Saturday, August 31, 2013

പന്തിരുകുലത്തിന്റെ പിൻഗാമികൾ

പുസ്തകം : പന്തിരുകുലത്തിന്റെ പിൻഗാമികൾ
രചയിതാവ് : ഡോ: രാജൻ ചുങ്കത്ത്
പ്രസാധകർ : മാതൃഭൂമി ബുക്സ്
അവലോകനം : നിരക്ഷരൻ




p

വായില്ലാക്കുന്നിലപ്പന്റെ ജനനവും പറച്ചിയായ ഭാര്യയുടെ അസത്യപ്രസ്താവനയെത്തുടർന്ന് ആ മകനെ ജീവനോടെ പ്രതിഷ്ഠിക്കേണ്ടി വന്ന ദുഃഖവും ഭാര്യയുടെ ആത്മത്യാഗവും എല്ലാം കൂടെ വരരുചിയെ ജീവിതവിരക്തനാക്കി. പിന്നീട് അദ്ദേഹം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയില്ല. ഇതിനകം വിക്രമാതിദ്യന്റെ രാജ്യം അന്യാധീനപ്പെട്ടിരുന്നു. രാജസദസ്സിലെ നവരത്നങ്ങളിലൊരാളും വരരുചിയുടെ ആത്മസുഹൃത്തുമായിരുന്ന വരാഹമിഹിരൻ അന്തരിച്ചു. മഹാകവി കാളിദാസനെ ഒരു വേശ്യ ഉലക്ക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. അമരസിംഹൻ സന്യാസം സ്വീകരിച്ച് നാടുവിട്ടു. ഒരുകാലത്ത് വിക്രമാദിത്യ രാജധാനിയിൽ ജ്വലിച്ചുനിന്നിരുന്ന നവരത്നങ്ങൾ ശോഭയറ്റതറിഞ്ഞ വരരുചി സ്വച്ഛന്ദമൃത്യു വരിക്കാൻ നിശ്ചയിച്ച് പാക്കനാരോടൊപ്പം ഗോകർണ്ണത്തെത്തി. പിതാവിന്റെ സമാധിസമയം തന്റെ ദിവ്യദൃഷ്ടിയാൽ മുൻ‌കൂട്ടിയറിഞ്ഞ് വള്ളുവനും ഗോകർണ്ണത്ത് എത്തിയിരുന്നു. ഒരു ഭീഷ്മാഷ്ടമി നാളിൽ ഈ രണ്ട് മക്കളേയും സാക്ഷിയാക്കി വരരുചി സമാധിയായി.‘

ഡോ: രാജൻ ചുങ്കത്തിന്റെ ‘പന്തിരുകുലത്തിന്റെ പിൻ‌ഗാമികൾ‘ എന്ന ‘പഠനം‘ വായിച്ചിട്ടില്ലെങ്കിൽ ഇതുവരെ നിങ്ങൾ കേട്ടുപോന്ന പന്തിരുകുലത്തിന്റെ കഥകൾക്ക് പൂർണ്ണത കൈവന്നിട്ടില്ല എന്ന് വേണം മനസ്സിലാക്കാൻ. ഓരോ പാരഗ്രാഫിലും ഐതിഹ്യങ്ങൾ, ഓരോ അദ്ധ്യായത്തിലും പുതിയ അറിവുകൾ, ഇപ്പോൾ നമുക്ക് ചുറ്റും ജീവിച്ചിരിക്കുന്ന പന്തിരുകുലത്തിന്റെ പുതിയ തലമുറകളെപ്പറ്റി വിശദമാക്കുന്നതിനോടൊപ്പം പന്തിരുകുലത്തിന്റെ കൂടുതൽ രഹസ്യങ്ങളും രസകരമായ ആചാരങ്ങളും അനുഷ്ടാനങ്ങളും വെളിപ്പെടുത്തുന്നു 80 പേജുകൾ മാത്രമുള്ള ഈ ഗ്രന്ഥം.

