അദ്ദേഹത്തിന്റെ പ്രഭാഷണം മരണത്തെ കുറിച്ചായിരുന്നില്ല, ജീവിതത്തിലെ പ്രധിസന്ധികളെ തരണംചെയ്യാനും സ്വപ്നങ്ങളെ സക്ഷാത്കരിക്കുവാനും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പ്രചോദനം നല്കുന്നതിനുമായിരുന്നു അന്ത്യപ്രഭാഷണം. തന്റെ ജീവിതഭിലാഷങ്ങളെ പ്രാവര്‍ത്തികമാക്കി അഭിമാനത്തോടെ മരണത്തെ കാത്തിരിക്കുന്ന റാന്‍ഡിയുടെ ചിത്രം നമ്മുടെ ജീവിത മൂല്യങ്ങളെയും ലക്ഷ്യങ്ങളെയും അവകൈവരിക്കുവാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെയും പുനരവലോകനം ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുമെന്ന് തീര്‍ച്ച.

പ്രൊഫ. റാന്‍ഡി പോഷ്(1960-210)

1960 -ല് ജനിച്ചു പ്രശസ്തമായ്‌ കാര്‍ണഗിമെലന്‍ യൂനിവേര്‍സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സിലും ഹ്യൂമന്‍മന്‍- കമ്പ്യൂട്ടര്‍ സയന്‍സിലും ഇന്റ്രാകഷന്‍ ആന്റ് ഡിസൈനിങ്ങിലും അധ്യാപകനായി സേവനം അനുഷ്ടിച്ചു. ഗൂഗിള്‍, അഡോബ്, വാള്‍ട്ട് ഡിസ്നി ഇമാജീയറിംഗ്,എലെക്ട്രോണിക്സ് ആര്‍ട്സ്
എന്നീ പ്രമുഖ കമ്പനികളുമായും സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലീസ് സോഫ്ട് വെയറിന്റെ ഉപജ്ഞാതാവ്. രണ്ടായിരത്തി ആറില്‍ പാന്‍ക്രിയാട്ടിക് കാന്‍സര്‍ ബാധിതനായി, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിച്ചേക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ അദ്ദേഹം കാര്‍ണഗിമെലന്‍ യൂനിവേര്‍സിറ്റിയില്‍ നടത്തിയ "ലാസ്റ്റ്ലക്ചര്‍"എന്ന പ്രഭാഷണം ലോകജനശ്രദ്ധപിടിച്ചു പറ്റി. ലോകമെമ്പാടും നിരവധി പേരെ സ്വാധീനിച്ച പ്രഭാഷണത്തിനു ശേഷം ജൂലൈ 25 - 2008 ല്‍ റാന്‍ഡിപോഷ് മരണത്തിനു കീഴടങ്ങി. ലോകത്തെ സ്വാധീനിച്ച ആറ് വ്യക്തികളില്‍ ഒരാളായി ടൈം മാഗസിന്‍ 2008 ല്‍ അദേഹത്തെ തിരഞ്ഞെടുക്കുകയുണ്ടായി. ജെഫ്രി സസ്ലോ എന്ന വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ കോളമിസ്‌റ്റായ അമേരിക്കന്‍ ജേര്‍ണലിസ്റ്റ്. പ്രൊഫ: റാന്‍ഡിപോഷി ന്‍റെ "ലാസ്റ്റ്ലക്ചര്‍"എന്ന പ്രഭാഷണ വേളയില്‍ സന്നിഹിത നായിരുന്നു. "ലാസ്റ്റ്ലക്ചര്‍"പുസ്തക രൂപത്തിലാക്കിയത് ജെഫ്രിയാണ്.

വിവര്‍ത്തനം: എസ്. ഹരീഷ്
ഒരു മുഷിവും തോന്നാതെ സുഖമമായി ഒറ്റയിരിപ്പിനു വായിച്ചു പോകാന്‍ തക്കവിധം ഇതിന്റെ വിവര്‍ത്തനം നിര്‍വഹിച്ചതില്‍ എസ്. ഹരീഷ് അഭിനന്ദനം അര്‍ഹിക്കുന്നു. കോട്ടയം ജില്ലയിലെ നീണ്ടൂര്‍ സ്വദേശിയായ ഇദ്ദേഹം കേരളാ സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്ടോവ്മെന്റ്റ് ലഭിച്ച 'രാസവിദ്യയുടെ ചരിത്രം' എന്ന കഥാ സമാഹാരത്തിന്റെ രചയിതാവ് കൂടിയാണ്.

