Showing posts with label സന്തോഷ് പല്ലശ്ശന. Show all posts
Showing posts with label സന്തോഷ് പല്ലശ്ശന. Show all posts

Tuesday, October 14, 2014

ഫ്രാന്‍സിസ് ഇട്ടിക്കോര

പുസ്തകം : ഫ്രാന്‍സിസ് ഇട്ടിക്കോര
രചയിതാവ് : ടി.ഡി.രാമകൃഷ്ണന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : സന്തോഷ് പല്ലശ്ശന


നിലവിലുള്ള സങ്കേതങ്ങളുമായി ഐക്യം പ്രാപിക്കുകയും കാലം തുറന്നു തരുന്ന വെളിച്ചങ്ങള്‍ നിര്‍ണ്ണയിക്കുന്ന ദിശാബോധത്തിനൊപ്പം മാത്രം സഞ്ചരിക്കുകയും ചെയ്യുന്ന വ്യവസ്ഥാപിത സര്‍ഗ്ഗാത്മക രീതികള്‍ ഇനി തകര്‍ക്കപ്പെടുമോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സമകാലിക പരിതോവസ്ഥകളോടുള്ള പൊരുത്തപ്പെടലുകളെ ഇത്തിരി അശ്ളീലച്ചുവയോടെ പറഞ്ഞാല്‍ സര്‍ഗ്ഗാത്മക ശയനം എന്നു വിളിക്കാം. സൌന്ദര്യത്തെ രൂപപ്പെടുത്തുന്നതിനു പകരം നിലവിലുള്ള സൌന്ദര്യത്തോടൊപ്പം ശയിക്കുന്ന സര്‍ഗ്ഗാത്മക കാമനകളെ മറികടന്നാണ്‌ ടി. ഡി. രാമകൃഷ്ണന്‍റെ "ഫ്രാന്‍സിസ്‌ ഇട്ടിക്കോര" എന്ന നോവല്‍ വായനക്കാരന്‍റെ കൈയ്യില്‍ എത്തുന്നത്‌. Historical Fiction ന്‍റെ അനന്ത സാധ്യതകളിലേക്ക്‌ സഞ്ചരിക്കുന്ന നോവലാണ്‌ "ഫ്രാന്‍സിസ്‌ ഇട്ടിക്കോര". ഈ നോവലിനെ സംബന്ധിച്ചിടത്തോളം ചരിത്രം ഒരു നിമിത്തം മാത്രമാണ്‌. ചരിത്രത്തിന്‍റെ തീരെ അപ്രസക്തമായ ചില ഏടുകളെ സമകാലിക സംഭവങ്ങളുമായി കൂട്ടിയോജിപ്പിച്ചുകൊണ്ട്‌ ടി.ഡി. രാമകൃഷ്ണന്‍ അനുവാചകനെ വിസ്മയിപ്പിക്കുന്നു. രേഖീയമല്ലാത്ത ചരിത്രത്തിന്‍റെ അബോധതലങ്ങളിലെ അവ്യക്തമായ ചില ഇടങ്ങളില്‍ നിന്നുകൊണ്ട്‌ ഈ നോവല്‍ പുതിയ ചില ആഖ്യാനമാതൃകകള്‍ നല്‍കുന്നു. ഇതിന്‍റെ സങ്കേതങ്ങള്‍ Science Fiction നെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്‌. കൃതൃമ ജീവകോശങ്ങള്‍ വംശാഭിവൃദ്ധി നടത്തുകയും അത്‌ ഭീമാകാരമായി മനുഷ്യനു നേരെ ആക്രമണം നടത്തുകയും ചെയ്യുന്ന തരത്തിലുള്ള Science Fiction സിനിമകള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്‌. ശാസ്ത്രം മനുഷ്യനെ ഒരു പരിധിയില്‍ കവിഞ്ഞ്‌ ആവേശിക്കുമ്പോള്‍ സ്വാഭാവികമായി ഉടലെടുക്കുന്ന സങ്കല്‍പങ്ങളാണ്‌ ഇത്തരം സിനിമകളുടെ ആധാരം. വലിയ ഉറുമ്പും, ഓന്തും, സഹസ്രബ്ദങ്ങള്‍ക്കു മുന്‍പ്‌ ഭൂമുഖത്തുണ്ടായിരുന്ന ദിനോസോറുകളും പുതിയ രീതില്‍ പുനസൃഷ്ടിക്കുന്നു. ഇത്തരം Science Fiction സിനിമകള്‍ നല്‍കുന്ന സന്ദേശങ്ങള്‍ പലപ്പോഴും ഏകമാനങ്ങളായിരിക്കും. കാഴ്ചയുടെ സാധ്യതകളെ ചൂഷണം ചെയ്യുക എന്നതില്‍ കവിഞ്ഞ്‌ വലിയ ഉദ്ദേശ്യങ്ങളൊന്നും ഇത്തരം സൃഷ്ടികളില്‍ കാണാനാവില്ല. മലയാളത്തില്‍ ഇന്നുവരെയുണ്ടായിട്ടുള്ള Historical Fiction കളില്‍ നിന്ന്‌ മൌലികതകൊണ്ട്‌ ഈ നോവല്‍ വേറിട്ടു നില്‍ക്കുന്നു.

