Showing posts with label മുല്ല. Show all posts
Showing posts with label മുല്ല. Show all posts

Sunday, October 6, 2013

ടൈഫൂണ്‍


പുസ്തകം : ടൈഫൂണ്‍
രചയിതാവ് : ഖ്വൈസ്റ ഷഹറാസ് / വിവര്‍ത്തനം : ഷീബ ഇ കെ

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : മുല്ല





“ കതക് തുറക്കുകയായ് ,
എന്റെ വിഷാദത്തിനു മീതെ,
അതിലൂടെ അവര്‍ വന്നു,
എന്റെ അതിഥികള്‍.
അവിടെ ,അവള്‍ സന്ധ്യ
നിരാശയുടെ ഒരു
കമ്പളം വിരിക്കാനെത്തി.
അതിലൂടെ രാത്രി കടന്ന് പോയി,
വേദനയെക്കുറിച്ച്
നക്ഷത്രങ്ങളോട് പറയാന്‍
ഇതാ പ്രഭാതം വരികയായ്,
തിളങ്ങുന്ന ഒരു വാള്‍തലയുമായ്
ഓര്‍മ്മകളുടെ മുറിവ് തുറക്കാന്‍....“
( ഫൈസ് അഹമ്മദ് ഫൈസ്)

ഞാനീ കതക് തുറക്കുകയാണു...ആ തുറന്ന കതകിലൂടെ കാറ്റ് ആഞ്ഞടിക്കും.തന്റെ വഴിയിലുള്ളതിനെയൊക്കെ തട്ടിമാറ്റി ദൂരേക്ക് പറത്തിക്കൊണ്ട് പോകുന്ന ചുഴലിക്കാറ്റ് ; ടൈഫൂണ്‍ ... , സംഹാരതാണ്ഢവമാടികഴിഞ്ഞ് കാറ്റ് തളര്‍ന്നുറങ്ങുമ്പോള്‍ , നഷ്ടപ്പെട്ടതൊക്കെ സ്വരുക്കൂട്ടാന്‍ വെമ്പുന്നവര്‍,എത്ര വാരിപ്പൊത്തി നെഞ്ചോടമര്‍ത്തിയാലും എവിടെയൊക്കെയോ ഏതൊക്കെയോ ഭാഗങ്ങള്‍ എന്നെന്നേക്കുമായ് നഷ്ടപ്പെട്ടിട്ടുണ്ടാകും. അതെ ,ഇനിയൊരിക്കലും ജീവിതം പഴയപോലാവില്ല എന്ന തിരിച്ചറിവിലേക്ക് അമ്പരപ്പോടേ നമ്മള്‍ കണ്മിഴിക്കും...

വിധി നമുക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഇത്തരം കാറ്റുകളെ കുറിച്ചാണു ഖ്വൈസ്റ ഷഹറാസ് തന്റെ ടൈഫൂണ്‍ എന്ന നോവലില്‍ പറയുന്നത്. മനുഷ്യമനസ്സുകള്‍ക്ക് മേല്‍ ആഞ്ഞടിച്ച് സ്നേഹം, പ്രണയം, സ്വാസ്ഥ്യം എന്നീ മാനുഷിക ഭാവങ്ങളെ നമ്മില്‍ നിന്നും അടിച്ച് പറത്തിക്കൊണ്ട് പോകുന്ന ചുഴലിക്കാറ്റുകള്‍...

മലയാളികള്‍ക്ക് അത്രയൊന്നും പരിചിതയല്ല ഖ്വൈസ്റ ഷഹറാസ്.( Qaisra Shahras) പാകിസ്ഥാനില്‍ ജനിച്ചു; തന്റെ ഒന്‍പതാമത്തെ വയസ്സില്‍ ലണ്ടനിലേക്ക് കുടിയേറി.നിരവധി അംഗീകാരങ്ങളും നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയ മികച്ച നോവലിസ്റ്റും തിരക്കഥാകൃത്തുമാണു ഖ്വൈസ്റ ഷഹറാസ്. അവരുടെ ഹോളി വുമന്‍, ടൈഫൂണ്‍ എന്നീ കൃതികള്‍ ഹിന്ദി, ഇംഗ്ലീഷ് ,ഡച്ച് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോളിതാ ടൈഫൂണ്‍ മലയാളത്തിലേക്കും.
മലയാള വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥയും പ്രമുഖ ബ്ലോഗറുമായ ഷീബ ഇ കെ യാണു. വൈ ടു കെ, ഋതുമര്‍മ്മരങ്ങള്‍ എന്നീ പുസ്തകങ്ങള്‍ ഷീബയുടേതായിട്ടുണ്ട്.


മൂലകൃതിയുടെ മനോഹാരിത ഒട്ടും ചോര്‍ന്ന് പോകാതെയാണു ഷീബ മൊഴിമാറ്റം ചെയ്തിരിക്കുന്നത്. ഒരോ ദൃശ്യവും കഥാപാത്രങ്ങളും നമുക്ക് പരിചിതരാ‍യവര്‍ തന്നെ എന്ന തോന്നലുളവാക്കും വിധം.

കറാച്ചിയുടെ പ്രാന്തപ്രദേശത്തെ ചിരാഗ് പൂര്‍ എന്ന ഗ്രാമത്തിലേക്ക് ഒഴിവ്കാലം ചിലവഴിക്കാന്‍ എത്തുന്ന നജ് മാന ഒരിക്കലും വിചാരിച്ചിരുന്നില്ല ,തന്റെ ജീവിതം കീഴ്മേല്‍ മറിക്കുന്ന സംഭവങ്ങളുടെ തുടക്കമാവും അതെന്ന്. അവിടെ വെച്ച് അവള്‍ തന്റെ മുന്‍ ഭര്‍ത്താവ് ഹാരൂണിനെ യാദൃശ്ചികമായ് കണ്ടുമുട്ടുന്നു. തീവ്രമായ ഒരു പ്രണയത്തിന്റേയും ഹ്രസ്വമായ ഒരു ദാമ്പത്യത്തിന്റേയും ഓര്‍മ്മകള്‍, അവരിരുവരേയും പിടിച്ച് കുലുക്കുകയാണു. പ്രണയം,അതിപ്പോഴും അവരുടെ മനസ്സുകളില്‍ ഉണ്ട്,
അവരറിയാതെ തന്നെ.

ഇതോടേ ഗുല്‍ഷന്റെ ; ഹാരൂണിന്റെ ഭാര്യ, സ്വാസ്ഥ്യം നശിക്കുകയാണു. എത്ര ചേര്‍ത്തു വെച്ചിട്ടും കൂടി യോജിക്കാത്ത ഒരു ചിത്രം പോലെയായ് പിന്നീടവരുടെ ജീവിതം. നീണ്ട ഇരുപത് കൊല്ലം വേണ്ടി വന്നു അവര്‍ക്കതൊന്ന് തുന്നി ചേര്‍ക്കണമെന്ന് തോന്നാന്‍..!!

സ്ത്രീകളുടെ താല്പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ഊന്നല്‍ നല്‍കി കൊണ്ട് അങ്ങേയറ്റം നിഷ്കര്‍ഷയോടെയാണു ഖുര്‍ ആനില്‍ വിവാഹമോചനത്തെ കുറിച്ച് പറയുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതിന്റെ അനുവര്‍ത്താക്കള്‍ നിയമം തങ്ങളുടെ ഇഛകള്‍ക്കനുസരിച്ച് വളച്ചൊടിച്ചു. അതു പോലെ പാകിസ്ഥാനിലെ പല ഗ്രാമങ്ങളിലും നിലനിന്നു പോരുന്ന അനാചാരങ്ങളിലേക്ക്
നോവലിസ്റ്റ് നമ്മെ കൊണ്ട് പോകുന്നുണ്ട്. ഖുര്‍ആനെ വരിച്ച് ഒരു പെണ്ണിനെ പുണ്യവതിയാക്കി വാഴിക്കുന്നത് അതിലൊന്നാണു. കേട്ടുകേള്‍വി പോലുമില്ലാത്ത എന്തെല്ലാം അനാചാരങ്ങളാണു
ലോകത്ത് പലയിടത്തും നടക്കുന്നത്.

കച്ചേരി വിളിച്ച് കൂട്ടി ഗ്രാമമുഖ്യന്‍ ബാബാ സിറാജ്ദീന്‍ ,ഹാറൂണിനെ കൊണ്ട് നിര്‍ബന്ധിച്ച് നജ് മാനയെ മൊഴി ചൊല്ലിക്കുകയാണു, അതും മൂന്നു തവണ ,ഒരുമിച്ച്, മുത്തലാഖ് , ചെയ്യാന്‍ പാടില്ലാത്ത നീചവൃത്തി. അപമാന ഭാരത്താല്‍ കുനിഞ്ഞ ശിരസ്സുമായ് ഗ്രാമം വിട്ട നജ് മാനയെ തേടി വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചുഴലിക്കാറ്റ് വീണ്ടുമെത്തുകയാണു. ഇത്തവണ അത് അടിച്ച് പറത്തിക്കൊണ്ട് പോകുന്നത് പ്രൊ. ജഹാംഗീറുമൊത്തുള്ള അവളുടെ ദാമ്പത്യ ജീവിതത്തെ തന്നെയാണു.

ലോകത്തിന്റെ ഏത് കോണിലായാലും നഷ്ടപ്പെടലുകള്‍ എന്നും സ്ത്രീക്ക് മാത്രമാണു, ഇല്ലാതാക്കപ്പെടുന്നത് അവളുടെ അഭിമാനമാണു, ഭൂതകാലത്തിന്റെ മാറാപ്പും പേറി ജീവിതം തള്ളിനീക്കേണ്ടവള്‍ എന്നും സ്ത്രീ മാത്രം.സൌന്ദര്യവും സമ്പത്തുമൊന്നും അവിടെ മാനദണ്ഢങ്ങളേയല്ല. അതു കൊണ്ടാണല്ലോ ഗ്രാമത്തിലെ അതിസമ്പന്നയും അതീവ സുന്ദരിയും വിധവയുമായ കനീസിനു തന്റെ ജീവിതം നിസ്സംഗതയുടെ ഇരുമ്പ് മറക്കുള്ളില്‍ ഇട്ടുമൂടേണ്ടി വന്നത്..!! നീണ്ട ഇരുപത് വര്‍ഷങ്ങള്‍ വേണ്ടിവന്നു അവര്‍ക്ക്, തന്റെ ശരീരത്തില്‍ ദംഷ്ട്രങ്ങള്‍ ആഴ്ത്തിയ ഇരുണ്ട ഭൂതകാലത്തെ മറക്കാന്‍. ഇരുള്‍ മൂടിയ ആ കാലത്തെ മറികടക്കാന്‍. അതീവ ക്ഷമയോടും സ്നേഹാവായ്പോടേയും
അവളുടെ കൈ പിടിക്കാന്‍ തയ്യാറായ യൂനുസ് റയീസ് എന്ന പുരുഷന്‍, മാര്‍ക്കേസിന്റെ കോളറാകാലത്തെ പ്രണയത്തിലെ ഫ്ലൊറന്റിനോ അരീസയെ പോലെ നമുക്ക്
പ്രിയപ്പെട്ടവനാകുന്നത് അചഞ്ചലമായ തന്റെ പ്രണയം ഒന്നു കൊണ്ട് മാത്രമാണു.

പാകിസ്ഥാനിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ പെണ്‍ജീവിതത്തിന്റെ എല്ലാ ഭാവങ്ങളെയും
അതിമനോഹരമായി സമഞ്ജസിപ്പിക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. (വില 130 ക.)