Tuesday, December 16, 2014

അനന്തപത്മനാഭന്റെ മരക്കുതിരകള്‍

പുസ്തകം : അനന്തപത്മനാഭന്റെ മരക്കുതിരകള്‍
രചയിതാവ് : ഷാഹിന..കെ.
പ്രസാധകര്‍
: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട്
അവലോകനം : മനോരാജ്

"ങ്ങിനെയാവുമ്പോള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലക്ക്, സമൂഹത്തിനോട്, സമൂഹത്തിലെ ഓരോ അച്ഛനോടും താങ്കള്‍ക്കെന്താണ് പറയുവനുള്ളത്? എങ്ങിനെയാണ് പ്രതികരിക്കുവാനുള്ളത്?" കൂര്‍ത്തുമൂര്‍ത്ത രണ്ടു ചോദ്യങ്ങള്‍ കൊണ്ട് ഒരു കഥാപാത്രത്തിന്റെ മൊത്തം ദൈന്യതയും ഒരു കഥയുടെ മുഴുവന്‍ അന്ത:സത്തയും വായനക്കാരിലേക്കെത്തിക്കുവാന്‍ കഥക്കാവുന്നു എങ്കില്‍ അത് കഥാഖ്യാനത്തിന്റെ വിജയമാണെന്ന് നിസ്സംശയം പറയാം. അത്തരത്തില്‍ മനോഹരമാക്കപ്പെട്ട 'മിസ്ഡ്കാള്‍' എന്ന കഥയിലൂടെയാണ് അനന്തപത്മനാഭന്റെ മരക്കുതിരകള്‍ എന്ന സമാഹരത്തിലേക്ക് ഷാഹിന നമ്മെ ക്ഷണിക്കുന്നത്. മകളുടെ അനാവശ്യമായ പിടിവാശികള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന നാട്ടിന്‍പുറത്തുകാരനായ ഒരച്ഛന്‍, അത്തരം പിടിവാശികള്‍ക്കും ദുശ്ശാഠ്യങ്ങള്‍ക്കുമൊടുവില്‍ അവള്‍ ഒരു കെണിയില്‍ അകപ്പെട്ട സമയം ചാനല്‍ ചര്‍ച്ചകളുടെ ക്രൂരമായ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ ദൈന്യതയോടെ ഇരിക്കുന്ന നേര്‍ചിത്രം വരച്ചുകാട്ടുവാന്‍ മിസ്ഡ്കാള്‍ എന്ന രചനയിലൂടെ ഷാഹിനക്ക് കഴിഞ്ഞിട്ടുണ്ട്. അനന്തപത്മനാഭന്റെ മരക്കുതിരകള്‍ എന്ന സമാഹാരത്തില്‍ സാമൂഹിക പ്രതിബന്ധത കൊണ്ടും രചനയിലെ കൈയടക്കം കൊണ്ടും ഏറ്റവും മനോഹരമാക്കപ്പെട്ട ഒന്നാണ് മിസ്ഡ്കാള്‍ എന്ന കഥയെന്ന് പറയാം.

മിസ്ഡ്കാള്‍ കൂടാതെ ചിത്രകാരി, അനന്തപത്മനാഭന്റെ മരക്കുതിരകള്‍, കാണാതാകുന്ന പെണ്‍കുട്ടികള്‍, തനിയെ, ദശാസന്ധി, ഒരാത്മഹത്യയുടെ പുരാവൃത്തം, പുനര്‍ജ്ജനി, ബോംബെ ദീദി, മഴനേരങ്ങളില്‍ , ഭാഗപത്രം, മഞ്ഞുകാലം.. ജീവിതം കൊണ്ടമ്പരപ്പിക്കുന്ന പന്ത്രണ്ട് കഥകള്‍ എന്ന പിന്മൊഴിയോടെ ഷാഹിനയുടെ ആദ്യ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട് . (വില :52രൂപ)

സമാഹാരത്തിലെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നത് തീര്‍ത്തും നാട്യങ്ങളില്ലാത്ത കഥയുടെ നാട്ടുവഴികളും ഗ്രാമാന്തരീക്ഷവുമാണ്. ഇന്ന് പുത്തന്‍ കഥയെഴുത്തുകാര്‍ പരീക്ഷിക്കുന്ന നൂതന കഥരചനാ സങ്കേതങ്ങളിലൂടെയൊന്നും സഞ്ചരിക്കാതെ കഥയെ അണിയിച്ചൊരുക്കിയിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. എങ്ങിനെയെഴുതുന്നു എന്നതിനേക്കാളേറെ എത്രത്തോളം വായനക്കാരെ ആകര്‍ഷിക്കുന്നു എന്നതാണ് കഥയുടെ വിജയമെന്നിരിക്കില്‍ ഷാഹിനയുടെ കഥകള്‍ നിലവാരം സൂക്ഷിച്ചിട്ടുണ്ടെന്ന് പറയാം.