കേരളത്തിലെ കൊച്ചി നഗരത്തിലെ വളരെ ആധൂനികമായ ഒരു നക്ഷത്ര വേശ്യാലയം നടത്തുന്ന മൂന്ന്‌ ചെറുപ്പക്കാരികളുടെ ജീവിതത്തിലൂടെയാണ്‌ ഈ നോവല്‍ സമകാലിക മലയാള ജീവിതവുമായി ചരിത്രത്തെ ബന്ധിപ്പിച്ചു തുടങ്ങുന്നത്‌. കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാരുടെ കുലദൈവമായ കുരുമുളകു കച്ചവടക്കാരനായിരുന്ന ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ ഫ്ളോറന്‍സിലുള്ള കൈവഴിയിലെ കോരക്കുടുംബത്തിലെ പുതിയ അംഗമായ സേവ്യര്‍ ഫെര്‍ണാണ്ടോ ഇട്ടിക്കോര പാപത്തിന്‍റെ ഉത്താരാധുനിക മുഖമായി അവതരിപ്പിക്കപ്പെടുന്നു. നരമാംസ്യ ഭോജനത്തിലൂടെ പാപത്തിന്‍റെ പുതിയ സങ്കേതങ്ങളെ അനുവാചകന്‍ തിരിച്ചറിയുന്നത്‌ ഈ മനുഷ്യനിലൂടെയാണ്‌. എന്തിനേയും കുറഞ്ഞ വിലയ്ക്ക്‌ വാങ്ങി കൂടുതല്‍ വിലയ്ക്ക്‌ വില്‍ക്കുക എന്ന ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ വിശുദ്ധ ശാസനകളുടെ ആധൂനിക മുഖം ഈയാളിലൂടെ ഏറെ ഭീകരമാകുന്നു. എത്ര വേണമെങ്കിലും പാപങ്ങള്‍ ചെയ്തു കൂട്ടാം മാന്യതയുടെ ഒരു മറ വേണമെന്നു മാത്രം. മത്സ്യം മത്സ്യത്തെ തന്നെ ഭുജിക്കുന്നതുപോലെ മാന്യനായ മനുഷ്യന്‍ നരമാംസ്യഭോജനം നടത്തുന്നതിന്‌ വന്നു ചേരുന്ന മാന്യതയുടെ മുഖം ഏറെ ഭീമത്സമായി ഇവിടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. ഇറാക്ക്‌ എന്ന രാജ്യത്തെ നശിപ്പിക്കാന്‍ അമേരിക്ക കൈക്കൊണ്ട "സാല്‍വദോര്‍ ഒപ്ഷന്‍" (Salvadore Option) എന്ന അതി ക്രൂരമായ യുദ്ധനീതിയുടെ ! കാലത്ത്‌ അമേരിക്കന്‍ പട്ടാളത്തിലെ ഒരംഗമായിരുന്നു സേവ്യര്‍ ഇട്ടിക്കോര. ഇറാക്കിലെ ഫലൂജയില്‍ വച്ച്‌ ഒരു സാധു ഇറാക്കി യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലചെയ്യുന്നു. ആ സംഭവത്തോടെ ഇട്ടിക്കോരയുടെ മനസ്സില്‍ എവിടെയോ ഒളിഞ്ഞിരിപ്പുള്ള മനുഷ്യത്വം കോരയുടെ ലൈഗികാസക്തികളെ മരവിപ്പിക്കുകയാണ്‌. ലോകത്തെ എന്തും വില്‍ക്കുക വിറ്റ്‌ ലാഭമുണ്ടാക്കുക സ്വന്തം സുഖത്തിന്‌ ഉപഭോഗം ചെയ്യപ്പെടുക എന്ന "നവ കോര" സിദ്ധാന്തം അയാളെ എത്തിച്ചത്‌ നരമാംസ ഭോജനത്തിലാണ്‌. ഹിംസയുടെ ലോകത്തേക്കു തന്നത്താന്‍ പ്രതിസ്ഥാപിക്കുകയാണ്‌ കോരയുടെ ലക്ഷ്യം. കോരയുടെ പിന്‍മുറക്കാരായ കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാര്‍ നോവലില്‍ ഇടപെടുന്നത്‌ തിന്‍മയുടെ നന്‍മയായ പുതിയ വിശുദ്ധ സുവിശേഷങ്ങളെ പിന്‍തുടര്‍ന്നുകൊണ്ടാണ്‌. അവര്‍ വിശ്വസിക്കുന്ന കോരപ്പാപ്പന്‍റെ സുവിശേഷമിങ്ങനെ.

"പതിനെട്ടാം കൂറ്റുകാരുടെ തൊഴിലും ജീവിതവും കച്ചവടമാണ്‌. ജീവിക്കാന്‍ വേണ്ടി നമ്മള്‍ കച്ചവടം ചെയ്യുന്നു. എന്നു പറയുന്നതിനേക്കാള്‍ കച്ചവടം ചെയ്യാന്‍ വേണ്ടി ജീവിക്കുന്നു എന്നു പറയുന്നതാണ്‌ ശരി. കച്ചവടത്തിന്‍റെ നീതിയാണ്‌ നമമുടെ നീതി നേരിട്ട്‌ അധ്വാനിക്കേണ്ടി വരുന്ന മറ്റ്‌ ജോലികളിലേര്‍പ്പെട്ട്‌ ഒരിക്കലും സമയം പാഴാക്കരുത്‌. മറ്റുള്ളവരുടെ അധ്വാനഫലത്തെ ബുദ്ധി ഉപയോഗിച്ച്‌ സ്വന്തമാക്കാന്‍ ശ്രമിക്കുക. എന്തും വില കുറച്ച്‌ വാങ്ങി കൂടിയ വിലയ്ക്ക്‌ വില്‍ക്കുക. അതില്‍ കിട്ടുന്ന ലാഭത്തില്‍ മാത്രമായിരിക്കുണം നമ്മുടെ നോട്ടം. മുളകും പൊന്നും പെണ്ണുമെല്ലാം വാങ്ങാനും വില്‍ക്കാനുമുള്ള ചരക്കുകള്‍ തന്നെയാണ്‌. കച്ചവടത്തില്‍ ലാഭമുണ്ടാക്കാന്‍ വേണ്ടി പ്രയോഗിക്കുന്ന തന്ത്രങ്ങളെല്ലാം നമ്മുക്ക്‌ ശരിയാണ്‌. പ്രലോഭിപ്പിക്കുകയോ നുണ പറയുകയോ ചതിക്കുകയോ കൊല്ലുകയോ എന്തു വേണമെങ്കിലും ചെയ്യാം.

-ഫ്രാന്‍സിസ്‌ ഇട്ടിക്കോര, പേജ്‌ 244

കോരപ്പണം പോലെതന്നെ പ്രധാനപ്പെട്ടതാണ്‌ കോരപ്പെണ്ണും. ഒരു പതിനെട്ടാം കൂറ്റുകാരി വയസ്സറിയിച്ചാല്‍ അടുത്ത ക്രിസ്മസ്‌ രാത്രി അവളെ എനിക്ക്‌ സമര്‍പ്പിച്ച്‌ കോരപ്പെണ്ണാക്കണം. അതിന്‌ ഹൈപേഷ്യയെ ക്രൂശിച്ചതിനെ അനുസ്മരിപ്പിക്കുന്ന ചില ചടങ്ങുകള്‍ ഉണ്ട്‌. രാത്രി നിലവറയിലാക്കി അടച്ച്‌ കഴിഞ്ഞാല്‍ പുലരും വരെ നിലവറ തുറക്കരുത്‌. അകത്ത്‌ എന്തൊക്കെയാണ്‌ നടന്നതെന്ന്‌ ചോദിക്കാനോ പറയാനോ പാടില്ല. പതിനെട്ടാം കൂറ്റുകാരിയല്ലാത്ത പെണ്ണിനെ കല്യാണം കഴിച്ചു കൊണ്ടു വന്നാല്‍ ഇതേ ചടങ്ങുകള്‍ കഴിച്ച്‌ അവളെ പതിനെട്ടാ കൂറ്റുകാരിയാക്കണം.