Monday, May 20, 2013

വെര്‍തെറുടെ ദു:ഖങ്ങള്‍

പുസ്തകം : വെര്‍തെറുടെ ദു:ഖങ്ങള്‍
രചയിതാവ് : ഗെഥെ / വിവര്‍ത്തനം : സുള്‍ഫി
പ്രസാധകര്‍ : പാപ്പിയോണ്‍ ബുക്ക്സ്
അവലോകനം : മുല്ല


പ്രസിദ്ധ ജര്‍മ്മന്‍ കവിയും നോവലിസ്റ്റും നാടക രചയിതാവുമൊക്കെയായ ഗെഥെയുടെ അതിപ്രശസ്തമായ കൃതിയാണ് വെര്‍തെറുടെ ദു:ഖങ്ങള്‍. വിഷാദാത്മകമായ ഒരു സിംഫണി പോലെ ആത്മാവിനെ കീറിമുറിക്കുന്നത്. ഏകാന്തതയും വിഷാദവും തോളോട് തോള്‍ ചേര്‍ന്നു പോകുന്നു നോവലിലുടനീളം. മനസ്സുകളില്‍ കൂടു കൂട്ടിയാല്‍ പിന്നെ ഇറങ്ങിപ്പോകാന്‍ മടി കാണിക്കും ഈ രണ്ടു ഭാവങ്ങളും.

വെര്‍തെര്‍ തന്റെ കൂട്ടുകാരന്‍ വില്ല്യമിനും മറ്റും എഴുതുന്ന കത്തുകളിലൂടെയാണ് നാമയാളെ, അയാളുടെ പ്രണയത്തെ,അതയാളില്‍ ഉണ്ടാക്കിയ അന്ത:സംഘര്‍ഷങ്ങളെ അറിയുന്നത്. ഈ നിമിഷത്തില്‍ നമ്മുടെ മനസ്സിനും ശരീരത്തിനും മായികമായ ആഹ്ലാദങ്ങള്‍ പകര്‍ന്നുതരുന്ന അതേ കാര്യങ്ങള്‍ തന്നെയാണ്, അടുത്ത് നിമിഷങ്ങളില്‍ നമ്മെയാകമാനം സങ്കടക്കടലില്‍ ആഴ്ത്തുക എന്ന് അയാളുടെ അനുഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമുക്കുമില്ലേ സമാന അനുഭവങ്ങള്‍!!

സ്വതേ ഏകാകിയും വിഷാദവാനുമായ വെര്‍തെര്‍ തന്റെ മനസ്സിനു അല്‍പ്പം ആശ്വാസം ലഭിക്കുന്നതിനാണു ആ ഗ്രാമത്തിലെത്തുന്നത്. അവിടെ വെച്ച് ആകസ്മികമായ് അയാള്‍ ഷാര്‍ലെറ്റിനെ കാണുന്നു. ആദ്യ കാഴ്ചയില്‍ തന്നെ അയാള്‍ അവളില്‍ അനുരക്തനാവുകയാണു. അവള്‍ മറ്റൊരാളുടേതാണെന്നറിഞ്ഞിട്ട് കൂടി അയാള്‍ക്ക് തന്റെ അഭിനിവേശം അടക്കാനാകുന്നില്ല.ഓരോ പ്രഭാതവും തുടങ്ങുന്നതും ഒടുങ്ങുന്നതും അവളിലേക്ക് തന്നെ. ആല്‍ബെര്‍ട്ടിനോടയാള്‍ക്ക് അസൂയ പോലും തോന്നിപ്പോകുന്നുണ്ട് ചിലപ്പോള്‍. സ്ത്രീകള്‍ ,പുരുഷന്മാരെ അപേക്ഷിച്ച് കുറച്ചൂടെ പ്രാക്റ്റിക്കലാണ്, പ്രഥമാനുരാഗം അവളില്‍ അപൂര്‍വ്വമായേ ഉടലെടുക്കൂ. എങ്കിലും ഷാര്‍ലെറ്റ് പയ്യെപയ്യെ അറിയുകയാണു തന്റെ ചിന്തകളോടും ഇഷ്ട്ടങ്ങളോടുമൊക്കെ കൂടുതല്‍ ചേര്‍ന്നു പോകുന്നത് വെര്‍തെറാണെന്നും തങ്ങളിരുവരും കാണുന്ന കാഴ്ച്ചകള്‍ക്കു പോലും ഒരേ താളവും ലയവുമാണെന്നും!!! തന്റെ മനസ്സിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ താനിതു വരെ കണ്ട ചിത്രങ്ങള്‍ക്കപ്പുറം വേറൊന്നു കൂടിയുണ്ടെന്ന സത്യം; ഒരേ സമയം നടുക്കുന്നതും മോഹിപ്പിക്കുന്നതുമായ കാര്യം അവളറിയുകയാണു. ആല്‍ബെര്‍ട്ടിനും വെര്‍തെറിനുമിടയില്‍ ഉഴറുന്ന ഷാര്‍ലെറ്റിന്റെ ചിത്രം വേദനിപ്പിക്കുന്നതാണ്.


ദു:ഖത്താല്‍ ആമഗ്നനായ വെര്‍തെര്‍ അവസാനം ആത്മഹത്യയില്‍ അഭയം തേടുകയാണ് കഥാന്ത്യത്തില്‍. അയാള്‍ക്ക് മുന്‍പില്‍ വേറെ വഴികലുണ്ടായിരുന്നില്ല. ഗെഥെയുടെ ഈ നോവല്‍ ആത്മഹത്യയെ പ്രോത്സഹിപ്പിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഒരുപാട് ഏറ്റ് വാങ്ങിയിട്ടുണ്ട് എക്കാലത്തും.

ഗെഥെയുടെ ആത്മകഥാംശമുള്ള നോവലാണു വെര്‍തെറുടെ ദു:ഖങ്ങള്‍ എന്നൊരു ശ്രുതിയുണ്ട് സാഹിത്യലോകത്ത്. അതു കൊണ്ടാകാം അദ്ദേഹം കാര്യങ്ങള്‍ വെര്‍തെറുടെ കണ്ണിലൂടെ മാത്രമേ കണ്ടുള്ളൂ എന്നു തോന്നുന്നു. ആല്‍ബെര്‍ട്ടിന്റേയും ഷാര്‍ലെറ്റിന്റേയും അവസ്ഥ വെര്‍തെറുടെതില്‍ നിന്നും എങ്ങനെ വ്യത്യസ്ഥമാകാനാണ്?. താന്‍ ഇല്ലാതായാല്‍ ഷാര്‍ലെറ്റിന്റെ സ്ഥിതി എത്രത്തോളം വേദനാജനകമായിരിക്കും എന്നത് ഒരു നിമിഷം വെര്‍തെര്‍ ചിന്തിച്ചിരുന്നെങ്കില്‍...

സന്തോഷമോ സങ്കടമോ നിര്‍വൃതിയൊ എന്തുമാകട്ടെ,മനുഷ്യനെ സംബന്ധിച്ച് അത് ഉള്‍ക്കൊള്ളുന്നതിനു ഒരു പരിധിയും പരിമിതിയുമുണ്ട്. അതിനപ്പുറത്തേക്ക് എന്തുവന്നാലും അതവനു താങ്ങാനാകില്ല.

Sunday, March 3, 2013

റെവലൂഷന്‍ 2020


പുസ്തകം : റെവലൂഷന്‍ 2020
രചയിതാവ് : ചേതന്‍ ഭഗത്
പ്രസാധകര്‍ : രൂപ പബ്ല്ലിക്കേഷന്‍സ്
അവലോകനം : മുല്ല







ങ്ങനെ ചേതന്‍ ജിയുടെ അഞ്ചാമത്തെ പുസ്തകവും നമ്മുടെ കൈയിലെത്തി. റെവലൂഷന്‍ 2020. (വില Rs140/-) ലോകമെങ്ങും വായനക്കാരുണ്ട് ചേതന്‍ ഭഗത്തിന്. ആള്‍ ചില്ലറക്കാരനല്ല. ഐ ഐ ടി കഴിഞ്ഞ് ഐ ഐ എമിന്റെ കടമ്പ കടന്ന് ഇന്റെര്‍നാഷനല്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിലെ ഉയര്‍ന്ന പദവി വലിച്ചറിഞ്ഞ് എഴുത്തിന്റെ വഴികളില്‍ സ്വന്തമായ് ഒരു പാത കണ്ടെത്തിയ മിടുക്കന്‍. എഴുത്തിനോടുള്ള ഇഷ്ടം കൊണ്ടു മാത്രമാണ് അത്. A big salute to him.

ഇത്തവണ ചേതന്റെ കഥ നടക്കുന്നത് വരാണസിയിലാണ്. മരണത്തിന്റെ ഗന്ധമുയരുന്ന വരാണസി അഥവാ ബനാറസ്. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും വരാണസിയിലേക്ക് ജനം വരും, അവിടെ കിടന്ന് മരിച്ചാല്‍ മോക്ഷം ഉറപ്പ്. പുണ്യനദിയായ ഗംഗ എല്ലാ പാപങ്ങളും കഴുകി ഒരാളെ ശുദ്ധമാക്കും..പക്ഷെ ആ ഗംഗ ഇന്നു മാലിന്യ കൂമ്പാരമാണു. ഗംഗയെ മാലിന്യമുക്തമാക്കാന്‍ കോടിക്കണക്കിനു രൂപയാണു സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. എന്നാല്‍ ആ കാശ് മുഴുവന്‍ പോകുന്നത് ഭരണാധികാരികളുടെ കീശയിലേക്കാണു. നോവലിലെ ശുക്ക്ലാജി ,സ്ഥലം എം എല്‍ എ ആണു. ഗംഗാ ആക്ഷന്‍ പ്ലാനിന്റെ മറവില്‍ കോടികള്‍ സമ്പാദിച്ച രാഷ്ട്രീയക്കാരന്‍. തീര്‍ച്ചയായും എഴുത്തുകാരനു സമൂഹത്തോട് പ്രതിബദ്ധതയുണ്ട്, അതു കൊണ്ടാകാം നോവലിന്റെ അവസാനം ശുക്ലാജി ജെയിലില്‍ പോകുന്നുണ്ട്. പക്ഷെ ഇത് ഇന്ത്യയാണ്, നമുക്കറിയാം രാഷ്ട്രീയ സാമ്പത്തിക രംഗത്തെ ഉന്നതര്‍ക്ക് ജെയിലില്‍ കിട്ടുന്ന സൌകര്യങ്ങള്‍. അവര്‍ക്കത് കേവലം സര്‍ക്കാര്‍ ഗസ്റ്റ് ഹൌസ്.അത്രയെ നോവലിലും സംഭവിക്കുന്നുള്ളു. അതിനു ചേതന്‍ജിയെ പറഞ്ഞിട്ടെന്താ അല്ലേ.. അണ്ണാ ഹസാരെ വിചാരിച്ചിട്ടും ഇവിടെ ഒന്നും നടന്നില്ല.

എനിക്ക് മനസ്സിലാകാത്തത് എന്ത് റെവലൂഷനാണു നോവലില്‍ നടന്നതായ് കഥാകൃത്ത് അവകാശപ്പെടുന്നത് എന്നാണു..? ഗോപാല്‍ തന്റെ പ്രണയിനിയെ ബാല്യകാല സുഹൃത്തായ രാഘവിന് തന്നെ വിട്ടുകൊടുക്കുന്നതോ..? പകരം അയാള്‍ തന്റെ ഭാരിച്ച സ്വത്ത് ; അനധികൃതമായി സമ്പാദിച്ചത്, ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നേല്‍....ഒരു ചെറിയ വിപ്ലവത്തിന്റെ മുളയെങ്കിലും പൊട്ടിയേനേം...