'ചിത്രകാരി' എന്ന കഥയിലെ ഫിസയില്‍ നിന്നും 'ദശാസന്ധി'യിലെ ശിവശങ്കരിയിലേക്കെത്തുമ്പോള്‍ ഷാഹിനയിലെ നായികക്ക് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചതായി കാണാം. കുടുംബമെന്ന ചട്ടക്കൂട്ടില്‍ പെട്ട് സര്‍ഗ്ഗാത്മകത പുറത്തെടുക്കാന്‍ കഷ്ടപ്പെടുന്ന ഫിസ... കുടുംബത്തിന്റെ പരിപൂര്‍ണ്ണമായ പിന്തുണയുണ്ടായിട്ട് പോലും കഴിവിനനുസരിച്ച് സര്‍ഗ്ഗശേഷി പ്രകടിപ്പിക്കുവാനാവാതെ ഒരു ദശാസന്ധിയില്‍ പെട്ട് ഉഴറുന്ന ശിവശങ്കരി.... അവതാരികയില്‍ അക്ബര്‍ കക്കട്ടില്‍ സൂചിപ്പിക്കുന്നത് പോലെ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായാണ് രണ്ടു കഥകളെയും വായിക്കുവാന്‍ തോന്നിയത്.

സമാഹാരത്തിലെ മറ്റു കഥകളില്‍ നിന്നും രചനാപരമായി വേറിട്ടുനില്‍ക്കുന്ന കഥയാണ് ടൈറ്റില്‍ രചനയായ 'അനന്തപത്മനാഭന്റെ മരക്കുതിരകള്‍'. പക്ഷെ മറ്റു കഥകളില്‍ നിറഞ്ഞു നില്‍ക്കുന്ന നൈര്‍മ്യല്യത്തെ ആസ്വദിച്ചത് കൊണ്ടാണോ എന്നറിയില്ല, ഫാന്റസിക്ക് കൂടുതല്‍ പ്രാധാന്യം തോന്നിയ രചന അത്രയേറെ ആകര്‍ഷിച്ചില്ല എന്ന് പറയാം. കാണാതാകുന്ന പെണ്‍കുട്ടികള്‍, ഒരാത്മഹത്യയുടെ പുരാവൃത്തം, മഴനേരങ്ങളില്‍ എന്നീ കഥകള്‍ മനോഹരമായ കൈയടക്കം കൊണ്ടും ഭാഷാപരമായ മേന്മ കൊണ്ടും പ്രശംസാര്‍ഹമായവ തന്നെ. ആദ്യ സമാഹാരത്തിലൂടെ തന്നെ എഴുത്തിന്റെ ഇടവഴികളില്‍ തന്റെ സാന്നിദ്ധ്യം യുവകഥാകാരി അടയാളപ്പെടുത്തുന്നു. വിഷയങ്ങളില്‍ വൈവിദ്ധ്യം സൃഷ്ടിക്കുവാന്‍ ഷാഹിനയിലെ കഥാകാരിക്ക് കഴിയുന്നുണ്ട്. വരും നാളുകളില്‍ കൂടുതല്‍ മികച്ച രചനകളുമായി ഷാഹിനയുടെ കഥാപ്രപഞ്ചം വളരുമെന്നും ഒട്ടേറെ വായനക്കാരെ സൃഷ്ടിക്കുവാന്‍ കഥാകാരിക്ക് കഴിയുമെന്നും പ്രത്യാശിക്കാം.