-ഫ്രാന്‍സിസ്‌ ഇട്ടിക്കോര, പേജ്‌ 245

ഹൈപ്പേഷ്യ അറിവിന്‍റെ തീക്ഷ്ണ യൌവനം

അലക്സാന്‍ട്രിയയില്‍ എ.ഡി. 350 നും 370 നും ഇടയക്കുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അതി സുന്ദരിയും സ്വതന്ത്ര ചിന്തകയുമായിരുന്ന ഒരു ഗണിതാധ്യാപികയായിരുന്നു ഹൈപ്പേഷ്യ. സ്ത്രീ സ്വാതന്ത്യ്രത്തിന്‍റെ ഏറ്റവും പൌരാണികമായ മുഖം എന്ന്‌ വിശേഷിപ്പിക്കാവുന്ന ഹൈപ്പേഷ്യ നോവലില്‍ ഏറ്റവും സൌന്തര്യമുള്ള ഏടാണ്‌. ഏറെയൊന്നും ആഘോഷിക്കപ്പെട്ടിട്ടില്ലാത്ത ഹൈപ്പേഷ്യയുടെ വിശുദ്ധ ചരിത്രത്തെ ടി. ഡി. രാമകൃഷ്ണന്‍ ഈ നോവലില്‍ അതി സമര്‍ത്ഥമായി ഉപയോഗിച്ചു കാണുന്നു. ആരെയും മുട്ടുകുത്തിക്കുന്ന ലൈഗികതയും ശരീരത്തിന്‍റെ ദിവ്യനുപാതവുമുള്ള ഹൈപ്പേഷ്യ പ്രണയത്തിന്‍റെ ഉത്തരാധൂനിക സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു. നന്‍മയുടേയും യുക്തിയുടേയും വിശുദ്ധി കൂടിയാണ്‌ ഹൈപ്പേഷ്യ.

ലോകമാനവ ചരിത്രത്തില്‍ ക്രൈസ്തവമത സ്വാധീനത്തേയും, ചരിത്രത്തിലെ ക്രിസ്തീയ മതത്തിന്‍റെ ആധികാരികതയേയും ടി. ഡി. രാമകൃഷ്ണന്‍ ഹൈപ്പേഷ്യയെ അവതരിപ്പിച്ചുകൊണ്ട്‌ തകര്‍ക്കുകയാണ്‌. മാനവന്‍റെ ചരിത്രം രൂപ്പെടുത്തിയത്‌ മതങ്ങളല്ല മറിച്ച്‌ ലോകത്ത്‌ ന്യൂനപക്ഷമായിരുന്ന ക്രൈസ്തവ സമൂഹം അറിവും യുക്തിയും പകര്‍ന്നു തരുന്ന ബൌദ്ധിക വികാസങ്ങള്‍ക്കനുസരിച്ച്‌ പുരോഗമിച്ചിരുന്ന കാലത്തെ തകര്‍ക്കുകയും ബുദ്ധിജീവി വര്‍ഗ്ഗത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു എന്ന്‌ അനുമാനിക്കുന്നു. എ.ഡി. 410 ഹൈപ്പേഷ്യയുടെ അവസാന കാലഘട്ടത്തെ ഒരേടില്‍ പറയുന്നതിങ്ങനെ.

"അക്കാലത്ത്‌ ദുഖവെള്ളിയാഴ്ച അലക്സാട്രിയയില്‍ ഒഴിവു ദിവസമല്ല. ക്രിസ്തുമത വിശ്വാസികള്‍ സമൂഹത്തില്‍ ശക്തരായിരുന്നെങ്കിലും ഭൂരിപക്ഷമായിരുന്നില്ല. മാത്രമല്ല ഹൈപ്പേഷ്യയെ പോലുള്ള ചിന്തകരും ശാസ്ത്രജ്ഞരുമടങ്ങിയ സര്‍വ്വകലാശാലയിലെ ബുദ്ധിജീവികളെ അവിശ്വാസികളും പാഗനുകളുമായി (അക്രൈസ്തവ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍) ചിത്രീകരിച്ച്‌ അവര്‍ നടത്തുന്ന ശാസ്ത്ര പരീക്ഷണങ്ങള്‍ ദൈവ നിഷേധവും ചെകുത്താന്‍ സേവയുമാണെന്ന്‌ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും സര്‍വ്വകലാശാലയുടെ പ്രശസ്തിയെയോ ഹൈപ്പേഷ്യയെയോ ബാധിച്ചില്ല. എല്ലാ വര്‍ഷവും വിദേശ വിദ്യാര്‍ത്ഥികള്‍ അലക്സാന്‍ട്രിയയില്‍ എത്തി.

- The true story of hypatia, Iebella Swan, Page 79

വളരെ വലിയ സമയ മുദ്രയായ ഒരു ബൃഹദ്‌ ചരിത്രത്തിലെ കണ്ണെത്താ ദൂരത്ത്‌ നിന്ന്‌ ഹൈപ്പേഷ്യയെ കൊണ്ടു വരുമ്പോള്‍ ഇവിടെ കാലം കീഴ്മേല്‍ മറിയുന്ന ഒരു അനുഭവമുണ്ടാകുന്നു. ഇന്നും ഇന്നലേകളും കുഴഞ്ഞു മറിയുകയാണ്‌. ചരിത്രത്തിലെ കുഴമറിഞ്ഞു കിടക്കുന്ന ഫാസിസ്റ്റ്‌ ആഖ്യാനങ്ങളെ പിന്‍തള്ളിക്കൊണ്ട്‌ ഹൈപ്പേഷ്യയെ പോലുള്ള ശക്തി സൌന്ദര്യങ്ങളെ എടുത്ത്‌ ഇന്ന്‌ ഭാവനചെയ്യുന്നതില്‍ ചെറുതല്ലാത്ത ഒരു സുഖമുണ്ട്‌. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ ഹൈപ്പേഷ്യ മരണമടയുന്നത്‌ മതഭ്രാന്തന്‍മാരുടെ നഗ്നമായ അക്രമണത്തിലാണ്‌. അതി ദയനീയമായ രീതിയില്‍ ഹൈപ്പേഷ്യ കൊലചെയ്യപ്പെടുകയായിരുന്നു.