തന്റെ ആദ്യ നോവലായ "ഫൈവ് പോയിന്റ് സംവണ്‍ " തൊട്ട് അഞ്ചാം നോവലില്‍ എത്തിനില്‍ക്കുമ്പോള്‍ ഒരു കഥാകാരന്‍ എന്ന നിലയില്‍ ചേതന്റെ വളര്‍ച്ച നിലക്കുന്നുണ്ടോ..? ഒരേ കഥയുടെ വ്യത്യസ്ഥമായ ആവര്‍ത്തനങ്ങള്‍..? ഐ ഐ ടി ക്ക് പുറത്തും പ്രണയങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം മറക്കുന്നോ..? ഐ ഐ ടിക്കു പുറത്തേക്ക് കൂടി അദ്ദേഹം വളര്‍ന്ന് പന്തലിക്കട്ടെ എന്നു തന്നെയാണു ഒരു വായനക്കാരി എന്ന നിലയില്‍ എന്റെ ആഗ്രഹം.

പക്ഷെ ഒന്നുണ്ട്. അദ്ദേഹത്തിന്റെ ഈ നോവലിലെ കഥാപാത്രങ്ങളിലും മാനുഷിക ഗുണങ്ങള്‍ ഒരുപാടുണ്ട്. ഇന്നത്തെ ലോകത്ത് അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണത്. അപരനോട് മത്സരവും അതോടൊപ്പം സ്നേഹവും ഉള്ളില്‍ ഉണ്ട് ഈ കഥാപാത്രങ്ങള്‍ക്ക്. അതുള്ളത് കൊണ്ടാണു ഗോപാലിന് ,ആരതിയെ തന്റെ കൂട്ടുകാരനും പ്രതിയോഗിയുമായ രാഘവിനു വിട്ടുകൊടുക്കാന്‍ കഴിയുന്നത്. വില്ലനെയും നായകനേയും ഒരേപൊലെ വായനക്കാര്‍ ഇഷ്ടപ്പെടും തീര്‍ച്ച.

Wednesday, October 10, 2012

മറുപിറവി

പുസ്തകം : മറുപിറവി
രചയിതാവ് : സേതു

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : മുല്ല





ലയാളത്തിന്റെ പ്രിയകഥാകാരന്‍ സേതുവിന്റെ ഒരു കഥയോ നോവലോ വായിച്ച് കുറിപ്പെഴുതുക അതീവ ശ്രമകരമാണു. കാരണം ഓരോ വരികള്‍ക്കിടയിലും കാണാക്കയങ്ങള്‍ നിരവധി. നമ്മളത്
കണ്ടില്ലെങ്കില്‍; ഇടക്ക് വായന നിര്‍ത്തി ആ അഗാധതയിലേക്ക് മുങ്ങാംകുഴിയിട്ടില്ലെങ്കില്‍ വരിയുടെ അറ്റം വരെ നടന്നത് വൃഥാവിലാകും. ദൂത് എന്ന ചെറുകഥയിലൂടെയാണു സേതുവിനെ ആദ്യം അറിയുന്നത്. ചെറുകഥയുടെ പാഠപുസ്തകമാണു ആ കഥ. ഒരു ചെറുകഥ എങ്ങനെ എഴുതണമെന്ന് അനുവാചകരെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന രചനാതന്ത്രം.

"നിയോഗം" എന്ന നോവല്‍ മാതൃഭൂമിയിലാണെന്ന് തോന്നുന്നു ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുന്നത്. അതിലെ വിശ്വം; അവന്റെ ഉള്ളുരുക്കങ്ങള്‍.ഒറ്റപ്പെടല്‍, എത്ര തന്മയത്വത്തോടെയാണു ഓരോ കഥാപാത്രത്തേയും നോവലിസ്റ്റ് പരുവപ്പെടുത്തിയെടുക്കുന്നത്. പിന്നീട് വന്ന "പാണ്ഡവപുരം"; വായനക്കാരനെ വിഭ്രാമകമായ അനുഭവങ്ങളിലൂടെ അപരിചിതമായ ഓര്‍മ്മകളിലൂടെ വഴി നടത്തുന്നു. അതിലെ ദേവി, മലയാള സാഹിത്യത്തിലെ ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണ്. 1982 ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയിട്ടുണ്ട് ഈ നോവല്‍.

അത് പോലെ "അടയാളങ്ങളിലെ" പ്രിയംവദയും നീതുവും. അമ്മയും മകള്‍ക്കുമിടയിലെ ആത്മസംഘര്‍ഷങ്ങള്‍ ഒട്ടു തീവ്രത കുറയാതെ നോവലിസ്റ്റ് ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ തൊഴിലാളിയും തൊഴിലുടമയുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍.,ആത്മ ബന്ധങ്ങള്‍, ഈ നോവലിലെ ചില കഥാപാത്രങ്ങളെ അടര്‍ത്തിയെടുത്താണു അദ്ദേഹം "കിളിമൊഴികള്‍ക്കപ്പുറത്ത്" എന്ന നോവല്‍ രചിക്കുന്നത്. തന്റെ തന്നെ കഥാപാത്രങ്ങള്‍ക്ക് പിന്നാലെ നോവലിസ്റ്റിന്റെ സഞ്ചാരം. ഇത്രേം പറഞ്ഞ സ്ഥിതിക്ക് "ആറാമത്തെ പെണ്‍കുട്ടിയെ" പറ്റി എങ്ങനെ പറയാതിരിക്കും. പൂവിന്റെ നൈര്‍മ്മല്യമുള്ള കാദംബരി; പൂ വില്‍പ്പനക്കാരി. എന്റെ ഇഷ്ട കഥാപാത്രം.

സേതുവിന്റെ കൃതികള്‍ ഇനിയും ഒരുപാടുണ്ട്. ഓര്‍മ്മയില്‍ നിന്നും എടുത്തെഴുതിയതാണു മുകളില്‍ പറഞ്ഞതത്രയും...ഇവരെപറ്റി പറയാതെ എഴുത്തുകാരനെപറ്റി പറഞ്ഞാല്‍ അത് മുഴുവനാകില്ലല്ലോ...

സേതുവിന്റെ ഏറ്റവും പുതിയ നോവലാണു മറുപിറവി ( വില Rs 200). കഥയും ചരിത്രവും ഭാവനയുടെ
അലകുകള്‍ ചേര്‍ത്ത് ഭംഗി വരുത്തി ,ഇടക്ക് സമകാലിക സംഭവങ്ങള്‍ സൂക്ഷ്മതയോടെ തുന്നിച്ചേര്‍ത്ത് അദ്ദേഹമങ്ങനെ പറഞ്ഞുപോകുമ്പോള്‍ നമ്മളും അതിലേക്ക്,ആ കാലഘട്ടത്തിലേക്ക് നടന്നു കയറുകയാണു.ശരിക്കും ഒരു മറുപിറവി !! രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തെ സംഭവങ്ങള്‍, ആളുകള്‍, അവരുടെ ജീവിതം ,മോഹങ്ങള്‍, കൊടുക്കല്‍ വാങ്ങലുകള്‍.....

അങ്ങനെ വായിച്ചു പോകുമ്പോള്‍ ഞാനൊറ്റക്കല്ലാന്നും എനിക്കു ചുറ്റും ആരൊക്കെയോ ഉണ്ടെന്നുമുള്ള തോന്നല്‍, എനിക്ക് മുന്‍പെ ജീവിച്ച് മരിച്ച് പോയവര്‍, അവരുടെ സങ്കടങ്ങള്‍, വ്യഥകള്‍, വിരഹം....കണ്ണടച്ച് ഇത്തിരി നേരം ഇരുന്നാല്‍ പലതും നേരില്‍ കാണുന്നത് പോലെ.., കപ്പലുകള്‍, കപ്പല്‍ചാലുകള്‍, കരയില്‍ കപ്പലടുപ്പിക്കാന്‍ കാറ്റിന്റെ കനിവിനായ് കാത്ത്നില്‍ക്കുന്ന നാവികര്‍, അക്കൂട്ടത്തില്‍ യവനരുണ്ട്, റോമാക്കാരുണ്ട്,അറബികളുണ്ട്.... കരയില്‍ അവരെ വരവേല്‍ക്കാനായി
ആഹ്ലാദാതിരേകത്തോടെ കാത്ത് നില്‍ക്കുന്ന നാട്ടുകാര്‍.... ഒരു കൊല്ലത്തെ കാത്തിരിപ്പിനു അവസാനമാണിത് രണ്ട് കൂട്ടര്‍ക്കും... നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വിദേശികളായ കച്ചവടക്കാരും അവരുടെ ഇടനിലക്കാരും വന്നും പോയും കൊണ്ടിരുന്ന ഒരു കാലഘട്ടം എനിക്കു മുന്നില്‍ അങ്ങനെ ചുരുള്‍ നിവര്‍ന്ന് വരുന്ന പോലെ...!!!!

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്ന്പ് തന്നെ പടിഞ്ഞാറന്‍ തീരത്തെ പ്രധാന തുറമുഖമായിരുന്നത്രെ മുചിരിപ്പട്ടണം (മുസിരിസ്). പടിഞ്ഞാറന്‍ നാടുകളിലേക്കുള്ള കടല്‍കച്ചവടത്തിന്റെ പ്രധാന കവാടം. ആലോചിച്ച് നോക്കൂ...മൊബൈലും ജി പി ആറെസ് സംവിധാനങ്ങളൊന്നും ഇല്ലാത്ത കാലത്ത് നക്ഷത്രങ്ങളെ അടയാളങ്ങളാക്കി പുതിയ കപ്പല്പാതകള്‍ കണ്ടെത്തിയ ഗ്രീക്കുകാരും റോമാക്കാരും..!!! ഈ ഗ്രീക്കുകാര്‍ കടലിലെ വമ്പന്മാരായിരുന്നത്രെ, കൂറ്റന്‍ തിരമാലകളില്‍ അമ്മാനമാടാന്‍ മിടുക്കന്മാര്‍.. സൂയസ് കനാല്‍ ഇല്ലാതിരുന്ന അന്ന് ആഫ്രിക്ക മുഴുവന്‍ ചുറ്റി നമ്മുടെ തീരത്തെത്തുക എളുപ്പമായിരുന്നില്ല അവര്‍ക്ക്, പുതിയൊരു പാത അനിവാര്യമായിരുന്നു അവര്‍ക്ക്, അങ്ങനെയാണു ദിക്കറിയാതെ കടലില്‍ ഉഴറിയ ഹിപ്പാലസ് എന്ന ഗ്രീക്ക് നാവികന്‍ ,തെക്ക് പടിഞ്ഞാറന്‍ കാറ്റിനെ കൂട്ട് പിടിച്ച് അറബിക്കടല്‍ മുറിച്ച് കടന്ന് നമ്മുടെ പടിഞ്ഞാറന്‍ തീരത്തെത്തുന്നത്. ആ കണ്ടെത്തല്‍ മുച്ചിരിയെ അന്താരാഷ്ട തുറമുഖമാക്കി മാറ്റുകയായിരുന്നത്രെ.