ഉപ്പുകൂറ്റൻ ആദ്യം കൃസ്ത്യാനിയും പിന്നീട് മുസ്ലീമായുമാണ് വളർന്നതെന്ന് എത്രപേർക്കറിയാം ? തിരുക്കുറൽ എഴുതിയ തിരുവള്ളുവർ ആണ് പന്തിരുകുലത്തിലെ വള്ളോനെന്നും ഭാഷ്യമുണ്ടെന്ന് ആ‍ർക്കൊക്കെ അറിയാം ? കോഴിപ്പരൽ എന്ന വസ്തുവിനെപ്പറ്റി നിങ്ങൾക്കുള്ള അറിവെത്രത്തോളമാണ് ? പറച്ചിയുടെ പേര് ‘ആദി‘ എന്നാണെന്ന് നമ്മൾക്കറിവില്ലാത്തതാണോ അതോ പറയി, പറച്ചി എന്നൊക്കെയുള്ള വിളികൾ നമ്മൾ ആസ്വദിക്കുന്നതാണോ ? കാരയ്ക്കൽമാത തമിഴകത്ത് കാൽക്കലമ്മ ആണെന്നും ഈ ശിവഭക്തയ്ക്ക് കാവേരീതീരത്തെ കാരയ്ക്കലിൽ ഒരു ക്ഷേത്രം തന്നെയുണ്ടെന്നും കാരയ്ക്കലമ്മയെക്കുറിച്ച് പഠനം നടത്തി തഞ്ചാവൂർ സർവ്വകലാശാലയിൽ നിന്ന് ഡോൿടറേറ്റ് എടുത്ത ഒരു വ്യക്തിതന്നെയുണ്ട് തമിഴ്‌നാട്ടിലെന്നും ആർക്കൊക്കെ അറിയാം ? ഡോൿടർ രാജന്റെ പഠനം വളരെ ആഴത്തിൽത്തന്നെയാണ് നടന്നിരിക്കുന്നതെന്ന് ഓരോ അദ്ധ്യായവും സാക്ഷ്യപ്പെടുത്തുന്നു.

നിളയുടെ തീരത്ത് മാത്രമല്ല കാവേരിയുടെ തീരത്തുമുണ്ട് പന്തിരുകുലത്തിനോട് സമാനമായ സമ്പന്നമായ ഐതിഹ്യ കഥകൾ. അഗ്നിഹോത്രി, പാക്കനാർ, പാണനാർ, വള്ളോൻ, കാരയ്ക്കൽ മാതാ, ഉപ്പുകൂറ്റൻ, എന്നിവർക്കെല്ലാം കാവേരീതീരത്തും വേരുകൾ ഉണ്ടെന്ന് വേണം മനസ്സിലാക്കാൻ. എല്ലാം വളരെ ചുരുക്കി ഒതുക്കി പിശുക്കി പറഞ്ഞിരിക്കുന്നതിനോട് മാത്രമാണ് ഡോ:രാജനോട് എനിക്ക് വിയോജിപ്പ്. 500 പേജിലെങ്കിലും വിശദമായി എഴുതാൻ വകുപ്പുണ്ടായിരുന്ന കാര്യങ്ങൾ ഇങ്ങനെ ചുരുക്കിപ്പറഞ്ഞിരിക്കുന്നതിന് അദ്ദേഹത്തിന് മറ്റെന്തെങ്കിലും കാരണം കാണാതെ തരമില്ല. ഗ്രന്ഥത്തെപ്പറ്റി ഇതിൽക്കൂടുതൽ പറയുന്നത് വായനക്കാരോട് കാണിക്കുന്ന അനീതിയായിപ്പോകും. വായിച്ച് മനസ്സേറ്റേണ്ട കാര്യങ്ങളാണ് 16 അദ്ധ്യായങ്ങളിലായി മാതൃഭൂമി പബ്ലിഷ് ചെയ്തിരിക്കുന്ന 55 രൂപ വിലയുള്ള ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.