നോവലിന്‍റെ പിന്നീട്‌ കടന്നു വരുന്നു ശിഷ്യ പരമ്പര നീങ്ങുന്നത്‌ വിശുദ്ധ! അപഥ സഞ്ചാരങ്ങളിലേക്കാണ്‌. ഗണിത ശാസ്ത്ര ഗവേഷക ഹഷിമോട്ടോ മൊറിഗാമി ഹൈപ്പേഷ്യന്‍ ജീവിതത്തെ അനുധാവനം ചെയ്യുന്നവളെങ്കിലും കഥാന്ത്യത്തില്‍ സേവ്യര്‍ ഇട്ടിക്കോരയ്ക്കൊപ്പം നരമാംസ്യാസ്വാദനം നടത്തുന്നു. കാലത്തിന്‍റെ, അറിവിന്‍റെ, നന്‍മയുടെ ഈ മലക്കം മറിച്ചിലിനെ നാം കാണാതിരുന്നുകൂടാ. വരും കാലത്തിന്‍റെ കൈയ്യില്‍ തിന്നുകയും സ്വയം തിന്നപ്പെടുകയും ചെയ്യാവുന്ന ദുരന്തങ്ങളേയും മൂല്യച്യതികളേയും ആദര്‍ശവല്‍ക്കരിക്കപ്പെട്ടേക്കാം. ചക്രവര്‍ത്തിയും കാമുഖനുമായ ഒറേസ്റ്റസ്സിനൊപ്പം മതഭ്രാന്തന്‍മാര്‍ ഹൈപ്പേഷ്യയെ ചുട്ടുകൊല്ലുകയായിരുന്നു. ഒരു പ്രതിരോധത്തിനു പോലും ത്രാണിയില്ലാതെ ഹൈപ്പേഷ്യക്ക്‌ ചെയ്യാത്ത കുറ്റം ഏറ്റു പറയേണ്ടി വന്നു. "പരിശുദ്ധനായ കര്‍ത്താവേ കരുണമയനായ യേശുവേ, അലക്സാന്‍ട്രിയയിലെ പൌരന്‍മാരെ, നിങ്ങള്‍ക്കു മുന്നില്‍ എന്‍റെ കുറ്റങ്ങള്‍ സമ്മതിക്കുന്നു. ഞാന്‍ വേശ്യയാണ്‌, ദുര്‍മന്ത്രവാദിയാണ്‌. പാപിയാണ്‌. ഈ തെറ്റുകള്‍ പൊറുത്ത്‌ എന്‍റെ ശിഷ്ടജീവിതമെനിക്ക്‌ തിരിച്ചു തരേണമേ. . . . "

മതഭ്രാന്തന്‍മാര്‍ ഹൈപ്പേഷ്യയുടെ അഷ്ടഭുജ ഭവനമായ ജ്യോമട്രിക്കയും, അവരുടെ അമൂല്യമായ ഗണിത ശാസ്ത്ര കുറിപ്പുകളും ("പാപ്പിറസ്‌" ചുരുളുകള്‍) കത്തിച്ചു കളഞ്ഞു. ഈ ഒരു രേഖീയമായ ഹൈപ്പേഷ്യന്‍ ചരിത്ര സൂചനകളില്‍ നിന്ന്‌ നോവലിസ്റ്റ്‌ ടി. ഡി. രാമകൃഷ്ണന്‍ വായനക്കാരന്‌ ചരിത്രത്തില്‍ രമിക്കാന്‍ പുതിയ ചില ഇടങ്ങള്‍ ഉണ്ടാക്കുകയാണ്‌.

സമകാലിക മലയാള ജീവിതം

ഒളിഞ്ഞു നോട്ടങ്ങളുടേയും അടക്കിപ്പിടിച്ച രതിയുടേയും, പെണ്‍വാണിഭങ്ങളുടേയും സമകാലിക സാഹചര്യത്തെ അതിന്‍റെ വരുംകാല പരിണിതികളെ ഭാവനചെയ്യുന്നത്‌ The School എന്ന നക്ഷത്ര വേശ്യാലയത്തിലൂടെയാണ്‌. സമൂഹത്തിന്‍റെ മുഖ്യധാരയില്‍ ലൈഗികത നടത്തുന്ന പുതുപുത്തന്‍ വ്യവഹാരങ്ങളെ യാഥാര്‍ത്ഥമായി ആവിഷ്ക്കരിച്ചിട്ടുണ്ട്‌ ഈ നോവലില്‍. വേശ്യാലയങ്ങള്‍ അയല്‍പക്കത്ത്‌ നിലനില്‍ക്കുമ്പോഴും തകര്‍ക്കപ്പെടുമ്പോഴും കേരള സമൂഹം ആഘോഷിക്കുകയാണ്‌. മലയാളിയുടെ അമര്‍ത്തിവച്ച കാമനകളുടെ ഇന്ധനം മാത്രമാണ്‌ ഇത്തരം The School -ന്‍റെ നിലനില്‍പ്പും തകര്‍ച്ചയും. മലയാളി രണ്ടും ആഘോഷിക്കുന്നു. മുറിക്കുള്ളില്‍ രഹസ്യമായും ഒരു സെക്സ്‌ റാക്കറ്റ്‌ തകര്‍ക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ പരസ്യമായും മലയാളി രതിക്രീഡ ചെയ്യുന്നു. ദ സ്കൂളിലെ അന്തേവാസികളായ രേഖ, രശ്മി, ബന്ദു എന്നീ യുവതികള്‍ നരഭോജിയായ കോര കൂടുംബാഗം ഇട്ടിക്കോരയെ കൊച്ചിയലേക്ക്‌ ക്ഷണിക്കുന്നു. തന്‍റെ പിതാമഹനായ ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ ജന്‍മനാട്‌ കാണാനും തനിക്ക്‌ നഷ്ടപ്പെട്ട ലൈഗികശേഷി വീണ്ടെടുക്കാനുമാണ്‌ കോര കൊച്ചിയിലേക്ക്‌ വരുന്നത്‌. കോരയെ പോലെയുള്ള അതിസമ്പന്നനായ അഥിതിയെ തൃപ്തിപ്പെടുത്താന്‍ ഈ മൂന്നു പേരും വളരെ പ്രൊഫഷണലായി കോരകുടുംബത്തെക്കുറിച്ചും പ്രധാനമായി കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നു. വേശ്യാ വൃത്തിയുടെ വരും കാല പരിണിതികളായല്ല; സമകാലിക മലയാള ജീവിതത്തിന്‍റെ തന്നെ പരിച്ഛേദമല്ലേ ഇവര്‍ മൂന്നുപേരും എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. എഴുത്തുകാരനും, രാഷ്ട്രീയക്കാരനും, സമൂഹത്തിലെ ഉയര്‍ന്ന വ്യക്തികളും അടങ്ങുന്ന ഇവരുടെ ലൈഗിക ചേരി ഈ നോവലിന്‍റെ നായക സ്ഥാനത്ത്‌ നില്‍ക്കുന്നു. ഇതേ വേശ്യാലയം തകര്‍ക്കപ്പെടുമ്പോള്‍ ഇതിലെ രേഖ എന്ന യുവതിയെ കേരള ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യ ഭോഗം ചെയ്യുന്നു. ഹൈപ്പേഷ്യയുടെ ശിഷ്യ പരമ്പരയിലെ അംഗമായ വിദേശ യുവതി മൊറിഗാമി സെക്സിനെപ്പറ്റി പറയുന്നതിങ്ങനെ. "Sex is having a magnificient effect in the formation of one’s political and philosophical attitudes”

ഈ നോവലിന്‍റെ അവതാരികയില്‍ ആഷാ മേനോന്‍ പറയുന്നത്‌,

"ധര്‍മ്മ പുരാണത്തിനു ശേഷം ഇത്രയും ഭീകരമായി നരമാംസ്യാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല. അനന്തതവരെ ചെല്ലുന്ന ഗണിത സൂത്രങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യ ചേതന ഇവ്വിധം നിര്‍ദയമായ രസ കേളികളില്‍ ഏര്‍പ്പെടുന്നത്‌ വെറും വൈരുധ്യത്തിന്‍റെ മാത്രം കഥയല്ല. ആപത്കരമായ ഒരു വിപരിണാമത്തിന്‍റെ ദുസ്സൂചനകൂടിയാണത്‌"