Tuesday, December 9, 2014

മീസാന്‍കല്ലുകളുടെ കാവല്‍

പുസ്തകം : മീസാന്‍കല്ലുകളുടെ കാവല്‍
രചയിതാവ് : പി.കെ.പാറക്കടവ്‌

പ്രസാധകര്‍ : ഡിസി ബുക്‌സ്‌, കോട്ടയം

അവലോകനം : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

പി.കെ.പാറക്കടവിന്റെ ആദ്യനോവല്‍ കഥ പറയുന്നവരും കഥ കേള്‍ക്കുന്നവരും ഇല്ലാതായിപ്പോകുന്ന ഒരു ലോകത്തെപ്പറ്റിയാണ്‌ വാള്‍ട്ടര്‍ ബെന്‍യാമിന്‍ `കഥപറയുന്ന ആള്‍' എന്ന ലേഖനത്തില്‍ വിശലനം ചെയ്യുന്നത്‌. കഥപറച്ചിലിന്റെ കല നശിച്ചുകൊണ്ടിരിക്കുന്ന കാലത്തെ നോക്കി പരിതപിക്കുകയാണ്‌ വാള്‍ട്ടര്‍ ബെന്‍യാമിന്‍. കഥ കേള്‍ക്കാന്‍ കൊതിക്കുന്നവരുടെ ഇടയിലേക്ക്‌ കഥപറച്ചിലുകാരായി വരുന്നവരുടെ എണ്ണം കുറയുന്നു. അനുഭവങ്ങള്‍ കൈമാറാനുള്ള കഴിവ്‌ നഷ്‌ടപ്പെടുകയാണെന്ന്‌ വാള്‍ട്ടര്‍ ബെന്‍യാമിന്‍ സൂചിപ്പിക്കുന്നു. ഇതിന്‌ ഉദാഹരണമായി പറഞ്ഞത്‌ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത്‌ തിരിച്ചെത്തിയ സൈനികരുടെ അവസ്ഥയാണ്‌. അവര്‍ മൗനികളായിരുന്നു. യുദ്ധരംഗത്തെ അനുഭവത്തെക്കുറിച്ച്‌ അവര്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല. യുദ്ധം അനുഭവജ്ഞാനത്തെ അട്ടിമറിക്കുകയായിരുന്നു. കഥപറച്ചിലിന്‌ സംഭവിച്ച ഈ വ്യതിയാനത്തിന്‌ ആധുനികതയുടെ പിറവിയോളം പഴക്കമുണ്ട്‌. കഥപറിച്ചലിനെക്കുറിച്ച്‌ ഇവിടെ പരാമര്‍ശിക്കാനിടയായത്‌ പി.കെ.പാറക്കടവിന്റെ ആദ്യ നോവല്‍ `മീസാന്‍കല്ലുകളുടെ കാവലാണ്‌'. പാറക്കടവിന്റെ നോവല്‍ നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്‌ദങ്ങള്‍ക്കും കുറുകെ നടക്കുന്ന കഥകളുടേയും കഥപറിച്ചലിന്റേയും അരങ്ങും അണിയറയും വീണ്ടും സൃഷ്‌ടിക്കുന്നു.

കഥയും കാലവും വടവൃക്ഷംപോലെ ശാഖകള്‍ വിടര്‍ത്തി പന്തലിച്ചു നില്‍ക്കുകയാണ്‌ 'മീസാന്‍കല്ലുകളുടെ കാവലില്‍'. കഥാപാത്രങ്ങള്‍ അവരുടെ കാലത്തിന്റെ രേഖീയതയും ഭേദിച്ച്‌ കീഴ്‌പ്പോട്ടുപോയവരുടെ ചരിത്രം കുഴിച്ചെടുക്കുന്നു. ധര്‍മ്മവും ധര്‍മ്മസങ്കടവും ആസക്തിയും നിരാസക്തിയും പ്രണയവും പ്രണയനിരാസവും എല്ലാം പാറക്കടവിന്റെ നോവലിലുണ്ട്‌. മുഖ്യകഥാപാത്രങ്ങളായ സുല്‍ത്താനും ഷഹന്‍സാദയും കഥകളുടെ ലോകത്താണ്‌ ജീവിക്കുന്നത്‌.
മലയാളത്തിലെ ഹൈക്കുനോവലാണ്‌ `മീസാന്‍കല്ലുകളുടെ കാവല്‍'.നോവല്‍ശില്‍പ്പത്തിലും കഥാപ്രതിപാദനത്തിലും പാറക്കടവ്‌ അനുഭവിപ്പിക്കുന്ന രചനാവൈദഗ്‌ധ്യം ശ്രദ്ധേയമാണ്‌. ആറ്റിക്കുറുക്കി, മൂര്‍ച്ചയേറിയ ഫലിതം ഉള്ളിലൊളിപ്പിപ്പ്‌ കഥപറയുന്ന പി.കെ.പാറക്കടവിന്റെ ശൈലി ഈ നോവലിലും ഔന്നത്യമാര്‍ന്നു നില്‍ക്കുന്നു. ചരിത്രവും വര്‍ത്തമാനവും യാഥാര്‍ത്ഥ്യവും സ്വപ്‌നവും വാക്കുകളുടെ ചെപ്പില്‍ അടുക്കിവെക്കുന്നു. ചിന്തയുടേയും ഏകാഗ്രതയുടേയും തീക്ഷ്‌ണശിലയാണ്‌ പാറക്കടവിന്റെ നോവല്‍. ആര്‍ദ്രതയൊഴുകുന്ന നീര്‍ച്ചോലയാണിത്‌. മനം പൊള്ളലിന്റെ വേദനയും സുഖവും നല്‍കുന്ന കൃതി. നോവലിസ്റ്റ്‌ തന്നെ ഇങ്ങനെ പറഞ്ഞുവെച്ചിട്ടുണ്ട്‌:`ജീവിതം പിഴിഞ്ഞു സത്തുണ്ടാക്കി ഇത്തിരി കിനാവും കണ്ണീരും ചേര്‍ത്തു തപസ്സു ചെയ്യുമ്പോള്‍ ഒരു കലാസൃഷ്‌ടിയുണ്ടാവുന്നു'. മീസാന്‍കല്ലുകളുടെ കാവല്‍ വായിച്ചു തീരുമ്പോള്‍ നമുക്ക്‌ അനുഭവപ്പെടുന്നതും മറ്റൊന്നല്ല.