പൊന്ന് തേടി പോയവരെ പറ്റിയും കടലിലെ മുത്തും പവിഴവും വാരാന്‍ പോയവരെ പറ്റിയുമൊക്കെ നമ്മള്‍ മുത്തശ്ശിക്കഥകളില്‍ ഒരുപാട് കേട്ടിട്ടുണ്ട് അല്ലേ.. യവനന്മാരും അവര്‍ക്ക് പിന്നാലെ അറബികളും നമ്മുടെ നാട്ടിലേക്ക് കൂട്ടത്തോടെ കടല്‍ മുറിച്ച് കയറി വന്നതും മുത്ത് തേടി തന്നെയാണു. നമുക്ക് ഏറെ സുപരിചിതമായ മുത്ത്, കുരുമുളക്!!!

ആര്‍ക്കും വേണ്ടാതെ കാട്ടില്‍ യഥേഷ്ടം വിളഞ്ഞു കിടന്നിരുന്ന കുരുമുളകിനു ആവശ്യക്കാരേറിയപ്പോള്‍ അതെങ്ങനെ ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ മാറ്റം വരുത്തിയെന്നും, ആ കൊടുക്കല്‍ വാങ്ങലുകള്‍ക്കിടക്ക് രൂപപെട്ട ബന്ധങ്ങളുടെ ഇഴയടുപ്പം എത്രയെന്നും സേതു നമ്മെ ഈ നോവലിലൂടെ ബോധ്യപ്പെടുത്തുന്നുണ്ട് .

വലിയൊരു കാന്‍വാസിലാണു സേതു നോവല്‍ വരച്ചിട്ടിരിക്കുന്നത്. നോവലിലെ അരവിന്ദനിലേക്ക് കഥാകൃത്ത് പരകായപ്രവേശം നടത്തിയിരിക്കുന്നു. ഒരുപാട് കാലത്തെ പ്രവാസത്തിനു ശേഷം നാട്ടിലെത്തുന്ന അരവിന്ദന്റെ അനുഭവങ്ങളിലൂടേ,ഓര്‍മ്മകളിലൂടെ, അയാളുടെ കൂട്ടുകാരുടേ സംഭാഷണങ്ങളിലൂടെയൊക്കെയാണു നോവല്‍ മുന്നോട്ട് പോകുന്നത്. ഓരോ കഥാപാത്രങ്ങളെ മെനയുമ്പോഴും അവരുടെ നിയോഗമെന്തെന്നു തീര്‍പ്പാക്കാനുള്ള ബാധ്യത നോവലിസ്റ്റിനു തന്നെയാണ്. എങ്കിലും മുചിരിയും അലക്സാഡ്രിയയും തമ്മില്‍ നിലനിന്നിരുന്ന അന്നത്തെ കച്ചവട ബന്ധത്തിന്റെ അവസാന ശേഷിപ്പായ പാപ്പിറസ് ചുരുള്‍ തേടിപ്പോയ ആസാദിനെ, മുചിരിക്കാരനാണയാള്‍, അരവിന്ദന്റെ സുഹൃത്ത്, അലക്സാന്‍ഡ്രിയയിലെ എതോ ട്രാഫിക് സിഗ്നലില്‍ വെച്ച് കൊന്നു കളയേണ്ടിയിരുന്നില്ല, അയാളാ ചുരുളുമായി തിരികെ വരണമായിരുന്നു...എനിക്കുറപ്പുണ്ട്
അങ്ങനെയുള്ള കുറിപ്പുകള്‍, രേഖകള്‍ ഇപ്പോഴും ഗ്രീസിലെ ഏതേലും ലൈബ്രറികളില്‍,റോമിലെ ഏതെങ്കിലും ദേവാലയത്തില്‍ അല്ലെങ്കില്‍ ഈജിപ്റ്റിലെ പിരമിഡുകള്‍ക്കിടയില്‍ പൊടിപിടിച്ച് കിടപ്പുണ്ടാകുമെന്ന്....

അന്ന്; ഈജിപ്റ്റിലെ ക്ലിയോപാട്ര രാജ്ഞി, ജൂലിയസ് സീസറില്‍ തനിക്കുണ്ടായ മകന്‍ സീസറിയനെ രാജാവായിരുന്ന ഒക്ടേവിയനില്‍ നിന്നും രക്ഷിച്ച് ഒളിപ്പിക്കാന്‍ കണ്ട് വെച്ചിരുന്ന സ്ഥലം നമ്മുടെ
കേരളതീരത്തെ മുസ്‌രിസ് ആയിരുന്നത്രെ!!! വിശ്വസിക്കാന്‍ പ്രയാസമുണ്ടല്ലേ..? അതറിയുന്നത് കൊണ്ടാണ് അന്നത്തെ കാലത്തേക്ക് വെളിച്ചം വീശുന്ന കുറിപ്പുകളുടെ ആവശ്യകതയെ പറ്റി ഞാന്‍ ഓര്‍മ്മിപ്പിച്ചത്. ചെങ്കടല്‍ തീരത്തെ ബെര്‍ണിക്ക എന്ന കൊച്ചു തുറമുഖത്ത് നിന്നും നമ്മുടെ കേരളതീരത്തേക്കുള്ള ദൂരം നാല്പത് ദിവസമെന്നും ഇടക്കുള്ള തുറമുഖങ്ങളെപറ്റിയും കച്ചവട ചരക്കുകളെപറ്റിയും, ജനങ്ങളെപറ്റിയും അവിടങ്ങളില്‍ കാണപ്പെട്ടിരുന്ന തോണികളെ കുറിച്ച് വരെ വിശദമായി അവരെഴുതിയ കുറിപ്പുകളാണു പെരിപ്ലസ് മാരിസ് എരിത്രിയി. അപ്പോ ഇതൊക്കെ എവിടെയോ ഉണ്ട് ഇപ്പോഴും...

അത് പോലെ, നമ്മുടെ നാട്ടില്‍ ജൂതന്മാര്‍ എങ്ങനെ അഭയാര്‍ത്ഥികളായി വന്നു എന്നും എങ്ങനെ അവര്‍ നമ്മുടെ നാടുമായി മുറിച്ചെറിയാനാകാത്ത വിധം ഇടകലര്‍ന്ന് പോയിയെന്നുമുള്ള അനിഷേധ്യതയിലേക്കൊരു തിരി വെളിച്ചം. അത് വളരെ നന്നായിതന്നെ പറഞ്ഞു വെക്കുന്നുണ്ട് സേതു നോവലില്‍.

ആറോനും ശീമോനും ബസലേലുമൊക്കെ ഇവിടെ തന്നെ ജനിച്ച് വളര്‍ന്നവരാണു., ചേന്ദമംഗലത്ത്, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകമാകെ ചിതറിയ പോയ അവരുടെ പൂര്‍വ്വികരില്‍ ചിലര്‍ കേരളത്തിലും എത്തിയിരിക്കാം. ആരായിരുന്നു കേരളക്കരയില്‍ ആദ്യമെത്തിയ ജൂതന്‍ എന്നതിനു കൃത്യമായ കണക്കുകള്‍ ഇല്ലെങ്കിലും , കൃസ്തുവിനു ആയിരം വര്‍ഷം മുന്‍പ് ഇസ്രയേല്‍ വാണ ശലമോന്‍ രാജാവിന് ഇവിടെ നിന്നും രത്നങ്ങളും പട്ടും ചന്ദനവുമൊക്കെ കയറ്റിപ്പോയിരുന്നെന്ന് ബൈബിളില്‍ പറയുന്നുണ്ടത്രെ. കാര്‍ത്തെജ് പട്ടണത്തിലെ ഗോപുരവാതില്‍ ഇവിടുന്ന് കൊണ്ട് പോയ ചന്ദനമരത്തില്‍ പണിതതാണെത്രെ..!!!!

പലസ്റ്റീന്‍ എന്ന രാഷ്ട്രത്തിന്റെ നടുക്ക് ഇസ്രായേല്‍ എന്നൊരു രാജ്യം കുത്തിത്തിരുകി വെച്ചതിനെ നോവലിസ്റ്റ് ന്യായീകരിക്കുന്നില്ല, തികച്ചും കിരാതവും മനുഷ്യത്വ രഹിതവുമായ ആ നടപടി കാരണം ഇന്നും പശ്ചിമേഷ്യ പുകയുകയാണു. എന്നാലും 1948 മെയ് 14 നു ഇസ്രായേല്‍ എന്ന രാജ്യം പിറന്നപ്പോള്‍ കൊടിപിടിക്കാനും ജാഥ നയിക്കാനും ചേന്ദമംഗലത്തും പറവൂരുമൊക്കെ ഒരുപാട് ആളുകള്‍, ജൂതന്മാര്‍ ഉണ്ടായിരുന്നു എന്നത് കൌതുകകരമല്ലേ. ഇങ്ങനെയുള്ള ചരിത്രകൌതുകങ്ങള്‍ നിരവധിയുണ്ട് നോവലിലുടനീളം.

അങ്ങനെ അന്ന് ആ വാഗ്ദത്ത ഭൂമി തേടി പോയതാണു ബസലേലും, ചേന്ദമംഗലക്കാരന്‍, നോവലിലെ ഒരു കഥാപാത്രമാണയാളും, ആളിപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ബസലേലും കൂട്ടരും കടല്‍കടന്ന് പോയത്. ആ പറിച്ച് നടല്‍ പക്ഷെ എളുപ്പമായിരുന്നില്ല അവര്‍ക്ക്, അത്രക്കുണ്ടായിരുന്നു തങ്ങളുടെ പൂര്‍വ്വികര്‍ക്ക് അഭയം തന്ന ഈ മണ്ണിനോടുള്ള അവരുടെ അടുപ്പം, ഒരിക്കലും തിരിച്ച് വരാന്‍ സാധ്യതയില്ലാന്നറിഞ്ഞിട്ടും ഒരിക്കല്‍ മടങ്ങാനായേക്കും എന്ന ആഗ്രഹം, അതുള്ളിലൊതുക്കി തന്നെയാണു പലരും കടല്‍ കടന്നിരിക്കുക. അതുകൊണ്ട് തന്നെയാണല്ലോ ബസലേല്‍ ഒരുപാട് കാലത്തിനു ശേഷം തിരിച്ചു വന്നതും... വീട് വെക്കുകയാണ് അയാളിപ്പോള്‍, ചേന്ദമംഗലത്ത്, വല്ലപ്പോഴും വരുമ്പോള്‍ താമസിക്കാന്‍.... ഇതുപോലെ മണ്ണിനെ സ്നേഹിച്ച, മനസ്സില്‍ നന്മയുടെ നനവ് വറ്റിപ്പോകാതെ സൂക്ഷിച്ച ഒരുപാട് പേരുണ്ട് നോവലില്‍, മാണിക്കന്‍, കിച്ചന്‍, ജോസ തുടങ്ങിയവര്‍. വായിച്ച് പോകേ അവരുടെ വേദനകളും സന്തോഷങ്ങളും നമ്മുടെതും കൂടിയാവുകയാണു ... അതു തന്നെയല്ലെ ഒരു കഥാകാരന്റെ വിജയവും...

Wednesday, September 19, 2012

ZERO DIAL The Dangerous World Of Informers

പുസ്തകം : ZERO DIAL The Dangerous World Of Informers
രചയിതാവ് : ജ്യോതിര്‍മയീ ഡെ (Jyotirmoy Dey)

പ്രസാധകര്‍ : ജൈകോ ബുക്ക്സ്

അവലോകനം : മുല്ല





മാന്റര്‍”
“ യെസ് ബോസ്”
“ കുച്ച് ഖാസ് ഖബര്‍ ഹേം.”
“ ഓകെ. ഹോട്ടല്‍ ആഷ അറ്റ് ഘാട്ട്ക്കൂപ്പര്‍. പാഞ്ച് മിനുട്ട്..”