ഫാസിസത്തിനെതിരെ തന്‍റെ വിമര്‍ശനത്തില്‍ ജുഗുപ്സയും മനുഷ്യ മലത്തിന്‍റെ ദുര്‍ഗന്ധത്തേയും സ്വാശീകരിച്ചെടുത്ത്‌ പുതിയ കലാപം നടത്തുകയായിരുന്നു ഒ. വി. വിജയന്‍ ചെയ്തത്‌. മനുഷ്യന്‍റെ അടങ്ങാത്ത കാമനകളുടെ, തൃഷ്ണകളുടെ, ആധുനികലോകത്ത്‌ മാന്യതയുടെ മൂഖംമൂടിക്കു പിന്നില്‍ നിന്ന്‌ നരമാംസ്യഭോജനം നടത്തുന്നതിന്‍റെ, ലോകത്തിന്‍റെ സ്പന്ദനങ്ങളില്‍ നിന്നകന്ന്‌ ഗണിതം സമ്പത്ത്‌ കൈയ്യാളുന്നവന്‍റെ അടിമയാകുന്നതിനെ, ഇതുവരെ വിഭാവനം ചെയതിട്ടില്ലാത്ത തിന്‍മയുടെ രൂപമാറ്റങ്ങളെ ടി. ഡി. രാമകൃഷണന്‍ ഈ നോവലിലൂടെ അവതരിപ്പിക്കുന്നു.

ഒ. വി. വിജയന്‍റെ രചന വൈശിഷ്ട്യമായ ക്ളാസ്സിക്കല്‍ ശൈലിയും പഴയ ഗ്രാമ്യതയുടെ വായ്‌വര്‍ത്തമാനങ്ങളുടെ ആത്മാവും നമ്മള്‍ വായനക്കാര്‍ തൊട്ടറിഞ്ഞതാണ്‌. ടി. ഡി. രാമകൃഷ്ണന്‍റെ നോവലിലെ മുഖ്യ പോരായ്മ ഭാഷയുടെ ഭൂമിശാസ്ത്രവ്യത്യാസങ്ങളെ അറിയാതെപോയതാണ്‌. കോരയ്ക്കും ഇയ്യാലെ കോതയ്ക്കും ഒരേ ഭാഷാ ശൈലിയാണ്‌ രാമകൃഷ്ണന്‍ ആവിഷ്ക്കരിക്കുന്നത്‌. ഭാഷയുടെ യുക്തി ഭദ്രത ഒ. വി. വിജയന്‍ എന്നും വളരെ ഭംഗിയായി കാത്തു സൂക്ഷിച്ചിരുന്നു.

മാര്‍ക്യൂസിന്‍റെ നോവലുകളുടെ തര്‍ജ്ജമ വായിക്കുന്ന ഒരു സുഖവും ഉദ്വോഗഭരിതമായ ഒരന്തരീക്ഷവും ഈ നോവലില്‍ കാണാം. ഏറേക്കാലത്തിനു ശേഷം മലയാള നോവല്‍ വീണ്ടും പഴയ കലാപം പുനരാരംഭിക്കുകയാണ്‌. ഏറെ പ്രതീക്ഷയോടെ നമ്മുക്ക്‌ കാത്തിരിക്കാം.

Wednesday, April 16, 2014

കാന്‍സര്‍ വാര്‍ഡ്‌

പുസ്തകം : കാന്‍സര്‍ വാര്‍ഡ്‌
രചയിതാവ് : അജീഷ്‌ ദാസന്‍

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : സന്തോഷ് പല്ലശ്ശന





വായിക്കുംതോറും കൈയ്യില്‍ നിന്ന്‌ കവിത അലിഞ്ഞലിഞ്ഞ്‌ ഇല്ലാതെയാകുന്ന ഒരു അവസ്ഥ അജീഷ്‌ ദാസന്റെ "കാന്‍സര്‍ വാര്‍ഡ്‌" എന്ന കവിത സമാഹാരം വായിക്കുമ്പോള്‍ ഉണ്ടാകുന്നു. പഴകിയ പ്രമേയത്തിന്‍റേയും വെട്ടിപരിക്കേല്‍പ്പിക്കപ്പെട്ട കൃതൃമമായ ആഖ്യാനത്തിന്‍റേയും ഉത്തരാധൂനിക ഭാരങ്ങളില്ലാതെ അജിത്‌ ദാസന്റെ കവിതകള്‍ വായനക്കാരനെ കടന്നു പോകുന്നു. ആദ്യ വായനയില്‍ തന്നെ ഒരു വായനക്കാരന്‌ അജീഷിന്‍റെ കവിതകളില്‍ നിന്നുളവാകുന്ന ഒരു പ്രധാന അനുഭവം പുതുകവിതയുടെ ഇതുവരെ പരിചയിച്ച ആഖ്യാന പരിസരങ്ങളില്‍ നിന്നു മാറി പുതിയ ഒരു ലോകത്ത്‌ നിന്നുകൊണ്ട്‌ കവിതകള്‍ വായിക്കാനാവുന്നു എന്നതാണ്‌. പുതു കവിതയുടെ സങ്കേതങ്ങളെക്കുറിച്ച പി. പി. രാമചന്ദ്രന്‍ വി. മോഹനകൃഷ്ണന്റെ "വയനാട്ടിലെ മഴ" എന്ന പുസ്തകത്തിന്‍റെ അവതാരികയില്‍ ഇങ്ങിനെ പറയുകയുണ്ടായി.

"അര്‍ത്ഥംവെച്ചുള്ള കൊച്ചുവര്‍ത്തമാനങ്ങളായി ചുരുങ്ങുമൊ നമ്മുടെ കവിതയിലെ പുതുമകള്‍....? ചരിത്രം രാഷ്ട്രീയം സംസ്കാരം എന്നിവയെ ചൊല്ലിയുള്ള ഉത്കണ്ഠകള്‍ അവ്യക്തമാവാത്ത കേവലം ഭാഷാ നിര്‍മ്മിതികളായി പരിണമിക്കുമൊ അത്‌..."

വി. മോഹനകൃഷ്ണന്‍റെ കവിതാ പുസ്തകത്തിന്റെ അവതാരികയിലായതിനാലാവാം ഇതൊരു വലിയ ആശങ്കയായി പി. പി. രാമചന്ദ്രന്‍ അവതരിപ്പിച്ചു കണ്ടില്ല. എന്നാല്‍ പുതിയ കാലത്തില്‍ ഇത്തരം സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ കവിതാ രചന നടത്തുന്ന എല്ലാവരിലും രാമചന്ദ്രന്‍ മാഷിന്റെ ഈ വാക്കുകള്‍ തെല്ലൊരു ആശങ്ക നിറക്കുന്നുണ്ട്‌ എന്നത്‌ സത്യമാണ്‌.