ദേശപ്പെരുമയും അധികാരപ്പൊലിമയും നാട്ടാചാരങ്ങളും നാട്ടുമൊഴികളും നാട്ടിടവഴിയും മഴനാരുകളും രാക്കഥകളും രാവിന്റെ നടുമുറ്റത്ത്‌ നടക്കാനിറങ്ങുന്ന ജിന്നുകളും നിലാവെട്ടത്തില്‍ കുതിരപ്പുറത്തേറി യാത്രചെയ്യുന്ന ആലിമുസ്‌ലിയാര്‍ അസീസധികാരിയുടെ കാലില്‍ സ്‌പര്‍ശിക്കുന്നതും ഉമ്മാച്ചോമയുടെ ആത്മഹത്യാശ്രമവും കഥാവഴിയിലുണ്ട്‌. ഉപകഥകളായും കേള്‍വികളായും അതിവിദൂരമല്ലാത്ത ഭൂതകാലത്തിന്റെ അടയാളങ്ങളും നോവലില്‍ കാണാ. കക്കയം ക്യാമ്പും രാജനും വിപ്‌ളവമുന്നേറ്റങ്ങളും തിളച്ചു മറിയുന്ന യൗവ്വനങ്ങളും കഥയുടെ സൂര്യന്‍ കെട്ടുപോകാതെ നിര്‍ത്തുന്നു.

കഥയുടെ ദാര്‍ശനികമാനങ്ങളിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോവുന്ന പതിനാറ്‌ അധ്യായങ്ങളില്‍ സുല്‍ത്താന്‍ സ്വയം മറന്ന്‌ കഥപറയുന്നു. ജീവിതത്തിലും മരണത്തിലും ഷഹന്‍സാദക്ക്‌ കാവലായി അവന്‍ കഥപറഞ്ഞുകൊണ്ടേയിരിക്കുന്നു. `നീ സ്വസ്ഥമായുറങ്ങ്‌. നിനക്ക്‌ ഒരു മീസാന്‍കല്ലായി ഞാനിതാ കാവലിരിക്കുന്നു. അനന്തമായ കാവല്‍. ഞാന്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കാം.' അകം നോവുന്ന പ്രാര്‍ത്ഥനപോലെ നോവല്‍ സമാപിക്കുന്നിടത്ത്‌ പുതിയ കാലവും കഥയും പിറക്കുന്നു. ഓരോ അധ്യായത്തിനും അനുയോജ്യമായി മജിനിയുടെ രേഖാഖ്യാനവുമുണ്ട്‌. ചന്ദ്രിക ആഴ്‌ചപ്പതിപ്പില്‍ ഖണ്‌ഡശ്ശയായി പ്രസിദ്ധീകരിച്ച ഈ നോവല്‍ മലയാളനോവല്‍ സാഹിത്യത്തിന്‌ അതിന്റെ സാങ്കേതികതലത്തിലും സംവേദനതലത്തിലും ചെറുതല്ലാത്ത മുതല്‍ക്കൂട്ടാണ്‌.(വില-40 രൂപ)