ചീറിപാഞ്ഞു വന്ന ബൈക്ക് ഹോട്ടല്‍ ആഷയുടെ മുന്നില്‍ പാര്‍ക്ക് ചെയ്ത് അല്പസമയം പരിസരം നിരീക്ഷിച്ച അയാള്‍ അകത്തേക്ക് കയറി. ഹോട്ടലിനകത്തേക്കും പുറത്തേക്കും പോകുന്ന ആളുകളെ
കാണുന്ന തരത്തില്‍ അയാളൊരു മൂലയിലെ കസേരയിലിരുന്നു. മധുരമില്ലാത്ത ചായ മെല്ലെ മൊത്തി അങ്ങനെയിരിക്കെ പെട്ടെന്ന് പതുക്കെ സംസാരിച്ച് രണ്ടപരിചിതര്‍ അകത്തേക്ക് കടന്നു വരുന്നത് അയാള്‍ കണ്‍കോണുകള്‍ക്കിടയിലൂടെ കണ്ടു. അവര്‍ക്ക് പിന്നാലെ ഹോട്ടലിലേക്ക് കടന്നു വന്ന മനുഷ്യന്‍ , ഒരു മാത്ര അയാളെ നോക്കി കണ്ണുചിമ്മി. കുടിച്ചിരുന്ന ചായ മുഴുവനാക്കാതെ അയാള്‍ പുറത്തിറങ്ങി ഗലിയിലെ തിരക്കിലേക്ക് ബൈക്കില്‍ കുതിച്ചു.

മുകളില്‍ വായിച്ചത് ഒരു സൂപ്പര്‍താര ചിത്രത്തിലെ കിടിലന്‍ രംഗമൊന്നുമല്ല. ഇക്കഴിഞ്ഞ ജൂണ്‍ 11 നു വേടിയേറ്റ് കൊല്ലപ്പെടുന്നത് വരെയുള്ള ജെ ഡെയുടെ (J .Dey ) ജീവിതത്തിലെ എന്നത്തേയും ഒരു ദിവസം ! ജെ ഡേ എന്ന ജ്യോതിര്‍മയീ ഡെ ( Jyotirmoy Dey ). ഇന്ത്യ കണ്ട മികച്ച ക്രൈം റിപ്പോര്‍ട്ടര്‍. കമാന്‍ഡര്‍, എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. MID DAY യുടെ ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്റര്‍. വിവരങ്ങള്‍ ചോര്‍ത്താനും പരിസരം നിരീക്ഷിച്ച് കാര്യങ്ങള്‍ ഗ്രഹിക്കുവാനുമുള്ള ജന്മവാസന അദ്ദേഹത്തെ ക്രൈം റിപ്പോര്‍ട്ടിങ്ങ് രംഗത്തെ അതികായനാക്കി. പകല്‍ സമയത്ത് തന്റെ പത്രസ്ഥാപനത്തിലിരുന്നും രാ‍ത്രി മുംബൈയിലെ ഗലികളില്‍ അലഞ്ഞു നടന്നും ജെഡെ തന്റെ കര്‍മ്മരംഗത്തെ സജീവമാക്കി.

ഒരേസമയത്ത് പോലീസുകാരുമായും ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥരുമായും അതുപോലെ അധോലോകക്കാരുടേയും സൂഹൃത്തായിരുന്നു അദ്ദേഹം. അധോലോകക്കാരുടെ സ്ഥിരം താവളങ്ങളായ ഹോട്ടലുകളിലും ഗല്ലികളിലും ക്ഷമയോടെ ആരുടെ കണ്ണിലും പെടാതെ ചുറ്റിക്കറങ്ങി കാര്യങ്ങള്‍ നിരീക്ഷിച്ചറിയാനുള്ള ജെഡെ യുടെ കഴിവ് അപാരമായിരുന്നു. താനറിഞ്ഞ വിവരങ്ങള്‍ ശരിയാണോന്നറിയാന്‍ അധോലോകത്തെ ചാരന്മാരെ വിളിച്ച് ഉറപ്പ് വരുത്തുക ,അതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇവരുമായി (informers) വളരെ അടുത്ത സൌഹൃദമുണ്ടായിരുന്നു അദ്ദേഹത്തിനു. ദാവൂദിന്റേയും ഛോട്ടാരാജന്റേയും ആളുകളുമായും ജെഡെ ബന്ധം പുലര്‍ത്തിയിരുന്നുവത്രെ. ഈയിടെ അധോലോകത്തെ ഓയില്‍ മാഫിയ പറ്റിയും അതിനു പിന്നിലെ നിഗൂഡതകളിലേക്കും വെളിച്ചം വീശാനുതകുന്ന ഒരു പുസ്തകത്തിന്റെ രചനയിലായിരുന്നു അദ്ദേഹം. അതാണൊ അദ്ദേഹത്തിന്റെ കൊലക്ക് നിദാനം എന്നത് ഇപ്പോഴും അജ്ഞാതം.


തന്റെ രീതികളിലും ഭാവങ്ങളിലും വല്ലാത്ത നിഗൂഡത കാത്തുസൂക്ഷിച്ചിരുന്നു ജെഡെ. മൊബൈല്‍ ഫോണില്‍ ആരുടെ പേരും സേവ് ചെയ്യാറില്ല,.എല്ലാം കോഡുകള്‍. ചാരന്മാരെ സ്വന്തം ഫോണില്‍ നിന്നും വിളിക്കില്ല,പുറത്തെ പബ്ലിക് ബൂത്തില്‍ നിന്നേ സംസാരിക്കൂ.ചിലപ്പോള്‍ പെണ്‍ശബ്ദത്തിലാകും സംസാരം. കാണാമെന്ന് പറഞ്ഞുറപ്പിച്ച സ്ഥലം അവസാന നിമിഷം മാറ്റിപ്പറയും. അക്രമണമുണ്ടായാല്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ പാകത്തില്‍ ബൈക്കെപ്പോഴും റോഡിലേക്ക് തിരിച്ചേ വെക്കൂ.. ഇത്രയധികം മുന്‍ കരുതല്‍ എടുത്തിട്ടും ഇക്കഴിഞ്ഞ ജൂണ്‍ 11 നു മലയാളിയായ ഷാര്‍പ്പ് ഷൂട്ടര്‍ സതീഷ് കാലിയയും സംഘവും അദ്ദേഹത്തെ വെടിവച്ചു കൊന്നു. .32 റിവോള്‍വറില്‍ നിന്നും ചീറിപ്പാഞ്ഞ അഞ്ചു വെടിയുണ്ടകളായിരുന്നു ശരീരം തുളച്ച് അപ്പുറം കടന്നത്. ആര്‍ക്ക് വേണ്ടിയാണു അവരിത് ചെയ്തതെന്ന് ഇന്നും അറിയില്ല. കേസ് നടക്കുന്നേയുള്ളു. ഛോട്ടാരാജന്‍ തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറയുന്നു. തന്നെ കൊലപാതകത്തിനു പ്രേരിപ്പിച്ചത് ജെഡയുടെ സഹപ്രവര്‍ത്തകയായ ജിഗ്ന വോറയാണെന്നാണു രാജന്‍ അവകാശപ്പെടുന്നത്. അതെന്തായാലും ജെഡെയെ കൊലയാളികള്‍ക്ക് കാണിച്ചു കൊടുത്തതും അദ്ദെഹത്തിന്റെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മൊബൈലില്‍ പകര്‍ത്തി കൊലയാളികള്‍ക്ക് കൈമാറിയതും ജിഗ്നയാണു. അധോലോകത്തിന്റെ ഇടനിലക്കാരിയാണു ഇവരെന്നാണു സൂചനകള്‍. സമൂഹത്തിലെ ഉന്നത്നമാരുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ അവര്‍ ആശ്രയിച്ചിരുന്നത് അധോലോകത്തെ വിവര സ്രോതാസ്സുകളെയായിരുന്നു,
(സീറൊ ഡയലുകള്‍) .ഇങ്ങനെയുള്ള ഒരു വിവരസ്രോതസ്സായിരുന്ന ഫരീദ് താനാശയെ; (ഛോട്ടാ രാജന്റെ ബന്ധുവും വലം കൈയുമായിരുന്നു അയാള്‍,) ചൊല്ലിയുള്ള തര്‍ക്കമാണു ജെഡെക്കെതിരെ നീങ്ങാന്‍ ജിഗ്നയെ പ്രേരിപ്പിച്ചതെന്നാണു വര്‍ത്തമാനം,സത്യം കോടതി തെളിയിക്കട്ടെ.

ഇതയും പറഞ്ഞത് എഴുത്തുകാരനെ പറ്റി ഒരുള്‍ക്കാഴ്ച്ച ഉണ്ടാകാനാണു. ജെഡെ യുടെ പുതിയ പുസ്തകത്തെ പറ്റി പറയുമ്പോള്‍ എഴുത്തുകാരനെ പറ്റി അറിയണം. എന്നാലേ ആ എഴുത്തിന്റെ ശൈലി, സത്യം എന്നിവ നമുക്കനുഭവഭേദ്യമാകൂ. വെറുതെ വായിച്ചു പോകാവുന്ന ഒരു പുസ്തകമല്ല ഇത്. പലപ്പോഴും വിക്കിയെ ആശ്രയിക്കേണ്ടി വന്നു. പുസ്തകത്തില്‍ പറഞ്ഞ ആളുകള്‍ ,അവരുടെ മുന്‍ കാലജീവിതം ഒക്കെ അറിയാന്‍. അങ്ങനെ നോക്കുമ്പോള്‍ സാധാരണ ഒരു നോവലോ കഥയോ വായിക്കുന്ന ലാഘവത്തോടെ വായിക്കാന്‍ ആവില്ല ഇത്. അതൊരു പക്ഷെ അദ്ദേഹത്തിന്റെ എഴുത്തിന്റെ രീതി കൊണ്ട് കൂടിയാകാം. ഒരു തരം റിപ്പോര്‍ട്ടിങ്ങ് ശൈലി. നമുക്ക് പരിചയമില്ലാത്ത , അറിയാത്ത ഒരു ലോകമാണു ജെ ഡെ നമുക്ക് മുന്‍പില്‍ തുറന്നിടുന്നത്.