ഡീ.സി. ബുക്സ്സ്‌ പ്രസിദ്ധീകരിച്ച മുപ്പത്തിനാലു കവിതകളടങ്ങുന്ന "കാന്‍സര്‍ വാര്‍ഡ്‌" എന്ന അജീഷ്‌ ദാസന്റെ കൊച്ചു കവിതാസമാഹാരം നവ കവിതാ സാഹിത്യത്തില്‍ വേറിട്ട വ്യക്തിപരമായ ഒരു സ്വത്വം കാത്തു സൂക്ഷിക്കുന്നു. പി.പി. രാമചന്ദ്രന്റെ അഭിപ്രായത്തില്‍ "അര്‍ത്ഥം വെച്ചുകൊണ്ടുള്ള കൊച്ചു വര്‍ത്തമാനങ്ങള്‍ക്ക്‌..." അപ്പുറം നില്‍ക്കുന്ന ലളിതവും ഓജസ്സുറ്റതുമായ ഒരു സങ്കേതം അജീഷ്‌ ദാസന്‍ അദ്ദേഹത്തിന്റെ കവിതകളില്‍ വികസിപ്പിച്ചിരിക്കുന്നു.

പുതു കവികളില്‍ പ്രശസ്തരായ എസ്‌. ജോസഫ്‌, മോഹനകൃഷ്ണന്‍ കാലടി തുടങ്ങി പ്രമുഖരായ പല കവികളേയും വായിക്കുമ്പോള്‍ ചില പൊതുവായ സാദൃശ്യങ്ങള്‍ കാണാനാവും വളര്‍ന്നു വരുന്ന യുവ കവികള്‍ക്ക്‌ അനുകരക്കാനാവുന്ന ഒരു ഭാഷാ സങ്കേതം നവകവിതയില്‍ ഇന്ന്‌ സാര്‍വ്വത്രികമാണ്‌. എന്നാല്‍ അജീഷ്‌ ദാസന്റെ കവിത ഈ സാര്‍വ്വത്രികമായ ഭാഷാ സങ്കേതങ്ങളുമായി ഒരിക്കലും കൂട്ടികെട്ടാനാവാത്ത തരത്തില്‍ തികച്ചും വൈയ്യക്തികമെന്നു വിശേഷിപ്പിക്കാവുന്ന വളരെ ലളിതമായ ഒരു ആഖ്യാന തന്ത്രം കൈക്കൊണ്ടിരിക്കുന്നു.

"ഒരു മഴത്തുള്ളി
മറ്റേത്തുള്ളിയോടു ചെയ്യുന്നതു കണ്ടാല്‍
സഹിക്കുകേല ദൈവമേ....

ഇന്നലെ സന്ധ്യയ്ക്ക്‌
റബ്ബര്‍ത്തോട്ടത്തിലൂടെ
വീട്ടിലേക്കു വരുമ്പോള്‍
ഹൊ!
റബ്ബര്‍ മരത്തോടു ചേര്‍ത്തു നിര്‍ത്തി
ഒരു തുള്ളി
മറ്റേതിനെ ആഞ്ഞുമ്മവെക്കുന്നു.
പാവം മറ്റേത്തുള്ളി,
തള്ളി മറിച്ചിട്ട്‌
കുതറിയോടുന്നതിനിടയില്‍
പുല്ലില്‍ വീണൂപോയിട്ടും
വിട്ടില്ല.
പുല്ലില്‍ മറിച്ചിട്ട്‌
തുടകള്‍ കവച്ചു കിടത്തി
ആഞ്ഞാഞ്ഞുമ്മവെക്കുന്നു.
എന്‍റെ ദൈവമേആഞ്ഞാഞ്ഞാഞ്ഞുമ്മ വെക്കുന്നു.

ഇതെല്ലാം കണ്ടുകൊണ്ടുള്ള
റബ്ബര്‍ മരത്തിന്‍റെ
ആ നില്‍പ്പു കണ്ടാല്‍
ഒട്ടും സഹിക്കുകേല, ദൈവമേ....
--- രണ്ടു തുള്ളികള്‍

വായ്‌വര്‍ത്തമാനത്തിന്‍റെ രീതി ശാസ്ത്രങ്ങള്‍ക്കും അതീതമായി ഒരു അദൃശ്യമായ ഊര്‍ജ്ജം ഈ വരികളില്‍ വമ്മുക്ക്‌ വായിച്ചെടുക്കാനാവും. കാവിതാ വായനയുടെ യാതൊരു ജാഢകളും മുന്‍വിധികളുമില്ലാതെ വേണം ഈ കവിതകള്‍ വായിച്ചു പോകാന്‍. ഈ സമാഹാരത്തിലെ മിക്ക കവിതകളും അജീഷിന്‍റെ കൈയ്യൊപ്പുള്ള നവ കവിതയ്ക്ക്‌ തികച്ചും അപരിചിതമായ ഒരു ആഖ്യാന ലോകമാണ്‌.

തീരത്ത്‌ അഴുകിയ
ഒരു ശവം.

പൊടുന്നനേ,

ആളുകളെ വകഞ്ഞു മാറ്റി
അവന്‍റെ തലക്കല്‍ പിടിച്ച്‌
കുട്ടികള്‍:
"അച്ഛാ... !"

പൊടുന്നനെ,

മണലു വകഞ്ഞുമാറ്റി
അവന്‍റെ കാല്‍ക്കല്‍ പിടിച്ച്‌
തിരകള്‍:
"മകനേ.... !"
____ പ്രിയപ്പെട്ട ഇരേ...



ചുമ്മാ മണിയടിച്ച്‌
ഓറങ്ങിക്കെടന്നവരെ മുഴുവന്‍
വിളിച്ചെണീപ്പിച്ചിട്ട്‌
അച്ചനിവിടിരുന്ന്കരയുവാന്നോ.
ഇതെന്നാ എടപാടാ എന്‍റച്ചോ ?
ദെണ്ണം കോണ്ടാന്നേല്‍
രണ്ടെണ്ണം വീശിയേച്ച്‌
എവിടെയെങ്കിലും
മാറിക്കെടന്ന് ഒറങ്ങാനുള്ളതിന്‌
ചുമ്മാ....

__________ദുഃഖവെള്ളിയാഴ്ച

ലളിത പദങ്ങളിലൂടെ അസാധാരണമായ രീതിയില്‍ ഭിംബങ്ങളെ സന്നിവേശിപ്പിച്ചുകൊണ്ട്‌ മരണത്തിന്‍റേയും രോഗത്തിന്‍റേയും മനുഷ്യാവസ്ഥകളിലെ വിറങ്കലിച്ച നിമിഷങ്ങളെ അയത്ന ലളിതമായി അജീഷ്‌ "കാന്‍സര്‍ വാര്‍ഡ്‌" എന്ന കവിതയില്‍ വരച്ചു വയ്ക്കുന്നു.