Tuesday, December 2, 2014

മുസരീസ് ഗ്രാമത്തിലെ ഇടവഴികൾ

പുസ്തകം : മുസരിസ് ഗ്രാമത്തിലെ ഇടവഴികള്‍
രചയിതാവ് : ജോസ് മഴുവഞ്ചേരി

പ്രസാധകര്‍ : കേസരി ബുക്സ്

അവലോകനം : നിരക്ഷരന്‍ഗുരുവും അയൽ‌വാസിയും പങ്കുകാരനുമായ ഏണസ്റ്റ് സാറിന്റെ വീട്ടിൽ ചെന്നപ്പോൾ മേശപ്പുറത്ത്മുസരീസ് ഗ്രാമത്തിലെ ഇടവഴികൾ’ (കേസരി ബുക്സ്) കിടക്കുന്നു. ലേഖകന്റെ കൈയ്യൊപ്പ് പതിഞ്ഞ കോപ്പി. ഞാനത് കടന്ന് പിടിച്ചു, കടമായി വാങ്ങിക്കൊണ്ടുപോയി രാത്രിക്ക് രാത്രി തന്നെ വായിച്ചുതീർത്ത് തിരിച്ച് കൊടുക്കുകയും ചെയ്തു.

മുസരീസ് സംബന്ധിയായ എന്തുകണ്ടാലും ചാടി വീഴാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. സ്വന്തം നാട്ടിൽ നിന്ന് ക്രിസ്തുവിന് മുന്നേയുള്ള ശേഷിപ്പുകൾ കിളച്ചെടുക്കാൻ തുടങ്ങുമ്പോൾ, പറങ്കികൾക്കും ലന്തക്കാർക്കും ഇംഗ്ലീഷുകാർക്കുമൊക്കെ മുന്നേ, സങ്കൽ‌പ്പിക്കാൻ പോലുമാകാത്ത ഒരു കാലഘട്ടത്ത് യവനരും റോമാക്കാരുമൊക്കെ ഞങ്ങളുടെ ഇടവഴികളിലൊക്കെ വിലസി നടന്നിരുന്നെന്ന് തെളിവുകൾ നിരത്തപ്പെടുമ്പോൾ, സംസ്ക്കാരത്തിന്റെയൊക്കെ ഭാഗമായിരുന്നല്ലോ എന്റെ പൂർവ്വികർ എന്ന ചിന്ത ആനന്ദദായകമാകുമ്പോൾ, മണ്ണടിഞ്ഞുപോയ മുസരീസിന്റെ പൊട്ടും പൊടിയും പെറുക്കാതിരിക്കാൻ എനിക്കുമാവുന്നില്ല.

പുസ്തകം പക്ഷെ, പേര് സൂചിപ്പിക്കുന്നത് പോലെ മുസരീസിന്റെ ചരിത്രത്തിൽ ഊന്നിയുള്ളതല്ല. മുസരീസുകാരനായ ജോസ് മഴുവഞ്ചേരി എന്ന അദ്ധ്യാപകന്റെ അനുഭവക്കുറിപ്പുകളാണ് ഗ്രന്ഥത്തിൽ. ജോസ് മഴുവഞ്ചേരി എന്ന പേര് എനിക്കത്ര പരിചയമില്ല. പുറം ചട്ടയിലുള്ള, എന്നെപ്പോലെ അൽ‌പ്പസ്വൽ‌പ്പം നരകയറിയ മുടിയുള്ള ലേഖകന്റെ ഫോട്ടോയും വലിയ പരിചയമില്ല. ഉൾപ്പേജിൽ വിശദവിവരങ്ങൾ വായിച്ചതോടെ, പറഞ്ഞറിയിക്കാനാവാത്ത ആനന്ദത്തോടെ ലേഖകനെ ഞാൻ തിരിച്ചറിഞ്ഞു. പറവൂർ ലക്ഷ്മി കോളേജിലെ പ്രിൻസിപ്പാളും, എന്റെ അദ്ധ്യാപകനുമായ ജോസ് സാർ.