സത്യത്തിൽ 80 പേജുള്ള പുസ്തകം വായിച്ച് തീർക്കാൻ 800 പേജുള്ള പുസ്തകം വായിക്കുന്ന സമയം ഞാനെടുത്തു. ഇനിയും പലവട്ടം വായിക്കേണ്ടതുണ്ടെന്നും എനിക്കറിയാം. പന്തിരുകുലത്തിന്റെ ഓർമ്മകൾ ഏറ്റവും കൂടുതലായി പേറുന്ന തൃത്താല ഗ്രാമത്തിൽ പാക്കനാരുടേയും അഗ്നിഹോത്രിയുടേയും നാറാണത്തിന്റേയുമൊക്കെ പരിസരത്തൂടെയും ഇടവഴികളിലൂടെയുമൊക്കെ രണ്ടുകൊല്ലം മുന്നേ നടത്തിയ ഒരു യാത്രയുടെ ഓർമ്മകൾ അയവിറക്കാൻ വ്യക്തിപരമായി ഈ ഗ്രന്ഥം എന്നെ സഹായിച്ചു. ആ യാത്രയിൽ വിട്ടുപോയ ഒട്ടേറെ സ്ഥലങ്ങൾ ഉണ്ടെന്നുകൂടെ ‘പന്തിരുകുലത്തിന്റെ പിൻ‌ഗാമികൾ’ ബോദ്ധ്യപ്പെടുത്തിത്തന്നു. പന്തിരുകുലത്തിന്റെ കഥകൾ കേട്ടിട്ടുള്ള ഏതൊരാളും അവശ്യം വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥം തന്നെയാണിത്.