കട്ടിലില്‍ പിടയുന്ന ആ-
അമ്മയെ കാണാന്‍ വയ്യാഞ്ഞാവാം
ഒരു മകന്‍
ജനാലയ്ക്കരികില്‍ വന്ന്
പുറത്തേക്കു നോക്കി
കണ്ണുകളടച്ച്‌
വിതുമ്പുന്നത്‌.

_______കാന്‍സര്‍ വാര്‍ഡ്‌

അജീഷ്‌ വായനക്കാരനെ സ്വന്തം സല്‍ക്കാരമുറിയിലേക്ക്‌ കൊണ്ടുപോയി കുശലം പറഞ്ഞ്‌ വിട്ടയക്കുന്നതുപോലെ ഒരനുഭവം ഈ പുസ്തകത്തില്‍ നിന്ന്‌ ഉണ്ടാകുന്നു. ഈ പുസ്തകം വായിച്ചവസാനിപ്പിച്ചപ്പോള്‍ എന്നെ പുതിയൊരു ചിന്താ കുഴപ്പത്തിലേക്ക്‌ ചില കാര്യങ്ങള്‍ നയിക്കുകയുണ്ടായി. ഇതുവരെ പരിചയിച്ചിട്ടില്ലാത്ത കാവ്യ പരിസ്ഥിതിയില്‍ നിന്ന്‌ പുസ്തകം അടച്ചു വയ്ക്കുമ്പോള്‍ ഒരു സംശയം ബാക്കിനില്‍ക്കുന്നു. പുസ്ത്കത്തിന്‍റെ ചട്ടയിലെ പിന്‍കുറിയില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ

"വൈകാരിക പാരമ്യത്തിന്‍റേയും ഭാവലയങ്ങളുടേയും ദര്‍ശന ഗരിമകളുടേയും അതുല്യാവിഷ്ക്കാരമായി കവിതയെ കാണുന്നില്ല ഇവിടെ. ലക്ഷണമൊത്തവെയെന്ന്‌ സാമാന്യ ലോകം വ്യവഹരിക്കുന്നതിനെയെല്ലാം വിലക്ഷണമാക്കി നിര്‍മ്മിക്കുകയാണ്‌ ഇവിടെ ഓരോ കവിതയും. അതില്‍ ആത്മ പരിഹാസവും പരപരിഹാസവും കാവ്യ പരിഹാസവുമുണ്ട്‌. പുതിയ കവിതയ്ക്ക്‌ ഒരു ദിശാ സൂചി കൂടി".

പുതിയ കവിതയ്ക്ക്‌ ഒരു ദിശാ സൂചി കൂടി....?? അജീഷിന്റെ വ്യക്തി സത്തയോട്‌ - ആദ്ദേഹത്തിന്‍റെ വാമൊഴി വഴക്കത്തിന്‍റെ ശൈലിന്യാസങ്ങളോട്‌, ചേര്‍ന്നു നില്‍ക്കുന്ന ഈ കവിതകളെ ആര്‍ക്കാണ്‌ ഒരു ദിശാസൂചിയായി കണക്കാക്കാനാവുക. ഈ കവിതകള്‍ നവ കവിതയുടെ ദിശാ സൂചിയല്ല മറിച്ച്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു കാവ്യ പ്രതിഭാസമാണ്‌. ഒരനുകരണത്തിനും വഴങ്ങിക്കൊടുക്കാത്ത വായ്മൊഴി വഴക്കത്തിന്‍റെ - ആത്മാവിന്‍റെ ശബ്ദങ്ങള്‍ നാട്ടു ഭാഷയിലെഴുതി വച്ച ഒരാളുടെ വായ വര്‍ത്തമാനങ്ങളാണ്‌ ഈ പുസ്തകത്തിലെ കവിതകള്‍

Saturday, February 11, 2012

മുംബെജാലകം

പുസ്തകം : മുംബെജാലകം
രചയിതാവ് : ജ്യോതിര്‍മയി ശങ്കരന്‍

പ്രസാധകര്‍ : കണിക്കൊന്ന പബ്ലിക്കേഷന്‍സ്

അവലോക
നം : സന്തോഷ് പല്ലശ്ശന


വേഗതയാണ്‌ ഈ നഗരത്തിന്‍റെ മുഖമുദ്ര. ഒന്നിനും പിടികൊടുക്കാതെ പ്രചണ്ഡമായ ഒരു ദ്രുത താളം നഗരജീവിതത്തിന്‍റെ അടിയൊഴുക്കാണ്‌. മുബൈ നഗരത്തിന്‍റെ ചെറുതും വലുതുമായ ഒരു പാടു ഗലികളിലൂടെ അലഞ്ഞു നടന്ന്‌ ഞാന്‍ ഈ നഗരത്തെ അടുത്തറിയാന്‍ ശ്രമിച്ചിട്ടുണ്ട്‌. എനിക്കു തോന്നുന്നത്‌ നഗരജീവിതത്തിന്‌ 'വേരുകള്‍' ഇല്ലെന്നാണ്‌. അസ്ഥിവാരങ്ങള്‍ ഇല്ലാത്ത; കമ്പിയും തകരപ്പാട്ടയും കൊണ്ട്‌ കുത്തി മറച്ച "ചോപ്പടകള്‍" നഗരത്തിന്‍റെ അസ്ഥിരമായ ജീവതാവസ്ഥകളെ ദ്യോതിപ്പിക്കുന്നു. എങ്കിലും എല്ലാവര്‍ക്കും അഭയംകൊടുക്കുന്ന ഇവള്‍ എന്നെ എന്നും വസ്മയിപ്പിക്കുന്നു. അതിജീവനത്തിന്‍റെ പുതിയ സങ്കേതങ്ങളെ സ്വയം വികസിപ്പച്ചുകൊണ്ട്‌ എല്ലാ മനുഷ്യരേയും തന്നിലേക്ക്‌ അടുപ്പിക്കുന്നു.