ട്യൂഷൻ ക്ലാസ്സുകളിൽ അദ്ദേഹത്തിന്റെ അദ്ധ്യാപന രീതിയുടെ ഊഷ്മളത ഒരുപാട് അനുഭവിച്ചിട്ടുണ്ട്. പാഠ്യവിഷയങ്ങളിൽ മാത്രം ഊന്നി നിൽക്കാതെ, വളരെ രസകരമായ കഥകളും ആനുകാലിക വിഷയങ്ങളിലുള്ള ചില പരാമർശങ്ങളുമൊക്കെയായി അതീവ താൽ‌പ്പര്യം ജനിപ്പിച്ചിട്ടുള്ള ക്ല്ലാസ്സുകളായിരുന്നു അത്. അദ്ദേഹത്തിന്റെ മാത്രമല്ല സഹ അദ്ധ്യാപകരായ എൻ.എം. പീയേർസൺ സാറിന്റേയും ഡേവീസ് സാറിന്റേയുമൊക്കെ ക്ലാസ്സുകൾക്ക് ഇതേ പ്രത്യേകതകൾ ഉണ്ടായിരുന്നു. ചിട്ടയായുള്ള പഠിപ്പിക്കലും ഇടയ്ക്കിടയ്ക്കുള്ള പരീക്ഷകളുമൊക്കെ, പഠിക്കാതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് ഏത് മടിയനേയും കൊണ്ടെത്തിച്ചിരുന്നു എന്നതാണ് സത്യം. ലക്ഷ്മി കോളേജ് എന്ന പാരലൽ കോളേജ് വളരെ നല്ല നിലയിലേക്ക് ഉയർന്നതും ഇന്നും അതേ നിലയ്ക്ക് വർത്തിച്ച് പോകുന്നതും അനുകരണീയരായ അദ്ധ്യാപകരുടെ അദ്ധ്യയനരീതികൊണ്ടുതന്നെയെന്ന് ഞാൻ വിശ്വസിക്കുന്നു.

പൂർവാഹ്നം, മദ്ധ്യാഹ്നം, സായാഹ്നം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി 30 അനുഭവസാക്ഷ്യങ്ങളാണ് പുസ്തകത്തിലുള്ളത്. പീയേർസൺ സാർ എഴുതിയിരിക്കുന്ന അവതാരിക എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കുറിപ്പിന്റെ അവസാനഭാഗത്തെ ചില വരികൾ തന്നെ എടുത്തു പറയട്ടെ. ‘കഥകൾക്ക് ഒരു കൌതുകം കരുതിവെച്ച് അവസാന ഖണ്ഡിക കാത്തുനിൽക്കുകയാണ്. ആത്മാവ് തുടിക്കുന്നത് അവസാനത്തെ പാരഗ്രാഫിലാണ്.’

മനസ്സിൽ‌പ്പതിഞ്ഞുപോയ ഉള്ളുലക്കാൻ പോന്ന ചില സംഭവങ്ങൾ, ഉപ്പുമാവിന് ശേഷം വിതരണം ചെയ്യുന്ന പാല് കുടിക്കാനുള്ള ശ്രമം നാറ്റക്കേസാകുന്നത്, സംഭവത്തിന്റെ ചില ബാക്കിപത്രങ്ങൾ ഈയടുത്ത കാലത്ത് വെളിപ്പെടുത്തപ്പെടുന്നത്, പെസഹാ എന്ന വാക്കിന്റെ അർത്ഥം കടന്നുപോകേണ്ടവൻ എന്നാണെന്നുള്ളത്, ഒരു മാർക്ക് കിട്ടിയ ആൾക്ക് ഒരടി; ഒൻപത് മാർക്കുകാരന് ഒൻപത് അടി; പത്ത് മാർക്കും പൂജ്യം മാർക്കും കിട്ടിയവർക്ക് അടിയില്ല എന്ന രീതിയിലുള്ള ഫ്രാൻസീസ് സാറിന്റെ വ്യത്യസ്തമായ ശിക്ഷണരീതി. ഇത്തരത്തിലുള്ള അനുഭവങ്ങൾ ചുരുളഴിയുന്ന പത്ത് അനുഭവങ്ങളാണ് പൂർവ്വാഹ്നത്തിലുള്ളത്. ‘പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ‘, ‘അണ്ണാ ഹസാരേ മാപ്പ് ‘ ‘മൈലാഞ്ചികൾ അരിക് പിടിപ്പിച്ച വഴിഎന്നിങ്ങനെ പല അദ്ധ്യായങ്ങളും വായിക്കുമ്പോൾ, ജോസ് സാറിന്റെ ക്ലാസ്സിൽ ഇരുന്നിരുന്ന പഴയ ടീനേജുകാരൻ എന്റെയുള്ളിൽ തലപൊക്കി.