“സീറോ ഡയല്‍ ,ദ് ഡേഞ്ചറസ് വേള്‍ഡ് ഓഫ് ഇന്‍ഫോര്‍മേര്‍സ്” . ( ZERO DIAL The Dangerous World Of Informers) പേരു സൂചിപ്പിക്കുന്നത് പോലെ നാമാരും അധികം കേള്‍ക്കാത്തതും കാണാത്തതുമായ അധോലോക ചാരന്മാരുടെ അഥവാ വിവര സ്രോതസ്സുകളുടെ ജീവിതം. (മലയാളം വിവര്‍ത്തനം ഇറങ്ങീട്ടില്ല. വില Rs 125/-)

ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയാണു ഇവരുടെ സഞ്ചാരം. സീറോ ഡയല്‍ എന്നാണു ഇക്കൂട്ടര്‍ പോലീസ് വൃത്തങ്ങളില്‍ അറിയപ്പെടുക. ജീവിക്കാന്‍ വേണ്ടിയാണു ഇവരീ വേഷം കെട്ടുന്നത്. മിക്കവരുടേയും മുന്‍ കാല ചരിത്രം പരിശോധിച്ചാല്‍ അടിപിടി, ആള്‍മാറാട്ടം കൊലപാ‍തക ശ്രമം എന്നിവയൊക്കെ കാണും. അധോലോകക്കാരുമായി നല്ല അടുപ്പം കാണും ഇവര്‍ക്ക്. ഈ അടുപ്പത്തില്‍ നിന്നും തങ്ങള്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ പോലീസുകാര്‍ക്ക് ചോര്‍ത്തിക്കൊടുത്ത് കാശ് കൈപറ്റുക.ചിലപ്പോള്‍ ഡബിള്‍ ഗെയിമും കളിക്കും ഇവര്‍.അതായത് പോലീസിന്റെ വിവരങ്ങള്‍ അധോലോകക്കാ‍ര്‍ക്ക് ചോര്‍ത്തിക്കൊടുക്കുക. അത് പോലെ സമൂഹത്തിലെ ഉന്നതന്മാരെ നിരീക്ഷിച്ച് അവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തി പണം പിടുങ്ങുക. ഇന്റലിജന്‍സ് ബ്യൂറൊയിലെ ഉദ്യോഗസ്ഥര്‍ ഇവരെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. . മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഏറുമ്പോള്‍ ഒരു വമ്പന്‍ കേസ് കിട്ടാനും മുഖം രക്ഷിക്കാനും മിക്കവരും ആശ്രയിക്കുക ചാരന്മാരേയാണ്. ഇങ്ങനെ ഭീകരവാദികളേയും ഗുണ്ടകളുടേയുമൊക്കെ ചോര്‍ത്തിക്കിട്ടിയ നീക്കങ്ങള്‍ നിരീക്ഷിച്ച് ഒരു ഏറ്റുമുട്ടല്‍ നാടകത്തിലൂടെ അവരെ കൊന്നുകളയുക. ഇങ്ങനെയുള്ള encounter specialist കള്‍ ഒരുപാടുണ്ട് ഐബിയില്‍.

ക്ഷമ. അതാണു ഒരു ഇന്‍ഫോര്‍മറുടെ ഏറ്റവും വലിയ കൈമുതല്‍. ചിലപ്പോള്‍ ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്ചകള്‍ ഇരയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരിക്കേണ്ടി വരും. ഇതിനിടയില്‍ പിടിക്കപ്പെട്ടാല്‍ കഥ തീര്‍ന്നത് തന്നെ. ഇവിടെ അഹമ്മദും റഹീമും സദത്തീനുമെല്ലാം സീറോ ഡയലുകളാണു. വിവരങ്ങള്‍ വിറ്റ് ജീവിതം കരുപിടിപ്പിക്കുന്നവര്‍. ജീവിതത്തിനും മരണത്തിനുമിടയിലെ അവരുടെ ഞാണിന്മേല്‍ കളി നന്നായി വരച്ചുവെച്ചിട്ടുണ്ട് ജെഡെ. രാജ്യത്തെ ഐ ബി ഓഫീസര്‍മാരുമായ് ചേര്‍ന്ന് ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് ആയ റിയാസ് ബട്ക്കലിനെ തേടിയുള്ള അവരുടെ അന്വേഷണത്തിന്റെ വിവരങ്ങള്‍ ഉദ്വേഗജനകമായ് വിവരിക്കുന്നുണ്ട് പുസ്തകത്തില്‍. ഒരോ തവണയും അയാള്‍ രക്ഷപ്പെടുകയാണു. അയാളിപ്പോള്‍ പാകിസ്ഥാനിലാണെന്നാണു ഭാഷ്യം. അത് ശരിയല്ലെന്നും പാകിസ്ഥാനില്‍ ചെന്ന് താനയാളെ വെടിവെച്ചു കൊന്നുമെന്നുമാണു ഛോട്ടാരാജന്‍ അവകാശപ്പെടുന്നത്. സത്യം ആര്‍ക്കറിയാം...

ജെഡെയെന്ന അപൂര്‍വ്വ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണീ പുസ്തകം. ഒരു അപസര്‍പ്പക കഥ പോലെ ജീവിതം നെയ്ത വ്യക്തി. മരണത്തില്‍ പോലും ആ ദുരൂഹത വിടാതെ പിന്തുടരുന്നു അദ്ദേഹത്തെ... കേസിനു തുമ്പുണ്ടാകുമെന്നും അദ്ദേഹത്തിന്റെ ഘാതകര്‍ക്ക് പരമാവധി ശിക്ഷ കിട്ടുമെന്നും നമുക്ക് പ്രത്യാശിക്കാം.എങ്കിലേ ഘാട്ട്കൂപ്പറിലെ വസതിയില്‍ കണ്ണീര്‍ പെരുമഴയില്‍ വിറങ്ങലിച്ചിരിക്കുന്ന ഒരമ്മയുടേയും പെങ്ങളുടേയും അദ്ദേഹത്തിന്റെ ഭാര്യ ശുഭയുടേയും മനസ്സിനു ഇത്തിരിയെങ്കിലും ശാന്തി ലഭിക്കൂ...

Sunday, March 25, 2012

ആടിന്റെ വിരുന്ന് / The feast of the Goat

പുസ്തകം : ആടിന്റെ വിരുന്ന് / The feast of the Goat
രചയിതാവ് : മരിയാ വര്‍ഗാസ് യോസ (വിവര്‍ത്തനം : ആശാലത)

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : മുല്ല






2010 ല്‍ സാഹിത്യത്തിനുള്ള നോബല്‍ പ്രൈസ് ലഭിച്ച മരിയാ വര്‍ഗാസ് യോസയുടെ പ്രശസ്തമായ നോവലാണു, ആടിന്റെ വിരുന്ന്. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ കേന്ദ്ര സ്ഥാനത്തൂള്ള എഴുത്തുകാരിലൊരാളാണു യോസ. 1936ല്‍ പെറുവിലെ അരാക്വിവയിലാണു യോസയുടെ ജനനം. യോസക്ക് അഞ്ചുമാസം പ്രയമുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു, പിന്നീട് അമ്മയോടൊപ്പം ബൊളീവിയയിലും പെറുവിലെ വിയൂറിയയിലും. പിന്നീട് 1946 ലാണു യോസ അഛനെ കാണുന്നത്,പിന്നെ അഛനമ്മമാരോടൊത്ത് ലിമയില്‍. പത്തൊമ്പത് വയസ്സുള്ളപ്പോള്‍ തന്നേക്കാള്‍ പതിമൂന്ന് വയസ്സിനു മുതിര്‍ന്ന ഒരു കസിനെ യോസ വിവാഹം കഴിച്ചു. പക്ഷേ അധിക നാള്‍ ആ ബന്ധം ഉണ്ടായില്ല. ആ ബന്ധത്തെ ആധാരമാക്കി യോസ ഒരു നോവലെഴുതി. Aunt Julia & The script writer.

1962 മുതലാണു യോസയുടെ എഴുത്ത് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. മാര്‍ക്കേസിന്റെ നോവലുകളിലെ മാജിക്കല്‍ റിയലിസത്തെ വിട്ട് ലോകം യോസയെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. നല്ല സുഹൃത്തുക്കളായിരുന്നു രണ്ട്പേരും.മാര്‍ക്കേസിനെ കുറിച്ച് എഴുതിയ ഒരു പ്രബന്ധത്തിനു യോസക്ക് ഡോക്ടറേറ്റ് ലഭിക്കുകയുണ്ടായിട്ടുണ്ട്. പക്ഷേ എഴുപതുകളുടെ പകുതിയായപ്പോഴേക്കും ആ സുഹൃത്ബന്ധം മുറിഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള സാഹിത്യ പ്രേമികള്‍ വളരെ കൌതുകത്തോടെയാണു ആ പിണക്കത്തിന്റെ വാര്‍ത്തകള്‍ കേട്ടിരുന്നത്. കൈയ്യാങ്കളി വരെ എത്തിയ ആ പിണക്കം തീരുന്നത് മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെ നൂറാം പതിപ്പ് ഇറങ്ങിയപ്പോഴാണു. അതിനു അവതാരിക എഴുതിയിരിക്കുന്നത് യോസയാണ്.

വളരെ മൌലികമായ ഒരു രചനാരീതിയാണു യോസയുടേത്; സ്ഥലവും കാലവും മാറിമാറി വരും എഴുത്തില്‍. വ്യത്യസ്ത കാലങ്ങളില്‍ നടന്ന സംഭവങ്ങള്‍ ,സമകാലിക സംഭവങ്ങള്‍ക്ക് ഇടയില്‍ പറയുന്ന ശൈലി. കാലത്തില്‍ നിന്നു കാലത്തിലേക്ക് ചാടുന്ന ഈ രീതി വളരെ പ്രകടമാണു ആടിന്റെ വിരുന്നില്‍. എന്നിരുന്നാലും വളരെ ലളിതമായി കാര്യങ്ങള്‍ പറയുന്നുണ്ട് യോസ, ഈ പുസ്തകത്തില്‍. കഥ വെറുതെ പറഞ്ഞു പോകുകയല്ല, അതിനപ്പുറം രാഷ്ട്രീയം,അധികാരം,സമൂഹം,സ്ത്രീ എന്നീ വിഷയങ്ങളില്‍ തന്റേതായ നിരീക്ഷണങ്ങളും കൂടെ വായനക്കാരുമായി പങ്കു വെക്കുന്നു, യോസ ആടിന്റെ വിരുന്നില്‍.

1930 മുതല്‍ 1961 ല്‍ കൊല്ലപ്പെടുന്നത് വരെ ഡൊമിനിക്കന്‍ റിപ്പ്ലബ്ലിക്ക് ഭരിച്ചിരുന്ന ജനറല്‍ ട്രൂജിലൊ മൊളീ‍നയുടെ ഏകാധിപത്യത്തിന്റെ കഥയാണു ആടിന്റെ വിരുന്ന്. ലോകത്ത് എവിടെയായാലും ഏകാധിപതികള്‍ക്ക് ഒരേ സ്വരവും ഭാവമുമെന്ന് നമ്മെ ഉണര്‍ത്തുന്നു, ഈ പുസ്തകം. അധികാരത്തിന്റെ ഇരുണ്ട ഇടനാഴികകളില്‍ അരങ്ങേറുന്ന വൃത്തികെട്ട നാടകങ്ങള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടി. അധികാരം പിടിച്ചെടുക്കാനും അത് നിലനിര്‍ത്താനും എന്തെല്ലാം പൈശാചിക കൃത്യങ്ങളാണു ഓരോ ഏകാധിപതികളും അനുവര്‍ത്തിച്ച് വരുന്നതെന്നു വായനക്കാരെ ബോധ്യപ്പെടുത്തുന്ന ഒരു ഇരുണ്ട നോവലാണു ആടിന്റെ വിരുന്ന്. അതേ സമയം അങ്കിള്‍ സാമിന്റെ ഇരട്ട മുഖവും നോവലില്‍ അനാവൃതമാകുന്നുണ്ട്. ശക്തനായ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ എന്ന നിലയില്‍ യാങ്കീ ഭരണകൂടം ട്രൂജിലോയെ പിന്തുണക്കുന്നുണ്ട് .അധികാരം പിടിച്ചെടുക്കാന്‍ അവരാണു അയാള്‍ക്ക് ആയുധങ്ങളും പണവും കൊടുക്കുന്നത്.