ഒരു നഗര ജീവി എന്നതിന്‍റെ അര്‍ത്ഥം നഗരത്തില്‍ ജീവിക്കുന്നവന്‍ എന്നല്ല മറിച്ച്‌ നഗരത്തെ സ്വന്തം ഹൃദയത്തിലേക്ക്‌ ഏറ്റുവാങ്ങുന്നവന്‍ എന്നാണ്‌. മുംബൈ മഹാ നഗരത്തെ സ്വന്തം ഹൃദയത്തിലേക്ക്‌ ഏറ്റുവാങ്ങിയ ഒരു എഴുത്തുകാരിയുടെ സൌമ്യമായ ചെറിയ ചില കലാപങ്ങളാണ്‌ ഈ പുസ്തകത്തിലെ ലേഖനങ്ങള്‍. ഏറെ കാല്‍പനികമായ കേരളീയ ജീവതത്തിന്‍റെ മധുരാലസ്യങ്ങളോ, പ്രവാസിയുടെ ഓര്‍മ്മപ്പെയ്ത്തുകളോ അല്ല ഇതിലെ ലേഖനങ്ങള്‍. ഗൃഹാതുരമായ സ്ഥിരം പരിദേവനങ്ങള്‍ ഈ പുസ്തകത്തില്‍ കാണാനാവില്ല. തിരക്കു പിടിച്ച നഗര ജീവിതത്തെ ഒരു ദൂരക്കാഴ്ചയോടെ നോക്കികാണാനുള്ള ശ്രമമാണ്‌ ജ്യോതിര്‍മയി ഇവിടെ നടത്തുന്നത്‌. ഒട്ടും വച്ചുകെട്ടുകളില്ലാതെ വളരെ ലളിതമായ ഭാഷയിലൂടെ മുംബൈ നഗരത്തിലെ വഴിയോരക്കാഴ്ച്ചകളേയും നഗരാനുഭവങ്ങളേയും ഈ പുസ്തകത്തിലൂടെ പുനസൃഷ്ടിക്കുകയാണ്‌ ഈ എഴുത്തുകാരി. മുംബൈ നഗരത്തിലേക്ക്‌ തുറക്കുന്ന ഒരു ചെറിയ ജനല്‍ക്കാഴ്ച്ചയായി മാത്രം ഈ കുറിപ്പുകളെ കണ്ടുകൂടാ. കാഴ്ചകളെ കുത്തിനോവിപ്പിക്കുന്ന നഗരത്തിന്‍റെ പിന്നാമ്പുറങ്ങളെ എഴുത്തുകാരി വളരെ സൌമ്യമായി നമ്മുക്കഭിമുഖമാക്കി തിരിച്ചു വയ്ക്കുന്നു. തിരക്കുപിടിച്ച നിരത്തുകളും, ഉത്സവങ്ങളും, നഗരത്തിന്‍റെ രുചിഭേദങ്ങളും, പുറംപൂച്ചുകളും, പൊങ്ങച്ചങ്ങളുമൊക്കെ ജ്യോതിര്‍മ്മയിയുടെ കുറിപ്പുകള്‍ക്ക്‌ വിഷയീഭവിക്കുന്നു.

ഓരോ നഗരവാസിയും ഓരോ തുരുത്തുകളാണ്‌. അവന്‍റെ ന്യൂക്ളിയര്‍ സ്വഭാവം ഒരുപാടു പുതിയ ഭീഷണികളെ ക്ഷണിച്ചു വരുത്തുന്നുണ്ട്‌. സ്വന്തം അയല്‍ പക്കത്ത്‌ താമസിക്കുന്നത്‌ ആരാണെന്നുപോലും അറിയാന്‍ അവന്‍ ശ്രമിക്കുന്നില്ല. എന്‍റെ വീട്‌, എന്‍റെ കുടുംബം എന്നിങ്ങനെ അവന്‍ അവനിലേക്കു തന്നെ ഒതുങ്ങി പോവുകയാണ്‌. നഗരത്തിലെ ഓരോ വീടും ഓരോ ദ്വീപുകളാണ്‌. വീട്‌ വിട്ട്‌ പുറത്തിറങ്ങിയാല്‍ ഇവര്‍ ഈ നഗരത്തിന്‍റെ ആള്‍ക്കുട്ടത്തില്‍ ലയിക്കുന്നു. ആള്‍ക്കുട്ടമെന്നാല്‍ കുറെ ആളുകളുടെ കൂട്ടം മാത്രമാണ്‌. എവിടെ നിന്നെങ്കിലും ചെറിയ ഒരു അപശബ്ദം മതി ആള്‍ക്കൂട്ടം തകര്‍ക്കപ്പെടാന്‍; അതു ചിതറിയോടുവാന്‍. ഭയമാണ്‌ അതിന്‍റെ പൊതുസ്വഭാവം. ആള്‍ക്കുട്ടത്തിന്‌ ഒരു സമൂഹമൊ ഗോത്രമൊ ആവാന്‍ കഴിയില്ല. നഗരജീവിതത്തിലെ ന്യൂക്ളിയര്‍ ഘടന പുതിയ ഭീഷണികളെ ക്ഷണിച്ചുവരുത്തുന്ന ഒന്നാണ്‌. കാരണം നഗരം വെറുമൊരാള്‍ക്കൂട്ടമാണ്‌ (ദെലെറ്റ് തിസ്). ശത്രുവിന്‌ ഒരപരിചിതന്‍റെ വേഷത്തില്‍ കടന്ന്‌ വന്ന്‌ സമര്‍ത്ഥമായി നഗരത്തെ കീഴ്പ്പെടുത്താന്‍ യാതൊരു വിഷമവുമില്ല. മുംബൈയി അടുത്ത കാലത്തു നടന്ന ഭീകരാക്രമണങ്ങള്‍ ഇതിനു തെളിവാണ്‌. നഗരങ്ങള്‍ എല്ലാകാലത്തും ഇങ്ങനെയൊക്കെയായിരുന്നിരിക്കാം പക്ഷെ ഇന്ന്‌ നാം ഇതുവരെ പരിചയിച്ചിട്ടില്ലാത്ത പുതിയ ഭീതികള്‍ നമ്മെ വേട്ടയാടാന്‍ ആരംഭിച്ചിരിക്കുന്നു. ജ്യോതിര്‍മയി എന്ന ഈ എവുത്തുകാരി ഇവിടെ സ്വന്തം തുരുത്തുകളില്‍ സ്വയം അടയിരിക്കാതെ എഴുത്തിന്‍റെ എറ്റവും ഉത്തരാധൂനിക സങ്കേതമായ ബ്ളോഗ്ഗെഴുത്തിലൂടെ സ്വയം പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. മഞ്ഞവെളിച്ചം ഒഴുകി നടക്കുന്ന മുംബൈയുടെ ഉറക്കം നഷ്ടപ്പെട്ട തെരുവകളും ശകടവേഗങ്ങളില്‍ കുതറിവീഴാതെ വീട്ടില്‍ നിന്ന്‌ തൊഴിലിടത്തേക്കും തിരിച്ചും ഷട്ടിലടിക്കപ്പെടുന്ന നഗരജീവിതത്തെ ഒരു ചരിത്ര ദൌത്യം പോലെ ജ്യോതിര്‍മയി വരച്ചിടുന്നു. കാലത്തിണ്റ്റ ഈ പ്രത്യേക ദശാ സന്ധിയില്‍ ജ്യോതിര്‍മയി എന്ന ഈ എഴുത്തുകാരിയെ വായിക്കാന്‍ കഴിഞ്ഞത്‌ ഒരു ഭാഗ്യമായി ഞാന്‍ കാണുന്നു.