താൻ രചിച്ച ഭക്തിഗാനം നിനച്ചിരിക്കാതെ കെ.എസ്.ചിത്രയുടെ ശബ്ദത്തിൽ ചെട്ടിക്കാട് പള്ളിയിൽ നിന്ന് കേൾക്കാനിടയായും, അത് രചിച്ചതാരാണെന്ന് ഗായകസംഘത്തോട് അന്വേഷിക്കുന്നതുമായ സംഭവമാണ്ആദ്യരാത്രിയിലെ ഉടമ്പടി എന്ന കുറിപ്പ് ‘. ഇതടക്കമുള്ള പല ലേഖനങ്ങളും തികഞ്ഞ ഒരു വിശ്വാസിയായ ലേഖകന്റെ കൈയ്യൊപ്പ് പതിഞ്ഞവയാണ്.

പാർട്ടികൾക്കും പ്രസ്ഥാനങ്ങൾക്കുമൊക്കെ തെറ്റ് പറ്റുമ്പോൾ, നിലപാടുകൾ പിഴക്കുമ്പോൾ, തിരുത്താൻ ശ്രമിച്ചതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വന്ന പിയേർസൺ സാറിന്റെ കഥയാണ്സ്പന്ദനം നിലച്ച നാഴികമണി‘. പാർട്ടിയെ തെറ്റുകളിൽ നിന്ന് നേർവഴിക്ക് കൊണ്ടുവരാൻ വേണ്ടിയുള്ള ശ്രമങ്ങളും വിമർശനങ്ങളും അദ്ദേഹത്തിന്റെ മകന്റെ തട്ടിക്കൊണ്ടുപോകലിലാണ് കലാശിക്കുന്നത്. പ്രശ്നത്തിന് പിന്നാലെയുള്ള പാച്ചിലിനിടയിൽ പെരുമ്പാവൂർ പുല്ലുവഴിയിലെ അന്തോണീസ് പുണ്യാളന്റെ രൂപക്കൂടിന് മുന്നിൽ ഒരു പ്രാർത്ഥനയ്ക്കായി വാഹനം നിർത്താൻ ജോസ് സാർ ആവശ്യപ്പെടുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിച്ചശേഷമുള്ള മടക്കയാത്രയിൽ നല്ല ഉറക്കത്തിലായിരുന്ന ലേഖകനെ പുല്ലുവഴി എത്തിയെന്ന് പറഞ്ഞ് വിളിച്ചുണർത്തുന്നത് പിയേർസൺ സാറാണ്. സ്വന്തം പ്രത്യയശാസ്ത്രങ്ങൾക്കും കാഴ്ച്ചപ്പാടുകൾക്കും ഒപ്പമോ അതിനേക്കാൾ വലുതായിത്തന്നെയോ സഹജീവികളുടെ വിശ്വാസങ്ങൾക്കും വില കൽ‌പ്പിക്കുന്ന, എൻ.എം.പിയേർസൺ എന്ന വ്യക്തിപ്രഭാവത്തെയാണ് അദ്ധ്യായം കാണിച്ചുതരുന്നത്.

സൂചന പോലുമില്ലാതെ നേരിട്ട് വായിച്ചിറങ്ങിച്ചെല്ലേണ്ടത് വായനക്കാരന്റെ അവകാശമായതുകൊണ്ട്, എടുത്തുപറഞ്ഞ കഥകളേക്കാൾ മേന്മയുള്ളത് പലതും ബോധപൂർവ്വം സ്മരിക്കാതെ പോകുന്നു. ജോസ് മഴുവഞ്ചേരി എന്ന ജോസ് സാറിനെ നേരിട്ടറിയുന്നതുകൊണ്ടായിരിക്കണം നല്ലൊരു വായനാനുഭവമാണ്മുസരീസ് ഗ്രാമത്തിലെ ഇടവഴികൾഎനിക്ക് സമ്മാനിച്ചത്. സാറിനെ നേരിട്ടറിയാത്തവർക്കും പുസ്തകം നല്ലൊരു വായന സമ്മാനിച്ചിരിക്കാതെ തരമില്ല. അല്ലെങ്കിൽ‌പ്പിന്നെ 2011 നവംബറിൽ ആദ്യ പതിപ്പിറക്കിയ ശേഷം 2012 ഫെബ്രുവരി ആയപ്പോഴേക്കും നാല് എഡിഷൻ കൂടെ വിറ്റുപോകാൻ സാദ്ധ്യതയില്ലല്ലോ ?