Tuesday, August 13, 2013

ഏറനാടൻ ചരിതങ്ങൾ

പുസ്തകം: ഏറനാടന്‍ ചരിതങ്ങള്‍
രചയിതാവ്  : സാലിഹ് കല്ലട
പ്രസാധകര്‍ : പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട്
അവലോകനം : മനോരാജ്
  ‘ഒരു സിനിമാഡയറിക്കുറിപ്പ് ‘ എന്ന പുസ്തകത്തിന് ശേഷം, ഏറനാടന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന സാലിഹ് കല്ലടയുടെ മറ്റു 13 കഥകള്‍ ഏറനാടന്‍ ചരിതങ്ങള്‍ എന്ന പേരില്‍ പുസ്തകരൂപത്തില്‍ വായനക്കാരുടെ മുന്‍പാകെ എത്തപ്പെട്ടിരിക്കുകയാണ്. ഏറനാടന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ കഥകളെ പുസ്തകരൂപത്തില്‍ എത്തിച്ചിരിക്കുന്നത് കോഴിക്കോട് നിന്നും പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് ആണ്.
മലയാള സാഹിത്യത്തില്‍ ജന്മനാടിന്റെ സ്പന്ദനങ്ങളും കഥകളും തൂലികയിലേക്ക് ആവാഹിച്ച് പേരെടുത്ത ഒട്ടേറെ മഹാരഥന്മാരുണ്ട്. കൂടല്ലൂരിന്റെ സ്വന്തം എം.ടിയും തൃക്കൊട്ടൂരിന്റെ യു..ഖാദിറും, മയ്യഴിയുടെ മുകുന്ദനും, തിരുവില്വാമലയുടെ വി.കെ.എനും ഒക്കെ മലയാളിക്ക് സുപരിചിതരാണ്. ബ്ലോഗെഴുത്തിലാണെങ്കില്‍ വിശാലമനസ്കന്റെ കൊടകരപുരാണത്തിലും കുമാരന്റെ ചേലേരികഥകളിലും സ്വന്തം നാടിന്റെ രസകരമായ നാട്ടനുഭവങ്ങള്‍ നമ്മള്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ഏറനാടന്‍ ചരിതങ്ങളിലൂടെ ഇവര്‍ക്ക് (വിശാലനും കുമാരനും) സമകാലീകനായ സാലിഹ് കല്ലട ഗ്രാമങ്ങളുടെ അല്ലെങ്കില്‍ ഗ്രാമീണരായ ചിലരുടെ നിഷ്കളങ്കത തുളുമ്പുന്ന കുറച്ച് കഥകള്‍ നമ്മൊട് പറയുകയാണ്.
നര്‍മ്മവും നിഷ്കളങ്കതയുമാണ് ഈ സമാഹാരത്തിലെ മിക്ക കഥകളുടെയും മുഖമുദ്ര എന്നതുകൊണ്ട് തന്നെ ഇതിലെ കഥകളെ കഥകളുടെ ചട്ടക്കൂടിലോ ക്രാഫ്റ്റിലോ ഒരു പക്ഷെ കാണാന്‍ കഴിഞ്ഞേക്കില്ല. എങ്കില്‍ പോലും ഒരു സിനിമാക്കാരന്റെ ഫ്രെയിം ടു ഫ്രെയിം വിഷ്വല്‍ കണ്‍സെപ്റ്റുകള്‍ പുസ്തകത്തിലെ കഥകളില്‍ പലയിടത്തും കാണാന്‍ കഴിയും. അതുകൊണ്ട് തന്നെ ഈ പുസ്തകത്തിലെ 13 കഥകളെ (?) ചിലതിനെ മാത്രം കഥകളെന്നും മറ്റുചിലതിനെ ദേശമെഴുത്ത് എന്നുമൊക്കെയുള്ള രീതിയില്‍ വായിക്കേണ്ടിയിരിക്കുന്നു.
ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ‘ ഒരു സിനിമാഡയറിക്കുറിപ്പില്‍ ‘ നിന്നും ഏറനാടന്‍ ചരിതങ്ങളിലേക്കെത്തുമ്പോള്‍ ഏറനാടന്റെ ഗ്രാഫ് ഉയര്‍ന്നിട്ടുണ്ട്. സംശയമില്ല. എങ്കില്‍പ്പോലും എഴുത്തില്‍ പുലര്‍ത്തേണ്ട ചില നിഷ്കര്‍ഷകള്‍ ഇക്കുറിയും ഏറനാടന്‍ പൂര്‍ണ്ണമായി അനുവര്‍ത്തിച്ചിട്ടില്ല. ഒരു പക്ഷെ, ഒരു സിനിമാക്കാരന്റെ മനസ്സിലുള്ള വിഷ്വത്സിന് കൂടൂതല്‍ പ്രാധാന്യം നല്‍കുന്നത് കൊണ്ടാവാം.
പുസ്തകത്തിലെ 13 കഥകളില്‍, കഥ എന്ന രൂപത്തില്‍ എനിക്കേറേ ഇഷ്ടമായത് ‘സ്വര്‍ഗ്ഗയാത്ര’ എന്ന കഥയാണ്. കഥയുടെ ക്രാഫ്റ്റും പദഭംഗിയും കൊണ്ട് സമാഹാരത്തില്‍ കഥ എന്ന ലേബല്‍ ഏറ്റവും അര്‍ഹമായതും എന്റെ വായനയില്‍ സ്വര്‍ഗ്ഗയാത്രയ്ക്ക് തന്നെ. ചിത്തഭ്രമം ബാധിച്ച മുത്തു ഭ്രാന്താശുപത്രിയുടെ ഇടനാഴികളില്‍ എത്തപ്പെട്ടത് നല്ല രീതിയില്‍ തന്നെ ഈ കഥയിലൂടെ സാലിഹ് അവതരിപ്പിച്ചിട്ടുണ്ട്. അവസാനത്തോടെത്തിയപ്പോള്‍ അതുവരെ വച്ച്പുലര്‍ത്തിയ ക്രാഫ്റ്റ് അല്പമൊന്ന് കൈമോശം വന്നെങ്കില്‍ പോലും സമാഹാരത്തില്‍ വായിക്കാന്‍ കഴിഞ്ഞ ഏറ്റവും നല്ല കഥ സ്വര്‍ഗ്ഗയാത്ര തന്നെയെന്ന് പറയാം.
എവറസ്റ്റിലെ രാമായണം- കിളിച്ചൊല്ല് ‘ എന്ന ആദ്യകഥയെ ഒരു നര്‍മ്മരസം തുളുമ്പുന്ന ഓര്‍മ്മക്കുറിപ്പായോ ഭാവനയായോ വായിക്കാനാണ് എനിക്കിഷ്ടം. രസകരമായ, നിഷ്കളങ്കമായ നര്‍മ്മം കൊണ്ട് വിരസമല്ലാത്ത ഒരു വായന ആ കഥ നല്‍കുന്നുണ്ട്. നാട്ടിന്‍പ്പുറത്തെ സ്കൂളുകളിലെ നിഷ്കളങ്ക ബാല്യങ്ങളെയും അവരുടെ കാരണവന്മാരെയും വരച്ചുകാട്ടുന്നു ഈ കഥ. എവറസ്റ്റില്‍ ആദ്യം കയറിയതാരാണെന്ന ടീച്ചറുടെ ചോദ്യത്തിന് ‘നാലുപുരക്കല്‍ ബീരാങ്കാങ്ക’ എന്ന് ഉത്തരം പറയാന്‍ കുഞ്ഞിമൂസാക്ക് രണ്ടുവട്ടം ചിന്തിക്കേണ്ടതില്ല. കാരണം എവറസ്റ്റ് ഹോട്ടല്‍ തുടങ്ങിയത് അദ്ദേഹമാണെങ്കില്‍ അതില്‍ ആദ്യം കയറിയതും അദ്ദേഹമായിരിക്കും എന്ന ടിന്റുമോന്‍ ലൈന്‍ തന്നെ. ശേഷം ടീച്ചറുടെ ചോദ്യം രാമായണം എഴുതിയതാരെന്ന് പക്രുവിനോടായിരുന്നു. അവന് ഉത്തരമറിയില്ല. ഒടുക്കം അമ്മാവനെ വിളിച്ച് കൊണ്ടുവന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് ടീച്ചര്‍. അത് സ്കൂളിനെ പരിഭ്രാന്തിയിലാഴ്തുന്നു. കാരണം ദമ്മനമ്മാവന്‍ നാട്ടിലെ അറിയപ്പെടുന്ന റൌഡിയാണ്. പക്ഷെ, ദമ്മനമ്മാവന്‍ സ്കൂളില്‍ വന്നപ്പോള്‍ സംഭവിച്ചത് രസകരമായ മറ്റു ചിലതാണ്. കൊച്ചിന്‍ ഹനീഫ എന്ന അതുല്യനടനിലൂടെ പലവട്ടം ഇത്തരം ദൊമ്മനമ്മാവന്മാരുടെ മാനറിസങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കില്‍ പോലും രസപ്രദമായ ഒരു വായന ഈ കഥ നല്‍കുന്നുണ്ട്. കഥയ്ക്ക് എവറസ്റ്റിലെ രാമായണം എന്ന പേര് മതിയായിരുന്നു. അവസാനം ചേര്‍ത്ത കിളിച്ചൊല്ല് ഒരു അധികപറ്റായിതോന്നി.