ക്യൂബയേയും ഫിഡലിനേയും അടിക്കാനുള്ള വടി ആയിരുന്നു അങ്കിള്‍ സാമിനു ട്രൂജിലോ. പക്ഷേ ചരിത്രം ആവര്‍ത്തിക്കുകയാണു,അവസാനം സി ഐ എ യുടെ ഏജന്റുമാരാല്‍ തന്നെയാണു അയാള്‍ കൊല്ലപ്പെടുന്നതും. വായനക്കാരെ ശരിക്കും അസ്വസ്ഥമാക്കുകയും മനോവേദനയിലാഴ്ത്തുകയും ചെയ്യുന്നു ഈ പുസ്തകം.

ഒരേ സമയം മൂന്നു വ്യത്യസ്ഥ കോണുകളിലുടെയാണു കഥ വികസിക്കുന്നത്. ട്രൂജിലോയുടെ മന്ത്രിസഭയിലെ പ്രമുഖനായിരുന്ന സെനേറ്റര്‍ അഗസ്റ്റിന്‍ കബ്രാളിന്റെ മകള്‍ യുറാനിറ്റയുടെ അനുഭവങ്ങള്‍, അവള്‍ പറയുകയാണു, തന്റെ പതിനാലാം വയസ്സില്‍ തനിക്ക് എന്തു കൊണ്ട് നാടു വിടേണ്ടി വന്നുവെന്നും, നീണ്ട മുപ്പത് കൊല്ലങ്ങള്‍ക്ക് ശേഷം താനെന്തിനു തിരിച്ച് നാട്ടിലെത്തിയെന്നും.. അതേസമയം, ജനറലിനെ കൊല്ലാന്‍ കാത്തുനില്‍ക്കുന്നവര്‍ , ,അവരോരുത്തരും എങ്ങനെ ജനറലിനെ വധിക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാകേണ്ടി വന്നു എന്നും, അവരോര്‍ത്തര്‍ക്കുമുണ്ടായ കയ് ക്കുന്ന അനുഭവങ്ങളും. അടുത്തത് സാക്ഷാല്‍ ജനറലിന്റെ അവസാന ദിവസം , അയാളുടെയും അയാളുടെ മന്ത്രിസഭയിലെ പ്രമുഖരുടെ വാചകങ്ങളിലൂടെ .ഇങ്ങനെ ഒരേ സമയം മൂന്നു കോണുകളിലൂടെയാണു ആടിന്റെ വിരുന്ന് മുന്നോട്ട് പോകുന്നത്.

നോവലിന്റെ ഒറിജിനല്‍ സ്പാനിഷിലാണു. അതു കൊണ്ട് തന്നെ സ്പാനിഷ് ഭാഷയിലെ പല നാടന്‍ പ്രയോഗങ്ങളും മലയാളീകരിച്ചപ്പോള്‍ വല്ലാതെ അശ്ലീലമായി എന്ന ഒരു കുറവ് പരിഭാഷക്കുണ്ട്. (വില:Rs250/-)

They kill the Goat---എന്നത് ഒരു സ്പാനിഷ് പഴമൊഴിയാണു. അതില്‍ നിന്നാവും യോസ തന്റെ നോവലിന്റെ തലക്കെട്ട് എടുത്തത്.

ഇനി നോവലില്‍ നിന്നും...

ട്രൂഹിയോയുടെ വധത്തിനു ശേഷം അയാളുടെ മകന്‍, രാജ്യം വിടുന്നതിനു മുന്‍പ് തന്റെ പപ്പയെ കൊന്നവരോട് പ്രതികാരം ചെയ്യുകയാണു. തീവ്രവാദികള്‍ മിക്കവരും പിടിയിലായി. അവരെ രാജ്യത്തെ കുപ്രസിദ്ധമായ എല്‍ ന്യൂവെ എന്ന തടങ്കല്‍ പാളയത്തില്‍ കൊണ്ട് വന്നു പീഡിപ്പിക്കുകയാനു അയാള്‍. ഒരാഴ്ച്ചയൊളം പട്ടിണിക്കിട്ട മിഗുവെല്‍ ഏഞ്ചലിനും ഏണസ്റ്റൊ ഡയസിനും , ജയിലര്‍ ഒരു പാത്രം ഇറച്ചിക്കറി കൊണ്ടു വന്നു കൊടുത്തു. വിശപ്പു കൊണ്ട് ആര്‍ത്തി പിടിച്ച് അത് മുഴുവന്‍ അകത്താക്കിയ അവരോട് ആ ക്രൂരനായ ജയിലര്‍ ചോദിക്കുക്കുകയാണു... തന്റെ മകനെ കൊന്നു തിന്നിട്ടും ഏണസ്റ്റോ ഡയസ്സിനു ഒന്നും തോന്നുന്നില്ലേ എന്ന്..!! അയാളെ തെറി വിളിച്ച ഏണസ്റ്റൊക്ക് മുമ്പിലേക്ക് ജയിലര്‍ ഒരു കുഞ്ഞിന്റെ അറുത്ത് മാറ്റിയ തല നീട്ടിപ്പിടിച്ചു. തന്റെ കുഞ്ഞിന്റെ തൂങ്ങിയാടുന്ന തല കണ്ട ഏണസ്റ്റോ ഹൃദയ സ്തംഭനം വന്നു മരിക്കുകയാണു. കുറച്ച് മുന്‍പ് അയാള്‍ അകത്താക്കിയത്.....

എന്തു തോന്നുന്നു സുഹൃത്തുക്കളെ...ചര്‍ദ്ദിക്കണോ...വെയിറ്റ്....പ്ലാസ്റ്റിക് കവറൊക്കെ മാപ്പുകാരും കളക്ടര്‍ സാറും കൂടി കൊണ്ട് പോയി.
ദേ കുറച്ച് ടിഷ്യൂ പേപ്പര്‍....

Saturday, December 31, 2011

പട്ടം പറത്തുന്നവന്‍

പുസ്തകം : പട്ടം പറത്തുന്നവന്‍
രചയിതാവ് : ഖാലിദ് ഹൊസൈനി (വിവര്‍ത്തനം : രമാ മേനോന്‍)

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : മുല്ല



ത്രനാളും ഞാനെന്തേ ഈ പുസ്തകം കാണാതെ പോയി എന്ന ചിന്തയിലാണു ഞാന്‍. ശരിക്കു പറഞ്ഞാല്‍ കാണാതെ പോയതല്ല. ഓരോ തവണയും പുസ്തകക്കടയിലെ അലമാരയില്‍ നിന്നും മറിച്ചു നോക്കി തിരിച്ച് അവിടെ തന്നെ വെക്കാറാണു പതിവ്. വായിക്കാന്‍ കൊള്ളില്ല എന്ന എന്റെ മുന്‍ വിധി, എത്രമാത്രം അബദ്ധമായിരുന്നെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. മനസ്സിപ്പോഴും പൊട്ടിവീഴാന്‍ പോകുന്ന ആ പട്ടത്തിനു പിന്നാലെയാണു.

“ നിനക്ക് വേണ്ടി ഒരായിരം തവണ” എന്നു പറഞ്ഞ് അമീറിനൊപ്പം ഞാനും ആ പട്ടം വീഴാന്‍ പോകുന്ന സ്ഥലം മനസ്സില്‍ ഗണിച്ച് അങ്ങോട്ട് ഓടുകയാണു !!! എനിക്കുറപ്പുണ്ട് നിങ്ങളും വായനക്കവസാനം പുസ്തകം അടച്ചുവെച്ച് അങ്ങോട്ട് തന്നെ വരുമെന്ന്...

‘പട്ടം പറത്തുന്നവന്‍ ‘ ഖാലിദ് ഹൊസൈനിയുടെ ആദ്യ പുസ്തകമാണ്. അഫ്ഘാനിസ്ഥാനിലെ സമകാലിക സ്ഥിതിഗതികളും അവിടത്തെ കലുഷിതമായ രാഷ്ട്രീയ -മത ഘടനയും ,അതങ്ങെനെ ഒരു ജനതയെ മൊത്തം തീരാദുരിതങ്ങളിലേക്ക് തള്ളിയിട്ടുവെന്നും വിശദമാക്കുന്ന വിഖ്യാത നോവല്‍.

അഫ്ഘാനിസ്ഥാനിലെ കാബൂളിലായിരുന്നു ഹൊസൈനിയുടെ ജനനം , പിന്നീട് അഫ്ഘാനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് അമേരിക്കയില്‍ രാഷ്ട്രീയാഭയം തേടുകയായിരുന്നു ഹൊസൈനിയുടെ കുടുംബം. കാബൂളിലെ തന്റെ ബാല്യകാലം നോവലില്‍ ഹൊസൈനി വരച്ചിടുന്നുണ്ട്. ഒപ്പം പുഷ്തുകളും ഹസാരകളും തമ്മിലുള്ള വംശീയ സ്പര്‍ദ്ധയുടെ നേര്‍ക്കാഴ്ച്ചകളും നോവലിലുടനീളം പ്രതിഫലിക്കുന്നുണ്ട്.

ഹിന്തുക്കുഷ് പര്‍വതനിരകള്‍ക്കപ്പുറത്തെ ‘ഹസാരാജത്ത് ‘ ആണു ഹാസാരകളുടെ ജന്മദേശം. ബാമിയാന്‍ ടൌണ്‍ ഉള്‍പ്പെടുന്ന പ്രദേശം. ഭൂരിഭാഗവും ഷിയാ മുസ്ലിംകള്‍. ഇസ്ലാം മതം ആശ്ലേഷിക്കുന്നതിനു മുന്‍പ് ബുദ്ധമതക്കാരായിരുന്നു അവര്‍ എന്ന് പറയപ്പെടുന്നു. മംഗോളിയന്‍
ഒറിജിന്‍. ഒരു പക്ഷെ ചെങ്കിസ് ഖാന്റെ പിന്‍ തലമുറയാകാം....

അഫ്ഘാനിലെ തനത് ഗോത്രസമൂഹമായ പഷ്തുക്കള്‍ ( pashtun പത്താന്‍) ഒട്ടുമുക്കാലും സുന്നി വിഭാഗക്കാരായിരുന്നു. ഹസാരകളെ അവര്‍ എന്നും അധ:കൃതരായാണു കണ്ടിരുന്നത്. ഹസാരകളുമായുള്ള വിവാഹബന്ധം നിഷിദ്ധം. അവരെ ഉപദ്രവിക്കാനുള്ള ഒരവസരവും പഷ്തുക്കള്‍ ഒഴിവാക്കിയിരുന്നില്ല. ഈ വംശീയ വിദ്വേഷം തന്നെയാണു പില്‍ക്കാലത്ത് താലിബാനികള്‍ ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ത്തതിലൂടെ നിറവേറ്റിയിട്ടുണ്ടാക്കുക. എന്നിട്ടത് എത്ര എളുപ്പമായാണു ഇസ്ലാമിന്റെ പേരില്‍ അവര്‍ കണക്കെഴുതി വെച്ചത്..!!

ഇത്രയും ആമുഖം. ഇനി നമുക്ക് പുസ്തകത്തിലേക്ക് വരാം.

അഫ്ഘാനിലെ റഷ്യന്‍ അധിനിവേശക്കാലത്ത് തന്റെ ബാബ( അഛന്‍) യോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത അമീറിന്റെ ഓര്‍മ്മകളിലൂടെയാണു കഥ വികസിക്കുന്നത്. കാബൂളില്‍ അവരുടെ വീട്, സ്കൂള്‍ ജീവിതം ഒപ്പം അമീറിന്റെ ഉറ്റകൂട്ടുകാരന്‍ ഹസ്സന്‍; ഒരു ഹസാരയായിരുന്നു ഹസ്സന്‍. അമീറിന്റെ ബാബയുടെ വേലക്കാരനായിരുന്ന അലിയുടെ മകന്‍. വല്ലാത്തൊരു ആത്മ ബന്ധമായിരുന്നു അലിയും
അമീറിന്റെ ബാബയും തമ്മില്‍. അത്രത്തോളം ഇഷ്ടം പക്ഷെ അമീറിനു, ഹസ്സനോട് ഉണ്ടായിരുന്നില്ല.