അതിഥി ദേവോ ഭവ:‘ എന്ന കഥയിലൂടെ ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയ ഒരു പ്രവാസിയുടെ വിഹല്വതകള്‍ നര്‍മ്മത്തിലൂടെ പറയുവാനുള്ള ഒരു ശ്രമം കഥാകാരന്‍ നടത്തുന്നുണ്ട്. പക്ഷെ കയ്പേറിയ ജീവിതാനുഭവങ്ങള്‍ നമ്മളെ എത്ര രസകരമായാലും ചിരിപ്പിക്കില്ല എന്നത് സത്യം. ഒരല്പം ചിന്തയിലേക്കും നുറുങ്ങ് നൊമ്പരങ്ങളിലേക്കും വായനക്കാരനെ കൊണ്ടുപോകുന്നു ഈ രചന. ഡാഡിയെയും മമ്മിയെയും ‘മമ്മി‘ക്കുള്ളിലാക്കി പകരം നാടന്‍ വാപ്പയെയും ഉമ്മയെയും പ്രതിഷ്ഠിക്കുമ്പോള്‍ മകന്‍ ചീമുവിനൊപ്പം വായനക്കാരുടെയും ഹൃദയം വിങ്ങും. പക്ഷെ, ഇവിടെയും കഥ പറച്ചില്‍ അവസാനത്തോടടുക്കുമ്പോള്‍ കൈവിട്ടുപോകുന്നുണ്ട്. അല്പം കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ മികച്ച ഒരു സൃഷ്ടിയാക്കാന്‍ കഴിയുമായിരുന്ന രചനയെന്ന്‍ തോന്നി.
ഈ സമാഹാരത്തിലെ പല കഥകളിലും ഒരു കഥാകാരനേക്കാള്‍ ഒരു സിനിമാക്കാരനെയാണ് എനിക്ക് ദര്‍ശിക്കുവാന്‍ കഴിഞ്ഞത്. മലയാള സിനിമയുടെ പ്രേതം പലയവസരങ്ങളിലും കഥാകാരനില്‍ ആവേശീച്ചിട്ടുണ്ട്. ചിലയിടത്ത് അവ കഥകള്‍ക്ക് ഫ്രെയിം ടു ഫ്രെയിം ചാരുത നല്‍കുക എന്ന രീതിയില്‍ ഗുണപരമായെങ്കില്‍ ചിലയിടത്ത് അവ കണ്ടുകേട്ടും പരിചയിച്ച നര്‍മ്മങ്ങളില്‍ തട്ടി ചിതറിപ്പോകുക എന്ന രീതിയില്‍ ദോഷകരമായി വന്നിട്ടുണ്ടെന്നും  തോന്നി
ഇങ്ങിനെയൊക്കെയെങ്കിലും മോശമല്ലാത്ത ഒരു വായന നല്‍കുവാന്‍ ഏറനാടന്‍ എന്ന തൂലികാനാമത്തില്‍ ബ്ലോഗെഴുതുന്ന സാലിഹ് കല്ലടക്ക് കഴിഞ്ഞിട്ടുണ്ട്. പുസ്തകത്തിനായി മനോഹരമായ കവര്‍ ഡിസൈന്‍ ചെയ്ത സുനില്‍ പുത്തുക്കുടിയെയും കവര്‍ ചിത്രം വരച്ച കെ.എം.നാരായണനെയും പരാമാര്‍ശിക്കാതെ ഇതവസാനിപ്പിക്കുന്നത് അനീതിയാവും. ഒരു ഗ്രാമീണ പശ്ചാത്തലം പുസ്തകത്തിന് നല്‍കുവാന്‍ അവരുടെ ഭാഗത്ത് നിന്നുള്ള ശ്രമം ഫലം കണ്ടിട്ടുണ്ട്
ജന്മനാടിന്റെ സ്പന്ദനങ്ങള്‍ പകര്‍ത്തിവെച്ച ചാരുതയാര്‍ന്ന കഥകളെന്നും കഥകളുടെയും തിരകഥയുടെയും ഇടയില്‍ നില്‍ക്കുന്ന രചനാശൈലിയെന്നും പുസ്തകത്തിന്റെ ബ്ലര്‍ബില്‍ പ്രസാധകര്‍ അവകാശപ്പെടുന്നത് ഏറെക്കുറെ ശരിതന്നെയെന്ന്‍ വായനക്കൊടുവില്‍ സമ്മതിക്കാം