ഭീരുവായ അമീറിനു മരിച്ച് പോയ തന്റെ അമ്മയെ പോലെ കവിതയിലും കഥയിലുമൊക്കെയായിരുന്നു താല്പര്യം. എന്തിനും ഏതിനും തന്റെ കൂടെ നിന്ന ഹസ്സനെ കൊടിയ ഒരു അപമാനത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന കുറ്റബോധം അമീറിനെ വേട്ടയാടുകയാണു. സ്വയം ഇകഴുത്തുന്ന ആ കുറ്റബോധത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഹസ്സനേയും അവന്റെ ബാബ അലിയേയും വീട്ടില്‍ നിന്നും പുകച്ച് പുറത്ത് ചാടിക്കുമ്പോള്‍ അമീറ് ഒരിക്കലും അറിഞ്ഞിരുന്നില്ല ഹസ്സന്‍ തന്റെ സഹോദരനാണെന്ന വസ്തുത. തന്റെ ബാബക്ക് ഒരു ഹസാര യുവതിയില്‍ ഉണ്ടായ മകന്‍!! മരണം വരെ ഹസ്സനും അറിഞ്ഞില്ല ഒന്നും.


ഇന്ന്, ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറം അമീര്‍ തന്റെ ഭീരുത്വത്തില്‍ നിന്നും ഉണര്‍ന്ന് താന്‍ പണ്ട് തന്റെ സുഹൃത്തിനോട് ചെയ്ത മാപ്പില്ലാത്ത കുറ്റത്തിനു പ്രായശ്ചിത്തം ചെയ്യുകയാണു. തകര്‍ന്നടിഞ്ഞ കാബൂളില്‍ നിന്നും, താലിബാനികളുടെ വൃത്തികെട്ട ലൈംഗിക അതിക്രമത്തില്‍ നിന്നും ഹസ്സന്റെ മകന്‍ സൊറാബിനെ രക്ഷിച്ചു കൊണ്ട്...

രണ്ട് ഉറ്റചങ്ങാതിമാരുടെ ആത്മ ബന്ധം, ഒരു മകനും അഛനും തമ്മിലുള്ള ഹൃദയയൈക്യം,അതിലുപരി അധിനിവേശങ്ങള്‍ക്ക് മുന്‍പുള്ള കാബൂളിലെ സ്വഛന്ദസുന്ദരമായ ജീവിതവും , അതിനു ശേഷം കാബൂള്‍ എന്തുമാത്രം അകവും പുറവും മാറിപ്പോയി എന്നും നമ്മെ ബോധ്യപ്പെടുത്തുന്നു ഈ നോവല്‍.

അമീറിനേയും ഹസ്സനേയും കൂടാതെ ഒരുപാട് പേരുണ്ട് ഈ കഥയില്‍. കഥാപാത്രങ്ങള്‍ ശരിക്കും ജീവിക്കുകയാണു നോവലില്‍. കഥപറച്ചിലിന്റെ പതിവ് ശൈലിയില്‍ നിന്നും മാറിയുള്ള ആഖ്യാനരീതിയും നോവലിന്റെ പുതുമയാണു. ലോകമെമ്പാടുമുള്ള അനുവാചകര്‍ ഹൊസൈനിയുടെ ഈ നോവലിനെ നെഞ്ചേറ്റിയതില്‍ ഒട്ടും അതിശയമില്ല തന്നെ.

ഡി സി ബുക്ക്സാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവര്‍ത്തനം ശ്രീമതി.രമാ മേനോന്‍.

ഞാനിപ്പോഴും ആകാശത്ത് പാറിക്കളിക്കുന്ന ആ പട്ടത്തില്‍ തന്നെയാണു. സൊറാബിനു വേണ്ടി അമീര്‍ ഉയര്‍ത്തി വിട്ട പട്ടം. ഒപ്പം എന്തേ ഈ പുസ്തകം എന്റെ കൈയിലെത്താന്‍ വൈകി എന്ന ചിന്തയിലും...

അമീരിന്റെ വാക്കുകള്‍ കടമെടുക്കട്ടെ ഞാന്‍..
“ വസന്തം വന്നെത്തുമ്പോള്‍ മഞ്ഞുപാളികള്‍ ഒന്നായ് ഉരുകി വീഴില്ല. മെല്ലെ മെല്ലെ ഓരോ പാളികളായ് ..

Sunday, January 16, 2011

തകര്‍ന്നു തരിപ്പണമായ ഏപ്രില്‍

പുസ്തകം : തകര്‍ന്നു തരിപ്പണമായ ഏപ്രില്‍
രചയിതാവ് : ഇസ്മായില്‍ കാദെറെ
പ്രസാധനം : റെയിന്‍ബോ പബ്ലിഷേഴ്സ്
അവലോകനം : മുല്ല



















ക്തം രക്തം കൊണ്ടല്ലാതെ ന്യായീകരിക്കപ്പെടുകയില്ല എന്ന പുരാതന അല്‍ബേനിയന്‍ സാമൂഹിക വ്യവസ്ഥിതിയിലേക്ക് വെളിച്ചം വീശുന്ന നോവലാണു ഇസ്മായില്‍ കാദെറെയുടെ “തകര്‍ന്നു തരിപ്പണമായ ഏപ്രില്‍”. അല്‍ബേനിയയിലെ ആദിവാസികള്‍ക്കിടയിലാണു കാനൂണ്‍ എന്ന രക്ത നിയമം നിലനില്‍ക്കുന്നത്. കൊലക്ക് പകരം കൊല എന്ന ലളിതമായ തത്വം. ഒരുവീട്ടിലെ ഒരാള്‍ കൊല്ലപ്പെട്ടാല്‍, കൊലപാതകിയുടെ വീട്ടിലെ ഒരു പുരുഷനെ കൊന്ന് പകരം വീട്ടുക.തെറ്റിക്കാന്‍ പാടില്ലാത്ത നിയമം.കൊലക്ക് വിധിക്കപ്പെട്ടവന്‍ വിശുദ്ധ ബലിമൃഗത്തെ പോലെ പരിഗണിക്കപ്പെടും.അയാള്‍ രക്തപ്പണം എന്ന പിഴ അടക്കണം. ഈ രക്തപ്പണം കൊണ്ടാണു ഒറോഷുകള്‍(കൊട്ടാരങ്ങള്‍)നിലനിന്നുപോകുന്നത്.ഒരാള്‍ കൊലചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ അല്ലെങ്കില്‍ അടുത്ത മുപ്പത് ദിവസത്തിനുള്ളില്‍ അടുത്തയാള്‍ കൊല്ലപ്പെട്ടിരിക്കണം. കൊലമുതല്‍ കൊലവരെയുള്ള മുപ്പത് ദിവസം.ഇരയാക്കപ്പെട്ടവന്റെ നിസ്സംഗത,ജീവിതത്തോടുള്ള അഭിനിവേശം, പ്രണയം ഇതെല്ലാമാണു തകര്‍ന്നു തരിപ്പണമായ ഏപ്രിലില്‍ നമ്മെ കാത്തിരിക്കുന്നത്.ഒപ്പം വരികള്‍ക്കിടയില്‍ നിന്നുമുയരുന്ന ചോരയുടെ മണവും!!!

ബ്രെസ്ഫോര്‍ത്ത് എന്ന ഗ്രാമത്തിലെ ജോര്‍ജ് ബെറിഷ എന്ന യുവാവ്,തനെ അനിയനെ കൊന്നതിനു പകരമായ് ക്രീക്വെക്ക് കുടുംബത്തിലെ ഒരു യുവാവിനെ വെടിവെച്ചു കൊല്ലുന്നതോടെയാണു കഥയാരംഭിക്കുന്നത്. ഇനി ജോര്‍ജിന്റെ ഊഴം,രക്തപ്പണം അടക്കാനായ് ഒറോഷിലേക്ക് പോകുകയാണയാള്‍. അതേ സമയം അല്‍ബേനിയയുടെ തലസ്ഥാനമായ ടിരാനയില്‍ നിന്നും മധുവിധു ആഘോഷിക്കാനായ് ഗ്രാമത്തിലെത്തുകയാണു എഴുത്തുകാരനായ ബൈസണും വധു ഡയാനയും. വഴിക്കു വെച്ച് അവര്‍ ഒറോഷിലേക്ക് പോകുന്ന ജോര്‍ജിനെ കണ്ടുമുട്ടുന്നു.ആ ആദിവാസി യുവാവിന്റെ കണ്ണുകളിലെ നിസ്സംഗതക്കുമപ്പുറം ഒളിപ്പിച്ച് വച്ചിരുന്ന സ്നേഹത്തിന്റെ കടല്‍, ഡയാന കാണുകയാണു, അവളിന്നുവരെ ദര്‍ശിക്കാത്തത്ര ആഴവും പരപ്പും അവളവിടെ കണ്ടു,അവളുടെയുള്ളില്‍ ജീവന്റെ ഒരു തിരി ദീപ്തമായ്..., അന്നുവരെ കത്തിക്കൊണ്ടിരുന്ന എല്ലാ തിരികളേയും നിഷ്പ്രഭമാക്കിക്കോണ്ട് അതങ്ങനെ.

പക്ഷെ അവള്‍ക്കറിയാം, തനിക്കൊരിക്കലും എത്തിപ്പിടിക്കാനാവാത്തതാണതെന്ന്, അവന്‍ മരണത്തിനു വിധിക്കപ്പെട്ടവൻ. താനോ, മറ്റൊരാളുടെ സ്വന്തം. അതോടെ എന്നെന്നേക്കുമായ് ഡയാന മ്ലാനവതിയാകുകയാണു. മറിച്ച് ജോര്‍ജിലും ജീവിതത്തോടുള്ള അഭിനിവേശം നിറയുന്നു,.പക്ഷേ ..വ്യവസ്ഥികളെ മറികടക്കാനാവാതെ അവന്‍ മരണത്തിനു കീഴടങ്ങുകയാണു. ബൈസണും ഡയാനയും തിരിച്ച് ടിരാനയിലേക്ക് മടങ്ങുന്നു.., ഇനിയൊരിക്കലും ജീവിതം പഴയ പോലെയാവില്ല എന്നറിഞ്ഞു കൊണ്ടു തന്നെ.

പ്രഥമ മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ച അല്‍ബേനിയന്‍ എഴുത്തുകാരനാണു ഇസ്മായെല്‍ കാദെറെ. പ്രധാന കൃതികള്‍,ദ ജനറല്‍ ഓഫ് ഡെഡ് ആര്‍മി,പാലസ് ഓഫ് ഡ്രീംസ്,ത്രീ ആര്‍ച്ഡ് ബ്രിഡ്ജ്,ദ കണ്‍സെര്‍ട്.

ബ്രോക്കണ്‍ ഏപ്രില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് എം.കെ.നസീര്‍ ഹുസൈൻ‍.

ഒരേയൊരു “ നോക്ക് ” ചിലപ്പോള്‍ ജീവിതത്തെ മാറ്റിമറിച്ചു കളയും.അതറിയണെമെങ്കില്‍ ഇസ്മായെല്‍ കാദെരെയുടെ “തകര്‍ന്നു തരിപ്പണമായ ഏപ്രിൽ‍“ വായിക്കുക.